ഉംറയിൽ നിന്നു തഹല്ലുലായ ശേഷം എപ്പോൾ വേണമെങ്കിലും തമത്തുഇൻ്റെ അറവു നടത്താവുന്നതാണ്. ബലിപെരുന്നാൾ ദിനത്തിലാണ് ഏറ്റവും ഉത്തമം.(തുഹ്‌ഫ: 4-154)
മുജീബ് വഹബി MD നാദാപുരം
ഉംറയിൽ നിന്നു തഹല്ലുലായ ശേഷം എപ്പോൾ വേണമെങ്കിലും തമത്തുഇൻ്റെ അറവു നടത്താവുന്നതാണ്. ബലിപെരുന്നാൾ ദിനത്തിലാണ് ഏറ്റവും ഉത്തമം.(തുഹ്‌ഫ: 4-154)
മുജീബ് വഹബി MD നാദാപുരം
ഹിജ്റ 773 ശഅ്ബാന്‍ 22-ന് പുരാതന ഈജിപ്തിലെ നൈല്‍ നദീതീരത്ത് ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ ദാര്‍ശനികനും ഹദീസ് വിശദീകരണ ശാസ്ത്രത്തില്‍ നിപുണനുമായ അല്‍ഹാഫിള് ഇബ്നുഹജറുല്‍ അസ്ഖലാനി(റ) ജനിച്ചത്. കിനാനി ഗോത്രക്കാരനായ മഹാന്‍ അദ്ദേഹത്തിന്‍റെ പൂര്‍വികര്‍ വസിച്ചിരുന്ന ഫലസ്തീനിലെ തീരപ്രദേശ പട്ടണമായ അസ്ഖലാനിലേക്ക് ചേര്‍ത്താണറിയപ്പെടുന്നത്. ജനനവും ബാല്യകാലം ചെലവഴിച്ചതുമെല്ലാം ഈജിപ്തില്‍ തന്നെയായിരുന്നു. ശിഹാബുദ്ദീന്‍ എന്ന സ്ഥാനപ്പേരിലും അബുല്‍ഫള്ല്‍ എന്ന ഓമനപ്പേരിലും മഹാന്‍ അറിയപ്പെടുന്നു.
ജനിക്കുന്നതിനു മുമ്പുതന്നെ പിതാവിന് പുത്രനെക്കുറിച്ച് സുവിശേഷ വാര്‍ത്തയറിയിക്കപ്പെടുകയുണ്ടായി. ഇബ്നുഹജര്‍(റ) തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്: കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടിയ ഒരു സഹോദരനെനിക്കുണ്ടായിരുന്നു. ഇമാം നവവി(റ)യുടെ മിന്‍ഹാജ് അദ്ദേഹത്തിന് മനഃപാഠമായിരുന്നു. പക്ഷേ, ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം മരണപ്പെട്ടു. ഇതോര്‍ത്തു ദുഃഖിതനായ പിതാവിനോട് യഹ്യസ്സ്വനാഫീരി എന്ന മഹാന്‍റെ സമീപം ചെന്ന് പരിഹാരം ആരായാന്‍ നിര്‍ദേശിക്കപ്പെട്ടു. ഇതുപ്രകാരം ചെന്ന പിതാവിനോട് യഹ്യസ്സ്വനാഫീരി(റ) താങ്കളുടെ മരണപ്പെട്ട പുത്രന് പകരം മറ്റൊരു കുഞ്ഞ് ജനിക്കുകയും ദീര്‍ഘകാലം ജീവിക്കുകയും ചെയ്യും എന്ന സന്തോഷവാര്‍ത്ത അറിയിച്ചു (അല്‍ ജവാഹിറു വദ്ദുറര്‍).
ശരീര പ്രകൃതിയും സ്വഭാവ സംശുദ്ധിയും
ഒത്തഉയരമുള്ള മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു മഹാന്‍റേത്. പ്രസന്നവദനം. ഗാംഭീര്യമുള്ള ശബ്ദവും സാഹിത്യ സമ്പുഷ്ടമായ ഭാഷയും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. ബുദ്ധികൂര്‍മതയില്‍ സഹപാഠികളെക്കാള്‍ മികച്ചുനിന്ന അദ്ദേഹത്തിന്‍റെ സംവാദവേദികളിലെ തിളക്കം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു (ശദറാത്തുദ്ദഹബ്- ഇബ്നു അമ്മാദ് 7-273)
തന്നെ ബുദ്ധിമുട്ടിക്കുന്നവരോടുപോലും വളരെ സ്നേഹത്തിലും മയത്തിലുമായിരുന്നു മഹാന്‍ വര്‍ത്തിച്ചിരുന്നത്. വളരെ തന്ത്രപൂര്‍വം ജനങ്ങളോടിടപഴകി അവരെ സംസ്കരിച്ചെടുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ടായിരുന്നു (അല്‍ മന്‍ഹലുസ്സ്വാഫി 3-87).
ചിട്ടയൊത്ത ജീവിതമായിരുന്നു മഹാന്‍ നയിച്ചിരുന്നത്. തിരുചര്യകളെല്ലാം കഴിയും വിധം ജീവിത്തില്‍ പകര്‍ത്താന്‍ ബദ്ധശ്രദ്ധാലുവായി. രാത്രി ഉറക്കമൊഴിവാക്കി ദീര്‍ഘസമയം നിന്ന് നിസ്കരിക്കുകയും പകല്‍ സമയം നോമ്പനുഷ്ഠിക്കുകയും ചെയ്യും. അവസാനകാലത്തെ ശാരീരിക ക്ഷീണാവസ്ഥയില്‍പോലും ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം നോമ്പനുഷ്ഠിച്ചു. ളുഹാനിസ്കാരം പതിവുചര്യയായിരുന്നു. മുതഅല്ലിമുകള്‍ക്കും പാവങ്ങള്‍ക്കും തന്നെക്കൊണ്ട് സാധിക്കുന്ന രൂപത്തിലെല്ലാം നന്മചെയ്തു (അള്ളൗഉല്ലാമിഅ് 2-39).
ഭക്ഷണ വസ്ത്ര താമസ സൗകര്യങ്ങളിലെല്ലാം മിതത്വം പുലര്‍ത്തി തീര്‍ത്തും ഒരു പരിത്യാഗിയുടെ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. സംസാരിക്കുന്ന വാക്കുകളില്‍ പോലും ഈ മിതത്വം തെളിഞ്ഞു കാണാമായിരുന്നു (അല്‍ മുലഖ്ഖസ്വാത്തു മിനല്‍ ജവാഹിരി വദ്ദുറര്‍).
പഠനവും ഹദീസ് ശേഖരണവും
ദീനീ വിജ്ഞാന സമ്പാദനത്തിനും ഹദീസ് ശേഖരണത്തിനും അനേകം ദേശങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ജനിച്ചുവളര്‍ന്ന മിസ്റില്‍ വെച്ചുതന്നെ ധാരാളം ഹദീസുകള്‍ ശേഖരിച്ചു. ശേഷം ഖാഹിറയിലേക്ക് യാത്രതിരിച്ച മഹാന്‍ സിറാജുല്‍ ബുല്‍ഖൈനി, ഹാഫിള് ഇബ്നുല്‍ മുലഖിന്‍, ഹാഫിള് അബ്ദുറഹീമുബ്നുല്‍ ഹുസൈന്‍ എന്നിവരില്‍ നിന്ന് ഹദീസിനോടു കൂടെ കര്‍മശാസ്ത്ര വിജ്ഞാനവും കരസ്ഥമാക്കി. ബുര്‍ഹാനുദ്ദീന്‍ ഇബ്റാഹീമുത്തനൂവിയില്‍ നിന്നാണ് ഖിറാഅത്ത് പഠനം പൂര്‍ത്തീകരിച്ചത്. ഇസ്സുദ്ദീന്‍ മുഹമ്മദുബ്നു അബീബക്കര്‍(റ)വില്‍ നിന്നും നിദാനശാസ്ത്രത്തിലും മുഹമ്മദുബ്നു യഅ്ബുശ്ശീറാസി, ശംസുദ്ദീന്‍ മുഹമ്മദുല്‍ ഗമാരി, മുഹമ്മദുബ്നു ഇബ്റാഹീമുദ്ദിമശ്ഖി എന്നിവരില്‍ നിന്ന് അറബിഭാഷാസാഹിത്യത്തിലും പ്രാവീണ്യം നേടി. ഹദീസ് ശേഖരണത്തിനുവേണ്ടി സര്‍യാഖൂസ്, ഗസ്സ, റംല, ഖലീല്‍, ബൈത്തുല്‍ മുഖദ്ദസ്, ഡമസ്കസ്, മിന, യമന്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ മഹാന്‍ യാത്ര ചെയ്തിട്ടുണ്ട്.
ദീനീവിജ്ഞാനശാഖകളിലെല്ലാം അഗാധ പാണ്ഡിത്യം നേടിയ ശേഷം യബറുസ്സിലെ ഖാന്‍ഖാഹില്‍ (പര്‍ണശാല) ഇരുപത് വര്‍ഷത്തോളം തന്നെതേടിയെത്തുന്ന വിശ്വാസികള്‍ക്ക് ഹദീസ് പകര്‍ന്നു നല്‍കി. ഹദീസ് സമ്പാദന-വിജ്ഞാനശേഖരണാവശ്യാര്‍ത്ഥം വിദൂര ദിക്കുകളില്‍ നിന്നുപോലും ഈ കാലത്ത് ആളുകള്‍ യബറുസ്സിലേക്ക് നിലക്കാതെ പ്രവഹിച്ചിരുന്നു. തുടര്‍ന്ന് ബഹ്റൈനിയുടെ മധ്യത്തിലുള്ള ദാറുല്‍ ഹദീസില്‍ കാമിലിയ്യയിലേക്ക് സേവനം മാറ്റി. വര്‍ഷങ്ങളോളം അവിടെ ഹദീസ്ക്ലാസുകളും പ്രബോധന പ്രവര്‍ത്തനങ്ങളുമായി കഴിച്ചുകൂട്ടി. പിന്നീട് ഹിജ്റ 827 മുഹര്‍റം 27-ന് അന്നത്തെ ഈജിപ്ത് ഭരണാധികാരി മഹാനെ രാജ്യത്തെ ശാഫിഈ ഗ്രാന്‍റ് ഖാളിയായി അവരോധിച്ചു. പല സുപ്രധാന വിധികളും സങ്കീര്‍ണ വിഷയങ്ങളും കൈകാര്യം ചെയ്തതിനു ശേഷം വഫാത്തിന്‍റെ ആറുമാസം മുമ്പ് (ജമാദുല്‍ ആഖിര്‍-27ന്) സ്വയം ഖാളിസ്ഥാനം വിട്ടൊഴിയുകയും രചനകളും ആരാധനാ കര്‍മങ്ങളുമായി വീട്ടില്‍ തന്നെ കഴിഞ്ഞ് നാഥനോട് കൂടുതലടുക്കാന്‍ പരിശ്രമിക്കുകയുണ്ടായി.
ശിഷ്യഗണങ്ങള്‍
ഹ്രസ്വമായ ഈ ജീവിതത്തിനിടെ ഒട്ടേറെ പ്രഗല്‍ഭരും പ്രശസ്തരുമായ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ മാഹാന് സാധിച്ചിട്ടുണ്ട്. ഹദീസ് വിശാരദന്‍മാരില്‍ അഗ്രഗണ്യനായ മുഹമ്മദുബ്നു അബ്ദുറഹ്മാന്‍ ശംസുദ്ദീനുസ്സഖാവീ(റ), കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലും ധാരാളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ച അബൂയഹ്യാ സകരിയ്യല്‍ അന്‍സ്വാരി(റ), മറ്റൊരു ഫിഖ്ഹീ പണ്ഡിതനായ ബുര്‍ഹാനുദ്ദീന്‍ ഇബ്റാഹീമുബ്നു ഉമറബ്നി അബീബകരില്‍ ബിഖാഈ, മുഹമ്മദുബ്നു മുഹമ്മദിബ്നി അബ്ദില്ലാഹിദ്ദിമശ്ഖി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. പ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയടക്കമുള്ള വിവിധ കലാലയങ്ങളിലും റംല, ഖുബ്ബത്തുല്‍ മന്‍സ്വൂരിയ്യ തുടങ്ങിയ വ്യത്യസ്ത പ്രദേശങ്ങളിലും തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ ഒട്ടുമിക്ക വിജ്ഞാനശാഖകളും ദര്‍സ് നടത്തിയ ഇബ്നുഹജര്‍(റ)വിന് അവിടെയെല്ലാം എണ്ണമറ്റ വിദ്യര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ സാധിച്ചിട്ടുണ്ട്.
അല്‍ ഇംലാഅ്
ഹദീസ് പ്രചാരണ കൈമാറ്റ ശൃംഖലയിലെ പ്രധാന ഇനമായ അല്‍ ഇംലാഇന് (ഹദീസ് കേട്ടെഴുത്ത്) ധാരാളം പ്രാവശ്യം മഹാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഹി.888-ലാണ് ഇംലാഇന് നേതൃത്വം നല്‍കിത്തുടങ്ങിയത്. അശ്രാന്തപരിശ്രമവും വശ്യസുന്ദരമായ അവതരണശൈലിയും കൊണ്ട് 1150-ഓളം ഇംലാഅ് സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചു (അല്‍ ജവാഹിറു വദ്ദുറര്‍).
ഗ്രന്ഥങ്ങള്‍
ഒരായുഷ്കാലം കൊണ്ട് പഠിച്ചുതീര്‍ക്കാന്‍ പോലും സാധിക്കാത്തത്ര ഗ്രന്ഥങ്ങള്‍ ചുരുങ്ങിയ ജീവിതത്തിനിടെ ഇബ്നുഹജര്‍(റ)ന്‍റെ തൂലികയിലൂടെ വിരചിതമായിട്ടുണ്ട്. ഖുര്‍ആനിന്‍റെ ശ്രേഷ്ഠതകള്‍ വിവരിക്കുന്ന അല്‍ ഇത്ഖാന്‍, ഖുര്‍ആന്‍ അവതരണ പശ്ചാതലങ്ങള്‍ വിവരിക്കുന്ന അല്‍ ഇഅ്ജാസു ഫീ ബയാനില്‍ അഹ്സാബ്, വിശ്വപ്രസിദ്ധ ഹദീസ്ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരി, സ്വഹീഹുല്‍ ബുഖാരിയുടെത്തന്നെ അനുബന്ധങ്ങളെ സംബന്ധിച്ചുള്ള തഅ്ലീഖുത്തഅ്ലീഖ്, ബുഖാരിയുമായി തന്നെ ബന്ധപ്പെട്ട ഫവാഇദുല്‍ ഇഹ്തിഫാല്‍, അഖീദയിലെ അല്‍ ഗുന്യ ഫീ മസാഇലി അര്‍റുഅ്യ, അല്‍ ആയാത്തുന്നീറാത്തി ഫീ മഅ്രിഫതി ഖവാരിഖില്‍ ആദാത്ത്, കര്‍മശാസ്ത്രത്തിലെ അല്‍ ബുലൂഗുല്‍ മറാം മിന്‍ അദില്ലത്തില്‍ അഹ്കാം, മനാസികുല്‍ ഹജ്ജ്, താരീഖിലെ അല്‍ ഇസ്വാബതു ഫീ തമ്മീസിസ്സ്വഹാബ, ഇമ്പാഉല്‍ ഗുംരി ബി അമ്പാഇല്‍ ഉംര്‍, തബ്സ്വീറുല്‍ മുന്‍തബിഹി ബിതഹ്രീറില്‍ മുശ്തബിഹ് അവയില്‍ പ്രധാനമാണ്.
പണ്ഡിതാഭിപ്രായം
ഇബ്നുഹജര്‍(റ)വിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഉസ്താദുമാരും ശിഷ്യന്മാരും സമകാലപണ്ഡിതന്മാരുമെല്ലാം ധാരാളം പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. പഠനകാലത്തുതന്നെ ബുദ്ധിശക്തിയിലും ഉസ്താദുമാരോടും സഹപാഠികളോടുമുള്ള പെരുമാറ്റത്തിലുമെല്ലാം മഹാന്‍ മികച്ചുനിന്നു. അദ്ദേഹത്തിന്‍റെ പ്രധാന ഉസ്താദുമാരിലൊരാളായ അല്‍ഇറാഖിയോട് വഫാത്ത് സമയത്ത് ചോദിച്ചു: ഹാഫിളുകളില്‍ (മൂന്ന്ലക്ഷം ഹദീസ് മനപ്പാഠമുള്ളവര്‍) ഇനിയാരാണ് ബാക്കിയുള്ളത്? ഉടനെ അദ്ദേഹം ഒന്നാമതായി ഇബ്നുഹജര്‍(റ)വിനെയും രണ്ടാമതായി തന്‍റെ മകനെയും മൂന്നാമതായി നൂറുദ്ദീനുല്‍ ഹൈസമിയെയുമാണ് എണ്ണിയത് (അല്‍ ജവാഹിറു വദ്ദുറര്‍).
വഫാത്ത്
ഹി. 852 ദുല്‍ഖഅ്ദില്‍ മഹാന്‍ രോഗബാധിതനായി. മുസ്ലിം ലോകത്തെ മുഴുക്കെ സങ്കടത്തിലാഴ്ത്തി ദുല്‍ഹിജ്ജ 18 ശനിയാഴ്ചരാവില്‍ ഇശാഇന് ശേഷം അദ്ദേഹം വിടപറഞ്ഞു (ശദറാത്തുദ്ദഹബ്).
മരണത്തിന് ആറുമാസം മുമ്പുതന്നെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും രാജിവെച്ച് ജനങ്ങളില്‍നിന്നെല്ലാം അകന്ന് അല്ലാഹുവില്‍നിന്നുള്ള വിളിയും പ്രതീക്ഷിച്ചു കൈറോയിലെ വീട്ടില്‍ നാഥനോടുള്ള മുനാജാത്തില്‍ ലയിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പകലാണ് അദ്ദേഹത്തെ മറമാടിയത്. മഹാന്‍റെ വേര്‍പാടില്‍ രാജ്യമൊന്നാകെ കണ്ണീരൊഴുക്കി. മരണവാര്‍ത്തയറിഞ്ഞ് ശിഷ്യരും സ്നേഹജനങ്ങളും ഭരണാധികാരികളുമെല്ലാം കൈറോയിലെ വീട്ടിലേക്കൊഴുകി. ജനബാഹുല്യം കൊണ്ട് നഗരവും പ്രാന്തപ്രദേശങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞു.
മന്‍സൂര്‍ പി പുവ്വത്തിക്കല്‍ - സുന്നിവോയിസ്
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുക വഴി അനശ്വരമാക്കപ്പെട്ട പേരാണ് ഹുനൈന്‍. പക്ഷേ, കഴിഞ്ഞ ഒരായിരത്തിലധികം വര്‍ഷമായി ഈ സ്ഥലം എവിടെയായിരുന്നു എന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ പറയുന്നു, മക്കയില്‍നിന്ന് ഒരു ദിവസത്തെ വഴിദൂരമാണ് അങ്ങോട്ട് ഉണ്ടായിരുന്നതെന്ന്. മറ്റു ചിലരുടെ അഭിപ്രായത്തില്‍, മക്കയില്‍നിന്ന് മൂന്നോ നാലോ ദിവസം ഒട്ടകപ്പുറത്ത് സഞ്ചരിച്ചാല്‍ എത്തുന്ന ദൂരമാണത്. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. യുദ്ധം നടന്ന ഹുനൈന്‍ എന്ന സ്ഥലം, ഒന്നും വളരാത്ത തനി മരുപ്രദേശമായിരുന്നു. അക്കാലം മുതല്‍ തന്നെ അവിടെ ജനവാസമുണ്ടായിരുന്നില്ല. ശത്രുവിനെ അപ്രതീക്ഷിതമായി കടന്നാക്രമിക്കുകയായിരുന്നു പ്രവാചകന്റെ ഉദ്ദേശ്യമെങ്കില്‍, സാധാരണ റൂട്ടിലൂടെയാവില്ല അദ്ദേഹം സൈന്യത്തെ നയിക്കുക; പൊതുവെ അപരിചിതമായ മറ്റൊരു റൂട്ടിലൂടെയായിരിക്കും.
ഇവിടെ, നേരത്തേ തന്നെ മക്കയിലേക്കുള്ള പടയോട്ടം തുടങ്ങിക്കഴിഞ്ഞ ശത്രുവിനെ തടയുക എന്നതായിരുന്നു പ്രവാചകന് ചെയ്യാനുണ്ടായിരുന്നത്. അതുകൊണ്ടാണ് ശത്രുവുമായി അദ്ദേഹം നേര്‍ക്കുനേരെ ഏറ്റുമുട്ടിയത്. ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ പ്രവാചകന്റെ സൈന്യം സഞ്ചരിച്ച വഴികളെക്കുറിച്ച് നമുക്കൊരു ധാരണ ലഭിക്കും. ശത്രുക്കള്‍ തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും പിന്നെ കാലികളെയും നിര്‍ത്തിയിരുന്ന ഔത്വാസിലേക്കാണ് പ്രവാചകന്റെ സൈന്യം ആദ്യം മാര്‍ച്ച് ചെയ്തത്. അവിടെനിന്ന് ലഭിച്ച യുദ്ധമുതലുകളുമായി അദ്ദേഹം ജിഅ്‌റാനയില്‍ എത്തി. ഈ സ്ഥലപ്പേര് ഇന്നുമുണ്ട്. മക്കയുടെ വടക്ക് ഏതാണ്ട് പതിനഞ്ച് കി.മീ. മാറിയാണ് ഇതിന്റെ കിടപ്പ്.
മക്കാ വിജയത്തിന്റെ പ്രതികരണം
മക്കാവിജയത്തോടെ അറേബ്യയിലെ ബഹുദൈവാരാധനയുടെ കോട്ടക്കൊത്തളങ്ങള്‍ തര്‍ന്നടിഞ്ഞു. ബഹുഭൂരിഭാഗം അറബ് ഗോത്രങ്ങളും വിശുദ്ധ ഇസ്‌ലാമിന്റെ സത്യസന്ദേശം ഏറ്റുപിടിച്ചു. അപ്പോഴും ചില ഗോത്രങ്ങള്‍ ഇസ്‌ലാമിനോട് തങ്ങളുടെ ആദ്യകാല ശത്രുത വെച്ചുപുലര്‍ത്തുന്നുണ്ടായിരുന്നു. അതില്‍ പ്രധാനമായിരുന്നു ഹവാസിന്‍, സഖീഫ് ഗോത്രങ്ങള്‍. ഖുറൈശ് കഴിഞ്ഞാല്‍ സ്ഥാനത്തില്‍ രണ്ടാമതു നില്‍ക്കുന്ന അറേബ്യയിലെ പ്രമുഖ ഗോത്രമായിരുന്നു ഹവാസിന്‍. അതുകൊണ്ടുതന്നെ, എന്നും അവ പരസ്പരം മത്സരത്തിലായിരുന്നു. ഖുറൈശ് കീഴ്‌പ്പെടുന്നതിന് കീഴ്‌പ്പെട്ടുകൊടുക്കാന്‍ അത് സന്നദ്ധമായിരുന്നില്ല.
മക്കാവിജയത്തോടെ ഹവാസിന്‍ ഗോത്രം മുസ്‌ലിംകള്‍ക്കെതിരെ പ്രത്യക്ഷമായി രംഗത്തുവന്നു. സഖീഫ് ഗോത്രത്തിന്റെ സഹായംകൂടി ലഭിച്ചപ്പോള്‍ അവര്‍ ഒരു യുദ്ധത്തിനു തയ്യാറായി. മാലിക് ബിന്‍ ഔഫ് അന്നസ്‌രിയായിരുന്നു നേതാവ്. മക്കയില്‍നിന്നും മുസ്‌ലിംകളെ തുരത്തിയോടിക്കണമെന്ന് അവര്‍ പദ്ധതിയിട്ടു. അതനുസരിച്ച് ഒരു വന്‍ സൈന്യത്തെ സമാഹരിക്കുകയും അവര്‍ പിന്തിരിഞ്ഞോടാതിരിക്കാന്‍ തങ്ങളുടെ കുടുംബത്തെയും സമ്പാദ്യങ്ങളെയും കൂടെയെടുത്ത് രണാങ്കണത്തിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. മറ്റു ഗോത്രങ്ങളെയും തങ്ങളോടൊപ്പം കൂട്ടി മുസ്‌ലിംകളെ തൂത്തുമാറ്റാനുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചു അവര്‍.
ഇന്ന് ഞങ്ങളെ ജയിക്കാന്‍ ആര്‍ക്ക് സാധിക്കും!
ഹവാസിന്‍ ഗോത്രം മുസ്‌ലിംകള്‍ക്കെതിരെ യുദ്ധപ്പുറപ്പാടുമായി രംഗപ്രവേശം ചെയ്തിട്ടുണ്ടെന്ന വിവരം പ്രവാചകനു ലഭിച്ചു. മക്കാവിജയം കഴിഞ്ഞ് പ്രവാചകന്‍ അവിടെത്തന്നെ കഴിയുന്ന സമയത്തായിരുന്നു ഇത്. താമസിയാതെ, പ്രവാചകന്‍ പന്ത്രണ്ടായിരത്തോളം വരുന്ന ഒരു വലിയ സൈന്യത്തെ സമാഹരിച്ചു. അതില്‍ മക്കയില്‍നിന്നുള്ള പുതുവിശ്വാസികളും മദീനയില്‍നിന്നും വന്ന ആളുകളുമുണ്ടായിരുന്നു. എണ്ണത്തിലും സജ്ജീകരണത്തിലും മുസ് ലിം സൈന്യം മികച്ചതായിരുന്നു. അവരെ നേരിടാന്‍ സാധ്യമാകാതെ ശത്രു യുദ്ധരംഗം വിട്ടുപിന്തിരിഞ്ഞോടുമെന്ന് മുസ് ലിം സൈന്യത്തെ കണ്ടാല്‍ പൂര്‍ണമായും ബോധ്യമാകുമായിരുന്നു. അതിനാല്‍, ചില മുസ് ലിംകളുടെ നാവില്‍ ‘ ഇന്ന് ഞങ്ങളെ ജയിക്കാന്‍ ആര്‍ക്ക് സാധിക്കും’ എന്ന വാക്കുകള്‍ പുറത്ത് വന്നു. മുസ് ലിംകളുടെ നിലപാടിന് ഒട്ടും യോജിച്ചതായിരുന്നില്ല ഇത്. അല്ലാഹു നിങ്ങളെ നിരവധി സന്ദര്‍ഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനയ്ന്‍ യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ദുരഭിമാനികളാക്കി. എന്നാല്‍ ആ സംഖ്യാധിക്യം നിങ്ങള്‍ക്കൊട്ടും നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ഇടുങ്ങിയതായി നിങ്ങള്‍ക്കുതോന്നി. അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു. പിന്നീട് അല്ലാഹു തന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും തന്നില്‍ നിന്നുള്ള സമാധാനം സമ്മാനിച്ചു. നിങ്ങള്‍ക്ക് കാണാനാവാത്ത കുറേ പോരാളികളെ ഇറക്കിത്തന്നു. സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം(അത്തൗബ 25-26).
ഹിജ്‌റ വര്‍ഷം എട്ട്; ശവ്വാല്‍ ആറിന് പ്രവാചകന്‍ സൈന്യ സമേതം ഹവാസിന്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. അലി ബിന്‍ അബീ ഥാലിബ്, ഹുബാബ് ബിന്‍ മുന്‍ദിര്‍, ഉസൈദ് ബിന്‍ ഹുളൈര്‍ എന്നിവരായിരുന്നു യഥാക്രമം മുഹാജിറുകള്‍, ഖസ്‌റജ്, ഔസ് എന്നിവയുടെ നേതൃത്വം വഹിച്ചിരുന്നത്. പുറമെ, ഓരോ ഗോത്രത്തിനും പ്രത്യേകം കൊടികളുണ്ടായിരുന്നു. മക്കക്കും ഥാഇഫിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു താഴ്‌വരയാണ് ഹുനൈന്‍. അത് ലക്ഷ്യമാക്കിയാണ് ഇരു സൈന്യങ്ങളും കടന്നുവന്നത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അഭൂതപൂര്‍വ്വമായ അംഗബലമുണ്ടായിരുന്നു ഇത്തവണ സൈന്യത്തിന്. അതുകൊണ്ടുതന്നെ, ഇതവര്‍ക്ക് അമിതമായ ആത്മവിശ്വാസം നല്‍കി. ഇത്തവണ ആളുകള്‍ കുറവാണ് എന്ന പേരില്‍ ഒരാള്‍ക്കും തങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന് അവരില്‍ ചിലര്‍ ചിന്തിച്ചു. എന്നാല്‍, അംഗബലത്തില്‍ ആത്മവിശ്വാസം പൂണ്ട വിശ്വാസികളെ ഒരു പരീക്ഷണത്തിനു വിധേയമാക്കാന്‍തന്നെ അല്ലാഹു തീരുമാനിച്ചു. മുസ്‌ലിംസൈന്യം ഹുനൈനിലെത്തി. നേരത്തെത്തന്നെ അവിടെയെത്തിയിരുന്ന ശത്രുക്കള്‍ മുസ്‌ലിംകളെ ഓര്‍ക്കാപ്പുറത്ത് കടന്നാക്രമിക്കാന്‍ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. മുസ്‌ലിംകള്‍ കടന്നുവരേണ്ടതാമസം ഇരുളിന്റെ മറവില്‍ അവര്‍ മുസ്‌ലിംകള്‍ക്കുനേരെ ചാടിവീണു. ഓര്‍ക്കാപ്പുറത്തു വന്ന ആക്രമണം മുസ്‌ലിംകള്‍ നിനച്ചിരുന്നില്ല. അവര്‍ ചിതറിയോടി. ശക്തമായ യുദ്ധം നടന്നു. സാരമായ പല നാശനഷ്ടങ്ങളും സംഭവിച്ചു. അംഗബലമല്ല; വിശ്വാസമാണ് പ്രധാനമെന്ന സത്യം മുസ്‌ലിംകള്‍ക്ക് ബോധ്യമായി. ഉഹ്ദില്‍ പ്രവാചകന്‍ വധിക്കപ്പെട്ടിരിക്കുന്നുവെന്ന കിംവദന്തി പ്രചരിച്ചപ്പോഴുണ്ടായ അവസ്ഥ ഹുനൈനിലും സംഭവിച്ചു. മുസ്‌ലിംകള്‍ പരാജയത്തിന്റെ വക്കോളമെത്തി.
വൈകിയെത്തിയ വിജയം
പ്രവാചകനും ചില സ്വഹാബികളും അപ്പോഴും യുദ്ധമുഖത്ത് ഉറച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ആഞ്ഞടുത്തുവന്ന ശത്രുസൈന്യത്തിനു നേരെ പ്രവാചകന്‍ ഒരു പിടി മണ്ണുവാരിയെറിഞ്ഞു. ഇതവരുടെ കണ്ണുകളില്‍ ഇരുള്‍ വീഴ്ത്തി. ഈ തക്കംനോക്കി പ്രവാചകന്‍ അബ്ബാസ് (റ) വിളിച്ച് സ്വഹാബികളെയെല്ലാം വിളിച്ചുവരുത്താന്‍ ആജ്ഞാപിച്ചു. അബ്ബാസ് (റ) ശബ്ദത്തില്‍ വിളിച്ചു. സ്വഹാബികള്‍ പ്രവാചകരുടെ വിളിക്ക് ഉത്തരം നല്‍കി കൂട്ടത്തോടെ തിരിച്ചെത്തി. അനുഭവത്തില്‍നിന്നും പാഠം പഠിച്ച് അവര്‍ സംഘടിക്കുകയും പ്രവാചകരോടൊപ്പം നിന്ന് വീണ്ടും യുദ്ധമുഖത്തേക്ക് ശക്തമായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. അതിനിടെ സഹായവുമായി മലക്കുകളുമെത്തി. ഈ മുന്നേറ്റം മുസ്‌ലിംകള്‍ക്ക് ഏറെ സഹായം ചെയ്തു. ശക്തമായ പടപ്പുറപ്പാട് കണ്ട് ശത്രുക്കള്‍ക്ക് ഭീതി കുടുങ്ങി. ഒരിക്കലും പിടിച്ചുനില്‍ക്കാനാകില്ലെന്നു കണ്ടപ്പോള്‍ അവര്‍ യുദ്ധമുഖത്തുനിന്നും പിന്‍മാറി. പരാജയം സമ്മതിച്ചു. പിന്തിരിഞ്ഞോടിയ സൈന്യം വിവിധ വഴികളിലൂടെയാണ് കടന്നുപോയത്. പ്രവാചകന്‍ സ്വഹാബികളെ ഗ്രൂപ്പുകളായിക്കി അവര്‍ക്കു പിന്നാലെ പറഞ്ഞയച്ചു. വഴിയിലവര്‍ ഏറ്റുമുട്ടുകയും പരാജയപ്പെടുത്തുകയുമുണ്ടായി.
ഹുനൈന്‍ യുദ്ധത്തില്‍ ശത്രുക്കളുടെ ഭാഗത്ത് നിന്ന് എഴുപതോളം പേര്‍ വധിക്കപ്പെടുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് ധാരാളം ഗനീമത്ത് മുതലുകള്‍ ലഭിച്ചു. ആറായിരത്തോളം ബന്ധികളും ഇരുപത്തിനാലായിരത്തോളം ഒട്ടകങ്ങളും അതില്‍ ചിലതാണ്. ബന്ധികളുടെ കൂട്ടത്തില്‍ പ്രവാചകരുടെ മുലകുടിബന്ധത്തിലെ സഹോദരി ശൈമാഅ് ബിന്‍ത് ഹാരിസ് അസ്സഅദിയ്യയുമുണ്ടായിരുന്നു. അവരെ തിരിച്ചറിഞ്ഞ പ്രവാചകന്‍ ആദരിക്കുകയും വെറുതെ വിടുകയും ചെയ്തു. ഥാഇഫ് യുദ്ധത്തിനു ശേഷമാണ് ഹുനൈനിലെ യുദ്ധാര്‍ജ്ജിത സ്വത്തുക്കള്‍ സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നത്.
മാനവ ചരിത്രത്തിൽ പൂർണ്ണതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി(സ്വ). ചരിത്രത്തിൽ പരശ്ശതം ബുദ്ധി ജീവികൾ നബി(സ്വ)യെക്കുറിച്ച് ഒട്ടനവധി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വം അവരെ ആശ്ചര്യഭരിതരാക്കി.
എന്നാൽ പ്രവാചകർ(സ്വ)യുടെ ആധ്യാത്മികവും അഭൗതികവുമായ വ്യക്തിത്വത്തിന്റെ ദാര്ശിനിക തലങ്ങൾ നാം ഗ്രഹിക്കേണ്ടതുണ്ട്. പ്രകൃതി നിയമങ്ങള്ക്ക തീതമായി നബിയിലൂടെ വെളിപ്പെട്ട അത്യദ്ഭുതങ്ങളുടെ ഏതാനും പാഠങ്ങൾ.
മന്ത്രിച്ച് മുറിവ് സുഖപ്പെടുത്തി
യസീദ് ബ്നു ഉബൈദ്(റ) പറയുന്നു: ഞാൻ സലമയുടെ കണങ്കാലിൽ വെട്ട് കൊണ്ടതിന്റെ അടയാളം കണ്ടപ്പോൾ അതിനെപറ്റി ചോദിക്കുകയുണ്ടായി. അപ്പോൾ സലമ(റ) പറഞ്ഞു: ഇത് ഖൈബർ യുദ്ധ വേളയിൽ സംഭവിച്ചതാണ്. ആ സന്ദർഭത്തിൽ ജനങ്ങൾ വിളിച്ച് പറഞ്ഞു: സലമ (റ)ക്ക് മുറിവ് സംഭവിച്ചിരിക്കുന്നു. അങ്ങിനെ ഞാൻ നബി(സ്വ)യുടെ അരികിലേക്ക് ചെന്നു. തിരുമേനി(സ്വ) അതിൽ മൂന്ന് പ്രാവശ്യം ഊതി. അതിന് ശേഷം ഈ സമയം വരെ എനിക്ക് അതിന്റെ ഭാഗമായി ഒരസുഖവും ഉണ്ടായിട്ടില്ല.
മഴ വർഷിപ്പിച്ചു
തബൂക്കിലേക്കുള്ള യാത്രയിലാണ് നബി(സ്വ) യും സ്വഹാബത്തും. കടുത്ത ക്ഷാമ പ്രദേശങ്ങൾ താണ്ടിയാണ് യാത്ര. സ്വഹാബത്ത് ദാഹിച്ചവശരായി. വെള്ളമില്ലാതെ ഇനി ഒരടി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വന്നപ്പോൾ അബൂബക്കർ (റ) നബി(സ്വ) യോട് പരാതി ബോധിപ്പിച്ചു. നബി(സ്വ) കരങ്ങളുയർത്തി ആകാശത്തേക്ക് മിഴികളർപ്പിച്ച് പ്രാർത്ഥനാ നിരതരായി.
തെളിഞ്ഞ മാനം കാർമേഘങ്ങളാൽ കറുത്തു. ശക്തമായ മഴ! അവരുടെ ജല സംഭരണികൾ നിറഞ്ഞു കവിഞ്ഞു. സ്വഹാബത്തിന്റെ ആവശ്യം പൂർത്തിയായപ്പോൾ മഴ നിലക്കുകയും ചെയ്തു.
കല്ല് സലാം പറഞ്ഞു
അബൂ ദറുൽ ഗിഫാരി(റ) ഉദ്ധരിക്കുന്നു. സ്വഹാബത്തിനൊപ്പം നബി(സ്വ) സദസ്സിൽ ഇരിക്കുമ്പോൾ കയ്യിലിരുന്ന ചരൽ കല്ലുകൾ നബി(സ്വ)ക്ക് സലാം പറയുന്നത് ഞങ്ങൾ കേട്ടു. ആ കല്ല് നബി(സ്വ) അബൂബക്കർ(റ)ന് കൊടുത്തു. അപ്പോഴും അത് തസ്ബീഹ് ചൊല്ലി. മിമ്പറിന്റെ തേങ്ങൽ മസ്ജിദുന്നബവിയുടെ നിർമ്മാണം പൂർത്തിയായ സമയം. ഒരു അൻസാരി വനിത നബി(സ്വ) യെ സമീപിച്ച് കൊണ്ട് പറഞ്ഞു: ഖുതുബ നിർവഹിക്കാൻ ഒരു മിമ്പർ ഞാൻ ഉണ്ടാക്കിത്തരട്ടേ..
എന്റെ മകൻ നല്ലൊരു ആശാരിയാണ്. നബി(സ്വ) സമ്മതം നല്കി . അടുത്ത ജുമുഅ ദിവസം നബി(സ്വ) പുതിയ മിമ്പറിൽ കയറി ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു തേങ്ങൽ.
നബി(സ്വ)യുടെ തിരു പാദസ്പർശം തനിക്കന്യമാകുന്നു എന്നറിഞ്ഞ ആദ്യത്തെ മിമ്പറായ ഈന്തപ്പനക്കഷ്ണമായിരുന്നു ആ കരഞ്ഞത്. ഒടുവിൽ നബി(സ്വ) ഇറങ്ങി വന്ന് അതിനെ ആശ്വസിപ്പിച്ചു. മാറോട് ചേർത്ത് പിടിച്ചു. അതോടെ ഈന്തപ്പന കരച്ചിലടക്കി. ജനം വിസ്മയം പൂണ്ടു നിൽക്കെ നബി(സ്വ) ഖുതുബ തുടർന്നു .
ഉറവയൊഴുകുന്ന കൈവിരൽ
ഹുദൈബിയ്യ സന്ധിയുടെ ദിവസം. നബി(സ്വ) വുളൂഅ് ചെയ്ത്കൊണ്ടിരിക്കുകയാണ്. ആ സമയം ജനങ്ങൾ മുഴുവനും അങ്ങോട്ട് വന്നു. നബി(സ്വ) ചോദിച്ചു. “നിങ്ങൾക്കെന്താണ് വേണ്ടത് ’. അംഗ ശുദ്ധി വരുത്താനും ദാഹമകറ്റാനും അങ്ങയുടെ അടുത്തുള്ള വെള്ളമല്ലാതെ ഞങ്ങൾക്ക് മറ്റൊന്നുമില്ല നബിയേ (സ്വ) അവർ പറഞ്ഞു.
അനുയായികളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ നബി(സ്വ) ഉടനെ തന്റെ വെള്ളപ്പാത്രത്തിൽ കൈ വെച്ചു. അവിടുത്തെ വിരലുകളിൽ നിന്ന് അരുവി സമാനം ഉറവ പൊട്ടാൻ തുടങ്ങി. ജനങ്ങൾ എല്ലാവരും കുടിക്കുകയും അംഗശുദ്ധി വരുത്തുകയും ചെയ്തു:
സാലിം(റ) പറയുന്നു. ഞാൻ ജാബിർ (റ) വിനോട് ചോദിച്ചു. നിങ്ങൾ എത്ര പേരുണ്ടായിരുന്നു.? അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഒരു ലക്ഷം പേരുണ്ടെങ്കിലും ഞങ്ങൾക്കിത് മതിയാകുമായിരുന്നു. ഞങ്ങൾ അപ്പോൾ ആയിരത്തി അഞ്ഞൂറ് പേരുണ്ടായിരുന്നു.
ഭക്ഷണം വർദ്ധിക്കുന്നു
ഒരിക്കൽ ഉമ്മു സുലൈം(റ) അല്പ്പം ആട്ടിൻ നെയ്യ് അടിമസ്ത്രീയായ റബീബ മുഖേന നബി(സ്വ)ക്ക് കൊടുത്തയച്ചു. സസന്തോഷം നബി(സ്വ) അത് സ്വീകരിക്കുകയും പാത്രം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.
വീട്ടിലെത്തിയ റബീബ പാത്രം ഒരിടത്ത് തൂക്കിയിട്ടു. പുറത്ത് പോയി തിരിച്ച് വന്ന ഉമ്മു സുലൈം പാത്രത്തിൽ നിന്നും ഇറ്റി വീഴുന്ന നെയ്യ് കണ്ട് അടിമ സ്ത്രീയോട് ചോദിച്ചു. റബീബാ… ഈ നെയ്യ് നബി(സ്വ)ക്ക് നൽകാൻ ഞാൻ പറഞ്ഞിരുന്നല്ലോ? അവർ പറഞ്ഞു. ഞാനത് നബി(സ്വ)ക്ക് നൽകിയതാണല്ലോ.
സംശയമുണ്ടെങ്കിൽ നബിയോട് (സ്വ) ചോദിച്ച് നോക്കൂ. ഉമ്മു സുലൈം നബി(സ്വ)യോട് കാര്യമന്വേഷിച്ചു. റബീബ നെയ്യ് കൊണ്ട് വന്ന വിവരം പറഞ്ഞപ്പോൾ ആശ്ചര്യത്തോടെ ഉമ്മുസുലൈം ചോദിച്ചു. അവിടുന്ന് തിരിച്ചയച്ച പാത്രത്തിൽ നിന്ന് ഇപ്പോഴും നെയ്യ് കവിഞ്ഞൊഴുകുകയാണല്ലോ.
നബി(സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ സഹായിച്ചതിന് പ്രതിഫലമായി നിന്നെ അവനും തിരിച്ച് സഹായിക്കുന്നതിൽ നീ അത്ഭുതപ്പെടുന്നുവോ?
പ്രവചനം പുലരുന്നു
ഒരു ദിവസം നബി(സ്വ) ഹുസൈൻ(റ)നെ ലാളിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അവിടുന്ന് കണ്ണുനീർ വാർക്കാൻ തുടങ്ങി. ഇത് കണ്ട് ഹുസൈൻ(റ)ന്റെ പോറ്റുമ്മയായ ഉമ്മുൽ ഫള്ല് ചോദിച്ചു. പ്രവാചകരേ (സ്വ) , അവിടത്തേക്ക് എന്തു പറ്റി? എന്തിനാണ് കരയുന്നത്?
നബി(സ്വ) മറുപടി പറഞ്ഞു: എന്റെ സമുദായം എന്റെ ഈ മകനെ വധിക്കുമെന്ന് ജിബ്രീൽ(അ) വന്ന് എന്നോട് പറഞ്ഞു. ഹിജ്റ 61ആം വർഷം , മുഹറം 10-ന് ഏതൊരു സംഭവത്തെക്കുറിച്ചാണോ നബി(സ്വ) കണ്ണീർ തൂകിക്കൊണ്ട് പ്രസ്താവിച്ചത് അത് സംഭവിച്ചു. കർബല പോർക്കളത്തിൽ വെച്ച് യസീദിന്റെ സൈന്യം ഹുസൈൻ(റ)നെ വധിച്ചുകളഞ്ഞു.
മറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി
നബി(സ്വ)യുടെ പിതൃവ്യനായ അബ്ബാസ് (റ) ഹാശിം കുടുംബത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. ആദ്യ കാലത്ത് നബി(സ്വ) യിൽ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നെങ്കിലും പ്രത്യക്ഷത്തിൽ ശത്രു പക്ഷത്തോടൊപ്പമായിരുന്നു.
ബദ്ർ യുദ്ധ വേളയിൽ മനോ വൈമുഖ്യത്തോടുകൂടെ തന്നെ അവരോടൊപ്പം പുറപ്പെടേണ്ടി വന്നു. ഒടുവിൽ ബദ്ർ യുദ്ധം വിജയിച്ച മുസ്‌ലിംകൾ ശത്രുക്കളിൽ പലരേയും ബന്ധികളാക്കി. കൂട്ടത്തിൽ അബ്ബാസ് (റ)വും സഹോദരൻ അഖീലുമുണ്ടായിരുന്നു.
തന്റെ പിതൃവ്യനോട് നബി(സ്വ) അദ്ദേഹത്തിന്റെയും സഹോദരന്റെയും മോചന ദ്രവ്യം ആവശ്യപ്പെട്ടു. ഞങ്ങൾ നിർബന്ധിതരായിട്ടാണ് ഈ യുദ്ധത്തിൽ വന്നിട്ടുള്ളത് എന്നിരിക്കേ ഞങ്ങളെന്തിനാണ് പ്രതിഫലം നൽകുന്നതെന്ന് അബ്ബാസ് (റ) ചോദിച്ചു. ബാഹ്യത്തിൽ നമ്മൾ ശത്രുക്കളാണ് എന്നായിരുന്നു നബി(സ്വ)യുടെ മറുപടി.
മോചന ദ്രവ്യം വാങ്ങിയ ശേഷം അബ്ബാസ്(റ) പറഞ്ഞു: താങ്കൾ എന്നെ ഖുറൈശികളിൽ എന്നെന്നേക്കും ഒരു ദരിദ്രനാക്കിത്തീർത്തു . ഉടനെ നബി(സ്വ) ചോദിച്ചു: താങ്കളെങ്ങനെയാണ് ദരിദ്രനാവുക?
പത്നിയായ ഉമ്മുൽ ഫള്ലിന്റെ അടുത്ത് കുറേ ധനം കൊടുത്തേൽപ്പിച്ചു ഞാൻ മരിക്കുകയാണെങ്കിൽ നിന്നെ സമ്പന്നയാക്കിക്കൊണ്ടാണ് ഞാൻ പോകുന്നത് എന്ന് പറഞ്ഞുകൊണ്ടല്ലേ താങ്കൾ പോന്നിട്ടുള്ളത്?
അബ്ബാസ്(റ) അത്ഭുതത്തോടെ ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. എന്റെ ഭാര്യയും ഞാനുമല്ലാതെ ആരുമറിഞ്ഞിട്ടില്ലാത്ത രഹസ്യമാണ് താങ്കൾ വെളിപ്പെടുത്തിയത്.’
കാഴ്ചക്ക് തടസ്സം
സൂറതുൽ മസദ് ഇറങ്ങിയ സമയം. അബൂലഹബിന്റെ ഭാര്യ ഉമ്മുജമീൽ വലിയ പാറക്കല്ലുമായി നബി(സ്വ) യുടെ അടുത്തേക്ക് വന്നു. നബി(സ്വ)യും അബൂബക്കർ(റ)വും കഅ്ബക്കരികിൽ ഇരിക്കുകയാണ്. അബൂബക്കർ (റ) നോട് അവൾ ചോദിച്ചു: എവിടെ നിന്റെ കൂട്ടുകാരൻ? അവൻ എന്നെയും എന്റെ പ്രിയതമനേയും അധിക്ഷേപിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഈ കല്ല് കൊണ്ട് ഞാൻ കഥ കഴിക്കും.
പക്ഷേ അബൂബക്കർ (റ)ന്റെ അടുത്ത് ഇരിക്കുന്ന നബി(സ)യെ കാണാൻ അവൾക്കു സാധിച്ചില്ല. അവളുടെ കാഴ്ചക്കു മുമ്പിൽ നബി(സ്വ)യെ കാണാത്ത വിധം ഒരു തടസ്സം വന്നതായിരുന്നു കാരണം.
ഭ്രാന്ത് സുഖപ്പെടുന്നു
ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ തന്റെ ഭ്രാന്തനായ കുട്ടിയെയും കൊണ്ട് നബി(സ്വ)യുടെ അരികിൽ വന്നു. അവർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ (സ്വ) , എന്റെ ഈ മകന് ഭ്രാന്താണ്. അവൻ പലപ്പോഴും ഭ്രാന്തിളകി അക്രമം കാണിക്കുന്നുണ്ട്.
ഉടനെ നബി(സ്വ) കുട്ടിയുടെ നെഞ്ച് തടവി കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു. കുട്ടി ഉടൻ ഛർദിച്ചു. കറുത്ത നായ്കുട്ടിയെപ്പോലുള്ള ഒരു വസ്തു ഛർദിയിലൂടെ പുറത്തേക്കു വന്നു. ഭ്രാന്ത് ഭേദമായി.
തീ പൊള്ളൽ സുഖപ്പെടുത്തി
മുഹമ്മദ്ബ്നു ഹാത്തിബ് (റ) വിവരിക്കുന്നു. എന്റെ മാതാവ് ഉമ്മുജമീൽ ബീവി (റ) എന്നോടൊരിക്കൽ പറഞ്ഞു: എത്യോപ്യയിൽ നിന്നും ഞാൻ നിന്നെയും കൂട്ടി മദീനാ ശരീഫിലേക്ക് പുറപ്പെട്ടു. വഴിയിൽ ഭക്ഷണം പാകം ചെയ്യാനായി ഒരിടത്ത് തമ്പടിച്ചു. ഞാൻ പുറത്ത് പോയ സമയം നിന്റെ ശരീരത്തിൽ തീപൊള്ളലേറ്റു. നിന്നെയും താങ്ങി ഞാൻ നബി(സ്വ)യുടെ സന്നിധിയിലേക്കോടി.
ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ (സ്വ) , ഇത് മുഹമ്മദ് ബിൻ ഹാത്വിബാണ്. തങ്ങളെക്കൊണ്ട് നാമകരണം നടത്തിയ മകനാണിത്. ഇത് പറഞ്ഞയുടനെ നബി(സ്വ) നിന്റെ തലയിൽ തടവി ബറകത്തിന് വേണ്ടി പ്രാർത്ഥിക്കുകയും നിന്റെ വായിലും കരങ്ങളിലും ഉമിനീർ പുരട്ടുകയും ഒരു രോഗവും അവശേഷിക്കാതെ സുഖപ്പെടുത്തിക്കൊടുക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. പൊള്ളൽ പൂർണ്ണമായും സുഖപ്പെട്ട ശേഷമാണ് ഞാൻ തിരു സന്നിധിയിൽ നിന്നും തിരിച്ച് പോന്നത്.
മലക്കുകൾ സഹായിക്കുന്നു
ആഇശാ (റ) പറയുന്നു: നബി(സ്വ) ഖന്തഖ് യുദ്ധം കഴിഞ്ഞ് മടങ്ങി വരികയും ആയുധം എടുത്തുവെച്ച് കുളിക്കുകയും ചെയ്തു. അപ്പോൾ നബി(സ്വ)യുടെ അരികിൽ ജിബ്രീൽ(അ) വന്ന് പറഞ്ഞു: നബിയേ, അവിടുന്ന് ആയുധം വെച്ചുവോ?
അല്ലാഹു സത്യം. ഞങ്ങൾ ആയുധം വെച്ചിട്ടില്ല. നിങ്ങൾ അവരിലേക്ക് പുറപ്പെടുക.
നബി (സ) ചോദിച്ചു എവിടേക്ക്?
ബനൂഖുറൈളക്കാരുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ച് ജിബ്രീൽ(അ) പറഞ്ഞു: അങ്ങോട്ട്.
അങ്ങനെ പ്രവാചകർ(സ്വ) അവരുടെ അടുക്കലേക്ക് പുറപ്പെട്ടു. അല്ലാഹു അവിടെ മലക്കുകളെ ഇറക്കി നബി(സ്വ)യെ സഹായിച്ചു. ബദ്റിലും മറ്റു പലയിടങ്ങളിലും ഇതുപോലുള്ള സഹായങ്ങൾ നബി(സ്വ)ക്കു ലഭിച്ചിരുന്നു.
ചന്ദ്രൻ പിളർത്തിയതും വൃക്ഷങ്ങൾ തലകുനിച്ച് അഭിവാദ്യം ചെയ്തതും മേഘം തണലിട്ടതുമടക്കം മറ്റു നിരവധി അദ്ഭുത സംഭവങ്ങൾ നബി(സ്വ)യിൽ നിന്നു വെളിപ്പെട്ടിട്ടുണ്ട്. അവിടുന്ന് ഒരു അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് അവയത്രയും ലോകത്തോട് വിളിച്ചുപറഞ്ഞു കൊണ്ടിരിക്കും.
അവലംബം:
1. ഹുജ്ജത്തുല്ലാഹി അലൽ ആലമീൻ ഫീ സയ്യിദാതി അലൽ മുര്സളലീൻ ശൈഖ് യൂസുഫുന്നബ്ഹാനി (റ)
2. ദലാഇലുന്നുബുവ്വഇമാം ബൈഹഖി (റ).
മുസ്തഫ സഖാഫി കാടാമ്പുഴ
മനുഷ്യവര്‍ഗത്തിന്റെ സന്മാര്‍ഗ ദര്‍ശനത്തിനായി സര്‍വ്വ ശക്തനായ അല്ലാഹു അവതരിപ്പിച്ച അമൂല്യവും അതുല്യവുമായ ഗ്രന്ഥമാണ് ഖുര്‍ആന്‍. സത്യപ്രവാചകനായ മുഹമ്മദ് നബിയുടെ സംഭവബഹുലമായ 23വര്‍ഷത്തെ ജീവിതത്തിനിടയില്‍ അവതീര്‍ണമായ ഈ പരിശുദ്ധ ഗ്രന്ഥം അന്നുമുതല്‍ ഇന്നുവരെ മനുഷ്യകരങ്ങളുടെ കൈയേറ്റത്തിന് വിധേയമാവാതെ സുരക്ഷിതമായി നിലനില്‍ക്കുന്നു. അന്ത്യനാള്‍വരെ അത് അപ്രകാരം സുരക്ഷിതമായി സംരംക്ഷിക്കപ്പെടുമെന്ന് അല്ലാഹു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യസമുദായത്തിന്റെ എക്കാലത്തെ ആവശ്യവും പ്രശ്‌നവും നേരിടാന്‍ ഉതകുന്നുവെന്നത് അതിന്റെ സവിശേഷതയാണ്. മുസന്‍മാനെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്റെ പിന്തുണയില്ലാത്ത ഒരു പരിഹാരവും പരിഹാരമല്ല. മറ്റുള്ളവര്‍ യുക്തിപരമായോ സാന്ദര്‍ഭികമായോ ഭൗതികമായോ പരിഹാരം തേടുമ്പോള്‍ മുസ്‌ലിംകള്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ മാത്രം ചിന്തിക്കുന്നു. ചിന്തിക്കേണ്ടതാകുന്നു.
മനുഷ്യന്റെ ജനനംമുതല്‍ മരണംവരെയുള്ള വളര്‍ച്ചയില്‍ സൃഷ്ടിയും സ്രഷ്ടാവുംതമ്മില്‍ അഭേദ്യബന്ധം പുലര്‍ത്താന്‍ സഹായകവും പ്രയോഗവല്‍കരണത്തില്‍ പ്രയാസരഹിതവുമായ ജീവിത വ്യവസ്ഥിതിയാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൈവകല്‍പനകള്‍ അനുസരിച്ച് ആരാധന ചെയ്ത് ദൈവപ്രീതിയും മരണാനന്തര ജീവിത സൗഭാഗ്യവും നേടുകയാണ് മനുഷ്യജീവിത ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള വക്രതയില്ലാത്ത വഴികാട്ടിയാണ് വിശുദ്ധ ഖുര്‍ആന്‍. അന്തിമവും സാര്‍വ്വകാലികവുമായ വേദഗ്രന്ഥമെന്ന നിലക്ക് അതിന്റെ നിലനില്‍പിന്നും പവിത്രതക്കും ഒരു ഭംഗവും വരാതിരിക്കാന്‍ സര്‍വ്വ മുന്‍കരുതലുകളും അല്ലാഹു സ്വീകരിച്ചിരിക്കുന്നു.
നാമാണ് നിങ്ങള്‍ക്ക് ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും. എന്ന ദൈവിക വാഗ്ദാനം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ജനങ്ങള്‍ ദൈനംദിനം അത് പാരായണം ചെയ്യുന്നു. ആയിരക്കണക്കിന് മനുഷ്യര്‍ അതിനെ മനപാഠമാക്കുന്നു. ഇത്രയധികം പാരായണം ചെയ്യപ്പെടുകയും ഹൃദിസ്ഥമാക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു ഗ്രന്ഥം ലോകത്തില്ല. പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുകള്‍, ആയത്തുകള്‍, അക്ഷരങ്ങള്‍, ഹര്‍ക്കത്തുകള്‍ എന്നിവ എണ്ണി ക്ലിപ്തമാക്കപ്പെട്ടിരിക്കുന്നു. കൂടാതെ ഓരോ ആയത്തിന്റെയും അവതരണോദ്ദേശ്യവും സമയവും ദേശവും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിന്റെ പാരായണത്തെ സംബന്ധിച്ച് തജ്‌വീദ് എന്ന വിശയത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, കേരളക്കരയില്‍ അധികപേരും ഈ ശാസ്ത്രശാഖയെ വേണ്ടവിധം ഗൗനിച്ചിട്ടില്ലെന്നത് ഒരു ദു:ഖസത്യമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഈ രംഗത്ത് സന്ദര്‍ഭോചിതം ഉണര്‍ന്നുപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നതും തന്നിമിത്തം ധാരാളം ഖാരിഉകള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നുവെന്നതും ഏറെ ശ്ലാഘനീയമായ കാര്യമാണ്. ഖുര്‍ആനിലെ ഓരോ പദത്തിലെയും വ്യത്യസ്തമായ പാരായണരീതിയും ശൈലിയും സവിസ്തരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
പാരായണ രീതികള്‍
ഖുര്‍ആന്‍ പാരായണം വിവിധ രൂപത്തിലും ശൈലിയിലും നിര്‍വ്വഹിക്കപ്പെടാമെന്നത് അതിന്റെ പ്രത്യേകതയാണ്. അക്ഷരാഭ്യാസവും ഗ്രന്ഥപാരായണവും സുപരിചിതമല്ലാതിരുന്ന അറബികളില്‍ പല ഗോത്രങ്ങള്‍ക്കും വിവിധ ഭാഷാശൈലിയും ഉചാരണരൂപവുമാണ് ഉണ്ടായിരുന്നത്. അവര്‍ക്കെല്ലാം തങ്ങളുടെ മാതൃഭാഷാശൈലിയില്‍തന്നെ നബി ഖുര്‍ആന്‍ ഓതിക്കൊടുക്കുകയും അപ്രകാരം അവര്‍ ഓതിയും പഠിച്ചും അതുള്‍ക്കൊള്ളുകയും ചെയ്തു. ഖുര്‍ആന്‍ ഏഴു ശൈലിയില്‍ ഇറക്കപ്പെട്ടുവെന്ന പ്രസിദ്ധ ഹദീസിന്റെ വിവക്ഷ അതാണ്. ഹിസാമുബിന്‍ ഹക്കീം, ഫുര്‍ഖാന്‍ സൂറത്ത് ഓതുന്നത് കേട്ടപ്പോള്‍ അത് തന്റെ ഖിറാഅത്തിനോട് യോജിക്കാത്തതായി ഉമര്‍ (റ) കണ്ടു. അപ്പോള്‍ അദ്ദേഹത്തെ പിടിച്ചു നബിസന്നിധിയില്‍ ഹാജരാക്കി അന്യായപ്പെടുകയുണ്ടായി. എന്നാല്‍, അവര്‍ രണ്ടുപേരുടെയും പാരായണം നബി ശരിവെക്കുകയാണ് ചെയ്തത്. ഈ സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതാണ്.
നബിയുടെ കാലത്തുതന്നെ ഇപ്രകാരം വ്യത്യസ്തമായ രൂപത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന പല സ്വഹാബി വര്യന്മാരും നാടിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്നു. മൂന്നാം ഖലീഫ ഉസ്മാന്‍ (റ) വിന്റെ ഭരണ കാലത്ത് ആദര്‍ബൈജാന്‍ എന്ന സ്ഥലത്ത് യുദ്ധത്തിലേര്‍പ്പെട്ടിരുന്ന യോദ്ധാക്കളില്‍ പലരും വിവിധ രൂപത്തിലുള്ള ഖുര്‍ആന്‍ പാരായണം നടത്തിയപ്പോള്‍ അത് അവര്‍ക്കിടയില്‍തന്നെ ചെറിയ തോതി ലുള്ള അനൈക്യത്തിനും എതിര്‍പ്പിനും കാരണമായിത്തീര്‍ന്നു. ഇത് ആപല്‍കരമാണെന്ന് മനസ്സിലാക്കി ഹുദൈഫ (റ) എന്ന സ്വഹാബി ഖലീഫയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ മുസ്‌ലിം സമുദായത്തെ രക്ഷിക്കണം. പൂര്‍വ്വ ഗ്രന്ഥങ്ങളുടെ ആളുകള്‍ തങ്ങളുടെ ഗ്രന്ഥത്തില്‍ വിവിധ പാര്‍ട്ടികളായി ഭിന്നിച്ച് നശിച്ചതുപോലെ മുസ്‌ലിം സമുദായം ഛിന്നഭിന്നമാകുവാന്‍ ഇടവരാതെ അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കി അവരെ നാശത്തില്‍നിന്ന് രക്ഷിക്കണം.
അങ്ങനെ ഖലീഫ സ്വഹാബികലെയെല്ലാം ഒരു നിശ്ചിത ദിവസം മദീനയിലേക്കു ക്ഷണിച്ചു. അന്ന് പന്ത്രണ്ടായിരം സ്വഹാബികള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരെല്ലാം സമ്മേളിച്ചതിനു ശേഷം ഖുര്‍ആന്‍ പാരായണത്തില്‍ മുസ്‌ലിംകള്‍ക്കിടയിലുള്ള തര്‍ക്കത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും താഴെ പറയുന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്തു.
1. ഒന്നാം ഖലീഫ സിദ്ദീഖ് (റ) എഴുതി സൂക്ഷിച്ച മുസ്ഹഫിന്റെ പല കോപ്പികള്‍ പകര്‍ത്തെടുക്കുക.
2. പ്രധാന മുസ്‌ലിം പട്ടണങ്ങളിലേക്ക് ഓരോ കോപ്പികള്‍ വീതം അയച്ചുകൊടുക്കുക.
3. ആ കോപ്പിയിലുള്ള പ്രകാരമല്ലാതെ ഖുര്‍ആന്‍ ഓതാന്‍ പാടുള്ളതല്ല.
4. ഇവക്കെതിരായി വല്ല കോപ്പിയുമുണ്ടെങ്കില്‍ അവ നശിപ്പിക്കുക.
ഈ തീരുമാനം പന്ത്രണ്ടായിരം സ്വഹാബികളും ഐകകണ്ഠമായി തീരുമാനിച്ചു പ്രഖ്യാപിച്ചു. അനന്തരം ദൈദുബിന്‍ സാബിത് (റ) വിന്റെ നേതൃത്വത്തില്‍ ഒരു സംഘം എഴുത്തുകാരെ നിയമിച്ചുകൊണ്ട് എട്ടു കോപ്പികള്‍ അവര്‍ പകര്‍ത്തിയെടുത്തു. അവര്‍ക്ക് പ്രധാന സ്വഹാബികള്‍ നേതൃത്വം കൊടുക്കുകയും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അനന്തരം ഖുര്‍ആന്‍ മന:പാഠമുള്ള പ്രധാനികളായ സ്വഹാബികളുടെ നേതൃത്വത്തില്‍തന്നെ ഓരോ കോപ്പിയും മക്ക, ബസ്വറ, കൂഫ, സിറിയ, യമന്‍,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് അയക്കുകയും ഒന്ന് മദീനയിലും ഒന്ന് ഖലീഫയുടെ കൈവശവും വെക്കുകയുണ്ടായി.
ഈ പറഞ്ഞ പരിഹാരത്തോടുകൂടി ഖുര്‍ആന്‍ പാരായണ രംഗത്തുണ്ടാകുമായിരുന്ന കുഴപ്പം അവസാനിക്കുകയും ഇസ്‌ലാമിന്റെ ശത്രുക്കള്‍ മുസ്‌ലിം വേഷമണിഞ്ഞ് ഖുര്‍ആന്‍ വികൃതമാക്കി ഓതി ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന എല്ലാ പഴുതുകളും എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടുകയും ചെയ്തു. പ്രസ്തുത 8 മുസ്ഹഫുകളും നബിയില്‍നിന്ന് കേട്ടു പഠിച്ച പലവിധ ഖിറാഅത്തുപ്രകാരവും ഓതുവാന്‍ സാധിക്കുന്ന വിധത്തിലാണ് എഴുതപ്പെട്ടിരുന്നത്.
മുസ്ഹഫ് വാഹകന്മാര്‍ ആമിറു ബിന്‍ ഖൈസ്, മുഗീറത്തുബിന്‍ ശിഹാബ്, സൈദ് ബിന്‍ സാബിത്,അബ്ദുല്ലാഹ് ബിന്‍ സാഇബ്, അബൂ അബ്ദിര്‍റഹ്മാന്‍ അസ്സലമി മുതലായ പ്രഗല്‍ഭന്മാരായിരുന്നു. അതതു പ്രദേശത്ത് ഖുര്‍ആന്‍ മന:പാഠമുള്ള ധാരാളം പണ്ഡിതന്മാര്‍ (താബിഉകള്‍) അക്കാലത്തുണ്ട്. അവരെല്ലാം യാതൊരു ഭിന്നിപ്പും കൂടാതെ സ്വാഗതം ചെയ്ത പാരായണമാണ് മേല്‍പറഞ്ഞത് എന്ന കാര്യം പ്രസ്താവ്യമാണ്. അവരുടെ പാരായണം മുമ്പു പറഞ്ഞ പ്രകാരം പരസ്പരം വ്യത്യാസങ്ങളുള്ളതായിരുന്നു.
ഉപര്യുക്ത പണ്ഡിതമഹാരഥന്മാരില്‍നിന്ന് ഖുര്‍ആന്‍ പഠിച്ചുപ്രചരിപ്പിച്ച മഹാന്മാരാണ് പില്‍ക്കാലത്ത് പ്രസിദ്ധരായ ഏഴു ഖുര്‍റാഉകള്‍. എന്നാല്‍, പാരായണത്തില്‍ അല്‍പസ്വല്‍പ വ്യത്യാസങ്ങളുണ്ടെങ്കിലും ഖുര്‍ആനിന്റെ തത്ത്വത്തിനോ ആശയത്തിനോ കടുകിട വ്യത്യാസമില്ലായെന്നുള്ളതാണ് അല്‍ഭുതാവഹമായിട്ടുള്ളത്. ഇങ്ങനെയെല്ലാമായിരിക്കെത്തന്നെ അര്‍ത്ഥ സംപുഷ്ടമായ വാക്കുകളാല്‍ വിരചിതമായ അതിന്റെ വാക്യഘടനയും ശൈലിയും അറബി സാഹിത്യസാമ്രാട്ടുകളെ അമ്പരപ്പിക്കുകയും അതിലുള്ളതുപോലെ മറ്റൊരദ്ധ്യായം കൊണ്ടുവരൂ എന്ന വെല്ലുവിളിക്കുമുമ്പില്‍ അവര്‍ മുട്ടുകുത്തുകയും ചെയ്തിരിക്കുന്നു. അതും ഖുര്‍ആന്റെ പ്രത്യേകതയാണ്. പ്രസിദ്ധരായ ഏഴു ഖാരിഉകള്‍ ഇവരാണ്:
1. നാഫിഅ് ബിന്‍ അബ്ദിര്‍റഹ്മാന്‍ (മദീന)
2. അബ്ദുല്ലാഹ് ബിന്‍ കസീര്‍ (മക്ക)
3. അബൂ അംറ് (ബസറ)
4. അബ്ദുല്ലാഹ് ബിന്‍ ആമിര്‍ (സിറിയ)
5. ആസിം ബിന്‍ അബി ന്നജൂദ് (കൂഫ)
6. സംസ ബിന്‍ അലി (കൂഫ)
7. കിസാഈ (അലി ബിന്‍ ഹംസ) (കൂഫ)
ഈ മഹാന്മാരില്‍ നിന്ന് പരമ്പരാഗതമായും മുതവാത്തിറായും ലഭിച്ച ഖുര്‍ആന്‍ പാരായണമാണ് ഇന്ന് സര്‍വ്വസമ്മതമായി മുസ്‌ലിംലോകം അനുകരിച്ചുവരുന്നത്.
ഈജിപ്തിലെ നീതിമാനായ ഭരണാധികാരിയാണ് സുൽ ത്വാൻ അഹ്മദ് നൂറുദ്ദീൻ.
തികഞ്ഞ മതഭക്തൻ, പ്രജാതൽപരൻ, വലിയ ധർമിഷ്ഠൻ എന്നീ നിലകളിൽ പ്രസിദ്ധനാണദ്ദേഹം.
രാത്രി ദീർഘസമയം തഹജ്ജുദ് നിസ്കരിക്കും. നബി(സ)യുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലും.
രാജാക്കന്മാരിലെ ‘വലിയ്യ്’ എന്നോ ഔലിയാക്കളിലെ രാജാവ് എന്നോ അദ്ദേഹത്തെ വിശേഷിപ്പിക്കാം. അത്രയും സൂക്ഷ്മത നിറഞ്ഞ ജീവിതം.
ഒരു രാത്രി തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് ഒന്ന് മയങ്ങിയ സുൽത്വാൻ അത്ഭുതകരമായൊരു സ്വപ്നം കണ്ടു.
തിരുനബി(സ) മദീനാ പള്ളിയിൽ നിന്നിറങ്ങി തനിക്ക് നേരെ നടന്നുവരുന്നു.
തിളങ്ങുന്ന, ആരെയും വശീകരിക്കുന്ന പുഞ്ചിരി പൊഴിക്കുന്ന മുഖം. തൂവെള്ള ഖമീസും തലപ്പാവും ധരിച്ചിരിക്കുന്നു. തിരുശരീരത്തിൽ നിന്ന് ഹൃദയഹാരിയായ സുഗന്ധം വമിക്കുന്നുണ്ട്.
തിരുനബി(സ)യുടെ പ്രഭാവലയത്തിൽ മയങ്ങിനിന്ന സുൽത്വാനെ നബി(സ) വിളിച്ചു.
‘‘നൂറുദ്ദീൻ! ഇവിടെ വരൂ!”
സുൽത്വാൻ ആദരവോടെ തിരുനബി(സ)യുടെ തിരുസവിധത്തിലെത്തി.
അപ്പോൾ, തിരുനബി(സ)ക്ക് ചാരെയതാ, രണ്ട് വ്യക്തികൾ. രണ്ടുപേരും കോങ്കണ്ണന്മാർ! ഒറ്റ നോട്ടത്തിൽ തന്നെ ഏതോ വഞ്ചകരാണെന്ന് തോന്നിപ്പോവുന്ന രൂപങ്ങൾ. നിഗൂഢത നിറഞ്ഞ മുഖഭാവം!
അവരെ ചൂണ്ടി നബി(സ) പറഞ്ഞു: ‘‘നൂറുദ്ദീൻ! ഇവരിൽ നിന്ന് എനിക്ക് താങ്കൾ സംരക്ഷണം നൽകുക!”
സുൽത്വാൻ തിരുനബി(സ)യുടെ മുഖത്തേക്ക് നോക്കി. തിരുമുഖത്ത് പുഞ്ചിരി മാഞ്ഞിരിക്കുന്നു.
സുൽത്വാൻ ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നു.
ഇതെന്തോ ഒരത്ഭുതകരമായ സ്വപ്നമാണ്. എന്തോ ഒരു രഹസ്യം ഇതിലടങ്ങിയിരിക്കുന്നു. സുൽത്വാന്റെ അന്തഃരംഗം മന്ത്രിച്ചുകൊണ്ടിരുന്നു…
നേരം ഒന്ന് പുലർന്നോട്ടെ, വിശ്വസ്തരോട് ഇതിനെക്കുറിച്ച് സംസാരിക്കണം…
അതും മനസ്സിലുറപ്പിച്ച് സുൽത്വാൻ വീണ്ടും അംഗശുദ്ധി വരുത്തി സുന്നത്ത് നിസ്കാരത്തിൽ വ്യാപൃതനായി. നിസ്കാരവും കഴിഞ്ഞൊന്ന് മയങ്ങിയതേയുള്ളൂ.
അപ്പോഴേക്കും നേരത്തെ കണ്ട അതേ സ്വപ്നം വീണ്ടും സുൽത്വാനെ തേടിയെത്തി…
വീണ്ടും വുളൂഅ് ചെയ്ത് സുന്നത്ത് നിസ്കരിച്ച് കിടന്ന സുൽത്വാന് മൂന്നാം പ്രാവശ്യവും അതേ സ്വപ്ന ദർശനമുണ്ടായി. ഇതിലെന്തോ അസാധാരണത്വമുണ്ടെന്ന സംശയം ഒന്നുകൂടി ബലപ്പെട്ടു.
ഏതായാലും ഇനി ഉറങ്ങുകയല്ല, ഉണർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കിയ സുൽത്വാൻ തന്റെ വിശ്വസ്തനായ മന്ത്രി ജമാലുദ്ദീനെ വിളിപ്പിച്ചു. ഇലാഹീ ഭക്തനും സുൽത്വാന്റെ ഉത്തമ ഗുണകാംക്ഷിയുമായിരുന്ന മന്ത്രി ജമാലുദ്ദീന്റെ മുമ്പാകെ സുൽത്വാൻ തന്റെ സ്വപ്നം അവതരിപ്പിച്ചു.
മന്ത്രി പറഞ്ഞു: ‘‘പ്രഭോ! തീർച്ചയായും ഇത് സത്യസ്വപ്നം തന്നെയാണ്. നമുക്ക് വേഗം മദീനയിലെത്തണം. നബി(സ) തങ്ങൾ കാണിച്ചുതന്ന ആ രണ്ടുപേരെ കണ്ടെത്തുകയും വേണം. ഒട്ടും താമസിക്കേണ്ട. അതിനുവേണ്ട ഒരുക്കങ്ങൾ നടത്താൻ കൽപിച്ചാലും.”
യാത്രാ സാമഗ്രികൾ തയ്യാറായി. സുൽത്വാനും മന്ത്രിയും മദീനാ യാത്രക്കൊരുങ്ങി…
അംഗരക്ഷകരായി ഇരുപത് കുതിരപ്പടയാളികൾ, ആയിരം ഒട്ടകങ്ങൾ, അവയ്ക്ക് പുറത്തായി നിരവധി യാത്രാ സന്നാഹങ്ങൾ, ധാരാളം പണം… എല്ലാം തയ്യാറായി… സുൽത്വാൻ മുന്നിൽ, തൊട്ട് പുറകിൽ മന്ത്രി ജമാലുദ്ദീൻ, ഇരുവശങ്ങളിലുമായി അംഗരക്ഷകർ; എല്ലാവരും കുതിരപ്പുറത്ത്. അവർക്ക് പുറകിലായി ഭാണ്ഡങ്ങൾ വഹിച്ച ഒട്ടകങ്ങൾ, അവയ്ക്ക് പിന്നിൽ ഏതാനും പരിചാരകർ…
ആ സാർത്ഥവാഹക സംഘം മദീനയിലേക്കുള്ള വഴിത്താരയിലൂടെ അതിവേഗം മുന്നോട്ട് ഗമിച്ചു.
മാമലകളും മണൽക്കാടുകളും കടന്ന് തീർത്ഥാടന സംഘം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു…
പ്രഭാതത്തിലെ മരംകോച്ചുന്ന തണുപ്പോ ഉച്ചവെയിലിലെ മരുഭൂമിയിലെ പൊള്ളുന്ന മണൽത്തരികളോ അവരുടെ ആവേശം കെടുത്തിയില്ല. മരുഭൂമിയിലെ മണൽക്കാറ്റുകളെ അവഗണിച്ച്, ഒട്ടകങ്ങളും കുതിരകളും കുതിച്ചും കിതച്ചും പാഞ്ഞുകൊണ്ടിരുന്നു.
അങ്ങനെ പതിനാല് ദിവസത്തെ വിശ്രമമില്ലാത്ത യാത്രയ്ക്കു ശേഷം ഒരു പ്രഭാതത്തിന്റെ പൊമ്പുലരിയിൽ സംഘം മദീനയുടെ അതിർത്തിയിലെത്തി.
എല്ലാം ചിന്തിച്ചുകൊണ്ട് സുൽത്വാൻ നേരെ കടന്നു ചെന്നത് മസ്ജിദുന്നബവിയിലേക്കാണ്. ഓർമകൾ ചിറകുവെച്ച് പറന്നുതുടങ്ങിയപ്പോൾ സുൽത്വാന്റെ കണ്ണുകൾ സജലങ്ങളായി.
പിന്നീട് സ്വർഗത്തോപ്പിൽ ചെന്ന് രണ്ട് റക്അത്ത് നിസ്കരിച്ചു നേരെ റൗളാ ശരീഫിലെത്തി. തിരുനബി(സ)ക്ക് സലാം ചൊല്ലി. അസ്സലാമു അലൈക യാ റസൂലല്ലാഹ്… അല്ലാഹുവിന്റെ ദൂതരേ! അങ്ങയ്ക്കൊരായിരം അഭിവാദ്യങ്ങൾ. പറയുമ്പോൾ സുൽത്വാന്റെ കണ്ഠമിടറി. ഒരു കൊച്ചു കുട്ടിയെപ്പോലെ സുൽത്വാൻ പൊട്ടിക്കരഞ്ഞു.
വികാരനിർഭരമായ സിയാറത്തും കഴിഞ്ഞ് വീണ്ടും സുൽത്വാൻ മസ്ജിദുന്നബവിയിൽ പ്രവേശിച്ചു.
ഇനിയെന്ത് ചെയ്യണമെന്ന അർത്ഥത്തിൽ ദീർഘസമയം ചിന്താനിമഗ്നനായി ഇരുന്നു.
മന്ത്രിയുടെ ആഗമനമാണ് സുൽത്വാനെ ചിന്തയിൽ നിന്നുണർത്തിയത്.
‘മന്ത്രീ! ഇനി നാം എങ്ങനെ മുന്നോട്ട് നീങ്ങും? എന്താണ് ചെയ്യേണ്ടതെന്ന് ഞാനേറെ നേരം ആലോചിച്ചു.” സുൽത്വാൻ തന്റെ ആശങ്ക പങ്കുവെച്ചു.
മന്ത്രി പറഞ്ഞു: ‘‘സുൽത്വാൻ! നമുക്ക് നബി (സ) തങ്ങൾ കാണിച്ചുതന്ന ആ രണ്ട് വ്യക്തികളെ കണ്ടെത്തണം!”
സുൽത്വാൻ: ‘‘അതെങ്ങനെ സാധ്യമാവും?”
മന്ത്രി: ‘‘അവരെ കണ്ടാൽ താങ്കൾക്കവരെ തിരിച്ചറിയാൻ സാധിക്കില്ലേ!”
സുൽത്വാൻ: ‘‘തീർച്ചയായും സാധിക്കും! അവരുടെ മുഖഭാവം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.”
‘‘എങ്കിൽ അങ്ങ് സമാധാനമായിരിക്കൂ. നമുക്ക് വഴിയുണ്ടാക്കാം.” മന്ത്രി സുൽത്വാനെ സമാധാനിപ്പിച്ചു.
മന്ത്രി ഒന്നുകൂടി സുൽത്വാന്റെ സമീപത്തേക്ക് നീങ്ങിനിന്ന് ചെവിയിൽ സ്വകാര്യം പറഞ്ഞു.
‘‘സുൽത്വാൻ! അങ്ങ് മദീനയിലെത്തിയിരിക്കുന്നുവെന്നും മദീനാ വാസികൾക്കെല്ലാം ധനസഹായം നൽകുന്നുവെന്നും ഞാൻ വിളംബരം ചെയ്യാം. സഹായ ധനം സ്വീകരിക്കാൻ മദീനക്കാർ വരുമ്പോൾ അങ്ങ് ഓരോരുത്തരെയും വീക്ഷിക്കുക. അപ്പോൾ ആ രണ്ടുപേരെ കണ്ടെത്തുക താങ്കൾക്കൊരു പ്രയാസമാവില്ല.”
മന്ത്രി ഏതാനും അംഗരക്ഷകരെയും കൂട്ടി മദീനയുടെ തെരുവീഥികളിലും ജനവാസമുള്ള പ്രദേശങ്ങളിലുമെല്ലാം ചെന്ന് വിളംബരം ചെയ്തു.
‘‘മദീനക്കാരേ! ഈജിപ്തിൽ നിന്ന് ഞങ്ങളുടെ സുൽത്വാനിതാ മദീനയിൽ സന്ദർശനത്തിനെത്തിയിരിക്കുന്നു. സുൽത്വാന്റെ സന്ദർശനം പ്രമാണിച്ച് എല്ലാ മദീനക്കാർക്കും സുൽത്വാന്റെ വക പ്രത്യേകം സമ്മാനങ്ങളും ധനസഹായവും ലഭിക്കുന്നതാണ്. മാത്രമല്ല, വലിയൊരു സദ്യയും നാട്ടുകാർക്കായി സുൽത്വാൻ തയ്യാർ ചെയ്തിട്ടുണ്ട്. മദീനക്കാരിൽ ഒരാൾ പോലും ഒഴിവാകരുതെന്ന് സുൽത്വാന് നിർബന്ധമുണ്ട്. മസ്ജിദുന്നബവിയുടെ മുറ്റത്ത് സുൽത്വാൻ നിങ്ങളെ കാത്തിരിക്കുന്നു!”
മന്ത്രിയുടെ വിളംബരം അന്തരീക്ഷത്തിൽ ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.
കേട്ടവർ കേട്ടവർ ആ വാർത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറി.
മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും മസ്ജിദുന്നബവിയുടെ മുൻവശത്ത് ഉപവിഷ്ടനായിരിക്കുന്ന സുൽത്വാന്റെ മുമ്പിൽ ജനസമുദ്രം ഇരമ്പിവന്നു.
ഭടന്മാർ പേര് വിവരങ്ങൾ വായിക്കുന്നതിനനുസരിച്ച് ഓരോരുത്തരായി വന്ന് സമ്മാനങ്ങളും സഹായങ്ങളും സ്വീകരിച്ചുതുടങ്ങി.
എല്ലാറ്റിനും മേൽനോട്ടം വഹിക്കാനെന്നവണ്ണം മുമ്പിലിരിക്കുന്ന സുൽത്വാൻ, സമ്മാനം വാങ്ങി തിരിച്ചുപോകുന്ന ഓരോരുത്തരെയും പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരുന്നു.
മണിക്കൂറുകൾ കടന്നുപോയി. ആളുകൾ വന്നും പോയിക്കൊണ്ടുമിരുന്നു. പ്രതീക്ഷയോടെ സുൽത്വാനും തന്റെ കർത്തവ്യം നിർവഹിച്ചുകൊണ്ടേയിരുന്നു.
സമയം പിന്നെയും ഇഴഞ്ഞുനീങ്ങി. അവസാനം മദീനക്കാരിലെ അവസാന വ്യക്തിയും വന്ന് സമ്മാനം വാങ്ങി ഭക്ഷണം കഴിച്ചു വിടപറഞ്ഞു.
പക്ഷെ, സുൽത്വാൻ പ്രതീക്ഷിച്ചുകൊണ്ടിരുന്ന രണ്ട് വ്യക്തികളെ മാത്രം കണ്ടില്ല.
എല്ലാം വെറുതെയായോ? സുൽത്വാന്റെ മുഖത്ത് അൽപമൊരു നിരാശ പടർന്നതുപോലെ മന്ത്രിക്കു തോന്നി.
മന്ത്രി സമാധാന വാക്കുകൾ ചൊരിഞ്ഞു.
‘‘സുൽത്വാൻ! അങ്ങ് നിരാശനാവരുത്. നാം നമ്മുടെ ലക്ഷ്യത്തോടടുത്ത് വരുന്നതേയുള്ളൂ!”
സുൽത്വാൻ ഒരിക്കൽകൂടി വിളംബരം ചെയ്തു.
‘‘നമ്മുടെ ധനസഹായം സ്വീകരിക്കാത്തവരായി ഇനിയാരെങ്കിലും ബാക്കിയുണ്ടോ? ഉണ്ടെങ്കിൽ അവരെയും വിളിച്ച് കൊണ്ടുവരണം. ഇതിൽ നിന്നൊരാളും ഒഴിവാകാൻ പാടില്ല.”
വിളംബരം കേട്ട മദീനാവാസികൾ ഒന്നടങ്കം പറഞ്ഞു: ‘‘ഇല്ല. സുൽത്വാൻ! മദീനക്കാരായ ഒരാളും ഇനി ബാക്കിയില്ല. എല്ലാവരും വന്ന് ദാനധർമങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.”
സുൽത്വാൻ മന്ത്രിയെ നോക്കി. ഇത്തവണ മന്ത്രിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
സുൽത്വാൻ ഒരിക്കൽകൂടി ജനങ്ങളോട് പറഞ്ഞു:
‘‘നന്നായി ആലോചിച്ച് മറുപടി പറഞ്ഞാൽ മതി. ഇനിയാരെങ്കിലുമുണ്ടോ ഈ നാട്ടിൽ നമ്മെ സമീപിക്കാത്തവരായി? ഉണ്ടെങ്കിൽ ആരായാലും പറയണം!”
സുൽത്വാൻ വീണ്ടും വീണ്ടും ചോദ്യമാവർത്തിച്ചപ്പോൾ ചിലർ പറഞ്ഞു:
‘‘സുൽത്വാൻ! താങ്കൾ ആവർത്തിച്ച് ചോദിച്ചതുകൊണ്ട് പറയുകയാണ്. ഇവിടെ മദീനയിൽ വന്ന് താമസിക്കുന്ന രണ്ട് സ്പെയിൻകാരുണ്ട്. അവർ വന്നിട്ടില്ല. മഹാഭക്തന്മാരും സാത്വികരുമാണവർ. എപ്പോഴും അവർ ഇബാദത്തിലായിരിക്കും. അവർ ആരിൽ നിന്നും സഹായം സ്വീകരിക്കാറില്ല. എല്ലാവർക്കും അങ്ങോട്ട് ധർമം ചെയ്യുന്നതാണവരുടെ ശൈലി.”
സുൽത്വാന്റെ മനസിൽ പ്രതീക്ഷയുടെ ചെറിയ തിരിനാളങ്ങൾ ജ്വലിച്ചുതുടങ്ങി.
എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ, യാതൊന്നും സംഭവിക്കാത്ത മട്ടിൽ സുൽത്വാൻ സദസ്യരോട് ചോദിച്ചു.
‘‘നമ്മുടെ ആഗമനത്തെക്കുറിച്ചും മറ്റും നിങ്ങളവരെ അറിയിച്ചില്ലേ!”
അവർ പറഞ്ഞു: ‘‘എല്ലാം പറഞ്ഞതാണ്. പക്ഷേ അവർ വരാൻ തയ്യാറായില്ല. ഞങ്ങൾക്ക് ആരുടെതും ഒന്നുംതന്നെ ആവശ്യമില്ലെന്നാണവർ പറഞ്ഞത്. അവർ മുന്പേ അങ്ങനെയാണ്.”
സുൽത്വാന്റെ മനസിൽ കൊള്ളിയാൻ മിന്നി.
അവർ തന്നെയായിരിക്കുമോ പ്രതീക്ഷയോടെ, താൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവർ…
സുൽത്വാന്റെ ഉത്തരവ് വന്നത് പെട്ടെന്നായിരുന്നു. ‘‘ആരവിടെ! എത്രയും പെട്ടെന്ന് അവർ രണ്ടുപേരെയും നമുക്ക് മുമ്പിൽ ഹാജറാക്കൂ! അത്ര വലിയ മഹാന്മാരാണെങ്കിൽ അവരെ നമുക്കൊന്ന് കാണേണ്ടതുണ്ട്. ഉം! വേഗമാകട്ടെ!”
സുൽത്വാന്റെ ഉത്തരവ് നിമിഷങ്ങൾക്കകം നടപ്പിലാക്കപ്പെട്ടു. അവർ രണ്ടുപേരും തിരുമുമ്പിൽ ഹാജറാക്കപ്പെട്ടു.
ഒരു നിമിഷം! സുൽത്വാൻ അവരെക്കണ്ട് ഞെട്ടി. എന്തൊരത്ഭുതം! ‘‘ഇവരിൽ നിന്ന് എന്നെ സംരക്ഷിക്കുക” എന്ന് തിരുനബി(സ) തങ്ങൾ സ്വപനത്തിൽ വന്ന് മുന്നറിയിപ്പ് നൽകിയ അതേ വ്യക്തികൾ!
സുൽത്വാന്റെ ഹൃദയം, പടപടാ മിടിക്കാൻ തുടങ്ങി.
വലിയ ഭക്ത്യാദരവുകൾ നടിച്ച് തന്റെ മുമ്പിൽ നിൽക്കുന്ന ആ രണ്ട് വ്യക്തികളെ സുൽത്വാൻ അൽപ സമയം ഇമവെട്ടാതെ നോക്കിനിന്നു.
പിന്നീട് ചോദ്യമാരംഭിച്ചു.
‘‘നിങ്ങൾ എവിടെനിന്ന് വന്നവരാണ്?”
‘‘ഞങ്ങൾ മൊറോക്കോ :ക്കാരാണ്.”
‘‘എന്തിനാണിവിടെ വന്നത്?”
‘‘ഹജ്ജിനുവേണ്ടി വന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഹജ്ജ് കഴിഞ്ഞു. ഇനി സിയാറത്തും ചെയ്ത് മടങ്ങാമെന്ന് കരുതി ഇവിടെയെത്തി. നബി(സ) തങ്ങളുടെ സമീപത്ത് തന്നെ താമസിക്കാനുള്ള ആഗ്രഹം കാരണം അൽപകാലം ഇവിടെ താമസിക്കാമെന്ന് വിചാരിക്കുന്നു.”
‘‘സത്യം പറയൂ! അസത്യത്തിന് നിലനിൽപില്ലെന്നോർക്കണം!”
‘‘ഞങ്ങൾ സത്യം തന്നെയാണ് പറഞ്ഞത്. ഞങ്ങൾ ഒരിക്കലും അസത്യം പറഞ്ഞിട്ടില്ല. പറയുകയുമില്ല.”
സുൽത്വാൻ പലതവണ പ്രസ്തുത ചോദ്യമാവർത്തിച്ചപ്പോഴും അവർ ആദ്യത്തെ മറുപടി ആവർത്തിച്ചതേയുള്ളൂ.
പിന്നീട് സുൽത്വാൻ ജനങ്ങൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.
‘‘പറയൂ! ഇവരെവിടെയാണ് താമസിക്കുന്നത്?” മദീനാ നിവാസികൾ പറഞ്ഞു. ‘‘തിരുനബി(സ) തങ്ങളുടെ റൗളാശരീഫിന്റെ തൊട്ടടുത്തായി ഒരു സത്രത്തിൽ. ഒരു ധ്യാന കേന്ദ്രമുണ്ടാക്കി അവിടെയാണവർ താമസിക്കുന്നത്.”
സുൽത്വാൻ ഉത്തരവിട്ടു. ‘‘ആരവിടെ! ഇവർ രണ്ടുപേരെയും വിലങ്ങ് വെക്കൂ! ഇവരുടെ താമസസ്ഥലം നമുക്കൊന്ന് കാണണം.”
സുൽത്വാൻ നാട്ടുകാരോടൊപ്പം അവരുടെ താമസസ്ഥലത്തേക്ക് നീങ്ങി. താമസസ്ഥലവും പരിസരങ്ങളും മുഴുവൻ അരിച്ചുപെറുക്കി. പക്ഷെ നിരാശയായിരുന്നു ഫലം.
രണ്ട് ഖുർആൻ പ്രതികളും ഏതാനും കിതാബുകളും ചില നിത്യോപയോഗ വസ്തുക്കളുമല്ലാതെ മറ്റൊന്നും അവിടെ കാണാനുണ്ടായിരുന്നില്ല!
സുൽത്വാൻ വിഷണ്ണനും ദുഃഖിതനുമായി.
ഇങ്ങിനെയെല്ലാം നടക്കുമ്പോഴും മദീനാവാസികൾ അവർ രണ്ടുപേരെയും വല്ലാതെ പ്രകീർത്തിച്ചുകൊണ്ടിരുന്നു.
ചിലർ അവർക്കായി സുൽത്വാനോട് ശുപാർശ പറയാൻ വരെ തയ്യാറായി.
‘‘സുൽത്വാൻ! ഇവർ വളരെ നല്ലവരാണ്. ദാനധർമങ്ങൾ അധികരിപ്പിക്കുന്നവരാണ്. എന്നും ഇവർക്ക് നോമ്പായിരിക്കും. ഇടയ്ക്കിടെ റൗളാ ശരീഫ് സിയാറത്ത് ചെയ്യും. എപ്പോഴും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും. ഓരോ ദിവസവും രാത്രി ജന്നത്തുൽ ബഖീഇൽ പോയി ദീർഘനേരം പ്രാർത്ഥിച്ചേ തിരിച്ചുവരാറുള്ളൂ. അവരോട് ആരെന്ത് സഹായം ചോദിച്ചാലും അവർ അത് നൽകും. ഒരിക്കലും ഇല്ലെന്ന് പറയില്ല. കഴിഞ്ഞ ക്ഷാമ കാലത്ത് ഇവരുടെ ധർമം കാരണം മദീനാവാസികളായ ഞങ്ങളെല്ലാവരും ഇവരെക്കുറിച്ച് സംതൃപ്തരാണ്. അങ്ങനെയുള്ളവരിൽ നിന്ന് അഹിതമായ യാതൊന്നും ഉണ്ടാവാൻ തരമില്ല. അവരെ അങ്ങ് സംശയിക്കുന്നത് വെറുതെയാണ്.”
അഭിപ്രായങ്ങൾ പിന്നെയും വന്നുകൊണ്ടിരുന്നു. സുൽത്വാനാവട്ടെ, എല്ലാം ക്ഷമയോടെ കേട്ടുനിന്നതേയുള്ളൂ.
പെട്ടെന്നാണത് സംഭവിച്ചത്. ഏതോ ഒരുൾവിളിയുടെ പ്രേരണയാലെന്ന വണ്ണം സുൽത്വാൻ അവരുടെ താമസസ്ഥലത്തു കൂടെ അങ്ങുമിങ്ങും ഉലാത്താൻ തുടങ്ങി. അതിനിടയിലെപ്പോഴോ സുൽത്വാൻ അവിടെ വിരിച്ചിട്ട ‘മുസ്വല്ല’യൊന്ന് പൊക്കിനോക്കി.
ഒരു നിമിഷം! സുൽത്വാന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അതിന്നടിയിലതാ വളരെ രഹസ്യമായി ഒരു തുരങ്കം നിർമിക്കപ്പെട്ടിരിക്കുന്നു. തുരങ്കത്തിന് വായ്ഭാഗത്ത് പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധം വലിയൊരു കല്ല് പാകിയിരിക്കുന്നു. സുൽത്വാൻ കല്ല് പൊക്കി നോക്കി.
സുബ്ഹാനല്ലാഹ്! മണ്ണ് തുരന്ന് അതിസമർത്ഥമായി തയ്യാറാക്കിയ തുരങ്കം പൂർണമായി സുൽത്വാന്റെ ദൃഷ്ടിയിൽ പെട്ടു. അത് ചെന്നവസാനിക്കുന്നതാവട്ടെ തിരുനബി(സ)യുടെ റൗളാശരീഫിനുള്ളിലും. പവിത്രമായ തിരുഖബ്റിടത്തിനു സമീപം വരെ എത്തിയിരിക്കുന്നു തുരങ്കം…
സുൽത്വാന് സംഗതിയുടെ കിടപ്പ് മനസ്സിലായി.
സുൽത്വാൻ മദീനാവാസികളെയെല്ലാം വിളിച്ചുകൂട്ടി സംഭവം കാണിച്ചുകൊടുത്തു. കൂടെ സ്വപ്ന വൃത്താന്തവും പറഞ്ഞു.
ജനങ്ങൾ അമ്പരന്നു. പലർക്കും രോഷം തിളച്ചുപൊങ്ങി.
സുൽത്വാൻ രണ്ട് പേരെയും അവിടെ ഹാജറാക്കി. ജനാവലി ഇളകിമറിഞ്ഞു. അവരെ ശാന്തരാക്കാൻ സുൽത്വാനും മന്ത്രിയും ഏറെ പാടുപെടേണ്ടിവന്നു.
സുൽത്വാൻ രണ്ട് പേരെരെയും മാറിമാറി നോക്കി. അവരുടെ തല കുനിഞ്ഞിരുന്നു.
കണ്ണുകളിൽ നിന്ദ്യത നിഴലിച്ചിരുന്നു.
സുൽത്വാൻ അവേരാടാക്രോശിച്ചു.
‘‘വഞ്ചകന്മാരേ! ഇത്തരമൊരു നീചവൃത്തിക്ക് നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്? എല്ലാം തുറന്ന് പറയൂ. ഞങ്ങളൊന്ന് കേൾക്കട്ടെ!”
അവരൊന്നും മിണ്ടിയില്ല. തല കുനിച്ച് നിന്നതേയുള്ളൂ.
കോപം സിരകളിൽ ഇരച്ച് കയറിയ സുൽത്വാൻ ഉത്തരവിട്ടു. ‘‘ആരവിടെ? ദ്രോഹികളായ ഈ വഞ്ചകന്മാരെ ചാട്ടവാറുകൊണ്ടടിക്കൂ. യാതൊരു ദാക്ഷിണ്യവും വേണ്ട! ഇവർ സത്യം പറയുമോ എന്ന് നാമൊന്ന് പരിശോധിക്കട്ടെ!”
സുൽത്വാന്റെ കൽപന കിട്ടേണ്ട താമസം പട്ടാളക്കാർ രണ്ടുപേരെയും പൊതിരെ തല്ലി. രോഷാകുലരായ നാട്ടുകാരിൽ ചിലരും അതിൽ പങ്കുചേർന്നു.
ഒടുവിൽ അവർ സത്യം പറയാൻ നിർബന്ധിതരായി. വിറയാർന്ന സ്വരത്തിൽ അവർ പറഞ്ഞുതുടങ്ങി.
‘‘സുൽത്വാൻ! ഞങ്ങൾ മുസ്‌ലിംകളല്ല. കൃസ്ത്യാനികളാണ്. പാശ്ചാത്യൻ നാടുകളിലെ ക്രൈസ്തവരായ രാജാക്കന്മാർ ഞങ്ങളെ ഹാജിമാരുടെ വേഷം കെട്ടിച്ച് ഇങ്ങോട്ടയച്ചതാണ്. ധാരാളം പണവും സമ്പത്തുക്കളും ഞങ്ങളെ ഏൽപിച്ചുകൊണ്ടവർ പറഞ്ഞു. ‘ഇത് നിങ്ങൾ മുസ്‌ലിംകൾക്കിടയിൽ ദാനം ചെയ്യുക. അങ്ങനെ അവരുടെ തൃപ്തി സമ്പാദിക്കുക. എങ്ങനെയെങ്കിലും നല്ല ഭക്തന്മാരായി ചമഞ്ഞ് റൗളാ ശരീഫിനടുത്ത് താമസം ഒപ്പിച്ചെടുക്കുക. കൂട്ടത്തിൽ ആർക്കും സംശയം തോന്നാത്ത വിധത്തിൽ, ആരോരുമറിയാതെ പരിശുദ്ധ ഖബ്ർ തുരന്ന് നബി(സ)യുടെ തിരുശരീരം ഇങ്ങോട്ടെടുത്ത് കൊണ്ടുവരിക’. ഇതായിരുന്നു അവർ ഞങ്ങളെ ഏൽപിച്ച ദൗത്യം. ഇതിനവർ ധാരാളം സമ്പത്തും സ്ഥാനമാനങ്ങളും ഓഫർ ചെയ്തിട്ടുമുണ്ട്. കൃസ്തീയ രാജാക്കന്മാരുടെ വലിയ വലിയ വാഗ്ദാനങ്ങളിൽ മനം മയങ്ങി ഞങ്ങൾ സിയാറത്തിന് എന്ന വ്യാജേന മദീനയിലെത്തി. റൗളാ ശരീഫിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഈ സത്രത്തിൽ താമസമാക്കി. യാതൊരു സംശയവും മദീനക്കാർക്ക് തോന്നാതിരിക്കാൻ ഞങ്ങൾ മുസ്‌ലിം സൂഫികളായി ചമഞ്ഞു. സ്വദഖയെന്ന നിലയിൽ പണം വാരിവിതറി. ഒരു സംശയത്തിനും പഴുതില്ലാത്ത വിധം നല്ല രൂപത്തിൽ നാട്ടുകാരോട് പെരുമാറി.”
സുൽത്വാന് കോപം ശതഗുണീഭവിച്ചു. വീണ്ടും സുൽത്വാൻ അവർക്കുനേരെ തിരിഞ്ഞു പുച്ഛത്തോടെയും ദ്യേത്തോടെയും ചോദിച്ചു: ‘‘നീചന്മാരേ! എങ്ങനെയാണ് നിങ്ങൾ ഇത്ര സമർത്ഥമായി ആരുമറിയാതെ തുരങ്കം നിർമിച്ചത്? മണ്ണ് എവിടെയാണ് നിക്ഷേപിച്ചത്? എല്ലാം വ്യക്തമായി പറയൂ! എല്ലാവരും കേൾക്കട്ടെ!”
ഇത് പറയുമ്പോൾ സുൽത്വാന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.
അവർ പറഞ്ഞു: ‘‘രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഞങ്ങൾ താമസിക്കുന്ന ഈ സത്രത്തിനുള്ളിൽ നിന്ന് തുരങ്കം വെട്ടും. എന്നിട്ട് ആരും കാണാതെ മണ്ണ് കയ്യിൽ കരുതിയ തോൽസഞ്ചിയിൽ നിറക്കും. എന്നിട്ട് രാത്രി, ജന്നത്തുൽ ബഖീഅ് ഖബ്ർസ്ഥാനിൽ സിയാറത്തിന് എന്ന വ്യാജേന ചെന്ന് ആ മണ്ണ് അവിടെയുള്ള പുതിയ ഖബ്റിന്മേൽ നിക്ഷേപിക്കും. ആർക്കും ഒരു സംശയവും തോന്നാത്ത രൂപത്തിൽ നിരവധി ദിവസങ്ങളെടുത്താണ് ആസൂത്രിതമായി ഞങ്ങൾ ഈ നിഗൂഢ പദ്ധതി നടപ്പാക്കിയത്. ദിവസങ്ങൾ നീണ്ട ശ്രമഫലമായി ഇന്നലെ ഞങ്ങൾ വിശുദ്ധ ഖബ്ർ ശരീഫിന്റെ തൊട്ടടുത്തെത്തി.
പെട്ടെന്ന് ആകാശത്ത് നിന്നൊരു ഇടിമുഴക്കമുണ്ടായി. ഒപ്പം മിന്നൽപ്പിണരുകളും. ഞങ്ങൾക്ക് മേൽ ഭൂമികുലുങ്ങുന്നതായി തോന്നി. പേടിച്ചുപോയ ഞങ്ങൾ തൽക്കാലം ജോലി നിർത്തിവെച്ചു. നാളെ തുടരാമെന്ന് ദൃഢനിശ്ചയം ചെയ്ത് ഞങ്ങൾ പോയി വിശ്രമിച്ചു.
ഞങ്ങളുടെ ലക്ഷ്യം അടുത്തുതന്നെ പൂവണിയുന്നത് ഞങ്ങൾ സ്വപ്നം കണ്ടു. കിട്ടാൻ പോകുന്ന സമ്മാനങ്ങളോർത്ത് ഞങ്ങളുടെ ഹൃദയം തുടിച്ചു. പക്ഷെ, ഇന്ന് നേരം പുലർന്നപ്പോഴേക്കും സുൽത്വാനായ അങ്ങ് നാട്ടിലെത്തിയ വാർത്തയാണ് ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞത്. ഇപ്പോഴിതാ ഞങ്ങൾ പിടിക്കപ്പെടുകയും ചെയ്തു.”
നിർബന്ധിതരായിട്ടാണെങ്കിലും ആ രണ്ട് ചെറുപ്പക്കാരുടെ സത്യസന്ധമായ വിവരണം കേട്ട് സുൽത്വാൻ ഒരു നിമിഷം കരഞ്ഞുപോയി.
‘‘മഹത്തായ ഈയൊരു പുണ്യപ്രവർത്തിക്ക് സാധുവായ എന്നെയാണല്ലോ റബ്ബേ, നീയും നിന്റെ റസൂലും തെരഞ്ഞെടുത്തത്.” സുൽത്വാൻ വിങ്ങിപ്പൊട്ടി…
തുടർന്ന് അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി, സുജൂദിൽ വീണു.
വഞ്ചകരായ രണ്ട് സ്പെയിൻ കാർക്കും സുൽത്വാൻ വധശിക്ഷ വിധിച്ചു.
താമസംവിനാ ശിക്ഷ പരസ്യമായിത്തന്നെ നടപ്പിലാക്കപ്പെട്ടു. അവരുടെ കബന്ധങ്ങൾ മദീനാ തെരുവീഥിയിൽ അനാഥമായി കിടന്നു. അക്രമികൾക്കും ദ്രോഹികൾക്കും വഞ്ചകർക്കുമുള്ള മായാത്ത പാഠമുദ്രയായി.
പിന്നീട് സുൽത്വാൻ വിശുദ്ധ റൗളാ ശരീഫിന് ചുറ്റും, വെള്ളം കാണുന്നതുവരെ നാല് ഭാഗത്തും കിടുങ്ങു കീറാൻ ഉത്തരവിട്ടു. പിന്നീടതിൽ ഈയം ഉരുക്കിയൊഴിച്ച് കിടങ്ങ് മൂടി. അങ്ങനെ ഇനിയൊരാൾക്കും പരിശുദ്ധ ഖബ്റിന്നടുത്തേക്ക് എത്താൻ കഴിയാത്ത വിധത്തിൽ ഭൂമിക്കടിയിൽ വളരെ ആഴത്തിൽ ഈയം കൊണ്ടുള്ള ഭിത്തി നിർമിക്കപ്പെട്ടു.
ദൗത്യം പൂർത്തിയാക്കി സന്തോഷത്തോടെ, തിരുനബി(സ)യുടെ സ്വപ്നം വഴിയുള്ള നിർദേശം പൂർത്തിയാക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ, സുൽത്വാൻ നൂറുദ്ദീൻ പിന്നീട് ഈജിപ്തിലേക്ക് തന്നെ മടങ്ങി.
ഹിജ്റ 555ൽ നടന്ന ഈ സംഭവം, ജീവിതകാലത്തെന്നപോലെ വഫാത്തിന് ശേഷവും, ‘‘ശത്രുക്കളിൽ നിന്ന് അല്ലാഹു, നബി(സ) തങ്ങളെ സംരക്ഷിക്കുമെന്ന” ഖുർആൻ വചനത്തിന്റെ അക്ഷരാർത്ഥത്തിലുള്ള പുലർച്ചയായി വിലയിരുത്താം! (ഇമാംസം ഹുദിയുടെ വഫാ ഉൽ വഫാ എന്ന കിത്താബിൽ നിന്നും 2/652)
ആഗോള വിശ്വാസിനികള്‍ക്ക് മാതൃകാ വനിതയായാണ് ആസിയാ ബീവി(رضي الله عنها)യെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപെടുത്തുന്നത്. മൂസാ(عليه السلام)ന്‍റെ വളര്‍ത്തുമ്മ. ഫിര്‍ഔനിന്‍റെ ഭാര്യ എന്നീ നിലകളിലും പരിശുദ്ധ ഖുര്‍ആന്‍ മഹതിയെ പരാമര്‍ശിക്കുന്നുണ്ട്. ആസിയാ ബിന്‍ത് മുസാഹിമിബ്നു ഉബൈദ് ബ്നി റെയ്യാനിബ്നി ഖലീദ് എന്നാണ് പൂര്‍ണ്ണനാമം. അവരുടെ ഗോത്രം ഖിബ്ഥിയായിരുന്നു.
അതല്ല ബനൂ ഇസ്രാഈല്‍കാരിയാണെന്നും അഭിപ്രായമുണ്ട്. ഫറാഇന്‍ ഭരണ കൂടത്തിലെ കുപ്രസിദ്ധനായ ഭരണാധികാരി റംസീസ് രണ്ടാമന്‍റെ ഭാര്യയാകുന്നതിന് മുമ്പ് ഈജിപ്തിലെ ഫറോവയായിരുന്ന ഖാബൂസിന്‍റെ മൂത്ത സഹോദരന്‍ വലീദുബ്നു മിസ്‌അബ് ആയിരുന്നു ആസിയാ ബീവിയുടെ ഭര്‍ത്താവ്. വലീദിന്‍റെ മരണ ശേഷമാണ് റംസീസ് മഹതിയെ വിവാഹം കഴിക്കുന്നത്.
പരിശുദ്ധ ഖുര്‍ആനില്‍ സൂറതു തഹ്രീമിലും ഖസസിലും പേര് പറയാതെ മഹതിയെ പരാമര്‍ശിക്കുന്നുണ്ട്. മാതൃകാ വനിതയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്.
സത്യവിശ്വാസികള്‍ക്ക് ഫിര്‍ഔനിന്‍റെ ഭാര്യയെ ഒരു ഉദാഹരണമായി അള്ളാഹു എടുത്തു കാട്ടുന്നു. എന്‍റെ രക്ഷിതാവേ നിന്‍റെ അടുക്കല്‍ സ്വര്‍ഗ്ഗത്തില്‍ എനിക്ക് ഒരു വീട് തയ്യാര്‍ ചെയ്തു തരേണമേ ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ, അക്രമികളായ ജനതയില്‍ നിന്നും നീ എന്നെ രക്ഷിക്കേണമേ എന്നവര്‍ പറഞ്ഞ സന്ദര്‍ഭം. സ്ത്രീ ലോകത്ത് വിശിഷ്ട മാതൃക വരച്ചുകാട്ടിയ വനിതയാണ് ആസിയാ ബീവി(رضي الله عنها). മുഹമ്മദ് നബി(ﷺ) സ്വര്‍ഗത്തില്‍ വെച്ച് വിവാഹം കഴിക്കുന്നവരില്‍ ആസിയാ ബീവിയുമുണ്ട്.
ഉത്തമ സ്ത്രീയാണ് ആസിയാ ബീവി(رضي الله عنها). അമ്പിയാക്കളുടെ പെണ്‍മക്കളില്‍ പെട്ടവരാണവര്‍. പാവപെട്ടവര്‍ക്ക് ദര്‍മ്മം ചെയ്യുകയും അവരോട് കരുണകാണിക്കുകയും ചെയ്യുന്ന പാവങ്ങളുടെ മാതാവാണ് മഹതി. ഫിര്‍ഔന്‍ മൂസാ നബി(عليه السلام)നെ വധിക്കുവാന്‍ തിനിഞ്ഞപ്പോള്‍ തന്ത്രത്തിലൂടെ രക്ഷപ്പെടുത്തിയത് ഈ മാതൃകാ വനിതയാണ്. ഭര്‍ത്താവിന്‍റെ ദുസ്വഭാവത്തില്‍ ക്ഷമിക്കുന്ന ഭാര്യക്ക് ആസിയാ ബീവിക്ക് ലഭിക്കുന്ന പ്രതിഫലമുണ്ടെന്ന നബിവചനം തന്‍റെ ഭര്‍ത്താവില്‍ നിന്ന്‍ ഏറ്റു വാങ്ങിയ പീഠനങ്ങളെയാണ് സൂചിപ്പിക്കുന്നത്. അശണരുടെ അഭയ കേന്ദ്രമായി ആസിയാ ബീവിയെ എടുത്തുദ്ധരിക്കാറുണ്ട്. മൂസാ(عليه السلام) പ്രസവിക്കപ്പെട്ട് മൂന്ന്‍ മാസത്തിനു ശേഷം ഉമ്മ കുട്ടിയെ പെട്ടിയിലാക്കി നദിയിലൊഴുക്കി വിട്ടപ്പോള്‍ വീണ്ടെടുത്ത് സംരക്ഷണം നല്‍കുവാനുള്ള ദൈവീക തീരുമാനം ആസിയാ ബീവിയിലൂടെയാണ് നിറവേറ്റപ്പെട്ടത്.
മൂസാ നബി(عليه السلام)നെ വളര്‍ത്തുന്നതില്‍ ആസിയാ ബീവി അധിക താല്‍പര്യം കാണിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഈ സംഭവം ആവിഷ്കരിക്കുന്നതിപ്രകാരമാണ്.
ഫറോവയുടെ ഭാര്യ അവനോട് പറഞ്ഞു; ഇവന്‍ എന്‍റെയും നിന്‍റെയും കണ്ണിന് കുളിരാകുന്നു. ഇവനെ നിങ്ങള്‍ കൊന്ന് കളയരുത്. “ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു സന്താനമാക്കിവെക്കാം അവന്‍ യാഥാര്‍ത്ഥ്യം അറിഞ്ഞിരുന്നില്ല”.
മൂസാ നബി(عليه السلام)ന്‍റെ പ്രവാചകത്വത്തില്‍ മഹതി വിശ്വസിക്കുകയും വിശ്വാസം ഹരസ്യമാക്കി സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ ആസിയാ ബീവിയുടെ ഭൃത്യ മാശിത്വ മൂസാ നബിയിലുള്ള വിശ്വാസം പരസ്യമാക്കിയതിന്‍റെ പേരില്‍ ഫിര്‍ഔനിന്‍റെ ക്രൂര്‍മര്‍ദ്ദങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടതറിഞ്ഞ ആസിയാബീവി തന്‍റെ വിശ്വാസം പരസ്യമാക്കി. ഫിര്‍ഔനിന്‍റെ ശിക്ഷാ മുറകള്‍ അസഹനീയവും മനുഷ്യത്വരഹിതവുമായിരുന്നുവെന്ന് സൂറത്തു ഫജ്റിലെ പത്താം വാക്യം ഓര്‍മ്മപ്പെടുത്തുന്നു. കുറ്റികളുടെ (ആണികളുടെ) ഉടമയായ ഫിര്‍ഔന്‍ എന്നാണ് ഖുര്‍ആനിന്‍റെ പരാമര്‍ശം. മഹതി ആസിയാ ബീവിയെയും ഭൃത്യ മാശിത്വ ബീവിയെയും ഇരു കൈകളിലും കാലുകളിലും ആണിയടിച്ചായിരുന്നുവത്രെ പീഢനത്തിനിരയാക്കിയിരുന്നത്. മൂസാ നബി(عليه السلام)ല്‍ വിശ്വസിച്ചവരെയെല്ലാം ആണി കയറ്റിയ ശേഷം അഗ്നിക്കിരയാക്കുകയോ വെട്ടി കൊലപ്പെടുത്തുകയോ ആണ് ഫിര്‍ഔനിന്‍റെ ശിക്ഷാ രീതി.
നിരവധി പ്രവാചകന്മാര്‍ വന്ന ബനൂ ഇസ്രാഈലിലെ ഇസ്രാഈല്‍ വംശജനായ മൂസാഹിമിന്‍റെ പുത്രിയായിട്ടായിരുന്നു ആസിയാ ബീവിയുടെ ജനനം എന്നാണ് പ്രബലമായ അഭിപ്രായം. പ്രവാചക പരമ്പരയില്‍ സദ്‌വൃത്തയായി വളര്‍ന്ന അവര്‍ എങ്ങനെ ഫിര്‍ഔനിന്‍റെ ഭാര്യയായി എന്നാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. കാരണം ക്രൂരനും ധിക്കാരിയുമായ ഫറോവയുടെ ഭാര്യയാവാന്‍ ആഭിജാത്യമുള്ള ഒരു സ്ത്രീയും മുന്നോട്ട് വന്നില്ല. എന്നാല്‍ ആസിയാ ബീവിയും കുടുംബവും ആഗ്രഹിച്ചതോ കൊതിച്ചതോ ആയിരുന്നില്ല ഈ ബന്ധം. ആസിയ ബീവിയുടെ സൗന്ദര്യവും ആകാരവുമാണ് ഫിര്‍ഔനെ അവരില്‍ താല്‍പര്യം ജനിപ്പിച്ചത്. ഇസ്രാഈല്‍ വിരോധിയായിരുന്നിട്ട് കൂടി ഇസ്രാഈല്‍ വംശജയായ ആസിയബീവിയെ ഫിര്‍ഔന്‍ തട്ടികൊണ്ട് വരികയായിരുന്നു.
തന്‍റെ വകാരനിര്‍വൃതിയിലുപരി ഒരു പ്രത്യേക താല്‍പര്യം ആസിയ ബീവിയില്‍ ഫിര്‍ഔനിന് തോന്നിയിരുന്നു. അല്ലെങ്കില്‍ തന്‍റെ ആഗ്രഹ പൂര്‍ത്തീകരണത്തിനു ശേഷം അവരെ ഫിര്‍ഔനിന് ഉപേക്ഷിക്കാമായിരുന്നു. എന്നാല്‍ ഫിര്‍ഔന്‍ അത് ചെയ്തില്ല. എല്ലാ വിധത്തിലുള്ള രാജകീയ സൗകര്യങ്ങളും ആര്‍ഭാഢങ്ങളും നല്‍കി ഫിര്‍ഔന്‍ അവരെ കൊട്ടാരത്തില്‍ രാജ്ഞിയായി താമസിപ്പിച്ചു. ഇസ്രാഈല്‍ വംശജയായ ആസിയാബീവി ഫിര്‍ഔനിനിന്‍റെ കൊട്ടാരത്തില്‍ വളരുന്നത് ഇസ്രാഈല്യര്‍ക്കും സമാശ്വാസമായി. ആസിയബീവി മൂലം ഇസ്രാഈല്യരോടുള്ള കാര്‍കശ്യ സ്വഭാവത്തില്‍ കുറവ് വരുമെന്ന തോന്നലാണ് ആശ്വാസത്തിനു നിദാനം....
എന്നാല്‍ യഥാര്‍ത്ഥ വശത്തിലൂടെ ചിന്തിക്കുകയാണെങ്കില്‍ വസ്തുത മറ്റൊന്നായിരുന്നു. അള്ളാഹുവിന്‍റെ അലംങ്കനീയമായ തീരുമാനത്തിന് നാന്ദി കുറിക്കുകയായിരുന്നു ഇവിടെ. അവന്‍റെ തീരുമാനത്തിന് ഒരു ദുശക്തിക്കും തുരങ്കം സൃഷ്ടിക്കാനോ തടയാനോ ആവില്ല എന്നത് പുലരുകയായിരുന്നു. അല്ലെങ്കില്‍ പിന്നെങ്ങിനെ നാളിതുവരെ അടിമകളാക്കിവെച്ച് മൃഗീയതയെ പോലും തോല്‍പിക്കുന്നതരത്തില്‍ പീഡിപ്പിച്ച ഒരുവംശത്തിലെ സ്ത്രീ ഈജിപ്തിലെ രാജ്ഞിയായി വരിക. അതായിരുന്നു അള്ളാഹുവിന്‍റെ മഹത്തായ തീരുമാനം.
എന്നാല്‍ ഫറോവ കണ്ട സ്വപ്നം ഈജിപ്തിലെ ജനങ്ങളെ പ്രത്യേകിച്ച് ഇസ്രാഈല്യരെ ആകമാനം നരകതുല്യ ജീവിതം നയിക്കുന്നതിലേക്ക് നയിച്ചു. ഫറോവ കണ്ട സ്വപ്നം ഇതായിരുന്നു; ബൈതുല്‍ മുഖദ്ദസില്‍ നിന്ന്‍ ഒരു തീ നാളം ഈജിപ്തില്‍ ഖിബ്തി കുടുംബങ്ങളെയെല്ലാം കരിച്ചു കളയുന്നു. തന്‍റെ കൊട്ടാരവും പരിവാരങ്ങളുമെല്ലാം ചാരമായി മാറുന്നു. അതേ സമയം കടലോര പ്രദേശത്തെ ഇസ്രാഈല്‍ കുടുംബങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ല. അവര്‍ സുഖമായിരിക്കുന്നു. ഫറോവയുടെ കൊട്ടാര ജോത്സ്യന്മാര്‍ തലപുകഞ്ഞാലോചിച്ചു സ്വപ്നത്തിന് വ്യാഖ്യാനം കണ്ടെത്തി. സത്യമായ വ്യാഖ്യാനമായിരുന്നു അത്.
ബൈതുല്‍ മുഖദ്ദസില്‍ നിന്ന്‍ വരുന്ന ഒരാളിലൂടെ താങ്കളുടെ അധികാരം നഷ്ടപെടുമെന്നും താങ്കളുടെ ദൈവവാദത്തെ അയാള്‍ ചോദ്യം ചെയ്യുമെന്നും ഈജിപ്തിന്‍റെ അധികാരം അവരുടെ കയ്യിലാവുമെന്നും ഈജിപ്തിന്‍റെ മതം മാറുമെന്നുമായിരുന്നു സ്വപ്നത്തിന്‍റെ വ്യാഖ്യാനം.
സ്വപ്നം സത്യമായി പുലരാതിരിക്കാനുള്ള പല സന്നാഹങ്ങളും ഫറോവ ചെയ്തു. പണ്ഡിതന്മാരും മന്ത്രിമാരും രാജാവും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്തു. പൂര്‍വ്വ വേദങ്ങള്‍ പഠിച്ച പണ്ഡിതന്മാര്‍ കണക്കുകൂട്ടി സ്വപ്നത്തിന് ഒന്നുകൂടി ഉറപ്പ് വരുത്തി. ഇസ്രാഈലില്‍ ജനിക്കുന്ന ഒരു കുട്ടി രാജ്യമാകെ കീഴടക്കി ഫറോവ ഭരണത്തെ തകര്‍ക്കും. ചരിത്രത്തിലെ നാഴിക കല്ലായി അത് മാറും എന്നവര്‍ ഗണിച്ചു. അവസാനം അധികാരത്തിന്‍റെ ഹുങ്കില്‍ മത്തു പിടിച്ച ആ ക്രൂര ഭരണാധികാരി ഇസ്രാഈല്‍ വംശത്തില്‍ ജനിക്കുന്ന മുഴുവന്‍ ആണ്‍കുട്ടികളേയും വധിക്കാന്‍ ഉത്തരവിട്ടു. ഭക്ഷിക്കാനും സുഖിച്ച് മഥിക്കാനും മാത്രം ശീലിച്ച മന്ത്രിമാര്‍ അതിനു കുഴലൂത്തുമായി രംഗത്ത് വന്നു.
ഓരോ വീടും കയറി ഗര്‍ഭിണികളുടെ ലിസ്റ്റ് ശേഖരിച്ചു. പ്രസവിച്ച ആണ്‍ കുഞ്ഞുങ്ങളെ നിഷ്കരുണം വധിച്ചു. ചോരകുഞ്ഞുങ്ങളെ മനസ്സില്ലാ മനസ്സോടെ വെച്ചു നീട്ടാന്‍ ഉമ്മമാര്‍ നിര്‍ബന്ധിതരായി. തടസ്സം പറഞ്ഞാല്‍ മാതാവിനെയടക്കം വാളിനിരയാക്കും. എന്നാല്‍ രാജാവിന്‍റെ ഈ തീരുമാനം ഖിബ്ഥികള്‍ക്ക് വന്‍ തിരിച്ചടിയായി. കാരണം ഖിബ്ഥികള്‍ക്ക് എല്ലാ സേവനങ്ങളും ചെയ്തിരുന്നത് ഇസ്രാഈല്യരായ പുരുഷന്മാരായിരുന്നു. ഇസ്രാഈല്യരായ ആണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ ഖിബ്ഥികള്‍ക്ക് അടിമ വേലചെയ്യാന്‍ ആളില്ലാതാവാന്‍ തുടങ്ങി. ഈ പ്രശ്നം പരിഹരിക്കാനായി ഒന്നിടവിട്ട വര്‍ഷങ്ങളിലായി കൊല നടത്തുക എന്ന്‍ ഫിര്‍ഔന്‍ ഉത്തരവിട്ടു.
വധമില്ലാത്ത വര്‍ഷത്തിലാണ് മൂസാ നബി(عليه السلام)ന്‍റെ സഹോദരന്‍ ഹൂറൂന്‍ നബി(عليه السلام) ജനിച്ചത്. അതിനാല്‍ കുട്ടി രക്ഷപ്പെട്ടു. എന്നാല്‍ മഹതി മൂസാ നബിയെ ഗര്‍ഭം ധരിച്ചത് വധവര്‍ഷത്തിലായതിനാല്‍തന്നെ ഇംറാന്‍റെ പത്നി ഭയന്നു. എന്നാല്‍ അത് അവര്‍ രഹസ്യമായി വെച്ചു. വയര്‍ വീര്‍ത്തതുമില്ല. അള്ളാഹുവിന്‍റെ മഹത്തായ തീരുമാനം ലംഘിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്ന സത്യം പുലര്‍ന്നു. ഫറോവയുടെയും കിങ്കരന്മാരുടെയും വെല്ലുവിളികളെ അതിജീവിച്ച് മൂസാ നബി(عليه السلام) ജനിച്ചു. അസാധാരണമായ ഒരു പ്രാകാശം ആ കുഞ്ഞിന്‍റെ മുഖത്ത് പ്രകടമായിരുന്നു. കുഞ്ഞിനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ അതിയായി സന്തോഷിച്ചു. എങ്കിലും ഫിര്‍ഔനിന്‍റെ കല്‍പന അവരെ ഭയവിഹ്വലരാക്കി. അവര്‍ അള്ളാഹുവിന്‍റെ കല്‍പന പ്രകാരം കുട്ടിയെ പെട്ടിയിലാക്കി നൈല്‍ നദിയില്‍ ഒഴുക്കി. ആ മാതാവിന്‍റെ ആത്മ ധൈര്യവും രക്ഷിതാവിനോടുള്ള ആത്മസമര്‍പ്പണവുമാണിവിടെ മനുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്.
നൈലിലൂടെ ഒഴുകി വന്ന ആ പെട്ടി അവസാനം ലഭിച്ചത് പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന ആസിയാ ബീവിയുടെ കൈകളിലായിരുന്നു. അവര്‍ ആവശത്തോടെ ആ പെട്ടി തുറന്നു. അതില്‍ കുട്ടിയെ കണ്ട് ആസിയാ ബീവി ആഹ്ലാദഭരിതയായി. ഫിര്‍ഔനിന്‍റെ എല്ലാ വിധേനയുള്ള വധശ്രമങ്ങളെയും പരാജയപ്പെടുത്തിയ ആസിയാ ബീവി മൂസാനബിക്ക് ജീവിക്കാനുള്ള അവസരം നേടിക്കൊടുത്തു.
അപ്രകാരം കുഞ്ഞിന് മുല കൊടുക്കാനായി സ്വന്തം മാതാവിനെ തന്നെ ലഭിച്ചതും അള്ളാഹുവിന്‍റെ മഹത്തായ തീരുമാനമായിരുന്നു. മുലകുടി പ്രായത്തിന് ശേഷം മൂസാ നബി ഫിര്‍ഔനിന്‍റെ കൊട്ടാരത്തില്‍ ആസിയാ ബീവിയുടെ സംരക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതാണ് താന്‍ സ്വപ്നം കണ്ട പ്രവാചകനായ വ്യക്തിയെന്ന് പലതവണ ഫിര്‍ഔനിന്‍റെ മനസ്സില്‍ തെളിഞ്ഞ് കൊല്ലാന്‍ തീരുമാനിച്ചെങ്കിലും തന്‍റെ പ്രിയ പത്നി ആസിയയുടെ വാക്ക്കേട്ട് അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു.
യുവാവാകുന്നതുവരെ മൂസാ നബി(അ) ഫിർഔനിന്റെ കൊട്ടാരത്തിൽ വളർന്നു. ക്രൂരനും ധിക്കാരിയുമായ ഫിർഔനിന്റെ പല നടപടികളിലും ആസിയാ ബീവി(റ) അസംതൃപ്തയായിരുന്നു. അതേസമയം മൂസാ നബി(അ) യുടെ പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും അതീവ തൽപരയുമായിരുന്നു. കൊട്ടാരത്തിൽ എല്ലാവരും ഫിർഔനിന്റെ മുന്നിൽ സാഷ്ടാംഗം നമിക്കുമ്പോൾ ആസിയാ ബീവി(റ) യും മൂസാ നബി(അ) യും മാത്രം അതിൽനിന്നും വിട്ട് നിന്നു.
എന്നാൽ താമസിയാതെ മൂസാ നബി(അ) ക്ക് ഈജിപ്ത് വിട്ടുപോകേണ്ടിവന്നു. എന്തെന്നാൽ ഫിർഔനിന്റെ വംശജനായിരുന്ന ഒരു ഖിബ്ഥിയെ കൊന്നതിന്റെപേരിൽ ഫിർഔനിന്റെ അനുയായികൾ ഒന്നടങ്കം മൂസാ നബി(അ) ക്ക് നേരെ തിരിഞ്ഞു. യഥാർഥത്തിൽ മൂസാ നബി(അ) നിരപരാധിയായിരുന്നെങ്കിലും മൂസാ നബി(അ) യോട് പ്രതികാരംതീർക്കാൻ ഖിബ്ഥി വംശജനായിരുന്ന ഒരു വ്യക്തിതന്നെ ഫിർഔനിന്റെ കൊട്ടാരത്തിൽചെന്ന് വിവരം പറയുകയായിരുന്നു. ഇതിനിടയിൽ മൂസാ നബി(അ) നാടുവിട്ട് ഒരു താഴ്‌വരയിൽ എത്തിയിരുന്നു. അവിടെവെച്ച് ഫിർഔനിന്റെ മകളായ മാശിത്വയുടെ ഭർത്താവ് ഹസ്‌കീലിനെ കണ്ടുമുട്ടി. അദ്ദേഹം മൂസ(അ) യുടെ ഗുണകാംക്ഷിയും ശുദ്ധനും ഭക്തനുമായിരുന്നു. ഫിർഔനിന്റെ മുന്നിൽ സാഷ്ടാംഗംനമിക്കാത്ത ഒരു വ്യക്തിയായിരുന്നു. അദ്ദേഹം മൂസാ നബി(അ) യോട് മദ്‌യനിലേക്കുപോകാനും കുറച്ചുവർഷങ്ങൾക്കുശേഷം ആവശ്യംപോലെ തിരിച്ചുവരാം എന്നും പറഞ്ഞു. അങ്ങനെ മൂസാ നബി(അ) മദ്‌യനിലേക്ക് പോവുകയും അവിടെചെന്ന് ശുഅൈബ് നബി(അ) യുമായി പരിചയപ്പെട്ട് അദ്ദേഹത്തിന്റെ മകളായ സഫൂറയെ വിവാഹം ചെയ്യുകയും ചെയ്തു. ഈ വിവരങ്ങളൊന്നുംതന്നെ പിന്നീട് ഈജിപ്തുകാർ അറിഞ്ഞിരുന്നില്ല.
മൂസാ നബി(അ) യുടെ അസാന്നിദ്ധ്യം വളർത്തുമ്മയായ ആസിയാ ബീവി(റ) യെ അസ്വസ്ഥയാക്കി. എന്നാൽ അദ്ദേഹം മദ്‌യനിൽ ഉണ്ടെന്നും വിവരം രഹസ്യമാക്കി വെക്കണമെന്നും ഹസ്‌കീൽ ആസിയാ ബീവി(റ) യോട് പറഞ്ഞു. മൂസാ നബി(അ) യുടെ ഈ തിരോധാനം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പത്തുവർഷത്തിനുശേഷം മൂസാ നബി(അ) ഈജിപ്തിൽ തിരിച്ചെത്തി. മൂസാ നബി(അ) യെ കണ്ട ആസിയാ ബീവി(റ) അതീവ സന്തുഷ്ടയായി. മുൻപുള്ളതിനെക്കാൾ പക്വതയും അസാധാരണമായൊരു ദിവ്യത്വവും മൂസാ നബി(അ) യിൽ ആസിയാ ബീവി(റ) ക്ക് വ്യക്തമായി. മദ്‌യനിൽനിന്നും വരുന്ന വഴിക്ക് മൂസാ നബി(അ) ക്ക് ഥ്വൂരിസീനാ പർവതത്തിൽ നിന്നും അല്ലാഹു വഹ്‌യ് നൽകുകയും പ്രവാചകത്വം ലഭിക്കുകയും ചെയ്തിരുന്നു. സഹോദരൻ ഹാറൂനിലും ഈ ദിവ്യത്വം ദർശിച്ചിരുന്നു. ആസിയാ ബീവി(റ) യുമായുള്ള ഒരു രഹസ്യ സംഭാഷണത്തിനുശേഷം ഇരുവരും ഫിർഔനിന്റെ സവിധത്തിലെത്തി.
അല്ലാഹുവിന്റെ കൽപനപ്രകാരം മൂസാ നബി(അ) യും ഹാറൂൺ നബി(അ) യും ഫിർഔനിന്റെ മുന്നിൽചെന്ന് ദൃഢസ്വരത്തിൽ പറഞ്ഞു: ”ഞങ്ങൾ നിന്റെ റബ്ബിന്റെ ദൂതരാണ്. തടവുകാരായ ഇസ്രാഈൽ വംശജരെ ഞങ്ങൾക്കു വിട്ടുതരണം. ഇനിയവരെ ശിക്ഷിക്കരുത്. നിന്റെ നാഥന്റെ സന്നിധിയിൽനിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞങ്ങൾ വന്നിരിക്കുന്നത്. സന്മാർഗം അനുധാവനം ചെയ്തവർക്കുമാത്രമേ സമാധാനം കൈവരൂ. സത്യമാർഗം എത്തിച്ചിട്ടും അതിൽനിന്ന് പിന്തിരിഞ്ഞവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഞങ്ങൾക്ക് നാഥനിൽനിന്നും ദിവ്യസന്ദേശം ലഭിച്ചിരിക്കുന്നു”. ഫിർഔനിന്റെ ഹൃദയത്തിൽ ശക്തമായാണ് ഈ വാക്കുകൾ പതിച്ചത്. ഇതുവരെ എന്റെ കൊട്ടാരത്തിൽ കഴിഞ്ഞ ഒരുവൻ തന്നെ ധിക്കരിക്കുകയോ! അതിനുപുറമെ താനല്ലാത്ത ഒരു ദൈവത്തെക്കുറിച്ച് ചിന്തിക്കാൻപോലും ഫിർഔന് സാധ്യമായിരുന്നില്ല. മൂസാ നബി(അ) നോട് താക്കീതെന്നനിലയിൽ ഫിർഔൻ പറഞ്ഞു. ഈ അബദ്ധവാദത്തിൽനിന്നും നീ പിന്തിരിയണം. അല്ലാത്തപക്ഷം കടുത്ത ശിക്ഷയ്ക്ക് നീ വിധേയനാകും.
ഇതുവരെ ഫിർഔനിന്റെ മുന്നിൽ സാഷ്ടാംഗംനമിക്കാത്ത ആസിയാ ബീവി(റ) ക്ക് ഈ കാര്യങ്ങളെല്ലാംതന്നെ പെട്ടെന്ന് മനസ്സിലായി. കൊട്ടാരത്തിലെത്തിയ ശേഷം മൂസാ നബി(അ) പ്രവാചകത്വം ലഭിച്ച വിവരം പറഞ്ഞിരുന്നു. പിന്നീട് മൂസാ നബി(അ) ഫിർഔനുമുന്നിൽ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം തന്നെ കേട്ടപ്പോൾ അല്ലാഹുവിന്റെ സത്യമാർഗത്തിലേക്ക് വരാൻ അവരുടെ ഹൃദയം വെമ്പൽകൊണ്ടു. മൂസയുടെയും ഹാറൂനിന്റെയും റബ്ബിൽ ഞാൻ വിശ്വസിച്ചുവെന്ന് മനസ്സിൽ ഉൾക്കൊണ്ട് അവർ പരിശുദ്ധ ദീനിലേക്ക് കടന്നുവന്നു. മൂസാ നബി(അ) യിൽ വിശ്വസിക്കുന്ന പ്രഥമ വ്യക്തിയാവാൻ കഴിഞ്ഞതിൽ അവർ ആത്മനിർവൃതിപൂണ്ടു. ഏക ഇലാഹിൽ മാത്രമേ വിശ്വസിക്കൂ എന്ന് ആദ്യംമുതലേ അവർ മനസ്സിൽ തീരുമാനമെടുത്തിരുന്നു. അല്ലാഹുവിന്റെ മഹത്തായ സന്ദേശത്തിലേക്ക് ക്ഷണിക്കുന്ന പ്രവാചകരെ എല്ലാ അക്രമങ്ങളിൽനിന്നും വെല്ലുവിളികളിൽനിന്നും സംരക്ഷിച്ചുകൊണ്ട് അവരുടെ വളർത്തുമ്മയാകാൻ കഴിഞ്ഞതിൽ അവർ ആത്മാഭിമാനംകൊണ്ടു. മൂസാ നബി(അ) ക്ക് വേണ്ടി അവർ ചാരിതാർഥ്യത്തോടെ പ്രാർഥിക്കുകയും ചെയ്തു. അങ്ങനെ ഫറോവയുടെ കൊട്ടാരത്തിലെ ആദ്യ വിശ്വാസി ആസിയാ ബീവി(റ)യായി മാറി.
അല്ലാഹു രണ്ട് പ്രവാചകൻമാരെ ഈ സമൂഹത്തിലേക്കിറക്കിയതിനു പിന്നിലും യുക്തിയുണ്ടായിരുന്നു. കാരണം ഈജിപ്തിലെ അന്നത്തെ അവസ്ഥ അപ്രകാരമായിരുന്നു. മുൻകഴിഞ്ഞ പ്രവാചകരെല്ലാം ബഹുദൈവ വിശ്വസികളെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാനായാണ് നിയോഗിക്കപ്പെട്ടത്. എന്നാൽ മൂസാ നബി(അ) ക്ക് നേരിടാനുള്ളത് ഫിർഔൻ എന്ന ദൈവവാദിയെയാണ്. അവനുമുന്നിൽ സാഷ്ടാംഗം നമിക്കുന്ന ഒരു ജനവിഭാഗത്തെയാണ്. അവരെ അല്ലാഹുവിന്റെ സത്യസന്ദേശത്തിലേക്ക് ക്ഷണിക്കുക എന്ന തീവ്രദൗത്യമാണ് മൂസാ നബി(അ) യിലും സഹോദരൻ ഹാറൂൻ(അ) ലും നിക്ഷിപ്തമായത്. മാത്രമല്ല ഫിർഔനിന്റെ ക്രൂര ഭരണത്തിൽ അടിമകളായി നിലകൊള്ളുന്ന ഇസ്രാഈൽ വംശജരെ മോചിപ്പിക്കുക എന്ന കർത്തവ്യം കൂടിയുണ്ടായിരുന്നു.
ആസിയാ ബീവി(റ) യുടെ ഹൃദയം ഇലാഹീ ചിന്തയിൽ മുഴുകി. സത്യദീൻ വളരണമെന്നും ഫിർഔനിന്റെ അക്രമഭരണം അവസാനിപ്പിച്ച് ഈജിപ്തിൽ സമാധാനം പുലരണമെന്നും അവർ ആഗ്രഹിച്ചു. എന്നാൽ അവരോടു പൊരുതാനോ ഉപദേശിക്കാനോ തനിക്കാവില്ലെന്ന് ആസിയാ ബീവി(റ) ഉൾകൊണ്ടു. കാരണം സ്ത്രീ എന്ന തന്റെ വ്യക്തിത്വം അതിനനുവദിക്കില്ല എന്നവർ മനസ്സിലാക്കി. എന്നാലും ഏകനായ അല്ലാഹുവിനോട് സത്യദീൻ വളരാനും ഫിർഔനിന്റെ അക്രമഭരണം അവസാനിക്കാനും അവർ ദുആചെയ്തു. മാത്രമല്ല, കൊട്ടാരത്തിൽ തനിക്കനുഭാവമുള്ളവരോട് ഇസ്‌ലാമിനെക്കുറിച്ച് പറയാനും അവർ തീരുമാനിച്ചു. അങ്ങനെ ഫിർഔനിന്റെ കൊട്ടാരത്തിൽ ഏകദൈവവിശ്വാസത്തെ പോറ്റി വളർത്താൻ അവർ തുടങ്ങി. ഫിർഔനിന്റെ പുത്രി മാശിത്വയോട് താൻ ഇസ്‌ലാം സ്വീകരിച്ച വിവരം അവർ തുറന്നുപറഞ്ഞു.
ആസിയാ ബീവി(റ) മാശിത്വയോട് പറഞ്ഞു: ”മാശിത്വാ ഈ ലോകം നശ്വരമാണ്. ഈ ദുൻയാവിലെ ജീവിതത്തിൽ യാതൊരു അർഥവുമില്ല. സൃഷ്ടിപൂജ അല്ലാഹുവിന്റെ മുന്നിൽ വലിയ കുറ്റമാണ്. ഏകനായ അല്ലാഹുവിന്ന് മാത്രമേ സാഷ്ടാംഗം നമിക്കാവൂ. ദീർഘനാളത്തെ വിദേശവാസത്തിനുശേഷം മൂസ തിരിച്ചുവന്നത് അല്ലാഹുവിൽനിന്നുള്ള ദിവ്യസന്ദേശവുമായിട്ടാണ്. മൂസാ(അ) അല്ലാഹുവിന്റെ പ്രവാചകനാണ്. ഈ സന്ദേശം കേട്ട മാശിത്വയുടെ മനസ്സ് മാറി. മാത്രമല്ല മൂസാ നബിയിൽ അവർക്ക് നേരത്തെതന്നെ നല്ല മതിപ്പുണ്ടായിരുന്നു.
തന്റെ ഭേദമാകാത്ത വെള്ളപ്പാണ്ട് സുഖമായത് മൂസാ നബിയുടെ ഉമിനീർ കൊണ്ടായിരുന്നു.
ആസിയാ ബീവി(അ) യുടെ സംസാരം കേട്ട് മാശിത്വയുടെ മനസ്സിന് ഈമാനികാവേശം കൈവന്നു. താമസിയാതെതന്നെ മാശിത്വ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അല്ലഹുവല്ലാതെ അരാധ്യനില്ലെന്നും മൂസാ നബി(അ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും അവൾ മനസ്സിൽ ഉൾക്കൊണ്ടു. ആസിയാ ബീവി(റ) ക്ക് മുൻപിൽ തന്റെ വിശ്വാസം പ്രകടമാക്കാനും അവൾ മറന്നില്ല. മാശിത്വയ്ക്ക് പിന്നാലെ ഭർത്താവായ ഹസ്‌കീലും ഇസ്‌ലാമിലേക്ക് കടന്നുവന്നു. അദ്ദേഹം ആദ്യംതന്നെ മൂസാ നബി(അ) യുടെ അനുഭാവിയായിരുന്നു. ഹസ്‌കീൽ ഇടയ്ക്കിടെ മൂസാ നബി(അ) യുമായി ബന്ധപ്പെടുകയും അറിവ് നേടുകയും അതെല്ലാംതന്നെ രഹസ്യമായി ആസിയാ ബീവി(റ) ക്കും മാശിത്വയ്ക്കും എത്തിച്ചുകൊടുക്കുകയും ചെയ്തു.
മൂസാ നബി(അ) യും ഹാറൂനും പലതവണ കൊട്ടാരത്തിലെത്തി ഫിർഔനിനും അനുചരൻമാർക്കും സത്യസന്ദേശം എത്തിച്ചുനൽകി. എന്നാൽ അവയൊന്നും ഉൾക്കൊള്ളാതെ മൂസാ നബി(അ) ക്കെതിരെ ശത്രുഭാവം വെച്ചുപുലർത്താനാണ് അവർ ശ്രമിച്ചത്. മൂസാ നബി(അ) യെ വകവരുത്താൻ മന്ത്രിമാർ ചേർന്ന് തീരുമാനിച്ചു. അതേസമയംതന്നെ മൂസാ നബി(അ) ഇസ്രാഈൽ ജനതയ്ക്കിടയിൽ പ്രബോധനം തുടർന്നു കൊണ്ടിരിക്കുകയായിരുന്നു. അവരെ ഇലാഹീചിന്തയിലേക്ക് ക്ഷണിക്കുകയും പീഡിതരുടെയും നിരാലംബരുടെയും പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്തു. മുഅ്ജിസത് കാട്ടി ജനങ്ങളുടെ വിശ്വാസം കരസ്ഥമാക്കി. അങ്ങനെ വലിയ വിഭാഗം ഇസ്രാഈൽ ജനത ഇസ്‌ലാമിലേക്ക് കടന്നുവന്ന് മൂസാ നബി(അ) ക്കു പിന്നിൽ അണിനിരന്നു.
ഇതെല്ലാം കണ്ട് കോപാകുലനായ ഫിർഔൻ മൂസാ നബി(അ) യെ കൊല്ലാൻതന്നെ തീരുമാനിച്ചു. ഫിർഔൻ മന്ത്രിമാരോടും സൈനികരോടും ചൂടുപിടിച്ച ചർച്ചകൾ നടത്തി. മന്ത്രിയായ ഹാമാനെ ഇതിന്റെ മേൽനോട്ടം ഏൽപിച്ചു. ഈ ചർച്ചകളെല്ലാംതന്നെ മാശിത്വയുടെ ഭർത്താവായ ഹസ്‌കീൽ ശ്രദ്ധിച്ചു. വിവരം അദ്ദേഹം മൂസാ നബിയോട് അറിയിക്കുകയും രക്ഷപ്പെടാൻവേണ്ടി കൽപിക്കുകയും ചെയ്തു. എന്നാൽ മൂസാ നബി(അ) പൂർവാധികം ശക്തിയോടെ അല്ലാഹുവിന്റെ സത്യദീൻ പ്രചരിപ്പിക്കാൻ സധൈര്യം മുന്നോട്ടുവന്നു. അല്ലാഹുവിന്റെ ദീനിന് അവൻ സംരക്ഷണംനൽകുമെന്ന ഉറച്ച വിശ്വാസത്തോടെ മൂസാ നബി(അ) പ്രബോധനരംഗത്ത് ഉറച്ചുനിന്നു.
മൂസാ നബി(അ) യുടെ ഈ ഉറച്ച തീരുമാനം ഹസ്‌കീലിന്റെയും ഈമാനികാവേശം ഉണർത്തി. ആത്മവിശ്വാസത്തോടെ ഹസ്‌കീൽ ഫിർഔനിന്റെ മുന്നിൽവന്നുപറഞ്ഞു. എന്റെ റബ്ബ് അല്ലാഹുവാണെന്നു പ്രഖ്യാപിച്ച് നിങ്ങളെ സത്യമാർഗത്തിലേക്ക് ക്ഷണിക്കാൻ വന്ന ഒരു വ്യക്തിയെ നിങ്ങൾ വധിക്കുകയോ, തന്റെ വാദത്തിന് തെളിവാകുന്ന ദൈവ ദൃഷ്ടാന്തങ്ങൾ അദ്ദേഹം സമർഥിച്ചിട്ടുണ്ടല്ലോ. ഇനി അദ്ദേഹം കളവ് പറയുകയാണെങ്കിൽ അതിന്റെ ഫലം അദ്ദേഹം അനുഭവിക്കുകതന്നെ ചെയ്യും. സത്യമാണ് പറയുന്നതെങ്കിൽ അദ്ദേഹം മുന്നറിയിപ്പുനൽകിയ ശിക്ഷ നിങ്ങളിൽ വന്നുഭവിക്കുകയും ചെയ്യും. മുൻഗാമികൾക്ക് വന്നുപെട്ട ശിക്ഷയിൽ നിന്ന് നാം പാഠമുൾക്കൊള്ളണം.
അല്ലാഹു ഒരിക്കലും മനുഷ്യനോട് അക്രമം ഉദ്ദേശിക്കുന്നില്ല. അവന്റെ കൽപനക്ക് വഴിപ്പെടാത്തവന് അന്ത്യനാളിൽ കടുത്തശിക്ഷതന്നെയുണ്ടാകും. നിങ്ങളുടെ അന്ത്യമോർത്തിട്ട് എനിക്കുതന്നെ ഭയമാകുന്നു. ഞാൻ ഏക ഇലാഹിൽ വിശ്വസിക്കുന്നു. നിശ്ചയം മൂസ അവന്റെ പ്രവാചകനാണെന്നും ഞാൻ അംഗീകരിക്കുന്നു. ഇത്രയും പറഞ്ഞ് അദ്ദേഹം നിർത്തി. കൊട്ടാരമാകെ കോരിത്തരിച്ചു. അടങ്ങാത്ത ദേഷ്യംകൊണ്ട ഫിർഔൻ ഹസ്‌കീലിനെ പിടിച്ചുകെട്ടാൻ പറഞ്ഞു. എന്നാൽ അപ്പോഴേക്കും അദ്ദേഹം അപ്രത്യക്ഷനായിരുന്നു. അല്ലാഹുവിന്റെ ഇഷ്ടദാസൻമാരെ അവൻ സംരക്ഷിക്കുക തന്നെചെയ്യും.
ഇതിൽ അരിശംപൂണ്ട സൈന്യം മാശിത്വയെ പിടികൂടി. ഭർത്താവ് എങ്ങോേട്ടക്കാണ് രക്ഷപ്പെട്ടതെന്ന് അവർക്കറിയാമെന്നാണ് അവർ ധരിച്ചത്. ഫിർഔൻ അവളെ തുറുങ്കിലടക്കാൻ കൽപിച്ചു. നീചവും ക്രൂരവുമായ രീതിയിൽ അവർ മാശിത്വയോട് പെരുമാറി. എത്ര ശ്രമിച്ചിട്ടും മാശിത്വയിൽനിന്ന് അവർക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല. മാത്രമല്ല മാശിത്വയും ഇസ്‌ലാം സ്വീകരിച്ച വിവരം സൈന്യം അറിഞ്ഞു. അവർ അത് ഫിർഔനിനോടുപറഞ്ഞു. ഇതുകേട്ട് വിശ്വസിക്കാൻ കഴിയാതെ ഫിർഔൻ ദേഷ്യംകൊണ്ട് വിറച്ചു. അവളെയും അവളുടെ സന്താനങ്ങളെയും ചുട്ടുകൊല്ലാൻ ഫിർഔൻ കൽപിച്ചു. ചെമ്പുപലകകൾ പഴുപ്പിച്ച ഭീമൻ കല്ല് ബലിശാലയിൽ തയ്യാറാക്കി. ആദ്യം മാശിത്വയുടെ മൂന്ന് പിഞ്ചുമക്കളെ നിഷ്‌കരുണം അതിലേക്ക് വലിച്ചെറിഞ്ഞു.
മരണത്തെ മുന്നിൽ കണ്ടപ്പോഴും മാശിത്വ ആദർശത്തിൽനിന്ന് ഒരടി പിന്തിരിഞ്ഞില്ല. അപ്പോഴും അവളുടെ ചുണ്ടുകൾ ‘അല്ലാഹു അഹദ്’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. എന്നെ തീയിലേക്കെറിഞ്ഞാലും ഞാൻ ഈ സത്യമാർഗത്തിൽനിന്ന് പിന്തിരിയില്ല എന്ന് അവർ ദൃഢവിശ്വാസത്തോടെ പറഞ്ഞു. കൈകാലുകളിൽ ആണി അടിച്ചശേഷം കത്തിയെരിയുന്ന അഗ്നി കുണ്ഡത്തിലേക്ക് ആരാച്ചാർ മാശിത്വയുടെ ശരീരത്തെ എടുത്തെറിഞ്ഞു. അപ്പോഴും അവർ ‘അല്ലാഹു അഹദ്’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു.
ഫിർഔനിന്റെ ഈ ക്രൂരകൃത്യങ്ങളെല്ലാം കണ്ട് മനംനൊന്ത് കഴിയുകയായിരുന്നു ആസിയാ ബീവി(റ). ഇതെല്ലാം ഉൾക്കൊണ്ട അവരുടെ മനസ്സിൽ രഹസ്യമാക്കിവെച്ച ഈമാനികാവേശം പുറത്തുവന്നു. മരണം വരിക്കേണ്ടിവന്നാലും ആദർശം അടിയറവ് വെക്കുകയില്ല എന്ന് അവർ മനസ്സിലുറപ്പിച്ചു. ഫിർഔനിന്റെ കരാളഹസ്തങ്ങളിൽനിന്ന് തനിക്കും ഈ സമൂഹത്തിനും മോചനം വേണമെന്ന് അവർ ആഗ്രഹിച്ചു. ആസിയ(റ) യെക്കുറിച്ച് ഫിർഔന് നേരത്തെതന്നെ സംശയം ഉണ്ടായിരുന്നു. കാരണം മൂസാ നബി(അ) യെ വധിക്കാനൊരുങ്ങിയപ്പോഴൊക്കെ അവർ തടസ്സംനിന്നു. ഒരു പോറൽപോലുമേൽക്കാതെ അവർ മൂസ(അ) യെ സംരക്ഷിച്ചു. മൂസയ്ക്ക് അനുകൂലമായി നിലകൊണ്ടു. മാത്രമല്ല കൊട്ടാരത്തിലെ എല്ലാവരും തനിക്കുമുന്നിൽ സാഷ്ടാംഗം നമിച്ചപ്പോഴും ഇന്നേവരെ ആസിയ തനിക്ക് മുന്നിൽ സാഷ്ടാംഗം നമിക്കാൻ തയ്യാറായിട്ടില്ല.
ആസിയയുടെ ഉള്ളിലെ രഹസ്യം പുറത്തെടുക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഫിർഔൻ ആസിയക്കുമുന്നിലെത്തി. അവളും മൂസയിൽ വിശ്വസിക്കുന്നവളാണെങ്കിൽ അവളെയും കൊന്നുകളയുമെന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ഫിർഔൻ ചോദിച്ചു: നീയും മൂസയുടെ റബ്ബിൽ വിശ്വസിക്കുന്നുവോ? കേട്ടയുടനെ ആസിയാ ബീവി(അ) ഉച്ചത്തിൽ പറഞ്ഞു. ഞാനും ഏക ഇലാഹായ മൂസയുടെ റബ്ബിൽ വിശ്വസിക്കുന്നു. ഇതുകേട്ട് കലികയറിയ ഫിർഔൻ പരിചാരങ്ങളോട് ആസിയാ ബീവി(റ) യുടെ മാതാവിനെ വിളിക്കാൻ പറഞ്ഞു.
മാതാവ് വന്ന് ഫിർഔനിന്റെ കാൽക്കൽ വീണുനമസ്‌കരിച്ചു. ഫിർഔൻ പറഞ്ഞു: നിങ്ങളുടെ പുത്രി മതം മാറിയിരിക്കുന്നു. ഞാനല്ലാത്ത മറ്റൊരു ദൈവം അവൾക്കുണ്ടത്രെ, നിങ്ങൾ അവളെ പിന്തിരിപ്പിക്കുക, അല്ലാത്ത പക്ഷം ഞാൻ അവളെയും ചുട്ടു കൊല്ലും. മാതാവ് പലതും പറഞ്ഞുനോക്കിയെങ്കിലും വിശ്വാസത്തിൽ നിന്നും ഒരടി പിന്നോട്ടുവെക്കാൻ അവർ തയ്യാറായില്ല. ഏകനായ അല്ലാഹുവിനെ ധിക്കരിച്ച് സൃഷ്ടിപൂജനടത്താൻ ഞാൻ തയ്യാറല്ലെന്നും മരണംതന്നെ ഏൽക്കേണ്ടിവന്നാലും എന്റെ വിശ്വാസത്തിൽനിന്നും ഞാൻ പിൻമാറില്ല എന്നും ആസിയാ ബീവി(റ) ഉറപ്പിച്ചു പറഞ്ഞു.
ആസിയാ ബീവി(റ) യുടെ മതംമാറ്റത്തിൽ അരിശംപൂണ്ട ഫിർഔൻ പരിവാരങ്ങളോട് ആസിയാ ബീവി(റ) യെ കുരിശിൽ തറയ്ക്കാൻവേണ്ടി പറഞ്ഞു. സൈന്യം കുരിശ് തയ്യാറാക്കി. ആസിയ(റ) യെ സൈന്യം വലിച്ചിഴച്ചു കൊണ്ടുവന്നു. ഈ രംഗം കണ്ട് ആസിയാ ബീവിയെ പരിചരിച്ച തോഴിമാർ ആർത്തട്ടഹസിച്ചു. സൈന്യം ആസിയാ ബീവി(റ) യെ കുരിശിൽ മലർത്തിക്കിടത്തി. കൈപത്തികളിലും കാൽപാദങ്ങളിലും വലിയ ഇരുമ്പാണികൾ അടിച്ചുതാഴ്ത്തി. മുടിപിടിച്ചു കുരിശുപലകയിൽ വരിഞ്ഞു കെട്ടി. ശേഷം ചാട്ടവാർകൊണ്ട് ശക്തിയായി അടിക്കുവാൻ തുടങ്ങി. ഓരോ അടി ഏൽക്കുമ്പോഴും ഹൃദയത്തിൽ ഈമാനികാവേശം ഉയർന്നുവന്നു. ഇടവിടാതെ ‘അല്ലാഹു അഹദ്’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. ശരീരമാസകലം രക്തത്തിൽ കുതിർന്നു. അപ്പോഴും വിശ്വാസത്തിൽനിന്ന് ഒരിഞ്ച് ആ ഹൃദയം വ്യതിചലിച്ചില്ല. രംഗം കണ്ടുനിന്ന ഫിർഔൻ ആസിയാ ബീവി(റ) യോട് ചോദിച്ചു. ആസിയാ, ഞാനല്ലാതെ നിനക്ക് മറ്റൊരു റബ്ബുണ്ടോ?
ആസിയാ ബീവി(റ) ഉറപ്പിച്ചുപറഞ്ഞു: തീർച്ചയായും എന്റെയും നിന്റെയും റബ്ബ് അല്ലാഹു മാത്രമാകുന്നു.
ഇതുകേട്ട ഫിർഔൻ ആസിയാ ബീവി(റ) യെ വിവസ്ത്രയാക്കാൻ കൽപിച്ചു. പരിചാരകർ അവരെ വിവസ്ത്രയാക്കി. ചുട്ടുപഴുത്ത മണൽപരപ്പിൽ അവർ ആസിയാ ബീവി(റ) യെ കിടത്തി. വീണ്ടും കൈപത്തികളിലും കാൽപാദങ്ങളിലും ആണികൾ തറച്ചു. അപ്പോഴും അടങ്ങാത്ത ഈമാനികാവേശത്തോടെ അചഞ്ചലമായ വിശ്വാസത്തോടെ അവർ ഉച്ചത്തിൽ ‘അല്ലാഹു അഹദ്’ എന്ന് ഉരുവിട്ട് കൊണ്ടിരുന്നു.
കാരിരുമ്പിന്റെ ശക്തിയുള്ള ആ ഹൃദയം ആദർശം ആരുടെമുന്നിലും അടിയറവുപറയാൻ തയ്യാറായില്ല. പരിചാരകർ വലിയ പാറക്കല്ലുകൾ മഹതിയുടെ മേൽക്കിടാൻ തയ്യാറായി നിൽക്കുകയായിരുന്നു. അപ്പോഴേക്കും അല്ലാഹുവിന്റെ കൽപനപ്രകാരം മലക്കുകൾ റൂഹ് പിടിക്കാൻ എത്തിയിരുന്നു. ഈ സന്ദർഭത്തിൽ ആസിയാ ബീവി(റ) പ്രാർഥിച്ചു, ‘നാഥാ, നിന്റെ സമീപം എനിക്കൊരു ഭവനം നീ പണിയിച്ചു തരേണമേ. ഫിർഔനിന്റെയും അവന്റെ ജനതയുടെയും ക്രൂരകൃത്യങ്ങളിൽനിന്നും എന്നെ നീ മോചിപ്പിക്കേണമേ’ അവരുടെ ആത്മാവ് സ്വർഗീയാരാമങ്ങളിലേക്ക് എത്തി. വമ്പൻ പാറക്കല്ലുമായി വന്ന ഭൃത്യൻമാർ അവ ആസിയാ ബീവി(റ) യുടെ ശരീരത്തിലേക്കിട്ടെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഫിർഔനിന്റെയും കിങ്കരൻമാരുടെയും ഈ ക്രൂരകൃത്യങ്ങളിൽ മനംനൊന്ത് പലരും ഇസ്‌ലാമിലേക്ക് കടന്നുവന്നു.
വിശ്വാസത്തിന്റെ പാതയിൽ ആത്മാർപ്പണംചെയ്ത ആ ധീരവനിതയെ ലോകത്താകമാനമുള്ള സ്ത്രീകൾക്ക് മാതൃകയായാണ് ഖുർആൻ അവതരിപ്പിച്ചത്. പ്രതാപവും ഐശ്വര്യവും ആവോളം ആസ്വദിക്കാമായിരുന്നെങ്കിലും അവയെല്ലാം വെടിഞ്ഞ് ആദർശത്തിന്റെ ആഴപ്പരപ്പിലേക്ക് ആ മഹതി ഇറങ്ങി വന്നു. ഫിർഔനിന്റെ അപ്രീതിയെയും സമൂഹത്തിന്റെ മന:സാക്ഷിയെയും വകവെക്കാതെ ആത്മധൈര്യത്തോടെയും അർപ്പണബോധത്തോടെയും സധൈര്യം മുന്നോട്ടുവന്നു. ഭൗതിക നേട്ടങ്ങൾക്കുവേണ്ടി ആദർശം അടിയറവെക്കാൻ തയ്യാറാവുന്ന മാനവർക്ക് മാതൃകയായി അവർ നിലകൊണ്ടു. ഏതുപ്രതികൂല സാഹചര്യത്തിലും വിശ്വാസം കൈവെടിയാതെ എങ്ങനെ സംരക്ഷിക്കണമെന്ന് അവർ ലോകത്തിന് കാണിച്ചുകൊടുത്തു. ഫിർഔനിനോടും അനുയായികളോടും പൊരുതാനോ അവരെ സത്യത്തിലേക്ക് ക്ഷണിക്കാനോ ഉള്ള കഴിവ് ഇല്ലെങ്കിലും അവരുടെ പ്രവൃത്തികൾ അനുകരിക്കാതെ വിട്ടുനിൽക്കാനും കാവൽചോദിക്കാനും അവർ തയ്യാറായി.
ക്രൂര പീഡനങ്ങളിലും തന്റെ വിശ്വാസം മഹതി കൈവിട്ടില്ല. ഫിർഔനിന്റെ ആഢംബരവും കൊട്ടാരമെത്തകളും ആസിയാ ബീവിയെ മോഹനവലയത്തിലകപ്പെടുത്തിയില്ല. തനിക്കു വന്നു ഭവിക്കുന്ന അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ തന്റെ വിശ്വാസത്തിന്റെ ദാർഢ്യത വർധിപ്പിക്കുവാൻ മഹതി ഉപയോഗപ്പെടുത്തി.
തത്ഫലമായി അല്ലാഹുവിന്റെ സ്വർഗീയാരാമത്തിൽ മണിമന്ദിരം ലഭിക്കുകയും സൃഷ്ടിജാലനിർമിതിക്ക് കാരണക്കാരനായ മുഹമ്മദ് നബി(സ്വ) യുടെ സ്വർഗത്തിലെ പത്‌നി യായി വിരാജിക്കുകയും ചെയ്യാം. നന്മയും ഭക്തിയും നിറഞ്ഞ ജീവിതത്തിനാൽ മർയം ബീവി(റ) യെപ്പോലെ മാതൃകാവനിതയായി ഖുർആൻ എടുത്തുകാണിക്കുകയും ചെയ്തു. നബി(സ്വ) പറഞ്ഞു: പുരുഷന്മാരുടെ കൂട്ടത്തിൽ നിരവധി പേർ പൂർണതനേടിയിട്ടുണ്ട്. എന്നാൽ സ്ത്രീകളിൽനിന്ന് പൂർണത നേടിയത് ഫിർഔനിന്റെ ഭാര്യ ആസിയയും ഇംറാന്റെ പുത്രി മർയമുമാണ് (ബുഖാരി മുസ്‌ലിം)