Monday 1 February 2021

സൽമാനുൽ ഫാരിസി (റ)

 

പേർഷ്യയിലെ ഇസ്ഫഹാൻ  ഗ്രാമത്തിൽ അഗ്നിയാരാധകരുടെ കുടുംബത്തിലായിരുന്നു സൽമാനുൽ ഫാരിസി(റ)വിന്റെ ജനനം.

പരമമായ ആത്മീയ സത്യവും തേടി പുറപ്പെട്ട് കൃസ്തീയ പുരോഹിതന്മാരുടെ ചർച്ചുകളിലും ദേവാലയങ്ങളിലും പരതി നൈരാശ്യം പേറി അവസാനം മദീനയിലെ ഒരു ജൂതപ്രമാണിയുടെ അടിമയായി ജീവിക്കേണ്ടി വന്നു അദ്ദേഹത്തിന്. അങ്ങനെ മദീനയിൽ വെച്ച് അന്ത്യപ്രവാചകരെ (ﷺ) കാണുകയും അത്രയും കാലം അന്വേഷിച്ചു നടന്ന സത്യം കണ്ടെത്തുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു മഹാൻ.   പിന്നീട് നബിﷺയുടെയും അനുയായികളുടെയും സഹായത്തോടെ ആ ജൂതന്റെ അടിമത്വത്തിൽ നിന്നും അദ്ദേഹം മോചിതനായി.

ഭക്തി, വിരക്തി, ബുദ്ധിസാമർത്ഥ്യം സൂക്ഷ്മത എന്നീ ഗുണങ്ങളിൽ സൽമാനുൽ ഫാരിസി (റ), ഉമർ(റ)വിനോട് തുല്യനായിരുന്നു എന്ന് ചരിത്രം.

ഒരിക്കൽ വിശ്രമമില്ലാതെ ഇബാദത്ത്‌ ചെയ്തിരുന്ന അബൂദർദാഹ് (റ)വിനോട് സലാമാനുൽ ഫാരിസി (റ) പറഞ്ഞു. "നിങ്ങളുടെ സ്വന്തം കണ്ണുകളോടും, വീട്ടിലുള്ളവരോടും നിങ്ങൾക്ക് ചില ബാധ്യതകളുണ്ട്. നമസ്കരിക്കുക, ഉറങ്ങുക, നോമ്പനുഷ്ഠിക്കുക, നോമ്പനുഷ്ഠിക്കാതിരിക്കുക. ഇങ്ങനെയാകണം നിങ്ങളുടെ ഇബാദത്ത്‌.”

ഈ ഉപദേശം നബിﷺയുടെ ചെവിയിൽ എത്തിയപ്പോൾ നബി ﷺ പറഞ്ഞു: "സൽമാൻ വിജ്‍ഞാനം കൊണ്ട് നിറയ്ക്കപ്പെട്ട ആളാകുന്നു."

ഹിജ്‌റ അഞ്ചാം വർഷം ഇസ്ലാമിന്റെ ശത്രുക്കൾ സർവ്വസന്നാഹങ്ങളും സംഭരിച്ചു കൊണ്ട് ഇസ്ലാമിനെതിരെ ആഞ്ഞടിക്കാൻ മദീനയിലേക്ക് കുതിച്ചു. അറേബ്യയിലെ എല്ലാ ശത്രു വിഭാഗത്തിനും പ്രാധിനിത്യമുണ്ടായിരുന്ന ആ സൈന്യത്തിൽ ഇരുപതിനായിരത്തോളം യോദ്ധാക്കളുണ്ടായിരുന്നു.

തന്റെ ജന്മ നാടായ പേർഷ്യയിൽ നിന്നും പല യുദ്ധതന്ത്രങ്ങളും സലാമാനുൽ ഫാരിസി (റ) മനസ്സിലാക്കിയിരുന്നു. അറബികൾക്ക് പരിചിതമല്ലാത്ത ഒരു തന്ത്രം അദ്ദേഹം നബിﷺയുടെയും സഹാബത്തിന്റെയും മുൻപിൽ വെച്ചു.

മദീനയെ ശത്രുക്കളിൽ നിന്ന് പ്രതിരോധിക്കാൻ മദീനയുടെ ചുറ്റും തുറന്നുകിടക്കുന്ന ഭാഗങ്ങളിൽ കിടങ്ങു കുഴിക്കുക. ഇതായിരുന്നു സൽമാനുൽ ഫാരിസി(റ)വിന്റെ യുദ്ധ തന്ത്രം.

കിടങ്ങ് കാരണം മദീനയിലേക്കു കടക്കാൻ സാധിക്കാതെ ഒരുമാസക്കാലത്തോളം ശത്രു സൈന്യത്തെ തളച്ചിടാൻ മുസ്ലിങ്ങൾക്ക് കഴിഞ്ഞു. ഒടുവിൽ പരാജിതരായി ശത്രുക്കൾ മടങ്ങി. ഈ സമരത്തെ 'ഖന്ദഖ് ' എന്ന പേരിൽ അറിയപ്പെടുന്നു. 

ഖന്ദഖ് യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ അൻസാരികൾ വിളിച്ചു പറഞ്ഞു: "സൽമാൻ ഞങ്ങളുടെ ആളാകുന്നു". ഇതുകേട്ട മുഹാജിറുകൾ പറഞ്ഞു: "അല്ല സൽമാൻ ഞങ്ങളുടെതാകുന്നു". അപ്പോൾ ഇരുപക്ഷത്തോടും നബി ﷺ പറഞ്ഞു: "അല്ല, അല്ല, സൽമാൻ എന്റെ കുടുംബത്തിൽ പെട്ടവനാകുന്നു."

പിൽകാലത്ത് മദായിനിലെ അമീറായി നിയമിക്കപ്പെട്ട സൽമാനുൽ ഫാരിസി (റ)വിനോട് ചിലർ ചോദിച്ചു: "ഒരു ഭരണാധികാരിയായിരിക്കുന്നതിൽ താങ്കൾക്ക് എന്താണിത്ര വെറുപ്പ്". അപ്പോൾ അദ്ദേഹം പറഞ്ഞു: "അധികാരത്തിന്റെ മുലപ്പാൽ കുടിക്കുമ്പോൾ വളരെ മധുരമാണ്. പക്ഷെ കുടി നിർത്തുക എന്നത് കൈപ്പേറിയതുമാണ്."

കുട്ട മെടഞ്ഞു വിറ്റിട്ടായിരുന്നു അദ്ദേഹം തന്റെ ദൈനംദിന ജീവിതം നയിച്ചിരുന്നത്. ഒരു ദിവസം മൂന്ന് ദിർഹമിന്ന് അദ്ദേഹം കുട്ട വിൽക്കും. ഒരു ദിർഹം തന്റെയും കുടുംബത്തിന്റെയും ആവശ്യത്തിനും, ഒരു ദിർഹം ഓലവാങ്ങാനും ചിലവഴിക്കും. അവശേഷിക്കുന്ന ദിർഹം ധർമ്മം ചെയ്യുകയുമായിരുന്നു പതിവ്.

നബിﷺയുടെ സന്തുഷ്ട അനുയായികളിൽ പെട്ട സൽമാനുൽ ഫാരിസി(റ), മരണാസന്നനായപ്പോൾ വളരെ സങ്കടപ്പെട്ടു കാണപ്പെട്ടു. തന്റെ വീട്ടിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചിരുന്ന തളികയും, വുളൂഅ്‌ എടുക്കാൻ ഉപയോഗിച്ചിരുന്ന ഒരു പാത്രവും ദുനിയാവിൽ വിട്ടേച്ചു പോവേണ്ടിവരുമല്ലോ എന്നോർത്തായിരുന്നു അദ്ദേഹം സങ്കടപ്പെട്ടത്. അവ രണ്ടും സഅദ് (റ) ധർമ്മം ചെയ്തതോടെയാണ് മഹാനവർ സ്വസ്ഥനായത്.

ഒടുവിൽ മരണമടുത്തപ്പോൾ അദ്ദേഹം ഭാര്യയെ വിളിച്ചു കൊണ്ട് താൻ സൂക്ഷിക്കാൻ ഏല്പിച്ച കസ്തൂരി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഭാര്യയോടായി പറഞ്ഞു: "ഏതാനും നിമിഷങ്ങൾക്കകം അല്ലാഹുﷻവിന്റെ ചില അടിമകൾ എന്നെ സമീപിക്കും, അവർക്ക് ഭക്ഷണം ആവശ്യമില്ല. സുഗന്ധ സാധനങ്ങൾ അവർക്ക് പ്രിയമാണ്."

 ഭാര്യ പുറത്തിറങ്ങി തിരിച്ചുവന്നപ്പോഴേക്കും സൽമാനുൽ ഫാരിസി (റ) വിന്റെ ആത്മാവ് അല്ലാഹുﷻവിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു.

കരളലിയിക്കുന്ന അനേകം പരീക്ഷണങ്ങളുടെ നടുവില്‍ കിടന്ന്‍ അചഞ്ചലമായ വിശ്വാസം കവര്‍ന്നെടുത്ത ഒരു യുവാവിന്‍റെ കഥ, നിരവധി വൈതരണികള്‍ തരണം ചെയ്ത് സത്യത്തിന്‍റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ തീര്‍ത്ഥയാത്ര നടത്തിയ അബൂദര്‍റുല്‍ ഗിഫാരി(റ)വിനെ പോലെ ചരിത്രത്തില്‍ ഉന്നതസ്ഥാനം അവകാശപ്പെടാവുന്ന ഒരു ത്യാഗോജ്ജ്വല വ്യക്തിത്വത്തിന്‍റെ ഉടമയാണ് മഹാനായ സല്‍മാനുല്‍ ഫാരിസി (റ).


മനുഷ്യന്‍ പ്രപഞ്ച സൃഷ്ടാവിന്‍റെ ഉത്തമ സൃഷ്ടിയാണ്. ആ ഉത്തമ സൃഷ്ടിയെ സംബന്ധിച്ച് ഖുര്‍ആന്‍ തന്നെ പറയുന്നത് കാണുക; ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു എന്ന്‍. അതേ ഖുര്‍ആന്‍ തന്നെ മനുഷ്യ സൃഷ്ടിപ്പിന്‍റെ ഏക ലക്ഷ്യവും വ്യക്തമാക്കുന്നു. അഥവാ മനുഷ്യരേയും ജിന്നുകളെയും ആരാധിക്കാന്‍ വേണ്ടിയല്ലാതെ സൃഷ്ടിച്ചിട്ടില്ല. എന്ന്‍ സൃഷ്ടാവിന് ആരാധിക്കുന്നതിന്‍റെ പ്രാധാന്യം വളരെയധികം ഊന്നല്‍ നല്‍കിയാണ്‌ ഇങ്ങനെ പ്രസ്താവിച്ചത്.

അങ്ങനെ അടിയാര്‍കള്‍ യജമാനന് ആരാധിക്കാന്‍ ബാധ്യസ്ഥരായി. ധാരാളം ജീവിത പദ്ധതികളും മനുഷ്യര്‍ക്കായി ആവിഷ്ക്കരിച്ചു.

അതുകൊണ്ടു തന്നെ ആദ്യമായി നാം ഓരോരുത്തരും സൃഷ്ടികളാണെന്ന് മനസ്സിലാക്കണം. സൃഷ്ടികളാകുമ്പോള്‍ സൃഷ്ടാവിനെ അന്വേഷിച്ചറിയണം. ഇത് ഓരോരുത്തരുടെയും അനിവാര്യമായ വിശ്വാസ കാര്യമാണ്. സൃഷ്ടാവിനെ മനസ്സിലാക്കാത്ത വ്യക്തി വിശ്വാസിയാകുന്നില്ല. ശരീരഘടനയെ സംബന്ധിച്ചുള്ള ബുദ്ധിയുടെ പ്രാഥമികാന്വേഷണം പോലും സൃഷ്ടാവിനെ കണ്ടെത്തുന്നു. 

സ്വയം ഒരു വസ്തു ഉണ്ടാകുക എന്നത് സാമാന്യ ബുദ്ധിയുള്ള ഒരു കുട്ടിയും അംഗീകരിക്കുകയില്ല. കൂട്ടത്തില്‍ മനുഷ്യൻ വാനരനായിരുന്നു എന്നു കല്‍പ്പിക്കുന്നവരുണ്ടെങ്കിലും!!

കുരങ്ങില്‍ നിന്ന്‍ മനുഷ്യര്‍ രൂപാന്തരപ്പെട്ടു എന്ന് കണ്ടെത്തിയവര്‍ കുരങ്ങന്‍റെ ജനനവും അതിന്‍റെ കാരണക്കാരേയും കണ്ടെത്താന്‍ വിഷമിക്കുന്നു. പിന്നോട്ട് ചെല്ലുന്തോറും ചെറു അണുവില്‍ എത്താന്‍ ശ്രമിച്ചാല്‍ പോലും അതിന്‍റെ പിറവിയും അതുള്‍ക്കൊള്ളുന്ന പ്രപഞ്ചരൂപീകരണത്തിന്‍റെയും കാരണങ്ങളന്വേഷിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‍ ശ്രദ്ധ തിരിച്ചു വിടുകയോ, നാവടക്കുകയോ ചെയ്യുന്നു.

സ്വസൃഷ്ടിപ്പിനെയും, അത് സൃഷ്ടിച്ച ശക്തിയെയും മനസ്സിലാക്കിയ മനുഷ്യന്‍ തീര്‍ത്തും സത്യത്തിലേക്ക് നയിക്കപ്പെടുന്നു. ജീവിതാന്തരീക്ഷം പ്രതികൂലമാണെങ്കില്‍ തന്നെ മനുഷ്യന്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ബാധ്യസ്ഥനാണ്. അതിനുള്ളതാണല്ലോ വിവേകം. 

മറ്റൊന്നിനും ഇല്ലാത്ത ബുദ്ധിശക്തി മനുഷ്യന് അല്ലാഹു ﷻ നല്‍കിയതും അതിനുവേണ്ടിയാണ്. അതുപയോഗിച്ചവര്‍ ഭൗതികനേട്ടങ്ങള്‍ വരിക്കുന്നുണ്ടെങ്കിലും പരമപ്രധാനമായ കാര്യം അവനവന്‍ സ്വയം മനസ്സിലാക്കുക എന്നതു തന്നെയാണ്.

ഈ അന്വേഷണ തൃഷ്ണയുടെ ഫലമായി പ്രതികൂലസാഹചര്യമായിരുന്നിട്ടു കൂടി സത്യം കണ്ടെത്തിയ ഒരു യുവാവിന്‍റെ സംഭവബഹുലമായ ചരിത്രമാണ് ഇവിടെ കുറിക്കുന്നത്. തീക്ഷ്‌ണമായ പരീക്ഷണങ്ങളുടെ നടുവില്‍ കിടന്ന്‍ അചഞ്ചലമായ വിശ്വാസം കവര്‍ന്നെടുത്ത ഒരു യുവാവിന്‍റെ കഥ, കരളലിയിക്കുന്ന അനേകം പ്രതികൂല സാഹചര്യങ്ങളെ ഈ അന്വേഷണത്തിനിടയില്‍ ആ യുവാവിന് നേരിടേണ്ടി വന്നു. നേർമാര്‍ഗ്ഗത്തിലൂടെയുള്ള പ്രയാണം, അതിനിടയില്‍ പലതുംംഅദ്ദേഹത്തിന് ത്യജിക്കേണ്ടി വന്നു. പലതും അനുഭവിക്കേണ്ടി വന്നു. എല്ലാ പ്രയാസങ്ങളും സത്യാന്വേഷ പാതയില്‍ അദ്ദേഹത്തിന് ഒരു വിലങ്ങുതടിയും സൃഷ്ടിച്ചില്ല. നേര്‍മാര്‍ഗത്തിലേക്കുള്ള കുതിപ്പ് സത്യത്തിനു വേണ്ടിയുള്ള ദാഹം. അവസാനം അതിലദ്ദേഹം വിജയിക്കുക തന്നെ ചെയ്തു... ആ യുവാവാണ് പ്രസിദ്ധനായ സല്‍മാനുല്‍ ഫാരിസി(റ).


ഇസ്ഫഹാന്‍ പട്ടണം. അനേകം വിശ്വപ്രതിഭകള്‍ക്ക് ജന്മം നല്‍കിയ, ഇസ്‌ലാമിക ചരിത്ര താളുകളില്‍ അപ്രധാനമല്ലാത്ത സ്ഥാനം പിടിച്ച പേര്‍ഷ്യയുടെ പ്രധാനപ്പെട്ട പട്ടണം. ഇറാന്‍റെ തലസ്ഥാനമായ ‘ടെഹ്റാ’ന്‍റെയും ‘ശിറാസി’ന്‍റെയും ഇടക്ക് സ്ഥിതി ചെയ്യുന്നു.

അന്ന്‍ അധികമാളുകളും അഗ്നിയാരാധകന്മാരായിരുന്നു. രാജാവും അങ്ങനെതന്നെ. ജീവിതത്തിലെ പല പ്രശ്നങ്ങളും അഗ്നിദേവതയുടെ മുമ്പില്‍ അവതരിപ്പിച്ചു സംതൃപ്തി നേടുന്ന ജനത, വീട്ടു പരിസരങ്ങളില്‍ നിന്നും കാടുകളില്‍ നിന്നും ശേഖരിക്കുന്ന മരത്തടികള്‍ വീട്ടുമുറ്റത്തും, നാടിന്‍റെ നാനാഭാഗങ്ങളിലായി സ്ഥാപിച്ചിരുന്നതുമായ തീകുണ്ഡങ്ങളിലേക്ക് വലിച്ചെറിയുമ്പോൾ തെല്ലൊരാര്‍ത്തിയോടെ തന്നെ തീ നാളങ്ങള്‍ അവ ഏറ്റുവാങ്ങി വിഴുങ്ങി. ജനം സംതൃപ്തരായി.

തീയാരാധന ശക്തിപ്പെടുത്തുവാന്‍ അഗ്നിദാസനായ രാജാവ് വേണ്ടതെല്ലാം ചെയ്തു. പുതിയ പുതിയ തീകുണ്ഡങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ആരാധകര്‍ക്ക് വേണ്ട ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തു. സഹായസഹകരണം വര്‍ദ്ധിച്ചു. നേട്ടങ്ങളുണ്ടാവുമ്പോള്‍ അവര്‍ ആനന്ദനൃത്തം ചവിട്ടി. അഗ്നിദേവതയെ വണങ്ങി. വിഷമങ്ങള്‍ അകറ്റാന്‍ താണുവണങ്ങി. പൊങ്ങിവരുന്ന തീജ്വാലകള്‍ക്ക് കൈകൂപ്പി. ദു:ഖം അണപൊട്ടുമ്പോള്‍ മുഖത്തു ചാലിട്ട മിഴിനീര്‍ അണുഭാഗമെങ്കിലും അഗ്നിദേവതയെ ക്ഷതമേല്‍പ്പിച്ചു. എല്ലാം മറന്നവര്‍ നേര്‍ച്ചകളും വഴിപാടുകളും നേരും. ജനങ്ങളുടെ ബുദ്ധിശൂന്യതയെ പരിഹസിക്കുന്ന മട്ടില്‍ തീ നാളങ്ങള്‍ വീണ്ടും വീണ്ടും പൊങ്ങുകയും താഴുകയും ചെയ്തു.

തീയാരാധകരായ മജൂസികളുടെ മുഖ്യ പുരോഹിതന്‍ രാജാവിന്‍റെ ഇഷ്ടമാനന്‍, ഏതു സമയത്തും കൊട്ടാരത്തില്‍ കയറിയിറങ്ങാൻ അദ്ദേഹത്തിന് ഒരു തടസ്സവുമില്ല. ചിലപ്പോള്‍ ഭരണ കാര്യങ്ങളില്‍ പോലും അദ്ദേഹം രാജാവിനെ സഹായിച്ചു പോന്നു.

ഇഷ്ടം പോലെ സമ്പത്ത്, സ്നേഹസമ്പന്നരായ ആരാധകവൃന്തം. നേര്‍ച്ചകളും വഴിപാടുകളും ധാരാളം. എല്ലാറ്റിന്‍റെയും അവകാശി പുരോഹിതന്‍ തന്നെ. ആരാധകവൃന്തത്തിന്‍റെ സ്നേഹാദരവുകള്‍ കൊണ്ടു അദ്ദേഹം വീര്‍പ്പുമുട്ടി.

ദിനരാത്രങ്ങള്‍ നീങ്ങുന്നതിനനുസരിച്ച് പ്രായവും ഏറിവരികയാണ്. നര കറുത്ത മുടികളെ ആക്രമിക്കാന്‍ തുടങ്ങി. കാഴ്ച മങ്ങിത്തുടങ്ങി. എല്ലുകള്‍ ബലഹീനവും. സകല സൗകര്യവും ഉണ്ടായിട്ടും പുരോഹിത വൃദ്ധന് അതൊന്നും ഏശിയില്ല. എല്ലായിപ്പോഴും ദു:ഖത്തിന്‍റെ കരിനിഴല്‍ അദ്ദേഹത്തിന്‍റെ മുഖത്ത് മിന്നിമറഞ്ഞു. സ്വസ്ഥത കൈവിടുന്ന പോലെ. എല്ലായിപ്പോഴും ചിന്ത തന്നെ, ഭാര്യയും ഭര്‍ത്താവും തുല്യ ദു:ഖിതര്‍. 

ഇക്കാലമത്രയും ഒരു പിഞ്ചുകാല്‍ കാണാത്തതിലുള്ള മനോവ്യഥ അവരെ അലട്ടി. മനം നൊന്ത് പ്രാര്‍ത്ഥിച്ചു. അഗ്നിദേവതക്ക് പ്രത്യേക പൂജകള്‍ പലതും നടത്തി. പുതിയ മരത്തടികള്‍ കൊണ്ട് അഗ്നിദേവതയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു.

ഒരു ദിവസം ചിന്താമഗ്നനായി അലസനായി വീട്ടിലിരിക്കുന്ന പൂജാരിയോട് തന്‍റെ പ്രിയതമ പറഞ്ഞു;  

'പ്രാണനാഥാ... ദൈവം കടാക്ഷിച്ചിരിക്കുന്നു... ഞാന്‍ ഗര്‍ഭിണിയാണ്...'

അതുകേള്‍ക്കേണ്ട താമസം അദ്ദേഹം പൂജാമുറിയിലേക്കോടി. അല്‍പനേരം കണ്ണടച്ചിരുന്ന് ദേവതയെ വണങ്ങി. അത്യാഹ്ലാദത്താല്‍ പലതും പിറുപിറുത്തു. കാലങ്ങളായി കൊതിച്ചിരുന്ന ഒരു കാര്യം സാഫല്യമായതിലദ്ദേഹം അഗ്നിദേവതയെ വളരെനേരം തൊഴുതു വണങ്ങി.

കൂട്ടത്തില്‍ 'പരമ്പരാഗത ആരാധന ദേവതേ, അഗ്നിദൈവമേ എന്‍റെ കുഞ്ഞിന് ഒന്നും സംഭവിക്കാതെ സുഖമായി പ്രസവിക്കേണമേ’ എന്ന്‍ പ്രാര്‍ത്ഥിക്കാനും അദ്ദേഹം മറന്നില്ല.


പ്രശാന്തമായ സായാഹ്നം. മുഖ്യ പുരോഹിതന്‍റെ വീട്ടില്‍ നിറയെ ആളുകള്‍. സ്ത്രീകള്‍ ഓരോന്നു കുശുകുശുത്തു. വിശാലമായ ആ കെട്ടിടത്തിന്‍റെ ഒരു മുറിയില്‍ നിന്ന്‍ ഒരു സ്ത്രീയുടെ ഞെരക്കം. പൂജാരി കുലദേവതകളെ മനസ്സില്‍ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. ഭാര്യയുടെ പ്രസവവേദന അദ്ദേഹത്തെ നൊമ്പരപ്പെടുത്തി. പല വഴിപാടുകളും ഇഷ്ടദൈവങ്ങള്‍ക്കദ്ദേഹം നേര്‍ച്ചയാക്കി.

ഒരു നിമിഷം! അദ്ദേഹം കാതോര്‍ത്തു, അതെ ഒരു കുഞ്ഞിന്‍റെ കരച്ചില്‍ തന്നെ. ശരം കണക്കെ അദ്ദേഹം വീട്ടിനുള്ളിലെ അഗ്നികുണ്ഡത്തിലെക്കോടി. നേര്‍ച്ചകള്‍ വീട്ടി. 

“ആണാ.., സുന്ദരനായൊരു ആണ്‍കുഞ്ഞ് ” സ്ത്രീകള്‍ വിളിച്ചു പറഞ്ഞു. 

അങ്ങനെ അവസാനകാലത്തെങ്കിലും താനൊരു പിതാവായിരിക്കുന്നു. ആനന്ദത്തിന്‍റെ തിരകൾ അദ്ദേഹത്തിന്‍റെ മനസ്സില്‍ ഓളം വെട്ടി.

സകല സൗകര്യങ്ങളോടും കൂടി ആ കുഞ്ഞ് കൊട്ടാരസമാനമായ ആ വീട്ടില്‍ വളര്‍ന്നു വന്നു. മാതാപിതാക്കള്‍ സ്നേഹാദരവുകള്‍ കൊണ്ട് ആ കുഞ്ഞിനെ വീര്‍പ്പുമുട്ടിച്ചു. അല്ലലെന്തെന്ന്‍ അറിയാതെയാണ് അവന്‍റെ വളര്‍ച്ച. പക്ഷേ, ഒന്നു മാത്രം; വീട്ടില്‍ നിന്ന്‍ പുറത്തിറങ്ങരുത്. അതുകൊണ്ട് തന്നെ സഹജീവികളെക്കുറിച്ച് അവന്‍ ഒന്നും അറിഞ്ഞില്ല. പരിസരത്തെക്കുറിച്ച് അവന്‍ ബോധവാനായില്ല. എല്ലാം വീടിന്‍റെ നാലു ചുമരുകള്‍ക്കുള്ളിലുള്ള ലോകം. അതിലപ്പുറം കാണാനോ മനസ്സിലാക്കാനോ ആ കുട്ടിക്ക് സാഹചര്യം കിട്ടിയില്ല.

തനിക്ക് പിറന്ന കുട്ടിയെ പിരിഞ്ഞ് ഒരു നിമിഷം പോലും തള്ളിനീക്കാന്‍ ആ പിതാവിനായില്ല. എവിടെയായാലും പൊന്നോമന കൂടെ വേണം. പൂജാമുറികളിലെല്ലാം വേണ്ടത്ര ശ്രദ്ധിക്കാൻ അദ്ദേഹത്തിനായില്ല. അതിന് മറ്റൊരാളെ ഏല്‍പിച്ചു. ഊണും ഉറക്കവുമെല്ലാം കുഞ്ഞിനോടൊപ്പം തന്നെ.

ഓരോ അവയവങ്ങളിലും വളര്‍ച്ചകണ്ടു. പിച്ചവെച്ച് തുടങ്ങിയ ആ കുട്ടി ഇപ്പോള്‍ ഓടാനും ചാടാനും തുടങ്ങിയിരിക്കുന്നു. ആരാധനാതല്‍പരനായ പിതാവ് മകനെ ആരാധന പഠിപ്പിക്കാന്‍ വീട്ടിനകത്തു തന്നെ ഒരു തീകുണ്ഡമുണ്ടാക്കി. മരത്തടികള്‍ക്ക് തീ കൊടുത്തു തീ ആളിക്കത്തി. ആഹ്ലാദം കൊണ്ട് പിതാവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. ഒന്നും മനസ്സിലാകാതെ ആ കുരുന്നു അമ്പരന്നു. 

അഗ്നിയാരാധനയുടെ ബാല പാഠങ്ങള്‍ പഠിപ്പിച്ചു. കത്തിത്തീരുന്നതിനനുസരിച്ച് വീണ്ടും വിറക് തീയിലേക്കിടാന്‍ ആ കുഞ്ഞ് നിര്‍ബ്ബന്ധിതനായി. എതിര്‍ക്കാന്‍ പഠിക്കാത്ത ആ പിഞ്ചുബാലന്‍ പിതാവിന്‍റെ ആജ്ഞകള്‍ അനുസരിച്ചു.

പുറത്തു പോകാനനുവദിക്കാത്ത ആ കുഞ്ഞ് വീട്ടിനകത്തും ജ്വലിക്കുന്ന തീയിനരികേയും ദിവസങ്ങള്‍ നീക്കി. മറ്റു കുട്ടികളുമായി ചേര്‍ന്നു കുട്ടി ചീത്തയാകരുതല്ലോ. അതായിരുന്നു പിതാവിന്‍റെ ലക്ഷ്യം. തന്‍റെ കാലശേഷം ഒരു പൂജാരിയായി കഴിയുകയും വേണമല്ലോ.

വല്ലപ്പോഴും പിതാവിന്‍റെ കയ്യും പിടിച്ച് കൊട്ടാരത്തിനകത്ത് പ്രവേശിക്കുമ്പോള്‍ മാത്രമാണ് ആ കുട്ടി പുതിയ ഒരു ലോകം കാണുന്നത്. തനിക്ക് സാദൃശ്യനായ ഒരു ബാലനെ അവിടെ അവന്‍ കണ്ടുമുട്ടി. വലിയ ആഹ്ലാദമായി പരിചയം നിത്യസന്ദര്‍ശനം മൂലം കൂടുതല്‍ ദൃഡമായി, അവര്‍ ചങ്ങാതിമാരായി, സമയം കിട്ടുമ്പോള്‍ അവരിരുവരും കൊട്ടാരമുറ്റത്തു കളിച്ച് സമയം കളഞ്ഞു. ഏറെ താമസിക്കുകയില്ല. പിതാവിന്‍റെ മടക്കത്തിനൊപ്പം അവനും മടങ്ങേണ്ടി വന്നു.

തന്‍റെ എകാന്തതക്ക് ഭാജനം സൃഷ്ടിക്കുമ്പോഴേക്കും വീണ്ടും ഏകാന്തതയുടെ തടവറയിലേക്ക് നയിക്കപ്പെടുന്ന ആ ബാലമനസ്സ് പിടഞ്ഞു. പക്ഷേ, സന്താനവല്‍സലനായ പിതാവിനുണ്ടോ ആ കുട്ടിയുടെ ദു:ഖം മനസ്സിലാകുന്നു. അങ്ങനെ സ്വകാര്യ ദു:ഖം ഉള്ളിലൊതുക്കി ആ ബാലന്‍ കഴിഞ്ഞു. ദിവസങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു...



നീ എവിടെയായിരുന്നു ഇതുവരെ? നിന്നെ തിരയാത്ത ഇടമുണ്ടോ? ദേഷ്യവും, ഈര്‍ഷ്യയും കലര്‍ന്ന പിതാവിന്‍റെ സ്വരം - പൊന്നോമന ഭയന്നു. പക്ഷേ, ജീവിതത്തിലൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ലാത്ത അച്ഛന്‍ മനസ്സിന്‍റെ സമനില വീണ്ടെടുത്തു. പൊന്നോമനയെ വാരിയെടുത്തു തുരുതുരാ മുത്തം നല്‍കി. അവന് ആശ്വാസമായി ഇനി ഭയപ്പെടാനില്ല.

പുത്രവാത്സല്യവും, പൂജാമുറകളും കൂടിയായപ്പോള്‍ സമയക്കുറവുകള്‍ ധാരാളമുണ്ടായി. അതിനിടെ പുതിയതായി ഒരു കെട്ടിടം കൂടി പണിയുന്നുണ്ടായിരുന്നു അങ്ങനെയുള്ള ഒരു ദിവസം ജീവിതത്തിലാദ്യമായി പിതാവ് മകനോട് പറഞ്ഞു; കുഞ്ഞുമോന്‍ പോയി നമ്മുടെ വയലിലെ വിവരങ്ങള്‍ ഒന്ന്‍ അറിഞ്ഞുവാ. വന്യമൃഗങ്ങള്‍ കൃഷി കേടുവരുത്തിയോ എന്നറിയില്ലല്ലോ.

ജോലിത്തിരക്കിനിടയില്‍ വിശാലമായ ഫലവൃക്ഷങ്ങളും, വയലോലകളും കാര്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല, വല്ലപ്പോഴും ഒന്നു കണ്ണോടിച്ചെങ്കിലായി.

വയലിലേക്ക് പോകുന്ന മകനോട് പറഞ്ഞു; ‘വേഗം വരണേ, നേരം വൈകരുത്’ അത്രയും ഹൃദയാന്തരത്തില്‍ പൊന്നുമോന്‍ കയറിപ്പറ്റിയിരുന്നു. ഏകനായി അപരിചിതത്വം വിട്ടുമാറാത്ത ഭൂയിടത്തിലേക്ക് പറഞ്ഞയക്കുന്നതുകൊണ്ട് ഭീതി ഉണ്ടാകാതിരുന്നില്ല. ഒരിക്കലും സാമിപ്യം നഷ്ടപ്പെടാത്ത മകന്‍ തിരിച്ചു വന്നതിനുശേഷമേ സമാധാനമാകൂ. അതുവരെ ഉള്‍ക്കിടിലം തന്നെ.

നാലുകെട്ടിന്‍റെ പുറത്തുചുറ്റാന്‍ അവസരം കൈവന്നതില്‍ ആ പൊന്നുമോന്‍ മതിമറന്നാഹ്ലാദിച്ചു. പ്യൂപ്പയില്‍ നിന്ന്‍ പൊട്ടിപുറത്തു വന്ന പൂമ്പാറ്റയെപ്പോലെ അവനാകെ ചുറ്റിനടന്നു. മൂളിപ്പാട്ടും പാടി മനസ്സില്‍ ഒരായിരം സങ്കല്‍പ്പങ്ങളുമായവന്‍ നടന്നു. ചുറ്റുമുള്ള കൗതുകങ്ങള്‍ കണ്ണുനിറയെ കണ്ട് ആസ്വദിച്ചു.

പരന്നുകിടക്കുന്ന വയലുകള്‍, ഇടക്ക് ചീവിടിന്‍റെ ശബ്ദം. മൗനം ഭജ്ഞിച്ചു പുല്‍പരവതാനിയിലൂടെ വഴുതിയും, ചാഞ്ഞും, ചെരിഞ്ഞും അവന്‍ നടന്നു. പെട്ടെന്ന്‍ കുറച്ച് അകലെനിന്ന്‍ വന്നു കര്‍ണ്ണ പുടങ്ങളെ തട്ടിയ ശബ്ദം അവനെ ഹഠാദാകര്‍ശിച്ചു. കാതോര്‍ത്തു പിന്നെ പതുക്കെ ആ ശബ്ദം കേട്ട സ്ഥലത്തേക്ക് പാദങ്ങള്‍ നീങ്ങി.

അഗ്നിദേവതയെ പ്രീതിപ്പെടുത്താനുള്ള മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് കാത് തഴമ്പിച്ചിരുന്ന ആ കുട്ടിക്ക് ആ നവശബ്ദം പുതിയൊരാവേശം നല്‍കി. താന്‍ ഒരിക്കലും കേള്‍ക്കാത്ത ശബ്ദം. എങ്കിലും കാര്യങ്ങളറിയണമല്ലോ, അതിനായി പിന്നത്തെ ശ്രമം. അന്വേഷണത്തിന്‍റെ പുതിയ ചിറകുകള്‍ വിടരുകയായിരുന്നു.

നടന്നടുത്തപ്പോള്‍ പ്രകൃതി രമണീയമായ ഒരു സ്ഥലത്ത് ഒരു കൊച്ചു കെട്ടിടം. അതില്‍ നിറയെ ആളുകള്‍. അവരെല്ലാവരും കൂടിയിരുന്ന്‍ എന്തൊക്കെയോ ഉരുവിടുന്നു. ആദ്യത്തെ അനുഭവം! ഒന്നും മനസ്സിലായില്ല. അവന്‍ ആകാംക്ഷയോടെ മിഴിച്ചുനിന്നു...  അതിനിടയിൽ ഒരാള്‍ അവനെ പിടിച്ച് അവര്‍ക്കിടയില്‍ ഇരുത്തി. 

അല്‍പനിമിഷത്തിനു ശേഷം അവിടെ നടക്കുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ഏകദേശം ഒരേ രീതിയിലാണ് എല്ലാവരുടെയും വസ്ത്രധാരണം താടിവെച്ച കുറെ മനുഷ്യര്‍. അവര്‍ ഒരു നേതാവിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഒരു ആരാധനാ ക്രമമായിരിക്കും. അവന്‍ മനസ്സിരുത്തി. തികച്ചു സൗഹൃദപൂര്‍ണ്ണമായ സമീപനം അവരില്‍ നിന്നുണ്ടായി. ഒരു പുതിയ അനുഭവം അവന്‍ അങ്ങനെ ഇരുന്നു ഒരേ ഇരുപ്പ്. സമയം നീങ്ങിയതറിഞ്ഞില്ല.

അര്‍ക്കന്‍ പതുക്കെ തന്‍റെ കിരണങ്ങള്‍ ഭൂമിയില്‍ നിന്നും പിന്‍വലിച്ചു. പടിഞ്ഞാറന്‍ ചക്രവാളം ചുകന്നു. പക്ഷികള്‍ കളകള ശബ്ദമുണ്ടാക്കി കൂടുകള്‍ നില്‍ക്കുന്ന കൂറ്റന്‍ വൃക്ഷങ്ങളെ ലക്ഷ്യമാക്കി മൃഗങ്ങള്‍ ആലകളിലേക്ക് മടങ്ങി. സായം സന്ധ്യയുടെ അതിഥികള്‍ ഇരുട്ടിന് സ്വാഗതമേകി. എങ്ങും ഇരുട്ട് പരക്കുകയാണ്. കുറച്ച് മുമ്പ് മണല്‍പ്പരപ്പും മണ്ണും മഞ്ഞനിറമായിരുന്നു. ഇപ്പോള്‍ കറുത്ത മൂടുപടം അണിയാനൊരുങ്ങിയിരിക്കുകയാണ്.

മകന്‍റെ വരവും പ്രതീക്ഷിച്ച് ആ പിതാവ് അക്ഷമനായി ഇരിക്കുകയാണ്. നാലുപാടും അന്വേഷകരെ അയച്ചു. ഹോമകുണ്ഡത്തിനടുത്ത് പ്രത്യേക പൂജകള്‍ അരങ്ങേറി. ഹൃദയം തേങ്ങി പ്രാര്‍ത്ഥനാധ്വനികള്‍ മുഴങ്ങി. നേരം വളരെ വൈകി. എല്ലാവരും ഉല്‍കണ്ഠാകുലരായിരിക്കുകയാണ്. അന്വേഷകര്‍ വെറും കയ്യോടെ തിരിച്ചു വന്നു. ആര്‍ക്കും ഒരു വിവരവുമില്ല. ഭീതി ഇരട്ടിച്ചു. 

വല്ല കൊള്ളക്കാരും തട്ടിക്കൊണ്ടുപോയോ? അതോ അപരിചിതമായ വഴി തെറ്റിയതായിരിക്കുമോ? സംശയങ്ങളും ഉല്‍കണ്ഠയും ഇരട്ടിച്ചു.

സമയം വൈകിയതു കൊണ്ട് ഒരുള്‍ക്കിടിലത്തോടെ സല്‍മാന്‍ എഴുന്നേറ്റു. ആകെ കുഴപ്പത്തിലായി. തന്നെ വയലിലേക്കയച്ചതായിരുന്നു. അവിടെ എത്തിയില്ല. വഴിവക്കില്‍ കണ്ട ഈ ആരാധനാലയത്തില്‍ സമയം ചിലവഴിച്ചു. വീട്ടിലെത്തിയാല്‍ പിതാവ് ശകാരിക്കുമോ? അതോ വന്‍ ശിക്ഷയും നല്‍കുമോ? 

ഒന്നു കിടുകിടുത്തു. എങ്കിലും ആത്മധൈര്യം സംഭരിച്ചു നടന്നു. മുഖത്ത് ആത്മീയ ചൈതന്യത്തിന്‍റെ നിര്‍വൃതി. ഇത്രയും മാനസീകോല്ലാസം നല്‍കുന്ന ആരാധനാ മുറ ആദ്യമായി കാണുകയാണ്. ഒരു പക്ഷേ ഇതായിരിക്കാം യഥാര്‍ത്ഥമായ ദൈവാരാധന അവന്‍ കണക്കുകൂട്ടി..



ആരോ വരുന്നുണ്ടല്ലോ, ഇരുട്ടില്‍ അവ്യക്തമായ ഒരു ആള്‍രൂപം തങ്ങളെ ലക്ഷ്യമാക്കി വരുന്നു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. അതടുത്തു വരികയാണ്. അതെ, അവന്‍ തന്നെയാണ് നമ്മുടെ പൊന്നുമോന്‍. 

പിതാവ് ഓടിച്ചെന്ന്‍ സല്‍മാനെ വാരിപ്പുണര്‍ന്ന്‍ സ്നേഹത്തിന്‍റെ ഒരായിരം ഉമ്മവെച്ചു. ആ മുഖം അതുകണ്ട് തുടുത്തു. ‘നിനക്കെന്തു പറ്റിമോനെ, നിന്നെ ആരെങ്കിലും...... എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല പിതാവേ.’ മകന്‍ വിശദീകരിച്ചു. 

നമ്മുടെ വയലുകള്‍..?

ഞാന്‍ അതും നോക്കിയിട്ടില്ല.

പിന്നെ നീ എവിടെയായിരുന്നു ഇതുവരെ..?

സല്‍മാന്‍ കഴിഞ്ഞ സംഭവങ്ങള്‍ ഒന്നൊന്നായി വിശദീകരിച്ചു. ഒരു കൊള്ളിയാന്‍ മനസ്സിലൂടെ കടന്നുപോയി. തങ്ങള്‍ വെറുക്കുന്ന ഒരു വിഭാഗത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളില്‍ തന്‍റെ മകന്‍ തന്നെ ആകൃഷ്ടനാകുകയോ..?

പുറത്തിറങ്ങാന്‍ അനുവാദം നല്‍കാതെ ഏകാന്തതയുടെ ഇരുട്ടറയില്‍ ഇട്ടിരുന്നത് ഇതിനുവേണ്ടിയായിരുന്നു. പക്ഷേ, താനെന്ത് ഭയന്നോ അതുതന്നെ സംഭവിച്ചിരിക്കുന്നു. ഒരു പക്ഷേ ഇവനെ പുറത്ത് വിടേണ്ടിയിരുന്നില്ല. അല്ലെങ്കില്‍ ചെറുപ്പത്തില്‍ തന്നെ അവര്‍ക്കെതിരെ വിദ്വേഷം കുത്തിവെക്കാമായിരുന്നു. അദ്ദേഹത്തിന്‍റെ ബോധമണ്ഡലം ഉണര്‍ന്നു. ചെറുപ്പത്തില്‍ തന്നെ വിശ്വാസം ഊട്ടിഉറപ്പിക്കാന്‍ ശ്രമിച്ചില്ല. കര്‍മ്മത്തിന്‍റെ ദൂഷ്യഫലത്തെക്കുറിച്ചോര്‍ത്തു അദ്ദേഹം സ്വയം ശപിച്ചു.

അദ്ദേഹം ചിന്തിച്ചു, കുലദൈവങ്ങളെ വിളിച്ചു സങ്കടമുണര്‍ത്തി. ഇനിയെന്ത്? അന്വേഷണ തൃഷ്ണ മനുഷ്യസഹജമാണല്ലോ. പുതിയ ആശയങ്ങള്‍ വ്യക്തമാകുന്നതുവരെ അത് തുടര്‍ന്നുകൊണ്ടിരിക്കും. പുതിയത് കണ്ടെത്തിയാല്‍ പഴയത് അവന്‍ തള്ളിക്കളയും.

പിതാവേ, നമ്മുടെ ആരാധനയും, അവരുടെ ആരാധനയും തമ്മില്‍ വലിയ അന്തരമുണ്ടല്ലോ, എന്തൊരു ആനന്ദമാണ്, ആത്മശാന്തിയാണ് അവരുടേത്! അല്ലെങ്കിലും നമ്മുടെ ദൈവത്തിന് നാം വിറക് വെച്ചു കൊടുത്തിട്ടില്ലെങ്കില്‍ എങ്ങനെയാണ് അത് കത്തുക. വിറക് വെക്കാന്‍ സമയം വൈകുകയോ, ഒരു ചെറു മഴ പെയ്യുകയോ ചെയ്‌താല്‍ ദൈവത്തിന്‍റെ കാര്യം കഷ്ടം തന്നെ! എന്തൊരു ബുദ്ധിശൂന്യതയാണ് ഇത്? മകന്‍റെ അര്‍ത്ഥവത്തായ അന്വേഷണം.

കോപിച്ചില്ല കാര്യങ്ങൾ കയ്യില്‍ നിന്ന്‍ അകലാന്‍ തുടങ്ങിയിരിക്കുന്നോ? സംശയനിവാരണത്തിനായി ശ്രമിച്ചു. മോനെ നമ്മുടെ വിശ്വാസമാണ് നേരായ വഴി. ഇസ്ഫഹാനില്‍ ധാരാളം കൃസ്ത്യാനികളുണ്ട്. ബത് ലഹേമില്‍ ജനിച്ച പുത്രനാണ് യേശു. ധാരാളം അത്ഭുതകൃത്യങ്ങള്‍ കാണിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. എങ്ങിനെയാണ് അദ്ദേഹം ജനങ്ങളെ തന്‍റെ വലയത്തിനുള്ളിലകപ്പെടുത്തിയത് ദൈവം ഒന്നേയുള്ളു എന്നാണദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത്.

നമ്മളാണെങ്കില്‍ പിതാമാഹാന്മാര്‍ ആരാധിച്ചുപോന്നിരുന്ന ദേവതകള്‍ക്കാണ് ആരാധിക്കുന്നത്. സൂര്യന്‍, അഗ്നി, വെള്ളം, കാറ്റ് ഇതെല്ലാം നമ്മുടെ ആരാധ്യവസ്തുക്കള്‍ തന്നെ. ഒന്നു ചിന്തിച്ചു നോക്കൂ ഇവയൊന്നും ഇല്ലാതിരുന്നെങ്കില്‍ നമ്മള്‍ മാത്രമല്ല ജീവജാലങ്ങള്‍ തന്നെ നിലനില്‍ക്കുമായിരുന്നോ?

വാദത്തെ വാദം കൊണ്ട് തന്നെ ഖണ്ഡിക്കുവാന്‍ നാവ് പൊങ്ങായ്കയല്ല. നേരിട്ട് ഒരു വാഗ്വാദം നടത്തി പിതാവിനെ വെറുപ്പിക്കരുതല്ലോ കൂടെ സത്യം കണ്ടെത്താനുള്ള ഉല്‍ക്കടമായ ആഗ്രഹം കൂടിക്കൂടിവന്നു. പിതാവിന്‍റെ ആജ്ഞക്കനുസരിച്ച് അഗ്നികുണ്ഡത്തില്‍ വിറക് തള്ളിക്കൊണ്ടിരുന്നു. 

സംശയം ദുരീകരിച്ച സന്തേശം പിതാവിന്, തന്‍റെ സത്യാന്വേഷണത്തിന് വിലങ്ങുതടിയാകാതിരിക്കാനുള്ള യുക്തിയാണ് പൊന്മകനെ ഇതിന് പ്രേരിപ്പിക്കുന്നത് വെറുതെ ഈ വിറകുതടികള്‍ എന്തിന് ചാരമാക്കുന്നു എന്ന ചോദ്യം തന്‍റെ ഉള്ളില്‍ നിന്ന്‍ പൊങ്ങായ്കയല്ല. പിതാവിനെയും, ആരാധനാരീതിയെയും ഉള്ളാലെ വെറുത്തു. കാരണം ആ ഒരു ദിവസത്തെ അനുഭവം അവനെ വല്ലാതെ കീഴടക്കിയിരുന്നു. 

ദിവസങ്ങള്‍ ആഴ്ചകളും, മാസങ്ങളുമായി ശരീരത്തിന്‍റെ വളര്‍ച്ചക്കൊപ്പം മനസ്സും വളര്‍ന്നു.

ഒരു ദിവസം സല്‍മാന്‍റെ ഏകസുഹൃത്തായ രാജകുമാരന്‍ വേട്ടക്കൊരുങ്ങുകയാണ്. തടവറയില്‍ നിന്ന്‍ പിതാവിനോടൊപ്പം പുറപ്പെടുന്ന ഏക പുറംലോകം, ആ നിത്യസന്ദര്‍ശനത്തില്‍ പ്രഭുകുമാരനും രാജകുമാരനും ചങ്ങാതിമാരായി. അവരുടെ സൗഹൃദം വളര്‍ന്നു പന്തലിച്ചു വേര്‍പിരിയാത്ത കൂട്ടുകാരായി. ഈ ഒരു സുഹൃത്തിനെപ്പറ്റിയേ സല്‍മാനറിയൂ. അതിലപ്പുറം കാണാനും സൗഹൃദം സ്ഥാപിക്കുവാനും സല്‍മാനവകാശമില്ല. 

കുമാരന്‍ വേട്ടക്ക് സല്‍മാനെയും ക്ഷണിച്ചു. ഏതൊരു രാജകുമാരനെയും പോലെ ഈ കുമാരന്‍റെയും ഉല്ലാസയാത്ര. കൂട്ടിന് ക്ഷണിക്കപ്പെട്ട ഏക വ്യക്തി താനും. പുറംലോകം ചുറ്റിക്കാണാനുള്ള സുവര്‍ണ്ണാവസരം, ഭാവനയുടെ പല ചിത്രങ്ങള്‍ മനസ്സില്‍ മിന്നിമറിഞ്ഞു. പക്ഷേ, പിതാവിന്‍റെ അനുവാദം കിട്ടണ്ടെ.

അത് ഞാനേറ്റു, രാജകുമാരന്‍ ഉറപ്പ് നല്‍കി. എങ്കില്‍ തയ്യാര്‍. സല്‍മാന്‍ ക്ഷണം സ്വീകരിച്ചു.

അടുത്ത ദിവസം പ്രഭു രാജസദസിലെത്തിയപ്പോള്‍ അടുത്തു ചെന്ന്‍ രാജകുമാരന് കാര്യം വിവരിച്ചു. രാജകുമാരനല്ലെ ആജ്ഞ സ്വീകരിക്കാതിരിക്കാന്‍ പറ്റുമോ? അല്‍പസമയത്തേക്കെങ്കിലും പൊന്നുമോന്‍റെ വേര്‍പാട് ആ പിതാവില്‍ ചലനമുണ്ടാക്കാതിരുന്നില്ല. എങ്കിലും നിര്‍ബന്ധിതാവസ്ഥയില്‍ അനുമതി നല്‍കി. സല്‍മാന്‍ സന്തോഷിച്ചു, ആനന്ദം കൊണ്ട് തുള്ളിച്ചാടി.

ഒരു വാഹനം തയ്യാറാക്കിക്കൊള്ളു. ഭക്ഷണം ഞാനേറ്റു. രാജകുമാരന്‍റെ ആജ്ഞ മുന്തിയ ഒരിനം കുതിരയെ സല്‍മാന്‍ തിരഞ്ഞെടുത്തു. മറ്റൊരുക്കങ്ങളും ചെയ്തു. ഒരുത്സവത്തിന്‍റെ പ്രതീതിയായിരുന്നു സല്‍മാന്. ഇതേവരെ അഗ്നിദേവതകളെ പ്രീതിപ്പെടുത്താന്‍ തീകുണ്ഡത്തിനരികില്‍ സമയം ചിലവഴിച്ച അദ്ദേഹത്തിന് അതില്‍ നിന്നുമൊരു ഇടവേള.

അവര്‍ യാത്ര പുറപ്പെട്ടു. സല്‍മാനും, രാജകുമാരനും, ഭൃത്യനും. രാജാവും പരിവാരവും അവരെ യാത്രയാക്കി. ആ കൂട്ടുകാര്‍ തെല്ലൊരാവേശത്തോടെ കുതിരയെ തട്ടി. കുതിര സ്പീഡ് കൂട്ടി. അകലെ ഒരു പൊട്ടായി മറയുന്നതുവരെ രാജാവും സല്‍മാന്‍റെ പിതാവും നോക്കിനിന്നു. പിന്നെ പിരിഞ്ഞുപോയി.

വന്‍വൃക്ഷങ്ങള്‍ പന്തല്‍വിരിച്ച, കുറ്റിച്ചെടികള്‍ നിരന്ന പ്രകൃതിരമണീയമായ പാതയിലൂടെ കുതിരകള്‍ മുന്നോട്ട് കുതിച്ചു. എന്തൊരു രമണീയത! ആദ്യത്തെ അത്ഭുതകാഴ്ച. മതിവരുവോളം കണ്ടാസ്വദിച്ചു. മാന്‍പേടകള്‍ അങ്ങിമിങ്ങും ഓടുന്നു. കിളികളുടെ ചിലച്ചില്‍ അവരെ സ്വഗതം ചെയ്യുകയാണെന്നുതോന്നി. പുഷ്പിച്ച കുറ്റിച്ചെടികള്‍ വന്യജീവികള്‍ അവയുടെ പാതയിലൂടെ ചലിക്കുന്നു. വാനരന്മാര്‍ മരക്കൊമ്പില്‍ ചാടിച്ചാടി നടക്കുന്നു. അങ്ങിങ്ങായി ഒഴുകുന്ന അരുവികളിലെ ജലം പാറക്കെട്ടുകളില്‍ തട്ടി ശബ്ദമുണ്ടാക്കുന്നു.

അവര്‍ അവിടെയിറങ്ങി അരുവിയിലെ വെള്ളമെടുത്ത് ദാഹം തീര്‍ത്തു. ഭക്ഷണം കഴിച്ചു. കുതിരകള്‍ വിശ്രമിച്ചു. അവര്‍ അവിടെ ചുറ്റും കണ്ണോടിച്ചു. ഹോ..... എന്തൊരു പ്രകൃതി സൗന്ദര്യം; പച്ചവിരിച്ച താഴ് വര. എത്രയോ ആനന്ദകരം തന്നെ. അവര്‍ അല്‍പ നേരം നടന്നു. എന്താണാ കാണുന്നത്..?


ശ്രദ്ധിച്ചു നോക്കി. അതൊരു കൂരയാണല്ലോ. ഇവിടെയും ജനവാസമുണ്ടോ? ഈ കാട്ടില്‍! വല്ല കാട്ടുകള്ളന്മാരുടെയോ, അതൊ സത്രമോ..? 

ഏതായാലും നമുക്ക് ഉറപ്പുവരുത്താം. അമ്പുംവില്ലുമെടുത്ത് വളരെ കരുതലോടെ സല്‍മാനും രാജകുമാരനും കുതിരയെ തെളിച്ചു. കൂടാരത്തിനടുത്തെത്തി. അവര്‍ ശ്രദ്ധിച്ചു, ശ്രവണസുന്ദരമായ എന്തോ നാദം അവരുടെ കര്‍ണ്ണപുടങ്ങളില്‍ തട്ടി. സല്‍മാന്‍റെ മനം കുളിര്‍ത്തു. മുമ്പ് ആ കൊച്ചു പള്ളിയില്‍ നിന്നും കേട്ടിരുന്ന അതെ ശബ്ദം. ആവേശത്തോടെ ആ ശബ്ദത്തിന്‍റെയുടമയെ അവന്‍ ശ്രദ്ധിച്ചു. അദ്ദേഹം തിരിഞ്ഞുനോക്കി.

നിങ്ങളെന്താണ്‌ പാരായണം ചെയ്യുന്നത്? നിങ്ങള്‍ എവിടെ നിന്നാണ് ഇവിടെ എത്തിയത്? ഇവിടെ ഒറ്റക്കാണല്ലോ അവര്‍ ഒരു കൂട്ടം ചോദ്യങ്ങളുന്നയിച്ച് കുതിരപ്പുറത്തു നിന്നിറങ്ങി.

മക്കളെ ഇത് ഇഞ്ചീലാണ്. ദൈവവചനങ്ങള്‍, മനുഷ്യന്‍റെ സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥ. മൂന്നാം വേദം - തൗറാത്തിന്‍റെ പൂര്‍ത്തീകരണം - ഇതിലൂടെ ഏക ദൈവം മനുഷ്യനെ സംസ്കരിക്കുന്നു.

താങ്കള്‍ ഒന്നുകൂടി വ്യക്തമാക്കൂ... ഉള്‍ക്കൊള്ളാനുള്ള പ്രയാസം. കൂട്ടുകാരുടെ അഭ്യര്‍ത്ഥന.

മക്കളെ, ആരാധ്യന്‍ ഏകനായ അല്ലാഹു ﷻ മാത്രമാണ്. ഈസ (മിശിഹ) അവന്‍റെ പ്രവാചകനാണെന്നുള്ള മുദ്രാവാക്യമാണ് ഈസാനബി (അ) ഉയര്‍ത്തിക്കാണിച്ചത്. അവസാന പ്രവാചകനായ മുഹമ്മദ്‌ നബിﷺയുടെ ആഗമനം അറിയിക്കുന്നവരായും അണഞ്ഞവര്‍.

അന്യരുടെ ധനം അപഹരിക്കരുത്. സഹജീവികളെ സഹായിക്കുക, വ്യഭിചരിക്കരുത്, ഏകദൈവത്തെ മാത്രം ആരാധിക്കുക തുടങ്ങിയ സിദ്ധാന്തങ്ങളാണ് കുട്ടികളെ ഈ മതം ഉല്‍ബോധിപ്പിക്കുന്നത്. കൂട്ടുകാരുടെ സംശയം ദൂരീകരിച്ചു. അവര്‍ക്കദ്ദേഹം ഇഞ്ചീലിലെ സൂക്തങ്ങള്‍ കേള്‍പ്പിച്ചു.

സല്‍മാനെ സംബന്ധിച്ചിടത്തോളം തേടിയവള്ളി കാലില്‍ ചുറ്റിയ പ്രതീതി. രാജകുമാരന് ആദ്യത്തെ അനുഭവവും. എങ്കിലും അര്‍ത്ഥശൂന്യമായ തങ്ങളുടെ വിശ്വാസാചാരങ്ങളെ അവന്‍ വിലയിരുത്തി. എന്തൊരു മഹത്തായ സിദ്ധാന്തം. എഴുതപ്പെട്ട തത്വസംഹിത അന്തവിശ്വാസങ്ങളുടെ നൂലാമാലകളില്ല. വ്യക്തമായ യാഥാര്‍ത്ഥ്യം. അവന്‍ അല്‍ഭുതപ്പെട്ടു.

ചാപല്യങ്ങള്‍ ദൂരത്തെറിഞ്ഞു ജീവിതത്തില്‍ സ്വൈര്യവും, ശാന്തിയും കൈവരുത്താന്‍ പോന്ന സുപ്രധാനമായ ധാര്‍മ്മിക നിര്‍ദ്ദേശങ്ങളാണ് ആ സൂക്തങ്ങള്‍. തങ്ങളുടെ പരമ്പരാഗത വിശ്വാസവും, ആരാധന രീതിയും ഓര്‍ത്ത് ആ രാജകുമാരന്‍ തലതാഴ്ത്തി...

ഇസ്ഫഹാനിലും പരിസരങ്ങളിലും മുസ്‌ലിംകളുണ്ട് പക്ഷേ, ന്യൂനപക്ഷമാണ്. വേദം പഠിച്ചവരും അങ്ങിങ്ങായുണ്ട്. അവര്‍ക്കിടയില്‍ നിന്ന്‍ ഒറ്റപ്പെട്ട് ഏക ഇലാഹിന്ന്‍ ആരാധിക്കാന്‍ വേണ്ടിയാണ് ഈ യതിവര്യന്‍ ഇവിടെ എത്തിപ്പെട്ടത്. ആത്മീയ ചൈതന്യം മുഴുവനും ആവാഹിച്ചെടുക്കാന്‍ ഭൗതികജീവിതത്തിലെ ഒച്ചപ്പാടുകളില്‍ നിന്ന്‍ രക്ഷപ്പെടാന്‍ രാപകല്‍ ആരാധന തന്നെ. അതിനുവേണ്ടിയാണ് ജനവാസമില്ലാത്ത ആ സ്ഥലം തിരഞ്ഞെടുത്തത്.

ഇപ്പോഴിതാ സുമുഖരായ രണ്ടു ചെറുപ്പക്കാര്‍ തന്‍റെ മുമ്പില്‍. അദ്ദേഹം വസ്തുതകള്‍ അവര്‍ക്ക് വിവരിച്ചു കൊടുത്തു. അവര്‍ ആ മതത്തിലും, അദ്ദേഹത്തിലും ആകൃഷ്ടരായി. ഇസ്‌ലാം മതം വിശ്വസിച്ചു. എന്തൊരു ചൈതന്യം! എന്തെന്നില്ലാത്ത മാനസികോല്ലാസം. പലതും അദ്ദേഹത്തില്‍ നിന്നവര്‍ പഠിച്ചു. അവസാനമായി അമുസ്‌ലിംകള്‍ അറുത്തത് ഭക്ഷിക്കരുതെന്നും അവരെ അദ്ദേഹം ഉണര്‍ത്തി. അവര്‍ സമ്മതിച്ചു. താല്‍ക്കാലികമായി വിടപറഞ്ഞു.

കറ പിടിച്ച ജീവിത ചുറ്റുപാടുകളില്‍ നിന്ന്‍ മോക്ഷം ലഭിച്ച ആ യുവ ചേതനകള്‍ അതീവ രഹസ്യമായി ഏക ഇലാഹിനെ ആരാധിച്ചു. കനത്ത കെട്ടുകള്‍ക്കപ്പുറം ചാടിക്കടന്നു തൗഹീദിന്‍റെ വെളിച്ചം ദര്‍ശിച്ച അവര്‍ അഹദിനെ സ്തുതിച്ചു. മജൂസികളുടെ കൊട്ടാരത്തില്‍ കടന്നെത്തി പ്രകാശധാര. തങ്ങള്‍ക്ക് ലഭിച്ച ആത്മീയ ചൈതന്യത്തില്‍ നിര്‍വൃതികൊണ്ടു. സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥിതി മനസ്സിലാക്കി. ധാര്‍മ്മിക ബോധമുള്ള യുവതലമുറയുടെ ആദ്യകണ്ണികള്‍. സുഹൃത്തുക്കള്‍ ഒഴിവുസമയങ്ങളില്‍ ആത്മീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരാളും അറിയരുത് അറിഞ്ഞാല്‍ രാജകല്‍പനക്ക് മറുചിന്ത ഉണ്ടായിരിക്കില്ല അതവര്‍ക്കറിയാം. തൗഹീദിന്‍റെ വെളിച്ചം കൊണ്ട് യുവഹൃദയങ്ങള്‍ തിളങ്ങി.

പതിവുപോലെ സല്‍മാന്‍ വിറക് കത്തിച്ചു. വെറും കടമ നിര്‍വ്വഹിക്കാന്‍ ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തി. കൊട്ടാരവും പരിസരവും മാത്രം ഭാവനയിലുള്ള ആ യുവാവ് രാജകുമാരനോടൊന്നിച്ചു ഇടക്കിടക്ക് ഗുരുവന്ദ്യരെ സന്ദര്‍ശിച്ചു. വേട്ടയുടെ മറവില്‍ സംശയത്തിനു വകയില്ലല്ലോ. 

ഓരോ സന്ദര്‍ശനത്തിലും ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കും. സത്യം തേടിയുള്ള യുവാക്കളുടെ നെട്ടോട്ടം ഗുരുവില്‍ മതിപ്പുളവാക്കി. കഴിയുന്നോളം അറിവിന്‍റെ മധു അദ്ദേഹം കോരിക്കൊടുത്തു. അവര്‍ ആര്‍ത്തിയോടെ വലിച്ചു കുടിച്ചു. പക്ഷേ ആരും അറിയുകയില്ല, അറിയാതിരിക്കാന്‍ കാര്യമായും ശ്രദ്ധിച്ചു. ഗുരുവും ശിഷ്യന്മാരും അല്ലാഹുവും മാത്രം, കാലങ്ങള്‍ അങ്ങനെ നീങ്ങി...



ക്രിസ്തുമതം പേര്‍ഷ്യയുടെ പല ഭാഗത്തായി അക്കാലത്ത് പ്രചാരം നേടിയിരുന്നു. ദിനേന ക്രിസ്തുമതത്തിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുകയാണ്. അതിവേഗം അത് വളര്‍ന്ന്‍ പന്തലിച്ചു. അപ്പോഴേക്ക് റോമിലത് ഒരു വന്‍ ശക്തിയായി മാറിയിരുന്നു. അതോടൊപ്പം പൗരോഹിത്യ സ്വാധീനം അത് വികലമാക്കപ്പെടുവാനും തുടങ്ങിയിരുന്നു. 

താന്താങ്ങളുടെ ഇഷ്ടാനുസരണം മതവിധികള്‍ വികലമാക്കപ്പെട്ട പൊതുജനം പുരോഹിതരുടെ കപടവാക്കുകള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരായി. ഭരണകൂടത്തിനനുസരിച്ച് നിയമം മാറ്റാന്‍ പുരോഹിതന്മാര്‍ പരസ്പരം മത്സരിച്ചു. സമ്മാനപ്പൊതികളും സാമ്പത്തിക സഹായങ്ങളും പുരോഹിത വീടുകളിലേക്കൊഴുകി. ക്രിസ്തുമതത്തിലേക്ക് കുടിയേറിയ ജൂതകൂട്ടാളികളും അവര്‍ക്കൊപ്പം വാദങ്ങളും, മതപ്രസംഗങ്ങളും അരങ്ങേറി. ഏക ദൈവ വിശ്വാസം കടപുഴകി വീണു. പകരം പിതാവ് പുത്രന്‍, ദൈവാവതാരം എന്ന ത്രികേയത്വം സ്ഥാനം പിടിച്ചു.

നാട്ടിലെ ജനങ്ങളുടെ ജീവിത രീതിയും, ആരാധന മുറകളും സസൂക്ഷ്മം നിരീക്ഷിക്കുകയാണ് രണ്ടു ചെറുപ്പക്കാര്‍. മതരംഗത്ത് അരങ്ങേറിയ അനാശാസ്യ പ്രവര്‍ത്തനങ്ങളും പൗരോഹിത്യ നാടകങ്ങളും അവര്‍ നോക്കിക്കണ്ടു. മനം നൊന്തു. അങ്ങിങ്ങായി തിരുത്തലുകള്‍ക്ക് പാത്രമാകാത്ത ഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന യഥാര്‍ത്ഥ മുസ്‌ലിംകള്‍ ഉണ്ട്. മതം നശിച്ചു കൊണ്ടിരിക്കുന്ന അവസരങ്ങളില്‍ കോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞു മാറി ആത്മീയ നിര്‍വൃതിയടയാന്‍ ഏകനായി കഴിയുന്ന യതീവര്യന്‍ ഇത്തരത്തില്‍ പെട്ട ആളാണ്‌. ആ മനുഷ്യനെയാണ്‌ നമ്മുടെ കഥാ പുരുഷന്‍ കണ്ടെത്തിയത്.

ഇസ്ഫഹാന്‍ രാജകൊട്ടാരത്തില്‍ അതിഗംഭീരമായ ഒരു സദ്യക്കുള്ള ഒരുക്കമാണ്. തോരണങ്ങള്‍ തൂക്കിയിരിക്കുന്ന, അനേകം മൃഗങ്ങള്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാംസങ്ങളായി. നൃത്തമേളക്കാര്‍ അവസാനത്തെ മിനുക്കു പണിയിലാണ്. പാതയുടെ ഇരുവഴികളും പൂച്ചെടികളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മേത്തരം പരവതാനികള്‍ വിരിച്ചിരിക്കുന്നു. സദ്യയില്‍ പങ്കെടുക്കാന്‍ ഉന്നതരായ വ്യക്തികള്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. സല്‍മാനും ആ വ്യക്തികളുടെ കൂട്ടത്തിലുണ്ട്.

സദ്യയുടെ ദിവസം വന്നെത്തി. എങ്ങും ആനന്ദത്തിന്‍റെ അലയടികള്‍. പ്രജകള്‍ കാഴ്ചകളുമായെത്തി. അവരെ മാദക നര്‍ത്തകികള്‍ സ്വീകരിച്ചിരുത്തി. രാജാവിനെ പ്രശംസിച്ചുകൊണ്ടുള്ള ഗാനങ്ങളും മജൂസി സൂക്തങ്ങളും ഗായകസംഘം ഉച്ചത്തില്‍ മുഴക്കി. നര്‍ത്തകികള്‍ അതിനൊത്ത് ആടി.

അതിഥികള്‍ക്ക് മേത്തരം വീഞ്ഞു വിളമ്പി. മാദക തിടമ്പുകള്‍ എല്ലാം മറന്നാടി. അര്‍ദ്ധനഗ്നരും പൂര്‍ണ്ണനഗ്നരുമായ നര്‍ത്തകികളുടെ അംഗലാവണ്യം കണ്ട് വീഞ്ഞ് അകത്താക്കുന്നവരുടെ കണ്ണുതള്ളി. പരിസരമാകെ വിഭവങ്ങളുടെ നറുമണം.

പാട്ടും കുരവയും കഴിഞ്ഞു, സദ്യ വിളമ്പുകയാണ്. ഓരോരുത്തരും ഭോജന മേശയില്‍ സ്ഥാനം പിടിച്ചു. വിഭവങ്ങള്‍ ഓരോന്നായി വിളമ്പി. ഒരു മഹാഘോഷം... പെട്ടെന്നാണ് അത് അവരുടെ ശ്രദ്ധയില്‍പെട്ടത്...

എന്താണത്...?

പ്രധാനപ്പെട്ട രണ്ട് ഇരിപ്പിടങ്ങള്‍ കാലിയാണ്. ആരുടേതായിരിക്കും അത്, പ്രത്യേകമായും അലങ്കരിക്കപ്പെട്ട ഇരിപ്പിടങ്ങള്‍, സംശയമില്ല. 

രാജകുമാരന്‍റെതും, സല്‍മാന്‍റെതും തന്നെ. രാജകുമാരനും, പ്രഭുകുമാരനും എവിടെ? ഈ ധന്യ മുഹൂര്‍ത്തത്തിന് ഒരു ദുശ്ശകുനമാകരുതല്ലോ. കണ്ണുകള്‍ പല സ്ഥലത്തേക്കും പാഞ്ഞു. കൊട്ടാരോദ്യോഗസ്ഥന്മാര്‍ എല്ലായിടവും പരതി. എല്ലാവരുടെയും മുഖത്ത് മ്ലാനതയുടെ നിഴല്‍ പരന്നു. രാജകുമാരനില്ലാതെ നാം എങ്ങനെ സദ്യ കഴിക്കും? നര്‍ത്തകികള്‍ നൃത്തം അവസാനിപ്പിച്ചു. എങ്ങും ശാന്തത. ഉല്‍കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍. രാജാവ് അസ്വസ്ഥനായി.

അപ്പോഴെല്ലാം കൊട്ടാര മുകളില്‍ ഒരൊഴിഞ്ഞ മുറിയിലിരുന്ന് ആ യുവകോമളന്മാര്‍ ചര്‍ച്ച ചെയ്യുകയാണ്. ഈ പേക്കൂത്തുകളൊന്നും അവര്‍ വീക്ഷിച്ചിട്ടില്ല. ഒരു താല്‍പര്യവും കാണിച്ചില്ല. എല്ലാം മറന്നവര്‍ സത്യദീനിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. നാടുനീളെ അസമത്വവും പട്ടിണിപ്പാവങ്ങളും നിറഞ്ഞുനില്‍ക്കുമ്പോള്‍ കൊട്ടാരത്തില്‍ മുഖ്യന്മാര്‍ക്ക് ഗംഭീരമായൊരു സദ്യ! ഇതെന്ത് നീതിയാണ്? എത്ര മൃഗങ്ങളാണ് അതിന്‍റെ പേരില്‍ കശാപ്പു ചെയ്യപ്പെട്ടത്. 

അനാവശ്യമായി നൃത്തം അരങ്ങേറിയ കൊട്ടാരമുറ്റം. നര്‍ത്തകികള്‍ അവരുടെ മാംസളമായ ഭാഗങ്ങള്‍ പ്രധാനികളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. എന്തൊരു ലജ്ജാവഹമാണിത്. നമുക്കതില്‍ പങ്കെടുക്കേണ്ട, അവരറുത്തത് ഭക്ഷിക്കേണ്ട, നിസ്സഹകരിച്ചാലുള്ള ഭവിഷ്യത്ത് അറിയാം. രാജകല്‍പനക്ക് മറുചോദ്യമില്ലല്ലോ. എന്തും സഹിക്കാന്‍ തയ്യാറെടുത്തു കൊണ്ട് ധൈര്യം സംഭരിച്ച് പ്രതിഷേധം മുഴക്കാന്‍ അവര്‍ തയ്യാറായി.

മഹാരാജാവ് നീണാള്‍ വാഴട്ടെ, രാജകുമാരനിതാ കൊട്ടാരത്തില്‍ തന്നെ. ഒരു രാജസേവകന്‍ വിളിച്ചു പറഞ്ഞു, ആയിരം കണ്ണുകള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു. എല്ലാവര്‍ക്കും സന്തോഷം, സമാധാനമായി.

എവിടെയായിരുന്നു മക്കളെ നിങ്ങള്‍? നിങ്ങളെ എന്തേ ഇവിടെയൊന്നും കാണാതിരുന്നത്? വന്നാട്ടെ ഇരിപ്പിടത്തില്‍ ഇരിക്കൂ. സദ്യ വിളമ്പാറായി രാജാവിന്‍റെ ശബ്ദം. അവര്‍ ഇറങ്ങി വന്നു. സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന്‍ അവരെ വണങ്ങി. രാജകുമാരനും, പ്രഭുകുമാരനും ഇരുന്നാലും! ഓരോരുത്തരും ആദരപൂര്‍വ്വം ക്ഷണിച്ചു.

വേണ്ട, ഞങ്ങള്‍ക്ക് നിങ്ങളുടെ സദ്യയും വേണ്ട സന്ധ്യയും വേണ്ട. നിങ്ങള്‍ അറുത്തത് ഞങ്ങള്‍ ഭക്ഷിക്കുകയില്ല. നിങ്ങള്‍ അവിശ്വാസികളാണ്. നിങ്ങള്‍ കഴിച്ചോളൂ വയറുനിറയെ... സല്‍മാന്‍റെ ശബ്ദം. അതുകേട്ട് കൊട്ടാരം ഞെട്ടി. തീറ്റപ്രിയരുടെ കണ്ണ്‍ തള്ളി മനസ്സു തകര്‍ന്നു.

എന്ത്? എന്താണ് നാം കേട്ടത്? ഞങ്ങളറുത്തത് നിങ്ങള്‍ ഭക്ഷിക്കുകയില്ലെന്നോ? ഈ ഞങ്ങളും നിങ്ങളും..?!

രാജാവിന്‍റെ കോപമുഖം.

അതെ നിങ്ങള്‍ മജൂസികള്‍, തീയാരാധകര്‍ ഈ പരിപാടികളിലൊന്നും ഞങ്ങള്‍ക്ക് താല്‍പര്യമില്ല. മാദകനൃത്തത്തെ ഞങ്ങള്‍ വെറുക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകള്‍.

എല്ലാവരും ഇച്ഛാഭംഗത്തിലായി. കുറച്ചുമുമ്പ് ആനന്ദം തിരതല്ലിയത് ഇതാ എരിഞ്ഞടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെ ചില്ലുകൊട്ടാരം വീണുടഞ്ഞു. രാജകുമാരന്‍ ഇതാ ബഹിഷ്ക്കരിച്ചിരിക്കുന്നു. ഇനി നാം എങ്ങനെ ഇതില്‍ പങ്കെടുക്കും. നാവിലെ വെള്ളം വറ്റി തൊണ്ട വരണ്ടു. ഓരോരുത്തരും എഴുന്നേറ്റു. എങ്കില്‍ പിന്നെ നമുക്കും വേണ്ട...



വിജയകരമായ ദൗത്യനിര്‍വ്വഹണത്തില്‍ സംതൃപ്തരായിരിക്കുകയാണ് സല്‍മാനും കൂട്ടുകാരനും.    

ആരവിടെ? കൊട്ടാരസദസ്സ് കലക്കിയ ആ ശബ്ദത്തിന്‍റെ ഉടമയെ ഹാജരാക്കൂ. രാജകല്‍പന, നിമിഷനേരം കൊണ്ട് രാജകിങ്കരന്മാര്‍ രാജകുമാരനെയും, സല്‍മാനെയും ഹാജരാക്കി. നിസ്സങ്കോചത്തോടെ വിചാരണ നേരിടാന്‍ തയ്യാറായി.

എന്താണ് നിങ്ങള്‍ മുഴക്കിയത്? നിങ്ങള്‍ പിന്നെ ആരാണ്? നിങ്ങളെ വഴിതെറ്റിച്ചത് എന്ത്? ചോദ്യങ്ങളുടെ ശരവര്‍ഷം തന്നെ രാജാവ് എയ്തു വിട്ടു. നിര്‍ഭയനായ സല്‍മാന്‍ ഓരോന്നിനും അടിവരയിട്ട് ഉത്തരം നല്‍കി. ഞങ്ങള്‍ അല്ലാഹു ﷻ വിന്‍റെ പ്രവാചകനായ ഈസനബി(അ)മില്‍ വിശ്വസിക്കുന്നു. ഇഞ്ചീലാണ് ഞങ്ങളുടെ അടിസ്ഥാന പ്രമാണം... 

അങ്ങനെ പലതും, ഗുരുവിനെപ്പറ്റി മാത്രം പറഞ്ഞില്ല. പക്ഷേ നിര്‍ബന്ധിതനായപ്പോള്‍ ആ രഹസ്യവും പുറത്തുവിടേണ്ടി വന്നു. ഗുരു പിടികൂടപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് സല്‍മാന് അറിയാമായിരുന്നു. അനന്തരം ദൂശ്യമാകാതിരിക്കാന്‍ അദ്ദേഹം മനം നൊന്തു പ്രാര്‍ത്ഥിച്ചു.

പട്ടാളക്കാര്‍ ചുറ്റുപാടും ഓടി. ഈ ചെറുപ്പക്കാരെ വഴിപിഴപ്പിച്ച ആ വ്യക്തിയെ വെറുതെ വിട്ടുകൂടാ... രാജാവിന്‍റെ ആജ്ഞയാണ്. നിമിഷങ്ങള്‍കൊണ്ട്‌ ഒരു വ്യൂഹം പട്ടാളക്കാര്‍ ഗുരുവിന്‍റെ കുടില്‍ കണ്ടെത്തി. ബലമായി അദ്ദേഹത്തെ രാജസദസ്സില്‍ ഹാജരാക്കി.

ജനം ആര്‍ത്ത് ചിരിച്ചു. ദേവീഗീതങ്ങള്‍ ഉയര്‍ന്നു. കോലാഹലമെല്ലാം നിലച്ചു. വിചാരണ തുടങ്ങുകയാണ്. താങ്കളാണോ ഈ ചെറുപ്പക്കാരെ വഴിതെറ്റിച്ചയാള്‍, നിങ്ങളാണോ ഇവരുടെ ഭക്ഷണം മുടക്കിയത്.

സുസ്മേരനായി ആ ഗുരുവന്ദ്യന്‍ പ്രതിവചിച്ചു. ഞാന്‍ ആരേയും വഴിപിഴപ്പിച്ചിട്ടില്ല. മറിച്ച് സത്യം തേടി ഇറങ്ങിയ സന്മാര്‍ഗ്ഗാന്വേഷികളായ രണ്ട് യുവാക്കള്‍ക്ക് മാര്‍ഗ്ഗം കാണിച്ചു. അസത്യത്തിന്‍റെയും അസാന്മാര്‍ഗ്ഗികതയുടെയും നടുക്കടലില്‍ കിടന്ന്‍ അവര്‍ വീര്‍പ്പുമുട്ടുകയായിരുന്നു. അവര്‍ക്ക് ഞാന്‍ ആശ്വാസമേകി. അവരുടെ ദാഹം തീര്‍ത്തു. തൗഹീദിന്‍റെ ദീപം കൊണ്ട് അവരുടെ ഹൃദയം പ്രകാശപൂരിതമായിരിക്കുകയാണ്. പിന്നെ നിങ്ങള്‍ മുശ്രിക്കുകള്‍ അറുത്തത് മുസ്ലിംകള്‍ക്ക് അനുവദനീയമല്ല.

നിര്‍ത്തൂ! നിങ്ങളുടെ വായാടിത്തം ഇവിടെ വേണ്ട, ഇത് അഗ്നിദേവന്മാരുടെ സങ്കേതമാണ്. ഇവിടെ മറ്റുകാര്യങ്ങള്‍ സംസാരിച്ചാല്‍ അവര്‍ കോപിക്കും. രക്ഷ അര്‍ഹിക്കാത്ത തെറ്റാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. ഒരു വിദേശി ആയതുകൊണ്ട് നിങ്ങളെ ഞാന്‍ വെറുതെ വിടുന്നു. ഒരു കാര്യം, ഉടന്‍ നാടുവിട്ടു പോകണം. ഒട്ടും താമസിക്കരുത്.

പട്ടാളക്കാര്‍ തുടര്‍ന്നു. ഒരു നിമിഷം ഇവിടെ തങ്ങരുത്. തങ്ങിയാല്‍ ആപത്താണ്. പുഞ്ചിരിച്ചു കൊണ്ട് ഗുരുവര്യന്‍ പടിയിറങ്ങി.

രണ്ടു യുവാക്കള്‍ തേങ്ങുകയാണ്. ശിക്ഷ വിധിക്കാത്തതില്‍ അവര്‍ അല്ലാഹു ﷻ വിനെ സ്തുതിച്ചു. പക്ഷേ, ഗുരു നാടുവിടുന്നു. അനീതിയുടെ തീച്ചൂടില്‍ നിന്ന്‍ രക്ഷ നേടാനുള്ള തണല്‍വൃക്ഷം ഇനിയെവിടെ? അന്ധത നീക്കാനുള്ള പ്രകാശത്തിന്‍റെ ഉറവിടം മങ്ങുന്നു. ഇനിയെന്ത്? മിഴിനീര്‍ മുഖത്ത് ചാലിട്ടു. അവര്‍ ജനത്തിനിടയിലൂടെ ഓടി ഗുരുവിന്‍റെ കരം പിടിച്ചു യാചിച്ചു. പോകരുത് ഇനി ഞങ്ങള്‍ക്കാരാണ്! തന്‍റെ കരം പിടിച്ചു വിതുമ്പുന്ന ആ സത്യാന്വേഷികളെ അയാള്‍ സാന്ത്വനപ്പെടുത്തി. രാജകല്‍പനയല്ലെ, പോകാതിരിക്കാനൊക്കുമോ, നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞാന്‍ ശിഷ്യന്മാരോടൊപ്പം “മൗറൂസി”ലുണ്ടാകും. അവിടെ വെച്ചു കാണാം. ഇത്രയും പറഞ്ഞുകൊണ്ട് നടന്നകന്നു. 

പൂര്‍ണ്ണ ചന്ദ്രന്‍ അസ്തമിക്കുന്ന വിരഹവേദന കടിച്ചമര്‍ത്തിക്കൊണ്ട് സല്‍മാനും രാജകുമാരനും അതു നോക്കി നിന്നു. അകലെ അകലെ പോയ്‌ മറയുന്നതു വരെ...

വരൂ നമുക്കു പോകാം പിന്നില്‍ നിന്നും ശബ്ദം, അവര്‍ തിരിഞ്ഞു നോക്കി. പട്ടാളക്കാര്‍! തങ്ങളെ അറസ്റ്റു ചെയ്യാന്‍ വന്നതാണ്. രാജകല്‍പന, ഇഷ്ടഗുരുവിന്‍റെ വേര്‍പാടില്‍ മനംനൊന്തു കഴിയുന്ന അവര്‍ ഒരവിവേകവും ചെയ്യരുതല്ലോ. അല്ലെങ്കില്‍ നാടുവിട്ടു പോയെങ്കിലോ? അതുമല്ലെങ്കില്‍ പരസ്യമായി തന്നെ തീയാരാധനയെ ധിക്കരിച്ചാലോ..? ഇങ്ങനെയുള്ള ചിന്തകള്‍ അവസാനം രാജാവിനെ ഒരു നിഗമനത്തിലെത്തിച്ചു. അറസ്റ്റു ചെയ്യുക, അത് നടപ്പിലാക്കാനാണ് പട്ടാളക്കാര്‍ വന്നത്. അവര്‍ അവരോടൊപ്പം നടന്നു.

രാജഭരണത്തിന്‍റെ ഏകാധിപത്യത്തില്‍ കൈവിലങ്ങുകള്‍ വെക്കപ്പെട്ടു. ഏകാന്തതയുടെ ഇരുട്ടറയിലേക്ക് തള്ളപ്പെട്ടു. ഓരോരുത്തരും വെവ്വേറെ ഇരുട്ടറകളില്‍. ഭാരമേറിയ ഇരുമ്പുചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട അവര്‍ക്ക് ബാഹ്യലോകവുമായി ബന്ധപ്പെടുവാന്‍, ആശയങ്ങള്‍ കൈമാറാന്‍, സ്വതന്ത്രവായു ശ്വസിക്കാന്‍ അങ്ങനെ ഒന്നിനും അവകാശമില്ല. 

ദിനരാത്രങ്ങള്‍ ഓരോന്നും മാറിമാറിക്കൊണ്ടിരുന്നു. കാരുണ്യത്തിന്‍റെ ഒരിറ്റ് പോലും പകരാന്‍ ഒരാളുമില്ല. പക്ഷേ, ഒന്നുണ്ട് ദേവപ്രീതിക്കുവേണ്ടി ഇനി വിറക് കത്തിക്കേണ്ടതില്ലല്ലോ അവര്‍ സന്തോഷിച്ചു, ഏക ഇലാഹായ നാഥനെ സ്മരിച്ചു.

സ്വൈരമായി അത് ചെയ്യാന്‍ ഒരു തടസവുമില്ല. എന്നാലും മനപ്പൂര്‍വ്വം ശിര്‍ക്കിന്‍റെ പ്രവര്‍ത്തനത്തിലേര്‍പ്പെടേണ്ടല്ലോ. ആശ്വാസത്തിന്‍റെ നിശ്വാസം.

ആശുരിയ്യ സംസ്ഥാനത്തിലാണ് മൗസില്‍ നീനവായുടെ സമീപം എന്നു കേട്ടിട്ടുണ്ട്. ശിഷ്യരോടൊന്നിച്ച് ഗുരു കഴിച്ചുകൂട്ടുന്നത്. ഇടക്കിടെ ഗുരുവിനെ സംബന്ധിച്ചുള്ള ചിന്ത മനസ്സിനെ തളര്‍ത്തും ഇനിയെങ്ങനെയാണ് ഒന്ന് കാണുക. വിലയേറിയ ഉപദേശങ്ങള്‍ ലഭിക്കുക.? എല്ലാം ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കും. എങ്ങനെയെങ്കിലും അവിടെ എത്തിപ്പെടണം. കേട്ടിട്ടുപോലുമില്ലാത്ത സ്ഥലം. പിതാവിന്‍റെ നിയന്ത്രണവേലിക്കുള്ളില്‍ മാത്രം ജീവിച്ച സല്‍മാന് അതിലപ്പുറം ഒരു ലോകം ചിന്തിക്കാന്‍ പോലുമറിയില്ല. ആ യതിവര്യര്‍ ഇരുന്നിരുന്ന താഴ്‌വര തന്നെ കണ്ടത് രാജകുമാരന്‍റെ ഔദാര്യ മനസ്ക്കതകൊണ്ടാണ്.

അനുനിമിഷം മനസ്സ് ഗുരുവിനെ തേടിയലയുന്നു. ഈ കാരാഗൃഹത്തില്‍ നിന്ന്‍ ഒരു രക്ഷ എങ്ങനെ? പെട്ടെന്ന്‍ മനസ്സ് ഉണര്‍ന്നു. എന്നും ഭക്ഷണങ്ങളുമായെത്തുന്ന ശിലാഹൃദയനല്ലാത്ത ഭൃത്യനെ സമീപിക്കുക. കാര്യങ്ങള്‍ വിവരിക്കുക. ഒരു പക്ഷേ അദ്ദേഹത്തിനെന്നെ രക്ഷിക്കാന്‍ സാധിച്ചേക്കും. ഈയൊരു തീരുമാനത്തിലുറച്ചാണ് സല്‍മാന്‍ അന്നുറങ്ങിയത്.

കിളികള്‍ മരച്ചില്ലകളില്‍ നിന്നും ചിലച്ചു ശബ്ദമുണ്ടാക്കുന്നു. ശബ്ദം കേട്ട് സല്‍മാനുണര്‍ന്നു. ഉറക്കച്ചടപ്പില്‍ പുറത്തേക്ക് എത്തിനോക്കി. പ്രഭാതസൂര്യന്‍റെ കിരണങ്ങള്‍ ഒരു നൂല്‍ വെളിച്ചം പോലെ ഭൂമിയില്‍ പതിക്കുന്നു. പച്ചപ്പുല്ലിലെ മഞ്ഞുതുള്ളികള്‍ ആ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി. പ്രഭാതമായിരിക്കുന്നു. അതാ വാതില്‍ തുറന്ന്‍ ഭൃത്യന്‍ വരുന്നു. ഇനി പരിപാടി അവതരിപ്പിക്കാം.

സല്‍മാന്‍ സൗമ്യഭാവത്തില്‍ ഭൃത്യനെ അരികില്‍ വിളിച്ചിരുത്തി. പതുക്കെ കാര്യങ്ങള്‍ ധരിപ്പിച്ചു, ഭയത്തിന്‍റെ കറുത്ത പാടുകള്‍ ആ മുഖത്ത് നിഴലിച്ചു വെങ്കിലും തന്നെ സഹായിക്കാനുള്ള മനസ്സ് ഭൃത്യന്‍ കാണിച്ചു. രണ്ടു കാര്യങ്ങളാണ് ആദ്യമായി അറിയേണ്ടത്. രാജകുമാരന്‍റെ വിവരവും അന്നാട്ടില്‍ കൃസ്ത്യാനികള്‍ ജീവിച്ചിരിക്കുന്നുണ്ടോ, അവരുടെ കച്ചവട സംഘങ്ങള്‍ എങ്ങോട്ടെങ്കിലും യാത്രതിരിക്കുന്നുണ്ടോ? 

അടുത്ത ദിവസം സല്‍മാന്‍റെ അതേ ചിന്താഗതിയുമായി നില്‍ക്കുന്ന രാജകുമാരന്‍റെ വിവരം സല്‍മാനെ ആവേശഭരിതനാക്കി...



ശാം അന്നത്തെ വലിയ കച്ചവടസംഘം. റോം, അറേബ്യ, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്നും നിരനിരയായ് സാര്‍ത്ഥവാഹകസംഘം ഇങ്ങോട്ടോഴുകി. ഇവിടെ നിന്ന്‍ അങ്ങോട്ടും ലോകത്തെ വന്‍കിട കച്ചവടക്കാരുടെ വ്യവസായ കേന്ദ്രമാണ് ശാം. വിദേശവസ്തുക്കള്‍ പലതും വിറ്റഴിഞ്ഞു. പലതും വിദേശത്തേക്ക് കയറ്റുമതി ചെയ്തു. പണത്തിന്‍റെ കൊഴുപ്പ്, ആര്‍ക്കും അല്ലലില്ല.

അനേകം പ്രവാചകന്മാരുടെയും, പുണ്യവാന്മാരുടെയും പാദസ്പര്‍ശനമേറ്റ് പുളകിതമായ നാട്, മസ്ജിദുല്‍ അഖ്‌സ അവിടെ നിലകൊള്ളുന്നു. ഇബ്രാഹീം(അ), മൂസ(അ), ഹൂദ്(അ), ലൂത്ത്(അ), സ്വാലിഹ്(അ), യൂസുഫ്(അ), ശുഐബ്(അ)... നബിമാരുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിന്‍റെ, അവര്‍ കാണിച്ച സഹനത്തിന്‍റെ, സത്യദീന്‍ പ്രചരിപ്പിക്കാന്‍ വേണ്ടി സഹിച്ച ത്യാഗങ്ങളുടെ അങ്ങനെ ആയിരമായിരം കഥകള്‍ അയവിറക്കാനുണ്ട് അവിടുത്തെ മണല്‍തരികള്‍ക്ക്.

ആദ്, സമൂദിന്‍റെ പതനങ്ങള്‍, ധിക്കാരികളുടെയും ദുര്‍മാര്‍ഗ്ഗികളുടെയും ആവനാഴിയിലെ അമ്പു തീര്‍ന്നതും മൂസാ നബി(അ)മിന്റെ വാക്ക് ധിക്കരിച്ചതു മൂലം വാനരന്മാരായ കഥകളും ആ കുരങ്ങന്മാര്‍ ദിവസങ്ങളോളം വൃക്ഷങ്ങളില്‍ ചാടിനടന്നു, അവസാനം ഒന്നടങ്കം നാശമടഞ്ഞരംഗം ആ പ്രദേശം നോക്കികണ്ടിട്ടുണ്ട്.

പുണ്യാത്മാക്കളുടെയും, സൂഫിവര്യന്മാരുടെയും ആത്മീയ ചൈതന്യം ഉള്‍ക്കൊണ്ട പ്രദേശം. ബൈബിളില്‍ പറയുന്ന ബെത് ലഹേമില്‍ ജനിച്ച ഈസാനബി(അ)ന്റെ ജനനം കൊണ്ട് അനുഗ്രഹീതമായ സ്ഥലം. ഇസ്രായീലിന്‍റെ കിരാത കരങ്ങളില്‍ നിന്നും ബൈത്തുല്‍ മുഖദ്ദിസ് മോചിപ്പിക്കാന്‍ പൊരുതുന്ന ഫലസ്തീനികളുടെ കഥ. അനവധി അനുഗ്രഹങ്ങളുടെയും, ശാപത്തിന്‍റെയും കാറ്റ് മാറിമാറിയടിച്ച ശാം. അങ്ങനെ വിവരിക്കാന്‍ സാധ്യമല്ലാത്ത ശാമിലാണ് സല്‍മാന്‍ ഇപ്പോള്‍ എത്തിപ്പെട്ടത്.

ഏകാന്തതയുടെ ഇരുട്ടറയില്‍ കട്ടപിടിച്ച തമസ്സുമായി കെട്ടിപ്പുണര്‍ന്നു ഏക ഇലാഹിനെ ധ്യാനിച്ചു കഴിയുകയായിരുന്നു സല്‍മാന്‍. ഭൃത്യനോട്‌ പറഞ്ഞ പദ്ധതിയനുസരിച്ചു മനസ്സലിഞ്ഞ ഭൃത്യന്‍ രക്ഷാവലയത്തിന്‍റെ ഒരു കണ്ണി തേടിയലഞ്ഞു. ഒരു പുതിയ സൂര്യന്‍ ഉദിക്കാന്‍, വേദന തിന്നുന്ന ഒരാളുടെ ഹൃദയത്തിലേക്ക് ആശ്വാസത്തിന്‍റെ നീരുറവ തിരിച്ചു വിടാന്‍, രാപകലില്ലാതെ അതിനായി യത്നിച്ചു. 

ഒരു ദിവസം രാത്രി ഭക്ഷണവുമായി വന്ന ഭൃത്യന്‍റെ മുഖത്തേക്ക് സല്‍മാന്‍ ദയനീയമായി നോക്കി. പ്രസന്ന മുഖത്തോടെ നില്‍ക്കുന്ന ഭൃത്യനെ നേരിയ പ്രകാശവീചിനിയിലൂടെ കണ്ടു. പക്ഷേ, കാര്യമെന്തെന്നറിയില്ല. പറയൂ, ഇനിയും എത്രകാലം ഈ ഇരുട്ടറയില്‍ ഞാന്‍ കഴിച്ചുകൂട്ടണം. നോക്കൂ! എന്‍റെ കാലുകള്‍ നീര് വന്നിരിക്കുന്നു. ഇനിയും ഒരു രക്ഷാകവാടം തുറന്നില്ലേ? ഇക്കണക്കിന് എനിക്ക് ഭ്രാന്ത് പിടിക്കും.

ക്ഷമിക്കൂ! സല്‍മാന്‍, ഞാന്‍ ഒരു വഴി കണ്ടെത്തിയിരിക്കുന്നു കര്‍ണ്ണാനന്ദകരമായ അറിയിപ്പ്. എനിക്കൊരു മോചനമോ? സല്‍മാന് വിശ്വസിക്കാനായില്ല...

അതീവ രഹസ്യമായി ഭൃത്യന്‍ ഇസ്ഫഹാനിലെ ന്യൂനപക്ഷ വിഭാഗമായ കൃസ്ത്യാനികളോട് നടത്തിയ അന്വേഷണത്തിന്‍റെ ഫലം. അന്നവിടെ വിദേശിയരായ ഒരു സ്വാര്‍ത്ഥവാഹക സംഘം എത്തിയിരുന്നു, മൗസിലേക്കല്ല ശാമിലേക്ക്. അപൂര്‍വ്വമായി മൗസിലേക്ക് പുറപ്പെടുന്ന തദ്ദേശിയരായ കച്ചവടസംഘം അഗ്നിയാരാധകരായിരുന്നു. അവര്‍ ഈ വിവരമറിഞ്ഞാല്‍ ആപത്താണ്. അതുകൊണ്ടാണ് വിദേശിയരുമായി ഭൃത്യന്‍ ബന്ധപ്പെട്ടത്.

സത്യാന്വേഷിയായ ഒരു യുവാവിന് നേരിടേണ്ടി വന്ന യാതനകള്‍ ഭൃത്യന്‍ അവതരിപ്പിച്ചു. കച്ചവടസംഘം അദ്ദേഹത്തെ രക്ഷിക്കാന്‍ തയ്യാറായി. പക്ഷേ, ഒരു ദിവസം കൂടി അവര്‍ക്കവിടെ തങ്ങാന്‍ കഴിയില്ല. ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെയുള്ള യാത്ര ദുസ്സഹമായിരുന്നു. അതുകൊണ്ട് ഉച്ചസൂര്യന്‍റെ കിരണങ്ങള്‍ ഭൂമിയില്‍ തട്ടുന്നതിന് മുമ്പ് അവര്‍ക്കവിടം കടക്കണം.

ഈ വിവരം ഭൃത്യന്‍ സല്‍മാനെ അറിയിച്ചു. വികാരവേശത്താല്‍ കണ്ണുകള്‍ ഈറനണിഞ്ഞു. അവന്‍ അല്ലാഹുﷻവിനെ മനസ്സാ സ്തുതിച്ചു. ദിവസങ്ങളുടെ പരീക്ഷണത്തിനു ശേഷം കൈവന്ന മഹാഭാഗ്യം. 

ഇതുപയോഗപ്പെടുത്തിയില്ലെങ്കില്‍ പിന്നീടൊരിക്കലും അവസരം കൈവരണമെന്നില്ല. സല്‍മാന്‍ രക്ഷപ്പെടാനുറച്ചു. വിലങ്ങ് തകര്‍ക്കാനൊരായുധം നല്‍കികൊണ്ട് ഭൃത്യന്‍ തിരിഞ്ഞുനടന്നു. സാധാരണ കിടപ്പറയില്‍ സ്ഥാനം പിടിച്ച അണിയറ നാടകം പുറത്തറിയരുതല്ലോ.

സര്‍വ്വശക്തിയും ഉപയോഗിച്ച് സല്‍മാന്‍ വിലങ്ങു പൊട്ടിക്കാന്‍ ശ്രമിച്ചു. ശാരീരികക്ഷീണം സത്യവിശ്വാസത്തിന്‍റെ പിന്‍ബലമുള്ള മനോധൈര്യത്തിന് വഴിമാറിക്കൊടുത്തു. എങ്ങും ശാന്തത, പക്ഷികള്‍ മരച്ചില്ലകളില്‍ നിദ്രയിലാണ്ടു. ഇസ്ഫഹാന്‍ നഗരം കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. എങ്ങും കൂരിരുള്‍ പരന്നിരിക്കുന്നു. സല്‍പാന്ഥാവ് തേടി മോചനം ലഭിച്ച സല്‍മാനു മാത്രം ഉറക്കമില്ല. സ്വാതന്ത്രം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കുകയാണ്.

സാര്‍ത്ഥവാഹക സംഘത്തിലെ വികാരിയുമായി ഭൃത്യന്‍ പറഞ്ഞുറപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഒരു ദിവസം കൂടി അവിടെ തങ്ങാന്‍ അവര്‍ക്കാവില്ല. എന്നാലും ഒരു യഥാര്‍ത്ഥവിശ്വാസിയുടെ ദാഹം ശമിപ്പിക്കാന്‍, അടഞ്ഞുകിടന്ന വാതിലുകള്‍ തുറന്നു കൊടുക്കാന്‍ പ്രയാണത്തിന്‍റെ പാത സുഖമമാക്കാന്‍ അവര്‍ക്ക് സന്തോഷമേയുള്ളു. അതിന് അന്നുതന്നെ പുറപ്പെടണം. അവിടെ അദ്ദേഹത്തിന്‍റെ ആഗ്രഹങ്ങള്‍ സഫലീകരിക്കും. ധാരാളം പള്ളികള്‍, പള്ളിവികാരികള്‍ ഏതായാലും അര്‍ദ്ധരാത്രിക്കു തന്നെ പുറപ്പെട്ടില്ലെങ്കില്‍ ശാമിലേക്കുള്ള യാത്ര ദുഷ്കരമായിരിക്കും.

ഭൃത്യനില്‍ നിന്നും ഈ വിവരങ്ങളറിഞ്ഞതനുസരിച്ചാണ് സല്‍മാന്‍റെ ഈ ശ്രമകരമായ രക്ഷപ്പെടല്‍. കാലങ്ങളായി മനസ്സില്‍വെച്ചു പൂജിച്ച ആ ദിനമിതാ സമാഗതമായിരിക്കുന്നു. ദുര്‍മാര്‍ഗ്ഗ തടസ്സങ്ങളെ തട്ടിതകര്‍ക്കാന്‍ മാത്രം അവന്‍റെ മനസ്സ് ശക്തമാണ്. വഴികേടിന്‍റെ തീജ്വാലകള്‍ പരിചയിച്ച സല്‍മാന് സന്മാര്‍ഗ്ഗത്തിന്‍റെ വെള്ളിവെളിച്ചം യതിവര്യനിലൂടെ കരഗതമായിരിക്കുന്നു. മനസ്സ് നിറയെ പ്രകാശപൂരിതമായിരിക്കുന്നു. ചുണ്ടുകള്‍ ഏക ഇലാഹിന്‍റെ മന്ത്രധ്വനികള്‍ ഉരുവിട്ടു.

കണ്ണും, കരളും എല്ലാം ഒരേ ബിന്ദുവിലേക്ക്... ലക്ഷ്യസ്ഥാനത്തെത്താനുള്ള ഉല്‍ക്കടമായ ആഗ്രഹം അവന്‍റെ കാലുകളില്‍ വേഗത സൃഷ്ടിച്ചു...



എങ്ങും മൂകത പതുക്കെ നടന്നു, ശബ്ദമുണ്ടാക്കാതെ, പിതാവറിയരുത്. ഗൈറ്റ് അടച്ചിരിക്കുന്നു. ഒന്നു ഞെട്ടി പിന്നെ ചുറ്റും നോക്കി. സര്‍വ്വശക്തിയും സംഭരിച്ച് മതില്‍ ചാടി. ഹാവൂ! എന്തൊരാശ്വാസം ആ കടമ്പ കടന്നിരിക്കുന്നു. ഒന്നുകൂടി പിന്തിരിഞ്ഞുനോക്കി. തനിക്ക് ജന്മം നല്‍കിയ ആ ഗേഹത്തിലേക്ക്, ആദ്യമായി പിച്ചവെച്ചതും വളര്‍ന്നു വലുതായതും എല്ലാം അവിടെവെച്ചാണ്. തന്‍റെ കുസൃതികള്‍ കണ്ട് എത്രയോ തവണ ആ മതില്‍ക്കെട്ടുകള്‍ മൂകമായി ചിരിച്ചിട്ടുണ്ട്. അവസാനത്തെ കാഴ്ച വിട്ടുപോകുന്നതില്‍ വിഷമമുണ്ട്. പക്ഷേ, എത്തിപ്പെടാനുള്ള സ്ഥാനം സമാധാനത്തിന്‍റെ നേര്‍രേഖ വരച്ചു.
                                         
പിശാചിന്‍റെ കരാളഹസ്തത്തില്‍ നിന്നും പിടഞ്ഞുചാടിയ ഒരു യുവാവിന്‍റെ വിജയകരമായ പ്രവര്‍ത്തനത്തെ ആകാശത്തുനിന്ന് അങ്ങിങ്ങായി ചില താരകങ്ങള്‍ എത്തിനോക്കി.

വലിഞ്ഞു നടന്നു. മനസ്സുനിറയെ ശാം നിറഞ്ഞു നില്‍ക്കുന്നു. പള്ളികളും പുരോഹിതന്മാരും, ഇനിയെങ്കിലും തന്‍റെ ആദര്‍ശം വളര്‍ന്നു പന്തലിക്കുമല്ലോ. ഏക ഇലാഹിനെ നിര്‍ഭയം സ്മരിക്കാമല്ലോ. നിശയുടെ യാമങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുവീണു. കുറച്ചകലെ ഒരു വെളിച്ചം കാണുന്നു. അങ്ങോട്ടു തിരിച്ചു ഒരു പക്ഷേ ഭൃത്യന്‍ പറഞ്ഞ സംഘമായിരിക്കും. അതെ അവര്‍ തന്നെ. അവര്‍ സല്‍മാനെ സ്വാഗതം ചെയ്തു. മനസ്സില്‍ കുളിര്‍മ്മയുടെ മുഹൂര്‍ത്തങ്ങള്‍. അവര്‍ പുറപ്പെടാനൊരുങ്ങി. അപ്പോഴേക്കും പുഞ്ചിരിതൂകിക്കൊണ്ട് ചന്ദ്രന്‍ മാനത്ത് തെളിഞ്ഞു. കിരണങ്ങള്‍ ഭൂമിയില്‍ പതിഞ്ഞു പാത തെളിഞ്ഞു. സംഘം യാത്ര തിരിച്ചു. 

നിലാവ് പരന്ന പാതയിലൂടെ രാത്രി അവര്‍ നടന്നു. അനന്തമായ മണല്‍കുന്നുകള്‍ കടന്നു. അനേകം കാതങ്ങള്‍ പിന്നിട്ടു. പ്രഭാതമാവും മുമ്പേ മുന്നോട്ടു കുതിച്ചിരിക്കണം. വീണ്ടും നടന്നു. സംഘത്തിലെ ചിലര്‍ ഉണര്‍ത്തുപാട്ടുപാടി ആനന്ദം കൊള്ളിച്ചു. 

കിഴക്കന്‍ ചക്രവാളത്തില്‍ നേരിയ പ്രഭാമയം, നേരം വെളുക്കുകയാണ്. പാതിപിന്നിട്ടിരിക്കുന്നു. അര്‍ക്കന്‍ പതുക്കെ തലകാണിച്ചു. അങ്ങകലെ ചില ഒട്ടകങ്ങളെ കാണാം. തമ്പില്‍ നിന്ന്‍ രക്ഷപ്പെട്ട് അലഞ്ഞു തിരിഞ്ഞു നടക്കുന്നവയായേക്കാം. അനേകം വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി പകലിനെ ദര്‍ശിക്കുന്നു. സല്‍മാന്‍ കണ്ണുനിറയെ കണ്ടാനന്ദിച്ചു. മനോഹരമായ പ്രകൃതി, മണല്‍കുന്നുകള്‍ക്ക് ഒരു കലാകാരന്‍റെ വിരുതുണ്ട്. അവര്‍ വീണ്ടും നടന്നു.

വിസ്തൃതമായ ശാം നഗരം. ലോക വിപണികളില്‍ ഒന്ന്‍. വിദേശികളും സ്വദേശികളുമായ അനേകം ജനങ്ങള്‍, എങ്ങും തിക്കും തിരക്കും കോലാഹലം, സാര്‍ത്ഥവാഹകര്‍ ചരക്കുകള്‍ വില്‍ക്കാനുള്ള ഒരുക്കത്തിലാണ്. വിലപേശല്‍, സല്‍മാന്‍ എല്ലാം ഒരത്ഭുതമായി നോക്കിനിന്നു. 

ജീവിതത്തിലെ പ്രഥമനുഭവം. യാത്രാക്ഷീണം ഏറെയുണ്ട്. എങ്കിലും മനസ്സിലെ കുളിര്‍മ്മ ക്ഷീണം മറച്ചു. ജനങ്ങളുമായി പരിചയപ്പെട്ടു, നല്ല ജനങ്ങള്‍. ചൂതപേക്കൂത്തുകള്‍ക്ക് അന്ത്യം കുറിച്ച് കൊണ്ട് ഈസാനബി(അ)മിന്റെ ദൗത്യത്തിന് പച്ചകൊടി കാട്ടിയ നാട്.

സല്‍മാന്‍റെ കണ്ണുകള്‍ നാലുപാടും പരതി. കോലാഹലങ്ങളില്‍ നിന്നകന്ന്‍ ലക്ഷ്യപ്രാപ്തിക്കായി അതാ ആ വഴിയിലൂടെ പോയാല്‍ ഒരു കനീസ കാണാനായി. ആ കനീസായിലെ പുരോഹിതന്‍ ഇവിടത്തെ മഹാപണ്ഡിതനാണ്. അദ്ദേഹത്തിന് നിങ്ങളുടെ ദാഹം തീര്‍ക്കാന്‍ സാധിക്കും. ഒരാള്‍ വിരല്‍ ചൂണ്ടി.

സല്‍മാന്‍ സന്തോഷാശ്രു പൊഴിച്ചു. കര്‍ണ്ണാനന്ദകരമായ ശബ്ദം. നന്ദി പറഞ്ഞുകൊണ്ട് അങ്ങോട്ട്‌ തിരിച്ചു. തന്‍റെ ആത്മഗുരുവിനെപ്പോലെയുള്ള ഒരു പുരോഹിതന്‍. ഭൗതിക കോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞു ഏക ഇലാഹില്‍ ധ്യാനനിരതനായികൊണ്ട് ആത്മീയ ചൈതന്യം നേടിയ ഒരാളെയായിരുന്നു സല്‍മാന് ആവശ്യമായിരുന്നത്. ഇസ്‌ലാമിന്‍റെ അസ്ഥിവാരത്തിലൂട്ടപ്പെട്ട സമ്പൂര്‍ണ്ണമായൊരു ജീവിതപദ്ധതി അദ്ദേഹം അറിയിച്ചുതരും. സല്‍പ്രതീക്ഷകളുടെ കൂമ്പാരവുമേറി നടന്നു...

പ്രഥമദൃഷ്‌ട്യാ ആത്മീയ ചൈതന്യം ഉള്‍ക്കൊള്ളുന്ന ഒരു കൊച്ചുപള്ളിക്ക് സമീപം സല്‍മാനെത്തി. അതിരറ്റ് സന്തോഷിച്ചു. യഥാര്‍ത്ഥമായ ജീവിതം തുടങ്ങാനുള്ള തുടക്കം, പള്ളിയില്‍ കടന്നു നാഥനെ സ്തുതിച്ചു. മനം തുറന്നു പ്രാര്‍ത്ഥിച്ചു. പുരോഹിതനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു; ‘ഞാന്‍ ഈ മതത്തില്‍ അതീവ തല്‍പരനായിരിക്കുന്നു. അങ്ങയുടെ ശിക്ഷണത്തില്‍ കഴിഞ്ഞുകൂടി അങ്ങേക്ക് സേവനം ചെയ്യാനും മതവിധികള്‍ ഗ്രഹിക്കാനും ഞാനാശിക്കുന്നു. അതുകൊണ്ട് ഇവിടെ തങ്ങാന്‍ എന്നെ അനുവദിക്കുക. എന്‍റെ ദാഹം ശമിപ്പിക്കുക.’ ഇവിടെ താമസിച്ചു കൊള്ളുക. അയാള്‍ സമ്മതം മൂളി. അദ്ദേഹത്തെ ആത്മാര്‍ത്ഥമായി പരിചരിക്കാനും മതം പഠിക്കാനും ആ ദേശാടന പക്ഷി സന്നദ്ധനായി.

അവശരെ സഹായിക്കാനും, ദാനധര്‍മ്മങ്ങള്‍ ചെയ്യാനും അദ്ദേഹം ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. ഇസ്ഫഹാനിലെ ഗുരുവിനെപ്പോലെ സഹായങ്ങളും, സംഭാവനകളും ഒഴുകി. അഗതികളെ സഹായിക്കാന്‍ അവശരുടെയും, അനാഥരുടെയും കണ്ണീരൊപ്പാന്‍.

അല്‍പം മാത്രം അവകാശികള്‍ക്ക് നല്‍കികൊണ്ട് സിംഹഭാഗങ്ങളും പിന്‍വാതിലിലൂടെ പോകുന്നത് സല്‍മാന്‍ കണ്ടു. അദ്ദേഹം അത്ഭുതപ്പെട്ടു. ഇതായിരുന്നോ താന്‍ കിനാവ് കണ്ടിരുന്നത്? സല്‍മാന്‍റെ പ്രതീക്ഷകള്‍ ആകെ തട്ടിതകര്‍ന്നു. കയത്തില്‍ നിന്ന്‍ വീണ്ടും നീര്‍ക്കയത്തിലേക്ക്.

ജനങ്ങളുടെ ഈശ്വരസ്നേഹം ചൂഷണം ചെയ്തു. ഉദരപൂരണം നടത്തുന്ന ഒരു കൊടും വഞ്ചകനെ ഇദ്ദേഹത്തില്‍ സല്‍മാന്‍ കണ്ടു. തന്‍റെ സ്വകാര്യ അറയില്‍ രത്നങ്ങളും നാണയങ്ങളും കുന്നുകൂടി. അവശ പ്രേമം, കാലങ്ങള്‍ മാറിയിരിക്കുന്നു. പിശാചിന്‍റെ വികൃതരൂപമണിഞ്ഞിരിക്കുന്നു. ശാമില്‍ ആകെ കാറ്റ് മാറി വീശിയിരിക്കുന്നു. 

ഏക ഇലാഹിനു പകരം പ്രവാചകനായ ഈസാനബി(അ)നെ അവര്‍ ദൈവമാക്കുന്നു. ത്രികേയത്വ സങ്കല്‍പ്പം ഉടലെടുത്തിരിക്കുന്നു. വേദം മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി പുരോഹിതന്മാര്‍ വിധികള്‍ മാറ്റി എഴുതിയിരിക്കുന്നു. അവര്‍ പ്രഭുക്കന്മാര്‍ക്കൊപ്പിച്ചാടി. ജനങ്ങളെ കൊണ്ട് വിശ്വസിപ്പിക്കാന്‍ പരക്കം പാഞ്ഞു. ക്രൈസ്തവ പൗരോഹിത്യത്തിന്‍റെ മുഖം മൂടിയണിഞ്ഞ പുരോഹിതനാണ് ഇദ്ദേഹമെന്ന് സല്‍മാന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല.

സല്‍മാന്‍റെ ദാഹം ഇരട്ടിച്ചു. എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടണം. ഇങ്ങനെയുള്ള ഒരാളെയായിരുന്നില്ല താനന്വേഷിച്ചിരുന്നത്. കാപട്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ ഈ പുരോഹിതന്‍റെ കരവലയത്തില്‍ നിന്ന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണം...



അങ്ങനെയിരിക്കെ പുരോഹിതന്‍ രോഗിയായി. രോഗം മൂര്‍ഛിച്ചു. പള്ളിപരിപാലനം തന്‍റെ ചുമലിലായി. ഒരു ദിവസം പുരോഹിതന്‍ ചക്രശ്വാസം വലിക്കുന്നു. കണ്ണീര്‍ മുഖത്ത് ചാലിട്ടു. തലയണയും പിരടിയും നനഞ്ഞു, അല്‍പനിമിഷത്തിനകം അദ്ദേഹത്തിന്‍റെ കണ്ണുകള്‍ മേല്‍പോട്ട് മറിഞ്ഞു. അല്ലാഹു ﷻ വിന്‍റെ അലംഘനീയമായ വിധി മരണം. അത് സംഭവിച്ചിരിക്കുന്നു. സല്‍മാന്‍ പതറിയില്ല. കാപട്യത്തിന്‍റെ ദുരനുഭവം മരണവേളയിലെ അനുഭവങ്ങളിലൂടെ സല്‍മാന്‍ ദര്‍ശിച്ചു.

കാട്ടുതീപോലെ വാര്‍ത്തപരന്നു. ശാമിലെ മുഖ്യ പുരോഹിതന്‍ കാലം ചെയ്തിരിക്കുന്നു. ചെറിയവരും വലിയവരും വിലപിച്ചു. സ്ത്രീകള്‍ മാറത്തടിച്ചു കരഞ്ഞു. മൂകമായ അന്തരീക്ഷം. എങ്ങും വിലാപ ഗാനങ്ങളും ക്രിസ്തു കീര്‍ത്തനങ്ങളും അലയടിച്ചു. സര്‍വ്വപാപങ്ങളും പൊറുത്തു തരാന്‍, കുര്‍ബാന നടത്താന്‍, ഇനി ആരാണുള്ളത്. അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനം തിങ്ങിക്കൂടി. ഒരുനോക്ക് കാണാന്‍ തിക്കും തിരക്കും.

ഇതു തന്നെ പറ്റിയ സമയം. വിശുദ്ധഗ്രന്ഥം വികലമാക്കിയ ഈ കപടന്‍റെ കറുത്ത മുഖം മൂടി വലിച്ചു ചീന്താന്‍ സല്‍മാന്‍ ഉറച്ചു. ഒരു വേള ജനങ്ങള്‍ സത്യം മനസ്സിലാക്കട്ടെ. സമയം നഷ്ടപ്പെടുത്തരുത്. ഹേ, ജനങ്ങളെ നിങ്ങളെന്തിനാണ് തിക്കും തിരക്കുമുണ്ടാക്കുന്നത്? സല്‍മാന്‍ അട്ടഹസിച്ചു. പാവം ജനതയെ ക്രിസ്തുവിന്‍റെ നാമത്തില്‍ ഈ മനുഷ്യന്‍ വഞ്ചിക്കുകയായിരുന്നു. യഥാര്‍ത്ഥ വഴിയില്‍ നിന്നുമാറി മുള്ള് പാകിയ വഴിയിലൂടെയായിരുന്നു ഇദ്ദേഹം നിങ്ങളെ നയിച്ചത്. വിശുദ്ധഗ്രന്ഥം അദ്ദേഹം സ്വാര്‍ത്ഥ താല്‍പര്യത്തിനായി വികലമാക്കി ചിത്രീകരിച്ചു. വിധിവിലക്കുകള്‍ മാറ്റിമറിച്ചു. വ്യഭിചരിക്കരുത്, അവശരേയും അനാഥരേയും സംരക്ഷിക്കാന്‍ കൂട്ടത്തില്‍ ഇദ്ദേഹം ഉപദേശിച്ചിരുന്നു. പക്ഷേ, വിപരീതമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ദാനധര്‍മ്മങ്ങള്‍ നേരാം വിധം അദ്ദേഹം ചിലവഴിച്ചില്ല. എല്ലാം സ്വകാര്യ സ്വത്താക്കി വെച്ചു.

എന്ത്? 

ശമിലെ മുഖ്യപുരോഹിതനെ സംബന്ധിച്ചാണോ ഈ പറയുന്നത്? ഇയാള്‍ക്ക് ഭ്രാന്താണ്. ഇയാളെ വെറുതെ വിട്ടുകൂടാ. ജനം സ്തബ്ധരായി. പിന്നെ ആക്രോശിച്ചു. എങ്കില്‍ ഞങ്ങള്‍ക്ക് തെളിവ് തരൂ.

സല്‍മാന്‍ ശാന്തനായി അവരെ ക്ഷണിച്ചു. പുരോഹിതന്‍റെ സ്വകാര്യ റൂമിലേക്ക്, അത്ഭുതം! ഏഴ് ഭാണ്ഡങ്ങളിലായി നാണയങ്ങളും സ്വര്‍ണ്ണവും കെട്ടി വെച്ചിരിക്കുന്നു. അവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. ഈ മനുഷ്യന്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നോ. ഈ കൊടും പാതകിയെ മറമാടരുത്. അവര്‍ ഉറഞ്ഞുതുള്ളി. നിശ്ചലനായ ആ ശരീരത്തെ ക്രൂശിലേറ്റി കൂകിവിളിച്ചു. പൊതുകവലയില്‍ വെച്ചവര്‍ അതിനെ കല്ലെറിഞ്ഞു വികലമാക്കി. ജനം സന്തോഷിച്ചു. ഇതേവരെ വഞ്ചനയുടെ ചങ്ങലയിലകപ്പെട്ടവര്‍ മോചനത്തില്‍ ആനന്ദനൃത്തമാടി. സല്‍മാന്‍ സന്തോഷിച്ചു. ഒരിക്കലെങ്കിലും ജനങ്ങള്‍ക്ക് സത്യം മനസ്സിലാക്കാന്‍ സാധിച്ചല്ലോ. അദ്ദേഹം റബ്ബിനു നന്ദി പ്രകടിപ്പിച്ചു...

ജനം രോഷാകുലരാണ്. ഇക്കാലമത്രയും കബളിക്കപ്പെട്ടത്തില്‍ അവര്‍ ലജ്ജിച്ചു. ജീവിതത്തില്‍ ഇനിയൊരിക്കലും ഇങ്ങനെയൊന്ന് പറ്റിക്കൂടാ. നേരിന്‍റെ കവാടം കൊട്ടിയടക്കാന്‍ അനുവദിക്കരുത്. അവര്‍ അതിന്നായി ശ്രമിച്ചു. നാനാഭാഗത്തും അന്വേഷിച്ചു. പുതിയ പുരോഹിതനെ തേടി. ആത്മീയതയുടെ നിറകുടമായിരിക്കണമദ്ദേഹം. വാക്കും പ്രവര്‍ത്തിയും യോജിക്കണം. വൈരുദ്ധ്യം ഉണ്ടായിക്കൂടാ. അവസാനം അവര്‍ കണ്ടെത്തി. പുതിയ പുരോഹിതന്‍റെ സ്ഥാനാരോഹണം ആര്‍ഭാടപൂര്‍വ്വം നടന്നു.

സല്‍മാന്‍ ശ്രദ്ധിച്ചു. ഇനിയും ചതിവ് പറ്റിക്കൂടാ. സത്യത്തിന്‍റെ കണ്ഠത്തില്‍ കത്തിവെക്കുന്ന ഏത് കരാളഹസ്തത്തേയും തടയണം. ജനങ്ങളെ നന്നാക്കണം. പുരോഹിതനുമായി പരിചയപ്പെട്ടു. സല്‍മാന്‍ തന്‍റെ ജീവിതരീതി ഇതുവരെയുള്ളത് പുരോഹിതനോട് വിവരിച്ചു. അദ്ദേഹം പുഞ്ചിരിച്ചു, ദിവസങ്ങള്‍ നീങ്ങി. സല്‍മാന് വികലതയുടെ മറ അദ്ദേഹത്തില്‍ ദര്‍ശിക്കാന്‍ സാധിച്ചില്ല.

ഏക ഇലാഹിലും, പ്രവാചകന്മാരിലും അചഞ്ചലമായ വിശ്വാസമുള്ള ആ വയോവൃദ്ധന്‍ ജനങ്ങളെ ഉപദേശിച്ചു. വികലമായ വിശ്വാസം ജനഹൃദയങ്ങളില്‍ നിന്നൂരിയെടുക്കാന്‍ വളരെയധികം പാടുപെട്ടു. വശ്യമായ പുഞ്ചിരി, ആകര്‍ഷണീയമായ സംസാരം, അതിലുപരി കറപുരളാത്ത മഹത്തായ സ്വഭാവത്തിന്‍റെ ഉടമ. തനതായ വിശ്വാസി. സല്‍മാന്‍ ആഹ്ലാദിച്ചു. കാലങ്ങള്‍ക്ക് ശേഷം പറ്റിയ ഒരു കൂട്ട് കിട്ടിയിരിക്കുന്നു. അവര്‍ ഒരുമിച്ചു ഇബാദത്തുകളില്‍ പങ്കെടുത്തു. ഒന്നിച്ചു ഭക്ഷണം കഴിച്ചു. ഒന്നിച്ചുറങ്ങി. വേദപാരായണം നടത്തി, ആശയങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്തു. അറിവിന്‍റെ ധാരാളം മുത്തുകള്‍ സല്‍മാന്‍ വാരി. 

അവസാനിക്കാത്ത അന്വേഷണതൃഷ്ണക്ക് അല്‍പമൊരു ശാന്തി, അങ്ങനെ മതത്തിന്‍റെ അടിസ്ഥാനതത്വങ്ങളും പൂര്‍വ്വകാലപുണ്യാത്മാക്കളുടെ ചരിത്രങ്ങളും മനസ്സിലാക്കി. ആ നല്ല മനുഷ്യനോടുള്ള ബന്ധം മഹാഭാഗ്യമായി സല്‍മാന്‍ കരുതി.

അങ്ങനെയിരിക്കെ ഗുരുവന്ദ്യന്‍ രോഗബാധിതനായി. ആവുന്നതിലധികം സല്‍മാന്‍ അദ്ദേഹത്തെ പരിചരിച്ചു. ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിപോലെ അദ്ദേഹം ഞെട്ടി. ഗുരുവിന്‍റെ രോഗം ദുഃഖക്കയത്തിലെക്ക് തള്ളി മനോവേദന സല്‍മാനെയും ഒരു രോഗിയാക്കുമോ, വെള്ളിരേഖ നിറഞ്ഞ ഗുരുവിന്‍റെ താടിയിലൂടെ വിരലുകളോടിച്ചു. കണ്ണുകള്‍ ജലാര്‍ദ്രമായി, നാളുകള്‍ക്ക് ശേഷം കൈവന്ന സൗഭാഗ്യം തന്നെ വിട്ടൊഴിയുകയാണോ? മനം നൊന്തു പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ.. ഇങ്ങനെ പരീക്ഷിക്കരുതേ, ഇത്ര പെട്ടെന്നത് സംഭവിക്കരുതേ.. പക്ഷേ..,


വിധിയുടെ കരങ്ങള്‍ തടയുവാന്‍ ആര്‍ക്കാണ് സാധിക്കുക. സമയം അടുത്താല്‍ ആരായാലും എവിടെനിന്നും അതിന്നടിമപ്പെടണം. ഇവിടെയും അതു സംഭവിച്ചു. സല്‍മാന്‍ കണക്കറ്റ് ദുഃഖിച്ചു. മിഴിനീര്‍ ശരീരം നനച്ചു. ഇനി എവിടെ ഒരു താങ്ങ്, വീണ്ടും വീണ്ടും ആ മുഖത്തേക്ക് നോക്കി. എന്തൊരു ചൈതന്യം. പ്രാകാശനമായി പുഞ്ചിരിച്ചു കിടക്കുകയാണെന്ന് തോന്നും. പ്രശോഭിതമായ ആ മുഖത്ത് ഈമാനിന്‍റെ വെളിച്ചം. സല്‍മാന്‍റെ ചിന്ത പിന്നോട്ടു പാഞ്ഞു. 

സ്മൃതിപഥത്തില്‍ മുമ്പത്തെ പുരോഹിതന്‍റെ മരണവെപ്രാളമായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള അന്തരം - ഈമാനും, കുഫ്റും തമ്മിലുള്ള വ്യത്യാസം. ആ നല്ല മനുഷ്യന്‍റെ മൃതദേഹം വമ്പിച്ച ജനാവലിയോടെ ദുഃഖം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഖബറിലേക്ക് താഴ്ത്തി. പൊട്ടിക്കരഞ്ഞ ജനം അദ്ദേഹത്തിന്‍റെ പരലോകമോക്ഷത്തിനായി പ്രാര്‍ത്ഥിച്ചു.

ഗുരുവന്ദ്യര്‍ മരിക്കുന്നതിന് മുമ്പ് തന്നെ സല്‍മാന്‍ തന്‍റെ അവസ്ഥയെക്കുറിച്ച് ആരാഞ്ഞിരുന്നു. അദ്ദേഹം ചോദിച്ചു: ഗുരോ, എന്നെ അങ്ങേക്കറിയില്ലെ. ഞാനിന്ന്‍ തീര്‍ത്തും ദുഃഖിതനാണ്. എനിക്കൊരു വഴികാട്ടി എവിടെയാണ്, സ്വൈര്യമായിരുന്ന്‍ ആരാധനയിലേര്‍പ്പെടാന്‍, സത്യമതം ഗ്രഹിക്കാന്‍ ഇനി എവിടെയാണൊരു രക്ഷാഗേഹം.

അദ്ദേഹം പറഞ്ഞു; സല്‍മാന്‍, കാലം മാറിയിരിക്കുന്നു. മതം പൊയ്മുഖമണിഞ്ഞിരിക്കുന്നു. എങ്ങും സ്വാര്‍ത്ഥത തളം കെട്ടി നില്‍ക്കുന്നു, ഗ്രന്ഥം മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. വേദനിയമങ്ങളും പുരോഹിതന്മാരും ഭരണാധികാരികള്‍ക്കും പ്രഭുക്കള്‍ക്കുമനുസരിച്ച് തുള്ളുന്നു, പൊതുജനം സത്യം മനസ്സിലാക്കാതെ അന്തം വിട്ടുനില്‍ക്കുന്നു. സത്യമതത്തിന്‍റെ വാക്താക്കള്‍ പ്രപഞ്ചത്തില്‍ വളരെ വിരളമാണ്, അകലെ ‘മൗസില്‍’ എന്ന സ്ഥലത്ത് ഒരു നല്ല മനുഷ്യന്‍ ജീവിക്കുന്നതായി എനിക്കറിയാം. നിനക്ക് അവിടെ പോയാല്‍ നിന്‍റെ ലക്ഷ്യം സഫലീകൃതമായേക്കും.

മൗസിലിലെ ഏക നക്ഷത്രം. 

അറിഞ്ഞിടത്തോളം അവിടെ മാത്രം ആ നല്ല നക്ഷത്രം ജ്വലിച്ചുനില്‍ക്കുന്നു ഇരുട്ടില്‍ തപ്പുന്ന ജനതക്ക് വഴികാണിക്കാന്‍. അതുകൂടി പൊലിഞ്ഞുപോയാല്‍ ലോകം തമസിലകപ്പെടും. അതോടുകൂടി ദൃഷ്ടാന്തങ്ങള്‍ നീട്ടുന്ന ഇരുളിന്‍റെ സത്വം ലോകം വായ്ക്കകത്താക്കും. മനുഷ്യന്‍ അതിന്‍റെ കോമ്പല്ലില്‍ കിടന്നുപിടിക്കും. മൗസിലില്‍ മാത്രം ആ നല്ല മനുഷ്യനുള്ളേടത്തോളം അത് സാധ്യമല്ല.

പ്രിയ ഗുരുവിന്‍റെ ഉപദേശപ്രകാരം സല്‍മാന്‍ സ്നേഹിതന്മാരോട് യാത്ര പറയുകയാണ്‌. ഉണ്ടായിരുന്ന ഏക അത്താണിയും നഷ്ടപ്പെട്ടു. ഇനി ഇവിടെ തങ്ങിക്കൂടാ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ കാല്‍വഴുതും. ആത്മാവ് നശിക്കും. നിങ്ങള്‍ക്ക് നന്മവരട്ടെ, സല്‍മാന്‍ നടന്നു. തീവ്രമായ അന്വേഷണതൃഷ്ണയുമായി, അപരിചിതമായ വഴിയിലൂടെ അപരിചിത നാട്ടിലേക്ക് – സത്യം തേടി.  ജനം നിറകണ്ണുകളോടെ യാത്രയാക്കി...

സസാനിയന്‍ സാമ്രാജ്യത്തിലെ പട്ടണമായ മൗസിലിലേക്ക് ലക്ഷ്യം വെച്ചു. അടങ്ങാത്ത ആഗ്രഹവുമായുള്ള യാത്രക്ക് കരുണാമയന്‍ തുണയേകിയിട്ടുണ്ട്. എന്തെന്ത്‌ പരീക്ഷണങ്ങളാണ് തരണം ചെയ്തിട്ടുള്ളത്. എങ്കിലും വേരുറച്ച വിശ്വാസവും, തളരാത്ത പാദവും, ഏതു വെല്ലുവിളികളും തരണം ചെയ്യാനുള്ള മനക്കരുത്തുമായി സല്‍മാന്‍ നടന്നു. വിശാലമായി പരന്നു കിടക്കുന്ന മണല്‍പ്പരപ്പിലൂടെ, ഘോരവനങ്ങളിലൂടെ, കുന്നുകളും മലകളും കടന്ന്‍ അവസാനിക്കാത്ത ആഗ്രഹവുമായി ആ ഏകാന്തപഥികന്‍ മന്ത്രോച്ചാരണവുമായി അക്ഷീണം പ്രയാണം തുടര്‍ന്നു. 

കാട്ടാറിലെ വെള്ളവും കാട്ടുപഴങ്ങളും കഴിച്ചു വിശപ്പടക്കി. പകലോന്‍ മറഞ്ഞു തമസ്സിന്‍റെ പരുപരുത്ത പുതപ്പ് ഭൂമി അണിയുമ്പോള്‍ സല്‍മാന്‍ വിശ്രമിച്ചു. ആ രംഗം കാണാനെന്നവണ്ണം ചന്ദ്രന്‍ നീലാകാശത്ത് എത്തിനോക്കുമ്പോഴും അദ്ദേഹം ധ്യാനത്തിലായിരിക്കും. പേടിപ്പെടുത്തുന്ന വനങ്ങളിലും, വിജനപ്രദേശങ്ങളിലും അദ്ദേഹം ശരീരവും, ജീവനും ഏക ഇലാഹില്‍ ഭരമേല്‍പ്പിച്ചു. 

ഭയം എന്തെന്നറിഞ്ഞില്ല. എപ്പോഴും ഏക ഇലാഹ് മാത്രം മനസ്സ് നിറയെ. രാത്രിയെ വസ്ത്രാക്ഷേപം നടത്തി കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യകിരണങ്ങള്‍ പ്രകാശം പരത്തുമ്പോള്‍, ഭൂമി അതിന്‍റെ മാദകസൗന്ദര്യം പ്രകടിപ്പിക്കാനൊരുങ്ങുമ്പോള്‍ സല്‍മാന്‍ യാത്ര തുടരും.

തണലില്ലാത്ത വിശാലമായ മരുഭൂമി ഉച്ചസൂര്യന്‍റെ കിരണങ്ങളേറ്റ് ചുട്ടുപഴുക്കുമ്പോഴും ഹൃദയത്തിലുള്ള തൗഹീദിന്‍റെ കുളിര്‍മ്മ ശാന്തിനല്‍കി. ദിവസങ്ങളുടെ ശ്രമഫലമായി അവസാനം മൗസിലിലെത്തി. തന്‍റെ ലക്ഷ്യസ്ഥാനം മനസ്സില്‍ കുളിര്‍തെന്നല്‍ തഴുകിയൊഴുകി. സല്‍മാന്‍ ചുറ്റും നോക്കി. ധാരാളം പള്ളികള്‍. മഠങ്ങള്‍ മനസ്സ് നിറയെ ആനന്ദം. തന്‍റെ ലക്ഷ്യം നേടാന്‍ അവിടെയെല്ലാം മുട്ടി. പക്ഷേ, നിരാശയായിരുന്നു ഫലം. 

എവിടെയും പൊയ്മുഖങ്ങളായിരുന്നു. എങ്കിലും തന്‍റെ ഉദ്യമം വിജയിക്കാതിരിക്കില്ല. ആ ഗുരുവന്ദ്യര്‍ എവിടെയാണ്..? ഭൗതിക കോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞുമാറി ഒറ്റക്ക് കഴിയുകയാവാം വീണ്ടും ശ്രമം തുടര്‍ന്നു. പ്രാന്തപ്രദേശങ്ങളില്‍ സല്‍മാന്‍ പരതി...



അതാ കുറച്ചകലെ ഒരു കുടില്‍. അതൊന്നു പരിശോധിക്കാം സല്‍മാനുറച്ചു. അങ്ങോട്ട്‌ നീങ്ങി. ജനവാസമില്ലാത്തപോലെ. ആരെയും കാണുന്നില്ല. ഒരു മനുഷ്യന്‍ മാത്രം എന്തോ പാരായണം ചെയ്യുന്നതായും, തേങ്ങുന്നതായും അല്‍പം തുറന്ന വാതില്‍പൊളികള്‍ക്കിടയിലൂടെ അദ്ദേഹം കണ്ടു. പിന്നെ സംശയിച്ചില്ല. വാതില്‍ തുറന്ന്‍ അകത്ത് കടന്നു. അദ്ദേഹത്തിന്‍റെ കരം പിടിച്ചുമൊത്തി. തേടിയവള്ളി കാലില്‍ തടഞ്ഞ സന്തോഷം. മനസ്സില്‍ കുളിര്‍മ്മയുടെ നീര്‍ച്ചാല്‍.

മെലിഞ്ഞു ശോഷിച്ച ആ മനുഷ്യന്‍ ഞെട്ടി. നരവീണ മൃദുലമായ താടിരോമങ്ങള്‍, പ്രശോഭിച്ചുനില്‍ക്കുന്ന നിസ്കാര തഴമ്പ്, ശാരീരിക ക്ഷീണമുണ്ടെങ്കിലും മുഖത്ത് ചൈതന്യത്തിന്‍റെ തെളിച്ചം, ഭൗതിക കോലാഹലങ്ങളില്‍ നിന്നും ഒഴിഞ്ഞ് നിന്ന്‍ ഏകനായ അല്ലാഹു ﷻ വിനെ സ്മരിക്കുകയായിരുന്നു അദ്ദേഹം. ദുര്‍ഘടങ്ങളില്‍ നിന്നും രക്ഷിച്ചു സാമീപ്യം നല്‍കാന്‍ കേഴുകയായിരുന്നു അദ്ദേഹം.

സല്‍മാന്‍ താഴ്മയോടെ തന്‍റെ ജീവചരിത്രം വിവരിച്ചു. ഇസ്ഫഹാന്‍ മുതല്‍ മൗസില്‍ വരെ, എല്ലാമെല്ലാമായിരുന്ന തന്‍റെ ഗുരു മരണസമയത്ത് നല്‍കിയ വിവരങ്ങളുമായാണ് താനിവിടെ എത്തിയത്. വികലമാക്കപ്പെട്ട ജീവിതപദ്ധതികളില്‍ നിന്ന്‍ രക്ഷ നേടാന്‍ സത്യത്തിന്‍റെ വെള്ളപതാകയേന്താന്‍, ആത്മീയ സംസ്കരണത്തിന്, ഗുരോ എന്നെ ഒഴിവാക്കരുത്. സത്യത്തിന്‍റെ വെള്ളിവെളിച്ചം തേടി ഇറങ്ങിയ തന്നെ ദുര്‍മാര്‍ഗ്ഗത്തിന്‍റെ തമസിലേക്ക് തള്ളിവിടരുത്. എങ്ങും ഇരുട്ടാണ്‌. ജനം ഭൗതിക നേട്ടങ്ങളില്‍ ആകൃഷ്ടരാണ്. എങ്ങും അനീതി, അന്ധവിശ്വാസം, അനാചാരം മതം കൊണ്ടവര്‍ പന്താടുന്നു. സൃഷ്ടാവ് വിസ്മരിക്കപ്പെടുന്നു.

അദ്ദേഹം സല്‍മാനെ സൂക്ഷിച്ചു നോക്കി, ചോരത്തിളപ്പുള്ള ചെറുപ്പക്കാരന്‍. എല്ലാവരും തോന്നിയ പോലെ നടക്കുമ്പോള്‍ സൃഷ്ടാവിനെ സ്മരിച്ചു, അന്തതയുടെ ക്രൂരഹസ്തങ്ങളില്‍ ഒളിച്ചോടിയവന്‍, ദീര്‍ഘമായ യാത്രയുടെ ക്ഷീണം മുഖത്ത് കാണുന്നു. എങ്കിലും സത്യത്തെ പുണരാനുള്ള വ്യഗ്രത! പാണ്ഡിത്യവും, ത്യാഗമനസ്ഥിതിയും ഒത്തിണങ്ങിയ ചെറുപ്പക്കാരന്‍. അദ്ദേഹം സന്തോഷിച്ചു. ഇക്കാലത്ത് ഇങ്ങനെയും ഒരാളുണ്ടായല്ലോ. അദ്ദേഹം അല്ലാഹുﷻവിനെ സ്തുതിച്ചു.

ആത്മീയതയുടെ ഉത്തുംഗയിലേക്കുയര്‍ന്നു കൊണ്ട് കറപുരളാത്ത സത്യങ്ങള്‍ സല്‍മാനെ അദ്ദേഹം പഠിപ്പിച്ചു. തെല്ലോരാര്‍ത്തിയോടെ സല്‍മാന്‍ കിട്ടാവുന്നേടത്തോളം മോന്തി. യഥാര്‍ത്ഥ ഇഞ്ചീല്‍ പാരായണം ചെയ്തു. അറിവ് നേടിയും, ആരാധനയില്‍ മുഴുകിയും ജീവിതം ആത്മീയ ചൈതന്യത്തിലേക്കുയര്‍ന്നു. 


കാലചക്രം കറങ്ങി. ഓരോ ദിവസവും ഗുരുവില്‍ വരുന്ന മാറ്റങ്ങള്‍ സല്‍മാന്‍ ശ്രദ്ധിച്ചു. ദിവസങ്ങള്‍ മാറുന്തോറും ആ വൃദ്ധനില്‍ ക്ഷീണം വര്‍ദ്ധിച്ചു. രോഗിയായി മാറാന്‍ താമസം വന്നില്ല. സല്‍മാന്‍റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. അദ്ദേഹം പറഞ്ഞു; പ്രഭോ, അങ്ങയുടെ നാളുകള്‍ കഴിഞ്ഞാല്‍ ഈ വിദ്യാദാഹിക്ക് ആരാണ് തുണ..? എവിടെയാണ് വാതില്‍ തുറക്കപ്പെടുക..? ഇല്ലെങ്കില്‍ എന്‍റെ ജീവിതം നശിച്ചേക്കാം..!!

അല്‍പനിമിഷനേരം ആലോചനയില്‍ മുഴുകിയ ശേഷം ഗുരു പറഞ്ഞു: മകനെ, ലോകം ഇരുളടഞ്ഞതാണ്, സത്യത്തിന്‍റെ പ്രഭ എങ്ങും മങ്ങുകയാണ്, എന്‍റെ അറിവില്‍ പെട്ടിടത്തോളം ‘നസീബൈല്‍’ എന്ന സ്ഥലത്ത് ഒരാള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്‍റെ സാമീപ്യം നേടിയാല്‍ നിന്‍റെ ദാഹം തീര്‍ക്കാം. അയാള്‍ സത്യവാഹകനാണ് നീ അങ്ങോട്ട്‌ തിരിയുക.

അധികം താമസിയാതെ അദ്ദേഹവും കാലയവനികക്കുള്ളില്‍ മറഞ്ഞു. സത്യത്തിന്‍റെ കണ്ണികള്‍ ഓരോന്നായി അറ്റ് വീഴുകയാണ്. സത്യാന്വേഷി അവിശ്രമം പ്രയാണം തുടര്‍ന്നു. സത്യപ്രകാശത്തിലേക്ക് സിറിയയുടെയും ഇറാഖിന്‍റെയും അതിര്‍ത്തിയായ ‘സന്‍ഗാര്‍’ പര്‍വ്വത നിരകള്‍ മുറിച്ചു കടന്നു. തുര്‍ക്കിയിലെ സന്‍ഗാനിലേക്ക്... 

മദ്ധ്യാഹന സൂര്യന്‍റെ കിരണങ്ങളേറ്റ് അവിടത്തെ പാറക്കല്ലുകള്‍ കത്തിയെരിയുമ്പോഴും ലക്ഷ്യത്തിലേക്കുള്ള പ്രയാണവുമായി ആ നഗ്നപാദന്‍ മുന്നോട്ട് ചലിച്ചു. പ്രതിബന്ധങ്ങള്‍ അദ്ദേഹത്തെ തടഞ്ഞില്ല. ഭൗതികാനന്ദം മിഥ്യയാണെന്ന് അദ്ദേഹം മനസ്സിലാക്കി. തൗഹീദ് മാത്രമാണ് അദ്ദേഹത്തില്‍ നിറഞ്ഞുനിന്നത്. പ്രയാണ പാതയിലെ ചളിക്കുണ്ടും, മുള്‍വേലികളും അദ്ദേഹം നിഷ്പ്രയാസം എടുത്തുചാടി. ആ സാഹസികന്‍റെ മനഃശക്തി കണ്ട് ഭൂമി പോലും അമ്പരന്നു...

ദിവസങ്ങളുടെ പ്രയത്നത്തിനുശേഷം നസീബൈനില്‍ തിളങ്ങുന്ന നക്ഷത്രം സല്‍മാന്‍ കണ്ടെത്തി. സലാം പറഞ്ഞു, തന്‍റെ കഥകളുടെ ചുരുളുകള്‍ ഓരോന്നായി നിവര്‍ത്തി. അവസാനം താഴ്മയോടെ പണ്ഡിത ശ്രേഷ്ഠരോട് പറഞ്ഞു; എന്‍റെ ലക്ഷ്യപ്രാപ്തിക്കായി എന്നെ സഹായിക്കണം. അങ്ങയെ പരിചരിച്ച് ഇവിടെ തങ്ങാന്‍ അനുവദിക്കണം.

അതിസാഹസികമായ യാഥാര്‍ത്ഥ്യം തേടിയുള്ള ഒരു യുവാവിന്‍റെ ഇറങ്ങിപ്പുറപ്പാടില്‍ അദ്ദേഹം അത്ഭുതപ്പെട്ടു. കണ്ണുകള്‍ വിശാലമായി, കാതുകള്‍ വട്ടം വെച്ചു.

ഒരു നൂറ്റാണ്ടായി ചക്രവാളസീമകള്‍ അതിര്‍ലംഘിച്ച് പുറപ്പെട്ട സാഹസികന്‍. ഇന്നത്തെ ചുറ്റുപാടില്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. ഇന്നത്തെ ക്രിസ്തു സങ്കല്‍പങ്ങളല്ല അദ്ദേഹത്തിനറിയേണ്ടത്, ഒരു നൂറ്റാണ്ടു മുമ്പത്തെ സത്യമതത്തെക്കുറിച്ചാണ്.

ലോകത്ത് അപൂര്‍വ്വമായി നിലനിൽക്കുന്ന മാണിക്യവുമായി ബന്ധപ്പെടാന്‍ പറ്റിയല്ലോ. ഋതുക്കള്‍ മാറി വര്‍ഷങ്ങള്‍ പിന്നിട്ടു. ലോകത്ത് എവിടെയും ശാന്തിയില്ല, സമാധാനമില്ല, പരസ്പരം കടിച്ചു ചീന്തുന്ന സമൂഹം അവര്‍ക്കിടയില്‍ സത്യത്തിന്‍റെ വഴികള്‍ കൊട്ടിയടക്കപ്പെട്ടിരിക്കയാണ്. പുതിയ സൗഹൃദ്യം സല്‍മാന് വീണ്ടും അറിവുകള്‍ പ്രധാനം ചെയ്തു.

ആ സന്തോഷവും അധികനാള്‍ നീണ്ടുനിന്നില്ല. പരീക്ഷണത്തിനായി വിധിക്കപ്പെട്ട സല്‍മാനെ ഒറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെയും റബ്ബ് മടക്കി വിളിച്ചു, മരണം ആസന്നമായപ്പോള്‍ സല്‍മാന്‍ അടുത്ത സത്രം മനസ്സിലാക്കിയിരുന്നു. ഇനിയും യാത്ര തന്നെ. പക്ഷേ, സാരമില്ല. പ്രകാശകിരണങ്ങള്‍ ഒളിമിന്നുന്നുണ്ടല്ലോ. അതുമില്ലായിരുന്നെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നു. വഴിപിഴച്ച ജനതയെ തെരുവു തെണ്ടിയായി കഴിയേണ്ടിയിരുന്നു. കാടത്തം തന്നെയും പിടികൂടുമായിരുന്നു. അന്ന്‍ വയലോരത്ത് കണ്ടുമുട്ടിയ മഠവും, പുരോഹിതനും, അവരെ പരിചയപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ സത്യത്തിന്‍റെ വഴിത്താര എന്നും അജ്ഞാതമായിരുന്നില്ലേ..?


താന്‍ കയറിപ്പറ്റിയ പിടിവള്ളികള്‍ ഒന്നൊന്നായി അറ്റുവീഴുകയാണ്. ഒരാശ്വാസം ഓരോന്നും കൈയൊഴിയുമ്പോള്‍ മറ്റുള്ള ഒന്നിലേക്ക് സൂചന ലഭിക്കുന്നതു തന്നെ ആശ്വാസം. അങ്ങനെയാണ് ഗുരുവിന്‍റെ ആജ്ഞ അനുസരിച്ച് റോമാസാമ്രാജ്യത്തിന്‍റെ ഹൃദയമായ അമൂരിയ്യയിലേക്ക് പ്രയാണമാരംഭിച്ചത്.

ഇത് പിന്നീട് മുസ്ലിംകള്‍ക്ക് അധീനമായി. സത്യമതത്തിന്‍റെ വടവൃക്ഷം ഇലകള്‍ കൊഴിഞ്ഞു ചില്ലകള്‍ ഉണങ്ങി. അമൂരില്‍ മാത്രം അതിന്‍റെ അടിവേര് പച്ചയായി നില്‍ക്കുന്നു. അതു കൂടി ഉണങ്ങിയാല്‍ ഭൂമുഖത്തു നിന്ന്‍ ഇസ്‌ലാം നിഷ്ക്കാസനം ചെയ്യപ്പെടും. നീ അത് തേടിപ്പോകണം. ആ മനുഷ്യര്‍ മാത്രം സത്യമതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നു. അവിടെ എത്തിപ്പെട്ടാല്‍ തണല്‍ ലഭിക്കും. അദ്ദേഹത്തിന്‍റെ അവസാനത്തോടെ ഇസ്ലാമിന്‍റെ പതാക നിശ്ചലമാകും.

തളരാത്ത ചിത്തവും പതറാത്ത പാദങ്ങളുമായി സല്‍മാന്‍ നടന്നു. ഇത്രയും സാഹസികമായ ഒരു ഏകാന്തപഥികന്‍ മാത്രം. റോമിന്‍റെ അതിര്‍ത്തി കടന്നു അമൂരിയ്യയിലെത്തി. ലക്ഷ്യസ്ഥാനം പരതി. റോമിലാകെ ക്രിസ്തു മതം പ്രചരിച്ചിരിക്കുന്നു. അവിടെയാണല്ലോ പുരോഹിതന്മാരുടെ മക്ക. ത്രികേയത്വത്തിന്‍റെ ഉറവിടം. 

ക്രിസ്തു സങ്കല്‍പ്പങ്ങള്‍ ലോകത്തിന് വിഭാവനം ചെയ്തത് റോമാണ്. അവിടെ ക്രിസ്തീയമതം പരന്നിരിക്കുകയാണ്. പക്ഷേ, യഥാര്‍ത്ഥ രൂപത്തിലല്ല. ആകെ വികലമാക്കപ്പെട്ടിരിക്കുന്നു. ഈസാ(അ)നെ സംബന്ധിച്ച് നിറം പകര്‍ന്ന പല കെട്ടുകഥകള്‍! കുരിശിന്‍റെ മഹത്വങ്ങള്‍! അങ്ങനെ പലതും.

അമൂരിയ്യയിലെ ജനം അധര്‍മ്മത്തിന്‍റെ ആഴിയില്‍ കൈകാലിട്ടടിക്കുന്നത് സല്‍മാന്‍ കണ്ടു, പ്രോജ്ജ്വലമായ വേഷവിധാനത്തിന്‍റെ മറവില്‍ അകം മാന്തുന്ന പുരോഹിതവൃദ്ധം. അവരുടെ താളത്തിനൊത്ത് തുള്ളുന്ന പാവം ജനത. മൗസിലും, നസീബെനിലും സല്‍മാന്‍ കണ്ടു മനസ്സിലാക്കിയ അതേ ആചാരം. അതേ വിശ്വാസം പക്ഷേ, സല്‍മാനിത് പകല്‍വെളിച്ചം പോലെ പരിചിതമാണ്. അതിലല്‍ഭുതമില്ല.

തന്‍റെ ലക്ഷ്യപ്രാപ്തിക്കായ് ചുറ്റും പരതി. ജീവിതാഡംബരങ്ങള്‍ അദ്ദേഹത്തിന് മാനസാന്തരമുണ്ടാക്കിയില്ല. ദീര്‍ഘകാലത്തെ അനുഭവത്തിലൂടെ അവയെല്ലാം പുല്‍ക്കൊടികളെപോല്‍ പിഴുതെറിയാന്‍ അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം നടന്നു. ഗുരു അവര്‍കള്‍ നല്‍കിയ സൂചന അനുസരിച്ച് ഇവിടെ മാത്രം അവശേഷിക്കുന്ന ആ ഏക മനുഷ്യനെ തേടി പലരോടും അന്വേഷിച്ചു. അവസാനം അങ്ങകലെ ഒരു താഴ് വരയില്‍ ഒരു പുരോഹിതന്‍ (റഹീബ്) ഉണ്ട് എന്ന്‍ അറിവ് കിട്ടി.

അതനുസരിച്ച് പ്രകൃതിരമണീയമായ പ്രതലത്തിലൂടെ സല്‍മാന്‍ നടന്നു. ദിവസങ്ങള്‍ നീങ്ങി. എങ്കിലും അശ്രാന്തപരിശ്രമത്തിലൂടെ സാഹസികതയുടെ പര്യായമായ ആ യുവാവ് ഒരു പള്ളിയുടെ അരികിലെത്തി. പള്ളിക്കു ചുറ്റും നയനാനന്ദകരമായ പൂവിടര്‍ന്നു നില്‍ക്കുന്ന പൂന്തോട്ടം. പുഷ്പങ്ങളില്‍ നിന്നും പൂമ്പാറ്റകള്‍ തേന്‍ നുകരുന്നു. ചുറ്റും നോക്കി. അത്ഭുതം! അവിടം പുല്ല് കളഞ്ഞ് നിലമാകെ ഉഴുതുമറിച്ചിരിക്കുന്നു. കായ്കനികളും ഫലവൃക്ഷങ്ങളും നിറഞ്ഞുനില്‍ക്കുന്നു. ഇതായിരിക്കുമോ തന്‍റെ ലക്ഷ്യസ്ഥാനം..? 

ആയിരിക്കില്ല സല്‍മാന്‍റെ സങ്കല്‍പം മറ്റൊന്നായിരുന്നു. എങ്കിലും ഒന്നു പരീക്ഷിക്കാം. ഇതെല്ലെങ്കില്‍ തനിക്കു പരിചിതമായ പ്രയാണം വീണ്ടും തുടരാം...

സല്‍മാന്‍ പള്ളിയില്‍ കയറി. പുരോഹിതന് സലാം പറഞ്ഞു, മുന്നില്‍ മറച്ചുവെച്ചിരിക്കുന്ന ഗ്രന്ഥത്തിലേക്ക് ദൃഷ്ടിപായിച്ചു. ഇഞ്ചീല്‍! താങ്കള്‍ എവിടെ നിന്നു വരുന്നു? ലക്ഷ്യം? നാട്? തുടങ്ങി പല ചോദ്യങ്ങളും ആ കാര്യദര്‍ശി സല്‍മാനോട് ചോദിച്ചു. ഉള്‍ക്കിടിലം ഉണ്ടാകുന്ന അതിസാഹസികമായ സംഭവങ്ങള്‍ ഒന്നൊന്നായ് കെട്ടഴിച്ചു. അതുകൊണ്ട് സത്യത്തിന്‍റെ നിലനില്‍ക്കുന്ന എകാവലംബത്തിലേക്കാണ് എന്‍റെ പ്രയാണം. എനിക്ക് ഇവിടെ തങ്ങാമല്ലോ... അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സല്‍മാന്‍ തുറന്നു കിടക്കുന്ന ഗ്രന്ഥത്തെപ്പറ്റി ചോദിച്ചു. അയാള്‍ വാചാലനായി. ഭൂമുഖത്ത് കുഴപ്പം പറ്റാത്ത നിലനില്‍ക്കുന്ന ഏക ഗ്രന്ഥം. കേട്ടു പരിചയിച്ച സൂക്തങ്ങള്‍ സല്‍മാന്‍റെ ഉള്ളം കുളിര്‍ത്തു. താന്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ഗുരുവന്ദ്യര്‍ പറഞ്ഞ ശ്രേഷ്ഠര്‍ ഇദ്ദേഹം തന്നെയാണ്. ഉപചാര പൂര്‍വ്വം ആതിഥേയന്‍ അതിഥിയെ സല്‍ക്കരിച്ചു.

നേരം പുലര്‍ന്നപ്പോള്‍ ശിഷ്യന്മാര്‍ എത്തി. അപ്പോഴാണ്‌ സല്‍മാന് അവിടുത്തെ ചുറ്റുപാടുകള്‍ മനസ്സിലായത്. ഗുരു ശിഷ്യന്മാര്‍ക്ക് ഇഞ്ചീല്‍ പഠിപ്പിച്ചു കൊടുത്തു. കൂട്ടത്തില്‍ സല്‍മാനും കൂടി. പഠനത്തിനു ശേഷം ആയുധങ്ങളെടുത്തവര്‍ കൃഷി ചെയ്യാനൊരുങ്ങി. സല്‍മാന് ഇതില്‍ വലിയ താല്‍പര്യമില്ലായിരുന്നു. മാറ്റത്തിരുത്തലുകള്‍ക്ക് വിധേയരായ കൃസ്ത്യാനികളെപ്പോലെ ഗുരുശിഷ്യന്മാര്‍ ഭൗതിക സുഖത്തില്‍ ആകൃഷ്ടരാവുകയോ! മനോമുകുരത്തില്‍ ചോദ്യങ്ങളുടെ തിരകള്‍ ഓളം വെട്ടി. ദൈവാരാധകനാവുക മാത്രമാണ് ധര്‍മ്മം എന്ന്‍ സല്‍മാന്‍ ധരിച്ചിരിക്കുന്നു.

സല്‍മാന്‍റെ വീക്ഷണകോണുകള്‍ ഗുരു മനസ്സിലാക്കിയിരുന്നു. ഒരു ദിവസം ആയുധമെടുത്ത് കയ്യില്‍ കൊടുത്തുകൊണ്ട് ഗുരു പറഞ്ഞു; വരൂ... സല്‍മാന്‍ ഇത് നിങ്ങള്‍ക്കുള്ള ഇടമാണ്. ഇവിടെ കൃഷി ചെയ്തു കൊള്ളുക. നിങ്ങളുടെ മനഃസ്ഥിതി ഞാന്‍ മനസ്സിലാക്കുന്നു. താങ്കളുടെ കഴിഞ്ഞ ഗുരുവര്യന്മാര്‍ ദുഷിച്ച ലോകത്തുനിന്ന് ഒഴിഞ്ഞുമാറി നില്‍ക്കാനായിരിക്കാം ഒറ്റപ്പെട്ട സ്ഥലത്ത് അഭയം തേടിയത്. അവശരുടെ കണ്ണീരൊപ്പാന്‍ ഇഞ്ചീല്‍ പറയുന്നു. 

ഭൗതികസുഖങ്ങളും അനാഥ സംരക്ഷണവും മതത്തിന്‍റെ ഭാഗമാണ്. ദരിദ്രരെ സഹായിക്കാന്‍ ഇഞ്ചീല്‍ വിഭാവനം ചെയ്യുന്നു. അതിനു നാം അദ്ധ്വാനിക്കണം. ലാഭം ധര്‍മ്മം ചെയ്യണം. അതും മതത്തിന്‍റെ ഭാഗമാണ്. ഭൗതിക പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ ഒഴിഞ്ഞുമാറി ഒറ്റപ്പെട്ടു ജീവിക്കാന്‍ മാത്രം മതം കല്‍പിക്കുന്നില്ല. കൃഷിയും കച്ചവടവും മതത്തിലുള്ളതാണ്. ളോഹക്കുള്ളിലെ മനുഷ്യക്കോലങ്ങളുടെ സൃഷ്ടിയാണ് പൗരോഹിത്യം അത് മതത്തിലല്ല. അതുകൊണ്ട് വരൂ സല്‍മാന്‍ കൃഷി ചെയ്യൂ. ലാഭം വിതരണം ചെയ്യൂ...

ഓരോന്നിനും സൂക്തങ്ങളുടെ തെളിവുകള്‍ നിരത്തിയപ്പോള്‍ സല്‍മാനും കാര്യം ബോധ്യമായി. യുക്തിക്ക് നിരക്കുന്നതായി തോന്നി. പള്ളിയില്‍ തപസ്സിരിക്കുന്നത് മാത്രമല്ല, ജനസേവനവും മതം വിഭാവനം ചെയ്യുന്നതായി അദ്ദേഹത്തിന് ബോധ്യം വന്നു...



ആയുധങ്ങളെടുത്തു. ജീവിതത്തിലാദ്യമായി ഭൂമിയുമായിമല്ലിട്ടു. നിലം കിളര്‍ന്നു. ജീവിതം മുഴുവനും സഞ്ചാരത്തിന് ചിലവഴിച്ച സല്‍മാന്‍റെ പാത മറ്റൊരു വഴി മാറി. സത്യത്തിന്‍റെ വിവിധ ശിഖിരങ്ങളിലൂടെ വിയര്‍പ്പുപൊട്ടി, കൈ വേദനിച്ചു, ദിവസങ്ങളുടെ പ്രയത്നഫലമായി പ്രയാസങ്ങള്‍ നീങ്ങി, ജോലി സുഖകരമായി തോന്നി. പിന്നീടങ്ങോട്ടത് തുടര്‍ന്നു. 

ദിവസത്തെ നാലായി വിഭജിച്ചു. പഠനം, ജോലി, ആരാധന, വിശ്രമം എന്നിങ്ങനെ. പുതിയ ജീവിതരീതി കുറേക്കൂടി ആനന്ദകരമായി. വെറും ആരാധനകള്‍ക്ക് പുറമേ മതത്തില്‍ ഗുണകരമായ വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ.

ആരാധനയും അദ്ധ്വാനവും കലര്‍ന്ന ജീവിതം സൗഗന്ധിക പുഷ്പങ്ങള്‍ രൂപം നല്‍കി. അതിനൊത്ത് ജീവിതം ചിട്ടപ്പെടുത്താന്‍ സല്‍മാന് പ്രയാസമുണ്ടായില്ല. മാനസികോല്ലാസം നല്‍കുന്ന ആ ജീവിതത്തിനും തിരശീല വീഴുകയാണ്. വര്‍ഷങ്ങളായി താന്‍ നയിക്കുന്ന കൂട്ടു ജീവിതം പ്രശ്ന പരിഹാരങ്ങള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. എല്ലാവരിലും കാലം അതിന്‍റെ കലാ പ്രകടനം നടത്തി. കൂട്ടത്തില്‍ സ്നേഹസമ്പന്നനായ ഗുരുവിന്‍റെ രൂപമാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്‍റെ ഏക അത്താണിയാണല്ലോ, ആ മേനിയില്‍ ക്ഷീണം വര്‍ദ്ധിക്കുന്നത് അദ്ദേഹം കണ്ടു.

സല്‍മാന്‍ പറഞ്ഞു; ഗുരോ, ഒരേ ലക്ഷ്യമായി അതിസാഹസികമായി പ്രയാണം തുടരുന്ന എന്‍റെ അവസാനമായിരിക്കും അതിന്‍റെയും അവസാനം അല്ലെങ്കില്‍ സ്ഥിരമായി നീന്തികുളിക്കാന്‍ പറ്റിയ നീര്‍ച്ചാലില്‍ ഞാനെത്തിപ്പെടണം. പക്ഷേ, വിധി എനിക്കനുകൂലമല്ല എന്നു തോന്നുന്നു. ഞാന്‍ ഭയപ്പെടുന്നു ഗുരോ അങ്ങയുടെ ആരോഗ്യം ക്ഷയിക്കുന്നതായി കാണുന്നു. എന്‍റെ ഭൂതചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നതായി ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ ഏതു കൂടുതേടിയാണ് പറക്കേണ്ടത്.

സദാ പ്രസന്ന വദനമാകുന്ന ഗുരുവിന്‍റെ മുഖത്ത് ക്ഷീണാധിക്യം ആക്രമിച്ചു. അദ്ദേഹം പറഞ്ഞു; മകനെ, എവിടെ ഒരു അത്താണി കാണിച്ചു തരും ഞാന്‍? എവിടെയും കാണുന്നില്ല. എല്ലാം മായയാണ്. നമുക്ക് ലഭിക്കുന്ന പുഞ്ചിരിയുടെ പിന്നില്‍ കൊടും വഞ്ചന ഒളിഞ്ഞുകിടക്കുന്നു. ദൈവാസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നു. സ്വാര്‍ത്ഥത ഉയര്‍ന്നു പൊങ്ങുന്ന അനുകൂലമായ പരിതസ്ഥിതികള്‍ മനുഷ്യന്‍ മെനഞ്ഞെടുക്കുന്നു. അറിഞ്ഞിടത്തോളം സത്യത്തിന്‍റെ കിരണം ഇന്ന്‍ ഭൂമുഖത്തില്ല. മിഥ്യാധാരണയും കെട്ടുകഥകളും മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്നു.

ഒന്നു ഞാന്‍ പറയുന്നു, ആര്‍ക്കു വേണ്ടി ഞാന്‍ വഴിമാറികൊടുക്കുന്നുവെന്ന്‍ ഈസാ(അ) പറഞ്ഞുവോ, തൗറാത്തിലും, ഇഞ്ചീലിലും സൂചന നല്‍കിയ അന്ത്യപ്രവാചകന്‍റെ ആഗമനം സമാഗതമായിരിക്കുന്നു. ഇബ്രാഹീം നബി(അ)മിന്റെ ദീന്‍(ഇസ്‌ലാം) നടപ്പിലാക്കാനാണദ്ദേഹം വരിക. അറേബ്യയിലാണദ്ദേഹം വരിക. രണ്ടു കുന്നുകള്‍ക്കിടയിലുള്ള ഒരു പ്രദേശത്തേക്ക് അദ്ദേഹം പാലായനം ചെയ്യും. പ്രകൃതിരമണീയമായ ആ നാട്ടിലെ ജനത സല്‍സ്വഭാവികളായിരിക്കും.

മുന്‍വേദങ്ങളെയും കഴിഞ്ഞുപോയ പ്രവാചകന്മാരെയും അംഗീകരിച്ചുകൊണ്ടായിരിക്കും അദ്ദേഹം വരിക. ഇരുള്‍ നിറഞ്ഞ മനുഷ്യമനസ്സുകളെ തൗഹീദിന്‍റെ വെളിച്ചം കൊണ്ടദ്ദേഹം പ്രശോഭിതമാക്കും. അധര്‍മ്മങ്ങളെയും അനാചാരങ്ങളെയും, അനീതിയേയും അദ്ദേഹം പിഴുതെറിയും. പകരം ശുദ്ധമായ വിശ്വാസവും, സാഹോദര്യവും, സല്‍പ്രവര്‍ത്തനങ്ങളും അദ്ദേഹം നടപ്പിലാക്കും. വേദം പ്രസ്താവിച്ച അടയാളങ്ങളാണ് ഇതെല്ലാം.

പ്രവാചകൻ സ്വദഖ ഭക്ഷിക്കുകയില്ല. ‘ഹദിയ’ ഭക്ഷിക്കും. രണ്ടു ചുമലുകള്‍ക്കിടയില്‍ പ്രവാചകശൃംഖലക്ക് പരിസമാപ്തി കുറിക്കുന്ന മുദ്രയും നിനക്ക് കാണാം. നീ അങ്ങോട്ട്‌ പോവുക. ഒരു പക്ഷേ ആ മഹാന്‍റെ സാമീപ്യം കൊണ്ട് നിനക്ക് സൗഭാഗ്യവാനാകാം. അല്ലാതെ ഇവിടെയെല്ലാം സത്യത്തിന്‍റെ പ്രഭ മങ്ങിയിരിക്കുന്നു, എങ്ങും ഇരുട്ട് കീഴടക്കിയിരിക്കുന്നു.

സല്‍മാന് പുതിയ ജീവിതക്രമങ്ങള്‍ കാണിച്ച ആ മഹാന്‍റെ കണ്ണുകള്‍ നിറഞ്ഞു, മുഖത്ത് കണ്ണുനീര്‍ചാലിട്ടു, ദുഃഖിതനായ ആ ശിഷ്യന്‍ അത് തുടച്ചു. അദ്ദേഹത്തെ പരിചരിച്ചും, ആരാധനയില്‍ മുഴുകിയും അച്ചടക്കമുള്ള ആ ശിഷ്യന്‍ ദിവസങ്ങള്‍ നീക്കി. ഗുരുവിന്‍റെ രോഗം മൂര്‍ഛിച്ചു. ശിഷ്യഗണം മനംനൊന്തു വിലപിച്ചു. പക്ഷേ, ആത്മീയ ചൈതന്യം കൊണ്ട് ധന്യമായ ആ ദേഹത്തു നിന്ന്‍ ദേഹി പറന്നകന്നു. ശിഷ്യര്‍ ദയനീയമായി നോക്കിനിന്നു. അവര്‍ പരലോക മോക്ഷത്തിനായി കൂട്ടമായി പ്രാര്‍ത്ഥിച്ചു. സകല ബഹുമതികളോടെ ആ ചലനമറ്റ ശരീരം മണ്ണിനോട് ചേര്‍ന്നു.

സകല പ്രതീക്ഷളും തകര്‍ന്നു. തുറക്കപ്പെട്ട വാതിലുകളെല്ലാം അടക്കപ്പെട്ടു. മുറികള്‍ വിജനമായി സല്‍മാന്‍ മാത്രം ഏകാന്തചിത്തനായി അങ്ങിമിങ്ങും നടന്നു. ഇനിയെന്ത്? ലോകം അന്തകാരത്തിലാണ്ടിരിക്കുന്നു. രാത്രിയിലെ ജീവികളെപ്പോലെ ജനങ്ങള്‍ കണ്ടമാനം ആടി, കണ്ണിരുട്ടടക്കുകയാണോ?

പ്രവചിക്കപ്പെട്ട പ്രവാചകന്‍ മാത്രമാണ് ഏകാവലംബം. പക്ഷേ, ആ തിരുഉദയം എന്നാണ്? എവിടെയാണ് അറേബ്യ? എങ്കിലും അവിടെ എത്തണം. താന്‍ സമ്പാദിച്ച കുറെ സ്വത്ത് കൈവശമുണ്ട്. ധാരാളം ധര്‍മ്മം ചെയ്തു. ഇനിയും പശുക്കളും, ആടുകളും ബാക്കിയായിരിക്കുന്നു. എല്ലാറ്റിനെയും തെളിച്ചു നടന്നാലോ! പക്ഷേ, എങ്ങോട്ട്. ഒന്നറിയാം വഴിയറിയില്ലെങ്കിലും തന്‍റെ ദൃഢമനസ്സ് എന്തിനും തയ്യാറായിരിക്കുന്നു. എന്തും തരണം ചെയ്യാന്‍, അല്ലെങ്കില്‍ സത്യത്തിലേക്കുള്ള പ്രയാണം തന്‍റെ സന്തതസഹചാരിയാണല്ലോ.

സല്‍മാന്‍ എന്നും അങ്ങാടിയിലെത്തി അറേബ്യയിലേക്ക് വല്ല കച്ചവട സംഘങ്ങളും പോകുന്നുണ്ടോയെന്ന് അന്വേഷിക്കും. പക്ഷെ നിരാശയായിരിക്കും ഫലം. ഒരു ദിവസം ‘ഖല്‍ബ്’ ഗോത്രക്കാരുടെ ഖാഫില അങ്ങോട്ടുപോകുന്നു. സല്‍മാന്‍ അവരുമായി ബന്ധപ്പെട്ടു. അവര്‍ സമ്മതം പ്രകടിപ്പിക്കയാല്‍ യാത്രക്കൊരുങ്ങി. തന്‍റെ സ്വത്തെല്ലാം അവര്‍ക്ക് നല്‍കാം. എന്നാല്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കും. അവര്‍ യാത്ര തുടര്‍ന്നു...



ദുര്‍ഘടമായ പാതകള്‍, വിശാലമായി പരന്നു കിടക്കുന്ന മണല്‍പരപ്പുകള്‍ മുറിച്ചു കടന്ന്‍ അവര്‍ നടന്നു. ഘോരവനങ്ങളിലൂടെ, താഴ് വരകളിലൂടെ, അപകടം പതിയിരിക്കുന്ന വഴിയിലൂടെ, കൊള്ളക്കാരുടെയും കള്ളന്മാരുടെയും ഇടയിലൂടെ അവര്‍ യാത്ര തുടര്‍ന്നു. സത്രങ്ങളില്‍ ആ സംഘം വിശ്രമിച്ചു. ദിവസങ്ങള്‍ കഴിഞ്ഞുപോയതറിഞ്ഞില്ല. സംഘക്കാരുടെ മുഖത്ത് യാത്രാക്ഷീണം തെളിഞ്ഞുനിന്നു. പക്ഷേ, സല്‍മാന്‍റെ വദനം മാത്രം ശോഭിച്ചു.

പ്രകൃതിരമണീയമായ പ്രദേശം. വാഗ്ദത്തപ്രവാചകന്‍റെ ആഗമനം. അവരുമൊന്നിച്ച് ഏക ഇലാഹിന്‍റെ സത്യമതത്തിലൂന്നിക്കൊണ്ടുള്ള സന്തോഷകരമായ സങ്കല്‍പ്പങ്ങള്‍ അദ്ദേഹത്തിന്‍റെ മനോമുകുരത്തില്‍ ചിത്രം വരച്ചു.

ദിവസങ്ങളുടെ പ്രയാണത്തിനുശേഷം അവര്‍ ഒരു പ്രദേശത്ത് എത്തി. എങ്ങും പച്ചമയം. വിശാലമായ മണല്‍പ്പരപ്പില്‍ നിറഞ്ഞു നില്‍ക്കുന്ന കുറ്റിക്കാടുകള്‍, ഇടക്ക് നേതാക്കളെപ്പോലെ ഈത്തപ്പനകള്‍ തലപൊക്കി നില്‍ക്കുന്നു. കുറ്റിച്ചെടികളില്‍ വിടര്‍ന്നു നില്‍ക്കുന്ന കുസുമങ്ങള്‍ പരിസരമാകെ നറുമണം പരത്തി. സല്‍മാന്‍റെ ചിന്തകള്‍ക്ക് ചിറക് മുളച്ചു. ഗുരു വര്‍ണ്ണിച്ച നാട് ഇതു തന്നെയല്ലേ? അതെ, ഇതു തന്നെയാണ് ‘യസ് രിബ്’ 

ഖാഫിലക്കാര്‍ വിശ്രമിച്ചു. രാത്രിയുടെ യാമങ്ങളില്‍ എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങി. സല്‍മാന്‍ മാത്രം ഉറങ്ങിയില്ല. 

പരീക്ഷണങ്ങളിലൂടെയാണെങ്കിലും ലക്ഷ്യസഫലീകരണത്തിന്‍റെ പാത തെളിയിച്ച കരുണാമയനായ അല്ലാഹുﷻവിനെ ആരാധിച്ചു രാത്രി ധന്യമാക്കി.

ഇരുള്‍ നീങ്ങി, കിഴക്ക് നേരിയ പ്രകാശബിന്ദുക്കള്‍, പക്ഷികള്‍ ചിറകടിച്ചു ചിലച്ചുകൊണ്ട് നവപ്രഭാതത്തിന് സ്വാഗതമോതി. സല്‍മാന്‍ സംഘങ്ങളെ വിളിച്ചുണര്‍ത്തി. പക്ഷേ, അവര്‍ക്ക് തിരക്കുണ്ടായിരുന്നില്ല. യാത്ര അവസാനിച്ചപോലെ സൂര്യരശ്മികള്‍ ഭൂമിയില്‍ പതിച്ചു. ഖാഫിലക്കാര്‍ തൊട്ടടുത്ത ചന്തയെ ലക്ഷ്യം വെച്ചു. കോലാഹലങ്ങളുടെ വീചികള്‍ കര്‍ണ്ണപുടത്തില്‍ തട്ടി. സന്തോഷത്തിന്‍റെ അട്ടഹാസം. സന്താപത്തിന്‍റെ ആര്‍ത്തനാദം. രോദനം അതൊരു വലിയ ചന്തയാണ്. നിമിഷങ്ങള്‍ക്കകം സല്‍മാന് എല്ലാം വ്യക്തമായി അവിടെ വില്‍ക്കപ്പെടുന്നത് മൃഗങ്ങളല്ല. മനുഷ്യരാണ്!

നിര്‍ദ്ദയരായ സഹജീവികള്‍ മനുഷ്യന്‍റെ യജമാനന്മാരാകുന്നു. സഹജീവികളെ അടിമകളാക്കുന്നു. സ്വാതന്ത്രവായു ശ്വസിച്ചവരും പ്രഭുകുമാരന്മാരും, യുദ്ധതടവുകാരും അവിടെ വില്‍പനച്ചരക്കാക്കുന്നു. മനുഷ്യമനസ്സ് മരവിച്ച വഞ്ചകര്‍ പാവങ്ങളുടെ ഊരക്ക് ചങ്ങലയിടുന്നു. ആനന്ദചിത്തരായി പുത്തന്‍ ചരക്കുകളുമായി വീടുകളിലേക്ക് പോവുന്നു. ഹൃദയം തകരുന്ന രംഗം.

അവര്‍ അങ്ങോട്ട്‌ നീങ്ങി. സല്‍മാന് സംശയങ്ങളുടെ വേലിയേറ്റങ്ങളുണ്ടായി. ചന്തയിലേക്ക് കടക്കാന്‍ മടിച്ചു. പക്ഷേ, ക്രൂരരായ ഖാഫിലക്കാര്‍ തൊഴിച്ചും മര്‍ദ്ദിച്ചും അവശനാക്കി. രക്തം വാര്‍ന്ന്‍ അവശനായ സല്‍മാനെ ഒരു ജൂതന് തുച്ഛമായ സംഖ്യക്ക് വില്‍പന നടത്തി. വാഗ്ദാനം ലംഘിച്ച ആ മനുഷ്യര്‍ കൊടും വഞ്ചകരായിരുന്നു. സ്വത്തെല്ലാം കയ്യിലൊതുക്കിയ അവര്‍ അവസാനം സല്‍മാനെ തന്നെ വില്‍പനചരക്കാക്കി.

ഹൊ-വല്ലാത്തൊരനുഭവം! ഇസ്ഫഹാനിലെ ആ പ്രഭുകുമാരന്‍ ജീവിതത്തിലാദ്യമായി മറ്റൊരു പേരിലറിയപ്പെടുന്നു. പണക്കൊഴുപ്പിന്‍റെ ലാളനയില്‍ വളര്‍ന്നു, പ്രയാണങ്ങളിലൂടെയും, പണ്ഡിത സഹവാസം കൊണ്ടും ആത്മസംസ്കരണം നടത്തിയ ആ ത്യാഗീവര്യന്‍ ഇന്നിതാ ആജ്ഞകളനുസരിക്കാന്‍ മാത്രം.. സംസാരിക്കാനോ, സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ അവകാശമില്ലാതെ ഒരടിമയായി തരം താഴ്ന്നിരിക്കുന്നു. എല്ലാം പരീക്ഷണം.  

ഇതേ വരെ സ്വപ്ന സാക്ഷാല്‍ക്കാരം നടത്തിയ പ്രപഞ്ചനാഥന്‍ ഇവിടെ നിന്ന്‍ ഒരു വഴി കാണിച്ചു തരാതിരിക്കില്ല. എല്ലാം സഹിച്ചു, അല്ലാഹു ﷻ വിലര്‍പ്പിച്ചു. തന്‍റെ വിശ്വാസം ഗോപ്യമാക്കി വെച്ച് അനുസരണയുള്ള ഒരടിമയെപ്പോലെ നടന്നു.

ഇസ്ഫഹാനിലെ പ്രഭുകുമാരന്‍, രാജകുമാരന്‍റെ തോഴന്‍, കഴിഞ്ഞുപോയ നല്ല സുവര്‍ണ്ണനാളുകളെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മ്മകളുമായി, സാഹസികതയുടെയും. ധീരതയുടെയും ഓമനിക്കുന്ന ഐതിഹാസിക നിമിഷങ്ങള്‍. ഇവയെല്ലാം മനസ്സില്‍ താലോലിച്ചു. ആ ധീരന്‍ ഇന്ന്‍ വെറും അടിമയായത്‌ വൈചിത്ര്യം തന്നെ. വഞ്ചന മാത്രം കഴിഞ്ഞ കാലാനുഭങ്ങളില്‍ ജീവിതമുദ്രയാക്കിയ ജൂതരുടെ അടിമ.

പുതിയ അനുഭവം സല്‍മാനില്‍ വിഷമഘട്ടം സൃഷ്ടിച്ചു. മൃഗങ്ങളെപ്പോലെ സഹജീവികളില്‍പ്പെട്ട ഒരാളോട് യജമാനന്‍ പെരുമാറുന്നു. ആജ്ഞ അനുസരിക്കുക മാത്രം മറുത്തൊന്നിനും അവകാശമില്ല. അതാണല്ലോ അന്നത്തെ സമൂഹ്യകവ്യവസ്ഥിതി. പണം മുടക്കിയവന് ഇഷ്ടം പോലെ ഉപയോഗിക്കാനുള്ള ഒരായുധമാണ്‌ അടിമ. അത് യസ്രിബില്‍ മാത്രമല്ല ലോകത്താകമാനം വ്യാപിച്ച ദുഷിച്ച ഒരു വ്യവസ്ഥിതിയാണ്. ദാരിദ്ര്യം ഹേതുവായോ, തൊലിയുടെ വര്‍ണ്ണം കൊണ്ടോ, പാരമ്പര്യമായോ, അവശരായതു കൊണ്ടോ ശക്തരും, സമ്പന്നരും പാവം മനുഷ്യരെ വേട്ടയാടുന്നു.

അടിമയായ സല്‍മാന്‍ വിഷാദചിത്തനായി.

അമൂരിയ്യായിലെ ഗുരുവിന്‍റെ ശിക്ഷണത്തില്‍ നേടിയ ജോലിപരിചിയം ഇന്നൊരനുഗ്രഹമായിരിക്കുന്നു. അല്ലെങ്കില്‍ യജമാനന്‍റെ ക്രൂരമായ ചാട്ട പ്രയോഗത്തിന് പാത്രമാകുമായിരുന്നു. ഗുരുവിന്‍റെ ദീര്‍ഘവീക്ഷണം അപാരം തന്നെ, സ്തുതിനാഥാ, സ്തുതി. മൃഗീയമായി ചാട്ടയടി കൊണ്ട് സഹഅടിമകള്‍ പുളയുമ്പോഴും ആ ജൂതരാക്ഷസന്‍ കോമ്പല്ലു കാട്ടി അട്ടഹസിക്കുന്നു. ഊറിച്ചിരിക്കുന്നു. ശരീരം പൊട്ടി രക്തം ഒലിച്ചു. അത് വീണ നിലം ചുവന്നു. വീണ്ടും വീണ്ടും പ്രഹരം തന്നെ. എന്തൊരു ക്രൂരത - സല്‍മാന്‍ ഒരു മകനെപ്പോലെ എല്ലാം നോക്കിക്കണ്ടു.

മനസ്സിനെ മഥിക്കുന്ന അടിമവേല അദ്ദേഹത്തെ ചാഞ്ചല്ല്യപ്പെടുത്തിയില്ല. അനേക വര്‍ഷത്തെ സാഹസിക പ്രയത്നത്തിലൂടെ എന്തും നേരിടാനുള്ള കരുത്ത് അവര്‍ നേടിയിരുന്നു. ഇസ്ഫഹാനിലെ വയലോരത്ത് നിന്ന്‍ തിരികൊളുത്തിയ സത്യദീപം ഇന്നും കെടാതെ സൂക്ഷിക്കുന്നു. നഷ്ടപ്പെടാതെ മനസ്സുക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച വിശ്വാസത്തിന്‍റെ അനര്‍ഘമുത്ത് നഷ്ടപ്പെടാത്തതില്‍ നാഥനെ സ്തുതിച്ചു.

ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ മൃഗങ്ങളെ മേച്ചു ദാഹിച്ചു പരവശരാകുമ്പോള്‍ വൃക്ഷങ്ങളുടെ നീരുകുടിച്ചു വേണ്ടവണ്ണം വിശപ്പ് അകറ്റാനോ ദാഹം ശമിപ്പിക്കാനോ കഴിയാതെ ഈത്തപ്പനകളില്‍ പൊത്തിപ്പിടിച്ചുകയറി, ഗോതമ്പു വയലുകളില്‍ എല്ലുമുറിയെ പണിചെയ്തു. ഉള്ളില്‍ തട്ടുന്ന ക്രൂരമായ കുത്തുവാക്കുകളും കഠോരമായ ശിക്ഷയും അനുഭവിച്ചു കഴിഞ്ഞു. ഒരു നല്ല വാക്കിനു പോലും അവകാശമില്ലാത്ത അടിമ അതിന്നായി ദാഹിച്ചു.

മോചനം മരീചികയായ അടിമവേല ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു നാള്‍ യജമാനന്‍റെ ബന്ധുവായ ഒരാള്‍ വീട്ടില്‍ വന്നു. സല്‍മാന്‍റെ സരസമായ സംസാരവും കൂര്‍മ്മകുലശതയും അയാളെ ഹഠാദാകര്‍ശിച്ചു. യജമാനനോട് തന്‍റെ ആഗ്രഹം അയാളറിയിച്ചു. സുസ്മേരവദനയായി യജമാനന്‍ സമ്മതം മൂളി. ഒരു സംഖ്യ നല്‍കി അദ്ദേഹം സല്‍മാനെ കൊണ്ടുപോയി.

അടിമയെ വില്‍ക്കലും വാങ്ങലും സാമൂഹിക വ്യവസ്ഥിതിയായതു കൊണ്ട് സല്‍മാന്‍ തനിക്ക് വിധിക്കപ്പെട്ടതില്‍ പരിഭവിച്ചില്ല. പടിയിറങ്ങുമ്പോള്‍ ക്രൂരമായ പെരുമാറ്റവും ശക്തമായ ശിക്ഷയും അല്‍പം ഇളവ് കിട്ടുമോ എന്നേ അറിയേണ്ടിയിരുന്നുള്ളൂ. എല്ലാ മനുഷ്യരും ഒരു പോലെയല്ല. പക്ഷേ, താന്‍ വെറുമൊരു അടിമയും അദ്ദേഹം യജമാനനും. എന്തിനും അവകാശമുണ്ടല്ലോ...


പരന്നുകിടക്കുന്ന ഈത്തപ്പനത്തോട്ടം, കുറച്ചകലെ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളിലേക്ക് ശ്രദ്ധവെച്ചു കൊണ്ട് സല്‍മാന്‍ തോട്ടത്തില്‍ ജോലി തുടങ്ങി. പുതിയ യജമാനന്‍റെ വിശാലമായ കൃഷിയിടം, എല്ലുമുറിയെ പണിയെടുക്കണം. അതിലല്‍ഭുതമില്ല. ഒട്ടകങ്ങളെ വൈകുന്നേരം വീട്ടിലെത്തിക്കണം. പാല്‍ കറക്കണം, പുല്ല് ശേഖരിക്കണം, വീട്ടിലെ മറ്റു ജോലികളെടുക്കണം. യാതൊരു സങ്കോചവും കൂടാതെ അദ്ദേഹം സുന്ദരമായി അതെല്ലാം ചെയ്തു.

യജമാനന് അടിമയില്‍ മതിപ്പ് തോന്നി. പഴയ യജമാനനില്‍ നിന്നും വിഭിന്നമായിരുന്നു ഇയാള്‍. ക്രൂരമായ മര്‍ദ്ദനങ്ങളും, വേദനിപ്പിക്കുന്ന അനുഭവങ്ങളും ഇയാളില്‍ നിന്നും ഉണ്ടായില്ല. കുറെയേറെ മനുഷ്യത്വപരമായി പെരുമാറി. ജോലി കഴിഞ്ഞാല്‍ അല്‍പനേരം അങ്ങാടിയില്‍ പോകാനും ജനങ്ങളുമായി ഇടപഴകാനും സ്വാതന്ത്ര്യമുണ്ടായിരുന്നു.

സല്‍സ്വഭാവികളായ ജനങ്ങള്‍ പ്രകൃതിരമണീയമായ ഉപരിതലം ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്ന ചരല്‍ കുന്നുകള്‍ അതുതന്നെ നയനസുന്ദരങ്ങളായിരുന്നു.

സല്‍മാന്‍റെ ചിന്ത പിന്നോട്ടു പോയി.  അദ്ദേഹം ഉറപ്പിച്ചു. എന്‍റെ സങ്കല്‍പ്പങ്ങള്‍ പൂവണിയുന്ന പ്രദേശം ഇതു തന്നെയാണ്. വേദങ്ങള്‍ അരുള്‍ ചെയ്ത പ്രവാചകന്‍ വരുന്നതും ഇവിടെയായിരിക്കും. അങ്ങനെ മോഹനമായ മനക്കോട്ട കെട്ടിക്കഴിഞ്ഞു.


ഒരു ദിവസം അങ്ങാടിയില്‍ നിന്നും കോരിത്തരിപ്പിക്കുന്ന ഒരു വാര്‍ത്ത സല്‍മാന്‍ ശ്രവിച്ചു. സല്‍മാന് കാതുകളെ വിശ്വസിക്കാനായില്ല. വീണ്ടും ശ്രദ്ധിച്ചു. അതെ, ഞാന്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന, വര്‍ഷങ്ങളായി തേടിക്കൊണ്ടിരിക്കുന്ന അമൂല്യനിധി ഇതാ അണഞ്ഞിരിക്കുന്നു.

മക്കയില്‍ നിന്നും മടങ്ങിയെത്തിയ ഒരു സംഘം കച്ചവടക്കാരാണ് ആ വാര്‍ത്ത അറിയിച്ചത്. മക്കയില്‍ ‘മുഹമ്മദ്‌’ (ﷺ) എന്ന ഒരു യുവാവ് താന്‍ പ്രവാചകനാണ്‌ എന്നു അവകാശവാദം ഉന്നയിക്കുന്നു. ഏക ഇലാഹാണ് ആരാധനക്ക് അര്‍ഹന്‍ എന്നും അദ്ദേഹം പറയുന്നു. വശ്യമായ പുഞ്ചിരിയും, കര്‍ണ്ണാനന്ദകരമായ സംസാരവുമാണദ്ദേഹത്തിന്‍റേത്. അനീതിയും, അനാചാരവും ഒഴിവാക്കാന്‍ അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

മദീന നിവാസികള്‍ പ്രതീക്ഷിച്ചിരുന്ന പ്രവാചകന്‍, വേദങ്ങളില്‍ പ്രതിപാദിച്ച സത്യനായകന്‍, ഇതു കൊണ്ടു തന്നെ പ്രവാചകവാര്‍ത്ത അവിടെ പ്രചുരപ്രചാരം നേടി. വര്‍ഷത്തിലൊരിക്കല്‍ അറബികളെല്ലാവരും ‘ഇക്കാസില്‍’ സമ്മേളിക്കുമായിരുന്നു. ഒരു വലിയ ചന്തയായിരുന്നു അത്. പ്രശസ്ത സാഹിത്യകാരന്മാര്‍ ഒരുമിച്ചുകൂടി സാഹിത്യ സദസ്സുകള്‍ ചേരുകയും മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വിജയികളുടെ പേരുകള്‍ കഅ്‍ബയില്‍ തൂക്കിയതുകൊണ്ട് ഓരോരുത്തരും അതൊരു അഭിമാന പ്രശ്നമായി കണക്കിലെടുത്തു. ഈ ചന്തയില്‍ വെച്ച് പ്രവാചക ശ്രേഷ്ഠര്‍ ആശയസമ്പുഷ്ടവും, വിഷയഗാംഭീര്യവും ഉള്‍ക്കൊണ്ട പ്രസംഗത്തിലൂടെ ജനങ്ങളെ ഉല്‍ബുദ്ധരാക്കി.

തന്‍റെ നേര്‍രേഖ തെളിയുന്നതായി സല്‍മാന് തോന്നി. തേടിയ വള്ളി കാലില്‍ ചുറ്റിയ പ്രതീതിയോടെ സല്‍മാന്‍ തുള്ളിച്ചാടി. ഇനി ഒരിക്കല്‍ അദ്ദേഹമിവിടെ വരും. അന്നൊരു യഥാര്‍ത്ഥ അനുയായിയായി ഞാനദ്ദേഹത്തിന്‍റെ അണിയില്‍ ചേരും. സല്‍മാന്‍റെ മനോമുകുരത്തില്‍ നിന്ന്‍ സമാധാനത്തിന്‍റെ ഒരായിരം വെള്ളരി പ്രാവുകള്‍ ചിറകടിച്ചു പൊങ്ങി. ഒലീവുമരങ്ങള്‍ ഇളകിയാടി. അന്ന്‍ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. തന്‍റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ പോകുന്നു. പക്ഷേ ഈ രഹസ്യം യജമാനനെ അറിയിച്ചില്ല.

ദിവസങ്ങള്‍ക്കു ശേഷം യജമാനന്‍റെ ചെവികളിലും സന്തോഷപൂര്‍ണ്ണമായ ഈ വാര്‍ത്ത എത്തി. പക്ഷേ, അദ്ദേഹത്തിന്‍റെ പ്രതികരണം ധിക്കാരപൂര്‍വ്വമായിരുന്നു. ഓ... ഒരു ജൂതന്‍റെ അവഗണനാ മനോഭാവം, സത്യത്തോടുള്ള വിമുഖത, അല്ലെങ്കിലും പ്രവാചകാവഹേളനം അവരുടെ രക്തത്തില്‍ ഇഴുകിച്ചേര്‍ന്നതാണല്ലോ. മൂസാനബി(അ)നെ ധിക്കരിക്കാന്‍ ധൈര്യം കാണിച്ചവര്‍. അവസാനം ദൈവകോപത്തിന് പാത്രമായി കുരങ്ങുകളായതും, വലിയ ദൈവം ഫിര്‍ഔനും കൂട്ടാളികളും നൈലില്‍ ചത്തൊടുങ്ങിയതും ഇന്നും ഒരു ദൃഷ്ടാന്തമായി നിലകൊള്ളുന്നു. അവസാനം ഇഞ്ചീലിലും, ഈസാനബി(അ)ലും വിശ്വസിക്കാതെ ഹുങ്ക് നടിച്ചതും ഈസാനബി(അ)നെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതും അവരായിരുന്നല്ലോ...



പ്രവാചകന്‍റെ (സ്വ) പിന്തുണയാര്‍ജ്ജിക്കാന്‍ 12പേര്‍ മക്കയിലെത്തി. വിവിധ വിഷയങ്ങളുമായി അവര്‍ ചര്‍ച്ച ചെയ്തു. നബി ﷺ അവര്‍ക്ക് വ്യക്തമായി മറുപടി നല്‍കി. ആ പന്ത്രണ്ടു പേരും മുസ്ലിംകളായി. അടുത്ത വര്‍ഷം എഴുപതോളം പേര്‍ ഇസ്‌ലാം മതം വിശ്വസിച്ചു.

ഞങ്ങളുടെ സ്വഛന്ദപാതയില്‍ വിലങ്ങുതടിയാവുകയാണെന്നു ഖുറൈശികള്‍ കരുതി. അനീതിയും, അക്രമവും വളരെക്കാലം നീണ്ടുനില്‍ക്കുകയില്ലെന്ന് ബോധ്യമായ ഖുറൈശികള്‍ പലവിധ ഉപരോധങ്ങളും മര്‍ദ്ദനമുറകളും അഴിച്ചു വിട്ടു. അപ്പോഴും മദീനയില്‍ ബുദ്ധിമാന്മാരായ ജനത ഇസ്ലാമിനെ പുണരുകയായിരുന്നു. അവിടത്തെ അനുകൂലമായ സാഹചര്യത്തില്‍ ശീതളഛായയില്‍ ഇസ്‌ലാം തഴച്ചു വളര്‍ന്നു.

സല്‍മാന്‍ തന്‍റെ ജോലിയില്‍ മുഴുകിയിരിക്കുകയാണ്. അടിമവേലയാണ്, വീഴ്ചവരുത്തരുത്. വീഴ്ച വരുത്തിയാല്‍ അനുഭവിക്കാനുള്ളത് അവര്‍ണ്ണനീയമാണ്. കാലചക്രം വീണ്ടും കറങ്ങി. മനുഷ്യ നാഗരികതക്ക് പല മാറ്റങ്ങളും വന്നു, എല്ലായിടവും പുരോഗമനത്തിന്‍റെ കൊടുങ്കാറ്റാഞ്ഞുവീശി പല മാറ്റങ്ങളും സംഭവിച്ചു.

മക്കയില്‍ അവതരിക്കപ്പെട്ട പ്രവാചകനും, മതത്തിനും എതിരെ പലവിധ മര്‍ദ്ദനങ്ങളും എല്‍പിക്കപ്പെട്ടു. ഒരു ഭാഗത്ത് മഹത്തായ സഹനത്തിന്‍റെ കൊടിക്കൂറ ഉയര്‍ത്തി സകല വെല്ലുവിളികളും തടുക്കാന്‍ ശ്രമിക്കുമ്പോള്‍ യസ് രിബിലും മറ്റും അത് തഴച്ചുവളരുകയായിരുന്നു. പലവിധ സംഭവവികാസങ്ങള്‍! ഒന്നും സല്‍മാന്‍ അറിഞ്ഞിരുന്നില്ല. അറിയാന്‍ അവകാശമില്ല. തന്‍റെ പരിധിക്കുള്ളിലെ കാര്യങ്ങളെക്കുറിച്ച് മാത്രമെ സല്‍മാന് അറിയാന്‍ പാടുള്ളൂ.

തന്‍റെ വിശ്വാസം പുറം ലോകം അറിയാന്‍ പാടില്ല. അറിഞ്ഞാല്‍ ബിലാല്‍(റ), അമ്മാര്‍(റ), യസീദ്(റ) തുടങ്ങിയ ധീര കേസരികള്‍ അനുഭവിച്ച അനുഭവമായിരിക്കും. എന്തെന്ത് പീഠനങ്ങളാണ് അവര്‍ ഇസ്ലാമിന്‍റെ പേരില്‍ അനുഭവിച്ചത്. ബലിപീഠത്തില്‍ ജീവനര്‍പ്പിച്ചവര്‍ വേറെ! ചോദിക്കാനാളില്ലാത്ത അടിമകളെ ഇഷ്ടം പോലെ ഉപദ്രവിച്ചാല്‍, അവര്‍ വിലപിച്ചാല്‍, മരണം വരിച്ചാല്‍ ആര്‍ക്കാണ് നഷ്ടം.

എന്നെങ്കിലും താന്‍ മോചിതനാകുമെന്നും തന്‍റെ നബിയുമായി (ﷺ) സന്ധിക്കുമെന്നുമുള്ള സ്വപ്നങ്ങളെ തലോടി സല്‍മാന്‍ ദിവസങ്ങള്‍ നീക്കി, അതിനായി കാത്തിരുന്നു...

ശത്രുക്കളുടെ പീഡനങ്ങള്‍ സഹിക്കാതായപ്പോള്‍ നബിﷺയുടെ കല്‍പനപ്രകാരം അനേകം മുസ്‌ലിംകള്‍ യസ് രിബിലേക്ക് പാലായനം ചെയ്തു. മാന്യമായി വിശ്വാസം വെച്ചുപുലർത്താന്‍ കഴിയുന്ന മണ്ണ്‍. മുസ്ലിംകളുടെ പ്രവാഹമായിരുന്നു അങ്ങോട്ട്‌. ഇവരുമായി കൂടിക്കലര്‍ന്നു സത്യത്തിന്‍റെ ചെപ്പ് തുറന്ന്‍ മുത്തെടുക്കാന്‍ തദ്ദേശിയരും മത്സരമായിരുന്നു. എല്ലാം കൊണ്ടും അനുകൂലമായ മണ്ണ്‍.

ഒരിക്കല്‍ നബിﷺയും വരും. ആ ദിവസവും വന്നു. അല്ലാഹു ﷻ വിന്‍റെ  ആജ്ഞ പ്രകാരം ശത്രുക്കളുടെ വലയം ഭേദിച്ചു നബിﷺയും, അബൂബക്കര്‍ സിദ്ധീക്ക്(റ)വും മദീനയിലേക്ക് പാലായനം ചെയ്തു. വധിക്കാന്‍ കണ്ണില്‍ എണ്ണയിട്ടു കാത്തിരുന്നവര്‍ക്കിടയിലൂടെ റസൂല്‍കരീം ﷺ മാന്യമായി കടന്നുപോയി. റസൂല്‍ ﷺ യുടെ ആഗമനം പ്രതീക്ഷിച്ച് യസ് രിബുകാര്‍ എന്നും രാജ്യാതിര്‍ത്തിയില്‍ പോയി കാത്തിരിക്കും. വൈകുന്നേരം തിരിച്ചുപോകും.

ഒരു ദിവസം പൂര്‍ണ്ണനിലാവുദിച്ചു. ആ നിലാവ് അവിടെയാകെ അന്ധകാരം നീക്കി. പൂര്‍വ്വവേദങ്ങളില്‍ നിന്ന്‍ പ്രവാചക ലക്ഷണം മനസ്സിലാക്കിയ ഒരു ജൂതന്‍ താഴ് വരയിലൂടെ നടക്കുകയാണ്. എന്താണ് അങ്ങ് ദൂരെ കാണുന്നത്? അദ്ദേഹം ദൂരേക്ക് കണ്ണുകള്‍ പായിച്ചു. അതെ നാലാളുകള്‍ ഇങ്ങോട്ടു തന്നെയാണ് വരുന്നത്. അദ്ദേഹം ശ്രദ്ധിച്ചു. കുലീനരും, മാന്യരുമാണെന്ന്‍ ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കി. അത്യാഹ്ലാദത്താല്‍ വിളിച്ചു പറഞ്ഞു. യാബനീഖൈല, യാബനീഖൈല (ഔസ്, ഖസ്റജ് ഗോത്രക്കാരുടെ പിതാമഹനാണ് ഖൈല) ജനം ഓടിക്കൂടി. പിന്നെ സംശയിക്കേണ്ടിവന്നില്ല. പ്രതീക്ഷ പൂവണിയുന്നു. കണ്ടുനിന്നവര്‍ ആനന്ദ നൃത്തം ചവിട്ടി. കുട്ടികള്‍ നശീദ പാടി. 

തലഅല്‍ബദറൂഅലൈനാ, മിന്‍ സനിയ്യാത്തില്‍ വിദാഈ പ്രമാണിമാര്‍ അതിഥികളെ സ്വീകരിക്കാന്‍ ഓടിച്ചെന്നു അവര്‍ വാരിപ്പുണര്‍ന്നു. ആനന്ദമാലകള്‍ ചാര്‍ത്തി. എങ്ങും ആഹ്ലാദം, ഉത്സവത്തിന്‍റെ പ്രതീതിയുമായി ജനം വീര്‍പ്പുമുട്ടി. സ്വദേശത്ത് നിന്ന്‍ പാലായനം ചെയ്യേണ്ടിവന്ന നബിﷺക്ക് വിദേശത്ത് രാജകീയമായ വരവേല്‍പ്പ്. ചിലര്‍ ഒത്തുപാടി “യാ നബീ സലാം അലൈക്കും, യാ റസൂല്‍ സലാം അലൈക്കും.......” 

നബിﷺയുടെ വദനം പുഞ്ചിരിപൊഴിച്ചു. അധരങ്ങള്‍ ചുവന്നു തുടുത്തു. ഓരോരുത്തരേയും അനുഗ്രഹിച്ചു. കാത്തിരിപ്പിന്‍റെ ഗുണകരമായ പരിസമാപ്തിയില്‍ ജനം ആഹ്ലാദിച്ചു.



സല്‍മാന്‍ യജമാനന്‍റെ കാരക്ക തോട്ടത്തില്‍ ജോലി നടത്തുകയാണ്. യജമാനന്‍ താഴെ ജോലി വീക്ഷിച്ചു കൊണ്ട് നിൽക്കുന്നു... 

അപ്പോള്‍ അതാ ഒരാള്‍ ഓടിക്കിതച്ചു വരുന്നു. യജമാനന്‍റെ പിതൃവ്യപുത്രനാണ്, മുഖമാകെ വിവര്‍ണ്ണമായിരിക്കുന്നു. വിഭ്രാന്തിയും, വിഷാദഭാവവും അദ്ദേഹത്തിന്‍റെ മുഖത്ത് നിഴലിക്കുന്നുണ്ട്. ഓട്ടത്തില്‍ തന്നെ അദ്ദേഹം വിളിച്ചു പറഞ്ഞു:

‘ഖാതലള്ളാഹു ബനീ ഖൈല’ (ബനീഖൈലയെ അല്ലാഹു നശിപ്പിക്കട്ടെ). നബിയാണെന്ന് വാദിക്കുന്ന ഒരാള്‍ മക്കയില്‍ നിന്നും ഇവിടെ എത്തിയിരിക്കുന്നു. അവരുടെ ആഹ്ലാദത്തിനതിരില്ല. അപ്പോഴേക്കും അയാള്‍ മരച്ചുവട്ടില്‍ യജമാനന്‍റെ അടുത്ത് എത്തിയിരുന്നു.

ജോലിയില്‍ ഏര്‍പ്പെട്ട സല്‍മാന്‍ ഇത്രമാത്രം കേട്ടു. അദ്ദേഹം കേള്‍ക്കാന്‍ ആഗ്രഹിച്ചത്‌ കേട്ടു. രോമങ്ങള്‍ എഴുന്നേറ്റ് നിന്ന്‍ രോമാഞ്ചാധിക്യത്താല്‍ തുള്ളുന്ന ഒരനുഭൂതി അദ്ദേഹത്തിലുണ്ടായി. കൈകാലുകള്‍ വിറച്ചു. വേഗം താഴേക്കിറങ്ങി. കേള്‍ക്കാനുള്ള ഔല്‍സുക്യം. അപ്പോള്‍ താനൊരടിമയാണെന്ന വസ്തുത അദ്ദേഹം മറന്നിരുന്നു. മനുഷ്യസഹജമായ തൃഷ്ണ. 

പരിസരം മറന്ന്‍ അദ്ദേഹം ചോദിച്ചു; നീയെന്താണ് പറഞ്ഞത്..? ചോദിച്ചു തീര്‍ന്നില്ല ഒരു പ്രഹരം സല്‍മാന്‍റെ മുഖത്ത് പതിഞ്ഞു. നീ ജോലി ചെയ്‌താല്‍ മതി. നിനക്കെന്താണിവിടെ കാര്യം... യജമാനന്‍റെ ശാസനയും. ഒരു റബ്ബര്‍പന്തു കണക്കെ സല്‍മാന്‍ മേല്‍പ്പോട്ട് തന്നെ കയറി. ഓ അതു മതി.. അവര്‍ വന്നല്ലൊ, വര്‍ഷങ്ങളായി കാത്തിരുന്ന ആ മുത്ത് ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇനിയൊന്നു കാണണം, ഈ അടിമച്ചങ്ങല പൊട്ടിച്ചെറിയണം.

എന്നാലും ഈ വിഭാഗത്തിന്‍റെ ഒരു പുച്ഛ മനോഭാവം! കണ്ണടച്ച് ഇരുട്ടാക്കുന്നു. സത്യം സ്വീകരിക്കാനുള്ള വൈമനസ്യം അപാരം തന്നെ..!! എന്തിനിവര്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു. സത്യം വെളിവാകുമ്പോള്‍ മാന്യമായ ഒരു സമീപനം കൈകൊള്ളാതിരിക്കാന്‍ മാത്രം വെറുപ്പോ? ആവശ്യമില്ലാത്ത കുറെ ചോദ്യങ്ങള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ പൊങ്ങിവന്നു.

മനസ്സുനിറയെ നബിതന്നെ, ജീവിതകാലം മുഴുവനും ഇത്രയും സാഹസികത അനുഭവിച്ചത് എന്തിനാണോ അത് ഒരു വിളിപ്പാടകലെ എത്തിനില്‍ക്കുന്നു. എന്‍റെ മനസ്സ് പ്രകാശപൂരിതമാക്കണം. ഒന്നു കാണണം. മൗസിലിലെ ഗുരു പറഞ്ഞ ഗുണങ്ങള്‍ പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കണം. മനസ്സുറച്ചു പക്ഷേ, തന്നെ അധീനപ്പെടുത്തിയ ചങ്ങലകള്‍? 

ഇനി കാര്യം കുറേകൂടി ഗൗരവത്തിലാകും. എരിതീയിലേക്ക് എണ്ണ ഒഴിക്കും പോലെയായിരിക്കും തന്‍റെ സത്യാന്വേഷണദാഹം യജമാനന്‍ അറിഞ്ഞാല്‍. അതുകൊണ്ട് വളരെ സൂക്ഷിക്കണം. സൂക്ഷ്മതയോടെ കരുക്കള്‍ നീക്കണം. ബന്ധത്തിന്‍റെ അതിര്‍വരമ്പ് ലംഘിക്കണം. മരിക്കുന്നതിന്‍റെ മുമ്പ് ഒരു നോക്കെങ്കിലും... തീരാത്ത ദാഹമുള്ള ഒരു മനുഷ്യന്‍റെ മാനസികാവസ്ഥ.

താന്‍ കാത്തിരുന്ന ദിവസം ഇതാ ഇന്നു തന്നെയാവട്ടെ. യജമാനനും കുടുംബങ്ങളും നിദ്രയുടെ ആഴിയില്‍ ഊളിയിട്ടിരിക്കുന്നു. ഇതു തന്നെ അനുകൂല സാഹചര്യം. സല്‍മാന് ഉറങ്ങാനുള്ള സമയമല്ല. എങ്ങിനെയെങ്കിലും അതിസാഹസികമായി തന്നെ നിരോധിത മേഖല കടക്കാന്‍ അദ്ദേഹം ഉറപ്പിച്ചു. അല്‍പം കാരക്കയുമെടുത്ത് നിശബ്ദനായി നടന്നു. ആരും കാണുന്നില്ല എന്ന്‍ ഒന്നുകൂടി ഉറപ്പുവരുത്തി. വലിഞ്ഞു നടന്നു...

തനിക്ക് വെളിച്ചം കാട്ടുന്ന ചന്ദ്രനെ ഒന്നുനോക്കി നീലാകാശത്ത് മേഘക്കീറുകള്‍ക്കിടയില്‍ സുന്ദരിയായ മണവാട്ടിയെപ്പോലെ അത് തന്നെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നി. നടന്നു നടന്ന് ‘ഖുബാഇ’ലെത്തി അവിടെയാണ് നബി ﷺ താമസിക്കുന്നത്.

തന്‍റെ ചിരകാലാഭിലാഷം, താന്‍ കാലങ്ങളായി മനസ്സിനകത്ത് താലോലിച്ച മോഹന സ്വപ്നം സാക്ഷാത്കരിക്കുന്ന സുന്ദര മുഹൂര്‍ത്തം...

സല്‍മാൻ ആ മുഖത്തൊന്നു നോക്കി, പിന്നെ ചന്ദ്രനേയും ഹാ എന്തൊരു ചന്തം, എന്തൊരു പ്രഭ..!! ഈ പ്രഭയാല്‍ ചന്ദ്രന്‍ പോലും മങ്ങുന്നു. ഈ പൂമേനിയെ ശരിയാവണ്ണം ഒന്നു തിരിച്ചറിയണം.

അമൂരിയ്യായിലെ ഗുരു പറഞ്ഞ ലക്ഷണങ്ങളിലൊന്ന് പുറത്തെടുത്തു. ‘സ്വദഖ’ ഭക്ഷിക്കില്ല, ഇവിടെ തന്നെ തുടങ്ങാം. കയ്യില്‍ സൂക്ഷിച്ചിരുന്ന കാരക്ക നബിﷺയുടെ നേരെ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു; ഇത് സ്വദഖയാണ്, ഇത് നല്‍കാന്‍ അങ്ങയെയാണ് ഏറ്റവും യോഗ്യനായി ഞാന്‍ കാണുന്നത്. ഇത് സ്വീകരിച്ചാലും... 

നബിﷺയുടെ പാലൊളി പ്രഭയുള്ള മുഖം സന്തോഷം കൊണ്ട് തുടുത്തു. അത് സ്വീകരിച്ച് അനുചരന്മാര്‍ക്ക് നല്‍കി. അല്‍പം പോലും നബി ﷺ ഭക്ഷിച്ചില്ല. അയാള്‍ മന്ത്രിച്ചു. ഇതുതന്നെയാണ് ഒന്നാമത്തേത്. ഇനി രണ്ടെണ്ണം കൂടി കാണാനുണ്ട്.

അധിക നേരം അവിടെ തങ്ങാന്‍ സമയമുണ്ടായിരുന്നില്ല. വൈകാതെ തിരിച്ചെത്തണം. യജമാനന്‍ അറിയരുത്. വേഗം തിരിച്ചു നടന്നു. സത്യപ്രവാചകനെ വാസ്തവമാക്കിക്കൊണ്ട് മറ്റൊരു അവസരത്തിനായി കാത്തിരുന്നു. എങ്കിലും ജീവിതത്തിലാദ്യമായി ലക്ഷ്യം സഫലീകരിച്ചതില്‍ അല്ലാഹു ﷻ വിനെ സ്തുതിച്ചു...

ഒരാളും കാണാത്ത ആ സന്ദര്‍ശനം കഴിഞ്ഞു സല്‍മാന്‍ സാധാരണ കിടക്കുന്ന സ്ഥലത്തു തന്നെ വന്നു കിടന്നു. ആരും കണ്ടിട്ടില്ല. സമാധാനം തന്നെ. കാലങ്ങള്‍ വീണ്ടും നീങ്ങി. മനസ്സ് നിറയെ ആനന്ദവുമായി തന്നിലര്‍പ്പിതമായ ജോലി തുടര്‍ന്നുകൊണ്ടിരുന്നു.

മറ്റൊരിക്കല്‍ കൂടി നബിﷺയെ കാണണമെന്നുള്ള അടങ്ങാത്ത ആഗ്രഹം മുളവന്നു വളര്‍ന്നുപന്തലിച്ചു. അവസരം കിട്ടിയപ്പോള്‍ ഒരു പൊതി കാരക്കയുമായി തുരുസന്നിധിയിലെത്തി. കാരക്ക നീട്ടിക്കൊണ്ടദ്ദേഹം പറഞ്ഞു; അങ്ങ് ‘സ്വദഖ’ ഭക്ഷിക്കുകയില്ല എന്ന് എനിക്കറിയാം. ഇത് അങ്ങയോടുള്ള സ്നേഹം കൊണ്ട് കൊണ്ടുവന്ന ‘ഹദ്യ്യ’യാണ്, അതുകൊണ്ട് സ്വീകരിച്ചാലും...

നബി ﷺ സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. എല്ലാവരും കൂടി ഭക്ഷിച്ചു. സല്‍മാന്‍റെ അകതാരിലെ സന്തോഷം തിരതല്ലി. ഓളങ്ങള്‍ നയനങ്ങളിലൂടെ പുറത്തുചാടി. ഉടനെ തിരിച്ചു നടന്നു. നാഥാ രണ്ടെണ്ണം വിജയിച്ചിരിക്കുന്നു.

തന്‍റെ ഗുരു പറഞ്ഞ പ്രവാചകന്‍ ഇത് തന്നെയാണ്. ഇനി ഒന്നുകൂടിയേയുള്ളൂ. താന്‍ ആര്‍ക്കുവേണ്ടിയാണോ വഴിമാറികൊടുക്കുന്നത് എന്ന്‍ യേശു പറഞ്ഞ ആ ഗുരുവന്ദ്യര്‍ ഇതുതന്നെയാണ്. നിസ്സംശയം അദ്ദേഹം തന്നെയാണ് ആ മഹാന്‍. മനുഷ്യമനസ്സിനെ സംസ്കരിക്കാന്‍ വന്ന ലോകഗുരു. അദ്ദേഹവുമായി സന്ധിക്കാന്‍ കഴിഞ്ഞതു തന്നെ ഒരു ഭാഗ്യമായി കരുതി.

കുല്‍സുമുബിന്‍ ഹിന്‍ദിന്‍റെ (ഹിജ്റയുടെ ശേഷം ആദ്യമായി മരണപ്പെട്ട സ്വഹാബി, ഇദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു നബി ﷺ ആദ്യകാലത്ത് താമസിച്ചിരുന്നത്). മയ്യിത്ത് നിസ്കാരത്തിന് ജന്നത്തുല്‍ ബഖീഇല്‍ നബി ﷺ നേതൃത്വം നല്‍കുമ്പോള്‍ ഒരു യുവാവ് ഓടിവന്നു. അദ്ദേഹം നബിﷺക്കു ചുറ്റും നടന്നു. നബിﷺയുടെ ചുമലിലേക്കു നോക്കി. റസൂല്‍ ﷺ ക്ക് കാര്യം മനസ്സിലായി...

ചുമലില്‍ നിന്ന്‍ തട്ടം എടുത്ത് നബി ﷺ അല്‍പം താഴ്ന്നു കൊടുത്തു. ആ യുവാവ് അതു കണ്ട് അത്ഭുതപ്പെട്ടു. ചുമലില്‍ പ്രവാചകത്വത്തിന്‍റെ മുദ്ര തെളിഞ്ഞുകാണുന്നു. അദ്ദേഹം അത്യുച്ചത്തില്‍ ഉരുവിട്ടു. അശ്ഹദു...

ആ യുവാവ് നമ്മുടെ കഥാനായകനായ സല്‍മാനുല്‍ ഫാരിസി (റ) അല്ലാതെ മറ്റാരുമായിരുന്നില്ല...

തന്‍റെ ഗുരുവിന്‍റെ പ്രവചനം ശരിയായിരിക്കുന്നു. എല്ലാ പരീക്ഷണങ്ങളും നേര്‍രേഖയിലൂടെ തന്നെ നീങ്ങി. അദ്ദേഹം അന്ത്യ റസൂലാണെന്ന് നിസ്സംശയം തെളിഞ്ഞിരിക്കുന്നു. പിന്നെ സംശയമുണ്ടായില്ല. ഇസ്ലാമിന്‍റെ മുദ്രാവാക്യം അത്യുച്ചത്തില്‍ മുഴക്കിക്കൊണ്ട് മുസ്ലിമായി...

ഇസ്ഫഹാന്‍ മുതല്‍ സത്യം തേടി പുറപ്പെട്ട് തന്‍റെ അതി സാഹസികതയും, കാതങ്ങള്‍ പിന്നിട്ട് ഭൂഖണ്ഡങ്ങള്‍ മുറിച്ച് കടന്നതുമായ, പൂര്‍വകഥകള്‍ നബിﷺക്ക് വിവരിച്ചു കൊടുത്തു. 

പരിശുദ്ധ പ്രവാചകര്‍ ﷺ അതുകേട്ട് സന്തുഷ്ടനായി ചിരിച്ചു. സല്‍മാന്‍(റ)വിന്‍റെ ജീവിത കഥ അനുചരന്മാര്‍ക്ക് വിവരിച്ചു കൊടുത്തു...



സല്‍മാന്‍ (റ) സന്തുഷ്ടനായി. ഏറെക്കാലമായി ഉള്ളിലൊതുക്കിയിരുന്ന ആഗ്രഹം സഫലീകരിച്ചിരിക്കുന്നു. തന്‍റെ ആത്മാവിന് ഓജസ് ലഭിച്ചിരിക്കുന്നു. നബിﷺയുമായി കണ്ടുമുട്ടുകയെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു...

പ്രയാസങ്ങളേറെ തരണം ചെയ്താണെങ്കിലും വിജയത്തിന്‍റെ രത്നക്കല്ല് പാകിയ വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു. തന്‍റെ തെളിമാനത്ത്‌ വെളിച്ചം പകര്‍ന്നിരിക്കുന്നു. ഇന്ന്‍ ആരേക്കാളും ഭാഗ്യവാനായ ഒരാളാണ് താനെന്ന്‍ സല്‍മാന്‍(റ)വിന് തോന്നി.

പകലന്തിയോളം ദാസ്യവേല ചെയ്ത് യജമാനനെ തൃപ്തിപ്പെടുത്തി രാത്രി ആരാധനാ നിമഗ്നനായ് കഴിച്ചുകൂട്ടുന്ന അദ്ദേഹം അനുകൂലമായ സന്ദര്‍ഭത്തില്‍ തിരുസദസ്സിലെത്തി ആത്മനിര്‍വൃതി കൊള്ളും. അധികം വൈകാതെ തിരിച്ചുപോകും. പിന്നെ പിന്നെ ഇതൊരു പതിവായി.

 കട്ട പിടിച്ച ഇരുട്ടിന്‍റെ മറ നീക്കി ആരാരുമറിയാതെ ആ ത്യാഗീവര്യന്‍ ശരംകണക്കെ പായും. പകല്‍ മുഴുവന്‍ ജോലികൊണ്ടും രാത്രികളില്‍ ആരാധനകളും നബിസദസ്സുകളെക്കൊണ്ടും സല്‍മാന്‍ (റ) സജീവമാക്കി. ക്ഷീണം മാനസികോല്ലാസത്തിനു വഴിമാറി. തിരുനബിﷺയുടെ സാമീപ്യം കൊണ്ട് ക്ഷീണം അനുഭവപ്പെട്ടില്ല. ഭക്ഷണത്തിലും നിഷ്ക്കര്‍ഷത കാണിക്കാന്‍ കഴിഞ്ഞില്ല.

കണിശമായും ജോലി നിര്‍വ്വഹിക്കുന്ന സല്‍മാനില്‍ (റ) സംശയത്തിന്‍റെ വിത്ത് പാകാനിടമുള്ളതായി യജമാനന്‍ കണ്ടില്ല. ദൃഡചിത്തതയോടെ ജോലി നിര്‍വ്വഹിച്ചു. എപ്പോഴും തിരുനബിﷺയുടെ സദസ്സായിരുന്നു മനസ്സു മുഴുവന്‍ നിറഞ്ഞുനിന്നിരുന്നത്.

ഇതിനിടെ ഇസ്‌ലാം ചരിത്രാധ്യായത്തിലെ ഐതിഹാസികമായ രണ്ടു സമരങ്ങള്‍ നടന്നു. ശത്രുക്കളുടെ നേതാക്കള്‍ പലരും മൃത്യ വരിച്ചു. അംഗബലം കുറവ്, സാമ്പത്തിക ബലഹീനത, ആയുധങ്ങളുടെ അപര്യാപ്തത എന്നിവ മാര്‍ഗ്ഗതടസ്സമായിരുന്നിട്ടും ഇസ്ലാമിന്‍റെ അന്തസ്സ് നിലനിര്‍ത്താനും അടിത്തറ ഇളകാതിരിക്കാനും വിശ്വാസികളായ കര്‍മ്മധീരര്‍ ദൃഡമനസ്സോടെ സുധീരം പോരാടി. ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഉയര്‍ന്ന കരങ്ങള്‍ വെട്ടിവീഴ്ത്തപ്പെട്ടു. യുദ്ധഫലം എന്തായാലും വിജയം പ്രതീക്ഷിച്ച് ധീരമുജാഹിദുകള്‍ ദീനിന്‍റെ പക്ഷത്തും ശത്രുക്കള്‍ മറുപക്ഷത്തും, വാളുകളുടെ പൊട്ടിച്ചിരി പരിസരങ്ങളില്‍ പ്രകാശം പരത്തി. പരിചയുടെ ജില്‍ ജില്‍ ശബ്ദം, കുതിരകുളമ്പടി, ആര്‍ത്തനാദം, അട്ടഹാസം, അല്ലാഹു അക്ബര്‍ എന്ന അമധ്വനി ദിഗന്തങ്ങളില്‍ അലച്ചു. ബദറില്‍ മുസ്‌ലിംകള്‍ വെന്നിക്കൊടി കാട്ടി. ഉഹ്ദില്‍ നേരിയ പരാജയമായിരുന്നു.

ഇസ്‌ലാം നിലനില്‍പ്പിന്‍റെ ധര്‍മ്മസമരത്തില്‍ യുവാക്കള്‍ എല്ലാം മറന്നു പോരാടി. ശത്രു വിറച്ചു. ധീരമുജാഹിദുകളേയും രക്തസാക്ഷികളേയും ഖുര്‍ആന്‍ പുകഴ്ത്തി. അവര്‍ ധന്യരായി. അവരുടെ പ്രതിഫലങ്ങള്‍ വെളിവാക്കപ്പെട്ടു.

സല്‍മാൻ (റ) ദുഃഖിതനാണ്, ധര്‍മ്മവും അധര്‍മ്മവും, നീതിയും അനീതിയും തമ്മിലുരസിയപ്പോള്‍ വിശ്വാസിയായ തന്നുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം കിട്ടിയില്ലല്ലോ. എന്തൊരു നിര്‍ഭാഗ്യവാന്‍. എങ്ങനെയെങ്കിലും ഈ അടിമച്ചങ്ങല പൊട്ടിച്ചൊന്ന്‍ സ്വതന്ത്രവായു ശ്വസിക്കാന്‍ ആ ശുദ്ധമനസ്കന്‍ കൊതിച്ചു. 

പക്ഷേ, മോചനം എത്ര അകലെ, ആരെങ്കിലും മോചിപ്പിച്ചെങ്കില്‍... അങ്ങനെയും മോഹിച്ചു... വെറുതെ മോഹിക്കാന്‍ മാത്രമേ കഴിയൂ, അല്ലാതെ മോചനപത്രം എഴുതാന്‍ പണമെവിടെ..?


ഒരു ദിവസം രാത്രിയില്‍ നബിﷺയോടൊപ്പം ഇരിക്കുമ്പോള്‍ തിരുദൂതര്‍ ﷺ പറഞ്ഞു; സല്‍മാന്‍ മോചനം എഴുതൂ. എഴുതാമായിരുന്നു പക്ഷേ, മോചനദ്രവ്യം..? എങ്കിലും തിരുവാക്യമല്ലെ. എന്തെങ്കിലും കഴമ്പുണ്ടാകാതിരിക്കില്ല. സ്വാതന്ത്ര്യത്തിന്‍റെ നാളുകള്‍ സ്വപ്നം കണ്ടു - മനസ്സു തുള്ളി - തന്‍റെ മനസ്സറകളില്‍ നിന്നും ഒരായിരം കിളികള്‍ വിഹായസ്സിലേക്ക് പറക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി. കൂട് തുറന്നു വിട്ട കിളികളെപ്പോലെ... 

അങ്ങനെ മോചനപത്രം എഴുതി. യജമാനന്‍റെ നല്ല സമയത്തിനുവേണ്ടി കാത്തിരുന്നു. അനുയോജ്യമായ ഒരു സമയത്ത് അദ്ദേഹം യജമാനന്‍റെ അടുത്ത് ചെന്ന്‍ പറഞ്ഞു; പ്രഭോ, എനിക്ക് മോചനം സാധ്യമാണോ? സ്വതന്ത്ര്യമായി ജീവിക്കാന്‍ എന്‍റെ മനസ്സ് വെമ്പുന്നു. നിരപാധികമല്ലെങ്കില്‍ ഞാനെന്താണ് നല്‍കേണ്ടതെന്ന് അറിയിച്ചാലും.

ഒരു യന്ത്ര മനുഷ്യനെപ്പോലെ കണിശമായി കാര്യങ്ങള്‍ നീക്കുന്ന സല്‍മാനെ അങ്ങനെ വിടുന്ന ഭാവമല്ലായിരുന്നു ആ ജൂത പ്രമാണിക്ക്. മോചനയപേക്ഷ തള്ളപ്പെട്ടു. സല്‍മാന്‍ (റ) വീണ്ടും അപേക്ഷിച്ചു. അവസാനം സല്‍മാൻ (റ) വിന് അസാധ്യമായ മോചന ദ്രവ്യമാണ്‌ ജൂതന്‍ ആവശ്യപ്പെട്ടത്. മുന്നൂറ് ഈത്തപ്പനകളുള്ള തോട്ടവും നാല്‍പത് ഊഖിയ (ഒരു ഊഖിയ ഒന്നര റാത്തല്‍) സ്വര്‍ണ്ണവും. സല്‍മാൻ(റ)വിന്റെ മനസ്സില്‍ ഒരിടിത്തീ മുഴങ്ങി. ഇത്രയും വലിയ സംഖ്യ താനെങ്ങനെ നല്‍കും..?

സല്‍മാന്‍ (റ) തിരുസന്നിധിയിലെത്തി കാര്യം നബി ﷺ യെ മടിച്ചുകൊണ്ടാണെങ്കിലും ധരിപ്പിച്ചു. ആ കരാര്‍ ഉറപ്പിക്കാനായിരുന്നു അവിടുത്തെ കല്‍പ്പന.

മുസ്‌ലിം സമൂഹത്തിന്‍റെ കെട്ടുറപ്പും ഐക്യബോധവും സഹകരണമനോഭാവവും സല്‍മാൻ (റ) ഉള്ളില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ ഒളിമിന്നി. 

നബിﷺയും അനുചരന്മാരും നാടും വീടും വിട്ട് യസ്രിബി(മദീന)ലെത്തിയപ്പോള്‍ സ്വന്തം കാര്യങ്ങള്‍ മറന്നു. തങ്ങളുടെ സഹോദരന്മാരെ ഉള്ളഴിഞ്ഞു സഹായിച്ചവരാണ് മദീനക്കാര്‍. അവര്‍ വിരിപ്പും താമസിക്കാന്‍ വീടും നല്‍കി. ഭക്ഷണം നല്‍കി, പെണ്‍കുട്ടികളെ അവര്‍ക്ക് ഇണകളാക്കി കൊടുത്തു. ലോകചരിത്രത്തില്‍ സമാനതയില്ലാത്ത സഹകരണമനോഭാവം! നീളുന്ന സഹായഹസ്തങ്ങള്‍..!!

നബി ﷺ സഹാബത്തിനോട് പറഞ്ഞു; 'അഈനു അഖാഖും' (നിങ്ങളുടെ സഹോദരനെ സഹായിക്കൂ) മുന്നൂറ് തൈകളും അത് നടാനുള്ള സ്ഥലവും നാല്‍പ്പത് ഊഖിയ സ്വര്‍ണ്ണവും സഹാബിമാരുടെ കണ്ണിലുണ്ണിയും പ്രവാചകന്‍റെ ഇഷ്ടതോഴനുമായ ആ വേദന അനുഭവിക്കുന്ന പണ്ഡിതനെ സഹായിക്കാന്‍ ജനം ആവശത്തോടെ നീങ്ങി. സഹായങ്ങള്‍ ഒഴുകി. പരിധിയില്‍ പെട്ടിടത്തോളം സഹായിച്ചു. നിമിഷങ്ങള്‍ക്കകം തൈകളും ഇടവും സജീവമായി.

തൈകള്‍ നടാനുള്ള കുഴി ശരിപ്പെടുത്താന്‍ നബി ﷺ ആജ്ഞാപിച്ചു. സല്‍മാന്‍ പിക്കാസെടുത്ത് കൊത്തി. മൃദുലഹൃദയനായ ആ ത്യാഗീവര്യന്‍റെ സ്വാതന്ത്ര്യം മോഹിച്ച ഭൂമി പിക്കാസിനു വേണ്ടി വേഗം കുഴിയായി. കണ്ടു നിന്ന സ്വഹാബികള്‍ തങ്ങളുടെ സഹോദരനെ സഹായിക്കാന്‍ മത്സരമായി...

മണിക്കൂറുകള്‍ കൊണ്ട് മുന്നൂറു കഴികള്‍ ശരിയായി. സ്വഹാബികള്‍ തൈകള്‍ എടുത്തു കൊടുത്തു. നബി ﷺ തൃക്കരങ്ങള്‍ കൊണ്ട് ഒന്നൊഴികെ എല്ലാം നാട്ടു. ഒന്നു സല്‍മാനും. സന്തോഷത്തോടെ അന്നവര്‍ പിരിഞ്ഞു.

സാധാരണഗതിയില്‍ തൈകള്‍ വളര്‍ന്നു പുഷ്പിക്കാന്‍ കാലങ്ങളെടുക്കും. അപ്പോഴേക്കും വാഗ്ദത്ത സ്വര്‍ണ്ണവും നല്‍കാമല്ലോ. അതായിരുന്നു അവരുടെ കണക്കുകൂട്ടല്‍. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. കാലത്ത് കൃഷിയിടം സന്ദര്‍ശിച്ചവര്‍ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു. വളര്‍ന്നു പന്തലിച്ച ഈത്തപ്പനത്തോട്ടം. തരിശുഭൂമി ഒരു വന്‍ തോട്ടമായിരിക്കുന്നു. അടിച്ചു വീശുന്ന കാറ്റില്‍ അതിന്‍റെ പട്ടകള്‍ ഇളകിയാടി. മന്ദമാരുതന്‍റെ തഴുകലില്‍ അവ ഇക്കിളിപ്പെട്ടു. അവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. എങ്കിലും അതിലത്ഭുതമില്ല, അതിലും വലിയ അത്ഭുതസിദ്ധികള്‍ മുന്‍കഴിഞ്ഞ പ്രവാചകന്മാരില്‍ നിന്നന്നെ പോലെ നബി ﷺ യില്‍ നിന്നും അവര്‍ കണ്ടതാണ്. ഒരു ഗ്ലാസ് പാല്‍ കൊണ്ട് ഒരു കൂട്ടം വയര്‍ നിറച്ചതും, വൃക്ഷങ്ങള്‍ സലാം പറഞ്ഞതും, ചന്ദ്രനെ പിളര്‍പ്പാക്കിയതും അങ്ങനെ എത്രയെത്ര അത്ഭുതക്രിയകള്‍...

ഒരു തൈമാത്രം വാടിനില്‍ക്കുന്നു. അത് സല്‍മാനായിരുന്നു (റ) നട്ടിരുന്നത്. കൂട്ടുകാര്‍ സല്‍മാനെ (റ) കളിയാക്കി. വല്ലാത്തൊരു കൈ. സല്‍മാന് (റ) ലജ്ജ തോന്നി... 

വിവരം നബി ﷺ അറിഞ്ഞു. സുസ്മേരവദനായി നബി ﷺ തോട്ടം സന്ദര്‍ശിച്ചു. ആ കോമളമുഖത്ത് പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചു. നബി ﷺ ആ തൈ പിടിച്ചു കുലുക്കി. അത്ഭുതം പൊടുന്നനെ അത് വളര്‍ന്നുപൊങ്ങി. കൂടി നിന്നവര്‍ ആനന്ദനൃത്തം ചവിട്ടി. അവര്‍ അല്ലാഹു ﷻ വിനെ സ്തുതിച്ചു...



മോചന കരാര്‍ എഴുതിയതില്‍ ആ ജൂതപ്രമാണി തൃപ്തനല്ല. ഇതുപോലൊരു അടിമയെ എവിടെനിന്നു കിട്ടാന്‍? തികഞ്ഞ ആത്മാര്‍ത്ഥയോടെയും, അതീവ വിശ്വസ്ഥതയോടെയും കണിശമായും ജോലി തീര്‍ക്കുന്ന അടിമ. പക്ഷേ, ഇത്രയും ഭാരിച്ച തുക നല്‍കിക്കൊണ്ട് തന്നെ മോചിപ്പിക്കാന്‍ ആ പേര്‍ഷ്യക്കാരനായ അടിമക്ക് സാധിക്കുകയില്ല എന്ന സത്യം അദ്ദേഹത്തിന് സമാശ്വാസമേകി, എന്നും ബന്ധനത്തിന്‍റെ അടിമച്ചങ്ങലയില്‍ കുരുക്കിയിടാമെന്നയാള്‍ വ്യാമോഹിച്ചു.

പിറ്റേ ദിവസം സല്‍മാന്‍ (റ) പറഞ്ഞു; പ്രഭോ, തോട്ടം ശരിയായിരിക്കുന്നു. കായ്ക്കാറായ മുന്നൂറ് ഈത്തപ്പനകള്‍, അത് സ്വീകരിച്ചെന്‍റെ മോചനം യാഥാര്‍ത്ഥ്യമാക്കിയാലും. ജൂതന്‍ ഞെട്ടി. എന്ത്..? ഇത്ര പെട്ടെന്ന്‍ എവിടെ നിന്ന്‍ കിട്ടി തോട്ടം! എന്നെ പരിഹസിക്കുകയാണോ..?!

സല്‍മാന്‍ (റ) സംഭവങ്ങള്‍ വിവരിച്ചു. വരൂ കാണിച്ചു തരാം. ജൂതന്‍ നടന്നു, തനിക്ക് കിട്ടാന്‍ പോകുന്ന അമൂല്യ സ്വത്ത് അദ്ദേഹത്തിന്‍റെ മനസ്സില്‍ കിടന്ന്‍ കളിയാടി. അത്ഭുതകൃത്യം നേരില്‍ കാണാന്‍... ഇതാ അനുഭവസമ്പത്തുള്ള ആ മുഖം പ്രകാശിച്ചു. ദന്തഗോപുരം തിളങ്ങി. മുത്തിനേക്കാള്‍ ശോഭയോടെ...

ജൂതന്‍ അത്ഭുതപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇതിലെ പോയപ്പോള്‍ വരണ്ടു വിറങ്ങലിച്ച തരിശു ഭൂമി ഇന്നിതാ തോട്ടമായി നില്‍ക്കുന്നു. കണ്ണുകള്‍ തിരുമ്മി വീണ്ടും നോക്കി. ശരിയാണ് സ്വപ്നമല്ല യാഥാര്‍ത്ഥ്യം തന്നെ. അവിടെവെച്ചു തന്നെ അയാളത് സ്വീകരിച്ചു.

ഇനി നാല്‍പത് ഊഖിയ സ്വര്‍ണ്ണം ഏക കടമ്പ. അതും ശരിയാകും. സല്‍മാൻ (റ) വിന് പ്രതീക്ഷ, എന്നും സല്‍മാന്‍ (റ) തിരുസന്നിധിയിലെത്തും. തിരുമൊഴികള്‍ കേള്‍ക്കും തന്‍റെ അകതാരില്‍ വിലപ്പെട്ട നിധിയായി സൂക്ഷിക്കും. വീണ്ടും തന്‍റെ ജോലിയില്‍ വ്യാപൃതനാകും.

ഒരു ദിവസം ഒരു സ്വര്‍ണ്ണപ്പൊതി ഒരു സ്വഹാബി ഹദിയ നല്‍കി. നബി ﷺ ആ പേര്‍ഷ്യക്കാരനെ ആളയച്ചു വരുത്തി. പ്രതീക്ഷയുടെ ഹിമാലയവും പേറി സല്‍മാനെത്തി (റ). ഇതാ സല്‍മാന്‍ ഇത് സ്വീകരിക്കൂ 40 ഊഖിയ സ്വര്‍ണ്ണം - ജൂതന് കൊടുത്തേക്കൂ. പക്ഷേ, സല്‍മാന് സംശയം നബിയേ (ﷺ) ഇത് തികയുമോ..? നിങ്ങള്‍ ഇത് കൊടുത്തേക്കൂ. അതു കൊണ്ടു തന്നെ നിങ്ങളുടെ കടം അല്ലാഹു ﷻ വീട്ടും.

സല്‍മാന്‍ (റ) തൂക്കി നോക്കി. നാല്‍പത് ഊഖിയ സ്വര്‍ണ്ണം (അതായത് നാല്പത് വെള്ളിനാണയം അടങ്ങിയ നാല്പത് കിഴികള്‍) തികച്ചുമുണ്ട്. സന്തോഷത്തിന്‍റെ തിരകള്‍ സദാഹൃദയതീരത്ത് അടിച്ചു വീശി. നാല്‍പത് ഊഖിയ യജമാനന് കൊടുത്തു. അടിമ പോകുന്നതിലുള്ള ദുഃഖം ഭീമമായ സമ്പത്ത് കഴുകിക്കളഞ്ഞു.

ദുഃഖങ്ങളും പ്രയാസങ്ങളും പേറി ദശാബ്ദങ്ങളായി പരീക്ഷണങ്ങളുടെ പാതയിലൂടെ പ്രയാണം ചെയ്തു. അവസാനം മോചനത്തിന്‍റെ തെളിനീര്‍ക്കയത്തില്‍ ചെന്നവസാനിച്ചു. അതില്‍ കൈകാലിട്ടടിച്ചു നീങ്ങി. ഈയൊരു ലക്ഷ്യത്തിനായി ഇസ്ഫഹാനിലെ സുഖഭോഖങ്ങള്‍ ത്യജിച്ചു ഒളിച്ചോടിയ ആ യുവകോമളന്‍ എത്രയെത്ര കൈപ്പേറിയ അനുഭവങ്ങള്‍ അയവിറക്കി! അനുഭവിച്ചു!! ഏത് പ്രതിസന്ധികള്‍ നേരിടുമ്പോഴും ദൃഡചിത്തത അദ്ദേഹത്തിന്‍റെ കൈമുതലായിരുന്നു. പ്രകാശഉറവിടം തേടി പുറപ്പെട്ടെങ്കിലും ആദ്യമെത്തിയത്‌ ഇരുട്ടിന്‍റെ തടവറയില്‍. പിന്നെ അടിമത്വത്തിന്‍റെ കാലിത്തൊഴുത്തില്‍. പ്രതീക്ഷകളെ തകിടം മറച്ചു കൊണ്ട് തന്നെ സ്വഗതം ചെയ്തത് കൈകാലുകളിലെ ഇരുമ്പുചങ്ങലകള്‍.

മൃഗീയമായ ശാരീരികപീഡനങ്ങളേല്‍ക്കുമ്പോഴും ആത്മാവ് ചൈതന്യത്തിന്‍റെ വിഹായസ്സില്‍ പറന്നു കളിച്ചു. ആത്മാവിനെ അടിമപ്പെടുത്താതെ ഭൗതിക ജഡം കൊണ്ട് എന്തു കാര്യം? ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ എത്രയെത്ര കറുത്ത അദ്ധ്യായങ്ങള്‍ രചിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നിതാ വീണ്ടും സ്വതന്ത്രനായിരിക്കുന്നു. ആത്മാവും ശരീരവും തന്‍റെ മോഹക്കനി ആര്‍ത്തിയോടെ വിഴുങ്ങി. ആത്മനിര്‍വൃതിയാല്‍ ധന്യനായി...

മോചനദ്രവ്യം നല്‍കിയതോടെ തന്നെ തടഞ്ഞുനിര്‍ത്തിയിരുന്ന അതിര്‍വരമ്പുകള്‍ തട്ടിതകര്‍ക്കപ്പെട്ടു. കൈകാലുകളിലെ ചങ്ങലകള്‍ ഊരിവീണു. ആയിരം ചിറകുകളുള്ള പക്ഷിയെപ്പോലെ പ്രപഞ്ചത്തിലാകെ പാറിനടക്കാന്‍ മോഹമുണ്ടായി. മോചനദ്രവ്യങ്ങളായ തോട്ടത്തിന് സല്‍മാന്‍റെ (റ) സ്വാതന്ത്ര്യത്തില്‍ സന്തോഷം അവ പനയോലകളാട്ടി സ്വാഗതമോതി. പക്ഷികള്‍ ചിറകിട്ടടിച്ചു ചിറകുകളെക്കൊണ്ട് താളം പിടിച്ചു. കുരുവികള്‍ രാഗമാലപിച്ചു. സഹാബത്തും നബിﷺയും ആത്മാര്‍ത്ഥമായി സന്തോഷിച്ചു. എല്ലാ മുഖവും പ്രസന്നമായി സല്‍മാന്‍റെ (റ) നേരെ ലോകജേതാവിനെപ്പോലെ തലയുയര്‍ത്തി.

അപ്പോഴും തന്നെ മോചിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി സഹായിച്ച സുഹൃത്തുക്കള്‍ക്കുവേണ്ടി മനസാ പ്രാര്‍ത്ഥിക്കുകയായിരുന്നു. അല്ലാഹു ﷻ വിന് സ്തുതിയര്‍പ്പിച്ച് ഇനിയുള്ള കാലം തിരു സാമീപ്യം കൊണ്ട് ധന്യനാകാമല്ലോ. ഭൂതകാല ചരിത്രങ്ങള്‍ വെറും സ്വപ്നങ്ങളായി അദ്ദേഹത്തിന് തോന്നി. ഓരോരുത്തരായി സന്തോഷം പങ്കിട്ടു. ചിലര്‍ വാരിപ്പുണര്‍ന്നു. ആവേശത്താല്‍ സല്‍മാന്‍ (റ) സന്തോഷാശ്രു പൊഴിച്ചു.

ജീവിതത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ശ്രമിച്ച ജനം യാഥാര്‍ത്ഥ്യം കണ്ടെത്തി. അവസാനം ഇസ്ലാമിലാണവര്‍ എത്തിപ്പെട്ടത്. മദീനയാകെ ഇസ്ലാമിന്‍റെ കൊടിക്കീഴില്‍ അണിനിരക്കുകയാണ്. ഇസ്ലാമിന്‍റെ കിരണങ്ങള്‍ അതിര്‍ത്തികടന്ന് വിദേശങ്ങളിലും പതിച്ചു. ശത്രുക്കള്‍ വ്യാകുലചിത്തരായി. നാടുകടത്തിയാല്‍ ശക്തികുറയുമെന്ന് ധരിച്ച ഖുറൈശികള്‍ ഇസ്‌ലാം പൂര്‍വ്വോപരി ശക്തി പ്രാപിക്കുന്നതു കണ്ട് ഇളിഭ്യരായി.

മദീനയിലെ പ്രബലരായി മൂന്ന്‍ ഗോത്രങ്ങള്‍ പുറം പൂച്ച് സ്നേഹം പ്രകടിപ്പിച്ചിരുന്നെങ്കിലും തികഞ്ഞ വൈരാഗ്യം വെച്ചു പുലര്‍ത്തി. നാടിന്‍റെ പൊതുവായ താല്‍പര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും പൊതുശത്രുവിനെ ഒന്നിച്ചു നേരിടാമെന്നും അവര്‍ നബി ﷺ യുമായി സന്ധി ചെയ്തിരുന്നു. നബിﷺയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘ്നം സൃഷ്ടിക്കുകയില്ലെന്നും അവര്‍ കരാര്‍ ചെയ്തിരുന്നു.

പക്ഷേ, വഞ്ചനയുടെ ചരിത്രം മാത്രമറിയുന്ന ജൂതരിലെ ബനൂനുളൈര്‍ ഗോത്രം തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അവസരം കിട്ടിയാല്‍ തുറന്ന ഒരു സമരത്തിന് അവര്‍ സന്നദ്ധരായിരുന്നു. നബിﷺയുടെ ശത്രുക്കളുമായവര്‍ ഗൂഡാലോചന നടത്തി. നേരിട്ടുള്ള യുദ്ധത്തില്‍ പരാജയത്തിന്‍റെ കയ്പുനീര്‍ കുടിച്ച ഖുറൈശികള്‍ക്ക് ജൂതരുടെ പ്ലാന്‍ ഇഷ്ടപ്പെട്ടു. രണ്ട് പാര്‍ട്ടിയുടെയും പ്രതിനിധികള്‍ ഗത്ഫാന്‍ രാജാവുമായി ആലോചിച്ചു ആവേശഭരിതരാക്കി. ത്രികക്ഷി സഖ്യം യുദ്ധത്തിനൊരുങ്ങി. വമ്പിച്ച പടനീക്കം. സൈന്യബലം, ആയുധ ശക്തി എല്ലാം അവരുടെ മുതല്‍ക്കൂട്ടായിരുന്നു.

ശത്രുപക്ഷത്തിന്‍റെ ഗൂഡരഹസ്യം നബി ﷺ അറിഞ്ഞു. സ്വഹാബിമാരുമായി കൂടിയാലോചിച്ചു. ദരിദ്രരും ബലഹീനരുമായിരുന്നെങ്കിലും, ഈമാനികാവേശം അവരെ യുദ്ധസജ്ജരാക്കി. തികഞ്ഞ വിശ്വാസവും, ആത്മധൈര്യവും നബിﷺയുടെ സാമീപ്യവും ആയിരുന്നു അവരുടെ മുതല്‍ക്കൂട്ട്.

സല്‍മാന്‍ (റ) ഓടിക്കിതച്ചു വരുന്നു. മുഖ്യരെല്ലാം തുരുസന്നിധിയിലുണ്ട്. പരിസര നിരീക്ഷണം നടത്തി വരികയായിരുന്നു അദ്ദേഹം. ശത്രുക്കളുടെ ഭീമന്‍ സൈന്യത്തെ നേരിടണമെങ്കില്‍ പേര്‍ഷ്യന്‍ മാതൃകയില്‍ യുദ്ധം ചെയ്യണമെന്ന്‍ അദ്ദേഹം മനസ്സിലാക്കി. താന്‍ മോചിതനായതിനുശേഷം ആദ്യമായി കിട്ടിയ അവസരം, ഇസ്ലാമിന്‍റെ മാര്‍ഗ്ഗത്തില്‍ നബിﷺയും സഹാബാക്കളും പോരാടുമ്പോള്‍ തന്‍റേതായ പങ്ക് നിര്‍വ്വഹിക്കാന്‍ അദ്ദേഹം ഉറച്ചിരുന്നു.

തന്‍റെ പരിചയസമ്പത്തു കൊണ്ട് സ്ഥലനിര്‍ണ്ണയപാടവം വലുതായിരുന്നു. അദ്ദേഹം പറഞ്ഞു: പാറകളും, കുന്നുകളും നിറഞ്ഞ ഈ പ്രദേശം ശത്രുക്കള്‍ക്ക് അനുകൂലമാണ്. നാം നേരത്തെ മലകളില്‍ സ്ഥാനം പിടിച്ചാല്‍ തന്നെ വലിയ പ്രയോജനം ഉണ്ടാകണമെന്നില്ല. അതു കൊണ്ട് കുതിരകളെപ്പോലും ചാടിക്കാന്‍ പറ്റാത്ത രീതിയില്‍ നാം ഒരു കിടങ്ങ് കുഴിക്കണം. അതിന്‍റെ അളവുകള്‍ സല്‍മാന്‍ (റ) നിരത്തി. ഇതല്ലാതെ ശരിയായ ഒരു മാര്‍ഗ്ഗവും കാണുന്നില്ല. ആ വന്‍ ശക്തിയോട് നേരിടാന്‍ തുഛമായ പടയണിയെ നമുക്കുള്ളൂ...

ബുദ്ധിപരമായ ഈ യുദ്ധതന്ത്രം യുദ്ധതന്ത്രജ്ഞരായ ഉമര്‍(റ), അലി(റ), എന്നിവര്‍ക്ക് പുതിയതായിരുന്നു. എന്നാല്‍ നബി ﷺ സല്‍മാന്‍(റ)വിന്‍റെ പദ്ധതിക്ക് അംഗീകാരം നല്‍കി...



സ്വഹാബാക്കള്‍ ആയുധങ്ങളെടുത്ത് ആഞ്ഞുവെട്ടി. കിടങ്ങിന്‍റെ ജോലി തുടങ്ങി. എരിപൊരികൊള്ളുന്ന വെയിലില്‍ ധര്‍മ്മത്തിന്‍റെ ഭടന്മാര്‍ അക്ഷീണം ജോലി ചെയ്തു. കടുത്ത ദാരിദ്ര്യത്താല്‍ വിശപ്പടക്കാന്‍ പാറക്കഷ്ണങ്ങള്‍ വയറിനോട് ചേര്‍ത്ത് കെട്ടി. തക്ബീര്‍ ധ്വനികള്‍ പ്രപഞ്ചത്തിലേക്ക് ഉയര്‍ന്നു. നബിﷺയും സ്വഹാബത്തിനൊപ്പം ജോലി ചെയ്തു. സ്വഹാബാക്കള്‍ക്ക്‌ ആവേശം ഇരട്ടിച്ചു. ഭൂമി കുഴിഞ്ഞു മണ്ണുതിര്‍ന്നു പാറപൊങ്ങി പാറയോട് മല്ലിടുമ്പോള്‍ തീപ്പൊരി പാറി. ഈമാനിക ചൈതന്യമുള്‍ക്കൊണ്ട സ്വഹാബത്തിന്‍റെ വെട്ടുകള്‍ക്ക് പാറ കീഴടങ്ങി.

സൂര്യന്‍റെ അസഹ്യമായ ചൂടില്‍ തൊണ്ടവരണ്ടു കൈകാലുകള്‍ തളര്‍ന്നു. ഒരിക്കലും തളരാത്ത ഹൃദയവുമായി സല്‍മാന്‍ (റ) ഒരു കല്ലിനോട് മല്ലിടുകയായിരുന്നു. പക്ഷേ, വഴങ്ങുന്നില്ല. ശക്തി സംഭരിച്ചു വീണ്ടും ആഞ്ഞുവെട്ടി. പക്ഷേ മഴു ചുരുണ്ടുകൂടുകയാണ്. ഓരോരുത്തരും പരീക്ഷിച്ചു. നിരാശതന്നെയായിരുന്നു ഫലം.

സല്‍മാന്‍ (റ) നബിﷺയുടെ അടുത്തെത്തി, സങ്കടമുണര്‍ത്തി. റസൂലേ, ഒരു വെളുത്ത കല്ലുണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കനാല്‍ അല്‍പമൊന്ന് തെറ്റിച്ചാലോ. കാണട്ടെ നിന്‍റെ മഴു, നബി ﷺ പറഞ്ഞു. എന്നിട്ട് അല്‍പ്പം വെള്ളം എത്തിക്കാന്‍ ആജ്ഞാപിച്ചു. വെള്ളത്തില്‍ മന്ത്രിച്ചൂതി ആ കല്ലിലൊഴിച്ചു. എന്നിട്ട് ദിഗന്തങ്ങള്‍ മുഴങ്ങുമാറുച്ഛത്തില്‍ തക്ബീര്‍ മുഴക്കിക്കൊണ്ട് നബി ﷺ മൂന്നു പ്രാവശ്യം വെട്ടി. ഓരോ വെട്ടിലും കണ്ണ്‍ മഞ്ഞളിക്കുന്ന രീതിയിലുള്ള പ്രകാശം പുറപ്പെട്ടിരുന്നു. മൂന്നാം വെട്ടില്‍ കല്ല്‌ പൊടിഞ്ഞു.

ആ പ്രകാശം മിന്നിയതിനെ നബി ﷺ സ്വഹാബത്തിനു വിവരിച്ചു കൊടുത്തു. വരാനിരിക്കുന്ന വിജയത്തിന്‍റെ മുന്നറിയിപ്പായിരുന്നു അത്. ഇല്ലായ്മ മാത്രം കൈമുതലായുള്ള പ്രയാസപ്പെടുന്ന ത്യാഗസുരഭിലരായ ജനങ്ങളുടെ കരങ്ങളില്‍ ഇസ്‌ലാം ഭദ്രമാണ്. വന്‍ ശക്തികളെ തറപറ്റിച്ചു. അതിന്‍റെ കൊടിക്കൂറ പാറിക്കളിക്കും. ഒന്നാമത്തെ പ്രകാശത്തില്‍ ഹൈറയുടെ കോട്ടകളും, കിസ്റായുടെ പട്ടണങ്ങളും, രണ്ടാമത്തേതില്‍ റോമിലെ ചുവന്ന കോട്ടകളും, നായതേറ്റകള്‍ പോലുള്ള ഗോപുരങ്ങളും, പേര്‍ഷ്യന്‍ തെരുവീഥികളും മൂന്നാമത്തേതില്‍ യമന്‍ തലസ്ഥാനവും ഉയര്‍ന്നു കണ്ടു. ഇതെല്ലാം തങ്ങള്‍ക്ക് അധീനമാവുമെന്നും ജിബ്‌രീല്‍ അറിയിച്ചു. നബിﷺയുടെ വിശദീകരണം കേട്ടു സ്വഹാബികള്‍ തക്ബീര്‍ മുഴക്കി. അതിന്‍റെ ധ്വനികള്‍ വായുവില്‍ ലയിച്ചു. പ്രവാചക പ്രവചനത്തില്‍ ആര്‍ക്കും ആശേഷം സംശയം ഇല്ല.

ജോലി പൂര്‍ത്തിയാക്കി നബിﷺയുടെ സൈന്യം കിടങ്ങിനപ്പുറം നിലയുറപ്പിച്ചു. അത്യാഹ്ലാദപൂര്‍വ്വം മറുകരയിലെത്തിയ ശത്രുസൈന്യം കിടങ്ങ് കണ്ട് അന്ധാളിച്ചു. ഈയൊരു തന്ത്രം അവരുടെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമായിരുന്നു. കിടങ്ങ് മുറിച്ചു കടക്കാന്‍ കഴിയാതെ അവര്‍ വിഷമിച്ചു.

സുആബക്കും, ജിര്‍ഫിനും ഇടയില്‍ നിലയുറപ്പിച്ച ശത്രുസൈന്യത്തില്‍ നിന്നും ‘ബനൂനളീര്‍’ സേനാധിപന്‍ ഹുമയ്യുബിന്‍ അഖ്‌തബ് ഖനൂഖുറൈള നേതാവായ കഅ്ബുബിന്‍ അസദിനെ കണ്ട് അവരേയും യുദ്ധസന്നഹരാക്കി. ബനൂഖുറൈളയും കരാര്‍ ലംഘിച്ചു മുസ്‌ലിംകള്‍ എല്ലാം അല്ലാഹു ﷻ വിലേല്‍പ്പിച്ചു. നാലു ഭാഗവും ശത്രു സേന, അതിനിടയില്‍ നബിﷺയും സ്വഹാബത്തും ആപത്ത് തുറിച്ചു നോക്കുന്ന സമയം.

കിടങ്ങ് ചാടാന്‍ ചിലര്‍ അതീവ സാഹസികത കാണിച്ചു. അന്ത്യമായിരുന്നു ഫലം. മറ്റുള്ളവര്‍ അതു കണ്ട് പിന്‍വാങ്ങി. അതിനിടയില്‍ ശത്രുപാളയത്തില്‍ ശക്തമായ കാറ്റ് രൂപപ്പെട്ടു. കനത്ത നാശനഷ്ടം വരുത്തിവെച്ചു. ഒരു രക്ഷയുമില്ല. അവരാകെ സംഭീതരായി. അതിനിടയില്‍ ശത്രുപക്ഷത്തു നിന്നും മുസ്ലിമായി വന്ന നഈമുബ്നു മസ്ഊദിന്‍റെ തന്ത്രം മൂലം ബനൂഖുറൈളയേയും, ഖുറൈശികളെയും തമ്മില്‍ അകറ്റാന്‍ സാധിച്ചു. ഖുറൈള പിന്തുണ പിന്‍വലിച്ചു.

പ്രകൃതിക്ഷോഭം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന ശത്രുപാളയത്തില്‍ ബനൂഖുറൈളയുടെ പിന്‍മാറ്റം മൂലം ആകെ മ്ലാനത പരന്നു. അബൂസുഫ്യാന്‍ പതുക്കെ രംഗം വിട്ടു. മുപ്പതു ദിവസത്തെ പ്രതിരോധം അവസാനിപ്പിച്ചു അബൂസുഫ്യാന്‍റെ പിന്നില്‍ ഖുറൈശികളും സ്ഥലം വിട്ടു. ശത്രുക്കള്‍ നീങ്ങിക്കഴിഞ്ഞപ്പോള്‍ മുസ്‌ലിം സൈന്യവും രംഗം വിട്ടു. തലക്കു മുകളില്‍ തൂങ്ങി നിന്ന മലപോലെയുള്ള ഒരു മഹാവിപത്ത് ഒന്നുമാകാതെ പോയപ്പോള്‍ എല്ലാവരും സല്‍മാന്‍റെ (റ) തന്ത്രത്തെ പ്രശംസിച്ചു.

സല്‍മാന്‍ മുഹാജിറാണെന്നും, അല്ല ഞങ്ങളുടെ സുഹൃത്താണെന്നും സ്വഹാബികള്‍ അവകാശവാദം ഉന്നയിച്ചു. അതു കണ്ട നബി ﷺ പറഞ്ഞു; സല്‍മാന്‍ അഹ്ലുബൈത്താണ്. മനം സന്തോഷിപ്പിച്ച പ്രഖ്യാപനം. അത് മതിയായിരുന്നു സല്‍മാന് (റ). ഇതുവരെ താന്‍ സഹിച്ച നീണ്ട യാതനയുടെ അനന്തരഫലം നബികുടുംബം! സന്തോഷം കൊണ്ട് സല്‍മാന്‍ (റ) കണ്ണീര്‍ തുടച്ചു റബ്ബിനെ സ്തുതിച്ചു...

വിശ്വസാഹോദര്യത്തിന്‍റെ ഉദാത്തമായ മാതൃക കാണിച്ചുകൊണ്ട് നബി ﷺ ഓരോ മുഹാജിറിനെയും ഓരോ അന്‍സാരിയുടെയും വീട്ടിലേക്കയച്ചു.

അതനുസരിച്ച് അബൂദര്‍ദാഅ്(റ)വിന്‍റെ കൂടെയാണ് സല്‍മാന്‍(റ)വിനെ അയച്ചിരുന്നത്. ഭൗതിക സുഖഭോഗങ്ങളില്‍ നിന്നകന്നുനിന്നു കൊണ്ട് സദാ ആരാധന നിമഗ്നനായിരിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു അദ്ദേഹം. ഭാര്യയോട് ബന്ധപ്പെടുന്ന സ്വഭാവമൊന്നും അദ്ദേഹത്തില്‍ ഇല്ലായിരുന്നു എന്നുപറയാം. എന്നിട്ടും അടുക്കള ജോലിയില്‍ വ്യാപൃതരാവുകയും ഭര്‍ത്താവിനെ പരിചരിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഒരു വീഴ്ച വരുത്തിയില്ല.

ഒരു ദിവസം നബിﷺയുടെ സദസ്സില്‍ നിന്ന്‍ അബൂദര്‍ദാഅ്(റ)വിന്‍റെ കൂടെ പോയതായിരുന്നു സല്‍മാന്‍(റ). അതാ നില്‍ക്കുന്നു അഴുകിയവസ്ത്രങ്ങള്‍ ധരിച്ച കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മ്ലാനമുഖിയായ ഉമ്മുദര്‍ദാഅ് (റ) നിത്യദുഃഖിതയുടെ ചിത്രം ആ മഹിളയുടെ മുഖത്ത് കാണാം.

സല്‍മാന്‍(റ) കാരണം തിരക്കി. ഉമ്മുദര്‍ദാഅ് (റ) പറഞ്ഞു, സല്‍മാന്‍ ഞാന്‍ ദുഃഖിതയാണ്. ഈ ജീവിതത്തില്‍ സുഖമെന്തന്ന്‍ ഞാനറിഞ്ഞിട്ടില്ല. സല്‍മാന്‍ (റ) ചോദിച്ചു; അബൂദര്‍ദാഅ് വരാറില്ലേ? ഉണ്ട്, ഭക്ഷണം കഴിഞ്ഞു ആരാധനാ മുറിയിലേക്ക് പോകും. സദാ ധ്യാനനിരതനായി കഴിയാന്‍.

സ്വപുത്രനെപ്പോലെ തന്നെ പരിചരിക്കുന്ന ഈ മഹതിയെ ഇനി കണ്ണീര്‍ കുടിപ്പിച്ചുകൂടാ, സല്‍മാന്‍ (റ) ഉറപ്പിച്ചു. ഒരു പോംവഴി കാണണം. അല്‍പനേരത്തിനു ശേഷം അബൂദര്‍ദാഅ് (റ) വന്നു. സലാം പറഞ്ഞു, ആരാധനാമുറിയിലേക്ക് പോകുമ്പോള്‍ ഭാര്യയോട് സല്‍മാന്‍(റ)വിന് ഭക്ഷണം കൊടുക്കാനാജ്ഞാപിച്ചു.

സല്‍മാന്‍ (റ) സമ്മതിച്ചില്ല. ഒന്നിച്ചു കഴിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അവസാനം നിര്‍ബന്ധത്തിന് വഴങ്ങി. ഈ രംഗം ഉമ്മുദര്‍ദാഅ് (റ) കാണുന്നുണ്ടായിരുന്നു. അവര്‍ മന്ദസ്മിതം തൂകി. ഭക്ഷണത്തിനു ശേഷം വിരിപ്പ് ശരിപ്പെടുത്തി സല്‍മാനോട്‌ കിടക്കാനാവശ്യപ്പെട്ടു സല്‍മാന്‍ (റ) അദ്ദേഹത്തെ ക്ഷണിച്ചു. ഇല്ല നിസ്കരിക്കാനുണ്ട്, സല്‍മാന്‍ (റ) വിട്ടില്ല. വാശിയില്‍ സല്‍മാന്‍ (റ) തന്നെ വിജയിച്ചു. രണ്ടു പേരും ഒന്നിച്ചു കിടന്നു. ഇടക്ക് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സല്‍മാന്‍ (റ) തടയും. അങ്ങനെ പ്രഭാതം വിടരാറായപ്പോള്‍ സല്‍മാന്‍ എഴുന്നേറ്റു അദ്ദേഹത്തെയും ഉണര്‍ത്തി. വരൂ ഇനി നമുക്ക് നിസ്കരിക്കാം.

അബൂദര്‍ദാഅ് - നമുക്ക് അല്ലാഹു ﷻ വിനോടും സ്വശരീരത്തോടും, ഭാര്യമാരോടും ചില ബാധ്യതകളും കടമകളും ഉണ്ട്. ഒന്നിലും വാഴ്ച വരുത്തിക്കൂടാ, ഭാര്യയോടുള്ള ബാധ്യതകളെ സംബന്ധിച്ചു ഊന്നല്‍ നല്‍കി. ഇതെല്ലാം ഇബാദത്തുകളാണ്.

അബൂദര്‍ദാഅ്(റ)വിന്‍റെ മനസ്സുണര്‍ന്നു. സ്നേഹ നിധിയായ തന്‍റെ ഭാര്യയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനയാള്‍ ഉറപ്പിച്ചു. എത്രകാലമായി ഒരിറ്റു സ്നേഹത്തിനു വേണ്ടി അവള്‍ കേഴുന്നു. മധുരസ്വപ്നങ്ങളെല്ലാം താന്‍ തട്ടിതകര്‍ക്കുകയായിരുന്നല്ലോ. അങ്ങനെ ഭാര്യാഭര്‍ത്താക്കന്മാരെ തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണിയായും സല്‍മാന്‍ (റ) വര്‍ത്തിച്ചു.


ഒരിക്കല്‍ സല്‍മാന്‍ (റ) പറ്റിച്ച പണി അബൂദര്‍ദാഅ് (റ) നബിﷺയോട് വിവരിച്ചു. നബി ﷺ പുഞ്ചിരിച്ചു. സല്‍മാന്‍(റ) വിനെ അഭിനന്ദിച്ചു. പിന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബാധ്യതകളെ സംബന്ധിച്ചു ഗൗരവമായി തന്നെ അദ്ദേഹത്തെ ഉണര്‍ത്തി.

സ്വയം നന്നായും, മറ്റുള്ളവരെ ഉപദേശിച്ചും സല്‍മാന്‍ (റ) കഴിഞ്ഞു. തന്‍റെ അനുഭവസമ്പത്ത് അതിനുമാത്രം പര്യാപ്തമായിരുന്നു. മതപ്രചരണ രംഗത്ത് പൂര്‍ണ്ണമായും തന്‍റെ കഴിവുകളദ്ദേഹം ഉപയോഗിച്ചു. സ്വതന്ത്രമാക്കപ്പെട്ടതിനുശേഷമുള്ള എല്ലാ യുദ്ധത്തിലുമദ്ദേഹം തന്‍റേതായ പങ്ക് നിര്‍വ്വഹിച്ചു. അങ്ങനെ നബിﷺയുടെ ഇഷ്ടതോഴനായി കഴിഞ്ഞു. തനിക്കു കിട്ടിയതില്‍ വെച്ചേറ്റവും വലിയതായിരുന്നു സല്‍മാന്‍ തന്‍റെ കുടുംബമാണെന്ന് നബി ﷺ പറഞ്ഞത്. സല്‍മാന്‍ (റ) സന്തുഷ്ടനായി...



നബിﷺയുടെ സാമീപ്യം കൊണ്ടനുഗ്രഹീതനായി കഴിയുകയായിരുന്നു സല്‍മാന്‍(റ). ആയിടക്ക് സര്‍വ്വരേയും നിതാന്ത ദുഃഖത്തിന്‍റെ കയത്തിലേക്ക് തള്ളിക്കൊണ്ട് ലോകാനുഗ്രഹിയായ പ്രവാചക പുംഗവന്‍ (ﷺ) ഇഹലോകവാസം വെടിഞ്ഞു...

മക്കയില്‍ ഉദിച്ച് ലോകത്തെ ഉദ്ധരിച്ചു കൊണ്ട് ഇസ്ലാമിന്‍റെ ദീപ്തി ലോകം മുഴുവന്‍ പരത്തിക്കൊണ്ട് ആ പ്രവാചകന്‍ ﷺ സമ്പൂര്‍ണമായ ജീവിതപദ്ധതികള്‍ അനുയായികള്‍ക്ക് പഠിപ്പിച്ചു കൊണ്ട് മരണം വരിച്ചു.

പുണ്യനബിﷺയുടെ മരണം സല്‍മാന്‍(റ)വിനെ വല്ലാതെ ബാധിച്ചു. മനോവേദന താങ്ങാനാവാതെ അല്ലാഹുﷻവിലര്‍പ്പിച്ചു. ഒന്നിനുമൊരു ഉണര്‍വില്ല. പക്ഷേ, മതപരമായ ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്യുകയില്ല. പക്വമതിയായ സല്‍മാന്‍(റ) കാര്യങ്ങള്‍ മനോധൈര്യത്തോടെ നേരിടാന്‍ പഠിച്ചിരുന്നു. 

എങ്കിലും നബിﷺയില്ലാത്ത മദീനാജീവിതം ദുസ്സഹമായി തോന്നി. പക്ഷേ, ഒന്നുണ്ട് ഇനി സത്യം തേടി പ്രയാണം തുടരേണ്ടതില്ല. യാഥാര്‍ത്ഥ്യത്തില്‍ ചെപ്പ് തുറന്ന്‍ സത്യത്തിന്‍റെ കേദാരത്തില്‍ ഉപവിഷ്ടനായ തനിക്ക് തിരുനബി ﷺ കാണിച്ച പാതയിലൂടെ ജീവിതം നയിച്ചാല്‍ മതി. ലക്ഷ്യസ്ഥാനത്ത് എത്തിപ്പെട്ടിരിക്കുന്നു. സന്മാര്‍ഗ്ഗസംരക്ഷണത്തിനായി പടപൊരുതുക അത് നിലനിര്‍ത്താന്‍ ജീവത്യാഗം ചെയ്യുക.

അതിന്നായി മുസ്‌ലിം പടയണിയില്‍ സജീവാംഗമായി. പലദേശങ്ങളും ചുറ്റിക്കറങ്ങി. പേര്‍ഷ്യയില്‍ മതപ്രചാരകനായി എത്തി. സാരസമ്പുഷ്ടമായ ഗംഭീര പ്രസംഗങ്ങള്‍ നടത്തി. അറബിഭാഷയിലെ വിശേഷങ്ങള്‍ പേര്‍ഷ്യക്കാര്‍ക്കും പരിജയപ്പെടുത്തി. പേര്‍ഷ്യന്‍ യുദ്ധതന്ത്രങ്ങളും അറേബ്യന്‍ മുറയും സമന്വയിപ്പിച്ചു.

ദീര്‍ഘകാലമായി അതിസാഹസികമായി ഒഴുക്കിനെതിരെ നീന്തുകയായിരുന്നു സല്‍മാന്‍(റ), ഇതിനിടെ ഒരു ജീവിത പങ്കാളിയെ സ്വായത്തമാക്കുക എന്ന ചിന്ത മനസ്സിനെ അലട്ടിയിരുന്നില്ല. കുടുംബബന്ധങ്ങളിലും വൈവാഹിക ജീവിതത്തിലും തളച്ചിടാതെ ഏകനായി ഏകനായ ഇലാഹിനെ സ്മരിച്ചു ജീവിതം കഴിക്കാനായിരുന്നു തീരുമാനിച്ചത്.

പക്ഷേ, വിധിക്ക് അടിമപ്പെടണമല്ലോ. അബൂദര്‍ദാഅ്(റ)വിനേയും ഭാര്യയേയും ഇണക്കുക വഴി മഹത്തായ കുടുംബബന്ധത്തിന്‍റെ കളമൊരുക്കിയ ആ ശുദ്ധമനസ്ക്കനെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു, ഇതുവരെ ഒറ്റക്ക് ജീവിച്ചു സുഖവും ദുഃഖവും ആരുമറിയാതെ ഉള്ളിലൊതുക്കി. ഇനി അതു പോരാ, സന്തോഷവും സന്താപവും പങ്കുവെക്കാന്‍ ഒരു കൂട്ടാളി വേണം. പ്രായം ഏറി വരികയാണ്. അവസാന നാളില്‍ സഹായിക്കാന്‍, അങ്ങനെ സുഭദ്രമായ ഒരു ബന്ധത്തിന് അടിത്തറകെട്ടാന്‍.

സല്‍മാന്‍(റ) വഴങ്ങുന്ന മട്ടില്ല. ഇതുവരെ ഒരു സ്ത്രീയുടെ രൂപ ഭംഗി സല്‍മാന്‍(റ) ആസ്വദിച്ചിട്ടില്ല. “സമ്പത്തില്‍ നിന്ന്‍ ഏറ്റവും ഉത്തമമായത് തന്നെ ഇബാദത്തില്‍ സഹായിക്കുന്ന ഭാര്യയാണ്” എന്ന നബിവചനം അവര്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ സല്‍മാന്‍(റ)വിന്‍റെ ചിന്ത പിന്നോട്ട് പോയി. നബിﷺയുടെ ഉപദേശം കാതില്‍ തറച്ചു. “സല്‍മാന്‍ നീ നിന്‍റെ ഭാര്യയുമായി സന്ധിച്ചാല്‍ അല്ലാഹുﷻവിനെ വണങ്ങിക്കൊണ്ട് സന്ധിക്കുക” ആ പ്രവചനം യാഥാര്‍ത്ഥ്യമാവുകയോ... ഇതൊരു സൂചനയായിരുന്നില്ലേ..?

സല്‍മാന്‍(റ) സമ്മതം മൂളി. സുഹൃത്തുക്കള്‍ വധുവിനെ കണ്ടെത്തി, വടിവൊത്ത ശരീരവും, മാംസളഭാഗങ്ങളും, കാര്‍കൂന്തലിന്‍റെ ആകര്‍ഷണീയതയും മാന്‍കണ്ണിന്‍റെ ദിവ്യശക്തിയും, വശ്യമായ പുഞ്ചിരിയും ഒത്തിണങ്ങിയ ഒരുത്തി എന്ന ഗുണത്തിനായിരുന്നില്ല അവര്‍ പ്രാധാന്യം നല്‍കിയിരുന്നത്. ത്യാഗീവര്യനും ആരാധനാ നിമഗ്നനുമായ സല്‍മാന് അതേ ഗുണമുള്ള സ്വാലിഹത്തായ ഒരു സുന്ദരിയെ - ആന്തരികസൗന്ദര്യം ബാഹ്യസൗന്ദര്യത്തെ പിന്നിലാക്കിയ ഒരു മഹിള. ഇവിടെ നബിﷺയുടെ വാക്ക് സ്മരണീയമാണ്. “നിങ്ങള്‍ക്ക് സൗന്ദര്യം, സ്വത്ത്, കുടുംബമഹിമ എന്നിവ നോക്കി വിവാഹം ചെയ്യാം. എന്നാല്‍ ദീനിയായ ഭാര്യയെ തെരഞ്ഞെടുത്ത് നിങ്ങള്‍ വിജയം വരിക്കുക.”

അങ്ങനെ ആഹ്ലാദപൂര്‍വ്വം വിവാഹം നടന്നു. ആര്‍ഭാടമില്ലാതെ, എന്നാല്‍ ഒരു ചെറിയ വിരുന്ന്‍, സ്ത്രീധനമില്ലാതെ ഇസ്‌ലാം നിര്‍ബന്ധമാക്കിയ മഹര്‍ നല്‍കി ഒരു മാതൃകാ വിവാഹം...

സൽമാൻ (റ) പുതിയ ജീവിതത്തിലേക്ക് കാല് ഊന്നിയപ്പോള്‍ അതൊരു മലര്‍വാടിയാകാന്‍ പുതു നറുമണപ്പൂക്കള്‍ വിരിയാന്‍ അവര്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. നവദമ്പതികളെ ആശീര്‍വദിച്ചു സ്നേഹിതന്മാര്‍ മടങ്ങി...

സ്ത്രീകള്‍ മളവാളനെ ഒരു നോക്ക് കാണാന്‍ വാതില്‍പാളിയില്‍ തിരക്കുകൂടി. പൂര്‍ണ്ണചന്ദ്രനെ വെല്ലുന്ന പ്രകാശമുഖത്തിനുടമയെ കണ്ട് അവര്‍ വാ പിളര്‍ന്നു. എന്തൊരു സൗന്ദര്യം! എന്തൊരു ആകര്‍ഷണീയത!! അവര്‍ തെല്ലൊരു നര്‍മ്മരസത്തിലൂടെ മണവാട്ടിയെ കളിയാക്കി. ഓരോരുത്തരായി ആശീര്‍വദിച്ചു വീട്ടിലേക്ക് മടങ്ങി...

മധുവിധുവിന്‍റെ ആദ്യരാത്രി... സ്വപ്നസാക്ഷാല്‍ക്കാരം ആവോളം മധുനുകരാന്‍ ദാമ്പത്യ മലര്‍വാടിയിലേക്ക് പറന്നെത്തുന്ന പൂമ്പാറ്റകള്‍ യുവമിധുനങ്ങള്‍.

ആനന്ദനിര്‍വൃതി കൊള്ളുന്ന പ്രഥമരാത്രിയില്‍ എങ്ങനെയാണ് അദ്ദേഹത്തെ അഭിമുഖീകരിക്കേണ്ടത്. ഇതുവരെ തഹജ്ജുദ് നഷ്ടമായിട്ടില്ല. ഇന്നതിന് ഇടവരുമോ..?!- ഇല്ല, സല്‍മാനാണിത്. മണവാട്ടിയുടെ ചിന്തകള്‍ അലഞ്ഞു തിരിഞ്ഞു.

സല്‍മാന്‍ (റ) മണിയറയില്‍ പ്രവേശിച്ചത് അവരറിഞ്ഞില്ല. സല്‍മാന്‍ (റ) ക്ഷണിച്ചു, അനുസരണയോടെ അരികിലിരുന്നു. നബിചര്യയനുസരിച്ച് പത്നിയുടെ തലയില്‍ കൈവെച്ച് കരുണക്കായി പ്രാര്‍ത്ഥിച്ചു. പിന്നെ ചുടുചുംബനങ്ങളായിരുന്നു. പ്രഥമചുംബനം. സല്‍മാന്‍ (റ) ആദ്യമായാണ്‌ സ്ത്രീയുടെ മേനി കാണുന്നത്. ഇക്കിളിപ്പെടുത്തുന്ന നാണത്തോടെ അനുസരണയുള്ള ഭാര്യ, ഭര്‍ത്താവിനോട് സഹകരിച്ചു അവര്‍ ഒന്നിച്ചുറങ്ങി...

പുലരുന്നതിന്‍റെ മുമ്പ് എഴുന്നേറ്റ് അവര്‍ കുളിച്ചു ഒരുമിച്ച് തഹജ്ജുദ് നിസ്കരിച്ചു. പിന്നെ പ്രഭാതം വരെ ആരാധന തന്നെ. ഇല്ല ഒരു കോട്ടവും പറ്റിയിട്ടില്ല, പതിവു ഇബാദത്തുകള്‍ മുറക്ക് നടക്കുന്നു. സല്‍മാന്‍ (റ) പേടിച്ചിരുന്നത് പോലെയായിരുന്നില്ല കാര്യങ്ങള്‍. വൈവാഹിക ജീവിതവും ആരാധനതന്നെയാണല്ലോ. അല്ലെങ്കിലും പൗരോഹിത്യവും, ബ്രഹ്മചര്യവും അംഗീകരിക്കുന്ന മതമല്ലല്ലോ ഇസ്‌ലാം.

ഒന്നു കളിയാക്കാന്‍ തന്നെ സുഹൃത്തുക്കള്‍ തീരുമാനിച്ചിരുന്നു. പിറ്റേ ദിവസം സല്‍മാനെ (റ) കണ്ടപ്പോള്‍ അവര്‍ ചോദിച്ചു: എങ്ങനെയുണ്ടായിരുന്നു രാത്രി..? ഒന്നും മിണ്ടിയില്ല. തിരിഞ്ഞു നടന്നു. അവര്‍ വിടുന്ന ഭാവമായിരുന്നില്ല. ഭാര്യ എങ്ങനെയുണ്ട്..? 

എല്ലാറ്റിനും ഒരു മറയും ചട്ടക്കൂടുമെല്ലാമുണ്ട്, അവ അതിനുള്ളില്‍ ഒതുങ്ങിക്കൂടാനുള്ളതാണ്. തുളുമ്പി പുറത്ത് ചാടരുത്. സല്‍മാന്‍ (റ) തിരിച്ചടിച്ചു. വഴിയമ്പലങ്ങളിലും അങ്ങാടികളിലും വെച്ച് ഭാര്യയുടെ സൗന്ദര്യത്തേയും, രാത്രിയിലെ രഹസ്യങ്ങളും കൈമാറുന്ന ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഒരു താക്കീത് കൂടിയായിരുന്നു ആ തിരിച്ചടി. 

അദ്ദേഹം പറഞ്ഞു: “മധുവിധുവിനെക്കുറിച്ചു സംസാരിക്കുന്നവര്‍ വഴിമദ്ധ്യത്തില്‍ വെച്ച് ഇണചേരുന്ന കഴുതകളെപ്പോലെയാണ്.” സുഹൃത്തുക്കള്‍ക്ക് നബിവചനം ഓര്‍മ്മ വന്നു. പശ്ചാത്തപിച്ചു. സല്‍മാന്‍റെ കരം പിടിച്ചു ക്ഷമ യാചിച്ചു...

മറക്കാനും പൊറുക്കാനും പഠിച്ച ആ ദമ്പതികള്‍ സുഖ ദുഃഖങ്ങള്‍ പങ്കിട്ട് മാതൃകാകുടുംബമായി കഴിഞ്ഞു. 



ലോകചരിത്രത്തില്‍ എന്നും മായാ പ്രഭയായി നിലകൊള്ളുന്ന മഹാനായ ഉമര്‍(റ)വിന്‍റെ ഭരണകാലം...

സുന്ദരവും, സുദൃഢവും ക്ഷേമകരവുമായ ഭരണം. ത്യാഗീവര്യന്മാരെയും, സൂഫിവര്യന്മാരേയും അദ്ദേഹം ഭരണരംഗത്തു കൊണ്ടു വന്നു. ഭരണത്തിന്‍റെ വ്യത്യസ്ഥ തലങ്ങളില്‍ യോഗ്യരായ ആളുകളെ തിരഞ്ഞുപിടിച്ചു നിയമിക്കാനദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

പല പ്രാവശ്യം സത്യവും അസത്യവും തമ്മില്‍ ഏറ്റുമുട്ടി. ലോകത്തെ വന്‍ ശക്തികളായ റോം, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ അടിത്തറയിളകി. സത്യത്തിന്‍റെ കൊടുങ്കാറ്റില്‍ ആ ഭരണകൂടങ്ങള്‍ ആടിയുലഞ്ഞു.

റോമയുടെയും, പേര്‍ഷ്യയുടെയും കരാള ഹസ്തങ്ങളില്‍ നിന്നും നീതിക്ക് ദാഹിച്ചിരുന്ന പ്രദേശങ്ങള്‍ ഓരോന്നായി മോചനം നേടി. കട്ടപിടിച്ച ഇരുള്‍ നീങ്ങി. പ്രകാശകിരണങ്ങള്‍ ഒളിമിന്നി. പേര്‍ഷ്യന്‍ പടനായകനായ റുസ്ത്തം കൊല്ലപ്പെട്ടു. രാജാവിന്‍റെ ശരീരം അടര്‍ക്കളത്തില്‍ നിലം പതിച്ചു. ഇറാക്കും, മദാഇനും മുസ്‌ലിംകള്‍ക്കധീനമായി. അക്കാലത്തെ ലോകഭരണകൂടങ്ങളില്‍ ഏറ്റവും ശക്തമായ മുസ്ലിം ഭരണകൂടം പരിലസിച്ചു.

പ്രജാ തല്‍പ്പരനായ ആ ഭരണാധികാരി യോഗ്യരായ ആളുകളെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിച്ചു. ജനങ്ങളുടെ പ്രയാസങ്ങളകറ്റാനും, നീതി നടപ്പാക്കാനും രാജ്യത്തിന്‍റെ അഖണ്ഡത കാക്കാനും കഴിയുന്നവരായിരിക്കണം അവര്‍.

മദാഇനിന്‍റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. പക്വമതിയും, അനുഭവസമ്പത്തും, നീതിയുടെ നിറകുടവും, യുദ്ധതന്ത്രജ്ഞനും, ത്യാഗിവര്യനും സര്‍വ്വോപരി പേര്‍ഷ്യയുടെ വിയര്‍പ്പ് ആവാഹിച്ചെടുത്തയാളുമായ സല്‍മാന്‍ (റ) ആയിരുന്നു അത്. ഓരോ മണല്‍തരികള്‍ക്കും സല്‍മാനെ (റ) അറിയാം.

ഖലീഫയുടെ ഉത്തരവുമായി പ്രതിനിധി സല്‍മാന്‍(റ)വിനെ സമീപിച്ചു. പക്ഷേ, സൗകര്യപൂര്‍വ്വം അത് നിരസിക്കുകയാണുണ്ടായത്. അധികാര കസേര ഉറപ്പായിട്ടും മനപ്പൂര്‍വ്വം തട്ടിത്തകര്‍ത്ത സല്‍മാന്‍(റ) വെറുമൊരു പ്രജയായി ദീനീസേവനം നടത്താനായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ഭരണഭാരം തനിക്ക് താങ്ങാവുന്നതിലധികമാണ്.

പ്രതിനിധി നിരാശനായി ഉമര്‍(റ)വിന്‍റെ അടുത്തു ചെന്ന്‍ ഈ വാര്‍ത്തയറിയിച്ചു. ഉമര്‍ (റ) വീണ്ടും നിര്‍ബന്ധിച്ചു. “അല്ലാഹു ﷻ ജനങ്ങളുടെ ഭരണഭാരം ഒരാളില്‍ ഏല്‍പിച്ചിട്ട് അവര്‍ക്കതില്‍ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നാല്‍ അല്ലാഹു ﷻ വിനെ കോപിഷ്ടനായ നിലയില്‍ അയാള്‍ കണ്ടെത്തുമെന്ന് അര്‍ത്ഥം വരുന്ന നബിവചനം സല്‍മാന്‍ (റ) വിനെ നിരാകരിക്കലിന് വീണ്ടും പ്രേരിപ്പിച്ചു. 

ഇന്നത്തെ ഭരണാധികാരികള്‍ക്കും ഈ ചിന്തയുണ്ടായിരുന്നെങ്കില്‍! നിനക്ക് മണ്ണ്‍ തിന്നാൻ കഴിയുമെങ്കില്‍ അത് തിന്നുക, രണ്ടാള്‍ക്ക് നേതാവാകാന്‍ നീ ശ്രമിക്കരുത്. മര്‍ദ്ദിതരുടെ, പ്രയാസപ്പെടുന്നവരുടെ പ്രാര്‍ത്ഥന മടക്കപ്പെടുകയില്ല. നീ അല്ലാഹു ﷻ വിനെ സൂക്ഷിക്കുക. ദൂതന് മറുപടിയുണ്ടായിരുന്നില്ല.

സമൂഹത്തിന്‍റെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, ഭരണഭാരം കൂട്ടായ് ചുമക്കാന്‍ സല്‍മാനെപ്പോലെയുള്ളവര്‍ (റ) അനിവാര്യമാണെന്നായിരുന്നു ഖലീഫയുടെ നിലപാട്. ഭരണം അല്ലാഹു ﷻ നമ്മിലേല്‍പ്പിച്ച അമാനത്താണ്‌. അത് നിര്‍വ്വഹിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ റബ്ബിനോട്‌ മറുപടി പറയേണ്ടിവരും. നിങ്ങള്‍ എന്നെ ഒറ്റപ്പെടുത്തരുത്.

ഉമര്‍(റ)വിന്‍റെ ദയനീയാപേക്ഷ തിരസ്കരിക്കാന്‍ അപ്പോള്‍ സല്‍മാന്‍(റ)വിന്‍റെ മനസ്സനുവദിച്ചില്ല. ഭരണഭാരം ഏറ്റെടുക്കാന്‍ തയ്യാറായി. നബിﷺയുടെ റൗളയില്‍ പോയി കണ്ണീരൊലിപ്പിച്ചു പ്രാര്‍ത്ഥിച്ചു, യാത്രചോദിച്ചു.

ആര്‍ഭാടങ്ങളില്ലാതെ വളരെ ലളിതമായ ഒരു ചടങ്ങില്‍ വെച്ച് സ്ഥാനാരോഹണം നടന്നു. ദീര്‍ഘയാത്രയുടെ ചരിത്രം, ഈ മഹാഭാരത്തേക്കാളും എത്രയോ ചെറുതായി അദ്ദേഹത്തിന് തോന്നി.

ആളുകള്‍ തിങ്ങിക്കൂടിയ മദാഇന്‍ നഗരം. തിങ്ങിനിറഞ്ഞ വട്ടത്താടി, ചുറ്റിക്കെട്ടിയ തലപ്പാവ്, കണങ്കാല്‍ വരെ നീണ്ടുകിടക്കുന്ന ഖമീസ്,  ആകാരഭംഗിയുള്ള ഒരു ഏകാന്തപഥികന്‍ അതാ വരുന്നു. അറേബ്യന്‍ വസ്ത്രധാരണം അവരെ ആശ്ചര്യപ്പെടുത്തി. ഒരറബി, വഴിപ്പോക്കനാവും അവരൂഹിച്ചു.

അയാള്‍ മദാഇനില്‍ ഇറങ്ങി. പരിചയക്കാര്‍ ചിലര്‍ ഓടിവന്നു. യാ അമീറുല്‍ മുഅ്മിനീന്‍ ഇതെന്തൊരു വരവാണ്. ഒരാളും കൂട്ടിനില്ലാതെ..? കൂടിനിന്നവര്‍ അത്ഭുതപ്പെട്ടു. അമീറുല്‍ മുഅ്മിനോ..? അതെ, അമീര്‍ സല്‍മാന്‍(റ)ആയിരുന്നു  അത്. അവരുടെ ഗവര്‍ണ്ണര്‍, തലസ്ഥാനവും, സ്റ്റേറ്റും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി.

അമീറിന്‍റെ ലാളിത്യം അവരെ അത്ഭുതസ്തബ്ധരാക്കി. ഉത്തമമായ ജീവിതമാതൃക. ഗവര്‍ണ്ണര്‍ പേര്‍ഷ്യക്കാരനും, ഇസ്ഫഹാന്‍ കാരനുമാണെന്നറിഞ്ഞപ്പോള്‍ അവരേറെ സന്തോഷിച്ചു.

സല്‍മാന്‍ (റ) ഭരണചക്രം തിരിച്ചു. അതിന്‍റെ കാറ്റേറ്റ് മുളിര്‍മ്മ പരന്നു. ഭക്തി, കഠിനാദ്ധ്വാനം, ലാളിത്യം, നയതന്ത്രജ്ഞത, ഭരണനിപുണത എല്ലാം അദ്ദേഹത്തിന്‍റെ ഗുണങ്ങളായിരുന്നു.

രാത്രികാലങ്ങളില്‍ ഖലീഫയെപ്പോലെ ഗവര്‍ണ്ണറും പ്രഛന്നവേഷനായി കറങ്ങി. ജനങ്ങളുടെ ജീവിതരീതി മനസ്സിലാക്കാന്‍, തന്‍റെ കാലത്ത് പ്രയാസപ്പെടുന്ന ഒരാളും ഉണ്ടായിക്കൂടാ. അതൊരു ശപഥമാണ്. ഖലീഫ അനുവദിച്ച അയ്യായിരം ദിര്‍ഹം ശമ്പളമായി അദ്ദേഹം പറ്റി. ഒന്നു പോലും വ്യക്തിപരമായി ഉപയോഗിക്കാതെ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ വിനിയോഗിച്ചു. നീതിയുടെ നിറകുടമായ സല്‍മാൻ(റ)വിന്റെ ഭരണകാലത്ത് പേര്‍ഷ്യ (ഇറാന്‍) ക്ഷേമം കൊണ്ട് കളിയാടി.

ഭരണാധികാരിക്ക് രാജകൊട്ടാരമോ, മണിസൗധങ്ങളോ ഉണ്ടായിരുന്നില്ല. ഓലപ്പായയില്‍ കിടന്നുറങ്ങി ശീലിച്ച പ്രവാചകന്‍റെ (ﷺ) അനുയായിയാണല്ലോ ഈ ഗവര്‍ണ്ണര്‍. സുഖമായി കഴിയുന്ന ജനങ്ങള്‍ തങ്ങളുടെ സ്നേഹസമ്പന്നനായ ഭരണാധികാരിക്ക് തല ചായ്ക്കാനിടമില്ലാത്തത് കണ്ട് ലജ്ജിച്ചു. അവര്‍ ഒരു വീട് പണിയാന്‍ തീരുമാനിച്ചു. സല്‍മാന്‍ (റ) സമ്മതിച്ചില്ല. നിര്‍ബന്ധം കൂടിയപ്പോള്‍ വീടിന്‍റെ ആകൃതിയും വലിപ്പവും സല്‍മാന്‍ (റ) വരച്ചുകാണിച്ചു. അതനുസരിച്ചു നാലുകാലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കൊച്ചു കൂരയുണ്ടാക്കി. അതായിരുന്നു സല്‍മാന്‍(റ)വിന്‍റെ വീട്.

തികഞ്ഞ ഭയഭക്തിയോടെ സല്‍മാന്‍(റ) നല്ല ഭരണം കാഴ്ച വെച്ചു. നാട് സുഭിക്ഷമായപ്പോള്‍ അദ്ദേഹത്തിന്‍റെ സന്തോഷത്തിനതിരില്ലായിരുന്നു. വല്ല ന്യൂനതയും ഉണ്ടെങ്കില്‍ സ്വാഭാവികമായും സന്തോഷം നഷ്ടപ്പെടുമല്ലോ. ജനം ക്ലേശം സഹിക്കരുത്. പള്ളിയിലായാലും, വീട്ടിലായാലും ഭരണകാര്യം തന്നെ. ആരാധനാ നിമഗ്നനാകുമ്പോള്‍ തെറ്റു വരാതിരിക്കാന്‍ മനം നൊന്തു പ്രാര്‍ത്ഥിച്ചു.

ഏറിയ സമയവും വേഷം മാറി നടക്കും. രാത്രികാലങ്ങളില്‍ പ്രത്യേകിച്ചും. ഒരിക്കല്‍ വിജനമായ ഒരു സ്ഥലത്ത് അദ്ദേഹം നില്‍ക്കുമ്പോള്‍ അതാ അങ്ങകലെ നിന്ന്‍ ഒരു ചുമട്ടുകാരന്‍ വരുന്നു. എടുക്കാവുന്നതിലധികം ഭാരമുണ്ട് ചുമടിന്. അദ്ദേഹം പരുങ്ങുന്നുണ്ട്. ക്ഷീണിതനാണ്. സല്‍മാന്‍(റ)വിനോട് ആഗതന്‍ ചോദിച്ചു, സഹോദരാ ഈ ചുമടൊന്നേറ്റുമോ..? കൂലിതരാം.

സല്‍മാന്‍ (റ) പുഞ്ചിരിച്ചു. ചുമട് വാങ്ങി പിരടിയിലേറ്റി. അവര്‍ നടന്നു തെരുവുകളിലെത്തിയപ്പോള്‍ ജനം, അമീറുല്‍ മുഅ്മിനീന്‍ ആ ചുമട് ഞങ്ങള്‍ ചുമക്കാം. അവര്‍ മത്സരിക്കുകയായിരുന്നു. എന്ത്? അമീറോ? അമീര്‍ പ്രസിദ്ധനായ സല്‍മാനുല്‍ ഫാരിസിയല്ലേ. ഈ ചുമട്ടുകാരന്‍ എന്ത് അമീര്‍..? അദ്ദേഹത്തിന്‍റെ ഉള്ളില്‍ സംശയമുദിച്ചു. അധികം താമസിച്ചില്ല സല്‍മാന്‍(റ)വിനെ അദ്ദേഹം തിരിച്ചറിഞ്ഞു. അമീറുല്‍ മുഅ്മിനീന്‍ ചുമട് ഞാനെടുക്കാം യാത്രക്കാരന്‍ ക്ഷമാപണം ചെയ്തു. പക്ഷേ, സല്‍മാന്‍ (റ) സമ്മതിച്ചില്ല.

സുഖസമ്പൂര്‍ണ്ണമായ ഭരണം. എങ്ങും ശാന്തിയും, സമാധാനവും, അതിനിടെ ഗവര്‍ണ്ണര്‍ സല്‍മാന്‍ (റ) രോഗിയായി. പ്രജാതല്‍പരനായ ആ നേതാവിന്‍റെ അടുത്തേക്ക് ജനപ്രവാഹമായി.

രോഗശയ്യയില്‍ കിടക്കുന്ന സല്‍മാന്‍(റ)വിനെ കാണാന്‍ പ്രസിദ്ധനായ പടനായകന്‍ സഅ്ദുബിനു അബീവഖാസ് (റ) എത്തി. നീണ്ട പ്രയാണത്തില്‍ ആ കാലുകള്‍ക്ക് ക്ഷീണം ബാധിച്ചിരിക്കുന്നു. ശരീരം തളര്‍ന്നിരിക്കുന്നു. വിഷാദമുഖനായ സഅ്ദ് (റ)വിന്റെ നയനങ്ങളില്‍ കണ്ണീര്‍ നിറഞ്ഞു. തൊണ്ട ഇടറി. അധരങ്ങള്‍ വിതുമ്പി. ഒരക്ഷരം ഉരിയാടാന്‍ സാധിച്ചില്ല. എങ്കിലും കരയുന്ന സല്‍മാനോട് (റ) ഒരുവിധം ചോദിച്ചു; സഹോദരാ, നിങ്ങളെന്തിന് കരയുന്നു..? സല്‍മാന്‍ ‘മിന്‍അഹ്ലുല്‍ബൈത്തി’ എന്ന്‍ അരുളിയ തിരുനബിﷺയുടെ  കയ്യില്‍ നിന്ന്‍ ഹൗളുല്‍ കൗസറിലെ വെള്ളം കുടിക്കാന്‍ യോഗ്യനാണല്ലോ താങ്കള്‍ എന്താണ് നിങ്ങളെ കരയിപ്പിക്കുന്നത്..?

ഭൗതികനേട്ടങ്ങള്‍ ഒട്ടും തീണ്ടിയിട്ടില്ലാത്ത, ആ കര്‍മ്മയോഗി ഈമാനികാവേശത്തോടെ തന്‍റെ സങ്കടം ബോധിപ്പിച്ചു. സഅദ്, ഞാന്‍ നബിക്കിഷ്ടപ്പെട്ടവനാണ്. മരണഭീതികൊണ്ടോ, ഭൗതിക കാര്യാര്‍ത്ഥികൊണ്ടോ അല്ല ഞാന്‍ കരയുന്നത്. നബികരീം ﷺ നമ്മോട് പറഞ്ഞിട്ടില്ലേ ‘നിങ്ങള്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ ഒരു യാത്രക്കാരന്‍റെ ഭക്ഷണം മാത്രമേ അവശേഷിക്കാവൂ’.

ദീര്‍ഘകാലത്തെ ജീവിതത്തിനിടയില്‍ പല നേട്ടങ്ങളും നേടുന്നതിനിടയിലും ആ മനുഷ്യന്‍റെ ആകെയുള്ള സമ്പാദ്യമാണ് ഒരു തലയിണയും ഒരു വിരിപ്പും. സഅദ് (റ) ഒന്ന്‍ പരിസരം പരതി, ഇവയും ചില്ലറ പാത്രങ്ങളും മാത്രം. കൂടിയാല്‍ ഇരുപത് ദിര്‍ഹം വിലവരും. സല്‍മാന്‍ (റ) അവസാനത്തോട് അടുക്കുകയാണ്. അതദ്ദേഹം അറിഞ്ഞു.

സന്ദര്‍ശകര്‍ ഒഴിഞ്ഞ സമയത്ത് അവര്‍ ഭാര്യയെ വിളിച്ചു. ഭാര്യ ഓടി വന്നു. ഞാന്‍ നിന്‍റെ കയ്യില്‍ സൂക്ഷിക്കാന്‍ തന്ന ആ പൊതി ഇങ്ങുതരൂ.

ഒരു ചിപ്പിയായിരുന്നു അത്. ആ ചിപ്പിയില്‍ അല്‍പം കസ്തൂരിവെള്ളം കൊണ്ടുവരാനാജ്ഞാപിച്ചു. ആശങ്ക മുറ്റിയ ചിത്തത്തോടെ ഭാര്യ വെള്ളം കൊണ്ടു വന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത്? അവരുടെ മനസ്സില്‍ ആകാംക്ഷ നിറഞ്ഞു നിന്നു. ആ കസ്തൂരിവെള്ളം സല്‍മാന്‍ (റ) ഭാര്യയെ ഏല്‍പിച്ചു.

ഭാര്യ ആ സുഗന്ധജലം അദ്ദേഹത്തിന്‍റെ മേലും, പരിസരങ്ങളിലും തളിച്ചു. ആകെ പരിമളം. സുഗന്ധ കാറ്റേറ്റ് പരിസരം പ്രശോഭിതമായി. സല്‍മാന്‍(റ)വിന്‍റെ ആജ്ഞയനുസരിച്ച് അവര്‍ വാതിലടച്ചു അകത്തു പോയി.

മഹതിക്ക് കാര്യത്തിന്‍റെ പോക്ക് മനസ്സിലായി. എന്‍റെ പ്രിയതമന്‍ തന്നെ വിട്ടുപോകുന്നു. വിധിയാണല്ലോ. നിറകണ്ണുകളോടെ ഭര്‍ത്താവിനോട് ക്ഷമാപണം ചെയ്തു പൊരുത്തപ്പെടീച്ചു . കണ്ണീര്‍ മക്കനകൊണ്ട് തുടച്ചു. പാദം ഇടറി. വേച്ചുവേച്ചവര്‍ അകത്തു കടന്നു. അകത്ത് ദുഃഖം തളം കെട്ടി നില്‍ക്കുമ്പോള്‍ പ്രിയ പുത്രന്‍ അബ്ദുള്ള പുറത്ത് കുട്ടികളുടെ കൂടെ കളിക്കുകയായിരുന്നു. മണല്‍വാരിയും, മരങ്ങളോടും കല്ലുകളോടും സംസാരിച്ചും ആ കുട്ടി കളിച്ചുരസിച്ചു. അപ്പോഴും അകത്ത് പിതാവ് മരണത്തെ സ്വഗതം ചെയ്യുകയും, ഉമ്മ മനം തകര്‍ക്കുന്ന ദുഃഖം കടിച്ചമര്‍ത്തുകയുമായിരുന്നു.

ആ രംഗം അവര്‍ വിവരിക്കുന്നത് കാണുക: ഞാന്‍ അല്‍പ സമയം ഈ തിണ്ണയിലിരുന്നു. അകത്തുനിന്നൊരു കിലുകിലാരവം കേട്ടു. ആരൊക്കെയോ കുശലം പറയുന്നതായും, അടക്കി ചിരിക്കുന്നതായും കേട്ടു. അല്‍പനിമിഷത്തിനുശേഷം വാതില്‍ തുറന്നുനോക്കിയപ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. അവര്‍ നിയന്ത്രണം വിട്ടു, കൂടെ വീട്ടില്‍ വന്നവരും. ആര്‍ക്കും ആരേയും സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ദുഃഖം ഓളം വെട്ടി വന്നു.

വാര്‍ത്ത പെട്ടെന്ന്‍ പരന്നു. ജനം ഒഴുകി. മദ് യന്‍ വിലപിച്ചു. ഇസ്ഫഹാനും, പേര്‍ഷ്യയും ആ വാര്‍ത്ത കേട്ടു ഞെട്ടി.

ജനങ്ങള്‍ക്ക് ഉത്തമനും, പ്രജാതല്‍പരനും ആയ ഒരു ഭരണാധികാരിയും, ഭാര്യക്ക് എല്ലാം കണ്ടറിഞ്ഞ്, തിരക്ക് പിടിച്ച ഔദ്യോഗിക ജോലികള്‍ക്കിടയിലും, സ്ഥിരമായ ആരാധനാമുറകള്‍ക്കിടയിലും സ്നേഹം പകര്‍ന്നിരുന്ന തന്‍റെ എല്ലാമെല്ലാമായിരുന്ന ഭര്‍ത്താവും നഷ്ടപ്പെട്ടു.

രാജകൊട്ടാരത്തില്‍ ത്യാഗിവര്യനായ സല്‍മാന്‍ (റ) സാധാരണക്കാരനായാണ് ജീവിച്ചത്. രാജകുമാരനും, ഭരണകര്‍ത്താവും, യാത്രക്കാരനും, അടിമയും, വിശ്വസ്ത സഹോദരനും, ഭര്‍ത്താവും, പിതാവും അവസാനം ഗവര്‍ണ്ണറും അങ്ങനെ എത്രയെത്ര മുഖങ്ങള്‍! എല്ലാ രംഗത്തും തന്‍റേതായ പങ്ക് നൂറു ശതമാനവും നിര്‍വ്വഹിച്ചു കൊണ്ട് ഓരോന്നിനോടും കൂറു പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ത്യാഗപൂര്‍ണ്ണമായ ആ ജീവിതത്തിന് തിരശീല വീണത് ഹസ്രത്ത് ഉസ്മാന്‍(റ)വിന്‍റെ ഭരണകാലത്താണ്. അഥവാ ഹിജ്റ മുപ്പത്തഞ്ചാം വര്‍ഷം.

അദ്ദേഹത്തിന്‍റെ ജീവിതപന്ഥാവില്‍ നിന്ന്‍ ആവേശം ഉള്‍ക്കൊള്ളാനും അത് പകര്‍ത്താനും അല്ലാഹു ﷻ നമ്മെ അനുഗ്രഹിക്കട്ടെ.., ആമീന്‍...

സൽമാനുൽ ഫാരിസി (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ.



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment