Friday 25 September 2020

രണ്ട് അശുദ്ധികൾ

 

അശുദ്ധിയിൽ നിന്നും ശുദ്ധിയാകുക എന്നതാണ്

നിസ്കാരത്തിന്റെ ഒന്നാമത്തെ ശർത്ത്. അശുദ്ധികൾ രണ്ടു വിധമുണ്ട്. 

1. ചെറിയ അശുദ്ധി

2. വലിയ അശുദ്ധി

ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ  വുളൂഅ് ചെയ്യണം. വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ കുളിക്കുകയും വേണം.


ചെറിയ അശുദ്ധി കൊണ്ട് ആറു കാര്യങ്ങൾ ഹറാമാകും. 

1. നിസ്കാരം

2. സുജൂദ്  

3. ജുമുഅ ഖുതുബ     

4. ത്വവാഫ്    

5. ഖുർആൻ സ്പർശിക്കുക  

6. ഖുർആൻ വഹിക്കുക

ഈ ആറ് കാര്യങ്ങൾക്ക് വേണ്ടി ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകണം, അഥവാ വുളൂഅ് ചെയ്യൽ നിർബന്ധമാണ്.


വുളൂഅ്

ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ വുളൂഅ് ചെയ്യണം.  നിയ്യത്തോടുകൂടി ചില പ്രത്യേക അവയവങ്ങളിൽ വെള്ളം ഉപയോഗിക്കുന്നതിനാണ് വുളൂഅ് എന്ന് പറയുന്നത്. വുളൂഅ് സ്വഹീഹാകുവാൻ ചില നിബന്ധനകളും ഫർളുകളുമുണ്ട്. അതിനുപുറമേ അത് സമ്പൂർണ്ണമാകുവാൻ ചില സുന്നത്തുകളും പാലിക്കണം.


വുളൂഅ്ന്റെ ശർത്തുകൾ

1. ത്വഹൂറായ വെള്ളം കൊണ്ടാകുക.

സ്വയം ശുദ്ധിയുള്ളതും മറ്റു വസ്തുക്കളെ ശുദ്ധിയാക്കുന്നതുമായ വെള്ളത്തിനാണ് ത്വഹൂറായ വെള്ളം എന്ന് പറയുന്നത്. അപ്പോൾ മഴവെള്ളം, കിണർ വെള്ളം, പുഴവെള്ളം തുടങ്ങിയവ വുളൂഅ്ന് വേണ്ടി ഉപയോഗിക്കാം. 

എന്നാൽ നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, ചായ തുടങ്ങിയവ സ്വയം ശുദ്ധിയുള്ളത് (ത്വാഹിർ) ആണെങ്കിലും അതുപയോഗിച്ച് മറ്റൊന്നിനെ ശുദ്ധിയാക്കാൻ സാധിക്കാത്തതിനാൽ അവ വുളൂഅ്ന് പര്യാപ്തമാകുകയില്ല.

2. കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ഒഴുക്കുക

3.വെള്ളത്തിന്റെ ഗുണം (നിറം, മണം, രുചി എന്നിവ) വ്യത്യാസപ്പെടുത്തുന്ന 
സോപ്പു പോലോത്ത വസ്തുക്കൾ അവയവങ്ങളിൽ ഇല്ലാതിരിക്കുക

4. വെള്ളം ചേരുന്നതിനെ തടയുന്ന പെയ്ന്റ് പോലോത്ത വസ്തുക്കൾ 
അവയവങ്ങളിൽ ഇല്ലാതിരിക്കുക

5. നിത്യ അശുദ്ധിയുള്ളവർ (മൂത്രവാർച്ചക്കാരനെ പോലെ) സമയം ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.


നിത്യ അശുദ്ധിയുള്ളവർ

സദാസമയം അശുദ്ധി നിലനിൽക്കുന്നവർക്കാണ് നിത്യ അശുദ്ധിയുള്ളവർ എന്ന് പറയുന്നത്. നിസ്കാരസമയം കഴിയും മുമ്പ് ചുരുങ്ങിയ രൂപത്തിൽ ശുദ്ധിയോടെ നിസ്കാരം നിർവഹിക്കാൻ അവർക്ക് സാധിക്കില്ല. നിരന്തരം മൂത്രമോ കാഷ്ഠമോ വായുവോ പുറപ്പെടുന്നവർ, നിരന്തരം രക്തസ്രാവമുള്ളവൾ  തുടങ്ങിയവർ നിത്യ അശുദ്ധിയുള്ളവരാണ്. 

നിത്യ അശുദ്ധിയുള്ളവർ ഫർള് നിസ്കാരങ്ങൾക്കു വേണ്ടിയും സമയം നിശ്ചിതമായ സുന്നത്തുനിസ്കാരങ്ങൾക്കു വേണ്ടിയും സമയം പ്രവേശിക്കും മുമ്പ് വുളൂഅ് ചെയ്യാൻ പാടില്ല. നിസ്കാരസമയം ആയെന്നുറപ്പായ ശേഷം മാത്രമേ വുളൂഅ് നിർവഹിക്കാവൂ. അപ്രകാരം ഒരു വുളൂഅ് കൊണ്ട് ഒരു ഫർളു നിസ്കാരം മാത്രമേ നിർവഹിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ സുന്നത്ത് നിസ്കാരങ്ങൾ എത്രയും ആകാം.


നിത്യ അശുദ്ധിയുള്ളവർക്ക് നിർബന്ധമായ കാര്യങ്ങൾ

നിത്യ അശുദ്ധിയുള്ളവർ സമയമായതിന് ശേഷം മാത്രമേ വുളൂഅ് നിർവഹിക്കാവൂ. വുളൂഅ് ചെയ്യുന്നതിന് മുമ്പ് ഗുഹ്യ സ്ഥാനം ( നജസ് പുറപ്പെടുന്ന സ്ഥലം) കഴുകി വൃത്തിയാക്കി, പഞ്ഞി പോലോത്ത വസ്തുക്കൾ നിറച്ച് കൊണ്ട് കെട്ടിവെക്കൽ നിർബന്ധമാണ്.(നജസിന്റെ വരവ് തടയാനോ അല്ലെങ്കിൽ അതിനെ ലഘൂകരിക്കാൻ വേണ്ടിയോ ആണ് ഇപ്രകാരം ചെയ്യുന്നത്) ഓരോ ഫർളിന് വേണ്ടിയും ഇതുപോലെ കെട്ടുപുതുക്കലും ഈ നടപടികൾക്ക് ശേഷം വളരെവേഗത്തിൽ നിസ്കാരത്തിലേക്ക് തിരിയലും അവന് നിർബന്ധമാണ്. പള്ളിയിലേക്ക് പോകുക, ജുമുഅഃ/ ജമാഅത്ത് പ്രതീക്ഷിക്കുക തുടങ്ങിയ നന്മകൾക്കു വേണ്ടിയല്ലാതെ അവന് നിസ്കാരത്തെ പിന്തിപ്പിക്കരുത്. ജുമുഅ ഖുതുബ നിർവഹിക്കുന്ന ഖതീബ് നിത്യ അശുദ്ധിയുള്ളനാണെങ്കിൽ അവന് രണ്ടു വുളൂഅ് നിർബന്ധമാണ്. ഒന്ന് ഖുതുബക്കു വേണ്ടിയും മറ്റൊന്ന് ഖുതുബക്കു ശേഷം നിസ്കാരത്തിന് വേണ്ടിയും.


വുളൂഅ്ന്റെ ഫർളുകൾ

വുളൂഅ്ന്റെ ഫർളുകൾ ആറാകുന്നു.

1. നിയ്യത്ത് 

താഴെ പറയുന്ന ഏതെങ്കിലും ഒരു  രൂപത്തിൽ നിയ്യത്ത് കൊണ്ടുവരാം.

1. ഞാൻ വുളൂഅ്നെ കരുതി.
2. ഞാൻ വുളൂഅ് വീട്ടുന്നതിനെ കരുതി.
3. ഞാൻ വുളൂഅ്ന്റെ ഫർളിനെ കരുതി.
4. ഞാൻ വുളൂഅ്ന്റെ ഫർള് വീട്ടുന്നതിനെ കരുതി.
5. നിസ്കാരത്തെ ഹലാലാകുന്നതിനെ ഞാൻ കരുതി (നിസ്കാരം പോലോത്ത വുളൂഅ് നിർബന്ധമായ മറ്റേതു കാര്യത്തെയും ഹലാലാകുന്നതിനെ കരുതാം.
ഉദാ: ത്വവാഫിനെ ഹലാലാകുന്നതിനെ ഞാൻ കരുതി).

6. നിസ്കാരത്തിനു വേണ്ടിയുള്ള ശുദ്ധീകരണത്തെ ഞാൻ കരുതി (നിസ്കാരം പോലോത്ത വുളൂഅ് നിർബന്ധമായ മറ്റേതു കാര്യത്തിനും  വേണ്ടിയുള്ള ശുദ്ധീകരണത്തെ കരുതാം).

7. അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണത്തെ ഞാൻ കരുതി.
8. അശുദ്ധിയെ ഉയർത്തുന്നതിനെ ഞാൻ കരുതി.

എന്നാൽ നിത്യ അശുദ്ധിയുള്ളവർക്ക് ആദ്യ അഞ്ചു രൂപത്തിൽ മാത്രമേ നിയ്യത്ത്  പര്യാപ്തമാകൂ. അവർക്ക് ശുദ്ധി ലഭിക്കാത്ത കാരണം അവസാന മൂന്നു രൂപങ്ങളിൽ നിയ്യത്ത് കൊണ്ടുവരാൻ സാധിക്കുകയില്ല.


നിയ്യത്ത് കരുതേണ്ടത് എപ്പോൾ

മുഖം കഴുകുന്നതിന്റെ ആദ്യഭാഗത്തോട് അന്യയിച്ച് കൊണ്ടാണ് നിയ്യത്ത് കരുതേണ്ടത്. അപ്പോൾ നിയ്യത്ത് കരുതുന്നതിനു മുമ്പ് മുഖത്തിന്റെ ഭാഗം കഴുകിയിട്ടുണ്ടെങ്കിൽ നിയ്യത്തിന് ശേഷം ആ ഭാഗം വീണ്ടും കഴുകൽ നിർബന്ധമാണ്.

2. മുഖം കഴുകുക

വുളൂഅ്ന്റെ ഫർളുകളിൽ രണ്ടാമത്തേത് മുഖം കഴുകലാണ്. മുഖത്തിന്റെ നീളം സാധാരണ മുടി മുളയ്ക്കുന്ന സ്ഥലം മുതൽ താടിയെല്ലിന്റെ താഴ്ഭാഗം വരെയും മുഖത്തിന്റെ വീതി രണ്ടു ചെവികൾക്കിടയിലുമാണ്. ഈ പരിധിയിൽ പ്പെടുന്ന  രോമങ്ങളുടെ ഉള്ളും പുറവും കഴുകൾ നിർബന്ധമാണ്. അപ്പോൾ മീശ, പുരികം എന്നിവ പൂർണമായും കഴുകണം. എന്നാൽ തിങ്ങിയ താടിയുടെയും ഇടത്താടിയുടെയും ഉള്ള് കഴുകൾ നിർബന്ധമില്ല. സാധാരണ ഗതിയിൽ രണ്ടാളുകൾ തമ്മിൽ സംസാരിക്കുമ്പോൾ ഒരാൾക്ക് രണ്ടാമന്റെ താടി രോമങ്ങൾക്കിടയിലൂടെ അവന്റെ തൊലി കാണാൻ കഴിയുന്നില്ലായെങ്കിൽ അത് തിങ്ങിയ താടിയാണ്. അങ്ങനെ കാണാൻ സാധിച്ചാൽ അത് തിങ്ങിയ താടിയല്ല. അപ്പോൾ ആ താടിയുടെ ഉള്ളും പുറവും കഴുകൽ നിർബന്ധമാണ്.


കണ്ണിനുള്ള് കഴുകണോ

രണ്ട് ചെവികുറ്റികളും കഷണ്ടി തലയും മുഖത്തിന്റെ പരിധിയിൽ പെട്ടതല്ല, എങ്കിലും അവ കഴുകൽ സുന്നത്താണ്. എന്നാൽ രണ്ടു ചുണ്ടുകൾ മുഖത്തിൽ പെട്ടതാണ്. മുഖം മുഴുവൻ കഴുകി എന്നുറപ്പിക്കാൻ  മുഖത്തിന്റെ ചില പരിധികൾ കൂടി കഴുകൽ നിർബന്ധമാണ്.  വുളൂഅ് ചെയ്യുമ്പോൾ രണ്ട് കണ്ണുകളുടെ ഉൾഭാഗം കഴുകൾ നിർബന്ധമോ സുന്നത്തോ ഇല്ല, മറിച്ച് അത് കറാഹത്താണ്. എന്നാൽ കണ്ണിനുള്ളിൽ നജസായാൽ അത് നീക്കം ചെയ്യാൻ വേണ്ടി ഉള്ള് കഴുകൽ നിർബന്ധമാണ്.


3. രണ്ടു കൈകളും മുട്ട് ഉൾപ്പെടെ കഴുകുക

രോമം, നഖം, മുഴ, വിരലുകൾ തുടങ്ങി ഈ ഭാഗത്തുള്ള എല്ലാം കഴുകൽ നിർബന്ധമാണ്. ഒരാളുടെ കൈ മുട്ടിന് താഴെ വെച്ച് മുറിക്കപ്പെട്ടാൽ ബാക്കിഭാഗം (മുട്ട് വരെ) കഴുകൽ നിർബന്ധമാണ്. കൈമുട്ടിൽ വെച്ച് മുറിക്കപ്പെട്ടാൽ തോളൻകൈയുടെ തലഭാഗം കഴുകൽ നിർബന്ധമാണ്. മുട്ടിന് മുകളിൽ വെച്ച് മുറിക്കപ്പെട്ടാൽ തോളൻകൈയുടെ ബാക്കി ഭാഗം കഴുകൽ സുന്നത്താണ്, നിർബന്ധമില്ല.

4. തലയുടെ അല്പം ഭാഗം തടവുക

തലയുടെ പരിധിയിൽ വരുന്ന മുടിയോ തൊലിയോ തടവിയാൽ മതിയാകും. എന്നാൽ തലയുടെ പരിധിയിൽ നിന്നും പുറത്തിറങ്ങികിടക്കുന്ന (വലിച്ചുനീട്ടിയാൽ) തലമുടി തടവിയാൽ മതിയാവില്ല. തടവുന്നതിന് പകരം തല കഴുകാൻ പറ്റും, കറാഹത്തില്ല എന്നാണ് പ്രബലാഭിപ്രായം.

5. രണ്ടു കാലുകൾ ഞെരിയാണിയുൾപ്പെടെ കഴുകുക

നഖം, രോമം, വിരലുകൾ തുടങ്ങി ഈ ഭാഗത്തുള്ള എല്ലാം കഴുകൽ നിർബന്ധമാണ്. അപ്രകാരം  കാലിലുള്ള വിള്ളലുകളുടെയും ദ്വാരങ്ങളുടെയും ഉള്ള് കഴുകലും നിർബന്ധമാണ്. കാലിലോ മറ്റു അവയവങ്ങളിലോ ഉള്ള കുമിളകൾ പൊട്ടിയതാണെങ്കിൽ അതിന്റെ ഉൾഭാഗം കഴുകൾ നിർബന്ധമാകും. അത് പൊട്ടിയിട്ടില്ല, തൊലി ചേർന്നാണുള്ളതെങ്കിൽ ഉൾഭാഗം കഴുകേണ്ടതില്ല.
കാലിലോ മറ്റേതെങ്കിലും അവയവത്തിലോ മുള്ളോ മറ്റോ തറച്ചു, അതിന്റെ അറ്റം പുറത്തു കാണുന്നുണ്ടെങ്കിൽ അത് പറിച്ചെടുത്ത്, ആ ഭാഗം കഴുകൽ നിർബന്ധമാണ്. അത് പൂർണമായും ഉള്ളിലേക്ക് പ്രവേശിച്ചാൽ വുളൂഅ്നു വേണ്ടി അത് പുറത്തെടുക്കൽ നിർബന്ധമില്ല.

6. തർത്തീബ്

അഥവാ മേൽ പറയപ്പെട്ട ഫർളുകൾ  ക്രമത്തിൽ ചെയ്യുക. ഒരാൾ നാലു അവയവങ്ങളും ഒരുമിച്ചു കഴുകിയാൽ, ആദ്യാവയവമായ മുഖം മാത്രമേ വുളൂഅ്ന്റെ കഴുകലിൽ പരിഗണിക്കപ്പെടുകയുള്ളൂ. അപ്രകാരം വുളൂഅ്ന്റെ നിയ്യത്ത് കരുതി, തർത്തീബിനെ പരിഗണിക്കാതെ കുളിച്ചാൽ, വുളൂഅ് ലഭിക്കുകയില്ല. 

എന്നാൽ വുളൂഅ് ഇല്ലാത്തവൻ വുളൂഅ്ന്റെ നിയ്യത്ത് വെച്ച് കുളം, പുഴ പോലെയുള്ളതിൽ മുങ്ങിയാൽ, തർത്തീബിന്  സൗകര്യമായ സമയം മുങ്ങിയിട്ടില്ലെങ്കിൽ പോലും, വുളൂഅ് കരസ്ഥമാകുന്നതാണ്. അതേപോലെ തന്നെ, ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും ഉള്ളവൻ വലിയ അശുദ്ധിയുടെ നിയ്യത്ത് കരുതി കുളിച്ചാൽ, തർത്തീബിനെ പരിഗണിച്ചില്ലെങ്കിൽ പോലും, ചെറിയ അശുദ്ധിയും നീങ്ങുന്നതാണ്.


സഹായം കൊണ്ട് വുളൂഅ്

മറ്റൊരാളുടെ സഹായം കൊണ്ടും  വുളൂഅ് നിർവഹിക്കാം. കാരണം, വുളൂഅ്ന്റെ അവയവങ്ങൾ കഴുകുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം, സ്വന്തം നിലക്കോ മറ്റൊരാളുടെ സഹായം കൊണ്ടോ പുഴ പോലെയുള്ളതിൽ മുങ്ങൽ കൊണ്ടോ അവയവങ്ങൾ നനയണം എന്നതാണ്.  മറ്റൊരാളുടെ സഹായം കൊണ്ടാകുമ്പോൾ  അവയവങ്ങൾ കഴുകുന്നതിനിടയിൽ നിയ്യത്തിനെ ഓർക്കൽ നിബന്ധനയാണ്. എന്നാൽ സ്വന്തം നിലയിൽ ആകുമ്പോൾ ഇടയിൽ നിയ്യത്ത് കരുതൽ നിർബന്ധമില്ലെങ്കിലും വുളൂഅ് അല്ലാത്ത മറ്റൊരു കാര്യത്തിലേക്കും വ്യതിചലിക്കാതിരിക്കൽ നിർബന്ധമാണ്. ഉദാഹരണത്തിന് വുളൂഅ് ചെയ്ത് കൊണ്ടിരിക്കേ കൈയിലേക്ക് വെള്ളം ഒഴിക്കും നേരം കൈയിലെ അഴുക്ക് നീങ്ങാനോ, കൈ തണുപ്പിക്കാനോ  കഴുകുന്നുവെന്ന് കരുതാതിരിക്കൽ നിർബന്ധമാണ്.


വുളൂഇന്റെ തുടക്കത്തിൽ ശ്രദ്ധിക്കേണ്ട സുന്നത്തുകൾ


1. വുളൂഅ്ന്റെ സുന്നത്തുകൾ നിർവഹിക്കുന്നു എന്ന നിയ്യത്ത് മനസ്സിൽ കരുതുകയും അത് നാവു കൊണ്ട് ഉച്ചരിക്കുകയും ചെയ്യുക

അഊദ്, ബിസ്മി, മിസ് വാക്ക് ചെയ്യുക തുടങ്ങി വുളൂഅ്ന്റെ തുടക്കത്തിൽ നിർവഹിക്കുന്ന കാര്യങ്ങൾ പ്രതിഫലാർഹമാകണമെങ്കിൽ ഇപ്രകാരം നിയ്യത്ത് കരുതണം.

2. അഊദ് ഓതുക
3. ബിസ്മി ചൊല്ലുക

ബിസ്മിയുടെ ചുരുങ്ങിയ രൂപം بِسْمِ الله എന്നും പൂർണ്ണരൂപം

بسم الله الرحمن الرحيم - എന്നുമാണ്. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, പഠനം, എഴുത്ത് തുടങ്ങി എല്ലാ പ്രശംസനീയ കാര്യങ്ങളുടെയും തുടക്കത്തിൽ ബിസ്മി ചൊല്ലൽ സുന്നത്താണ്. തുടക്കത്തിൽ ബിസ്മി ചൊല്ലാത്തവന്, ഇടയിൽ ഓർമ്മ വന്നാൽ 

بسم الله أَوَّلَهُ وَآخِرَهُ - എന്ന് പറയൽ സുന്നത്താണ്. എന്നാൽ സംയോഗം പോലോത്ത ഇടയിൽ സംസാരിക്കാൻ പാടില്ലാത്ത കാര്യങ്ങളുടെ തുടക്കത്തിൽ ബിസ്മി ചൊല്ലാത്തവന് ഇടയിൽ അത് വീണ്ടെടുക്കൽ സുന്നത്തില്ല.

4. രണ്ടു ശഹാദത്ത് കലിമ ചൊല്ലുക.
5. ഹംദ് ചൊല്ലുക

الحَمْدُ لله الّذِي جَعَلَ المَاء طَهُورًا. - എന്ന് പറയുക.

6. രണ്ടു മുൻകൈകൾ കഴുകുക.
7. മിസ് വാക്ക് ചെയ്യുക.
8. വായിൽ വെള്ളം കൊപ്ലിക്കുക,മൂക്കിൽ വെള്ളം കയറ്റിചീറ്റുക.

വായിലും മൂക്കിലും വെള്ളം എത്തിക്കൽ കൊണ്ട് തന്നെ ഈ സുന്നത്ത് ലഭിക്കും. ഇതിന്റെ പൂർണ രൂപം മൂന്ന് കോരൽ വെള്ളം എടുത്ത്, ഓരോ കോരൽ വെള്ളവും വായിലും മൂക്കിലും എത്തിക്കുക, വായിൽ വെള്ളം ചുറ്റിയ ശേഷം വെള്ളം കൊപ്ലിച്ച് തുപ്പുകയും മൂക്കിലുള്ള വെള്ളം ഇടത് കൈ കൊണ്ട് പിരിഞ്ഞു കളയുകയും ചെയ്യണം. മൂക്കിലെ അഴുക്കുകൾ ഇടതു ചെറുവിരൽ കൊണ്ടാണ് കളയേണ്ടത്.


ദന്ത ശുദ്ധീകരണം

"എന്റെ ഉമ്മത്തിനു പ്രയാസമാകുമെന്ന് ഞാൻ ഭയന്നില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിന് വേണ്ടി മിസ് വാക്ക് ചെയ്യാൻ ഞാൻ നിങ്ങളോടു കൽപിക്കുമായിരുന്നു" എന്ന ഹദീസ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപ്രകാരം ദന്തശുദ്ധീകരണം റബ്ബിന്റെ തൃപ്തി കരസ്ഥമാക്കാൻ സഹായിക്കുന്നു എന്നും ഹദീസുകൾ പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല, ദന്തശുദ്ധീകരണം ചെയ്തു നിർവഹിക്കുന്ന രണ്ടു റക്അത്ത് നിസ്കാരം ദന്തശുദ്ധീകരണം ഇല്ലാതെ നിർവഹിക്കുന്ന 70 റക്അത്തുകളെക്കാൾ ശ്രേഷ്ഠവുമാണ്.


ദന്തശുദ്ധീകരണം: അഞ്ച് വിധികൾ

വുളൂഅ്ൽ എന്ന പോലെ നിസ്കാരം, ഖുർആൻ പാരായണം, ഹദീസ് വായന,  പള്ളിയിലോ വീട്ടിലോ പ്രവേശിക്കുക, വായയുടെ ഗന്ധം വ്യത്യാസപ്പെടുക, പല്ലുകളുടെ നിറം മാറുക, ഉറങ്ങുന്നതിനു മുമ്പ്, ഉറക്കമുണർന്നാൽ തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടിയും ദന്തശുദ്ധീകരണം നടത്തൽ ശക്തമായ സുന്നത്താണ്. നോമ്പുകാരൻ അകാരണമായി ഉച്ചയ്ക്ക് ശേഷം പല്ലു തേക്കൽ കറാഹത്താണ്. ഉറക്കം കൊണ്ടോ മറ്റോ വായ പകർച്ച ആയാൽ പല്ലു തേക്കൽ അവന് കറാഹത്താകുകയില്ല.

മറ്റൊരാളുടെ ബ്രഷോ മിസ് വാക്കോ ഉപയോഗിച്ച് അവന്റെ തൃപ്തിയുണ്ടെന്നുറപ്പില്ലാതെ ദന്തശുദ്ധീകരണം നടത്തൽ ഹറാമാണ്.
തൃപ്തി ഉണ്ടെന്നറിഞ്ഞാൽ മറ്റൊരാളുടെ ബ്രഷ് ഉപയോഗിക്കുന്നത് ഹിലാഫുൽ ഔലയാണ് (നല്ലതിനെതിരാണ്). വായിൽ നജസായാൽ അത് ശുദ്ധിയാക്കാൻ വേണ്ടി ദന്തശുദ്ധീകരണം നടത്തൽ നിർബന്ധവുമാണ്.

എന്തുകൊണ്ട് പല്ലു തേക്കണം

വിരൽ അല്ലാത്ത ഉരമുള്ള ഏതു വസ്തു കൊണ്ടും മിസ് വാക്ക് ചെയ്യാം. ഉരമുള്ളവയിൽ മരക്കൊമ്പാണ് മറ്റുള്ളവയെക്കാൾ ശ്രേഷ്ഠം. മരക്കൊമ്പുകളിൽ ഏറ്റവും ഉത്തമം സുഗന്ധമുള്ളതാണ്. ആ കൂട്ടത്തിൽ ഏറ്റവും ഉത്തമം "അറാക്ക്" എന്ന മരകമ്പുകളാണ്. (ഫത്ഹുൽ മുഈൻ: 17)

അറാക്കിന്റെ മരകമ്പുകളാണ് വേരുകളെക്കാൾ ഉത്തമം. അറാക്കിന്റെ കമ്പുകളിൽ ഏറ്റവും ശ്രേഷ്ഠം വെള്ളം കൊണ്ട് നനച്ചതാണ് അതു കഴിഞ്ഞാൽ പിന്നെ ഉത്തമം പനിനീർ കൊണ്ട് നനച്ചതും അതിന് ശേഷം ഉമിനീർ കൊണ്ട് നനച്ചതുമാണ്. പിന്നെ നല്ലത് നനക്കാത്ത ഉണങ്ങിയ കൊമ്പും അത് കഴിഞ്ഞാൽ പച്ചകമ്പുമാണ്. അപ്രകാരം ദന്തശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന മിസ് വാക്കിന്റെ നീളം ഒരു ചാണിനെക്കാൾ കൂടാതിരിക്കലും സുന്നത്താണ്.

എങ്ങനെ ബ്രഷ് / മിസ് വാക്ക് പിടിക്കണം

വലതു കൈയ്യിൽ, ചെറുവിരലും തള്ളവിരലും ബ്രഷിന്റെ താഴെയും മറ്റു വിരലുകൾ മുകളിലും വരും വിധത്തിലാണ് മിസ് വാക്ക് പിടിക്കേണ്ടത്. തള്ളവിരൽ മിസ് വാക്കിന്റെ തലഭാഗത്തേക്ക് ചേർത്താണ് വെക്കേണ്ടത്.

എങ്ങനെ ദന്തശുദ്ധീകരണം വരുത്തണം

പല്ലുകളിൽ വീതിയിലും നാവിൽ നീളത്തിലുമാണ് മിസ് വാക്ക് പ്രയോഗിക്കേണ്ടത്. പല്ലു തേക്കുമ്പോൾ ഇടത് ഭാഗത്തെക്കാൾ വലതു വശത്തെ മുന്തിക്കണം. വലതു വശത്തെ മേൽ പല്ലുകളുടെ പുറംഭാഗമാണ് ആദ്യം തേക്കേണ്ടത്. പിന്നെ അതിന്റെ ഉൾഭാഗവും അതിന് ശേഷം വലതു വശത്തെ താഴെപ്പല്ലുകളുടെ പുറംഭാഗവും അതു കഴിഞ്ഞാൽ ഉൾവശവും തേക്കണം. ഈ ക്രമത്തിൽ ഇടത് ഭാഗത്തെ പല്ലുകളും തേക്കണം. അഥവാ ഇടതു ഭാഗത്തെ മേൽപല്ലുകളുടെ പുറം ഭാഗവും പിന്നെ ഉൾഭാഗവും ശേഷം ഇടത് ഭാഗത്തെ താഴെപ്പല്ലുകളുടെ ഉള്ളും പിന്നെ പുറം ഭാഗവും തേക്കണം. അപ്രകാരം വായുടെ മേൽ ഭാഗത്ത് മിസ് വാക്ക് മൃദുവായി നടത്തലും സുന്നത്താണ്. ദന്തശുദ്ധീകരണത്തിന് മുമ്പും ശേഷവും മിസ് വാക്ക് / ബ്രഷ് കഴുകലും സുന്നത്താണ്.


വുളൂഅ്ന്റെ ഇടയിലുള്ള സുന്നത്തുകൾ


1.മുഖവും കൈകാലുകളും കയറ്റി കഴുകുക

മുഖത്തിന്റെ പരിധിയിൽ പെട്ട നിർബന്ധഭാഗങ്ങൾ കഴുകുന്നതിനു പുറമേ തലയുടെ മുൻഭാഗം, രണ്ടു ചെവികൾ, കഴുത്തിന്റെ ഇരു പാർശ്വങ്ങൾ എന്നിവ കൂടി കഴുകൽ സുന്നത്താണ്.

കൈമുട്ട് വരെയുള്ള നിർബന്ധഭാഗം കഴുകുന്നതിനു പുറമേ തോളൻകൈ കൂടി കയറ്റി കഴുകൽ സുന്നത്താണ്.

കാൽഞെരിയാണി വരെയുള്ള നിർബന്ധഭാഗം കഴുകുന്നതിനു പുറമേ തണ്ടൻകാലുകളും കൂടി കയറ്റി കഴുകൽ സുന്നത്താണ്.



അവലംബം:  خلاصة الفقه الاسلامي - അത്യുത്തമ കർമ്മങ്ങൾ

No comments:

Post a Comment