Tuesday 16 March 2021

തറവാട് ബന്ധം: പ്രധാന മസ്അലകൾ

 

തറവാടു ബന്ധം മൂലം വിവാഹബന്ധം നിഷിദ്ധമായവർ ആരെല്ലാം?

ഏഴു വിഭാഗം.

1) ഉമ്മ. പിതാവിന്റെ മാതാവ്, മാതാവിന്റെ മാതാവ് എന്നിവർ എത്ര മേൽപോട്ടുള്ളവരാണെങ്കിലും ഉമ്മയായതിനാൽ വിവാഹബന്ധം നിഷിദ്ധമായവരാണ്.

സ്ത്രീക്ക് അവളുടെ മകനും മകന്റെയോ മകളുടെയോ മക്കളും എത്ര കീഴ്പ്പോട്ടുള്ളവരാണെങ്കിലും നിഷിദ്ധമാണെന്നു ഇതിൽ നിന്നു വ്യക്തമായി.

2) മകൾ. അടുത്തതോ അകന്നതോ ആയ മകന്റെയോ മകളുടെയോ പെൺമക്കളെല്ലാം മകൾ തന്നെയാണ്. അപ്പോൾ പിതാവ്, പിതാമഹൻ, മതാമഹൻ (അടുത്തതും, അകന്നതും) എന്നിവരെല്ലാം സ്ത്രീയുടെ മേൽ നിഷിദ്ധമാണ്.

3) സഹോദരി. മാതാപിതാക്കളൊത്ത സഹോദരി, പിതാവൊത്ത സഹോദരി, മാതാവൊത്ത സഹോദരി. ഇവർ അവനു വിവാഹം കഴിക്കൽ നിഷിദ്ധമാകുമ്പോൾ മാതാപിതാക്കളൊത്ത സഹോദരൻ, മാതാവോ പിതാവോ ഒത്ത സഹോദരൻ എന്നിവർ അവൾക്കു വിവാഹം നിഷിദ്ധമായിവരുന്നു.

4) സഹോദരന്മാരുടെ പെൺമക്കൾ. സഹോദരന്മാരുടെ അടുത്തതോ അകന്നതോ ആയ ആൺമക്കളുടെയോ പെൺമക്കളുടെയോ പെൺമക്കളെല്ലാം സഹോദര പുത്രി തന്നെയാണ്. അപ്പോൾ അവളുടെ പിതൃവ്യൻ (എളാപ്പ, മൂത്താപ്പ) പിതാവിന്റെയോ മാതാവിന്റെയോ പിതൃവ്യൻ എന്നിവർ അവളുടെ മേൽ വിവാഹബന്ധം നിഷിദ്ധമാണ്.

5) സഹോദരിമാരുടെ പെൺമക്കൾ. സഹോദരിമാരുടെ അടുത്തതോ അകന്നതോ ആയ ആൺമക്കളുടെയോ പെൺമക്കളുടെയോ പെൺമക്കൾ . അതായത് സ്ത്രീയുടെ അമ്മാവനും മാതാപിതാക്കളുടെ അമ്മാവന്മാരും അവൾക്ക് വിവാഹബന്ധം നിഷിദ്ധമായവരാണ്.

6) അടുത്തതോ അകന്നതോ ആയ അമ്മായികൾ (പിതൃസഹോദരികൾ). പിതാവിന്റെ മാതാപിതാക്കൾ ഒത്തതോ രണ്ടാലൊന്നു ഒത്തതോ ആയ സഹോദരി അടുത്ത അമ്മായിയും പിതാമഹന്മാരുടെ മൂന്നു രൂപത്തിലുള്ള സഹോദരിമാർ, അകന്ന അമ്മായികളുമാണ്. പ്രസ്തുത രണ്ടു വിഭാഗവും വിവാഹം നിഷിദ്ധമായവരിൽ പെടുന്നു. അപ്പോൾ സ്ത്രീയുടെ മേൽ അവളുടെ മൂന്നാലൊരു സഹോദരന്റെ പുത്രനും പ്രസ്തുത സഹോദരന്റെ അടുത്തതോ അകന്നതോ ആയ മകന്റെയോ മകളുടെയോ പുത്രനും വിവാഹം നിഷിദ്ധമായവരിൽ പെട്ടവരാണ്.

7) വിദൂരമായതോ അല്ലാത്തതോ ആയ എളയുമ്മ, മൂത്തുമ്മ (മാതൃസഹോദരികൾ). ഉമ്മയുടെ സഹോദരികൾ അടുത്ത മാതൃസഹോദരികളും പിതാവിന്റെയോ മാതാവിന്റെയോ മാതൃസഹോദരികൾ, അകന്ന മാതൃസഹോദരികളുമാണ്. മാതാവിന്റെ മൂന്നു രൂപത്തിലുള്ള (മാതാപിതാക്കളൊത്തത്, പിതാവൊത്തത്, മാതാവൊത്തത്) സഹോദരികളും പിതാമഹികളുടെ (എത്ര മേൽപോട്ട് പോയാലും) മൂന്നു രൂപത്തിലുള്ള സഹോദരികളും ഇതിൽ പെടുന്നു.

സ്ത്രീയുടെ മൂന്നു വിധേനയുള്ള സഹോദരിയുടെ പുത്രനും പ്രസ്തുത സഹോദരിയുടെ മകന്റെയോ മകളുടെയോ അടുത്തതും അകന്നതുമായ പുത്രന്മാരും അവളുടെ മേൽ വിവാഹം നിഷിദ്ധമായവരാണെന്നു ഇതിൽ നിന്നു വ്യക്തമായി (ഫത്ഹുൽ മുഈൻ, പേജ്: 349).


ഉമ്മയുടെ സഹോദരന്റെ മകളെ വിവാഹം കഴിക്കാമോ?

അതേ, അവൾ വിവാഹബന്ധം നിഷിദ്ധമായവളല്ല. അതുപോലെത്തന്നെ ഉമ്മയുടെ സഹോദരിയുടെ മകളും വിവാഹബന്ധം നിഷിദ്ധമായവരല്ല (തുഹ്ഫ: 7/298).

ഉപ്പയുടെ സഹോദരി (അമ്മായി)യുടെ മകളെ വിവാഹം കഴിക്കാമോ?

അതേ, അതനുവദനീയമാണ്. അതുപോലെത്തന്നെ ഉപ്പയുടെ സഹോദരങ്ങളുടെ മകളെയും വിവാഹം കഴിക്കാം (തുഹ്ഫ: 7/298).

ഒരു സ്ത്രീയെ ഒരാൾ വ്യഭിചരിച്ചു. അതുമൂലം ജനിച്ച പെൺകുട്ടിയെ വ്യഭിചരിച്ചവനു വിവാഹം നിഷിദ്ധമാണോ?

നിഷിദ്ധമല്ല. അവൾ അവന്റെ മകളായി പരിഗണിക്കപ്പെടില്ല (ഫത്ഹുൽ മുഈൻ, പേജ്: 349).


എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment