Saturday 16 February 2019

അംറ്ബ്നുൽ ജമൂഹ് [റ]



നബി  (സ) അംറുബ്നുല്‍ ജമൂഹിന്റെ ശരീരത്തില്‍ നോക്കിയിട്ട് പറഞ്ഞു: 'എന്റെ ശരീരം ആരുടെ കരങ്ങളിലാണോ ആ നാഥനെതന്നെ സത്യം! അംറുബ്നുല്‍ജമൂഹ് സ്വര്‍ഗത്തില്‍ തന്റെ മുടന്തന്‍ കാലുകൊണ്ട് ചവിട്ടുന്നതായി ഞാന്‍ കാണുകയുണ്ടായി.' തുടര്‍ന്ന് നബി  (സ) അബ്ദുല്ലാഹിബ്നുഅംറിന്റെ അടുത്തുനിന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ജാബിറുബ്നു അബ്ദില്ലാഹ് വന്നു, പിതാവിന്റെ മുഖത്ത് ചുംബനങ്ങള്‍ അര്‍പ്പിച്ചു. സ്വഹാബികള്‍ അദ്ദേഹത്തെ തടഞ്ഞുവെങ്കിലും നബി  (സ) ഒന്നും തന്നെ പറഞ്ഞില്ല.

കാലിലെ കഠിനമായ മുടന്തോടു കൂടി സ്വര്‍ഗത്തില്‍ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികന്‍. അംറുബ്നുല്‍ജമൂഹ്(റ) . ഇരുണ്ട യുഗത്തിലെ യസ്രിബിലെ പൌര പ്രമുഖന്‍…ബനൂസലമഃ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്… വിശ്രുതനായ ധര്‍മിഷ്ഠന്‍… മാന്യ വ്യക്തിത്വത്തിനുടമ…

ജാഹിലിയ്യത്തില്‍ പ്രമാണിമാരെല്ലാം സ്വന്തം വീടുകളില്‍ ബിംബങ്ങളെ പ്രതിഷ്ഠികക്കുക പതിവുണ്ടായിരുന്നു… പ്രഭാത പ്രദോഷങ്ങളില്‍ പ്രണാമങ്ങളര്‍പ്പിക്കുക, ആണ്ടു തോറും ബലി നടത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ അഭയം തേടുക ഇവയായിരുന്നു ഉദ്ദേശ്യം..

അംറുബ്നുല്‍ ജമൂഹിന്റെ വിഗ്രഹത്തിന് മനാത്ത് എന്നായിരുന്നു പേര്‍. വിലപിടിച്ച മരത്തടിയില്‍ തീര്‍ത്തതായിരുന്നു അത്. മനാത്തിനെ പരിചരിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എപ്പോഴും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ ആ വിഗ്രഹത്തില്‍ അദ്ദേഹം നിര്‍ല്ലോഭം വാരിപ്പൂശി.

അംറുബ്നുല്‍ ജമൂഹിന് അറുപത് പിന്നിട്ടു. അപ്പോഴാണ് ഇസ്ലാമിക വിശ്വാസത്തിന്റെ പൊന്‍കിരണങ്ങള്‍ യസ്രിബിലെ വീടുകളില്‍ പ്രകാശം പരത്താന്‍ തുടങ്ങിയത്….

മദീനയിലെത്തിയ ആദ്യ സത്യസന്ദേശ വാഹകന്‍ മഹാനായ മുസ്വ്അബുബ്നു ഉമൈര്‍(റ)ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്.

അംറുബ്നുല്‍ജമൂഹിന്റെ മൂന്ന് പുത്രന്മാര്‍; മുഅവ്വിദ്, മആദ്, ഖല്ലാദ് എന്നിവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നു ജബലും അവര്‍ മുഖേന സത്യവിശ്വാസികളായിത്തീര്‍ന്നു.

മൂന്ന് പുത്രന്മാരോടൊപ്പം അവരുടെ മാതാവ് ഹിന്ദും ഇസ്ലാം മതം ആശ്ളേഷിച്ചു…അവരുടെ മതപരിവര്‍ത്തനത്തെക്കുറിച്ച് യാതൊരറിവും അംറിന് കിട്ടിയിരുന്നില്ല.

അംറുബ്നുല്‍ ജമൂഹിന്റെ ഭാര്യ ഹിന്ദ് യസ്രിബില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ശരിക്കും ഉള്‍ ക്കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആ നാട്ടുകാരില്‍ നേതാക്കളും പ്രജകളുമായി സിംഹഭാഗവും ഇസ്ലാം മതാനുയായികളായിരിക്കുന്നു. ബഹുദൈവ വിശ്വാസികളായി ശേഷിക്കുന്നവര്‍ തന്റെ ഭര്‍ത്താവും വിരലിലെണ്ണാവുന്ന കുറച്ചു പേരും മാത്രം…..!

അവര്‍ക്ക് ഭര്‍ത്താവിനോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. കാഫിറായി മരിക്കേണ്ടി വന്നാല്‍ അദ്ദേഹം ശാശ്വതമായി നരകാഗ്നിയിലായിരിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ സഹതാപവും തോന്നുന്നുണ്ട്…..

അതേസമയം….അംറും വലിയ ഭയപ്പാടിലായിരുന്നു…തന്റെ മക്കള്‍ പിതാമഹന്മാരുടെ വിശ്വാസാചാരങ്ങള്‍ കൈവെടിഞ്ഞ് പുതിയ മതത്തില്‍ അകപ്പെട്ടുപോകുമോ എന്നതായിരുന്നു അദ്ദേഹം ചിന്തിച്ചത്…കാരണം ദീനീ പ്രബോധകനായ മുസ്വ്അബുബ്നുഉമൈര്‍(റ)മുഖേന ചുരുങ്ങിയ കാലയളവില്‍ വളരെയധികം പേര്‍ മുത്ത് മുഹമ്മദ്(ﷺ) തങ്ങളുടെ മതത്തില്‍ ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു……

അംറ് തന്റെ ഭാര്യയോട് പറഞ്ഞു: ‘ഹിന്ദ്….! ഈ പുതിയ മത വൃത്താന്തവുമായി വന്നയാളോട് നമ്മുടെ മക്കള്‍ സന്ധിച്ചു പോകുന്നത് ശരിക്കും സൂക്ഷിക്കണം…ഞാന്‍ തീരുമാനിക്കും പോലെ മതി ഇവിടുത്തെ കാര്യങ്ങള്‍’.

ഭാര്യ പറഞ്ഞു: ‘ശരി…പക്ഷേ, ഒന്നു ചോദിച്ചോട്ടെ… നിങ്ങളുടെ മകന്‍ മുആദ് അയാളില്‍ നിന്ന് എന്തോ കേട്ട് പഠിച്ചിരിക്കുന്നു…അതെന്താണെന്ന് നിങ്ങള്‍ക്കൊന്ന് കേട്ടുകൂടെ….?!’

അംറ് ചോദിച്ചു ‘എന്ത്…! ഞാനറിയാതെ മതം മാറിയോ…?!’

ആ നല്ല സ്ത്രീക്ക് വയസ്സായ ഭര്‍ത്താവിനോട് സഹതാപം തോന്നി…അവര്‍ പറഞ്ഞു.

‘ഹേയ്, അതൊന്നുമല്ല…അയാളുടെ ഏതോ ഒരു ക്ളാസില്‍ പങ്കെടുത്തിരുന്നു പോല്‍…..! അങ്ങനെ മനഃപാഠമാക്കിയതാണ്’.

‘എങ്കില്‍ മുആദിനെ വിളിക്ക്…! അംറ് കല്‍പിച്ചു.

മുആദ് വന്നപ്പോള്‍ അംറ് പറഞ്ഞു: ‘ആ മനുഷ്യന്‍ പറയുന്നതെന്താണെന്ന് എന്നെ കേള്‍പ്പിക്കൂ’.

മകന്‍ മുആദ് സൂറത്തുല്‍ ഫാതിഹഃ സുന്ദരമായ ശൈലിയില്‍ ഓതിക്കേള്‍പ്പിച്ചു. സശ്രദ്ധം കേട്ടിരുന്ന അംറ് പറഞ്ഞു:

‘ഹാ…! എത്ര സുന്ദരമായ ഈരടികള്‍…! അദ്ദേഹം പറയുന്ന വാക്കുകളെല്ലാം ഇതുപോലെ സുന്ദരമാണോ…?’

മുആദ് പറഞ്ഞു. ‘ഇതിനേക്കാള്‍ സുന്ദരമാണ് ഉപ്പാ…നിങ്ങള്‍ അവരോട് ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നുവോ…? നിങ്ങളുടെ ജനത മുഴുക്കെ അദ്ദേഹത്തോടൊപ്പം ചേര്‍ന്നുകഴിഞ്ഞു’.

അംറ് പറഞ്ഞു. ‘ഞാന്‍ എന്റെ ദൈവമായ മനാത്തിനോടൊന്ന് തിരക്കട്ടെ… എന്നിട്ട് വേണ്ട പോലെ ചെയ്യാം…!’

മകന്‍ പറഞ്ഞു: ‘മനാത്ത് എന്ത് പറയാനാണ് ഉപ്പാ…! ബുദ്ധി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത വെറും മരക്കഷണമല്ലേ അത്…?’

ആ വൃദ്ധപിതാവിന് കലികയറി അദ്ദേഹം പറഞ്ഞു:

‘മനാത്തിനോട് ചോദിക്കാതെ ഒരു കാര്യത്തിലും ഞാന്‍ തീരുമാനമെടുക്കില്ലെന്ന് അറിയില്ലേ നിനക്ക്…?’

അംറുബ്നുല്‍ ജമൂഹ് തന്റെ വിഗ്രഹത്തെ സമീപിച്ചു. അറബികള്‍ ബിംബത്തോട് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ പിന്നില്‍ ഒരു വൃദ്ധ സ്ത്രീയെ നിര്‍ത്താറുണ്ടായിരുന്നു. ചോദ്യങ്ങള്‍ക്കും മറ്റും ആ സ്ത്രീ നല്‍കുന്ന മറുപടി ദൈവീക വെളിപാടാണെന്നായിരുന്നു അവരുടെ വിശ്വാസം.

അദ്ദേഹം ആരോഗ്യമുള്ള തന്റെ കാലു കൊണ്ട് ശരീരത്തിന്റെ ഭാരം താങ്ങി നിര്‍ത്തി. മറ്റേകാല്‍ മുടന്തുള്ളത് കൊണ്ട് ഉപയോഗശുന്യമായിരുന്നു. ദൈവത്തിന് സ്തുതി കീര്‍ത്തനങ്ങളര്‍പ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി:

‘മനാത്ത്…മക്കയില്‍ നിന്ന് പുത്തന്‍ സന്ദേശവുമായെത്തിയ ആ വ്യക്തി ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തയാളാണ്… എന്നാല്‍ ബിംബാരാധനയെ അദ്ദേഹം കഠിനമായി എതിര്‍ക്കുന്നു. ഇക്കാര്യമെല്ലാം അങ്ങുന്ന് അറിഞ്ഞിട്ടുണ്ടാകുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല…അയാളുടെ വാക്കുകള്‍ കര്‍ണ്ണാനന്ദകരവും സുന്ദരവുമാണ്… പക്ഷേ, അവിടുത്തോട് ആലോചിച്ച ശേഷമാവാം എന്ന നിലക്ക് തല്‍ക്കാലം അയാളുടെ കൂടെ ഞാന്‍ ചേരാതിരുന്നതാണ്….അത് കൊണ്ട് ഞാനെന്തു ചെയ്യണമെന്ന് അരുളിയാലും….!’

മനാത്ത് ഒന്നും മിണ്ടിയതേയില്ല. അംറ് തുടര്‍ന്നു,

‘ഞാന്‍ ചോദിച്ചതില്‍ അവിടുത്തേക്ക് വെറുപ്പ് തോന്നിയിട്ടുണ്ടെങ്കില്‍ പൊറുക്കണം… ഇനി മേലില്‍ വിഷമമുണ്ടാക്കുന്ന ഒരു കാര്യം എന്നില്‍ നിന്നുണ്ടാവുകയില്ല… ഏതായാലും കുറച്ച് ദിവസത്തേക്ക് എനിക്ക് വിട തരിക…ദേഷ്യമെല്ലാം അടങ്ങിയിട്ട് വരാം’.

അംറുബ്നില്‍ജമൂഹിന് മനാത്തിനോടുള്ള അഭേദ്യമായ മാനസിക ബന്ധം പുത്രന്മാര്‍ക്ക് നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ആ ബന്ധത്തിന്റെ സ്വാധീനം പ്രകടവുമായിരുന്നു…എന്നാല്‍ ആ ബന്ധത്തിന്റെ വേരുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് ഇളകിത്തുടങ്ങിയിരിക്കുന്നു എന്നവര്‍ മനസ്സിലാക്കി… അത് എന്നെന്നേക്കുമായി നിഷ്കാസനം ചെയ്യുക തങ്ങളുടെ ബാധ്യതയാണെന്ന് അവര്‍ക്കുത്തമബോധ്യമുണ്ട്….അതാണ് അദ്ദേഹം ഇസ്ലാമിലേക്ക് വരാനുള്ള ഏക മാര്‍ഗ്ഗവും….

അംറിന്റെ മക്കള്‍ മൂവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നുജബലും കൂടി രാത്രിയുടെ മറവില്‍ മനാത്ത് ഇരിക്കുന്ന മുറിയിലേക്ക് ചെന്നു. അതിനെ തല്‍സ്ഥാനത്തു നിന്ന് ഇളക്കിയെടുത്ത് ഒരു പൊട്ടക്കിണറ്റില്‍ കൊണ്ട് തള്ളിയിട്ടു… ബനൂസലമഃ ഗോത്രക്കാര്‍ ചപ്പുചവറുകള്‍ കൊണ്ടിടുന്ന സ്ഥലം. ആരുമറിയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.

അടുത്ത സുപ്രഭാതം…അംറ് താഴ്മയോടെ പുറപ്പെട്ടു, മനാത്തിനെ കണ്ട് വണങ്ങാന്‍…! എന്നാല്‍ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി… മനാത്ത് അപ്രത്യക്ഷനായിരിക്കുന്നു…?!

അദ്ദേഹം ഗര്‍ജ്ജിച്ചു. ‘എവിടെ എന്റെ ദൈവം…???’ ആരും ഒരക്ഷരം മിണ്ടിയില്ല.

അദ്ദേഹം വീടിനകത്തും പുറത്തും അരിച്ചു പെറുക്കി….കോപക്രാന്ദനായി അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു…അവസാനം…അതാ കിടക്കുന്നു ദൈവം ചെളിക്കുണ്ടില്‍ തലകീഴായി…!!

അദ്ദേഹം അതിനെ ചെളിക്കുണ്ടില്‍ നിന്ന് വാരിയെടുത്ത് കുളിപ്പിച്ചു വൃത്തിയാക്കി. സുഗന്ധദ്രവ്യങ്ങള്‍ പൂശി തല്‍സ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു. മനാത്തിനോടായി അദ്ദേഹം പറഞ്ഞു. ‘ദൈവമാണ് സത്യം, ഈ നീചകൃത്യം ചെയ്തത് ആരാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വേണ്ട പ്രതികാരം ഞാന്‍ ചെയ്യുമായിരുന്നു.’

അടുത്ത സന്ധ്യ…ആ സുഹൃത്തുക്കള്‍ തലേന്ന് ചെയ്ത കൃത്യം ആവര്‍ത്തിച്ചു. നേരം പുലര്‍ന്നു…അംറ് പൂജാമുറിയില്‍ പ്രവേശിച്ചു…ദൈവം സ്ഥലം വിട്ടിരിക്കുന്നു…അന്വേഷിച്ചപ്പോള്‍ പൊട്ടക്കുഴിയില്‍ ചെളിയും പുരണ്ട് ദയനീയമായി ശയിക്കുന്നു….അദ്ദേഹം അതിനെയെടുത്ത് വൃത്തിയാക്കി കുളിപ്പിച്ചു…അത്ത്വര്‍ പൂശി പൂര്‍വ്വസ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു.

അതിന് ശേഷം എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു…യുവാക്കള്‍ വിഗ്രഹം എടുത്ത് ചെളിക്കുണ്ടിലെറിയും…. ആ വയോവൃദ്ധന്‍ അതിനെയെടുത്ത് വൃത്തിയാക്കും…സഹികെട്ടപ്പോള്‍ അംറുബ്നുല്‍ജമൂഹ് ഒരു പുതിയ പദ്ധതി പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹം ഒരു ദിവസം ഉറങ്ങുന്നതിന് മുമ്പായി തന്റെ കരവാള്‍ എടുത്ത് മനാത്തിന്റെ കഴുത്തില്‍ കെട്ടിയിട്ട് പറഞ്ഞു:

‘മനാത്ത്…! ആരാണ് ഈ നികൃഷ്ടതക്ക് പിന്നില്‍ എന്ന് എനിക്ക് പിടികിട്ടുന്നില്ല. അത് കൊണ്ട് നിനക്ക് വല്ല കഴിവുമുണ്ടെങ്കില്‍ നീ സ്വയം പ്രതിരോധിച്ചുകൊള്ളുക…..! ഇതാ ഈ വാള്‍ തന്റെ കയ്യിലിരിക്കട്ടെ….!’

അദ്ദേഹം ഉറങ്ങാന്‍ കിടന്നു. ഗാഢ നിദ്രയിലാണ്ടുകഴിഞ്ഞു എന്ന് ബോധ്യപ്പെട്ടപ്പോള്‍ യുവാക്കള്‍ വിഗ്രഹത്തിനടുത്തെത്തി…കഴുത്തില്‍ നിന്ന് വാള്‍ അഴിച്ചുമാറ്റി…വീട്ടിന് പുറത്ത് കൊണ്ട്പോയി ഒരു ചത്ത നായയെയും വിഗ്രഹത്തെയും തമ്മില്‍ കൂട്ടിക്കെട്ടി അഴുക്കു നിറഞ്ഞ കിണറ്റില്‍ ഇട്ടു……

പ്രഭാതം വിടര്‍ന്നു……. വിഗ്രഹം അപ്രത്യക്ഷമായത് കണ്ട വൃദ്ധന്‍ അന്വേഷിച്ചു നടന്നു… അതാ ചെളിക്കുഴിയില്‍ കിടക്കുന്നു. കൂടെ ഒരു നായയുടെ ശവവും ഉണ്ട്…ഇപ്രാവശ്യം അദ്ദേഹം മനാത്തിനെ കരക്കു കയറ്റിയില്ല… അതിനെ അവിടെ തന്നെ ഉപേക്ഷിച്ചു കൊണ്ടദ്ദേഹം പാടി.

‘ആഴിയില്‍ ശ്വാനസാമീപ്യം കൈക്കൊണ്ടെന്തിന് കിടക്കുന്നു ദൈവമാവുകില്‍ നീ’.

അദ്ദേഹം പിന്നെയൊട്ടും താമസിച്ചില്ല….അല്ലാഹുവിന്റെ ദീനില്‍ അംഗമായിച്ചേര്‍ന്നു:

‘അശ്ഹദു അല്ലാഇലാഹ………..’

അംറുബ്നുല്‍ ജമൂഹ്(റ)സത്യ വിശ്വാസത്തിന്റെ മാധുര്യം നുണഞ്ഞു. മുശ്രിക്കായി കഴിച്ചുകൂട്ടിയ ഓരോ നിമിഷങ്ങളുമോര്‍ത്ത് ദുഃഖിച്ച് വിരലു കടിച്ചു… പുതിയ മതത്തിനായി തന്റെ ദേഹവും ദേഹിയും അദ്ദേഹം ഉഴിഞ്ഞു വെച്ചു. സ്വന്തം ശരീരവും സമ്പത്തും മക്കളും അല്ലാഹുവിനും റസൂല്‍ (ﷺ) തങ്ങൾക്കുമായി സമര്‍പിച്ചു.

അധികം കഴിഞ്ഞില്ല…ഉഹ്ദ് യുദ്ധം സമാഗതമായി. മക്കള്‍ ധൃതിയില്‍ ഒരുങ്ങുന്നത് അംറ് കണ്ടു. കാനന സിംഹങ്ങളുടെ ശൌര്യം അവരുടെ ഓരോ ചുവടുവെപ്പിലും അനുനിമിഷം പ്രകടമായി… വീര രക്തസാക്ഷിത്വം വരിച്ച് അല്ലാഹുവിന്റെ പ്രീതി നേടാന്‍ അവരുടെ ഹൃദയം ത്രസിച്ചുകൊണ്ടിരിക്കുകയാണ്.

ആ കാഴ്ചകള്‍ അംറുബ്നുല്‍ ജമൂഹ്(റ)വിന്റെ അഭിമാനബോധത്തെ തൊട്ടുണര്‍ത്തി. അദ്ദേഹവും മഹാനായ നബി(ﷺ) തങ്ങളുടെ പതാകക്കു കീഴില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.

പക്ഷേ,…അദ്ദേഹത്തെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുത്രന്മാര്‍ ഒറ്റക്കെട്ടായി ശ്രമിച്ചു. കാരണം പിതാവ് വാര്‍ധക്യത്തിന്റെ പടുകുഴിയിലാണ്….മാത്രമല്ല, ഒറ്റക്ക് നടക്കാന്‍ പോലും കഴിയാത്ത മുടന്താണ് കാലിന്…. അതു കൊണ്ടുതന്നെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു പറഞ്ഞ വിഭാഗത്തില്‍പെട്ടയാളുമാണദ്ദേഹം….

മക്കള്‍ പറഞ്ഞു: ‘പിതാവേ…കാലിന് മുടന്തുള്ളവര്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞിട്ടുണ്ടല്ലോ… അല്ലാഹു വിട്ടുവീഴ്ച തന്ന ഒരു കാര്യത്തിന് പിന്നെ നിങ്ങളെന്തിന് ശരീരത്തെ ബുദ്ധിമുട്ടിക്കണം….’

അവരുടെ വാക്കു കേട്ട് ആ വന്ദ്യ വയോധികന്‍ വല്ലാതെ ദേഷ്യപ്പെട്ടു… അവര്‍ നബി(ﷺ) തങ്ങളുടെ അടുക്കല്‍ അന്യായം ബോധിപ്പിച്ചു:

‘അല്ലാഹുവിന്റെ ദൂതരേ…ഈ മഹത്തായ കാര്യത്തില്‍ പങ്കുകൊള്ളുന്നതിന് എന്റെ പുത്രന്മാര്‍ തടസ്സം ഉന്നയിക്കുകയാണ്…ഞാന്‍ മുടന്തുള്ളയാളാണെന്നാണവര്‍ കാരണം പറയുന്നത്…അല്ലാഹുവാണ് സത്യം…എന്റെ ഈ മുടന്തുകാലുമായി സ്വര്‍ഗത്തില്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു നബിയേ…’

നബി(ﷺ) തങ്ങൾ അംറ് (റ) വിന്റെ പുത്രന്മാരോട് പറഞ്ഞു: ‘നിങ്ങള്‍ പിതാവിനെ തടയേണ്ടതില്ല. അല്ലാഹു അവര്‍ക്ക് രക്തസാക്ഷിയാവാനുള്ള ഭാഗ്യം നല്‍കിയേക്കാം….’

നബി(ﷺ) തങ്ങളുടെ നിര്‍ദേശം മക്കള്‍ അംഗീകരിച്ചു.

യുദ്ധത്തിന് പുറപ്പെടാറായി….അംറുബ്നുല്‍ജമൂഹ്(റ)തന്റെ ഭാര്യയോട് യാത്ര പറഞ്ഞിറങ്ങി…ഇനിയൊരിക്കലും തിരിച്ചു വരാത്ത യാത്രാമൊഴി…ശേഷം അദ്ദേഹം ഖിബ്ലക്ക് മുന്നിട്ട് ഇരു കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ഥിച്ചു:

‘അല്ലാഹുവേ…! എന്നെ നീ ശഹീദാക്കേണമേ….! എന്നെ എന്റെ വീട്ടിലേക്ക് ആശയറ്റവനായി മടക്കരുതേ…’

അംറുബ്നുല്‍ ജമൂഹ് (റ) യുദ്ധത്തിനിറങ്ങി…ചുറ്റും മൂന്ന് മക്കളും കുടുംബത്തില്‍ നിന്നുള്ള വലിയൊരു സംഘവും ഉണ്ട്.

രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു… മുഅ്മിനുകള്‍ നബി(ﷺ) തങ്ങളുടെ സമീപത്ത് നിന്നകന്ന് കൊ ണ്ടിരിക്കുകയാണ്… മഹാനായ അംറുബ്നുല്‍ ജമൂഹ്(റ)ഏറ്റവും മുമ്പില്‍ തന്നെ ഉണ്ട്. മുടന്തില്ലാത്ത കാലില്‍ ചാടിയാണ് അവര്‍ മുന്നേറിക്കൊണ്ടിരുന്നത്… പോരാടുമ്പോള്‍ അവരുടെ അധരങ്ങള്‍ ആവര്‍ത്തിച്ചു ചലിച്ചുകൊണ്ടിരിക്കുന്നു….

‘എനിക്ക് സ്വര്‍ഗത്തില്‍ കടക്കാന്‍ അത്യാര്‍ത്തിയുണ്ട്…’
അദ്ദേഹത്തിന്റെ തൊട്ടു പിന്നില്‍ ഖല്ലാദുണ്ട്… ആ സ്വഹാബിയും മകനും നബി(ﷺ) തങ്ങളെ സംരക്ഷിക്കാനായി പടവെട്ടിക്കൊണ്ടിരിക്കുകയാണ്. അധികം കഴിഞ്ഞില്ല…യുദ്ധഭൂമിയില്‍ പിതാവും മകനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശഹീദായി വീണു.

യുദ്ധം അവസാനിച്ചു…റസൂല്‍(ﷺ) തങ്ങൾഉഹ്ദില്‍ ശഹീദായവരെ മറമാടാനായി എഴുന്നേറ്റു…നബി (ﷺ) തങ്ങൾ സ്വഹാബത്തിനോട് പറഞ്ഞു: ‘ശഹീദായവരെ കുളിപ്പിക്കാതെ തന്നെ മറവ് ചെയ്യുക. ഞാനവര്‍ക്ക് സാക്ഷിയാണ്…!’

നബി(ﷺ) തങ്ങൾ തുടര്‍ന്നു: ‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ആര്‍ക്കെങ്കിലും ഒരു മുറിവ് ഏല്‍ക്കേണ്ടിവന്നാല്‍ അന്ത്യ ദിനത്തില്‍ അതില്‍നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കും… ആ രക്തത്തിന്റെ നിറം കുങ്കുമത്തിന്റെതും വാസന കസ്തൂരിയുടെതുമായിരിക്കും…’

അവിടുന്ന് തുടര്‍ന്നു. ‘അംറുബ്നുല്‍ജമൂഹ് (റ) വിനെയും അബ്ദുല്ലാഹിബ്നു അംറ് (റ) വിനെയും ഒരേ ഖബ്റില്‍ മറവ് ചെയ്യുക. അവര്‍ തമ്മില്‍ നിഷ്കളങ്കമായി സ്നേഹിച്ചവരായിരുന്നു.’ അല്ലാഹു (സു) അംറുബ്നുല്‍ ജമൂഹ്(റ)വിനെയും കൂട്ടുകാരായ ഉഹ്ദിലെ രക്തസാക്ഷികളെയും തൃപ്തിപ്പെടുമാറാകട്ടെ…ആമീന്‍.



മറ്റൊരു ലേഖനം കൂടി വായിക്കാം

ദിവസങ്ങള്‍ പതുക്കെ കടന്നുപോയി. ബനൂസലിമ ഗോത്രത്തലവനായ അംറുബ്നുല്‍ ജമൂഹ് കാത്തിരുന്ന് മുഷിഞ്ഞു. പ്രതിവര്‍ഷം എല്ലാ അറബികളും സമ്മേളിക്കുന്ന മക്കയില്‍ പങ്കെടുക്കാനും ഖുറൈശിനെ സന്ദര്‍ശിക്കാനും വേണ്ടി മദീനയില്‍ നിന്നുപോയ സംഘം ഇനിയും തിരിച്ചെത്തിയിട്ടില്ല. ആ സംഘത്തില്‍ തന്റെ പ്രിയപുത്രന്‍ മുആദും ഏക ആത്മസുഹൃത്ത് അബ്ദുല്ലാഹിബ്നു അംറും ഉള്‍പെടുന്നു. അവരെ കാണാത്തതിലുള്ള ചിന്തകള്‍ അദ്ദേഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

നീണ്ട കാത്തിരിപ്പിനു ശേഷം അവര്‍ വന്നു. പുത്രനെയും സുഹൃത്തിനെയും കണ്ടപ്പോള്‍ അംറുബ്നുല്‍ജമൂഹ് അത്യധികം സന്തോഷിച്ചു. ഓടിച്ചെന്ന് അവരെ സ്വീകരിച്ചു. പക്ഷേ, ഒരു നിമിഷം! അദ്ദേഹത്തിന്റെ സന്തോഷങ്ങളെല്ലാം സന്താപങ്ങളായി മാറി. പ്രസന്നമായിരുന്ന ആ മുഖം വാടി. ഇതെന്തൊരത്ഭുതം! തന്റെ അരുമ മകനും ആത്മമിത്രവും തന്നെ മറന്നുപോയോ? അവരെന്നെ അറിയുകയില്ലേ? അവരുടെ മുഖത്ത് തന്നോടൊരു പുഞ്ചിരി പോലും കാണുന്നില്ലല്ലോ! അവിടെ ആഴമേറിയ എന്തോ ചിന്തകളുടെ പ്രതിഫലനങ്ങള്‍ മാത്രം കാണുന്നു!

പരിഭ്രാന്തനായ അംറ് സംഘത്തിലെ മറ്റുള്ള ജനങ്ങളെ അഭിമുഖീകരിച്ചു. അവരാകട്ടെ കുടുംബത്തലവനായ തന്നോട് സംസാരിക്കുന്നുപോലുമില്ല! അവര്‍ക്കെല്ലാം എന്തുപറ്റി! എന്തെങ്കിലുമാവട്ടെ, തന്റെ ആത്മിത്രത്തിനെന്തുപിണഞ്ഞു?! അബ്ദുല്ലാഹിബ്നു അംറ് പോലും എന്നോട് നന്നായി വര്‍ത്തിക്കുന്നില്ലല്ലോ! എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം ചിന്തയിലാണ്ടു. അവസാനമാണറിയുന്നത്, ഇവരെല്ലാം ഒരു പുതിയ മതം അവലംബിച്ചിരിക്കുന്നുവെന്ന്!


മക്കയില്‍ ചെന്ന അവര്‍ മുഹമ്മദ് എന്ന പുതിയ പ്രവാചകനെ കണ്ടു. അദ്ദേഹത്തിന്റെ മതം പരിചയപ്പെടുകയും അവിടെവെച്ചുതന്നെ അതില്‍ ചേരുകയും ചെയ്തിരിക്കുന്നുവത്രെ-ഈ മതത്തെക്കുറിച്ച് ഞാനും ആത്മസുഹൃത്തും അബ്ദുല്ലാഹിബ്നു അംറും ആഴത്തില്‍ ചിന്തിച്ചിരുന്നുവല്ലോ. അതിന്റെ മഹത്ത്വവും പരിശുദ്ധതയും അന്നുതന്നെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷേ, അത് നമ്മുടെ പിതാക്കളുടെയും പ്രപിതാക്കളുടെയും മഹനീയ പാരമ്പര്യത്തിനെതിരെ നാം ചെയ്യുന്ന വെല്ലുവിയാണെന്ന് പറഞ്ഞ് അന്ന് ഞങ്ങള്‍ അത് വേണ്ടെന്നുവെച്ചതല്ലേ? മറ്റുള്ളവരുടേത് പോകട്ടെ, ആ അബ്ദുല്ലാക്ക് ഇന്നെന്തുപറ്റി?-അംറ് ചിന്തിച്ചു.

അതെ, തന്റെ അഭാവത്തില്‍ നടന്ന ആ മഹാപരിവര്‍ത്തനം അംറുബ്നുല്‍ജമൂഹ് അറിഞ്ഞിരുന്നില്ല. പാരമ്പര്യവും പൈതൃകങ്ങളും പുതിയ മതം അവലംബിക്കുന്നതില്‍ നിന്ന് തന്റെ പുത്രന്‍ മുആദിനെയോ കൂടെയുള്ള തന്റെ ഗോത്രക്കാരായ യുവാക്കളെയോ തടഞ്ഞില്ല. യഥാര്‍ഥ മോചനമാര്‍ഗവും സന്മാര്‍ഗവും കണ്ടപ്പോള്‍ അവരതിനെ വാരിപ്പുണര്‍ന്നു. ഇതിന്റെ പിന്നില്‍ 'എന്തും വരട്ടെ, കാണാം' എന്നതായിരുന്നു അവരുടെ ചിന്ത.

കഅ്ബുബ്നുമാലിക്(റ) ആയിരുന്നു അവര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അവര്‍ സഹയാത്രികനായ അബ്ദുല്ലാഹിബ്നു അംറിനെ അവരുടെ മതത്തിലേക്ക് പ്രബോധനം ചെയ്തു. അല്ലാഹുവിന്റെ മതത്തിന്റെ സത്യസന്ധതയും സുവിശേഷതകളും അവര്‍ അദ്ദേഹത്തെ തെര്യപ്പെടുത്തി. ഇരുട്ടിലാണ്ടു കിടക്കുന്ന തന്റെ ജീവിതം പ്രഭാപൂരിതമാക്കാന്‍ അബ്ദുല്ലാഹിബ്നു അംറിനെ ക്ഷണിച്ചു. 'താങ്കള്‍ ഞങ്ങളുടെ കുടുംബനേതാക്കളില്‍ പ്രമുഖനും ശ്രേഷ്ഠനുമാണ്. നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍ നരകാഗ്നിയുടെ വിറകായിത്തീരുന്നതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇസ്ലാമിലേക്ക് താങ്കളെ ക്ഷണിക്കുന്നു. അതിനാല്‍, താങ്കള്‍ മുസ്ലിമാകുക!' ദൈവിക യാഥാര്‍ഥ്യം ആ തുറന്ന ഹൃദയം ഗ്രഹിച്ചു. അവിടെവെച്ചുതന്നെ മുസ്ലിമായി.

ഈ യാഥാര്‍ഥ്യങ്ങളൊന്നും തന്നെ ഇബ്നുല്‍ജമൂഹ് അറിഞ്ഞിരുന്നില്ല. മദീനക്കാര്‍ നബി ÷ യോട് രണ്ടാമതൊരു വലിയ സന്ധി (അല്‍ബൈഅത്തുസ്സാനിയ)യിലേര്‍പ്പെട്ട വിവരം അദ്ദേഹം കേട്ടിട്ടില്ലായിരുന്നു. 'നിങ്ങളുടെ സന്തതികളെയും ഭാര്യമാരെയും എന്തുകൊണ്ടെല്ലാം സംരക്ഷിക്കുന്നുവോ അതുകൊണ്ടെല്ലാം എന്നെയും സംരക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറാണെന്ന വ്യവസ്ഥയില്‍ നിങ്ങളോട് ഞാന്‍ സന്ധിയിലേര്‍പ്പെടുന്നു\'വെന്ന് പ്രവാചകന്‍ ÷ പറഞ്ഞപ്പോള്‍ ആദ്യമായി അവിടുത്തോട് സന്ധിയിലേര്‍പ്പെട്ടത് ബനൂസലിമ ഗോത്രത്തിന്റെ പ്രധാന തലവനായ ബറാഉബ്നു മഅ്റൂറാണെന്ന് അംറുബ്നുല്‍ജമൂഹ് അറിഞ്ഞില്ല. സന്ധി ചെയ്തപ്പോള്‍ ബറാഉബ്നു മഅ്റൂര്‍ പറഞ്ഞു: \'അങ്ങയെ സത്യവുമായി നിയോഗിച്ച നാഥന്‍ തന്നെ ശപഥം! ഞങ്ങള്‍ സ്വന്തം ശരീരങ്ങളെ എങ്ങനെയെല്ലാം സംരക്ഷിക്കുന്നുവോ അപ്രകാരം താങ്കളെയും സംരക്ഷിക്കുന്നതാണ്. അതിനാല്‍ താങ്കള്‍ ഞങ്ങളോട് സന്ധിയിലേര്‍പ്പെട്ടാലും! ഞങ്ങള്‍ നീണ്ട കാല സംഘട്ടനത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ആളുകളാണ്. പ്രവാചകരേ, അത് ഞങ്ങള്‍ തലമുറകളായി പൈതൃകമായെടുത്തുവന്നതാണ്.\' തുടര്‍ന്ന് അബ്ദുല്ലാഹിബ്നു അംറ് ബൈഅത്ത് ചെയ്തു; അംറുബ്നു ജമൂഹിന്റെ പുത്രന്‍ മുആദും പിന്നെ മറ്റെല്ലാ മുസ്ലിംകളും.

അവര്‍ വളരെ സന്തുഷ്ടരായി അവിടെ നിന്നു മടങ്ങി. അവരുടെ ഹൃദയങ്ങളിലുണ്ടായിരുന്ന ഈമാന്‍ ഭൂമിയെ പോലും കിടിലം കൊള്ളിക്കാന്‍ മാത്രം ശക്തമായിരുന്നു. വിഗ്രഹാരാധനയോടുള്ള അവരുടെ വിദ്വേഷം ഓരോരുത്തരെയും തങ്ങളുടെ മാതാപിതാക്കളെയും കുടുംബത്തെയും കൂട്ടുകാരെയും കൈവെടിയാന്‍ വരെ സന്നദ്ധരാക്കി.

ഈ വാര്‍ത്തകളെല്ലാം അംറുബ്നുല്‍ജമൂഹ് അറിയുന്നത് ഇപ്പോഴാണ്! അദ്ദേഹം ചിന്താമൂകനായി വീട്ടിലേക്കുതന്നെ മടങ്ങി. അവസാനം ശാന്തി കണ്ടെത്തിയത്, തന്റെ പ്രിയപ്പെട്ട വിഗ്രഹമായ മനാത്തിന്റെ മുമ്പില്‍ പോയി വണങ്ങുന്നതിലാണ്. ജാഹിലിയ്യാകാലത്തെ അറബി നേതാക്കളുടെ പതിവനുസരിച്ച് അദ്ദേഹം വീട്ടുമുറ്റത്ത് സ്ഥാപിച്ച കല്ലുദൈവമായിരുന്നു മനാത്ത്. അദ്ദേഹം ജീവിതഭാരങ്ങള്‍ ഇറക്കിവെച്ചിരുന്നത് ആ മിണ്ടാവസ്തുവിന് മുമ്പിലായിരുന്നു. സന്ധ്യയായി. ചിന്തകളുടെ തിരമാലകള്‍ അദ്ദേഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാറ്റില്‍ നിന്നും മുക്തി നേടാനെന്നോണം അംറ് ശയ്യ അവലംബിച്ചു. കട്ടപിടിച്ച ഇരുട്ടില്‍ നിമിഷങ്ങള്‍ക്കകം അദ്ദേഹം നിദ്രയിലാണ്ടു.

ബനൂസലിമ ഗോത്രത്തിലെ രണ്ട് യുവാക്കള്‍-അംറിന്റെ പുത്രന്‍ മുആദും മുആദുബ്നു ജബലും-പാതിരാവില്‍ ആ വീട്ടിന്റെ മുറ്റത്തുവന്നു. അംറിന്റെ പ്രിയപ്പെട്ട വിഗ്രഹത്തെ-മനാത്തിനെ-എടുത്ത് അവര്‍ മലവിസര്‍ജ്ജനം ചെയ്യുന്ന സ്ഥലത്ത് കൊണ്ടുപോയി എറിഞ്ഞു. ഉടനെ അവര്‍ സ്ഥലം വിട്ടു. നേരം പുലര്‍ന്നപ്പോള്‍ അംറ് പതിവുപോലെ മനാത്തിന്റെ അടുത്തേക്കുപോയി. അവനാകെ പരിഭ്രാന്തനായി-ദൈവത്തെ കാണാനില്ല! 'നാശം, ആരാണ് രാത്രി നമ്മുടെ ദൈവങ്ങളുടെ മേല്‍ അതിക്രമം കാണിച്ചത്?' എന്ന് ചോദിച്ച് നാലുപാടും തിരക്കി. അവസാനം മാലിന്യം പുരണ്ടുകിടക്കുന്ന മനാത്തിനെ അദ്ദേഹം കണ്ടെത്തി. വിറക്കുന്ന കൈകളോടെ എടുത്ത് കഴുകി ശുദ്ധിയാക്കി സുഗന്ധം പൂശി പൂര്‍വസ്ഥാനത്തുതന്നെ പ്രതിഷ്ഠിച്ചു. എന്നിട്ട് വിഗ്രഹത്തോട് പറഞ്ഞു: 'നിന്നോട് ആരാണിത് ചെയ്തതെന്ന് ഞാനറിയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും അവനോട് ഞാനിതിന് പ്രതികാരം ചെയ്യുമായിരുന്നു...'

പിറ്റെ ദിവസവും അദ്ദേഹം പതിവുപോലെ നിദ്രയിലാണ്ടു. ആ രണ്ട് യുവാക്കളും വന്ന് തലേ ദിവസത്തെപോലെ വിഗ്രഹം എടുത്ത് അകലെ എറിഞ്ഞു. അന്നും അംറ് ഉണര്‍ന്നുവന്നപ്പോള്‍ കാണുന്നത് തലേദിവസത്തെപോലെ വിഗ്രഹത്തെ മലിന സ്ഥലത്തേക്ക് എറിഞ്ഞിരിക്കുന്ന കാഴ്ചയാണ്. പിറ്റെ ദിവസം അദ്ദേഹം ഈ 'അക്രമികളെ' കണ്ടുപിടിക്കുന്നതിനായി നിദ്രാവിഹീനനായി കാത്തിരുന്നു. പക്ഷേ, നിശയുടെ അന്ത്യയാമങ്ങളില്‍ ഉറക്കം അദ്ദേഹത്തെ കീഴടക്കി. ആ യുവാക്കളാകട്ടെ കഴിഞ്ഞ ദിവസങ്ങളിലെ വിനോദം ആവര്‍ത്തിച്ചു. അങ്ങനെ ദിവസങ്ങള്‍ പലതു കഴിഞ്ഞുപോയി. അംറുബ്നുജമൂഹിന് അവരെ പിടിക്കാന്‍ കഴിഞ്ഞില്ല. അത് അദ്ദേഹത്തിന് അസഹ്യമായിത്തീര്‍ന്നു.

അവസാനം അദ്ദേഹത്തിലെ ചിന്തിക്കുന്ന മസ്തിഷ്കം മെല്ലെ മെല്ലെ ഉണരുവാന്‍ തുടങ്ങി: 'ഇതെന്തൊരു കഷ്ടം! ഒരു ദൈവമായിട്ടും അതിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നോ?' ഒരു ദിവസം അദ്ദേഹം മനാത്തിന്റെ കഴുത്തില്‍ ഒരു ഖഡ്ഗം വെച്ചുകെട്ടിക്കൊടുത്തു. 'നിന്നോട് ആരാണിത് ചെയ്യുന്നതെന്ന് എനിക്കറിയാന്‍ കഴിയുന്നില്ല. അതിനാല്‍ നിനക്ക് വല്ല കഴിവുമുണ്ടെങ്കില്‍ നീ തന്നെ പ്രതിരോധിക്കുക. ഇതാ ഖണ്ഗം നിന്നോടൊപ്പം തന്നെ!' ഈ വിഗ്രഹത്തിന് സ്വന്തം ശരീരത്തെ അക്രമിക്കുന്നതുതന്നെ തടയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എനിക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അതിനു കഴിയുമോ? എന്ത് ദൈവമാണത്? ഇന്ന് അവസാനത്തെ പരീക്ഷണം കൂടി ആവട്ടെ-അംറ് ചിന്തിച്ചുകൊണ്ടിരുന്നു. നാളെ എന്തായിരിക്കും കാണുക? അദ്ദേഹം നിദ്രയിലാണ്ടു. പാതിരാവില്‍ ആ രണ്ട് യുവാക്കളും വന്നു. വിഗ്രഹത്തിന്റെ കഴുത്തില്‍ നിന്നും ഖഡ്ഗം അഴിച്ചെടുത്ത് പകരം ഒരു നായയുടെ ശവം കൊണ്ടുവന്ന് അവിടെ കെട്ടിയിട്ടു. തുടര്‍ന്ന് ബനൂസലിമക്കാര്‍ ചപ്പും ചവറും ഇടുന്ന ഒരു കിണറ്റില്‍ ആ വിഗ്രഹം ഇട്ടു.

പിറ്റേന്നും സൂര്യനുദിച്ചു. പതിവുപോലെ ഇബ്നു ജമൂഹ് വിഗ്രഹത്തെ പരതി നടന്നു. അവസാനം കണ്ടെത്തിയത് ചപ്പും ചവറുമിടുന്ന കിണറ്റിലാണ്! മാത്രമല്ല, ശരീരത്തില്‍ ഒരു നായയുടെ ശവവും കെട്ടിയിരിക്കുന്നു. ആ ദൃശ്യം കണ്ടപ്പോള്‍ അദ്ദേഹത്തിന് അറപ്പും വെറുപ്പും തോന്നി. ഒരു ദൈവമായിരുന്നു അതെങ്കില്‍ ഈ നീചവും നികൃഷ്ടവുമായ സ്ഥാനത്ത് അത് എത്തുമായിരുന്നോ?...

ദീര്‍ഘസമയം അംറുബ്നുല്‍ ജമൂഹ് ആ കിണറ്റിന്റെ വക്കില്‍ നില്‍പ്പുറപ്പിച്ചു. ഒരു കല്ലിനെ ഇത്രയും കാലം ദൈവമായി പൂജിച്ചു നടന്ന തന്റെ മഠയത്തരത്തില്‍ അദ്ദേഹം സഹതപിച്ചു. അപ്പോഴതാ വരുന്നു, ബനൂസലിമ ഗോത്രത്തിലെ ആ രണ്ടു ചെറുപ്പക്കാര്‍. അവര്‍ തങ്ങളുടെ കുടുംബമേധാവിയായ അംറിന് യഥാര്‍ഥ സന്മാര്‍ഗം ഏതാണെന്ന് വിശദീകരിച്ചുകൊടുത്തു. കല്ലുദൈവങ്ങളുടെ അശക്തതയും സര്‍വശക്തനായ അല്ലാഹുവിന്റെ ആജ്ഞകളും അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ആ ഹൃദയം കൂടുതല്‍ ഉണര്‍ന്നു. ദൈവികമായ ആ സത്യവചനങ്ങള്‍ക്കുനേരെ കണ്ണടക്കാനദ്ദേഹത്തിന് കഴിഞ്ഞില്ല. മനാത്തിനോടദ്ദേഹത്തിന് കൂടുതല്‍ വെറുപ്പും വിദ്വേഷവും തോന്നി. ആ വിഗ്രഹത്തെ നോക്കി അദ്ദേഹം പാടി:

'അല്ലാഹുവിനെതന്നെ സത്യം, നീ ഒരു ദൈവമായിരുന്നുവെങ്കില്‍ നീയും ഒരു നായയും ഒരേ കിണറ്റിന്റെ മധ്യത്തില്‍ ഒരു കയറില്‍ തന്നെ ഉണ്ടാകുമായിരുന്നില്ല. കീഴടക്കുന്ന ഒരു ദൈവമാണ് നീയെങ്കില്‍ നിന്റെ ഈ ദൃശ്യം വളരെ നീചം തന്നെ! നിന്റെ നശിച്ച ചതി ഇപ്പോള്‍ ഞാന്‍ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു! ഉന്നതനായ, അനുഗ്രഹങ്ങളുടെ ഉടമയായ, ഉദാരനായ അല്ലാഹുവിനാണ് സര്‍വസ്തുതിയും. ഖബ്റിന്റെ ഇരുട്ടറയില്‍ അകപ്പെടുന്നതിനുമുമ്പ് എന്നെ മോചിപ്പിച്ചത് അവനാണ്. അതെ, സന്മാര്‍ഗദര്‍ശിയായ അഹ്മദ് എന്ന പ്രവാചകനെക്കൊണ്ട്!'
അംറുബ്നുല്‍ ജമൂഹും സന്താനങ്ങളും ഒന്നടങ്കം ഇസ്ലാമിലേക്ക് വന്നു. അതിലദ്ദേഹത്തിന്റെ സുഹൃത്ത് അബ്ദുല്ലാഹിബ്നു അംറ് അത്യധികം സന്തോഷിച്ചു.

മുസ്ലിംകള്‍ യുദ്ധത്തിന് പുറപ്പെടണമെന്ന അല്ലാഹുവിന്റെ ആജ്ഞ വരുന്നു. അബ്ദുല്ലാഹിബ്നു അംറും അംറുബ്നുല്‍ ജമൂഹിന്റെ സന്താനങ്ങളായ ഖല്ലാദ്, മുആദ്, അബൂഐമന്‍, മുഅവ്വിദ് എന്നിവരും യുദ്ധത്തിന് പുറപ്പെട്ടു. അംറുബ്നുല്‍ ജമൂഹിന് പക്ഷേ, കാലിന് ശക്തിയായ മുടന്തുണ്ടായിരുന്നു. നബി (സ) വിലക്കിയതുമൂലം അദ്ദേഹത്തെ യുദ്ധത്തിനു പോകാന്‍ സന്താനങ്ങള്‍ അനുവദിച്ചില്ല. തനിക്ക് രാണങ്കണത്തിലേക്ക് പോകാന്‍ എത്രമാത്രം ആഗ്രഹമുണ്ടായിരുന്നു! പക്ഷേ, ശാരീരിക തകരാറുകള്‍ വിഘാതമായി നിന്നു. ആകാശത്തിന്റെയും ഭൂമിയുടെയും വിശാലതയുള്ള സ്വര്‍ഗത്തിനുവേണ്ടി ആ ഹൃദയം എത്രമാത്രം ദാഹിച്ചിരുന്നു!...

ബദ്ര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍ വമ്പിച്ച വിജയം നേടി. തുടര്‍ന്ന് ഉഹുദ് യുദ്ധത്തിന്റെ പതാക ഉയരുന്നു. അംറുബ്നുല്‍ ജമൂഹിനെ അന്നും സന്താനങ്ങള്‍ തടഞ്ഞുനോക്കി. പക്ഷേ, ആ ഹൃദയത്തിന് അവിടെ അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം നബി  (സ) യുടെ അടുത്തുചെന്ന് പറഞ്ഞു: പ്രവാചകരേ, ഈ മാര്‍ഗത്തെവിട്ട്-തങ്ങളുടെ കൂടെ പുറപ്പെടുന്നതിന്-എന്റെ സന്താനങ്ങള്‍ എന്നെ തടയാനുദ്ദേശിക്കുന്നു. ഞാനാകട്ടെ, ഈ മുടന്തന്‍ കാലുകൊണ്ട് സ്വര്‍ഗത്തില്‍ ചവിട്ടുവാന്‍ അത്യധികം ആഗ്രഹിക്കുന്നു.

നിനക്ക് അല്ലാഹു ഒഴിവ് തന്നിരിക്കുന്നു; നിനക്ക് യുദ്ധം നിര്‍ബന്ധമില്ല എന്നായിരുന്നു നബി ÷ യുടെ മറുപടി. അദ്ദേഹത്തിന്റെ സന്താനങ്ങളോടായി നബി  (സ) പറഞ്ഞു: 'നിങ്ങളദ്ദേഹത്തെ തടയേണ്ടതില്ല. ഒരുപക്ഷേ, അല്ലാഹു അദ്ദേഹത്തെ രക്തസാക്ഷിയാക്കിയേക്കാം.' അംറുബ്നുല്‍ജമൂഹ് ആയുധവുമെടുത്ത് പുറപ്പെട്ടു. അദ്ദേഹം പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, എന്നെ നീ രക്തസാക്ഷിയാക്കേണമേ! പരാജിതനായി എന്റെ കുടുംബത്തിലേക്ക് മടക്കരുതേ!' അദ്ദേഹവും സുഹൃത്ത് അബ്ദുല്ലാഹിബ്നു അംറും സന്താനങ്ങളും യുദ്ധസൈന്യത്തില്‍ പുറപ്പെട്ടു. യാത്രയാരംഭിക്കുന്നതിനു മുമ്പ് അബ്ദുല്ലാഹിബ്നു അംറ് പുത്രന്‍ ജാബിറിനെ വിളിച്ചുപറഞ്ഞു: 'നാളെ ആദ്യമായി രക്തസാക്ഷിയാകുന്നത് ഞാനാവണമെന്നാണ് എന്റെ ആഗ്രഹം. അതിനാല്‍ എന്റെ പെണ്‍മക്കളോട് നല്ലതുചെയ്യണമെന്ന് നിന്നോട് വസ്വിയ്യത്ത് ചെയ്യുന്നു.'

മുസ്ലിംകള്‍ യാത്ര പുറപ്പെട്ടു. ഉഹുദിനും മദീനക്കുമിടക്കുള്ള ശൌത്ത് എന്ന സ്ഥലത്തെത്തിയപ്പോള്‍ മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹിബ്നുഉബയ്യ് തന്റെ കാപട്യം അവിടെ പ്രകടമാക്കി. ജനങ്ങളില്‍ മൂന്നിലൊരു ഭാഗത്തോടുകൂടി അവന്‍ അവിടെ നിന്ന് മടങ്ങി. ആ സംഭവം അബ്ദുല്ലാഹിബ്നു അംറിനെ അത്യധികം വേദനിപ്പിച്ചു. അദ്ദേഹം അവരുടെ പിന്നില്‍ ചെന്നുപറഞ്ഞു: 'ജനങ്ങളേ, അല്ലാഹുവിനെക്കുറിച്ച് നിങ്ങളെ ഞാന്‍ ഓര്‍മപ്പെടുത്തുന്നു. ശത്രുക്കളോടടുത്ത ഈ ഘട്ടത്തില്‍ നിങ്ങളുടെ പ്രവാചകനെയും ജനതയെയും നിങ്ങള്‍ നിന്ദിക്കരുത്.'
'ഇന്ന് യുദ്ധം ചെയ്യേണ്ടിവരുമെന്നറിയാമെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ വന്ന് യുദ്ധം ചെയ്യുമായിരുന്നു; ഇന്ന് ഒരു യുദ്ധത്തിനും സാധ്യതയില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം'-മുനാഫിഖുകള്‍ പറഞ്ഞു. അദ്ദേഹം വീണ്ടും അവരോട് കേണപേക്ഷിച്ചു. പക്ഷേ, അവര്‍ തിരിച്ചുവരാനേ കൂട്ടാക്കിയില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹു നിങ്ങളെ വിദൂരമാക്കട്ടെ! അവന്‍ അവന്റെ പ്രവാചകനെ നിങ്ങളുടെ ആശ്രയത്തില്‍ നിന്ന് ഐശ്വര്യപ്പെടുത്തും.' തുടര്‍ന്ന് അദ്ദേഹം മുസ്ലിം സൈന്യത്തിലേക്കുതന്നെ മടങ്ങി.

ഒരു ഭീകര യുദ്ധത്തിന് ഉഹുദ് രണാങ്കണം സാക്ഷ്യം വഹിക്കുകയുണ്ടായി. പൊരിഞ്ഞ പോരാട്ടം. അബ്ദുല്ലാഹിബ്നു അംറ് അണികള്‍ വിട്ടുകടന്ന് അവിശ്വാസികളുടെ മധ്യത്തില്‍ ചെന്ന് പരാക്രമണം  തുടര്‍ന്നു. അദ്ദേഹം ശത്രുക്കളെ ശക്തിയായ മര്‍ദ്ദനങ്ങളേല്‍പ്പിച്ചു. ശത്രുക്കള്‍ അദ്ദേഹത്തെ ശക്തിയായി കുത്തി. അവസാനം അദ്ദേഹം രക്തസാക്ഷിയായി രണാങ്കണത്തില്‍ വീണു.

മുസ്ലിംകള്‍ക്കാദ്യം വിജയമുണ്ടായെങ്കിലും അവസാനം അത് പരാജയമായി മാറി. അധികപേരും തിരിഞ്ഞോടി. ചുരുക്കം പേര്‍ മാത്രം ഉറച്ചുനിന്നു. നബി  (സ) യുടെ പതാക വീണ്ടും ഉയര്‍ന്നു. അനന്തതയുടെ വിഹായസ്സില്‍ പാറിക്കളിച്ച ആ പതാകയുടെ ശബ്ദം അംറുബ്നുല്‍ജമൂഹിന്റെ കര്‍ണപുടങ്ങളില്‍ അലതല്ലി. ഒരു നിമിഷം! അദ്ദേഹവും പുത്രന്‍ ഖല്ലാദും ഖഡ്ഗമെടുത്ത് ഒരു നവചൈതന്യത്തോടെ പോരാടി... വിരലിലെണ്ണാവുന്ന മുസ്ലിംകള്‍! സമുദ്രം കണക്കെ വരുന്ന ശത്രുക്കള്‍!! സത്യത്തിന്റെ മാര്‍ഗത്തില്‍ അടരാടി താനും പുത്രനും രക്തസാക്ഷികളായി. സുഹൃത്ത് അബ്ദുല്ലാഹിബ്നുഅംറിന്റെ അടുത്തുതന്നെയാണ് അദ്ദേഹവും വീണത്. 

അവരുടെ രക്തം തമ്മില്‍ കൂടിക്കലര്‍ന്നു. ആ ശരീരങ്ങളുടെ അടുത്തുകൂടി നബി  (സ) നടന്നുവന്നു. അവരിരുവരെയും തൊട്ടടുത്ത് കിടക്കുന്ന ഖല്ലാദിനെയും നബി (സ) കണ്ടു. അവിടുന്ന് പറഞ്ഞു; 'ഈ രണ്ട് സുഹൃത്തുക്കളെയും നിങ്ങള്‍ ദുന്‍യാവില്‍ ഒരേ ഖബ്റില്‍ അടക്കം ചെയ്യുക.' നബി  (സ) അംറുബ്നുല്‍ ജമൂഹിന്റെ ശരീരത്തില്‍ നോക്കിയിട്ട് പറഞ്ഞു: 'എന്റെ ശരീരം ആരുടെ കരങ്ങളിലാണോ ആ നാഥനെതന്നെ സത്യം! അംറുബ്നുല്‍ജമൂഹ് സ്വര്‍ഗത്തില്‍ തന്റെ മുടന്തന്‍ കാലുകൊണ്ട് ചവിട്ടുന്നതായി ഞാന്‍ കാണുകയുണ്ടായി.' തുടര്‍ന്ന് നബി  (സ) അബ്ദുല്ലാഹിബ്നുഅംറിന്റെ അടുത്തുനിന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ജാബിറുബ്നു അബ്ദില്ലാഹ് വന്നു, പിതാവിന്റെ മുഖത്ത് ചുംബനങ്ങള്‍ അര്‍പ്പിച്ചു. സ്വഹാബികള്‍ അദ്ദേഹത്തെ തടഞ്ഞുവെങ്കിലും നബി  (സ) ഒന്നും തന്നെ പറഞ്ഞില്ല.

സത്യത്തിന്റെ മാര്‍ഗത്തില്‍ അടരാടി വീരമൃത്യു വരിച്ച രക്താസക്ഷികളുടെ ശരീരത്തില്‍ നിന്നുവീണ രക്തകണങ്ങളുടെ ഗന്ധമുള്ള ഉഹുദിന്റെ വിരിമാറില്‍ ആ സുഹൃത്തുക്കള്‍ ഒന്നിച്ച് അന്ത്യവിശ്രമം കൊള്ളുന്നു. ജീവിതത്തില്‍ അവര്‍ ഒന്നിച്ചു. മരണത്തിലും മരണാനന്തരവും അവര്‍ ഒന്നിച്ചു.
മുസ്ലിംകള്‍ നേരിട്ട ഒരു വലിയ പരീക്ഷണമായിരുന്നു ഉഹുദ്. ത്യാഗീവര്യന്മാരായ സ്വഹാബികള്‍ ദീനിനുവേണ്ടി ഒഴുക്കിയ രക്തം ഉഹുദിന്റെ മണല്‍പ്പരപ്പില്‍ തളം കെട്ടിനിന്നു. നബി  (സ) പറഞ്ഞു: 'അവരെ നിങ്ങള്‍ മുറിവുകളോടുകൂടെതന്നെ മറയ്ക്കുക.' അവിടുന്ന് തുടര്‍ന്നു: 'തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ മേല്‍ സാക്ഷിയാകുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേല്‍ക്കുന്ന ഏതൊരു മനുഷ്യനും അന്ത്യനാളില്‍ രക്തമൊലിച്ചുകൊണ്ടുവരുന്നു. അതിന്റെ വര്‍ണം കുങ്കുമവര്‍ണവും ഗന്ധം കസ്തൂരിയുടെ ഗന്ധവുമായിരിക്കും!'

അവര്‍ ഇസ്ലാമിന്റെ സംസ്ഥാപനത്തിന് സ്വന്തം ശരീരങ്ങളെ സംഭാവന ചെയ്തു. സത്യത്തിന്റെ മുമ്പില്‍ വിലങ്ങുതടികളായി വര്‍ത്തിച്ച ശത്രുക്കള്‍ക്കെതിരെ രണാങ്കണത്തിലിറങ്ങി, അവര്‍ ഓരോന്നായി രക്തസാക്ഷികളായി വീണു. ആ ദൃശ്യമൊന്നും അവരില്‍ നിന്ന് ശേഷിച്ചവരെ ഭീരുക്കളാക്കിയില്ല, പിന്തിരിപ്പിച്ചില്ല. പ്രത്യുത, അവര്‍ക്ക് ഈമാന്‍ വര്‍ധിച്ചതേയുള്ളൂ. രണാങ്കണങ്ങള്‍ രക്തപ്പുഴകളായി മാറി. അവര്‍ അല്ലാഹുവിന്റെ സംരക്ഷണത്തില്‍ അന്ത്യനിദ്രയിലാണ്ടു. രക്തസാക്ഷികളെയെല്ലാം ഉഹുദില്‍ ഖബ്റടക്കപ്പെട്ടു.


നിശയുടെ നിശ്ശബ്ദതയില്‍-പാതിരാവില്‍ കണ്ട നേരിയ നിലാവെളിച്ചത്തില്‍-അനന്തതയുടെ വിഹായസ്സില്‍ നിന്ന് പതുക്കെ അടിച്ചുവീശിയ ഇളംതെന്നലില്‍ ലയിച്ചുചേര്‍ന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തത്തിന്റെ മധുരിമയാര്‍ന്ന പാരായണം കേട്ട് ലോകം ഭക്തി പൂണ്ടു കാത്തിരുന്നു-ഒരു നവയുഗത്തിന്റെ ചൈതന്യമുള്‍ക്കൊള്ളുന്ന നാളെയുടെ പ്രഭാതത്തിനുവേണ്ടി: മലക്കുകള്‍ എല്ലാ കവാടത്തില്‍ കൂടിയും അവരുടെ മേല്‍ കടന്നുചെല്ലും. 'നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതു കാരണം നിങ്ങള്‍ക്ക് സമാധാനം! അതിനാല്‍ അന്തിമഗൃഹം (എത്ര) മെച്ചം!' (13:23,24)

No comments:

Post a Comment