Thursday 16 February 2017

ഹബീബ് (സ) യോടുള്ള പ്രണയത്തിനു അതിരുകളില്ല





ഞാനിതാ മദീനയിലേക്ക് തിരിഞ്ഞിരിക്കുന്നു.എന്റെ പ്രായവും നരയും വൈതരാണികളല്ല .ഹര്‍ഷാരവത്തോടെ പ്രണയ ഗീതങ്ങളിതാ ഞാന്‍ പാടുന്നു.പകല്‍ മുഴുവന്‍ ആകാശത്തില്‍ ചിറകടിച്ചലഞ്ഞ പക്ഷിയെപ്പോലെയാണ് ഞാന്‍ .പകലോന്‍ മറഞ്ഞിരിക്കുന്നു.ആ പക്ഷിയിതാ തളര്‍ന്ന ചിറകുമായി കൂട് തേടി പറക്കുന്നു.തന്റെ അഭയ കേന്ദ്രത്തില്‍ അത് രാപ്പാര്‍ക്കുന്നു .
                                                               ---അല്ലാമാ ഇഖ്‌ബാല്‍ 


മുഹമ്മദുബ്'നു  സഈദുബ്നുല്‍ മുത്'രിഫ്  (റ ) പറയുന്നു."ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം ഒരു നിശ്ചിത എണ്ണം സ്വലാത്ത് ചൊല്ലിയിരുന്നു.ഒരു രാത്രി ഞാന്‍ നിശ്ചിത സ്വലാത്ത് പൂര്‍ത്തിയാക്കി .എന്റെ കണ്‍പോളകള്‍ കനത്തു.എന്റെ ശയനമുറിയില്‍ നിദ്രപൂണ്ടു.അപ്പോള്‍ നബി ( സ്വല്ലല്ലാഹു അലൈഹി വസല്ലം ) എന്റെ മുറിയില്‍ വന്നു.അവിടെ പ്രകാശം നിറഞ്ഞു.എന്റെ സമീപത്തു വന്നു നബി ( സ്വല്ലല്ലാഹു അലൈഹി വസല്ലം ) പറഞ്ഞു:"എന്റെ മേല്‍ അധികരിച്ചു  സ്വലാത്ത് ചൊല്ലുന്ന ആ വായ ഒന്ന് തരൂ.ഞാനൊന്നു ചുംബിക്കട്ടെ."
ഇബ്'നു സഈദ് പറയുന്നു :"നബി ( സ്വല്ലല്ലാഹു അലൈഹി വസല്ലം )എന്റെ വായില്‍ ചുംബിക്കുന്നതിനിടയില്‍ നാണിച്ചു ഞാന്‍ മുഖം തിരിച്ചു.അപ്പോള്‍ നബി ( സ്വല്ലല്ലാഹു അലൈഹി വസല്ലം ) എന്റെ കവിളില്‍ ചുംബിച്ചു .ഞാന്‍ ഞെട്ടിയുണര്‍ന്നു .എന്റെ ചാരത്തുണ്ടായിരുന്ന സഹധര്‍മിണിയും  ഉണര്‍ന്നു.അപ്പോള്‍ മുറിയില്‍ കസ്തൂരിയുടെ സുഗന്ധം വമിക്കുന്നുണ്ടായിരുന്നു.നബി ( സ്വല്ലല്ലാഹു അലൈഹി വസല്ലം) യുടെ ചുംബനത്താല്‍ എന്റെ കവിളില്‍ ദിവസങ്ങളോളം കസ്തൂരിയുടെ മണം  നിലനിന്നിരുന്നു.എന്റെ ഭാര്യ  അത് ആസ്വദിച്ചിരിന്നു..


ഒരു സ്വഹാബി വന്ന് നബി(സ) യോട് ചോദിച്ചു: "യാ റസൂലല്ലാഹ് എന്നാണ് ഖിയാമത്ത് നാള്‍"? അവിടുന്ന് ചോദിച്ചു: "അതിനെ നേരിടാന്‍ നീ എന്താണ് തയ്യാറാക്കിയിട്ടുള്ളത്?" സ്വഹാബി പറഞ്ഞു: "എന്‍റെയടുക്കല്‍ കൂടുതല്‍ നിസ്കാരമോ നോമ്പോ സ്വദഖയോ ഇല്ല. പക്ഷെ ഞാന്‍ അല്ലാഹുവിനേയും അങ്ങയേയും വല്ലാതെ സ്നേഹിക്കുന്നു." അപ്പോള്‍ നബി(സ) പറഞ്ഞു: "താങ്കള്‍ ആരെയാണോ സ്നേഹിച്ചത് അവരോടൊപ്പമാണ്."

💥 ഇബ്നു മസ്ഊദ് പറയുന്നു: 'ഹംസ(റ)വിന്റെ പേരില്‍ നബി തിരുമേനി കരയുന്നതുപോലെ മറ്റാരുടെ പേരിലും അവിടുന്നു കരയുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല.

💥 അബൂ സഈദില്‍ ഖുദ്രിയുടെ പിതാവ് മാലിക്ബിന്‍ സിനാന്‍ തിരുമേനിയുടെ കവിളിലെ മുറിവില്‍നിന്ന് രക്തം ഉറുഞ്ചിയെടുത്ത് അതു ശുദ്ധിയാക്കി. റസൂല്‍(സ) പറഞ്ഞു: 'അത് തുപ്പിക്കളയൂ' അദ്ദേഹം: 'ഞാനത് ഒരിക്കലും തുപ്പിക്കളയില്ല'. പിന്നീടദ്ദേഹം യുദ്ധക്കളത്തിലേക്ക് തിരിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: 'സ്വര്‍ഗവാസിയെ കാണാനാഗ്രഹിക്കുന്നവര്‍ ഇദ്ദേഹത്തെ നോക്കുക:' അതില്‍ അദ്ദേഹം രക്തസാക്ഷിയായി.

💥 യുദ്ധത്തിനിടയില്‍ ഖതാദയുടെ ഒരു കണ്ണ് അമ്പേറ്റ് കവിളിലേക്ക് തുറിച്ചപ്പോള്‍ തിരുമേനി അത് പൂര്‍വസ്ഥിതിയില്‍ തന്നെ സ്ഥാപിച്ചു. പിന്നീട് അതായിരുന്നു മറ്റേ കണ്ണിനേക്കാള്‍ കാഴ്ചയുണ്ടായിരുന്നത്.

💥 അബൂദുജാന തന്റെ മുതുക് ഒരു പരിചയാക്കിമാറ്റി നബി തിരുമേനിക്ക് നേരെ വന്ന അമ്പുകള്‍ ഏറ്റുവാങ്ങി.

💥 ജനങ്ങളുടെ നിലപാട് അറിയാന്‍ നബി(സ) അവരുടെ ഭാഗത്തേക്ക് എത്തിനോക്കിയാല്‍ അബൂത്വല്‍ഹ പറയും: 'എന്റെ മാതാപിതാക്കളെ ഞാന്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു. 'താങ്കള്‍ അങ്ങനെ നോക്കരുത്, ശത്രുക്കളുടെ അമ്പ് താങ്കളുടെ ശരീരത്തില്‍ പതിക്കാന്‍ ഇടയാകും. ഞാന്‍ എന്റെ മാറിടം കൊണ്ട് അങ്ങയുടെ മാറിടത്തെ പ്രതിരോധിച്ചു കൊള്ളാം.

💥 റസൂല്‍(സ)ക്ക് കവിളില്‍ ഏറുകൊണ്ടത് കാരണം അവിടുന്ന് ശിരസിലണിഞ്ഞിരുന്ന ഇരുമ്പുതൊപ്പിയുടെ രണ്ടുവട്ടക്കണ്ണികള്‍ അവിടുത്തെ കവിളില്‍ താഴ്ന്നുപോയിരുന്നു. അത് പറിച്ചെടുക്കാന്‍ വേണ്ടി ഞാന്‍ മുതിര്‍ന്നപ്പോള്‍ അബുഉബൈദ് പറഞ്ഞു: "അല്ലാഹുവില്‍ ഞാന്‍ സത്യം ചെയ്യുന്നു, അബൂബക്കര്‍, അതെനിക്കു വിട്ടുതരണം: തുടര്‍ന്നദ്ദേഹം, വളരെ സാവധാനത്തില്‍, നബി(സ)ക്ക് വേദനയാകാതെ തന്റെ പല്ലുകള്‍കൊണ്ട് അവപറിച്ചെടുത്തു: അപ്പോഴേക്കും അദ്ദേഹത്തിന്റെ മുന്‍പല്ലു പൊഴിഞ്ഞുവീണു, അടുത്ത വട്ടക്കണ്ണി പറിച്ചെടുക്കാന്‍ ഞാന്‍ മുതിര്‍ന്നപ്പോള്‍ നേരത്തെ പറഞ്ഞതുപോലെ അബൂ ഉബൈദ വീണ്ടും പറയുകയും അടുത്തതും തിരുമേനിക്ക് വേദനയാകാതെ തന്റെ ദന്തങ്ങള്‍കൊണ്ട് പറിച്ചെടുക്കുകയും ചെയ്തു. അപ്പോഴേക്കും അടുത്തപല്ലും പൊഴിഞ്ഞു.

💥റസൂല്‍(സ) പറഞ്ഞത് തിര്‍മിദി രേഖപ്പെടുത്തുന്നു: "ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരു രക്തസാക്ഷിയെ ആര്‍ക്കെങ്കിലും കാണണമെന്നുണ്ടെങ്കില്‍ അവര്‍ ത്വല്‍ഹത്തുബിന്‍ ഉബൈദുല്ലയെ നോക്കട്ടെ!''

💥 വിശ്രുത പണ്ഡിതൻ അബൂബക്കർ ശിബ് ലി (റ) പറയുന്നു. എന്റെ അയൽവാസിയെ ഞാൻ മരണാനന്തരം സ്വപ്നം കണ്ടു ഞാൻ അദ്ദേഹത്തോട് ബർസഖിയായ ജീവിതത്തെ കുറിച്ച് അന്വേഷിച്ചു അദ്ദേഹം പറഞ്ഞു അല്ലയോ ശിബ് ലി.... ഭീതിതമായ പല അവസ്ഥകളും കഴിഞ്ഞു ഖബ്റിലെ ചോദ്യം സമയത്ത് ഞാനാകെ കുഴങ്ങിപ്പോയി.... ഉത്തരം പറയാൻ കഴിയാതെ ഞാനാകെ വിഷമിച്ചു ഉത്തരം മുട്ടി ഞാൻ ചിന്തിച്ചു എങ്ങിനെയാണീ നാശം എനിക്ക് വന്നുപെട്ടത്? മുസ് ലിമായിട്ടല്ലെ ഞാൻ മരിച്ചത് ?അപ്പോൾ ഒരു വിളിയാളം കേട്ടു ഇത് നീ നിന്റെ നാവിനെ സൂക്ഷിക്കാത്തതുകൊണ്ട് വന്ന വിപത്താണ് അങ്ങിനെ മലക്കുകൾ എന്നെ ശിക്ഷിക്കാനൊരുങ്ങിയപ്പോൾ സുന്ദരനായൊരു മനുഷ്യൻ എന്റെയും മലക്കുകളുടെയും ഇടയിൽ മറയായി നിന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കസ്തൂരിയുടെ പരിമളം അടിച്ചു വീശുന്നു അദ്ദേഹം എനിക്ക് ഉത്തരം പറഞ്ഞു തന്നു ഞാനത് പറഞ്ഞു. ശേഷം ഞാൻ പറഞ്ഞു താങ്കൾക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ താങ്കൾ ആരാണ്..? അദ്ദേഹം പറഞ്ഞു നീ തിരുനബി ﷺ യുടെ മേൽ ചൊല്ലിയ സ്വലാത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട ആളാണ് ഞാൻ ഏതു വിഷമഘട്ടത്തിലും നിന്നെ സഹായിക്കാൻ എനിക്ക് നിർദ്ദേശമുണ്ട്.
( ഖൗലുൽ ബദീഅ് ) ശർഹുറാത്തിബിൽ ഹദ്ദാദ്, 195...

💥 മഹ്ഷറാ സഭയിൽ ഞാൻ വരുന്നത് ബുറാഖിലൂടെയാണ്, എന്റെ മകൾ ഫാത്വിമ(റ) എന്റെ ഒട്ടകത്തിന്റെ മുകളിലൂടെ എന്റെ മുന്നിൽ ഉണ്ടാകുന്നതാണ്.

എന്റെ വലതും ഇടതുമായി സിദ്ധീഖ് തങ്ങളും ഉമർ തങ്ങളും ഉണ്ടാവുന്നതാണ്
ബാങ്കൊലി മുഴക്കി കൊണ്ട് സയ്യദിനാ ബിലാൽ തങ്ങൾ വരും ആ ബാങ്കിന്റെ ജവാബ് പറഞ്ഞ് കൊണ്ട് എല്ലാ മുഹ്മിനീങ്ങളും വരുന്നതാണ് ..

അപ്പോൾ അവിടെയുള്ള സ്വഹാബത്ത് കരഞ്ഞ് കൊണ്ട് ചോദിച്ചു ഓ നബിയെ ഞങ്ങൾ അമലുകൾ കുറഞ്ഞവരാണ് ഞങ്ങൾക്കും അങ്ങയുടെ പിന്നിൽ അണി നിൽക്കാൻ പറ്റുമോ,,,,,,,,,,,,
ഹബീബ്(സ) പറഞ്ഞു:

അമലുകൾ കുറഞ്ഞു പോയത് കൊണ്ട് സങ്കടപ്പെടണ്ടാ.... ആര്..... എന്നെ ഖൽബിൽ പ്രിയം വെച്ചുവോ അവരൊക്കെ എന്റെ കൊടി കീഴിൽ ഉണ്ടാകും എന്ന്:

💥 തിരുനബി(സ്വ) വഫാത്തായ ശേഷം സിദ്ദീഖ്(റ) ഒരിക്കൽ മക്കത്തേക്ക് മടങ്ങി വരികയാണ്. സന്തോഷാധിക്യം കൊണ്ട് കൂടി നിൽക്കുന്നവർ തിരുനബിയുടെ കൂട്ടുകാരൻ വരുന്നു എന്നുപറഞ്ഞാവേശം കൊണ്ടു. ഇത് കേൾക്കേണ്ട താമസം മഹാനവർകളുടെ ഇരുനയനങ്ങളും ചാലിട്ടൊഴുകി.

‘എന്തേ നിങ്ങൾ കരഞ്ഞത്?’

മഹാനവർകളോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ എന്നെ അബൂബക്കറേ എന്നോ അബീ ഖുഹാഫയുടെ മകനേ എന്നോ വിളിച്ചിരുന്നുവെങ്കിൽ ഞാൻ കരയുമായിരുന്നില്ല. മറിച്ച് നിങ്ങളെന്നെ പ്രവാചകരിലേക്ക് ചേർത്തു വിളിച്ചപ്പോൾ തിരുനബി ഒന്നാകെ എന്റെ മനസ്സിലേക്ക് വന്നു. അതാണ് ഞാൻ കരയാനുള്ള കാരണം.’

💥 പ്രവാചകാനുചരന്മാരുടെ പ്രണയം മനസ്സിലാവണമെങ്കിൽ മദീനയിൽ ചെന്ന് രഹസ്യങ്ങൾ ചോർത്താൻ നിയുക്തനായ ഉർവത്ത് ബ്‌നു മസ്ഊദിന്റെ ദൃക്‌സാക്ഷി വിവരണം കേട്ടാൽ മതി. അദ്ദേഹം പറയുന്നു: മുഹമ്മദ് ഒന്ന് തുപ്പിയാൽ ആദരപൂർവം അവരത് കയ്യിലേറ്റ് വാങ്ങുന്നു, മുഖത്തും മേനിയിലും പുരട്ടുന്നു. അദ്ദേഹമെന്തെങ്കിലും ഉത്തരവിട്ടാൽ ഉടനടി നിർവഹിക്കപ്പെടുന്നു. അംഗശുദ്ധി വരുത്തിയതിന്റെ ശിഷ്ടജലത്തിന് വേണ്ടിപോലും എന്തൊരു തിക്കും തിരക്കുമാണ്. എന്റെ ജനങ്ങളേ, ഞാൻ കിസ്‌റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും മറ്റനേകം രാജാക്കന്മാരുടെ ദർബാറുകളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ ഒരാളെയും മുഹമ്മദിനെ അനുചരന്മാർ ആദരിക്കുന്നത് പോലെ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.’

💥 സ്വഹാബീ വനിതകളുടെ ചരിത്രവും വ്യത്യസ്തമല്ല. ഉഹ്ദ് യുദ്ധത്തിൽ പിതാവും ഭർത്താവും സഹോദരനും നഷ്ടപ്പെട്ട അൻസ്വാരി വനിതക്ക് തന്റെ ഉറ്റവർക്ക് പിണഞ്ഞ ആപത്തിലായിരുന്നില്ല, റസൂലിന്റെ അവസ്ഥയെന്താണ് എന്നറിയാത്തതിലായിരുന്നു വേവലാതി. പരിചരണത്തിന് പോയ ബീവി ഉമ്മു അമ്മാറ(റ) രണഭൂവിൽ ശത്രുക്കൾക്കുമുമ്പിൽ ഒറ്റപ്പെട്ട പ്രവാചകർക്ക് നേരെ ചീറിപ്പാഞ്ഞു വന്ന ശരവർഷങ്ങൾക്ക് പരിചയായതും ഹബീബിനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടായിരുന്നു. സ്വഹാബികളുടെ പ്രണയ ചരിതങ്ങൾ എണ്ണിയാലൊടുങ്ങില്ല. തിരുനബിയില്ലാത്ത മദീനയിൽ തങ്ങാനാവില്ലെന്ന് പറഞ്ഞ് നാടുവിട്ട ബിലാൽ(റ) സ്വപ്നത്തിലൂടെയുള്ള തിരുദർശനം കാരണമായി വീണ്ടും മദീനയിലെത്തി. പ്രവാചക കാലത്ത് മദീനയിലെ മണൽ തരികളെ കോൾമയിർ കൊള്ളിച്ചിരുന്ന ആ ശബ്ദ മാധുരി കേൾപ്പിക്കാൻ അവർ അദ്ദേഹത്തോടപേക്ഷിച്ചു. തിരുനബി(സ്വ)യുടെ പേരമക്കൾ നിർബന്ധിച്ചപ്പോൾ അവസാനം അദ്ദേഹം തയ്യാറായി. ആ വാങ്കൊലി വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. എല്ലാവരും തിരുനബിയുടെ പുഷ്‌കല കാലം തിരിച്ച് വന്നിരിക്കുന്നു എന്നുപോലും കരുതി മദീനാ പള്ളിയിലേക്ക് വെച്ചുപിടിച്ചു. ബിലാലിന് ആ വാങ്ക് പൂർത്തീകരിക്കാൻ സാധിച്ചില്ല. തിരുനാമം ഉച്ചരിച്ചപ്പോൾ ബിലാൽ(റ)ന്റെ മനസ്സിലേക്ക് ഹബീബില്ലാത്ത മദീന പള്ളിയുടെ മിഅ്‌റാബ് ഓടി വന്നു. അദ്ദേഹം ബോധരഹിതനായി വീണു.

✅ പ്രണയികളുടെ ചരിത്രം പറഞ്ഞു തീർക്കാൻ സാധിക്കില്ല. അവിടുത്തെ ഹദീസുകളുദ്ധരിക്കുമ്പോൾ, തിരു നാമം ഉച്ചരിക്കുമ്പോൾ, പ്രവാചകരുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ണിലുടക്കുമ്പോൾ ഹൃദയം അവിടുത്തെ ഓർമകൾ കൊണ്ട് നിറഞ്ഞ് തുളുമ്പി മോഹാലസ്യപ്പെട്ട് വിഴുന്ന നിരവധി പ്രണയികളിനിയുമുണ്ട്. പൂർവസൂരികളിൽ പ്രമുഖനായ അബൂബക്കറുൽ ബഗ്ദാദി(റ) ഇതിനൊരുദാഹരണമാണ്. സ്വലാത്ത് ചൊല്ലിച്ചൊല്ലി തിരുനബി(സ്വ) മദീനയിലേക്കുള്ള പ്രവേശനം നിഷേധിച്ച വ്യക്തിയാണ് മഹാനവർകൾ. കാരണമെന്തെന്നോ? അദ്ദേഹമെങ്ങാനും മദീനയിലെത്തിയാൽ തിരുനബിക്ക് റൗളാ ശരീഫിൽ സ്വസ്ഥമായി കിടക്കാൻ സാധിക്കുകയില്ല. തന്നെ അങ്ങേയറ്റം പ്രണയിക്കുന്ന മഹാനെ സ്വീകരിക്കാൻ തിരുറൗളയിൽ നിന്നു പുറത്തിറങ്ങാൻ മാത്രം തീവ്രമാണ് ആ പരസ്പര പ്രണയം. അത്‌കൊണ്ടു തന്നെ തിരുനബി രാജാവിന് സ്വപ്നദർശനം നൽകി; ഇന്നാലിന്ന വ്യക്തി മദീനയിൽ പ്രവേശിക്കുന്നത് തടയണം. അങ്ങനെയാണ് അബൂബക്കറുൽ ബഗ്ദാദിയുടെ മദീനാപ്രവേശം നടക്കാതെ പോയത്.

മദീനയില്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താതെ ഒരു വിശ്വാസിക്കും മദീനയില്‍ നിന്ന് മടങ്ങിപ്പോരാന്‍ സാധ്യമല്ല. തിരുറൗളയില്‍ വിതുമ്പിക്കരയാത്ത ആരുമില്ല. അണപ്പൊട്ടി ഒഴുകുന്ന കളങ്കരഹിതമായ സ്‌നേഹധാരയില്‍ മദീന കുതിര്‍ന്നു നില്‍ക്കുന്നതായി നമുക്ക് കാണാം. തങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അനുരാഗപുഷ്പത്തിനു വേണ്ടി കോടാനുകോടി കണ്ണുനീര്‍ കണങ്ങള്‍ അവിടെ അടര്‍ന്നു വീഴുന്നു. തിരുനബി(സ്വ)സമക്ഷത്തിലെ ജനത്തിരക്കി ലേക്കൊന്നു നോക്കൂ, എല്ലാവരും വിതുമ്പിക്കരയുന്നതു കാണാം. രാജാവും പ്രജയും കറുത്തവനും വെളുത്തവനും അറബിയും അനറബിയും പാവപ്പെട്ടവനും പണക്കാരനും ആ സന്നിധിയില്‍ വിതുമ്പി ക്കരയുകയാണ്.

ഇബ്‌നു ഹജര്‍ വ്യക്തമാക്കുന്നത് കാണുക. കഅബാലയത്തോടുകൂടിയുള്ള മക്ക മഹത്വമുള്ളതാണെന്നതില്‍ തര്‍ക്കമില്ല. പുന്നാരനബി(സ്വ)യും അവിടുത്തെ ഖബര്‍ ശരീഫും നിലകൊള്ളുന്ന മദീന കഅ്ബയടങ്ങുന്ന മക്കയെക്കാളും ബൈത്തുല്‍ മഅ്മൂറിനേക്കാളും മറ്റ് പ്രപഞ്ചത്തിലുള്ള സര്‍വ്വ വസ്തുക്കളെക്കാളും മഹത്തായതാണ് മദീന: എന്നതില്‍ ഇജ്മാഅ് ആണ്.

ഇബ്‌നുല്‍ ജൗസി തന്റെ ‘വഫാഇല്‍’ കഅ്ബുല്‍ അഹ്ബാര്‍(റ)നിന്ന് നിവേദനം ചെയ്യുന്നു. അ പുന്നാര നബി(സ്വ)യെ സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജിബ്‌രീല്‍നോട് തിരുനബി(സ്വ) കിടക്കുന്ന സ്ഥാനത്ത് (ഹുജ്‌റ ശരീഫില്‍) നിന്ന് ഒരു പിടി വെളുത്ത മണ്ണ് കൊണ്ടുവരാന്‍ കല്‍പ്പിച്ചു. പിന്നെ അതിനെ തസ്‌നീം ജലം കൊണ്ട് കഴുകപ്പെട്ടു. സ്വര്‍ഗ്ഗത്തിലൂടെ ഒഴുകുന്ന അരുവികളില്‍ മുക്കിയെടുത്തു. ആകാശ ഭുമികളിലെല്ലാം അതുമായി ചുറ്റി സഞ്ചരിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. അന്നേരം തന്നെ പുന്നാരനബി(സ്വ)തങ്ങളെയും അവിടുത്തെ മഹത്വവും മലക്കുകള്‍ക്ക് മനസ്സിലായി.

മറ്റൊരു റിപ്പോര്‍ട്ട് കാണുക. ” മദീന മക്കയെക്കാള്‍ ശ്രേഷ്ടമാണ്.”
മദീനയുടെ മണ്ണ് രോഗശമനത്തിനു പറ്റിയ മണ്ണാണ്. ശിഫായുടെ മണ്ണാണ്. പക്ഷെ അതിനു വേണ്ടി മണ്ണ് പുറത്ത് കൊണ്ടുപോവുന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായത്തിലാണ്. കൊണ്ടുപൊകാന്‍ പാടില്ലെന്നാണ് പ്രബലം. അതുപോലെ ആ മണ്ണില്‍ വിളഞ്ഞ കാരക്കയും വളരെ പുണ്യമുള്ളതും ശിഫയുള്ളതുമാണ്. സ്വഹീഹായ ഹദീസുകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

പ്രപഞ്ചത്തിലൊരിടത്തുമില്ലാത്ത ഒരു വിശേഷണം മദീനക്കുണ്ട്. ‘ഭൂമിയിലെ സ്വര്‍ഗ്ഗത്തോപ്പ്’ നബി(സ്വ) പറഞ്ഞു. എന്റെ ഖബറിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളില്‍ നിന്നുള്ള ഒരു തോപ്പാകുന്നു. ഇതിനെ വിശദീകരിച്ചുകൊണ്ട് മഹാനായ ഇബ്‌നു ഹജര്‍ (റ) മൂന്ന് വിശദീകരണങ്ങള്‍ നല്‍കുന്നത് കാണുക.

ഒന്ന്:- ഈ സ്ഥലത്ത് നിസ്‌കരിച്ചവന് സ്വര്‍ഗ്ഗമുണ്ട്. ഹറം ശരീഫില്‍ നിന്ന് ഒരു റക്അത്ത് നിസ്‌കരിച്ചാല്‍ അതിന് സ്വര്‍ഗ്ഗം തരാമെന്ന് പറഞ്ഞിട്ടില്ലല്ലോ. അങ്ങനെ വരുമ്പോള്‍ അതിനേക്കാള്‍ വലുത് തന്നെയാണല്ലോ.

രണ്ട്:- ഈ സ്ഥലം സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഭൂമിയിലെ ഒരു കഷ്ണം സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ അത് മദീനയിലെ റൗള എന്ന സ്ഥലമാണ്. ഇങ്ങനെ ഒരു വിശേഷണമുള്ള ഒരു സ്ഥലം മദീനയല്ലാതെയില്ല.


മൂന്ന്:- ഈ സ്ഥലം ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിനു നേരെ സ്ഥിതി ചെയ്യുന്നു. സത്യവിശ്വാസിയെ രോമാഞ്ചം കൊള്ളിക്കുന്ന അര്‍ത്ഥമാണിത് തരുന്നത്.
സ്വര്‍ഗ്ഗത്തില്‍ കടന്നുവെന്ന് പറയാന്‍ മാത്രം മഹത്വപ്പെടുത്തിയ വല്ലാത്ത ഒരു സ്ഥലമാണിത്. സ്വര്‍ഗ്ഗിനു നേരെ മദീനയിലെ തിരു റൗളയല്ലാതെ ഭൂമിയില്‍ മറ്റൊരിടമുണ്ടോ ?


അബൂ സഈദില്‍ ഖുദ്‌രിയ്യ്‌ (റ)ന്റെ സമീപത്തേക്ക് സഈദുല്‍ മഹ്‌രി വന്നു കൊണ്ടു മദീനയിലെ പ്രയാസങ്ങളും തന്റെ സന്താനങ്ങളനുഭവിക്കുന്ന വിഷമതകളും വിവരിച്ചു അന്നേരം അബൂ സഈദില്‍ ഖുദ്‌രിയ്യ്‌ (റ)പറഞ്ഞു. ‘നീ മദീനയില്‍ നിന്ന് പോവുന്നത് ഞാന്‍ അനുകൂലിക്കില്ല. നബി(സ്വ) തങ്ങള്‍ ഇങ്ങനെ പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്.’ ”മദീനയിലെ കഷ്ടപ്പാടിലും വിഷമത്തിലും പിടുച്ചുനില്‍ക്കുന്നവര്‍ ആരോ അവര്‍ക്ക് അന്ത്യനാളില്‍ ഞാന്‍ ശുപാര്‍ഷകനും സാക്ഷിയും ആയിരിക്കും”

മദീനയിലെ ഒരു വിഷമസന്ധിയില്‍ ഇബ്‌നു ഉമറിന്റെ ചോരത്ത് വന്ന് തന്റെ ഒരു ഭൃത്യ പറഞ്ഞു ‘ഇവിടെ സഹിക്കാന്‍ പറ്റുന്നില്ല. എനിക്കൊന്നു വീട്ടില്‍ പോകണം.’ ഇബ്‌നു ഉമര്‍ േപറഞ്ഞു. ‘അതുവേണ്ട ഇത് മദീനയാണ് എല്ലാം സഹിച്ചോളൂ ഈ സ്ഥലം വിട്ട് നീ എങ്ങോട്ടുപോകാന്‍ അന്ത്യനാളില്‍ നബി(സ്വ) യുടെ ശഫാഅത്ത് ചെയ്യാനും സാക്ഷിയായി വരാനും നീ ആഗ്രഹിക്കുന്നില്ലേ. ?’

നബി(സ്വ) പറഞ്ഞു. ”മനുഷ്യര്‍ക്കൊരു കാലം വരാനിരിക്കുന്നു. തന്റെ കൂട്ടുകുടുംബങ്ങളെയോ, കൂട്ടുകാരനേയോ വിളിച്ചു കൊണ്ട് ഒരു യുവാവ് പറയും. വരൂ നമുക്ക് സുഖിക്കാം, നമുക്ക് സുഖിക്കാം എന്ന്. അന്ന് മദീനയാണവര്‍ക്കുത്തമം. മദീനയേക്കാള്‍ നന്മ കരുതി ഒരാളും പോകേണ്ടതില്ല. അവിടെ നിന്നാല്‍ അവന് നന്മകള്‍ വര്‍ദ്ധിപ്പിക്കും. നിങ്ങളറിയണം മദീന തുരുമ്പു കളയുന്ന വസ്തു പോലെയാണ്. അത് ഇരുമ്പിന്റെ തുരുമ്പ് നീക്കുന്നത് പോലെ അന്ത്യനാളില്‍ വിഷമങ്ങളെ നീക്കി ശുദ്ധമാക്കുമെന്നും വെള്ളിയെ തിളക്കമാര്‍ന്നതാക്കും പോലെ മദീന മനുഷ്യ മനസ്സിനെ തിളക്കമുള്ളതാക്കും.”

മദീനാനിവാസികള്‍ക്ക് ഒരിക്കല്‍ കടുത്ത ക്ഷാമം അനുഭവപ്പെട്ടു. അവര്‍ ആയിശാ(റ) നോട് വേവലാതി പ്രകടിപ്പിച്ചു. അപ്പോള്‍ ആയിശ ബീവി പറഞ്ഞു. നിങ്ങള്‍ നബി(സ്വ) തങ്ങളുടെ ഖബറിനടുത്തേക്ക് ചെല്ലുക, എന്നിട്ട് റൗളയില്‍ നിന്ന് മുകളിലേക്ക് ഒരു ദ്വാരമിടുക. അവരങ്ങനെ ചെയ്തു. മഴ പെയ്തു. പരിസരങ്ങള്‍ ഹരിതാഭമായി, ഒട്ടകങ്ങള്‍ തടിച്ചു കൊഴുത്തു. അങ്ങനെ ആ വര്‍ഷത്തിന് ക്ഷേമവര്‍ഷം എന്ന് പേരുകിട്ടി.





ഇബ്‌നു കസീര്‍ സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു സംഭവം കാണുക. ഉതുബി (റ)പറഞ്ഞു. ഞാന്‍ നബി(സ്വ)യുടെ ഖബറുശ്ശരീഫിന്റെ ചാരത്ത് ഇരിക്കുകയായിരുന്നു. അന്നേരം ഒരു അഅ്‌റാബി വന്ന് സലാം ചൊല്ലി, നബിയേ… അവിടുത്തെ അടുക്കല്‍ വന്നാല്‍ അല്ലാഹു മാപ്പുതരുമെന്ന് ഖുര്‍ആനിലുണ്ടല്ലോ അതിനാല്‍ അങ്ങയെ കൊണ്ടു ഞാന്‍ ശുപാര്‍ശ തേടുന്നുവെന്ന് പറഞ്ഞ് ഒരു ബൈത്ത് ചൊല്ലി.

അഅ്‌റാബി പോകുമ്പോഴേക്ക് ഞാനവിടെ ഉറങ്ങിപ്പോയിരുന്നു. ഉറക്കത്തില്‍ ഞാന്‍ നബിവ യെ കണ്ടു. അഅ്‌റാബിക്ക് അ മാപ്പ് ചെയ്തു കൊടുത്തിരിക്കുന്നു എന്ന് പറയാന്‍ പുന്നാരനബി(സ്വ) എന്നോട് പറഞ്ഞു. ഇമാം നവവിവേും ഇബ്‌നു ഖുദാമവേും ഈ സംഭവം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


മണ്ണും വിണ്ണും വചസ്സും വപുസ്സും എല്ലാം തിരുറൗളയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു വിടപറഞ്ഞ റബീഉൽ അവ്വലിൽ. ജന്മമാസത്തിൽ മാത്രം ഒതുക്കേണ്ടതല്ലല്ലോ തിരുപ്രണയം. കാലങ്ങൾക്കും അതിരുകൾക്കും അതീതമായി അതു പരന്നൊഴുകണം. അവിടുന്നാണ് രക്ഷപ്പെടാനുള്ള പിടിവള്ളി. സ്വലാത്തും മൗലിദും മദ്ഹും ചൊല്ലിയും അപദാനങ്ങൾ പാടിയും പറഞ്ഞും തിരു സ്‌നേഹം ഇനിയും വർധിപ്പിക്കണം. അങ്ങനെ അവിടുത്തോടൊപ്പം നാളെ സ്വർഗത്തിലൊരുമിച്ച് കൂടാനാകണം.

No comments:

Post a Comment