Monday 6 June 2016

തഹജ്ജുദ് പതിവാക്കിയാല്‍


ഫർള് നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ സുന്നത്ത് നിസ്കാരമാണ് തഹജ്ജുദ് നിസ്കാരം. “ഖിയാമുല്ലൈല്‍’ എന്നും ഇതിന് പേരുണ്ട്.

അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) പറയുന്നു: “”റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പ് മുഹര്‍റത്തിലേതാണ്. ഫര്‍ള് നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നിസ്കാരം രാത്രിയിലെ സുന്നത്ത് നിസ്കാരം അഥവാ തഹജ്ജുദാണ്” (മുസ്‌ലിം, അബൂദാവൂദ്).

രാത്രി ഒന്നുറങ്ങി എഴുന്നേറ്റതിന് ശേഷമാണ് ഇതിന്റെ സമയമെന്നതുകൊണ്ട് തന്നെ രാത്രി തീരെ ഉറങ്ങാത്തവര്‍ക്ക് തഹജ്ജുദ് നിസ്കാരമില്ല. തഹജ്ജുദ് നിസ്കാരം ചുരുങ്ങിയത് രണ്ട് റക്അത്താണ്. കൂടിയാല്‍ എത്രയുമാവാം. ദിവസവും മുന്നൂറും അഞ്ഞൂറും റക്അത്ത് വീതം തഹജ്ജുദ് നിസ്കാരം നിര്‍വഹിച്ചവര്‍ മുന്‍ഗാമികളിലുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു
.
“ഉറക്കമൊഴിയുക’ എന്നാണ് “തഹജ്ജുദ്’ എന്ന അറബി പദത്തിനര്‍ത്ഥം. വിശുദ്ധ ഖുര്‍ആനില്‍ പോലും പ്രത്യക്ഷമായും പരോക്ഷമായും ഈ നിസ്കാരത്തിന്റെ ശ്രേഷ്ഠതകള്‍ വിവരിച്ചതായി കാണാം. ഫജ്റ് വെളിവാകുന്നതോടെയാണ് തഹജ്ജുദ് നിസ്കാരത്തിന്റെ സമയം അവസാനിക്കുക. പതിവായി ചെയ്യല്‍ ഉത്തമമായ ഈ നിസ്കാരം, പിശാചില്‍ നിന്ന് നല്ലൊരു പരിച കൂടിയാണ്. അതുകൊണ്ടുതന്നെ പതിവാക്കി വരുന്നവന്‍ ഉപേക്ഷിക്കുന്നത് ദുര്‍ലക്ഷണമായി കണക്കാക്കപ്പെടും. 

രാത്രി നിസ്കാരം പതിവാക്കിയതിന്റെ ശേഷം അത് ഉപേക്ഷിക്കാനിടയായ ഒരാളെപ്പോലെ താങ്കള്‍ ആവരുതെന്ന് നബി(സ്വ) തങ്ങള്‍ സ്വഹാബിവര്യനായ അംറുബ്നുല്‍ ആസ്വ്(റ)നെ ഉപദേശിച്ചിട്ടുണ്ട്. ഉന്മേഷം ലഭിക്കാനും ഹൃദയ ശുദ്ധിക്കും വളരെ ഉത്തമമാണ് തഹജ്ജുദ് നിസ്കാരം.

അബൂഹുറൈറ(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: നിങ്ങളിലൊരാള്‍ ഉറങ്ങുമ്പോള്‍ പിശാച് വന്ന് പിരടിയില്‍ മൂന്ന് കെട്ടുകളിടും. എന്നിട്ടവന്‍ പറയും, നീണ്ട രാത്രി ഇനിയും ബാക്കിയുണ്ട്. സുഖമായി ഉറങ്ങിക്കോളൂ!”

തല്‍സമയം ഉണര്‍ന്ന് അല്ലാഹുവിനെ സ്മരിച്ചാല്‍ ഒരു കെട്ട് അഴിഞ്ഞുപോവും. പിന്നീട് വുളൂ എടുക്കുമ്പോള്‍ രണ്ടാം കെട്ടും അഴിയും. അങ്ങനെയവന്‍ തഹജ്ജുദ് നിസ്കാരത്തിന് ഒരുങ്ങിയാല്‍ മൂന്നാമത്തെ കെട്ടും അഴിഞ്ഞ് പോകും. 

നേരം പുലരുമ്പോള്‍ അവന്‍ ഉന്മേഷവാനും ശുദ്ധ മനസ്കനുമായി കാണപ്പെടും. മേല്‍പ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കിലോ, അലസനായും ദുശിച്ച മനസ്സിനുടമയുമായാണവന്‍ പ്രഭാതം കാണുക!” (ബുഖാരി, മുസ്‌ലിം).

ശുദ്ധിയോടെ ഉറങ്ങുക, അമിത ഭക്ഷണം വര്‍ജിക്കുക, നേരത്തെ ഉറങ്ങുക, അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുക, ഉറങ്ങുമ്പോഴുള്ള സുന്നത്തുകള്‍ പാലിക്കുക, ദിക്റുകള്‍ വര്‍ധിപ്പിക്കുക ഇവയെല്ലാം തഹജ്ജുദ് നിസ്കാരത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. തഹജ്ജുദ് നിസ്കാരം പതിവാക്കല്‍ സുന്നത്തുള്ളതുപോലെ തഹജ്ജുദ് നിസ്കരിക്കുമെന്ന് പ്രതീക്ഷയുള്ളവരെ വിളിച്ചുണര്‍ത്തലും സുന്നത്തുണ്ട്. ഞാന്‍ തഹജ്ജുദിന് എഴുന്നേല്‍ക്കുമെന്ന് കരുതി ഉറങ്ങല്‍ പോലും സുന്നത്താണ്. നല്ല കാര്യം ചെയ്യണമെന്ന് കരുതുന്നത് പോലും നന്മയാണെന്നതാണതിന് കാരണം. 

ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “ഒരാള്‍ ലളിതമായ ഭക്ഷണ പാനീയങ്ങള്‍ മാത്രം കഴിച്ച് രാത്രി നിസ്കാരം നിര്‍വഹിച്ചാല്‍ അവന് ചുറ്റും നിന്ന് സ്വര്‍ഗീയ സുന്ദരികള്‍ നൃത്തം ചെയ്യും; പുലരുവോളം” (ത്വബ്റാനി).

തഹജ്ജുദ് നിസ്കാരത്തില്‍ ഏത് സൂറത്തും ഓതാമെങ്കിലും ആദ്യത്തെ രണ്ട് റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനയും സൂറത്തുല്‍ ഇഖ്ലാസും ഓതുന്നതാണ് നല്ലത്. വലിയ സൂറത്തുകള്‍ ഓതുന്നതും നിര്‍ത്തം ദീര്‍ഘിപ്പിക്കുന്നതും പ്രത്യേകം സുന്നത്താണ്. ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്ക് ക്രമപ്രകാരം ഓതിവരുന്നതാണ് ഉത്തമം. 

തമീമുദ്ദാരി(റ), നബി(സ്വ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. “”ഒരാള്‍ രാത്രി പത്ത് ആയത്തുകള്‍ ഓതി തഹജ്ജുദ് നിസ്കരിച്ചാല്‍ അവന് ഒരു കൂമ്പാരം പ്രതിഫലമുണ്ട്. ഈ ലോകവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാള്‍ ഉത്തമമായിരിക്കും അത്. ഖിയാമത്ത് നാളില്‍ അല്ലാഹു അവനോട് പറയും: “”നീ ഓതുക! ഓരോ ആയത്തിനനുസരിച്ചും ഓരോ പടികള്‍ കയറിക്കൊള്ളുക. ആയത്തുകള്‍ തീരുംവരെ ഇങ്ങനെ തുടരുക. അങ്ങനെ എത്ര ആയത്തോതി നിസ്കരിക്കുന്നുവോ അതിനനുസരിച്ച് അദ്ദേഹം ഉയര്‍ന്ന പദവിയിലെത്തിച്ചേരും” (ത്വബ്റാനി).

അംറുബ്നുല്‍ ആസ്വ്(റ) നിവേദനം. നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: “”പത്ത് ആയത്തുകള്‍ ഓതി ഒരാള്‍ തഹജ്ജുദ് നിസ്കരിച്ചാല്‍ അവന്‍ ഒരിക്കലും അശ്രദ്ധരില്‍ ഉള്‍പ്പെടില്ല. നൂറ് ആയത്തുകള്‍ ഓതി നിസ്കരിച്ചാല്‍ അവന്‍ ആബിദീങ്ങളില്‍ ഉള്‍പ്പെടും. ആയിരം ആയത്തുകള്‍ ഓതി നിസ്കരിച്ചാലോ അവന്റെ നാമം ഏറ്റവും ഉയര്‍ന്ന പ്രതിഫലക്കാരുടെ പട്ടികയില്‍ രേഖപ്പെടുത്തും!” (അബൂദാവൂദ്, ഇബ്നു ഖുസൈമഃ).

ഏതൊരു പ്രവര്‍ത്തനത്തിനും ഇഖ്ലാസ് (ആത്മാര്‍ത്ഥത) അനുസരിച്ചാണ് അല്ലാഹു പ്രതിഫലം നല്‍കുക. രാത്രിയിലെ നിസ്കാരം ഒരു വ്യക്തിയുടെ ഇഖ്ലാസിന് തെളിവാണ്. അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിക്കുന്നവര്‍ക്കേ ആ സമയത്ത് എഴുന്നേല്‍ക്കാനാവൂ. 

രിയാഅ് അഥവാ ലോകമാന്യം ഭയപ്പെടാനില്ലാത്ത ആരാധനയാണ് തഹജ്ജുദ് നിസ്കാരമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്. അനസ്(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) തങ്ങള്‍ ഞങ്ങളോട് പറഞ്ഞു: “”എന്റെ ഈ പള്ളി (മസ്ജിദുന്നബവി)യില്‍ വെച്ചുള്ള നിസ്കാരം മറ്റു സ്ഥലങ്ങളിലെ പതിനായിരം നിസ്കാരത്തിന് തുല്യമാണ്. മക്കയിലെ മസ്ജിദുല്‍ ഹറാമിലുള്ള നിസ്കാരം ഒരു ലക്ഷം നിസ്കാരത്തിന് സമാനമാണ്. സമരമുഖത്ത് വെച്ചുള്ള നിസ്കാരം രണ്ടായിരം നിസ്കാരത്തിന് സമമാണ്. എന്നാല്‍ അതിനേക്കാളെല്ലാം പ്രതിഫലം ലഭിക്കുന്ന നിസ്കാരം അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ച് ഒരടിമ രാത്രിയില്‍ നിസ്കരിക്കുന്ന രണ്ട് റക്അത്ത് നിസ്കാരമാണ്” (ഇബ്നു ഹിബ്ബാന്‍).

അലി(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”തീര്‍ച്ചയായും സ്വര്‍ഗത്തില്‍ മനോഹരമായ ഒരു വൃക്ഷമുണ്ട്. അതിന്റെ താഴെയായി സ്വര്‍ണ നിര്‍മിതമായ ഒരു കുതിര നില്‍ക്കുന്നു. മുത്തും മാണിക്യവും കൊണ്ടാണതിന്റെ കടിഞ്ഞാണ്‍ നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണച്ചിറകുകളുള്ള പ്രസ്തുത കുതിരപ്പുറത്ത് ഒരുപറ്റം സ്വര്‍ഗവാസികള്‍ യഥേഷ്ടം പറന്ന് നടക്കും. അപ്പോള്‍ താഴെയുള്ളവര്‍ ചോദിക്കും: “”അല്ലാഹുവേ! ഇത്രയും വലിയ സ്ഥാനവും ബഹുമാനവും നിന്റെ ആ അടിമകള്‍ക്ക് ലഭിച്ചതെന്തുകൊണ്ടാണ്?” അപ്പോഴവര്‍ക്ക് മറുപടി ലഭിക്കും: “”നിങ്ങള്‍ രാത്രി സുഖമായി ഉറങ്ങുമ്പോള്‍ അവര്‍ എഴുന്നേറ്റ് നിസ്കരിച്ചിരുന്നു. നിങ്ങള്‍ ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ അവര്‍ നോമ്പുകാരായിരുന്നു. നിങ്ങള്‍ പിശുക്ക് കാണിച്ചപ്പോള്‍ അവര്‍ നല്ല മാര്‍ഗത്തില്‍ ധനം ചെലവഴിച്ചിരുന്നു. നിങ്ങള്‍ ഭീരുത്വം കാണിച്ചപ്പോള്‍ അവര്‍ എന്റെ മാര്‍ഗത്തില്‍ ധര്‍മസമരം നടത്തിയിരുന്നു” (ഇബ്നു അബിദ്ദുന്‍യാ).

ആത്മാര്‍ത്ഥതയോടെ തഹജ്ജുദ് നിസ്കാരം നിര്‍വഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങള്‍ വളരെ വലുതാണ്. തൗറാത്തില്‍ വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങള്‍ക്ക് പുറമെ, തഹജ്ജുദ് നിസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകള്‍ക്ക് കയ്യും കണക്കുമില്ല. 

അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”നിശ്ചയം സ്വര്‍ഗത്തില്‍ ഒരു മണിമാളികയുണ്ട്. ഉള്ളില്‍നിന്ന് പുറത്തേക്കും പുറത്തുനിന്ന് ഉള്ളിലേക്കും കാണാവുന്നവിധം തിളക്കമുള്ളതാണത്.” അബൂമാലിക് എന്ന സ്വഹാബി ചോദിച്ചു: “”അല്ലാഹുവിന്റെ ദൂതരേ! ആര്‍ക്കുള്ളതാണിത്?” അവിടുന്ന് പറഞ്ഞു: “”ജനങ്ങളോട് നല്ല വാക്ക് പറയുകയും വിശന്നവര്‍ക്ക് ഭക്ഷണം നല്‍കുകയും ജനങ്ങള്‍ ഉറങ്ങവെ രാത്രി നിസ്കരിക്കുകയും ചെയ്യുന്നവര്‍ക്ക്!” (തിര്‍മുദി, ഇബ്നു ഹിബ്ബാന്‍).

അബൂഉബൈദ(റ) നിവേദനം. അബ്ദുല്ലാഹിബ്നു സലാം(റ) പറഞ്ഞു: തൗറാത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. രാത്രിയില്‍ തഹജ്ജുദ് നിസ്കാരം നിര്‍വഹിക്കുന്നവര്‍ക്ക് ഒരു കണ്ണും കാണാത്ത, ഒരി ചെവിയും കേള്‍ക്കാത്ത, ഒരാളും ചിന്തിച്ചിട്ട് പോലുമില്ലാത്ത, മാലാഖമാര്‍ പോലുമറിയാത്ത പ്രതിഫലങ്ങളും സൗകര്യങ്ങളുമാണ് നാളെ പരലോകത്ത് അല്ലാഹു തയ്യാര്‍ ചെയ്തിട്ടുള്ളത്” (ഹാകിം).

അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനും ഹൃദയ ശുദ്ധി കൈവരിക്കാനും അത്യുത്തമമാണ് തഹജ്ജുദ്. ആത്മ സംസ്കരണത്തിനുള്ള അഞ്ച് മാര്‍ഗങ്ങളില്‍ മൂന്നാമത്തെ മാര്‍ഗമായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) തന്റെ ഹിദായത്തുല്‍ അദ്കിയാഇല്‍ പരിചയപ്പെടുത്തുന്നത് ഖിയാമുല്ലൈല്‍ അഥവാ തഹജ്ജുദ് നിസ്കാരം പതിവാക്കുക എന്നതാണ്. 

അംറുബ്നു അന്‍ബസ(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”ഒരടിമ അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ അടുക്കുന്ന സമയം രാത്രിയിലെ നിസ്കാരത്തിലാണ്. അതുകൊണ്ടു തന്നെ ആ സമയത്ത് അല്ലാഹുവിനെ സ്മരിക്കാന്‍ കഴിയുന്നിടത്തോളം സ്മരിക്കുക” (തിര്‍മുദി).

സത്യവിശ്വാസിയുടെ ലക്ഷണങ്ങള്‍ വിവരിക്കുന്ന സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ വിവിധയിടങ്ങളില്‍ രാത്രിയിലെ നിസ്കാരം പരാമര്‍ശിച്ചിട്ടുണ്ട്. എന്റെ സമൂഹത്തിലെ ഏറ്റവും ഉത്തമരും ആദരണീയരും തഹജ്ജുദ് നിസ്കാരം പതിവാക്കുന്നവരാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്. 

ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “”എന്റെ സമൂഹത്തിലെ ഏറ്റവും ആദരണീയര്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയവരും രാത്രിയിലെ സുന്നത്ത് നിസ്കാരക്കാരുമാണ്” (ബൈഹഖി, ഇബ്നു അബിദ്ദുന്‍യാ).

സഹ്ല്‍(റ) നിവേദനം. ഒരിക്കല്‍ ജിബ്രീല്‍(അ) തിരുനബി(സ്വ) തങ്ങളെ സന്ദര്‍ശിക്കാനെത്തി. കൂട്ടത്തില്‍ ഇങ്ങനെ പറഞ്ഞു: “”നബിയേ! താങ്കള്‍ ഇഷ്ടംപോലെ ജീവിക്കുക, കാരണം താങ്കളും മരണപ്പെടും. ഇഷ്ടമുള്ളതെല്ലാം പ്രവര്‍ത്തിക്കുക. അതിനെല്ലാം നാളെ പ്രതിഫലം നല്‍കപ്പെടും. ഇഷ്ടമുള്ളവരെ സ്നേഹിക്കുക. കാരണം അവരോടൊക്കെ താങ്കള്‍ വിടപറയും. പക്ഷെ, ഒരു കാര്യം താങ്കള്‍ മനസ്സിലാക്കുക. ഒരു സത്യവിശ്വാസിയുടെ പവിത്രത രാത്രി നിസ്കാരത്തിലാണ് നിലകൊള്ളുന്നത്. അവന്റെ അഭിമാനമാവട്ടെ, ജനങ്ങളെ ആശ്രയിക്കാതിരിക്കലാണ്” (ത്വബ്റാനി).

രാത്രി നിസ്കാരം പതിവാക്കുന്നവരെ ഖിയാമത്ത് നാളില്‍ പ്രത്യേകം അല്ലാഹു പരിഗണിക്കും. അവര്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. 

അബ്ദുല്ലാഹിബ്നു സലാം(റ) പറയുന്നു: “”നബി(സ്വ) തങ്ങള്‍ മദീനയിലെത്തിയപ്പോള്‍ ജനങ്ങള്‍ മുഴുവനും നബി(സ്വ) തങ്ങളുടെയടുത്തേക്കോടിയടുത്തു. കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഞാന്‍ നബി(സ്വ)യുടെ മുഖം ശ്രദ്ധിച്ചു. സത്യസന്ധന്റെ എല്ലാ അടയാളങ്ങളുമുണ്ട്. നബി(സ്വ) തങ്ങളില്‍ നിന്ന് ഞാനാദ്യമായി കേട്ട കാര്യം ഇതായിരുന്നു. അവിടുന്ന് പറഞ്ഞു: “”ഓ! ജനങ്ങളേ! നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, വിശക്കുന്നവന് ഭക്ഷണം നല്‍കുക, കുടുംബബന്ധം ചേര്‍ക്കുക. ജനങ്ങളെല്ലാം സുഖനിദ്രയിലാകവെ രാത്രി എഴുന്നേറ്റ് നിസ്കരിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് സമാധാനമായി സ്വര്‍ഗത്തില്‍ പ്രവേശിക്കാം” (തിര്‍മുദി).

അസ്മാ(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറയുന്നു: “”പുനരുത്ഥാരണ നാളില്‍ ജനങ്ങളെയെല്ലാം ഒരിടത്ത് ഒരുമിച്ച് കൂട്ടപ്പെടും. അപ്പോള്‍ ഇങ്ങനെ വിളിച്ച് പറയപ്പെടും. “”ശയ്യകളില്‍ നിന്നെഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുന്നവരെവിടെ?” അപ്പോള്‍ ഒരുപറ്റം ആളുകള്‍ മുന്നോട്ട് വരും. വളരെ കുറവായിരിക്കും അവര്‍. അങ്ങനെയവര്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. പിന്നീടാണ് മറ്റുള്ളവരെ വിചാരണക്കെടുക്കുക” (ബൈഹഖി).

പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയം കൂടിയാണ് തഹജ്ജുദിന്റെ സമയം. ആ സമയത്ത് അല്ലാഹുവിനോട് ഐഹികമോ പാരത്രികമോ ആയ ഏത് കാര്യം ചോദിച്ചാലും അല്ലാഹു ഉത്തരം നല്‍കും. അല്ലാഹു അവനെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയുകയും ചെയ്യും.

ജാബിര്‍(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു. തീര്‍ച്ചയായും രാത്രിയില്‍ ഒരു പ്രത്യേക സമയമുണ്ട്. ആ സമയത്ത് ഒരു മുസ്‌ലിം അല്ലാഹുവിനോട് എന്ത് ചോദിച്ചാലും (ദുന്‍യാവിലേതായാലും ആഖിറത്തിലേതായാലും) അല്ലാഹു നല്‍കാതിരിക്കില്ല. എല്ലാ രാത്രിയിലും ആ സമയമുണ്ട്” (മുസ്‌ലിം).

അതോടൊപ്പം, പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെടുന്ന സമയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അഞ്ച് ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷവും രാത്രിയുടെ ഉള്ളിലും എന്നായിരുന്നു നബി(സ്വ) തങ്ങളുടെ മറുപടി. 

ഇബ്നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു നബിവചനം ഇപ്രകാരമാണ്. “”രണ്ട് വ്യക്തികളുടെ കാര്യത്തില്‍ അല്ലാഹു അത്ഭുതപ്പെടും. കൊടും തണുപ്പുള്ള രാത്രിയില്‍ എഴുന്നേറ്റ് വുളൂ ചെയ്ത് നിസ്കാരത്തിന് നില്‍ക്കുന്നവനാണൊരാള്‍. അവനെ കാണുമ്പോള്‍ അല്ലാഹു മലക്കുകളോട് അഭിമാനം പറയും. “”മലക്കുകളേ! എന്റെ അടിമയെക്കണ്ടില്ലേ? തന്റെ വിരിപ്പും പുതപ്പും ഭാര്യയെയുമെല്ലാം വിട്ടകന്ന് എന്റെ പ്രതിഫലം മോഹിച്ച് നിസ്കരിക്കുന്നത്. തീര്‍ച്ചയായും അവന്‍ ചോദിച്ചതെല്ലാം ഞാന്‍ നല്‍കും. അവന്‍ ഭയപ്പെടുന്നതില്‍ നിന്നെല്ലാം ഞാനവനെ നിര്‍ഭയനാക്കും” (അഹ്മദ്, ത്വബ്റാനി).

ഇവക്കെല്ലാം പുറമെ രോഗങ്ങള്‍ തടയാനും ദോഷങ്ങള്‍ പൊറുക്കാനും നല്ലൊരു മാര്‍ഗം കൂടിയാണ് തഹജ്ജുദ് നിസ്കാരം. 

സല്‍മാന്‍(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”നിങ്ങള്‍ തഹജ്ജുദ് നിസ്കാരം പതിവാക്കുക. കാരണം നിങ്ങള്‍ക്ക് മുമ്പുള്ള സജ്ജനങ്ങളുടെ നടപടിയാണത്. അതോടൊപ്പം രക്ഷിതാവായ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതും ദോഷങ്ങള്‍ പൊറുപ്പിക്കുന്നതും കുറ്റകൃത്യങ്ങള്‍ തടയുന്നതും ശരീരത്തില്‍ നിന്ന് രോഗങ്ങളെ ആട്ടിയകറ്റുന്നതുമാണ്” (ത്വബ്റാനി, അഹ്മദ്).

ദമ്പതികള്‍ ഒരുമിച്ച് തഹജ്ജുദ് നിസ്കരിക്കുന്നതിനും ഏറെ പുണ്യമുണ്ട്. അങ്ങനെ നിസ്കരിക്കുന്നവരുടെ കുടുംബജീവിതത്തില്‍ എ്വെര്യമുണ്ടാവുമെന്നും സന്താനങ്ങള്‍ സ്വാലിഹീങ്ങളാകുമെന്നും അവര്‍പോലും വിചാരിക്കാത്ത ഭാഗത്തിലൂടെ അവര്‍ക്ക് വേണ്ടതെല്ലാം ലഭിക്കുമെന്നും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വിശിഷ്ട അടിമകളില്‍ അത്തരം ദമ്പതികളെ മലക്കുകള്‍ രേഖപ്പെടുത്തുമെന്നും ഹദീസില്‍ കാണാം.

അബൂമാലികില്‍ അശ്അരി(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞതായി ഞാനോര്‍ക്കുന്നു. “”ദമ്പതികള്‍ രണ്ടുപേരും ഒരുമിച്ച് എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുകയും ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുകയും ചെയ്താല്‍ അവര്‍ രണ്ടുപേരുടെയും എല്ലാ ദോഷങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. ദിക്ര്‍ ചൊല്ലുന്നവരില്‍ അല്ലാഹു അവരെ ഉള്‍പ്പെടുത്തുകയും ചെയ്യും” (ത്വബ്റാനി).

*********************************************************************************


തഹജ്ജുദ് നിസ്കാരത്തിന്റെ രൂപം ഒന്ന് വിശദീകരിക്കാമോ?


രാത്രി ഉറക്കമുണര്‍ന്ന ശേഷം സുബ്ഹിക്ക് മുമ്പായി നിര്‍വ്വഹിക്കുന്നതാണ് തഹജ്ജുദ്.

വളരെയേറെ പ്രാധാന്യമുള്ളതാണ് ഈ നിസ്കാരം. അത്താഴ സമയത്ത് എണീറ്റ് നിസ്കാരവും പാപമോചനതേട്ടവും പ്രാര്‍ത്ഥനകളുമായി കൂടുന്നവരെ വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും പ്രകീര്‍ത്തിച്ചതായി കാണാം.

ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, രാത്രിയിലുള്ള നിസ്കരാം ഒരിക്കലും ഉപേക്ഷിക്കരുത്. പ്രവാചകര്‍ അത് ഉപേക്ഷിച്ചിട്ടേ ഇല്ല. ക്ഷീണമോ അസുഖമോ അനുഭവപ്പെട്ടാല്‍ പ്രവാചകര്‍ ഇരുന്നിട്ടാണെങ്കിലും അത് നിര്‍വ്വഹിക്കാറുണ്ടായിരുന്നു.

രണ്ട് റക്അത് മുതല്‍ എത്രയും ആവാം. പരമാവധി പന്ത്രണ്ട് റക്അതേ നിസ്കരിക്കാവൂ എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇശാക്ക് ശേഷം ഒന്നുറങ്ങി എണീറ്റത് മുതല്‍ അതിന്റെ സമയം തുടങ്ങും. അത്താഴ സമയമാണ് ഏറ്റവും ഉത്തമം. ദോഷങ്ങളില്‍നിന്ന് പൊറുക്കല്‍ തേടാനും പ്രാര്‍ത്ഥനകള്‍ വര്‍ദ്ദിപ്പിക്കാനുമായിരിക്കണം അതില്‍ പരമാവധി ശ്രദ്ധിക്കേണ്ടത്. പതിവാക്കിയവന് അത് കാരണമില്ലാതെ ഉപേക്ഷിക്കല്‍ കറാഹതാണ്.


തഹജ്ജുദ് നിസ്കാരം സുബ്ഹി വാങ്ക് കൊടുക്കുന്നതിന്റെ മുമ്പായി നിസ്കരിക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ ഖദാ വീട്ടാമോ ?

തഹജ്ജുദ് നിസ്കാരം നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നതാണ്.

വളരെയേറെ പ്രാധാന്യമുള്ളതാണ് ഈ നിസ്കാരം. അത്താഴ സമയത്ത് എണീറ്റ് നിസ്കാരവും പാപമോചനതേട്ടവും പ്രാര്‍ത്ഥനകളുമായി കൂടുന്നവരെ വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും പ്രകീര്‍ത്തിച്ചതായി കാണാം.

ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, രാത്രിയിലുള്ള നിസ്കരാം ഒരിക്കലും ഉപേക്ഷിക്കരുത്. പ്രവാചകര്‍ അത് ഉപേക്ഷിച്ചിട്ടേ ഇല്ല. ക്ഷീണമോ അസുഖമോ അനുഭവപ്പെട്ടാല്‍ പ്രവാചകര്‍ ഇരുന്നിട്ടാണെങ്കിലും അത് നിര്‍വ്വഹിക്കാറുണ്ടായിരുന്നു.

തഹജജുദില്‍ പാപമോചനത്തിനും മറ്റുമുള്ള ദുആകളാണ് കൂടുതലായി നടത്തേണ്ടത്. റസൂല്‍ (സ) ആ സമയത്ത് ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നതായി ഇബ്നുഅബ്ബാസ് (റ)വില്‍നിന്ന് ഇമാം ബുഖാരി ഉദ്ദരിച്ചതായി കാണാം,



اللهُمَّ لَكَ الحمْدُ أنتَ قَيِّمُ السمَاواتِ والأَرْضِ وَمَنْ فيهِنَّ ولكَ الحمدُ لَكَ مُلْكُ السَماواتِ والأرْضِ ومَنْ فيهِن ولك الحمدُ أنتَ نُورُ السماواتِ والأرضِ ومن فيهن ولكَ الحمدُ أنتَ مَلِكُ السماواتِ والأرضِ ومن فيهن ولكَ الحَمْدُ أنتَ الحقُ وَوَعْدُكَ حَقُّ ولِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالجَنَّةُ حَقٌّ والنارُ حَقٌّ لكَ أسْلَمْتُ وبِكَ آمَنتُ وعليكَ توكّلْتُ وإليكَ أنَبْتُ وَبِكَ خَاصَمْتُ وَإليكَ حَاكمْتُ فاغْفِرْ لِي مَا قَدَّمْتُ ومَا أخَّرْتُ وَمَا أسْرَرْتُ ومَا أعْلَنْتُ أنتَ المُقَدِّمُ وأنْتَ المُؤخِّرُ لَا إلَهَ إلا أنتَ وَ لَا إِلهَ غَيْرُكَ ولا حولَ ولا قوةَ إلا بالله


തഹജ്ജുദ് നിസ്കാരം നാല് റകഹത് ഒരുമിച്ച് നിസ്കരിക്കാമോ ? അതല്ല ഈ രണ്ടു റകഹത് വീതമാണോ നിസ്കരിക്കെണ്ടത് ?

തഹജ്ജുദ് നിസ്കാരം ഈ രണ്ട് റകഅത് വീതം നിസ്കരിക്കലാണ് സുന്നത്. രാത്രി നിസ്കാരങ്ങള്‍ ഈ രണ്ട് വീതമാണ് നിസ്കരിക്കേണ്ടത് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. നാല് റകഅത് ഒരുമിച്ച് നിസ്കരിക്കുന്നതിനും വിരോധമില്ല

ഇശാ നിസ്കരിക്കാതെ ഉറങ്ങിയ ഒരാള്‍ക്ക് സുബ്ഹ് ബാങ്ക് വിളിക്കുന്നതിന് മുമ്പ് ഉണര്‍ന്നു ഇശയും തഹജ്ജുദും കൂടി നിസ്കരിച്ചു കൂടെ?

ഇശാഇന്റെ സമയമായതിന് ശേഷം ഇശാ നിസ്കരിക്കാതെ ഉറങ്ങല്‍ കറാഹതാണ്. മഗ്‍രിബ് നിസ്കരിച്ച് ഇശാഇന് സമയമാകുന്നതിന് മുമ്പ് ഉറങ്ങലും കറാഹതാണെന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ഉണരാതെ നിസ്കാരം ഖളാ ആകാനുളള സാധ്യത പരിഗണിച്ചാണ് അത് കറാഹതായത്. നബി തങ്ങള്‍ ഇശാ നിസ്കരിക്കാതെ ഉറങ്ങുന്നത് വെറുക്കുമായിരുന്നുവെന്ന് ഹദീസില്‍ കാണാം.

ഉറങ്ങിയാല്‍ തന്നെ ഉണര്‍ന്ന് ഇശാ നിസ്കരിക്കുമ്പോള്‍ കൂടെ തഹജ്ജുദും കരുതാവതല്ല. മറിച്ച് ഇശാ നിസ്കരിച്ചതിന് ശേഷം മറ്റു ഫര്‍ളോ സുന്നതോ നിസ്കരിച്ചാല്‍ മാത്രമേ തഹജ്ജുദിന്റെ പ്രതിഫലം ലഭിക്കൂ. കാരണം  ഉറങ്ങുകയും ഇശാഅ് നിസ്കരിക്കുകയും ചെയ്താല്‍ മാത്രമേ തഹജ്ജുദ് സുന്നത്താവൂ. പ്രസ്തുത ഉറക്കം ഇശാഇന്റെ സമയമായതിന് ശേഷം നിസ്കരിക്കുന്നതിന് മുമ്പോ ശേഷമോ ആവാം.


തഹജ്ജുദ് നിസ്കാരം വീട്ടില്‍ നിന്നും നിസ്കരിക്കുന്നതിനാണോ പള്ളിയില്‍ പോയി നിസ്കരിക്കുന്നതിനാണോ കൂടുതല്‍ പ്രതിഫലം. ഏതാണ് കൂടുതല്‍ നല്ലത്?

ഫര്‍ള് നിസ്കാരമല്ലാത്ത എല്ലാ നിസ്കാരവും വീട്ടില്‍ നിന്ന് നിസ്കരിക്കലാണ് ഉത്തമമെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട് അങ്ങനെ വീട്ടില്‍ നിന്ന് നിസ്കരിക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) പറയുന്നു: പള്ളിയില്‍ നിന്ന് ഫര്‍ള് നിസ്കരിച്ചാല്‍ ഒരു വിഹിതം നിങ്ങള്‍ വീട്ടിലുമാക്കുക, നിങ്ങളുടെ വീടുകളില്‍ നിസ്കാരം മൂലം അള്ളാഹു ധാരാളം നന്മകള്‍ സൃഷ്ടിക്കും. മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: വീടുകളില്‍ നിന്നും നിങ്ങള്‍ നിസ്കരിക്കുക വീടുകളെ നിങ്ങള്‍ ഖബ്റുകളാക്കി മാറ്റരുത്.

ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ തഹജ്ജുദടക്കമുള്ള സുന്നത് നിസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രിയാഇല്ലാതിരിക്കാനും വീട്ടലും വീട്ടുകാരിലും ബറകതിനും വീട്ടില്‍ ശൈതാന്റെ ഉപദ്രവങ്ങളില്ലാതിരിക്കാനുമാണിത്.

വീട്ടില്‍ ഖിബ്‍ല തെറ്റാന്‍ സാധ്യതയുണ്ടെങ്കിലും വീട്ടിലേക്ക് പിന്തിപ്പിച്ചാല്‍ മടികാരണം നിസ്കാരമൊഴിവാക്കുമെന്ന് ഭയന്നാലും പള്ളിയില്‍ വെച്ച് തന്നെ നിസ്കരിക്കലാണുത്തമം.

എന്നാല്‍ ളുഹാ, ത്വവാഫിന്റെ രണ്ട് റകഅത്, ജുമുഅക്ക് നേരത്തെ വന്നവന്റെ സുന്നത്, ഇഅ്തികാഫിരിക്കുന്നവന്റെ സുന്നത് നിസാകാരങ്ങള്‍, ഇസ്തിഖാറത്, മീഖാതില്‍ പള്ളിയുണ്ടെങ്കില്‍ അവിടെ വെച്ച് ഇഹ്റാം ചെയ്തതിനു ശേഷമുള്ള നിസ്കാരം, യാത്രക്ക് പുറപ്പെടുമ്പോഴും തിരിച്ച് വരുമ്പോഴുമുള്ള നിസ്കാരങ്ങള്‍, ജമാഅത് സുന്നതുള്ള നിസ്കാരങ്ങള്‍ തുടങ്ങിയവ പള്ളിയില്‍ വെച്ചാണ് നിസ്കരിക്കേണ്ടതെന്ന് പണ്ഡിതന്മാര്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.


തഹജ്ജുദ് നിസ്കാരത്തില്‍ നബി എന്തായിരുന്നു ദുആ ചെയ്തിരുന്നത്?

നബി തങ്ങള്‍ തഹജ്ജുദ് നിസ്കാരത്തിന് തക്ബീര്‍ കെട്ടിയതിന് ശെഷം ഇങ്ങനെ ദുആ ചെയ്യുമായിരുന്നു

اللَّهُمَّ رَبَّنَا لَكَ الحَمْدُ، أنْتَ قَيِّمُ السَّمَوَاتِ والأرْضِ وَمَنْ فِيهنَّ، وَلَكَ الحَمْدُ، لَكَ مُلْكُ السَّمَوَاتِ والأرضِ وَمَن فيهن، وَلَكَ الحَمْدُ أنْت نُورُ السَّمَوَاتِ والأرْضِ ومَنْ فِيهنَّ، ولكَ الحَمدُ أنْتَ الحَقُّ، وَوَعْدُكَ الحَقّ، ولِقَاؤُكَ حَقٌّ، وَقَوْلُكَ حَقٌّ، والجَنَّةُ حَقٌّ، والنَّارُ حَقٌّ، ومُحَمَّدٌ حَقٌّ، والسَّاعَةُ حَقٌّ، اللَّهُمَّ لَكَ أسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وبِكَ خاصَمْتُ، وَإلَيْكَ حاكَمْتُ، فاغْفِرْ لي ما قَدَّمْتُ وَمَا أخَّرْتُ وَمَا أَسْرَرْتُ وَمَا أعْلَنْتُ، أنْتَ المُقَدِّمُ 

وأنْتَ المُؤَخِّرُ، لا إلهَ إِلاَّ أنتَ


ഒരു രാത്രി യാത്രയില്‍ ഉറങ്ങി വീട്ടില്‍ എത്തിയാല്‍ തഹജ്ജുദ് അനുവദീനീയമാണോ ?

രാത്രി ഉറങ്ങി എഴുന്നേറ്റതിനു ശേഷമാണ്   തഹജ്ജുദ് നിസ്കരിക്കേണ്ടത്. ഉറക്ക് യാത്രയിലായാലും തഹജ്ജുദ് നിസ്കരിക്കാവുന്നതാണ്.


തഹജ്ജുദ്, ഇശാ നിസ്കരിച്ചതിനു ശേഷം ഉറങ്ങി എണീറ്റതിനു ശേഷമേ നിസ്കരിക്കാവൂ. അതോ ഇശാ ബാങ്കിന്റെ ശേഷം ഒന്നുറങ്ങി ഇശായും തഹജ്ജുദും ഒപ്പം നിസ്കരിക്കാമോ?

ഇശാ നിസ്കാര ശേഷം ഉറങ്ങി രാത്രിയുടെ അവസാന പകുതിയില്‍ എഴുന്നേറ്റ് വിത്റിനു മുമ്പായി തഹജ്ജുദ് നിസ്കരിക്കലാണ് ഉത്തമം. ഇശാഇന്‍റെ സമയത്ത് ഇശാ നിസ്കാരത്തിനു മുമ്പായി ഉറങ്ങിയാലും തഹജ്ജുദ് നിസ്കരിക്കാവുന്നതാണ്. (ഇശാ നിസ്കാരം അതിനു ശേഷം തഹജ്ജുദ് പിന്നെ വിത്റ് എന്ന ക്രമത്തില്‍). പക്ഷേ, രാത്രി ഇശാഅ് നിസ്കരിക്കാതെ ഉറങ്ങല്‍ കറാഹത്താണ്.



No comments:

Post a Comment