Saturday 31 August 2024

ഇസ്റാഉം മിഅ്‌റാജും നിഷേധിച്ചവൻ കാഫിറാണോ?

 

മിഅ്‌റാജ് നിഷേധിച്ചവൻ മുബ്തദിഉം ഇസ്റാഅ്‌ നിഷേധിച്ചവൻ കാഫിറുമാണ്.

(ശറഹുൽ അഖാഇദ്: നിബ്റാസു സഹിതം - പേജ് 138,139)


മുജീബ് വഹബി MD നാദാപുരം

മറ നീങ്ങിയാൽ ഹറാമാകുമോ?

 

നമസ്കരിക്കുന്നയാളുടെയും അയാളുടെ മുന്നിലുള്ള മറയുടെയും ഇടയിലൂടെ നടക്കൽ ഹറാമാണല്ലോ. എന്നാൽ നമസ്കാരത്തിനിടയിൽ മുന്നിലുള്ള മറ നീങ്ങിയാൽ പ്രസ്തുത നിയമം ബാധകമാണോ? 


നിയമപ്രകാരമുള്ള മറ നമസ്കാരത്തിനിടയിൽ നീങ്ങിയതാണെന്ന വസ്തുത അറിയുന്നവർക്കു പ്രസ്തുത നിയമം ബാധകമാണ്. 

(തുഹ്ഫ: 2-157)


മുജീബ് വഹബി MD നാദാപുരം

ഇരുത്തത്തിൽ നിന്ന് ഉയരേണ്ട രൂപം

 

നമസ്കാരത്തിൽ ഇസ്തിറാഹത്തിന്റെയും തശഹ്ഹുദിന്റെയും ഇരുത്തത്തിൽ നിന്നു ഉയരുമ്പോൾ കാൽമുട്ടാണോ കൈയാണോ ആദ്യം ഉയർത്തേണ്ടത്? 


ഇരു കൈകളും നിലത്തു വെച്ച് അതിൽ ഊന്നിക്കൊണ്ട് എഴുന്നേൽക്കലാണ് സുന്നത്ത് (തുഹ്ഫ: 2-103). അപ്പോൾ ആദ്യം ഉയരുന്നത് കാൽമുട്ടായിരിക്കുമല്ലോ.


മുജീബ് വഹബി MD നാദാപുരം

ഇഖാമത്തിന്റെ സമയാമായാൽ റവാത്തിബ്

 

ഇഖാമത്തിന്റെ സമയമായാൽ സുന്നത്തു നമസ്കാരത്തിൽ പ്രവേശിക്കൽ കറാഹത്താണല്ലോ. എന്നാൽ തത്സമയം റവാത്തിബ് നമസ്കരിച്ചിട്ടില്ലെങ്കിൽ പിന്നീട് അതു നിർവഹിക്കാതെ പോകുമെങ്കിൽ പ്രസ്തുത വിധി ബാധകമാണോ?


ബാധകമാണ്. കറാഹത്താണെന്നു നിരുപാധികമാണ് ഫുഖഹാഅ് വിധി പറഞ്ഞത്.


മുജീബ് വഹബി MD നാദാപുരം

വ്യഭിചാരത്തിനു വഴങ്ങൽ

 

വ്യഭിചാരത്തിനു വഴങ്ങിയില്ലെങ്കിൽ വധിക്കപ്പെടുകയോ ഭക്ഷണം തടയപ്പെടുകയോ ചെയ്യുമെങ്കിൽ ആത്മരക്ഷയ്ക്കു വേണ്ടി വഴങ്ങിക്കൊടുക്കാമോ?

 

അന്നപാനീയങ്ങൾ തടഞ്ഞാലും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയാലും വ്യഭിചാരത്തിനു വഴങ്ങൽ അനുവദനീയമല്ല.

(തുഹ്ഫ: 9/390)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തിന്റെ ഉദരത്തിലെ ശിശു

 

ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കുവാൻ വേണ്ടി മയ്യിത്തിനെ ഓപ്പറേഷൻ ചെയ്യാമോ?


പുറത്തെടുത്താൽ കുട്ടിക്കു ജീവനുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിൽ ഓപ്പറേഷൻ ചെയ്തു പുറത്തെടുക്കൽ നിർബന്ധവും അല്ലാത്തപക്ഷം ഹറാമുമാണ്. (ഫത്ഹുൽ മുഈൻ :155,156)


മുജീബ് വഹബി MD നാദാപുരം

മുടിമുറിക്കാതെ സംഭോഗം

 

ഉംറയുടെ ത്വവാഫും സ്അ്‌യും ചെയ്ത ശേഷം മുടി മുറിക്കാതെ സംഭോഗം ചെയ്താൽ ഉംറ ഫാസിദാവുകയില്ല എന്നു ശാഫിഈ മദ്ഹബിൽ അഭിപ്രായമുണ്ടോ?


മുടി മുറിക്കൽ ഉംറയുടെ അഭിവാജ്യ ഘടകമല്ലെന്ന് അഭിപ്രായമുണ്ട്. അതുപ്രകാരം ത്വവാഫും സഅ്‌യും ചെയ്ത ശേഷം സംഭോഗം ചെയ്താൽ ഉംറ ഫാസിദാകുന്നതല്ല.(ശർഹുൽ മുഹദ്ദബ്: 8-153)


മുജീബ് വഹബി MD നാദാപുരം

കഫൻ തുണികളുടെ വലിപ്പം

 

അധികരിച്ച കടമില്ലാത്ത മയ്യിത്തിന്റെ സ്വത്തിൽ നിന്നു കഫൻ ചെയ്യുമ്പോൾ മൂന്നു തുണി നിർബന്ധമാണല്ലോ. എന്നാൽ അവ ഓരോന്നും മയ്യിത്തിന്റെ ശരീരം ആകെ മൂടുന്നതായിരിക്കൽ നിർബന്ധമാണോ? ഒരെണ്ണം ഭാഗികമായി മറയ്ക്കുന്നതും രണ്ടെണ്ണം ആകെ മൂടുന്നതുമാണെങ്കിൽ ബാധ്യത വീടുമോ?


ബാധ്യത വീടില്ല. മൂന്നു തുണിയിൽ ഓരോന്നും മയ്യിത്തിന്റെ ശരീരം ആകെ മൂടുന്നതായിരിക്കൽ നിർബന്ധമാണ്.

(തുഹ്ഫ: ശർവാനി സഹിതം 3-120)


മുജീബ് വഹബി MD നാദാപുരം

Sunday 18 August 2024

മയ്യിത്തിന്റെ കൈ ഏതു രീതിയിൽ വെക്കണം

 

കഫൻ ചെയ്യുമ്പോൾ മയ്യത്തിന്റെ രണ്ടു കൈകളും ഇരു ഭാഗങ്ങളിലായി താഴ്ത്തി വെയ്ക്കുകയാണോ അതോ നമസ്കാരത്തിലെന്ന പോലെ വലതു കൈ ഇടതു കൈയുടെ മേലെയാക്കി നെഞ്ചിനടുത്തു വെയ്ക്കുകയാണോ വേണ്ടത്?


ഏതുമാകാം. രണ്ടു രൂപവും ഒരുപോലെയാണ്.(ശർവാനി: 3-126)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തിന്റെ കടം വീട്ടുന്നതിനു മുമ്പു ദാനം

 

മയ്യിത്തിൻ്റെ കടം വീട്ടാനുള്ള സംഖ്യ മാറ്റിവെച്ചതിനു ശേഷം ബാക്കിവരുന്ന അനന്തരസ്വത്തിൽ നിന്ന് ഒരു വിഹിതം മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്നതും സ്വന്തം ആവശ്യത്തിനു വേണ്ടി വിൽക്കുന്നതും അവകാശികൾക്കു അനുവദനീയമാണോ?


അനുവദനീയമല്ല. മയ്യിത്തിന്റെ കടം വീട്ടുന്നതിനു മുമ്പു പരിപാലനാവശ്യങ്ങൾക്കു വേണ്ടിയല്ലാതെ അനന്തരസ്വത്തിൽ നടത്തുന്ന ക്രയവിക്രയങ്ങൾ അസാധുവാണ്.

(തുഹ്ഫ: 5/110,111,112)


മുജീബ് വഹബി MD നാദാപുരം

നോമ്പും പ്രസവവും

 

സൂര്യാസ്തമയത്തിനു തൊട്ടുമുമ്പു പ്രസവിക്കുകയും അസ്തമയശേഷം നിഫാസു രക്തം പുറത്തുവരികയും ചെയ്താൽ നോമ്പു സാധുവാണോ?


സാധുവല്ല. പ്രസവം കൊണ്ടുതന്നെ നോമ്പു ബാത്വിലാകുന്നതാണ്.(തുഹ്ഫ: 3-414)


മുജീബ് വഹബി MD നാദാപുരം

മുദ്ദ് മുൻകൂട്ടി നൽകാമോ?

 

കഴിഞ്ഞ റമളാനിൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ്‌ വീട്ടാൻ അവസരമുണ്ടായിരിക്കെ അടുത്ത റമളാൻ വരെ വൈകിപ്പിക്കാൻ തീരുമാനിച്ചാൽ പിന്തിച്ചതിന്റെ പേരിൽ നിർബന്ധമാകുന്ന മുദ്ദ് മുൻകൂട്ടി നൽകാമോ? 


നൽകാവുന്നതാണ്. എങ്കിലും അകാരണമായി അടുത്ത റമളാൻ വരെ നോമ്പു ഖളാഅ്‌ വീട്ടലിനെ പിന്തിപ്പിക്കൽ ഹറാമാണ്. 

(ശർവാനി: 3-446)


മുജീബ് വഹബി MD നാദാപുരം

ശുക്റിന്റെ സുജൂദിലെ ദിക്റ്

 

ശുക്റിന്റെ സുജൂദിൽ ചൊല്ലൽ ശ്രേഷ്ഠമായ ദിക്റ് ഏതാണ് ?


തിലാവത്തിന്റെ സുജൂദിൽ ഏറ്റവും ശ്രേഷ്ഠമായ 

سجد وجهي للذي خلقَه وصوره وشقَّ سمعه وبصره بحوله وقوَّته، فتبارك الله أحسن الخالقين

എന്ന ദിക്റു തന്നെയാണ് ശുക്റിന്റെ സുജൂദിലും ശ്രേഷ്ഠമായത്.(തുഹ്‌ഫ: 2-215,218)


മുജീബ് വഹബി MD നാദാപുരം

പിറചന്ദ്രദർശനത്തിന്റെ വിധി

 

റമളാനിന്റെ പിറചന്ദ്രനെ നോക്കൽ നിർബന്ധമാണോ?


റമളാനിന്റെയും മറ്റു മാസങ്ങളുടെയും ചന്ദ്രപ്പിറവി നോക്കൽ ഫർളുകിഫായയാണ്.

(ബിഗ്‌യ: 98)


മുജീബ് വഹബി MD നാദാപുരം

അനന്തരസ്വത്തിൽ ക്രയവിക്രയം

 

മയ്യിത്തിന്റെ കടം വീട്ടുന്നതിനു മുമ്പു അനന്തരസ്വത്തിൽ യാതൊരു ക്രയവിക്രയവും നടത്താൻ അവകാശികൾക്കു പാടില്ലെന്ന നിയമം കടം കിട്ടേണ്ടവർ അനുവദിച്ചാലും ബാധകമാണോ?


കടം കിട്ടേണ്ടവർ അനുവദിച്ചാലും പാടില്ല.(തുഹ്ഫ: 5-111)


മുജീബ് വഹബി MD നാദാപുരം

Saturday 17 August 2024

അൽഫിയ്യ

 



ألفية ابن مالك

നിർധനർക്കും ഫിദ്‌യ നിർബന്ധമോ?

 

സുഖപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത രോഗമോ, വാർധക്യസഹജമായ അവശതകളോ പിടിപെട്ടതിനാൽ റമളാൻ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവർക്കു ഫിദ്‌യ നിർബന്ധമാണെന്ന നിയമം നിർധനർക്കും ബാധകമാണോ?


ബാധകമല്ല. പിന്നീടു ധനം ലഭിച്ചാലും അവർക്കു ഫിദ്‌യ നിർബന്ധമല്ല.(തുഹ്ഫ: 3/440)


മുജീബ് വഹബി MD നാദാപുരം

ഖബ്റു മാന്തൽ

 

ബന്ധുക്കളുടെ സമീപത്തു മറവു ചെയ്യാൻ വേണ്ടി നിലവിലുള്ള ഖബ്‌റുകൾ മാന്തുന്നത് അനുവദനീയമാണോ?


മറവു ചെയ്യപ്പെട്ട മയ്യിത്തു പൂർണ്ണമായും നശിക്കുന്നതിനു മുമ്പു പഴയ ഖബ്‌റുകൾ മാന്തുന്നതു ബന്ധുക്കളുടെ സമീപത്തു മറവു ചെയ്യാൻ വേണ്ടിയാണെങ്കിലും ഹറാമാണ്.

(തുഹ്ഫ: 3-173)


മുജീബ് വഹബി MD നാദാപുരം

ബിസ്മിയും മിസ്‌വാക്കും

 

ബിസ്മി ചൊല്ലുന്നതിനു മുമ്പു മിസ്‌വാക്കു ചെയ്യലും മിസ്‌വാക്കു ചെയ്യുന്നതിനു മുമ്പു ബിസ്മി ചൊല്ലലും സുന്നത്തുണ്ടോ?


ബിസ്മി ചൊല്ലുന്നതിനു മുമ്പു മിസ്‌വാക്കു ചെയ്യൽ സുന്നത്താണ്. മിസ്‌വാക്കു ചെയ്യുന്നതിനു മുമ്പു ബിസ്മി ചൊല്ലൽ സുന്നത്തില്ല.

(തുഹ്ഫ: 1/220,221)



മുജീബ് വഹബി MD നാദാപുരം

മഅ്‌മൂമിനെ തുടർന്നവൻ

 

മറ്റൊരാളെ തുടർന്നു നമസ്കരിക്കുന്ന വ്യക്തിയെയായിരുന്നു താൻ തുടർന്നതെന്ന് നമസ്കാര ശേഷം അറിഞ്ഞാൽ മടക്കി നമസ്കരിക്കണോ?


മടക്കി നമസ്കരിക്കൽ നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ: 131)


മുജീബ് വഹബി MD നാദാപുരം

യാത്രക്കാരിയുടെ ഫിത്വ്‌ർ സകാത്ത്

 

ഭർത്താവിന്റെ സമ്മതത്തോടെ അവൻ കൂടെയില്ലാതെ സ്ത്രീ ഹജ്ജിനോ ഉംറക്കോ പോയാൽ തിരിച്ചെത്തുന്നതുവരെ അവൾക്കു ചെലവിനു കൊടുക്കാനും അവളുടെ ഫിത്വ്‌ർ സകാത്ത് നൽകാനും ഭർത്താവു ബാധ്യസ്ഥനാണോ? 


ബാധ്യസ്ഥനല്ല. ഭർത്താവിൻ്റെതല്ലാത്ത ആവശ്യത്തിനു വേണ്ടി അവൻ കൂടെയില്ലാതെ സ്ത്രീ യാത്ര ചെയ്താൽ തിരിച്ചെത്തുന്നതുവരെ അവൾക്കു ചെലവിനു കൊടുക്കൽ ഭർത്താവിനു ബാധ്യതയില്ല. അതിനാൽ ഫിത്വ്‌ർ സകാത്തു നൽകലും നിർബന്ധമില്ല.

(തുഹ്ഫ:8-329, 3 -314)


മുജീബ് വഹബി MD നാദാപുരം

ഇതര മതസ്ഥരുടെ ആരാധനാലയത്തിൽ നിസ്കരിക്കൽ

 

ഇതര മതസ്ഥരുടെ അനുവാദപ്രകാരം അവരുടെ ആരാധനാലയങ്ങളിൽ വെച്ചു നമസ്കരിക്കുന്നതിന്റെ വിധിയെന്ത് ?


കറാഹത്താണ്.(തുഹ്ഫ: 2-166)


മുജീബ് വഹബി MD നാദാപുരം

Monday 12 August 2024

തസ്ബീഹ് നമസ്കാരത്തിൽ സൂറത്ത്

 

തസ്ബീഹു നമസ്കാരം നാലു റക്അത്തും ചേർത്തു നമസ്കരിക്കുകയാണെങ്കിൽ മൂന്നും നാലും റക്അത്തിൽ സൂറത്ത് ഓതണോ?


അവസാനത്തെ റക്അത്തിൽ മാത്രമാണ് അത്തഹിയ്യാത്ത് ഓതുന്നതെങ്കിൽ ഓരോ റക്അത്തിലും സൂറത്തോതൽ സുന്നത്താണ്. രണ്ടാമത്തെ റക്അത്തിലും കൂടി അത്തഹിയ്യാത്ത് ഓതുന്നുവെങ്കിൽ മൂന്നും നാലും റക്അത്തിൽ സൂറത്ത് ഓതൽ സുന്നത്തില്ല.

(തുഹ്ഫ: ശർവാനി സഹിതം 2-52)


മുജീബ് വഹബി MD നാദാപുരം

ഇഹ്‌റാം ചെയ്യാതെ മീഖാത്ത് വിട്ടുകടക്കൽ


ഹജ്ജോ ഉംറയോ നിർവഹിക്കാൻ ഉദ്ദേശിച്ചു വരുന്നവർ ഇഹ്റാം ചെയ്യാതെ തങ്ങളുടെ മീഖാത്ത് വിട്ടുകടക്കാം എന്നോ വിട്ടുകടന്നാൽ പ്രായശ്ചിത്തം നിരുപാധികം ബാധകമല്ലെന്നോ ഏതെങ്കിലും മദ്ഹബിന്റെ ഇമാം അഭിപ്രായപ്പെട്ടിട്ടുണ്ടോ ?


അഭിപ്രായപ്പെട്ടിട്ടില്ല. ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു വരുന്നവർ ഇഹ്റാം ചെയ്യാതെ അവരുടെ മീഖാത്ത് വിട്ടു കടക്കൽ ഹറാമാണെന്ന് ഇജ്മാഅ് ആണ്. വിട്ടുകടന്നാൽ പ്രായശ്ചിത്തം നിരുപാധികം ബാധകമല്ലെന്നു നാലു മദ്ഹബിന്റെ ഇമാമുകൾക്കും അഭിപ്രായമില്ല.

(ശർഹുൽ മുഹദ്ദബ്: 7-181,183)


മുജീബ് വഹബി MD നാദാപുരം

കൂലിത്തൊഴിലാളികൾക്കു ജുമുഅ?

 

കൂലിത്തൊഴിലാളികൾ ജോലിക്കിടയിൽ ജുമുഅ-ജമാഅത്തിൽ പങ്കെടുക്കണോ?


കൂലിത്തൊഴിലാളികൾക്കു ജുമുഅ നിർബന്ധമാണ്. ജമാഅത്തിൽ പങ്കെടുക്കൽ ബാധ്യതയില്ല.(തുഹ്ഫ: ശർവാനി സഹിതം 2/406)


മുജീബ് വഹബി MD നാദാപുരം

രിദ്ദത്ത് വുളൂഅ്‌ ബാത്വിലാക്കുമോ?

 

രിദ്ദത്തു (ഇസ്ലാമിൽ നിന്ന് പുറത്തു പോകുക ) മൂലം വുളൂഉം തയമ്മുമും ബാത്വിലാകുമോ?


മുർതദ്ദായാൽ തയമ്മും ബാത്വിലാകും. വുളൂഅ് ബാത്വിലാകുന്നതല്ല. (തുഹ്ഫ: 1-129)


മുജീബ് വഹബി MD നാദാപുരം

ചിലർ മാപ്പ് നൽകിയാൽ വധശിക്ഷ നടപ്പാക്കാമോ?

 

വധിക്കപ്പെട്ടയാളുടെ അവകാശികളിൽ ചിലർ ഘാതകനു മാപ്പു നൽകുകയും വേറെ ചിലർ മാപ്പു നൽകാതിരിക്കുകയും ചെയ്‌താൽ വധശിക്ഷ നടപ്പാക്കാമോ?


നടപ്പാക്കാവതല്ല. അവകാശികളിൽ ആരെങ്കിലും മാപ്പു ചെയ്‌താൽ വധശിക്ഷ ഒഴിവാകുന്നതാണ്.(തുഹ്ഫ: 8/433,436)


മുജീബ് വഹബി നാദാപുരം

ഊമയായ വലിയ്യ്‌

 

നികാഹിന്റെ വലിയ്യിനു കേൾവിയും സംസാര ശേഷിയും ഉണ്ടായിരിക്കൽ നിർബന്ധമാണോ? സംസാര ശേഷിയില്ലാത്തവർ എങ്ങനെയാണ് നികാഹ് ചെയ്തു കൊടുക്കേണ്ടത്? എഴുത്തുമൂലമാകാമോ?


വിവാഹം ചെയ്തു കൊടുക്കുന്ന കൈക്കാരനു കേൾവിയും സംസാരശേഷിയും നിർബന്ധമില്ല. സംസാരിക്കാൻ കഴിയാത്തവർ ഏവർക്കും മനസിലാകുന്ന ആംഗ്യഭാഷയിൽ നികാഹു ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ മറ്റൊരാളെ വക്കാലത്താക്കുകയോ വേണം. അവ രണ്ടും സാധ്യമല്ലെങ്കിൽ മാത്രം എഴുത്തു മുഖേന നികാഹു ചെയ്തു കൊടുക്കാവുന്നതാണ്.(തുഹ്ഫ: ശർവാനി സഹിതം 7/221)


മുജീബ് വഹബി MD നാദാപുരം

സുബ്ഹിന്റെ സുന്നത്തിൽ ഖുനൂത്ത് മറന്ന് ഓതിയാൽ

 

ഒരാൾ സ്വുബ്ഹിന്റെ മുമ്പുള്ള സുന്നത്തു നമസ്കരിക്കുമ്പോൾ രണ്ടാം റക്അത്തിലെ ഇഅ്തിദാലിൽ സ്വുബ്ഹ് നമസ്കാരമാണ് താൻ നിർവഹിക്കുന്നതെന്ന തെറ്റിദ്ധാരണയിൽ ഖുനൂത്ത് ഓതുകയും അതേ ധാരണയിൽ ബാക്കിയുള്ള കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ പ്രസ്തുത നമസ്കാരം സ്വഹീഹാണോ ? സഹ്‌വിന്റെ സുജൂദ് ചെയ്യണോ ?

പ്ര

സ്തുത നമസ്കാരം സ്വഹീഹാണ്. അസ്ഥാനത്തു ഖുനൂത്ത് ഓതിയതിനാൽ സഹ്‌വിന്റെ സുജൂദ് ചെയ്യൽ സുന്നത്താണ്. (തുഹ്ഫ: 2-177,191)


മുജീബ് വഹബി MD നാദാപുരം

മുൻ ഭർത്താവിന്റെ മക്കൾ മഹ്റമാണോ?

 

ത്വലാഖ് ചൊല്ലിയവനു മറ്റൊരു വിവാഹത്തിൽ ജനിക്കുന്ന മക്കളും പേരമക്കളും ത്വലാഖ് ചൊല്ലപ്പെട്ടവൾക്കു മഹ്റമാണോ?


മഹ്റമാണ്.(ഫത്ഹുൽ മുഈൻ: പേജ് 351)


മുജീബ് വഹബി MD നാദാപുരം

മരണപ്പെട്ടാൽ സംഭാവന തിരിച്ചു വാങ്ങാമോ?

 

ചികിത്സ, വീടു നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടി ഒരു വ്യക്തിക്കു പൊതുജനങ്ങൾ പണം നൽകുകയും അതു കൈവശപ്പെടുത്തിയതിനു ശേഷം അയാൾ മരണപ്പെടുകയും ചെയ്താൽ പ്രസ്തുത പണത്തിന്റെ ഉടമാവകാശം ആർക്കാണ്? ദാനം ചെയ്തവർക്ക് അതു തിരിച്ചു വാങ്ങാൻ അവകാശമുണ്ടോ? 


അവകാശമില്ല. അതിന്റെ ഉടമസ്ഥത മയ്യിത്തിന്റെ അവകാശികൾക്കാണ്. (തുഹ്ഫ: 6-309)


മുജീബ് വഹബി MD നാദാപുരം

തമാശ രൂപത്തിലുള്ള നികാഹ് വാചകം

 

എന്റെ ഇന്നാലിന്ന മകളെ താങ്കൾക്കു ഞാൻ നികാഹു ചെയ്തു തന്നു എന്നു തമാശയായി ഒരാളോട് പറഞ്ഞപ്പോൾ 'ഖബിൽത്തു നികാഹഹാ' എന്ന് അയാൾ തമാശയായി പ്രതികരിച്ചു. എന്നാൽ നികാഹ് സാധുവാകുമോ ?


ഈജാബിന്റെയും ഖബൂലിൻ്റെയും വാചകം തമാശ രൂപത്തിൽ പറഞ്ഞാലും നികാഹ് സാധുവാകുന്നതാണ്. (തുഹ്ഫ: 7-217)


മുജീബ് വഹബി MD നാദാപുരം

സ്ത്രീകൾ ഇഅ്തികാഫിനു വേണ്ടി പള്ളിയിലേക്കു പോകുന്നതിന്റെ വിധി എന്ത്?

 

സ്ത്രീകൾ ജമാഅത്തിൽ പങ്കെടുക്കുവാൻ വേണ്ടി പള്ളിയിലേക്കു പോകുന്നതിന്റെ വിധി തന്നെയാണ് ഇഅ്തികാഫിനു വേണ്ടി പോകുന്നതിന്റെ വിധിയും. അതായത് കണ്ടാൽ ആശിക്കപ്പെടുന്ന സ്ത്രീകൾക്കും അല്പമെങ്കിലും സുഗന്ധം ഉപയോഗിക്കുകയോ ഭംഗിയാകുകയോ ചെയ്ത ആശിക്കപ്പെടാത്ത സ്ത്രീകൾക്കും കറാഹത്താണ്. ഭർത്താവ്, കാര്യകർത്താവ് എന്നിവരുടെ സമ്മതമില്ലാതിരുന്നാലും അവളിൽ നിന്നോ അവളുടെ മേലിലോ നാശം ഭയപ്പെട്ടാലും ഹറാമുമാണ്. (തുഹ്ഫ:3-466 , 2-252,253)


മുജീബ് വഹബി MD നാദാപുരം

പൗത്രൻ ത്വലാഖ് ചൊല്ലിയ പെണ്ണ് വലിയുപ്പക്ക് മഹ്റമാണോ?

 

മഹ്റമാണ്. 

(തുഹ്ഫ: ശർവാനി സഹിതം 7-302) 

അത്പോലെ പുത്രൻ ത്വലാഖ് ചൊല്ലിയ പെണ്ണ് നികാഹു കഴിഞ്ഞു സംഭോഗത്തിൽ ഏർപ്പെടുന്നതിനു മുമ്പോ ശേഷമോ പുത്രൻ ത്വലാഖു ചൊല്ലിയ പെണ്ണിനെ പിതാവ് കാണുന്നതും തൊടുന്നതും അനുവദനീയമാണോ എന്നതിൽ അ നുവദനീയമാണ്. പിതാവിന് അവൾ മഹ്റമാണ്. (തുഹ്ഫ: 7-302)


മുജീബ് വഹബി MD നാദാപുരം

Sunday 11 August 2024

പല്ലുകൾ പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട മൃഗം ഉള്ഹിയ്യത്തിനു മതിയാകുമോ?

 

പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടത് ഉള്ഹിയത്തിനു മതിയാകുന്നതല്ല. ഭാഗികമായി നഷ്ടപ്പെട്ടതു മതിയാകുന്നതാണ്. പക്ഷേ, മിക്ക പല്ലുകളും നഷ്ടപ്പെട്ടതിനാൽ തീറ്റ കുറഞ്ഞ് മാംസം ചുരുങ്ങുന്നുവെങ്കിൽ ഉള്ഹിയ്യത്തിനു മതിയാകുന്നതല്ല. (തുഹ്ഫ: 9-353)


മുജീബ് വഹബി MD നാദാപുരം

നേർച്ചയാക്കിയ ശേഷം മൃഗത്തിനു ന്യൂനത


ഒരു നിർണ്ണിത മൃഗത്തെ ഉള്ഹിയത്തറുക്കുവാൻ നേർച്ചയാക്കുകയും ശേഷം ചൊറി പോലോത്ത ന്യൂനതകൾ അതിനെ ബാധിക്കുകയും ചെയ്താൽ എന്തു ചെയ്യണം? പ്രസ്തുത മൃഗത്തെ അറുത്താൽ നേർച്ച വീടുമോ? ഉള്ഹിയ്യത്തറവായി അതു പരിഗണിക്കുമോ? 


പരിഗണിക്കും. നേർച്ച വീടാൻ പ്രസ്തുത മൃഗത്തെ തന്നെ അറുക്കൽ നിർബന്ധമാണ്. ഒരു നിർണ്ണിത മൃഗത്തെ ഉളുഹിയത്തറുക്കുവാൻ നേർച്ചയാക്കിയതിനു ശേഷം അതിനു സംഭവിക്കുന്ന ന്യൂനതകൾ മൂലം ഉള്ഹിയ്യത്തിനു യാതൊരു തകരാറും ഇല്ല. (തുഹ്ഫ:9-351,355) 


മുജീബ് വഹബി MD നാദാപുരം

Saturday 10 August 2024

വീണ്ടും മിസ്‌വാക്ക് ചെയ്യണോ?

 

ഖുർആൻ പാരായണം ചെയ്യുമ്പോൾ മിസ്‌വാക്കു ചെയ്തിട്ടുണ്ടങ്കിൽ ഇടയ്ക്കു വെച്ചു തിലാവത്തിൻ്റെ സുജൂദ് ചെയ്യുമ്പോൾ വീണ്ടും മിസ്‌വാക്കു ചെയ്യണോ?


ഖുർആൻ പാരായണം തുടങ്ങുമ്പോൾ മിസ്‌വാക്കു ചെയ്താലും തിലാവത്തിന്റെ സുജൂദിനു വേണ്ടി മിസ്‌വാക്കു ചെയ്യൽ ശക്തമായ സുന്നത്താണ്. (തുഹ്ഫ: 1-217)


മുജീബ് വഹബി MD നാദാപുരം

അറബി വാചകത്തിൽ നികാഹ്

 

പരിഭാഷ മതിയാകുമെന്നിരിക്കെ നികാഹിന്റെ വാചകം  അറബിയിലും പറയുന്നതെന്തിന്?


അറബേതര ഭാഷകളിൽ നികാഹ് സാധുവാകില്ലെന്ന് അപ്രബലമായ അഭിപ്രായം ഉണ്ട്.(മഹല്ലി: 3-217)

പ്രസ്തുത അഭിപ്രായം മാനിച്ചാകാം നികാഹിന്റെ വാചകം അറബിയിലും പറയുന്നത്.


മുജീബ് വഹബി MD നാദാപുരം

പേരു വ്യക്തമാക്കാതെ നികാഹ്

 

ഒന്നിലധികം പെൺമക്കളുള്ള ഒരാൾ നികാഹു ചെയ്തു കൊടുക്കുന്ന തന്റെ മകളുടെ പേരു വ്യക്തമാക്കാതെ 'സവ്വജ്തുക ബിൻതീ' എന്നു ഈജാബിൻ്റെ വാചകവും വരൻ 'ഖബിൽതു തസ്‌വീ ജഹാ' എന്നു ഖബൂലിന്റെ വാചകവും പറഞ്ഞു. എങ്കിൽ പ്രസ്തുത നികാഹ് സാധുവാണോ? 


പിതാവും വരനും ഒരു നിർണ്ണിത മകളെ ഉദ്ദേശിച്ചുകൊണ്ടാണു പ്രസ്തുത വാചകം പറഞ്ഞതെങ്കിൽ നികാഹ് സാധുവാണ്. അല്ലാത്തപക്ഷം സാധുവല്ല. (തുഹ്ഫ: 7-222)


മുജീബ് വഹബി MD നാദാപുരം

തഹല്ലുലാകാതെ സംഭോഗം

 

ഹജ്ജിൽ നിന്നു തഹല്ലുലായ ഭർത്താവുമായി തഹല്ലുലാകാത്ത ഭാര്യ സംഭോഗത്തിൽ ഏർപ്പെട്ടാൽ അവളുടെ ഹജ്ജു ഫാസിദാണോ? പ്രായശ്ചിത്തം നിർബന്ധമാണോ? എങ്കിൽ ആർക്കാണു ബാധ്യത? 


സംഭോഗത്തിൽ ഏർപ്പെട്ടത് ഒന്നാം തഹല്ലുലിനു മുമ്പാണെങ്കിൽ അവളുടെ ഹജ്ജു ഫാസിദാണ്. രണ്ടു തഹല്ലുലുകൾക്കിടയിലാണെങ്കിൽ ഹജ്ജു ഫാസിദല്ല. രണ്ടായാലും പ്രായശ്ചിത്തം നിർബന്ധമാണ്. ഭർത്താവ് തഹല്ലുലായതിനാൽ അവൾക്കാണു ബാധ്യത. 

(തുഹ്ഫ: 4-175,176)


മുജീബ് വഹബി MD നാദാപുരം

സ്വർണ്ണം, വെള്ളി പൂശിയത്

 

സ്വർണ്ണം, വെള്ളി ലോഹങ്ങൾ കൊണ്ട് ഇതരവസ്തുക്കൾ പൂശുന്നതും അവ ഉപയോഗിക്കുന്നതും സ്ത്രീകൾക്കും പുരുഷന്മാർക്കും ഹറാമാണോ?


സ്വർണ്ണം കൊണ്ടോ വെള്ളി കൊണ്ടോ ഇതര വസ്തുക്കൾ പൂശുന്നതു സ്ത്രീ-പുരുഷ വിവേചനമന്യേ നിരുപാധികം ഹറാമാണ്. തീ ഉപയോഗിച്ചു ഉരുക്കിയാൽ പൂശിയ സ്വർണ്ണം/വെള്ളിയിൽ നിന്നു വിലയുള്ള യാതൊന്നും ലഭിക്കില്ലെങ്കിൽ അവ ഉപയോഗിക്കുന്നതു നിരുപാധികം ഹലാലാണ്. വിലയുള്ള വല്ലതും ലഭിക്കുമെങ്കിൽ സ്ത്രീകളുടെ ആഭരണങ്ങൾ ഒഴികെ മറ്റുള്ളവയുടെ ഉപയോഗം നിഷിദ്ധമാണ്.

(തുഹ്ഫ: ശർവാനി സഹിതം 1- 122,123)


മുജീബ് വഹബി MD നാദാപുരം

പഠനത്തിൽ അലംഭാവം കാണിക്കുന്ന വിദ്യാർത്ഥികളെ ഉസ്താദുമാർക്ക് അടിക്കാമോ?

 

പഠിക്കുവാൻ വേണ്ടി വിദ്യാർത്ഥികളെ അസഹ്യമായ വേദന ഉണ്ടാക്കാത്ത വിധം ഉസ്താദുമാർക്ക് അടിക്കാവുന്നതാണ്. പക്ഷെ, വിദ്യാർത്ഥികൾ പ്രായം തികയാത്തവരാണെങ്കിൽ രക്ഷിതാക്കളുടെ സമ്മത പ്രകാരം മാത്രമേ അടിക്കാവൂ.

(തുഹ്ഫ: ശർവാനി സഹിതം 9/179)


മുജീബ് വഹബി MD നാദാപുരം

വിസർജനത്തിനായി തയ്യാറാക്കിയ സ്ഥലത്തു മറയില്ലാതെ ഖിബ്‌ലക്കു മുന്നിട്ടും പിന്നിട്ടും മല-മൂത്ര വിസർജനം നടത്തുന്നതു കറാഹത്താണോ ഖിലാഫുൽ ഔലയാണോ?

 

രണ്ടുമല്ല, മുബാഹാണ്. കഴിയുമെങ്കിൽ ഒഴിവാക്കുകയാണ് ശ്രേഷ്ടം.(തുഹ്ഫ: 1-163)


മുജീബ് വഹബി MD നാദാപുരം

ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കേണ്ടതുണ്ടോ


അന്യന്റെ ഭാര്യയെ വ്യഭിചരിച്ചതിന്റെ പേരിൽ തൗബ ചെയ്യുമ്പോൾ ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കേണ്ടതുണ്ടോ?


പൊരുത്തപ്പെടീക്കുന്നതു മൂലം ഫിത്‌ന ഉടലെടുക്കുമെന്നു ഭയപ്പെടുന്നില്ലെങ്കിൽ അവളുടെ ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കാതെ തൗബ സാധുവാകുന്നതല്ല. ഫിത്‌ന ഭയപ്പെടുന്നുവെങ്കിൽ പൊരുത്തപ്പെടീക്കേണ്ടതില്ല. തന്നെ സംബന്ധിച്ച് അയാൾ സംതൃപ്തനാകുവാൻ വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുകയാണ് വേണ്ടത്. (ഫത്ഹുൽ മുഈൻ : 510)


മുജീബ് വഹബി MD നാദാപുരം

നമസ്കരിച്ചു കൊണ്ടിരിക്കെ ഒരു അവിശ്വാസി ഇസ്‌ലാം സ്വീകരിക്കുവാൻ വേണ്ടി വന്നാൽ എന്തു ചെയ്യണം? നമസ്കാരം പൂർത്തീകരിക്കാമോ?


പൂർത്തീകരിക്കാവതല്ല. നമസ്കാരം മുറിച്ചു അയാൾക്കു ശഹാദത്തു കലിമ ചൊല്ലിക്കൊടുക്കൽ നിർബന്ധമാണ്. 

(ബിഗ്‌യ: 238)


മുജീബ് വഹബി MD നാദാപുരം

തലമറച്ചതിന്മേൽ സുജൂദ്


നമസ്കരിക്കുന്നയാൾ ധരിച്ചതും അയാളുടെ ചലനങ്ങൾക്കൊണ്ട് അനങ്ങുന്നതുമായ തലേക്കെട്ട്, തൊപ്പി, മക്കന തുടങ്ങിയ വസ്തുക്കളുടെ മേൽ അകാരണമായി നെറ്റിവെച്ചു ചെയ്യുന്ന സുജൂദ് സാധുവാണെന്നു നമ്മുടെ മദ്ഹബിലോ ഇതര മദ്ഹബുകളിലൊ അഭിപ്രായമുണ്ടോ?


പ്രസ്തുത സുജൂദ് അസാധുവാണെന്നതിൽ ശാഫിഈ മദ്ഹബിൽ അഭിപ്രായ വ്യത്യാസമില്ല. സാധുവാണെന്നാണ് ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഒരു റിപ്പോർട്ട്‌ പ്രകാരം അഹ്‌മദ്‌ ഇബ്നു ഹൻബൽ(റ) എന്നീ ഇമാമുമാരുടെ വീക്ഷണം.

(ശറഹുൽ മുഹദ്ദബ്: 3-383,386)


മുജീബ് വഹബി MD നാദാപുരം

മിസ്-വാക്ക് കൈ കൊണ്ടാണെങ്കിൽ ഏതു വിരൽ ആണ് ഉത്തമം


അപ്രബലമായ അഭിപ്രായ പ്രകാരം സ്വന്തം വിരൽ കൊണ്ടു മിസ്‌വാക്കു ചെയ്യുകയാണെങ്കിൽ ഏതു കൈയുടെ വിരൽ കൊണ്ടായിരിക്കലാണ് ഉത്തമം?


ഇടതു കൈയുടെ വിരൽ കൊണ്ടായിരിക്കലാണ് ഉത്തമം. (തുഹ്ഫ: 3-102)


മുജീബ് വഹബി MD നാദാപുരം

ഇമാമിനു പിന്നാലെ മഅ്‌മൂം നീങ്ങൽ


റുകൂഅ്, സുജൂദ് തുടങ്ങിയ ക്രിയകളിൽ പൂർണമായും ഇമാം പ്രവേശിക്കുന്നതിൻ്റെ മുമ്പ് അയാളുടെ പിന്നാലെ മഅ്‌മൂം നീങ്ങുന്നതു കറാഹത്താണെന്നും തന്മൂലം ആ പ്രവൃത്തിയിൽ ജമാഅത്തിൻ്റെ പുണ്യം നഷ്ടപ്പെടുമെന്നും കേട്ടു. വസ്തുത എന്ത്?


റുകൂഅ്, സുജൂദ് തുടങ്ങിയ ക്രിയകളിലേക്കു നീങ്ങുന്നത് ഇമാം പൂർണമായും അവയിൽ പ്രവേശിച്ചതിനു ശേഷമായിരിക്കലാണ് മഅ്‌മൂമിനു ഏറ്റവും ശ്രേഷ്ടമായ രൂപമെങ്കിലും അതിനു കാത്തു നിൽക്കാതെ ഇമാമിന്റെ പിന്നാലെ പോകുന്നതു കറാഹത്തല്ല, സുന്നത്തായ രൂപം തന്നെയാണ്. ഈ രണ്ടു രൂപവും സ്വീകരിക്കാതെ ഇമാമിനൊപ്പം നീങ്ങുന്നതാണ് കറാഹത്ത്.

(ഫത്ഹുൽ മുഈൻ: പേജ് 128,129)

കറാഹത്തു വരുന്ന പ്രവർത്തിയിൽ ജമാഅത്തിൻ്റെ പുണ്യം നഷ്ടപ്പെടുമെന്നു പറയേണ്ടതില്ലല്ലോ.


മുജീബ് വഹബി MD നാദാപുരം

ഋതു രക്തം മടങ്ങി വന്ന സ്ത്രീയുടെ ഉംറ

ആർത്തവം തുടങ്ങി ആറോ എഴോ ദിവസം പിന്നിട്ട ശേഷം രക്തം നിലക്കുകയും കുളിച്ചു ശുദ്ധിയായ ശേഷം ഉംറക്ക് ഇഹ്റാം ചെയ്തു കർമ്മങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. ശേഷം കുറഞ്ഞ സമയം ഋതു രക്തം മടങ്ങി വന്നു. എങ്കിൽ ചെയ്ത ത്വവാഫും സഅ്'യും മുടി നീക്കലും അസാധുവാണോ? അവ വീണ്ടും നിർവഹിക്കണോ?


ഋതു രക്തം മടങ്ങി വന്നതിനാൽ അവൾ ചെയ്ത ത്വവാഫ് ആർത്തവ വേളയിലാണെന്നു വ്യക്തമായല്ലോ. അതിനാൽ പ്രസ്തുത ത്വവാഫ് സാധുവല്ല. ത്വവാഫ് സ്വഹീഹാകുവാൻ ശുദ്ധി നിർബന്ധമാണ്.

(ഈളാഹ്: പേജ് 245)

ത്വവാഫ് സ്വഹീഹാല്ലാത്തതിനാൽ സഅ്'യ് ചെയ്തതും മുടി നീക്കിയതും സാധുവല്ല. ഉംറയുടെ കർമ്മങ്ങൾ ക്രമപ്രകാരം നിർവഹിക്കൽ നിർബന്ധമാണ്.

(ഫത്ഹുൽ മുഈൻ: പേജ് 209)

മടങ്ങി വന്ന ഋതു രക്തം നിലച്ചതിനു ശേഷം കുളിച്ചു ശുദ്ധിയായി ത്വവാഫ് നിർവഹിക്കുകയും ശേഷം സഅ്'യ് ചെയ്തു മുടി നീക്കുകയും ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ ഉംറയിൽ നിന്ന് തഹല്ലുലാവുകയുള്ളൂ.


മുജീബ് വഹബി MD നാദാപുരം

ദുരന്ത ഭൂമികയിലെ മയ്യിത്തു പരിപാലനം

 

മുസ്‌ലിംകളും അല്ലാത്തവരും പ്രകൃതി ദുരന്തങ്ങളിലോ മറ്റോ മരണപ്പെടുകയും അവരുടെ മൃതശരീരങ്ങൾ വേർതിരിച്ചറിയുവാൻ സാധിക്കാതിരിക്കുകയും ചെയ്താൽ മയ്യിത്തു പരിപാലനം എങ്ങനെയാണ് നിർവഹിക്കേണ്ടത്? എല്ലാ മയ്യിത്തുകളുടെ മേലിലും നിസ്കരിക്കണോ? എങ്കിൽ നിയ്യത്തിന്റെയും മയ്യിത്തിനു വേണ്ടിയുള്ള ദുആയുടെയും രൂപം എങ്ങനെ? മറവു ചെയ്യേണ്ടതു മുസ്ലിം ശ്മശാന ഭൂമിയിലാണോ?


വേർതിരിച്ചറിയുവാൻ സാധിക്കാത്ത സാഹചര്യത്തിൽ എല്ലാ മയ്യിത്തുകളെയും കുളിപ്പിക്കലും കഫൻ ചെയ്യലും നിസ്കരിക്കലും നിർബന്ധമാണ്.

മുസ്‌ലിമാണെങ്കിൽ എന്ന നിയ്യത്തോടു കൂടി ഓരോ മയ്യിത്തിന്റെയും പേരിൽ പ്രത്യേകം നിസ്കരിക്കുകയോ മുസ്‌ലിമിനെ കരുതിക്കൊണ്ട് എല്ലാവരുടെയും പേരിൽ ഒന്നിച്ചു ഒറ്റ നമസ്കാരം കൊണ്ടു മതിയാക്കുകയോ ചെയ്യാവുന്നതാണ്. രണ്ടാമത്തെ രൂപമാണ് ഉത്തമം.

പ്രത്യേകം നമസ്കരിക്കുകയാണെങ്കിൽ 

اللهم اغفر له إن كان مسلماً 

എന്നും ഒറ്റ നമസ്കാരം കൊണ്ട് മതിയാക്കുകയാണെങ്കിൽ

اللهم اغفر للمسلمين منهم 

എന്നുമാണ് ദുആ ചെയ്യേണ്ടത്.

മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ശ്മശാന ഭൂമിയിൽ മറവു ചെയ്യരുത്. രണ്ടിനുമിടയിലാണു മറവു ചെയ്യേണ്ടത്.

(തുഹ്ഫ: 3-188,189)


മുജീബ് വഹബി MD നാദാപുരം

മൂടുകല്ലു വയ്ക്കാതെ മറവു ചെയ്യൽ

 

മയ്യിത്തിനെ ഖബ്റിൽ കിടത്തിയ ശേഷം മൂടുകല്ലു വയ്ക്കാതെ മയ്യിത്തിന്റെ മീതെ മണ്ണു കൊത്തിയിട്ടു മൂടുന്നതിന്റെ വിധി എന്ത്?


ഹറാമാണ്. മയ്യിത്തിനെ അപമാനിക്കലാണത്. (തുഹ്ഫ: 3-172)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തിന്റെ അവയവം മാത്രം കിട്ടിയാൽ

 

പ്രകൃതി ദുരന്തത്തിലോ മറ്റോ മരണപ്പെട്ട വ്യക്തിയുടെ ഒരു അവയവം വേറിട്ടു കിട്ടിയാൽ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കണോ?


കിട്ടിയ അവയവം മരണവേളയിലോ മരിച്ച ശേഷമോ ഒരു മുസ്‌ലിമിന്റെ ശരീരത്തിൽ നിന്നു വേർപെട്ടതാണെന്നറിയുകയും, അവയവം ഉൾപ്പെടെ മയ്യിത്തിനെ കുളിപ്പിച്ചു നമസ്കരിച്ച വിവരം അറിയുകയുമില്ലെങ്കിൽ, പ്രസ്തുത അവയവം കഴുകി ശീല കൊണ്ടു പൊതിഞ്ഞു മയ്യിത്തു നമസ്കരിച്ചു മറവു ചെയ്യൽ നിർബന്ധമാണ്. ആ മയ്യിത്തിന്റെ മേൽ നമസ്കരിക്കുന്നു എന്നാണു കരുതേണ്ടത്.

മുസ്‌ലിമിന്റെതൊ അമുസ്‌ലിമിന്റേതോ എന്നു തിരിച്ചറിയാത്ത അവയവം കിട്ടിയാൽ ആ നാട്ടിൽ മുസ്‌ലിംകൾ താമസിക്കുന്നുണ്ടെങ്കിൽ മേൽപറയപ്പെട്ടതു പോലെ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കേണ്ടതാണ്.(തുഹ്ഫ: 3-160,161)



മുജീബ് വഹബി MD നാദാപുരം

Thursday 8 August 2024