Saturday 20 April 2019

ബറാഅത്തുരാവിലെ യാസീൻ



മുജർറബാത്തുദ്ദൈറബി പേജ് :19 -ൽ ഇപ്രകാരം കാണുന്നു:യാസീൻ സൂറത്തിന്റെ ഖവാസ്സിൽ പെട്ടതാണ് ശഅ്ബാനിന്റെ പകുതിയുടെ രാത്രി മൂന്നു യാസീൻ ഓതുകയെന്നത്. 1)ദീർഘായുസ്സിനെ കരുതി 2 )ബലാഇനെ തടയുന്നതിനെ കരുതി 3) മനുഷ്യരെത്തൊട്ട് ഐശ്വര്യത്തിനെ കരുതി. ശേഷം ദുആ ചെയ്യാനും ഉണ്ട് .ഈ പറഞ്ഞതിന് അടിസ്ഥാനമുണ്ടോ ?

ലൈലത്തുൽ ഖദ്ർ റമളാനിലാണല്ലോ.

അതിൽ നമസ്കാരം. ഇഅ്‌‌തികാഫ് തുടങ്ങി അനേകം പ്രത്യേക പുണ്യകർമ്മങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരാൾ ഖുർആൻ പാരായണം കൊണ്ടോ അതിൽ തന്നെ സൂറത്ത് യാസീൻ ഒാതിക്കൊണ്ടോ ആ രാത്രി സജീവമാക്കുകയാണെങ്കിലും അതിനു പുണ്യമുണ്ട്. ശർവാനി 3-462 നോക്കുക. ലൈലത്തുൽ ഖദ്‌ർ ശഅ്ബാൻ 15-ന്റെ രാവാണെന്ന് ചിലർ അഭിപ്രായപ്പെട്ടതിനെയാണു തുഹ്ഫ: പ്രസ്തുത പേജിൽ (3-463) ഒറ്റപ്പെട്ടതും ഗരീബുമെന്ന് പറഞ്ഞിട്ടുള്ളത്.അല്ലാതെ ബറാഅത്തുരാവെന്ന നിലക്ക്  ശഅ്‌ബാൻ 15-ന്റെ രാവിനു പുണ്യമുണ്ടെന്ന അഭിപ്രായത്തെക്കുറിച്ചല്ല.പ്രസ്തുത രാവിനു പ്രത്യേക സ്ഥാനമുണ്ടെന്നതിനും സവിശേഷമായ പാപമോചനവും ദുആക്കുത്തരവും ആ രാത്രിയിലുണ്ടെന്നതിനും ധാരാളം തെളിവുകളുണ്ടെന്നാണ് ഇമാം ഇബ്നുഹജർ(റ) വ്യക്തമാക്കിയിട്ടുള്ളത്. (ഫതാവൽ കുബ്റാ 2- 80.)

ബറാഅത്തുരാവിൽ മൂന്നു യാസീൻ ഓതുന്നതിനുള്ള അടിസ്ഥാനം താങ്കളുദ്ധരിച്ച മുജർറബാത്തിലെ ഉദ്ധരണിയിൽ തന്നെയുണ്ടല്ലോ. 'യാസീൻ സൂറത്തിന്റെ  സവിശേഷതകളിൽ പെട്ടതാണു പ്രസ്തുത രാത്രിയിലെ പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയുള്ള മൂന്ന് യാസീൻ ഓതലെ'ന്ന് ആരിഫീങ്ങളിൽ  ചിലർ പറഞ്ഞതായാ'ണു പ്രസ്തുത ഉദ്ധരണിയിലുള്ളത്.ഇമാം ദൈറബിയുടെ മുജർറബാത്ത് എന്ന ഗ്രന്ഥം പേര് സൂചിപ്പിക്കുന്നതുപോലെ പരീക്ഷിച്ചുറപ്പിക്കപ്പെട്ട അനുഭവങ്ങൾ ക്രോഡീകരിച്ചിട്ടുള്ള  ഗ്രന്ഥമാണ്.ആരിഫീങ്ങളിൽ ചിലർ പ്രസ്താവിച്ച പ്രസ്തുത മൂന്നു യാസീന്റെ കാര്യവും അനുഭവത്തിൽ ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ളതെന്ന അടിസ്ഥാനത്തിലാണു ദൈറബി തന്റെ മുജർറബാത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇതിൽ വിശ്വാസമുള്ളവർക്കു  തദടിസ്ഥാനത്തിൽ ബറാഅത്ത് രാവിൽ അമൽ ചെയ്യാം ഇതു മാത്രമേ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. പണ്ഡിതന്മാർ പഠിപ്പിക്കാറുമുളളൂ.

(മൗലാനാ നജീബുസ്താദിന്റെ  പ്രശ്നോത്തരം ഭാഗം :മൂന്ന്, പേജ് 103)

No comments:

Post a Comment