Tuesday 14 February 2017

ദാനം ധനം വര്‍ധിപ്പിക്കുകയാണ്






🍇 ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി(സ) ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്‌രീലുമായി സംഗമിക്കുമ്പോഴാണ് അദ്ദേഹം അത്യുദാരനായിരുന്നത്. ജിബ്‌രീലാകട്ടെ, റമദാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങളുടെ പരിശോധന നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. ജിബ്‌രീല്‍ വന്നുകാണുമ്പോഴൊക്കെ റസൂല്‍ അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരനാകുമായിരുന്നു.

✅ ബിര്‍റ് എന്താണെന്ന് വിശദീകരിക്കുന്ന കൂട്ടത്തില്‍ ദാനധര്‍മത്തെ പ്രത്യേകം എടുത്തുപറയുകയും നാം ഇഷ്ടപ്പെടുന്നതില്‍ നിന്ന് ചെലവഴിക്കുന്നതുവരെ നമുക്ക് ബിര്‍റ് കരസ്ഥമാക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു ഖുര്‍ആന്‍. ദാനത്തിന് എഴുനൂറും അതിലധികവും ഇരട്ടി പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു. കൊടുത്തത് എടുത്തുപറഞ്ഞും അതിന്റെ പേരില്‍ ശല്യം ചെയ്തും ദാനത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തരുതെന്നും ഉണര്‍ത്തുന്ന ഖുര്‍ആന്‍ പരസ്യമായും രഹസ്യമായും ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ദാനങ്ങള്‍ പരസ്യപ്പെടുത്തുന്നത് നല്ലതാണെങ്കിലും ദരിദ്രര്‍ക്ക് നല്‍കുന്ന ദാനങ്ങളില്‍ രഹസ്യസ്വഭാവമാണ് ചിലപ്പോഴെങ്കിലും നല്ലതെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു ഖുര്‍ആന്‍. ദാനം ആരുടെയും അഭിമാനത്തിന് ക്ഷതമേല്‍പിക്കരുത് എന്നതുകൊണ്ടാവാമത്.

🍇 ദാനശീലന് അല്ലാഹുവിന്റെ സവിശേഷ അനുഗ്രഹം ലഭിക്കുമെന്നും പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. അബൂഹുറയ്‌റ നിവേദനം ചെയ്യുന്നു; നബി(സ) പറഞ്ഞു: ഒരാള്‍ ഒരു വിജനപ്രദേശത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു മേഘത്തില്‍ നിന്നും 'ഇന്നയാളുടെ തോട്ടത്തില്‍ വര്‍ഷിക്കുക' എന്നൊരു ശബ്ദം കേട്ടു. ആ ശബ്ദത്തിനു ശേഷം ഉടന്‍ തന്നെ ആ മേഘം നീങ്ങുകയും അതിലെ വെള്ളം കല്ലുനിറഞ്ഞ ഒരു പ്രദേശത്ത് പെയ്യുകയും ചെയ്തു. അപ്പോള്‍ അവിടെയുള്ള ഒരു നീര്‍ചാലിലൂടെ ആ വെള്ളം ഒഴുകാന്‍ തുടങ്ങി. ആ ശബ്ദം കേട്ടയാളും ആ വെള്ളമൊഴികിയ വഴിയെ നടന്നു. ആ വെള്ളം ഒരു തോട്ടത്തിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. അവിടെ ഒരാള്‍ തന്റെ തൂമ്പ കൊണ്ട് ആ വെള്ളം പല ഭാഗത്തേക്കായി തിരിച്ചുവിടുന്നുണ്ടായിരുന്നു. ആ തോട്ടക്കാരനോട് അദ്ദേഹം പേര് ചോദിച്ചു. അദ്ദേഹം മേഘത്തില്‍ നിന്ന് കേട്ട അതേ പേരു പറഞ്ഞു. അതുകേട്ടപ്പോള്‍ തോട്ടക്കാരന്‍ ചോദിച്ചു: താങ്കളെന്തിനാണ് എന്റെ പേര് ചോദിച്ചത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഏതു മേഘത്തില്‍ നിന്നാണോ ഈ വെള്ളം വന്നിട്ടുള്ളത് ആ മേഘത്തില്‍ നിന്ന് താങ്കളുടെ പേര് പറഞ്ഞുകൊണ്ട്, ഇന്നയാളിന്റെ തോട്ടത്തിന് വെള്ളം കൊടുക്കുക എന്നു പറയുന്ന ശബ്ദം ഞാന്‍ കേട്ടു. നിങ്ങള്‍ ഈ തോട്ടത്തില്‍ എന്താണ് ചെയ്യുന്നത്? അപ്പോള്‍ തോട്ടക്കാരന്‍ പറഞ്ഞു: താങ്കള്‍ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാന്‍ അക്കാര്യം തുറന്നുപറയാം. എന്റെ തോട്ടത്തിലെ വരുമാനം ഞാന്‍ മൂന്ന് ഓഹരിയാക്കി മാറ്റി ഒരു ഭാഗം ദാനം നല്‍കുകയും രണ്ടാമത്തെ ഭാഗം ഞാനും എന്റെ കുടുംബവും ആഹരിക്കുകയും അവശേഷിക്കുന്ന ഭാഗം ഈ തോട്ടത്തിന്റെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയുമാണ് ചെയ്യാറുള്ളത്.

عَنْ أَبِى هُرَيْرَةَ عَنِ النَّبِىِّ -صلى الله عليه وسلم- قَالَ « بَيْنَا رَجُلٌ بِفَلاَةٍ مِنَ الأَرْضِ فَسَمِعَ صَوْتًا فِى سَحَابَةٍ اسْقِ حَدِيقَةَ فُلاَنٍ. فَتَنَحَّى ذَلِكَ السَّحَابُ فَأَفْرَغَ مَاءَهُ فِى حَرَّةٍ فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَدِ اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِى حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ فَقَالَ لَهُ يَا عَبْدَ اللَّهِ مَا اسْمُكَ قَالَ فُلاَنٌ. لِلاِسْمِ الَّذِى سَمِعَ فِى السَّحَابَةِ فَقَالَ لَهُ يَا عَبْدَ اللَّهِ لِمَ تَسْأَلُنِى عَنِ اسْمِى فَقَالَ إِنِّى سَمِعْتُ صَوْتًا فِى السَّحَابِ الَّذِى هَذَا مَاؤُهُ يَقُولُ اسْقِ حَدِيقَةَ فُلاَنٍ لاِسْمِكَ فَمَا تَصْنَعُ فِيهَا قَالَ أَمَّا إِذَا قُلْتَ هَذَا فَإِنِّى أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ وَآكُلُ أَنَا وَعِيَالِى ثُلُثًا وَأَرُدُّ فِيهَا ثُلُثَهُ ». (مسلم)

🍇 പ്രവാചകന്‍ (സ) പറഞ്ഞു: നിശ്ചയം ദാനം അതിന്റെ ആളുകളില്‍ നിന്ന് ഖബ്‌റിലെ ഉഷ്ണത്തെ കെടുത്തിക്കളയുന്നതാണ്. അന്ത്യദിനത്തില്‍ വിശ്വാസി തന്റെ ദാനധര്‍മങ്ങളുടെ തണലിലായിരിക്കും.

عَنْ عُقْبَةَ بْنِ عَامِرٍ، عَنْ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: " إِنَّ الصَّدَقَةَ لَتُطْفِئُ عَلَى أَهْلِهَا حَرَّ الْقُبُورِ، وَإِنَّمَا يَسْتَظِلُّ الْمُؤْمِنُ يَوْمَ الْقِيَامَةِ فِي ظِلِّ صَدَقَتِهِ " (شعب الإيمان – بيهقي)

🍇 പ്രവാചകന്‍ (സ) പറഞ്ഞു: ദാനം ദൈവകോപത്തെ കെടുത്തിക്കളയുകയും ദുര്‍മരണത്തെ തടുക്കുകയും ചെയ്യും.

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّ الصَّدَقَةَ لَتُطْفِئُ غَضَبَ الرَّبِّ وَتَدْفَعُ مِيتَةَ السُّوءِ » (ترمذي)

🍇 പ്രവാചകന്‍ (സ) പറഞ്ഞു: സ്വദഖ ഒരു ധനത്തിലും കുറവു വരുത്തിയിട്ടില്ല

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ « مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ ». (مسلم)

🍇 പ്രവാചകന്‍ (സ) പറഞ്ഞു: ഓരോ പ്രഭാതത്തിലും രണ്ട് മലക്കുകള്‍ ഇറങ്ങിവരും. അവരില്‍ ഒരാള്‍ പറയും: അല്ലാഹുവേ, ചെലവഴിക്കുന്നവന് നീ പകരം നല്‍കേണമേ. രണ്ടാമന്‍ പറയും: അല്ലാഹുവേ, ചെലവഴിക്കാതെ സമ്പത്ത് പിടിച്ചുവെക്കുന്നവന് നീ നാശം പ്രദാനം ചെയ്യേണമേ.

عَنْ أَبِى هُرَيْرَةَ - رضى الله عنه - أَنَّ النَّبِىَّ - صلى الله عليه وسلم - قَالَ « مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا ، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا » (بخاري)

💥 രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചിലവഴിക്കുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്. അവര്‍ക്കൊന്നും പേടിക്കാനില്ല. അവര്‍ ദുഖിക്കേണ്ടിവരികയുമില്ല.'(അല്‍ബഖറ: 274)

💥 'നിങ്ങള്‍ നല്ലതെന്തെങ്കിലും ചിലവഴിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ നന്മക്കുവേണ്ടിയാണ്.' (അല്‍ബഖറ: 272)

❓ 'അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണകരമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്'. (ആലുഇംറാന്‍: 180)

❓അവര്‍ക്ക് അതികഠിനമായ ശിക്ഷയുമുണ്ട്. 'സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച സുവാര്‍ത്ത അറിയിക്കുക.നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകും ചൂടുവെക്കും ദിനം! അന്ന് അവരോട് പറയും. ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പാദിച്ച് വെച്ചത്. അതിനാല്‍ നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക'(അത്തൗബ: 34-35)

✅ തബൂക്ക് യുദ്ധവേളയില്‍ സൈന്യത്തെ ഒരുക്കാനും യുദ്ധസന്നാഹങ്ങള്‍ക്കുമായി മുസ്‌ലിം സമൂഹത്തിന് വലിയ ബാധ്യത വന്നപ്പോള്‍ പ്രവാചകന്‍ സഹാബികളോട് പരമാവധി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കാന്‍ വേണ്ടി ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍(റ) തന്റെ മുഴുവന്‍ ധനവുമായി പ്രവാചകന്റെയടുത്ത് വന്നു. നിനക്കും നിന്റെ കുടുംബത്തിനും എന്താണ് താങ്കള്‍ അവശേഷിപ്പിച്ചത് എന്ന് പ്രവാചന്‍ അബൂബക്കറിനോട് ചോദിച്ചു. അല്ലാഹുവിനെയും അവന്റെ ദൂതരെയുമാണ് അവര്‍ക്ക് വേണ്ടി ഞാന്‍ അവശേഷിപ്പിച്ചതെന്നായിരുന്നു അബൂബക്കറിന്റെ മറുപടി. തന്റെ മൊത്തം സമ്പത്തിന്റെ പകുതിയുമായി ഉമര്‍(റ) പ്രവാചകനെ സമീപിക്കുകയുണ്ടായി. ഉസ്മാന്‍(റ) ഭീമമായ സംഖ്യും നിരവധി വാഹനങ്ങളും റസൂലിനെ ഏല്‍പിച്ചു. സഹാബി വനിതകള്‍ തങ്ങളുടെ സ്വര്‍ണാഭരണങ്ങളുമായി സന്തോഷപൂര്‍വം പ്രവാചകന്റെയടുത്തെത്തി. സമ്പന്നനോ ദരിദ്രനോ, സ്ത്രീയോ പുരുഷനോ എന്ന വ്യത്യസമില്ലാതെ സാമൂഹികമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അത്യുദാരമായ സമീപനം സ്വീകരിച്ചവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍.

✅ ഉമര്‍(റ)വിന്റെ ഭരണകാലത്ത് കടുത്ത ക്ഷാമം ബാധിച്ചു. ശാമില്‍ നിന്നും ഉസ്മാന്‍(റ)വിന്റെ ആയിരം ഒട്ടകങ്ങളടങ്ങുന്ന വലിയ കച്ചവടസംഘം വരുകയുണ്ടായി. ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, കച്ചവടച്ചരക്കുകളെല്ലാം അതിലുണ്ട്. വരള്‍ച്ച സമയം മുതലെടുത്ത് എന്തുവിലകൊടുത്തും വലിയ ലാഭം കൊയ്യാനായി ചരക്കുകള്‍ വാങ്ങാന്‍ കച്ചവടക്കാര്‍ ചുറ്റും ഒരുമിച്ചുകൂടി. ഉസ്മാന്‍(റ) അവരോട് ചോദിച്ചു. ലാഭത്തിന്റെ എത്രവിഹിതം നിങ്ങള്‍ എനിക്ക് നല്‍കും? അഞ്ചു മുതല്‍ പത്തു ശതമാനം വരെ ലാഭം നല്‍കുമെന്ന് അവര്‍ പറഞ്ഞു. ഉസ്മാന്‍ വീണ്ടും ചോദിച്ചു. ഇതിനേക്കാള്‍ ലാഭം നല്‍കാന്‍ തയ്യാറുള്ളവര്‍ ആരുണ്ട്. നമ്മുടെ കച്ചവടത്തിന്റെ അവസ്ഥ പരിഗണിച്ച് ഇതില്‍ കൂടുതല്‍ ലാഭം നല്‍കാന്‍ ആര്‍ക്കും കഴിയില്ല എന്ന് അവര്‍ ഒന്നടങ്കം പ്രതികരിച്ചു. ഉസ്മാന്‍(റ) പ്രതികരിച്ചു. ഒരു ദിര്‍ഹമിന് എഴുന്നൂറും അതിലിരട്ടിയും പ്രതിഫലം നല്‍കാമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: 'ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചിലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി, അത് ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറുമണികള്‍. അല്ലാഹു അവനിച്ചിക്കുന്നവര്‍ക്ക് ഇവ്വിധം ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.' (അല്‍ബഖറ: 261) ഞാനിതാ ഇതു മുഴുവനും അല്ലാഹുവിനു വിറ്റിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വരള്‍ച്ചയുടെ ഇരകള്‍ക്ക് ദാനമായി ഉസ്മാന്‍(റ) നല്‍കുകയുണ്ടായി. ഇതായിരുന്നു ധനികരുടെ ഭാഗത്തുനിന്നുള്ള മഹിതമായ മാതൃക.

💥 ഒരിക്കല്‍ അലി(റ) പ്രിയ പത്‌നി ഫാത്തിമയോടൊത്ത് ഭക്ഷണം കഴിക്കാനാരംഭിച്ചു. വിശപ്പടങ്ങുന്നതിന് മുമ്പ് ഒരു യാചകന്‍ ഭക്ഷണവും ചോദിച്ചെത്തി. ഉടന്‍ അവരിരുവരും ഭക്ഷണം മുഴുവനായി അദ്ദേഹത്തിന് നല്‍കി വിശപ്പു സഹിച്ചു. അവരുടെ ഉദാത്തമായ സമീപനത്തെ വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വാഴ്ത്തുകയുണ്ടായി. 'തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു '(അല്‍ ഹശര്‍:9).

❓പ്രവാചകന്‍(സ) വിവരിക്കുന്നു. എന്റെ ധനം എന്റെ ധനം എന്ന് മനുഷ്യര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. നീ ഭുജിക്കുന്നതും ധരിക്കുന്നതും ദാനധര്‍മങ്ങള്‍ ചെയ്യുന്നതെല്ലാം നിന്റെ ധനം തന്നെയാണ്. അതില്‍ നിന്ന് വല്ലതും നീ വിട്ടേച്ചു പോകുന്നുവെങ്കില്‍ അത് നിന്റെ അനന്തരാവകാശികള്‍ക്കുള്ളതുമാണ്(മുസ്‌ലിം).

✅ അല്ലാഹു പറയുന്നു: "അല്ലാഹുവിനു ഉത്തമമായ കടം നല്‍കാനാരുണ്ട്. എങ്കില്‍ അല്ലാഹു അവനു അനേകം ഇരട്ടികളായി വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും" (സൂ. അല്‍ ബഖറ 235)

🌈 അല്ലാഹു പറയുന്നു: "പിശാച് ദാരിദ്ര്യത്തെപറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു ആകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനും എല്ലാം അറിയുന്നവനുമാണ്" (സൂ. ആല്‍ ഇമ്രാന്‍ 268).

🍇 അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട്  റസൂല്‍(സ) മൂന്ന് കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. അതിലൊന്ന്, "ദാനധര്‍മ്മങ്ങള്‍ കൊണ്ട് ഒരാളുടെയും ധനം കുറയുകയില്ല" എന്നതായിരുന്നു.


No comments:

Post a Comment