Wednesday 8 June 2016

പലിശ അറിയേണ്ടതെല്ലാം



എന്താണ് പലിശയുടെ നിർവചനം


വാങ്ങിയ തുകയേക്കാൾ അധികം നൽകണമെന്നുള്ള വ്യവസ്ഥയോടെ അവധി നിശ്ചയിച്ചു നൽകപ്പെടുന്ന കടത്തിന്റെ പേരാണ് പലിശ.അതിനി പലിശ ആവണമെങ്കിൽ കൊടുത്ത രൂപ തന്നെ ആവണമെന്നില്ല. മറിച്ച് അതിനു ഉപോൽ ബലകമായി എന്ത് തന്നെ സാധനം കിട്ടിയാലും അത് പലിശ തന്നെ .

പലിശ സംബന്ധമായി ഇസ്‌ലാമിന്റെ വീക്ഷണം വളരെ വ്യക്തമാണ്. അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഖുര്‍ആനും സുന്നത്തും ഫിഖ്ഹും ഈ വിഷയത്തില്‍ നിലപാടുകളറിയിച്ചിട്ടുണ്ട്. 

അല്ലാഹു പറയുന്നു: ‘അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’ (വി.ഖു 2/275)  


പലിശ ഭക്ഷിക്കുന്നവനെയും അതു ഭിക്ഷിപ്പിക്കുന്നവനെയും അത് രേഖപ്പെടുത്തുന്നവനെയും അതിന്റെ സാക്ഷികളെയും അല്ലാഹുവിന്റെ തിരുദൂതര്‍ (സ) ശപിച്ചിട്ടുണ്ടെന്നതാണ് ഹദീസുകളുടെ അധ്യാപനം. 


രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനങ്ങള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് രക്ഷിതാവിങ്കല്‍ അവരഹ്ഹിക്കുന്ന പ്രതിഫലമുണ്ട് അവര്‍ക്ക്. അവര്‍ക്ക് ഭയമേതുമില്ല. അവര്‍ ദുഃഖിക്കേണ്ടതുമില്ല.  പലിശ ഭക്ഷിക്കുന്നവന്‍  പിശാചു ബാധ എഴുന്നേല്‍ക്കുന്നത് പോലെ (വേച്ച് വേച്ച്) ആയിരിക്കും (പുനരുത്ഥാന നാളില്‍ ) എഴുന്നേല്‍ക്കുക. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്നും വാദിച്ചതു കൊണ്ടാണ്  അവര്‍ക്കീഗതി വന്നു പെട്ടത്. അല്ലാഹു അനുവദനീയമാക്കുകയും  പലിശ നിഷിമാക്കുകയും ചെയ്തിരിക്കുന്നു. 

ഒരാള്‍ക്ക് തന്റെ രക്ഷിതാവിന്റെ പക്ക്‌ലല്‍ നിന്നുള്ള ഉപദേശം വന്നു കിട്ടുകയും (പലിശയടപാടില്‍ നിന്ന്) അവന്‍ വിരമിക്കുകയും ചെയ്താണ്. അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഇനി ആരെങ്കിലും (പലിശ ഇടപാടിലേക്ക്) മടങ്ങുന്നുവെങ്കില്‍ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ സാശ്യത വാസികളായിരിക്കും.


സത്യ വിള്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുകയും പലിശ നയത്തില്‍ (ജനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടാന്‍) ബാക്കിയുള്ളത് ഉപേക്ഷിക്കുകയും ചെയ്യുക, നിങ്ങള്‍ സത്യ വിശ്വാസികള്‍ തന്നെയാണെങ്കില്‍, എന്നാല്‍ അങ്ങനെ നിങ്ങള്‍ ചെയ്യുന്നില്ലങ്കിലോ, അല്ലാഹുവിങ്കല്‍ നിന്നും അവന്റെ ദൂതനില്‍ നിന്നും (നിങ്ങള്‍ക്കെതിരില്‍) യുദ്ധപ്രഖ്യാപനമുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക. നിങ്ങള്‍ പാശ്ചാതപിച്ചു മടങ്ങുന്നുവെങ്കില്‍ നിങ്ങളുടെ  മൂലധനം തിരിച്ചെടുക്കാവുന്നതാണ്. (പലിശ വാങ്ങി) നിങ്ങള്‍ അക്രമിക്കുകയോ അക്രമിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ല. (പലിശ വാങ്ങി നിങ്ങള്‍ കടക്കാരെ ഉപദ്രവിക്കരുത്). (നിങ്ങളുടെ കടക്കാരില്‍) ആരെങ്കിലും ഞെരുക്കതിത്താലാണെങ്കില്‍ അവന് ആശ്വാസമുണ്ടാക്കുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അത് ദാനമായി നിങ്ങള്‍ വിട്ട് കൊടുക്കുകയാണെങ്കങ്കില്‍ അതാവുന്നു നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം. നിങ്ങള്‍ ഗ്രഹിക്കുന്നവരെങ്കില്‍ നിങ്ങള്‍ അല്ലാഹപവിങ്കലേക്ക് കടക്കപ്പെടുന്ന നാളിനെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. പിന്നീട് ഓരോരുത്തരും അദ്ധ്വാനിച്ചതിനുള്ള പ്രതിഫലം പൂര്‍ണ്ണമായും നല്‍കപ്പെടും. അവര്‍ ഒരിക്കലും അക്രമിക്കപ്പെടുകയില്ലല്ല.’ അല്‍ ബഖറ (274-285)


അബൂഹുറൈറ (റ) ഉദ്ധരിച്ച ഹദീസില്‍ തിരുമേനി (സ) പറയുന്നു:  ‘പിലിശ എഴുപത് ഭാഗമാണ്. അവയില്‍ ഏറ്റവും ലഘുവായത് ഒരാള്‍ തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്യമാണ്.’ (ഇബ്‌നു മാജ).


നബി (സ) പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് കടം കൊടുത്താല്‍ അവനില്‍ നിന്നവന്‍ സമ്മാനം സ്വീകരിക്കരുത്. (മിശ്കാത്ത്).


അനസ് (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ നബി (സ) പറയുന്നു: ‘നിങ്ങളില്‍ ~ഒരാള്‍ വല്ല കടവും നല്‍കിയാല്‍ കടം വാങ്ങിയവന്‍ അവന് വല്ലതും സമ്മാനിക്കുകയോ അവനെ വാഹനത്തില്‍ കയറ്റുകയോ ചെയ്യുന്നുവെങ്കില്‍ ആ വാഹനപ്പുറത്ത് അവന്‍ കയറുകയോ ആ സമ്മാനം സ്വീകരിക്കുകയോ ചെയ്യരുത്; അതിന് മുമ്പ് അങ്ങനെ പതിവുണ്ടെങ്കിലൊഴികെ.’ (ഇബ്‌നുമാജ, ബൈഹഖി)


ബുഖാരി (റ)ഉദ്ധരിച്ച ഒരു ഹദീസില്‍ അബ്ദുല്ലാഹിബ്‌നു സലാം (റ) അബൂബക്കര്‍ (റ) നോട് പറഞ്ഞു: ‘പലിശ വ്യാപിച്ച ഒരിടത്താണ് താങ്കളിപ്പോഴുള്ളത്. അതിനാല്‍ താങ്കള്‍ക്ക് വല്ല വ്യക്തിയില്‍ നിന്നും വല്ല കടവും കിട്ടാനുണ്ടെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ഒരു ചുമട് വൈക്കോലോ ഒരു ചുമട് യവമോ ~ഒരു ചുവട് ക്ലോവര്‍ ചെടിയോ സമ്മാനിക്കുന്നുവെങ്കില്‍ താങ്കളത് സ്വീകരിക്കരുത്. എന്തുകൊണ്ടെന്നാല്‍ അത് പലിശയാകുന്നു’ (ബുഖാരി റഹ് 3814).


ഇബ്നു മസ്ഊദ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ‘‘ലോകം തകരുവാനടുക്കുമ്പോള്‍ പലിശയും വ്യഭിചാരവും മദ്യവും വ്യാപകമാവുകയും പ്രകടമാവുകയും ചെയ്യും” (ത്വബ്റാനി റഹ്).


ഹദീസില്‍ ഇങ്ങനെ കാണാം: ‘‘സമുദായത്തില്‍ ഒരു കാലം വരുന്നുണ്ട്. ഭരണാധികാരികള്‍ അനീതി ചെയ്യുന്നവരും പണ്ഡിതര്‍ ദുരാര്‍ത്തികളും ഭക്തജനങ്ങള്‍ നാട്യക്കാരും കച്ചവടക്കാര്‍ പലിശ ഭുജിക്കുന്നവരും സ്ത്രീകള്‍ ഭൗതിക സൗന്ദര്യങ്ങളില്‍ രമിക്കുന്നവരുമായ ഒരു കലികാലം.”


ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്ത തിരുവാക്യത്തില്‍ ഇതു കാണാം. പലിശയുമായി ബന്ധപ്പെടുന്ന വീട്, വാഹനം, സ്ഥാപനം, കച്ചവട സംരംഭങ്ങള്‍, വ്യക്തികള്‍ ജീവിത സുഖമനുഭവിക്കാതെ സദാനേരവും പ്രപഞ്ചനാഥനുമായി യുദ്ധത്തിലേര്‍പ്പെടുകയാണ്.


അഞ്ചു പാപങ്ങള്‍ നിമിത്തം അഞ്ചു ഭീകരാവസ്ഥകളുണ്ടാകുന്നു. പലിശ ഭോജനം നിമിത്തം ഭൂമി കുലുക്കവും പിളരലും സംഭവിക്കുന്നു; ഭരണാധികാരികള്‍ അക്രമികളായാല്‍ മഴ താളം തെറ്റും; വ്യഭിചാരം പരസ്യമായാല്‍ മരണസംഖ്യയേറും; സകാത്ത് നല്‍കാതിരുന്നാല്‍ കാലികള്‍ ചത്തൊടുങ്ങും; അഭയാര്‍ത്ഥികളോട് സംരക്ഷണമേറ്റെടുത്ത പൗരന്മാരോട് അനീതി ചെയ്താല്‍ രാജ്യം അവരുടേതായി മാറും” (ഹദീസ്).


തിരുദൂതര്‍(സ്വ) താക്കീതു ചെയ്യുന്നു: ‘‘വ്യഭിചാരവും പലിശയും ഒരു ഗ്രാമത്തില്‍ പരസ്യമായാല്‍ അവര്‍ അല്ലാഹുവിന്റെ ശിക്ഷ ചോദിച്ചുവാങ്ങുകയാണ്” (ത്വബ്റാനി റഹ്).


ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും പ്രവാചകന്‍ ശപിച്ചിരിക്കുന്നു. (മുസ്ലിം) 'അതിന്റെ സാക്ഷികളെയും എഴുത്തുകാരനെയും ശപിച്ചിട്ടുണ്ട് 


സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.(3-130)


പലിശ അവര്‍ക്ക്‌ നിരോധിക്കപ്പെട്ടതായിട്ടും, അവരത്‌ വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ്‌ (അത്‌ നിഷിദ്ധമാക്കപ്പെട്ടത്‌.) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക്‌ നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌.(4 - 161)


ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക്‌ കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത്‌ വളരുകയില്ല. അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട്‌ നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.(30- 39)


"പലിശ  എഴുപത്തിമൂന്ന്  തരമാണ്. അതിൽ ഏറ്റവും ചെറുത് ഒരാൾ തന്റെ മാതാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു തുല്യമാണ്." [സുനൻ ഇബ് നു മാജ 12.2360] 


നബി(സ) പറഞ്ഞതായി അബ്ദുല്ലാഹി ഇബ്‌നു ഹൻ‌ഹില ഉദ്ധരിക്കുന്നു. അറിഞ്ഞുകൊണ്ട് ഒരാൾ ഭക്ഷിക്കുന്ന ഒരു പലിശ ദിർഹം മുപ്പത്തിയാറ് തവണ വ്യഭിചരിക്കുന്നതിനേക്കാൾ ഗുരുതരമാവുന്നു. (അഹമ്മദ്, ദാറു ഖുത്നി, മിശ്കാത്ത്)


ഒരു ചരിത്രം വായിക്കുക 


അല്ലാമാ ഇബ്നുഹജര്‍ അല്‍ഹൈതമി(റ) ചെറുപ്പത്തില്‍ തന്റെ പിതാവിന്റെ ഖബ്റിന്നരികില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പോകാറുണ്ടായിരുന്നു. ഒരു റമളാനില്‍, സ്വുബ്ഹ് നിസ്കാരാനന്തരം ഇരുട്ടു നീങ്ങുന്നതിനു മുന്പേ ഖബ്റിടത്തില്‍ പോയതായിരുന്നു. ഒടുവിലത്തെ പത്തില്‍ ലൈലത്തുല്‍ ഖദ്റിനോടനുബന്ധിച്ച പ്രഭാതമായിരുന്നു അത്. അങ്ങനെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഖബ്റിങ്കല്‍ ഇരുന്നു; കുറച്ച് ഓതി. ശ്മശാനത്തില്‍ അപ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല.


പെട്ടന്നതാ ആഹ്, ആഹ് എന്ന കരച്ചില്‍ കേള്‍ക്കുന്നു! ശക്തിയായ കരച്ചിലും തേങ്ങലുമായിരുന്നു അത്. ബാലനായിരുന്ന ഇബ്നു ഹജറിനു ഭയമായി. തൊട്ടപ്പുറത്ത് ചുണ്ണാന്പും സിമന്‍റും ഉപയോഗിച്ച് പണിതുയര്‍ത്തിയ, വെള്ളപൂശിയ ഒരു ഖബ്റില്‍ നിന്നായിരുന്നു ആ ഭയങ്കര ശബ്ദം. ഓത്ത് നിറുത്തി ശബ്ദം ശ്രദ്ധിച്ചു. ഖബ്റിനകത്തു നടക്കുന്ന ശിക്ഷയുടെ ഭീകര ശബ്ദം അദ്ദേഹം തിരിച്ചറിഞ്ഞു. ആരെയും നടുക്കുന്ന ദീനസ്വരം. ഹൃദയം വിറപ്പിക്കുന്ന അലമുറ. കുറച്ച് നേരം കേട്ടുനിന്നു. അപ്പോഴേക്കും നേരെ വെളുത്തു തുടങ്ങിയിരുന്നു. ഖബ്റില്‍ നിന്നുയര്‍ന്ന ആ ഭീകര ശബ്ദം അല്‍പം കുറഞ്ഞു. 


അതിലൂടെ കടന്നുപോയ പരിസരവാസിയോടു ഇബ്നു ഹജര്‍ അതാരുടെ ഖബ്റാണെന്ന് അന്വേഷിച്ചറിഞ്ഞു. ചെറുപ്പത്തില്‍ താന്‍ സ്ഥിരമായി കാണാറുള്ള വ്യക്തിയുടേതാണെന്ന് മനസ്സിലായി. അയാള്‍ ജമാഅത്തും ഇഅ്തികാഫും മറ്റുമായി മസ്ജിദില്‍ എപ്പോഴും ഉണ്ടാകാറുള്ളയാളായിരുന്നു. മൗനിയായിരുന്നു; മറ്റുള്ളവരെക്കുറിച്ച് ദുഷിച്ചു പറയുക പോലുള്ള കാര്യങ്ങള്‍ക്ക് വാ തുറക്കാറില്ലായിരുന്നു. അദ്ദേഹമാണ് ഖബ്റില്‍ ഭയങ്കര ശിക്ഷക്കു വിധേയമാകുന്നത്?! 


എല്ലാവര്‍ക്കുമറിയാം അദ്ദേഹത്തിന്റെ നല്ല നടപ്പ്. എന്നിട്ടുമെന്തേ ഇങ്ങനെയായി എന്ന ചോദ്യം ഇബ്നു ഹജറിനകത്തു വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. ഈ മനുഷ്യന്റെ ഖബ്ര്‍വാസം ഇത്ര കഷ്ടതരമായതിന്റെ കാര്യം കണ്ടെത്താന്‍ അദ്ദേഹം അന്വേഷണം പുരോഗമിപ്പിച്ചു. അയാളുടെ സ്വകാര്യ യാഥാര്‍ത്ഥ്യങ്ങളറിയുന്ന ചിലരോടു തുറന്നു ചോദിച്ചു. അപ്പോഴല്ലേ കഥ പുറത്തുവന്നത്, അയാള്‍ക്ക് പലിശ ഭുജിക്കുന്ന പതിവുണ്ടായിരുന്നു!! 

അദ്ദേഹം ആദ്യനാളുകളില്‍ ഒരു കച്ചവടക്കാരനായിരുന്നു. പ്രായമായപ്പോഴും കച്ചവടച്ചരക്കുകള്‍ എന്തൊക്കെയോ ബാക്കിയുണ്ടായിരുന്നു. അതു കച്ചവടം ചെയ്ത് ജീവിക്കുന്നതിനു പകരം മെനക്കെടാതെ തിന്നാന്‍, ദുഷ്ട ശരീരം അയാളെ പലിശയിടപാടു നടത്താന്‍ പ്രേരിപ്പിച്ചു, പിശാചും സമ്മര്‍ദ്ദം ചെലുത്തി. അങ്ങനെ അയാള്‍ പലിശയിടപാടിലൂടെ ലഭിച്ച പണം ഉപയോഗിച്ചായിരുന്നു അന്ത്യനാളുകളില്‍ ഭക്ഷിച്ചിരുന്നത്!! വിശുദ്ധ റമളാനില്‍, ലൈലത്തുല്‍ ഖദ്റില്‍ പോലും ശിക്ഷിക്കപ്പെടുന്ന ഭീകര പതനത്തിലേക്ക് അയാളെ എത്തിച്ചത് പലിശയുമായുള്ള തന്റെ ബന്ധമായിരുന്നു. (സൈനുദ്ദീന്‍ മഖ്ദൂം തന്റെ ഗുരുനാഥന്‍ പറഞ്ഞുകൊടുത്ത അനുഭവം ഇര്‍ശാദില്‍ എഴുതിയത്).


ഇനി തുഹ്ഫയിൽ നോക്കാം 


‘ഇടപാടുകളുടെ സമയത്ത് ശറഇന്റെ മാനദണ്ഡമനുസരിച്ച് അളവ് അറിയപ്പെടാതെയോ കൈമാറ്റ വസ്തുക്കളില്‍ രണ്ടും തന്നെയോ അല്ലെങ്കില്‍ ഒന്നുമാത്രമോ പിന്നിപ്പിച്ചുകൊണ്ടോ പ്രത്യേക വിനിമയവസ്തുക്കളില്‍ നടത്തുന്ന ഇടപാടാണ് പലിശ’. (തുഹ്ഫ: 4/272).

ഈ നിര്‍വ്വചനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുതരം പലിശകള്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.


1. അന്യോന്യം പകരം നല്‍കപ്പെടുന്ന വസ്തുക്കളില്‍ ഒന്നിനെ മറ്റേതിനെക്കാള്‍ വര്‍ദ്ധിപ്പിക്കുന്ന അധികപ്പലിശ.

2. വസ്തുവും വിലയും പരസ്പരം കൈമാറുന്നതിന് മുമ്പ് ഇടപാട് നടത്തിയവരില്‍ ഒരാള്‍ സദസ്സ് വിട്ടുപിരിയുമ്പോഴുണ്ടാവുന്ന കൈപലിശ.

3. പരസ്പരം വിനിമയം ചെയ്യപ്പെടുന്ന രണ്ടു വസ്തുക്കളില്‍ ഒന്നില്‍ മാത്രം അവധി നിശ്ചയിക്കുന്ന  അധികപ്പലിശ. (ഫത്ഹുല്‍ മുഈന്‍)

ഈ തരം തിരുവുകള്‍ക്ക് തിരുമേനിയുടെ വ്യക്തമായ ഹദീസ് സാക്ഷ്യമുണ്ട്. നബി (സ) പറയുന്നു:  പൊന്നിനു പകരം പൊന്നും വെള്ളിക്കു പകരം ഗോതമ്പിന് പകരം ഗോതമ്പും യവത്തിനു പകരം യവവും കാരക്കക്കു പകരം കാരക്കയും ഉപ്പിനു പകരം ഉപ്പും സമത്തിന് സമമായും റൊക്കത്തിന് റൊക്കമായും കൈക്ക് കൈയ്യായുമല്ലാതെ നിങ്ങള്‍ വില്‍ക്കരുത്. ഇവയില്‍ ഒരിനം മറ്റൊരിനത്തിന് പകരം  വില്‍ക്കുന്ന പക്ഷം റൊക്കത്തിന് റൊക്കമായി നിങ്ങള്‍ ഉദ്ദേശിക്കും വിധം വിറ്റുകൊള്ളുക. നിരവധി മസ്അലകളടങ്ങിയ ഈ ഹദീസിന്റെ വിശകലനം ദൈര്‍ഘ്യം ഭയന്ന് ഒഴിവാക്കുന്നു.

ഈ ഹദീസിന്റെ വെളിച്ചത്തിലുള്ള മൂന്നു തരം പലിശകള്‍ക്ക് പുറമെ നാലാമതായി പണ്ഡിതന്മാര്‍ മറ്റൊരിനം പലിശ കൂടി എണ്ണുന്നുണ്ട്; കടപ്പലിശ. കടം കൊടുത്തവന് ആധാരം ലഭിക്കാനുപയുക്തമായ വ്യവസ്ഥ വെക്കലാണത്. (ഫത്ഹുല്‍ മുഈന്‍).

തിരുമേനി (സ) യുടെ തിരുവാക്യങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. : ‘ഉപകാരം പ്രതീക്ഷിച്ചുള്ള എല്ലാ കടവും പലിശയാകുന്നു.’



പലിശയുമായിട്ടുള്ള എല്ലാ കാര്യങ്ങളും ഹറാമാണ്‌ എന്ന് കേട്ടിട്ടുണ്ട്, എന്റെ പണമിടപാടെല്ലാം ബാങ്ക് വഴിയാണ്, അതില്‍ ബാലന്‍സ് ഉള്ള കാശിനു പലിശ വരുന്നുണ്ട് അതു എടുത്ത് പൊതു ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന വിധത്തില്‍ ചെലവ് ചെയ്യുന്നതിന്‍റെ വിധിയെന്താണ്. അതല്ലെങ്കില്‍ അത് എടുക്കാതെ അക്കൌണ്ടില്‍ തന്നെ ഉപേക്ഷിക്കല്‍ അനുവദനീയമാണോ?

പലിശ ഹറാമാണെന്നതില്‍ സംശയമില്ല. അതുമായി ഇടപെടുന്നതും ഇടപെടുന്നവരുമായി ഇടപെടുന്നതുമൊക്കെ കുറ്റകരം തന്നെ. എന്നാല്‍ ഇന്ന് ദൌര്‍ഭാഗ്യവശാല്‍ ബാങ്കുമായുള്ള ഇടപാടുകള്‍ സാര്‍വ്വത്രികമാവുകയും അതൊരു കുറ്റമല്ലെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു. മറ്റുമാര്‍ഗ്ഗമൊന്നുമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ബാങ്കുമായി ഇടപെടാവൂ. 

നാട്ടിലേക്ക് പണമയക്കാനായി ചിലപ്പോള്‍ അത് ഉപയോഗിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അക്കൌണ്ടില്‍ ബാലന്‍സ് വെക്കാതെ എത്രയും വേഗം അത് പിന്‍വലിക്കാനും ശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, ആ പണം ഉപയോഗിച്ച് അവര്‍ മറ്റുള്ളവര്‍ക്ക് കടം കൊടുത്ത് പലിശ വാങ്ങുമെന്നതിനാല്‍ അതിന് സഹായിച്ചു എന്ന കുറ്റമാണ് നാം ചെയ്യുന്നത്. പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും അതിന് സഹായിക്കുന്നവനെയും എഴുതുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് വിവിധ ഹദീസുകളില്‍ കാണാവുന്നതാണ്.

ഇങ്ങനെയൊക്കെ സൂക്ഷിച്ചാലും വര്‍ഷത്തില്‍ ഒരു ചെറിയ സംഖ്യ പലിശയായി ചിലപ്പോള്‍ വന്നേക്കാം. ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ പലിശ ഇനത്തില്‍ അക്കൌണ്ടിലേക്ക് വരുന്നത് ഒരിക്കലും നമ്മുടെ കാശ് അല്ലെന്നും അത് മറ്റുള്ളവരില്‍നിന്ന് അക്രമപരമായി പിടിച്ചുവാങ്ങിയതാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. (ബാങ്കിന്റെ സ്രോതസ്സ് പലിശക്ക് കടം കൊടുക്കലാണെന്നതിനാല്‍ ).

ഇങ്ങനെ വരുന്ന പണം എന്തുചെയ്യണമെന്നതാണ് മറ്റൊരു കാര്യം. ഹറാമായ സ്വത്ത് കൈയ്യില്‍ പെട്ടുപോയാല്‍ എന്ത് ചെയ്യണമെന്ന് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് പലിശയിലും പ്രയോഗിക്കാവുന്നതാണ്. അത് ഇങ്ങനെ സംഗ്രഹിക്കാം, നമുക്ക് പലിശയായി ലഭിച്ചത്,  ബാങ്ക് ആരില്‍നിന്ന് പലിശ ഇനത്തില്‍ പിടിച്ചെടുത്തതാണെന്ന് അറിയാന്‍ സാധിക്കുമെങ്കില്‍ അത് മനസ്സിലാക്കി അവര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുകയാണ് ആദ്യമായി വേണ്ടത്. അവര്‍ മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍, അവരുടെ അനന്തരാവകാശികള്‍ക്ക് കൊടുക്കണം. അതിന് സാധിച്ചില്ലെങ്കില്‍ അതേ ബാങ്കില്‍നിന്ന് ഗത്യന്തരമില്ലാതെ ലോണ്‍എടുത്ത് പലിശയില്‍ കുടുങ്ങിയ ആര്‍ക്കെങ്കിലും അവരുടെ പലിശയിലേക്ക് തിരിച്ചടക്കണമെന്ന നിര്‍ബന്ധത്തോടെ നല്‍കാവുന്നതാണ്. 

അതും സാധ്യമല്ലെങ്കില്‍ ആ ബാങ്കിലേക്ക് പലിശയിനത്തില്‍ അടച്ച ആളുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വിധം വഴി, പാലം തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഭക്ഷണം മുതലായവക്ക് ഉപയോഗിച്ച് ഇത് വയറ്റിലേക്ക് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും മറ്റുള്ളവരോട് ഉപദേശിക്കുകയും വേണം.

അത്തരം സമ്പത്ത് ദരിദ്രര്‍ക്കു സ്വദഖ ചെയ്യാവുന്നതുമാണ്. പാവപ്പെട്ടവര്‍ക്ക് അത് ഹലാലാണ്. അവര്‍ക്കു നല്‍കാനായി സത്യസന്ധനായ ആളെ ചുമതലപ്പെടുത്തുന്നതാണ് സ്വയം നല്‍കുന്നതിനേക്കാള്‍ ഉത്തമം. ഹറാമായ പണം കൈവശമുള്ളവന്‍ ദരിദ്രനെങ്കില്‍ ആവശ്യത്തിനനുസരിച്ച് സ്വയം  ഉപയോഗിക്കലും ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കു നല്‍കലും അനുവദനീയമാണ്. ഇമാം ഗസാലി (റ)യില്‍ നിന്നുദ്ധരിച്ച് കൊണ്ട് ഇമാം നവവി (റ) ശര്‍ഹുല്‍ മുഹദ്ദബില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഇത്തരം സ്വദഖകള്‍ ഹറാമായത് സമ്പാദിച്ച കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനും അതില്‍ നിന്ന് തൌബ ചെയ്യാനുമാണ്. അല്ലാതെ അത് കൊണ്ട് സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കില്ല. 

കാരണം നബി (സ) പറയുന്നു: 

ما تصدق أحد بصدقة من طيب، ولا يقبل الله إلا الطيب، إلا أخذها الرحمن بيمينه وإن كانت تمرة فتربو في كف الرحمن حتى تكون أعظم من الجبل، كما يربي أحدكم فلوه أو فصيله 

നല്ലതില്‍ നിന്ന് ആരെങ്കിലും സ്വദഖ ചെയാതാല്‍ അത് അള്ളാഹു സ്വീകരിക്കുകയും വളര്‍ത്തുകയും ചെയ്യും. അള്ളാഹു നല്ലത് മാത്രമേ സ്വീകരിക്കൂ. ഒരു കാരക്കയാണ് സ്വദഖ ചെയ്യപ്പെട്ടതെങ്കില്‍ പര്‍വ്വതത്തോളം അള്ളാഹു അതിനെ വളര്‍ത്തും. ഒരാള്‍ തന്റെ കുതിരകളേയും ഒട്ടകങ്ങളെയും വളര്‍ത്തുന്നത് പോലെ. ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് ഇമാം നവവി (റ) പറയുന്നു നല്ലത് എന്നാല്‍ ഹലാലായതാണ്. അപ്പോള്‍ അള്ളാഹു ഹലാലായ സമ്പത്ത് കൊണ്ടുള്ള സ്വദഖ മാത്രമേ സ്വീകരിക്കൂ. ഹറാമായത് കൊണ്ടുള്ളത് സ്വീകരിക്കുകയില്ലയെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.

ഹറാമായ സമ്പത്ത് മാത്രം കൈവശം വെക്കുന്നവന് ഹജ്ജ് സകാത് തുടങ്ങി സാമ്പത്തികമായ ഒരു ഇബാദതും നിര്‍ബന്ധമില്ലെന്ന് ഇമാം ഗസാലി (റ) പറഞ്ഞിട്ടുണ്ട്. ഹറാമായ സമ്പത്ത് കൊണ്ട് ഹജ്ജ് ചെയ്താല്‍ ഹജ്ജ് ശരിയാവുമെങ്കിലും കുറ്റക്കാരനാവുമെന്ന് മജ്മൂഇല്‍ കാണാം.


ബാങ്കില്‍ നിന്ന് പലിശ പിന്‍വലിക്കാമോ


തന്റെ സമ്പത്തില്‍ ഹറാം കലര്‍ന്നിട്ടുണ്ടെങ്കില്‍ ആ സംഖ്യ അതിന്റെ ഇടങ്ങളില്‍ ചെലവഴിക്കേണ്ടതാണ്. അതെത്രയാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെങ്കില്‍ സാധ്യതയുള്ള ഒരു സംഖ്യ കണക്കാക്കി ചെലവഴിക്കണം. നമ്മുടെ കൈവശം പലിശ വന്നാല്‍ അത് വെച്ച് താമസിപ്പിക്കാതെ ചെലവഴിക്കേണ്ട ഭാഗത്തേക്ക് മാറ്റുകയാണല്ലോ വേണ്ടത്. ബാങ്കിലെ നമ്മുടെ അക്കൌണ്ടില്‍ ഉള്ളതും നമ്മുടെ കൈവശം ഉള്ളത് പോലെത്തന്നെയാണ്. ആ പലിശ സംഖ്യ ബാങ്കില്‍ തന്നെ വെക്കുന്നത് കൊണ്ട് ആ സംഖ്യ കൊണ്ട് വീണ്ടും പലിശ ഇടപാടുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് അത് എത്രയും വേഗം പിന്‍വലിച്ച് നമ്മുടെ ബാധ്യതയില്‍ നിന്ന് ഒഴിവാകുന്നത് തന്നെയാണ് ഉത്തമം. 


അക്കൌണ്ടില്‍ വന്ന പലിശ കൊണ്ട് വാഹന ഇന്‍ഷുറന്‍സ് അടക്കാമോ...?


പലിശ പണം ഒരിക്കലും അത് കിട്ടിയ ആളുടേതാവുന്നില്ല. സ്വന്തം ആവശ്യത്തിനായി അത് ഉപയോഗിക്കല്‍ ഒരു നിലക്കും അനുവദനീയവുമല്ല. അത് ഇന്‍ഷൂറന്‍സ് പോലോത്തതിലേക്ക് അടക്കുന്നതും പലിശകൊണ്ടുള്ള ഉപകാരമെടുക്കല്‍ തന്നെയാണല്ലോ. അത് അനുവദനീയമല്ല. അങ്ങനെ ഉപയോഗിച്ചുപോയെങ്കില്‍ അതിന് അല്ലാഹുവിനോട് പൊറുക്കലിനെ തേടേണ്ടതാണ്. ഗത്യന്തരമില്ലാതെ വന്നുപെടുന്ന പലിശയുടെ തുക എന്ത് ചെയ്യണമെന്ന് മുമ്പ് നാം വിശദമായി പറഞ്ഞതാണ്.


പലിശയടച്ച് കൊണ്ടിരിക്കുമ്പോള്‍ അമലുകള്‍ സ്വീകരിക്കപ്പെടുമോ


ചെയ്ത തെറ്റിനു ആത്മാര്‍ത്ഥമായി തൌബ ചെയ്യുകയാണ് വേണ്ടത്. ദോശത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കലും ആ തെറ്റിലേക്ക് വീണ്ടും മടങ്ങില്ലെന്ന ദൃഢ നിശ്ചയവും തൌബ സ്വീകരിക്കാനുള്ള നിബന്ധനകളാണ്.   പണയം വെച്ച് പലിശ കൊടുക്കുന്ന തെറ്റില്‍ നിന്നു തൌബ ചെയ്യുമ്പോള്‍ അതില്‍ നിന്നു മാറി നില്‍ക്കണം. പക്ഷേ, പണയം വെക്കുകയും പിന്നീട് അതില്‍ ഖേദം വരികയും പലിശ കൊടുക്കാതെ മാറി നില്‍ക്കാന്‍ കഴിയാത്ത ഒരു ദുരവസ്ഥയിലെത്തുകയും പലിശയുടെ കെണിയില്‍ നിന്നു എത്രയും പെട്ടെന്നു രക്ഷപ്പെടാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു വെങ്കില്‍ അല്ലാഹു കാരുണ്യവാനും ഏറെ പൊറുക്കുന്നവനുമാണ്. അതിനാല് സ്വീകരിക്കപ്പെടുകയില്ലെന്ന നിരാശ നിമിത്തം തൌബ ഉപേക്ഷിക്കരുത്. അത്മാര്‍ത്തമായി ശരീഅതിന്റെ നിയമങ്ങള്‍ പാലിച്ച് അമലുകള്‍ ചെയ്യുക. ഇന്‍ ശാഅല്ലാഹ് അള്ളാഹു സ്വീകരിക്കും. തെറ്റുകള്‍ ചെയ്തത് കൊണ്ട് അമലുകള്‍ സ്വീകരിക്കപ്പെടാതിരിക്കില്ല.


ഇസ്‌ലാമിക്‌ ബാങ്കില്‍ നിന്നും ലോണ്‍

സാമ്പത്തിക ഇടപാടുകളുടെ ഇസ്‌ലാമിക സാധുത മനസ്സില്ലാക്കാനുള്ള താങ്കളുടെ ശ്രമത്തെ ആദ്യമേ അഭിനന്ദിക്കട്ടെ.

കടം നല്‍കുന്നവന് ഉപകാരമുണ്ടാകുന്ന കടമിടപാടുകള്‍ നിഷിദ്ധമാണ്.  അത് പലിശയിടപാടാണ്. സാധാരണ പരമ്പരാഗത ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുമ്പോള്‍ അവര്‍ അതിനു പലിശ ഈടക്കുന്നതുകൊണ്ട് അതിനെ നാം ഹറാമായി കാണുന്നു. എന്നാല്‍ സാധാരണയായി ഇസ്‌ലാമിക ബാങ്കുകള്‍ വ്യക്തിഗത ഫിനാന്‍സിംഗിന് ഉപയോഗിക്കുന്നത് ഇസ്‌ലാമിക ഫിഖ്‌ഹില്‍ ചര്‍ച്ചചെയ്യപ്പെടുന്ന തവര്‍റുഖ്, സര്‍നഖ എന്നൊക്കെ അറിയപ്പെടുന്ന കച്ചവടരീതിയാണ്.

കൂടുതല്‍ വിലക്ക് കാലാവധി നിശ്ചയിച്ചു ഒരു ചരക്ക്‌ വാങ്ങുകയും ഉടനെ മറ്റൊരാള്‍ക്ക്‌ കുറഞ്ഞ വിലക്ക് റൊക്കമായി അത് വിറ്റു പണമാക്കുകയും ചെയ്യുന്ന ഇടപാടാണിത്.  ആവശ്യമായ പണലഭ്യതക്കു ഇസ്‌ലാമിന്റെ ആദ്യകാലം മുതല്‍ തന്നെ ജനങ്ങള്‍ ഉപയോഗിച്ച് വരുന്ന ഒരു രൂപമാണിത്. ശാഫി മദ്ഹബ് പ്രകാരവും മറ്റു മദ്ഹബുകള്‍ പ്രകാരവും ഇങ്ങനെ വിറ്റു പണമാക്കുന്നത്തില്‍ തെറ്റില്ല. 

ശാഫി മദ്ഹബ് പ്രകാരം വിറ്റയാള്‍ക്ക് തന്നെ ഇങ്ങനെ തിരിച്ചു വിറ്റാലും ശരിയാകും-ബയ്ഉല്‍ ഈന എന്നാണിത് അറിയപ്പെടുന്നത് (റൌദത്തുല്‍ താലിബീന്‍ – കിതാബുല്‍ ബയ്അ). പക്ഷെ തിരിച്ചു വില്‍ക്കണമെന്ന നിബന്ധനയോടെയാവരുത്‌  ആദ്യ കച്ചവടം എന്ന് മാത്രം. എന്നാല്‍ മറ്റു മൂന്നു മദ്ഹബുകളും കൂടുതല്‍ വിലക്ക് കാലാവധി നിശ്ചയിച്ചു (കടത്തിനു) വിറ്റ വസ്തു അയാള്‍ക്ക്‌ തന്നെ റൊക്കം പണത്തിനു കുറഞ്ഞവിലക്ക് വില്‍ക്കുന്ന ബയ്ഉല്‍ ഈനയെന്ന ഇടപാട്  നിഷിദ്ധമായി കാണുന്നു.

ഇസ്‌ലാമിക് ബാങ്കുകളുടെ തവറുഖ് ഇടപാട്‌ ചുരുക്കി ഇങ്ങനെ വിവരിക്കാം

1.ആദ്യം ഉപഭോക്താവ്‌  ബാങ്കിനെ സമീപിക്കുകയും നിശ്ചിത തുകയുടെ ഫിനാന്‍സിംഗ് ആവശ്യമുണ്ടെന്നു അറിയിക്കുകയും ചെയ്യുന്നു. അതനുസരിച്ച് ബാങ്കില്‍ നിന്ന് സമാന തുകക്കുള്ള വില്പന വസ്തു വാങ്ങാമെന്നു അദ്ദേഹം ബാങ്കിനോട് വാഗ്ദാനം ചെയ്യുന്നു.

2.ഉപഭോക്താവിന്റെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക ബാങ്ക് അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വിലയില്‍ പെട്ടെന്ന് വ്യത്യാസം വരാത്ത സ്വര്‍ണ്ണം വെള്ളി ഒഴികെയുള്ള  ലോഹങ്ങളോ (ഉദാ: പ്ലാറ്റിനം, അലുമിനിയം, ഇരുമ്പ്) മറ്റു വസ്തുക്കളോ വാങ്ങുന്നു.

3.വില്പന വസ്തു നിയമപരമായി തങ്ങളുടെ അധീനതയിലാവുന്നതോടെ (സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുനത് പോലെയുള്ള രീതികളില്‍) അത് നേരത്തെ ഉപഭോക്താവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനതില്ലുള്ള തങ്ങളുടെ ലാഭം വിഹിതം കൂടി ചേര്‍ത്ത് കൂടിയ വിലക്ക് ഉപഭോക്താവിന് വില്‍ക്കുന്നു. ഇത് മുറാബഹ എന്നാണ് ഇസ്‌ലാമിക ഫിഖ്‌ഹില്‍ അറിയപ്പെടുന്നത്. അത് അംഗീകൃതവുമാണ്. ഈ വില നിശ്ചിത തവണകളായി അടക്കാമെന്ന് ഉപഭോക്താവും ബാങ്കും തമ്മില്‍ ധാരണയിലെത്തുന്നു.

4. വില്‍പന വസ്തു ഉപഭോക്താവിന്റെ നിയമപരമായ അധീനതയിലായത്തിനു ശേഷം തനിക്ക് വേണ്ടി മറ്റൊരാള്‍ക്ക്‌ ഇത് വിറ്റ്‌ പണമാക്കിത്തരാന് ഉപഭോക്താവ് ബാങ്കിനെ ഏല്‍പ്പിക്കുന്നു (വക്കാലത്ത്). ഇവിടെ ഉപഭോക്താവിന്റെ നിയമപരമായ അധീനതയില്‍ എത്തുന്നതിനുമുമ്പ് വക്കാലത്ത്‌ ഏല്പിച്ചാല്‍ അത് സഹീഹാവുകയില്ലെന്നു പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെതന്നെ വില്‍പന വസ്തു എന്തു ചെയ്യണമെന്നത് ഉപഭോക്താവിന്റെ ഇഷ്ടമാണ്. അത് തങ്ങള്‍ വഴി വില്‍ക്കണമെന്നോ മറ്റോ ബാങ്കിനു നിബന്ധന വെക്കാവതല്ല.

5. ഉപഭോക്താവിന്റെ വക്കാലത്ത്‌ പ്രകാരം ബാങ്ക് ഈ വസ്തു വിറ്റ് അതില്‍ നിന്ന് കിട്ടുന്ന തുക അദ്ദേഹത്തിന്റെ അക്കൌണ്ടില്‍ ഡെപ്പോസിറ്റ്‌ ചെയ്യുന്നു.

സൂചിപ്പിക്കപ്പെട്ട നിബന്ധനകള്‍ പാലിച്ചു കൊണ്ട് ഇത്തരത്തില്‍ ഇടപാട് നടത്തുന്നതില്‍ തെറ്റില്ല. പ്രത്യേകിച്ചും പലിശയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വേണ്ടിയാവുമ്പോള്‍.  എന്നാല്‍ ഈ ഇടപാടുകള്‍ നേരത്തെയുള്ള ധാരണപ്രകാരം സംഘടിതമായി നടക്കുന്നതായതിനാല്‍ ശരിയാവുകയില്ലെന്നു  ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. അന്തരാഷ്ട്ര ഫിഖ്‌ഹ് അക്കാദമി ഇത്തരമൊരു അഭിപ്രായം മുന്നോട്ടു വെച്ചിരുന്നു.

എന്നാല്‍ ഒരു നാട്ടില്‍ ഇത്തരം കച്ചവടം ഒരു പതിവായി മാറിയാലും ഇത് അനുവദിനീയമാവുമെന്നു ഇമാം നവവി റൌദയില്‍ പറയുന്നുണ്ട്. ബയ്ഉല്‍ ഈനയും പലിശയില്‍ നിന്നു രക്ഷപ്പെടാനായി ഉപയോഗിക്കുന്ന, അനുവദിനീയമാകുന്ന വിഷയത്തില്‍ അഭിപ്രായ വ്യതാസമുള്ള മറ്റു കച്ചവടങ്ങളും കറാഹാത്താണെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍-ഹൈതമി തുഹഫയില്‍ പറയുന്നു.

പണലഭ്യതക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാവുകയും പലിശപോലുള്ള പൂര്‍ണ്ണമായും നിഷിദ്ധമായ ഇടപാടുകളില്‍ പെട്ട് പോവുകയും ചെയ്യുമെന്ന അവസ്ഥ വരികയും ചെയ്യുമ്പോള്‍ മാത്രം അവസാന പിടിവള്ളിയെന്ന രീതിയില്‍ ഇത്തരം ഇടപാടുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.


പലിശയില്‍ നിന്ന് കര കയറാനുള്ള ദുആ പറയാമോ?

ആദ്യമായി പലിശ വന്‍ പാപമാണെന്നും അത് അല്ലാഹുവിന്‍റെ ശാപത്തിനു ഹേതുവാണെന്നും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് വിഘാതമാണെന്നും മനസ്സില്‍ ഉറപ്പിക്കുക. അതില്‍ നിന്ന് പൂര്‍ണ്ണമായും എല്ലാ നിബന്ധനകളും പാലിച്ച് തൌബ ചെയ്യുക. ഒരു തെറ്റില്‍ നിന്ന് തൌബ ചെയ്തിട്ടില്ലെങ്കില്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കാനുള്ള മനസ്സും സാഹചര്യവും നല്‍കി അല്ലാഹു നമ്മെ ശിക്ഷിക്കും. എപ്പോഴും മരണത്തെ കുറിച്ചോര്‍ക്കുക.

നിസ്കാരം ഭയഭക്തിയോടെ നില നിര്‍ത്തുക, ഇസ്തിഗ്ഫാറ് വര്‍ദ്ധിപ്പിക്കുക, സൂറതുല്‍ വാഖിഅ രാത്രിയില്‍ പതിവാക്കുക, താഴെ കൊടുത്ത പ്രാര്‍ത്ഥനകള്‍ പതിവാക്കുക.

اَللهُمَّ اِنِّي اَعُوذُ بِكَ مِنَ الْهَمِّ وَالحُزْنِ وَاَعُوذُ بِكَ مِنَ الْجُبْنِ وَالْبُخْلِ وَاَعُوذُ بِكَ مِنَ الْعَجْزِ وَالْكَسْلِ وَاَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجَالِ

(അല്ലാഹുവേ, വിഷമങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു. ഭയം, ലുബ്ധ് എന്നിവയില്‍ നിന്നും നിന്നോട് കാവല്‍ ചോദിക്കുന്നു. അശക്തത, ആലസ്യം എന്നിവയില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. കടാധിക്യത്തില്‍ നിന്നും ആളുകളുടെ ആക്രമണങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു.)

 اللَّهُمَّ اكْفِني بِحَلالِكَ عَنْ حَرَامِكَ، وَأغْنِني بِفَضْلِكَ عَمَّنْ سِواكَ

(അല്ലാഹുവേ നീ നിഷിദ്ധമാക്കിയതിനു പകരമായി നീ അനുവദിച്ചത് എനിക്ക്  പര്യപ്തമാക്കി തരേണമേ, നിന്‍റെ ഔദാര്യം മൂലം നീയല്ലാത്തവരില് നിന്നെനിക്ക് ഐശ്വര്യം പ്രദാനം ചെയ്യേണമേ.)

വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ താഴെ കൊടുത്തത് ദുആ ചെയ്യുക

بِسْمِ اللَّهِ على نَفْسِي ومَالي ودِينِي، اللَّهُمَّ رضّنِي بِقَضائِك، وباركْ لي فِيما قُدّرَ لي حتَّى لا أُحِبَّ تَعْجِيلَ ما أخَّرْتَ ولا تأخيرَ ما عَجَّلْتَ

(എന്നെയും എന്‍റെ സ്വത്ത്, ദീന്‍ എന്നിവയും അല്ലാഹുവിനെ ഏല്‍പിച്ച്  അവന്‍റെ നാമത്തില്‍ (ഞാന്‍ പുറപ്പെടുന്നു). അല്ലാഹുവേ നിന്‍റെ വിധിയില്‍ എനിക്ക് സംതൃപ്തി നല്‍കേണമേ. നീ പിന്തിച്ചതില്‍ ധൃതിയും നീ നേരത്തെ തന്നതില്‍ അവതാനതയും ഞാന്‍ ആഗ്രഹിക്കാത്ത വിധം  എനിക്കു കണക്കാക്കിയതില്‍ എന്നെ അനുഗ്രഹിക്കേണമേ)

اللَّهُمَّ انْقُلْنِي مِنْ ذُلِّ المَعْصِيَةِ إلى عِزَّ الطَّاعَةِ، وأغْنِنِي بحَلالِكَ عَنْ حَرَامِكَ، وَبِطاعَتِكَ عَنْ مَعْصِيَتِكَ، وَبِفَضْلِكَ عَمَّن سِوَاكَ

(അല്ലാഹുവേ, തെറ്റുകളുടെ നിന്ദ്യതയില്‍ നിന്ന് അനുസരണയുടെ പ്രൌഢിയിലേക്കെന്നെ നീ നീക്കേണമേ. നീ നിഷിദ്ധമാക്കിയതിനു പകരം നീ അനുവദിച്ചുതന്നതും നിന്നോടു തെറ്റു ചെയ്യുന്നതിനു പകരം നിന്നോടുള്ള അനുസരണയും നീയല്ലാത്തവര്‍ക്കു പകരം നിന്‍റെ ഔദാര്യവും നല്‍കി എന്നെ ഐശ്വര്യപ്പെടുത്തേണമേ.)

 اللَّهُمَّ إني أعُوذُ بِكَ مِنَ الهَدْمِ، وأعُوذُ بِكَ مِنَ التَّرَدِّي، وأعُوذُ بِكَ مِنَ الغَرَقِ وَالحَرَقِ وَالهَرَمِ، وَأعُوذُ بِكَ أنْ يَتَخَبَّطَنِي الشَّيْطانُ عِنْدَ المَوْتِ، وأعُوذُ بِكَ أنْ أمُوتَ فِي سَبِيلِكَ مُدْبِراً، وأعُوذُ بِكَ أنْ أمُوتَ لَديغاً 

(അല്ലാഹുവേ തകര്‍ച്ചയില്‍ നിന്നു നിന്നോടു കാവല്‍ ചോദിക്കുന്നു. അധഃപതനത്തില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു.  വാര്‍ദ്ധ്യക്യത്തിന്‍റെ വൈഷമ്യതകള്‍, അഗ്നിബാധയേല്‍ക്കല്‍, മുങ്ങി മരിക്കല്‍ തുടങ്ങിയവയില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. മരണ സമയത്ത് പിശാച്  ബാധയേല്‍ക്കുന്നതില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. നിന്‍റെ മാര്‍ഗത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്ന നിലയില്‍ ഞാന്‍ മരിക്കുന്നതില്‍ നിന്നു നിന്നോടു കാവല്‍ ചോദിക്കുന്നു. വിഷ ചന്തുക്കളുടെ കടിയേറ്റു മരണപ്പെടുന്നതില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു.)

 اللَّهُمَّ إني أعوذُ بِكَ منَ الجُوعِ فإنَّهُ بِئْسَ الضَّجِيعُ، وَأعُوذُ بك مِنَ الخِيانَةِ فإنَّها بِئْسَتِ البطانَةُ

(അല്ലാഹുവേ. പട്ടിണിയില്‍ നിന്ന് ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു. അത്  വളരെ മോശം കൂടെക്കിടപ്പുകാരന്‍ തന്നെ.  വഞ്ചനയില്‍ നിന്നു നിന്നോടു കാവല്‍ ചോദിക്കുന്നു. അത് വളരെ മോശം പരിവാരം തന്നെയാണ്.)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ فِتْنَةِ النَّارِ، وَعَذَابِ النَّارِ، وَمنْ شَرّ الغِنَى وَالفَقْرِ

(അല്ലാഹുവേ നരകയാതനയില്‍ നിന്നു നിന്നോടു ഞാന്‍ കാവല്‍ ചോദിക്കുന്നു. നരക ശിക്ഷയില്‍ നിന്നും  ദാരിദ്ര്യത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും വിപത്തുകളില്‍ നിന്നും കാവല്‍ ചോദിക്കുന്നു.)

رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ 

(ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്ക് നീ ദുന്‍യാവില്‍ നന്മ പ്രദാനം ചെയ്യേണമേ. ആഖിറത്തിലും നന്മ പ്രദാനം ചെയ്യേണമേ. നരക ശിക്ഷയില്‍ നിന്ന് സംരക്ഷിക്കേണമേ.)


കൊടുത്ത പലിശ പൊരുത്തപ്പെട്ടാല്‍ ഹറാം ഒഴിവാകുമോ


പലിശ മഹാപാപമാണ്. അത് കൊടുക്കുന്നവനും വാങ്ങുന്നവനും അതില്‍ സഹായിക്കുന്നവനും തെറ്റുകാരാണ്.  പലിശ ഹറാമാണെന്നത് അന്യന്‍റെ സ്വത്ത് അന്യായമായി കൈകൊണ്ടു എന്നതു മാത്രമല്ലെന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലായല്ലോ. അങ്ങനെയായിരുന്നുവെങ്കില്‍ വാങ്ങുന്നവന്‍ തെറ്റുകാരനാണെന്ന് നബി(സ) പഠിപ്പിക്കുമായിരുന്നില്ല. മാത്രമല്ല, പല പലിശ ഇടപാടുകളിലും ഇരു വിഭാഗവും പരസ്പര ധാരണയിലും തൃപ്തിയോടെയുമാണ് മുതല്‍ കൈമാറ്റങ്ങള്‍ നടക്കാറുള്ളത്. ഭക്ഷണം, നാണയങ്ങള്‍ എന്നിവ പരസ്പരം കൈമാറ്റ വില്‍പനകളില്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിച്ചിട്ടില്ലെങ്കിലും പലിശ വന്നു ചേരുന്നതും പരസ്പരം പൊരുത്തമില്ലായ്മയല്ല പലിശ ഹറാമാകാനുള്ള ഏക നിധാനം എന്നു മനസ്സിലാക്കാം. ഇവിടെ പലിശ എന്ന സമ്പ്രദായം തന്നെ വലി തെറ്റാണ്. ഈ നിഷിദ്ധ സമ്പ്രദായത്തെ  ഏതു നിലക്കുള്ള സഹായവും തെറ്റാണ്. ആ ഹറാമില്‍ നിന്ന് രക്ഷപ്പെടാന്‍ നസ്വൂഹായ തൌബ തന്നെ ചെയ്യണം. പലിശ വാങ്ങിയവനോട് കൊടുത്തവന്‍ പൊരുത്തപ്പെട്ടു കൊടുക്കുന്നതോടെ മാത്രം ഈ ഹറാമിന്‍റെ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല.


പി.എഫില്‍ നിന്നുള്ള പലിശ സര്‍ക്കാരിലേക്കു തന്നെ തിരിച്ചടച്ചാല്‍ മതിയോ?


പൊതുവേ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാര്‍ക്ക്‌ നല്‍കുന്ന പ്രോവിഡന്റ് ഫണ്ട് പോലുള്ള സംവിധാനങ്ങളില്‍ സാധാരണഗതിയില്‍ ഓരോ മാസവും ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നുള്ള വിഹിതവും തത്തുല്യമായി ജോലിദാതാവിന്റെ വിഹിതവും നിക്ഷേപിക്കുന്നുണ്ടല്ലോ. പക്ഷെ ഈ സംഖ്യ മിക്കപ്പോഴും നിക്ഷേപിക്കപ്പെടുന്നത് നിശ്ചിത വരുമാനം ഉറപ്പുതരുന്ന പലിശയധിഷ്ഠിത നിക്ഷേപക സംവിധാനങ്ങളിലാണ്. അതുകൊണ്ട്‌ തന്നെ അത് ഉല്‍പാദിപ്പിക്കുന്ന വരുമാനം നിഷിദ്ധമായി തീരും.

എന്നാല്‍ ഇതില്‍ ജീവനക്കാരന്റെ യഥാര്‍ത്ഥ അവകാശമായ അവന്റെ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധിതമായി ഗവണ്‍മെന്റ് നീക്കിവെച്ച സംഖ്യയും അവനു വേണ്ടി ഗവണ്‍മെന്റ് നിക്ഷേപിച്ച സംഖ്യയും അവന്റെ അവകാശമായതിനാല്‍ അത് കണക്കാക്കി അവന്റെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്. ബാക്കിവരുന്നതില്‍ ഹലാലായ നിക്ഷേപത്തിലൂടെയുള്ളതാണെന്ന് ഉറപ്പുള്ള പണം ഉണ്ടെങ്കില്‍ അത് അവന്റെ അവകാശമാണ് അല്ലാതത്തിനു നിഷിദ്ധമായ ധനത്തിന്റെ നിയമം ബാധകമാവും. സര്‍കാര്‍ ധനം വിവിധ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കപ്പെടുന്നതിനാല്‍ സര്‍കാറിലേക്ക് തിരിച്ചടക്കുക എന്നത് സ്വീകാര്യമല്ല. പക്ഷേ, സര്‍കാറിലേക്കടക്കേണ്ട പലിശയിനത്തിലേക്കോ സര്‍കാര്‍ നിങ്ങളുടെ പി. എഫ്. നിക്ഷേപിച്ച പലിശസ്ഥാപനങ്ങളിലെ പലിശ തിരിച്ചടക്കാനോ അതു ഉപയോഗപ്പെടുത്താം.

പണയം വെച്ച സ്വര്‍ണ്ണത്തിനു പലിശ കൊടുത്തു കൊണ്ടിരിക്കുന്ന ഒരാളുടെ തൗബ, പ്രസ്തുത സ്വര്‍ണ്ണം തിരിച്ചെടുക്കുന്നത് വരെ സ്വീകരിക്കുമോ?

ദോശത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കലും ആ തെറ്റിലേക്ക് വീണ്ടും മടങ്ങില്ലെന്ന ദൃഢ നിശ്ചയവും തൌബ സ്വീകരിക്കാനുള്ള നിബന്ധനകളാണ്.  സ്വര്‍ണ്ണം പണയം വെച്ച് പലിശ കൊടുക്കുന്ന തെറ്റില്‍ നിന്നു തൌബ ചെയ്യുമ്പോള്‍ അതില്‍ നിന്നു മാറി നില്‍ക്കണം. പക്ഷേ, പണയം വെക്കുകയും പിന്നീട് അതില്‍ ഖേദം വരികയും പലിശ കൊടുക്കാതെ മാറി നില്‍ക്കാന്‍ കഴിയാത്ത ഒരു ദുരവസ്ഥയിലെത്തുകയും പലിശയുടെ കെണിയില്‍ നിന്നു എത്രയും പെട്ടെന്നു രക്ഷപ്പെടാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു വെങ്കില്‍ അല്ലാഹു കാരുണ്യവാനും ഏറെ പൊറുക്കുന്നവനുമാണ്. അതിനാല് സ്വീകരിക്കപ്പെടുകയില്ലെന്ന നിരാശ നിമിത്തം തൌബ ഉപേക്ഷിക്കരുത്. എന്നാല്‍ മറ്റു തെറ്റുകളില്‍ നിന്നുള്ള തൌബ സ്വീകരിക്കുന്നതിനുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ ഇതു കാരണമല്ല.

ബാങ്കിലെ ജോലി ഉപേക്ഷിക്കണമോ ?

പലിശവാങ്ങുന്നവനും അത് കൊടുക്കുന്നവനും അതെഴുതുന്നവനും അതിന് സാക്ഷി നില്‍ക്കുന്നവനും എല്ലാം അല്ലാഹുവിന്റെ കോപത്തിനര്‍ഹരാണെന്ന് നബി തിരുമേനി(സ)  പറഞ്ഞിരിക്കുന്നു. ഇക്കാലത്ത് സാമ്പത്തിക സ്ഥാപനങ്ങളും ബാങ്കുകളും പലിശാധിഷ്ഠിതസ്ഥാപനങ്ങളാണ്. 

ബാങ്കിലെ ജോലികളില്‍ നിങ്ങള്‍ അതിലെ പലിശ നിര്‍ണയിക്കാനും അതിന് സാക്ഷിയെന്ന നിലയില്‍ പങ്കുകൊള്ളാനും ഇടവരുന്നില്ലെങ്കില്‍ അത്തരം ഘട്ടത്തില്‍ നിരോധം പ്രത്യക്ഷത്തില്‍ ബാധകമല്ല. എന്നാല്‍ അതിനര്‍ഥം ഹറാം വിമുക്തമാണ് പ്രസ്തുതജോലി എന്നുമല്ല. അതില്‍ പലിശയുടെ പൊടിപടലങ്ങള്‍ മൂടിനില്‍ക്കുന്നു. അതിനാല്‍ ഈ ജോലി പെട്ടെന്ന് 
ഉപേക്ഷിക്കാനായി മറ്റൊരു നല്ല  ജോലി വേഗം കണ്ടെത്തുക.


ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേനെ ലോണ്‍ എടുക്കുമ്പോള്‍ ബാങ്ക്ചാര്‍ജ്ജ് ഈടാക്കുന്നു. ഇത് പലിശയുടെ പരിധിയില്‍ വരുമോ?

കടമിടപാടില്‍ കടം നല്‍കുന്നവന്‍ ഈടാക്കുന്ന ഏതു തുകയും പലിശയുടെ പരിധിയില്‍ വരും. എന്നാല്‍ കടമിടാപാടിനൊപ്പം മറ്റു സേവനങ്ങള്‍ കൂടി ഉള്‍പ്പെടുന്നെങ്കില്‍ ആ സേവനങ്ങള്‍ക്ക്‌ മാര്‍ക്കറ്റില്‍ ഈടാക്കുന്ന കൂലി ഈടാക്കാം. കടമിടപാട് കൂടിയുള്ളത് കൊണ്ട് അധികം ഈടാക്കിയാല്‍ അത് പലിശയുടെ പരിധിയില്‍ വരുകയും ഹറാമായി തീരുകയും ചെയ്യും.

പരമ്പരാഗത ബാങ്കുകള്‍ (conventional banks) ക്രെഡിറ്റ് കാര്‍ഡുകളുടെ ഓരോ ബില്ലിലും രേഖപ്പെടുത്തപ്പെട്ട തുക തൊട്ടു ശേഷം വരുന്ന പേമെന്റ്തിയ്യതിക്കകം അടച്ചില്ലെങ്കില്‍ മുഴുവന്‍ തുകക്കും പലിശ ഈടാക്കും. ഇത് നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.

പരമ്പരാഗത ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ്‌ എടുക്കുന്നവര്‍ പൊതുവേ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. പലിശ അടക്കുന്ന സാഹചര്യമുണ്ടാക്കാതെ ഓരോ മാസവും പൂര്‍ണ്ണമായിപണമടച്ചാല്‍ പ്രശ്നമില്ലല്ലോയെന്നു. എന്നാല്‍ ഫിഖ്‌ഹിന്റെ നിയമം അതിനനുവദിക്കുന്നില്ല. കാരണം ഇവിടെ ഇടപാട്‌ രേഖയില്‍ നിശ്ചിത തിയ്യതിക്കകം പണമടിച്ചില്ലെങ്കില്‍ പലിശ അടക്കണമെന്ന നിബന്ധന വെക്കുന്നതോടെ ആ ഇടപാട്‌ സാധുവല്ലാ(ഫാസിദ്‌) താകുന്നു. ‘ഫാസിദാ’യ ഇടപാടുമായി ബന്ധപ്പെടുന്നത് ഹറാമാണ്. സമയത്ത്‌ അടച്ചുവീട്ടുമെന്നു നിശ്ചയം ചെയ്തിട്ടുണ്ടെങ്കിലും ആ ഇടപാട് ഹറാമായി തീരുന്നു.

ഇസ്‌ലാമിക ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ സാധാരണ ഫിഖ്‌ഹില്‍ വിശദീകരിച്ച  ദാമാന്‍ അല്ലെങ്കില്‍ ജാമ്യ ഇടപാടുകളുടെ ഗണത്തില്‍ പെടുന്നതാണ്. കടമിടപാടുകള്‍ക്ക് തത്തുല്യമായ വിധികളാണ് ഇവക്കും. അത്തരം കാര്‍ഡുകള്‍ താഴെ നിബന്ധനകള്‍ക്ക് വിധേയമായി ഉപയോഗിക്കാവുന്നതാണ്.

1. കാര്‍ഡ്‌ ഇഷ്യു ചെയ്യുമ്പോഴും പുതുക്കുമ്പോഴും ഈടാക്കുന്ന തുക നല്‍കപ്പെടുന്ന സേവനത്തിന്റെ കൂലിയായി ഒരു നിശ്ചിത  സംഖ്യ യായിരിക്കണം. അതായത്‌  ക്രെഡിറ്റ് ലിമിറ്റിന്റെ അടിസ്ഥാനത്തില്‍ പലിശക്ക്‌ പകരമായി ശതമാന അടിസ്ഥാനത്തില്‍ ഫീസ്‌ ഈടാക്കരുത്.

2. ക്രെഡിറ്റ് കാര്‍ഡ്‌ ഉപയോഗിച്ച് കാശ് പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ഫീസ്‌ നിശ്ചിത സംഖ്യയായിരിക്കണം.  പിന്‍വലിക്കുന്ന തുകയുടെ നിശ്ചിതശതമാനം ഈടാക്കുന്നതും തിരിച്ചടക്കാനുള്ള കാലാവധിക്ക് അനുസരിച്ച്  ഫീ വര്‍ദ്ധിപ്പിക്കുന്നതും  പലിശക്ക്‌ സമാനമാണ്.

കടമിടപാടും സേവന (ഇജാറ)ഇടപാടുകളും ഒന്നിച്ചു നടത്തുമ്പോള്‍ സേവനത്തിനു ഈടാക്കുന്ന കൂലിയില്‍ സാധാരണഗതിയില്‍ മാര്‍ക്കറ്റ്‌കൂലിയെക്കള്‍ കൂടുതല്‍ വാങ്ങുന്നത് കടമിടപാടില്‍ പലിശ ഈടാക്കുന്നതിന് തുല്യമാണെന്ന കര്‍മ്മശാസ്ത്ര വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍, അത്തരം അധിക ഫീ ഇല്ലാതെ മേല്‍ നിബന്ധനകള്‍ക്ക് വിധേയമായി ഉപയോഗിക്കാവുന്നതാണെന്നു അന്തരാഷ്ട്ര ഫിഖ്‌ഹ് അക്കാദമിയും ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ച പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ഇതില്‍ നിന്നും വ്യതസ്തമായി മുറാബഹ പോലുള്ള ഇസ്‌ലാമിക കര്‍മ്മശാസ്ത്ര രീതികള്‍ അനുസരിച്ച് ചില ഇസ്‌ലാമിക ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. അത്തരം ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ അവയെക്കുറിച്ച് ഒരു തീരുമാനത്തിലെത്താന്‍ കഴിയൂ.

ബാങ്കില്‍നിന്ന് ലോണ്‍ എടുക്കുന്നത് മാത്രമാണോ പലിശ ഇനത്തില്‍ ഉള്‍പ്പെടുക? നമ്മള്‍ ബാങ്ക് അക്കൗണ്ട്‌ തുടങ്ങി അതില്‍ പണം നിക്ഷേപിക്കുന്നതില്‍ പലിശ ഇല്ലേ?

ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പ്രതിവര്‍ഷം ബാങ്ക് നല്‍കുന്നതും പലിശ തന്നെയാണ്. നാം നിബന്ധന വെക്കുന്നില്ലെങ്കിലും ബാങ്കിന്‍റെ വ്യവസ്ഥകളില്‍ അത് വ്യക്തമായി പ്രതിപാദിച്ചതാണല്ലോ. അതോടൊപ്പം, നാം ബാങ്കില്‍ നിക്ഷേപിക്കുന്ന പണം ഉപയോഗപ്പെടുത്തിയാണ് അവര്‍ മറ്റുള്ളവര്‍ക്ക് പലിശ ഈടാക്കി ലോണ്‍ നല്‍കുന്നത് എന്നതിനാല്‍ അത് പലിശയെ സഹായിക്കുന്ന ഇനത്തിലും ഉള്‍പ്പെടുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പലിശ ഇടപാടുകള്‍ നടത്തുന്ന ബാങ്കുകളുമായി ഇടപാട് നടത്തുന്നതില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. അതോടൊപ്പം ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കുന്ന ഇസ്ലാമിക് ബാങ്കുകള്‍ തുടങ്ങാനും പരമാവധി ശ്രമിക്കാവുന്നതാണ്.


പലിശയുമായി ബന്ധപ്പെടുന്ന ജോലികള്‍


പലിശയുമായി ബന്ധപ്പെടുന്ന ജോലികള്‍ ഗുണകരമല്ലെന്ന് പറയേണ്ടതില്ലല്ലോ. അതേ സമയം, ഓരോ ജോലിയും പലിശയുമായി നേരില്‍ ബന്ധപ്പെടുന്നുവോ, നേരിട്ടല്ലെങ്കില്‍ ഏത് രീതിയിലാണ് എന്നതിനെയെല്ലാം ആശ്രയിച്ചാണ് അത് നിഷിദ്ധമാണോ അല്ലേ എന്ന് പറയാനാവുക.


ഹറാമിനും ഹലാലിനും ഉപയോഗിക്കാന്‍ സാധ്യതയുള്ളതും എന്തിനാണ് വാങ്ങുന്നതെന്ന് പ്രത്യേക ധാരണ ഇല്ലാതിരിക്കുകയും ചെയ്യുന്നതാണെങ്കില്‍തന്നെ, അത് ശുബ്ഹതിന്റെ (സംശയാസ്പദമായത്) പരിധിയില്‍ വരുന്നതാണ്, ഒഴിവാക്കുന്നതാണ് അപ്പോഴും നല്ലത്. ഉദാഹരണത്തിലെ പോലെ, ഹറാമിനാണ് ഉപയോഗിക്കുക എന്ന് ഉറപ്പുള്ളിടത്ത് അത് വില്‍ക്കലും അത്തരം കമ്പനിയില്‍ ആ മേഖലയില്‍ ജോലി ചെയ്യലും ഹറാം തന്നെ.

എന്നാല്‍ അതേ സമയം, ആ കമ്പനിയില്‍തന്നെ, അതുമായി നേരിട്ട് ബന്ധപ്പെടാത്ത വിധം ഹലാലായ വില്‍പനകള്‍ നടക്കുന്ന വിഭാഗത്തില്‍ ജോലി ചെയ്യാവുന്നതാണ്. ഒരാളുടെ സ്വത്തില്‍ നല്ലൊരു ഭാഗം ഹറാമും ഒരു ഭാഗം ഹലാലുമാണെങ്കില്‍ അയാളുമായി ഇടപാട് നടത്താമെന്നും അത്തരക്കാരുടെ ഭക്ഷണം കഴിക്കുന്നത് കറാഹത് ആണെന്നുമാണ് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറയുന്നത്.

ഹലാലായ സമ്പാദ്യം എന്നത് ഏറെ പ്രധാനമാണ്. ഹറാം ആയ സമ്പാദ്യം ഉപയോഗിക്കുന്നതിലൂടെ ഏറെ ഭവിഷ്യത്തുകള്‍ പണ്ഡിതര്‍ എടുത്തുപറയുന്നുണ്ട്. മക്കള്‍ക്ക് ഹറാം ആയ സ്വത്ത് ഉപയോഗിച്ച് ഭക്ഷണം നല്‍കിയാല്‍, മാതാപിതാക്കളെ അനുസരിക്കാത്ത മക്കളായി വളര്‍ന്നുവരാന്‍ സാധ്യതകള്‍ ഏറെയുണ്ടെന്ന് പണ്ഡിതര്‍ പറയുന്നു. അത്കൊണ്ട് തന്നെ, ഇത് ഏറെ ശ്രദ്ദിക്കേണ്ടതും സൂക്ഷിക്കേണ്ടതുമാണ്.

ബാങ്കില്‍ നിന്ന് പലിശയായി കിട്ടുന്ന പണം കുട്ടിയുടെ സ്കൂള്‍ ഫീസ്‌ അടക്കാന്‍ ഉപയോഗിക്കാമോ ?


ഗത്യന്തരമില്ലാത്ത രൂപത്തിലാണെങ്കില്‍ പോലും പലിശയായി ലഭിക്കുന്നത് ഒരിക്കലും നമ്മുടെ ഉടമസ്ഥതയില്‍ വരുന്നതല്ല. അത് സ്കൂള്‍ ഫീസ് അടക്കാനോ മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാവതല്ല. പലിശ ഇന്ന് ഏറ്റവും വലിയ അപകടമായി മാറിക്കൊണ്ടിരിക്കയാണ്. അത് ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്തതാണ്, ഹറാം ആയ സ്വത്താണെന്ന പൂര്‍ണ്ണബോധം സമൂഹത്തില്‍ ശക്തമാവേണ്ടിയിരിക്കുന്നു.

ചില ജ്വല്ലറികളില്‍ ഒരു ലക്ഷം രൂപ ഷയറായി കൊടുത്താല്‍ മാസാമാസം 1000 രൂപയും വര്‍ഷം തികയുമ്പോള്‍ ലാഭവും തരുന്നു. ഇതിന്‍റെ വിധി എന്ത്? പലിശ ഇനത്തില്‍ പെടുമോ?


മാസംതോറും നല്‍കുന്ന ആയിരം രൂപയും നിശ്ചിത ലാഭത്തിന്റെ ഭാഗമായിട്ട് നല്‍കുകയും അത് സംബന്ധിച്ച ഏറ്റകുറച്ചിലുകള്‍ വര്ഷം തോറും കണക്കാകി പരിഹരിക്കുകയും ചെയ്യുന്നുവെങ്കില്‍ തെറ്റില്ല. അതേസമയം ലാഭാമായാലും നഷ്ടമായാലും അതൊന്നും ബാധകമാകാതെ നിശ്ചിത തുകയായി മാസംതോറും ആയിരം രൂപ നല്‍കുന്നുവെങ്കില്‍ അത് സാധുവല്ല. ആ ഇടപാട് നിഷിദ്ധമായിത്തീരും. 

ബാങ്കില്‍നിന്ന് ലോണ്‍ എടുക്കുന്നത് മാത്രമാണോ പലിശ ഇനത്തില്‍ ഉള്‍പ്പെടുക? നമ്മള്‍ ബാങ്ക് അക്കൗണ്ട്‌ തുടങ്ങി അതില്‍ പണം നിക്ഷേപിക്കുന്നതില്‍ പലിശ ഇല്ലേ?


ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പ്രതിവര്‍ഷം ബാങ്ക് നല്‍കുന്നതും പലിശ തന്നെയാണ്. നാം നിബന്ധന വെക്കുന്നില്ലെങ്കിലും ബാങ്കിന്‍റെ വ്യവസ്ഥകളില്‍ അത് വ്യക്തമായി പ്രതിപാദിച്ചതാണല്ലോ. അതോടൊപ്പം, നാം ബാങ്കില്‍ നിക്ഷേപിക്കുന്ന പണം ഉപയോഗപ്പെടുത്തിയാണ് അവര്‍ മറ്റുള്ളവര്‍ക്ക് പലിശ ഈടാക്കി ലോണ്‍ നല്‍കുന്നത് എന്നതിനാല്‍ അത് പലിശയെ സഹായിക്കുന്ന ഇനത്തിലും ഉള്‍പ്പെടുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പലിശ ഇടപാടുകള്‍ നടത്തുന്ന ബാങ്കുകളുമായി ഇടപാട് നടത്തുന്നതില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. അതോടൊപ്പം ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കുന്ന ഇസ്ലാമിക് ബാങ്കുകള്‍ തുടങ്ങാനും പരമാവധി ശ്രമിക്കാവുന്നതാണ്. 



ഒരുമിച്ചു കാശ് കൊടുക്കാന്‍ പറ്റാത്ത ഒരാള്‍ വാഹനം തവണ പ്രകാരം കാശ് കൊടുത്തു വാങ്ങാന്‍ പറ്റുമോ?

കച്ചവടം ഹലാലും പലിശ ഹറാമും എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. അല്ലാഹു പറയുന്നു “സ്പര്‍ശനം മൂലം പിശാച് തള്ളിവീഴ്ത്തുന്നവന്‍ എഴുന്നേറ്റുനില്‍ക്കുന്നതുപോലെയല്ലാതെ പലിശ തിന്നുന്നവര്‍ എഴുന്നേറ്റ് നില്‍ക്കുന്നതല്ല. നിശ്ചയമായും അതിന് കാരണം 'ക്രിയവിക്രയം പലിശ പോലെത്തന്നെയാണല്ലോ' എന്നവര്‍ പറഞ്ഞതാണ്. (വാസ്തവത്തില്‍) ക്രയവിക്രയം അല്ലാഹു അനുവദിച്ചിട്ടുള്ളതും പലിശ അവന്‍ നിരോധിച്ചിട്ടുള്ളതുമാകുന്നു” (അല്‍-ബഖറ) 

പലിശയോ അനിശ്ചിതത്വമോ ചൂതാട്ടമോ ഇല്ലാത്ത ക്രയവിക്രയങ്ങളെ ഇസ്‌ലാം നിയമവിധേയമാക്കിയിട്ടുണ്ട്. ഒരു കച്ചവടത്തില്‍ കച്ചവടം ചെയ്യപ്പെടുന്ന വസ്തുവിന്റെ വില ഇടപാടുകാരുടെ പരസ്പര ധാരണപ്രകാരം തീരുമാനിക്കാവുന്നതാണ്. ഇങ്ങനെ വില്‍ക്കപ്പെടുന്ന വസ്തുവിന്റെ വില്‍പന വിലക്ക് നിശ്ചിത അവധി നിശ്ചയിക്കുന്നതിന് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യതാസമില്ല.  പ്രവാചക കാലഘട്ടം മുതല്‍ ഇത് നടന്നു വരുന്നു. നബി (സ)വഫത്താകുമ്പോള്‍ നബി യുടെ പടയങ്കി മുപ്പത്‌ സാഅ് ബാര്‍ലി ഗോതമ്പ് അവധി നിശ്ചയിച്ചു വാങ്ങിയതിന് പണയമായി ഒരു ജൂതന്റെ കൈവശമായിരുന്നുവെന്നു ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. 

ഇത്തരം ഒരുപാട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫുഖഹാക്കള്‍ വില്പന വിലക്ക് ഒറ്റത്തവണയായോ കൂടുതല്‍ തവണകളായോ അവധി നിശ്ചയിച്ചു അടക്കുന്നത് അനുവദിനീയമാണെന്നു സമര്‍ഥിക്കുന്നു. സാധാരനവിലയേക്കാള്‍ കൂടുതലാണ് തവണ വ്യവസ്ഥയില്‍ വില നിശ്ചയിക്കപ്പെടുന്നതെങ്കിലും കച്ചവടം അനുവദിനീയമാണ്. ഇക്കാര്യം ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ ‘വകാലത്തി’ന്റെ ഭാഗത്തും ഇമാം ഇബ്നു ഹൈജര്‍ അല്‍-ഹൈതമി തുഹ്ഫയില്‍ തയമ്മുമിന്റെ ഭാഗത്തും സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. 

1- ഇടപാടില്‍ കൃത്യമായ വിലയും വില അടക്കേണ്ട സമയവും നിശ്ചയിക്കപ്പെടണം, അതായത്‌ റൊക്കമായി വില നല്‍കിയാല്‍ ഇത്ര തവണയെങ്കില്‍ ഇത്ര എന്ന് പറഞ്ഞു അനിശ്ചിതത്വ രീതിയില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ പറ്റില്ല. മറിച്ചു ഇത്ര വിലക്ക് വിറ്റു എന്ന രീതിയില്‍ ഇടപാട് പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ നബി (സ) നിരോധിച്ച ഒരു കച്ചവടത്തിനുള്ളില്‍ രണ്ടു കച്ചവടം എന്ന രൂപത്തിലേക്ക് നീങ്ങുകയും കച്ചവടം അസാധുവാകുകയും ചെയ്യും. 

2- കച്ചവടം പൂര്‍ത്തിയായതിനു ശേഷം വിലയില്‍ മാറ്റ വരുത്താനോ അല്ലെങ്കില്‍ അടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ കൂടുതല്‍ തുക ഈടാക്കനോ പറ്റില്ല. അങ്ങനെ ഈടാക്കുന്ന പക്ഷം അത് പലിശയുടെ ഗണത്തില്‍ പെടും. കാരണം വില്‍പന പൂര്‍ത്തിയായതോടെ വില്‍പ്പനക്കാരന് നല്‍കേണ്ട കടബാധ്യതയുടെ സ്ഥാനത്താണ് ഈ സംഖ്യ. അതില്‍ കൂടുതല്‍ ഈടാക്കുന്നത് പലിശക്ക് തുല്യമാകും. 

3.- ഇങ്ങനെ കാലാവധി നിശ്ചയിച്ചു വാങ്ങിയ വസ്തു വില്‍പ്പനക്കാരന് തന്നെ കുറഞ്ഞ തുകക്ക് റൊക്കം തിരിച്ചു വില്‍ക്കാന്‍ പാടില്ല. കാരണം അതുവഴി വില്‍ക്കപ്പനക്കാരന്‍ പലിശയിലേക്കുള്ള കുറുക്കുവഴി തേടുന്നു. ‘ബയ്അ് അല്‍-അയ്ന’ എന്ന് ഹദീസുകളിലും ഫിഖ്‌ഹിലും പരിചയപ്പെടുത്തുന്ന ഈ ഇരട്ട കച്ചവട രീതിയെ നബി (സ) നിരോധിച്ചിട്ടുണ്ട്. അതേസമയം ഇങ്ങനെ കൂടിയ വിലക്ക് വാങ്ങിയ വസ്തു മറ്റൊരാള്‍ക്ക്‌ കുറഞ്ഞ വിലക്ക് വിറ്റു പണമാക്കുന്നതില്‍ തെറ്റില്ല.


വാഹനം ഫൈനാന്‍സ് ചെയ്യുന്നതിന്‍റെ വിധി?

റൊക്കം കാശ് നല്‍കാതെ, തവണകളായി അടച്ച് ഒരു വസ്തു വാങ്ങുന്നതിനെയാണല്ലോ നാം സാധാരണ ഫൈനാന്‍സിംഗ് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതില്‍ അനുവദനീയമായതും അല്ലാത്തതുമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൃത്യമായ വില നിശ്ചയിച്ച്, അല്‍പം പോലും പലിശ വരാത്തവിധം, തവണകളായി അവ തിരിച്ചടക്കേണ്ടിവരുന്ന രീതി ഉപയോഗപ്പെടുത്താവുന്നതാണ്. ഒട്ടേറെ ഘടകങ്ങളെയും നിബന്ധനകളെയും ആശ്രയിച്ചാണ് അതിന്‍റെ വിധി തീരുമാനിക്കപ്പെടുക. 


ബാങ്കില്‍നിന്ന് വായ്പ എടുത്ത് കൊടുത്താല്‍, ആ പണത്തിന് സകാത് ഉണ്ടോ? സകാത് നിര്‍ബന്ധമാവാന്‍ പ്രായപൂര്‍ത്തി ആവേണ്ടതുണ്ടോ?

ബാങ്ക് പലിശ സ്ഥാപനമാണെന്നും അതില്‍നിന്ന് വായ്പ വാങ്ങുന്നതും അതില്‍ നിക്ഷേപിക്കുന്നതുമെല്ലാം പലിശയുമായി ബന്ധപ്പെടലും ഹറാമുമാണെന്ന് ആദ്യമേ ഓര്‍മ്മിപ്പിക്കട്ടെ. ബാങ്കില്‍നിന്ന് സുഹൃത്തിന് വേണ്ടി വായ്പയെടുത്ത് ആ തുക അതുപോലെ സുഹൃത്തിന് കൈമാറുകയാണെങ്കില്‍ അതിന് സകാതില്ലെന്ന് പറയാം. എന്നാല്‍, വായ്പയെടുത്തത് ഉപയോഗിക്കുകയും സമാനമായ വേറെ കാശ് ആണ് കടം നല്‍കിയതുമെങ്കില്‍, കിട്ടാനുള്ള കടത്തില്‍ അതും ഉള്‍പ്പെടുത്തേണ്ടത് തന്നെയാണ്. സകാത് എന്നത് കണക്കും വര്‍ഷവും പൂര്‍ത്തിയാകുന്നതോടെ സ്വത്തുമായി ബന്ധിക്കുന്ന ബാധ്യതയാണ്. സ്വതന്ത്രനും മുസ്ലിമുമായ എല്ലാവരുടെ മേലിലും നിര്‍ബന്ധമാവുന്നതാണ് സകാത്. സ്വത്തിന്‍റെ ഉടമക്ക് പ്രായപൂര്‍ത്തി ആവേണ്ടതില്ല. കുട്ടികളുടെ സ്വത്തിലും അത് നിര്‍ബന്ധം തന്നെയാണ്. കുട്ടിയുടെ സ്വത്തിന്‍റെ സകാത് വിഹിതം കണക്കാക്കി അവകാശികള്‍ക്ക് നല്‍കേണ്ടത് രക്ഷിതാവിന്‍റെ കടമയാണ്. അതിന് കുട്ടിയുടെ അനുവാദം പോലും ആവശ്യമില്ല.

കുഴല്‍പണത്തിന്‍റെ ഏജന്‍റ് ആയി പ്രവര്‍ത്തിക്കാമോ? അത്തരത്തില്‍ ലഭിക്കുന്ന വരുമാനത്തിന്‍റെ വിധി എന്ത്?

ഹറാം ആയ മാര്‍ഗ്ഗങ്ങളിലൂടെ സമ്പാദിക്കുന്നതെല്ലാം ഹറാം തന്നെയാണ്. ഹുണ്ടി ഇടപാടുകളില്‍ പലപ്പോഴും പലിശ കൂടി വരുന്നുണ്ടെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. നാട്ടിലേക്ക് കാശ് അയക്കുകയും അതിന് സമാനമായ തുക അപ്പോള്‍ തന്നെ ഏല്‍പിക്കുന്നുവെങ്കില്‍ ഒരു നിരക്കും മാസാവസാനമോ വൈകി വരുന്ന മറ്റൊരു തിയ്യതിയിലോ ആണ് ഏല്‍പിക്കുന്നത് എങ്കില്‍ മറ്റൊരു നിരക്കും ഈടാക്കുന്നവരും അക്കൂട്ടത്തിലുണ്ട്. അത് പലിശ ഇനത്തില്‍ ഉള്‍പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇസ്‌ലാമിക്‌ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കല്‍ ഹറാം ആണോ?

ലോണ്‍ എടുക്കുക എന്നാല്‍ കടം വാങ്ങുക എന്നാണ് അര്‍ത്ഥമാക്കുന്നത്. കടം വാങ്ങുന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ വാങ്ങിയ കടം തിരിച്ചുകൊടുക്കുമ്പോള്‍ കൂടുതല്‍ നല്‍കണമെന്ന് വ്യവസ്ഥ വെക്കുന്നു എന്നതിനാലാണ് ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നത് പലിശ ഇടപാട് ആവുന്നതും ഹറാം ആയിത്തീരുന്നതും. ഈ നിബന്ധനയുണ്ടോ ഇല്ലേ എന്നതാണ് ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ഈ നിബന്ധനയോട് കൂടിയാണെങ്കില്‍ ഇസ്ലാമിക് ബേങ്കുകളെന്ന് വിളിക്കപ്പെടുന്നവയില്‍നിന്ന് ലോണ്‍ എടുക്കലും ഹറാം തന്നെയാണ്. 

ലോണെടുത്ത് കൃഷി ചെയ്യാമോ?

ലോണ്‍ എന്നുപറഞ്ഞാല്‍ കടം എന്നാണര്‍ത്ഥം. ഇന്ന് സാധാരണഗതിയില്‍ ബാങ്ക് ലോണുകള്‍ക്കാണ് ആ പദം ഉപയോഗിക്കുന്നത്. പലിശ കൊടുക്കേണ്ട ലോണ്‍ ആണെങ്കില്‍ ആ ഇടപാട് തന്നെ ഹറാമാണ്. എന്ത് ആവശ്യത്തിന് വേണ്ടിയാണെങ്കിലും പലിശ കൊടുത്തുകൊണ്ട് കടം വാങ്ങുന്നത് തീര്‍ത്തും നിഷിദ്ധമാണ്.

ജാബിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: ‘പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും അതിന്റെ സാക്ഷികളെയും അതിനു എഴുത്ത്കുത്തുകള്‍ നടതതുന്നവനെയും നബി (സ) ശപിച്ചിരിക്കുന്നു. നബി (സ) പറഞ്ഞു: അവരെല്ലാവരും സമമാണ് (കുറ്റത്തിന്റെ കാര്യത്തില്‍). ഈ ഹദീസ്‌ പലിശ കൊടുക്കുന്നതിന്റെ ഗൌരവം ബോധ്യപ്പെടുത്തുന്നു.

തന്റെ മുന്നില്‍ എല്ലാ വാതിലുകളും അടയുകയും തന്റെ ജീവിതം അപകടത്തിലാവുകയും ചെയ്യുമെന്ന് ബോധ്യമാവുകയും ചെയ്യുമ്പോള്‍ മാത്രമേ അവസാന വഴി എന്ന നിലയില്‍ ഇക്കാര്യങ്ങളെ സമീപിക്കാന്‍ പറ്റൂ. ഉദാഹരണമായി പറഞ്ഞാല്‍ കൃഷിപ്പണി മാത്രമറിയുന്ന ഒരാള്‍ക്ക്‌ മറ്റൊരു ജോലി ലഭിക്കാതിരിക്കുകയും പലിശരഹിത കടം കിട്ടാനുള്ള മുഴുവന്‍ വഴികളും അടയുകയും തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റൊരു വഴിയുമില്ലെന്നു ഉറപ്പാവുകയും ചെയ്യുന്ന സമയത്ത് ജീവിതമാര്‍ഗത്തിനു വേണ്ടി പലിശ അധിഷ്ഠിത ലോണ്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് അനുവദിനീയമാകും.

ഒരാള്‍ എന്നോട് പറയുന്നു, നിങ്ങള്‍ എന്‍റെ വര്‍ക്ക് ചെയ്തു തന്നാല്‍ ഒരു പേപ്പറിന് അഞ്ചു ദിര്‍ഹം തരാം. ഇങ്ങനെ നിശ്ചയിക്കുന്നത് പലിശയില്‍ പെടുമോ?


ചോദ്യത്തില്‍ പറഞ്ഞത് പ്രകാരമുള്ളത്, ചെയ്യുന്ന ജോലിക്ക് കൂലി നിശ്ചയിക്കുക മാത്രമാണ്. അത് പലിശ ഇനത്തിലോ ഹറാമിന്റെ പരിധിയിലോ വരുന്നതല്ല.

ഗവണ്മെന്‍റ് ജോലി സ്വീകരിക്കാമോ? പി.എഫ് ഫണ്ടില്‍ വരുന്നത് പലിശയല്ലേ? ആ ശമ്പളം ഹലാലാകുമോ

നിഷിദ്ധമായ മുതലുമായി കൂടിക്കലര്‍ന്ന വേതനം ലഭിക്കുന്ന ജോലി ഉപേക്ഷിക്കലാണ്‌ ഉത്തമം. ജനാധിപത്യ രാജ്യങ്ങളിലെ ഗവണ്മെന്റുകളുടെ വരുമാനങ്ങള്‍ അനുവദനീയവും നിഷിദ്ധവുമായ സ്രോതസ്സുകളില്‍ നിന്നായത് കൊണ്ട് ഗവണ്മെന്റ് വേതനവും ഇതേ വിധിയില്‍ ഉള്‍പ്പെടുന്നതാണ്.

എന്നാല്‍ ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്തില്‍ ഗവണ്മെന്റ് ജോലി ചെയ്യുന്ന മുസ്ലിമിന് കരണീയമായ ഒട്ടനവധി വ്യാഖ്യാനങ്ങള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിംകളുടെ നിലനില്പിന്നും അവരുടെ അവകാശങ്ങള്‍ വകവെച്ചു കിട്ടാനും ഗവണ്മെന്റ് ഉദ്യോഗ തലങ്ങളില്‍ മുസ്ലിം പ്രാധിനിധ്യം അനിവാര്യമാണ്. അല്ലാത്തപക്ഷം ന്യൂന പക്ഷങ്ങള്‍ക്കെതിരെയുള്ള ഭരണകൂട ഭീകരതക്കും ന്യൂനപക്ഷ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടാനും സാധ്യതകള്‍ ഏറെയാണ്.

അതുകൊണ്ട് ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്ത് മുസ്ലിമിനെ അപേക്ഷിച്ച് അവന്റെ  നിലനില്പ് വളരെ മുഖ്യമായതുകൊണ്ടും മുസ്ലിം ഉദ്യോഗസ്ഥന് ലഭിക്കുന്ന ഗവണ്മെന്റ് വേതനം നിഷിദ്ധമായ മാര്‍ഗത്തില്‍ നിന്നാണ് എന്ന് പൂര്‍ണമായ ഉറപ്പില്ലാത്തതുകൊണ്ടും ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്തില്‍ സര്‍ക്കാര്‍ ജോലി അനുവദനീയമാണ്.


പൊതുവേ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാര്‍ക്ക്‌ നല്‍കുന്ന പ്രോവിഡന്റ് ഫണ്ട് പോലുള്ള സംവിധാനങ്ങളില്‍ സാധാരണഗതിയില്‍ ഓരോ മാസവും ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നുള്ള വിഹിതവും തത്തുല്യമായി ജോലിദാതാവിന്റെ വിഹിതവും നിക്ഷേപിക്കുന്നുണ്ടല്ലോ. പക്ഷെ ഈ സംഖ്യ മിക്കപ്പോഴും നിക്ഷേപിക്കപ്പെടുന്നത് നിശ്ചിത വരുമാനം ഉറപ്പുതരുന്ന പലിശയധിഷ്ഠിത നിക്ഷേപക സംവിധാനങ്ങളിലാണ്. അതുകൊണ്ട്‌ തന്നെ അത് ഉല്‍പാദിപ്പിക്കുന്ന വരുമാനം നിഷിദ്ധമായി തീരും. എന്നാല്‍ ഇതില്‍ ജീവനക്കാരന്റെ യഥാര്‍ത്ഥ അവകാശമായ അവന്റെ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധിതമായി ഗവണ്‍മെന്റ് നീക്കിവെച്ച സംഖ്യയും അവനു വേണ്ടി ഗവണ്‍മെന്റ് നിക്ഷേപിച്ച സംഖ്യയും അവന്റെ അവകാശമായതിനാല്‍ അത് കണക്കാക്കി അവന്റെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്. ബാക്കിവരുന്നതില്‍ ഹലാലായ നിക്ഷേപത്തിലൂടെയുള്ളതാണെന്ന് ഉറപ്പുള്ള പണം ഉണ്ടെങ്കില്‍ അത് അവന്റെ അവകാശമാണ് അല്ലാതത്തിനു നിഷിദ്ധമായ ധനത്തിന്റെ നിയമം ബാധകമാവും.

കെഎംസിസി വെല്‍ഫയര്‍ സെല്ലിന്റെ ഭാഗമായി അതിലുള്ള മെമ്പര്‍മാര്‍ ചേര്‍ന്ന് എല്ലാ വര്‍ഷവും 100 ദിര്‍ഹംസ് വെച്ച് എടുക്കുകയും ആരെങ്കിലും മരിച്ചാല്‍ 3 ലക്ഷവും അപകടം പറ്റിയാല്‍ ഒന്നര ലക്ഷവും ലഭിക്കും ഇതൊരു സഹായ നിധി എന്ന് പറയുന്നു ഇത് അനുവദനീയമാണോ?


സഹായനിധിയെന്ന പേരിലറിയപ്പെട്ടാലും ഇടപാടുകളില്‍ ശരീഅതിന്റെ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഇസ്‍ലാമില്‍ അതിന് സാധുത കല്‍പിക്കപ്പെടില്ല. അറബികളുടെ ചൂതാട്ടം യഥാര്‍ത്ഥത്തില്‍ ഒരു സഹായ നിധിതന്നെയായിരുന്നല്ലോ. എന്നിട്ടും ഖുര്‍ആന്‍ രൂക്ഷമായ ഭാഷയിലാണതിനെ വിമര്‍ശിച്ചത്. ഇന്‍ഷുറന്‍സ് ഇടപാടില്‍ നാണയവും നാണയവും തമ്മിലുള്ള വില്‍പനയാണ്. നീ എനിക്ക് 100 തന്നാല്‍ ഞാന്‍ നിനക്ക് മൂന്ന് ലക്ഷം തരാം എന്ന് പറയുന്നത് പോലെത്തന്നെയാണല്ലോ ഈ ഇടപാടും. അത്തരത്തിലുള്ള ഇടപാടുകളില്‍ മൂന്ന് നിബന്ധനകള്‍ പാലിച്ചിരിക്കല്‍ നിര്‍ബന്ധമാണ്. രണ്ടും തുല്യമായിരിക്കുക,  കച്ചവടം റൊക്കമായിരിക്കുക, സദസ്സില്‍ വെച്ച് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക. എന്നിവയാണവ. 

ഈ മൂന്ന് നിബന്ധനകളും ഈ ഇന്‍ഷൂറന്‍സ് രീതിയില്‍ പാലിക്കപ്പെടുന്നില്ലല്ലോ. കാരണം 1600 രൂപ അടച്ച ആള്‍ക്കാണ് 3 ലക്ഷമോ 1.5 ലക്ഷമോ നല്‍കാമെന്ന് നിബന്ധന വെക്കപ്പെടുന്നത്. അത് തന്നെ സദസ്സില്‍ വെച്ച് നല്‍കപ്പെടുന്നുമില്ല. അടച്ച പണം മാത്രമേ സ്വീകരിക്കുന്നുള്ളൂവെങ്കില്‍ തന്നെ കൈമാറ്റം വൈകിപ്പിക്കല്‍ വന്നു ചേരുന്നുണ്ട്. അതും ഇസ്‍ലാം നിരോധിച്ച പലിശയിനം തന്നെയാണ്. എന്നാല്‍ ഇത്തരം പദ്ധതികള്‍ ഇസ്‍ലാം അനുവദിച്ച രീതിയില്‍ തന്നെ നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. ഇന്ന് നിലവിലുള്ള തകാഫുല്‍ സംവിധാനം പോലെ. അഥവാ തകാഫുലില്‍ അംഗത്വമുള്ളവര്‍ അതിലേക്ക് സ്വദഖ ചെയ്യുക. ഈ സംഖ്യ ഏതെങ്കിലും കച്ചവടത്തില്‍ നിക്ഷേപിക്കുന്നുവെങ്കില്‍ ഹലാലായ ബിസിനസില്‍ തന്നെ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. എന്നിട്ട് അംഗങ്ങളില്‍ ആര്‍ക്കെങ്കിലും അപകടം മൂലമോ മറ്റോ ആവശ്യമായി വരുമ്പോള്‍ അവന്റെ ആവശ്യത്തിനനുസരിച്ച് സംഭാവന നല്‍കുക. വ്യക്തമായ സംഭാവനയുടെ രീതിതന്നെ ഈ ഇടപാടിനുണ്ടായിരിക്കണം. 

അതിന് താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

1) 100 ദിര്‍ഹം തന്ന് പദ്ധതിയില്‍ ചേര്‍ന്നവന് ഇത്ര 200 ദിര്‍ഹം നല്‍കി ചേര്‍ന്നവന് ഇത്ര തുടങ്ങി സംഖ്യകള്‍ നിശ്ചയിക്കാതിരിക്കുക. അഥവാ അംഗത്വത്തിന് നല്‍കിയ സംഖ്യക്ക് പകരമാവരുത് നല്‍കുന്നത്. എത്ര സംഖ്യ തന്നെ തന്നാലും അവന്റെ ആവശ്യത്തിനനുസരിച്ചുള്ള സ്വദഖയാവണം. 

2) അംഗങ്ങളില്‍ നിന്ന് സംഖ്യ സ്വീകരിക്കുന്നവരും സ്വദഖ എന്ന നിലയില്‍ തന്നെ സ്വീകരിക്കണം. അഥവാ ഞാന്‍ 200 ദിര്‍ഹം തന്നതിനാല്‍ എനിക്ക് നാല് ലക്ഷം വേണം തുടങ്ങിയുള്ള നിബന്ധന വെക്കരുത്. അവന് മറ്റുള്ളവരോട് സ്വദഖ ചോദിക്കുന്നത് പോലെ എത്രയും ചോദിക്കാം പക്ഷെ ലഭിക്കുന്നത് മാത്രം സ്വീകരിക്കുക. ഇങ്ങനെയൊക്കെയാല്‍ തകാഫുല്‍ ശരിയാവും മാത്രമല്ല പരസ്പരം നന്മയുടെ മേല്‍ സഹകരിച്ചതിനുള്ള പ്രതിഫലവും ലഭിക്കും. മേല്‍ പറയപ്പെട്ട നിബന്ധനകള്‍ പാലിക്കുന്ന സാഹായ നിധിയാണ് ചോദ്യത്തില്‍  പറയപ്പെട്ട കെഎംസിസി ഇന്‍ഷൂറന്‍സെങ്കില്‍ അത് അനുവദിനീയവും അല്ലെങ്കില്‍ നിഷിദ്ധവുമാണ്.

ജ്വല്ലറിയില്‍ പണം മുന്‍കൂറായി നല്‍കുന്ന പതിവുണ്ട്.വില കൂടിയാലും, പണം നിക്ഷേപിച്ച സമയത്തുള്ള വിലയ്ക്ക് ആഭരണം ലഭിക്കും. വാങ്ങുന്ന സമയത്ത് വില കുറഞ്ഞിട്ടുണ്ടെങ്കില്‍ കുറഞ്ഞ വില കൊടുത്താല്‍ മതി. ഇവിടെ നല്‍കുന്ന വിലയിലോ ലഭിക്കുന്ന വസ്തുവിലോ കൃത്യതയില്ല.ഊഹത്തില്‍ അധിഷ്ടിതമായ ഈ കച്ചവടം അനുവദനീയമാണോ?

നാം ജ്വല്ലറിയില്‍ പണം നല്‍കുന്ന രീതിക്കനുസരിച്ച് അതിന്റെ വധിമാറും. നാം പിന്നീട് വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ വില വാങ്ങുന്നതിന് മുമ്പേ നാം ജ്വല്ലറിക്ക് നല്‍കുകയാണെങ്കില്‍ അത് നിഷിദ്ധമായ പലിശക്കച്ചവടമാണ്. നാം ജ്വല്ലറിക്ക് കടം നല്കുന്നു, ആ സംഖ്യ ഉപയോഗിച്ച് ജ്വല്ലറി സ്വര്‍ണ്ണം വാങ്ങി കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നു. നമുക്ക് ആവശ്യമുള്ളപ്പോള്‍ പണം തിരിച്ച് വാങ്ങുന്നതിന് പകരം നാം സ്വര്‍ണ്ണം വാങ്ങുന്നു. ഇങ്ങനെയെങ്കില്‍ ഏറ്റവും കുറഞ്ഞ വിലക്കു തന്നെ സ്വര്‍ണ്ണം നല്‍കണമെന്ന് കച്ചവട സമയത്ത് നിബന്ധന വെക്കുന്നത് പലിശ (ربا القرض) യാണ്. അങ്ങനെ പ്രത്യേക നിബന്ധനയൊന്നുമില്ലാതെ കച്ചവടക്കാര്‍ കുറഞ്ഞ വിലക്ക് നല്‍കുന്നുവെങ്കില്‍ അനുവദനീയമാണ്. സ്വര്‍ണ്ണത്തിന്റെ വ്യപാരത്തിലും നിക്ഷേപത്തിലും ചില നിബന്ധനകള്‍ ഇസ്‌ലാം നിര്‍ബന്ധമാക്കുന്നു.


ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയും ബാങ്കിംഗ് സംവിധാനങ്ങളും പലിശയിൽ അധിഷ്ഠിതമാണല്ലോ. മതേതര രാജ്യമായ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഇവ തിരഞ്ഞെടുക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ. അതിനാല്‍ ബാങ്കിംഗ് മേഖലയിലും മുസ്ലിം സാന്നിധ്യം വേണ്ടതല്ലേ? ഇങ്ങെ ചിന്തിക്കുമ്പോള്‍ ബാങ്കിലെ ജോലി സ്വീകരിച്ചുകൂടേ? ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർക്ക് നല്‍കുന്ന ശമ്പളത്തിൽ പലിശ കലരാനിടയില്ലേ?


പലിശയിലധിഷ്ഠിതമായ ബാങ്കുകളെ സഹായിക്കുന്നത് മുഴുവനും പലിശയെ സഹായിക്കല്‍ തന്നെ. ബാങ്കില്‍ ജോലി ചെയ്യുന്നതും തഥൈവ. എന്നാല്‍ മതേതരമായ സംവിധാനമുള്ള, പലിശയിലധിഷ്ടതമായ ബാങ്കുകളെ ആശ്രയിച്ച സാമ്പത്തിക വ്യവസ്ഥയുള്ള ഇന്ത്യപോലോത്ത രാജ്യത്ത് ചിലപ്പോള്‍ ഇത്തരം ബാങ്കുകളെ സമീപിക്കല്‍ നിര്‍ബന്ധിതമാകും. അങ്ങനെ മറ്റുവഴികളില്ലാത്തപ്പോള്‍ ഒഴിച്ചു കൂടാനാവത്ത കാര്യങ്ങള്‍ക്ക് വേണ്ടി ബാങ്കിനെ സമീപിക്കാം. എന്നാല്‍ ബാങ്കിലെ ജോലിയെ ഇത്തരത്തില്‍ ന്യായീകരിക്കാവതല്ല. സര്‍കാരിന്‍റെ വരുമാനം പലിശയും പലിശയല്ലാത്തതുമായ സമ്മിശ്ര സമ്പത്താണ്. അത്തരം ഹറാമും ഹലാലും കൂട്ടികലര്‍ന്ന സ്വത്ത് ഉപയോഗിക്കല്‍ അനുവദനീയമാണ്. എങ്കിലും പൂര്‍ണ്ണമായും ഹലാല് മാത്രമുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമാണ് ഏറ്റവും ഉത്തമം. അതേ സമയം ഈ കാലഘട്ടത്തില്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സര്‍കാര്‍ തലത്തില്‍ മുസ്ലിം സാന്നിധ്യം മുസ്ലിംകളുടെ സുരക്ഷക്കും അവകാശ സംരക്ഷണത്തിനും ആവശ്യമാണെന്നിരിക്കെ ആ ഉദ്ദ്യേശത്തോടെ അത്തരം മേഖലകളില്‍ ജോലി സ്വീകരിക്കുന്നത് അഭികാമ്യം തന്നെ. 

യുഎഇയിലെ ഇസ്ലാമിക്‌ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുന്നത് ഹലാല്‍ ആണോ. അതിലെ ഫിക്സഡ് പ്രോഫിറ്റ് റേറ്റ് പലിശ അല്ലാതെ ആകുന്നത് എങ്ങിനെ. ഒരു വിശദീകരണം നല്കാമോ.


സാധാരണയായി ഇസ്‌ലാമിക ബാങ്കുകള്‍ വ്യക്തിഗത ഫിനാന്‍സിംഗിന് ഉപയോഗിക്കുന്നത് ഇസ്‌ലാമിക ഫിഖ്‌ഹില്‍ ചര്‍ച്ചചെയ്യപ്പെടുന്ന തവര്‍റുഖ്, സര്‍നഖ എന്നൊക്കെ അറിയപ്പെടുന്ന കച്ചവടരീതിയാണ്. പണലഭ്യതക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാവുകയും പലിശപോലുള്ള പൂര്‍ണ്ണമായും നിഷിദ്ധമായ ഇടപാടുകളില്‍ പെട്ട് പോവുകയും ചെയ്യുമെന്ന അവസ്ഥ വരികയും ചെയ്യുമ്പോള്‍ മാത്രം അവസാന പിടിവള്ളിയെന്ന രീതിയില്‍ ഇത്തരം ഇടപാടുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് എടുത്ത് കൊടുക്കുന്ന ജോലിയുള്ള വ്യക്തി, പലിശയുള്ള ബാങ്കുകള്‍ക്ക് ലൈസന്‍സ് ശരിയാക്കികൊടുക്കുന്നതിന്‍റെ വിധിയെന്താണ്?

തെറ്റായ ഒരു കാര്യത്തിലും പരസ്പരം സഹകരിക്കാതിരിക്കുകയെന്നതാണ് ഇസ്‌ലാമിക നിലപാട്. ഖുര്‍ആന്‍ പറയുന്നു. പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (അല്‍-മാഇദ: 2) പലിശ ഇസ്‌ലാം നിരാകരിച്ചതും ഏറ്റവും വലിയ പാപങ്ങളില്‍ ഒന്നായി എണ്ണിയിട്ടുള്ളതുമാണ് സുവിദിതമാണല്ലോ. പലിശ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തവരോട് യുദ്ധ പ്രഖ്യാപനം നടത്തുന്നുണ്ട് ഖുര്‍ആന്‍.  “വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും. ആരുടെയും ദ്രോഹത്തിനിരയാകാതെയും.(അല്‍-ബഖറ 278-279) 

മദ്യം നിര്‍മ്മിക്കുന്നവര്‍ക്ക് അതിനാവശ്യമായ മുന്തിരി വില്‍പന നടത്തുന്നത് നിഷിദ്ധമാണെന്ന് ഫിഖ്‌ഹീഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട് (തുഹ്ഫ 4:316). 


അതുപോലെ തന്നെ നിയമവിരുദ്ധ യുദ്ധങ്ങളുടെയും ആഭ്യന്തര കുഴപ്പങ്ങളുടെയും സമയത്ത് ആയുധ വില്‍പ്പന നടത്തുന്നതും ഇസ്‌ലാം നിരോധിക്കുന്നുണ്ട്. ഇതൊക്കെയും തെറ്റുകളില്‍ പങ്കാളിത്തമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അത് കൊണ്ട് തന്നെ സ്ഥാപനങ്ങള്‍ക്ക്‌ ലൈസന്‍സ് എടുത്തുകൊടുക്കുന്നത് അനുവദിനീയമായതാണെങ്കിലും പലിശ സ്ഥാപനത്തിനു അത് എടുത്തുകൊടുക്കുന്നതിലൂടെ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ അത് നിഷിദ്ധ(ഹറാം)വുമാണ്. ജാബിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ അദ്ദേഹം പറയുന്നു : “പലിശ ഭക്ഷിക്കുന്നവനെയും ഭക്ഷിപ്പിക്കുന്നവനെയും അത് എഴുതുന്നവനെയും അതിന്റെ സാക്ഷികളെയും അല്ലാഹുവിന്റെ ദൂതര്‍ ശപിച്ചിരിക്കുന്നു” (മുസ്‌ലിം, അഹ്മദ്‌). എഴുതുന്നവന്‍ എന്ന് പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള ഭരണപരവും മറ്റുമുള്ള ജോലികള്‍ ഉള്‍പ്പെടുമെന്ന് മനസ്സിലാക്കാവുന്നതാണ്.

സ്വര്‍ണ്ണാഭരണത്തിന് പണിക്കൂലി കൂടുതല്‍ ഈടാക്കാമോ? പണിക്കൂലിയുടെ കാര്യം ആദ്യം പറയാതിരിക്കുകയും പിന്നീട്, ഉപഭോക്താവിനോട് ആലോചിക്കാതെ ബില്ലില്‍ എഴുതിച്ചേര്‍ത്ത് കബളിപ്പിക്കുകയും ചെയ്യുന്നത് ശരിയാണോ?


സ്വര്‍ണ്ണാഭരണത്തിനു പണിക്കൂലി ഈടാക്കാവുന്നതാണ്. ആ തുക പലിശയായി ഗണിക്കപ്പെടുകയില്ല. മറിച്ച് ആഭരണ നിര്‍മാണത്തിന്റെ കൂലിയാണത്. അതിനു പ്രത്യേക പരിതി ശരീഅത് നിശ്ചയിച്ചിട്ടില്ല. മറ്റു വസ്തുക്കള്‍ വിറ്റു ലാഭമെടുക്കുന്നത് പോലെ തന്നെയാണിത്. കച്ചവടക്കാരനു എത്ര തന്നെ ലാഭമെടുക്കാമെങ്കിലും അവനു നല്ലതും സുന്നതും മറ്റുള്ളവരില്‍ നിന്ന് കൂടുതല്‍ ലാഭം ഈടാക്കാതിരിക്കുന്നതാണ്. തന്റെ സഹോദരന് ഉപകാരം ചെയ്യുന്നത് നബി തങ്ങള്‍ വളരെ അധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കു ബുദ്ധുമുട്ടാവുന്ന വിധത്തില്‍ ലാഭമെടുക്കുന്നത് നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആഭരണങ്ങള്‍ക്കു പണിക്കൂലി ഈടാക്കുന്നത് എല്ലാവര്‍ക്കുമറിയുന്ന കാര്യം തന്നെയാണല്ലോ. അത് കൊണ്ട് കച്ചവട സമയത്ത് പണിക്കൂലി ഈടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ബില്ലില്‍ പണിക്കൂലി എഴുതിച്ചേര്‍ത്താല്‍ ആ വിലയില്‍ നാം തൃപ്തരല്ലെങ്കില്‍ സ്വര്‍ണ്ണം വാങ്ങാതിരിക്കുകയുമാവാം. അത് കൊണ്ട് ഉപഭോക്താവിനെ കബളിപ്പിച്ചുള്ള വില്‍പനയായി പരിഗണിക്കാവതല്ല. 


ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന കമ്പനി, ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത മൂലധനം കൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. മാസം തോറും നിശ്ചിത സംഖ്യ പലിശ അടക്കം തിരിച്ചടക്കുന്നുമുണ്ട്. ഞാന്‍ അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്നതിനാല്‍ ബാങ്കിലെ ഇടപാടുകള്‍ രേഖപ്പെടുത്തല്‍ എന്റെ ജോലിയാണ് . ജോലി എന്തായാലും പലിശക്ക് വാങ്ങിയ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് കിട്ടുന്ന ശമ്പളം ഹലാല്‍ ആവുമോ? "പലിശക്കണക്ക് എഴുതുന്നവന്‍" എന്ന പരിധിയില്‍ ഞാനും പെടില്ലേ? ഗള്‍ഫിലെ 90 % കമ്പനികളും പ്രവര്‍ത്തിക്കുന്നത് ഇതുപോലെ തന്നെ ആണ് .


പലിശക്ക്‌ പണം എടുത്ത്കൊണ്ട്  മൂലധനം കണ്ടെത്തിയത്തിന്റെ ഉത്തരവാദിത്തം കമ്പനിയുടമക്കാണ്. അതിനു ജോലിക്കാര്‍ തെറ്റുകാരല്ല. ഒരാളുടെ ധനം മുഴുവന്‍ ഹറാമാണെന്നു ബോധ്യമുള്ളപ്പോഴും ഇടപാട് നടത്തപ്പെടുന്ന ധനം ഹറാമാണെന്ന് ഉറപ്പുള്ളപ്പോഴും അയാളുമായുള്ള ഇടപാട് ഹറാമാണ്. അതേ സമയം ഒരാളുടെ ധനത്തിലധികവും ഹറാമും കുറച്ച് ഹലാലുമാണെങ്കില്‍ അയാളുമായി ഇടപാട്‌ നടത്താവുന്നതാണ്. പക്ഷേ കറാഹത്താണ്. അതനുസരിച്ച്  കമ്പനിയുടെ മൂലധനം പൂര്‍ണ്ണമായും ഹറാമായ ഇടപാടിലൂടെ വന്നതാണെങ്കില്‍ അതില്‍ നിന്നു വിട്ടു നില്‍ക്കണം. അതല്ല ഹറാമും ഹലാലും കലര്‍ന്നതാണെങ്കില്‍ വിട്ടു നില്‍ക്കലാണ് ഉത്തമം. കമ്പനിയുടെ വരവ് ചെലവുകള്‍ രേഖപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബാങ്കിലെ ഇടാപാടുകള്‍ രേഖപ്പെടുത്തുന്നത്  'പലിശക്ക്‌ കണക്ക്‌ എഴുതുന്നവന്‍' എന്ന് നബി (സ) അല്ലാഹു ശപിച്ചിരിക്കുന്നുവെന്നു പറഞ്ഞ വിഭാഗത്തില്‍ പെടുന്നില്ല. പലിശ ഇടപാട്‌ നടക്കുമ്പോള്‍ അതിനു സാക്ഷിയായി  നിന്നവരെയും ആ ഇടപാടിനു രേഖയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അതില്‍ നേരിട്ട് രേഖപ്പെടുത്തുന്നവരെയുമാണ് പ്രസ്തുത ഹദീസില്‍ സൂചിപ്പിക്കുന്നത്. പക്ഷേ ഒരു അക്കൌണ്ടന്‍റ് എന്ന നിലയില്‍ താങ്കള്‍ ആ ഇടപാടുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഒരു തിന്മയുടെമേല്‍ സഹായിക്കുകയാണ്. ആ നിലയ്ക്ക് അത് ഹറാമായിത്തീരുന്നു. സാധ്യമെങ്കില്‍ നിങ്ങളുടെ കമ്പനിയുടമയെ ഈ തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുകയും കഴിയും വേഗം അതില്‍ നിന്ന് ഒഴിവാകുകയും ചെയ്യുക. പൂര്‍ണ്ണ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുന്ന ഒരു കമ്പനിയില്‍ ജോലി ലഭിക്കാനുള്ള അവസരമുണ്ടെങ്കില്‍ അതിനു ശ്രമിക്കുക്ക. അല്ലെങ്കില്‍ ഇസ്‌ലാം നിരോധിച്ച ഇടപാടുകള്‍പരമാവധി സൂക്ഷിക്കുന്ന കമ്പനികള്‍ ശ്രമിക്കുക്ക. ഗത്യന്തരമില്ലാതെ ഈ ജോലി തുടരേണ്ടിവരികയാണെങ്കില്‍ ഇത്തരം ഇടപാടുകളോടുള്ള എതിര്‍പ്പ് സാധ്യമായരീതിയില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുക.

ബാങ്കിന്റെ നേതൃത്വം മുസ്‍ലിംകള്‍ക്ക് ഏറ്റെടുക്കാമോ?


നിഷിദ്ധമായ പലിശ സമ്പ്രദായം തുടര്‍ന്നു പോരുന്ന ബാങ്ക് പോലോത്ത സ്ഥാപനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നത് നിഷിദ്ധം തന്നെയാണ്. ആ നേതൃത്വത്തിനു വേണ്ടി മത്സരിക്കുന്നതും മുസ്‍ലിമിനു ഭൂഷണമല്ല.അത്തരം ഇടപാടുകളില്‍ നിന്ന് മുസ്‍ലിം മാറി നില്‍കണം. ബാങ്കിന്റെ നേതൃത്വം ഏറ്റെടുത്ത് അത് പലിശമുക്തമാക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു.

ജ്വല്ലറി നടത്തുന്ന കുറിയില്‍ കൂടാമോ? നറുക്ക് വീണവര്‍ പിന്നീട് കാശ് അടക്കേണ്ടതില്ല. അല്ലാത്തവര്‍ക്ക് കാലാവധിക്ക് ശേഷം അടച്ച കാശിനുള്ള സ്വര്‍ണ്ണം പണിക്കൂലി ഇല്ലാതെ കൊടുക്കും. ഇതിന്റെ വിധിയെന്ത്‌?


സ്വര്‍ണ്ണം വെള്ളിക്ക് പകരമോ അല്ലെങ്കില്‍ അവയുടെ സ്ഥാനത്തുള്ള കാശിനു പകരമോ വില്‍ക്കുമ്പോള്‍ കച്ചവടം റൊക്കമായിരിക്കുക, ഇടപാട്‌ നടത്തുന്നവര്‍ കച്ചവട സദസ്സില്‍ നിന്ന് വിട്ടുപിരിയുന്നതിനു മുമ്പ് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക എന്നീ നിബന്ധനകള്‍ പാലിച്ചിരിക്കണം. അതായത്‌ അവധി നിശ്ചയിച്ചുള്ള കച്ചവടമോ കൈമാറ്റം വൈകിപ്പിക്കലോ തവണകളായി അടച്ചുതീര്‍ക്കുന്ന രീതിയിലുളള കച്ചവടമോ അനുവദനീയമല്ല. മറിച്ചു അങ്ങനെ ചെയ്‌താല്‍ ഇസ്‌ലാം നിരോധിച്ച (റിബല്‍ ഫദ്ല്‍ – അധികപ്പലിശ) ഇനത്തില്‍ വരുന്നതാണ്. തവണകളായി അടച്ചുതീര്‍ത്ത് ശേഷം സ്വര്‍ണ്ണം വാങ്ങലാണല്ലോ മേല്‍ പ്രസ്താവിക്കപ്പെട്ട കുറിയില്‍ നടക്കുന്നത്. കച്ചവടം റൊക്കമായിരിക്കുക എന്ന നിബന്ധന പാലിച്ചിട്ടില്ല എന്നത് വ്യക്തമാണല്ലോ. അത് കൊണ്ട് ആ കുറി ഇസ്‍ലാം നിരോധിച്ച പരിതിയിലാണ് വരുക. കുറി സാധാരണ നിലയില്‍ കടമായാണ് പരിഗണിക്കപ്പെടാറ്. അങ്ങനെ കടത്തിന്റെ സ്വഭാവം ഈ കുറിക്കുമുണ്ടെങ്കില്‍ ഇതിനെയും കടമായി പരിഗണിക്കാം.അഥവാ കാലാവധിക്ക് ശേഷം നമുക്ക് നാം അടച്ച പണമാണ് ആവശ്യമെങ്കില്‍ ജ്വല്ലറി പണവും തിരികെ നല്‍കുമെങ്കില്‍ ഈ കുറിയെ ജ്വല്ലറിക്ക് പണം കടം നല്‍കലായി പരിഗണിക്കാം.  അപ്പോള്‍ ജ്വല്ലറി നമുക്ക് നല്‍കാനുള്ള പണത്തിന് പകരം നാം സ്വര്‍ണ്ണം വാങ്ങി എന്ന് വെക്കാം. അതല്ല ജ്വല്ലറി സ്വര്‍ണ്ണം മാത്രമേ കാലാവധിക്ക് ശേഷം നല്‍കുകയുള്ളൂവെങ്കില്‍ ഇത് നിഷിദ്ധമായ പലിശക്കച്ചവടം തന്നെയാണ്. 


വിളിക്കുറി ഇസ്ലാമില്‍ അനുവദനീയമാണോ?


ഓരോ മാസവും നിശ്ചിത സംഖ്യ കടം കൊടുക്കലായാണ് കുറിയെ കര്‍മശാസ്ത്ര പണഡിതര്‍ പരിഗണിച്ചിട്ടുള്ളത്. പലതരത്തില്‍ കുറി സംഘടിപ്പിക്കപ്പെടാറുണ്ട്. അതില്‍ ഒരു രൂപമാണ് ലേലക്കുറി. പണത്തിന് അത്യാവശ്യമുള്ളവര്‍ കുറിയില്‍ ആകെ അടക്കേണ്ട തുകയേക്കാള്‍  കുറഞ്ഞ തുകക്ക്  കുറി വിളിച്ചെടുക്കേണ്ടി വരുന്ന രൂപമാണിത്. ഇവര്‍ക്ക് വരുന്ന നഷ്ടം കുറി നടത്തിപ്പുകാര്‍ക്ക് ലാഭമായി ലഭിക്കുന്നു. കുറിയില്‍ ആകെ അടക്കേണ്ട തുക ഒരു ലക്ഷമാണെങ്കില്‍ പണത്തിന് അത്യാവശ്യം ഉള്ളവന്‍ അതില്‍ കുറഞ്ഞ സംഖ്യക്ക് കുറി വസൂലാക്കുന്നു. എന്നാല്‍ തിരിച്ചടക്കുമ്പോള്‍ ഒരു ലക്ഷം പൂര്‍ണമായി അടക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ഇസ്‍ലാം നിഷിദ്ധമാക്കിയ പലിശ (ربا القرض) യാണ്. ഇത്തരം കുറികളില്‍ ഭാഗഭാക്കാവുന്നതും നടത്തുന്നതും ഹറാം തന്നെ.

ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ സകാത് നല്‍കാന്‍ പറ്റുമോ?

സകാത് നല്‍കിയാല്‍ ആ സംഖ്യ അനിസ്‍ലാമിക കാര്യങ്ങള്‍ക്ക് ചെലവഴിക്കുമെന്നുറപ്പ് ലഭിച്ചാല്‍ മാത്രം അവന് സകാത് നല്‍കല്‍ ഹറാമാണ്. ഹറാമെങ്കിലും സകാത് ശരിയാവുന്നതാണ്. ബാങ്ക് ലോണെടുത്തവന് സകാത് നല്‍കുന്നത് അനുവദനീയമാണ്. കാരണം പലിശയിനത്തിലേക്ക് തന്നെയാണ് ഈ സംഖ്യ തിരിച്ചടക്കുന്നതെന്ന് ഉറപ്പില്ല. ലോണായി എടുത്ത പലിശയല്ലാത്ത സംഖ്യയിലേക്ക് തിരിച്ചടക്കാന്‍ വേണ്ടി നല്‍കാവുന്നതാണ്. പലിശ വാങ്ങിയതിന് തൌബ ചെയ്താല്‍ അതിലേക്ക് തിരിച്ചടക്കാനും നല്‍കാവുന്നതാണ്.



പലിശയുമായിട്ടുള്ള എല്ലാ കാര്യങ്ങളും ഹറാമാണ്‌ എന്ന് കേട്ടിട്ടുണ്ട്, എന്റെ പണമിടപാടെല്ലാം ബാങ്ക് വഴിയാണ്, അതില്‍ ബാലന്‍സ് ഉള്ള കാശിനു പലിശ വരുന്നുണ്ട് അതു എടുത്ത് പൊതു ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന വിധത്തില്‍ ചെലവ് ചെയ്യുന്നതിന്‍റെ വിധിയെന്താണ്. അതല്ലെങ്കില്‍ അത് എടുക്കാതെ അക്കൌണ്ടില്‍ തന്നെ ഉപേക്ഷിക്കല്‍ അനുവദനീയമാണോ?

പലിശ ഹറാമാണെന്നതില്‍ സംശയമില്ല. അതുമായി ഇടപെടുന്നതും ഇടപെടുന്നവരുമായി ഇടപെടുന്നതുമൊക്കെ കുറ്റകരം തന്നെ. എന്നാല്‍ ഇന്ന് ദൌര്‍ഭാഗ്യവശാല്‍ ബാങ്കുമായുള്ള ഇടപാടുകള്‍ സാര്‍വ്വത്രികമാവുകയും അതൊരു കുറ്റമല്ലെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു. മറ്റുമാര്‍ഗ്ഗമൊന്നുമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ബാങ്കുമായി ഇടപെടാവൂ. നാട്ടിലേക്ക് പണമയക്കാനായി ചിലപ്പോള്‍ അത് ഉപയോഗിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അക്കൌണ്ടില്‍ ബാലന്‍സ് വെക്കാതെ എത്രയും വേഗം അത് പിന്‍വലിക്കാനും ശ്രമിക്കേണ്ടതാണ്.

അല്ലാത്ത പക്ഷം, ആ പണം ഉപയോഗിച്ച് അവര്‍ മറ്റുള്ളവര്‍ക്ക് കടം കൊടുത്ത് പലിശ വാങ്ങുമെന്നതിനാല്‍ അതിന് സഹായിച്ചു എന്ന കുറ്റമാണ് നാം ചെയ്യുന്നത്. പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും അതിന് സഹായിക്കുന്നവനെയും എഴുതുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് വിവിധ ഹദീസുകളില്‍ കാണാവുന്നതാണ്. 

ഇങ്ങനെയൊക്കെ സൂക്ഷിച്ചാലും വര്‍ഷത്തില്‍ ഒരു ചെറിയ സംഖ്യ പലിശയായി ചിലപ്പോള്‍ വന്നേക്കാം. ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ പലിശ ഇനത്തില്‍ അക്കൌണ്ടിലേക്ക് വരുന്നത് ഒരിക്കലും നമ്മുടെ കാശ് അല്ലെന്നും അത് മറ്റുള്ളവരില്‍നിന്ന് അക്രമപരമായി പിടിച്ചുവാങ്ങിയതാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. (ബാങ്കിന്റെ സ്രോതസ്സ് പലിശക്ക് കടം കൊടുക്കലാണെന്നതിനാല്‍ ). ഇങ്ങനെ വരുന്ന പണം എന്തുചെയ്യണമെന്നതാണ് മറ്റൊരു കാര്യം. 

ഹറാമായ സ്വത്ത് കൈയ്യില്‍ പെട്ടുപോയാല്‍ എന്ത് ചെയ്യണമെന്ന് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് പലിശയിലും പ്രയോഗിക്കാവുന്നതാണ്. അത് ഇങ്ങനെ സംഗ്രഹിക്കാം, നമുക്ക് പലിശയായി ലഭിച്ചത്,  ബാങ്ക് ആരില്‍നിന്ന് പലിശ ഇനത്തില്‍ പിടിച്ചെടുത്തതാണെന്ന് അറിയാന്‍ സാധിക്കുമെങ്കില്‍ അത് മനസ്സിലാക്കി അവര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുകയാണ് ആദ്യമായി വേണ്ടത്. അവര്‍ മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍, അവരുടെ അനന്തരാവകാശികള്‍ക്ക് കൊടുക്കണം. അതിന് സാധിച്ചില്ലെങ്കില്‍ അതേ ബാങ്കില്‍നിന്ന് ഗത്യന്തരമില്ലാതെ ലോണ്‍എടുത്ത് പലിശയില്‍ കുടുങ്ങിയ ആര്‍ക്കെങ്കിലും അവരുടെ പലിശയിലേക്ക് തിരിച്ചടക്കണമെന്ന നിര്‍ബന്ധത്തോടെ നല്‍കാവുന്നതാണ്. 

അതും സാധ്യമല്ലെങ്കില്‍ ആ ബാങ്കിലേക്ക് പലിശയിനത്തില്‍ അടച്ച ആളുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വിധം വഴി, പാലം തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഭക്ഷണം മുതലായവക്ക് ഉപയോഗിച്ച് ഇത് വയറ്റിലേക്ക് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും മറ്റുള്ളവരോട് ഉപദേശിക്കുകയും വേണം.


ബാങ്കില്‍ ജോലി ചെയ്തു ശമ്പളം വാങ്ങുന്നത് അനുവദനീയമാണോ?എന്താണ് അതിന്‍റെ വിധി?   

ബാങ്ക് എന്ന് പേര് ഉള്ളത് കൊണ്ട് മാത്രം ജോലി അനുവദനീയമല്ല എന്ന് പറയാവുന്നതല്ല. ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയേ വിധി പറയാന്‍ ആവുകയുള്ളൂ. സാധാരണ നമ്മുടെ നാട്ടിലെ ബാങ്കുകള്‍ പലിശയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് നടത്തുന്നതൊക്കെ. അത്തരം ബാങ്കുകളില്‍ ജോലി ചെയ്യുന്നത് ഹറാം തന്നെയാണ്. പലിശയെ സഹായിക്കലാണ് അതില്‍ വരുന്നത്. എന്നാല്‍ ചില ബാങ്കുകള്‍ പൂര്‍ണ്ണമായും ഇസ്ലാമിക രീതിയില്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. അത്തരം ബാങ്കുകളില്‍ ജോലി ചെയ്യുന്നത് അനുവദനീയവുമാണ്. പലിശയിലൂന്നിയ ഇടപാടുകളും അതോടൊപ്പം മറ്റു അനുവദനീയ ബിസിനസുകളും നടത്തുന്നതാണെങ്കില്‍, അതില്‍ കൂടുതല്‍ ഏതാണ് എന്നതിനനുസരിച്ചും അയാളുടെ ജോലി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് എന്നതിനനുസരിച്ചും നിഷിദ്ധമോ അനുവദനീയമോ സംശയാസ്പദമോ ആവുന്നതാണ്.

LIC യില്‍ ചേരുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് ? ഗവണ്മെന്റ് ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ചേരേണ്ടി വരുന്ന പ്രോവിഡന്‍റ് ഫണ്ട് പലിശയിനത്തില്‍ വരുമോ ?

എല്‍.ഐ.സി പരമ്പരാഗത ഇന്‍ഷുറന്‍സ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണല്ലോ. അതായത്‌ പലിശ അടിസ്ഥാനത്തിലാണ് അത് പ്രവര്ത്തിക്കുന്നതെന്നര്‍ത്ഥം. ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയുടെയും ചതിയുടെയും അനിശ്ചിതത്വത്തിന്റെയുമൊക്കെ സ്വഭാവങ്ങള്‍ ഇതില്‍ ദൃശ്യമാണ്. അടക്കുന്ന സംഖ്യയുടെ നിശ്ചിത ശതമാനം ഇത്തരം പ്ലാനുകളില്‍ ഉറപ്പ് നല്‍കപ്പെടുന്നു. മാത്രമല്ല ഇവ നിക്ഷേപിക്കപ്പെടുന്നത് പലിശ അധിഷ്ഠിത സാമ്പത്തിക സാമഗ്രികളിലും (financial instruments) ഇസ്‌ലാം നിരോധിച്ച മറ്റു മേഖലകളിലുമാണ്. പുറമേ കമ്പനിക്ക്‌ ബാധ്യതയില്ലാത്ത കാര്യങ്ങളുടെ പേരില്‍ അവര്‍ പോളിസി എടുത്തവര്‍ക്ക്‌ നിശ്ചിത സംഖ്യകള്‍ നല്‍കേണ്ടി വരുന്നതും ഇസ്‌ലാമികമായി അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഇസ്‌ലാം അംഗീകരിക്കുന്ന പരസ്പര സഹകരണത്തിന്റെയും സഹായത്തിന്റെയും അടിസ്ഥാനത്തില്‍ ഒരുകൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നു രൂപപ്പെടുത്തുന്ന തകാഫുല്‍ സംവിധാനങ്ങള്‍ ലോകത്ത്‌ വളര്‍ന്നുവരുന്നുണ്ട്. ഇസ്‌ലാമിക നിയമങ്ങളുടെ ചട്ടക്കൂടില്‍ നിന്ന്കൊണ്ട് അത്തരം സംവിധാനങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്‌. പൊതുവേ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാര്‍ക്ക്‌ നല്‍കുന്ന പ്രോവിഡന്റ് ഫണ്ട് പോലുള്ള സംവിധാനങ്ങളില്‍ സാധാരണഗതിയില്‍ ഓരോ മാസവും ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നുള്ള വിഹിതവും തത്തുല്യമായി ജോലിദാതാവിന്റെ വിഹിതവും നിക്ഷേപിക്കുന്നുണ്ടല്ലോ. പക്ഷെ ഈ സംഖ്യ മിക്കപ്പോഴും നിക്ഷേപിക്കപ്പെടുന്നത് നിശ്ചിത വരുമാനം ഉറപ്പുതരുന്ന പലിശയധിഷ്ഠിത നിക്ഷേപക സംവിധാനങ്ങളിലാണ്. അതുകൊണ്ട്‌ തന്നെ അത് ഉല്‍പാദിപ്പിക്കുന്ന വരുമാനം നിഷിദ്ധമായി തീരും. എന്നാല്‍ ഇതില്‍ ജീവനക്കാരന്റെ യഥാര്‍ത്ഥ അവകാശമായ അവന്റെ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധിതമായി ഗവണ്‍മെന്റ് നീക്കിവെച്ച സംഖ്യയും അവനു വേണ്ടി ഗവണ്‍മെന്റ് നിക്ഷേപിച്ച സംഖ്യയും അവന്റെ അവകാശമായതിനാല്‍ അത് കണക്കാക്കി അവന്റെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്. ബാക്കിവരുന്നതില്‍ ഹലാലായ നിക്ഷേപത്തിലൂടെയുള്ളതാണെന്ന് ഉറപ്പുള്ള പണം ഉണ്ടെങ്കില്‍ അത് അവന്റെ അവകാശമാണ് അല്ലാതത്തിനു നിഷിദ്ധമായ ധനത്തിന്റെ നിയമം ബാധകമാവും.



ലൈഫ് ഇന്‍ശൂറന്‍സിന്റെ കര്‍മ്മശാസ്ത്ര സമീപനം എന്ത്?

നാളെയെക്കുറിച്ചുള്ള മനുഷ്യന്റെ പേടിയെ ചൂഷണം ചെയ്ത് പണമാക്കി മാറ്റുന്നതാണ് ഇന്‍ശൂറന്‍സ്.  ഇന്‍ശൂറുകളെ അനുകൂലിക്കുന്ന ചില ആധുനിക പണ്ഡിതരുണ്ട്. എന്നാല്‍ ഭൂരിഭാഗം പണ്ഡിതന്മാരും അത് അനുവദനീയമല്ല എന്ന അഭിപ്രായക്കാരാണ്. കര്‍മ്മശാസ്ത്രം അനുവദിക്കുന്ന ഇടപാടുകളുടെ ഗണത്തില്‍ അത് ഉള്‍പ്പെടുത്താനാവില്ലെന്നതാണ് പ്രധാന കാരണം. അതോടൊപ്പം, ഇന്‍ശൂറന്‍സിലൂടെ സ്വരൂപിക്കപ്പെടുന്ന പലിശ വിഭാഗത്തിലാണ് ചെലവ് ചെയ്യപ്പെടുന്നതും തിരിച്ചു ലഭിക്കുന്നതും. അത് കൊണ്ട് തന്നെ പലിശയെ സഹായിക്കലും പലിശ വാങ്ങലുമായി തീരുന്നു അത്.



കടപ്പാട്: ഇസ്ലാം ഓൺ വെബ്‌

2 comments:

  1. ചീട്ടു നടത്തുന്നത് പലിശ ഇടപാടിൽ വരുമോ...??

    ReplyDelete
  2. ചീട്ടുകളി ആണോ ഉദ്ദേശിച്ചത് ?

    ReplyDelete