Monday 17 August 2020

സൂക്ഷ്മത

 

ഒരിക്കല്‍ ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസ്‌ (റ) തന്റെ രാജ്യത്തിന്റെ അധികാര പരിധിയിലുള്ള തോട്ടത്തില്‍ നിന്ന്‌ പറിച്ചെടുത്ത ആപ്പിള്‍ അവിടെയുള്ള പട്ടിണിപ്പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുകയായിരുന്നു. പെട്ടെന്ന്‌, തിരിഞ്ഞുനോക്കിയപ്പോള്‍ അതാ തന്റെ കുഞ്ഞുമോന്‍ അതില്‍ നിന്നൊരാപ്പിളെടുത്തിരിക്കുന്നു.

ഭരണാധികാരിയായ ഖലീഫ ആ ആപ്പിള്‍  പിടിച്ചുവാങ്ങി. ആപ്പിള്‍ ഉപ്പ പിടിച്ചുവാങ്ങിയതില്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞ മകന്‍ അവന്റെ ഉമ്മയുടെ അടുത്തേക്കോടി. മാതാവ് മകനെ അങ്ങാടിയിലേക്ക് ആപ്പിൾ വാങ്ങാൻ പറഞ്ഞയച്ചു.

ഖലീഫ വീട്ടിലേക്ക് വന്നപ്പോൾ അവിടെ അതാ ആപ്പിൾ..!

ഇതു കണ്ട ഉമറുബിന്‍ അബ്‌ദുല്‍ അസീസ്‌ (റ) പറഞ്ഞു: "ഫാത്വിമ! പാവങ്ങൾക്ക് കൊടുക്കാൻ വെച്ചിരുന്ന ആപ്പിളുകളിൽ നിന്ന് വല്ലതും നീ എടുത്തുവോ..?

ഫാത്വിമ (റ) നടന്ന വിഷയങ്ങൾ ഭർത്താവിന് പറഞ്ഞ് കൊടുത്തു... 

അത് കേട്ട ഖലീഫ പറഞ്ഞു:

“ഫാത്വിമ, നമ്മുടെ കുഞ്ഞുമോന്റെ കൈയില്‍ നിന്ന്‌ ആ ആപ്പിള്‍ പിടിച്ചുവാങ്ങുമ്പോള്‍ എന്റെ കരള്‍ പറിച്ചെടുക്കുന്നതുപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. പക്ഷെ അല്ലാഹുﷻവിന്റെ കോടതിയില്‍ പാവങ്ങള്‍ക്ക്‌ അവകാശപ്പെട്ട ഒരാപ്പിളിന്‌ പകരം അല്ലാഹുﷻവിന്റെ അടുക്കൽ എനിക്ക് ലഭിച്ചേക്കാവുന്ന വിഹിതം നഷ്ടപ്പെടുത്തിക്കളയുന്നതിനെ ഞാൻ ഭയപ്പെടുന്നു...   (അൽ വറഅ്‌:124) 

No comments:

Post a Comment