Thursday 2 June 2016

നേതൃത്വം അലങ്കാരമല്ല - ബാധ്യതയാണ്


നിസ്ക്കാര ശേഷം വിതുമ്പിക്കരയുന്ന ഖലീഫ ഉമർ ഇബ്നു അബ്ദുൽ അസീസ്‌(റ)നോട്‌ ഭാര്യ കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു:

"മുസ്ലിം ലോകത്തിന്റെ ഭരണാധികാരിയായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. പട്ടിണി കിടക്കുന്ന പാവങ്ങളെ പറ്റിയും, അഗതികളായ രോഗികളെ പറ്റിയും, ദുരിതം പേറുന്ന ഉടുവസ്ത്രമില്ലാത്തവരെ പറ്റിയും, പീഡിതരും ദുഖിതരുമായവരെ പറ്റിയും, നിസ്സഹായരായി ജയിലുകളിൽ കഴിയുന്നവരെ പറ്റിയും, ആദരണീയരായ വൃദ്ധ ജനങ്ങളെ പറ്റിയും, വലിയ കുടുംബം ഉണ്ടായിരിക്കെ ചെറിയ വരുമാനം മാത്രം ഉള്ളവരെ പറ്റിയും, ലോകത്തിന്റെ പലരാജ്യങ്ങളിലും പ്രവിശ്യകളിലുമായി ഇങ്ങനത്തെ പലവിധ ത്തിലുള്ള കഷ്ടതകൾ അനുഭവിക്കുന്നവരെ പറ്റിയും ഞാനാലോചിക്കുകയായിരുന്നു. വിചാരണയുടെ നാളിൽ അവരെ കുറിച്ചൊക്കെ എന്റെ നാഥൻ എന്നോട് ചോദ്യം ചെയ്യുമെന്നത് എനിക്കോർമ്മ വന്നു - അന്ന് അതിനൊക്കെ മറുപടി പറയാൻ എനിക്കൊരു ഒഴികഴിവും ലഭിക്കുകയില്ലല്ലോ എന്ന് ആലോചിച്ചാണ് ഞാൻ വിതുമ്പിപ്പോയത് !!!".

അധികാര സോപാനത്തിന്റെ പടികയറിക്കിട്ടാൻ എന്തെല്ലാം കോപ്രായങ്ങളാണ്‌ മനുഷ്യൻ ചെയ്ത്‌ കൂട്ടുന്നത്‌. അണികളുടെ കാൽപ്പാദം കഴുകിയായാലും അധികാരിയാകണം. വാഗ്ദാനങ്ങളുടെ പർവ്വത ശിഖരത്തിൽ ജനങ്ങളെ കയറ്റി നിർത്തി തന്റെ വഴി സുഗമമാക്കുന്ന മനുഷ്യൻ കാര്യം സാധിച്ചാൽ പിന്നെ പാവപ്പെട്ടവന്റെ മുഖത്ത്‌ നോക്കാൻ പോലും തയ്യാറാകാത്ത ലോകമാണിത്‌.


മുസ്ലിമാകട്ടെ അമുസ്ലിമാകട്ടെ സകലരും ഇക്കാര്യത്തിൽ തുല്യരാണ്‌. എല്ലാവരുടെയും ലക്ഷ്യം തന്റെ ജീവിത സൗഖ്യമാണ്‌. നിശ്ചയിക്കപ്പെട്ട കാലാവധി തീരുന്നതിന്‌ മുമ്പ്‌ തന്നെ വരും കാല ജീവിതത്തെ കൂടി പ്രയാസരഹിതമാക്കാൻ വേണ്ട വിഭവങ്ങൾ ഒരുക്കിക്കൂട്ടുന്നതിൽ അവർ ഏവരും ബദ്ധശ്രദ്ധരാണ്‌.

തിരഞ്ഞെടുത്ത്‌ വിടുന്ന സാമാന്യ ജനത്തോടൊ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെയോ പ്രവിശ്യയുടെയോ പ്രദേശത്തിന്റെയോ താൽപ്പര്യങ്ങളോ ശ്രദ്ധിക്കുന്നവർ വളരെ വളരെ ചുരുക്കമാണ്.

നൽകപ്പെട്ടിരിക്കുന്ന അധികാരത്തെ പറ്റി തീർച്ചയായും വിചാരണ ചെയ്യപ്പെടും എന്ന ബോധ്യമുണ്ടെങ്കിലല്ലാതെ കടമകളും കടപ്പാടുകളും നിർവ്വഹിക്കാൻ ആരും തയ്യാറാകുകയില്ല തന്നെ. ലോക ചരിത്രത്തിൽ രാജാധികാരത്തിന്റെ പ്രൗഢിയുണ്ടായിട്ടും ഭരിക്കപ്പെടുന്ന ജനത്തിനെ ഉടമയായ റബ്ബിന്റെ പേരിൽ ഭയന്ന് ജീവിച്ചവർ മാത്രമാണ്‌ ഉത്തമരായ ഭരണാധികാരികൾ ആയി മുദ്ര പതിപ്പിച്ചവർ.

പൗരാണിക ഇസ്ലാമിക ചരിത്രത്തിലെ പൊൻ വെളിച്ചങ്ങളായ ഭരണാധികാരികളുടെ ചരിത്രം വായിക്കുന്ന ഏതൊരു മനുഷ്യനും അവരുടെ ഭരണത്തെ ആശിക്കാതെ പോകില്ല. ഭരണീയരുടെ സേവകരായ ഭരണാധികാരികൾ എന്ന തിരുഹബീബിന്റെ അദ്ധ്യാപനത്തെ പ്രായോഗിക തലത്തിൽ ജീവിച്ചു കാണിച്ച താരകങ്ങളാണ്‌ ആദരവായ നബി തങ്ങളുടെ ഖുലഫാക്കൾ.

പൊതുപ്രവർത്തനം എന്നതും ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഓടിനടക്കുന്നതും രക്ഷിതാവിങ്കൽ വളരെ വളരെ പുണ്യകരമായ കർമ്മമാണ്‌. എന്നാൽ മുസ്ലിമായ മനുഷ്യൻ ഒരിക്കലും അധികാരത്തിങ്കലേക്ക് മോഹം വെച്ച് നീങ്ങുന്നത് ആശാവഹമല്ല തന്നെ. അധികാരം ഒരിക്കലും അലങ്കാരമല്ല മറിച്ചു ബാധ്യതയും ഭാരവുമാണെന്ന് തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.

എന്നാൽ, തന്നിലേക്ക് വരുന്ന അധികാരത്തെ തൊട്ട് ഒളിച്ചോടുകയല്ല മറിച്ച്‌ അതിനെ ഏറ്റെടുത്ത് ദൈവിക പ്രീതി മുൻനിർത്തി തന്റെ അധികാരപരിധിയിലെ അനുയായികൾക്ക് നൽകേണ്ട ഹഖുകൾ അറിഞ്ഞു പൂർത്തിയാക്കുകയാണ് വേണ്ടത്. ആഗ്രഹിക്കാതെ വന്നെത്തുന്ന അധികാരങ്ങളിൽ ദൈവിക സഹായം ഉണ്ടാകുമെന്ന് നബിതങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. നീതിമാനായ ഭരണാധികാരിക്ക് അല്ലാഹുവിങ്കൽ വളരെ വലിയ പ്രതിഫലവും സ്ഥാനവുമുണ്ട്.

ഖിലാഫത്ത് ഏറ്റെടുത്ത് ആദ്യമായി ഉമർ ഇബ്നു ഖത്താബ്(റ) നടത്തിയ ഖുതുബയിൽ തുടക്കത്തിൽ തന്നെ പറയുന്നത് "ഞാൻ നിങ്ങളാലും നിങ്ങൾ ഞാനാലും പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്!!" എന്നത്രെ. അധികാരം ഇലാഹീ സവിധത്തിൽ നിന്നുള്ള പരീക്ഷണമാണെന്നും ഏതൊരു പരീക്ഷണത്തിലും വിജയിക്കേണ്ടത് അനിവാര്യമാണെന്നും തിരിച്ചറിഞ്ഞവരായിരുന്നു അവരിൽ ഓരോരുത്തരും.


ബൈത്തുൽ മാലിലെ ഒരു ഒട്ടകത്തെ കാണാതെ പോയി. തേടിയിറങ്ങിയിരിക്കുകയാണ്‌ ഖലീഫ ഉമർ ഇബ്നു ഖത്താബ്(റ). വഴിയിൽ അഹ്നഫ്‌ ഇബ്നു ഖൈസ്‌(റ) വിനെ കണ്ട ഖലീഫ പറഞ്ഞു:

"സ്റ്റേറ്റിന്റെ ഉടമയിലുള്ള ഒരു ഒട്ടകത്തെ കാണാനില്ല, വരൂ നമുക്ക്‌ അന്വേഷിക്കാം".

അഹ്നഫ്‌(റ) മറുപടിയായി പറഞ്ഞു:"അമീറുൽ മുഅ്മിനീൻ, ഒരു ഒട്ടകത്തെ തിരയാൻ അങ്ങെന്തിന്‌ ബുദ്ധിമുട്ടണം? വല്ല ഭൃത്യന്മാരേയും ഏൽപ്പിച്ചു കൂടെ?".

ഉത്തരം കൃത്യമായിരുന്നു: "എന്നേക്കാൾ വലിയ ഭൃത്യൻ പിന്നെ ആരാണ്‌..?"

പാതിരാവിൽ പട്ടിണിയായി വഴിയിൽ കിടന്ന കുടുംബത്തിന്‌ ഭക്ഷണമൊരുക്കാൻ ചുമലിൽ ഗോതമ്പ് ചാക്ക്‌ ചുമന്നപ്പോൾ "ഞാൻ ചുമക്കാം" എന്ന് പറഞ്ഞ അടിമയോട്‌ "റബ്ബിന്റെ കോടതിയിൽ എന്റെ പാപങ്ങളുടെ ഭാരവും നീ ഏറ്റെടുക്കുമോ" എന്ന് ചോദിച്ച മഹാനിൽ നിന്ന് ഇതല്ലാതെ എന്ത്‌ മറുപടി ലഭിക്കാൻ..! അഹ്നഫ്‌(റ) മറുത്തൊന്നും പറയാനില്ലായിരുന്നു..!

അരവയറും കാൽ വയറും മുഴുപ്പട്ടിണിയുമായി കോടികൾ നരകിക്കുമ്പോഴും അധികാരത്തിന്റെ മസ്തിൽ പാവപ്പെട്ടവന്റെ ചട്ടിയിലെ വറ്റുമണികൾ പോലും സ്വിസ്സ്‌ ബാങ്കിന്റെ കീശയിലേക്ക്‌ തട്ടിപ്പറിക്കുന്ന കൊള്ളക്കാർ നേരമ്പോക്കിനെങ്കിലും ഇതൊക്കെയൊന്ന് വായിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു..!

ആദരവായ തിരുനബി(സ്വ) തങ്ങൾ അരുളി:

ما من أحد يؤمر على عشرة فصاعدا لايقسط فيهم إلا جاء يوم القيامة في الأسفاد والأغلال

(ആശയം): "പത്തോ അതിലധികമോ ആളുകളുടെ മേൽ നേതൃത്വം ഏൽപ്പിക്കപെടുകയും അവർക്കിടയിൽ നീതി നടപ്പാക്കാതിരിക്കുകയും ചെയ്‌ത യാതൊരാളെയും അല്ലാഹു വെറുതെ വിടുകയില്ല. ദൈവിക വിചാരണയുടെ നാളിൽ അവരെ ചങ്ങലകളിൽ ബന്ധിതനായിക്കൊണ്ടാണ് ആനയിക്കപ്പെടുക" (ഹാക്കിം).

No comments:

Post a Comment