Saturday 4 June 2016

ഒരു കുഞ്ഞു ജനിച്ചാൽ ചെയ്യേണ്ടുന്ന കർമ്മങ്ങൾ




കുട്ടി ഭൂമിയിലേക്ക് പ്രസവിക്കപ്പെട്ടയുടനെ വലതു ചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്. പ്രസവിക്കപ്പെട്ട കുട്ടിയെ ഇക്കിളിപ്പെടുത്താന്‍ ശ്രമിക്കുന്ന ഖന്നാസ് എന്ന പിശാചില്‍നിന്ന് രക്ഷപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. വാങ്ക് കേട്ടാല്‍ പിശാച് ഓടിപ്പോകുമല്ലോ.

ഫാത്വിമ ബീവി(റ)ഹുസൈനി(റ)നെ പ്രസവിച്ച ഉടനെ ഇങ്ങനെ നിര്‍വഹിച്ചതായി ഹദീസില്‍ കാണാം. ഇബ്‌നുസുന്നി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം ‘തനിക്ക് ജനിച്ച കുട്ടിയുടെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുത്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന ഭൂതത്തില്‍ നിന്ന് കുട്ടി രക്ഷപ്പെടുന്നതാണ്’.

നബി(സ) പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയില്‍ സൂറതുല്‍ ഇഖ്‌ലാസ് ഓതിയിട്ടുണ്ടെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (തുഹ്ഫ കിതാബുല്‍ അഖീഖ). വ ഇന്നീ ഉഈദുഹാ ബിക വ ദുര്‍രിയ്യതഹാ മിന ശ്ശൈഥാനിര്‍റജീം എന്ന ദിക്‌റും ഇടതു ചെവിയില്‍ ചൊല്ലണമെന്ന് കാണാം.
പ്രസവിക്കപ്പെട്ട കുട്ടി കാഫിറിന്റേതാണെങ്കിലും ഇങ്ങനെ ചെയ്യാമെന്നാണ് ഫുഖഹാക്കള്‍ പറയുന്നത്. നിഹായയുടെ വ്യാഖ്യാതാവായ അലിയ്യുശ്ശിബ്‌റാമുല്ലസി പറയുന്നു: ”പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയില്‍ കൊടുക്കല്‍ സുന്നത്തായ വാങ്ക് സ്ത്രീ കൊടുത്താലും ശരിയാകുന്നതാണ്. ഇതു കൊണ്ടുദ്ദേശിക്കപ്പെടുന്നത് ഒരു ദിക്‌റ് എന്നു മാത്രമേയുള്ളൂ. സാധാരണ പുരുഷന്‍മാരുടെ ജോലിയില്‍ പെട്ട വാങ്കല്ല ഇവിടെ ഉദ്ദശിക്കപ്പെടുന്നത്. 

നവവി ഇമാമിന്റെ വാക്കുകളില്‍നിന്ന് മനസ്സിലാകുന്നത് പ്രസവിക്കപ്പെട്ട കുട്ടി അമുസ്‌ലിമാണെങ്കില്‍ പോലും വാങ്ക് കൊടുക്കാമെന്നാണ്. അതു നല്ല ഒരഭിപ്രായം തന്നെയാണ്. കാരണം, പ്രസവിക്കപ്പെടുന്ന ഒരു കുട്ടിയുടെ കര്‍ണപുടങ്ങളില്‍ ആദ്യം അലതല്ലേണ്ടത് ദൈവിക നാമമായിരിക്കണമെന്നും, പിശാചിനെ ആട്ടിയോടിക്കലുമാണ് ഇതു കൊണ്ട് ലക്ഷീകരിക്കുന്നത്. 

അമുസ്‌ലിമായ കുട്ടിയുടെ കാതില്‍ ഇങ്ങനെ ചെയ്താല്‍ പ്രസവിക്കപ്പെടുന്ന നേരത്തുണ്ടാകുന്ന ഫിത്വ്‌റത്ത് നിലനില്‍ക്കുവാനും ഹിദായത്തിനും അത് കാരണമായേക്കാം. വാങ്ക് കൊടുക്കുന്നത് സ്ത്രീയോ കാഫിറോ ആയാലും പ്രശ്‌നമില്ലെന്നാണ് ഹാശിയതുല്‍ ബാജൂരിയില്‍ കാണുന്നത്(2/304,305)

കുട്ടിക്ക് മധുരം തൊടീക്കലാണ് അടുത്ത കാര്യം. തഹ്‌നികത്ത് എന്നാണ് അറബിയില്‍ അതിനു പേര് പറയുന്നത്. ഇബ്‌നുഹജര്‍(റ) പറയുന്നു: കുട്ടിയെ കാരക്ക കൊണ്ട് തഹ്‌നികത്ത് നടത്തലും സുന്നത്താണ്. കാരക്ക വായിലിട്ട് ചവച്ചരച്ച് കുട്ടിയുടെ വായ തുറന്ന് പുരട്ടിക്കൊടുക്കുകയാണു വേണ്ടത്. പ്രവാചകചര്യയാണ് ഇതിനു തെളിവ്. കാരക്കയില്ലെങ്കില്‍ അഗ്‌നിസ്പര്‍ശനമേല്‍ക്കാത്ത വല്ല മധുരമായാലും മതി. നോമ്പ് തുറക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് പോലെ ഈത്തപ്പഴമാണ് കാരക്കയേക്കാള്‍ മുന്തിക്കേണ്ടതെന്ന് ചില ഫുഖഹാക്കള്‍ പറഞ്ഞിട്ടുണ്ട് (തുഹ്ഫ).

അബൂത്വല്‍ഹ, ഉമ്മുസലമ(റ) ദമ്പതികള്‍ക്ക് ജനിച്ച കുട്ടിയെ അനസുബ്‌നു മാലികിന്റെ കൂടെ അല്‍പം കാരക്കയുമായി കൊടുത്തയച്ചു. കുട്ടിക്ക് അബ്ദുല്ല എന്ന് പേരിടുകയും കാരക്ക അവിടുത്തെ പവിത്രമായ ഉമിനീരുമായി കൂട്ടിക്കലര്‍ത്തി മധുരം തൊട്ടുകൊടുക്കുകയും ചെയ്തു. സ്വാലിഹീങ്ങളായ ആണുങ്ങളോ ഇല്ലെങ്കില്‍ സച്ചരിതകളായ വനിതകളോ ആണ് തഹ്‌നീക് ചെയതു കൊടുക്കേണ്ടത്. അവരുടെ ഉമിനീര് ഈ കുഞ്ഞിന്റെ ശരീരവുമായി കൂടിക്കലര്‍ന്നാല്‍ അതിന്റെ ബറകത്തുണ്ടാകുന്നതാണ്.

സ്വന്തം കൈകുഞ്ഞിന് മുലകൊടുക്കുമ്പോള്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹലാലായ ഭക്ഷണം കഴിക്കുന്നവരുടെ മുലപ്പാല്‍ മാത്രമേ നമ്മുടെ കുട്ടിയുടെ വയറ്റിലാകാവൂ എന്ന നിര്‍ബന്ധം നമുക്കുണ്ടാവണം. അല്ലെങ്കില്‍ നരകാഗ്നിയിലേക്കുള്ള വിറകാണോ യെന്ന് നാം ഭയപ്പെടണം. ഹറാമായ ഭക്ഷണം കഴിച്ചു വളര്‍ന്ന ശരീരം മുഴുവന്‍ നരകത്തിലേക്കുള്ളതാണ് (ഹദീസ്). 

ഇമാമുല്‍ഹറമൈനി(റ) യുടെ ചരിത്രം നമുക്ക് പാഠമാണ്. മുലകുടിപ്രായത്തില്‍ ഒരുദിവസം മാതാവ് പുറത്തുപോയപ്പോള്‍ പാലിനു വേണ്ടി കരഞ്ഞ കുട്ടിക്ക് അയല്‍വാസിയായ സ്ത്രീ മുലകൊടുത്ത് സാന്ത്വനിപ്പിച്ചു. ഇതു കണ്ട പിതാവ് ഇമാം ജുവൈനി കുട്ടിയെ തലകീഴാക്കിപ്പിടിച്ച് വയറ്റില്‍നിന്ന് മുഴുവന്‍ പാലും പുറത്തേക്ക് കളഞ്ഞു. ഇതു കണ്ട ചിലയാളുകള്‍ എന്തൊരു ക്രൂരതയാണ് കാണിക്കുന്നതെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇവന്റെ മാതാവ് ഹലാലായ ഭക്ഷണം മാത്രമേ കഴിച്ചിട്ടുള്ളൂ. അതില്‍ നിന്നുണ്ടായ മുലപ്പാലേ ഇതു വരെ ഇവന്‍ കുടിച്ചിട്ടുള്ളൂ. ഈ അയല്‍വാസിപ്പെണ്ണ് ജീവിതത്തില്‍ ഹലാല്‍ മാത്രമേ കഴിച്ചിട്ടുള്ളൂവെന്ന് എനിക്കറിയില്ല. ഹറാമ് കഴിച്ചിട്ടുണ്ടെങ്കില്‍ അതില്‍നിന്നുണ്ടായ മുലപ്പാല്‍ എന്റെ കുട്ടിയുടെ വയറ്റില്‍ പ്രവേശിച്ചാല്‍ അവന്റെ ഭാവി അവതാളത്തിലാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു.” 

ഇമാം ഹറമൈനി പറയുന്നു പിന്നീട് എന്റെ ജീവിതത്തിനിടയില്‍ ചില സംവാദങ്ങളില്‍ ഇടര്‍ച്ച സംഭവിച്ചത് ആ പാലിന്റെ ചിലയംശങ്ങള്‍ ശരീരത്തില്‍ അവശേഷിച്ചതു കൊണ്ടാണ് (അല്‍ബിദായതുവന്നിഹായ).

അംഗശുദ്ധിയോടു കൂടി മുലപ്പാല്‍ കൊടുത്താല്‍ കുട്ടിയില്‍ ബുദ്ധിശക്തിയും ശാരീരികബലവും വര്‍ധിക്കുന്നതായിരിക്കും. ഇമാം ശാഫിഇ(റ)യോട് താങ്കളുടെ ബുദ്ധിശക്തിയുടെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ എന്റെ ഉമ്മ വുളൂ ഇല്ലാതെ എന്നെ മുലയൂട്ടിയിട്ടില്ല എന്നാണ് മഹാനവര്‍കള്‍ മറുപടി പറഞ്ഞത്. 

ടിപ്പുവിന്റെ ഒരു യുദ്ധവിജയം പിതാവായ ഹൈദരലി ഖാനെ അറിയിച്ച വ്യക്തിയോട് അദ്ദേഹം പറഞ്ഞു: ”എന്റെ മോന്‍ വിജയിക്കുമെന്നതില്‍ എനിക്ക് സന്ദേഹമില്ല.” കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞു: ”അവന്റെ മാതാവ് അംഗശുദ്ധി വരുത്താതെ അവനെ മുലയൂട്ടിയിട്ടില്ല.” ഈ രണ്ടു സംഭവങ്ങളും നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുന്നവയാണ്.

തനിക്ക് കുഞ്ഞുണ്ടായെന്ന് സന്തോഷവാര്‍ത്ത അറിയിക്കുന്ന വ്യക്തിയോട് ആശംസയര്‍പ്പിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. എന്ന് ചൊല്ലിയിട്ടാണ് ആശംസയര്‍പ്പിക്കേണ്ടത്. അന്നേരം ജസാകല്ലാഹു ഖൈറ എന്ന് തിരിച്ചു പറയണമെന്നും കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാം (തുഹ്ഫ). മരിച്ചാല്‍ മൂന്ന് ദിവസം അനുശോചനം അറിയിക്കാവുന്നത് പോലെ ഈ ആശംസാകാലവും മൂന്നു ദിവസമാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നു.


മുലയൂട്ടല് മുഖേനെ ലാവണ്യം കുറഞ്ഞു പോകുമെന്നും ക്ഷീണം പിടികൂടുമെന്നൊക്കെയാണ്  പല സ്ത്രീകളും വെച്ചുപുലര്‍ത്തുന്ന അബദ്ധ  ധാരണ. പക്ഷെ മുലയൂട്ടല് മതാക്കള്‍ക്ക്  ഉള്ള  സൗന്ദര്യ  സംരക്ഷണത്തിന് വേണ്ടിയാണെന്നാണ്  ആധുനിക വൈദ്യശാസ്ത്രം.  പരിശുദ്ധ  ഖുര്‍ആനിലെ വചനം: “മാതാക്കള്‍ പൂര്‍ണ്ണമായ രണ്ടു കൊല്ലം ശിശുക്കള്‍ക്ക് മുലയൂട്ടട്ടെ (വി.ഖു: 233)



മുലയൂട്ടുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 


  1. കിടത്തി മുലയൂട്ടുന്നതു നന്നല്ല,ഇരുന്നു കൊണ്ടായിരിക്കണം കുട്ടിക്ക് മുലകൊടുക്കേണ്ടത്

  2. പ്രസവം കഴിഞ്ഞാല്‍ ആദ്യമായി മാതാവില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള കൊളസ്ട്രം അടങ്ങിയ   പാലാണ് വരിക, ഇതിനെ അറബിയില്‍ ലബഅ’ എന്നാണ് പറയുക. അത് കുട്ടിക്ക് കൊടുക്കല്‍ നിര്‍ബന്ധമാണ്, സാധാരണ അജ്ഞത മൂലം  ഇത് പിഴഞ്ഞു കളയാറാണ് പതിവ്.

  3. ബിസ്മി ചൊല്ലി കൊണ്ട്  വലതു കൊണ്ട്  തുടങ്ങണം, ഹംദു കൊണ്ട് അവസാനിപ്പിക്കുകയും  വേണം.

  4. ഇരു മുലകളും മാറിമാറി കുടിക്കാന്‍ കുഞ്ഞിനെ പ്രേരിപ്പിക്കുക.

  5. മുലയൂട്ടികഴിഞ്ഞാല്‍ ഇടതു തോളില്‍ കിടത്തി പുറത്ത് കൈകൊണ്ടു തട്ടി ഉള്ളിലുള്ള വായു പുറത്തുകളയണം.

  6. കുഞ്ഞ്  ഉറങ്ങി കിടക്കുമ്പോള്‍ മുലയൂട്ടാന്  നിര്‍ബന്ധിക്കരുത്.

  7. മുലയൂട്ടുന്നതിനു മുമ്പ്  മുലഞെട്ടും  മാതാവിന്റെ കൈകളും വൃത്തിയുണ്ടായിരിക്കണം.

  8. മുലയൂട്ടുന്നതു 15 – 20 മിനുട്ട് നീണ്ടു നില്‍ക്കണം 

  9. കുഞ്ഞിനു ശ്വാസതടസ്സമുണ്ടാകാതിരിക്കാന്‍  ശ്രദ്ധിക്കണം.

  10. മുലയില്‍ നിന്ന് അല്പം പാല്‍ പിഴിഞ്ഞു  കളഞ്ഞതിന് ശേഷമേ മുലകണ്ണ് വായിലേക്ക് തിരുകാവൂ.

  11. മുലയൂട്ടാന് പറ്റാത്ത സാഹചര്യത്തില്‍ മുലപാല്‍ പിഴഞ്ഞു കളഞ്ഞു കൊണ്ടിരിക്കണം.

  12. മുലയൂട്ടികൊണ്ടിരിക്കെ കുഞ്ഞ്  ഉറങ്ങിയാല്‍ മുലകണ്ണ് പെട്ടന്ന് വലിചെടുക്കരുത്. കുഞ്ഞിന്റെ കവിളില്‍ ചെറുതായി അമര്‍ത്തിയാല്‍ മുലഞെട്ട്  പുറത്തുവരും.

  13. മുലപ്പാല്‍ നന്നായി ലഭിക്കുന്ന കുഞ്ഞിന് വേറെ വെള്ളം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിയ്‌ക്കേണ്ട ആവശ്യമുണ്ട്. നല്ലപോലെ പാലുണ്ടാകാനും പാലിലൂടെ ശരീരത്തിലെ വെള്ളം നഷ്ടപ്പെടുന്നതിനാലും വെള്ളം ശരീരത്തിന് ആവശ്യമുണ്ട്.

  14. കുഞ്ഞിന് ആവശ്യമായത്ര പാല്‍ തനിക്കുണ്ടോയന്ന സംശയവും ഉല്‍ക്കണ്ഠയും ഒഴിവാക്കണം,

  15. മാതാവിലുണ്ടാകുന്ന  നേരിയ മാനസികസംഘര്‍ഷംപോലും പാലുല്പാദനത്തിന് തടസ്സമാവും. അതിനാല്‍ ശാന്തമായ അന്തരീക്ഷം പാലൂട്ടുന്ന മാതാവിനു അത്യാവശ്യമാണ്.

  16. സ്വസ്ഥമായി വിശ്രമിച്ചുകൊണ്ടുവേണം മുലയൂട്ടല്‍ നടത്തേണ്ടത്. പിന്‍ ഭാഗം ഭിത്തിയിലോ തൂണിലോ ചാരിയിരുന്നു വേണം മുലയൂട്ടാന്‍..

  17. മുല വലിച്ചുകുടിക്കാന്‍ കൂട്ടാക്കാതെ കുഞ്ഞ് കരയുമ്പോള്‍ പാല്‍ പിഴിഞ്ഞുകൊടുക്കാനോ മറ്റെന്തെങ്കിലും കൊടുക്കാനോ ഉടന്‍ ശ്രമിക്കരുത്. അധ്വാനിക്കാതെ കിട്ടാനുള്ള കുറുക്കുവഴി കുഞ്ഞ് ശീലമാക്കും. അല്ലാത്തപക്ഷം വിശക്കുമ്പോള്‍ വീണ്ടും കുടിക്കാന്‍ ശ്രമിച്ചുകൊള്ളും.

  18. മുലയൂട്ടുന്ന ഉമ്മമാര്‍  ദിവസേന 550 കാലറി അധികഭക്ഷണം കഴിക്കേണ്ടതുണ്ട്. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചിലക്കറികള്‍, നാരുകള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പച്ചക്കറികളും പഴങ്ങളും ദിവസേന കഴിക്കണം.  ധാരാളം വെള്ളവും ഈ സമയത്ത് ആവശ്യമാണ്. 

  19. ഊര്‍ജ്ജം കൂടുതല്‍ അടങ്ങിയിട്ടുള്ള നെയ്യ്, എണ്ണ, പഞ്ചസാര ഇവ നന്നായി ഉപയോഗിക്കേണ്ടതാണ്. പോഷകസമൃദ്ധമായ ആഹാരം മുലപ്പാലിന്റെ അളവും ഗുണവും വര്‍ദ്ധിപ്പിക്കും.


മുലയൂട്ടലിന്റെ ഗുണങ്ങള്‍


കുഞ്ഞിന്റെ പല്ലുകള്‍, താടിയെല്ല്, വായുടെ മേല്‍ത്തട്ട് എന്നിവയുടെ വളര്‍ച്ചയ്ക്കാവശ്യമായ വ്യായാമം    ലഭിക്കുന്നു, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു, പ്രസവശേഷം ഗര്‍ഭപാത്രം ചുരുങ്ങി പൂര്‍വ്വസ്ഥിതിയിലാവാന്‍ സഹായിക്കുന്നു,  പ്രസവാനന്തരമുള്ള രക്തസ്രാവം നിലയ്ക്കാന്‍ സഹായിക്കുന്നു,  അമ്മയുടെ ശരീരഭാരം പ്രസവത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്നു, മുലയൂട്ടുന്ന അമ്മമാരില്‍ സ്തനാര്‍ബുദം, അണ്ഡാശയാര്‍ബുദം,  ഓസ്റോപൊറോസിസ് (അസ്ഥിയുടെ ബലക്കുറവ്) എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്, അമ്മ പ്രമേഹരോഗിയാണെങ്കില്‍ മുലയൂട്ടല്‍കാലത്ത് ഇന്‍ സുലിന്റെ ആവശ്യം കുറയുന്നു.


പ്രസവം കഴിഞ്ഞ്  മാസങ്ങള്‍ക്കകം  മുലയൂട്ടല് നിറുത്തിയാല്‍ മുലകളില്‍ കല്ലിപ്പുണ്ടാകും. പ്രസവത്തോടനുബന്ധിച്ചു  ചില സ്ത്രീകള്‍ക്ക്  കക്ഷത്തില്‍ മുഴകള്‍ പ്രത്യക്ഷപെടുന്നതിന്റെ കാരണവും ഇത് തന്നെ. കക്ഷത്തിന്റെ താഴെ നിന്ന് മുലകളിലേക്ക് അമര്‍ത്തി തടവിയാല്‍  ഗ്രന്ധികളില്‍ കെട്ടിനില്‍ക്കുന്ന പാല്‍ താഴേക്കു ഊറി വരികയും കല്ലിപ്പ് മാറുകയും ചെയ്യും. മുലയൂട്ടാത്ത അമ്മമാരില്‍ അര്‍ബുദ രോഗത്തിനുള്ള സാധ്യത  കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്.



സ്തനങ്ങളിൽ പാമ്പ് കൊത്തിയ ചരിത്രം 

ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍ എന്നീ രണ്ടു പേര്‍ തങ്ങളുടെ സ്വഹീഹില്‍ അബീ ഉമാമത്ത് (റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം ...

ഒരിക്കല്‍ മുത്ത്‌നബി (സ്വ) ഉറക്കത്തിലായിരുന്നു. അപ്പോഴതാ രണ്ട് യുവാക്കള്‍ നബി (സ്വ) അടുത്ത് വന്ന്, രണ്ട് തോളും കൈയ്യും പിടിച്ചുയര്‍ത്തി. എന്നിട്ട് അവര്‍ നബി (സ്വ)യെ കയറാന്‍ പ്രയാസമുള്ള ഒരു പര്‍വ്വതത്തിന്റെ അരികിലെത്തിച്ചു. നബിയോടവര്‍ ആ ചെങ്കുത്തായ പര്‍വ്വതമുകളില്‍ കയറുവാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ നബി (സ്വ) അശക്തത പ്രകടിപ്പിച്ചു. പര്‍വ്വതം കയറാന്‍ തങ്ങളും സഹകരിക്കുമെന്ന് ആ യുവാക്കള്‍ നബിയെ അറിയച്ചപ്പോള്‍ നബി (സ്വ) പര്‍വ്വതമുകളിലേക്ക് പതിയെ കയറാന്‍ തുടങ്ങി. ഏകദേശം പകുതിയോളം കയറിപ്പോഴാതാ ഘോരമായ ശബ്ദം നബി (സ്വ)യുടെ കര്‍ണ്ണപുടങ്ങളിലേക്ക് ഇരച്ചു കയറി. ആവലാതി പൂണ്ട് നബി (സ്വ) കാര്യം ചികഞ്ഞു. അത് നരകവാസികള്‍ ശിക്ഷകളേറ്റ് ആര്‍ത്തട്ടഹസിക്കുന്ന ശബ്ദമാണെന്നവര്‍ നബിയെ അറിയിച്ചു...

വീണ്ടും നബി (സ്വ)യെ മുകളിലേക്ക് ആനയിക്കപ്പെട്ടു. അപ്പോഴതാ.., വായകള്‍ കീറി മുറിച്ചു രക്തം ഒലിക്കുന്ന ആശ്ചര്യജനകമായ ഒരു ജനവിഭാഗത്തെ നബി (സ്വ)യുടെ ദൃഷ്ടിയില്‍ പതിയുകയാണ്... നബി(സ്വ) ചോദിച്ചു: "ഇവര്‍ ആരാണ്?" അവര്‍ പറഞ്ഞു: "സമയമാകുന്നതിന്റെ മുമ്പ് നോമ്പ് തുറന്നവരാണ്."

വീണ്ടും നബി (സ്വ) മുകളിലേക്ക് നടക്കുകയാണ്. അപ്പോഴതാ..., ദുര്‍ഗന്ധം വമിക്കുന്ന കണ്ടാല്‍ വെറുപ്പുളവാക്കുന്ന വികൃത മുഖങ്ങളുള്ള ഒരു ജനതയെ നബി (സ്വ) കാണുന്നു. ചോദിച്ചു; "ഇവര്‍ ആരാണ്.?" പറഞ്ഞു: "ഇവര്‍ നിഷേധികളില്‍ നിന്ന് കൊല്ലപ്പെട്ടവരാണ്..."

വീണ്ടും നബി (സ്വ) മറ്റൊരു ജനവിഭാഗത്തെ സമീപിക്കുന്നു, കുപ്പത്തൊട്ടിയോട് സാദൃശ്യമുള്ള ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന വാസനയാണ് അവര്‍ക്കുണ്ടായിരുന്നത്. ഇവര്‍ വ്യഭിചരിക്കുന്ന സ്ത്രീകളും പുരുഷന്മാരുമാരുമാണെന്ന് നബി (സ്വ)ക്ക് അറിയാന്‍ സാധിച്ചു...

പിന്നീട് ഒരു പറ്റം സ്ത്രീകളെയാണ് കാണാന്‍ കഴിഞ്ഞത്...

*അവരുടെ സ്തനങ്ങളെ പാമ്പുകള്‍ കൊത്തുന്നുണ്ട്*. ഇക്കൂട്ടരെ കുറിച്ച് നബി (സ്വ) ആരാഞ്ഞപ്പോള്‍ ആ യുവാക്കള്‍ പറഞ്ഞു: " *മക്കള്‍ക്ക് മുലപ്പാല് തടഞ്ഞവരാണിവര്‍ ...*"

(الزواجر عن اقتراف الكبائر /ابن حجر المكي الهيتمي )

No comments:

Post a Comment