Wednesday, 30 December 2020

ചേലാകർമ്മം കഴിഞ്ഞ്‌ 21 ദിവസത്തിന് ശേഷമാണോ അതോ മുറിവുണങ്ങിയതിന്‌ ശേഷമാണോ കുളിക്കേണ്ടത് ?

 

ചേലാകർമ്മത്തിന് ശേഷം കുളിക്കുന്നതിന് ഏതെങ്കിലും ക്ലിപ്തമായ ദിവസം ഹദീസിൽ വന്നിട്ടില്ല. അങ്ങനെ ഒരു നിയമം ഇസ്‌ലാമിക ശരീഅത്തിൽ ശരിയല്ല.ആവശ്യമുള്ളപ്പോൾ കുളിക്കാവുന്നതാണ്. അതിന്‌ പ്രത്യേകിച്ച് സമയമില്ല

സ്വന്തം ഭാഗത്ത് നിന്നും ഏതെങ്കിലും ദിവസം നിശ്ചയിക്കൽ ഇസ്ലാമിക ശരീഅതിൻറെ ആത്മാവിന്‌ എതിരാണ്.അത് ഒഴിവാക്കേണ്ടതാണ്.


അവലംബം: കിതാബുൽ ഫതാവാ ( മൗലാന ഖാലിദ് സെയ്ഫുല്ലാഹ്റഹ്മാനി)

വിവർത്തനം: അബ്ദുല്ലാഹ് ഹുസ്നി ആലംകോട്

വിവാഹ വേളകളിൽ വരന് പൂക്കൾ തൂക്കിയിട്ടിരിക്കുന്ന തലപ്പാവ് ധരിപ്പിക്കുന്നത് കാണുന്നുണ്ട്. ഇത് അനുവദനീയമാണോ? ചിലർ പറയുന്നു ശരിയാണെന്ന് മറ്റു ചിലർ പറയുന്നു ശരിയല്ലെന്ന്. ഇതിന്റെ യഥാർത്ഥ വസ്തുത എന്താണ്?

 

നബി (സ ) നിക്കാഹിനെ  സുന്നത്തായി സ്ഥിരപ്പെടുത്തുകയുണ്ടായി. ഒരു കാര്യം സുന്നത്തായ രീതിയിലൂടെ സ്ഥിരപ്പെട്ട് കഴിഞ്ഞാൽ അതിനെ സുന്നത്തായ രീതിയിൽ കൂടി തന്നെ  നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. അതിൽ സ്വന്തം ഭാഗത്തുനിന്നും എന്തെങ്കിലും കൂട്ടിച്ചേർക്കൽ അനുവദിനീയമല്ല. ഏതു പോലെ എന്നാൽ നമസ്കാരം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ സുന്നത്താണ്.  അതിൽ ഒരു റക്അത്തിൽ രണ്ട് സുജൂദ് ചെയ്യണം എന്ന് നബി തങ്ങൾ പറഞ്ഞു. എന്നാൽ ഒരു റക്അത്തിൽ മൂന്നു സുജൂദ് ചെയ്യൽ അനുവദനീയമല്ല. നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തുകളിൽ പെട്ടതാണ് നിക്കാഹും.  അപ്പോൾ നിക്കാഹും നബിതങ്ങളുടെ സുന്നത് അനുസരിച്ചു ചെയ്യേണ്ടതാണ്. നബി (സ )സ്വന്തമായോ തങ്ങളുടെ സ്വഹാബതോ ഇതു പോലുള്ള വസ്തുക്കൾ ധരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ  ഇത് തികച്ചും ഇസ്ലാമിക വിരുദ്ധ പ്രവർത്തനം തന്നെയാണ്.  ഇതിൽ നിന്നും രക്ഷപ്പെടൽ അനിവാര്യമാണ്. പരിശുദ്ധമായ നിക്കാഹിന്റെ  സദസ്സുകളിൽ ഇതുപോലുള്ള പ്രവർത്തികൾ ഉപേക്ഷിക്കപ്പെടേണ്ടതാണ്കാരണം ഇതിലൂടെ അല്ലാഹുവിന്റെയും അവന്റെ  റസൂലിന്റെയും അതൃപ്തിയാണ് ക്ഷണിച്ചു വരുത്തുന്നത്.



അവലംബം: കിതാബുൽ ഫതാവാ ( മൗലാന ഖാലിദ് സെയ്ഫുല്ലാഹ്റഹ്മാനി)

വിവർത്തനം: നൗഫൽ ഹുസ്നി കാട്ടാക്കട

ഇസ്മുൽ അഅ്ളം' കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ത്

 

ബൽആം ബിൻ ബാഊറ എന്നയാൾ ദുആ സ്വീകരിക്കപ്പെടുന്ന വ്യക്തി ആയിരുന്നുവെന്നും ഇസ്മുൽ അഅ്ളം  അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും മൂസാ നബിയുടെ ദുആ കാരണമായി അദ്ദേഹത്തിൽ നിന്നും ഇസ്മുൽ അഅ്ളം അല്ലാഹു തിരിച്ചെടുത്തുവെന്നും വായിക്കാനിടയായി. ഇവിടെ

ഇസ്മുൽ അഅ്ളം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്താണ്?

 ഇസ്മുൽ അഅ്ളം കരഗതമാക്കാനുള്ള വഴി എന്താണ് ?

ഇസ്മുൽ അഅ്ളം  കരസ്ഥമാക്കിയതിന് ശേഷം തിരിച്ചെടുത്തു എന്നത്  കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?


ബിൽആം ബിൻ ബാഊറയുടെ വിഷയത്തിൽ വ്യത്യസ്ത ഹദീസുകൾ രിവായത്ത് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാൽ  അവകളൊന്നും സ്വീകരിക്കപ്പെടാൻ യോഗ്യമായതല്ല.

അതുകൊണ്ടുതന്നെ സൂറത്തുൽ അഅ്റാഫിലെ 175-ാമത്തെ ആയത്തിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം ഖുർആൻ വ്യാഖ്യാതാക്കളും വിജ്ഞാനത്തിന് അനുസരിച്ച് ജീവിതം നയിക്കാത്ത ഒരു പണ്ഡിതനായിരുന്നു അയാൾ എന്നാണ്  പറഞ്ഞിരിക്കുന്നത് .

ഇസ്മുൽ അഅ്ളമിന്റെ വിഷയത്തിൽ പണ്ഡിതന്മാരിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഹിസ്നുൽ ഹസീൻ എന്ന ഗ്രന്ഥത്തിന്റെ

കർത്താവ് ഇമാം ജസ്‌രി റഹിമഹുല്ലാഹ് ഇസ്മുൽ അഅ്ളമിന്റെ  വിഷയത്തിൽ വ്യത്യസ്ത ഹദീസുകൾ ഉദ്ധരിക്കുകയും അവസാനം മുഴുവൻ ഹദീസുകളും സംയോജിപ്പിച്ചു കൊണ്ട്  എന്റെ അഭിപ്രായത്തിൽ  അല്ലാഹു ലാ ഇലാഹ ഇല്ലാഹുവൽ ഹയ്യുൽ ഖയ്യൂം എന്നതാണ്  ഇസ്മുൽ അഅ്ളം എന്നും പറഞ്ഞിരിക്കുന്നു.ഇമാം വാഹിദീ കിതാബുദ്ദുആയിൽ യൂനുസ് ബിൻ അബ്ദുൽ അഅ്ലായിൽ നിന്നും ഉദ്ധരിക്കുന്ന ഹദീസും ഇതിനു പിൻബലം നൽകുന്നുണ്ട്....


അവലംബം: കിതാബുൽ ഫതാവാ ( മൗലാന ഖാലിദ് സെയ്ഫുല്ലാഹ്റഹ്മാനി)

വിവർത്തനം: ഷാക്കിർ ഹുസ്നി പത്തനാപുരം


ശരീരഭാഗങ്ങൾ മുഴപ്പിച്ചു കാണിക്കുന്ന ഒരുതരം ഇടുങ്ങിയ പാന്റ്സ് ധരിക്കുന്നതിന്റെ വിധിയെന്താണ്?

 

ശരീരത്തിന്റെ വണ്ണം വ്യക്തമാക്കുന്ന ഇടുങ്ങിയ പാന്റ്സ് സ്ത്രീകൾക്കു കറാഹത്തും പുരുഷന്മാർക്കു ഖിലാഫുൽ ഔലായുമാണ്. ശർവാനി 2-112.

പുസ്തകം: പ്രശ്നോത്തരം. ഭാഗം: 3.

Tuesday, 29 December 2020

വഞ്ചനയുടെ ദിനം എന്ന് അറിയപ്പെടുന്നത് ?

 

ശനി

🔖 ചില ദിവസങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടെന്ന് ഹദീസ്

🔖 ശനി: വഞ്ചനയുടെ ദിനം

🔖 ഞായർ: മരം നട്ടുപിടിപ്പിക്കുന്നതിനും, കെട്ടിടം നിർമിക്കുന്നതിനും ഉത്തമം

🔖 തിങ്കൾ: യാത്രക്ക് നല്ലത്

🔖 ചൊവ്വ :സംഘർഷത്തിൻ്റെ നാൾ

🔖 ബുധൻ: ഇടപാടുകൾ, കച്ചവടങ്ങൾക്ക് നന്ന്

🔖 വ്യാഴം: ആവശ്യം നേടാനും നേതാക്കളെ കാണാനും അനുയോജ്യ ദിനം

🔖വെള്ളി: പെണ്ണന്വേഷിക്കാനും വിവാഹത്തിനും ഉത്തമ ദിവസം

🔖 മതപരവും ഭൗതികപരവുമായ കാര്യങ്ങൾ ചെയ്യാൻ തിങ്കൾ നല്ലതെന്ന് ഇമാം നവവ (റ)

🔖 യാത്രക്ക് നല്ലത് വ്യാഴാഴ്ച

🔖 ചൊവ്വാഴ്ച രക്ത ദിനം അന്ന് 'കൊമ്പ് വെക്കൽ സുന്നത്ത് കല്യാണം എന്നിവ അനഭിലഷണീയം

🔖 ഓരോ മാസവും ഒടുവിലെ ബുധൻ നിത്യ നഹ്സ്

🔖 നഖം മുറിക്കൽ, രോഗ സന്ദർശനം എന്നിവക്ക് ബുധൻ ഒട്ടും നന്നല്ല

🔖 പഠനം, അധ്യാപനം എന്നിവ  തുടങ്ങാൻ ബുധൻ വളരെ നല്ലത്

🔖 തോണി/ബോട്ടു എന്നിവ കടലിലിറക്കാനും മത്സ്യ ബന്ധനത്തിനും ശനി വളരെ നല്ലതാണ്

🔖 ദാവൂദ് നബിയുടെ സമുദായത്തെ ഇബ് ലിസ് വഞ്ചിച്ച ദിനമാണ് ശനി

ഒന്നാം റകഅത്തിൽ നിന്നും രണ്ടാം റകഅത്തിൽ ഇരുന്നും തഹിയ്യത്ത് നിസ്കരിച്ചാൽ സ്വഹീഹാകുമോ?

 

സ്വഹീഹാകും


🔖 പള്ളിയിൽ കയറിയ ഉടനെയുള്ള സുന്നത്ത് നിസ്കാരമാണിത്

🔖 പള്ളിക്ക് അഭിവാദ്യമർപ്പിക്കുന്ന നിസ്കാരം

🔖 കാരണമില്ലാതെ ഇത് ഒഴിവാക്കൽ കറാഹത്ത്

🔖 തഹിയ്യത്ത് നിസ്കരിച്ചാൽ ജമാഅത്ത് നഷ്ടപ്പെടുമെന്ന് കണ്ടാൽ ഒഴിവാക്കാം

🔖 പള്ളിയിൽ കയറി ഇരുന്നാൽ തഹിയ്യത്ത് നഷ്ടപ്പെടും

🔖 നിസ്കരിക്കാൻ സാധിക്കാത്തവർക്ക് സുബ്ഹാനല്ലാഹി ........ വല്ലാഹു അക്ബർ വരെ 4 വട്ടം ചൊല്ലൽ സുന്നത്തുണ്ട്

🔖 ഒന്നാം റകഅത്ത് നിന്ന് കൊണ്ടും രണ്ടാമത്തേത് ഇരുന്ന് കൊണ്ടും നിസ്കരിച്ചാലും സ്വഹീഹാകും

🔖 മസ്ജിദുൽ ഹറാമിൽ തഹിയ്യത്ത് നിസ്കാരമില്ല അതിന് പകരമായി ത്വവാഫാണുള്ളത്.

നഫീസത്തുൽ മിസ് രി (റ) യുടെ ഭർത്താവ് ആരാണ് ?

 

ഇസ്ഹാഖ് ബ്നു ജഅഫർ (റ)

إسحاق المؤتمن بن جعفر بن محمد بن علي بن الحسين بن علي بن أبي طالب

Saturday, 26 December 2020

ദീനിലെ മുസ്വീബത്ത്

 

മഹാനായ ഹാതിമുൽ അസ്വമ്മ്(റ) പറയുന്നു: ഒരിക്കൽ എനിക്ക് ഒരു വഖ്ത് നിസ്കാരത്തിന്റെ ജമാഅത്ത് നഷ്ടപ്പെട്ടു. സങ്കടത്തിലായ എന്നെ സമാധാനിപ്പിക്കാൻ വന്നത് അബൂഇസ്ഹാഖുൽ ബുഖാരി(റ) എന്നവർ മാത്രമാണ്. അതെ സമയം എന്റെ മകനാണ് മരിച്ചതെങ്കിൽ പതിനായിരത്തിലധികം ആളുകള്‍ എന്നെ ആശ്വസിപ്പിക്കാൻ വന്നേനെ! കാരണം ജനങ്ങളുടെ അടുക്കൽ ദുനിയാവിലെ മുസ്വീബത്തിനെക്കാൾ എത്രയോ നിസ്സാരമാണ് ദീനിൽ വരുന്ന മുസ്വീബത്ത്! (ഇഹ്‌യാ ഉലൂമുദ്ദീൻ)

ﻭﻗﺎﻝ ﺣﺎﺗﻢ اﻷﺻﻢ ﻓﺎﺗﺘﻨﻲ اﻟﺼﻼﺓ ﻓﻲ اﻟﺠﻤﺎﻋﺔ ﻓﻌﺰاﻧﻲ ﺃﺑﻮ ﺇﺳﺤﺎﻕ اﻟﺒﺨﺎﺭﻱ ﻭﺣﺪﻩ ﻭﻟﻮ ﻣﺎﺕ ﻟﻲ ﻭﻟﺪ ﻟﻌﺰاﻧﻲ ﺃﻛﺜﺮ ﻣﻦ ﻋﺸﺮ ﺁﻻﻑ ﻷﻥ ﻣﺼﻴﺒﺔ اﻟﺪﻳﻦ ﺃﻫﻮﻥ ﻋﻨﺪ اﻟﻨﺎﺱ ﻣﻦ ﻣﺼﻴﺒﺔ اﻟﺪﻧﻴﺎ. (إحياء علوم الدين)



മുഹമ്മദ് ശാഹിദ് സഖാഫി - സൽസരണി 1084

സൽസരണി ഒന്നാം ഭാഗം", റബീഅ് സൽസരണി പതിപ്പായ "ആറ്റലോരുടെ തീർഥം തേടി" എന്നീ പുസ്തകങ്ങള്‍  തപാല്‍ വഴി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, 25 December 2020

വധുവും വരനും തമ്മിൽ ചേർച്ച

 

❓വധൂവരന്മാർ തമ്മിലുള്ള ചേർച്ച (കഫാഅത്ത്) വിവാഹത്തിന്റെ സ്വീകാര്യതക്കു ആവശ്യമാണോ?

ഉ: വിവാഹത്തിന്റെ സ്വീകാര്യതക്കു ആവശ്യമില്ല. വധുവിന്റെയും അവളുടെ വലിയ്യിന്റെയും അവകാശമാണിത്. അതിനാൽ അതു വേണ്ടെന്നു വെക്കാൻ അവർ രണ്ടാൾക്കും അധികാരമുണ്ട് (തുഹ്ഫ: 7/275, ഫത്ഹുൽ മുഈൻ, പേജ്: 368).


❓ ചേർച്ചയുടെ പരിഗണന വരന്റെ ഭാഗത്തില്ലേ?

ഉ: ഇല്ല. ഭാര്യയുടെ ഭാഗത്താണ് കഫാഅത്ത് (ചേർച്ച) പരിഗണിക്കുക (ഇആനത്ത്: 3/330).


❓എത്ര കാര്യങ്ങളിലാണു ചേർച്ച പരിഗണിക്കേണ്ടത്?

ഉ: ആറു കാര്യങ്ങളിൽ. സ്വാതന്ത്രം, ചാരിത്രശുദ്ധി, മതചിട്ട, തറവാട്, ഹീനമായ തൊഴിലിൽ നിന്നു രക്ഷ, നികാഹിനെ ദുർബലപ്പെടുത്താൻ അധികാരമുള്ള ന്യൂനതയിൽ നിന്നു രക്ഷ എന്നിവയാണത്. അപ്പോൾ സ്വതന്ത്ര സ്ത്രീക്ക് അടിമയായ വരനും ചാരിത്രവതിക്ക് ദുർനടപ്പുകാരനും സുന്നിയായ സ്ത്രീക്ക് പുത്തൻവാദിയും അറബി വംശജകൾക്ക് അറബിയല്ലാത്തവനും കച്ചവടക്കാരന്റെ മകൾക്കു തൂപ്പുകാരനും ഭ്രാന്ത്, വെള്ളപ്പാണ്ട് തുടങ്ങിയ രോഗമുള്ളവൻ അതില്ലാത്തവൾക്കും കുഫ്ഉ അല്ല (ഫത്ഹുൽ മുഈൻ, പേജ്: 369).


❓സുന്നി വിശ്വാസക്കാരിയായ മകളെ പുത്തൻവാദിയെക്കൊണ്ട് വിവാഹം കഴിച്ചുകൊടുക്കാൻ മുജ്ബിറായ പിതാവിനു അധികാരമില്ലേ?

ഉ: നിരുപാധിക അധികാരമില്ല. പ്രായം തികഞ്ഞ മകളുടെ തൃപ്തിയുണ്ടെങ്കിലേ അധികാരമുള്ളൂ (തുഹ്ഫ: 7/275).


❓ വധുവിന്റെ സമ്മതത്തോടെത്തന്നെ കുഫ്ഉ ഒക്കാതെ വരനെക്കൊണ്ട് വിവാഹം ചെയ്തുകൊടുക്കുന്നതിന്റെ വിധി?

ഉ: കറാഹത്താണ് (തുഹ്ഫ: 7/275).


❓സുന്നി വിശ്വാസിയായ പെണ്ണിനു ബിദ്അത്തുകാരന്റെ സുന്നിയായ മകൻ യോജിക്കുമോ?

ഉ: ഇല്ല, വരൻ സുന്നിയാണെങ്കിലും അവന്റെ പിതാവ് മുബ്തദിഉ ആയതിനാൽ കുഫ്ഉ അല്ല. നേരെ മകനാകണമെന്നില്ല. എത്രയോ താഴെ വരുന്ന മകനാണെങ്കിലും കുഫ്ഉ അല്ല (തുഹ്ഫ: 2/281).


❓സ്ത്രീ ഫാസിഖത്താണെങ്കിൽ ഫാസിഖായ പുരുഷൻ അവൾക്ക് കുഫ്‌വാകുമോ?

ഉ: ദുർനടപ്പിന്റെ അളവും ഇനവും തുല്യമാണെങ്കിൽ കുഫ്‌വാകും (ഇആനത്ത്: 3/331).


❓ ഫാസിഖിന്റെ മകൻ ചാരിത്രശുദ്ധിയുള്ളവൾക്ക് കുഫ്‌വാണോ?

ഉ: ഫാസിഖിന്റെ മകൻ ഫാസിഖല്ലെങ്കിൽ പോലും പ്രസ്തുത സ്ത്രീക്ക് കുഫ്‌വല്ല (തുഹ്ഫ: 7/281).


❓ ഹാശിമിയോ മുത്തലിബോ ആയ സ്ത്രീക്ക് (അഹ്‌ലുബൈത്തിലെ വനിതകൾക്ക്) അവരല്ലാത്തവർ കുഫ്‌വാണോ?

ഉ: അല്ല (തുഹ്ഫ: 7/279).


❓എങ്കിൽ നബി(സ്വ) തങ്ങൾ അവിടുത്തെ പെൺമക്കളെ കുഫ്‌വൊക്കാത്ത ഭർത്താക്കന്മാർക്കാണോ വിവാഹം ചെയ്തുകൊടുത്തത്?

ഉ: അതെ, നബി(സ്വ) തങ്ങൾ തന്റെ പെൺമക്കളെ നികാഹ് ചെയ്തു കൊടുത്തതെല്ലാം കുഫ്‌വല്ലാത്ത ഭർത്താക്കന്മാർക്കാണ് (തുഹ്ഫ: 7/275). കുഫ്‌വൊത്ത ഭർത്താക്കന്മാരെ ലഭിക്കാത്തതിനാലാണ് നബി(സ്വ) ഇങ്ങനെ ചെയ്തത്. പ്രസ്തുത വേളയിൽ അതു കറാഹത്തില്ല.


❓ധനികയായ സ്ത്രീക്ക് ഫഖീറായ പുരുഷൻ കുഫ്‌വാണോ?

ഉ: അതെ, കാരണം സമ്പത്ത് കുഫ്‌വിന്റെ കാര്യത്തിൽ പരിഗണനീയമല്ല. മാന്യന്മാർ ധനത്തെ ഒരു യോഗ്യതയായി ഗണിക്കുകയില്ല (തുഹ്ഫ: 7/283).


❓ വിവാഹം ചെയ്തു കൊടുക്കാതിരുന്നാൽ ചാരിത്രഭ്രംശം ഭയപ്പെട്ടാൽ കുഫ്‌വൊക്കാതെ വിവാഹം ചെയ്തു കൊടുത്താൽ കറാഹത്തു വരുമോ?

ഉ :ഇത്തരം വേളയിൽ കറാഹത്തില്ല (ശർവാനി: 7/275).


❓ഹീനമായ തൊഴിൽ ചെയ്യുന്നവൻ അത്തരം തൊഴിൽ ചെയ്യാത്തവർക്ക് കുഫ്‌വല്ലെന്നു പറഞ്ഞുവല്ലോ. എന്താണ് ഹീനമായ തൊഴിലിന്റെ വിവക്ഷ?

ഉ: മാന്യതയ്ക്കു നിരക്കാത്ത പണിയാണ് ഹീനമായ തൊഴിൽ കൊണ്ടുള്ള വിവക്ഷ (തുഹ്ഫ: 7/281).


❓ അനുയോജ്യതയുടെ കാര്യത്തിൽ ചിലതിനെ ചിലതിനോട് തുലനം ചെയ്തുകൂടെ?

ഉ: അതു പറ്റില്ല (ഇആനത്ത്: 3/337).


❓ ഫുഖഹാഉ താഴ്ന്നതരം തൊഴിലുകളിലുൾപ്പെടുത്തിയതിനെ (ഉദാ: തൂപ്പുകാരൻ, കാലികളെ മേക്കുന്നവൻ) നാട്ടുകാർ മാന്യതയുടെ തൊഴിലായി ഗണിച്ചാലോ?

ഉ: ഫുഖഹാക്കൾ വ്യക്തമാക്കിയതിനെതിരെയുള്ള നാട്ടുകാരുടെ കീഴ്വഴക്കത്തിനു യാതൊരു പരിഗണനയുമില്ല. ഫുഖഹാഉ വ്യക്തമാക്കാത്തതിൽ നാട്ടുകാരുടെ കീഴ്വഴക്കം പരിഗണനീയമാണ് (ഫത്ഹുൽ മുഈൻ, പേജ്: 371).


❓ കുഫ്‌വൊക്കാത്ത ഭർത്താവിനെ കൊണ്ടുതന്നെ വിവാഹം ചെയ്തു കൊടുക്കാൻ സമ്മതമാണെന്നു സ്ത്രീ പറഞ്ഞാൽ ഖാസിക്ക് അതു സ്വീകരിക്കാമോ?

ഉ: സ്വീകരിച്ചുകൂടാ. അവൾ സമ്മതിച്ചാലും ഖാസി നികാഹ് ചെയ്തു കൊടുക്കുമ്പോൾ (ഖാസി വലിയ്യാകുമ്പോൾ) വരൻ കുഫ്‌വൊത്തതാകൽ നികാഹിന്റെ സ്വീകാര്യതക്ക് ശർത്വാണ് (തുഹ്ഫ: 7/277).


❓ഉപ്പ മകളെ വിവാഹം ചെയ്തു കൊടുക്കുകയാണെങ്കിലോ?

ഉ: ഉപ്പയോ ഉപ്പയുടെ ഉപ്പയോ വിവാഹം ചെയ്തു കൊടുക്കുമ്പോൾ മകളുടെ തൃപ്തിയുണ്ടെങ്കിൽ കുഫ്‌വൊക്കാത്ത വരന് നികാഹ് ചെയ്തു കൊടുക്കാം. അവളുടെ തൃപ്തി പരിഗണിക്കണമെങ്കിൽ അവൾക്ക് പ്രായം തികയണം. പ്രായം തികയുംമുമ്പ് മകളെ വിവാഹം ചെയ്തു കൊടുക്കുന്നവർ കഫാഅത്തിന്റെ കാര്യം ഗൗരവമായി കണക്കിലെടുക്കണം. കുഫ്‌വ് ഒത്തിട്ടില്ലെങ്കിൽ നികാഹ് സ്വഹീഹാവില്ല. ഒരേ പദവിയിലുള്ള കൈകാർ (ഉദാ: സഹോദരങ്ങൾ) ഉണ്ടാകുമ്പോൾ ഒരു സഹോദരൻ വധുവിന്റെയും (സഹോദരി) മറ്റു സഹോദരങ്ങളുടെയും തൃപ്തിയോടെ കുഫ്‌വൊക്കാത്ത ഭർത്താവിനു വിവാഹം ചെയ്തു കൊടുത്താൽ നികാഹ് സാധുവാകും (തുഹ്ഫ: 7/275).


❓ കുഫ്ഇന്റെ വിഷയത്തിൽ വരനിലും വധുവിലും കൂറാകുന്ന ന്യൂനതകൾ എന്തെല്ലാം?

ഉ: ഭ്രാന്ത്, കുഷ്ഠരോഗം, വെള്ളപ്പാണ്ട് എന്നീ രോഗങ്ങൾ. ഇവ ഉള്ളവർ വിവാഹ വേളയിൽ ഈ രോഗങ്ങൾ ഇല്ലാത്തവൾക്ക് കുഫ്‌വല്ല (ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/334).


❓ സയ്യിദ് കുടുംബത്തിൽ പെട്ട സ്ത്രീക്ക് സാധാ പുരുഷൻ കുഫ്‌വല്ലെങ്കിലും അവളുടെ സമ്മതമുണ്ടെങ്കിൽ വിവാഹം അനുവദനീയമാണല്ലോ. അവരിൽ ഉണ്ടായ കുട്ടി അഹ്‌ലുബൈത്തിൽ പെടുമോ?

ഉ: ഇല്ല. കുട്ടിയെ പിതാവിലേക്കാണു ചേർക്കുക. ഇക്കാര്യം മിക്ക കർമശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം.


എം.എ. ജലീൽ സഖാഫി പുല്ലാര

Thursday, 24 December 2020

പുതുനാരി മസ്അലകൾ

 

വധുവിന്റെ നിബന്ധനകൾ വിവരിക്കാമോ

വധുവിനെ നിജപ്പെടുത്തണം. അപ്പോൾ എന്റെ പെൺമക്കളിൽ ഒരാളെ ഞാൻ നിനക്കു നികാഹു ചെയ്തു തന്നു എന്നു പറഞ്ഞാൽ ശരിയാവില്ല. കാരണം, അവിടെ നിജപ്പെടുത്തലില്ലല്ലോ. പുത്രിയിലേക്ക് ആംഗ്യം കാണിച്ചു പറഞ്ഞാലും സാധുവല്ല. വധു ഹജ്ജിന്റെയോ ഉംറയുടെയോ ഇഹ്റാമിലാവാതിരിക്കണം. വധു മറ്റൊരുത്തന്റെ നികാഹിൽ നിന്നും ഇദ്ദയിൽ നിന്നും ഒഴിവായിരിക്കണം (ഫത്ഹുൽ മുഈൻ, പേജ്: 348).


മകളുടെ പേരു പറയാതെ എന്റെ മകളെ നിനക്കു ഞാൻ വിവാഹം ചെയ്തു തന്നു എന്നു പറഞ്ഞാലോ

അദ്ദേഹത്തിനു ഒരു മകൾ മാത്രമാണുള്ളതെങ്കിൽ സാധുവാകും. അല്ലെങ്കിൽ സ്വഹീഹാവില്ല (ഫത്ഹുൽ മുഈൻ, പേജ്: 348).


ഒരാൾ നിനക്കു ഞാൻ ഇന്നവളെ (ഉദാ: ഫാത്വിമ) നികാഹ് ചെയ്തു തന്നു എന്നു പറഞ്ഞാൽ ശരിയാകുമോ

രണ്ടുപേരും (വലിയ്യും വരനും) നിർണിതമായ ഒരു ഫാത്വിമയെ കരുതുന്ന വേളയിൽ പ്രസ്തുത വാചകം കൊണ്ട് നികാഹ് സാധുവാകും (ഫത്ഹുൽ മുഈൻ, പേജ്: 348).


ഒരാൾ തന്റെ വലിയ മകളെ നികാഹു ചെയ്തു കൊടുക്കുകയാണ്. പക്ഷേ ചെറിയ മകളുടെ പേരാണു പറഞ്ഞത്. എങ്കിൽ നികാഹ് സാധുവാണോ

എന്റെ വലിയ മകളെ നിനക്കു ഞാൻ നികാഹു ചെയ്തു തന്നു എന്നു പറഞ്ഞു ചെറിയ മകളുടെ പേരു പറഞ്ഞ വേളയിൽ നികാഹ് സാധുവാണ്. പേരു മാറിയതിൽ പ്രശ്നമില്ല. വലിയ മകളുടെ കാര്യത്തിലാണ് നികാഹു സാധുവായത് (ഫത്ഹുൽ മുഈൻ, പേജ്: 348).


വധു മുസ്‌ലിമായിരിക്കൽ ശർത്വാണോ

മുസ്‌ലിമോ വിവാഹം കഴിക്കൽ അനുവദനീയമായ തനി ജൂത-ക്രൈസ്തവ സ്ത്രീയോ ആവണം (ഫത്ഹുൽ മുഈൻ, പേജ്: 352).


വിവാഹം കഴിക്കൽ അനുവദനീയമായ ജൂത-ക്രൈസ്തവ സ്ത്രീ ആരാണ്

തൗറാത്തനുസരിച്ച് ജീവിക്കുന്നവളാണ് ജൂത. ഇൻജീലനുസരിച്ച് ജീവിക്കുന്നവൾ ക്രിസ്ത്യാനി.


ഇവരെ നികാഹ് ചെയ്യാൻ പ്രത്യേക നിബന്ധനയുണ്ടോ

ഉണ്ട്. ഇസ്റാഈലി സ്ത്രീയെ വിവാഹം ചെയ്യൽ അനുവദനീയമാവണമെങ്കിൽ അവളുടെ പിതൃപരമ്പരയിലെ പ്രഥമ പുരുഷൻ ജൂതമതം സ്വീകരിച്ചത് ആ മതം ദുർബലപ്പെട്ട ശേഷമാണെന്നു അറിയപ്പെടാതിരിക്കണം. ഇസ്റാഈലി സ്ത്രീ അല്ലെങ്കിൽ പിതൃപരമ്പരയിലെ പ്രഥമ പുരുഷൻ തന്റെ മതം സ്വീകരിച്ചത് ആ മതം ദുർബലപ്പെടുംമുമ്പാണെന്നു അറിയപ്പെടണം. (നമ്മുടെ നാടുകളിൽ ഇത്തരം സ്ത്രീകളെ കണ്ടെത്താനാവില്ല) (ഇആനത്ത്: 3/295 ).


കാഫിറായ ദമ്പതികളിൽ വരൻ മുസ്‌ലിമായാൽ വധു അവനു അന്യയാണോ

അവർ സംയോഗം ചെയ്യുംമുമ്പാണു അവൻ മുസ്‌ലിമായതെങ്കിൽ അവൾ മുസ്‌ലിമാകുന്നുമില്ലെങ്കിൽ ഉടനടി അവർ അന്യ സ്ത്രീ-പുരുഷന്മാരാകുന്നതാണ് (ഫത്ഹുൽ മുഈൻ, പേജ്: 352).


സംയോഗത്തിനു ശേഷം അവൻ മുസ്‌ലിമായാലോ

എന്നാൽ ഇദ്ദ കഴിയും മുമ്പ് അവൾ മുസ്‌ലിമായാൽ വിവാഹബന്ധം നിലനിൽക്കും. ഇല്ലെങ്കിൽ അവൻ മുസ്‌ലിമായതു മുതൽ വിവാഹബന്ധം വേർപ്പെട്ടതായി ഗണിക്കപ്പെടും (ഫത്ഹുൽ മുഈൻ, പേജ്: 352).


വധു മാത്രം മുസ്‌ലിമായാലോ

അവർ തമ്മിൽ സംയോഗം നടന്നിട്ടുണ്ടെങ്കിൽ അവളുടെ ഇദ്ദ കഴിയുന്നതിനു മുമ്പ് അവർ മുസ്‌ലിമായാൽ നികാഹിനു ഭംഗം തട്ടില്ല. സംയോഗം ഉണ്ടായിട്ടില്ലെങ്കിൽ അവൾ മുസ്‌ലിമായ ഉടനെ വിവാഹബന്ധം വേർപ്പെടുന്നതാണ്. അവളുടെ ഇദ്ദയുടെ കാലത്ത് അവൻ മുസ്‌ലിമായിട്ടില്ലെങ്കിൽ അവൾ മുസ്‌ലിമായതു മുതൽ വിവാഹബന്ധം വേർപ്പെടുന്നതാണ് (ഇആനത്ത്: 3/296).


രണ്ടുപേരും ഒരുമിച്ചു മുസ്‌ലിമായാലോ

എങ്കിൽ സംയോഗത്തിന്റെ മുമ്പാണെങ്കിലും പിമ്പാണെങ്കിലും നികാഹു ബന്ധം നിലനിൽക്കുന്നതാണ് (ഇആനത്ത്: 3/296).


മുസ്‌ലിമായ ശേഷം നികാഹ് നടത്തണ്ടേ

വേണ്ട. കാഫിരീങ്ങളുടെ ആചാര പ്രകാരമുള്ള വിവാഹത്തെ അവർ മുസ്‌ലിമാകുന്ന വേളയിൽ നാം അംഗീകരിക്കുന്നുണ്ട്. അവർ മുസ്‌ലിമായതിനു വേണ്ടി അവർക്കു ഇസ്‌ലാം നൽകുന്ന ഇളവാണിത് (ഇആനത്ത്: 3/296).


പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി. പക്ഷേ, രക്ഷിതാക്കളോ മറ്റോ അതറിഞ്ഞില്ല. അവളതു പറഞ്ഞതുമില്ല. ശേഷം അവളുടെ സമ്മതമില്ലാതെ ഉപ്പ അവളെ നികാഹ് നടത്തി. ഈ നികാഹ് സാധുവാണോ

അതെ, സാധുവാണ്. അവൾ കന്യകയാണെന്ന ധാരണയോടെയാണ് പിതാവ് സമ്മതം ചോദിക്കാതെ നികാഹ് നടത്തിയത്. ഇനി അവൾ അകന്യകയാണെന്നു പറഞ്ഞാലും നടന്ന നികാഹ് അസാധുവാക്കപ്പെടുകയില്ല (ഫത്ഹുൽ മുഈൻ, പേജ്: 351).


വിവാഹിതരായ രണ്ടു അമുസ്‌ലിംകൾ മുസ്‌ലിമായാൽ അവർ ഭാര്യാഭർത്താക്കന്മാരാണല്ലോ. നികാഹ് പുതുക്കേണ്ടതില്ലല്ലോ. എന്നാൽ ഒരു അമുസ്‌ലിം തന്റെ വിവാഹബന്ധം ഹറാമായവളെ (ഇസ്‌ലാമിക നിയമത്തിൽ) വിവാഹം ചെയ്തു അവർ മുസ്‌ലിമായാലോ

ആ ബന്ധം നില നിൽക്കില്ല. അവരെ വേർപിരിക്കണം (തുഹ്ഫ: 7/331).


എം.എ.ജലീൽ സഖാഫി പുല്ലാര

Tuesday, 22 December 2020

നികാഹും , സാധുതയും


നികാഹു സാധുവാകാൻ രണ്ടു സാക്ഷികൾ വേണമല്ലോ. അവരുടെ യോഗ്യതകൾ എന്തെല്ലാം?

ഇസ്‌ലാം, പ്രായപൂർത്തി, ബുദ്ധി, സ്വതന്ത്രത്വം, പുരുഷത്വം, നീതിത്വം, കാര്യബോധം, മാന്യത, കേൾവി, കാഴ്ച, സംസാര കഴിവ്, ഉണർവ്, കൈകാരന്റെയും വരന്റെയും ഭാഷ അറിയൽ, സാക്ഷി നിൽക്കുന്നവൻ നിർണിതമായ വലിയ്യാവാതിരിക്കൽ എന്നിവയെല്ലാം സാക്ഷിയുടെ നിബന്ധനകളാണ് (തുഹ്ഫ: 7/228).


സാക്ഷി നിർണിതമായ വലിയ്യാവാതിരിക്കൽ എന്നതിന്റെ വിവക്ഷയെന്ത്?

പറയാം. പിതാവ്, ഏക സഹോദരൻ എന്നിവരെല്ലാം വധുവിന്റെ നിർണിത വലിയ്യാണ് (കൈകാരൻ). പിതാവ് നികാഹ് നടത്തേണ്ട സ്ഥാനത്ത് അതു നടത്താൻ പിതാവ് മറ്റൊരാളെ വകാലത്താക്കുകയും സാക്ഷിയായി പിതാവ് നിൽക്കുകയും ചെയ്താൽ ആ സാക്ഷിത്വം സ്വീകരിക്കപ്പെടില്ല. കാരണം, ഇവിടെ നിർണിത വലിയ്യാണു സാക്ഷിയായത്.


ഒരു സ്ത്രീക്കു വലിയ്യായി മൂന്നു സഹോദരങ്ങളാണുള്ളത്. അവരിൽ ഒരാൾക്കു വധു നികാഹു നടത്താൻ സമ്മതം കൊടുത്തു. അദ്ദേഹം നികാഹു നടത്തിയപ്പോൾ രണ്ടു സഹോദരങ്ങൾ സാക്ഷി നിന്നു. എങ്കിൽ നികാഹു ശരിയാകുമോ?

അതേ, സാധുവാകും. എന്തുകൊണ്ടെന്നാൽ ഇവിടെ നിർണമായ വലിയ്യ് സാക്ഷിയായിട്ടില്ല (തുഹ്ഫ: 7/229).


നികാഹിന്റെ സദസ്സിൽ സാക്ഷി നിൽക്കുകയെന്ന ഉദ്ദേശ്യമില്ലാതെ ഇരുന്ന രണ്ടുപേരാണ് ഈജാബും ഖബൂലും കേട്ടതെങ്കിലോ?

ഉദ്ദേശ്യം വേണമെന്നില്ല. അവിചാരിതമായി കേട്ടാലും മതി. അവർ സാക്ഷിക്കു പറ്റുന്നവരാകണമെന്നുമാത്രം (തുഹ്ഫ: 7/227).


മാന്യത എന്ന വിശേഷണം സാക്ഷിക്കു വേണമെന്നു പറഞ്ഞല്ലോ. അതൊന്നു വിശദീകരിച്ചാലും?

നാട്ടുനടപ്പിൽ നിന്ദമായ എല്ലാറ്റിൽ നിന്നും അകന്നുനിൽക്കലാണു മാന്യത. താഴ്ന്ന കാര്യങ്ങൾ എന്നതിൽ കുറ്റമുള്ളതും അല്ലാത്തതും പെടും. ജനങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് ഭാര്യയെ ചുംബിക്കൽ, ജനങ്ങൾക്കിടയിൽ വെച്ച് ചിരിപ്പിക്കുന്ന കാര്യങ്ങൾ കൂടുതലായി പറയുക, ചതുരംഗക്കളിയിലും നൃത്തക്കളിയിലും വ്യാപൃതനാവുക തുടങ്ങിയ മാന്യതയെ ഹനിക്കുന്ന കാര്യങ്ങളാണ് (ഫത്ഹുൽ മുഈൻ, പേജ്: 505).


വലിയ്യ് നീതിമാനായിരിക്കണം എന്നു പറഞ്ഞതിന്റെ വിവക്ഷ ഫാസിഖ് അല്ലാതിരിക്കുകയെന്നാണെന്നു മുമ്പ് വിവരിച്ചുവല്ലോ. സാക്ഷി നീതിമാനാവുക എന്നതിന്റെ ഉദ്ദേശ്യവും അങ്ങനെയാണോ?

അല്ല. രണ്ടും തമ്മിൽ സാരമായ അന്തരമുണ്ട്. വലിയ്യിനെ സമ്പന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഫാസിഖാവാതിരിക്കലാണു നിബന്ധന. നീതിമാനായിരിക്കലല്ല. എന്നാൽ സാക്ഷി നിൽക്കുന്നവൻ ഫാസിഖാവാതിരുന്നാൽ മാത്രം പോര. നീതിയുള്ളവനായിരിക്കുക തന്നെ വേണം. അനുവദനീയമായ താഴ്ന്ന കാര്യങ്ങളെയും തെറ്റുകളുമായി ബന്ധപ്പെടുന്നതിനെയും തടയുന്ന ഒരു കഴിവ് നേടിയെടുക്കുക എന്നതാണ് സാക്ഷിയുടെ വിഷയത്തിൽ നീതിമാനാവുക എന്നതിന്റെ വിവക്ഷ (തുഹ്ഫ: 7/256, ഇആനത്ത്: 3/305).


ഈ വിവരണത്തിൽ നിന്നു മനസ്സിലാകുന്നത് ഫാസിഖിന്റെയും നീതിമാന്റെയും ഇടയിൽ തെമ്മാടിത്വവും നീതിത്വവും അല്ലാത്ത ഒരു അവസ്ഥയുണ്ടെന്നാണല്ലോ. അങ്ങനെയുണ്ടോ? ഫാസിഖല്ലാത്തവനെല്ലാം നീതിമാനല്ലേ?

ഫാസിഖല്ലാത്തവനെല്ലാം നീതിമാനല്ല. രണ്ടിന്റെ ഇടയിൽ രണ്ടുമല്ലാത്ത അവസ്ഥയുണ്ട്. ഉദാ: ഒരു കുട്ടിക്ക് പ്രായം തികഞ്ഞാൽ അവനിൽ നിന്നു ഫാസിഖാകുന്ന കാര്യം ഉണ്ടായിട്ടില്ലെങ്കിൽ ഫാസിഖല്ല. അതോടൊപ്പം അവൻ നീതിമാനുമല്ല. എന്തുകൊണ്ടെന്നാൽ ഭയഭക്തിയെ നിർബന്ധമാക്കുന്ന ഒരു കഴിവു നേടിയെടുക്കലാണു നീതിത്വം. ഈ കുട്ടി അതു നേടിയിട്ടില്ല (തുഹ്ഫ, ശർവാനി: 7/256).


ഫാസിഖ് തൗബ ചെയ്ത ഉടനെ വലിയ്യാവാൻ പറ്റുമെന്നു മുമ്പ് വ്യക്തമാക്കിയല്ലോ. എന്നാൽ ഫാസിഖ് തൗബ ചെയ്ത ഉടനെ സാക്ഷി നിൽക്കാൻ പറ്റുമോ?

ഇല്ല. തൗബയുടെ ശേഷം ഒരു വർഷം പൂർത്തിയായതിനു ശേഷമേ അവന്റെ സാക്ഷിമൊഴി സ്വീകരിക്കപ്പെടുകയുള്ളൂ (തുഹ്ഫ: 9/214, നിഹായ, ഇആനത്ത്: 4/296).


എം.എ.ജലീൽ സഖാഫി പുല്ലാര

മേല്‍തട്ടത്തില്‍ തടവിയാല്‍

 

തലയില്‍ നിന്ന് അല്‍പ ഭാഗം തടവുകയും ബാക്കി ധരിച്ചിരിക്കുന്ന തൊപ്പിയോ തലപ്പാവോ തടവിയാല്‍ സുന്നത്ത് കരസ്ഥമാകുന്നതുപോലെ മേല്‍തട്ടത്തില്‍ തടവിയാല്‍ സുന്നത്ത് കരസ്ഥമാകുമോ?

തലപ്പാവിന്‍റെ മുകളില്‍ ധരിക്കുന്ന മേല്‍തട്ടത്തില്‍ തടവി തലതടവല്‍ പൂര്‍ത്തിയാക്കിയാലും സുന്നത്ത് കരസ്ഥമാകുന്നതാണ്. തലയില്‍ നിന്നും അല്‍പം തടവിയതിനു ശേഷം ധരിച്ച തൊപ്പിയിലോ തലപ്പാവിലോ അല്ലെങ്കില്‍ മേല്‍തട്ടം ധരിച്ചിട്ടുണ്ടെങ്കില്‍ അതിനു മുകളിലോ തടവിയാലും സുന്നത്ത് ലഭിക്കുന്നതാണ്. ശ്രേഷ്ഠമായൊരു നബിചര്യയാണ് തലതടവുക എന്നത് (തുഹ്ഫതുല്‍ ഹബീബ് അലാ ശറഹില്‍ ഖതീബ്: 1/240).


തയ്യാറാക്കിയത്: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി (sunnivoice.net)

മകനെ മുലയൂട്ടിയ സ്ത്രീയെ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുമോ?

 

മുറിയും. അവള്‍ അന്യസ്ത്രീയാണെന്നതാണ് കാരണം. മകന്‍റെ മുലകുടി ബന്ധം കൊണ്ട് പ്രസ്തുത സ്ത്രീ മഹ്റം അഥവാ വിവാഹ ബന്ധം ഹറാമായവളാകുന്നില്ല. പൂര്‍വകാലം തൊട്ടുതന്നെ അറബികളിലും മറ്റും നടന്നുവരുന്നൊരു സമ്പ്രദായമാണ് മുലയൂട്ടാന്‍ ഏല്‍പ്പിക്കുകയെന്നത് (ഫത്ഹുല്‍ മുഈന്‍: 456).


തയ്യാറാക്കിയത്: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി (sunnivoice.net)

പിതൃഭാര്യാ സ്പര്‍ശനം

 

സ്വന്തം ഉമ്മയല്ലാത്ത പിതാവിന്‍റെ മറ്റു ഭാര്യമാരെ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുമോ? മകന് പ്രായപൂര്‍ത്തിയായതിന് ശേഷമാണ് പ്രസ്തുത വിവാഹം നടക്കുന്നതെങ്കില്‍ ആ ഭാര്യയെ നോക്കുന്നതിന്‍റെ വിധിയെന്താണ്?

പ്രസ്തുത സ്പര്‍ശനം കൊണ്ട് വുളൂഅ് മുറിയുകയില്ലെന്നാണ് മസ്അല. കുട്ടിക്ക് പ്രായപൂര്‍ത്തിയായതിന് ശേഷമാണ് വിവാഹം നടന്നതെങ്കിലും ശരി. അപ്രകാരം അവരെ നോക്കലും അനുവദനീയമാണ്. പിതാവ് വിവാഹം കഴിക്കലോടു കൂടി ആ സ്ത്രീ കുട്ടിക്ക് ഉമ്മയുടെ സ്ഥാനത്തായി. അവരെ അവന് വിവാഹം കഴിക്കല്‍ ഹറാമായി എന്നര്‍ത്ഥം. നിനക്ക് ജന്മം നല്‍കിയ പിതാവിന്‍റെ ഭാര്യമാര്‍ വിവാഹബന്ധം കൊണ്ട് ഹറാമാകുന്നവരില്‍ ഉള്‍പ്പെടുന്നതാണ്. അഥവാ ശരിയായ നികാഹ് മാത്രം നടന്നാല്‍ തന്നെ അവര്‍ നിനക്ക് ഹറാമാകുന്നതാണ്. പിതാവിന്‍റെ രണ്ടാം ഭാര്യയെ നോക്കുന്നത് കാരണമായി വികാരം പ്രകടമാകുന്നുവെങ്കില്‍ നോട്ടം കുറ്റകരമാണ് (തുഹ്ഫ: 7/352).


തയ്യാറാക്കിയത്: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി (sunnivoice.net)

കടലിലും അമിതവ്യയമോ?

 

കടല്‍ വെള്ളത്തില്‍ വുളൂഅ് ചെയ്യുന്ന വ്യക്തി മൂന്നില്‍ കൂടുതല്‍ തവണ വുളൂഇന്‍റെ അവയവങ്ങള്‍ കഴുകിയാല്‍ കറാഹത്താകുമോ? ഈ സ്ഥലത്ത് നടക്കുന്ന അമിതവ്യയം കറാഹത്തായി പരിഗണിക്കുമോ?

വെള്ളം ദുര്‍വ്യയം ചെയ്യുന്നത് പൊതുവില്‍ കറാഹത്താണ്. ദുര്‍വ്യയം വുളൂഇലാണെങ്കിലും കറാഹത്ത് തന്നെ. കടല്‍ തീരത്ത് വച്ചാണ് വുളൂഅ് ചെയ്യുന്നതെങ്കില്‍ പോലും ആ കറാഹത്ത് നീങ്ങുന്നതല്ല. അതേസമയം കടലില്‍ നിന്ന് വുളൂഅ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം എന്ന നിലക്കുള്ള കറാഹത്തുണ്ടാവില്ല. പക്ഷേ വെള്ളം സുലഭമായ സമുദ്രത്തില്‍ വച്ചാണ് വുളൂഅ് ചെയ്യുന്നതെങ്കിലും മൂന്നില്‍ കൂടുതല്‍ തവണ കഴുകല്‍ കറാഹത്താണ് (ശര്‍വാനി: 1/245).


തയ്യാറാക്കിയത്: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി (sunnivoice.net)

വുളൂഅ് എടുക്കുന്ന സമയത്ത് ഇരിക്കുകയെന്നത് വുളൂഇന്‍റെ സുന്നത്തുകളില്‍ പെട്ടതാണോ


അതേ. വുളൂഅ് എടുക്കുന്ന സമയത്ത് ഇരിക്കുകയെന്നത് വുളൂഇന്‍റെ സുന്നത്തുകളില്‍ പെട്ടതാണ്. ഇമാം നവവി(റ) പറയുന്നു: ഖിബ്ലക്ക് മുന്നിട്ട് വുളൂഅ് ചെയ്യലും വെള്ളം ശരീരത്തില്‍ തെറിക്കാത്ത സ്ഥലത്ത് ഇരുന്ന് കൊണ്ടാകലും സുന്നത്താണ്. മുന്‍ഗാമികളായ പണ്ഡിതന്മാരും മഹത്തുക്കളും തിരുനബി ചര്യകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വളരെയധികം സൂക്ഷ്മതയും കണിശതയും പുലര്‍ത്തിയവരായിരുന്നു (അല്‍മജ്മൂഅ് ശര്‍ഹുല്‍ മുഹദ്ദബ്: 1/465).

ഖിബ്ലക്ക് മുന്നിടലും ശരീരത്തിലേക്ക് വെള്ളം തെറിക്കാത്ത സ്ഥലത്ത് ഇരുന്ന് വുളൂഅ് ചെയ്യലും മുഖത്ത് വെള്ളം കൊണ്ട് അടിക്കാതിരിക്കലും സുന്നത്താണെന്ന് ഫത്ഹുല്‍ മുഈനിന്‍റെ മൂലഗ്രന്ഥമായ(മത്ന്) ഖുര്‍റതുല്‍ ഐനിന്‍റെ മറ്റൊരു ശറഹായ നിഹായതുസ്സൈന്‍ എന്ന ഗ്രന്ഥത്തിലും(പേ 28) വിവരിച്ചിട്ടുണ്ട്.  


തയ്യാറാക്കിയത്: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി (sunnivoice.net)

Monday, 21 December 2020

തൂങ്ങിയുറക്കം കൊണ്ട് നിരുപാധികം വുളൂഅ് മുറിയില്ലെന്നും ഉറക്കം കൊണ്ട് വുളൂഅ് മുറിയുമെന്നും കര്‍മശാസ്ത്രം പറയുന്നു. തൂങ്ങിയുറക്കവും ഉറക്കവും തമ്മിലുള്ള വ്യത്യാസമെന്താണ്? വിശദീകരിക്കാമോ?

 

ഉറക്കിന്‍റെ തുടക്കമാണ് തൂങ്ങിയുറക്കം. മനസ്സിനെ മൂടാതെ കണ്ണിനെ ചിമ്മിപ്പിക്കുന്ന മസ്തിഷ്കത്തിന്‍റെ ഭാഗത്തു നിന്നും വരുന്ന ചെറിയ പ്രേരണയാണിത്. അത് മനസ്സിനെ മൂടിക്കളയുന്ന രൂപത്തിലേക്ക് എത്തിപ്പെട്ടാല്‍ ഉറക്കമായി പരിഗണിക്കും. കിടക്കുന്നവന്‍റെ തൂങ്ങിയുറക്കം കൊണ്ട് വുളൂഅ് മുറിയില്ല. അതേസമയം അവന്‍റെ ഉറക്കം കൊണ്ട് വുളൂഅ് മുറിയുന്നതുമാണ്. ഉറക്കം കൊണ്ട് വകതിരിവ് നീങ്ങി എന്നതാണ് ഇവിടെ വുളൂഅ് മുറിയാനുണ്ടായ കാരണം (ശറഹുന്നവവി അലാ സ്വഹീഹില്‍ മുസ്ലിം: 3/19).


തയ്യാറാക്കിയത്: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി (sunnivoice.net)

മുതനജ്ജിസായ വെള്ളം വാട്ടര്‍ ട്രീറ്റ്മെന്‍റ് സംവിധാനം ഉപയോഗിച്ച് ശുദ്ധിയാക്കാന്‍ പറ്റുമോ?

 

പൂര്‍ണമായും പകര്‍ച്ച നീങ്ങിയാല്‍ വെള്ളം ത്വഹൂറായിത്തീരുമെന്നാണ് പണ്ഡിത വചനങ്ങള്‍ മനസ്സിലാക്കിത്തരുന്നത്. തുഹ്ഫതുല്‍ മുഹ്താജ് 1/83-87 നോക്കുക.

‘രണ്ട് ഖുല്ലത്ത് വെള്ളം നജസ് ചേരല്‍ കൊണ്ട് മാത്രം നജസാവുകയില്ല. എന്നാല്‍ വെള്ളത്തിന്‍റെ നിറമോ മണമോ രുചിയോ നജസ് മാറ്റംവരുത്തിയാല്‍ വെള്ളം നജസാകുന്നതാണ്. ഇനി പകര്‍ച്ച നീങ്ങിയാല്‍ വെള്ളം വീണ്ടും ത്വഹൂറായിത്തീരും.

പകര്‍ച്ച നീങ്ങിയത്, വെള്ളം അവ്വിധം കുറച്ചുകാലം നിലനിന്നതിനാല്‍ സ്വയമാണെങ്കിലും അതിലേക്ക് വെള്ളം ചേര്‍ത്തതു മൂലമാണെങ്കിലും വെള്ളം രണ്ട് ഖുല്ലത്തില്‍ കുറയാത്തവിധം അതില്‍നിന്ന് കുറച്ച് വെള്ളം എടുത്തുമാറ്റിയതിനാലാണെങ്കിലും വെള്ളം ശുദ്ധിയാകുന്നതാണ്.

സുര്‍ക്ക കൊണ്ട് രുചിക്കും കുങ്കുമം കൊണ്ട് നിറത്തിനും കസ്തൂരി കൊണ്ട് വാസനക്കുമുള്ള പകര്‍ച്ച നീങ്ങുന്നത് പോലെ, പ്രത്യക്ഷമായ പകര്‍ച്ച നീങ്ങല്‍ കൊണ്ട് വെള്ളം ത്വഹൂറായിത്തീരില്ല. യഥാര്‍ത്ഥത്തില്‍ പകര്‍ച്ച നീങ്ങിയോ അതോ മറഞ്ഞതാണോ എന്ന് സംശയം നിലനില്‍ക്കുന്നുവെന്നതാണ് കാരണം.

വാസനയോ രുചിയോ ഇല്ലാത്ത കുങ്കുമം പൊലെയുള്ളത് കൊണ്ടും വാസനയും രുചിയും നീങ്ങിയാലും കസ്തൂരി പോലെയുള്ളത് കൊണ്ട് നിറവും രുചിയും നീങ്ങിയാലും നിറവും വാസനയുമില്ലാത്ത സുര്‍ക്ക പോലെയുള്ളത് കൊണ്ട് നിറവും വാസനയും നീങ്ങിയാലും നജസായ വെള്ളത്തിന്‍റെ ത്വഹാറത്തു തിരിച്ചുവരുന്നുമെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. വ്യാഖ്യാതാക്കളുടെ ഒരു സംഘത്തോട് യോജിച്ച് ന്യായവും അതുതന്നെയാണ്. അപ്പോള്‍ മറഞ്ഞതാണോ എന്ന സംശയത്തിനവകാശമില്ല എന്നതിനാലാണത്രെ ഇത്.

നജസ് നീക്കുന്നതിന് സോപ്പ് പോലെയുള്ളത് ഉപയോഗിക്കല്‍ അനിവാര്യമായ ഘട്ടത്തില്‍ അതുപയോഗിക്കല്‍ നിര്‍ബന്ധമാണെന്ന മസ്അല-സോപ്പ് പോലെയുള്ളതിന്‍റെ വാസന കൊണ്ട് നജസിന്‍റെ വാസനയെ മറയ്ക്കുന്നുവെന്ന സാധ്യതയുള്ളതിനാല്‍-ഈ മസ്അലയുമായി എതിരാണെന്ന സംശയമുന്നയിക്കേണ്ടതില്ല. കാരണം, സോപ്പു പോലെയുള്ളത് (മാലിന്യം) നീക്കിക്കളയുന്ന വസ്തുവാണ്, മറച്ചുവെക്കുന്ന വസ്തുവല്ല’ (നോക്കുക: തുഹ്ഫ).

പകര്‍ച്ച നീങ്ങുകയെന്നതാണ് ത്വഹാറത്ത് തിരിച്ചുവരുന്നതില്‍ പരിഗണനീയമെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. അത് കൊണ്ട് ഏതു മാര്‍ഗത്തിലൂടെയും പകര്‍ച്ച നീങ്ങല്‍ ആകാവുന്നതാണ്. അങ്ങനെ ഏതെങ്കിലും വിധേന വെള്ളം വൃത്തിയായി പകര്‍ച്ചയില്ലാത്തതായാല്‍ അത് ത്വഹൂറാകുന്നതാണ്.


തയ്യാറാക്കിയത്: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി (sunnivoice.net)

ബീജദാനം - ഇസ്ലാമിക വീക്ഷണത്തിൽ

 

വിവാഹം കഴിഞ്ഞ് സന്താനോൽപാദനം നടക്കാതെ വരുമ്പോൾ, ഭർത്താവിന്റെ ഉൽപാദനക്ഷമമല്ലാത്ത ബീജത്തിന് പകരം അന്യപുരുഷന്റെ ബീജം കുത്തിവെക്കുകയോ അല്ലെങ്കിൽ ടെസ്റ്റ് ട്യൂബിൽ അന്യപുരുഷന്റെ ബീജവുമായി സ്ത്രീയുടെ അണ്ഡം ബീജസങ്കലനം നടത്തി നിക്ഷേപിക്കുകയോ ചെയ്തുകൊണ്ട് സന്താനോൽപാദനം നടത്തുക ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണല്ലോ.   

ഇങ്ങനെ ഒരന്യപുരുഷന്റെ ബീജം കുത്തിവെക്കുകയോ അതു സങ്കലനം ചെയ്ത് ടെസ്റ്റ് ട്യൂബ് ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയോ ചെയ്ത് കുട്ടി ജനിച്ചാൽ കുട്ടിയുടെ മാതാപിതാക്കളാര്? ഈ വിഷയത്തിലെ കർമശാസ്ത്രം പരിശോധിക്കാം. 

ഭർത്താവിന്റെ ബീജം അഥവാ അതുൾക്കൊള്ളുന്ന ശുക്ലമെടുത്ത് ഗർഭപാത്രത്തിൽ നിക്ഷേപിച്ച് ഭാര്യ അതു മൂലം പ്രസവിക്കുന്നത് ഭർത്താവിന്റെ ഭോഗത്തിന് തുല്യമായും അതുവഴി ജനിക്കുന്ന കുഞ്ഞുമായി ഭർത്താവിന്റെ പിതൃത്വം സ്ഥിരപ്പെടുന്നതുമാണ്.ഇതനുവദനീ

 യമാവാൻ പുരുഷ ബീജത്തിന്റെ സ്ഖലനവും അത് അണ്ഡവുമായി സമന്വയിപ്പിച്ച് ഗർഭാശയത്തിൽ പ്രവേശിപ്പിക്കുന്നതും അവരുടെ ഭാര്യാ-ഭർതൃ ബന്ധം നിലനിൽക്കുന്ന അവസരത്തിലാവുകയും അവ രണ്ടും അനുവദനീയമായ രൂപത്തിലാവുകയും വേണം (തുഹ്ഫ: 8/231).

എന്നാൽ ഇമാം റംലി(റ)യുടെ അഭിപ്രായം പിതൃത്വം സ്ഥിരപ്പെടാൻ സ്ഖലന സമയത്ത് മാത്രം അനുവദനീയ രൂപത്തിലായാൽ മതിയെന്നാണ് (നിഹായ: 8/431, ഇബ്നു ഖാസിം: 8/231). അപ്പോൾ ഇമാം ഇബ്നു ഹജറും(റ) ഇമാം റംലി(റ)യും സ്ഖലന സമയത്തിലുള്ള പവിത്രതയിൽ ഒത്തു സമ്മതിക്കുന്നു.

ഇത്രയും വിശദീകരിച്ചതിൽ നിന്നു ഭാര്യാഭർത്താക്കന്മാർ അല്ലാത്ത അന്യസ്ത്രീ പുരുഷന്മാരുടെ ബീജവും അണ്ഡവും കുത്തിവെയ്ക്കലോ നിക്ഷേപിക്കലോ അംഗീകൃതമല്ലെന്നും അനുവദനീയമല്ലെന്നും ബീജത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതാണെന്നും അതു വ്യഭിചാരത്തെ പോലെ നിഷിദ്ധമാണെന്നും വ്യക്തമായി.

ഇനി ഒരു സ്ത്രീയുടെ ഗർഭപാത്രത്തിന്റെ തകരാറുമൂലമോ മറ്റോ ഒരു ഭാര്യയുടെയും ഭർത്താവിന്റെയും തന്നെ ബീജം അണ്ഡവുമെടുത്ത് ഗർഭപാത്രത്തിന് വെളിയിൽ സങ്കലനം നടത്തിയശേഷം ടെസ്റ്റ് ട്യൂബിലോ മറ്റോ നിക്ഷേപിച്ച് കുഞ്ഞുണ്ടായാൽ ബീജവും അണ്ഡവും പുറത്തെടുത്തത് അനുവദനീയ രൂപത്തിലാണെങ്കിൽ ഇതിന് അവർ തമ്മിൽ ഭോഗം നടത്തുന്നതിന്റെ വിധി തന്നെയാണുള്ളതെന്നും അവർ കുഞ്ഞിന്റെ മാതാപിതാക്കളാണെന്നും വ്യക്തമാണ്.

അതേസമയം, അന്യസ്ത്രീയുടെ അണ്ഡം കുത്തിവെച്ച് ഒരു സ്ത്രീ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്താൽ കുട്ടിയെ പ്രസവിച്ചവളാണ് കുട്ടിയുടെ മാതാവ്. അണ്ഡത്തിന്റെ ഉടമക്കു മാതൃത്വം സ്ഥിരപ്പെടില്ല (തുഹ്ഫ: 7/298)

ഇനി, ഒരാൾ തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷന്റെ ബീജം കുത്തിവെച്ച് അല്ലെങ്കിൽ, ടെസ്റ്റ് ട്യൂബ് വഴി നിക്ഷേപിച്ച് ഭാര്യ പ്രസവിച്ചാൽ കുട്ടിയുടെ പിതാവ് ബീജത്തിന്റെ ഉടമയല്ല, മറിച്ച് ബീജവുമായി യാതൊരു ബന്ധവുമില്ലാത്ത ഭർത്താവാണ് പിതാവ്. പക്ഷേ, ഭാര്യ പ്രസവിച്ചത് ഭർത്താവ് സംഭോഗത്തിലേർപ്പെട്ട് ആറുമാസം കഴിഞ്ഞശേഷവും നാലുവർഷം തികയുന്നതിന് മുൻപുമാവണം. ഗർഭവും ശിശുവും അയാളുടേതല്ലെന്നും അവിഹിതമാണെന്നും ബോധ്യമുണ്ടെങ്കിൽ നിയമപരമായി അയാൾക്ക് കുട്ടിയുടെ പിതൃത്വം നിഷേധിക്കാൻ (ലിആൻ ചെയ്യാൻ) നടപടിയുണ്ട്. ഇതില്ലാത്തിടത്തോളം പ്രസ്തുത കുട്ടിയുടെ പിതാവ് പ്രസവിച്ച സ്ത്രീയുടെ ഭർത്താവ് തന്നെയായിരിക്കും (തുഹ്ഫ: 8/214).

ബീജത്തിന്റെ പവിത്രത പരിഗണിക്കണമെങ്കിലും അതുവഴി പിതൃത്വവും മറ്റു ബന്ധങ്ങളും സ്ഥാപിതമാവണമെങ്കിലും ബീജം അഥവാ ശുക്ലം ആ സ്ത്രീയുടെ ഭർത്താവിന്റേതുതന്നെയാവണം (മുഗ്നി: 3/177).

വ്യഭിചാരം വഴിയോ സ്വന്തം മൈഥുനം വഴിയോ സ്ഖലിച്ച ഇന്ദ്രിയം സ്വന്തം ഭാര്യയിൽ കുത്തിവെച്ച് അതുമൂലം ഭാര്യ പ്രസവിച്ചാൽ ഭർത്താവ് കുട്ടിയുടെ പിതാവല്ല. കുട്ടിക്കിവിടെ പിതാവില്ല. (കുട്ടിയെ ഭർത്താവിലേക്കു ചേർക്കാൻ നിബന്ധനയില്ലെങ്കിൽ).

ഗർഭപാത്രത്തിന് വെളിയിൽ വല്ല ഉപകരണങ്ങളിലും അന്യ സ്ത്രീപുരുഷന്മാരുടെയോ ഭാര്യാഭർത്താക്കന്മാരുടെയോ ബീജവും അണ്ഡവും സങ്കലനം നടത്തി മനുഷ്യക്കുഞ്ഞിന്റെ ഉൽപാദനം നടന്നാൽ ആരും പ്രസവിച്ചിട്ടല്ലാത്തതിനാൽ ഈ കുഞ്ഞിന് മാതാവില്ല. തന്റെ ഭാര്യക്കു ജനിക്കുക, തന്റെ സംഭോഗത്തിലോ അതേ വിധത്തിലുള്ള ബീജനിക്ഷേപത്തിലോ ജനിക്കുക എന്നീ കാരണങ്ങളില്ലാത്തതിനാൽ കുട്ടിക്കു പിതാവുമില്ല. ആദം നബിക്കും ഹവ്വാ ബീവിക്കും മാതാവും പിതാവുമില്ലല്ലോ.

ടെസ്റ്റ് ട്യൂബിൽ ജനിക്കുന്ന കുട്ടിയുടെ കാര്യത്തിൽ, സ്ത്രീ പ്രസവിക്കുകയാണെങ്കിൽ പ്രസവിച്ചവളാണ് കുഞ്ഞിന്റെ മാതാവ്. അണ്ഡം അവളുടേതാണെങ്കിലും അല്ലെങ്കിലും പ്രസവിച്ച സ്ത്രീയാണ് കുട്ടിയുടെ മാതാവെന്ന് തുഹ്ഫ: (7/298)യിൽ വ്യക്തമാക്കിയിട്ടുണ്ട്.


എം.എ.ജലീൽ സഖാഫി പുല്ലാര

Sunday, 20 December 2020

സലാം വീട്ടിയ ഉടനെ എഴുന്നേറ്റു പോകൽ ഏറ്റവും പുണ്യമോ?

 

ويسن إستقبال القبلة حالة الذكر والدعاءإن كان منفردا أو مؤموما  أما الإمام إذا ترك القيام من مصلاه الذي هو أفضل له فالأفضل جهل يمينه إلى المؤمومين ويساره إلى القبلة

‘ഫത്ഹുൽ മുഈനി’ൽ വിവരിച്ച ഈ ഇബാറത്തിൻ്റെ  ആശയം തിരിയാതെ, അറബി വ്യാകരണശാസ്ത്രം പഠിക്കാതെ ശുദ്ധ കളവ് പ്രചരിപ്പിക്കുന്ന  ‘ബിദഇ’കളുണ്ട്. അതു കൊണ്ട് തന്നെ 'ഫത്ഹുൽ മുഈനി’ൽ പറഞ്ഞ പ്രസ്തുത മസ്അല  സമഗ്രമായി വിവരിക്കുകയാണിവിടെ.

മഖ്ദൂം(റ) പറയുന്നു: “തനിച്ചു നിസ്കരിക്കുന്നവനും മഅമൂമും ദിക്ർ, ദുആഇന്റെ അവസരത്തിൽ ഖിബ്‌ലക്കു മുന്നിട്ടിരിക്കൽ സുന്നത്താകുന്നു. അപ്പോൾ ഇമാം അവനു (ഖിബ്‌ലക്കു മുന്നിട്ടിരിക്കുന്നതിനേക്കാൾ) ഏറ്റവും ശ്രേഷ്ഠമായ മുസ്വല്ലയിൽ നിന്നു (ഖിബ്‌ലക്കു മുന്നിട്ടു ചൊല്ലേണ്ട ദിക്റുകൾക്കു ശേഷം) എഴുന്നേൽക്കലിനെ ഉപേക്ഷിക്കുന്ന സമയത്ത് സർവ്വോപരി ശ്രേഷ്ഠമായത് അവന്റെ വലതുഭാഗം മഅമൂമുകളിലേക്കും ഇടതുഭാഗം ഖിബ്‌ലയിലേക്കും തിരിച്ചിരിക്കലാണ്” (ഫത്ഹുൽ മുഈൻ: 78).


ഫത്ഹുൽ മുഈനിലെ ഉദ്ധരണിയിൽ ‘ഇസ്മുത്തഫ്ളീൽ’ 

(അഫ്ളൽ എന്ന വാക്ക്) അലിഫ്‌ലാമും ഇളാഫത്തും ഇല്ലാതെ വന്നതിനാൽ ‘മുഫള്ളൽ അലൈഹ്ഹി’യെ സങ്കൽപ്പിക്കണം അതുകൊണ്ടാണു എഴുന്നേൽക്കലാണു ഖിബ്‌ലക്കു മുന്നിട്ടിരിക്കുന്നതിനേക്കാൾ ഏറ്റവും ശ്രേഷ്ഠം എന്ന അർത്ഥകൽപന നടത്തിയത്.

‘അമ്മൽ ഇമാമു’ എന്ന വാക്കിനോട് ബന്ധപ്പെട്ടത് ‘ഫൽഅഫ്ളലു’ എന്ന ജവാബാണ്. ജവാബ് വരും മുമ്പ് ‘ഇദാ’ എന്ന ളർഫിനെ പറഞ്ഞെന്നുമാത്രം ചുരുക്കത്തിൽ, ഏറ്റവും ശ്രേഷ്ഠമായത് ഇമാം തിരിഞ്ഞിരിക്കലാണെന്നാണു ഫത്ഹുൽ മുഈനിലുള്ളത്. നിസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥനയെ വിമർശിക്കുന്നവർക്ക് അനുകൂലമായ ഒന്നും ഫത്ഹുൽ മുഈനിലില്ല. ശാഫിഈ മദ്ഹബിലെ മറ്റു ഗ്രന്ഥങ്ങളിലും ഉണ്ടെന്നു തെളിയിക്കാൻ പുത്തൻ വാദികൾക്കു ഇന്നുവരെ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല.

സലാം വീട്ടിയ ശേഷം ഖിയാം (എഴുന്നേൽക്കലാണു) മഹത്വം എന്നു പറഞ്ഞവരുടെ ഉദ്ദേശ്യം ഖിബ്‌ലയെ തൊട്ട് തെറ്റലാകുന്നു എന്ന് ഖൽയൂബിയിൽ (1/175) കാണുന്നുണ്ട്. പക്ഷേ, ഫത്ഹുൽ മുഈനിലും തുഹ്ഫയിലും പറഞ്ഞ ‘ഖിയാമി’ന് ഖൽയൂബിയിൽ പറഞ്ഞ അർത്ഥം ഒരിക്കലും യോജിക്കില്ല. കാരണം, പ്രസ്തുത അർത്ഥം നൽകിയാൽ ഇബാറത്തിന്റെ ആദ്യവും അവസാനവും വൈരുദ്ധ്യമാകും. ഖിബ്‌ലയെ തൊട്ട് തെറ്റിയിരിക്കലിനെ ഒഴിവാക്കിയാൽ ഖിബ്‌ലയെ തൊട്ട് തെറ്റിയിരിക്കലാണു ഏറ്റവും ശ്രേഷ്ഠം എന്ന അർത്ഥമാണു വരിക. ഇതു വൈരുദ്ധ്യമാണെന്നു പറയേണ്ടതില്ലല്ലോ.

ഫത്ഹുൽ മുഈനിലും തുഹ്ഫ:യിലും പറഞ്ഞ ‘ഖിയാമി’ന് എഴുന്നേറ്റു നിൽക്കൽ (നിന്നു പ്രാർത്ഥിക്കൽ) എന്ന അർത്ഥം നൽകുന്നതുപോലെ തന്നെ ഖിബ്‌ലയെ തൊട്ട് മാറിനിൽക്കൽ എന്ന അർത്ഥവും നൽകാം  ഇൻസിറാഫി’ന്ന് തിരിഞ്ഞിരിക്കൽ എന്നർത്ഥവും പറയുന്നതുപോലെ ‘സ്ഥലം വിടുക’ എന്നർത്ഥവും നൽകാവുന്നതാണ്. മുസ്വല്ലയിൽ നിന്നു സ്ഥലം വിട്ടാൽ എങ്ങോട്ടാണോ സ്ഥലം വിട്ടത് അവിടെ വെച്ച് ദിക്റും ദുആയും കൊണ്ടുവരണം എന്നാകും അപ്പോൾ അർത്ഥം.

ചുരുക്കത്തിൽ, ഏറ്റവും ശ്രേഷ്ഠമായത് ഇമാം സലാം വീട്ടിയ ശേഷം അതേ അവസ്ഥയിൽ ഇരുന്നുചൊല്ലേണ്ട ദിക്റിനു ശേഷം മുസ്വല്ലയിൽ തന്നെ തിരിഞ്ഞിരിക്കലാണ് .ഇതാണു ഇന്നു സുന്നികൾ പ്രവർത്തിച്ചുവരുന്നത്. 

ദിക്റും ദുആയും കഴിഞ്ഞതിനു ശേഷമാണു ഇമാം മുസ്വല്ല വിടേണ്ടത്. ഇമാം ഇബ്നു ഹജർ(റ) ശർഹു ബാഫള്‌ലിൽ (1/178) വ്യക്തമാക്കിയിട്ടുണ്ട്.

നിസ്കാരാനന്തരം നബി(സ്വ) അൽപസമയം (‘അല്ലാഹുമ്മ അൻതസ്സലാം...’ എന്നു തുടങ്ങുന്ന ദിക്ർ ചൊല്ലുന്ന സമയം) ഖിബ്‌ലക്കു നേരെയിരിക്കും. ശേഷം മഅമൂമുകളിലേക്ക് തിരിഞ്ഞിരിക്കും. ഇതാണു നിസ്കാരാനന്തരം ‘അല്ലാഹുമ്മ അൻതസ്സലാം...’ എന്നു തുടങ്ങുന്ന ദിക്ർ ചൊല്ലുന്ന സമയമല്ലാതെ നബി(സ്വ) ഇരിക്കാറുണ്ടായിരുന്നില്ല എന്ന ഹദീസിന്റെ താൽപര്യം (ഫത്ഹുൽ ബാരി: 11/160).


എം.എ. ജലീൽ സഖാഫി പുല്ലാര