Saturday 9 January 2021

മയ്യിത്തും ബാധ്യതകളും ഇന്നു കാണുന്ന അനാചാരങ്ങളും

 

മയ്യിത്തിൻ്റെ സ്വത്തിൽ അഞ്ചു വിധം ബാധ്യതകളുണ്ട്.


1) സ്വത്തിനെ നേരിട്ടു ബാധിക്കുന്ന കടം

ഉദാ: പണയപ്പെടുത്തിയ വസ്തു ,എത്തിക്കപ്പെട്ട സ്വത്തിൻ്റെ സകാത്ത്.

പണയമില്ലാത്ത കടം ,നഷ്ടപ്പെട്ട സ്വത്തിൻ്റെ സകാത്ത് എന്നിവ അനന്തര സ്വത്തുമായി നേരിട്ട് ബാധിക്കുന്നില്ല .പ്രത്യുത , പരേതൻ്റെ ഉത്തരവാദിത്വത്തിലാണ്.


2) മയ്യിത്തു പരിപാലന ചെലവുകൾ

3) മയ്യിത്തിൻ്റ ബാധ്യതയിലുള്ള മറ്റു കടങ്ങൾ.

4) മരണാനന്തര ദാനം (വസ്വിയ്യത്ത്)

മുകളിൽ ആദ്യം വിവരിച്ച മൂന്നു ബാധ്യതകളും തീർത്ത ശേഷമുള്ള സ്വത്തിൽ നിന്നു മൂന്നിലൊന്നിൽ മാത്രമേ അന്യ വ്യക്തിക്കു വസ്വിയ്യത്ത് സാധുവാകുകയുള്ളൂ.

അവകാശികൾ സമ്മതിച്ചാൽ മൂന്നിലൊന്നും അതിൽ കവിഞ്ഞും വസ്വിയ്യത്ത് ചെയ്യാവുന്നതാണ്.


5) അനന്തരാവകാശിയുടെ വിഹിതം 

ഈ വിവരിച്ച എല്ലാ ബാധ്യതകൾക്കും സ്വത്ത് തികയാതെ വന്നാൽ  ഈ മുൻഗണനാ ക്രമം സ്വീകരിക്കേണ്ടതാണ്.

ആൺ മക്കളെ പകുതിയാണ് പെൺമക്കളുടെ അവകാശം.ഇക്കാര്യം വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചതാണ്.


📍 അനാചാരം ഒന്ന് 

അനന്തര സ്വത്ത് വീതിക്കുമ്പോൾ അവിടെ കൂടിയ ചിലരുടെ വാക്ക് ഇങ്ങനെ: നിങ്ങൾക്ക് ഒരു പെങ്ങളല്ലേ ഒള്ളു.അവൾക്കും നിങ്ങളെപ്പോലെ തന്നെ സ്വത്ത് കൊടുക്കാം.

നിരവധി ആളുകളുള്ള ,നാട്ടുകാരണന്മാരുള്ള സദസ്സിൽ വെച്ച് ആൺമക്കൾ ഇഷ്ടമില്ലാതെ മൗനിയായേക്കാം. അല്ലെങ്കിൽ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചേക്കാം. ഈ രീതിയൊന്നും നല്ലതല്ല .ഹറാമായ സമ്പത്ത് ,മറ്റൊരാളുടെ സമ്പത്ത് അവൻ്റെ പൂർണ തൃപ്തി ഇല്ലാതെ ലഭിച്ചിട്ടുണ്ടെന്നും കാര്യം.തൻ്റെ പരമ്പര ഹറാമിലൂടെ ജീവിക്കണോ? ഗൗരവമായി ചിന്തിക്കണം. ( പൂർണ മനസ്സോടെ നൽകുന്നതിനെ കുറിച്ചല്ല പറയുന്നത്.)


📍അനാചാരം രണ്ട് 

തറവാട്ടിൽ താമസിക്കുന്ന മകൻ. മാതാപിതാക്കൾ പലപ്പോഴും അവൻ്റെ കൂടെയായിരിക്കും. അവരുടെ പണവും 

ആ മകൻ്റെ കൈവശം മാതാപിതാക്കൾ സൂക്ഷിക്കാൻ കൊടുത്തിട്ടുണ്ടാകും.       

അങ്ങനെ അവർ മരിച്ചാൽ സമ്പത്ത് അവകാശികൾക്കാണ്. തറവാട്ടിൽ താമസിക്കുന്ന മകനു മാത്രമല്ല. ഞാനാണ് ഉമ്മാക്കും ഉപ്പാക്കും തിന്നാൻ കൊടുത്തത് എന്നതൊന്നും അവരുടെ മരണ ശേഷം പറഞ്ഞിട്ടു കാര്യമില്ല.

മറ്റു മക്കൾ അറിയാത്ത സ്വത്ത് ഉണ്ടങ്കിൽ അതു അവകാശികളെ അറിയിക്കൽ നിർബന്ധമാണ്. അറിയിക്കാതെ ,അവരെ ത്യപ്തി കൂടാതെ അത്തരം കാശ് കൊണ്ട് മയ്യിത്തിൻ വേണ്ടി സ്വദഖ:ചെയ്യൽ പോലും ഹറാമാണ്. മതാപിതാക്കളെ സംരക്ഷിച്ച കൂലിയേക്കാൾ കുറ്റം പേറുന്ന ഏർപ്പാടാണിത്.


📍അനാചാരം മൂന്ന്‌ 

ആ വീട് ഓഹരി ചെയ്യണ്ട . അതു അവൾക്കയ്ക്കോട്ടെ / അവനയ്ക്കോട്ടെ 

എല്ലാവർക്കും അവകാശപ്പെട്ട വീടിനെ കുറിച്ച് ഒരാൾ അഭിപ്രായം പറയുകയാണ്. ഇഷ്ടമില്ലാതെ അവകാശികൾ നാണം കൊണ്ടോ ചിലരെ ഭയന്നോ മൗനിയാവുകയാണ്.  എത്ര ഗൗരവമുള്ള കാര്യമാണിത്. 

പൂർണ മനസോടെ  സമ്മതിക്കാതെ മറ്റൊരാളുടെ സമ്പത്ത് കൈകലാക്കിയവനും അതിനു പ്രേരിപ്പിച്ചവനും വൻകുറ്റവാളികളാണ്.


📌അടിയന്തിരം ഹറാമോ⁉️

മയ്യിത്തിനു വേണ്ടി സ്വദഖ: ചെയ്യൽ ,അടിയന്തിര പരിപാടി നടത്തൽ സുന്നത്താണ്. പ്രതിഫലാർഹമാണ്. മയ്യിത്തിനും സ്വദഖ:ചെയ്യുന്നവർക്കും അതു ഉപകരിക്കും.

എന്നാൽ മരിച്ചവരുടെ അനന്തര സ്വത്ത് എടുത്ത് അടിയന്തിര സദ്യകൾ നടത്തുമ്പോൾ മുഴുവൻ അവകാശികളുടെയും സമ്മതം നിർബന്ധമാണ്.

ആരോടും ചോദിക്കാതെ ഒരാൾ മാത്രം കൈകാര്യം ചെയ്തു ഹീറോ ആകുന്നത് നാളെ സീറോ ആകാൻ കാരണമാകും

മയ്യിത്തിൻ്റെ അവകാശികളിൽ പ്രായം തികയാത്തവരാ ഭ്രാന്തന്മാരോ ഉണ്ടെങ്കിൽ അവരുടെ സമ്മതം പരിഗണനീയമല്ല. ഇത്തരം വേളയിൽ അവരുടെ ധനം ഉപയോഗിച്ച് അടിയന്തിരം നടത്തരുത്. മറ്റുള്ളവരുടെ ധനം നമ്മുടെ കൈവശം വരുന്നതിൽ നല്ല ശ്രദ്ധ വേണം.

നബി(സ്വ) പറയുന്നു:

من قطع ميراث وارثه قطع الله ميراثه من الجنة     

ആരെങ്കിലും അവകാശിയുടെ വിഹിതം തടഞ്ഞാൽ അവൻ്റെ  സ്വർഗ വിഹിതം അല്ലാഹു തടയും - അവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല -.(ഇബ്നു മാജ:)


എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment