Thursday 4 April 2019

ആമിര്‍ ബിന്‍ ശുറാഹ്ബീല്‍ (റ)

 

ഫാറൂഖ് (റ)വിന്റെ ഖിലാഫത്ത് ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ വിശ്വാസികള്‍ക്കായി, സ്ഥൂലഗാത്രനായ വളര്‍ച്ചയെത്താത്ത ഒരു ശിശു പിറന്നു. ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ അന്യോന്യം മല്‍സരിക്കാന്‍ സഹോദരനും ഉണ്ടായിരുന്നത് കൊണ്ട് വളരാനുള്ള ഇടം അവന് ലഭിച്ചില്ല. എന്നാല്‍, അറിവിന്റെയും തിരിച്ചറിവിന്റെയും ഓര്‍മ്മയുടെയും ഉള്ളറിവിന്റെയും ചാതുര്യത്തിന്റെയും മേഖലകളില്‍ അവനോട് മല്‍സരിക്കാന്‍ സഹോദരനോ മറ്റാര്‍ക്കെങ്കിലുമോ കഴിഞ്ഞില്ല. അവനാണ് അക്കാലഘട്ടത്തിലെ വിശ്വാസികളില്‍ അതുല്യനായ ശഅ്ബി എന്നറിയപ്പെട്ട ആമിര്‍ ബിന്‍ ശുറാഹബീല്‍ ഹിംയരി.

കൂഫയിലാണ് ശഅ്ബി ജനിച്ചു വളര്‍ന്നതെങ്കിലും മദീന മുനവ്വറ അദ്ദേഹത്തിന്റെ ഹൃത്തടത്തില്‍ അനുരാഗവും അത്യാര്‍ത്തിയുമായി മാറി. വന്ദ്യരായ സ്വഹാബികള്‍ അല്ലാഹുവിന്റ മാര്‍ഗത്തിലെ പോരാട്ടത്തിന്റെ ഇടത്താവളമായും താമസസ്ഥലമായും കൂഫയെ ലക്ഷ്യംവെച്ചത് പോലെ, ശഅ്ബി റസൂല്‍(സ)യുടെ സഹചരരെ കാണുവാനും അവരില്‍ നിന്നും അറിവ് നേടിയെടുക്കാനായി മദീനയിലേക്ക് തിരിച്ചു. അഞ്ഞൂറിലേറെ സ്വഹാബി മഹത്തുക്കളെ കണ്ടുമുട്ടാനും, അലിയ്യ് ബിന്‍ അബീ ത്വാലിബ്, സഅ്ദ് ബിന്‍ അബീ വഖാസ്, സൈദ് ബിന്‍ സാബിത്,  ഉബാദത്ത് ബിന്‍ സ്വാമിത്ത്, അബൂ മൂസല്‍ അശ്അരി, അബൂ സഈദുല്‍ ഖുദ്‌രിയ്യ്, നുഅ്മാന്‍ ബിന്‍ ബശീര്‍, അബ്ദുല്ലാ ബിന്‍ ഉമര്‍, അബ്ദുല്ലാ ബിന്‍ അബ്ബാസ്, അദിയ്യ് ബിന്‍ ഹാതിം, അബൂ ഹുറൈറ, ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ, പോലുള്ള ഉന്നതരായ വലിയൊരു അളവ് സ്വഹാബികളില്‍ നിന്നും നിവേദനം ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

തീക്ഷണമതിയും കാര്യബോധമുള്ളവനും കൂര്‍മ്മകുശലനും ഓര്‍മശക്തിയിലും മനനമികവിലും ദൃഷ്ടാന്തവുമായിരുന്നു അദ്ദേഹം. അദ്ദേഹം സ്വയം പറഞ്ഞു: വെളുപ്പില്‍ കറുപ്പ് കൊണ്ട് എനിക്ക് എഴുതേണ്ടിവന്നിട്ടില്ല, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് മനഃപാഠമാകാതിരുന്നിട്ടില്ല, എന്തെങ്കിലും കേട്ടാല്‍ ഒന്നുകൂടി ആവര്‍ത്തിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടില്ല.

ഈ യുവാവ് ജ്ഞാനനിമഗ്നനും വിജ്ഞാനതൃഷ്ണയുള്ളവനുമായിരുന്നു. ശ്വാസവും ശരീരവും അറിവിന്റെ വഴിയില്‍ വിനിയോഗിച്ചു. അതിലെ പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ചു. അദ്ദേഹം പറഞ്ഞു: ശിഷ്ടജീവിതത്തില്‍ ഉപകരിക്കുന്ന ഒരു വചനം പഠിക്കാനായി, ഒരാള്‍ ശാമിന്റെ അങ്ങേത്തലക്കല്‍ നിന്നും യമന്‍ ദേശത്തിന്റെ അങ്ങേയറ്റത്തേക്ക് യാത്രചെയ്താല്‍ ഞാന്‍ പറയും അയാളുടെ യാത്ര പാഴായിട്ടില്ല.

താന്‍ എത്തിപ്പിടിച്ച അറിവിനെ സംബന്ധിച്ച് അദ്ദേഹം പറയാറുണ്ടായിരുന്നു: ഞാന്‍ വളരെക്കുറച്ച് പഠിച്ചത് കവിതയാണ്, ആലാപനം ആവര്‍ത്തിക്കാതെ ഒരു മാസം തുടര്‍ച്ചയായി ഞാനത് പാടിക്കേള്‍പ്പിക്കാം.

പ്രവാചക തിരുമേനി(സ)യുടെ സഖാക്കള്‍ ജനങ്ങള്‍ക്കിടയില്‍ കാലത്തും വൈകിട്ടും സജീവമായി സഞ്ചരിക്കുന്ന വേളയില്‍ പോലും, കൂഫയിലെ ജുമുഅ മസ്ജിദിലെ ശഅ്ബിയുടെ വൈജ്ഞാനിക സദസ്സുകളില്‍ കൂട്ടംകൂട്ടമായി ജനം വന്നണഞ്ഞു. മാത്രമല്ല, ഇസ്‌ലാമിലെ പോരാട്ടങ്ങളെ സംബന്ധിച്ച് അതീവ കണിശതയോടെ ശഅ്ബി വിവരിക്കുന്നത് ഒരിക്കല്‍ അബ്ദുല്ലാ ബിന്‍ ഉമര്‍(റ) കേള്‍ക്കുകയുണ്ടായി. ശ്രദ്ധയോടെ അത് ശ്രവിച്ച ഇബ്‌നു ഉമര്‍ പറഞ്ഞു: ഇദ്ദേഹം വിവരിക്കുന്നതില്‍ ചിലത് ഞാന്‍ കണ്ണുകള്‍ കൊണ്ട് കണ്ടതും ഇരു ചെവികളാല്‍ കേട്ടതുമാണ്. എന്നിരിക്കലും എന്നേക്കാള്‍ നന്നായി അദ്ദേഹം അത് വിവരിക്കുന്നല്ലോ.

ശഅ്ബിയുടെ പരന്ന ജ്ഞാനത്തിന്റെയും ബുദ്ധി മികവിന്റെയും സാക്ഷ്യപത്രങ്ങള്‍ ഏറെയാണ്. അതില്‍ ചിലത് അദ്ദേഹം തന്നെ വിവരിക്കുന്നു: പൊങ്ങച്ചക്കാരായ രണ്ടാളുകള്‍ എന്റെയടുക്കല്‍ വന്നു. ഒരാള്‍ ആമിര്‍ ഗോത്രക്കാരനും അപരന്‍ അസദ് ഗോത്രക്കാരനുമാണ്. ആമിര്‍ ഗോത്രക്കാരന്‍ അസദ്കാരനെ കീഴ്‌പ്പെടുത്തി വസ്ത്രത്തില്‍ പിടിച്ചുവലിച്ച് എന്റെ നേരെ കൊണ്ടുവരുന്നു. നിഷ്പ്രഭനായ അസദ്കാരന്‍ എന്നെ വിടൂ, എന്നെ വിടൂ എന്ന് അയാളോട് പറയുന്നുണ്ട്. ആമിര്‍കാരന്‍ പറഞ്ഞു: അല്ലാഹുവാണ, ശഅ്ബി, നിനക്കെതിരെയായും എനിക്ക് അനുകൂലമായും തീരുമാനം പറയുന്നത് വരെ നിന്നെ ഞാന്‍ വിടുകയില്ല. ആമിര്‍കാരനോട് ഞാന്‍ പറഞ്ഞു: തീരുമാനം പറയണമെങ്കില്‍ അയാളെ വിടൂ. ശേഷം അസദ്കാരനെ നോക്കി ഞാന്‍ പറഞ്ഞു: ഇയാളുടെ മുമ്പില്‍ നീ ബലഹീനനാണെന്ന് തോന്നുന്നല്ലോ. അറബികള്‍ ആര്‍ക്കുമില്ലാത്ത ആറ് ബഹുമതികള്‍ നിങ്ങള്‍ക്കുണ്ട്.

ഒന്ന്: പടപ്പുകളുടെ നായകനായ മുഹമ്മദ് ബിന്‍ അബ്ദില്ല(സ) വിവാഹമാലോചിക്കുകയും സപ്തവാനങ്ങള്‍ക്കപ്പുറത്ത് നിന്നും അല്ലാഹു വിവാഹം നടത്തിക്കൊടുക്കുകയും ചെയ്ത വനിത നിങ്ങളുടെ കൂട്ടത്തില്‍ നിന്നാണ്. ജിബ്‌രീലായിരുന്നു അവര്‍ക്കിടയിലെ സന്ദേശവാഹകന്‍. അതായത് ഉമ്മുല്‍ മുഅ്മിനീന്‍ സൈനബ് ബിന്‍ത് ജഹ്ശ്. അതിന്റെ പ്രതാപം നിന്റെ കൂട്ടര്‍ക്കുള്ളതാണ്. അറബികളില്‍ മറ്റാര്‍ക്കും അത് അവകാശപ്പെടാനാവില്ല.

രണ്ട്: മണ്ണിനു മീതെ നടന്നു നീങ്ങുന്ന (ഇന്നും ജീവിച്ചിരിക്കുന്ന) സ്വര്‍ഗ്ഗവാസികളില്‍ ഒരാള്‍ നിങ്ങളുടെ കൂടെയുണ്ട്. അതാണ് ഉക്കാശത്ത് ബിന്‍ മിഹ്‌സ്വന്‍. [എല്ലാ പോരാട്ട ഭൂമികളിലും പങ്കെടുത്ത അദ്ദേഹം മതപരിത്യാഗികള്‍ക്കെതിരിലുള്ള യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചു]. അസദ് ഗോത്രക്കാരേ, ഇത് നിങ്ങള്‍ക്കുള്ളതാണ്, ജനങ്ങളില്‍ മറ്റാര്‍ക്കും ഇല്ലാത്തതാണ്.

മൂന്ന്: ഇസ്‌ലാമിന്റേതായ ആദ്യ പതാക ഏറ്റുവാങ്ങിയത് നിങ്ങളില്‍ ഒരാളാണ്. അതാണ് ചെറുപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാളും സ്വഹാബിയും റസൂല്‍ തിരുമേനി(സ)യുടെ ഭാര്യാ സഹോദരനുമായ അബ്ദുല്ലാ ബിന്‍ ജഹ്ശ്.

നാല്: ഇസ്‌ലാമില്‍ ആദ്യമായി വീതംവെക്കപ്പെട്ട സമരാര്‍ജിത സ്വത്ത് അബ്ദുല്ലാ ബിന്‍ ജഹ്ശ് കൊണ്ടുവന്നതായിരുന്നു.

അഞ്ച്: ഹിജ്‌റ ആറിന്റെ അവസാനത്തിലെ ബൈഅത്ത് രിദ്‌വാനിലെ ആദ്യ പ്രതിജ്ഞ നിങ്ങളില്‍ നിന്നായിരുന്നു. അതായത് നിങ്ങളുടെ സഹചരനായിരുന്ന അബൂ സിനാന്‍ ബിന്‍ വഹബ് റസൂല്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, കൈനീട്ടിയാലും, ഞാന്‍ കരാര്‍ ചെയ്യാം. നബി തിരുമേനി(സ) ചോദിച്ചു: എന്ത് സംബന്ധമായി? അദ്ദേഹം പറഞ്ഞു: താങ്കളുടെ മനസ്സിലുള്ളതിനെ അടിസ്ഥാനമാക്കിക്കൊണ്ട്. തിരുമേനി ചോദിച്ചു: എന്റെ മനസ്സില്‍ എന്താണ്? അദ്ദേഹം പറഞ്ഞു: വിജയം അല്ലെങ്കില്‍ രക്തസാക്ഷ്യം. നബി തിരുമേനി പറഞ്ഞു: അതെ. ശേഷം അദ്ദേഹത്തില്‍ നിന്നും ബൈഅത്ത് സ്വീകരിച്ചു, അബൂ സിനാനെ തുടര്‍ന്ന് ജനം ഒന്നടങ്കം ബൈഅത്ത് ചെയ്തു.

ആറ്: ബദറിലെ മുഹാജിറുകളിലെ ഏഴിലൊന്ന് നിന്റെ ജനതയായ അസദ് ഗോത്രക്കാരായിരുന്നു. അതോടെ ആമിറുകാരന് ഉത്തരംമുട്ടി.

തോറ്റുപോയ ബലഹീനനെ, അതിജയിച്ചു നിന്ന ശക്തനെതിരില്‍ സഹായിക്കുകയെന്നതായിരുന്നു ശഅ്ബി ഇതിലൂടെ ഉദ്ധേശച്ചതെന്നതില്‍ സംശയമില്ല. ആമിര്‍കാരനായിരുന്നു ഈ സ്ഥാനത്തെങ്കില്‍ അയാള്‍ക്കറിയാത്ത കുടുംബ മഹിമകള്‍ അദ്ദേഹം പറഞ്ഞു കേള്‍പ്പിച്ചേനെ.

അബ്ദുല്‍ മലിക് ബിന്‍ മര്‍വാനിലേക്ക് ഖിലാഫത്ത് മാറിയപ്പോള്‍ ഇറാഖിലെ ഗവര്‍ണറായിരുന്ന ഹജ്ജാജിന് ഖലീഫ എഴുതി.ദീനിനും ദുന്‍യാവിനും ഗുണകരമായ ഒരാളെ എന്റടുക്കല്‍ എത്തിക്കുക, കൂടെയിരിക്കാനും കൂട്ടം പറയാനും അങ്ങിനെ ഒരാളെ ആവശ്യമുണ്ട്. ശഅ്ബിയെയാണ് ഹജ്ജാജ് അയച്ചു കൊടുത്തത്. ഖലീഫ തന്റെ സ്വകാര്യ കൂട്ടത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. വിഷമ സന്ധികളില്‍ അദ്ദേഹത്തിന്റെ വിജ്ഞാനം ഖലീഫക്ക് തുണയാകാറുണ്ടായിരുന്നു. മറ്റ് രാജാക്കന്മാരുടെ അടുക്കലേക്ക് ഖലീഫയുടെ അംബാസഡറായി അദ്ദേഹം നിയോഗിക്കപ്പെടാറുണ്ടായിരുന്നു.

ഒരുവേള ഖലീഫ അബ്ദല്‍ മലിക് ബിന്‍ മര്‍വാന്‍, റോമന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്റെ അടുക്കലേക്ക് ഒരു സുപ്രധാന വിശേഷവുമായി ശഅ്ബിയെ നിയോഗിച്ചു. നിവേദക സംഘത്തിലെ ശഅ്ബിയെ ശ്രവിച്ച ചക്രവര്‍ത്തി അദ്ദേഹത്തിന്റെ ബുദ്ധികൂര്‍മതയില്‍ ആകൃഷ്ടനാവുകയും സാമര്‍ത്ഥ്യത്തില്‍ അത്ഭുതം കൊള്ളുകയുമുണ്ടായി. അദ്ദേഹത്തിന്റെ വിശകലന വിശാലത്വവും ഭാവനാശക്തിയും ചക്രവര്‍ത്തിയെ വിസ്മയിപ്പിച്ചു. അംബാസഡര്‍മാരുടെ അടുക്കല്‍ അധികസമയം ചെലവഴിക്കാത്ത ചക്രവര്‍ത്തി പതിവിനു വിപരീതമായി ശഅ്ബിയോടൊത്ത് ഏറെ ദിനങ്ങള്‍ കഴിഞ്ഞു. ദമാസ്‌കസിലേക്ക് തിരിച്ചുപോകാനുള്ള അനുമതിക്കായി അദ്ദേഹം നിര്‍ബന്ധം പിടിച്ചപ്പോള്‍ റോമാചക്രവര്‍ത്തി ചോദിച്ചു: താങ്കള്‍ രാജകുടുംബമാണോ? അദ്ദേഹം പറഞ്ഞു: അല്ല, മുസ്‌ലിംകളുടെ കൂട്ടത്തിലെ ഒരാള്‍ മാത്രം. യാത്രയ്ക്ക് അനുമതിനല്‍കിക്കൊണ്ട് രാജാവ് പറഞ്ഞു: താങ്കളുടെ ചങ്ങാതിയുടെ (അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ) അടുത്തെത്തി അറിയേണ്ടുന്നതെല്ലാം എത്തിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന് ഈ കുറിമാനം നല്‍കണം.

ദമസ്‌കസില്‍ തിരിച്ചെത്തിയ ശഅ്ബി വൈകാതെ തന്നെ അബ്ദുല്‍ മലികിനെ മുഖംകാണിച്ചു. കണ്ടതും കേട്ടതുമായതെല്ലാം അറിയിച്ചു. ചോദിച്ചതിനെല്ലാം മറുപടി നല്‍കി. തിരികെപ്പോകാന്‍ എഴുന്നേറ്റപ്പോള്‍ അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ക്കായി റോമാചക്രവര്‍ത്തി ഈ കുറിമാനം എന്നെ ഏല്‍പ്പിച്ചതാണ്. അത് കൊടുത്ത അദ്ദേഹം തിരിച്ചുപോയി. അത് വായിച്ചു കഴിഞ്ഞ അബ്ദുല്‍ മലിക് സേവകരോട് പറഞ്ഞു: അദ്ദേഹത്തെ തിരിച്ചുവിളിക്കൂ. ശഅ്ബിയെ അവര്‍ തിരിച്ചെത്തിച്ചു. അബ്ദുല്‍ മലിക് ശഅ്ബിയോട് ചോദിച്ചു: ഈ കുറിമാനത്തില്‍ എന്താണെന്ന് അറിയുമോ?

അദ്ദേഹം പറഞ്ഞു: ഇല്ലാ, അമീറുല്‍ മുഅ്മിനീന്‍.

അബ്ദുല്‍ മലിക് പറഞ്ഞു: ആശ്ചര്യകരമായിരിക്കുന്നു, ഈ യുവാവല്ലാത്ത മറ്റൊരാളെ രാജാവാക്കാന്‍ അറബികള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്നാണ് റോമാചക്രവര്‍ത്തി എഴുതിയിരിക്കുന്നത്.

ഉടന്‍ തന്നെ ശഅ്ബി പറഞ്ഞു: താങ്കളെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അയാള്‍ ഇങ്ങിനെ പറഞ്ഞത്. അമീറുല്‍ മുഅ്മിനീന്‍ അയാള്‍ താങ്കളെ കണ്ടിരുന്നെങ്കില്‍ ഇങ്ങിനെ പറയുമായിരുന്നില്ല. അപ്പോള്‍ അബ്ദുല്‍ മലിക് പറഞ്ഞു: റോമാചക്രവര്‍ത്തി ഇങ്ങിനെ എഴുതിയത് എന്തിനെന്ന് അറിയുമോ? 

ശഅ്ബി പറഞ്ഞു: ഇല്ലാ, അമീറുല്‍ മുഅ്മിനീന്‍.അബ്ദുല്‍ മലിക് പറഞ്ഞു: താങ്കളുടെ കാരണത്താല്‍ അയാള്‍ക്ക് എന്നോട് അസൂയയാണ്. താങ്കളില്‍ നിന്നും അയാള്‍ക്ക് രക്ഷപ്പെടണം. താങ്കളെ കൊല്ലാന്‍ അയാള്‍ എന്നെ പ്രേരിപ്പിക്കുകയാണ്.ഈ സംഭവം അറിഞ്ഞപ്പോള്‍ റോമാചക്രവര്‍ത്തി പറഞ്ഞു: ദൈവമേ, ഞാന്‍ ഉദ്ദേശിച്ചത് വേറൊന്നുമായിരുന്നില്ല.

വിജ്ഞാനത്തില്‍ ശഅ്ബി നേടിയെടുത്ത സ്ഥാനം അക്കാലഘട്ടത്തിലെ നാല് പണ്ഡിതരില്‍ ഒരാളെന്ന പദവിയായിരുന്നു. സുഹ്‌രി പറയാറുണ്ടായിരുന്നു: പണ്ഡിതര്‍ നാലാണ്. മദീനയില്‍ സഈദ് ബിന്‍ മുസയ്യബ്, കൂഫയില്‍ ആമിര്‍ ശഅ്ബി, ബസ്വറയില്‍ ഹസന്‍ ബസ്വരി, ശാമില്‍ മക്ഹൂല്‍. എന്നിരിക്കലും ആരെങ്കിലും ശഅ്ബിയെ ആലിം എന്ന് വിശേഷിപ്പിച്ചാല്‍ വിനയാന്വിതനായ അദ്ദേഹത്തിന് അത് ലജ്ജയാകുമായിരുന്നു. പണ്ഡിതനായ കര്‍മശാസ്ത്രവിശാരദാ, എനിക്ക് മറുപടി തന്നാലും എന്ന് ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞു: നാശം, നമുക്ക് ഇല്ലാത്തത് കൊണ്ട് പുകഴ്ത്തല്ലേ. അല്ലാഹു നിരോധിച്ചതില്‍ നിന്നും ഭക്തിയോടെ ഒഴിഞ്ഞുനില്‍ക്കുന്നവനാണ് കര്‍മശാസ്ത്രവിശാരദന്‍. അല്ലാഹുവിനെ ഭയക്കുന്നവനാണ് പണ്ഡിതന്‍. നാം എവിടെ നില്‍ക്കുന്നു?


ഒരിക്കല്‍ ഒരാള്‍ ഒരു നിയമപ്രശ്‌നം അദ്ദേഹത്തോട് അന്വേഷിച്ചു. അദ്ദേഹം മറുപടിയായി പറഞ്ഞു: അവ്വിഷയത്തില്‍ ഉമര്‍ ബിന്‍ ഖത്താബ് ഇങ്ങിനെ പറഞ്ഞിരിക്കുന്നു, അലിയ്യ് ബിന്‍ അബീ ത്വാലിബ് ഇപ്രകാരം പറഞ്ഞിരിക്കുന്നു. ചോദ്യകര്‍ത്താവ് ചോദിച്ചു: അബൂ അംറേ, താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? ലജ്ജയോടെ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ഉമറിന്റെയും അലിയ്യിന്റെയും വിശദീകരണം കേട്ടുകഴിഞ്ഞിരിക്കെ എന്റെ സംസാരം കൊണ്ട് എന്ത് ചെയ്യാനാണ്?

മഹനീയ ഗുണങ്ങളും ഉന്നത വിശേഷണങ്ങളും കൊണ്ട് അലംകൃതനായിരുന്നു ശഅ്ബി. അദ്ദേഹത്തിന് തര്‍ക്കിക്കുന്നത് വെറുപ്പായിരുന്നു, ആവശ്യമില്ലാത്തതില്‍ ഇടപെടുന്നതില്‍ നിന്നും സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ ഒരു സുഹൃത്ത് വിളിച്ചു: അബൂ അംറേ.

ശഅ്ബി: അതേ,

സുഹൃത്ത്: ജനം ചര്‍ച്ച ചെയ്യുന്ന ഈ രണ്ടാളുകളെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

ശഅ്ബി: ആരെയാണ് താങ്കള്‍ ഉദ്ദേശിച്ചത്?

സുഹൃത്ത്: ഉസ്മാനും അലിയ്യും.

ശഅ്ബി: അല്ലാഹുവാണ, അന്ത്യദിനത്തില്‍ ഉസ്മാന്‍ (റ), അലി(റ) എന്നിവരുടെ പ്രതിയോഗിയായി വരേണ്ട ആവശ്യം എനിക്കില്ല.

അറിവ് ഉള്ളതിനോടൊപ്പം ശഅ്ബി സഹിഷ്ണുതയും ചേര്‍ത്തുവെച്ചു. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തെ വളരെ വൃത്തികെട്ട ചീത്തവിളിച്ചു, വളരെ മോശമായി സംസാരിച്ചു. ശഅ്ബി ഇത്രമാത്രമേ പറഞ്ഞുള്ളൂ .നീ എന്നെ സംബന്ധിച്ച് പറഞ്ഞത് ശരിയാണെങ്കില്‍ അല്ലാഹു എനിക്ക് പൊറുത്തു തരട്ടെ, കളവാണെങ്കില്‍ അല്ലാഹു നിനക്ക് പൊറുത്തു തരട്ടെ.

സ്ഥാനവും മഹിമയും ഉണ്ടായിരുന്നിട്ടും ശഅ്ബി, വളരെ നിസ്സാരരായവരില്‍ നിന്നും വിജ്ഞാനം കരഗതമാക്കുന്നതില്‍ നിന്നും ദുരഭിമാനം കാട്ടിയില്ല.ഒരു കാട്ടറബി അദ്ദേഹത്തിന്റെ സദസ്സില്‍ പതിവായി വരാറുണ്ടായിരുന്നു, പക്ഷെ ഒന്നും സംസാരിക്കാറില്ലായിരുന്നു.  അയാളോട് ശഅ്ബി ചോദിച്ചു: നീ എന്താണ് സംസാരിക്കാത്തത്?

അയാള്‍ പറഞ്ഞു: മിണ്ടാതിരുന്നു മുസ്‌ലിമാകുന്നു, കേട്ടുപഠിക്കുന്നു, ഒരാളുടെ ചെവി അയാളിലേക്ക് മടങ്ങുന്നു, നാവ് മറ്റുള്ളവരിലേക്ക് മടങ്ങുന്നു;. ജീവിച്ചിരുന്ന കാലമത്രയും കാട്ടറബിയുടെ ഈ വാക്കുകള്‍ ശഅ്ബി ആവര്‍ത്തിക്കാറുണ്ടായിരുന്നു.

അറിയപ്പെട്ട അപൂര്‍വ്വ സാഹിത്യകാരന്മാര്‍ക്ക് മാത്രം ലഭ്യമായിട്ടുള്ള വാക്ചാതുരിയും സംവേദനശേഷിയും ശഅ്ബിക്കുണ്ടായിരുന്നു. ഒരിക്കല്‍ കൂഫ-ബസ്വറ പട്ടണങ്ങളിലെ അമീറായ ഉമര്‍ ബിന്‍ ഹുബൈറ ഫസാരി തടഞ്ഞു വെച്ച ഒരു സംഘത്തെ സംബന്ധിച്ച്, അദ്ദേഹം അമീറിനോട് സാസാരിച്ചു. അദ്ദേഹം പറഞ്ഞു: അമീര്‍, താങ്കള്‍ ഇവരെ തടവിലിട്ടത് അന്യായമായിട്ടാണെങ്കില്‍ സത്യം ഇവരെ രക്ഷപ്പെടുത്തും, ന്യായമായിട്ടാണെങ്കില്‍ അവരോട് വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരം ഇഷ്ടപ്പെട്ട അമീര്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം അവരെ വിട്ടയച്ചു.

മത-വൈജ്ഞാനിക മേഖലകളില്‍ ഉന്നതസ്ഥാനീയനായിരുന്നിട്ടും, അദ്ദേഹം ലളിതമനസ്‌കനും സരസനുമായിരുന്നു. തമാശക്ക് വീണുകിട്ടുന്ന അവസരങ്ങള്‍ അദ്ദേഹം പാഴാക്കുകയില്ലായിരുന്നു. അദ്ദേഹം സഹധര്‍മിണിയോടൊത്ത് ഇരിക്കുമ്പോള്‍ ഒരാള്‍ കടന്നുവന്ന് ചോദിച്ചു: നിങ്ങളില്‍ ആരാണ് ശഅ്ബി?

പത്‌നിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഇവളാണ്.

മറ്റൊരാള്‍ ചോദിച്ചു: ഇബിലീസിന്റെ ഭാര്യയുടെ പേരെന്താണ്?

ശഅ്ബി: ആ കല്യാണത്തിന് ഞങ്ങള്‍ പങ്കെടുത്തില്ലായിരുന്നു.

ശഅ്ബിയെ സംബന്ധിച്ച് ഏറ്റവും നല്ല ചിത്രം അദ്ദേഹം സ്വയം നല്‍കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ജനം എത്തിനോക്കുന്നതിലേക്കെല്ലാം ഞാന്‍ ഇറങ്ങിനോക്കാറില്ലായിരുന്നു. ഒരു സേവകനേയും ഞാന്‍ അടിച്ചിട്ടില്ല. കടക്കാരനായി മരണപ്പെട്ട ഏതൊരു ബന്ധുവിന്റേയും കടം ഞാന്‍ വീട്ടാതിരുന്നിട്ടില്ല.

എണ്‍പത് വയസ്സിലേറെ ശഅ്ബി ജീവിച്ചിരുന്നു. അദ്ദേഹം രക്ഷിതാവിന്റെ വിളിക്കുത്തരം ചെയ്ത വൃത്താന്തം ശ്രവിച്ച ഹസന്‍ ബസ്വരി പറഞ്ഞു: അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ, അദ്ദേഹം അറിവിന്റെ കേദാരവും വലിയ സഹിഷ്ണുവുമായിരുന്നു. ഇസ്‌ലാമില്‍ അദ്ദേഹത്തിന് സവിശേഷ സ്ഥാനമുണ്ടായിരുന്നു.


ഡോ : അബ്ദു റഹ്‌മാൻ റഅഫത്ത് പാഷ 

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

No comments:

Post a Comment