Monday 4 January 2021

ഇണയുടെ ചെലവ്

 

❓ നികാഹു നടക്കലോടുകൂടി ഭാര്യയുടെ ചെലവു നിർബന്ധമാകുമോ?

ഉ: ഇല്ല. അവളെക്കൊണ്ട് സുഖമെടുക്കാൻ ഭർത്താവിനു സൗകര്യം ചെയ്തു കൊടുക്കലോടുകൂടിയാണ് അവൾക്കുള്ള ചെലവു നിർബന്ധമാവുക (ഇആനത്ത്: 4/60, തുഹ്ഫ: 8/322).


❓ ഭാര്യ സംയോഗത്തിനു പ്രാപ്തിയെത്താത്ത കുട്ടിയാണെങ്കിലോ?

ഉ: അവളുടെ ചെലവ് ഭർത്താവിനു നിർബന്ധമില്ല.


❓ രോഗം മൂലം ഭാര്യ സംയോഗത്തിനു അശക്തയാണെങ്കിലോ?

ഉ: എങ്കിലും അവൻ ചെലവു കൊടുക്കൽ നിർബന്ധമാണ് (ഇആനത്ത്: 4/60).


❓ഭാര്യ ഭർത്താവിനോടു പിണങ്ങിയാലോ?

ഉ: അവൾക്ക് ചെലവു നൽകൽ ഭർത്താവിനു നിർബന്ധമില്ല (ഇആനത്ത്: 4/62, തുഹ്ഫ: 8/325).


❓ മടക്കിയെടുക്കാവുന്ന ത്വലാഖ് ചൊല്ലപ്പെട്ടവൾക്കു ചെലവു നൽകേണ്ടതുണ്ടോ?

ഉ: അതേ, ചെലവ് നൽകൽ നിർബന്ധമാണ്. അവനും അവളുമായിട്ടുള്ള ബന്ധം പാടേ അറ്റുപോവാതെ നിലനിൽക്കുന്നുണ്ടെന്നതും മടക്കിയെടുത്തു അവളുമായി സുഖമനുഭവിക്കാൻ അവനു കഴിയുമെന്നതുമാണ് കാരണം. എന്നാൽ പിണക്കം കാരണം മടക്കിയെടുക്കാവുന്ന ത്വലാഖ് ചൊല്ലപ്പെട്ടവൾക്ക് ചെലവു നൽകേണ്ടതില്ല. പിണക്കത്തോടെ ചെലവു ഒഴിവായി (ഇആനത്ത്: 4/62).


❓ മൂന്നു ത്വലാഖ് ചൊല്ലപ്പെട്ടവൾക്ക് ചെലവു നൽകണോ?

ഉ: മൂന്നു ത്വലാഖ്, ഖുൽഉ (വിശദികരണം പിന്നീട് വരും) വിവാഹത്തിനു ശേഷമുണ്ടായ കാരണങ്ങളാൽ സംഭവിച്ച ഫസ്ഖ് എന്നിവ മൂലം വിവാഹബന്ധം പാടേ വിഛേദിക്കപ്പെട്ടവൾ ഗർഭിണിയാണെങ്കിൽ ചെലവു നൽകണം. ഇവർക്കു വീട്, വസ്ത്രം എന്നിവയും നൽകണം. ചെലവ് എന്നതിൽ ഇവയും ഉൾപ്പെടും. അവൾ ഭർത്താവുമായി പിണങ്ങിയവളല്ലെങ്കിലാണ് ചെലവ് നൽകേണ്ടത് (ഇആനത്ത്: 4/62).


❓ ഭർത്താവിന്റെ മരണം മൂലം വിവാഹബന്ധം വിഛേദിക്കപ്പെട്ടവൾ ഗർഭിണിയാണെങ്കിൽ ചെലവു നൽകണോ?

ഉ: പ്രസ്തുത സ്ത്രീ ഗർഭിണിയാണെങ്കിലും ചെലവു നൽകൽ നിർബന്ധമില്ല (ഇആനത്ത്: 4/62).


❓ ഭാര്യക്കു നൽകേണ്ട ചെലവു എത്ര വസ്തുക്കളിലാണു നിർബന്ധം?

ഉ: പത്തു വസ്തുക്കളിൽ. ഭക്ഷണം, കൂട്ടാൻ, മാംസം, വസ്ത്രം, വിരിപ്പ്, പുതപ്പ്, ഭക്ഷണ സാമഗ്രികൾ, ശുദ്ധീകരണ സാമഗ്രികൾ, വീട്, പരിചാരി (തുഹ്ഫ : 8/306-311).


❓ഇവ ഒന്നു വിശദീകരിക്കാമോ?

ഉ: അതേ, ഭാര്യക്കു അവൾ താമസിക്കുന്ന നാട്ടിലെ മികച്ച ഭക്ഷ്യ ധാന്യത്തിൽ നിന്നു ദരിദ്രൻ പ്രതിദിനം ഒരു മുദ്ദും (800 മി.ലിറ്റർ) ധനികൻ രണ്ടു മുദ്ദും ഇടത്തരക്കാർ ഒന്നര മുദ്ദും കൊടുക്കൽ നിർബന്ധമാണ്. ഓരോ ദിവസവും പ്രഭാതമാകുന്നതോടുകൂടി മാത്രമേ ചെലവു നിർബന്ധമാകൂ. അതുതന്നെ അവൾ തന്റേടമുള്ളവളായിരിക്കെ സാധാരണ പതിവനുസരിച്ച് ഭർത്താവിനോടൊപ്പം ഉള്ളതു ഭക്ഷിക്കാനിഷ്ടപ്പെടുന്നില്ലെങ്കിലാണ്. അങ്ങനെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നപക്ഷം മുദ്ദ് നിർബന്ധമില്ല.

ഭക്ഷണത്തോടൊപ്പം സാധാരണ കൂട്ടാനും കൊടുക്കൽ നിർബന്ധമാണ്. ധനസ്ഥിതിയനുസരിച്ച് നാട്ടുനടപ്പു പ്രകാരം ഇന്ന ദിവസം ഇത്ര എന്ന കണക്കിൽ മാംസം വാങ്ങിക്കൊടുക്കലും നിർബന്ധമാണ്. ആഴ്ചയിൽ ഒരു ദിവസമാണ് മാംസം ഭക്ഷിക്കൽ പതിവെങ്കിൽ അതു വെള്ളിയാഴ്ചയാവലും രണ്ടു ദിവസം പതിവുണ്ടെങ്കിൽ വെള്ളി, ചൊവ്വ ദിവസങ്ങളിലാവലുമാണ് നല്ലത്. ഉപ്പ്, വിറക്, കുടിവെള്ളം എന്നിവയും കൊടുക്കൽ നിർബന്ധമാണ്. ഭക്ഷണം പാകം ചെയ്യാനും വിളമ്പിത്തിന്നാനും ഒഴിച്ചു കുടിക്കാനുമുള്ള ഉപകരണങ്ങളും കൊടുക്കൽ നിർബന്ധമാണ് (തുഹ്ഫ: 8/309-311).



എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment