Thursday 2 June 2016

റമദാന്‍ ഉല്‍കൃഷ്ടമാക്കാന്‍ ആറു വഴികള്‍



ഭയങ്കര ആവേശത്തിലാണ് നമ്മളില്‍ പലരും റമദാന്‍ മാസം ആരംഭിക്കുക. ചിലരുടെ ആവേശം ഒരാഴ്ച്ചക്കുള്ളില്‍ തന്നെ കെട്ടുപോകുന്നത് കാണാം, അല്ലെങ്കില്‍ മറ്റു ചിലര്‍ക്ക് ഒരു മാസം എങ്ങനെ കഴിഞ്ഞുപോയി എന്നതിനെ കുറിച്ച് ഒരു ധാരണയും ഉണ്ടാവില്ല. ഈ ലേഖനത്തില്‍, ഇത്തവണത്തെ റമദാനിനെ നിങ്ങളുടെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റാന്‍ കഴിയുന്ന ലളിതവും അത്ഭുതകരവുമായ നിര്‍ദ്ദേശങ്ങളാണ് വിവരിക്കുന്നത്.

1) സ്വയം ചിട്ടപ്പെടുത്തുക

വിജയകരമായ റമദാനിന് സ്വയം ചിട്ടപ്പെടുത്തലും, പദ്ധതിയൊരുക്കലും, അത് നടപ്പില്‍ വരുത്തലും അനിവാര്യമാണ്. ഇത് വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും അതൊരു സ്വര്‍ണ്ണഖനിയാണ്. തൃപ്തികരമായ ഒരു റമദാന്‍ കരസ്ഥമാക്കാന്‍ അത് നിങ്ങളെ സഹായിക്കും.

എങ്ങനെ? റമദാനില്‍ കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക; ഓരോ ലക്ഷ്യത്തെ കുറിച്ചും താഴെ പറയുന്ന നാല് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക:

* എന്തിന് ഞാന്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കണം?

* എങ്ങനെയാണ് ഞാനത് ചെയ്യാന്‍ പോകുന്നത്?

* എന്തൊക്കെ ചുവടുകളാണ് അതിന് വേണ്ടി എടുക്കുക?

* എപ്പോഴാണ് ആ ലക്ഷ്യത്തില്‍ എത്തിച്ചേരേണ്ടത്?

ഓരോ ലക്ഷ്യത്തെ സംബന്ധിച്ചും ഇങ്ങനെ സ്വയം ചോദിക്കുന്നതിലൂടെ, നിങ്ങളുടെ പദ്ധതിയൊരുക്കലും പൂര്‍ണ്ണമാവും. ഇനി അത് പ്രയോഗത്തില്‍ വരുത്തുകയാണ് വേണ്ടത്. ഉദ്ദേശ്യങ്ങളെ ശുദ്ധീകരിക്കുക, അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചു കൊണ്ട് അത് ചെയ്യുക.

ഉദാഹരണമെന്ന നിലയില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഇങ്ങനെയൊക്കെ ആവാം:

-ഖുര്‍ആന്‍ അര്‍ത്ഥ സഹിതം പരായണം ചെയ്യുക, ഓരോ ദിവസത്തെയും പുതിയ ചിന്തകള്‍ എഴുതിവെക്കുക. (ഈ ലക്ഷ്യം എന്തിന് വേണ്ടി, എങ്ങനെ നടപ്പാക്കും, എന്തൊക്കെ ചുവടുകള്‍ എടുക്കും, എപ്പോള്‍ പൂര്‍ത്തിയാക്കും എന്ന കൃത്യമായ ധാരണയില്‍ എത്തുക, തുടരുക)

- അല്ലാഹുവിന്റെ 99 നാമങ്ങള്‍ മനസ്സിരുത്തി പഠിക്കുകയും, അവ പ്രാര്‍ത്ഥനിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.

- അല്ലാഹും ഞാനും മാത്രം അറിയുന്ന തരത്തില്‍ ഒരു നല്ലകാര്യം രഹസ്യമായി ചെയ്യുക.


2)പര്‍വ്വതത്തോളം പ്രതിഫലം

ഒരുപാട് അനുഗ്രഹങ്ങളാലും, കാരുണ്യത്താലും നിറക്കപ്പെട്ട ഒരു മാസമാണ് റമദാന്‍. നിങ്ങള്‍ ചെയ്യുന്ന ഓരോ സല്‍കര്‍മവും അനേകം ഇരട്ടികര്‍മങ്ങളായാണ് രേഖപ്പെടുത്തപ്പെടുക. അതുകൊണ്ട് സല്‍കര്‍മമ്മങ്ങള്‍ ഒരു പര്‍വ്വതത്തോളം ശേഖരിക്കാന്‍ ലഭിക്കുന്ന ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക.

എങ്ങനെ? മറ്റുള്ളവരേ കൂടി പങ്കെടുപ്പിക്കുക. 

ഒരു നല്ല കാര്യം നിങ്ങള്‍ സ്വയം ചെയ്യുന്നതിലുപരി, മറ്റുള്ളവരെ കൂടി അതില്‍ ഭാഗഭാക്കാകാന്‍ പ്രോത്സാഹിപ്പിക്കുക. ഇത് നിങ്ങളെ കൂടി ഊര്‍ജ്ജസ്വലനാക്കും. മറ്റുള്ളവരെ കൂടി നന്മയില്‍ പങ്കാളികളാക്കുന്നതിലൂടെ നിങ്ങളുടെ പ്രതിഫലവും അനേകമിരട്ടിയായി വര്‍ദ്ധിക്കും. കാരണം പ്രവര്‍ത്തനത്തിലെ നിങ്ങളും സ്ഥിരതകാരണം നിങ്ങളുടെ ഓരോ ആരാധാനാകര്‍മ്മങ്ങള്‍ക്കും അല്ലാഹു പ്രതിഫലം നല്‍കും. മറ്റുള്ളവരുടെ ഈമാന്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ കേവലമൊരു പ്രോത്സാഹന വാക്ക് പറയുന്നതിലൂടെ സത്കര്‍മ്മങ്ങളുടെ ഒരു മഹാപര്‍വ്വതം തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.

ആയിശ(റ) നമ്മോട് പറയുന്നു: 'റമദാനിലെ അവസാന പത്ത് രാവുകളില്‍, പ്രവാചകന്‍(സ) തന്റെ മുണ്ട് മുറുക്കി ഉടുക്കുകയും, രാത്രി മുഴുവന്‍ ആരാധനയില്‍ മുഴുകുകയും, കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു.' (സഹീഹുല്‍ ബുഖാരി 1920)


3) നല്‍കുക, കുറച്ചധികം നല്‍കുക

ജീവിതത്തില്‍ അനുഗ്രഹങ്ങളും ബറകത്തും അനേകമിരട്ടി വര്‍ധിക്കുന്നത് കാണണോ? ദാനധര്‍മം ചെയ്യുക. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കണോ? ദാനധര്‍മ്മം ചെയ്യുക. എന്തുകൊണ്ട്? കാരണം നിങ്ങള്‍ക്കും നിങ്ങളുടെ പ്രാര്‍ത്ഥനക്കും ഇടയില്‍ ചെയ്തുകൂട്ടിയ തിന്മകള്‍ ഒരു തടസ്സം സൃഷ്ടിക്കുന്നുണ്ട്; ജലം അഗ്നിയെ കെടുത്തുന്നത് പോലെ ദാനധര്‍മ്മം ആ പാപങ്ങളെ ഇല്ലാതാക്കും. (തിര്‍മിദി). നിങ്ങള്‍ നല്‍കിയ ദാനധര്‍മം കാരണം നിങ്ങളുടെ പാപങ്ങള്‍ കഴുകപ്പെടുന്നതും, അതുവഴി, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കപ്പെടാനുള്ള സാധ്യത വര്‍ധദ്ധിക്കുന്നതും ഒന്ന് സങ്കല്‍പ്പിച്ച് നോക്കുക! എല്ലാം കൊണ്ടും നേട്ടം തന്നെ! നിങ്ങളുടെ പേരിന് നേര്‍ക്ക് ഒരു പാപം പോലും രേഖപ്പെടുത്താത്ത കര്‍മപുസ്തകത്തെ കുറിച്ചൊന്ന് ചിന്തിച്ചു നോക്ക്!

എങ്ങനെ? റമദാന്‍ മാസത്തിലെ ഓരോ സല്‍കര്‍മവും അനേകായിരം സല്‍കര്‍മങ്ങളായിട്ടാണ് രേഖപ്പെടുത്തപ്പെടുക, അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു മുസ്ഹഫ് വാങ്ങി പള്ളിയിലേക്ക് സംഭാവന ചെയ്യാം - ആരെങ്കിലും അത് പാരായണം ചെയ്താല്‍ നിങ്ങള്‍ക്കും അതിലൂടെ പ്രതിഫലം ലഭിക്കും. ഒരു കിണര്‍ അല്ലെങ്കില്‍ പള്ളി നിര്‍മിക്കുന്നതിന് ചെറുതോ വലുതോ സംഖ്യ സംഭാവന ചെയ്യാം. 5 രൂപയാണ് നല്‍കുന്നതെങ്കിലും, ഉദ്ദേശ്യമാണ് പരിഗണിക്കപ്പെടുക. നിങ്ങളുടെ ഉദ്ദേശ്യം കളങ്കമില്ലാത്തതും ആത്മാര്‍ത്ഥവുമാണെങ്കില്‍ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ചിലപ്പോള്‍ ഒരു കോടിയോ അതിലും എത്രയോ കൂടുതലോ ആയേക്കാം.

കാണാന്‍ മെനയുള്ള പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് നല്‍കാം. പാവങ്ങള്‍ക്ക് വേണ്ടി നോമ്പുതുറ വിഭവങ്ങള്‍ സംഘടിപ്പിച്ച് നല്‍കാം. സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളില്‍ ഭാഗഭാക്കാകാം.


4) നാവിനെ നിയന്ത്രിക്കുക

ശരീരത്തിന് കേവലം ഭക്ഷണ-പാനീയങ്ങള്‍ നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്ന മാസം മാത്രമല്ല ഇത്. സല്‍കര്‍മങ്ങള്‍ കൊണ്ട് നമ്മുടെ വ്യക്തിത്വത്തെ മിനുക്കിയെടുക്കാനും, കര്‍മങ്ങള്‍, വാക്കുകള്‍ എന്നിവയിലൂടെ അല്ലാഹുവിന് ഇഷ്ടപ്പെട്ട ദാസനാവാനും നമുക്ക് കഴിയുന്ന ഒരു മാസമാണിത്. വാക്കിന് നേര്‍വിരുദ്ധമാണ് നമ്മുടെ പ്രവര്‍ത്തിയെങ്കില്‍ അത് തികച്ചും അര്‍ത്ഥശൂന്യമാണ്. 

വൃത്തികേടും, ഏഷണിയും, അസഭ്യവും പറയുന്നവന്റെ നോമ്പ് അല്ലാഹുവിന് വേണ്ടതില്ലാ എന്ന് ഓര്‍ക്കുക.
നമ്മുടെ വസ്ത്രമോ, കാറോ, വീടോ, സമ്പത്തോ, തറവാട്ട് പേരോ ഒന്നുമല്ല നമ്മെ നിര്‍ണയിക്കുന്നത്. നാം എന്താണോ സംസാരിക്കുന്നത് അതാണ് നമ്മുടെ വ്യക്തിത്വത്തെ നിര്‍ണിക്കുക. അതുകൊണ്ട് ഈ മാസത്തില്‍ നാവിനെ നിയന്ത്രിക്കുക. നാവു കൊണ്ട് നമുക്ക് വേണമെങ്കില്‍ നിത്യസ്വര്‍ഗത്തില്‍ ഒരു ഇരിപ്പിടം കരസ്ഥമാക്കാന്‍ സാധിക്കും, അതേ നാവ് തന്നെ നരകാഗ്നിയുടെ ആഴങ്ങളിലേക്ക് നമ്മെ തള്ളിയിടുകയും ചെയ്യും. ഏത് വേണമെന്ന് നമുക്ക് തീരുമാനിക്കാം.

എങ്ങനെ? മറ്റുള്ളവരെ കുറിച്ച് അപവാദങ്ങള്‍ പറയുന്ന സമയത്ത് മരണത്തിന്റെ മാലാഖ വന്ന് നമ്മുടെ ആത്മാവിനെ പിടിക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സമയത്തോ, ദിക്‌റുകള്‍ ഉരുവിടുന്ന സമയത്തോ, സത്കര്‍മ്മങ്ങള്‍ ചെയ്യുന്ന സമയത്തോ ഈ ലോകത്തോട് വിടപറയുന്നതാണ് ഏറ്റവും ഉത്തമം.

ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമുക്കെല്ലാവര്‍ക്കും ദൗര്‍ബല്ല്യങ്ങളുണ്ട്. അതുകൊണ്ട് നാവിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് കരുതി നിരാശപ്പെടേണ്ടതില്ല. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. ഉപകാരപ്രദമായ രീതിയില്‍ നാവിനെ ഉപയോഗിക്കാന്‍ സഹായിക്കണമേയെന്ന് അകമറിഞ്ഞ് തേടുക. പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഉത്തരം നല്‍കുന്നവനല്ലോ അവന്‍!
നിങ്ങള്‍ പറയുന്നതിന്റെയും ചിന്തിക്കുന്നതിന്റെയും പ്രതിഫലനമാണ് നിങ്ങളുടെ ഹൃദയം. ഏഷണി, അസഭ്യം, അസൂയ തുടങ്ങിയ ഒട്ടുമിക്ക ദുര്‍വിചാരങ്ങളും, ഉദ്ദേശ്യങ്ങളും, വികാരങ്ങളും സംഭവിക്കുന്നതിന്റെ പ്രധാനകാരണം നമ്മുടെ ഹൃദയത്തില്‍ അത്തരം ചിന്തകള്‍ക്ക് ഇടംകൊടുക്കുകയും, വളരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നത് കൊണ്ടാണ്. 

അതുകൊണ്ട്, ദിക്‌റുകള്‍ കൊണ്ടും, പ്രശ്ചാതാപം കൊണ്ടും ഹൃദയത്തെ ശുദ്ധീകരിക്കുക. സര്‍വലോക രക്ഷിതാവിനെ നിരന്തരം വാഴ്ത്തികൊണ്ടിരിക്കുന്നതില്‍ വ്യാപൃതമായ ഒരു ഹൃദയത്തിന് പാഴ്‌വാക്കുകള്‍ പറയാന്‍ സമയമുണ്ടാവില്ല.

നിങ്ങളുടെ കൂട്ടുകാര്‍ എല്ലായ്‌പ്പോഴും ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ക്ക്, നിങ്ങളുടെ വായില്‍ നിന്നും വരുന്ന വാക്കുകളെ നേരിട്ട് സ്വാധീനിക്കാനുള്ള കഴിവുണ്ട്. സല്‍സ്വഭാവമുള്ള കൂട്ടുകാര്‍ക്കിടയില്‍ ഇരിക്കുന്നത് ഒരു ശീലമാക്കുക. ഇനി അത്തരം കൂട്ടുകാര്‍ നിങ്ങള്‍ക്കില്ലെങ്കില്‍, ഖുര്‍ആനുമായി സഹവസിക്കുക.


5) പുതിയൊരു കൂട്ടുകാരനെ ഉണ്ടാക്കാനുള്ള സമയമാണിത്

അതെ, പുതിയൊരാളുമായി കൂട്ടുകുടാനുള്ള ഏറ്റവും നല്ല മാസമാണിത്. മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ ഈ കൂട്ടുകാരന് നിങ്ങളുടെ താങ്ങും തണലുമായി മാറാന്‍ മാത്രമല്ല, നിങ്ങളുടെ മുറിവുകള്‍ ഉണക്കാനും, ഹൃദയത്തെ മാറ്റിമറിക്കാനും, ഈമാന്‍ വര്‍ദ്ധിപ്പിച്ച് നിങ്ങളില്‍ സന്തോഷവും ആനന്ദവും നിറക്കാനും കഴിയും. ഖുര്‍ആനുമായി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ബന്ധം കെട്ടിപടുക്കാനുള്ള സമയമാണിത്.

എങ്ങനെ? ഒരു ഖുര്‍ആന്‍ കൂട്ടായ്മ ഉണ്ടാക്കുക:

ഇതാണ് ഖുര്‍ആനിലുള്ള നിങ്ങളുടെ താല്‍പര്യത്തെ നിലനിര്‍ത്താന്‍ പറ്റിയ ഏറ്റവും കാര്യക്ഷമമായ മാര്‍ഗം. ഒരു പേജ് അല്ലെങ്കില്‍ അരപ്പേജ് നിങ്ങളുടെ കൂട്ടുകാര്‍/കുടുംബം/സഹോദരങ്ങള്‍/ഇണ/ കുട്ടികള്‍ എന്നിവരുമായി റമദാനിലെ എല്ലാ ദിവസങ്ങളിലും ചര്‍ച്ച ചെയ്യുക.

ഈ പ്രവര്‍ത്തനത്തിന് ഒരു സമയം നിശ്ചയിക്കുക.

നിങ്ങളുടെ ചിന്തകളെ കുറിച്ചും, ഖുര്‍ആനില്‍ വായിച്ച കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ എങ്ങനെ നടപ്പിലാക്കാം എന്നതിനെ കുറിച്ചും സംസാരിക്കുക.

സമയം കിട്ടുമെങ്കില്‍ തഫ്‌സീറും വായിക്കാവുന്നതാണ്.

കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കുക, കാരണം അല്ലാഹുവിന്റെ ദീന്‍ ഒരുമിച്ചിരുന്ന് പഠിക്കുന്നതിനേക്കാള്‍ മനോഹരമായ യാതൊന്നും തന്നെയില്ല. മാലാഖമാര്‍ നിങ്ങളെ വലയം വെക്കണമെന്നും, നിങ്ങള്‍ക്ക് മേല്‍ കാരുണ്യം ചൊരിയാന്‍ അവര്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതും നിങ്ങള്‍ നിഷ്ട്പപെടുന്നില്ലെ?

6) ആവേശം കെട്ടുപോയാല്‍ എന്താണ് ചെയ്യുക?

റമദാന്‍ മാസത്തിന്റെ ആരംഭദശയില്‍ നമ്മളില്‍ ഒട്ടുമിക്ക പേരും ആത്മീയമായി വളരെ ഉന്നതിയിലായിരിക്കും. ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ആവേശത്തിന് നിങ്ങളില്‍ ഒരുവേള ഒരു തീപ്പൊരിയൊക്കെ ഉണ്ടാക്കാന്‍ സാധിക്കുമെങ്കിലും, പിന്നെ പിന്നെ പതുക്കെ നിങ്ങള്‍ പോലും അറിയാതെ ആ ആവേശം കെട്ടുപോകുന്നത് കാണാം. നോമ്പ് തുടങ്ങി ഒരു ആഴ്ച്ചയൊക്കെ കഴിഞ്ഞാലാണ് ഇത് സാധാരണ സംഭവിക്കുക. കഴിഞ്ഞ വര്‍ഷങ്ങളിലെ റമദാനില്‍ നിന്ന് ഒട്ടുവ്യത്യസ്തമല്ല ഇത്തവണത്തെയും നിങ്ങളുടെ റമദാന്‍ ദിനങ്ങളെന്ന് നിങ്ങള്‍ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയും. 

മാനസികമായും ശാരീരികമായും ഒരുതരം വരള്‍ച്ച നിങ്ങള്‍ക്ക് അനുഭവപ്പെടും. ആകെ തളര്‍ന്നു പോകുന്ന അവസ്ഥ. ലക്ഷ്യങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിലേക്കും, ഈമാന്‍ കുത്തനെ താഴുന്നതിലേക്കുമാണ് ഇത് നയിക്കുക. പക്ഷെ, ഇതില്‍ നിന്നും പുറത്ത് കടക്കാന്‍ ഒരു വഴിയുണ്ട്... അതെ.. ഇതിനൊരു പരിഹാരമുണ്ട്!

എങ്ങനെ? റമദാന്‍ മാസം പൂര്‍ത്തിയാവുന്നത് വരേക്കും റമദാന്‍ അവസാനിക്കുന്നില്ല. നിങ്ങളില്‍ ജീവന്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, തെറ്റ് തിരുത്താനും, ആഗ്രഹിച്ചത് നേടാനും നിങ്ങള്‍ക്ക് സമയമുണ്ട്.
ഉദ്ദേശങ്ങളിലാണ് കാര്യം: അല്ലാഹുവിനെ മാത്രം പ്രീതിപ്പെടുത്തുക, കുടുംബത്തില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോള്ള ഉള്ള പ്രശംസാവാക്കുകള്‍ പ്രതീക്ഷിക്കാതിരിക്കുക. അല്ലാഹുവില്‍ നിന്ന് മാത്രം പ്രതിഫലം കാംക്ഷിക്കുക. ആളുകളുടെ പ്രശംസാവാക്കുകള്‍ക്കാണ് നിങ്ങള്‍ കാത്തിരിക്കുന്നതെങ്കില്‍, അല്ലാഹുവില്‍ നിന്നല്ല, അവരില്‍ നിന്നാണ് നിങ്ങള്‍ എല്ലാം പ്രതീക്ഷിക്കുന്നത്.


കരുത്ത് നല്‍കാന്‍ ഉള്ളില്‍തൊട്ട് പ്രാര്‍ത്ഥിക്കുക.

റമദാനിലെ ശേഷിക്കുന്ന ദിവസങ്ങളിലും ഉറക്കമുണരാന്‍ അല്ലാഹു നിങ്ങളെ അനുവദിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ നിലവാരം ഉയര്‍ത്തുമെന്നും, ശേഷിക്കുന്ന ദിനങ്ങള്‍ നിങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുമെന്നുമുള്ള കാര്യത്തില്‍ അല്ലാഹുവിന് നിങ്ങളില്‍ വിശ്വാസമുണ്ട് എന്നാണ് അതിനര്‍ത്ഥം. പ്രാര്‍ത്ഥന അധികരിപ്പിച്ചെന്ന് വെച്ച് മുറിവേല്‍ക്കാനൊന്നും പോകുന്നില്ല, അതു കൊണ്ട് പാശ്ചാത്തപിക്കുക, കരഞ്ഞ് പ്രാര്‍ത്ഥിക്കുക, നേര്‍മാര്‍ഗത്തില്‍ നയിക്കാനും, ലക്ഷ്യങ്ങള്‍ നേടാനുള്ള ശക്തി പ്രദാനം ചെയ്യാനും അല്ലാഹുവിനോട് മനസ്സുരുകി കേണപേക്ഷിക്കുക.

മറ്റുള്ളവര്‍ നേടിയതില്‍ ശ്രദ്ധകേന്ദ്രീകരിക്കാതിരിക്കുക, നിങ്ങള്‍ക്ക് നേടാനുള്ളതില്‍ മാത്രം ശ്രദ്ധിക്കുക, ഒരു കുടുംബാംഗമോ, കൂട്ടുകാരനോ നിങ്ങളേക്കാള്‍ കൂടുതല്‍ ഖുര്‍ആന്‍ പരായണം ചെയ്യുകയും, നിങ്ങളേക്കാള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് കണ്ടാല്‍ വിഷമിക്കാതിരിക്കുക. ഒരു ചുവട് പോലും വെക്കാതിരിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ഒരു ചുവടെങ്കിലും വെക്കുന്നത്. 10 മിനുട്ട് കൂടുതല്‍ ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകികൊണ്ട് ആരംഭിക്കുക, അതില്‍ നിന്നും വര്‍ധിപ്പിച്ച് കൊണ്ടുവരിക. ഒരു പേജ് ഖുര്‍ആന്‍ കൊണ്ട് തുടങ്ങി, പിന്നീട് പേജുകളുടെ എണ്ണം കൂട്ടുക. പാരായണം ചെയ്ത പേജുകളുടെ എണ്ണമോ, പരായണം ചെയ്യുന്നതിലോ വേഗമോ അല്ല, മറിച്ച് ആത്മാര്‍ത്ഥതയും, കര്‍മ്മം കൊണ്ട് നേടിയ ഗുണങ്ങളുമാണ് പ്രതിഫലത്തിന്റെ തോത് നിശ്ചയിക്കുക.

ചെറുതും, സ്ഥിരവുമായ ചുവടുകളിലാണ് കാര്യം. നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയും, കഠിനാദ്ധ്വാനവും അല്ലാഹു കാണുന്നുണ്ട്. അതിന് അവന്‍ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും. കാലിടറി വീണാല്‍ പോലും അല്ലാഹുവിനെ തൃപ്തിപെടുത്തുന്നതിലായിരിക്കണം നിങ്ങളുടെ പരിപൂര്‍ണ്ണ ശ്രദ്ധയും, നിരന്തര പരിശ്രമവും. നല്ല മുസ്‌ലിമായി ജീവിക്കല്‍ റമദാനോടുകൂടി അവസാനിക്കുന്നതല്ലെന്ന് ഓര്‍ക്കുക. അവസാന ശ്വാസം വരേക്കും ആത്മീയമായി വളരാനും, ശുശ്രൂഷിക്കാനും നിങ്ങള്‍ക്ക് സമയമുണ്ട്. അതുകൊണ്ട് മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇതെല്ലാം പാതിവഴിയില്‍ വെച്ച് ഉപേക്ഷിച്ച് കടന്ന് കളയരുത്. റമദാന്‍ അവസാനിക്കുന്നതും ലക്ഷ്യംവെച്ച് നടക്കാതിരിക്കുക, അവസാന ലക്ഷ്യം സ്വര്‍ഗമാണെന്ന് മനസ്സിലുറപ്പിച്ച് നടക്കുക.

No comments:

Post a Comment