Tuesday 9 July 2019

ഇമാം അബുല്‍ ഹസന്‍ അല്‍ അശ്അരി (റ)





അലിയ്യുബ്‌നു ഇസ്മാഈല്‍ അബുല്‍ ഹസന്‍. ജനനം എ.ഡി 883 (ഹിജ്‌റ 270) ബസറയില്‍. അബൂമൂസല്‍ അശ്അരിയിലേക്ക് പിതാപരമ്പര ചേര്‍ത്താണ് അശ്അരീ ഇമാം എന്നറിയപ്പെട്ടത്.

കുടുംബം

പ്രസിദ്ധ സ്വഹാബിയും നബി(സ്വ)യുടെ സ്‌നേഹിതൻ എന്നറിയപ്പെട്ട അബൂ മൂസൽ അശ്അരി(റ)യുടെ സന്താനപരമ്പരയിൽ എട്ടാമത്തെ പുത്രനുമായ ഇസ്മാഈൽ എന്നവരാണ് ഇമാമിന്റെ പിതാവ്. അല്ലാഹു പ്രിയം വെക്കുകയും അല്ലാഹുവിനെ പ്രിയം വെക്കുന്നവരുമായ ഒരു സമുദായം വരുമെന്ന് ഖുർആനിൽ ഒരു സൂക്തം ഇറങ്ങിയപ്പോൾ ആ സമുദായം ഇദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ വരുന്നവരാണെന്ന് മുഹമ്മദ് നബി (സ്വ) അബൂ മൂസൽ അശ്അരി (റ)യിലേക്ക് ചൂണ്ടി പറഞ്ഞു. ഇത് മഹാനവറുകളുടെ കുടുംബ പാരമ്പര്യം വളരെ വ്യക്തമാക്കുന്ന സംഭവമാണ്.

പഠനം

മഹാനവർകൾ വളരെ ചെറിയ പ്രായത്തിൽ തന്നെ അറിവിന്റെ പാതയിലേക്ക് പ്രവേശിച്ചവരായിരുന്നു. പഠനത്തിന്റെ തുടക്കം മുഅ്തസലിയായ അബൂ അലിജുബ്ബായിൽ നിന്നാണ്. 40 വർഷം ഇദ്ദേഹത്തിൽ നിന്ന് ധാരാളം മുഅ്തസലി ആശയങ്ങൾ പഠിക്കുകയും സംവാദങ്ങൾ നടത്തുകയും ചെയ്തു. ഹദീസിൽ സക്കരിയ ബിനു യഹിയ സ്സാജി (റ)യും കർമശാസ്ത്രത്തിൽ ഇമാമിന് സുറൈജിയുമായിരുന്നു പ്രധാന ഗുരുക്കന്മാർ.

ജീവിതം

എല്ലാ നൂറ്റാണ്ടിന്റെ തുടക്കത്തിലും ആ നൂറ്റാണ്ടിനെ നയിക്കാൻ അനുയോജ്യരായ മുജദ്ദിദിനെ അള്ളാഹു നിയമിക്കും. അശ്അരി ഇമാമിന്റെ കാലഘട്ടത്തിലെ മുജദ്ദിദ് അദ്ദേഹം തന്നെയായിരുന്നുവെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാനവറുകൾ കർമപരമായി ശാഫിഈ മദ്ഹബുകാരനാണ്. എന്നാൽ, ചിലർ മഹാനവർകൾ മാലികി മദ്ഹബുകാരനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. കാരണം അദ്ദേഹം ശാഫിഈ മദ്ഹബുകാരനാണ് എന്നതിന് ഒരുപാട് തെളിവുകൾ സുബ്കി ഇമാം അദ്ദേഹത്തിന്റെ കിതാബിൽ ഉദ്ധരിക്കുന്നുണ്ട്. മഹാനവർകൾ 20 വർഷം ഇശാഇന്റെ വുളൂ (അംഗശുദ്ധീകരണം) കൊണ്ട് സുബ്ഹി നിസ്‌കരിച്ചവരായിരുന്നു. വളരെ സൂക്ഷ്മ ജീവിതം നയിച്ചവരുമായിരുന്നു. ഒരു വർഷം വെറും 27 ദിർഹം മാത്രമേ ചെലവാക്കാറുണ്ടായിരുന്നോള്ളൂ.

നാലാം ഖലീഫ അലി (റ) വിന്റെ കാലത്ത് നടന്ന വന്‍യുദ്ധങ്ങളായ ജമല്‍, സ്വിഫീന്‍ സംഘട്ടനങ്ങളില്‍ കൊന്നവരും കൊല്ലപ്പെട്ടവരും സത്യനിഷേധികളാണെന്ന വാദവുമായി രംഗത്തുവന്നവരാണ് ഖവാരിജുകള്‍. വിശുദ്ധ ഖുര്‍ആനിന്റെ ബാഹ്യാര്‍ഥം വ്യാഖ്യാനിച്ച് മതതീരുമാനങ്ങള്‍ പ്രഖ്യാപിക്കുക വഴി ഖവാരിജുകള്‍ സത്യസരണിയില്‍ നിന്ന് പുറകോട്ടുപോയി. എ.ഡി 642-672 കാലത്ത് ജീവിച്ചിരുന്ന പ്രമുഖ താബിഉം പണ്ഡിതനുമായിരുന്ന ഹസനുല്‍ ബസരി (റ) യുടെ ശിഷ്യരില്‍ ഒരാളായിരുന്നു വാസിലു ബിന്‍ അത്വാഅ്. ക്ലാസ് നടന്നുകൊണ്ടിരിക്കേ ഒരാള്‍ വന്ന് ഇമാമിനോട് ചോദിച്ചു: ”വന്‍കുറ്റം ചെയ്താല്‍ കാഫിറാകുമോ?” ഇമാമിനെ മറികടന്ന് ശിഷ്യനായ വാസില്‍ ഇടക്കു കയറി പറഞ്ഞു: ”വന്‍കുറ്റം ചെയ്തവന്‍ കാഫിറുമല്ല, മുഅ്മിനുമല്ല”. ഈ ധിക്കാരം അനിഷ്ടകരമായി അനുഭവപ്പെട്ട ഇമാം പറഞ്ഞു: ”അദ്ദേഹം നമ്മുടെ കൂട്ടത്തില്‍ നിന്ന് വിഘടിച്ചുപോയി”. ഇദ്ദേഹത്തിന്റെ വാദം സ്വീകരിച്ചവരെ പിന്നീട് ‘മുഅ്തസിലികള്‍’ (വിഘടിച്ചുപോയവര്‍) എന്നറിയപ്പെട്ടു.

അനീതി, നീതി ഇതിന്റെ താത്വികമാനം മനുഷ്യനിരീക്ഷണ പരിധിയിലാണ് മുഅ്തസിലികള്‍ വിവക്ഷിച്ചത്. അക്കാരണത്താല്‍ രോഗം, ദാരിദ്ര്യം തുടങ്ങിയവ അല്ലാഹുവിന്റെ ഹിതപ്രകാരമല്ല സംഭവിക്കുന്നത്. അത് മനുഷ്യ നിര്‍മിതികളാണ്. നല്ല കാര്യങ്ങള്‍ ചെയ്യല്‍ അല്ലാഹുവിന് നിര്‍ബന്ധ ബാധ്യതയാണ്. സല്‍കര്‍മങ്ങള്‍ക്കു പകരമായി സ്വര്‍ഗം അല്ലാഹുവിന്റെ ഔദാര്യമല്ലാതെ സൃഷ്ടികള്‍ക്ക് ലഭിക്കണം. ഇങ്ങനെയുള്ള യുക്തിവാദങ്ങളാണ് ഈ വിഭാഗം ഉയര്‍ത്തിക്കൊണ്ടുവന്നത്.

പ്രവാചകത്വ നിഷേധം, ഹദീസ് നിഷേധം തുടങ്ങിയ തലത്തിലേക്ക് കൂടി ഈ വാദങ്ങള്‍ വ്യാപിച്ചു. ഖദ്‌രിയ്യ, ജഹ്്മിയ്യ, കര്‍റാമിയ്യ, ഹുദൂരിയ്യ, റാഫിഇയ്യ, മുര്‍ജിഅ തുടങ്ങിയ നിരവധി ചിന്താധാരകള്‍ പൊട്ടിപ്പുറപ്പെട്ടു. ഗ്രീക്ക് തത്വചിന്തകളില്‍ നിന്ന് കടം കൊണ്ടതായിരുന്നു ഈ വികല വീക്ഷണങ്ങളധികവും.

പ്രസിദ്ധ പണ്ഡിത കേസരി ഇമാം അഹ്മദ്ബ്നു ഹമ്പൽ  (റ) ഖൽഖുൽ  ഖുർആൻ  പ്രശ്നത്തിൽ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും തള്ളിയിടേണ്ടി വന്നതിന് കാരണക്കാർ സത്യത്തിൽ നിന്നും തെന്നിമാറി സഞ്ചരിച്ച മുഅ്തസിലക്കാരായിരുന്നു. അവരായിരുന്നു ഇമാമിനെതിരിൽ ശക്തമായ കരുനീക്കങ്ങൾ നടത്തിയിരുന്നത്. ഭരണപക്ഷത്തുനിന്നുള്ള പിന്തുണകളായിരുന്നു അവർക്ക് ഈ രംഗത്ത് ഉന്മേഷം നൽകിയിരുന്നത്. ഖലീഫ മുഅ്തസിമും ഖലീഫ വാസിഖും അവരുടെ ശക്തരായ വക്താക്കളായിരുന്നു. ഇരുവരുടെയും ശക്തമായ പിന്തുണയാണ് അവർക്ക് ശക്തി പകർന്നിരുന്നതും. ഇരുവരുടെയും മരണത്തോട് കൂടി അവരുടെ ശക്തി ക്ഷയിക്കുകയും സമുദായരംഗത്ത് അവർ ദുർബലവിഭാഗമായി ശേഷിക്കുകയും ചെയ്തു.

ശേഷം അധികാരത്തിലേറിയ ഖലീഫ മുതവക്കിൽ മുഅ്തസില വിഭാഗത്തിന്റെ അനുയായിയോ അനുഭാവിയോ ആയിരുന്നില്ലെന്ന് മാത്രമല്ല, അവരുടെ ശത്രു കൂടിയായിരുന്നു. മുഅ്തസിലക്കാർ കയ്യടക്കി വെച്ചിരുന്ന ഭരണസ്വാധീന മേഖലകളിൽ നിന്ന് അവരെ താഴെയിറക്കുകയും മാറ്റിനിർത്തുകയും ചെയ്തത് മുതവക്കിലായിരുന്നു. എങ്കിലും അവർ ധിഷണാമേഖലകളിൽ നിറഞ്ഞ് നിന്നിരുന്നു. ഖൽഖുൽ  ഖുർആനുമായി ബന്ധപ്പെട്ട ഫിത്നകൾ കെട്ടടങ്ങിയിരുന്നുവെങ്കിലും അവരുടെ മറ്റുചില വാദങ്ങൾ അപ്പോഴും പുതുമ നഷ്ടപ്പെടാതെ നിലനിന്നിരുന്നു. ബൗദ്ധിക-ധൈഷണിക രംഗത്ത് തലയെടുപ്പുള്ള ചില വ്യക്തിത്വങ്ങളുടെ പേരിൽ വൈജ്ഞാനിക നേതൃസ്ഥാനം മുഅ്തസിലകൾക്ക് തന്നെയായിരുന്നു.

ഹിജ്റ മൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും, ആഴമേറിയ പഠനത്തിന്റെയും വിശാലമായ ചിന്തയുടെയും ഉടമകൾ അവരാണെന്നും അവരുടെ ഗവേഷണ സപര്യകളിൽ ബുദ്ധിപരമായ സമീപനം കൂടുതലാണെന്നുമുള്ള ചിന്താഗതി പൊതുവെ എല്ലാവരിലും ഉടലെടുത്തു. തഥടിസ്ഥാനത്തിൽ അവർ പ്രത്യേകം പരിഗണിക്കപ്പെടുന്ന ഒരു ഘട്ടം വരെയെത്തി.

വിദ്യാർഥികൾ അധ്യാപകർ യുവാക്കൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ള വലിയൊരു വിഭാഗം മുഅ്തസിലിയാക്കളുടെ ഇഅ്തിസാല് എന്ന ആശയഗതിയെ മാതൃകയായി സ്വീകരിച്ചു. ഇമാം അഹ്മദ്ബനു ഹമ്പലിന് ശേഷം വൈജ്ഞാനിക രംഗത്ത് അത്ര തിളക്കമുള്ള ആളുകൾ രംഗത്ത് വന്നില്ല. ശേഷം വന്നവർ തന്നെ ബൗദ്ധിക വിജ്ഞാനശാഖകളിലേക്കും നൂതന ചിന്താധാരകളിലേക്കും ശ്രദ്ധ തിരിച്ചില്ല. ബൗദ്ധിക സമീപനങ്ങളുടെ പേരിൽ സംവാദങ്ങളിലും സദസ്സുകളിലും മുഅ്തസിലുകൾ തന്നെ തലയുയർത്തി നിന്നു. 

സത്യ ദീനിനെ സംബന്ധിച്ച് ആഴത്തിൽ പഠിക്കാൻ കഴിയാതെ പോയവർക്ക് ബൗദ്ധിക സമീപനങ്ങളാണ് മുഅ്തസിലിയാക്കൾ തലയുയർത്തി നിൽക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്ന് മനസ്സിലാക്കാൻ കഴിയാതെ പോയി. മുഹദ്ദിസുകളിൽ ഒരു വിഭാഗവും അവരുടെ ശിഷ്യഗണങ്ങളിൽ ഒരു ഭൂരിഭാഗവും അപകർഷതാബോധത്തിന് അടിമപ്പെട്ട് പോയി. മുഅ്തസിലികളുടെ ബൗദ്ധിക-ശാസ്ത്രീയ മുന്നേറ്റത്തിന് മുമ്പിൽ അവർ പതറി. ഈ സ്ഥിതി വിശേഷം ദീനിന്റെ പ്രൗഢിയുടെയും സുന്നത്തിന്റെ ശക്തിയുടെയും നേരെ ഒരു വെല്ലുവിളിയായി ഉയർന്ന് നിന്നു. 

ഖുർആൻ വ്യാഖ്യാനങ്ങൾ ദീനിന്റെ തത്ത്വ സംഹിതകൾ എന്നിവ മുഅ്തസിലകൾക്ക് മുമ്പിൽ കേവലം കളിപ്പാവകളായി രൂപാന്തരപ്പെട്ടു. അതിനനുസരിച്ച് ശാസ്ത്രീയ ബൗദ്ധിക അടിത്തറയിലുള്ള സമീപനങ്ങൾക്ക് സമൂഹത്തിൽ അംഗീകാരം വർദ്ധിച്ച് വന്നു. സാങ്കേതികതയുടെ പിൻബലത്തിൽ ചിന്തയെ മുൻ നിറുത്തി അവർ നടത്തിയ അധര വ്യായാമങ്ങൾ മാത്രമാണ് അവരുടെ ബാഹ്യപ്രകടനങ്ങൾ എന്നതാണ് പരമാർഥം. ദീനിന്റെ അന്തസത്ത ഉൾക്കൊള്ളാത്ത വികലമായ ചിന്താഗതികൾ അവരിൽ പ്രകടമായിരുന്നു. പക്ഷെ, വെള്ളച്ചാട്ടം കണക്കെയുള്ള ഈ സ്തിഥി വിശേഷത്തെ തടുത്തു നിർത്താർ അത്ര എളുപ്പമായിരുന്നില്ല.

ഉപരിസൂചിത പ്രശ്നങ്ങൾക്ക് പരിഹാരമായി ഒരു ഉന്നത വ്യക്തിയുടെ നിയോഗം പ്രസക്തിയേറി വന്നു. വൈകാതെ അബുൽ ഹസൻ അശ്അരിയിൽ മുസ്ലിം ലോകം ആ വ്യക്തിയെ കണ്ടെത്തുകയായിരുന്നു.

അബുൽ ഹസൻ അലിയുടെ പിതാവിന്റെ പേര് ഇസ്മാഈൽ എന്നായിരുന്നു. പ്രസിദ്ധനായ സ്വഹാബിവര്യൻ അബൂ മൂസൽ അശ്അരിയുടെ സന്താനപരമ്പരയിൽ; ഹി ൨൬൦ ൽ ബസ്വറയിൽ ജനിച്ചു. പിതാവ് ഇസ്മാഈലിന്റെ മരണ ശേഷം മാതാവിനെ വിവാഹം ചെയ്തത് മുഅ്തസിലി നേതൃനിരയിലെ പ്രധാനിയായ അബൂ അലിയ്യിൽ ജുബ്ബായി ആയിരുന്നു. അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് അബുൽ ഹസൻ വളർന്നത്. വളരെ വേഗം തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തനും വലംകയ്യുമായിത്തീരുകയും ചെയ്തു. 

ജുബ്ബായി അറിയപ്പെട്ട മുദരിസും ഗ്രന്ഥകാരനുമായിരുന്നു. പക്ഷെ, ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഖണ്ഡനങ്ങക്കും മതിയായ പ്രാഗത്ഭ്യം ഉണ്ടായിരുന്നില്ല. എന്നാൽ അബുൽ ഹസന് ഈ വിഷയത്തിൽ അഗ്രേയസനായിരുന്നു. ചുരുങ്ങിയ കാലയളവിൽ അദ്ദേഹം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയും മുഅ്തസിലി സദസുകളുടെ നേതൃസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു (തബ് യീൻ-ഇബ്നു അസാകിർ-117)

ഇതേ സമയം, ഗുരുവര്യന്റെ സ്ഥാനം അബുൽ ഹസൻ അലങ്കരിക്കുമെന്നും മുഅ്തസിലി ആദർശത്തിന് ഊടും പാവും നൽകാൻ അദ്ദേഹം മുൻപന്തിയിൽ വരമെന്നും മുഅ്തസിലികൾ കണക്കു കൂട്ടി. എന്നാൽ ജഗന്നിയന്താവായ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ദ്രുതഗതിയിൽ തന്നെ അബുൽ ഹസനില് മാറ്റങ്ങൾ വന്നു. അദ്ധേഹത്തിന്റെ വ്യാഖാനങ്ങളും നിലപാടുകളുമെല്ലാം മുഅ്തസിലൾക്കെതിരായി. അവരുടെ വാദഗതികളെല്ലാം തന്നെ കേവലം യുക്തിയുടെ വിളയാട്ടങ്ങൾ മാത്രമാണെന്നും യാഥാർഥ്യം മറ്റൊന്നാണെന്നും അദ്ധേഹത്തിന് ബോധ്യപ്പെട്ടു. നക്ഷത്ര തുല്ല്യരാണ് എന്റെ അനുചരൻമാർ എന്ന് പുണ്യ നബി (സ്വ) വാഴ്ത്തിയ സച്ചരിതരായ സ്വഹാബികളുടെയും മുൻഗാമികളായ മഹാൻമാരുടെയും വഴിത്താര തന്നെയാണ് സത്യപന്ഥാവ് എന്ന വസ്തുത അദ്ധേഹത്തിന് ബോധ്യപ്പെട്ടു.


ചിന്ത മാറാനുണ്ടായ സംഭവം 

ജുബ്ബാഈയോട് ചോദിച്ച സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാലാണ് അദ്ദേഹം മുഅ്തസിലീ വാദം ഉപേക്ഷിച്ചതെന്നും അഭിപ്രായമുണ്ട്. അല്ലാഹു മനുഷ്യർക്ക് നല്ലതു മാത്രമേ ചെയ്യുകയുള്ളൂവെന്ന് മുഅ്തസിലുകള്ക്ക് അഭിപ്രായമുണ്ട്. ഇതടിസ്ഥാനത്തില് അശ്അരി(റ) ഒരു ദിവസം മൂന്ന് സഹോദരന്മാരെക്കുറിച്ച് ജുബ്ബാഈയോട് ചോദിച്ചു; 

ഒന്നാമന് വിശ്വാസി. രണ്ടാമൻ അമുസ്ലിം. മൂന്നാമൻ ബാല്യകാലത്തിലേ മരിച്ചു പോയവൻ. പരലോകത്ത് ഇവരുടെ അവസ്ഥ എന്താകുമെന്നാണ് ചോദ്യം. 

ജുബ്ബാഈയുടെ മറുപടി: 'ഒന്നാമൻ സ്വർഗത്തിൽ, രണ്ടാമൻ നരകത്തിൽ, മൂന്നാമന് ശിക്ഷയും പ്രതിഫലവുമില്ല.' 

അശ്അരി(റ) ചോദിച്ചു: 'തനിക്ക് ദീർഘായുസ് തന്നിരുന്നുവെങ്കിൽ ഒന്നാമനെപ്പോലെ നന്മ ചെയ്യാൻ എനിക്കും അവസരം കിട്ടുമായിരുന്നില്ലേ എന്ന് മൂന്നാമൻ ചോദിച്ചാൽ അല്ലാഹു എന്തു മറുപടി നല്കും?' 

ജുബ്ബാഈ: 'അല്ലാഹു പറയും; നീ വലുതായാൽ  തിന്മ ചെയ്ത് നരകാവകാശിയാവുമെന്ന് എനിക്ക് നേരത്തേ അറിയാം. അതുകൊണ്ട് നിന്നെ ആദ്യമേ മരിപ്പിച്ച് നിന്നെ രക്ഷിക്കുകയാണ് ഞാൻ ചെയ്തത്.'

അശ്അരി(റ) വീണ്ടും ചോദിച്ചു: 'വലുതായാൽ തിന്മ ചെയ്ത് നരകാവകാശിയാവും എന്നറിഞ്ഞിട്ടും മൂന്നാമനെ മരിപ്പിച്ചതു പോലെ എന്നെയുമെന്തേ ചെറുപ്പത്തില് മരിപ്പിച്ചില്ല എന്ന് രണ്ടാമൻ ചോദിച്ചാലോ?' കുറിക്കു കൊള്ളുന്ന ഈ ചോദ്യത്തിന് ജുബ്ബാഈക്കു മറുപടി നല്കാൻ  കഴിഞ്ഞില്ല. അതോടെ അശ്അരി(റ) പൊള്ളയായ ഈ വാദമുപേക്ഷിച്ചു.


സൽപാതയിലേക്ക്

ഒരു റമസാൻ ആദ്യ പത്തിൽ അദ്ദേഹം സ്വപ്‌നത്തിൽ നബി(സ്വ)യെ കണ്ടു, അവിടുന്ന് പറഞ്ഞു: “അലിയെ എന്നിൽ നിന്ന് നിവേദനം ചെയ്ത വിശ്വാസികളെ സഹായിക്കുക, അതാണ് സത്യം’. ആശങ്കാകുലനായി അദ്ദേഹം ഉറക്കിൽ നിന്ന് ഉണർന്നു. എന്നാൽ രണ്ടാമത്തെ പത്തിലും ഇതാവർത്തിച്ചു. റമസാൻ 27ന് നബി (സ്വ)യെ വീണ്ടും സ്വപ്‌നത്തിൽ കണ്ടു. നബിതങ്ങൾ ചോദിച്ചു. “എന്റെ നിർദേശം നീ എന്ത് ചെയ്തു? ‘അദ്ദേഹം മറുപടി പറഞ്ഞു: ‘ഇൽമുൽ കലാമിനെ ഉപേക്ഷിക്കുകയും കിതാബിനെയും സുന്നത്തിനെയും മുറുകെപ്പിടിക്കുകയും ചെയ്തിരിക്കുന്നു’. അപ്പോൾ നബി(സ്വ) ചോദിച്ചു. ഞാൻ നിന്നോട് അങ്ങനെയല്ലല്ലോ നിർദേശിച്ചത്, എന്നിൽ നിന്ന് നിവേദനം ചെയ്തവരെ സഹായിക്കാനല്ലേ പറഞ്ഞത്. അതാണ് സത്യവതി എന്ന് നബി (സ്വ) പറഞ്ഞു. 30 വർഷം കൊണ്ട് പഠിച്ചെടുത്ത മസ്അലകളും തെളിവുകളും വെറുമൊരു സ്വപ്‌നത്തിന് പേരിൽ ഉപേക്ഷിക്കുകയോ? എന്ന് മഹാൻ മറുപടി പറഞ്ഞു. 

ശേഷം നബി (സ്വ) പരിശ്രമിക്കാൻ പറയുകയും ആശീർവദിക്കുകയും ചെയ്തു. ശേഷം രണ്ടാഴ്ചയോളം ജനസമ്പർക്കം ഒഴിവാക്കി തനിച്ചിരിക്കുകയും പള്ളി മിമ്പറിൽ കയറി ഇങ്ങനെ പ്രസ്താവിക്കുകയും ചെയ്തു: ‘ഇത്രയും കാലം ജനസമ്പർക്കം ഒഴിവാക്കി തനിച്ച് ജീവിക്കാനുള്ള കാരണം സത്യം എന്തെന്നറിയാതെ വിഷമത്തിലായത് കൊണ്ടായിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് സത്യമായ വഴി ഏതെന്ന് അല്ലാഹു വ്യക്തമാക്കി തന്നിരിക്കുന്നു. തുടർന്ന് ഈ വസ്ത്രം ഊരിയതു പോലെ ഞാൻ എന്റെ പൂർവ ആശയങ്ങളെ ഊരിക്കളഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ വസ്ത്രം ഊരിക്കളഞ്ഞു. അവിടെ നിന്ന് അഹ്ലു സുന്നത്തി വൽ ജമാഅയുടെ ആശയാദർശങ്ങൾ അടങ്ങുന്ന ധാരാളം കിതാബുകൾ ജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു (ത്വബകാത്ത് അശ്ശായൽ കുബ്‌റ 3/347)

പിന്നീടങ്ങോട്ട് അബുൽ ഹസൻ മുഅ്തസിലകൾക്കെതിരെ ശക്തമായ പടയോട്ടം തന്നെ നടത്തി. 15 ദിവസം തന്റെ വീട്ടിനകത്ത് ഏകാന്തതയിൽ കഴിഞ്ഞു. 16ാമത്തെ ദിവസം വീട്ടിൽ നിന്ന് നേരെ പള്ളിയിലെത്തി. ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. പള്ളി ജനനിബിഡമായിരുന്നു. അദ്ദേഹം മിമ്പറിൽ കയറി ഇങ്ങനെ വിളിച്ച് പറഞ്ഞു: എന്നെ എല്ലാവരും അറിയുമെന്ന് കരുതുന്നു, അറിയാത്തവരോട് ഞാൻ പറയുന്നു. ഞാനാണ് അബുൽ ഹസൻ അശ്അരി. ഞാൻ മുഅ്തസിലിയായിരുന്നു. മുഅ്തസിലി ആദർശക്കാരനും അതിന്റെ കിടയറ്റ വക്താവുമായിരുന്നു. ഞാനിപ്പോൾ തൗബ ചെയ്യുകയാണ്. എന്റെ പിഴച്ച മുൻകാല ആദർശങ്ങളിൽ നിന്ന് ഞാനിതാ മടങ്ങുന്നു. ഇന്ന് മുതൽ മുഅ്തസിലികളുടെ വാദഗതികളെ ഖണ്ഡിക്കലും അവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കലുമായിരിക്കും എന്റെ കർത്തവ്യം (ഇബ്നു ഖല്ലിക്കാൻ 1-447)

ഈ പ്രസംഗം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 40 വയസായിരുന്നു. ഈ സംഭവത്തെ നട്ടുച്ചക്കുദിച്ച വിപ്ലവം എന്നാണ് ഇബ്‌നു ഇമാദ് വിലയിരുത്തിയത്. ഈ സംഭവം എ.ഡി 915 (ഹിജ്‌റ 302 ലാണ്). രണ്ട് നൂറ്റാണ്ടിലധികം മുസ്‌ലിം ലോകത്തിന്റെ ഹൃദയ ഭൂമിയായി പറയപ്പെട്ട ഇറാഖ്, കൂഫ പ്രവിശ്യകള്‍ വിശ്വാസ വ്യതിയാനങ്ങളാല്‍ വികലമായിത്തീര്‍ന്നു. പല ഭരണാധികാരികളും ഈ വിചിത്രവാദക്കാരോ, പ്രചാരകരോ ആയിരുന്നു. യഥാര്‍ഥ വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടു.

അന്നു മുതൽ ജീവിതത്തിന്റെ അവസാന ശ്വാസം വരെ മഹാനായ ആ പണ്ഡിതവര്യൻ തന്റെ ബൗദ്ധിക, വൈജ്ഞാനിക, പ്രഭാഷണ തൂലികാ ശക്തികളിലഖിലവും മുഅ്തസിലി ആദർശ സിദ്ധാന്തങ്ങളെ ശക്തിയുക്തം എതിർക്കുകയും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സൽ പാന്ഥാവിലേക്ക് സമുദായത്തെ നയിക്കുകയും ചെയ്യുന്ന വഴിത്താരയിലേക്ക് മാറ്റിവച്ചു. ഇന്നലെകളുടെ ദശാസന്ധികളിൽ മുഅ്തസിലികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്ന അദ്ദേഹം അഹ്ലുസ്സുന്നയുടെ ശക്തനായ വക്താവായി മാറുകയും അതിന്റെ ആശയാദർശങ്ങളുടെ സംരക്ഷകനായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് മുസ്ലിം ലോകത്തിന് ദർശിക്കാൻ സാധിച്ചത്. മാത്രമല്ല, തന്റെ പ്രവർത്തനങ്ങൾ ജിഹാദിന്റെ വഴിയാണെന്നും അള്ളാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള മാർഗ്ഗമാണെന്നും അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. 

മുഅ്തസിലികളുടെ സദസ്സുകളിൽ പങ്കെടുത്തും അവരെ ഓരോരുത്തരെയും നേരിൽ കണ്ട് സൽസരണി അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. ചിലരെല്ലാം അദ്ദേഹത്തോട് ഇപ്രകാരം ചോദിക്കുമായിരുന്നു. താങ്കൾ ഈ പുത്തൻ പ്രസ്ഥാനക്കാരുമായി ബന്ധപ്പെടുകയും അവരെത്തേടി പോവുകയും ചെയ്യുതെന്തിനാണ്? അവരുമായി തീർത്തും നിസ്സഹകണത്തിൽ കഴിയണമെന്നാണല്ലോ നമ്മോടുള്ള കൽപന? 

മഹാനവർകൾ ഇങ്ങനെ മറുപടി പറഞ്ഞത്രെ; എന്ത് ചെയ്യാൻ? അവരെല്ലാം ഉയർന്ന സ്ഥാനങ്ങളിലാണല്ലോ? അവരുടെ ഔദ്യോഗിക പദവികൾ നിമിത്തം അവർക്ക് എന്നെ വന്ന് കാണാൻ കഴിയുന്നില്ല, ഞാനും അവരെപ്പോയി കാണാൻ ശ്രമിക്കുന്നില്ലെങ്കിൽ സത്യം എങ്ങനെയാണ് അവർക്ക് ബോധ്യപ്പെടുക? അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സുന്ദരമായ ആശയാദർശങ്ങൾ ഖുർആനിന്റെയും ഹദീസിന്റെയും ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണെന്ന് അവർ എങ്ങനെ മനസ്സിലാക്കും?

ഇമാം അശ്അരി (റ) വിശ്വാസ സംബന്ധിയായി മുന്നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചു. ഇറാഖ്, കൂഫ, ബസ്വറ, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ വ്യാപിച്ചിരുന്ന മുഅ്തസിലി വിശ്വാസത്തിന്റെ യുക്തിഭദ്രതയില്ലായ്മയും പ്രമാണബന്ധമില്ലായ്മയും കാര്യകാരണ സഹിതം അശ്അരി (റ) സമര്‍ഥിച്ചു.

അല്ലാഹുവിന്റെ സത്ത, വിശേഷണങ്ങള്‍ എന്നിവ കാര്യകാരണ ബന്ധിയോ, സൃഷ്ടിയോ, നാശമടയുന്നതോ അല്ലെന്ന ഇസ്‌ലാമിക വിശ്വാസത്തിന്റെ കാതലാണ് ഇമാം അശ്അരി (റ) സമര്‍പ്പിച്ചത്. എല്ലാ അര്‍ഥത്തിലും അല്ലാഹു സൃഷ്ടികളില്‍ നിന്നും ഭിന്നനാണെന്ന വീക്ഷണത്തെ യുക്തിഭദ്രമായി അദ്ദേഹം സമര്‍ഥിച്ചു. പില്‍ക്കാലത്ത് അബൂബക്കര്‍ ബാഖില്ലാനി, അബൂഇസ്ഹാഖ് ഇസ്ഫറാനീ, ഇമാമുല്‍ ഹറമൈനി, മുഹമ്മദ് കരീമു ശഹറസ്താനീ എന്നീ പ്രാമാണിക പണ്ഡിതര്‍ ഈ ആശയം ലോകത്ത് പ്രചരിപ്പിച്ചു.

കിതാബുലുമത്ത്, അല്‍ഉസൂലു വല്‍ മുഖ്തസറു അന്നവാദിറു ഫീദലാഇലില്‍ കലാം, അല്‍ ഇജ്തിഹാദ്, അസ്സ്വിഫാത്ത്, അല്‍ ഉസൂലുദ്ദിയാന, മഖാലത്തുല്‍ ഇസ്്‌ലാമിയ്യ, ആദാബുല്‍ ബുര്‍ഹാന്‍ തുടങ്ങിയ മഹാഗ്രന്ഥങ്ങള്‍ പണ്ഡിതലോകത്ത് ഏറെ ശ്രദ്ധേയമാണ്. ഈ രചനകള്‍ വഴി ഇസ്‌ലാമിനെ തനത് ശൈലിയില്‍ വായിച്ചെടുക്കാന്‍ പില്‍ക്കാലക്കാര്‍ക്ക് സാധ്യമായി. അശ്അരി ഇമാമിന്റെ ഇടപെടലോടെ വികലവിശ്വാസങ്ങള്‍ തകര്‍ന്നു. തദാവശ്യാര്‍ഥം നടത്തിയ ചര്‍ച്ചാ ക്ലാസുകളും പഠന ക്ലാസുകളും സംവാദങ്ങളും ശ്രദ്ധേയങ്ങളായിരുന്നു.

പിതാമഹന്‍ പിന്‍തലമുറകള്‍ക്കായി കണക്കാക്കി വച്ച കൃഷിയിടത്തില്‍ നിന്നുള്ള ചെറുവരുമാനമാണ് ഇമാമിനുണ്ടായിരുന്നത്. മഹാനവര്‍കളുടെ വാര്‍ഷിക ചെലവ് കേവലം 17 ദീനാര്‍ ആയിരുന്നു. തികച്ചും ലളിതമായ ജീവിതം നയിച്ചു.

ഉറക്കവും വിശ്രമവും കുറച്ച് ഇല്‍മിലും ഇബാദത്തിലും ആനന്ദം കണ്ടെത്തി. ബസ്വറ കേന്ദ്രീകരിച്ചു ഉയര്‍ന്നു വന്നിരുന്ന വിചിത്രവാദങ്ങളും വികല ചിന്തകളും കഠിന പ്രയത്‌നം വഴിയാണ് ഇമാം പരാജയപ്പെടുത്തിയത്. തതാവശ്യാര്‍ഥം ധാരാളം സംവാദങ്ങള്‍ നടത്തി. ഈ മഹാപണ്ഡിതന്റെ അറിവിനെ മുഅ്തസിലികള്‍ അങ്ങേയറ്റം ഭയന്നിരുന്നു.

നഫ്‌സിയ്യ, സല്‍ബിയ്യ, മആനി, മഅ്‌നവി എന്നീ നാല് വിഭാഗങ്ങളിലായി 20 വിശേഷണങ്ങള്‍ ഉള്ളവനാണ് അല്ലാഹു. ഇത് സകല സൃഷ്ടികളോടും വ്യത്യസ്തത പുലര്‍ത്തുന്ന അന്യൂനമായ വിശേഷണങ്ങളാണ്. തത്വശാസ്ത്ര പണ്ഡിതര്‍ക്ക് നായകത്വം നല്‍കിയ ഈ മഹാപണ്ഡിതനിലൂടെയാണ് ലോകമുസ്്‌ലിംകളുടെ അഖീദ (വിശ്വാസ ശാസ്ത്രം) അറിയപ്പെടുന്നത്. ജൂത, ക്രൈസ്തവ, ഹൈന്ദവ വിശ്വാസ ശാസ്ത്രങ്ങള്‍ ഉള്‍പ്പെടെ ലോകത്ത് നിലവിലുണ്ടായിരുന്ന എല്ലാ തത്വങ്ങളും ഇമാം സമഗ്രമായി പഠിച്ചിരുന്നു. ഈ വിശ്വാസ ശാസ്ത്രങ്ങളുടെ ഉത്ഭവം, വികാസം, പരിണാമം സംബന്ധിച്ച് ദീര്‍ഘമായി ഇമാം തന്റെ രചനകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗ്രീക്ക് തത്വശാസ്ത്രങ്ങളുടെ ചതിക്കുഴികള്‍ വളരെ യുക്തിഭദ്രമായി മഹാന്‍ വിശദീകരിച്ചിട്ടുണ്ട്.

അബൂ മൂസൽ അഷ്അരി (റ) ഒരവസരം ബസ്രക്കാരായ ജനങ്ങളെ അഭിമുഖീകരിച്ച് പറഞ്ഞു: " അല്ലയോ ജനങ്ങളേ, നിങ്ങൾ (നിങ്ങളുടെ പാപങ്ങളെ കുറിച്ച് ഓർത്തും നരകത്തെ ഭയന്നും) കണ്ണുനീരൊലിപ്പിക്കുക - ഇനി നിങ്ങൾക്ക് കരച്ചിൽ വരുന്നില്ല എങ്കിൽ നിങ്ങൾ ഉണ്ടാക്കി കരയാൻ വേണ്ടി എങ്കിലും ശ്രമിക്കുക; കാരണം ജഹന്നമിലെ മനുഷ്യർ കരഞ്ഞു കരഞ്ഞു ഒടുക്കം അവരുടെ കണ്ണുനീർ വറ്റുകയും ശേഷം കണ്ണിൽ നിന്നും രക്തത്തുള്ളികൾ വരുകയും അതിൽ നിന്നും കപ്പലുകൾക്ക് ഒഴുകാൻ മാത്രം ഉണ്ടാകുകയും ചെയ്യും".


അശ്അരി സരണിയുടെ ഉത്ഭവം

ക്രിസ്ത്യാനി ആയിരുന്ന സൂസനിൽ നിന്നും ഖദ്ർ നിഷേധ ആദർശം സ്വീകരിച്ച മഅ്ബദനിൽ ജുഹൈനിയുടെ ശിഷ്യൻ ഗയലാനുദ്ദിമശ്ഖി മുഅ്തസിലിയായ വാസ്വിലിന്റെ ആദർശത്തിന് വിരുദ്ധമായ ഇർജാഅ് എന്ന ആശയം പ്രചരിപ്പിച്ച് രംഗത്തു വന്നു. ഹൃദയത്തിൽ ഉറച്ച വിശ്വാസം ഉള്ളതോട് കൂടി വൻദോഷം ചെയ്യുന്നത് പ്രശ്‌നമല്ലെന്നതാണ് ഇർജാഅ് ദർശനം. ഈ വിശ്വാസക്കാർ മുർജിഅത്തുകൾ എന്നറിയപ്പെടുന്നു. കുഫ്‌റ് ഉള്ളതോടു കൂടെ ഏത് നൻമചെയ്താലും ഫലമില്ലാത്തത് പ്രകാരമാണ് ഈമാൻ ഉള്ളതോട് കൂടെ തിൻമകൾ ദോഷം ചെയ്യാത്തത് എന്നാണ് അയാളുടെ കണ്ടെത്തൽ. യഥാർത്ഥത്തിൽ ഈ ആശയവും സൂസന്റെ ക്രിസ്ത്യൻ ദർശനങ്ങളിൽ നിന്ന് ലഭിച്ചതാണ്. യേശുവിൽ വിശ്വസിക്കുന്നതോട് കൂടെ ഏത് തിൻമയും പ്രശ്‌നമല്ലെന്ന ക്രിസ്ത്യൻ വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം.

സൃഷ്ടികൾ അവരുടെ പ്രവർത്തനം സ്വന്തം കഴിവ് കൊണ്ടാണ് ചെയ്യുന്നതെന്ന ഖദ്ർ നിഷേധികളുടെ വിശ്വാസത്തിന്  കടകവിരുദ്ധമായി അടിമകൾക്ക് അവരുടെ പ്രവർത്തനങ്ങളിൽ യാതൊരു പങ്കുമില്ലെന്നും അവൻ അവരുടെ പ്രവർത്തനങ്ങളിൽ നിർജ്ജീവ വസ്തുക്കളെപ്പോലെയാണെന്നുമുള്ള ജബ്ർ ആദർശവുമായി ഹിജ്‌റ 128-ൽ മരണപ്പെട്ട ജഹ്മുബ്‌നുസ്വഫ്‌വാൻ രംഗത്ത് വന്നു. ലബീദുബ്‌നുൽ അഅ്‌സ്വം എന്ന ജൂതനിൽ നിന്നും ഖുർആൻ സൃഷ്ടിവാദം സ്വീകരിച്ച ജഅ്ദ്ബ്‌നുദിർഹമിന്റെ ശിഷ്യനാണ് ഇയാൾ. ക്രിസ്ത്യൻ ദർശനങ്ങൾ ബൗദ്ധികമല്ലെന്നും അത് ഉൾകൊള്ളാൻ ദൈവത്തിന്റെ നിർബന്ധിത സമ്മർദം മാത്രമാണ് പോംവഴിയെന്നുമുള്ള ക്രിസ്ത്യൻ ആദർശത്തോട് സാമ്യമുള്ളതാണ് ജബ്ർ വിശ്വസം.

സൂസൻ എന്ന ക്രിസ്ത്യാനിയിലേക്ക് മടങ്ങുന്ന ഇർജാഅ് ദർശനക്കാരനായിരുന്നു ഹിജ്‌റ 255-ൽ മരണപ്പെട്ട മുഹമ്മദ്ബ്‌നു കർറാം എന്നയാൾ. അല്ലാഹുവിന് ശരീരമുണ്ടെന്നുള്ള ആശയം പ്രചരിപ്പിച്ച ഇയാളുടെ അനുയായികൾ മുശബ്ബഹാത്ത് എന്ന വിഭാഗമാണ്. എല്ലാ വശങ്ങളിലും അവന് പരിധി  ഉണ്ടെന്നും താഴ്ഭാഗത്ത് മാത്രമേ അവന് പരിധി ഉള്ളൂവെന്നും രണ്ട് അഭിപ്രായങ്ങൾ അവർക്കിടയിലുണ്ട്. ഇരുട്ടും വെളിച്ചവും അനാദിയാണെന്ന് വിശ്വസിക്കുകയും വെളിച്ചത്തിനെ ആരാധിക്കുകയും ചെയ്യുന്ന സനവിയ്യ മതക്കാരുടെ വിശ്വാസത്തിന് തുല്യമാണ് ഈ ആദർശം. അല്ലാഹു അർശ് എന്ന സിംഹാസനത്തിൽ ഉപവിഷ്ഠനാണെന്നും ചലനവും ഇറങ്ങലും കയറലുമൊക്കെ അവനിൽനിന്നുണ്ടാകുമെന്നൊക്കെ  മുജസ്സിമത്ത്കാർ വിശ്വസിക്കുന്നു. ഈ പിഴച്ച ആദർശമാണ് പിൽക്കാലത്ത് ഇബ്‌നുതൈമിയ്യയും ഇബ്‌നുഅബ്ദുൽ വഹാബുമൊക്കെ കടമെടുത്തത്.

ഇങ്ങനെ രംഗത്ത് വന്ന പുത്തൻ പ്രസ്ഥാനക്കാർക്കെതിരെ നിലകൊണ്ട സ്വഹാബികൾ, താബിഉകൾ എന്നിവരെ അനുകരിച്ചു കൊണ്ട് അവർക്കു ശേഷം ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഇമാം ശാഫിഈ(റ), ഇമാം അഹ് മദുബ്‌നുഹമ്പൽ(റ), ഇമാം മുഹാസിബി(റ), ഇമാം ഇബ്‌നുകുല്ലാബ്(റ), ഇമാം അബ്ദുൽ അസീസിൽ മക്കി(റ), ഇമാം കുറാബീസി(റ), ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹി(റ) തുടങ്ങിയ മുസ്‌ലിം ലോകത്തെ പ്രമുഖ പണ്ഡിതൻമാരെല്ലാം ബിദഈ പ്രസ്ഥാനങ്ങളെ ശക്തമായി ഖണ്ഡിക്കുകയും ഗ്രന്ഥരചന നടത്തുകയും അവരുമായി നിസ്സഹകരിക്കാനും അവരുടെ ആദർശങ്ങൾക്ക് ചെവികൊടുക്കാതിരിക്കാനും മുസ്‌ലിം ഉമ്മത്തിനോട് ഉപദേശിക്കുകയും ചെയ്തു. ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ) തുടങ്ങിയ ഹദീസ് പണ്ഡിതൻമാർ, ഇമാംറാസി(റ)നെ പോലുള്ള ഖുർആൻ വ്യഖ്യാതാക്കൾ, സർവവിജ്ഞാന ശാഖകളിലും നേതൃത്വമലങ്കരിച്ച ഇമാം ഗസ്സാലി(റ) തുടങ്ങി അഹ്‌ലുസ്സുന്നയുടെ സംരക്ഷകരായി നിലകൊണ്ടവരുടെ പട്ടിക ദൈർഘ്യമേറിയതാണ്.

ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലുള്ള നാല് മദ്ഹബിന്റെ  ഇമാമുകളുടെ ശിഷ്യപരമ്പരയിലെ പ്രമുഖരായിരുന്നു അഹ്‌ലുസ്സുന്നയുടെ നേതാക്കൾ. ഇമാം അബൂഹനീഫ(റ)ന്റെ നാലാം തലമുറയിലെ ശിഷ്യനായ അബൂമൻസൂരിനിൽ മാതുരീദി(റ) ഈ ഗണത്തിൽ പ്രഗത്ഭനാണ്. മുഅ്തസിലികൾ, ജബരിയ്യാക്കൾ, ഖദ്‌രിയ്യാക്കൾ തുടങ്ങിയ ബിദ്അത്തുകാരെ ഖണ്ഡിക്കാനായി പത്തോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇമാം ശാഫിഈ(റ)വിന്റെ രണ്ടാം തലമുറയിലെ ശിഷ്യനായ ഇമാം അബുൽ ഹസനിൽ അശ്അരീ(റ) ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അഹ്‌ലുസ്സുന്നക്ക് നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അഹ്‌ലുസ്സുന്നയുടെ സംരക്ഷണാർത്ഥം നിരവധി ഗ്രന്ഥങ്ങൾ രചിച്ച ഇമാം അശ്അരി(റ), ഇമാം മാതുരീദി(റ)വിനെ പോലെ നിരവധി സംവാദങ്ങളും നടത്തിയിട്ടുണ്ട്. ഇമാം അശ്അരി(റ)ഇറാഖിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. അക്കാലത്തെ മറ്റൊരു വൈജ്ഞാനിക കേന്ദ്രമായ സമർഖന്ദിലായിരുന്നു ഇമാം മാതുരീദി(റ) കേന്ദ്രീകരിച്ചിരുന്നത്. ഇറാഖിൽ ശാഫിഈ മദ്ഹബുകാരും സമർഖന്തിലും പരിസര പട്ടണങ്ങളിലും ഹനഫി മദ്ഹബുകാരുമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. അതിനാൽ ഇമാം അശ്അരി(റ)വിന്റെ പിൻതലമുറക്കാർ പൊതുവെ ശാഫിഈ മദ്ഹബുകാരും ഇമാം മാതുരീദി(റ)വിന്റേത് ഹനഫി മദ്ഹബുകാരുമായി. സ്വഹാബികൾ, താബിഉകൾ, തബഉത്താബിഉകൾ എന്നിവർ അവരുടെ കാലങ്ങളിൽ പ്രത്യക്ഷപ്പെട്ട ബിദ്അത്തുകാരെ ചെറുത്ത് തോൽപിച്ച് സത്യപാത പിന്തുടരുകയും  സ്വഹാബികൾ തിരുനബി(സ്വ)യിൽ നിന്ന് പഠിച്ച് പിൻതലമുറക്ക് കൈമാറിയ വിശ്വാസങ്ങൾക്കെതിരിൽ നിലവിലുള്ളതോ ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ കുഫ്‌റ്, ബിദ്അത്ത് തുടങ്ങിയ വികലവിശ്വാസങ്ങളെ  വിശദീകരിക്കുകയും ശരിയായ വിശ്വാസം ക്രോഡീകരിക്കുകയുമായിരുന്നു അവർ.

ഗ്രീക്ക് തത്ത്വശാസ്ത്രത്തിന് വേരോട്ടമുണ്ടായിരുന്ന അക്കാലത്ത് തത്ത്വശാസ്ത്രങ്ങൾ സമർത്ഥിക്കാനായി അവർ ഗവേഷണം ചെയ്‌തെടുത്ത തർക്കശാസ്ത്ര തത്ത്വങ്ങൾ അക്കാലത്തെ മുഅ്തസിലിയാക്കൾ കൂടുതലായി ഉപയോഗിച്ചിരുന്നു. ഈ ആവശ്യാർത്ഥവും മറ്റുമായി ഗ്രീക്ക് ഫിലോസഫി ഗ്രന്ഥങ്ങൾ മുഅ്തസിലിയാക്കൾ കൂടുതലായി വായിച്ചതിനാൽ അവരുടെ പല പിഴച്ച ദർശനങ്ങളും ഗ്രീക്ക് തത്ത്വശാസ്ത്രത്തിൽ നിന്ന് കടന്നു കൂടിയതാണ്. തർക്കശാസ്ത്ര നിയമങ്ങൾ ഉപയോഗപ്പെടുത്തി മുഅ്തസിലികൾ അവരുടെ പിഴച്ച ആശയങ്ങൾ ജനമധ്യത്തിൽ സമർത്ഥിച്ച് തുടങ്ങിയിട്ട് ഏകദേശം ഒരു നൂറ്റാണ്ടോളം കഴിഞ്ഞാണ് ഇമാം അശ്അരി(റ) അഹ്‌ലുസ്സുന്നയുടെ നേതൃസ്ഥാനത്തെത്തിയത്. തർക്കശാസ്ത്രത്തിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഇമാം അഹ്‌ലുസ്സുന്നയുടെ ആദർശങ്ങൾ സമർത്ഥിക്കാൻ പ്രസ്തുത നിയമങ്ങൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ അന്നുവരെ മുഅ്തസിലികളുടെയും മറ്റും കുഞ്ഞാടായി അറിയപ്പെട്ടിരുന്ന ഇൽമുൽകലാം (വിശ്വാസ തർക്ക ശാസ്ത്രം) അഹ്‌ലുസ്സുന്നക്ക് സ്വന്തമായി. അതിനു മുമ്പ് മുസ്ബിതത്ത് (സ്ഥിരപ്പെടുത്തുന്നവർ) എന്ന പേരിലായിരുന്നു സുന്നിപക്ഷം സമൂഹത്തിൽ അറിയപ്പെട്ടിരുന്നത്.

ഇമാം അശ്അരി(റ), ഇമാം മാതുരീദി(റ) എന്നിവർ അഹ്‌ലുസ്സുന്നയുടെ പരമ്പരാഗത വിശ്വസങ്ങൾ വിശുദ്ധഖുർആൻ, തിരുസുന്നത്ത് തുടങ്ങിയ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുന്നതിനും സംരക്ഷിക്കുന്നതിനും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവർക്ക് ശേഷമുള്ള അഹ്‌ലുസ്സുന്ന അശ്അരി, മാതുരീദി എന്നീ പേരുകളിൽ അറിയപ്പെട്ടത്. സ്വഹാബികൾ മുതൽ ഇന്നോളം ഭേദഗതികൾക്കും വ്യതിയാനങ്ങൾക്കും വിധേയമാകാതെ നിലനിൽക്കുന്ന വിശ്വാസങ്ങൾ ഉൾകൊള്ളുന്നവരാണ് ഇവരെന്നതിനാൽ തിരുനബി(സ്വ) വിജയികളായി പ്രഖ്യാപിച്ച ഏക വിഭാഗം ഇവരാണെന്ന് ഉറപ്പാണ്. വിശ്വാസപരമായി ഭിന്നിച്ച് പോയ മറ്റു കക്ഷികൾ വീണ്ടും വീണ്ടും ഭിന്നിക്കുകയും വിശ്വാസങ്ങൾ ഭേദഗതി ചെയ്യുകയും മാറ്റി മറിക്കുകയും ചെയ്യുന്നതാണ് ചരിത്രം. ആകയാൽ അവരുടെ വിശ്വാസം അവരെ രക്ഷിക്കുകയില്ലെന്നതിന് ചരിത്രം സാക്ഷിയാണ്.

ഇമാം അശ്അരി(റ) മുഅ്തസിലി നേതാവായ അബൂഅലിയ്യിനിൽ ജുബ്ബാഇയുടെ ശിഷ്യനായി 40 കൊല്ലം മുഅ്തസിലീ ആദർശ വിശ്വാസി ആയിരുന്നുവെന്ന് പൊതുവെ ചരിത്ര ഗ്രന്ഥങ്ങൾ പരാമർശിക്കുന്നുണ്ട്. ഇമാം അശ്അരി(റ)ന്റെ മാതൃ ഭർത്താവു കൂടിയായിരുന്നു ജുബ്ബാഇ എന്നതിനാൽ ഇമാം അശ്അരി(റ) അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് വളർന്നത്. സ്വാഭാവികമായി അദ്ദേഹത്തിന്റെ ശിഷ്യത്വവും ഉണ്ടായി. ഈ ശിഷ്യത്വം 40 വർഷമല്ല മറിച്ച് 40 വയസ്സു വരെ ആയിരുന്നു എന്ന് മറ്റൊരു പക്ഷവുമുണ്ട്. എന്നാൽ ഇമാം അശ്അരി(റ) തുടക്കത്തിൽ മഅ്തസിലി വിശ്വാസക്കാരനായിരുന്നു എന്നത് വസ്തുതയാണോ എന്നതിൽ ഇമാം ഖാളിഇയാള്(റ) തർത്തീബുൽ മതാരിഖ് എന്ന ഗ്രന്ഥത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതുശരിയാണെങ്കിൽ തന്നെ അതൊരു ന്യൂനതയല്ല. കാരണം കാഫിറുകളായിരുന്ന പലരും ഇസ്‌ലാം ആശ്ലേഷിക്കുകയും ഇമാം അശ്അരി(റ)നെക്കാൾ ശ്രേഷ്ഠസ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ടല്ലോ എന്നാണ് ഇമാം ഖാളിഇയാള്(റ) വിശദീകരിക്കുന്നത്.

ഇമാം അശ്അരി(റ) മുഅ്തസിലി ആയിരുന്നു എന്ന് പറയപ്പെടുന്ന നാൽപത് വയസ്സ് വരെയുള്ള കാലയളവിൽ ജുബ്ബാഇയുടെ പിഴച്ച ആശയങ്ങൾ പലപ്പോഴും ചോദ്യം ചെയ്യുകയും ഉത്തരം മുട്ടിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ജുബ്ബാഇയുടെ ആദർശങ്ങളും മറുപക്ഷമായ അഹ്‌ലുസ്സുന്നയുടെ ആദർശങ്ങളും  വസ്തുനിഷ്ഠമായി പഠിക്കുന്ന ഒരു സത്യാന്വേഷിയോ അല്ലെങ്കിൽ അഹ്‌ലുസ്സുന്നയുടെ ആദർശങ്ങൾ തുറന്നടിക്കാൻ അവസരം കാത്തിരിക്കുന്ന ആളോ ആയിരുന്നു ഇമാം അശ്അരി(റ) എന്നതാണ് വസ്തുത. അതായത് മൂസാനബി(അ) ഫിർഔനിന്റെ കൊട്ടാരത്തിൽ അയാളുടെ സംരക്ഷണത്തിൽ വളർന്നതിന് തുല്യമായിരുന്നു ഇമാം അശ്അരി(റ)ന്റെ ആദ്യകാല 40 വർഷം. ഇമാം അശ്അരി(റ)ന്റെ അഹ്‌ലുസ്സുന്ന രംഗപ്രവേശം  നൈമിഷിക സൃഷ്ടിയോ ഒരു സ്വപ്നദർശനത്തിന്റെ മാത്രം ഫലമോ ആയിരുന്നില്ല എന്ന് സാരം.

ഒരിക്കൽ ജുബ്ബാഇ ഇമാം അശ്അരി(റ)വിനോട് അനുസരണം എന്നതിന്റെ വിവക്ഷ ചോദിച്ചു. കൽപനയോട് യോജിക്കുക എന്ന് അശ്അരി(റ) വിശദീകരിച്ചു. ശേഷം ജുബ്ബാഇയുടെ അഭിപ്രായം ഇമാം അശ്അരി(റ) ചോദിച്ചു.  ഉദ്ദേശ്യത്തോട്  യോജിച്ച് പ്രവർത്തിക്കുക എന്നതാണ് അനുസരണത്തിന്റെ വിവക്ഷ. അതിനാൽ മറ്റൊരാളുടെ ഉദ്ദേശ്യത്തോട് യോജിച്ച്  പ്രവർത്തിക്കുന്നവനായാൽ അവനെ അനുസരിക്കുന്നവനാണ് എന്ന് അയാൾ വിശദീകരിച്ചപ്പോൾ ഇമാം അശ്അരി(റ) പറഞ്ഞു: അതനുസരിച്ച് അടിമയുടെ ഉദ്ദേശ്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന അല്ലാഹു അടിമയെ അനുസരിച്ചവനാകുമല്ലോ. ജുബ്ബാഇ: അതേ, അല്ലാഹു അടിമയെ അനുസരിക്കുന്നവനാണ്. ഇമാം അശ്അരി(റ): മുസ്‌ലിം ഉമ്മത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തിന് വിരുദ്ധമാണ് താങ്കൾ പറഞ്ഞത്. സർവ ലോകരക്ഷിതാവിനെ കൊണ്ട് താങ്കൾ കാഫിറാകുകയും ചെയ്തിരിക്കുന്നു. അല്ലാഹു അടിമയെ അനുസരിക്കൽ സാധ്യമാണെങ്കിൽ അല്ലാഹു അടിമയോട് വിനയം കാണിക്കുന്നവനും ആകും. അല്ലാഹു അതിനെ തൊട്ട് പരിശുദ്ധനാണ്.’

അല്ലാഹുവിന്റെ നാമങ്ങൾ താരതമ്യത്വം(ഖിയാസ്) അനുസരിച്ച് കണ്ടെത്താവുന്നതാണെന്നും അല്ലാഹു തആല ചെയ്യുന്ന ഏതൊരു പ്രവർത്തനത്തിന്റെയും മൂലധാതുവിന്റെ കർതൃനാമം അവനെ കുറിച്ച് പറയാമെന്നും മറ്റൊരിക്കൽ ജുബ്ബാഇ വാദിച്ചു. എങ്കിൽ സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്നവൻ എന്നർത്ഥമുളള മുഹ്ബിലുന്നിസാഅ് എന്ന പേര് അല്ലാഹുവിനെക്കുറിച്ച് പറയാൻ പറ്റുമോ എന്ന് ഇമാം അശ്അരി(റ) അദ്ദേത്തോട് ചോദിച്ചു. അതേ എന്നായിരുന്നു മറുപടി. യേശുവിന്റെ പിതാവാണ് ദൈവമെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികൾ പോലും ദൈവത്തെ കുറിച്ച് മർയമിനെ ഗർഭം ധരിപ്പിച്ചവൻ എന്ന് പറയാൻ പാടില്ലെന്ന വിശ്വാസക്കാരാണ്. അതിനേക്കാൾ കടുത്ത അപരാധമാണ് അല്ലാഹുവിനെ കുറിച്ച് താങ്കൾ പറയുന്ന ഈ വിശ്വാസമെന്ന് ഇമാം അശ്അരി(റ) അദ്ദേഹത്തോട് പറഞ്ഞു.

മറ്റൊരിക്കൽ ഇമാം അശ്അരി(റ) ജുബ്ബാഇയോട് ചോദിച്ചു: മൂന്ന് ആളുകൾ മരണപ്പെട്ടു. അവരിൽ ഒരാൾ ശരിയായ മുഅ്മിനും  അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച ആളുമായിരുന്നു. രണ്ടാമൻ അവിശ്വാസിയും, ദുർമാർഗിയും പരാജിതനുമായിരുന്നു. മൂന്നാമത്തേത് ഒരു കുട്ടിയാണ്. മരണാനന്തരം ഇവരുടെ അവസ്ഥ എന്താകുമെന്നാണ് താങ്കളുടെ അഭിപ്രായം. ജുബ്ബാഇ പറഞ്ഞു: ഒന്നാമന് സ്വർഗം പ്രതിഫലമായി ലഭിക്കും. രണ്ടാമൻ നരകത്തിൽ ശിക്ഷിക്കപ്പെടും. മൂന്നാമനായ കുട്ടിക്ക് പ്രതിഫലവുമില്ല, ശിക്ഷയുമില്ല.

ഇമാം അശ്അരി(റ) ചോദിച്ചു: എങ്കിൽ എന്നെ നീ എന്തിന് ബാല്യത്തിൽ തന്നെ മരിപ്പിച്ചു. ഞാൻ പ്രായപൂർത്തിയായി വിശ്വാസിയും മതഭക്തനും ആകുന്നത് വരെ എനിക്ക് നീ ദീർഘായുസ്സ് തന്നിരുന്നെങ്കിൽ ഞാനും സ്വർഗത്തിൽ കടക്കുമായിരുന്നില്ലേ എന്ന് ആ കുട്ടി അല്ലാഹുവിനോട് ചോദിച്ചാൽ അല്ലാഹു എന്ത് മറുപടി പറയും. ജുബ്ബാഇ പറഞ്ഞു: പ്രായപൂർത്തി ആയാൽ നീ തിൻമകൾ ചെയ്യുമെന്നും അക്കാരണത്താൽ നീ നരകത്തിൽ പ്രവേശിക്കുമെന്നും എനിക്കറിയാം. അതിനാലാണ് ഞാൻ നിന്നെ പ്രായപൂർത്തിയാകും മുമ്പ് മരിപ്പിച്ചത്.

ഇമാം അശ്അരി(റ)വീണ്ടും ചോദിച്ചു: എങ്കിൽ, നീ എന്നെ എന്ത് കൊണ്ട് പ്രായപൂർത്തിയാകുംമുമ്പ് മരിപ്പിച്ചില്ല. അങ്ങനെ മരിപ്പിച്ചിരുന്നെങ്കിൽ തിൻമയുടെ പേരിൽ ഞാൻ നരകത്തിൽ ശിക്ഷിക്കപ്പെടുമായിരുന്നില്ലല്ലോ എന്ന് രണ്ടാമൻ അല്ലാഹുവിനോട് ചോദിച്ചാൽ അല്ലാഹു എന്ത് മറുപടി പറയും.’ ഇമാം അശ്അരി(റ)വിന്റെ ഈ ചോദ്യത്തിന് മുന്നിൽ ജുബ്ബാഇ ഉത്തരംമുട്ടി.

ഈ സംഭവത്തോടെ ഇമാം അശ്അരി(റ) അഹ്‌ലുസ്സുന്നയുടെ പാതയിൽ പരസ്യമായി രംഗപ്രവേശനം ചെയ്തു. മുഅ്തസിലി വിശ്വാസങ്ങളെ പൂർണമായി അപഗ്രഥിച്ച് പ്രാവീണ്യം നേടിയപ്പോൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാൽ അവ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഹാഫിള് ദഹബി ഇമാം അശ്അരി(റ)വിന്റെ അഹ്‌ലുസ്സുന്ന രംഗപ്രവേശത്തെ വിശേഷിപ്പിച്ചത്. ആധുനിക കാലത്തെ ബിദ്അത്തുകാരെല്ലാം ഇതുവരെ വിശദീകരിച്ച പിഴച്ച സംഘങ്ങളുടെ പല ദർശനങ്ങളും വെച്ചുപുലർത്തുന്നവരാണ്.


ഇമാം അശ്.അരി(റ)യും ഇബ്നു ഖുദാമ(റ)യും 

സയ്യിദ് മുഹമ്മദ്‌ അലവി മാലികി(റ) തന്റെ 'മഫാഹീമി'ൽ 'മരിക്കുന്ന സത്യങ്ങൾ' എന്ന അധ്യായത്തിൽ എഴുതുന്നു:
"അല്ലാഹുവിന്റെ കലാമിനെ കുറിച്ചുള്ള ചര്ച്ച മറ്റൊരുദാഹരണമാണ്. അല്ലാഹുവിന്റെ കലാം നഫ്സിയാണെന്ന് (അക്ഷരവും ശബ്ദവുമില്ലാത്തത്) ഒരു വിഭാഗവും അക്ഷരവും ശബ്ദവുമുള്ളതാണെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ഈ രണ്ടു വിഭാഗവും ശിർക്കിന്റെ എല്ലാ ഇനങ്ങളിൽ നിന്നും അല്ലാഹുവിനെ പരിശുദ്ധനാക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥ പരിശുദ്ധിയാണ് രണ്ടു വിഭാഗവും ആഗ്രഹിക്കുന്നത്. കലാമിന്റെ കാര്യം നിഷേധിക്കാൻ പറ്റാത്ത വിധം സ്ഥിരീകരിക്കപ്പെട്ട സത്യമാണ്. മറ്റൊരു നിലക്ക് ചിന്തിക്കുമ്പോൾ ഖുർആനിൽ പറഞ്ഞ ഒരു ദൈവിക സിഫത്താണത് (ഗുണം). അത് സ്ഥിരീകരിക്കപ്പെട്ടതാണ്. അല്ലാഹുവല്ലാതെ മറ്റാർക്കും അതിന്റെ യാഥാർത്ഥ്യം അറിയുകയുമില്ല.

അല്ലാഹുവിനു കലാമുണ്ട്. ഖുർആൻ അവന്റെ കലാമാണ്. അല്ലാഹു മുതകല്ലിം (സംസാരശേഷിയുള്ളവൻ) ആണ് എന്ന് അംഗീകരിക്കുകയും വിശ്വസിക്കുകയുമാണ് നാം ചെയ്യേണ്ടത്. അത് അക്ഷരവും ശബ്ദവുമുള്ളതാണോ അല്ലാത്തതാണോ എന്ന് ഗവേഷണം നടത്തേണ്ടതില്ല. അതൊക്കെ അനാവശ്യമാണ്. തൗഹീദ് പഠിപ്പിക്കാൻ നിയുക്തനായ നബി(സ) അതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് നബി(സ) ചെയ്തതിനെ നാം മറി കടക്കുന്നത്. നബി അനുവര്ത്തിച്ചതിനേക്കാൾ നാം എന്തിനു വർധിപ്പിക്കുന്നു? യഥാർത്ഥത്തിൽ ഈ വിധ ചർച്ചകളല്ലേ ഏറ്റവും മോശമായ ബിദ്അത്ത്?

ജനങ്ങളെല്ലാം അല്ലാഹുവിന്റെ സന്നിധിയിൽ ഒന്നിച്ചു ചേരുന്ന ദിവസം നബി(സ) അത് വിവരിച്ചു തരും. ഇവ്വിഷയകമായും മറ്റുമുള്ള നമ്മുടെ വിവരണവും നിലപാടും അതിന്റെ യാഥാർത്ഥ്യം അംഗീകരിക്കുന്നതും രൂപഭാവങ്ങളെയും സ്വഭാവങ്ങളെയും കുറിച്ചുള്ള ചർച്ചകളിൽ നിന്ന് മുക്തവുമായിരിക്കണം."

ശൈഖ് മാലികിയുടെ ഉദ്ധരണി കഴിഞ്ഞു. ഇനി മറ്റൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്.

"തങ്ങളുടെ വാക്കുകളെ മറച്ചു വെക്കുകയും അത് വെളിപ്പെടുത്താൻ അധൈര്യപ്പെടുകയും ചെയ്യുന്നവരിൽ മതനിഷേധികളെയും അശ്.അരികളെയുമല്ലാതെ ബിദഈ കക്ഷികളിൽ നിന്ന് വേറെ ആരെയും നാം അറിയുന്നില്ല."

ഇപ്പോൾ നെറ്റിൽ വ്യാപകമായി സലഫികൾ പ്രചരിപ്പിക്കുന്ന ഒരു മുറി ഇബാറത്താണ് ഇത്. ഹമ്പലീ മദ്.ഹബുകാരൻ ആയ ഇമാം ഇബ്നു ഖുദാമ(റ)വിന്റെ "അൽ മുനാളറത്തു ഫിൽ ഖുർആൻ" (ഖുർആന്റെ വിഷയത്തിൽ നടന്ന സംവാദം) എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഒരു ഉദ്ധരണി ആയിട്ടാണ് ഇത് കൊടുക്കുന്നത്.

ഈ ഉദ്ധരണിയിൽ തന്നെ വസ്തുതാപരമായ ഒരു പിഴവ് ഉണ്ട്. "അശ്അരിയ്യത്ത്" പിഴച്ച മുബ്തദിഉകൾ ആണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ നിരീശ്വര-നിർമ്മത വാദികളായ സിന്ദീഖുകൾ ഏത് നിലക്കാണ് മുബതദിഉകൾ ആയി പരിചയപ്പെടുത്തപ്പെടുന്നത്? അവർ മതത്തിൽ നിന്ന് പുറത്തല്ലേ? അവരെ ബിദഇകൾ എന്നു വിളിക്കാമോ? അതോ അവരെ പോലെ അശ്.അരികളും മതത്തിൽ നിന്ന് പുറത്താണെന്നാണോ? എങ്കിൽ അഹ്.ലുൽ ബിദഅ് എന്ന് വിളിക്കേണ്ട കാര്യമില്ലല്ലോ? ഉള്ള കാര്യം നേരെ അങ്ങു പറഞ്ഞാൽ മതിയായിരുന്നല്ലോ? ഇബാറത്തിൽ പറഞ്ഞത് പോലെ സ്വന്തം വാദങ്ങൾ വെളിപ്പെടുത്തുന്നതിനു എന്തിനു അധൈര്യപ്പെടണം? ഇങ്ങനെ പല ചോദ്യങ്ങളും ഇത് സംബന്ധമായി ഉണ്ട്. ഇരിക്കട്ടെ ...

ഇമാം ഇബ്നു ഖുദാമ(റ)യുടെ കിതാബുകളുടെ ലിസ്റ്റിൽ ഇങ്ങനെ ഒരു ഗ്രന്ഥം കാണപ്പെടുന്നില്ല. ഇമാം ഇബ്നു റജബ്(റ) എഴുതിയ ഇമാം ഇബ്നു ഖുദാമയുടെ തർജുമയിൽ പറയുന്ന കിതാബുകളുടെ കൂട്ടത്തിൽ ഈ പേര് ഇല്ല.

ഇനി ഇബ്നുഖുദാമ(റ)യുടെ തന്നെ കിതാബുകളുടെ ലിസ്റ്റിൽ വന്ന അറിയപ്പെട്ട ഒരു കിതാബാണ് "ലംഅത്തുൽ ഇഅതിഖാദ്" എന്ന ഗ്രന്ഥം. (വിശ്വാസത്തിന്റെ തിളക്കം) അതിലെ ഒരു ഉദ്ധരണി നോക്കുക:

"ഇസ്.ലാമും സുന്നത്തും ഇല്ലാത്ത എല്ലാ വ്യതിരിക്ത കക്ഷികളും മുബ്തദിഉകൾ തന്നെയാണ്. റാഫിളത്ത്, ജഹ്.മിയ്യത്ത്, ഖവാരിജ്, ഖദരിയ്യത്ത്, മുർജിഅത്ത്, മുഅതസിലത്ത, കർറാമിയ്യത്ത്, കല്ലാബിയ്യത്ത്, തതുല്യകക്ഷികളും ഉദാഹരണം. ഇവയെല്ലാം പിഴച്ച കക്ഷികളും ബിദഈ സംഘങ്ങളും ആണ്. അല്ലാഹു അവരുടെ ശറിൽ നിന്നും നമ്മെ കാക്കട്ടെ.."

അപ്പോൾ എവിടെ പോയി നേരത്തെ പറഞ്ഞ അശ്അരിയ്യത്ത്? നിലവിലുള്ള എല്ലാ കക്ഷികളെയും പേരെടുത്ത് എണ്ണിയ ഇമാം എന്ത് കൊണ്ട് ഇവിടെ ഈ ഇബാറത്തിൽ, ബിദഈ കക്ഷികളെ നേർക്ക് നേരെ എണ്ണുന്ന ഈ ഇബാറത്തിൽ, അശ്അരിയ്യത്തിനെ വിട്ടു പോയി???
ഇബ്നു തീമിയ്യക്കും മുമ്പ് ഹമ്പലികളും അശ്.അരീ മദ്.ഹബുകാരും തമ്മിൽ ചില അഭിപ്രായവിത്യാസങ്ങളും തർക്കങ്ങളും രൂക്ഷമായ പദപ്രയോഗങ്ങളും സംഭവിച്ചിട്ടുണ്ട്. ഹമ്പലീ മദ്ഹബുകാരനായ ഇമാം ഇബ്നു ഖുദാമ(റ)യും അതിന്റെ ഭാഗമായിട്ടുണ്ടായിരിക്കാം. നാം നിഷേധിക്കുന്നില്ല.

അതു കൊണ്ടാണല്ലോ ഇമാം സുബ്കി(റ) തന്റെ ത്വബഖാത്തിൽ അശ്.അരീ സരണി പരിചയപ്പെടുത്തുമ്പോൾ ഹനഫി, ഷാഫി, മാലികി മദ്ഹബുകാർ മുഴുവനും ഹമ്പലീ മദ്.ഹബിലെ പ്രമുഖരും ഈ സരണിയുടെ ഭാഗമാണ് എന്നു പ്രത്യേകം എഴുതിയത്. അഥവാ ഹമ്പലീ മദ്.ഹബുകാർ മുഴുവനും അശ്.അരികളോ മാതുരീദികളോ അല്ല എന്നർഥം. ഇബ്നുഖുദാമയെയും ഇബ്നു തീമിയ്യയെയും മനസ്സിൽ കണ്ടിട്ടാവാം മഹാനവർകൾ അങ്ങനെ എഴുതിയത്.

'തഹ്.രീമുന്നള്ർ' എന്ന കിതാബിൽ ഇബ്നു ഖുദാമ(റ) മറ്റൊരു പണ്ഡിതന്റെ ഉദ്ധരണി കൊടുക്കുന്നത് ഇങ്ങനെയാണ്.

“മാലികീ പണ്ഡിതനായ അഹ്.മദു ബിൻ ഇസ്.ഹാഖ് എന്നവർ പറഞ്ഞു: "ഹവയുടെയും (ദേഹേച്ചക്കനുസരിച്ച് അഭിപ്രായം പറയുന്നവർ) ബിദ്.അത്തിന്റെയും ആളുകൾ നമ്മുടെ അടുക്കൽ ഇല്മുൽ കലാമിന്റെ (പ്രമാണങ്ങളെ യുക്തിയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നവർ) ആളുകൾ ആണ്. അവർ അശ്.അരികൾ ആകട്ടെ അല്ലാത്തവർ ആകട്ടെ അവരിൽ നിന്നും സാക്ഷിത്വം സ്വീകരിക്കപ്പെടുകയില്ല. അവരുടെ ബിദ്അത്തിന്റെ പേരിൽ അവർ ശിക്ഷിക്കപ്പെടുകയും നാടു കടത്തപ്പെടുകയും വേണം. അവർ അതിൽ തന്നെ തുടരുകയാണെങ്കിൽ അവരിൽ നിന്നും തൗബ തേടണം."

ഇനി ആദ്യം പറഞ്ഞ "അൽമുനാളറത്തു ഫിൽ ഖുർആൻ" എന്ന കിതാബിന്റെ ചരിത്രം. ഇബ്നുഖുദാമ(റ)യുടെ കിതാബുകൾ പറയപ്പെട്ട കൂട്ടത്തിൽ ഇങ്ങനെ ഒരു പേരു വന്നിട്ടില്ല എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഈ കിതാബിൽ ഇതിന്റെ ചരിത്രം പറയുന്നുണ്ട്. ദമസ്കസിലെ ഒരു ലൈബ്രറിയിൽ നിന്നാണ് ഇതിന്റെ കയ്യെഴുത്ത് പ്രതി കണ്ടെടുക്കുന്നത്. ഇത് ഇബ്നു ഖുദാമ(റ)വിന്റേതാണ്ന്ന് വേറെ ഒരു പണ്ഡിതൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം വിശ്വസതനാണെന്നതിനു ധാരാളം ഉദ്ധരണികളും ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഉള്ള പ്രതി കുവൈത്തിലെ ഒരു ലൈബ്രറിയിൽ നിന്നും എടുത്ത് തഹ്ഖീഖ് (ശരിപ്പെടുത്തി എന്നു മലയാളം ) ചെയ്തു പ്രസിദ്ധീകരിച്ചത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു കുവൈത്തീ സലഫി പണ്ഡിതൻ ആണ്. ആ കിതാബാണ് ഇപ്പോൾ ലഭ്യമാവുന്നത്. വേറെയും ഒരു തഹ്ഖീഖ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ ഈ വരികൾ ഇബ്നു ഖുദാമ(റ)വിന്റേത് തന്നെയാവാം. അല്ലായിരിക്കാം. രണ്ടു സാധ്യതകളും നിലനിൽക്കുന്നു.

എന്നാൽ ഈ കിതാബിൽ ഇബ്നു ഖുദാമ(റ) അശ്അരിയ്യത്തിനെ മാത്രമല്ല ഇമാം അശ്.അരി(റ)നെ തന്നെ പേരെടുത്ത് വിമർശിക്കുന്നുണ്ട്. ഇവിടെ വഹാബികളുടെ ഒരു കെട്ടു കഥയാണ് പൊളിയുന്നത്. അഥവാ മുഅതസലീ ആശയക്കാരൻ ആയിരുന്ന ഇമാം അശ്.അരി(റ) തൗബ ചെയ്തു സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങി എന്നത് ഒരു യാഥാർത്ഥ്യമാണ്. തുടർന്നാണ് അശ്അരീ സരണി വ്യാപകമായത്. ഈ തൗബയെ വഹാബികൾ ചിത്രീകരിക്കുന്നത് ഇമാം അശ്അരി(റ) അശ്.അരിയ്യത്തിൽ നിന്നും തൗബ ചെയ്തു (അവരുടെ കണ്ണിൽ മുഅതസിലത്തും അശ്.അരിയ്യത്തും ഒരെ പോലെ തന്നെയാണ്) സലഫിസം എന്ന് അവർ വിളിക്കുന്ന സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങി എന്നാണ്. അപ്പോൾ ഇമാം അശ്.അരി(റ) ഇപ്പോൾ അവരുടെ ആളാണ്. എന്നാൽ ആ തൗബക്കഥയാണ് ഇമാം ഇബ്നു ഖുദാമ(റ)വിന്റെ പേരിലുള്ള ഈ കിതാബിൽ പൊളിയുന്നത്. കാരണം ഇമാം അശ്.അരി(റ) മരണമടഞ്ഞു രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ജനിച്ച ഇബ്നു ഖുദാമ(റ) ഇമാം അശ്.അരി(റ)യെ അശ്.അരിയ്യത്തിന്റെ പേരിൽ രൂക്ഷമായി വിമർശിക്കുന്ന ഇബാറത്തുകൾ ഈ "അൽ മുനാളറ"യിൽ എമ്പാടും ഉണ്ട്. അതിന്റെ അർഥം അങ്ങനെ ഒരു തൗബ ഇമാം അശ്.അരി(റ)യുടെ പേരിൽ പിന്നീട് വന്നവർ കെട്ടിവെച്ചതാണ് എന്നു തന്നെയാണ്. ആ തൗബ ഇബ്നു ഖുദാമ(റ) അറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഈ വിമർശനം അദ്ദേഹം നടത്തുമായിരുന്നോ? ഇമാം അശ്.അരി(റ) വഫാത്തായി രണ്ട് തലമുറ കഴിഞ്ഞു മൂന്നാം തലമുറയിൽ വന്ന ഇബ്നു ഖുദാമ(റ)ക്ക് ഇമാം അശ്.അരി(റ) ഇവർ കൊട്ടിഘോഷിക്കുന്ന യഥാർത്ഥ സലഫീ ആശയത്തിലേക്ക് വന്നു എന്നു അറിയാൻ കഴിഞ്ഞില്ല എന്നു വാദിക്കുന്നത് അസംബന്ധമാണ്.

അപ്പോൾ സലഫികൾക്ക് മുമ്പിൽ ഒരു വഴിയേ ഉള്ളൂ. അവർ ഇബ്നു ഖുദാമ(റ)യുടെ ഈ കിതാബ് അംഗീകരിക്കുന്നുവെങ്കിൽ ഇമാം അശ്.അരി(റ)യെ തള്ളണം. ഇമാം അശ്.അരി(റ)യെ സ്വന്തം ആളാക്കി, അദ്ദേഹം തൗബ ചെയ്തു മടങ്ങി, അനുയായികൾ ആണ് അതിൽ ഉറച്ചു നിൽക്കുന്ന അശ്.അരിയ്യത്ത്, അവർ പിഴച്ചവരാണ് എന്ന വൃത്തി കെട്ട വാദവുമായി ഇനി അവർ വിവരമുള്ളവരുടെ അടുത്തേക്ക് വരരുത്. അല്ലെങ്കിൽ ഈ കിതാബ് തള്ളണം. രണ്ടും കൂടി നടക്കില്ല.

അൽ മുനാളറയിൽ ഇമാം അശ്.അരി(റ)ക്കെതിരെ ഇമാം ഇബ്നു ഖുദാമ(റ)യുടേതെന്ന് പറയപ്പെടുന്ന ഒരു ഉദ്ധരണി ഉദാഹരണത്തിനു കൊടുക്കുന്നു. ധാരാളം ഉദ്ധരണികൾ വേറെയുമുണ്ട്.

അശ്അരീ പണ്ഡിതനായ ഇമാം അബൂശാമ അൽമുഖദ്ദസി(റ) തന്റെ ഗുരുവര്യനായ ഇമാം ഇബ്നുഖുദാമ(റ)യെ കുറിച്ച് രേഖപ്പെടുത്തുന്നു:

"അദ്ദേഹം മുസ്.ലിംകളുടെ ഇമാമുമാരിൽ ഒരു ഇമാം ആകുന്നു. ഇല്മിലും അമലിലും ദീനിന്റെ അവലംബങ്ങളിൽ പെട്ട ഒരു അവലംബം ആകുന്നു. ഫിഖ്ഹിലും മറ്റു വിഷയങ്ങളിലും ധാരാളം നല്ല നല്ല കൃതികൾ അദ്ദേഹം രചിച്ചു. പക്ഷെ, സ്വിഫാത്തിന്റെയും കലാമിന്റെയും മസ്.അലകളിലുള്ള വിശ്വാസശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ തന്റെ മദ്ഹബുകാരുടെ അറിയപ്പെട്ട വഴിക്ക് എതിരായിരുന്നു. എന്തു ചെയ്യാം! വൈജ്ഞാനികരംഗത്ത് ഉള്ള ഔന്നത്യത്തോടും ഹദീസുകളുടെയും അസറുകളുടെയും അർഥതലങ്ങൾ മനസ്സിലാക്കാനുള്ള പ്രത്യേകജ്ഞാനത്തോടും കൂടെ ഈ വിഷയത്തിൽ അല്ലാഹു സുബ്ഹാനഹു വതആലാ അദ്ദേഹത്തിനു കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തില്ല എന്നു പറയാം. മുസ്നദു ശ്ശാഫിഈ ഞാൻ അദ്ദേഹത്തിൽ നിന്നാണ് ശ്രവിച്ചത്." (ആറ്, ഏഴ് നൂറ്റാണ്ടുകളിലെ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന അബൂശാമ(റ)യുടെ കൃതിയിൽ നിന്ന്)

ഇമാം അശ്അരി(റ)യെ സംബന്ധിച്ച ഇമാം ഇബ്നു ഖുദാമ(റ)യുടെ നിലപാടിന്റെ പേരിൽ ഒരു നിലക്കും നമുക്ക് ഇബ്നു ഖുദാമ(റ)യോട് അനാദരവ് ഉണ്ടാകാൻ പാടില്ല. അദ്ദേഹം അഹ്.ലുസ്സുന്നയുടെ ഒരു മഹാനായ നേതാവ് തന്നെയാണ്. ലോക പ്രശസ്തമായ തന്റെ മുഗ്നി എന്ന കര്മ്മ ശാസ്ത്ര ഗ്രന്ഥത്തിൽ ഇസ്തിഘാസ സ്ഥാപിച്ച് എഴുതിയ ഇമാമാണ്. ഇമാം അബൂ ശാമ(റ) പറഞ്ഞത് പോലെ ഫിഖ്ഹിലും മറ്റും അദ്ദേഹം നമുക്ക് അവലംബം തന്നെയാണ്. അതെ സമയം അഖീദയിലെ ചില വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകളോട് നമ്മുടെ ഇമാമുമാർ വിയോജിച്ചത് പോലെ നാമും ആദരവോടെ വിയോജിക്കുന്നു. ഇതിന്റെ അർത്ഥം നാം ഇമാമിനെ തള്ളി എന്നല്ല. ഇമാമുമാർക്കിടയിൽ അഭിപ്രായ വിത്യാസങ്ങൾ സ്വാഭാവികമാണ്. ചില അഭിപ്രായ വിത്യാസങ്ങൾ ഒരു പക്ഷെ, രൂക്ഷമായിരിക്കും. നാം എല്ലാ ഇമാമുമാരെയും ബഹുമാനിക്കുന്നു. ആദരിക്കുന്നു. അവരിൽ ഒരാൾക്ക് ചില വിഷയങ്ങളിൽ അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ മറ്റു ഇമാമുമാർ അത് തിരുത്തിയിട്ടുമുണ്ടാകും. അതാണ്‌ അഹ്.ലുസ്സുന്നയുടെ കറാമത്ത്. സമകാലിക പണ്ടിതരോടും നമ്മുടെ സമീപനം ഇത് തന്നെ ആയിരിക്കണം. എല്ലാവരെയും ഒരു പോലെ ബഹുമാനിക്കുക - ചേരി നോക്കാതെ ...

അന്ന് ജമൽ യുദ്ധത്തിൽ തന്റെ എതിര് ചേരിയിൽ നിന്ന ത്വൽഹത്ത് ബ്നു ഉബൈദില്ലാഹ്(റ) അമ്പേറ്റ് വീണു വഫാത്താകുമ്പോൾ അലി(റ) തന്റെ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി, ത്വൽഹത്ത്(റ)വിന്റെ ശരീരം തന്റെ മടിയിൽ ഇരുത്തി അവിടുത്തെ മനോഹരമായ മുഖത്തും താടിയിലും (വളരെ സുന്ദരനായിരുന്നു ത്വൽഹത്ത്(റ)) പറ്റിപ്പിടിച്ച മണ്ണ് സ്വന്തം കൈ കൊണ്ട് തുടച്ച് കളഞ്ഞു കൊണ്ട് വിലപിച്ചില്ലേ ... ഹോ, ഞാൻ ഒരു ഇരുപത് കൊല്ലം മുമ്പ് വഫാതായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന്.

കൃതികൾ

മുന്നൂറോളം കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും വളരെ കുറഞ്ഞ കൃതികൾ മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ. മഹാനവറുകളുടെ കൃതികൾ അധികവും മുഖ്തസലി ഖണ്ഡനമാണ്. അൽ ഉംദ ഫി റുഅ്യ്യ, അൽ ഇബാന ഫീ ഉസൂലുദ്ദീൻ അലാജുബ്ബായി, അൽ മൂജസ് എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.

ഇല്മുൽ കലാമിൽ ധാരാളം ഗ്രന്ഥങ്ങള് ഇമാം അശ്അരി(റ) രചിച്ചിട്ടുണ്ട് . ഇബ്നു ഫൂറക് രേഖപ്പെടുത്തുന്നതു പ്രകാരം മുന്നൂറോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്. പ്രധാനഗ്രന്ഥങ്ങളുടെ മാത്രം പേര് ചുവടെ ചേർക്കുന്നു 

1. കിതാബുൽ ഇബാന അൻ ഉസ്വൂലിദ്ദീനിയ്യ.
2. രിസാല ഫീ ഇസ്തിഹ്സാനില് ഖൗളി ഫില് കലാം.
3. കിതാബുല് ലുമഅ്.
4. കിതാബുല് മൂജിസ്.
5. കിതാബുശ്ശര്ഹി വത്തഫ്സീര്. 

ശിഷ്യന്മാർ 

പ്രഗത്ഭരായ ധാരാളം ശിഷ്യ ഗണങ്ങളെ  സംഭാവന ചെയ്യാൻ ഇമാം അശ്അരി(റ)ക്കു കഴിഞ്ഞു. അശ്അരീ ചിന്താധാരയെ പിൽക്കാലത്ത് കൂടുതൽ സമഗ്രമാക്കുന്നതിൽ  അദ്ദേഹത്തിന്റെ ശിഷ്യന്മാർ അനല്പമായ പങ്കാണ് വഹിച്ചത്. പ്രമുഖ ശിഷ്യന്മാരുടെ പേര് താഴെ ചേർക്കുന്നു:

1. അബൂ സഹ്ല് സുലൂഖി(റ).
2. അബൂ സൈദ് മാവൂസി(റ).
3. ഹാഫിള് അബൂബക്ര് ജുര്ജാനി(റ).
4. അബൂ മുഹമ്മദ് ത്വബരി(റ).
5. അബുല് ഹസന് ബാഹിലി(റ).

വഫാത്ത്

ചിരത്രനിയോഗം ഭംഗിയായി നിര്‍വ്വഹിച്ച ത്യാഗിയായ ഇമാം അബുല്‍ഹസന്‍ അല്‍ അശ്അരി (റ) എ.ഡി 936 ഹിജ്‌റ 324 ല്‍ തന്റെ 65 ആം വയസില്‍ ബസ്വറയില്‍ അന്തരിച്ചു. ബാബുല്‍ ബസ്വറക്കും ഖര്‍ഖിനുമിടയിലുള്ള മശ്‌റഉസ്സഹായില എന്ന പ്രദേശത്ത് അന്ത്യവിശ്രമം കൊള്ളുന്നു. വിശ്വാസ വഴിയില്‍ വിളക്കുമാടമായി നിലകൊണ്ട ആ വിശ്വപണ്ഡിതനെ വിശ്വാസി സമൂഹം കൃതജ്ഞതയോടെ ഓര്‍ക്കുന്നു.

No comments:

Post a Comment