Tuesday 2 April 2019

ശംവീൽ നബി (അ)





ഇസ്രാഈലി സമൂഹത്തിലേക്കു വന്ന ഒരു പ്രവാചകനായിരുന്നു ശംവീല്‍(അ). ബൈബിള്‍ അദ്ദേഹത്തെ ശാംവേല്‍ എന്നു പരിചയപ്പെടുത്തുന്നു. ശംവീല്‍ നബി (അ)യുടെ കാലത്ത് ജാലൂത്ത് എന്ന അക്രമിയായ രാജാവ് ജനങ്ങളെ അങ്ങേയറ്റം ഉപദ്രവിച്ചിരുന്നു. ജാലൂത്തിന് രണ്ടു ലക്ഷത്തോളം വരുന്ന സൈന്യമുണ്ടായിരുന്നു. കൊള്ളയും കൊലയും വ്യഭിചാരവുമായി ജാലൂത്തിന്റെ പട്ടാളം അക്രമം അഴിച്ചുവിട്ടു. അസഹ്യമായപ്പോള്‍ രക്ഷപ്പെടാന്‍ ആളുകള്‍ സമീപത്തെ മലനിരകളില്‍ അഭയംതേടി.

ഒടുവില്‍ ജാലൂത്തിനെതിരെ യുദ്ധം അനിവാര്യമായി വന്നു. പക്ഷേ, ശംവീല്‍ (അ) ഒരു യോദ്ധാവായിരുന്നില്ല. പ്രവാചകന്‍ അല്ലാഹുവിനോട് സഹായം തേടി. യുദ്ധം ചെയ്യാനായിരുന്നു ദൈവ കല്‍പ്പന. സേനാധിപതിയായി ത്വാലൂത്തിനെ നിശ്ചയിക്കുകയും ചെയ്തു. ത്വാലൂത്ത് പ്രവാചകനായിരുന്നില്ല. ആത്മജ്ഞാനം നല്‍കപ്പെട്ട ഒരു ആരിഫും ചെറുപ്പക്കാരനുമായിരുന്നു അദ്ദേഹം.

ത്വാലൂത്തിനു കീഴില്‍ എഴുപതിനായിരത്തോളം വരുന്ന ആളുകള്‍ യുദ്ധത്തിനു പുറപ്പെട്ടു. മൂന്നിരട്ടിയോളം വരുന്ന ശത്രുക്കള്‍ക്കെതിരെ യാത്ര തിരിക്കും മുമ്പ് ത്വാലൂത്ത് (റ) പറഞ്ഞു, അല്ലാഹു എനിക്ക് ഒരു വിവരം അറിയിച്ചുതന്നിട്ടുണ്ട്. യാത്രാ മധ്യേ നമുക്ക് ഒരു നദി മുറിച്ചുകടക്കാനുണ്ട്. (യൂഫ്രട്ടീസ് ആണ് ഇതെന്ന് പറയപ്പെടുന്നു) ആ നദി നിങ്ങള്‍ക്കുള്ള പരീക്ഷണമാണ്. എത്ര വിഷമിച്ചാലും നമ്മുടെ യോദ്ധക്കളാരും യുദ്ധം കഴഞ്ഞിട്ടല്ലാതെ നദിയില്‍ നിന്നു കുടിക്കരുത്. എങ്കിലും, സഹികെട്ട് ഒരുകൈ കുമ്പിള്‍ കോരിക്കുടിക്കുന്നവര്‍ക്ക് വിട്ടുവീഴ്ചയുണ്ട്.

ദരിദ്രനും ആട്ടിടയനുമായ ത്വാലൂത്തിനെ തങ്ങളുടെ നേതാവാക്കിയതില്‍ മുറുമുറുപ്പുണ്ടായിരുന്നവര്‍ അതോടെ പരിഹാസ വാക്കുകള്‍ ചൊരിഞ്ഞു. ''ആട്ടിടയനല്ലേ. ആട്ടിടയന് വെള്ളം കൊടുക്കുന്ന കാര്യമല്ലാതെ മറ്റെന്തെങ്കിലും അറിയുമോ..!''

ഇതും പറഞ്ഞ് യാത്ര തിരിച്ച സൈന്യത്തില്‍ നിന്ന് ചുരുക്കം പേരൊഴികെ നദിയില്‍ നിന്നു കുടിച്ചു. വെള്ളം കുടിക്കാതെ ക്ഷമ കാണിച്ചവരുടെ എണ്ണം ബദ്‌റിലെ പോരാളികളുടെ എണ്ണമായിരുന്നു (313 പേര്‍) എന്ന് ജാലൂത്തിന്റെ കഥ വിവരിക്കുമ്പോള്‍ മുഹമ്മദ് നബി (സ്വ) തന്റെ അനുയായികള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നു.

മുഅ്മിനീങ്ങളായ 313 പേര്‍ മാത്രം നേതാവിന്റെ കല്‍പ്പനയിലെ യുക്തി ചികയാതെ മാറിനിന്നു. ദാഹം തീര്‍ക്കുന്നതോടെ ഉന്മേഷം കൈവരുമെന്ന് വാദിച്ചവര്‍ നദിയില്‍ നിന്നു വയറു നിറച്ച ശേഷം പറഞ്ഞു 'വെള്ളം കുടിച്ചതോടെ ഞങ്ങള്‍ കൂടുതല്‍ തളര്‍ന്നിരിക്കുന്നു. ജാലൂത്തിനേയും അവന്റെ സൈന്യത്തേയും നേരിടാനുള്ള ശേഷി ഇന്ന് ഞങ്ങള്‍ക്കില്ല.'

രണ്ടു ലക്ഷത്തോളം വരുന്ന ശത്രുക്കള്‍ക്കെതിരെ 313 പേര്‍ മാത്രം ബാക്കിയായി. പക്ഷേ, അവര്‍ക്ക് പതര്‍ച്ചയുണ്ടായിരുന്നില്ല 'ഒരുനാള്‍ അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന് വിചാരിച്ചിരുന്നവര്‍ പറഞ്ഞു, എത്രയെത്ര ചെറിയ സംഘങ്ങളാണ് വലിയ വലിയ സംഘങ്ങളെ അല്ലാഹുവിന്റെ സഹായത്താല്‍ കീഴ്‌പ്പെടുത്തിയിട്ടുള്ളത്. അല്ലാഹു ക്ഷമാശീലര്‍ക്കൊപ്പമാണ്' - (വിശുദ്ധ ഖുര്‍ആന്‍).

അവര്‍ യുദ്ധ മുഖത്തെത്തിയത് ഖുര്‍ആന്‍ വര്‍ണിക്കുന്നു: ജാലൂത്തിന്റേയും അയാളുടെ പട്ടാളത്തിന്റേയും നേര്‍ക്കുനേര്‍ നിന്നപ്പോള്‍ അവര്‍ പറഞ്ഞു, 'അല്ലാഹുവേ ഇന്നു നീ ഞങ്ങള്‍ക്കു മേല്‍ ക്ഷമ ചൊരിഞ്ഞു തരേണമേ. ഞങ്ങളുടെ കാലുകള്‍ ഉറപ്പിച്ചു നിര്‍ത്തേണമേ. സത്യ നിഷേധികള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ'

യുദ്ധം തുടങ്ങുകയായി. ശത്രുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് മുസ്്‌ലിംകള്‍ ആദ്യം 'ദ്വന്ദ യുദ്ധം' തെരഞ്ഞെടുക്കാം എന്നു തീരുമാനിച്ചു. അപ്പോള്‍ ശത്രു പടയാളികളുടെ കൂട്ടത്തില്‍ നിന്ന് അവരുടെ വീര സൈന്യാധിപനായ ജാലൂത്ത് തന്നെ മുന്നോട്ടു വന്നു, 'എന്നോട് പോരിന് ധൈര്യമുള്ളവര്‍ മുന്നോട്ടുവരട്ടെ..?' അയാള്‍ വെല്ലുവിളിച്ചു. ത്വാലൂത്ത് (റ) വിന്റെ സംഘത്തില്‍ ഒരു സാധുവായ പട്ടാളക്കാരന്‍ ഉണ്ടായിരുന്നു. ദാവൂദ് എന്നായിരുന്നു പേര്. വിവാഹം കഴിഞ്ഞിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന്‍.

നേതാവായ ത്വാലൂത്തിന്റെ അനുമതിയോടെ ദാവൂദ് എന്ന യുവാവ് പോരിനിറങ്ങി. ദ്വന്ദ യുദ്ധം ആരംഭിച്ചു. ദാവൂദ് ഒരു കവണയില്‍ കല്ല് കൊരുത്ത് തൊടുത്തു. അത് ജാലൂത്തിന്റെ മര്‍മ ഭാഗത്തു തന്നെ പതിച്ചു. അയാള്‍ യുദ്ധക്കളത്തില്‍ മലര്‍ന്നടിച്ചു വീണു. സര്‍വസൈന്യാധിപന്റെ മരണത്തില്‍ അണികള്‍ പേടിച്ചരണ്ടു. യുദ്ധം ചെയ്യാനുള്ള അവരുടെ മനോവീര്യം ചോര്‍ന്നുപോയി.

''അവര്‍ അവരെ (ആ രണ്ടു ലക്ഷം പേരെ) അല്ലാഹുവിന്റെ സഹായത്താല്‍ തോല്‍പ്പിച്ചു കളഞ്ഞു. ദാവൂദ് ജാലൂത്തിനെ കൊല്ലുകയും ചെയ്തു.'' - (വിശുദ്ധ ഖുര്‍ആന്‍).

പിന്നീട് അല്ലാഹുവിന്റെ പ്രവാചകനായി മാറിയ ദാവൂദ് (അ) ആയിരുന്നു തന്റെ അണികളില്‍ നിന്ന് ത്വാലൂത്ത് തെരഞ്ഞെടുത്ത ആ യുവാവ്. നാലു വേദ ഗ്രന്ഥങ്ങളില്‍ ഒന്നു (സബൂര്‍) ലഭിച്ച ഉന്നതനായ പ്രവാചകനാണ് ദാവൂദ് (അ). അദ്ദേഹം പിന്നീട് രാജാവ് ആയി മാറി. ലോക ചക്രവര്‍ത്തിമാരില്‍ എണ്ണപ്പെടുന്ന പ്രവാചകന്‍ സുലൈമാന്‍ (അ)ന്റെ പിതാവ് എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

ദരിദ്രരിലും സമ്പന്നരിലും ആട്ടിടയനിലും ചക്രവര്‍ത്തിയിലും അല്ലാഹുവിന്റെ ഔലിയാക്കള്‍ മറഞ്ഞുകിടക്കുന്നുണ്ടെന്ന് ത്വാലൂത്ത് (റ), ദാവൂദ് (അ), സകല ഐശ്വര്യങ്ങളും നല്‍കപ്പെട്ട സുലൈമാന്‍ (അ) എന്നിവരുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങളാണ്. ഒരേസമയം, ഫഖീര്‍ എന്നതും സുല്‍ത്താന്‍ എന്നതും ഔലിയാക്കളിലെ ഉന്നത പദവികളത്രെ..!

ഇനി ചരിത്രത്തിലേക്ക് കടക്കാം 

ഗർഭിണിയുടെ പ്രാർത്ഥന 

ഇസ്രാഈലി സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട മഹാനായ പ്രവാചകനായിരുന്നു ശംവീൽ (അ), ശംവീൽ, ശമവീൽ, ശിംവീൽ എന്നൊക്കെ കാണുന്നുണ്ട്.

ചില പണ്ഡിതന്മാർ അശ്മവീൽ എന്നും രേഖപ്പെടുത്തിയിട്ടുണ്ട് ശംഊൻ ആണെന്നും പറയപ്പെട്ടിട്ടുണ്ട്.

പിതൃപരമ്പര ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

അശ്മവീൽ
ബാലി
അൽഖമ
ഹാം
അൽഖഹൂ
തഹ് വി
സ്വൂഫ്
അൽഖമ
മാഹിസ്
അമൂസ്വാ
അസ് രിയാ

ശംവീൽ (അ) ന്റെ പരമ്പര ഹാറൂൻ(അ)ൽ ചെന്ന് ചേരുന്നതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്.

അശ്മവീലിന്റെ പിതാവ് ഹൽഫായാ ആണെന്ന് മുജാഹിദ് (റ)രേഖപ്പെടുത്തിയിട്ടുണ്ട്.

ശംവീൽ (അ) ന്റെ പിതാവിന്റെ പേര് ബൽക്കാന എന്നായിരുന്നുവെന്ന് പറഞ്ഞവരുമുണ്ട്.

ഇസ്രാഈലി സമൂഹം വമ്പിച്ച പരീക്ഷണം നേരിട്ട കാലഘട്ടമായിരുന്നു അത്. അമാലിക്കത്ത് വർഗ്ഗക്കാർ ആയുധങ്ങളുമായി ആർത്തിരമ്പി വന്ന കാലം നാശം വിതച്ചുകൊണ്ടാണവരുടെ മുന്നേറ്റം.

തലമുറകൾ കഠിനാധ്വാനം ചെയ്തു പണിതുയർത്തിയ ചരിത്ര പ്രസിദ്ധമായ പട്ടണങ്ങളാണ് ഗസ്സ, അസ്ഖലാൻ തുടങ്ങിയവ. അമാലിഖ വർഗ്ഗക്കാർ അത്തരം പട്ടണങ്ങൾ തല്ലിത്തകർത്തു തരിപ്പണമാക്കി. അവയിൽ താമസിച്ചിരുന്നവരെ കൂട്ടക്കൊല ചെയ്തു. നോക്കുന്നേടത്തെല്ലാം മനുഷ്യരക്തം കട്ടപിടിച്ചു കിടക്കുന്നു. എവിടെയും അക്രമികളുടെ അട്ടഹാസങ്ങൾ മാത്രം.

താമസസ്ഥലങ്ങളിൽ നിന്ന് ജീവനും കൊണ്ടോടുന്നവർക്ക് കണക്കില്ല.

ബൈത്തുൽ മുഖദ്ദസിൽ എത്തിയവർ നിരവധിയാണ് അഭയാർത്ഥികളുടെ കൂട്ട പ്രവാഹം.

നായകനില്ലാതെ പരക്കം പായുന്ന സമൂഹം പട്ടണങ്ങളും ഗ്രാമങ്ങളും നഷ്ടപ്പെട്ടവർ കിടപ്പാടമില്ലാത്തവർ.

ഒരു ഗർഭിണിയുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയെക്കുറിച്ച് ചരിത്രം നമുക്ക് പറഞ്ഞു തരുന്നു.

ചരിത്ര പുരുഷനാണ് ലാവാ ഇസ്രാഈലി പ്രമുഖൻ അദ്ദേഹത്തിന്റെ പരമ്പരയിൽ പല പ്രവാചകന്മാർ വന്നിട്ടുണ്ട്. അവരെല്ലാം വഫാത്തായിപ്പോയി കുറെ വർഷങ്ങൾ കടന്നുപോയി അക്കാലത്ത് ആ പരമ്പരയിൽ പ്രവാചകന്മാരൊന്നും വന്നില്ല.

അമാലിക്കത്ത് വർഗ്ഗക്കാരുടെ അക്രമത്തിൽ ആ പരമ്പരയിലുള്ളവരെല്ലാം വധിക്കപ്പെട്ടു. എല്ലാറ്റിനും സാക്ഷിയായി ഒരു ഗർഭിണി മാത്രം ബാക്കിയായി.

ഒറ്റപ്പെട്ടുപോയ ഗർഭിണിയുടെ പ്രാർത്ഥന ചരിത്രം രേഖപ്പെടുത്തി വെച്ചു.

അല്ലാഹുവേ എന്റെ ഗോത്രത്തിലുള്ളവരെല്ലാം വധിക്കപ്പെട്ടു. ഞാൻ ഒരാൾ മാത്രം ബാക്കിയുണ്ട്. ഞാൻ ഗർഭിണിയാണ് എനിക്ക് മാതാപിതാക്കളില്ല ബന്ധുക്കളില്ല സഹോദരങ്ങളില്ല ഞാൻ ഒറ്റക്കാണ് റബ്ബേ....

എത്രയോ പ്രവാചകന്മാർ വന്ന ഗോത്രമാണിത് എന്റെ ഗോത്രത്തിൽ പിറന്ന പ്രവാചകന്മാർ റബ്ബേ....നിന്റെ മാർഗത്തിൽ കഠിനാധ്വാനം ചെയ്തവരാണവർ.

ഇനി ഈ ഗോത്രത്തിൽ ഒരു നബി ജനിക്കുമോ? ഈ ഗോത്രത്തിൽ ഇനിയും പ്രവാചകന്മാരുണ്ടാവണമെന്ന് ഞാനാശിക്കുന്നു റബ്ബേ.....

ഇനി ഈ പരമ്പര നിലനിൽക്കേണ്ടത് എന്റെ വയറ്റിലുള്ള കുഞ്ഞിലൂടെയാണ്.

അല്ലാഹുവേ എനിക്കൊരു പുത്രനെ നൽകേണമേ .....അവനെ നീ നബിയാക്കേണമേ അവനിലൂടെ പരമ്പര നിലനിർത്തിത്തരേണമേ

അല്ലാഹുവേ ഞാൻ അബലയായ സ്ത്രീയാണ് ഗർഭിണിയാണ് ചുറ്റുപാടും ശത്രുക്കളാണ് എന്റെ ബന്ധുക്കളൊന്നും ബാക്കിയില്ല എല്ലാവരെയും വധിച്ചു എന്നെയും വധിക്കുമോ? റബ്ബേ ....നീ മാത്രമാണ് രക്ഷകൻ

അർധരാത്രിയുടെ കൂരിരുട്ടിൽ ഗർഭിണിയുടെ തേങ്ങിക്കരച്ചിൽ കവിളിലൂടെ കണ്ണീർ കണങ്ങളൊഴുകി എന്തൊരു പ്രാർത്ഥനയാണിത്.

അല്ലാഹു പ്രാർത്ഥന സ്വീകരിച്ചു ഗർഭിണിയുടെ മനസ്സിന്നാശ്വാസം ലഭിച്ചു.

ധാരാളം ദിക്റുകൾ ചൊല്ലി പ്രാർത്ഥിച്ചു തൗറാത്ത് പാരായണം നടത്തി മാസങ്ങൾ കടന്നുപോയി.

അല്ലാഹുവിന്റെ ദാസി പ്രസവിച്ചു ആശിച്ചത് പോലെ കോമളനായ പുത്രൻ. മുലപ്പാൽ കൊടുത്തു വളർത്തി താരാട്ട് പാട്ട് പാടിയുറക്കി മോൻ വളരുകയാണ്.

മോന്റെ പേരറിയണ്ടേ? ശംവീൽ.
ഉമ്മയിൽ നിന്നാണ് വിദ്യനേടിയത്.
മോൻ ഉമ്മയിൽ നിന്ന് മൂസാ (അ) ന്റെ കഥ കേട്ടു ഹാറൂൻ(അ) ന്റെ കഥ കേട്ടു

മോൻ തൗറാത്ത് പാരായണം ചെയ്യാൻ പഠിച്ചു. വിധിവിലക്കുകൾ പഠിച്ചറിഞ്ഞു. തന്റെ പൂർവ്വികന്മാരെക്കുറിച്ചു പഠിച്ചു. ആ സമൂഹത്തിലേക്കുള്ള നബിയായി നിയോഗിക്കപ്പെട്ടു.

ശംവീൽ (അ) അരക്ഷിതാവസ്ഥയിൽ പെട്ട ഒരു സമൂഹത്തെയാണ് മുമ്പിൽ കണ്ടത്.

റിപ്പോർട്ടുകളിൽ ഇങ്ങനെ കാണാം ഉമ്മ മകന് അശ്മവീൽ എന്ന് പേരിട്ടു ഹീബ്രു ഭാഷയിൽ ഇസ്മാഈൽ.

'അല്ലാഹു എന്റെ പ്രാർത്ഥന കേട്ടു'

അതാണ് ഈ വാക്കിന്റെ അർത്ഥം

ഉമ്മയിൽ നിന്നുള്ള പഠനത്തിന്നുശേഷം കുട്ടി മസ്ജിദിൽ ചേർന്ന് പഠനം തുടർന്നു.

ഒരു പണ്ഡിത പ്രമുഖന്റെ ശിക്ഷണത്തിൽ വളർന്നു വന്നു സംവത്സരങ്ങൾ കടന്നുപോയി.

പണ്ഡിത പ്രമുഖൻ അല്ലാഹുവിനെ ഭയന്നു ജീവിക്കുന്ന സാത്വികനായിരുന്നു നന്മകൾ നിറഞ്ഞ മനുഷ്യൻ.

ഒരു രാത്രി..... എല്ലാവരും ഉറക്കമായി ഉറക്കത്തിൽ ശംവീൽ എന്തോ ഒരു ശബ്ദം കേട്ടു. ആരോ തന്നെ പേര് ചൊല്ലി വിളിക്കുംപോലെ ഞെട്ടിയുണർന്നു. ഉസ്താദ് ആയിരിക്കുമോ? ഉസ്താദിന്റെ മുറിയിലേക്ക് ധൃതിയിൽ നടന്നു.

'അങ്ങ് എന്നെ വിളിച്ചുവോ?'

ശംവീൽ ആദരവോടെ ചോദിച്ചു.



ഒരു മൂളൽ മാത്രം ഉസ്താദ് ഉറക്കിൽ തന്നെ തിരിച്ചു പോന്നു ഉറങ്ങാൻ കിടന്നു.

ഉറങ്ങിത്തുടങ്ങുമ്പോൾ വീണ്ടും വിളിയുടെ ശബ്ദം ഞെട്ടിയുണർന്നു. ഉസ്താദിന്റെ മുറിയിലേക്ക് നടന്നു ഉസ്താദ് ഉറക്കമാണ്.

തന്നെ വിളിച്ചത് ഉസ്താദല്ല പിന്നെയാര്?

വീണ്ടും ഉറങ്ങാൻ കിടന്നു കണ്ണുകളിൽ മയക്കം വന്നു വീണ്ടും വിളിയുടെ ശബ്ദം വന്നു.

എഴുന്നേറ്റിരുന്നു ചുറ്റുപാടും നോക്കി ഇരുട്ടിൽ ഒന്നും കാണാൻ വയ്യ.

അപ്പോൾ വ്യക്തമായ ശബ്ദം കേട്ടു.

ഞാൻ ജിബ്രീൽ ആകുന്നു.

അല്ലാഹുവിന്റെ കൽപന പ്രകാരം വന്നതാകുന്നു. താങ്കളെ അല്ലാഹു നബിയായി നിയോഗിച്ചിരിക്കുന്നു. താങ്കളുടെ സമൂഹത്തിലേക്കുള്ള നബിയാണ്. അല്ലാഹുവിന്റെ വഴിയിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊള്ളുക. ആരാധനക്ക് അർഹനായി അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്ന് അവരെ ബോധ്യപ്പെടുത്തുക. മനുഷ്യമനസ്സുകളെ സംസ്കരിക്കുക. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ശത്രുക്കളോട് യുദ്ധത്തിനൊരുങ്ങാൻ നിർദ്ദേശിക്കുക'.

വലിയ ബാധ്യത നബിയുടെ ചുമലുകളിൽ വന്നു ചേർന്നു. തൗറാത്തിലെ കല്പനകൾ അവഗണിച്ച സമൂഹമാണിത്. സ്വേച്ഛകളെ പിൻപറ്റിയവർ, പലരും ബിംബാരാധകരാണ്.

വഴിപിഴച്ചപ്പോൾ അവർ പരീക്ഷണങ്ങൾക്ക് വിധേയരായി. അമാലിക്കുകൾ അവരെ വേട്ടയാടി. പിന്നെ നാടും വീടും ഉപേക്ഷിച്ചു ഓടിപ്പോന്നു.

നിങ്ങൾ യുദ്ധത്തിന് സന്നദ്ധരാണോ?

ശംവീൽ നബി (അ) അവരോട് ചോദിച്ചു.

അവർ ആവേശത്തോടെ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

'ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്യാൻ ഞങ്ങൾ സന്നദ്ധരാണ്. ഞങ്ങളുടെ വീടുകളിൽ നിന്നും മക്കളിൽ നിന്നും അവർ ഞങ്ങളെ ആട്ടിപ്പുറത്താക്കി. ഞങ്ങൾ അവർക്കെതിരെ യുദ്ധം ചെയ്യും അതിലൊരു സംശയവും വേണ്ട '

അവരുടെ ആവേശകരമായ സംസാരം നബി മുഖവിലക്കെടുത്തില്ല. വാക്ക് മാറുന്ന സമൂഹമാണിത് ശംവീൽ നബി (അ) അവരോട് ചോദിച്ചു.

'അല്ലാഹു യുദ്ധം നിങ്ങളുടെ മേൽ കടമയാക്കിയാൽ നിങ്ങൾ അനുസരിക്കുമോ? അതോ ഒഴിഞ്ഞു മാറിക്കളയുമോ? '

'ഒരിക്കലുമില്ല ഞങ്ങൾ ധീരമായി യുദ്ധം ചെയ്യും'

അല്ലാഹുവിന്റെ കല്പന വന്നു യുദ്ധം നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന.

ശംവീൽ നബി (അ) ആ കല്പന ജനങ്ങളെ അറിയിച്ചു അതോടെ അവരുടെ മട്ടുമാറി.

ആവേശപൂർവ്വം സംസാരിച്ചവർ പിന്നോട്ട് മാറി. പൊതുവെ ആവേശം തണുത്തു പ്രതികരിക്കാൻ താല്പര്യമില്ല.

കുറെ കഴിഞ്ഞപ്പോൾ അവർ മറ്റൊരാവശ്യം ഉന്നയിച്ചു.

ഞങ്ങൾക്ക് രാജാവില്ല. ആദ്യം ഞങ്ങൾക്കൊരു രാജാവിനെ നിശ്ചയിച്ചു തരിക. ആ രാജാവിന്റെ കീഴിൽ ഞങ്ങൾ അണിനിരക്കാം. അങ്ങനെയുദ്ധം ചെയ്യാം അതിന്ന് വേണ്ടി താങ്കൾ പ്രാർത്ഥിക്കുക.

സൂറത്തുൽ ബഖറയിൽ ഈ രംഗം വിശദീകരിക്കുന്നത് കാണുക

'മൂസാക്ക് ശേഷം ഇസ്രാഈൽ സന്തതികളിലെ ഒരു വിഭാഗം നേതാക്കളെ താങ്കൾ കണ്ടില്ലേ?

ഞങ്ങൾക്ക് ഒരു രാജാവിനെ നിശ്ചയിച്ചു തരണം എന്നാൽ ഞങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തുകൊള്ളാം എന്ന് തങ്ങളുടെ ഒരു നബിയോട് അവർ പറഞ്ഞ സന്ദർഭം.

അപ്പോൾ നബി ചോദിച്ചു യുദ്ധം കർത്തവ്യമായി നിയമിക്കപ്പെട്ടാൽ നിങ്ങൾ യുദ്ധം ചെയ്യാതിരിക്കാൻ ഇട വന്നേക്കുമോ?

അവർ പറഞ്ഞു: സ്വന്തം വീടുകളിൽ നിന്നും സന്താനങ്ങളിൽ നിന്നും ഞങ്ങൾ പുറം തള്ളപ്പെട്ടിരിക്കെ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാതിരിക്കാൻ ഞങ്ങൾക്കെന്ത് ന്യായം?

എന്നാൽ യുദ്ധം കടമയായി കൽപ്പിക്കപ്പെട്ടപ്പോൾ അവരിൽ ചുരുക്കം പേരൊഴിച്ചു മറ്റെല്ലാവരും പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്

അല്ലാഹു അക്രമികളെക്കുറിച്ച് നല്ലവണ്ണം അറിയുന്നവനാകുന്നു'(2:246)

ഇസ്രാഈലി സമൂഹത്തിന്റെ മനോനില നന്നായി മനസ്സിലാക്കാൻ പറ്റുന്ന വചനമാണിത്. യുദ്ധം അവരുടെ മേൽ നിർബന്ധമാക്കപ്പെട്ടു. അപ്പോൾ അവർ ഒഴിഞ്ഞു മാറിക്കളഞ്ഞു.


ത്വാലൂത്ത് രാജാവ്


ജാലൂത്ത്

ക്രൂരനായ രാജാവ്

റൂം സമുദ്രതീരത്താണ് ജാലൂത്തിന്റെ കൊട്ടാരം. രാജപരമ്പരയിൽ വന്ന ആളാണ്.

ബലം പ്രയോഗിച്ച് രാജ്യങ്ങൾ വെട്ടിപ്പിടിക്കുകയാണ്. ഫലസ്തീനിലേക്ക് വന്നത് ശക്തമായ സൈന്യത്തിന്റെ അകമ്പടിയോട് കൂടിയാണ്.

ഇസ്രാഈല്യരുടെ നാല്പത് നേതാക്കന്മാരെ പിടിച്ചു കെട്ടി അവഹേളിച്ചു.

നാട്ടിലാകെ ആക്രമണം അഴിച്ചുവിട്ടു. സ്വത്തുവകകൾ കൊള്ളയടിച്ചു. സ്ത്രീകളെയും കുട്ടികളെയും ബന്ധനത്തിലാക്കി. നിരവധി പേർ വധിക്കപ്പെട്ടു. ആളുകൾ വീട് വിട്ട് ഓടുകയാണ്. ബൈത്തുൽ മുഖദ്ദസിൽ ആയിരക്കണക്കിനാളുകൾ അഭയം തേടിയെത്തി.

ഈ ഘട്ടത്തിലാണ് ശംവീൽ നബി (അ) ഇസ്രാഈല്യരോട് യുദ്ധം ചെയ്യാൻ ആവശ്യപ്പെടുന്നത്. ആദ്യമൊക്കെ അവർ ആവേശം കാണിച്ചു.

യുദ്ധം അവരുടെ മേൽ കടമയാക്കപ്പെട്ടു. അതോടെ അവർ പിന്നോക്കം മാറി. എന്നിട്ടൊരു പുതിയ ന്യായം പറഞ്ഞു.

ഞങ്ങൾക്കൊരു രാജാവിനെ തരൂ എന്നിട്ടാവാം യുദ്ധം. രാജാവിന്ന് പിന്നിൽ ഞങ്ങൾ അണിനിരന്ന് കൊള്ളാം.

ശംവീൽ നബി (അ) ന്റെ ഇപ്പോഴത്തെ പ്രാർത്ഥന അതിന്ന് വേണ്ടിയാണ്.

'അല്ലാഹുവേ ഇസ്രാഈല്യർക്ക് നീയൊരു രാജാവിനെ നൽകേണമേ'

നബിക്ക് രണ്ട് സാധനങ്ങൾ നൽകപ്പെട്ടു.

ഒരു വടി ഒരു പാത്രത്തിൽ ശുദ്ധമായ എണ്ണ

അല്ലാഹുവിന്റെ കല്പന വന്നു ഇങ്ങനെ.

'രാജാവാകാൻ യോഗ്യതയുള്ള ആൾ താങ്കളുടെ വീട്ടിൽ പ്രവേശിക്കും അപ്പോൾ എണ്ണ തിളയ്ക്കും വടി അയാളുടെ പൊക്കത്തിനൊപ്പം നീളമുള്ളതായിത്തീരും'

ഈ അത്ഭുത വാർത്ത നാട്ടിലാകെ പരന്നു രാജാവാകാൻ ആർക്കാണ് മോഹമില്ലാത്താത്.

ഉന്നതന്മാരെല്ലാം വന്നു തുടങ്ങി സാധാരണക്കാരും വരാൻ തുടങ്ങി വീട്ടിൽ നല്ല തിരക്ക്.

ആര് വന്നിട്ടും എണ്ണ തിളച്ചില്ല.

വടി വളർന്നില്ല കാത്തിരിപ്പ് തുടർന്നു.

ബിൻയാമീൻ ഗോത്രം അവർ കുറെ അകലെയാണ് താമസം. അതിന്റെ നേതാവാണ് ഖൈശ്. ഖൈശിന്റെ മകനാണ് ത്വാലൂത്ത്. കൃഷിയും കാലികളെ വളർത്തലുമാണ് തൊഴിൽ. പിതാവും പുത്രനും കഠിനാധ്വാനം ചെയ്യും.

ഇസ്രാഈല്യർ പന്ത്രണ്ട് ഗോത്രക്കാരാണ്. ചില ഗോത്രക്കാർ പ്രമുഖന്മാരാണ്. അവർക്കിടയിൽ നിന്ന് നബിമാരും രാജാക്കന്മാരും ന്യായാധിപന്മാരും പണ്ഡിതന്മാരും വന്നിട്ടുണ്ട്.

ബിൻയാമീൻ ഗോത്രക്കാർക്ക് പേരും പ്രസിദ്ധിയും കുറവാണ്. എടുത്തു പറയാവുന്ന നേട്ടങ്ങളും കുറവാണ്.

ത്വാലൂത്ത് പൊതുവെ അറിയപ്പെടുന്ന ആളാണ് അദ്ദേഹത്തിന്റെ പിതൃപരമ്പര ഇങ്ങനെയാകുന്നു.

ത്വാലൂത്ത്
പിതാവ് ഖൈശ്
'അൻയാൽ
'സ്വറാർ
'ലഹൂബ്
'അഫീഹ്
'അരീശ്
'ബിൻയാമീൻ
'യഅ്ഖൂബ്(അ)
'ഇസ്ഹാഖ്(അ)
'ഇബ്റാഹീമുൽ ഖലീൽ(റ)

സമുന്നതമായ പരമ്പരയിലാണ് ത്വാലൂത്ത് ജനിച്ചത്.
ത്വാലൂത്ത് ദരിദ്രനായിരുന്നു. ഒരു ദിവസം അവരുടെ ഒരു കഴുതയെ കാണാതായി പല സ്ഥലത്തും തിരിഞ്ഞു നടന്നു കണ്ടില്ല.

ഖൈശ് പുത്രനോടിങ്ങനെ പറഞ്ഞു:

മകനേ ത്വാലൂത്ത് പരിസര പ്രദേശങ്ങളിലൊന്നും നമ്മുടെ കഴുതയെ കാണാനില്ല. ദൂരേക്ക് പോയിക്കാണും നീ ഒരടിമയെ കൂട്ടിന് കൂട്ടിക്കോള്ളൂ എന്നിട്ട് കഴുതയെ അന്വേഷിച്ച് പോയ്ക്കൊള്ളൂ.

ത്വാലൂത്ത് ഒരു അടിമയോടൊപ്പം യാത്രയായി പല സ്ഥലങ്ങളിലും അന്വേഷിച്ചു ഫലമുണ്ടായില്ല.

ശംവീൽ നബി (അ) താമസിക്കുന്ന ഗ്രാമം.

ഇപ്പോൾ ആ ഗ്രാമത്തിലാണ് ത്വാലൂത്ത് എത്തിയത് അവിടെ ആൾക്കൂട്ടം കണ്ടു.

വഴിയിൽ കണ്ട ഒരാളോട് ത്വാലൂത്ത് വിവരമന്വേഷിച്ചു.
അത് ശംവീൽ നബിയുടെ വീടാണ്. കുറെ ദിവസമായി അവിടെ ആൾക്കൂട്ടമുണ്ട് രാജാവിനെ കാത്തിരിക്കുകയാണ്.

അത് കേട്ടപ്പോൾ ത്വാലൂത്ത് അടിമയോട് പറഞ്ഞു:

നമുക്കവിടെ ഒന്നു പോയി നോക്കാം. ധാരാളം ആളുകളുള്ളതല്ലേ .നമ്മുടെ കാണാതെപോയ കഴുതയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയേക്കാം.

ത്വാലൂത്ത് വീട്ടുമുറ്റത്തെത്തി. മെല്ലെ അകത്തേക്ക് പ്രവേശിച്ചു. വീട്ടിനകത്തുള്ളവർ അതിശയിച്ചുപോയി. എണ്ണ തിളയ്ക്കാൻ തുടങ്ങിയിരിക്കുന്നു.

വടിയുടെ നീളം കൂടി.

ഇപ്പോൾ വടിക്കും ത്വാലൂത്തിന്നും ഒരെ നീളം ശംവീൽ (അ) ന്ന് സന്തോഷമായി.

രാജാവിനെ കിട്ടിയിരിക്കുന്നു.

ശംവീൽ(അ) എണ്ണയെടുത്തു ത്വാലൂത്തിന്റെ തലയിലും മുഖത്തും എണ്ണപുരട്ടിക്കൊടുത്തു എന്നിട്ടിങ്ങനെ പറഞ്ഞു:

'സന്തോഷിക്കുക അല്ലാഹുവിനെ വാഴ്ത്തുക.

അൽഹംദുലില്ലാഹ്.

ഈ സമൂഹത്തിന്റെ രാജാവായി അല്ലാഹു താങ്കളെ നിയോഗിച്ചിരിക്കുന്നു.

ത്വാലൂത്ത് അമ്പരന്നുപോയി വിനയപൂർവ്വം ഇങ്ങനെ അറിയിച്ചു.

'ഞാനൊരു ചെറിയ ഗോത്രത്തിലെ അംഗമാണ്. എത്രയോ പ്രബല ഗോത്രക്കാർ ഇവിടെയുണ്ട്. ദരിദ്രനായ ഞാൻ ഇവരുടെ രാജാവാകുന്നത് എങ്ങനെയാണ്? എനിക്കത് ബുദ്ധിമുട്ടാണ്.

ശംവീൽ (അ) അദ്ദേഹത്തെ ധ്യൈര്യപ്പെടുത്തി.

'അല്ലാഹു താങ്കളെ രാജാവായി നിയോഗിച്ചു കഴിഞ്ഞു ഇനി നാട് ഭരിക്കണം'

എനിക്ക് ഒരു ദൃഷ്ടാന്തം കാണിച്ചു തരുമോ?

ത്വാലൂത്ത് ചോദിച്ചു.

കാണിച്ചു തരാം താങ്കൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ നഷ്ടപ്പെട്ട കഴുത അവിടെ എത്തിയിട്ടുണ്ടാവും അതാണ് ദൃഷ്ടാന്തം.

എല്ലാവരും ത്വാലൂത്തിനെ വിസ്മയത്തോടെ നോക്കി ഭാവിയിലെ രാജാവ്.

ത്വാലൂത്ത് അടിമയോടൊപ്പം മടങ്ങിപ്പോയി.

വീട്ടിൽ വന്നു കയറുമ്പോൾ കഴുത അവിടെ നിൽക്കുന്നു ത്വാലൂത്ത് പിതാവിനോട് സംഭവങ്ങൾ വിവരിച്ചു.

നമ്മുടെ ഗോത്രത്തെ അല്ലാഹു അനുഗ്രഹിച്ചു മറ്റുഗോത്രങ്ങൾക്കുമീതെ സ്ഥാനം നൽകി.

പൂർവ്വ പിതാവായ ബിൻയാമീനെ അവർ ആദരവോടെ ഓർത്തു.

ബിൻയാമീൻ

യൂസുഫ് നബി (അ)ന്റെ പ്രിയ സഹോദരൻ

യൂസുഫ് (അ)മിസ്വ്റിന്റെ ഭരണാധികാരിയായിരുന്നു

ബിൻയാമീന്റെ പുത്രൻ അരീശ് യോഗ്യനായ പുത്രൻ അദ്ദേഹത്തിന്റെ സന്താനപരമ്പരയിലാണ് ത്വാലൂത്ത്.

ഗോത്രക്കാർ ഒരുമിച്ചു കൂടി അവർ തങ്ങളുടെ രാജാവിനെ കൺകുളിർക്കെ നോക്കിക്കണ്ടു.


താബൂത്ത് വന്നു 

അമാലിക്ക വർഗ്ഗക്കാർ പല ഗോത്രങ്ങളാണ്.

അമ്മോന്യർ, മിദ്വാനികൾ, ഫെലിസ്ത്യർ, മോവോബ്യർ തുടങ്ങി നിരവധി ഗോത്രങ്ങൾ ഇവരും ഇസ്രാഈല്യരും തമ്മിൽ പല തവണ യുദ്ധം നടന്നിട്ടുണ്ട്.

അമാലിക്ക വർഗ്ഗക്കാരെ ഇസ്രാഈല്യർ അന്നൊക്കെ തുരത്തിയോടിക്കുകയാണുണ്ടായത്. അന്നവർക്ക് ഈമാനികമായ ശക്തിയുണ്ടായിരുന്നു.




പിൽക്കാലത്ത് ഇസ്രാഈല്യർ വഴിപിഴച്ചു അവരുടെ ശക്തിപോയി.

ഇസ്രാഈല്യരുടെ ഏറ്റവും വിലപ്പെട്ട സ്വത്ത് അവരുടെ വിശുദ്ധ പെട്ടകം (പെട്ടി) ആയിരുന്നു. അതിന്ന് താബൂത്ത് എന്ന് പറയുന്നു. തൗറാത്ത് എഴുതിയ പലകകൾ അതിലുണ്ട്. മരംകൊണ്ടുണ്ടാക്കി സ്വർണ്ണത്തിൽ പൊതിഞ്ഞ പെട്ടി.

ആദം(അ)ന്ന് അല്ലാഹു ഇറക്കിക്കൊടുത്ത പെട്ടിയാണത്. വരാനിരിക്കുന്ന പ്രവാചകന്മാരുടെ ഫോട്ടോകൾ അതിലുണ്ടായിരുന്നു. വിലപ്പെട്ട വിവരങ്ങളുമുണ്ട് മലക്കുകളുടെ സാക്ഷ്യത്തോടെയുള്ള ഒരു കരാർപത്രവുമുണ്ട്.

ആദം(അ) വഫാത്താവാറായപ്പോൾ പുത്രൻ ശീസ്(അ) ന്ന് പെട്ടകം നൽകി പിന്നീട് പല നബിമാരിലൂടെ അത് കടന്നു വന്നു.

എല്ലാ നബിമാരും താബൂത്ത് വളരെ ബഹുമാനപൂർവ്വം സൂക്ഷിച്ചു വന്നു സഹസ്രാബ്ദങ്ങൾക്കുശേഷം അത് ഇസ്മാഈൽ(അ) ന്റെ കൈവശം വന്നു ചേർന്നു പിന്നീട് ഇസ്ഹാഖ്(അ) ന്റെ കൈവശമായി.

പിന്നീട് ഇസ്രാഈലി വംശത്തിലെ പ്രവാചകന്മാരുടെ കൈവശം എത്തിച്ചേർന്നു.

താബൂത്തിന്ന് സക്കീനത്ത് പെട്ടി എന്നും പറയാറുണ്ട്. മൂസാ(അ) പെട്ടി സൂക്ഷിച്ചുവെച്ചു.

മൂസാ(അ) ഹാറൂൻ(അ) എന്നിവർ വിട്ടേച്ചു പോയ ചില അവശിഷ്ടങ്ങൾ പെട്ടിയിലുണ്ട്.

മൂസാ(അ)ന്റെ വടി, വസ്ത്രം,ചെരിപ്പ് എന്നിവ പെട്ടിയിലുണ്ട്.

ഹാറൂൻ(അ) ന്റെ വടി, തലപ്പാവ് എന്നിവയുമുണ്ട്.

മൂസാ(അ) ന്ന് ശേഷം പെട്ടി യൂശഅ്(അ) ന്റെ കൈവശം വന്നു ചേർന്നു.

യൂശഅ്(അ)ന്റെ വഫാത്തിന്ന് ശേഷം അൽയസഅ്(അ) ന്റെ കൈവശമായിരുന്നു താബൂത്ത്.

അമാലിക്ക വർഗ്ഗവുമായി യുദ്ധം നടക്കുമ്പോൾ ഇസ്രാഈല്യർ താബൂത്ത് യുദ്ധക്കളത്തിൽ കൊണ്ട് വന്നു വെക്കും വിജയം ഉറപ്പ്.

പിൽക്കാലത്തെന്തുണ്ടായി?

അമാലിക്കത്ത് വർഗ്ഗക്കാർ താബൂത്ത് കൈവശമാക്കി അവരുടെ കൊട്ടാരത്തിൽ കൊണ്ടു പോയി.

അക്കാരണത്താൽ ഇസ്രാഈല്യർ വല്ലാതെ ദുഃഖിച്ചു കരഞ്ഞു. കാലങ്ങളോളം ദുഃഖത്തിൽ മുങ്ങിക്കിടന്നു. പിന്നീട് അവർക്ക് ദുഃഖമേ ഉണ്ടായിട്ടുള്ളൂ ഉള്ളതെല്ലാം നഷ്ടപ്പെട്ടു.

ആ സമൂഹത്തെ സമുദ്ധരിച്ചെടുക്കാനാണ് മഹാനായ പ്രവാചകൻ ശംവീൽ നിയോഗിക്കപ്പെട്ടത്.

അല്ലാഹു അവർക്ക് രാജാവിനെ നൽകി 'താലൂത്ത്' എന്ന രാജാവിനെ.

ഇസ്രാഈല്യർക്ക് ത്വാലൂത്ത് രാജാവിനെ ഇഷ്ടമായില്ല അവർ പറഞ്ഞു:

ആരാണ് ത്വാലൂത്ത്? അവന്ന് കുലമഹിമയുണ്ടോ? സാമ്പത്തികശേഷിയുണ്ടോ? വെറും ദരിദ്രനല്ലേ? ആടിനെ മേച്ച് നടക്കുന്നവൻ രാജാവോ?

ശംവീൽ (അ) പറഞ്ഞതിങ്ങനെ:

ത്വാലൂത്ത് മഹാപണ്ഡിതനാണ് അത്രയും പാണ്ഡിത്യമുള്ള ആരാണിവിടെയുള്ളത്?

ആരോഗ്യവാനാണ് കഠിനാധ്വാനിയാണ് സൽസ്വഭാവിയാണ് ബിൻയാമീന്റെ പരമ്പരയിൽ പെട്ട ആളാണ് രാജാവാകാൻ യോഗ്യനാണ്.

അല്ലാഹുവാണ് അദ്ദേഹത്തെ രാജാവായി നിയോഗിച്ചത്. നിങ്ങൾ അത് സ്വീകരിക്കണം. അല്ലാഹുവിന്റെ കല്പന ധിക്കരിക്കരുത്. ധിക്കരിച്ചാൽ നിങ്ങൾക്കു നാശം ശംവീൽ (അ) ന്റെ വാക്കുകൾ അവരെ തൽക്കാലം നിശ്ശബ്ദരാക്കി.

അപ്പോൾ അവർ ഇങ്ങനെ ആവശ്യപ്പെട്ടു.

രാജാവാണ് എന്നതിന് തെളിവ് വേണം

അല്ലാഹുവിന്റെ കല്പന വന്നു ഇങ്ങനെ

'ഇസ്രാഈല്യർക്ക് നഷ്ടപ്പെട്ട താബൂത്ത് തിരിച്ചു കിട്ടുക അതാണ് തെളിവ് '

അതിൽപ്പരം ഒരനുഗ്രഹം വരാനുണ്ടോ?

അമാലിക്ക വർഗ്ഗക്കാർ താബൂത്ത് വിട്ടു തരുമോ? കിട്ടിയാൽ അതൊരു അതിശയം തന്നെയായിരിക്കും.

ജാലൂത്ത് എന്ന ക്രൂരനായ രാജാവ് ആ രാജാവിന്റെ കൈവശമാണ് താബൂത്ത്.

അത് തിരിച്ചു കിട്ടുമോ?

താബൂത്തിനെക്കുറിച്ച് സൂറത്തുൽ ബഖറയിൽ പറയുന്നുണ്ട് അതിങ്ങനെയാകുന്നു.

അവരുടെ നബി- ശംവീൽ (അ) -അവരോട് പറഞ്ഞു:

'അദ്ദേഹത്തിന്റെ (ത്വാലൂത്ത്) രാജാധികാരത്തിന്റെ ദൃഷ്ടാന്തം താബൂത്ത് നിങ്ങൾക്ക് വന്നുകിട്ടുക എന്നുള്ളതാകുന്നു അതിൽ നിങ്ങളുടെ റബ്ബിൽ നിന്നുള്ള സമാധാനവും മൂസാനബിയും ഹാറൂൻ നബിയും വിട്ടുപോയ അവശിഷ്ടങ്ങളുമുണ്ട് അതിനെ മലക്കുകൾ ചുമന്നുകൊണ്ട് വരുന്നതാണ് തീർച്ചയായും നിങ്ങൾക്കതിൽ വലിയ ദൃഷ്ടാന്തമുണ്ട് നിങ്ങൾ വിശ്വാസികളാണെങ്കിൽ(2:248)

എന്നാണ് വിശുദ്ധ ഖുർആൻ പറഞ്ഞത്.

നിങ്ങളുടെ റബ്ബിൽ നിന്നുള്ള ശാന്തി ശാന്തിയുടെ കേന്ദ്രമാണ് താബൂത്ത്.

നഷ്ടപ്പെട്ടുപോയ താബൂത്ത് മലക്കുകൾ ചുമന്ന്കൊണ്ട് വരും അതാണ് ത്വാലൂത്ത് രാജാവാണെന്നതിന്റെ തെളിവ്.

അമാലിക്കത്ത് വർഗ്ഗം സക്കീനത്ത് പെട്ടി കൊണ്ടുപോയി പെട്ടിയെ നിന്ദിച്ചു.

ഒരുപൊതു മൂത്രപ്പുരയുണ്ട്. ആളുകൾ കൂട്ടം ചേർന്ന് മൂത്രമൊഴിക്കുന്ന സ്ഥലം. സക്കീനത്ത് അവിടെ കൊണ്ടിട്ടു. പെട്ടിയുടെ മീതെ മൂത്രമൊഴിച്ചവർക്ക് രോഗം വന്നു. അർശസ്സ് രോഗം വന്നപ്പോൾ പെട്ടി അവിടെ നിന്ന് മാറ്റി. ബിംബാരാധന നടത്തുന്ന സ്ഥലത്ത് കൊണ്ട് വന്നുവെച്ചു. ബിംബങ്ങളെല്ലാം തലകുത്തിവീണു. പെട്ടി അവിടെ നിന്ന് മാറ്റി ഒരു ഗ്രാമത്തിൽ കൊണ്ട് പോയി കുഴിച്ചിട്ടു.

ഗ്രാമത്തിന്ന് നാശം പലവിധ വിപത്തുകൾ വന്നു നിരവധി മരണങ്ങൾ സംഭവിച്ചു.

രണ്ട് സ്ഥലങ്ങളിലേക്ക് കൂടിമാറ്റി കുഴിച്ചിട്ടുനോക്കി അവിടെയെല്ലാം നാശം തന്നെ അമാലിക്ക വർഗ്ഗക്കാർ ഭയന്നുപോയി.

പെട്ടി ഒഴിവായിക്കിട്ടിയാൽ മതി എന്നായി അവരുടെ ചിന്ത അതിന്ത് വഴി?

ഒരു കാളവണ്ടിയിൽ കയറ്റി അയക്കാം.

സക്കീനത്ത് പെട്ടി കൈവശമാക്കിയ ശേഷം അമാലിക്ക വർഗ്ഗക്കാരുടെ താമസ സ്ഥലങ്ങൾ എലികളുടെ ശല്യം വർദ്ധിച്ചു. എലികൾ പെരുകിയതിനാൽ ജീവിതം ദുസ്സഹമായിത്തീർന്നു.

സ്വർണ്ണംകൊണ്ട് എലിയെ ഉണ്ടാക്കി അതും സക്കീനത്ത് പെട്ടിയോടൊപ്പം അയക്കാൻ അവർ തീരുമാനിച്ചു.

കാളവണ്ടിയിൽ സക്കീനത്ത് പെട്ടി വെച്ചു എലിയെയും വെച്ചു കാളയെ തെളിച്ചു വിട്ടു.

വാസ്തവത്തിൽ കാളകളെ നയിച്ചത് മലക്കുകൾ ആയിരുന്നു കാളവണ്ടി നീങ്ങി നീങ്ങി വന്നു.

കാളവണ്ടി ത്വാലൂത്തിന്റെ വീട്ടിലെത്തി സന്തോഷപൂർവ്വം ത്വാലൂത്ത് പെട്ടി സ്വീകരിച്ചു ഇസ്രാഈല്യർക്ക് ആശ്വാസമായി.

യുദ്ധത്തിൽ നിന്ന് പിൻമാറാൻ ഇനിയവർക്കാവില്ല.

ശംവീൽ(അ) പ്രഖ്യാപിച്ചു.

ജനങ്ങളേ ജാലൂത്ത് രാജാവിന്നെതിരിൽ യുദ്ധം ചെയ്യാൻ അല്ലാഹുവിന്റെ കല്പന വന്നിരിക്കുന്നു. ത്വാലൂത്ത് നിങ്ങളുടെ രാജാവാണ് അദ്ദേഹം നിങ്ങളെ നയിക്കും. സഹോദരങ്ങളെ യുദ്ധ സാമഗ്രികൾ സജ്ജീകരിക്കുക ത്വാലൂത്തിനെതിരെ മുന്നേറുക.

ശംവീൽ(അ)ന്ന് വിശ്രമമില്ലാത്ത നാളുകൾ.

യുദ്ധമാണ് ചെറിയ സംഗതിയൊന്നുമല്ല. സമൂഹം ഒറ്റക്കെട്ടായി യുദ്ധരംഗത്തേക്കിറങ്ങണം .അവരെ അതിന്ന് സജ്ജരാക്കണം നബിക്ക് വിശ്രമമില്ല.


നദി

ഈശ(അ)

ഇസ്രാഈല്യരിലേക്ക് അയക്കപ്പെട്ട ഒരു നബിയാണ് ഈശാ (അ) എന്ന് പറയപ്പെട്ടിട്ടുണ്ട്.

ഈശ(അ) ന്ന് പതിമൂന്ന് മക്കളുണ്ട്.

ശംവീൽ(അ)ന്ന് ഒരു കല്പന കിട്ടി.

'ഈശ (അ) ന്റെ വീട്ടിൽ പോവുക പതിമൂന്ന് മക്കളെയും പരിശോധിക്കുക '

എങ്ങനെയാണ് പരിശോധന ? അതിന്ന് വഴിപറഞ്ഞിട്ടുണ്ട്.

'പരിശുദ്ധമായ എണ്ണപ്പാത്രം കൊണ്ട് പോവുക. പാത്രം ഓരോരുത്തരുടെയും ശിരസ്സിൽ വെക്കുക. ഒരാളുടെ ശിരസ്സിൽ വെക്കുമ്പോൾ എണ്ണപ്പാത്രം നിറയും അയാൾക്കു വേണ്ടി പ്രാർത്ഥിക്കുക താങ്കൾക്കു ശേഷം അയാൾക്കായിരിക്കും പ്രവാചക പദവി ലഭിക്കുക'

ശംവീൽ (അ) ഈശ (അ) ന്റെ വീട്ടിലെത്തി മാന്യനായ അതിഥിക്ക് സ്നേഹം നിറഞ്ഞ സ്വീകരണം കുശലം പറച്ചിലൊക്കെ കഴിഞ്ഞു.

മക്കളെ ഓരോരുത്തരെയായി വിളിച്ചു ഓരോരുത്തരുടെയും ശിരസ്സിൽ എണ്ണപ്പാത്രം വെച്ചു.

അല്ലാഹുവിന്റെ കല്പന പ്രകാരമാണ് ഇതെല്ലാം നടത്തുന്നതെന്ന് ഈശ (അ) ന്നറിയാം. അദ്ദേഹം വളരെ ഗൗരവത്തോടെ അത് വീക്ഷിച്ചു.

എല്ലാവരുടെ ശിരസ്സിലും എണ്ണപ്പാത്രം വെച്ചു ഒരുമാറ്റവുമില്ല ഇതെന്താ അങ്ങനെ?

എല്ലാമക്കളും വന്നില്ലേ? സംശയം തോന്നി ചോദിച്ചതിങ്ങനെ.

'താങ്കളുടെ പുത്രന്മാരെല്ലാം ഇവിടെ ഹാജരായിട്ടില്ലേ?'

'ഒരാൾ മാത്രം ഹാജരില്ല അവൻ ആടിനെ മേയ്ക്കാൻ പോയതാണ് ' ഈശാ(അ) പറഞ്ഞു.

'ആ പുത്രനെ വിളിച്ചു വരുത്തണം'

ഉടനെ ഒരാൾ പോയി മലഞ്ചരിവിൽ ചെന്ന് ആ പുത്രനെ വിളിച്ചു കൊണ്ടുവന്നു.

ഇളയപുത്രനാണ് ഒരു ബാലൻ പേര് ദാവൂദ്. ദാവൂദിന്റെ ശിരസ്സിൽ എണ്ണപ്പാത്രം വെച്ചു പെട്ടെന്ന് പാത്രം നിറഞ്ഞു.

ശംവീൽ(അ) പുഞ്ചിരിച്ചു സ്നേഹപൂർവ്വം കുട്ടിയുടെ തലയിൽ തലോടി പ്രാർത്ഥിച്ചു.

ഈ കുട്ടിയാണ് തന്റെ പിൻഗാമി ഭാവിയിലെ പ്രവാചകൻ.

കുട്ടിയുടെ മനസ്സിൽ ശംവീൽ (അ) നോടുള്ള സ്നേഹവും ബഹുമാനവും നിറഞ്ഞു.

പ്രവാചകരുടെ സേവകനായി ജീവിക്കാൻ മോഹം. ആടുകളെക്കുറിച്ചു ചിന്തിച്ചിരുന്ന കുട്ടി ഇപ്പോൾ മഹത്തായ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നു.

പിതാവ് ദാവൂദിനെ പ്രത്യേകം പരിഗണിക്കാൻ തുടങ്ങി .പുത്രന്മാരുടെ കൂട്ടത്തിൽ ഉന്നതസ്ഥാനത്തേക്കുയരാൻ പോവുന്നത് ദാവൂദ് ആകുന്നു.

പിതാവും തന്റെ മുതിർന്ന സഹോദരന്മാരും സംസാരിക്കുന്നത് കുട്ടി ശ്രദ്ധിച്ചു.

ദുഷ്ഠനായ ജാലൂത്ത് ഇസ്രാഈല്യർക്കെതിരെ നടത്തിയ ക്രൂരതകൾ.

ഇസ്രാഈല്യർക്ക് അല്ലാഹു ഒരു രാജാവിനെ നൽകി ത്വാലൂത്ത് അതിന്റെ ദൃഷ്ടാന്തമായി സക്കീനത്ത് പെട്ടി തിരിച്ചു കിട്ടി എന്തെല്ലാം വിവരങ്ങൾ.

യുദ്ധം പൊട്ടാൻ പോവുന്നു ജാലൂത്ത് എന്ന ധിക്കാരിക്കെതിരെയാണ് യുദ്ധം.

ത്വാലൂത്ത് രാജാവ് യുദ്ധം നയിക്കും താൻ കുട്ടിയാണ് തന്നെ പട്ടാളത്തിൽ എടുക്കില്ല യുദ്ധത്തിന്ന് പോവാൻ സമ്മതിക്കില്ല.

കുട്ടിയുടെ മനസ്സ് പിടഞ്ഞു മനസ്സിൽ പറഞ്ഞതിങ്ങനെ:

ഞാൻ പട്ടാളത്തിൽ ചേരും യുദ്ധത്തിന്ന് പോവും പടവെട്ടും ദുഷ്ടനായ ജാലൂത്തിനെ വധിക്കും കുട്ടിയുടെ മോഹം അതായിരുന്നു.

ഒരിക്കൽ അതിശയകരമായൊരു സംഭവം നടന്നു.

ദാവൂദ് എന്ന കുട്ടി മലഞ്ചെരുവിൽ ആടിനെ മേയ്ക്കുകയായിരുന്നു. ഒരു കൂട്ടം ചെന്നായ്ക്കൾ അത് വഴി വന്നു. ഹായ് ആട്ടിൻകൂട്ടം ഒന്നാതരം ആടുകൾ ആട്ടിറച്ചിക്കെന്താ രസം ചെന്നായ്ക്കളുടെ വായിൽ വെള്ളമൂറി. ഒരു ചെന്നായ മുമ്പോട്ടു വന്നു ചുറ്റും നോക്കി ഒറ്റച്ചാട്ടം, ഒരാടിന്റെ പുറത്ത് വീണു ആടിനെ ശക്തിയായി കടിച്ചു പിടിച്ചു മുമ്പോട്ടോടി.

ആടുകൾ കൂട്ടക്കരച്ചിലായി.

ശബ്ദം കേട്ടു ദാവൂദ് ആ ഭാഗത്തേക്ക് ശ്രദ്ധിച്ചു ചെന്നായ ആടിനെയും കൊണ്ട് പോവുന്നു .ഒറ്റ ഓട്ടം ചെന്നായയുടെ മേൽ ചാടിവീണു ചെന്നായയെ ചവിട്ടി വീഴ്ത്തി .

ചെന്നായ പിടിവിട്ടു. ആട് രക്ഷപ്പെട്ടു. ചെന്നായ ജീവനും കൊണ്ടോടി. രംഗം കണ്ട് നിന്ന ചെന്നായക്കൂട്ടം ഭയന്ന് ഓടിപ്പോയി.

അതാണ് ദാവൂദ്, ധീരൻ ശക്തിമാൻ കഥ കേട്ടവർ അന്തംവിട്ട് നിന്നുപോയി. ഇതിനെക്കാൾ സാഹസികമാണ് പിന്നെ നടന്നത്.

കാട്ടിലെ രാജാവാണ് സിംഹം അതിനെ ഭയപ്പെടാത്തവരായി ആരുമില്ല.

ഒരിക്കൽ സിംഹം വന്നു. ആടിനെ പിടിക്കാൻ ആടുകൾ കൂട്ടക്കരച്ചിൽ തുടങ്ങി ദാവൂദ് ഓടി വന്നു ഒറ്റക്കുതിപ്പ് , സിംഹത്തിന്റെ പുറത്തിരിപ്പായി സിംഹം അലറി മലഞ്ചരിവ് കിടുങ്ങിപ്പോയി. ദാവൂദ് ഇരുകൈകൾ കൊണ്ട് സിംഹത്തിന്റെ കഴുത്ത് ഞെരിച്ചു. സിംഹം മരണവെപ്രാളത്തിലാണ് വല്ലാത്ത പിടച്ചിൽ കുതറിയോടാൻ ശ്രമിക്കുന്നു.

ദാവൂദ് പിടിവിട്ടില്ല. പിടുത്തം മുറുകിവന്നു സിംഹത്തിന്റെ ശക്തി ചോർന്നു പോയിക്കൊണ്ടിരുന്നു. ഒടുവിൽ സിംഹം ചലനമറ്റ് നിലത്ത് വീണു. ചത്തസിംഹം മലമടക്കിൽ കിടന്നു ദാവൂദിന്റെ ധീരത നാട്ടിലാകെ പ്രസിദ്ധമായി.

യുദ്ധത്തിന്റെ സജ്ജീകരണങ്ങൾ തുടങ്ങി ആയുധങ്ങൾ , ഭക്ഷ്യവസ്തുക്കൾ , മൃഗങ്ങൾ മറ്റ് അത്യാവശ്യ വസ്തുക്കൾ ആയുധ പരിശീലനം നടക്കുന്നു

ഈശാ(അ) , മക്കളോടൊപ്പം വന്ന് സൈന്യത്തിൽ ചേർന്നു കുട്ടിയായത് കാരണം ദാവൂദിനെ വീട്ടിൽ നിർത്തി

ശംവീൽ(അ) വീട്ടിലിരുന്ന് പല കാര്യങ്ങൾ ചിന്തിക്കുന്നു തന്റെ പടയങ്കിയിലേക്കു നോക്കി അത് ധരിച്ച് യുദ്ധത്തിൽ പടവെട്ടാൻ ഒരാളുണ്ടാവും

ആ പടയങ്കി ത്വാലൂത്ത് രാജാവിനെ ഏല്പിക്കാൻ കല്പന വന്നിട്ടുണ്ട് ആരുടെ ശരീരത്തിന്നാണോ അത് യോജിക്കുന്നത് അയാൾ അത് ധരിക്കണം അതാരായിരിക്കും ആരോ ആവട്ടെ , അയാൾ ജാലൂത്തിനെ വധിക്കും പറ്റിയ ആളെ കണ്ട് പിടിക്കട്ടെ

പടയങ്കി ശംവീൽ (അ) കൈയിലെടുത്തു പൊതിഞ്ഞ് ദൂതൻ വശം കൊടുത്തയച്ചു

ത്വാലൂത്ത് പടയങ്കി സ്വീകരിച്ചു സൂക്ഷിച്ചുവെച്ചു പറ്റിയ ആളെ കണ്ടെത്തി ധരിപ്പിക്കണം.

ദാവൂദിന്ന് വീട്ടിൽ ഇരിപ്പുറക്കുന്നില്ല.

ആളുകളെ വേലക്കാർ നോക്കട്ടെ തനിക്ക് പട്ടാളക്യാമ്പ് വരെ ഒന്നു പോവണം അവിടത്തെ സജ്ജീകരണങ്ങൾ കാണണം ഉപ്പായെയും ഇക്കാക്കമാരെയും കാണണം പറ്റിയാൽ സൈന്യത്തിൽ ചേരണം ദാവൂദ് നടക്കുകയാണ് മനസ്സ് നിറയെ ചൂടുള്ള ചിന്തകൾ യുദ്ധ രംഗങ്ങൾ ജാലൂത്തിന്റെ മുഖം

അവനെ നേരിടാൻ തനിക്കൊരവസരം കിട്ടുമോ ചരൽക്കല്ലിൽ ചവിട്ടി നടന്നുപോവുമ്പോൾ ഒരു ചരൽക്കല്ല് ദാവൂദിനെ വിളിച്ചു സംസാരിച്ചു

കല്ല് പറയുന്നതിങ്ങനെ: എന്നെ നീ കൊണ്ട് പോകൂ ഞാൻ ജാലൂത്തിനെ കൊല്ലും

ദാവൂദ് കുനിഞ്ഞ് കല്ലെടുത്തു പോക്കറ്റിലിട്ടു അപ്പോൾ മറ്റൊരു കല്ല് സംസാരിക്കുന്നു

എന്നെ എടുത്ത് കൊള്ളൂ....ജാലൂത്തിനെ വധിക്കാൻ ഞാൻ സഹായിക്കും

ആ കല്ലും കുനിഞ്ഞെടുത്തു

മൂന്നാമതൊരു കല്ല് സംസാരിക്കുന്നു.

എന്നെക്കൂടി എടുത്തു കൊള്ളൂ.....ജാലൂത്തിനെ വധിക്കാൻ ഞാൻ സഹായിക്കും

ആ കല്ലും എടുത്ത് സൂക്ഷിച്ചു അല്ലാഹുവിന്റെ അനുമതിയോടെ ഞാൻ തന്നെ ധിക്കാരിയായ ജാലൂത്തിനെ വധിക്കും

അതിനുള്ള കല്ലുകൾ തന്റെ കൈവശമുണ്ട്

നടന്നു പട്ടാള ക്യാമ്പ് അകലെ കാണാം ആവേശം വർദ്ധിച്ചു ദീർഘയാത്ര വിയർത്തുകുളിച്ചു ആവേശത്തോടെ ക്യാമ്പിൽ പ്രവേശിച്ചു പിതാവിനെയും സഹോദരന്മാരെയും കണ്ടു പട്ടാളത്തിൽ ചേരാനുള്ള തീരുമാനം അവരെ അറിയിച്ചു

അവർ സമ്മതിച്ചില്ല വീട്ടിലേക്കു മടങ്ങിപ്പോവാൻ നിർബന്ധിച്ചു

ത്വാലൂത്ത് രാജാവിന്റെ അറിയിപ്പ് വന്നു കഴിഞ്ഞു അദ്ദേഹത്തിന്റെ സുന്ദരിയും സൽഗുണസമ്പന്നയുമായ മകളുണ്ട് അവളെ ഭാര്യയായി ലഭിക്കാൻ ഏത് ചെറുപ്പക്കാരനും കൊതിക്കും

ജാലൂത്ത് എന്ന ധിക്കാരിയായ രാജാവിനെ വധിക്കുന്നതാരാണോ അയാൾക്ക് അവളെ ഭാര്യയായി കിട്ടും തീർന്നില്ല രാജ്യത്തിന്റെ പകുതിയും കിട്ടും പകുതി രാജ്യം ഭരിക്കാം

ദാവൂദ് പ്രഖ്യാപനം കേട്ടു സന്തോഷവാനായി ഒരുകൈ നോക്കാം ദാവൂദ് നടന്നു ത്വാലൂത്ത് രാജാവിന്റെ മുമ്പിലേക്ക് രാജാവിന്റെ മുമ്പിലെത്തി ആവശ്യം അറിയിച്ചു

തന്നെ പട്ടാളത്തിലെടുക്കണം

പിതാവും ഇക്കാക്കമാരും വന്നു ദാവൂദിനെ സൈന്യത്തിലെടുക്കരുതെന്നപേക്ഷിച്ചു.

ദാവൂദ് തന്റെ സാഹസികതയെ വിവരിച്ചു രാജാവിന്ന് സന്തോഷമായി

ശംവീൽ (അ) കൊടുത്തയച്ച പടയങ്കിയെടുത്തു ദാവൂദിനെ ധരിപ്പിച്ചു എത്ര കൃത്യമായ അളവ് പടയങ്കി ഏറ്റവും യോജിക്കുന്നത് ദാവൂദിന്ന് തന്നെയാണ് ദാവൂദിനെ പട്ടാളത്തിലെടുത്തു

ഇസ്രാഈല്യരുടെ മനസ്സിൽ പല ചിന്തകളാണ് യുദ്ധത്തിന്ന് പോവണമോ ? വേണ്ടയോ?

യുദ്ധം കഷ്ടപ്പാടുകൾ വരുത്തും അത് സഹിക്കാൻ വയ്യ പോവാതിരിക്കാൻ പറ്റുകയുമില്ല ഒരുവിധത്തിൽ പുറപ്പെട്ടു മരുഭൂമിയിലൂടെയാണ് യാത്ര എന്തൊരു ചൂട് ദാഹം ക്ഷീണം

അവർ പരാതി പറയാൻ തുടങ്ങി
ശംവീൽ നബിയേ
ഇത് മരുഭൂമിയാണ് എന്തൊരു ചൂട് ദാഹിക്കുന്നു സഹിക്കാൻ വയ്യ എവിടെ വെള്ളം?

ശംവീൽ(അ) പറഞ്ഞു: ക്ഷമിക്കുക മുമ്പോട്ടു നടക്കുക നമ്മുടെ വഴിയിൽ ഒരു നദിവരാനുണ്ട് അതിൽ നിന്ന് വെള്ളം കുടിക്കാം ദാഹം തീർക്കാം

വാസ്തവത്തിൽ നദി ഒരു പരീക്ഷണമാണ് നല്ലതെളിനീർജലം ഒരു കോരൽ വെള്ളം കുടിക്കാം അത് ദാഹം തീർക്കും ശക്തി നൽകും

വെള്ളം കൂടുതൽ കുടിച്ചാലോ?

ക്ഷീണം ബാധിക്കും തളർന്നുപോവും നടക്കാൻ പ്രയാസപ്പെടും യുദ്ധത്തിൽ പങ്കെടുക്കാനാവില്ല ആത്മാർത്ഥതയുള്ളവർ ആര്?
കപടന്മാർ ആരൊക്കെ?

അതറിയാൻ സമയമായി വരുന്നു വലിയ പരീക്ഷണം തന്നെ


ഖലീഫ 


ശംവീൽ (അ) നിരന്തരം ജനങ്ങളെ ഉപദേശിച്ചു കൊണ്ടിരുന്നു അല്ലാഹുവിന്റെ സഹായം ലഭിക്കും ഉറപ്പാണ് നിങ്ങൾ യുദ്ധത്തിൽ വിജയിക്കും രാജ്യം തിരിച്ചു കിട്ടും നിങ്ങൾ പ്രതിപാശാലികളായിത്തീരും മുന്നേറുക

ത്വാലൂത്ത് സൈന്യത്തെ നയിക്കുന്നു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു

ത്വാലൂത്തിനെ അല്ലാഹു രാജാവായി നിയോഗിച്ച രംഗം ഇസ്രാഈല്യർ ആ നിയോഗം അംഗീകരിക്കാതെ പ്രതിഷേധിച്ച രംഗം അതിന്ന് ശംവീൽ (അ) നൽകുന്ന മറുപടി ഇവയെല്ലാം ഉൾക്കൊള്ളുന്ന വചനം സൂറത്തുൽ ബഖറയിലുണ്ട് ഇങ്ങനെ:

'നിശ്ചയമായും അല്ലാഹു ത്വാലൂത്തിനെ നിങ്ങൾക്ക് രാജാവായി നിശ്ചിയിച്ചിരിക്കുന്നു എന്ന് അവരുടെ നബി(ശംവീൽ) അവരോട് പറഞ്ഞു

അവർ പ്രതികരിച്ചു: ഞങ്ങളുടെ മേൽ അദ്ദേഹത്തിന്ന് രാജാധികാരം ഉണ്ടാകുന്നതെങ്ങനെ?

രാജാധികാരത്തിന്ന് അദ്ദേഹത്തേക്കാൾ അർഹത ഞങ്ങൾക്കാണ് അദ്ദേഹത്തിന് ധന സമൃദ്ധിയും നൽകപ്പെട്ടിട്ടില്ല

(ശംവീൽ) നബി പറഞ്ഞു: അല്ലാഹു നിശ്ചയമായും ത്വാലൂത്തിനെ നിങ്ങളെക്കാൾ ഉൽകൃഷ്ടനായി തിരഞ്ഞെടുത്തിരിക്കുന്നു അദ്ദേഹത്തിന്ന് വിശാലമായ വിജ്ഞാനവും ശക്തിയും അവൻ നൽകിയിട്ടുണ്ട് താൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ രാജാധികാരത്തെ അവൻ നൽകുന്നു അല്ലാഹു ധാരാളമായി കൊടുക്കുന്നവനും സർവ്വജ്ഞനുമാകുന്നു' (2:247)

സൈന്യം മുന്നേറിക്കൊണ്ടിരുന്നു ജോർദ്ദാന്റെയും ഫലസ്തീന്റെയും ഇടയിൽ ഒഴുകുന്ന ഒരു നദിയിലേക്കാണവർ എത്തിക്കൊണ്ടിരിക്കുന്നത്

ത്വാലൂത്ത് പറഞ്ഞു: നദിയിൽ നിന്ന് വെള്ളം കുടിക്കുന്നവർ എന്റെ സംഘത്തിൽ പെട്ടവരല്ല

നദിയിൽ നിന്ന് വെള്ളം കുടിക്കാത്തവർ എന്റെ സംഘത്തിൽ പെട്ടവരാകുന്നു തന്റെ കൈകൊണ്ട് ഒരു കോരൽ വെള്ളം കുടിക്കുന്നതിന്ന് വിരോധമില്ല അവരും എന്റെ സംഘത്തിൽ പെട്ടവരാകുന്നു

കുറെയേറെ ആളുകൾ നദി കണ്ടപ്പോൾ ആവേശ ഭരിതരായി വെള്ളത്തിലേക്ക് കുതിച്ചു

രാജാവ് പറഞ്ഞതെല്ലാം മറന്നു അവർ വയർ നിറയെ വെള്ളം കുടിച്ചു വെള്ളത്തിൽ ഉല്ലസിച്ചു

കുറച്ചാളുകൾ കല്പന കേട്ടു ഒരു കോരൽ വെള്ളം കുടിച്ചവരുണ്ട് കുടിക്കാത്തവരുണ്ട് അവർ നദി കടന്നു അക്കരെയെത്തി

നാം അല്ലാഹുവിനെ കണ്ടുമുട്ടുന്നവരാണ് കല്പന ലംഘിച്ചാൽ നാം എന്ത് മറുപടി പറയും കല്പന സ്വീകരിച്ചവർ മുന്നൂറ്റിപ്പതിമൂന്നുപേർ
ബദ് രീങ്ങളുടെ എണ്ണം

ജോർദാൻ നദിയുടെ ഒരു പോഷക നദിയാണ് അവർ മുറിച്ചു കടന്നത്

നദി കണ്ടപ്പോൾ അവർ ആവേശഭരിതരായി

ത്വാലൂത്ത് അവരെ തടയാൻ നോക്കി നന്നായി ശ്രമിച്ചു അവർ അനുസരിച്ചില്ല

കാര്യബോധമുള്ള പണ്ഡിതന്മാരും ശ്രമിച്ചു അവരെയും ജനങ്ങൾ വകവെച്ചില്ല

വിശുദ്ധ ഖുർആൻ പറയുന്നു:

'അങ്ങനെ സൈന്യസമേതം പുറപ്പെട്ടപ്പോൾ ത്വാലൂത്ത് പറഞ്ഞു: ഒരു നദിമൂലം നിശ്ചയമായും അല്ലാഹു നിങ്ങളെ പരീക്ഷിക്കുന്നതാണ് അതിനാൽ ആരെങ്കിലും അതിൽ നിന്ന് കുടിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല അതാരെങ്കിലും കുടിക്കാതിരുന്നാൽ അവൻ എന്നിൽ പെട്ടവൻ തന്നെയാകുന്നു എങ്കിലും തന്റെ കൈകൊണ്ട് ആരെങ്കിലും ഒരു കോരൽ കോരിക്കുടിക്കുന്നതിന്ന് വിരോധമില്ല '

എന്നാൽ അവരിൽ നിന്ന് ചുരുക്കം പേരൊഴിച്ച് മറ്റെല്ലാവരും തന്നെ അതിൽ നിന്ന് കുടിക്കുകയാണ് ചെയ്തത് അദ്ദേഹവും തന്നോടൊപ്പം വിശ്വസിച്ചവരും നദി കണ്ടപ്പോൾ വെള്ളം കുടിച്ചവർ പറഞ്ഞു: ജാലൂത്തിനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്യാൻ ഇന്ന് ഞങ്ങൾക്ക് ശക്തിയില്ല'

അല്ലാഹുവിനെ തങ്ങൾ നേരിട്ട് കണ്ട്മുട്ടുന്നവരാണെന്ന് ബോധ്യമുള്ളവർ പറഞ്ഞു: എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയിട്ടുള്ളത് അല്ലാഹു ക്ഷമാശീലരോട് കൂടെയാകുന്നു (2:249)

അവരുടെ പ്രാർത്ഥന ഖുർആൻ എടുത്തു പറയുന്നുണ്ട് 'ജാലൂത്തിന്റെയും അവന്റെ സൈന്യങ്ങളുടെയും നേരെ സമരത്തിന്നിറങ്ങിയപ്പോൾ അവർ പറഞ്ഞു ഞങ്ങളുടെ നാഥാ നീ ഞങ്ങൾക്ക് ക്ഷമ ചൊരിഞ്ഞ് തരികയും ഞങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു തരികയും സത്യനിഷേധികളായ ജനങ്ങളുടെ മേൽ ഞങ്ങൾക്ക് വിജയം കൈവരുത്തിത്തരികയും ചെയ്യേണമേ' (2:250)

മുന്നൂറ്റിപ്പതിമൂന്ന് പേരുടെ പട യുദ്ധക്കളത്തിലേക്കു കുതിച്ചു ശത്രുക്കളുടെ വൻസൈന്യം മുമ്പിൽ ജാലൂത്ത് ഒമ്പതടി ഉയരം അതിശക്തൻ അഭ്യാസി
'എന്നെ നേരിടാൻ ആരുണ്ടിവിടെ?' ഇടിവെട്ടും പോലെ ജാലൂത്തിന്റെ ശബ്ദം മുഴങ്ങി

'ഞാനുണ്ട് '- ഒരു കുട്ടിയുടെ മറുപടി

'നീ ആരെടാ ചെറുക്കാ' പരിഹാസത്തോടെ ചോദിച്ചു

'ഞാൻ നിന്നെ നേരിടും'

'പോടാ .... മുമ്പിൽ നിന്ന് സമയം മിനക്കെടുത്താതെ.. പുരുഷന്മാരില്ലേ നിങ്ങളുടെ കൂട്ടത്തിൽ

'നിന്നെ വധിക്കാൻ എനിക്ക് ഇഷ്ടമല്ല'- ജാലൂത്ത്

'നിന്നെ വധിക്കാൻ എനിക്ക് ഇഷ്ടമാണ് '- ദാവൂദ്

ദാവൂദ് കവണയെടുത്തു വഴിയിൽ നിന്ന് കിട്ടിയ ഒരു കല്ലുകളിൽ ഒന്ന് കവണയിൽ തൊടുത്തു വെച്ചു ബിസ്മി ചൊല്ലി കവണ വലിച്ചുവിട്ടു
കല്ല് വാക്കു പാലിച്ചു ജാലൂത്തിന്റെ നെറ്റിയിൽ ശക്തിയായി വന്നിടിച്ചു ജാലൂത്ത് മറിഞ്ഞു വീണു ശക്തിചോർന്നു പോയി ഇനി രണ്ട് കല്ലുകൾ ബാക്കിയുണ്ട്
ഒരു കല്ലെടുത്തു കവണയിൽ തൊടുത്തു വലതുഭാഗത്തെ സൈനിക നിരകളിലേക്ക് വിട്ടു
അടുത്ത കല്ലെടുത്തു കവണയിൽ തൊടുത്തു ഇടത് ഭാഗത്തെ സൈനിക നിരകളിലേക്ക് വിട്ടു സൈന്യം ചിതറിപ്പോയി
ദാവൂദ് ജാലൂത്തിനെ വധിച്ചു എല്ലാ ഭാഗത്തും ആ ശബ്ദം മുഴങ്ങി യുദ്ധം വിജയിച്ചു രാജ്യം തിരിച്ചുകിട്ടി ആട്ടിടയൻ രാജാവായിത്തീർന്നു ദാവൂദ് (അ) ത്വാലൂത്തിന്റെ മകളെ വിവാഹം ചെയ്തു രാജ്യം പകുതിയുടെ ഭരണാധികാരം കിട്ടി

ശംവീൽ (അ) വഫാത്തായപ്പോൾ പ്രവാചകനായി എക്കാലവും ഓർമ്മിക്കപ്പെടുന്ന നാമം
ദാവൂദ് നബി (അ)

വിശുദ്ധ ഖുർആൻ പറയുന്നു:

'അങ്ങനെ അവർ അല്ലാഹുവിന്റെ സഹായത്താൽ ശത്രുക്കളെ ആട്ടിയോടിച്ചു ദാവൂദ് ജാലൂത്തിനെ വധിച്ചു അല്ലാഹു അദ്ദേഹത്തിന്ന് രാജാധികാരവും പ്രവാചകത്വവും നൽകി അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു

ജനങ്ങളിൽ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് അല്ലാഹു തടഞ്ഞില്ലായിരുന്നുവെങ്കിൽ ഭൂലൂകം നശിച്ചുപോകുമായിരുന്നു എന്നാൽ അല്ലാഹു ലോകരോട് വളരെ കരുണയുള്ളവനാകുന്നു(2:251)




ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം ത്വാലൂത്തിന്റെ സൈന്യത്തിൽ എഴുപതിനായിരം പേരുണ്ടായിരുന്നു അറുപത്തി ആറായിരം പേരും വെള്ളത്തിൽ മുങ്ങി വയർ നിറയെ കുടിച്ചു ഉല്ലസിച്ചു അവർക്ക് നദിക്കര വിട്ടുപോവാൻ കഴിഞ്ഞില്ല നടക്കാൻ വയ്യ

ബാക്കി നാലായിരം പേർ 3687 പേർ കപടനാട്യങ്ങൾ കാണിച്ചു യുദ്ധത്തിൽ നിന്ന് പിൻമാറി

മുന്നൂറ്റിപ്പതിമൂന്നുപേർ യുദ്ധം ചെയ്തു വിജയിച്ചു ചരിത്രം മറക്കാത്ത സംഭവം ശംവീൽ നബി (അ) ന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവം

യുദ്ധത്തിന്ന് മുമ്പായി ശംവീൽ നബി(അ) നടത്തിയ ഒരു പ്രാർത്ഥനയും പ്രസിദ്ധമാണ്

'ജാലൂത്തിന്റെ സൈന്യം വളരെ ശക്തമാണ് ത്വാലൂത്തിന്റെ കൂടെ കുറച്ചാളുകളേയുള്ളൂ ഈ ചെറുസംഘത്തിന്ന് നീ വിജയം നൽകേണമേ'

വളരെ നേരം നബി കണ്ണീരോടെ പ്രാർത്ഥിച്ചു പ്രാർത്ഥന കഴിഞ്ഞപ്പോൾ അല്ലാഹു ഇങ്ങനെ അറിയിച്ചു: 'ഈശാ നബിയുടെ ഒരു പുത്രൻ ജാലൂത്തിനെ വധിക്കും'

ഈ സന്ദേശം നബിയെ സന്തോഷിപ്പിച്ചു

ഒരു നല്ല കാലഘട്ടത്തിന്റെ തുടക്കമായി അമാലിക്ക വർഗ്ഗക്കാർ ഫലസ്തീൻ പ്രദേശം വിട്ടുപോയി ഗ്രാമങ്ങളും പട്ടണങ്ങളും ഇസ്രാഈല്യരുടെ അധീനതയിൽ വന്നു സക്കീനത്ത് പെട്ടി ഇന്നവരുടെ കൂടെയുണ്ട് അതവരെ ആവേശം കൊള്ളിക്കുന്നു

ശംവീൽ നബി (അ) നെ അവർ മുമ്പത്തേക്കാളേറെ ആദരിക്കുന്നു പ്രവചനങ്ങളെല്ലാം പുലർന്നിരിക്കുന്നു

ശംവീൽ (അ) ന്റെ പ്രസംഗം കേൾക്കാൻ മുമ്പെങ്ങുമില്ലാത്ത തരത്തിൽ ആളുകൾ പങ്കെടുക്കുന്നു ഓരോ വാക്കും ശ്രദ്ധിച്ചു മനസ്സിലാക്കുന്നു

തൗറാത്തിലേക്കാണ് ക്ഷണിക്കുന്നത്

അല്ലാഹു കല്പിച്ചതെല്ലാം എടുക്കണം അതിൽ ഒരു വിട്ടുവീഴ്ചയുമില്ല അല്ലാഹു തന്നെ അനുസരിക്കുന്നവർക്ക് ഈ ലോകത്തും പരലോകത്തും ശാന്തിയും സമാധാനവും നൽകും

പരീക്ഷണങ്ങൾ വരുമ്പോൾ ക്ഷമ മുറുകെ പിടിക്കണം അതിലാണ് വിജയം

അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്.

അല്ലാഹു വർജ്ജിക്കാൻ കൽപിച്ചതെല്ലാം വർജിക്കണം നിരോധിക്കപ്പെട്ട കാര്യങ്ങളിലേക്ക് അടുക്കുകപോലും ചെയ്യരുത്

എല്ലാ കാര്യങ്ങളും ആ ജനത കേട്ടു അനുസരിച്ചു അതോടെ അവർക്ക് വലിയ വളർച്ചയും വിജയവും കൈ വന്നു കൃഷിയും പഴവർഗ്ഗങ്ങളും വർധിച്ചു കന്നു കാലി സമ്പത്തും വളർന്നു
ഇന്നവരെ ഭരിക്കാൻ കരുത്തനായ രാജാവുണ്ട് ത്വാലൂത്ത് രാജാവ് പ്രജകളുടെ പുരോഗതിക്കുവേണ്ടി രാജാവ് പല പദ്ധതികളും നടപ്പാക്കി

വർഷങ്ങൾ ശാന്തമായി കടന്നുപോയി

ശംവീൽ (അ) ന്റെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചു ചിന്തിച്ചു നിറഞ്ഞ പ്രതീക്ഷയുണ്ട് തനിക്കൊരു പിൻഗാമിയുണ്ട് പ്രഗത്ഭനാണ് ദാവൂദ് (അ) തന്റെ ഖലീഫയാണ് തന്റെ ഉത്തരവാദിത്വങ്ങൾ ഖലീഫക്ക് കൈമാറി ഇനിയെല്ലാം ഖലീഫ നോക്കിക്കൊള്ളും

തന്റെ ദൗത്യം അവസാനിച്ചിരിക്കുന്നു ഇനിയാത്രയാണ് ശാന്തമായ യാത്ര അനുഗ്രഹത്തിന്റെ മലക്കുകളെത്തി അവരോടൊപ്പം അസ്റാഈൽ(അ) എത്തിച്ചേർന്നു ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിച്ചു

അപ്പോൾ വാർത്ത വന്നു ശംവീൽ നബി (അ) വഫാത്തായിരിക്കുന്നു

ജനസാഗരം ഒഴുകിക്കൂടി അത് ദുഃഖസാഗരമായി മരണാനന്തര കർമ്മങ്ങൾ തുടങ്ങി മയ്യിത്ത് കുളിപ്പിച്ചു കഫൻ ചെയ്തു മയ്യിത്തിന്ന് വേണ്ടി ദുആ ഇരന്നു മയ്യിത്ത് കട്ടിൽ ബൈത്തുൽ മുഖദ്ദസിലേക്ക് നീങ്ങി മയ്യിത്തിന്നു വേണ്ടി നിസ്കരിച്ചു

പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷം ദുഃഖം കടിച്ചമർത്തുന്ന ജനക്കൂട്ടം

ബൈത്തുൽ മുഖദ്ദസിന്റെ സമീപം ഖബർ തയ്യാറാക്കിയിട്ടുണ്ട് പുണ്യപ്രവാചകൻ ശംവീൽ (അ) ന്റെ മയ്യിത്ത് ഖബറിലേക്ക് താഴ്ന്നു മണ്ണിട്ട് ഖബർ മൂടി

ഇനി ദാവൂദ് (അ) ന്റെ കാലമാണ്

ത്വാലൂത്ത് മരണപ്പെട്ട ശേഷം രാജ്യഭരണം മുഴുവനും ദാവൂദ് നബി (അ) ന്റെ നിയന്ത്രണത്തിലായി കാലം പിന്നെയും ഒഴുകി ശംവീൽ (അ) ചരിത്രത്തിന്റെ ഭാഗമായി

****************************************************************************

കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

https://www.facebook.com/ALI-Ashkar-598105610263884/

No comments:

Post a Comment