Sunday 28 July 2019

ഖുനൂത്തിന്റെ തെളിവ്‌ ഒരു തുണ്ട്‌ ഹദീസോ?



സുബ്‌'ഹ്‌ നമസ്‌'കാരത്തിൽ ഖുനൂത്ത്‌ ഓതാം എന്നുള്ളതിന്‌ ഒരു തുണ്ട്‌ ഹദീസ്‌ മാത്രമല്ലേ തെളിവുള്ളൂ. നേരെമറിച്ച്‌ ഓതാതിരിക്കുകയാണ്‌ വേണ്ടത്‌ എന്നതിനല്ലേ ധാരാളം ഹദീസ്‌ തെളിവുള്ളത്‌? എന്നിട്ടും നാമെന്തിന്‌ ഈ പിടിവാശി കൊണ്ട്‌ നടക്കുന്നു?

ഈ ചോദ്യം കേട്ടാൽ തോന്നും ദീനിൽ സുന്നത്തായ കാര്യങ്ങൾ ദീനിന്റെ ഇമാമീങ്ങൾ സുന്നത്താണെന്ന് പ്രഖ്യാപിച്ചതും നാം ആ സുന്നത്ത്‌ നിർവ്വഹിക്കുന്നതും വെറും പിടിവാശിക്ക്‌ വേണ്ടിയാണെന്ന്. അങ്ങനെയല്ല. തെളിവുകൾ പരിശോധിച്ചതിൽ റസൂൽ (സ) യും ഖുലഫാ'ഉം മറ്റും സുബ്‌'ഹ്‌ നിസ്കാരത്തിൽ ഖുനൂത്ത്‌ ഓതിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ ഇമാം ശാഫി'ഈ (റ) പോലുള്ള ഇമാമീങ്ങൾ സുബ്‌'ഹിനു ഖുനൂത്ത്‌ ഓതൽ സുന്നത്താണെന്ന് പ്രഖ്യാപിച്ചതും നാം അത്‌ ചെയ്‌'ത്‌ പോരുന്നതും. ചോദ്യകർത്താവ്‌ സൂചിപ്പിച്ചത്‌ പോലെ പിടിവാശിക്ക്‌ വേണ്ടി ചെയ്യുന്നതല്ല.

അതിന്റെ തെളിവുകൾ ചോദ്യത്തിൽ പ്രസ്‌'താവിച്ചത്‌ പോലെ ഒരു ഹദീസിന്റെ തുണ്ടം മാത്രമല്ല. ഒരു ഹദീസിന്റെ തുണ്ടമായാലും ലക്ഷ്യത്തിനു പര്യാപ്‌'തമാണെങ്കിൽ അത്‌ പോരാത്തത്‌ കൊണ്ടല്ല. വേറെയും ധാരാളം തെളിവുകളുണ്ട്‌. സുബ്‌'ഹ്‌ നമസ്‌'കാരത്തിൽ ഖുനൂത്ത്‌ സുന്നത്താണെന്നതിന്റെ ഒന്നിലധികം തെളിവുകൾ ഇമാം നവവി (റ) തന്നെ ശറഹുൽ മുഹദ്ദബിൽ പ്രസ്‌'താവിച്ചിട്ടുണ്ട്‌. ചിലത്‌ ഇവിടെ ഉദ്ധരിക്കാം.

അനസ്‌ (റ) പറയുന്നു: മുശ്‌'രികീങ്ങളിൽ ഒരു വിഭാഗത്തിന്റെ മേൽ ദു'ആ ചെയ്‌'തു കൊണ്ട്‌ റസൂൽ (സ) ഒരു മാസക്കാലം (അഞ്ച്‌ വഖ്‌'തിലും) ഖുനൂത്ത്‌ ഓതുകയും പിന്നീട്‌ ആ ദു'ആ ഉപേക്ഷിക്കുകയും റസൂൽ (സ) ഇഹലോകവാസം വെടിയുന്നത്‌ വരെ സുബ്‌'ഹ്‌ നമസ്‌'കാരത്തിൽ അവിടുന്ന് ഖുനൂത്ത്‌ ഓതിക്കൊണ്ടിരികുകയും ചെയ്‌'തു. (ബൈഹഖി, ഹാകിം, ദാറുഖുത്വ്‌'നി മുതൽ പലരും സ്വഹീഹായ പരമ്പര സഹിതം റിപ്പോർട്ട്‌ ചെയ്‌'തത്‌).

അവ്വാമുബിൻ ഹംസ പറയുന്നു: ഞാൻ അബൂ ഉസ്‌'മാനോട്‌ സുബ്‌'ഹിന്റെ ഖുനൂത്തിനെ സംബന്ധിച്ച്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അത്‌ റുകൂ'ഇന്റെ ശേഷമാണ്‌. ഞാൻ: ആരിൽ നിന്നാണിതു പറഞ്ഞത്‌? അദ്ദേഹം: അബൂബക്‌'ർ, ഉമർ, ഉസ്‌'മാൻ (റ) എന്നിവരിൽ നിന്ന് (ബൈഹഖി).

അബ്ദുല്ലാഹിബ്ൻ മുഗഫ്ഫൽ പറയുന്നു: സുബ്‌'ഹ്‌ നമസ്‌'കാരത്തിൽ അലി (റ) ഖുനൂത്ത്‌ ഓതിയിരുന്നു (ബൈഹഖി).

ബറാ'അ് പറയുന്നു: സുബ്‌'ഹിനും മഗ്‌'രിബിനും റസൂൽ (സ) ഖുനൂത്ത്‌ ഓതിയിരുന്നു (മുസ്‌'ലിം). ഈ ഹദീസ്‌ അബൂദാവൂദ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. പക്ഷേ, അതിൽ മഗ്‌'രിബിനു ഖുനൂത്ത്‌ ഓതിയ സംഭവമില്ല. ശറഹുൽ മുഹദ്ദബ്‌ 3-505 ൽ പ്രസ്‌'താവിച്ചതാണിതെല്ലാം.

കൂടാതെ ഇബ്‌'നു ഹജർ പറയുന്നു: "റസൂൽ (സ) വഫാത്ത്‌ ആകുന്നത്‌ വരെ സുബ്‌'ഹിനു അവിടുന്ന് ഖുനൂത്ത്‌ ഓതിയിരുന്നു" എന്ന ഹദീസിന്റെ പൊരുളനുസരിച്ച്‌ നാലു ഖലീഫമാരും പ്രവർത്തിച്ചിട്ടുണ്ട്‌ എന്ന് ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്‌ (തുഹ്ഫ: 2-64).

നാലു ഖലീഫമാരുടെ പുറമെ ഇബ്‌'നു അബ്ബാസ്‌, ബറാ'അ്, സലഫിൽ നിന്ന് വളരെയധികവും താബി'ഈങ്ങളിൽ നിന്ന് നിരവധി പേരും സുബ്‌'ഹിനു ഖുനൂത്ത്‌ സുന്നത്താണെന്ന പക്ഷക്കാരാണ്‌. ശറഹുൽ മുഹദ്ദബ്‌ 3-505.

ഉപര്യുക്ത തെളിവുകളിൽ നിന്നെല്ലാം റസൂലും (സ) നാലു ഖലീഫമാരും ശേഷം പലരും സുബ്‌'ഹു നമസ്‌'കാരത്തിൽ ഖുനൂത്ത്‌ ഓതിയിരുന്നുവെന്നും അവർക്കെല്ലാം അതിൽ താൽപര്യമുണ്ടായിരുന്നുവെന്നും തെളിയുന്നുണ്ടല്ലോ. ഖുനൂത്ത്‌ ദീനിന്റെ ഒരു ചടങ്ങായത്‌ കൊണ്ടാണത്‌.

ഖുനൂത്ത്‌ ഓതാതിരിക്കുകയാണ്‌ വേണ്ടത്‌ എന്നതിനാണ്‌ ധാരാളം ഹദീസുള്ളത്‌ എന്ന് ചോദ്യത്തിൽ പ്രസ്‌'താവിച്ചുവെന്നല്ലാതെ അത്‌ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു പക്ഷേ, ഈ ഹദീസുകളായിരിക്കാം.

ഇബ്‌'നു അബ്ബാസ്‌ പറയുന്നു: സുബ്‌'ഹിനു ഖുനൂത്ത്‌ ഓതൽ ബിദ്‌'അത്താണ്‌. ഉമ്മു സലമ(റ) പറയുന്നു: റസൂൽ (സ) സുബ്‌'ഹിനു ഖുനൂത്ത്‌ ഓതൽ നിരോധിച്ചു (ബൈഹഖി). ചോദ്യത്തിൽ സൂചിപ്പിച്ച ഹദീസ്‌ ഈ പറഞ്ഞതാണെങ്കിൽ ഇതിനെ സംബന്ധിച്ച്‌ ഇമാം നവവി (റ) പറയുന്നു. ഇബ്‌'നു അബ്ബാസിന്റെ ഹദീസ്‌ ബൈഹഖി റിപ്പോർട്ട്‌ ചെയ്‌'തു കൊണ്ട്‌ പറയുകയാണ്‌: ഈ ഹദീസ്‌ സ്വഹീഹല്ല. ഉമ്മു സലമയുടെ ഹദീസാവട്ടെ നന്നെ ബലഹീനമാണ്‌. ശറഹുൽ മുഹദ്ദബ്‌ 3-505.

ഈ പറഞ്ഞ രണ്ട്‌ ഹദീസുകളും ലക്ഷ്യത്തിനു പറ്റുകയില്ലെന്ന് സാരം.
ആകയാൽ സ്വഹീഹായ ഹദീസുകൾ കൊണ്ടും ഖുലഫാ'ഇന്റെയും താബി'ഈങ്ങളുടെയും പ്രവർത്തനം കൊണ്ടും തെളിഞ്ഞ കാര്യമാണ്‌ സുബ്‌'ഹിന്റെ ഖുനൂത്ത്‌. അത്‌ കൊണ്ടാണ്‌ ഇമാം ശാഫി'ഈ (റ) സുന്നത്താണെന്ന് പ്രഖ്യാപിച്ചത്‌. അത്‌ കൊണ്ടാണ്‌ ശാഫി'ഈ മദ്‌'ഹബുകാർ ഖുനൂതിൽ താൽപര്യം കാണിക്കുന്നത്‌. അത്‌ പിടിവാശിയാണെങ്കിൽ ആ പിടിവാശി സ്വാഗതാർഹമാണ്‌.

No comments:

Post a Comment