Thursday 20 August 2020

മുഹർറം - പുതുവത്സരം കടന്നുവരുമ്പോൾ



മുഹറം പിറക്കുമ്പോൾ വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞുവരുന്ന ഒരു സുപ്രധാന സംഭവമാണ് ഹിജ്റ. ഉമര്‍ (റ) പുതിയ കലണ്ടര്‍ പ്രഖ്യാപിച്ചപ്പോള്‍ മുഹറം മാസത്തെയാണ് അതിന്‍റെ തുടക്കമായി ഗണിച്ചത്. അതിനാല്‍ മുസ്ലിം സമൂഹത്തിന്‍റെ പുതുവര്‍ഷപുലരി കൂടിയാണ് മുഹറം ഒന്ന്. കൂടാതെ മുഹര്‍റം നിര്‍ണ്ണായകമായ  ധാരാളം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ മാസമാണ്.

മഹാനായ ഉമര്‍(റ)ന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്: “നിങ്ങള്‍ സ്വയം വിചാരണ ചെയ്യുക നിങ്ങളെ വിചാരണ ചെയ്യപ്പെടും മുമ്പ്, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അളക്കപ്പെടും മുമ്പ് അവയെ നിങ്ങള്‍ തന്നെ അളന്നു നോക്കുക”. അതുകൊണ്ട് ജീവിതത്തിന്‍റെ ഇന്നലെകളില്‍ വന്ന് പോയ അവിവേകങ്ങള്‍ക്ക് നമുക്ക് നാഥനോട് മാപ്പിരക്കാം. കുടെ, സുന്ദരമായ നമ്മുടെ ഭാവി ഭാസുരമാക്കാന്‍ ഇസ്ലാമിക ചൈതന്യത്താല്‍ ധന്യമാക്കി നമുക്ക് മുന്നേറാം.

ഒരു പുതുവര്‍ഷം കൂടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു എന്നതിന്റെ വിവക്ഷ മരണത്തിലേക്ക് ഒരുപടി കൂടി നമ്മള്‍ അടുത്തുവെന്നാണ്. അതുകൊണ്ടുതന്നെ ചിന്തിക്കുന്നവരുടെ പുതുവര്‍ഷങ്ങള്‍ ആരാധനകള്‍ കൊണ്ട് ആഘോഷമാകും.

ഈ മാസത്തെ ആരാധനകള്‍ കൊണ്ട് ധന്യമാക്കാന്‍ നമുക്ക് കഴിയണം. പൂര്‍വീകരെല്ലാം വളരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മാസമാണിത്. പൂര്‍വകാല ആലിമുകളും സജ്ജനങ്ങളും റമസാനിലെ അവസാനത്തെ പത്ത്, ദുല്‍ഹിജ്ജയിലെയും മുഹര്‍റത്തിലെയും ആദ്യത്തെ പത്ത് എന്നിവയെ വളരെ ബഹുമാനിച്ചിരുന്നു. ഇബ്‌നു ഹജറുല്‍ ഹൈതമി(റ) ഫതാവല്‍ കുബ്‌റയില്‍ ഇത് രേഖപ്പെടുത്തുന്നുണ്ട്.

ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം.യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം.മുഹർറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു.മുസ്ലികൾ ഈ ദിവസങ്ങളിൽ സുന്നത്തായ വ്രതമനുഷ്ടിക്കുന്നു.നിഷിദ്ധമാക്കപ്പെട്ടത് എന്നാണു മുഹര്‍റം എന്നതിന്റെ അര്‍ത്ഥം

മുഹര്‍റത്തിന്റെ പുറമെ റജബ്, ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ എന്നീ മാസങ്ങളിലും യദ്ധം ഹറാമായിരുന്നു. ഈ നിയമം പിന്നീട് ദുര്‍ബലമാക്കപ്പെട്ടു. ഇബ്‌ലീസിനു സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടത് മുഹര്‍റത്തിലായതിനാലാണ് ഈ പേര്‍ ലഭിച്ചതെന്നും അഭിപ്രായമുണ്ട്. (ഖസാഇസുല്‍ അയ്യാം: പേജ്/105, തുഹ്ഫ: 9/11, ഇആനത്ത്: 2/265)

ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിനുള്ളത്. ഒട്ടേറെ മഹത്വങ്ങളും സവിശേഷതകളും നിറഞ്ഞ് നില്‍ക്കുന്ന മുഹറം ഒരായിരം പ്രതീക്ഷകളുടെ നവ വര്‍ഷപുലരിയാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. 

കഴിഞ്ഞ വര്‍ഷങ്ങള്‍ എങ്ങനെ ചിലവഴിച്ചു എന്നതിനെ കുറിച്ച് വിചിന്തനം നടത്തുകയും പുതുവര്‍ഷം എങ്ങനെ വിനിയോഗിക്കണമെന്നതിന്ന് ഒരു മാര്‍ഗരേഖ ഒരുക്കുകയും ചെയ്യേണ്ട സമയങ്ങളാണ് മുസ്ലിംകള്‍ക്ക് സമാകതമായിക്കൊണ്ടിരിക്കുന്നത്. നീചമായ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും വെടിഞ്ഞ് തന്‍റെ റബ്ബിലേക്ക് മനസ്സ്തിരിച്ച് ജീവിതത്തെ ക്രമീകരിച്ചെടുക്കാനുള്ള ഒരു തുറന്ന അവസരമായി ഈ മാസത്തെ ഏറ്റെടുക്കാനാണ് നാഥന്‍ താല്‍പര്യപ്പെടുന്നത്.

അല്ലാഹു തന്‍റെ മാസമെന്ന് പ്രഖ്യാപിച്ച് ആദരിച്ച വിശുദ്ധ മാസങ്ങളിലൊന്നാണ് മുഹറം.അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങള്‍ പന്ത്രണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു_:

إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ 

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം വിലക്കപ്പെട്ട) പവിത്ര മാസങ്ങളാകുന്നു.(സൂറതുത്തൗബഃ  36)


അല്ലാഹു ചില മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും സമയത്തിനും പ്രത്യേകത നല്‍കിയിട്ടുണ്ട്. ഈ ആയത്തില്‍ നിന്ന് നാല് മാസങ്ങള്‍ക്ക് പ്രത്യേകതയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. മുഹറം, റജബ് , ദുല്‍ഖഅദ്, ദുല്‍ഹജ്ജ്  എന്നിവയാണ്   പവിത്ര മാസങ്ങളായ നാല് മാസങ്ങള്‍_.


عنْ أَبِي هُرَيْرَةَ  قَالَ قَالَ النَّبِيُّ صلى الله عليه وسلم: أَفْضَلُ الصِّيَامِ بَعْدَ شَهْرِ رَمَضَانَ صِيَامُ شَهْرِ اللَّهِ الْمُحَرَّمِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു  : റമളാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലെ നോമ്പാണ്......(മുസ്ലിം:1163)

അല്ലാഹുവോ അവന്റെ റസൂലോ ശ്രേഷ്ഠതയുണ്ടെന്ന് പറഞ്ഞിട്ടുള്ള മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും പ്രത്യേകതയും ശ്രേഷ്ഠതയുമുണ്ട്. അത് അങ്ങനെ തന്നെ അംഗീകരിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. ഈ പവിത്രമാസങ്ങളെ ഒരിക്കലും അനാദരിക്കരുതെന്നും അല്ലാഹു ഓ൪മ്മപ്പെടുത്തിയിട്ടുണ്ട്_.

يَا أَيُّهَا الَّذِينَ آمَنُوا لَا تُحِلُّوا شَعَائِرَ اللَّهِ وَلَا الشَّهْرَ الْحَرَامَ

സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും നിങ്ങള്‍ അനാദരിക്കരുത് (സൂറത്തുല്‍ മാഇദഃ : 2)


നോമ്പനുഷ്ഠിക്കൽ

ശഹ്റുളളാഹ് (അല്ലാഹുവിന്‍റെ മാസം) എന്നാണ് നബി(സ്വ)യുടെ തിരുവരുളുകളില്‍ മുഹര്‍റം  മാസത്തെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ഈ മാസം മുഴുവന്‍ വ്രതാനുഷ്ടാനം നടത്തുന്നതും അതില്‍ മുഹര്‍റം 9,10 (ആശൂറാഅ്, താസൂആഅ്) തിയ്യതികളില്‍ നോമ്പനുഷ്ടിക്കല്‍ പ്രത്യേകം സുന്നത്തുണ്ടെന്നും പ്രമാണങ്ങളില്‍ കാണാവുന്നതാണ്. 

മുഹര്‍റം ആദ്യത്തെ പത്ത് ദിവസം നോമ്പനുഷ്ടിക്കല്‍ ശക്തമായ സുന്നത്തും മാസം മുഴുവന്‍ നോമ്പ് അനുഷ്ടിക്കല്‍ സുന്നത്തുമാണ്. (ഫതാവല്‍ കുബ്റ)

ആശൂറാഅ് ദിവസത്തില്‍ നിങ്ങള്‍ നോമ്പനുഷ്ടിക്കുവീന്‍ അത് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുത്തുതരാന്‍ അല്ലാഹുവിന്‍റെ മേല്‍ ഞാന്‍ ആഗ്രഹിക്കുന്നു. (മുസ്ലിം റഹ് )

മുഹര്‍റം ഒമ്പതിന് അതായത് താസൂആഅ് ദിനത്തിലും നോമ്പനുഷ്ടിക്കല്‍ സുന്നത്തുണ്ട്. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മുഹറം പത്തിന് നോമ്പനുഷ്ടിക്കുക ജൂതരോട് എതിരാവാന്‍ മുഹര്‍റം ഒമ്പതിനും നിങ്ങള്‍ വ്രതമെടുക്കുക. (അഹ്മദ് റഹ്)

മക്കയില്‍ വെച്ച് ഖുറൈശികളോടുകൂടെ നബി(സ) നോമ്പനുഷ്ഠിച്ചതിന്റെ പുറമെ മദീനയില്‍ വെച്ച് വര്‍ഷങ്ങളോളം മുഹര്‍റം പത്തിനു നബി(സ) നോമ്പനുഷ്ഠിച്ചിരുന്നു. അഹ്‌ലുകിതാബുകളോടു ആവുന്നത്ര യോജിക്കലായിരുന്നു ആദ്യഘട്ടത്തില്‍ നബി(സ)യുടെ നയം. ജൂതരെ ഇസ്‌ലാമിലേക്കു അടുപ്പിക്കലായിരുന്നു ഉദ്ദേശ്യം. പക്ഷേ, അവര്‍ പരിഹാസം വര്‍ദ്ധിപ്പിക്കുകയും മുഹമ്മദ് നബി(സ) നമ്മുടെ നോമ്പിനോട് അനുകരിക്കുന്നുവെന്നു പറഞ്ഞു കളിയാക്കുകയും ചെയ്തപ്പോള്‍ ഹിജ്‌റ പത്താം വര്‍ഷത്തില്‍ നബി(സ) പ്രസ്താവിച്ചു: അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം ഒമ്പതിനും ഞാന്‍ നോമ്പു പിടിക്കും. (മുസ്‌ലിം റഹ് ) പക്ഷേ, ഇതു പറഞ്ഞു രണ്ടു മാസം കഴിഞ്ഞ ഉടനെ നബി(സ) വഫാതായി. (ഫത്ഹുല്‍ ബാരി 4/198) 

ജൂതരോടു എതിരാവാനാണു മുഹര്‍റം ഒമ്പതിന്റെ നോമ്പു സുന്നത്താക്കപ്പെട്ടത്. മുഹര്‍റം പത്തിലെ നോമ്പ് ഒരു വര്‍ഷത്തെ ചെറുദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്. (മുസ്‌ലിം റഹ് ) 

ഇസ്ലാമിന്‍റെ ആദര്‍ശസംരക്ഷണത്തിന് വേണ്ടി സ്വന്തം നാടും വീടും ഉപേക്ഷിച്ച് നബി(സ്വ)യും സ്വഹാബാക്കളും ഹിജ്റ പോയ അവസരത്തില്‍ മദീനയിലുളള ജൂതര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ടിക്കുന്നത് കണ്ടു. ഇന്നെന്താണ് പ്രത്യേകതയെന്ന് നബി(സ്വ) അന്യേഷിച്ചപ്പോള്‍ ഇസ്റാഈലി ജനതയെ അവരുടെ ശത്രുക്കളുടെ കരങ്ങളില്‍ നിന്ന് അല്ലാഹു മോചിപ്പിച്ചത് ഇന്നേ ദിവസമാണ് അത്കാരാണം മൂസാ നബി നോമ്പ് അനുഷ്ടിച്ചിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു:  “അങ്ങെനെയെങ്കില്‍ മൂസാ നബി(അ)യോട് ഏറ്റവും ബന്ധപ്പെട്ടവര്‍ ഞാനാണ്”. പിന്നീട് നബി(സ്വ) മുഹര്‍റം പത്തിന് നോമ്പ് അനുഷ്ടിക്കുകയും സ്വഹാബാക്കളോട് നോമ്പനുഷ്ടിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. അതോടൊപ്പം ജൂതവിഭാഗത്തോട് എതിരാവാന്‍ നബി(സ്വ) മുഹര്‍റം ഒമ്പതിനും നോല്‍ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതാണ് ഇസ്ലാമിക പ്രമാണങ്ങളിലെ ആശൂറാഇന്‍റെയും താശൂആഅിന്‍റെയും ചരിത്ര പശ്ചാത്തലായി ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുളളത്..

ആദം നബി(അ) ന്‍റെ പശ്ചാതാപം അല്ലാഹു സ്വീകരിച്ചത്. നൂഹ് നബി(അ)ന്‍റെ കാലത്തുണ്ടായ മഹാ പ്രളയത്തിന് ശേഷം നൂഹ് നബിയുടെ കപ്പല്‍ ജൂതി പര്‍വ്വതത്തില്‍ നങ്കൂരമിട്ടത്. നംറൂദിന്‍റെ തീക്കുണ്ടാരത്തില്‍ നിന്നും ഇബ്റാഹീം നബി(അ) രക്ഷപ്പെട്ടത് , സ്വന്തം സഹോദരങ്ങളുടെ ദുഷ് പ്രവര്‍ത്തനങ്ങള്‍ കാരണം യഅ്ഖൂബ് നബിക്ക് മകന്‍ യൂസുഫ് നബിയുമായി അകന്ന് കഴിയേണ്ടി വന്നതിന്‍റെ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തമ്മില്‍ കണ്ടത് ,  മത്സ്യത്തിന്‍റെ വയറ്റിലകപ്പെട്ട യൂനുസ് നബി(അ) രക്ഷപ്പെട്ടത് , രോഗബാധിതനായ അയ്യൂബ് നബി(അ)രോഗശമനം നേടിയത്,  മൂസാ നബി(അ)യെ ഫറോവയില്‍ നിന്ന് അല്ലാഹു രക്ഷിച്ചത് ,  നബി(സ്വ)യുടെ പൗത്രന്‍ ഹുസൈന്‍(റ) കര്‍ബലയില്‍ ശഹീദായത്  തുടങ്ങി ഒട്ടനവധി സംഭവങ്ങള്‍ അരങ്ങേറിയത് മുഹര്‍റം മാസത്തിന്‍റെ ചരിത്രത്തിലെ അദ്ധ്യായങ്ങളാണ്. 

ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികള്‍ മുഹര്‍റത്തെ ആദരിച്ചിരുന്നു.മുഹര്‍റം പത്തിനവര്‍ നോമ്പനുഷ്ഠിച്ചിരുന്നു. (ബുഖാരി റഹ്) 

ഹാഫിള് ഇബ്‌നുഹജര്‍(റ) പറയുന്നു: പ്രസ്തുത ദിനത്തില്‍ ഖുറൈശികള്‍ നോമ്പനുഷ്ഠിക്കാനുള്ള കാരണം മുന്‍കഴിഞ്ഞ ശര്‍ഇല്‍ അവര്‍ അതു കണ്ടെത്തിയതാവാം. അതുകൊണ്ടുതന്നെ, കഅബാ ശരീഫിനു ഖില്ലയണിയിക്കുക പോലെയുള്ള കാര്യങ്ങളാല്‍ ആ ദിനത്തെ അവര്‍ ആദരിച്ചിരുന്നു. ഖുറൈശികള്‍ മുഹര്‍റം പത്തിനെ ബഹുമാനിക്കുന്നതിനെക്കുറിച്ച് ഇമാം ഇക്‌രിമ (റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ ഇപ്രകാരം മറുപടി പറഞ്ഞു: ഖുറൈശികള്‍ ജാഹിലിയ്യാ കാലത്ത് എന്തോ ഒരു പാപം ചെയ്തു. അതവരുടെ ഹൃദയങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ആ ദിനത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്തുത പാപത്തിനു പ്രായശ്ചിത്തമാകുമെന്ന് ആരോ അവരോട് പറഞ്ഞു. (ഫത്ഹുല്‍ ബാരി 4:309) 

സ്വഹാബി വനിതകള്‍ ചെറിയ കുട്ടികളെ കൊണ്ട് ആശൂറാഅ് നോമ്പ് അനുഷ്ഠിപ്പിക്കാറുണ്ടായിരുന്നു. കുട്ടികള്‍ ഭക്ഷണം ചോദിക്കുമ്പോള്‍ കളിക്കോപ്പുകള്‍ കൊടുത്ത് അവരുടെ ശ്രദ്ധ മറ്റു വഴിക്ക് തിരിച്ചുവിട്ട് നോമ്പ് പൂര്‍ത്തിയാക്കുമായിരുന്നുവെന്നും ദുബയ്യിഅ് (റ) എന്ന സ്വഹാബി വനിതയുടെ വാക്ക് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്.  ആശൂറാഇന്റെ മഹത്വവും അന്ന് നോമ്പ് അനുഷ്ഠിക്കുന്നതിന്റെ പുണ്യവും ആവശ്യകതയും ഇതില്‍നിന്ന് ബോധ്യമാണല്ലോ..? 


മുഹറം മാസത്തിൽ ഭക്ഷണം നൽകൽ

മുഹര്‍റത്തില്‍ നോമ്പ് പിടിക്കല്‍, ആശൂറാഅ് ദിനത്തില്‍ ആശ്രിതര്‍ക്ക് ഭക്ഷണത്തില്‍ വിശാലത ചെയ്യല്‍ തുടങ്ങിയ ആചാരങ്ങള്‍ അടിസ്ഥാനത്തിലുള്ളതും ശറഇന്റെ പിന്‍ബലമുള്ളതുമാണ്. ആശൂറാഅ് ദിവസത്തില്‍ ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവിന് വിശാലത നല്‍കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (ഇആനത്ത് 2/267)  

മുഹര്‍റം പത്തിലെ ഒരു പുണ്യ ആചാരമാണ് തന്റെ ഭാര്യമക്കള്‍ക്കു മികച്ച ഭക്ഷണം നല്‍കല്‍. അന്നു പതിവിനു വ്യത്യസ്തമായി നല്ല ഭക്ഷണം ഉണ്ടാക്കി ആശ്രിതരെ സന്തോഷിപ്പിക്കുന്നത് പുണ്യമുള്ളതാണ്. ഇമാം കുര്‍ദി(റ) പറയുന്നു: ആശൂറാ നാളില്‍ തന്റെ ആശ്രിതര്‍ക്ക് മികച്ച ഭക്ഷണം നല്‍കല്‍ സുന്നത്താണ്. ആ വര്‍ഷം മുഴുക്കെ അല്ലാഹുവില്‍നിന്ന് ഭക്ഷണവിശാലത ലഭിക്കാനാണിത്. (അല്‍ഹവാസില്‍ മദനിയ്യ 2/131)

മുഹര്‍റം പത്തില്‍ ഭാര്യ മക്കള്‍ക്കു ഭക്ഷണവിശാലത ചെയ്താല്‍ ആ വര്‍ഷം മുഴുവന്‍ ഭക്ഷണവിശാലത ലഭിക്കുമെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. പ്രമാണയോഗ്യമായ (ഹസന്‍) ഹദീസാണതെന്നും ഇമാം കുര്‍ദി(റ) പ്രസ്താവിച്ചിട്ടുണ്ട്. മുഹര്‍റം പത്തില്‍ പ്രവര്‍ത്തിക്കേണ്ടതായി ഹദീസില്‍ സ്ഥിരപ്പെട്ടതു നോമ്പും ഭക്ഷണവിശാലതയുമാണ്. മറ്റു ചിലതു കാണുന്നത് വ്യാജവും ദുര്‍ബലവുമാണ് (ഫത്ഹുല്‍ മുഈന്‍, പേജ് 203)


തെറ്റിദ്ധാരണകള്‍

മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണ്ടെങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കെതിരെ ഉലമാഅ് ശബ് ദിക്കുന്നത് കാണുക: ‘ആശൂറാഇല്‍ സുറമയിട്ടാല്‍ ആ വര്‍ഷം കണ്ണുരോഗം പിടിപെടില്ല. അന്നു കുളിച്ചാല്‍ അക്കൊല്ലം രോഗമുണ്ടാകില്ല തുടങ്ങിയ ഹദീസുകള്‍ കള്ള നിര്‍മ്മിതവും കള്ളന്മാര്‍ കെട്ടിച്ചമച്ചതുമാണ്. (ഫതഹുല്‍ മുഈന്‍)

മുഹര്‍റം പത്തിനു പ്രത്യേക നിസ്‌കാരം ഇല്ല. ശര്‍ഇല്‍ അങ്ങനെയൊന്നു സ്ഥിരപ്പെട്ടിട്ടില്ല. അന്നേ ദിവസം സുറുമ ഇടല്‍ കറാഹത്താണ്. എന്തുകൊണ്ടെന്നാല്‍ നബി(സ)യുടെ പേരമകന്‍ ഹുസൈന്‍(റ)ന്റെ രക്തം കൊണ്ട് യസീദും ഇബ്‌നു സിയാദും കളിച്ച ദിവസമാണത്. അന്നു പുതുവസ്ത്രം ധരിക്കല്‍ സന്തോഷം പ്രകടമാക്കല്‍ എന്നിവയും ഇസ്‌ലാമില്‍ സ്ഥിരപ്പെട്ടതല്ല. (ഇആനത്ത് 2/260)

മുഹര്‍റം പത്തിനു മുമ്പ് കല്യാണം, സല്‍ക്കാരം തുടങ്ങിയ സദ്യകളൊന്നും പാടില്ലെന്ന തെറ്റായ ധാരണ വ്യാപകമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതു അടിസ്ഥാനരഹിതമാണെന്നു വിശ്വസിക്കുന്നവര്‍ തന്നെ അവ മുഹര്‍റം പത്തിനു മുമ്പു നടത്താന്‍ മടിക്കുന്നു. മുഹര്‍റമാസം മറഞ്ഞു കാണുന്നതുകൊണ്ടോ, മുഹര്‍റം പത്തിനു മുമ്പ് കല്യാണം, സല്‍ക്കാരം എന്നിവ നടത്തുതുകൊണ്ടോ ഇസ്‌ലാമില്‍ അതിന്ന് യാതൊരു തെറ്റുമില്ല. പ്രസ്തുത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തായതുകൊണ്ടു നോമ്പനുഷ്ഠിച്ചവര്‍ക്ക് സദ്യയില്‍ പങ്കെടുക്കാന്‍ ചിലപ്പോള്‍ മനഃപ്രയാസം നേരിട്ടെന്നുവരാമെന്നുമാത്രം.

മുഹര്‍റം മാസവും മറ്റു മാസവും (ചന്ദ്രപ്പിറവി) മറഞ്ഞുകാണല്‍ അപകടസൂചനയോ അവലക്ഷണമോ അല്ല. ചന്ദ്രപ്പിറവിയുടെ പ്രതിബിംബം വെള്ളത്തില്‍ കാണുന്നതും ചീത്ത ലക്ഷണമല്ല.


മുഹര്‍റം പത്തും ശിയാക്കളും

ശീഅത്തു വിഭാഗം ആശൂറാഅ് ദിനത്തെ പുണ്യദിനമായി ആചരിക്കുന്നതിന്റെ പശ്ചാത്തലമെന്തെന്നു പരിശോധിക്കാം. അല്ലാമാ ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തുന്നു. ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത് ഹിജ്‌റ 61-ാം വര്‍ഷം മുഹര്‍റം പത്തിനു ജുമുഅ ദിവസത്തിലായിരുന്നു. ആശൂറാഅ് ദിനമാചരിക്കുന്നതില്‍ ശിയാക്കള്‍ അതിര്‍കടന്നിരിക്കുന്നു. അതുമായി ബന്ധപ്പെട്ട കുറെ നീചമായ കള്ളക്കഥകള്‍ ഹദീസുകളെന്നപേരില്‍ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആ ദിനത്തില്‍ സൂര്യഗ്രഹണം സംഭവിച്ചു, അന്നു ഭൂമിയിലുള്ള ഏതു കല്ലിന്‍ചുവട്ടിലും രക്തം കാണാമായിരുന്നു, അന്തരീക്ഷം ചുവപ്പ് വര്‍ണ്ണമായി മാറി, സൂര്യ രശ്മി രക്തം പോലെ ചുവന്നിരുന്നു, ആകാശം രക്തക്കട്ടപോലെയായി, ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു, രക്തവര്‍ണ്ണമുള്ള മഴ വര്‍ഷിച്ചു തുടങ്ങിയവ ആ കള്ളക്കഥകളില്‍ ചിലതു മാത്രം. (അല്‍ബിദായത്തു വന്നിഹായ 8/198,201)

കര്‍ബലാ യുദ്ധ കാലത്തെ ഇസ്‌ലാമിക ഭരണാധികാരി യസീദുബ്‌നു മുആവിയ(റ) ആയിരുന്നു. അയാള്‍ക്ക് ഹുസൈന്‍(റ)വിന്റെ കൊലയുമായി ബന്ധം സ്ഥിരപ്പെട്ടിട്ടില്ലെന്ന് ഇമാം ഗസ്സാലി(റ) ഇഹ്‌യാ 3/121-ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത് ചെയ്തന്നോ അതിന്ന് കല്‍പിച്ചുവെന്നുപോലും പറയല്‍ അനുവദനിയമല്ലെന്ന് ഇമാം ഗസ്സാലി(റ) പ്രസ്താവിച്ചിട്ടുണ്ട്. ചരിത്ര ഗ്രന്ഥങ്ങളില്‍ ഈ പ്രവര്‍ത്തനം യസീദ്(റ) ഇഷ്ടപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ടത് അവലംബ യോഗ്യമല്ലെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) തന്റെ ഫതാവല്‍ ഹദീസിയ്യഃ പേജ് 270-ല്‍ പറഞ്ഞിട്ടുണ്ട്.

ഇമാം ഇബ്‌നുകസീര്‍(റ) തുടരുന്നു: ഹിജ്‌റാബ്ദം നാലാം നൂറ്റാണ്ടായപ്പോള്‍ ശിയാക്കളില്‍ ഒരു വിഭാഗം പ്രസ്തുത ദിനമാചരിക്കുന്നതില്‍ അതിര്‍കടന്നു. ദുഃഖാചരണമായി അവര്‍ ആ ദിനത്തെ കണക്കാക്കി. ബഗ്ദാദ് പോലുള്ള പട്ടണങ്ങളില്‍ മുഹര്‍റം പത്തിന് ദുഃഖാചരണം കുറിക്കുന്ന ചെണ്ടമുട്ടലും ടൗണുകളിലും വഴികളിലും മണ്ണും വെണ്ണീറും വിതറലും കടകളുടെ മുന്‍വശത്ത് ദുഃഖം കുറിക്കുന്ന കരിമ്പടം തൂക്കിയിടലുമെല്ലാം ആ ദുഃഖാചരണത്തിന്റെ ഭാഗമായിരുന്നു. ജനങ്ങള്‍ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്യും. ഹുസൈന്‍(റ) ദാഹിച്ചവശനായിട്ടാണു കൊലചെയ്യപ്പെട്ടതെന്നു പറഞ്ഞ് അവരില്‍ നിന്നധികപേരും പ്രസ്തുത ദിനത്തില്‍ ഒരിറ്റു വെള്ളം പോലും കുടിക്കുകയില്ല.

സ്ത്രീകള്‍ മുഖം വെളിവാക്കി അട്ടഹസിക്കുകയും മാറത്തും മുഖത്തുമെല്ലാം അടിച്ച് ചെരിപ്പു ധരിക്കാതെ പ്രകടനം നടത്തും. ഇതുകൊെണ്ടല്ലാം അവരുദ്ദേശിക്കുന്നത് അന്നത്തെ ബനൂഉമയ്യത്തിന്റെ ഭരണത്തിനോട് പ്രതിഷേധം കാണിക്കുകയാണ്. കാരണം, അവര്‍ ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത്. 

എന്നാല്‍ ഈ വിഭാഗത്തിനോട് അങ്ങേയറ്റം വിരോധമുള്ള ശിയാക്കളിലെ മറ്റൊരു വിഭാഗം മുഹര്‍റം പത്തില്‍ നല്ല ധാന്യങ്ങള്‍ പാകം ചെയ്ത് കുളിച്ചു പുതുവസ്ത്രം അണിഞ്ഞ് സുഗന്ധം പൂശി പ്രസ്തുത ദിനത്തെ ആഘോഷിക്കും. ഇതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത് എതിര്‍വിഭാഗത്തിനോടുള്ള വിരോധവും മര്‍ക്കട മുഷ്ഠിയുമാണ്. (അല്‍ബിദായ 8/202)

ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നു: മുഹര്‍റം പത്തിനു ഹുസൈന്‍(റ) കൊല്ലപ്പെട്ടതുകൊണ്ട് അന്നൊരു ദുഃഖാചരണ ദിനമായിട്ടാണ് റാഫിളത്ത് കാണുന്നത്. അമ്പിയാക്കള്‍ക്കുണ്ടായ പരീക്ഷണ ദിനങ്ങളെയും വഫാത്തുദിനത്തെയും ദുഃഖാചരണ ദിനമായി സ്വീകരിക്കാന്‍ അല്ലാഹുവും അവന്റെ റസൂലും ആജ്ഞാപിച്ചിട്ടില്ല. അപ്പോള്‍ പിന്നെ അവരുടെയും താഴേക്കിടയിലുള്ളവരുടെ വഫാത്ത് ദിനം എങ്ങനെയാണു ദുഃഖാചരണദിനമായി കാണുക. (ഫതാവാ സുയൂത്വി 1/193)

നബി(സ)യുടെ പേര മകന്‍ ഹുസൈന്‍(റ)വിനെ കൊല്ലാന്‍ സഹായിച്ചവര്‍ക്കെല്ലാം റബ്ബ് ദുനിയാവില്‍ വെച്ചുതന്നെ ശിക്ഷ നല്‍കിയിട്ടുണ്ടെന്നത് ചരിത്രത്തിലെ മധുരമായ സത്യമാണ്.

നബി കുടുംബത്തിനു ദാഹ ജലം നിഷേധിച്ച പലരും വയറുനിറയെ വെള്ളംകുടിച്ചു മരിച്ചു. മറ്റു ചിലര്‍ വിശപ്പും ദാഹവും സഹിച്ചാണ് മരിച്ചെതെന്ന് മന്‍സൂറുബ്‌നു അമ്മാര്‍(റ) പറയുന്നു.

ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു: ”ഒരാള്‍ ഹുസൈന്‍(റ)നെ ശപിച്ചു. പെട്ടെന്ന് രണ്ട് മിന്നല്‍ വന്ന് അയാളുടെ കണ്ണുകളുടെ കാഴ്ച ശക്തി പറ്റിയെടുത്തു.”

അക്കൂട്ടത്തിലെ ഒരാളെ പറ്റി ഹുസൈന്‍(റ) നബി(സ)യോട് ആവലാതി പറയുന്നത് അയാള്‍ സ്വപ്നം കണ്ടു. നബി അയാളുടെ മുഖത്തേക്ക് തുപ്പി. അയാള്‍ എണീറ്റപ്പോള്‍ അദ്ദേഹത്തിന്റെ മുഖം ഒരു പന്നിയുടെ മുഖമായിരിക്കുന്നു.

ചുരുക്കത്തില്‍, മുഹര്‍റം പത്തിലെ നോമ്പിനും മറ്റു ആചാരങ്ങള്‍ക്കും ഹുസൈന്‍(റ)വിന്റെ കൊലപാതകവുമായി ഒരു ബന്ധവുമില്ല. അന്നു ദുഃഖാചരണവും സന്തോഷദിനവുമായി രണ്ടുവിഭാഗം ശിയാക്കള്‍ കാണുന്നതു ഇസ്‌ലാമിക രേഖയ്ക്കു നിരക്കാത്തതാണ്.


വീടുനിര്‍മ്മാണം

മുഹര്‍റത്തിലെ ആദ്യത്തെ പത്തു ദിവസം നഹ്‌സുള്ള (ബറ്കത്തില്ലാത്ത) ദിനങ്ങളാണെന്ന ധാരണ ശരിയല്ല. അതേ സമയം, മുഹര്‍റം മാസം 12 നഹ്‌സുള്ള ദിവസമാണെന്നും ആ ദിനം നിങ്ങള്‍ സൂക്ഷിക്കണമെന്നും  നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. ഇമാം ദമീരി(റ) തന്റെ ഹയാത്തുല്‍ ഹയവാനില്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസി(റ)ല്‍നിന്നു നിവേദനം: എല്ലാ മാസവും അവസാനത്തെ ബുധന്‍ നഹ്‌സാണ്. ഈ ഹദീസ് ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഹദീസില്‍ നിന്നും മുഹര്‍റത്തിലെ ഒടുവിലെ ബുധന്‍ നഹ്‌സാണെന്നു വന്നു.

വീടുനിര്‍മ്മാണം ആരംഭിക്കാന്‍ മുഹര്‍റം മാസം ഉചിതമല്ല. മുഹര്‍റം മാസത്തില്‍ വീടുപണി ആരംഭിച്ചാല്‍ അതുമൂലം പരീക്ഷണവും സങ്കടവും ഉണ്ടാവുമെന്നു പറയപ്പെട്ടിരിക്കുന്നു. (ഖസ്വാഇസുല്‍ അയ്യാം, പേജ് 202) മുഹര്‍റം പത്തു കഴിയട്ടെ എന്നിട്ടാവാം കല്യാണം എന്നു പറയുംപോലെത്തന്നെ മൂന്നാം മാസത്തേക്കു കല്യാണം നിശ്ചയിക്കന്‍ പാടില്ലെന്നു പറയുന്നതും അടിസ്ഥാനമില്ലാത്തതാണ്.


ആശൂറാഅ് ദിവസത്തിലെ പ്രാര്‍ത്ഥന

മുഹര്‍റം പത്തില്‍ പ്രത്യേക ദിക്‌റും ദുആയും നടത്താന്‍ ചില ഇമാമുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനു വലിയ ഓഫറുകളും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അശൈഖ് മുഹമ്മദ് ഗൗസുല്ലാഹ്(റ) തന്റെ അല്‍ ജവാഹിര്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ഒരാള്‍ ആശൂറാ ദിനത്തില്‍ ‘ഹസ്ബിയല്ലാഹ് വനിഅ്മല്‍വകീല്‍ നിഅ്മല്‍ മൗലാ വനിഅ്മന്നസ്വീര്‍’ എന്ന ദിക്ര്‍ എഴുപതു തവണ ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ആ വര്‍ഷം അവനു മരണമില്ല, അവന്റെ മരണവിധി എത്തിയ വര്‍ഷമാണെങ്കില്‍ പ്രസ്തുത ദിക്ര്‍ ചൊല്ലാന്‍ അവനു കഴിയില്ല.

ഹാഫിള് ഇബ്‌നു ഹജര്‍ അസ്ഖലാനിയും ചില പ്രത്യേക ദിക്‌റുകള്‍ മുഹര്‍റം പത്തിനു ചൊല്ലുന്നതിനായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പഠനത്തിനു ‘ഖസ്വാഇസുല്‍ അയ്യാമി വല്‍ അശ്ഹുര്‍’ കാണുക. ഇആനത്തിലും (2/261) ഇതു രേഖപ്പെടുത്തിയിട്ടുണ്ട്.


മുഹർറം പത്തിനു ഭക്ഷണ വിശാലത 

മുഹർറം പത്തിന്റെ നാളിൽ (ആശൂറാ ) ഭാര്യാമക്കൾക്ക് ഭക്ഷണാതികളിൽ വിശാലമാക്കിക്കൊടുക്കൽ അജ്ഞാതമല്ലാത്ത സുന്നത്താണെന്നു നമ്മുടെ നാട്ടിൽ ഒാതിവരുന്ന നുബാത്തിയ്യ ഖുതുബയിലുണ്ടല്ലോ. (വത്തൗസിഅത്തു ഫീഹി....) എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും ശിയാക്കളുടെ ജല്പനമാണെന്നും ചില പറയുന്നു.അങ്ങനെയെങ്കിൽ ഈ അബദ്ധജഡിലമായ വിശ്വാസമാണോ ശ്രോതാക്കൾക്ക് അറബിയറിയില്ലെങ്കിലും ഖതീബുമാർ പള്ളി മിമ്പറ്റുകളിൽ കയറി വിളിച്ചു പറയുന്നത് ?! ഇത്‌ തിരുത്തേണ്ടതല്ലേ ? അതല്ലെങ്കിൽ മേൽപ്രകാരം ഒരു ഭക്ഷണ വിശാലതയുടെ സുന്നത്ത് ഫിഖ്ഹിന്റെ കിതാബുകളിലെവിടെയെങ്കിലും തെളിയിക്കാമോ ?


ഓ,തെളിയിക്കാമല്ലോ. ആശൂറാ നാളിൽ തന്റെ ആശ്രിതർക്ക് ഭക്ഷണവിശാലത നൽകൽ സുന്നത്താണെന്നും ആ വർഷം മുഴുക്കെ അല്ലാഹുവിൽ നിന്ന് ഭക്ഷണ വിശാലത ലഭിക്കാനാണ് ഇതെന്നും ഇമാം കുർദി തന്റെ അൽഹവാശിൽ മദനിയ്യ:(2- 131)യിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.ഹസനായ (പ്രമാണയോഗ്യം) ഹദീസിൽ അങ്ങനെയുണ്ടെന്നും അദ്ദേഹം സമർത്ഥിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച ഹദീസുകളെയെല്ലാം ഇബ്നുൽ ജൗസി മൗളൂഅ്‌ (പ്രമാണിക്കാൻ പറ്റാത്തത്) എന്നു വിധി കല്പിച്ചിട്ടുണ്ടെങ്കിലും അതു ശുദ്ധപിഴവാണെന്നു പ്രസിദ്ധ ഹദീസ് നിരൂപകനായ അസ്സൈനുൽ ഇറാഖീ (റ) പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നു നാസിറുദ്ദീൻ എന്ന മുഹദ്ദിസും ഇറാഖിയും അവയിൽ പല ഹദീസുകളും സ്വഹീഹാണെന്നു തന്നെ സമർത്ഥിച്ചിട്ടുണ്ട്. ഇനി ഹദീസുകളെല്ലാം ളഈഫാണെന്നു വന്നാലും നിവേദക പരമ്പര ( സനദ് ) ചിലത് ചിലതിനെ ശക്തിപ്പെടുത്തുമെന്നതു കൊണ്ട് അത്തരം ഹദീസുകൾ പ്രമാണയോഗ്യമാണെന്നതു സുവിദിതമാണല്ലോ. ശർവാനി 3-455 നോക്കുക.

ഇവ്വിധം അടിസ്ഥാനമുള്ളതുകൊണ്ടാണ് ഇബ്നുനുബാത്തതൽ മിസ് രി (റ) യുടെ ഖുതുബയിലെ പ്രശ്നത്തിലുന്നയിച്ച വാക്യം അറബുഭാഷ തിരിയുന്ന ഖതീബുമാർ പള്ളി മിമ്പറുകളിൽ നിന്നു കൊണ്ടു തന്നെ ഉറക്കെ പ്രഖ്യാപിക്കുന്നത്. ശ്രോതാക്കൾ അറബു പഠിക്കാത്തതു കൊണ്ട് ഖതീബുമാരെന്തു ചെയ്യാൻ ! അതിനാൽ അതു തിരുത്തേണ്ടതല്ല. തുടരേണ്ടതാണ്. (നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം രണ്ട്,പേജ്: 147)


പെരുന്നാളിന്റെ പ്രഭാതത്തിൽ കിണറുകളിൽ സംസം നിർഗളിക്കുമെന്ന വിശ്വാസത്തിന് അടിസ്ഥാനമുണ്ടോ 

അങ്ങനെ കാണുന്നില്ല.എന്നാൽ, ആശൂറാ ദിനത്തിന്റെ (മുഹർറം -10 ) രാത്രിയിൽ സംസമിന് മറ്റു വെളളങ്ങളിലേക്ക് അല്ലാഹു തുറവി നൽകുമെന്നും അതിനാൽ അന്നേ ദിനം വല്ലവനും കുളിച്ചാൽ ആ വർഷത്തിൽ രോഗങ്ങളെത്തൊട്ട് നിർഭയത്വം കിട്ടുമെന്നും തഫ്സീർ റൂഹുൽ ബയാനിൽ (4-47) ഉദ്ധരിച്ചിട്ടുണ്ട്.ഇതുപക്ഷേ, ശിയാക്കളുടെ ഭാഗത്തു നിന്ന് ആശൂറാ ദിനത്തിൽ പ്രചരിപ്പിക്കപ്പെട്ട അടിസ്ഥാന രഹിതമായ നിർമ്മിതികളിൽപ്പെട്ടതാകാം. അന്നേ ദിവസം കുളി സുന്നത്താണെന്നതും രോഗമുക്തി ലഭിക്കുമെന്നതും അടിസ്ഥാന രഹിതവും അനാചാരവുമാണെന്ന് ഇമാം ഇബ്നുഹജർ(റ) വ്യകതമാക്കിയിട്ടുണ്ട്. അസ്സ്വവാഇഖുൽ മുഹ് രിഖ: പേജ്: 278,279.(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: മൂന്ന്, പേജ്: 150  )


ഏറ്റവും ശ്രേഷ്ടം മുഹർറമോ? ശഅ്ബാനോ ?

ശഅ്ബാൻ മാസം ആദ്യവെള്ളിയാഴ്ച ഞങ്ങളുടെ പള്ളിയിലെ മുസ് ലിയാർ ചെയ്ത പ്രസംഗത്തിൽ നബിതങ്ങൾ റമളാൻ കഴിഞ്ഞാൽ കൂടുതൽ നോമ്പനുഷ്ടിച്ചിരുന്നത് ശഅ്ബാനിലായിരുന്നുവെന്നും ഈ മാസം സുന്നത്തുനോമ്പ് അതിശ്രേഷ്ടമാണെന്നും ശക്തമായി സ്ഥാപിച്ചു. എന്നാൽ, കഴിഞ്ഞ മുഹർറം മാസത്തിൽ അദ്ദേഹം പ്രസംഗത്തിൽ സ്ഥാപിച്ചത്, റമളാൻ കഴിഞ്ഞാൽ നോമ്പ് ഏറ്റവും ശ്രേഷ്ടമായ മാസം മുഹർറം മാസമാണെന്നായിരുന്നു. ഇങ്ങനെ കേട്ടപ്പോൾ ശ്രേഷ്ടതയുടെ കാര്യത്തിൽ നിജസ്ഥിതി അറിയണമെന്നു തോന്നി. ഖത്വീബുമാർ അവസരോചിതമായി ജനങ്ങളെ നന്മയിലേക്കു നയിക്കുന്നതിന് ഓരോ തവണയും ശ്രേഷ്ടത വിവരിക്കുന്നത് ന്യായമാണെങ്കിലും ശർഇന്റെ നിയമത്തിൽ കൃത്യമായി ഏതാണു ശ്രേഷ്ടമെന്ന് അറിയണമല്ലോ. നുസ്രത്ത് ഇക്കാര്യത്തിൽ വ്യക്തവും ശക്തവുമായ വിശദീകരണം നല്കുമെന്ന് പ്രതീക്ഷിക്കുന്നു. 


റമളാൻ കഴിഞ്ഞാൽ നോമ്പിന് ഏറ്റവും ശ്രേഷ്ടമായ മാസങ്ങൾ യുദ്ധം നിഷിദ്ധമായിരുന്ന പവിത്രമാസങ്ങളാണ്. ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം, റജബ് എന്നീ നാലു മാസങ്ങളാണവ. ഇവയിൽ തന്നെ ഏറ്റം ശ്രഷ്ടം മുഹർറമും പിന്നീട് റജബ് മാസവുമാണ്. ഈ നാലു മാസങ്ങൾക്കു ശേഷമാണ് ശഅ്ബാൻ മാസത്തിന്റെ സ്ഥാനം.

എന്നാൽ, നബി (സ) തങ്ങൾ കൂടുതൽ നോമ്പനുഷ്ടിച്ചിരുന്നത് ശഅ്ബാനിലായിരുന്നുവെന്ന് നിങ്ങളുടെ ഖത്വീബ് പ്രസംഗിച്ചത് ശരിതന്നെയാണ്. അങ്ങനെ പ്രബല ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഇതു കൊണ്ടു പക്ഷേ, ശഅ്ബാൻ മുഹർറമിനേക്കാൾ ശ്രേഷ്ടമാണെന്നു വരികയില്ല. മുഹർറമിൽ കൂടുതൽ നോമ്പനുഷ്ടിക്കുന്നതിനെത്തൊട്ട് തടയുന്ന ന്യായമായ വല്ല കാരണങ്ങളും ഉണ്ടായതുകൊണ്ടാണ് ആ മാസത്തിൽ നബി വർദ്ധിപ്പിക്കാതിരുന്നതെന്നു വരാമല്ലോ. അതല്ലെങ്കിൽ മുഹർറമാണ് കൂടുതൽ ശ്രേഷ്ടമെന്ന അറിവ് ലഭിച്ചത് നബിതങ്ങളുടെ ജീവിതാവസാനത്തിലാണെന്നും വരാം. ഏതായാലും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റം ശ്രേഷ്ടം മുഹർറം തന്നെയാണ്. ശഅ്ബാനല്ല. ശർവാനി 3-461.


മാസപ്പിറവി മറഞ്ഞുകണ്ടാൽ

പന്ത്രണ്ട് മാസങ്ങളുള്ള ഒരു വർഷത്തിന് ആദ്യമാസം ആണല്ലോ മുഹർറം...

മുഹർറം മാസത്തിലെ മാസപ്പിറവി മറഞ്ഞു കണ്ടാൽ, അല്ലെങ്കിൽ വെള്ളത്തിൽ കണ്ടാൽ ആ വർഷം മുഴുവൻ അശുദ്ധമോ അപകടമോ ഉണ്ടായിരിക്കുമെന്ന ചില ധാരണകളും വിശ്വാസങ്ങളും തിരുത്തപ്പെടേണ്ടതാണ്. യഥാർത്ഥത്തിൽ അങ്ങനെ ഒരു വിശ്വാസം ഇസ്ലാമിൽ ഇല്ല തന്നെ.

മാസപ്പിറവി എങ്ങനെ കണ്ടാലും, ഇനി കണ്ടില്ല എങ്കിലും മാസം പിറന്നു എന്ന് അറിഞ്ഞാൽ തന്നെ നബിﷺതങ്ങൾ പഠിപ്പിച്ച ദിക്റുകൾ ഉരുവിട്ട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. കൂടാതെ അതിനുശേഷം സൂറത്തുൽ മുൽക്ക് അഥവാ തബാറക ഓതലും സുന്നത്താണ് എന്ന് ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേപ്രകാരം ശിയാക്കൾ കടത്തിക്കൂട്ടിയ പുത്തൻ ആചാരങ്ങളുമായി ബന്ധപ്പെടാൻ പാടില്ല. മുഹറം മാസത്തിൽ ദുഃഖം ആചരിക്കലും, ആഹ്ലാദം പ്രകടിപ്പിക്കലും ഒക്കെ ശിയാക്കളുടെ ദുരാചാരങ്ങൾ ആണ്. ഇസ്ലാമുമായി അതിനു യാതൊരു ബന്ധവുമില്ല.

അതുപോലെ തന്നെ ദുഃഖം പ്രകടിപ്പിക്കാൻ വേണ്ടി വസ്ത്രങ്ങൾ മാറ്റുന്നതും, കറുത്ത കൊടി കെട്ടുന്നതും, കറുത്ത വസ്ത്രം ധരിക്കുന്നതും ഒന്നും ഇസ്ലാം പ്രോത്സാഹിപ്പിച്ചില്ല. ഒരാൾ മരിച്ചാൽ അല്ലെങ്കിൽ മറ്റൊരാളുടെ വിയോഗത്തിൽ മൂന്നിലധികം ദിവസം ദുഃഖം ആചരിക്കുന്നതിനെ  നബിﷺതങ്ങൾ വിരോധിച്ചിട്ടുണ്ട്.


No comments:

Post a Comment