Thursday 4 February 2021

ദാമ്പത്യജീവിതം നാം അറിയേണ്ടത്


നമ്മുടെ കുടുംബ ജീവിതത്തിൽ ദാമ്പത്യത്തിന് ഉള്ള സ്ഥാനം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് ഒരു വിശ്വാസി മനസ്സിലാക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ കാര്യങ്ങൾ ആണ്  ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള തൗഫീഖ് നാഥൻ നമുക്കേവർക്കും നൽകി അനുഗ്രഹിക്കട്ടെ.

ആമീൻ യാ റബ്ബൽ ആലമീൻ

ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം എന്ന് വസ്വിയ്യത്ത് ചെയ്യുന്നു.


അവകാശങ്ങളും കടപ്പാടുകളും: 

പുരുഷന്റെ സംരക്ഷണത്തിന്‍ കീഴിലാണ് സ്ത്രീകളുടെ ജീവിതസുരക്ഷ എന്നതുകൊണ്ടാണല്ലോ സ്ത്രീ പുരുഷനു അനുസരണം പ്രകടിപ്പിക്കുകയും ഭര്‍ത്താവ് നല്‍കുന്ന നിര്‍ദ്ദേശോപദേശങ്ങള്‍ സ്വീകരിക്കുകയും വേണമെന്ന് ഇസ്ലാം കല്‍പ്പിച്ചത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ അധീശാധികാരമുള്ളവരാണ്. 

അല്ലാഹു ﷻ ചിലര്‍ക്ക് ചിലരെക്കാള്‍ ഔന്നിത്യം നല്‍കിയതുകൊണ്ടാണത് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്‌. സ്ത്രീ പുരുഷന് അനുസരണം കാണിക്കുകയും വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യണം.  അല്ലെങ്കില്‍ പുരുഷന്‍ സ്ത്രീയെ അനുസരിക്കുകയും വിധേയത്വം കാണിക്കുകയും ചെയ്യണം.

ഈ രണ്ട് വീക്ഷണങ്ങളില്‍ ഒന്നാമത്തേതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുകയും നിര്‍ബന്ധമാക്കുകയുമാണ് ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ അപൂര്‍വ്വമായി ഉണ്ടാകാറുള്ള രണ്ടാം അവസ്ഥയെ ഇസ്ലാം നിരോധിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. 

പുരുഷന്‍ സ്ത്രീകളുടെ ആജ്ഞാനുവര്‍ത്തിയാകുന്ന ഒരു കാലം വരുമെന്ന് പക്ഷേ, തിരുനബി ﷺ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.  ലോകാവസാനത്തിന്റെ ലക്ഷണമായാണ് നബി ﷺ അത് എണ്ണിയിരിക്കുന്നത്. പുത്തന്‍ ലോകക്രമത്തിന്റെ വക്താക്കള്‍ സ്ത്രീയെ തെരുവിലും വ്യവസായശാലകളിലുമിറക്കി പൊതുവല്‍ക്കരിക്കുകയും അവളുടെ സ്വകാര്യതയുടെ ആവരണം വലിച്ചുകീറുകയും ചെയ്തിരിക്കുകയാണ്. 

ജീവിതത്തിലുടനീളം ചില പ്രത്യേക ചിട്ടകള്‍ പാലിക്കാന്‍ സ്ത്രീ കല്‍പ്പിക്കപ്പെട്ടവളാണ്. ഭര്‍തൃമതിയായ ഒരു സ്ത്രീക്ക് ഈ കടപ്പാടുകള്‍ വര്‍ദ്ധിക്കുകയും അതിന്റെ രൂപഭാവങ്ങള്‍ കൂടുതല്‍ കണിശമായ മുഖം സ്വീകരിക്കുകയും ചെയ്യുകയാണ്. ഭര്‍ത്താവിന് വഴിപ്പെടുകയും അദ്ദേഹത്തിന്റെ സംതൃപ്തി ഉറപ്പുവരുത്തുകയുമാണ് പത്നി എന്ന നിലക്ക് സ്ത്രീയുടെ പ്രഥമ ഉത്തരവാദിത്വം. 

ദാമ്പത്യവിജയത്തിന്റെ സുപ്രധാനഘടകവും ഇത് തന്നെ.  ഭര്‍ത്താവിന്റെ ആവശ്യങ്ങളറിഞ്ഞ് അത് പരിഹരിക്കാനും പ്രശ്നങ്ങളില്‍ പങ്ക് ചേരാനും കഴിയുന്നവര്‍ക്ക് മാത്രമേ ജീവിതവിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

മദീനയിലെ സ്ത്രീകള്‍ സംഘടിച്ച് യുദ്ധത്തില്‍ പങ്ക് ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ട് തിരുനബിﷺയുടെ സിന്നിധിയിലേക്കൊരു പ്രതിനിധിയെ അയക്കുകയുണ്ടായി. അവര്‍ പറഞ്ഞു:  തിരുദൂതരേ (ﷺ), ഞാന്‍ മദീനയിലെ സ്ത്രീകളുടെ പ്രതിനിധിയാണ്.  പുരുഷന്‍മാര്‍ക്കല്ലാഹു ﷻ യുദ്ധം നിര്‍ബന്ധമാക്കി. യുദ്ധത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് പ്രതിഫലം കിട്ടും.  മരിച്ചാല്‍ അവര്‍ രക്തസാക്ഷികളായി.  അവര്‍ അല്ലാഹുﷻവിങ്കല്‍ ജീവിക്കുകയും അല്ലാഹു ﷻ അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്യുന്നു.  ഞങ്ങള്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് വേണ്ടി നില കൊള്ളുന്നു.  ഇത്തരം പ്രതിഫലങ്ങളൊന്നും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ലല്ലോ..?!

തിരുനബി ﷺ അവരോട് പറഞ്ഞു: "നീ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകളോടും പറയുക. ഭര്‍ത്താവിനോടുള്ള കടമകള്‍ മനസ്സിലാക്കി അദ്ദേഹത്തിന് വഴിപ്പെടുന്നത് ഈ യുദ്ധത്തിന് തുല്യമാണ്. യോദ്ധാക്കളുടെ പ്രതിഫലമാണ് അവര്‍ക്ക് ലഭിക്കുക. പക്ഷേ, ഇത് നിര്‍വഹിക്കുന്നവര്‍ നിങ്ങള്‍ സ്ത്രീകളില്‍ വളരെ ചുരുക്കം പേരാണ്..." (ത്വബ്റാനി)


വിവാഹത്തിന്റെ ലക്ഷ്യം

മന:സമാധാനത്തോടെയുള്ള സംതൃപ്ത ജീവിതമാണ് വിവാഹത്തിന്റെ പ്രധാന ലക്ഷ്യം. സന്താനോല്‍പാദനത്തിലൂടെ മനുഷ്യവംശത്തിന്റെ നിലനില്‍പ് ഉറപ്പുവരുത്തുന്നതിനുള്ള പരിശുദ്ധ വഴിയാണ് വിവാഹം. നിങ്ങള്‍ക്കു സംതൃപ്തി ലഭിക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണയെ സൃഷ്ടിച്ചത് അല്ലാഹുﷻവിന്റെ അനുഗ്രഹത്തില്‍ പെട്ടതാണ്. നിങ്ങള്‍ക്കിടയില്‍ സ്നേഹകാരുണ്യങ്ങളെ അവന്‍ സൃഷ്ടിക്കുകയും ചെയ്തു... 
(വി.ഖു)

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും താഴ് വരയിലാണ് കുടുംബജീവിതം നാമ്പെടുക്കുന്നത്. ജീവിതായോധനത്തിന് വേണ്ടി പകലന്തിയോളം കഷ്ടപ്പെടുന്ന പുരുഷന്‍ ശക്തമായ മാനസിക ക്ലേശവും പിരിമുറുക്കവും അനുഭവിക്കുകയാണ്.  പ്രശ്ന സങ്കീര്‍ണ്ണമായ പുരുഷന്റെ മനസ്സിന് ശാന്തിയും, ആനന്ദവും പകര്‍ന്ന് അവനെ കര്‍മസജ്ജനാക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്. പുരുഷന്റെ കര്‍മശേഷിയാണല്ലോ വികസനത്തിന്റെ ആധാരം...

തന്റെ സുരക്ഷിതത്വവും സ്വസ്ഥതയും ഉറപ്പുവരുത്തുകയാണ് വിവാഹത്തിലൂടെ സ്ത്രീ. ദുഃഖവും സന്തോഷവും പങ്കിടാനും ലക്ഷ്യാധിഷ്ഠിതമായ ജീവിതം നയിക്കാനും ദാമ്പത്യ ജീവിതം അവസരമൊരുക്കുന്നു. തന്റെ ദുര്‍ബലവും അസ്വസ്ഥവുമായ മനസ്സിനു ശാന്തി നല്‍കുന്ന ജീവിതപങ്കാളിയുടെ സാന്നിദ്ധ്യം വിവാഹത്തിലൂടെ ലക്ഷ്യമാക്കുന്നു...

ഖുര്‍ആനിക ഭാഷ സ്പഷ്ടമാണ്.  മനസ്സമാധാനം ലഭിക്കാന്‍ വേണ്ടിയാണ് വിവാഹം. കൂടുതല്‍ പ്രശ്നങ്ങളും സങ്കീര്‍ണ്ണതകളും സൃഷ്ടിക്കാന്‍ വേണ്ടിയല്ല. പുതിയ പ്രശ്നങ്ങള്‍ക്ക് വിവാഹനടപടികള്‍ കാരണമായിക്കൂടാ.  പരസ്പരം സ്നേഹിക്കാനും കരുണയും ദാക്ഷിണ്യവും പ്രകടിപ്പിക്കാനും ദമ്പതിമാര്‍ക്ക് കഴിയണം. സ്വസ്ഥതയും സമാധാനവും ലഭിക്കാന്‍ ഇതനിവാര്യമാണ്.  

മറിച്ചായാല്‍ വിവാഹം തന്നെ ഒരു നരകയാതനയായിരിക്കും.  ഭര്‍ത്താവിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തെ ആശ്വസിപ്പിക്കാനും ആനന്ദിപ്പിക്കാനും കഴിയാത്ത ഭാര്യ ഒരു പരാജയമായിരിക്കും. അവളുടെ ഭാരം പുരുഷന് അസഹ്യവും ക്ലേശകരവുമായിരിക്കും. 

തന്റെ ജീവിത പങ്കാളിയുടെ മനസ്സ് വായിക്കാനറിയാത്ത പുരുഷനും ഭൂമിയില്‍ നരകം പണിയുകയാണ്.  ആനന്ദപീയുഷം നല്‍കേണ്ട ദാമ്പത്യ ജീവിതം ചിലര്‍ക്കെങ്കിലും ശാപവും നരകതുല്യമായി അനുഭവപ്പെടാറുണ്ട്.  സ്നേഹത്തിനും വാത്സല്യത്തിനും ഇടമില്ലാത്തിടത്ത് പിന്നെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

തന്റെയും കുടുംബത്തിന്റെയും ജീവിതായോധനത്തിനു വേണ്ടി ഇറങ്ങിത്തിരിച്ച പുരുഷന്‍ തിരിച്ച് വരുമ്പോള്‍ പുഞ്ചിരിയോടെ അവനെ സ്വീകരിക്കാനും സ്നേഹത്തിന്റെ പൂന്തേന്‍ചൊരിഞ്ഞു കൊടുത്ത് അവന്റെ മനസ്സിനും കണ്ണിനും കുളിര് പകരാനും സ്ത്രീക്ക് കഴിയണം. 
 സ്നേഹിക്കുന്നവര്‍ക്കുമാത്രമേ സ്നേഹം തിരിച്ച് കിട്ടുകയുള്ളൂ. അതുകൊണ്ട് തന്നെ പരസ്പരം സ്നേഹകാരുണ്യങ്ങള്‍ പങ്കിടേണ്ടതും സ്നേഹത്തിന്റെ പട്ടുനൂലില്‍ ദാമ്പത്യ ജീവിതത്തിന്റെ പൂ കോര്‍ക്കേണ്ടതുമാണ്...



ജീവിതത്തെ കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണ് മനുഷ്യര്‍ക്ക്.  യുവത്വത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ വൈകാരികാവേശം ജനിക്കുകയും ഹൃദയം ഒരു പങ്കാളിയുടെ സാന്നിദ്ധ്യം ആഗ്രഹിക്കുകയും ചെയ്യുന്നു. ജന്തുവര്‍ഗങ്ങള്‍ക്കെല്ലാം അല്ലാഹു ﷻ നല്‍കിയ ഒരു പ്രതിഭാസമാണത്...

മനസ്സിന്റെ ഈ ത്വരയാണ് വിവാഹത്തിലേക്കും സന്താനോല്‍പാദനത്തിലേക്കും അതുവഴിയുള്ള വംശ വര്‍ധനവിനും നിലനില്‍പിനുമുള്ള സാഹചര്യ സൃഷ്ടിയിലേക്കുമൊക്കെ മനുഷ്യനെയും മറ്റു ജന്തുവിഭാഗങ്ങളെയും നയിക്കുന്നത്.
നൈമിഷിക വികാരത്തിന്റെയോ ക്ഷണികമായ തീരുമാനത്തിന്റെയോ അവിവേകപൂര്‍ണ്ണമായ ആലോചനയുടേയോ ഫലമാകരുത് വിവാഹം. 

തികച്ചും വ്യത്യസ്തമായ രണ്ടു ജീവിതങ്ങളെ ഒന്നാക്കി മാറ്റുന്ന ഒരു പരിശുദ്ധ കർമ്മത്തെ കേവലം വൈകാരിക പ്രശ്നമാക്കി എടുത്തുകൂടാ..
ദമ്പതികള്‍ തമ്മില്‍ മാനസികമായും ശാരീരികമായും പൊരുത്തപ്പെടണം. ഈ പൊരുത്തപ്പാടില്‍ വിശ്വാസം, സംസ്കാരം, ജീവിതരീതികള്‍, ഗാര്‍ഹികാന്തരീക്ഷം, സദാചാര ചിന്ത, സൗന്ദര്യം, തറവാടിത്തം തുടങ്ങിയ ഒട്ടനവധി കാര്യങ്ങളുടെ ഐക്യവും സമന്വയവുമാണ് പരിഗണിക്കപ്പെടേണ്ടത്...

ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍,  വിവാഹത്തിന്റെ ലക്ഷ്യം തുടങ്ങിയ കാതലായ പ്രശ്നങ്ങള്‍ പരിഗണിക്കപ്പെടാതെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നതാണനുഭവം.  അനുരജ്ഞനപ്പെടാനും അവധാനപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള കഴിവും തന്റേടവും ദമ്പതികള്‍ക്കുണ്ടാകണം.  

തിരുനബി ﷺ പറഞ്ഞു: "അറിയുക, സ്ത്രീകളോട് നല്ലത് ഉപദേശിക്കുക.  അവര്‍ നിങ്ങളുടെ കീഴില്‍ സംരക്ഷണമേല്‍പിക്കപ്പെട്ടവരാണ്. വളഞ്ഞ വാരിയെല്ലില്‍ നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത്. അവളെ ഉപദേശിക്കാതെ വിട്ടാല്‍ അത് വളഞ്ഞ് തന്നെ കിടക്കും. ഒറ്റയടിക്ക് ശരിപ്പെടുത്താന്‍ തുനിഞ്ഞാല്‍ അത് പൊട്ടിപ്പോകും. വിവാഹത്തിന് ഒരുങ്ങുന്നവര്‍ പക്വതയും ഭാര്യയെ പുലര്‍ത്താന്‍ കഴിവും ഉള്ളവരായിരിക്കണം. യുവസമൂഹമേ, ഭാര്യയെ പുലര്‍ത്താന്‍ കഴിവുള്ളവര്‍ വിവാഹം ചെയ്യുക. അല്ലാത്തവര്‍ നോമ്പനുഷ്ഠിക്കുക. തീര്‍ച്ചയായും വ്രതം വികാരത്തെ ശമിപ്പിക്കുന്നതാണ്..."

വിവാഹ കമ്പോളത്തിലേക്ക് എടുത്ത് ചാടി ഭാര്യയുടെ സമ്പത്ത് കൊണ്ട് ജീവിക്കാമെന്ന് വ്യാമോഹിക്കുന്നവരുടെ മനോഭാവത്തെ എതിര്‍ക്കുകയും  സ്വന്തമായ കഴിവും വ്യക്തിത്വവും നേടാതെ കേവല വൈകാരിക പ്രശ്നമായി വിവാഹത്തെ കാണരുതെന്ന് പഠിപ്പിക്കുകയുമാണ് ഈ ഹദീസ്.

വികാരശമനം വിവാഹത്തിന്റെ ഒരു ലക്ഷ്യം തന്നെയാണ്. പക്ഷേ, ആ ലക്ഷ്യസാഫല്യത്തിനു കനത്ത ബാധ്യതകളും ഉത്തരവാദിത്തങ്ങളും പുരുഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നാണ് ഇസ്ലാമിന്റെ ശാസന. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി വികാരശമനം നേടി തടി രക്ഷപ്പെടുത്താന്‍ ഇസ്ലാം ഒരു വഴിയും നല്‍കിയിട്ടില്ല...



ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മാന്യമായ പരിചരണം എന്നിവ നല്‍കി അവകാശങ്ങള്‍ വകവെച്ച് കൊടുത്ത് ഒരു സ്ത്രീയെ സംരക്ഷിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന് ചിന്തിച്ച് അനുകൂല മറുപടി ലഭിക്കുമ്പോഴാണ് വിവാഹത്തിനു മുതിരേണ്ടത്...

പുത്തന്‍ സമൂഹത്തിലും പ്രാചീന വര്‍ഗങ്ങളിലുമൊക്കെ സ്ത്രീ ചൂഷണോപാധിയായാണ് പരിഗണിക്കപ്പെട്ടത്.  വികാരപൂര്‍ത്തിക്കുള്ള ഉപകരണമായി മാത്രം സ്ത്രീയെ കണ്ട പ്രാചീന യൂറോപ്പും അറേബ്യന്‍ ജാഹിലിയ്യത്തും ഇസ്ലാമിന്റെ പരിഷ്കരണങ്ങള്‍ക്കുമുന്നില്‍ വെറുപ്പോടെ, അമര്‍ഷത്തോടെ തലകുനിക്കുകയായിരുന്നു...

എഗ്രിമെന്റ് മേരേജ്, കോണ്‍ട്രാക്റ്റ് മേരേജ് തുടങ്ങിയ ആധുനിക ജീര്‍ണ്ണതകളുടെ മുഖമുദ്രകളായ വിവാഹങ്ങള്‍ സ്ത്രീകളെ വികാരപൂര്‍ത്തിക്കുള്ള ഉപകരണങ്ങള്‍ മാത്രമായാണ് കാണുന്നത്.  ഭാര്യയുടെയും മക്കളുടെയും സംരക്ഷണമേറ്റെടുക്കേണ്ട പുരുഷനെ കനത്ത സാമ്പത്തിക ഭാരവും ആത്മനിയന്ത്രണവുമാവശ്യമുള്ള ഈ ബാധ്യതകളില്‍ നിന്നൊഴിവാക്കിക്കൊടുത്തിരിക്കയാണ് പുത്തന്‍ പുരുഷാധിപത്യം. സ്ത്രീ സ്വാതന്ത്ര്യമെന്ന പേരിട്ട് അടങ്ങിക്കഴിയുന്ന സ്ത്രീകളെ തെരുവിലിറക്കിയ ഈ വര്‍ഗ്ഗം ആത്യന്തികമായി ലക്ഷ്യമാക്കുന്നത് പുരുഷമേധാവിത്വവും സ്ത്രീ ചൂഷണവുമാണ്.

ഇസ്ലാമില്‍ സ്ത്രീ പൂര്‍ണ്ണസ്വതന്ത്രയാണ്.  തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഭാവി നിര്‍ണ്ണയിക്കാനും അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനും സ്വന്തം വ്യക്തിത്വം വച്ചുപുലര്‍ത്താനും അവര്‍ക്കധികാരമുണ്ട്. സമ്പാദിക്കാനും ക്രയവിക്രയം നടത്താനും സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്. നിര്‍ബന്ധിത സാഹചര്യത്തിലേ അവര്‍ തൊഴിലെടുക്കേണ്ടതുള്ളൂ. തന്റെയും സന്താനങ്ങളുടെയും സംരക്ഷണം പുരുഷനെ ഏല്‍പ്പിച്ചിരിക്കയാണ് ഇസ്ലാം...

പിതാവ്, ഭര്‍ത്താവ്, സഹോദരൻ ആണ്‍ സന്താനങ്ങള്‍ ഇങ്ങനെ പുരുഷരുടെ ഗ്രേഡ് നിര്‍ണ്ണയിച്ച് ഓരോരുത്തര്‍ക്കും സംരക്ഷണോത്തരവാദിത്തം നല്‍കിയിരിക്കുന്നു. ഇവരൊന്നിമില്ലാത്ത സാഹചര്യത്തില്‍ സമൂഹത്തിലെ സമ്പന്ന വ്യക്തികളോ ഇസ്ലാമിക രാഷ്ട്രസംവിധാനമോ ആണ് സ്ത്രീയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്.

പുറത്തിറങ്ങി തൊഴിലെടുക്കുന്നതും, പാറയോട് മല്ലടിക്കുന്നതും, തെരുവിലിറങ്ങി കോലാഹലമുണ്ടാക്കുന്നതുമെല്ലാം സ്ത്രീയുടെ ശാരീരിക പ്രകൃതിയോടും സ്ത്രൈണത എന്ന മഹത്തായ ഗുണത്തോടും യോജിച്ചതല്ല. ഭരണ പ്രക്രിയകളിലും പൊതുകാര്യത്തിലും സ്ത്രീ പങ്കാളിത്തം അവളുടെ ബുദ്ധിക്കും പ്രകൃതിക്കും അനുയോജ്യമല്ലാത്തതുകൊണ്ട് തന്നെ ആ രംഗത്ത് അവര്‍ക്ക് വിജയം വരിക്കാന്‍ സാധ്യതയും കുറവാണ്. 

ഇതെല്ലാം പരിഗണിച്ചുകൊണ്ട് ഇസ്ലാം പറഞ്ഞു. ഒരു സ്ത്രീ ജീവിതോപാധിക്ക് വേണ്ടി തൊഴിലെടുക്കാന്‍ പുറത്ത് പോകേണ്ടി വരരുത്.  നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമേ അവര്‍ തൊഴിലിന് വേണ്ടി പുറത്തിറങ്ങാവൂ.  ജീവിതോപാധിക്ക് മറ്റു വഴികളില്ലാത്ത സാഹചര്യത്തില്‍..!!

പൂര്‍ണ്ണ സംരക്ഷണവും ആരോഗ്യപരമായ സമീപനവും ഈ നിലപാടിലാണെന്നു കാണാനും സാമാന്യബുദ്ധിക്ക് പ്രയാസമില്ല.  സ്ത്രീയെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമങ്ങള്‍ അവളെ പീഡിപ്പിക്കുകയാണ്. സംരക്ഷണത്തിന്റെ പൂര്‍ത്തീകരണമാണ് പര്‍ദ്ദ.  ചിലര്‍ തെറ്റ് ധരിപ്പിക്കും പോലെ മുസ്ലിം സ്ത്രീകളെ കൊണ്ടാരും നിര്‍ബന്ധിച്ച് പര്‍ദ്ദ ധരിപ്പിക്കുകയല്ല, അവരുടെ വ്യക്തി വിശുദ്ധിയും ശാരീരിക സംരക്ഷണവും ഉറപ്പുവരുത്താന്‍ അനിവാര്യമായ ഒരു യൂണിഫോം നിര്‍ദ്ദേശിക്കുകയും ശരീരഭാഗങ്ങള്‍ മറച്ചിരിക്കണമെന്ന് അനുശാസിക്കുകയുമാണ് ഇസ്ലാം ചെയ്തത്...(കന്യാസ്ത്രീകളുടെ പര്‍ദ്ദ അവര്‍ സ്വയം അണിയുന്നതാണെന്നും മുസ്ലിം സ്ത്രീകളുടേത് ഉസ്താദുമാര്‍ നിര്‍ബന്ധിക്കുന്നതാണെന്നുമാണ് ചിലരുടെ കണ്ടുപിടുത്തം. കന്യാസ്ത്രീകളുടെ പര്‍ദ്ദ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമാണത്രെ.  മുസ്ലിം സ്ത്രീയുടേത് പീഢനത്തിന്റെയും)


ഇണയെ തിരഞ്ഞെടുക്കൽ

ഇണയെ തിരഞ്ഞെടുക്കുന്നതില്‍ മുസ്ലിം സ്ത്രീക്ക് യാതൊരു പങ്കാളിത്തവുമില്ലെന്നാണ് ആക്ഷേപം.  സത്യത്തിനു വിരുദ്ധമാണിത്. തനിക്ക് ഇഷ്ടപ്പെടാത്ത ഒരു പുരുഷനെ ജീവിത പങ്കാളിയായി സ്വീകരിക്കാന്‍ സ്ത്രീയെ ആരും നിര്‍ബന്ധിക്കുന്നില്ല. ഏതെങ്കിലും പിതാക്കന്‍മാര്‍ അനുയോജ്യനല്ലാത്ത പുരുഷനെ തന്റെ മകള്‍ക്ക് നിര്‍ബന്ധിച്ച് വിവാഹം ചെയ്തുകൊടുത്താല്‍ അത് കേന്‍സല്‍ ചെയ്യാന്‍ മുസ്ലിം വനിതക്കവകാശമുണ്ടെന്നാണ് ഇസ്ലാമിക നിയമം...  

വിമര്‍ശകര്‍ക്ക് പക്ഷേ, ഇസ്ലാമിക നിയമങ്ങള്‍ പഠിക്കാന്‍ മനസ്സില്ലല്ലോ.
വിവാഹമോചനം, ബഹുഭാര്യത്തം, സ്വത്തവകാശം തുടങ്ങിയ നിയമങ്ങളിലും സ്ത്രീപിഢനം ആരോപിക്കാറുണ്ട്.  ദമ്പതിമാരുടെ സംതൃപ്തജീവിതമാണ് വിവാഹലക്ഷ്യമെങ്കില്‍ ആ സംതൃപ്തി പൂര്‍ണ്ണമായി നഷ്ടപ്പെടുകയും പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ പരസ്പരം വഴിപിരിയാന്‍ അനുവദിക്കുകയാണ് ബുദ്ധി.  പൊരുത്തപ്പെടാത്ത രണ്ടുജീവിതങ്ങള്‍, രണ്ട് ദിശകളിലേക്കൊഴുകിക്കൊണ്ടിരിക്കുന്ന രണ്ട് നദികളാണ്. ഇതുരണ്ടും സന്ധിക്കുക അസാധ്യമാണ്.  ഓരോന്നിനെയും അതാതിന്റെ ദിശയിലേക്കൊഴുകാന്‍ വിടാതെ സന്ധിപ്പിക്കാന്‍ തുനിയുന്നതാണ് ബുദ്ധിശൂന്യത. വിവാഹമോചനത്തിന്റെ അടിസ്ഥാനമിതാണ്.  

പക്ഷേ, എല്ലാ നിയമങ്ങളെയും പോലെ വിവാഹമോചന നിയമവും സമൂഹം ദുരുപയോഗപ്പെടുത്താറുണ്ട്. അതു തടയാന്‍ മറ്റു നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

ബഹുഭാര്യത്തം ഒരിസ്ലാമിക അനുശാസനയായും ഇസ്ലാമിന്റെ മുഖമുദ്രയായുമാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. സത്യത്തില്‍ ഇസ്ലാമേതര സമൂഹങ്ങളില്‍ ബഹുഭാര്യത്തം വന്‍തോതില്‍ നടക്കുന്നുണ്ട്. ഭാരതത്തിലെ ഹിന്ദു സമുദായത്തില്‍ പതിനഞ്ച് ശതമാനത്തിലേറെയാണ് ബഹുഭാര്യത്തത്തിന്റെ എണ്ണം.  ഇവര്‍ക്കിടയില്‍ ഇന്നും ബഹുഭര്‍തൃത്വമെന്ന പ്രാകൃതാചാരം നിലനില്‍ക്കുന്നുണ്ട്. 

ദേവദാസി സമ്പ്രദായവും മറ്റും വേശ്യാവൃത്തിക്കു മതത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും നിയമപ്രാബല്യവും നല്‍കുന്നതാണ്.  ഇതൊന്നും കാണാതെ ഇസ്ലാം ഒരു പ്രത്യേക സാഹചര്യത്തില്‍ മാത്രം അനുവദിച്ചതും അറ്റമില്ലാത്ത എണ്ണം സ്ത്രീകളെ വച്ച് പുലര്‍ത്തുന്ന ജാഹിലിയ്യത്തിന്റെ കടയറുക്കാന്‍ കൊണ്ടുവന്നതുമായ ഒരു നിയമസംവിധാനത്തെ കഥയറിയാതെ എതിര്‍ക്കുകയാണ് വിമര്‍ശകര്‍.

സ്ത്രീക്ക് ഒരു തരത്തിലുള്ള സാമ്പത്തിക ബാധ്യതകളും ഏല്‍പ്പിക്കാതെ പൂര്‍ണ്ണസംരക്ഷണം ഉറപ്പു നല്‍കിയ ശേഷം എല്ലാ ഉത്തരവാദിത്തങ്ങളും കെട്ടിയേല്‍പ്പിച്ച പുരുഷന് അല്‍പം കൂടുതല്‍ സ്വത്ത് നല്‍കിയതില്‍ എന്താണ് പന്തികേട്?

ഇസ്ലാമിക നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് വിമര്‍ശകരെ വഴിതെറ്റിക്കുന്നത്. മതനിയമങ്ങളെ അറിയാത്തതു കൊണ്ട് ചില മുസ്ലിംകളുടെ ജീവിതം ഇത്തരക്കാര്‍ക്ക് പ്രചോദനമേകുകയും ചെയ്യുന്നു.  നിഷ്പക്ഷമായി ഇസ്ലാമിക കര്‍മശാസ്ത്ര നിയമങ്ങളറിയാനാണ് വിമര്‍ശകര്‍  തയ്യാറാകേണ്ടത്.  വിശ്വാസികള്‍ തങ്ങളുടെ മതവിധികള്‍ പഠിക്കാതെ മറ്റുള്ളവര്‍ക്കിടയില്‍ പരിഹാസ്യ പാത്രങ്ങളാകുന്നത് കഷ്ടമാണ്.


വിവാഹത്തിന് ഒരുങ്ങുമ്പോള്‍ 

ലൈംഗികനിര്‍വൃതി, സന്താനോല്‍പാദനം, മനഃശാന്തി, ചാരിത്ര്യ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവാഹത്തിനു പിന്നില്‍...

വിവാഹിതരാകുന്ന സ്ത്രീയും പുരുഷനും പരസ്പരം ഇണക്കവും പൊരുത്തവുമുള്ളവരാകണം.  ശാരീരികവും മാനസികവുമായി ഐക്യപ്പെടാനും പരസ്പരം അറിയാനും അടുക്കാനും മറക്കാനും പൊറുക്കാനും കഴിയുന്നവര്‍. നീ ഒന്നു നോക്കിയാല്‍ നിനക്ക് സന്തോഷം പകരുന്നവളായിരിക്കണം നിന്റെ പത്നി.  തിരുനബിﷺയുടെ ഉപദേശം അര്‍ത്ഥഗര്‍ഭമാണ്.  

സൗന്ദര്യബോധം ആപേക്ഷികമാണ്.  ശരീരവടിവും ആകാവസൌഷ്ടവവും നിറവും മാത്രമല്ല സൗന്ദര്യം.  ഒരോരുത്തരുടെയും മനസ്സിന് ഇണങ്ങുന്നത് ആരെന്നു അവന്‍ തന്നെ തീരുമാനിക്കണം. വെളുത്ത പെണ്ണിനെക്കാള്‍ ചിലര്‍ക്കു ചന്തവും സൗന്ദര്യവും കറുത്ത  പെണ്ണിലാണനുഭവപ്പെടുക.
കേവലം ബാഹ്യമായ നിറവും മികവുമല്ല ശുദ്ധമായ മനസ്സും സ്നേഹജന്യമായ ഹൃദയവും ഭര്‍ത്താവിനെ ആദരിക്കാനും അനുസരിക്കാനുമുള്ള വിനയവും കര്‍ത്തവ്യബോധവുമുണ്ടാകണം ഒരു നല്ല ഭാര്യക്ക്. ഈ ഉത്തമഗുണം ഏതു സ്ത്രീയിലാണെന്നു കണ്ടെത്തുകയാണ് പുരുഷന്റെ പ്രഥമ കര്‍ത്തവ്യം...

വിവാഹിതനാകാന്‍ തീരുമാനിക്കുന്നതിനു മുമ്പ് തന്റെ ചുറ്റുപാടിനെക്കുറിച്ചവന്‍ ചിന്തിക്കണം.  തനിക്കു ഇണങ്ങിയ ഒരു ഇണയെ കണ്ടെത്തി സ്വന്തമാക്കുന്നതോടെ ഭാരിച്ച ഉത്തരവാദിത്തമാണ് ചുമലിലേറ്റുന്നതെന്ന ബോധം വേണം.  തന്നെ സഹിക്കാന്‍ കഴിയാത്ത തനിക്ക് ഒരു ഭാര്യയെ കൂടി സഹിക്കാന്‍ സാധിക്കുമോ..?  തന്റെ വിശപ്പിനു വഴി കാണാത്ത തനിക്ക് ഒരാളുടെ വിശപ്പുകൂടി ഏറ്റെടുക്കാന്‍ കഴിയുമോ..? 

അല്ലാഹുﷻവിന്റെ മുന്നില്‍ സ്വന്തം ഉത്തരാവാദിത്തങ്ങള്‍ തന്നെ നിറവേറ്റാന്‍ കഴിയാത്ത താന്‍ ഭാര്യയുടെ ഉത്തരവാദിത്തം കൂടി എങ്ങനെ ഏറ്റെടുക്കും എന്നൊക്കെ ചിന്തിച്ച് വിവാഹരംഗത്ത് നിന്നും വഴിമാറിയവരുണ്ട്.  ഇമാം നവവി (റ) മുതല്‍ മര്‍ഹും സി.എം. അബൂബക്കര്‍ മുസ്ല്യാര്‍ മടവൂര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്ല്യാര്‍ (ഖ. സി) വരെയുള്ള ആത്മീയ പണ്ഡിതന്മാരും സൂഫിവര്യരും.
മനസ്സിന്റെ ലാളിത്യവും ഉത്തരവാദിത്വബോധവുമാണ് അവരെ അവിവാഹിതരായി കഴിയാന്‍ പ്രേരിപ്പിച്ചത്...

വിവാഹം സുന്നത്താണല്ലോ, നിങ്ങള്‍ എന്തുകൊണ്ട് സുന്നത്തൊഴിവാക്കുന്നു..? എന്നു പ്രമുഖ പണ്ഡിതനായ ബിശ്റുല്‍ ഹാഫി(റ)വിനോടു കൂട്ടുകാര്‍ ചോദിച്ചു..!
ബിശ്ര്‍ (റ) പറഞ്ഞ മറുപടി ഇതായിരുന്നു: വിവാഹമെന്ന സുന്നത്ത് ഉപേക്ഷിച്ചതിന് എന്നെ ആക്ഷേപിക്കുന്നവരോട് പറയുക! ഞാന്‍ നിര്‍ബന്ധകാര്യങ്ങള്‍ വീട്ടുന്നതില്‍ വ്യാപൃതനാണ്. എനിക്ക് സുന്നത്തെടുക്കാന്‍ നേരമില്ല.

യുവാക്കളെ, ലൈംഗികബന്ധത്തിനും ചിലവിനും സാധിക്കുമെങ്കില്‍ നിങ്ങള്‍ വിവാഹം ചെയ്യുക. വിവാഹം കണ്ണിനെ ചിമ്മിപ്പിക്കുന്നതാണ്. അതിനു സാധിക്കുന്നില്ലെങ്കില്‍ നോമ്പെടുക്കുക.  നോമ്പ് വികാരനിയന്ത്രണത്തിന് പര്യാപ്തമാണ്...

ശുദ്ധനും സംശുദ്ധനുമായി അല്ലാഹുﷻവിനെ അഭിമുഖീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സ്വതന്ത്ര സ്ത്രീകളെ വിവാഹം ചെയ്യുക...


നാലുകാര്യങ്ങള്‍ പ്രവാചക ചര്യയില്‍പെട്ടതാണ്.  നാണം, സുഗന്ധ ഉപയോഗം, ദന്തശുദ്ധീകരണം, വിവാഹം.
 
ഒരാള്‍ വിവാഹിതനാകുന്നതോടെ മതത്തിന്റെ പകുതി പൂര്‍ത്തീകരിച്ചു.  ഇനി മറ്റേ പകുതിയില്‍ അവന്‍ അല്ലാഹുﷻവിനെ സൂക്ഷിക്കട്ടെ... 

ഇങ്ങനെ ഒട്ടേറെ നബി (ﷺ) വചനങ്ങള്‍ വിവാഹത്തിനു പ്രേരണ നല്‍കുന്നു.
സമ്പത്ത്, സൗന്ദര്യം, കുലീനത, മതബോധം എന്നീ ഗുണങ്ങള്‍ വിവാഹരംഗത്തു പരിഗണിക്കപ്പെടാറുണ്ട്.  മതബോധമുള്ളവരെ തിരഞ്ഞെടുത്തു വിജയിക്കുക. തിരുനബി ﷺ കല്‍പിച്ചു.
തന്റെ ഇണക്കുണ്ടായിരിക്കേണ്ട പ്രഥമഗുണം മതബോധം തന്നെ...

മതബോധവും ദൈവചിന്തയുമില്ലാത്ത ഭാര്യ ഒരാള്‍ക്കു ഭൗതികലോകത്ത് ലഭിക്കുന്ന ശിക്ഷയാണ്. സമ്പത്തിനു പ്രാമുഖ്യം നല്‍കുന്നവരുണ്ട്. ഭാര്യയുടെ ധനം മോഹിച്ച് വിവാഹം ചെയ്തവര്‍, സ്ത്രീധനമെന്ന ചെകുത്താന്‍ കാവില്‍ ചെന്ന് പെട്ട പ്രേതബാധിതരെപോലെ അസ്വസ്ഥരായിരിക്കും. തന്നെ മനസ്സിലാക്കാനും തനിക്കു പ്രേമമധുപൊഴിഞ്ഞ് തരാനും കഴിവുള്ള സൗഭാഗ്യവതിയായ പത്നിക്കു പകരം നോട്ടുകെട്ടുകളും തെങ്ങിന്‍പറമ്പുകളും മോഹിച്ചവര്‍. അവര്‍ക്കു തങ്ങള്‍ മോഹിച്ചത് ലഭിക്കുന്നു. ജീവിതസുഖം അന്യമാക്കപ്പെട്ട ഈ ദാമ്പത്യം ആടി ഉലയുന്നതു നാം കാണുന്നു. പക്ഷേ, പണം തിരിച്ച് നല്‍കേണ്ടി വരുമെന്ന ഏകകാരണത്താല്‍ ഇവര്‍ തീ തിന്നു കഴിയുന്നു. ഭാര്യയും ഭര്‍ത്താവും ഇരുവഴികളിലൂടെ വിഹരിക്കുന്നു. ബാഹ്യ സൗന്ദര്യത്തിന്റെ മാദകത്വത്തില്‍ മതിമറന്നുവരുടെ സ്ഥിതിയും തഥൈവ...

സ്വന്തം ബെഡ്റൂമിലിരുന്ന് കാമുകനേയും ബോയ് ഫ്രണ്ടിനെയും സ്വപ്നം കാണുന്നവര്‍, സെല്ലുലാര്‍ഫോണിലൂടെ പ്രേമം ഒഴുക്കുന്നവര്‍, ഭര്‍ത്താവിനെ കെട്ടിപുണര്‍ന്ന് മറ്റൊരുത്തനെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നവര്‍. വഞ്ചനയുടെ മഹാദുരന്തത്തിലാണിവര്‍ എത്തിപ്പെടുന്നത്. അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യബോധത്തിന്റെയും പ്രതീകങ്ങളായ ഈ സുന്ദരികളുമൊത്തുള്ള ജീവിതം നരകസമാനമാണ്. സ്ത്രീ സൗന്ദര്യത്തെ കുറിച്ചുള്ള തെറ്റായ ധാരണകളില്‍ കുരുങ്ങി തലയൂരാന്‍ കഴിയാത്ത ജീവിതങ്ങളെമ്പാടുമുണ്ട് നമ്മുടെ സമൂഹത്തില്‍..!!

തിരുനബി ﷺ പറഞ്ഞു, സൗന്ദര്യത്തിനു വേണ്ടി ഒരാളും ഒരു പെണ്ണിനെ വരിക്കരുത്. സൗന്ദര്യം അവരെ അപകടപ്പെടുത്തിയേക്കാം. ധനത്തിനു വേണ്ടിയും മംഗല്യം ചെയ്യരുത്. ധനം അവരെ അഹങ്കരിപ്പിച്ചേക്കാം. പക്ഷേ, മതബോധത്തിനുവേണ്ടി നിങ്ങള്‍ സ്ത്രീയെ വിവാഹം ചെയ്യുക.


സ്ത്രീയും പുരുഷനും പ്രഥമമായി പരിഗണിക്കേണ്ടത് മതബോധമാണ്.  അച്ചടക്കം, ശാന്തശീലം, വിനയം, വിട്ടുവീഴ്ച തുടങ്ങിയ സ്വഭാവങ്ങളുള്ള ഇണയായിരിക്കണം തനിക്കു ലഭിക്കേണ്ടത് എന്ന വ്യക്തമായ ബോധം പെണ്‍കുട്ടികള്‍ക്കുമുണ്ടാകണം. 

വിവാഹാന്വേഷണവുമായി ഇറങ്ങിത്തിരിച്ച രക്ഷിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ഈ ഗുണങ്ങള്‍ പാലിക്കാതെയുള്ള വിവാഹാന്വേഷണങ്ങളും നിശ്ചയങ്ങളുമൊന്നും തനിക്ക് സ്വീകാര്യമല്ലെന്നു ഉറച്ച സ്വരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്യണം.

പെണ്‍കുട്ടികളുടെ ഇംഗിതമറിയേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. തന്റെ ഇണയെ തീരുമാനിക്കാന്‍ രക്ഷിതാവിനെക്കാള്‍ സ്ത്രീ അര്‍ഹയാണ് എന്നു നബി ﷺ പഠിപ്പിച്ചത് ഇതുകൊണ്ടാണ്. കന്യകയാണെങ്കില്‍ സ്ത്രീയുടെ നിശ്ശബ്ദസമ്മതമുണ്ടായാല്‍ മതിയെന്നും അകന്യകയാണെങ്കില്‍ സ്ത്രീയുടെ വാമൊഴി തന്നെ വേണമെന്നുമാണ് ശരീഅത്തിന്റെ കാഴ്ചപ്പാട്.

വിവാഹരംഗത്ത് മുസ്ലിം പെണ്ണിനു യാതൊരു സ്വാതന്ത്ര്യവുമില്ലെന്ന ആരോപണം നിരര്‍ത്ഥകമാണ്.   തനിക്കിഷ്ടപ്പെട്ട ഒരു പുരുഷനെ തന്നെ വേണമെന്ന് വാശിപിടിക്കാനവകാശം മുസലിം സ്ത്രീക്കുണ്ട്. പക്ഷേ, തന്റെ മുഴുവജീവിതഗുണകാംക്ഷിയായ രക്ഷിതാവിന് ആ പുരുഷന്‍ അനുയോജ്യനാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുക കൂടി വേണമെന്ന് മാത്രം...

തന്നില്‍ സമ്മര്‍ദ്ധം ചെലുത്തി രക്ഷിതാവ് തിരഞ്ഞെടുത്ത ഭര്‍ത്താവ് തനിക്ക് അനുയോജ്യനല്ലെന്ന് ബോധ്യപ്പെട്ട പ്രായപൂര്‍ത്തിയായ മുസ്ലിം യുവതിക്ക് പിതാവ് നടത്തിക്കൊടുത്ത വിവാഹം ക്യാന്‍സല്‍ ചെയ്യാനുള്ള അവകാശം വരെ ഇസ്ലാം വകവെച്ച് കൊടുത്തിട്ടുണ്ട്.  അനുയോജ്യനായ വരന് കന്യകയെ വിവാഹം ചെയ്തുകൊടുക്കാന്‍ പിതാവിന് അധികാരമുണ്ടെങ്കിലും അവളുടെ സമ്മതം ചോദിക്കണം.  അനുയോജ്യനല്ലെന്നു പിന്നീട് ബോധ്യപ്പെട്ടാല്‍ സമ്മതമില്ലാതെ പിതാവ് നടത്തിയ വിവാഹം അസാധുവായിത്തീരും.

തനിക്ക് അനുയോജ്യനായ പുരുഷനെ കണ്ടെത്തി അദ്ദേഹത്തിനു മാത്രമേ തന്നെ വിവാഹം ചെയ്തുകൊടുക്കാവൂ എന്ന് ഒരു പെണ്‍കുട്ടി പിതാവിനോട് പറഞ്ഞാല്‍ പിതാവ് അതനുസരിക്കണം.  മകള്‍ക്കും പിതാവിനുമിടയില്‍ ഭിന്നിപ്പും എതിര്‍പ്പുമില്ലാതിരിക്കുക. മകള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുക എന്നീ ഉപാധികള്‍ അംഗീകരിച്ച് കൊണ്ടേ പിതാവിനു തന്റെ ക്യനകയായ മകളെ വിവാഹത്തിനു നിര്‍ബന്ധിക്കാന്‍ പാടുള്ളൂ എന്ന് (നിഹായ വാ-6-പേ-228) വ്യക്തമാക്കുന്നു.  

പിതാവ് കണ്ടെത്തിയ പുരുഷനു തന്നെ വാഴണം എന്നു അകന്യകയായ മകളെ നിര്‍ബന്ധിക്കാന്‍ പാടില്ല.  സമ്മതമില്ലാത്ത വിവാഹം അസാധുവാണ്. കന്യകയെ തനിക്കിഷ്ടമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിക്കല്‍ കറാഹത്താണ് എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വിവരിക്കുന്നുണ്ട്.

വിവാഹവേദിയില്‍ തീരുമാനവും തിരഞ്ഞെടുക്കലും യുവതീയുവാക്കളുടെ അധികാര പരിധിയില്‍ പെട്ടതാണ്.  അവരുടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന ഇണ അനുയോജ്യരല്ലെങ്കില്‍ മാത്രമേ രക്ഷിതാവ് എതിര് നില്‍ക്കാന്‍ പാടുള്ളൂ.  അനുയോജ്യനായ പുരുഷനെ വരിക്കാന്‍ തീരുമാനിച്ച അകന്യകയുടെ ഇംഗിതത്തിനു എതിര്‍ നില്‍ക്കാന്‍  രക്ഷിതാവിന് വകുപ്പില്ല. ഈ സന്ദര്‍ഭത്തില്‍ പിതാവിനെ മാറ്റി നിര്‍ത്തി അടുത്ത ബന്ധുക്കളോ ഖാളിയോ നിയമാനുസൃതം വിവാഹം ചെയ്തുകൊടുക്കണമെന്നാണ് നിയമം.


പെണ്ണ് കാണൽ

വിവാഹത്തിനു തയ്യാറാവുകയും അനുയോജ്യരായ ഇണകളെ കുറിച്ച് ബാഹ്യപഠനം പൂര്‍ത്തിയാവുകയും ചെയ്താല്‍ അടുത്ത നടപടി നിയുക്തവധുവിനെ കാണലാണ്.  

പെണ്ണ് കാണല്‍ ഇന്നൊരു ജീര്‍ണ്ണ സംസ്കാരമായി മാറിയിട്ടുണ്ട്.  അന്യസ്ത്രീയെ കാണാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമേ ഇസ്ലാം അനുവദിച്ചിട്ടുള്ളൂ. ഫര്‍ളു ഐനായ കാര്യങ്ങള്‍ പഠിപ്പിക്കുക, പിന്നെ സാക്ഷി, ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് വേണ്ടിയാണ് അന്യസ്ത്രീയെ കാണാന്‍ അനുവദിച്ചത്.

സ്ത്രീ പൂര്‍ണ്ണമായും ഔറത്താണ്. അവള്‍ മറയില്‍ തന്നെ കഴിയണം.  അര്‍ദ്ധ നഗ്നകളും പൂര്‍ണ്ണനഗ്നകളുമായി പുറത്തിറങ്ങി നടക്കുന്നതും പുരുഷന്റെ ദുര്‍ബല വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന വേഷാലങ്കാരങ്ങളണിയുന്നതുമൊക്കെ ആത്യന്തികമായി സ്ത്രീകള്‍ക്കു തന്നെയാണ് അപകടം വരുത്തുക. സ്ത്രീത്വത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താനും രാജ്യത്ത് അരാജകത്വമുണ്ടാക്കാനും മാത്രമേ ഈ അഴിഞ്ഞാട്ടം സഹായിക്കുകയുള്ളൂ.

സ്ത്രീപീഢനത്തിന്റെ ഒരായിരം കഥകള്‍ വികാരഭരിതമായി പറയുന്നവര്‍ അടിസ്ഥാനപരമായി ഈ പീഢന പരമ്പരകള്‍ക്ക് സാഹചര്യമൊരുക്കുന്നത് സ്ത്രീകള്‍ തന്നെയാണെന്നോര്‍ക്കണം.  വനിതാ വിമോചന പ്രസ്ഥാനങ്ങളും മതനിരാസ ചിന്തകളും ഈ പീഢനപരമ്പരകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചിട്ട് കാര്യമില്ല.

വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീ എല്ലാ അര്‍ത്ഥത്തിലും അന്യസ്ത്രീ തന്നെയാണ്. അവളുടെ സൗന്ദര്യവും ശാരീരിക സ്ഥിതിയും വിവാഹരംഗത്ത് പരിഗണിക്കാതെ പറ്റില്ല. എല്ലാവര്‍ക്കും അവരവരുടേതായ സ്വപ്നവും സൗന്ദര്യബോധവുമുണ്ടാകും. സ്ത്രീയും പുരുഷനും പരസ്പരം കാണുന്നതോടെ ഇരുവരുടേയും കാഴ്ചപ്പാട് വിലയിരുത്താന്‍ അവസരമായി...

വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയെ കാണുക പുരുഷനു സുന്നത്താണ്.  ഹള്റത്ത് മുഈറത്തുബിന്‍ ശുഅബ:(റ) വിവാഹത്തിനൊരുങ്ങിയപ്പോള്‍ തിരുനബി ﷺ പറഞ്ഞു: "നീ പോയി പെണ്ണിനെ കാണുക. നിങ്ങള്‍ക്കിടയിലെ ബന്ധം നിലനില്‍ക്കാന്‍ ഏറ്റവും ഉത്തമമാണത്."(തിര്‍മുദി) 

 ഇമാം അഹ്ദ് ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു: തിരുനബി ﷺ പറഞ്ഞു: "നിങ്ങള്‍ വിവാഹാന്വേഷണം നടത്തുന്നുവെങ്കില്‍ വരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയെ കാണുന്നതിന് വിരോധമില്ല. വിവാഹം ചെയ്യാനാണെങ്കില്‍ അവളത് അറിഞ്ഞില്ലെങ്കിലും പ്രശ്നമില്ല."(അഹ്മദ്)

സ്ത്രീയുടെ മുഖവും മുന്‍കയ്യുമാണ് കാണാന്‍ അനുവദിച്ചത്. മുഖദര്‍ശനത്തിലൂടെ അവളുടെ സൗന്ദര്യത്തെയും മുന്‍കൈ ദര്‍ശനത്തിലൂടെ സ്വഭാവസ്ഥിതി, ശാരീരിക അവസ്ഥ എന്നിവയെ കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കും.  ശരീരത്തിന്റെ മറ്റുഭാഗങ്ങള്‍ കാണാന്‍ അനുവദിച്ചിട്ടില്ല. കാല്‍പാദങ്ങള്‍ കാണാമെന്നു ഇമാം അഹ്മദ്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.

വിവാഹിതനാകാനുദ്ദേശിക്കുന്ന പുരുഷനുമാത്രമാണ് ഇങ്ങനെ പെണ്ണ് കാണല്‍ അനുവദിച്ചിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


പെണ്ണ്കാണല്‍ ഒരു തെറ്റാണെന്ന ധാരണയുണ്ട് ചിലര്‍ക്ക്. മാതാപിതാക്കള്‍ കണ്ടാല്‍ മതിയല്ലോ. മക്കള്‍ കാണേണ്ട ആവശ്യമെന്ത്..?  എന്ന് അവര്‍ ചോദിക്കുന്നത് കാണാം. ഈ വീക്ഷണം ശരിയല്ല.  മക്കളുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കാനുളള അവരുടെ അവകാശം നിഷേധിച്ച് കൂടാ...

മറ്റ് ചിലര്‍ ഒന്നോ രണ്ടോ വാഹനങ്ങള്‍ നിറയെ കൂട്ടുകാരെകൂട്ടിയാണ് പോകുന്നത്. തനിക്കിഷ്ടപ്പെട്ടാല്‍ മാത്രം പോരാ തന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ ഇഷ്ടപ്പെട്ട പെണ്ണാകണം എന്ന നിലപാടാണിവര്‍ക്ക്.

ജാതിമത വ്യത്യാസമില്ലാതെ കൂട്ടുകാരെയും കൂട്ടി പെണ്ണ് കാണാന്‍ പോകുന്ന ഈ ഏര്‍പ്പാടിന് ഇസ്ലാമിന്റെ പിന്‍ബലമില്ല. വിശുദ്ധമായ ഒരു കര്‍മ്മത്തെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണിവര്‍.
കൂട്ടുകാരെ സ്വീകരണമുറിയിലിരുത്തി അവര്‍ക്കു മുന്നില്‍ ശീതളപാനീയവും മധുരപലഹാരങ്ങളുമായി ചമഞ്ഞൊരുങ്ങി നിയുക്ത വധു പ്രത്യക്ഷപ്പെടുക, ഓരോരുത്തരോടും കിന്നാരം പറയുക, പൂക്കള്‍ സമ്മാനിക്കുക ഇതെല്ലാം കഴിഞ്ഞ് സംഘം തിരിച്ചുപോയി പിന്നീട് ചര്‍ച്ച ചെയ്തശേഷം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കില്‍ വിവാഹം. അല്ലെങ്കില്‍  പുതിയ പെണ്ണന്വേഷണം. ഇങ്ങനെ മൂന്നും നാലും സംഘങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിക്ക് അവസാനം പേര് ദോഷം. പത്തമ്പതു പേര്‍ കണ്ടുപോയി. ആര്‍ക്കും ഇഷ്ടപ്പെട്ടില്ല, ഈ പ്രതികരണം പിന്നീട് പെണ്‍കുട്ടിയെ കണ്ണീര്‍ കയത്തിലാക്കിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്.

ഇത്തരം ഒരു മാമൂല്‍ ഇസ്ലാം അനുവദിക്കുന്നില്ല. ജീര്‍ണ സംസ്കാരത്തിന്റെ ചിഹ്നമാണ് ഈ പരിപാടി. ഇത്തരം സംഘവുമായി വരുന്ന വരന്‍ തന്റെ മകള്‍ക്ക് അനുയോജ്യനല്ല. 

മതബോധമോ ധാര്‍മ്മിക ബോധമോ സാമാന്യ ബുദ്ധിയോ ഇല്ലാത്ത യുവാക്കളും കുടുംബങ്ങളുമാണ് ഈ നാടകത്തിലെ വില്ലന്മാര്‍. അത്തരമൊരു സംഘത്തിന് മുന്നില്‍ പോകാനും സംഘത്തെ തൃപ്തിപ്പെടുത്താനും പെണ്‍കുട്ടികള്‍ തയ്യാറാകരുത്. അവരെ അതിനു രക്ഷിതാക്കള്‍ അനുവദിക്കുകയും ചെയ്യരുത്.

അപ്രകാരം തന്നെ കാണാന്‍ വന്ന യുവാവിനെയും നിയുക്ത വധുവിനെയും ഒരു സ്വകാര്യമുറിയില്‍ തനിച്ചാക്കി മണിക്കൂറുകളോളം വാതിലടച്ച് കുശലം പറയാനും പരിചയപ്പെടാനും അനുവദിക്കുന്ന പ്രവണത സമൂഹത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കഠിനമായ തെറ്റാണ്. ഇവര്‍ രണ്ടുപേരും അന്യരായതുകൊണ്ട് തന്നെ അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ വിജനതയില്‍ ഒത്തുചേരരുത് എന്ന തിരുകല്‍പനക്കെതിരായതുകൊണ്ട് ഈ ഒത്തുചേരല്‍ ഹറാം തന്നെയാണ്.  മാത്രമല്ല ദുര്‍ബല സന്ദര്‍ഭങ്ങളില്‍ അരുതാത്തത് സംഭവിക്കാനും സാധ്യതയുണ്ട്. രക്ഷിതാക്കളാണ് ഇത്തരം കാര്യങ്ങളില്‍ പ്രധാന ശ്രദ്ധ പതിപ്പിക്കേണ്ടത്...


കണ്ടുറച്ച പെണ്ണിനെ സ്വന്തം ഭാര്യയെപോലെ കൊണ്ടുനടക്കുന്നവരുണ്ട്. ടൂറിനും കല്യാണത്തിനും നിയുക്തവധുവിനെ കൂട്ടിപ്പോകുന്നവര്‍ ഓര്‍ക്കുക. ഇത് ഹറാമാണ്. നിക്കാഹ് കഴിയാത്തവള്‍ നിങ്ങളുടെ ഭാര്യയാകുന്നില്ല. അവള്‍ അന്യ സ്ത്രീ തന്നെയാണ്...

ഈ വിഷയം ഗൗരവപൂര്‍വ്വം തന്നെ കാണാന്‍ സമുദായം തയ്യാറാകണം.  പല കാരണങ്ങള്‍ പറഞ്ഞ് സ്ത്രീപുരുഷ സമ്പര്‍ക്കത്തിന് അവസരമുണ്ടാക്കുകയാണ് സമൂഹം ചെയ്യുന്നത്. ഇസ്ലാമാകട്ടെ ഈ അവസരം നിഷേധിക്കാനും ഇല്ലായ്മ ചെയ്യാനുമാണുദ്ദേശിക്കുന്നത്.  

സ്ത്രീപുരുഷ സമ്പര്‍ക്കം മൂലമുണ്ടാകുന്ന സാമൂഹിക അറുതികളും വിനാശങ്ങളും ഇന്ന് സമൂഹത്തെ പിടിച്ച് കുലുക്കുകയാണ്.  സ്ത്രീപീഢനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന സ്ത്രീഭ്രൂണഹത്യകളുടെയും നടുക്കുന്ന കഥകള്‍ നിരത്തിവെച്ച് വൃഥാവിലാപം നടത്തുന്ന മാധ്യമങ്ങളും കലകാരന്മാരും ബുദ്ധിജീവികളുമൊക്കെ അപ്പുറത്ത് മാറിനിന്നു ഇത്തരം അറുതികള്‍ക്കു പഴുത് തേടുകയാണ്.

അന്യസ്ത്രീകളെ കാണാനോ അവരുമായി വിജനതയില്‍ ഒത്തുകൂടാനോ ഇസ്ലാം അനുവദിക്കുന്നില്ല. വിശ്വാസികളോട് അവരുടെ കണ്ണുകള്‍ അടക്കാന്‍ പറയുക. അവരുടെ ലൈംഗികാവയവങ്ങള്‍ സൂക്ഷിക്കാനും.  അതാണവര്‍ക്ക് കൂടുതല്‍ സംശുദ്ധമായത്. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷമമായി അറിയുന്നവനാണ് അല്ലാഹുﷻ.  വിശ്വാസിനികളായ സ്ത്രീകളോടും അവരുടെ നയനങ്ങളടക്കാന്‍ നിര്‍ദ്ദേശിക്കുക. അവരുടെ ലൈംഗികാംഗങ്ങള്‍ സൂക്ഷിക്കാനും. അവരുടെ ശരീരത്തില്‍ നിന്നു പ്രത്യക്ഷമായ സൗന്ദര്യമല്ലാതെ അവര്‍ പ്രകടിപ്പിക്കരുത് (അന്നൂര്‍).

ഈ നിര്‍ദ്ദേശം അതീവ ഗൗരവമുള്ളതും കര്‍ശനമായതുമാണ്. ഇത് ലംഘിക്കാന്‍ വിശ്വാസികളായ സ്ത്രീക്കും പുരുഷനും പാടില്ല. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രമാണ് ഇതില്‍ നിന്നൊഴിവുള്ളത്.  നിര്‍ബന്ധകാര്യങ്ങള്‍ പഠിക്കുക, ചികിത്സ, ഇടപാടുകള്‍, സാക്ഷി തുടങ്ങിയ സന്ദര്‍ഭത്തില്‍ മാത്രമാണ് അന്യപുരുഷന് സ്ത്രീയെ കാണാന്‍ അനുവാദമുള്ളത്. ഏതെങ്കിലും അപകടത്തില്‍പെട്ട സ്ത്രീയെ രക്ഷപ്പെടുത്താനും ശത്രുവില്‍ നിന്നു സംരക്ഷിക്കാനും വേണ്ടി സ്ത്രീയെ കാണുകയും സ്പര്‍ശിക്കുകയും ചെയ്യാവുന്നതാണ്. മാത്രമല്ല മറ്റാരും രക്ഷിക്കാനില്ലെങ്കില്‍ ഇത് നിര്‍ബന്ധവുമാണ്.  

വിവാഹാന്വേഷണം നടത്തുന്നവളെ കാണുന്നതും ഇത് പോലെ ഒരനിവാര്യഘട്ടത്തില്‍ മാത്രം അനുവദിക്കപ്പെട്ടിട്ടുള്ളതാണ്.
ഇത് വിവാഹം കഴിക്കാന്‍ പോകുന്ന നിയുക്തവരന് മാത്രമാണെന്ന് കൂട്ടുകാര്‍ ഓര്‍ക്കണം. നോട്ടം ഇബ്ലീസിന്റെ വിഷലിപ്തമായ അമ്പാണ് (ഹ.ശ) കണ്ണാണു ഹൃദയത്തിന്റെ താക്കോല്‍.  സുന്ദരിയായ ഒരു യുവതിയെ കാണുന്ന ചെറുപ്പക്കാരന്റെ ഹൃദയത്തില്‍ താനറിയാതെ വൈകാരിക ചലനങ്ങളുണ്ടാകുന്നു. ആ സുന്ദരരൂപം, അവളുടെ മെയ്യഴക്, കാര്‍ക്കൂന്തലുകള്‍, മാന്‍പേടയുടെ നയനങ്ങള്‍, മുഖബിംബം തന്റെ ഹൃദയത്തിന്റെ സ്വപ്നകുടീരത്തില്‍ പ്രതിബിംബിക്കുകയും ഒരു കേമറയുടെ ഫിലിമിലെന്നപോലെ മനസ്സില്‍ അത് പതിയുകയും ചെയ്യുന്നു.  പിന്നീട് മനസ്സിന്റെ ആല്‍ബത്തില്‍ നിന്നു തന്റെ  സഹചമായ ചേതോവികാരങ്ങള്‍ ആ ചിത്രത്തെ സര്‍ച്ച് ചെയ്തെടുക്കുകയും തന്റെ സ്വപ്നങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

നോട്ടമാണ് ദുര്‍വൃത്തിയുടെ പ്രഥമദൂതന്‍.  ഒരു നോട്ടം, പിന്നീടൊരു പുഞ്ചിരി, പിന്നീടഭിവാദ്യങ്ങള്‍, ഇനി സംസാരവും സമയ നിശ്ചയവും ശേഷം കൂടിക്കാഴ്ചയും എന്നാണു ഒരു അറബി കവി പാടിയത്.

മനസ്സാകുന്ന ക്യാമറയുടെ സ്വിച്ചാണ് കണ്ണെന്നതു കൊണ്ടു തന്നെയാണ് സദാചാര വിരുദ്ധമായ വഴികളിലേക്ക് വലിച്ചിഴക്കാനുള്ള സാഹചര്യം കണ്ണിനൊരുക്കിക്കൊടുക്കരുതെന്ന് ഇസ്ലാം പഠിപ്പിച്ചത്. സുന്ദരന്മാരായ ആണ്‍കുട്ടികളെ പോലും നോക്കാനോ വൈകാരികോത്തേജനമുണ്ടാകുന്ന സാഹചര്യത്തില്‍ അവരുമായി ഇടപഴകാനോ പാടില്ലെന്ന് തിരുനബി ﷺ പഠിപ്പിച്ചത് വ്യക്തിവിശുദ്ധിക്ക് വിശ്വാസി മുന്‍ഗണനയും മുഖവിലയും നല്‍കണമെന്നത് കൊണ്ടാണ്.

ഇക്കാരണങ്ങളാല്‍ തന്നെ സംഘം കൂടിയുള്ള പെണ്ണുകാണല്‍ ഒരു നിലക്കും അനുവദിച്ച് കൂടാ. തന്റെ കൂട്ടുകാരനെ ആ ബന്ധത്തില്‍ നിന്നു മുടക്കി സംഘത്തിലെ കുരുട്ടുബുദ്ധിയും അന്യമതസ്ഥനും കുട്ടിയെ ചാടിച്ചു പോയ സംഭവങ്ങള്‍വരെ സമൂഹത്തിലുണ്ടായിട്ടുണ്ട്.  തന്റെ ഇണയെ കാണാനും ആരായിരിക്കണമെന്ന് തീരുമാനിക്കാനും അന്യന്റെ അഭിപ്രായം കാത്തിരിക്കുന്നവര്‍ സ്വന്തം വ്യക്തിത്വമില്ലാത്തവരാണെന്നും കൂടി ഓര്‍ക്കുക.


വിവാഹാലോചന 

അനുയോജ്യനായ വരനെ കണ്ടെത്തിയാല്‍ പിന്നെ വിവാഹാന്വേഷണത്തിന് സൗകര്യമായി.  സാധാരണഗതിയില്‍ ഇസ്ലാമിക ലോകത്താകെ നടപ്പുള്ളത് ഒരേ ശൈലിയാണ്...

അനുയോജ്യനായ വരനെ കണ്ടെത്താനുള്ള ശ്രമമാണ് അന്വേഷണത്തിന്റെ തുടക്കം. ഒരു ചെറുപ്പക്കാരനെക്കുറിച്ച് അവന്‍ ഏറെക്കുറെ തന്റെ മകള്‍ക്ക് അനുയോജ്യനാകുമെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ രക്ഷിതാക്കള്‍ തമ്മില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. പരസ്പരം അറിയാനും പ്രശ്നങ്ങളും പ്രയാസങ്ങളും നേരത്തെ മനസ്സിലാക്കാനും ഈ അന്വേഷണം സഹായകമാണ്.

വരനെക്കുറിച്ചുള്ള പഠനമാണ് വിവാഹാന്വേഷണരംഗത്ത് നിര്‍ണ്ണായക വിഷയം. വരന്റെ സ്വഭാവം, വിദ്യാഭ്യാസം, മതബോധം, തൊഴില്‍, കുടുംബത്തിന്റെ മതബോധം, സാമൂഹിക നിലവാരം, ആദര്‍ശം, സാമ്പത്തിക സ്ഥിതി തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് അന്വേഷിച്ച് അറിയേണ്ടതുണ്ട്. 

തന്റെ പുത്രിക്ക് ഇയാള്‍ അനുയോജ്യനാണോ.. ഒരു നല്ല ദാമ്പത്യ ജീവിതത്തിന് ഈ ബന്ധം വഴിതെളിക്കുമോ എന്നൊക്കെ കിട്ടാവുന്ന എല്ലാ ഉറവിടങ്ങളിലും ചെന്ന് പഠിക്കണം. വരന്റെ കൂട്ടുകാര്‍, വരന്റെ നാട്ടിലെ പൊതുപ്രവര്‍ത്തകര്‍, പണ്ഡിതന്മാര്‍ ആ നാട്ടില്‍ തനിക്കുള്ള ബന്ധുക്കള്‍, കൂട്ടുകാര്‍ എല്ലാവരെയും ഉപയോഗപ്പെടുത്താം. 

വരന്റെ സ്വഭാവം, മതബോധം, വിദ്യാഭ്യാസം, ആദര്‍ശം എന്നിവ വ്യക്തമായും നിര്‍ണ്ണിതമായും മനസ്സിലാക്കാന്‍ അവിടത്തെ പള്ളിയിലെ ഖാള്വി, ഖത്ത്വീബ്, ഇമാം, മുദര്‍രിസ് എന്നിവരെയും ദീനി സംഘടനകളെയും അവലംബിക്കാവുന്നതാണ്.  മതബോധമുള്ള ഒരു ചെറുപ്പക്കാരനെ അവിടത്തെ ഖത്ത്വീബും മുദര്‍രിസുമാരും സംഘടനാ പ്രവര്‍ത്തകരും അറിയാതിരിക്കില്ല.

അന്വേഷണം പൂര്‍ത്തിയായി തന്റെ പുത്രിക്ക് ചേര്‍ന്നവനാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ വരന്റെ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കണം. ഹള്റത്ത് ഖദീജബീവി(റ) തിരുനബിﷺയെ വിവാഹം ആലോചിച്ചത് ഇവിടെ മാതൃകയാണ്. 

ഒരു സ്ത്രീ ഒരു പുരുഷനോടോ പുരുഷന്‍ സ്ത്രീയോടോ നേരിട്ട് വിവാഹാന്വേഷണം നടത്തുന്നത് ഉചിതമല്ല. അങ്ങനെ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പറഞ്ഞുറച്ചാല്‍ തന്നെ രണ്ടുപേരുടേയും രക്ഷിതാക്കന്മാരെ ഇടപെടീക്കുകയും വിവാഹനിശ്ചയവും നിക്കാഹുമൊക്കെ അവര്‍ മുഖേന നടക്കുകയും വേണം.  

കെട്ടുറപ്പുള്ള ഒരു കുടുംബജീവിതത്തിന്  കുടുംബങ്ങളുടെ സഹകരണവും ഒത്താശയും കൂടാതെ പറ്റില്ല. സ്ത്രീക്കാണെങ്കില്‍ ഒരു സാഹചര്യത്തിലും തന്റെ രക്ഷിതാവിന്റെ അറിവില്ലാതെ വിവാഹത്തിന് മുതിരാന്‍ പാടില്ലതാനും. രക്ഷിതാവില്‍ നിന്നല്ലാതെ നേരിട്ടു നിക്കാഹ് സ്വീകരിക്കാന്‍ യാതൊരു വകുപ്പുമില്ലെന്ന കാര്യം ശ്രദ്ധേയമാണ്. അല്‍ അമീനായ മുഹമ്മദ്ﷺയുടെ സ്വഭാവഗുണങ്ങളും വ്യക്തിവിശുദ്ധിയും മനസ്സിലാക്കിയ ഖദീജ ബീവി(റ), നബിﷺയോട് നേരിട്ടു വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നില്ല.  നബിﷺയുടെ പിതൃവ്യനായ അബൂത്വാലിബിന്റെ അടുത്തേക്ക് ആളെ അയച്ച് അദ്ദേഹം ഖദീജ(റ)യുടെ രക്ഷിതാവായ പിതൃവ്യന്‍ അംറുമായി ബന്ധപ്പെട്ടാണ് വിവാഹം നടന്നത്.

ഇസ്ലാമിക നിയമങ്ങളൊന്നുമില്ലാത്ത ജാഹിലിയ്യാ സമൂഹത്തില്‍ പോലും ഖദീജ(റ)യെ പോലെ പരമസ്വതന്ത്രയും സ്വയം പര്യാപ്തയുമായ ഒരു സ്ത്രീ തന്റെ വിവാഹത്തിന് തിരഞ്ഞെടുത്ത ശൈലി തന്നെയാണ് ഇസ്ലാമിക വിവാഹാന്വേഷണരീതി. ജാഹിലിയ്യാ കാലത്തെ മാന്യതയും കുലീനതയുമുള്ള കുടുംബങ്ങളും വ്യക്തികളും ഈ നല്ല മാതൃകയായിരുന്നു പിന്തുടര്‍ന്നത്. 

പുരോഗമനത്തിന്റെയും സ്വാതന്ത്രത്തിന്റെയും പേരില്‍ കോളേജ് കാമ്പസിലും പാര്‍ക്കിലും കണ്ടുപരിചയപ്പെട്ടു പരസ്പരം വിവാഹമുറപ്പിക്കുന്നവര്‍ അവസാനം നൈരാശ്യത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയും കയത്തില്‍ മുങ്ങിച്ചാവുകയും കെട്ടിത്തൂങ്ങുകയുമാണ് ചെയ്യുന്നതെന്ന അനുഭവ യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂടാ.


വിവാഹന്വേഷണം ഒരു ബാധ്യതയോ ഇടപാടോ അല്ല. കേവലമൊരു താല്‍പര്യപ്രകടനം മാത്രമാണ്.  ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാഗ്രഹമുണ്ടെന്ന് അവളെയും രക്ഷിതാവിനെയും അറിയിക്കുക.  അവരുടെ പ്രതികരണം കേള്‍ക്കുക.  തടസ്സമില്ലെങ്കില്‍, തങ്ങളുടെ കക്ഷിക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ തയ്യാറാണെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക. ഇതാണ് വിവാഹാന്വേഷണം കൊണ്ടുദ്ദേശിക്കുന്നത്.

ഇരുകക്ഷികളും ബന്ധത്തിന് ഏറെക്കുറെ അനുകൂലമാണെന്ന തീരുമാനമാണ് വിവാഹന്വേഷണത്തില്‍ നിന്നുണ്ടാകേണ്ടത്. കുടുംബപരവും മതപരവും സാംസ്കാരികവും മറ്റുമായ പരിഗണനകളെ കുറിച്ചുള്ള പരസ്പര അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം അനുകൂലമായ തീരുമാനമാണെങ്കില്‍ അടുത്ത പടി പെണ്ണ് കാണലാണ്.

ഒരാള്‍ അന്വേഷിച്ച് പരസ്പരം വാക്കുകൊടുത്ത സാഹചര്യത്തില്‍ ആ സ്ത്രീയെ മറ്റൊരാള്‍ അന്വേഷിക്കാന്‍ പാടില്ല. ഒന്നാമത്തെയാള്‍ തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറുകയോ ആ ബന്ധം വേണ്ടെന്നു വെക്കുകയോ ചെയ്ത ശേഷമേ മറ്റൊരാള്‍ക്ക് പുതിയ അന്വേഷണത്തിലേര്‍പ്പെടാന്‍ പാടുള്ളൂ. അല്ലാതെയുള്ള അന്വേഷണം ഹറാമാണെന്നാണ് പണ്ഡിതന്മാരുടെ ഏകോപിതവിധി.    

ഒന്നാം കക്ഷി തീരുമാനിച്ചുറച്ച സ്ത്രീയെ മറ്റൊരാള്‍ പുതിയ പ്രലോഭനങ്ങളൊ മറ്റോ നല്‍കി കല്യാണം കഴിക്കുന്നത് കുറ്റകരമാണ്. തിരുനബി ﷺ പറഞ്ഞു:  തന്റെ സഹോദരന്‍ വിറ്റതിന് നിങ്ങള്‍ വിലപറയരുത്. തന്റെ സഹോദരന്‍ വിവാഹമന്വേഷിച്ചവരില്‍ നിങ്ങള്‍ വിവാഹാന്വേഷണം നടത്തരുത്. പരസ്പരം ശത്രുതയും വൈരാഗ്യവുമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ നിന്നും ഒഴിവാക്കുകയും സൗഹൃദാന്തരീക്ഷം സംജാതമാക്കുകയുമാണ് ഈ നിര്‍ദേശത്തിലൂടെ ഇസ്ലാം ചെയ്യുന്നത്.

അതേയവസരം അന്വേഷണങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നു. ഒന്നും ഉറപ്പിക്കുകയോ വാക്കു കൊടുക്കുകുയോ ചെയ്തിട്ടില്ല.  ഈ സാഹചര്യത്തില്‍ വിവാഹോന്വേഷണം നടത്തുന്നതിന് വിരോധമൊന്നുമില്ല. പക്ഷേ, ഹനഫീ നിയമപ്രകാരം ഇത് കറാഹത്താണ്.  

ഭൂരിപക്ഷപണ്ഡിതര്‍ ഇതിനെ ന്യായീകരിച്ചുകൊണ്ട് ഫാത്ത്വിമ ബിന്‍ത് ഖൈസി(റ)ന്റെ സംഭവം ഉദ്ധരിക്കുന്നുണ്ട്.

ഫാത്ത്വിമ ബിന്‍ത് ഖൈസിനെ(റ) ഹള്റത്ത് മുആവിയ(റ), അബൂജഹ്മബിന്‍ ഹുദഫ(റ), ഉസാമത് ബിന്‍ സൈദ്(റ) എന്നിവര്‍ വിവാഹാന്വേഷണം നടത്തി. അബൂ അംറ് ബിന്‍ ഹഫ്സില്‍ (റ) നിന്ന് വിവാഹമോചനം ചെയ്ത് ഇദ്ദ കഴിഞ്ഞിരിക്കുകയായിരുന്നു ഫാത്വിമാ ബിന്‍ത് ഖൈസ് (റ).

ഈ കല്യാണാലോചനകളുടെ വിവരം തിരുനബിﷺയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നബി ﷺ പറഞ്ഞു: അബൂജഹ്മ (റ) വടി താഴെവെക്കില്ല.  (ഭാര്യയെ തല്ലുന്ന സ്വഭാവക്കാരനാണ്) മുആവിയയാണെങ്കില്‍ (റ) പരമ ദരിദ്രനുമാണ്. നീ ഉസാമത് ബിന്‍ സൈദിനെ (റ) വിവാഹം ചെയ്യുക. ഈ അടിസ്ഥാനത്തില്‍ ഒന്നിലധികം ആളുകള്‍ ഒരു സ്ത്രീയെ വിവാഹാന്വേഷണം നടത്തുന്നതിനു വിരോധമില്ല എന്നു ഗ്രഹിക്കാം. പക്ഷേ, ഒരാള്‍ അന്വേഷിക്കുന്ന വിവരം അറിഞ്ഞാല്‍ അയാളുടെ അന്വേഷണം കഴിഞ്ഞശേഷമേ മറ്റൊരാള്‍ അന്വേഷിക്കാവൂ. ഇതാണ് പരസ്പര സ്നേഹത്തിനും സാമൂഹിക ഭദ്രതയ്ക്കും നല്ലത്.

മതപരമായ വിലക്കില്ലാത്ത എല്ലാ സ്ത്രീകളെയും അന്വേഷിക്കാം. പക്ഷേ, വിവാഹബന്ധം നിഷിദ്ധമായ കുടുംബാംഗങ്ങള്‍, അന്യന്റെ ഭാര്യ, അന്യന്റെ ത്വലാഖില്‍ ഇദ്ദ ഇരിക്കുന്നവള്‍ തുടങ്ങിയവരെ വിവാഹാലോചന നടത്തുന്നത് ഹറാമാണ്.

ഇദ്ദ അനുഷ്ടിക്കുന്ന സ്ത്രീയെ ഒരാള്‍ വിവാഹാലോചന നടത്തുകയം വിവാഹം ചെയ്യുകയും ചെയ്താല്‍ ഈ നിക്കാഹ് അസാധുവാണ്. വിവാഹം ക്യാൻസല്‍ ചെയ്യുകയും അവര്‍ തമ്മില്‍ വേര്‍പിരിയുകയും വേണം. സ്വയം വേര്‍പിരിയുന്നില്ലെങ്കില്‍ കോടതി വേര്‍പെടുത്തണമെന്നാണ് നിയമം.  ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഇദ്ദ കൂടി കഴിഞ്ഞേ അവള്‍ക്കു മറ്റൊരാളുമായി നിക്കാഹ് ചെയ്യാന്‍ പാടുള്ളൂ. 

അതേ സമയം അസാധു വിവാഹത്തില്‍ വേര്‍പെടുത്തപ്പെട്ട വ്യക്തിക്ക് ഇദ്ദ കഴിഞ്ഞ ശേഷം ഈ സ്ത്രീയെ വീണ്ടും വിവാഹന്വേഷണം നടത്തി നിക്കാഹ് ചെയ്യാമോ എന്ന വിഷയത്തില്‍ പണ്ഡിതര്‍ വ്യത്യസ്താഭിപ്രായക്കാരാണ്. 
ആവാമെന്നാണ് ഇമാം ശാഫിഈ(റ), ഇമാം അബൂഹനീഫ(റ) എന്നിവര്‍ അഭിപ്രായപ്പെട്ടത്. അതേ സമയം ഈ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പുരുഷന് ഇനി ഒരിക്കലും വിവാഹം ചെയ്യാന്‍ പാടില്ലെന്നാണ് ഇമാം മാലിക്(റ), ഇമാം അഹ്മദ് (റ) തുടങ്ങിയവര്‍ പറയുന്നത്.


കുഫുവ് ഒത്ത ഇണ

ഭാര്യ ഭര്‍ത്താക്കന്‍മാര്‍ പരസ്പരം യോജിപ്പും പൊരുത്തവുമുള്ളവരായിരിക്കണം. പരസ്പരം അറിഞ്ഞും സഹകരിച്ചും നീങ്ങേണ്ട ദാമ്പത്യ ബന്ധത്തിന്റെ വിജയപരാജയങ്ങള്‍ ഇരുവരുടേയും വ്യക്തിത്വത്തിന്റെ നിലവാരത്തിനനുസരിച്ചാണ്... 

മാനസിക ഐക്യമാണ് പരമപ്രധാനമെങ്കിലും ഈ ഐക്യ രൂപീകരണത്തില്‍ വിദ്യാഭ്യാസം, കുടുംബസാഹചര്യങ്ങള്‍, സാമ്പത്തിക സ്ഥിതി, തൊഴില്‍ തുടങ്ങിയവക്ക് വ്യക്തമായ പങ്കുണ്ട്. പരമ്പരാഗതമായി ഉന്നത നിലവാരത്തില്‍ ജീവിച്ചു അല്ലലറിയാതെ കഴിയുന്ന ഒരു പെണ്‍കുട്ടിക്ക് നിത്യവൃത്തിക്ക് തൊഴിലെടുത്ത്, അര്‍ദ്ധപട്ടിണിയുമായി കഴിയുന്ന ചെറുപ്പക്കാരനെ ഉള്‍ക്കൊള്ളാനും മനസ്സു തുറന്ന്‍ ജീവിതാനുഭവങ്ങള്‍ കൈമാറാനും പ്രയാസമാണ്. പണ്ഡിത കുലത്തില്‍ ജനിക്കുകയും പാണ്ഡിത്യത്തിന്റെ നന്‍മയും കണിശമായ ജീവിതരീതിയും ശീലിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക്  കേവലമൊരു സാധാരണക്കാരനുമായി ഇണങ്ങിച്ചേരാന്‍ കഴിയുമോ..?

സുഖാനന്ദങ്ങളുടെ പറുദീസയില്‍ വളര്‍ന്ന ഒരു ഉദ്യോഗസ്ഥന്റെ പുത്രിയെ അറിവും അര്‍ത്ഥവുമില്ലാത്ത ഒരു യുവാവിന്റെ ചെറ്റകൂരയിലേക്ക് പറഞ്ഞയക്കുമ്പോള്‍ ആബന്ധത്തിന് ആത്മാര്‍ത്ഥമായ സ്നേഹവും സന്തോഷവും പകരാന്‍ സാധിച്ചില്ലെന്ന്‍ വരാം.

ഇസ്ലാം, ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പരസ്പരം ലയിച്ച് ചേർന്ന്‍ ഒരു മെയ്യും ഒരു മനസ്സുമാകണം ദമ്പതികളെന്നഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തിലേ വിവാഹബന്ധത്തിന് ദൃഢതയും സൗന്ദര്യവും ആനന്ദവും കൈവരികയുള്ളൂ എന്ന്‍ മനസ്സിലാക്കുന്നു. ദമ്പതികള്‍ പരസ്പരം ‘കഫാഅത്‘ (അനുയോജ്യത) ഒത്തവരായിരിക്കണമെന്നു ഇസ്ലാം അനുശാസിക്കുന്നത് ഈ സാഹചര്യത്തിലാണ്. 


ഫത്ഹുല്‍ മുഈന്‍ കുഫുവ്നെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് കാണുക.

അനുയോജ്യത വിവാഹത്തില്‍ പരിഗണനീയമാണ്. വിവാഹത്തിന്റെ സാധുതക്കു വേണ്ടിയല്ല. പക്ഷേ, സ്ത്രീക്കും തന്റെ വലിയ്യിനുമുള്ള അവകാശമാണത്. അതു വേണ്ടാന്ന് വെക്കാന്‍ അവര്‍ക്കിരുവര്‍ക്കും അനുവാദമുണ്ട് (പേജ്; 331). 

കുഫുവ്നെകുറിച്ചുള്ള മതകാഴ്ചപ്പാടിതാണ്. വിവാഹം സാധുവാകാനുള്ള നിബന്ധനയല്ല ഇത്. തന്റെ ഭാവിജീവിത ഭദ്രത ഉറപ്പുവരുത്താനുള്ള സ്ത്രീയുടെ അവകാശമാണ്. കുഫുവ്നെ കുറിച്ചുള്ള അവകാശബോധം സ്ത്രീക്കും അവളുടെ വലിയ്യിനുമാണുണ്ടാകേണ്ടത്‌.

പുരുഷന്റെ നിലവാരമാണ് ഈ വിഷയത്തില്‍ പരിഗണിക്കപ്പെടുന്നത്. സ്ത്രീയുടെ അവസ്ഥകളല്ല. അഥവാ പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നാണ്  വിവാഹം അന്വേഷിക്കുന്ന പുരുഷന്‍ തനിക്ക് അനുയോജ്യനാണോ എന്നുള്ള അന്വേഷണമുണ്ടാകേണ്ടത്‌. ദാമ്പത്യജീവിതത്തിലും മറ്റു രംഗങ്ങളിലുമെല്ലാം മേല്‍ക്കോയ്മ പുരുഷനു തന്നെയാണ്. പുരുഷന്‍മാര്‍ സ്ത്രീകളുടെ കാര്യകര്‍ത്താക്കളാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. സ്ത്രീയുടെ മുഴുവന്‍ ബാധ്യതകളും ഏറ്റെടുക്കുകയാണ് വിവാഹത്തിലൂടെ പുരുഷന്‍ ചെയ്യുന്നത്. ബാധ്യതകള്‍ ഏറ്റെടുക്കുന്നവര്‍ക്കു സ്വാഭാവികമായും അധികാരങ്ങളും മേല്‍ക്കോയ്മയുമുണ്ടാകും. 

പരസ്പരം ലൈംഗികബന്ധം പുലര്‍ത്താനുള്ള കേവലമൊരു അംഗീകാരമല്ല ഇസ്ലാമിലെ വിവാഹം. പുരുഷന് ഭീമമായ ബാധ്യതകളും ഉത്തരവാദിത്വങ്ങളും വരുത്തിവെക്കുന്ന ഒരു കര്‍മ്മമാണ്. അതിനനുസരിച്ചുള്ള മേധാവിത്വം വകവെച്ച് കൊടുക്കുകയാണിസ്ലാം ചെയ്യുന്നത്. ഇവിടെ കീഴടക്കലിന്റെയും കീഴടങ്ങലിന്റെയും പ്രശ്നങ്ങളല്ല ബാധ്യതയുടെയും നിര്‍വഹണത്തിന്റെയും തലങ്ങളാണ്...


വിവാഹത്തിനു മുമ്പു തന്നെ തന്റെ ഇണയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്ത്രീക്കുണ്ടാകണം. തന്നോട് ഇണങ്ങാനും തന്നെ സ്നേഹിച്ച് സംരക്ഷിച്ചു സുന്ദരമായ ജീവിതാനുഭവങ്ങള്‍ പങ്കിടാനും തന്റെ ഇണയാകാന്‍ പോകുന്ന പുരുഷന് സാധിക്കുമോ? ഈ ചിന്തയാണ് സത്യത്തില്‍ ‘കുഫുവ് ‘ പരിഗണിക്കണമെന്ന ഇസ്ലാമിക നിര്‍ദ്ദേശത്തിന്റെ പൊരുള്‍...

കന്യകയായ പെണ്‍കുട്ടിക്ക് ഈ വിഷയത്തില്‍ അനുഭവങ്ങളില്ലാത്തതു കൊണ്ട് തീരുമാനമെടുക്കാനുള്ള അവളുടെ കഴിവിന് പരിമിതിയുണ്ട്. ഇവിടെയാണ് രക്ഷിതാവിന്റെ സാന്നിദ്ധ്യം അനിവാര്യമാകുന്നത്. 

തന്റെ മകള്‍ക്കു അനുയോജ്യനാണോ ഈ പുരുഷനെന്നു രക്ഷിതാവ് ചിന്തിക്കണം. പൂര്‍ണ്ണത ബോധ്യപ്പെടുമ്പോള്‍ മാത്രമേ വിവാഹം ഉറപ്പിക്കാന്‍ രക്ഷിതാവിനു പാടുള്ളൂ. അത് പരിഗണിക്കാതെ മറ്റെന്തെങ്കിലും താല്പര്യത്തിനു വേണ്ടി അനുയോജ്യനല്ലാത്ത പുരുഷനു  പെണ്‍കുട്ടിയെ നിക്കാഹ് ചെയ്തു കൊടുക്കുന്ന രക്ഷിതാവിന്റെ നടപടിക്ക് ഇസ്ലാം അംഗീകാരം നല്‍കുന്നില്ല. ഈ വിവാഹത്തിന് നിയമത്തിന്റെ ബലം ലഭിക്കുകയില്ല.

അനുയോജ്യത നിക്കാഹിന് ശര്‍ത്ത്വല്ലങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അത് ശര്‍ത്ത്വായിത്തീരും. അകന്യകയായ പെണ്‍കുട്ടിയെ പിതാവ് പിതാമഹന്‍ എന്നീ നിര്‍ബന്ധാധികാരമുള്ളവരടങ്ങുന്ന രക്ഷിതാക്കള്‍ നിക്കാഹ് ചെയ്തു കൊടുക്കുമ്പോഴും മാനസികരോഗമുള്ള സ്ത്രീയുടെ വിവാഹത്തിലും ഇത് നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട ഉപാധി (ശര്‍ത്ത്വ്) ആയിത്തീരും. 

ഈ സന്ദര്‍ഭങ്ങളില്‍ അനുയോജ്യത പരിഗണിക്കാതെയുള്ള നിക്കാഹ് അസാധുവാണ്. അകന്യകയായ സ്ത്രീക്ക് തിരഞ്ഞെടുക്കുന്ന പുരുഷന്‍ അനുയോജ്യനാകണം. പക്ഷേ, ഇവിടെ സ്ത്രീയുടെ വാമൊഴിയിലൂടെയുള്ള സമ്മതം അനിവാര്യമായതുകൊണ്ട് രക്ഷിതാവ് തിരഞ്ഞെടുത്ത പുരുഷനെക്കുറിച്ച് പഠിക്കാനും – തീരുമാനമെടുക്കാനും സ്ത്രീ ബാധ്യസ്ഥയാണ്. ഈ ബാധ്യത നിര്‍വ്വഹിക്കാതെ രക്ഷിതാവിന്റെ ഇംഗിതത്തിനു സമ്മതം നല്‍കുകയും നിക്കാഹിന് ശേഷം ഭര്‍ത്താവ് അനുയോജ്യനല്ലെന്നു ബോധ്യപ്പെടുകയും ചെയ്താല്‍ ഈ ബോധോദയത്തിനു യാതൊരു പരിഗണനയുമില്ല. നേരത്തെ ചിന്തിക്കാതെ സമ്മതം നല്‍കിയതിന്റെ പരിണിതഫലം അനുഭവിക്കുകയല്ലാതെ നിര്‍വ്വാഹമില്ല. അനുയോജ്യനാണന്ന് ബോധ്യപ്പെട്ട പുരുഷന്റെ അനുയോജ്യത വിവാഹശേഷം നീങ്ങുന്നതു കൊണ്ട് വിവാഹത്തിനു തകരാര്‍ വരുന്നതല്ല. 

അതെയവസരം അനുയോജ്യനാണ്  എന്ന് വ്യാജമായി ധരിപ്പിച്ച് വിവാഹം ചെയ്യുകയും പിന്നീടുള്ള അനുഭവ ജീവിതത്തില്‍, താന്‍ കബളിപ്പിക്കപ്പെട്ടതായി സ്ത്രീക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ വിവാഹം
ഫസ്ഖ് ചെയ്യാനുള്ള അവകാശം സ്ത്രീക്കുണ്ട്

സ്വതന്ത്രസ്ത്രീക്കു അടിമയായ പുരുഷനും, ചാരിത്ര്യവതിയും മതബോധമുള്ളവളുമായ പെണ്ണിന് തെമ്മാടിയും ചാരിത്ര്യവിശുദ്ധിയും മതബോധവുമില്ലാത്തവനുമായ പുരുഷനും അനുയോജ്യനല്ല.  സുന്നിവിശ്വാസിയും സുകര്‍മ്മിണിയുമായ സ്ത്രീക്ക് ബിദ്അത്തുകാരനും ദുഷ്ടനും അനുയോജ്യനല്ല.  ഉന്നത കുലജാതയായ സ്ത്രീക്ക് താഴ്ന്ന തറവാട്ടുകാരന്‍ അനുയോജ്യനല്ല.  ഹാശിം, മുത്ത്വലിബ് വംശജരായ സ്ത്രീകള്‍ക്കു അതേ വംശത്തില്‍ നിന്നു തന്നെയുള്ള പുരുഷരാണ് അനുയോജ്യര്‍. എല്ലാ സയ്യിദ് ഖബീലക്കാരും പരസ്പരം അനുയോജ്യരാണ്. അവരെല്ലാം ഹാശിം, മുത്ത്വലിബ് ഗോത്രക്കാരാണ്. പാരമ്പര്യ മുസ്ലിം സ്ത്രീക്ക് നവാഗതനായ മുസ്ലിം അനുയോജ്യനല്ല.

സാമ്പത്തിക ശേഷി അനുയോജ്യതയുടെ വിഷയത്തില്‍ പരിഗണിക്കപ്പെടേണമോ എന്നതില്‍ കര്‍മ്മശാസ്ത്രപണ്ഡിതന്‍മാര്‍ വ്യത്യസ്ത വീക്ഷണക്കാരാണ്.  പരിഗണിക്കപ്പെടേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വീക്ഷണം. ഭാര്യക്ക് ചിലവു കൊടുക്കാനുള്ള കഴിവുണ്ടോ എന്ന് പരിഗണിക്കേണ്ടതാണെന്നാണ് മറ്റൊരഭിപ്രായം. ചിലവിനും മഹറിനും കഴിവുണ്ടായിരിക്കണമെന്നാണ് ഇനിയും ഒരു പക്ഷത്തിന്റെ വീക്ഷണം.  സാമ്പത്തിക സ്ഥിതി പരിഗണിക്കുന്നതിലൂടെ ദാമ്പത്യബന്ധത്തിനു ദാര്‍ഢ്യത കൈവരുമെന്നതുകൊണ്ട് സാമ്പത്തിക ശേഷിയുള്ള പെണ്‍കുട്ടിക്ക് തന്റെ നിലവാരത്തിലുള്ള പുരുഷന്‍ തന്നെയാണ് ഏറ്റവും അനുയോജ്യന്‍. 

മാന്യമായ വരുമാനസാധ്യതയുള്ള തൊഴിലും സമ്പത്തായി പരിഗണിക്കാവുന്നതാണ്. മാന്യമായ ജോലി എടുക്കുന്ന ഒരാളുടെ പുത്രിക്ക് താഴ്ന്ന ജോലിക്കാരന്‍ അനുയോജ്യനല്ല.  കച്ചവടക്കാരന്‍ പണ്ഡിതപുത്രിക്ക് അനുയോജ്യനല്ല എന്നൊക്കെ ഫുഖഹാക്കള്‍ വ്യക്തമാക്കിയിരിക്കുന്നു.
രക്തം പോലുള്ള നജസ്സുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ജോലിക്കാര്‍ തുല്യജോലിയില്‍ ഏര്‍പ്പെട്ടവരില്‍ നിന്ന് വിവാഹം ചെയ്യുകയാണ് നല്ലത്. അവര്‍ തമ്മില്‍ അനുയോജ്യരുമാണ്. അതേയവസരം ഇത്തരക്കാര്‍ മുന്തിയ ജോലി എടുക്കുന്ന കുടുംബത്തിലെ സ്ത്രീക്കു അനുയോജ്യരല്ലെന്ന് വ്യക്തമാണ്. 

ഒരു കമ്പനിയുടെ ജനറല്‍ മാനേജറുടെ പുത്രിക്ക് ഒരു കര്‍ഷകതൊഴിലാളിയോ കശാപ്പുകാരനോ തന്റെ ഇണയാകുന്നത് സാധാരണഗതിയില്‍ സഹിക്കാന്‍ സാധിക്കുകയില്ലല്ലോ. താഴ്ന്നത് എന്ന് പരിഗണിക്കപ്പെടുന്ന തൊഴിലുകള്‍ എടുത്തിരുന്ന കുടംബമെന്നത് കൊണ്ട് ഒരു കുറച്ചിലുമില്ല. അവര്‍ ഇപ്പോഴും ആ ജോലിയിലാണോ എന്നാണ് ചിന്തിക്കേണ്ടത്.


അപ്രകാരം തറവാടിത്തം പരിഗണിക്കപ്പെടുന്നതു കുടുംബത്തിന്റെ തന്‍പ്രമാണിത്തവും ദുരഭിമാനവും പ്രതാപവും പരിഗണിച്ചല്ല. മറിച്ച് അവരുടെ ഇസ്ലാമിക വ്യക്തിത്വവും ചുറ്റുപാടുമാണ് പരിഗണിക്കപ്പെടേണ്ടത്. 

ചിരപുരാതനമായ മുസ്ലിം തറവാട്ടിലെ ഇസ്ലാമിക ചിട്ട പാലിക്കുന്ന പെണ്‍കുട്ടിക്ക് അടുത്തകാലത്ത് ഇസ്ലാം സ്വീകരിച്ച, ഇസ്ലാമിക സംസ്കാരവും ശീലവും പൂര്‍ണ്ണമായി സിദ്ധിച്ചിട്ടില്ലാത്ത നവാഗതന്‍ അനുയോജ്യനല്ലെന്ന് പറയുന്നതില്‍ യാതൊരു പന്തികേടുമില്ല.

ഇവിടെ കുടുംബത്തിന്റെയോ പാരമ്പര്യത്തിന്റെയോ തൊഴിലിന്റെയോ പേരില്‍ ഏതെങ്കിലും വിഭാഗങ്ങളെ അവഗണിക്കുകയല്ല. മറിച്ച് വിവാഹബന്ധത്തിന്റെ നിലനില്‍പ്പും ഭദ്രതയുമാണ് പരിഗണനീയം. അതിനു സഹായകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണിസ്ലാം ചെയ്യുന്നത്.  സമൂഹത്തിലെ എല്ലാവര്‍ക്കും എല്ലാവരും അനുയോജ്യരാകണമെന്ന് വാശിപിടിക്കുന്നത് പ്രയോഗികതലത്തില്‍ ശരിയല്ലല്ലോ...

ഇനി ഇത്തരം പരിഗണനകളൊന്നും വേണ്ടെന്ന് വെച്ച് തനിക്കിഷ്ടപ്പെട്ട ഒരു പുരുഷനെ വരിക്കാന്‍ ഒരു സ്ത്രീ തയ്യാറായാല്‍ ഇസ്ലാം അതിന് എതിര് നില്‍ക്കുന്നില്ല. സ്ത്രീക്ക് അതിനവകാശവുമുണ്ട്. അനുയോജ്യത പരിഗണിക്കേണ്ടതില്ലെന്നു സ്ത്രീ പറഞ്ഞാല്‍ രക്ഷിതാവ് അതനുസരിക്കാന്‍ ബാധ്യസ്ഥനുമാണ്.

ഒരുകാര്യം വ്യക്തമാണ്, വിവാഹബന്ധത്തിലൂടെ രണ്ടു ശരീരങ്ങള്‍, രണ്ടു മനസ്സുകള്‍, രണ്ടു കുടുംബങ്ങള്‍ ഒന്നാവുകയാണ്. പൂര്‍ണ്ണമായ യോജിപ്പും ലയന സാധ്യതയുമുള്ളവര്‍ തമ്മിലേ ഈ ലക്ഷ്യം  സാധിക്കുകയുള്ളൂ.  യുവതീയുവാക്കളുടെ മാനസികാവസ്ഥയാണീ വിഷയത്തില്‍ പ്രഥമമായി പരിഗണിക്കപ്പെടേണ്ടത്.

മതപാരമ്പര്യം, അറിവ്, തൊഴില്‍, സ്വാതന്ത്രം, മതചിട്ട എന്നിവയിലാണ് കക്ഷികള്‍ തമ്മിലുള്ള തുല്യത പരിഗണിക്കപ്പെടേണ്ടത്.

മതപാരമ്പര്യത്തില്‍ തലമുറകളുടെ എണ്ണവും അവരുടെ മതനിഷ്ഠയുമാണ് പരിഗണിക്കേണ്ടത്. ഇസ്ലാമിക സമൂഹത്തില്‍ ഈ യുവാവിന്റെ കുടുംബത്തിനു എത്രകാലത്തെ പാരമ്പര്യമുണ്ടെന്നാണ് നോക്കേണ്ടത്.  സ്ത്രീയുടെയും പുരുഷന്റെയും തലമുറകള്‍ തുല്യരാകുമ്പോഴാണ് അവര്‍ പൂര്‍ണ്ണയോജിപ്പുള്ളവരാകുന്നത്.  അതേയവസരം മറ്റു കാര്യങ്ങളിലൊക്കെ യോജിപ്പുള്ള സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കണിശമായ നിലപാട് സ്വീകരിക്കാതെ വരനെ തിരഞ്ഞെടുക്കാന്‍ പെണ്‍കുട്ടിക്കും രക്ഷിതാവിനും അവകാശമുണ്ട്.

വ്യക്തിയുടെ, കുടുംബത്തിന്റെ വിദ്യാഭ്യാസ നിലവാരമാണ് മറ്റൊന്ന്.  വിദ്യാസമ്പന്നമായ കുടുംബത്തിലെ അഭ്യസ്തവിദ്യയായ പെണ്‍കുട്ടിക്ക് കേവലമൊരു സാധാരണക്കാരന്‍ അനുയോജ്യനല്ലെന്നാണ് ഫിഖ്ഹ് പറയുന്നത്. ഇവിടെയും പെണ്ണിന് ഈ വിഷയത്തില്‍ വിവേചനാധികാരമുണ്ട്. തൊഴിലിന്റെ വിഷയത്തിലും ഇത് തന്നെ സ്ഥിതി. 

ഇത്തരം പരിഗണനകളെല്ലാം മാറ്റിനിര്‍ത്തി സമ്പത്ത്, സൗന്ദര്യം, സ്നേഹബന്ധങ്ങള്‍ തുടങ്ങിയവക്ക് മാത്രം പരിഗണന നല്‍കപ്പെട്ട് നടക്കുന്ന വിവാഹങ്ങളുണ്ട്. സ്ത്രീക്ക് അതിന് അവകാശവുമുണ്ട്. തന്റെ ഭര്‍ത്താവ് ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അന്തിമാധികാരം സ്ത്രീക്ക് തന്നെയാണ്. 

രണ്ടാമത് രക്ഷിതാവിനും. പക്ഷേ, ഈ പരിഗണനകള്‍ മാറിവരാം. സമ്പത്ത്, സൗന്ദര്യം തുടങ്ങിയതൊന്നും സ്ഥായിയല്ല. അവ പരിഗണിച്ച് നടക്കുന്ന വിവാഹങ്ങള്‍ ചുറ്റുപാടുകള്‍ മാറുമ്പോള്‍ ആടിയുലയുന്നത് കാണാം.  ബാഹ്യസൗന്ദര്യം മാത്രം കണക്കിലെടുത്ത് നടന്ന വിവാഹങ്ങളധികവും വഴിക്കുവെച്ച് തകര്‍ന്നടിഞ്ഞതാണനുഭവം.

അനുയോജ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇസ്ലാമിന്റെ വിമര്‍ശകര്‍ ഒരുതരം ജാതീയതയും അസ്പൃശ്യതയും കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്.  സത്യത്തില്‍ അത്തരം മതില്‍ക്കെട്ടുകളൊന്നും ഇസ്ലാമിലില്ല.  ഖുറൈശി കുടുംബത്തില്‍പെട്ട ഒരു പെണ്‍കുട്ടി തന്റെ വരനായി സ്വീകരിക്കുന്നതു ഒരു കശാപ്പുകാരനെയാണെങ്കില്‍ മതം അതു തടയുന്നില്ല. പെണ്‍കുട്ടിയുടെ വ്യക്തി സ്വാതന്ത്രമാണത്. പക്ഷേ, രക്ഷിതാക്കള്‍ക്കോ മറ്റൊ ഇങ്ങനെയൊരു ബന്ധം തിരഞ്ഞെടുക്കാനോ തന്റെ പെണ്‍കുട്ടിയെ അതിന് നിര്‍ബന്ധിക്കാനോ അധികാരമില്ലെന്നാണ് ഇസ്ലാമിക നിലപാട്.

ഈ അനുയോജ്യത തീരെ പരിഗണനീയമല്ല. മനുഷ്യരെല്ലാം തുല്യരാണ്. ഹനഫീ പണ്ഡിതനായ അബൂല്‍ഹസനുല്‍ ഖര്‍ഖിയുടെ (റ) നിലപാട് ഇതാണ്. പക്ഷേ, ഭൂരിപക്ഷം പണ്ഡിതരും ഇത് നിരാകരിച്ചിരിക്കയാണ്.
അനുയോജ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളുമാണ് വിവാഹാന്വേഷണത്തിന്റെ ആരംഭം. ഈ കാര്യങ്ങള്‍ വിലയിരുത്തി ഏകദേശം അനുയോജ്യരാണെന്ന് ബോധ്യപ്പെട്ട ശേഷമേ മറ്റു കാര്യങ്ങളിലേക്കു നീങ്ങേണ്ടതുള്ളൂ.


വിവാഹ സമ്മാനം 

പുരുഷന്‍ കണ്ടു ഇഷ്ടപ്പെട്ട സ്ത്രീയെ കുറിച്ച് വിശദമായ കാഴ്ചയും വീട്ടുകാര്യങ്ങളെ കുറിച്ചുളള അറിവും വേണമെന്ന് തോന്നുന്നുവെങ്കില്‍, തന്റെ ഉമ്മയോ സഹോദരിമാരോ മറ്റു ബന്ധപ്പെട്ട സ്ത്രീകളോ പോയി കാണേണ്ടതാണ്. പുരുഷന്റെ ഒറ്റ നോട്ടത്തില്‍ സ്ത്രീയുടെ ബാഹ്യ സൗന്ദര്യം മാത്രമേ വ്യക്തമാവുകയുളളൂ. സ്ത്രീ കള്‍ക്ക് അവളുമായി ഏറെനേരം സംസാരിക്കാനും കുടുംബസാഹചര്യങ്ങളറിയാനുമൊക്കെ സാധിക്കും...

മാത്രമല്ല, വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടിലേക്ക് മാറി താമസിക്കേണ്ട സാഹചര്യത്തില്‍ ഭര്‍തൃമാതാവിന്റെയും സഹോദരിമാരുടേയും അഭിപ്രായത്തിന് പ്രസക്തിയുണ്ട്, അവര്‍ക്കുകൂടി ഇഷ്ടപ്പെട്ട സ്ത്രീയാണെങ്കില്‍ അമ്മായിയമ്മ പോര്, നാത്തൂന്‍പോര് തുടങ്ങിയ ശല്യങ്ങള്‍ പരമാവധി കുറയും. താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന യുവതിയെ കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ലഭിക്കുകയും ചെയ്യും.

സ്ത്രീകളുടെ ഈ കാണാന്‍ പോക്ക് നാട്ടില്‍ ഒരു വലിയ വിനയായിട്ടുണ്ട്. രണ്ടു വണ്ടി നിറയെ സ്ത്രീകളെ തള്ളി കയറ്റി പെണ്ണു കാണാന്‍ അയക്കും. വധു വീട്ടുകാര്‍ അവര്‍ക്ക് പാര്‍ട്ടി ഒരുക്കും. പിന്നീട് പാര്‍ട്ടിയുടെ ഗാംഭീര്യ കുറവും രുചികുറവുമൊക്കെ പറഞ്ഞ് ഇവറ്റകള്‍ നീണ്ട ചര്‍ച്ച നടത്തി അവസാനം ഒടക്ക് വെക്കും. വിവാഹരംഗത്തെ ഏറ്റവും വലിയ കടമ്പയായി ഈ പെണ്ണുകാണല്‍ തീര്‍ന്നിട്ടുണ്ട്..!!

നിയുക്ത വരന് ഇഷ്ടപ്പെട്ടാലും പെണ്‍കൂട്ടത്തിനിഷ്ടപ്പെടാതെ കല്യാണം നടക്കില്ല. നടന്നാല്‍ അവര്‍ വിടുകയുമില്ല. ഞങ്ങളും ഇത്തരം കടമ്പകളൊക്കെ കഴിഞ്ഞ് വന്നവരാണെന്ന ചിന്തയാണ് പലര്‍ക്കും..!!

പക്ഷേ, തങ്ങളുടെ താല്‍പര്യങ്ങളും നിസ്സാരകാര്യങ്ങളുമല്ല, കെട്ടാന്‍ പോകുന്ന പുരുഷന്റെ താല്‍പര്യവും നന്‍മയുമാണ് മുഖവിലക്കെടുക്കേണ്ടത് എന്ന് മനസ്സിലാക്കണം.

ഇഷ്ടപ്പെട്ട പെണ്ണിന് എന്തെങ്കിലും സമ്മാനം നല്‍കുന്ന ആചാരം നിലവിലുണ്ട്. ഇസ്ലാമികമായി അത് തെറ്റൊന്നുമല്ല. പക്ഷേ, സ്ത്രീധനം പോലെ ഒരു നിര്‍ബന്ധ അനാചാരമായി പരിണമിച്ചുകൂടാ. സദുദ്ദേശ്യപൂര്‍വ്വം ആരോ തുടങ്ങിവെച്ച ഇത്തരം സമ്പ്രദായങ്ങള്‍ പിന്നീട് സമൂഹത്തെ വീര്‍പ്പുമുട്ടിക്കുന്ന അനാചാരങ്ങളായിത്തീരാറുണ്ട്. ഇവിടെ സമൂഹസാക്ഷിയാണ് ഉണരേണ്ടത്.


വിവാഹസമ്മാനത്തിന്റെ ഇസ്ലാമികമാനത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ പണ്ഡിതന്‍മാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്...

പറഞ്ഞുറപ്പിച്ചതു പോലെ വിവാഹം നടക്കുന്ന സാഹചര്യത്തില്‍ ആ വിവാഹബന്ധം തുടരുന്ന കാലത്തോളം വിവാഹ സമ്മാനത്തെ കുറിച്ച് അധികമാരും ചിന്തിക്കാറില്ല. വിവാഹ സമ്മാനം നല്‍കിയ ശേഷം ഏതെങ്കിലും കാരണങ്ങളാല്‍ ആ വിവാഹം മുടങ്ങുകയോ നടന്ന വിവാഹം മൊഴിചൊല്ലുന്ന സാഹചര്യമുണ്ടാവുകയോ ചെയ്താല്‍ സാധാരണഗതിയില്‍ മറ്റു പല ഇടപാടുകളുടേയും കണക്ക് പരിശോധിക്കുകയും തിരിച്ച് ലഭിക്കേണ്ട വസ്തുക്കളെകുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുമ്പോള്‍ ഈ വിവാഹസമ്മാനം വലിഞ്ഞ്കേറാറുണ്ട്. വിലപിടിപ്പുള്ള ആഭരണങ്ങള്‍ മുതല്‍ മിഠായി പൊതി വരെ ഇങ്ങനെ വിവാഹസമ്മാനമായി നല്‍കാറുണ്ട്. തെറ്റിപ്പിരിയുമ്പോള്‍ ഇവ നിസ്സാരമാണെങ്കിലും ചര്‍ച്ചക്ക് വരിക സ്വാഭാവികമാണ്. 

വിവാഹസമ്മാനമായി നല്‍കിയ വസ്തു നശിക്കുകയോ ഉപയോഗിച്ച് തീരുകയോ ചെയ്യാത്ത സാഹചര്യത്തില്‍ അത് തിരിച്ച് വാങ്ങാവുന്നതാണ്. നശിക്കുകയോ ഉപയോഗിച്ച് തീരുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പകരം വാങ്ങുകയോ വിലകെട്ടുകയോ ചെയ്യരുതെന്നാണ് ഹനഫീ വീക്ഷണം.

പുരുഷന്റെ ഭാഗത്ത് നിന്നാണ് വിവാഹം മുടങ്ങാന്‍ കാരണമുണ്ടായതെങ്കില്‍ വിവാഹസമ്മാനം തിരിച്ചു ചോദിക്കരുത്. സ്ത്രീയുടെ കാരണത്താലാണു മുടങ്ങിയതെങ്കില്‍ അവള്‍ തിരിച്ച് കൊടുക്കണമെന്ന് മാലികി വീക്ഷണം. സാധനം അവശേഷിക്കുന്നുണ്ടോ നശിച്ച് പോയോ? എന്നല്ല മാലികീ പണ്ഡിതര്‍ ചിന്തിക്കുന്നത്. തിരിച്ച് ചോദിക്കാനുള്ള കാരണം എന്താണെന്നാണ്. വധുവിന്റെ ഭാഗത്ത് നിന്നാണ് പ്രശ്നമുണ്ടായതെങ്കില്‍ വിവാഹസമ്മാനം തിരിച്ച് കൊടുക്കണം. അതുപയോഗിച്ച് തീരുകയോ നശിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വില തിരിച്ച് കൊടുക്കണമെന്ന് മാലികി മദ്ഹബ് പറയുന്നു. 

ഇനി ഈ സമ്മാനം അങ്ങനെ ദാനമൊന്നുമല്ല ഒരു വ്യക്തമാകാത്ത  ഇടപാടായത് കൊണ്ട് ദായകന്റെ തീരുമാനമാണ് മുഖവിലക്കെടുക്കേണ്ടത്. അവന്‍ തിരിച്ച് ചോദിച്ചാല്‍ തിരിച്ച് കൊടുക്കണം എതിര് പറയരുത്. ഏതായാലും നാട്ടുനടപ്പ് സ്ത്രീധനം പോലെ ഇതും തിരിച്ച് കൊടുക്കണമെന്ന രീതിയിലാണ്. മറ്റാരും അന്വേഷിച്ചുവരാതിരിക്കാന്‍ ഒരു ഉറപ്പിനു നല്‍കുന്നതാണ് വിവാഹസമ്മാനം എന്ന നിലപാടാണ് പലര്‍ക്കുമുളളത്. അതു സ്ത്രീക്കു ദാനമോ മഹ്റിലേക്കുളള അഡ്വാന്‍സോ ആയി പരിഗണിക്കുകയില്ല. 

നാട്ടുനടപ്പ് അനുസരിച്ച് വിലമതിക്കാവുന്ന ആഭരണങ്ങളും മറ്റുമാണെങ്കില്‍ തിരിച്ച് കൊടുക്കുകയും മിഠായി പോലുളളവ അവഗണിക്കുകയുമാണ് പതിവ്. ഇവ്വിഷയവുമായി ഫത്ഹുല്‍ മുഈന്‍ പറയുന്നത് ഇതാണ്: ഒരാള്‍ ഒരു സ്ത്രീയെ വിവാഹാന്വേഷണം നടത്തി നിക്കാഹിന് മുമ്പ് അവള്‍ക്ക് അവന്‍ എന്തെങ്കിലുംവസ്തു കൊടുത്തയക്കുകയും ചെയ്തു. ദാനമെന്നു കരുതാതെയാണ് സാധനം കൊടുത്തയച്ചത്.പിന്നീട് അവളില്‍ നിന്നോ അവനില്‍ നിന്നോ ആ നിക്കാഹ് പിന്തിരിയുകയും ചെയ്താല്‍ പുരുഷന് ആ വസ്തു തിരിച്ച് വാങ്ങാവുതാണ്.(ഫത്ഹുല്‍ മുഈന്‍ 339)

കല്യാണം നടക്കുമെന്ന് ഉറപ്പ് വരുത്താനാണ് വിവാഹസമ്മാനം നല്‍കുന്നത്. അത് നടക്കാത്ത സാഹചര്യത്തില്‍ സമ്മാനത്തിന് സ്ത്രീ അര്‍ഹയാകുകയില്ലല്ലോ. വിവാഹസമ്മാനം നല്‍കപ്പെട്ട സ്ത്രീയെ നിക്കാഹിന് ശേഷം മൊഴിചൊല്ലിയാല്‍ വിവാഹസമ്മാനം തിരിച്ച് നല്‍കേണ്ടതില്ല. ഇമാം അദ്റഈ(റ) ഈ അഭിപ്രായത്തെ ബലപ്പെടുത്തിയിരിക്കുന്നു പക്ഷേ, ഇമാം ബഗ്വി(റ) ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ്. വിവാഹ ഇടപാടിന്റെ പേരിലാണ് അവന്‍ സമ്മാനം നല്‍കിയത്. അതു സംഭവിക്കുകയും
ചെയ്തിരിക്കുന്നു. (ഫത്ഹുല്‍ മുഈന്‍)

ഈ ചര്‍ച്ചയനുസരിച്ച്, സമ്മാനം നല്‍കപ്പെട്ട സ്ത്രീയുമായി നിയുക്ത വിവാഹം നടിന്നിട്ടില്ലെങ്കില്‍ നല്‍കിയ സമ്മാനം തിരിച്ച് വാങ്ങാമെന്നും വിവാഹത്തോടെ സമ്മാനത്തിന്റെ ലക്ഷ്യം പൂര്‍ത്തിയായതിനാല്‍ പിന്നീടതു തിരിച്ച് വാങ്ങുന്നത് അനുചിതമാണന്നും വ്യക്തമായി. 

വിവാഹസമ്മാനം ഒരു ദാനമായോ ധര്‍മ്മമായോ പരിഗണിച്ചാണു നല്‍കിയതെങ്കില്‍ പ്രശ്നത്തില്‍ സ്വഭാവം മാറും. ദാനം തിരിച്ച് ചോദിക്കാന്‍ പാടില്ല. ദാനമായി നല്‍കിയതു തിരിച്ചുവാങ്ങുന്നവന്‍ ഛര്‍ദ്ദിച്ചത് തിന്നുന്ന നായയെ പോലെയാണന്നാണ് തിരുവചനം. 

സ്വന്തം ഭാര്യക്ക് ഹദ്യ, ഹിബത്ത് തുടങ്ങിയ ദാനങ്ങളായി നല്‍കിയവര്‍ അത് ബന്ധം പിരിഞ്ഞാലും തിരിച്ച് വാങ്ങാന്‍ പാടില്ല എന്ന് തന്നെയാണ് ശാഫിഈ മദ്ഹബിന്റെ വിധി. 

വിവാഹ സമ്മാനം നല്‍കുന്നതോടെ സാധാരണഗതിയില്‍ അന്വേഷണം പൂര്‍ത്തിയായി. ഈ വിവാഹം നടക്കുമെന്നു  ഉറപ്പായി. പിന്നീട് വിവാഹ നിശ്ചയമാണ്. നേരത്തേ ഏകപക്ഷീയമായി ഇരുവരും എത്തിച്ചേര്‍ന്നു തീരുമാനത്തെ പരസ്പരം കൂടിയാലോചിച്ച് ചര്‍ച്ച ചെയ്ത് ഉറപ്പിക്കുകയും വിവാഹത്തിന് ദിവസം നിശ്ചയിച്ച് പിരിയുകയുമാണ് വിവാഹനിശ്ചയത്തിലൂടെ...


നിശ്ചയം

നിശ്ചയം എന്ന ഒരു ചടങ്ങും അതോടനുബന്ധിച്ച് കുറെ ആചാരങ്ങളും സമൂഹത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇരുകക്ഷികളുടേയും കുടുംബങ്ങളില്‍ നിന്നും മഹല്ലുകളില്‍ നിന്നുമുളള ഉത്തരവാദപ്പെട്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ തീരുമാനമെടുക്കുകയാണ് നിശ്ചയത്തിന്റെ അടിസ്ഥാനം. കുടുംബങ്ങളേയും കാരണവന്‍മാരെയും അറിയിക്കുക. മഹല്ലിന്റെ ഔദ്യോഗിക അംഗീകാരം നേടുക. അന്വേഷണ സമാപ്തി സമൂഹത്തെ അറിയിക്കുക തുടങ്ങിയ സദുദ്ദേശ്യങ്ങളും നിശ്ചയത്തിന് പെടലുണ്ട്.

വിവാഹതിയ്യതി തിട്ടപ്പെടുത്തലാണ് നിശ്ചയം കൊണ്ടു പ്രധാനലക്ഷ്യം. ഇത് പക്ഷേ, ഒരുപാട് അനാവശ്യമായ ആചാരങ്ങള്‍ക്ക് കാരണമായിതീരാറുണ്ട്. വിഭവസമൃദ്ധമായ തീന്‍മേശകളും അലക്ഷ്യമായ ജീവിതവും നമ്മുടെ സമൂഹത്തെ കീഴടക്കിയിരിക്കയാണ്. തീന്‍മേശയിലെ വിഭവങ്ങളുടെ എണ്ണമാണ് പലരും പ്രതാപത്തിന്റെ ചിഹ്നമായി കാണുത്. 

നിശ്ചയം, അടുക്കള കാണല്‍, പളള കാണല്‍, കൂട്ടിക്കൊണ്ടുപോകല്‍, നാല്‍പ്പതു കുളിക്കല്‍ ഇങ്ങനെ ഒരുപാട് പരിപാടികള്‍ സമൂഹം മാമൂലുകളായി പടച്ചുവെച്ചിട്ടുണ്ട്. ഇസ്ലാമിക സമൂഹത്തെ സബന്ധിച്ചിടത്തോളം ഇവയൊക്കെ അപ്രസക്തങ്ങളും ചിലപ്പോള്‍ അനാവശ്യങ്ങളുമാണ്. വിവാഹ നിശ്ചയം കക്ഷികള്‍ തമ്മിലുളള ഒരു കരാര്‍ ഉറപ്പിക്കുകയാണു വ്യക്തം. പക്ഷേ, ഈ ചടങ്ങിന് പങ്കെടുക്കേണ്ടവരുടെ ഒരു ലിസ്റ്റ് മഹല്ലുകളില്‍ അലിഖിതമായി നിലനില്‍ക്കുന്നുണ്ട്. ഇത്തരക്കാരുടെ അസാന്നിധ്യം പലപ്പോഴും കുടുംബ പ്രശ്നങ്ങളും കലഹങ്ങളും ഉണ്ടാകാന്‍ കാരണമാകാറുണ്ട്.

നാട്ടുമര്യാദകള്‍ പാലിക്കുന്നതിന് ഇസ്ലാം എതിര് നില്‍ക്കുന്നില്ലെങ്കിലും ഇതെല്ലാം നിര്‍ബന്ധാചാരങ്ങളായിതീര്‍ന്ന് സമൂഹത്തെ വിഷമിപ്പിക്കുന്ന പരുവത്തിലെത്തിക്കൂട എന്ന് ഇസ്ലാമിനു നിര്‍ബന്ധമുണ്ട്. 

ഏതുനാട്ടാചാരവും ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമല്ലെങ്കില്‍ നിയമദൃഷ്ട്യാ സ്വീകാര്യമാണ്. പക്ഷേ, അവ സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കി വേണം നിലനിര്‍ത്താനും അംഗീകരിക്കാനും.

വിവാഹസമ്മാനവും നിശ്ചയവുമൊക്കെ കഴിഞ്ഞശേഷം രണ്ടാലൊരു കക്ഷി വാക്ക് ലംഘിക്കുകയും പിന്‍മാറുകയും ചെയ്താല്‍ അവര്‍ തന്‍മൂലം വരുന്ന നഷ്ടത്തിന് ഉത്തരവാദിയാകുന്നതാണ്. വിവാഹത്തിനുളള തയ്യാറെടുപ്പിനും മറ്റുമായി ചിലവഴിച്ച സംഖ്യകളും മറ്റുമൊക്കെ നഷ്ടമായി പരിഗണിച്ച് ഈ നഷ്ടത്തിനു പരിഹാരം ചോദിക്കുന്ന പക്ഷം അത് നല്‍കാന്‍ നഷ്ടത്തിനുകാരണക്കാരായവര്‍ ബാധ്യസ്ഥരാണ്.

ഇവ്വിഷയത്തില്‍ ഒരു മധ്യസ്ഥന്റെ തീര്‍പ്പാണ് രണ്ട് വിഭാഗവും അംഗീകരിക്കണ്ടത്. വാഗ്ദത്തലംഘനം തെറ്റാണെങ്കിലും കേവല ലംഘനത്തിന്റെ പേരില്‍ നഷ്ടപരിഹാരത്തിനു അര്‍ഹരാകുന്നില്ല. മെച്ചപ്പെട്ട ബന്ധങ്ങള്‍ ഒഴിവാകുക, സാമ്പത്തികനഷ്ടം സംഭവിക്കുക തുടങ്ങിയ വിഷമങ്ങള്‍ നേരിടുമ്പോഴാണ് നഷ്ടപരിഹാരത്തിന്റെ പ്രശ്നം പരിഗണനക്ക് വരുന്നത്.

 
സ്ത്രീധനം
             
നിശ്ചയവേളയിലാണു സാധാരണ സ്ത്രീധനത്തിന് വിലപേശല്‍ നടക്കാറുളളത്. സ്ത്രീധനം ഇസ്ലാം അനുശാസിച്ച ഒരനുഷ്ഠാനമോ അംഗീകൃത ഇടപാടോ അല്ല. ഒരു നാട്ടാചാരമൊ മാമൂലൊ അല്ലാതെ ഇസ്ലാമില്‍ അതിന് ഒരു പരിഗണയുമില്ല.

സ്വന്തം മക്കള്‍ക്ക് പിതാവോ രക്ഷിതാവോ നല്‍കുന്ന സൗജന്യ ദാനമാണ് സ്ത്രീധനം. തിരുനബി ﷺ ഫാത്ത്വിമ ബീവി(റ)ക്ക് ഇങ്ങനെ ചില വസ്തുക്കള്‍ ദാനമായി നല്‍കിയിരുന്നു. സ്വന്തമായി തനിക്കാരുമില്ല എന്ന്പറഞ്ഞ വരന്‍ അലി(റ)വിനോട് മഹറ് നല്‍കാന്‍ എന്തെങ്കിലും സംഘടിപ്പിക്കാനായിരുന്നു തിരുനിര്‍ദ്ദേശം...

ഒഴിഞ്ഞ മടിശ്ശീലയുമായി തലചായ്ക്കാന്‍ ഇടമില്ലാതെ ഒരു വിവാഹത്തിനു മുതിരാന്‍ മടിച്ച അലി(റ)വിന് തിരുനബി ﷺ ഒരു കൊച്ചുവീടും ഗൃഹോപകരണങ്ങളും സംഘടിപ്പിച്ചു. അലി(റ)വിന്റെ കൂട്ടുകാരായ സ്വഹാബികളാണ് അതിന് ഫണ്ടൊരുക്കിയത്. അവര്‍ വീട് നിര്‍മ്മാണവും നടത്തുകയായിരുന്നു. 

ഇന്ന് പുരുഷന്‍മാര്‍ വിവാഹത്തിന് ഡിമാന്റ് ചെയ്തു വസൂലാക്കുന്ന ക്രൂരമായ നാട്ടാചാരത്തിന് ഈ സംഭവം ഒരിക്കലും തെളിവല്ല. സച്ചരിതരായ പുരുഷന്‍മാരെ തങ്ങളുടെ പെണ്‍കുട്ടികള്‍ക്കു തേടിപ്പിടിക്കുന്ന മാതാപിതാക്കള്‍ മകളുടേയും കുടുംബത്തിന്റെയും ജീവിത സൗകര്യത്തിന് നല്‍കുന്ന സഹകരണവും അനുകമ്പയുമാണ് സത്യത്തില്‍ സ്ത്രീധനം. ഇന്നും ഇത്തരത്തിലുളള സംഭവങ്ങള്‍ ധാരാളം നടക്കാറുണ്ട്.

അംഗവൈകല്യമുളളവരും സൗന്ദര്യം കുറഞ്ഞവരുമായ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കുടുംബ മഹിമക്കും ജീവിത ചുറ്റുപാടിനും അനുയോജ്യമായ വരനെ ലഭിക്കാന്‍ പ്രയാസം നേരിടുന്ന സന്ദര്‍ഭത്തില്‍ താരതമ്യേന മെച്ചപ്പെട്ട വരനെ കണ്ടെത്തി ധനം കൊടുത്ത് പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്യാറുണ്ട്. ഇതൊന്നും മതപരമായി നിഷിദ്ധമാണന്നു പറയാന്‍ പറ്റില്ല. പക്ഷേ, ഈ ചുവടുപിടിച്ച് പാവം പെണ്‍കുട്ടികളെ ആത്മഹത്യാമുനമ്പില്‍ കൊണ്ട് തള്ളുന്ന വിധത്തില്‍ ഭീമസംഖ്യ സ്ത്രീധനം പറഞ്ഞ് ഡിമാന്റ് ചെയ്യുന്നത്‌ തെറ്റാണ്. 

ഒരു വൈകല്യവുമില്ലാത്ത സുന്ദരിയും സുശീലയും ചാരിത്രവതിയുമായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിട്ട് സ്ത്രീധനത്തിന്റെ പേരില്‍ ആ ബന്ധം വേണ്ട എന്നു വെക്കുന്നതും യാതൊരു അനുയോജ്യതയുമില്ലാത്തവളെ സ്ത്രീധനം ഡിമാന്റ് ചെയ്ത് സ്വീകരിക്കുന്നതും സ്വന്തം ജീവിതത്തോടുതന്നെ ചെയ്യുന്ന അക്രമമാണ്. സ്ത്രീധനം പുഷന്റെ ഒരു ചൂഷണോപാധിയും പെണ്‍കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും അന്തകനുമായി തീരുകയാണ്.

വിവാഹ നിശ്ചയത്തിനെത്തുന്ന കാരണവന്‍മാരും ബന്ധപ്പെട്ടവരും ഈ തിന്‍മക്ക് സാക്ഷിയാകാനും പങ്ക് പറ്റാനും മുതിരാതെ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതാണ്. സ്വമേധയാ സ്വന്തം മകള്‍ക്ക് ദാനം നല്‍കുന്നതിനു മതപരമായ വിലക്കില്ലാത്തതുകൊണ്ടാണ് സ്ത്രീധനം ഹറാമാണ് എന്ന് ഒറ്റയടിക്ക് ഫത്വ നല്‍കാന്‍ പണ്ഡിതന്‍മാര്‍ വിമുഖത കാണിക്കുന്നത്. 

അതേ സമയം വിവാഹത്തിന്റെ മുഖ്യ ലക്ഷ്യവും മാനദണ്ഡവുമായി മാറിയ സാഹചര്യത്തില്‍ സമൂഹത്തെ അറ്റമില്ലാത്ത കണ്ണീര്‍ക്കയത്തിലാഴ്ത്തുന്ന ഒരു സാമൂഹിക തിന്‍മയാണിന്നത്തെ സ്ത്രീധന സമ്പ്രദായമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സ്ത്രീധനം തുടങ്ങിയ അനാചാരങ്ങളെ നിഷ്കാസനം ചെയ്യാന്‍ ഏതാനും ഫത്വകള്‍ക്കു കഴിയില്ല. ക്രമപ്രവൃദ്ധമായ പദ്ധതികളിലൂടെ നിരന്തര ബോധവല്‍ക്കരണ സംരംഭങ്ങളുണ്ടാകണം, സമുദായ സംഘടനകളും പണ്ഡിതന്‍മാരും പദ്ധതികളാവിഷ്കരിക്കുകയും മഹല്ലു ജമാഅത്തുകളും വ്യക്തികളും കക്ഷി ഭേദമന്യേ അത് നടപ്പിലാക്കാന്‍ തയ്യാറാവുകയും വേണം. 

സ്ത്രീധനം അനുവദനീയമാണ് എന്നത് അടിസ്ഥാനപരമായി സമ്മതിക്കുമ്പോള്‍ സ്ത്രീധനം വരുത്തി വെക്കുന്ന നാശത്തിന്റെയും തിന്‍മയുടേയും ഭീകരമുഖം വിസ്മരിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ പൊതു നന്‍മ ലക്ഷ്യമാക്കി സ്ത്രീധനം വാങ്ങരുതെന്നും അത്തരം വിവാഹങ്ങളില്‍ മഹല്ലുകള്‍ സഹകരിക്കേണ്ടതില്ലെന്നും തീരുമാനിക്കുന്നതിന് മതപരമായ ഒരു വിലക്കുമില്ലല്ലോ. 

സമ്പത്ത് മാനദണ്ഡമാക്കുന്ന പതിവ് ഇസ്ലാമിക സമൂഹത്തില്‍ എവിടെ നിന്നോ കേറിപറ്റിയതാണ്. ഇസ്ലാമിക ചരിത്രത്തിലോ പ്രമാണങ്ങളിലോ യാതൊരു പിന്തുണയും ഇതിനില്ല. സ്ത്രീയുടെ സമ്പത്തില്‍ കണ്ണു നട്ടുള്ള വിവാഹാന്വേഷണങ്ങളും ബന്ധങ്ങളുമെല്ലാം ചൂഷണവ്യവസ്ഥിയുടെ അവശിഷ്ടങ്ങളാണ്. പുരുഷനെ തിരഞ്ഞെടുക്കുന്നതിലും ഇസ്ലാമിക നിലപാട് ഇതു തന്നെയാണ്...


തിരുനബിﷺയോ സ്വഹാബികളോ പണമുള്ളവരെ തേടിനടന്നിട്ടില്ല. വിവാഹം കഴിക്കുന്ന സ്ത്രീക്ക് ഇത്ര സമ്പത്ത് വേണമെന്ന നിബന്ധന ആരും നിശ്ചയിച്ചിട്ടില്ല. 

എല്ലാ നന്‍മകളും അവഗണിച്ച് സമ്പത്തിന്റെ പിന്നാലെ പോകുന്നവരും സ്ത്രീധന തുകയുടെ പേരില്‍ കാലിച്ചന്തയിലെപോലെ വിവാഹകമ്പോളങ്ങളില്‍ കേറിഇറങ്ങുന്നവരും പലപ്പോഴും വിലക്ക് വാങ്ങുന്നത് ആന്ത്രാക്സ് ബാധിച്ച പശുക്കളെയാണ്. ആരോഗ്യവും പഠനവും ധാര്‍മികബോധവും മതചിന്തയും ഒക്കെ അവഗണിച്ച് പണം തിരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വിഷമിക്കുന്നത് കാണാം. 

ദരിദ്രനായ അലി(റ)വിന് തന്റെ പുന്നാരമകള്‍ ഫാത്വിമാക്ക് (റ) ഭര്‍ത്താവായി തിരഞ്ഞെടുക്കുമ്പോള്‍ തിരുനബിﷺയുടെ മനസ്സില്‍ സാമ്പത്തിക ചിന്തയുണ്ടായിരുന്നില്ല. 

ദീനും സ്വഭാവവും ഇഷ്ടപ്പെട്ട പുരുഷനെ കണ്ടത്തിയാല്‍ നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുക. ഇല്ലെങ്കില്‍ ഭൂമിയില്‍ വന്‍ദുരന്തവും ഭീമമായ നാശവും ഉണ്ടാകും എന്നാണ് തിരുനബിﷺയുടെ അധ്യാപനം. 

ഹള്റത്ത് സൈനബാ ബിന്‍ത് ജഹ്ശി (റ)യെ തിരുനബി ﷺ വിവാഹം ചെയ്തുകൊടുത്തത് അടിമ വര്‍ഗത്തില്‍ പെട്ട ദരിദ്രനും ദുര്‍ബലനുമായ
സൈദ് ബിന്‍ ഹാരിസത്തിനാണ് (റ). സൈനബ(റ) കുലീനയും സമ്പല്‍ കുടുംബത്തിലെ അംഗവുമാണെന്ന് നബിﷺക്കറിയാം. പക്ഷേ, സൈദ് (റ) എന്ന അടിമക്ക് അവരെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ കുലത്തിന്റെയും സാമ്പത്തിക സങ്കല്‍പ്പങ്ങളുടെയും അപ്പുറം തന്റെ ശിക്ഷണത്തില്‍ ദത്തുപുത്രനായി വളര്‍ന്ന സൈദിന്റെ വ്യക്തിത്വവും മഹാത്മ്യവുമാണ് നബി ﷺ പരിഗണിച്ചത്. 

മറ്റൊരു സംഭവമിതാ - ഹള്റത്ത് ബിലാല്‍(റ), നീഗ്രോ വംശജനായ അടിമയായിരുന്നു. സുഹൈബ് റോമന്‍ വംശജനും. അവരിരുവരും ഒരു ഖുറൈശി കുലത്തില്‍ വിവാഹാന്വേഷണം നടത്തുകയാണ്. അപരിചിതരായ ഈ സുഹൃത്തുക്കളെ കുറിച്ച്

വീട്ടുകാര്‍ അന്വേഷിച്ചു. നിങ്ങള്‍ ആരാണ്..? 

ബിലാല്‍(റ) പറഞ്ഞു: ഞാന്‍ ബിലാല്‍, ഇത് എന്റെ സഹോദരന്‍ സുഹൈബും. ഞങ്ങള്‍ ദുര്‍മാര്‍ഗികളായിരുന്നു. ഞങ്ങളെ അല്ലാഹു ﷻ ഹിദായത്തിലാക്കി.

ഞങ്ങള്‍ അടിമകളായിരുന്നു. ഞങ്ങളെ അല്ലാഹു ﷻ സ്വതന്ത്രരാക്കി. ഞങ്ങള്‍ അവശരായിരുന്നു. ഞങ്ങളെ അല്ലാഹു ﷻ ഐശ്വര്യവാന്‍മാരാക്കി. നിങ്ങള്‍ ഞങ്ങള്‍ക്ക് മക്കളെ വിവാഹം ചെയ്ത് തരുകയാണെങ്കില്‍ അല്ലാഹുﷻവിന് സ്തുതി. അല്‍ ഹംദുലില്ലാഹ്. ഇല്ലെങ്കില്‍ ഒരു പ്രശ്നവുമില്ല. അല്ലാഹു ﷻ പരിശുദ്ധന്‍.., 

സുബ്ഹാനല്ലാഹ്... വീട്ടുകാര്‍ പ്രതികരിച്ചു. ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്ക് വിവാഹം ചെയ്തുതരാം. കുലീനരായ മക്കയിലെ അറബികുടുംബക്കാര്‍ തങ്ങളുടെ പെണ്‍കുട്ടികളെ നിര്‍ദ്ദനരും മുന്‍ അടിമകളുമായ ബിലാലിനും സുഹൈബിനും (റ) വിവാഹം ചെയ്തുകൊടുത്തു. 

താബിഈ വംശജനായ സഈദ്ബ്നു മുസ്വയ്യബ് (റ). മഹാപണ്ഡിതനായിരുന്നു. ലളിത ജീവിതത്തിന്റെ ഉടമയായിരുന്നു. തന്റെ പുത്രിക്ക് വിവാഹാന്വേഷണവുമായി രാജകുമാരന്‍മാര്‍ ഭരണാധികാരിയായ
അബ്ദുല്‍ മലിക്ക് ബിന്‍ മര്‍വാന്‍ നേരിട്ടു തന്നെ വിവാഹാന്വേഷണം നടത്തി. അബ്ദുല്‍ മലിക്കിനോട് സഈദ് പറഞ്ഞു ഇല്ല. അവള്‍ക്കു മറ്റൊരുത്തന്‍ ഭര്‍ത്താവായി വരും. ആ വിവാഹം പിന്നീട് നടന്നത് തികച്ചും ആകസ്മികമായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത മംഗല്യം. സഈദിന്റെ മരുമകന്‍ വിശദീകരിക്കട്ടെ... ഇബ്നു അബീ വദാഅ പറഞ്ഞു: 

ഞാന്‍ സഈദ്ബ്നു മുസയ്യബുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തിയായിരുന്നു. കുറേ ദിവസം ഞാന്‍ അദ്ദേഹത്തെ കാണാതെയായി. പിന്നീട് ചെന്നപ്പോള്‍ എന്നോട് ചോദിച്ചു നീ എവിടെയായിരുന്നു... ഞാന്‍ പറഞ്ഞു: എന്റെ ഭാര്യക്ക് അസുഖമായി അവള്‍ മരിച്ചു. ഞാന്‍ ആ വിഷയവുമായി താമസിച്ചു പോയതാണ്.

എന്തേ നമ്മളോടോന്നും അറിയിച്ചില്ല. ജനാസയില്‍ പങ്കെടുക്കാമായിരുന്നല്ലോ. സഈദ് ചോദിച്ചു. ഞാന്‍ ഒട്ടും പ്രതികരിക്കാതെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സഈദ് ചോദിച്ചു. പുതിയ വിവാഹം വല്ലതും ഉറച്ചോ... ഞാന്‍ പറഞ്ഞു. അങ്ങേക്ക് അല്ലാഹു ﷻ അനുഗ്രഹം ചൊരിയട്ടെ, എനിക്കാരാണിനി വിവാഹം ചെയ്തു തരിക. എന്റെ കയ്യില്‍ രണ്ടോ മൂന്നോ ദിര്‍ഹമാണുള്ളത്.

സഈദ്: ഞാന്‍ നിക്കാഹ് ചെയ്തു തരാം എന്റെ മകളെ. ഞാന്‍ ചോദിച്ചു, താങ്കള്‍ അതിനു തയ്യാറാണോ. അങ്ങനെ ചെയ്യാന്‍ താങ്കള്‍ക്കാവുമോ..?

സഈദ്: അതെ തീര്‍ച്ചയായും ഞാന്‍ അതു ചെയ്യും. താമസിച്ചില്ല അദ്ദേഹം ആ സദസ്സില്‍ വെച്ചു തന്റെ മകളെ എനിക്ക് വിവാഹം ചെയ്തു തരികയും ചെയ്തു.

 എന്റെ കൈവശമുള്ള രണ്ടോ മൂന്നോ ദിര്‍ഹം മഹ്റായി നല്‍കി. 

ഇസ്ലാമിക വിവാഹത്തിന്റെ ലാളിത്യത്തിന് ഉദാഹരണമാണ് മുകളില്‍ ഉദ്ദരിച്ച സംഭവങ്ങള്‍. ഏറ്റവും മഹറ് കുറഞ്ഞ വിവാഹമാണ് കൂടുതല്‍ അനുഗ്രഹീതമെന്നു തിരുനബി ﷺ പറഞ്ഞിട്ടുണ്ട്. പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന നിര്‍ബന്ധമായ വിവാഹ മൂല്യമാണ് മഹ്ര്‍. അത് വിലപേശലില്ലാതെ വളരെ കുറഞ്ഞത് മാത്രം നല്‍കി വിവാഹം ലളിതമാക്കണമെന്നാണ് 
ശരീഅത്തിന്റെ നിര്‍ദ്ദേശമിെരിക്കെ,അടിസ്ഥാനമില്ലാത്ത സ്ത്രീധനമെന്ന നാട്ടാചാരത്തിനും മറ്റു മാമൂലുകള്‍ക്കും വേണ്ടി വാശിപിടിക്കുകയും വിലപേശുകയും ചെയ്യുന്ന വിവാഹങ്ങള്‍ അഭിശപ്തമാണ്.ഇത്തരം വിവാഹങ്ങളില്‍ അല്ലാഹുﷻവിന്റെ അനുഗ്രഹമുണ്ടായിരിക്കുകയില്ലെന്ന്
വ്യക്തം. 


സ്ത്രീധനം സ്ത്രീയുടെ ധനം തന്നെയാണ്. ഭര്‍ത്താവിന് ആ ധനത്തില്‍ യാതൊരു ഉടമാവകാശവുമില്ല. 

ഇസ്ലാമിക സാമ്പത്തിക നിയമപ്രകാരം, ദാനം, കടം, വായ്പ, പണയം, പാര്‍ട്ട്ണര്‍ഷിപ്പ്, സൂക്ഷിപ്പ് മുതല്‍ എന്നിങ്ങനെ ഏതെങ്കിലും
ഒരിനത്തില്‍പെടാത്ത ഇടപാടുകളാണിവ.

ദാനം ഒരാള്‍ക്കോ സമൂഹത്തിനോ സൗജന്യമായി നല്‍കുന്നതാണ്. പ്രത്യുപകാരമോ, ലാഭമോ, തിരിച്ചടക്കലോ പ്രതീക്ഷിക്കാത്ത
നിരുപാധിക ഇടപാടാണ് ദാനം. ഒരാള്‍ക്ക് തന്റെ സമ്പത്തിന്റെ എത്ര ശതമാനം
വേണമെങ്കിലും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ദാനം ചെയ്യാം. ദാനം ലഭിച്ച വ്യക്തി
അതിന്റെ പേരില്‍ ദാതാവിനോട് യാതൊരു ബാധ്യതകളും ഇല്ലാത്തവനാണ്. ദാതാവുമായി പിണങ്ങുകയോ കലഹിക്കുകയോ ബന്ധവിച്ഛേദം നടത്തുകയോ ചെയ്താലും ദാനം തിരിച്ചു നല്‍കേണ്ടതില്ല. നല്‍കിയാല്‍ അതു വാങ്ങാന്‍ ദാതാവിന് പാടില്ല താനും.


സ്ത്രീധനം കേവലം ദാനമായി ഗണിച്ചു കൂടാ. കാരണം, 

1) അത് ചോദിച്ചു വാങ്ങുന്നതാണ്. 

2) മുന്‍ തീരുമാന പ്രകാരം തുക നിശ്ചയിക്കുന്നതാണ്. 

3)വിവാഹബന്ധം വിച്ഛേദിക്കപ്പെടുമ്പോള്‍ തിരിച്ചുനല്‍കേണ്ടതുമാണ്. അതുകൊണ്ട് ഈ ധനം ദാനമായി പരിഗണിച്ചു കൂടാ. സമൂഹം അങ്ങനെ പരിഗണിക്കുന്നുമില്ല.

ഇനി അതൊരു കടമാണെന്നു പറയാനും നിര്‍വ്വാഹമില്ല. ഭര്‍ത്താവ് ഭാര്യയില്‍ നിന്നോ ഭാര്യാപിതാവില്‍ നിന്നോ നിശ്ചിത അവധിക്കു തരാമെന്നു പറഞ്ഞല്ല സ്ത്രീധനം വാങ്ങുന്നത്. കടം തിരിച്ചടക്കല്‍ നിര്‍ബന്ധമാണ്. ചോദിച്ചാൽ കടം കൊടുക്കല്‍ സുന്നത്തുമാണ്. തകരാറൊന്നുമില്ലാതെ തുടരുന്ന ബന്ധങ്ങളില്‍ സ്ത്രീധനം ചര്‍ച്ചയാവാറില്ല. ഇരുവിഭാഗവും സ്ത്രീധനകാര്യം വിസ്മരിക്കലും സഹകരിച്ച് ജീവിക്കലുമാണ് ചെയ്യാറുള്ളത്. 

വായ്പയുടെ കാര്യവും ഇതുതന്നെ. ഉപയോഗിച്ചു തീരുന്ന വസ്തുക്കള്‍
വായ്പ കൊടുക്കാന്‍ പാടില്ല. വായ്പ വാങ്ങിയ വസ്തു തിരിച്ചു കൊടുക്കണമെന്നാണ് നിയമം. അഥവാ വായ്പ വസ്തുവില്‍ ഉപയോഗമല്ലാതെ ക്രയവിക്രയാധികാരമോ അവകാശമോ വാങ്ങുന്നവനില്ല. 

കടം ഉടമാവകാശമാണ്. തുല്യസംഖ്യയോ വസ്തുവോ തിരിച്ചടക്കണമെന്നേയുള്ളൂ. സ്ത്രീധനം കടമായോ വായ്പയായോ സമൂഹത്തില്‍ എവിടെയുംnപരിഗണിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.

പണമോ മറ്റോ ലഭിക്കുന്നതിനു വേണ്ടി ദാതാവിന് ഈടു നല്‍കുകയാണ് പണയം. പണം തിരിച്ചു നല്‍കുമ്പോള്‍ യാതൊരു ഏറ്റക്കുറച്ചിലും ഇല്ലാതെ ഈടു തിരിച്ചു നല്‍കുന്നു.

സ്ത്രീധനം ഭര്‍ത്താവിനു നല്‍കുന്ന ഈടും ഭര്‍ത്താവൊരു പണയപ്പണ്ടവുമായി പരിഗണിച്ചു കൂടല്ലോ.

പാര്‍ട്ട്ണര്‍ഷിപ്പോ ഡെപ്പോസിറ്റോ ആയും ഇത് പരിഗണിച്ചു കൂടാ. പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സിന്റെ നിയമങ്ങളൊന്നും പാലിക്കപ്പെടുകയോ ലാഭനഷ്ടങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യാത്തതു കൊണ്ട് ആ ഇനത്തിലും ഉള്‍പ്പെടുന്നില്ല.

ഭര്‍ത്താവിന്റെ കയ്യില്‍ സൂക്ഷിക്കാന്‍ കൊടുത്ത അമാനത്തോ നിക്ഷേപ മുതലോ ആണെന്നും പറഞ്ഞുകൂടാ. അമാനത്ത് മുതല്‍ ഡിമാന്റ് ചെയ്തു
വാങ്ങാറില്ല. കക്ഷി എപ്പോള്‍ ആവശ്യപ്പെട്ടാലും തിരിച്ചു നല്‍കണം.
അമാനത്തു മുതലിന്റെ ഏതു നിലക്കുള്ള ഉപയോഗവും നിയമവിരുദ്ധമാണ്. അമാനത്തു മുതല്‍ നഷ്ടപ്പെട്ടാല്‍ സൂക്ഷിപ്പുകാരന്‍ ഉത്തരവാദിയല്ല.

സ്ത്രീധനത്തില്‍ ഈ വിഷയങ്ങളൊന്നും പരിഗണനീയമല്ല. അതു ഡിമാന്റു ചെയ്തു വാങ്ങുന്നതാണ്. ഭാര്യ സാധാരണ ഗതിയില്‍ തിരിച്ചു ചോദിക്കാറില്ല. ചോദിച്ചാല്‍ തന്നെ കൊടുക്കാറുമില്ല. കൊടുക്കാന്‍ വല്ലവരും തയ്യാറാവുകയാണെങ്കില്‍ അതു വിവാഹ മോചനത്തിനു വഴി ഒരുക്കുകയും ചെയ്യും. ധനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഭര്‍ത്താവിനാണ്.

ചുരുക്കത്തില്‍, ഇസ്ലാമിക നിയമത്തില്‍ ഇത്തരം ഒരു ഇടപാടിനെ കുറിച്ച്
ചര്‍ച്ചയില്ല. ആ ഇടപാടിന് നിയമ പ്രാബല്യവുമില്ല. ഡിമാന്റ് ചെയ്തു തുക
നിശ്ചയിച്ച് സമയ ബന്ധിതമായി ഈടാക്കുകയും തിരിച്ചടക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഇടപാട്. അല്ലെങ്കില്‍ പിണങ്ങിപ്പിരിയുമ്പോള്‍ മാത്രം തിരിച്ചടക്കുന്ന ഒരു ഇടപാട് - ഈ ഇടപാട് സാമ്പത്തിക നിയമപ്രകാരം അസാധുവാണ്. അസാധുവായ ഇടപാടിന് നിയമ സംരക്ഷണം ലഭിക്കുകയില്ല. നിയമവിരുദ്ധമായ പണമിടപാടുകളിലൂടെ പണം നഷ്ടപ്പെട്ടാല്‍ അത് തിരിച്ച് പിടിക്കാന്‍ ഇസ്ലാമിക കോടതി തയ്യാറല്ല.

മറ്റു സാമ്പത്തിക നിയമങ്ങളുടെ വെളിച്ചത്തിലും സ്ത്രീധനം ഫാസിദായ (അസാധു) ഇടപാടാണ്. ഫാസിദായ ഇടപാടിന് സാക്ഷി നില്‍ക്കാനോ അതിന്റെ ഇടനിലക്കാരനാകാനോ പാടില്ല.

പ്രയോഗിക തലത്തില്‍ സൂക്ഷിപ്പു മുതലിന്റെ ഗണത്തിലാണ് സ്ത്രീധനത്തെ
പെടുത്തിവരാറുളളത്. സ്ത്രീക്കവകാശപ്പെട്ട ധനം ഭര്‍ത്താവിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു. ഭര്‍ത്താവിന് അതിന്റെ ക്രയവിക്രയാധികാരവും നല്‍കുന്നു.

സാധാരണ ഗതിയില്‍ ഭര്‍ത്താവിന് പൊരുത്തപ്പെട്ടു കൊടുക്കുകയും
പിണങ്ങിപ്പിരിയുമ്പോള്‍ കണക്ക് പറഞ്ഞ് തിരിച്ച് വാങ്ങുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ഇടപാട് കര്‍മ്മശാസ്ത്രത്തിൽ ഇല്ലാത്തതുകൊണ്ട് തന്നെ സ്ത്രീധനം അന്യസംസ്കാരത്തില്‍ നിന്ന് മുസ്ലിം സമുദായത്തിലേക്ക് കടന്നുകയറിയ ഒരു
ദുരാചാരമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.


വലിയ്യും വധൂവരന്‍മാരും

ഇസ്ലാമിക ദൃഷ്ട്യാ വിവാഹം സാധുവാകാന്‍ അഞ്ചു ഘടകങ്ങള്‍ മേളിക്കണം. വരന്‍, വധു, രക്ഷിതാവ്, സാക്ഷി, വചനം. ഇവയില്‍ ഏതെങ്കിലുമൊന്ന് നിയമാനുസൃതം ഒത്തുചേർന്നിട്ടില്ലെങ്കില്‍ നികാഹ് അസാധുവായി പരിഗണിക്കപ്പെടുന്നതാണ്.

സ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ ലൈംഗികബന്ധം അനുവദനീയമാകാന്‍ ഏക ഉപാധിയാണ് വിവാഹം. മറ്റൊരു തരത്തിലുമുള്ള ലൈംഗികബന്ധം ഇസ്ലാം അനുവദിക്കുന്നില്ല.

വികാരശമനത്തിന് സ്ത്രീപുരുഷന്‍മാര്‍ തമ്മിലുള്ള വിവാഹമല്ലാതെ
സ്വവര്‍ഗരതി, ഹസ്തമൈഥുനം തുടങ്ങിയ ഒരു വഴിയും ഇസ്ലാം അനുവദിച്ചിട്ടില്ല. വിവാഹത്തിനു സാധിക്കാത്തവര്‍ ആത്മനിയന്ത്രണം പാലിച്ച് സദാചാരനിഷ്ഠ
സ്വീകരിക്കണമെന്നാണ് ഇസ്ലാമികാധ്യാപനം.

സ്ത്രീകള്‍ തമ്മിലും, പുരുഷന്മാര്‍ തമ്മിലും ലൈംഗിക സുഖം അനുവദിക്കുന്ന സ്വവര്‍ഗരതിയുടെ നീചമായ സമ്പ്രദായം ഇന്ന് വ്യാപകമാണ്.  പല ക്രിസ്ത്യന്‍ സഭകളും ഇത്തരം വിവാഹങ്ങളെ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തിരിക്കുന്നു.

വിവാഹത്തിനു മുമ്പെ ലൈംഗികസുഖം അനുഭവിക്കാനും അവിവാഹിതരായ ഇണകളെ വെച്ചു പുലര്‍ത്താനും പാശ്ചാത്യരാജ്യങ്ങളില്‍ വിലക്കില്ല.

നിശ്ചിതകാലത്തേക്ക് കോണ്ട്രാക്റ്റ് അടിസ്ഥാനത്തില്‍ ലൈംഗികസുഖം നല്‍കുന്ന കോണ്ട്രാക്റ്റ് വിവാഹവും എഗ്രിമെന്റ് രതിയും സാധാരണമായിക്കൊണ്ടിരിക്കുന്നു.

യുവതീയുവാക്കള്‍ പരസ്പരം പ്രണയിച്ച് കമിതാക്കളായി ലൈംഗിക ബന്ധം
പുലര്‍ത്തുന്നതിനും ഒരുതരത്തിലുള്ള രേഖയും സാക്ഷിയും ആചാരവുമില്ലാതെ ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുന്നതിനും ഇന്ന് പലയിടത്തും അനുവാദമുണ്ട്.

സ്ത്രീപുരുഷന്‍മാര്‍ പരസ്പരം ഇഷ്ടപ്പെട്ടു ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അത് വ്യഭിചാരമോ സ്ത്രീപീഡനമോ ലൈംഗിക കുറ്റമോ ആയി പരിഗണിക്കരുതെന്നും, ഇത്തരം ലൈംഗികവേഴ്ചകള്‍ നടക്കുമ്പോള്‍ മതങ്ങള്‍ അതിൽ കൈ കടത്തരുതെന്നുമാണ് യുക്തിചിന്തകരുടെയും ചില മതേതരവാദികളുടെയും നിലപാട്. ഇതിനു ലിവിങ് ടുഗതർ എന്ന ഓമനപ്പേരും നൽകി ഇതിനെ സമൂഹം പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെയെല്ലാം അനന്തിര ഫലങ്ങൾ എന്താണെന്ന് ഈ വർത്തമാനകാലത്ത് നാമെല്ലാം കണ്ടു വരുന്നതാണ് . കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇവർ വേര് പിരിഞ്ഞു താമസിക്കലാണ് പതിവ് . ഇവിടെ നഷ്ടപ്പെടുന്നത് സ്ത്രീകൾക്ക് മാത്രമാണ്. മറ്റു രാജ്യങ്ങളിൽ ഈ വ്യഭിചാര രീതി വ്യാപകമാണെകിലും , നമ്മുടെ നാട്ടിൽ സിനിമ സീരിയൽ രംഗത്തുള്ളവരാണ് മുന്നിട്ടിറങ്ങുന്നത് . 

പുരുഷന്റെ സുഖത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണു സ്ത്രീ. അവള്‍ എവിടെയായാലും പുരുഷന് അവകാശപ്പെട്ടതാണ് എന്ന പ്രാകൃത റോമന്‍ നിലപാടും സ്ത്രീപുരുഷബന്ധം മനുഷ്യന്റെ ജന്‍മവികാരമാണ് പാനജലം എവിടെവെച്ചും കുടിക്കാമെന്ന ചിന്തയും തുല്യഫലങ്ങളാണു നല്‍കുന്നത്. 

സ്ത്രീ പുരുഷന്റെ സുഖയന്ത്രമാണെന്ന കാഴ്ചപ്പാട് തന്നെയാണ് പുത്തന്‍ സംസ്കാരത്തിന്റെ മുഖമുദ്രയും.

സ്ത്രീയെ പുരുഷനു മുന്നില്‍ നഗ്നയാക്കി നിര്‍ത്തി ആടാനും പാടാനും
മദ്യചഷകങ്ങളില്‍ വീര്യം പകർന്നു നല്‍കാനും അവളുടെ നഗ്നമേനി മനംനിറയെ കണ്ടാസ്വദിക്കാനും അനുവാദം നല്‍കുന്ന സംസ്കാരത്തില്‍ വിവാഹത്തിനും വിവാഹ നിയമങ്ങള്‍ക്കും പ്രസക്തിയില്ല.

സ്ത്രീ മനുഷ്യനാണ്. അവള്‍ക്ക് തന്റേതായ വ്യക്തിത്വമുണ്ട്. കേവലം പുരുഷന്റെ ആനന്ദവസ്തുവായി തരംതാഴേണ്ടവളല്ല സ്ത്രീ എന്ന നിലപാടാണ് ഇസ്ലാമിനുള്ളത്.

സ്ത്രീക്കു നേരെ മാന്യതയില്ലാത്ത ഒരു കണ്ണെറിച്ചില്‍ പോലും പാപമാണെന്നാണ് മതം പഠിപ്പിക്കുന്നത്. സ്ത്രീത്വത്തിന്റെ മഹത്വം ബോധ്യപ്പെടുത്താനും സ്ത്രീയെ
സംരക്ഷിക്കാനുമാണ് ഇസ്ലാം പറയുന്നത്.

ലൈംഗികബന്ധത്തിന്റെ പ്രകൃതിനിയമം സ്ത്രീപുരുഷ വേഴ്ചയാണ്. എല്ലാ
ജന്തുവര്‍ഗങ്ങളിലും നിയമം ഇതുതന്നെയാണ്. വംശവര്‍ധനവിന് ഈ നിയമം സ്വീകരിച്ചേ പറ്റൂ. ലൈംഗിക അഭിനിവേശത്തിലൂടെയാണ് വംശവര്‍ധനക്ക് കളമൊരുങ്ങുന്നത്.

നിങ്ങള്‍ക്ക് സ്വസ്ഥത കൈവരാന്‍ നിങ്ങളില്‍നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചതും നിങ്ങള്‍ക്കിടയില്‍ സ്നേഹകാരുണ്യങ്ങള്‍ സ്ഥാപിച്ചതും അല്ലാഹുﷻവിന്റെ ദൃഷ്ടാന്തമാണ് എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതാണ്.

സ്വന്തം ഇണയായ സ്ത്രീയിലൂടെ മാത്രമേ സ്വസ്ഥത കൈവരികയുള്ളൂ എന്ന പ്രഖ്യാപനം മനുഷ്യപ്രകൃതിയുടെ പരിരക്ഷക്ക് മറ്റു മാര്‍ഗങ്ങള്‍ കരണീയമല്ലെന്ന് വ്യക്തമാക്കുന്നു.

സ്വവര്‍ഗരതിയും മറ്റു ലൈംഗികാഭാസങ്ങളും മാരകമായ
രോഗങ്ങള്‍ക്കും മാനസിക വിഭ്രാന്തിക്കും കാരണമാകുമെന്നും മനുഷ്യനെ
സാംസ്കാരികമായി തകര്‍ക്കുമെന്നും പുത്തന്‍ കണ്ടുപിടുത്തങ്ങളും
ശാസ്ത്രപഠനങ്ങളും നമുക്കു പഠിപ്പിച്ചുതരുന്നുണ്ട്.

വിവാഹത്തിന് സ്ത്രീയും പുരുഷനും വേണം. വിവാഹബന്ധം, രക്തബന്ധം, മുലകുടിബന്ധം തുടങ്ങിയ ബന്ധങ്ങളില്ലാത്ത മനസ്സിനിണങ്ങിയ വധൂവരന്‍മാര്‍ എന്ന് ഇസ്ലാം കര്‍ക്കശമായി അനുശാസിക്കുന്നതിന്റെ രഹസ്യം ഗ്രഹിക്കാനാണിത്രയും പറഞ്ഞത്. ഈ നിബന്ധന മറികടന്ന സമൂഹങ്ങളൊക്കെ ലൈംഗികാഭാസത്തിന്റെ വില അനുഭവിക്കുകയാണ്.

ഇത്തരമൊരു ദുരാചാരത്തിന്റെ കരാള ഹസ്തത്തില്‍ പെട്ട് മുസ്ലിം സമുദായം
ശ്വസം മുട്ടുകയാണെന്ന യാഥാര്‍ത്ഥ്യം ചെറുപ്പക്കാര്‍ ഓര്‍ക്കണം. മക്കളെ
സ്ത്രീധന കയറില്‍ തൂക്കി കൊല്ലുന്ന രക്ഷിതാക്കളും. ഈ സമ്പ്രദായം
സമുദായത്തിന് വരുത്തി വെക്കുന്ന മാനഹാനി ചെറുതൊന്നുമല്ല. എത്ര പെണ്‍കുട്ടികള്‍ ഈ കൊലക്കയറില്‍ ജീവനൊടുക്കി. എത്രപേര്‍ മതം മാറി ഫാഷിസ്റ്റ് പാളയത്തിലെത്തി. എത്ര പെണ്‍കുട്ടികള്‍ വഴിപിഴച്ച് തെരുവ്
സുന്ദരികളായിത്തീർന്നു. ഒരു കണക്കെടുപ്പിന് ആരും മുതിരാത്തത് ഈ നാണക്കേട് മറച്ച് വെക്കാനാണ്.


വലിയ്യും വിലായത്തും 

സ്ത്രീ സ്വന്തമായി തന്നെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്ന സമ്പ്രദായം ഇസ്ലാമിലില്ല. തന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാന്‍ സ്ത്രീക്കവകാശമുണ്ട്. 

സ്വത്ത് കൈകാര്യം ചെയ്യാനും വ്യവസായവും വ്യാപാരവും നടത്താനും അഭിപ്രായം രേഖപ്പെടുത്താനും അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും, ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ മറ്റോ പീഡനത്തിനെതിരെ പരാതി പറയാനുമെല്ലാം സ്ത്രീക്കവകാശമുണ്ട്. ഇതൊന്നും വകവെച്ചു കൊടുത്തിട്ടില്ലാത്ത സമൂഹത്തിലാണ് ഇസ്ലാം ഇതൊക്കെ നേടിക്കൊടുത്തത്.

രാവിലെ കോളേജില്‍ പോയ പെണ്‍കുട്ടി വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ തന്റെ കൂടെയുള്ള ചെറുപ്പക്കാരനെ നോക്കി, ഇതാ ഇതെന്റെ ഭര്‍ത്താവാണ്. ഞാൻ ഈ കുഞ്ഞിക്കണ്ണന് വിവാഹം ചെയ്തുകൊടുത്തിരിക്കുന്നു എന്നു പറഞ്ഞാല്‍ അതുള്‍ക്കൊള്ളാന്‍ ഏതു യുക്തിവാദിയാണ് തയാറാവുക..?!

മാതാപിതാക്കളുടെ ഇഷ്ടാനുസരണമുള്ള സെലക്ഷന്‍, അല്ലെങ്കില്‍ മകളുടെ നിര്‍ദേശപ്രകാരമുള്ള കണ്ടെത്തല്‍ - ഈ രണ്ടു രീതിയല്ലാതെ, രക്ഷിതാക്കള്‍ക്ക് ഒരു പങ്കാളിത്തവുമില്ലാത്ത വിവാഹങ്ങള്‍ ഏതു സമൂഹത്തിലാണ് നടക്കാറുള്ളത്.

പുരോഗമനവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും മതനിഷേധികളുമൊക്കെ ചിലപ്പോള്‍ പെണ്‍കുട്ടിക്ക് സ്വയം ഇണയെ കണ്ടെത്താന്‍ അമിതസ്വാതന്ത്രം തന്നെ കൊടുത്തിരിക്കാം. പക്ഷേ, സ്വയം പോയി ഒരാണ്‍പിള്ളയെ കല്യാണം കഴിച്ചു ജീവിച്ചോളൂ എന്ന് മക്കളോടു പറയാന്‍ യുക്തിവാദികളാരെങ്കിലും തയ്യാറുണ്ടോ..?!

ഇസ്ലാമിക നിബന്ധനപ്രകാരം രക്ഷിതാവാണ് പെണ്‍കുട്ടിയെ നികാഹ് ചെയ്തുകൊടുക്കേണ്ടത്. രക്ഷിതാവ് കണ്ടെത്തി പെണ്‍കുട്ടിയുടെ തൃപ്തിയോടെ, അല്ലെങ്കില്‍ പെണ്‍കുട്ടി തന്നെ കണ്ടെത്തി രക്ഷിതാവിന്റെ തൃപ്തിയോടെ കല്യാണമുറപ്പിക്കുകയും രക്ഷിതാവിന്റെ കാര്‍മികത്വത്തില്‍ നികാഹ് നടത്തുകയും ചെയ്യുക. ഇസ്ലാം അനുശാസിച്ച ഈ രീതി തന്നെയാണ് സംസ്കൃത സമൂഹങ്ങളൊക്കെ സ്വീകരിച്ചുവരുന്നത്.

പിതാവ്, പിതാമഹന്‍, സഹോദരന്‍, സഹോദരപുത്രന്‍, പിതൃവ്യന്‍, പിതൃവ്യപുത്രര്‍ എന്നീ ക്രമത്തിലാണ് രക്ഷിതാക്കള്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.

മാതാവിന്റെ വഴിക്ക് ആരും രക്ഷിതാവായി വരില്ല.

ഇസ്ലാം, ബുദ്ധി, പ്രായപൂര്‍ത്തി, പുരുഷത്വം, സ്വാതന്ത്രം, നീതിനിഷ്ഠ, അഭിപ്രായരൂപീകരണശേഷി, ഹജ്ജിന് ഇഹ്റാം ചെയ്ത അവസ്ഥയിലല്ലാതിരിക്കുക എന്നീ നിബന്ധനകള്‍ മേളിച്ചിരിക്കണം രക്ഷിതാവില്‍.

അവിശ്വാസിയെ രക്ഷിതാവായി പരിഗണിക്കുകയില്ല. ഭ്രാന്തന്‍, കുട്ടി, സ്ത്രീ, അടിമ, അസാന്‍മാര്‍ഗിക ജീവിതം നയിക്കുന്നവന്‍ തുടങ്ങിയവര്‍ക്കൊന്നും വിലായത്തിന് അവകാശമില്ല.

പിതാവ് ദൈവനിഷേധിയോ, മറ്റു മതത്തിലേക്ക് വഴിമാറിയവനോ, മതനിഷേധിയോ ആണെങ്കില്‍ തന്റെ മകളുടെ നിക്കാഹ് ചെയ്തുകൊടുക്കാന്‍ അയാള്‍ക്കവകാശം നഷ്ടപ്പെടുന്നതാണ്.

ഇസ്ലാം സ്വീകരിക്കാതെ അവിശ്വാസത്തില്‍ തന്നെ തുടരുന്നവനും മുസ്ലിമായി ജനിച്ച് മതനിഷേധിയായി ജീവിക്കുവനും ഈ വിഷയത്തില്‍ തുല്യമാണ്. ഈ സാഹചര്യത്തില്‍ പിതാമഹനോ ക്രമപ്രകാരമുള്ള മറ്റു ബന്ധുക്കളോ ആണ് വിവാഹം ചെയ്തുകൊടുക്കേണ്ടത്. 

സദാചാരനിഷ്ഠയില്ലാത്ത മദ്യപാനി, ചൂതുകളിക്കാരന്‍, നിസ്കാരമില്ലാത്തവന്‍ തുടങ്ങിയ ദുര്‍നടപ്പുകാരന് തന്റെ മകളെ നിക്കാഹ് ചെയ്തുകൊടുക്കാന്‍ അധികാരമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അര്‍ഹതപ്പെട്ടവരില്ലെങ്കില്‍ ഖാള്വി വിലായത്ത് ഏറ്റെടുക്കേണ്ടതാണ്. ഖാള്വിയും ഇല്ലാത്ത സാഹചര്യത്തില്‍ വിശ്വസ്തനായ ഒരാളെ ചുമതലപ്പെടുത്തി (മുഹക്കം) നിക്കാഹ് ചെയ്യിപ്പിക്കാവുന്നതാണ്.

ദുര്‍നടപ്പുകാരനായ വിധികര്‍ത്താവാണെങ്കില്‍ നിക്കാഹിന്റെ ഉത്തരവാദിത്വം അയാള്‍ക്കു നല്‍കാതെ ദുര്‍നടപ്പുകാരനായ പിതാവ് തന്നെ നിര്‍വഹിക്കുകയാണ് വേണ്ടത്. ഇമാം ഇബ്നുസ്സ്വലാഹ്, ഇമാം സുബ്കി, ഇമാം നവവി(റ) തുടങ്ങിയവര്‍ ഇമാം ഗസ്സാലി(റ)വിന്റെ ഈ വീക്ഷണം അംഗീകരിച്ചിട്ടുണ്ട്.(ഫത്ഹുല്‍ മുഈന്‍ - 357)

ദുര്‍നടപ്പുകാരനായ പിതാവ് പശ്ചാത്തപിക്കാന്‍ തയാറാവുകയാണെങ്കില്‍ അയാള്‍ക്ക് വിലായത്തിനധികാരം നല്‍കാവുന്നതാണ്. പക്ഷേ, ഒരു നിരീക്ഷണ പിരീഡിനു ശേഷമേ പാടുള്ളൂവെന്ന്ണ് ഇമാം നവവി, റാഫിഈ(റ) തുടങ്ങിയവരുടെ വീക്ഷണം.

ബുദ്ധിശക്തിക്കും ആലോചനാശേഷിക്കും തകരാറ് സംഭവിച്ച ഭ്രാന്തന്‍, മാനസിക പിരിമുറുക്കം അനുഭവിക്കുന്ന വ്യക്തി തുടങ്ങിയവര്‍ക്കും വിലായത്ത് നഷ്ടപ്പെടും. ഇത്തരം സാഹചര്യങ്ങളില്‍ തൊട്ടടുത്ത വലിയ്യിലേക്ക് അധികാരം മാറ്റപ്പെടുന്നതാണ്. ഉദാഹരണം: കുട്ടിയുടെ പിതാവിനാണ് ഇത്തരത്തില്‍ തടസ്സങ്ങളുണ്ടായതെങ്കില്‍ പിതാവിന്റെ പിതാവ് കര്‍മ്മം നിര്‍വഹിക്കേണ്ടതാണ്.

പിതാവും, പിതാമഹനും വലിയ്യ് മുജ്ബിര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സ്ത്രീക്ക് അനുയോജ്യനായ വരന് അവളുടെ സമ്മതം ചോദിക്കാതെ തന്നെ വിവാഹം ചെയ്തുകൊടുക്കാന്‍ ഇവര്‍ക്ക് അവകാശമുണ്ട്.


അതേയവസരം ബാപ്പയും മകളും തമ്മിലോ, വധൂവരന്‍മാര്‍ തമ്മിലോ, ശത്രുതയോ വ്യക്തമായ എതിര്‍പ്പോ ഉണ്ടെങ്കില്‍ പിതാവ് തന്റെ സ്വേച്ഛാധികാരം ഉപയോഗിക്കരുത്. ഫത്ഹുല്‍ മുഈന്‍ പറയുന്നു: പിതാവിനും പിതാമഹനും വ്യക്തമായ ശത്രുതയില്ലാത്ത സാഹചര്യത്തില്‍ വിവാഹം ചെയ്തുകൊടുക്കാന്‍ സ്വേച്ഛാധികാരമുണ്ട്. (ഫത്ഹുല്‍ മുഈന്‍ -358)

ഇതുതന്നെ കന്യകയായ പെൺകുട്ടിയില്‍ മാത്രമാണുള്ളത്. ലൈംഗികബന്ധത്തിലൂടെ കന്യകാത്വം നീങ്ങിയ പെൺകുട്ടിയെ അവളുടെ വ്യക്തമായ സമ്മതത്തോടെ മാത്രമേ വിവാഹം ചെയ്തുകൊടുക്കാവൂ. കന്യകയെ സംബന്ധിച്ചിടത്തോളം തന്റെ കാര്യത്തില്‍ കൂടുതല്‍ വാത്സല്യവും സൂക്ഷ്മതയും പുലര്‍ത്താന്‍ പിതാവിനോളം അര്‍ഹരായി മറ്റാരുമില്ല. അകന്യകയാണെങ്കില്‍ തന്റെ മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ അവള്‍ക്കു പക്വതയും മാനസിക ദാര്‍ഢ്യതയും കൈവിരിക്കും. ഈ വസ്തുതകള്‍ പരിഗണിച്ച് പിതാവിന് മക്കളോടുണ്ടാകുന്ന അഗാധമായ സ്നേഹകാരുണ്യവും പരിഗണിച്ചാണ് ഇസ്ലാം കന്യകയെയും അകന്യകയെയും രണ്ടായി തിരിച്ചത്. ഇതൊന്നുമറിയാതെ സ്ത്രീക്ക് സ്വന്തം കല്യാണം ചെയ്യാന്‍ അധികാരം വേണമെന്നു വാദിക്കുന്നവര്‍ക്ക് ദുഷ്ടലക്ഷ്യങ്ങളാണുള്ളത്.

പിതാവല്ലാത്തവര്‍, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമേ വിവാഹം ചെയ്യാവൂ. കന്യകയാണെങ്കില്‍ അവളുടെ മൗനം സമ്മതമായി പരിഗണിക്കുന്നതാണ്. അകന്യകയാണെങ്കില്‍ വ്യക്തമായി ഉദ്ധരിച്ച് പറയുക തന്നെ വേണം.

മേല്‍പറഞ്ഞ വലിയ്യുകളാരുമില്ലെങ്കില്‍ പിന്നെ ഖാസിക്കാണ് അധികാരം. വലിയ്യില്ലാത്തവരുടെ വലിയ്യാണ് ഖാസി എന്നാണ് നബിവചനം. തന്റെ അധികാരപരിധിയില്‍ പെട്ട പ്രായപൂര്‍ത്തിയായ ഇതര വലിയ്യുകളില്ലാത്ത പെണ്‍കുട്ടികളെയാണ് ഖാസി വിവാഹം ചെയ്തുകൊടുക്കേണ്ടത്. തന്റെ അധികാര പരിധിയിലല്ലാത്തവരുടെ നിക്കാഹിന് ഖാസിക്ക് അധികാരമില്ല. നിക്കാഹ് ചെയ്തുകൊടുക്കുമ്പോള്‍ തന്റെ അധികാര പരിധിയിലായിരിക്കണമെന്നേയുള്ളൂ. അവര്‍ മറ്റു ദേശത്ത് താമസിക്കുവരാണെന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. പക്ഷേ, അന്യദേശത്തുനിന്ന് വിവാഹാവശ്യാര്‍ത്ഥം മാത്രം ഈ ഖാസിയുടെ മുന്നിലെത്തുകയും സ്വന്തം ദേശത്തെ ഖാസിയെ അവഗണിക്കുകയും ചെയ്യുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് തന്റെ മഹല്ല് പരിധിയില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ നിക്കാഹിനു വരുമ്പോള്‍ അവരെക്കുറിച്ച് അന്വേഷിച്ച് ഉറപ്പുവരുത്താന്‍ ഖാസിമാര്‍ ശ്രദ്ധിക്കേണ്ടതാണ്.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കിൽ വിഷയത്തില്‍ അവളുടെ വാക്ക് പരിഗണിക്കപ്പെടുന്നതാണ്. ആര്‍ത്തവം, സ്ഖലനം എന്നീ കാരണങ്ങളാല്‍ പ്രായപൂര്‍ത്തിയായെന്ന് വാദിക്കുമ്പോള്‍ അതിന് തെളിവും സാക്ഷിയും ഹാജരാക്കാന്‍ പറയുന്നത് ശരിയല്ല. അതേയവസരം വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയായെന്ന് വാദിക്കുകയാണെങ്കില്‍ തെളിവ് ആവശ്യപ്പെടാവുന്നതാണ്.

വലിയ്യ് രണ്ട് മര്‍ഹല ദൂരത്തായതുകൊണ്ടോ കൊല, കൊള്ള, ധനനഷ്ടം തുടങ്ങിയ കാരണങ്ങളാലോ വരാന്‍ കഴിയാതിരിക്കുക, അല്ലെങ്കില്‍ വലിയ്യ് എവിടെയാണെന്ന് അറിയാതെ നീണ്ടകാലം കഴിയുക, പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്ത്രീയെ അവളാവശ്യപ്പെട്ട അനുയോജ്യനായ വരന് വിവാഹം ചെയ്തുകൊടുക്കാന്‍ വലിയ്യ് വിസമ്മതിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ഖാസിക്ക് വിലായത്തേറ്റെടുത്തു നടത്താന്‍ അധികാരമുണ്ട്.

അകന്യകയെ നിര്‍ബന്ധിക്കാന്‍ പിതാവിന് അധികാരമില്ലാത്തതുകൊണ്ട് സ്ത്രീ നിര്‍ദേശിച്ച അനുയോജ്യ വരന് നിക്കാഹ് ചെയ്തുകൊടുക്കാന്‍ പിതാവ് വിസമ്മതിക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്താല്‍ ഖാസി ഇടപെട്ട് വിവാഹം നടത്തേടതാണ്. 

ഇനി പിതൃവ്യപുത്രന്‍ തുടങ്ങിയ വിലായത്തധികാരമുള്ളവന്‍ തന്നെ വരനായി വരുന്ന സാഹചര്യത്തിലും ഖാസി വലിയ്യായി മാറും. ഖാസി തന്നെയാണ് വരനെങ്കില്‍ മറ്റു വലിയ്യുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നാഇബ് ഖാസി (അസിസ്റ്റന്റ് ഖാസി) ഈ മഹല്ലത്തില്‍ അധികാരമുള്ള മേല്‍ഖാസി തുടങ്ങിയവരോ നിക്കാഹ് ചെയ്തുകൊടുക്കണം.

ഇനി മേല്‍പറഞ്ഞ രക്ഷിതാക്കളോ നിയമാനുസൃത ഖാസിയോ ഇല്ലാത്ത സാഹചര്യത്തില്‍ എന്തുചെയ്യണം?.

ഇവിടെ സ്ത്രീ കൂടുതല്‍ അധികാരമുള്ള അവസ്ഥയിലേക്കുയരുകയാണ്. വരനായി നിശ്ചയിച്ച പുരുഷനു, തന്നെ വിവാഹം ചെയ്തുകൊടുക്കാന്‍ പറ്റിയ ഒരാളെ അവള്‍ ചുമതലപ്പെടുത്തുക. ചുമതലപ്പെടുത്തിയ അടിസ്ഥാനത്തില്‍ അയാള്‍ നിക്കാഹ് ചെയ്തുകൊടുക്കുകയും വേണം. ചുരുക്കത്തില്‍ വലിയ്യ് (രക്ഷിതാവ്) ഇല്ലാതെ സ്ത്രീ തന്റെ ശരീരത്തെ നേര്‍ക്കുനേരെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്ന ഏര്‍പ്പാട് ഇസ്ലാം അംഗീകരിച്ചിട്ടില്ല.


വചനവും സാക്ഷികളും

നീതിനിഷ്ഠരായ രണ്ടുപേരുടെ സാന്നിധ്യത്തിലേ നിക്കാഹ് പാടുള്ളൂ. ഏതൊരു ഇടപാടിനും സാക്ഷി ആവശ്യമാണ്. ഒരിടപാട് എന്ന നിലയ്ക്ക് അതനിവാര്യവുമാണ്. രണ്ടു ജീവിതങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ സ്വാഭാവികമായും തര്‍ക്കങ്ങളും പ്രശ്നങ്ങളുമുണ്ടാകാം. ചിലപ്പോള്‍ വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തേക്കാം. ഈ സാഹചര്യത്തില്‍ സാക്ഷികളുടെ സഹായവും സാന്നിധ്യവും ആവശ്യമായിത്തീരും. സാക്ഷികള്‍ പ്രത്യക്ഷത്തില്‍ നീതിമാന്‍മാരായിരിക്കണം. അവരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കേണ്ടതില്ലൊണ് ഇമാം ശാഫി(റ)വിന്റെ പക്ഷം. 

കൂട്ടത്തില്‍ മുന്തിയ സാക്ഷികളാകണമെന്ന് ഇമാം അബൂഹനീഫ(റ) പറയുന്നു.
രണ്ട് പുരുഷന്‍മാര്‍ തന്നെയാകണം സാക്ഷികള്‍. പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള സ്വതന്ത്രരായ രണ്ട് മുസ്ലിം പുരുഷന്‍മാര്‍. അമുസ്ലിംകളെ സാക്ഷിക്ക് പറ്റുകയില്ല. ദുര്‍നടപ്പുകാരും സത്യബോധമില്ലാത്തവരും ദൈവവിശ്വാസമില്ലാത്തവരുമായ സാക്ഷികള്‍ സ്വീകാര്യമല്ല. കുട്ടികളും ഭ്രാന്തന്‍മാരും സ്ത്രീകളും ഈ വിഷയത്തില്‍ അംഗീകരിക്കപ്പെടുകയില്ല. ഒരു പുരുഷനും രണ്ട് സ്ത്രീകളുമുണ്ടായാല്‍ പല ഇടപാടുകള്‍ക്കും സാക്ഷിയായി പരിഗണിക്കപ്പെടും. അതുപോലെ വിവാഹത്തിലും പരിഗണിക്കാമെന്നാണ് ഇമാം അബൂഹനീഫ(റ)വിന്റെ പക്ഷം.


വചനം

നിക്കാഹ്, തസ്വീജ് എന്നീ ധാതുക്കളില്‍ നിന്നുത്ഭവിച്ച വചനങ്ങള്‍ മൂലമല്ലാതെ നിക്കാഹ് പറ്റില്ലെന്ന കര്‍ക്കശ നിലപാടാണ് ഇമാം ശാഫിഈ(റ) കൈക്കൊണ്ടിരിക്കുന്നത്. ഹമ്പലീ വീക്ഷണവും ഇതുതന്നെ. മഹ്റ് വ്യക്തമായി പറയുന്നുണ്ടെങ്കില്‍ ദാനം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാമെന്ന് മാലിക്കികള്‍ക്ക് അഭിപ്രായമുണ്ട്. നിശ്ചിതപദങ്ങള്‍ വേണമെന്ന നിര്‍ദേശം ഹനഫീ മദ്ഹബ് നിരസിക്കുകയാണ്. വിവാഹത്തെ അര്‍ത്ഥമാക്കുന്ന ഏതു പദവുമാകാമന്നാണ് അവരുടെ വീക്ഷണം. 

നിനക്കു ഞാന്‍ നിക്കാഹ് ചെയ്തുതന്നു, ഇണയാക്കിത്തന്നു തുടങ്ങിയ ദായകവചനങ്ങളും ഞാന്‍ സ്വീകരിച്ചു, തൃപ്തിപ്പെട്ടു തുടങ്ങിയ സ്വീകരണ മൊഴികളും വചനത്തില്‍ ഉള്‍പ്പെടണം. ഈ രണ്ട് വാക്കുകളിലൂടെ തന്നെയാകണം നിക്കാഹ് എന്ന് ഇമാം ശാഫിഈ(റ) പറയുന്നത് മുസ്ലിം ഉദ്ധരിച്ച ഹദീസിന്റെ വെളിച്ചത്തിലാണ്.

സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുക, അല്ലാഹുﷻവിന്റെ അമാനത്തനുസരിച്ചാണ് നിങ്ങള്‍ അവരെ അധീനപ്പെടുത്തിയത്. അല്ലാഹുﷻവിന്റെ വചനം മുഖേനയാണ് നിങ്ങള്‍ അവരുടെ രഹസ്യസ്ഥാനങ്ങളെ ഹലാലാക്കിയത്.

ഈ ഹദീസില്‍ ഉപയോഗിച്ച അല്ലാഹുﷻവിന്റെ വചനം എത്, നിക്കാഹ്, തസ്വീജ് എന്നെ അറബി പദങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണ് ഈ പദങ്ങള്‍ തന്നെ ഉപയോഗിക്കണമെന്ന് ശാഫിഈ പണ്ഡിതന്‍മാര്‍ നിര്‍ദേശിക്കുന്നത്.

ഈ വാക്കുകളുടെ വ്യക്തമായ തര്‍ജ്ജമ അനുവദനീയമാണെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അറബി അറിയുന്നവര്‍ക്കും തര്‍ജ്ജമ പറയാവുന്നതാണ്. വരനും വലിയ്യും സാക്ഷിയും ഈ തര്‍ജ്ജമ അറിയുവരായിരിക്കണം. നിക്കാഹ്, തസ്വീജ് എന്നീ പദങ്ങളുടെ പ്രത്യക്ഷ അര്‍ത്ഥമായിരിക്കണം എന്ന നിബന്ധന യോടെയാണ് തര്‍ജ്ജമ അനുവദിക്കുന്നത്. ഇണയാക്കിത്തന്നു, കൂട്ടിച്ചേര്‍ത്തു എന്നീ മലയാള വാക്കുകളാണ് മേല്‍പറഞ്ഞവയുടെ തര്‍ജ്ജമയായി കേരളീയ പണ്ഡിതന്‍മാര്‍ അംഗീകരിച്ചുപോന്നത്. അറബിയില്‍ വചനം മൊഴിഞ്ഞ ശേഷം ശ്രോതാക്കളുടെ ഭാഷയില്‍ തര്‍ജ്ജമ പറഞ്ഞ് മൊഴിഞ്ഞ് ആവര്‍ത്തിക്കുന്നത്‌ സൂക്ഷ്മതക്കാണ്. 

ഈ വാക്കുകളുടെ പ്രത്യക്ഷമായ തര്‍ജ്ജമയല്ലാതെ മറ്റൊരു വാക്ക് (ഉദാ: വിവാഹം). ഒരു ജനത അംഗീകരിച്ചു പോരുകയും നിക്കാഹിന് ഉപയോഗിക്കുകയും ചെയ്താല്‍ അതു പരിഗണിക്കപ്പെടുകയില്ലെന്ന് ഇമാം സുബ്കി(റ) വ്യക്തമാക്കിയിട്ടുണ്ട്.(ഫത്ഹുല്‍ മുഈന്‍: 346)

അര്‍ത്ഥമറിയുകയില്ലെങ്കിലും നിക്കാഹിനു സാധാരണ ഉപയോഗിച്ചുവരുന്ന സാങ്കേതിക പദങ്ങള്‍ എന്ന നിലയ്ക്ക് അറബിഭാഷയില്‍ മൊഴിഞ്ഞാല്‍ അതു മതിയാകുമെന്ന് പണ്ഡിതന്‍മാര്‍ ഫത്വ നല്‍കിയിരിക്കുന്നു. അറബി പദങ്ങള്‍ തന്നെയാകണം നിക്കാഹിന് ഉപയോഗിക്കുന്ന വചനമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇമാം അഹ്മദില്‍ (റ) വിൽ നിന്ന് ഈ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ അടിസ്ഥാനത്തില്‍ അറബിയില്‍ നിക്കാഹിന്റെ വചനം മൊഴിയാന്‍ അറിയാത്തവര്‍ ആ വചനങ്ങള്‍ മൊഴിഞ്ഞു പഠിച്ചശേഷമേ നിക്കാഹിന് തയാറാകേണ്ടതുള്ളൂ. തര്‍ജ്ജമ ആവാമെങ്കിലും വാദത്തിന്റെ ചുവടുപിടിച്ച് പാരമ്പര്യ രീതികളൊക്കെ മാറ്റിവെച്ച് നിക്കാഹിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത വിധം ഒരു കച്ചവടസ്വഭാവത്തിലുള്ള ഇടപാടായി നിക്കാഹിനെ തരംതാഴ്ത്തുന്ന രീതി ശരിയല്ല. 

എന്റെ മകളെ വിവാഹം ചെയ്തു തന്നിരിക്കുന്നു. ഇനി ഭക്ഷണം കഴിക്കൂ എന്ന് വധുവിന്റെ രക്ഷിതാവ് പറയുന്നു. ശരി, ഇനി നമുക്ക് ഭക്ഷണം കഴിക്കാം എന്നു പറഞ്ഞ് വരനും കൂട്ടുകാരും ഡൈനിങ്ങ് ഹാളിലേക്ക് നീങ്ങുന്നു. ഈയിടെ ചില കല്യാണവേദികളില്‍ ഇങ്ങനെയൊക്കെ വിവാഹങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇസ്ലാം ലളിതമാണെ ന്യായവും അതിനും പിന്‍ബലമായി ഉദ്ധരിക്കുന്നു.

നിക്കാഹ് ഒരു ആരാധനയാണെന്നും അതുകൊണ്ടുതന്നെ പാരമ്പര്യത്തിന്റെയും മതകണിശതയുടെയും നല്ല ശീലങ്ങള്‍ അതില്‍നിന്ന് മാറ്റി കേവലമൊരു ആചാരമാക്കിത്തീര്‍ക്കുന്നത് സ്വന്തം മതത്തോടും വിശ്വാസത്തോടും സ്വന്തം ശരീരത്തോടു തന്നെയുമുള്ള വെല്ലുവിളിയാണെന്നും മനസ്സിലാക്കണം.


വലിയ്യും വരനും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടിത്തന്നെയായിരിക്കണം നിക്കാഹ്. ഗള്‍ഫിലുള്ള വരന് നാട്ടിലുള്ള വലിയ്യ് ടെലിഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ മൊഴികൊടുത്താല്‍ പോരാ. വരനും വലിയ്യും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടണം. വചനം മറ്റൊന്നിന്റെ ഇടര്‍ച്ചയില്ലാതെ തുടര്‍ച്ചയായി തന്നെ ഇരുവരും മൊഴിയണം എന്ന വിഷയത്തില്‍ നാലു മദ്ഹബിന്റെ പണ്ഡിതന്‍മാരും ഏകാഭിപ്രായക്കാരാണ്.
അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ഇടപാടിന്റെ സദസ്സ് ഏകമായിരിക്കണമെന്ന വിഷയത്തില്‍ അവര്‍ ഏകാഭിപ്രായക്കാരാണ്. എന്റെ മകളെ നിനക്കു ഞാന്‍ ഇണയാക്കിത്തന്നു എന്ന് രക്ഷിതാവ് പറഞ്ഞ ശേഷം സഭ പിരിയുകയും മറ്റൊരു സദസ്സിലോ സ്ഥലത്തോ വെച്ചോ ഞാന്‍ അതു സ്വീകരിച്ചുവെന്ന് വരന്‍ മൊഴിയുകയും ചെയ്താല്‍ ആ നിക്കാഹ് സാധുവാകുന്നതല്ല. (വാ.3, പേ.4).

വിവാഹത്തിലും രജിസ്റ്ററിലും ഒപ്പുവെക്കുന്നതുകൊണ്ടോ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ തുടങ്ങിയ ആധുനിക വാര്‍ത്താ വിനിമയ മാര്‍ഗങ്ങളുപയോഗിച്ച് മൊഴികള്‍ കൈമാറുന്നതു കൊണ്ടോ നിക്കാഹ് പരിഗണിക്കപ്പെടുകയില്ല.
വക്കാലത്ത് രക്ഷിതാവിന് സ്ഥലത്തെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിശ്വസ്തനായ ഒരാളെ കൈകാര്യകര്‍മ്മത്തിന് അധികാരപ്പെടുത്താവുന്നവതാണ്. എന്റെ മകള്‍……….. നെ നിക്കാഹ് ചെയ്തുകൊടുക്കാന്‍ ഞാന്‍ നിന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന് മൊഴിഞ്ഞാണ് വക്കാലത്ത് നല്‍കേണ്ടത്.

ഇതേ ആനുകൂല്യം വരനും നല്‍കിയിട്ടുണ്ട്. വല്ല കാരണവശാലും നിക്കാഹ് സദസ്സിലെത്തിപ്പെടാന്‍ കഴിയാതെ വന്നാല്‍ തനിക്കുവേണ്ടി നിക്കാഹ് സ്വീകരിക്കാന്‍ വിശ്വസ്തനായ ഒരാളെ നിയമിക്കണം.

ഉദാ: മുഹമ്മദിന്റെ മകള്‍ സുബൈദയെ നിനക്കു ഞാന്‍ ഇണയാക്കിത്തന്നിരിക്കുന്നു എന്ന് മുഹമ്മദിന്റെ വലിയ്യായ വ്യക്തി പറയുന്നു. മുഹമ്മദിന്റെ മകള്‍ സുബൈദയെ താങ്കള്‍ എനിക്ക് തുണയാക്കിത്തന്നതിനെ ഞാന്‍ സ്വീകരിച്ചിരിക്കുന്നു എന്നു വരനും പറയുന്നു. എന്റെ മകള്‍ ജമീലയെ വരന്‍ അബ്ദുല്‍ ഖാദിറിന് ഞാന്‍ നിക്കാഹ് ചെയ്തുതന്നു എന്ന് വലിയ്യ് പറയുമ്പോള്‍  താങ്കളുടെ മകള്‍ ജമീലയെ അബ്ദുല്‍ഖാദറിന് നിക്കാഹ് ചെയ്ത് ഇണയാക്കിത്തന്നതിനെ അവനു വേണ്ടി ഞാന്‍ സ്വീകരിച്ചു എന്ന് വരന്റെ പ്രതിനിധി പറയുന്നു.

ഇങ്ങനെ വക്കാലത്ത് സംവിധാനം ഇരുഭാഗത്തും അനുവദിച്ചതു തന്നെ ഇസ്ലാമിന്റെ ദീര്‍ഘവീക്ഷണത്തെയും പ്രായോഗികബോധത്തെയുമാണ് വ്യക്തമാക്കുന്നത്. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും അടിസ്ഥാന നിയമങ്ങളില്‍നിന്നും പിറകോട്ടു പോകാത്ത ഒരാദര്‍ശ സമൂഹമായിരിക്കണം മുസ്ലിംകള്‍ എന്നാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്.


വിവാഹമൂല്യം

വിവാഹത്തോടെ ഭര്‍ത്താവ് ഭാര്യക്ക് നല്‍കാന്‍ ബാധ്യതപ്പെട്ട ധനമാണ് മഹ്ര്‍. സ്വദാഖ്, സ്വദഖ, ദിഹ്ല, അജ്ര്‍, ഫരീള്വത്ത്, ഹിബാഅ്, ഉഖൂറ്, അലാഇഖ്, ത്വൌല്‍, നികാഹ് തുടങ്ങിയ നാമങ്ങള്‍ മഹ്റിന് പകരമായി വിശുദ്ധ ഖുര്‍ആനിലും തിരുസുത്തിലും ഉപയോഗിച്ചിട്ടുണ്ട്.

ദാനം, പ്രതിഫലം, ബാധ്യത, നിര്‍ബന്ധദ്രവ്യം, മാധ്യമം, ബന്ധം എന്നെല്ലാം അര്‍ത്ഥം വരും. പദങ്ങള്‍ വിവാഹമൂല്യം എന്ന ഏക അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. ഉദ്ധൃത അര്‍ത്ഥങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ദ്രവ്യമാണ് മഹ്ര്‍ എന്നത് ശ്രദ്ധേയമാണ്.

മഹ്ര്‍ നല്‍കാന്‍ വരനാണ് ബാധ്യസ്ഥന്‍. വരന്‍ വധുവിനു നല്‍കു ധനമാണ് മഹ്ര്‍. മഹ്റിന്റെ ഉടമസ്ഥത വധുവിനു മാത്രമാണ്. മഹ്ര്‍ വിവാഹത്തിന്റെ ഘടകങ്ങളിലോ (അര്‍ക്കാന്‍) ഉപാധികളിലോ (ശര്‍ത്വുകള്‍) പെടില്ല. പക്ഷേ, അത് നിര്‍ബന്ധ (വാജിബ്)മായ ദാനമാണ്. സ്ത്രീയുടെ വ്യക്തിത്വം അംഗീകരിക്കുകയും ആദരിക്കുകയുമാണ് മഹ്റിന്റെ ലക്ഷ്യം.

ലൈംഗികബന്ധത്തിന് സ്ത്രീയെ സമീപിക്കാനും മഹ്ര്‍ കൂടിയേ തീരൂ. മഹ്ര്‍ ലഭിക്കുന്നതിനു മുമ്പ് താനുമായി ബന്ധപ്പെടാന്‍ ഭര്‍ത്താവിനെ അനുവദിക്കാതിരിക്കാനുള്ള അവകാശം സ്ത്രീക്കുണ്ട്. 

മഹ്റില്ലാതെ നിയമാനുസൃത വിവാഹമില്ല. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: സ്ത്രീകള്‍ക്കു നിങ്ങള്‍ ഉദാരമായി അവരുടെ ദാനം (മഹ്ര്‍) നല്‍കുക. സ്ത്രീകളുമായി നിങ്ങള്‍ രതിയിലേര്‍പ്പെട്ടാല്‍ അവള്‍ക്കു നിര്‍ബന്ധമായി പ്രതിഫലം (മഹ്ര്‍) നല്‍കുക.

വിവാഹം ചെയ്യാന്‍ തയാറായ സ്വഹാബിയോട് തിരുനബി ﷺ മഹ്ര്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായി കാണാം. ഒരു ഇരുമ്പുമോതിരമെങ്കിലും മഹ്ര്‍ നല്‍കണമെന്ന നിര്‍ദേശം മഹ്റിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.

പ്രവാചകപുത്രി ഫാത്ത്വിമ(റ)യെ ഹസ്രത്ത് അലി(റ)വിനു വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ മഹ്റിനു വല്ലതുമുണ്ടോ എന്ന് അന്വേഷിക്കുകയും മഹ്റിന് വിഭവം കണ്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മഹ്ര്‍ തുക നിക്കാഹിന്റെ കൂടെ പറയല്‍ സുത്താണ്. നല്‍കുന്നത് മുന്‍കൂട്ടി നിശ്ചയിക്കുകയും തുക പ്രഖ്യാപിക്കുകയും ചെയ്യുന്നത് പിന്നീട് തര്‍ക്കവും പ്രശ്നവും ഒഴിവാക്കാന്‍ നല്ലതാണ്. 

തിരുനബി ﷺ എല്ലാ വിവാഹത്തിനും മഹ്ര്‍ പറഞ്ഞിരുന്നു. മഹ്ര്‍ നിശ്ചയിച്ച് പ്രഖ്യാപിക്കാതെ നിക്കാഹ് ചെയ്തുകൊടുത്താൽ നിക്കാഹ് അസാധുവാകുന്നില്ല. സ്ത്രീക്കു ലഭിക്കേണ്ട അവകാശം നേരത്തെ പറഞ്ഞില്ലന്നുവെച്ച് നഷ്ടപ്പെടുന്ന പ്രശ്നമേയില്ല. സ്ത്രീക്ക് മഹ്ര്‍ നല്‍കാന്‍ പുരുഷന്‍ ഏതവസരത്തിലും ബാധ്യസ്ഥനാണ്. അതു ചോദിച്ചു വാങ്ങാന്‍ ഭാര്യക്ക് അവകാശമുണ്ട്.

ഉഖ്ബത്ബിന്‍ ആമിർ(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. തിരുനബി ﷺ ഒരിക്കല്‍ ഒരു സ്വഹാബിയോട് ഈ സ്ത്രീയെ നിനക്ക് ഞാന്‍ കല്യാണം ചെയ്തു തരട്ടെയോ എന്ന്  ചോദിച്ചു. അദ്ദേഹമതു സമ്മതിക്കുകയും ചെയ്തു.
ഇതുപോലെ സ്ത്രീയോട് നിന്നെ ഞാന്‍ ഇയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കട്ടെയോ എന്ന് നബി ﷺ ചോദിച്ചപ്പോള്‍ അവര്‍ അതംഗീകരിച്ചു. നബി ﷺ അവരുടെ നിക്കാഹ് ചെയ്തുകൊടുത്തു. മഹ്റിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് ആ പുരുഷന് മരണം ആസന്നമായപ്പോള്‍ അദ്ദേഹം പറഞ്ഞു. എനിക്കെന്റെ ഭാര്യയെ തിരുനബി ﷺ നിക്കാഹ് ചെയ്തുതന്നത് മഹ്ര്‍ ഒന്നും പറയാതെയാണ്. ഞാന്‍ അവള്‍ക്ക് ഒന്നും കൊടുത്തിട്ടില്ല. അവള്‍ക്ക് ഞാന്‍ കൊടുക്കാന്‍ ബാധ്യസ്ഥനായ മഹ്റിലേക്കായി എനിക്ക് ഖൈബറിലുള്ള ഓഹരി ഞാന്‍ നല്‍കുന്നു. അവര്‍ അതു സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഒരുലക്ഷം വെള്ളിക്കാണ് ആ സ്ഥലം അവര്‍ വിറ്റത്. ഈ സംഭവം അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്.

മഹ്ര്‍ നല്‍കാതെ മരിച്ചുപോയ ഭര്‍ത്താവിന്റെ സമ്പത്തില്‍നിന്ന് മഹ്ര്‍ ഈടാക്കാന്‍ ഭാര്യക്കവകാശമുണ്ട്.

ഹസ്രത്ത് അല്‍ഖമ(റ)യില്‍നിന്ന് ഉദ്ധരണം. അബ്ദുല്ലാഹി ബിന്‍ മസ്ഊദ്(റ)വിന്റെ അടുക്കല്‍ വിവാഹം ചെയ്ത് മഹ്ര്‍ നല്‍കാതെ മരിച്ചുപോയ ഒരു പുരുഷനെക്കുറിച്ച് സംശയം ഉന്നയിക്കപ്പെട്ടു. ആ ദമ്പതികള്‍ ലൈംഗികബന്ധം പുലര്‍ത്തിയിരുന്നുമില്ല. വിഷയം പഠിച്ച ഇബ്നുമസ്ഊദ്(റ) പറഞ്ഞു. അവളുടെ മഹ്ര്‍ സംഖ്യ അവള്‍ക്ക് ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. ഭര്‍ത്താവില്‍ നിന്ന് അനന്തരാവകാശത്തിനും അവള്‍ക്കര്‍ഹതയുണ്ട്. അവള്‍ ഇദ്ദ (ദീക്ഷ) ഇരിക്കുകയും വേണം. പിന്നീട് ബര്‍വഅ് ബിന്‍ത് വാശിഖ് (റ) എന്ന സ്ത്രീയുടെ കാര്യത്തില്‍ തിരുനബി ﷺ ഇതേ വിധി പറഞ്ഞതായി മഅ്ഖല്‍ ബിന്‍ സഹാനില്‍ അശ്ജഈ വിവരിക്കുകയുണ്ടായി.


സ്ത്രീയുടെ മഹ്ര്‍ ധനം ഭര്‍ത്താവിന്റെ ചുമലില്‍ നിന്ന് ഒഴിഞ്ഞുപോകാത്ത ബാധ്യതയായി നിലനില്‍ക്കുമെന്നും ജീവിതകാലത്ത് അത് കൊടുത്തുവീട്ടാത്തപക്ഷം അദ്ദേഹത്തിന്റെ സമ്പത്തില്‍നിന്ന് മഹ്ര്‍ വിഹിതം ഭാര്യക്ക് മാറ്റിവെച്ച ശേഷമേ അനന്തരസ്വത്ത് ഓഹരിവെക്കാന്‍ പാടുള്ളൂ എന്നും ഇതില്‍നിന്നും വ്യക്തമാണ്. 

മറ്റു സാമ്പത്തിക ബാധ്യതകളും കടങ്ങളും പോലെ തന്നെയാണ് മഹ്റും. വിവാഹത്തിന് ശേഷം ദമ്പതികളിലൊരാള്‍ മരിക്കുകയോ, ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയോ ചെയ്താലും ഭാര്യ മഹ്റിന് ഉടമാവകാശിയാണ്. 

മഹ്റായി നല്‍കേണ്ടത് ഉപകാരയോഗ്യമായ വില മതിക്കാവുന്ന ധനമാണ്. വില ലഭിക്കാത്ത നിസ്സാരവസ്തു മഹ്റിനു പറ്റില്ല. നായ, പന്നികള്‍ തുടങ്ങിയ ഇസ്ലാം നിഷിദ്ധമാക്കിയ വസ്തുക്കളും മറ്റു നജസ് സാധനങ്ങളും മഹ്റായി നല്‍കാന്‍ പറ്റില്ല.

മഹ്റിന് നിര്‍ബന്ധ പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. കൃത്യസംഖ്യ കണക്കാക്കിയിട്ടുമില്ല. നിങ്ങള്‍ സ്ത്രീകള്‍ക്ക് സ്വര്‍ണകൂമ്പാരം മഹ്റായി നല്‍കിയാലും അതില്‍നിന്നും തിരിച്ചുവാങ്ങരുത് എന്ന ഖുര്‍ആനിക പ്രഖ്യാപനത്തില്‍ നിന്ന് എത്ര വലിയ സംഖ്യയും മഹ്റായി നല്‍കാമെന്ന് ഗ്രാഹ്യമാകരുത്.

പക്ഷേ, മഹ്ര്‍ സംഖ്യ കുറക്കാനാണ് ഇസ്ലാമിന്റെ നിര്‍ദേശം. ഏറ്റവും കുറഞ്ഞ മഹ്റ് വാങ്ങിയ വിവാഹമാണ് കൂടുതല്‍ അനുഗ്രഹീതമായ വിവാഹം എന്നാണ് നബിവചനം. അമിതമായി മഹ്ര്‍ വാങ്ങുന്നത് കറാഹത്താണെന്ന് പണ്ഡിതന്മാർ പറയുന്നു. തിരുനബി ﷺ അത് നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

മഹ്ര്‍ സംഖ്യ നാനൂറ് ദിര്‍ഹമില്‍ കൂടാന്‍ പാടില്ലെന്ന് രണ്ടാം ഖലീഫ ഹസ്രത്ത് ഉമര്‍ (റ) ഓര്‍ഡിനന്‍സിറക്കി പ്രസംഗിക്കുകയുണ്ടായി.
ഭീമമായ സംഖ്യ മഹ്ര്‍ നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ പുരുഷന്‍മാര്‍ പ്രയാസപ്പെടുകയും വിവാഹച്ചിലവിന്റെ ഭാരമോര്‍ത്ത് വിവാഹം തന്നെ വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന സാഹചര്യങ്ങളൊഴിവാക്കാനായിരുന്നു ഹസ്രത്ത് ഉമര്‍(റ) ഇങ്ങനെ ഒരു നടപടിക്ക് തയാറായത്.

പക്ഷേ, ഈ നിയമനിര്‍ദേശം വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാണ് എന്ന് ഒരു സ്ത്രീ ആക്ഷേപമുന്നയിച്ചപ്പോള്‍ ഉമര്‍ (റ) തന്റെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ഉമര്‍ (റ) പറഞ്ഞു: ഒരു പെണ്ണ് സത്യം എത്തിച്ചു. പുരുഷനു പിഴച്ചു. അല്ലാഹുവേ ക്ഷമിച്ചാലും, എല്ലാവരും ഉമറിനേക്കാള്‍ അറിവുള്ളവരാണ്.

കുറഞ്ഞ മഹ്റിന്റെ വിഷയത്തില്‍ പണ്ഡിതര്‍ വ്യത്യസ്തവീക്ഷണങ്ങള്‍ പുലര്‍ത്തിയിട്ടുണ്ട്. വിലമതിക്കാവുന്ന എന്തും നല്‍കാമെന്ന് ശാഫിഈ മദ്ഹബിലെ പണ്ഡിതര്‍ വ്യക്തമാക്കുമ്പോള്‍, പത്തു ദിര്‍ഹമില്‍ താഴെ മഹ്ര്‍ കൊടുക്കാന്‍ പാടില്ല എന്നാണ് ഹനഫീ നിലപാട്. നാനൂറ്, അഞ്ഞൂറ് ദിര്‍ഹമാണ് നല്‍കാന്‍ ഉത്തമം. തിരുനബി ﷺ തന്റെ ഭാര്യമാര്‍ക്ക് ഇങ്ങനെയാണ് നല്‍കിയത്. ഈ തുകക്ക് തുല്യമായ സാധനങ്ങളോ കറന്‍സിയോ ആഭരണങ്ങളോ മഹ്റായി നല്‍കാവുന്നതാണ്.

നേരത്തെ പറഞ്ഞുറച്ചതില്‍നിന്ന് കുറച്ചുതരാന്‍ ഭര്‍ത്താവിനു ഭാര്യയോട് ആവശ്യപ്പെടാവുന്നതാണ്. ഭാര്യയുടെ ഇഷ്ടാനുസരണം മഹ്ര്‍ കുറക്കാവുന്നതുമാണ്. 

തനിക്കു കൂടുതല്‍ ലഭിക്കണമെന്നാവശ്യപ്പെടാന്‍ ഭാര്യക്കും അവകാശമുണ്ട്. ദമ്പതികള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ട് മഹ്ര്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്നതിനു വിരോധമില്ല. 

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കെട്ടിച്ചയക്കാന്‍ പിതാവിന് അധികാരമുണ്ടെങ്കിലും അവളുടെ പ്രഖ്യാപിത മഹ്ര്‍ വെട്ടിച്ചുരുക്കാന്‍ അയാള്‍ക്ക് അവകാശമില്ല. മഹ്ര്‍ സ്ത്രീയുടെ ഉടമസ്ഥതയിലേക്കു നീങ്ങിയ ധനമായതുകൊണ്ട് അതിന്‍മേലുള്ള മുഴുവന്‍ അവകാശങ്ങളും സ്ത്രീക്കു തന്നെയാണ്. 

കുട്ടിയുടെ സമ്പത്ത് പോലെ മഹ്റിലും രക്ഷിതാവിന് ഉടമാവകാശമോ ദോഷകരമായ കൈകാര്യാവകാശമോ ഇല്ല.


സംതൃപ്ത ദാമ്പത്യം 

അപരിചിതരും അന്യരുമായിരു സ്ത്രീയും പുരുഷനും വിവാഹത്തോടെ ഒരു മനസ്സും ഒരു മെയ്യുമായിത്തീരുകയാണ്...

സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും പാരസ്പര്യത്തിന്റെയും ഒരു പുതിയ പ്രപഞ്ചം ഇവിടെ ഉയിരെടുക്കുന്നു. ആനന്ദത്തിന്റെയും ആമോദത്തിന്റെയും പൊന്‍പുലരിയില്‍ ജീവിതം യാഥാര്‍ത്ഥ്യമാവുകയാണ്.

ലക്ഷ്യബോധത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും പുതിയ പാഠങ്ങളും അനുഭവങ്ങളുടെ അധ്യാപകനും ദമ്പതിമാരെ സ്ഥിരോത്സാഹികളും സൂക്ഷ്മനിരീക്ഷകരുമാക്കുകയാണ്. ജീവിതത്തിന്റെ സന്തോഷവും സന്താപവും ഇനിയാണ് അനുഭവിക്കാന്‍ പോകുന്നത്. 

അര്‍ത്ഥവത്തായ ജീവിതത്തിലൂടെ തന്റെ വ്യക്തിത്വം തെളിയിക്കുകയും സ്നേഹവും സഹകരണവും കേന്ദ്രീകരിച്ചുള്ള ഒരു പുതിയ ജീവിതരീതി ശീലിക്കുകയും ചെയ്യാന്‍ ദമ്പതികള്‍ തയാറാവണം.

തന്റെ സ്വന്തം താല്പര്യങ്ങളും സ്വന്തം ലോകവുമല്ല, സ്വന്തം സ്വപ്നങ്ങളും ശീലങ്ങളുമല്ല, ഇനി എല്ലാം രണ്ടാളുടേതാണ്. ഇരുവരുടെയും മോഹങ്ങള്‍, അഭിലാഷങ്ങള്‍, ഉത്തരവാദിത്വങ്ങള്‍, സ്വപ്നങ്ങള്‍, സുഖദുഃഖങ്ങളൾ... 

ഇതുവരെ താനൊരു കുടുംബത്തിലെ അപ്രധാനമായ ഒരു കൊച്ചുകണ്ണിയായിരുന്നു. ഇപ്പോള്‍ രണ്ടു കുടുംബങ്ങളെ വിളക്കിച്ചേര്‍ക്കുന്ന സുപ്രധാന ഘടകമാണ്. തന്റെ പ്രശ്നങ്ങള്‍ കൂടുകയാണ്. ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ്. ജീവിതത്തിന്റെ കയ്പും മധുരവും മാറിമാറി കാത്തിരിക്കുകയാണ്...

തന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനും ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളിലും പങ്കുചേരാനും സര്‍വ്വസന്നദ്ധമായി ഒരു ഇണയുടെ ബോധം സ്ത്രീക്കും പുരുഷനുമുണ്ടാകണം. അപരനെ സംശയിപ്പിക്കുന്നതും വെറുപ്പിക്കുന്നതുമായ ഒരു വാക്കും ഒരു ചലനവും എന്നിൽ നിന്നുണ്ടാകരുത് എന്ന വാശിയോടെയായിരിക്കണം ദാമ്പത്യജീവിതം ആരംഭിക്കേണ്ടത്.

സ്ത്രീക്ക് ഭര്‍ത്താവിനോടുള്ളതുപോലെ അവകാശങ്ങളും ബാധ്യതകളും പുരുഷന് ഭാര്യയോടുമുണ്ട് എന്നു തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ ദാമ്പത്യജീവിതത്തിന്റെ ഭദ്രതയ്ക്കും സംതൃപ്തിക്കും ഇരുഭാഗത്തുനിന്നും അനുകൂല നിലപാടുകളുണ്ടാകണമെന്നും അതു പാലിക്കാന്‍ ഇരുകക്ഷിയും ബാധ്യസ്ഥരാണുെം വ്യക്തമാക്കുന്നു.

ഭര്‍ത്താവിനെ യജമാനനായി കാണാനും അദ്ദേഹത്തിന്റെ മുന്നില്‍ അടിമയെപ്പോലെ കഴിയാനും ഭര്‍ത്താവിന്റെ മുഴുവന്‍ തിന്‍മകളും സഹിക്കാനും കടമപ്പെട്ടവളാണ് സ്ത്രീ എന്ന ധാരണ തെറ്റാണ്. സ്വന്തമായ അഭിപ്രായങ്ങളും അവകാശങ്ങളുമുള്ള ഒരു സ്വതന്ത്ര വ്യക്തിത്വമായി തന്നെയാണ് ഇസ്ലാം സ്ത്രീയെ കാണുന്നത്. 

വിവാഹത്തിനു മുമ്പുള്ള അതേ സ്ത്രീ തന്നെയാണ് വിവാഹാനന്തരവും. പക്ഷേ, ഭര്‍ത്താവിനെ അനുസരിക്കാനും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനും സ്ത്രീ ഉത്സാഹിക്കണം. ഇതേ അവസ്ഥയായിരിക്കണം തിരിച്ചുമുണ്ടാകേണ്ടത് എന്നു ഭര്‍ത്താവും മനസ്സിലാക്കണം...


സ്ത്രീകളോടു നല്ല നിലയില്‍ സഹവര്‍ത്തിക്കുക എന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ കല്പന. തിരുനബി ﷺ പറഞ്ഞു. അറിയുക. സ്ത്രീകളോട് നിങ്ങള്‍ നല്ല നിലയില്‍ അനുവര്‍ത്തിക്കുക. അവര്‍ നിങ്ങളുടെ പരിധിയില്‍ ഒതുങ്ങിക്കഴിയുന്നവരാണ്. നല്ല നിലക്കുള്ള സഹവര്‍ത്തിത്വമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കവരില്‍ നിന്ന് ഉടമസ്ഥതയില്ല. അവര്‍ പ്രത്യക്ഷമായി നീചകൃത്യങ്ങള്‍ ചെയ്താല്‍ നിങ്ങളവരുടെ കൂടെ കിടപ്പറ പങ്കിടാതിരിക്കുക. നോവിക്കാതെ ശിക്ഷകള്‍ നല്‍കുക. 

ഇനി അവര്‍ നിങ്ങളെ അനുസരിച്ചാല്‍ അതിനപ്പുറത്തേക്ക് അവരെ ശിക്ഷിക്കാനുള്ള വഴിതേടരുത് (വി.ഖു). നിങ്ങള്‍ക്ക് സ്ത്രീകളില്‍ നിന്ന് ചില കടപ്പാടുകള്‍ ലഭിക്കാനുണ്ട്. സ്ത്രീകള്‍ ചില കടപ്പാടുകള്‍ നിങ്ങള്‍ക്ക് നല്‍കാനുമുണ്ട് (വി.ഖു).

തിരുനബി ﷺ പറഞ്ഞു: കുടുംബത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നവരാരോ അവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമര്‍. നിങ്ങളില്‍ കുടുംബത്തിനു കൂടുതല്‍ ഗുണം ചെയ്യുന്നവന്‍ ഞാനാണ് (തിര്‍മുദി)

ഏറ്റവും നല്ല സല്‍സ്വഭാവിയാരോ അവനാണ് സമ്പൂര്‍ണ വിശ്വാസി. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഭാര്യമാര്‍ക്ക് ഏറ്റവും ഗുണം ചെയ്യുവനാകുന്നു.(അഹ്മദ്)

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍ വരുന്ന വിഷയങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം പുരുഷനാണ്. തന്റെ പത്നി ഒരിക്കലും പട്ടിണി കിടക്കരുതെന്ന ബോധവും വാശിയും പുരുഷനു വേണം. ഭാര്യയെ സംരക്ഷിക്കാന്‍ കഴിയുന്നവര്‍ക്കേ വിവാഹം സുന്നത്തുള്ളൂവെന്ന് ഇസ്ലാം പഠിപ്പിച്ചത്, വിവാഹശേഷം ഈ വിഷയത്തില്‍ അലംഭാവം വരാതിരിക്കാനാണ്.

പരസ്പര സ്നേഹവും നല്ല സഹവര്‍ത്തിത്തവുമാണ് ദമ്പതികളെ നയിക്കുന്നതെങ്കില്‍ ഇത്തരം കാര്യങ്ങളിലുള്ള പോരായ്മകള്‍ ക്ഷമിക്കാനും സഹിക്കാനും പത്നിമാര്‍ തയാറാകും. ഒരു സ്ത്രീ ഭര്‍ത്താവില്‍ നിന്നാഗ്രഹിക്കുന്നത് വിഭവസമൃദ്ധമായ സദ്യയോ, അത്യാധുനിക സൗകര്യമുള്ള പാര്‍പ്പിടമോ അലങ്കാരവസ്ത്രങ്ങളോ അല്ല. ഇവയൊക്കെ ഒരുപക്ഷേ, ഭര്‍ത്താവില്‍നിന്നു ലഭിക്കുന്നതിലേറെ മെച്ചപ്പെട്ട വിധത്തില്‍ സ്വന്തം വീട്ടില്‍നിന്നു ലഭിച്ചേക്കാം...

സ്ത്രീ ആഗ്രഹിക്കുന്നത് സ്നേഹമാണ്. തന്നെ ജീവനുതുല്യം സ്നേഹിക്കുകയും തന്റെ വേദനകള്‍ പങ്കുവെക്കുകയും തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പുരുഷനായിരിക്കണം തന്റെ ഭര്‍ത്താവെന്നാണ് സ്ത്രീയുടെ പ്രാര്‍ത്ഥന.

പട്ടിണിയും ദാരിദ്രവുമെല്ലാം ഈ സ്നേഹത്തിന്റെ പറുദീസയില്‍ അവര്‍ മറക്കുന്നു. ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ അവരനുഭവിക്കുന്ന മാനസിക സുഖവും സ്വസ്ഥതയും അവരെ എല്ലാ ദുഃഖങ്ങളില്‍നിന്നും അകറ്റിക്കളയുന്നു...


രതിബന്ധങ്ങൾ

ദാമ്പത്യജീവിതത്തില്‍ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് ലൈംഗിക ബന്ധം. സഹജവികാരമാണ് ലൈംഗികാസക്തി. ഇതിന്റെ നിര്‍വഹണത്തിന് വിവാഹമല്ലാതെ മറ്റു വഴികളില്ല. അതുകൊണ്ടു  തന്നെ വധൂവരന്‍മാര്‍ക്കിടയില്‍ ലൈംഗികബന്ധങ്ങളുടെ ഏറ്റവും ഉത്തമവും സംതൃപ്തവുമായ അനുഭവങ്ങളുണ്ടായിരിക്കണം. 
   
നിര്‍ബന്ധമോ പീഡാനുഭവങ്ങളോ ഇല്ലാതെ പരസ്പരം ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടുക.. 

എല്ലാ മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും മുക്തമാകുന്ന ആനന്ദനിമിഷങ്ങളാണ് രതിബന്ധങ്ങളിലൂടെ മനുഷ്യന്‍ നേടുന്നത്. 

വിവാഹം കഴിഞ്ഞാല്‍ പിന്നെ ഭാര്യയുമായി രതിബന്ധത്തിലേര്‍പ്പെടേണ്ടത് പുരുഷനു നിര്‍ബന്ധമാണ്. ഒരിക്കലെങ്കിലും രതിയിലേര്‍പ്പെടാതെ ഭാര്യയെ വിഷമിപ്പിക്കുന്ന പുരുഷന്‍ കുറ്റക്കാരനാണ് എന്നാണ് ഇമാം ശാഫിഈ(റ)വിന്റെ അഭിപ്രായം.

നാലുമാസത്തിലൊരിക്കലെങ്കിലും ലൈംഗികവേഴ്ച നടത്തണമെന്നാണ് ഹമ്പലീ വീക്ഷണം. ഇതു നിര്‍ബന്ധമാണെന്നവര്‍ പറയുന്നു. നാലുമാസത്തിലൊരിക്കലെങ്കിലും കാരണംകൂടാതെ രതിബന്ധത്തിന് തയാറാകാതെ ഭാര്യയെ പീഡിപ്പിക്കുന്ന പുരുഷനെതിരെ ഇസ്ലാമിക ഭരണാധികാരികളായ ഖാള്വിയോട് പരാതി പറയാന്‍ സ്ത്രീക്കവകാശമുണ്ട്. 

ന്യായമായ കാരണങ്ങളില്ലാതെ പുരുഷന്‍ അതിനു തയാറാകുന്നില്ലെങ്കില്‍ ദാമ്പത്യബന്ധം വേര്‍പെടുത്താന്‍ ഖാള്വിക്ക് അവകാശമുണ്ടെന്നാണ് ഹമ്പലീവീക്ഷണം.

ചിലവു ലഭിക്കാത്തതിന്റെ പേരില്‍ സ്ത്രീക്ക് പുരുഷനെ ഒഴിവാക്കാമെന്നാണ് നിയമം. എങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിക്കുന്ന ഭര്‍ത്താവില്‍നിന്ന് ഫസ്ഖ് നേടാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടാകേണ്ടത് തന്നെയാണെന്ന് ഹമ്പലികള്‍ വിശദീകരിക്കുന്നു.

ന്യായമായ കാര്യങ്ങള്‍ക്കുവേണ്ടി ദൂരയാത്ര പോയ ഭര്‍ത്താവിന് നാലുമാസത്തിലൊരിക്കല്‍ നാട്ടില്‍ വരാന്‍ കഴിയുമെങ്കില്‍ ഭർത്താവ് ഭാര്യയുമായി സന്ധിക്കണമെന്നാണ് നിര്‍ദേശം. വരാന്‍ സാമ്പത്തികമായോ തൊഴില്‍പരമായോ മറ്റോ കഴിയാതെ വരികയാണെങ്കില്‍ ഭര്‍ത്താവില്‍നിന്ന് മൊഴിചോദിക്കാനോ ഭര്‍ത്താവിനെതിരെ പരാതി പറയാനോ പാടില്ല. 

നാട്ടില്‍ വന്ന് പോകുന്നതിന് യാതൊരു തടസ്സവുമില്ലാതിരിക്കെ ആറുമാസം കഴിഞ്ഞിട്ടും വരുന്നില്ലെങ്കില്‍ ഭര്‍ത്താവിനെ തിരിച്ചുവിളിക്കാന്‍ ഭാര്യക്ക് അധികാരമുണ്ട്. അങ്ങനെ ഭാര്യ വിളിച്ചാല്‍ നാട്ടില്‍ വരാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ് എന്നാണ് ഹമ്പലീ മദ്ഹബിന്റെ നിലപാട്.


ഹള്റത്ത് ഉമര്‍ (റ) വേഷപ്രച്ഛനായി ഗ്രാമങ്ങളിലൂടെ നടന്ന് പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു. ഒരുദിവസം രാത്രി ഒരു മലഞ്ചെരുവിലൂടെ നടക്കുമ്പോള്‍ അകലെനിന്ന് ഒരു കൊച്ചുവിളക്കിന്റെ പ്രകാശനാളം കണ്ടു.

ആ വീട്ടുകാരുടെ സ്ഥിതിയറിയാന്‍ ഖലീഫയും ശിഷ്യരും മലകയറി ചെപ്പോള്‍ അവരുടെ കര്‍ണപുടങ്ങള്‍ക്ക് ഇമ്പമാര്‍ന്ന കവിതാശകലങ്ങളുടെ ശബ്ദവീചികള്‍...

ഈ നിശായാമങ്ങള്‍ക്ക് എത്രദൂരം ഇതിന്റെ പാര്‍ശ്വങ്ങള്‍ കൂരിരുള്‍ മുറ്റിയല്ലോ…
ഒരു കളിത്തോഴന്റെ അഭാവം എന്നെ നിദ്രാവിഹീനയാക്കിയല്ലോ
അല്ലാഹ്…! നീ തന്നെ കട്ടായം

നാണവും നിന്‍ ഭയവുമില്ലായിരുന്നെങ്കില്‍ ഈ ശയ്യാശകടത്തിന്റെ പാര്‍ശ്വങ്ങള്‍ ചലിച്ച് വിറകൊള്ളുമായിരുന്നു...

 ഹോ….

ഒരു പാവം യുവതിയുടെ തപ്തഹൃദയത്തില്‍ നിന്നുയര്‍ന്ന കവിതാശകലങ്ങള്‍ ഹസ്റത്ത് ഉമർ(റ)വിനെ ചിന്താധീനനാക്കി. അദ്ദേഹം കാര്യങ്ങളാരാഞ്ഞു.

എന്റെ ഭര്‍ത്താവ് ഉമർ(റ)വിന്റെ പട്ടാളക്കാരനാണ്. അദ്ദേഹം നാടുവിട്ടിട്ട് കാലമേറെയായി. അല്ലാഹുﷻവിന്റെ മാര്‍ഗത്തില്‍ വിശുദ്ധ യുദ്ധത്തിന്... സ്ത്രീയുടെ മറുപടി.

സാരമില്ല, പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞ് ഉമര്‍ (റ) സ്ഥലംവിട്ടു. ആ യുവതിക്ക് കൂട്ടിനായി ഒരു സ്ത്രീയെ പറഞ്ഞയച്ച ശേഷം ഉമര്‍ (റ) പട്ടാളകേമ്പിലേക്ക് സന്ദേശമയച്ചു. അവരുടെ ഭര്‍ത്താവിനെ തിരിച്ചു വിളിച്ച് നാട്ടിലേക്കു വരാന്‍ അഭ്യര്‍ത്ഥിച്ചു.

അനന്തരം പുത്രി ഹഫ്സ്വ(റ)യോട് ഉമര്‍ (റ) ചോദിച്ചു: പറയൂ മോളേ! സ്ത്രീക്ക് ഭര്‍ത്താവിന്റെ അഭാവത്തില്‍ എത്രകാലം ക്ഷമിച്ചു നില്‍ക്കാന്‍ സാധിക്കും..?

ഹഫ്സ്വ (റ): സുബ്ഹാനല്ലാഹ്... താങ്കളെ പോലുള്ളവര്‍ എന്നെ പോലുള്ളവരോട് (പിതാവ് പുത്രിയോട്) ഇത്തരമുള്ള ചോദ്യമുന്നയിക്കുകയോ..?

അതെ മോളേ, മുസ്ലിംകളുടെ ക്ഷേമത്തില്‍ തല്പരനായതുകൊണ്ടാണ്. ഇല്ലെങ്കില്‍ ഇതൊന്നും ചോദിക്കുമായിരുന്നില്ല.

ഹഫ്സ്വ (റ) പറഞ്ഞു: അഞ്ചാറു മാസങ്ങളൊക്കെ ക്ഷമിക്കാം...

പിന്നീട് ഉമര്‍ (റ) പട്ടാളക്കാര്‍ക്ക് സേവന സമയം നിശ്ചയിച്ചു. ആറു മാസത്തിലേറെ വീട് വിട്ടു നില്‍ക്കാന്‍ പാടില്ല. പട്ടാളകേമ്പിലുള്ള സര്‍വീസ് ആറു മാസം മാത്രം. നാലു മാസം പട്ടാളക്കാര്‍ക്ക് അവധി. അവര്‍ കുടുംബത്തോടൊപ്പം കഴിയണം. ഒരു മാസം നാട്ടിലെത്താനും ഒരു മാസം തിരിച്ചുപോകാനുള്ള യാത്രക്കു വേണ്ടിയും...

ചരിത്രത്തിലാദ്യമായി കുടുംബിനികളുടെ മനസ്സറിഞ്ഞ് ഒരു ഭരണാധികാരി തന്റെ സൈനികര്‍ക്കു നടപ്പാക്കിയ നിയമത്തിന്റെ വര്‍ത്തമാനകാല പ്രസക്തി ഓര്‍ത്തുനോക്കൂ...



നിയന്ത്രിത രീതി

ദാമ്പത്യജീവിതവും രതിബന്ധങ്ങളും കേവലമൊരു വൈകാരിക പ്രശ്നമായല്ല ഒരു വിശുദ്ധ ദൗത്യമായാണ് ഇസ്ലാം കാണുന്നത്. മനുഷ്യനിലും ജന്തുജാലങ്ങളിലുമൊക്കെയുള്ള ഒരു സഹജവാസനയാണ് ലൈംഗികത. അത് നിര്‍വഹിക്കാനും വികാരാസക്തി പൂര്‍ത്തീകരിക്കാനുമായി പ്രകൃതിയില്‍ തന്നെ ലൈംഗികാഭിനിവേശം സൃഷ്ടിക്കുകയും രതിക്രീഡക്കുള്ള വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
 
മനുഷ്യവിഭാഗങ്ങള്‍ പക്ഷേ, ഒരു പ്രകൃതിദത്ത വികാരശമനോപാധിയായി ലൈംഗികബന്ധത്തെ കാണാറില്ല. എല്ലാ സമൂഹങ്ങളിലും ചില നിയമങ്ങളും സമ്പ്രദായങ്ങളും ഈ രംഗത്ത് സ്വീകരിച്ചുവരാറുണ്ട്. 

മതസമൂഹങ്ങള്‍ക്ക് അവയുടേതായ നിലപാടുണ്ട്. എല്ലാ മതില്‍ക്കെട്ടുകളും തകര്‍ക്കണമെന്ന് മുറവിളി കൂട്ടുന്ന യുക്തിവാദി സമൂഹങ്ങളിലും രതിക്ക് വിവാഹം തന്നെയാണ് സുതാര്യമായ വഴി.

ഇസ്ലാം ലൈംഗികതയെ ഒരു വിശുദ്ധ ദൗത്യമായാണ് പരിചയപ്പെടുത്തിയത്. നിങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. ഇണയുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ക്ക് ശാന്തി ലഭിക്കാന്‍ വേണ്ടി നിങ്ങള്‍ക്കിടയില്‍ അവന്‍ കരുണയും സ്നേഹവും സ്ഥാപിക്കുകയും ചെയ്തു. (വി:ഖു)

വിധവകളെയും ദാസന്‍മാരില്‍നിന്നും ദാസികളില്‍ നിന്നുമുള്ള സുകൃതരെയും നിങ്ങള്‍ വിവാഹം ചെയ്യുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു അവന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യം നല്‍കും. അല്ലാഹു വിശാലമായി അനുഗ്രഹം നല്‍കുന്നവനും സമഗ്രജ്ഞനുമാണ്.(വി:ഖു) 

തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ വിവാഹത്തിലൂടെ മനഃശാന്തിയും സ്നേഹകാരുണ്യങ്ങള്‍ പങ്കിടുന്ന വ്യക്തിബന്ധങ്ങളും സന്താനോല്പാദനവും സ്ത്രീസംരക്ഷണവും വിധവാ സംരക്ഷണവുമെല്ലാമാണ് ലക്ഷ്യമാക്കുന്നെതെന്ന് പഠിപ്പിക്കുന്നു...


വിവാഹത്തിനു മുമ്പ് ദാരിദ്രരും ദുര്‍ബലരുമാണെങ്കിലും സദുദ്ദേശ്യപൂര്‍വമുള്ള വിവാഹത്തോടെ ദമ്പതികള്‍ക്ക് അല്ലാഹുﷻവിന്റെ ഔദാര്യം ലഭിക്കാന്‍ വിവാഹം കാരണമാവുകയും ഐശ്വര്യത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

തിരുനബി ﷺ പറഞ്ഞു: നാലു കാര്യങ്ങള്‍ പരിഗണിച്ച് സ്ത്രീയെ വേളികഴിക്കാറുണ്ട്. അവളുടെ സമ്പത്ത്, തറവാട്, സൗന്ദര്യം, മതബോധം, മതബോധമുള്ളവരെ സ്വീകരിച്ച് വിജയിക്കുക.(ഹ.ശ)

നിങ്ങള്‍ സ്ത്രീകളുടെ സൗന്ദര്യം മാത്രം പരിഗണിച്ച് വിവാഹം ചെയ്യരുത്. അതവരെ വഴിതെറ്റിച്ചേക്കും. സമ്പത്ത് പരിഗണിച്ച് വേളി കഴിക്കരുത്. അതവരെ അതിക്രമം ചെയ്യാന്‍ പ്രേരിപ്പിച്ചേക്കും. മതബോധം പരിഗണിച്ച് നിക്കാഹ് ചെയ്യുക. മതബോധമുണ്ടെങ്കില്‍ ഒരു കറുത്ത അടിമസ്ത്രീയും ഉത്തമമാണ്.(ഹ.ശ)

തിരുശിഷ്യന്‍മാര്‍ ഒരിക്കല്‍ നബിﷺയോട് ചോദിച്ചു: ദൂതരേ, ഏതു സ്ത്രീയാണ് നല്ലത്. നബി ﷺ പറഞ്ഞു: "നോക്കിയാല്‍ നിനക്ക് സന്തോഷമേകും, കല്പിച്ചാല്‍ അനുസരിക്കും, ഭര്‍ത്താവിന് ഇഷ്ടമില്ലാത്തത് അവളുടെ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും പ്രവര്‍ത്തിക്കുകയില്ല. അങ്ങനെയുള്ള സ്ത്രീയെയാണ് വിവാഹം ചെയ്യേണ്ടത്."

മറ്റൊരിക്കല്‍ നബി ﷺ പറഞ്ഞു: 'നിങ്ങള്‍ തഴച്ചുവളരുന്ന കളച്ചെടിയെ ഉപേക്ഷിക്കുക.' ശിഷ്യര്‍ ചോദിച്ചു: എന്താണ് തഴച്ചുവളരുന്ന കളച്ചെടി..? തിരുനബി ﷺ പറഞ്ഞു: 'ദുഷ്ടസാഹചര്യത്തില്‍ വളർന്ന സുന്ദരി.'

ജീവിതത്തില്‍ വന്നുഭവിക്കുന്ന തെറ്റുകുറ്റങ്ങള്‍ തടയുന്ന ഒരു കവചമാണ് പത്നി. വിവാഹം ചെയ്തു കഴിഞ്ഞാല്‍ മതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം അവന്‍ സംരക്ഷിച്ചു. ബാക്കിയുള്ള മൂന്നില്‍ ഒന്നു ശ്രദ്ധിക്കുക എന്ന നബി (ﷺ) വചനം അതാണ് പഠിപ്പിക്കുന്നത്.

ഈ മഹത്തായ ലക്ഷ്യം സഫലമാകാനാണ് ബാഹ്യസൗന്ദര്യത്തിനും സമ്പത്തിനും തറവാടിനുമൊക്കെ കല്പിക്കുന്നതിനേക്കാള്‍ സ്ഥാനം മതബോധത്തിന് കല്പിക്കണമെന്ന് തിരുനബി ﷺ പഠിപ്പിച്ചത്.

മതബോധം, കന്യകാത്വം, തറവാടിത്വം, സൗന്ദര്യം, അനുസരണം, സല്‍സ്വഭാവം, ഇണയെ സന്തോഷിപ്പിക്കാനുള്ള പക്വത തുടങ്ങിയ വിഷയങ്ങളാണ് ഇണയെ തിരഞ്ഞെടുക്കുമ്പോള്‍ ഇരുഭാഗത്തും പരിഗണിക്കപ്പെടേണ്ടത്...

ഇസ്ലാം നിര്‍ദേശിക്കുന്നു, കൂടുതല്‍ പ്രസവശേഷിയും സ്നേഹവുമുള്ളവളെ വേളി കഴിക്കുക, നിങ്ങളുടെ ബീജത്തിന് ഏറ്റവും നല്ല നിക്ഷേപസ്ഥലം തിരഞ്ഞെടുക്കുക, കന്യകയെ വിവാഹം ചെയ്യുക, നിങ്ങള്‍ക്ക് പരസ്പരം വിനോദിക്കാമല്ലോ എന്നൊക്കെ തിരുനബി ﷺ പഠിപ്പിച്ചത് ദാമ്പത്യജീവിതത്തിന്റെ വിജയനിദാനമെന്ന നിലക്കാണ്.

നിങ്ങള്‍ ഭാര്യയുടെ കൂടെ ശയിക്കുന്നത് പുണ്യമാണെന്ന് തിരുനബി ﷺ പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു. തിരുദൂതരേ (ﷺ), ഒരാള്‍ തന്റെ വികാരപൂര്‍ത്തിക്ക് വേണ്ടി  ഇണയെ സമീപിക്കുന്നത് പുണ്യമോ..? നബി ﷺ പറഞ്ഞു: അതെ, വികാരപൂര്‍ത്തിക്ക് ഇണയല്ലാത്ത മറ്റൊരിടത്ത് ചെല്ലുന്നത്‌ പാപമല്ലേ.. എങ്കില്‍ ഇണയെ മാത്രം സമീപിക്കുന്നതു പുണ്യം തന്നെ...

വികാരശമനത്തിന് വേണ്ടി സ്വന്തം ഇണയെ സമീപിക്കുന്നത്‌ പുണ്യമാണെന്നതുകൊണ്ടു തന്നെ തിരുനബി ﷺ പഠിപ്പിച്ചു: കഴുതകള്‍ ഇണചേരുന്നതുപോലെ നിങ്ങള്‍ ഇണചേരരുത്. ചില നിബന്ധനകളൊക്കെ പാലിക്കണം...


ആദ്യരാത്രി

പ്രഥമരാത്രിയില്‍ ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയാണ്. നന്മയുടെയും സ്നേഹത്തിന്റെയും തണലില്‍ ഈ ദാമ്പത്യബന്ധം നിലനില്‍ക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ വേണം ദമ്പതികള്‍ ബന്ധമാരംഭിക്കാന്‍...

പത്നിയുടെ മൂര്‍ദ്ദാവില്‍ കൈവച്ച് ദുആ ചെയ്യല്‍ സുന്നത്താണ്. പ്രഥമരാത്രിയിലെ പരിചയപ്പെടല്‍ തന്നെ ഈ പ്രാര്‍ത്ഥനയോടെയായിരിക്കണം.

നാഥാ, ഞങ്ങളിരുവരുടെയും സഹവാസത്തില്‍ നീ അനുഗ്രഹം നല്‍കേണമേ എന്ന് തുടങ്ങി സര്‍വ്വ ഗുണത്തിനും നല്ല ജീവിതത്തിനും സുകൃതരായ സന്താന ലബ്ധിക്കും ആയുരാരോഗ്യത്തിനുമെല്ലാം പ്രാര്‍ത്ഥിക്കുക. 

അനന്തരം പരസ്പരം അറിയാനും അടുക്കാനും ശ്രമിക്കുക. ഇരുവരും കുടുംബവിശേഷങ്ങളും മറ്റും ചര്‍ച്ച ചെയ്തു പരസ്പരം സഹകരിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിതനൌക തുഴയാന്‍ പ്രതിജ്ഞ ചെയ്യുക.

കേവലരതിയല്ല ലൈംഗികാനന്ദം നല്‍കുന്നത്. ലൈംഗികവേഴ്ചക്ക് തിടുക്കം കൂട്ടാതെ പരസ്പരം തമാശയും വിനോദവും നടത്തി ഇരുവര്‍ക്കും വൈകാരിക മൂര്‍ച്ചയുണ്ടാകുംവരെ ക്ഷമിക്കുകയും രതിബന്ധങ്ങളില്‍ രണ്ടാള്‍ക്കും വികാര നിര്‍വൃതി കൈവരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. 

സ്ത്രീക്ക് രതിമൂര്‍ച്ച അല്പം വൈകിയാണ് സംഭവിക്കുക. പുരുഷന് രതിമൂര്‍ച്ച വന്ന ഉടൻ വിരമിക്കുകയല്ല, തന്റെ ഇണക്ക് കൂടി താന്‍ അനുഭവിക്കുന്ന രതിസുഖം ലഭിക്കാന്‍ വേണ്ടി  കാത്തിരിക്കുകയും വേണമെന്നാണ് പ്രവാചകാധ്യാപനം.

രാത്രിസമയങ്ങളാണ് ലൈംഗികബന്ധത്തിന് ഉത്തമം. പത്നിയുമായി ബന്ധപ്പെടുന്നതിനു മുമ്പ് അവള്‍ക്കു നല്‍കേണ്ട മഹ്ര്‍ പൂര്‍ണമായി നല്‍കാത്തപക്ഷം വേഴ്ചയില്‍ നിന്ന് മാറിനില്‍ക്കാനും വിസമ്മതിക്കാനും സ്ത്രീക്ക് അവകാശമുണ്ട്. മഹ്ര്‍ പൂര്‍ണമായി നല്‍കിയിട്ടില്ലെങ്കില്‍ ഭാര്യയെ അക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും പിന്നീട് നല്‍കാമെന്ന് പറഞ്ഞ് സമ്മതിപ്പിക്കുകയും വേണം.

വേഴ്ചക്കു മുമ്പ് ഇരുവരും വുളൂഅ്‌ ചെയ്ത് രണ്ടു റക്അത്ത് സുന്നത് നിസ്കരിക്കൽ സുന്നത്താണ്. സ്വഹാബികള്‍ ഇങ്ങനെയായിരുന്നു മധുവിധു ആരംഭിച്ചത്. 

ഭാര്യക്ക് സ്നേഹവും സംതൃപ്തിയുമുണ്ടാകാന്‍ ഭര്‍ത്താവ് പ്രത്യേകം പ്രാര്‍ത്ഥിക്കണം. ബിസ്മി ചൊല്ലിയ ശേഷം ഈ ബന്ധത്തില്‍ ഉണ്ടായേക്കാവുന്ന സന്താനം നല്ല കുട്ടിയാകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് രതിലീലകള്‍ ആരംഭിക്കേണ്ടത്. 

മൃഗങ്ങള്‍ ഇണചേരുംപോലെ നിങ്ങള്‍ ഇണചേരരുത്. രണ്ടാള്‍ക്കുമിടയില്‍ ഒരു ദൂതനെ അയക്കണം എന്ന് തിരുനബി ﷺ പറഞ്ഞു: സ്വഹാബികള്‍ ചോദിച്ചു. ആരാണ് ദൂതന്‍..? നബി ﷺ പറഞ്ഞു: ചുംബനവും സംസാരവും. വേഴ്ചക്കു മുമ്പ് അല്പസമയ ലീലകളില്‍ ഏര്‍പ്പെടണമെന്ന് സാരം.

വേഴ്ചാസമയത്ത് നാഥാ, ഞങ്ങളില്‍നിന്നു പിശാചിനെ നീ ദൂരീകരിക്കേണമേ. ഞങ്ങള്‍ക്കു നീ നല്‍കുന്ന സന്താനത്തില്‍ നിന്നും പിശാചിനെ ദൂരീകരിക്കേണമേ എന്ന പ്രാര്‍ത്ഥനയോടെയാണ് വേഴ്ച നടത്തേണ്ടത്. ഈ പ്രാര്‍ത്ഥന ചൊല്ലി നടത്തുന്ന സംസര്‍ഗത്തില്‍ ഉണ്ടാകുന്ന സന്താനം സ്വാലിഹായിത്തീരും. അവനെ പിശാച് സ്പര്‍ശിക്കുകയില്ലെന്ന് തിരുനബി ﷺ പഠിപ്പിച്ചിരിക്കുന്നു.

ശുക്ളസ്ഖലനത്തിന്റെ സന്ദര്‍ഭത്തില്‍ ശുക്ളത്തില്‍നിന്ന് മനുഷ്യനെ പടച്ച നാഥാ, നിനക്ക് സ്തുതി എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കല്‍ സുന്നത്താണ്. ഖിബ്ലക്ക് തിരിഞ്ഞുകൊണ്ടാവരുത് വേഴ്ച നടത്തുന്നത്. ശരീരം തുറന്നിടാതെ ഒരു വസ്ത്രം കൊണ്ടു പുതച്ചിരിക്കണമെന്നാണ് നിര്‍ദേശം.




ചന്ദ്രമാസത്തിലെ പ്രഥമരാത്രി, അവസാനത്തെയും മധ്യത്തിലെയും രാത്രികള്‍ എന്നിവയില്‍ ബന്ധപ്പെടാതിരിക്കലാണ് ഉത്തമമെന്ന് പണ്ഡിതര്‍ വിവരിക്കുന്നു. ഹള്റത്ത് അലി (റ), മുആവിയ(റ) തുടങ്ങിയ സ്വഹാബികളില്‍ നിന്ന് ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

 ആര്‍ത്തവവേളയിലും പ്രസവരക്തം പുറപ്പെടുന്ന സന്ദര്‍ഭങ്ങളിലും ലൈംഗികവേഴ്ച ഹറാമാണ്. കുറ്റകരമാണ്. ഈ സന്ദര്‍ഭത്തില്‍ സ്ത്രീസാന്നിധ്യത്തിനോ സഹശയനത്തിനോ സംസര്‍ഗമല്ലാത്ത മറ്റു ബന്ധങ്ങള്‍ക്കോ വിരോധമില്ല.

ആര്‍ത്തവകാരിയെ പുറത്തുള്ള തീണ്ടാരിപ്പുരയില്‍ താമസിപ്പിക്കുകയായിരുന്നു ജാഹിലിയ്യാ സമ്പ്രദായം. ഇന്ത്യയിലും ഈ നീചവൃത്തിയുണ്ട് (ഉണ്ടായിരുന്നു). ഇസ്ലാം ഇതു നിരോധിച്ചു. 

ലൈംഗികബന്ധമല്ലാത്ത എല്ലാം പതിവുപോലെ നടക്കണമെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.പക്ഷേ, മുട്ടുപൊക്കിളിനിടക്കുള്ള സ്ഥലം നിഷിദ്ധമാണ്. 


വിപത്തുകളിറങ്ങിയ ദിനങ്ങള്‍, ഗ്രഹണദിനങ്ങള്‍, യാത്ര കഴിഞ്ഞ് എത്തിയ പകലിനു ശേഷം വരുന്ന രാത്രി, യാത്ര തിരിക്കാനുദ്ദേശിക്കുന്ന പ്രഭാതത്തിന്റെ മുമ്പുള്ള രാത്രി, നിശയുടെ ആദ്യയാമങ്ങള്‍, സൂര്യോദയത്തിനും പ്രഭാതത്തിനുമിടക്കുള്ള സമയം, അസ്തമയത്തിനും മേഘത്തിലെ ചുവപ്പുമായുന്നതിനും ഇടക്കുള്ള സമയം, മധ്യാഹ്നം, ബാങ്കിനും ഇഖാമത്തിനും ഇടയ്ക്കുള്ള സമയം, നട്ടുച്ച, കടുത്ത ചൂടുള്ള സമയം, തീക്കാറ്റടിക്കുന്ന സമയം ഇതൊന്നും ലൈംഗിക വേഴ്ചക്ക് ഉത്തമമായ സമയമല്ലെന്നും ഈ സമയങ്ങളില്‍ വേഴ്ച കറാഹത്താണെന്നും ഭൂരിഭാഗം ഇസ്ലാമിക പണ്ഡിതന്‍മാരും പ്രസ്താവിച്ചിട്ടുണ്ട്. ശാരീരികാരോഗ്യം പരിഗണിച്ചുള്ള നിര്‍ദേശങ്ങളാണിവയത്രയും.

സംസര്‍ഗം കഴിഞ്ഞ് അല്പനേരത്തിനു ശേഷം കുളിക്കണം. നേരംപുലരും വരെ കുളി നീട്ടിവെക്കാതിരിക്കുകയാണുത്തമം. 

കുളി നിര്‍ബന്ധമാകുന്ന കാരണങ്ങളിലൊന്നാണ് സംസര്‍ഗം. കുളിക്കാതെ നിസ്കാരം, ഖുര്‍ആന്‍ സ്പര്‍ശം, പള്ളിയില്‍ താമസിക്കല്‍, ത്വവാഫ്, സുജൂദ് തുടങ്ങിയവ ഹറാമാണ്. വലിയ അശുദ്ധി ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ കുളിക്കുന്നു എന്നു കരുതലോടെയാണ് കുളി ആരംഭിക്കേണ്ടത്. കുളി കേവലം സ്നാനമല്ല. ആത്മീയവിശുദ്ധിക്കുള്ള നിദാനം കൂടിയാണ്. അതുകൊണ്ടുതന്നെ നിയ്യത്തില്ലാതെ കുളി സാധുവാകുകയില്ലെന്ന കാര്യം ശ്രദ്ധേയമാണ്. 

സംസര്‍ഗത്തിനു ശേഷം വീണ്ടും ഒരിക്കല്‍കൂടി വേഴ്ച നടത്തണമെന്ന് തോന്നുകയാണെങ്കില്‍ ലൈംഗികാവയവങ്ങള്‍ കഴുകിവേണം ബന്ധപ്പെടാന്‍. വുളൂഅ്‌ എടുക്കൽ സുന്നത്തുണ്ട്.

നോമ്പുകാലത്ത് രാത്രിസമയങ്ങളില്‍ സംസര്‍ഗത്തിലേര്‍പ്പെടുന്നതിന് വിരോധമില്ല. പകല്‍സമയത്ത് കടുത്ത കുറ്റമാണിത്. നോമ്പുകാര്‍ സംസര്‍ഗം ചെയ്താല്‍ നോമ്പ് ബാത്വിലാകും. സത്യവിശ്വാസിയായ ഒരു അടിമയെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കലാണ് പ്രായശ്ചിത്തം. ഇത് അസൗകര്യമായാല്‍ (അടിമയെ ലഭിക്കാത്ത നമ്മുടെ രാജ്യം പോലെ) അറുപതു ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. രോഗം, വാര്‍ധക്യം തുടങ്ങിയ കാരണങ്ങള്‍കൊണ്ട് ഇത് അസാധ്യമായാല്‍ അറുപത് അഗതികള്‍ക്കോ ദരിദ്രര്‍ക്കോ നാട്ടിലെ പ്രധാന ഭക്ഷ്യധാന്യങ്ങളില്‍ നിന്ന് ഒരു മുദ്ദ് വീതം നല്‍കലാണ് നിര്‍ബന്ധമായത്.(ഫത്ഹുല്‍ മുഈന്‍ പേജ് 195 – 197 നോക്കുക)

നോമ്പുകാലത്ത് സംസര്‍ഗം പാടില്ലെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്. ഈ ധാരണ ശരിയല്ല. തിരുസ്വഹാബികള്‍ ആദ്യകാലത്ത് ഈ ധാരണ വെച്ചുപുലര്‍ത്തിയിരുന്നു. അവരുടെ ധാരണ തിരുത്തിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായി. പ്രഭാതോദയം വരെയുള്ള രാത്രിസമയങ്ങളില്‍ സ്ത്രീപുരുഷ ബന്ധമാകാം. പ്രഭാതോദയ സമയമായാല്‍ ഉടനെ വിരമിക്കണം. നോമ്പിന് നിയ്യത്ത് ചെയ്യാനും നോമ്പ് ആരംഭിക്കാനും കുളി നിര്‍ബന്ധമില്ല. റമളാന്‍ രാത്രിയില്‍ സംസര്‍ഗത്തിലേര്‍പ്പെട്ടവര്‍ പ്രഭാതത്തിനു മുമ്പ് കുളിക്കാന്‍ സൗകര്യപ്പെട്ടില്ലെങ്കില്‍ കുളിക്കാതെ തന്നെ നോമ്പിന് നിയ്യത്ത് ചെയ്യുകയും പ്രഭാതത്തില്‍ കുളിക്കുകയും ചെയ്താല്‍ മതി. നിസ്കാരത്തിനാണ് കുളി നിര്‍ബന്ധം.

പ്രഭാതത്തില്‍ കുളിക്കാതെ സ്വുബ്ഹി നിസ്കരിക്കാന്‍ പറ്റില്ല. നിസ്കാരത്തില്‍ കണിശത പാലിക്കേണ്ടത് മുസ്ലിമിന്റെ കര്‍ത്തവ്യമാണ്. രാവിലെ കുളിക്കാന്‍ മടിച്ച് സ്വുബ്ഹി നിസ്കാരം നഷ്ടപ്പെടുത്തുന്നവരോട്. ഇത്തരക്കാര്‍ ഓര്‍ക്കുക. നിസ്കാരം നഷ്ടപ്പെടുത്തുന്നത് മഹാകുറ്റമാണ്. അല്ലാഹു ﷻ പരലോകത്ത് ആദ്യമായി ചോദിക്കുക നിസ്കാരത്തെക്കുറിച്ചാണ്. അന്നു നാം എന്ത് മറുപടി പറയും..? 

ഇനി ഒരാള്‍ക്ക് പ്രഭാതത്തിന് മുമ്പോ ശേഷമോ കുളിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ട് നോമ്പിനു കുഴപ്പമാന്നും സംഭവിക്കുകയില്ല. ഒരു പകല്‍സമയം നിസ്കാരം നിര്‍വഹിക്കാതെ നോമ്പുകാരനായി തുടർന്നാല്‍ നോമ്പ് സാധുവായിതന്നെ പരിഗണിക്കും. പക്ഷേ, കുളിക്കാതെ, നിസ്കരിക്കാതെ ദാനധര്‍മ്മങ്ങളില്ലാതെ ഒരു നോമ്പ് എടുക്കുന്നവര്‍ തങ്ങളുടെ നോമ്പിലൂടെ കേവലം ബാധ്യത തീര്‍ക്കുകയാണ്. ഈ നോമ്പിന് പ്രതിഫലം ലഭിക്കുമോ എന്ന് ചിന്തിക്കേണ്ടതാണ്.



രഹസ്യം പുറത്തുപറയരുത്

ദാമ്പത്യജീവിതം തന്നെ ഒരു രഹസ്യമാണ്. രഹസ്യം സൂക്ഷിക്കാന്‍ ദമ്പതിമാര്‍ക്കു കഴിയണം. എല്ലാ രംഗത്തും ഇതനിവാര്യമാണ്.

സുകര്‍മ്മിണികളായ സ്ത്രീകളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'അവര്‍ ഭക്തിയുള്ളവരാണ്. ഭര്‍ത്താവിന്റെ അഭാവത്തില്‍ അല്ലാഹു ﷻ സൂക്ഷിക്കാന്‍ പറഞ്ഞതിനെ സൂക്ഷിക്കുന്നവരാണ്.'

ദാമ്പത്യബന്ധങ്ങളും സൂക്ഷിക്കാൻ കല്പിച്ച രഹസ്യങ്ങളാണെന്നതുകൊണ്ട് ആ രഹസ്യങ്ങള്‍ പുറത്തു പറയുന്നത്‌ തിരുനബി ﷺ വിലക്കിയിരിക്കുന്നു.

സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിലും പൊതുവേദികളിലും ക്ലബ്ബുകളിലുമൊക്കെയിരുന്നു ഹരത്തിനുവേണ്ടി ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ കോര്‍ക്കുന്നവരുണ്ട്. തങ്ങളുടെ ദാമ്പത്യരഹസ്യവും ഭാര്യയുടെ മഹത്വവും സ്വഭാവദൂഷ്യങ്ങളുമെല്ലാം സുഹൃത്തുക്കളോട് പറഞ്ഞ് സ്വയം പരിഹാസ്യരും നീചന്‍മാരുമായിത്തീരുന്നവര്‍. സ്വന്തം ജീവിതം നോവല്‍പോലെ പുറത്തിറക്കുന്നവര്‍. 

ചില എഴുത്തുകാരും സാഹിത്യകാരന്‍മാരും ഈ ഗണത്തില്‍പെട്ടു പോവുന്നത്‌ സഹതാപാര്‍ഹമാണ്. താന്‍ രതിയിലേര്‍പ്പെട്ടതും കാമം തീര്‍ത്തതും വ്യഭിചാരം ചെയ്തതുമൊക്കെ എഴുതി മാലോകരെ അറിയിച്ച് സ്വയം പുരോഗമനം ചമയുന്നവര്‍. തങ്ങള്‍ സമൂഹത്തിനു മുന്നിലും സാംസ്കാരിക ധാര്‍മ്മികബോധമുള്ള മനുഷ്യര്‍ക്കിടയിലും പരിഹാസ്യരാവുകയാണെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല.

തിരുനബി ﷺ പറഞ്ഞു: സ്വന്തം ഭാര്യയുടെ അടുത്തുചെന്ന് ആവശ്യം നിര്‍വഹിക്കുകയും പിന്നീടത് പുറത്തുപറയുകയും ചെയ്യുന്നവരാണ് ജനങ്ങളില്‍ ഏറ്റവും ദുഷ്ടര്‍.(മുസ്ലിം)

അബൂഹുറയ്റ(റ)വിൽനിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു: ഞങ്ങള്‍ക്ക് ഇമാമായി തിരുനബി ﷺ നിസ്കരിച്ചു. നിസ്കാരശേഷം ഞങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു: നിങ്ങളുടെ സദസ്സുകളെ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വാതിലടച്ച് മറതാഴ്ത്തി അകത്തുചെന്ന്  ഭാര്യയുടെ കൂടെ ലൈംഗികത പങ്കിടുകയും പിന്നീട് പുറത്തുവന്ന് ഞാന്‍ അതു ചെയ്തു, ഇതുചെയ്തു എന്ന് പറഞ്ഞു രസിക്കുകയും ചെയ്യുന്നവര്‍ നിങ്ങളിലുണ്ടോ..? 
ഇതുപോലെ സ്ത്രീകളോടും തിരുനബി ﷺ ചോദിച്ചു. മുടന്തി നടക്കുന്ന ഒരു സ്ത്രീ, നബി ﷺ തന്നെ കാണട്ടെ എന്ന നിലക്ക് തല ഉയര്‍ത്തി നോക്കി. അവര്‍ പറഞ്ഞു: ഉണ്ട്. ആണുങ്ങള്‍ അങ്ങനെ പറയാറുണ്ട്. പെണ്ണുങ്ങളും പറയാറുണ്ട്. നബി ﷺ പറഞ്ഞു: നിങ്ങള്‍ അറിയുമോ ഇത്തരക്കാര്‍ക്കുള്ള ഉപമ! ആണും പെണ്ണുമായ രണ്ടു പിശാചുക്കളെ പോലെയാണവര്‍. അവരിരുവരും വഴിയോരത്ത് കണ്ടുമുട്ടി ജനങ്ങള്‍ നോക്കിനില്‍ക്കെ തങ്ങളുടെ വികാരം നിവര്‍ത്തിച്ച് പിരിഞ്ഞുപോയവര്‍.(അബൂദാവൂദ്)

പരസ്യമായി ജനങ്ങളുടെ മുന്നിലിട്ട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഒരു മനുഷ്യന്റെയും സംസ്കാരം അനുവദിക്കുകയില്ല. അതുകൊണ്ടാണ് നാലു സാക്ഷികള്‍ മുഖേന തെളിഞ്ഞാല്‍ വ്യഭിചാരികളെ എറിഞ്ഞുകൊല്ലണമെന്ന്  ഇസ്ലാം കല്പിച്ചത്. യാതൊരു സാംസ്കാരിക വ്യക്തിത്വവുമില്ലാത്ത മനുഷ്യാധമര്‍ക്കല്ലാതെ ഈ കൃത്യത്തിനു കഴിയില്ല. എങ്കില്‍ അവരേക്കാള്‍ മോശമാണ് സ്വന്തം ലൈംഗികരഹസ്യങ്ങള്‍ പുറത്തു പറയുന്നവർ എന്നാണ്  തിരുനബിﷺയുടെ അധ്യാപനം. ആണും പെണ്ണുമായ രണ്ട് പിശാചുക്കള്‍ എന്നാണ് തിരുമേനി ﷺ അവരെ വിശേഷിപ്പിച്ചത്.

ഒരു ഹദീസില്‍ തിരുമേനി ﷺ പഠിപ്പിച്ചു: വിശ്വാസം എഴുപതില്‍ പരം ശാഖകളാണ്. ലാഇലാഹ ഇല്ലല്ലാഹ് ആണ് അതിലേറ്റവും ഉന്നതം. വഴി വൃത്തിയാക്കുക ഏറ്റവും താഴെക്കിടയിലുള്ള വിശ്വാസഭാഗമാണ്. നാണം വിശ്വാസത്തിന്റെ ഭാഗമാണ്. നാണം മനുഷ്യന്റെ വസ്ത്രമാണ്. നാണം നഷ്ടപ്പെട്ടു പോയാല്‍ പിന്നെ മനുഷ്യനും മൃഗവും തമ്മില്‍ അന്തരമില്ല. നിനക്ക് നാണമില്ലെങ്കില്‍ തോന്നിയതു ചെയ്യാമെന്നാണ് നബിവചനം (ﷺ). 

നാണവും മാനവും ആത്മാഭിമാനവുമുള്ളവരോര്‍ക്കുക. തങ്ങളുടെ സ്വകാര്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്തവര്‍ ദുര്‍ബലരും മാനസിക പക്വത സിദ്ധിച്ചിട്ടില്ലാത്തവരുമാണ്.

കുടുംബജീവിതത്തിലും ലൈംഗിക കാര്യങ്ങളിലും മാത്രമല്ല ജീവിതത്തിലുടനീളം സ്വകാര്യത സംരക്ഷിക്കണം. എല്ലാ വിഷയത്തിലും ഒരു തുറന്ന പുസ്തകമാണ് ഞാന്‍ എന്ന നിലപാട് ശരിയല്ല. 

വീട്ടുകാര്യങ്ങളും, സ്വന്തം ബിസിനസുകളും സംഘടനാകാര്യങ്ങളുമൊക്കെ എല്ലാവര്‍ക്കും വിവരിച്ചുകൊടുക്കുന്ന ശീലമുണ്ട് ചിലര്‍ക്ക്. വീട്ടിലെ ആഭ്യന്തര രഹസ്യങ്ങള്‍ സൂക്ഷിക്കുക അന്തസ്സുള്ള ഒരു ഗൃഹാന്തരീക്ഷത്തിനനിവാര്യമാണ്.

ഭാര്യയുടെ പോരായ്മകള്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ ഭാര്യയും പരസ്പരം ചോര്‍ത്തി പുറത്തിടാന്‍ ശ്രമിച്ചാല്‍ ആ വീട്ടില്‍ എന്തൊരു സമാധാനമാണുണ്ടാവുക.

തന്റെ കച്ചവടം, വ്യവസായം തുടങ്ങിയ കാര്യങ്ങളിലും തന്റേതായ രഹസ്യം സൂക്ഷിക്കാന്‍ കഴിയണം. ബിസിനസ് രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ആ രംഗത്ത് വിജയിക്കാന്‍ സാധ്യമല്ലെന്നറിയുക.


പൊരുത്തവും പൊരുത്തക്കേടും

പരസ്പര സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സാഹചര്യത്തിലേ ദാമ്പത്യജീവിതം വിജയിക്കുകയുള്ളൂ.

തികച്ചും അന്യരായിട്ടുള്ള രണ്ടു വ്യക്തികള്‍ ഒന്നിച്ചൊന്നാകുമ്പോൾ ഇരുവര്‍ക്കും ഇക്കാര്യത്തെ കുറിച്ച് ബോധമുണ്ടാകണം. വ്യത്യസ്ത രുചിയും സ്വഭാവവും വീക്ഷണങ്ങളും താല്‍പര്യങ്ങളുമായി ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്ന വ്യക്തിക്ക്, മറ്റൊരാള്‍ക്ക് വേണ്ടി തന്റെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായി കയ്യൊഴിക്കാന്‍ കഴിയില്ല. തന്റെ ജീവിതത്തിന് അടിമുടി മാറ്റം വരുത്താന്‍ ഒരു രാത്രി കൊണ്ട് കഴിഞ്ഞെന്നുവരില്ല.

ജീവിതസാഹചര്യങ്ങളുടേയും വിദ്യാഭ്യാസത്തിന്റെയും സ്ഥിതിഗതികള്‍ക്കനുസരിച്ച് രൂപപ്പെട്ടു വന്ന ഒരു മാനസികാവസ്ഥയാണ് സ്വഭാവം. ഒരു മനുഷ്യന്റെ സ്വഭാവം പെട്ടെന്ന് മാറ്റി എടുക്കാന്‍ പറ്റില്ല.  വര്‍ഷങ്ങളുടെ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളും തീരുമാനങ്ങളുമുണ്ടായെങ്കിലേ സ്വഭാവത്തിന് മാറ്റം സംഭവിക്കുകയുള്ളൂ...

പര്‍വ്വതങ്ങള്‍ സ്വസ്ഥാനത്ത് നിന്നു മാറാം. പക്ഷേ, ഒരാളുടെ സ്വഭാവം മാറി എന്ന് വരില്ല എന്നാണ് ആപ്തവാക്യം.  ചുട്ടയിലെ ശീലം ചുടലവരെ എന്നാണ് ചൊല്ല്.

ഭാര്യക്ക് ഭര്‍ത്താവിനോടും ഭര്‍ത്താവിന് ഭാര്യയോടും ചില ബാധ്യതകളുണ്ട്.  ഇസ്ലാമിക നിയമശാസ്ത്രമനുസരിച്ച് ഇരുവരും ഈ നിയമങ്ങള്‍ പാലിച്ചിരിക്കണം. പക്ഷേ, നിയമങ്ങളുടെ വരയില്‍ ഒതുങ്ങി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നതിന് പകരം നിയമങ്ങളെ മാനിച്ചു കൊണ്ട് പരസ്പര വിശ്വാസവും വിട്ടുവീഴ്ചയും പ്രകടിപ്പിച്ചു സഹകരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവരാണ് ദാമ്പത്യജീവിതത്തില്‍ വിജയിക്കുക. 

നിയമങ്ങളുടെ വരച്ച വരയില്‍ അന്യോന്യം ഉറച്ച് നില്‍ക്കുകയും വിട്ടുവീഴ്ചക്കു തയ്യാറാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ ബന്ധം ഏറെക്കാലം മുന്നോട്ട് നീങ്ങുകയില്ല.

സ്ത്രീ തികച്ചും സ്വതന്ത്രയാണ്.  ഭര്‍ത്താവിന്റെ ഇഷ്ടവും ആഗ്രഹവുമനുസരിച്ച് ജീവിക്കാന്‍ ബാധ്യതപ്പെട്ടവളാണെങ്കിലും സ്വന്തമായ വ്യക്തിത്വം കളഞ്ഞു കുളിക്കാനോ ഭര്‍ത്താവിന് ദാസ്യവേല ചെയ്യാനോ ഇസ്ലാം ആഗ്രഹിക്കുന്നില്ല.

പുരുഷമേധാവിത്വമാണ് മുസ്ലിം സമുദായത്തിലുള്ളതെന്നും സമുദായത്തിന്റെ അകത്തളങ്ങളില്‍ സ്ത്രീ പീഡിതയാണ് എന്നും പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവര്‍ സ്ത്രീയുടെ സൗന്ദര്യവും വിശുദ്ധിയും പുറത്തിട്ട് പുരുഷന്റെ സ്വാര്‍ത്ഥതക്കും സുഖത്തിനും വേദിയൊരുക്കുകയാണ് ചെയ്യുന്നത്.

ഒരു സ്ത്രീ ഒട്ടനേകം പുരുഷന്‍മാര്‍ക്കു മുന്നില്‍ അഴിച്ചിട്ട് സൗന്ദര്യ ദര്‍ശനം നടത്തുന്നതും പല പുരുഷന്‍മാരുമായി സെക്സ് പങ്കിടുന്നതും സ്ത്രീയെ സംബന്ധിച്ചിടത്തോളം പീഢനമല്ലാതെ മറ്റെന്താണ്. അതേയവസരം താന്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുരുഷനുമുമ്പില്‍ മാത്രം സൗന്ദര്യവും വ്യക്തിരഹസ്യങ്ങളും തുറെന്നിടുകയും അയാളില്‍ പൂര്‍ണ്ണവിശ്വാസവും സുരക്ഷയും ഉറപ്പുവരുത്തുകയും ചെയ്യുന്ന സ്ത്രീ തികച്ചും സംതൃപ്തയാണ്. 

നാട്ടില്‍ വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ച് നിഷ്പക്ഷമായ ഒരു പഠനത്തിന് തയാറുണ്ടെങ്കില്‍ ഇസ്ലാമിക നിലപാടാണ് ശരി എന്ന് കാണാവുന്നതാണ്. 

ശരീരം മറച്ചുവെച്ച് അച്ചടക്കത്തോടെ കഴിയുന്ന മുസ്ലിം സ്ത്രീ പീഡിതയാണെന്നും അവള്‍ അടുക്കളയില്‍ കരിപുരണ്ട്  മരിച്ചു ജീവിക്കുകയാണെന്നും പറയുന്നവർ ആഗ്രഹിക്കുന്നത് സ്ത്രീയെ കാഴ്ചവസ്തുവും ഉപഭോഗ വസ്തുവുമായി പുറത്തിറക്കാനാണ്. പുരുഷന്റെ ദുര്‍ബലവികാരങ്ങള്‍ക്കു വിധേയയാകാന്നും കടന്നാക്രമണത്തിനിരയാകാനും സ്ത്രീയെ നിര്‍ബന്ധിക്കുകയാണിക്കൂട്ടര്‍ ചെയ്യുന്നത്. 

യഥാര്‍ത്ഥ പീഡനം അനുഭവിക്കുന്നത് മതശാസനകള്‍ ചവിട്ടിമെതിച്ച് തെരുവിലെത്തിയ സ്ത്രീകളാണെന്ന സത്യം ഇവര്‍ വിസ്മരിക്കുകയാണ്...



ഭാര്യാഭര്‍തൃജീവിതം ഒരു താല്‍കാലിക സൗഹാര്‍ദ്ദമല്ല. നിശ്ചിതസമയം നിര്‍ണ്ണയിച്ച് കൊണ്ടുള്ള ബന്ധവുമല്ല.  മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക ലക്ഷ്യം നേടി എടുക്കാനുള്ള കൂട്ടായ്മയുമല്ല.  ജീവിതാന്ത്യം വരെ പരസ്പര സുഖദുഃഖങ്ങള്‍ പങ്കിട്ട് ഒന്നിച്ചൊന്നായി ജീവിച്ച് മരിച്ച് പിരിയാനുള്ള ഒരു വിശുദ്ധ ബന്ധമാണ് ദാമ്പത്യം. അതുകൊണ്ട് തന്നെ ഒരാള്‍ മറ്റൊരാളെ അനുസരിക്കുകയും വഴിപ്പെടുകയും ചെയ്യുക എന്നത് ഈ ബന്ധത്തിന്റെ സുദൃഢതക്കനിവാര്യമാണ്.

ശാരീരികവും മാനസികവുമായ ദൗര്‍ബല്യം പ്രകൃതിപരമായിത്തന്നെ ലഭിച്ചവരാണ് സ്ത്രീകള്‍. സ്വഭാവത്തിലും പെരുമാറ്റത്തിലും തീരുമാനങ്ങളെടുക്കുന്നതിലും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിലുമെല്ലാം സ്ത്രീത്വത്തിന്റെ ദൗര്‍ബല്യം പ്രകടമാണ്.

മതപരമായി ചിന്തിക്കുമ്പോള്‍ പുരുഷന്റെയത്ര ആരാധനകള്‍ നിര്‍വഹിക്കാന്‍ സ്ത്രീക്കാവില്ല. ആര്‍ത്തവം, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ പാരായണം, നിസ്കാരം, ത്വവാഫ് തുടങ്ങിയവ സ്ത്രീക്ക് വിലക്കപ്പെട്ടിരിക്കയാണ്. പുരുഷന് ഇങ്ങനെയൊരു വിലക്ക് ജീവിതത്തിലൊരിക്കലും വന്ന് ചേരുന്നില്ല. അതുകൊണ്ട് തന്നെ മതപരമായി കൂടുതല്‍ അധ്വാനിക്കുവാനും ഉത്സാഹിക്കുവാനും പുരുഷനാണ് സൗകര്യം. 

അവര്‍ ബുദ്ധിയുടെ അളവും ദീനും കുറഞ്ഞവരാണെന്ന് സ്ത്രീകളെപ്പറ്റി തിരുനബി ﷺ പറഞ്ഞത് സുവിദിതമാണ്.

സ്ത്രീയുടെ മുഴുവന്‍ സംരക്ഷണവും ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ ചിലവുകളുമെല്ലാം പുരുഷനാണ് വഹിക്കുന്നത്.  സ്ത്രീയുടെ മുഴുവന്‍ സമ്പത്തും അവളുടേതാണ്.  ഭര്‍ത്താവ് ദരിദ്രനാണന്നു കരുതി ഭാര്യയുടെ ചിലവ് ഒഴിവാക്കിക്കൊടുക്കുകയല്ല ഇസ്ലാം ചെയ്തിരിക്കുന്നത്. സ്വന്തം ചിലവിന് കിട്ടാത്ത ഭര്‍ത്താവില്‍ നിന്നും മോചനം നേടാനും അയാളെ ഫസ്ഖ് ചെയ്ത് സ്വന്തം വഴി നോക്കാനും ഭാര്യക്കവകാശം നല്‍കിയിരിക്കയാണ്.  

സ്വമനസ്സാലെ ഭര്‍ത്താവിന്റെ പ്രയാസങ്ങളറിഞ്ഞ് സഹായിക്കുന്നവരാണ് ഭര്‍തൃസ്നേഹമുള്ളവര്‍. ഒരു മാതൃകാപത്നിയുടെ സ്വഭാവവും അതാണ്. പക്ഷേ, ഇക്കാര്യം അവളുടെ ഇഷ്ടമാണ് എന്നതിലുപരി അത് നിര്‍ബന്ധമായി കല്‍പിക്കാന്‍ ഇസ്ലാം തയ്യാറായിട്ടില്ല.

ഈ വസ്തുക്കളെല്ലാം പരിഗണിച്ചുകൊണ്ടുതന്നെയാണ് പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ അധീശാധികാരമുള്ളവരാണ്.  

ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു ﷻ സ്ഥാനം നല്‍കിയതുകൊണ്ടാണത് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചത്. ബുദ്ധിപരവും പ്രകൃതിപരവുമായും പ്രായോഗികതലത്തിലും പുരുഷന്റെ മേല്‍നോട്ടവും സംരക്ഷണവും സ്ത്രീക്ക് ലഭിക്കേണ്ടതാണ്. ഈ മേല്‍നോട്ടം സ്ത്രീയെ അടിമയാക്കുകയോ പുരുഷാധിപത്യം ഉറപ്പിക്കുകയോ അല്ല...

ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അധ്യാപകനു മേല്‍ക്കോയ്മയും സ്ഥാനവുമുണ്ടെന്ന് കരുതി വിദ്യാര്‍ത്ഥികളെ അടിമകളാക്കുകയോ വിദ്യാര്‍ത്ഥികളോട് എന്തും ചെയ്യാനുള്ള സര്‍വ്വാധികാരം അധ്യാപകന് നല്‍കുകയോ ആണന്നും ആരും ധരിക്കുകയില്ലല്ലോ...

അഭിപ്രായസ്വാതന്ത്രം എല്ലാ വിഷയത്തിലും സ്ത്രീക്ക് വകവെച്ച് കൊടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെ തലകൊണ്ടല്ല സ്ത്രീ ചിന്തിക്കുന്നത്.  എല്ലാ വിഷയത്തിലും വ്യത്യസ്ത വീക്ഷണം പുലര്‍ത്തുന്നതിന് യാതൊരു തടസ്സവുമില്ല. മതവിശ്വാസത്തില്‍ ഏകത്വമുണ്ടാകണമെന്നു മാത്രം.

മതപരമായ വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിനും യാതൊരു തടസ്സവുമില്ല. ശാഫിഈ മദ്ഹബുകാരിയായ ഒരു സ്ത്രീക്ക് ഹനഫീ മദ്ഹബുകാരനെ വിവാഹം ചെയ്യുന്നതിന് വിലക്കൊന്നുമില്ല.


വ്യക്തി സ്വാതന്ത്രം

ഒരു വ്യക്തി എന്ന നിലക്കുള്ള സ്വാതന്ത്രങ്ങളെല്ലാം സ്ത്രീക്കുണ്ട്.  പക്ഷേ, തന്റെ പൂര്‍ണ്ണ സംരക്ഷണ ചുമതല ഏറ്റെടുത്ത വ്യക്തി എന്ന നിലക്ക് പുരുഷന്റെ അനുമതി നേടേണ്ടതും പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കും മുമ്പ് പരസ്പരം കൂടിയാലോചന നടത്തേണ്ടതുമാണ്.

സ്വത്തവകാശം

സ്ത്രീക്ക് തന്റെ സമ്പത്ത് സ്വന്തമായി കൈവശം വെക്കാവുന്നതും ക്രയവിക്രയങ്ങള്‍ ചെയ്യാവുന്നതുമാണ്. ഭര്‍ത്താവിന്റെ വിലക്കുണ്ടായാലും തന്റെ സമ്പത്തിന്റെ കൈകാര്യാധികാരം സ്ത്രീക്ക് തന്നെയാണ്. സമ്പത്തിന്റെ വില്‍പനയോ മറ്റോ തടസ്സപ്പെടുത്താന്‍ ഭര്‍ത്താവിനവകാശമില്ല. ഈ അവകാശം സ്ത്രീക്കു നേടിക്കൊടുത്തത് ഇസ്ലാമാണ്. ഇസ്ലാമിനു മുമ്പ് ഇതുണ്ടായിരുന്നില്ല. വ്യവസായവും വ്യാപാരവുമൊക്കെ മുസ്ലിം സ്ത്രീക്ക് അനുവദനീയമാണ്.

പിതാവിന്റെ ഭാര്യമാരെ മക്കള്‍ വീതം വെച്ച് എടുക്കുന്ന സ്വഭാവം ജാഹിലിയ്യ അറബികളിലുണ്ടായിരുന്നു. ഇന്നും ആഫ്രിക്കയിലെ ചില സമൂഹങ്ങളില്‍ ഈ ദുരാചാരം നിലനില്‍ക്കുന്നുണ്ട്. ഇത് കര്‍ശനമായി വിലക്കിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെ അനന്തര സ്വത്തായി കൈവശപ്പെടുത്തരുത്.

ഇസ്ലാം സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്താണ് അനന്തരവകാശ വിഹിതമായി കണക്കാക്കിയത്. ഇത് അവഗണനയാണെന്ന് പറയുന്നവരുണ്ട്.  ഇവര്‍ വസ്തുതകള്‍ മനസ്സിലാക്കാത്തവരാണ്. 

ഭര്‍ത്താവിന് സാമ്പത്തിക കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത പുരുഷന് കൂടുതല്‍ ചിലവും ഭാരവും വരുന്നത് കൊണ്ടും ഭര്‍ത്താവിനോ കുടുംബത്തിനോ വേണ്ടി ചിലവഴിക്കേണ്ട സാഹചര്യം വരാത്തതുകൊണ്ടും സ്ത്രീക്ക് പുരുഷന്റെ പകുതി വിഹിതമെന്നത് ന്യായവും നീതിയുക്തവുമാണെന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാവുന്നതാണ്.   

ഇവിടെ മറ്റൊരു കാര്യം ശ്രദ്ധേയമാണ്. സ്ത്രീക്കു പുരുഷന്റെ പകുതി നല്‍കണമെന്നാണ് ശാസന. പകുതി മാത്രമേ നല്‍കാവൂ. കൂടുതല്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. 

പിതാവിന്റെ സ്വത്തില്‍ യാതൊരു വിവേചനവുമില്ലാതെ പരസ്പരം തൃപ്തിയോടെ തുല്യമായി വീതം വെക്കാന്‍ ഒരു കുടുംബം തീരുമാനിക്കുകയാണെങ്കില്‍ അത് വേണ്ടെന്ന് പറയാന്‍ ഇസ്ലാം മുതിരുന്നില്ല. പക്ഷേ, നീതിനിഷ്ഠമായ ഇസ്ലാമിക വ്യവസ്ഥിതിയില്‍ സ്ത്രീ പുരുഷന്റെ പകുതി സ്വത്തിന് മാത്രമേ അവകാശം അർഹിക്കുന്നുള്ളൂ.


സമ്പത്ത്, ചാരിത്ര്യസംരക്ഷണം

ഭര്‍ത്താവിന് വേണ്ടി കാത്തിരിക്കുകയും ഏതു സാഹചര്യത്തിലും ഭര്‍ത്താവിന്റെ മുന്നിലല്ലാതെ തന്റെ സൗന്ദര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് സ്ത്രീയുടെ കടമയാണ്. 

തന്റെ ശരീരവും സൗന്ദര്യവും ചന്തവും ചമയങ്ങളുമെല്ലാം ഭര്‍ത്താവിനുമാത്രം ആസ്വദിക്കാനുള്ളതാണ്. പരപുരുഷന്‍മാര്‍ക്കു മുന്നില്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരും ഭര്‍ത്താവല്ലാത്ത പുരുഷന്‍മാരുമായി ഇടപഴകി അവരുടെ വികാരനിര്‍വൃതിക്ക് പാത്രമായിത്തീരുന്നവരും ഭര്‍ത്താവിനെ വഞ്ചിക്കുകയാണ്.  ലൈംഗികബന്ധത്തിലേര്‍പ്പെടുന്നില്ലെന്ന ന്യായം ഇവിടെ സ്വീകാര്യമല്ല. 

ലൈംഗികബന്ധം ഭര്‍ത്താവിനു മാത്രമാണ് അവകാശപ്പെട്ടത് എന്ന് അംഗീകരിക്കുന്നവര്‍ തന്റെ സൗന്ദര്യവും ശരീരവും ആഭരണങ്ങളുമെല്ലാം ഭര്‍ത്താവിനു മാത്രം ആസ്വദിക്കാനുള്ളതാണെന്നുകൂടി അംഗീകരിച്ചേ പറ്റൂ..

പുഞ്ചിരിയും കുശലം പറച്ചിലും താളലയങ്ങളും അംഗചലനങ്ങളും വാല്‍ക്കണ്ണുകൊണ്ടുള്ള നോട്ടവും തൊട്ടുരുമ്മിയും കഥപറഞ്ഞു കമന്റുകള്‍ നടത്തിയുമുള്ള പരപുരുഷ സമ്പര്‍ക്കവുമെല്ലാം ലൈംഗിക ബന്ധത്തിന്റെ മുഖവുരകളാണ്. 

തിരുനബി ﷺ പറഞ്ഞു: കണ്ണിന്റെ വ്യഭിചാരമാണ് നോട്ടം, കാതിന്റെ വ്യഭിചാരം കേള്‍വിയാണ്. കൈ വ്യഭിചാരത്തിലേര്‍പ്പെടുന്നത് സ്പര്‍ശനത്തിലൂടെയാണ്. കാലാകട്ടെ സ്ത്രീ സാമീപ്യത്തിലേക്ക് നടത്തിെച്ച് വ്യഭിചാരത്തില്‍ പങ്കാളിയാകുന്നു. മനസ്സു ചിന്തിച്ചും ആസൂത്രണങ്ങള്‍ ചെയ്തും. അവസാനം ഇവയൊക്കെ തുടങ്ങി വെച്ച അവിഹിത ബന്ധം സാക്ഷാല്‍ക്കരിക്കുകയാണ് ലൈംഗികാവയവം ചെയ്യുന്നത്.

ലൈംഗികാവയത്തിന്റെ പെട്ടെന്നുള്ള ഏകപക്ഷീയമായ ഒരു പ്രവര്‍ത്തനമല്ല വ്യഭിചാരം. മറിച്ച് കണ്ണും കാതും പുഞ്ചിരിയും ദര്‍ശന സ്പര്‍ശനങ്ങളുമെല്ലാം ഒരുക്കി വെച്ച ഒരു തിന്‍മയുടെ മഹാഗര്‍ത്തത്തില്‍ ചെന്നു വീഴുകമാത്രമാണ് ലൈംഗികാംഗം ചെയ്യുന്നത്. ഇതുകൊണ്ട് തന്നെയാണ് പരസ്ത്രീദര്‍ശനവും വികാരോത്തേജകമായ ശബ്ദശ്രവണവുമൊക്കെ ഇസ്ലാം വിലക്കിയത്. സ്ത്രീക്ക് തന്റെ ശരീരം മറക്കണമെന്ന നിര്‍ബന്ധശാസന നല്‍കിയതും ഇതു കൊണ്ടുതന്നെ...

അന്യപുരുഷന്‍മാരെ കാണുകയോ അവര്‍ക്കുമുന്നില്‍ തന്റെ സൗന്ദര്യം പ്രകടിപ്പിച്ച് അവരെ ആകര്‍ഷിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ വ്യഭിചാരവും ബലാല്‍സംഗവും നടക്കില്ലെന്നു വ്യക്തം.  സിനിമ, നാടകം തുടങ്ങിയ കലകളോട് ഇസ്ലാം നിഷേധാകത്മക നിലപാട് സ്വീകരിച്ചതിന് പിന്നിലും പ്രധാനമായും ഇത് തന്നെയാണ് കാരണം.
മുസ്ലിംകള്‍ക്കെല്ലാം ഈ വിഷയങ്ങളൊക്കെ ബാധ്യതയാണ്.  

ഭര്‍തൃമതിയായ സ്ത്രീ ഈ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുമ്പോള്‍ അല്ലാഹുﷻവിന്റെ നിയമം ലംഘിക്കുന്നതിനുപുറമെ ഭര്‍ത്താവിനെ വഞ്ചിക്കുക കൂടി ചെയ്യുകയാണ്.  

ഭര്‍തൃമതിയായ സ്ത്രീ അന്യപുരുഷരെ തന്നിലേക്കാകര്‍ഷിക്കുകയും അവരുടെ വികാരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ സ്ത്രീത്വത്തിന് നേരെയും ഭീഷണി ഉയര്‍ത്തുകയും സ്ത്രീ എന്ന നിലക്കും പത്നി എന്ന നിലക്കുള്ള വ്യക്തിത്വത്തിന് കളങ്കവും സുരക്ഷിതത്വത്തിന് ഭീഷണിയും ക്ഷണിച്ച് വരുത്തുകയുമാണ് ചെയ്യുന്നത്...



സമ്പത്ത് സംരക്ഷണം

ഭര്‍ത്താവിന്റെ രഹസ്യ സൂക്ഷിപ്പുകാരിയാണ് ഭാര്യ. താൻ വിശ്വസിച്ചേല്‍പ്പിച്ച രഹസ്യങ്ങളും സമ്പത്തുമെല്ലാം സംരക്ഷിക്കാന്‍ അവള്‍ ബാധ്യസ്ഥയാണ്. 

ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യങ്ങളും മറ്റും അന്യരോട് പറയരുത്. ഭര്‍ത്താവിന്റെ നന്‍മകളെക്കുറിച്ച് താൻ അമിതമായി തന്റെ കൂട്ടുകാരികളോടും അന്യസ്ത്രീകളോടും പറയരുതെന്നാണ് നിര്‍ദേശം. ഈ വിവരണം തന്റെ ഭര്‍ത്താവിനെക്കുറിച്ച് അവര്‍ക്കു മതിപ്പുണ്ടാകുമെങ്കിലും അത് അവരുടെ ഹൃദയത്തില്‍ അരുതാത്ത വികാരങ്ങളുണര്‍ത്താനാണ് സാധ്യത.  സ്വന്തം ഭര്‍ത്താവില്‍ നിന്നു പീഢനവും അസന്തുഷ്ടിയും അനുഭവിക്കുവരാണെങ്കില്‍ വിശേഷിച്ചും. വന്ന് ഭവിച്ചേക്കാവുന്ന ഒരു വിപത്തിനെ നേരത്തെ ഇല്ലായ്മ ചെയ്യുകയാണീ നിര്‍ദേശത്തിലൂടെ...
 
അന്യന്റെ ഭാര്യയെ മോഹിക്കുന്നവരും അന്യരുടെ ഭര്‍ത്താക്കളെ കാമിക്കുന്നവരുമെല്ലാം നമ്മുടെ സമൂഹത്തില്‍ എമ്പാടുമുണ്ടല്ലോ..!!

ഭര്‍ത്താവിന്റെ സമ്പത്തിന്റെ സംരക്ഷണവും ഇസ്ലാം സ്ത്രീയെ ഏല്‍പിച്ചിരിക്കുന്നു. ഭര്‍ത്താവിന്റെ ബിസ്സിനസ്, സാമ്പത്തിക ഇടപാടുകള്‍ എല്ലാം ചിലപ്പോള്‍ ഭാര്യയുടെ അറിവില്‍ പെട്ടിരിക്കാം. ബുദ്ധിമതിയും തന്റേടിയുമായ ഒരു പത്നിക്ക് ഭര്‍ത്താവിന്റെ സാമ്പത്തിക പുരോഗതിയില്‍ പങ്കാളിയാകാനും അദ്ദേഹത്തെ സഹായിക്കാനും സാധിക്കും.  

അതേയവസരം തന്റേടമില്ലാത്ത ഒരാള്‍ക്കു ഭര്‍ത്താവിന്റെ സാമ്പത്തിക ഭദ്രത നശിപ്പിക്കാനും കഴിയും.  ഭര്‍ത്താവിന്റെ സാമ്പത്തിക വിവരങ്ങളും ബിസ്സിനസ് രഹസ്യങ്ങളും മറ്റാര്‍ക്കും കൈമാറരുത്. ആസ്തിയും വിവരങ്ങളും അന്വേഷിച്ച് വരുന്നവര്‍ക്ക് അത് വിവരിച്ച് കൊടുക്കരുത്.

അദ്ദേഹത്തിന് സാമ്പത്തിക നഷ്ടം  സംഭവിക്കുന്ന യാതൊരു നീക്കവും ഭാര്യയില്‍ നിന്നുണ്ടാകരുത്. ഈ വിഷയങ്ങളില്‍ പക്ഷേ, പല ഭാര്യമാരും പൊറുക്കാന്‍ പറ്റാത്ത തെറ്റുകളാണ് ചെയ്യുന്നത്. വിശിഷ്യാ ഗള്‍ഫ് കുടുംബങ്ങളില്‍..!! 

ഭര്‍ത്താവിന്റെ അഭാവത്തില്‍ സൂക്ഷിക്കേണ്ട തന്റെ ചാരിത്ര്യശുദ്ധി പോലും പലരും കളങ്കപ്പെടുത്തുന്നു.  തനിക്ക് വേണ്ടി കാടും കടലും താണ്ടി മരുഭൂമിയില്‍ ചെന്ന് കഠിനാദ്ധ്വാനം ചെയ്യുന്ന ഭര്‍ത്താവിന്റെ സമ്പത്തും സൗകര്യങ്ങളും കാറും വീടും ഉപയോഗിച്ച് അന്യപുരുഷന്‍മാരുടെ കൂടെ ചെത്താനും മിനുക്കാനും പുരോഗമനം ചമയാനും കിടപ്പറ പങ്കിടാനും നഗരങ്ങളില്‍ അലയാനും മുതിരുന്നവര്‍ എമ്പാടുമുണ്ട്..!!

ലക്ഷ്യം തെറ്റി ഒഴുകുന്ന ഒരു നദിപോലെയാണ് സ്ത്രീ എന്നാരോ പറഞ്ഞതോര്‍ക്കുന്നു. ലക്ഷ്യവും ഉത്തരവാദിത്തങ്ങളും മറന്ന് ഭര്‍ത്താവിന് മാത്രം അനുവദിക്കപ്പെട്ട തന്റെ ശരീരം മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നതിലാണ് പലര്‍ക്കും പുരോഗമനം തോന്നുന്നത്. 

കുടുംബബന്ധത്തെയും ധാര്‍മ്മിക ബോധത്തെയും തകര്‍ത്തെറിയുന്ന ഇത്തരം വഴിവിട്ട ബന്ധങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ ഉറക്കം കെടുത്താറുണ്ട്.

സ്വകാര്യആശുപത്രികളിലും വ്യാജഡോക്ടര്‍മാരുടെ മുന്നിലും ഗര്‍ഭഛിദ്രത്തിനും മറ്റു നിയമവിരുദ്ധ ശിശുഹത്യകള്‍ക്കും വരുന്നവരധികവും ഗള്‍ഫ് ഫാമിലികളിലെ മങ്കമാരാണെന്ന യാഥാര്‍ത്ഥ്യം തുറന്ന പറയാതിരിക്കാന്‍ വയ്യ. 

ഗള്‍ഫില്‍ ഭര്‍ത്താവിന്റെ പരിചരണത്തില്‍ കഴിയുന്ന ചിലരും വഴിവിട്ട് നീങ്ങുന്ന വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. ടി.വി, സിനിമ, മതനിരാസ പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം, പാശ്ചാത്യന്‍ ജീവിതരീതികളോടുള്ള ഭ്രമം ഇതൊക്കെയാണ് മിക്കപ്പോഴും സ്ത്രീകളെ വഴിപിഴപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സ്ത്രീകളും പുരുഷന്‍മാരും തയ്യാറാവുക.



അവകാശങ്ങളും കടപ്പാടുകളും

പുരുഷന്റെ സംരക്ഷണത്തിന്‍ കീഴിലാണ് സ്ത്രീകളുടെ ജീവിതസുരക്ഷ എന്നതുകൊണ്ടാണല്ലോ സ്ത്രീ പുരുഷനു അനുസരണം പ്രകടിപ്പിക്കുകയും ഭര്‍ത്താവ് നല്‍കുന്ന നിര്‍ദ്ദേശോപദേശങ്ങള്‍ സ്വീകരിക്കുകയും വേണമെന്ന് ഇസ്ലാം കല്‍പ്പിച്ചത്. 

പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ അധീശാധികാരമുള്ളവരാണ്. അല്ലാഹു ﷻ ചിലര്‍ക്ക് ചിലരെക്കാള്‍ ഔന്നിത്യം നല്‍കിയതുകൊണ്ടാണത് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്‌. സ്ത്രീ പുരുഷന് അനുസരണം കാണിക്കുകയും വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യണം.  അല്ലെങ്കില്‍ പുരുഷന്‍ സ്ത്രീയെ അനുസരിക്കുകയും വിധേയത്വം കാണിക്കുകയും ചെയ്യണം.  

ഈ രണ്ട് വീക്ഷണങ്ങളില്‍ ഒന്നാമത്തേതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുകയും നിര്‍ബന്ധമാക്കുകയുമാണ് ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ അപൂര്‍വ്വമായി ഉണ്ടാകാറുള്ള രണ്ടാം അവസ്ഥയെ ഇസ്ലാം നിരോധിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. 

പുരുഷന്‍ സ്ത്രീകളുടെ ആജ്ഞാനുവര്‍ത്തിയാകുന്ന ഒരു കാലം വരുമെന്ന് പക്ഷേ, തിരുനബി ﷺ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.  ലോകാവസാനത്തിന്റെ ലക്ഷണമായാണ് നബി ﷺ അത് എണ്ണിയിരിക്കുന്നത്.

പുത്തന്‍ ലോകക്രമത്തിന്റെ വക്താക്കള്‍ സ്ത്രീയെ തെരുവിലും വ്യവസായശാലകളിലുമിറക്കി പൊതുവല്‍ക്കരിക്കുകയും അവളുടെ സ്വകാര്യതയുടെ ആവരണം വലിച്ചുകീറുകയും ചെയ്തിരിക്കുകയാണ്. 

ജീവിതത്തിലുടനീളം ചില പ്രത്യേക ചിട്ടകള്‍ പാലിക്കാന്‍ സ്ത്രീ കല്‍പ്പിക്കപ്പെട്ടവളാണ്. ഭര്‍തൃമതിയായ ഒരു സ്ത്രീക്ക് ഈ കടപ്പാടുകള്‍ വര്‍ദ്ധിക്കുകയും അതിന്റെ രൂപഭാവങ്ങള്‍ കൂടുതല്‍ കണിശമായ മുഖം സ്വീകരിക്കുകയും ചെയ്യുകയാണ്.

ഭര്‍ത്താവിന് വഴിപ്പെടുകയും അദ്ദേഹത്തിന്റെ സംതൃപ്തി ഉറപ്പുവരുത്തുകയുമാണ് പത്നി എന്ന നിലക്ക് സ്ത്രീയുടെ പ്രഥമ ഉത്തരവാദിത്വം. 

ദാമ്പത്യവിജയത്തിന്റെ സുപ്രധാനഘടകവും ഇത് തന്നെ.  ഭര്‍ത്താവിന്റെ ആവശ്യങ്ങളറിഞ്ഞ് അത് പരിഹരിക്കാനും പ്രശ്നങ്ങളില്‍ പങ്ക് ചേരാനും കഴിയുന്നവര്‍ക്ക് മാത്രമേ ജീവിതവിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

മദീനയിലെ സ്ത്രീകള്‍ സംഘടിച്ച് യുദ്ധത്തില്‍ പങ്ക് ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് തിരുനബിﷺയുടെ സന്നിധിയിലേക്കൊരു പ്രതിനിധിയെ അയക്കുകയുണ്ടായി. 

അവര്‍ പറഞ്ഞു: തിരുദൂതരേ (ﷺ), ഞാന്‍ മദീനയിലെ സ്ത്രീകളുടെ പ്രതിനിധിയാണ്. പുരുഷന്‍മാര്‍ക്ക് അല്ലാഹു ﷻ യുദ്ധം നിര്‍ബന്ധമാക്കി.  യുദ്ധത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് പ്രതിഫലം കിട്ടും. മരിച്ചാല്‍ അവര്‍ രക്തസാക്ഷികളായി. അവര്‍ അല്ലാഹുﷻവിങ്കല്‍ ജീവിക്കുകയും അല്ലാഹു ﷻ അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്യുന്നു. ഞങ്ങള്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് വേണ്ടി നില കൊള്ളുന്നു.  ഇത്തരം പ്രതിഫലങ്ങളൊന്നും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ലല്ലോ..?!

തിരുനബി ﷺ അവരോട് പറഞ്ഞു: "നീ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകളോടും പറയുക. ഭര്‍ത്താവിനോടുള്ള കടമകള്‍ മനസ്സിലാക്കി അദ്ദേഹത്തിന് വഴിപ്പെടുന്നത് ഈ യുദ്ധത്തിന് തുല്യമാണ്. യോദ്ധാക്കളുടെ പ്രതിഫലമാണ് അവര്‍ക്ക് ലഭിക്കുക.  പക്ഷേ, ഇത് നിര്‍വഹിക്കുന്നവര്‍ നിങ്ങള്‍ സ്ത്രീകളില്‍ വളരെ ചുരുക്കം പേരാണ്..."(ത്വബ്റാനി)


ഭര്‍ത്താവിന്റെ വീട്ടില്‍

ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി വേണം ഭാര്യയുടെ ചുവടുവെപ്പുകള്‍...

ഭര്‍ത്താവിന്റെ മനസ്സ് വായിച്ചെടുക്കുക. ആഹാരം, വസ്ത്രം, മെത്തയിലെ പങ്കാളിത്തം, രതി, ഭര്‍ത്താവിന്റെ സ്വകാര്യത, വ്യക്തിത്വം, അഭിരുചി, സാമൂഹികബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍, കുടുംബസാഹചര്യങ്ങള്‍, പൊതുപങ്കാളിത്തം, സാമ്പത്തിക സ്ഥിതി, അദ്ദേഹത്തെ അലട്ടുന്ന പ്രശ്നങ്ങള്‍, അദ്ദേഹത്തിന്റെ തിരക്കും ബദ്ധപ്പാടും, പ്രശ്നബാഹുല്യങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ എല്ലാം പതുക്കെ പതുക്കെ മനസ്സിലാക്കാന്‍ ഭാര്യ ശ്രമിക്കണം.

തന്റെ ഭര്‍ത്താവ് ആരാണെറിയാതെ അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും അഭിലാഷങ്ങളും അറിയാന്‍ സാധിക്കുകയില്ലല്ലോ. പല ദാമ്പത്യങ്ങളും ആടിയുലയുകയും വീണുടയുകയും ചെയ്യുന്നത് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ഭര്‍ത്താവിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ഉത്തരവാദിത്തങ്ങളുമെല്ലാം  മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരു നല്ല ഭാര്യക്കേ ഭര്‍ത്താവിന്റെ മനസ്സറിഞ്ഞ് പെരുമാറാനും അദ്ദേഹത്തിന്റെ പൂര്‍ണതൃപ്തി കൈവരിക്കാനും സാധിക്കുകയുള്ളൂ. 

വിവാഹത്തിനുമുമ്പ് ദമ്പതിമാര്‍ തമ്മിലുള്ള അനുയോജ്യത (കഫാഅത്ത്) പരിഗണിക്കണമെന്ന് ഇസ്ലാം അനുശാസിച്ചതും ഇക്കാരണത്താലാണ്.
വിദ്യാസമ്പന്നനായ, ഭാവനയും കലാബോധവുമുള്ള ഒരു പുരുഷന്റെ ഭാര്യാപദവി ഏറ്റെടുക്കുന്ന സ്ത്രീ അദ്ദേഹത്തിന്റെ ഭാവനക്കനുസരിച്ച് ഉയരാന്‍ ശ്രമിക്കാതെ ഒരു കര്‍ഷകത്തൊഴിലാളിയുടെ ഭാര്യയെ പോലെ മൗനിയും നിഷ്ക്രിയയുമായിരുന്നാല്‍ ദാമ്പത്യജീവിതത്തില്‍ യാതൊരു സംതൃപ്തിയുമുണ്ടാവില്ല. 

ഭര്‍ത്താവും ഭാര്യയെക്കുറിച്ച് പഠിച്ച് വേണം പെരുമാറാന്‍. പ്രഥമരാത്രിയില്‍ വൈകാരികത്തള്ളിച്ചക്ക് വഴങ്ങുന്നതിന് മുമ്പ് പരസ്പരം പരിചയപ്പെടാനും, താല്‍പര്യങ്ങള്‍ അറിയാനും, ബാധ്യതകള്‍ ചര്‍ച്ച ചെയ്യാനും തയ്യാറാവുകയും ശാരീരിക ബന്ധത്തിനു മുമ്പ് മാനസികബന്ധം ദൃഢീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ രംഗത്ത് വിജയിക്കാന്‍ സാധിക്കും.


ഭര്‍ത്താവിന്റെ കുടുംബാന്തരീക്ഷമാണ് സ്ത്രീ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.  ദാമ്പത്യജീവിതത്തിന്റെ പറുദീസയില്‍ കട്ടുറുമ്പുകളായി അരിച്ചെത്താറുള്ളത്  പലപ്പോഴും നിസ്സാരമായ വീട്ടുകാര്യങ്ങളാണ്.

അമ്മായിയമ്മപ്പോരും, നാത്തൂന്‍ കുത്തും കുടുംബസാഹചര്യത്തില്‍ കുപ്രസിദ്ധമാണ്..!!

കല്യാണപന്തലിലേക്ക് കാലെടുത്തുവെക്കുന്ന മണവാട്ടിയുടെ ആദ്യചലനം തന്നെ ഭര്‍തൃമാതാവിന്റെയും സഹോദരിമാരുടെയും സൂക്ഷ്മ നിരീക്ഷണത്തിലാണ്. ആദ്യം വെച്ച കാലേതാണെന്നും, ആദ്യം ഇരുന്ന സീറ്റ് എവിടെയാണെന്നും, നവവധു പുതുവീട്ടിലെത്തിയപ്പോള്‍ ആദ്യം ചിരിച്ചതും സംസാരിച്ചതും, കല്യാണവസ്ത്രങ്ങളഴിച്ച് വെച്ചതും, ആഭരണങ്ങള്‍ സൂക്ഷിക്കുന്നതും, മണവാളനുമായി കുശലം പറയുന്നതുമൊക്കെ ഒരു സംഘം സ്ത്രീകളുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും.

താന്‍ പൊന്നുപോലെ താലോലിച്ച് വളര്‍ത്തിയ തന്റെ പുത്രന്റെ സ്നേഹ സാമ്രാജ്യത്തില്‍ കടന്ന മണവാട്ടിയോട് ഭര്‍തൃമാതാവിന് യാതൊരു വെറുപ്പുമില്ല.  മുന്‍വിധിയില്ല. അവളെ ഉപദ്രവിക്കണമെന്നോ മകന്‍ കണ്ണീര് കുടിക്കണമെന്നോ ഒരുമ്മയും ആഗ്രഹിക്കുന്നില്ല...

മറിച്ച്, മകനെ കീഴ്പ്പെടുത്തി സ്വന്തമാക്കുകയും തന്നെയും തന്റെ പെണ്‍കുട്ടികളെയും കയ്യൊഴിഞ്ഞ് മകന്‍ നവാഗതയായ പെണ്‍കുട്ടിയുടെ പൂര്‍ണ്ണനിയന്ത്രണത്തില്‍ അകപ്പെട്ടുപോകുകയും ചെയ്യുമോ എന്ന ആശങ്കയാണ് ഭര്‍തൃമാതാവിനെ അലട്ടുന്നത്.

മകന്റെ സ്നേഹവും സമ്പത്തും സൗകര്യങ്ങളും പരമാവധി ആസ്വദിക്കാനും തന്റെ പെണ്‍കുട്ടികള്‍ക്ക് അവ നേടിക്കൊടുക്കാനുമാണ് മാതാവ് ആഗ്രഹിക്കുക. ഈ ആഗ്രഹത്തിനു മുന്നില്‍ മകന്റെ പത്നി തടസ്സമാകുമോ എന്ന ഭയം സ്വാഭാവികമാണ്.  

പെണ്ണിന്റെ വശീകരണശക്തിയും കുതന്ത്രവുമൊക്കെ നന്നായി അറിയുന്ന ഈ പെൺകൂട്ടം തങ്ങളുടെ സൗകര്യം നഷ്ടപ്പെടുത്താനും തങ്ങളുടെ മകനെ, സഹോദരനെ അപ്പടിയങ്ങ് കയ്യൊഴിക്കാനും തയ്യാറാകില്ലല്ലോ...

നാട്ടില്‍ നടക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഈ ആശങ്കക്ക് സാധൂകരണം നല്‍കുന്നുമുണ്ട്. ഭാര്യയുടെ ദുര്‍മന്ത്രങ്ങളും അതിമോഹങ്ങളും കാരണം ഭര്‍ത്താവ് അവളുടെ സ്വന്തമാവുകയും പെറ്റുവളര്‍ത്തിയ മാതാവിനെ അവഗണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ എമ്പാടുമുണ്ട്. 

ഉമ്മ ശല്യമാകുന്നു, ഉമ്മ വെറുപ്പിക്കുന്നു, ഉമ്മാക്ക് എന്നും കണ്ടുകൂടാ, എന്റെ ഭാര്യയോട് വിരോധമാണ്, എന്നു പരാതി പറയുവരുണ്ട് ധാരാളം. ഇവര്‍ ആലോചിക്കണം എന്നു മുതലാണ് ഉമ്മ തന്നെ വെറുക്കാന്‍ തുടങ്ങിയത്. എന്നു മുതലാണ് ഉമ്മ ഒരു ശല്യമാണന്ന് തനിക്ക് തോന്നി തുടങ്ങിയത്.

ഒരിക്കലും ഒരുമ്മ സ്വന്തം മകനെ വെറുക്കുകയില്ല. മക്കളെ വെറുക്കാന്‍ ഒരുമ്മക്ക് കഴിയില്ല. ഏതെങ്കിലും ഉമ്മ മകനെ ശാസിക്കുകയോ മകനുമായി വഴക്കിടുകയോ ചെയ്യന്നുണ്ടെങ്കില്‍ അതിന്റെ കാരണമന്വേഷിച്ച് നോക്കൂ..  ഒന്നുകില്‍ ഉമ്മാക്ക് മകന്റെ ചലനങ്ങളിലുള്ള ആശങ്ക. മകന്‍ ദുര്‍നടപ്പുകാരനായിത്തീരുമോ, മകന്‍ ചീത്ത കൂട്ടുകെട്ടില്‍ അകപ്പെട്ട് നശിക്കുമോ എന്ന ഭയം. അല്ലെങ്കില്‍ മകന്റെ സ്വഭാവത്തില്‍ വന്ന മാറ്റം.  പെരുമാറ്റദൂഷ്യം. ഇവിടെ മകന്റെ ഭാവിയെ കുറിച്ചുള്ള ഭയമാണ് ഉമ്മയെ വ്യാകുലപ്പെടുത്തുന്നത്.

ഈ വ്യാകുലത ഇല്ലായ്മ ചെയ്യാന്‍ ദമ്പതികള്‍ ഇരുവരും നേരത്തെ തന്നെ ബോധവാന്‍മാരാകണം. ഉമ്മാക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ പരിഗണനയും സ്നേഹാദരങ്ങളും നല്‍കുകയും ഉമ്മയെ സംശയിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാക്കാതിരിക്കുകയും ചെയ്യാന്‍ ഭര്‍ത്താവ് ശ്രദ്ധിക്കണം.

സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നാണല്ലോ തിരുവചനം. ഭാര്യയുടെ സാന്നിദ്ധ്യം കൊണ്ട് ഉമ്മാക്കു നേരത്തെ ലഭിച്ചിരുന്ന സ്നേഹവും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക മാത്രമാണിതിന് പരിഹാരം. 

സഹോദരികളുടെ വിഷയത്തിലും ഇത് തന്നെയാണ് പരിഹാരം. ഇക്കാര്യം ഭാര്യയും ശ്രദ്ധിക്കണം.

ഭര്‍തൃമാതാവിന്റെയും സഹോദരിമാരുടേയും ഇഷ്ടപാത്രമാകാനുള്ള യത്നം നിരന്തരമായി ഭാര്യയുടെ ഭാഗത്തുനിന്നുണ്ടാകണം.  

ഭര്‍ത്താവിന്റെ മാതാവിനെ സ്വന്തം മാതാവായും സഹോദരിമാരെ സ്വന്തം സഹോദരിമാരായും കാണുകതന്നെ വേണം. അങ്ങനെ കാണുന്നുണ്ടെന്ന് വരുത്തി വെച്ചാല്‍ പോരാ ഭര്‍ത്താവിന്റെ കുടുംബത്തെ സ്വന്തം കുടുംബത്തെപ്പോലെ ഗണിച്ച് ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് ഇസ്ലാം സ്ത്രീയോട് നിര്‍ദ്ദേശിക്കുന്നുണ്ട്.  

ഇതു പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. ഭര്‍തൃമാതാവിന്റെ സ്നേഹം സമ്പാദിച്ച് കഴിഞ്ഞാല്‍ തന്റെ ജീവിത സുരക്ഷിതത്വത്തില്‍ മുഖ്യപങ്കാണ് നേടുന്നതെന്ന് സ്ത്രീ മനസ്സിലാക്കണം. സ്ത്രീധനപീഢനത്തിന്റെയും അമ്മായിയമ്മപ്പോരിന്റെയും നാത്തൂന്‍കുത്തിന്റെയുമൊക്കെ അടിസ്ഥാനവേരാണ് ഭര്‍തൃമാതാവ്.  അവരെ വശീകരിക്കുകയും അവരുടെ സ്നേഹം നേടുകയും ചെയ്തു കഴിഞ്ഞാല്‍ ഈ വക ആഭ്യന്തരപ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമായി.

സ്വന്തം വീട്ടില്‍ കളിച്ചുരസിച്ച് ജീവിക്കുന്ന കൌമാരപ്രായക്കാരിയായ പെണ്‍കുട്ടി ബുദ്ധിപരമായ പക്വത നേടിയിട്ടുണ്ടാകില്ല.  പതിനഞ്ചോ പതിനെട്ടോ വയസ്സുള്ളൊരു പെണ്‍കുട്ടിയുടെ ശാരീരിക മാറ്റത്തിനനുസരിച്ചാണ് മാതാപിതാക്കള്‍ വിവാഹാന്വേഷണം നടത്തുന്നത്.(വിവാഹം പതിനെട്ട് വയസ്സിനു ശേഷം)

ചില പെൺകുട്ടികളില്‍ പന്ത്രണ്ടാം വയസ്സിലും അതിനു മുമ്പും തന്നെ ശാരീരികമാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാം. രക്ഷിതാക്കള്‍ ഉടന്‍ ചിന്താമൂകരായി. ഇനി ഇവളെ കല്യാണം കഴിച്ചയക്കാനുള്ള പൈസ എങ്ങനെ ഉണ്ടാക്കും എന്ന ആധിയാണവർക്ക്. 

ആധിയുടെയും ബേജാറിന്റെയും ഒരാവശ്യവും ഇല്ല. മക്കളെ തന്ന, ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച സൃഷ്ടാവിനോട് താണ്കേണു പറയുക, അഞ്ച് വക്തിലും. നാഥൻ വഴി കാണിച്ചു തരും.., ഇൻ ശാ അല്ലാഹ്...


ഭർത്താവിനു വേണ്ടത്
          
കൃത്രിമ സൗന്ദര്യങ്ങളല്ല ഭര്‍ത്താവിന്  വേണ്ടതെന്നറിയുക. ലിപ്സ്റ്റിക്കും കൺമഷിയും തേച്ച് ചുണ്ട്‌ ചുകപ്പിച്ച് കൃത്രിമ സൗന്ദര്യമുണ്ടാക്കുന്നവര്‍ ഓര്‍ക്കുക. ഭര്‍ത്താവ് മണ്ടനല്ലെങ്കില്‍ ഈ ബ്യൂട്ടി ചമയല്‍ വിപരീതഫലമാണുണ്ടാക്കുക.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കുവേണ്ടി ഭര്‍ത്താവിന്റെ ദാരിദ്ര്യം ഓര്‍ക്കാതെ കാശ് തുലക്കുകയും ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങുകയും ചെയ്യുന്നവര്‍ പരിഹാസ്യപാത്രങ്ങളാവുകയാണ്. ഇവരോട് പുച്ഛവും നിന്ദയുമായിരിക്കും ഭര്‍ത്താവിനുണ്ടാവുക. 

യാതൊരു കൃത്രിമത്വവുമില്ലാത്ത വൃത്തിയും ശുദ്ധിയും വസ്ത്രം, ആഭരണം, തന്റെ കാര്‍കൂന്തല്‍ എല്ലാം മനോഹരമായി ക്രമീകരിക്കുകയും ദുര്‍ഗന്ധങ്ങളൊഴിവാക്കുകയും ചെയ്താല്‍ തന്നെ ഭര്‍ത്താവിന് തൃപ്തിയാകും...

ഭര്‍ത്താവിന്റെ ഇബാദത്ത്, പഠനം, വായന, ആരാധന, സമൂഹിക പ്രവര്‍ത്തനം എന്നിവക്കൊക്കെ ഒരു നല്ല ഭാര്യ സഹായിയാകണം. ഇതൊക്കെ ശീലിച്ച ഭര്‍ത്താവിനെ അതില്‍ നിന്ന്  പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ തനിക്കുതന്നെയാണ് നഷ്ടമുണ്ടാകുന്നതെന്ന്  ഓര്‍ക്കണം.

ഭര്‍ത്താവിന്റെ ഹൃദയത്തില്‍ ഇവളൊരു പിശാചാണെന്ന തോന്നല്‍, താന്‍ ഒരു പെൺപിശാചിന്റെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് ഭര്‍ത്താവ് ചിന്തിക്കുകയും തന്റെ സുഹൃത്തുക്കളോടു പറയുകയും ചെയ്യുന്ന അവസ്ഥ വരുത്തിത്തീര്‍ക്കുന്നത്‌ സ്ത്രീയുടെ ഈ സ്വഭാവദൂഷ്യമാണ്.

ഡ്യൂട്ടി കഴിഞ്ഞ് കൃത്യം മുപ്പത് മിനുട്ടിനുള്ളില്‍ വീട്ടിലെത്തണമെന്ന വാശിപിടിച്ച് പൊതുകാര്യ പ്രസക്തനും ആത്മാര്‍ത്ഥ സാമൂഹിക പ്രവര്‍ത്തകനുമായ സുഹൃത്തിനെ സ്വന്തം ഭാര്യ മൂക്കുകയറിട്ടതറിയാം.

പല ഗള്‍ഫ് ഭാര്യമാര്‍ക്കും ഭര്‍ത്താവിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളും മതഭക്തിയും ഇബാദത്തും ഉദാരശീലവുമൊക്കെ അസഹ്യമാണ്.

സ്വന്തം സഹോദരങ്ങളും കുടുംബങ്ങളുമൊക്കെ തന്റെ അന്തകരാണെന്ന തോന്നല്‍.

താനും തന്റെ ഭര്‍ത്താവും ആണ്  ദുനിയാവിന്റെ സുഖ സൗകര്യങ്ങളാക്കെയും എന്നൊരു ചിന്തയാണവര്‍ക്ക്...

സംഘടനാ പ്രവര്‍ത്തനവും ആരാധനയും കുടുംബസ്നേഹവും ഔദാര്യശീലവുമൊക്കെ ഭര്‍ത്താവിന് ഒരലങ്കാരവും മഹത്വവുമാണെന്ന് ചിന്തിക്കുവരുമുണ്ട്. അത്തരം സ്ത്രീകള്‍ക്ക് കുടുംബപ്രശ്നങ്ങളോ മാനസിക പിരിമുറുക്കങ്ങളോ ഇല്ല.

അവര്‍ സംതൃപ്തരായി ജീവിക്കുമ്പോള്‍ ഒരു വിഭാഗം ആത്മഹത്യാ ഭീഷണിയും വീര വാദങ്ങളുമായി ഭര്‍ത്താവിനെ മെരുക്കുകയാണ്. മറ്റു വഴിയില്ലാതെ ഇദ്ദേഹം ഒരു ആൾരൂപമായി പത്തിമടക്കി കഴിയുകയും ചെയ്യുന്നു.  

പക്ഷേ, സ്വന്തം വ്യക്തിത്വമുള്ളവര്‍ ഇത്തരം ഭീഷണികള്‍ അവഗണിച്ച് മുന്നോട്ടു പോകുന്നു. ഭാര്യയുടെ മുന്നില്‍ തന്റെ പുരുഷത്വം ബലികഴിച്ച് ആദര്‍ശവും വിശ്വാസവും കയ്യൊഴിച്ച് അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയാവാന്‍ ആത്മാഭിമാനവും ആദര്‍ശനിഷ്ഠയുമുള്ള പുരുഷനെ കിട്ടുകയില്ല.

ഇതു പറയുമ്പോള്‍ ഒരു കാര്യം വിസ്മരിച്ചുകൂടാ.. ഭാര്യയും കുടുംബവുമുള്ളവര്‍ അവരെ വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് കാടുകയറുന്നതും ദീനീപ്രവര്‍ത്തനത്തിന്റെയും പ്രബോധനത്തിന്റെയും സംഘടനയുടെയുമൊക്കെ പേരുപറഞ്ഞ് ഊരുചുറ്റുന്നതും ശരിയല്ല. അല്ലാഹുﷻവും റസൂലും (ﷺ) കല്പിച്ച നിര്‍ബന്ധശാസനകളില്‍ പെട്ടതു തന്നെയാണ് കുടുംബത്തെ സംരക്ഷിക്കല്‍.

അബ്ദുല്ലാഹിബിന്‍ അംറ്ബിന്‍ ആസ്വ്(റ)വിനോട് നബി ﷺ അരുള്‍ ചെയ്തു: അബ്ദുല്ലാ... നീ പകല്‍ നോമ്പനുഷ്ഠിക്കുകയും രാത്രി നിരന്തരം നിസ്കരിക്കുകയുമാണെന്ന് കേട്ടല്ലോ... അദ്ദേഹം പറഞ്ഞു: അതെ, ഞാനങ്ങനെ ചെയ്യാറുണ്ട് തിരുദൂതരേ... നബി ﷺ പറഞ്ഞു: പാടില്ല. (സുന്നത്ത്) നീ നോമ്പനുഷ്ഠിച്ചോളൂ.. ഇടക്ക് നോമ്പുപേക്ഷിക്കുകയും വേണം. നിശാനിസ്കാരം നിര്‍വഹിക്കണം. ഉറങ്ങുകയും വേണം. നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ കണ്ണിനോട് ബാധ്യതയുണ്ട്. നിന്റെ പത്നിയോടും നിനക്ക് ബാധ്യതകളുണ്ട്...(ബുഖാരി റഹ്)


ദാമ്പത്യത്തിലെ വിജയമാർഗ്ഗം
      
പുരുഷന്‍ നേരം പുലരുന്നതു മുതല്‍ സദാ തിരക്കിലാണ്. ഒന്ന് കഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയാണ് അവന്റേത്. അതിനിടയിലെ കളിതമാശകള്‍ ഒഴിച്ചാല്‍ അവന്‍ തെറ്റുകളില്‍ നിന്ന് കൂടുതല്‍ സുരക്ഷിതനാണ്.

എന്നാല്‍ സ്ത്രീകളുടെ കാര്യം മറിച്ചാണ്. തെറ്റുകളുടെ ലോകത്ത് അവളൊരിക്കലും സുരക്ഷിതയല്ല. വീട്ടിലെ നിശ്ചിത സമയത്തുള്ള തിരക്കുകളൊഴിഞ്ഞാല്‍ അവള്‍ പലപ്പോഴും തെറ്റുകളില്‍ വ്യാപൃതരാകുന്ന അവസ്ഥയാണ് വീടുകളിലുള്ളത്.

മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടെത്തലും ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ചുമാണ് പല സ്ത്രീകളും ഒഴിവു സമയങ്ങളെ പലപ്പോഴും ഉന്തിത്തള്ളുന്നത്. ഇത്തരം ചെയ്തികള്‍ പതിവാക്കുന്ന സ്ത്രീക്ക് അവളുടെ ഭര്‍ത്താവിനോട് പങ്കുവെക്കാനുള്ളതും ഇങ്ങനെയുള്ള കുറ്റവും കുറവുമായിരിക്കും.

സ്വാഭാവികമായും ക്ഷീണിച്ചു വരുന്ന ഭര്‍ത്താവിന് താല്‍പര്യമുള്ളത് കേള്‍ക്കാതിരിക്കുകയും എന്നാല്‍ ഒരിക്കലും കേള്‍ക്കാന്‍ മോഹിക്കാത്തത് കേള്‍ക്കേണ്ടിവരുന്നതിനാലും ഭാര്യയോട് അനിഷ്ടം ഉണ്ടാകുന്നു.

ഭര്‍ത്താവിന്‍റെ തൃപ്തി കരസ്ഥമാക്കുന്നിടത്ത് സ്ത്രീ പരാജയപ്പെടുമ്പോള്‍ സ്വര്‍ഗ പ്രവേശനത്തിലും സന്തോഷത്തിന്‍റെ ലോകത്തും അവള്‍ പരാജിതയാകുന്നു.

ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും സന്തോഷമാകട്ടേയെന്നും അവരെ സേവിക്കല്‍ പുണ്യമുള്ള കാര്യമാണെന്നുമുള്ള  നിയ്യത്തോട് കൂടി ഒരുഭാര്യ വീട്ടിലെ പണികള്‍ ചെയ്യുകയും അത് കഴിഞ്ഞുള്ള സമയങ്ങളില്‍ വീട്ടിലുള്ളവരെ സ്നേഹിച്ചും സേവിച്ചും ഒഴിവു സമയങ്ങളെ നീക്കുകയും ചെയ്യുമ്പോള്‍ തെറ്റുകളില്‍ വ്യാപൃതരാകുന്നതില്‍ നിന്നും അവര്‍ രക്ഷപ്പെടുന്നു. 

(അടുക്കളയിലേക്ക് കയറുമ്പോൾ തന്നെ കാണുന്ന രീതിയിൽ "നിയ്യത്ത്" എന്ന് വലുതാക്കി എഴുതിയ ഒരു ബോർഡ് തൂക്കിയിടുക, സുബ്ഹി ഒക്കെ നിസകരിച്ച് അടുക്കളയിലേക്ക് കയറുമ്പോൾ ഈ ബോർഡ് കാണുന്നു. അപ്പൊ നിയ്യത്ത് ‌വെക്കെണ്ടത്‌ ഓർമ്മ വെരും..)

ഇത്തരം ഒഴിവു സമയങ്ങള്‍ നല്ല രീതിയില്‍ ചെലവഴിക്കുന്ന സ്ത്രീക്ക് ഭര്‍തൃ സാന്നിദ്ധ്യത്തില്‍ മാനസികമായും ശാരീരികമായും അവനെ തൃപ്തിപ്പെടുത്താനാകും. ഇതിലൂടെ അവന്‍റെ പരിപൂര്‍ണ്ണ പൊരുത്തം കരസ്ഥമാകുകയും അവളുടെ സ്വര്‍ഗ പ്രവേശന സാധ്യത കൂടുകയും അവളില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്നു.

അബൂ ഹുറൈറ(റ)വില്‍ നിന്നും റിപ്പോര്‍ട്ട്: അല്ലാഹുﷻവിന്‍റെ റസൂല്‍ ﷺ യോട് ചോദിക്കപ്പെട്ടു, സ്ത്രീകളില്‍ വെച്ച് ഏറ്റവും ഉത്തമ ആരാണ്..? നബി ﷺ പറഞ്ഞു: ‘ഭര്‍ത്താവ് മുഖത്തേക്ക് നോക്കുമ്പോള്‍, ഭര്‍ത്താവിന് സന്തോഷം നൽകുന്ന, ഭര്‍ത്താവ് ഒരു കാര്യം പറഞ്ഞാല്‍ വഴിപ്പെടുന്ന, ഭര്‍ത്താവ് വെറുക്കുന്ന വിധം ശരീരത്തിലും സമ്പത്തിലും വിക്രയം ചെയ്യാത്ത സ്ത്രീ’(സുനനുല്‍ കുബ്റ; ഹദീസ് :5324)

ഒരു സ്ത്രീ ഭര്‍ത്താവിന്‍റെ മുമ്പില്‍ വിജയിയാകുന്നുവെങ്കില്‍ ജീവിതം എപ്പോഴും സന്തോഷമുള്ളതാക്കാന്‍ അവള്‍ക്കാകും. അത്  സന്തോഷത്തിന്‍റെ പാരമ്യമായ സ്വര്‍ഗം പുണരാന്‍ കാരണമാകും. മറിച്ചാണെങ്കില്‍ നരകമായിരിക്കും വാസ സ്ഥലം.

ഒഴിവു സമയം കൂടുതല്‍ കിട്ടുമ്പോള്‍ ഇതെല്ലാത്ത തെറ്റുകള്‍ക്കും സാധ്യതകൂടും. സിനിമ, സീരിയല്‍, അന്യരുമായി നേരിട്ടും ഫോണ്‍വഴിയുമുള്ള സമ്പര്‍ക്കും, ചാറ്റിംഗ്, വൃത്തികെട്ട സീനുകളും ആപ്പുകളും സൈറ്റുകളും കാണല്‍ പോലുള്ളവക്കൊക്കെയും ഒറ്റക്കിരിക്കുമ്പോള്‍ കടുത്ത പ്രേരണയുണ്ടാകും. ഇത്തരം സന്ദര്‍ഭത്തില്‍ അല്ലാഹുﷻവിനെ ഓര്‍ത്ത് ജീവിക്കാനാവണം. ഓരോ നിമിഷവും പരലോകത്ത് ഗുണപ്രദമായത് പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ വലിയ പുണ്യം നേടാനാവും.


ഭാര്യമാരുടെ ശ്രേഷ്ഠത

പത്രങ്ങളില്‍ കാണുന്ന ഒരു പരസ്യവാചകമുണ്ട്. ‘പെങ്ങളേ, ഇനി വീട്ടിലിരുന്നും പണം സമ്പാദിക്കാം, കോടിപതിയാവാം' എന്നൊക്കെ. പല തട്ടിപ്പു തരികിടകളും ചിലപ്പോഴതിനകത്ത് ഒളിഞ്ഞിരിപ്പുണ്ടാവും. 

എന്നാല്‍ ഒരു കളങ്കവും പുരളാതെ കൃത്യമായി ഓരോ വിശ്വാസിക്കും കോടികളെക്കാള്‍ വിലമതിക്കുന്ന അമൂല്യ സൗഭാഗ്യങ്ങള്‍ വീട്ടിലിരുന്നു കൊണ്ട് തന്നെ ലളിതമായി നേടാന്‍ സാധിക്കുന്ന മാര്‍ഗങ്ങള്‍ പ്രവാചകര്‍ ﷺ, മഹിളാ രത്നങ്ങള്‍ക്കായി പറഞ്ഞുവെച്ചിട്ടുണ്ട്. ഇത് നമ്മളെത്ര പേര്‍ കൃത്യമായി അറിഞ്ഞുകാണും.

ഇമാം ബൈഹഖി(റ) അസ്മാഅ്(റ)വിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്തു: നബി ﷺ സ്വഹാബികളുടെ അരികില്‍ ഇരിക്കുന്ന സമയത്ത് ഒരു സ്ത്രീ തിരുദൂതരുടെ (ﷺ) അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: "നബിയേ (ﷺ), ഞാന്‍ സ്ത്രീകളുടെ പ്രതിനിധിയായി അങ്ങയിലേക്ക് വന്നതാണ്. ഇതു കേള്‍ക്കുന്ന കിഴക്കിലും പടിഞ്ഞാറിലുമുള്ള ഏതു പെണ്ണിനും എന്‍റെ അഭിപ്രായമായിരിക്കും ഉണ്ടായിരിക്കുക. നബിയേ (ﷺ), അങ്ങയെ അല്ലാഹു ﷻ സ്ത്രീകളിലേക്കു കൂടിയാണ് അയച്ചിട്ടുള്ളത്. അങ്ങയെ ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയെ അയച്ച റബ്ബിനെ കൊണ്ടും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്ത്രീകള്‍ വീടകങ്ങളില്‍ അടച്ചിടപ്പെട്ടവരാണ്. ഞങ്ങള്‍ വീടുകളുടെ അടിത്തറകളാണ്, ആശകള്‍ വീട്ടാനുള്ള കേന്ദ്രമാണ് ഞങ്ങള്‍, കുട്ടികളെ ഗര്‍ഭം ചുമക്കുന്നവരാണ് ഞങ്ങള്‍...
 
എന്നാല്‍ പുരുഷന്മാര്‍ക്ക് ഞങ്ങളെക്കാളും ശ്രേഷ്ഠത ലഭിക്കുന്നുണ്ട്. ജുമുഅ, ജമാഅത്ത്, രോഗ സന്ദര്‍ശനങ്ങള്‍, ജനാസയോട് കൂടെ പങ്കെടുക്കുക, സുന്നത്തായ ഹജ്ജ് ചെയ്യുക ഇതുപോലോത്ത കാര്യങ്ങളാല്‍ ഞങ്ങളേക്കാളും വലിയ ശ്രേഷ്ഠതകള്‍ അവര്‍ക്ക് നേടാനാവുന്നു. പുരുഷന്മാര്‍ ഹജ്ജിനോ ഉംറക്കോ പുറപ്പെടുമ്പോള്‍ അവരുടെ സമ്പത്ത് സംരക്ഷിക്കുന്നത് ഞങ്ങളാണ്. വസ്ത്രങ്ങള്‍ തുന്നി കൊടുക്കുന്നവര്‍ ഞങ്ങളാണ്. കുട്ടികളെ പോറ്റി വളര്‍ത്തുന്നതും ഞങ്ങള്‍ തന്നെയാണ്...

പിന്നെയെങ്ങനെയാണ് നബിയേ (ﷺ), കൂലിയില്‍ പുരുഷന്മാരോട് ഞങ്ങള്‍ തുല്യരാവുന്നത്..."

ഈ ചോദ്യം കേട്ടപ്പോള്‍ നബി ﷺ സ്വഹാബത്തിലേക്ക് തിരിഞ്ഞു ചോദിച്ചു: ‘ഈ പെണ്ണ് ദീനിനു വേണ്ടി സംസാരിച്ചത് പോലെ മറ്റൊരു പെണ്ണ് സംസാരിച്ചത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?’ സ്വഹാബത്ത് ഒന്നടങ്കം പറഞ്ഞു: ‘ഇതുപോലെ ചോദിക്കുന്ന മറ്റൊരു പെണ്ണിനെ ഞങ്ങള്‍ക്കറിയില്ല’. നബി ﷺ സ്ത്രീക്കു നേരെ തിരിഞ്ഞു പറഞ്ഞു: "നീ പിരിഞ്ഞു പോയ്ക്കോ, എന്നിട്ട് നീയുമായി ബന്ധപ്പെട്ട സ്ത്രീകളോടൊക്കെ പറയൂ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ പൊരുത്തം തേടി നല്ല നിലക്ക് അദ്ദേഹത്തിന് വഴിപ്പെടുകയും നല്ല കാര്യങ്ങളില്‍ ഭര്‍ത്താവിനെ പിന്‍പറ്റുകയും ചെയ്യുന്നത് പുരുഷന്മാര്‍ക്ക് റബ്ബ് കൊടുത്ത നേട്ടങ്ങളോട് കിടപിടിക്കുന്നതാണ് എന്ന്.." ഇത് കേട്ടപ്പോള്‍ അവര്‍  സന്തോഷത്തോടെ തക്ബീറും തഹ്ലീലും ചൊല്ലി അവിടുന്ന് പിരിഞ്ഞു പോയി...(ശുഅബുല്‍ ഈമാന്‍, 11/ 77)

പുരുഷന് പുരുഷന്‍റേതായ ശ്രേഷ്ഠതകള്‍ ലഭിക്കുന്നതിന് പ്രയാസകരമായ വ്യത്യസ്ത കര്‍മ്മങ്ങളില്‍ വ്യാപൃതനാകണം. എന്നാല്‍ അതേ ശ്രേഷ്ഠത സ്ത്രീകള്‍ക്ക് ലഭിക്കണമെങ്കില്‍ അത് വീടകങ്ങളില്‍ മേല്‍ പരാമര്‍ശിച്ചപോലെ ഒതുങ്ങിയിരുന്നാല്‍ തന്നെ മതി.


അല്ലാഹുﷻവിനോടുള്ള ബാധ്യത

വെളുവെളുത്ത തുമ്പപ്പൂ പോലോത്ത തുണിയുമുടുത്താണ് അതിരാവിലെ ഭര്‍ത്താവ് പണിക്കുപോയത്. ഭര്‍ത്താവ് തിരിച്ചെത്തി വസ്ത്രം നോക്കിയപ്പോഴോ ചെളിപുരണ്ട് ചുവന്നിരിക്കുന്നു. ഉടനെ ഭാര്യ ഒന്നും നോക്കിയില്ല. അതിന്‍റെ ചേറൊക്കെ ഇളക്കിക്കഴുകി ഉണക്കിയെടുത്ത് ഇസ്തിരിയിട്ടപ്പോള്‍ അവളുടെ മനസ്സിലൊരു തോന്നല്‍!. ഞാനെന്തിന് ഇത്രയൊക്കെ ഇദ്ദേഹത്തിനായി അസ്ഥിയുരുക്കണം. ഒരു ഭര്‍ത്താവിനോട് ഒരു ഭാര്യ ഇത്രയൊക്കെ ചെയ്യേണ്ടതുണ്ടോ..?!

അഹ്മദ് ബ്നു ഹമ്പല്‍ (റ), അബ്ദുല്ലാഹി ബ്നു അബീ ഔഫ് (റ) എന്നവരെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: മുആദ് (റ) യമനിലേക്ക് വന്നപ്പോള്‍ (ശാമിലേക്കാണെന്നും അഭിപ്രായമുണ്ട്) ക്രൈസ്തവ സമൂഹം തങ്ങളുടെ പുരോഹതിന്മാര്‍ക്ക് സുജൂദ് ചെയ്യുന്നതായി കണ്ടു. മുആദ്(റ) ചിന്തിച്ചു: ‘നബിﷺതങ്ങളാണല്ലോ ഏറ്റവും ആദരിക്കപ്പെടാന്‍ അര്‍ഹര്‍’. 

പിന്നീട് മുആദ്(റ) നബിﷺയുടെ അടുക്കലേക്ക് ചെന്ന് വിഷയം പറഞ്ഞു. അവര്‍ സുജൂദ് ചെയ്യുന്നത് കണ്ടപ്പോള്‍ തനിക്ക് വന്ന ചിന്തയെയും പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: “ഞാന്‍ ഏതെങ്കിലും സൃഷ്ടികള്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുമായിരുന്നെങ്കില്‍ ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് സുജൂദ് ചെയ്യുവാന്‍  കല്‍പ്പിക്കുമായിരുന്നു.

ഭര്‍ത്താവിന് ചെയ്ത് കൊടുക്കേണ്ട ബാധ്യതകള്‍ നിറവേറ്റി കൊടുത്തിട്ടല്ലാതെ ഒരു ഭാര്യക്കും അല്ലാഹുﷻവിനോടുള്ള ബാധ്യത വീടുകയില്ല...
(മുസ്നദ് അഹ്മദ്: ഹദീസ്: 19403)

തന്‍റെ ഭര്‍ത്താവിന് വഴിപ്പെടലാണ് അല്ലാഹുﷻവിനോട് ചെയ്യേണ്ട ബാധ്യതകളില്‍ പ്രധാനം എന്ന് ഓരോ ഭാര്യയും മനസ്സിലാക്കുക.


വിധിയില്‍ ക്ഷമിക്കുക, ഭര്‍ത്താവിനെ സമാധാനിപ്പിക്കുക

ജീവിതത്തിന്‍റെ പ്രാരാബ്ധങ്ങള്‍ക്കിടയിലും ഹൃദയ സാഫല്യം തേടിയാണ് ഓരോ ഭര്‍ത്താവും വീടണയാറുള്ളത്. പ്രിയതമയായ ഭാര്യയില്‍ നിന്ന്, മക്കളില്‍ നിന്ന് സന്തോഷം നിറഞ്ഞ സ്വീകരണമായിരിക്കും അവര്‍ ആശിക്കുക. 

പക്ഷേ, ഭര്‍ത്താവ് വീട്ടിലേക്ക് കയറി വരുമ്പോള്‍ പ്രയാസങ്ങളും പ്രതിസന്ധികളും പറഞ്ഞ് അവരുടെ മനസ്സിനെ വീണ്ടും വിഷാദരാക്കുന്ന ഭാര്യമാരുണ്ട്. അവരുടെ പരാതിപ്പെട്ടി അടക്കാറില്ല.

അമ്മായിമ്മയുടെയും നാത്തൂന്മാരുടെയും കുറ്റവും കുറവും കേള്‍ക്കാത്ത ദിനങ്ങളുണ്ടാകാറില്ല. ഭര്‍ത്താവ് വാങ്ങി കൊണ്ട് വന്ന സാധനത്തിന് സൈസ് ഒക്കാറില്ല, കളര്‍ മേച്ചാകാറില്ല.. ഇങ്ങനെ തുടങ്ങി ‘മുട്ട് സൂചി വളഞ്ഞതിന്’ വരെ പരാതി ബോധിപ്പിക്കുന്നവരുണ്ട്. 

എല്ലാ വേദനകളും കടിച്ച് പിടിച്ച് ഒന്നും പറയാതിരിക്കണം എന്നല്ല ഇതിനര്‍ത്ഥം. ഭാര്യമാരുടെ എല്ലാ പരാതികളും സമര്‍പ്പിക്കേണ്ട കോടതി ഭര്‍ത്താവ് തന്നെയാണ്. പരാതി സമര്‍പ്പണങ്ങള്‍ക്ക് അതിന്‍റേതായ രീതിയിലാകണം എന്നേ ഉള്ളൂ.

ഒരു ചരിത്രം പറയാം, അനസ്(റ)വില്‍ നിന്ന് നിവേദനം:

അനസ്(റ)വിന്റെ ഉമ്മയായ ഉമ്മുസുലൈമ(റ)ക്ക് അബൂത്വല്‍ഹ (റ) എന്നവരില്‍ നിന്നുണ്ടായ മകന്‍ രോഗിയായി മരണപ്പെട്ടു. ആ സമയം അബൂത്വല്‍ഹ (റ) അവിടെയുണ്ടായിരുന്നില്ല. മഹതി  വീട്ടുകാരോട് ഇക്കാര്യം തന്‍റെ ഭര്‍ത്താവിനെ അറിയിക്കരുതെന്നും ഞാന്‍ അറിയിച്ചു കൊള്ളാം എന്നും നിര്‍ദ്ദേശിച്ചു...

അങ്ങനെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഉമ്മുസുലൈം (റ) അദ്ദേഹത്തിനുള്ള രാത്രി ഭക്ഷണം വിളമ്പി. അദ്ദേഹം സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. ശേഷം മഹതി സാധാരണയില്‍ വിപരീതമായി ഭര്‍ത്താവിനു വേണ്ടി ചമഞ്ഞൊരുങ്ങി. ഭര്‍ത്താവുമായുള്ള ശാരീരിക ബന്ധത്തിനു ശേഷം അദ്ദേഹത്തിന്‍റെ മനസ് ശാന്തമായെന്ന്  ബോധ്യപ്പെട്ടപ്പോള്‍ മഹതി ചോദിച്ചു: ‘കുറച്ച് ആളുകള്‍ അവരുടെ സ്വത്തുക്കള്‍ മറ്റു ചിലര്‍ക്ക് വായ്പ്പ കൊടുത്തു. ആ വായ്പ്പ തിരിച്ചു ചോദിക്കുമ്പോള്‍ അത് തടയാന്‍ വല്ല അവകാശവുമുണ്ടോ..?’

അബൂത്വല്‍ഹ (റ) പറഞ്ഞു: ‘ഇല്ല.’

അപ്പോള്‍ ഭാര്യ പറഞ്ഞു: ‘എന്നാല്‍ നിങ്ങളുടെ മകന്‍റെ കൂലി ആവശ്യപ്പെട്ടോളൂ. നിങ്ങളുടെ മകന്‍ മരണപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ആ കുട്ടിയെ വായ്പ്പ നല്‍കിയതായിരുന്നു. അത് തിരിച്ചു ചോദിച്ചു.’ 

ഇതു കേട്ടപ്പോള്‍ അബൂത്വല്‍ഹ(റ)വിന് ദേഷ്യം വന്നു. മഹാനവര്‍കള്‍ പറഞ്ഞു: ‘ഞാന്‍ അശുദ്ധിക്കാരനാകുന്നത് വരെ നീ മകനെ കുറിച്ച് പറഞ്ഞില്ലല്ലോ?’ 

പിറ്റേന്ന് രാവിലെ അബൂത്വല്‍ഹ(റ) റസൂലുല്ലാഹിﷺയുടെ അടുത്ത് ചെന്ന് പരാതി ബോധിപ്പിച്ചു. റസൂല്‍ ﷺ പറഞ്ഞു: ‘നിങ്ങളുടെ ഈ രാത്രിയില്‍ രണ്ട് പേര്‍ക്കും ബറകത്ത് ചെയ്യട്ടേ.’ 

അങ്ങനെ മഹതി ഗര്‍ഭിണിയായി. പിന്നീടൊരിക്കല്‍ നബിﷺയോട് കൂടെ മദീനയിലേക്കുള്ള ഒരു യാത്രയില്‍ മഹതിയും അബൂത്വല്‍ഹയും കൂടെയുണ്ടായിരുന്നു (ഉമ്മു സുലൈം നബിﷺയുടെ മാതൃസഹോദരിയാണ്). മദീനയുടെ അടുത്തെത്താറായപ്പോള്‍ മഹതിക്ക് പ്രസവ വേദനയുണ്ടായി. അബൂ ത്വല്‍ഹ(റ)വിനോട് അവിടെ നില്‍ക്കാനാവശ്യപ്പെട്ട് നബിﷺയും സംഘവും വീണ്ടും യാത്രയായി. 

 അബൂത്വല്‍ഹ(റ)വിന് സങ്കടം തോന്നി. അദ്ദേഹം മനസ്സുരുകി റബ്ബിനോട് പ്രാര്‍ത്ഥിച്ചു: ‘പടച്ചവനേ നിനക്ക് എന്നെ കുറിച്ച് അറിയാമല്ലോ, റസൂല്‍ ﷺ എവിടേക്ക് പോകുമ്പോഴും ഞാന്‍ പോകാറുണ്ട്. അവിടുന്ന് മദീനയില്‍ പ്രവേശിക്കുമ്പോള്‍ കൂടെ പ്രവേശിക്കാനാണെനിക്ക് ആഗ്രഹം. നീ ഇപ്പോള്‍ എന്‍റെ അവസ്ഥ കാണുന്നില്ലേ.’ അല്ലാഹു ﷻ ആ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. മഹതിക്ക് മുമ്പുണ്ടായിരുന്ന പ്രസവേദന കുറഞ്ഞില്ലാതെയായി. 

അങ്ങനെ അവര്‍ വീണ്ടും നബിﷺയുടെ സംഘത്തില്‍ അണി ചേര്‍ന്നു. മദീനയണഞ്ഞപ്പോള്‍ മഹതി പ്രസവിച്ചു. ഉമ്മയുടെ നിര്‍ദ്ദേശ പ്രകാരം അനസ്(റ) കുട്ടിയുമായി നബിﷺയുടെ അരികില്‍ ചെന്നു. നബി ﷺ കുട്ടിയെ മടിയില്‍ കിടത്തി അജ് വ ഈത്തപ്പഴം കൊണ്ടു വരാന്‍ കല്‍പ്പിച്ചു. അങ്ങനെ നബി ﷺ അത് വായിലിട്ട് നേര്‍പ്പിച്ച് കുട്ടിയുടെ വായില്‍ വെച്ച് കൊടുത്തു. അതിന്‍റെ മധുരം കുട്ടി നുണയാന്‍ തുടങ്ങിയപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: ‘കണ്ടോ നിങ്ങള്‍, അന്‍സ്വാരികള്‍ക്ക് ഈത്തപ്പഴത്തോടുള്ള പ്രേമം..’ അങ്ങനെ നബി ﷺ കുട്ടിയുടെ മുഖമൊന്നു തടവി. അബ്ദുല്ലാ എന്ന പേരിട്ടു.
  (ബുഖാരി, മുസ്ലിം, ഹദീസ്: 2144)

ആ മഹതിയുടെ അങ്ങേ അറ്റത്തെ ക്ഷമ ഓരോ സ്ത്രീകള്‍ക്കും പാഠമാണ്. അല്ലാഹുﷻവിന്‍റെ വിധിയില്‍ തൃപ്തിയടഞ്ഞ്, ഭര്‍ത്താവിന്‍റെ വിഷമത്തിന് ആക്കം കൂട്ടാതെ, വളരെ ബുദ്ധി പരമായി കുട്ടിയുടെ മരണ വാര്‍ത്ത അറിയിച്ച ആ മഹതിക്ക് പിന്നീട് ലഭിച്ചത് പറഞ്ഞറിയിക്കാനാവാത്ത സൗഭാഗ്യങ്ങളായിരുന്നു.

പിന്നീട് അബ്ദുല്ലാ എന്ന മകനില്‍ നിന്ന് ഒരു പണ്ഡിത ശ്രേണി തന്നെ ഉണ്ടായെന്ന് ചരിത്രത്തില്‍ കാണാം. 

ഇമാം നവവി(റ) തന്‍റെ തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തില്‍ സ്വഹീഹുല്‍ ബുഖാരിയില്‍നിന്ന് ഉദ്ധരിക്കുന്നത് ഇങ്ങനെ  കാണാം. അന്‍സ്വാരികളില്‍പെട്ട ഒരാള്‍ പറയുന്നു: അബ്ദുല്ലാഹ് (റ)വിന് ഒമ്പത് മക്കളുണ്ടായിരുന്നു. എല്ലാവരും ഖുര്‍ആന്‍ അറിയുന്നവരായിരുന്നു. ചുരുക്കത്തില്‍, ഭര്‍ത്താവിനെ വിഷമിപ്പിക്കാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭാര്യമാര്‍ക്ക് അല്ലാഹുവിന്‍റെ ഉന്നതമായ അനുഗ്രഹങ്ങള്‍ വര്‍ഷിപ്പിക്കപ്പെടും.


സ്വര്‍ഗസ്ഥരായ സ്ത്രീകള്‍

വീടിനകത്ത് ഇടിമിന്നലും ഒപ്പം മഴപ്പെയ്ത്തും നടന്നൊരു സംഭവമുണ്ട്...

കോപതാപങ്ങളുടെ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന ഭര്‍ത്താവ് ഭാര്യയെ കണക്കിന് ശകാരിക്കുകയാണ്. ഭര്‍ത്താവിന്‍റെ ദേഷ്യമറിയുന്നതിനാല്‍ ഭാര്യ എല്ലാം കേട്ടുനിന്നു. പിന്നെ മെല്ലെയൊന്ന് പുഞ്ചിരിച്ചു. അതോടെ അയാള്‍ നിന്നു കത്തുകയായി...

താനിത്രയും കയര്‍ത്തിട്ടും ചിരിച്ചു പരിഹസിക്കുകയോ..? കയ്യില്‍ കിട്ടിയ വെള്ളക്കലമെടുത്ത് ഭാര്യയുടെ തലയിലൊഴിച്ചു അയാള്‍. അവള്‍ ഒന്നുകൂടി പുഞ്ചിരിച്ച് സൗമ്യയായി പറഞ്ഞു: ‘ഇടിമിന്നലിനൊപ്പം ഒരു മഴ ഞാന്‍ പ്രതീക്ഷിച്ചതു തന്നെയായിരുന്നു.’ ഇതു കേട്ട് ഭര്‍ത്താവ് അലിഞ്ഞു. അവളോടൊപ്പം ചിരിച്ചു. ആര്‍ത്തലച്ചു വന്ന കോപം ഉരുക്കുകയായിരുന്നു സമര്‍ത്ഥയായ ഭാര്യ. അവളും ഭര്‍ത്താവിനെ പോലെ അക്ഷമ കാണിച്ചിരുന്നെങ്കിലോ..?! ശുഭ പര്യവസാനമായിരിക്കില്ലെന്നുറപ്പാണ്.

ഇബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: ഒരിക്കല്‍ നബി ﷺ ചോദിച്ചു: ‘നിങ്ങള്‍ക്ക് ഞാന്‍ സ്വര്‍ഗക്കാരെ കുറിച്ച് പറഞ്ഞുതരട്ടെയോ?’ ഞങ്ങള്‍ അതേയെന്നറിയിച്ചു. നബി ﷺ പറഞ്ഞു: ‘നബിയും സിദ്ദീഖും (സത്യം അധികരിച്ചവനും) അല്ലാഹുﷻവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായവനും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മരണപ്പെട്ട കുട്ടിയും മിസ്റിന്‍റെ ഭാഗങ്ങളിലുള്ള (വിദൂര സ്ഥലങ്ങളിലുള്ള) സുഹൃത്തിനെ അല്ലാഹുﷻവിന്‍റെ പ്രീതി കാംക്ഷിച്ച്  സന്ദര്‍ശിക്കുന്നവനും സ്വര്‍ഗത്തിലാണ്. ഭര്‍ത്താവ് ദേഷ്യപ്പെട്ടാലും അവന്‍റെ കൈ പിടിച്ച് നിങ്ങള്‍ പൊരുത്തപ്പെടാതെ ഞാനുറങ്ങില്ലെന്നു പറയുന്ന, ഭര്‍ത്താവിനെ അതിരറ്റ് സ്നേഹിക്കുകയും നല്ലവണ്ണം ഉപകാരം ചെയ്യുന്നതുമായ ഭാര്യമാരും സ്ത്രീകളില്‍ നിന്ന് സ്വര്‍ഗത്തിലാണ്’(ഇമാം ബൈഹഖി-ശുഅബുല്‍ ഈമാന്‍: 11/171)

ഒരു സ്ത്രീയെ പൂര്‍ണയാക്കുന്നത് ഗര്‍ഭധാരണവും പ്രസവവുമാണെന്നു പറയാറുണ്ട്. ഗര്‍ഭമെന്നത് കേവലമൊരു ഭാരം ചുമക്കലാണെന്നും പ്രസവ വേദനയും കുട്ടിയുടെ ശുശ്രൂഷകളുമൊക്കെ പെണ്ണിന് തീരാ ദുരിതവുമാണെന്നു ധരിച്ചവര്‍ ഇല്ലാതിരിക്കില്ല. 

ഓരോ പ്രസവത്തിലും ഒരു പുരുഷനും ലഭിക്കാത്ത അമൂല്യമായ ഗുണവിശേഷണങ്ങള്‍ക്കാണ് അവള്‍ ഉടമയായിത്തീരുന്നത്. 

അനസ് ബ്നു മാലിക്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്. നബിﷺയുടെ ഇബ്റാഹീം എന്ന മകന്‍റെ പോറ്റുമ്മയായ സലാമത്ത് (റ) എന്ന മഹതി തിരുദൂതര്‍ ﷺ യോട് ചോദിച്ചു: ‘അങ്ങ് പുരുഷന്മാര്‍ക്ക് എല്ലാവിധ നന്മകള്‍ കൊണ്ടും സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ടല്ലോ. പക്ഷേ, സ്ത്രീകള്‍ക്ക് അങ്ങനെയൊന്നു കേള്‍ക്കുന്നില്ലല്ലോ!’ ഇതു കേട്ട് നബി ﷺ ചോദിച്ചു: ‘ഇതറിയാന്‍ വേണ്ടി  കൂട്ടുകാരികള്‍ നിന്നെ രഹസ്യമായി വിട്ടതാണോ’ മഹതി പറഞ്ഞു: ‘അതേ, അവര്‍ എന്നോട് നിര്‍ദേശിച്ചതാണ്.’ അപ്പോള്‍ അവിടുന്ന് (ﷺ) പറഞ്ഞു: ‘ഭര്‍ത്താവ് തൃപ്തിപ്പെട്ടവളായിരിക്കെ നിങ്ങളില്‍ ഒരുത്തി ഗര്‍ഭം ചുമന്നാല്‍ നോമ്പെടുത്ത് അല്ലാഹുﷻവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവനു കിട്ടുന്നത് പോലെയുള്ള പ്രതിഫലം അവള്‍ക്ക് ലഭിക്കുന്നത് നിങ്ങള്‍ തൃപ്തിപ്പെടുന്നില്ലയോ? അങ്ങനെ അവള്‍ക്ക് പ്രസവ വേദന വന്നാല്‍ അല്ലാഹു ﷻ കണ്‍കുളിര്‍മയായി ഒരുക്കിവച്ച കാര്യം ആകാശ ഭൂമിയിലുള്ളവരറിയുന്നില്ല. പ്രസവിച്ചാല്‍ അവളില്‍ നിന്ന് കുട്ടി കുടിക്കുന്ന ഓരോ ഇറക്ക് പാലിനും പകരമായി മഹത്തായ നന്മ അവള്‍ക്ക് ലഭിക്കും. ഈ കുട്ടി കാരണമായി അവള്‍ ഉറക്കമൊഴിച്ചാല്‍ അല്ലാഹുﷻവിന്‍റെ മാര്‍ഗത്തില്‍ 70 അടിമകളെ മോചിപ്പിച്ചതിന്‍റെ പ്രതിഫലമുണ്ട്. സലാമത്തേ, ഇതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ആരെയാണെന്ന് നിനക്കറിയാമോ? (ഈ ഗുണങ്ങളൊക്കെയും ലഭിക്കുന്നത്) ഭര്‍ത്താവിന് വഴിപ്പെടുന്ന നല്ലവരായ ഭാര്യമാര്‍ക്കാണ്.(ഇമാം ത്വബറാനി - മുഅ്ജമുല്‍ ഔസത്വ്, ഹദീസ്: 6733)


മഹിളകളിലെ അത്യുത്തമര്‍

നന്മകളില്‍ മഹിളകള്‍ ഒരിക്കലും പിന്തള്ളപ്പെടരുതെന്ന നിര്‍ബന്ധം ഇസ്ലാമിനുണ്ട്. പരലോകത്ത് ഒന്നാമതെത്തുന്നവരില്‍ അവരുമുണ്ടാകണം. അവിടെ അധമ സ്ത്രീകളും ഉത്തമ സ്ത്രീകളും നിരന്നു നില്‍പ്പുണ്ടാകും. അതില്‍ ഉത്തമ സ്ത്രീകളുടെ നിരയില്‍ സ്ഥാനം ലഭിക്കുന്നതെങ്ങനെ..?

അബൂഹുറൈറ(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്. റസൂൽ ﷺ യോട് ചോദിക്കപ്പെട്ടു: സ്ത്രീകളില്‍ വച്ച് ഏറ്റവും ഉത്തമ ആരാണ്..? അവിടുന്ന് (ﷺ) പറഞ്ഞു:  ‘ഭര്‍ത്താവ് മുഖത്തേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷം നല്‍കുന്ന, അദ്ദേഹം ഒരു കാര്യം പറഞ്ഞാല്‍ വഴിപ്പെടുന്ന, ഭര്‍ത്താവ് വെറുക്കുന്ന കാര്യം കൊണ്ട് ശരീരത്തിലും സമ്പത്തിലും എതിരാകാത്ത ഭാര്യ’(ഇമാം നസാഈ - സുനനുല്‍ കുബ്റ, ഹദീസ്: 5324)

ഇബ്നു ഉമര്‍(റ)വിനെ തൊട്ട് ഉദ്ധരണം. നബി ﷺ പറയുന്നു: ‘നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. അവരവരുടെ ഭരണീയരെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നേതാവ് ഭരണകര്‍ത്താവാണ്, പുരുഷന്‍ അവന്‍റെ കുടുംബക്കാരുടെ ഭരണകര്‍ത്താവാണ്. സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്‍റെ വീടിന്‍റെയും മക്കളുടെയും ഭരണകര്‍ത്താക്കളാണ്. എല്ലാവരും അവരവരുടെ ഭരണീയര്‍ക്ക് എന്ത് ചെയ്തുവെന്ന് നാളെ ചോദിക്കും.(സ്വഹീഹുല്‍ ബുഖാരി, ഹദീസ്:  5200)

ഖിയാമത്ത് നാളില്‍ ഒരു പെണ്ണിനോട് ആദ്യം ചോദിക്കുന്നത് അഞ്ച് വഖ്ത് നിസ്കാരമാണ്. രണ്ടാമതായി ചോദിക്കുന്നത് ഭര്‍ത്താവിനോട് ചെയ്യേണ്ട ബാധ്യതകളെ കുറിച്ചും...(ഇബ്നുഹജര്‍ ഹൈതമി - അസ്സവാജിര്‍: 2/76)

അബൂഹുറൈറ(റ)വില്‍ നിന്ന്. നബി ﷺ പറയുകയുണ്ടായി: ‘ഭര്‍ത്താവ് ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും പ്രത്യേക കാരണമില്ലാതെ അവള്‍ വിസമ്മതിക്കുകയും ദേഷ്യത്തോടെ ഭര്‍ത്താവ് അന്തിയുറങ്ങുകയും ചെയ്താല്‍ നേരം വെളുക്കും വരെ അവളുടെ മേല്‍ മലക്കുകളുടെ ശാപം ഉണ്ടാകുന്നതാണ്.(സ്വഹീഹുല്‍ ബുഖാരി, ഹദീസ്: 3237)

ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ താളപ്പിഴകളുണ്ടാക്കുന്ന എല്ലാം ഇസ്ലാം വിലക്കുകയും ഹൃദയച്ചേര്‍ച്ചയുണ്ടാക്കുന്ന നന്മകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പരസ്പര സഹകരണവും ഇണയെ മനസ്സിലാക്കാനുള്ള സന്നദ്ധതയുമാണ് ദാമ്പത്യത്തെ വിജയത്തിലെത്തിക്കുക.




ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം എന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


അബൂബക്കർ അഹ്‌സനി പറപ്പൂർ

No comments:

Post a Comment