Tuesday 21 July 2020

അനന്തരാവകാശം: സംശയങ്ങളും മറുപടിയും




ഇസ്‌ലാമിലെ കര്‍മശാസ്ത്ര വിജ്ഞാനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അനന്തരാവകാശ നിയമങ്ങള്‍. മുസ്ലിംകളില്‍ മഹാഭൂരിപക്ഷവും ഇതിനെ കുറിച്ച് അജ്ഞരാണ്.

ഇല്‍മുല്‍ ഫറാഇള് എന്നാണ് ഇതിന് അറബിയില്‍ പറയുക. ഫറാഇള് എന്നാല്‍ മരണപ്പെട്ട ആളുടെ സ്വത്തില്‍ അവകാശികള്‍ക്കുള്ള നിര്‍ണ്ണിതമായ ഓഹരികള്‍ എന്നാണര്‍ത്ഥം. ഇതിന്റെ ഭാഷാര്‍ത്ഥം ‘നിര്‍ണ്ണയിക്കപ്പെട്ടവ’ എന്നാണ്.


നബി പറഞ്ഞു: ”നിങ്ങള്‍ ഫറാഇള് ( അനന്താവകാശ നിയമങ്ങള്‍ ) പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുക. കാരണം അത് അറിവിന്റെ പകുതിയാണ്. അത് മറന്ന് പോകുന്നതുമാണ്. എന്റെ സമുദായത്തില്‍ നിന്ന് ആദ്യമായി നീക്കപ്പെടുന്ന കാര്യമാണത്.”



പുരുഷന്മാരിൽ നിന്നുള്ള അവകാശികൾ പത്താണ്: 

1) മകൻ

2) മകന്റെ മകൻ: ആ പരമ്പര എത്ര കീഴ്പ്പോട്ടുള്ളവരാണെങ്കിലും.

3) പിതാവ്.

4) പിതാവിന്റെ പിതാവ്: അവരെത്ര മേൽപോട്ടുപോയാലും.

5) സഹോദരൻ- മാതാപിതാക്കളിൽ; ഒത്തത്, പിതാവിൽ; ഒത്തത്, മാതാവിൽ; ഒത്തത് എന്നീ മൂന്ന് വിധത്തിൽ; ഇത് വരും.

6) മാതാപിതാക്കളിലൊത്ത സഹോദരന്റേയും പിതാവിലൊത്ത സഹോദരന്റേയും പുത്രൻ

7) പിതൃവ്യൻ : - പിതാവുമായി മാതാപിതാക്കളിലൊത്തതോ, പിതാവിലൊത്തതോ ആയ പിതൃവ്യൻ മാത്രമേ ഇതിൽ പെടുകയുള്ളൂ.

8) ഈ രണ്ടും വിധത്തിലുള്ള പിതൃവ്യന്റെ പുത്രൻ.

9) ഭർത്താവ്.

10) മുഅ്തിഖ് (അടിമത്തമോചനം ചെയ്തവൻ)


സ്ത്രീകളിൽ നിന്നുള്ള അവകാശികൾ ഏഴാകുന്നു: 

1) മകൾ

2) മകന്റെ മകൾ - അവർ എത്ര കീഴ്പോട്ടുള്ളവരാണെങ്കിലും.

3) മാതാവ്.

4) മാതാവിന്റേയോ പിതാവിന്റേയോ മാതാവ്- അവർ എത്ര മേൽപ്പോട്ടു പോയാലും.

5) സഹോദരി- മാതാപിതാക്കളിലൊത്തവരും മാതാവിലോ പിതാവിലോ മാത്രം ഒത്തവരും ഇതിൽ പെടും.

6) ഭാര്യ.

7) മുഅ്തിഖത്ത് (അടിമത്തമോചനം ചെയ്തവൾ)


ഒരവസരത്തിലും അവകാശം നഷ്ടപ്പെടാത്തവർ അഞ്ചാണ്: 

1) ഭർത്താവ്

2)ഭാര്യ

3) മാതാവ്

4) പിതാവ്

5) മക്കൾ


ഒരവസരത്തിലും അവകാശം ലഭിക്കാത്തവർ ഏഴ്: 

1) അടിമ

2) മരണാനന്തര അടിമ,

3) ഉടമസ്ഥന്ന് സന്താനമുള്ള ദാസി

4) മോചനപത്രം എഴുതപ്പെട്ട അടിമ,

5)അനന്തരാവകാശിയെ വധിച്ചവൻ

6) ഇസ്ലാമിൽ നിന്ന് തെറ്റിപ്പോയവൻ (മുർത്തദ്ദ്)

7) വ്യത്യസ്ഥ മതക്കാർ

(മുസ്ലിമിൽ നിന്ന് അമുസ്ലിമും, അമുസ്ലിമിൽ നിന്ന് മുസ്ലിമും അവകാശമെടുക്കുകയില്ല.)

അവകാശികളായ പുരുഷന്മാർ എല്ലാവരും ഒരുമിച്ചുകൂടിയാൽ പിതാവ്, മകൻ, ഭർത്താവ് എന്നിവർക്ക് മാത്രമേ അവകാശം ലഭിക്കുകയുള്ളൂ. (ഈയവസരത്തിൽ മരിച്ചത് ഭാര്യയായിരിക്കും.) മറ്റുള്ളവരുടെ അവകാശം ഇവരെക്കൊണ്ട് തടയപ്പെടും. അവകാശികളായ സ്ത്രീകൾ എല്ലാവരും ഒരുമിച്ചുകൂടിയാൽ മകൾ, മകന്റെ മകള്, മാതാവ്, മാതാവിലും പിതാവിലും യോജിച്ച സഹോദരി, ഭാര്യ എന്നിവർക്ക് അവകാശം ലഭിക്കുന്നതാണ്.

മറ്റുള്ളവർ ഇവരെക്കൊണ്ട് തടയപ്പെടും. (ഈ അവസരത്തിൽ മരിച്ചത് ഭർത്താവായിരിക്കും.) ഇനി മേൽ പറഞ്ഞ രണ്ട് വകുപ്പുകാരും ഒരുമിച്ച്കൂടിയാൽ മാതാവ്, പിതാവ്, മകൻ, മകള്, ഭാര്യഭർത്താക്കളിൽ ഒരാൾ (ഭർത്താവ് മരിച്ചാൽ ഭാര്യ, ഭാര്യ മരിച്ചാൽ ഭർത്താവ്. ഈ അവസരം ഭാര്യാഭർത്താക്കളിൽ ഒരാളാണ് മരണപ്പെട്ടതെന്ന് ഓർക്കേണ്ടതാണ്.) മയ്യിത്തിന്റെ പരിപാലന ചെലവുകൾ കടങ്ങൾ മൂന്നിലൊന്നിൽ കവിയാത്ത വസ്വിയ്യത്ത്, സകാത്ത് എന്നീ ബാദ്ധ്യതകളെല്ലാം കഴിച്ചു ബാക്കി സ്വത്ത് ഇനി പറയും പ്രകാരം അവകാശികൾക്ക് വിഭജിക്കേണ്ടതാണ്.

അടിസ്ഥാനപരമായ അവകാശികളാരുമില്ലെങ്കിലും (ബൈത്തുൽ മാലി-പൊതു ഭണ്ഡാരം-ന്റെ അഭാവത്തിലും) മറ്റ് ബന്ധുക്കൾക്ക് വിഭജിക്കണം. (ഇവർക്ക് ദവുൽ അർഹാം എന്നു പറയുന്നു.)

ഇവർ പതിനൊന്നു പേരാണ്.

1) ഉമ്മയുടെ പിതാവ്,

2) പെൺമക്കളുടെ മക്കൾ

3) സഹോദരിമാരുടെ മക്കൾ

4) സഹോദര പുത്രികൾ

5) പിതൃവ്യ പുത്രികൾ

6) പിതാവിന്റെ ഉമ്മയിൽ ഒത്ത സഹോദരൻ

7) ഉമ്മയുടെ സഹോദരൻ,

8) ഉമ്മയുടെ സഹോദരി

9)പിതാവിന്റെ സഹോദരി

10)ഉമ്മയുടെ പിതാവിന്റെ ഉമ്മ

11)പിതാവിന്റെ ഉമ്മയിൽ ഒത്ത സഹോദരൻ.

ഇവരുടെ ഓഹരിക്രമം അവരോടടുത്തവരുടെ ഓഹരി പോലെയാണ്. ഉദാഹരണമായി, ഉമ്മയുടെ സഹോദരൻ, ഉമ്മയുടെ സഹോദരി എന്നിവർക്ക് ഉമ്മയുടെ ഓഹരിയും പിതാവിന്റെ സഹോദരി, പിതാവിന്റെ ഉമ്മയിൽ ഒത്ത സഹോദരൻ എന്നിവർക്ക് പിതാവിന്റെ ഓഹരിയുമാണ് നൽകേണ്ടത്. ഇനി അവകാശികളിൽ ചിലർ ഉണ്ടാകുകയും അവരുടെ ഓഹരിയനുസരിച്ച് കൊടുത്ത ശേഷം പിന്നെയും ധനം ശേഷിക്കുകയും ചെയ്താൽ ബാക്കി സ്വത്ത് അവരുടെ ഓഹരിക്രമമനുസരിച്ചു രണ്ടാമതും അവർക്ക് തന്നെ വീതിച്ച് കൊടുക്കേണ്ടതാണ്. രണ്ടാമത് കൊടുക്കുമ്പോൾ ഭാര്യ, ഭർത്താവ് എന്നിവർ ഒഴിച്ചുള്ളവർക്കാണ് കൊടുക്കേണ്ടത്. രണ്ടാമത് കൊടുക്കുന്നതിൽ വളരെയധികം വിശദീകരണങ്ങളുണ്ട്.


മരിച്ചവന്റെ ആസ്തിയും ബാധ്യതകളും

ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ആസ്തികളുമായി ബന്ധപ്പെടുന്ന ബാധ്യതകള്‍ അഞ്ചെണ്ണമാണ്. അവ താഴെ പറയുന്നു:

1.അയാളുടെ ആസ്തികളുമായി നേരിട്ടു ബന്ധപ്പെടുന്ന ബാധ്യതകള്‍. ഉദാഹരണം സകാത്ത്, മറ്റുള്ളവരുടെ പണമായി കൈവശമുള്ളത്, അന്യായമായി കൈവശത്തിലിരിക്കുന്നത്…………….

2.മയ്യിത്ത് സംസകരണ ചെലവുകള്‍

3.അയാള്‍ വീട്ടാന്‍ ബാധ്യസ്ഥതയുള്ള കടങ്ങള്‍

4.ഇവ മൂന്നും കഴിച്ച് ബാക്കിയുള്ളതിന്റെ മൂന്നിലൊന്നില്‍ കവിയാത്ത വസിയ്യത്ത്.

5. ഇവ നാലും കഴിച്ച് ബാക്കി അനന്തരാവകാശികളുടെ അവകാശമായി ഉള്ളതാണ്.


ഖുർആനിൽ പറഞ്ഞ നിശ്ചിത ഓഹരികൾ ആറാകുന്നു: 

മൂന്നിൽ രണ്ട്(2/3), രണ്ടിൽ ഒന്ന്(1/2), നാലിലൊന്ന്(1/4), എട്ടിലൊന്ന്(1/8), മൂന്നിലൊന്ന്(1/3), ആറിലൊന്ന്(1/6). മൂന്നിൽ രണ്ടിന്റെ(2/3) അവകാശികൾ നാലാണ്:

1) ഒന്നിൽ കൂടുതൽ പുത്രികൾ

2) ഒന്നിൽ കൂടുതൽ പൗത്രികൾ

3)മാതാപിതാക്കളിലൊത്ത ഒന്നിലേറെ സഹോദരികൾ

4) പിതാവിലൊത്ത ഒന്നിലധികം സഹോദരികൾ പകുതിയുടെ(1/2ന്റെ) അവകാശികൾ അഞ്ചാണ്:

മേൽ പറഞ്ഞവർ ഒറ്റയായി വരുമ്പോൾ അവർക്ക് പകുതിയാണ് ലഭിക്കുക.

കൂടാതെ (5) ഭർത്താവ് (മയ്യിത്തിന്ന് അവകാശിയായ സന്താനമില്ലാതിരിക്കുമ്പോൾ). നാലിലൊന്നി(1/4)ന്റെ അവകാശികൾ രണ്ടാണ്:

1)ഭർത്താവ് (മയ്യിത്തിന്ന് അവകാശിയായ സന്താനങ്ങളുള്ളപ്പോൾ).

2) ഭാര്യ (മയ്യിത്തിന്ന് അവകാശിയായ സന്താനങ്ങളില്ലാതിരിക്കുമ്പോൾ). എട്ടിലൊന്ന് (1/8) അവകാശിയായ സന്താനങ്ങളുള്ളപ്പോൾ ഭാര്യക്ക് ലഭിക്കുന്ന വിഹിതമാണ്. ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ എട്ടിലൊന്നിൽ അവരെല്ലാം പങ്കുചേരും.

മൂന്നിലൊന്നി(1/3)ന്റെ അവകാശികൾ രണ്ടാണ്.

1) ഉമ്മ (മാതാപിതാക്കളി ലോ മാതാവിലോ പിതാവിലോ സന്താനങ്ങളില്ലാത്തപ്പോഴും രണ്ടിലധികമോ സഹോദര സഹോദരികളില്ലാത്തപ്പോഴും).

2) മാതാവിലൊത്ത ഒന്നിനേക്കാൾ കൂടുതൽ സഹോദരന്മാർ.

ആറിലൊന്നി (1/6)ന്റെ അവകാശികൾ ഏഴാണ്:

1)പിതാവ് (മയ്യിത്തിന്ന് മകനോ മകന്റെ മകനോ ഉള്ളപ്പോൾ),

2)പിതാമഹൻ (മയ്യിത്തിന്ന് മകനോ മകന്റെ മകനോ ഉണ്ടായാൽ)

3) ഉമ്മ (മയ്യിത്തിന്ന് അവകാശിയായ മകനോ ഒന്നിൽ കൂടുതൽ സഹോദര സഹോദരികളോ ഉള്ളപ്പോൾ)

4) മാതാമഹി, പതാമഹി-ഇവർ എത്ര മേൽപോട്ട് പോയാലും

5) മകന്റെ പുത്രിയും പുത്രികളും സ്വന്തം മകളുള്ളപ്പോൾ

6) മാതാപിതാക്കളിലൊത്ത ഏക സഹോദരിയോടുകൂടി വരുന്ന പിതാവിലൊത്ത സഹോദരിയും സഹോദരികളും,

7)മാതാവിലൊത്ത ഏക സഹോദരൻ. ഭർത്താവ് അല്ലെങ്കിൽ ഭാര്യ, പിതാവ്, മാതാവ് എന്നീ മൂന്നുപേർ ഒരുമിച്ചു കൂടിയാൽ ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ ഓഹരികഴിച്ചു ബാക്കിയുള്ള സ്വത്തിന്റെ മൂന്നിലൊന്ന് ഉമ്മാക്കും (രണ്ടോഹരി പിതാവിന്നും) ലഭിക്കുന്നതാണ്. അതായത് ഒട്ടാകെയുള്ള സ്വത്തിന്റെ ആറിൽ ഒന്നോ നാലിൽ ഒന്നോ എന്നർത്ഥം.


ഇനി ചില കാര്യങ്ങൾ ചോദ്യോത്തര രീതിയിൽ പരിചയപ്പെടാം


1) ഇസ് ലാമിക അനന്തരാവകാശ നിയമങ്ങൾക്ക് فرائض എന്നു പറയുന്നതു എന്തു കൊണ്ട്?

ഓഹരി എന്നാണ് فريضة എന്നതിൻ്റെ ഉദ്ദേശ്യ അർത്ഥം. ആ വാക്കിൻ്റെ ബഹു വചനമാണ്  فرائض എന്നത്. അനന്തരാവകാശികൾക്കുള്ള ഓഹരികൾ എന്നാണു ഫറാഇള് എന്നതിൻ്റെ ഉദ്ദേശ്യം. ഈ നിലക്കാണ് الفرائض എന്നു പറയുന്നത്. (ഇആനത്ത്: 3/262)

2)  അനന്തരാവകാശ നിയമത്തിൽ ആദ്യം ഇറങ്ങിയ ആയത്തേത്?
സൂറത്തുന്നിസാഇലെ ഏഴാമത്തെ ആയത്ത്.(തഫ്സീർ ഇബ്നി കസീർ )
  
3) അനന്തരാവകാശത്തിനു എത്ര കാരണങ്ങളുണ്ട്?

മൂന്ന് കാരണങ്ങൾ.

 1) കുടുംബ ബന്ധം
 2) വിവാഹ ബന്ധം
 3) അടിമ മോചന ബന്ധം  (ഇആനത്ത്: 3/261)

4) തടസ്സങ്ങൾ എത്ര?

മൂന്ന് 

1) മതത്തിലെ അന്തരം . മുസ്ലിം കാഫിറിനെയും കാഫിർ മുസ്ലിമിനെയും അവകാശം എടുക്കില്ല . ഇസ്ലാമിൽ നിന്നു പുറത്തു പോയവനു ആരുടെയും അവകാശം ലഭിക്കില്ല. മറ്റൊരാൾ അവൻ്റെ അവകാശിയുമാവില്ല. അവൻ്റെ സ്വത്ത് പൊതു ഖജനാവിലേക്കാണ്.

2) കൊല . മയ്യിത്തിൻ്റെ കൊലയാളിക്ക് സ്വത്തവകാശമില്ല. കൊല അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും അനന്തര സ്വത്ത് ലഭിക്കില്ല

3) അടിമത്തം. അടിമക്ക് ഉടമവകാശം ഇല്ലാത്തതിനാൽ ആരുടെയും അനന്തരാവകാശം ലഭിക്കില്ല. മറ്റൊരാൾ അടിമയുടെ അവകാശിയുമാവുകയില്ല.(ഇആനത്ത്: 3/262)

5) നിബന്ധനകൾ (شروط) ഏതെല്ലാം?

മൂന്ന്

1) വ്യക്തിയുടെ മരണം സംഭവിക്കുക
2) പരേതൻ്റെ മരണശേഷം അവകാശി ജീവിക്കുക
3) അനന്തരവകാശ നിയമങ്ങളെ കുറിച്ചുള്ള അറിവ്  (ഇആനത്ത് 3/261)


6) ഘടകങ്ങൾ ( فروض ) ഏതെല്ലാം?

മൂന്ന്

1) അവകാശി. 
2) പരേതൻ . 
3) സ്വത്ത് (ഇആനത്ത്: 3/261)

7) കൊലയാളിക്ക് അനന്തരാവകാശം ലഭിക്കില്ലന്നു പറഞ്ഞല്ലോ. അതിലടങ്ങിയ യുക്തി?

കൊലയാളിക്ക് അനന്തരാവകാശമില്ലെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. കൊലയാളിക്ക്  അവകാശം കിട്ടുമെന്ന നിയമമുണ്ടെങ്കിൽ ബന്ധുക്കളെ കൊലപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്താൻ പലരും ധ്യതിപ്പെടും. ഇതു സമൂഹത്തെ നാശത്തിലേക്ക് നയിക്കും. അതിനാൽ ഇസ് ലാം ആ വാതിൽ കൊട്ടിയടച്ചു. 

8) വധം അബദ്ധത്തിലാണങ്കിലും അവകാശം ലഭിക്കില്ലന്നാണല്ലോ നിയമം. അപ്പോൾ അനന്തരം ലഭിക്കാവുന്ന ഒരാൾ ആവശ്യം കൂടാതെ കുഴിച്ച കുഴിയിൽ ഒരു അടുത്ത ബന്ധു അബദ്ധത്തിൽ വീണു മരിച്ചാൽ?

മരിച്ചവൻ്റെ സ്വത്തിൽ കുഴി കുഴിച്ച വ്യക്തിക്ക് അവകാശമില്ല. (തുഹ്ഫ: 6/417)

9) പ്രസവ വേദന മൂലം മരണപ്പെട്ട ഭാര്യയുടെ സ്വത്തിൽ ഭർത്താവിനു അവകാശമുണ്ടോ?

അവകാശമുണ്ടോ എന്നതിൽ ശാഫിഈ മദ്ഹബിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും അവകാശം ലഭിക്കുമെന്നതാണ് പ്രബല വീക്ഷണം.(തുഹ്ഫ: 6/419)

10) ജാര സന്താനത്തിനു പിതാവിൻ്റെ സ്വത്തിൽ അവകാശമുണ്ടോ?

അവനു ഇസ് ലാമിക വീക്ഷണത്തിൽ പിതാവില്ല. അതിനാൽ അവൻ ജനിക്കാൻ കാരണക്കാരനായ പുരുഷൻ്റെ സ്വത്തിൽ അവനു അവകാശമില്ല. ജാര സന്താനവും ഉമ്മയും തമ്മിൽ സ്വത്തവകാശമുണ്ട്.

11) മകൻ വാഹനം തിരിക്കവേ അബന്ധത്തിൽ പിതാവിനെ ഇടിച്ചു ,അങ്ങനെ പിതാവ് മരണപ്പെട്ടാൽ ഈ മകനു പിതാവിൻ്റെ സ്വത്തിൽ അവകാശമുണ്ടാകുമോ?

ഉണ്ടാകില്ല . കൊല അബദ്ധത്തിൽ സംഭവിച്ചാലും അവകാശം തടയുമെന്ന് ഫുഖഹാഉ വ്യക്തമാക്കിയിട്ടുണ്ട്. (തു ഹ്ഫ: 6/417)

12) കൊലയാളിക്ക് സ്വത്തവകാശമില്ലെന്നു വ്യക്തമാക്കിയല്ലോ . എന്നാൽ കൊലയാളിയുടെ സ്വത്തിൽ കൊല്ലപ്പെട്ടവനു അവകാശമുണ്ടോ?

ഉണ്ട് , അതിൻ്റെ രൂപം ഉദാഹരണത്തിലൂടെ ഫുഖഹാഉ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ : കൊലയാളിയായ മകൻ പിതാവിനെ അടിച്ചു പരിക്കേൽപ്പിച്ചു. അങ്ങനെ മകൻ മരണപ്പെട്ടു. അതിനു ശേഷം പ്രസ്തുത പരിക്ക് നിമിത്തമായി പിതാവ് മരണപെട്ടു:( മുഗ്നി 3/26)

ഇവിടെ കൊലയാളിയായ മകനാണു ആദ്യം മരിച്ചത്. അപ്പോൾ അവൻ്റെ സ്വത്തിൽ പിന്നീട് മരിച്ച പിതാവിനു അവകാശമുണ്ട്. (മകൻ ,പിതാവ് എന്നത് ഉദാഹരണമായി പറഞ്ഞതാണ്)

13) കൊലയാളിക്ക് അനന്തര സ്വത്തിൽ അവകാശമില്ലല്ലോ. എന്നാൽ കൊലയാളിയുടെ മകനു പിതാമഹൻ്റെ സ്വത്തിൽ അവകാശമുണ്ടോ?
അതേ, ഉണ്ടാകുന്നതാണ്.  മകനില്ലാത്തതിനാൽ മകൻ്റെ മകനു അവകാശം ലഭിക്കും. കൊലയാളിയായ മകൻ ഉണ്ടങ്കിലും ഇല്ലാത്ത വിധിയാണ്. (പൗത്രനു അവകാശം ലഭിക്കുന്ന രൂപമാവണം)  ഫതാവൽ കുബ്റ: 4/339)

14) അനന്തരാവകാശ നിയമത്തിൽ സ്ത്രീക്കും പുരുഷനും തുല്യ വിഹിതം കിട്ടുന്ന എത്ര സന്ദർഭങ്ങളുണ്ട്?

രണ്ട്  

1) മയ്യിത്തിനു മകനുണ്ടായിരിക്കേ മാതാപിതാക്കളുടെ വിഹിതം . മാതാവിനും പിതാവിനും ആറിലൊന്നാണ് വിഹിതം. 

2) മയ്യിത്തിൻ്റെ ഏക മാതാ സഹോദര സഹോദരിമാർ.  അവർ ആണിനും പെണ്ണിനും മൂന്നിലൊന്നാണ് വിഹിതം. ഇക്കാര്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കിയതാണ്.

15) ആൺമക്കൾക്ക് ലഭിക്കുന്ന സ്വത്തിൻ്റെ പകുതി സ്വത്താണല്ലോ പെൺ മക്കൾക്ക് ലഭിക്കുന്നത്.ഇക്കാര്യം വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചതുമാണ്. പകുതിയായി ചുരുങ്ങാനുള്ള കാരണങ്ങളെന്ത്?

ആറാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഫഖ്റുദ്ദീൻ റാസി(റ) അതിൻ്റെ കാരണങ്ങൾ വ്യക്തമാക്കുന്നത് ഇങ്ങനെ സംഗ്രഹിക്കാം

1) ഭർത്താവ് ചെലവ് നൽകുന്നതിനാൽ ഭാര്യക്ക് ചെലവ് കുറവാണ്. ചെലവ് കൂടുതലുള്ളവനാണല്ലോ കൂടുതൽ സ്വത്തിലേക്കാവശ്യം

2) സ്യഷ്ടിപ്പിലും ബുദ്ധിയിലും ഖാസി ,ഇമാം തുടങ്ങിയ മത സ്ഥാനങ്ങളിലും പുരുഷൻ പരിപൂർണമാണ്.ഒരു സ്ത്രീയുടെ സാക്ഷി ഒരു പുരുഷൻ്റെ സാക്ഷിയുടെ പകുതിയാണ്. കൂടുതൽ പൂർണതയുള്ളവനാണല്ലോ കുടുതൽ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ അർഹൻ'

3) സ്ത്രീ പൊതുവിൽ ബുദ്ധി കുറഞ്ഞവളും വികാരം വർധിച്ചവളുമാണ്. കൂടുതൽ ധനം അവളുടെ കൈവശമുണ്ടായാൽ  നാശം വർദ്ധിക്കാൻ സാധ്യതയേറെയാണ്.

4) ഇരു ലോകത്തും ഉപകാരപ്രദമായ വഴിയിൽ ധനം ചെലവഴിക്കാൻ  ബുദ്ധിമാനായ പുരുഷനു കഴിയും. ജന സമ്പർക്കം കുറവായതിനാൽ സ്ത്രീകൾക്ക് ഇത്തരം നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം കുറവാണ്.( റാസി: 9/512)

16) അനന്തരാവകാശം ലഭിക്കുന്ന പുരുഷ അവകാശികൾ ആരെല്ലാം?

പരുഷന്മാരിൽ നിന്നു പത്തു പേർ പരേതൻ്റെ സ്വത്തിനു അവകാശികളാണ്. അവ വിവരിക്കാം.

      1) മകൻ
      2) മകൻ്റെ മകൻ
      3) പിതാവ്
      4) പിതാമഹൻ
      5) സഹോദരൻ
      6) സഹോദര മകൻ
      7) പിത്യവ്യൻ
      8 ) പിത്യവ്യ പുത്രൻ
      9 ) ഭർത്താവ്
     10) അടിമയെ മോചിപ്പിച്ചൻ ( ഫത്ഹുൽ മുഈൻ ,ഇആനത്ത് )

17) പിതാമഹൻ എന്നതിൽ മാതാവിൻ്റെ പിതാവ് ഉൾപ്പെടുമോ?

ഇല്ല. പിതാവിൻ്റെ പിതാവാണുദ്ദേശ്യം. 

18) സഹോദരൻ എന്നതിൽ ആരെല്ലാം ഉൾപ്പെടും?

മൂന്നു വിധം സഹോദരങ്ങളും ഉൾപ്പെടും. അതായത് , 

ഒന്ന്: മാതാപിതാക്കളൊത്ത സഹോദരൻ .
രണ്ട്:പിതാവ് മാത്രം ഒത്ത സഹോദരൻ
മൂന്ന്:മാതാവ് മാത്രം ഒത്ത സഹോദരൻ.

19) സഹോദരൻ്റെ മകൻ എന്നതിൽ ആരെല്ലാം ഉൾപ്പെടും?

മാതാപിതാക്കളൊത്ത സഹോദരൻ്റെ മകനും പിതാവ് മാത്രം ഒത്ത സഹോദരൻ്റെ മകനും മാത്രമേ ഇവിടെ ഉൾപ്പെട്ട കയുള്ളൂ. മാതാവ് മാത്രം ഒത്ത സഹോദരൻ്റെ മകൻ അവകാശിയല്ല. (ഇആനത്ത് )

20) പിതൃവ്യൻ (എളാപ്പ ,മൂത്താപ്പ) എന്ന തിൽ ആരെല്ലാം ഉൾപ്പെടും?

മാതാപിതാക്കളൊത്ത പിതൃവ്യനും പിതാവ് മാത്രം ഒത്ത പിതൃവ്യനുമാണുൾപ്പെടുക. ഉമ്മ മാത്രം ഒത്ത പിതൃവ്യൻ ഉൾപ്പെടില്ല.
പിതൃവ്യ പുത്രനിലും ഉമ്മ മാത്രം ഒത്തവൻ ഉൾപ്പെടില്ല.(തുഹ്ഫ)

21)  സ്ത്രീ അവകാശികൾ ആരെല്ലാം?

ഏഴു കൂട്ടർ

    1) മകൾ
    2) മകൻ്റെ മകൾ
    3) മാതാവ്
    4) മാതാമഹി.പിതാമഹി 
    5) സഹോദരി
    6) ഭാര്യ
    7) അടിമയെ മോചിപ്പിച്ചവൾ

22) സഹോദരി എന്നതിൽ മൂന്നു വിധം സഹോദരിമാരും ഉൾപ്പെടുമോ?

✔️ അതേ ,ഉൾപ്പെടും.
      1) മാതാപിതാക്കളൊത്ത സഹോദരി
      2) മാതാവ് മാത്രം ഒത്ത സഹോദരി
      3) പിതാവ് മാത്രം ഒത്ത സഹോദരി

23)  അസ്വബ:ക്കാർ ആരാണ്?

നിശ്ചിത ഓഹരിയില്ലാത്തവരാണ് عصبة ക്കാർ .

നിശ്ചിത ഓഹരിയുള്ളവർക്ക് أهل الفرض  എന്നു പറയും. 

നിശ്ചിത ഓഹരി നിശ്ചയിക്കപ്പെട്ടവർ ഇല്ലെങ്കിൽ സ്വത്ത് മുഴുവനും അസ്വബക്കാർക്കാണ്.  നിശ്ചിത ഓഹരി നിശ്ചയിക്കപ്പെട്ടവർ ഉണ്ടെങ്കിൽ അവരുടേത് കഴിച്ച് ബാക്കി മുഴുവനും അസ്വബ: ക്കാർക്കാണ്.
സ്വത്ത് ബാക്കി ഇല്ലാത്തതിനാൽ സ്വത്ത് തീരെ ലഭിക്കാത്ത അസ്വബക്കാരുമുണ്ട്

24) ഖുർആൻ വിവരിച്ച വിഹിതങ്ങൾ ഏതെല്ലാം?

✔️ വിശുദ്ധ ഖുർആനിൽ വ്യക്തമായി വന്നത് ആറു വിഹിതങ്ങളാണ് 

  1) മൂന്നിൽ രണ്ട് (الثلثان)
  2) പകുതി ( النصف)
  3) നാലിൽ ഒന്ന് ( الربع)
  4) എട്ടിൽ ഒന്ന് (الثمن)
  5) മൂന്നിൽ ഒന്ന് (الثلث)
  6) ആറിൽ ഒന്ന് ( السدس)

25) സുലുസുൽ ബാക്കി (ثلث الباقي ) എന്ന ഓഹരിയുടെ ഉദ്ദേശ്യമെന്ത്?

ഭർത്താവിൻ്റെയോ ഭാര്യയുടെയോ  അവകാശം കഴിച്ചു ബാക്കിയുള്ളതിൻ്റെ  മുന്നിലൊന്ന് എന്നാണു ثلث الباقي യുടെ ഉദ്ദേശ്യം.(നിഹായ:)

26) സുലുസുൽ ബാക്കി (ثلث الباقي ) ലഭിക്കുന്നവർ ആരെല്ലാം?

രണ്ടു പേർ. 

1) മാതാവ് 2 ) പിതാമഹൻ

27) മാതാവിനു ثلث الباقي  കിട്ടുന്ന രൂപം എങ്ങനെ?

അവകാശികളായി മാതാവിൻ്റെ കൂടെ പിതാവ് ,ഭർത്താവ് എന്നിവർ ഉണ്ടെങ്കിൽ മാതാവിനു ثلث الباقي യാണ്. 

ഭർത്താവിൻ്റെ സ്ഥാനത്ത് ഭാര്യയാണെങ്കിലും  മാതാവിനു ثلث الباقي യാണ്. 

ഉദാ:ഒരു വ്യക്തി മരണപ്പെട്ടു.അവകാശിയായി ഉള്ളത്

ഭാര്യ:
ഉപ്പ:
ഉമ്മ: എന്നിവർ

ഭാര്യയ്ക്ക് നാലിലൊന്ന് ( ഒരു ഓഹരി )
ഉപ്പാക്ക് രണ്ടു ഓഹരി , ഉമ്മാക്ക് ഒരു ഓഹരി
(സ്വത്ത് മൊത്തം നാല് ഓഹരിയാക്കണം)

ഈ മസ്അലയിൽ ഭാര്യയുടെ ഓഹരിയായ നാലിലൊന്നു കഴിച്ചാൽ പിന്നെ മൂന്നു ഓഹരിയാണല്ലോ ഉള്ളത്. അതിൽ ഒരു ഓഹരിയാണ് ഉമ്മക്ക് ലഭിക്കുക. അതാണു മൂന്നിലൊന്ന്. ഭാര്യയുടെ ഓഹരി കഴിച്ചുള്ളതിൻ്റെ മൂന്നിലൊന്നായതുകൊണ്ടാണ് ثلث الباقي എന്നു പറയുന്നത്. 

28) അവകാശിയായി ഭർത്താവും ഉമ്മയും ഉപ്പയുമാണങ്കിലോ?

✔️ സ്വത്ത് ആറ് ഓഹരി വെക്കണം.

ഭർത്താവിനു മൂന്നു ഓഹരി ( പകുതി )
ഉപ്പാക്ക് രണ്ടു ഓഹരി , ഉമ്മാക്ക് ഒരു ഓഹരി

ഈ മസ്അലയിൽ ഭർത്താവിൻ്റെ ഓഹരിയായ മൂന്ന് ഓഹരി കഴിച്ചാൽ ബാക്കിയുള്ളത് മൂന്ന് ഓഹരിയാണല്ലോ. അതിലൊരു ഓഹരിയാണ് ഉമ്മാക്കുള്ളത്. അതേ ,ثلث الباقي യാണത്

29 ) യഥാർത്ഥത്തിൽ ആകെ സ്വത്തിൻ്റെ നാലിലൊന്നോ ആറിലൊന്നോ ആണല്ലോ ഉമ്മാക്ക് പ്രസ്തുത രണ്ടു മസ്അലയിൽ കിട്ടുന്നത്. അങ്ങനെ പറയാതെ ثلث الباقي എന്നു പറയാൻ കാരണമെന്താണ്? 

ഫുഖഹാഉ ثلث (സുലുസ് ) എന്ന പദം കൊണ്ടുവരുന്നത് വിശുദ്ധ ഖുർആനിലെ പ്രയോഗം മാനിച്ചു കൊണ്ടാണ്. ഖുർആനിൽ وورثه أبواه فلأمه الثلث (മയ്യിത്തിനു സന്താനങ്ങൾ ഇല്ലാതിരിക്കുകയും മാതാപിതാക്കൾ അവകാശികളാകുകയും ചെയ്യുമ്പോൾ മാതാവിനു മുന്നിലൊന്നുണ്ട്.) എന്നാണു ഖുർആൻ പറഞ്ഞത്. (തുഹ്ഫ: 6/404)

30 ) ഉമരിയ്യ: മസ്അല എന്നാലെന്ത്?

അവകാശികളായി മാതാപിതാക്കളോടുകൂടെ  ഭർത്താവ് അല്ലെങ്കിൽ ഭാര്യ ഉണ്ടങ്കിൽ ആ മസ്അലക്കാണ് ഉമരിയ്യ എന്നു പറയുന്നത്. (ഇആനത്ത് 2/265)
ഉമരിയ്യ: മസ്അലയിലാണ് ഉമ്മാക്ക് ثلث الباقي ലഭിക്കുന്നത്.

31) ഉമരിയ്യ: എന്ന പേരിനു കാരണം?

ആദ്യമായി  സുലുസുൽ ബാക്കിയുടെ മസ്അല വിധിച്ചത് ഉമർ(റ) ആയതു കൊണ്ട്.

ഉമരിയ്യതയ്നി , ഗരീബ തയ്നി എന്നല്ലാം പ്രസ്തുത രണ്ടു മസ്അലക്ക് പേരുണ്ട് (തുഹ്ഫ: 6/404 ,നിഹായ :6/20 ,ഇആനത്ത്: 3/265)

ഉമരിയ്യ: മസ്അല (ഒന്ന്)

6
        
ഭർത്താവ്: പകുതി: (3)
മാതാവ്: സുലുസുൽ ബാക്കി (1)                        
പിതാവിനു ബാക്കി (2)
           
ഉമരിയ്യ: മസ്അല (രണ്ട്)     
4

ഭാര്യ. നാലിലൊന്ന്   (1)
മാതാവ്: സുലുസുൽ ബാക്കി (1)
പിതാവിന് ബാക്കി: (2)

32) മാതാവിനു എപ്പോഴാണ് മൂന്നിലൊന്ന് അവകാശം കിട്ടുക ?

മയ്യിത്തിനു സന്താന മോ ഒന്നിലധികം സഹോദര ,സഹോദരിമാരോ ഇല്ലാതിരിക്കുകയും ഉമരിയ്യ മസ്അലയിൽ പെടാതിരിക്കുകയും വേണം.      

33) ആറിലൊന്ന് ഉമ്മാക്ക് എപ്പോൾ?

പരേതന് സന്താന മോ ഒന്നിലധികം സഹോദരങ്ങളോ സഹോദരിമാരോ ഉണ്ടെങ്കിൽ. (മാതാവിനു മൂന്നു വിധം ഓഹരിയുണ്ട്. അതു മൂന്നും ഇവിടെ വിവരിച്ചു)   

34) ഉമ്മയുടെ സ്വത്തിൽ ആൺ മക്കൾക്കും പെൺ മക്കൾക്കും തുല്യ അവകാശമാണെന്നു കേൾക്കുന്നു. വസ്തുതയെന്ത്?

ഉപ്പയുടെ സ്വത്തിലും ഉമ്മയുടെ സ്വത്തിലും ആൺമക്കളുടെ പകുതിയാണ് പെൺമക്കൾക്ക് അവകാശം. 

ഉമ്മയുടെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാന്നെന്ന നാട്ടുവർത്തമാനം അടിസ്ഥാന രഹിതമാണ്. 

ഉമ്മയൊത്ത സഹോദര സഹോദരിമാർക്ക് തുല്യ അവകാശമാണ്. ഇവരെ കുറിച്ച് ഫുഖഹാഉ പറയു ന്ന ഇബാറത്ത്  ولدي أم فأكثر  എന്നും عدد من ولد الأم  എന്നുമാണ്. ഇതിൽ നിന്നു തെറ്റുന്ധരിച്ചതാവാം പ്രസ്തുത നാട്ടുവർത്തമാനം .

35 ) പരേതൻ്റെ അവകാശിയായി ഒരു മകൾ മാത്രമാണുള്ളതെങ്കിൽ സ്വത്ത് എങ്ങനെ വീതിത്തം.

പകുതി സ്വത്ത് അവകാശം എന്ന നിലക്ക് മകൾക്കു ലഭിക്കം. വേറെ അവകാശികൾ ഇല്ലാത്തതിനാൽ ബാക്കി പകുതിയും മകൾക്ക് തന്നെ ലഭിക്കും.

36) അനന്തരാവകാശികളിൽ എല്ലാ പുരുഷന്മാരും (സ്ത്രീകളെ കൂടാതെ ) മേളിച്ചാൽ എത്ര പേർക്ക് അവകാശം ലഭിക്കും?

മൂന്നു പേർക്ക് മാത്രം.
പിതാവ് ,മകൻ, ഭർത്താവ് എന്നിവരാണവർ.

37) എല്ലാ സ്ത്രീകളും ( പുരുഷന്മാരെ കൂടാതെ ) മേളിച്ചാലോ?

അഞ്ചു പേർ അവകാശികളാകും.
മകൾ , മകൻ്റെ മകൾ ,മാതാവ് ,ഭാര്യ ,പൂർണ സഹോദരി എന്നിവരാണവർ.

38) എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളും ഒരുമിച്ചുകൂടിയാലോ?

അഞ്ചു പേർ അവകാശമെടുക്കും. മാതാവ് ,പിതാവ് ,മകൻ ,മകൾ ,ഭാര്യയോ ഭർത്താവോ.

39) ഭർത്താവിൻ്റെ വിഹിതമെത്ര?

മരിച്ച ഭാര്യക്ക് സന്താനമില്ലെങ്കിൽ ഭർത്താവിനു പകുതി.
സന്താനമുണ്ടെങ്കിൽ നാലിലൊന്ന്. (പകുതി , നാലിലൊന്ന് എന്നിങ്ങനെ രണ്ടു വിധം ഓഹരിയാണ് ഭർത്താവിനുള്ളത്.(തുഹ്ഫ)

40) ഭാര്യയുടെ ഓഹരി ?

മരിച്ച ഭർത്താവിനു സന്താനമില്ലെങ്കിൽ ഭാര്യക്ക് നാലിലൊന്ന്. സന്താനമുണ്ടെന്നിൽ എട്ടിലൊന്ന് (തുഹ്ഫ)

41) ചിലർ ഉള്ളതുകൊണ്ട് മറ്റു ചിലർക്ക് പൂർണമായ തടസ്സം നേരിടുമല്ലോ. ഉദാ: മകനുണ്ടാകുമ്പോൾ മകൻ്റെ മകനു അവകാശം ഇല്ല. മകൻ മകൻ്റെ മകനെ തടഞ്ഞു.എന്നാൽ ഒരിക്കലും ആരാലും തടയപ്പെടാത്ത അവകാശികൾ ഉണ്ടോ?

ഉണ്ട്. ആറു പേർ . അവർ ഒരിക്കലും തടയപ്പെടില്ല

ഉമ്മ
ഉപ്പ
ഭർത്താവ്
ഭാര്യ
മകൻ
മകൾ 

എന്നിവരാണവർ.

42) തലയെണ്ണൽ എന്നാലെന്ത്?

പിതാമഹനോടൊപ്പം പൂർണ സഹോദരനും ഏക പിതാ സഹോദരനും ഉണ്ടാകുമ്പോൾ  എണ്ണം കണക്കാക്കുന്നതിൽ മാത്രം ഏക പിതാ സഹോദരനെ എണ്ണുന്നു. അവനു അവകാശം ലഭിക്കുകയില്ല. തലയെണ്ണൽ മാത്രമാണ് ഏക പിതാ സഹോദരനിൽ നടക്കുന്നത്. ഇതിനു മുആദ്ദ് (തലയെണ്ണൽ ) എന്നു പറയുന്നു.

43) തലയെണ്ണൽ രീതി എന്തിനാണ് ഉണ്ടാക്കുന്നത്?

പിതാമഹനു വിഹിതം വർദ്ധിക്കാതിരിക്കാൻ വേണ്ടി.

ഉദാ:

3

പിതാമഹൻ:        (1)

പൂർണ സഹോദരൻ.       (2)

ഏക പിതാ സഹോദരൻ.       (✖️)

ഇതിൽ ഏക പിതാ സഹോദരനെ കൂടി പരിഗണിച്ചാണ് എണ്ണത്തിൽ മൂന്ന് ആയത്.  അതിൽ ഒരു ഓഹരി പിതാമഹന്. ബാക്കി രണ്ടു ഓഹരി പൂർണ സഹോദരന്. പിതാമഹന് പകുതി കിട്ടാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്.

44) ഗർഭ ശിശുവിന് സ്വത്തവകാശമുണ്ടോ?

അതേ ,ഉണ്ട് . 

45 ) അതിനു പ്രത്യേക നിബന്ധനയുണ്ടോ?

രണ്ടു നിബന്ധനയുണ്ട്.

          1) പൂർണ ജീവനോടെ ജനിക്കുക.
         2) പരേതൻ്റെ മരണശേഷം ഗർഭ ശിശുവിൻ്റെ ആസ്തിക്യം ഉറപ്പാക്കുക.

46) ആസ്തിക്യം എങ്ങനെ ഉറപ്പാക്കും?

രണ്ടു മാനദണ്ഡത്തോടെ ഉറപ്പാക്കാം.

ഒന്ന്:പരേതൻ്റെ മരണാനന്തരം ആറു മാസത്തിനുള്ളിൽ പ്രസവം നടക്കുക.

രണ്ട്:ഗർഭ ശിശുവിൻ്റെ മാതാവ് മറ്റൊരു ഭർത്താവുമൊത്ത് ജീവിക്കുന്നില്ലെങ്കിൽ നാലു വർഷത്തിനുള്ളിൽ പ്രസവം നടക്കുക.

പൂർണ ഗർഭകാലത്തിൽ ചുരുങ്ങിയത് ആറുമാസവും കൂടിയത് നാലു വർഷവുമാണ്.(ഫത്ഹുൽ മുഈൻ)

47 ) അവകാശികളിൽ ഗർഭ ശിശു ഉണ്ടെങ്കിൽ ജനനം വരെ സ്വത്ത് വിഹിതം ചെയ്യാതിരിക്കണോ?

അതാണു നല്ലത്. കാരണം ,കുട്ടി ആണോ പെണ്ണോ  ഒന്നോ ഒന്നിലധികമോ ആവാമല്ലോ. അതു കൊണ്ട് തന്നെ ജനനത്തിനു മുമ്പ് ക്യത്യ വിഹിതം നിർണയിക്കാൻ കഴിയില്ല.

48) ഗർഭ ശിശുകാരണം അവകാശം തടയപ്പെടാത്ത വ്യക്തിയുടെ  വിഹിതം മാത്രം  ഓഹരി ചെയ്യാൻ ഗർഭ ശിശുവിൻ്റെ ജനനം വരെ കാത്തിരിക്കണോ?

വേണ്ട. ഉദാ: ഭാര്യയും രണ്ടു മക്കളും അവകാശികളായി ഉണ്ട്. ഭാര്യ ഗർഭിണിയുമാണ്. ഇവിടെ ഭാര്യയുടെ എട്ടിലൊന്ന് ഒരിക്കലും തടയപ്പെടില്ലല്ലോ. 

49) കാണാതായവൻ്റെ സ്വത്ത് വീതിച്ചെടുക്കൽ എപ്പോൾ?

ഒരു വിവരവും ലഭിക്കാതെ ഒരാളെ കാണാതായാൽ അദ്ദേഹം മരണപ്പെട്ടതായി തെളിവു ലഭിക്കുകയോ ജീവിച്ചിരിക്കാൻ സാധ്യതയില്ലന്ന് ഏകദേശം  ഉറപ്പ് ലഭിക്കുന്ന കാലം കഴിഞ്ഞു പോവുകയോ ചെയ്യാതെ അവൻ്റെ സ്വത്ത് വിഹിതം വെക്കരുത്. 

50 ) മരിച്ചതായി ആരാണ് വിധി പ്രഖ്യാപിക്കുക . 

ജീവിച്ചിരിക്കാൻ സാധ്യതയില്ലന്ന ഏകദേശ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ അവൻ മരണപ്പെട്ടതായി അന്വേഷണം നടത്തി ഖാസി പ്രഖ്യാപിക്കണം 
വിധി പ്രഖ്യാപിക്കുന്ന സമയത്ത് അനന്തരാവകാശത്തിന് അർഹതയുള്ളവർക്കേ അവകാശമുണ്ടാവുകയുള്ളൂ. (തുഹ്ഫ)

51)  ദവുൽ അർഹാം എന്നതിൻ്റെ വിവക്ഷയെന്ത്?

അകന്ന ബന്ധുക്കൾ എന്നു പറയാം.

52 ) അവർക്ക് അനന്തര സ്വത്തവകാശമുണ്ടോ?

അംശാവകാശികളും (أهل الفرض) ശിഷ്ടാവകാശികളും (عصبة) ഇല്ലെങ്കിൽ സ്വത്ത് ബൈത്തുൽ മാലിന് (ഇസ്ലാമിക ഭരണത്തിലെ നീതിയുക്ത പൊതു ഖജനാവ്)  അവകാശപ്പെട്ടതാണ്. ഇക്കാലത്ത് നമ്മുടെ നാട്ടിൽ ബൈത്തുൽമാൽ നിലവിലില്ല .അതിനാൽ സ്വത്ത് അകന്ന ബന്ധുക്കൾക്ക് (ദവുൽ അർഹാമിന്) അവകാശപ്പെട്ടാണ്.

53) ആരെല്ലാമാണ് ദവുൽ അർഹാമിൽ ഉൾപ്പെടുക?

പതിനൊന്നു കൂട്ടരെ ശൈഖ് മഖ്ദൂം ഫത്ഹുൽ മുഈനിൽ വ്യക്തമാക്കിയിട്ടുണ്ട്.

54) അവർ ആരെല്ലാം?

1) മകളുടെ മക്കൾ (ولد البنت)
2) സഹോദരിയുടെ മക്കൾ (ولد الأخت)
3) സഹോദര പുത്രിമാർ (بنت الأخ)
4) പിത്യവ്യ പുത്രിമാർ (بنت العم)
5) മാതാവിലൊത്ത പിത്യ വ്യൻ (عم لأم)
6) മാത്യ സഹോദരൻ (الخال)
7) മാതൃ സഹോദരി (الخالة)
8) പിതൃ സഹോദരി (العمة)
9) ഉമ്മയുടെ പിതാവ് (أبو الأم)
10) ഉമ്മയുടെ പിതാവിൻ്റെ ഉമ്മ (أم أبي الأم)
11 ) ഏകാ മാതാ സഹോദരപുത്രൻ (إبن أخ الأم) 

55) പരസ്പരം അവകാശമെടുക്കുന്നവർ ഒരപടത്തിൽ മരിച്ചാൽ സ്വത്ത് എങ്ങനെ വീതിക്കും?

ആദ്യം മരിച്ചത് ആരാണെന്നു വ്യക്തമായാൽ ആദ്യം മരിച്ചവൻ്റ സ്വത്തിൽ പിന്നീട് മരിച്ച വ്യക്തിക്ക് അവകാശമുണ്ടാകും. (തസ്ഹീലുൽ ഫറാഇള്)

56) രണ്ടു പേരും ഒരേ സമയത്ത് മരണപ്പെട്ടതായി ബോധ്യപ്പെട്ടാലോ?

എങ്കിൽ ഇവർ തമ്മിൽ അവകാശികളല്ല. രണ്ടു പേരുടെയും സ്വത്ത് മറ്റു അവകാശികൾക്ക് കണക്കനുസരിച്ച് വീതിച്ചു കൊടുക്കണം.

57) ആദ്യം മരിച്ചതു ആരാണന്നു അറിഞ്ഞിരുന്നു. പക്ഷേ ,മറന്നു' എന്നാലെണ്ടനെയാണ് മസ്അല?

നമ്പർ 56 ൻ്റെ മറുപടി തന്നെ.

58)  അറബ് ഭാഷയിലുള്ള جد (ജദ്ദ് ) എന്നതിൽ മാതാവിൻ്റെ പിതാവ് പെടില്ലേ?

പെടും. എന്നാൽ അനന്തരാവകാശ മസ്അലയിൽ ജദ്ദ് എന്നാൽ പിതാമഹൻ മാത്രമാണ്. മാതാവിൻ്റെ പിതാവല്ല. 

59)  മുർത്തദ്ദിനു അനന്തരാവകാശം ലഭിക്കില്ലല്ലോ. അവൻ്റെ മുസ്ലിമായ  മകനോ?

ലഭിക്കും (ഫതാവൽ കുബ്റ: 4/339)

60) മുർതദ്ദ് ഇസ്ലാമിലേക്ക് മടങ്ങി വന്നാൽ സ്വത്ത് ലഭിക്കുമോ?

ഇല്ല . താൻ ആരുടെ സ്വത്താണോ അവകാശമായി എടുക്കുന്നത് അയാൾ മരിക്കുന്ന സമയം താൻ മുർതദ്ദാണല്ലോ. (മുഗ്നി: 3/ 35 )


അക്ദരിയ്യ: കൗതുകം നിറഞ്ഞ മസ്അല


61) ഫറാഇളിലെ അക്ദരിയ്യ: മസ്അല എന്താണ്?

അനന്തരാവകാശ നിയമത്തിലെ പല പൊതു മാനദണ്ഡങ്ങളും വിസ്മരിക്കപ്പെട്ട ഒരു മസ്അലയാണ് അക്ദരിയ്യ: മസ്അല

അവകാശികളായി ഭർത്താവ് ,മാതാവ് , പിതാമഹൻ , പൂർണ സഹോദരി ,ഏക പിതാ സഹോദരി എന്നിവരാണ് ഈ മസ്സ്വലയിലുള്ളത്. 

സങ്കീർണവും കുഴഞ്ഞുമറിഞ്ഞതുമായ തുകൊണ്ടാണ് അക്ദരിയ്യ( الأكدرية ) എന്നു പേർ പറയാൻ കാരണമെന്നും ഈ മസ്അല ആദ്യമായി ചോദിച്ച വ്യക്തിയുടെ പേര്  അക്ദരിയ്യ: എന്നായതുകൊണ്ടാണ് പ്രസ്തുത പേര് വന്നതെന്നും അഭിപ്രായമുണ്ട്. മറ്റു ചില അഭിപ്രായങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (തുഹ്ഫ: 6/415 , നിഹായ :6/26 , മഹല്ലി 3/149)

ഭർത്താവിൻ്റെയും  മാതാവിൻ്റെയും വിഹിതം കഴിഞ്ഞാൽ ആറിലൊന്നു മാത്രമാണ് ബാക്കിയുള്ളത്. പൊതു മാനദണ്ഡമനുസരിച്ച് അതു പിതാമഹനു ലഭിക്കുകയും പൂർണ സഹോദരി ഒഴിവാക്കുകയും ചെയ്യും. എന്നാൽ അക്ദരിയ്യ: മസ്അലയിൽ പൂർണ സഹോദരിക്ക് പകുതി അംശാവകാശം ലഭിക്കും. അതിനാൽ അസ്വ് ല് മസ്അല ആറിൽ നിന്നു ഒമ്പതിലേക്ക് ഉയർത്തേണ്ടി വന്നു. അങ്ങനെ  പിതാമഹൻ്റെയും സഹോദരിയുടെയും മൊത്തം വിഹിതം (1+ 3 = 4) . പിതാമഹൻ്റെ  പകുതി സഹോദരിക്ക് എന്ന നിലക്ക് വീതിക്കണം. 

ഭിന്ന സംഖ്യ ഒഴിവാക്കാൻ  അസ് ല് മസ്അലയായ ഒമ്പതിനെ മുന്നിൽ ഗുണിച്ച് ഇരുപത്തി ഏഴാക്കി. (ഇആനത്ത്: 3/274)

പൂർണ സഹോദരിയുടെ സ്ഥാനത്ത് എക പിതാ സഹോദരിയായാലും ഈ വിവരിച്ച രീതിയിൽ തന്നെയാണ് ഓഹരി. കാരണം അപ്പോഴും അക്ദരിയ്യ മസ്അലയാണ്. (ഇആനത്ത്: 3/274)


അക്ദരിയ്യ: മസ്അല വിസ്മരിക്കപ്പെട്ട പൊതു മാനദണ്ഡങ്ങൾ

ഒന്ന്:മറ്റു അവകാശികളുടെ വിഹിതം കഴിച്ചു ബാക്കി ആറിലൊന്നു മാത്രമായാൽ അതു പിതാമഹന് ലഭിക്കും. സഹോദരണ്ടാൾ ഒഴിവാകും. എന്നാൽ അക്ദരിയ്യ:യിൽ ആറിലൊന്നു മാത്രം ബാക്കി വന്നിട്ടും  സഹോദരിക്ക് പകുതി അംശാവകാശം ലഭിച്ചു. 

രണ്ട്:പിതാമഹനോടൊപ്പം സഹോദരിക്ക് പകുതി അംശാവകാശം തുടക്കത്തിലേ കണക്കാക്കപ്പെടുകയില്ല. എന്നാൽ അക്ദരിയ്യ:യിൽ അതുണ്ടായി. 

മൂന്ന്:പിതാമഹനും സഹോദരങ്ങളും കൂടുമ്പോഴുള്ള രൂപങ്ങളിൽ അസ് ല് മസ്അല ഉയർത്തപ്പെടുകയില്ല. എന്നാൽ അക്ദരിയ്യ:യിൽ ആറിൽ നിന്നു ഒമ്പതിലേക്ക് ഉയർത്തപ്പെട്ടു. 

അക്ദരിയ്യ മസ്അലയിൽ ഒരു സഹോദരിയാണുള്ളത്. ഒന്നിലധികം സഹോദരിമാരോ സഹോദരങ്ങളോ ആണെങ്കിൽ അക്ദരിയ്യ മസ്അലയാവില്ല. അപ്പോൾ മാതാവിൻ്റെ വിഹിതം അറിലൊന്നായി കുറയും. ബാക്കി സഹോദരങ്ങൾക്ക് ലഭിക്കും.  


62)  മകളുടെ വിഹിതം എത്രയാണ്?

മൂന്നു വിധത്തിലാണ് മകളുടെ വിഹിതം

1) അംശാവകാശം:അതു പകുതിയാണ്.

പകുതി കിട്ടാനുള്ള നിബന്ധന: 

ഒന്ന്: പരേതൻ്റെ നേർ സന്താനം ഒരു മകൾ മാത്രമായിരിക്കുക. 
രണ്ട്: പരേതനു മകൻ ഇല്ലാതിരിക്കുക

2) അംശാവകാശം: മൂന്നിൽ രണ്ട് 

ഇതു ലഭിക്കാനുള്ള നിബന്ധന: 

ഒന്ന്: ഒന്നിലധികം മകൾ ഉണ്ടായിരിക്കുക
രണ്ട്: പരേതനു മകൻ ഇല്ലാതിരിക്കുക

3) മറ്റൊരാൾ മുഖേന ശിഷ്ടാവകാശം: 

നിബന്ധന :

പരേതനു മകൻ (ഒന്നോ അധികമോ ) ഉണ്ടായിരിക്കുക .ഈ വേളയിൽ ആൺ മകൻ്റെ  പകുതി മകൾക്ക് ലഭിക്കും.

63) പിതാവിൻ്റെ വിഹിതം എത്ര?

പരേതനു സന്താനമില്ലെങ്കിൽ ശിഷ്ടാവകാശം . ആൺ സന്തതിയുണ്ടെങ്കിൽ ആറിലൊന്ന് അംശാവകാശം .പെൺ സന്തതി മാത്രമാണങ്കിൽ ആറിലൊന്ന് അംശാവകാശവും *ശിഷ്ടാവകാശത്തിനു സ്വത്തുണ്ടെങ്കിൽ അതും.

64) ഒരു സ്ത്രീ മരണപ്പെട്ടു.പരേതയ്ക്ക് ഒരു പൂർണ സഹോദരനും നാലു ഏക പിതാ സഹോദരനും അഞ്ചു ഏക പിതാ സഹോദരിയും ഉണ്ട്. എന്നാൽ പരേതയുടെ സ്വത്ത് എങ്ങനെ വീതിക്കണം?

സ്വത്ത് മുഴുവനും പൂർണ സഹോദരനാണ്. عصبة എന്ന നിലക്ക്  അദ്ദേഹത്തിനു അവകാശപ്പെടാണ്. 

ഏക പിതാ സഹോദരനോ ഏക പിതാ സഹോദരിക്കോ അവകാശമില്ല.
കാരണം , പൂർണ സഹോദരൻ ഉണ്ടാകുമ്പോൾ ഏക പിതാ സഹോദരനോ ഏക പിതാ സഹോദരിക്കോ  അവകാശം ലഭിക്കില്ല എന്നതാണു നിയമം.

65) പൂർണ സഹോദരൻ്റെ വിഹിതം എങ്ങനെ.?

സ്വയം  ശിഷ്ടാവകാശം. 

നിബന്ധന:പരേതനു മകൻ,  മകൻ്റെ മകൻ, പിതാവ് , പിതാമഹൻ ഇല്ലാതിരിക്കുക , പിതാമഹനോടൊപ്പം പ്രത്യേക നിയമം.

66) അംശാവകാശികളുടെ (أهل الفرض) വിഹിതം കഴിച്ചു ബാക്കി വന്ന സ്വത്ത് ശിഷ്ടാവകാശി (عصبة) കൾക്കാണല്ലോ . എന്നാൽ ,ശിഷ്ടാവകാശികളില്ലെങ്കിലോ?

ശിഷ്ടാവകാശി ഇല്ലെങ്കിൽ അംശാവകാശികൾക്ക് തന്നെ അവരുടെ വിഹിതത്തിൻ്റെ കണക്കനുസരിച്ച്  വീണ്ടും കൊടുക്കണം. എന്നാൽ വീണ്ടും കൊടുക്കുന്നതിൽ ഭർത്താവും ഭാര്യയും പെടില്ല .
67) ഭർത്താവും ഭാര്യയും ഉൾപ്പെടാത്തതന്തുകൊണ്ട്?

പരേതനുമായിട്ടുള്ള കുടുംബ ബന്ധം പരിഗണിച്ചാണ് ബാക്കി വന്ന സ്വത്ത് അംശാവകാശികൾക്ക് വീണ്ടും നൽകുന്നത് . ഭാര്യാ - ഭർത്യ ബന്ധം കുടുംബമല്ലല്ലോ.

68) വിഹിതം കഴിച്ചു സ്വത്ത് ബാക്കി വരുന്നതിനു ഉദാഹരണങ്ങൾ?

ഒന്ന്:അവകാശി ഒരു മകൾ മാത്രം. അവളുടെ അവകാശം പകുതിയാണ്. വേറെ അവകാശികളില്ലാത്തതിനാൽ ബാക്കി പകുതിയും അവൾക്കു തന്നെ അവകാശപ്പെട്ടതാണ്.

രണ്ട് : അവകാശിയായി ഉമ്മ മാത്രം. മൂന്നിലൊന്നാണ് ഉമ്മയുടെ അവകാശം. മറ്റു അവകാശികളില്ലാത്തതിനാൽ ബാക്കി സ്വത്തും ഉമ്മക്ക് അവകാശപ്പെട്ടതാണ്.

മൂന്ന്: അവകാശികളായി നാലു പെൺമക്കൾ മാത്രം. മൂന്നിൽ രണ്ടാണവരുടെ വിഹിതം. അതും ബാക്കി സ്വത്തും അവർക്കു തന്നെയാണ്. അതവർ തുല്യമായി വീതിക്കണം.
  
69) പരേതനു ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ ഓരോ ഭാര്യമാർക്കും നാലിൽ ഒന്നാ എട്ടിൽ ഒന്നോ ലഭിക്കുമോ?

ഇല്ല. നാലിലൊനോ എട്ടിലൊന്നോ ഭാര്യ എന്ന വകുപ്പിലേക്ക് നീക്കിവെക്കും. അതവർ തുല്യമായി വീതിക്കണം.

പരേതനു സന്താനം ഇല്ലങ്കിൽ ഭാര്യക്ക് നാലിലൊന്നും സന്താനമുണ്ടെങ്കിൽ എട്ടിലൊന്നുമാണ് അവകാശം.

70) എട്ടിലൊന്ന് എത്ര പേരുടെ അവകാശമാണ് ?

ഭാര്യയുടെ മാത്രം.    

71) ഫറാഇളിലെ മുശർറഖ: എന്നാലെന്ത്?

കൗതുകകരമായ ഒരു മസ്അലയാണത്. വിഹിതത്തിൽ പങ്കാളിയാക്കൽ എന്നാണു മുശർറഖ: കൊണ്ടുദ്ദേശിക്കുന്നത്.

പൂർണ സഹോദരൻ ശിഷ്ടാവകാശിയാണ്.(عصبة ) അംശാവകാശി കളുടെ വിഹിതം കഴിച്ചു ബാക്കിയാണ് ശിഷ്ടാവകാശികൾക്ക് ലഭിക്കുക. ബാക്കിയില്ലെങ്കിൽ ലഭിക്കില്ല . ഇതാണു പൊതു മാനദണ്ഡം. എന്നാൽ മുശർറഖ: മസ്അലയിൽ  പൂർണ സഹോദരനു വിഹിതം ലഭിക്കുന്നു. 

ഉദാ: 

ഭർത്താവ്
മാതാവ്
ഏകമാതാ സഹോദരൻ
പൂർണ സഹോദരൻ
ഭർത്താവ് ,മാതാവ് , ഏകമാതാ സഹോദരൻ എന്നിവർ അംശാവകാശികളാണ്. 

ഇവരുടെ ഓഹരി കഴിച്ചാൽ സ്വത്ത് ബാക്കിയില്ല. പൊതു മാനദണ്ഡമനുസരിച്ച്  പൂർണ സഹോദരനു സ്വത്ത് ലഭിക്കില്ല . എന്നാൽ അവനെ ഏകമതാ സഹോദരനെ പോലെ കണക്കാക്കി  മൂന്നിലൊന്ന് വിഹിതത്തിൽ  തുല്യ പങ്കാളിയാക്കി. അതാണു മുശർറഖ: മസ്അല(ഇആനത്ത് :3/266)

പൂർണ സഹോദരനും ഏകമാതാ സഹോദരനും ഒരു ഉമ്മയിൽ നിന്നുണ്ടായതാണല്ലോ. പരേതനുമായി പൂർണ സഹോദരനാണ് കൂടുതൽ അടുത്ത് നിൽക്കുന്നതും. അതുകൊണ്ടല്ലാമാണ് പൂർണ സഹോദരനു   മൂന്നിൽ ഒന്നിൽ പങ്കാളിയായത്.

72 ) ഫറാഇളിലെ സൗഭാഗ്യ സഹോദരൻ ആര്

തൻ്റെ സാനിധ്യം കൊണ്ടു മാത്രം മറ്റൊരാൾ അവകാശിയാകാൻ കാരണമാകുന്ന രീതി അനന്തരാവകാശ ശാസ്ത്രത്തിലുണ്ട്. അവനു الأخ المبارك എന്നു പറയും. (സൗഭാഗ്യ സഹോദരൻ ) 

ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം.

1)രണ്ടു പെൺമക്കൾ
2) മകൻ്റ മകൾ
3) മകൻ്റെ മകൻ

ഇത്രയും പേർ പരേതനുണ്ടാകുമ്പോൾ മകൻ്റെ മകൾക്ക് അവകാശം കിട്ടാൻ കാരണം മകൻ്റെ മകനാണ്. അവൻ സൗഭാഗ്യ ബന്ധുവാണ്. മകൻ്റെ മകൻ ഇല്ലെങ്കിൽ മകൻ്റ മകൾക്ക് അവകാശം ലഭിക്കില്ല.

മകൻ്റെ മകനു കിട്ടുന്നതിൻ്റെ പകുതി മകൻ്റെ മകൾക്കു ലഭിക്കും.

മറ്റൊരു ഉദാഹരണം.

1) രണ്ടു പൂർണ സഹോദരി
2) ഏക പിതാ സഹോദരി
3) ഏക പിതാ സഹോദരൻ

ഇതിൽ ഏക പിതാഹോദരൻ ഉള്ളതുകൊണ്ടാണ് ഏക പിതാ സഹോദരിക്ക് അവകാശം ലഭിച്ചത്. അവൻ സൗഭാഗ്യ ബന്ധുവാണ്.

73) ഫറാഇളിലെ  നിർഭാഗ്യ സഹോദരൻ ആരാണ്?

തൻ്റെ സിനിധ്യം കൊണ്ട് തുല്യസ്ഥാനത്തുള്ള  അവകാശി തടയപ്പെടുന്ന രീതി അനന്തരാവകാശ നിയമത്തിലുണ്ട്. അതിനു الأخ المشئوم ( നിർഭാഗ്യ സഹോദരൻ ) എന്നു പറയും.

ഉദാ:

ഭർത്താവ്
പൂർണ സഹോദരി
ഏക പിതാ സഹോദരി
ഏക പിതാ സഹോദരൻ

ഇതിൽ ഏക പിതാ സഹോദരൻ നിർഭാഗ്യ ബന്ധുവാണ്. താനില്ലായിരുന്നുവെങ്കിൽ ഏക പിതാ സഹോദരിക്ക് ആറിലൊന്ന് (6/1) അംശാവകാശം ലഭിച്ചിരുന്നു. ഏക പിതാ സഹോദരൻ ഉള്ളതുകൊണ്ട് മാത്രം ഏക പിതാ സഹോദരിക്ക് അവകാശം ഇല്ലാതെ പോയി.

മുകളിലെ മസ്അല ഓഹരി ഇങ്ങനെ

ഭർത്താവ്: (പകുതി)

പൂർണ സഹോദരി: (പകുതി)

ഏക പിതാ സഹോദരി: (✖️)

ഏകപിതാസഹോദരൻ: (✖️)

ഏക പിതാ സഹോദരിക്ക് ആറിലൊന്ന് കിട്ടുന്ന രൂപം

ഭർത്താവ്: (പകുതി)

പൂർണ സഹോദരി : (പകുതി)

ഏക പിതാ സഹോദരി: (ആറിലൊന്ന്)

അടിസ്ഥാന മസ്അല ആറാണങ്കിലും ആറിൽ നിന്നു ഏഴിലേക്ക് ഉയർത്തണം.

സ്വത്ത് ഏഴ് ഓഹരി വെക്കണം.

ഭർത്താവിനു (3)
പൂർണ സഹോദരിക്ക് (3)
ഏക പിതാ സഹോദരിക്ക് (1)

(3 + 3+ 1 = 7 )


74) അസ്വ് ല് മസ്അല എന്നതിൻ്റെ വിവക്ഷയെന്ത്?

അവകാശികളുടെ വിഹിതം ഭിന്ന സംഖ്യയില്ലാതെ വീതിക്കാൻ പര്യാപ്തമായ ഏറ്റവും ചെറിയ സംഖ്യ എന്നാണ് أصل المسألة എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിനു ഉത്ഭവസംഖ്യ ,പൊതുഛേദം എന്നൊക്കെ മലയാളത്തിൽ പറയാറുണ്ട്.

അനന്തരാവകാശികൾ എല്ലാവരും ശിഷ്ടാവകാശികളാണെങ്കിൽ (അസ്വബാക്കാർ) അവരുടെ മൊത്തം എണ്ണമാണ് അസ്വ് ല് മസ്അല .

ഉദാ:അവകാശികളായി മൂന്നു ആൺ മക്കൾ മാത്രം. ഇതിൽ അടിസ്ഥാന ഓഹരി മൂന്ന്.

കുടുംബ വഴിക്കുള്ള ആണും പെണും ഒരുമിച്ചു ണ്ടെങ്കിൽ ഒരു ആണിനെ രണ്ടായി പരിഗണിക്കണം. അപ്പോൾ ഒരു മകനും ഒരു മകളുമുള്ള മസ്അലയിൽ സ്വത്ത് മൂന്നു ഓഹരി വെക്കണം. മകനു രണ്ടും മകൾക്കു ഒന്നും

പരേതനു അഞ്ചു സഹോദരങ്ങളും നാലു സഹോദരിമാരും മാത്രമാണ് അവകാശികളെങ്കിൽ പതിനാല് (14) ഓഹരി വെക്കണം. കാരണം ,അഞ്ചു സഹോദരങ്ങളെ പത്തു പേരായി പരിഗണിക്കണമല്ലോ.
   
75) അസ്വ് ൽ മസ്അല എങ്ങനെ കണ്ടെത്തും?

അംശാവികാശികളുള്ള ഏതു രൂപത്തിലും അസ് ൽ മസ്അല ഏഴു അക്കങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും.

രണ്ട് ,
മൂന്ന് ,
നാല് ,
ആറ് ,
എട്ട് ,
പന്ത്രണ്ട് ,
ഇരുപത്തിനാല്.
എന്നിവയാണവ. ഇതിനു مخارج الفروض എന്നു പറയും. 

No comments:

Post a Comment