Thursday 16 February 2017

ലൂഥ് നബി (അ)







ഹൗറാനിന്റെ പുത്രൻ


ചാവുകടൽ  ബഹ്റുൽ മയ്യിത്ത് ...

പേര് കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നില്ലേ ? ചാവുകടലിലെ വെള്ളത്തിൽ മത്സ്യത്തിനും ജീവിക്കാനാവില്ല ഒരു ജലജീവിയും അതിൽ സഞ്ചരിക്കില്ല..

ചാവുകടലിലെ വെള്ളം കുടിക്കാൻ പറ്റില്ല കുളിക്കാനും പറ്റില്ല ശരീരത്തിൽ വെള്ളം തട്ടിയാൽ ചൊറിച്ചിൽ വരും പെട്ടെന്ന് ശുദ്ധ ജലത്തിൽ കഴുകി വൃത്തിയാക്കണം അഞ്ച് നാടുകളെ ബാധിച്ച കൊടും ശാപത്തിന്റെ നിത്യ സ്മാരകമായി ചാവുകടൽ നിലനിൽക്കുന്നു ചത്തു കിടക്കുന്ന കടൽ ചലനമില്ല ജനങ്ങൾ തിങ്ങിത്താമസിച്ചിരുന്ന സദൂം പട്ടണം ചാവുകടലിൽ മുങ്ങിത്താഴ്ന്നുപോയി അഞ്ച് നാടുകൾ അടിമേൽ മറക്കപ്പെട്ടു ചാവുകടലിന്റെ ചുറ്റുപാടും ശപിക്കപ്പെട്ട മണ്ണാണ് അവിടെ സസ്യങ്ങൾ വളരില്ല താമസിക്കാൻ കൊള്ളില്ല ലോകത്തിന് ഒരു കാലത്തും മറക്കാനാവാത്ത ക്രൂരമായ ശിക്ഷയാണ് ഒരു ജനവിഭാഗത്തിന് ലഭിച്ചത് ചാവുകടൽ നിലനിൽക്കുന്ന കാലത്തോളം ആ ശിക്ഷയുടെ പേടിപ്പെടുത്തുന്ന ഓർമ്മകൾ നിലനിൽക്കും ഇത്രയും ക്രൂരമായ ശിക്ഷ ഒരു ജനവിഭാഗത്തെ ബാധിക്കാൻ കാരണമെന്ത് ? അവർ ചെയ്ത കുറ്റമെന്ത് ?

ആധുനിക ലോകം അതറിയണം കേരളത്തിലെ അഭിനവ മുസ്ലിം സമൂഹം നിർബന്ധമായും അതറിയണം ഒരു സമൂഹം ചെയ്ത ക്രൂരമായ തെറ്റ് ഇവിടെ ആവർത്തിക്കപ്പെടുന്നു ആ നീചകൃത്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു പാശ്ചാത്യ ലോകം അതൊരു ഫാഷനാക്കിയിരിക്കുന്നു ലോകത്ത് പല പ്രദേശങ്ങളിലും പണ്ഡിത പാമര ഭേദമില്ലാതെ അത് പടർന്നു പിടിക്കുന്നു തെറ്റാണെന്ന ചിന്ത പോലുമില്ലാതെ സ്വവർഗ്ഗ രതി

അതായിരുന്നു ആ സമൂഹം ചെയ്ത തെറ്റ് അവർക്കു മുമ്പ് ആരും ആ നീചകൃത്യം ചെയ്തിട്ടില്ല ഭർത്താവും ഭാര്യയും ഇണകളായി ജീവിക്കുക അതാണ് എല്ലാ ജീവികളുടെയും പ്രകൃതി മനുഷ്യരും, മൃഗങ്ങളും, പക്ഷികളും, സസ്യങ്ങളുമെല്ലാം ആ പ്രകൃതിയിൽ തന്നെ ജീവിക്കണം പ്രകൃതി വിരുദ്ധമായ മാർഗ്ഗം സ്വീകരിക്കരുത്

പ്രകൃതി വിരുദ്ധമായ സ്വവർഗ്ഗ രതി സ്വീകരിക്കുന്നവർക്ക് ഏറ്റവും ക്രൂരമായ ശിക്ഷയാണ് വിധിക്കപ്പെട്ടിരിക്കുന്നത് വധശിക്ഷ തന്നെ

ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം
ലൂത്വിന്റെ സമൂഹം ചെയ്ത നീചകൃത്യം ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും വധിച്ചുകളയുക മനുഷ്യൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നീചകൃത്യം ഒരു സമൂഹത്തെ ഒന്നാകെ ബാധിച്ചു അവർ സ്ത്രീകളെ ഒഴിവാക്കി സൗന്ദര്യമുള്ള യുവാക്കളുടെ കൂടെ കൂടി കൗമാര പ്രായക്കാർക്ക് പ്രിയം കൂടി ആ സമൂഹം ധാർമ്മികമായി അധഃപതിച്ചു സർവ്വശക്തനായ അല്ലാഹു അവർക്ക് ശക്തമായ താക്കീത് നൽകാൻ തീരുമാനിച്ചു വ്യക്തമായ നിർദ്ദേശങ്ങളുമായി ഒരു പ്രവാചകനെ അവരിലേക്കയച്ചു ആ വന്ദ്യ പ്രവാചകനാണ് ലൂത്വ് നബി (അ) 

ലൂത്വ് നബി (അ) ന്റെ പരമ്പര നൂഹ് (അ)ൽ എത്തിച്ചേരുന്നു അത് ഇപ്രകാരമാകുന്നു
1.നൂഹ് (അ) 2.സാം 3.അർഫഹശ്ദ് 4.ശാലിഹ്. 5.ആബീർ .6.ഫാലിഗ് 7.റാഊ8.സാറൂഗ് 9.നാഹൂർ 10 താറഹ് 11 . ഹാറാൻ 12. ലൂത്വ് (അ)
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക പത്താം നമ്പറുകാരനായ താറഹിന്റെ മകൻ ഹാറാന്റെ മകനാണ് ലൂത്വ് (അ) ഇതേ താറഹിന്റെ മറ്റൊരു മകനാണ് ഇബ്രാഹിം നബി(അ) അപ്പോൾ എന്ത് മനസ്സിലായി?
ഇബ്രാഹിം നബി (അ)ന്റെ സഹോദരൻ ഹാറാന്റെ പുത്രനാണ് ലൂത്വ് (അ)
താറഹിന് മൂന്നു പുത്രന്മാരുണ്ടായിരുന്നു

1.നാഹൂർ 2.ഇബ്രാഹിം. 3.ഹാറാൻ

ഇവരുടെ മാതാവിന്റെ പേര് അമീല എന്നായിരുന്നു താറഹ് അമീല തമ്പതികൾ ബാബിലോണിയയിലെ ഉന്നത ഗോത്രങ്ങളിലെ അംഗങ്ങളായിരുന്നു ധാരാളം കന്നുകാലികളും കൃഷിയിടങ്ങളും അവർക്കുണ്ടായിരുന്നു അവർ കുടുംബസമേതം ദീർഘയാത്രകൾ നടത്തുകയും പലയിടങ്ങളിലും താമസിക്കുകയും ചെയ്തിട്ടുണ്ട് ഇബ്രാഹിം (അ)സാറാ(റ)യെ വിവാഹം ചെയ്തു സുന്ദരിയും ബുദ്ധിമതിയും ധീരവനിതയുമായ സാറ (റ) കുലീന കുടുംബത്തിലാണ് ജനിച്ചു വളർന്നത്

നാഹൂർ വിവാഹം ചെയ്തത് മലിക എന്ന ചെറുപ്പക്കാരിയെയാണ് ലൂത്വ് എന്ന പദത്തിന് സ്നേഹിക്കുക എന്നാണ് അർത്ഥമെന്നും ഇബ്രാഹിം നബി (അ)നോടുള്ള നിഷ്കളങ്കമായ സ്നേഹം കാരണമാണ് ഈ പേര് കിട്ടിയതെന്നും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട് ഇബ്രഹാം (അ)ഇസ്ലാം മത പ്രചരണം തുടങ്ങിയപ്പോൾ ആദ്യമായി വിശ്വസിച്ചവരിൽ സാറാ (റ),ലൂത്വ് (അ)എന്നിവർ ഉൾപ്പെടുന്നു

പൗരാണിക ലോക ചരിത്രത്തിൽ ഉന്നത സ്ഥാനം നേടിയ സ്ഥലമാണ് മെസൊപ്പൊട്ടോമിയ പൗരാണിക നദീതട സംസ്കാരത്തിന്റെ കേന്ദ്രം

ലോകപ്രസിദ്ധമായ രണ്ട് നദികൾക്കിടയിലാണ് ഈ പ്രദേശം 1.ടൈഗ്രീസ് 2,യൂഫ്രട്ടീസ്

വിശാലമായ നദികൾ മെസൊപ്പൊട്ടോമിയായെ ഫലപുഷ്ടിയുള്ളതാക്കി കൃഷികൾ വളർന്നു കന്നുകാലികളും വർദ്ധിച്ചു നാട് സമ്പൽസമൃദ്ധമായി ആ നാടിനെ ഐശ്വര്യത്തിന്റെ കളിത്തൊട്ടിലെന്ന് കാലം വിളിച്ചു ലോകശ്രദ്ധ പിടിച്ചുപറ്റിയ നാട് നാഗരികതകൾ വളർന്നുവന്നതിവിടെയാണ് ..

സാറാ (റ)യെ രാജാവ് പിടികൂടി 
യുഫ്രട്ടീസ് നദിയിലേക്കു ഒഴുകിവരുന്ന ഒരു അരുവിയുടെ കരയിലാണ് ഊർ പട്ടണം.

ഹാറൂനും കുടുംബവും ഊർ പട്ടണത്തിൽ താമസിച്ചിരുന്നു ഹാറാൻ പട്ടണം സ്ഥാപിച്ചത് ഹാറാൻ ആണെന്ന് അഭിപ്രായമുണ്ട് അത് ദുർബലമായ അഭിപ്രായമാണെന്ന് രേഖപ്പെടുത്തിയവരുമുണ്ട് ഹാറാൻ പ്രസിദ്ധമായ പട്ടണമാണ് ഇബ്രാഹിം (അ) ഇവിടെ കൂറെ കാലം താമസിച്ചിട്ടുണ്ട് ഹാറാനും മക്കളും ഇവിടെയുണ്ടായിരുന്നു ലൂത്വ് (അ)ന്റെ ബാല്യകാലം ഇവിടെ കഴിഞ്ഞുകൂടി എന്ന് കരുതാം പദ്ദൻ അരം എന്ന പട്ടണത്തിലും ഇവർ താമസിച്ചിട്ടുണ്ട്..

ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളാണ് ഊർ, പദ്ദൻ അരം , ഹാറാൻ തുടങ്ങിയവ ഇവയെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ രാജ്യം ഭരിക്കുന്നത് ധിക്കാരിയായ നംറൂദ് രാജാവാകുന്നു ബാബിലോണിൽ വെച്ച് നടന്ന ഒരു ദുഃഖ സംഭവം ലൂത്വ് നബി (അ) ന്റെ മനസിൽ നിന്ന് മാഞ്ഞുപോയില്ല സ്വന്തം പിതാവിന്റെ മരണം ഹാറാൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് താറഹ് നല്ല ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട് ഹാറാന്റെ മരണം ചെറുപ്പക്കാരനായ ലൂത്വ് (അ)നെ വല്ലാതെ ദുഃഖിപ്പിച്ചു പിതാവിന്റെ സഹോദരങ്ങൾ അദ്ദേഹത്തെ ആശ്വസിപ്പിച്ചു പിതാവിന്റെ പിതാവ് പിന്നീട് മരണപ്പെട്ടു അത് മറ്റൊരു ദുഃഖ സംഭവമായിരുന്നു താറഹ് ,മകൻ ഇബ്രാഹിം (അ) ,ഭാര്യ സാറ (റ) ,ലൂത്വ് (അ)എന്നിവർ കൻആനിലേക്ക് യാത്ര ചെയ്യുകയാണ് അവർ ഹർറാനിലെത്തി അവിടെ തമ്പടിച്ചു താമസിച്ചു താറഹിന് അന്ന് ഇരുനൂറ്റി അമ്പത് വയസ്സുണ്ട് അദ്ദേഹത്തിന് രോഗം ബാധിച്ചു കൂടെയുള്ളവർ ആശങ്കാകുലായി മരുന്നുകളും ശുശ്രൂഷകളും ഫലം ചെയ്തില്ല താറഹ് മരണപ്പെട്ടു ഹർറാൻ പട്ടണം ആ ദുഃഖസംഭവത്തിന് സാക്ഷിയായി..

പിന്നീട് യാത്രാസംഘത്തിൽ മൂന്നുപേരായി ഇബ്രാഹിം (അ),സാറ(റ ) ലൂത്വ് (അ) ഇബ്രാഹിം (അ)ന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ദൗത്യമാണ് ലൂത്വ് (അ)നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇബ്രാഹിം (അ) ന്റെ ജീവിതം സംഭവബഹുലമാണ് അതിനെല്ലാം ലൂത്വ് (അ)സാക്ഷിയാണ് ആരോഗ്യവും, ബുദ്ധിശക്തിയും, സാമർത്ഥ്യവുമുള്ള ചെറുപ്പക്കാരനാണ് ലൂത്വ് (അ) ഇബ്രാഹിം (അ) ഉം ഭാര്യയും ചെറുപ്പക്കാരനെപുത്രനെപ്പോലെ കരുതി സ്നേഹിച്ചു ഇറാഖിൽ നിന്ന് ഈജിപ്തിലേക്കുള്ള യാത്രയിൽ പല പരീക്ഷണങ്ങൾ നേരിട്ടു ഈജിപ്തിലെ രാജാവിന്റെ പട്ടാളക്കാർ യാത്രക്കാരെയെല്ലാം നിരീക്ഷിക്കും സുന്ദരികളായ സ്ത്രീകളെ കണ്ടാൽ പിടികൂടും കൊട്ടാരത്തിലെത്തിക്കും പിന്നെ കുറെ നാൾ കൊട്ടാരത്തിൽ രാജാവിന്റെ കൂടെയാണവളുടെ താമസം

രാജാവ് പറയുന്നതൊക്കെ അനുസരിച്ചാൽ കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങാം എതിർത്താൽ കീഴ്പ്പെടുത്തും രാജാവല്ലേ ? ശക്തനല്ലേ ? ചോദ്യം ചെയ്യപ്പെടുകയില്ല

സാറാ ബീവി (റ)യെ പിടികൂടി കൊട്ടാരത്തിലെത്തിച്ചു രാജാവ് പിടിക്കാൻ വന്നു തളർന്നു വീണു സാറ (റ) ദുആ ചെയ്തപ്പോൾ ആരോഗ്യം വന്നു വീണ്ടും പിടികൂടാൻ വന്നു തളർന്നു വീണു വീണ്ടും ദുആ ചെയ്യാൻ കൊഞ്ചി ദുആ ചെയ്തു ആരോഗ്യം വന്നപ്പോൾ പഴയത് ആവർത്തിച്ചു തളർന്നു വീണു ഇനി ആവർത്തിക്കില്ലെന്ന് കേണു പറഞ്ഞു ആരോഗ്യം കിട്ടി പിന്നെ മാന്യമായി പെരുമാറി യാത്രാ സംഘത്തെ ആദരിച്ചു രാജാവ് അവർക്ക് നൽകിയ സമ്മാനമാണ് ഹാജറ എന്ന ചെറുപ്പക്കാരി

യാത്രാ സംഘത്തിന്റെ അംഗസംഖ്യ നാലായി പിന്നീടവർ ഫലസ്തീനിലെത്തി അവിടെ വെച്ചാണ് ലൂത്വ് (അ)ന്റെ സാക്ഷാൽ ദൗത്യം ആരംഭിക്കുന്നത് സ്വതന്ത്ര ചുമതലയുള്ള പ്രവാചകനായി നിയോഗിക്കപ്പെടുന്നത് അഞ്ചു നാടുകളിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനുള്ള ദൗത്യം ഏൽപിക്കപ്പെട്ടു ..

1.സദൂം (സോദോം) 
2.ഇറാഇമ.
3ആമൂദ .
4.ദാമാസ്.
5അറായാ. 

സമ്പൽസമൃദ്ധമായ അഞ്ച് നാടുകൾ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പട്ടണങ്ങൾ ഐശ്വര്യം തുളുമ്പിനിൽക്കുന്ന ഗ്രിമങ്ങൾ ചരിത്രമുറങ്ങുന്ന താഴ്വരകൾ..

അല്ലാഹുവിന്റെ ദൂതൻ

ലൂത്വ് നബി (അ)ന്റെ സമുദായം എല്ലാ ദുർഗുണങ്ങളും ചേർന്ന വിഭാഗമായിരുന്നു അവർ പലതരം പന്തയങ്ങളിൽ ഏർപെടുമായിരുന്നു പക്ഷികളെ ഉപയോഗിച്ചുള്ള പലതരം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു

കൊള്ളയും പിടിച്ചുപറിയും സാധാരണയായിത്തീർന്നു വഴിയാത്രക്കാരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും അപമാനിക്കുകയും ചെയ്യും ദുർബലരെ കീഴ്പെടുത്തും ശക്തിയുള്ളവർ എന്തും ചെയ്യും വിഗ്രഹാരാധന സർവത്രയുണ്ട് മദ്യപാനികളുമാണ് സ്വർഗ്ഗ രതിയിലുള്ള ആവേശമാണ് അവരെ ബാധിച്ച ഏറ്റവും നീചമായ കാര്യം..

ലൂത്വ് നബി (അ) അവരിലേക്ക് നിയോഗിക്കപ്പെട്ടു ആ പ്രവാചകൻ നീചന്മാരുടെ സമൂഹത്തിലേക്ക് ചെന്നു സദുപദേശം നൽകി ഏകനായ അല്ലാഹുവിനെ കുറച്ചു സംസാരിച്ചു : എന്റെ ജനങ്ങളേ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുവീൻ ആകാശഭൂമികളുടെ സ്രാഷ്ടാവ് അല്ലാഹു ആകുന്നു അവൻ ഏകനാകുന്നു അവന് പങ്കുകാരില്ല അവൻ മാത്രമാണ് ആരാധനക്കർഹൻ അവൻ എന്നെ നിങ്ങളിലേക്കുള്ള പ്രവാചകനായി നിയോഗിച്ചിരിക്കുന്നു എന്റെ ജനങ്ങളെ നിങ്ങൾ നന്മയിലേക്ക് വരുവീൻ എല്ലാ തിന്മകളും കൈവെടിയുവീൻ.

നിങ്ങൾ സ്ത്രീകളെ വിവാഹം ചെയ്യുക ഭാര്യ -ഭർത്താക്കന്മാരായി ജീവിക്കുവീൻ സ്വവർഗ്ഗരതി അല്ലാഹു വിരോധിച്ചിരിക്കുന്നു നിങ്ങൾ ആ നീചകൃത്യം അവസാനിപ്പിക്കുവീൻ എങ്കിൽ അവൻ നിങ്ങളെ സന്മാർഗ്ഗത്തിലേക്കു നയിക്കും നിങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് വരിക ധിക്കാരികൾ ലൂത്വ് നബി (അ)ന്റെ വാക്കുകൾ ഇഷ്ടപ്പെട്ടില്ല ഇത്തരം വാക്കുകൾ ആരും കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല ലൂത്വ് (അ) പറഞ്ഞതെല്ലാം അവർ കളവാക്കിത്തള്ളി പ്രവാചകന് താക്കീത് നൽകുകയും ചെയ്തു ഇത്തരം വാക്കുകൾ ഇവിടെ കേട്ടുപോവരുത് ഞങ്ങൾ ഞങ്ങളുടെ താൽപര്യമനുസരിച്ചു ജീവിക്കും അതിനെ ചോദ്യം ചെയ്യാൻ വരരുത്

പ്രവാചകന്റെ വായടപ്പിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത് വിശുദ്ധ ഖുർആൻ ആ സമൂഹത്തെ നമുക്ക് നന്നായി പരിചയപ്പെടുത്തിത്തരുന്നുണ്ട്

സൂറത്ത് ശുഅറാഇലെ വചനങ്ങൾ നോക്കാം
ലൂത്വിന്റെ ജനത മുർസലുകളെ വ്യാജമാക്കി (26:160)

ലൂത്വ് നബി (അ)പറഞ്ഞ ഒരു കാര്യവും അവർ അംഗീകരിച്ചില്ല അല്ലാഹു ഏകനാകുന്നു ഞാൻ അവന്റെ റസൂലാകുന്നു ഇക്കാര്യമാണ് അവർ അംഗീകരിക്കേണ്ടത് അവർ അംഗീകരിച്ചില്ല കളവാക്കി തള്ളിക്കളഞ്ഞു ഇനി ആ സന്ദർഭം ഖുർആനിൽ കാണുക
അവരുടെ സഹോദരൻ ലൂത്വ് അവരോട് പറഞ്ഞപ്പോൾ നിങ്ങൾ സൂക്ഷിക്കുന്നില്ലേ ? (26:161)

തീർച്ചയായും ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ റസൂൽ ആകുന്നു (26:162)

അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ (26:163)

അതിന്റെ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല എന്റെ പ്രതിഫലം ലോകരക്ഷിതാവിലല്ലാതെ മറ്റാരിലുമില്ല (26:164)

വളരെ ശ്രദ്ധേയമായ കര്യങ്ങളാണ് പ്രവാചകൻ അവരോട് പഞ്ഞത് തഖ്വ്വ ചെയ്യണം മുത്തഖീങ്ങളായിത്തീരണം അലാ തത്ത്വഖൂൽ നിങ്ങൾ തഖ്വ്വ ചെയ്യുന്നില്ലേ ? സൂക്ഷ്മതപാലിക്കുന്നില്ലേ ? എന്നാണ് ചോദിച്ചത്.

ജീവിതത്തിൽ സൂക്ഷ്മത പാലിക്കണം സൂക്ഷ്മതയോടെയല്ലാതെ ഒരു വാക്കും സംസാരിക്കരുത് ഒരു കാര്യവും ചെയ്യരുത് നിങ്ങൾക്ക് ഇക്കാര്യങ്ങൾ ഉപദേശിച്ചുതരാൻ ഞാൻ ബാധ്യസ്ഥനാണ് കാരണം ഞാൻ പ്രവാചകനാണ് ഞാൻ വിശ്വസ്ഥനാണ് ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കണം കാരണം അല്ലാഹുവിന്റെ കൽപന പ്രകാരമാണ് ഞാൻ സംസാരിക്കുന്നത് എന്നെ അനുസരിച്ചാൽ അല്ലാഹുവിനുള്ള അനുസരണയായി നിങ്ങളുടെ ഇഹപര വിജയത്തിനുള്ള വഴി തുറന്നുതരികയാണ് ഇത് വളരെ ഗൗരവമുള്ള ജോലിയാണ് ഭാരമുള്ള കാര്യമാണ് എന്നാലും നിങ്ങളെനിക്ക് ഒരു പ്രതിഫലവും തരേണ്ടതില്ല പ്രതിഫലം അല്ലാഹുവിലാകുന്നു ഓരോ പ്രവാചകന്മാരും അതാത് കാലത്തെ ജനങ്ങളോട് ഇങ്ങനെ തന്നെയാണ് സംസാരിച്ചത്..

ദീനീ പ്രവർത്തനം ജനങ്ങളിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടാവരുത് അല്ലാഹുവിൽ നിന്നാണ് പ്രതിഫലം പ്രതീക്ഷിക്കേണ്ടത് ..

ജനങ്ങളുടെ പ്രതിഫലമാണോ മെച്ചം?
അതോ പടച്ചവന്റെ പ്രതിഫലമോ ? 

മെച്ചപ്പെട്ടത് അല്ലാഹുവിന്റെ പ്രതിഫലം തന്നെ പടച്ചവൻ തരുന്നത് പോലെ പടപ്പുകൾക്ക് പ്രതിഫലം തരാൻ കഴിയുമോ? ഒരിക്കലുമില്ല ഇതൊക്കെ അറിയാവുന്നവർ തന്നെ മനുഷ്യരുടെ പ്രതിഫലം മോഹിക്കുന്നു പടച്ചവന്റെ പ്രതിഫലത്തിന്റെ കാര്യം മറക്കുകയും ചെയ്യുന്നു ഇത്തരക്കാർ നഷ്ടക്കച്ചവടമാണ് നടത്തുന്നത് തുച്ഛമായ പ്രതിഫലത്തിന് വേണ്ടി മെച്ചമായത് നഷ്ടപ്പെടുത്തുന്നവർ ഇത് മനുഷ്യർ നന്നായി മനസ്സിലാക്കാൻ വേണ്ടി പല പ്രവാചകന്മാരുടെയും വചനങ്ങൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു.

പ്രവാചകന്മാരും പിൻഗാമികളായ ഔലിയാക്കന്മാരും ഇതേ നിലപാട് സ്വീകരിച്ചതായി കാണാം.

ലൂത്വ് (അ)ന്റെ സമൂഹം നടത്തിക്കൊണ്ടിരുന്ന നീച കൃത്യത്തെക്കുറിച്ചുള്ളതാണ് അടുത്ത ഖുർആൻ വചനം 

ലോകരിൽ നിന്ന് നിങ്ങൾ മാത്രം ആണുങ്ങളുടെ അടുക്കൽ ചെല്ലുകയോ? (26:165)

നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചുതന്ന നിങ്ങളുടെ ഇണകളെ നിങ്ങൾ വിട്ടുകളയുകയും ചെയ്യുന്നുവോ ? എന്നാൽ നിങ്ങൾ അതിക്രമകാരികളായ ഒരു ജനത തന്നെയാണ് (26;166)

വളരെ വ്യക്തമായിത്തന്നെ ആ ജനതയുടെ ദുഷ്ചെയ്തിയെ വിവരിച്ചുതന്നിരിക്കുന്നു
നിങ്ങളുടെ റബ്ബ് നിങ്ങൾക്കുവേണ്ടി ഇണകളെ സൃഷ്ടിച്ചിരിക്കുന്നു അതാണ് നിങ്ങളുടെ ഭാര്യമാർ അവരെ നിങ്ങൾ വിട്ടുകളയുകയാണ് എന്നിട്ട് പുരുഷ്യന്മാരുടെ പിന്നാലെ പോകുന്നു കാമപൂർത്തീകരണത്തിന് വേണ്ടി പുരുഷനെ സമീപിക്കുന്നത് നീചകൃത്യമാണ് പ്രകൃതിവിരുദ്ധമാണ് ഇത് അല്ലാഹുവിന്റെ കൽപനയെ തള്ളിക്കളയലാണ് അതുതന്നെയാണ് അതിക്രമം ഭാര്യയെ സമീപിക്കുന്നത് പുണ്യകർമമാണ് പുരുഷനെ സമീപിക്കുന്നത് അതിക്രമവുമാണ്,ലോകരിൽ മറ്റാരും ചെയ്യാത്ത അതിക്രമം..

സമൂഹത്തിൽ വിവരമുള്ളവരും ഇല്ലാത്തവരും ഈ ദുഷിച്ച കൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കണം മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണം ഒന്നിച്ച് അന്തിയുറങ്ങുന്ന യുവാക്കൾക്കും കൗമാരപ്രായക്കാർക്കുമൊക്കെ ഇക്കാര്യം ഗൗരവത്തോടെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം വളരെ നിസ്സാരമായൊരു സംഗതിയായിട്ടാണ് പലരും ഇതിനെ മനസ്സിലാക്കിയിരിക്കുന്നത്.. 

മനസ്സിൽ പിശാചിന്റെ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ നീചകൃത്യത്തെ നിസ്സാരമായി കാണാൻ കഴിയുന്നത് മറ്റുള്ളവരെ നഗ്നത കാണിക്കാൻ പിശാച് പ്രേരിപ്പിക്കും മറ്റുള്ളവരുടെ നഗ്നത നോക്കിക്കാണാനും പിശാച് പ്രോത്സാഹിപ്പിക്കും അത് ഒരുതരം ഹരമായി മനസ്സ് തോന്നിപ്പിക്കും

കലാ കായിക വിനോദ മേഘലകളെല്ലാം പിശാച് അടക്കിവാഴുകയാണ് അവിടെയെല്ലാം നഗ്നത ഒരു വലിയ സംഗതിയാണ് സെക്സ് എന്ന ഓമനപ്പേരിട്ട് വിളിക്കും എല്ലാം ഇബ്ലീസിന്റെ കളികൾ തന്നെ

കൗമാര പ്രായക്കാരായ ആൺകുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതിലാണ് ചിലർക്ക് താൽപ്പര്യം പ്രകൃതിവിരുദ്ധ ചേഷ്ഠകൾ കൊലയിൽ വരെ എത്തിയ സംഭവങ്ങൾ എത്രയുണ്ട് ?

ഇതൊരു സാമൂഹിക വിപത്താണ് ഈ നീചവൃത്തി പതിവാക്കിയവർക്ക് പലതരം മാനസിക പ്രശ്നങ്ങളുണ്ടാവുന്നുണ്ട് സമാധാനം നിറഞ്ഞ കുടുംബജീവിതം നയിക്കാൻ കഴിയാതെപോവുന്നു മാന്യതയുടെ അതിർവരമ്പുകൾ ഇല്ലാതാവുന്നു

പ്രായം ചെന്നിട്ട് പോലും ഈ ശീലം മാറ്റാൻ കഴിയാത്ത പലരുമുണ്ട് സമൂഹത്തിൽ അവർ ഉന്നത സ്ഥാനം കൈയടക്കിവെച്ചിട്ടുണ്ട് മറ്റുള്ളവരുടെ നന്മകൾ കാണാൻ അവർക്കു കഴിയില്ല എല്ലാവരും തന്നെപ്പോലെയാണെന്ന് അവർ കരുതും അതുകാരണം മറ്റുള്ളവരെ ആദരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും അംഗീകരിക്കാനും അവർക്കു കഴിയില്ല എല്ലാവരാലും അവഗണിക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് അവർ അവസാനം എത്തിച്ചേരുകയും ചെയ്യും അപ്പോൾ പിശാച് പൊട്ടിച്ചിരിക്കും തന്റെ ദൗത്യം വിജയിച്ചതിലുള്ള അത്യാഹ്ലാദം പ്രകടിപ്പിക്കും ജീവിതത്തിന്റെ വിവിധ മേഘലകളിൽ നിന്ന് ധാർമ്മികത ചോർന്നു പോവുന്നു എന്നതാണ് ഇന്നത്തെ വലിയ പരാതി വിവിധ രംഗങ്ങളിൽ നേതൃത്വം വഹിക്കുന്നവർ ഇത്തരക്കാരായാൽ പിന്നെങ്ങനെ ധാർമ്മികത നിലനിൽക്കും ജീർണതകൾക്കെതിരെ എന്തെല്ലാം പരിപാടികളാണ് നടക്കുന്നത് ഈ ജീർണതക്കെതിരെ ഒരു പരാമർശം പോലും ഉയർന്നുവരുന്നില്ല എന്തേ അങ്ങനെ? ചിന്തിക്കട്ടെ ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ..

പരസ്യമായി ചെയ്യുന്ന കുറ്റങ്ങൾ

ലൂത്വ് നബി (അ)ന്റെ സമുദായക്കാരുടെ ദുഷിച്ച പ്രവണതയിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന ചില വചനങ്ങൾ കൂടി കാണുക.

സൂറത്തുൽ അഹ്റാഫിലെ വചനങ്ങൾ നോക്കാം

ലൂത്വിനെയും (നാം അയച്ചു ) അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഓർക്കുക നിങ്ങൾ നീചവൃത്തിക്ക് ചെല്ലുകയോ? ലോകരിൽ ഒരാളും തന്നെ നിങ്ങൾക്കു മുമ്പ് ഇത് ചെയ്തിട്ടില്ല (7:80)

നിങ്ങൾ സ്ത്രീകളെ ഒഴിവാക്കി കാമവികാരത്താൽ പുരുഷന്മാരുടെ അടുക്കൽ ചെല്ലുന്നു എന്നാൽ നിങ്ങൾ അതിര് കവിഞ്ഞ ഒരു ജനതയാകുന്നു (7:81)

ലോകത്തിൽ ഒരാളും തന്നെ നിങ്ങൾക്കു മുമ്പ് ഈ നീചവൃത്തി ചെയ്തിട്ടില്ലെന്ന് സൂറത്ത് അഹ്റാഫിലെ എൺപതാം ആയത്തിൽ പറയുന്നു
തൊട്ടടുത്ത വചനത്തിൽ ആ നീചവൃത്തി വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.

കാമവികാരത്തോടെ പുരുഷനെ സമീപിക്കുക ഭാര്യമാരെ ഒഴിവാക്കുക ഇതാണ് നീചകൃത്യം ഇത് കാരണം അവർ പരിധി ലംഘിച്ചവരായിത്തീർന്നു എല്ലാ അതിർവരമ്പുകളും അവർ ലംഘിച്ചിരിക്കുന്നു അത്തരക്കാർ ദുനിയാവിൽ നിന്ന് തന്നെ ശിക്ഷകൾ വാങ്ങും അവർക്കു മുമ്പ് ധിക്കാരികളായ ചില സമൂഹങ്ങൾ കടന്നുപോയിട്ടുണ്ട് അവരോട് ചേർത്തി ഇക്കൂട്ടരെയും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് അവരും അതിർവരമ്പുകൾ ലംഘിച്ചവരായിരുന്നു പ്രവാചകന്മാരെ കളവാക്കുകയും ദ്രോഹിക്കുകയും ചെയ്തവരായിരുന്നു സൂറത്ത് സ്വാദിൽ നിന്നുള്ള രണ്ട് വചനങ്ങൾ നോക്കൂ :

നൂഹിന്റെ ജനതയും ആദ് ഗോത്രവും കുറ്റി (ആണി) യുടെ ആളായ ഫിർഔനും ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി (38;12)

സമൂദ് ഗോത്രവും ലൂത്വിന്റെ ജനതയും ഐക്കത്തുകാരും (വ്യാജമാക്കി) അക്കൂട്ടരാണ് സത്യത്തിനെതിരെ അണിനിരന്ന കക്ഷികൾ (38:13)

ആദ്യവചനത്തിൽ ഫിർഔന്റെ പേരും വിശേഷണവും കാണാം കുറ്റിയുടെ ആൾ , ആണിയുടെ ആൾ എന്നൊക്കെ അർത്ഥം വരുന്ന ദുൽ ഔത്താദ് എന്ന വിശേഷണമാണ് നൽകപ്പെട്ടത് തമ്പുകൾ ഉറപ്പിച്ചുനിർത്താനാണ് കുറ്റികൾ അടിക്കുന്നത് തമ്പിന്റെ ചുറ്റുഭാഗത്തും കുറ്റിയടിച്ച് കയറുകൊണ്ട് വലിച്ചു കെട്ടും കുറ്റി ഭദ്രമാവണം എന്നാൽ തമ്പ് ഇളകുകയില്ല കാറ്റിൽ പറന്നുപോവില്ല ഇതുപോലെ തന്റെ അധികാര ശക്തിയെ കുറ്റിയടിച്ചു ഭദ്രമാക്കി വെച്ചവനായിരുന്നു ശപിക്കപ്പെട്ട ഫിർഔൻ എന്നാണ് ദുൽ ഔത്താദിന്റെ ഒരു വ്യാഖ്യാനം

മറ്റൊരു വ്യാഖ്യാനം ഇങ്ങനെയാകുന്നു കുറ്റി എന്നത് ഉറപ്പിന്റെ സൂചനയാണ് ഒരു രാജ്യത്തെ ഉറപ്പിച്ചു നിർത്തുന്നത് സുശക്തമായ സൈന്യമാണ് ഫിർഔനിന്റെ സൈന്യം സുശക്തമായിരുന്നു ഏത് ശത്രുവിനെയും ജയിച്ചടക്കാൻ മാത്രം ശക്തം ഈ ശക്തിയെ ദുൽ ഔത്താദ് സൂചിപ്പിക്കുന്നു

കുറ്റവാളികളെ ശിക്ഷിക്കുന്ന ഒരു പ്രാകൃത സമ്പ്രദായമുണ്ട് ശരീരത്തിൽ കുറ്റിയോ ആണിയോ അടിച്ചു കയറ്റുക ഫിർഔൻ തനിക്കിഷ്ടമല്ലാത്തവരെ നിർദയം ശിക്ഷിച്ചിരുന്നു ഇത് മറ്റൊരു വ്യാഖ്യാനം കൊടും ക്രൂരനായ ഫിർഔനോട് ലൂത്വ് നബി (അ) ന്റെ സമുദായത്തെ ചേർത്തു പറഞ്ഞിരിക്കുന്നു അവരുടെ ക്രൂര സ്വഭാവം അത്ര കടുത്തതായിരുന്നുവെന്ന് മനസ്സിലാക്കാം നൂഹ് (അ)ന്റെ സമുദായം എത്ര കടുത്ത ധിക്കാരികളായിരുന്നു പ്രളയം അവരെ ബാധിച്ചു കടുത്ത ശിക്ഷ തന്നെ അവരുടെ പാപ ഭാരം അത്ര കനമുള്ളതായിരുന്നുവെന്ന് മനസ്സിലാക്കണം ആദ് സമൂഹവും സമൂദ് ഗോത്രവും ധിക്കാരത്തിന്റെ പ്രതിരൂപങ്ങളായിരുന്നു അവരെ കുറ്റപ്പെടുത്തി അതേ ഗൗരവത്തിൽ തന്നെയാണ് ലൂത്വ് നബി (അ) ന്റെ സമൂഹത്തെയും കുറ്റപ്പെടുത്തുന്നത്..

വെല്ലുവിളി 

മറ്റൊരു കൂട്ടർ ഐക്കത്തുകാരാണ് അസ്ഹാബുകൾ ഐക്കത്ത് അവർ ശുഐബ് നബി (അ)ന്റെ സമൂഹമാകുന്നു

ഐക്കത്ത് എന്നാൽ വൃക്ഷങ്ങൾ തിങ്ങിനിൽക്കുന്ന സ്ഥലം ഇത് മദ് യാൻ എന്ന നാട്ടിലായിരുന്നു മദ് യന്റെ സമീപത്തുള്ള മറ്റൊരു പ്രദേശമായിരുന്നു എന്നൊക്കെ അഭിപ്രായമുണ്ട്

ഐകത്തുകാരും മദ്യ്യകാരും ഇവർ രണ്ട് ജനതയാണോ ? ഒറ്റജനതയാണോ?

രണ്ട് വിധത്തിലും പറയപ്പെട്ടിട്ടുണ്ട് അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ശുഐബ് (അ) ആയിരുന്നു

അളത്തത്തിലും തൂക്കത്തിലും കുറവ് വരുത്തുകയെന്നതാണ് അവർ ചെയ്ത കുറ്റം ഇതിനെ ശുഐബ് (അ) എതിർത്തു അപ്പോൾ അവർ ശത്രുക്കളായി കഠിനമായ ക്രൂരതയാണ് പിന്നെയവർ കാണിച്ചത്

നൂഹ് (അ) ന്റെ ജനത, ആദ് സമൂഹം, സമൂദ് ഗോത്രം , ഐക്കത്തുകാർ എന്നിവർക്കൊപ്പമാണ് ധിക്കാരത്തിലും ക്രൂരതയിലും ലൂത്വ് നബി (അ)ന്റെ സമൂഹത്തെ നാം കാണുന്നത്

ഈ സമൂഹങ്ങളെക്കുറിച്ച് അല്ലാഹു ഇത്രകൂടി പറയുന്നു 
:
ഇവരെല്ലാവരും ദൈവദൂതന്മാരെ വ്യാജമാക്കുകയല്ലാതെ ചെയ്തിട്ടില്ല അങ്ങനെ എന്റെ പ്രതികാരശിക്ഷ അവരിൽ യാഥാർത്ഥ്യമായി (38:14)

സൂറത്ത് നംലിൽ ലൂത്വ് നബി (അ)ന്റെ സമുദായത്തിന്റെ ദുഷ്ചെയ്തികളെ കുറച്ച് പറയുന്നുണ്ട് സമൂദ് ഗോത്രക്കാരുടെ ചരിത്രത്തിന്റെ തുടർച്ചയായിട്ടാണത് പറയുന്നത്

സ്വാലിഹ് നബി (അ)സമൂദ് ഗോത്രത്തിലേക്ക് അയക്കപ്പെട്ട നബി ആയിരുന്നു സമൂദ് ഗോത്രക്കാർ ഒരു ദൃഷ്ടാന്തം കാണിക്കാൻ നിർബന്ധം പിടിച്ചു വലിയ പാറയുടെ ഉള്ളിൽ നിന്ന് ഒരു ഒട്ടകം വരണമെന്നായിരുന്നു അവരുടെ ആവശ്യം അല്ലാഹു അത് നിറവേറ്റിക്കൊടുത്തു പാറയിൽ നിന്ന് ഒട്ടകം വന്നു സ്വാലിഹ് (അ) അവർക്ക് മുന്നറിയിപ്പ് നൽകി ഈ ഒട്ടകം അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് അതിനെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുത് അതിനെ അതിന്റെ പാട്ടിന് വിട്ടേക്കുക

ധിക്കാരികൾ അതിനെ വെറുതെ വിടാൻ ഭാവമില്ലായിരുന്നു ഒട്ടകത്തെ ഉപദ്രവിക്കാൻ തുടങ്ങി

സ്വാലിഹ് (അ) ശക്തമായ മുന്നറിയിപ്പ് നൽകി ഒട്ടകത്തെ ഉപദ്രവിക്കരുത് ധിക്കാരികൾ ചോദിച്ചു : ഉപദ്രവിച്ചാലെന്താ ? നബി പറഞ്ഞു : വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടും എങ്കിൽ ആ ശിക്ഷ കൊണ്ടുവാ ഞങ്ങളൊന്ന് കാണട്ടെ നിന്റെ ദൈവത്തിന്റെ ശക്തിയൊന്നു കാണട്ടെ ..

തെമ്മാടികളുടെ നേതാക്കന്മാരായ ഒമ്പത് പേർ അവിടെ ഉണ്ടായിരുന്നു എല്ലാ നന്മകളും തടയുകയെന്നതാണ് അവരുടെ ലക്ഷ്യം ജനങ്ങളെ തിന്മയിലേക്കു നയിക്കുക അതിനുവേണ്ടിയാണവർ ജീവിക്കുന്നത് ധിക്കാരികൾ അവർ ഒട്ടകത്തിന്റെ കാലുകൾ വെട്ടിവീഴ്ത്തി ഒട്ടകത്തെ അറുത്തു അപ്പോൾ സ്വാലിഹ് (അ) പറഞ്ഞു : ഇനി നിങ്ങൾക്ക് മൂന്നു ദിവസത്തെ അവധിയേയുള്ളൂ അപ്പോൾ ധിക്കാരികൾ ഗൂഢാലോചന നടത്തി സ്വാലിഹ് (അ)മിനെയും അനുയായികളെയും രാത്രിയിൽ വധിച്ചു കളയാൻ തീരുമാനിച്ചു അപ്പോൾ അല്ലാഹു അവന്റെ തീരുമാനവും നടപ്പിലാക്കി സൂറത്തുന്നംലിലെ ഈ വചനങ്ങൾ ശ്രദ്ധിക്കുക

നഗരത്തിൽ ഒമ്പതാളുകളുള്ള ഒരു സംഘം ഉണ്ടായിരുന്നു അവർ നാട്ടിൽ നന്മയുണ്ടാക്കാതെ ,കുഴപ്പമുണ്ടാക്കുന്നവരായിരുന്നു (27:48)

അവർ തമ്മിൽ പറഞ്ഞു : തീർച്ചയായും ദൈവത്തിൽ ശപഥം ചെയ്തു പറയണം : സ്വാലിഹിനെയും അവന്റെ ആൾക്കാരെയും രാത്രിയിൽ കൊല ചെയ്യുന്നതാണ് പിന്നെ അവന്റെ അവകാശിയോട് പറയണം തന്റെ കുടുംബത്തിന്റെ നാശത്തിൽ ഞങ്ങൾ സന്നിഹിതരായിരുന്നില്ല ഞങ്ങൾ സത്യവാന്മാർ തന്നെയാണ് (27:49)

അവരുടെ തന്ത്രങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക അവരെയും അവരുടെ ജനതയെയും നാം തകർത്തു കളഞ്ഞത് എങ്ങനെയായിരുന്നു ? (27;51)

അവർ അക്രമം കാണിച്ചത് കാരണം അവരുടെ വീടുകൾ വീണടിഞ്ഞത് ശൂന്യമായി കിടക്കുന്നു നിശ്ചയമായും അറിവുള്ള ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തമുണ്ട് (27:52)

വിശ്വസിക്കുകയും സൂക്ഷിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു (27:55) 

സമൂദ് സമൂഹത്തെ കുറിച്ച് ഇത്രയും കാര്യങ്ങൾ പറഞ്ഞശേഷം തൊട്ടടുത്ത വചനത്തിൽ ലൂത്വ് (അ)ന്റെ സമൂഹത്തെക്കുറിച്ചാണ് പറയുന്നത് അതിങ്ങനെയാകുന്നു..

ലൂത്വ് തന്റെ ജനങ്ങളോട് പറഞ്ഞപ്പോൾ : നിങ്ങൾ കണ്ടുകൊണ്ട് തന്നെ ഈ ദുഷ്പ്രവർത്തി ചെയ്യുകയാണോ ? കണ്ടുകൊണ്ട് തന്നെ ദുഷ്പ്രവർത്തി ചെയ്യുന്നുവെന്നത് വളരെ ശ്രദ്ധിക്കേണ്ട പ്രയോഗമാണ് ഇതിന് രണ്ട് വ്യാഖ്യാനങ്ങൾ പറഞ്ഞു കാണുന്നു ഒന്നാം വ്യാഖ്യാനം ഇങ്ങനെ : ഭർത്താവ് ഭാര്യയെ മാത്രമേ കാമപൂർത്തീകരണത്തിന് സമീപിക്കാവൂ എന്ന് ആ സമൂഹത്തിന്നറിയാം ഈ ആവശ്യത്തിന് വേണ്ടി പുരുഷ്യന്മാരെ സമീപിക്കുന്നത് നീചവൃത്തിയാണെന്നും അവർക്കറിയാം അറിഞ്ഞുകൊണ്ട് തന്നെ അവർ തെറ്റ് ചെയ്യുകയാണ് കണ്ടുകൊണ്ട് ചെയ്യുന്നു എന്നുപറഞ്ഞാൽ എല്ലാം മനസ്സിലാക്കിയ ശേഷം ചെയ്യുന്നു എന്നു സാരം ഇനി രണ്ടാമത്തെ വ്യാഖ്യാനം;

പരസ്പരം കണ്ടുകൊണ്ട് തന്നെ ദുഷ്പ്രവർത്തി ചെയ്യുന്നു വാതിലടച്ചു കുറ്റിയിട്ട ശേഷം മുറിയിൽ വെച്ച് രഹസ്യമായിട്ടല്ല നീചകൃത്യം ചെയ്തിരുന്നത് മറ്റുള്ളവരുടെ മുമ്പിൽ വെച്ചു ചെയ്തു എല്ലാവരും നോക്കിക്കൊണ്ടിരിക്കെ ചെയ്തു അതിൽ ചെയ്യുന്നവരും കാണികളും പൈശാചികമായ ഒരാനന്ദം അനുഭവിക്കുകയും ചെയ്തു ഒരു തെറ്റ് പുറത്താരുമറിയാതെ സ്വകാര്യമായി ചെയ്യുന്നവരും പരസ്യമായി ചെയ്യുന്നതും ഒരു പോലെയല്ല പരസ്യമായി തെറ്റ് ചെയ്യുക അതൊരു അഭിമാനമായി കരുതുക അങ്ങനെ ചെയ്യുന്നവർക്ക് സമൂഹത്തിൽ സ്ഥാനം കൽപിക്കുക ഇതൊക്കെയായിരുന്നു ആ സമൂഹത്തിന്റെ അവസ്ഥ ലൂത്വ് (അ)ഇത്രകൂടി പറഞ്ഞു : വിശുദ്ധ ഖുർആൻ വചനം കാണുക

നിങ്ങൾ കാമനിവാരണത്തിന് ഭാര്യമാരെ വിട്ട് പുരുഷ്യന്മാരുടെ അടുക്കൽ തന്നെ പോവുകയാണോ? നിങ്ങൾ വിഡ്ഢിത്തം പ്രവർത്തിക്കുന്ന ജനതയാകുന്നു (27:55)

മനുഷ്യന്റെ ബുദ്ധിയും വിവേകവും നശിപ്പിക്കുന്ന പരിപാടിയാണിത് ഈ നീചകൃത്യം തുടരുന്നവർ കാലാന്തരത്തിൽ വിഡ്ഢികളായി മാറും വിവരംകെട്ടവരായിത്തീരും മനുഷ്യരുടെ എല്ലാ മേഘലയിലുമുള്ള പുരോഗതിക്ക് ഭാര്യയുടെ പ്രോത്സാഹനം വേണം ഭാര്യയുടെ വാടിയ മുഖം ഒന്നിനും പ്രോത്സാഹനമല്ല എല്ലാ മേഘലയിലും പിന്നോക്കം പോകാൻ അത് കാരണമാകും

ഈ ദുഷിച്ച പ്രവണത ഭാര്യമാരുമായുള്ള മാനസികമായ ഇണക്കത്തിന് തടസ്സം സൃഷ്ടിക്കുന്നു ഭാര്യമാർക്കിടയിൽ അരാജകത്തമാണ് പിന്നെ പ്രകടമാവുക

കുത്തഴിഞ്ഞ ജീവിതം സർവ്വത്ര ജീർണതകൾ ധാർമികതയുടെ അംശങ്ങൾ നശിച്ചുകഴിഞ്ഞു തന്നിഷ്‌ടപ്രകാരം ജീവിക്കുന്ന മുതിർന്ന തലമുറ അവരെ അനുകരിച്ചു വളർന്നു വരുന്ന പുതിയ തലമുറ പിശാചാണ് വഴികാട്ടുന്നത് ഏകദൈവ വിശ്വാസം അവരുടെ മനസ്സിലേക്ക് കടന്നുവരരുത് തൗഹീദിന്റെ പ്രകാശത്തിലേക്ക് ആ സമൂഹം എത്തിച്ചേരരുത് അതാണ് ഇബ്ലീസിന്റെ ലക്ഷ്യം

ലക്ഷ്യം നേടുന്നതിന് വേണ്ടതൊക്കെ അവൻ ചെയ്യുന്നുമുണ്ട് ബിംബാരാധന വളരുകയാണ് ബലി നടക്കുന്നുണ്ട് പിൽക്കാലത്ത് ആ പ്രദേശത്ത് നടന്ന ഖനനങ്ങളിൽ ബലിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട് ധിക്കാരികളുടെ പരാക്രമങ്ങൾ നിശ്ചിത കാലം വരെ തുടർന്നു ..

ദുർമാർഗികളുടെ സദസ്സുകൾ 
സൂറത്ത് അൻകബൂത്തിൽ നിന്ന് ആ സമൂഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കു ലഭിക്കുന്നു അല്ലാഹു പറയുന്നു : 

ലൂത്വ് തന്റെ ജനതയോട് പറഞ്ഞ സന്ദർഭം : നിശ്ചയമായും നിങ്ങൾ നീചകൃത്യം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു ലോകരിൽ നിന്ന് ഒരാളും തന്നെ നിങ്ങൾക്കു മുമ്പ് അത് ചെയ്തിട്ടില്ല (29;28)

ആ നീചകൃത്യം അവരാണ് തുടങ്ങിയത് പിന്നെ അത് വ്യാപിച്ചു നമ്മുടെ കാലത്ത് അത് പ്രചാരത്തിലുണ്ട് പരസ്യമായും രഹസ്യമായും നടക്കുന്നു ആരൊക്കെ എവിടെയൊക്കെ അത് ചെയ്താലും ശരി അതിന്റെ പാപത്തിന്റെ അംശം അത് തുടങ്ങിവെച്ച സമൂഹത്തിനുണ്ടാവും

ശൈശവം വിട്ട് ബാല്യത്തിലേക്കു കടന്നുവരുന്ന കുട്ടിക്ക് ഈ നീചകൃത്യം അറിയില്ല ഒരു മുതിർന്ന കാമവെറിയൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നു അയാൾ സ്വന്തം അദ്ധ്യാപകൻ തന്നെയാവാം ബന്ധുവോ അയൽക്കാരനോ പരിചയക്കാരനോ ആവാം അപരിചിതനുമാവാം

പീഡനം പലതവണ പലരിൽ നിന്ന് അനുഭവിക്കേണ്ടിവരുമ്പോൾ അതിന്റെ വിഷമവും വേദനയും കുറയുന്നു ഒരു സാധാരണ സംഭവം പോലെയായി മുതിർന്നുവരുമ്പോൾ അവനും ഇതുതന്നെ ചെയ്യുന്നു ആ കുട്ടിയെ ഈ നീചകൃത്യം പഠിപ്പിച്ച ആദ്യത്തെ കാമവെറിയൻ ഒരു കാര്യം മനസ്സിലാക്കണം ആ കുട്ടി കാരണം ആരൊക്കെ ഈ നീചകൃത്യം ആവർത്തിക്കുന്നുവോ അതിന്റെയൊക്കെ പാപഭാരത്തിന്റെ ഒരംശം അയാൾക്കുണ്ടാവും കാരണം അയാളാണ് ആ കുട്ടിയെ അത് പഠിപ്പിച്ചത് ലൂത്വ് സമൂഹത്തിന്റെ മറ്റ് ചില ദുഷ്കർമങ്ങളിലേക്ക് നമുക്ക് നോക്കാം....

അല്ലാഹു പറയുന്നു :
നിങ്ങൾ കാമനിവാരണത്തിന് പുരുഷ്യന്മാരുടെ അടുക്കൽ പോവുകയും വഴി മുറിക്കുകയും (വഴിപോക്കരെ അക്രമിക്കുകയും) നിങ്ങളുടെ സദസ്സിൽ വെച്ച് നിഷിദ്ധമായ കൃത്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നുവോ ?

അപ്പോൾ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി : നീ സത്യവാദികളിൽ പെട്ടവനാണെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ ഞങ്ങൾക്ക് കൊണ്ടുവാ എന്നല്ലാതെ മറ്റൊന്നുമായിരുന്നില്ല (29/29)
ലൂത്വ് (അ)പ്രാർത്ഥിച്ചു എന്റെ റബ്ബേ നാശകാരികളായ ജനങ്ങളുടെ മേൽ എന്നെ നീ സഹായിക്കേണമേ (29:30)

ലൂത്വ് (അ)ന്റെ സമൂഹത്തെക്കുറിച്ചുള്ള പല വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ വചനം അവർ വഴിമുറിക്കുന്നവരായിരുന്നു വ തഖ്ത്വഊന സ്സബീല എന്നാണ് ഖുർആന്റെ പ്രയോഗം വഴിയാത്രക്കാരെ പരിഹസിക്കുക ഭീഷണിപ്പെടുത്തുക ചീത്ത പറയുക അവരുടെ കൈവശമുള്ളതെല്ലാം തട്ടിപ്പറിക്കുക ഉപദ്രവിക്കുക ഇവയൊക്കെ അവരുടെ വിനോദങ്ങളായിരുന്നു യാത്രക്കാരനെ ആദരിക്കണം സഹായിക്കണം ഇതാണ് ഇസ്ലാമിന്റെ നിർദേശം ഹലാലായ യാത്രയാണെങ്കിൽ അവന്റെ ഓരോ ചവിട്ടടിയും സൽകർമമാണ് അവന്റെ ദുആക്ക് ഇജാബത്തുണ്ട്..

യാത്രക്കാരന് അല്ലാഹു തന്നെ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. 

നബി(സ)തങ്ങളും സ്വഹാബികളും ധാരാളം യാത്ര ചെയ്തിട്ടുണ്ട് യാത്രയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് യാത്രയിലൂടെ ഒരുപാട് നന്മകൾ കൈവരിക്കാം യാത്രക്കാരന് അല്ലാഹു തന്നെ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട് രണ്ടുനേരത്തെ നിസ്കാരങ്ങൾ ഒന്നിച്ചു നിസ്കരിക്കാം ജംആക്കാം നാല് റക്അത്തുള്ള നിസ്കാരം രണ്ട്റക്അത്താക്കി ചുരുക്കി നിസ്കരിക്കാം ഖസ്വറ് ആക്കാം ജംഉം ഖസ്വറും ഒന്നിച്ചാക്കാം യാത്ര പോകുന്നയാളെ അൽപ ദൂരം അനുഗമിച്ചു യാത്രയാക്കാം നബി (സ)തങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട് നമ്മിലേക്ക് യാത്ര ചെയ്തു വരുന്നയാളെ നാം സ്വീകരിക്കും അതു നബിചര്യയാണ് അതിഥി സൽക്കാരം ഇബ്രാഹിം നബി (അ) തുടങ്ങിവെച്ച ചര്യയാണ് ലൂത്വ് നബി (അ) അത് പിന്തുടർന്നു അതിന്റെ മഹത്വം പറഞ്ഞു കൊടുത്തു അപ്പോൾ ആ ജനത എന്ത് ചെയ്തു? ആതിഥികളെ അപമാനിച്ചു അതായിരുന്നു അവരുടെ സംസ്കാരം.

യാത്രക്കാരെ അപമാനിക്കുന്നതുപോലെ അവർ അതിഥികളെയും അപമാനിച്ചു യാത്രക്കാരിലും അതിഥികളിലും ചെറുപ്പക്കാരുണ്ടെങ്കിൽ അവർ ലൈംഗിക പീഡനത്തിന് ഇരയാവുകയും ചെയ്യും ഇക്കൂട്ടരുടെ ആക്രമണം ഭയന്നു മറ്റുനാട്ടുകാർ യാത്ര മാറ്റിവെച്ചു വഴിയിൽ വെച്ച് യാത്ര മുറിച്ചവരുണ്ട് യാത്ര ഭയമായി മാറി സ്വഹാബികൾ ലോകം മുഴുവൻ യാത്ര ചെയ്തവരാണ് അറിയപ്പെടാത്ത എത്രയെത്ര ദ്വീപുകളിൽ അവരെത്തി ഇസ്ലാമിന്റെ പ്രകാശം ലോകം മുഴുവനുമെത്തിയത് മാഹാത്മാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന മഹത്തായ മഖാമുകൾ അവർ നടത്തിയ സുദീർഘ യാത്രകളുടെ സ്മാരകങ്ങൾ കൂടിയാണ് ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ട് ആ സമൂഹത്തിന്റെ ചെയ്തികളെ വിലയിരുത്തണം യാത്രക്കാരെയും അതിഥികളെയും ആദരിക്കുന്നതിന് പകരം അവരെ അവഹേളിക്കുകയും അക്രമിക്കുകയും അവരുടെ കൈവശമുള്ളത് പിടിച്ചെടുക്കുകയുമാണവർ ചെയ്തത് ..

ലൂത്വ് (അ) അവർക്ക് ശക്തമായ താക്കീത് നൽകി എന്റെ ജനങ്ങളേ നിങ്ങൾ വഴിയാത്രക്കാരെ അപമാനിക്കരുത് അവഹേളിക്കരുത് പരിഹസിക്കരുത് യാത്രക്കാരെ ഉപദ്രവിക്കരുത് പ്രയാസപ്പെടുത്തരുത് യാത്രക്കാരെയും അതിഥികളെയും ബഹുമാനിക്കുക നിങ്ങളുടെ ഇന്നത്തെ നിലപാട് അല്ലാഹു ഇഷ്ടപ്പെടുന്നില്ല അവന്റെ ശിക്ഷ നിങ്ങളിൽ ഇറങ്ങുമെന്ന് ഞാൻ ഭയപ്പെടുന്നു ഏതൊരു കരിങ്കൽ ഹൃദയത്തെയും അലിയിക്കുന്ന വാക്കുകളാണ് പ്രവാചകൻ പറഞ്ഞത് പക്ഷെ ആ സമൂഹത്തിന്റെ മനസ്സിനെ അത് സ്പർശിച്ചില്ല ഒരിക്കലും അലിയാത്ത കല്ലുകളായി അവ നിലനിന്നു സ്വൈര സഞ്ചാരം അസാധ്യമായിത്തീർന്നു സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ടു ഈ ധിക്കാരം അവസാനിപ്പിക്കണമെന്ന് ലൂത്വ് നബി (അ)വീണ്ടും വീണ്ടും അവരോടാവശ്യപ്പെട്ടു അവരുടെ മറുപടിയിൽ ധിക്കാരം നിറഞ്ഞുനിന്നിരുന്നു നീ ഭയപ്പെടുത്തുന്ന ശിക്ഷ എവിടെ? കുറെ കാലമായല്ലോ നീ ശിക്ഷ ഇറങ്ങുമെന്ന് പറയുന്നു എവിടെ? നീ സത്യമാണ് പറയുന്നതെങ്കിൽ ശിക്ഷ കൊണ്ടുവാ.....

ധിക്കാരികൾ പ്രവാചകനെ വെല്ലുവിളിക്കുകയാണ് ലൂത്വ് (അ)മിനെ അവർ പരിഹസിച്ചു ഭീഷണിപ്പെടുത്തി പലതരത്തിൽബുദ്ധിമുട്ടിച്ചു പലസ്ഥലത്തും അവർ ഒരുമിച്ചു കൂടും സദസ്സുകൾ രൂപംകൊള്ളും വൃത്തികെട്ട സംഭാഷണങ്ങൾ നടക്കും അശ്ലീലം വിളിച്ചുപറയും സദസ്സിൽ പറയാൻ പാടില്ലാത്തതൊക്കെ വിളിച്ചുപറയും സഭ്യേതര വാക്കുകൾ

ഇസ്ലാം സദസ്സ് കൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് അല്ലാഹുവിന്റെ സ്മരണ ഉണർത്തുന്നതാവണം സദസ്സുകൾ സ്വലാത്തിന്റെയും ദിക്റിന്റെയും മജ്ലിസുകൾ ഇൽമിന്റെ മജ്ലിസുകൾ പൊതുനന്മക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട സദസ്സുകൾ ഇവയെല്ലാം അനുഗ്രഹീതമാണ് അല്ലാഹുവിന്റെ തൃപ്തി നേടുന്ന സദസ്സുകളിൽ നാം സജീവമായി പങ്കെടുക്കണം അല്ലാഹുവിന്റെ കോപമിറങ്ങുന്ന സദസ്സുകളിൽ പങ്കെടുക്കരുത് അതാര് സംഘടിപ്പിച്ചാലും പോവരുത് സദസ്സിൽ പാലിക്കേണ്ട മര്യാദകൾ നബി (സ)തങ്ങൾ പറഞ്ഞുതന്നിട്ടുണ്ട് അവയൊക്കെ പാലിക്കണം..

സദസ്സ് കൂടുന്നത് നാശത്തിന് വേണ്ടിയാണ്

ലൂത്വ് (അ)മിന്റെ സമുദായം സദസ്സ് കൂടുന്നത് നാശത്തിന് വേണ്ടിയാണ് അവിടെ ഇബ്ലീസിന്റെ നടപടിക്രമങ്ങളാണ് നടക്കുന്നത് സദസ്സിൽ കൂക്കുംവിളിയും ഉയരും അത്യുച്ചത്തിൽ കൂക്കിവിളിക്കുന്നവന് മാന്യത കൽപിക്കുന്നു ഉച്ചത്തിൽ തെറി വിളിക്കുന്നവനും മാന്യതയുണ്ട് ലൂത്വ് (അ) നെ പരിഹസിക്കുകയാണ് പ്രധാന പരിപാടി പ്രവാചകന്റെ വാക്കുകൾ അവർ പറയും എന്നിട്ട് പരിഹസിച്ചു ചിരിക്കും ആർത്തട്ടഹസിച്ചു ചിരിക്കും പിശാചിന്റെ ചിരി 😀😀😀

ചിരിക്ക് മാന്യത വേണം നബി (സ)സന്തോഷം പ്രകടിപ്പിക്കുന്നത് പുഞ്ചിരിയിലൂടെയാണ് ചിലപ്പോൾ പല്ലുകൾ കാണത്തക്കവിധമായിരിക്കും പുഞ്ചിരി അത്രമാത്രം പൊട്ടിച്ചിരിയില്ല

ലൂത്വ് നബി (അ)ന്റെ സമുദായം മദ്യപിക്കാനും ഹാസ്യം പറയാനും, ആർത്തു ചിരിക്കാനും വേണ്ടി സദസ്സ് കൂടി ഓരോ സദസ്സും അവർക്ക് പാപങ്ങൾ മാത്രമാണ് വർദ്ധിപ്പിച്ചു കൊടുത്തത് പ്രവാചകനെ പരിഹസിക്കുക വഴി അവർ ദുർമാർഗ്ഗത്തിലേക്ക് കുതിക്കുകയായിരുന്നു.

സദസ്സിൽ വെച്ച് പുരുഷ്യന്മാർ കാമലീലകൾ കാണിക്കും പുരുഷ്യന്മാർ കെട്ടിപ്പിടിക്കും ചുംബിക്കും അതിനപ്പുറം പലതും ചെയ്യും കണ്ടുനിൽക്കുന്നവർ പ്രോത്സാഹിപ്പിക്കും പ്രോത്സാഹനം കൂടുമ്പോൾ പരസ്യമായ വേഴ്ചയും നടക്കും അത് നടത്തിയവന് വീരനായകന്റെ പരിവേഷം.

ഇതിന്നെതിരെ പ്രവാചകൻ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു അതവരുടെ വെറുപ്പും കോപവും വർദ്ധിച്ചുകൊണ്ടുമിരുന്നു പ്രവാചകനു നേരെ കടുത്ത വെല്ലുവിളികളുയർന്നു ഒന്നും വകവെക്കാതെ തന്റെ ദൗത്യം തുടർന്നുകൊണ്ടിരിക്കുന്നു പക്ഷികളോടും മൃഗങ്ങളോടും വലിയ ക്രൂരത കാണിച്ചിരുന്നു കോഴിപ്പോര് പ്രസിദ്ധമായ വിനോദ പരിപാടിയാണ് കോഴികൾ വീറോടെ കൊത്തിപ്പറിക്കും മനുഷ്യർ കണ്ടു രസിക്കും മുട്ടനാടുകൾ ഏറ്റുമുട്ടും മറ്റു പലമൃഗങ്ങളെയും മൽസരത്തിനുപയോഗിക്കും പക്ഷികളോടും മൃഗങ്ങളോടും കരുണ കാണിക്കുകയാണ് വേണ്ടത് അവയെ പട്ടിണിക്കിടാൻ പാടില്ല ഭക്ഷണത്തിന് വേണ്ടി മാത്രമേ അവയെ അറുക്കാൻ പാടുള്ളൂ അത് തന്നെ നല്ല രീതിയിലാണ് ആ സമുദായക്കാരുടെ സദസ്സുകളെക്കുറിച്ച് ഖുർആന്റെ പ്രയോഗം ഇങ്ങനെയാകുന്നു..

(നിങ്ങൾ നിങ്ങളുടെ സദസ്സുകളിൽ വെച്ച് നിഷിദ്ധ കാര്യങ്ങൾ പ്രവർത്തിക്കുന്നു )പലരും നബി (സ)തങ്ങളോട് ഇതിന്റെ വിശദീകരണം ചോദിച്ചിട്ടുണ്ട് 

നബി (സ)ഒരിക്കൽ പറഞ്ഞു : അവർ വഴിയിൽ കൂട്ടംകൂടി നിൽക്കും യാത്രക്കാർ പോവുമ്പോൾ കല്ലെടുത്തെറിയും പരിഹസിക്കും ചിരിക്കും ഇപ്പറിഞ്ഞ കൃത്യങ്ങളിലൂടെ അവരുടെ മനസ്സിന്റെ അവസ്ഥ മനസ്സിലാക്കാം ഒരു വെളിച്ചവും അവരുടെ മനസ്സിലില്ല കട്ടപിടിച്ച കൂരിരുട്ടു മാത്രം ലൂത്വ് നബി (അ) എത്ര തവണയാണ് അവരെ ഉപദേശിച്ചത് ?

എന്നിട്ടെന്ത് ഫലം? പരിഹാസം കൂക്കുവിളി ഭാര്യയുടെ അവസ്ഥയെന്താണ് ? അവർക്ക് വിശ്വാസമില്ല നബി യെ ബുദ്ധിമുട്ടിക്കുന്നു ദുർമാർഗികളുമായി ചങ്ങാത്തം കൂടുന്നു അവരുടെ പരിഹാസം കേട്ട് സന്തോഷിക്കുന്നു രണ്ട് പുത്രിമാർ നബിയുടെ സ്നേഹഭാജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട ഉപ്പ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് അവർക്കറിയാം അല്ലാഹുവിലും പ്രവാചകനിലും അവർ വിശ്വസിക്കുന്നു ഉപ്പയെ ആശ്വസിപ്പിക്കുന്നത് അവരാണ് വിശക്കുമ്പോൾ ഉപ്പാക്ക് ആഹാരം നൽകുന്നു ദാഹിക്കുമ്പോൾ പാനീയം നൽകുന്നു ആശ്വാസ വചനങ്ങൾ നൽകുന്നു

ഒരുവിധത്തിലും ഈ ജനത നന്നാവുകയില്ല വേദനയും നിരാശയുമായി അപ്പോൾ ലൂത്വ് (അ)കൈകളുയർത്തി പ്രാർത്ഥിക്കുകയാണ് റബ്ബേ ഉപദേശവും താക്കീതും ഫലം ചെയ്യുന്നില്ല അക്രമവും പരിഹാസവും വർദ്ധിക്കുന്നതേയുള്ളൂ അല്ലാഹുവേ എന്നെ നീ സഹായിക്കേണമേ ഈ ജനതയുടെ ഉപദ്രവത്തിൽ നിന്ന് കാക്കേണമേ ഒരു ഗ്രന്ഥകാരന്റെ വാക്കുകൾ ഇങ്ങനെ വായിക്കാം പ്രാവ് പന്തയം ,ചൂളമടി ,കാടപ്പക്ഷിപ്പോര് ,കല്ലേറ്, മദ്യപാനം, കുഴൽ വായന, അതിഥി നിന്ദ മുതലായ ദുഷ്കൃത്യങ്ങൾ നിത്യേന ചെയ്തുകൊണ്ടിരുന്നു സാധുക്കൾക്ക് അവർ ഒരു സഹായവും ചെയ്തില്ല പൊതുജനങ്ങളുടെ മുമ്പിൽ നഗ്നരായി നിൽക്കും അതൊരു വിനോദമാണ് കൈകാലുകളിൽ ചുവന്ന ചായം തേക്കും താടിരോമം വളരുന്നത് വെറുത്തു വളരാൻ അനുവദിക്കില്ല താടിയില്ലാത്ത യുവാക്കളെയാണ് അവർക്കാവശ്യം..

പ്രകാശം കടക്കാത്ത ഖൽബുകൾ
ഒരു സമൂഹത്തെ സംസ്കരിച്ചെടുക്കാൻ ഒരു പ്രവാചകൻ നിയോഗിക്കപ്പെടുക ബഹുദൈവ വിശ്വാസികളായ സമൂഹത്തെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുക സമൂഹം ഒന്നാകെ പ്രതിഷേധിക്കുക സ്വർഗ്ഗ ഭോഗം വരെയുള്ള ദുഷ്ചെയ്തികൾക്കെതിരെ പ്രവാചകൻ നിരന്തരം സംസാരിക്കുക ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുക കാലമേറെ കടന്നുപോയി എത്രപേർ പ്രവാചകനോടൊപ്പം കൂടി ? ഒരൊറ്റ വീട്ടുകാർ ആരുടെ വീട്ടുകാർ? ആ പ്രവാചകന്റെ വീട്ടുകാർ ഒന്നാലോചിച്ചുനോക്കൂ എന്തൊരവസ്ഥയാണിത് ? എന്തായിരുന്നു ആ പ്രവാചകന്റെ മാനസികാവസ്ഥ? ഊഹിക്കാൻ കഴിയുന്നുണ്ടോ..

ആ ജനത പരസ്പരം പരിഹാസത്തോടെ സംസാരിക്കാൻ തുടങ്ങി അവർ പരിശുദ്ധന്മാരല്ലേ ? നാം നീചന്മാരും പരിശുദ്ധന്മാരും നീചന്മാരും ഒന്നിച്ചു കഴിയാൻ പറ്റില്ല നീചന്മാരെ ഇവിടെ വിട്ടിട്ട് ശുദ്ധന്മാർ നാടുവിട്ടുപോയ്ക്കൊള്ളട്ടെ നമുക്കു നമ്മുടെ നീചകൃത്യവുമായി ഇവിടെ സ്വൈരമായിട്ട് ജീവിക്കാമല്ലോ എന്തൊരു നീജമായ പരിഹാസം ലൂത്വ് (അ) എന്ത് പറയുന്നു? പറയുന്നതിൽ വല്ല കാര്യവുമുണ്ടോ ? അതിനെക്കുറിച്ചവർ ചിന്തിക്കുന്നേയില്ല ലൂത്വും കൂട്ടരും നാടുവിട്ടുപോവണം തങ്ങൾ നീചവൃത്തിയുമായി ഇവിടെ കഴിഞ്ഞുകൊള്ളാം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം .

അദ്ദേഹത്തിന്റെ ജനങ്ങളുടെ മറുപടി ഇങ്ങനെ പറഞ്ഞതല്ലാതെ മറ്റൊന്നുമല്ല

ഇവരെ നിങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കുവീൻ നിശ്ചയമായും അവർ ശുദ്ധി പാലിച്ചുവരുന്ന മനുഷ്യരാകുന്നു (7:82)

നാട്ടിൽ നിന്ന് ലൂത്വിനെ പുറത്താക്കുക എല്ലാ കേന്ദ്രങ്ങളിൽ നിന്നും ഈ ആവേശ്യം ഉയർന്നുവന്നു ലൂത്വ് (അ)ഇത് ഗൗനിച്ചില്ല നന്മിയിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരുന്നു അതോടെ അവരുടെ മട്ടുമാറി നാടുവിട്ട് പോകണമെന്ന വാദത്തിന് ശക്തി കൂടി ഒടുവിൽ ബലം പ്രയോഗിച്ചു പുറത്താക്കുമെന്ന സ്വരം ഉയർന്നു അപ്പോഴും ആ ജനതയോട് പ്രവാചകന് സ്നേഹമാണ് അവരെ വീണ്ടും ഉപദേശിക്കുകയാണ് ജനങ്ങൾക്ക് വിവരമില്ല താൻ പറയുന്ന കാര്യം അവർ ഗൗനിക്കുന്നില്ല ശിക്ഷ വരുമെന്ന കാര്യം ഉറപ്പാണ് ഇവരെ അതെങ്ങനെ വിശ്വസിപ്പിക്കും ? സ്നേഹപൂർവ്വം പറഞ്ഞുനോക്കി ശാസനാ രൂപത്തിൽ പറഞ്ഞു ഇഹപര വിജയത്തെക്കുറിച്ചു പറഞ്ഞു അവർ ഒന്നും കേൾക്കാൻ തയ്യാറല്ല ഉടനെ നാട് വിട്ടുപോവുക മറ്റൊന്നും പറയാനില്ല വിശുദ്ധ ഖുർആൻ ഇങ്ങനെ കാണാം :

അവർ പറഞ്ഞു : നീ വിരമിക്കാത്ത പക്ഷം ലൂത്വേ...തീർച്ചയായും നീ പുറത്താക്കപ്പെടുന്നവരിൽ പെട്ടുപോവുന്നതാണ് (26:167)

ഈ സംസാരം ഉടനെ അലസാനിപ്പിക്കണം അല്ലെങ്കിൽ നിന്നെ നാട്ടിൽ നിന്ന് പുറത്താക്കും അതിന് മറുപടി പറഞ്ഞ കാര്യം ഖുർആനിൽ കാണാം;

അദ്ദേഹം പറഞ്ഞു : നിശ്ചയമായും നിങ്ങളുടെ ഈ പ്രവർത്തിയോട് കഠിനമായ വെറുപ്പുള്ളവരുടെ കൂട്ടത്തിലാണ് ഞാൻ (26:168)

ലൂത്വ് (അ)ഇങ്ങനെ പ്രാർത്ഥിച്ചു : എന്റെ റബ്ബേ ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നീചവൃത്തിയിൽ നിന്ന് എന്നെയും എന്റെ സ്വന്തക്കാരെയും നീ രക്ഷിക്കേണമേ (26:169) 

ഇത് ഒരു പ്രവാചകന്റെ പ്രാർത്ഥനയാണ് അത് സ്വീകരിക്കപ്പെടുകതന്നെ ചെയ്യും
അല്ലാഹു പറയുന്നു : അങ്ങനെ അദ്ദേഹത്തെയും സ്വന്തക്കാരെയും നാം രക്ഷപ്പെടുത്തി (26:170)

ധിക്കാരികളായ ജനത രക്ഷപ്പെടുകയില്ല സത്യത്തിന്റെ ആൾക്കാർ രക്ഷപ്പെടും അല്ലാഹു വളരെ അത്ഭുതകരമായി അവരെ രക്ഷപ്പെടുത്തും പണവും സ്വാധീനവും ആൾബലവും ഉപകാരപ്പെടില്ല സത്യം വിജയിക്കും അതിനുമാത്രമെ നിലനിൽപ്പുള്ളൂ ഈ തത്വങ്ങളൊന്നും ആ സമുദായം ഗൗനിച്ചില്ല അവർക്കു ലൂത്വ് കൺമുന്നിൽ നിന്ന് പോയിക്കിട്ടണം സ്വയം പോയില്ലെങ്കിൽ പിടിച്ചു പുറത്താക്കുമെന്ന നിർബന്ധ ബുദ്ധിയാണവർ പ്രകടിപ്പിച്ചത് ,..

ഇബ്രാഹിം നബി (അ) ന്റെ ജീവിതത്തിലെ സംഭവങ്ങൾ ആശ്ചര്യാജനകമാണ് അവയെക്കുറിച്ചെല്ലാം ലൂത്വ് (അ) ചിന്തിക്കാറുണ്ട് എന്തെല്ലാം പരീക്ഷണങ്ങൾ നടന്നിരിക്കുന്നു ഫലസ്തീനിലെ സന്തോഷകരമായ നാളുകൾ ഈജിപ്തിൽ നിന്ന് മടങ്ങിയ ശേഷം ഫലസ്തീനിലായിരുന്നു താമസം കൃഷി ചെയ്തു ലൂത്വ് (അ)മണ്ണിൽ നന്നായി അധ്വാനിക്കും ഗോതമ്പ് പൊടിച്ചു വളർന്നുവരുന്നത് കാണാൻ നല്ല രസമാണ് കൃഷി പരിചരണം രസകരമാണ് ധാരാളം അടിമകളുണ്ട് അവർ നന്നായി അധ്വാനിക്കും കൃഷിപ്പണിയും കന്നുകാലി വളർത്തലുമാണ് അവരുടെ ജോലി ആടുമാടുകൾ പെറ്റുപെരുകി ഒട്ടകങ്ങൾ വർദ്ധിച്ചു അങ്ങനെ ഐശ്വര്യ കാലം വന്നു..

ഇബ്രാഹിം (അ)ഹാജറ (റ)യെ വിവാഹം കഴിച്ചത് സന്തോഷം നിറഞ്ഞ ഓർമയായി മനസ്സിലുണ്ട് വൈകാതെ അവർ ഗർഭിണിയായി ഒരാൺകുഞ്ഞിനെ പ്രസവിച്ചു ഇസ്മാഈൽ എന്ന ഓമനയായ കുഞ്ഞ് അക്കാലത്തൊക്കെ ലൂത്വ് (അ)ആ കുടുംബത്തിൽ തന്നെയുണ്ട് അല്ലാഹുവിന്റെ പരീക്ഷണം വന്ന കാലം ഹാജറയെയും കുഞ്ഞിനെയും കുടുംബത്തിൽ നിന്ന് കൊണ്ടു പോയി ജനവാസമില്ലാത്ത മരുഭൂമിയിൽ കൊണ്ടാക്കി എന്നിട്ട് തിരിച്ചുപോന്നു മടങ്ങിയെത്തിയ ഇബ്രാഹിം (അ) ആ മുഖത്തേക്ക് നോക്കിനിൽക്കുന്ന ലൂത്വ് (അ) വാർദ്ധക്യത്തിൽ ലഭിച്ച കുഞ്ഞുമോനെ വേർപിരിയേണ്ടിവന്ന പിതാവ് അല്ലാഹുവിന്റെ പരീക്ഷണം ജയിച്ച ജേതാവ് പിന്നെ എന്തെല്ലാം പരീക്ഷണങ്ങൾ മുമ്പെ പോയ പ്രവാചകന്മാർക്കും പരീക്ഷണങ്ങൾ ഏറെയുണ്ടായിരുന്നു.. 

സദൂം പ്രദേശത്ത് താമസിക്കുമ്പോഴും ഇടക്കിടെ ഇബ്രാഹിം (അ)നെയും കുടുംബത്തെയും കാണാൻ പോകും പ്രശ്നങ്ങൾ ചർച്ച ചെയ്യും ഉപദേശം സ്വീകരിക്കും പ്രാർഥന നടത്തും സദൂം, ജറാഇയ,ആമൂദ, ദാമാസ്, അറായ പ്രദേശങ്ങളിൽ മാറി മാറി സഞ്ചരിച്ചു സാധാരണക്കാരെയും ഉന്നതന്മാരെയും കണ്ടു ഒറ്റക്കും കൂട്ടമായും സംസാരിച്ചു ആരും പ്രവാചകനെ ഗൗനിച്ചില്ല അവർ ധിക്കാരപൂർവം പെരുമാറി അഞ്ച് രാജ്യക്കാർക്കും ഒന്നേ പറയാനുള്ളൂ നാട് വിട്ടുപോവുക പ്രവാചകനോടുള്ള ക്രൂരതയിൽ എല്ലാവരും മത്സരിക്കുകയാണ് തങ്ങളുടെ നാട്ടിലേക്ക് അടുപ്പിക്കുകയില്ലെന്ന വാശിയാണവർക്ക് ആരും നന്നാവാൻ പോവുന്നില്ല പറഞ്ഞതൊന്നും ആരും വിശ്വസിക്കുന്നില്ല ശിക്ഷ വരാൻ സമയമായി കൂടുതൽ ഗൗരവത്തോടെ മുന്നറിയിപ്പ് നൽകിനോക്കി പരിഹാസം ശക്തിപ്പെട്ടതേയുള്ളൂ നിന്റെ ദൈവിക ശിക്ഷ കൊണ്ടുവാ അവർ ശിക്ഷക്ക് ധൃതികൂട്ടി അത് കേട്ട പ്രവാചകന്റെ മനസ്സിലെ വിഷമമെത്രയാണ് ആ ജനതയെ സ്നേഹിച്ചു അവർ നന്നായി കാണാൻ എന്തുമാത്രം മോഹിച്ചു എത്ര അധ്വാനിച്ചു ഒടുവിലെന്തായി ? കടുത്ത വേദന നിരാശ കഴിവിന്റെ പരമാവധി ശ്രമിച്ചു ഇനിയും ശ്രമിക്കാം ശ്രമം തുടരാം അല്ലാഹു ശിക്ഷ വിധിച്ചുകഴിഞ്ഞിരുന്നു നടപ്പിലാവാൻ ഇനി ദിവസങ്ങൾ മതി പ്രകാശം കടക്കാത്ത ഖൽബുകൾ ഇരുട്ടിന് വേണ്ടിയാണവ തുടിക്കുന്നത് സമയമെത്തിയാൽ തുടിപ്പ് നിൽക്കും ധിക്കാരം നിർഞ്ഞവർക്കതെങ്ങനെ മനസ്സിലാവും ശാപം വലയം ചെയ്തു കഴിഞ്ഞിട്ടും അവരൊന്നുമറിഞ്ഞില്ല നീചകൃത്യങ്ങളിൽ വ്യാപൃതരായി ആഹ്ലാദം പങ്കിടുകയായിരുന്നു അവർ..

മലക്കുകൾ വന്നു 
ലൂത്വ് നബി (അ)ന്റെ ചരിത്രം ഇബ്രാഹിം (അ)ന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്

ഇബ്രാഹിം (അ)ന്റെ സഹോദര പുത്രനാണ് ലൂത്വ് (അ) വളരെക്കാലം ഇബ്രാഹിം (അ)ന് മക്കളില്ലായിരുന്നു അക്കാലത്ത് ലൂത്വ് (അ)ഒരു മകനെപ്പോലെയായിരുന്നു മക്കൾക്ക് നൽകേണ്ട സ്നേഹ വാത്സല്യങ്ങൾ ലൂത്വ് (അ)ന് കിട്ടി ദൗത്യനിർവഹണത്തിൽ പങ്കാളിയുമായി ലൂത്വ് (അ)ന്റെ സമുദായം കടുത്ത ധിക്കാരം കാണിച്ചു പ്രവാചകനെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തു പല വിധത്തിൽ ഉപദ്രവിച്ചു സത്യം സ്വീകരിക്കാൻ കൂട്ടാക്കിയതേയില്ല ഇതെല്ലാം ഇബ്രാഹിം (അ)നെയും സാറാബീവി(റ)യെയും വേദനിപ്പിച്ചിരുന്നു ലൂത്വ് (അ)ന്റെ സമുദായത്തിന് ശിക്ഷ വരികയായ് ശിക്ഷയുമായി വരുന്ന മലക്കുകൾ ആദ്യമെത്തുന്നത് ഇബ്രാഹിം (അ)ന്റെ വീട്ടിലാണ് ഇബ്രാഹിം (അ)ഒട്ടനേകം സൽകർമങ്ങൾ ചെയ്ത മഹാനാണ് നല്ല ചര്യകൾ പലതും നടപ്പിൽ വരുത്തിയിട്ടുണ്ട് അവയിലൊന്നാണ് അതിഥി സൽക്കാരം ആ ചര്യകൾ ലൂത്വ് (അ) നടപ്പിലാക്കി ചേലാകർമം നിർവഹിക്കാൻ അല്ലാഹു ഇബ്രാഹിം (അ)നോട് കൽപ്പിച്ചു എൺപതാമത്തെ വയസ്സിൽ ആ പ്രവാചകൻ ചേലാകർമം നിർവ്വഹിച്ചു മകൻ ഇസ്മാഈൽ (അ)ന്റെ ചേലാകർമം നിർവ്വഹിപ്പെട്ടത് പതിമൂന്നാമത്തെ വയസ്സിലായിരുന്നു ഇസ്ഹാഖ് (അ)ജനിച്ച് ഏഴാം ദിവസം ചേരാകർമ്മം നിർവ്വഹിക്കപ്പെട്ടു ഇബ്രാഹിം (അ)ൽ നിന്ന് ലൂത്വ് (അ) പഠിച്ച ചില ചര്യകൾ കൂടി പറയാം

മീശവെട്ടുക ഗുഹ്യസ്ഥാനത്തെ രോമം നീക്കുക കക്ഷത്തിലെ രോമം നീക്കുക നഖം മുറിക്കുക ശൗചം ചെയ്യുക വായിലും മൂക്കിലും വെള്ളം കൊള്ളുക പല്ല് വൃത്തിയാക്കുക സുഗന്ധം പൂശുക

ഒരു ജനതയെ സംസ്കരിച്ചെടുക്കാനുള്ള മഹത്തായ ചര്യകളാണിവയെല്ലാം
ഇബ്രാഹിം (അ)പ്രചരിപ്പിച്ച മതതത്വങ്ങൾ തന്നെയാണ് ലൂത്വ് (അ)പ്രബോധനം ചെയ്തുകൊണ്ടിരുന്നത് അവയിൽ പ്രധാനപ്പെട്ട ചിലത് പറയാം

1. ഇസ്ലാം - മതചര്യകൾ പഠിപ്പിക്കുക
2.ഈമാൻ -വിശ്വാസ കാര്യങ്ങൾ വിവരിക്കുക
3. ധൈര്യം - തൗഹീദിന്റെ സംരക്ഷണത്തിന് വേണ്ടി ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള മനക്കരുത്ത്
4 . സത്യം -കളവ് പറയൽ നിസ്സാരമായി കണ്ട ഒരു സമൂഹത്തിൽ സത്യം പറയാനുള്ള ശീലം വളർത്തി 

5. ക്ഷമ- പരീക്ഷണങ്ങൾ തരണം ചെയ്യാനുള്ള ക്ഷമ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുമ്പോൾ വിവരമില്ലാത്ത ജനത പ്രകോപിതരാവും അപ്പോൾ മുസ്ലിംകൾ ക്ഷമ മുറുകെ പിടിക്കണം വിവേകം പ്രകടിപ്പിക്കണം

6.ഭയഭക്തി - സൽകർമങ്ങളിൽ നിഷ്കളങ്കത പുലർത്തുക വാക്കും പ്രവർത്തിയുമെല്ലാം അല്ലാഹുവിന്റെ പൊരുത്തത്തിലാക്കുക 

7. ദാനം - അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി ദാനം ചെയ്യുക 

8.നോമ്പ് -വിശപ്പും ദാഹവും സഹിക്കുക വാക്കുകൾ നിയന്ത്രിക്കുക ആരാധനകൾ വർദ്ധിപ്പിക്കുക അങ്ങനെ അല്ലാഹുവിന്റെ തൃപ്തി നേടുക
വ്യഭിചാരം പാടില്ല - കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരു സമൂഹത്തിൽ നിന്ന് ദുഷ്കൃത്യങ്ങൾ ഇല്ലായ്മ ചെയ്യാൻ കടിനാധ്വാനം ചെയ്തു ഭാര്യ -ഭർതൃ ബന്ധം സുദൃഢമാക്കുക അവർക്കു പരസ്പരമുള്ള ബാധ്യതകൾ പഠിപ്പിച്ചു കുടുംബജീവിതം അടുക്കും ചിട്ടയുമുള്ളതാക്കുക 

ലൂത്വ് (അ)ന് നേരിടേണ്ടിവന്നത് സ്വർഗ രതിക്കാരെയാണ് അത് കൂടുതൽ പ്രയാസമുള്ളതായിട്ടാണ് അനുഭവപ്പെട്ടത് ഒരു സമുദായം ഒന്നാകെ ലൂത്വ് നബി(അ)നെതിരെ തിരിയുകയാണ് ചെയ്തത്

10 . ഹൃദയം കൊണ്ടും നാവ് കൊണ്ടും അല്ലാഹുവിന് കീർത്തനം ചെയ്യുക മനസ്സെപ്പോഴും അല്ലാഹുവിന്റെ സ്മരണയിലായിരിക്കണം നാവിൽ ദിക്റ് വേണം ഒന്നോർത്തു നോക്കൂ എത്ര സമുന്നതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് ആ പ്രവാചകന്മാർ നിലകൊണ്ടത് ആ മർഗത്തിൽ എന്തുമാത്രം കഷ്ടപ്പെട്ടു പക്ഷെ ധിക്കാരികളുടെ സമൂഹം അത് തള്ളിക്കളഞ്ഞു..

മലക്കുകൾ പുറപ്പെടാൻ തുടങ്ങി 

ഇബ്രാഹിം (അ)ന് നൂറ് വയസ് കടന്നിരിക്കുന്നു ഒരു നൂറ്റാണ്ടിന്റെ സാക്ഷി നൂറ് വർഷത്തിനിടയിൽ എന്തെല്ലാം സംഭവങ്ങൾ എല്ലാറ്റിനും സാക്ഷിയായി മക്കയിൽ വളരുന്ന ഇസ്മായിൽ (അ)ന് വയസ് പതിനാലായി സാറാബീവി (റ) വിന് തൊണ്ണൂറ് വയസ് അപ്പോഴാണ് ആ സംഭവം നടക്കുന്നത് മലക്കുകളുടെ ആഗമനം മനുഷ്യരൂപത്തിലാണ് കോമള യുവാക്കൾ ഇബ്രാഹിം (അ)ന്റെ വീട്ടിലേക്ക് അവർ കയറിവന്നു മാന്യന്മാരായ അതിഥികൾ പരിചയമില്ലാത്ത മുഖങ്ങൾ എങ്കിലും വല്ലാത്ത ബഹുമാനം തോന്നി ആദരവോടെ സ്വീകരിച്ചു ഇരിപ്പിടങ്ങളിൽ ഇരുന്നു..

ഇവരെ നന്നായി സൽക്കരിക്കണം അതിഥികളെ സൽകരിക്കുന്നതിൽ കുറവ് വരരുത് അതിഥികളോട് കൂടെയിരിക്കണം സംസാരിക്കണം അതാണ് മര്യാദ ഭക്ഷണമുണ്ടാക്കാൻ ഭാര്യയോട് പറയണം ഭാര്യ വീട്ടിനകത്താണ് എങ്ങനെ വിവരമറിയിക്കും അതിഥികൾക്ക് അസൗകര്യമില്ലാത്തവിധത്തിൽ മെല്ലെ എഴുന്നേറ്റു താഴ്മയോടെ അകത്തേക്ക് പോയി സാറാബീവി (റ)യോട് വിവരം പറഞ്ഞു നല്ല വിഭവമൊരുക്കണം ധാരാളം കാലികളുണ്ട് നല്ലൊരു കാളക്കുട്ടനെ അറുത്തു നന്നായി ചുട്ടെടുക്കണം മികച്ച ഭക്ഷണമാണത് സാറാ(റ) പാചകത്തിൽ നിപുണയാണ് വളരെ വേഗത്തിൽ ആഹാരം പാകം ചെയ്തു വലിയ പാത്രത്തിൽ വിളമ്പി ഇബ്രാഹിം (അ) ഭക്ഷണത്തളിക കൊണ്ടുവന്നു..

അതിഥികളുടെ മുമ്പിൽ വെച്ചു വിനയപൂർവ്വം ഭക്ഷണത്തിന് ക്ഷണിച്ചു ആഹാരം കഴിക്കുകയല്ലേ ,വിനയത്തോടെ പറഞ്ഞു അതിഥികൾ ഭക്ഷണം കഴിക്കാൻ ഒരുങ്ങുന്നില്ല നിമിഷങ്ങൾ കടന്നുപോയപ്പോൾ പ്രവാചകന് ഭയമായി അതിഥികളെന്താ ആഹാരം കഴിക്കാത്തത് ? തന്റെ പെരുമാറ്റത്തിൽ അപാകത വല്ലതും പറ്റിപ്പോയോ ? സാറാബീവി (റ)വാതിലിന്നപ്പുറത്തുണ്ട് അതിഥികൾ ആഹാരം കഴിക്കുന്നത് കാണാൻ വന്നുനിൽക്കുന്നുണ്ട് അതിഥികൾ താൽപ്പര്യപൂർവ്വം ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അത് പാകം ചെയ്ത സ്ത്രീകൾക്ക് സന്തോഷമാണ് അതുകൊണ്ടാണവർ വാതിലിനപ്പുറം വന്നുനിന്നത് സാറാ ബീവി (റ)യുടെ മനസ്സിലും ഉൽക്കണ്ഠ നിറഞ്ഞു അതിഥികളെന്താണൊന്നും കഴിക്കാത്തത് അപ്പോൾ അതിഥികൾ സംസാരിക്കുന്നത് സാറാ (റ) കേട്ടു എന്താണവർ പറഞ്ഞത്? അതിശയകരമായ കാര്യങ്ങൾ..

ഞങ്ങൾ അല്ലാഹുവിന്റെ ദൂതന്മാരാണ് അവന്റെ കൽപനയനുസരിച്ചുവന്ന മലക്കുകളാണ് സാറാ(റ)ക്ക് അമ്പരപ്പ് ഇവർ മലക്കുകളാണോ ? ഇവർക്കുവേണ്ടിയാണോ ആഹാരമൊരുക്കിയത് ? പിന്നീട് കേട്ട കാര്യം ഞെട്ടിപ്പിക്കുന്നതായിരുന്നു നിങ്ങൾക്കൊരു സന്തോഷവാർത്തയുമായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത് 

സാറാ (റ)അത് കേൾക്കാൻ ആകാംക്ഷയോടെ കാതോർത്തു നിങ്ങൾക്ക് ജ്ഞാനിയായ മകൻ ജനിക്കും സാറാ(റ)യിൽ നിന്ന് അട്ടഹാസം പോലൊരു ശബ്ദം പുറപ്പെട്ടു മുഖത്തടിച്ചു അവിശ്വസനീയമായ വാർത്ത കേട്ട് വിവേകം നഷ്ടപ്പെട്ടതുപോലെയായി സാറാ(റ)യുടെ വായിൽ നിന്ന് വാക്കുകൾ ഒഴുകിവരാൻ തുടങ്ങി ഞാൻ വന്ധ്യയാണ് പ്രസവിക്കാൻ കഴിവില്ലാത്തവളാണ് വൃദ്ധയാണ് എന്റെ ഭർത്താവ് വൃദ്ധനാണ് പിന്നെങ്ങനെ കുട്ടിയുണ്ടാവും ?

മലക്കുകൾ ഇങ്ങനെ മറുപടി നൽകി :

അങ്ങനെ വിധിക്കപ്പെട്ടു കഴിഞ്ഞു

വിശുദ്ധ ഖുർആൻ ഈ രംഗം നമുക്ക് നന്നായി വിവരിച്ചു തരുന്നുണ്ട് സൂറത്തു ദാരിയത്തിൽ ഇങ്ങനെ കാണാം

ഇബ്രാഹീമിന്റെ മാന്യാതിഥികളുടെ വർത്തമാനം നിനക്ക് വന്നിട്ടുണ്ടോ (51:24)

അതായത് അവർ അദ്ദേഹത്തിന്റെ അടുക്കൽ പ്രവേശിച്ച സന്ദർഭം എന്നിട്ട് അവർ സലാം പറഞ്ഞു ഇബ്രാഹിം (അ)പറഞ്ഞു :സലാം (ആഗതൻ) അപരിചിതരായ ആൾക്കാരാണ് (51:25)

മലക്കുകൾ സലാം പറഞ്ഞുകൊണ്ടാണ് പ്രവേശിച്ചത് ഇബ്രാഹിം (അ) സലാം മടക്കി
വിശുദ്ധ ഖുർആൻ തുടർന്നു പറയുന്നു : 

ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുക്കലേക്ക് പതുങ്ങിച്ചെന്നു എന്നിട്ട് തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ (മൂരിക്കുട്ടിയെ)വേവിച്ചു കൊണ്ടുവന്നു (51:26) 

അങ്ങനെ അത് അവരുടെ അടുക്കലേക്ക് അടുപ്പിച്ചുവെച്ചു അദ്ദേഹം പറഞ്ഞു നിങ്ങൾ തിന്നുകയല്ലേ ?( 51:27)

അപ്പോൾ അവരെക്കുറിച്ച് അദ്ദേഹത്തിന് പേടി തോന്നി അവർ പറഞ്ഞു : പേടിക്കേണ്ട അദ്ദേഹത്തിന് ജ്ഞാനിയായ ഒരു കുട്ടിയെപ്പറ്റി അവർ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു (51:28)

അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തിൽ ഒരു ശബ്ദത്തോടെ മുമ്പോട്ടു വന്നു എന്നിട്ടവൾ അവളുടെ മുഖത്തടിച്ചു ഇങ്ങനെ പറയുകയും ചെയ്തു :വന്ധ്യയായ ഒരു കിഴവി (51:29)

മലക്കുകൾ പറഞ്ഞു : അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത് നിശ്ചയമായും അവൻ സർവ്വജ്ഞനായ യുക്തിമാനാകുന്നു (51:30)

ഇബ്രാഹിം (അ)ന്റെയും സാറാ (റ)യുടെയും മനസ്സിൽ ഒരു മകനെക്കുറിച്ചുള്ള പ്രതീക്ഷ വളരുകയാണ് മലക്കുകളുടെ ആഗമനം ഈ സന്തോഷവാർത്ത അറിയിക്കാൻ വേണ്ടി മാത്രമാണോ ? അതോ മറ്റു വല്ല ലക്ഷ്യവും അവർക്കുണ്ടോ? ഇബ്രാഹിം (അ)അക്കാര്യം എടുത്ത് ചോദിച്ചു വിശുദ്ധ ഖുർആൻ പറയുന്നത് കാണുക :

ഇബ്രാഹിം (അ)പറഞ്ഞു : ഓ ദൂതന്മാരേ നിങ്ങളുടെ (പ്രധാന ) കാര്യം എന്താണ്? (51:31)

അത്ഭുതപ്പെടുത്തുന്ന മറുപടിയാണ് കിട്ടിയത് ലൂത്വ് നബി (അ)ന്റെ സമൂഹത്തിലേക്ക് അയക്കപ്പെട്ട ദൂതന്മാരാണ് അവിടേക്ക് പോവുന്ന വഴി ഇവിടെ കയറിയതാണ്
ഇബ്രാഹിം (അ)ദയാവായ്പുള്ള പ്രവാചകനാണ് മനുഷ്യരെ സ്നേഹിക്കുന്ന മനസ്സാണ്
ലൂത്വ് (അ) ന്റെ സമുദായത്തെക്കുറിച്ച് ഇപ്പോഴും പ്രതീക്ഷയിലാണ് അവർക്ക് ഒരാപത്ത് വരുന്നത് സഹിക്കാൻ കഴിയുന്നില്ല ഈ വിപത്തിൽ നിന്നവരെ രക്ഷിക്കാൻ കഴിയുമോ ?
അവർ വിശ്വസിക്കാത്ത ജനതയാണ് ധിക്കാരികളാണ് ലൂത്വ് നബി (അ)നെ വളരെയേറെ ബുദ്ധിമുട്ടിച്ചവരാണ് ഇപ്പോൾ ഇതാ മലക്കുകൾ എത്തിയിരിക്കുന്നു എന്താണവർ പറയുന്നത്? ഇബ്രാഹിം (അ)ഉൽക്കണ്ഠയോടെ അവരെ നോക്കി
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ

മലക്കുകൾ പറഞ്ഞു : ഞങ്ങൾ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുന്നു (51:32)

ഞങ്ങൾ അവരുടെ മേൽ കളിമണ്ണ് കൊണ്ടുള്ള കല്ലുകൾ വിടുവാൻ വേണ്ടി (51:33)

അതിര് കവിഞ്ഞ ആളുകൾക്കായി നിന്റെ റബ്ബിന്റെ അടുക്കൽ അടയാളപ്പെടുത്തപ്പെട്ടതായ (കല്ലുകൾ ) (51:34)

ഭീതി ജനിപ്പിക്കുന്ന വാർത്തയാണിത് ഇബ്രാഹിം (അ)എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു ലൂത്വ് (അ)എത്ര പ്രയാസപ്പെട്ടതാണ് എന്നിട്ടും ആ ജനത നന്നായില്ലല്ലോ മലക്കുകൾ ഇതാ പുറപ്പെടാനൊരുങ്ങുകയാണ് ഒരു സമൂഹം നശിക്കാൻ ..

അതിഥികൾ 
മലക്കുകൾ ഇബ്രാഹിം (അ)ന്റെ വീട്ടിൽ വന്ന സംഭവം സൂറത്ത് ഹൂദിൽ വിവരിക്കുന്നതിങ്ങനെയാകുന്നു അതിഥികൾക്ക് ആഹാരം വിളമ്പിയ ശേഷം സാറാ ബീവി (റ)വാതിലിന്നപ്പുറം നിൽക്കുകയായിരുന്നു അതിഥികളിൽ നിന്ന് അകലെയല്ല അദ്ദേഹത്തിന്റെ ഭാര്യ (സമീപത്ത് )നിൽക്കുന്നുണ്ടായിരുന്നു അപ്പോൾ മഹതി ചിരിച്ചു അപ്പോൾ ഇസ്ഹാഖിനെയും ഇസ്ഹാഖിനു പിന്നാലെ യഹ്ഖൂബിനെയും കുറിച്ച് നാം അവർക്ക് സന്തോഷവാർത്ത അറിയിച്ചു (11:71)

വിശദമായ വിവരണം തന്നെയാണ് ഇബ്രാഹിം (അ)നും സാറാബീവി (റ)ക്കും ലഭിച്ചത്
പുത്രൻ ജനിക്കും ഇസ്ഹാഖ് എന്നാണ് പേര് കുട്ടി വളർന്നു വലുതാകും വിവാഹം കഴിക്കും യോഗ്യനായ പുത്രനെ ലഭിക്കും പേര് യഹ്ഖൂബ് എന്നായിരിക്കും അനുഗ്രഹീതമായൊരു പരമ്പര വരാൻ പോവുകയാണ്

ഭൂമിയിൽ ഇസ്രാഈൽ സമൂഹം വരാൻ പോവുന്നു എന്നതിന്റെ സൂചനയാണിത് ബനൂ ഇസ്റാഈൽ രൂപംകൊള്ളും ഖുർആൻ തുടർന്നു പറയുന്നു :

മഹതി പറഞ്ഞു : കഷ്ടം ഒരു കിഴവിയായിരിക്കെ ഞാൻ പ്രസവിക്കുകയോ ? ഇതാ എന്റെ ഭർത്താവ് ഒരു വൃദ്ധനും ആയിരിക്കെ? നിശ്ചയമായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ (11:72)

മലക്കുകൾ പറഞ്ഞു : അല്ലാഹുവിന്റെ കൽപ്പനയെപ്പറ്റി നീ അത്ഭുതപ്പെടുന്നുവോ ? അല്ലാഹുവിന്റെ കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും നിങ്ങളിലുണ്ടാവട്ടെ വീട്ടുകാരേ നിശ്ചയമായും അവൻ സ്തുത്യാർഹനും മഹത്വമേറിയവനുമാകുന്നു (11:73)

പുത്രനെക്കുറിച്ചുള്ള സന്തോഷവാർത്ത കേട്ടപ്പോൾ സാറ (റ) അത്ഭുതം പ്രകടിപ്പിച്ചു ഖുർആൻ ഉപയോഗിച്ച പദം യാ വയ്ലത്താ എന്നാകുന്നു കഷ്ടമേ നാശമേ എന്നൊക്കെ അർത്ഥം പറയാം അതിശയകരം തന്നെ എന്നാണ് ആശയം മനസ്സിലാക്കേണ്ടത് അത്ഭുതാവസ്ഥയിൽ വന്നുപോയ വാക്ക്

വിശുദ്ധ ഖുർആനിലെ അടുത്ത വചനം നോക്കൂ

എന്നിട്ട് ഇബ്റാഹീമിൽ നിന്ന് നടുക്കം നീങ്ങിപ്പോവുകയും അദ്ദേഹത്തിന് സന്തോഷവാർത്ത വരികയും ചെയ്തപ്പോൾ അദ്ദേഹം ലൂത്വിന്റെ ജനതയുടെ കാര്യത്തിൽ നമ്മോട് തർക്കിക്കുന്നു (11:74)

ലൂത്വിന്റെ ജനതയുടെ കാര്യത്തിൽ അദ്ദേഹം ഇടപെട്ടു സംസാരിക്കുന്നു മനസ്സിലെ അലിവ് കൊണ്ടാണ് ആ ജനതക്കു വേണ്ടി വാദിച്ചത് നന്നാവാൻ തയ്യാറില്ലാത്ത ജനതക്കു വേണ്ടി വാദിച്ചിട്ടെന്താണ് കാര്യം? വിധി നടപ്പാക്കേണ്ട സമയം മാത്രമേ ഇനി ബാക്കിയുള്ളൂ ഇബ്രാഹിം (അ)വളരെ സഹനശക്തിയുള്ള ആളാണ് വിനയാന്വിതനാണ് അതുകൊണ്ടാണ് ലൂത്വ് (അ)സമുദായത്തിന് വേണ്ടി സംസാരിച്ചത് വിശുദ്ധ ഖുർആൻ പറയുന്നു :

നിശ്ചയമായും ഇബ്രാഹിം സഹനശീലനും വളരെ അനുകമ്പയുള്ളവനും വിനയ മനസ്കനും തന്നെയാകുന്നു (11:75)

(മലക്കുകൾ പറഞ്ഞു ഓ ഇബ്രാഹിം ഈ തർക്കത്തിൽ നിന്ന് പിന്തിരിയുക നിന്റെ റബ്ബിന്റെ കൽപ്പന വന്നുകഴിഞ്ഞു പ്രതിരോധിക്കാനാവാത്ത വൻ ശിക്ഷ ആ സമുദായത്തിന് നേരെ വരികയാണ് (11:76)

ഇബ്രാഹീം (അ) മലക്കുകളുമായി നടത്തിയ സംഭാഷണം വിശുദ്ധ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ സ്ഥലം പിടിച്ചിട്ടുണ്ട് രാജ്യം നശിപ്പിക്കുവാൻ പോവുകയാണെന്ന് മലക്കുകൾ പറഞ്ഞപ്പോൾ ഇബ്രാഹിം (അ) ചോദിച്ചു : 

അവിടെ നൂറുകണക്കിന് മുസ്ലിംകളുണ്ടെങ്കിലോ ?

എങ്കിൽ അവരെ നശിപ്പിക്കുകയില്ല ദശക്കണക്കിൽ ഉണ്ടെങ്കിലോ ?
എന്നാലും നശിപ്പിക്കില്ല

അവസാനം ഇബ്രാഹിം (അ)ചോദിച്ചു :അവിടെ ലൂത്വ് ഉണ്ടല്ലോ? അതിന് മലക്കുകളുടെ മറുപടി ഇങ്ങനെ; 

അവിടെ ഉള്ളവരെപ്പറ്റി ഞങ്ങൾക്കറിയാം ലൂത്വിനെയും അദ്ദേഹത്തിന്റെ ആൾക്കാരെയും ഞങ്ങൾ രക്ഷപ്പെടുത്തുന്നതാണ് ഭാര്യ അതിൽ പെടില്ല .

സൂറത്ത് ഹിജ്റിൽ ഇങ്ങനെ കാണാം :

മലക്കുകൾ പറഞ്ഞു :ഞങ്ങൾ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുന്നു (15:58)
ലൂത്വിന്റെ കുടുംബം ഒഴികെ തീർച്ചയായും അവരെ അവരെ മുഴുവനും ഞങ്ങൾ രക്ഷപ്പെടുത്തുന്നവരാകുന്നു (15:59)

അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ അവർ നിശ്ചയമായും ശിക്ഷയിൽ അകപ്പെട്ടവളെന്ന് ഞങ്ങൾ കണക്കാക്കിയിരിക്കുന്നു (15;60)

ലൂത്വ് (അ)ന്റെ ഭാര്യ ശിക്ഷയിൽ അകപ്പെടണമെന്നത് അല്ലാഹുവിന്റെ വിധിയാണ് അത് ഞങ്ങൾ നടപ്പാക്കുമെന്നാണ് മലക്കുകൾ പറഞ്ഞത്

ഇബ്രാഹിം (അ)ആ സംസാരം നിർത്തി 

മലക്കുകൾ ഇറങ്ങുകയാണ് ഇബ്രാഹിം (അ)ന് കൂടെ പോവാൻ ആഗ്രഹം കുറെ ദൂരം അവരോടൊപ്പം യാത്ര ചെയ്തു മലക്കുകൾ ഇബ്രാഹിം (അ)നെ കർശനമായി വിലക്കി ഇനി മുമ്പോട്ട് നീങ്ങരുത് മടങ്ങിപ്പോവുക ശിക്ഷ കാണാൻ നിങ്ങളെക്കൊണ്ടാവില്ല ഇബ്രാഹിം (അ)അനുസരിച്ചു ഒരു കാലഘട്ടം അവസാനിക്കാൻ പോവുന്നു ലൂത്വ് (അ)ന്റെ സമുദായത്തിന്റെ വിധി ഇതായിപ്പോയി മലക്കുകൾ സദൂമിലേക്ക് കടന്നുവരികയാണ് ലൂത്വ് (അ)നല്ലൊരു കർഷകൻ കൂടിയാണ് അന്നത്തെ കൃഷിപ്പണിയൊക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി കുളിച്ചൊരുങ്ങി.. 

അപ്പോൾ ചില ചെറുപ്പക്കാർ കയറിവരുന്നു എന്തൊരു സൗന്ദര്യമാണവർക്ക് ലൂത്വ് (അ)ന്റെ ഭാര്യ അവരെ കണ്ടു ഒട്ടും സമയം പാഴാക്കാതെ അവർ പുറത്തിറങ്ങി അങ്ങാടിയിലെ പുരുഷന്മാർക്ക് വിവരം നൽകി ആ വാർത്ത അവരെ ആഹ്ലാദം കൊള്ളിച്ചു സന്തോഷവാർത്ത അങ്ങാടിയിൽ പരന്നു പിന്നെ പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചു പുരുഷന്മാർ വികാരാവേശത്തോടെ ഓടി കാമകേളികൾക്കിതാ സുവർണാവസരം ലൂത്വ് (അ)ന്റെ വീട്ടിലേക്ക് കാമവെറിയന്മാർ കൂട്ടത്തോടെ ഓടിവരികയാണ്..

അതിഥികൾ വന്നു കയറിയപ്പോൾ ലൂത്വ് (അ)അസ്വസ്ഥനായി അതിഥികളെ മാന്യമായി സ്വീകരിക്കാനോ സൽകരിക്കാനോ സൗകര്യമില്ല ഈ കോമള യുവാക്കളെ ആ വൃത്തികെട്ടവന്മാർ കണ്ടാൽ എന്തൊക്കെ വിപത്തുകളാണുണ്ടാവുക അതിഥികളെ അവർ അപമാനിക്കില്ലേ ? അദ്ദേഹം വീട്ടിന്റെ വാതിലടച്ചു പുറത്തുനിന്ന് നോക്കിയാൽ കാണേണ്ട മനസ്സ് നിറയെ വെപ്രാളം വല്ലാത്ത ഉൽക്കണ്ഠ ഭയന്ന് തന്നെ സംഭവിച്ചു നീചകൃത്യം ചെയ്യുന്നതിൽ അത്യാവേശം കാണിക്കുന്ന ആഭാസന്മാരുടെ ശബ്ദം കേൾക്കുന്നു അവർ മുറ്റത്തെത്തിക്കഴിഞ്ഞു ലൂത്വ് അവരെ ഇറക്കിവീടൂ ഞങ്ങളൊന്നു കാണട്ടെ എന്റെ നാട്ടുകാരേ നിങ്ങൾ മടങ്ങിപ്പോകൂ എന്റെ അതിഥികളെ നാണംകെടുത്തരുതേ ലൂത്വ് (അ)അവരോട് അപേക്ഷിച്ചു നോക്കി ലൂത്വ് അവരെ ഇറക്കിവീടൂ ഞങ്ങൾക്കവരെ വേണം .....ഞങ്ങൾക്കവരെ ആവശ്യമുണ്ട് ഞങ്ങളുടെ ആവശ്യം എന്താണെന്ന് നിനക്കറിയാമല്ലോ ? എതിര് നിൽക്കണ്ട എതിർത്താൽ ബലം പ്രയോഗിക്കും ഇറക്കിവിട്ടോ ലൂത്വ് (അ) ധർമസങ്കടത്തിലായി

എന്റെ ജനങ്ങളേ ഞാൻ പറയുന്നത് മനസ്സിലാക്കൂ നിങ്ങൾ ദുർവിചാരങ്ങളുമായി എന്റെ അതിഥികളെ സമീപിക്കരുത് ഭർത്താക്കന്മാർ ഭാര്യമാരെയാണ് സമീപിക്കേണ്ടത് എന്റെ പെൺമക്കളെ ഞാൻ വിവാഹം ചെയ്തു തരാം എന്നാലും നിങ്ങളെന്റെ അതിഥികളെ നാണം കെടുത്തരുത് കാര്യം പറഞ്ഞാൽ മനസ്സിലാവുന്ന കാര്യബോധമുള്ള ആരും നിങ്ങളുടെ കൂട്ടത്തിലില്ലേ?

എന്നെ സഹായിക്കാനാണെങ്കിൽ ഇവിടെ മറ്റാരുമില്ലല്ലോ മുറ്റത്ത് ആൾക്കൂട്ടം വളരുകയാണ് അവർ വീട്ടിനകത്തേക്ക് തള്ളിക്കയറി വരികയാണ്

യുവകോമളന്മാരെ അവർ കണ്ടു കഴിഞ്ഞു ഇത്രയും അഴകുള്ള ചെറുപ്പക്കാരെ ഇത്രയും സൗകര്യത്തിൽ കിട്ടിയിട്ട് വെറുതെ വിട്ടുകളയുകയോ ? വൃത്തികെട്ടവന്മാർ ആവേശം കൊള്ളുകയാണ് കാമപരവശരായ ആഭാസന്മാർ പരസ്യമാത്തന്നെ അവർ നീചകൃത്യം ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു ലൂത്വ് (അ)വല്ലാതെ പരവശനായിരിക്കുന്നു അപ്പോൾ ആഗതർ പറഞ്ഞു :

ഒന്നും പേടിക്കേണ്ട അവർക്ക് ഇങ്ങോട്ടെത്താൻ കഴിയുകയില്ല ലൂത്വ് (അ)അവരുടെ മുഖത്തേക്ക് അതിശയത്തോടെ നോക്കി അവർ പറഞ്ഞു :ഞങ്ങൾ മലക്കുകളാണ് ലൂത്വ് (അ)ഞെട്ടി മലക്കുകൾ മലക്കുകൾ ഇവരെന്തിന് വന്നു,? ശിക്ഷയുമായി വന്നതാണോ ? ഈ മനുഷ്യരെന്തറിഞ്ഞു? അവർ കാമവെറിയോടെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്നു ആഭാസ വാക്കുകൾ വിളിച്ചു പറയുന്നു..

ലൂത്വ്. ...ഇറക്കിവിടവരെ ?ഞങ്ങളൊന്ന് കണ്ടാസ്വദിക്കട്ടെ തൊട്ടു നോക്കട്ടെ ഒരു മുന്നേറ്റം ജനം ആർത്തിരമ്പി വരികയാണ് അപ്പോൾ അത് സംഭവിച്ചു ജിബ്രീൽ (അ)ചിറക് കൊണ്ട് ഒരൊറ്റ അടി പലർക്കും മുഖത്താണ് അടി കിട്ടിയത് അവരുടെ കാഴ്ച പോയി ശക്തന്മാരുടെ മനുഷ്യർ മറിഞ്ഞു വീണു മറ്റുള്ളവർ പരക്കം പായുകയാണ് ജീവനുംകൊണ്ടുള്ള ഓട്ടം..

നാട് വിടാൻ കൽപന

യുവകോമളന്മാർ വന്നു കയറിയപ്പോൾ ലൂത്വ് (അ)ന്റെ മനസ്സ് വിങ്ങിപ്പോയി ഇതൊരു കഠിനമായ ദിവസം തന്നെ എന്നാണ് പ്രവാചകന് തോന്നിയത്

ഇതിനെക്കുറിച്ച് സൂറത്ത് ഹൂദിൽ എന്ത് പറയുന്നുവെന്ന് നോക്കാം
നമ്മുടെ ദൂതന്മാർ ലൂത്വിന്റെ അടുക്കൽ ചെന്നപ്പോൾ അവർമൂലം അദ്ദേഹത്തിന് അനിഷ്‌ടം (വ്യസനം) പിടിപെട്ടു അവർ കാരണം മനസ്സിടുങ്ങുകയും ചെയ്തു
ഇതൊരു കഠിനമായ ദിവസമാണ് എന്നദ്ദേഹം പറയുകയും ചെയ്തു (11:77)

അദ്ദേഹത്തിന്റെ ജനങ്ങൾ അദ്ദേഹത്തിലേക്ക് ധൃതിപ്പെട്ട് ഓടിവന്നു മുമ്പേ അവർ ദുഷ്ട പ്രവർത്തികൾ ചെയ്തുവരികയായിരുന്നു അദ്ദേഹം പറഞ്ഞു :
എന്റെ ജനങ്ങളേ ഇതാ എന്റെ പെൺമക്കൾ അവർ വളരെ ശുദ്ധമായുള്ളവരാണ് അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്റെ അതിഥികളുടെ കാര്യത്തിൽ എന്നെ നിങ്ങൾ അപമാനപ്പെടുത്തരുതേ നിങ്ങളുടെ കൂട്ടത്തിൽ തന്റേടമുള്ള ഒരു പുരുഷനുമില്ലേ ? (11:78)

കരളിൽ തറക്കുന്ന ചോദ്യമല്ലേയിത് ? നിങ്ങളുടെ കൂട്ടത്തിൽ കാര്യബോധമുള്ള ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഈ നീചവൃത്തിയിൽ നിങ്ങളെ തടയുമായിരുന്നു എന്റെ പെൺമക്കളെ വിവാഹം ചെയ്തു തരാമെന്ന് വരെ പറഞ്ഞു നോക്കി

നിന്റെ പെൺമക്കളെ ഞങ്ങൾക്കെന്തിനാണ് ? അതാണവരുടെ ചോദ്യം ഒരു സമുദായത്തിൽ പ്രവാചകന് പിതാവിന്റെ സ്ഥാനമാണ് നാട്ടിലെ പെൺമക്കളെല്ലാം നബിക്ക് പുത്രിമാരാണ് എന്റെ പുത്രിമാരെ വിവാഹം ചെയ്തു തരാം എന്ന് പറഞ്ഞാൽ സ്ത്രീകളെ വിവാഹം ചെയ്യുക എന്നർത്ഥം ഞങ്ങൾക്കാവശ്യം യുവാക്കളെയാണ് ഇറക്കിവീടൂ അത് മാത്രമേ അവർക്കു പറയാനുള്ളൂ ഖുർആൻ പറയുന്നത് നോക്കൂ

അവർ പറഞ്ഞു : നിന്റെ പെൺമക്കളിൽ ഞങ്ങൾക്കൊരു കാര്യവുമില്ല അത് നിനക്ക് നന്നായറിയാം നിശ്ചയമായും നിനക്കറിയാം ഞങ്ങളുദ്ദേശിക്കുന്നതെന്താണെന്ന് (11:79)

ലൂത്വ് (അ)പറഞ്ഞു : എനിക്ക് നിങ്ങളെ നേരിടാൻ വല്ല ശക്തിയും ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ ശക്തമായൊരു കേന്ദ്രത്തിൽ അഭയം പ്രാപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ (11;80)

നിസ്സഹായാവസ്ഥയിൽ മനം കാക്കാൻ വെമ്പൽ കൊള്ളുന്ന പ്രവാചകന്റെ ശബ്ദമാണത് ഖുർആൻ പറയുന്നത് നോക്കൂ

മലക്കുകൾ പറഞ്ഞു : ഓ ലൂത്വ് ഞങ്ങൾ നിങ്ങളുടെ റബ്ബിന്റെ ഭൂതന്മാരാകുന്നു ജനങ്ങൾ നിങ്ങളിലേക്ക് വന്നു ചേരുകയില്ല ഇനി നിങ്ങൾ നിങ്ങളുടെ കുടുംബത്തെയും കൂട്ടി രാത്രിയിൽ നിന്നുള്ള ഒരംശത്തിൽ (രാത്രി കഴിയുംമുമ്പേ ) യാത്ര ചെയ്തുകൊള്ളുക നിങ്ങളിൽ നിന്നൊരാളും (പോകുമ്പോൾ ) തിരിഞ്ഞു നോക്കരുത് നിങ്ങളുടെ ഭാര്യ ഒഴികെ ജനങ്ങളെ ബാധിക്കുന്നത് അവരെയും ബാധിക്കും

തീർച്ചയായും അവരുടെ നിശ്ചിത സമയം പ്രഭാതമാകുന്നു പ്രഭാതം അടുത്തില്ലേ ? (11:81)

രാത്രി കുറെയായിക്കഴിഞ്ഞു പ്രഭാതം അടുക്കാറായി ഉടനെ പുറപ്പെടുക ലൂത്വ് (അ)നോട് മലക്കുകൾ ആവശ്യപ്പെട്ടു ഭാര്യ നബിയോടൊപ്പമാണ് താമസം പക്ഷെ വിശ്വാസിയല്ല ശിക്ഷ അർഹിക്കുന്നവളാണ്

യാത്ര പോകുമ്പോൾ തിരിഞ്ഞുനോക്കരുത് ആ നിർദ്ദേശം ഭാര്യ സ്വീകരിക്കില്ല ഭാര്യ തിരിഞ്ഞുനോക്കും ശിക്ഷയിൽ പെടുകയും ചെയ്യും

കൈയിലെടുക്കാവുന്ന സാധനങ്ങളുമായി ലൂത്വ് (അ) പുറപ്പെടുകയാണ് കൂടെ തന്റെ പ്രിയപ്പെട്ട പുത്രിമാർ മാത്രം ഭാര്യ കൂടെയുണ്ട് പക്ഷെ പിന്തിരിഞ്ഞു നോക്കും അതോടെ അപകടത്തിൽ പെടുകയും ചെയ്യും
സൂറത്ത് അഹ്റാഫിൽ പറയുന്നതിങ്ങനെ ;

അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യ ഒഴികെയുള്ള തന്റെ ആൾക്കാരെയും നാം രക്ഷപ്പെടുത്തി അവൾ (രക്ഷപ്പെടാതെ) കഴിഞ്ഞുപോയവരിൽ പെട്ടവളായിത്തീർന്നു (7:83)

അവരുടെ മേൽ നാം ഒരുതരം മഴ വർഷിപ്പിക്കുകയും ചെയ്തു അപ്പോൾ നോക്കൂ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് (7:84)
ഇവിടെ മഴ എന്ന് പറഞ്ഞത് കല്ല്കൊണ്ടുള്ള മഴയാണ് അടയാളപ്പെടുത്തപ്പെട്ട കല്ലിന്റെ മഴ അത് കൊണ്ടവരാരും ബാക്കിയാവില്ല ഒരു ധിക്കാരിക്കും അതിനെ തടുത്തു നിർത്താനാവില്ല അല്ലാഹുവിന്റെ വിധിക്കു മുമ്പിൽ മനുഷ്യനെത്ര നിസ്സാരൻ പ്രഭാതത്തോടടുത്ത സമയം ശിക്ഷയിറങ്ങിയതപ്പോഴാണ് സൂറത്ത് ഹൂദിലെ വാക്കുകൾ ആർക്കാണ് ഞെട്ടലുണ്ടാക്കാത്തത് ? 

ഇന്ന മൗഇദഹുമു സ്വുബ്ഹു അലൈസ സ്വുബ്ഹു ബിഖരീബ്

അവരുടെ നിശ്ചിത സമയം പ്രഭാതമാകുന്നു പ്രഭാതം സമീപത്തല്ലേ ? പ്രഭാതത്തിനു മുമ്പെ ലൂത്വ് (അ)കുടുംബത്തോടൊപ്പം നാട്ടിന്റെ അതിർത്തിയും വിട്ടു കടന്നു പോയിരുന്നു
ആരായിരുന്നു നബിയോടൊപ്പം ഉണ്ടായിരുന്നത്? ഒരേയൊരു വീട്ടുകാർ നമ്മുടെ ചിന്താമണ്ഡലത്തെ തട്ടിയുണർത്തേണ്ട സംഭവം സൂറത്തു ദാരിയാത്തിൽ ഇങ്ങനെ കാണാം :
അങ്ങനെ അവിടെയുള്ള സത്യവിശ്വാസികളെയെല്ലാം നാം പുറത്താക്കി (രക്ഷപ്പെടുത്തി) (51:35)

തൊട്ടടുത്ത വചനം ഇങ്ങനെ :
 (എന്നാൽ മുസ്ലിംകളിൽ പെട്ട ഒരു വീടല്ലാതെ നാം കണ്ടെത്തിയില്ല (51:36)

മുസ്ലിം വീടെന്ന് പറയാൻ ഒരൊറ്റ വീടേയുള്ളു അത് ലൂത്വ് (അ)ന്റെ വീട് തന്നെ
ഖുർആൻ തുടരുന്നു :
വേദനയേറിയ ശിക്ഷയെ ഭയപ്പെടുന്നവർക്ക് ഒരു ദൃഷ്ടാന്തം നാം അതിൽ അവശേഷിപ്പിക്കുകയും ചെയ്തു (51;37)

വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ട വചനമാണിത് 

വേദനാജനകമായ ശിക്ഷ ഭയപ്പെടുന്നവർക്ക് ഒരു ദൃഷ്ടാന്തം അല്ലാഹു അവശേഷിപ്പിച്ചിരിക്കുന്നു എന്താണാ ദൃഷ്ടാന്തം ?

ചാവുകടലും പരിസരവും തന്നെ അല്ലാഹുവിന്റെ കൽപനകൾ ലംഘിച്ചു ജീവിക്കുന്ന സകല ധിക്കാരികൾക്കും ചാവുകടൽ ഗൗരവമുള്ള താക്കീതാണ് നൽകുന്നത്
അഞ്ച് രാജ്യങ്ങൾ അവ അടിമേൽ മറിക്കപ്പെട്ടു പട്ടണങ്ങളും നാട്ടിൻപുറങ്ങളും ചാവുകടലിൽ താഴ്ന്നുപോയി ഒരു തലമുറയുടെ സകല സമ്പാദ്യങ്ങളും മണ്ണടിഞ്ഞുപോയി അവയുടെ ഭീകരമായ ഓർമയുമായി ചാവുകടൽ ഇന്നും നിലനിൽക്കുന്നു

സൂറത്ത് ഹൂദിൽ പറയുന്നു :

അങ്ങനെ നമ്മുടെ കൽപ്പന വന്നപ്പോൾ അതിന്റെ (രാജ്യത്തിന്റെ )മുകൾഭാഗം അതിന്റെ താഴ്ഭാഗമാക്കി മറിക്കുകയും അതിൽ (മേൽക്കുമേൽ) അട്ടിയാക്കപ്പെട്ട ചൂളവെച്ച ഇഷ്ടികക്കല്ലുകളെ നാം വർഷിപ്പിക്കുകയും ചെയ്തു (11:83)

നിന്റെ റബ്ബിന്റെ അടുക്കൽ അടയാളം വെക്കപ്പെട്ട (കല്ലുകൾ ) അവ ഈ അക്രമികളിൽ നിന്ന് വിദൂരമായതൊന്നുമല്ല (11:83)

അടിമേൽ മറിക്കപ്പെട്ട രാജ്യം മക്കായിലെ മുശ്രിക്കുകൾക്ക് പരിചയമുള്ള സ്ഥലം തന്നെയാണ്

അല്ലാഹു അറിയിച്ചുകൊടുത്തതനുസരിച്ചു നബി (സ)തങ്ങൾ അടിമേൽ മറിക്കപ്പെട്ട നാടുകളുടെ ചരിത്രം പറയുകയാണ് മുശ്രിക്കുകൾക്ക് അവയൊന്നും നിഷേധിക്കാൻ കഴിയുന്നില്ല ആയത്തിൽ പറഞ്ഞതിങ്ങനെയാണ് 

അത് അക്രമികളിൽ നിന്ന് വിദൂരമായതൊന്നുമല്ല ഇത് രണ്ട് വിധത്തിൽ വ്യാഖാനിച്ചു കാണുന്നു 

1. ആ ശിക്ഷ അവർക്ക് അനുയോജ്യം തന്നെയായിരുന്നു

2. മക്കാ മുശ്രിക്കുകൾ ശാമിലേക്ക് യാത്ര ചെയ്യുന്നവരാണ് ചാവുകടൽ അവരുടെ യാത്രാ റൂട്ടിന്റെ സമീപത്താണ് വിദൂരമല്ല സൂറത്ത് ഹിജ്റിലെ വിവരണം നോക്കാം അന്യ നാട്ടുകാർ യാത്ര ചെയ്യുമ്പോൾ പിടികൂടി നീചവൃത്തിക്കു വിധേയമാക്കുകയെന്നത് ആ സമൂഹത്തിന്റെ സ്വഭാവമായിരുന്നു..

ലോകരുടെ കാര്യത്തിൽ നീ ഇടപെടരുത് 

ഇങ്ങനെ പിടികൂടപ്പെട്ട ചിലർ ഓടിരക്ഷപ്പെടുകയും ലൂത്വ് നബി (അ)ന്റെ വീട്ടിൽ അഭയം തേടുകയും ചെയ്തിട്ടുണ്ട്

പുറം നാട്ടുകാരായ പല യുവാക്കൾക്കും ലൂത്വ് (അ)അഭയം നൽകി ഇത് ആ നീചന്മാരെ പ്രകോപിതരാക്കി അവർ ലൂത്വ് (അ)ന് ഇങ്ങനെ മുന്നറിയിപ്പ് നൽകി ലോകരുടെ കാര്യത്തിൽ നീ ഇടപെടരുത് ഇപ്പോൾ മലക്കുകൾ കോമള യുവാക്കളുടെ രൂപത്തിൽ വന്നു അപ്പോൾ ആളുകൾ തടിച്ചുകൂടി അവർ ചോദിച്ചു ലോകരുടെ കാര്യത്തിൽ നീ ഇടപെടരുത് എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലേ? നീയെന്താ അനുസരിക്കാത്തത് ? ഇവർ പുറംനാട്ടുകാരാണ് അവരെ ഇറക്കിവിടണം അതിന് ലൂത്വ് (അ)മറുപടി നൽകിയതിങ്ങനെ : ഇവർ എന്റെ വിരുന്നുകാരാണ് എന്നെ നിങ്ങൾ വഷളാക്കരുത് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്നെ അപമാനിക്കരുത് അപ്പോൾ അവർ ചോദിച്ചു :

ലോകരെക്കുറിച്ച് നിന്നോട് ഞങ്ങൾ വിരോധിച്ചിട്ടില്ലേ? സൂറത്ത് ഹിജ്റിൽ ആരംഗം ഇങ്ങനെ കാണാം;

അങ്ങനെ ലൂത്വിന്റെ കുടുംബത്തിൽ ആ ദൂതന്മാർ വന്നപ്പോൾ (15:61)

അദ്ദേഹം പറഞ്ഞു ; നിങ്ങൾ പരിചയമില്ലാത്ത ആളുകളാണ് (15:62)

ലൂത്വ് (അ)ന് അവരെ പരിചയമില്ല ആരാണ്? എവിടെ നിന്ന് വരുന്നു ആഗമനോദ്ദേശ്യം എന്താണ്? ഇതൊക്കെ അറിയാനാഗ്രഹമുണ്ട് ഈ ആഗമനം തന്നെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്യുന്നു സ്വസ്ഥത കെടുത്താനുള്ള വരവ് ഇങ്ങനെ പല ചിന്തകൾ മനസ്സിൽ കെട്ടുപിണഞ്ഞു അപ്പോൾ ആഗതർ നൽകിയ മറുപടി;

വിശുദ്ധ ഖുർആൻ പറയുന്നു :

മലക്കുകൾ പറഞ്ഞു : ഈ ജനത ഏതൊരു കാര്യത്തിൽ സംശയാലുക്കളാണോ അതുകൊണ്ടാണ് ഞങ്ങൾ വന്നിരിക്കുന്നത് (15:63)

അവർ ഏതൊരു കാര്യത്തിലാണ് സംശയാലുക്കളായത് ? ശിക്ഷയുടെ കാര്യത്തിൽ
അല്ലാഹു ഏകനാണെന്നും താൻ അവന്റെ നബിയാണെന്നും വിശ്വസിക്കണമെന്ന് ലൂത്വ് (അ)അവരോട് പറഞ്ഞു എല്ലാ താക്കീതുകളും അവർ തള്ളിക്കളഞ്ഞപ്പോൾ നബി പറഞ്ഞു ; അല്ലാഹുവിന്റെ ശിക്ഷ വരും 

ശിക്ഷ വരുമോ ? എങ്ങനെ വരാൻ ? അങ്ങനെ അക്കാര്യത്തിൽ അവർ സംശയാലുക്കളായിത്തീർന്നു ശിക്ഷയുടെ കാര്യത്തിൽ ഉറപ്പു വന്നിട്ടില്ല അടുത്ത പ്രഭാതത്തിനു മമ്പെ ഉറപ്പ് വരും ലൂത്വ് (അ)ന് കാര്യങ്ങൾ മനസ്സിലായി

ഖുർആൻ തുടർന്നു പറയുന്നു; (മലക്കുകൾ പറഞ്ഞു :) ഞങ്ങൾ നിങ്ങൾക്ക് യാഥാർത്ഥ്യവുമായി (ഹഖുമായി) വന്നിരിക്കുകയാണ് നിശ്ചയമായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു (15:64)

അതിനാൽ താങ്കൾ താങ്കളുടെ ആൾക്കാരുമായി രാത്രിയിൽ നിന്നുള്ള ഒരംശത്തിൽ യാത്ര ചെയ്തുകൊള്ളുക അവരുടെ പിന്നാലെ നിങ്ങൾ അനുഗമിക്കുകയും ചെയ്യുക നിങ്ങളിൽ ഒരാളും തിരിഞ്ഞു നോക്കരുത് നിങ്ങളോട് കൽപിക്കപ്പെടുന്നേടത്തേക്ക് നിങ്ങൾ പോവുകയും ചെയ്യുക (15:65)

ഒരു സമുദായം വേരോടെ പിഴുതെറിയപ്പെടാൻ പോവുകയാണ് ഖുർആൻ പ്രയോഗം ഇങ്ങനെയാണ്

പ്രഭാതവേളയിലായിരിക്കെ ഇക്കൂട്ടരുടെ മൂട് മുറിക്കപ്പെടുന്നതാണ് -പറ്റെ നശിപ്പിക്കപ്പെടുന്നതാണെന്ന് സാരം

ഖുർആൻ പറയുന്നു : ആ കാര്യം നാം ലൂത്വിന് തീരുമാനം ചെയ്തു കൊടുത്തു പ്രഭാത വേളയിലായിരിക്കെ ഇക്കൂട്ടരുടെ മൂട് മുറിക്കപ്പെടുന്നതാണ് (15:66)

അപകടം തലക്കു മുകളിലെത്തിക്കഴിഞ്ഞു വിവരംകെട്ട ജനത അപ്പോഴും ആഹ്ലാദത്തിമർപ്പിലാണ് യുവകോമളന്മാരെ നീചവൃത്തിക്ക് ഉപയോഗിക്കാൻ കഴിയുമെന്ന ചിന്തയാണ് അവരെ ആഹ്ലാദം കൊള്ളിക്കുന്നത് തങ്ങളുടെ നീചകൃത്യങ്ങൾക്കും ധിക്കാരത്തിനുമുള്ള ശിക്ഷയുമായി വന്നവരാണ് മുമ്പിലിരിക്കുന്നതെന്ന് മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല 

ഖുർആൻ പറയുന്നു : പട്ടണത്തിലെ ആൾക്കാർ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വന്നു (15;67)

ലൂത്വ് (അ)പറഞ്ഞു :നിശ്ചയമായും ഇവർ എന്റെ അതിഥികളാണ് അതിനാൽ എന്നെ നിങ്ങൾ വഷളാക്കരുത് (15:68)

നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവീൻ എന്നെ അപമാനിക്കുകയും ചെയ്യരുത് (15;69)

അതിഥികൾ മലക്കുകളാണെന്ന് മനസ്സിലാവുന്നതിന് മുമ്പാണ് ലൂത്വ് (അ) ഈ വാക്കുകൾ പറഞ്ഞത് 

ഖുർആൻ പറയുന്നു : പട്ടണത്തിലെ ആൾക്കാർ പറഞ്ഞു : ലോകരെക്കുറിച്ച് നിന്നോട് ഞങ്ങൾ വിരോധിച്ചിട്ടുമില്ലേ ? (15;70)

അദ്ദേഹം പറഞ്ഞു : ഇതാ എന്റെ പെൺമക്കൾ (അവരെ ഞാൻ നിങ്ങൾക്കു വിവാഹം ചെയ്തുതരാം ) നിങ്ങൾ വല്ലതും ചെയ്യുന്നവരാണെങ്കിൽ (15:71)

യുവകോമളന്മാരെ കണ്ടതോടെ അവർ കാമലഹരിയിൽ മതിമറന്നിരിക്കകയാണ് സമചിത്തത പോയവരെപ്പോലെ ലഹരിയിൽ അലഞ്ഞു തിരിയുകയാണവർ

ഖുർആൻ പറയുന്നു : നിന്റെ ആയുഷ്കാലം തന്നെ സത്യം നിശ്ചയമായും അവർ അവരുടെ ലഹരിയിൽ അലഞ്ഞു നടക്കുകയാണ് (15:72)

ഇവിടെ സത്യം ചെയ്തു പറയുന്നത് അല്ലാഹുവാണ് നിന്റെ ആയുഷ്കാലം തന്നെ സത്യം എന്നാണ് പ്രയോഗം ഖുർആൻ തുടരുന്നു : എന്നിട്ട് അവർ ഉദയ വേളയിലായിരിക്കെ ഘോര ശബ്ദം അവരെ പിടികൂടി (15:73)

അങ്ങനെ ആ രാജ്യത്തിന്റെ ഉപരിഭാഗത്തെ നാം അതിന്റെ താഴ്ഭാഗമാക്കി (തല കീഴാക്കി മറിച്ചു ) അവരുടെ മേൽ ചൂളവെക്കപ്പെട്ട ഇഷ്ടികക്കല്ല് നാം വർഷിപ്പിക്കുകയും ചെയ്തു (15:74)

നിശ്ചയം നിരീക്ഷിച്ചു ഗ്രഹിക്കുന്നവർക്ക് അതിൽ പല ദൃഷ്ടാന്തങ്ങളുണ്ട് (15:75)
തീർച്ചയായും ആ രാജ്യം (ഇന്നും )സ്ഥിരമായി നിലകൊള്ളുന്ന ഒരു വഴിയിൽ തന്നെയാണ് (15:76)

നിശ്ചയമായും അതിൽ സത്യവിശ്വാസികൾക്ക് ദൃഷ്ടാന്തമുണ്ട് അറബികൾ ശാം യാത്ര നടത്തുന്നവരാണ് ഖുർആന്റെ അവതരണ കാലത്ത് യാത്രകൾ സജീവമാണ് സദൂം പ്രദേശങ്ങൾ അവർക്ക് സുപരിചിതമായിരുന്നു നശിച്ചുപോയ രാജ്യങ്ങളുടെ അവശിഷ്ടങ്ങൾ അവർ കാണാറുണ്ട് ബഹ്റുൽ മയ്യിത്ത്, ബഹ്റു ലൂത്വ് എന്നൊക്കെയാണ് അന്ന് പറയപ്പെടുക അവരുടെ സ്ഥിരമായി യാത്രാമാർഗത്തിലാണ് സദൂം പ്രദേശങ്ങളെന്ന് ഖുർആൻ പറയുന്നു 

നശിച്ച ജനതയെക്കുറിച്ചുള്ള വേണ്ടത്ര വ്യക്തതയില്ലാത്ത കഥകൾ അക്കാലത്ത് യാത്രക്കാർ കേൾക്കാറുണ്ട് മക്കയിൽ അത്തരം കഥകൾ പലർക്കുമറിയാം വിശുദ്ധ ഖുർആനിലെ വചനങ്ങളിലൂടെ ചരിത്രം വ്യക്തമാക്കപ്പെട്ടു എതിരാളികൾ പോലും അത് ശ്രദ്ധിച്ചു കേട്ടു മനസ്സിലായി...

ചിന്തിച്ചു പഠിക്കണം 

സൂറത്തുൽ ഖമർ ലൂത്വ് നബി (അ)ന്റെ സമൂഹത്തെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം
ലൂത്വിന്റെ ജനത താക്കീതുകളെ വ്യാജമാക്കുകയുണ്ടായി (54:33) 

നാം അവരുടെ മേൽ ഒരു ചരൽക്കാറ്റ് അയച്ചു ലൂത്വിന്റെ കുടുംബം ഒഴിച്ച് (എല്ലാവരെയും അത് ബാധിച്ചു ) അവരെ ഒരു പുലരാൻ കാലത്ത് നാം രക്ഷപ്പെടുത്തി (54:34)

നമ്മുടെ പക്കൽ നിന്നുള്ള അനുഗ്രഹം (ആണത് ) നന്ദി കാണിക്കുന്നവർക്ക് അപ്രകാരം നാം പ്രതിഫലം നൽകുന്നു (54:35)

 നമ്മുടെ കഠിന പിടുത്തത്തെ (ശിക്ഷയെ )കുറിച്ച് ലൂത്വ് തീർച്ചയായും അവരെ താക്കീത് ചെയ്യുകയുണ്ടായി അപ്പോൾ അവർ താക്കീതുകളെക്കുറിച്ച് തർക്കം നടത്തി (54:36)

അദ്ദേഹത്തിന്റെ അതിഥികളെ വിട്ടുകിട്ടുവാൻ അവർ ആവശ്യപ്പെട്ട് ചെല്ലുകയുണ്ടായി അപ്പോൾ നാം അവരുടെ കണ്ണുകളെ തുടച്ചു നീക്കി (പറയപ്പെട്ടു ) ഇനി നിങ്ങൾ എന്റെ ശിക്ഷയും താക്കീതുകളും ആസ്വദിച്ചുകൊള്ളുക (54:37)

തീർച്ചയായും ഉറച്ചുനിൽക്കുന്ന ഒരു ശിക്ഷ പ്രഭാദത്തിൽ അവരെ ബാധിക്കുകയുണ്ടായി (54:38)

ഇനി എന്റെ ശിക്ഷയും താക്കീതുകളും ആസ്വദിച്ചുകൊള്ളുവീൻ (54;39)

മുപ്പത്തി ഏഴാം വചനത്തിന്റെ അവസാന ഭാഗമായി വന്ന അതേ വാക്കുകളാണ് മുപ്പത്തി ഒമ്പതാം വചനമായി വന്നത്

ഫ ദൂഖൂ അദാബീ വനുദ്ർ (എന്റെ ശിക്ഷയും താക്കീതുകളും ആസ്വദിച്ചുകൊള്ളുക)
ആയത്തിന്റെ ഗാംഭീര്യം ഇതിൽ നിന്ന് മനസ്സിലാക്കണം

വിശുദ്ധ ഖുർആൻ മനസ്സിലാക്കണം ആവുംവിധം മനസ്സിലാക്കണം അതിനുള്ള ധാരാളം സംവിധാനങ്ങൾ ഇന്നുണ്ട് പുസ്തകങ്ങൾ ക്ലാസുകൾ,സി.ഡി.കൾ, പരിഭാഷകൾ ,ചർച്ചകൾ ഇവയൊക്കെ ഖുർആന്റെ ആശയങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കാൻ നമ്മെ സഹായിക്കും

ഖുർആന്റെ ആശയങ്ങൾ പഠിക്കാൻ തുടങ്ങിയാൽ അല്ലാഹു അത് എളുപ്പമാക്കിത്തരും ഓർമ്മിച്ചു ചിന്തിച്ചു മനസ്സിലാക്കാൻ തയ്യാറുള്ള ആരെങ്കിലുമുണ്ടോ എന്നാണ് അല്ലാഹു ചോദിക്കുന്നത്

ഖുർആൻ മനസ്സിലാക്കുമ്പോഴാണ് അല്ലാഹു നൽകുന്ന താക്കീതുകളുടെ ഗൗരവം മനസ്സിലാവുക

മുപ്പത്തൊമ്പതാം വചനത്തിൽ ശിക്ഷയും താക്കീതും എടുത്തു പറയുന്നു തൊട്ടടുത്ത വചനം എന്താണ് ഉൾക്കൊള്ളുന്നത് ആശയം ഇങ്ങനെ വായിക്കാം

തീർച്ചയായും ചിന്തിച്ചു മനസ്സിലാക്കുവാൻ വേണ്ടി ഖുർആനെ നാം എളുപ്പമാക്കിയിരുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്ന വല്ലവരുമുണ്ടോ? (54:40)

സൂറത്തുൽ ഖമറിലെ നാൽപതാം വചനമാണിത് ഇതേ സൂറത്തിലെ പതിനേഴാം വചനവും ഇത് തന്നെയാണ് രണ്ട് സ്ഥലത്ത് നാം ആവർത്തനം കണ്ടു അതും ഒരേ സൂറത്തിൽ അതെലെ ആശയങ്ങൾക്ക് നാം അത്രയും ഗൗരവം നൽകണം അടിമേൽ മറിക്കപ്പെട്ട രാജ്യങ്ങളുടെ ചരിത്ര പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് പ്രത്യേകം ഓർക്കണം ആ രാജ്യങ്ങൾ അടിമേൽ മറിക്കാൻ കാരണമായ കുറ്റം എന്തായിരുന്നുവെന്ന് ഓർക്കണം മക്കക്കാർ ശാമിലേക്കു കച്ചവടയാത്ര പോകുമ്പോൾ കടന്നുപോവുന്ന പ്രദേശമാണ് മദ് യൻ മദ് യനിലും സമീപ പ്രദേശങ്ങളിലും ജീവിച്ചിരുന്ന ജനങ്ങളിലേക്ക് അയക്കപ്പെട്ട പ്രവാചകനായിരുന്നു ശുഐബ് (അ)
ഐകത്തുകാർ (അസ്ഹാബുൽ അയ്ക്കത്ത് ) എന്നാണവർ അറിയപ്പെട്ടത് 

ഐക്കത്തുകാരും സദൂമുകാരും സമീപ രാജ്യക്കാരാണ് ഇരു കൂട്ടരുടെയും വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങൾ മക്കാ മുശ്രിക്കുകൾ കാണാറുണ്ടായിരുന്നു
വിശുദ്ധ ഖുർആൻ അക്കാര്യവും ഓർമപ്പെടുത്തുന്നു

നിശ്ചയമായും ഐക്കത്തിന്റെ ആൾക്കാരും അക്രമികൾ തന്നെയായിരുന്നു (15:78)

എന്നിട്ട് നാം അവരോട് ശിക്ഷാനടപടിയെടുത്തു അത് രണ്ടും (ലൂത്വിന്റെ രാജ്യവും ഐക്കത്തും ) സ്പഷ്ടമായ ഒരു തുറസ്സായ സ്ഥലത്ത് തന്നെയാകുന്നു (15:79)

സൂറത്ത് ശുഅറാഇലെ ചില വചനങ്ങൾ നോക്കാം തന്റെ സമൂഹത്തെ നീചകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി അവർ കൂട്ടാക്കിയില്ല നിരാശനായപ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു;

റബ്ബേ എന്നെയും എന്റെ സ്വന്തക്കാരെയും ഈ നീചപ്രവൃത്തിയിൽ നിന്ന് കാത്തുരക്ഷിക്കേണമേ

ഹൃദയസ്പർശിയായ പ്രാർഥന ഖുർആൻ പറയുന്നു;

(ലൂത്വ് നബി (അ) പ്രാർത്ഥിച്ചു ): എന്റെ റബ്ബേ ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ നിന്ന് എന്നെയും എന്റെ സ്വന്തക്കാരെയും നീ രക്ഷപ്പെടുത്തേണമേ (26;169)

അങ്ങനെ അദ്ദേഹത്തെയും തന്റെ സ്വന്തക്കാരെയും മുഴുവനും നാം രക്ഷപ്പെടുത്തി (26:170)

അവശേഷിച്ചവരിൽപെട്ട ഒരു വൃദ്ധസ്ത്രീ (ഭാര്യ ) ഒഴികെ (26:171)

പിന്നെ മറ്റുള്ളവരെ നാം തകർത്തുകളഞ്ഞു (26:172)

അവരുടെ മേൽ നാം ഒരുതരം മഴ വർഷിപ്പിക്കുകയും ചെയ്തു മുന്നറിയിപ്പ് നൽകപ്പെട്ടവരുടെ മഴ വളരെ ചീത്തയാണ് (26:173)

മക്കത്ത് നിന്ന് വൻ കച്ചവട സംഘങ്ങളാണ് ശാമിലേക്ക് പോയ്ക്കൊണ്ടിരുന്നത് ചിലപ്പോൾ പ്രഭാതവേളകളിലായിരിക്കും സദൂമിലൂടെ കടന്നുപോവുക അൽപം കഴിയുമ്പോൾ സൂര്യനുദിച്ചുയരുകയും സദൂമിന്റെ അവശിഷ്ടങ്ങൾ കാണുകയും ചെയ്യും ചിലപ്പോൾ രാത്രി സമയത്തായിരിക്കും അതിലൂടെ കടന്നുപോവുക അപ്പോഴും കീഴ്മേൽ മറിക്കപ്പെട്ട ജനങ്ങളുടെ ഓർമ്മകൾ ഭീതിയോടെ മനസ്സിൽ വരും ശാപം ഏറ്റുവാങ്ങിയ പ്രദേശം പെട്ടെന്ന് വിട്ടുകടന്നുപോവും ഇക്കാര്യവും വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ :

നിശ്ചയമായും പ്രഭാവേളകളിൽ നിങ്ങൾ അവരിൽകൂടി കടന്നുപോവാറുണ്ട് (37:137)

രാത്രിയിലും (കടന്നുപോകാറുണ്ട്) എന്നിട്ടും നിങ്ങള്‍ ബുദ്ധികൊടുത്തു ചിന്തിക്കുന്നില്ലേ?! (37:138)

നശിപ്പിക്കപ്പെട്ട സമൂഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടിട്ടും വേദക്കാരെ നിങ്ങൾ വിശ്വസിക്കുന്നില്ലേ ?

സൂറത്ത് ഫുർഖാനിൽ ഇങ്ങിനെ കാണാം :

നിശ്ചയമായും ചീത്ത മഴ വർഷിക്കപ്പെട്ട നാട്ടിൽ അവർ (മക്കാ മുശ്രിക്കുകൾ) വന്നിട്ടുണ്ട് അവരത് കണ്ടിരുന്നില്ലേ ? പക്ഷെ അവർ പുനരുത്ഥാനത്തെ പ്രതീക്ഷിക്കാത്തവർ ആയിരിക്കുന്നു (25:40)

സൂറത്ത് അൻകബൂത്തിലെ വചനങ്ങൾ കൂടി നോക്കാം

നമ്മുടെ ദൂതന്മാർ ലൂത്വിന്റെ അടുക്കൽ വന്നപ്പോൾ അവർ മൂലം അദ്ദേഹത്തിന് വ്യസനം പിടിപെടുകയും അവരെക്കൊണ്ട് മനസ്സ് മൂടുകയും ചെയ്തു അവർ പറഞ്ഞു : പേടിക്കണ്ട വ്യസനിക്കകയും വേണ്ട നിങ്ങളെയും ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങൾ രക്ഷപ്പെടുത്തുന്നവരാകുന്നു അവർ ശിക്ഷ ബാധിക്കുന്നവരിൽ പെട്ടവളാകുന്നു (29:33)

ഈ രാജ്യക്കാർ തെമ്മാടിത്തം കാണിക്കുന്നതിനാൽ ഞങ്ങൾ ആകാശത്ത് നിന്ന് അവരുടെ മേൽ ശിക്ഷ ഇറക്കുന്നവരാണ് (29;34)

മനസിരുത്തുന്ന ജനങ്ങൾക്ക് അതിൽ നിന്ന് ഒരു വ്യക്തമായ ദൃഷ്ടാന്തം നാം തീർച്ചയായും ബാക്കിയാക്കിവെച്ചിട്ടുണ്ട് (29:35)

നാലു വനിതകൾ 
ചരിത്രത്തെ അത്ഭുതപ്പെടുത്തിയ നാലു വനിതകൾ മനുഷ്യരാശിയുടെ മുമ്പിൽ ഉയർന്നുനിൽക്കുന്ന വിസ്മയം രണ്ടു പേർ സത്യസാക്ഷികൾ രണ്ടുപേർ സത്യനിഷേധികൾ

വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിൽ അവരെപ്പറ്റി പറയുന്നുണ്ട് ഹദീസുകളിലും വന്നിട്ടുണ്ട് സത്യസാക്ഷികൾ ഇവരാകുന്നു

ആസിയ (റ)
മർയം (റ) 

സത്യനിഷേധികൾ ഇവരാകുന്നു : 

നൂഹ് നബി (അ)യുടെ ഭാര്യ വാലിഗത്ത്
ലൂത്വ് നബി (അ)യുടെ ഭാര്യ വാലിഹത്ത് 

ധിക്കാരിയായ ഫിർഔനിന്റെ ഭാര്യയാണ് ആസിയ (റ) ഈസാ(അ)ന്റെ മാതാവാണ് മർയം (റ) ലൂത്വ് നബി (അ)പുത്രിമാരോടൊപ്പം വീട് വിട്ടിറങ്ങിപ്പോന്നപ്പോൾ ഭാര്യയും കൂടെ പോന്നു എന്നാണ് ഒരഭിപ്രായം എന്ത് സംഭവിച്ചാലും തിരിഞ്ഞുനോക്കരുത് എന്ന കർശനമായ നിർദ്ദേശം അവർക്ക് ലഭിച്ചിരുന്നു

അവർ കുറെ ദൂരം സഞ്ചരിച്ചു പ്രഭാതം പൊട്ടിവിടരുകയാണ് തങ്ങളുടെ പിന്നിൽ വൻ ശബ്ദങ്ങൾ കേട്ടുതുടങ്ങി ഭയാനകമായ പ്രകമ്പനം ലൂത്വ് (അ)മും പുത്രിമാരും മനസ്സിൽ അല്ലാഹുവിനെ മാത്രം കരുതിക്കൊണ്ട് അതിവേഗം യാത്ര തുടർന്നു

തിരുഞ്ഞുനോക്കിയതേയില്ല എന്നാൽ ഭാര്യ തിരിഞ്ഞുനോക്കി അപകടത്തിൽ പെടുകയും ചെയ്തു ഭാര്യ യാത്ര പുറപ്പെടാതെ ആ സമുദായത്തോടൊപ്പം തന്നെ നിന്നു എന്നാണ് മറ്റൊരഭിപ്രായം അവരോടൊപ്പം നാശമടയുകയും ചെയ്തു ഭർത്താക്കന്മാരുടെ മഹത്വം മനസ്സിലാക്കാൻ കഴിയാത്ത ഭാര്യമാർ എത്രയുണ്ട്

നൂഹ് (അ)മഹാനായ ദൂതനാണ് കൂടെ കഴിഞ്ഞ ഭാര്യക്ക് വിശ്വാസം വന്നില്ല പ്രവാചകനെയും വിശ്വാസികളായ സംഘത്തെയും രക്ഷപ്പെടുത്താൻ അല്ലാഹു തീരുമാനിച്ചു 

കപ്പലുണ്ടാക്കാൻ കൽപന വന്നു മലമുകളിൽ കപ്പലുണ്ടാക്കി ശത്രുക്കൾ കളിയാക്കി ചിരിച്ചു ആ ചിരിയിൽ ഭാര്യയും പങ്കുചേർന്നു പ്രളയം വന്നു വിശ്വാസികൾ കപ്പലിൽ കയറി ഭാര്യ കപ്പലിൽ കയറാൻ കൂട്ടാക്കിയില്ല ശപിക്കപ്പെട്ട സമൂഹം പ്രളയത്തിൽ മുങ്ങി നശിച്ചു ഭാര്യയും നശിച്ചു

ഫിർഔനിന്റെ പേര് കേൾക്കുമ്പോൾ ലഹ്നത്തുല്ലാഹി അലൈഹി എന്നു ചൊല്ലണം
അല്ലാഹുവിന്റെ ശാപം അവനിലുണ്ടാവട്ടെ എന്നാണ് അർത്ഥം അത്രക്കു ദുഷ്ടനായിരുന്നു അവൻ അല്ലാഹുവിന്റെ ശത്രു ധിക്കാരിയായ ഭരണാധികാരി ആധിക്കാരിയുടെ ഭാര്യ ഇസ്ലാം മതം വിശ്വസിച്ചു മൂസാ(അ)നെ അല്ലാഹുവിന്റെ ദൂതനായി അംഗീകരിച്ചു തൗറാത്ത് വേദഗ്രന്ഥമായി സ്വീകരിച്ചു ഫിർഔൻ സത്യവിശ്വാസം കൈവിടാൻ നിർബന്ധിച്ചു വഴങ്ങിയില്ല ശിക്ഷാനടപടികൾ തുടങ്ങി അവരുടെ പ്രാർഥന ഇതായിരുന്നു; അല്ലാഹുവേ സഹിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് തരേണമേ പാദങ്ങൾ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തിത്തരേണമേ പരീക്ഷണങ്ങൾ പാരമ്യതയിലെത്തുമ്പോൾ പതറിപ്പോവാതെ കാക്കേണമേ

പ്രാർഥന ഫലിച്ച പതറിപ്പോയില്ല ഖൽബിടറിയില്ല തൗഹീദിൽ ഉറച്ചുനിന്നു ലാഇലാഹ ഇല്ലല്ലാഹ് മൂസാ കലീമുല്ലാഹ് വീരരക്തസാക്ഷിയായി കണ്ണുകളടഞ്ഞു മഹാനായ ഈസാ (അ) പിതാവില്ലാതെ മാതാവിൽ നിന്ന് മാത്രം കുഞ്ഞ് ജനിക്കുമോ ? അല്ലാഹുവിന്റെ ഖുദ്റത്ത് കൊണ്ട് കഴിയും മഹതി മർയം (റ) ഈസാനബി(അ) ന് ജന്മം നൽകി ജനനം തന്നെ മഹാത്ഭുതം കുഞ്ഞിന്റെ ശൈശവം തന്നെ അത്ഭുതം നവജാത ശിശു സംസാരിച്ചു
പറഞ്ഞ വാക്കുകൾ വിശുദ്ധ ഖുർആനിലുണ്ട് നാല് വനിതകൾ നാല് പേരെയും സത്യവിശ്വാസികൾ ഓർക്കണം നാല് പേരെയും ഒന്നിച്ച് അനുസ്മരിക്കുകയാണ് തഹ്രീം എന്ന സൂറത്തിൽ അതിങ്ങനെയാണ് ;

സത്യവിശ്വാസികളല്ലാത്തവർക്ക് അല്ലാഹു ഒരു ഉദാഹരണം എടുത്തുകാട്ടുകയാണ് നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും രണ്ട് സ്ത്രീകളും നമ്മുടെ അടിയാന്മാരിൽ പെട്ട രണ്ട് സദ് വൃത്തരായ അടിയാന്മാരുടെ കീഴിലായിരുന്നു എന്നിട്ട് രണ്ടുപേരും അവരെ വഞ്ചിച്ചു 

എന്നാൽ ആ രണ്ട് സ്ത്രീകളും അല്ലാഹുവിങ്കൽ നിന്നുണ്ടാവുന്ന യാതൊന്നും അവർ രണ്ടാളും (നബിമാർ) ഒഴിവാക്കിക്കൊടുത്തില്ല (സ്ത്രീകളോട് )പറയപ്പെടുകയും ചെയ്തു : നരകത്തിൽ പ്രവേശിക്കുന്നവരോടൊപ്പം നിങ്ങൾ രണ്ടു പേരും പ്രവേശിച്ചുകൊള്ളുക (66:10)

വിശ്വസിച്ചവർക്കും അല്ലാഹു ഒരു ഉദാഹരണം എടുത്തുകാട്ടുന്നു ഫിർഔനിന്റെ ഭാര്യയെ അതായത് അവൾ പറഞ്ഞ സന്ദർഭം :എന്റെ റബ്ബേ എനിക്ക് നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരു വീട് സ്ഥാപിച്ചു തരേണമേ ഫിർഔനിൽ നിന്നും അവന്റെ പ്രവർത്തനങ്ങളിൽ നിന്നും നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ അക്രമികളായ ജനങ്ങളിൽ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ (66:11)

ഇംറാന്റെ മകൾ മർയമിനെയും (ഉദാഹരണമാക്കുന്നു ) മഹതി ചാരിത്ര്യ ശുദ്ധി സൂക്ഷിച്ചു നമ്മുടെ ആത്മാവിൽ നിന്നും നാം അതിൽ ഊതുകയും ചെയ്തു തന്റെ റബ്ബിന്റെ വചനങ്ങളെയും അവന്റെ വേദഗ്രന്ഥങ്ങളെയും മഹതി സത്യമാക്കി മഹതി ഭക്തരുടെ കൂട്ടത്തിൽ പെട്ടവൾ ആയിരുന്നു (66:12)

ഇംറാന്റെ മകളായി ജനിച്ച മർയം (റ) വളർന്നത് ബൈത്തുൽ മുഖദ്ദസിലാണ് സകരിയ്യ (അ) വളർത്തി സകരിയ്യ (അ) മുറിയിലേക്കു കടന്നുചെല്ലുമ്പോൾ മർയം (റ) യുടെ സുപ്രയിൽ വിശിഷ്ടമായ ആഹാരങ്ങൾ കാണും ആ കാലത്ത് വിളയാത്ത പഴവർഗങ്ങൾ കാണും ഇവയെല്ലാം എവിടെ നിന്ന് കിട്ടി ? സകരിയ്യ (അ) അതിശയത്തോടെ ചോദിക്കും മന്ദസ്മിതത്തോടെ മർയം (റ) നൽകുന്ന മറുപടി ഇത്രമാത്രം അല്ലാഹുവിന്റെ പക്കൽ നിന്ന്
നാല് വനിതകളിൽ നിന്ന് നാം പാഠം പഠിക്കേണ്ടതുണ്ട് അതിനുവേണ്ടിയാണ് ഇവരെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് 

ആസിയ (റ),മർയം (റ) അവർ സ്വർഗത്തിലെ റാണിമാർ അവരിൽ നിന്നാണ് നമ്മുടെ വനിതകൾ മാതൃക സ്വീകരിക്കേണ്ടത് അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ ആമീൻ..

ഭീതിയുടെ സൂര്യോദയം

ലൂത്വ് (അ) ബിംബാരാധകരായ ജനതയെ അല്ലാഹുവിലേക്ക് ക്ഷണിച്ചു നിരന്തരം ക്ഷണിച്ചു എല്ലാ വൃത്തികേടുകളും അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു

ആരും അനുകൂലമായി പ്രതികരിച്ചില്ല ഒരൊറ്റ പുരുഷൻ പോലും സത്യം സ്വീകരിക്കാൻ മുമ്പോട്ടു വന്നില്ല എല്ലാവരും ഒറ്റക്കെട്ടായി എതിർത്തു ഇതാണ് ലൂത്വ് (അ)ന്റെ ചരിത്രം എന്തൊരവസ്ഥ ? ചിന്തിക്കൂ സത്യത്തിലേക്ക് ക്ഷണിക്കാനിറങ്ങുന്ന ദീനീ പ്രവർത്തകർ ലൂത്വിനെ കുറച്ചു ചിന്തിക്കെട്ടെ

ലൂത്വിനെ നാട്ടിൽ നിന്ന് പുറത്താക്കുക അതായിരുന്നു അവരുടെ നിലപാട് അല്ലാഹു തന്നെ ലൂത്വ് (അ)നെ അന്നാട്ടിൽ നിന്ന് പുറത്താക്കി ഏറ്റവും നല്ല രീതിയിൽ പുറത്താക്കി

ശപിക്കപ്പെട്ട പിശാച് ആ സമൂഹത്തിൽ വന്നു സ്വവർഗ ഭോഗം പഠിപ്പിച്ചുകൊടുത്തു അതിൽ താൽപ്പര്യം ഉണ്ടാക്കി പിന്നെ താൽപ്പര്യം വളർത്തി സർവ്വത്ര വ്യാപിച്ചു

അവർ യാത്രക്കാരെ പിടിക്കൂടി കാമപ്പേക്കൂത്തുകൾ കാണിച്ചു ആളുകളെ പരിഹസിച്ചു സ്വത്ത് തട്ടിപ്പറിച്ചു സുഹൃത്തുക്കളെപോലും വഞ്ചിച്ചു നിഷിദ്ധമായ കാര്യങ്ങൾ പരസ്യമായി പറയുകയും പ്രവർത്തിക്കുകയും ചെയ്തു 

സദസ്സുകളിൽ വെച്ച് സ്വവർഗ ഭോഗം നടന്നപ്പോൾ പോലും ഉപദേശം നൽകാൻ ബുദ്ധിമാനോ നേതാവോ ഉണ്ടായില്ല എല്ലാവരും രസിച്ചു മദിച്ചു നീചകൃത്യം നടത്തിയവർക്ക് ഖേദമോ പശ്ചാത്താപമോ തോന്നിയില്ല അഭിമാനവും സന്തോഷവും മാത്രം ലൂത്വ് (അ)നെ കളിയാക്കി ശിക്ഷകൊണ്ടുവരൂ എന്ന് വിളിച്ചു പറഞ്ഞു ബുദ്ധിമുട്ടിച്ചു

ഗത്യന്തരമില്ലാതായപ്പോൾ ലൂത്വ് (അ)പ്രാർത്ഥിച്ചു അക്രമികളായ ജനതക്കെതിരെ എന്നെ നീ സഹായിക്കേണമേ ആ പ്രാർഥന അല്ലാഹു സ്വീകരിച്ചു ഇബ്രാഹിം നബി (അ)മലക്കുകളുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചു പലരും വിവരിച്ചിട്ടുണ്ട്

സഈദുബ്നു ജുബൈർ ,സുദി , ഖത്താദ, മുഹമ്മദ് ബ്നു ഇസ്ഹാഖ് എന്നിവരുടെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം :

അന്നാട്ടിൽ മുന്നൂറ് മുഹ്മിനീങ്ങളുണ്ടങ്കിൽ നിങ്ങൾ നാട് നശിപ്പിക്കുമോ ? ഇബ്രാഹിം (അ)ചോദിച്ചു 

ഇല്ല നശിപ്പിക്കില്ല - മലക്കുകളുടെ മറുപടി ഇരുന്നൂറ് മുഹ്മിനീങ്ങളുണ്ടെങ്കിലോ ?
ഇല്ല നശിപ്പിക്കില്ല 

നാൽപ്പത് മുഹ്മിനീങ്ങളുണ്ടെങ്കിലോ ? 

ഇല്ല 

പതിനാല് മുഹ്മിനീങ്ങളുണ്ടെങ്കിലോ ?
ഇല്ല 

ഇബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ടിൽ ഇത്രവരെയുണ്ട് 

ഒരു മുഹ്മിൻ ഉണ്ടെങ്കിലോ ? 

ഇല്ല

ഇത്രയുമായപ്പോൾ മനസ്സിൽ പ്രതീക്ഷയായി എന്നിട്ട് പറഞ്ഞു; അവിടെ ലൂത്വ് ഉണ്ടല്ലോ ലൂത്വിനെയും കുടുംബത്തെയും രക്ഷപ്പെടുത്തുമെന്ന് മലക്കുകൾ പറഞ്ഞു

മുഫസ്സിരീങ്ങളുടെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം :

ജിബ്രീൽ (അ) ,മീക്കാഈൽ (അ),ഇസ്റാഫീൽ (അ) എന്നീ മലക്കുകൾ സദൂമിലേക്ക് വന്നു നല്ല കോമള യുവാക്കളായിവന്നു അവർ ലൂത്വ് (അ) ന്റെ വീട്ടിലെത്തുമ്പോൾ സൂര്യൻ അസ്തമിക്കാറായിട്ടുണ്ട് ഞങ്ങളെ ഇന്നത്തേക്ക് അതിഥിയായി സ്വീകരിക്കണം..\

യുവാക്കളുടെ അപേക്ഷ കേട്ടപ്പോൾ നബിക്ക് ഭയമായി തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ താൻ സ്വീകരിച്ചില്ലെങ്കിൽ അവർ മറ്റേതെങ്കിലും വീട്ടിൽ ചെല്ലും ആരും അവരെ സ്വീകരിക്കും ഈ രാത്രിയിൽ വലിയ ലൈംഗിക പീഡനം നടക്കും ഓർക്കാൻ വയ്യ താനവരെ അതിഥികളായി സ്വീകരിച്ചാലോ ? ആരെങ്കിലും അറിഞ്ഞാൽ കുഴപ്പമാകും ഭാര്യ തന്നെ രഹസ്യം പുറത്താക്കും രണ്ട് ചിന്തകൾ മനസ്സ് നീറി ഒടുവിൽ അവരെ അതിഥികളായി സ്വീകരിച്ചു സുദിയുടെ റിപ്പോർട്ടിൽ ഇങ്ങനെയുണ്ട് :

മലക്കുകൾ ഉച്ച സമയത്താണ് സദൂമിലെത്തിയത് നദിയുടെ കരയിലാണ് വന്നത് ലൂത്വ് (അ)ന്റെ രണ്ട് പുത്രിമാർ അപ്പോൾ അവിടെയുണ്ടായിരുന്നു അവർ വെള്ളമെടുക്കാൻ വന്നതായിരുന്നു മൂത്ത മകളുടെ പേര് റീസാ എന്നായിരുന്നു ഇളയ പുത്രി ദഗ് രിതാ കോമള യുവാക്കളെ കണ്ടപ്പോൾ അവർക്ക് വൈപ്രാളമായി ജനങ്ങൾ ഉപദ്രവിക്കുമോ എന്ന പേടി യുവാക്കൾ അവരോട് സംസാരിച്ചു താമസിക്കാനൊരു ഇടം കിട്ടുമോ ? അവർ വീട്ടിലേക്കോടി പിതാവിനോട് സംസാരിച്ചു മൂന്നു യുവാക്കൾ പട്ടണത്തിന്റെ വാതിക്കൽ നിൽക്കുന്നു കാണാനഴകുള്ളവരാണ് ലൂത്വ് (അ)ന് ബേജാറായി പോയി അവരെ വിളിച്ചു കൊണ്ടു വന്നു വീട്ടിലാക്കി വാതിലടച്ചു ഇതിന്നിടയിൽ ഭാര്യ പട്ടണവാസികളെ രഹസ്യം അറിയിച്ചു

ഖത്താദയുടെ റിപ്പോർട്ട് ഇങ്ങനെയാണ്;

ലൂത്വ് (അ)ന്റെ കൃഷിസ്ഥലത്തായിരുന്നു കൃഷിപ്പണികൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മലക്കുകൾ വന്നത് നാടുവിട്ടുള്ള യാത്രയെക്കുറിച്ചു വിവരണങ്ങളുണ്ട് പിന്നിൽ നിന്ന് എന്ത് ശബ്ദം കേട്ടാലും പിന്തിരിഞ്ഞ് നോക്കരുത് പുലരുവോളം യാത്ര തന്നെ പ്രഭാതമായി സൂര്യോദയ സമയമായി അപ്പോൾ ഉഗ്ര ശബ്ദങ്ങൾ കേട്ടു നാട് കീഴ്മേൽ മറിക്കപ്പെട്ടു സ്വവർഗ ഭോഗികളായ സമൂഹം നശിപ്പിക്കപ്പെട്ടു പക്ഷെ ഇബ്ലീസ് വെറുതെയിരുന്നില്ല പിൽക്കാലത്തും അവൻ ജോലി തുടർന്നു ആൺകുട്ടികളെ ഭോഗിക്കാനുള്ള ആവേശം മനുഷ്യ മനസ്സുകളിൽ അവൻ ഇട്ടുകൊടുത്തുകൊണ്ടിരുന്നു പലകാര്യങ്ങളിലും പിശാചിനെ അനുസരിക്കുന്ന മനുഷ്യർ ഇക്കാര്യത്തിലും അതുതന്നെ സ്വീകരിച്ചു ആൺകുട്ടികളുമായി ലൈംഗിക ബന്ധം പുലർത്തുക അതിൽ ആനന്ദം കണ്ടെത്തുക അതിന് പണം ചെലവഴിക്കുക അതൊരു നിസാര കാര്യമായി കാണുക കുറ്റകരമല്ലെന്ന തോന്നൽ നിലനിർത്തുക ഇതൊക്കെയാണ് പിൽക്കാലത്ത് സംഭവിച്ചത് ഇത് നിസാര കാര്യമാണോ ? 

അല്ല ഇത് ഗുരുതരമാണ് ശിക്ഷ നിശ്ചയിച്ചിട്ടുണ്ട് ഇമാം അഹ്മദ് (റ)റിപ്പോർട്ട് ചെയ്യുന്നു ഇക്രിമ, ഇബ്നു അബ്ബാസ് എന്നിവരിൽ നിന്ന് നിവേദനം നബി(സ)പറഞ്ഞു :മൻ വജദ്ത്തുമൂഹു യഹ്മലു അമല ഖൗമി ലൂത്വ് ഫഖ്ത്തുലൂൽ ഫാഇല വൽ മഫ്ഊൽ ബിഹി
(ആരെങ്കിലും ലൂത്വിന്റെ സമൂഹത്തിന്റെ നീചവൃത്തി ചെയ്യുന്നതായി കണ്ടാൽ ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും വധിച്ചുകളയുക )

ഒരു സമൂഹത്തിൽ ഈ ദുഷ്കർമം വ്യാപിച്ചു കഴിഞ്ഞാൽ അവർ അല്ലാഹുവിന്റെ കോപത്തിനിരയായിത്തീരും അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ നിന്നകന്നുപോവും സാമ്പത്തിക നേട്ടങ്ങളും പേരും പെരുമയും ആൾബലവുമെല്ലാം കാണും ദുഷ്കർമം ചെയ്തതിന് തൗബ ചെയ്യാതെ മരണപ്പെട്ടാൽ അവിടെയാണ് കാര്യം കഴിയുന്നത് ദുനിയാവല്ല പരലോകം അവിടത്തെ അവസ്ഥ വേറെയാണ് ആധികാരിക ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നത് അങ്ങനെയാണ്..

ചാവുകടൽ 

സദൂം പ്രദേശത്ത് ഈ നീചകൃത്യം ആരംഭിച്ചതെങ്ങനെ ? അതിനെക്കുറിച്ചു ചിന്തിക്കാം

സദൂം അക്കാലത്ത് ഫലഭൂയിഷ്ഠമായ പ്രദേശമാണ് കൃഷിയും പഴവർഗങ്ങളും കന്നുകാലികളും കണക്കില്ലാതെ വർദ്ധിച്ചു ആളുകൾ ആരോഗ്യവാന്മാർ നന്നായി അധ്വാനിക്കും ഐശ്വര്യം കളിയാടും കാലം പുറംനാടുകളിൽ നിന്നൊക്കെ ആളുകൾ വരും പട്ടണങ്ങളിൽ ജനസംഖ്യ കൂടി

കോമളനായ ഒരു ബാലൻ പട്ടണത്തിൽ വന്നു നോക്കിനിന്നുപോവും എന്തൊരഴകാണിത് പുരുഷന്മാരുടെ സമീപത്തേക്കാണവർ വന്നത് പുരുഷന്മാരെ തൊട്ടു കെട്ടിപ്പിടിച്ചു അവരെ ആവേശം കൊള്ളിച്ചു ശരീര ഭാഗങ്ങൾ കാണിച്ചു പ്രലോഭിപ്പിച്ചു ലൈംഗിക വേഴ്ചക്കു ക്ഷണിച്ചു 

ചിലർ ഭക്ഷണം സ്വീകരിച്ചു ചരിത്രത്തിലാദ്യമായി അത് സംഭവിച്ചു പുരുഷൻ പുരുഷനിൽ കാമസംതൃപ്തി നേടി കോമള ബാലൻ ആരായിരുന്നു? 

ശപിക്കപ്പെട്ട ഇബ്ലീസ് ഇനി നിങ്ങൾ പരസ്പരം ഇത് ചെയ്യുക ഇബ്ലീസ് ഉപദേശിച്ചു അവർ അനുസരിച്ചു നീചകൃത്യം ഒരു സമുദായമാകെ പടരുകയാണ് അതിന്റെ പുരോഗതി കണ്ടറിയാൻ ഇബ്ലീസ് ഇടക്കിടെ വരും സദൂമിലെ സമ്പൽ സമൃദ്ധി കാരണം ദൂരെ നാടുകളിൽ നിന്നൊക്കെ ധാരാമാളുകൾ അവിടേക്ക് വന്നുകൊണ്ടിരുന്നു സ്വദേശികൾക്ക് വിദേശികൾ ശല്യമായിത്തീർന്നു

വിദേശികൾക്കെതിരെ വിരോധമനോഭാവം വളർന്നു ഈ തക്കം മുതലെടുക്കാൻ ഇബ്ലീസ് വന്നു ഒരു ഗുണകാംക്ഷിയുടെ വേഷത്തിലാണ് വരവ് സദൂമുകാരുമായി സംസാരിച്ചു വിദേശികളുടെ ആഗമനം കുറക്കണം അതിനെന്തു വഴി ? 

ഇബ്ലീസ് വഴി പറഞ്ഞുകൊടുത്തു വിദേശത്തു നിന്ന് വരുന്നവരിൽ നല്ല യുവകോമളന്മാരും ചന്തമ്മുള്ള ബാലന്മാരുമുണ്ടാവും അവരെ ലൈംഗിക വേഴ്ചക്കു വിധേതരാക്കുക ബലം പ്രയോഗിച്ച് നഗ്നരാക്കുക ലൈംഗിക പീഡനം നടത്തുക സദൂമുകാർക്ക് ഇതിലും സന്തോഷകരമായ ഒരു നിർദ്ദേശം കിട്ടിനില്ല യാത്രാ സംഘങ്ങളിലെ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരെയെല്ലാം അവർ പിടികൂടി സദൂമുകാർ സ്വയം നഗ്നത കാണിച്ചു നാട്ടിലെത്തിയവരെ ബലം പ്രയോഗിച്ചു നഗ്നരാക്കി വിരുന്നു വന്നവരെ അപമാനിക്കുന്ന അവസ്ഥയായി പുരുഷ ലൈംഗികതയുടെ അരാജകത്വം

അത് വളർന്നു ശക്തി പ്രാപിച്ചപ്പോഴാണ് അവർക്ക് മുന്നറിയിപ്പ് കൊടുക്കാൻ ലൂത്വ് (അ) നെ അല്ലാഹു നിയോഗിച്ചത് വളരെ ത്യാഗം സഹിച്ചു ശ്രമിച്ചിട്ടും ഒരൊറ്റ പുരുഷൻ പോലും നീചകൃത്യത്തിൽ നിന്ന് പിന്തിരിഞ്ഞില്ല ഇവിടെ നന്നായി ചിന്തിക്കേണ്ടതുണ്ട് വേശ്യാവൃത്തിയിൽ ഏർപ്പെട്ട സ്ത്രീ പുരുഷന്മാർ പിൽക്കാലത്ത് പശ്ചാത്തപിക്കാറുണ്ട് കണ്ണീരൊഴുക്കി തൗബ ചെയ്യാറുണ്ട് നല്ലവരയിത്തീരാറുണ്ട് വ്യഭിചരിച്ച പുരുഷ്യന്മാരും സ്ത്രീകളും നബി(സ) തങ്ങളെ സമീപിച്ചു സങ്കടം പറഞ്ഞ ചരിത്രമുണ്ട് ശിക്ഷ ചോദിച്ചുവാങ്ങിയവരുമുണ്ട് മുൻപ്രവാചകന്മാരുടെ കാലത്തും അതുണ്ടായിട്ടുണ്ട് സ്വവർഗ ഭോഗികളായ പുരുഷന്മാർക്ക് ഇതുപോലെ പശ്ചാത്താപബോധം വരാറില്ല സദൂം സമൂഹത്തിലെ ഒരാൾ പോലും പശ്ചാത്തപിച്ചില്ല ഇന്നത്തെ അവസ്ഥയും അങ്ങനെതന്നെ വ്യഭിചാരികൾ നന്നായാലും ഇവർ നന്നാവില്ല സാധ്യത കുറവാണ് കർമങ്ങളും പ്രസംഗങ്ങളും കാണും ഫലമില്ല ഈ നീചകൃത്യം ചെയ്യുന്നവരുടെ മനസ്സ് വെളിച്ചം സ്വീകരിക്കില്ല ഇരുട്ടിനെ മാത്രം സ്വീകരിക്കും

വളരെ പ്രസിദ്ധമായൊരു സംഭവം പറയാം

അബൂബക്കർ സിദ്ധീഖ് (റ)വിന്റെ ഖിലാഫത്ത് കാലം ഖാലിദുബ്നുൽ വലീദ് (റ) വിദൂര ദിക്കുകളിൽ സഞ്ചരിക്കുകയാണ് അദ്ദേഹം ചില അറബികളെ കണ്ടെത്തി അവർ പുരുഷന്മാരുമായി ലൈംഗിക വേഴ്ച നടത്തുന്നു പുരുഷൻ പുരുഷനെ വിവാഹം കഴിക്കുന്നു ഒന്നിച്ചു ജീവിക്കുന്നു

ഇസ്ലാമിന് ദുഷ്പേരുണ്ടാക്കുന്ന നീചകൃത്യം ഖാലിദ് (റ) വിന് കോപം വന്നു ഇവരെ എന്തു ചെയ്യണം ?

ഉടനെ ഖലീഫയെ വിവരം അറിയിച്ചു എന്ത് ശിക്ഷ നൽകണമെന്ന് അന്വേഷിച്ചു
ഖലീഫ പ്രമുഖ സ്വഹാബികളെയെല്ലാം വിളിച്ചുവരുത്തി പ്രശ്നം ഗൗരവമായി ചർച്ച ചെയ്തു അലി (റ)ലൂത്വ് (അ)ന്റെ സമൂഹത്തെക്കുറിച്ചും അവർക്കിറങ്ങിയ ശിക്ഷയെക്കുറിച്ചും ഗൗരവമായി സംസാരിച്ചു ഏറ്റവും ക്രൂരമായ ശിക്ഷ നൽകണമെന്ന് വാദിച്ചു സദസ്സിന്റെ തീരുമാനം ഇതായിരുന്നു അവരെ കരിച്ചുകളയുക ആ ശിക്ഷയാണ് നടപ്പിൽ വന്നത്

നാല് ഭരണാധികാരികളുടെ കാലത്ത് ഇതേ ശിക്ഷ നടപ്പിലാക്കേണ്ടിവന്നിട്ടുണ്ട്

1.അബൂബക്കർ (റ)
2.അലിയ്യുബ്നു അബീത്വാലിബ് (റ)
3. അബ്ദുല്ലാഹിബ്നു സുബൈർ (റ)
4 ഹിശാമുബ്നു അബ്ദുൽ മാലിക് (റ)

ഇത്തരക്കാരെ എറിഞ്ഞുകൊല്ലണമെന്ന് വിധി പ്രഖ്യാപിച്ച നിരവധിപേരുണ്ട്
സഈദുബ്നു മുസയ്യബ് (റ), ഹസൻ ബസ്വരി (റ) ,അത്വാഹ് (റ) തുടങ്ങി നിരവധിപേർ

ഇമാം ഗസ്സാലി (റ) ,ഇമാം ശാഫീ (റ) തുടങ്ങിയവർ ഈ അഭിപ്രായക്കാരായിരുന്നുവെന്ന് കാണുന്നു

ഈസാ (അ)ഖബറിലെ കാഴ്ചകൾ കാണും ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നതിങ്ങനെ :
ഒരു പുരുഷന്റെ ശരീരത്തിൽ തീ കത്തുന്നു സംഭവമറിയാൻ ആഗ്രഹം തോന്നി അതിനുവേണ്ടി ശ്രമിച്ചു അയാളുടെ ശരീരത്തിൽ വെള്ളമൊഴിച്ചു

തീ ഒരാൺകുട്ടിയായി മാറി

ഇങ്ങനെ ശിക്ഷിക്കപ്പെടാൻ എന്താണ് കാരണം? ഈസാ(അ)ആ പുരുഷനോട് ചോദിച്ചു :

പുരുഷൻ പറഞ്ഞു : ദുനിയാവിൽ വെച്ച് ഞാനും ഈ കുട്ടിയും തമ്മിൽ വളരെ സ്നേഹത്തിലായിരുന്നു ലൈംഗിക ബന്ധം തുടങ്ങി പിന്നെ വേർപിരിയാൻ പറ്റാതായി കുറെകാലം കഴിഞ്ഞു ഞാൻ മരിച്ചു കുട്ടിയും മരിച്ചു കുട്ടി തീയ്യായി മാറി എന്നെ കരിച്ചുകൊണ്ടിരിക്കും പിന്നെ ഞാൻ തീയ്യായി മാറി കുട്ടിയെ കരിക്കും ഈ ശിക്ഷ ഞങ്ങൾ അനുഭവിച്ചുവരുന്നു

സുഫ്യ്യാനുസൗരി (റ) എന്ന മഹാൻ ഒരു കുളിമുറിയിൽ കയറി അഴകുള്ള ഒരു ബാലൻ കുളിക്കാൻ വേണ്ടി അതേ കുളിമുറിയിൽ കയറിവന്നു പെട്ടെന്ന് മഹാന്റെ അട്ടഹാസം കേട്ടു ഈ കുട്ടിയെ പിടിച്ചു കൊണ്ട് പോവൂ അദ്ദേഹം ഇത്രകൂടി പറഞ്ഞു : ഒരു സ്ത്രീയുടെ ശരീരത്തിൽ ഒരു ശൈത്താനാണുള്ളതെങ്കിൽ ഇത്തരം ബാലന്മാരിൽ പത്തിലേറെ ശൈത്താന്മാരുണ്ടാവും

ഒരിക്കൽ അബ്ദുൽ ഖൈസ് ഗോത്രത്തിൽ നിന്ന് ഒരു കൂട്ടമാളുകൾ നബി (സ)തങ്ങളെ കാണാൻ വന്നു അക്കൂട്ടത്തിൽ കാണാനഴകുള്ള ഒരു കൗമാരക്കാരനുണ്ടായിരുന്നു ആളുകളുടെ ശ്രദ്ധയിൽ പെടാത്തവിധം അവനെ പിന്നിലേക്ക് മാറ്റിയിരുത്തുകയാണ് നബി(സ) തങ്ങൾ ചെയ്തത് ലൈംഗിക വേഴ്ചക്കാരായ കുട്ടികളിലൂടെയുണ്ടാവുന്ന ഫിത്ന സ്ത്രീകളിലൂടെയുണ്ടാവുന്നതിനേക്കാൾ എത്രയോ കൂടുതലാണെന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട്

ഇബാദത്തെടുക്കുന്ന പുരുഷന്മാർ വന്യജീവികളെക്കാളേറെ ഭയപ്പെടേണ്ടത് ഇത്തരം കുട്ടികളെയാണെന്ന് പറയപ്പെട്ടിട്ടുണ്ട്

ലൂത്വ് സമൂഹത്തിന്റെ പണി ചെയ്തവൻ തൗബയില്ലാതെ മരിച്ചാൽ ഖബറിൽ പന്നിയായി കോലം മറിക്കപ്പെടും ഇത്തരം കുട്ടികളെ നോക്കലും ,സ്പർശിക്കലും ,കൈ പിടിക്കലും ,ആലിംഗനം ചെയ്യലുമെല്ലാം കുറ്റകരമാണ്

അബൂഹുറൈറ (റ)റിപ്പോർട്ട് ചെയ്യപ്പെടുന്നു

നബി (സ)തങ്ങൾ മൽഊൻ (ശപിക്കപ്പെട്ടവൻ) എന്ന് മൂന്നു തവണ പറഞ്ഞു സ്വഹാബികൾ ആകാംക്ഷാഭരിതരായി അപ്പോൾ ആരാണ് മൽഊൻ എന്ന് വ്യക്തമാക്കപ്പെട്ടു

മൻ അമില ഖൗമി ലൂത്വ്
ലൂത്വിന്റെ സമുദായം ചെയ്ത നീചകൃത്യം ചെയ്തവൻ

നബി (സ) പറഞ്ഞു സ്വവർഗ ഭോഗം ഒരു സമൂഹത്തിൽ വ്യാപിച്ചുകഴിഞ്ഞാൽ അല്ലാഹു അവരെ പരിഗണിക്കുകയേയില്ല അല്ലാഹു തന്റെ കൈ അവരിൽ നിന്ന് ഉയർത്തിക്കളയും അവർ എവിടെ ചെന്ന് നശിച്ചാലും വിരോധമില്ല എന്ന മട്ടിൽ
നബി (സ)പറഞ്ഞു : എന്റെ സമൂഹത്തിൽ ഞാൻ ഏറ്റവും ഭയപ്പെടുന്നത് ലൂത്വ് സമൂഹത്തിന്റെ നീചവൃത്തിയാകുന്നു

ഒരു കാലം വരും സ്വവർഗ ഭോഗം വ്യാപിക്കും പണ്ട് കേട്ടിട്ടില്ലാത്ത രോഗങ്ങളും വേദനങ്ങളും അതിന്റെ ഫലമായി ഉണ്ടാകും പണ്ട് കാലത്ത് തന്നെ സ്വവർഗ ഭോഗികളെ പ്ലേഗ് രോഗം ബാധിച്ചിരുന്നു ഈ നീചകൃത്യം ചെയ്തവരെ ഉയരമുള്ള സ്ഥലത്ത് നിർത്തി എറിഞ്ഞുകൊല്ലണമെന്ന് വിധിച്ചവരുണ്ട്

സമൂഹം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം ലൂത്വ് (അ ) ന്റെ മടക്കയാത്രയെ കുറിച്ചുള്ള ഒരു റിപ്പോർട്ട് കൂടി ഉദ്ധരിക്കാം

മലക്കുകളുടെ നിർദ്ദേശമനുസരിച്ച് ലൂത്വ് (അ) തന്റെ വീട്ടുസാമാനങ്ങളുമെടുത്ത് പുത്രിമാരോടൊപ്പം യാത്ര തിരിച്ചു

ജിബ്രീൽ (അ ) കൂടെ നടന്നു

എപ്പോഴാണ് ശിക്ഷ വരികയെന്ന് നബി ഉൽക്കണ്ഠയോടെ ചോദിച്ചു

പ്രഭാതത്തിലാണെന്ന് ജിബ്രീൽ (അ) പറഞ്ഞു പ്രഭാതമാവാൻ ഇനിയും കുറെ സമയമുണ്ടല്ലോ നബി ആശ്വാസം കൊള്ളാൻ ശ്രമിച്ചു

ഇല്ല പ്രഭാതം അടുത്തെത്തിക്കഴിഞ്ഞു ജിബ്രീൽ (അ)മറുപടി നൽകി അതോടെ യാത്രയുടെ വേഗത കൂടി

അവർ സഹ്റാ എന്ന സ്ഥലത്തെത്തി

നബിയും കുടുംബവും വളരെ വേഗത്തിൽ മുമ്പോട്ട് നീങ്ങുകയാണ് അപ്പോൾ ജിബ്രീൽ (അ)മലക്കുകൾക്ക് കൽപ്പന കൊടുത്തു നാടുകൾ മറിച്ചിടുക

ഘോര ശബ്ദം ഉയർന്നു കേട്ടു നബിയും കുടുംബവും തിരിഞ്ഞുനോക്കാതെ നടന്നു ചാവുകടലായി എല്ലായിടത്തും വെള്ളം കയറി ചൂടുള്ള വെള്ളം ഒന്നിനും കൊള്ളാത്ത വെള്ളം ഉപ്പിന്റെ അളവ് വളരെ കൂടുതലാണ് മത്സ്യത്തിന് അതിൽ ജീവിക്കാനാവില്ല ജലജീവികൾക്കൊന്നിനും അതിൽ സഞ്ചരിക്കാനാവില്ല കരയും ശപിക്കപ്പെട്ടതായി ഒരു കാലത്ത് എത്ര ഫലസമൃദ്ധമായിരുന്നു ഇന്ന് ഒന്നിനും കൊള്ളാതായി ചാവുകടലിന് പേരുകൾ പലതുണ്ട് 

ബഹ്റു ലൂത്വ് (ലൂത്വ് കടൽ ) 

ദുർഗന്ധക്കടൽ ബഹ്റുൽ മിൽഹ് (ഉപ്പു കടൽ) 

ബൈഹൈറത്തുൽ ബരിയ്യഃ (മരുഭൂ തടാകം )

ബുഹൈറത്ത് സദൂം (സദൂം തടാകം )

സ്വവർഗ രതിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പല രാഷ്ട്രങ്ങളും സ്വീകരിച്ചുകാണുന്നത് സ്വവർഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു അധാർമികതയിലേക്കുള്ള കൂപ്പുകുത്തലാണത് യാതൊരു നന്മയും അതിൽ നിന്നുണ്ടാവാനില്ല അത് പ്രകൃതി വിരുദ്ധമാണ്

സ്ത്രീ പുരുഷന്മാർ നിയമ പ്രകാരം വിവാഹിതരാവുക ഭാര്യാ ഭർത്താക്കന്മാരായി സന്തോഷകരമായ ജീവിതം നയിക്കുക അവിടെയാണ് ശാന്തിയും സമാധാനവും അവിടെയാണ് വളർച്ചയും പുരോഗതിയും

പ്രകൃതി വിരുദ്ധമായ വഴിയിലൂടെ പോയാൽ മനുഷ്യമനസ്സുകൾ പൊള്ളുന്ന മരുഭൂമികളായി മാറും ആ വഴിയിലൂടെ പോവരുത് ലൂത്വ് (അ)പുത്രിമാരോടൊപ്പം ഇബ്രാഹിം (അ (ന്റെ വീട്ടിൽ എത്തിച്ചേർന്നു ഏഴ് വർഷം കൂടി അദ്ദേഹം ജീവിച്ചിരുന്നതായി ചില റിപ്പോർട്ടുകളിൽ കാണുന്നു

ഫലസ്തീനിലെ ജനങ്ങൾക്കിടയിൽ താമസിച്ചു അവിടെ വെച്ചു മരണപ്പെടുകയും ചെയ്തു ഇബ്രാഹിം (അ (ന്റെ ഖബറിന്നരികിൽ തന്നെ ലൂത്വ് (അ)ഖബറടക്കപ്പെട്ടു അതിന് ശേഷം സഹസ്രാബ്ദങ്ങൾ പലതും കടന്നുപോയി ഫലസ്തീനിൽ എന്തുമാത്രം മാറ്റങ്ങളുണ്ടായി ഒരു മാറ്റവുമില്ലാതെ ഏവർക്കും പാഠമായി ആ കടൽ ഇന്നും അവിടെ നിലനിൽക്കുന്നു ചാവുകടൽ

 ഇതോടെ ഈ ചരിത്രം അവസാനിച്ചു..

കടപ്പാട് : ഇത് എഴുതി നമ്മളിൽ എത്തിച്ച വ്യക്തിയോട് 

3 comments:

  1. അസ്സലാമു അലൈകും വായിച്ചു നല്ല അവതരണം ,നന്നയിട്ടുണ്ട്. ഇത് നിങ്ങൾക്ക് എവിടുന്നാ കിട്ടിയത്. ഞാൻ അയ്യൂബ് നബിയെ കുറിച്ച് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഹൗറാൻ എന്നല്ലേ ഈ സ്ഥലത്തിന്റെ ഉച്ചാരണം ഈ സ്ഥലം സിറിയയുടെ അതിർത്തിയിലാണെന്നു തോന്നുന്നു 

    ReplyDelete
    Replies
    1. അതേ , ഹൗറാൻ എന്നാണ് .

      തെക്കൻ സിറിയയിലെയും വടക്കൻ ജോർദാനിലെയും ചില ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് ഹൗറാൻ (അറബിക്: حوران)

      Delete