Tuesday, 26 February 2019

ഹൈള് ഉള്ള സമയത്ത് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വിധിയെന്ത്



ഹൈള് സമയത്തു അറിഞ്ഞു കൊണ്ട് ഭാര്യ ഭർതൃ ബന്ധത്തിൽ ഏർപ്പെടൽ വൻ കുറ്റത്തിൽ പെട്ടതാണ് . അത് കടുത്ത ഹറാമുമാണ് .

ഇനി അറിയാതെ ആണെങ്കിൽ അല്ലാഹു പൊറുക്കപ്പെടുന്ന തെറ്റാണത് . പക്ഷെ ആ ചെയ്ത തെറ്റിന്റെ പേരിൽ എന്തെങ്കിലും സ്വദക്ക കൊടുക്കൽ സുന്നത്താണ്. .
ആരാണോ അറിഞ്ഞത് അവർക്കാണ് തെറ്റുള്ളത് .( അതായതു ഭാര്യക്ക് മെൻസസ് ആണെന്ന് അറിയാം , ഭർത്താവു അറിഞ്ഞുമില്ല )

മറ്റൊരു വിഷയം ഈ സമയം മുട്ട് പൊക്കിളിന്റെ ഇടയിലുള്ള സുഖങ്ങൾ ആണ് ഹറാം ആക്കിയിട്ടുള്ളത് . ആലിംഗനം പോലെയുള്ള മറ്റു കാര്യങ്ങൾക്കും , ഒരുമിച്ചുറങ്ങുന്നതിനും ഒക്കെ തെറ്റില്ല .

മുട്ട് പൊക്കിളിന്റെ ഇടയിലുള്ള സുഖം ഹറാം ആക്കിയത് , ആ സന്ദർഭത്തിൽ അറിയാതെ ലൈംഗിക ബന്ധത്തിലേക്ക് വഴുതിപ്പോകാം എന്നതിനാലാണ് .

ജുമുഅ നിസ്കരിക്കാൻ പള്ളിയിൽ പോയാൽ പള്ളിയുടെ പുറത്ത് നിസ്കരിച്ചാൽ സ്വഹീഹാകുമോ



 ജുമുഅ നിസ്‌കാരത്തിന് ജമാഅത്തു ഷർത്താണ് . ജമാഅത്തായി നിസ്‌ക്കരിച്ചാൽ മാത്രമേ ജുമുഅ സ്വഹീഹ് ആകുകയുള്ളു . മറ്റു നിസ്‌കാരങ്ങൾ ഒറ്റയ്ക്ക് നിസ്‌ക്കരിച്ചാലും ആ നിസ്‌കാരങ്ങൾ സ്വീകാര്യമാണ്. ഇനി നിസ്‌കാര പള്ളിയിൽ ജുമുഅ നടക്കുമ്പോൾ പുറത്തേക്കു നിക്കുന്നവരെ കാണാൻ പറ്റാത്ത രീതിയിൽ അല്ലെങ്കിൽ അവർക്കു തുടർച്ച കിട്ടാത്ത രീതിയിൽ ആ പള്ളിയുടെ വാതിലുകളും , ജനലുകളുമെല്ലാം പൂട്ടപ്പെട്ടതാണെങ്കിൽ വെളിയിൽ നിന്ന് നിസ്‌ക്കരിക്കുന്നവർക്കു ജുമുഅ ലഭിക്കുകയില്ല . പിന്തുടർച്ച ലഭിക്കുന്ന രീതിയിൽ വാതിലോ , ജനലോ , അല്ലെങ്കിൽ അതിനു വേണ്ടി നിർമ്മിച്ച എന്തെങ്കിലും പഴുതുകളോ തുറന്നിട്ടതാണെങ്കിൽ ജുമാ നിസ്ക്കാരം സ്വഹീഹാണ് .

കള്ള് കുടിച്ച് ത്വലാക്ക്‌ ചൊല്ലിയാൽ സംഭവിക്കുമോ?



അധികം ദേശ്യം പിടിച്ച കാരണത്താൽ പരിസരബോദം നഷ്ടപ്പെട്ടവന്റെ ത്വലാക്ക് സംഭവിക്കുമോ..?

അതിക്രമമായി ലഹരി വസ്തുതുക്കൾ ഉപയോഗിച്ചവരുടെ ത്വലാഖ് പരിഗണിക്കുന്നതാണ്.(ഫത്‌ഹുൽ മുഈൻ 392 )

കോപമുള്ളവൻറെ ത്വലാഖ് സാധുവാകുമെന്ന് പണ്ഡിതന്‍മാർ ഏകോപിച്ച് പറഞ്ഞിരിക്കുന്നു.(ഫത്‌ഹുൽ മുഈൻ 392 )

അവയവമാറ്റത്തിന്റെ വിധി



കൈകാലുകൾ തൊട്ടു ഹൃദയം വരെ മാറ്റിവെച്ചു കൊണ്ടുള്ള ശസ്ത്രക്രിയ ഇന്നു വൈദ്യശാസ്ത്രത്തിലെ സാധാരണ സംഭവമാണ്‌. ഇതിനെ തുടർന്നു വൃക്ക മോഷണം, വിൽപ്പന തുടങ്ങി പല നെറികേടുകളും നടമാടുന്നുമുണ്ട്‌. എന്നാൽ ഒരാളുടെ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന്റെ വിധിയെന്ത്‌? ഇതു മനുഷ്യരുടെയും ഇതരജീവികളുടെയും തമ്മിൽ വ്യത്യാസമുണ്ടോ?

അവയവം മാറ്റി വെക്കലും കൂട്ടിച്ചേർക്കലും നിർബന്ധ സാഹചര്യത്തിൽ അനുവദനീയമാണ്‌. ഇതരമനുഷ്യരുടേതും മറ്റു ജീവികളുടെതും വ്യത്യാസമുണ്ട്‌. അവയവമാറ്റത്തിനുള്ള ക്രമം ഇപ്രകാരമാണ്‌.

ഇതരജീവികളുടെ അവയവം അനുയോജ്യവും ഫലപ്രദവുമാകുന്നിടത്തു മനുഷ്യരുടെ അവയവത്തിലേക്കു നീങ്ങാവതല്ല. ഫലപ്രദമായ ആ ജീവികളുടെ അവയവമെടുത്താണു മാറ്റി വെക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതും. ഇതിൽ തന്നെ ശുദ്ധിയുള്ള ജീവികളുടെ അവയവത്തിനാണു മുൻഗണന. അതു ലഭിക്കാതിരിക്കുകയോ ഫലപ്രദമല്ലാതിരിക്കുകയോ ചെയ്യുമ്പോഴാണു നജസായ അവയവങ്ങളിലേക്ക്‌ നീങ്ങേണ്ടത്‌. ഈ നജസുമാത്രമേ ഫലപ്രദമുള്ളൂവെന്നു വിശ്വസ്ഥനായ ഒരു ഡോക്ടർ അഭിപ്രായപ്പെടുമ്പോൾ മാത്രം നജസുകളിൽ തന്നെ നായ, പന്നി എന്നിവയല്ലാത്ത നജസുകളിലേക്കാണ്‌ ആദ്യം നീങ്ങേണ്ടത്‌. ഗത്യന്തരമില്ലാതെ വന്നാൽ മാത്രമേ നായയുടേയും പന്നിയുടേതുമാകാവൂ. ഇതൊന്നും ഫലപ്രദമല്ലാത്ത ഘട്ടത്തിലാണു മനുഷ്യരുടെ അവയവം തന്നെ മാറ്റി വെക്കാവൂ. (തുഹ്ഫ: ശർവ്വാനി സഹിതം 2-125, 126)

സംയോഗ വേളയിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ



ഞങ്ങളുടെ ഇളയ കുഞ്ഞു മുലകുടിക്കുന്ന പ്രായമാണ്‌. രണ്ടു വർഷമെങ്കിലും മുലപ്പാൽ ലഭിച്ചില്ലെങ്കിൽ കുഞ്ഞിന്റെ ആരോഗ്യ കാര്യത്തിൽ ആശങ്ക. അതിനാൽ, ഈ മുലയൂട്ടൽ കാലത്തു ഗർഭിണിയാകതിരിക്കാൻ സംഭോഗ വേളയിൽ ചില നിയന്ത്രണങ്ങൾ വരുത്താനോ ശുക്ലസ്രാവത്തിന്റെ കാര്യത്തിൽ ചില വളഞ്ഞ മാർഗ്ഗങ്ങൾ സ്വീകരിക്കാനോ പറ്റുമോ? മതദൃഷ്ട്യാ അനുവദനീയമാണോ?


ഉത്‌പാദന ശേഷി നശിപ്പിക്കുന്ന വിധമല്ലാതെ ഗർഭത്തിനു കാലവിളംബം വരുത്തുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതു ഹറാമില്ല. പ്രശ്നത്തിലുന്നയിച്ച പോലെ മുലയൂട്ടുന്ന കുഞ്ഞിനെ സുരക്ഷിതമായി വളർത്തുക പോലുള്ള ന്യായമായ കാരണങ്ങളുടെ പേരിലാണെങ്കിൽ ഇതു കറാഹത്തില്ല. ഇല്ലെങ്കിൽ കറാഹത്താണ്‌. (ശർവ്വാനി:8-24).

ഇതു നിയമത്തിന്റെ വശം. കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതും ഗർഭപാത്രത്തിൽ കുഞ്ഞിനെ സൃഷ്ടിക്കുന്നതുമെല്ലാം സൂക്ഷ്മമായ പ്ലാനോടു കൂടി സർവ്വശക്തനായ റബ്ബു നടത്തുന്നതാണെന്ന് ഓർമ്മയിരിക്കട്ടെ.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ പ്രശ്നോത്തരം ഭാഗം 1, പേജ്‌: 63)

ഇവിടെ ചില സ്ഥലങ്ങളില്‍ മയില്‍പ്പീലി മുസ്ഹഫിൻറെ ഇടയില്‍ വെക്കുന്നത് കാണുന്നു. ഇത് ശരിയാണോ മയില്‍പ്പീലി നജസല്ലേ?



ഭക്ഷിക്കപ്പെടുന്ന ജീവികളുടെ തൂവലും രോമവും അവയുടെ ജീവിതകാലത്തും അറുക്കപ്പെട്ട ശേഷവും വേർപ്പെട്ടതാണെങ്കിൽ ശുദ്ധിയാണ്. മയില്‍ ഭക്ഷിക്കാൻ പറ്റുന്ന ജീവിയല്ല. അതിനാല്‍ മയില്‍പ്പീലി നജസാണ്.
(ഫത്‌ഹുൽ മുഈൻ -34)

ചത്ത മൃഗങ്ങളെ കാഫിറുകൾക്കു ഭക്ഷിക്കാൻ നൽകാമോ



മുസ്ലിമിന് ശവം നൽകാൻ പറ്റാത്തത് പോലെ കാഫിറിനും നൽകാൻ പറ്റില്ല. പക്ഷികള്‍ക്കും മൃഗങ്ങൾക്കും നൽകാം

ഫത്‌ഹുൽ മുഈൻ ( പേജ് 144)

മുഹർറം പത്തിനു ഭക്ഷണ വിശാലത



മുഹർറം പത്തിന്റെ നാളിൽ ( ആശുറാ) ഭാര്യമക്കൾക്ക് ഭക്ഷണാതികളിൽ വിശാലമാക്കിക്കൊടുക്കൽ അജ്ഞാതമല്ലാത്ത സുന്നത്താണെന്നു നമ്മുടെ നാട്ടിൽ ഒാതിവരുന്ന നുബാത്തിയ്യ ഖുതുബയിലുണ്ടല്ലോ.( വത്തൗസിഅത്തു ഫീഹി....) എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും ശിയാക്കളുടെ ജല്പനമാണെന്നും ചിലർ പറയുന്നു.അങ്ങനെയെങ്കിൽ ഈ അബദ്ധജഡിലമായ വിശ്വാസമാണോ ശ്രോതാക്കൾക്ക് അറബിയറിയിെല്ലങ്കിലും ഖതീബുമാർ പള്ളി മിമ്പറുകളിൽ കയറി വിളിച്ചു പറയുന്നത്.?! ഇത് തിരുത്തേണ്ടതല്ലേ.? അതല്ലെങ്കിൽ മേൽ പ്രകാരം ഒരു ഭക്ഷണവിശാലതയുടെ സുന്നത്ത് ഫിഖ്ഹിന്റെ കിതാബുകളിലെവിടെങ്കിലും തെളിയിക്കാമോ.?

ആശുറാ നാളിൽ തന്റെ ആശ്രിതർക്ക് ഭക്ഷണ വിശാലത നല്കൽ സുന്നത്താണെന്നും ആ വർഷം മുഴുക്കെ അള്ളാഹുവിൽ നിന്ന് ഭക്ഷണ വിശാലത ലഭിക്കാനാണ് ഇതെന്നും ഇമാം കുർദി തന്റെ അൽഹവാശിൽ മദനിയ്യ: ( 2 - 131) യിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.ഹസനായ ( പ്രമാണയോഗ്യം) ഹദീസിൽ അങ്ങനെയുണ്ടന്നും അദ്ദേഹം സമർത്ഥിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച ഹദീസുകളെല്ലാം ഇബ്നുൽ ജൗസി മൗളൂഅ് ( പ്രമാണിക്കാൻ പറ്റാത്തത്) എന്നു വിധി കല്പിച്ചിട്ടുണ്ടെങ്കിലും അതു ശുദ്ധ പിഴവാണെന്നു പ്രസിദ്ധ ഹദീസ് നിരൂപകനായ അസ്സെനുൽ ഇറാഖീ (റ) പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നു നാസിറുദ്ദീൻ എന്ന മുഹദ്ദിസും ഇറാഖിയും അവയിൽ പല ഹദീസുകളും സ്വഹീഹാണെന്നു തന്നെ സമർത്ഥിച്ചിട്ടുണ്ട്. ഇനി ഹദീസുകളെല്ലാം ളഈഫാണെന്നു വന്നാലും നിവേദക പരമ്പര ( സനദ്) ചിലത് ചിലതിനെ ശക്തിപ്പെടുത്തുമെന്നതു കൊണ്ട് അത്തരം ഹദീസുകൾ പ്രമാണയോഗ്യമാണെന്നതു സുവിദിതമാണല്ലോ. ശർവാനി 3 - 455 നോക്കുക.

ഇവ്വിധം അടിസ്ഥാനമുള്ളതുകൊണ്ടാണ് ഇബ്നുനുബാത്തതൽ മിസ് രി (റ) യുടെ ഖുതുബയിലെ പ്രശ്നത്തിലുന്നയിച്ച വാക്യം അറബു ഭാഷ തിരിയുന്ന ഖതീബുമാർ പള്ളി മിമ്പറുകളിൽ നിന്നുകൊണ്ടു തന്നെ ഉറക്കെ പ്രഖ്യാപിക്കുന്നത്.ശ്രോതാക്കൾ അറബു പഠിക്കാത്തതു കൊണ്ട് ഖതീബുമാരെന്തു ചെയ്യാൻ.!! അതിനാൽ അതു തിരുത്തേണ്ടതല്ല.തുടരേണ്ടതാണ്.

സംഘം ചേർന്ന് ഭക്ഷണം കഴിക്കുമ്പോൾ തുടങ്ങുമ്പോളുള്ള ബിസ്‌'മി ഉറക്കെച്ചൊല്ലണമെന്നും ആഹരിച്ച ശേഷമുള്ള ഹംദ്‌ പതുക്കെയാക്കണമെന്നും പറയുന്നതിന്റെ ന്യായമെന്ത്‌?



ആരംഭത്തിൽ ബിസ്‌'മി ഉറക്കെ ചൊല്ലുന്നത്‌ ആ സുന്നത്ത്‌ നിർവ്വഹിച്ചുവെന്നോ നിർവ്വഹിക്കണമെന്നോ സഹതീറ്റക്കാരെ ഉണർത്തുന്നതിനാണ്‌. തിന്നൽ കഴിഞ്ഞ്‌ ഹംദ്‌ ചൊല്ലുമ്പോൾ തൽസമയം തീറ്റ മതിയാകാത്തവരും കൂട്ടത്തിലുണ്ടാവും. അവരെ അത്‌ കേൾപ്പിക്കുന്നത്‌ വിഷമകരമാവും. ഇത്‌ കൊണ്ടാണ്‌ ഹംദ്‌ പതുക്കെ ചൊല്ലൽ സുന്നത്തായത്‌. നേരെമറിച്ച്‌ കൂട്ടുകാരെല്ലാം തന്നെപ്പോലെ തീറ്റ നിറുത്തിയിട്ടുണ്ടെന്നറിഞ്ഞാൽ ഹംദിനെയും ഉറക്കെയാക്കൽ സുന്നത്താണ്‌. മറ്റുള്ളവരും അത്‌ ചൊല്ലാൻ ഉണർത്തുന്നതിനായി. (ഫതാവ കുബ്‌'റാ 4-117.)

ചെറിയ കുട്ടികളെ എടുത്തു ത്വവാഫ് ചെയ്യുന്ന സമയത്ത് കുട്ടികള്‍ മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്താല്‍ നജസ് ചുമന്നുകൊണ്ട് ത്വവാഫ് ചെയ്യുന്നത് പോലെയല്ലേ? അത് കൊണ്ട് ത്വവാഫ് ഫാസിദ് ആകുമോ?



ത്വവാഫിലും നിസ്കാരത്തിലെ പോലെ തന്നെ, ശരീരവും വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണമെന്നാണ് നിയമം. അത് കൊണ്ട് തന്നെ, നജസുള്ള ചെറിയ കുട്ടികളെ എടുത്ത് ത്വവാഫ് ചെയ്താല്‍ ആ ത്വവാഫ് ശരിയാവില്ലെന്നതാണ് പ്രബലാമായ അഭിപ്രായം

വുളുഅ് എടുത്ത ശേഷം നജസുള്ള വസ്ത്രമോ മറ്റോ തൊട്ടാല്‍ വുളൂ മുറിയുമോ? നിസ്കാരത്തിൽ ഒരു അമുസ്‌ലിം വസ്ത്രത്തിലോ ശരീരത്തിലോ തൊട്ടാൽ നിസ്കാരം ബാതിലാകുമോ?



നജസ് സ്പര്‍ശിച്ചത് കൊണ്ടോ അവിശ്വാസിയായ മനുഷ്യനെ തൊട്ടത് കൊണ്ടോ വുളൂ മുറിയുകയില്ല. നിസ്കരിക്കുന്നതിനിടെ അമുസ്‌ലിം സ്പര്‍ശിച്ചത് കൊണ്ട് മാത്രം നിസ്കാരം ബാതിലാവുകയില്ല. എന്നാല്‍, ശരീരത്തിലോ വസ്ത്രത്തിലോ ഒക്കെ നജസ് ഉള്ളവര്‍ നിസ്കരിക്കുന്നവനെ പിടിക്കുകയോ നിസ്കരിക്കുന്നവന്‍ അത്തരക്കാരെ പിടിക്കുകയോ ചെയ്താല്‍ നിസ്കാരം ബാതിലാവുന്നതാണ്. പിടിക്കുന്നതിലൂടെ നജസുമായി ബന്ധപ്പെട്ടതിനെ ചുമക്കുക എന്ന വിധിയാണ് ബോധകമാവുക, കേവല സ്പര്‍ശനത്തില്‍ അത് ബാധകമല്ല താനും. ചേലാകര്‍മ്മം ചെയ്യാത്തവരുടെ ശരീരത്തില്‍ നജസ് ഉണ്ടാവാമെന്നതിനാല്‍ അവിശ്വാസിയും ആ ഗണത്തില്‍ പെടുന്നതാണ്.

വസ്ത്രത്തില്‍ നജസ് ഉണ്ടെന് സംശയിച്ചു പക്ഷെ ഉറപ്പില്ല അത് പോലെ മനിയ്യു പുറപെട്ടു എന് സംശയിച്ചു പക്ഷെ ഉറപ്പില്ല ഇങ്ങിനെ വരുമ്പോള്‍ ഉറപില്ലതത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ നിന്നു വൃത്തിയാകാതെ നിസ്കരിച്ചാല്‍ നിസ്കാരം സഹീഹകുമോ ?



വസ്തുക്കള്‍ പൊതുവേ അടിസ്ഥാന പരമായി ശുദ്ധിയുള്ളതാണ്. അതിനാല്‍ അത് അശുദ്ധമായി എന്നുറപ്പില്ലാത്ത കാലത്തോളം ശുദ്ധിയുള്ളതായി കണക്കാക്കണം. വസ്ത്രത്തില്‍ നജസായോ എന്നു സംശയിച്ചാല്‍ ആ സംശയത്തിനു പ്രസക്തിയില്ല. എന്നാല്‍ വസ്ത്രത്തില്‍ നജസായി എന്നുറപ്പുണ്ടായിരുന്നു. ആ നജസ് വൃത്തിയായോ എന്നു സംശയിച്ചാല്‍ അത് നജസുള്ളതായി തന്നെ കണക്കാക്കണം.

സ്വപ്നത്തിലോ മറ്റോ സ്ഖലനമുണ്ടായതായി സംശയിക്കുകയും മനിയ്യു കാണാതിരിക്കുകയും ചെയ്താല്‍ സ്ഖലനമുണ്ടായിട്ടില്ലെന്നു ഗണിക്കണം. വസ്ത്രത്തിലോ വിരിപ്പിലോ മനിയ്യു കാണുകയും അതു മറ്റാരുടേതാവാന്‍ സാധ്യതയുമില്ലെങ്കില്‍ സ്ഖലനമുണ്ടായതായി കരുതണം. സ്ഖലനമുണ്ടായതായി അനുഭവപ്പെട്ടില്ലെങ്കിലും ശരി. മറ്റാരുടേതോ ആവാന്‍ സാധ്യതയുണ്ടോങ്കില്‍ സ്ഖലനമുള്ളതായി കരുതേണ്ടതില്ല. സ്ഖലനമുണ്ടായതായി കരുതിന്നിടത്തെല്ലാം കുളിക്കല്‍ നിര്‍ബന്ധമാണ്.

ശുദ്ധിയാവാന്‍ പറ്റാത്ത അവസ്ഥയില്‍ ഖുര്‍ആനില്‍ നജസായാല്‍ എന്ത് ചെയ്യണം?



ശുദ്ധിയാവാന്‍ സാധ്യമാവാത്ത അവസരത്തില്‍ ഖുര്‍ആനില്‍ നജസായാല്‍ ശുദ്ധിയുള്ള മുസ്‍ലിമിനെ അത് ശുദ്ധമാക്കാന്‍ ഏല്‍പിക്കണം. യോജിച്ച ആളെ ലഭിച്ചില്ലെങ്കില്‍ സ്വയം തന്നെ ശുദ്ധിയാക്കേണ്ടതാണ്.

വസ്ത്രത്തിന്റെ ഒരു സ്ഥലത്ത് നജസ് ആയി അവിടെ വെള്ളമൊഴിച്ച് വൃത്തിയാക്കുന്നതിനിടയില്‍ വസ്ത്രത്തിന്റെ മറ്റു ഭാഗത്തേക്കും ആ വെള്ളം ഒലിച്ചിറങ്ങി എങ്കില്‍ ഒലിച്ചിറങ്ങിയ ഭാഗവും നജസ് ആകുമോ ?



നജസ് കലര്‍ന്ന് പകര്‍ച്ചയായ വെള്ളമോ, വെള്ളത്തോടൊപ്പം നജസിന്‍റെ അംശമോ വന്നിട്ടുണ്ടെങ്കില്‍ അവിടം നജസാണ്. അല്ലെങ്കില്‍ നജസ് കഴുകി ശുദ്ധിയാക്കിയ വെള്ളം ശുദ്ധമാണ്.

മുസ്‍ലിമിനു പട്ടിയെ വളര്‍ത്തല്‍ അനുവദനീയം ആണോ ?



നായയെ വളര്‍ത്തലും അതിനോട് ഇടപഴകലും മുസ്‍ലിം സംസ്കാരമല്ല. അത് മറ്റ് അനിസ്‍ലാമിക സംസ്കാരങ്ങളില്‍ നിന്ന് മുസ്‍ലിംകള്‍ കടം കൊണ്ടതാണ്. നബി തങ്ങള്‍ ഏറെ നിരുത്സാഹപ്പെടുത്തിയ കാര്യമാണത്. കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കോ അല്ലാതെ നായയെ വളര്‍ത്തുന്നവന്റെ പ്രതിഫലം ദിനേന കുറയുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. നായയുള്ള വീട്ടിലേക്ക് മലക്കുകള്‍ പ്രവേശിക്കുകയില്ലെന്നും ഹദീസില്‍ കാണാം.

കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതില്‍ നബി (സ) തങ്ങള്‍ ഇളവ് അനുവദിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഈ മൂന്ന് ആവശ്യങ്ങളല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് നായയെ വളര്‍ത്തല്‍ നിഷിദ്ധമാണെന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ മൂന്ന് ആവശ്യങ്ങളും ഇതു പോലോത്ത വീടിനോ മറ്റോ കാവലിനായും നായയെ വളര്‍ത്തല്‍ അനുവദനീയമാണെന്നാണ് പ്രബലാമായ പക്ഷം.

ഇത്തരം ആവശ്യങ്ങളില്ലാതെ രൂപ ഭംഗികണ്ടോ മറ്റോ നായയെ വളര്‍ത്തല്‍ ഹറാമാണെന്നതില്‍ രണ്ട് പക്ഷമില്ല.

നജസായ വായ കൊണ്ട് വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കാമോ? നജസായ ഹെഡിഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കമോ?



നജസായ വായ കൊണ്ട് ഖുര്‍ആന്‍ ഓതുന്നതും വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കുന്നതും കറാഹതാണ്. നജസ് കൊണ്ട് ഖുര്‍ആന്‍ തൊടുന്നത് പോലെയായത് കൊണ്ടാണ് പണ്ഡിതര്‍ ഇതിനെ ഇങ്ങനെ വിധിച്ചത്. ചില പണ്ഡിതര്‍ അത് ഹറാമാണെന്നും പറഞ്ഞിട്ടുണ്ട്. നജസായ ഹെഡ് ഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് ഇതു പോലെയല്ലെന്ന് വ്യക്തമാണല്ലോ. എന്നാല്‍ ബാത്റൂം പോലോത്ത സ്ഥലങ്ങളിലും വഴികളിലും ഖുര്‍ആന്‍ ഓതല്‍ കറാഹതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ അഭിപ്രായമനുസരിച്ച് നജസായ ഉപകരണങ്ങളിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് കറാഹതാണ്.

ശരീരത്തില്‍ നജസുണ്ടായിരിക്കെ ഖുര്‍ആന്‍ സ്പര്‍ശിക്കാമോ?



ശരീരത്തില്‍ നജസുണ്ടായിരിക്കെ ശുദ്ധിയുള്ള അവയവം കൊണ്ട് ഖുര്‍ആന്‍ തൊടല്‍ കറാഹതാണ്. കൈപത്തി മുഴുവന്‍ നജസായി, അതില്‍ ഒരു വിരല്‍ മാത്രം ശുദ്ധിയുള്ളതുണ്ടെങ്കില്‍ ആ വിരല്‍ കൊണ്ട് ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ അനുവദനീയമെങ്കിലും കറാഹതാണ്.

ഖുത്വുബക്ക് മുമ്പുള്ള മആശിറ വിളിക്ക് വല്ല തെളിവുമുണ്ടോ?



ഇമാം റംലി(റ)യോട് ഇതുസംബന്ധമായി ഇങ്ങനെ ചോദിക്കപ്പെട്ടു. “വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് മആശിറ വിളിക്കുന്ന മൂര്ഖി (ഇമാമിനെ മിമ്പറില് കയറ്റുന്നയാള്) ഓതുന്ന ഹദീസ് സ്വഹീഹാണോ? ആണെങ്കില് തന്നെ നബി(സ്വ)യുടെ കാലത്ത് ഇത് നടപ്പുണ്ടോ? നടപ്പുണ്ടെങ്കില് ഇന്നറിയപ്പെട്ട ഈ വാചകം തന്നെയായിരുന്നോ? ഖത്ത്വീബിന് മുമ്പില് വിളിക്കപ്പെടുന്ന ബാങ്കിന് വല്ല അടിസ്ഥാനവുമുണ്ടോ?”ഇതിന് ഇമാം റംലി(റ) ഇങ്ങനെ മറുപടി നല്കി: “പ്രസ്തുത ഹദീസ് സ്വഹീഹായതുംബാങ്ക് നബി(സ്വ)യുടെയും സ്വിദ്ദീഖുല് അക്ബര്(റ), ഉമര്(റ) തുടങ്ങിയ സ്വഹാബത്തിന്റെയും കാലത്ത് നടന്നിരുന്നതുമായിരുന്നു” (ഫതാവാ റംലി 2/21, 11).

ഈ സമ്പ്രദായത്തിന് താഴെ ഹദീസ് രേഖയാക്കാം. നബി(സ്വ) ഹജ്ജത്തുല് വദാഇല് മിനയില് വെച്ച് ഖുത്വുബ ഉദ്ദേശിച്ചപ്പോള് ജനങ്ങള് ഖുത്വുബ ശ്രദ്ധിച്ചു കേള്ക്കണമെന്ന് നിര്ദേശിക്കാന് (മആശിറ വിളിക്കാന്) ഒരാളോടാജ്ഞാപിച്ചു. ഇതിനോട് താരതമ്യപ്പെടുത്തുമ്പോള് ജുമുഅ ഖുത്വുബയുടെ മുമ്പും പ്രസ്തുത കാര്യം സുന്നത്താണെന്നും അത് ബിദ്അത്തിന്റെ വ്യാപ്തിയില് തന്നെ പെടുകയില്ലെന്നും ഗ്രഹിക്കാവുന്നതാണ്.

കണക്കു നോക്കലും മന്ത്രവും .



ചില മൗലവിമാർ രോഗങ്ങളും മറ്റും കണക്കു നോക്കി പറയുകയും പരിഹാരമാർഗ്ഗമെന്നോണം ഭക്ഷ്യ വസ്തുക്കളിലും മറ്റും അറബിലിപിയിൽ പലതും എഴുതുകയും മന്ത്രിക്കുകയുമൊക്കെ ചെയ്യുന്നു. പല കാര്യത്തിനും ഇന്നും ധാരാളംപേർ ഇവരെ സമീപിക്കുന്നു. യഥാർത്ഥത്തിൽ മതപരമായി ഈ പ്രവൃത്തികളെ എങ്ങനെ വിലയിരുത്താം.?

ചില ' കണക്കുകൾ' ജയിലിലടക്കപ്പെട്ടവരെ പുറത്തുകൊണ്ടുവരുക.ഗർഭസ്ഥ ശിശുവിനെ പുറംതള്ളുക പോലുള്ള ഗൗരവതരമായ സംഗതികൾക്കും ഉദ്ദേശ പൂർത്തീകരണത്തിനും ഉപകരിക്കുമെന്നും ശർഅ് അനുവദിക്കുന്ന കാര്യങ്ങൾക്ക് അതുപയോഗപ്പെടുത്താവുന്നതാണെന്നും ഇമാം ഇബ്നു ഹജർ ( റ) വ്യക്തമാക്കിയിട്ടുണ്ട്. ഫതാവൽ ഹദീസിയ്യ : പേജ് : 2
രോഗപരിഹാരങ്ങൾക്കും മറ്റുമായി ഇത്തരം കണക്കു നോക്കലുകൾ ഉപകരിക്കുമെന്നും മത വീക്ഷണത്തിൽ അവ അനുവദനീയമാണെന്നും ഇതു കൊണ്ടു വ്യക്തമായല്ലോ. ഖുർആൻ ആയത്തുകൾ കൊണ്ടും ദിക്ർ കൊണ്ടും മന്ത്രിക്കൽ അനുവദനീയം മാത്രമല്ല, സുന്നത്താണെന്ന് ഇമാം നവവി ( റ) പ്രസ്താവിച്ചിട്ടുണ്ട്. ( ശർഹു മുസ്ലിം 2 - 219)

ഖുർആനിൽ നിന്നു പ്രത്യേകം ഹിർസുകൾ ( കാവലിനുള്ള ഏലസ്സുകളും ഉറുക്കുകളും മറ്റും ) എഴുതലും മെഴുകിലോ കൂട്ടിലോ ആക്കി ശരീരത്തിൽ കെട്ടലും കറാഹത്തു പോലുമില്ലാതെ അനുവദനീയമാണ്. ( ശർവാനി : 1 - 149 )

ആകയാൽ മതപരമായി അനുവദനീയവും പുണ്യവുമായി വിലയിരുത്തപ്പെടാവുന്ന സംഗതികളാണ് താങ്കൾ ഉന്നയിച്ച കാര്യങ്ങൾ. അതിനു യോഗ്യരായ ആളുകളെ സമീപിക്കുന്നതിൽ യാതൊരു വിലക്കും അപാകതയുമില്ല.

( മൗലാന നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 38 ).

മിശ്രവിവാഹത്തിലെ കുട്ടി



മുസ്ലിമായ ഒരു പുരുഷൻ അമുസ്ലിമായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് ശരിയാണോ.? അവർക്കുണ്ടാകുന്ന കുഞ്ഞ് ഏത് മത വിശ്വാസിയാകും.? ഇസ്ലാം മതത്തിലാണെങ്കിൽ മാതാവിന്റെ കൂടെ ജീവിക്കുമ്പോൾ മതപരമായ കാര്യങ്ങൾ പഠിക്കാൻ കുട്ടിക്കു സാധിക്കുമോ ?

വേദക്കാരിയല്ലാത്ത അമുസ്ലീം സ്ത്രീകളെ നിക്കാഹു ചെയ്യൽ മുസ്ലിമിനു നിഷിദ്ധവും ആ നിക്കാഹു സാധുവാകാത്തതുമാണ് . അവർ തമ്മിലുള്ള സംഭോഗം ശുദ്ധ വ്യഭിചാരമായതിനാൽ അതിൽ ജനിക്കുന്ന സന്താനങ്ങൾക്കു പിതൃത്വം ലഭിക്കില്ല. തുഹ്ഫ : 9 - 107 നോക്കുക .

അതിനാൽ ആ കുട്ടികൾ പ്രായപൂർത്തി വന്നതിനു ശേഷം മുസ്ലീമായെങ്കിൽ മാത്രമേ ഇസ്ലാം മതക്കാരായി ഗണിക്കപ്പെടുകയുള്ളൂ. അതേസമയം , വേദക്കാരികളായ സ്ത്രീകളെ നിയമപ്രകാരം സോപാധികമായി മുസ്ലിമിന്നു വിവാഹം അനുവദനീയമാണ്. തുഹ്ഫ : 7 - 322 . അത്തരം അമുസ്ലീം സ്ത്രീകളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അവനുമായി പിതൃബന്ധം ലഭിക്കുന്നതും തന്മൂലം അവൻ മുസ്ലീംകളായിരിക്കുന്നതുമാണ്