Sunday 25 February 2018

തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എങ്ങനെ പുതിയതിന് അപേക്ഷിക്കാം



ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമീഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ്‌ ആധികാരിക രേഖ ആയതിനാല്‍ ഡ്യൂപ്ലിക്കേറ്റ്‌ കിട്ടാന്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഷ്ട്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ്‌ തിരിച്ചു കിട്ടുന്നില്ല എന്ന് ഉറപ്പായാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് ആദ്യം വേണ്ടത്. പോലീസിന്‍റെ സര്‍ടിഫിക്കേറ്റ് സഹിതം ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ( തഹസില്‍ദാര്‍ ) ക്കാണ് ഡ്യൂപ്ലിക്കേറ്റ്‌ കാര്‍ഡ്‌ ലഭിക്കാന്‍ അപേക്ഷ നല്‍കേണ്ടത്.
വോട്ടര്‍ പട്ടിക പരിശോദിച്ച് തിരിച്ചറിയല്‍ കാര്‍ഡിന്‍റെ നമ്പര്‍ ഉള്‍പ്പെടെ ഉള്ള വിശദാംശങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. അപേക്ഷകന്‍ നേരിട്ടെത്തി സത്യവാങ്ങ് മൂലവും സമര്‍പ്പിക്കണം. 25 രൂപ ഫീസ്‌ അടയ്ക്കണം. വോട്ടര്‍ പട്ടിക പുതുക്കല്‍ നടക്കുന്ന വേളയില്‍ ഡ്യൂപ്ലിക്കേറ്റ്‌ തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കില്ല.
ഫോറം EPIC-001ല്‍ ആണ് അപേക്ഷ നല്‍കേണ്ടത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്റെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ ഇതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കും. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്യാം.
 തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ അറിയില്ലെങ്കില്‍ ഈ വെബ്‌സൈറ്റില്‍ കയറിയാല്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സൗകര്യമുണ്ട്. ജില്ല, അസംബ്ലി നിയോജക മണ്ഡലം, അപേക്ഷകന്റെ പേര്, അച്ഛന്‍/അമ്മ/രക്ഷാകര്‍ത്താവിന്റെ പേര്, വീട്ടുപേര് എന്നിവ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ അപേക്ഷകന്റെ വിവരം ലഭിക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഇത് ചെയ്യാവുന്നതാണ്
ആധാര്‍ ബന്ധിപ്പിക്കാം, എളുപ്പത്തില്‍
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ കയറിയാല്‍ തിരഞ്ഞെടുപ്പ് പട്ടികയില്‍ പേരുള്ളവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കാം. നിലവിലുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണ് കരുതേണ്ടത്. വോട്ടര്‍ പട്ടിക തെറ്റുകളോ ഇരട്ടിപ്പുകളോ ഇല്ലാതെ നിലനിര്‍ത്തുന്നതിനാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിച്ചില്ല എന്ന കാരണത്താല്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഓരാളുടെ വോട്ടവകാശം നിഷേധിക്കില്ല. കാര്‍ഡുകളിലെ വിവരങ്ങളും പേരും ഫോണ്‍നമ്പറും നല്‍കാന്‍ പ്രത്യേക കോളമുണ്ട്. ഇത് നല്‍കിക്കഴിഞ്ഞാല്‍ ലഭിക്കുന്ന രഹസ്യ കോഡ് ചേര്‍ത്തതിനുശേഷം സേവ് ചെയ്യണം. സ്വന്തമായി ഓണ്‍ലൈന്‍ വഴി ചെയ്യാനാവാത്തവര്‍ക്ക് ഈ സേവനങ്ങള്‍ അക്ഷയകേന്ദ്രം വഴിയും, ബി.പി.ഒ. വഴിയും നേടാവുന്നതാണ്.
പേര് വെട്ടണമെങ്കില്‍
വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടണമെങ്കില്‍ രണ്ടു വഴിയാണുള്ളത്. ഫോറം -7 ലാണ് അപേക്ഷ നല്‍കേണ്ടത്. പൂരിപ്പിച്ച ഫോറം അസംബ്ലി നിയോജകമണ്ഡലത്തിലെ ഇലക്ടറല്‍ ഓഫീസറുടെ പക്കല്‍ നല്‍കിയാല്‍ മതി. വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി അയയ്ക്കാം. മറ്റൊരു നിയോജകമണ്ഡലത്തിലേക്ക് മാറുകയാണെങ്കിലും ഇതേ നടപടിയാണ് എടുക്കേണ്ടത്. പക്ഷേ, ഫോറം 6 ലാണ് അപേക്ഷ നല്‍കേണ്ടതെന്നുമാത്രം.

No comments:

Post a Comment