Wednesday 1 June 2016

വിവാഹം നിഷിദ്ധമായവര്‍



ഖുര്‍ആനില്‍ വിവാഹം നിഷിദ്ധമാക്കിയ സ്ത്രീകള്‍ പതിനാലാണ്. ഇതില്‍ കുടുംബന്ധം മുഖേന വിവാഹം നിഷിദ്ധമായവര്‍ ഏഴ്‌പേരാകുന്നു: മാതാവ്, പിതാ-മാതാമഹികള്‍ (അവര്‍ എത്ര മേല്‍പോട്ട് പോയാലും), പുത്രിമാര്‍, പൗത്രികള്‍ (അവര്‍ എത്ര താഴെത്തോളം), സഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, പിതൃസഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, മാതൃസഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, സഹോദര പുത്രിമാര്‍, സഹോദരീ പുത്രിമാര്‍(ഇവര്‍ എത്ര കീഴ്‌പോട്ടു പോയാലും).

കുടുംബ ബന്ധം മുഖേന ഹറാമായവരെല്ലാം മുലകുടി ബന്ധത്തിലൂടെയും ഹറാമാകും. പക്ഷേ, അതില്‍ നിന്ന് അഞ്ച് സ്ത്രീകള്‍ ഒഴിവാണ്. ഇവര്‍ കുടുംബ ബന്ധത്തിലൂടെ ഹറാമാകുമെങ്കിലും മുലകുടി ബന്ധത്തിലൂടെ ഹറാമാകുകയില്ല. വിവാഹ ബന്ധത്തിലൂടെ ഹറാമായവര്‍ ഭാര്യയുടെ ഉമ്മ, ഭാര്യയുടെ പുത്രി (ഭാര്യയുമായി സംയോഗം നടന്നാല്‍ മാത്രമെ ഈ പുത്രി ഹറാമാകുകയുള്ളൂ.), പിതാവിന്റെ ഭാര്യ (പിതാവ് മുകളിലോളം), സന്താനങ്ങളുടെ ഭാര്യമാര്‍ (സന്താനങ്ങള്‍ എത്ര കീഴ്‌പോട്ട് പോയാലും) എന്നിവരാകുന്നു.

ഒരു സ്ത്രീയേയും അവളുടെ അടുത്ത ബന്ധത്തില്‍ പെട്ട മറ്റൊരു സ്ത്രീയേയും ഒരവസരത്തില്‍ ഭാര്യമാരാക്കിവെക്കല്‍ അനുവദനീയമല്ല. ഈ പറഞ്ഞ ‘അടുത്ത ബന്ധ’മെന്നാല്‍ രണ്ടില്‍ ഒരു സ്ത്രീയെ പുരുഷനായി സങ്കല്‍പിച്ചാല്‍ അവര്‍ തമ്മില്‍ വിവാഹം നിഷിദ്ധമാകും എന്നതാണ്. മേല്‍പറഞ്ഞവരാണ് വിവാഹം നിഷിദ്ധമാക്കപ്പെട്ടവര്‍.

ഭാര്യാഭര്‍ത്താക്കളില്‍ ഒരാള്‍ക്ക് താഴെ പറയുന്ന അഞ്ച് ന്യൂനതകളില്‍ ഏതെങ്കിലുമൊന്നുണ്ടായാല്‍ വിവാഹം ദുര്‍ബലപ്പെടുത്തുവാന്‍ രണ്ടുപേര്‍ക്കും അധികാരമുണ്ട്.

ഭ്രാന്ത്,കുഷ്ഠരോഗം,വെള്ളപാണ്ട്, ഭാര്യ യോനിയില്‍ അസ്ഥിയോ മാംസമോ തിങ്ങിയവളാകുക,ഭര്‍ത്താവ് ലിംഗം മുറിക്കപ്പെട്ടവനോ അതിന്ന് പ്രവര്‍ത്തന ശക്തിയില്ലാത്തവനോ ആകുക എന്നിവയാണ് ന്യൂനതകള്‍.

വിവാഹ വേളയില്‍ പ്രസ്തുത ന്യൂനതയെ സംബന്ധിച്ച് അറിയാതെയാണ് വിവാഹം നടന്നിട്ടുള്ളതെങ്കില്‍ മാത്രമെ ‘ഫസ്ഖി'(വിവാഹം ദുര്‍ബലപ്പെടുത്തുന്നതി)ന്ന് രണ്ടുപേര്‍ക്കും അധികാരമുണ്ടാകുകയുള്ളൂ.

No comments:

Post a Comment