Monday 5 February 2018

കിടങ്ങുകാരുടെ ചരിത്രം






സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:

“നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരുന്നു. അയാളുടെ ആസ്ഥാന  ജാലവിദ്യക്കാരൻ (മാരണക്കാരൻ) വൃദ്ധനായപ്പോൾ രാജാവിനോട് പറഞ്ഞു.

“എനിക്ക് പ്രായമായി. (അനുയോജ്യനായ) ഒരു കുട്ടിയെ അയക്കൂ.  എന്റെ എല്ലാ മാന്ത്രികവിദ്യകളും ഞാൻ അവനെ പഠിപ്പിക്കാം.”

അത് പ്രകാരം രാജാവ് പഠിപ്പിക്കാൻ പറ്റിയ ഒരു കുട്ടിയെ അയച്ചു. അവൻ പോകുന്ന വഴിയിൽ ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അവൻ അയാളുടെ അടുത്ത് ചെന്ന് ഇരുന്നു. അയാളുടെ സംസാരം കേട്ടു. അതവനെ ആകർഷിച്ചു.......” (മുസ് ലിം)


ഇത് ഇമാം മുസ് ലിം ഉദ്ധരിക്കുന്നതാണ്. മറ്റു വ്യത്യസ്ഥ റിപ്പോർട്ടുകളിൽ അവരുടേയും നാടിന്റെയും പേരുകൾ വ്യക്തമാക്കുന്നുണ്ട്. അനുസരിച്ച് ‘നജ്റാൻ’ എന്ന നാട്ടിലാണ് സംഭവം. നജ്റാനിന്റെ സമീപത്തുള്ള കുഗ്രാമത്തിലാണ് ജാലവിദ്യക്കാരൻ (ജ്യോത്സ്യൻ എന്നും റിപ്പോർട്ട് ഉണ്ട്) താമസിച്ചിരുന്നത്. അവരെല്ലാം ബഹുദൈവ ആരാധകരായിരുന്നു.

നജ്റാനിന്റേയും ഗ്രാമത്തിന്റേയും ഇടയിലുള്ള വനപ്രദേശത്താണ് ‘ഫൈമൂൻ’ എന്ന ആ പുരോഹിതൻ കുടിൽ കെട്ടി ആരാധനയിൽ കഴിഞ്ഞിരുന്നത്. നജ്റാൻകാർ തങ്ങളുടെ സന്തതികളെ ജാലവിദ്യക്കാരന്റെ അടുത്തേക്ക് അയക്കാറുണ്ടായിരുന്നു. രാജസേവകനായിരുന്ന ഥാമിറിന്റെ മകൻ അബ്ദുല്ലയാണ് ജാലവിദ്യക്കാരന്റെ പിൻഗാമിയാക്കാൻ തെരെഞ്ഞടുക്കപ്പെട്ടിരുന്നത്. പുരോഹിതന്റെ കുടിലിൽ നിന്നുള്ള വശ്യമനോഹരമായ ഇൻജീൽ പാരായണശബ്ദം കേട്ടാണ്, മറ്റു കുട്ടികളെ പോലെ അബ്ദുല്ലാഹി ബ്നു ഥാമിറും അങ്ങോട്ട് ചെന്നത്. അയാളുടെ ആരാധനാ കർമ്മങ്ങളും ഉപദേശങ്ങളും ആ ബാലനെ ആകർഷിച്ചു. അങ്ങനെ അവൻ എന്നും വഴിയിൽ പുരോഹിതന്റെ കുടിലിൽ ഇരിക്കുന്നത് പതിവാക്കി. വൈകാതെ ഇസ്ലാം (ഈസാ നബി عليه السلام ന്റെ മതം) സ്വീകരിക്കുകയും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്തു.

മതനിയമങ്ങളെല്ലാം സ്വായത്തമാക്കി. പിന്നെ ആത്മീയ വഴികളിൽ മുന്നേറി. മറ്റാരും ഇതൊന്നും അറിഞ്ഞിരുന്നില്ല. ആയിടക്കാണ് ജനങ്ങൾക്ക് ഭീഷണിയായി ഒരു മൃഗം (സിംഹമാണെന്ന് പറയപ്പെടുന്നു.) അന്നാട്ടിൽ വരുന്നത്. പുരോഹിതന്റെ പാഠങ്ങൾ ഇപ്പോൾ പരീക്ഷിക്കാം. അവൻ തീർച്ചപ്പെടുത്തി. ഒരു കല്ലെടുത്തു. ‘അല്ലാഹുവേ, ഈ പുരോഹിതന്റെ കാര്യം ജ്യോത്സ്യനേക്കാൾ ഉത്തമമാണെങ്കിൽ ഈ മൃഗത്തെ നീ നശിപ്പിക്കണേ’ എന്ന് പ്രാർത്ഥിച്ച ശേഷം ‘ബിസ്മി’ ചൊല്ലി അതിനെ എറിഞ്ഞു. തൽസമയം അത് ചത്തു വീണു. ജനങ്ങളെല്ലാം സന്തോഷിച്ചു. അവൻ ചെന്ന് പുരോഹിതനോട് വിവരമറിയിച്ചപ്പോൾ പുരോഹിതൻ പറഞ്ഞു.

“മകനേ, ഇന്ന് നീ എന്നെക്കാൾ ഉത്തമനായിരിക്കുന്നു. ഇനി ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടി വരും.”

പിന്നീട് അവശത അനുഭവിക്കുന്ന ജനങ്ങളെല്ലാം അവന്റെ അടുക്കൽ വരാൻ തുടങ്ങി. കുഷ്ടം, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങൾ പോലും അവൻ ഭേദമാക്കാൻ തുടങ്ങി. രാജസദസ്സിലെ ഒരു പ്രമുഖൻ അന്ധനായിരുന്നു. അബ്ദുല്ലാഹി ബ്നു ഥാമിർ എന്ന കുമാരനെ കുറിച്ച് കേട്ടറിഞ്ഞ അയാൾ ധാരാളം സമ്മാനങ്ങളുമായി കാണാൻ ചെന്നു. അതൊന്നും ഗൗനിക്കാതെ അവൻ പറഞ്ഞു.

“എനിക്ക് ആരെയും സുഖപ്പെടുത്താൻ കഴിയില്ല. ശിഫാഅ് നൽകുന്നവൻ അല്ലാഹു മാത്രം. താങ്കൾ അല്ലാഹുവിൽ വിശ്വസിച്ചാൽ, അവനോട് പ്രാർത്ഥിക്കാം. അല്ലാഹു കാഴ്ച നൽകിയേക്കും.”

അങ്ങനെ അയാൾ വിശ്വസിക്കുകയും പ്രാർത്ഥനാഫലമായി കാഴ്ച ലഭിക്കുകയും ചെയ്തു.

ഈ സംഭവത്തോടു കൂടി രാജാവ് വിവരമറിഞ്ഞ് അവനെ വിളിപ്പിച്ചു. അനുനയത്തിലും ഭീഷണിയിലും സംസാരിച്ചിട്ടും ഫലമില്ലെന്ന് കണ്ടപ്പോൾ ആ ബാലനെ വധിക്കാൻ ആഗ്രഹിച്ചു. പുരോഹിതനേയും, രാജസദസ്സിലെ അംഗത്തേയും ആദ്യമേ കൊന്നു കളഞ്ഞിരുന്നു.

(ഇമാം മുസ് ലിം (റ) രേഖപ്പെടുത്തിയ, സുഹൈബ് (റ) നിവേദനം ചെയ്ത ഹദീഥ്, അവസാനഭാഗത്ത് നിന്ന് അൽപ്പം കൂടി ഇവിടെ ഉദ്ധരിക്കുന്നു...)
       
“...... അങ്ങനെ അവൻ രാജാവിനോട് പറഞ്ഞു.

“ഞാൻ പറയുന്നത് പോലെ ചെയ്യുന്നത് വരെ താങ്കൾക്കെന്നെ വധിക്കാൻ കഴിയില്ല.”

“അതെന്താണ്.?”

“ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടുക. എന്നെ ഒരു കൽപ്പകവൃക്ഷത്തിൽ (പന) ബന്ധിക്കുക. പിന്നെ, എന്റെ ആവനാഴിയിൽ നിന്ന് ഒരു അസ്ത്രമെടുത്ത് വില്ല് കുലക്കുക. പിന്നെ ‘ഈ ബാലന്റെ നാഥനായ അല്ലാഹുവിന്റെ നാമത്തിൽ..’ എന്ന് പറഞ്ഞ് എന്നെ അമ്പെയ്യുക. നിശ്ചയം, താങ്കൾ ഇപ്രകാരം പ്രവർത്തിച്ചാൽ എന്നെ വധിക്കാവുന്നതാണ്.”

അപ്രകാരം അയാൾ ജനങ്ങളെ ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടി. അവനെ ഒരു കൽപ്പക വൃക്ഷത്തിൽ ബന്ധിച്ചു. പിന്നെ, അവന്റെ ആവനാഴിയിൽ നിന്ന് ഒരു അസ്ത്രമെടുത്ത് വില്ലിന്റെ മദ്ധ്യത്തിൽ വെച്ചു. പിന്നെ, ‘ഈ ബാലന്റെ നാഥനായ അല്ലാഹുവിന്റെ നാമത്തിൽ..’ എന്ന് പറഞ്ഞ് അസ്ത്രമയച്ചു. അമ്പ് അവന്റെ ചെന്നിയിൽ (കണ്ണിന്റെയും ചെവിയുടേയും മദ്ധ്യേ) തറച്ചു. അവൻ തന്റെ ചെന്നിയിൽ അമ്പേറ്റ സ്ഥലത്ത് കൈവെച്ചു. അങ്ങനെ മരണപ്പെട്ടു. അപ്പോൾ ജനങ്ങൾ (വിളിച്ചു) പറഞ്ഞു :

“ഈ ബാലന്റെ നാഥനിൽ ഞങ്ങളിതാ വിശ്വസിച്ചു!  ഈ ബാലന്റെ നാഥനിൽ ഞങ്ങളിതാ വിശ്വസിച്ചു!  .......”(മുസ് ലിം)

 
അതിനു മുമ്പ് രണ്ട് തവണ രാജാവ് ആ ബാലനെ വധിക്കാൻ ശ്രമിച്ചിരുന്നു.

അതായത്, അയാൾ അവനെ തന്റെ ഒരു പറ്റം സൈനികരെ ഏൽപ്പിച്ചു. അവനെ അവിടെയുള്ള ഒരു മലമുകളിൽ കൊണ്ടു പോയി, താഴേക്ക് തള്ളിയിടാൻ ഏൽപ്പിച്ചു. അവർ മലമുകളിലെത്തും മുമ്പ് തന്നെ അവൻ പ്രാർത്ഥിച്ചു.

“അല്ലാഹുവേ, ഇവരുടെ (ശല്യം) നീ മതിയാക്കണേ.”

പെട്ടെന്ന് പർവ്വതം കുലുങ്ങി. അവരെല്ലാം തെറിച്ച് വീണൊടുങ്ങി. അവൻ മാത്രം സുരക്ഷിതനായി തിരിച്ചു വന്നു. അവൻ മരിക്കാതെ തിരിച്ചു വന്നതിൽ അമ്പരന്ന രാജാവ് ഒരു ശ്രമം കൂടി നടത്തി. ഇത്തവണ സൈനികരെ കൂട്ടി അയച്ചത് സമുദ്രത്തിന്റെ അഗാധതയിലേക്ക് എറിയാൻ ആയിരുന്നു. അവിടെയും പ്രാർത്ഥന അവന്ന് തുണയായി. സൈനികരെല്ലാം മുങ്ങി മരിച്ചു. അവൻ തിരിച്ചു വന്നു....

അതു കഴിഞ്ഞാണ് തന്നെ വധിക്കാനുള്ള മാർഗ്ഗം അവൻ തന്നെ അറിയിച്ചു കൊടുക്കുന്നത്. അത് ജനങ്ങളെല്ലാം അല്ലാഹുവിൽ വിശ്വസിക്കാനുള്ള ആത്മസമർപ്പണമായിരുന്നു. ആ രാജാവ് അതോടു കൂടി സ്ഥാനഭ്രഷ്ടനായി എന്നും മറ്റും ചില റിപ്പോർട്ടുകളിൽ കാണുന്നു. പിന്നെ, വന്നത് ജൂതരാജാവ് യൂസുഫ് അബൂനുവാസ്. ഇമാം മുസ് ലിം ഉദ്ധരിച്ച ഹദീഥിന്റെ ബാഹ്യ അർത്ഥപ്രകാരം കിടങ്ങ് കീറി ജനങ്ങളെ കൂട്ടക്കൊല നടത്തിയത് ആദ്യത്തെ രാജാവ് തന്നെയാണ്. എന്നാൽ ഇബ്നു ഇസ്ഹാക്വ് (رحمه الله) രേഖപ്പെടുത്തുന്നു :

“അബ്ദുല്ലാഹി ബ്നു ഥാമിർ എന്ന ആ ബാലൻ കാരണമായി ജനങ്ങൾ സത്യമതം പുൽകിയപ്പോൾ യൂസുഫ് എന്നറിയപ്പെടുന്ന ജൂതരാജാവ് ‘ദൂ നുവാസ്’ (കഅ്ബാ ശരീഫിന് കിസ് വ അണിയിച്ച തുബ്ബഅ് രാജാവിന്റെ പുത്രൻ) സൈന്യസമേതം അവിടെയെത്തി. കൂടെ മദീനയിലെ രണ്ട് ജൂതഗോത്രങ്ങളും ഉണ്ടായിരുന്നു. അവർ ആ ജനതയെ ജൂതമതത്തിലേക്ക് ക്ഷണിച്ചു. ഒന്നുകിൽ ജൂതനാവുക അല്ലെങ്കിൽ വധിക്കപ്പെടുക എന്നിവയിൽ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാൻ അയാൾ ആവശ്യപ്പെട്ടു. ജൂതായിസം സ്വീകരിക്കാത്തവരെ മുഴുവൻ തന്റെ, അഗ്നിക്കിടങ്ങിലിട്ട് വധിച്ചു. അങ്ങനെ ഇരുപതിനായിരത്തോളം പേരെയാണ് വധിച്ചത് !

ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് അത്വാഅ് ഉദ്ധരിക്കുന്നു :“നബിﷺ തങ്ങളുടെ ജനനത്തിന് എഴുപത് വർഷം മുമ്പാണ് ഈ സംഭവം.”

വഹബ് ബ്നു മുനബ്ബഹ് (رضي الله عنه) വിൽ നിന്ന് ഇബ്നു ഇസ്ഹാക്വ് ഉദ്ധരിക്കുന്നു. “അന്ന് അവരിൽ ഒരാൾ രക്ഷപ്പെട്ട്, തന്റെ കുതിരപ്പുറത്ത് പലായനം ചെയ്തു. ‘ദൗസ് ദൂ ഥഅ്ലബാൻ’ എന്ന അയാളെ അവർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. അയാൾ കൃസ്ത്യാനിയായ ശാം ഭരണാധികാരി സീസർ ചക്രവർത്തിയുടെ (ക്വൈസർ) അടുക്കലെത്തി. ചക്രവർത്തിയുടെ സന്ദേശമനുസരിച്ച് ഹബ്ശഃ (എത്യോപ്യ) രാജാവ് നജ്ജാശി, അർയാത്വ്, അബ്രഹത് തുടങ്ങിയവർ വമ്പൻ പടയുമായെത്തി. ദൂ നുവാസ് ഭയന്നോടി. ഒടുവിൽ അയാൾ കുതിരയോടൊപ്പം സമുദ്രത്തിൽ വീണ് മുങ്ങി മരിച്ചു.”

(ഇബ്നു ഇസ്ഹാക്വ്, കൽബീ  )

അവലംബം: അത്തദ്കിറഃ (التذكرة ), തഫ്സീർ ക്വുർത്വുബി, തഫ്സീർ ബഗ്.വി, തഫ്സീർ ദുർറുൽ മൻഥൂർ, തഫ്സീർ ഇബ്നു കഥീർ

No comments:

Post a Comment