Saturday 27 July 2019

ഉമ്മുകുൽസൂം (റ)






തിരുപ്പിറവി

അറേബ്യയിൽ അക്രമങ്ങളും അനാചാരങ്ങളും അരങ്ങേറുന്ന കാലം കള്ളുകുടിയും ചൂതാട്ടവും വ്യാപകമാണ് അന്ധവിശ്വാസങ്ങളും ബിംബാരാധനയും പതിവായി നടക്കുന്നു.

ഒരു വിഭാഗം ജനങ്ങൾ നാടിന്റെ പൈശാചികാവസ്ഥയിൽ അസംതൃപ്തരാണ്. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന യുദ്ധങ്ങൾ അവർക്ക് മടുത്തു. പിറന്നു വീഴുന്ന പെൺകുരുന്നുകളെ ജീവനോടെ കുഴിച്ചു മൂടുന്നത് കണ്ട് അവരുടെ ഹൃദയങ്ങൾ പിടഞ്ഞുകൊണ്ടിരുന്നു.

അറേബ്യയെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ വിശ്വപ്രവാചകൻ മുഹമ്മദ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ ഭൂജാതരായി. മാമലകളും മേടുകളും പൂക്കളും ലതകളും സന്തോഷത്തിലാറാടി. ഭൂമിയുടെ ഉദരത്തിൽ വിഹരിക്കുന്ന സകലമാന ചരാചരങ്ങളും ആ പൊൻതാരകത്തിന്റെ ഉദയത്തിൽ നിർവൃതിയടഞ്ഞു.

ആനന്ദതുന്ദിലരായി അവരുടെ വദനങ്ങളിൽ ആവേശത്തിന്റെയും അഭിമാനത്തിന്റെയും ഒരായിരം ഇലഞ്ഞിപ്പൂക്കൾ വിരിഞ്ഞു.
പ്രവാചകപുംഗവരുടെ ജനനവേളയിൽ അൽഭുതങ്ങൾ അനവധി സംഭവിച്ചു. ഭൂമിയിൽ കുളിർമഴ പെയ്തു. വസന്തം വരവായിയെന്നറിഞ്ഞ ഭൂമി മന്ദഹസിച്ചു. കടലും കരയും ആനന്ദനൃത്തം ചവിട്ടി. പക്ഷികളും മൃഗങ്ങളും സ്തോത്രങ്ങൾ പാടി സന്തോഷം പ്രകടിപ്പിച്ചു.

വിശ്വപ്രവാചകൻ മുഹമ്മദ് നബി (സ) വളർന്ന് വലുതായി അൽ അമീനെന്നാണെല്ലാവരും സംബോധന ചെയ്തിരുന്നത്. ജനങ്ങളെല്ലാം അൽ അമീനെ സ്നേഹിച്ചു. എല്ലാവർക്കും വിശ്വസിക്കാനും അംഗീകരിക്കാനും മതിയായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടാണ് പ്രവാചകൻ (സ) വളർന്നത്.

ഇരുപത്തഞ്ചാം വയസിൽ അറേബ്യയിലെ പ്രമുഖ കുടുംബത്തിലെ സമ്പന്നയും പക്വമതിയുമായ ഖദീജതുൽ കുബ്റാ (റ) യെ വിവാഹം കഴിച്ചു. വ്യാപാരമായിരുന്നു ബീവിയുടെ കുലതൊഴിൽ. വിവാഹസമയത്ത് മൂന്നു കുട്ടികളുടെ മാതാവും രണ്ട് ഭർത്താക്കന്മാരോടൊപ്പം ദാമ്പത്യം പങ്കിട്ട് വിധവയുമായിത്തീർന്നിരുന്നു ബീവി.

ഖദീജ ബീവി (റ) ക്കൊപ്പമുള്ള ദാമ്പത്യജീവിതത്തിനിടയിൽ 6 സന്താനങ്ങൾ പ്രവാചകർക്ക് (സ) പിറന്നു. രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളും.

ഖാസിം (റ), അബ്ദുല്ല (റ) എന്നിവരാണ് പുത്രൻ. നന്നേ ചെറുപ്രായത്തിൽ തന്നെ ഇവർ വിയോഗമടഞ്ഞു. ആദ്യം പിറന്നതും ആദ്യം പരലോകം പൂകിയതും ഖാസിമാകുന്നു.

സൈനബ (റ), റുഖിയ്യ (റ) ഫാത്വിമ (റ), ഉമ്മുകുൽസൂം (റ) എന്നിവരാണ് പ്രവാചകപുത്രിമാർ. രണ്ടാമത്തെ സന്താനവും ആദ്യ പുത്രിയുമായ സൈനബ (റ) യെ അബുൽ ആസ്വ് (റ) വിവാഹം ചെയ്തു. അലി, ഉമാമ എന്നീ രണ്ടുപേർ ഇതിൽ ജനിച്ചെങ്കിലും അവർക്ക് രണ്ടുപേർക്കും സന്താനങ്ങളുണ്ടായിട്ടില്ല.

റുഖിയ്യ (റ) യെ വിവാഹം ചെയ്തത് പ്രമുഖ സ്വഹാബി, ദുന്നൂറൈൻ ഉസ്മാനുബ്നു അഫ്ഫാൻ (റ) ആകുന്നു. അബ്ദുല്ലാഹിബ്നു ഉസ്മാൻ (റ) എന്നൊരു കുഞ്ഞ് എത്യോപ്യയിൽ വെച്ച് ഇവർക്കീ ദാമ്പത്യത്തിൽ ജനിച്ചെങ്കിലും ചെറുപ്പത്തിലേ മൃതിയടഞ്ഞു. കണ്ണിന് കോഴികൊത്തിയത് മൂലമാണ് അബ്ദുല്ലയുടെ മരണം.

ഫാത്വിമ (റ) യാണ് മറ്റൊരു പ്രവാചക പുത്രി. പ്രവാചക കുടുംബ പരമ്പര നിലനിൽക്കുന്ന ഏക നബിപുത്രിയാണ് ഇരുപത്തൊൻപതാം വയസിൽ വഫാതായ ഫാത്വിമ (റ) അലിയ്യുബ്നു അബീത്വാലിബാ (റ) ണ് ഭർത്താവ്.

ഹസൻ (റ), ഹുസൈൻ (റ), മുഹ്സിൻ (റ) എന്നീ പുത്രന്മാരും സൈനബ (റ), ഉമ്മുകുൽസൂം (റ), എന്നീ പുത്രിമാരും ഇവർക്ക് ജനിച്ചവരാണ്.

തിരുനബി (സ) യുടെ അവസാനത്തെ പുത്രി ഉമ്മുകുൽസൂം (റ) വാണെന്നാണ് ഇമാം ഇബ്നു സഅദ് (റ) ത്വബഖാതുൽ കുബ്റയിൽ രേഖപ്പെടുത്തിയത്. ബീവിയുടെ മനോഹരവും മാതൃകാപരവുമായ ജീവിചരിത്രത്തിലൂടെ നമുക്കിനി പ്രയാണം ചെയ്യാം


ദാമ്പത്യം

ഉമ്മയുടെ സ്നേഹമസൃണമായ പരിചരണം, സൈനബയ്ക്കും റുഖിയ്യയ്ക്കും ഫാത്വിമയ്ക്കുമൊപ്പമുള്ള സഹവാസം കളിചിരികളുമായി ഓടി നടക്കുകയാണ് ഉമ്മുകുൽസൂം.

ഉമ്മുകുൽസൂം വളർന്നു. ഉദ്ദേശം ആറ് വയസ് പ്രായം തോന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയാണ് മാതാപിതാക്കൾ
ഉപ്പ പ്രമുഖ കുടുംബാംഗമാണ് ലോക ജനത എന്നും ബഹുമാനിക്കുന്ന വിശുദ്ധ ഗേഹമാണല്ലോ കഅ്ബാലയം. പതിവായി നാനാദിക്കിൽ നിന്നും സന്ദർശകർ പ്രവഹിക്കുകയാണിവിടേക്ക്.

ഇവിടത്തെ പ്രസിദ്ധനായ പരിപാലകനും താക്കോൽ സൂക്ഷിപ്പുകാരുമാണ് അബ്ദുൽ മുത്വലിബിന്റെ കുടുംബം.ഉമ്മ ഖദീജതുൽ കുബ്റയും ചില്ലറക്കാരിയല്ല. പ്രമുഖ വ്യാപാരിയാണ് ഖാഫിലകളെ സിറിയയിലേക്കും ബസ്വറയിലേക്കും വ്യാപാരത്തിനയച്ച് വൻലാഭം കൊയ്യുന്ന സമ്പന്നയും കുലീനയും കച്ചവട രാജ്ഞിയുമാണവർ.

കുടുംബത്തിന് അനുയോജ്യമായ ഇണയെ ഉമ്മുകുൽസൂവിന് തിരയുകയാണ് മാതാപിതാക്കൾ .നാല് ഭാഗത്ത് നിന്നും അന്വേഷണങ്ങൾ വരുന്നു. ഉപ്പയുടെ കുടുംബത്തിൽ നിന്നുള്ള വിവാഹാന്വേഷണത്തെ അവർക്ക് ബോധിച്ചു. അബൂലഹബിന്റെ ഉമ്മു ജമീലിന്റെയും മകൻ ഉതൈബയെക്കുറിച്ചുള്ള വിവാഹാലോചന വന്നപ്പോൾ പ്രവാചകർക്ക് താത്പര്യമായി ഖദീജയ്ക്കും സമ്മതം.

സഹോദരി റുഖിയ്യയ്ക്കും ഇതേ കുടുംബത്തിൽ നിന്നാണ് വിവാഹമുറപ്പിച്ചത്. ഉതൈബയുടെ സഹോദരൻ ഉത്ബയെയാണ് റുഖിയ്യാബീവിയുടെ ഭർത്താവായി കണ്ടുവെച്ചത്.
അൽ അമീനിന്റെ പിതൃസഹോദരനാണ് അബൂലഹബ്. അബൂലഹബിന്റെ രണ്ട് പുത്രൻമാർക്കും അൽ അമീൻ മുഹമ്മദിന്റെ പുത്രിമാർ രണ്ടുപേരെയും വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനമായി.

മക്കയിലെ പ്രമുഖരായ തറവാട്ടുകാർ, കുടുംബനായകർ, ഗോത്രനേതാക്കൾ, ഖുറൈശി കുടുംബത്തിലെ പ്രമുഖർ. എല്ലാവരും സമ്മേളിച്ചു ഗംഭീരമായിത്തന്നെ വിവാഹം നടന്നു.

സഹോദരി സൈനബയെ വിവാഹം ചെയ്ത് കൊടുത്തത് ഉമ്മു ഖദീജയുടെ കുടുംബത്തിലേക്കാണ്ഖ.ദീജയുടെ സഹോദരി ഹാലത് ബിൻതു ഖുവൈലിദിന്റെ പുത്രൻ അബുൽആസ്വ് ഇബ്നുറബീ ആണ് ഇത്താത്തയെ വിവാഹം കഴിച്ചത്.

ഇത്താത്ത സൈനബയ്ക്കും അനിയത്തിമാർക്കുമൊപ്പം കളിച്ചും ചിരിച്ചും കഴിയുന്ന കാലം കഴിഞ്ഞു. ഇനി ഒട്ടേറെ പ്രതീക്ഷകളുമായി പുതുജീവിതത്തിലേക്ക് പുതിയ കുടുംബം പുതിയ കൂട്ടുകാർ ഭർത്താവുമൊന്നിച്ച് നവജീവിതം പുഷ്കലമാക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് ഉമ്മുകുൽസൂം.


മതപ്രബോധനം


വിശുദ്ധ ഇസ്ലാമിക പ്രബോധനം നടത്താൻ ആദ്യകാലത്ത് തിരുനബി (സ) പരസ്യമായി ഇറങ്ങിയിരുന്നില്ല. പിന്നീട് അല്ലാഹുവിന്റെ പ്രത്യേക നിർദേശം വന്നപ്പോഴാണ് അന്ധകാരത്തിലും അന്ധവിശ്വാസത്തിലും മുഴുകിയ അറേബ്യൻ ജനതയോട് പ്രബോധനം നടത്താനിറങ്ങിയത്.

'നബിയേ..... തങ്ങളുടെ ഉറ്റബന്ധുക്കളോട് മുന്നറിയിപ്പ് നൽകുവീൻ'.....

അല്ലാഹുവിന്റെ കൽപ്പനയെത്തി പ്രവാചകൻ (സ) കൽപ്പന നിർവഹിക്കാനിറങ്ങി സഫാ മലമുകളിൽ കയറി നിന്നു
ഹസ്റത്ത് ഇബ്റാഹീം നബി (അ) മിന്റെ പ്രിയ പത്നി ഹാജറബീവിയുടെ പാദസ്പർശമേറ്റ കുന്നാണ് സ്വഫ ചരിത്രമുറങ്ങുന്ന സ്വഫാമർവയുടെ മുകളിൽ ബീവി ഹാജറ ഓടി നടന്നലഞ്ഞത് ലോകാവസാനം വരെ അനുസ്മരിക്കപ്പെടും.

സ്വഫാപർവതത്തിന്റെ സമീപമുള്ള മർവയുടെ അടുത്തുള്ള വീട്ടിലാണ് ഹബീബ് മുഹമ്മദ് (സ) യുടെ താമസസ്ഥലം. ഖദീജ (റ) യുടെ സഹോദരപുത്രനായ ഹക്കീമുബ്നു ഹിസാമിന്റെ വീട് വിലകൊടുത്ത് വാങ്ങിയ ഹബീബ് (സ) ക്ക് ഇവിടെ വെച്ചായിരുന്നു സന്താനങ്ങൾ ജനിച്ചതും ആദ്യകാലത്ത് ദിവ്യസന്ദേശങ്ങൾ ലഭിച്ചതും ഖദീജ ബീവി (റ) വിയോഗമടഞ്ഞതും മദീനയിലേക്ക് ഹിജ്റ പുറപ്പെട്ടതുമെല്ലാം
മർവക്കടുത്തുള്ള വീട്ടിൽ നിന്നും. അല്ലാഹുവിന്റെ കൽപ്പന പൂർത്തിയാക്കാൻ വേണ്ടി നടന്നു നീങ്ങിയ മുത്തുനബി (സ) സ്വഫാ മലമുകളിൽ കയറി ഉറക്കെ വിളിച്ചു.

യാ....... ബനൂഫിഹർ.........
യാ....... ബനൂഅദിയ്യ്.......

എല്ലാവർക്കും കേൾക്കാവുന്ന വിധത്തിലായിരുന്നു വിളിയാളം. ശബ്ദം കേട്ടവരെല്ലാം സ്വഫായുടെ ഭാഗത്തേക്ക് ഓടിക്കൂടി. നിരവധി കുടുംബങ്ങളടങ്ങിയ ഖുറൈശികൾ എല്ലാവരും സമ്മേളിച്ചപ്പോൾ പ്രവാചക പൂമേനി (സ) പറഞ്ഞു.

യാ.... മഅ്ശറ ഖുറൈശ്......

നിങ്ങളെ അക്രമിക്കാനുദ്ദേശിച്ച് ഒരു സംഘം വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്നെ വിശ്വസിക്കുമോ?

സദസ്സിൽ നിന്നും ഒരേ ശബ്ദത്തിൽ പ്രതിവചനം വന്നു,

അതെ വിശ്വസിക്കും, തീർച്ച ഇന്നേ വരെ നിന്നിൽ നിന്നും യാതൊരു കളവും ഞങ്ങൾക്കനുഭവപ്പെട്ടിട്ടില്ല. അതു തന്നെ നിന്നെ വിശ്വസിക്കാൻ കാരണം.
സദസ്സിന്റെ മനസ്സിനെ തനിക്കനുകൂലമാക്കിയെടുത്തശേഷം പ്രവാചക പുംഗവർ (സ) കാര്യമറിയിച്ചു.

എന്നാൽ ഞാനിതാ നിങ്ങൾക്ക് ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു..... ഇത് കേട്ട് തീരുംമുന്നേ സദസ്സിലൊരാൾ എടുത്തുചാടി ചോദിച്ചു.

തബ്ബൻ ലക യാ മുഹമ്മദ്.....
ഓ മുഹമ്മദ്......

ഇതിനാണോ നീ ഞങ്ങളെ ഇവിടെ വിളിച്ചു കൂട്ടിയത്

അബൂലഹബിന്റെ ഘോര ശബ്ദമായിരുന്നു അത്

എല്ലാവരും ആ ഭാഗത്തേക്ക് നോക്കി

ആരാണിത്? അബൂലഹബോ.......?

മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ പിതൃസഹോദരൻ, മാത്രമല്ല, ഇദ്ദേഹത്തിന്റെ മക്കൾക്കല്ലേ കഴിഞ്ഞ ദിവസം പ്രവാചകർ (സ) സ്വന്തം പുത്രിമാരായ റുഖിയ്യയെയും ഉമ്മുകുൽസുവിനെയും വിവാഹം ചെയ്തു കൊടുത്തത്.

ഇനി ഇവിടെ എന്തായിരിക്കും സംഭവിക്കുകയെന്ന് സ്തബ്ധരായി നോക്കി നിൽക്കുകയായിരുന്നു ജനങ്ങൾ.


ഉറ്റവരുടെ ശാപവാക്കുകൾ


ഉമ്മുകുൽസുവും ഉതൈബയും തമ്മിലുള്ള ദാമ്പത്യ ജീവിതം മുന്നോട്ട് നീങ്ങുന്നത് വളരെ ആശയോടെയും പ്രതീക്ഷയോടെയുമായിരുന്നു മാതാപിതാക്കൾ നോക്കി കണ്ടിരുന്നത്.

അബൂലഹബിനും ഭാര്യ ഉമ്മു ജമീലയ്ക്കും വളരെ സംതൃപ്തിയുള്ള ദാമ്പത്യമായിരുന്നു. മക്കൾ രണ്ട് പേരുടെതും ഉത്ബയും റുഖിയ്യയും തമ്മിലുള്ള വിവാഹം പോലെ ഉതൈബയും ഉമ്മുകുൽസവും തമ്മിലുള്ള വിവാഹവും അവർ മോഹിച്ചിരുന്നതും പ്രതീക്ഷിച്ചിരുന്നതുമായിരുന്നു.
എന്നാൽ ഇന്നിതാ അബൂലഹിബിന് കലി കയറിയിരിക്കുന്നു അവന്റെ ക്ഷമ നശിച്ച് പ്രകോപിതനായിരിക്കുകയാണ്.

വിശുദ്ധ കഅ്ബാലയം നിറയെ ബിംബങ്ങളെ നിറച്ച് വെച്ചിരുന്നു അന്നത്തെ ജനത. കഅ്ബാലയം എക്കാലവും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത വിശുദ്ധ ദേവാലയം തന്നെയായിരുന്നു.
കഅ്ബാലയത്തിൽ ചെന്ന് ബിംബങ്ങളെ നമിച്ച് പൂജയും വഴിപാടുകളും നടത്തിയാണ് അബൂലഹബിന്റെ ദിനചര്യകൾ ആരംഭിച്ചിരുന്നത്.

ലാത്ത, ഉസ്സ, മനാത്ത ദൈവങ്ങളായിരുന്നു മക്കയിലെ ഏറ്റവും പ്രസിദ്ധമായ ബിംബങ്ങൾ.

പൂർവ്വ പിതാക്കന്മാർ ആരാധിച്ചു പോന്ന പവിത്രമായ ബിംബങ്ങളെ ഇന്നിതാ ഒരു മുഹമ്മദ് കടന്നുവന്ന് വിമർശിക്കുന്നു. ഏകനായ അല്ലാഹുവിന്റെ പ്രവാചകനായി മുഹമ്മദിനെ അംഗീകരിക്കുവാനും, വിശ്വസിക്കാനുമാണ് സഫാ പർവത ശിഖരത്തിൽ കയറി അവൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

അബൂലഹബിന്റെ മനസ്സിൽ പ്രധിഷേധാഗ്നി ആളിക്കത്തുകയാണ്. അവൻ പ്രവാചകനെതിരെ സകല കുതന്ത്രങ്ങളും മെനയാൻ തീരുമാനിച്ചു.

ഹബീബ് (സ) യുടെ മൂത്താപ്പ അബൂലഹബിന്റെ ശബ്ദം തിരുമനസ്സിനെ വല്ലാതെ നോവിച്ചു. ഉറ്റവരുടെ വാക്കുകൾ ശാപ വാക്കുകളായിത്തീർന്നത് ഒരു ഇടിനാദം പോലെയാണ് ഹബീബ് (സ) ശ്രവിച്ചത്.

അബൂലഹബിന്റെ കോപാഗ്നി ദിവസങ്ങൾ കഴിയുന്തോറും വർദ്ധിക്കുകയായിരുന്നു. ഉമ്മുജമീലയും അബൂലഹബിന്റെ അതേ പകർപ്പാണ്. യഥാർത്ഥത്തിൽ തെമ്മാടിപ്പെണ്ണും ക്രൂരമനസ്സുള്ളവളുമായിരുന്നു ഉമ്മു ജമീൽ. അവൾ കൂട്ടുകാരികളോട് ഗർജ്ജിച്ചു മുഹമ്മദിനെയും അവന്റെ പെണ്ണ് ഖദീജയെയും ഒരു പാഠം പഠിപ്പിച്ചേ ഞാനടങ്ങൂ. ലാത്തയാണ് സത്യം ഉസ്സയാണ് സത്യം ബിംബങ്ങളെ വിളച്ചവൾ ആണയിട്ടു.


വഴി പിരിയുന്നു


അല്ലാഹുവിന്റെ നിർദ്ദേശമനുസരിച്ചല്ലാതെ അവന്റെ പ്രിയപ്പെട്ട ദൂതൻ റസൂലുല്ലാഹി (സ) യാതൊന്നും സംസാരിക്കുകയില്ല. ജനങ്ങളെ നന്മയുടെയും നേരിന്റെയും വഴിയിലേക്ക് ക്ഷണിക്കാൻ അല്ലാഹുവാണ് പ്രവാചകൻ (സ) യെ നിയോഗിച്ചത്.

അല്ലാഹുവിന്റെ നിർദേശം അനുസരിച്ച് ഏകനായ അല്ലാഹുവിനെ ആരാധിക്കാനും ഉപകാരവും ഉപദ്രവും ഇല്ലാത്ത ബിംബങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കുവാനും തിരുനബി (സ) ജനങ്ങളെ ഉപദേശിച്ചു.
ഉറ്റവർ തന്നെയാണ് ആദ്യം എതിർത്തത്. പ്രതീക്ഷയുണ്ടായിരുന്നത് അവരിലായിരുന്നു.

എന്നാൽ സ്വന്തം കുടുംബക്കാരും വേണ്ടപ്പെട്ടവരും പ്രബോധനവഴിയിൽ വിഘ്നം നിന്നതോടെ തിരുനബി (സ) വിഷണ്ണനായി.

ഉടനെ ദൈവദൂതൻ ജിബ്രീൽ (അ) വനാലോകത്ത് നിന്നിറങ്ങിവന്ന് പ്രവാചകരെ സമാശ്വസിപ്പിക്കുകയും അബൂലഹബിനെ ശപിക്കുകയും ചെയ്യുന്ന വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതിക്കേൾപ്പിച്ചു.

'അബൂലഹബിന്റെ ഇരു കൈകളും നശിക്കട്ടെ, അവ നശിച്ചു കഴിഞ്ഞു തന്റെ ധനവും സമ്പത്തുമെന്നും അവന് ഉപകരിക്കില്ല ജ്വലിക്കുന്ന അഗ്നിയിൽ പിന്നീടവൻ കാലെടുത്തു വെക്കും ഒപ്പം വിറകുചുമട്ടുകാരിയായ പത്നിയും (ഉമ്മു ജമീൽ) അതിൽ പ്രവേശിക്കും ഈത്തപ്പന നാരിന്റെ കയർ അവളുടെ കഴുത്തിലുണ്ട് (വിശുദ്ധ ഖുർആൻ, സൂറത്തുൽ മസദ്)

സാഹിത്യ വൈഭവം നിറഞ്ഞ വചനങ്ങൾ വിസ്മയത്തോടെ ജനം കേട്ടു നിന്നു. പലരും അതേ നിലവാരത്തിൽ പ്രതികരിക്കാൻ വാക്കുകൾ പരതി, സാധ്യമായില്ല.

തിരുനബി (സ) യുടെ സമീപസ്ഥരായിരുന്നു അബൂലഹബിന്റെ കുടുംബം. പ്രസിദ്ധമായ കഅ്ബാലയത്തിന്റെ സമീപമുള്ള മർവ പർവ്വതത്തിനടുത്താണ് ഹബീബ് (സ) യുടെ വസതി, ഇതിന്റെ തൊട്ടടുത്ത് തന്നെയാണ് അബൂലഹബ് കുടുംബസഹിതം താമസിച്ചിരുന്നത്.

പ്രവാചകൻ (സ) സഫാ പർവ്വതത്തിന്റെ ഉച്ചിയിൽ കയറി പ്രബോധനം ചെയ്തത് അബൂലഹബിനും ഭാര്യയ്ക്കും തീരെ രസിച്ചിരുന്നില്ല.

സംഭവങ്ങൾക്കു ശേഷം വീട്ടിലെത്തിയ ഉമ്മു ജമീൽ ഭർത്താവിനോട് കയർത്തു സംസാരിക്കാൻ തുടങ്ങി. വീട്ടു മുറ്റത്ത് ക്രോധവും നിരാശയും നിറഞ്ഞ മനസുമായി ഏതോ ചിന്താലോകത്ത് പ്രയാണം ചെയ്യുകയാണ് അബൂലഹബ്. ഉമ്മു ജമീൽ അരികിലേക്ക് ധൃതിയിൽ വന്നു ആക്രോശിച്ചു.
നമുക്കിനി എന്തഭിമാനമാണുള്ളത്? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, ഖദീജയുടെ രണ്ട് പെൺമക്കളെയും ത്വലാഖ് ചൊല്ലി ഇറക്കി വിട്ടില്ലെങ്കിൽ ഞാനിനി ഈ വീട്ടിലേക്ക് കാലുകുത്തുകയില്ല.

ഞെട്ടലോടെയാണ് അബൂലഹബ് ഇത് കേട്ടത് എന്നെ മുഹമ്മദിന്റെ ദൈവം ശപിച്ചതിന് എനിക്കില്ലാത്ത ദേഷ്യവും ഈറയും നിനക്കോ?

പ്രമാണിയും ധനാഢ്യയുമായ ഖദീജയുടെ കുടുംബത്തിൽ നിന്നുള്ള ഈ വിവാഹം തങ്ങൾക്കഭിമാനമായാണയാൾ ധരിച്ചിരുന്നത്. സത്യസന്ധനും വിശ്വസ്തനുമായ വിശുദ്ധ മക്കാനഗരം ആദരിക്കുന്ന മുഹമ്മദിന്റെ ഓമനപുത്രിയെ ഉപേക്ഷിക്കുകയോ? അബൂലഹബ് ചിന്താനിമഗ്നനായി.

ഉത്ബയെയും ഉതൈബയെയും അരികിൽ വിളിച്ചു കൊണ്ടദ്ദേഹം പറഞ്ഞു:
നിങ്ങളെവിടെയായിരുന്നു? എന്നെയും നിങ്ങളുടെ ഉമ്മയെയും കുറിച്ച് മുഹമ്മദ് പറഞ്ഞതുകേട്ടില്ലേ? ഇനി ഈ വീട്ടിൽ ഞാനുണ്ടാവും,അല്ലെങ്കിൽ ഖദീജയുടെ രണ്ടു കുട്ടികളുണ്ടാവും ഏതാ വേണ്ടതെന്ന് ഇപ്പോൾ തീരുമാനിച്ചോളണം.

ഉത്ബയും ഉതൈബയും ചിന്താനിമഗ്നരായി ഇനി എന്തു ചെയ്യണമെന്നറിയാതെ വിറച്ചു നിൽക്കുകയാണ്. ഉപ്പയെയും ഉമ്മയെയും കൈവിടാനൊക്കില്ല പിന്നെ ഭാര്യ.... ഹോ.... ഓർക്കാൻ പറ്റുന്നില്ല ആ മധുരം ജീവിതം ഒഴിവാക്കാൻ അസാധ്യമാണ്. അവരെക്കാൾ നല്ല ഭാര്യമാരെ ഇനിയെവിടുന്ന് കിട്ടും?

ഇടിനാദംപോലെ അബൂലഹബിന്റെ ശബ്ദം വീണ്ടും ഉയർന്നു എന്താണ് ചിന്തിച്ചു നിൽക്കുന്നത് പറഞ്ഞതുകേട്ടില്ലേ. അവരെ ത്വലാഖ് ചൊല്ലുന്നില്ലെങ്കിൽ ഞാൻ നിങ്ങളുടെ വാപ്പയല്ല. നിങ്ങളുമായുള്ള എല്ലാ ബന്ധവും ഞാൻ മുറിച്ചു കളയാൻ പോവുകയാണ്. നിങ്ങളോടുള്ള പ്രതികാര കോപാഗ്നിയിൽ ഞാൻ വെന്തുരുകി മരിച്ചേ അടങ്ങൂ
ഒരു വശത്ത് ഇടിമുഴക്കത്തോടെ ഉപ്പയുടെ ഗർജനം ഒപ്പം ഉമ്മയുടെ നിർബന്ധവും.

രക്ഷയില്ല, യാതൊരു മനഃസമാധാനവുമില്ലാത്തതായിരിക്കും ഇനിയുള്ള ദാമ്പത്യജീവിതം മറുത്തൊന്നും ചിന്തിക്കാതെ, മനമില്ലാമനസ്സോടെ അവർ ത്വലാഖ് ചൊല്ലി. നിറഞ്ഞ നയനങ്ങളോടെ ഉമ്മുകുൽസൂം (റ) യും റുഖിയ്യ (റ) യും ഭർതൃഭവനത്തിൽ നിന്നിറങ്ങി കൊതിതീരും മുമ്പേ പിരിയേണ്ടിവന്നതിലെ സങ്കടം കടിച്ചമർത്തി നബി ഭവനത്തിൽ കഴിഞ്ഞു കൂടി.

മക്കളിരുവരും ഭർത്താക്കന്മാർക്കൊപ്പം ഇണചേരും മുന്നേ വിവാഹമോചനം നടത്തിയതിൽ ഖദീജയ്ക്ക് സന്തോഷം അവർ പലതവണ അല്ലാഹുവിനെ സ്തുതിച്ചു.

ഖദീജാ ബീവിക്ക് ഉമ്മു ജമീലിനെ നേരാംവിധം അറിയാമായിരുന്നു. അബൂലഹബിനൊത്ത ജീവിതസഖി സ്നേഹിച്ചു തുടങ്ങിയാൽ കുളിരണിയിച്ച് പുളകം കൊള്ളിക്കുന്നവൾ ആഹ്ലാദത്തിന്റെ ഉൻമാദാവസ്ഥയിൽ അവൾ ലഹരിപിടിപ്പിക്കും എന്തു നല്ല പെണ്ണ് ഹൃദയഹാരിയായ സംസാരം കോപിച്ചാൽ പിന്നെ പറയേണ്ട അവളുടെ കാര്യം അവൾ പറയുന്ന തെറി കേട്ടാൽ ആരും അറച്ചു പോകും.

വലിയൊരു അഗ്നി പരീക്ഷയിൽ നിന്നും മോചനം ലഭിച്ച സന്തോഷമായിരുന്നു ഖദീജയ്ക്കും റസൂലിനും കരയാതെ മക്കളേ.....
കരയാതെ.....

ഖദീജതുൽ കുബ്റ (റ) ഒരു കൈകൊണ്ട് ഉമ്മുകുൽസുവിനെയും മറുകൈകൊണ്ട് റുഖിയ്യയെയും അണച്ചുപിടിച്ചാശ്വസിപ്പിച്ചു. അൽപം കഴിഞ്ഞപ്പോൾ തിരുനബി (സ) കയറി വന്നു രംഗം കണ്ട് തിരുമനസ്സ് നൊന്തു.
ഉമ്മു ജമീൽ പ്രവാചകർക്കും കുടുംബത്തിനുമെതിരിൽ തിരിഞ്ഞു കൂട്ടുകാരികൾക്കൊപ്പമിരുന്ന് ചർച്ചകൾ നടത്തി എല്ലാം ഒരു ഖദീജയെക്കൊണ്ടുണ്ടായ വിപത്താണെന്ന് അവൾ ആണയിട്ടു പറഞ്ഞു.


പ്രവാചക പ്രവചനം

ഉമ്മു കുൽസൂം നബി ഭവനത്തിൽ കളിക്കൂട്ടുകാരികൾക്കൊപ്പം ആമോദത്തോടെ കഴിയുന്ന കാലം. അനിയത്തി ഫാത്വിമ അവിടെ കൂട്ടിനുണ്ട് ഇത്താത്ത സൈനബ വിവദങ്ങളറിഞ്ഞ് ഭർതൃഭവനത്തിൽ നിന്നും തിരിച്ചു വന്നു.

സൈനബയുടെ ആശ്വാസ വചനങ്ങളും ഉമ്മ ഖദീജ (റ) യുടെ കുളിർമയേകുന്ന പരിചരണവും സ്നേഹസ്പർശവും ഉമ്മുകുൽസുവിന്റെ സകലവേദനകളും അകറ്റി നിർത്തി.

ഉതൈബ ഈ സംഭവങ്ങളിൽ കോപവും പകയും മനസ്സിൽ വെച്ച് നടക്കുകയാണ്.

അന്നൊരിക്കൽ ഉതൈബ നബി സന്നിധിയിൽ വന്നു അവന്റെ ചുവന്ന കണ്ണുകളും വിറക്കുന്ന കരങ്ങളും കണ്ട തിരുനബി (സ) ധൈര്യമായി അവനെ അഭിമുഖീകരിച്ചു.

എടാ മുഹമ്മദ്...... ഞാനിതാ നിന്റെ മതം നിഷേധിച്ചിരിക്കുന്നു..... നിന്റെ പുത്രിയുമായി ഞാൻ പിരിയുകയും ചെയ്തിരിക്കുന്നു അതുകൊണ്ട് നിന്റെ സ്നേഹം എനിക്കു വേണ്ട ഞാനിനി നിന്നെയും സ്നേഹിക്കാനില്ല ഉതൈബ പറഞ്ഞു.

ഇത്രയും പറഞ്ഞതിനു ശേഷം അവന്റെ കോപാഗ്നി ആളിക്കത്താൻ തുടങ്ങി. അവൻ തിരുനബി (സ) യോടു കയർത്തു സംസാരിച്ചു. ഒരു ക്രൂരനായ ഗുണ്ടയെപ്പോലെ വന്ന അവൻ തിരുനബിയുടെ മുഖത്തേക്ക് കാർക്കിച്ചുതുപ്പി കയേറ്റം ചെയ്യാൻ ശ്രമിച്ചു. പിന്നീട് പുണ്യറസൂലിന്റെ ഖമീസ് (കുപ്പായം) പിടിച്ചു വലിച്ചു കീറിയശേഷം അഹങ്കാരത്തോടെ ആ ദുഷ്ടൻ പടിയിറങ്ങി നടന്നകന്നു.

അവന്റെ കൂട്ടുകാർ കാത്തിരിക്കുന്നുണ്ടായിരുന്നു അല്പം അകലെ. അവർ സിറിയയിലേക്കു വ്യാപാരാവശ്യാർത്ഥം കച്ചവടച്ചരക്കുകളും വാഹനങ്ങളുമായി പുറപ്പെട്ടതാണ്. അവർക്കിടയിൽ നിന്നാണ് വിറളിപിടിച്ച് പകതീർക്കാൻ ഉതൈബ നബി സന്നിധിയിൽ വന്നത്.

സ്നേഹസാഗരമായ തിരുനബി (സ) സഹനം പാലിച്ചു തിരിച്ചൊന്നും ചെയ്യാതെ ക്ഷമ കൈകൊണ്ട് കാരുണ്യവാനായ റസൂൽ (സ) അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. നീ ഇത്രയും ചെയ്തതിന് ഞാനിനി അല്ലാഹുവിനോടു പ്രാർത്ഥിക്കുക മാത്രമാണ് പകരമായി ചെയ്യുന്നത് അല്ലാഹുവിന്റെ മൃഗങ്ങളിൽപെട്ട ഒരു കടിക്കുന്ന മൃഗം നിന്നെ നശിപ്പിക്കാൻ വേണ്ടിയാണെന്റെ പ്രാർത്ഥന.

നാഥാ.... ഒരു ക്രൂരജീവിയെ ഇവന്റെ മേൽ ആധിപത്യം നൽകേണേ....



ഉതൈബ നേരെ ചെന്നത് പിതാവ് അബൂലഹബിന്റെ സന്നിധാനത്തിലേക്കാണ്. വിവരങ്ങളെല്ലാം കൈമാറി റസൂലിനെ അക്രമിച്ചതറിഞ്ഞപ്പോൾ ആത്മസായൂജ്യനായി, ക്രൂരനായ ആ പിതാവ് ഉപ്പയും മകനും വ്യാപാരസംഘത്തിലേക്ക്ചെന്നു. അബൂലഹബിന്റെ നേതൃത്വത്തിൽ സിറിയയെ ലക്ഷ്യം വെച്ചവർ യാത്രയായി. വിശാലമായ മരുപറമ്പിലൂടെ കുന്നുംമലയും താണ്ടി പ്രയാണം നടത്തി. ഒടുവിൽ ഒരു സമുദ്രത്തിനടുത്തവർ വാഹനം ഇറങ്ങി.

തൊട്ടടുത്തുള്ള പുരോഹിതന്റെ മഠത്തിൽ ചെന്ന് അബൂലഹബ് പരിചയപ്പെട്ടു, കുശലാന്വേഷണം നടത്തി ക്രൂരജീവികളും വേട്ടമൃഗങ്ങളും പെരുത്തുള്ളസ്ഥലമാണിതെന്ന് പുരോഹിതൻ ഗൗരവത്തോടെ ഉണർത്തി. വിഷയത്തിന്റെ ഗൗരവമറിഞ്ഞ അബൂലഹബ് യാത്രാ സംഘത്തിന്റെ അടുത്തേക്കോടി അനുയായികളെ ഒരുമിച്ചിരുത്തിയശേഷം അബൂലഹബ് പറഞ്ഞു:

യാ മഅ്ശറ ഖുറൈശ്......
ഖുറൈശ് സമൂഹമേ......

ഇന്നത്തെ രാത്രിയെ ഞാൻ ഭയപ്പെടുന്നു......

എന്റെ മകന്റെ നേരെ മുഹമ്മദിന്റെ പ്രാർത്ഥന വന്നു ഭവിക്കുമോ എന്നാണെന്റെ ഭയം. അതുകൊണ്ട് അവനെ നിങ്ങൾ പ്രത്യേക സുരക്ഷിത സ്ഥാനത്താക്കണം.

നിങ്ങളുടെ വ്യാപാരചരക്കുകളെല്ലാം ഈ കൂട്ടത്തിലേക്ക് ഒരുമിച്ച് കൂട്ടുക, അതിൻമേൽ എന്റെ മകനെ കിടത്തുക. ചുറ്റുഭാഗത്തും നിങ്ങൾ നിലയുറപ്പിക്കുകയും വേണം.

ഖുറൈശി നേതാവിന്റെ കൽപ്പനപ്രകാരം അനുയായികൾ വളരെ സുരക്ഷിതസ്ഥാനത്തേക്ക് ഉതൈബയെ നിർത്തി സംരക്ഷിച്ചു. ശക്തിയായ കൂരിരുട്ടിൽ, കത്തുന്ന റാന്തൽ അവിടെ മങ്ങിയ പ്രകാശം പരത്തുന്നുണ്ട് പെട്ടന്നതാ ഓടിച്ചാടിവരുന്നു ഒരു ഭീകരജീവി.

കൂർത്തപല്ലുകളും വിടർന്നവായയുമായി ചീറിവരുന്ന സിംഹത്തെ കണ്ടു അവർ പേടിച്ചരണ്ടു. എല്ലാവരും വിറങ്ങലിച്ചു നിന്നു പോയി. അവർക്കിടയിലൂടെ ഓരോരുത്തരുടെയും മുഖം നോക്കി മുന്നോട്ട് നീങ്ങുകയാണ് സിംഹം. ആരെയോ തിരയുന്നത് പോലെ.
ഉതൈബയെ മണത്തതും കടിച്ചു കീറിയതും ഒപ്പമായിരുന്നു. അബൂലഹബിന്റെ പുത്രന്റെ മുഖം മാന്തിപറിച്ചും ചവിട്ടിവലിച്ചും സിംഹം അരിശം തീർത്തു.

അതാ..... നാല് ഭാഗത്തും ഉതൈബയുടെ മാംസാവശിഷ്ടങ്ങൾ ചിതറി ചോര ചിന്തിക്കിടക്കുന്നു. അബൂലഹബ് ഭയന്നു പ്രവാചകരുടെ പ്രാർത്ഥന ഫലിച്ചു. പ്രവാചകരെ അക്രമിച്ച മരുമകനായിരുന്ന ഉതൈബാ ഇബ്നു അബൂലഹബ് അങ്ങിനെ ചത്തൊടുങ്ങി (സീറത്തുൽ ഹൽബിയ്യ, സ്വഫഹാതുൻ മുശ്രിക്കത്തുൻ മിൻ ഹയാതിസ്സാബിഖീൻ)


ഉപദ്രവങ്ങൾ

ഖുറൈശികളും നബിതിരുമേനി (സ) യും തമ്മിലുള്ള വിരോധം അനുദിനം വർദ്ധിക്കുകയായിരുന്നു. ഖുറൈശികൾ നബിയെയും (സ) ഖദീജയെയും (റ) നശിപ്പിക്കാൻ കുതന്ത്രങ്ങൾ നെയ്തുകൊണ്ടിരുന്നു. ഇസ്ലാം മതത്തിന്റെ ഉൻമൂലനമാണവർ കൊതിച്ചത്. എന്നാൽ ഇതൊന്നും വകവെക്കാതെ പ്രബോധന ഗോദയിൽ കാരിരുമ്പിന്റെ ശക്തിയിൽ റസൂൽ (സ) മുന്നോട്ട് നീങ്ങുകയായിരുന്നു.

അബൂലഹബും ഭാര്യ ഉമ്മുജമീലും പ്രവാചകർക്കെതിരെ പരസ്യമായി രംഗത്തിറങ്ങി. ഖദീജബീവിയെ രഹസ്യമായി ഉമ്മുജമീൽ നിരീക്ഷിക്കാൻ തുടങ്ങി.വിശുദ്ധ കഅ്ബാലയത്തിന്റെ ചുറ്റിലുമുള്ള ബിംബങ്ങളെ പ്രവാചകൻ തള്ളിപ്പറയുന്നത് ഉമ്മുജമീൽ അറിഞ്ഞു. ഉപകാരമോ ഉപദ്രവമോ ചെയ്യാൻ വിഗ്രഹങ്ങൾക്കാവില്ലെന്നാണ് പറഞ്ഞു നടക്കുന്നത്.
ഖുറൈശികൾക്ക് ഇത് സഹിച്ചില്ല. വർഷങ്ങളേറെയായി ആദരപൂർവ്വം ആരാധിച്ചുപോന്ന വിഗ്രഹങ്ങളെ തിരസ്കരിക്കുന്ന മുഹമ്മദിനെ കൈകാര്യം ചെയ്യണമെന്നവർ അഭിപ്രായപ്പെട്ടു.

കഅ്ബാലയത്തിന്റെ തിരുമുറ്റത്ത് സംഘടിച്ച് അവർ ചർച്ച തുടങ്ങി. ഇവനെ ഇപ്പോൾ തന്നെ കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മുടെ സർവ്വ അധികാരവും നഷ്ടപ്പെടും ചില ഖുറൈശികൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.

സാഹിത്യകാരന്മാരും കവികളുമെല്ലാം അവിടെ സംഗമിച്ചിരിക്കുന്നു.

ചില കവികൾ പറഞ്ഞതിങ്ങനെ: മുഹമ്മദിന്റെ പ്രസ്ഥാനത്തെ നമുക്ക് നശിപ്പിക്കാം അവനെയും അവന്റെ ആദർശങ്ങളെയും ആക്ഷേപിച്ച് ഞങ്ങൾ കവിതകൾ രചിക്കാം അവ ചന്തകളിലും മാർക്കറ്റുകളിലും പ്രചരിപ്പിക്കാം വ്യാപക പ്രചാരണം കവിതക്ക് ലഭിക്കുന്നതോടെ ജനങ്ങൾ അവന്റെ പിന്നിൽ നിന്നും പിന്തിരിയുന്നത് കാണാം.

കാഥികൾ അവരുടെ അഭിപ്രായവും പറഞ്ഞു. ജനങ്ങളെ വിളിച്ചുവരുത്തി സദസ്സുണ്ടാക്കാം മുഹമ്മദിന്റെ വിവരങ്ങളും പൂർവ്വ കഥകളും പറഞ്ഞ് താരതമ്യം ചെയ്യാം ഭാവിയിൽ ഈ പ്രസ്ഥാനം നശിപ്പിക്കുന്നതായി അവരെ പറഞ്ഞു ധരിപ്പിക്കാം അതോടെ അവർ പിന്തിരിയുന്നതാണ്.

വ്യാപാരികൾ മറ്റൊരു രീതിയിലാണ് ഈ പ്രശ്നത്തെ നോക്കിക്കണ്ടത്. മുസ്ലിംകളുമായി എല്ലാ വ്യാപാര ബന്ധവും അവസാനിപ്പിക്കാം വിൽപ്പനയും വാങ്ങലുമൊന്നും വേണ്ട ഇതോടെ അനുയായികൾ പിൻവലിയും.

ചർച്ചകൾക്കൊടുവിൽ അബൂജഹലും അബൂലഹബും വീട്ടിലേക്ക് മടങ്ങി. അബൂലഹബ് ഭാര്യക്കൊപ്പമിരുന്നു. അവൾക്കാവേശമായി മുഹമ്മദിനെ സ്വൈരമായി അന്തിയുറങ്ങാൻ അനുവദിക്കില്ലെന്ന ദൃഢതീരുമാനത്തിൽ വിരോധത്തിന്റെ നുരപതഞ്ഞു പൊങ്ങുകയായിരുന്നു ആ ഹൃദയത്തിലും......

ഒപ്പം ഖദീജയെ അടക്കിനിർത്താനുള്ള ആവേശോജ്വല പ്രഖ്യാപനവും.
അബൂലഹബ് ഭാര്യയെ നോക്കി പറഞ്ഞു നമ്മുടെ നാവിന്റെ നീളവും വലിപ്പവും മുഹമ്മദ് കാണാൻ പോകുന്നതേയുള്ളൂ. സ്വഫാ പർവ്വത ശിഖരത്തിൽ വെച്ച് ഖുർആൻ മുഹമ്മദിനിറങ്ങിയെങ്കിൽ അവന്റെ ദിവ്യസന്ദേശങ്ങൾ ഞാൻ കാണിച്ചു കൊടുക്കാം.

ഇതുകേട്ട ഉമ്മുജമീൽ ഉറക്കെ ഗർജ്ജിച്ചു ഉമ്മുജമീലിനെ ഖദീജ മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ അവൾക്കെതിരെ ഒരു പെൺപടയെ ഞാനൊരുക്കും.

ഭർത്താവിന്റെ ഓരം പറ്റിനിന്ന ഉമ്മുജമീൽ എഴുന്നേറ്റു കതക് തുറന്നു. ഖദീജയുടെ വീട്ടിലേക്കു നോക്കി അവിടെ കതകടച്ചിട്ടുണ്ട് മുഹമ്മദും ഖദീജയും വീടിനകത്തായിരിക്കും ഗർജ്ജിക്കുന്ന സിംഹം പോലെ ഉമ്മുജമീൽ വീടിനടത്തുവന്ന് അലറി.....പോകൂ ....... ഈ വീട്ടിൽനിന്ന്...... നിന്നെ ഈ പരിസരത്തൊന്നും കണ്ടുപോകരുത്.

അവൾ മറ്റുവിധേനയും ശല്യപ്പെടുത്താൻ തുടങ്ങി രാത്രി ഭർത്താവിനൊപ്പം മദ്യപിച്ച് കൂത്താടി മദോൻമത്തരായി ആനന്ദത്തിലാറാടി. പ്രഭാതം പൊട്ടിവിടരും മുന്നെ എഴുന്നേറ്റു വീടും പരിസരവും തൂത്തുവരി എന്നിട്ടെല്ലാം ഖദീജയുടെ വീട്ടുപടിക്കലേക്ക് വലിച്ചെറിഞ്ഞു.

ഉമ്മുജമീൽ തലേദിവസം ഒരുക്കൂട്ടിയ മുള്ളുകൾ, അഴുകിയ പാഴ് വസ്തുക്കൾ, ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ...... എല്ലാം ഇന്നിതാ ഖദീജയുടെ പൂമുഖവാതിൽക്കൽ.

സമയം പ്രഭാതമായി സൂര്യന് പതിവിലപ്പുറം ഒരു തണുത്തമട്ടായിരുന്നു. അന്ന് റസൂൽ (സ) ബിസ്മി ചൊല്ലി കതക് തുറന്നു ആ കണ്ണുകൾ അന്ധാളിച്ചു.
ഖദീജ വേലക്കാരികളെ വിളിച്ചു എല്ലാ മാലിന്യങ്ങളും അവർ അടിച്ചുവാരി വാതിൽപടിയും വരാന്തയുമെല്ലാം കഴുകി വൃത്തിയാക്കി.

രംഗങ്ങളെല്ലാം ഉമ്മുജമീൽ വാതിൽപാളിയിലൂടെ നോക്കിക്കാണുന്നുണ്ടായിരുന്നു. എന്തൊരു സ്നേഹമാണീ ഖദീജയ്ക്ക് ...... ഉമ്മുജമീൽ പിറുപിറുത്തു.

തുടർന്നുള്ള ദിവസങ്ങളിൽ തെറിവിളികളും അസഭ്യം പറച്ചിലുമായിരുന്നു മനുഷ്യത്വത്തെ നാണിപ്പിക്കുന്ന വാക്കുകൾ ഖദീജ എല്ലാം ക്ഷമയോടെ കേട്ടുനിന്നു.

കൂട്ടുകാരികൾ വരുമ്പോഴെല്ലാം ഇത് കാണുമായിരുന്നു. ഉമ്മുജമീലിന്റെ അസഭ്യങ്ങൾ ഒപ്പം മാലിന്യവർഷങ്ങൾ ശക്തമായ ഭാഷയിൽ പ്രതികരിക്കാനും തിരിച്ചടിക്കാനും അവർ ഖദീജയ്ക്ക് ധൈര്യം പകർന്നു പക്ഷെ സത്യവിശ്വാസിനിയായ ഖദീജാബീവി (റ) ഉറച്ച സ്വരത്തിൽ ആണയിട്ടു.

ഇല്ല, അവളാ ഈർഷ്യതയോടെ അങ്ങ് മരിക്കട്ടെ ഞാനവളോട് പ്രതികരിക്കാനില്ല കൂട്ടുകാരികളേ, സത്യവിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസമെന്താണെന്നറിയാമോ? തിന്മയെ തിന്മ കൊണ്ട് നേരിട്ടാൽ നമുക്ക് അല്ലാഹുവിന്റെ കൃപയും കാരുണ്യവുമുണ്ടാവില്ല. നാം മതത്തിന്റെ ചിട്ടകൾ പാലിക്കണം പ്രവാചകരുടെ ചര്യകൾ മുറുകെ പിടിക്കണം.

സഹനത്തോടെയാണ് കയ്പേറിയ നാളുകൾ അവർ തള്ളി നീക്കിയത്. അബൂലഹബും പ്രവാചകനെ ചീത്ത പറയുന്നു പരിഹസിക്കുന്നു
ഖദീജ ഭർതൃശിരസ്സിൽ തലോടി സമാശ്വസിപ്പിക്കും.

റസൂലേ..... അന്തരീക്ഷത്തിലെ അപശബ്ദങ്ങളല്ലേ അവയത്രയും വിശാലവിഹായസ്സിലൂടെ കാറ്റിനൊപ്പം അവ പറന്നകലും
ദിനങ്ങൾ നീങ്ങുന്തോറും മുസ്ലിംകൾ എണ്ണമേറുകയാണ് പ്രവാചകൻ (സ) പ്രബോധനപാതയിൽ അതിശീഘ്രേ മുന്നോട്ട് നീങ്ങുന്നു ഖുറൈശികൾ ഉറഞ്ഞുതുള്ളി അവർ ഒത്തുചേർന്നു.

തുറന്നചർച്ചകൾ, സംവാദങ്ങൾ മുഹമ്മദിന്റെ താങ്ങ് വെട്ടിമുറിക്കണം നിങ്ങൾക്കതിനാവുമോ? ഒരാൾ ദൃഢസ്വരത്തിൽ ചോദിച്ചു
ആരാണീ താങ്ങു കൊടുക്കുന്നത്?

അബൂത്വാലിബ് മറ്റൊരാൾ പറഞ്ഞു

മുഹമ്മദിന്റെ തണൽവൃക്ഷത്തെ വെട്ടിമുറിച്ചേപറ്റൂ എന്നാലേ നമുക്ക് രക്ഷയുള്ളൂ.

വീണ്ടും സംശയമുണർന്നു ആരാണീ തണൽവൃക്ഷം?

അതിലെന്തു സംശയം ഖദീജ തന്നെ അവളാണ് അവന്റെ ശക്തിയും സമ്പത്തും തണലുമെല്ലാം.

താങ്ങും തണലും മുറിച്ചു മാറ്റണം നമുക്ക് അതിനെന്താണൊരു പോംവഴി അതിശക്തമാണല്ലോ രണ്ടും ഖുറൈശികൾ സജീവമായ ചർച്ച തുടരുകയാണ്


റുഖിയ്യക്ക് വീണ്ടും മംഗല്യം


ഉമ്മു കുൽസൂമും റുഖിയ്യയും സ്വഭവനത്തിൽ കഴിയുന്നകാലം മകൾക്കനുയോജ്യമായ ഒരു വിവാഹം പെട്ടെന്ന് തന്നെ തരപ്പെടുത്താൻ തിരുനബി (സ) ആഗ്രഹിച്ചു.

പ്രവാചകർക്കെതിരെ ശത്രുക്കളുടെ ഉപദ്രവങ്ങളും എതിർപ്പുകളും അനുദിനം വർദ്ധിക്കുകയാണ്. പ്രതിസന്ധിഘട്ടത്തിലും മകൾ റുഖിയ്യയെ സ്വന്തം വീട്ടിൽ നിർത്തുന്നതിനോട് ഖദീജയ്ക്കും താത്പര്യമില്ല. അനുയോജ്യമായ വിവാഹം വേണമെന്ന് കുടുംബക്കാരും ആഗ്രഹിച്ചു. സത്യദീനിന്റെ പ്രബോധനം കാരണം ദാമ്പത്യം നഷ്ടപ്പെട്ടുപോയതിൽ റുഖിയ്യക്ക് ഒട്ടും പരിഭാവമില്ലായിരുന്നു.

മുത്ത് നബി (സ) ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് പുരുഷന്മാരിൽ അബൂബക്കർ സിദ്ദീഖ് (റ) എന്ന പ്രമുഖ വ്യാപാരി ആദ്യ വിശ്വാസിയായി ചേർന്നു ഉറ്റ കൂട്ടുകാരനായിരുന്നല്ലോ സിദ്ദീഖ് (റ).

സിദ്ദീഖ് (റ) മുഖേന നിരവധി പേർ ഇസ്ലാമിലേക്ക് കടന്നുവന്നു. എല്ലാപ്രതിബന്ധങ്ങളും ശത്രുതയും എതിർപ്പും അവഗണിച്ച് സത്യദീനിൽ അവർ ഉറച്ച വിശ്വാസം നേടി അവരിൽ പ്രമുഖനാണ് ഉസ്മാനുബ്നു അഫ്ഫാൻ (റ)
ഉസ്മാൻ (റ) വിന് റുഖിയ്യയെ വിവാഹം ചെയ്ത് കൊടുക്കാൻ മുത്തുനബിയും ഇഷ്ടപത്നിയും തീരുമാനിച്ചു സൽസ്വഭാവിയും സൗമ്യതയുടെ മൂർത്തീമത്ഭാവവുമായിരുന്നു ഉസ്മാൻ (റ).

ഉസ്മാൻ (റ) വിന് റുഖിയ്യാബീവി (റ) യെ വിവാഹം ചെയ്ത് കൊടുക്കാൻ ദൈവീക സന്ദേശം പ്രവാചകർക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇമാം സർഖാനി (റ) രേഖപ്പെടുത്തുന്നു (അൽ മവാഹിബ് 3:198) 




തിരുനബി (സ) യുടെ മുസ്ലിമായ ആദ്യ മരുമകൻ ഉസ്മാൻ (റ) ആകുന്നു. സൈനബ ബീവി (റ) ഭർത്താവ് അബുൽ ആസ് ഹിജ്റ എട്ടിനാണ് ഇസ്ലാം സ്വീകരിക്കുന്നത്.

ഉസ്മാൻ (റ), തിരുനബി (സ) യുടെ പിതൃകുടുംബവുമായി ബന്ധമുള്ള വ്യക്തികൂടിയാണ്. റസൂലിന്റെ (സ) പിതൃസഹോദരി ബൈളാഇന്റെ മകളാണ് ഉസ്മാൻ (റ) വിന്റെ മാതാവ്.

അർവാ ബിൻതു കുറൈസ് (റ) അർവാ (റ), റുഖിയ്യ ബീവിയെ വീട്ടിലേക്ക് സ്വീകരിച്ചിരുത്തി ചമയിച്ചു അണിയിച്ചൊരുക്കിയ മണവാട്ടിപ്പെണ്ണ് നാണംകുണുങ്ങി പടികടന്നെത്തിയപ്പോൾ ഉസ്മാൻ (റ) വിന്റെ സഹോദരി ആമിന (റ) അവരെ കൈപിടിച്ച് മണിയറയിലേക്ക് ആനയിച്ചു കൊണ്ടുപോയി. വളരെ സ്നേഹത്തോടെയും ആനന്ദത്തോടെയുമാണ് ബീവി അവിടെ കഴിഞ്ഞുകൂടിയത്.

പ്രഗൽഭനും പ്രശ്സതനും സമ്പന്നനുമായിരുന്നു ഉസ്മാൻ (റ) പ്രവാചകരുടെ മരുമക്കളുടെ കൂട്ടത്തിൽ ഏറ്റവും ധനികൻ ഉസ്മാൻ (റ) വാകുന്നു. ദുഷ്ടനായ അബൂലഹബിന്റെ പുത്രൻ ഉത്ബത്തിനെക്കാൾ നല്ല ഭർത്താവിനെ ലഭിച്ചതോടെ റുഖിയ്യ ബീവി (റ) അല്ലാഹുവിന് നന്ദി പറഞ്ഞു കൊണ്ട് ആത്മനിർവൃതിയടഞ്ഞു. മാതാവിനും പിതാവിനുമൊപ്പം ഭർതൃസഹോദരിയായ ആമിന മാത്രമേ അവിടെ റുഖിയ്യാക്ക് കൂട്ടിനുണ്ടായിരുന്നുള്ളൂ.

പിതാവ് അഫ്ഫാൻ ഇബ്നു അബുൽ ആസ്വ് ഉസ്മാൻ (റ) വിന്റെ നന്നേ ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു.പിന്നീട് മാതാവ് അർവ (റ) യെ ഉത്ബതുബ്നു അബീ മുഐത് വിവാഹം ചെയ്തു. അതിൽ പിറന്ന സഹോദരന്മാരാണ് വലീദ്, ഉമാറ, ഖാലിദ് എന്നിവർ ഉമ്മുകുൽസൂം, ഉമ്മു ഹക്കിം, ഹിന്ദ് എന്നിവർ സഹോദരിമാരും.

ഇത്താത്ത റുഖിയ്യയെ ഉസ്മാൻ (റ) വിന്റെ വീട്ടിലാക്കി തിരിച്ചു പോരാൻ ഉമ്മുകുൽസുവിനും ഫാത്വിമക്കും മനപ്രയാസം നേരിട്ടു. സൈനബ അവരെ കൈപിടിച്ചു തിരികെ നടന്നു. അങ്ങനെ നബി (സ) ഭവനത്തിൽ നിന്നും ഒരിടവേളക്ക് ശേഷം റുഖിയ്യയെ മറ്റൊരു വീട്ടിലേക്ക് പറിച്ചു നട്ടു.
ഉമ്മുകുൽസൂമിന് ഇത്താത്തയുടെ പുതിയ ജീവിതം സന്തോഷവും സമാധാനവും പകർന്നു അവർ ഇടക്കിടെ റുഖിയ്യയെ സന്ദർശിക്കുമായിരുന്നു


ഇസ്ലാമിലേക്ക്


മക്കയിലെ പർവ്വതക്കുന്നിനു മുകളിൽ ഹിറാ ഗുഹയിൽ തിരുനബി (സ) പ്രാർത്ഥനയിൽ കഴിയുന്ന കാലം. ഏകാന്തവാസത്തിനും, സ്വസ്ഥമായ ആരാധനാ സൗകര്യത്തിനും ഏറ്റവും യോജിച്ച സ്ഥലമാണ് ഹിറാ ഗുഹയെ തിരുനബി (സ) തിരഞ്ഞെടുത്തത് മാത്രമല്ല കഅ്ബാശരീഫിലേക്കുള്ള ദർശനത്തിനും ഇവിടെ സൗകര്യമുണ്ടായിരുന്നു.

ജിബ്രീൽ (അ) വന്ന് വായിക്കുക, എന്ന് തുടങ്ങുന്ന വിശുദ്ധ ഖുർആനിന്റെ ആദ്യവചനങ്ങൾ ഓതികേൾപ്പിച്ചപ്പോൾ ഹബീബ് (സ) വിറച്ചു അവസാനം ജിബ്രീൽ തന്നെ സൂറത്തുൽ അലഖിന്റെ ആദ്യഭാഗങ്ങൾ ഓതികേൾപ്പിച്ച് കൊടുത്തു. പനിച്ചു വിറച്ച് വീട്ടിലെത്തിയപ്പോൾ ബീവി ഖദീജ (റ) യോട് പറഞ്ഞു എന്നെ പുതപ്പിക്കൂ..... എന്നെ പുതപ്പിക്കൂ ഖദീജാ.......

മാതൃകാപരമായ പരിചരണവും സാന്ത്വനസ്പർശവും ആശ്വാസവചനങ്ങളുമാണ് ഈ അവസരത്തിൽ ബീവി ഖദീജ (റ) നിർവഹിച്ചത്. ഉമ്മുകുൽസുവിന്റെ മാതാവ് ഖദീജ (റ) ദാമ്പത്യത്തിന്റെ മഹനീയ മാതൃകകൾ പകർന്ന വനിതയാണ്. തന്റെ വീട്ടിൽ നിന്നും നാലു മൈൽ നടന്ന് നീങ്ങിയ ശേഷം ബീവി ഖദീജ (റ) ചെങ്കുത്തായ, പടവുകളില്ലാത്ത ഹിറാമല കയറുന്നത് എത്ര സാഹസപ്പെട്ടായിരുന്നു.....

നിരപ്പിൽ നിന്ന് എണ്ണൂറ്റിഅറുപത്തി ആറ് മീറ്റർ മുകളിലുള്ള ഭീതിദമായ ഗുഹയിൽ ഒറ്റക്ക് പലവട്ടം ഭക്ഷണ സാധനങ്ങളുമായി കയറിയിറങ്ങിയിട്ടുണ്ട് അമ്പത്തിയഞ്ചുകാരിയായ ഖദീജ (റ).

ഹിറാ ഗുഹയിൽ ആരാധന കഴിഞ്ഞു മടങ്ങിവരാറുള്ള പ്രിയതമനെ നിശ്ചിത സമയം ഖദീജ (റ) കാത്തിരിക്കും. നേരം വൈകുമ്പോൾ വഴിയിലേക്ക് നോട്ടമിട്ട് കാത്തിരിക്കും. പ്രതീക്ഷിച്ച സമയവും കഴിഞ്ഞാൽ ഇറങ്ങി പുറപ്പെടും. ഹിറാ പർവ്വതത്തിന്റെ താഴ് വരയിൽ മേലോട്ട് നോക്കി കുറേസമയം കാക്കും. മലകയറാൻ തുടങ്ങുമ്പോഴേക്കും മിക്കവാറും ദിവസങ്ങളിൽ റസൂൽ (സ) താഴോട്ടിറങ്ങി വരുന്നത് കാണും.

ശാന്തമായ താഴ് വരയിൽ ചിലപ്പോൾ ഇരുവരും രാപ്പാർക്കും. പ്രഭാതമായാൽ ബീവി കൊണ്ടുവന്ന ഭക്ഷണ സാധനങ്ങളുമായി പ്രവാചകൻ (സ) മലകയറും. ഇത്തരം രാത്രികളിൽ നബി (സ) യും ഖദീജ (റ) യും താമസിച്ച പുണ്യ സ്ഥാനത്താണ് ഇന്ന് മസ്ജിദുൽ ഇജാബ എന്ന പള്ളി സ്ഥിതി ചെയ്യുന്നത്.

ഹിറാ ഗുഹയിലെ വിശേഷങ്ങളെല്ലാം ബീവി ഖദീജ (റ) യോട് പ്രിയതമൻ വന്ന് പറയുമായിരുന്നു.

ഒരു ദിവസം വന്നപ്പോൾ പറഞ്ഞു ഖദീജ..... ഞാൻ തനിച്ചാകുമ്പോൾ ചില ശബ്ദങ്ങൾ കേൾക്കുന്നു യാ..... മുഹമ്മദ്..... യാ..... മുഹമ്മദ് എന്ന് വിളിക്കുന്നത് കേൾക്കും. പരിസരം മുഴുവൻ നോക്കിയാലും ആരേയും കാണില്ല എന്നാൽ മറ്റു ചില അവസരങ്ങളിൽ ഒരു പ്രത്യേക പ്രകാശം കാണും ഇതൊന്നും ഉറക്കത്തിലല്ല..... ഉണർച്ചയിൽ തന്നെ.

ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് അറിയുമ്പോൾ പരിഭ്രമചിത്തനായ പ്രിയതമനെ ബീവി ഖദീജ (റ) സമാശ്വസിപ്പിക്കും.

'എന്റെ ആത്മാവ് നിയന്ത്രിക്കുന്ന നാഥനാണ് സത്യം പ്രിയേ..... വിഷമകരമായ യാതൊന്നും അങ്ങേയ്ക്ക് സംഭിവിക്കില്ല. അല്ലാഹുവാണെ, സത്യം അങ്ങ് വിശ്വസ്തനാണ്, കുടുംബബന്ധങ്ങൾ പുലർത്തുന്നവനാണ്, സത്യം മാത്രം പറയുന്നവനാണ്, നന്മയുടെ വഴികളിൽ സഹായിക്കുന്നവനാണ് ' പ്രിയ സഖിയുടെ വാക്ക് ഹബീബ് (സ) യ്ക്ക് സമാധാനം പകരും.

ദിവ്യസന്ദേശങ്ങൾ ലഭിച്ചപ്പോൾ പരിഭ്രമിച്ച റസൂൽ തിരുമേനി (സ) യെ ബീവി ഖദീജ സമാശ്വസിപ്പിച്ചു. വറഖതുബ്നു നൗഫൽ എന്ന വേദ പണ്ഡിതനെ സമീപിച്ചു കാര്യങ്ങൾ വിവരിച്ചു. അദ്ദേഹം പ്രവാചകത്വത്തെക്കുറിച്ചും തുടക്കത്തിൽ നേരിടേണ്ട പ്രതിസന്ധികളെക്കുറിച്ചും വരാൻ പോവുന്ന സന്തോഷവാർത്തകളെക്കുറിച്ചും പറഞ്ഞു.

പ്രബോധന വേളയിലുണ്ടാവുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ പ്രവാചകർക്ക് എല്ലാ പിന്തുണയും സഹായവും വറഖത്ബ്നു നൗഫൽ വാഗ്ദാനം ചെയ്തു പക്ഷേ, അപ്പോഴേക്കും വറഖത് (നുബുവ്വത്തിന്റെ നാലാം വർഷം) ദിവംഗതനായി.

ഖദീജ ബീവി (റ) ഭർത്താവിന്റെ മതത്തിലേക്ക് ആദ്യമായി കടന്നുവന്നു.ഉമ്മയുടെ വഴിയേ ഉമ്മുകുൽസൂം (റ) യും ഇസ്ലാം മതം വിശ്വസിച്ചു സത്യത്തിന്റെയും ധർമ്മത്തിന്റെയും സനാത മൂല്യങ്ങളുടെയും സരണിയിലേക്ക് അവർ എത്തിപ്പെട്ടു. നബി പുത്രിമാർ മുഴുവനും ഇസ്ലാമിൽ അംഗങ്ങളായി ചേർന്നു.


ആദ്യ നിസ്കാരം


പ്രഭാതം പൊട്ടി വിടർന്നു. ഉമ്മുകുൽസും (റ) പതിവിലും നേരത്തെ ഉണർന്നു ദാമ്പത്യത്തിന്റെ ആനന്ദനാളുകൾ കടന്നു വരുന്നത് കാത്തിരിക്കുന്നതിനിടയിലാണ് പ്രശ്നങ്ങൾ തലപൊക്കിയത്.

വിശുദ്ധ മതത്തിന്റെ പ്രബോധനത്തിന് വേണ്ടി ഉപ്പ ഇറങ്ങിപ്പുറപ്പെട്ടതാണ് എല്ലാത്തിനും അല്ലാഹുവിന്റെ കൽപന നിർവ്വഹിക്കു മാത്രമല്ലേ ഉപ്പ മുഹമ്മദുറസൂലുല്ലാഹി (സ) ചെയ്തത് അതോർക്കുമ്പോൾ ഉമ്മുകുൽസൂവിന് സമാധാനം.

അന്നൊരിക്കൽ ജിബ്രീൽ (അ) വന്നു പതിവുപോലെയല്ല ഇത്തവണയെത്തിയത് മനോഹരമായ വേഷത്തിലും രൂപത്തിലും ഭാവത്തിലുമാണ് വന്നണഞ്ഞിരിക്കുന്നത്. ഹിറാ പർവ്വതത്തിൽ തിരുനബി (സ) പ്രാർത്ഥനയിൽ കഴിയുമ്പോഴായിരുന്നു വരവ്.

ജിബ്രീൽ (അ) പറഞ്ഞു യാ.....മുഹമ്മദ്...... അല്ലാഹു താങ്കൾക്ക് അഭിവാദ്യം പറഞ്ഞിരിക്കുന്നു...... അല്ലാഹു താങ്കളോട് പറയുന്നു താങ്കൾ മനുഷ്യ ഭൂതവർഗത്തിലേക്കുള്ള എന്റെ സത്യദൂതനാകുന്നു. അല്ലാഹുവിന്റെ ഏകത്വത്തിലേക്കും താങ്കൾ അല്ലാഹുവിന്റെ സത്യദൂതനാണെന്ന സന്ദേശത്തിലേക്കും അവരെ താങ്കൾ ക്ഷണിക്കുക, പിന്നീട് ജിബ്രീൽ (അ) ഹിറാ ഗുഹയിൽ തന്റെ കാലുകൊണ്ട് നിലത്തൊന്നടിച്ചു ഹിറാ ഗുഹയിൽ നിന്നും ജലം പ്രവഹിക്കാൻ തുടങ്ങി.

ജിബ്രീൽ (അ) ആ വെള്ളം ഉപയോഗിച്ച് അംഗശുദ്ധി വരുത്തി. തിരുനബി (സ) യെ വുളൂഅ് പഠിപ്പിക്കാൻ വന്നതാണ്. ജിബ്രീൽ ഇപ്രകാരം വുളൂഅ് ചെയ്യാൻ ജിബ്രീൽ ആവശ്യപ്പെടുകയും ചെയ്യാം.

എല്ലാം നോക്കി നിൽക്കുകയായിരുന്നു തിരുനബി (സ), ജിബ്രീലിന്റെ വുളൂഅ് പോലെ തിരുനബി (സ) യും വുളൂഅ് ചെയ്തു ജിബ്രീൽ (അ) നിസ്കാരത്തിലേക്ക് പ്രവേശിക്കുകയാണ് പിന്നീട് ചെയ്തത് തന്നെ അനുഗമിച്ച് നിസ്കരിക്കാൻ നബിയോടാവശ്യപ്പെട്ടു.

വിശുദ്ധ കഅ്ബാലയത്തിലേക്ക് അഭിമുഖമായി നിന്ന് നിസ്കാരമാരംഭിച്ചു. ശേഷം വാനലോകത്തേക്ക് ഉയർന്ന് പോയി ജിബ്രീൽ (അ)
ഇതു കഴിഞ്ഞ് ഹിറാ പർവ്വതമിറങ്ങി വീട്ടിലേക്ക് പുറപ്പെട്ടപ്പോൾ വഴിയിൽ ഓരോ കല്ലും മരവും സ്നേഹപൂർവ്വം നബി (സ) യെ അഭിസംബോധന ചെയ്യുന്നു,

അസ്സലാമു അലൈകും യാറസൂലുല്ലാഹ്.

വീട്ടിലെത്തി വിവരങ്ങളെല്ലാം ഖദീജയോട് പറഞ്ഞു അൽപ്പസമയം കഴിഞ്ഞു സംസം കിണറിനരികിലേക്ക് ഖദീജയെയും കൂട്ടി തിരുനബി (സ) വന്നു. പ്രിയതമക്ക് വുളൂഅ് പഠിപ്പിച്ചു കൊടുത്തു ബീവിയും വുളൂഅ് ചെയ്തു പൂർത്തിയാക്കി.

ഇരുവരും ചേർന്നു കഅ്ബാലയത്തിന്റെ മുറ്റത്ത് വെച്ച് നിസ്കരിച്ചു ആദ്യം നബി (സ) യെ വിശ്വസിച്ചത് ഖദീജ, സ്ഥൈര്യം പകർന്ന ആദ്യവനിത ആദ്യമായി നബി (സ) ക്കൊപ്പം വുളൂഅ് ചെയ്തു, ആദ്യമായി ഒപ്പം നിസ്കരിച്ചു ബീവിയുടെ വഴിയിൽ പ്രിയപുത്രിമാരും ഇപ്രകാരം വിശുദ്ധ മതത്തിലംഗമായി മതകർമ്മങ്ങൾ തുടങ്ങി.


ബഹിഷ്ക്കരണം


ഇത്താത്ത റുഖിയ്യയും ഉസ്മാൻ (റ) വുമായുള്ള വിവാഹം നടന്നു കളികൂട്ടുകാരിയായ റുഖിയ വീട്ടിൽ നിന്നും പടിയിറങ്ങിയപ്പോൾ വീട് വിജനമായതുപോലെ ഉമ്മുകുത്സുവിന് തോന്നി. ഫാത്വിമക്കൊപ്പം കളിക്കാനും ബഹളം കൂടാനും ഇനി റുഖിയ്യുഉണ്ടാവാത്തത് ഉമ്മുകുത്സുമിനെ അസ്വസ്ഥയാക്കി.

നാളുകൾ നീങ്ങി റുഖിയ്യ ഇടയ്ക്കിടെ കാണാൻ വരൽ പതിവായി ഉമ്മക്കും ഉപ്പക്കുമൊപ്പം കഴിയാൻ വേണ്ടി റുഖിയ്യ വരുന്നതറിഞ്ഞാൽ ഉമ്മുകുത്സുമിന് അത്യാവേശമാണ്.

പ്രവാചകരായ ഉപ്പക്കെതിരെ ഉപദ്രവങ്ങൾ മൂർച്ഛിക്കുകയാണ്. എത്യോപ്യയിലേക്ക് മുസ്ലിം സുഹൃത്തുക്കൾ പലായനത്തിനൊരുങ്ങി. കൂട്ടത്തിൽ റുഖിയ്യതാത്ത അളിയനൊപ്പം പോവുന്നതറിഞ്ഞപ്പോൾ ഉമ്മുകുൽസൂം ആകെ തളർന്നു. മറ്റൊരു വീട്ടിലെത്തിയെങ്കിലും ഇടക്കിടെ കാണാനും കളിക്കാനും ബന്ധം പുതുക്കാനുമൊക്കെ ഇതുവരെ കഴിഞ്ഞിരുന്നു.

ഇനി എത്യോപ്യയിലേക്ക് കടൽ കടന്ന് കപ്പലിലൂടെ അന്യരാജ്യത്തേക്കാണ് ഇത്താത്തപോകുന്നത്. ഓർത്തപ്പോൾ ഉമ്മുകുൽസൂം പാടെ തളർന്നു വിഷണ്ണയായിത്തീർന്നു. തൊട്ടടുത്തകട്ടിലിലേക്ക് അവർ ചാഞ്ഞു കിടക്കുകയായിരുന്നു ഇത്താത്ത യാത്ര പറയാൻ വന്നപ്പോൾ അത്രക്കും സ്നേഹബന്ധമായിരുന്നു ആ മക്കൾക്ക്.

ഫാത്വിമയ്ക്കൊപ്പം കഴിയുന്നതിനിടയിലാണ് ബഹിഷ്ക്കരണാഹ്വാനവുമായി കഅ്ബയിൽ ശത്രുക്കൾ തമ്പടിച്ചത്. നബി കുടുംബത്തെയും മുസ്ലിമീങ്ങളെയും അബൂത്വാലിബ് താഴ് വരയിൽ ഭക്ഷണവും വസ്ത്രവുമൊന്നുംതന്നെ നൽകാതെ ബഹിഷ്ക്കരിക്കുകയാണവർ. മുസ്ലിംമീങ്ങളുമായി എല്ലാവിധ വ്യാപാരബന്ധവും ഉപേക്ഷിക്കാനവർ തീരുമാനിച്ചു.

ഖദീജബീവിയും മക്കളായ ഫാത്വിമയും ഉമ്മുകുത്സൂമും പ്രവാചകർക്കൊപ്പം ശിഅ്ബ് അബൂത്വാലിബിൽ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്.

ഉമ്മ ഖദീജാബീവിയുടെ തറവാട്ടുകാരായ ബനൂസഅദ് കുടുംബങ്ങൾ വല്ലപ്പോഴും ഒട്ടകപ്പുറത്ത് ഭക്ഷണസാധനങ്ങൾ കെട്ടിവെച്ച് മലഞ്ചെരുവിന്റെ താഴ് വരയിലൂടെ ശിഅ്ബിലേക്ക് തെളിച്ച് വിടും. അങ്ങിനെ രഹസ്യമായി ലഭിക്കുന്ന ഭക്ഷണ സാധനങ്ങളാണ് അവർക്കാശ്വാസം നൽകിയിരുന്നത്.

മിക്കപ്പോഴും പട്ടിണിതന്നെ. പച്ചിലകൾ ഭക്ഷിച്ച് ആടുകളുടെ വിസർജ്യം പോലെയാണ് പലപ്പോഴും അവർ വിസർജിച്ചിരുന്നത്.
നിസ്സഹായരായി കഴിയുന്ന ഉമ്മയുടെയും ഉപ്പയുടെയും മുഖത്തേക്ക് നോക്കി പലപ്പോഴും ഉമ്മുകുത്സൂമിന് കരയേണ്ടി വന്നിട്ടുണ്ട്.

അന്നൊരിക്കൽ ഫാത്വിമക്കും ഉമ്മുകുത്സൂമിനുമൊപ്പം മലഞ്ചെരുവിൽ കഴിയുന്നതിനിടയിൽ വർത്തമാനങ്ങളോരോന്നും മക്കളോട് പറയുകയാണ്. ഉമ്മ ഖദീജാബീവി (റ) ക്ക് മാത്രം നൽകിയ നിരവധിമഹത്വങ്ങളും ശ്രേഷ്ഠതകളുമുണ്ട്. അവ ഓരോന്നായി ഓർത്തോർത്ത് പറയുന്നതിനിടയിൽ ഖദീജാബീവി (റ) യുടെ വാക്കുകൾ വിക്കി വിക്കി വരാൻ തുടങ്ങി.

ഇടറിയ ശബ്ദം......... വിറക്കുന്ന അധരങ്ങൾ......നിറഞ്ഞു തുളുമ്പിയ കണ്ണുകൾ......

ഉമ്മയുടെ ശബ്ദവ്യതിയാനം ചാരത്തിരുന്ന് കഥ കേൾക്കുന്ന ഉമ്മുകുത്സൂമിനെയും ഫാത്വിമയെയും സങ്കടത്തിലാക്കി. ഉമ്മുകുത്സൂമിന്റെയും നയനങ്ങൾ സജലങ്ങളായി രണ്ടിറ്റ് നീർതുള്ളികൾ പുറകണ്ടം ചാടാൻ വെമ്പൽ കൊള്ളത്തതിനിടയിൽ ഉമ്മയുടെ ഭാവമാറ്റങ്ങൾ ഉമ്മുകുത്സൂമിനെ അഗാധഖിന്നയാക്കി.

വിറക്കുന്ന അധരങ്ങൾ അടക്കിപിടിച്ചുകൊണ്ട് കൈകൾ ഇറുക്കിപിടിച്ചു ഉമ്മുകുൽസൂം ചോദിച്ചു:

എന്റുമ്മാ...... എന്തിനാണുമ്മ കരയുന്നത്....? ഉമ്മക്ക് ഉമ്മുകൂത്സൂമിന്റെ സങ്കടം സഹിച്ചില്ല. മറുപടി പറഞ്ഞാശ്വസിപ്പിക്കണമെന്നുണ്ട് അല്ലെങ്കിലും ഇളം മനസാണവൾക്ക് സങ്കടം വന്നാൽ കരയും. പറയാൻ പ്രയാസമുണ്ടെങ്കിലും ഒരുവിധം മകളെ സമാശ്വസിപ്പിച്ച് പറഞ്ഞു: മോളെ..... വർഷങ്ങൾ ഏറെ കഴിഞ്ഞു തീർന്നില്ലേ.....?

എന്റെ ജീവിതം അസ്തമിക്കാറായിരിക്കുന്നു...........

ഫാത്വിമ ഇത് കണ്ട് അടങ്ങിയില്ല അവർ അന്വേഷിച്ചു:
ഉമ്മാക്ക് വല്ല ദുഃഖവും ഉണ്ടോ...? ഖദീജാ (റ) പറഞ്ഞു: ഇല്ല മോളേ...., അല്ലാഹുവാണേ, എനിക്കൊരു ദുഃഖവുമില്ല, എനിക്കിവിടെ ഖുറൈശികൾക്കിടയിൽ വെച്ച് ലഭിച്ച മഹത്വം മറ്റൊരു പെണ്ണിനും അവകാശപ്പെടാനില്ല. മാത്രമല്ല, ലോകത്തൊരു പെണ്ണിനും കിട്ടാത്തത്ര വലിയ സ്ഥാനമാനങ്ങളും സൗഭാഗ്യങ്ങളും ലഭിച്ചവളാണ് ഞാൻ. ഇനി ഭൗതികലോകത്ത് ഞാൻ തിരുനബി (സ) യുടെ ഇഷ്ടപത്നിയാണ് പാരത്രിക ലോകത്തോ, പ്രഥമ മുസ്ലിം സ്ത്രീരത്നവുമാണ്.

ഖദീജഃ (റ) യുടെ മുഖകമലങ്ങളിലൂടെ കണ്ണീർചാലുകൾ പ്രവഹിക്കുന്നത് കണ്ട് ഉമ്മുകുത്സൂമിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു നാഥാ..... നിന്റെ സന്നിധാനത്തിലെത്തുന്നത് എനിക്ക് വെറുപ്പുള്ള വിഷയമേയല്ല, എന്നാലും നീ തന്ന അനുഗ്രഹത്തിന് നന്ദി പറയാൻ അവസരം ഇനിയും ലഭിക്കാനാണെന്റെ ആശ. കണ്ണിർ തുടച്ചുകൊണ്ട് മകളെ സാക്ഷിനിർത്തി ലോകത്തിന് മാതൃകയായ മാതാവ് പറഞ്ഞു


മലഞ്ചെരുവിൽ




മുഹാജിറുകൾ ഖുറൈശികളുടെ കണ്ണുവെട്ടിച്ച് മക്കയിൽനിന്നും യാത്രയായി നഗരിയുടെ ഓരങ്ങളിലൂടെ ഈന്തപ്പന തോട്ടങ്ങളുടെ മറവിലൂടെ അവർ കടപ്പുറത്തെത്തി.

തിരമാല അതിശക്തമായി ആഞ്ഞടിക്കുന്നു ഒപ്പം ഹൃദയഹാരിയായ കടൽക്കാറ്റും.

ഒരു വലിയ കപ്പൽ ദിശതെറ്റി വരികയാണെന്ന് തോന്നുന്നു. സ്വഹാബിമാർ മാടിവിളിച്ചു കരക്കണഞ്ഞപ്പോൾ എല്ലാവരും കയറി.

കപ്പിത്താൻ കപ്പൽ മുന്നോട്ട് ചലിപ്പിച്ചു ഉസ്മാന്റെ ശരീരത്തോടൊട്ടിയാണ് റുഖിയ്യാബീവി ഇരിക്കുന്നത്, ഗർഭിണിയാണ് റുഖിയ്യ.

കനത്തകാറ്റിൽ പായക്കപ്പൽ ആടിയും ഉലഞ്ഞും മുന്നോട്ട് നീങ്ങി. ആദ്യമായാണ് സമുദ്രത്തിലൂടെ യാത്ര ചെയ്യുന്നത്.
നിലാവിന്റെ വെളിച്ചത്തിൽ റുഖിയ്യ പ്രിയതമന്റെ കൈ ഇറുക്കിപ്പിടിച്ചു. ഒത്തിരിനേരം അവർ സംസാരിച്ചു. ഏറെ യാത്രക്ക് ശേഷം അവർ എത്യോപ്യയിലെത്തി.

റുഖിയ്യയുടെ ഗർഭം അപ്പോഴേക്കും അലസിപ്പോയിരുന്നു. യാത്ര ക്ലേശകരമായതുകാരണം നല്ല ഇളക്കം സംഭവിച്ചിരുന്നു.

ഖുറൈശികൾ മുസ്ലിംകളെയും തേടി കടപ്പുറത്തെത്തി പക്ഷെ, സ്വഹാബികളെ അവർക്ക് കണ്ടെത്താനായില്ല. ഖുറൈശികൾ തിരികെ മക്കയിൽ വന്നു ഇനിയെന്തു ചെയ്യണമെന്ന ചിന്തയിലവരുടെ ചിത്തം പുകഞ്ഞു.

എല്ലാവരും ഒത്തുചേർന്നപ്പോൾ ചിലർ പറഞ്ഞു നമുക്ക് മുഹമ്മദിനെ കൊല്ലണം വേറെ ചിലർ പറഞ്ഞതിങ്ങനെ:

നമുക്ക് ഖദീജയെയും അബൂത്വാലിബിനെയും ആദ്യം കൊല്ലണം

മറ്റൊരു യുവാക്കളെഴുന്നേറ്റു ചോദിച്ചു ?

ഇവരെ നമുക്ക് കൊല്ലണം. ഒപ്പം ഹാശിമിന്റെയും മുത്വലിബിന്റെയും കുടുംബത്തെയഖിലം വധിച്ചു കളഞ്ഞാലെന്താ?

അവസാനം ബഹിഷ്കരിക്കാനാണ് ഖുറൈശി കാരണവർ അഭിപ്രായപ്പെട്ടത്. സാമൂഹ്യമായും സാമ്പത്തികമായും മുസ്ലിംകളെ ഒറ്റപ്പെടുത്തണം. അവരുമായുളള എല്ലാ ഇടപാടുകളും നിർത്തലാക്കണം.

അതുകൊണ്ടെന്ത് പ്രയോജനം?

യുവാക്കളുടെ സംശയം അബൂജഹൽ നിവാരണം നടത്തി. വിശന്ന് വലഞ്ഞ് ഒന്നുകിൽ അവർ ചത്തൊടുങ്ങും അല്ലെങ്കിൽ മുഹമ്മദിനെയും വിട്ട് മലഞ്ചെരുവിൽ നിന്നവർ സഹായമഭ്യർത്ഥിച്ചുവരും.

എല്ലാവരും കാരണവന്മാരുടെ അഭിപ്രായം പിന്താങ്ങി. ഉടനെ ബഹിഷ്കരണ പത്രിക എഴുതിതയ്യാറാക്കി. മുസ്ലിംകളുമായി എല്ലാ ബന്ധവും ഇടപെടലുകളും നിർത്തിവെക്കാനുള്ള പത്രി കഅ്ബയുടെ ചുമരിൽ തൂക്കിയിട്ടു.

ഹാശിം മുത്വലിബ് കുടുംബത്തെ ബഹിഷ്കരിക്കുന്ന പ്രഖ്യാപനം നിലവിൽ വരും മുന്നേ ഖുറൈശികൾ അബൂത്വാലിബിനെയും മറ്റും വിളിച്ച് ചർച്ച നടത്തി.

പക്ഷേ, വിശന്നു വലഞ്ഞു മരിക്കേണ്ടി വന്നാലും മുഹമ്മദിനെ കയ്യൊഴിയാൻ തയ്യാറല്ലെന്നവർ പ്രഖ്യാപിച്ചു.

നബികുടുംബം ശിഅ്ബി (മലഞ്ചെരുവ്) ലേക്ക് നീങ്ങി താമസിക്കാൻ വേണ്ട ഭക്ഷണവും വസ്ത്രവുമെല്ലാം എടുത്തു കൊണ്ടു വന്നു. എല്ലാവരും ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു. ഖുറൈശികളിൽ നിന്നൽപ്പം അകലെ മാറിയാണ് മലഞ്ചെരുവ് സ്ഥിതി ചെയ്യുന്നത്.

ഖദീജാബീവിയും (റ) കുടുംബവും ഭക്ഷണവസ്തുക്കളെടുത്ത് ശിഅ്ബിലേക്ക് നീങ്ങി. ഈത്തപ്പഴങ്ങൾ കെട്ടിവെച്ച് ഉമ്മുകുൽസൂം തൂക്കിപ്പിടിച്ചു ഫാത്വിമ മുന്തിരിക്കൊട്ടയെടുത്തു അവർ ശിഅ്ബിൽ തമ്പടിച്ചു എല്ലാവരും ഒത്തുകൂടി.

ഖുറൈശികൾ ചന്തകളിൽ ഇറങ്ങി നടന്നു. മുഹമ്മദിനും അനുയായികൾക്കും ഒന്നും നൽകുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്നവർ ഭീഷണിപ്പെടുത്തി.

ഖാഫിലകൾ കച്ചവടച്ചരക്കുമായി വരുന്നത് വിദൂരതയിൽ നിന്നു കാണുമ്പോൾ തന്നെ യുവാക്കളെ മാടിവിളിക്കും, മലഞ്ചെരുവിന്റെ ഭാഗം വിട്ട് മറ്റു വഴികളിലേക്കവരെ തെളിച്ചുവിടും.

ബനൂഹാശിം ബനൂമുത്വലിബ് കുടുംബം തമ്പടിച്ച ശിഅ്ബിലേക്ക് അവരുടെ കുടുംബാംഗങ്ങളായ അബൂലഹബിന്റെ കുടുംബം പോകാൻ നിന്നില്ല. അവർ കുടുംബമായി എല്ലാ ബന്ധവും വിച്ഛേദിക്കുകയായിരുന്നു.

ഉക്കാളയിലും ദിൽമജാസിലുമെല്ലാം അബൂലഹബ് വന്നുറക്കെ പറയും: വ്യാപാരികളേ, മുഹമ്മദിന്റെ അനുയായികൾക്കൊന്നും നിങ്ങൾ വിൽക്കരുതേ വിറ്റാൽ ഭീമമായ നഷ്ടം സഹിക്കേണ്ടി വരും തീർച്ച.

ദിവസങ്ങൾ ധൃതിയിൽ മുന്നോട്ടു നീങ്ങി. കയ്യിലുള്ള വിഭവങ്ങളെല്ലാം ഭക്ഷിച്ചു കഴിഞ്ഞു. കൊണ്ടുവന്ന ഭക്ഷണങ്ങളെല്ലാം തീർന്നു. സ്ത്രീകളും പുരുഷന്മാരും പട്ടിണിയിലായി. കുട്ടികൾ വിശപ്പ് സഹിക്കാനാവാതെ വാവിട്ടു കരയാൻ തുടങ്ങി. മലഞ്ചെരുവിന്റെ പിന്നാമ്പുറങ്ങളിലെ വീടുകളിൽ കരച്ചിലിന്റെ സ്വരമെത്തി.

പക്ഷെ ആ വീട്ടുകാരുടെയൊന്നും മനസ്സലിഞ്ഞില്ല. നബി (സ) കുടുംബം പട്ടിണികിടന്ന് എരിപൊരി കൊള്ളുന്നത് അവർ ആകാംക്ഷയോടെ നോക്കിനിന്നു. വിശന്നു വലഞ്ഞ് മരണം വരിക്കുന്നതും കാത്തവർ നാളുകൾ എണ്ണി.

മലഞ്ചെരുവിന്റെ മധ്യഭാഗത്തായിരുന്നു ഖദീജാബീവി (റ) യുടെ താമസം. അവർ അവശേഷിച്ച ഭക്ഷ്യവസ്തുക്കളെല്ലാമെടുത്ത് കുട്ടികൾക്കു നൽകി. അവരുടെ കരച്ചിലടക്കി അതുകൊണ്ട് നബിയും (സ)  ഖദീജയും (റ) ആത്മസംതൃപ്തി പൂണ്ടു.

നാളേക്ക് ഒന്നും ബാക്കിയില്ലെങ്കിലും വിശന്ന് വലയുന്നവരെ ഭക്ഷിപ്പിക്കുന്നതിൽ അവർ ആത്മസായൂജ്യരായി. രഹസ്യമായി ഭക്ഷണസാധനങ്ങൾ മലഞ്ചെരുവിലെത്തിക്കാൻ പലരെയും ഖദീജാബീവി (റ) ഏർപ്പാടു ചെയ്തു. അവർ സാധനങ്ങൾ വാങ്ങി ഖദീജയെ (റ) ഏൽപ്പിക്കും ആരും കാണാതെ രഹസ്യമായാണവർ കൊണ്ടുവരിക. അല്ലെങ്കിൽ രാത്രി സമയം എല്ലാവരും സുഖനിദ്രയിൽ മുഴുകുമ്പോഴാണവരുടെ വരവ്.

ചില ഖുറൈശികൾ ഖദീജയുടെ (റ) ദൂതന്മാർ പോയി വരുന്നത് കണ്ടെങ്കിലും അവർ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പലർക്കും ഖദീജാബീവിയെ (റ) പേടിയായിരുന്നു. ഉന്നത കുലജാതയും ധനാഢ്യയുമായ അവരുടെ വ്യാപാരത്തിലും മറ്റും സഹകരിച്ച് സമ്പാദിച്ചവരാണ് പല ഖുറൈശികളും ധാരാളം സഹായം സ്വീകരിച്ചവർ വേറെയുമുണ്ട്.

ഖദീജാബീവിയോട് (റ) ബാധ്യതകളുള്ള പലരും ഭക്ഷണവുമായി വരുന്നവരെ തടയാതെ കണ്ടില്ലെന്ന ഭാവത്തിൽ മാറിനിന്നു.

സമയം രാത്രിയായി ഏറെ കൂരിരുട്ടുള്ള രാത്രി പാതിര ഒരു വേലക്കാരൻ ഒരു മുന്തിരിക്കൊട്ടയും ചുമന്ന് വരുന്നു. ഖദീജയുടെ (റ) അടിമയായിരുന്നു അത് തൊട്ടുപിന്നിൽ ഒരു അമുസ്ലിം സുഹൃത്തും നടന്നുവന്നു.

വിദൂരതയിൽ നിന്ന് ആളനക്കം കേട്ട ഭാഗത്തേക്ക് ഓടിയെത്തിയ അബൂജഹൽ അടിമയെ കണ്ടു ഉടനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു ക്രുദ്ധനായി അവൻ പറഞ്ഞു:

നീയെന്താണീ കാണിക്കുന്നത്? ഒന്നുകിൽ തിരിച്ചു വരിക, അല്ലെങ്കിൽ വിശന്നുമരിക്കുക അതുവരെ ഇവരുമായി യാതൊരു ബന്ധവും പാടില്ലെന്ന് നിനക്കറിയില്ലെടാ.

തന്ത്രശാലിയായ അടിമ സൂത്രമൊപ്പിച്ചു ഇത് ഞാൻ മുമ്പ് ഖദീജയോട് (റ) കടം വാങ്ങിയതായിരുന്നു തിരിച്ചേൽപ്പിക്കാൻ പോവുകയാണ്.
അവർക്കുള്ള കടം ഇനിയും കൊടുത്തു വീട്ടാനാണോ നിന്റെഭാവം?
കോപാകുലനായ അബൂജഹൽ ഇതും ചോദിച്ച് സ്ഥലം വിട്ടു.

നേരെ ഖുറൈശി കാരണവരുടെ വീട്ടിൽ ചെന്ന് വിളിച്ചുണർത്തി വിവരങ്ങളെല്ലാം പറഞ്ഞശേഷം അബൂജഹ്ൽ പറഞ്ഞു. എല്ലാ കുതന്ത്രത്തിന്റെയും പിന്നിൽ ഖദീജയാണ്. നമുക്കിനി ഖദീജയെ കൊന്നേ പറ്റു. അവളുടെ കുടുംബത്തെയും കൊല്ലണം. നിങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം നമുക്ക് വേണ്ടതു ചെയ്യാമെന്നും പറഞ്ഞ് അബൂജഹ്ൽ വീട്ടിലേക്ക് തിരിച്ചു.

മൂന്നു വർഷക്കാലം ഉപരോധം നീണ്ടുനിന്നു. മുഴുപ്പട്ടിണിയിൽ ഖദീജാബീവിയാണ് (റ) അവർക്കെല്ലാം സഹായമായത്. ആ കരങ്ങളിൽ നിന്നു മാത്രമാണവസാനം വിശപ്പകറ്റാനവർക്ക് വല്ലതും ലഭിച്ചത്.

മലഞ്ചെരുവിലെ കുട്ടികൾക്ക് ഗോതമ്പും ഈത്തപ്പഴവും കൊടുക്കുമ്പോൾ അവരുടെ വയറ് പലപ്പോഴും ശൂന്യമായി ഒട്ടിക്കിടക്കുകയായിരുന്നു. പച്ചിലകളാണ് ആ വയറ്റിൽ ആശ്വാസം പകർന്നത് ക്ഷമയുടെ നെല്ലിപ്പടി കണ്ട ഖദീജാബീവി (റ) ഈമാൻകൊണ്ട് എല്ലാം സഹിച്ചു.

അല്ലാഹു അവന്റെ പരീക്ഷണത്തിന് വിരാമമിട്ടു. ഉപരോധം പിൻവലിക്കുകയല്ലാതെ ഖുറൈശികൾക്ക് മാർഗമില്ലാതായി. മുസ്ലിംകളെല്ലാം മലഞ്ചെരുവിൽനിന്ന് വീട്ടിലേക്ക് തിരിക്കാനൊരുങ്ങി. എല്ലാവരും ഖദീജയെ (റ) വളഞ്ഞു. വിശപ്പിന്റെ വേളയിൽ ഒത്തിരി സഹായിച്ച ഖദീജാബീവിയോട് (റ) നന്ദിവാക്ക് പറയാൻ വന്നതായിരുന്നു അവർ.

അവരെ സാക്ഷിനിർത്തി ഖദീജാബീവി (റ) ഉറക്കെ പ്രഖ്യാപിച്ചു.
ആരും മുഹമ്മദിനെ (സ) കൊല്ലുകയില്ല; അത് അസാധ്യം തന്നെയാണ്.

മൂന്നു വർഷക്കാലത്തെ ദുരിതമേറിയ ജീവിതത്തിന് വിരാമമായി ഒടുവിൽ കരാർ പൊളിഞ്ഞു. തിരുനബി (സ) അനുയായികളും ആഹ്ലാദിച്ചു. പട്ടിണിയിൽ തളർന്ന ഉമ്മ പാടേ രോഗബാധിതയായിട്ടുണ്ട്. ഉമ്മുകുൽസുമും ഫാത്വിമയും മെലിഞ്ഞൊട്ടിയിട്ടുണ്ട്. ഉമ്മായുടെ കയ്യും പിടിച്ച് ഫാത്വിമയും ഉമ്മുകുൽസൂമും ശഅ്ബിൽ നിന്നും മുസ്ലിംകൾക്കൊപ്പം പുറത്തിറങ്ങി.

അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടവർ വിശുദ്ധ കഅ്ബാലയ മുറ്റത്തേക്ക് ചെന്നു. ത്വവാഫ് ചെയ്തു കഴിഞ്ഞപ്പോൾ നേരെ ഉമ്മയോടൊപ്പം ഉമ്മുകുൽസൂം വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞ വീട്ടിലേക്ക് മാറിത്താമസിച്ചു


ഇടിത്തീപോലെ രണ്ട് മരണങ്ങൾ




ബഹിഷ്കരണത്തിന്റെ ക്ഷീണം വിട്ടുമാറും മുമ്പേ താങ്ങും തണലുമായി ഉപ്പയെ സഹായിച്ച ഉപ്പാപ്പ അബൂത്വാലിബ് രോഗിയായി കിടക്കുന്നു.

അബൂത്വാലിബ് തന്റെ അവസാനഘട്ടത്തിലും മോഹിച്ചത് തന്ത്രപരമായി നബിയെ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുത്താൻ വേണ്ടി ഇനിയും ഏതാനും കാലം ജീവിക്കാനായിരുന്നെങ്കിൽ എന്നായിരുന്നു.

അബൂത്വാലിബ് സത്യസാക്ഷ്യം മൊഴിഞ്ഞു ഇസ്ലാം പുൽകിയില്ല എന്നാണ് പ്രബലാഭിപ്രായം. അദ്ദേഹത്തിന് ഒടുവിലെങ്കിലും സത്യസാക്ഷ്യം മൊഴിഞ്ഞ് ഇസ്ലാമാശ്ലേഷിക്കാനായിരുന്നെങ്കിലെന്ന് ബീവി ഖദീജ (റ) മോഹിച്ചിരുന്നു.

വിവരം മക്കളുമായി പങ്കുവെച്ചപ്പോൾ ഫാത്വിമ (റ) പറഞ്ഞതിപ്രകാരമായിരുന്നു. നരകാഗ്നിയിൽ നിന്നും വിമോചിതനാവാൻ വേണ്ടി സത്യസാക്ഷ്യം അദ്ദേഹമൊന്ന് മൊഴിഞ്ഞിരുന്നെങ്കിലെത്ര നന്നായിരുന്നു. 

ഇതുകേട്ട ഉടനെ ഉമ്മുകുൽസൂം (റ) പറഞ്ഞു: അദ്ദേഹത്തിനുള്ളിൽ വിശ്വാസമുണ്ടെങ്കിലും വെളിയിൽ പറയാനെന്തോ പ്രയാസമുള്ളതുപോലെ എന്താണെന്നറിയില്ല ഉപ്പ ഇത്രത്തോളം ഇസ്ലാമിലേക്ക് ക്ഷണിച്ചതുകൊണ്ട് ഉള്ളിലുള്ള കാര്യം അദ്ദേഹം മറച്ചുവെക്കുമോ....? എന്നായിരുന്നു മൂത്ത ഇത്താത്ത സൈനബ (റ) യുടെ സംശയം

കാലം അതിവേഗം പ്രയാണം നടത്തി. ഉമ്മ ഖദീജയും രോഗിയായി അബൂത്വാലിബ് മരിച്ചതിലുള്ള വ്യസനം വിട്ടുമാറും മുമ്പേ ഉമ്മ ഖദീജ (റ) യും കിടപ്പിലായി. റുഖിയ്യതാത്ത സ്ഥലത്തില്ല. സൈനബ (റ) ഇടയ്ക്കിടെ ഉമ്മയുടെ വിശേഷങ്ങൾ അറിയാനും എന്തെങ്കിലും ചെയ്തു കൊടുക്കാനും വീട്ടിൽ വരാറുണ്ട്. ഉമ്മുകുൽസൂമും ഫാത്വിമയുമാണ് മുഴുവൻ സമയവും സേവിക്കാനായി ഉമ്മയുടെ അടുത്തുള്ളത്.

സ്നേഹനിധിയായ തിരുനബി (സ) തൊട്ടു ചാരത്ത് സമാശ്വസിപ്പിക്കാനായിരുന്നു. ഹബീബിന്റെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങിയ ഖദീജാബീവി (റ) പരലോകത്തെക്കുറിച്ച് എന്തോ ചിന്തിക്കുകയാണ് ഇടക്ക് വെച്ച് ബീവി ചോദിച്ചു.

യാ റസൂലല്ലാഹ്..... എന്റെ നാഥൻ എന്താണെനിക്കൊരുക്കിയിരിക്കുന്നത്? അവൻ എന്നെ സ്വീകരിക്കുമോ? അവൻ എന്റെ കാര്യത്തിൽ സംതൃപ്തനാണോ?

റസൂൽ (സ) യുടെ ചിത്തം നീറിയ നിമിഷങ്ങളായിരുന്നു അത്. അല്ലാഹു നിന്നെ തൃപ്തിപ്പെട്ടിരിക്കുന്നു ഖദീജാ, അവൻ നിനക്ക് പ്രതിഫലം നൽകും, തീർച്ച നീ എനിക്ക് അഭയം നൽകിയവളല്ലേ നീ എന്നെ സഹായിച്ചവളല്ലേ..... നീ എനിക്ക് ധർമ്മം ചെയ്തവളല്ലേ..... നീ അല്ലാഹുവിന്റെ റസൂലിനുള്ളവളായിരുന്നില്ലേ...അല്ലാഹുവിനെയും റസൂലിനെയും ആരെങ്കിലും സഹായിച്ചാൽ അല്ലാഹു അവരെ സഹായിക്കും.....

താഴ് വാരങ്ങളിലൂടെ അരുവികൾ ഒഴുകുന്ന സ്വർഗീയ പൂങ്കാവനത്തിൽ നിനക്ക് കൊട്ടാരഭവനങ്ങളുണ്ട്, ഖദീജാ..... മാണിക്ക്യത്താൽ മനോഹരമായി പണികഴിപ്പിച്ചതാണത് സുഗന്ധദ്രവ്യങ്ങൾ കൊണ്ട് പരിമളംപരത്തുന്നതാണത് പല വൃക്ഷങ്ങൾ അതിന് തണൽ നൽകുന്നുമുണ്ട് മനോഹരമായ നദികളുടെ തീരത്താണത് നിലകൊള്ളുന്നത്
ഖദീജാബീവിയുടെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞതുപോലെ ഇക്കാലമത്രയും ജീവിതം വിശുദ്ധ ദീനിന് വേണ്ടി ഉഴിഞ്ഞു വെച്ചതിന് അല്ലാഹു മതിവരുവോളം പാരിതോഷികങ്ങൾ നൽകാൻ പോകുന്നു. അതിന്റെ സുവിശേഷങ്ങളാണല്ലോ ഈ കേൾക്കുന്നത് ബീവിയുടെ ഹൃദയം പുളകിതമായി അവർ അറിയാതെ വീണ്ടും വീണ്ടും സന്തോഷാശ്രുക്കൾ പൊഴിച്ചു.

റസൂൽ കട്ടിലിൽ നിന്നെഴുന്നേറ്റു തണുത്ത വെള്ളവുമായി വീണ്ടും വന്നു. ശിരസ്സിൽ വെള്ളം കൊണ്ട് നനച്ചു തണുപ്പിച്ചു. നേർത്ത ആശ്വാസം ലഭിക്കുന്നത് പോലെ ബീവിയ്ക്ക് അനുഭവപ്പെട്ടു തലോടിക്കൊണ്ട് റസൂൽ പറഞ്ഞു:

ഈ ഉഷ്ണമെല്ലാം മാറിപ്പോകും നിനക്ക് ആരോഗ്യം തിരികെ ലഭിക്കട്ടെ ഇവിടെ നിന്നും ഉണർന്നെണീറ്റ് ദൗത്യം വിജയകരമായി പൂർത്തീകരിക്കുന്നത് കാണാൻ നിനക്ക് കഴിയുമാറാവട്ടെ, നമ്മുടെ ശത്രുക്കൾക്ക് സന്തോഷിക്കാൻ അല്ലാഹു ഒരിക്കലും അവസരമൊരിക്കില്ല.

ബീവി പതുക്കെ കണ്ണുകൾ തുറക്കാൻ തുടങ്ങി റസൂലിനെ ഇമ വെട്ടാതെ നോക്കി പിന്നെ മൃദുസ്വരത്തിൽ ചോദിച്ചു ഖുറൈശികളുടെ അവസ്ഥയെന്താണിപ്പോൾ? ആ ചോദ്യത്തിന് ഉത്തരം പറയാൻ റസൂലിനായില്ല. പുത്രിമാർ ചുറ്റും നിറകണ്ണുകളോടെ നോക്കിനിൽക്കുന്നുണ്ടായിരുന്നു അവരാണീ ചോദ്യത്തിന് മറുപടി പറഞ്ഞത്

ഖുറൈശികൾ നബിയെ കാത്തിരിക്കുന്നുണ്ട്
ബീവി വിതുമ്പികരഞ്ഞു നിലയ്ക്കാതെ കണ്ണീർ കണങ്ങൾ ഇറ്റി വീഴാൻ തുടങ്ങി.

റസൂലിന്റെ (സ) കണ്ണുകളും നിറഞ്ഞു

ബീവിയുടെ രോഗം മൂർച്ഛിക്കുകയാണ് ശമനം ലഭിക്കുന്നില്ല ചുറ്റി നിൽക്കുന്ന നബി പുത്രിമാർ കണ്ണീർ വാർക്കുന്നു വീട് നിറയെ ബന്ധുക്കളും മറ്റും തടിച്ചുകൂടിയിരിക്കുന്നു എല്ലാവരും ദുഃഖത്തിലാണ്.

അബൂലഹബും ഭാര്യ ഉമ്മുജമീലും വീടിനു മുമ്പിലെ ഒരു കല്ലിൽ കയറിയിരുന്നു. ഖദീജയെ കണ്ടുവരുന്നവരോട് കാര്യങ്ങൾ തിരക്കി
മക്കാ നിവാസികൾക്കെല്ലാം അതറിയണം ഖദീജാബീവിയുടെ അവസ്ഥയെന്താണ്?

അന്നത്തെ രാത്രിക്ക് പതിവിൽ കവിഞ്ഞ ദൈർഘ്യമുള്ളതായിത്തോന്നി. ഖദീജാബീവിയുടെ വീട്ടുകാരെല്ലാം അന്ന് നിദ്രാവിഹീനരായി നിന്നു റസൂൽ ബീവിയുടെ അടുത്തു തന്നെയുണ്ട്.

അത്താഴസമയത്താണ് അത് സംഭവിച്ചത് കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്ന ഖദീജബീവി അസ്വസ്ഥയായി എങ്കിലും റസൂലുല്ലാഹിയെയും മക്കളെയും കണ്ണുതുറന്ന് നോക്കി.

പിന്നെ ആ കണ്ണുകൾ അടഞ്ഞു അവസാനത്തെ ഉറക്കം ചുണ്ടിലപ്പോഴും ചെറിയ പുഞ്ചിരി തങ്ങിനിൽപ്പുണ്ടായിരുന്നു. ശരീരം ചലനമറ്റതായി നബിക്ക് തോന്നി വൈകാതെ, ആ വിവരം കൂടിനിന്നവർ അറിഞ്ഞു ബീവി ഖദീജ യാത്രയായിരിക്കുന്നു.

ഇന്നാലില്ലാഹി......

റസൂൽ തിരുമേനി (സ) യുടെ നയനങ്ങൾ നിറഞ്ഞു. നബി പുത്രിമാർ വിതുമ്പി.

പ്രഭാതം പതിവിനു വിപരീതമായി കനത്ത ദുഃഖഭാരത്തോടെയാണ് വിടർന്നത്. അതൊരു റമളാൻ മാസമായിരുന്നു ബീവിയുടെ വയസ്സ് അറുപത്തിയഞ്ച്.

ഖദീജബീവിയുടെ ജനാസ ചുമന്ന് റസൂലും (സ) കൂട്ടരും പടിയിറങ്ങി. മക്കയുടെ കിഴക്കു ഭാഗത്തേക്കാണവർ നീങ്ങിയത്. ഹജൂൻ പർവ്വതത്തിന്റെ താഴ് വാരത്ത് അവർ നിന്നു അവിടെ കുഴിച്ചു വെച്ച ഖബറിൽ റസൂൽ (സ) പതുക്കെ ഇറങ്ങി.

പ്രിയഭാര്യയുടെ ശരീരം തിരുമേനി (സ) യുടെ പുണ്യ കരങ്ങളേറ്റു വാങ്ങി പതുക്കെ ഖബറിൽ താഴ്ത്തിക്കിടത്തി. നിറഞ്ഞ കണ്ണുകളോടെ അവസാനമായൊന്ന് ആ വിശുദ്ധ വദനം നോക്കിയ ശേഷം റസൂൽ (സ) എഴുന്നേറ്റു.

മറമാടൽ കഴിഞ്ഞു

ചിലർ സലാം പറഞ്ഞു വിടവാങ്ങി മറ്റുചിലർ അവിടെ തന്നെ ഓർമ്മകൾ അയവിറക്കി ഏറെ നേരം നിന്നു.

അന്ന് ജനാസ നിസ്കാരം നിയമമാക്കപ്പെട്ടിരുന്നില്ല.

റസൂൽ (സ) യുടെ പുത്രിമാർ അവശരായി വീട്ടിൽ കിടന്നു. നിലയ്ക്കാതെ കണ്ണീർ പെയ്തിറിങ്ങി. എന്തൊരു വാത്സല്യവും സ്നേഹവും പകർന്നു തന്ന ഉമ്മയായിരുന്നു ബീവി.

ദുഃഖിതയായിത്തീർന്ന ഉമ്മുകുൽസൂം (റ) കരഞ്ഞ് തളർന്ന് അവശയായി കട്ടിലിൽ വീണു. ആ കിടത്തത്തിലവർ ഉറങ്ങിപ്പോയി. ഉമ്മയില്ലാത്ത വീട്ടിൽ ഇനിയെന്ത് സന്തോഷമാണുള്ളത് .....? ഉപ്പയ്ക്ക് ഉമ്മയെപ്പോലെ തണലേകാൻ ഇനിയാരാണീ ഉലകത്തിൽ....? ഉമ്മുകുൽസൂം (റ) ഓരോന്ന് ഓർത്തുപോയി.

മക്കാ നിവാസികൾ അധികവും കരഞ്ഞ ദിവസമായിരുന്നു അത്. നബി (സ) യുടെ മദീനാ പലായനത്തിന്റെ മൂന്ന് വർഷം മുമ്പാണ് ഖദീജാബീവി (റ) വഫാത്താകുന്നത് നുബുവ്വത്തിന്റെ പത്താം വർഷം
അബൂത്വാലിബ് മരണപ്പെട്ട വേദന വിട്ടുമാറിയിട്ടില്ല അതുകഴിഞ്ഞ് ഒരു മാസവും അഞ്ച് ദിവസവുമേ ആയിട്ടുള്ളൂ മുത്തുനബിയെ ഏറെ വേദനിപ്പിച്ച ദിവസങ്ങൾ.

കാലത്തിന്റെ സഞ്ചാരത്തെ നിയന്ത്രിക്കാനാർക്കുമായില്ല. വർഷങ്ങൾ കൊഴിഞ്ഞുവീഴുകയാണ്. എത്യോപ്യകാർ വരുന്നുണ്ടെന്ന വാർത്ത മക്കയിൽ പരന്നു. ഉമ്മുകുൽസൂവിന്റെ കാതിലും ഈ വാർത്തയെത്തി.

അധികം വൈകാതെ തന്നെ കപ്പൽ കരക്കണഞ്ഞു. റുഖിയ്യ (റ) യും അളിയനും മക്കളും മുസ്ലിമീങ്ങളും മക്കയിലെത്തി. ഉമ്മയില്ലാത്ത വീട്ടിലേക്കാണിത്താത്ത കയറിവന്നതെന്നോർത്തപ്പോഴാണ് സന്താപം നാളുകൾക്ക് ശേഷം കൺകുളിർക്കെ കാണാനായതിൽ സന്തോഷവും.

മദീനയിലേക്ക് ഹിജ്റ പോവാൻ മുസ്ലിംമീങ്ങൾക്ക് അനുമതി നൽകി. നബികുടുംബത്തെ (സ) വളരെ സുരക്ഷിതമായികൊണ്ട് പോവണം ശത്രുക്കളുടെ പ്രധാന ലക്ഷ്യം നബിയെയും (സ) കുടുംബത്തെയും നശിപ്പിക്കലാണ്. അതുകൊണ്ട് തന്നെ വളർത്തുമോനായ സൈദുബ്നു ഹാരിസ (റ) നെയും മകനായ അബൂറാഫി (റ) നെയുമാണ് ഇക്കാര്യം പ്രവാചകൻ ഏൽപ്പിച്ചത്.

അവർക്കൊപ്പമാണ് ഉമ്മുകുൽസൂം (റ) ഹിജ്റ പുറപ്പെട്ടത്. കൂട്ടിന് ഫാത്വാമാബീവി (റ), ആഇശ (റ) സൗദ (റ) തുടങ്ങിയവരും ഉണ്ടായിരുന്നു. ഹിജ്റ പോവും മുന്നേ ഇത്താത്ത സൈനബയെ കാണാൻ ഉമ്മുകുൽസൂമും ഫാത്വിമയും പോയി അളിയൻ മുസ്ലിമായിട്ടില്ലാത്തതിനാൽ മദീനയ്ക്ക് പോരുന്നില്ല പിന്നെ ഇത്താത്ത മാത്രം പോരുകയുമില്ല.

അനിയത്തിമാരെ സന്തോഷത്തോടെ സ്വീകരിച്ച സൈനബ നല്ല ഭക്ഷണം ഉണ്ടാക്കി സൽക്കരിച്ചു. അന്നവിടെ രാപ്പാർക്കാൻ ഇത്താത്ത ആഗ്രഹം അറിയിച്ചു. അങ്ങനെ അവർക്കൊപ്പം കഴിഞ്ഞു രാവിലെതന്നെ യാത്രപറഞ്ഞിറങ്ങി. ഉമ്മുകുൽസൂം ഫാത്വിമയും ഇത്താത്തയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു പിരിയുന്ന രംഗം കണ്ടുനിൽക്കാനായില്ല. ഇനിയെന്ന് ഇത്താത്തയെ കാണാനാകും എന്നവർക്ക് ഒരുനിശ്ചയവുമില്ലായിരുന്നു.

എല്ലാം പരീക്ഷണങ്ങൾ നേരെ സൈദുബ്നു ഹാരിസ (റ) യുടെ സംഘത്തിൽ വന്നു ചേർന്നു. കണ്ണെത്താദൂരത്തുള്ള മദീനയെ മനസ്സിൽ കണ്ട് യാത്ര ചെയ്തു.

ഉമ്മുകുൽസൂമും ഫാത്വിമയും കയറിയ വാഹനത്തിന് നേരെ വഴിയോരത്ത് ഒളിഞ്ഞിരുന്ന ശത്രുക്കൾ ചാടിവീണു. നബിപുത്രിമാരുടെ വാഹനം ഹുവൈരിസ് എന്ന കിങ്കരൻ പിടിച്ചെടുത്തു.

പിന്നെ മദീനയിലേക്ക് നടന്നു കൊണ്ടായിരുന്നു പ്രയാണം. പിൽക്കാലത്ത് ചരിത്രം പകരം വീട്ടിയിട്ടുണ്ട് ഹുവൈരിസിനോട് ഹിജ്റ വർഷം എട്ടിന് അലിയ്യുബ്നു അബീത്വാലിബ് (റ) ഹുവൈരിസിനെ നേരിടുകയും കഥ കഴിക്കുകയും ചെയ്തു,

മദീനയിൽ യാത്രാസംഘമെത്തി ഉപ്പയുടെ ചാരത്തെത്തിയത് ഉമ്മുകുൽസമിനെ ആവേശഭരിതയാക്കി അവിടെ ആനന്ദത്തോടെ അവർ കഴിഞ്ഞു കൂടി.

ഇത്താത്ത റുഖിയയും അളിയൻ ഉസ്മാൻ (റ) വും മദീനയിലെത്തിയിട്ടുണ്ട്. അവർ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നതെങ്കിലും ഇടയ്ക്കിടെ വിവരങ്ങളറിയാനും അനിയത്തിമാരെ കാണാനും നബി (സ) ഭവനത്തിലെത്തുമായിരുന്നു. ഉമ്മുകുൽസൂമും ഫാത്വിമയും അവിടെ ഉപ്പയ്ക്കൊപ്പം കഴിഞ്ഞു


ഇത്താത്തയുടെ വിയോഗം


ഹിജ്റ രണ്ട് സ്വഹാബികൾ തിരുനബി (സ) യുടെ നേതൃത്വത്തിൽ പുതിയൊരു ചരിത്രം കുറിക്കാനിറങ്ങുകയായി, പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിൽ.

ബീവി റുഖിയ്യ (റ) രോഗിയാണ് കിടപ്പിലായ ബീവിയെ പ്രിയ വല്ലഭൻ ഉസ്മാനുബ്നു അഫ്ഫാൻ (റ) വും ഉമ്മു ഇയാഷുമാണ് ശുശ്രൂഷിക്കുന്നത്.

ബദ്റിന്റെ ആരവം മുഴങ്ങി മുന്നൂറ്റി പതിമൂന്നോളം വരുന്ന സ്വഹാബികൾക്കൊപ്പം ബദ്റിലേക്ക് യാത്ര ചെയ്യുകയാണ്.

തിരുനബി (സ) ഖുറൈശികൾ സർവ്വായുധ സജ്ജരാണ് എണ്ണത്തിലും വണ്ണത്തിലും മുമ്പിലാണ് മുസ്ലിംകൾക്ക് ആയുധങ്ങൾ തീരെ കുറവ്.

വാളുള്ളവർക്ക് പരിചയമില്ല പരിച വാങ്ങിയവർ വാൾ വാങ്ങിയില്ല അമ്പും വില്ലും ഉള്ളവർ ഏതാനും പേർ മാത്രം വാഹനങ്ങളായി എഴുപത് ഒട്ടകങ്ങളും രണ്ട് കുതിരകളും എൺപത് മുഹാജിറുകളും ഇരുന്നൂറ്റി മുപ്പത്തിമൂന്ന് അൻസാരികളുമടക്കം ആകെ മുന്നൂറ്റി പതിമൂന്നോളം സ്വഹാബികളാണ് പുറപ്പെടുന്നത്.

മുഹമ്മദുർറസൂലുല്ലാഹി (സ) സ്വഹാബികളെ സജ്ജരാക്കി നിർത്തി. യാത്ര തുടങ്ങുന്നതിനു മുമ്പ് ഓമന പുത്രി റുഖിയ്യബീവി (റ) യെ കാണാൻ വന്നു. പൊന്നുപ്പ പുന്നാരമോൾ രോഗിയായി വ്യസനിക്കുന്നത് സ്നേഹവൽസലരായ ഹബീബ് (സ) യ്ക്ക് പ്രയാസമുണ്ടാക്കി. മോളെ പരിചരിച്ച് കഴിയാനും സ്നേഹം നല്കാനും താത്പര്യവുമുണ്ട് പക്ഷേ, അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്തുകൊണ്ട് ബദ്റിലേക്ക് പുറപ്പെടാതെ നിർവ്വാഹമില്ലല്ലോ.

മോളോട് സുഖാന്വേഷണങ്ങൾ നടത്തി വ്യസനത്തോടെ പടിയിറങ്ങുകയാണ് തിരുനബി (സ). സ്വഹാബികളിലെ മുൻനിര നായകനും മോളുടെ ഭർത്താവുമായ ഉസ്മാനുബ്നു അഫ്ഫാൻ (റ) അവിടെയതാ ഖിന്നനായി നിൽക്കുന്നു മനസ്സിൽ ബദ്റും ബീവിയും.....

തിരുനബി (സ) ഉസ്മാൻ (റ) വിനെ സ്നേഹപൂർവ്വം അരികിൽ വിളിച്ചു കൊണ്ട് പറഞ്ഞു: നിങ്ങൾ ഈ അവസ്ഥയിൽ ബദ്റിലേക്ക് വരേണ്ടതില്ല റുഖിയ്യ മോളെ പരിചരിച്ച് ഇവിടെ കഴിഞ്ഞാൽ മതി.

യാ റസൂലുല്ലാഹ് ...... എനിക്കുള്ള പ്രതിഫലമോ.... ബദ്രീങ്ങൾ മഹാസൗഭാവാന്മാരും പ്രത്യേക പരിഗണനയും അംഗീകാരവും ലഭിച്ചവരുമാണ് ആദ്യ യുദ്ധത്തിൽ സർവ്വം വെടിഞ്ഞ് പോരാടിയ വീരകേസരികളായ പുണ്യവാൻമാർ അവരിലൊരംഗമാവാൻ മഹാസൗഭാഗ്യം സിദ്ധിക്കാതെ വ്യസനിച്ച ഉസ്മാൻ (റ) വിനെ തിരുനബി (സ) സമാശ്വസിപ്പിച്ചു.

നിനക്കും ബദ്രീങ്ങളുടെ പ്രതിഫലമുണ്ടായിരിക്കും.

വിശുദ്ധ റമളാൻ പതിനേഴിന് വെള്ളിയാഴ്ച രാവിൽ മുസ്ലിം സംഘം ബദ്റിലെത്തി. മക്കയിൽ വെച്ച് മുസ്ലിംകളെ പൊറുതിമുട്ടിച്ച ഖുറൈശികളെ കണക്കിന് കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് സ്വഹാബികൾ.

പർവതങ്ങൾ നിറഞ്ഞ ബദ്റിൽ വെച്ച് ജമാഅത്തായി ഇശാനിസ്കരിച്ചു. സ്വഹാബികൾ ശേഷം സ്വഹാബികൾക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് തിരുനബി (സ) നേതൃത്വം നൽകി.

ജന്മനാട്ടിൽ സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത ശത്രുക്കളോട് പ്രതികാരം ചെയ്യണം അവർ തങ്ങളെ പീഢിപ്പിച്ചതിന് പകരം വീട്ടണം മുസ്ലിംകൾക്ക് ആവേശമായി.

മുത്തുറസൂൽ (സ) യുടെ പുന്നാര പുത്രിയുടെ വേദന മൂർച്ഛിക്കുകയാണ്. രോഗം വർദ്ധിക്കുകതന്നെ കാഠിന്യം ഒട്ടും കുറയുന്നില്ല. പനിക്കുന്നുണ്ട്. ശക്തിയായ ഉഷ്ണം കാരണം ബീവി പാടെ തളർന്നിരിക്കുന്നു. ലോകാനുഗ്രഹിയുടെ വാത്സല്യനിധി മരണാസന്ന രോഗത്തിൽ വ്യസനിക്കുമ്പോൾ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി മുസ്ലിം സേനയ്ക്ക് ശക്തമായ നേതൃത്വം നൽകുകയാണ് ബദ്റിന്റെ മണ്ണിൽ ഹബീബ് (സ)

അല്ലാഹുവിന്റെ വിധിയെ തടഞ്ഞു നിർത്താൻ ആർക്കുമാവില്ലല്ലോ. സാധ്യമായ ചികിത്സകളും ശുശ്രൂഷകളും അവർ ചെയ്ത് നോക്കി. എല്ലാം നിഷ്ഫലം പതുക്കെയതാ ബീവി കണ്ണടയ്ക്കുന്നു ഇന്നാലില്ലാഹി ഇ ഇന്നാ ഇലൈഹി റാജിഊൻ.

വിശ്വപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ ഓമന പുത്രി എന്നെന്നേക്കുമായി വിടറഞ്ഞു വിശുദ്ധാത്മാവ് സ്വർഗീയാരാമത്തിന്റെ ഹൃദയഭാഗത്തേക്ക് പറന്നകന്നു.

തൊട്ട് ചാരത്തു നിന്നുകൊണ്ട് സ്നേഹപുഷ്പത്തെ നോക്കി കരയാനല്ലാതെ ഉസ്മാൻ (റ) വിന് മറ്റൊന്നും കഴിയുന്നില്ല. തന്നെ വല്ലാതെ സ്നേഹിച്ചു കൊതിതീരാത്ത പ്രിയതമയെ നോക്കി നിറ നയനങ്ങളോടെ വ്യസനം പൂണ്ടു സങ്കടം ഉള്ളിലൊതുക്കി സ്വയം നിയന്ത്രിക്കുകയായിരുന്നു ഇബ്നു അഫ്ഫാൻ ദുന്നൂറൈറി (റ).

സ്വഹാബികളെല്ലാവരും ബദ്റിൽ പോയ സമയമാണിതെന്ന് അദ്ദേഹത്തിന് ഓർമ വന്നു. പുരുഷന്മാരും ഇവിടെ സഹായത്തിന് ബാക്കിയില്ല മരണാനന്തര കർമങ്ങൾ ഓരോന്നായി സ്വയം നിർവ്വഹിക്കാൻ തുടങ്ങി.
സഹായത്തിന് ഏതാനും കുട്ടികളും സ്വഹാബീ വനിതകളും മാത്രം. കുളിപ്പിച്ച ശേഷം ആ പൂമേനിയെ അവർ കഫൻപുടവയെടുത്ത് വസ്ത്രത്തിൽ പൊതിഞ്ഞു ജനതുൽ ബഖീഇലേക്ക് അവർ ആ വിശുദ്ധ മേനിയുമായി പതുക്കെ നടന്നു.

റുഖിയ്യബീവി (റ) യുടെ ജനാസ സംസ്കരണത്തിന് ഉസ്മാൻ (റ) വിനെ പ്രധാനമായും സഹായിച്ചത് ഉസാമതുബ്നു സൈദ് (റ) ആയിരുന്നു. പ്രവാചകരുടെ വളർത്തു പുത്രൻ സൈദുബ്നു ഹാരിസ (റ) വിന്റെ മകനാണ് ഉസാമ സ്വഹാബികളെല്ലാം ബദ്റിൽ പോയപ്പോൾ ഉസാമയും കൂടെ പുറപ്പെട്ടിരുന്നു വഴിമദ്ധ്യേ ബക്കയിൽവെച്ച് കൊച്ചുകുട്ടികളെ യുദ്ധമുന്നണിയിൽ നിന്നും ഹബീബ് (സ) മദീനയിലേക്ക് തിരിച്ചയച്ചിരുന്നു ചിലരെല്ലാം സൂത്രത്തിൽ യുദ്ധത്തിന് അനുമതി വാങ്ങി രക്ഷപ്പെട്ടെങ്കിലും ഉസാമ എന്ന കറുത്ത മുത്തിനെ മദീനയിലേക്ക് മടക്കി വിടുകയായിരുന്നു റസൂൽ (സ).

ഖബർ കുഴിക്കാനും മറവു ചെയ്യാനുമെല്ലാം ഉസ്മാൻ (റ) വിനെ ഉസാമ (റ) സഹായിച്ചിരുന്നു ഉസ്മാൻ (റ) വും സംഘവും ബീവി റുഖിയ്യാ (റ) യെ ജന്നത്തുൽ ബഖീഇൽ മറവു ചെയ്തു കർമ്മങ്ങൾ പൂർത്തിയാക്കി നിറനയനങ്ങളോടെ തിരികെ നടന്നു


രണ്ടാം വിവാഹം


ഹിജ്റയുടെ രണ്ടാം വർഷമാണല്ലോ ബദ്ർയു യുദ്ധം നടന്നത് അതേ വർഷം തന്നെ സഹോദരി ഫാത്വിമക്ക് വിവാഹമുണ്ടാക്കാൻ നബി (സ) തീരുമാനിച്ചു. അലി (റ) വിനെയാണ് ഭർത്താവായി തിരഞ്ഞെടുത്തത്.

ഫാത്വിമയുടെ വിവാഹം മംഗളമായി നടന്നു .ഇസ്ലാമിന്റെ സുവർണ്ണകാലത്തായിരുന്നു വിവാഹം. മുസ്ലിംകൾ വളരെ ആവേശത്തോടെയാണ് ഇതിൽ പങ്കെടുത്തത്.

ഉമ്മുകുൽസൂം (റ) പിന്നീട് ഒറ്റപ്പെടുകയായിരുന്നു. നബി (സ) പുത്രിമാരിൽ ഇനി ഭർത്താവില്ലാതെ കഴിയുന്ന ഏക സ്ത്രീ ഉമ്മുകുൽസൂം (റ) മാത്രമാണ്. നബിപത്നിമാർക്കൊപ്പം പ്രവാചക ഭവനത്തിലവർ കഴിയുകയാണ്. വിവാഹശേഷവും ഇടക്കിടെ ഫാത്വിമ ഉമ്മുകുൽസൂമിനെ കാണാൻ വരും കുറെ സമയം സംസാരിച്ചിരിക്കും ഒത്തിരികാര്യങ്ങളും തമാശകളും അവർ പങ്കുവെക്കും.

ഹിജ്റ വർഷം വീണ്ടും ഒന്ന് കൊഴിഞ്ഞു വീണു. ഉഹ്ദ് യുദ്ധം വന്നു യുദ്ധത്തിൽ ഉമർ (റ) വിന്റെ പുത്രി ഹഫ്സ (റ) യുടെ ഭർത്താവ് ഖുനൈസുബ്നു ഹുദാഫ കൂടി ശഹീദായി ഇതോടെ മകൾക്കൊരു വിവാഹം ശരിയാക്കാനുദ്ദേശിച്ചിറങ്ങിയ ഉമർ (റ) സിദ്ദീഖ് (റ) വിനെ സമീപിച്ചു സിദ്ദീഖ് (റ) വിവാഹത്തിന് വിസമ്മതം പറഞ്ഞപ്പോൾ ഉസ്മാൻ (റ) വിന്റെ സന്നിധിയിലെത്തി. ഉമർ (റ) റുഖിയ്യ (റ) ബദ്ർ യുദ്ധവേളയിൽ മരണപ്പെട്ട വ്യസനത്തിൽ ഒരു വർഷമായി കഴിയുകയാണ്. ഉസ്മാൻ (റ) നിങ്ങൾക്ക് താത്പര്യമാണെങ്കിൽ ഹഫ്സയെ കല്യാണം കഴിക്കാം എന്ന് ഉമർ (റ) പറഞ്ഞപ്പോൾ ഇപ്പോളൊരു വിവാഹത്തിന് ഞാനുദ്ദേശിക്കുന്നില്ലെന്നായി ഉസ്മാൻ (റ).

സമീപിച്ച രണ്ടുപേരും അഭ്യർത്ഥന നിരാകരിച്ച വ്യസനത്തോടെ തിരുനബി (സ) യെ സമീപിച്ച ഉമർ (റ) കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു ഉസ്മാനും വിവാഹത്തിന് തയ്യാറാവാത്തതിലുള്ള തന്റെ വ്യാകുലത പ്രത്യേകം എടുത്തു പറഞ്ഞ ഉമറിനെ സമാശ്വസിപ്പിച്ചു കൊണ്ട് തിരുനബി (സ) പറഞ്ഞു: ഹഫ്സയെ ഉസ്മാനെക്കാൾ നല്ലൊരു വ്യക്തി വിവാഹം നടത്തും ഇനി ഉസ്മാൻ ഹഫ്സയെക്കാൾ നല്ല ഒരു പെണ്ണിനെയും വിവാഹം കഴിക്കും ഇതോടെ ഉമറിന് സമാധാനമായി ആശയും പ്രതീക്ഷയുമായി നടന്നു നീങ്ങി.

പിന്നീടൊരിക്കൽ സിദ്ദീഖ് (റ) കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: ഉമറേ....., ഹഫ്സയുടെ വിവാഹകാര്യവുമായി വന്നപ്പോൾ ഞാൻ താങ്കളോടൊന്നും പ്രതികരിച്ചില്ല അല്ലേ?

അതെ, ഉമർ പറഞ്ഞു

തിരുനബി (സ) അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന വിവരം ഞാനറിഞ്ഞിരുന്നു. റസൂൽ (സ) യുടെ രഹസ്യം പുറത്ത് വിടരുതെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. ഇനി റസൂൽ തിരുമേനി (സ) നിരസിച്ചാൽ ഞാനവളെ വിവാഹം കഴിക്കാൻ തയ്യാറായിരുന്നു.

അങ്ങനെ തിരുമേനി (സ) യും ഹഫ്സ (റ) യും തമ്മിലുള്ള വിവാഹം നടന്നു. ഉസ്മാൻ (റ) വിന് ഹഫ്സയെക്കാൾ നല്ല ഒരാളെ റസൂൽ (സ) മനസ്സിൽ കണ്ടു വച്ചത് മറ്റാരുമായിരുന്നില്ല നബി പുത്രി ഉമ്മുകുൽസൂം (റ) ആയിരുന്നു അത്.
ഹിജ്റ മൂന്നിന് റബീഉൽ അവ്വൽമാസമാണ് വിവാഹം മധു വിധു ആഘോഷിക്കുന്നത് ഇതേ വർഷം ജമാദുൽ ആഖിർ മാസത്തിലാണ് ഫാത്വിമ (റ) യുടെ വിവാഹത്തിനുശേഷം ഉമ്മുകുൽസൂമും സുമംഗലിയായി


വസന്തനാളുകൾ


വളരെ സന്തോഷത്തോടെയാണവർ ദാമ്പത്യ ജീവിതം ആരംഭിച്ചത്. കന്യകയായിരുന്നു ഉമ്മുകുൽസൂം (റ ) ഒന്നാം വിവാഹത്തിൽ ഉതൈബയുമായി ലൈംഗിക ബന്ധം പുലർത്തുംമുമ്പെ വഴി പിരിഞ്ഞിരുന്നു അവർ.

ഇടക്കിടെ ഫാത്വിമയെ കാണാൻ വരുമായിരുന്നു ഉമ്മുകുൽസൂം. അതിനിടയിൽ ഇത്താത്തയെയും മദീനയിലെത്തിക്കാൻ തിരുനബി നിർദ്ദേശിച്ചിരുന്നു. ഇത്താത്തയും മദീനയിലെത്തി അവരെ കാണാനും കുടുംബ ബന്ധം പുലർത്താനും ഉമ്മുകുൽസൂം (റ) വരാറുണ്ടായിരുന്നു. അന്ന് അളിയൻ അബുൽ ആസ്വ് മുസ്ലിമായിട്ടില്ല. അളിയന്റെ ഉമ്മ ഇത്താത്ത സൈനബിനെ കാണാൻ മദീനയിൽ വന്നതറിഞ്ഞു ഉമ്മുകുൽസൂം ഹാല എന്ന അവർ ഉമ്മ ഖദീജ (റ) യുടെ സഹോദരിയുമാണ് ഉടനെ ഉമ്മുകുൽസൂം (റ) ഭർത്താവിനെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു നമുക്കൊരുമിച്ച് പോവാം ഇത്താത്തയെയും ഹാലാ ഉമ്മയെയും കാണാം.

വൈകുന്നേരം അവരെ കാണാനെത്തി. ഹസനും ഹുസൈനും ഉമ്മയ്ക്കൊപ്പം എത്തിയിരുന്നു. അവരെ കളിപ്പിക്കാൻ മക്കളില്ലാത്ത ഉമ്മുകുൽസൂമിന് വളരെ താൽപര്യമായിരുന്നു. ജിബ്രീൽ (അ) നേരിൽ വന്നു കൊണ്ട് ഉസ്മാൻ (റ) ന് ഉമ്മുകുൽസൂമിനെ വിവാഹം നടത്തി കൊടുക്കുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തിയിരുന്നു.

അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം മാത്രമാണ് ഈ വിവാഹം ഞാൻ നടത്തിയതെന്ന് സ്വഹാബികളോട് പറഞ്ഞ തിരുമേനി (സ) എനിക്ക് പത്ത് പെൺകുട്ടികളുണ്ടായിരുന്നെങ്കിൽ അവരെ ഉസ്മാന് വിവാഹം ചെയ്തു കൊടുക്കുമായിരുന്നു വെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് *(ത്വബഖാതുൽ കുബ്റാ)*

തിരുനബി (സ) യുടെ സന്താനങ്ങളെ വിവാഹം കഴിക്കാനുള്ള സൗഭാഗ്യം ലഭിച്ച ഏകവ്യക്തി ഉസ്മാൻ (റ) മാത്രമാണ്. സ്വഹാബികളിൽ പലരും കൊതിച്ചിരുന്നെങ്കിലും ശുദ്ധമനസ്സും വിനയവും കുലീനതയുമെല്ലാം ഒന്നിച്ചുചേർന്ന മഹാനായ ഉസ്മാനെ മാത്രമാണ് തിരുനബി (സ) തിരഞ്ഞെടുത്തത്. ദുന്നൂറൈൻ (ഇരു പ്രകാശത്തിന്റെ ഉടമ) എന്നാണ് ഉസ്മാൻ (റ) നെ പ്രവാചകൻ പരിചയപ്പെടുത്തിയത്.

ഉസ്മാൻ (റ) വും ഉമ്മുകുൽസൂം (റ) യും തമ്മിൽ നല്ല സ്നേഹബന്ധമായിരുന്നു. ആ ദാമ്പത്യജീവിതത്തിനിടയിൽ തിരുനബി (സ) യുടെ മേൽനോട്ടവും വിവരാന്വേഷണങ്ങളും കൂടിയായപ്പോൾ അല്ലലും അലട്ടലും ഇല്ലാതായി. സ്നേഹപൂർവ്വം മകളെയും മരുമകനെയും ഗുണദോഷിക്കാൻ തിരുനബി (സ) അവർക്കൊപ്പമുണ്ടായിരുന്നു.

ഹുദൈബിയയിലും മക്കം ഫത്ഹിലുമെല്ലാം പങ്കെടുക്കാൻ തിരുനബി (സ) യുടെ നിർദേശം വരുമ്പോൾ സ്നേഹപൂർവ്വം ഭർത്താവ് ഉസ്മാൻ (റ) നെ ഉമ്മുകുൽസൂം (റ) യാത്രയാക്കും ചരിത്രതാളുകളിൽ നിറഞ്ഞു നിൽക്കുന്ന ഉസ്മാൻ (റ) നെ ധീരകൃത്യങ്ങൾക്ക് സജജനാക്കാൻ ആ നല്ല ഭാര്യ സജീവമായിരുന്നു.


ഉസ്മാനുബ്നു അഫ്ഫാൻ (റ)


നബി പുത്രിമാരിൽ (സ) രണ്ട് പേരെ വിവാഹം കഴിക്കാൻ സൗഭാഗ്യം സിദ്ധിച്ച ഇസ്ലാമിക ചരിത്രത്തിലെ ഏക വ്യക്തിത്വമാണ് സയ്യിദുനാ ഉസ്മാനുബ്നു അഫ്ഫാൻ (റ).

മക്കയിലെ പ്രസിദ്ധനായ അഫ്ഫാനുബ്നു അബുൽ ആസ്വിന്റെ പുത്രൻ സ്വഹാബീ വനിത അർവാ ബിൻതു കുറൈസ് (റ) യാണ് മാതാവ്.
ആനക്കലഹ സംഭവത്തിന്റെ ആറാം വർഷം ജനിച്ചു. തിങ്ങി നിറഞ്ഞ വലിയ താടിയും തിരുനബിയോട് സാദൃശ്യമുള്ള സുന്ദരമായ മുഖവും ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

ആദ്യകാല വിശ്വാസിയാണ് നാലാമതായി ഇസ്ലാം സ്വീകരിച്ച വ്യക്തി. അബൂബക്കർ (റ) , അലി (റ), സൈദുബ്നു ഹാരിസ (റ) എന്നിവരാണ് ഇദ്ദേഹത്തിനു മുന്നേ സ്വഹാബിമാരായി തീർന്നവർ.

അബൂബക്കർ സിദ്ദീഖ് (റ) മുഖേനയാണ് സത്യമതം സ്വീകരിച്ചത് ഇതറിഞ്ഞ അമ്മാവൻ ഹകം ഇബ്നു അബുൽ ആസ്വ് കയറിൽ കെട്ടിയിട്ടുകൊണ്ട് ചോദിച്ചു. നിന്റെ പിതാക്കന്മാരുടെ മതം വിട്ട് പുതിയ മതത്തിലേക്ക് നീയും ചേക്കേറുകയാണോ? അല്ലാഹുവാണേ സത്യം, നീ ഈ പ്രസ്ഥാനം ഉപേക്ഷിക്കാതെ നിന്നെ ഞാൻ കയറൂരിവിടില്ല.

ഉസ്മാൻ (റ) ഇതുകേട്ട് പതറിയില്ല ഉറച്ച വിശ്വാസിയാണദ്ദേഹം വിശ്വാസത്തിന്റെ കരുത്തിന് മുമ്പിൽ അവർ പത്തി മടക്കി കെട്ടഴിച്ച് വിടുകയാണവസാനം ചെയ്തത്.

ലൂത്വ് നബി (അ) മിന് ശേഷം ആദ്യമായി അല്ലാഹുവിന്റെ മാർഗത്തിൽ പാലായനം ചെയ്ത സൗഭാഗ്യവാനെന്നാണ് എത്യോപ്യയിലേക്കുള്ള ഇദ്ദേഹത്തിന്റെ ഹിജ്റയെക്കുറിച്ച് തിരുനബി (സ) വിശേഷിപ്പിച്ചത് എത്യോപ്യയിൽ നിന്ന് മക്കയിലേക്ക് മടങ്ങിയ ശേഷം മദീനയിലേക്ക് ഹിജ്റ ചെയ്തു.

ധർമം, ലജ്ജ, ഹജ്ജ്, നിസ്കാരം, തുടങ്ങിയ വിഷയങ്ങളിൽ വളരെ മുന്നിലായിരുന്നു. ധാരാളമായി വ്രതമനുഷ്ഠിക്കാറുള്ള ഇദ്ദേഹം എല്ലാവർഷവും ഹജ്ജ് നിർവഹിക്കുമായിരുന്നു. സ്വർഗസുവിശേഷം അറിയിക്കപ്പെട്ട പ്രമുഖരിൽ ഒരാളും വിശുദ്ധ ഖുർആൻ ഒരുമിച്ച് കൂട്ടിയ വിശ്വസ്തരായ സ്വഹാബിമാരിൽപ്പെട്ടവരുമാണ്.

ഇസ്ലാമിനു മുന്നേ അനാചാരവും അന്ധവിശ്വാസവും വ്യാപകമായിരുന്ന അറേബ്യയിൽ മോഷണം, വ്യഭിചാരം, തുടങ്ങിയ അനാശാസ്യ പ്രവർത്തനങ്ങളിൽ പങ്കുകാരനാവാതെ എല്ലാ അസാന്മാർഗികതകളിൽ നിന്നും വിട്ടുനിന്ന് സംശുദ്ധ ജീവിതം നയിച്ചു.

തിരുനബി (സ) യുടെ വിശുദ്ധ കരങ്ങൾ തന്റെ വലം കൈപിടിച്ചു ബൈഅത്ത് ചെയ്ത് ഇസ്ലാം പുൽകിയതിന് ശേഷം ആ വലത് കൈ കൊണ്ട് ഗുഹ്യസ്ഥാനം സ്പർശിച്ചിട്ടില്ല. ജീവിതത്തിലൊരിക്കലും വളരെ സൗമ്യനും സൽ സ്വഭാവിയും വിനയത്തിന്റെ മകുടോദാഹരണവുമായിരുന്നു.

പ്രിയപത്നിയും നബി പുത്രിയുമായ റുഖിയ്യബീവി (റ) യുടെ മരണാസന്ന രോഗവേളയിൽ നടന്ന ബദ്ർയുദ്ധം ഒഴികെയുള്ള എല്ലാ സമരപോരാട്ടങ്ങളിലും തിരുനബി (സ) ക്കൊപ്പം മുൻനിരയിലുണ്ടായിരുന്നു തിരുനബി (സ) യുടെ പ്രത്യേക നിർദേശം മാനിച്ചാണ് ബദ്റിൽ നിന്ന് മാറി നിന്നത്.

ഹിജ്റ ആറിന് നടന്ന പ്രസിദ്ധമായ ഹുദൈബിയാ സന്ധി വേളയിൽ തിരുനബി (സ) യുടെ ഖുറൈശികളിലേക്കുള്ള ദൂതനായി തിരെഞ്ഞെടുക്കപ്പെട്ട തന്ത്രജ്ഞനും നിപുണനുമായിരുന്നു ഉസ്മാൻ (റ). രണ്ട് ഘട്ടങ്ങളിൽ ഇദ്ദേഹത്തെ മദീനയുടെ നിയന്ത്രണമേൽപ്പിച്ച് കൊണ്ടാണ് തിരുനബി (സ) യാത്രപുറപ്പെട്ടത്.

ഖത്ഫാൻ ,ദാതുർറിഖാഅ് യുദ്ധ വേളകളിലാണത് തിരുനബി (സ) യുടെയും പിൽകാലത്തെ രണ്ട് ഖലീഫമാരുടെയും വിശ്വസ്ഥനും കൂടിയാലോചനകൾ നടത്തുന്ന പ്രമുഖരിലും മുൻനിരയിലുള്ള നേതാവായിരുന്നു നബി (സ) യുടെ വഹ്‌യ് എഴുത്തുകാരായ അപൂർവ്വം അനുയായികളിലൊരാളുമാണ് ഉസ്മാൻ (റ)


ധർമ്മിഷ്ഠനായ നേതാവ്


നന്മയുടെ വഴിയിൽ സമ്പത്ത് എത്ര ചെലവഴിക്കാനും യാതൊരു മടിയും പ്രകടിപ്പിക്കാത്ത ഉദാരനായിരുന്നു ഉസ്മാൻ (റ). മുസ്ലിംകൾ നിരവധി യുദ്ധവേളകളിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ എത്ര വലിയ ബാധ്യതയും സ്വയം ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ തന്റെ സമ്പാദ്യം മുഴുവൻ സമർപ്പിച്ച അപൂർവ്വ വ്യക്തിത്വങ്ങളിലൊരാളാണ് ഉസ്മാൻ (റ).

ഉസ്റ സൈന്യത്തെ ഒരുക്കി തയ്യാറാക്കുന്നത് ആരാണ്? അവർക്ക് സ്വർഗ്ഗമുണ്ട് പ്രതിഫലം എന്ന് തിരുനബി (സ) പ്രഖ്യാപിച്ചപ്പോൾ അറുനൂറ് ഒട്ടകങ്ങളെ സംഭാവന ചെയ്തു മാത്രമല്ല ആയിരം ദീനാർ തിരുനബി (സ) യുടെ മടിയിൽ വെച്ച് കൊടുക്കുകയും ചെയ്തു. 

തിരുനബി (സ) പറഞ്ഞു 'ഈ പ്രവൃത്തിക്ക് ശേഷം ഉസ്മാൻ പ്രയാസപ്പെടില്ല ഈ പ്രവൃത്തിക്ക് ശേഷം ഉസ്മാൻ പ്രയാസപ്പെടില്ല ' രണ്ട് തവണയാണിപ്രകാരം ഹബീബ് (സ) പറഞ്ഞത്.

മുസ്ലിംകൾ ഹിജ്റ ചെയ്ത് മദീനയിലെത്തിയ പരിതാപകരമായ ഘട്ടം ജനിച്ച നാട്ടിലെ വീടും പറമ്പും കൃഷിയുമെല്ലാം ഉപേക്ഷിച്ച് ഓടിയവരാണവർ. അന്നേരം മദീനയിലെ മുസ്ലിംകൾക്ക് കുടിക്കാൻ വെള്ളമില്ലാതായി. മുസ്ലിംകൾക്ക് വെള്ളം വിൽപ്പന നടത്തുകയായിരുന്നു യഹൂദി. യഹൂദിയുടെ കിണർ വിലക്കെടുത്ത് വാങ്ങി മുസ്ലിംകൾക്ക് ധർമം ചെയ്യുന്നതിനെക്കുറിച്ച് തിരുനബി (സ) പറഞ്ഞു മുപ്പത്തിരഞ്ചായിരം ദിർഹം നൽകി ഉസ്മാൻ (റ) കിണർ വാങ്ങി റോമാകിണർ യഹൂദിയിൽ നിന്ന് വാങ്ങുന്നവർക്ക് സ്വർഗ്ഗത്തിൽ ഇതിനേക്കാൾ ഉത്തമമായത് പകരം നൽകാം എന്ന് തിരുനബി (സ) പറഞ്ഞു.

മസ്ജിദുന്നബവി വിപുലപ്പെടുത്താൻ പ്രയാസപ്പെട്ടപ്പോൾ സമീപ സ്ഥലം വാങ്ങി സംഭാവന ചെയ്തതും ഉസ്മാൻ (റ) ആയിരുന്നു. ഇരുപതിനായിരം ദിർഹം കൊടുത്ത് ആ സ്ഥലം വാങ്ങിയപ്പോൾ ഇതിനേക്കാൾ നല്ലത് സ്വർഗ്ഗത്തിൽ വെച്ച് നൽകാമെന്ന് നബി (സ) വാഗ്ദത്തം ചെയ്തു.

ഇസ്ലാം സ്വീകരിച്ചതുമുതൽ എല്ലാ വെള്ളിയാഴ്ചയും ഓരോഅടിമകളെ വീതം മോചിപ്പിക്കുക ഉസ്മാൻ (റ) വിന്റെ പതിവായിരുന്നു.

നബിതിരുമേനി (സ) യുടെ വഫാത്തിന് ശേഷം സിദ്ദീഖ് (റ), ഉമറുൽ ഫാറൂഖ്, എന്നിവരുടെ ഭരണകാലത്ത് മുഖ്യ ഉപദേഷ്ടാവായും മാർഗ്ഗദർശിയായും ഉസ്മാൻ (റ) വിനെ ഖലീഫമാർ അംഗീകരിച്ചിരുന്നു. തുടർന്നു മൂന്നാം ഖലീഫയായി ഭരണമേറ്റെടുത്തു.

നീണ്ട 12 വർഷക്കാലത്തെ നീതി പൂർവ്വകമായ ഭരണം അറേബ്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായിരുന്നു ഒരു പറ്റം കലാപകാരികളാണ് ഹിജ്റ 35 ന് ഉസ്മാൻ (റ) വിനെ വധിച്ചത് അന്ന് 82 വയസ്സുണ്ടായിരുന്നു. ശഹീദാവുമെന്ന് പ്രവാചകൻ (സ) ഉസ്മാൻ (റ) വിനെ കുറിച്ച് പ്രവചിച്ചത് പുലരുകയും ചെയ്തു.


വിയോഗം

തബൂക്ക് യുദ്ധസമയമായി. ഹിജ്റ വർഷം ഒമ്പതിനാണിത് കുടുംബ ഭരണം അലി (റ) നെ ഏൽപ്പിച്ചാണ് തിരുനബി (സ) തബൂക്കിലേക്ക് പുറപ്പെട്ടത്. തിരുനബിയും (സ)  അലിയും (റ) തമ്മിൽ വൈരാഗ്യത്തിലായതിനാലാണ് അലിയെ പ്രവാചകൻ തബൂക്കിൽ പങ്കെടുപ്പിക്കാതിരുന്നതെന്ന് കപടവിശ്വാസികൾ പ്രചരിപ്പിച്ചു.

ഇതിനിടയിൽ നബി (സ) പുത്രി ഉമ്മുകുൽസൂം (റ) രോഗിണിയായി. ഫാത്വിമ ബീവി രോഗവിവരമറിഞ്ഞു. തന്റെ കളികൂട്ടുകാരിയായ സഹോദരിയുടെ രോഗം ഫാത്വിമ (റ) യെ വല്ലാതെ തളർത്തി. ഉമ്മുകുൽസൂം (റ) യുടെ പരിചരണം അവർ ഏറ്റെടുത്തു, സ്വന്തം വീട്ടിലേക്ക് സഹോദരിയെ കൊണ്ട് കൊണ്ട് വന്നു ശുശ്രൂഷകൾ നടത്തി. പരിചരിക്കുകയും ആവശ്യങ്ങൾ നിർവ്വഹിച്ചു കൊടുക്കുകയും ചെയ്തു. ശഅ്ബാൻ മാസത്തിലായിരുന്നു ഇത്.

കപടവിശ്വാസികളുടെ കുപ്രചരണങ്ങൾ വ്യാപകമായപ്പോൾ അലി (റ) മുസ്ലിം സംഘത്തോടൊപ്പം പുറപ്പെട്ടു മാർഗമധ്യേ തിരുനബി (സ) വിവരമറിഞ്ഞു അലി (റ) നെ അരികിൽ വിളിച്ചു മൂസാ നബി (അ) നെ പ്രതിനിധിയാക്കി നിർത്തിയ സംഭവം സൂചിപ്പിച്ച ശേഷം മദീനയിലേക്ക് തന്നെ തിരിച്ചു പോവാൻ നിർദ്ദേശിച്ചു. അലി (റ) മടങ്ങി പോവുകയും ചെയ്തു. ഉമ്മുകുൽസൂം (റ) യുടെ രോഗത്തിന് യാതൊരു ശമനവുമില്ല. ഫാത്വിമ (റ) സഹോദരിയെ അവരുടെ വീട്ടിലേക്ക് തന്നെ കൊണ്ടുപോയി ഉസ്മാൻ (റ) ന്റെ ബന്ധുക്കളും ഉമ്മ അർവ (റ) യും അവിടെ മഹതിയെ പരിചരിക്കാൻ സജീവമായി ഉണ്ടായിരുന്നു,

റമളാനിൽ തിരുനബി (സ) യും സ്വഹാബികളും മദീനയിലേക്ക് മടങ്ങിയെത്തി ശേഷം ഉമ്മുകുൽസൂം (റ) മരണത്തിന് കീഴടങ്ങി ഇന്നാലില്ലാഹ്.......



ഉസ്മാൻ (റ) പ്രിയതമയുടെ വിരഹത്തിൽ അതീവ ഖിന്നനായി തളർന്നു പോയി. ഫാത്വിമയും തിരുനബി (സ) യുമെല്ലാം ദുഃഖം അടക്കിപ്പിടിക്കുകയായിരുന്നു. അവരുടെ സ്നേഹകുസുമത്തിന്റെ വേർപാട് അത്രയ്ക്കും വേദനിപ്പിക്കുന്നതായിരുന്നു.

സ്വഹാബി വനിതകൾ വീട്ടിൽ തടിച്ചുകൂടി. പ്രഗൽഭരായ ഉമ്മു അതിയ്യ ബിൻതുഹാരിസ് (റ), ജഅ്ഫറുബ്നു അബീത്വാലിബ് (റ) ന്റെ പത്നി അസ്മാഅ് ബിൻതു ഉമൈസ (റ) എന്നിവരാണ് ജനാസ കുളിപ്പിക്കാൻ നേതൃത്വം നൽകിയത്.

ഉസ്മാൻ (റ) വിന്റെ വസതിയിൽ നിന്നും വൻജനാവലിയുടെ സാന്നിധ്യത്തിൽ ജനാസ കൊണ്ട്പോയി. തിരു നബി (സ) തങ്ങൾ പ്രിയപ്പെട്ട പുന്നാരമോളുടെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്കി. നിസ്കരിച്ചു മറവ് ചെയ്യാൻ നേതൃത്വം നല്കിയത് പ്രമുഖരായ സ്വഹാബി നേതാക്കൾ തന്നെയായിരുന്നു.

ജ്യേഷ്ഠസഹോദരിയുടെ ഭർത്താവ് അലിയ്യുബ്നു അബീത്വാലിബ് (റ), നബി തിരുമേനി (സ) യുടെ പ്രിയപ്പെട്ട വളർത്തു പുത്രൻ ഉസാമത്ബ്നു സൈദ് (റ), മൂത്താപ്പയുടെ മകൻ ഫള്ലുബ്നു അബ്ബാസ് (റ) എന്നിവർ ചേർന്ന് പ്രവാചകരുടെ പുന്നാരപുത്രി ഉമ്മുകുൽസൂം (റ) യുടെ ഭൗതികശരീരം ഖബറിലിറക്കി വെച്ച് മറവ് ചെയ്തു.

മറമാടൽ ചടങ്ങുകൾ നടക്കുമ്പോൾ സ്നേഹനിധിയായ ഓമനപുത്രിയുടെ ഖബറിടത്തിനു തൊട്ടുചാരെ നിന്ന് നിറനയനങ്ങളോടെ വിതുമ്പുന്നുണ്ടായിരുന്നു വിശ്വപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ).

ആറ് വർഷക്കാലം നീണ്ടുനിന്ന ഈ ദാമ്പത്യജീവിതം അസ്തമിക്കുന്നത് ഹിജ്റയുടെ ഒമ്പതാം വർഷമാണ്.

നാഥാ...... ഹബീബായ മുഹമ്മദുർറസൂലുല്ലാഹി (സ) യുടെയും കുടുംബത്തോടുമൊപ്പം സ്വർഗീയ ജീവിതം നയിക്കാൻ ചരിത്രപ്രേമികളായ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ....

---------------------------------------------------------------------------------------------------------------------

കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

https://www.facebook.com/ALI-Ashkar-598105610263884/

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

1 comment: