Thursday 2 July 2020

പ്രായമായവർ ബഹുമാനത്തിനർഹരാണ്




നാം ഇപ്പോൾ ചെറുപ്പമായിരിക്കാം , യുവത്വമായിരിക്കാം നാളെ ഈ പ്രായവും കടന്ന് തൊലികളൊക്കെ ചുളിഞ്ഞ് വാർദ്ധക്യത്തിലേക്ക് എത്തിപ്പെടും. ഈ സമൂഹത്തിന് പ്രായമായവരോട് ഒരു തരം വെറുപ്പ് പോലെയാണ്. എന്തിനു സ്വന്തം മാതാപിതാക്കളെ വരെ പ്രായമായതിന്റെ പേരിൽ നോക്കാൻ വയ്യാതെ വൃദ്ധ സധനങ്ങളിലേക്കു കൊണ്ട് പോയി തെള്ളുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത് . എല്ലാവരുടെയും കാര്യമല്ല ഈ പറയുന്നത് . വൃദ്ധരെ അവരെ ബഹുമാനിക്കേണ്ടുന്ന രീതിയിൽ ബഹുമാനിക്കുകയും , ആദരിക്കുകയും ചെയ്യുന്ന നല്ലൊരു ജന വിഭാഗം നമ്മുടെ ഇടയിൽ ജാതിമത ഭേദമന്യേ നമുക്ക് കാണാൻ സാധിക്കും.

ചെറുപ്പക്കാർക്കാണ് വൃദ്ധന്മാരോട് ഒരുതരം അലർജി. അവരെ കാണുമ്പോൾ കളിയാക്കിയുള്ള കമെന്റും , അവരുടെ രൂപത്തെ പരിഹസിച്ചു കൊണ്ടുള്ള തമാശ കലർന്ന ചിരിയുമെല്ലാം നാം ദൈനം ദിനം കാണുന്നതാണ്. എന്തിന് നാം തന്നെ സ്വയം ഒന്ന് ചിന്തിച്ച് നോക്കുക. നമ്മുടെ കുടുംബത്തിലുള്ള , നമ്മുടെ ഇടയിലുള്ള പ്രായമായവരിൽ നമ്മുടെ സമീപനം എപ്രകാരമാണ് എന്നുള്ളത്. 

മാതൃ ദിനത്തിലും , പിതൃ ദിനത്തിലും, വൃദ്ധ ദിനത്തിലും സോഷ്യൽ മീഡിയകളിൽ സ്നേഹം വാരി വിതറിക്കൊണ്ട് ചിലർ പോസ്റ്റുകൾ ഇടുന്നതു കാണാം. നേരിട്ടറിയാവുന്നവർക്കു ഇവരുടെയൊക്കെ സ്വഭാവവും , മാതാപിതാക്കളോടുള്ള സമീപനവും ഏവർക്കും അറിയാവുന്നതാണ്. സ്നേഹം വേണ്ടത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയും , സോഷ്യൽ മീഡിയകളിലുമല്ല മറിച്ച് നമ്മുടെ ഹൃദയത്തിലും , പ്രവർത്തികളിലുമാണ്.

യാഥാർത്ഥത്തിൽ പ്രായമാകുമ്പോഴാണ് ഒരു മനുഷ്യനോട് ഏറ്റവും കൂടുതൽ ആദരവോടെ പെരുമാറേണ്ടത് . കാരണം വാര്‍ധക്യത്തില്‍ മനുഷ്യന്റെ ശരീരം തളരുന്നു. എല്ലുകള്‍ ദുര്‍ബലമാവുന്നു. തലയില്‍ നര ബാധിക്കുന്നു. വിവിധ തരം രോഗങ്ങള്‍ വന്നുചേരുന്നു. വേദനകള്‍ പൊതിയുന്നു. അങ്ങനെ അയാള്‍ക്ക് ശ്രദ്ധയും പരിചരണവും ദയയും അനിവാര്യമായിത്തീരുന്നു.

പ്രകൃതിയുടെ അനിവാര്യ തേട്ടമാണ് വാര്‍ധക്യം എന്ന് അല്ലാഹു പറയുന്നു: ''അവശമായ അവസ്ഥയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചുതുടങ്ങിയത് അല്ലാഹുതന്നെയാണ്. പിന്നീട് ആ അവശാവസ്ഥക്കു ശേഷം നിങ്ങള്‍ക്കു ശക്തിയേകി. പിന്നെ ആ ശക്തിക്കുശേഷം നിങ്ങളെ അവശരും വയോധികരുമാക്കി. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഒക്കെയും അറിയുന്നവനും എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനുമല്ലോ'' (അര്‍റൂം: 54).  

അല്ലാഹു പറയുന്നു ''അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു. പിന്നീടവന്‍ നിങ്ങളെ മരിപ്പിക്കുന്നു. ചിലര്‍ പടുവാര്‍ധക്യത്തിലേക്കു തള്ളപ്പെടുന്നു അങ്ങനെ, എല്ലാം അറിഞ്ഞതിനുശേഷം ഒന്നും അറിഞ്ഞുകൂടാത്ത അവസ്ഥ പ്രാപിക്കുന്നതിന്. ജ്ഞാനത്തിലും കഴിവിലും അല്ലാഹു മാത്രമാണ് പരിപൂര്‍ണന്‍ എന്നതത്രെ യാഥാര്‍ഥ്യം'' (അന്നഹല്‍:70).

അതുകൊണ്ടായിരിക്കണം അത്തരം ഒരവസ്ഥ വന്നു ഭവിക്കുന്നതില്‍ നിന്ന് പ്രവാചകന്‍ ശരണം തേടിയിരുന്നതും, അങ്ങനെ ശരണം തേടാന്‍ സ്വഹാബിമാരെ പഠിപ്പിക്കുകയും ചെയ്തത്. മുസ്വ്അബ് ബിന്‍ സഅദ് തന്റെ പിതാവായ സഅദ് ബിന്‍ അബീവഖാസ് പറഞ്ഞതായി നിവേദനം ചെയ്യുന്നു:'' പ്രവാചകന്‍ ശരണം തേടാറുണ്ടായിരുന്ന കാര്യങ്ങളില്‍ നിന്ന് നിങ്ങളും ശരണം തേടുക, ''അല്ലാഹുവേ, ഭീരുത്വത്തില്‍ നിന്നും ലുബ്ദില്‍ നിന്നും ഞാന്‍ നിന്നോടു ശരണം തേടുന്നു, അതുപോലെ, പടു വാര്‍ദ്ധക്യത്തിലെത്തുന്നതില്‍ നിന്നും അല്ലാഹുവേ ഞാന്‍ നിന്നോടു ശരണം തേടുന്നു.'' (ബുഖാരി റഹ്: 6374) .

ഇസ്ലാം എന്ന മഹത്തായ ജീവിത രീതി എപ്രകാരമാണ് പ്രായമായവരെ ആദരിക്കാൻ പഠിപ്പിച്ചത് എന്നൊന്ന് പ്രവാചക (സ) ന്റെ അധ്യാപനത്തിലൂടെ കണ്ണോടിക്കാം.

അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: മുസ്‌ലിമായ വൃദ്ധനെ ആദരിക്കല്‍ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുന്നതിന്റെ ഭാഗമാണ്. (തിര്‍മിദി റഹ്)

അനസുബ്‌നു മാലിക് (റ) പറഞ്ഞു: ഒരു വൃദ്ധന്‍ പ്രവാചകനെ (സ) കാണാന്‍ വന്നു. അപ്പോള്‍ കുറച്ചു സാവകാശമാണ് ആളുകള്‍ അദ്ദേഹത്തിനുവേണ്ടി വഴി മാറിക്കൊടുത്തത്. അന്നേരം നബി(സ) പറഞ്ഞു: ചെറിയവരോട് കാരുണ്യവും വലിയവരോട് ബഹുമാനവും കാണിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ല.

നബി ﷺ തങ്ങൾ പറഞ്ഞു : ഒരു വൃദ്ധനെ അയാളുടെ പ്രായത്തിന്റെ പേരില്‍ ബഹുമാനിക്കുന്ന ഒരു യുവാവിന് അയാളുടെ വാര്‍ധക്യത്തില്‍ അയാളെ ബഹുമാനിക്കുന്നവരെ അല്ലാഹു പകരം നല്‍കാതിരിക്കുകയില്ല' 

നബി ﷺ  പറഞ്ഞു:''നമ്മുടെ കൂട്ടത്തിലെ മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മില്‍ പെട്ടവരല്ല.''

അബൂഹുറൈറ(റ) ല്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “വാര്‍ദ്ധക്ക്യം ബാധിച്ച മാതാപിതാക്കളെയോ അവരിലൊരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ കഴിയാത്തവന് നാശം അവന് നാശം അവന് നാശം.”(മുസ്ലിം റഹ് )

പരലോകത്ത് മഹത്തായ പ്രതിഫലവും നേടിത്തരുന്ന വിഷയമായിട്ടാണ് വാര്‍ധക്യത്തെ ഇസ്‌ലാം കണക്കാക്കിയിട്ടുള്ളത്. ഇസ്‌ലാമില്‍ ദുര്‍ബല വിഭാഗങ്ങളോടുള്ള സഹവാസം പൊതുവെ അങ്ങനെയാണ്, അതുകൊണ്ടാണ് പ്രവാചകന്‍ (സ) ഇങ്ങനെ അരുളിയത്. അബുദ്ദര്‍ദാ നിവേദനം ചെയ്യുന്നു. നബി (സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി: ''നിങ്ങളിലെ ദുര്‍ബലരായവരെ നിങ്ങള്‍ എനിക്ക് വേണ്ടി തേടിപ്പിടിക്കൂ, കാരണം നിങ്ങള്‍ക്ക് ഭക്ഷണവും വിഭവങ്ങളും കിട്ടുന്നതും, അതുപോലെ നിങ്ങള്‍ക്ക്  സഹായം ലഭ്യമാകുന്നതുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ അവശരായവര്‍ കാരണമാണ്. 
 
വൃദ്ധന്മാരെ ആദരിക്കുന്നതില്‍ മുഹമ്മദ് നബി (സ) മികച്ച മാതൃകയാണ്. പ്രവാചകന്‍ (സ) ഒരു വൃദ്ധയുടെ ചുമട് വഹിച്ച കഥ പ്രസിദ്ധമാണല്ലോ. അബൂബക്‌റിന്റെ (റ) മകള്‍ അസ്മാഅ് (റ) പറയുന്നു: ഒരിക്കല്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തിയ പ്രവാചകന്റെ (സ) മുന്നിലേക്ക് അബൂബക്ര്‍ (റ) തന്റെ പിതാവിനെ (അബൂഖുഹാഫ) കൊണ്ടു വന്നു. അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: ഇദ്ദേഹത്തെ  വീട്ടിലില്‍ ഇരുത്തിയാല്‍ പോരായിരുന്നോ. ഞാന്‍ അങ്ങോട്ട് വരുമായിരുന്നല്ലോ. അപ്പോള്‍ അബൂബക്ര്‍ (റ) പറഞ്ഞു: തിരുദൂതരേ (സ) , താങ്കള്‍ ഇദ്ദേഹത്തിന്റെ അടുക്കല്‍ ചെല്ലുന്നതിനേക്കാള്‍ പ്രാധാന്യം ഇദ്ദേഹം താങ്കളുടെ അടുക്കല്‍ വരുന്നതിനാണ്. തുടര്‍ന്ന് പ്രവാചകന്‍ (സ) അദ്ദേഹത്തെ തന്റെ മുന്നിലിരുത്തി. അദ്ദേഹത്തിന്റെ നെഞ്ചില്‍ തടവിക്കൊണ്ട് പറഞ്ഞു: താങ്കള്‍ ഇസ്‌ലാം സ്വീകരിക്കുക. അപ്പോള്‍ അദ്ദേഹം മുസ്‌ലിമായി.

അബൂസലമയില്‍ (റ) നിന്ന് നിവേദനം. ഒരിക്കല്‍ സൈദുബ്‌നു സാബിത് (റ) ഒട്ടകപ്പുറത്ത് കയറാന്‍ ഒരുങ്ങിയപ്പോള്‍ ഇബ്‌നു അബ്ബാസ് (റ) ചവിട്ടി (ഒട്ടകപ്പുറത്ത് കയറുമ്പോഴും യാത്ര ചെയ്യുമ്പോഴും കാല്‍ വെക്കുന്ന വസ്തു) പിടിച്ചുകൊടുത്തു. അപ്പോള്‍ സൈദ് (റ) പറഞ്ഞു: പ്രവാചകന്റെ പിതൃവ്യപുത്രാ , മാറി നിന്നേക്കൂ. അപ്പോള്‍ ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ഞങ്ങളിലെ പ്രായമായവരോടും പണ്ഡിതന്മാരോടും ഞങ്ങള്‍ ഇങ്ങനെയാണ് പെരുമാറാറുള്ളത്.

അല്ലാഹുവിനോടുള്ള ആദരവിന്റെ ഭാഗമാണ് വൃദ്ധജനങ്ങളെയും തീവ്രമായ രീതിയിലോ, വരണ്ട രീതിയിലോ അല്ലാതെ ഖുര്‍ആന്‍ പഠിച്ചു കൊണ്ടു നടക്കുന്നവരെ ആദരിക്കലും നീതിമാനായ അധികാരികളെ ആദരിക്കലും. (അബൂദാവൂദ് റഹ് : 4845)

അതേപോലെ ഒരു സദസ്സില്‍ മുതിര്‍ന്നവരെ പരിഗണിക്കൂ, അവര്‍ക്ക് മുന്‍ഗണന നല്‍കൂ എന്ന് നബി (സ) പ്രത്യേകം ആജ്ഞാപിക്കുന്നത് കാണാം (ബുഖാരി റഹ് )

നബി(സ) വല്ല സൈന്യത്തെയും പറഞ്ഞയക്കുമ്പോള്‍ വൃദ്ധന്മാരെ ഒരിക്കലും ആക്രമിക്കരുതെന്നു പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നതായി അനസ് (റ) നിവേദനം ചെയ്യുന്നു. (അബൂ ദാവൂദ്: 2616). സൈന്യത്തെ യാത്രയാക്കുമ്പോള്‍ ഖലീഫമാരും ഇതേ കാര്യം പ്രത്യേകം ഉണര്‍ത്തിയിരുന്നു എന്നു കാണാം. ഇമാം സഈദുബ്‌നുല്‍ മുസയ്യബ് നിവേദനം ചെയ്യുന്നു: ഖലീഫാ അബൂബക്ര്‍ ശാമിലേക്ക് സൈന്യത്തെ നിയോഗിച്ചപ്പോള്‍, അവരോടൊപ്പം ചെന്ന് യാത്രയാക്കുകയുണ്ടായി. എന്നിട്ടവരോട് പല കാര്യങ്ങളും വസ്വിയ്യത്ത് ചെയ്തുകൊണ്ട് പറഞ്ഞ കൂട്ടത്തില്‍ ഇങ്ങനെ പറഞ്ഞു : ഒരു അമ്പലവും നിങ്ങള്‍ തകര്‍ക്കരുത്, അതുപോലെ വൃദ്ധന്മാരെയും, കുട്ടികളെയും ഒന്നും കൊല്ലാനും പാടില്ല. (അസ്സുനനുല്‍ കുബ്‌റാ: 18592)

സലാം പറയുന്നിടത്ത് വരെ മൂപ്പിളമ പരിഗണിക്കണമെന്ന് നബി (സ) പഠിപ്പിക്കുന്നു.

അബൂ ഹുറയ്‌റ നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ചെറിയവര്‍ മുതിര്‍ന്നവരോടും, നടക്കുന്നവന്‍ ഇരിക്കുന്നവനോടും, എണ്ണം കുറച്ചുള്ളവര്‍ എണ്ണം കൂടുതലുള്ളവരോടും സലാം പറയട്ടെ. (ബുഖാരി റഹ് : 6231).

ഒരു അഅ്റാബി നബി (സ്വ) യോട് ചോദിച്ചു:ആരാണ് ജനങ്ങളിൽ ഏറ്റവും നല്ലവർ?

അപ്പോൾ നബി (സ്വ) പറഞ്ഞു:ആയുസ് നീട്ടിക്കിട്ടുകയും പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തവരാണെന്ന്. (ഹദീസ്)

ഏറെക്കാലം ജീവിക്കാൻ അവസരം ലഭിക്കുകയും പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തവർ ഭാഗ്യവാന്മാരാണെന്ന് ചുരുക്കും.

വയസ്സായവര്‍ ഉണ്ടാകുമ്പോള്‍ അവരെ ഏത് കാര്യത്തിലും നാം പരിഗണിക്കാന്‍ ശ്രദ്ധിക്കണം. ഖൈബര്‍ യുദ്ധ സമയത്ത് നബി ﷺ യുടെ മുന്നില്‍ വന്ന് അബ്ദുറഹ്മാനുബ്‌നു സഹല്‍(റ) സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തെക്കാള്‍ പ്രായമുളളവര്‍ ഉണ്ടായിരുന്നു. അപ്പോള്‍ നബി ﷺ  പറഞ്ഞു: ''മുതിര്‍ന്നവര്‍, മുതിര്‍ന്നവര്‍ (മുതിര്‍ന്നവര്‍ സംസാരിക്കട്ടെ).''

ഇമാം ബഗ് വീ (റഹി) പറഞ്ഞു:ഈ ഹദീസിലുളള സൂചന ബഹുമാനിക്കപ്പെടാനും, സംസാരം തുടങ്ങാനുമുളള അവകാശം മുതിർന്നവർക്കാണ് എന്നാണ്.

വെള്ളം കുടിക്കാന്‍ കൊടുക്കുമ്പോള്‍ പോലും ആദ്യം വയസ്സിനു മൂത്തവര്‍ക്ക് നല്‍കിക്കൊണ്ട് തുടങ്ങാന്‍ നബി (സ) നിര്‍ദ്ദേശിച്ചതായി ഇകിരിമ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്തിനധികം, അറബികള്‍ അറാക്കിന്റെ കൊള്ളി ചെത്തിയായിരുന്നു പല്ല് തേക്കാറുണ്ടായിരുന്നത്, അത്തരം കൊള്ളികള്‍ അവരുടെ കൈയില്‍ എപ്പോഴും ഉണ്ടാവും, അങ്ങനെ ഒരിക്കല്‍ തിരുമേനി ദന്ത ശുദ്ധി വരുത്തുമ്പോള്‍ രണ്ട് പേര്‍ തന്റെ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവരിലൊരാള്‍ മറ്റവനെക്കാള്‍ മൂത്തവനായിരുന്നു. അങ്ങനെ തിരുമേനി ഒരു ബ്രഷെടുത്ത് ഇളയവന് നല്‍കി, ഉടനെ മൂത്തവന് നല്‍കാന്‍ ദിവ്യസന്ദേശമുണ്ടായി. ഉടനെ അവിടുന്ന് മൂത്തവന് കൊടുത്തു. (ബുഖാരി റഹ് : 246, അബൂദാവൂദ് റഹ് : 50 ) ഇവിടെയെല്ലാം മുതിര്‍ന്നവരെ എങ്ങനെ പരിഗണിക്കണമെന്നും, ബഹുമാനിച്ചാദരിക്കണമെന്നും പ്രായോഗികമായി പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍ (സ).

സഹാബിവര്യനായ ഖൈസുബ്‌നു ആസ്വിം തന്റെ മക്കളെ വിളിച്ച് തന്റെ മരണശേഷം ശ്രദ്ധിക്കേണ്ട പല വസിയ്യത്തുകളും ചെയ്യുകയുണ്ടായി, കൂട്ടത്തില്‍ പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. അതിങ്ങനെ വായിക്കാം. ഞാന്‍ നമസ്‌കരിക്കുമ്പോള്‍ അണിഞ്ഞിരുന്ന കുപ്പായത്തില്‍ തന്നെ എന്നെ കഫന്‍ ചെയ്താല്‍ മതി, നിങ്ങളിലെ മുതിര്‍ന്നവരെ വേണം  നേതാക്കന്മാരാക്കാന്‍. കാരണം നിങ്ങളില്‍ മുതിര്‍ന്നവരെ നേതൃസ്ഥാനത്ത് അവരോധിച്ചാല്‍ നിങ്ങളുടെ പിതാവിന് ഒരു പിന്‍ഗാമി നിങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കും. എന്നാല്‍ നിങ്ങളില്‍ ഇളയവരെ നിങ്ങള്‍ നേതാക്കളാക്കിയാലോ, നിങ്ങളില്‍ മൂത്തവര്‍ ജനങ്ങളുടെ മുമ്പില്‍ നിസ്സാരന്മാരായി ഗണിക്കപ്പെടും. (ബുഖാരി അദബുല്‍ മുഫ്‌റദില്‍: 953)

ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അബ്‌സീനിയയിലേക്ക് പലായനം ചെയ്തവര്‍ തിരിച്ച് റസൂലിന്റെ അടുക്കല്‍ തിരിച്ചെത്തിയപ്പോള്‍ അവിടുന്ന് ചോദിച്ചു: ''അബ്‌സീനിയായില്‍ നിങ്ങള്‍ കണ്ട വിസ്മയകരമായ കാര്യങ്ങളെപ്പറ്റി  നിങ്ങള്‍ക്കെന്നോട് പറയാനില്ലേ?'' അപ്പോള്‍ കൂട്ടത്തിലെ ചില യുവാക്കള്‍ പറഞ്ഞു:'' ഒരിക്കല്‍ ഞങ്ങളിങ്ങനെ ഇരിക്കവേ, ഒരു കുടത്തില്‍ വെള്ളവും തലയില്‍ ചുമന്ന് കൊണ്ട് ഒരു വൃദ്ധ ഞങ്ങളുടെ അരികിലൂടെ നടന്നുപോയി. അങ്ങനെ അവര്‍ അന്നാട്ടിലെ ഒരു ചെറുക്കന്റെ സമീപത്തുകൂടി പോയപ്പോള്‍ ആ ചെറുക്കന്‍ തന്റെ ഒരു കൈ ആ വൃദ്ധയുടെ ചുമലിലൂടെ ഇട്ടുകൊണ്ട് ഒരൊറ്റ തട്ട് കൊടുത്തു, ഉടനെ ആ വൃദ്ധ മുട്ടുകുത്തി വീഴുകയും കുടം വീണുടയുകയും ചെയ്തു. വീണിടത്തു നിന്ന് എഴുന്നേറ്റു നിന്ന ആ വൃദ്ധ ആ ചെറുപ്പക്കാരന്റെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: എടോ, വഞ്ചകാ, നിനക്ക് തിരിയും, നാളെ അല്ലാഹു സിംഹാസനത്തില്‍ ഉപവിഷ്ടനാവുകയും, എന്നിട്ട് മുന്‍ഗാമികളും പിന്‍ഗാമികളുമായ സകലരെയും ഒരുമിച്ചുകൂട്ടുകയും, അങ്ങനെ തങ്ങള്‍ ചെയ്തു കൂട്ടിയതിനെപ്പറ്റി കൈകാലുകള്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍, അന്ന് നാഥന്റെ മുമ്പില്‍ എന്റെയും നിന്റെയും കാര്യമെന്തായിരിക്കുമെന്ന് നീ അറിയും കെട്ടോ. റസൂല്‍ (സ) പറഞ്ഞു: ശരിയാണവര്‍ പറഞ്ഞത്, വളരെ ശരിതന്നെ, അല്ലെങ്കിലും ശക്തരില്‍ നിന്ന് ദുര്‍ബലര്‍ക്ക് കിട്ടേണ്ടത് കിട്ടാത്ത ഒരു സമുദായത്തെ അല്ലാഹു എങ്ങനെയാണ് പരിശുദ്ധരാക്കുക?! (ഇബ്‌നുമാജ റഹ് : 4010 ).

നബി (സ്വ) ഒരു സ്വപ്നം കണ്ടു,അതിപ്രകാരം വായിക്കാം.ഇബ്നു ഉമർ (റ) വിൽ നിന്ന്; നബി (സ്വ) പറഞ്ഞു:ഞാൻ പല്ല് തേക്കുകയായിരുന്നു. അപ്പോൾ
എന്റെ അടുക്കൽ രണ്ടാളുകൾ വന്നു. അവരിലൊരാൾ മറ്റെ വ്യക്തിയെക്കാൾ മുതിർന്നവനായിരുന്നു.ഞാൻ ആ കൂട്ടത്തിൽ ചെറിയ ആൾക്ക്
സിവാക്ക് കൊടുത്തു.അപ്പോൾ എന്നോട് പറയപ്പെട്ടു:മുതിർന്നയാൾക്ക് കൊടുക്കൂ. (ഹദീസ്)

നബി (സ്വ) പറഞ്ഞു: അല്ലാഹുവിന്റെ മഹത്വത്തിൽ പെട്ടതാണ് നര ബാധിച്ച മുസ്ലിമിനെ ബഹുമാനിക്കുക എന്നുളളത്.

ഇമാം അബൂ യൂസുഫ് (റ) ഉദ്ധരിക്കുന്നു: ഉമറിന്റെ (റ) ഭരണ കാലം. അദ്ദേഹം ഒരിടത്തു കൂടെ നടന്നുപോവുകയായിരുന്നു. അപ്പോഴുണ്ട് ഒരു കാഴ്ച നഷ്ടപ്പെട്ട പടു കിഴവനായ ഒരാള്‍ യാചിക്കുന്നു. അപ്പോള്‍ ഉമര്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടിക്കൊണ്ട് ചോദിച്ചു: താങ്കള്‍ ഏത് വേദക്കാരില്‍പ്പെട്ടയാളാണ്? യഹൂദി. അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: എന്താണ് താങ്കളെ ഈ ഗതിയില്‍ എത്തിച്ചത്? ഈ വയസ്സാം കാലത്ത് ജിസ്‌യ  കൊടുക്കാനും, മറ്റാവശ്യങ്ങള്‍ നിവര്‍ത്തിക്കാനും വകയില്ലാത്തത് കൊണ്ടാണ്. അദ്ദേഹം പറഞ്ഞു. ഉടനെ ഉമര്‍ (റ) അദ്ദേഹത്തിന്റെ കൈയും പിടിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും വീട്ടിലുള്ള എന്തോ ഒന്ന് എടുത്തു കൊടുക്കുകയും ചെയ്തു. എന്നിട്ട് ബൈത്തുല്‍ മാലിന്റെ ചുമതലയുള്ളയാളെ വിളിച്ച് പറഞ്ഞു: ഇദ്ദേഹത്തെയും ഇതു പോലുള്ള മറ്റുള്ളവരെയും ശ്രദ്ധിക്കണം. ആവതുള്ള കാലത്ത് അദ്ദഹത്തെ ഉപയോഗപ്പെടുത്തുകയും വയസ്സായപ്പോള്‍ കൈയൊഴിയുകയും ചെയ്യുക വഴി നാം അദ്ദേഹത്തോട് നീതി കാണിച്ചില്ല. സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അവകാശപ്പെട്ടതാണ.് (അത്തൗബ: 60 ). ദരിദ്രരെന്നതു കൊണ്ട് മുസ്‌ലിംകളില്‍പ്പെട്ടവരാണുദ്ദേശ്യം. ഇദ്ദേഹമാകട്ടെ വേദക്കാരില്‍പ്പെട്ട അഗതിയാണ്, അങ്ങനെ അദ്ദേഹത്തിനും തത്തുല്ല്യരായവര്‍ക്കും ജിസിയ ഒഴിവാക്കിക്കൊടുത്തു. സംഭവം ഉദ്ധരിച്ച അബൂബക്കര്‍ എന്ന നിവേദകന്‍ പറയുകയാണ്, ഞാനതിന് സാക്ഷിയാണ്, ആ വൃദ്ധനെ ഞാന്‍ കണ്ടതുമാണ്. (അല്‍ ഖറാജ്: 259).

ഹമീദ്ബ്നു സഞ്ചവൈഹി (റഹി) പറഞ്ഞു:ഒരാൾക്ക് തന്റെ പിതൃവ്യനെ ബഹുമാനിക്കൽ നിർബന്ധമാണ്,അയാൾ തന്നെക്കാൾ പ്രായം കുറഞ്ഞവനാണെങ്കിൽ പോലും.

ഒരു സ്ത്രീ തന്റെ മാതൃ സഹോദരിയെയും ബഹുമാനിക്കണം.അവൾ ഇവളെക്കാൾ ചെറുതാണെങ്കിലും.കാരണം പിതൃവ്യൻ പിതാവാണ്.
മാതൃ സോഹദരി മാതാവും.

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നബി (സ്വ) പറഞ്ഞു:ബർക്കത്ത് നിങ്ങളിലെ മുതിർന്നവരോടൊപ്പമാണ്.അവർക്ക് വേണ്ടി പ്രാർത്ഥിക്കുക

മാലിക്ബ്നു ഹുവൈരിസ് (റ) പറഞ്ഞു: ഞാൻ എന്റെ ജനതയിൽപെട്ട ഒരു സംഘത്തോടൊപ്പം നബി (സ്വ) യുടെ അടുക്കൽ ചെന്നു.ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ഇരുപത് രാത്രി താമസിച്ചു.അദ്ദേഹവും കാരുണ്യവും അനുകമ്പയുമുളളവനായിരുന്നു.ഞങ്ങളുടെ കുടുംബത്തോടുളള
ഞങ്ങളുടെ താൽപര്യം കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ മടങ്ങുക,നിങ്ങൾ നിങ്ങളുടെ കുടുംബത്തോടൊപ്പമായിരിക്കുക,അവരെ പഠിപ്പിക്കുക,നമസ്കരിക്കുക, നമസ്കാര സമയമായാൽ നിങ്ങളിൽ ഒരാൾ നിങ്ങൾക്ക് വേണ്ടി ബാങ്ക് വിളിക്കട്ടെ,നിങ്ങളിൽ മുതിർന്നവൻ
ഇമാം നിൽക്കട്ടെ (ഹദീസ്)

ഇമാം ബഗ് വി (റഹി) പറഞ്ഞു:ഒരു സമൂഹം ഒരുമിച്ചു കൂടിയാൽ നേതാവാണ് മുൻകടക്കാൻ അവരിൽ ഏറ്റവും അർഹൻ,പിന്നെ പണ്ഡിതൻ, പിന്നെ അവരുടെ കൂട്ടത്തിൽ ഏറ്റവും പ്രായം ചെന്നവൻ,ഒരു പണ്ഡിതന് തന്റെ പിതാവിനെയോ മുതിർന്ന സഹോദരനെയോ മുൻകടക്കാൻ പാടില്ല. കാരണം അവർക്ക് പിതാവിന്റെയും മുതിർന്ന സഹോദരന്റെയും അവകാശങ്ങൾ ഉണ്ട്.

നബി (സ്വ) പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ നര ബാധിച്ച ഒരു വ്യക്തിക്ക് അന്ത്യനാളിൽ പ്രകാശമുണ്ടായിരിക്കും, (അഹ്മദ് റഹ് )

ഇബ്നു കസീർ (റ) പറഞ്ഞു: നാൽപ്പത് വയസ്സ് എത്തിയവർ തൌബ പുതുക്കുകയും അല്ലാഹുവിലേക്ക് മടങ്ങുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യേണ്ടതാണ് .

ഇബ്നു അബിദ്ദുൻയാ പറഞ്ഞു:സുലൈമാനുബ്നു അബ്ദുൽ മലിക് പളളിയിൽ പ്രവേശിച്ചു. അപ്പോൾ ഒരു വൃദ്ധനെ കണ്ടു. അയാളെ വിളിച്ചു
ചോദിച്ചു: താങ്കൾ മരണത്തെ ഇഷ്ടപ്പെടുന്നുണ്ടോ?അയാൾ പറഞ്ഞു: ഇല്ലാ,
എന്തു കൊണ്ട് എന്നു ചോദിച്ചു.

അദ്ദേഹം പറഞ്ഞു: യുവത്വവും അതിന്റെ തിന്മയും പോയി.വാർദ്ധക്യവും അതിന്റെ നന്മയും വന്നു.ഞാൻ എഴുന്നേറ്റാൽ ബിസ്മില്ലാഹ് എന്നു പറയും.
ഇരുന്നാൽ അൽ ഹംദുലില്ലാഹ് എന്നും. ഇത് നില നിൽക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

മുസ്‌ലിം അമുസ്‌ലിം വിവേചനമില്ല, ജനാസ സംസ്‌കരണത്തില്‍ പോലും. അലി(റ) നിവേദനം ചെയ്യുന്നു: അബൂത്വാലിബ് മരണപ്പെട്ടപ്പോള്‍ ഞാന്‍ നബി (സ) യുടെ അടുത്തുചെന്ന്, താങ്കളുടെ വയോധികനായ പിതൃവ്യന്‍ മരണപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു. അന്നേരം അവിടുന്ന് എന്നോട് പറഞ്ഞു: നീ ചെന്ന്, അദ്ദേഹത്തിന്റെ ജനാസ മറവു ചെയ്യുക. ഞാന്‍ പറഞ്ഞു: ഏയ്, ഞാന്‍ മറവു ചെയ്യില്ല, അദ്ദേഹം മുശ്‌രിക്കായിട്ടാണ് മരിച്ചത്. അപ്പോള്‍ തിരുമേനി പറഞ്ഞു: ചെന്ന് മറവു ചെയ്യൂ, എന്നിട്ട് ഉടനെ തന്നെ നേരെ ഇങ്ങോട്ട് വാ. അങ്ങനെ ഞാന്‍ പോയി മറവുചെയ്തു, മണ്ണിന്റെയും പൊടിയുടെയും പാടോടുകൂടി തന്നെ ഞാന്‍ പ്രവാചക സന്നിധിയില്‍ ചെന്നു. അന്നേരം അവിടുന്ന് എന്നോട് കുളിക്കുവാന്‍ ആജ്ഞാപിക്കുകയും ഞാന്‍ പോയി കുളിക്കുകയും ചെയ്തു. കൂടാത എനിക്കു വേണ്ടി അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു, ഭൂലോകത്തുള്ള സര്‍വതും എനിക്ക് കിട്ടുന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്ന പ്രാര്‍ഥനകളായിരുന്നു അത്. ( സില്‍സിലത്തുല്‍ അഹാദീസിസ്സഹീഹ: 161, 1/253)

ഹിജ്‌റ 855-ല്‍ മരണപ്പെട്ട, ഇമാം ബദ്‌റുദ്ദീനില്‍ ഐനി പറയുന്നു: ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ മദ്ഹബിന്റെ ഇമാമുകള്‍ പറഞ്ഞു: ഒരു മുസ്‌ലിമിന്റെ കാഫിറായ ബന്ധു മരണപ്പെട്ടാല്‍ അയാളെ കുളിപ്പിക്കുകയും മറവു ചെയ്യുകയും ചെയ്യേണ്ടതാണ്. ഹിദായ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് പറഞ്ഞു: ഒരു അവിശ്വാസി മരണപ്പെട്ടു, അയാള്‍ക്ക് മുസ്‌ലിമായ ഉറ്റ ബന്ധു  ഉണ്ട്. എങ്കിലയാള്‍ ഈ മയ്യിത്ത് കുളിപ്പിക്കുകയും, കഫന്‍ ചെയ്യുകയും, മറവു ചെയ്യുകയും ചെയ്യേണ്ടതാണ്. അബൂത്വാലിബിന്റെ വിഷയത്തില്‍ അലി (റ) യോട് തിരുമേനി നിര്‍ദ്ദേശിച്ചതും അതാണ്. (അല്‍ഇനായ ശറഹുല്‍ഹിദായ : 3/9, മയ്യിത്ത് നമസ്‌ക്കാരം എന്ന അധ്യായം)

പ്രായമായവരെ പരിചരിക്കുന്നതിന് വിവിധ ഭാവങ്ങളുണ്ട്. അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുക,അവരുമായി സംസാരിക്കുക, അവരുടെ കഥകളും അനുഭവങ്ങളും കേള്‍ക്കുക, അവരെ പരിചരിക്കുക, അല്ലെങ്കില്‍ അവരെ പരിചരിക്കാന്‍ യോഗ്യരായവരെ ലഭ്യമാക്കുക, പ്രായമായവര്‍ക്ക് വേണ്ടി പണം ചെലവഴിക്കുക, പണം ചോദിച്ചുവാങ്ങാന്‍ അവരെ നിര്‍ബന്ധിതരാക്കാതിരിക്കുക, അവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുക, അവര്‍ക്ക് ആശ്വാസം നല്‍കുക, അവരുടെ അവസ്ഥക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുക, അവര്‍ക്ക് ചികില്‍സ നല്‍കുക തുടങ്ങിയവ അതില്‍ പെട്ടതാണ്. സ്‌നേഹവും വാല്‍സല്യവും നല്ല സംസാരങ്ങളും ഏറെ ആവശ്യമുള്ളവരാണ് വാര്‍ധക്യം പ്രാപിച്ചവര്‍. ചില കാര്യങ്ങളിലെങ്കിലും അവരുമായി കൂടിയാലോചന നടത്തുന്നതും പേരക്കുട്ടികളുടെ ശിക്ഷണത്തില്‍ അവരെ പങ്കാളികളാക്കുന്നതും സമൂഹത്തിലും കുടുംബത്തിലും അവരുടെ ദൗത്യത്തിന്റെ പ്രധാന്യം അവരെ ബോധ്യപ്പെടുത്തും. ഇതെല്ലാം മുതിര്‍ന്നവരോടുള്ള ആദരവിന്റെയും അവരെ മാനിക്കുന്നതിന്റെയും അംഗീകരിക്കുന്നതിന്റെയും ഗണത്തില്‍ പെടുന്നു.

''വാര്‍ദ്ധക്യം എന്നത് ഓര്‍ക്കാന്‍ പോലും ഭയം തോന്നുന്ന ഒന്നായി മാറുന്ന അവസ്ഥയെപ്പറ്റി.'' ഒരു കവി ഇങ്ങനെ കുറിക്കുന്നു".

മുന്തിരി വിളയുമീ യൗവ്വനം

കരിഞ്ഞിരുന്നാല്‍ കാണുമോ

ചേലിന്‍ മുഖ ഭംഗി ....

സുഖ സൗഖ്യം നല്‍കുമീ

പ്രാന്ത ഭൂവില്‍ ...

തുണകള്‍ ആയിരമായിരം ...

വാര്‍ധക്യം തേടിവരുമോ?

ഭയാനകം നിറഞ്ഞ നാളുകള്‍

സമ്മാനിക്കാന്‍ ...

വൃദ്ധ സദനമോ ആതുരലായങ്ങളോ?

മരണമെന്ന സൗഭാഗ്യം

ആഗ്രഹം തോന്നുമീ നാളുകള്‍

തുണ ഈശ്വരന്‍ മാത്രം ...

No comments:

Post a Comment