Saturday 4 June 2016

ഇമാം ശാഫിഈ (റ)






ഹാശിമികളും മുത്വലിബുകളും

ഗസ്സ 

ചരിത്ര സ്മരണകൾ വീണുറങ്ങുന്ന ഗാസ്സ എത്രയെത്ര കച്ചവട സംഘങ്ങൾ അതുവഴി കടന്നുപോയിട്ടുട്ട് മക്കയിൽ നിന്നുള്ള കച്ചവട സംഘങ്ങൾ ഗസ്സ വഴിയിലാണ് ശാമിലേക്ക് പോയിരുന്നത് ലോകപ്രസിദ്ധമായ രണ്ട് വ്യാപാര കേന്ദ്രങ്ങളുണ്ടായിരുന്നു 1.ശാം 2. യമൻ 
അവ ആശ്രയിച്ചാണ് മക്കക്കാരുടെ ജീവിതം 

നബി  (സ)തങ്ങളുടെ നാലാമത്തെ ഉപ്പാപ്പയാണ് അബ്ദുമനാഫ് അദ്ദേഹവും സംഘവും എത്രയോ തവണ ഗസ്സ വഴി കടന്നുപോയിട്ടുണ്ട് അദ്ദേഹത്തിൽ നിന്ന് നബി  (സ)തങ്ങളിലേക്കുള്ള പരമ്പര ഇങ്ങനെ വായിക്കാം

അബ്ദുമനാഫ് 
പുത്രൻ ഹാശിം 
പുത്രൻ അബ്ദുൽ മുത്വലിബ് 
പുത്രൻ അബ്ദുല്ല 
പുത്രൻ മുഹമ്മദ് നബി  (സ)

അബ്ദുമനാഫിന്റെ പുത്രനായ ഹാശിം മക്കയുടെ ചരിത്രത്തിലെ അതിപ്രശസ്തനായ ഭരണാധികാരിയായിരുന്നു അബ്ദുമനാഫിന്റെ മറ്റൊരു പുത്രനായിരുന്നു മുത്വലിബ് ബുദ്ധിമാനും ശക്തനും നീതിമാനുമായിരുന്നു മുത്വലിബ് ഹാശിമും മുത്വലിബും സ്നേഹമുള്ള സഹോദരന്മാർ അബ്ദുമനാഫിന്റെ മക്കൾ പിതാവിന്റെ മരണശേഷം ഹാശിം മക്കയുടെ നേതാവായിത്തീർന്നു

എല്ലാ കാര്യങ്ങളിലും ഹാശിമിനെ സഹായിക്കാൻ സഹോദരൻ മുത്വലിബ് കൂടെയുണ്ട് അവരൊന്നിച്ച് യാത്ര ചെയ്തിട്ടുണ്ട് ഗാസ്സയിലൂടെ കടന്നു പോയിട്ടുണ്ട് ഗസ്സയുടെ സമീപ പ്രദേശമാണ് ചരിത്ര പ്രസിദ്ധമായ അസ്ഖലാൻ ഹാശിമിനും മുത്വലിബിനും അസ്ഖലാൻ സുപരിചിതമാണ് ഒരിക്കൽ ഹാശിം വലിയൊരു കച്ചവട സംഘവുമായി ശാമിൽ നിന്ന് മടങ്ങിവരികയാണ് സംഘം യസ്രിബ് പട്ടണത്തിലെത്തി ഇന്നത്തെ മദീന പട്ടണം ഹാശിമും സംഘവും കുറച്ചു ദിവസം യസ്രിബിൽ താമസിച്ചു ഇവിടെവെച്ച് സൽമ എന്ന ചെറുപ്പക്കാരിയെ ഹാശിം കണ്ടുമുട്ടി ഖസ്റജ് ഗോത്രത്തലവന്റെ സുന്ദരിയും ബുദ്ധിമതിയുമായ മകളാണ് സൽമ ഹാശിമും സൽമയും തമ്മിൽ വിവാഹം നടന്നു ഭാര്യാ ഭർത്താക്കന്മാരായി

സൽമ ഹാശിമിനൊപ്പം പോന്നു മക്കയിലേക്ക് മക്കക്കാരുടെ സ്നേഹഭാജനമായി മാറി സൽമ മാസങ്ങൾ കടന്നുപോയി സൽമ ഗർഭിണിയായി ചടങ്ങനുസരിച്ച് പ്രസവം നടക്കേണ്ടത് യസ്രിബിലാണ് ബന്ധുക്കൾ മക്കയിൽ വന്നു ഗർഭിണിയായ സൽമയെ കൊണ്ടുപോയി ഹാശിം വിരഹവേദനയിലായി ദിനരാത്രങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു കച്ചവട യാത്രയുടെ സമയമായി ശാമിലേക്ക് പോവാൻ കാലമായി ശാമിൽ നിന്നുള്ള മടക്കയാത്ര യസ്രിബ് വഴിയിലാണ് അപ്പോൾ സൽമയെ കാണാം അവൾ പ്രസവിച്ച കുഞ്ഞിനെയും കാണാം ഹാശിം അങ്ങനെ ഓർത്തു സന്തോഷിച്ചു

മക്കയിൽ നിന്ന് കച്ചവട സംഘം പുറപ്പെട്ടു രാപ്പകലുകൾ കടന്നുപോയ്ക്കൊണ്ടിരുന്നു ഇതിന്നിടയിൽ സൽമ പ്രസവിച്ചു ആൺകുഞ്ഞ് കുഞ്ഞിന് ശൈബ എന്നു പേരിട്ടു സൽമ മോനെ മടിയിൽ കിടത്തി ലാളിച്ചു മോനേ.... മോനെക്കാണാൻ ഉപ്പ വരും ഉപ്പ ഇപ്പോൾ ശാമിലെത്തിക്കാണും കച്ചവടം കഴിഞ്ഞാലുടനെ വരും മോനെ കാണാൻ വരും മോന്റെ ഉപ്പ വലിയ മഹാനാണ് മക്കയുടെ നേതാവാണ് മോനും വലിയ ആളായിത്തീരും 

സൽമയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് പ്രിയ ഭർത്താവിനെ കാണാനുള്ള മോഹം പക്ഷെ മോഹം പൂവണിഞ്ഞില്ല സൽമയെയും മോനെയും കാണാൻ ഹാശിം വന്നില്ല ശാമിൽനിന്ന് ഹാശിം യാത്ര തിരിച്ചു ഗാസ്സയിലെത്തിയപ്പോൾ രോഗം ബാധിച്ചു ഗാസ്സയിൽ വിശ്രമിച്ചു ചികിത്സിച്ചു ഒന്നും ഫലിച്ചില്ല ഗാസ്സ സാക്ഷിയായി ഹാശിമിന്റെ മരണത്തിന് സാക്ഷിയായി ഗാസ്സയിൽ ഹാശിം അന്ത്യവിശ്രമം കൊള്ളുന്നു 

ഹാശിമിന്റെ സഹോദരനായ മുത്വലിബിനെ മക്കക്കാർ തങ്ങളുടെ നേതാവായി നിയോഗിച്ചു തൽക്കാലത്തേക്ക് സ്ഥാനമേറ്റു ശൈബ വളർന്നുവരട്ടെ വളർന്നാൽ അധികാരം കൈമാറാം ശൈബ വളർന്നുവരികയാണ് മിടുക്കനായ ബാലൻ ഒരുദിവസം മുത്വലിബ് യസ്രിബിൽ പോയി സൽമയെ കണ്ടു ശൈബയെ മക്കത്തേക്കയക്കാൻ നിർബന്ധിച്ചു സങ്കടത്തോടെ പുത്രനെ വിട്ടുകൊടുത്തു 
കുറെ ദിവസങ്ങൾക്കു ശേഷം മുത്വലിബ് വരികയാണ് ഒട്ടകപ്പുറത്ത് മുത്വലിബിനോടൊപ്പം മിടുക്കനായൊരു കുട്ടി ആളുകൾ ചുറ്റും അവർ ഉറക്കെ വിളിച്ചു പറഞ്ഞു :

മുത്വലിബിന്റെ അടിമ അബ്ദുൽ മുത്വലിബ് മുത്വലിബിന് ദേഷ്യം വന്നു വിളിച്ചു പറഞ്ഞു : ഇത് അടിമയല്ല എന്റെ സഹോദര പുത്രൻ ശൈബയാണ് അതാര് കേൾക്കാൻ ശൈബക്ക് തന്റെ സ്വന്തം പേര് നഷ്ടപ്പെട്ടു പകരം കിട്ടിയ പേരാണ് അബുദാബി മുത്വലിബ് പിൽക്കാലത്ത് അബ്ദുൽ മുത്വലിബ് മക്കയുടെ നേതാവായിത്തീർന്നു അബ്ദുൽ മുത്വലിബിന്റെ പുത്രൻ അബ്ദുല്ല അബ്ദുല്ലയുടെ പുത്രൻ മുഹമ്മദ് നബി  (സ)തങ്ങൾ നമുക്ക് മുത്വലിബിലേക്കു തന്നെ മടങ്ങാം മുത്വലിബിന് ഒരു  പുത്രൻ ജനിച്ചു ഗസ്സയിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രിയ സഹോദരന്റെ പേരാണ് പുത്രന് നൽകിയത് ഹാശിം 

ഹാശിം വളർന്നു വലുതായി യുവാവായി വിവാഹം കഴിച്ചു അവർക്കൊരു പുത്രൻ ജനിച്ചു ആ കുഞ്ഞ് പിൽക്കാലത്ത് അബ്ദു യസീദ് എന്ന പേരിൽ പ്രസിദ്ധനായിത്തീർന്നു അബ്ദുയസീദ് വളർന്നു വലുതായി വിവാഹിതനായി സന്താനങ്ങളുണ്ടായി മക്കൾക്ക് മക്കളുണ്ടായി മക്കയിൽ ഇസ്ലാമിന്റെ ആദ്യ കിരണങ്ങൾ കാണപ്പെട്ട കാലം ഹാശിമും മുത്വലിബും ഒരേ പിതാവിന്റെ മക്കളായിരുന്നുവെന്ന് നേരത്തെ പറഞ്ഞു

അബ്ദുമനാഫിന് ഒരേ ഭാര്യയിൽ ജനിച്ച മക്കൾ ഹാശിമിന്റെ സന്താന പരമ്പരയെ മുത്വലിബുകൾ എന്നും വിളിക്കുന്നു മുത്വലിബിന്റെ സന്താന പരമ്പരയെ മുത്വലിബുകൾ എന്നും വിളിക്കുന്നു ഹാശിമിന്റെ പരമ്പര ഇങ്ങനെ വരുന്നു ഹാശിം -അബ്ദുൽ മുത്വലിബ് -അബ്ദുല്ല -മുഹമ്മദ് നബി  (സ)തങ്ങൾ

ഇമാം ശാഫിഈ  (റ)വരെയുള്ള മുത്വലിബികളുടെ പരമ്പര കാണുക

1. മുത്വലിബ്
2.ഹാശിം
3.അബ്ദുയസീദ്
4.ഉബൈദ്
5.അൽ സാഇബ്
6.ശാഫിഹ്
7.ഉസ്മാൻ.
8അൽ അബ്ബാസ്.
9ഇദ്രീസ്
10.മുഹമ്മദുബ്നു ഇദ്രീസുശ്ശാഫിഈ (റ)

മുത്വലിബ് പിതൃപരമ്പരയനുസരിച്ച് ഇമാമുനാശ്ശാഫിഈ (റ) മുത്വലിബ് വംശക്കാരനാകുന്നു ഖുറൈശി ഗോത്രത്തിന്റെ ഒരു പ്രമുഖ ശാഖയാണ് മുത്വലിബികൾ മറ്റൊരു ശാഖയാണ് ഹാശിമികൾ 
ഹാശിമികളും മുത്വലിബികളും നബി  (സ)തങ്ങളുടെ സഹായികളായിരുന്നു മുത്വലിബിന് വാർധക്യം വന്നു മരണപ്പെട്ടു പുത്രൻ ഹാശിം മക്കയുടെ നേതാവായി കുറെ കാലത്തിനുശേഷം മരണപ്പെട്ടു

മുത്വലിബുകളും ഹാശിമുകളും തലമുറകളിലൂടെ സ്നേഹവും സാഹോദര്യ ബന്ധവും നിലനിർത്തിപ്പോന്നു ഹാശിമിന്റെ പുത്രൻ അബ്ദു യസീദ് ഈ ബന്ധം നിലനിർത്തുന്നതിൽ വളരെ താൽപ്പര്യം കാണിച്ചു ഹാശിം കുടുംബത്തിൽ ജനിച്ച മുഹമ്മദ് നബി  (സ)യെ അബ്ദു യസീദ് വളരെയധികം സ്നേഹിച്ചിരുന്നു ഇസ്ലാമിന്റെ ഉദയം അതിന്റെ വളർച്ച ആദ്യകാല മുസ്ലിംകൾ സഹിച്ച ത്യാഗം എല്ലാറ്റിനും അബ്ദു യസീദ് സാക്ഷിയാണ് കാര്യങ്ങൾ വേണ്ട വിധം മനസ്സിലാക്കി ഇസ്ലാം മതം സ്വീകരിച്ചു സ്വഹാബിയായി

അബ്ദുയസീദിന്റെ പുത്രനാണ് ഉബൈദ് ഇദ്ദേഹവും ഇസ്ലാം മതം സ്വീകരിച്ചു സ്വഹാബിയായി ഉബൈദിന്റെ പുത്രനാണ് സാഇബ് (റ) ഇദ്ദേഹവും ഇസ്ലാം മതം സ്വീകരിച്ചു സ്വഹാബിയായി ഖലീഫ ഉമർ (റ) ഇദ്ദേഹത്തെ വിശേഷിപ്പിച്ചതിങ്ങനെയാണ് ;

ഖുറൈശികളിലെ കടഞ്ഞെടുത്ത സത്ത് 
സാഇബ് (റ)വിന്റെ പുത്രനാണ് ശാഫിഹ് (റ) ഇദ്ദേഹവും പ്രമുഖ സ്വഹാബിവര്യനായിരുന്നു ഇസ്ലാം മതം സ്വീകരിക്കുമ്പോൾ കൊച്ചുകുട്ടിയായിരുന്നു നാല് തലമുറകളിൽ പെട്ടവർ സ്വഹാബികളായി എന്തൊരതിശയം 

1.അബൂയസീദ് (റ) 
2.പുത്രൻ ഉബൈദ്  (റ) 
3.പുത്രൻ അൽ സാഇബ്  (റ)
4.പുത്രൻ ശാഫിഹ് (റ) 

ശാഫിഹ് പൗരപ്രമുഖനും മഹാപണ്ഡിതനുമായിരുന്നു ഈ മഹാന്റെ പേരിൽ നിന്നാണ് നമ്മുടെ ഇമാമിന് ഇമാം ശാഫിഈ  (റ)പേര് കിട്ടിയത് നബി  (സ)യുടെ കാലത്ത് ശാഫിഹ് ബുദ്ധിമാനായൊരു കുട്ടിയാണ് 
നമ്മുടെ ഇമാമിന്റെ പിതൃപരമ്പരയുടെ മഹത്വം നാം ശരിക്കു മനസ്സിലാക്കണം 

നാലാം ഉപ്പാപ്പയായ ശാഫിഹ് (റ)വിന്റെ പുത്രനാണ് ഉസ്മാൻ  (റ) മഹാ പണ്ഡിതനും നേതാവുമായിരുന്നു താബിഈങ്ങളുടെ കാലമായിരുന്നു അത് 
ഉസ്മാൻ  (റ)വിന്റെ പുത്രനാണ് അൽ അബ്ബാസ് മഹാ പണ്ഡിതനായിരുന്നു ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട് 

ഇദ്ദേഹവും പിതാവും അബ്ബാസിയ്യ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് പല യുദ്ധങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും സാക്ഷികളായി 
അൽ അബ്ബാസിന്റെ പുത്രനാണ് ഇദ്രീസ് അൽ അബ്ബാസും കുടുംബവും പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചിട്ടുണ്ട് യമനിന് സമീപം തിബാല എന്ന പ്രദേശത്ത് താമസിച്ചിട്ടുണ്ട് മക്കത്തും മദീനത്തും താമസിച്ചിട്ടുണ്ട് തിബാലയിൽ താമസിക്കുന്ന കാലത്താണ് ഇദ്രീസ് ജനിക്കുന്നത് അമവികളും അബ്ബാസികളും തമ്മിൽ പല സ്ഥലത്ത് വെച്ചും യുദ്ധങ്ങൾ നടന്നിട്ടുണ്ട് നിരവധി കുടുംബങ്ങൾക്ക് പല നാടുകളിൽ മാറി മാറി താമസിക്കേണ്ടി വന്നിട്ടുണ്ട് 

ചരിത്ര പുരുഷന്മാർക്ക് ജന്മം നൽകിയ നാടാണ് അസ്ഖലാൻ ഇദ്രീസും കുടുംബവും അസ്ഖാലാനിൽ താമസമാക്കി ഇദ്രീസ്  (റ) വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു ഇവിടെ വെച്ചാണ് ഇമാമുനാ ശാഫിഈ  (റ) ജനിക്കുന്നത് 

ഇമാം ജനിച്ച ഗ്രാമത്തിന്റെ പേര് ഗുസ്ത്തു എന്നായിരുന്നു വെന്ന് ചിലർ രേഖപ്പെടുത്തിക്കാണുന്നു ഇമാം അവർകൾ ഫലസ്തീനിലെ ഗാസ്സയിൽ ജനിച്ചു എന്നും കാണുന്നുണ്ട് ഇദ്രീസ്  (റ)വിന്റെ പുത്രനായി ഇമാമുനാ ശാഫിഈ ജനിക്കുന്നത് ഹിജ്റ നൂറ്റി അമ്പതിലാണ് റജബിൽ അവസാന വെള്ളിയാഴ്ച 

ഹിജ്റ ഒന്നാം നൂറ്റാണ്ട് കഴിഞ്ഞു രണ്ടാം നൂറ്റാണ്ടിന്റെ പകുതിയും കഴിഞ്ഞു അപ്പോഴാണ് ഇമാം ജനിക്കുന്നത് പേര് മുഹമ്മദ് അസ്ഖലാനിൽ വെച്ച് ഇദ്രീസ്  (റ)വഫാത്തായി 


മക്കയിലെ പാഠശാല

നബി(സ) തങ്ങളുടെ നാലാമത്തെ ഉപ്പാപ്പയാണ് അബ്ദുമനാഫ് ഇതേ അബ്ദുമനാഫ് നമ്മുടെ മദ്ഹബിന്റെ ഇമാമായ മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) വിന്റെ പത്താമത്തെ ഉപ്പാപ്പയാകുന്നു ആ പിതൃപരമ്പര ഇങ്ങനെയാകുന്നു 

മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ  (റ) 

പിതാവ് 1. ഇദ്രീസ്  (റ) 
പിതാവ് 2. അൽ അബ്ബാസ്  (റ)
പിതാവ് 3. ഉസ്മാൻ  (റ) 
പിതാവ് -4 ശാഫിഹ് (റ) 
പിതാവ് 5 അൽ സാഇബ്  (റ)
പിതാവ് 6.ഉബൈദ്  (റ) 
പിതാവ് 7. അബ്ദുയസീദ് (റ)
പിതാവ് 8 ഹാശിം 
പിതാവ് 9 മുത്വലിബ് 
പിതാവ് 10 അബ്ദുമനാഫ് 

നമ്മുടെ ഇമാമിന്റെ ഉമ്മയുടെ പേര് ഫാത്വിമ  (റ) എന്നായിരുന്നു ഇവർ അസദ് വംശക്കാരിയായിരുന്നു വളരെയേറെ ആദരിക്കപ്പെട്ട വംശമാണത് അസദിനെ പുകഴ്ത്തുന്ന തിരുവചനങ്ങൾ തന്നെയുണ്ട് ഇമാമിന്റെ ഉമ്മയുടെ പിതൃപരമ്പര അലി(റ) വിൽ എത്തിച്ചേരുന്നുവെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട് അലി (റ) വിന്റെ ഉമ്മയുടെ പേരും ഫാത്വിമ  (റ) എന്നാകുന്നു അവരുടെ പരമ്പര ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് 

ഹാശിമിന്റെ മകൻ അസദിന്റെ മകൾ ഫാത്വിമ  (റ) അലി (റ) വിന്റെ ഉമ്മ 

ഹസനൽ മുസന്നയുടെ മകൻ അബ്ദുല്ലയുടെ മകൾ ഫാത്വിമ ഇമാം ശാഫിഈ  (റ)വിന്റെ ഉമ്മ ഇമാം ശാഫിഈ  (റ)അവർകൾ ഉമ്മയിലൂടെയും ഉപ്പയിലൂടെയും അതിശ്രേഷ്ഠനായിരുന്നുവെന്ന് മനസ്സിലാക്കാം 

ഇദ്രീസ്  (റ)വും ഫാത്വിമ (റ) വും മാതൃകാ ദമ്പതികളായിരുന്നു ചെറിയ വീട്ടിൽ താമസിച്ചു വളരെ ലളിതമായ ജീവിതം പട്ടിണിയാണ് കൂട്ടിനുള്ളത് ബുദ്ധിമാനും ബുദ്ധിമതിയും മഹ്രിഫത്തിന്റെ അഗാധ ജ്ഞാനം നേടിയവർ ഇൽമിനും ഇബാദത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർ വിശുദ്ധ ഖുർആൻ ആഴത്തിൽ പഠിച്ചവർ ആയിരക്കണക്കായ ഹദീസുകൾ പഠിച്ചു വിജ്ഞാനത്തിൽ നീന്തിത്തുടിച്ചു  ജീവിച്ചു മുഹമ്മദ് എന്ന കുട്ടി ജനിച്ചു ഏറെ നാൾ കഴിഞ്ഞില്ല ഇദ്രീസ്  (റ) വഫാത്തായി 

ഫാത്വിമ  (റ ) പരീക്ഷണങ്ങളുടെ മധ്യത്തിൽ പെട്ടു ജീവിക്കണം പൊന്നുമോനെ വളർത്തണം എങ്ങനെ?  ഒരു വരുമാന മാർഗവുമില്ല അല്ലാഹുവിന്റെ തൃപ്തി അത് തന്നെയാണ് തന്റെയും തൃപ്തി താൻ വിശപ്പും ദാഹവും സഹിക്കുന്നതാണോ അല്ലാഹുവിനിഷ്ടം എങ്കിൽ തന്റെ ഇഷ്ടവും അതുതന്നെ കുഞ്ഞിന്റെ കാര്യമോ ?

ഇത് സാധാരണ കുഞ്ഞല്ല പ്രസവം അടുത്ത കാലത്ത് താൻ കണ്ട സ്വപ്നം അത് മറക്കാനാവില്ല സുഖനിദ്രയിലായിരുന്നു അപ്പോഴാണ് സ്വപ്നം കണ്ടത് വല്ലാത്ത പ്രകാശമുള്ള ഒരു നക്ഷത്രം അത് തന്റെ വയറ്റിൽനിന്നു പുറത്തുപോയി ആകാശത്തിലേക്കുയർന്നു ആകാശം പ്രഭാപൂരിതമായി നിരവധി പ്രകാശ ഗോളങ്ങൾ രൂപപ്പെട്ടു  അവ ഭൂമിയുടെ നാനാ ഭാഗത്തേക്കും നീങ്ങി അവിടെയെല്ലാം പ്രകാശമയമായി 

സ്വപ്ന വ്യാഖ്യാതാക്കൾ ആ സ്വപ്നം വ്യാഖ്യനിച്ചു വയറ്റിൽ കിടക്കുന്ന കുഞ്ഞാണ് നക്ഷത്രം പ്രകാശം വിജ്ഞാനമാണ് വിജ്ഞാനത്തിന്റെ സിഹായുസ്സിൽ നക്ഷത്രം പോലെ മകൻ വെട്ടിത്തിളങ്ങും മകന്റെ വിജ്ഞാനം ലോകമെങ്ങും പ്രകാശം പരത്തും 

ഉമ്മയുടെ ജീവനാണ് മോൻ 

ഹിജ്റ 150 റജബ് മാസം വെള്ളിയാഴ്ച പകൽ ഇമാം ശാഫിഈ  (റ)ജനിച്ചു 

ഇതേ ദിവസം ഇമാം അബൂഹനിഫ (റ) വഫാത്തായി പിൽക്കാലത്ത് ജനങ്ങൾക്കിടയിൽ ഒരു ചൊല്ലുണ്ടായി 
ഒരു ഇമാം അസ്തമിച്ചു മൊറ്റൊരു ഇമാം ഉദിച്ചു രണ്ട് വയസുവരെയുള്ള ജീവിതം ഗാസ്സയിലും അസ്ഖലാനിലുമൊക്കെയായി കടന്നുപോയി രണ്ട് വയസ്സായപ്പോൾ ഉമ്മ ഒരു തീരുമാനമെടുത്തു മോൻ  ഇവിടെയൊന്നുമല്ല വളരേണ്ടത് പുണ്യഭൂമിയിൽ വളരണം മക്കയിലേക്ക് പോകാം 
കഷ്ടപ്പെട്ട ജീവിതമാണ് യാത്രയും അങ്ങനെത്തന്നെ ചൂടും ,വിയർപ്പും ,പൊടിപടലങ്ങളും നിറഞ്ഞ യാത്ര ഉമ്മയും മോനും മക്കത്തെത്തി
ഉമ്മയുടെ മടിത്തട്ട് അതാണ് മോന്റെ ആദ്യ വിദ്യാലയം അത് നല്ല നിലവാരമുള്ള വിദ്യാലയം തന്നെയാണ് മുത്വലിബ് വംശക്കാർ ധാരാളമുണ്ട് അവരുടെയൊക്കെ നിരീക്ഷണത്തിലാണ് ഉമ്മയും മകനും ചെറിയ സഹായങ്ങൾ കിട്ടും ഉമ്മയിൽ നിന്നാണ് മോൻ പഠിക്കുന്നത് ഒരിക്കൽ കേട്ടാൽ മതി അത് പഠിച്ചിരിക്കും പിന്നെ മറക്കില്ല ഉമ്മ ബുദ്ധിമതിയായ പണ്ഡിതയാണ് ആ ഉമ്മയെ ഞെട്ടിക്കുന്നതായിരുന്നു മോന്റെ  ഓർമശക്തി ഉമ്മക്ക് ആവേശമായി കൂടുതൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ മോഹം കേട്ടതെല്ലാം ആർത്തിയോടെ ഉൾക്കൊള്ളുന്ന മകൻ ഉമ്മയും മകനും അവരുടെ വൈജ്ഞാനിക ലോകവും മസ്ജിദുൽ ഹറാം ഉമ്മ മകനെയുമെടുത്ത് അങ്ങോട്ടു പോവുന്നു

മഹത്തായ കഹ്ബാശരീഫ് പൊന്നുമോന്റെ നയനങ്ങളിൽ ആശ്ചര്യം ഇളം മനസ്സിൽ കഹ്ബയുടെ രൂപം പതിഞ്ഞു ഇനിയൊരിക്കലും അത് മാഞ്ഞുപോവില്ല ഉമ്മ ത്വവാഫ് ചെയ്തു മോൻ കൂടെയുണ്ട് ഹജറുൽ അസ്വ്വദ് മുത്തിയാണ് ത്വവാഫ് തുടങ്ങുക ഉമ്മ മോന് കാര്യങ്ങൾ വിവരിച്ചുകൊടുത്തു കഹ്ബയുടെ ചരിത്രം ഹജറുൽ അസ്വ്വദ് മഖാമു ഇബ്രാഹിം സംസം കിണർ സഫയും മർവയും ദുആക്ക് ഇജാബത്തുള്ള സ്ഥലങ്ങൾ മോൻ ആ വിവരണത്തിൽ ലയിച്ചുചേർന്നു

മുത്ത് നബി മുഹമ്മദ് മുസ്തഫ  (സ)തങ്ങൾ പിറന്ന വീട് മോൻ അതിശയത്തോടെ നടന്നു കണ്ടു പുണ്യ സ്വഹാബികൾ താമസിച്ച വീടുകൾ കൊച്ചു കുട്ടികളെ പഠിപ്പിക്കാൻ മക്കയിൽ പല സ്ഥലത്തും പാഠശാലകളുണ്ട് മുഹമ്മദ് എന്ന കൊച്ചു കുട്ടി ഒരു പാഠശാലയിൽ ചേർന്നു മുഅല്ലിം പറയുന്നതെല്ലാം മുഹമ്മദ് ശ്രദ്ധിച്ചു കേൾക്കും അപ്പോൾത്തന്നെ മനഃപാഠമായിട്ടുണ്ടാകും മുഅല്ലിം അതിശയിച്ചുപോയി എന്തൊരു ബുദ്ധിശക്തിയാണിത് കുട്ടി മുഅല്ലിമിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി വിവരമുള്ളവർക്ക് മുഅല്ലിമാവാം പഠിപ്പിക്കാൻ കുറച്ചു കുട്ടികളെ കിട്ടും കുട്ടികൾ ഫിസ് നൽകും അതാണ് ഉപജീവനമാർഗം മുഹമ്മദിന്റെ കൈവശം യാതൊന്നുമില്ല 

പാഠാശാലയിലെ മുഖ്യ വിഷയം വിശുദ്ധ ഖുർആൻ പാരായണമാണ് മുഅല്ലിം ഓതിക്കൊടുക്കും ഒറ്റത്തവണ കേട്ടാൽ മതി മുഹമ്മദ് അത് പഠിച്ചിരിക്കും മറ്റു കുട്ടികൾ അങ്ങനെയല്ല അവരുടെ പാരായണം ശരിപ്പെടുത്തിയെടുക്കാൻ മുഅല്ലിം നന്നായി അധ്വാനിക്കണം ഇക്കാര്യത്തിൽ മുഹമ്മദ് മുഅല്ലിമിനെ സഹായിക്കാൻ തുടങ്ങി മുഅല്ലിമിന് ആശ്വാസം തോന്നി അദ്ദേഹം പറഞ്ഞു :

മുഹമ്മദ് നീ എനിക്ക് പ്രതിഫലമൊന്നും തരേണ്ട ഇങ്ങനെ സഹായിച്ചാൽ മതി പഠനം നല്ല നിലയിൽ തുടർന്നു പോയി വിദ്യാലയത്തിലെ വിശേഷങ്ങളൊക്കെ ഉമ്മയോട് വന്നു പറയും പഠിച്ച ഭാഗങ്ങൾ ഓതിക്കേൾപ്പിക്കും വല്ലാത്ത ഉൾപ്പുളകത്തോടെ അവരത് കേൾക്കും അനുഭൂതിയിൽ ലയിച്ചുപോകും ജീവിതം ധന്യമായി എന്ന തോന്നൽ വരും കുട്ടി ഏഴ് വയസ് തികയുംമുമ്പെ വിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കിക്കഴിഞ്ഞു

ഉമ്മ കോരിത്തരിച്ചു ഇത് കാണാൻ ഉപ്പയില്ലല്ലോ എന്ന സങ്കടവും വന്നു കുടുംബത്തിലെ മുതിർന്നവരുടെ സംസാരത്തിൽ നിന്ന് മക്കയുടെ ചരിത്രം ധാരാളം കേട്ടുക്കഴിഞ്ഞു അനുഗ്രഹീതമായ കുട്ടിക്കാലം ഉമ്മാക്ക് മോനോടുള്ള സ്നേഹം മോന് ഉമ്മയോടുള്ള സ്നേഹം അത് വർണിക്കാൻ ഭാഷയിൽ പദങ്ങൾ പോര അത്ര വലിയ ബന്ധം മോനെ നല്ല നിലയിൽ സംരക്ഷിക്കണമെന്നാണ് ഉമ്മയുടെ വലിയ മോഹം 

പട്ടിണിയും കഷ്ടപ്പാടുകളും നന്നായി അനുഭവിച്ച ഉമ്മയെ ഇനിയും ബുദ്ധിമുട്ടിക്കരുത് ഉമ്മയെ നന്നായി പരിപാലിക്കണം അതാണ് മോന്റെ മനസ്സിലെ ആഗ്രഹം 

അല്ലാഹുവിന്റെ വിധിപോലെ കാര്യങ്ങൾ നീങ്ങിപ്പോവുന്നു  ഖുർആൻ പഠിച്ചു കഴിഞ്ഞപ്പോൾ പ്രാഥമിക പാഠാശാലയിൽ നിന്ന് പിരിഞ്ഞു മസ്ജിദിൽ നടക്കുന്ന ക്ലാസുകൾ ശ്രദ്ധിക്കണം പല ഭാഗത്തായി പ്രമുഖ പണ്ഡിതരുടെ ക്ലാസുകൾ നടക്കുന്നു ഹദീസ് ക്ലാസുകൾ ശ്രദ്ധിക്കാൻ തുടങ്ങി വിജ്ഞാനത്തിന്റെ വിശാല ലോകത്തേക്കുള്ള കവാടം തുറക്കൽ വിജ്ഞാനത്തിന്റെ വിലപ്പെട്ട മുത്തുകൾ അതങ്ങനെ പ്രവഹിക്കുകയാണ് പലതും എഴുതിയെടുക്കണമെന്ന് തോന്നി എവിടെ എഴുതും ? 

ഒട്ടകത്തിന്റെ വലിയ എല്ലിൻ കഷ്ണങ്ങൾ കൊണ്ടുവന്നു അതിൽ രേഖപ്പെടുത്താൻ തുടങ്ങി കട്ടിയുള്ള വേരുകളിൽ എഴുതിവെച്ചു എഴുതാൻ പറ്റുന്നതെല്ലാം ഉപയോഗപ്പെടുത്തി രേഖപ്പെട്ട സാധനങ്ങൾ കൊണ്ട് വീട്ടിലെ കുട്ടകൾ നിറഞ്ഞു നിരവധി ഹദീസുകൾ മനഃപാഠമാക്കിക്കഴിഞ്ഞു മുഹമ്മദ് പത്താം വയസ്സിലേക്ക് പ്രവേശിക്കുന്നതേയുള്ളൂ ഇൽമ് നേടുന്നതിൽ എന്തൊരാവേശം ഇൽമിന്റെ മധുരം കിട്ടിക്കഴിഞ്ഞു എത്ര കഷ്ടപ്പെടേണ്ടിവന്നലും ഇത് തുടരുക തന്നെ ചെയ്യും

വിശന്നൊട്ടിയ വയർ വിശപ്പിന്റെ കാഠിന്യത്തിൽ മുഖം വാടിപ്പോവുന്നു ചിലർ കുട്ടിയെ ഇങ്ങനെ ഉപദേശിച്ചു എന്തിനാ കുട്ടീ ഇത്ര കഷ്ടപ്പെട്ട് പഠിക്കുന്നത്? എതെങ്കിലും തൊഴിൽ ചെയ്ത് പട്ടിണി മാറ്റാൻ നോക്ക് ഉപദേശം കുട്ടിക്ക് സ്വീകാര്യമായില്ല ഇൽമിന്റെ എല്ലാ ശാഖകളിലൂടെയും മുന്നേറണം പിന്മാറില്ല പട്ടിണിയും ദാരിദ്ര്യവും അവിടെ കിടക്കട്ടെ താനത് പരിഗണിക്കാൻ പോവുന്നില്ല അറബി ഭാഷയും സാഹിത്യവും നന്നായി പഠിക്കണം കലർപ്പില്ലാത്ത ശുദ്ധ ഭാഷ കേൾക്കാൻ ഗ്രാമത്തിലേക്ക് പോവണം ഗ്രാമീണരുടെ സംസാരം കേൾക്കണം പദ്യവും ഗദ്യവും അവരിൽനിന്ന് കേട്ട് പഠിക്കണം പള്ളിയിലെ ദർസിലിരിക്കുംപോലെ അത്ര എളുപ്പമുള്ള കാര്യമല്ലത് നടക്കണം ആളുകളുടെ പിന്നാലെ നടക്കണം സംസാരം എപ്പോഴാണേ ഉണ്ടാവുന്നത് അതുവരെ നടക്കേണ്ടിവരും നല്ല ജോലി തന്നെ


എല്ലാവരെയും അതിശയിപ്പിച്ച കുട്ടി 

ഹദീസ് വിജ്ഞാനത്തിന്റെ വിശാല ലോകത്തേക്ക് കടന്നു ചെല്ലുകയാണ് മുഹമ്മദ് എന്ന കുട്ടി...

ഏഴ് വയസ് തികയുംമുമ്പെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കി അതിശയകരമായ ബുദ്ധിശക്തിയുടെ ഉടമയായ കുട്ടി. അറബി ഭാഷയിൽ സുന്ദരമായി സംസാരിക്കും.

നല്ല നല്ല വാക്കുകൾ സംസാരത്തിൽ ഒഴുകിവരും. കുട്ടിയുടെ ഓർമയിൽ പദസമ്പത്ത് വർധിക്കുകയാണ്. ഹദീസ് ക്ലാസുകൾ വളരെ ആകർഷകമാണ്. ഉസ്താദുമാരുടെ വിശദീകരണം ശ്രദ്ധയോടെ കേൾക്കും, ആശയങ്ങൾ ശ്രദ്ധിക്കും, ആശയങ്ങൾ അവതരിപ്പിക്കുന്ന ഭാഷയും ശ്രദ്ധിക്കും ...

നബി(സ) തങ്ങളുടെ വചനങ്ങൾ...

ഉൾപ്പുളകത്തോടെയാണവ കേൾക്കുക.
കേട്ട ഉടനെ മനഃപാഠമാക്കും. ഓരോ നബിവചനത്തിനും ഉസ്താദുമാർ നല്ല വിശദീകരണം നൽകും. ആശയങ്ങൾ ചോർന്നുപോവാതെ കോരിയെടുക്കും. അപ്പോൾ പലതും എഴുതിയെടുക്കാൻ തോന്നും. ആളുകൾ ഫലകങ്ങളിൽ എഴുതിയെടുക്കും. മുഹമ്മദിന് ഫലകം വാങ്ങാൻ പണമില്ല ...

ആരെങ്കിലും ഉപേക്ഷിച്ച ഫലകങ്ങൾ കണ്ടാൽ എടുത്തുകൊണ്ടുവരും. തേച്ചു മിനുക്കി അതിലെഴുതും. അല്ലെങ്കിൽ എല്ലിൻ കഷ്ണങ്ങളും വേരുകളും എഴുതാനുപയോഗിക്കും.

ഓരോ നബിവചനത്തിന്റെയും പശ്ചാത്തലം കേട്ട് മനസ്സിലാക്കുന്നു. എപ്പോൾ പറഞ്ഞു..? ആരോട് പറഞ്ഞു..? ഏത് അവസ്ഥയിൽ പറഞ്ഞു..? എല്ലാം കേട്ടറിയുന്നു...

അറിവിനോടുള്ള താൽപര്യം വർധിക്കുന്നു. അങ്ങനെ ഒരു ഹദീസ് ഗ്രന്ഥത്തിന്റെ പേര് കേട്ടു ... മുവത്വാഹ് ... നന്നായി ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥം. കേട്ടപ്പോൾ കൂടുതലറിയാൻ മോഹം.
ഉസ്താദ് എത്ര ആദരവോടെയാണ് കിതാബിന്റെ പേര് പറഞ്ഞത്. പല വിഷയങ്ങൾ, പല അധ്യായങ്ങൾ, അത്രയും മഹത്തായ ഗ്രന്ഥം ക്രോഡീകരിച്ച മഹാപണ്ഡിതന്റെ പേര് കേട്ടു. ഇമാം മാലിക് (റ). ലോകപ്രശസ്തനായ മഹാപണ്ഡിതൻ. ഇസ്ലാമിക വിജ്ഞാന കേന്ദ്രമായ പുണ്യമദീനയിൽ താമസിക്കുന്നു ...

ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ റൗളാശരീഫിന്റെ ചാരത്തിരുന്ന് ദർസ് നടത്തുന്നു. വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഹദീസിലുള്ള പാണ്ഡിത്യം ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മഹാനെ ഒരു നോക്കു കാണാൻ ആകാംക്ഷയോടെ വരുന്നവരെത്ര. വിദൂര ദിക്കുകളിൽ നിന്ന് വരുന്നവർക്ക് കണക്കില്ല. വിദ്യ തേടി വരുന്നവർ ധാരാളം. ഹദീസ് പഠിക്കാൻ വരുന്നവരുടെ തിക്കും തിരക്കുമാണ്. ഫിഖ്ഹ് പഠിക്കാൻ വരുന്നവരും നിരവധിയാണ്...

മുഹമ്മദ് എന്ന കുട്ടിക്ക് 8 വയസ്സായി.

ഇൽമിന് വേണ്ടിയുള്ള ദാഹം വർധിക്കുകയാണ്. മുവത്വാഹ് കിതാബിനെക്കുറിച്ചു കേട്ട വിവരങ്ങൾ കുട്ടിയുടെ ബുദ്ധിമണ്ഡലത്തെ തട്ടിയുണർത്തി. ആ കിത്താബ് ഒന്ന് കൈയിൽ കിട്ടിയിരുന്നെങ്കിൽ, എഴുതിയുണ്ടാക്കിയ കോപ്പികൾ ചിലരുടെ കൈവശമുണ്ട് ആരോടെങ്കിലും വാങ്ങി നോക്കണം ...

ഇമാം മാലിക് (റ) എന്ന മഹാപണ്ഡിതൻ മദീനയിലെ മണിവിളക്ക്...

ആ മുഖം ഒന്നു കാണാൻ മോഹം. വല്ലാത്ത മോഹം. മഹാനെക്കുറിച്ച് കൂടുതലറിയാൻ തിടുക്കമായി. ഹിജ്റ 94-ൽ മദീനയിൽ ജനിച്ചു മദീനയുടെ മടിത്തട്ടിൽ വളർന്നു. പ്രവാചക സ്നേഹം മനസ്സിൽ നിറഞ്ഞു. നബി (സ) തങ്ങൾ അന്തിവിശ്രമം കൊള്ളുന്ന മദീനയെ ആദരിച്ചു. മദീനയിലെ തെരുവുകളിൽ ആദരവോടെ നടന്നു. വാഹനം കയറിയില്ല. അതിശയകരമായ വേഗതയിലാണ് ഇൽമ് പഠിച്ചത്. പഠിച്ച് പഠിച്ച് മഹാപണ്ഡിതനായി. മദീനയിലെ മസ്ജിദിൽ ദർസ് തുടങ്ങി. ദർസ് തുടങ്ങുംമുമ്പെ കുളിക്കും, നല്ല വസ്ത്രം ധരിക്കും, സുഗന്ധം പൂശും, സുഗന്ധം പുകയ്ക്കും, ഹദീസ് ദർസ് തുടങ്ങുകയായി...

നബി (സ)തങ്ങളുടെ സന്നിധിയിലാണിരിക്കുന്നത്, നബി (സ) തങ്ങളെ കൺമുമ്പിൽ കാണുന്നതുപോലുള്ള ബഹുമാനം. ഭയഭക്തി, വിനയം, ഉറങ്ങാൻ കിടക്കുന്നതും ഈ അവസ്ഥയിലാണ്. ഉറക്കത്തിൽ നബി (സ)തങ്ങളെ സ്വപ്നം കാണും. എന്തൊരവസ്ഥയാണിത്.
കുട്ടിയുടെ ആകാംക്ഷ വർധിക്കുകയായിരുന്നു. നബി (സ) തങ്ങളോടുള്ള സ്നേഹം കുട്ടിയുടെ മനസ്സിൽ നിറഞ്ഞു...

ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. ഓരോ ദിവസവും അറിവുകൾ വർധിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും കൂടെത്തന്നെയുണ്ട്. കുട്ടി ഒമ്പതാം വയസ്സിലെത്തി. മുവത്വ എന്ന മഹത്തായ ഗ്രന്ഥം നോക്കാൻ കിട്ടി.
മൂന്നു ദിവസങ്ങൾ മുവത്വക്കു വേണ്ടി പൂർണമായി മാറ്റിവെക്കപ്പെട്ട മൂന്നു നാളുകൾ. പാരായണം ചെയ്തു കഴിഞ്ഞതെല്ലാം മനസ്സിലുണ്ട്. ഇനിയത് മറക്കില്ല. മൂന്നാം ദിവസം അവസാനിച്ചു. മുവത്വ നോക്കിത്തീർത്തു. നോക്കിത്തീർന്നപ്പോൾ മനഃപാഠമായി. പത്ത് വയസ് തികയുംമുമ്പെ മുവത്വ മനഃപാഠമാക്കിയ മഹാനാണ് മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ)...
ഒമ്പത് രാത്രികൾകൊണ്ട് മുവത്വ മനഃപാഠമാക്കി എന്നും റിപ്പോർട്ടുണ്ട് ...

അൽഖൈഫ് മലഞ്ചെരിവ്. അവിടെയാണ് ഉമ്മയും മകനും താമസിക്കുന്നത്. അവിടെനിന്നും ഉൾനാടുകളിലേക്ക് കുട്ടി പോവും. അവിടെ ധാരാളം ബദവികളെ കാണും. ആടിനെ മേച്ചു നടക്കുന്ന അഹ്റാബികളെ കാണാം. സാഹിത്യം അവരുടെ കൈവശമാണ്. അറബിയിൽ രചിക്കപ്പെട്ട എത്രയെത്ര കവിതകൾ. അവരത് പാടി രസിക്കും. കവിതയിൽ ലയിച്ചുചേരും. മുഹമ്മദ് എന്ന കുട്ടി അവരുടെ പിന്നാലെ കൂടി നിരവധി കവിതകൾ കേട്ടു പഠിച്ചു. സബ്ഉൽ മുഅല്ലഖാത്ത് സാഹിത്യ സമ്പന്നമായ ഏഴ് കവിതകൾ അതി പ്രശസ്തരായ ഏഴ് കവികളുടെ രചനകൾ.

ജാഹിലിയ്യാ കാലഘട്ടത്തിൽ രചിക്കപ്പെട്ടവയാണ്. കഅബയുടെ ചുമരിൽ തൂക്കിയിട്ടു. കഅബ സന്ദർശിക്കാൻ വന്നവരെല്ലാം അവ വായിച്ചു, ആസ്വദിച്ചു...

അങ്ങനെ കവികളും കവിതകളും ലോകപ്രസിദ്ധമായി. തൂക്കിയിടപ്പെട്ട കവിതകൾ ആയതിനാൽ മുഅല്ലഖാത്ത് എന്ന പേര് വന്നു. ഏഴ് കവികളിൽ ഏറ്റവും പ്രസിദ്ധൻ ഇംറഉൽ ഖൈസ് ആയിരുന്നു. ത്വറഫ, ലബീദ്, തുടങ്ങിയവരും പ്രഗത്ഭർ തന്നെ. നാടോടികളുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചു. നിരവധി ഭാഷാപ്രയോഗങ്ങൾ പഠിച്ചു. ഉപമകൾ ധാരാളം പഠിച്ചു. പര്യായ പദങ്ങളും ഉദാഹരണങ്ങളും പഠിച്ചു. നിരവധി പഴഞ്ചൊല്ലുകൾ കിട്ടി. മറ്റുഭാഷകൾ പ്രാകൃത രൂപത്തിലായിരുന്നപ്പോൾ അറബി ഭാഷവളർന്നു വികസിച്ച് സമ്പന്നമായിക്കഴിഞ്ഞിരുന്നു. കവികളും, കഥാകാരന്മാരും, പ്രസംഗകരും ധാരാളമുണ്ടായിരുന്നു ...

വിശുദ്ധ ഖുർആൻ ഇറങ്ങിയതോടെ അറബി ഭാഷ ഇസ്ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഭാഷയായിത്തീർന്നു. ആ ഭാഷയിൽ മുഹമ്മദ് എന്ന ബാലൻ അവഗാഹം നേടിക്കഴിഞ്ഞു...

ഹദീസ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ സാഹിത്യം പഠിക്കാനുള്ള യാത്രകൾ കുറഞ്ഞു. എന്നാലും കിട്ടുന്ന സന്ദർഭങ്ങളെല്ലാം ഉപയോഗപ്പെടുത്തി സാഹിത്യ പഠനം തുടർന്നു...

നബി (സ) തങ്ങൾ കുട്ടിക്കാലത്ത് ഇതുപോലൊരു ഗ്രാമത്തിലാണ് കഴിഞ്ഞുകൂടിയത്. ഹലീമ ബീവി (റ) യുടെ വീട് ഒരു ഗ്രാമത്തിലായിരുന്നു. ഗ്രാമീണരായിരുന്നു അക്കാലത്തെ സഹവാസികൾ. അവരുടെ ഭാഷ ശുദ്ധ അറബിയായിരുന്നു. മക്കയൊരു പട്ടണമാണ്. പല രാജ്യക്കാർ വരും. പലതരം സംസാരം നടക്കും. പദങ്ങളുടെ സങ്കര രൂപമാണവിടെ കേൾക്കുക. ആറ് വയസ് വരെ നബി (സ) തങ്ങൾ ഗ്രാമത്തിൽ താമസിച്ചു. ശുദ്ധ അറബി പഠിച്ചു. ശുദ്ധ അറബിയിലാണ് നബി (സ) സംസാരിച്ചിരുന്നത്...

അക്കാലത്ത് മക്കയിൽ നല്ല കുതിര സവാരിക്കാരുണ്ടായിരുന്നു. കുട്ടികൾ കുതിര സവാരി പരിശീലിക്കും. കുതിര സവാരി പരിശീലിക്കാൻ നബി (സ) തങ്ങൾ കൽപിച്ചിട്ടുണ്ട്. വേഗത്തിൽ യാത്ര ചെയ്യാനുള്ള വാഹനമാണ് കുതിര. അക്കാലത്തെ ജീവിതത്തിൽ കുതിര സവാരി പഠിക്കൽ അനിവാര്യമാണ്. യുദ്ധത്തിൽ കുതിരപ്പടക്ക് വളരെ പ്രാധാന്യമുണ്ട്.
മുഹമ്മദ് കുട്ടിക്കാലത്ത് തന്നെ കുതിര സവാരി പഠിച്ചു...

അന്നത്തെ സാഹചര്യത്തിൽ അമ്പെയ്ത്തു പഠിക്കൽ വളരെ അത്യാവശ്യമായിരുന്നു. വളരെ വേഗത്തിലാണ് കുട്ടി അമ്പെയ്ത്തു പഠിച്ചത്. ഉന്നം പിഴക്കാതെ അമ്പുകൾ എയ്തുവിടും.
വിസ്മയകരമായ കാഴ്ച തന്നെ ...

ഉന്നം പിടിച്ചു പത്ത് അമ്പുകൾ എയ്തുവിടണം പത്തും കുറിക്കു കൊണ്ടാൽ വിജയിച്ചു. ചരിത്ര പുരുഷനായ കുട്ടി അത് എളുപ്പത്തിൽ സാധിച്ചു. പത്ത് വയസ് തികയുംമുമ്പാണ് ഈ പരിശീലനങ്ങൾ നേടിയത്...
ഏതുതരം കുതിരയെയും വളരെ വേഗത്തിൽ ഓടിക്കാൻ ആ കുട്ടിക്ക് കഴിഞ്ഞിരുന്നു... പിൽക്കാലത്ത് ഈ പരിശീലനം വളരെ പ്രയോജനപ്പെടുകയും ചെയ്തു. ധീരനായ പോരാളിയായി കുട്ടി വളർന്നുവന്നു ...

വൈദ്യശാസ്ത്രം പഠിക്കുന്നതിലും വളരെയേറെ തൽപരനായിരുന്നു. ഔഷധഗുണമുള്ള നിരവധി സസ്യങ്ങളെക്കുറിച്ചു പഠിച്ചു. ഈ വൈദ്യശാസ്ത്ര പരിജ്ഞാനം പല രോഗികളെയും ചികിത്സിക്കാൻ ഉപകരിച്ചു. ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും കുട്ടിയുടെ ശ്രദ്ധ സഞ്ചരിച്ചു ...

പലവിധ ജോലികൾ ചെയ്തു ജീവിക്കുന്ന, ജനങ്ങൾ അവരുടെ തൊഴിലും വരുമാനവും ജീവിതവും കുട്ടി പഠനവിധേയമാക്കി. പണ്ഡിത പ്രതിഭയായ സുഫ്യാനുബ്നു ഉയയ് ന (റ) മസ്ജിദുൽ ഹറാമിൽ ഹദീസ് ക്ലാസെടുക്കുന്ന മഹാപണ്ഡിതൻ മഹാനവർകളിൽ നിന്ന് ചരിത്ര പുരുഷൻ ഹദീസ് പഠിച്ചു ...

മുസ്ലിമുബ്നു ഖാലിദുസ്സിൻഞ്ചി (റ) മഹാപണ്ഡിതനായ മഹാനവർകളിൽ നിന്ന് ഫിഖ്ഹ് പഠിച്ചു. ഫിഖ്ഹ് പഠനത്തിലും അതീവ സാമർഥ്യം കാണിച്ചു. കർമശാസ്ത്ര വിഷയങ്ങളിൽ സംശയങ്ങളുമായി വരുന്നവരോട് ഉസ്താദ് ഇങ്ങനെ പറയും:

ആ കുട്ടിയോട് ചോദിക്കുക. കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾക്ക് കുട്ടി വളരെ വേഗത്തിൽ പരിഹാരം പറയും. ഇതും ജനങ്ങളെ വളരെയേറെ അതിശയിപ്പിച്ചു.

ഒരിക്കൽ നബി (സ)തങ്ങളെ സ്വപ്നത്തിൽ കണ്ടു. ഹൃദ്യമായ സ്വീകരണം, ഇമ്പമുള്ള സംസാരം. നബി (സ) സ്വന്തം ഉമിനീര് കുട്ടിയുടെ നാവിൽ പുരട്ടിക്കൊടുത്തു. "അല്ലാഹുവിന്റെ ബർകത്ത് നിനക്ക് കിട്ടിക്കഴിഞ്ഞു. നിന്റെ വഴിയിലൂടെ മുന്നേറുക" നബി (സ)തങ്ങളിൽനിന്ന് കിട്ടിയ സന്ദേശം അതായിരുന്നു. കുട്ടിക്ക് ധൈര്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതായിരുന്നു ...

ആ സന്ദേശം ഇമാം ശാഫിഈ (റ) പിൽക്കാലത്ത് ഇങ്ങനെ പ്രസ്താവിച്ചു : ഈ സ്വപ്നത്തിനുശേഷം എനിക്ക് ഹദീസിൽ പിഴവ് വന്നിട്ടില്ല, മറവിയും സംഭവിച്ചിട്ടില്ല...


പുണ്യമദീനയിൽ 

ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യമദീനയിലേക്കാണ് ഈ യാത്ര. യാത്രയിലെ ഓരോ നിമിഷവും ആവേശകരമാണ് ...

വിജ്ഞാനം മദീനയിലാണ്. മദീനയിൽ നിന്നാണ് വിജ്ഞാനം പുറംലോകത്തേക്കൊഴുകിയത്.
വിദ്യ അകലേക്ക് സഞ്ചരിക്കുമ്പോൾ അതിൽ പിഴവുകൾ സംഭവിക്കാം ...

വിജ്ഞാനം തനിമയോടെ നിലനിൽക്കുന്നത് മദീനയിലാണ്. വിജ്ഞാനം അതിന്റെ സ്രോതസ്സിൽ നിന്നുതന്നെ ഇമാം ശാഫിഈ (റ) നേടിയെടുക്കണം. അതിനുവേണ്ടിയാണ് ഈ യാത്ര. യാത്രയിൽ നബി (സ) തങ്ങളെ ക്കുറിച്ച് ധാരാളം ചിന്തിച്ചു സ്വലാത്ത് ചൊല്ലിക്കൊണ്ടിരുന്നു ...

പുണ്യ റൗളാശരീഫ്, മദീനാ നിവാസികൾ, അവരെക്കുറിച്ചും ചിന്തിച്ചു ചിന്തകൾ മാലിക് (റ)വിൽ ചെന്നുനിന്നു. ആ മഹാനെ കാണണം, ആ ദർസിൽ പ്രവേശനം ലഭിക്കണം, അത് എളുപ്പമുള്ള കാര്യമല്ല. താനാണെങ്കിൽ പതിനഞ്ച് തികയാത്ത കുട്ടി. മഹാന്റെ മനസ്സിൽ ഇടം നേടണം. അതിന് വേണ്ടി ഒരു കാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹം രചിച്ച മുവത്വ എന്ന ഗ്രന്ഥം മനഃപാഠമാക്കിയിട്ടുണ്ട്...

ഗ്രന്ഥം വാങ്ങാൻ പണമില്ലായിരുന്നു. ഒരാളിൽനിന്ന് കടം വാങ്ങി മനഃപാഠമാക്കി. മറ്റൊരു കാര്യംകൂടി ചെയ്തിട്ടുണ്ട്. മക്കാ ഗവർണറിൽ നിന്ന് രണ്ട് കത്തുകൾ വാങ്ങി. ഒന്ന് മാലിക് (റ)വിന്. മറ്റൊന്ന് മദീനാഗവർണർക്ക് ...

മദീനയിലെത്തിയ ഉടനെ ഗവർണറെ ചെന്ന് കാണണം. കത്ത് കൊടുക്കണം. അദ്ദേഹം തന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷ.
നീണ്ട യാത്ര അവസാനിച്ചു. മദീനയിലെത്തി പുണ്യം നിറഞ്ഞ മസ്ജിദുന്നബവിയിലെത്തി, വികാരഭരിതനായിപ്പോയി, മുത്ത് നബി (സ) യോടുള്ള മുഹബത്ത് അലയടിക്കാൻ തുടങ്ങി ...

റൗളാശരീഫിലേക്ക് പാദങ്ങൾ നീങ്ങുന്നു... അനുഭൂതിയുടെ നിമിഷങ്ങൾ. വിനയാന്വിതനായി മാറി.

കരൾ പിടയുന്ന അവസ്ഥ.

സലാം ചൊല്ലി കവിളുകളിലൂടെ കണ്ണീർക്കണങ്ങൾ എത്രയാണ് ഒഴികിപ്പോയത് ...

പ്രിയപ്പെട്ട ഉപ്പാപ്പാ......

അബൂബക്കർ സിദ്ധീഖ് (റ), ഉമറുൽ ഫാറൂഖ് (റ), ഇരുവർക്കും സലാം ചൊല്ലി ദുആ ചെയ്തു പുറത്തിറങ്ങി. ഗവർണറെ കണ്ടെത്തി സലാം ചൊല്ലി. മക്കാ ഗവർണറുടെ കത്ത് കൊടുത്തു ...

കത്ത് വായിച്ചതോടെ മുഖം ഗൗരവം പൂണ്ടു. ശുപാർശയോ ..?
മാലിക് (റ)വിന്റെ മുമ്പിലോ ..?

നടക്കില്ല മോനെ ... എന്നെ നിർബന്ധിക്കരുത് ഗവർണർ ഒഴിഞ്ഞുമാറാൻ നോക്കി. കുട്ടി നിർബന്ധപൂർവ്വം അപേക്ഷയും തുടങ്ങി. എന്നെ കൈവെടിയരുത് എന്നെ സഹായിക്കണം. എന്റെ കൂടെ വരണം. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും. വരൂ എന്റെ കൂടെ ...

ഗവർണർ കുഴങ്ങി. കുട്ടിയുടെ കൂടെ നടന്നു. ഇമാം മാലിക് (റ)വിനെ കണ്ടുകിട്ടുക, സംസാരിക്കുക, കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കുക, അതെല്ലാം വളരെ പ്രയാസമാണ്.

പ്രതീക്ഷിച്ചത് സംഭവിച്ചു.

കണ്ടുകിട്ടാൻ പ്രയാസപ്പെട്ടു.

മക്കാ ഗവർണറുടെ കത്തിന് അവിടെ എന്ത് പ്രസക്തി..? മദീനാ ഗവർണർ പ്രത്യേക ശുപാർശക്കൊന്നും നിന്നില്ല.

ഫലിക്കില്ല എന്നുതോന്നി. കുട്ടി തന്നെ സംസാരിച്ചു. പേര് പറഞ്ഞു, കുടുംബം പറഞ്ഞു, മുത്വലിബി കുടുംബം ഖുറൈശി ഗോത്രം ദർസിൽ ചേർക്കണം ...

ഇമാം മാലിക് (റ)കുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മുഖത്തുനിന്ന് ഇമാം എന്തൊക്കെയോ വായിച്ചെടുത്തു. ഇത് സാധാരണ കുട്ടിയല്ലെന്ന് മനസ്സിലായി ...

ദർസിൽ പ്രവേശനം ലഭിച്ചു. അത് എല്ലാവർക്കും വലിയ അതിശയമായി. ആരൊക്കെയാണ് ദർസിൽ പഠിക്കുന്ന വിദ്യാർഥികൾ..? വലിയ ബുദ്ധിജീവികളായ പണ്ഡിതന്മാർ. അവരുടെ കൂട്ടത്തിലിതാ പതിനഞ്ച് വയസ്സ് തികയാത്ത ഒരു കുട്ടി...

ഇമാം ശാഫിഈ (റ)എന്ന കുട്ടി ഗുരുനാഥന്റെ മുഖത്തേക്കു നോക്കി. എന്തൊരു തേജസ്. ഗാഭീര്യം നിറഞ്ഞ ദർസ്. പ്രത്യേകം രീതിയിലുള്ള തലപ്പാവണിഞ്ഞ് ഇമാം മാലിക് (റ)എത്തി ...

ഇമാം ശാഫിഈ (റ)ഗുരുനാഥന്റെ മുമ്പിലിരുന്നു. മുവത്വ ഓതിപ്പഠിക്കാൻ പോവുകയാണ് ... വായിക്കൂ ഉസ്താദ് ആവശ്യപ്പെട്ടു ...

ശിഷ്യൻ വായിച്ചു തുടങ്ങി. മുവത്വ വായിച്ചു തുടങ്ങിയപ്പോൾ തന്നെ ഉസ്താദിന് അതിശയമായി. കിതാബ് നോക്കാതെയാണ് വായിക്കുന്നത്. കിതാബ് മുഴുവൻ മനഃപാഠമാണ്...

വായനയോ..? അത്യധികം ആകർഷകമായ ശൈലിയിൽ. വായനയിൽ ഒരു ചെറിയ തെറ്റുപോലുമില്ല. ഇമാം മാലിക് (റ) വിന്റെ വായിൽനിന്ന് വരുന്ന ഓരോ വാക്കും ശിഷ്യന്റെ മനസ്സിൽ പതിഞ്ഞു. ഒരിക്കലും മറക്കാത്തവിധം മനസ്സിലുറച്ചു ...

ഇമാം മാലിക് (റ) ചോദിച്ചു : ഇന്ന് ഞാൻ ക്ലാസ്സിൽ ഉദ്ധരിച്ച ഹദീസുകൾ പറയാൻ കഴിയുമോ..? ഇമാം ശാഫിഈ (റ)പറഞ്ഞു : ഇൻ ഷാ അല്ലാഹ് പറയാം...

ഒന്നാം ഹദീസ് ഉദ്ധരിച്ചു, പിന്നെ രണ്ടാം ഹദീസ്, മൂന്നാം ഹദീസ്...

നിർത്താതെ പോവുകയാണ്. ഗുരുവും ശിഷ്യന്മാരും വിസ്മയിച്ചു നിൽക്കുകയാണ്. ഗുരു ഇടക്കു കയറിപ്പറഞ്ഞു. മതി മതി ഇനി നിർത്തിക്കൊള്ളുക.

ഭാവിയിലെ മഹാപണ്ഡിതനാണ് മുമ്പിലിരിക്കുന്ന കുട്ടി. ഗുരുവിന്നതിൽ ഒരു സംശയവുമില്ല. ഗുരുവിനെക്കുറിച്ച് ശിഷ്യനെന്ത് മനസ്സിലാക്കി..?

ഭൂമിയിലുള്ള പണ്ഡിതന്മാരിൽ ഒന്നാമൻ തന്റെ മുമ്പിലിരിക്കുന്ന ഗുരുവാണ് ...

തന്റെ ശിഷ്യന് അല്ലാഹു നൽകിയ അനുഗ്രഹം. ആ അനുഗ്രഹത്തെ ഗുരു ബഹുമാനിക്കുന്നു. തന്റെ ഗുരുവിന് അല്ലാഹു നൽകിയ കഴിവുകൾ ആ കഴിവുകളെ ശിഷ്യൻ ബഹുമാനിക്കുന്നു. പരസ്പരം കാണിക്കുന്ന പരിഗണന അതിന് കാലം സാക്ഷി നിന്നു. ഈ ഗുരുവുമായുള്ള സഹവാസം സുഹ്ബത്ത് അതെപ്പോഴും തനിക്കു വേണം. ശിഷ്യൻ ഗുരുവിനെ വിട്ടുപോയില്ല. ഗുരുവിന്റെ മരണം വരെ ഹിജ്റ 179 റബീഉൽ അവ്വൽ മാസത്തിലാണ് ഇമാം മാലിക് (റ) വഫാത്തായത്...

മദീനയിൽ അക്കാലത്ത് ധാരാളം പണ്ഡിതന്മാരുണ്ടായിരുന്നു. അവരെല്ലാം ദീനീ വിജ്ഞാനത്തിന്റെ പ്രകാശിക്കുന്ന ദീപങ്ങളായിരുന്നു. അവരുമായി ഇമാം ശാഫിഈ (റ) സഹവാസത്തിലായി. ധാരാളം കാര്യങ്ങൾ അവരിൽ നിന്ന് പഠിച്ചു ...

കിട്ടാവുന്നതിന്റെ പരമാവധി വിജ്ഞാനം മദീനയിൽ നിന്നുതന്നെ നേടണം. അതായിരുന്നു ഇമാം ശാഫിഈ (റ)വിന്റെ നിർബന്ധം. മദീനയിലെ നടവഴികളിലൂടെ നിരവധി തവണ സഞ്ചരിച്ചു. ആദരവായ റസൂലുല്ലാഹി (സ്വ)സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിച്ചു. എത്രയോ സ്വഹാബിമാരുടെ വീടുകൾ കണ്ടു. അവരുടെ സന്താനങ്ങളെ കണ്ടു. സ്വഹാബികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പല അറിവുകളും അവരിൽ നിന്ന് നേടിയെടുത്തു. മഹാന്മാരായ സ്വഹാബികളുടെ അന്ത്യവിശ്രമ കേന്ദ്രം, ജന്നത്തുൽ ബഖീഹ്, അവിടെ അന്ത്യവിശ്രമം കൊള്ളുന്ന സ്വഹാബികൾ, അൻസാരികൾ, മുഹാജിറുകൾ, സ്വന്തം ബന്ധുക്കൾ, അഹ്ലുബൈത്തിൽ പെട്ടവർ, ഹാശിമികൾ, മുത്വലിബികൾ, ചരിത്രത്തിന്റെ ഇടനാഴികകളിലൂടെയെല്ലാം സഞ്ചരിച്ചു. അങ്ങനെ നേടിയ അറിവുകൾക്ക് കണക്കില്ല...

ഒരു കാലത്ത് മദീനയായിരുന്നു ഭരണ സിരാകേന്ദ്രം. നബി (സ) തങ്ങളുടെ കാലത്ത് മദീനയാണ് തലസ്ഥാനം. മസ്ജിദുന്നബവിയാണ് സെക്രട്ടറിയേറ്റ് ...

അബൂബക്കർ സിദ്ധീഖ് (റ), ഉമറുൽ ഫാറൂഖ് (റ), ഉസ്മാൻ (റ), എന്നിവരുടെ കാലത്തും ഈ നില തുടർന്നു. അലി (റ) വിന് മദീനയിൽ നിൽക്കാനായില്ല. കൂഫയിൽ കഴിയേണ്ടിവന്നു. അതായി മാറി മഹാന്റെ കേന്ദ്രം. അമവികളുടെ ഭരണം വന്നു. ദമസ്കസ് തലസ്ഥാനമായിത്തീർന്നു.
പിന്നെ വന്നു അബ്ബാസികളുടെ ഭരണം. ബാഗ്ദാദ് തലസ്ഥാനമായിത്തീര്‍ന്നു...

പഴയ ഖിലാഫത്തിന്റെ സ്ഥാനത്ത് രാജവാഴ്ച വന്നു. ഭരണാധികാരി കൊട്ടാരത്തിൽ താമസിച്ചു. വമ്പിച്ച സമ്പത്തിന്റെ ഉടമയായി. സൈന്യം സജ്ജീകരിച്ചു. ഒരു ഖലീഫക്കു പകരം പല രാജാക്കന്മാർ വന്നു. പരസ്പരം പോരടിച്ചു, യുദ്ധം ചെയ്തു, രക്തമൊഴുകി, ദുനിയാവ് നേടാൻ വേണ്ടി ...

ഇമാം മാലിക് (റ)വിനെപോലെയുള്ള മഹാന്മാരോട് ഭരണാധികാരികൾ ക്രൂരത കാണിച്ചു... ഭരണാധികാരികളുടെ ഇംഗിതം പോലെ ദീൻ വ്യാഖ്യാനിച്ചുകൊടുക്കണം. അതിന് തയ്യാറില്ലാത്തവർ പീഡിപ്പിക്കപ്പെടും. ഇമാം മാലിക് (റ), ഇമാം ശാഫിഈ (റ) തുടങ്ങി നിരവധി പേർ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥന്മാർക്കും ഇംഗിതത്തിനൊത്ത് മതവിധി നൽകിയവർക്ക് സ്ഥാനമാനങ്ങൾ കിട്ടി.
ധനം വാരിക്കോരി നൽകപ്പെട്ടു...

ഈയൊരു സാഹചര്യത്തിലാണ് ഇമാം ശാഫിഈ (റ) വളർന്നു വരുന്നത്. അഹ്ലുബൈത്തിൽ പെട്ടവർ പല തരത്തിൽ പീഡിപ്പിക്കപ്പെട്ടു. ഇമാം ശാഫിഈ (റ) കേട്ടറിഞ്ഞ സംഗതികൾ നിരവധിയാണ്. അനുഭവിച്ചറിഞ്ഞതും ധാരാളം.

മദീനാ ജീവിതകാലത്തും ദാരിദ്ര്യം വിട്ടൊഴിഞ്ഞുപോയില്ല. കഷ്ടപ്പാടുകൾ കൂടെത്തന്നെയുണ്ട്. തന്റെ ഗുരു ഇമാം മാലിക് (റ) ഇക്കാര്യം മനസ്സിലാക്കിയിരുന്നു. പല സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു...

വർഷങ്ങൾ കഴിയുമ്പോൾ മക്കയിലൊന്നു പോകും. ഉമ്മയെക്കാണാൻ. കൂട്ടത്തിൽ ബന്ധുക്കളെയും കാണും. മുത്വലിബികളായ ബന്ധുക്കളിൽ ചിലർ ചെറിയ സഹായങ്ങൾ നൽകും. മകന്റെ കാര്യത്തിൽ ഉമ്മ സംതൃപ്തയാണ്. മോൻ പഠിച്ചുയരണം, മോന്റെ വിജ്ഞാനം ലോകത്തിന് ഉപകാരപ്പെടണം. മോൻ ഒരിക്കലും ഐഹിക സുഖങ്ങൾ തേടിപ്പോവരുത്. ദുനിയാവിന്റെ അലങ്കാരങ്ങൾ വേണ്ട. പരലോകം മതി. പ്രതിഫലം അവിടെയാണ് ലഭിക്കേണ്ടത്. മോന് ഉമ്മ നല്ല ഉപദേശങ്ങൾ നൽകും...

പ്രസവത്തിന് തൊട്ട് മുമ്പ് അവർ കണ്ട സ്വപ്നം മറന്നുപോയിട്ടില്ല. ഇൽമിന്റെ തിളങ്ങുന്ന നക്ഷത്രം അതാണ് പൊന്നുമോൻ. ലോകത്തിന് മുഴുവൻ ആ നക്ഷത്രം വെളിച്ചം നൽകും. വെളിച്ചം പരത്തട്ടെ... ഇൽമിന്റെ വെളിച്ചം ഉമ്മയെ ആലിംഗനം ചെയ്തു മടങ്ങുന്ന ചെറുപ്പക്കാരനായ ഇമാം ശാഫിഈ (റ) മദീനയിലേക്ക് മടങ്ങുകയാണ്...

ഉമ്മയുടെ തൃപ്തിയും പൊരുത്തവും സന്തോഷവും നേടിയാണ് പോവുന്നത്. പുതിയ ആവേശത്തോടെ യാത്രയാവുന്നു. പുണ്യമദീനയിലേക്ക് ...
റൗളാശരീഫിലേക്ക് ...


കിതാബ് മനഃപാഠമാക്കി ..

മദീനയിലെത്തിയ കാലത്ത് നടന്ന ഒരു സംഭവം ഇമാം ശാഫിഈ (റ) പിൽക്കാലത്ത് വളരെ പ്രാധാന്യത്തോടെ ഉദ്ധരിച്ചിട്ടുണ്ട് ...

അസ്വറിന് ശേഷമുള്ള ദർസ് നൂറുകണക്കായ പണ്ഡിതന്മാർ ക്ലാസിലുണ്ട്. ധാരാളം ഹദീസുകൾ ഉദ്ധരിച്ചുകൊണ്ടുള്ള ഇമാം മാലിക് (റ) ക്ലാസെടുക്കുന്നു. ഇമാം ശാഫിഈ (റ) എന്ന കുട്ടി ക്ലാസിന്റെ ഏറ്റവും പിന്നിൽ ചെന്നിരുന്നു. ഹദീസുകൾ കുട്ടിയുടെ മനസ്സിനെ സ്പർശിച്ചു. എഴുതിയെടുക്കാൻ മോഹം. എഴുതാനുള്ള ഒരു സാധനവും കൈയിലില്ല, മഷിയുമില്ല. ഒരു കൊള്ളിക്കഷ്ണമെടുത്തു തുപ്പുനീര് നനച്ച് കൈവെള്ളയിൽ എഴുതാൻ തുടങ്ങി. ഓരോ ഹദീസും അങ്ങനെ എഴുതിക്കൊണ്ടിരുന്നു. ഇത് ഇമാം മാലിക് (റ) ശ്രദ്ധിച്ചു. കുട്ടി എന്താണ് കളിക്കുന്നത്..? ഹദീസ് ശ്രദ്ധിക്കാതെ കളിക്കുകയോ..?

ക്ലാസ് കഴിഞ്ഞു ആളുകൾ പിരിഞ്ഞു, കുട്ടി അവിടെത്തന്നെയിരുന്നു. ഉസ്താദ് വിളിച്ചു. കുട്ടി ഓടിച്ചെന്നു. ഉസ്താദും കുട്ടിയും തമ്മിൽ നടന്ന സംഭാഷണം ...

ഇമാം മാലിക് : നിങ്ങൾ ഹറമിയ്യാണോ..?

കുട്ടി: അതെ

ഇമാം : നിങ്ങൾ മക്കിയ്യാണോ..?

കുട്ടി : അതെ

ഇമാം : ഖുറൈശിയ്യാണോ..?

കുട്ടി : അതെ

ഇമാം : എല്ലാം കൊള്ളാം, ക്ലാസ്സിൽ ഒരു മര്യാദകേട് കാണിച്ചു. അത് നന്നായില്ല.

കുട്ടി : അതെന്താണെന്ന് പറഞ്ഞു തന്നാലും..

ഇമാം : തുപ്പുനീര് കയ്യിലാക്കി കളിച്ചു...

കുട്ടി : അങ്ങ് പറയുന്ന ഹദീസുകൾ ഞാൻ കൈയിൽ പകർത്തുകയായിരുന്നു...

ഇമാം : എങ്കിൽ കൈ കാണട്ടെ..

കുട്ടി കൈ കാണിച്ചു. ഇമാം മാലിക് (റ) കുട്ടിയുടെ കൈ പരിശോധിച്ചു.

അവിടെ ഒന്നുമില്ല.

കുട്ടി പറഞ്ഞു : തുപ്പൽ കൊണ്ടെഴുതിയത് കാണാൻ കഴിയില്ല പക്ഷെ ഞാനത് കാണാതെ പഠിച്ചു ...

ഇമാം : എങ്കിൽ ഒരു ഹദീസ് ഓതുക.


കുട്ടി ഒന്നാമത്തെ ഹദീസ് ഓതി. രണ്ട്, മൂന്ന്, നാല്, ക്രമത്തിൽ ഓതുന്നു. ഇമാം ശരിക്കും അതിശയിച്ചുപോയി. കുട്ടി ഹദീസ് പാരായണം തുടരുകയാണ് പത്ത് - ഇരുപത് - ഇരുപത്തഞ്ച്...

ഇരുപത്തഞ്ച് ഹദീസുകൾ ഓതിക്കഴിഞ്ഞപ്പോൾ മഗ്രിബ് ബാങ്ക് കൊടുത്തു. ഹദീസ് പാരായണം നിലച്ചു. എല്ലാവരും നിസ്കരിക്കാൻ പോയി...

മഗ്രിബിന് ശേഷം ഇമാം മാലിക് (റ) തന്റെ സേവകനെ വിളിച്ചു പറഞ്ഞു : ശാഫിഈ എന്ന കുട്ടിയെ നമ്മുടെ വീട്ടിലേക്ക് കൊണ്ടു പോവുക ...

സേവകൻ ശാഫിഈ (റ)വിനെയും കൂട്ടി വീട്ടിലേക്ക് നടന്നു. ഇന്ന് ഇമാം മാലിക് (റ) വിന്റെ അതിഥിയാണ്. മഹാന്റെ വീട്. ഹൃദ്യമായ അന്തരീക്ഷം, കുറച്ചു കഴിഞ്ഞ് ഇമാം വന്നു. ഭക്ഷണ വിഭവങ്ങൾ നിറഞ്ഞ തളികയുമായി വന്നു. കുട്ടിയെ ആഹാരത്തിന് ക്ഷണിച്ചു. മഹാൻ കുട്ടിക്ക് കൈ കഴുകാൻ വെള്ളം ഒഴിച്ചുകൊടുത്തു. കുട്ടിയുടെ അതിശയം വർദ്ധിച്ചു...

ഇമാം പറഞ്ഞു : ഇതെല്ലാം ആതിഥേയന്റെ കടമയാണ് ഇമാമിന്റെ ആഹാര രീതി കുട്ടി കണ്ടു പഠിച്ചു. ആഹാരം കഴിഞ്ഞു ഇമാം പറഞ്ഞു :
ഇശാഹ് നിസ്കരിച്ച് ഇവിടെത്തന്നെ ഉറങ്ങിക്കോളൂ ക്ഷീണമുള്ളതല്ലേ..
ഉസ്താദിന്റെ പെരുമാറ്റം അതിഥിയോട് കാണിക്കുന്ന മര്യാദകൾ അത് കുട്ടിയെ അതിശയിപ്പിച്ചു. കുട്ടി നിസ്കരിച്ചു കിടന്നു ഉറങ്ങി നല്ല ഉറക്കം. പാതിരാവും കഴിഞ്ഞു നേരം കുറെയായി കുട്ടി ഉണർന്നില്ല. ഇമാം വിളിച്ചുണർത്തി. ഇമാമിന്റെ ശബ്ദം കുട്ടി കേട്ടു. അസ്വലാത്ത് അസ്വലാത്ത് കുട്ടി പിടഞ്ഞെണീറ്റു. ഇമാമിന്റെ കൈവശം ഒരു പാത്രം വെള്ളമുണ്ടായിരുന്നു. കുട്ടിക്ക് വുളൂ എടുക്കാനുള്ള വെള്ളം. കുട്ടി വുളൂ എടുത്തു വന്നു തഹജ്ജുദ് നിസ്കരിച്ചു. ദുആ ഇരുന്നു...

സുബ്ഹിയുടെ സമയമായി. കുട്ടി ഇമാമിനോടൊപ്പം മദീനാ പള്ളിയിലെത്തി. നാനാഭാഗത്ത് നിന്നും ആളുകൾ വന്നുകൊണ്ടിരുന്നു. ബാങ്ക് കൊടുത്തു, എത്ര സുന്ദരമായ ബാങ്കൊലി. എല്ലാവരും സുന്നത്ത് നിസ്കരിച്ചു. ഇബാദത്തുകളിൽ മുഴുകി നിസ്കാരം പ്രതീക്ഷിച്ചിരിപ്പായി. ഇഖാമത്ത് കൊടുത്തു. ഇമാം മാലിക് (റ)വിന്റെ നേതൃത്വത്തിൽ സുബ്ഹി നിസ്കാരം തുടങ്ങി. ഇമാം ഓതിയ ഫാത്തിഹ കുട്ടിയുടെ ഖൽബിന്റെ അടിത്തട്ടിലേക്കിറങ്ങിപ്പോയി. ആശയങ്ങളുടെ തള്ളിച്ച അനുഭവപ്പെട്ടു...

നിസ്കാരശേഷം ആരും എഴുന്നേറ്റ് പോയില്ല. എല്ലാവരും മുറാഖബയിരുന്നു. ഭജനമിരുന്നു. ഏതുവരെ..? സൂര്യനുദിക്കുംവരെ.
രാത്രി കുറെ നേരം ഇമാമുമായി സംസാരിച്ചിരുന്നു. മക്കക്കാരെക്കുറിച്ചു ചോദിച്ചു, ബന്ധുക്കളെക്കുറിച്ച് ചോദിച്ചു, പല സംഗതികളും അന്വേഷിച്ചു, കുട്ടി നല്ല ശൈലിയിൽ മറുപടി പറഞ്ഞു.

ഒടുവിൽ ഇമാം പറഞ്ഞു : അല്ലാഹുവിനെ സൂക്ഷിക്കുക നിനക്ക് നല്ലൊരു ഭാവിയുണ്ട്. അല്ലാഹു ബർകത്ത് ചെയ്യട്ടെ...

കുട്ടിയുടെ മനസ്സിനെ സ്പർശിച്ച വാക്കുകൾ ആ വാക്കുകൾ നിധിപോലെ മനസ്സിൽ സൂക്ഷിച്ചു. പിന്നീടുള്ള കഠിനാധ്വാനത്തിന് ആ വാക്കുകൾ പ്രചോദനമായിത്തീർന്നു. സൂര്യനുദിച്ചു ദർസിന്റെ സമയമായി. സദസ് തിങ്ങിനിറയുന്നത് കുട്ടി കൗതുകത്തോടെ നോക്കി നിന്നു. ഇൽമിനോടുള്ള ബഹുമാനം അത് കണ്ടറിയാൻ ഈ സദസ്സിൽ തന്നെ വരണം. ഇൽമും ഇബാദത്തും അവരണ്ടും ഇമാം മാലിക് (റ)വിൽ സംഗമിച്ചിരിക്കുന്നു. ഇൽമ് പ്രകാശമാണ് ആ പ്രകാശത്തിന്റെ കൈമാറ്റമാണിവിടെ നടക്കുന്നത്. വലിയ വിളക്കിൽ നിന്ന് ചെറിയ വിളക്കുകളിലേക്ക് വെളിച്ചം കത്തിച്ചെടുക്കുന്നത് പോലെ...

ഒരിക്കൽ ഇറാഖിൽ നിന്ന് ഏതാനും പേർ മദീനയിൽ വന്നു. അവരോട് ഇമാം ശാഫിഈ (റ) എന്ന കുട്ടി ചോദിച്ചു : നിങ്ങൾ എവിടെനിന്ന് വരുന്നു..? ഞങ്ങൾ കൂഫയിൽ നിന്ന് വരുന്നു. നിങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ പണ്ഡിതൻ ആരാണ്..? ഇമാം അബൂഹനീഫ (റ)വിന്റെ പ്രമുഖ ശിഷ്യന്മാരായ അബൂയൂസുഫ് (റ), മുഹമ്മദ്ബ്നു ഹസൻ (റ) എന്നിവരാകുന്നു...
നിങ്ങൾ എപ്പോൾ തിരിച്ചു പോകും..? നാളെ രാവിലെ സുബ്ഹിക്കു ശേഷം. കുട്ടിക്ക് കൂഫയിൽ പോവാനും ആ പണ്ഡിതന്മാരെ കാണാനും വലിയ മോഹം. ഉസ്താദിനോട് വിവരം പറഞ്ഞു. ഉസ്താദ് സമ്മതം നൽകി...

ആ രാത്രി കൂഫാ യാത്രയുടെ ചിന്തയിലായിരുന്നു ഇമാം ശാഫിഈ (റ).
നേരം പുലർന്നു സുബ്ഹി നിസ്കരിച്ചു. ഉസ്താദ് ശിഷ്യനെ യാത്ര അയച്ചു. ശിഷ്യന് ഒരു പണസഞ്ചി സമ്മാനിച്ചു. ഒരു വാഹനവും വിളിച്ചുകൊടുത്തു. കൂഫാക്കാരോടൊപ്പം യാത്രയാക്കി. അവർ ഇരുപത്തിനാല് ദിവസം യാത്ര ചെയ്തു കൂഫയിലെത്തി. അവിടുത്തെ മസ്ജിദിൽ വെച്ച് രണ്ട് മഹാപണ്ഡിതന്മാരെയും കണ്ടുമുട്ടി. സലാം ചൊല്ലി പരിചയപ്പെട്ടു. സംഭാഷണം നടന്നു...

പണ്ഡിതന്മാർ : നിങ്ങൾ മാലിക് (റ)വിനെ കണ്ടിട്ടുണ്ടോ?
ശാഫിഈ (റ) : ഞാൻ ആ മഹാന്റെ അടുത്തുനിന്നാണ് വരുന്നത്...
പണ്ഡിതർ : നിങ്ങൾ മുവത്വ നോക്കിയിട്ടുണ്ടോ..?
ശാഫിഈ (റ) : ഞാനത് മുഴുവൻ മനഃപാഠമാക്കിയിട്ടുണ്ട്. പണ്ഡിതൻ അതിശയിച്ചുപോയി. വിശ്വസിക്കാൻ പ്രയാസം തോന്നി ചെറുപ്പക്കാരനെ ഒന്നു പരീക്ഷിക്കാൻ പണ്ഡിതന്മാർ തീരുമാനിച്ചു...

സങ്കീർണമായ കുറെ പ്രശ്നങ്ങൾ എഴുതിയുണ്ടാക്കി മുവത്വയിൽ നിന്ന് മറുപടി കണ്ടെത്താൻ ആവശ്യപ്പെട്ടു.
സകാത്ത്, വ്യാപാരം, ദായക്രമം, പണയം, ഹജ്ജ്, തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് നൽകിയത്...

ചോദ്യങ്ങൾ കണ്ടു ചെറുപ്പക്കാരന്റെ മുഖം പ്രസന്നമായി. പുഞ്ചിരിയോടെ സംസാരിച്ചു. മുവത്വയിൽ നിന്ന് ഹദീസുകൾ ഉദ്ധരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

പെട്ടെന്ന് പെട്ടെന്നുള്ള മറുപടികൾ ചോദ്യകർത്താക്കളെ അമ്പരിപ്പിച്ചു. വിശദീകരണം അവരെ ആകർഷിച്ചു. വിശുദ്ധ ഖുർആൻ വചനങ്ങളുദ്ധരിച്ചു പശ്ചാത്തല വിവരണവും...

ഹൃദ്യമായി മുഹമ്മദ് ഹസൻ (റ) ശാഫിഈ (റ) വിനെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തി കൊട്ടാരം പോലെയുള്ള വലിയ വീട്. ഇറാഖുകാർ സമ്പന്നരാണ്, വലിയ വീട്ടിൽ താമസിക്കുന്നു. ഹിജാസുകാർ ദരിദ്രരാണ് അതുകൊണ്ട് തങ്ങൾ ചെറിയ വീടുകളിൽ താമസിക്കുന്നു. താനും ഉമ്മയും താമസിക്കുന്ന വീടിന്റെ അവസ്ഥ ചെറുപ്പുര ശാഫിഈ (റ) കരഞ്ഞുപോയി. അതുകണ്ട് മുഹമ്മദ് ഹസൻ (റ) പറഞ്ഞു: ഞാൻ ആഢംബര പ്രിയനല്ല. ഹലാലായത് മാത്രമേ എന്റെ കൈവശമുള്ളൂ. അത്താഴം കഴിച്ചു കിടക്കാൻ വിരിപ്പ് വിരിച്ചുകൊടുത്തു. അവിടെ ഇമാം അബൂഹനീഫ (റ) വിന്റെ കിതാബുൽ ഔസത്വ് എന്ന കിതാബ് ഉണ്ടായിരുന്നു. ഇമാം ശാഫിഈ (റ) അവർകൾ ആ കിതാബ് പാരായണം ചെയ്യാൻ തുടങ്ങി. വായിക്കുന്ന ഭാഗം മനഃപാഠമാക്കുന്നു. സുബ്ഹിക്കു മുമ്പ് ആ കിതാബ് മനഃപാഠമാക്കിക്കഴിഞ്ഞു...

മുഹമ്മദ്ബ്നു ഹസൻ (റ) കൂഫയിലെ മുഫ്തിയാണ്. ധാരാളമാളുകൾ കാണാൻ വരും. ഫത് വകൾ ആവശ്യപ്പെടും ഫത് വ കൊടുക്കും ...
ഇമാം ശാഫിഈ (റ) അത് ശ്രദ്ധിക്കും. പഠിക്കും. ചിലപ്പോൾ അഭിപ്രായം പറയും. അവർക്കിടയിൽ എത്രയോ ചർച്ചകൾ നടന്നു. മദീനയിലേക്ക് പോവണം ഇമാം മാലിക് (റ) വിനെ കാണണം. തിരിച്ചു പോവണം. യാത്രക്ക് സന്നദ്ധനായി. സ്നേഹ ജനങ്ങൾക്ക് വേർപാടിന്റെ വേദന ഇരുപത്തേഴ് ദിവസത്തെ യാത്രക്കുശേഷം ഇമാം ശാഫിഈ (റ) മദീനയിൽ തിരിച്ചെത്തി ...


കൊട്ടാരത്തിൽ ...

ഇമാം മാലികുബ്നു അനസ് (റ)വിന്റെ ദർസിൽ ഓതിപ്പഠിക്കുന്ന കാലത്ത് നടന്ന നിരവധി സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...

ഒരിക്കൽ ഇമാം മാലിക് (റ) ചില മസ്അലകൾ ശാഫിഈ (റ) വിനോട് ചോദിച്ചു. ശാഫിഈ (റ) പെട്ടെന്ന് മറുപടി നൽകി. ഉടനെ ഇമാം മാലിക് (റ) പറഞ്ഞു :

ഖാളി സ്ഥാനം വഹിക്കാൻ മാത്രമുള്ള വിജ്ഞാനം നിനക്ക് കിട്ടിക്കഴിഞ്ഞു ...

മുഹമ്മദ്ബ്നു അബ്ദുൽ ഹകം (റ) യൂനുസുബ്നു അബ്ദുൽ അഹ്ല (റ) എന്നീ മഹത്തുക്കൾ ഉദ്ധരിക്കുന്നു ...

വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ പിന്നെ മനുഷ്യർക്ക് ഏറ്റവും ഉപകാരപ്രദമായ തത്വസംഹിതയാണ് ഇമാം മാലിക് (റ)വിന്റെ മുവത്വ എന്ന ഗ്രന്ഥമെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചിട്ടുണ്ട് ...

ഇമാം ശാഫിഈ (റ) ഉസ്താദിനോടു കാണിച്ച അദബിനെക്കുറിച്ചു കേട്ടാൽ വിസ്മയിച്ചുപോകും ...

ഇമാം ശാഫിഈ (റ) പറയുന്നു : കിതാബിന്റെ പേജുകൾ മറിക്കുന്നത് പോലും പേടിയോടെയായിരുന്നു. പേജുകൾ മറിക്കുന്ന ശബ്ദം പോലും ഉസ്താദ് കേൾക്കരുത്. ഓരോ കാര്യത്തിലും ഇതു പോലെ സൂക്ഷ്മത പാലിച്ചിരുന്നു ...

പലരും സംശയങ്ങൾ ചോദിക്കാൻ വരും കർമശാസ്ത്ര സംബന്ധമായ ചോദ്യങ്ങളുമായി വന്ന പലരോടും ഇമാം മാലിക് (റ) പറഞ്ഞു;

ആ കുട്ടിയോട് ചോദിക്കൂ ...,

കുട്ടിയായ ഇമാം ശാഫിഈ (റ) തൃപ്തികരമായ മറുപടി നൽകുകയും ചെയ്യും. ഉസ്താദിന്റെ ചില അഭിപ്രായങ്ങളെ ശിഷ്യൻ വിനയപൂർവ്വം ചോദ്യം ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട് ...

ഉസ്താദ് തെളിവ് ചോദിക്കും ശിഷ്യൻ തെളിവുകൾ ഉദ്ധരിക്കും. ഉസ്താദ് സന്തോഷം കൊള്ളും. ശിഷ്യനെ അഭിനന്ദിക്കും. അങ്ങനെ എന്തെല്ലാം സംഭവങ്ങൾ, ഓർമകൾ ബാക്കിവെച്ചു ഇമാം മാലിക് (റ) വഫാത്തായി...

ഈ വേർപാട് ശിഷ്യനെ ഏറെ ദുഃഖിതനാക്കി. ഇമാം ശാഫിഈ (റ)മദീന വിടുകയാണ്...

ഒരു പതിറ്റാണ്ടിന്റെ ഓർമകളുമായി വിടവാങ്ങുന്നു. മദീനയിലെത്തുന്ന മഹാപണ്ഡിതന്മാരുമായി ബന്ധപ്പെടാറുണ്ടായിരുന്നു. അതും അപൂർവ്വ ഭാഗ്യം തന്നെ... ഇമാം പുണ്യ മക്കയിൽ തിരിച്ചെത്തി. ഇതിന്നിടയിൽ ഇമാം ശാഫിഈ (റ) വിവാഹിതനായി. ഭാര്യയുടെ പേര് ഹമീദ. ഉമ്മയെയും ഭാര്യയെയും സംരക്ഷിക്കണം. വരുമാനം വേണം. വരുമാനമുണ്ടാവാൻ തൊഴിലെടുക്കണം. ബന്ധുക്കൾ ഒരു തൊഴിൽ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു...

മിസ്അബൂ സുബൈരി (റ) ഇമാം ശാഫിഈ (റ) വിന്റെ അടുത്ത ബന്ധുവാണ്. പണ്ഡിതനാണ്. ഖലീഫ ഹാറൂൻ റശീദിന്റെ ഭരണകാലം. ഹാറൂൻ റശീദ് യമനിൽ ഖാളിയെ നിയമിച്ചു. മിസ്വ്അബ് സുബൈരിയാണ് ഖാളിയായി നിയമിക്കപ്പെട്ടത്. മിസ്വ്അബ് പറഞ്ഞു : ശാഫിഈ നീ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് എനിക്കറിയാം. നീ എന്റെ കൂടെ യമനിലേക്ക് വരൂ. അവിടെ എന്തെങ്കിലും ജോലി തരപ്പെടുത്താം.

ഇമാം ശാഫിഈ (റ)യാത്രക്കൊരുങ്ങി. ഉമ്മയോടും ഭാര്യയോടും മറ്റ് ബന്ധുക്കളോടും യാത്ര പറഞ്ഞു മിസ്വ്അബിനോടൊപ്പം ശാഫിഈ (റ)വും യമനിലേക്കു പറപ്പെട്ടു...

ദീർഘ യാത്രക്കൊടുവിൽ യമനിലെത്തി. മിസ്വ്അബ് ഖാളിയായി സ്ഥാനമേറ്റു.

ശാഫിഈ (റ)വിന് ചൊറിയൊരു ജോലി കിട്ടി. വിജ്ഞാന ദാഹത്തിനൊരു കുറവുമില്ല. പണ്ഡിതരെ കണ്ടെത്താനും വൈജ്ഞാനിക ചർച്ചകൾ നടത്താനും വലിയ ഉത്സാഹമായിരുന്നു...

പ്രഗത്ഭരായ വൈദ്യന്മാരെ കണ്ടെത്തി വൈദ്യശാസ്ത്രം പഠിച്ചു. ചികിത്സാരീതികൾ അഭ്യസിച്ചു. ജ്യോതിശാസ്ത്ര പണ്ഡിതന്മാരെ കണ്ടെത്തി അവരിൽനിന്ന് ജ്യോതിശാസ്ത്രം പഠിച്ചു. മുഖലക്ഷണ ശാസ്ത്രം വരെ പഠിച്ചു. ജോലി ചെയ്യുന്നു, ശമ്പളം കിട്ടുന്നു. വിദ്യ നേടുന്നു. ജോലിയിൽ കഴിവ് തെളിയിച്ചു ഉദ്യോഗക്കയറ്റം കിട്ടി. ശമ്പളം വർദ്ധിച്ചു. സമൂഹത്തിൽ ശാഫിഈ (റ) പ്രസിദ്ധനായിത്തീർന്നു...

എല്ലാ മേഖലയിലും അറിയപ്പെടാൻ തുടങ്ങി. ഖലീഫ ഹാറൂൻ റശീദിന്റെ കീഴിലുള്ള ഒരു ഭരണാധികാരിയാണ് ഹമ്മാദ്. ചില പ്രവിശ്യകൾ ഹമ്മാദിന്റെ ചുമതലയിലാണ്. സുഖിയനും ക്രൂരനുമാണ് ഹമ്മാദ്. ജനക്ഷേമത്തിൽ താൽപ്പര്യമില്ല. അവരെ അടിച്ചമർത്തി വെച്ചിരിക്കുകയാണ്. അവരുടെ ആവശ്യങ്ങളും ആവലാതികളും കേൾക്കുന്നില്ല. ജനങ്ങൾ ഹമ്മാദിനെ വെറുത്തു. ധനികരും ഉന്നത ഉദ്യോഗസ്ഥന്മാരും ആഢംബര ജീവിതം നയിക്കുന്നു. അവർ അനീതിയും അഴിമതിയും നടത്തുന്നു. ജനങ്ങൾ പൊറുതി മുട്ടിക്കഴിയുന്നു...

ശാഫിഈ (റ)വിന്റെ പാണ്ഡിത്യത്തെക്കുറിച്ചും മികച്ച കഴിവുകളെക്കുറിച്ചും ഖലീഫ കേട്ടറിഞ്ഞു. നജ്റാനിൽ ഖാളി വേണം. പറ്റിയആളെ തേടുകയാണ്. ഒടുവിൽ ഇമാം ശാഫിഈ (റ)വിനെ നജ്റാനിലെ ഖാളിയായി നിയോഗിക്കപ്പെട്ടു ...

ഇമാം സ്ഥാനമേറ്റു. ജനങ്ങളെ അടുത്തറിഞ്ഞു. അവർക്ക് വിജ്ഞാനത്തിന്റെ പ്രകാശം നൽകി. ഇമാമിന്റെ പ്രസംഗങ്ങൾ ജനങ്ങളെ ആകർഷിച്ചു. അവർ സന്മാർഗത്തിലേക്കു വന്നു. ദുരാചാരങ്ങൾ കൈവെടിഞ്ഞു. ജനങ്ങൾ ഇമാമിനെ വല്ലാതെ സ്നേഹിച്ചു. ഹമ്മാദിന് ഇതൊന്നും രസിച്ചില്ല. ധനികരും ഉന്നത ഉദ്യോഗസ്ഥരും ഒരു കൂട്ടം പണ്ഡിതന്മാരും ഇമാമിനെ വെറുത്തു. ഇമാം ഇവിടെ നിലനിൽക്കുന്നത് തങ്ങൾക്ക് ഭീഷണിയാണെന്നവർ കണക്കുകൂട്ടി. ഗൂഢാലോചനകൾ തുടങ്ങി. ഖാളിയുടെ പേരിൽ ഗുരുതരമായ കുറ്റം ആരോപിക്കുക. ഖലീഫ വിചാരണ ചെയ്തു ജയിലിലടച്ചുകൊള്ളും. നമുക്ക് ശല്യം ഒഴിഞ്ഞുകിട്ടുകയും ചെയ്യും. അസൂയ മൂത്ത അഴിമതിക്കാരുടെ ഗൂഢതന്ത്രം...

അലവികൾ എന്ന വിഭാഗം അബ്ബാസികൾക്കെതിരെ വിപ്ലവം നടത്താറുണ്ട്. ഖാളി വിപ്ലവകാരികളുടെ നേതാവാണ്. ഹാറൂൻ റശീദിനെ ഖിലാഫത്തിൽ നിന്ന് പുറത്താക്കാൻ ഖാളി ഗൂഢശ്രമം നടത്തുന്നു. ഇതാണ് ഖാളിക്കെതിരെ രൂപംകൊണ്ട ആരോപണം. ഹമ്മാദ് ഖലീഫക്ക് കത്തയച്ചു. ഖലീഫയെ പ്രകോപിപ്പിക്കുന്ന വാക്കുകളാണതിൽ എഴുതിയിരുന്നത്. എന്റെ കൽപന ഖാളി അനുസരിക്കുന്നില്ല. അദ്ദേഹം വിപ്ലവകാരികൾക്കൊപ്പം ചേർന്നിരിക്കുന്നു. ജനങ്ങളെ ഭരണാധികാരികൾക്കെതിരെ ഇളക്കിവിട്ടുകൊണ്ടിരിക്കുന്നു. യോദ്ധാവിന് വാൾ കൊണ്ട് ചെയ്യാൻ സാധിക്കാത്തത് ഖാളി നാവുകൊണ്ട് സാധിക്കുന്നു...

ഖലീഫക്ക് കത്ത് കിട്ടി ക്ഷുഭിതനായി. ഉടനെ വന്നു ഖലീഫയുടെ കൽപന. ഖാളിയെയും കൂട്ടാളികളെയും ബന്ധിക്കുക. അവരെ ഉടനെ ബാഗ്ദാദിലേക്കയക്കുക. ഇന്നലെവരെ സമാദരണീയനായ ഖാളി ഇന്നിതാ കുറ്റവാളിയായി ബന്ധിയാക്കപ്പെട്ടിരിക്കുന്നു. ജനങ്ങൾ ദുഃഖിതരായി. സത്യത്തെ സ്നേഹിക്കുന്നവരുടെ മനസ്സ് വിങ്ങി. ഹമ്മാദിനെ കൂടുതൽ വെറുത്തു. ഇമാം ശാഫിഈ (റ) വിന്റെ ബാഗ്ദാദ് യാത്ര അതിങ്ങനെയായി. മഹാനവർകൾ ഇറാഖിൽ പ്രവേശിച്ചു കഴിഞ്ഞു. വിലങ്ങ് വെക്കപ്പെട്ട അവസ്ഥയിലാണ് പ്രവേശനം നടന്നത്. ചരിത്രം അങ്ങനെ രേഖപ്പെടുത്തി...

ബാഗ്ദാദിനടുത്തുള്ള അൽരിഖ പ്രദേശം. കൊട്ടാരവും കോടതിയും പ്രധാന ഓഫീസുകളും ജയിലുമെല്ലാം അവിടെയാണ്. ഇൽമിന്റെ സംസ്കാരത്തിന്റെയും കേന്ദ്രം. പണ്ഡിത സംഗങ്ങളും ചർച്ചകളും നടക്കുന്ന പ്രദേശം. ഗ്രന്ഥപ്പുരകളും ഉന്നത പഠന കേന്ദ്രങ്ങളുമുള്ള പട്ടണം. ആ പട്ടണത്തിലാണ് ഇമാം ശാഫിഈ (റ)എത്തിയത്. ഇമാം മുഹമ്മദുബ്നു ഹമ്പൽ അൽ ശൈബാനി ബാഗ്ദാദിന്റെ പണ്ഡിത ജ്യോതിസ് മദീനയിൽ വെച്ച് മഹാനവർകളെ ഇമാം ശാഫിഈ (റ) കണ്ടിട്ടുണ്ട്. ചർച്ചകൾ നടത്തിയിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെയാണ് പിരിഞ്ഞത്...

ഖലീഫ ഹാറൂൻ റശീദിന്റെ വളരെയടുത്ത ആളാണ് അൽ ശൈബാനി അവർകൾ. ബാഗ്ദാദിൽവെച്ച് ശൈബാനി അവർകൾ ഇമാം ശാഫിഈ (റ)വിനെ കണ്ടുമുട്ടി. സംസാരിച്ചു. ഇമാം രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തിലാണ്. ശൈബാനിയുടെ സദസ്സിൽ ഇമാം പങ്കെടുത്തു. ക്ലാസ് കേട്ടു ചില വിഷയങ്ങളെക്കുറിച്ച് ചർച്ച നടന്നു. ഇമാം തെളിവുകൾ ഉദ്ധരിച്ച് തന്റെ വാദം സമർത്ഥിച്ചു. നല്ല വിജ്ഞാന വിരുന്നുതന്നെ. ഇമാമിന്റെ കഴിവുകൾ കണ്ട് ശൈബാനി അവർകൾ സന്തോഷവാനായി. ഹാറൂൻ റശീദ് രഹസ്യ വഴികളിലൂടെ ഇമാമിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു...

വിചാരണയുടെ ദിവസം വന്നു. കൊട്ടാരത്തിലാണ് വിചാരണ നടക്കുന്നത്. ഖലീഫ നേരിട്ട് ചോദ്യം ചെയ്യും. വിപ്ലവകാരികളെയെല്ലാം വിചാരണ ചെയ്തു. വധശിക്ഷ വിധിക്കുകയും ചെയ്തു. കോടതിയിൽ സൈനിക നായകന്മാർ നിരന്നിരിക്കുന്നു. പ്രമുഖ വ്യക്തികൾ സന്നിഹിതരായിട്ടുണ്ട്. ഇമാം മുഹമ്മദുബ്നു ഹസൻ അൽ ശൈബാനിയും മറ്റ് ചില പണ്ഡിതന്മാരും ഖലീഫയുടെ സമീപം ഇരിക്കുന്നു. ഖലീഫ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഇമാം ശാഫിഈ (റ)മറുപടിയും തുടങ്ങി. എന്തൊരു വാക്ധോരണി. അറബി സാഹിത്യത്തിന്റെ സുന്ദരമായ ഒഴുക്ക്. ഓരോ വാക്കും ഖലീഫയുടെ മനസ്സിലേക്കിറങ്ങിപ്പോയി...

പദപ്രയോഗങ്ങൾക്കെന്തൊരു ഭംഗി, വിജ്ഞാനത്തിന്റെ തിളക്കം ഖലീഫ ആവേശഭരിതനായി. കൂടുതൽ കേൾക്കാനുള്ള ഉത്സാഹമായി. വീണ്ടും വീണ്ടും ചോദ്യങ്ങൾ വന്നു. വചനങ്ങൾക്ക് തിളക്കം കൂടിക്കൂടി വന്നു. കോടതി കോരിത്തരിച്ചുപോയി. കുറ്റവാളിയുടെ വിചാരണ എന്ന അവസ്ഥ മാറിപ്പോയി സാഹിത്യാസ്വാദന സദസ്സായി മാറി...

ഖലീഫ പറഞ്ഞു : സഹോദരാ എന്നെ ഉപദേശിക്കുക... ഇമാം ഉപദേശം തുടങ്ങി. മനസ്സിനെ പിടിച്ചു കുലുക്കുന്ന ഉപദേശം. നാട്ടിൽ സത്യവും നീതിയും പുലരണം. അക്രമകാരികളെ വെറുതെവിടരുത്. ജനക്ഷേമമായിരിക്കണം ഭരണാധികാരികളുടെ ലക്ഷ്യം. ഖലീഫക്കു വലിയ സന്തോഷം. ഇമാമിന്റെ സേവനം ഇറാഖിന് കിട്ടണം. ആ പാണ്ഡിത്യം ഇവിടെ പ്രകാശമായി ചൊരിയട്ടെ...

ഖലീഫ ഇമാം ശാഫിഈ (റ)അവർകൾക്ക് ഇനാം പ്രഖ്യാപിച്ചു. അഞ്ഞൂറ് ദീനാർ.

മന്ത്രി ഇമാമിനെ ഇങ്ങനെ അറിയിച്ചു. ഖലീഫയുടെ വക അഞ്ഞൂറ് ദീനാർ ഞങ്ങളുടെ വക അഞ്ഞൂറ് ദീനാർ നിങ്ങൾക്കു കിട്ടുന്ന പാരിതോഷികം ആയിരം ദീനാർ. ഇമാമിന് വല്ലാത്ത വിസ്മയം ഒരിക്കലും തന്റെ കൈയ്യിൽ ഇത്രയും വലിയ സംഖ്യ കിട്ടിയിട്ടില്ല. ഇമാം സ്വതന്ത്രനായി പുറത്ത് വന്നു. പണ്ഡിത സമൂഹം ഇമാമിനെ സ്വീകരിച്ചു. ഉടനെ സിയാറത്തിന് പോയി. ഇമാം അബൂഹനീഫ (റ) വിന്റെ ഖബർ സിയാറത്ത് ചെയ്തു. പ്രാർത്ഥന നടത്തി ഇമാം അബൂഹനീഫ (റ ) വിനെ വാഴ്ത്തിക്കൊണ്ട് ഇമാം ശാഫിഈ (റ) കവിത ചൊല്ലി. ആ മനോഹരമായ വരികൾ ലോകപ്രസിദ്ധമായിത്തീർന്നു...

ഇമാമിനെ സന്ദർശിക്കാൻ വിജ്ഞാന ദാഹികൾ കൂട്ടംകൂട്ടമായി വന്നു. വിജ്ഞാന ചർച്ചകൾ സജീവമായി. ഇറാഖിലെവിടെയും ഇമാമിനെക്കുറിച്ചുള്ള ചർച്ചയായി. ഹനഫീ ഫിഖ്ഹ് നന്നായി മനസ്സിലാക്കാൻ ഇറാഖിലെ ജീവിത കാലം ഇമാം ശാഫിഈ (റ) ഉപയോഗപ്പെടുത്തി. നിരവധി പണ്ഡിതന്മാരുമായി കർമശാസ്ത്ര സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്തു പഠിച്ചു. ഇറാഖ് ജീവിതം ധന്യമായി ...

മസ്ജിദുൽ ഹറാമിലെ ക്ലാസുകൾ

സഫലമായ നാല് വർഷങ്ങൾ അത് ഇറാഖിൽ കഴിഞ്ഞുപോയി ഇനി മടക്കമാണ് ഉമ്മയുടെ സമീപത്തേക്ക് മക്കത്തേക്ക് ഇറാഖിലെ ഓരോ രാവും പകലും പഠിക്കുകയായിരുന്നു വെറും പഠിപ്പല്ല ശ്രമകരമായ ഗവേഷണം എന്താണ് ഗവേഷണം നടത്തിയത് രണ്ട് മദ്ഹബുകൾ ഇമാം മാലിക്  (റ)വിന്റെ മദ്ഹബ് മദീനയിൽ വെച്ച് നന്നായി പഠിച്ചറിഞ്ഞിട്ടുണ്ട് ഇറാഖിൽ വെച്ച് ഇമാം അബൂഹനീഫ  (റ) വിന്റെ മദ്ഹബ് നന്നായി പഠിച്ചു ഇമാം അബൂഹനീഫ  (റ) വിന്റെ പ്രധാന ശിഷ്യനായ ഇമാം മുഹമ്മദുബ്നു ഹസൻ അൽ ശൈബാനി  (റ) വിൽ നിന്ന് തന്നെ ഹനഫി മദ്ഹബ് പഠിച്ചു

മൂന്ന് മഹാത്മാക്കളെക്കുറിച്ച് ചരിത്രം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു മക്കയിലെ പണ്ഡിത ശ്രേഷ്ഠൻ ഇമാം സുഫ്യാനുബ്നു ഉയൈന(റ) മദീനയിലെ പണ്ഡിത ശ്രേഷ്ഠൻ ഇമാം മാലിക്  (റ) ഇറാഖിലെ പണ്ഡിത ശ്രേഷ്ഠൻ ഇമാം മുഹമ്മദുബ്നു ഹസൻ അൽ ശൈബാനി  (റ) ഈ മൂന്നു മഹാന്മാരും ഇമാം ശാഫിഈ  (റ)വിന്റെ ഉസ്താദുമാരാകുന്നു

ഹനഫീ മദ്ഹബും മാലികി മദ്ഹബും കർമശാസ്ത്രത്തിൽ അവർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ അതിനെക്കുറിച്ചാണ് ഇമാം ശാഫിഈ  (റ)വിന്റെ ഗവേഷണം ഇമാം അഹ്ളം അബൂഹനീഫ (റ) മുജ്തഹിദാണ് ഇമാം മാലിക്  (റ)വും മുജ്തഹിദാണ് 

വിശുദ്ധ ഖുർആനും തിരുസുന്നത്തും പുണ്യസ്വഹാബികളുടെ ചര്യകളും അടിസ്ഥാനമാക്കിയാണവർ ഇജ്തിഹാദ് നടത്തിയത് ഇമാമുമാരുടെ ഗവേഷണം ഏത് വഴിക്കെല്ലാമാണ് പോയത് ഇമാം ശാഫിഈ  (റ) ആ വഴിയെല്ലാം കണ്ടെത്തുകയാണ് ഇമാം മാലിക്  ( റ) പ്രമാണങ്ങളാണ് മുഖ്യമായും അവലംബിച്ചത് ഇമാം അബൂഹനീഫ  (റ) പ്രമാണങ്ങൾക്കൊപ്പം യുക്തിയും പരിഗണിച്ചിട്ടുണ്ട് അതിനെക്കുറിച്ചും ഗവേഷണം നടത്തി ഇമാം അബൂഹനീഫ  (റ)വിന്റെ ചില നിഗമനങ്ങളോട് ഇമാം ശാഫിഈ  (റ) വിന് യോജിക്കാൻ കഴിഞ്ഞില്ല ഇമാം ശാഫിഈ  (റ) കൂടുതൽ പ്രബലമായ തെളിവുകൾ കണ്ടെത്തി ആ നിഗമനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു ഇമാം മാലിക്  (റ)വിന്റെ ചില നിഗമനങ്ങളോടും ഇതുപോലെ വിയോജിപ്പ് പ്രകടിപ്പിച്ചു 

ഇമാം ശാഫിഈ  (റ)വിന്റെ മദ്ഹബ് രൂപപ്പെട്ടുവരികയായിരുന്നു അനേകം മുജ്തഹിദുകൾ ജീവിക്കുന്ന കാലമാണ്  അവരെല്ലാം ഇജ്തിഹാദിലാണ് അവരെല്ലാം മദ്ഹബുകൾ രൂപീകരിച്ചുവരുന്നു കർമശാസ്ത്ര ഗവേഷണത്തിനിറങ്ങുന്നവർക്ക് വേണ്ടി ഒരു അടിത്തറ ഉണ്ടാക്കണമെന്ന് ഇമാം ശാഫിഈ  (റ)നിശ്ചയിച്ചു ഓരോരുത്തരും തങ്ങളുടെ പാണ്ഡിത്യവും പരിചയവും വെച്ചാണ് ഗവേഷണം നടത്തുന്നത് ഉറപ്പുള്ള അടിത്തറയിൽ നിന്നുകൊണ്ടാവണം ഗവേഷണം അടിത്തറ  (അസ്വ് ല്  ) ഉണ്ടാക്കാനുള്ള ശ്രമത്തിൽ ഇമാം ശാഫിഈ  (റ) വ്യാപൃതനായി അത് വിജയിച്ചു അങ്ങനെ ഉസ്വൂലുൽ ഫിഖ്ഹ് ഉണ്ടായി 

ഇമാം ശാഫിഈ  (റ) മക്കയിലേക്ക് മടങ്ങുകയാണ് കൈനിറയെ പണവുമായിട്ടാണ് മടക്കം കഷ്ടപ്പാടുകളുടെ മധ്യത്തിലാണ് ഉമ്മയും ഭാര്യയും അവരെ സന്തോഷിപ്പിക്കണം മകന് ചില സാമ്പത്തിക നേട്ടങ്ങളൊക്കെ ഉണ്ടായതായി ഉമ്മാക്ക് വിവരം കിട്ടി അത് മുതൽ ഉമ്മക്ക് വെപ്രാളമായി പൊന്നുമോൻ അല്ലാഹുവിന്റെ ദീനിന് വേണ്ടി ആത്മാർത്ഥമായി സേവനം ചെയ്യണം സാമ്പത്തിക വളർച്ച ഇതിന് തടസ്സമാകുമോ ?

ഉമ്മക്ക് പേടിതുടങ്ങി കഷ്ടപ്പാടുകൾ അങ്ങനെത്തന്നെയിരിക്കട്ടെ കഷ്ടപ്പാടുകളിൽ ക്ഷമിക്കുക ആ ക്ഷമയുടെ മഹത്വം വലുതാണ് ഞാനത് തുറന്നു പറയും എന്റെ മകന് അത് മനസ്സിലാവുകയും ചെയ്യും ഇമാം കയറിയ വാഹനം മക്കയിലെത്തി വീണ്ടും മസ്ജിദിൽ ഹറാം കഹ്ബാ ശരീഫ് സ്വീകരിക്കാൻ എത്രമാത്രമാളുകൾ പുണ്യകർമങ്ങളിൽ വ്യാപൃതനായി ഉമ്മയെയും ഭാര്യയെയും ബന്ധുക്കളെയും കാണണം അവർ താമസിക്കുന്ന താഴ്വരയിലേക്ക് യാത്ര ചെയ്തു

വീട്ടിലെത്തി ഉമ്മാക്ക് സലാം ചൊല്ലി സലാം മടക്കിയ ശേഷം ഉമ്മ ഉപദേശിച്ചു മോനേ ഒരു കാര്യം പറയാനുണ്ട് നിന്റെ കൈവശം ധാരാളം പണം വന്നുചേർന്നതായി ഞാനറിഞ്ഞു നമുക്കത് വേണ്ട മോനേ മക്കയിലെ ദരിദ്രർക്കിടയിൽ അത് വിതരണം ചെയ്യുക എന്നിട്ട് മതി എന്റെയടുക്കലേക്കുള്ള നിന്റെ വരവ് ഉമ്മയുടെ അഭിലാഷം അതാണ്  ഇമാം പുറത്തേക്കു പോയി പട്ടിണിക്കാരും ,രോഗികളും, ദരിദ്രരും, മുസാഫിരീങ്ങളും മക്കയിൽ ധാരാളം കൈവശമുള്ള പണം മുഴുവൻ അവർക്കിടയിൽ വിതരണം ചെയ്തു എന്നിട്ട് വീട്ടിലേക്ക് കയറിച്ചെന്നു വർധിച്ച സന്തോഷത്തോടെ ഉമ്മ മകനെ കെട്ടിപ്പുണർന്ന് സ്വീകരിച്ചു 

ഇമാമിന്റെ മനസ്സിൽ ചില നിശ്ചയങ്ങളുണ്ട് ഗവേഷണ ഫലമായി മനസ്സിലാക്കിയ ആശയങ്ങൾ അവ രേഖപ്പെടുത്തണം നിരവധി മസ്അലകൾ മനസ്സിലുണ്ട് ജനങ്ങൾക്ക് ഉപകാരപ്പെടും വിധം അവ രേഖപ്പെടുത്തണം ഗ്രന്ഥ രചന അനിവാര്യമായിരിക്കുന്നു മസ്ജിദുൽ ഹറാം മഹാപണ്ഡിതരുടെ സംഗമസ്ഥലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നു പണ്ഡിത പ്രതിഭകൾ ഇജ്തിഹാദിന്റെ യോഗ്യത നേടിയവർ അക്കൂട്ടത്തലുണ്ട് പല മഹാന്മാരും മസ്ജിദുൽ ഹറാമിൽ ക്ലാസെടുക്കുന്നുണ്ട് ചിലർ വിശുദ്ധ ഖുർആൻ വ്യാഖ്യാനിക്കുന്നു മഹത്തായ തഫ്സീർ ക്ലാസുകൾ 

ചിലർ ഹദീസ് ക്ലാസുകൾ നടത്തുന്നു മറ്റു ചിലർ ഫിഖ്ഹ് പഠിപ്പിക്കുന്നു ഇമാം ശാഫിഈ  (റ) വിന്റെ ക്ലാസുകൾ കേൾക്കാൻ പണ്ഡിതസമൂഹത്തിന് വലിയ മോഹം ഇമാം ശാഫിഈ  (റ)വരികയാണ് മസ്ജിദുൽ ഹറമിലേക്ക് പുതിയൊരു കാലഘട്ടത്തിന്റെ തുടക്കം ഏത് വിഷയവും വളരെ നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള മഹാപണ്ഡിതന്റെ ആഗമനം മസ്ജിദുൽ ഹറാമിൽ ആവേശം പകർന്നു ഇൽമിനോടുള്ള എല്ലാ അദബുകളും പാലിച്ചുകൊണ്ട് മാഹാൻ ക്ലാസ് തുടങ്ങി കേൾവിക്കാർ വിസ്മയിച്ചുപോയി

വിഷയങ്ങളുടെ നിലക്കാത്ത ഒഴുക്ക് അത്യാകർഷകമായ അവതരണശൈലി ക്ലാസിൽ നിനംപ്രതി ആളുകൾ കൂടിക്കൂടി വന്നു വിജ്ഞാനത്തിന്റെ എല്ലാ കൈവഴികളും അവതരണത്തിലൂടെ ഒഴികിവരുന്നു അതിശയകരമായ ക്ലാസ് അറബി സാഹിത്യം പരന്നൊഴുകുന്നു കവിതകൾ അതിൽ അലിഞ്ഞുചേർന്നുവരുന്നു ഉപമകൾ വരുന്നു പഴമൊഴികൾ ഉദ്ധരണികൾ ചരിത്ര മുത്തുകൾ എല്ലാം ഒഴികിവരുന്നു

ആരും അമ്പരന്നുപോകും ഇടക്ക് ജനങ്ങളോട് പ്രസംഗിക്കും ഇമാം ശാഫിഈ  (റ) ഉജ്ജ്വല വാഗ്മിയാണ് ജനഹൃദയങ്ങൾ ഇളക്കിമറിക്കുന്ന വാക്ധോരണി ആ പ്രസംഗങ്ങൾ ജനഹൃദയങ്ങളിൽ നബി  (സ) തങ്ങളോടുള്ള മുഹബ്ബത്ത്  വർധിപ്പിച്ചു സുന്നത്തുകൾ വർദ്ധിപ്പിക്കാൻ പ്രേരണ നൽകി ഹദീസുകൾ പഠിക്കാൻ പ്രചോദനം നൽകി നബി  (സ)തങ്ങളുടെ ചരിത്രം പഠിക്കാൻ ജനങ്ങൾ ആവേശം കാണിച്ചു വിശുദ്ധ ഖുർആൻ വചനങ്ങൾ ആകർഷകമായി പാരായണം ചെയ്തു ജനഹൃദയങ്ങളുടെ ആഴത്തിലേക്കിറങ്ങുംവിധം വ്യാഖ്യാനിച്ചു അവതരണത്തിലെ സാഹിത്യമേന്മ ശ്രോതാക്കളെ അത്ഭുതപ്പെടുത്തി ഫിഖ്ഹിന്റെ അഗാധ തലങ്ങൾ വിശദീകരിച്ചു ഓരോ പ്രസംഗവും മറക്കാത്ത അനുഭവങ്ങൾ തന്നെ മുനാളറ 

അക്കാലത്തെ പ്രധാനപ്പെട്ടൊരു വൈജ്ഞാനിക പരിപാടിയാണത് പ്രമാണങ്ങളുടെ വെളിച്ചത്തിൽ പണ്ഡിതന്മാർ പ്രത്യേക വിഷയങ്ങളെക്കുറിച്ചു നടത്തുന്ന ചർച്ചകൾ ചർച്ചകൾക്ക് ചൂടു പിടിക്കും തർക്കങ്ങൾ വരും വിദ്യയും യുക്തിയും പ്രയോഗിക്കും മുനാളറകളിൽ ശാഫിഈ  (റ) പങ്കെടുക്കുന്നു എന്നറിഞ്ഞാൽ സദസ് നിറഞ്ഞു കവിയും വാദങ്ങൾ സ്ഥാപിക്കാൻ ഇമാം ശാഫിഈ  (റ) അവർകളുടെ ഉദ്ധരണികളും മറ്റും രേഖപ്പെടുത്താൻ പണ്ഡിതന്മാർ അത്യുത്സാഹം കാണിക്കും

ഈ കാലഘട്ടത്തിൽ നടന്ന മറ്റൊരു പ്രധാന സംഭവം പറയാം ഇമാം അഹ്മദുബ്നു ഹമ്പൽ (റ)വിന്റെ ആഗമനം വൈജ്ഞാനിക വിഹായുസ്സിലെ മറ്റൊരു താരം ഇമാം അഹ്മദുബ്നു ഹമ്പൽ  (റ) ഹിജ്റ 164-ൽ ബാഗ്ദാദിൽ ജനിച്ചു മഹാപണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം നേടി വിവിധ വിഷയങ്ങളിൽ ഗവേഷണ പഠനം തുടർന്നു ഇമാം ശാഫിഈ  (റ)വിന്റെ ക്ലാസ്സിൽ പങ്കെടുക്കുകയെന്നത് വലിയ മോഹമായിരുന്നു ആ മോഹവുമായി മക്കയിലെത്തി മസ്ജിദുൽ ഹറാമിൽ ചെന്നു പലരുടെയും ക്ലാസുകൾ കേട്ടു ഇമാം ശാഫിഈ  (റ)വിന്റെ ക്ലാസ് കേട്ട് അതിശയിച്ചുപോയി

ഇമാം അഹ്മദുബ്നു ഹമ്പൽ  (റ)വും കൂട്ടുകാരനായ മറ്റൊരു പണ്ഡിതനും കൂടി മസ്ജിദുൽ ഹറാമിൽ വന്നു ഒരു ക്ലാസിലിരുന്നു കുറച്ചു നേരം കഴിഞ്ഞു കൂട്ടുകാരൻ നോക്കുമ്പോൾ ഇമാം അഹ്മദുബ്നു ഹമ്പൽ  (റ)വിനെ കാണാനില്ല കൂട്ടുകാരൻ എഴുന്നേറ്റു ഇതെവിടെപ്പോയി ? ഏതെങ്കിലും ക്ലാസ്സിൽ ഇരിക്കുന്നുണ്ടാവും പല സ്ഥലത്തും നടന്നു നോക്കി കണ്ടില്ല

ഇമാം സുഫ്യാനുബ്നു ഉയയ്ന(റ) വിന്റെ ക്ലാസ് വളരെ പ്രസിദ്ധമാണ് കൂട്ടുകാരൻ അങ്ങോട്ടു നടന്നു അവിടെയും കാണാനില്ല അകലെ ഒരു ക്ലാസ് നടക്കുന്നു വലിയ ജനക്കൂട്ടമുണ്ട് ക്ലാസെടുക്കുന്ന അധ്യാപകനെ പരിചയമില്ല അവിടേക്കു ചെന്നു സദസ്സിന്റെ എല്ലാ ഭാഗത്തേക്കും സൂക്ഷിച്ചു നോക്കി അതാ ഇരിക്കുന്നു അഹ്മദുബ്നു ഹമ്പൽ  (റ) അടുത്തേക്ക് ചെന്നു ഇങ്ങനെ ചോദിച്ചു :എന്താ ഇവിടെ വന്നിരിക്കുന്നത്?

അഹ്മദുബ്നു ഹമ്പൽ  (റ)കൂട്ടുകാരനോട് പറഞ്ഞു : ഇവിടെ ഇരിക്ക് സംസാരിക്കരുത് കൂട്ടുകാരൻ ഇരുന്നു ക്ലാസ് ശ്രദ്ധിച്ചു അമ്പരന്നു എന്തൊരു ഒഴുക്കുള്ള ഭാഷ എന്തൊരു വിജ്ഞാനം പരിസരം മറന്നിരുന്നുപോയി കുറെ നേരത്തിനു ശേഷം മെല്ലെ ചോദിച്ചു : ആരാണ് ഈ മഹാൻ ? ഇമാം അഹ്മദുബ്നു ഹമ്പൽ  (റ)പറഞ്ഞു :ഇതാണ് ഇമാം മുഹമ്മദുബ്നു ഇദ്രീസുശ്ശാഫിഈ കൂട്ടുകാരൻ ഞെട്ടി എത്ര തവണ കേട്ട പേര് ഇമാം ശാഫിഈ  (റ)വിന്റെ ക്ലാസിനെക്കുറിച്ചു ലോകപ്രസിദ്ധരായ നിരവധി പണ്ഡിതൻമാർ അതിശയത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട് ഗ്രന്ഥരചനയുടെ  തുടക്കവും ഇവിടെ ആരംഭിക്കുന്നു പിൽക്കാല തലമുറകൾക്ക് സന്മാർഗ പ്രകാശമായി മാറിയ കിതാബുകൾ രചിക്കാൻ പോവുകയാണ് 


മഹത്തായ വഴി 

ലോകപ്രസിദ്ധനായ ഹദീസ് പണ്ഡിതനാണ് ഇമാം ഇസ്ഹാഖുബ്നു റാഹവൈഹി (റ). അദ്ദേഹം ഒരിക്കൽ മക്കയിൽ ചെന്നു. വന്ദ്യരായ ഇമാം അഹ്മദുബ്നു ഹമ്പൽ (റ) അന്ന് മക്കയിലുണ്ട്. സംഭാഷണത്തിന്നിടയിൽ ഇമാം അഹ്മദുബ്നു ഹമ്പൽ (റ) പറഞ്ഞു, നമുക്ക് പോകാം നിങ്ങളുടെ കണ്ണുകൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും മഹാനായ ഒരു പണ്ഡിത ശ്രേഷ്ഠനെ നമുക്കിപ്പോൾ പോയിക്കാണാം.

ഇരുവരും നടന്നു ഇമാം ശാഫിഈ (റ)വിനെ ചെന്നു കണ്ടു പരിചയപ്പെട്ടു...

സംസാരം കേട്ട് ഇമാം ഇസ്ഹാഖുബ്നു റാഹവൈഹി (റ) അതിശയിച്ചുപോയി. പിന്നീട് റാഹവൈഹി അവർകൾ ഇമാം ശാഫിഈ (റ) വിന്റെ ധാരാളം ക്ലാസുകളിൽ പങ്കെടുത്തു. മുനാളറകളിലും പങ്കെടുത്തു. ഒരിക്കൽ റാഹവൈഹിയും ഇമാം ശാഫിഈ (റ) വും തമ്മിൽ ഒരു വിഷയത്തിൽ വാഗ്വാദം നടത്തി.

വാദവും പ്രതിവാദവും നടന്നു. അത് കഴിഞ്ഞ് റാഹവൈഹി (റ) പ്രതികരിച്ചതിങ്ങനെയായിരുന്നു. ഇമാം ശാഫിഈ (റ)വിന്റെ മനഃപാഠശക്തി എന്നെ അതിശയിപ്പിച്ചുകളഞ്ഞു. ഈ ഖുറൈശി പണ്ഡിതന്റെ മുമ്പിൽ എല്ലാവരും തലകുനിക്കും. ഒരിക്കൽ റാഹവൈഹി (റ) പറഞ്ഞു : ഇമാം ശാഫിഈ (റ) ഒരു തികഞ്ഞ ഇമാം തന്നെയാണ്...

മുഹ്തസിലിയാക്കളുടെ കാലഘട്ടമായിരുന്നു അത്. അവരുടെ കൂട്ടത്തിൽ വലിയ ബുദ്ധിജീവികളും പണ്ഡിതന്മാരുമുണ്ട്. സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതരുമായി വാഗ്വാദം നടത്താൻ പലപ്പോഴും വേദിയൊരുക്കാറുണ്ട്. മുഹ്തസിലികളുടെ നേതാവാണ് മികച്ച പ്രസംഗകനും പണ്ഡിതന്മായ ബിശ്റുൽ മിർറിസി ഇദ്ദേഹം ഇമാം ശാഫിഈ (റ)വുമായി പല തവണ വാഗ്വാദം നടത്തിയിട്ടുണ്ട്. എപ്പോഴും ഇമാം ജയിക്കും. ബിശ്ർ തോൽക്കും. ബിശ്റിന്റെ ബുദ്ധിയും യുക്തിയും പാണ്ഡിത്യവുമെല്ലാം ഇമാമിന്റെ മുമ്പിൽ ചിതറിപ്പോവും. തോറ്റ് തൊപ്പിയിട്ട ബിശ്ർ ഒരിക്കൽ പറഞ്ഞു : ലോകത്തുള്ള മനുഷ്യരുടെ ബുദ്ധിയുടെ പകുതി ഭാഗം ഇമാം ശാഫിഇക്ക് കിട്ടിയിരിക്കുന്നു. ആ ഖുറൈശി പണ്ഡിതന്റെ കാര്യം അതിശയകരമാണ്...

ഹിജ്റ 195 ഇമാം ഇറാഖിലേക്ക് പോവാൻ തീരുമാനിച്ചു. ഇറാഖിലെ പണ്ഡിതന്മാർക്ക് അതൊരു സന്തോഷവാർത്തയായിരുന്നു. കുടുംബസമേതമാണ് യാത്ര. ഇമാമിനെ സ്വീകരിക്കാനും താമസൗകര്യം ഒരുക്കിക്കൊടുക്കാനും പലരും മുമ്പോട്ടു വന്നു. പണ്ഡിത പ്രമുഖനായ ഇമാം സഹ്ഫറാനി (റ)വിന്റെ കൂടെകഴിയാനാണ് ഇമാം ശാഫിഈ (റ)തീരുമാനിച്ചത്. ഹദീസിൽ നിന്ന് ഫിഖ്ഹ് പഠിച്ചെടുക്കുക. മസ്അലകൾ കണ്ടെത്തുക. അതാണ് മുഖ്യ വിഷയം...

ഇറാഖിൽ വേരുറപ്പിച്ചുവരികയാണ് മുഹ്തസ്ലി പ്രസ്ഥാനം. നിരവധി ധനികന്മാർ അവർക്കൊപ്പം ചേർന്നു. ധനികന്മാരെ ചുറ്റിപ്പറ്റിക്കഴിയുന്നവരും ചേർന്നു. ചില ഭരണാധികാരികൾ വരെ അവരുടെ സ്വാധീനത്തിൽ പെട്ടു. മുനാളറകളിൽ (വാഗ്വാദം,Debate) മുഹ്തസിലികൾ ജയിക്കുന്നു. പണ്ഡിത ലോകം നിരാശപ്പെടുന്നു...

ഈ സാഹചര്യത്തിലാണ് ഇമാം ശാഫിഈ (റ) വിന്റെ ആഗമനം. എല്ലാ പ്രതീക്ഷകളും ഇമാമിലാണ്. മുനാളറകൾക്ക് തീയ്യതി നിശ്ചയിച്ചു. വൻ ജനാവലി. പങ്കെടുത്ത വാഗ്വാദങ്ങൾ പണ്ഡിതന്മാരുടെ വലിയ സംഘം സന്നിഹിതരായി. ഇമാം ശാഫിഈ (റ) വിന്റെ പാണ്ഡിത്യത്തിനും ബുദ്ധിക്കും യുക്തിക്കും മുമ്പിൽ മുഹ്തസിലി വിഭാഗം വീണു. ആ ഖുറൈശി പണ്ഡിതനെ നേരിടാൻ കഴിയില്ലെന്ന് തുറന്നു സമ്മതിക്കാൻ നിർബന്ധിതരായി. മുഹ്തസിലി ചിന്താധാരയുടെ ശക്തമായ മുന്നേറ്റത്തെ ഇമാം ശാഫിഈ (റ)തടഞ്ഞുനിർത്തി...

പതിനായിരക്കണക്കിൽ ഹദീസുകൾ പഠിച്ച പണ്ഡിതന്മാർ പല നാടുകളിലുമുണ്ടായിരുന്നു. ഇറാഖിൽ ലക്ഷക്കണക്കിൽ ഹദീസുകൾ പഠിച്ചവരുണ്ടായിരുന്നു. ഇമാം അഹ്മദുബ്നു ഹമ്പൽ (റ) പഠിച്ച ഹദീസുകളുടെ എണ്ണം പത്തുലക്ഷമായിരുന്നു. ഹദീസുകളിൽ നിന്ന് ഫിഖ്ഹ് പിടിച്ചെടുക്കാൻ പലർക്കും പ്രയാസമായിരുന്നു. പണ്ഡിതന്മാർക്ക് ആ കഴിവ് ഉണ്ടാക്കിക്കൊടുത്തത് ഇമാം ശാഫിഈ (റ)അവർകളാകുന്നു...

ഫിഖ്ഹുൽ ഹദീസ് എന്നൊരു വിജ്ഞാന ശാഖ തന്നെ ഇമാം വികസിപ്പിച്ചെടുത്തു. അതോടെ ഗവേഷണത്തിനുള്ള വാതിലുകൾ തുറക്കപ്പെട്ടു. ഇമാം ശാഫിഈ (റ) രൂപപ്പെടുത്തിയ ഉസ്വൂലുൽ ഫിഖ്ഹ് ഗവേഷകർക്ക് കിട്ടിയ മറ്റൊരു അനുഗ്രഹമാണ്...

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) പ്രഖ്യാപിച്ചു: ഹദീസുകളിൽ നിന്ന് ഫിഖ്ഹ് പിടിച്ചെടുക്കുന്ന വിദ്യ ഞങ്ങളെ പഠിപ്പിച്ചത് ഇമാം ശാഫിഈ (റ) അവർകളാകുന്നു. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ആ വിദ്യ ഞങ്ങൾക്ക് ലഭിക്കാതെ പോകുമായിരുന്നു...

ഇമാം അഹ്മദുബ്നു ഹമ്പൽ (റ)യുടെ മറ്റൊരു വചനം വളരെ പ്രസിദ്ധമാണ്. ഫിഖ്ഹ് അടച്ചുപൂട്ടി വെക്കപ്പെട്ട വിജ്ഞാനമായിരുന്നു. അല്ലാഹു ഇമാം ശാഫിഈ (റ)വിലൂടെ അത് നമുക്കു തുറന്നു തന്നു. ഫിഖ്ഹ് വലിയൊരു വിജ്ഞാന ശാഖയായി വളർന്നു വന്നു. വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും വിധികൾ പിടിച്ചെടുത്തു വ്യാഖ്യാനിച്ചു. പണ്ഡിത സമൂഹത്തെ അത് വല്ലാതെ ആകർഷിച്ചു. പണ്ഡിതന്മാരല്ലാത്തവർക്ക് വലിയ അനുഗ്രഹമായി. വിധികൾ കിട്ടാൻ ഫിഖ്ഹ് നോക്കിയാൽ മതി എന്ന നില വന്നു...

ഇറാഖിലെ അൽ ഗർബി മസ്ജിദ്. ഇമാം ശാഫിഈ (റ)അവിടെ ക്ലാസ് നടത്തി. സംശയ നിവാരണം ലക്ഷ്യമാക്കി നിരവധി പണ്ഡിതന്മാരെത്തി. അവരെല്ലാം ഇമാമിന്റെ പാണ്ഡിത്യം കണ്ട് അമ്പരന്നു. അവരിൽ പലരും പ്രഖ്യാപിച്ചതിങ്ങനെയായിരുന്നു... ഞങ്ങൾ പല കാര്യങ്ങളിലും തെറ്റിധാരണയിലായിരുന്നു. പലതും മനസ്സിലാക്കിയതിൽ തെറ്റ് പറ്റിയിരുന്നു. ഞങ്ങൾ അതെല്ലാം തിരുത്തി നേർവഴി കണ്ടെത്തി. ഇമാം ശാഫിഈ (റ)വിന്റെ പാണ്ഡിത്യം ഞങ്ങളെ രക്ഷപ്പെടുത്തി. ഇമാം ശാഫിഈ (റ)വിന്റെ ചിന്താധാരയുടെ പ്രചാരകന്മാരായി ഈ ശിഷ്യന്മാർ രംഗത്ത് വന്നു...

വൈജ്ഞാനിക മുന്നേറ്റമാണ് പിന്നീട് നടക്കുന്നത്. നിരവധിയാളുകൾ വൈജ്ഞാനിക രംഗത്തേക്ക് വന്നു. മികച്ച പണ്ഡിത പ്രതിഭകൾ വളർന്നു വന്നു. പഠിച്ചു വളരാൻ അവർക്കു മുമ്പിൽ വിശാലമായ വഴിയുണ്ട്. ഇവരിലൂടെ നിരവധി പ്രദേശങ്ങളിൽ ഇസ്ലാം മതം പ്രചരിച്ചു...

ഇമാം ശാഫിഈ (റ)എഴുതിവെച്ച കാര്യങ്ങൾ പകർത്തിയെടുക്കാൻ മത്സരിച്ചു. കിട്ടിയവർക്കെല്ലാം കിട്ടി. കിട്ടാത്തവർ കിട്ടിയവരിൽനിന്നും പകർത്തി. അവരിൽനിന്ന് പിന്നിട് വന്നവർക്ക് കിട്ടി. അങ്ങനെ വിജ്ഞാനത്തിന്റെ വ്യാപനം നടന്നു.

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) പറഞ്ഞത് എത്ര വാസ്തവം അദ്ദേഹം പറഞ്ഞു :

''ഖലാമും മഷിക്കുപ്പിയും തൊട്ടവർക്കെല്ലം ഇമാം ശാഫിഈ (റ) വിനോട് ഏതെങ്കിലും രീതിയിൽ ഒരു കടപ്പാട് ഉണ്ടാവും''

നബി (സ)തങ്ങളുടെ ഒരു വചനം വളരെ പ്രസിദ്ധമാണ്. ഖുറൈശി വംശത്തിൽ ഒരു കുട്ടി ജനിക്കും. മഹാപണ്ഡിതനായിത്തീരും. ലോകം മുഴുവൻ വിജ്ഞാനം വ്യാപിക്കും. ഹദീസിൽ സൂചിപ്പിക്കപ്പെട്ട പണ്ഡിതൻ ഇമാം ശാഫിഈ (റ) തന്നെയാകുന്നു. ഖുറൈശി ഗോത്രത്തിൽ അത്രയും മഹാനായ മറ്റൊരു പണ്ഡിതൻ വേറെ ഉണ്ടായിട്ടില്ല. ഈ വിധത്തിൽ നിരവധി പണ്ഡിതൻമാർ രേഖപ്പെടുത്തിയിട്ടുണ്ട് ...

ഇമാം ശാഫിഈ (റ)ഒരിക്കൽ വിരുന്നു വന്നു. ഇമാം അഹ്മദുബ്നു ഹമ്പൽ (റ)വിന്റെ വീട്ടിലേക്കാണ് വിരുന്നു വന്നത്. വീട്ടുകാർക്ക് വലിയ സന്തോഷമായി. നല്ല ആഹാരമുണ്ടാക്കി സൽക്കരിച്ചു. അന്നവിടെത്തന്നെ താമസിക്കുകയാണ് പിറ്റേന്നാണ് മടക്കം. ഇമാം അഹ്മദ് (റ)വിന്റെ മകൾ പണ്ഡിതയാണ്. ധാരാളം അമലുകൾ ചെയ്യും.

ഇമാം ശാഫിഈ (റ)വിന്റെ രാത്രിയിലെ ഇബാദത്തുകൾ കാണാൻ മകൾക്ക് വലിയ ആകാംക്ഷ. പിതാവ് പതിവുള്ള ആരാധനകളിൽ മുഴുകി മകൾ ഉറങ്ങാതെ കാത്തിരുന്നു. ആദ്യകാല സൂഫി വനിതകളിൽ പെട്ട ഈ മകൾ ഇമാമിന്റെ ആരാധനകൾ കാണാൻ കൊതിച്ചു. ഇമാം ശാഫിഈ (റ) നിവർന്നു കിടന്നു. ഒരു കർമവും ചെയ്യുന്നതായി മകൾ കണ്ടില്ല. പ്രഭാതമായി മകൾ ഇക്കാര്യം ഉപ്പയോട് പറഞ്ഞു: ഇമാം ശാഫിഈ (റ)കടന്നുവന്നു. ഇമാം അഹ്മദ് (റ)ചോദിച്ചു : താമസം എങ്ങനെ..? സുഖമായിരുന്നോ..? ഇമാം ശാഫിഈ (റ) പറഞ്ഞു : സന്തോഷം നിറഞ്ഞ രാത്രിയായിരുന്നു.

കിടന്ന കിടപ്പിൽ ഞാൻ നൂറ് മസ്അലകൾ കണ്ടെത്തി. മുസ്ലിംകൾക്ക് ഉപകാരമുള്ള മസ്അലകൾ. ഉപ്പയും മകളും അതിശയിച്ചുപോയി. രാത്രി മുഴുവൻ ഗവേഷണത്തിലായിരുന്നു. ഉപ്പ മകളോട് പറഞ്ഞു : ഇമാം ശാഫിഈ (റ)അവർകളുടെ ഈ രാത്രിയിലെ പ്രവർത്തനം എത്രമഹത്തരമാണ് ...

ഇമാം ശാഫിഈ (റ) തന്റെ ശിഷ്യനായ ഇമാം അഹ്മദിനെ വളരെയേറെ സ്നേഹിച്ചിരുന്നു. ശിഷ്യനെ ലോകപ്രശസ്ത പണ്ഡിതനാക്കാൻ നന്നായി ശ്രമിച്ചു. ഇൽമിന്റെ കൈവഴികളിലൂടെ കൊണ്ടുപോയി. എല്ലാ ശാഖകളിലും ശിഷ്യൻ അവഗാഹം നേടി. പിന്നീടൊരിക്കൽ ഇമാം ശാഫിഈ (റ) പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.

ഇമാം ശാഫിഈ (റ)പറഞ്ഞു : ഞാൻ ബാഗ്ദാദ് വിട്ടുപോരുമ്പോൾ ഇമാം അഹ്മദുബ്നു ഹമ്പലിനെക്കാൾ വലിയ ഒരു പണ്ഡിതൻ അവിടെയില്ല. ഖുർആനിലും ഹദീസിലും ഫിഖ്ഹിലും തഖ് വയിലും ഐഹിക സുഖപരിത്യാഗത്തിലുമെല്ലാം ഇമാം അഹ്മദ് (റ) മറ്റാരെക്കാളും മുന്തിനിൽക്കുന്നു. ഹിജ്റ 241- ലാണ് ഇമാം അഹ്മദുബ്നു ഹമ്പൽ (റ) ബാഗ്ദാദിൽ വഫാത്തായത്. ഹിജ്റ 195 മുതൽ 197വരെ രണ്ട് വർഷം കൊണ്ട് ഇമാം ശാഫിഈ (റ) അത്ഭുതകരമായ ജോലികളാണ് ചെയ്തുതീർത്തത്...

ഹിജ്റ 197ൽ മദീനയിലെത്തി. റൗളാ ശരീഫ് സിയാറത്ത് ചെയ്യാനുള്ള വല്ലാത്ത മോഹം മനസ്സിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. മഹത്തായ മസ്ജിദുന്നബവിയിലെത്തിയപ്പോൾ മനസ് വിങ്ങിപ്പോയി. താൻ ഓതിപ്പഠിച്ച കേന്ദ്രം

ഇമാം മാലിക് (റ)വിന്റെ ക്ലാസിലിരുന്ന നാളുകൾ ഓർമവന്നു. മുവത്വയുടെ ക്ലാസുകൾ മറക്കാനാവില്ല. ഇമാം അഹ്മദുബ്നു ഹമ്പൽ (റ)വിന് അതേ മുവത്വ താൻ ക്ലാസെടുത്തുകൊടുത്തു. അതും ചരിത്രമായി. പുണ്യ റൗളാ ശരീഫിലെത്തി. ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ (സ)തങ്ങൾക്ക് സലാം ചൊല്ലി. ഓർമ്മകൾ ഒഴുകിവരികയാണ്. ഏതാനും ദിവസങ്ങൾ മദീനയിൽ തങ്ങി പിന്നെ മക്കത്തേക്ക് യാത്രതിരിച്ചു...

മക്കാപുണ്യമനസ്സിൽ കാലു കുത്തി. അധിക നാളുകൾ മക്കയിൽ തങ്ങിയില്ല. മസ്ജിദുൽ ഹറമിൽ ചില ക്ലാസുകൾ നടത്തി. ശാഫിഈ മദ്ഹബ് പണ്ഡിതന്മാർ പരിചയപ്പെട്ടു. അതിൽ ആകൃഷ്ടരായി. ഒരിക്കൽ കൂടി ഇറാഖിൽ പോയിവന്നു...

ഇനി മക്കയോട് വിടചൊല്ലുകയാണ്...
ഇനി യാത്ര മിസ്റിലേക്ക് ...


ഈജിപ്തിലെ പ്രകാശം

പൗരാണിക നാഗരികതയുടെ കളിത്തൊട്ടിലായ ഈജിപ്ത് നൈൽ നദി പാഞ്ഞൊഴുകുന്ന നാട് ഇമാം ശാഫിഈ  (റ) വിന്റെ അടുത്ത കർമരംഗം അവസാനത്തെ കർമവേദിയും അതുതന്നെ മക്ക വിടുകയാണ് മക്കയിലെ ശിഷ്യന്മാർക്കും സ്നേഹ ജനങ്ങൾക്കും ബന്ധുക്കൾക്കും വിരഹ വേദന ഹിജ്റ 198ൽ ഈജിപ്തിലെത്തി അസദ് ഗോത്രം ഉമ്മയുടെ ഗോത്രം ആ ഗോത്രത്തിലെ എത്രയോ പ്രമുഖർ ഈജിപ്തിൽ താമസിക്കുന്നുണ്ട് തന്റെ അമ്മാവൻമാർ അക്കൂട്ടത്തിലുണ്ട് അവരോടൊപ്പം താമസിക്കാമെന്നാണ് തീരുമാനം

ഈജിപ്തുകാർ വളരെയേറെ സന്തോഷത്തിലാണ് ലോകപ്രസിദ്ധനായ പണ്ഡിതനെ വരവേൽക്കാൻ കഴിഞ്ഞതിലുള്ള വലിയ ആഹ്ളാദം പല തറവാട്ടുകാരും ഇമാമിനെ താമസിക്കാൻ ക്ഷണിച്ചു അതൊന്നും സ്വീകരിച്ചില്ല അമ്മാവന്മാരുടെ കൂടെത്തന്നെ താസിച്ചു സ്വഹാബി പ്രമുഖനായ അംറുബ്നുൽ ആസ്വ് (റ) മുസ്ലിം സൈന്യത്തെ ഈജിപ്തിലേക്കു നയിച്ച ധീരനായ സൈന്യാധിപൻ സിറിയയും ഫലസ്തീനും ജയിച്ചടക്കിയ ശേഷം മുസ്ലിം സൈന്യം മുന്നേറിയത് ഈജിപ്തിലേക്കായിരുന്നു നൈലിന്റെ തീരം മുസ്ലിംകളെ സ്വീകരിച്ചു അവിടെ തൗഹീദിന്റെ പ്രകാശം പരന്നു
ഏകനായ അല്ലാഹുവിനെ ആരാധിക്കാൻ മസ്ജിദ് വേണം അല്ലാഹുവിന്റെ ദീൻ പഠിപ്പിക്കാൻ ആ മസ്ജിദ് ഉപയോഗപ്പെടുത്തണം മസ്ജിദിന്റെ പണി തുടങ്ങി വളരെ വേഗം പണി പുരോഗമിച്ചു  ചരിത്രം ആ മസ്ജിദിനെ വിളിച്ചത് ജാമിഉ അംറുബ്നുൽ ആസ്വ് എന്നാകുന്നു ഇബാദത്തിന്റെയും ഇൽമിന്റെയും ലോകപ്രസിദ്ധമായ കേന്ദ്രം ആഫ്രിക്കയിലെ മസ്ജിദുകളെല്ലാം ഇതിനുശേഷം ഉയർന്നു വന്നതാകുന്നു എന്തുമാത്രം സ്വഹാബികളാണ് ഈ പള്ളിയിൽ ഇബാദത്തെടുത്തത് ഈജിപ്തുകാർ ഇവിടെനിന്നാണ് ദീനീ വിജ്ഞാനം നേടിയത്

ആദ്യകാല ഉസ്താദുമാർ സ്വഹാബികളായിരുന്നു ജാമിഉ അംറുബ്നുൽ ആസ്വ് അവിടേക്കിതാ ഇമാം ശാഫിഈ  (റ)കടന്നുവരുന്നു മഹാപണ്ഡിതന്മാരും സാധാരണക്കാരും പൗരപ്രമുഖരുമൊക്കെ ഒപ്പം കയറിവന്നു ചരിത്രപ്രസിദ്ധമായ മസ്ജിദിന് നവചൈതന്യം കൈവരികയാണ് ഇമാം ശാഫിഈ  (റ) വിന്റെ കർമവേദി ഇനി ഈ മസ്ജിദാകുന്നു പുതിയൊരു പഠനകേന്ദ്രം ഉദയം ചെയ്യുകയാണ് ഇമാമിന്റെ മനസ് നിറയെ ആശയങ്ങളാണ്  അവ രേഖപ്പെടുത്തണം അങ്ങനെ മഹത്തായ ഗ്രന്ഥങ്ങൾ രൂപംകൊള്ളണം അതെല്ലാം നടക്കേണ്ടത് ഇവിടെയാകുന്നു

ഇനിയങ്ങോട്ട് വിശ്രമമില്ല കഠിനാധ്വാനത്തിന്റെ രാപ്പകലുകളാണ് പഠനവും ഗവേഷണവും ഗ്രന്ഥരചനയും നടക്കേണ്ട കാലം ഗഹനമായ വിഷയങ്ങൾ അവതരിപ്പിക്കുന്ന പ്രഭാഷണങ്ങളുടെ കാലം മസ്ജിദിൽ ഇമാം ശാഫിഈ  (റ)വിന്റെ ക്ലാസ് തുടങ്ങി ഈജിപ്തിന്റെ നാനാഭാഗങ്ങളിൽനിന്നും മുസ്ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ പണ്ഡിതന്മാർ ദർസിൽ വന്നുചേർന്നു ഹദീസ് -ഫിഖ്ഹ് ക്ലാസുകൾ വളരെ സജീവമായി അറബി സാഹിത്യം പഠിക്കാനെത്തുന്ന ഭാഷാ പണ്ഡിതന്മാരും നിരവധിയാണ് എവിടെയും ഇമാമിനെക്കുറിച്ചാണ് സംസാരം പൗരപ്രമുഖനും പണ്ഡിതനുമായ അബ്ദുല്ലാഹാബ്നു അബ്ദുൽ ഹകം ഇമാമിനെ തന്റെ കൂടെ താമസിക്കാൻ നിർബന്ധിച്ചു

അങ്ങനെ അദ്ദേഹത്തിന്റെ കൂടെ താമസിക്കാൻ തുടങ്ങി അബ്ദുല്ലാഹാബ്നു അബ്ദിൽ ഹകം ഇമാമിന്റെ വലിയ സേവകനായി മാറി ഇമാമിന്റെ എല്ലാ ഗ്രന്ഥങ്ങളും ഇദ്ദേഹം പകർത്തി എഴുതിച്ചു ധാരാളം എഴുത്തുകാർ ഈ ശ്രമത്തിൽ പങ്കെടുത്തു ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വന്നവർ ഇമാമിന്റെ കിതാബുകൾ പകർത്തിയെഴുതാൻ ധൃതി കാണിച്ചു ഓരോ കിതാബിനും നിരവധി കോപ്പികളുണ്ടായി അബ്ദുല്ലാഹാബ്നു അബ്ദിൽ ഹകമിന്റെ പുത്രനാണ് മുഹമ്മദ് പുത്രനെ വലിയ പണ്ഡിതനാക്കണമെന്നാണ് പിതാവിന്റെ ആഗ്രഹം അക്കാര്യം ഇമാമുമായി സംസാരിച്ചു ക്ലാസ്സിൽ പങ്കെടുക്കാൻ അനുവാദം കിട്ടി

മുഹമ്മദ് അത്ഭുപ്പെട്ടുപോയി എന്തൊരു പാണ്ഡിത്യം പഠനത്തിൽ ഉത്സാഹം വർധിച്ചു പിതാവ് നന്നായി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു മുഹമ്മദ് വലിയ പണ്ഡിതനായിത്തീർന്നു ഇമാമിന്റെ അന്ത്യം വരെ മുഹമ്മദ് സേവകനായി കൂടെ നിന്നു ഇമാമിനെക്കുറിച്ച് വളരെ വിലപ്പെട്ട വിവരങ്ങളാണ് മുഹമ്മദ് പിൽക്കാലക്കാർക്ക് നൽകിയത് മുഹമ്മദിന്റെ വാക്കുകൾ ചരിത്രം രേഖപ്പെടുത്തി അതിന്റെ ആശയം ഇങ്ങനെയാകുന്നു എന്റെ പിതാവായ അബ്ദുല്ലാഹാബ്നു അബ്ദിൽ ഹകം എന്നോട് പറഞ്ഞു :മോനേ.....

ഇതുപോലൊരു മഹാനെ ഞാനിതുവരെ കണ്ടിട്ടില്ല കാര്യങ്ങൾ ഇതുപോലെ സമർത്ഥിക്കുന്ന ഒരാളെയും എനിക്കറിയില്ല നീ ഈ മഹാനെ പിൻപറ്റുക ഇദ്ദേഹത്തിൽ നിന്ന് നന്നായി പഠിക്കുക നീ സമുന്നതനായിത്തീരും അദ്ദേഹം നിന്നെ ഉന്നത സ്ഥാനത്തെത്തിക്കും  ഞാൻ ഉപ്പയുടെ ഉപദേശം സ്വീകരിച്ചു എനിക്ക് ദർസിലിരിക്കാൻ അനുവാദം കിട്ടി എന്റെ പാണ്ഡിത്യം ഉയർന്നു ബുദ്ധി വികസിച്ചു വിമർശകരിൽനിന്ന് വരുന്ന കടുത്ത ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഇന്നെനിക്ക് കഴിയും ഇമാം ശാഫിഈ  (റ)ഇല്ലിയിരുന്നുവെങ്കിൽ  ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ എനിക്ക് കഴിയുമായിരുന്നില്ല

അദ്ദേഹമില്ലായിരുന്നെങ്കിൽ ഇത്രയേറെ വിജ്ഞാന മുത്തുകൾ എനിക്കു ലഭിക്കുമായിരുന്നില്ല ഇതുപോലൊരു സാഹിത്യകാരനെയോ കവിയെയോ ഭാഷാപണ്ഡിതനെയോ ഞാനിതുവരെ കണ്ടിട്ടില്ല ഫിഖ്ഹിന്റെ വിവിധ വശങ്ങൾ താരതമ്യം ചെയ്യാനുള്ള കഴിവ് എനിക്ക് നേടിത്തന്നത് അദ്ദേഹമാണ് ഹദീസ് പഠനത്തിന്റെ രീതിയും എന്നെ പഠിപ്പിച്ചു ഇമാം നവവി (റ)വിന്റെ വാക്കുകൾ വളരെ പ്രസിദ്ധമാണ് അദ്ദേഹം രേഖപ്പെടുത്തി; 
ഇമാം അവർകളുടെ പേരും പെരുമയും വർധിച്ചു

ഈജിപ്തിലും മറ്റു നാടുകളിലും വ്യാപിച്ചു ശാം,  യമൻ, ഇറാഖ്, തുടങ്ങി നിരവധി രാജ്യങ്ങളിൽനിന്ന് പണ്ഡിതന്മാരുടെ ഒഴുക്കായിരുന്നു ധാരാളം ശിഷ്യന്മാർ അവർ മികച്ച പണ്ഡിതന്മാർ അവരിലൂടെ ശാഫിഈ മദ്ഹബ് നാടെങ്ങും പ്രചരിച്ചു ശിഷ്യന്മാരിലൂടെ വിവിധ നാടുകളിൽ വിജ്ഞാന പ്രവർത്തനങ്ങൾ സജീവമായിത്തീർന്നു ഇമാമിൽ നിന്ന് ഫിഖ്ഹ് പഠിക്കുക,അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ നേരിട്ട് കേൾക്കുക ഗ്രന്ഥങ്ങൾ പകർത്തിയെടുക്കുക കിട്ടിയ വിജ്ഞാനം മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുക തുടങ്ങിയവയായിരുന്നു ശിഷ്യന്മാരുടെ ലക്ഷ്യം മക്കയിലെ ഒരു കൂട്ടം പണ്ഡിതന്മാർ ചെയ്തതെന്താണെന്നറിയണ്ടേ ? 

അവരുടെ കൂട്ടത്തിൽ പെട്ട ഇമാം ഹുദൈമി രേഖപ്പെടുത്തിയതിങ്ങനെ ; 
ഇമാം ശാഫിഈ  (റ)മക്കയിൽ നിന്ന് മിസ്വറിലേക്ക് പോവുകയാണെന്ന് ഞങ്ങളറിഞ്ഞു ഇമാമിന്റെ ക്ലാസുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല ആ ക്ലാസുകൾ തുടർന്നും ലഭിക്കണം അതിനുവേണ്ടി എന്ത് സാഹസം ചെയ്യാനും ഞങ്ങൾ സന്നദ്ധരായി ഇമാം മിസ്വറിലെത്തി ഞങ്ങളും മിസ്വറിലെത്തി ആ വിജ്ഞാന സാഗര തീരത്തെത്തിച്ചേർന്നു ഒരു പണ്ഡിതൻ ഈജിപ്തിൽ നിന്ന് ഇറാഖിലെത്തുന്നു ഇറാഖിലെ ഏറ്റവും വലിയ പണ്ഡിത പ്രഭയായ അഹ്മദുബ്നു ഹമ്പൽ  (റ)വിനെ കാണാൻ ചെല്ലുന്നു അവർ തമ്മിൽ നടന്ന സംഭാഷണം ശ്രദ്ധിക്കാം 

പണ്ഡിതൻ വളരെ പ്രസിദ്ധനാണ് മുഹദ്ദിസാണ് ഇമാം മുഹമ്മദുബ്നു മുസ്ലിം  (റ) സംഭാഷണത്തിന്നിടയിൽ ഇമാം അഹ്മദ്  (റ)ചോദിച്ചു :താങ്കൾ ഈജിപ്തിൽനിന്ന് വരികയല്ലേ?

അതെ ഈജിപ്തിൽനിന്ന് വരുന്നു നിങ്ങൾ ഇമാം ശാഫിഈ  (റ)വിന്റെ കിതാബുകൾ പകർത്തിയെടുത്തുവോ? 

ഇമാം മുഹമ്മദ്ബ്നു മുസ്ലിം പറഞ്ഞു :ഇല്ല പകർത്തിയില്ല ഇമാം അഹ്മദ്  (റ)പറഞ്ഞു : എങ്കിൽ നിങ്ങൾക്ക് പറ്റിയ നഷ്ടം വളരെ വലുതാണ് മറ്റൊരിക്കൽ ഇവർ കണ്ടുമുട്ടി അപ്പോൾ നടന്ന സംഭാഷണം കൂടി ശ്രദ്ധിക്കാം 

ചോദ്യം ഇതായിരുന്നു : ആരുടെ ഗ്രന്ഥങ്ങൾ പകർത്തിയെഴുതുന്നതാണ് കൂടുതൽ ഫലപ്രദം ? മൂന്നു പ്രമുഖരിൽ ആരുടെ ഗ്രന്ഥങ്ങൾ പകർത്തണമെന്ന് എനിക്കു പറഞ്ഞു തരണം 

1.ഇമാം മാലിക് (റ)വിന്റെ ഗ്രന്ഥങ്ങൾ 
2. ഇമാം സൗരി (റ)വിന്റെ ഗ്രന്ഥങ്ങൾ 
3. ഇമാം ഔസായഈ (റ)വിന്റെ ഗ്രന്ഥങ്ങൾ

ഉടനെ വന്നു ഇമാം അഹ്മദുബ്നു ഹമ്പൽ  (റ)വിന്റെ മറുപടി :

ഇവരെക്കാളൊക്കെ ഉന്നതനായ ഒരു പണ്ഡിതനെ ഞാൻ പരിചയപ്പെടുത്തിത്തരാം ഇവർക്ക് കണ്ടെത്താൻ കഴിയാത്ത യാഥാർത്ഥ്യങ്ങൾ വരെ അദ്ദേഹം കണ്ടെത്തിയിരിക്കുന്നു അദ്ദേഹമാണ് ഇമാം ശാഫിഈ  (റ)അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പകർത്തിയെഴുതുക അതാണ് കൂടുതൽ ഫലപ്രദം ഇമാം ശാഫിഈ  (റ)ഇറാഖിൽവെച്ച് രചിച്ച ഗ്രന്ഥങ്ങളുണ്ട് ഈജിപ്തിൽവെച്ച് രചിച്ച ഗ്രന്ഥങ്ങളുണ്ട് ഇവയിൽ ഏതാണ് പകർത്തേണ്ടത് ? 

ഇമാം അഹ്മദുബ്നു  (റ)പറഞ്ഞു : ഇമാം ശാഫിഈ  (റ)ഈജിപ്തിൽ വെച്ച് രചിച്ച ഗ്രന്ഥങ്ങൾ പകർത്തുക ഇറാഖിൽ വെച്ച് രചിച്ച ഗ്രന്ഥങ്ങളിൽ ചില മാറ്റങ്ങൾ പിന്നീട് വരുത്തിയിട്ടുണ്ട് ഗഹനമായ പഠനങ്ങൾ കാരണം കൂടുതൽ വിവരങ്ങൾ കിട്ടി പഴയ ചില അഭിപ്രായങ്ങളിൽ പിന്നീട് മാറ്റങ്ങൾ വന്നിട്ടുണ്ട് ഉപദേശം സ്വീകരിച്ച് ആ പണ്ഡിത പ്രമുഖൻ ഈജിപ്തിലേക്ക് പുറപ്പെട്ടു ഇമാം ശാഫിഈ  (റ)വിന്റെ ഖാദീമായ ഖൗലുകളും ജദീദായ ഖൗലുകളും (പഴയതും പുതിയതുമായ അഭിപ്രായങ്ങൾ )ശിഷ്യന്മാർ സമാഹരിച്ചിട്ടുണ്ട് ഇമാം മുസ്നി(റ)വിന്റെ കിതാബുകളിൽ ഇവ കാണാം മുഖ്തസറുൽ കബീർ, മുഖ്തസറുസ്സഗീർ എന്നിവ  വൈജ്ഞാനിക ലോകത്ത് വളരെ പ്രസിദ്ധമാണ് ഇമാം ശാഫിഈ  (റ)വിന്റെ ഗാംഭീര്യം ചരിത്രം വിവരിക്കുന്നുണ്ട് രാജാക്കൻമാർക്കുപോലും ഉൾഭയത്തോടെയല്ലാതെ ആ സന്നിധിയിൽ ചെല്ലാൻ കഴിഞ്ഞിരുന്നില്ല  


കഠിനാധ്വാനത്തിന്റെ നാളുകൾ

മിസ്വിറിലെ ജീവിതം വളരെ തിരക്കുപിടിച്ചതായിരുന്നു ഗ്രന്ഥ രചനക്കുവേണ്ടി നീണ്ട സമയം മാറ്റിവെക്കേണ്ടിവന്നു മക്കയിൽ വെച്ചാണ് പ്രസിദ്ധമായ അൽ രിസാല എന്ന ഗ്രന്ഥം രചിച്ചത് ഫിഖ്ഹ് പഠനത്തിന്റെ അടിസ്ഥാന തത്വങ്ങൾ വിവരിക്കുന്ന ഗ്രന്ഥം തന്റെ മികച്ച ഗവേഷണ ഫലങ്ങൾ ഉൾക്കൊള്ളുന്ന അൽ ഹുജ്ജ രജിച്ചത് ഇറാഖിൽ വെച്ചാണ്

പണ്ഡിത ലോകത്തെ അത്ഭുതപ്പെടുത്തിയ മഹത്തായ രചനകൾ ഈ ഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് ഇമാം വീണ്ടും പഠനം നടത്തി വിഷയങ്ങളിൽ നന്നായി ഗവേഷണം നടത്തി ഒട്ടേറെ വിവരങ്ങൾ കണ്ടെത്തി തന്റെ പഴയ അഭിപ്രായങ്ങളിൽ ചിലത് മാറ്റേണ്ടിവന്നു ഈ ഗ്രന്ഥങ്ങൾ മിസ്വിറിൽവെച്ച് മാറ്റിയെഴുതി വളരെ പ്രസിദ്ധമായ ഗ്രന്ഥമാണ് അൽ ഉമ്മ് ശാഫിഈ മദ്ഹബിന്റെ പ്രമാണമാണത് ഇതിന്റെ രചന നിർവഹിച്ചത് മിസ്വിറിൽവെച്ചാണ് 

ഉസ്വൂലുൽ ഫിഖ്ഹ്, കിതാബുൽ ഖസാമ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ഇമാം മിസ്വിറിൽ വെച്ചാണ് രചിച്ചത് 

സ്വുബ്ഹി നിസ്കാരവും ഔറാദുകളും കഴിഞ്ഞാൽ ഉടനെത്തന്നെ ക്ലാസ് തുടങ്ങും വിശുദ്ധ ഖുർആൻ വ്യാഖ്യാനമാണ് നടക്കുക ആ ക്ലാസ് വളരെ ആകർഷകമായിരിക്കും വിശുദ്ധ ഖുർആന്റെ ആഴത്തിലുള്ള പഠനം മറ്റെങ്ങും കേൾക്കാത്ത വിവരങ്ങൾ ഒഴുകിവരും വിജ്ഞാന സാഗരത്തിൽ മുങ്ങിത്തപ്പി മുത്തുകൾ വാങ്ങിക്കൊണ്ടുവന്നു തരികയാണ് ചെയ്യുന്നത് ആ ക്ലാസിന്റെ സവിശേഷതകളെക്കുറിച്ച് അതിൽ പങ്കെടുക്കുന്ന ശിഷ്യന്മാരായ മഹാപണ്ഡിതൻമാർ ധാരാളം രേഖപ്പെടുത്തിയിട്ടുണ്ട്

ക്ലാസ് കഴിഞ്ഞ് പലരും പോവും അടുത്ത ക്ലാസിന് പുതിയ ആളുകൾ വരും വിശുദ്ധ ഖുർആൻ കഴിഞ്ഞ ഉടനെ ഹദീസ് ക്ലാസ് തുടങ്ങുകയായി അത് മറ്റൊരു വിജ്ഞാന സാഗരം ആഴത്തിലുള്ള പഠനമാണ് നടക്കുക ഫിഖ്ഹും ചരിത്രവും സംസ്കാരവും സാഹിത്യവുമെല്ലാം വ്യാഖ്യാനത്തിൽ കടന്നുവരും  ക്ലാസ് വളരെ ആകർഷകം സമയം പോവുന്നതറിയില്ല സദസ് അനുഭൂതിയിൽ ലയിച്ചു ചേരും തുടർന്ന് ഫിഖ്ഹ് ക്ലാസ് തുടങ്ങും അതിൽ താൽപര്യമുള്ളവർ ധാരാളം വന്നുകൂടും വിശുദ്ധ ഖുർആന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ കർമശാസ്ത്രം വിശദീകരിക്കുന്നു

ശാഫിഈ മദ്ഹബിന്റെ സരണി ശിഷ്യന്മാർ ശരിക്ക് മനസ്സിലാക്കുന്നു നന്നായി ഉൾക്കൊള്ളുന്നു ചർച്ചകളും സംശയ  നിവാരണവുമെല്ലാം  നടക്കും  ഓരോ ക്ലാസും കഴിഞ്ഞുപോകുമ്പോൾ ആളുകൾ അതിശയത്തോടെ സംസാരിക്കും എന്തൊരു വിജ്ഞാന സാഗരം എന്തൊരു ഗവേഷണ പഠനം എത്ര ഗഹനം ഈ ക്ലാസുകൾ തുടർന്നു നടക്കുന്നത് സാഹിത്യത്തിന്റെ ക്ലാസാണ് ഭാഷാപഠനം ,കവിതകളുടെ പഠനം,  വ്യാകരണ പഠനം ഇതെല്ലാം ഉൾക്കൊള്ളുന്ന ക്ലാസ് സാഹത്യകാരന്മാരും കവികളും ഭാഷാപ്രേമികളും വ്യാകരണ തൽപരരുമെല്ലാം ഈ ക്ലാസിൽ  പങ്കെടുക്കുന്നു

ആസ്വാദനത്തിന്റെ ക്ലാസ് ഗ്രാമീണരുടെ ശുദ്ധമായ അറബി ഇമാമിൽ നിന്ന് കേൾക്കാം ഗ്രാമീണരുടെ കവിതകളും ഉപമകളും ഉദ്ധരണികളും കേൾക്കാം വ്യാകരണത്തിന്റെ മേഘലകളിൽ സഞ്ചരിക്കാം ഇമാമിന്റെ ഓർമയിൽ ആയിരക്കണക്കായ കവിതകളുണ്ട് അവ സന്ദർഭം പോലെ ഒഴുകിവരും ഹുദൈൽ ഗോത്രം ഇവർ മക്കക്കാരാണ് പ്രതിഭാസമ്പന്നന്മാരായ നിരവധി കവികൾ അവർക്കിടയിലുണ്ട് ചെറുപ്പകാലത്ത് ഇമാം അവരുടെ കൂടെക്കൂടി അവർ രചിച്ച പതിനായിരത്തിലധികം വരികൾ ഇമാം കാണാതെ പഠിച്ചു മറ്റു പല ഗോത്രകാരിൽ നിന്നും പഠിച്ചിട്ടുണ്ട് ഇമാമിന്റെ നാവിലൂടെ അവ പുറത്ത് വന്നപ്പോൾ ലോകം അവ കേട്ടു പഠിച്ചു

ആ വരികൾ രേഖപ്പെടുത്തപ്പെട്ടു ഓരോ പ്രദേശത്തുകാരുടെയും സംസാരഭാഷക്ക് വ്യത്യാസങ്ങൾ കാണും പദങ്ങളിലും ശൈലിയിലും മാറ്റം കാണും ഭാഷാപണ്ഡിതനായ ഇമാം അവയെല്ലാം നന്നായി മനസ്സിലാക്കിയിട്ടുണ്ട് ഓരോ പ്രദേശത്തുകാർ വരുമ്പോൾ അവർക്ക് പറ്റിയ ശൈലിയിൽ ഇമാം സംസാരിച്ചിരുന്നു ഈ കഴിവും ആളുകളെ വല്ലാതെ ആകർഷിച്ചിരുന്നു 

അൽ കറാബീസി (റ) ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് ; ഇമാം ശാഫിഈ  (റ) വിന്റെ ക്ലാസ് വളരെ വിജ്ഞാനപ്രദമായിരുന്നു അത്രയും വിജ്ഞാനപ്രദമായ ക്ലാസ് മറ്റെവിടെയും കാണില്ല മികച്ച പണ്ഡിതന്മാരാണ് ക്ലാസിലിരിക്കുന്നത് ഹദീസിലും ഫിഖ്ഹിലും സാഹിത്യത്തിലും നിപുണരാണവർ അവരെല്ലാമിരിക്കുന്ന സദസ്സിന്റെ ഗാംഭീര്യം കണ്ടവരാരും മറക്കില്ല ഇമാം ബുവൈത്വി(റ)  ഇമാം ശാഫിഈ  (റ) വിന്റെ പ്രമുഖ ശിഷ്യൻ ഇമാമിന്റെ വഫാത്തിനുശേഷം ദർസ് ഏറ്റെടുത്തു നടത്തിയ ശിഷ്യൻ ഇമാമിന്റെ പഠനങ്ങളും അഭിപ്രായങ്ങളും ഇദ്ദേഹം ഗ്രന്ഥരൂപത്തിലാക്കി അൽമുഖ്തസ്വർ എന്ന് ഗ്രന്ഥത്തിന് പേര് വെച്ചു

ശിഷ്യന്മാർക്കിടയിൽനിന്ന് നിരവധി ഗ്രന്ഥകാരന്മാർ ഉയർന്നു വന്നു അവരിലൂടെ ശാഫിഈ മദ്ഹബ് ലോകമെങ്ങും പ്രചരിച്ചു അബ്ബാസിയ്യ കാലഘട്ടത്തിലെ സുസ്ഥിര ഭരണവും സമാധാനാന്തരീക്ഷവും നിലനിന്ന അന്തരീക്ഷത്തിലാണ് ഇമാം ശാഫിഈ  (റ)ജീവിച്ചത് അബ്ബാസികൾക്കിടയിലെ ശക്തനായ ഖലീഫയായിരുന്നു ഹാറൂൻ റശീദ് ഖലീഫയെ മറിച്ചിടാനുള്ള വിപ്ലവങ്ങളൊന്നും നടന്നിരുന്നില്ല വൈജ്ഞാനിക രംഗത്ത് വലിയ പുരോഗതിയുണ്ടായ കാലം ഖലീഫയിൽ നിന്ന് ഇമാം ശാഫിഈ  (റ) അവർകൾക്ക് ഭീഷണിയൊന്നുമുണ്ടായില്ല പ്രോത്സാഹനം മാത്രമാണുണ്ടായത്

ഹാറൂൻ റശീദിനുശേഷം ഖലീഫയായി വന്നത് മഹ്മൂൻ ആയിരുന്നു മുഹ്തസിലികൾ അദ്ദേഹത്തെ സ്വാധീനിച്ചു ഈ സന്ദർഭത്തിൽ ഇമാം ഇറാഖ് വിട്ടു ഈജിപ്തിലേക്ക് പുറപ്പെട്ടു ഈജിപ്ത് വളരെ ശാന്തമായിരുന്നു ശാന്തമായ മനസ്സോടെ ഗ്രന്ഥ രചന നടത്താൻ കഴിഞ്ഞു ഈ ഗ്രന്ഥങ്ങൾ എക്കാലത്തേക്കുമുള്ള അനുഗ്രഹമായിത്തീരുകയും ചെയ്തു നാല് ഇമാമീങ്ങൾ ഇമാം അബൂഹനീഫ  (റ), ഇമാം മാലിക്  (റ), ഇമാം ശാഫിഈ  (റ) , ഇമാം അഹ്മദുബ്നു ഹമ്പൽ  (റ) ജീവിച്ച കാലഘട്ടം വളരെ ശ്രദ്ധേയമാണ് 

അബ്ബാസിയ്യ വംശത്തിലെ അതിപ്രഗത്ഭരായ ഭരണാധികാരികൾ ഭരിച്ച കാലഘട്ടം ഇസ്ലാം വിദൂര ദിക്കുകളിലെത്തിച്ചേർന്നു എല്ലാ പ്രദേശക്കാരും ഇസ്ലാലാമിലേക്ക് ഒഴുകാൻ തുടങ്ങി പല രാജ്യക്കാരും മാതൃഭാഷ ഉപേക്ഷിച്ചു അറബിഭാഷ മാതൃഭാഷയായി സ്വീകരിച്ചു ഈ ജനങ്ങൾ പല മതങ്ങളിൽ വിശ്വസിച്ചവരായിരുന്നു പല സംസ്കാരമുള്ളവരായിരുന്നു പല ആചാരങ്ങളും സമ്പ്രദായങ്ങളും പിന്തുടർന്നവരായിരുന്നു ഇസ്ലാമിലേക്കു വന്ന ശേഷം അവർക്ക് പല പ്രശ്നങ്ങൾ നേരിടേണ്ടിവന്നു

ആചാരങ്ങളും സമ്പ്രദായങ്ങളും എത്രത്തോളം കൈവെടിയണം ഇസ്ലാമിന് പറ്റുന്നതും പറ്റാത്തതും ഏതൊക്കെയാണ്? ഓരോ നാട്ടിലും പ്രാദേശികമായ പ്രശ്നങ്ങൾ ഉയർന്നുവന്നു ആചാര നടപടികളിൽ വ്യത്യാസം വന്നു പല പ്രശ്നങ്ങൾക്കും ഖുർആനിൽ നിന്ന് പരിഹാരം കിട്ടും ചിലതിന് കിട്ടില്ല പല പ്രശ്നങ്ങൾക്കും ഹദീസിൽ നിന്ന് മറുപടി കിട്ടും ചിലതിന് കിട്ടില്ല അങ്ങനെ വരുമ്പോൾ ഇജ്തിഹാദ് നടത്തേണ്ടിവരും മഹാന്മാരായ മുജ്തഹിദുകൾ കഠിനാദ്ധ്വാനം ചെയ്തു പ്രശ്നപരിഹാരം കണ്ടെത്തി അങ്ങനെ നാല് മദ്ഹബുകൾ നിലവിൽ വന്നു പിന്നീട് സമാനമായ പ്രശ്നങ്ങളുണ്ടായി  അത്തരം പ്രശ്നങ്ങൾക്കും പരിഹാരമായി സമൂഹം നാലിൽ ഒരു മദ്ഹബ് സ്വീകരിക്കുന്ന അവസ്ഥ വന്നു 

അബ്ബാസിയ്യ ഭരണകാലത്ത് വിജ്ഞാന വികസനത്തിന് വമ്പിച്ച പ്രോത്സാഹനം നൽകിയിരുന്നു എല്ലാതരം ഗ്രന്ഥങ്ങളും അറബിയിലേക്ക് വിവർത്തനം ചെയ്യാൻ തുടങ്ങി ഗ്രീക്ക് തത്വചിന്തകന്മാരുടെ ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യാൻ വേണ്ടി വമ്പിച്ച പാരിതോഷികമാണ് നൽകിയിരുന്നത് സോക്രട്ടീസ് ,അരിസ്റ്റോട്ടൽ ,പ്ലാറ്റോ തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ അക്രമികൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുമോയെന്ന് അവകാശികൾ ഭയപ്പെട്ടു പിൻതലമുറക്കാർ പല ഗ്രന്ഥങ്ങളും ഭൂമിയിൽ കുഴിച്ചിട്ടു   ഖലീഫമാർ ഇത്തരം ഗ്രന്ഥങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ചു സ്വർണം പാരിതോഷികമായി ലഭിക്കുമെന്ന് കേട്ടപ്പോൾ മണ്ണിനടിയിലെ ഗ്രന്ഥങ്ങൾ പുറത്തുവരാൻ തുടങ്ങി

അവ ബാഗ്ദാദിലെത്തി പല മതക്കാരായ പണ്ഡിതന്മാർ പരിഭാഷപ്പെടുത്തി വൻ പാരിതോഷികങ്ങൾ കൈപ്പറ്റി അറബികൾ ഈ ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങി അതവരെ വഴിതെറ്റിച്ചു ഗ്രീക്ക് ചിന്തകളും ഇസ്ലാമിക ഗ്രന്ഥങ്ങളും ഒരു പോലെ വായിക്കപ്പെട്ടു ബുദ്ധിക്കും യുക്തിക്കുമനുസരിച്ചു ചിന്തിക്കാൻ തുടങ്ങി പേർഷ്യൻ സാഹിത്യങ്ങളും അറബിയിലേക്ക് പരിഭാഷപ്പെടുത്തി ഇന്ത്യൻ സാഹിത്യങ്ങൾക്കും അറബി വിവർത്തനങ്ങളുണ്ടായി പഞ്ചതന്ത്ര കഥകളും മറ്റും അറബിയിൽ വന്നു വേണ്ടത്ര ഇസ്ലാമിക ബോധമില്ലാത്ത പുതിയ തലമുറ വഴിപിഴക്കാൻ തുടങ്ങി ഇമാം ശാഫിഈ  (റ)വിനെ ഇത് വല്ലാതെ വേദനിപ്പിച്ചു

മഹാൻ തലമുറകൾക്ക് ദിശാബോധം നൽകാൻ വേണ്ടി ഗ്രന്ഥങ്ങൾ രചിച്ചു വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥങ്ങളിലെ ഇസ്ലാമിക വിരുദ്ധമായ വശങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി ഇതിന് കഠിനാദ്ധ്വാനം ചെയ്തു

ശിയാക്കൾക്കെതിരെയും ഇമാം ആഞ്ഞടിച്ചു അവരുടെ വിശ്വാസങ്ങളിലെ പാളിച്ചകൾ ഇമാം തുറന്നുകാണിച്ചു അബ്ബാസിയ്യ ഖലീഫമാർ ശിആക്കളെ അനുകൂലിച്ചില്ല അവരുടെ വിപ്ലവങ്ങൾ അടിച്ചമർത്തുകയും ചെയ്തു പല രാജ്യങ്ങളിലും അവർക്ക് അടങ്ങിയൊതുങ്ങിക്കഴിയേണ്ടിവന്നു മറ്റൊരു ചിന്താപ്രസ്ധാനം കൂടി വളർന്നുവന്നു റാഫിളികൾ എന്നാണവരെ വിളിച്ചിരുന്നത് ഇവർ നബി കുടുംബത്തെ വളരെ പുകഴ്ത്തിപ്പറഞ്ഞു അവർ ആദർശപരമായി സുന്നത്ത് ജമാഅത്തിന്നെതിരായിരുന്നു ഇവരെയും ഇമാം ശാഫിഈ  (റ)നേരിട്ടു ഒരു പണ്ഡിതന്റെ അവസ്ഥ നോക്കിക്കാണുക എത്ര ശക്തികളെയാണ് നേരിടേണ്ടിവന്നത് ഖവാരിജുകൾ, ശീഇകൾ,  യുക്തിവാദികൾ,  മുഹ്തസിലികൾ 

റാഫിളികൾ നബികുടുംബത്തെ വാഴ്ത്തിപ്പാടി നടന്നു റാഫിളുകളുടെ ശത്രുക്കൾ നബികുടുംബത്തെ താഴ്ത്തിപ്പറയാൻ തുടങ്ങി ഇത് ഇമാമിനെ ദുഃഖത്തിലാഴ്ത്തിയ മറ്റൊരു സംഭവം നബികുടുംബത്തെ സ്നേഹിക്കണം അവരെ താഴ്ത്തിപ്പറയാൻ പാടില്ല ഗദ്യത്തിലൂടെയും പദ്യത്തിലൂടെയും ഈ ആശയം പ്രചരിപ്പിക്കാൻ രംഗത്തിറങ്ങി നബികുടുംബത്തെ താഴ്ത്തിപ്പറഞ്ഞവരുമായി വാഗ്വാദം നടത്തി ഇമാം ശാഫിഈ  (റ)വിന്റെ ഒരു വരി വളരെ പ്രസിദ്ധമാണ് :

ഇൻകാന റഫ്ളൻ ഹുബ്ബു ആലി മുഹമ്മദിൻ ഫൽ യശ്ഹദി സഖലാനി അന്നീ റാഭിളു

നബികുടുംബത്തെ സ്നേഹിക്കുന്നത് മൂലം റാഫിളിയാകുമെങ്കിൽ ഞാൻ റാഫിളിയാകുന്നു മനുഷ്യരും ജിന്നുകളും സാക്ഷി നബികുടുംബത്തെ സ്നേഹിക്കുന്ന കാര്യത്തിൽ ഇമാം മാതൃകയാണ് ഞാൻ നബി കുടുംബത്തെ അഗാധമായി സ്നേഹിക്കുന്നു എന്നെ റാഫിളി എന്ന് വിളിച്ചുകൊള്ളുക എല്ലാവർക്കും കാര്യമറിയാം ഇമാം ശാഫിഈ  (റ) റാഫിളികളുടെ ശത്രുവായിരുന്നു നബി കുടുംബത്തെ അഗാധമായി സ്നേഹിക്കുകയും ചെയ്തു


എപ്പോഴും പഠനം നടക്കുന്ന ഗ്രന്ഥങ്ങൾ ...


ഇന്നത്തെ ഗ്രന്ഥരചനാരീതി എങ്ങനെയാണ്..?

നല്ല കസേരയും മേശയും വേണം. നല്ല കടലാസും പേനയും വേണം. കസേരയിൽ സുഖമായിരുന്ന് മേശപ്പുറത്ത് കടലാസ് വെച്ചു എഴുതുന്നു. ഒരേ പേനകൊണ്ട് ദിവസങ്ങളോളം എഴുതാം തടസ്സമില്ല...

ഇമാം ശാഫിഈ (റ) വിന്റെ ഗ്രന്ഥരചനാരീതി എങ്ങനെയായിരുന്നു ..?
നിലത്തിരിക്കുന്നു. കടലാസ് നിലത്ത് വെക്കും. കുനിഞ്ഞിരുന്ന് എഴുതും. വളരെ പ്രയാസം. മുമ്പിൽ മഷിക്കുപ്പിയുണ്ടാവും. ഖലം കൈയിലെടുക്കും. മഷിയിൽ മുക്കും ആ ഖലം കൊണ്ടെഴുതും. ചുരുങ്ങിയ അക്ഷരങ്ങളെഴുതും മഷി തീരും. വീണ്ടും ഖലം മഷിക്കുപ്പിയിൽ മുക്കും. ഒരു നിമിഷം ചിന്തിച്ചുനോക്കുക ഒരു പേജ് എഴുതാൻ എത്ര തവണ ഖലം മഷിയിൽ മുക്കേണ്ടിവരും ..?

എന്തൊരധ്വാനമാണത്. അങ്ങനെ ആയിരക്കണക്കായ പേജുകൾ എഴുതി. ഇമാം ശാഫിഈ (റ)വിന്റെ ആരോഗ്യാവസ്ഥയോ ..? അർശസ് രോഗം ബാധിച്ചിരുന്നു. രക്തം വരും. തുണിയിൽ രക്തക്കറ വരും. ആ അവസ്ഥയിലും എഴുതും. ധാരാളം സമയമെടുക്കും. ശിഷ്യന്മാർ ഇമാമിന്റെ അവസ്ഥ കണ്ട് ദുഃഖാകുലരായിപ്പോയിട്ടുണ്ട്.

ഇമാം ഹർമല (റ)വിന്റെ വാക്കുകളിൽ ഇങ്ങനെ കാണാം : ഈജിപ്തിലെ പള്ളിയിൽ വെച്ച് ഇമാം ശാഫിഈ (റ) ഗ്രന്ഥരചന നടത്തി. ഒരു തൂണ് ചാരിയിരിക്കും പിന്നെ മുഖം താഴോട്ട് താഴ്ത്തിയാണ് എഴുതുക. കുനിഞ്ഞിരുന്ന് വളരെ നേരം എഴുതും. ഖലം മഷിക്കുപ്പിയിൽ മുക്കി എഴുതും. കട്ടിയുള്ള വിരിപ്പിലാണിരിക്കുക. ഇമാമിന്റെ ഗ്രന്ഥരചനാ രംഗം പല പ്രമുഖ ശിഷ്യന്മാരും അനുസ്മരിച്ചിട്ടുണ്ട്. ഒരു പുതപ്പ് കൊണ്ട് ശരീരം മൂടിയ അവസ്ഥയിൽ ഇമാം എഴുന്നേറ്റ് പോവുന്ന രംഗം ശിഷ്യന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് ...

എന്തിനായിരുന്നു ഇത്ര വലിയ ത്യാഗം..? പിൽക്കാല തലമുറകളെ രക്ഷപ്പെടുത്താൻ. ഇൽമ് കൊണ്ട് മനുഷ്യമനസ്സുകളെ പ്രകാശിപ്പിക്കാൻ. എത്രയെത്ര കിതാബുകൾ എഴുതിത്തീർത്തു. ഇമാമിന്റെ ഗ്രന്ഥങ്ങളെ അവലംബമാക്കി പിൽക്കാലത്ത് എത്രയെത്ര കിതാബുകൾ രചിക്കപ്പെട്ടു. ഗ്രന്ഥരചന എന്ന സാഹസം ഇമാം റബീഹ് (റ) വിന്റെ വാക്കുകൾ ശ്രദ്ധിക്കാം... ഇമാമിന് കട്ടിയുള്ള വിരിപ്പ് വിരിച്ചുകൊടുക്കും. അതിൽ കുനിഞ്ഞിരുന്ന് എഴുതും.

സമയം നീണ്ടുപോകും അതിന്നിടയിൽ രക്തസ്രാവമുണ്ടാവും. കട്ടിയുള്ള പുതപ്പുകൊണ്ട് ശരീരം മൂടി എഴുന്നേറ്റ് പോകും. ആ കാഴ്ച ഞാൻ പല തവണ കണ്ടിട്ടുണ്ട്. ഒരു ദിവസം രാത്രി ഇമാം ഉറങ്ങാൻ കിടന്നു. ലക്ഷക്കണക്കായ ഹദീസുകൾ മനഃപാഠമുണ്ട്. അവയിലൂടെ മനസ്സ് സഞ്ചരിക്കുന്നു. അതിലെ ആശയങ്ങൾ മനസ്സിനെ പിടിച്ചു കുലുക്കി. അപ്പോൾ ചില മസ്അലകൾ തെളിഞ്ഞുവന്നു. ഉടനെ എഴുതിവെക്കണമെന്ന് തോന്നി. സേവകൻ കുറച്ചകലെ ഉറങ്ങുന്നു. പാതിരാത്രി കഴിഞ്ഞിരിക്കുന്നു, തണുപ്പുള്ള രാത്രി...

ഉറങ്ങാനെന്ത് സുഖം സേവകനെ ഉണർത്തണോ ..? വിളക്ക് കത്തിക്കേണ്ട ആവശ്യമേയുള്ളൂ. പിന്നെ അവന്നുറങ്ങാം. സേവകനെ വിളിച്ചു, വിളികേട്ടു ഉണർന്നുവന്നു. വിളക്ക് കത്തിച്ചുവെച്ചു ഖലമും മഷിക്കുപ്പിയും വന്നു. കടലാസുകൾ നിവർത്തിവെച്ചു എഴുത്തു തുടങ്ങി. സേവകൻ പോയിക്കിടന്നു ഉറക്കം തുടങ്ങി. പ്രമുഖ ശിഷ്യൻ ഹുമൈദി (റ) അന്നവിടെയുണ്ട്. പാതിരാത്രി കഴിഞ്ഞ് ഉണർന്നു നേർത്ത വെട്ടം കാണുന്നു എഴുന്നേറ്റ് നടന്നു വിളക്ക് കത്തുന്നു അതിന്റെ മുമ്പിൽ കുനിഞ്ഞിരുന്ന് ഇമാം എഴുതിക്കൊണ്ടിരിക്കുന്നു.

എന്തൊരു കാഴ്ച ഉറക്കമില്ല, വിശ്രമമില്ല, ശിഷ്യന്റെ സാന്നിധ്യം ഗുരു അറിഞ്ഞു. തല ഉയർത്തി നോക്കി ശിഷ്യൻ പറഞ്ഞു : ഈ രാത്രിയിൽ എന്തിനാണിത്ര കഷ്ടപ്പെടുന്നത്..? ഇത് ഉറക്കിനും വിശ്രമത്തിനുമുള്ള സമയമല്ലേ ..? ഇമാം പറഞ്ഞു : ഞാൻ വിളക്കണച്ച് കിടന്നതാണ് ഹദീസുകളിലൂടെ എന്റെ മനസ് സഞ്ചരിച്ചു. ചില മസ്അലകൾ മനസ്സിൽ തെളിഞ്ഞു. ഉടനെ അത് എഴുതിവെക്കാമെന്ന് കരുതി ഞാൻ എഴുന്നേറ്റതാണ്...

ഇതെന്തൊരു ത്യാഗം അതിശയത്തോടെ ശിഷ്യൻ തിരിഞ്ഞു നടന്നു ...

ഇതുപോലെ എന്തുമാത്രം അനുഭവങ്ങൾ. പിൽക്കാലത്ത് പ്രമുഖ ശിഷ്യന്മാർ ഗ്രന്ഥങ്ങൾ രചിച്ചു. ഇത്തരം അനുഭവങ്ങൾ അവർ രേഖപ്പെടുത്തിവെച്ചു. കാലമെത്ര കടന്നുപോയി, ഇന്നും അതൊക്കെ കേൾക്കുമ്പോൾ ഉൾക്കിടിലമുണ്ടാവുന്നു. രാത്രികാലങ്ങളിൽ ഇമാം ഉറങ്ങാൻ കിടക്കും. മനസ്സ് പലയിടത്തും അന്വേഷണം നടത്താൻ തുടങ്ങും. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും സഞ്ചരിക്കും. മസ്അലകൾ കിട്ടിത്തുടങ്ങും. ആവേശം വർധിക്കും. അന്വേഷണം വ്യാപിക്കും.

പകൽ തിരക്കാണ് സ്വതന്ത്രമായി മനസ്സിനെ വിടാൻ പറ്റില്ല. രാത്രി വൈകിയിരിക്കുന്നു. മനസ്സ് സഞ്ചരിക്കട്ടെ. വിവരങ്ങൾ കണ്ടെത്തട്ടെ. പല കാര്യങ്ങൾക്കും വിശദീകരണം കിട്ടിത്തുടങ്ങുന്നു. രാവിലെ എഴുതിവെക്കാനുള്ള കാര്യങ്ങൾ മനസ്സിൽ രൂപംകൊള്ളുന്നു. അപ്പോൾ സുബ്ഹിയുടെ ബാങ്ക് കേൾക്കുന്നു. ഒരു രാത്രി കടന്നുപോയിരിക്കുന്നു. സാരമില്ല സമുദായത്തിന് ഉപകാരപ്രദമായ കുറെ മസ്അലകൾ ലഭിച്ചുകഴിഞ്ഞു. അൽഹംദുലില്ലാഹ് ...

ശാഫിഈ മദ്ഹബിലെ വിധികൾ നോക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം. എത്രയോ രാവുകളുടെ ഉറക്കം ഉപേക്ഷിച്ചാണ് ആ വിധി കണ്ടെത്തിയത്. ഇന്ന് ഗ്രന്ഥരചന നടത്തുന്നവരെത്രയാണ്. അവരുടെ മനസ്സിൽ നന്ദി എന്ന വികാരം ഉണർന്നുവരാറുണ്ടോ..? വിലപ്പെട്ട വിവരങ്ങളാണല്ലോ ഗ്രന്ഥത്തിലെഴുതുന്നത് എവിടെനിന്ന് കിട്ടി ഈ വിവരം..?

ഇമാമിന്റെ ശിഷ്യൻ ഇമാം അഹ്മദുബ്നു ഹമ്പൽ (റ)വിന്റെ വാക്കുകൾ നമ്മുടെ ബുദ്ധിയെ തട്ടിയുണർത്താൻ പര്യാപ്തമാണ്. അദ്ദേഹം രേഖപ്പെടുത്തിയതിങ്ങനെയാണ് ...

"പേനയും മഷിക്കുപ്പിയും പിടിച്ചവരെല്ലാം ഇമാം ശാഫിഈ (റ)വിനോട് കടപ്പെട്ടിരിക്കുന്നു..."

ഇത് കാലഘട്ടത്തോട് പറഞ്ഞ വചനമാണ്. എക്കാലവും മനുഷ്യരുടെ കാതുകളിൽ മുഴങ്ങും വചനം. ഇമാം ഇസ്ഹാഖ് ബ്നു റാഹവൈഹി (റ) പ്രസിദ്ധനായ പണ്ഡിതനാണ്. അദ്ദേഹം ഒരു സംഭവം കേട്ടു. ഖുറാസാനിൽ ഒരു പണ്ഡിതനുണ്ട്. അദ്ദേഹത്തിന്റെ കൈവശം ധാരാളം കിതാബുകളുണ്ട്. ഇമാം ശാഫിഈ (റ)വിന്റെ കിതാബുകൾ പലതും അക്കൂട്ടത്തിലുണ്ട്. ഈ കിതാബുകളുടെയെല്ലാം ഉടമയായ പണ്ഡിതൻ മരണപ്പെട്ടുപോയി. ഭാര്യ വിധവയായി. ഇപ്പോൾ കിതാബുകളുടെ ഉടമ ആ വിധവയാണ്. ഇമാം ഇസ്ഹാഖുബ്നു റാഹവൈഹി (റ)വിന് ഈ ഗ്രന്ഥങ്ങൾ നോക്കാൻ വല്ലാത്ത മോഹം. ആലോചിച്ചിട്ട് ഒരു വഴിയേ കണ്ടുള്ളൂ. വിധവയെ വിവാഹം ചെയ്യുക. വളരെ പ്രസിദ്ധനായ പണ്ഡിത വിധവയെ വിവാഹം കഴിച്ച് സംരക്ഷിക്കുന്നതിൽ എല്ലാവർക്കും സന്തോഷം...

ഗ്രന്ഥപ്പുര തുറന്നുകിട്ടിയാൽ പണ്ഡിത പ്രമുഖനും സന്തോഷമായി.
ഇമാം ഖുതൈബത്തുബ്നു സഈദ് (റ) ആയിരങ്ങളുടെ ഗുരുവര്യർ. ഇമാം ബുഖാരി (റ), മുസ്ലിം (റ), അബൂദാവൂദ് (റ), തുർമുദി (റ), നസാഈ (റ) തുടങ്ങിയവർ മഹാനവർകളടെ ശിഷ്യന്മാരാണ്. അങ്ങനെയുള്ള ഖുത്തൈബത്തുബ്നു സഈദ് (റ) പ്രസ്താവിച്ചതിങ്ങനെയായിരുന്നു :
ഇമാം ശാഫിഈ (റ)വിന്റെ മുഴുവൻ ഗ്രന്ഥങ്ങളും എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാനവയെല്ലാം പകർത്തിയെടുക്കുമായിരുന്നു. അത്രക്ക് ഫലപ്രദമാണവ. ഇമാം ശാഫിഈ (റ) ഇരുന്നൂറോളം ഗ്രന്ഥങ്ങൾ രചിച്ചതായി ചിലർ പറയുന്നുണ്ട് ...

ഉപ്പമാർ പുത്രന്മാർക്ക് നൽകിയിരുന്ന ഉപദേശം ഇതായിരുന്നു : ഇമാം ശാഫിഈ (റ) വിന്റെ വായിൽനിന്ന് വരുന്ന ഒരൊറ്റ വാക്കും വിട്ടുകളയാതെ എഴുതിയെടുക്കുക. പറയുന്ന ഓരോ അക്ഷരത്തിലും വിജ്ഞാനമുണ്ട്. ഒരു വലിയ സമൂഹം ഇമാം ശാഫിഈ (റ)വിന്റെ വായിൽ നിന്ന് വരുന്ന ഓരോ അക്ഷരവും രേഖപ്പെടുത്താൻ വേണ്ടി ആകാംക്ഷയോടെ കാത്തുനിൽക്കുകയായിരുന്നു. ഇമാമിൽ നിന്നു വരുന്ന അക്ഷരങ്ങൾ രേഖപ്പെടുത്താൻ ശ്രമിച്ചവർ മഹാപണ്ഡിതന്മാരായി ഉയർന്നുവന്നു ...

ഗ്രന്ഥരചന ദീനീസേവനമാണ്...

അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം ലക്ഷ്യം. പേരും പ്രശസ്തിയും പ്രതിഫലവും ലക്ഷ്യംവെക്കരുത്. ഇമാം ശാഫിഈ (റ) അവർകളുടെ ഗ്രന്ഥങ്ങൾക്ക് പകർപ്പവകാശമില്ല. ആർക്കും പകർത്തിയെഴുതാം. ഗ്രന്ഥരചനക്ക് പ്രതിഫലം ആവശ്യപ്പെട്ടില്ല. പ്രതിഫലം അല്ലാഹുവിൽ മാത്രം. ഇമാം ഒരിക്കൽ ഇങ്ങനെ പറഞ്ഞു : "എന്റെ ഗ്രന്ഥങ്ങൾ മുഴുവൻ ആളുകൾ പഠിക്കട്ടെ. അവയിലെ ഒരക്ഷരം പോലും എന്റെ പേരിൽ പ്രസിദ്ധമാവാതിരിക്കട്ടെ ..."

ഇമാമിന്റെ യഥാർത്ഥ അവസ്ഥ ഇതിൽനിന്ന് തന്നെ നന്നായി മനസ്സിലാക്കാം. ഗ്രന്ഥങ്ങളെല്ലാം ഫലപ്രദമാണ്. ജനങ്ങൾ അത് പഠിക്കണം. അതനുസരിച്ച് കർമങ്ങൾ നിർവഹിക്കണം. അതാണ് ആഗ്രഹം. ഗ്രന്ഥത്തോടൊപ്പം തന്റെ പേര് പറയേണ്ടതില്ല. അതുവഴി തനിക്ക് പേരും പെരുമയും വേണ്ട. ഇത് വെറും പറച്ചിലല്ല. നിഷ്കളങ്കമായ മനസ്സിന്റെ ആഗ്രഹമാണ്. മനസ്സിന്റെ നിഷ്കളങ്കത എത്രത്തോളമുണ്ടെന്ന് നന്നായറിയുന്നത് സർവ്വശക്തനായ അല്ലാഹു മാത്രം.

നിയ്യത്ത് നന്നായാൽ വമ്പിച്ച പ്രതിഫലമാണ്. ദുനിയാവിലും ആഖിറത്തിലും വലിയ പ്രതിഫലം. ഇമാം ശാഫിഈ (റ)വിന് അല്ലാഹു ദുനിയാവിൽ നൽകിയ സ്ഥാനമാനങ്ങളെത്രയാണ്. ആശ്ചര്യകരം, അതിശ്രേഷ്ഠരായ ശിഷ്യന്മാരെ നൽകി. അക്കാലത്തെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാരും ബുദ്ധിജീവികളും അവരായിരുന്നു. അവരുടെ ശിഷ്യന്മാരോ..? അതിശ്രേഷ്ഠർ തന്നെ...

ഇമാം ശാഫിഈ (റ) വിന്റെ ഗ്രന്ഥങ്ങൾക്ക് ആയിക്കണക്കിൽ കോപ്പികളുണ്ടായി. പകർത്തി എഴുതിയ കോപ്പികൾ അതിന്റെ പാരായണം നിരന്തരം നടന്നുവരുന്നു. ലോകം മുഴുവൻ ആ ഗ്രന്ഥങ്ങൾ പഠിപ്പിക്കപ്പെടുന്നു. ശാഫിഈ മദ്ഹബ് വിദൂരദിക്കുകളിലേക്ക് വ്യാപിച്ചു. അതിന്റെ അനുയായികൾ വർധിച്ചുകൊണ്ടിരിക്കുന്നു.
ഇമാമിന്റെ ഗ്രന്ഥങ്ങളിലെ വിജ്ഞാനം കൂടിയ അളവിലോ കുറഞ്ഞ അളവിലോ കിട്ടിയവരുടെ എണ്ണം എത്രയായിരിക്കും..? കോടിക്കണക്കിൽ വരും ...

ഇമാം ശാഫിഈ (റ)അവർകൾക്ക് അല്ലാഹു നൽകിയ പദവികൾ വിവരിക്കാൻ ഭാഷയിൽ വാക്കുകളുണ്ടോ ..? ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇമാമിന്റെ ഏതെങ്കിലും ഗ്രന്ഥത്തിന്റെ പഠനം ഓരോ നിമിഷത്തിലും നടന്നുകൊണ്ടിരിക്കുന്നു. വിജ്ഞാനത്തിന്റെ ശക്തമായ കൈമാറ്റം അത് നാൾക്കുനാൾ വാർധിച്ചുകൊണ്ടിരിക്കുന്നു. ഇമാമിന്റെ കവിതകൾ ക്രോഡീകരിക്കപ്പെട്ടു. അവ ഗ്രന്ഥങ്ങളായി. ദീവാൻ ശാഫിഈ എന്ന് പേർ വെക്കപ്പെട്ടു...

വിജ്ഞാനത്തിന്റെ എല്ലാ മേഖലയിലുള്ളവർക്കും ഇമാമിനെ വേണം. കാരണം, ആ മേഖലയിലെല്ലാം ഇമാം ഒന്നാമനാകുന്നു ...


സഫലമായ രാവ് 

നബി (സ)തങ്ങളുടെ വളരെ പ്രസിദ്ധമായ ഒരു വചനമുണ്ട്. നിങ്ങൾ ഖൈറൈശികളെ കുറ്റം പറയരുത്. അവരിൽപെട്ട ഒരു പണ്ഡിതൻ ലോകത്ത് വിജ്ഞാനം വ്യാപിപ്പിക്കും ...

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) പ്രസ്താവിച്ചിരിക്കുന്നു : ഹദീസിൽ പറഞ്ഞ ആ പണ്ഡിതൻ ഇമാം ശാഫിഈ (റ) തന്നെയാകുന്നു. ഖുറൈശികൾക്കിടയിൽ നിന്ന് ഇത്രയും മഹത്വമുള്ള മറ്റൊരു പണ്ഡിതൻ ഉയർന്നുവന്നിട്ടില്ല. മറ്റനേകം പണ്ഡിതന്മാരും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ (റ) വിന്റെ ദീർഘായുസ്സിന് വേണ്ടി ഇമാം അഹ്മദുബ്നു ഹമ്പൽ (റ) എപ്പോഴും പ്രാർത്ഥിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മക്കൾക്ക് അക്കാര്യമറിയാം...

ഒരിക്കൽ മകൾ ചോദിച്ചു : ഉപ്പാ താങ്കൾ ഇമാം ശാഫിഈ (റ)അവർകളുടെ ദീർഘായുസ്സിന് വേണ്ടി എത്രയാണ് പ്രാർത്ഥിക്കുന്നത് ? സുജൂദിൽ വരെ പ്രാർത്ഥിക്കുന്നു. എന്താണതിന് കാരണം..? ഉപ്പയുടെ മറുപടി ഇതായിരുന്നു : "ലോകത്തിന് സൂര്യൻ എത്രത്തോളം ആവശ്യമാണോ അതുപോലെയാണ് ലോകത്തിന് ഇമാമിനെക്കൊണ്ടുള്ള ആവശ്യവും. ശരീരത്തിന് ആരോഗ്യം എത്രകണ്ട് ആവശ്യമാണോ അത്ര തന്നെ സമുദായത്തിന് ഇമാമിന്റെ വിജ്ഞാനവും ആവശ്യമാണ്. അങ്ങനെയുള്ള ഇമാമിന് നാം എത്രമാത്രം പ്രാർത്ഥിക്കണം..."

മകളുടെ മനസ്സിളക്കിയ വാക്കുകൾ ...

ഈ മകൾ പണ്ഡിതയായിരുന്നു. പകൽ സുന്നത്ത് നോമ്പിലായിരിക്കും, രാത്രി സുന്നത്ത് നിസ്കാരത്തിലുമായിരിക്കും. നല്ലൊരു സൂഫി വനിതയായി ജീവിച്ചു. മഹാന്മാരെക്കുറിച്ചു കേൾക്കാൻ വലിയ താൽപര്യമായിരുന്നു. ഉപ്പയിൽനിന്ന് കൂടുതൽ കേട്ടത് ഇമാം ശാഫിഈ (റ) അവർകളെക്കുറിച്ചായിരുന്നു. ആ ബഹുമുഖ പ്രതിഭയെക്കുറിച്ചുള്ള ഓർമകൾ മകളുടെ മനസ്സിൽ നിറഞ്ഞുനിന്നു. ഇമാം ശാഫിഈ (റ) കാഴ്ചയിൽ നല്ല ഗാംഭീര്യമുള്ള മഹാനായിരുന്നു. ആകർഷകമായ മുഖം. ഖുറൈശി വംശത്തിന്റെ ശൗര്യം സ്ഫുരിക്കുന്ന മുഖം. സുന്ദരമായ മുഖത്തിന് ചേർന്ന താടി. ഗാംഭീര്യം വർദ്ധിപ്പിക്കുന്ന വേഷം. തലയിൽ തൊപ്പിയും തലപ്പാവും കാണും...

പണ്ഡിതവര്യനായ മുഹമ്മദുൽ മഖ്സൂമി രേഖപ്പെടുത്തിയതിങ്ങനെയാണ് : മക്കാഹറമിൽ വെച്ച് ഞാൻ ഇമാം ശാഫിഈ (റ) അവർകളെ കാണാനിടയായി. ഇതൊരു രാജാവാണോ എന്ന് ഞാൻ സംശയിച്ചുപോയി. ഇമാമിന്റെ സ്വഭാവത്തെ പറ്റി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. വിനയം നിറഞ്ഞ സ്വഭാവം. കവിത തുളുമ്പുന്ന ശുദ്ധ ഭാഷയിൽ സംഭാഷണം. വാചകങ്ങളിൽ വിജ്ഞാനം നിറഞ്ഞൊഴുകും. വളരെ ആകർഷകമായിരുന്നു ശബ്ദം. ചെമ്പു പാത്രത്തിൽ നാണയം വീണത് പോലുള്ള ശബ്ദം. വെങ്കലമണി മുഴങ്ങും പോലുള്ള ശബ്ദം. ശിഷ്യന്മാരുടെ വിവരണങ്ങളിൽ അങ്ങനെയൊക്കെ കാണാം ...

പണ്ഡിത വര്യനായ അഹ്മദുബ്നു ഖുറൈശ് (റ) ഒരു സ്വഭാവം വിവരിക്കുന്നു ...
ഒരു കൂട്ടം പണ്ഡിതന്മാർ ഒരു മരണവീട്ടിൽ ഒരുമിച്ചുകൂടി. ധാരാളം സാധാരണക്കാരുമുണ്ട്. ഇമാം ശാഫിഈ (റ) അവർകളും ഉണ്ടായിരുന്ന ജനാസ പള്ളിയിലേക്ക് കൊണ്ടുപോവാൻ സമയമായി. എല്ലാവരും ഇറങ്ങി. വലിയൊരു സംഘം ജനാസയെ അനുഗമിക്കുന്നു. ഖബറിസ്ഥാനിലെത്താൻ കുറച്ചു ദൂരമുണ്ട്. സാന്ദർഭികമായ ചില വിവരങ്ങൾ ഇമാം നടക്കുന്നതിന്നിടയിൽ സംസാരിച്ചു.

ചില ഹദീസുകൾ ഓതി വ്യാഖ്യാനിച്ചു. കേൾവിക്കാർ അതിശയിച്ചുപോയി. ചിലരെ ഹദീസിലെ ആശയങ്ങൾ ആകർഷിച്ചു. ചിലരെ സ്പർശിച്ചത് ഭാഷാ ശൈലി. മറ്റുചിലരുടെ മനസ്സിനെ തൊട്ടുണർത്തിയത് ശബ്ദ സൗന്ദര്യം. എല്ലാവരുടെ മനസ്സിലും ഒരേ ഒരാഗ്രഹം ഈ യാത്ര പെട്ടെന്ന് തീരാതിരിക്കട്ടെ. ദൂരം ദീർഘമാവട്ടെ ഏറെ നേരം സംസാരം കേൾക്കാമല്ലോ... ഇമാമിന്റെ ശബ്ദവും സംസാര ശൈലിയും അത്രക്ക് ആകർഷകമായിരുന്നു ...

പ്രശസ്തമായൊരു നബിവചനമുണ്ട് : എല്ലാ നൂറ്റാണ്ടിലും ഓരോ മുജദ്ദിദിനെ അല്ലാഹു നിയോഗിക്കും. നവോത്ഥാന നായകനാണ് മുജദ്ദിദ്. ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ മുജദ്ദിദ് ഇമാം ശാഫിഈ (റ)അവർകളാകുന്നു... ഹാറൂനുബ്നു സഈദ് (റ) എന്ന പണ്ഡിതൻ രേഖപ്പെടുത്തുന്നു. ഇമാം ശാഫിഈ (റ) അമ്പരപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്.

വിജ്ഞാനത്തിൽ ആർക്കും അദ്ദേഹത്തെ തോൽപ്പിക്കാനാവില്ല. വാചാലതകൊണ്ടും ജയിക്കാനാവില്ല. മുഖഗാംഭീര്യം തന്നെ വിസ്മയകരം. ആത്മസംസ്കരണത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. തസ്വവ്വുഫിന്റെ പ്രകാശത്തിൽ ജീവിക്കാൻ പഠിക്കണം. അത് പഠിപ്പിക്കാൻ ആത്മീയ ഗുരു വേണം. ശരീഅത്തിൽ ധാരാളം ഉസ്താദുമാരുണ്ട്. ത്വരീഖത്തിൽ മഹാനവർകളുടെ ശൈഖ് വന്ദ്യരായ ശൈബാനു റാഈ (റ) അവർകളായിരുന്നു...

ജാഹിലിയ്യ കാലഘട്ടത്തിലെ പ്രസിദ്ധനായ കവിയായിരുന്നു ലബീദ്. സാഹിത്യലോകം ലബീദിനെ വല്ലാതെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. അത്ര മികച്ച കവിതകളാണ് ലബീദ് രചിച്ചത്. ആ കവിതകൾ ആദ്യകാലത്ത് ആസ്വദിച്ചു പഠിക്കുകയായിരുന്നു ഇമാം ശാഫിഈ (റ). ചില മഹാന്മാർ അദ്ദേഹത്തെ ഫിഖ്ഹിലേക്കും ഹദീസിലേക്കും തിരിച്ചുവിടുകയായിരുന്നു. ഒരിക്കൽ ഇമാം ശാഫിഈ (റ)പ്രസ്താവിച്ചു...

പണ്ഡിതന്മാർക്ക് കവിത ഭൂഷണമാകുമായിരുന്നെങ്കിൽ ഞാൻ ലബീദിനെക്കാൾ വലിയ കവിയാകുമായിരുന്നു. ഇമാം തന്റെ കഴിവുകൾ കവിതക്കു വേണ്ടി മാറ്റിവെച്ചില്ല. ഇസ്ലാമിക വിജ്ഞാന ശാഖകൾക്കു വേണ്ടി മാറ്റിവെച്ചു. ഇടക്കൊക്കെ കവിത രചിക്കുകയും ചെയ്തു. ആ കവിതകൾ തന്നെ എത്ര മനോഹരം. ഇമാമിനെ കവിയെന്ന് വിളിക്കാൻ അതുതന്നെ ധാരാളം. ഓരോ വരിയിലും വിജ്ഞാനം തുളുമ്പിനിൽക്കുന്നു...

ലബീദിന്റ കവിതകളും ചൊല്ലി ഗ്രാമത്തിൽ അലയുന്ന കാലം. സുബൈരി ഗോത്രത്തിലെ ഒരു പ്രമുഖനെ കണ്ടുമുട്ടി അദ്ദേഹം പറഞ്ഞു : "ശാഫിഈ ... നിങ്ങളുടെ സാഹിത്യ നൈപുണ്യവും ഭാഷാ സമ്പത്തും വാചാലതയും ദീനീ വിജ്ഞാനത്തിന് വിനിയോഗിച്ചാൽ എത്ര ഗുണകരമായിരിക്കും..?"

മനസ്സിൽ തട്ടിയ വാക്കുകൾ... ചിന്താകുലനായിപ്പോയി. കവിതയിൽ നിന്നു ഇസ്ലാമിക വിജ്ഞാനത്തിലേക്ക് തിരിയാൻ തീരുമാനിച്ചു. അദ്ദേഹം സുബൈരി ഗോത്രക്കാരനോട് വിനയത്തോടെ ചോദിച്ചു: ദീനീ വിജ്ഞാനം നേടാൻ വേണ്ടി ഞാൻ ഏത് പണ്ഡിതനെയാണ് സമീപിക്കേണ്ടത്..? സുബൈരി ഗോത്രക്കാരൻ മറുപടി പറഞ്ഞു : "ഇമാം മാലികുബ്നു അനസ് (റ)..."

സമാന സംഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. പിൽക്കാലത്ത് ഇമാം ശാഫിഈ (റ)നടത്തിയ ഒരു പ്രസ്താവനയുടെ ചുരുക്ക രൂപം ഇങ്ങനെയാകുന്നു ഇമാം പറഞ്ഞു : എന്റെ ബാല്യകാലത്ത് ഞാൻ നബി (സ)തങ്ങളെ സ്വപ്നത്തിൽ കണ്ടു. നബി (സ) എന്നെ വിളിച്ചു ... "പൊന്നു മകനേ.... വരൂ... ഞാൻ പറഞ്ഞു : ലബ്ബൈക... യാ റസൂലല്ലാഹ് ഞാൻ അടുത്തു ചെന്നു. നബി (സ) തന്റെ ഉമിനീര് എന്റെ ചുണ്ടിലും വായിലും പുരട്ടിത്തന്നു നബി (സ) പറഞ്ഞു : അല്ലാഹു നിനക്ക് ബർക്കത്ത് ചെയ്യട്ടെ ... ഈ സംഭവത്തിനുശേഷം കേട്ടതെന്തും എനിക്ക് മനഃപാഠമാണ്. അതിനുശേഷം കേട്ട ഒരു ഹദീസും മറന്നിട്ടില്ല. ഒരു കവിതയും മറന്നില്ല. ഒരു വിജ്ഞാനവും മറന്നില്ല..."

മക്കയിൽനിന്ന് മദീനയിലേക്കുള്ള ആ യാത്ര. ഇമാം മാലിക് (റ)വിന്റെ ദർസിൽ ചേരാനുള്ള യാത്ര. ആ യാത്ര എട്ട് ദിവസം നീണ്ടുനിന്നു. അന്ന് പ്രായം പതിനഞ്ച് വയസ്സ്. എട്ട് ദിവസത്തെ യാത്രക്കിടയിൽ പതിനഞ്ചുകാരൻ ഓതിത്തീർത്ത ഖത്തം എത്രയാണെന്നറിയണ്ടേ..? പതിനാറ് ഖത്തം. പതിനാറ് തവണ ഖുർആൻ ഓതിത്തീർത്തു...

ഇമാം രാത്രിയെ മൂന്നു ഭാഗങ്ങളായി തിരിച്ചു. ഒരു ഭാഗം ഉറങ്ങും, ഒരു ഭാഗം പഠനത്തിന് മാറ്റിവെക്കും. ഒരു ഭാഗം നിസ്കാരം മുതലായ ആരാധനകൾക്കു വേണ്ടിയാണ്. രാത്രി നിസ്കാരങ്ങളിൽ നീണ്ട സൂറത്തുകൾ ഓതും. ആശയങ്ങൾ ശരിക്ക് ചിന്തിച്ചുകൊണ്ടാണ് ഓതുക. റഹ്മത്തിനെക്കുറിച്ചുള്ള ആയത്തുകൾ ഓതുമ്പോൾ റഹ്മത്തിന് വേണ്ടി പ്രാർത്ഥിക്കും. സകല മുസ്ലിംകളെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കും. ശിക്ഷയെക്കുറിച്ചുള്ള ആയത്തുകൾ വരുമ്പോൾ അതിൽ നിന്ന് രക്ഷ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കും. എല്ലാ മുസ്ലിംകൾക്കും വേണ്ടി പ്രാർത്ഥിക്കും...

വളരെയേറെ ഭയഭക്തിയുള്ള മഹാനാണ്. തന്റെ ജീവിതം മറ്റുള്ളവർക്ക് പാഠമായിത്തീർന്നു ...


അന്ത്യം

നഫീസത്തുൽ മിസ്രിയ്യ (റ) സൂഫി ചക്രവാളത്തിലെ പ്രോജ്വല താരം ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ പ്രകാശമാണവർ ഇമാം ശാഫിഈ  (റ)വിന്റെ ഈജിപ്ത് ജീവിതകാലത്ത് നഫീസത്തുൽ മിസ്രിയ്യ (റ)യും ഈജിപ്തിലുണ്ട് അവർ തമ്മിൽ വൈജ്ഞാനിക ചർച്ചകൾ നടന്നിട്ടുണ്ട് ആത്മീയ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട് ഹിജ്റ റബീഉൽ അവ്വൽ 11-ന് നഫീസ  (റ)ജനിച്ചു

മക്കയിലാണ് ശൈശവം കടന്നുപോയത്
ഉപ്പ : ഹസനുൽ അൻവർ 
ഉമ്മ;  ഉമ്മുസലമ

ഇമാം ഹസൻ  (റ) വിന്റെ സന്താനപരമ്പരയിലാണ് ഹസനുൽ അൻവർ ഉൾപ്പെടുന്നത് ഇമാം ഹുസൈൻ  (റ)വിന്റെ സന്താനപരമ്പരയിൽ പെട്ടയാളാണ് ഉമ്മു സലമ ( റ)

നഫീസ മോൾക്ക് വയസ്സ് അഞ്ചായി അപ്പോഴാണ് ആ യാത്ര നടന്നത് കുടുംബം മക്കയിൽ നിന്ന് മദീനയിലേക്ക് പോയി കുറെക്കാലം മദീനയിൽ താമസിച്ചു നഫീസമോൾ നല്ല ബുദ്ധിമതിയായിരുന്നു ശൈശവത്തിൽ തന്നെ ഉപ്പയിൽ നിന്ന് ധാരാളം വിജ്ഞാനം നേടിയിരുന്നു ആറ് വയസ്സാകുമ്പോൾ വിശുദ്ധ ഖുർആൻ മനഃപാഠമായിക്കഴിഞ്ഞിരുന്നു ഫിഖ്ഹ്, ഹദീസ്, ചരിത്രം എന്നിവ താൽപര്യത്തോടെ പഠിച്ചു ചെറുപ്പത്തിൽ തന്നെ സൂഫി ചര്യയിലാണ് ധാരാളം ഇബാദത്തെടുത്തു മുവത്വ എന്ന ഹദീസ് ഗ്രന്ഥം ഇമാം മാലിക്  (റ)വിന്റെ കിതാബ്

ആ കിതാബ് കൈയ്യിൽ കിട്ടി പഠനം തുടങ്ങി അത്യാവേശത്തോടെ പഠിച്ചു ഇൽമിന്റെ ആഴത്തിലേക്കിറങ്ങി വിവിധ വൈജ്ഞാനിക ശാഖകളിൽ അവഗാഹം നേടി ഇമാം ജഹ്ഫർ സ്വാദിഖ് (റ)വിന്റെ പുത്രനാണ് ഇസ്ഹാഖുൽ മുഹ്തമിൻ (റ) ഇദ്ദേഹം നഫീസ  (റ)യെ വിവാഹം ചെയ്തു സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചു ശിശുവായിരിക്കുമ്പോൾ തന്നെ വന്ദ്യരായ ഇബ്രാഹിം നബി  (അ)നെയും കുടുംബത്തെയും പറ്റി കേട്ടു അവരെ അനുസ്മരിക്കുന്ന ആയത്തുകൾ ഓതിക്കൊണ്ടിരിക്കും ഇബ്രാഹിം നബി  (അ)ന്റെ ഖബ്ർ സിയാറത്ത് ചെയ്യാൻ വല്ലാത്ത മോഹം വന്നു അങ്ങനെ യാത്ര തുടങ്ങി ബൈത്തുൽ മുഖദ്ദസിലെത്തി നിസ്കരിച്ചു ദുആ ഇരന്നു

അഹ്ലുബൈത്തിൽ പലരുടെയും ഖബറുകൾ കണ്ടു സിയാറത്ത് ചെയ്തു ദുആ ഇരന്നു  ഇബ്രാഹീം നബി (അ) ന്റെ ഖബറിടത്തിലെത്തി പല പ്രവാചകന്മാരുടെ ഖബറുകൾ അവരുടെ കുടുംബങ്ങളുടെ ഖബറുകൾ ഇബ്രാഹിം  (അ)ന്റെ ഖബറിന്നരികിൽ നഫീസ  (റ) വിനയത്തോടെ നിന്നു ഇബ്രാഹിം  (അ) നെപ്പറ്റി പറയുന്ന ആയത്തുകൾ ഓതിക്കൊണ്ടിരുന്നു ഇബ്രാഹിം  (അ)ന് സലാം ചൊല്ലി സലാം മടക്കുന്ന ശബ്ദം കേട്ടു പിന്നെ സംസാരിച്ചു ഭാവിയിൽ ഉപകാരം ചെയ്യുന്ന നല്ല ഉപദേശങ്ങൾ ഭാവിയിൽ മനുഷ്യവർഗത്തിന് വേണ്ടി എങ്ങനെയൊക്കെ സേവനം ചെയ്യണം?  അത് മനസ്സിലായി ചുരുങ്ങിയ കാലംകൊണ്ട് നഫീസ  (റ)വിന്റെ പേരും പെരുമയും പല നാടുകളിലുമെത്തിയിരുന്നു

മിസ്വ്റിൽ അവരുടെ പ്രശസ്തി വ്യാപിച്ചുകഴിഞ്ഞു നഫീസ  (റ) ഈജിപ്തിലേക്ക് വരുന്ന വാർത്ത നാട്ടിൽ പ്രചരിച്ചു ഫലസ്തീനിൽനിന്ന് ഈജിപ്തിലേക്ക് വരുന്നു ഹിജ്റ 193 റമളാൻ 26-ന് നഫീസ  (റ)യും കുടുംബവും ഈജിപ്തിലെത്തി മിസ്വറിലേക്ക് സ്വീകരണം ജമാലുദ്ദീൻ അബ്ദുല്ലാഹിൽ ജസ്സാസിന്റെ വീട്ടിലാണ് കുറെക്കാലം താമസിച്ചത് സ്ത്രീകളുടെ വലിയ കൂട്ടങ്ങൾ വരാൻ തുടങ്ങി ബീവി അവർക്ക് വിജ്ഞാനം നൽകി അനുഗ്രഹം നൽകി ആശിർവദിച്ചു ജനത്തിരക്കു കാരണം താമസം മാറ്റേണ്ടിവന്നു പണ്ഡിത വനിതയായ ഉമ്മുഹാനിഹ് എന്നിവരുടെ വീട്ടിലേക്ക് താമസം മാറ്റി

ഒഴിഞ്ഞിരുന്ന് ആരാധനകൾ നിർവഹിക്കാൻ പറ്റാത്ത അവസ്ഥയായി മിസ്വ്റ് വിട്ടുപോവാൻ തീരുമാനമെടുത്തു ഭരണാധികാരികൾ ഇടപെട്ടു മിസ്വർ വിട്ടു പോവരുത് ഇവിടെത്തന്നെ താമസിക്കണം എല്ലാ പ്രയാസങ്ങളും തീർക്കാം ആഴ്ചയിൽ രണ്ട് ദിവസം ജനങ്ങളെ കാണുക മറ്റു ദിവസങ്ങൾ ബീവിക്കു സ്വന്തം ശനി , ബുധൻ ദിവസങ്ങളിൽ ജനങ്ങൾ തടിച്ചുകൂടും ആ ദിവസങ്ങൾ ബീവി അവർക്കു വേണ്ടി മാറ്റിവെച്ചു

വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ ബീവി പൊട്ടിക്കരയും ജീവൻ നിലനിർത്താനാവശ്യമായ ആഹാരം മാത്രം കഴിക്കും പകലുകളിൽ നോമ്പാണ്   രാത്രികളിൽ ഇബാദത്ത് കിട്ടുന്നതെല്ലാം സ്വദഖ ചെയ്യും കാൽനടയായി ഹജ്ജിന് പോയി മുപ്പത് തവണ പരലോകം എന്ന് കേട്ടാൽ ഭയന്ന് കരയും ഖബറിലെ ജീവിതമോർത്ത് കരയും കേട്ടുനിൽക്കുന്നവർക്കും കരച്ചിലടക്കാനാവില്ല പണ്ഡിതന്മാർ ധാരാളം വരും പല വിഷയങ്ങളെക്കുറിച്ചും ബീവിയോട് ചോദിച്ചു പഠിക്കും ബീവി പല കാര്യങ്ങളും അവരോട് ചോദിച്ചറിയും വിജ്ഞാനത്തിന്റെ ഈ കൈമാറ്റം ജനങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെട്ടു 

മഹാന്മാരായ സൂഫികൾ വരും ഉന്നതമായ സംഗതികൾ സംസാരിക്കും ബീവിയുടെ കറാമത്തുകൾ നാടറിഞ്ഞു ലോകമറിഞ്ഞു ഇമാം ശാഫിഈ  (റ)മിസ്വറിലെത്തി മിസ്വ്റ് പുളകമണിഞ്ഞു പോയി അഹ്ലുബൈത്തിലെ രണ്ടു മഹാപ്രതിഭകൾ നഫീസത്തുൽ മിസ്വരി (റ) ഇമാം ശാഫിഈ  (റ) ഇവരുടെ മഹനീയ സാന്നിധ്യം ഈജിപ്തിനെ ധന്യയാക്കി അനുഗ്രഹീതമാക്കി ഇമാം ശാഫിഈ  (റ)വന്നു നഫീസത്തുൽ മിസ്രിയ്യ  (റ)യുടെ ഭവനത്തിൽ എന്തിന് വന്നു?  കുടുംബബന്ധം പുതുക്കാൻ ഇൽമ് നേടാൻ ദുആ വസ്വിയ്യത്ത് ചെയ്യാൻ ബർകത്ത് നേടാൻ ആ സന്ദർശനംകൊണ്ട് ഇവയെല്ലാം ഇരുവരും നേടി അതിലേറെയും നേടി ജനങ്ങൾക്ക് ഉപകാരവുമുണ്ടായി

ഓരോ സന്ദർശനവും ചരിത്രമായി ഇമാം ശാഫിഈ  (റ)അവർകൾക്ക് രോഗം വന്നാൽ ബീവിയുടെ അടുത്തേക്ക് ആളെ അയക്കും പ്രാർത്ഥിക്കാൻ പറയും പ്രാർത്ഥിക്കും രോഗം മാറും ഇത് പതിവായിരുന്നു ശിഷ്യന്മാരിൽ പെട്ടവരാണ് രോഗവിവരം പറയാൻ പോവുക നഫീസത്ത് ബീവി ഈജിപ്തിലെത്തി വർഷങ്ങൾ കഴിഞ്ഞാണ് ഇമാം ശാഫിഈ  (റ)എത്തിയത് അവർ തന്റെ വീട്ടിൽ പ്രൗഢമായൊരു സദസ്സൊരുക്കി നല്ല സദ്യയൊരുക്കി അങ്ങനെയാണ് ഇമാം ശാഫിഈ  (റ)വിനെ സ്വീകരിച്ചത്

ഇടക്കിടെ അവർ തമ്മിൽ വൈജ്ഞാനിക ചർച്ചകൾ നടക്കും വിശുദ്ധ റമളാനിൽ ഇടക്കിടെ ഇമാം വരും തറാവീഹ് നിസ്കാരത്തിന് നേതൃത്വം നൽകും ചരിത്രം മറക്കാത്ത അനുഭവങ്ങൾ ഇമാമിന്റെ ജീവിതം അതിന്റെ അവസാന ദശയിലേക്ക് നീങ്ങുകയാണ് ഇനി ഏതാനും ദിവസങ്ങൾ മാത്രം ഖലീഫ മഹ്മൂനിന്റെ കത്തുമായി ഒരു ദൂതൻ എത്തിച്ചേർന്നു കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു താങ്കൾ ബാഗ്ദാദിൽ വരിക മുഖ്യ ഖാളിയായി സ്ഥാനമേൽക്കുക ആ പദവി സ്വീകരിക്കാൻ മനസ് വന്നില്ല ഇമാം ഇങ്ങനെ പ്രാർത്ഥിച്ചു : 

അല്ലാഹുവേ....... ആ പദവി സ്വീകരിക്കുന്നത് ദീനിനും ദുനിയാവിനും ഗുണകരമാണെങ്കിൽ അതിന്നവസരം നൽകേണമേ അല്ലെങ്കിൽ നീ എന്നെ നിന്നിലേക്ക് ചേർക്കേണമേ ഇമാമിന്റെ മറുപടി കിട്ടാൻ വേണ്ടി ദൂതൻ കാത്തുനിൽക്കുകയാണ് മൂന്നു ദിവസം ദൂതൻ അവിടെത്തന്നെ താമസിച്ചു ആ ദിവസങ്ങളിൽ നടന്നതെല്ലാം ദൂതൻ നിരീക്ഷിച്ചു

ഇമാമിന് രോഗം വർധിച്ചു ഒരു ശിഷ്യനെ നഫീസത്ത് ബീവി  (റ)യുടെ വീട്ടിലേക്കയച്ചു ഇത്തവണ രോഗശമനത്തിന് ദുആ ചെയ്തില്ല പകരം ഇങ്ങനെ പറഞ്ഞു :അല്ലാഹു തന്റെ ദർശനത്താൽ അദ്ദേഹത്തെ ആസ്വദിപ്പിക്കട്ടെ ദൂതൻ മടങ്ങിയെത്തി വിവരം പറഞ്ഞു തന്റെ അന്ത്യം
എത്തിക്കഴിഞ്ഞുവെന്ന് മനസ്സിലായി അന്ത്യോപദേശങ്ങൾ നൽകി നഫീസത്ത് ബീവി (റ) തനിക്ക് മയ്യിത്ത് നിസ്കരിക്കണം ഇമാം വസ്വിയ്യത്ത് ചെയ്തു

ഹിജ്റ 204 റജബ് മാസം അവസാനിക്കുന്ന ദിവസം വെള്ളിയാഴ്ച രാവ് ഇമാം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ  (റ) അവർകൾ വഫാത്തായി

അവസാന ദിവസങ്ങളിൽ രോഗിയായ ഇമാമിനെ കാണാൻ വന്നവർക്ക് കണക്കില്ല മരണവാർത്ത നാടെങ്ങും അറിഞ്ഞു വൻജനാവലിയാണ് വന്നുകൂടിയത് വ്യാഴാഴ്ച പകൽ നിരവധി ശിഷ്യന്മാർ എത്തിയിരുന്നു അവർ മഗ്രിബ് നിസ്കരിച്ചു വന്നു ശിഷ്യനായ റബീഹ് (റ)ഇമാമിനോട് ചോദിച്ചു : അങ്ങ് മഗ്രിബ് നിസ്കരിച്ചോ ?

ഇമാം പറഞ്ഞു;  ഞാൻ മഗ്രിബ് നിസ്കരിച്ചു മഴക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു മഴ കിട്ടാതെ മനുഷ്യരും ജീവികളും പ്രയാസപ്പെടുകയായിരുന്നു ഇശാഇന് സമയമായി ഇമാം ഇശാഹ് നിസ്കരിച്ചു സമയമായിക്കഴിഞ്ഞു അന്ത്യനിമിഷങ്ങൾ സമാഗതമായി തന്റെ ശൈഖ് ശൈബാനു റാഇ (റ) അവർകളുടെയും നഫീസത്തുൽ മിസ്രിയ്യ  (റ)യുടെയും മറ്റ് ആത്മീയ പുരുഷ്യന്മാരുടെയും ഉപദേശങ്ങൾ ഓർമയിലുണ്ട് തൗഹീദിൽ ഉറപ്പിച്ചു നിർത്തിയ ഖൽബ് തൗഹീദിന്റെ വചനം മൊഴിയുന്ന നാവ് അങ്ങനെ ആ ആത്മാവ് കടന്നുപോയി 


അൽ ഇമാമുശ്ശാഫിഈ

വന്ദ്യരായ അബൂഹമിദുൽ ഗസ്സാലി (റ) അവർകളുടെ വിശ്വ വിഖ്യാതമായ ഗ്രന്ഥമാണ് ഇഹ്യാ ഉലൂമുദ്ദീൻ വിജ്ഞാനത്തെക്കുറിച്ച് ഇഹിയായിൽ നന്നായി വിശദീകരിച്ചിട്ടുണ്ട് പലതരം വിജ്ഞാനങ്ങളെക്കുറിച്ച് പറയുന്നുണ്ട് 

അല്ലാഹുവിനെ അറിഞ്ഞ ആരിഫീങ്ങളാണ് ഉന്നത പദവിയിലുള്ളവർ ആരിഫീങ്ങൾ ആദരവ് അർഹിക്കുന്നു അവർ അല്ലാഹുവിന്റെ പൊരുത്തത്തിലായി ജീവിക്കുന്നു എപ്പോഴും മനസ്സിൽ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയായിരിക്കും സംസാരിക്കുന്ന ഓരോ വാക്കും അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചുകൊണ്ടായിരിക്കും അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യം വെച്ചായിരിക്കും ഓരോ കർമവും നിർവഹിക്കുക 

അവരുടെ മനസ്സിൽ അസൂയയില്ല അഹങ്കാരമില്ല മനസ്സിനെ ബാധിക്കുന്ന ഒരു ദുർഗുണവുമില്ല ഈമാനിന്റെ പ്രകാശമാണ് ഖൽബിലുള്ളത് അവർ മറ്റുള്ളവർക്ക് പ്രകാശം നൽകുന്ന വിളക്കുകളാണ്  ആ വിളക്കുകൾ തേടിപ്പോവണം അപ്പോൾ മാത്രമാണ് വെളിച്ചം ലഭിക്കുക അവരെത്തേടിപ്പോവാത്തവർക്ക് വെളിച്ചം ലഭിക്കില്ല ത്വരീഖത്തിന്റെ മഹാന്മാരായ ശൈഖുമാരെപ്പറ്റി ഇഹ്യ ഉലുമുദ്ദീനിൽ പറയുന്നുണ്ട് കർമശാസ്ത്രം പഠിച്ച പണ്ഡിതന്മാർ ത്വരീഖത്തിന്റെ ശൈഖിനെ സമീപിക്കണം ബൈഅത്ത് ചെയ്യണം അപ്പോൾ അവരുടെ കർമശാസ്ത്ര വിജ്ഞാനം പ്രകാശിക്കാൻ തുടങ്ങും ഇതിന്റെ ചില ഉദാഹരണങ്ങൾ ഇമാം ഗസ്സാലി  (റ) ഇഹ്യായിൽ പറയുന്നുണ്ട് വിവിധ വിജ്ഞാന ശാഖകളിലെ അതുല്യ പ്രതിഭയാണല്ലോ ഇമാം ശാഫിഈ  (റ) അദ്ദേഹത്തിന്റെ വിജ്ഞാനം പ്രകാശിക്കണം അതിനുവേണ്ടി ഇമാം ശാഫിഈ  (റ) ഒരു ശൈഖിനെ സ്വീകരിച്ചു ആ ശൈഖിന്റെ പേര് ശൈഖ് ശൈബാനു  റാഇ (റ) എന്നാകുന്നു 

ശൈഖ് ശൈബാനു റാഈ  (റ)വിന്റെ മുമ്പിൽ ഇമാം ശാഫിഈ  (റ) ഇരിക്കുന്ന രംഗം ഇമാം ഗസ്സാലി  (റ)ഇങ്ങനെ വിവരിക്കുന്നു കൊച്ചു കുട്ടികൾ മദ്റസയിൽ ഉസ്താദിന്റെ മുമ്പിലിരിക്കും പോലെ ഇമാം ശാഫിഈ  (റ) ശൈഖ് ശൈബാനു റാഈ  (റ)വിന്റെ മുമ്പിലിരിക്കുമായിരുന്നു ഓരോ കാര്യങ്ങൾ  (ഇന്നയിന്ന കാര്യങ്ങൾ ) എങ്ങനെ ചെയ്യണമെന്ന് ചോദിക്കും ശൈഖിന്റെ മുമ്പിൽ മുരീദുമാർ എങ്ങനെ പെരുമാറണമെന്ന് മഹാനായ ഇമാം ശാഫിഈ  (റ)വിന്റെ പെരുമാറ്റത്തിൽ നിന്ന് നാം മനസ്സിലാക്കണം ശൈഖിന്റെ സമ്മതപ്രകാരം ഓരോ കാര്യങ്ങൾ നിർവ്വഹിക്കുന്നു അത് വിജയിക്കുന്നു ഇമാമിന്റെ പാണ്ഡിത്യം എല്ലാവർക്കുമറിയാം ശൈഖ് ശൈബാനി (റ) അവർകൾക്ക് അല്ലാഹു എന്തെല്ലാം അറിവുകൾ നൽകിയിട്ടുണ്ടെന്ന് ജനങ്ങൾക്കറിയില്ല 

ചിലയാളുകൾ ഇമാം ശാഫിഈ  (റ)വിനോട് ചോദിച്ചു : വലിയ പണ്ഡിതനായ താങ്കൾ എന്തിന് ശൈബാനിയെ കാണാൻ പോവുന്നു? 
ഇമാം ശാഫിഈ  (റ)ചുരുങ്ങിയ വാക്കുകളിൽ മറുപടി പറയും നമുക്കറിയാത്ത പല വിവരങ്ങളും അവരുടെ പക്കലുണ്ട് ഇമാം തന്റെ ശൈഖിനെ കാണാൻ നിരന്തരം പോയ്ക്കൊണ്ടിരുന്നു ജനങ്ങൾ അതറിയുകയും ചെയ്തു ഇമാം ശാഫിഈ  (റ)വിന്റെ കാര്യം പറഞ്ഞ ശേഷം മറ്റ് രണ്ട് മഹാപണ്ഡിതന്മാരുടെ കാര്യം കൂടി ഇമാം ഗസ്സാലി  (റ)ഇഹിയയിൽ പറയുന്നണ്ട് 

1.ഇമാം അഹ്മദുബ്നു ഹമ്പൽ  (റ) 
2 . ഇമാം യഹ്യബ്നു മുആദ് (റ)

ഇവരുടെ ശൈഖായിരുന്നു മഹാനായ ശൈഖ് മഹ്റൂഫുൽ കർഖി (റ) രണ്ട് ഇമാമുമാരും നിരന്തരം ശൈഖിനെ കാണാൻ പോകുമായിരുന്നു പല കാര്യങ്ങളും ചോദിച്ചറിയുകയും ചെയ്യും ശൈഖ് മഹ്റൂഫുൽ കർഖി  (റ)യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ ജനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല 

മഹാനായ ബഗ്ദാദി(റ) വിന്റെ കാര്യവും ഇമാം ഗസ്സാലി  (റ) ഇഹ്യായിൽ പറയുന്നുണ്ട് ജുനൈദ്  (റ)വിന്റെ ശൈഖ് തന്റെ അമ്മാവൻ തന്നെയായിരുന്നു  

ശൈഖ് സരിയ്യുസ്വിഖ്ത്വി(റ) 

ഇവർ രണ്ടുപേരും സമുന്നത വ്യക്തികളാണ് അവരുടെ പ്രദേശത്ത് ഒരു സൂഫിവര്യനുണ്ടായിരുന്നു മുഹാസിബി(റ) അദ്ദേഹത്തിന്റെ അവസ്ഥ ജനങ്ങൾക്കറിയില്ല അദ്ദേഹത്തെ നിരന്തരം സന്ദർശിക്കാൻ ജുനൈദുൽ ബഗ്ദാദി  (റ) വരുമായിരുന്നു ഒരിക്കൽ ഗുരുവും ശിഷ്യനും തമ്മിൽ ഒരു സംഭാഷണം നടന്നു 

ശൈഖ് സരിയ്യു സിഖ്ത്വി(റ) ചോദിച്ചു;  

ജുനൈദ്. ..... എന്റെയടുത്തുനിന്ന് പോയാൽ വേറെ ആരെയാണ് സന്ദർശിക്കുക?  ജുനൈദ്  (റ)പറഞ്ഞു : ഞാൻ മുഹാസിബി  (റ)വിനെ കാണാൻ പോവും ശൈഖ് സരിയ്യ് (റ) പറഞ്ഞു : നല്ല കാര്യം നീ അദ്ദേഹത്തിൽനിന്ന് വിജ്ഞാനം നേടിക്കൊള്ളുക മഹാന്മാരായ ഔലിയാക്കളെ സന്ദർശിക്കലും അവരിൽനിന്ന് വിജ്ഞാനം നേടലും മഹാപണ്ഡിതന്മാരുടെ സ്വഭാവമായിരുന്നു ശരീഅത്തും ത്വരീഖത്തും ചേരുമ്പോഴാണ് പൂർണത കൈവരുന്നത് ഇമാം ശാഫിഈ  (റ) നഫീസത്തുൽ മിസ്വരിയ്യ (റ)"വിനെ നിരന്തരം സന്ദർശിച്ചിരുന്നതും ഇതേ വിധത്തിൽ തന്നെയാണ് കാണേണ്ടത് 

നഫീസത്ത് മാല നമ്മുടെ നാട്ടിൽ വളരെ പ്രചാരത്തിലുണ്ടായിരുന്നു കാണാതെ പാടുന്ന വനിതകളുണ്ടായിരുന്നു അത് നേർച്ചയാക്കിപ്പാടുന്ന പതിവുണ്ടായിരുന്നു അതിലെ വരികൾ വളരെ മനോഹരമാണ് 

ഇമാം ശാഫിഈ  (റ)വുമായി ബന്ധപ്പെട്ട വരികൾ താഴെകൊടുക്കുന്നു 

ജികരാം ശാഫി ഇമാം അവരെപ്പൊഴും അടുത്തെ ചെയ്തിടിക്കും തേട്ടം ഹദീസേറെയാൽ തരിത്തെ മികവരിൽ ദീനം ഭവിക്കൂൽ ബീവിയോരിടത്തെ വിട്ടിടും ആളെ ശിഫാക്ക് തേട്ടമിൽ ഇടത്തെ സുകമിനായി റബ്ബിനോട് തേടിടും ബീസത്തെ സൂക്ഷമിൽ ശിഫായുടയോൻ നൽകിടും ക്ഷണത്തെ എന്ന പോലെ തങ്ങളിലെ മൗത്തിനുൾദണ്ണത്തെ യേശി മുൻ അയക്കും പോലെ ജീവിയിൽ അയത്തെ അന്ന് ബീ ഗുണത്തിനോതും തേട്ടമിൽ പകരത്തെ അഹദവൻ ലിഖാനവർക്ക് നൽകിട്ടെണ്ടുത്തെ പൊന്നസാരം ഓർത്തെനിക്കുൾ അജലിനെന്നുരത്തെ ചുറ്റി നിൽക്കുന്നാളരോട് ഞാനിതിൽ മരിത്തെയെന്ന് വരുകിൽ ബീവിയാളെക്കൊണ്ട് നീ മയ്യിത്തെയേണമാൽ തൊളുതിടീക്ക വേണമെൻ വസ്വിയ്യത്തേ ചാറ്റിയെ പിൻതങ്ങളും ആരോഗമിൽ മരിത്തെചായലർ ജനാസയെ ബീഡി തന്നിലേ അണയ്ത്തേ ഊറ്റ ബീ മഹ്മൂമത്തായി തലങ്ങളിൽ സ്വലാത്തെ ഒരുമയിൽ കഴിഞ്ഞ് ദുആ നേശമിൽ കഥിത്തേ 

( നഫീസത്ത് മാല)

മഹാനായ ശാഫിഈ  (റ)വിന്റെ മയ്യിത്ത് നഫീസത്ത് ബീവി  (റ) യുടെ വീട്ടിൽ കൊണ്ടുപോയി ബീവി മഹ്മൂമത്തായി മയ്യിത്ത് നിസ്കരിച്ചു 

ഇമാം ശാഫിഈ  (റ)വിന്റെ ശിഷ്യനായ അബൂ യഹ്ഖൂബുൽ ബുസൈത്വി (റ) വായിരുന്നു ബീവിക്ക് ഇമാമായി നിസ്കരിച്ചത് പുരാതന നഗരമായ ഫുസ്താത്വ് അവിടെയാണ് മസ്ജിദ് അംറുബ്നുൽ അസ്വ്  ആ മസ്ജിദിന്നടുത്താണ് ഇമാം ശാഫിഈ (റ) താമസിച്ചിരുന്നത് ഇമാമിന് എല്ലാ സേവനങ്ങളും നൽകിയിരുന്നത് പൗരപ്രമുഖനും പണ്ഡിതനുമായ ഇബ്നു അബ്ദുൽ ഹകം ആയിരുന്നു അദ്ദേഹത്തിന്റെ വകയായുള്ള ബനൂ സഹ്റയിലാണ് ഇമാമിന്റെ അന്ത്യ വിശ്രമ കേന്ദ്രം ഒരുക്കിയത് 

ഇമാം ശാഫിഈ  (റ)വിന്റെ ജനാസ പുറപ്പെട്ടുകഴിഞ്ഞു മയ്യിത്ത് കട്ടിൽ ചുമന്നുകൊണ്ട് മൈലുകൾ നടന്നു ജനലക്ഷങ്ങളും കൂടെ നടന്നു മഹാനവർകളുടെ തിരുശരീരം ഖബറിലേക്ക് താഴ്ത്തി ആവേശം അലയടിച്ചുനിന്ന ഒരു കാലഘട്ടത്തിന്റെ അന്ത്യം ജനദൃഷ്ടിയിൽനിന്നും ഇമാം അപ്രത്യക്ഷനായി ആ പ്രദേശത്തിന്റെ പേരുതന്നെ മാറിപ്പോയി പുതിയ പേര് വന്നു അൽ ഇമാമുശ്ശാഫിഈ 

അൽ ഇമാമുശ്ശാഫിഈ എന്ന സ്ഥലത്തേക്ക് സിയാറത്തിനുവേണ്ടി ആളുകൾ വന്നുകൂടുകയാണ് കാലം ചെല്ലുംതോറും ജനപ്രവാഹം കൂടിക്കൂടി വരികയാണ് ഇന്ന് ജനത്തിരക്കേറിയ പട്ടണമാണത് ഇമാം ശാഫിഈ  (റ) വഫാത്തായിട്ട് നാല് വർഷങ്ങൾ കഴിഞ്ഞു അപ്പോഴാണ് നഫീസത്ത് ബീവി രോഗബാധിതയായത് മുപ്പത് വർഷമായി ബീവി പ്രാർഥന നടത്തുന്നു നോമ്പുകാരിയായി വഫാത്താവണം വൈദ്യന്മാർ നിർബന്ധിച്ചിട്ടും നോമ്പ് മുറിച്ചില്ല ഹിജ്റ 208 റമളാൻ പതിനഞ്ച് അൻആം സൂറത്ത് ഓതാൻ തുടങ്ങി ഓതിത്തീരുംമുമ്പെ ബീവി വഫാത്തായി നഫീസത്ത് മാലയിൽ ഇങ്ങനെ പാടാം 

തരിത്തവരോടോതി ഞാൻ മുറിത്തിടാ സൗമാനെ തനിയവൻ നോമ്പോട് കൂടെ എന്നെ കിഫോൾ താനെ മരണമാക്കും യെണ്ട് ബിണ്ട് ഓതി അൻആമാനെ മാനിദ സൂറത്ത് തീരും മുമ്പ് മൗത്തായോനെ നോമ്പോടുകൂടി വഫാത്തായ ബീവിയെ താൻ തന്നെ കുഴിച്ച ഖബറിൽ ഖബറടക്കി മാലയിൽ ഇങ്ങനെ കാണാം :

കദിര ബീവി മുൻ നമാസ് ചെയ്തിടാൻ കുഴിത്തെ ഖബറകം ജനാസയെ നൽ മഹിമയാൽ മറയ്ത്തേ 

ഇമാം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ  (റ) അവർകളുടെ മഹത്തായ മഖ്ബറയും മഹതി നഫീസത്തുൽ മിസ്രിയ  (റ) യുടെ മഹത്തായ മഖ്ബറയും ഈജിപ്തിനെ ധന്യമാക്കിയിരിക്കുന്നു അവരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ അവരോടൊപ്പം നമ്മെയും അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ.


No comments:

Post a Comment