Monday 17 August 2020

ക്ഷമിക്കുന്നവർക്കു സ്വർഗ്ഗമുണ്ട്

 

ഉർവത് ബിൻ സുബൈറി(റ)ന്റെ കാൽ ചില അസുഖങ്ങളുടെ പേരിൽ മുറിച്ചുമാറ്റേണ്ടി വന്നു. അന്നുതന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകൻ കുതിരക്കുത്തേറ്റ് മരണപ്പെടുകയും ചെയ്തു. അദ്ദേഹം പ്രതികരിച്ചു:

"അല്ലാഹുവേ, നിനക്കാണ് സ്തുതി. ഇന്നാ ലില്ലാഹ്..."

കുറച്ചുകാലം കഴിഞ്ഞ് ഉർവ (റ) അന്നത്തെ ഖലീഫയെ സന്ദർശിക്കാൻ പോയി. രണ്ടുപേരും സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അന്ധനായ ഒരു വയസ്സൻ കൊട്ടാരത്തിലേക്ക് കടന്നുവന്നു. ഖലീഫ പറഞ്ഞു: "മഹാനവറുകളേ, അയാളോട് തന്റെ വിശേഷങ്ങൾ ചോദിച്ചുനോക്കൂ."

അപ്പോൾ വയസ്സൻ പറയാൻ തുടങ്ങി:

"ഒരു മലഞ്ചെരുവിലായിരുന്നു എന്റെ താമസം. അവിടത്തെ ഏറ്റവും വലിയ സമ്പന്നൻ ഞാനായിരുന്നു. അങ്ങനെ ഒരു രാത്രി ശക്തമായ പ്രളയം വന്നു. എന്റെ വീടും സമ്പത്തും കാലികളും കുടുംബവുമെല്ലാം ഒലിച്ചുപോയി. ആകെ ബാക്കിവന്നത് ഒരു ഒട്ടകവും എന്റെ ചെറിയ കുട്ടിയും മാത്രം! അങ്ങനെയിരിക്കെ ഒട്ടകം കയറ് പൊട്ടിച്ച് ഓടാൻ തുടങ്ങി. ഞാൻ കുട്ടിയെ താഴെവച്ച് ഒട്ടകത്തിന്റെ പിന്നാലെ ഓടി."

"അപ്പോൾ പിന്നിൽ നിന്ന് ഒരു കരച്ചിൽ! തിരിഞ്ഞു നോക്കുമ്പോൾ എന്റെ കുട്ടിയെ ഒരു ചെന്നായ പിടിക്കാൻ നിൽക്കുന്നു. ഞാൻ ഓടി വന്നു. അപ്പോഴേക്കും കുട്ടി അതിന്റെ കടിയേറ്റ് മരിച്ചിരുന്നു. നിരാശയോടെ ഞാൻ രണ്ടാമത് ഒട്ടകത്തെ പിടിക്കാൻ ചെന്നു. അടുത്തെത്തിയപ്പോൾ അതെന്നെ ആഞ്ഞുതൊഴിച്ചു. കണ്ണിനാണ് തൊഴി കൊണ്ടത്. ഞാൻ അന്ധനുമായി...!"

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ഉർവ(റ) ചോദിച്ചു: "എന്നിട്ട് നിങ്ങളെന്താണ് പ്രതികരിച്ചത്?" വയസ്സൻ: "ദൈവത്തിന് സ്തുതി എന്ന് മാത്രം. കാരണം, നല്ലൊരു മനസ്സും ദിക്റ് ചൊല്ലുന്ന നാവും അവനെനിക്ക് നൽകിയിരിക്കുന്നല്ലോ."

ഇത് പരീക്ഷണങ്ങളുടെ കാലം; കോവിഡ്, സാമ്പത്തിക പ്രതിസന്ധി, ജോലി നഷ്ടം, പ്രളയം, അപകടം, ഉറ്റവരുടെ വേർപാട് - അങ്ങനെയങ്ങനെ! സാരമില്ല. നല്ല ക്ഷമ കൈക്കൊള്ളുക, അല്ലാഹുവിനെ സ്തുതിക്കുക. എന്നാൽ നമുക്ക് മിച്ചം സ്വർഗ്ഗം തന്നെ.  

No comments:

Post a Comment