Saturday, 16 February 2019

നബി {ﷺ} യുടെ 60 ഉപദേശങ്ങൾ

 

ലോകവസാനം വരെയുള്ള ജനസഞ്ജയത്തിന് മാതൃകാ പുരുഷനായി അനുഗ്രഹമായി നിയോഗിച്ച അന്ത്യ പ്രവാചകനാണ് മുഹമ്മദ് നബിﷺ. ഇസ്ലാമിൻറെ പൂർണ്ണരൂപം ലോകാവസാനം വരെയുള്ളവർക്ക് വേണ്ടി എത്തിച്ചുകൊടുക്കുകയും ഒരു സമ്പൂർണ മനുഷ്യൻറെ ഉത്തമ ഉദാഹരണമായി വിശുദ്ധ ഖുർആനിൻറെ നിയമ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ജീവിച്ചു കാണിച്ചു തരികയും ചെയ്ത മഹാനായ പ്രവാചകനാണ് മുഹമ്മദ് നബിﷺ. 

മുത്ത് നബി ﷺയോടുള്ള സ്നേഹം കേവലം വാക്കുകളിലോ പ്രകടനങ്ങളിലോ പരിമിതപ്പെടുത്തേണ്ട ഒന്നല്ല, മറിച്ച് ജീവിതത്തിലെ എല്ലാ മേഖലകളിലും കൊണ്ടു വരേണ്ടത് നമ്മുടെ ബാധ്യതയാണ്.

നമ്മുടെ ജീവിതത്തിലെ മുഴുവൻ സമയങ്ങളിലും ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും മുത്ത് നബി ﷺ കാണിച്ചു തന്നത് പോലെ (അവിടുത്തെ മാതൃകയാക്കി) മാത്രമേ ഞാൻ ചെയ്യുകയുള്ളൂ എന്ന ഉറച്ച തീരുമാനമാണ് സത്യവിശ്വാസിയുടെ യഥാർത്ഥ പ്രവാചക സ്നേഹം. അവിടുത്തെ ചര്യ പരമാവധി ജീവിതത്തിൽ പകർത്തി യഥാർത്ഥ വിശ്വാസിയായി ജീവിക്കുവാൻ നാഥൻ തുണക്കട്ടെ...


01- പശ്ചാത്തപിക്കുക

(സൂര്യൻ അതിൻറെ അസ്തമയ സ്ഥാനത്തു നിന്നും ഉദിക്കുന്നതിനു മുൻപ് ആരെങ്കിലും തൗബ ചെയ്താൽ

അവൻറെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. മുസ്ലിം) (ആത്മാവ് തൊണ്ടക്കുഴിയിൽ ആകുന്നതുവരേക്കും അല്ലാഹു മനുഷ്യരുടെ തൗബ സ്വീകരിക്കുന്നതാണ്. തുർമുദി)


02- അറിവ് നേടുക

(ഏതൊരാൾ അറിവ് നേടാനായി ഒരു വഴിക്ക് പുറപ്പെട്ടുവോ അവനു അല്ലാഹു സ്വർഗ്ഗ ത്തിലേക്കുള്ള വഴികളും എളുപ്പമാക്കി കൊടുക്കുന്നതാണ്. മുസ്ലിം)


03- ദൈവീക സ്മരണ നിലനിറുത്തുക

(നിങ്ങളുടെ കർമ്മങ്ങളിൽ വെച്ചേറ്റവും പുണ്യമായതും നിങ്ങളുടെ രാജാധിരാജനായ അല്ലാഹുവിങ്കൽ ഏറ്റവും പ്രിയപ്പെട്ടതും നിങ്ങളുടെ പദവി ഉയർത്തുന്നതും നിങ്ങൾ സ്വർണ്ണവും വെള്ളിയുമൊക്കെ ദാനം ചെയ്യുന്നതിനേക്കാൾ ഉത്തമമായതും രണാങ്കണത്തിൽ നിങ്ങളുടെ ശത്രുവിനെതിരെ പട പൊരുതുന്നതിനേക്കാളും ശ്രേഷ്ടമായതുമായ ഒരു കാര്യം നിങ്ങൾക്ക് ഞാൻ പറഞ്ഞു തരട്ടെയോ?

അവർ പറഞ്ഞു: അതെ പ്രവാചകരേ ! അപ്പോൾ അവിടുന്ന് അരുൾ ചെയ്തു: അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണത്.)


04- നന്മ ചെയ്യുക, നന്മയിലേക്ക് ക്ഷണിക്കുക

(നന്മകളെല്ലാം ദാനമാണ്, നന്മയിലേക്കു ആളുകളെ വിളിക്കുന്നവൻ ആ നന്മ ചെയ്തവനെപ്പോലെയാണ്. ബുഖാരി, മുസ്ലിം)


05- അല്ലാഹുവിലേക്കു ക്ഷണിക്കുക

(സൽസരണിയിലേക്ക് ക്ഷണിക്കുന്നവൻ അവനെ പിന്തുടർന്ന ആളുകൾ ചെയ്യുന്ന സൽ പ്രവത്തനങ്ങളുടെ പ്രതിഫലത്തിൻറെ ഒരു ഭാഗം അവനും ലഭിക്കുന്നതാണ്, എന്നു വെച്ച് അവരുടെ പ്രതിഫലത്തിൽ യാതൊരു വിധ കുറവും ഉണ്ടാകില്ല തന്നെ. മുസ്ലിം)


06- നന്മ കൽപിക്കുക തിന്മ വിരോധിക്കുക

(നിങ്ങളിലാരെങ്കിലും വല്ല തിന്മയും കാൽ തൻറെ കൈകൊതിനെ അവൻ തടഞ്ഞു കൊള്ളട്ടെ. അതിനു കഴിഞ്ഞില്ലെങ്കിൽ അവൻറെ നാവുകൊ്. അതിനും കഴിഞ്ഞില്ലെങ്കിൽ അവൻറെ ഹൃദയം കൊണ്ട് . അത് വിശ്വാസത്തിൻറെ ഏറ്റവും താഴ്ന്ന അവസ്ഥയാകുന്നു. മുസ്ലിം)


07- ഖുർആൻ പാരായണം ചെയ്യുക

(നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, നിശ്ചയം അത് അന്ത്യനാളിൽ അതിനെ പാരായണം ചെയ്യുന്നവർക്ക് വേണ്ടി ശുപാർശകനായി എത്തുന്നതാണ്. മുസ്ലിം)


08- വിശുദ്ധ ഖുർആൻ പഠിക്കുക , പഠിപ്പിക്കുക

(നിങ്ങളിൽ ഏറ്റവും ഉത്തമൻ വിശുദ്ധ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. ബുഖാരി)


09- സലാം പറയുക

(വിശ്വാസികളാകാതെ നിങ്ങളാരും സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല, പരസ്പര സ്നേഹമില്ലാതെ നിങ്ങളാരും വിശ്വാസികളാവുകയുമില്ല, അതിനാൽ നിങ്ങൾക്കിടയിൽ പരസ്പരമുള്ള സ്നേഹം നിലനിൽക്കാൻ ഉതകുന്ന ഒരു കാര്യം നിങ്ങൾക്ക് ഞാൻ പറഞ്ഞുതരാം: നിങ്ങൾക്കിടയിൽ സലാം പറയൽ നിങ്ങൾ പ്രചരിപ്പിക്കുക. മുസ്ലിം)


10- സ്നേഹിക്കുന്നത് അല്ലാഹുവിൻറെ മാർഗ്ഗത്തിലാവുക

(അല്ലാഹു അന്ത്യദിനത്തിൽ ഇങ്ങനെ പറയും : എൻറെ മഹത്വം ഉദ്ദേശിച്ചു പരസ്പരം സ്നേഹിച്ചിരുന്ന ആളുകളെവിടെ ? യാതൊരു തണലുമില്ലാത്ത ഇന്നേ ദിവസം ഞാനവർക്ക് എൻറെ പ്രത്യേകം തണലിട്ടു കൊടുക്കുന്നതാണ്. മുസ്ലിം)


11- രോഗികളെ സന്ദര്‍ശിക്കുക

(ഏതൊരു പ്രഭാതത്തിലും ഒരു മുസ്ലിമായ ഒരു രോഗിയെ സന്ദര്‍ശിക്കുന്ന ഏതൊരാൾക്കു വേണ്ടിയും അന്നേദിവസം വൈകുന്നേരം വരെക്കും ആയിരം മലക്കുകള്‍ അല്ലാഹുവോട് നന്മയ്ക്കുവേണ്ടി തേടിക്കൊണ്ടി രിക്കുന്നതാണ്. ഇനി വൈകുന്നേരവും അവന്‍ മടങ്ങി ചെല്ലുകയാണെങ്കില്‍ ആയിരം മലക്കുകള്‍ അവനു വേണ്ടി പ്രഭാതം വരേക്കും നന്മക്കു വേണ്ടി തേടിക്കൊണ്ടിരിക്കും, എന്നു മാത്രമല്ല സ്വര്‍ഗ്ഗത്തില്‍ അവനൊരു ഉദ്യാനവുമുണ്ടായിരിക്കും. തിര്‍മുദി)


12- കടക്കാരനെ സഹായിക്കുക

(ഞെരുക്കമുള്ളവനെ സഹായിക്കുന്ന ഏതൊരാള്‍ക്കും അല്ലാഹു ഇഹത്തിലും പരത്തിലും അവന്‍റെ പ്രയാസങ്ങളിലും സഹായിക്കുന്നതാകുന്നു. മുസ്ലിം)


13- ആരുടേയും രഹസ്യങ്ങള്‍ പരസ്യപ്പെടുത്തരുത്

(ഈ ലോകത്ത് മറ്റൊരാളുടെ രഹസ്യം മറച്ചു വെക്കുന്ന ഏതൊരാളുടേയും രഹസ്യവും നാളെ പരലോകത്തുവെച്ച് അല്ലാഹുവും മറച്ചു വെക്കുന്നതാണ്. മുസ്ലിം)


14- കുടുംബ ബന്ധം ചാര്‍ത്തുക

(കുടുംബ ബന്ധം അല്ലാഹുവിന്‍റെ അര്‍ശുമായി കൂടിച്ചേര്‍ന്നുള്ളതാണ്, എന്നെ ചാര്‍ത്തിയവന്‍ അല്ലാഹുവുമായുള്ള അവന്‍റെ ബന്ധം ചാര്‍ത്തിയിരിക്കുന്നുവെന്നും ഞാനുമായുള്ള ബന്ധം മുറിച്ചവന്‍ അല്ലാഹുവുമായുള്ള ബന്ധവും മുറിച്ചിരിക്കുന്നുവെന്നും അത് (കുടുംബ ബന്ധം) പറയും. ബുഖാരി)


15- സല്‍സ്വഭാവിയാവുക

(മനുഷ്യരെ അധികമായും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യമേതാണ് എന്ന് നബി (ﷺ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് ഇപ്രകാരം പറഞ്ഞു : ജീവിത വിശുദ്ധിയും നല്ല സ്വഭാവവും. തിര്‍മുദി)


16- സത്യം പറയുക

(നിങ്ങള്‍ സത്യസന്ധത സൂക്ഷിക്കുക; കാരണം സത്യസന്ധത പുണ്യത്തിലേക്കേ വഴി കാണിക്കുകയുള്ളൂ. പുണ്യമാകട്ടെ സ്വര്‍ഗ്ഗത്തിലേക്കും! ബുഖാരി)


17- കോപം ഒതുക്കി നിറുത്തുക

(നേരിടാനുള്ള കഴിവുണ്ടായിരിക്കെ ഒരാള്‍ കോപത്തെ ഒതുക്കി നിറുത്തിയാല്‍ നാളെ അന്ത്യദിനത്തില്‍ ജനങ്ങളുടെയിടയില്‍ നിന്നും അയാളെ അല്ലാഹു വിളിക്കുകയും എന്നിട്ട് അയാള്‍ക്കിഷ്ടപ്പെട്ട സ്വര്‍ഗ്ഗീയ സുന്ദരികളെ സ്വീകരിക്കാന്‍ പറയുകയും ചെയ്യുന്നതാണ്. തിര്‍മുദി)


18- സദസ്സിനുള്ള പ്രായശ്ചിത്തം ഉരുവിടുക

(ഒരാള്‍ ബഹളമയമായ ഒരു സദസ്സിലിരിക്കുകയും എന്നിട്ട് അവിടന്നു എഴുന്നേല്‍ക്കുന്നതിന് മുമ്പായി താഴെക്കാണുന്ന വിധം ദിക്റു ചൊല്ലുകയും ചെയ്താല്‍ ആ സദസ്സിലിരുന്ന കാരണത്താലുണ്ടായ തെറ്റു കുറ്റങ്ങള്‍ അല്ലാഹു അയാള്‍ക്ക് മാപ്പാക്കുന്നതാണ്. തിര്‍മുദി.

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ


19- ക്ഷമിക്കുക

(ഒരു മുസ്ലിമിന് ഏല്‍ക്കുന്ന ഏതുതരം ക്ലേശവും പ്രയാസവും മനോ വിഷമവും സങ്കടവും ദുഃഖവും എന്നു മാത്രമല്ല; ഒരു മുള്ള് തറക്കുന്നതു പോലും..... അതുമൂലം അവന്‍റെ ചെറു പാപങ്ങളെല്ലാം അല്ലാഹു മാപ്പാക്കുന്നതാണ്. ബുഖാരി)


20- മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക

(ഒരിക്കല്‍ നബി(ﷺ) പറഞ്ഞു : അയാള്‍ നശിക്കട്ടെ, അയാള്‍ നശിക്കട്ടെ, അയാള്‍ നശിക്കട്ടെ!) ഒരു സ്വഹാബി അവിടുത്തോട് ചോദിച്ചു: പ്രവാചകരേ, ആരെയാണ് അവിടുന്ന് പറയുന്നത്? തിരുമേനി(ﷺ) പറഞ്ഞു: പ്രായമേറിയ മാതാപിതാക്കളില്‍ ഒരാളെയോ അല്ലെങ്കില്‍ രണ്ടു പേരെത്തന്നെയോ ലഭിച്ചിട്ടും അവര്‍ കാരണം സ്വര്‍ഗ്ഗം കിട്ടാതെ പോയവനെ കുറിച്ചാണ് ഞാന്‍ പറയുന്നത്! മുസ്ലിം)


21- പാവങ്ങളേയും വിധവകളെയും സഹായിക്കുക

(പാവങ്ങളേയും വിധവകളെയും സഹായിക്കുന്നയാള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മ സമരത്തില്‍ ഏര്‍പ്പെട്ടവനെപ്പോലെയാണ്, തളരാതെ രാത്രി നിന്നു നമസ്കരിക്കുന്നവനെപ്പോലെയാണ്, ഇടവിടാതെ നോമ്പനുഷ്ടിക്കുന്നവനെപ്പോലെയുമാണ്. ബുഖാരി)


22- അനാഥകളെ ഏറ്റെടുക്കുക

(ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗ്ഗത്തില്‍ ഇപ്രകാരമാണ്. അവിടുത്തെ ചൂണ്ടുവിരലും നടുവിരലും അവിടുന്ന് ഉയര്‍ത്തിക്കാട്ടി. ബുഖാരി)


23- വുദുവോടെയാവുക

(ഒരാള്‍ അയാളുടെ വിരലുകളുടെ നഖങ്ങളുടെ അടിയിലുള്ള ചെളി പോകുന്നത്ര നന്നായി നബിചര്യക്കനുസൃതമായി വുദു എടുത്താല്‍ അയാളുടെ ശരീരത്തില്‍ നിന്നും ചെറു പാപങ്ങള്‍ നീങ്ങിപ്പോകുന്നതാണ്. മുസ്ലിം)


24- വുദുവിന് ശേഷം സാക്ഷി വചനം ഉരുവിടുക

(ഒരാള്‍ നബിചര്യക്കനുസൃതമായി നന്നായി വുദു എടുത്ത ശേഷം :

أشهد أن لا إله إلا الله وحده لا شريك له ، وأشهد أن محمداً عبده ورسوله ، اللهم اجعلني من التوابين واجعلني من المتطهرين

എന്ന് ചൊല്ലിയാൽ അവനിഷ്ടപെട്ട സ്വര്‍ഗ്ഗീയ കവാടം അവനു വേണ്ടി തുറക്കപ്പെടും.മുസ്ലിം)


25- ബാങ്ക് വിളിക്കുന്നയാള്‍ക്ക് മറുപടി ചൊല്ലുക

ബാങ്ക് കേട്ട ശേഷം : 

اللَّهُمَّ رَبَّ هذِهِ الدَّعوةِ التَّامَّةِ ، والصَّلاةِ الْقَائِمةِ ، آت مُحَمَّداً الْوسِيلَةَ ، والْفَضَيِلَة ، وابْعثْهُ مقَامًا محْمُوداً الَّذي وعَدْتَه

എന്നാരെങ്കിലും ചൊല്ലിയാല്‍ അവനു അന്ത്യനാളില്‍ എന്‍റെ ശുപാര്‍ശ ലഭിക്കുന്നതാണ്. ബുഖാരി)


26- പള്ളി നിര്‍മിക്കുക

(അല്ലാഹുവിന്‍റെ പ്രീതിയുദ്ദേഷിച്ചു ആരെങ്കിലും ഒരു പള്ളി പണിതാല്‍ സ്വര്‍ഗ്ഗത്തില്‍ അവനു അല്ലാഹു അതുപോലൊരു ഭവനം പണിയുന്നതാകുന്നു. ബുഖാരി)


27- ദന്ത ശുദ്ധി വരുത്തുക

(എന്‍റെ സമുദായത്തിന് പ്രയാസമാകില്ലായിരുന്നുവെങ്കില്‍ ഞാനവര്‍ക്ക് എല്ലാ നമസ്കാര വേളയിലും ദന്തശുദ്ധി നിര്‍ബന്ധമാക്കുമായിരുന്നു. മുസ്ലിം)


28- പള്ളിയിലേക്ക് പുറപ്പെടുക

(പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പോകുന്നയാള്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗത്തില്‍ അവനു വേണ്ടി വിരുന്നു സല്‍കാരം ഒരുക്കി വെച്ചിരിക്കുന്നു. ബുഖാരി)


29- അഞ്ചു നേരം പള്ളിയില്‍ പോകുക

(നബിചര്യക്കനുസൃതമായി നന്നായി വുദു എടുത്തു നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് വേണ്ടി പള്ളിയില്‍ ഹാജരാവുകയും ഭയഭക്തിയോടെ നമസ്കരിക്കുകയും ചെയ്യുന്നയാള്‍ക്ക് വന്‍പാപങ്ങള്‍ ഒന്നുമില്ലെങ്കില്‍ അവന്‍റെ തെറ്റു കുറ്റങ്ങള്‍ക്ക് എക്കാലത്തേക്കും അവ പ്രായശ്ചിത്തമാകുന്നതാണ്. മുസ്ലിം)


30- ഫജ്റു, അസര്‍ എന്നീ നമസ്കാരങ്ങള്‍ ജമാഅത്തായി നമസ്കരിക്കുക

ആരെങ്കിലും,ബര്‍ദൈനി അഥവാ ഫജ്റും അസറും നമസ്കരിച്ചാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശി ക്കുന്നതാണ്. (ബുഖാരി)


31- ജുമുഅയില്‍ പങ്കെടുക്കുക

(ഒരാള്‍ നബിചര്യക്കനുസൃതമായി {ﷺ} നന്നായി വുളു എടുത്ത ശേഷം ജുമുഅക്ക് പോകുകയും ഖുതുബ ശ്രദ്ധിച്ചു സാകൂതം ഇരിക്കുകയും ചെയ്താല്‍ അവന്‍റെ ഇരു ജുമുഅക്കിടയിലുള്ള ചെറുപാപങ്ങള്‍ അവനു പൊറുക്കപ്പെടും; അതിനോടടുത്ത മൂന്നു ദിവസത്തെ ചെറിയ തെറ്റുകുറ്റങ്ങളും. മുസ്ലിം)


32- ജുമുഅ ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടുന്ന സമയം പ്രതീക്ഷിക്കുക

(അന്നൊരു നേരമുണ്ട് ; ഏതൊരു മുസല്‍മാന്‍ ആ നേരത്തോടു ചേര്‍ന്നു അല്ലാഹുവോട് നിന്ന് നമസ്കരിച്ചു ചോദിക്കുന്നുവോ അവനു അല്ലാഹു അതു നല്‍കാതിരിക്കില്ല. മുസ്ലിം)


33- റവാത്തിബ് സുന്നത്തുകള്‍ നിസ്കരിക്കുക

(എല്ലാ ദിവസവും ഫർളായ നമസ്കാരങ്ങള്‍ക്ക് പുറമെയുള്ള പന്ത്രു റക്അത്ത് റവാതിബു സുന്നതുകള്‍ കൂടി നമസ്കരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ അല്ലാഹു ഒരു ഭവനം പണിയുന്നതാകുന്നു. മുസ്ലിം)


34- പാപത്തിലകപ്പെട്ടാല്‍ വേഗം രണ്ടു റകഅത്ത് നമസ്കരിക്കുക

(തെറ്റു കുറ്റങ്ങള്‍ വല്ലതും ചെയ്തു പോയ ഒരാള്‍ വേഗം വുളു എടുത്തു രണ്ടു റകഅത്ത് നമസ്കരിച്ചു സങ്കടപ്പെട്ടു

അല്ലാഹുവോട് ദുആ ചെയ്താല്‍ അവനതു അല്ലാഹു മാപ്പാക്കുന്നതാണ്. അബൂ ദാവൂദ്)


35- രാത്രിയില്‍ നിന്നു നമസ്കരിക്കുക

(ഫർള് നമസ്കാരം കഴിഞ്ഞാല്‍ പ്പിന്നെ ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രിയിലുള്ള നമസ്കാരമാണ്. മുസ്ലിം)


36- ളുഹാ നമസ്കരിക്കുക

(നിങ്ങളുടെ ഓരോ അവയവത്തിലും സ്വദഖ:യുണ്ട് , എല്ലാ തസ്ബീഹുകളും സ്വദഖ:യാണ്, എല്ലാ ഹംദുകളും സ്വദഖ:യാണ്, ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലലും സ്വദഖ:യാണ്, എല്ലാ തക്ബീറുകളും സ്വദഖ:യാണ്, നന്മ കല്‍പിക്കലും തിന്മ തടയലും സ്വദഖ:യാണ്, എന്നാല്‍ ളുഹാ നമസ്കാരം ഇവക്കൊക്കെയും പകരമാണ്. മുസ്ലിം)


37- നബി(ﷺ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുക

(എന്‍റെ പേരില്‍ ആരെങ്കിലും ഒരു പ്രാവശ്യം ഒരു സ്വലാത്ത് ചൊല്ലിയാല്‍ അവന്‍റെ മേല്‍ അല്ലാഹു പത്തു പ്രാവശ്യം നന്മ നേരുന്നതാണ്. മുസ്ലിം)


38- നോമ്പനുഷ്ടിക്കുക

(അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു ദിവസം നോമ്പു അനുഷ്ടിക്കുന്നവന് ആ നോമ്പു കാരണം എഴുപതു വര്‍ഷക്കാല ദൂരത്തോളം അവന്‍റെ മുഖത്തെ അല്ലാഹു നരകത്തില്‍ നിന്നും അകറ്റി നിറുത്തുന്നതാകുന്നു. ബുഖാരി)


39- എല്ലാ അറബി മാസവും മൂന്ന് നോമ്പ് അനുഷ്ടിക്കുക

(എല്ലാ മാസത്തെയും മൂന്നു നോമ്പ് നോല്‍ക്കുന്നയാള്‍ എന്നും നോമ്പ് അനുഷ്ടിച്ചയാളെ പ്പോലെയാണ്. ബുഖാരി)


40- റമദാന്‍ നോമ്പുകള്‍ അനുഷ്ഠിക്കുക

(പ്രതിഫലം കിട്ടണമെന്ന പൂതിയോടെയും വിശ്വാസത്തോടെയും റമദാനിലെ നോമ്പുകള്‍ അനുഷ്ടിക്കുന്നയാള്‍ക്ക് അവന്‍റെ മുന്‍ പാപങ്ങള്‍ മാപ്പു കൊടുക്കപ്പെടുന്നതാണ്. മുസ്ലിം) 


41- ശവ്വാലിലെ ആറു നോമ്പ് അനുഷ്ഠിക്കുക

(റമദാൻ നോമ്പിന് ശേഷം ശവ്വാലിലെ ആറു നോമ്പ് അനുഷ്ടിക്കുന്നത് കാലം മുഴുവൻ നോമ്പ് അനുഷ്ടിക്കുന്നതു പോലെയാണ്. മുസ്ലിം)


42- അറഫാ നോമ്പ് അനുഷ്ഠിക്കുക

(അറഫ നോമ്പ് കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും ചെറു പാപങ്ങൾ മായ്ച്ചു കളയുന്നതാണ്. മുസ്ലിം)


43- ആശുറാ നോമ്പ് അനുഷ്ഠിക്കുക

(ആശൂറാ മുഹർറം പത്തിലെ നോമ്പ് അതിനു തൊട്ടു മുമ്പത്തെ വർഷത്തെ ചെറു പാപങ്ങൾ പൊറുക്കപ്പെടുമെന്ന് ഞാൻ അല്ലാഹുവിൽ സത്യം ചെയ്തു പറയുന്നു. മുസ്ലിം)


44- നോമ്പുകാരനെ നോമ്പ് തുറപ്പിക്കുക

(ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാൽ ആ നോമ്പുകാരൻറെ പ്രതിഫലത്തിനു തുല്യമായത് അയാൾക്കും ലഭിക്കും. എന്നാൽ നോമ്പുകാരൻറെ പ്രതിഫലത്തിൽ യാതൊരു കുറവും ഉാവുകയുമില്ല. തിർമുദി)


45- ലൈലത്തുൽ ഖദ്റിൽ ഖിയാമുല്ലൈൽ നമസ്കരിക്കുക :

(ആരെങ്കിലും ലൈലത്തുൽ ഖദ്റിൽ ഖിയാമുല്ലൈൽ നമസ്കരിക്കുകയാണെങ്കിൽ അയാളുടെ കഴിഞ്ഞു പോയ ചെറിയ പാപങ്ങൾ മാപ്പാക്കപ്പെടുന്നതാണ്. മുസ്ലിം)


46- ദാന ധർമ്മങ്ങൾ വർധിപ്പിക്കുക

(വെള്ളം തീയെ കെടുത്തും പോലെ ദാനധർമ്മങ്ങൾ തിന്മകളെ കെടുത്തിക്കളയും. തിർമുദി)


47- ഹജ്ജും ഉംറയും നിർവ്വഹിക്കുക

(ഒരു ഉംറയും അടുത്തൊരു ഉംറയും അതിന്നിടയിലുള്ള ചെറിയ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാകുന്നു. സ്വീകാര്യമായ ഹജ്ജിനു സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല. മുസ്ലിം)


48- ദുൽ ഹിജ്ജ : മാസത്തിലെ ആദ്യത്തെ പത്തു ദിനങ്ങളിൽ സൽകർമ്മങ്ങൾ വർധിപ്പിക്കുക

(സൽ പ്രവർത്തനങ്ങൾ ചെയ്യുന്ന ദിവസങ്ങളിൽ വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപെട്ട ദിനങ്ങളാണ് ദുൽ ഹിജ്ജ : ആദ്യത്തെ പത്തു ദിവസങ്ങൾ. സ്വഹാബികൾ ചോദിച്ചു : ജിഹാദിനെക്കാൾ ശ്രേഷ്ടമാണോ ? അവിടുന്ന് : അതെ , ജിഹാദിനെക്കാളും ! ആ ദിവസം തൻറെ തടിയും സ്വത്തുമായി യുദ്ധത്തിനു പോയി ശഹീദായവൻ ഒഴികെ! ബുഖാരി)


49- അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ധർമ്മ സമരം ചെയ്യുക

(അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഒരു ദിവസത്തെ ധർമ്മ സമര സജ്ജീകരണം ഇഹലോകത്തിലുള്ളതിനേക്കാൾ ശ്രേഷ്ഠമായതാണ്. സ്വർഗ്ഗത്തിലെ  നിങ്ങളുടെ ശബ്ദമുള്ള സ്ഥാനം ഇഹലോകത്തുള്ളതിനേക്കാൾ മഹത്തരമാണ്. ബുഖാരി)


50- അല്ലാഹുവിൻറെ മാർഗ്ഗത്തിൽ സമ്പത്ത് ചിലവാക്കുക


51. മയ്യിത്ത് നമസ്കരിക്കുക, ജനാസയെ പിന്തുടരുക :

(ആരെങ്കിലും ജനാസ നമസ്കാരത്തിൽ പങ്കെടുത്താൽ അവനു ഒരു ഖീറാത്തു പ്രതിഫല മു്. അതിനു ശേഷം മറമാടുന്നതിലും കൂടി പങ്കെടുത്താൽ അവനു രണ്ടു ഖീറാത്തു പ്രതിഫലവുമുണ്ട്.) അവർ ചോദിച്ചു : ഖീറാത്തു എന്നാൽ എന്താണ് പ്രവാചകരേ ? അവിടുന്ന് : (രണ്ട് വലിയ മലകളോളം) ബുഖാരി.


52. നാവും ഗുഹ്യസ്ഥാനവും സൂക്ഷിക്കുക :

(ആരാണോ തൻറെ രണ്ട് താടിയെല്ലുകൾക്കിടയിലുള്ളതിനും രണ്ട് കാലുകൾക്കിടയിലുള്ളതിനും തെറ്റായി ഉപയോഗിക്കുകയില്ലെന്നു എനിക്ക് ജാമ്യം നിൽക്കുന്നത് അവനു ഞാൻ സ്വർഗ്ഗം കൊണ്ട് ജാമ്യം നിൽക്കുന്നതാണ്. മുസ്ലിം)

53 - سبحان الله وبحمده  ، لا اله الا الله എന്നിവ ചൊല്ലുക :

ആരെങ്കിലും

لا إله إلا الله وحده لا شريك له ، له الملك وله الحمد وهو على كل شيء قدير 

എന്ന് ഒരു ദി വസം നൂറു തവണ ചൊല്ലിയാൽ അവനു പത്തു അടിമകളെ മോചിപ്പിച്ച പ്രതിഫലമുണ്ട്, അവനു നൂറു നന്മകൾ രേഖപ്പെടുത്തപ്പെടും, അന്നേദിവസം രാവിലെ മുതൽ വൈകിട്ട് വരെ പിശാചിൽ നിന്നു അവനു സുരക്ഷയുണ്ടാകും, ഇതിനേക്കാൾ ശ്രേഷ്ഠമായത് മറ്റൊരാളും കൊണ്ടുവരില്ല.

 سبحان الله وبحمده എന്ന് ഒരു ദിവസം നൂറു തവണ ആരെങ്കിലും ചൊല്ലിയാൽ അവൻറെ ചെറിയതെറ്റുകുറ്റങ്ങൾ മായ്ക്കപ്പെടും; അവ കടലിലെ നുരയോളമുണ്ടായാലും!! (ബുഖാരി.)


54. വഴിയിൽ നിന്നും ഉപദ്രവങ്ങൾ നീക്കം ചെയ്യുക :

(ജനങ്ങൾക്ക് ഉപദ്രവം ചെയ്തിരുന്ന ഒരു വൃക്ഷം വഴിയിൽ നിന്നും മുറിച്ചു നീക്കി സ്വർഗ്ഗത്തിൽ വെച്ച് അത് മറിച്ചു ഇടുന്ന ഒരാളെ ഞാൻ കു. മുസ്ലിം)


55. പെൺ മക്കളെ ദയാപൂർവ്വം വളർത്തുക :

(ആർക്കെങ്കിലും മൂന്നു പെൺമക്കൾ ഉണ്ടാവുകയും അവർക്ക് അത്താണിയായി അവർക്ക് കരുണ കാണിച്ചു അവരെ പോറ്റി വളർത്തുകയും ചെയ്താൽ അയാൾക്ക് സ്വർഗ്ഗം അനിവാര്യമായി. അഹ്മദ്)


56. മൃഗ ജന്തുക്കൾക്ക് നന്മ ചെയ്യുക :

(ഒരാൾ ദാഹിച്ചു അവശനായി മണ്ണ് കപ്പുന്ന ഒരു നായയെ കണ്ടു, അയാൾ അയാളുടെ കാലുറ എടുത്ത് അതിനു ദാഹം തീരുവോളം വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്തു, അക്കാരണത്താൽ അല്ലാഹു അവനു ഉപകാരം ചെയ്യുകയും അവനെ സ്വർഗ്ഗത്തിൽ പ്ര വേശിപ്പിക്കുകയും ചെയ്തു. ബുഖാരി)


57. കുതർക്കം ഒഴിവാക്കുക :

(ന്യായമായ കാര്യത്തിനാണെങ്കിൽ പോലും കുതർക്കം ഒഴിവാക്കുന്നവന്നു സ്വർഗ്ഗത്തോപ്പിൽ ഒരു വീട് ഞാനവന് കൊടുക്കുന്നതിന് ഞാൻ ജാമ്യം നിൽക്കുന്നതാണ്. അബു ദാവുദ്)


58. അല്ലാഹുവിനു വേണ്ടി സഹോദരങ്ങളെ സന്ദർശിക്കുക :

(സ്വർഗ്ഗ പ്രവേശനമുള്ള ഒരാളെ നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം: നബി സ്വർഗ്ഗത്തിലാണ്, സിദ്ദീഖും സ്വർഗ്ഗത്തിലാണ്. ഒരാൾ മിസ്രിലെ ഏതോ ഒരു ഭാഗത്തുള്ള തൻറെ ഒരു സഹോദരനെ സന്ദർശിക്കുന്നു;എന്നാൽ സ്വർഗ്ഗത്തെയാണയാൾ സന്ദർശിക്കുന്നത് ബുഖാരി)


59. ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കുക :

(ഒരു സ്ത്രീ അഞ്ചുനേരം നമസ്കരിച്ചു, നോമ്പൊക്കെ അനുഷ്ഠിച്ചു, തൻറെ ദാമ്പത്യം പവിത്രമായി സൂക്ഷിച്ചു, തൻറെ ഭർത്താവിനെ അനുസരിച്ച് നടന്നു, എങ്കിൽ ഇഷ്ടമുള്ള സ്വർഗ്ഗ കവാടത്തിലൂടെ അവൾക്കു പ്രവേശിക്കാം. (ഇബ്നു ഹിബ്ബാൻ)


60. ഭിക്ഷാടനം നിറുത്തുക :

(മനുഷ്യരോട് ഒന്നും ചോദിക്കില്ലെന്നു ആരാണോ എനിക്ക് ഉറപ്പു തരുന്നത് അയാൾക്ക് ഞാൻ സ്വർഗ്ഗം നൽകാൻ ബാധ്യസ്ഥനാണ്.

അംറ്ബ്നുൽ ജമൂഹ് [റ]



നബി  (സ) അംറുബ്നുല്‍ ജമൂഹിന്റെ ശരീരത്തില്‍ നോക്കിയിട്ട് പറഞ്ഞു: 'എന്റെ ശരീരം ആരുടെ കരങ്ങളിലാണോ ആ നാഥനെതന്നെ സത്യം! അംറുബ്നുല്‍ജമൂഹ് സ്വര്‍ഗത്തില്‍ തന്റെ മുടന്തന്‍ കാലുകൊണ്ട് ചവിട്ടുന്നതായി ഞാന്‍ കാണുകയുണ്ടായി.' തുടര്‍ന്ന് നബി  (സ) അബ്ദുല്ലാഹിബ്നുഅംറിന്റെ അടുത്തുനിന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ജാബിറുബ്നു അബ്ദില്ലാഹ് വന്നു, പിതാവിന്റെ മുഖത്ത് ചുംബനങ്ങള്‍ അര്‍പ്പിച്ചു. സ്വഹാബികള്‍ അദ്ദേഹത്തെ തടഞ്ഞുവെങ്കിലും നബി  (സ) ഒന്നും തന്നെ പറഞ്ഞില്ല.

കാലിലെ കഠിനമായ മുടന്തോടു കൂടി സ്വര്‍ഗത്തില്‍ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികന്‍. അംറുബ്നുല്‍ജമൂഹ്(റ) . ഇരുണ്ട യുഗത്തിലെ യസ്രിബിലെ പൌര പ്രമുഖന്‍…ബനൂസലമഃ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്… വിശ്രുതനായ ധര്‍മിഷ്ഠന്‍… മാന്യ വ്യക്തിത്വത്തിനുടമ…

ജാഹിലിയ്യത്തില്‍ പ്രമാണിമാരെല്ലാം സ്വന്തം വീടുകളില്‍ ബിംബങ്ങളെ പ്രതിഷ്ഠികക്കുക പതിവുണ്ടായിരുന്നു… പ്രഭാത പ്രദോഷങ്ങളില്‍ പ്രണാമങ്ങളര്‍പ്പിക്കുക, ആണ്ടു തോറും ബലി നടത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ അഭയം തേടുക ഇവയായിരുന്നു ഉദ്ദേശ്യം..

അംറുബ്നുല്‍ ജമൂഹിന്റെ വിഗ്രഹത്തിന് മനാത്ത് എന്നായിരുന്നു പേര്‍. വിലപിടിച്ച മരത്തടിയില്‍ തീര്‍ത്തതായിരുന്നു അത്. മനാത്തിനെ പരിചരിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എപ്പോഴും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ ആ വിഗ്രഹത്തില്‍ അദ്ദേഹം നിര്‍ല്ലോഭം വാരിപ്പൂശി.

അംറുബ്നുല്‍ ജമൂഹിന് അറുപത് പിന്നിട്ടു. അപ്പോഴാണ് ഇസ്ലാമിക വിശ്വാസത്തിന്റെ പൊന്‍കിരണങ്ങള്‍ യസ്രിബിലെ വീടുകളില്‍ പ്രകാശം പരത്താന്‍ തുടങ്ങിയത്….

മദീനയിലെത്തിയ ആദ്യ സത്യസന്ദേശ വാഹകന്‍ മഹാനായ മുസ്വ്അബുബ്നു ഉമൈര്‍(റ)ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്.

അംറുബ്നുല്‍ജമൂഹിന്റെ മൂന്ന് പുത്രന്മാര്‍; മുഅവ്വിദ്, മആദ്, ഖല്ലാദ് എന്നിവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നു ജബലും അവര്‍ മുഖേന സത്യവിശ്വാസികളായിത്തീര്‍ന്നു.

മൂന്ന് പുത്രന്മാരോടൊപ്പം അവരുടെ മാതാവ് ഹിന്ദും ഇസ്ലാം മതം ആശ്ളേഷിച്ചു…അവരുടെ മതപരിവര്‍ത്തനത്തെക്കുറിച്ച് യാതൊരറിവും അംറിന് കിട്ടിയിരുന്നില്ല.

അംറുബ്നുല്‍ ജമൂഹിന്റെ ഭാര്യ ഹിന്ദ് യസ്രിബില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ശരിക്കും ഉള്‍ ക്കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആ നാട്ടുകാരില്‍ നേതാക്കളും പ്രജകളുമായി സിംഹഭാഗവും ഇസ്ലാം മതാനുയായികളായിരിക്കുന്നു. ബഹുദൈവ വിശ്വാസികളായി ശേഷിക്കുന്നവര്‍ തന്റെ ഭര്‍ത്താവും വിരലിലെണ്ണാവുന്ന കുറച്ചു പേരും മാത്രം…..!

അവര്‍ക്ക് ഭര്‍ത്താവിനോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. കാഫിറായി മരിക്കേണ്ടി വന്നാല്‍ അദ്ദേഹം ശാശ്വതമായി നരകാഗ്നിയിലായിരിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ സഹതാപവും തോന്നുന്നുണ്ട്…..

അതേസമയം….അംറും വലിയ ഭയപ്പാടിലായിരുന്നു…തന്റെ മക്കള്‍ പിതാമഹന്മാരുടെ വിശ്വാസാചാരങ്ങള്‍ കൈവെടിഞ്ഞ് പുതിയ മതത്തില്‍ അകപ്പെട്ടുപോകുമോ എന്നതായിരുന്നു അദ്ദേഹം ചിന്തിച്ചത്…കാരണം ദീനീ പ്രബോധകനായ മുസ്വ്അബുബ്നുഉമൈര്‍(റ)മുഖേന ചുരുങ്ങിയ കാലയളവില്‍ വളരെയധികം പേര്‍ മുത്ത് മുഹമ്മദ്(ﷺ) തങ്ങളുടെ മതത്തില്‍ ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു……

അംറ് തന്റെ ഭാര്യയോട് പറഞ്ഞു: ‘ഹിന്ദ്….! ഈ പുതിയ മത വൃത്താന്തവുമായി വന്നയാളോട് നമ്മുടെ മക്കള്‍ സന്ധിച്ചു പോകുന്നത് ശരിക്കും സൂക്ഷിക്കണം…ഞാന്‍ തീരുമാനിക്കും പോലെ മതി ഇവിടുത്തെ കാര്യങ്ങള്‍’.

ഭാര്യ പറഞ്ഞു: ‘ശരി…പക്ഷേ, ഒന്നു ചോദിച്ചോട്ടെ… നിങ്ങളുടെ മകന്‍ മുആദ് അയാളില്‍ നിന്ന് എന്തോ കേട്ട് പഠിച്ചിരിക്കുന്നു…അതെന്താണെന്ന് നിങ്ങള്‍ക്കൊന്ന് കേട്ടുകൂടെ….?!’

അംറ് ചോദിച്ചു ‘എന്ത്…! ഞാനറിയാതെ മതം മാറിയോ…?!’

ആ നല്ല സ്ത്രീക്ക് വയസ്സായ ഭര്‍ത്താവിനോട് സഹതാപം തോന്നി…അവര്‍ പറഞ്ഞു.

‘ഹേയ്, അതൊന്നുമല്ല…അയാളുടെ ഏതോ ഒരു ക്ളാസില്‍ പങ്കെടുത്തിരുന്നു പോല്‍…..! അങ്ങനെ മനഃപാഠമാക്കിയതാണ്’.

‘എങ്കില്‍ മുആദിനെ വിളിക്ക്…! അംറ് കല്‍പിച്ചു.

മുആദ് വന്നപ്പോള്‍ അംറ് പറഞ്ഞു: ‘ആ മനുഷ്യന്‍ പറയുന്നതെന്താണെന്ന് എന്നെ കേള്‍പ്പിക്കൂ’.

മകന്‍ മുആദ് സൂറത്തുല്‍ ഫാതിഹഃ സുന്ദരമായ ശൈലിയില്‍ ഓതിക്കേള്‍പ്പിച്ചു. സശ്രദ്ധം കേട്ടിരുന്ന അംറ് പറഞ്ഞു:

‘ഹാ…! എത്ര സുന്ദരമായ ഈരടികള്‍…! അദ്ദേഹം പറയുന്ന വാക്കുകളെല്ലാം ഇതുപോലെ സുന്ദരമാണോ…?’

മുആദ് പറഞ്ഞു. ‘ഇതിനേക്കാള്‍ സുന്ദരമാണ് ഉപ്പാ…നിങ്ങള്‍ അവരോട് ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നുവോ…? നിങ്ങളുടെ ജനത മുഴുക്കെ അദ്ദേഹത്തോടൊപ്പം ചേര്‍ന്നുകഴിഞ്ഞു’.

അംറ് പറഞ്ഞു. ‘ഞാന്‍ എന്റെ ദൈവമായ മനാത്തിനോടൊന്ന് തിരക്കട്ടെ… എന്നിട്ട് വേണ്ട പോലെ ചെയ്യാം…!’

മകന്‍ പറഞ്ഞു: ‘മനാത്ത് എന്ത് പറയാനാണ് ഉപ്പാ…! ബുദ്ധി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത വെറും മരക്കഷണമല്ലേ അത്…?’

ആ വൃദ്ധപിതാവിന് കലികയറി അദ്ദേഹം പറഞ്ഞു:

‘മനാത്തിനോട് ചോദിക്കാതെ ഒരു കാര്യത്തിലും ഞാന്‍ തീരുമാനമെടുക്കില്ലെന്ന് അറിയില്ലേ നിനക്ക്…?’

അംറുബ്നുല്‍ ജമൂഹ് തന്റെ വിഗ്രഹത്തെ സമീപിച്ചു. അറബികള്‍ ബിംബത്തോട് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ പിന്നില്‍ ഒരു വൃദ്ധ സ്ത്രീയെ നിര്‍ത്താറുണ്ടായിരുന്നു. ചോദ്യങ്ങള്‍ക്കും മറ്റും ആ സ്ത്രീ നല്‍കുന്ന മറുപടി ദൈവീക വെളിപാടാണെന്നായിരുന്നു അവരുടെ വിശ്വാസം.

അദ്ദേഹം ആരോഗ്യമുള്ള തന്റെ കാലു കൊണ്ട് ശരീരത്തിന്റെ ഭാരം താങ്ങി നിര്‍ത്തി. മറ്റേകാല്‍ മുടന്തുള്ളത് കൊണ്ട് ഉപയോഗശുന്യമായിരുന്നു. ദൈവത്തിന് സ്തുതി കീര്‍ത്തനങ്ങളര്‍പ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി:

‘മനാത്ത്…മക്കയില്‍ നിന്ന് പുത്തന്‍ സന്ദേശവുമായെത്തിയ ആ വ്യക്തി ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തയാളാണ്… എന്നാല്‍ ബിംബാരാധനയെ അദ്ദേഹം കഠിനമായി എതിര്‍ക്കുന്നു. ഇക്കാര്യമെല്ലാം അങ്ങുന്ന് അറിഞ്ഞിട്ടുണ്ടാകുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല…അയാളുടെ വാക്കുകള്‍ കര്‍ണ്ണാനന്ദകരവും സുന്ദരവുമാണ്… പക്ഷേ, അവിടുത്തോട് ആലോചിച്ച ശേഷമാവാം എന്ന നിലക്ക് തല്‍ക്കാലം അയാളുടെ കൂടെ ഞാന്‍ ചേരാതിരുന്നതാണ്….അത് കൊണ്ട് ഞാനെന്തു ചെയ്യണമെന്ന് അരുളിയാലും….!’

മനാത്ത് ഒന്നും മിണ്ടിയതേയില്ല. അംറ് തുടര്‍ന്നു,

‘ഞാന്‍ ചോദിച്ചതില്‍ അവിടുത്തേക്ക് വെറുപ്പ് തോന്നിയിട്ടുണ്ടെങ്കില്‍ പൊറുക്കണം… ഇനി മേലില്‍ വിഷമമുണ്ടാക്കുന്ന ഒരു കാര്യം എന്നില്‍ നിന്നുണ്ടാവുകയില്ല… ഏതായാലും കുറച്ച് ദിവസത്തേക്ക് എനിക്ക് വിട തരിക…ദേഷ്യമെല്ലാം അടങ്ങിയിട്ട് വരാം’.

അംറുബ്നില്‍ജമൂഹിന് മനാത്തിനോടുള്ള അഭേദ്യമായ മാനസിക ബന്ധം പുത്രന്മാര്‍ക്ക് നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ആ ബന്ധത്തിന്റെ സ്വാധീനം പ്രകടവുമായിരുന്നു…എന്നാല്‍ ആ ബന്ധത്തിന്റെ വേരുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് ഇളകിത്തുടങ്ങിയിരിക്കുന്നു എന്നവര്‍ മനസ്സിലാക്കി… അത് എന്നെന്നേക്കുമായി നിഷ്കാസനം ചെയ്യുക തങ്ങളുടെ ബാധ്യതയാണെന്ന് അവര്‍ക്കുത്തമബോധ്യമുണ്ട്….അതാണ് അദ്ദേഹം ഇസ്ലാമിലേക്ക് വരാനുള്ള ഏക മാര്‍ഗ്ഗവും….

അംറിന്റെ മക്കള്‍ മൂവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നുജബലും കൂടി രാത്രിയുടെ മറവില്‍ മനാത്ത് ഇരിക്കുന്ന മുറിയിലേക്ക് ചെന്നു. അതിനെ തല്‍സ്ഥാനത്തു നിന്ന് ഇളക്കിയെടുത്ത് ഒരു പൊട്ടക്കിണറ്റില്‍ കൊണ്ട് തള്ളിയിട്ടു… ബനൂസലമഃ ഗോത്രക്കാര്‍ ചപ്പുചവറുകള്‍ കൊണ്ടിടുന്ന സ്ഥലം. ആരുമറിയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.

അടുത്ത സുപ്രഭാതം…അംറ് താഴ്മയോടെ പുറപ്പെട്ടു, മനാത്തിനെ കണ്ട് വണങ്ങാന്‍…! എന്നാല്‍ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി… മനാത്ത് അപ്രത്യക്ഷനായിരിക്കുന്നു…?!

അദ്ദേഹം ഗര്‍ജ്ജിച്ചു. ‘എവിടെ എന്റെ ദൈവം…???’ ആരും ഒരക്ഷരം മിണ്ടിയില്ല.

അദ്ദേഹം വീടിനകത്തും പുറത്തും അരിച്ചു പെറുക്കി….കോപക്രാന്ദനായി അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു…അവസാനം…അതാ കിടക്കുന്നു ദൈവം ചെളിക്കുണ്ടില്‍ തലകീഴായി…!!

അദ്ദേഹം അതിനെ ചെളിക്കുണ്ടില്‍ നിന്ന് വാരിയെടുത്ത് കുളിപ്പിച്ചു വൃത്തിയാക്കി. സുഗന്ധദ്രവ്യങ്ങള്‍ പൂശി തല്‍സ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു. മനാത്തിനോടായി അദ്ദേഹം പറഞ്ഞു. ‘ദൈവമാണ് സത്യം, ഈ നീചകൃത്യം ചെയ്തത് ആരാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വേണ്ട പ്രതികാരം ഞാന്‍ ചെയ്യുമായിരുന്നു.’

അടുത്ത സന്ധ്യ…ആ സുഹൃത്തുക്കള്‍ തലേന്ന് ചെയ്ത കൃത്യം ആവര്‍ത്തിച്ചു. നേരം പുലര്‍ന്നു…അംറ് പൂജാമുറിയില്‍ പ്രവേശിച്ചു…ദൈവം സ്ഥലം വിട്ടിരിക്കുന്നു…അന്വേഷിച്ചപ്പോള്‍ പൊട്ടക്കുഴിയില്‍ ചെളിയും പുരണ്ട് ദയനീയമായി ശയിക്കുന്നു….അദ്ദേഹം അതിനെയെടുത്ത് വൃത്തിയാക്കി കുളിപ്പിച്ചു…അത്ത്വര്‍ പൂശി പൂര്‍വ്വസ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു.

അതിന് ശേഷം എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു…യുവാക്കള്‍ വിഗ്രഹം എടുത്ത് ചെളിക്കുണ്ടിലെറിയും…. ആ വയോവൃദ്ധന്‍ അതിനെയെടുത്ത് വൃത്തിയാക്കും…സഹികെട്ടപ്പോള്‍ അംറുബ്നുല്‍ജമൂഹ് ഒരു പുതിയ പദ്ധതി പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹം ഒരു ദിവസം ഉറങ്ങുന്നതിന് മുമ്പായി തന്റെ കരവാള്‍ എടുത്ത് മനാത്തിന്റെ കഴുത്തില്‍ കെട്ടിയിട്ട് പറഞ്ഞു:

‘മനാത്ത്…! ആരാണ് ഈ നികൃഷ്ടതക്ക് പിന്നില്‍ എന്ന് എനിക്ക് പിടികിട്ടുന്നില്ല. അത് കൊണ്ട് നിനക്ക് വല്ല കഴിവുമുണ്ടെങ്കില്‍ നീ സ്വയം പ്രതിരോധിച്ചുകൊള്ളുക…..! ഇതാ ഈ വാള്‍ തന്റെ കയ്യിലിരിക്കട്ടെ….!’

അദ്ദേഹം ഉറങ്ങാന്‍ കിടന്നു. ഗാഢ നിദ്രയിലാണ്ടുകഴിഞ്ഞു എന്ന് ബോധ്യപ്പെട്ടപ്പോള്‍ യുവാക്കള്‍ വിഗ്രഹത്തിനടുത്തെത്തി…കഴുത്തില്‍ നിന്ന് വാള്‍ അഴിച്ചുമാറ്റി…വീട്ടിന് പുറത്ത് കൊണ്ട്പോയി ഒരു ചത്ത നായയെയും വിഗ്രഹത്തെയും തമ്മില്‍ കൂട്ടിക്കെട്ടി അഴുക്കു നിറഞ്ഞ കിണറ്റില്‍ ഇട്ടു……

പ്രഭാതം വിടര്‍ന്നു……. വിഗ്രഹം അപ്രത്യക്ഷമായത് കണ്ട വൃദ്ധന്‍ അന്വേഷിച്ചു നടന്നു… അതാ ചെളിക്കുഴിയില്‍ കിടക്കുന്നു. കൂടെ ഒരു നായയുടെ ശവവും ഉണ്ട്…ഇപ്രാവശ്യം അദ്ദേഹം മനാത്തിനെ കരക്കു കയറ്റിയില്ല… അതിനെ അവിടെ തന്നെ ഉപേക്ഷിച്ചു കൊണ്ടദ്ദേഹം പാടി.

‘ആഴിയില്‍ ശ്വാനസാമീപ്യം കൈക്കൊണ്ടെന്തിന് കിടക്കുന്നു ദൈവമാവുകില്‍ നീ’.

അദ്ദേഹം പിന്നെയൊട്ടും താമസിച്ചില്ല….അല്ലാഹുവിന്റെ ദീനില്‍ അംഗമായിച്ചേര്‍ന്നു:

‘അശ്ഹദു അല്ലാഇലാഹ………..’

അംറുബ്നുല്‍ ജമൂഹ്(റ)സത്യ വിശ്വാസത്തിന്റെ മാധുര്യം നുണഞ്ഞു. മുശ്രിക്കായി കഴിച്ചുകൂട്ടിയ ഓരോ നിമിഷങ്ങളുമോര്‍ത്ത് ദുഃഖിച്ച് വിരലു കടിച്ചു… പുതിയ മതത്തിനായി തന്റെ ദേഹവും ദേഹിയും അദ്ദേഹം ഉഴിഞ്ഞു വെച്ചു. സ്വന്തം ശരീരവും സമ്പത്തും മക്കളും അല്ലാഹുവിനും റസൂല്‍ (ﷺ) തങ്ങൾക്കുമായി സമര്‍പിച്ചു.

അധികം കഴിഞ്ഞില്ല…ഉഹ്ദ് യുദ്ധം സമാഗതമായി. മക്കള്‍ ധൃതിയില്‍ ഒരുങ്ങുന്നത് അംറ് കണ്ടു. കാനന സിംഹങ്ങളുടെ ശൌര്യം അവരുടെ ഓരോ ചുവടുവെപ്പിലും അനുനിമിഷം പ്രകടമായി… വീര രക്തസാക്ഷിത്വം വരിച്ച് അല്ലാഹുവിന്റെ പ്രീതി നേടാന്‍ അവരുടെ ഹൃദയം ത്രസിച്ചുകൊണ്ടിരിക്കുകയാണ്.

ആ കാഴ്ചകള്‍ അംറുബ്നുല്‍ ജമൂഹ്(റ)വിന്റെ അഭിമാനബോധത്തെ തൊട്ടുണര്‍ത്തി. അദ്ദേഹവും മഹാനായ നബി(ﷺ) തങ്ങളുടെ പതാകക്കു കീഴില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.

പക്ഷേ,…അദ്ദേഹത്തെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുത്രന്മാര്‍ ഒറ്റക്കെട്ടായി ശ്രമിച്ചു. കാരണം പിതാവ് വാര്‍ധക്യത്തിന്റെ പടുകുഴിയിലാണ്….മാത്രമല്ല, ഒറ്റക്ക് നടക്കാന്‍ പോലും കഴിയാത്ത മുടന്താണ് കാലിന്…. അതു കൊണ്ടുതന്നെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു പറഞ്ഞ വിഭാഗത്തില്‍പെട്ടയാളുമാണദ്ദേഹം….

മക്കള്‍ പറഞ്ഞു: ‘പിതാവേ…കാലിന് മുടന്തുള്ളവര്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞിട്ടുണ്ടല്ലോ… അല്ലാഹു വിട്ടുവീഴ്ച തന്ന ഒരു കാര്യത്തിന് പിന്നെ നിങ്ങളെന്തിന് ശരീരത്തെ ബുദ്ധിമുട്ടിക്കണം….’

അവരുടെ വാക്കു കേട്ട് ആ വന്ദ്യ വയോധികന്‍ വല്ലാതെ ദേഷ്യപ്പെട്ടു… അവര്‍ നബി(ﷺ) തങ്ങളുടെ അടുക്കല്‍ അന്യായം ബോധിപ്പിച്ചു:

‘അല്ലാഹുവിന്റെ ദൂതരേ…ഈ മഹത്തായ കാര്യത്തില്‍ പങ്കുകൊള്ളുന്നതിന് എന്റെ പുത്രന്മാര്‍ തടസ്സം ഉന്നയിക്കുകയാണ്…ഞാന്‍ മുടന്തുള്ളയാളാണെന്നാണവര്‍ കാരണം പറയുന്നത്…അല്ലാഹുവാണ് സത്യം…എന്റെ ഈ മുടന്തുകാലുമായി സ്വര്‍ഗത്തില്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു നബിയേ…’

നബി(ﷺ) തങ്ങൾ അംറ് (റ) വിന്റെ പുത്രന്മാരോട് പറഞ്ഞു: ‘നിങ്ങള്‍ പിതാവിനെ തടയേണ്ടതില്ല. അല്ലാഹു അവര്‍ക്ക് രക്തസാക്ഷിയാവാനുള്ള ഭാഗ്യം നല്‍കിയേക്കാം….’

നബി(ﷺ) തങ്ങളുടെ നിര്‍ദേശം മക്കള്‍ അംഗീകരിച്ചു.

യുദ്ധത്തിന് പുറപ്പെടാറായി….അംറുബ്നുല്‍ജമൂഹ്(റ)തന്റെ ഭാര്യയോട് യാത്ര പറഞ്ഞിറങ്ങി…ഇനിയൊരിക്കലും തിരിച്ചു വരാത്ത യാത്രാമൊഴി…ശേഷം അദ്ദേഹം ഖിബ്ലക്ക് മുന്നിട്ട് ഇരു കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ഥിച്ചു:

‘അല്ലാഹുവേ…! എന്നെ നീ ശഹീദാക്കേണമേ….! എന്നെ എന്റെ വീട്ടിലേക്ക് ആശയറ്റവനായി മടക്കരുതേ…’

അംറുബ്നുല്‍ ജമൂഹ് (റ) യുദ്ധത്തിനിറങ്ങി…ചുറ്റും മൂന്ന് മക്കളും കുടുംബത്തില്‍ നിന്നുള്ള വലിയൊരു സംഘവും ഉണ്ട്.

രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു… മുഅ്മിനുകള്‍ നബി(ﷺ) തങ്ങളുടെ സമീപത്ത് നിന്നകന്ന് കൊ ണ്ടിരിക്കുകയാണ്… മഹാനായ അംറുബ്നുല്‍ ജമൂഹ്(റ)ഏറ്റവും മുമ്പില്‍ തന്നെ ഉണ്ട്. മുടന്തില്ലാത്ത കാലില്‍ ചാടിയാണ് അവര്‍ മുന്നേറിക്കൊണ്ടിരുന്നത്… പോരാടുമ്പോള്‍ അവരുടെ അധരങ്ങള്‍ ആവര്‍ത്തിച്ചു ചലിച്ചുകൊണ്ടിരിക്കുന്നു….

‘എനിക്ക് സ്വര്‍ഗത്തില്‍ കടക്കാന്‍ അത്യാര്‍ത്തിയുണ്ട്…’
അദ്ദേഹത്തിന്റെ തൊട്ടു പിന്നില്‍ ഖല്ലാദുണ്ട്… ആ സ്വഹാബിയും മകനും നബി(ﷺ) തങ്ങളെ സംരക്ഷിക്കാനായി പടവെട്ടിക്കൊണ്ടിരിക്കുകയാണ്. അധികം കഴിഞ്ഞില്ല…യുദ്ധഭൂമിയില്‍ പിതാവും മകനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശഹീദായി വീണു.

യുദ്ധം അവസാനിച്ചു…റസൂല്‍(ﷺ) തങ്ങൾഉഹ്ദില്‍ ശഹീദായവരെ മറമാടാനായി എഴുന്നേറ്റു…നബി (ﷺ) തങ്ങൾ സ്വഹാബത്തിനോട് പറഞ്ഞു: ‘ശഹീദായവരെ കുളിപ്പിക്കാതെ തന്നെ മറവ് ചെയ്യുക. ഞാനവര്‍ക്ക് സാക്ഷിയാണ്…!’

നബി(ﷺ) തങ്ങൾ തുടര്‍ന്നു: ‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ആര്‍ക്കെങ്കിലും ഒരു മുറിവ് ഏല്‍ക്കേണ്ടിവന്നാല്‍ അന്ത്യ ദിനത്തില്‍ അതില്‍നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കും… ആ രക്തത്തിന്റെ നിറം കുങ്കുമത്തിന്റെതും വാസന കസ്തൂരിയുടെതുമായിരിക്കും…’

അവിടുന്ന് തുടര്‍ന്നു. ‘അംറുബ്നുല്‍ജമൂഹ് (റ) വിനെയും അബ്ദുല്ലാഹിബ്നു അംറ് (റ) വിനെയും ഒരേ ഖബ്റില്‍ മറവ് ചെയ്യുക. അവര്‍ തമ്മില്‍ നിഷ്കളങ്കമായി സ്നേഹിച്ചവരായിരുന്നു.’ അല്ലാഹു (സു) അംറുബ്നുല്‍ ജമൂഹ്(റ)വിനെയും കൂട്ടുകാരായ ഉഹ്ദിലെ രക്തസാക്ഷികളെയും തൃപ്തിപ്പെടുമാറാകട്ടെ…ആമീന്‍.



മറ്റൊരു ലേഖനം കൂടി വായിക്കാം

ദിവസങ്ങള്‍ പതുക്കെ കടന്നുപോയി. ബനൂസലിമ ഗോത്രത്തലവനായ അംറുബ്നുല്‍ ജമൂഹ് കാത്തിരുന്ന് മുഷിഞ്ഞു. പ്രതിവര്‍ഷം എല്ലാ അറബികളും സമ്മേളിക്കുന്ന മക്കയില്‍ പങ്കെടുക്കാനും ഖുറൈശിനെ സന്ദര്‍ശിക്കാനും വേണ്ടി മദീനയില്‍ നിന്നുപോയ സംഘം ഇനിയും തിരിച്ചെത്തിയിട്ടില്ല. ആ സംഘത്തില്‍ തന്റെ പ്രിയപുത്രന്‍ മുആദും ഏക ആത്മസുഹൃത്ത് അബ്ദുല്ലാഹിബ്നു അംറും ഉള്‍പെടുന്നു. അവരെ കാണാത്തതിലുള്ള ചിന്തകള്‍ അദ്ദേഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

നീണ്ട കാത്തിരിപ്പിനു ശേഷം അവര്‍ വന്നു. പുത്രനെയും സുഹൃത്തിനെയും കണ്ടപ്പോള്‍ അംറുബ്നുല്‍ജമൂഹ് അത്യധികം സന്തോഷിച്ചു. ഓടിച്ചെന്ന് അവരെ സ്വീകരിച്ചു. പക്ഷേ, ഒരു നിമിഷം! അദ്ദേഹത്തിന്റെ സന്തോഷങ്ങളെല്ലാം സന്താപങ്ങളായി മാറി. പ്രസന്നമായിരുന്ന ആ മുഖം വാടി. ഇതെന്തൊരത്ഭുതം! തന്റെ അരുമ മകനും ആത്മമിത്രവും തന്നെ മറന്നുപോയോ? അവരെന്നെ അറിയുകയില്ലേ? അവരുടെ മുഖത്ത് തന്നോടൊരു പുഞ്ചിരി പോലും കാണുന്നില്ലല്ലോ! അവിടെ ആഴമേറിയ എന്തോ ചിന്തകളുടെ പ്രതിഫലനങ്ങള്‍ മാത്രം കാണുന്നു!

പരിഭ്രാന്തനായ അംറ് സംഘത്തിലെ മറ്റുള്ള ജനങ്ങളെ അഭിമുഖീകരിച്ചു. അവരാകട്ടെ കുടുംബത്തലവനായ തന്നോട് സംസാരിക്കുന്നുപോലുമില്ല! അവര്‍ക്കെല്ലാം എന്തുപറ്റി! എന്തെങ്കിലുമാവട്ടെ, തന്റെ ആത്മിത്രത്തിനെന്തുപിണഞ്ഞു?! അബ്ദുല്ലാഹിബ്നു അംറ് പോലും എന്നോട് നന്നായി വര്‍ത്തിക്കുന്നില്ലല്ലോ! എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം ചിന്തയിലാണ്ടു. അവസാനമാണറിയുന്നത്, ഇവരെല്ലാം ഒരു പുതിയ മതം അവലംബിച്ചിരിക്കുന്നുവെന്ന്!


മക്കയില്‍ ചെന്ന അവര്‍ മുഹമ്മദ് എന്ന പുതിയ പ്രവാചകനെ കണ്ടു. അദ്ദേഹത്തിന്റെ മതം പരിചയപ്പെടുകയും അവിടെവെച്ചുതന്നെ അതില്‍ ചേരുകയും ചെയ്തിരിക്കുന്നുവത്രെ-ഈ മതത്തെക്കുറിച്ച് ഞാനും ആത്മസുഹൃത്തും അബ്ദുല്ലാഹിബ്നു അംറും ആഴത്തില്‍ ചിന്തിച്ചിരുന്നുവല്ലോ. അതിന്റെ മഹത്ത്വവും പരിശുദ്ധതയും അന്നുതന്നെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷേ, അത് നമ്മുടെ പിതാക്കളുടെയും പ്രപിതാക്കളുടെയും മഹനീയ പാരമ്പര്യത്തിനെതിരെ നാം ചെയ്യുന്ന വെല്ലുവിയാണെന്ന് പറഞ്ഞ് അന്ന് ഞങ്ങള്‍ അത് വേണ്ടെന്നുവെച്ചതല്ലേ? മറ്റുള്ളവരുടേത് പോകട്ടെ, ആ അബ്ദുല്ലാക്ക് ഇന്നെന്തുപറ്റി?-അംറ് ചിന്തിച്ചു.

അതെ, തന്റെ അഭാവത്തില്‍ നടന്ന ആ മഹാപരിവര്‍ത്തനം അംറുബ്നുല്‍ജമൂഹ് അറിഞ്ഞിരുന്നില്ല. പാരമ്പര്യവും പൈതൃകങ്ങളും പുതിയ മതം അവലംബിക്കുന്നതില്‍ നിന്ന് തന്റെ പുത്രന്‍ മുആദിനെയോ കൂടെയുള്ള തന്റെ ഗോത്രക്കാരായ യുവാക്കളെയോ തടഞ്ഞില്ല. യഥാര്‍ഥ മോചനമാര്‍ഗവും സന്മാര്‍ഗവും കണ്ടപ്പോള്‍ അവരതിനെ വാരിപ്പുണര്‍ന്നു. ഇതിന്റെ പിന്നില്‍ 'എന്തും വരട്ടെ, കാണാം' എന്നതായിരുന്നു അവരുടെ ചിന്ത.

കഅ്ബുബ്നുമാലിക്(റ) ആയിരുന്നു അവര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അവര്‍ സഹയാത്രികനായ അബ്ദുല്ലാഹിബ്നു അംറിനെ അവരുടെ മതത്തിലേക്ക് പ്രബോധനം ചെയ്തു. അല്ലാഹുവിന്റെ മതത്തിന്റെ സത്യസന്ധതയും സുവിശേഷതകളും അവര്‍ അദ്ദേഹത്തെ തെര്യപ്പെടുത്തി. ഇരുട്ടിലാണ്ടു കിടക്കുന്ന തന്റെ ജീവിതം പ്രഭാപൂരിതമാക്കാന്‍ അബ്ദുല്ലാഹിബ്നു അംറിനെ ക്ഷണിച്ചു. 'താങ്കള്‍ ഞങ്ങളുടെ കുടുംബനേതാക്കളില്‍ പ്രമുഖനും ശ്രേഷ്ഠനുമാണ്. നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍ നരകാഗ്നിയുടെ വിറകായിത്തീരുന്നതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇസ്ലാമിലേക്ക് താങ്കളെ ക്ഷണിക്കുന്നു. അതിനാല്‍, താങ്കള്‍ മുസ്ലിമാകുക!' ദൈവിക യാഥാര്‍ഥ്യം ആ തുറന്ന ഹൃദയം ഗ്രഹിച്ചു. അവിടെവെച്ചുതന്നെ മുസ്ലിമായി.

ഈ യാഥാര്‍ഥ്യങ്ങളൊന്നും തന്നെ ഇബ്നുല്‍ജമൂഹ് അറിഞ്ഞിരുന്നില്ല. മദീനക്കാര്‍ നബി ÷ യോട് രണ്ടാമതൊരു വലിയ സന്ധി (അല്‍ബൈഅത്തുസ്സാനിയ)യിലേര്‍പ്പെട്ട വിവരം അദ്ദേഹം കേട്ടിട്ടില്ലായിരുന്നു. 'നിങ്ങളുടെ സന്തതികളെയും ഭാര്യമാരെയും എന്തുകൊണ്ടെല്ലാം സംരക്ഷിക്കുന്നുവോ അതുകൊണ്ടെല്ലാം എന്നെയും സംരക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറാണെന്ന വ്യവസ്ഥയില്‍ നിങ്ങളോട് ഞാന്‍ സന്ധിയിലേര്‍പ്പെടുന്നു\'വെന്ന് പ്രവാചകന്‍ ÷ പറഞ്ഞപ്പോള്‍ ആദ്യമായി അവിടുത്തോട് സന്ധിയിലേര്‍പ്പെട്ടത് ബനൂസലിമ ഗോത്രത്തിന്റെ പ്രധാന തലവനായ ബറാഉബ്നു മഅ്റൂറാണെന്ന് അംറുബ്നുല്‍ജമൂഹ് അറിഞ്ഞില്ല. സന്ധി ചെയ്തപ്പോള്‍ ബറാഉബ്നു മഅ്റൂര്‍ പറഞ്ഞു: \'അങ്ങയെ സത്യവുമായി നിയോഗിച്ച നാഥന്‍ തന്നെ ശപഥം! ഞങ്ങള്‍ സ്വന്തം ശരീരങ്ങളെ എങ്ങനെയെല്ലാം സംരക്ഷിക്കുന്നുവോ അപ്രകാരം താങ്കളെയും സംരക്ഷിക്കുന്നതാണ്. അതിനാല്‍ താങ്കള്‍ ഞങ്ങളോട് സന്ധിയിലേര്‍പ്പെട്ടാലും! ഞങ്ങള്‍ നീണ്ട കാല സംഘട്ടനത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ആളുകളാണ്. പ്രവാചകരേ, അത് ഞങ്ങള്‍ തലമുറകളായി പൈതൃകമായെടുത്തുവന്നതാണ്.\' തുടര്‍ന്ന് അബ്ദുല്ലാഹിബ്നു അംറ് ബൈഅത്ത് ചെയ്തു; അംറുബ്നു ജമൂഹിന്റെ പുത്രന്‍ മുആദും പിന്നെ മറ്റെല്ലാ മുസ്ലിംകളും.

അവര്‍ വളരെ സന്തുഷ്ടരായി അവിടെ നിന്നു മടങ്ങി. അവരുടെ ഹൃദയങ്ങളിലുണ്ടായിരുന്ന ഈമാന്‍ ഭൂമിയെ പോലും കിടിലം കൊള്ളിക്കാന്‍ മാത്രം ശക്തമായിരുന്നു. വിഗ്രഹാരാധനയോടുള്ള അവരുടെ വിദ്വേഷം ഓരോരുത്തരെയും തങ്ങളുടെ മാതാപിതാക്കളെയും കുടുംബത്തെയും കൂട്ടുകാരെയും കൈവെടിയാന്‍ വരെ സന്നദ്ധരാക്കി.

ഈ വാര്‍ത്തകളെല്ലാം അംറുബ്നുല്‍ജമൂഹ് അറിയുന്നത് ഇപ്പോഴാണ്! അദ്ദേഹം ചിന്താമൂകനായി വീട്ടിലേക്കുതന്നെ മടങ്ങി. അവസാനം ശാന്തി കണ്ടെത്തിയത്, തന്റെ പ്രിയപ്പെട്ട വിഗ്രഹമായ മനാത്തിന്റെ മുമ്പില്‍ പോയി വണങ്ങുന്നതിലാണ്. ജാഹിലിയ്യാകാലത്തെ അറബി നേതാക്കളുടെ പതിവനുസരിച്ച് അദ്ദേഹം വീട്ടുമുറ്റത്ത് സ്ഥാപിച്ച കല്ലുദൈവമായിരുന്നു മനാത്ത്. അദ്ദേഹം ജീവിതഭാരങ്ങള്‍ ഇറക്കിവെച്ചിരുന്നത് ആ മിണ്ടാവസ്തുവിന് മുമ്പിലായിരുന്നു. സന്ധ്യയായി. ചിന്തകളുടെ തിരമാലകള്‍ അദ്ദേഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാറ്റില്‍ നിന്നും മുക്തി നേടാനെന്നോണം അംറ് ശയ്യ അവലംബിച്ചു. കട്ടപിടിച്ച ഇരുട്ടില്‍ നിമിഷങ്ങള്‍ക്കകം അദ്ദേഹം നിദ്രയിലാണ്ടു.

ബനൂസലിമ ഗോത്രത്തിലെ രണ്ട് യുവാക്കള്‍-അംറിന്റെ പുത്രന്‍ മുആദും മുആദുബ്നു ജബലും-പാതിരാവില്‍ ആ വീട്ടിന്റെ മുറ്റത്തുവന്നു. അംറിന്റെ പ്രിയപ്പെട്ട വിഗ്രഹത്തെ-മനാത്തിനെ-എടുത്ത് അവര്‍ മലവിസര്‍ജ്ജനം ചെയ്യുന്ന സ്ഥലത്ത് കൊണ്ടുപോയി എറിഞ്ഞു. ഉടനെ അവര്‍ സ്ഥലം വിട്ടു. നേരം പുലര്‍ന്നപ്പോള്‍ അംറ് പതിവുപോലെ മനാത്തിന്റെ അടുത്തേക്കുപോയി. അവനാകെ പരിഭ്രാന്തനായി-ദൈവത്തെ കാണാനില്ല! 'നാശം, ആരാണ് രാത്രി നമ്മുടെ ദൈവങ്ങളുടെ മേല്‍ അതിക്രമം കാണിച്ചത്?' എന്ന് ചോദിച്ച് നാലുപാടും തിരക്കി. അവസാനം മാലിന്യം പുരണ്ടുകിടക്കുന്ന മനാത്തിനെ അദ്ദേഹം കണ്ടെത്തി. വിറക്കുന്ന കൈകളോടെ എടുത്ത് കഴുകി ശുദ്ധിയാക്കി സുഗന്ധം പൂശി പൂര്‍വസ്ഥാനത്തുതന്നെ പ്രതിഷ്ഠിച്ചു. എന്നിട്ട് വിഗ്രഹത്തോട് പറഞ്ഞു: 'നിന്നോട് ആരാണിത് ചെയ്തതെന്ന് ഞാനറിയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും അവനോട് ഞാനിതിന് പ്രതികാരം ചെയ്യുമായിരുന്നു...'

പിറ്റെ ദിവസവും അദ്ദേഹം പതിവുപോലെ നിദ്രയിലാണ്ടു. ആ രണ്ട് യുവാക്കളും വന്ന് തലേ ദിവസത്തെപോലെ വിഗ്രഹം എടുത്ത് അകലെ എറിഞ്ഞു. അന്നും അംറ് ഉണര്‍ന്നുവന്നപ്പോള്‍ കാണുന്നത് തലേദിവസത്തെപോലെ വിഗ്രഹത്തെ മലിന സ്ഥലത്തേക്ക് എറിഞ്ഞിരിക്കുന്ന കാഴ്ചയാണ്. പിറ്റെ ദിവസം അദ്ദേഹം ഈ 'അക്രമികളെ' കണ്ടുപിടിക്കുന്നതിനായി നിദ്രാവിഹീനനായി കാത്തിരുന്നു. പക്ഷേ, നിശയുടെ അന്ത്യയാമങ്ങളില്‍ ഉറക്കം അദ്ദേഹത്തെ കീഴടക്കി. ആ യുവാക്കളാകട്ടെ കഴിഞ്ഞ ദിവസങ്ങളിലെ വിനോദം ആവര്‍ത്തിച്ചു. അങ്ങനെ ദിവസങ്ങള്‍ പലതു കഴിഞ്ഞുപോയി. അംറുബ്നുജമൂഹിന് അവരെ പിടിക്കാന്‍ കഴിഞ്ഞില്ല. അത് അദ്ദേഹത്തിന് അസഹ്യമായിത്തീര്‍ന്നു.

അവസാനം അദ്ദേഹത്തിലെ ചിന്തിക്കുന്ന മസ്തിഷ്കം മെല്ലെ മെല്ലെ ഉണരുവാന്‍ തുടങ്ങി: 'ഇതെന്തൊരു കഷ്ടം! ഒരു ദൈവമായിട്ടും അതിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നോ?' ഒരു ദിവസം അദ്ദേഹം മനാത്തിന്റെ കഴുത്തില്‍ ഒരു ഖഡ്ഗം വെച്ചുകെട്ടിക്കൊടുത്തു. 'നിന്നോട് ആരാണിത് ചെയ്യുന്നതെന്ന് എനിക്കറിയാന്‍ കഴിയുന്നില്ല. അതിനാല്‍ നിനക്ക് വല്ല കഴിവുമുണ്ടെങ്കില്‍ നീ തന്നെ പ്രതിരോധിക്കുക. ഇതാ ഖണ്ഗം നിന്നോടൊപ്പം തന്നെ!' ഈ വിഗ്രഹത്തിന് സ്വന്തം ശരീരത്തെ അക്രമിക്കുന്നതുതന്നെ തടയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എനിക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അതിനു കഴിയുമോ? എന്ത് ദൈവമാണത്? ഇന്ന് അവസാനത്തെ പരീക്ഷണം കൂടി ആവട്ടെ-അംറ് ചിന്തിച്ചുകൊണ്ടിരുന്നു. നാളെ എന്തായിരിക്കും കാണുക? അദ്ദേഹം നിദ്രയിലാണ്ടു. പാതിരാവില്‍ ആ രണ്ട് യുവാക്കളും വന്നു. വിഗ്രഹത്തിന്റെ കഴുത്തില്‍ നിന്നും ഖഡ്ഗം അഴിച്ചെടുത്ത് പകരം ഒരു നായയുടെ ശവം കൊണ്ടുവന്ന് അവിടെ കെട്ടിയിട്ടു. തുടര്‍ന്ന് ബനൂസലിമക്കാര്‍ ചപ്പും ചവറും ഇടുന്ന ഒരു കിണറ്റില്‍ ആ വിഗ്രഹം ഇട്ടു.

പിറ്റേന്നും സൂര്യനുദിച്ചു. പതിവുപോലെ ഇബ്നു ജമൂഹ് വിഗ്രഹത്തെ പരതി നടന്നു. അവസാനം കണ്ടെത്തിയത് ചപ്പും ചവറുമിടുന്ന കിണറ്റിലാണ്! മാത്രമല്ല, ശരീരത്തില്‍ ഒരു നായയുടെ ശവവും കെട്ടിയിരിക്കുന്നു. ആ ദൃശ്യം കണ്ടപ്പോള്‍ അദ്ദേഹത്തിന് അറപ്പും വെറുപ്പും തോന്നി. ഒരു ദൈവമായിരുന്നു അതെങ്കില്‍ ഈ നീചവും നികൃഷ്ടവുമായ സ്ഥാനത്ത് അത് എത്തുമായിരുന്നോ?...

ദീര്‍ഘസമയം അംറുബ്നുല്‍ ജമൂഹ് ആ കിണറ്റിന്റെ വക്കില്‍ നില്‍പ്പുറപ്പിച്ചു. ഒരു കല്ലിനെ ഇത്രയും കാലം ദൈവമായി പൂജിച്ചു നടന്ന തന്റെ മഠയത്തരത്തില്‍ അദ്ദേഹം സഹതപിച്ചു. അപ്പോഴതാ വരുന്നു, ബനൂസലിമ ഗോത്രത്തിലെ ആ രണ്ടു ചെറുപ്പക്കാര്‍. അവര്‍ തങ്ങളുടെ കുടുംബമേധാവിയായ അംറിന് യഥാര്‍ഥ സന്മാര്‍ഗം ഏതാണെന്ന് വിശദീകരിച്ചുകൊടുത്തു. കല്ലുദൈവങ്ങളുടെ അശക്തതയും സര്‍വശക്തനായ അല്ലാഹുവിന്റെ ആജ്ഞകളും അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ആ ഹൃദയം കൂടുതല്‍ ഉണര്‍ന്നു. ദൈവികമായ ആ സത്യവചനങ്ങള്‍ക്കുനേരെ കണ്ണടക്കാനദ്ദേഹത്തിന് കഴിഞ്ഞില്ല. മനാത്തിനോടദ്ദേഹത്തിന് കൂടുതല്‍ വെറുപ്പും വിദ്വേഷവും തോന്നി. ആ വിഗ്രഹത്തെ നോക്കി അദ്ദേഹം പാടി:

'അല്ലാഹുവിനെതന്നെ സത്യം, നീ ഒരു ദൈവമായിരുന്നുവെങ്കില്‍ നീയും ഒരു നായയും ഒരേ കിണറ്റിന്റെ മധ്യത്തില്‍ ഒരു കയറില്‍ തന്നെ ഉണ്ടാകുമായിരുന്നില്ല. കീഴടക്കുന്ന ഒരു ദൈവമാണ് നീയെങ്കില്‍ നിന്റെ ഈ ദൃശ്യം വളരെ നീചം തന്നെ! നിന്റെ നശിച്ച ചതി ഇപ്പോള്‍ ഞാന്‍ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു! ഉന്നതനായ, അനുഗ്രഹങ്ങളുടെ ഉടമയായ, ഉദാരനായ അല്ലാഹുവിനാണ് സര്‍വസ്തുതിയും. ഖബ്റിന്റെ ഇരുട്ടറയില്‍ അകപ്പെടുന്നതിനുമുമ്പ് എന്നെ മോചിപ്പിച്ചത് അവനാണ്. അതെ, സന്മാര്‍ഗദര്‍ശിയായ അഹ്മദ് എന്ന പ്രവാചകനെക്കൊണ്ട്!'
അംറുബ്നുല്‍ ജമൂഹും സന്താനങ്ങളും ഒന്നടങ്കം ഇസ്ലാമിലേക്ക് വന്നു. അതിലദ്ദേഹത്തിന്റെ സുഹൃത്ത് അബ്ദുല്ലാഹിബ്നു അംറ് അത്യധികം സന്തോഷിച്ചു.

മുസ്ലിംകള്‍ യുദ്ധത്തിന് പുറപ്പെടണമെന്ന അല്ലാഹുവിന്റെ ആജ്ഞ വരുന്നു. അബ്ദുല്ലാഹിബ്നു അംറും അംറുബ്നുല്‍ ജമൂഹിന്റെ സന്താനങ്ങളായ ഖല്ലാദ്, മുആദ്, അബൂഐമന്‍, മുഅവ്വിദ് എന്നിവരും യുദ്ധത്തിന് പുറപ്പെട്ടു. അംറുബ്നുല്‍ ജമൂഹിന് പക്ഷേ, കാലിന് ശക്തിയായ മുടന്തുണ്ടായിരുന്നു. നബി (സ) വിലക്കിയതുമൂലം അദ്ദേഹത്തെ യുദ്ധത്തിനു പോകാന്‍ സന്താനങ്ങള്‍ അനുവദിച്ചില്ല. തനിക്ക് രാണങ്കണത്തിലേക്ക് പോകാന്‍ എത്രമാത്രം ആഗ്രഹമുണ്ടായിരുന്നു! പക്ഷേ, ശാരീരിക തകരാറുകള്‍ വിഘാതമായി നിന്നു. ആകാശത്തിന്റെയും ഭൂമിയുടെയും വിശാലതയുള്ള സ്വര്‍ഗത്തിനുവേണ്ടി ആ ഹൃദയം എത്രമാത്രം ദാഹിച്ചിരുന്നു!...

ബദ്ര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍ വമ്പിച്ച വിജയം നേടി. തുടര്‍ന്ന് ഉഹുദ് യുദ്ധത്തിന്റെ പതാക ഉയരുന്നു. അംറുബ്നുല്‍ ജമൂഹിനെ അന്നും സന്താനങ്ങള്‍ തടഞ്ഞുനോക്കി. പക്ഷേ, ആ ഹൃദയത്തിന് അവിടെ അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം നബി  (സ) യുടെ അടുത്തുചെന്ന് പറഞ്ഞു: പ്രവാചകരേ, ഈ മാര്‍ഗത്തെവിട്ട്-തങ്ങളുടെ കൂടെ പുറപ്പെടുന്നതിന്-എന്റെ സന്താനങ്ങള്‍ എന്നെ തടയാനുദ്ദേശിക്കുന്നു. ഞാനാകട്ടെ, ഈ മുടന്തന്‍ കാലുകൊണ്ട് സ്വര്‍ഗത്തില്‍ ചവിട്ടുവാന്‍ അത്യധികം ആഗ്രഹിക്കുന്നു.

നിനക്ക് അല്ലാഹു ഒഴിവ് തന്നിരിക്കുന്നു; നിനക്ക് യുദ്ധം നിര്‍ബന്ധമില്ല എന്നായിരുന്നു നബി ÷ യുടെ മറുപടി. അദ്ദേഹത്തിന്റെ സന്താനങ്ങളോടായി നബി  (സ) പറഞ്ഞു: 'നിങ്ങളദ്ദേഹത്തെ തടയേണ്ടതില്ല. ഒരുപക്ഷേ, അല്ലാഹു അദ്ദേഹത്തെ രക്തസാക്ഷിയാക്കിയേക്കാം.' അംറുബ്നുല്‍ജമൂഹ് ആയുധവുമെടുത്ത് പുറപ്പെട്ടു. അദ്ദേഹം പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, എന്നെ നീ രക്തസാക്ഷിയാക്കേണമേ! പരാജിതനായി എന്റെ കുടുംബത്തിലേക്ക് മടക്കരുതേ!' അദ്ദേഹവും സുഹൃത്ത് അബ്ദുല്ലാഹിബ്നു അംറും സന്താനങ്ങളും യുദ്ധസൈന്യത്തില്‍ പുറപ്പെട്ടു. യാത്രയാരംഭിക്കുന്നതിനു മുമ്പ് അബ്ദുല്ലാഹിബ്നു അംറ് പുത്രന്‍ ജാബിറിനെ വിളിച്ചുപറഞ്ഞു: 'നാളെ ആദ്യമായി രക്തസാക്ഷിയാകുന്നത് ഞാനാവണമെന്നാണ് എന്റെ ആഗ്രഹം. അതിനാല്‍ എന്റെ പെണ്‍മക്കളോട് നല്ലതുചെയ്യണമെന്ന് നിന്നോട് വസ്വിയ്യത്ത് ചെയ്യുന്നു.'

മുസ്ലിംകള്‍ യാത്ര പുറപ്പെട്ടു. ഉഹുദിനും മദീനക്കുമിടക്കുള്ള ശൌത്ത് എന്ന സ്ഥലത്തെത്തിയപ്പോള്‍ മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹിബ്നുഉബയ്യ് തന്റെ കാപട്യം അവിടെ പ്രകടമാക്കി. ജനങ്ങളില്‍ മൂന്നിലൊരു ഭാഗത്തോടുകൂടി അവന്‍ അവിടെ നിന്ന് മടങ്ങി. ആ സംഭവം അബ്ദുല്ലാഹിബ്നു അംറിനെ അത്യധികം വേദനിപ്പിച്ചു. അദ്ദേഹം അവരുടെ പിന്നില്‍ ചെന്നുപറഞ്ഞു: 'ജനങ്ങളേ, അല്ലാഹുവിനെക്കുറിച്ച് നിങ്ങളെ ഞാന്‍ ഓര്‍മപ്പെടുത്തുന്നു. ശത്രുക്കളോടടുത്ത ഈ ഘട്ടത്തില്‍ നിങ്ങളുടെ പ്രവാചകനെയും ജനതയെയും നിങ്ങള്‍ നിന്ദിക്കരുത്.'
'ഇന്ന് യുദ്ധം ചെയ്യേണ്ടിവരുമെന്നറിയാമെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ വന്ന് യുദ്ധം ചെയ്യുമായിരുന്നു; ഇന്ന് ഒരു യുദ്ധത്തിനും സാധ്യതയില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം'-മുനാഫിഖുകള്‍ പറഞ്ഞു. അദ്ദേഹം വീണ്ടും അവരോട് കേണപേക്ഷിച്ചു. പക്ഷേ, അവര്‍ തിരിച്ചുവരാനേ കൂട്ടാക്കിയില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹു നിങ്ങളെ വിദൂരമാക്കട്ടെ! അവന്‍ അവന്റെ പ്രവാചകനെ നിങ്ങളുടെ ആശ്രയത്തില്‍ നിന്ന് ഐശ്വര്യപ്പെടുത്തും.' തുടര്‍ന്ന് അദ്ദേഹം മുസ്ലിം സൈന്യത്തിലേക്കുതന്നെ മടങ്ങി.

ഒരു ഭീകര യുദ്ധത്തിന് ഉഹുദ് രണാങ്കണം സാക്ഷ്യം വഹിക്കുകയുണ്ടായി. പൊരിഞ്ഞ പോരാട്ടം. അബ്ദുല്ലാഹിബ്നു അംറ് അണികള്‍ വിട്ടുകടന്ന് അവിശ്വാസികളുടെ മധ്യത്തില്‍ ചെന്ന് പരാക്രമണം  തുടര്‍ന്നു. അദ്ദേഹം ശത്രുക്കളെ ശക്തിയായ മര്‍ദ്ദനങ്ങളേല്‍പ്പിച്ചു. ശത്രുക്കള്‍ അദ്ദേഹത്തെ ശക്തിയായി കുത്തി. അവസാനം അദ്ദേഹം രക്തസാക്ഷിയായി രണാങ്കണത്തില്‍ വീണു.

മുസ്ലിംകള്‍ക്കാദ്യം വിജയമുണ്ടായെങ്കിലും അവസാനം അത് പരാജയമായി മാറി. അധികപേരും തിരിഞ്ഞോടി. ചുരുക്കം പേര്‍ മാത്രം ഉറച്ചുനിന്നു. നബി  (സ) യുടെ പതാക വീണ്ടും ഉയര്‍ന്നു. അനന്തതയുടെ വിഹായസ്സില്‍ പാറിക്കളിച്ച ആ പതാകയുടെ ശബ്ദം അംറുബ്നുല്‍ജമൂഹിന്റെ കര്‍ണപുടങ്ങളില്‍ അലതല്ലി. ഒരു നിമിഷം! അദ്ദേഹവും പുത്രന്‍ ഖല്ലാദും ഖഡ്ഗമെടുത്ത് ഒരു നവചൈതന്യത്തോടെ പോരാടി... വിരലിലെണ്ണാവുന്ന മുസ്ലിംകള്‍! സമുദ്രം കണക്കെ വരുന്ന ശത്രുക്കള്‍!! സത്യത്തിന്റെ മാര്‍ഗത്തില്‍ അടരാടി താനും പുത്രനും രക്തസാക്ഷികളായി. സുഹൃത്ത് അബ്ദുല്ലാഹിബ്നുഅംറിന്റെ അടുത്തുതന്നെയാണ് അദ്ദേഹവും വീണത്. 

അവരുടെ രക്തം തമ്മില്‍ കൂടിക്കലര്‍ന്നു. ആ ശരീരങ്ങളുടെ അടുത്തുകൂടി നബി  (സ) നടന്നുവന്നു. അവരിരുവരെയും തൊട്ടടുത്ത് കിടക്കുന്ന ഖല്ലാദിനെയും നബി (സ) കണ്ടു. അവിടുന്ന് പറഞ്ഞു; 'ഈ രണ്ട് സുഹൃത്തുക്കളെയും നിങ്ങള്‍ ദുന്‍യാവില്‍ ഒരേ ഖബ്റില്‍ അടക്കം ചെയ്യുക.' നബി  (സ) അംറുബ്നുല്‍ ജമൂഹിന്റെ ശരീരത്തില്‍ നോക്കിയിട്ട് പറഞ്ഞു: 'എന്റെ ശരീരം ആരുടെ കരങ്ങളിലാണോ ആ നാഥനെതന്നെ സത്യം! അംറുബ്നുല്‍ജമൂഹ് സ്വര്‍ഗത്തില്‍ തന്റെ മുടന്തന്‍ കാലുകൊണ്ട് ചവിട്ടുന്നതായി ഞാന്‍ കാണുകയുണ്ടായി.' തുടര്‍ന്ന് നബി  (സ) അബ്ദുല്ലാഹിബ്നുഅംറിന്റെ അടുത്തുനിന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ജാബിറുബ്നു അബ്ദില്ലാഹ് വന്നു, പിതാവിന്റെ മുഖത്ത് ചുംബനങ്ങള്‍ അര്‍പ്പിച്ചു. സ്വഹാബികള്‍ അദ്ദേഹത്തെ തടഞ്ഞുവെങ്കിലും നബി  (സ) ഒന്നും തന്നെ പറഞ്ഞില്ല.

സത്യത്തിന്റെ മാര്‍ഗത്തില്‍ അടരാടി വീരമൃത്യു വരിച്ച രക്താസക്ഷികളുടെ ശരീരത്തില്‍ നിന്നുവീണ രക്തകണങ്ങളുടെ ഗന്ധമുള്ള ഉഹുദിന്റെ വിരിമാറില്‍ ആ സുഹൃത്തുക്കള്‍ ഒന്നിച്ച് അന്ത്യവിശ്രമം കൊള്ളുന്നു. ജീവിതത്തില്‍ അവര്‍ ഒന്നിച്ചു. മരണത്തിലും മരണാനന്തരവും അവര്‍ ഒന്നിച്ചു.
മുസ്ലിംകള്‍ നേരിട്ട ഒരു വലിയ പരീക്ഷണമായിരുന്നു ഉഹുദ്. ത്യാഗീവര്യന്മാരായ സ്വഹാബികള്‍ ദീനിനുവേണ്ടി ഒഴുക്കിയ രക്തം ഉഹുദിന്റെ മണല്‍പ്പരപ്പില്‍ തളം കെട്ടിനിന്നു. നബി  (സ) പറഞ്ഞു: 'അവരെ നിങ്ങള്‍ മുറിവുകളോടുകൂടെതന്നെ മറയ്ക്കുക.' അവിടുന്ന് തുടര്‍ന്നു: 'തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ മേല്‍ സാക്ഷിയാകുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേല്‍ക്കുന്ന ഏതൊരു മനുഷ്യനും അന്ത്യനാളില്‍ രക്തമൊലിച്ചുകൊണ്ടുവരുന്നു. അതിന്റെ വര്‍ണം കുങ്കുമവര്‍ണവും ഗന്ധം കസ്തൂരിയുടെ ഗന്ധവുമായിരിക്കും!'

അവര്‍ ഇസ്ലാമിന്റെ സംസ്ഥാപനത്തിന് സ്വന്തം ശരീരങ്ങളെ സംഭാവന ചെയ്തു. സത്യത്തിന്റെ മുമ്പില്‍ വിലങ്ങുതടികളായി വര്‍ത്തിച്ച ശത്രുക്കള്‍ക്കെതിരെ രണാങ്കണത്തിലിറങ്ങി, അവര്‍ ഓരോന്നായി രക്തസാക്ഷികളായി വീണു. ആ ദൃശ്യമൊന്നും അവരില്‍ നിന്ന് ശേഷിച്ചവരെ ഭീരുക്കളാക്കിയില്ല, പിന്തിരിപ്പിച്ചില്ല. പ്രത്യുത, അവര്‍ക്ക് ഈമാന്‍ വര്‍ധിച്ചതേയുള്ളൂ. രണാങ്കണങ്ങള്‍ രക്തപ്പുഴകളായി മാറി. അവര്‍ അല്ലാഹുവിന്റെ സംരക്ഷണത്തില്‍ അന്ത്യനിദ്രയിലാണ്ടു. രക്തസാക്ഷികളെയെല്ലാം ഉഹുദില്‍ ഖബ്റടക്കപ്പെട്ടു.


നിശയുടെ നിശ്ശബ്ദതയില്‍-പാതിരാവില്‍ കണ്ട നേരിയ നിലാവെളിച്ചത്തില്‍-അനന്തതയുടെ വിഹായസ്സില്‍ നിന്ന് പതുക്കെ അടിച്ചുവീശിയ ഇളംതെന്നലില്‍ ലയിച്ചുചേര്‍ന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തത്തിന്റെ മധുരിമയാര്‍ന്ന പാരായണം കേട്ട് ലോകം ഭക്തി പൂണ്ടു കാത്തിരുന്നു-ഒരു നവയുഗത്തിന്റെ ചൈതന്യമുള്‍ക്കൊള്ളുന്ന നാളെയുടെ പ്രഭാതത്തിനുവേണ്ടി: മലക്കുകള്‍ എല്ലാ കവാടത്തില്‍ കൂടിയും അവരുടെ മേല്‍ കടന്നുചെല്ലും. 'നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതു കാരണം നിങ്ങള്‍ക്ക് സമാധാനം! അതിനാല്‍ അന്തിമഗൃഹം (എത്ര) മെച്ചം!' (13:23,24)

Saturday, 9 February 2019

നമ്മുടെ ഉറക്കവും ഇബാദത്താക്കാം





ഉറക്കം അല്ലാഹു നമുക്ക് നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽപ്പെട്ട ഒരു അനുഗ്രഹമാണ് . അതിനു എത്ര നന്ദി ചെയ്താലും മതിവരില്ല . നാം ചിലപ്പോഴൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ബുദ്ധിമുട്ടിയവരാണ് . ആ സമയം എങ്ങനെയെങ്കിലും ഒന്നുറങ്ങിക്കിട്ടാൻ നാം ആഗ്രഹിച്ചിട്ടുമുണ്ട് .

അതുപോലെ ഉറക്കം ഇല്ലാതെ ബുദ്ധിമുട്ടുന്നവരുടെ ചില അവസ്ഥകൾ പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞവരാണ് നാം .

അപ്പോൾ ഉറക്കം എന്നുള്ളത് അനുഗ്രഹം തന്നെ എന്ന് ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു വസ്തുതയാണ് . ഇനി നമുക്ക് ഈ ഉറക്കത്തെ എങ്ങനെ ആരാധനയാക്കി മാറ്റാം എന്ന് മനസ്സിലാക്കാം .

നമ്മുടെ മനസ്സും ശരീരവും പൂര്‍ണമായും വിശ്രമാവസ്ഥയിലേക്ക് നീങ്ങുകയും പരിസരം മറന്ന് വ്യക്തി അചേഷ്ടനാവുകയും ചെയ്യുന്ന ഒരു ദൈനംദിന പ്രക്രിയയാണ് ഉറക്കം. ജീവിതത്തിന്റെ മൂന്നിലൊരു ഭാഗം നാമിതിനായി നീക്കിവെക്കുന്നു. ശരിയായ സമയത്തും മതിയായ അളവിലുമുള്ള ഉറക്കം വെള്ളവും ഭക്ഷണവും പോലെത്തന്നെ നമ്മുടെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്. ജന്തുലോകത്തിലെ സസ്തനികള്‍, പക്ഷികള്‍, ഉരകങ്ങള്‍, മത്സ്യങ്ങള്‍ ഇവയെല്ലാം തന്നെ ഉറങ്ങാറുണ്ട്. മസ്തിഷ്‌കത്തിന്റെ വളര്‍ച്ചക്കും ശ്രദ്ധ, ഓര്‍മ എന്നിവ ശരിയായ രീതിയില്‍ നിലനിര്‍ത്താനും ഉണര്‍ച്ചയില്‍ ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാനും ശരിയായ ഉറക്കം കൂടിയേ തീരൂ. നമ്മുടെ ശരീരത്തിന്റെ പോഷണം, പ്രതിരോധ സംവിധാനം, മനോനില, അവയവങ്ങളുടെ പ്രവര്‍ത്തനം എന്നിവയെയെല്ലാം ഉറക്കം വലിയ തോതില്‍ സ്വാധീനിക്കുന്നു.

രാത്രിയെ നാം നിങ്ങൾക്ക് വസ്ത്രമാക്കിത്തന്നു. പകലിനെ ജീവിത ഉപാധി തേടാനുള്ള സമയവുമാക്കി (നബഅ് 10,11). 

ശരീരത്തെ മയക്കിക്കിടത്തി ആത്മാവ് സ്വതന്ത്രമായി സഞ്ചരിക്കുന്ന സമയമാണ് ഉറക്കം. പൂർണ വിശ്രമം ശരീരത്തിന് ലഭിക്കാൻ നാഥൻ സംവിധാനിച്ച പ്രകൃതമാണിത്. ഉറക്കം മരണത്തിന്റെ സഹോദരനാണെന്ന് പ്രമാണങ്ങൾ പറയുന്നതിന്റെ താൽപര്യവുമിതാണ് (ശറഹു സുനനുബ്‌നുമാജ 291/5).


ﻭَﻣِﻦْ ءَاﻳَٰﺘِﻪِۦ ﻣَﻨَﺎﻣُﻜُﻢ ﺑِﭑﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﻭَٱﺑْﺘِﻐَﺎٓﺅُﻛُﻢ ﻣِّﻦ ﻓَﻀْﻠِﻪِۦٓ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺴْﻤَﻌُﻮﻥَ

രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ  ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌ (ഖു൪ആന്‍ :30/23)

ﻭَﻫُﻮَ ٱﻟَّﺬِﻯ ﺟَﻌَﻞَ ﻟَﻜُﻢُ ٱﻟَّﻴْﻞَ ﻟِﺒَﺎﺳًﺎ ﻭَٱﻟﻨَّﻮْﻡَ ﺳُﺒَﺎﺗًﺎ ﻭَﺟَﻌَﻞَ ٱﻟﻨَّﻬَﺎﺭَ ﻧُﺸُﻮﺭًا

അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ്പ് സമയമാക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍ :25/47)


 ﻭَﺟَﻌَﻠْﻨَﺎ ﻧَﻮْﻣَﻜُﻢْ ﺳُﺒَﺎﺗًﺎ

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :78/9)


സര്‍വ്വശക്തനായ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള ഈ അത്ഭുത പ്രതിഭാസത്തെ ഒരു മരണമായിക്കൊണ്ടാണ് ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തുന്നത്:

   
 ٱﻟﻠَّﻪُ ﻳَﺘَﻮَﻓَّﻰ ٱﻷَْﻧﻔُﺲَ ﺣِﻴﻦَ ﻣَﻮْﺗِﻬَﺎ ﻭَٱﻟَّﺘِﻰ ﻟَﻢْ ﺗَﻤُﺖْ ﻓِﻰ ﻣَﻨَﺎﻣِﻬَﺎ ۖ ﻓَﻴُﻤْﺴِﻚُ ٱﻟَّﺘِﻰ ﻗَﻀَﻰٰ ﻋَﻠَﻴْﻬَﺎ ٱﻟْﻤَﻮْﺕَ ﻭَﻳُﺮْﺳِﻞُ ٱﻷُْﺧْﺮَﻯٰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ



ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.(ഖു൪ആന്‍ :39/42)


ഉറക്കം ലഭിക്കുന്നതെങ്ങനെ?

വളരെ സങ്കീര്‍ണമായ ചില ശാരീരിക-മാനസിക-പ്രാപഞ്ചിക പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നമുക്ക് ഉറക്കം  ലഭിക്കുന്നത്. അല്ലാഹുവിന്റെ ദൃഷ്ടാന്തമായാണ് ഉറക്കത്തെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്: ''രാപ്പകലുകളില്‍ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്. കേട്ട് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ വളരെ തെളിവുകളുണ്ട്'' (3:23).

നമ്മുടെ ഉറക്കം, ഉണര്‍ച്ച, വിശപ്പ്, വിവിധയിനം ഹോര്‍മോണുകളുടെ ഉല്‍പാദനം, മനോഭാവങ്ങള്‍ എന്നിവയെല്ലാംതന്നെ സമയബന്ധിതമായി നിയന്ത്രിക്കുന്നത് 24 മണിക്കൂറും നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജൈവ ഘടികാര(Biological Clock)മാണ്. മസ്തിഷ്‌കത്തിലെ പിനിയല്‍ ഗ്ലാന്റ് ഉല്‍പാദിപ്പിക്കുന്ന മെലറ്റോനിന്‍ (Melatonin)  എന്ന ഹോര്‍മോണ്‍ ആണ് നമുക്ക് ഉറക്കമുണ്ടാക്കുന്നത്.

കണ്ണില്‍നിന്നും വരുന്ന ഓപ്റ്റിക്കല്‍ നര്‍വിന്റെ തൊട്ടു മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്ലാന്റ് കണ്ണില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. മെലറ്റോനിന്‍ ഉല്‍പാദനം നടക്കണമെങ്കില്‍ ഇരുട്ട് അത്യാവശ്യമാണ്. അതിനാല്‍ നേരം ഇരുട്ടുന്നതോടെ കണ്ണിന്റെ റെറ്റിനയില്‍ ഇരുട്ട് പരക്കുകയും ആ വിവരം ഓപ്റ്റിക് നര്‍വ് വഴി പിനിയല്‍ ഗ്ലാന്റിലെത്തുകയും അപ്പോള്‍ മെലറ്റോനിന്‍ ഉല്‍പാദനം ആരംഭിക്കുകയും ചെയ്യും. ഉല്‍പാദനം തുടങ്ങി രണ്ട് മണിക്കൂറിനകം രക്തത്തില്‍ എത്തുകയും നമുക്ക് ഉറക്കം അനുഭവപ്പെടുകയും ചെയ്യും.

നമ്മുടെ ഓരോരുത്തരുടെയും ഉറക്കത്തിന്റെ സമയം തിരിച്ചറിയുന്നത് നമുക്കുള്ളിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനഫലമായാണ്. പ്രഭാതമാകുന്നതോടെ വെളിച്ചം വ്യാപിക്കുകയും മെലറ്റോനിന്‍ ഉല്‍പാദനം നിലക്കുകയും നാം ഉണരുകയും ചെയ്യും. നമ്മുടെ ഉറക്കിന്റെ ശരിയായ സമയം രാത്രിയാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. എന്നാല്‍ ആധുനിക മനുഷ്യന് ജോലിയുടെയും മറ്റും കാരണത്താല്‍ രാത്രി ഉറങ്ങാന്‍ കഴിയാതിരിക്കുകയും പകല്‍ ഉറങ്ങേണ്ടതായും വരുന്നു. മുകളില്‍ സൂചിപ്പിച്ച അര്‍റും അധ്യായത്തിലെ 23-ാം സൂക്തത്തില്‍ അല്ലാഹു 'രാപ്പകല്‍ ഉറക്കം' എന്നാണ് പരാമര്‍ശിച്ചത്. ഏറ്റവും ആധുനികനായ മനുഷ്യരുടെ ജീവിതശൈലി പോലും മുന്‍കൂട്ടി കാണുകയാണ് ഖുര്‍ആന്‍ എന്നും നമുക്ക് പറയാമല്ലോ.

രാത്രിയാണ് ഉറക്കിന്റെ സമയമെങ്കിലും പകല്‍ ഉറങ്ങേണ്ടിവരുന്നവര്‍ക്കും അനുകൂലമായ രീതിയിലാണ് നമ്മുടെ ശരീരഘടനയും പ്രവര്‍ത്തനങ്ങളും കരുണാവാരിധിയായ അല്ലാഹു ക്രമീകരിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ഥ പകലിനെ (Actual Day) നമ്മുടെ ജൈവഘടികാരം ജൈവിക രാത്രി(Biological Night) ആയി പരിഗണിക്കുന്നു. അപ്പോഴും മെലറ്റോനിന്‍ ഉല്‍പാദനത്തിന് ഇരുട്ട് ആവശ്യമാണ്. നമ്മുടെ ചുറ്റും കൃത്രിമമായി ഇരുട്ട് ഉണ്ടാകുമ്പോള്‍ ആ വിവരം റെറ്റിനയില്‍നിന്ന് പിനിയല്‍ ഗ്ലാന്റിലെത്തുകയും മെലറ്റോനിന്‍ ഉല്‍പാദിപ്പിച്ച് പകല്‍ സമയത്തും നമുക്ക് ഉറങ്ങാന്‍ സാധിക്കുകയും ചെയ്യുന്നു.

ഇനി ഉറക്കവുമായി ബന്ധപ്പെട്ട ദിക്കിറുകൾ പരിശോധിക്കാം

ഉറക്കം ഒരു അർദ്ധ മരണമാണ് . ഉറക്കമുണർന്ന ശേഷം ചൊല്ലാൻ നിർദേശിക്കപ്പെട്ട ദിക്‌റും ഇത്തരമൊരു അർത്ഥ സാരത്തിലേക്ക് സൂചന നൽകുന്നുണ്ട്. സുമർ അധ്യായത്തിന്റെ നാൽപത്തി രണ്ടാം വചനത്തിന്റെ ആശയം ഇങ്ങനെ: അല്ലാഹു ഓരോ ശരീരത്തെയും അവയുടെ മരണ സമയത്ത് മരിപ്പിക്കുന്നു. ഉറക്കിൽ മരിക്കാത്ത ശരീരങ്ങളേയും, ഉറക്കിൽ മരണം കണക്കാക്കിയ ശരീരങ്ങളുടെ ആത്മാക്കളെ അല്ലാഹു പിടിച്ച് വെക്കുന്നു. അല്ലാത്തവയെ നിശ്ചിത സമയത്തേക്ക് അഴിച്ച് വിടുന്നു.

ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി എഴുതി: മനുഷ്യാത്മാവ് ശരീരവുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ അതിന്റെ പ്രതിഫലനം ശരീരാവയവങ്ങളിൽ മുഴുവൻ പ്രകടമാവുന്നു. ഇത് ജീവാവസ്ഥയാണ്. മരണത്തിൽ ആന്തരികവും ബാഹ്യവുമായ മുഴുബന്ധവും ആത്മാവ് ഉപേക്ഷിക്കുന്നു. ഉറക്ക് സമയത്ത് ബാഹ്യമായി ആത്മാവ് മാറിനിൽക്കുകയും ആന്തരികമായ ഒരു ബന്ധം ശരീരവുമായി നിലനിർത്തുകയും ചെയ്യുന്നു. അത്‌കൊണ്ട് തന്നെ മരണവും ഉറക്കവും ഒരു വർഗത്തിൽപ്പെട്ടതാണെന്ന് ബോധ്യപ്പെടും (റാസി 267/13).

രാത്രിയിൽ ഉറങ്ങാനൊരുങ്ങുമ്പോൾ പാലിക്കേണ്ട മര്യാദകളും അച്ചടക്കവും റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

ജാബിർ(റ)വിൽ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, വാതിലുകൾ അടച്ചിടുക, വിളക്കുകൾ അണക്കുക, കത്തിച്ച് വച്ച തിരി എലി കടിച്ച് കൊണ്ടുവന്ന് വീട് കത്തിപ്പോവാൻ ഇട വരും (ബുഖാരി 6295, മുസ്‌ലിം 2012). 

അബൂമൂസാ(റ) പറയുന്നു: മദീനയിലെ ഒരു വീട് രാത്രിയിൽ കത്തിയെരിഞ്ഞ വിവരം തിരുനബി(സ്വ) അറിഞ്ഞു. അവിടുന്ന് പറഞ്ഞു: തീ നിങ്ങളുടെ ശത്രുവാണ്. ഉറങ്ങാനൊരുങ്ങുമ്പോൾ തീ അണക്കുക (ബുഖാരി 6294, മുസ്‌ലിം 2016). 

ജാബിർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: നിങ്ങൾ വാതിൽ അടച്ചിടുക, അല്ലാഹുവിന്റെ പേര് പറയുകയും ചെയ്യുക, അടക്കപ്പെട്ട വാതിൽ പിശാച് തുറക്കുകയില്ല (മുസ്‌ലിം 2012).

തീ വിളക്കുകൾ ഉപയോഗിച്ചിരുന്ന ഒരു കാലത്തെ ജനതയോട് പ്രവാചകർ(സ്വ) നൽകിയ നിർദേശത്തിന് ഇലക്ട്രിക് വീടുകളിലും പ്രസക്തിയുണ്ട്. തീ പിടുത്തവും മരണങ്ങളും സമ്പത്ത് കത്തിയെരിഞ്ഞ് നഷ്ടങ്ങൾ സംഭവിക്കുന്നതുമെല്ലാം നിരന്തര വാർത്തയായ ഇക്കാലത്ത് ഇവയുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ പലപ്പോഴും എത്തിച്ചേരുക ഇലക്ട്രിക് സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയിലേക്കാണ്. കത്തിച്ച് വച്ച തിരി എലി വലിച്ച് വീട് കത്തിപ്പോകാൻ സാധ്യതയുണ്ടെന്ന തിരുനിർദേശത്തിന്റെ ആശയ പരിധിയിൽ ഇക്കാര്യങ്ങളെല്ലാം വരും.

ഇബ്‌നു ദഖീഖുൽ ഈദ് എഴുതുന്നു. വാതിൽ അടച്ചിടണമെന്ന് പറഞ്ഞതിൽ ഭൗതികവും മതപരമായുമുള്ള നിരവധി നന്മകളുണ്ട്. ശരീരത്തിനെയും സമ്പത്തിനെയും സംരക്ഷിക്കുക എന്നതാണ് ഭൗതിക നന്മ. മനുഷ്യനുമായി പിശാച് കൂടിക്കലരുന്നത് തടയാനും വാതിൽ അടച്ചിടുന്നത് സഹായകമാണ്. പിശാച് അടച്ചിട്ട വാതിലിലൂടെ കടക്കുകയില്ല എന്ന് തിരുനബി(സ്വ) പറഞ്ഞതിന്റെ താൽപര്യം അതാണ്. നുബുവ്വത്തിന്റെ വഴിക്കല്ലാതെ ഇക്കാര്യങ്ങളൊന്നും ബോധ്യപ്പെടുകയില്ല (ഫത്ഹുൽ ബാരി 11/87).

അടുത്ത കാലത്ത് നാടൊട്ടുക്കും ഭീതി പടർത്തിയ നിപയും മലമ്പനി, എലിപ്പനിയടക്കമുള്ള പകർച്ച പനികളും വയറിളക്കം, അതിസാരം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും നമ്മുടെ നാടിനെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. ഭക്ഷണ സാധനങ്ങളിലും പാത്രങ്ങളിലും വന്നുപെടുന്ന അണുക്കളാണ് ഇവയുടെ പ്രധാന കാരണമെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ളവ കണ്ടെത്തുകയുണ്ടായി. ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധ നിർദേശമാണ് തിരുനബി(സ്വ) പറഞ്ഞത്.

ജാബിർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, പാനപാത്രങ്ങൾ കെട്ടിവെക്കുക, വർഷത്തിലെ ഒരു രാത്രിയിൽ മാറാവ്യാധി രോഗങ്ങൾ ഇറങ്ങും. മൂടിവെക്കാത്ത ഭക്ഷണപാത്രങ്ങളിലും കെട്ടിവെക്കാത്ത പാനപാത്രങ്ങളിലുമെല്ലാം അവ ചെന്നെത്തും (മുസ്‌ലിം 2014).


ഉറക്കത്തിന്റെ പല ഘട്ടങ്ങൾ 

നിദ്രയുടെ നാലു സവിശേഷ ഘട്ടങ്ങള്‍ വിശുദ്ധ ഖുര്‍ആനും വളരെ ഭംഗിയായി പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ ഇവയെ സിന, നുആസ്, റുഖൂദ്, സുബാത്ത് എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു.

ഒന്നാം ഘട്ടം: നിദ്രയുടെ ആമുഖം എന്ന് വിളിക്കുന്ന ഒന്നാം ഘട്ടം പൂര്‍ണമായും ഉറങ്ങാത്തതും എന്നാല്‍ പൂര്‍ണമായും ഉണരാത്തതുമായ ഒരു ഘട്ടമാണ്. ഇത് പൊതുവെ മയക്കം എന്നറിയപ്പെടുന്നു. ഉറക്കത്തിന്റെയും ഉണര്‍ച്ചയുടെയും ഇടക്കുള്ള ഒന്നാമത്തെ ഘട്ടം അഞ്ച് മുതല്‍ 10 മിനിറ്റ് വരെ നീണ്ടുനില്‍ക്കും. ഹൃദയമിടിപ്പ്, ശ്വാസഗതി, കണ്ണിന്റെ ചലനം എന്നിവ മന്ദഗതിയിലാവുന്നു. മസ്തിഷ്‌ക തരംഗങ്ങളും മന്ദഗതിയിലാകാന്‍ തുടങ്ങുന്നു. വിശുദ്ധ ഖുര്‍ആന്‍ 'സിന' എന്നാണ് ഈ ഘട്ടത്തെ വിളിക്കുന്നത്: 'അല്ലാഹു അവനല്ലാതെ ദൈവമില്ല, അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍, മയക്കമോ ഉറക്കമോ അവനെ ബാധിക്കില്ല' (2:255). ഉറക്കത്തിനു മുമ്പ് വരുന്നതാണ് മയക്കം.

രണ്ടാം ഘട്ടം: യഥാര്‍ഥ നിദ്ര ആരംഭിക്കുന്ന ഘട്ടമാണിത്. കണ്ണിന്റെ ചലനം പൂര്‍ണമായി നിലക്കുകയും ശ്വാസോഛ്വാസവും ഹൃദയമിടിപ്പും കൂടുതല്‍ മന്ദഗതിയിലാവുകയും ചെയ്യും. ശരീര ഊഷ്മാവ്, രക്തസമ്മര്‍ദം എന്നിവ കുറയുന്നതിനാല്‍ ശരീരം കൂടുതല്‍ വിശ്രമാവസ്ഥയിലേക്ക് നീങ്ങുന്നു. മസ്തിഷ്‌ക തരംഗങ്ങള്‍ വളരെ മന്ദഗതിയിലാവുന്നു. മനസ്സും ശരീരവും ഒരുപോലെ ശാന്തമാകുന്ന ഈ ഘട്ടം 20 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഘട്ടമാണ്. വിശുദ്ധ ഖുര്‍ആന്‍ 'നുആസ്' എന്നാണ് ഈ ഘട്ടത്തെ വിളിക്കുന്നത്.

ബദ്ര്‍ യുദ്ധ സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്ക് ശത്രുക്കള്‍ക്ക് നേരെയുള്ള ഭയം നീക്കാനും മനസ്സമാധാനവും ശാന്തിയും ലഭിക്കാനും അല്ലാഹു നല്‍കിയ ഒരു അനുഗ്രഹമായി ഇതിനെ വിശേഷിപ്പിക്കുന്നു. ''തന്റെ പക്കല്‍നിന്നുള്ള ശാന്തിയായി അല്ലാഹു നിങ്ങളെ ഒരു നിദ്രാ മയക്കം കൊണ്ട് മൂടുകയുണ്ടായി''.

ഉഹുദ് യുദ്ധ സമയത്തും വിശ്വാസികള്‍ക്ക് പലവിധ ദുഃഖങ്ങളും ഉണ്ടായപ്പോള്‍ അതില്‍നിന്നും മോചനമായി അല്ലാഹു അവര്‍ക്ക് 'നുആസ്' എന്ന് വിശേഷിപ്പിച്ച ഉറക്കം നല്‍കുകയുണ്ടായി. ''പിന്നീട് ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം മറന്ന് മയങ്ങി ഉറങ്ങാവുന്ന ശാന്തി നല്‍കി'' (3:154).

മൂന്നാം ഘട്ടം: ഗാഢനിദ്രയുടെ ഘട്ടമാണിത്. ഹൃദയമിടിപ്പും ശ്വാസഗതിയും ഏറ്റവും താഴ്ന്ന നിലയിലേക്ക് പോകുന്നു. മസിലുകളെല്ലാം തന്നെ വിശ്രമാവസ്ഥയിലായതിനാല്‍ എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള ഘട്ടമാണിത്. പുറംലോകത്ത് നടക്കുന്നതൊന്നും തന്നെ നാം ഈ ഘട്ടത്തില്‍ അറിയുന്നില്ല. കൂര്‍ക്കം വലിക്കുക, സ്വയം സംസാരിക്കുക തുടങ്ങിയവ ഈ ഘട്ടത്തില്‍ സംഭവിക്കാം. വിശുദ്ധ ഖുര്‍ആന്‍ 'റുഖൂദ്' എന്നാണ് ഈ ഘട്ടത്തെ വിശേഷിപ്പിച്ചത്. ഗുഹാവാസികളായ വിശ്വാസികളുടെ ഉറക്കത്തെ കുറിച്ച് അല്ലാഹു വിശദീകരിക്കുന്നു: ''അവര്‍ ഉണര്‍ന്നിരിക്കുന്നവരാണെന്ന് നിനക്ക് തോന്നാം. യഥാര്‍ഥത്തില്‍ അവര്‍ ഉറങ്ങുന്നവരാണ്. നാമവരെ വലത്തോട്ടും ഇടത്തോട്ടും തിരിച്ചു കിടത്തിക്കൊണ്ടിരിക്കുന്നു'' (18:18).

നാലാം ഘട്ടം: ഉറക്കം ആരംഭിച്ച് ഏകദേശം 90 മിനിറ്റിനു ശേഷം സംഭവിക്കുന്ന ഈ വേള നിദ്രയിലെ പ്രധാന ഘട്ടമാണ്. നമുക്ക് പകല്‍ സമയങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കാനുള്ള മാനസിക, ശാരീരിക ആരോഗ്യവും കരുത്തും ലഭിക്കുന്നത് ഈ ഘട്ടത്തിലാണ്. മസ്തിഷ്‌കത്തിന്റെ റിപ്പയറിംഗും മെയിന്റനന്‍സും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഈ ഘട്ടത്തിലാണ്. നമ്മുടെ ശാരീരിക അവയവങ്ങളെല്ലാം മരവിച്ച അവസ്ഥയിലായിരിക്കുന്നത് ഈ ഘട്ടത്തിലാണ് കാണുന്നത്. സ്വപ്‌നത്തിനോട് നാം പ്രതികരിക്കുന്നത് തടയാനാണ് ഈ ഘട്ടത്തില്‍ അവയവങ്ങള്‍ നിശ്ചലമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കണ്ണുകള്‍ ദ്രുതഗതിയില്‍ ചലിച്ചുകൊണ്ടിരിക്കും. യഥാര്‍ഥ ലോകത്തുനിന്നും പൂര്‍ണമായും നാം വേര്‍പ്പെട്ട് സ്വപ്‌നലോകത്ത് എത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ 'സുബാത്ത്' എന്ന് വിശേഷിപ്പിച്ച ഘട്ടമാണിത്. സുബാത്ത് എന്ന പദത്തിന് വിശ്രമം എന്നാണ് അര്‍ഥം പറയാറുള്ളതെങ്കിലും അതില്‍ കൂടുതലായി ബോധക്ഷയം, അനക്കമില്ലാത്ത അവസ്ഥ  (Coma Stage)  എന്ന അര്‍ഥങ്ങളാണ് ഇവിടെ കൂടുതല്‍ യോജിക്കുന്നത്. കാരണം ശരീരം പൂര്‍ണമായും മരവിച്ച് അനക്കമില്ലാത്ത അവസ്ഥയിലും, മസ്തിഷ്‌കം യഥാര്‍ഥ ലോകത്തുനിന്ന് വിട്ട് സ്വപ്‌നലോകത്തും എത്തുന്നു.

ഉറക്കവുമായി ബന്ധപ്പെട്ട് നാം അവഗണിക്കുന്നതും എന്നാല്‍ നബി(സ്വ) ഗൗരവത്തില്‍ നമ്മോട് നി൪ദ്ദേശിച്ചിട്ടുള്ളതുമായ ചില കാര്യങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. 


1.കടബാധ്യതകളും വസ്വിയ്യത്തുകളും എഴുതി വെക്കുക
   
കടബാധ്യതകളെല്ലാം എഴുതി വെക്കണമെന്നത് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ഖുര്‍ആന്‍ വചനം ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്.കടബാധ്യതയുമായി മരണപ്പെട്ടാല്‍ അത് ആരെങ്കിലും കൊടുത്തുവീട്ടുന്നില്ലെങ്കില്‍ മരണപ്പെട്ട വ്യക്തിക്ക് അതിന്റെ ശിക്ഷ ലഭിക്കും. നമ്മുടെ കടബാധ്യതയെകുറിച്ച് നമ്മുടെ ബന്ധുക്കള്‍ക്ക് അറിയാമെങ്കില്‍ മാത്രമേ അവ൪ക്ക് കൊടുത്തുവീട്ടാനും പറ്റുകയുള്ളൂ. ഉറക്കത്തെ മരണത്തോടാണ് വിശുദ്ധ ഖു൪ആന്‍ ഉപമിച്ചിട്ടുള്ളത്. അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റുകയുള്ളൂ.അതുകൊണ്ടുതന്നെ നമ്മുടെ കടബാധ്യതയെകുറിച്ച് ഉറങ്ങുന്നതിന് മുമ്പുതന്നെ രേഖപ്പെടുത്തിവെക്കേണ്ടതാണ്.

عَنِ ابْنِ، عُمَرَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَىْءٌ يُرِيدُ أَنْ يُوصِيَ فِيهِ يَبِيتُ لَيْلَتَيْنِ إِلاَّ وَوَصِيَّتُهُ مَكْتُوبَةٌ عِنْدَهُ

വസ്വിയ്യത്തിനെ കുറിച്ച് നബി(സ്വ) പറഞ്ഞു: 'വല്ലതും വസ്വിയ്യത്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു മുസ്‌ലിമിന് പ്രസ്തുത വസ്വിയ്യത്ത് തന്റെയടുക്കല്‍ എഴുതപ്പെടാതെ രണ്ട് രാത്രികള്‍ കഴിച്ചു കൂട്ടല്‍ അര്‍ഹതപ്പെട്ടതല്ല'. (മുസ്‌ലിം:1627).

നബി(സ്വ)യില്‍ നിന്നും ഈ ഹദീസ് കേട്ടശേഷം ഇബ്‌നു ഉമര്‍(റ) തനിക്ക് രേഖപ്പെടുത്തി വെക്കാനുള്ളവ എഴുതി വെക്കാതെ ഉറങ്ങാറുണ്ടായിരുന്നില്ല.


2.ഒറ്റക്ക് ഉറങ്ങാതിരിക്കുക

ഒരുവീട്ടില്‍‍ ഒറ്റക്ക് താമസിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എഴുന്നേല്‍ക്കാന്‍ കഴിയാത്ത രീതിയില്‍ രോഗം ബാധിച്ചാലോ വീട്ടിലേക്ക് ആരുടേയെങ്കിലും കടന്നുകയറ്റമോ ആക്രമണമോ ഉണ്ടായാലോ ഒറ്റക്ക് താമസിക്കുന്ന വ്യക്തിക്ക് ഏറെ പ്രയാസകരമായിരിക്കും.
   
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: 'തീര്‍ച്ചയായും നബി(സ്വ) ഒറ്റപ്പെടലിനെ വിരോധിച്ചു. അതായത് ഒരാള്‍ തനിച്ച് രാപാര്‍ക്കുന്നതും ഒറ്റക്ക് യാത്ര ചെയ്യുന്നതും' (അഹ്'മദ് -  അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)


3.തടവില്ലാത്ത (തുറസ്സായ മട്ടുപ്പാവില്‍)  സ്ഥലത്ത് ഉറങ്ങരുത്


സുരക്ഷിതമായ സ്ഥലത്തായിരിക്കണം ഉറങ്ങാന്‍ കിടക്കേണ്ടത്. ടെറസിന് മുകളില്‍ ചുറ്റുമതില്‍ ഇല്ലെങ്കില്‍ ഉറങ്ങുവാനായി പ്രസ്തുത സ്ഥലം തെരഞ്ഞെടുക്കരുത്.കുട്ടികളെ ഉയ൪ന്ന സ്ഥലത്ത് ഉറക്കാതിരിക്കുവാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.


عَنْ  عَلِيٍّ ابْنَ شَيْبَانَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ بَاتَ عَلَى ظَهْرِ بَيْتٍ لَيْسَ لَهُ حِجَارٌ فَقَدْ بَرِئَتْ مِنْهُ الذِّمَّةُ

നബി(സ്വ) പറഞ്ഞു: 'ആരെങ്കിലും തടവില്ലാത്ത വീടിന് മുകളില്‍ രാപാര്‍ത്താല്‍ അവന് അല്ലാഹുവില്‍ നിന്നുള്ള കാവല്‍ ഇല്ലാതായി.' (അബൂദാവൂദ്:5041 -  അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
   
അലിയ്യുബ്നുശൈബാനില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: തുറസ്സായ മട്ടുപ്പാവില്‍ കിടന്നുറങ്ങുന്നവന്റെ കാര്യത്തില്‍ യാതൊരു (സുരക്ഷിതത്വ) ഉത്തരവാദിത്വവുമില്ല.(ബുഖാരി)


4.വഴിയില്‍ കിടന്നുറങ്ങരുത്

  
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا سَافَرْتُمْ فِي الْخِصْبِ فَأَعْطُوا الإِبِلَ حَظَّهَا مِنَ الأَرْضِ وَإِذَا سَافَرْتُمْ فِي السَّنَةِ فَأَسْرِعُوا عَلَيْهَا السَّيْرَ وَإِذَا عَرَّسْتُمْ بِاللَّيْلِ فَاجْتَنِبُوا الطَّرِيقَ فَإِنَّهَا مَأْوَى الْهَوَامِّ بِاللَّيْلِ

നബി(സ്വ) പറഞ്ഞു:'പുല്ലും മേച്ചില്‍ സ്ഥലവുമുള്ള സ്ഥലത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ ഒട്ടകത്തിന് ആ സ്ഥലത്തുള്ള വിഹിതം നല്‍കുക. വരണ്ട പ്രദേശത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ അവയുമായി നിങ്ങള്‍ ധൃതിയില്‍ പോകുക. ഉറങ്ങുവാനും വിശ്രമിക്കാനുമായി രാത്രിയില്‍ നിങ്ങള്‍ ഇറങ്ങിയാല്‍ വഴി നിങ്ങള്‍ ഒഴിവാക്കുക. കാരണം അത് വന്യമൃഗങ്ങളുടെ വഴിയും രാത്രിയില്‍ വിഷജന്തുക്കളുടെ അഭയസ്ഥാനവുമാകുന്നു'.(മുസ്‌ലിം:1926).
   
വീടിന് അകത്തുതന്നെ ആയിരുന്നാലും വഴിയില്‍ കിടക്കരുത്.അത് മറ്റുള്ളവരെ പ്രയാസപ്പെടുത്തലും ചിലപ്പോള്‍ തനിക്കുകതന്നെ വിഷമം വരുത്തിവെക്കലുമാകും.


5.കമിഴ്ന്നു കിടക്കരുത്
   
വയ൪ നിലത്താക്കി കമിഴ്ന്നുകിടക്കുന്നതും മുഖം നിലത്തുകുത്തി ഉറങ്ങുന്നതും പ്രവാചകന്‍ (സ്വ) വിരോധിച്ചു.

عَنْ طِخْفَةَ الْغِفَارِيِّ قَالَ أَصَابَنِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ نَائِمًا فِي الْمَسْجِدِ عَلَى بَطْنِي فَرَكَضَنِي بِرِجْلِهِ وَقَالَ :مَا لَكَ وَلِهَذَا النَّوْمِ هَذِهِ نَوْمَةٌ يَكْرَهُهَا اللَّهُ أَوْ يُبْغِضُهَا اللَّهُ

തിഖ്ഫത്തുല്‍ഗിഫാരി(റ) പറയുന്നു:ഞാന്‍ ഒരിക്കല്‍ പള്ളിയില്‍ കമിഴ്ന്നുകിടക്കുന്നതായി പ്രവാചകന്‍(സ്വ) കണ്ടു.അപ്പോള്‍ നബി(സ്വ) അവിടുത്തെ കാലുകൊണ്ട് തട്ടി ഇപ്രകാരം പറഞ്ഞു:'ഇപ്രകാരം ഉറങ്ങാന്‍ താങ്കള്‍ക്ക് എന്ത് സംഭവിച്ചു.ഇങ്ങനെ ഉറങ്ങുന്നത് അല്ലാഹു വെറുക്കുന്നു.അല്ലെങ്കില്‍ അല്ലാഹുവിന് അത് കോപമാണ്.'(ഇബ്നുമാജ:3723 -  

   
അബൂദ൪റില്‍(റ) നിന്ന് നിവേദനം : അദ്ദേഹം പറയുന്നു:നബി(സ്വ) എനിക്കരികിലൂടെ നടന്നുപോയി. ഞാന്‍ അപ്പോള്‍ കമിഴ്ന്നു കിടന്ന് ഉറങ്ങുകയായിരുന്നു. അദ്ദേഹം എന്നെ തന്റെ കാലുകൊണ്ട് തട്ടി ഉണ൪ത്തി. എന്നിട്ട് ഇപ്രകാരം പറഞ്ഞു:'ജുനൈദുബേ ഇത് നരകവാസികളുടെ കിടത്തമാണ്.'(ഇബ്നുമാജ)


6.ഭാര്യഭര്‍ത്താക്കന്മാര്‍ അല്ലാത്തവര്‍ ഒരുമിച്ച് കിടക്കരുത്


 عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ

നബി(സ്വ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ അവരോട് നമസ്കരിക്കുവാന്‍ നിങ്ങള്‍ കല്‍പ്പിക്കണം. പത്ത് വയസ്സായാല്‍ നമസ്കരിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക. അവരുടെ കിടപ്പറ നിങ്ങള്‍ വേ൪തിരിക്കുകയും ചെയ്യുക (അവരെ വെവ്വേറെ കിടത്തുക.) (അബൂദാവൂദ്:495 - )

عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:لاَ يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ وَلاَ الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ وَلاَ يُفْضِي الرَّجُلُ إِلَى الرَّجُلِ فِي ثَوْبٍ وَاحِدٍ وَلاَ تُفْضِي الْمَرْأَةُ إِلَى الْمَرْأَةِ فِي الثَّوْبِ الْوَاحِدِ

നബി(സ്വ) പറഞ്ഞു:'ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ നഗ്നതയിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്കോ നോക്കരുത്. ഒരു വസ്ത്രത്തിന് കീഴില്‍ ഒരു പുരുഷന്‍ മറ്റൊരു പുരുഷനോട് ചേര്‍ന്നു കിടക്കരുത്. ഒരു വസ്ത്രത്തിന് കീഴില്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചേര്‍ന്ന് കിടക്കരുത്.' (മുസ്‌ലിം:338)


ഉറങ്ങുന്നതിന് മുമ്പ് വുളൂഅ് ചെയ്യണമെന്ന് പ്രത്യേകം നിർദേശിക്കപ്പെട്ട സുന്നത്താണ്. 

ബറാഉബ്‌നു ആസ്വിബിൽ(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: നീ കിടപ്പറയിൽ ചെന്നാൽ നിസ്‌കാരത്തിന് വുളൂഅ് ചെയ്യുന്നത് പ്രകാരം വുളൂഅ് ചെയ്യുക. ഈ ഹദീസിൽ തുടർന്ന് പറയുന്നത് വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കണമെന്നാണ്.

ശാരീരികമായും ആരോഗ്യപരമായും നിരവധി ഗുണഫലങ്ങൾ ഇതിലുണ്ട്. ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും രക്തം സഞ്ചരിക്കാനും അനായാസം ശ്വാസം വലിക്കാനും പുറത്ത് വിടാനുമെല്ലാം വലത് ഭാഗത്തേക്കുള്ള കിടത്തം സഹായകമാവുന്നു. ഇടത് ഭാഗത്തേക്കോ മലർന്നോ കമിഴ്‌ന്നോ കിടന്നാൽ ലഭിക്കാത്ത നിരവധി ഗുണഫലങ്ങൾ വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങുന്നത് മൂലം ലഭിക്കും. ഉയരമുള്ള തലയിണയിൽ തല വച്ചുറങ്ങുമ്പോൾ നെറ്റി, തല, തലച്ചോർ തുടങ്ങിയ പ്രധാന ഭാഗങ്ങളിലെല്ലാം രക്തസഞ്ചാരം കുറയുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. 

ചെറിയ തലയിണയോ വലതുകൈ കവിളിൽ വച്ചോ ഉറങ്ങുന്ന നബിയുടെ ശീലത്തിൽ വലിയ പാഠമുണ്ടെന്നാണ് ആധുനികർ കണ്ടെത്തുന്നത്. ആമാശയ രോഗവുമായി ബന്ധപ്പെട്ട് ചികിത്സക്കെത്തിയ രോഗികളിൽ 95% പേരോടും വലതു ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങാൻ നിർദേശിക്കുന്നവരാണ് ആധുനിക ഡോക്ടർമാരിൽ ഏറെ പേരുമെന്നും പുതിയ പഠനങ്ങൾ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. അബൂഹുറൈറ(റ) വിൽ നിന്ന്.

നബി(സ്വ) കമിഴ്ന്ന് കിടന്നുറങ്ങുന്ന ഒരാളെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: ഈ കിടത്തം അല്ലാഹു ഇഷ്ടപ്പെടുകയില്ല (ബുഖാരി 6311).


സൂറത്തുൽ ഇഖ്‌ലാസ്വ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവയാണ് നിർദേശിക്കപ്പെട്ട സൂറത്തുകൾ. ആഇശ ബീവിയിൽ നിന്ന് റിപ്പോർട്ട്.

തിരുനബി(സ്വ) എല്ലാ രാത്രിയിലും രണ്ടുകൈയ്യും കൂട്ടിപ്പിടിച്ച് ഖുൽ ഹുവല്ലാഹു അഹദ്…, ഖുൽ അഊദു ബി റബ്ബിൽ ഫലഖ്…, ഖുൽ അഊദു ബി റബ്ബിന്നാസ്… എന്നീ സൂറത്തുകൾ ഓതിയ ശേഷം ശരീരത്തിൽ നിന്ന് സാധ്യമായ സ്ഥലത്തെല്ലാം തടവും. തലയിലും മുഖത്തുമാണ് ആദ്യം തടവുക. ഇങ്ങനെ മൂന്ന് പ്രാവശ്യം എല്ലാ രാത്രിയിലും ചെയ്യാറുണ്ട് (ബുഖാരി 5017).

ഇതിന് പുറമെ സൂറത്തുൽ കാഫിറൂനയും ഓതണമെന്ന് നിർദേശമുണ്ട്. നൗഫലുൽ അശ്ജഈ(റ)വിൽ നിന്ന്. തിരുനബി(സ്വ) എന്നോട് പറഞ്ഞു: നീ ഖുൽ യാ അയ്യുഹൽ കാഫിറൂൻ ഓതിയ ശേഷം ഉറങ്ങുക. ആ സൂറത്ത് ശിർക്കിൽ നിന്ന് മോചനം നൽകുന്നതാണ് (അബൂദാവൂദ് 5055).

സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ ഒരാൾ രാത്രിയിൽ പാരായണം ചെയ്താൽ എല്ലാ പ്രയാസങ്ങളിൽ നിന്നുമുള്ള സംരക്ഷണത്തിന് അവന് അത് മതിയാകുമെന്ന് തിരുനബി പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട് (ബുഖാരി 5009, മുസ്‌ലിം 808).



ഉറങ്ങാൻ ഉദ്ദേശിച്ച് വിരിപ്പിലെത്തിയവർ ആയത്തുൽ കുർസിയ്യ് ഓതുക. എങ്കിൽ അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണം നിനക്കുണ്ടാകും. പ്രഭാതം വരെ പിശാച് നിന്നോടടുക്കുകയില്ല എന്നും നബി(സ്വ) പറഞ്ഞതായി അബൂഹുറൈറ(റ)യിൽ നിന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് (ബുഖാരി 5000).

ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് വിരിപ്പ് കുടയണം. തട്ടിക്കുടഞ്ഞ് വിരിച്ച് കിടന്നുറങ്ങുന്നത് മനസ്സമാധാനത്തിന് സഹായകമാണെന്ന് മനഃശാസ്ത്രജ്ഞന്മാർ പറയുന്നുണ്ട്. വൃത്തിയും ശുദ്ധിയുമുള്ള കിടപ്പറയും വിരിപ്പും മനസ്സിന് ഉല്ലാസവും ആനന്ദവും നൽകും.

തിരുനബി(സ്വ) പറഞ്ഞു: നിങ്ങളിലൊരാൾ വിരിപ്പിനടുത്തെത്തിയാൽ ഉള്ള് അടക്കം വിരിപ്പ് കുടയണം. വിരിപ്പിൽ കടന്ന് കൂടിയതെന്താണെന്ന് അവന് അറിയുകയില്ല (ബുഖാരി 288, മുസ്‌ലിം 305).

അബ്ദുല്ലാഹിബ്‌നു അബീഖൈസിൽ നിന്ന്. തിരുനബി(സ്വ) ജനാബത്ത് സമയത്ത് എന്താണ് ചെയ്യാറുള്ളതെന്ന് ഞാൻ ആഇശ ബീവിയോട് ചോദിച്ചു. കുളിക്കുന്നതിന് മുമ്പ് ഉറങ്ങാറുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് കുളിക്കാറുണ്ടോ? ആഇശ ബീവി(റ) പറഞ്ഞു: രണ്ടും നബി(സ്വ) ചെയ്യാറുണ്ട്. ചിലപ്പോൾ കുളിച്ച ശേഷം ഉറങ്ങും, ചിലപ്പോൾ വുളൂഅ് ചെയ്ത് ഉറങ്ങും (മുസ്‌ലിം 307).

രാത്രി ഉറക്കിൽ നിന്ന് ഉണരുന്നവർ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു… എന്ന് ചൊല്ലണം, ശേഷം വുളൂഅ് ചെയ്ത് നിസ്‌കരിച്ച് ദുആ ചെയ്താൽ വലിയ ഫലം ലഭിക്കും.

ഇമാം ബുഖാരി(റ)യുടെ 1154-ാം നമ്പർ ഹദീസ് വ്യാഖ്യാനിച്ച് ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) എഴുതി: മഹാനായ ഇബ്‌നു ബത്ത്വാൽ പറയുന്നു; അല്ലാഹു അവന്റെ നബിയുടെ നാവിലൂടെ കരാർ ചെയ്തതാണ് ഈ ഹദീസിലൂടെ പഠിപ്പിക്കപ്പെട്ടത്. രാത്രി ഉറക്കിൽ നിന്ന് ഉണരുന്നവർ തന്റെ രക്ഷിതാവിന്റെ ഏകത്വം പറഞ്ഞുകൊണ്ട് നാവിനെ ചലിപ്പിക്കണം. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർത്ത് അവനെ സ്തുതിക്കണം. താഴ്മ പ്രകടിപ്പിച്ചുകൊണ്ട് അവനെ വാഴ്ത്തണം. രാത്രി സമയത്തുള്ള പ്രാർത്ഥനക്കും നിസ്‌കാരത്തിനും പ്രത്യേകം സ്വീകാര്യതയുണ്ട്. ഈ ഹദീസ് അറിയുന്നവരും പഠിക്കുന്നവരും ഇത് പ്രകാരം പ്രവർത്തിക്കാൻ ഉത്സാഹം കാണിക്കണം (ഫത്ഹുൽ ബാരി 41/3).

ഇശാ നിസ്‌കാരത്തിന് മുമ്പ് ഉറങ്ങുന്നത് തിരുനബി(സ്വ) നിരോധിക്കുകയും വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. അബൂബർസത്തുൽ അസ്‌ലമിയ്യിൽ നിന്ന്. റസൂൽ(സ്വ) ഇശാഇന് മുമ്പ് ഉറങ്ങുന്നത് വെറുത്തിരുന്നു. ഇശാഇന് ശേഷം ഭൗതിക സംസാരത്തിലേർപ്പെടുന്നതും നബി(സ്വ)ക്ക് വെറുപ്പുള്ള കാര്യമായിരുന്നു (ബുഖാരി 568, മുസ്‌ലിം 647).

ഈ ഹദീസ് വ്യാഖ്യാനിച്ച് ഇബ്‌നു ഹജർ(റ) എഴുതി: ഇശാഇന് മുമ്പ് ഉറങ്ങുന്നത് ഇശാഇന്റെ പ്രബല സമയം നഷ്ടപ്പെടുത്താൻ ഇടവരുത്തും. ഇശാഇന് ശേഷം ഭൗതിക സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് സുബ്ഹിയുടെ പ്രബല സമയവും നഷ്ടപ്പെടുത്തും (ഫത്ഹുൽ ബാരി 73/2).

രാത്രിയിൽ കളിതമാശ പറഞ്ഞ് സമയം കൊല്ലുന്നവരെ തിരഞ്ഞുപിടിച്ച് ഉമർ(റ) അടിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രം.

ഉറക്കം നഷ്ടപ്പെട്ട പുതുതലമുറ


ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമായ ഉറക്കം ഇന്ന് ഏറ്റവും നഷ്ടപ്പെടുന്നത് ന്യൂജനറേഷന്‍ എന്ന് നാം വിളിക്കുന്ന പുതുതലമുറക്കാണ്. ശരിയായ സമയത്തും മതിയായ അളവിലുമല്ലാത്ത ഉറക്കം നിരവധി ശാരീരിക-മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. 18 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ ചുരുങ്ങിയത് 7 മണിക്കൂറും 14 മുതല്‍ 17 വരെയുള്ളവര്‍ എട്ട് മണിക്കൂറും ഉറങ്ങണമെന്നാണ് ശാസ്ത്രമതം. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ശരീര ഭാരം വര്‍ധിക്കുക മുതലായ ശാരീരിക പ്രശ്‌നങ്ങളും വിഷാദം, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, ഉന്മേഷമില്ലായ്മ മുതലായ മാനസിക പ്രശ്‌നങ്ങളും ഉറക്കമില്ലായ്മയുടെ ഫലങ്ങളാണ്. രാത്രി വൈകിയും വീടണയാതെ പുറത്ത് കഴിച്ചുകൂട്ടുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക, അപകടകരമായ മൊബൈല്‍ ഗെയ്മുകള്‍ ഉറക്കമൊഴിച്ച് കളിക്കുക, രാത്രി ഉറക്കമൊഴിച്ച് വാഹനങ്ങള്‍ ഓടിച്ച് അപകടത്തില്‍ പെടുക തുടങ്ങിയവയെല്ലാം ശരിയായ സമയത്ത് ഉറങ്ങാത്തതിന്റെ പ്രശ്‌നങ്ങളാണ്. പുതുതലമുറക്ക് ദിശാബോധം നല്‍കാനുള്ള ഒരുവഴി അവരുടെ ഉറക്കും ഉണര്‍ച്ചയും ശാസ്ത്രീയവും ഇസ്‌ലാമികവുമാക്കി മാറ്റുക എന്നതാണ്. 

തിരുദൂതരുടെ (സ്വ) സ്വർഗീയ സഹായി

 

തിരുദൂതരുടെ (സ്വ) പിതൃസഹോദരി സ്വഫിയ്യ(റ)യുടെയും തിരുപത്‌നി ഖദീജ(റ)യുടെ സഹോദരൻ അവ്വാമുബ്‌നു ഖുവൈലിദിന്റെയും പുത്രനാണ് സുബൈർ. അദ്ദേഹത്തിനൊരു കൂട്ടുകാരനുണ്ടായിരുന്നു. മരണത്തിനു പോലും ഇണപിരിക്കാൻ കഴിയാത്ത സന്തത സഹചാരി. ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ്. റസൂൽ(സ്വ) പലപ്പോഴും ഈ സൗഹൃദത്തെ കുറിച്ചു പരാമർശിക്കുമായിരുന്നു. പ്രവാചകരുടെ (സ്വ) പിതാമഹന്മാരായ ഖുസയ്യിന്റെയും മുർറത്തിന്റെയും പരമ്പരയിൽ പെട്ടവരായിരുന്നു ഇരുവരും. സുബൈർ ഖുസയ്യിന്റെയും ത്വൽഹത്ത് മുർറത്തിന്റെയും കണ്ണിയായിരുന്നു. 

ഒരിക്കൽ അവിടുന്ന് പറയുകയുണ്ടായി: ‘ത്വൽഹത്തും സുബൈറും സ്വർഗത്തിൽ എന്റെ അയൽക്കാരാകുന്നു.‘

ഇരുവരുടെയും സ്വഭാവം, വളർച്ച, ധീരത, സമ്പത്ത്, ഐശ്വര്യം, സ്വീകാര്യത തുടങ്ങിയ ഗുണങ്ങളെല്ലാം ഈ പാരസ്പര്യം ഊട്ടിയുറപ്പിക്കുന്നതിന് സഹായകമായി. സ്വർഗംകൊണ്ട് സന്തോഷവാർത്തയറിയിക്കപ്പെട്ട ‘അൽഅശറത്തുൽ മുബശ്ശിറ‘യിൽ ഇരുവരും ഉൾപ്പെടുന്നു.

രണ്ടാം ഖലീഫ ഉമർ(റ) തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ നിയമിച്ച ആറു പേരടങ്ങുന്ന സമിതിയിലും ഇരുവരും അംഗങ്ങളായിരുന്നു. ഇസ്‌ലാമിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ സുബൈർ(റ) വിശുദ്ധ മതം സ്വീകരിച്ചു. അന്ന് അഞ്ചോ ആറോ പേർ മാത്രമേ മുസ്‌ലിംകളായുണ്ടായിരുന്നുള്ളൂ. ദാറുൽ അർഖമിൽ രഹസ്യ പ്രബോധനം നടക്കുന്ന കാലം. അന്ന് പതിനാറ് വയസ്സാണ് അദ്ദേഹത്തിന്.

നല്ലൊരു കുതിരപ്പടയാളിയായിരുന്നു സുബൈർ(റ). ഇസ്‌ലാമിന് വേണ്ടി ആദ്യമായി വാളെടുത്തത് അദ്ദേഹമാണെന്നാണ് ചരിത്രം. ആ സംഭവമിങ്ങനെ: മുസ്‌ലിംകളുടെ രഹസ്യ താവളമായ ദാറുൽ അർഖമിൽ ചർച്ചയിലേർപ്പെട്ടിരിക്കുകയായിരുന്നു സുബൈർ(റ)വും സംഘവും. അവിടേക്കൊരു കിംവദന്തിയെത്തി. പ്രവാചകർ(സ്വ) വധിക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു ആ വ്യാജവാർത്ത. സുബൈർ(റ)വിനെയും കൂട്ടുകാരെയും ഇതു പരിഭ്രാന്തരാക്കി. വാള് ഉറയിൽനിന്ന് ഊരി അദ്ദേഹം മക്കയുടെ തെരുവിലേക്കിറങ്ങി. കേട്ടത് ശരിയാണെങ്കിൽ ഓരോ ഖുറൈശി മുഖ്യന്റെയും തല കൊയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. നാലുപാടും പരതി നടന്ന അദ്ദേഹം അൽപനേരത്തിനു ശേഷം തിരുദൂതർ(സ്വ) എതിരെ വരുന്നതായി കണ്ടു. ദൂരെ നിന്നുതന്നെ ഇരുവരും പരസ്പരം തിരിച്ചറിഞ്ഞു. അടുത്തെത്തിയപ്പോൾ റസൂൽ(സ്വ) ആരാഞ്ഞു: സുബൈർ, എന്താണ് വാളുമായി ഇറങ്ങിയിരിക്കുന്നത്?

അദ്ദേഹം സംഭവം വിശദീകരിച്ചുകൊടുത്തു. പറഞ്ഞവസാനിപ്പിച്ചപ്പോഴേക്ക് അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. പ്രവാചകർ(സ്വ) ആശ്വസിപ്പിച്ചു. തന്നെ അത്രയേറെ സ്‌നേഹിക്കുന്ന ആ ചെറുപ്പക്കാരനു വേണ്ടി അവിടുന്ന് പ്രാർത്ഥിച്ചു. അപ്പോഴേ ആ മനം ശാന്തമായുള്ളൂ.

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ ക്രൂരമായ പീഡനങ്ങൾ അദ്ദേഹത്തിനനുഭവിക്കേണ്ടിവന്നു. പീഡന മുറകളേൽപിച്ച പിതൃവ്യൻ പറഞ്ഞു: ‘സുബൈറേ, മുഹമ്മദിനെ തള്ളിപ്പറയുക. എന്നാൽ നിനക്ക് രക്ഷ പ്രാപിക്കാം.‘

എന്തു ചെയ്തിട്ടും മനസ്സു മാറുന്നില്ലെന്ന് കണ്ടപ്പോൾ അവസാനം അദ്ദേഹത്തെ പായയിൽ ചുരുട്ടിക്കൂട്ടി തീയിട്ടു. പുകയേറ്റ് മഹാന് ശ്വാസം മുട്ടി. എന്നിട്ടും അവിശ്വാസത്തിന് തയ്യാറായില്ല. മറ്റൊരു നിർവാഹവുമില്ലാത്തതിനാൽ കുടുംബം അദ്ദേഹത്തെ വെറുതെ വിട്ടു.

ശത്രുമർദനം രൂക്ഷമായപ്പോൾ മുസ്‌ലിംകൾ മക്കയിൽനിന്ന് അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയി. സുബൈർ(റ)വും അവരോടൊപ്പം പുറപ്പെട്ടു. തിരിച്ചുവന്ന ശേഷം എല്ലാ ധർമസമരങ്ങളിലും അദ്ദേഹം റസൂൽ(സ്വ)ക്കൊപ്പം അണിനിരന്നു. ഉഹ്ദിലെ വിപൽസന്ധിയിൽ പതറാതെ പൊരുതിയ അൽപം ചിലരിലൊരാൾ സുബൈറുബ്‌നുൽ അവ്വാം(റ)വായിരുന്നു. ഇസ്‌ലാമിന്റെ സംരക്ഷണത്തിന് വേണ്ടി ദേഹമാസകലം വെട്ടും കുത്തുമേറ്റു അദ്ദേഹത്തിന്. ആ യുവകോമളന്റെ മേനിയിലെ പരിക്കടയാളങ്ങൾ കണ്ട് അത്ഭുതപ്പെടുന്നവരോട് സുബൈർ(റ) വാചാലനാകും: ‘രക്ഷിതാവിന്റെ മാർഗത്തിൽ പോരാടിയപ്പോൾ ഏറ്റ മുറിപ്പാടുകളാണിത്.‘

ഉഹ്ദ് യുദ്ധാനന്തരം ജേതാക്കളായി മക്കയിലേക്ക് മടങ്ങുകയായിരുന്നു ശത്രുസൈന്യം. മുസ്‌ലിംകൾ അശക്തരാണെന്ന ധാരണ ഖുറൈശികൾക്കുണ്ടാകാതിരിക്കേണ്ടത് അനിവാര്യമാണെന്നു മനസ്സിലാക്കി പ്രവാചകർ(സ്വ) സിദ്ദീഖുൽ അക്ബർ(റ)നോടും സുബൈർ(റ)വിനോടും അവരെ പിന്തുടരാൻ കൽപിച്ചു. വിജയാരവങ്ങളോടെ മടങ്ങുന്നവരെയാണ് തങ്ങൾ പിന്തുടരുന്നതെന്ന ഭയാശങ്കകളില്ലാതെ എഴുപത് പേരടങ്ങുന്ന പോരാളികളുമായി അവർ മുന്നേറി. സുശക്തമായൊരു സൈന്യത്തെയാണ് ഇരുവരും നയിച്ചുവരുന്നതെന്ന് തെറ്റിദ്ധരിച്ച ഖുറൈശികൾ അതിവേഗം മക്കയിലേക്കു മടങ്ങി. തിരുദൂതരുടെ തന്ത്രം ഫലിച്ചു.

ഉഹ്ദിൽ രക്തസാക്ഷിയായ തന്റെ അമ്മാവൻ ഹംസ(റ)ന്റെ ശത്രുക്കൾ വികൃതമാക്കിയ ദേഹം കണ്ടപ്പോൾ അതിനു പ്രതികാരം ചെയ്യുമെന്ന് സുബൈർ(റ) പ്രതിജ്ഞയെടുത്തു. എല്ലാ പോരാട്ട സന്ദർഭങ്ങളിലും ശത്രുക്കളെ മുഖാമുഖം കാണുമ്പോൾ ഹംസ(റ)ന്റെ കരളലിയിക്കുന്ന ദൃശ്യം അദ്ദേഹത്തിന്റെ മനോമുകുരത്തിൽ തെളിഞ്ഞുവരും. കാലങ്ങൾക്കു ശേഷം ഖൈബറിന്റെ പോർഭൂമികയിലും ആ പ്രഖ്യാപനം ആവർത്തിച്ചു. ഖൈബറിലെ ജൂതർ കീഴടങ്ങാതെ കോട്ടക്കകത്ത് കഴിയുകയായിരുന്നു. ബനൂഖുറൈളക്കാരുടെ കോട്ടമതിലിനടുത്ത് ചെന്ന് അലി(റ)വോടൊപ്പം അദ്ദേഹം വിളിച്ചുപറഞ്ഞു: ‘ഞങ്ങളുടെ പ്രിയപ്പെട്ട ഹംസ(റ) അനുഭവിച്ചത് പോലെ നിങ്ങളെയും ഞങ്ങളനുഭവിപ്പിക്കും.‘ ശ്രമപ്പെട്ട് കോട്ടയിൽ കയറിപ്പറ്റിയ അലി, സുബൈർ(റ) മുസ്‌ലിംകൾക്ക് കവാടം തുറന്നുകൊടുത്തു.

യർമൂക്ക് യുദ്ധത്തിൽ സുബൈർ(റ) ധീരോദാത്തമായ പോരാട്ടം കാഴ്ചവച്ചു. റോം പർവതത്തിന്റെ പ്രാന്തത്തിൽ നിന്ന് ശത്രുസൈന്യത്തിന്റെ കരുത്തു കണ്ട് ഒരുവേള പിന്തിരിയാൻ തുനിഞ്ഞ മുസ്‌ലിം സൈനികർക്ക് സ്ഥൈര്യം പകർന്ന് ശത്രുനിരയിലേക്ക് എടുത്തുചാടി അസാമാന്യ ശൂരത്വം പ്രകടിപ്പിച്ചു മഹാൻ. ചരിത്രത്തിൽ വിസ്മയം പകർന്ന അനുപമ ധീരതയുടെ അധ്യായമാണ് അതുവഴി അദ്ദേഹം രചിച്ചത്.

നാഥന്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വം എന്നും സുബൈർ(റ)ന്റെ മോഹമായിരുന്നു. മുൻഗാമികളായ ശുഹദാക്കളോട് വലിയ ആദരവും സ്‌നേഹവും പുലർത്തിയിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം ആത്മഗതം പോലെ പറയുകയുണ്ടായി: ‘റസൂലിനു ശേഷം മറ്റൊരു പ്രവാചകൻ വരാനില്ല. ഇതറിയാമായിരുന്നിട്ടും എന്റെ കൂട്ടുകാരൻ ത്വൽഹത്ത് സന്താനങ്ങൾക്ക് പ്രവാചകൻമാരുടെ നാമങ്ങളാണ് നൽകിയിരിക്കുന്നത്. എന്നാൽ ഞാൻ എന്റെ കുട്ടികൾക്ക് ദീനിനായി ദേഹവും ജീവനും അർപ്പണം ചെയ്ത ശുഹദാക്കളുടെ പേരുകൾ നൽകാനാണ് ഇഷ്ടപ്പെടുന്നത്. എന്റെ മക്കൾ ആ ധീരകേസരികളെ പോലെ ഏക ഇലാഹിന്റെ സരണിയിൽ രക്തസാക്ഷികളായിത്തീർന്നാൽ നന്നായിരുന്നുവെന്നാണെന്റെ അഭിലാഷം.‘ അബ്ദുല്ല, മുൻദിർ, ഉർവത്ത്, ഹംസ, ജഅ്ഫർ, മുസ്അബ്, ഖാലിദ് എന്നീ പേരുകളാണ് അദ്ദേഹം മക്കൾക്കിട്ടത്. എല്ലാം ശുഹദാക്കളുടെ നാമങ്ങൾ.

കവി ഹസ്സാനുബ്‌നു സാബിത്(റ) ഒരിക്കൽ സുബൈർ(റ)നെ കുറിച്ചു പാടി. ആശയമിങ്ങനെ: ‘എടുത്ത പ്രതിജ്ഞ തെറ്റിക്കാതെ നിലകൊണ്ട റസൂലിന്റെ സഹായിയായിരുന്നു അദ്ദേഹം. വാക്കും പ്രവൃത്തിയും സമാനമായവൻ. യുദ്ധദിനങ്ങളിൽ കുതിച്ചുചാടി അസാമാന്യ പ്രകടനം കാഴ്ചവച്ച ധീരൻ. ഇസ്‌ലാമിനു ചെയ്ത സേവനം അദ്ദേഹത്തെ വിശ്രുതനാക്കി. അല്ലാഹുവിന്റെ ദൂതരുമായി അടുത്ത കുടുംബ ബന്ധമുള്ളയാൾ. സുബൈറുബ്‌നുൽ അവ്വാമിന്റെ വാൾ പ്രവാചകരെതൊട്ട് തട്ടിമാറ്റിയ കഷ്ടതകൾ അനവധിയാണ്. നാഥൻ അദ്ദേഹത്തിനു കനത്ത പ്രതിഫലം നൽകട്ടെ.‘

നല്ലൊരു കച്ചവടക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനു വേണ്ടി ചെലവഴിച്ച് അദ്ദേഹത്തിന് അവസാനം കച്ചവടം ഉപേക്ഷിക്കേണ്ടിവന്നു. കടം കയറി. രക്തസാക്ഷിയാകുമ്പോൾ വലിയ കടബാധിതനായിരുന്നു മഹാൻ.

‘മോനേ, ഉപ്പയുടെ കടം വീട്ടാൻ നിനക്ക് കഴിയാതെ വരികയാണെങ്കിൽ നീ വിഷമിക്കേണ്ടതില്ല. എന്റെ യജമാനനോട് സഹായം തേടിയാൽ മതി.‘ മരണത്തിന്റെ തൊട്ടുമുമ്പായി പുത്രൻ അബ്ദുല്ലയോട് മഹാന്റെ വസ്വിയ്യത്ത്.

‘ഉപ്പാ, ആരാണ് അങ്ങയുടെ യജമാനൻ?’

‘മോനേ, യജമാനൻമാരിൽ വച്ച് ഉന്നതനും ഉത്തമനും അവസാനിക്കാത്ത ഖജനാവിന്റെ ഉടമയുമായ സർവശക്തൻ തന്നെ!‘

പിൽക്കാലത്ത് അബ്ദുല്ല പലപ്പോഴും പറയുമായിരുന്നു: ‘പിതാവിന്റെ കടബാധ്യതകൾ വീട്ടാൻ വഴി കാണാതെ വിഷമിക്കുമ്പോൾ ഉപ്പ ഓർമപ്പെടുത്തിയതു പോലെ ഞാൻ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കും. ഉടനെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്യും.‘

‘എല്ലാ നബിമാർക്കും ഓരോ അടുത്ത സഹായികളുണ്ട്. എന്റെ സഹായി സുബൈർ(റ)വാകുന്നു‘- തിരുദൂതർ അനുസ്മരിച്ചു. ഹിജ്‌റയുടെ 28 വർഷം മുമ്പ് മക്കയിൽ ജനിച്ച ഈ പ്രവാചക സഹായിയുടെ മരണം ജമൽ യുദ്ധക്കളത്തിൽ നടന്ന ഒരു ചതിയുടെ ഫലമായായിരുന്നു.

ജമൽ യുദ്ധ ദിവസം പോർക്കളത്തിൽ നിന്നു മാറി സുബൈർ(റ) നിസ്‌കാരത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അംറുബ്‌നു ജർമുസ് എന്നയാൾ പിറകിലൂടെ വന്ന് മഹാനെ വെട്ടി താഴെയിട്ടു. ശേഷം ആ വൃത്താന്തം അലി(റ)ന്റെ ക്യാമ്പിൽ ചെന്നു പറഞ്ഞു. അദ്ദേഹം തന്റെ എതിർപക്ഷത്തായിട്ടും അലി(റ) അത് കേട്ട് നടുങ്ങി. രോഷത്തോടെ അയാളെ ആട്ടിയോടിച്ച് ഖലീഫ പറയുകയുണ്ടായി: ‘സ്വഫിയ്യ(റ)യുടെ പുത്രന്റെ കൊലയാളിക്ക് അല്ലാഹു നൽകുന്ന ശിക്ഷ നരകമായിരിക്കും.‘

അനന്തരം ആ ധീര കേസരിയുടെ നിഷ്‌ചേതന ശരീരത്തിനടുത്ത് ചെന്ന് കരവാളെടുത്ത് ചുംബിച്ചുകൊണ്ട് അലി(റ) പറഞ്ഞു: ഹോ, ഈ ഖഡ്ഗം തിരുദൂതർക്ക് കാവലും തുണയുമായിരുന്നു. നബിയുടെ ഉത്തമ സ്‌നേഹിതാ, അല്ലാഹു താങ്കൾക്ക് രക്ഷയേകട്ടെ.‘ ഹിജ്‌റ 36-ലായിരുന്നു സുബൈർ(റ) രക്തസാക്ഷിത്വം വരിച്ചത്. അന്ന് അദ്ദേഹത്തിന് 64 വയസ്സാണ് പ്രായം.


(നുജൂമുൻ ഹൗലർറസൂൽ(സ്വ), സുവറുൻ മിൻ ഹയാതിസ്സ്വഹാബത്തി വസ്സ്വഹാബിയ്യാത്ത്: 129-135).


ടിടിഎ ഫൈസി പൊഴുതന