Monday 15 June 2020

അബ്ദുൽ മുത്തലിബ്




ഖുസയ്യുബ്നു കിലാബ്

ജുർഹൂം ഗോത്രത്തലവനായ മുളാളുബ്നു അംറുബ്നു അൽ ഹാരിസ് തന്റെ വിശ്വസ്തരായ അനുയായികളെ വിളിച്ചു വരുത്തി ഗൗരവമായി ചില കാര്യങ്ങൾ ആലോചിക്കുകയാണ്

'സഹോദരന്മാരേ നാം ഈ പ്രദേശം വിട്ടുപോവുകയാണ് മക്കാ പട്ടണവും കഅ്ബാലയവും , സംസം കിണറും ഉപേക്ഷിച്ചു നാം ഓടിപ്പോവുകയാണ് '
ഗോത്രത്തലവന്റെ വാക്കുകൾ ശ്രോതാക്കളെ വേദനിപ്പിച്ചു അവർ പരസ്പരം നോക്കി 

തങ്ങളുടെ ശത്രുക്കൾ വളരെ പ്രബലരന്മാരാണെന്ന് എല്ലാവർക്കുമറിയാം അവരുടെ മുമ്പിൽ ഇനിയും പിടിച്ചുനിൽക്കാനാവില്ല നാട് വിടുകയേ നിവൃത്തിയുള്ളൂ അപ്പോൾ മുളാളിന്റെ ശബ്ദം വീണ്ടും ഉയർന്നു
'ഒരു നീണ്ട കാലഘട്ടം മക്കാപട്ടണം ജുർഹൂം ഗോത്രത്തിന്റെ അധീനതയിലായിരുന്നു  മാലിക്കുകളുടെ കൈകളിൽ നിന്ന് നമ്മുടെ പൂർവ്വികന്മാർ ഈ പട്ടണം പിടിച്ചെടുത്തു ഇതൊരു വൻ വ്യാപാര കേന്ദ്രമായി വളർത്തിയെടുക്കാൻ നമ്മുടെ പൂർവ്വികന്മാർക്ക് കഴിഞ്ഞു 

നമ്മുടെ തലമുറ സമൃദ്ധിയുടെ കളിത്തൊട്ടിലായ മക്കാപട്ടണത്തെയാണ് കണ്ടത് അവർ സുഖസമ്പൂർണമായ ജീവിതം നയിച്ചു ഇതൊരു മരുഭൂമിയാണെന്ന കാര്യം അവർ മറന്നുപോയി കഠിനാദ്ധ്വാനം ചെയ്യേണ്ട നമ്മുടെ ജനത മടിയന്മാരായിത്തീർന്നു നമ്മുടെ ശത്രുക്കളുടെ ഖുസാഅ ഗോത്രം വളരെ ശക്തരാണ് അവർ മക്കായുടെ ഭയണം അധീനപ്പെടുത്താൻ പോവുകയാണ് ഞാൻ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട് 

കഅ്ബാലയത്തിലെ വൻ സമ്പത്ത് ശത്രുക്കൾക്ക് ലഭിക്കാൻ ഇടവരരുത് നമുക്ക് അത് എടുത്തുകൊണ്ടുപോവാൻ സാദ്ധ്യമല്ല ശത്രുക്കൾക്ക് സംസം വെള്ളവും കിട്ടരുത് അത് മൂടിക്കളയണം കഅ്ബാലയത്തിൽ കാണിക്കയായി ലഭിച്ച സ്വർണ്ണം മുഴുവൻ സംസം കിണറ്റിലിട്ട് , മണൽ നിറച്ച് മൂടിക്കളയണം ഏതെങ്കിലും കാലത്ത് ജുർഹൂം ഗോത്രത്തിന് മക്കായുടെ ഭരണം തിരിച്ചു കിട്ടുകയാണെങ്കിൽ അന്ന് സംസം കിണർ വീണ്ടും കുഴിക്കാം നിക്ഷേപം പുറത്തെടുക്കാം' ഗോത്രത്തലവൻ വികാരാവേശത്തോടെ പറഞ്ഞവസാനിപ്പിച്ചു

സദസ്സ് പിരിഞ്ഞു പിന്നെ കാര്യങ്ങൾ വളരെ വേഗത്തിലാണ് നടന്നത് കഅ്ബാലയത്തിലുണ്ടായിരുന്ന സ്വർണ്ണനിർമ്മിതമായ രണ്ട് കലമാൻ പ്രതിമകൾ സംസം കിണറ്റിലിട്ടു കാണിക്കയായി ലഭിച്ച വിലപിടിപ്പുള്ള സാധനങ്ങളും കിണറ്റിലിട്ടു  അതിനുശേഷം കിണർ മൂടിക്കളഞ്ഞു പുറത്തുനിന്നു വരുന്നവർക്കൊന്നും കിണറ്റിന്റെ സ്ഥാനം മനസ്സിലാക്കാൻ കഴിയാത്തവിധം ഗ്രൗണ്ട് നിരപ്പാക്കി

അതിനുശേഷം മുളാള്ബ്നു അംറ് തന്റെ ഗോത്രക്കാർക്ക് മക്ക വിടാൻ ആവശ്യപ്പെട്ടു തമ്പുകൾ പൊളിക്കപ്പെട്ടു സാധനങ്ങൾ വലിയ  കെട്ടുകളാക്കി ഒട്ടകപ്പുറത്ത് ബന്ധിച്ചു ഒട്ടകക്കൂട്ടങ്ങൾ നിര നിരയായി നീങ്ങി 
വളരെക്കാലം മക്ക ഭരിച്ച ജുർഹൂം ഗോത്രം നാട് കടന്നുപോയി ഖുസാഅ ഗോത്രം ഭരണം അധീനപ്പെടുത്തി 

കഅ്ബാലയത്തിനടുത്തെത്തിയപ്പോൾ ഖുസാഅ ഗോത്രക്കാർ അത്ഭുതപ്പെട്ടുപോയി കഅ്ബായുടെ അകത്തുണ്ടായിരുന്ന സ്വർണ്ണ ശേഖരങ്ങളും  മറ്റുള്ള വസ്തുക്കളും കാണാനില്ല സംസം കിണർ അപ്രത്യക്ഷമായിരിക്കുന്നു ഇനി വെള്ളത്തിന് മറ്റ് കിണറുകളെ ആശ്രയിക്കണം 

തീർത്ഥാടകർക്ക് വെള്ളം കൊടുക്കുന്നതാണ് വലിയ ബുദ്ധിമുട്ട് ആഴമുള്ള കിണറ്റിൽനിന്ന് വെള്ളം കോരിയെടുത്തു കൊണ്ടുവന്നു കഅ്ബാലയത്തിനടുത്ത് തടം കെട്ടി സൂക്ഷിക്കണം തടം കെട്ടി വെള്ളം നിറച്ചുവെച്ചാൽ തീർത്ഥാടകർ അതിൽനിന്നു കുടിച്ചുകൊള്ളും പക്ഷേ, അതിന്ന് വമ്പിച്ച മനുഷ്യപ്രയത്നം വേണം

മക്കായുടെ വികസനത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യാനുള്ള മനക്കരുത്തോടെ ഖുസാഅ ഗോത്രക്കാർ ഭരണം തുടങ്ങി മക്കയുടെ ചരിത്രം അവരുടെ കൺമുമ്പിലൂടെ ഒഴുകുകയായിരുന്നു

മുഹമ്മദ് നബി (സ) തങ്ങളുടെ ആറാമത്തെ പിതാമഹനാണ് കിലാബ് അദ്ദേഹത്തിന്റെ പ്രിയപത്നിയുടെ പേര് ഫാത്വിമ എന്നായിരുന്നു ഗോത്രക്കാർക്കിടയിൽ വളരെ പ്രസിദ്ധനായിരുന്ന സഹ്ലുബ്നു സഅദിന്റെ ഓമന മകളായിരുന്ന ഫാത്വിമ കിലാബും ഫാത്വിമയും തമ്മിലുള്ള വിവാഹം വളരെ ആഘോഷമായിട്ടാണ് നടന്നത് 

ആ ദമ്പതികൾക്ക് രണ്ട് കുഞ്ഞുങ്ങൾ ജനിച്ചു ഒരു മകളും മകനും മകൾ സുഹ്റ മാതാപിതാക്കളുടെ ഓമന മകൾ പിന്നീട് പിറന്ന ആൺകുഞ്ഞാണ് ഖുസയ്യ് എന്ന് പേരിട്ടു  ആൺകുഞ്ഞ് പിറന്നപ്പോൾ മാതാപിതാക്കൾക്ക് വലിയ ആഹ്ലാദം പക്ഷെ, ആ ആഹ്ലാദം ഏറെക്കാലം നിലനിന്നില്ല ഖുസയ്യിന്റെ ശൈശവദശയിൽ തന്നെ പിതാവ് കിലാബ് മരണപ്പെട്ടു ശിശുവായ ഖുസയ്യിനെ മാറോട് ചേർത്തു പിടിച്ചു തേങ്ങിക്കരയാനേ ഫാത്വിമക്കു കഴിഞ്ഞുള്ളൂ
വിധവയായിത്തീർന്നപ്പോൾ ഫാത്വിമക്ക് പ്രായം കുറവായിരുന്നു ആരോഗ്യവും സൗന്ദര്യവുംകൊണ്ട് അനുഗ്രഹീതയായ ചെറുപ്പക്കാരി വീണ്ടും വിവാഹാലോചനകൾ വരാൻ തുടങ്ങി ഒടുവിൽ വിവാഹം ഉറപ്പിച്ചു 
റബീഅബ്നു ഹർറാം അതാണ് വരന്റെ പേര് 

റബീഅ ഭാര്യയേയും അവരുടെ കുഞ്ഞുങ്ങളെയും ശാമിലേക്ക് കൊണ്ടുപോയി അങ്ങനെ ഖുസയ്യ് തന്റെ കുട്ടിക്കാലം ശാമിലാണ് ചെലവഴിച്ചത് 

ശാമിൽവെച്ച് ഫാത്വിമ ഒരു കുഞ്ഞിനെ പ്രസവിച്ചു ദർറാജ്
ഫാത്വിമ തന്റെ കുഞ്ഞുങ്ങളെ വാത്സല്യപൂർവ്വം വളർത്തി ഖുസയ്യ് വളർന്നുവരികയാണ് നല്ല ആരോഗ്യവും ബുദ്ധിശക്തിയും കാണാനഴകുള്ള കുട്ടി ഫാത്വിമ ഖുസയ്യിന് മക്കായുടെ കഥ പറഞ്ഞു കൊടുത്തു 
'പൊന്നുമോനേ.... നാം മക്കയിലായിരുന്നു പണ്ട് താമസിച്ചിരുന്നത് കഅ്ബാലയത്തിന്നടുത്ത് മോന്റെ ബാപ്പ മക്കയിലെ പ്രമുഖനായിരുന്നു കിലാബ് എന്നായിരുന്നു ബാപ്പയുടെ പേര് പ്രസിദ്ധനായ മുർറത്തിന്റെ മകനായിരുന്നു കിലാബ് ബോനേ... നീ വളർന്നു വലുതാവുമ്പോൾ മക്കയിൽ പോവണം കഅ്ബാലയത്തിൽ പോവണം മോന്റെ ബാപ്പയുടെ ബന്ധുക്കൾ അവിടെയുണ്ട് '

ഉമ്മയുടെ വിവരണം ഖുസയ്യിന്റെ ഹൃദയത്തെ വല്ലാതെ സ്വാധീനിച്ചു മനസ്സിലിപ്പോഴും മക്കയെക്കുറിച്ചുള്ള ചിന്ത തന്നെ കഅ്ബാലയത്തെക്കുറിച്ചു പലരും സംസാരിക്കുന്നതു കേട്ടു അത് കാണാനുള്ള മോഹം മനസ്സിൽ വളർന്നു 

തന്റെ പിതാമഹന്റെ ജന്മദേശം പുണ്യഭൂമിയായ മക്ക ഇസ്മാഈൽ നബി (അ) ജീവിച്ച മക്ക പണ്ട് സംസം കിണർ ഉണ്ടായിരുന്ന മക്ക ആ പ്രദേശം കാണണം അടക്കി നിർത്താനാവാത്ത മോഹം ഖുസാഅ ഗോത്രക്കാരാണവിടെ ഭരിക്കുന്നത്

ദീർഘകാലത്തെ സ്വപ്നം ഒടുവിൽ സാക്ഷാൽക്കരിക്കപ്പെട്ടു യുവാവായ ഖുസയ്യ് മക്കയിൽ എത്തിച്ചേർന്നു തന്റെ പിതാവിന്റെ ജീവിതം പൂത്തുലഞ്ഞ ഭൂമി ആ മണൽത്തരികളിലൂടെ നടന്നു നീങ്ങിയപ്പോൾ ഖുസയ്യ് വികാരഭരിതനായി

കാണാൻ കൊതിച്ച കഅ്ബാലയം ഒരു താഴ് വരയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന കെട്ടിടം അതിനു സമീപത്തൊന്നും വീടുകൾ കാണാനില്ല അൽപമകലെയാണ് ഖുസാഅ് ഗോത്രക്കാരുടെ വീടുകൾ 

ഹുലൈലുബ്നു ഹബ്ശിയ്യ

അതാണു ഭരണാധികാരിയുടെ പേര് ഖുസാഅ് ഗോത്രത്തലവനും മക്കായുടെ ഭരണാധികാരിയുടെ മകനുമാണ് ഹുലൈൽ

ഖുസയ്യ് എന്ന ചെറുപ്പക്കാരനെ മക്കക്കാർ വേഗത്തിൽ ഇഷ്ടപ്പെട്ടു പ്രായം ചെന്നവർക്കൊക്കെ കിലാബിനെ അറിയാം കിലാബ് ഫാത്വിമയെ വിവാഹം ചെയ്തതും അതിൽ മക്കളുണ്ടായതുമെല്ലാം അവർ ഓർക്കുന്നു ശാമിലേക്കു പോയതിനു ശേഷമുള്ള വാർത്തകൾ പലർക്കും അറിയില്ല  

കിലാബിന്റെ മകനെ അവർ സ്നേഹിച്ചു അദരിച്ചു
ഖുസയ്യിന്റെ പാണ്ഡിത്യവും ബുദ്ധിശക്തിയും പ്രസിദ്ധമായി കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധത അദ്ദേഹത്തെ യുവാക്കളുടെ ആവേശമാക്കി മാറ്റി
'പ്രിയപ്പെട്ട ഖുസയ്യ് താങ്കൾ ഇവിടെ താമസിക്കണം കഅ്ബാലയം നിലകൊള്ളുന്ന ഈ പുണ്യഭൂമിയിൽ താങ്കൾ ഇവിടം വിട്ടു പോവരുത് ഞങ്ങളുടെ മാർഗദർശിയാണ് താങ്കൾ ' യുവാവാക്കൾ അദ്ദേഹത്തോടപേക്ഷിച്ചു

'ഞാൻ ശാമിലേക്ക് മടങ്ങിപ്പോവാനാഗ്രഹിക്കുന്നില്ല കഅ്ബാലയം  നിലകൊള്ളുന്ന ഈ പുണ്യഭൂമിയിൽ താമസിക്കണമെന്നത് എന്റെ ദീർഘകാല സ്വപ്നമാണ് ഞാൻ കഠിനാദ്ധ്വാനം ചെയ്യും എനിക്കിവിടെ ഒരു വീടുണ്ടാവണം ഇവിടെ നിന്നൊരു പെൺകുട്ടിയെ വിവാഹം കഴിക്കണം ഒരു കുടുംബജീവിതം നയിക്കണം '

യുവാക്കൾക്ക് സന്തോഷമായി അവർക്കിടയിൽ ഏറ്റവും സ്വാധീനമുള്ള നേതാവായി ഉയരുകയായിരുന്നു ഖുസയ്യ് 

ഖുസയ്യിന്ന് പറ്റിയ ഇണയെ കണ്ടെത്തണം കിലാബിന്റെ മകന്ന് ഉന്നത കുടുംബത്തിൽ നിന്നു തന്നെ വിവാഹം വേണം 
രാജാവിന്റെ മകളെത്തന്നെ അന്വേഷിച്ചാലോ?

രാജാവിന്റെ പൊന്നുമോൾ സുന്ദരിയായ ഹുബ്ബ രാജകുമാരിയായ ഹുബ്ബ 

വിവാഹന്വേഷണവുമായി ചില പ്രമുഖ വ്യക്തികൾ രാജകൊട്ടാരത്തിലെത്തി 
'കിലാബിന്റെ മകൻ ഖുസയ്യ് താങ്കളുടെ മകൾ ഹുബ്ബയെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു താങ്കളുടെ അഭിപ്രായമെന്താണ്?'

ഹുലൈൽ ചിന്തയിൽ മുഴുകി കിലാബിന്റെയും ഖുസയ്യിന്റെയും  ഉന്നത പദവികൾ അറിയാവുന്ന ഹുലൈൽ , തന്റെ മകൾക്കു വീണുകിട്ടുന്ന സൗഭാഗ്യമാണിതെന്ന നിഗമനത്തിൽ എത്തിച്ചേർന്നു തന്റെ മറുപടി കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉന്നതന്മാരുടെ മുഖത്തേക്കു നോക്കി അദ്ദേഹം പറഞ്ഞു

'ഹുബ്ബയെ കെട്ടിച്ചുകൊടുക്കാൻ എനിക്ക് സമ്മതം'

ആഗതർക്ക് വലിയ ആഹ്ലാദം കൊട്ടാരത്തിൽ നിന്നും വാർത്ത പുറത്തേക്കൊഴുകി മക്ക മുഴുവൻ അതൊഴുകിയെത്തി
ഹുബ്ബയുടെ മനസ്സിൽ ധീരനായ ഖുസയ്യിന്റെ ചിത്രം നിറഞ്ഞു 
വിവാഹ സുദിനം വന്നു ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിൽ ചടങ്ങുകൾ നടന്നു ഹുബ്ബ ഖുസയ്യിന്റെ ഭാര്യയായിത്തീർന്നു 

കാലം കടന്നുപോയി ഖുസയ്യ് ധനികനായിത്തീർന്നു അദ്ദേഹത്തിനു ധാരാളം മക്കൾ ജനിച്ചു ഹുലൈൽ മരണപ്പെട്ടു മക്കയുടെ ഭരണം ഖുസയ്യിന്റെ കരങ്ങളിൽ വന്നുചേർന്നു

ഖുസയ്യ് ഭരണാധികാരിയായി വന്നതോടെ ഖുസാഅ ഗോത്രക്കാരുടെ  ഭരണം അവസാനിച്ചു അവരുടെ സ്വാധീനം കുറഞ്ഞു പലരും മക്കവിട്ടുപോയി പിന്നീട് ഖുറൈശികളുടെ അധികാരം വളർന്നു വന്നു 

ഖുസയ്യിന്റെ ഭരണത്തിൻകീഴിൽ മക്കാപട്ടണം വളർന്നു വികസിച്ചു ധാരാളം വീടുകൾ പണിതു ഖുറൈശി പ്രമുഖന്മാർ അവയിൽ താമസം തുടങ്ങി ഒരു ടൗൺഹാൾ പോലെ ദാറുന്നദ് വത്ത് എന്ന ഹാൾ സ്ഥാപിച്ചു ഗോത്രത്തലവന്മാർ അവിടെയാണ് യോഗം ചെരുക പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ദാറുന്നദുവയിൽ വെച്ച് ചർച്ച ചെയ്യും

വിവാഹ കർമങ്ങളും ദാറുന്നദ് വയിൽ വെച്ചു നടത്താൻ തുടങ്ങി വരന്റെയും വധുവിന്റെയും ആളുകൾ ദാറുന്നദ് വയിൽ വന്നു ചേരും വിവാഹ ചടങ്ങുകൾ നടക്കും സദ്യകളും അവിടെത്തന്നെ

ഖുസയ്യിന്റെ നേതൃത്വത്തിൽ പലതവണ ഖാഫില പോയി ധാരാളം സമ്പാദ്യമുണ്ടായി ഹജ്ജ് കാലത്ത് സമീപ രാജ്യങ്ങളിൽനിന്നെല്ലാം  ധാരാളമാളുകൾ മക്കയിൽ  വന്നുകൊണ്ടിരുന്നു അവരെ താമസിപ്പിക്കാനും അവർക്ക് ആഹാരവും വെള്ളവും നൽകാനും ഖുസയ്യ് പ്രത്യേകം താൽപര്യമെടുത്തു  അങ്ങനെ വിദേശങ്ങളിലൊക്കെ അദ്ദേഹത്തിന്റെ യശസ്സ് പരന്നു 

കഅ്ബാലയത്തിന്റെ താക്കോൽ ഖുസയ്യിന്റെ കൈവശമാണ് ഭക്തജനങ്ങൾക്ക് അതിന്നകത്ത് കയറണമെങ്കിൽ അദ്ദേഹം തുറന്നുകൊടുക്കണം വിദൂരദേശങ്ങളിൽ നിന്നു പ്രമുഖ വ്യക്തികൾ വരുമ്പോൾ ഖുസയ്യിന്റെ അതിഥികളായിട്ടാണ് കഴിയുക അവർ തിരിച്ചു പോവുന്നതുവരെയുള്ള താമസവും ഭക്ഷണവുമൊക്കെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലായിരിക്കും

താൻ സമ്പാദിച്ച ധനം ഏത് വിധത്തിലൊക്കെ ചെലവഴിക്കണമെന്ന് അദ്ദേഹത്തിന് നന്നായറിയാമായിരുന്നു 

കഅ്ബയുടെ പദവികളെല്ലാം ഖുസയ്യ് തന്നെയാണു നിർവ്വഹിച്ചിരുന്നത് എന്തൊക്കെയാണ് കഅ്ബയുടെ പദവികൾ 

ഹിജാബ, സിഖായ, രിഫാദ, നദ് വ, ലിവാഅ്, ഖിയാദ ഇവയെല്ലാം കഅ്ബയുടെ  പദവികളിൽപ്പെടുന്നു 

കഅ്ബയുടെ താക്കോൽ സൂക്ഷിപ്പിന്നാണ് ഹിജാബ എന്നു പറയുന്നത് ഏറ്റവും കൂടിയ പദവിയാണിത്

രണ്ടാമത്തെ പദവിയാണ് സിഖായ, മക്കയിൽ വരുന്നവർക്ക് കുടിക്കാൻ ശുദ്ധജലം നൽകുക, കുടിക്കാൻ ഈത്തപ്പഴത്തിന്റെ സത്ത് നൽകുക ഇതൊക്കെയാണ് സിഖായ ഇതും വളരെ കൂടിയ പദവി തന്നെയാണ്

മൂന്നാമത്തേത് രിഫാദ, മക്കയിൽ വരുന്ന തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്നതിനാണ് രിഫാദ എന്നു പറയുന്നത്  ഇതും വളരെ ഉയർന്ന പദവിയാണ്

നദുവയെന്നാൽ എന്താണ്? ദാറുന്നദ് വയിൽവെച്ചാണ്  യോഗങ്ങൾ ചേരുന്നത് യോഗം നടക്കുമ്പോൾ അദ്ധ്യക്ഷൻ വേണം അദ്ധ്യക്ഷനാണ് യോഗം നിയന്ത്രിക്കുന്നത് സദസ്യർ അദ്ദേഹത്തെ അനുസരിക്കണം ഈ അദ്ധ്യക്ഷ പദവിയാണ് നദുവ എന്നു പറയുന്നത് 

ലിവാഅ എന്നാലെന്ത്? കൊടിയും പിടിച്ചു കൊണ്ടാണ് യുദ്ധക്കളത്തിലേക്ക് പോവുന്നത് കൊടിപിടിക്കുകയെന്നത് ചിലരുടെ അവകാശമാണ് ഈ അവകാശമാണ് ലിവാഅ്

യുദ്ധക്കളത്തിലേക്ക് പോവുമ്പോൾ സൈന്യത്തെ നയിക്കുന്നത് സൈന്യാധിപനാണ് സൈന്യാധിപന്റെ പദവിയെ സൂചിപ്പിക്കുന്ന വാക്കാണ് ഖിയാദ

ആറ് പദവിയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചത് പിൽക്കാല ചരിത്രത്തിൽ ഈ പദവികൾക്ക് വളരെയേറെ പ്രാധാന്യം കൈവന്നതായിരിക്കണം
 
ഖുസയ്യിനെക്കുറിച്ചു കേൾക്കുമ്പോൾ രിഫാദ ഓർമ്മവരണം മക്കയിലെത്തുന്ന പാവപ്പെട്ട തീർത്ഥാടകർക്ക് ഭക്ഷണം നൽകാനുള്ള വ്യവസ്ഥയാണത് ഖുറൈശി പ്രമുഖരെയെല്ലാം വിളിച്ചുകൂട്ടി ഖുസയ്യ് ഇങ്ങനെ സംസാരിച്ചു

'പ്രിയപ്പെട്ട ഖുറൈശി സഹോദരങ്ങളേ നിങ്ങൾ അല്ലാഹുവിന്റെ ദേവാലയത്തിന്റെ അയൽക്കാരാകുന്നു പരിശുദ്ധ ഭൂമിയുടെ അവകാശികളാകുന്നു ഹജ്ജിന്നു വരുന്നവർ അല്ലാഹുവിന്റെ അതിഥികളാണെന്ന് നിങ്ങൾക്കറിയാമല്ലൊ അവരെ സൽക്കരിക്കേണ്ടത് നിങ്ങളുടെ ചുമതലയല്ലേ? തീർത്ഥാടകർക്ക് ഭക്ഷണം നൽകാൻ വേണ്ടി നിങ്ങൾ ഒരു ഫണ്ട് സ്വരൂപിക്കണം '

ഖുസയ്യിന്റെ നിർദ്ദേശം ഖുറൈശികൾ സ്വീകരിച്ചു ഓരോരുത്തരും നിശ്ചിത സംഖ്യ സംഭാവനയായി നൽകാമെന്നേറ്റു സംഭാവന പിരിച്ചെടുത്തു ഖുസയ്യിനെ ഏൽപിച്ചു ഇതാണ് രിഫാദ ഇത് പാവപ്പെട്ട തീർത്ഥാടകർക്ക് വേണ്ടിയാണ് ചെലവഴിച്ചിരുന്നത് 

ഖുസയ്യിന്ന് പ്രായമായി കാര്യങ്ങൾ നോക്കിനടത്താൻ വയ്യാതായി ചില അധികാരങ്ങൾ മൂത്തമകൻ  അബ്ദുദ്ദാറിന്ന് നൽകി ഹിജാബ സിഖായ, രിഫാദ , ലിവാഅ് എന്നീ പദവികൾ അബ്ദുദ്ദാറിന്ന് ലഭിച്ചു 
ഖുസയ്യിന്റെ ഇളയമകൻ അബ്ദുമനാഫിനെ ജനങ്ങൾ വളരെയധികം ആദരിച്ചിരുന്നു  സൽഗുണ സമ്പന്നനായിരുന്നു അബ്ദുമനാഫ് ബുദ്ധിമാനായ അബ്ദുമനാഫ് ധാരാളം സാമൂഹിക സേവനങ്ങൾ ചെയ്തിട്ടുണ്ട് മൂത്ത സഹോദരന്റെ ഉത്തരവാദിത്വങ്ങൾ പൂർണ്ണമായി നിർവ്വഹിക്കുന്നതിന് അബ്ദുമനാഫ് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തുകൊണ്ടിരുന്നു മക്കായുടെ യശസ്സ് നിലനിർത്താൻ അദ്ദേഹം ജീവിതകാലം മുഴുവൻ പാടുപെട്ടു

അബ്ദുമനാഫിന് നാല് പുത്രന്മാർ വളരെ പ്രശസ്തരായിത്തീർന്നു ഹാശിം, അബ്ദുശ്ശംസ്, മുത്തലിബ്, നൗഫൽ എന്നിവരായിരുന്നു നാല് പ്രമുഖന്മാർ
ഈ നാല് പേരിൽ ഏറ്റവും പ്രമുഖനായിരുന്നു ഹാശിം എത്ര സങ്കീർണ്ണമായ പ്രശ്നവും ബുദ്ധിപരമായി നേരിടാനും പെട്ടെന്നു പരിഹരിക്കാനും ഹാശിമിന്ന് കഴിഞ്ഞിരുന്നു അബ്ദുമനാഫിനെ സ്നേഹിച്ച ജനത ഹാശിമിനെയും അളവറ്റ് സ്നേഹിച്ചു

മക്കായുടെ ഭരണം ഹാശിമിന്റെ കരങ്ങളിൽ വന്നു ചേർന്നു സിഖായയും രിഫാദയും ഹാശിം നടത്തിക്കൊണ്ടിരുന്നു ഖുറൈശികൾ കഴിവനുസരിച്ചു രിഫാദയിലേക്കു സംഭവാന നകണമെന്ന് ഹാശിം ആഹ്വാനം ചെയ്തു വർഷംതോറും വലിയൊരു സംഖ്യ രിഫാദയിലേക്കു പിരിഞ്ഞു കിട്ടി ആ സംഖ്യ വളരെ ബുദ്ധിപൂർവ്വം വിനിയോഗിക്കപ്പെടുകയും ചെയ്തു 


ഹാശിം

മക്കയുടെ നായകൻ താമസിക്കുന്ന വലിയ വീട് അതിനകത്തും പുറത്തും പ്രമുഖ വ്യക്തികൾ പരിസരത്ത് ഒട്ടകങ്ങളും കുതിരകളും
ഗോത്രനേതാക്കന്മാർ പലരും അങ്ങോട്ട് വന്നുകൊണ്ടിരുന്നു അവിടെ ചൂടുപിടിച്ചൊരു ചർച്ച നടക്കാൻ പോവുകയാണ്

മക്കയുടെ ഭക്ഷ്യനില  മോശമായിരിക്കുന്നു ആവശ്യത്തിന് ധാന്യമില്ല ഇങ്ങനെ പോയാൽ ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിടും ഏതാനും മാസങ്ങൾ കഴിഞ്ഞാൽ ഹജ്ജ് കാലമായി പുറം നാടുകളിൽ നിന്ന് ധാരാളമാളുകൾ ഹജ്ജ് കർമ്മത്തിനായി എത്തിച്ചേരും അവർക്കു ഭക്ഷണം നൽണം പരമ്പരാഗതമായ കർമ്മമാണിത് അതിന്നു മുടക്കം വരാൻ പാടില്ല സിയാഖയുടെയും രിഫാദയുടെയും തിളക്കം കുറയരുത് 

ഗുരുതരമായ പ്രശ്നം ഇതെങ്ങനെ നേരിടും ?

ദൂരെ നിന്നും ഒട്ടകങ്ങൾ നീങ്ങിവരുന്നു ഒട്ടകങ്ങൾ നേതാവിന്റെ വീട്ടുമുറ്റത്തെത്തുന്നു ഒട്ടകം മുട്ടുകുത്തുമ്പോൾ നേതാക്കൾ ഇറങ്ങി വരുന്നു അവരുടെ മുഖം കണ്ടാലറിയാം മനസ്സിലെ വെപ്രാളം
എല്ലാവരുടെയും പ്രതീക്ഷ മക്കായുടെ അധിപനിലാണ് ഹാശിം മക്കായുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് മക്കാ പട്ടണത്തിന്റെ വളർച്ചക്കും യശസ്സിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനേതാവ് പ്രസിദ്ധനായ അബ്ദുമനാഫിന്റെ ഓമന പുത്രൻ

ഹാശിം ബുദ്ധിമാനാണ് ധീരനാണ് ജനങ്ങളുടെ ക്ഷേമത്തിൽ ഏറെ താൽപര്യമുള്ളയാളാണ് പ്രതികൂല സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ ബുദ്ധി നന്നായി പ്രവർത്തിക്കും ഏത് പ്രതിസന്ധിഘട്ടത്തെയും വളരെ വിദഗ്ധമായി നേരിടും

മക്കയിൽ ഗോതമ്പുവയലുകളൊന്നുമില്ല നദികൾ ഒഴുകുന്നില്ല ധാന്യങ്ങൾ വളരുന്നില്ല ഖാഫിലക്കാർ കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളെ ആശ്രയിച്ചാണ് മക്കക്കാർ ജീവിക്കുന്നത്

പല വീടുകളിലും കടുത്ത ദാരിദ്ര്യം നിലനിൽക്കുന്നു എല്ലാനേരവും ആഹാരം ഉണ്ടായെന്നു വരില്ല പട്ടിണിയുടെ  ചുചിയറിഞ്ഞവരാണെല്ലാവരും പല വീടുകളിലും വിളക്കു കത്തിക്കാൻ ഒരു തുള്ളി എണ്ണ കാണില്ല ഖാഫിലക്കാർ വിദേശങ്ങളിൽനിന്നുകൊണ്ട് വരുന്ന എണ്ണയ്ക്ക് വലിയ വിലയാണ് വിശേഷങ്ങൾ വരുമ്പോൾ മാത്രമാണ് ആളുകൾ വിലകൊടുത്ത് എണ്ണ വാങ്ങുന്നത്

കഅ്ബാലയത്തിന്നു മുമ്പിൽ ഒരു  വിളക്ക് കത്തുന്നത് കാണാം രാത്രികാലങ്ങളിൽ അവിടെയെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യത്തിനുവേണ്ടി ഒരു വിളക്ക് കത്തിച്ചു വെക്കും പുറംനാടുകളിൽ നിന്നു വന്നവർ അവിടെ അന്തിയുറങ്ങുന്നുണ്ടാവും

ഒരു വീട്ടിൽ രാത്രികാലത്ത്  വിളക്ക് കത്തുന്നത് കണ്ടാൽ  അവിടെ കാര്യമായ വിശേഷങ്ങൾ വല്ലതുമുണ്ടെന്ന് മനസ്സിലാക്കാം ആൺകുഞ്ഞ് പിറക്കുകയെന്നതാണ് വലിയ വിശേഷം അല്ലെങ്കിൽ വിവാഹം അതുമല്ലെങ്കിൽ മരണം , ലക്ഷണമൊത്ത കവിത രചിക്കപ്പെട്ടാൽ കവിയെ അനുമോദിക്കാൻ ഖാഫിലക്കാർ ഒരുമിച്ചുകൂടും അതും വലിയ ആഘോഷം തന്നെ 

രാത്രിക്കുള്ള ഭക്ഷണം സന്ധ്യയ്ക്കാണ് കഴിക്കുക സന്ധ്യയുടെ അരണ്ട വെളിച്ചത്തിൽ ആഹാരപാനീയങ്ങൾ കഴിക്കുന്നതോടെ ഒരു ദിവസത്തെ ജോലികൾ അവസാനിക്കുന്നു പിന്നെ മുറ്റത്തിരുന്നു രാക്കഥകൾ  പറയാം പാട്ടുപാടാം ഉറക്കം വരുമ്പോൾ ഖൈമക്കകത്തോ പുറത്തോ കിടന്നുറങ്ങാം
മക്കക്കാരുടെ ഗുണകാംക്ഷിയും വഴികാട്ടിയുമാണ് ഹാശിം അവരുടെ സാമൂഹികമായ പുരോഗതിക്ക് അദ്ദേഹം വളരെ നല്ല നിർദ്ദേശങ്ങൾ വെക്കും തുറന്ന മനസ്സോടെ എല്ലാവരും അതംഗീകരിക്കുകയും ചെയ്യും പല പ്രതിസന്ധികളും അങ്ങനെ തരണം ചെയ്യപ്പെട്ടിട്ടുണ്ട്

വീട്ടിനകത്തുനിന്നും ഹാശിം പുറത്തേക്ക് കടന്നുവന്നു എല്ലാവരും ആദരവോടെ എഴുന്നേറ്റുനിന്നു 

'ഇരിക്കൂ  ഇരിക്കൂ എല്ലാവരും ഇരിക്കൂ '  

ഹാശിം സദസ്സിലിരുന്നു നേതാക്കളും ഇരുന്നു 

'മക്കയിലെ ഭക്ഷ്യവസ്തുക്കളുടെ അവസ്ഥ വളരെ പരിതാപകരമാണ് ആളുകൾ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇത് നാം ഗൗരവമായി കാണണം ' ഒരു നേതാവ് വിഷയം അവതരിപ്പിച്ചു

'ഹജ്ജ് കാലം അടുത്തുവരികയാണ് ഈ നില തുടർന്നാൽ നാം കഷ്ടപ്പെട്ടുപോകും മാത്രമല്ല , പുറംനാട്ടുകാരുടെ മുമ്പിൽ നാം അപമാനിതരാവുകയും ചെയ്യും' മറ്റൊരാൾ പറഞ്ഞു

സാധാരണയിൽ കൂടുതലായി ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്താൽ മാത്രമേ ഈ ഗുരുതരമായ അവസ്ഥ നേരിടാൻ കഴിയുകയുള്ളൂ മാസങ്ങൾക്കു ശേഷം നാട്ടിലെ അവസ്ഥ എന്തായിരിക്കുമെന്ന് മനസ്സിലാക്കിക്കൊണ്ട്, ദൂരക്കാഴ്ചയോടെ നീങ്ങണം എല്ലാവരുടെയും സഹകരണം അനിവാര്യമാണ് കൂട്ടായ പ്രവർത്തനത്തിന്റെ സമയമാണിത് '

പലരും ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്നുണ്ട്

'യമനിലേക്ക് ഉടനെ ഖാഫില പുറപ്പെടണം കഴിയാവുന്നത്ര ആളുകൾ അതിൽ മുതൽ മുടക്കണം വൻതോതിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൊണ്ടുവരണം '
'യമനിലേക്കുള്ള ഖാഫിലയുടെ പുറപ്പാട് പെട്ടെന്ന് ഏർപ്പാട് ചെയ്യണം യമനിലെ മാർക്കറ്റുകളിൽ വിലകൂടുന്നതിനുമുമ്പ് സാധനങ്ങൾ വാങ്ങി സംഭരിക്കണം കുറേ ദിവസം യമനിൽ താമസിക്കേണ്ടിവരും കമ്പോളത്തിലെ വിലനിലവാരം നോക്കി സാധനങ്ങൾ വാങ്ങണം വില കൂടിയും കുറഞ്ഞുമിരിക്കും 

കമ്പോളത്തിലെ സാധനങ്ങളുടെ വരവും അങ്ങനെതന്നെ ചില ദിവസങ്ങളിൽ സാധനങ്ങൾ കണക്കില്ലാതെ വന്നു നിറയും അപ്പോൾ വില കുറയും ചിലപ്പോൾ സാധനങ്ങൾ  കമ്മിയായിരിക്കും ആവശ്യക്കാർ കൂടുതലുമായിരിക്കും സാധനങ്ങൾക്ക് സ്വാഭാവികമായും വിലകുറയും സാധനങ്ങളുടെ ഗുണനിലവാരവും നോക്കണം വിളവു കുറഞ്ഞ ധാന്യത്തിന് വില കുറഞ്ഞെന്നിരിക്കും നല്ല വിളവുള്ള ധാന്യമേ ഏറെനാൾ സൂക്ഷിച്ചുവെക്കാൻ പറ്റുകയുള്ളൂ അതൊക്കെ നോക്കി മനസ്സിലാക്കി വാങ്ങാൻ കഴിവുള്ളവർ ഖാഫിലയിൽ പോവണമെന്നാണെന്റെ അഭിപ്രായം ' ഒരു നേതാവ് അൽപം വിശദമായി തന്നെ സംസാരിച്ചു

'യമനിലെ ഭരണാധികാരികൾക്ക് മക്കക്കാരോട് വലിയ ആദരവാണ് അവരും ഹജ്ജിനുവേണ്ടി ഇവിടെ വരുന്നവരാണല്ലോ അതുകൊണ്ട് നമ്മിൽ നിന്ന് അമിതമായ വില ഈടാക്കുകയില്ല പക്ഷെ, ഒരു കാര്യം ശ്രദ്ധിക്കണം പ്രമുഖരായ ആളുകൾ ഖാഫിലയിൽ പോവണം യമൻകാർ ബഹുമാനിക്കുന്ന നേതാക്കൾ അവിടെ പോവണം ' ഒരു നേതാവിന്റെ അഭിപ്രായം
'മക്കയുടെ ആദരണീയ നേതാവ് ഹാശിം തന്നെ ഖാഫിലയെ നയിക്കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം 

ഹാശിമിനെ യമനിലെ രാജാക്കന്മാർക്കും വളരെ ബഹുമാനമാണ് അദ്ദേഹം നേരിട്ട് ചെല്ലുകയാണെങ്കിൽ നമുക്കാവശ്യമുള്ള ധാന്യം ന്യായവിലക്ക് ലഭിക്കും രാജാക്കന്മാരെ മക്ക സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്യും ' 
ഈ അഭിപ്രായം സദസ്സിൽ സന്തോഷം പടർത്തി
'ഞങ്ങൾ ഈ അഭിപ്രായം സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു ഹാശിം അവർകളുടെ നേതൃത്വത്തിൽ ഖാഫില പോവുന്നത് ഈ സന്ദർഭത്തിൽ വളരെ അനിവാര്യമാണ് '

ഒടുവിൽ സദസ്സ് ആ തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു ഹാശിം അവർകളുടെ നേതൃത്വത്തിൽ ഒരു വലിയ ഖാഫില പുറപ്പെടുക വൻതോതിൽ ധാന്യങ്ങൾകൊണ്ട് വരിക നാട്ടിനെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കുക 
ആ തീരുമാനത്തിലെത്തിയപ്പോൾ എല്ലാവർക്കും ആശ്വാസം കുടിക്കാൻ പാനീയങ്ങൾ വിതരണം ചെയ്തു സദസ് പിരിയുകയാണ് അൽപം കഴിഞ്ഞ് നേതാക്കൾ ഒട്ടകപ്പുറത്ത് യാത്രയായി

വാർത്ത മക്കയിൽ പരന്നു യമൻ രാജ്യത്തേക്ക് വലിയ ഖാഫില പുറപ്പെടുന്നു മക്കായുടെ ഭരണാധികാരി തന്നെ ഖാഫിലക്ക് നേതൃത്വം നൽകുന്നു എല്ലാവർക്കും ആശ്വാസം സന്തോഷം ആ ഖാഫിലയിൽ പങ്കുചേരാൻ എല്ലാവർക്കും ആഗ്രഹം ആളുകൾ സ്വയം പ്രേരിതരായി മുന്നോട്ടുവന്നുകൊണ്ടിരുന്നു

മക്കായുടെ സാമ്പത്തിക നില  ഭദ്രമാക്കി നിർത്തുന്നതിൽ ഹാശിമിനെപ്പോലെ അദ്ദേഹത്തിന്റെ പ്രഗത്ഭരായ സഹോദരന്മാരും മഹത്തായ പങ്കുവഹിച്ചിരുന്നു ഖാഫിലകളുടെ സുരക്ഷിതത്വം അക്കാലത്ത് വലിയ പ്രശ്നമായിരുന്നു കൊള്ളക്കാരും പിടിച്ചുപറിക്കാരും നിറഞ്ഞ പ്രദേശത്തുകൂടെയാണ് ഖാഫിലകൾക്ക് കടന്നുപോവേണ്ടത് പെട്ടെന്നായിരിക്കും കൊള്ളക്കാരുടെ ആക്രമണമുണ്ടാവുക കൈവശമുള്ള സ്വത്തെല്ലാം അവർ പിടിച്ചെടുക്കും മനുഷ്യരെ അടിമകളാക്കും കൈകാലുകൾ ബന്ധിച്ചു അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കും ആരെങ്കിലും വിലകൊടുത്തു അടിമകളെ വാങ്ങും ജീവിതകാലം മുഴുവൻ അടിമയായിക്കഴിയേണ്ടിവരും ഇതാണ് അന്നത്തെ അവസ്ഥ 

അബ്ദുമനാഫിന്റെ സന്താനങ്ങൾ ഈ ദുരവസ്ഥയിൽനിന്ന് മക്കക്കാരെ രക്ഷിക്കാൻ വേണ്ടി ത്യാഗപൂർണമായ സേവനങ്ങളാണ് ചെയ്തത് അയൽരാജ്യങ്ങളിലെ രാജാക്കന്മാരുമായി വ്യാപാരസന്ധി ഉണ്ടാകുവാൻ അവർക്കു കഴിഞ്ഞു റോമാ ചക്രവർത്തിയുമായി ഹാശിം നേരിട്ടു ബന്ധപ്പെട്ടു ചക്രവർത്തിയെ ചെന്നുകണ്ടു വളരെ നേരം സംസാരിച്ചു മക്കയുടെ പ്രാധാന്യം വിവരിച്ചു ഒടുവിൽ റോമാ ചക്രവർത്തിയും ഹാശിമും തമ്മിൽ വ്യാപാര ഉടമ്പടി ഉണ്ടാക്കി ഇനി റോമാ ചക്രവർത്തിയുടെ ഭരണം നിലനിൽക്കുന്ന പ്രദേശത്തുകൂടി ഹാശിമിന്റെ ഖാഫിലക്കാർക്ക്  ധൈര്യമായി സഞ്ചരിക്കാം ഒരു കൊള്ളക്കാരനും അവരെ അക്രമിക്കാൻ ധൈര്യം കാണിക്കില്ല അക്രമിച്ചാൽ കൊള്ളക്കാരെ റോമാ ചക്രവർത്തി തന്നെ നേരിട്ടുകൊള്ളും

ഹാശിം മക്കക്കാർക്ക് ചെയ്തു കൊടുത്ത വലിയ സേവനമാണിത്
മക്കക്കാർ സ്ഥിരമായി ഖാഫില  പോയിരുന്ന രാജ്യമായിരുന്നു സിറിയ റോമാചക്രവർത്തിയുടെ അധികാരപരിധിയിൽപ്പെടുന്ന രാജ്യമായിരുന്നു അന്നു സിറിയ ആ രാജ്യത്തെവിടെയും സുരക്ഷിതമായി സഞ്ചരിക്കാൻ റോമാചക്രവർത്തി മക്കക്കാരെ അനുവദിച്ചു അനുവാദപത്രമെഴുതി ഹാശിമിന്റെ കൈയിൽ കൊടുക്കുകയാണ് ചെയ്തത്

ഗസ്സാൻ രാജാവിൽനിന്നും ഇതുപൊലൊരു അനുമതിപ്പത്രം  ഹാശിം വാങ്ങിവെച്ചിരുന്നു ഈ സമാധാനക്കരാറുകൾ  മക്കക്കാർക്കിടയിൽ ഹാശിമിന്റെ യശസ്സും സ്വാധീനവും വർദ്ധിപ്പിച്ചു

ഭരണാധികാരിയായ ഹാശിമിന്റെ സഹോദരന്മാരായിരുന്നു അബ്ദുശ്ശംസ്, നൗഫൽ, മുത്തലിബ് എന്നിവർ ഇവർ മൂന്നുപേരും മക്കക്കാരുടെ സാമൂഹിക ജീവിതത്തിൽ ഉന്നത പദവികൾ അലങ്കരിച്ചു ഹാശിമിന്റെ കരങ്ങൾക്ക് ശക്തി പകരാൻ ഇവർക്ക്  കഴിഞ്ഞു

അബ്ദുശ്ശംസ് അബ്സീനിയായിൽ ചെന്നു നീഗസ് രാജാവിനെ കണ്ടു സംഭാഷണം നടത്തി മക്കായിലെ ഭരണാധികാരിയുടെ പ്രതിനിധിയായി വന്ന  അബ്ദുശ്ശംസ് അബ്സീനിയൻ കൊട്ടാരത്തിൽ സ്നേഹപൂർവ്വമായ സ്വീകരണമാണ് ലഭിച്ചത് 
'ഞങ്ങളുടെ ഭരണാധികാരിയും എന്റെ പ്രിയ സഹോദരനുമായ ഹാശിം അവർകൾ റോമാചക്രവർത്തിയുമായി വ്യാപായ ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നു ചക്രവർത്തി തിരുമനസ്സിന്റെ ഭരണം നിലനിൽക്കുന്ന ഏത് നാട്ടിൽ ചെന്നും കച്ചവടം നടത്താനുള്ള അതുമതിപ്പത്രം എഴുതിത്തന്നിട്ടുണ്ട് അതുപോലെ ഇവിടെനിന്നും ഞങ്ങൾക്ക് കച്ചവടത്തിനുള്ള അനുമതിപത്രം എഴുതിത്തരണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു ഇത് മക്കക്കാരുടെ അപേക്ഷയായി പരിഗണിക്കണം

റോമാരാജ്യത്തിന്റെ സഹോദര രാഷ്ട്രമായി അറിയപ്പെടുന്ന അബ്സീനിയായിൽനിന്ന് മക്കക്കാർക്ക് അനുമതിപ്പത്രം എഴുതിക്കിട്ടാൻ ഒരു തടസ്സവുമുണ്ടായിരുന്നില്ല അബ്ദുശ്ശംസ് അനുമതിപ്പത്രവുമായി സന്തോഷപൂർവ്വം മക്കയിൽ തിരിച്ചെത്തി

നൗഫലും മുത്തലിബും കൂടി പേർഷ്യൻ കൊട്ടാരത്തിലേക്കു പോയി ഐശ്വര്യത്തിന്റെയും ആഡംബരങ്ങളുടെയും കേന്ദ്രമായ പേർഷ്യൻ കൊട്ടാരത്തിലെത്തിയ നൗഫലും മുത്തലിബും അത്ഭുതസ്തബ്ധരായി പടുകൂറ്റൻ കൊട്ടാരം അതിലത്തെ കൊത്തുവേലകളും , അലങ്കാരങ്ങളും, മണിവിളക്കുകളും, പരവതാനികളും, സ്വർണ്ണ സിംഹാസനവും രാജാവിന്റെയും മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും വേഷവിധിനങ്ങളും അവരെ അതിശയം കൊള്ളിച്ചു മക്കയിൽ നിന്നു വന്നവരാണെന്നറിഞ്ഞപ്പോൾ കൊട്ടാരത്തിലേക്കു പ്രവേശനം ലഭിച്ചു രാജാവ് അവരുടെ അപേക്ഷ കേട്ടു വ്യാപാരത്തിനുള്ള അനുമതിപ്പത്രം എഴുതിക്കൊടുക്കുകയും ചെയ്തു 

നൗഫലും മുത്തലിബും യമനിലെ ഹിംയർ രാജാക്കന്മാരെ കാണാൻ പോയി സമൃദ്ധിയുടെ  കളിത്തൊട്ടിലായിരുന്നു അന്ന് യമൻ പൗരാണിക സംസ്കാരത്തിന്റെ കേന്ദ്രം അവിടെയും മക്കൻ പ്രതിനിധികൾക്ക് സ്നേഹപൂർവ്വമായ സ്വീകരണം ലഭിച്ചു വ്യാപാരക്കരാർ എഴുതിവാങ്ങി അവർ മക്കയിലെത്തി ഇങ്ങനെ ഹാശിമിന്റെ ഭരണകാലത്ത് മക്കക്കാർ വ്യാപാരസുരക്ഷിതത്വം ഉറപ്പ് വരുത്തി


ശൈബ

യമൻ പൗരാണിക സംസ്കാരത്തിന്റെ കളിത്തൊട്ടിലാണ് ഈടുറ്റ ചരിത്ര പശ്ചാത്തലമുള്ള നാട് മലമടക്കുകൾക്കിടയിലുള്ള മല വെള്ളം കുത്തിയൊലിച്ചു കടലിലേക്ക് പാഞ്ഞുപോവുന്നത് പൗരണിക കാലത്തെ യമനികൾ ഉൽക്കണ്ഠയോടെ നോക്കിനിന്നു ഈ വെള്ളം ഇങ്ങനെ പാഴായിപ്പോവുന്നുവല്ലോ എന്നോർത്ത് അവർ ദുഃഖിച്ചു കടലിലേക്ക് ഒഴുകുന്ന വെള്ളം തടഞ്ഞു നിർത്തി കൃഷിക്ക് ഉപയോഗപ്പെടുത്തണമെന്ന് അവർ തീരുമാനിച്ചു അങ്ങനെ രണ്ട് മലകൾക്കിടയിൽ അവർ അണക്കെട്ട് നിർമ്മിച്ചു മആരിബ് അണക്കെട്ട് ലോകപ്രസിദ്ധമായിത്തീർന്നു 

ഈ അണക്കെട്ട് മരുഭൂമി കൃഷിഭൂമിയാക്കി മാറ്റാൻ ഇതിന്റെ സഹായത്തോടെ അവർക്ക് കഴിഞ്ഞു യമൻ സമ്പൽ സമൃദ്ധമായിത്തീർന്നു വിദേശികളുടെ ശ്രദ്ധ യമനിലേക്ക് തിരിഞ്ഞു 

യമനിലെ കമ്പോളങ്ങൾ വളരെ പ്രസിദ്ധമായിത്തീർന്നു ധാരാളം ഖാഫിലകൾ അങ്ങോട്ടു വരാൻ തുടങ്ങി മക്കയുടെ ഭരണാധികാരിയായ ഹാശിമിന്റെ നേതൃത്വത്തിൽ ഒരു വൻ ഖാഫിലയാണ് യമനിൽ വന്നു ചേർന്നത് ദിവസങ്ങളോളം അവരവിടെ താമസിച്ചു ഹാശിം ഹിംയർ രാജാക്കന്മാരുടെ കൊട്ടാരത്തിൽ ചെന്നു രാജാവ് അദ്ദേഹത്തെ ഹൃദ്യമായി സ്വീകരിച്ചു മക്കയിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു രാജകുടുംബാംഗങ്ങൾ മക്ക സന്ദർശിക്കാൻ സന്തോഷം പ്രകടിപ്പിച്ചു 

യമനിലെ കമ്പോളങ്ങളിൽ നിന്ന് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി സാധനങ്ങൾ വലിയ  കെട്ടുകളാക്കി അവ ഒട്ടകപ്പുറത്ത് കയറ്റിവെച്ചു മടക്കയാത്രയുടെ സമയമായി എല്ലാവരോടും യാത്ര പറഞ്ഞു   അടുത്ത വർഷം വീണ്ടും വരാം കാണാം അല്ലാഹു അനുഗ്രഹിക്കട്ടെ ആഹ്ലാദപൂർണമായ മടക്കയാത്ര

മക്കക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഖാഫില മടങ്ങിയെത്തി എല്ലാവർക്കും സന്തോഷം ആവശ്യത്തിന്നു ഭക്ഷ്യവസ്തുക്കൾ എത്തിച്ചേർന്നിരിക്കുന്നു  

സൂക്ഷിച്ചു ചെലവഴിക്കണം അമിതവ്യയം അരുത് ഒരു തരത്തിലുള്ള ധൂർത്തും അനുവദിക്കുന്നതല്ല 

ഹാശിമിന്റെ ഉപദേശം എല്ലാവരും സ്വീകരിച്ചു ഭക്ഷ്യവസ്തുക്കൾ പരമാവധി സൂക്ഷ്മതയോടെ ചെലവഴിച്ചു ഹജ്ജ് കാലം വന്നു ധാരാളം തീർത്ഥാടകർ എത്തിച്ചേർന്നു അവരെല്ലാം മക്കക്കാരുടെ അതിഥികളാണ് അക്കൊല്ലവും സിഖായയും രിഫാദയും നല്ല നിലയിൽ നടന്നു 

ഹജ്ജ് കാലം കടന്നുപോയി തീർത്ഥാടകർ മടങ്ങിപ്പോയി വളരെയേറെ ഭയപ്പെട്ടിരുന്ന ക്ഷാമം അകന്നുപോയി സമാധാനത്തോടെ ആ വർഷവും കഴിഞ്ഞു 

മറ്റൊരു ഖാഫിലയുടെ ഒരുക്കത്തിലാണ് ഇപ്പോൾ മക്കക്കാർ ശാമിലേക്കുള്ള ഖാഫില അടുത്തുതന്നെ പുറപ്പെടും മക്കയിലെ കച്ചവടക്കാർ സാധനങ്ങൾ ശേഖരിക്കുന്ന തിരക്കിലാണ് ഖാഫില നയിക്കുന്നത് ഹാശിം തന്നെ 
എത്രയോ തവണ സന്ദർശിച്ചിട്ടുള്ള നാടാണ് ശാം എന്നിട്ടും മനസ്സിലെ മോഹം തീർന്നിട്ടില്ല മറക്കാനാവാത്ത എത്രയെത്ര അനുഭവങ്ങൾ വിശാലമായ മരുഭൂമിയിലെ ദൈർഘ്യമേറിയ യാത്ര കരിമ്പാറകൾ ഉയർന്നു നിൽക്കുന്ന പർവ്വതങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത നിരകൾ അവക്കിടയിലൂടെ  നടന്നുനീങ്ങുന്ന നൂറുക്കണക്കായ ഒട്ടകങ്ങൾ രാത്രികാലങ്ങളിൽ ആകാശനീലിമയിൽ വെട്ടിത്തിളങ്ങുന്ന എണ്ണമറ്റ നക്ഷത്രങ്ങൾ അവയുടെ ഉദയാസ്തമയങ്ങൾ നോക്കി സമയം കണക്കാക്കുന്നു യാത്രയുടെ ദിശകൾ കണക്കാക്കുന്നു

ഖാഫില പുറപ്പെട്ടു ആവേശകരമായ യാത്ര  രാപ്പകലുകൾ മാറി മാറിവന്നു ഹാശിമും സംഘവും ശാമിലെത്തി ശാമിലെ ഭരണാധികാരികളുടെ കൊട്ടാരത്തിലേക്ക് ഹാശിം കടന്നു ചെന്നു മക്കയുടെ ഭരണാധികാരിക്ക് കൊട്ടാരത്തിലേക്ക് അവിടെയും ഹൃദ്യമായ സ്വീകരണം 
ദിനരാത്രങ്ങൾ കടന്നുപോയി സാധനങ്ങൾ ധാരാളമായി വാങ്ങിക്കൂട്ടി അവ വലിയ കെട്ടുകളാക്കി ഒട്ടകപ്പുറത്ത് ബന്ധിച്ചു ഇനി മടക്കയാത്ര
 
വേണ്ടപ്പെട്ടവരോടെല്ലാം യാത്ര പറഞ്ഞു അടുത്ത സീസണിൽ വീണ്ടും കാണാം യാത്രാമംഗളം നേർന്നു ഹാശിം ഒട്ടകപ്പുറത്ത് കയറി 
ഖാഫില യസ്രിബിലെത്തി യാത്ര നിർത്തി ചെറിയ വിശ്രമം എന്നിട്ടേ ഇനി യാത്രയുള്ളൂ യസ്രിബിലെ കമ്പോളങ്ങൾ സന്ദർശിച്ചു അവിടെ നല്ല വ്യാപാരം നടക്കുന്നു തിരക്കിട്ട കച്ചവടം നടക്കുന്ന ഒരു പ്രദേശത്ത് ഹാശിം നടന്നുചെന്നു
ഹാശിമിന്റെ ജീവിതത്തെയും മക്കയുടെ ചരിത്രത്തെയും നിയന്ത്രിച്ച ഒരു സന്ദർശനമാണവിടെ നടക്കാനിരിക്കുന്നത് ഒരു വലിയ വ്യാപാര കേന്ദ്രത്തിന്റെ ഉടമയായ സ്ത്രീയെ ഹാശിം അവിടെ കണ്ടു ഹാശിമിന്ന് വളരെ കൗതുകം തോന്നി വ്യാപാരവുമായി ബന്ധപ്പെട്ട് പലരോടും അവർ സംസാരിക്കുന്നു അവർ മിടുമിടുക്കിയാണെന്ന് ഹാശിമിനു മനസ്സിലായി ആ സംസാര രീതിതന്നെ എത്ര ആകർഷകം  

അവർ അതിബുദ്ധിമതിയാണെന്ന കാര്യത്തിൽ സംശയമില്ല കൂടുതലറിയാൻ താൽപര്യം തോന്നി  യസ്രിബുകാരായ ചില പ്രമുഖരോട് ഹാശിം തിരക്കി
'ആ വ്യാപാര സ്ഥാപനം നടത്തുന്ന യുവതി ആരാണ്?'

'അവരെ അറിയില്ലേ ? ഖസ്റജുകാരൻ അംറിന്റെ മകൾ'

അത് കേട്ടപ്പോൾ ഹാശിമിന്റെ ആവേശം വർദ്ധിച്ചു യസ്രിബിലെ ഉന്നത ഗോത്രമാണ് ഖസ്റജ് ആ ഗോത്രത്തെക്കുറിച്ചും അറബികൾക്കെല്ലാം അറിയാം ഖസ്റജ് ഗോത്രത്തിലെ ആദരണീയനായ പ്രമുഖനാണ് അംറ് അദ്ദേഹത്തിന്റെ മകളാണ് ഈ സുന്ദരിയായ യുവതി

അവൾ വിവാഹിതയായിരിക്കുമോ? ഇനി അതാണറിയേണ്ടത് വിവാഹിതയല്ലെങ്കിൽ .... 

മനസ്സിനെന്തോ വല്ലാത്ത വെപ്രാളം 

മിടുമിടുക്കിയായ ഈ യുവതിയെ ജീവിതപങ്കാളിയായി ലഭിച്ചാൽ അതൊരു മഹാഭാഗ്യമായിരിക്കില്ലേ? വിവാഹം നടന്നാലും ഇല്ലെങ്കിലും വിവരങ്ങൾ തിരക്കുന്നതിൽ തെറ്റില്ലല്ലോ 

'ആ യുവതിയുടെ പേരെന്താണ് '

'സൽമാ'

ആ പേരും ഹാശിമിന് ഇഷ്ടമായി ഇനി ഒരു കാര്യം കൂടി അറിഞ്ഞാൽ മതി അതായിരുന്നു അടുത്ത ചോദ്യം

'സൽമ വിവാഹിതയാണോ?'

'വിവാഹം കഴിച്ചിരുന്നു നീണ്ടു നിന്നില്ല ഇപ്പോൾ വിധവയാണ് ' ആ വിവരവും ഹാശിമിന്റെ മനസ്സിനെ സ്പർശിച്ചു 

വിധവയായ യുവ അവർ തന്നെപ്പറ്റി അറിയട്ടെ മക്കയുടെ അധിപനായ ഹശിമിനെ അവൾ തിരസ്കരിക്കുമോ?

പിന്നെ അധികം താമസിച്ചില്ല ഹാശിമിന്റെ ദൂതൻ സൽമായുടെ വീട്ടിലെത്തി 
'ഞാനൊരു പ്രധാന കാര്യം നിങ്ങളുമായി സംസാരിക്കാൻ വന്നതാണ് '
ദൂതൻ സംഭാഷണത്തിനു തുടക്കമിട്ടു

'എന്താണ് കാര്യം? പറഞ്ഞോളൂ '

'മക്കയുടെ ഭരണാധികാരിയായ ഹാശിമിനെ അറിയാമോ?'

'എനിക്കദ്ദേഹത്തെപ്പറ്റി കൂടുതലൊന്നും അറിയില്ല '

'എങ്കിൽ ഞാൻ പറഞ്ഞു തരാം '

ദൂതൻ ഹാശിമിന്റെ കഴിവുകൾ  ഓരോന്നായി വിവരിക്കാൻ തുടങ്ങി ഹാശിമിന്റെ ധീരത, ബുദ്ധിശക്തി, ഔദാര്യം, ജനസ്വാധീനം, മക്കക്കാർക്കിടയിലെ ഉന്നതസ്ഥാനം ....

കഥ കേൾക്കുന്ന കുട്ടിയുടെ  ആവേശത്തോടെ സൽമ എല്ലാം ശ്രദ്ധിച്ചു കേട്ടു സൽമയുടെ മനസ്സിൽ ഹാശിമിനെക്കുറിച്ച് നല്ല മതിപ്പുണ്ടായിട്ടുണ്ടെന്ന് ബോധ്യം വന്നപ്പോൾ ദൂതൻ ചോദിച്ചു

'മക്കയുടെ നായകനായ ഹാശിം വിവാഹാലോചന നടത്തിയാൽ സൽമ സ്വീകരിക്കുമോ?'

സൽമയുടെ സുന്ദരമായ മുഖം ചുവന്നു തുടുത്തു അവർ നാണം കൊണ്ട് തല താഴ്ത്തി മൗനം സമ്മതമായി  

ഖാഫിലയിലുള്ളവർക്കെല്ലാം ആഹ്ലാദം ഖസ്റജ് ഗോത്രക്കാർക്കും ആഹ്ലാദം 
മക്കയുടെ ഭരണാധികാരി ഞങ്ങളുടെ പുതിയാപ്പിളയാവുക ഖസ്റജ്കാർക്ക് അതിൽപ്പരം ഒരാഹ്ലാദമില്ല  ആഹ്ലാദം കതിർകത്തിനിന്ന നിമിഷങ്ങളിൽ ആ വിവാഹം നടന്നു സൽമയെന്ന യുവതി ഹാശിമിന്റെ മണവാട്ടിയായി
യസ്രിബുകാരിയായ സൽമ  മക്കയിലെത്തി ഹാശിമിന്റെ വലിയ വീട് മക്കയിലെ ജീവിതം  സൽമാക്ക് അതിയായ ആഹ്ലാദം നൽകി 
തന്റെ ഭർത്താവിന്റെ ഉന്നത പദവികൾ കണ്ട് അതിശയംകൊണ്ടു ആളുകൾക്കൊക്കെ അദ്ദേഹത്തോടെന്തൊരു ബഹുമാനം അദ്ദേഹമാവട്ടെ ജനങ്ങളെ വല്ലാതെ സ്നേഹിക്കുന്നു ബുദ്ധിപൂർവ്വം സംസാരിക്കുന്നു ഒരൊറ്റ പാഴ് വാക്കും പറയുന്നില്ല

അദ്ദേഹത്തിന്ന് തന്നോടെന്തൊരു സ്നേഹം
ഈ പുണ്യ നഗരത്തിൽ വന്നു ചേരാൻ കഴിഞ്ഞല്ലോ ഈ ഉന്നത പദവികൾ നേടാൻ കഴിഞ്ഞല്ലോ അല്ലാഹു നൽകിയ അനുഗ്രഹം   മാസങ്ങൾ കടന്നുപോയി ഒരു ദിവസം സൽമ ഭർത്താവിന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞു

'ഞാൻ ഗർഭിണിയാണ് '

ഹാശിമിന് എന്തെന്നില്ലാത്ത സന്തോഷം സൽമ ഒരാൺകുഞ്ഞിനെ പ്രസവിച്ചെങ്കിൽ 

ഖബീലയിലെ പെണ്ണുങ്ങൾ വിവരമറിഞ്ഞു അവർ കൂട്ടത്തോടെ സൽമയെ കാണാൻ വന്നു എല്ലാവർക്കും സന്തോഷം

ഗർഭിണിയായ സൽമയെ യസ്രിബിലെ വീട്ടിൽ കൊണ്ടാക്കുന്നതാണ് നല്ലതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു അവിടെയാകുമ്പോൾ ബന്ധുക്കളുടെയെല്ലാം പരിചരണം ലഭിക്കും ഭർത്താവിനെ വേർപിരിയുന്നതാണ് ദുഃഖകരം

ഹാശിം സൽമയെ യസ്രിബിൽ കൊണ്ടുചെന്നാക്കി ബന്ധുക്കൾ  അവരെ സ്നേഹപൂർവ്വം ശുശ്രൂഷിച്ചു

ഹാശിം മക്കയിലേക്ക് മടങ്ങി വേർപാടിന്റെ ദുഃഖം രണ്ടു പേർക്കും അസഹ്യമായി 

മക്കക്കാർ ഒരു ദിവസം ആ സന്തോഷവാർത്തയറിഞ്ഞു സൽമ പ്രസവിച്ചു ആൺകുഞ്ഞ്  സന്തോഷം വരാർ ഇതിൽപ്പരം വല്ലതും വേണോ? യസ്രിബിലും മക്കയിലും സന്തോഷം അലയടിച്ചു

ഹാശിമിനുശേഷം മക്കയുടെ നേതൃത്വം വഹിക്കാൻ ഒരാൺകുഞ്ഞിനെ കിട്ടിയല്ലോ ആശ്വാസം തന്നെ കുഞ്ഞിനു പേരിട്ടു ശൈബ
സൽമയും മകനും യസ്രിബിൽ തന്നെ കഴിഞ്ഞു കൂടി ശൈബ അവിടെ വളരുകയാണ്

വീണ്ടും ഖാഫില പുറപ്പെടാൻ സമയമായി ശാമിലേക്കുള്ള യാത്ര കച്ചവടക്കാർ ചരക്കുകൾ ശേഖരിക്കാൻ തുടങ്ങി  ഹാശിം തന്നെയാണ് ഖാഫില നയിക്കുന്നത് ശാമിൽനിന്നു കച്ചവടം കഴിഞ്ഞ് മടങ്ങുമ്പോൾ യസ്രിബിൽ ഇറങ്ങാം സൽമയെയും കൊച്ചുമകൻ ശൈബയെയും കാണാം
പരന്ന മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ ഹാശിമിന്റെ മനസ്സിൽ നിറഞ്ഞുനിന്നത് സൽമയും ശൈബയുമായിരുന്നു
ഖാഫില ഗാസ്സ എന്ന  സ്ഥലത്തെത്തിയപ്പോൾ ഹാശിമിന് പെട്ടെന്ന് അസുഖം ബാധിച്ചു ഖാഫിലയിൽപോയിട്ടുള്ള എത്രയെത്ര യാത്രക്കാർ  മരുഭൂമിയിൽ മരിച്ചു വീണിട്ടുണ്ട്  മരുഭൂമിയിലെ ചൂടുകാറ്റും, കത്തിപ്പടരുന്ന വെയിലും, ശീതകാലത്തെ കൊടും ശൈത്യവും എത്രയെത്ര പേരുടെ ജീവൻ ഹനിച്ചിരിക്കുന്നു

ഹാശിമിന് അസുഖം വർദ്ധിച്ചു മരുഭൂമിയിൽ തമ്പ് കെട്ടി വിശ്രമിച്ചു കൂടുതൽ കഴിഞ്ഞില്ല മക്കയുടെ മഹാനായ നായകൻ ഗാസ്സയിൽവെച്ച് മരണപ്പെടാനായിരുന്നു വിധി മക്കയുടെ  നായകന് അവിടെ അന്ത്യം കുറിക്കപ്പെട്ടു

ഖാഫിലക്കാർ യസ്രിലെത്തിയപ്പോഴാണ് ഖസ്റജുകാർ വിവരമറിഞ്ഞത് ഹാശിം ഗാസ്സയിൽ വെച്ചു മരണപ്പെട്ടു ആ ദുഃഖവാർത്ത സൽമയുടെ വീട്ടിലെത്തി അവിടെ ദുഃഖം തളംകെട്ടിനിന്നു സൽമ തന്റെ മകനെ കെട്ടിപ്പിടിച്ചു കണ്ണീരൊഴുക്കി

മക്കയിലെ ഒരിക്കലും മറക്കാനാവാത്ത നാളുകൾ സന്തോഷവും സമാധാനവും നിറഞ്ഞ നാളുകൾ ആ നല്ല നാളുകൾ ഇനിയൊരിക്കലും മടങ്ങിവരില്ല ഓർക്കുന്തോറും അസഹ്യമായ വേദന ആകെയുള്ള ആശ്വാസം ശൈബയെന്ന ബാലൻ മാത്രം 

ഹാശിമിന്റെ സഹോദരൻ മുത്തലിബിനെ നേതാവാക്കി ഹാശിമിന്റെ ഭരണവിജയത്തിന്റെ മുഖ്യകാരണക്കാരൻ മുത്തലിബായിരുന്നുവല്ലൊ മുത്തലിബിന്റെ അനുഭവ സമ്പത്തും , ബുദ്ധി ശക്തിയും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സും ജനങ്ങൾ വളരെയേറെ ഇഷ്ടപ്പെട്ടു


അബ്ദുൽ മുത്തലിബ്

താൻ വാർദ്ധക്യത്തിലേക്ക് നീങ്ങുകയാണ് തനിക്കുശേഷം ആരാണ് മക്കാ പട്ടണത്തിന്റെ ഭരണം നിർവ്വഹിക്കുക?

മുത്തലിബ് എപ്പോഴും അക്കാര്യമാണ് ചിന്തിക്കുന്നത് അപ്പോഴെല്ലാം ശൈബയുടെ മുഖം മനസ്സിൽ തെളിയും കുറേ വർഷങ്ങളായി സൽമയും ശൈബയും യസ്രിബിലാണ് താമസം ശൈബക്ക് മക്കയിലെ ചുറ്റുപാടുകളൊന്നും അറിയില്ല അവനെ മക്കയിൽ കൊണ്ടുവരണം അവനിവിടെ വളരണം ഇവിടത്തെ സാമൂഹികമായ അവസ്ഥകൾ  പഠിക്കണം കാരണം അവൻ ഹാശിമിന്റെ മകനാണ് നാളെ മക്കയുടെ നേതൃത്വം ഏറ്റെടുക്കേണ്ടവനാണ്

യസ്രിബിൽ പോവണം സൽമയെ കാണണം ശൈബയെ മക്കയിലേക്കയക്കാൻ പറയണം സൽമ സമ്മതിക്കുമോ?  മക്കയുടെ നായകനായിത്തീരേണ്ട ശൈബയെ സൽമ തടയാൻ പാടില്ല അതവരെ പറഞ്ഞു മനസ്സിലാക്കണം 
ഒരു ദിവസം മുത്തലിബ്   യസ്രിബിലേക്ക് പുറപ്പെട്ടു മനസ്സിൽ ഹാശിമിന്റെ മുഖം ഹാശിം എത്ര പ്രഗത്ഭനായിരുന്നു ആ നല്ല കാലം ഇനി മടങ്ങിവരില്ലല്ലോ? 
യസ്രിബിലെത്തി സൽമയുടെ വീട്ടിൽ ചെന്നു സൽമയും മകനും മുത്തലിബിനെ ബഹുമാനപൂർവ്വം സ്വീകരിച്ചു 

'സൽമാ ഞാനൊരു പ്രധാനകാര്യം ആലോചിക്കാൻ വന്നതാണ് '
മുത്തലിബ് സംസാരിച്ചു തുടങ്ങി സൽമ കാര്യമറിയാനുള്ള ആകാംക്ഷയോടെ മുഖത്തേക്ക് നോക്കി 

'എനിക്ക് പ്രായമായി എപ്പോഴാണ് മരണം സംഭവിക്കുക എന്നാർക്കറിയാം എനിക്കുശേഷം ആരാണ് മക്കാപട്ടണത്തിന്റെ നേതൃത്വം ഏറ്റെടുക്കുക?' 
സൽമയുടെ ആകാംക്ഷ വർദ്ധിച്ചു

'ഹാശിം മക്കയുടെ മഹാനായ നേതാവായിരുന്നു അദ്ദേഹത്തിനു ശേഷം ആ സ്ഥാനം വഹിക്കേണ്ടത് അദ്ദേഹത്തിന്റെ പുത്രനാണ് പക്ഷേ, അന്ന്  ശൈബ കൊച്ചുകുട്ടിയായിരുന്നു  ഇപ്പോൾ വളർന്നിരിക്കുന്നു '

ഒന്നുനിർത്തി പിന്നെയും തുടർന്നു

'സൽമാ.... നീ ശൈബയെ എന്റെ കൂടെ മക്കയിലേക്കയക്കണം അവൻ അവിടത്തെ ചുറ്റുപാടുകളൊക്കെ മനസ്സിലാക്കട്ടെ എന്നിട്ട് ഭാവിയിൽ അവൻ മക്കയുടെ നേതൃത്വം ഏറ്റെടുക്കട്ടെ അതിനുള്ള കരുത്ത് അവൻ ആർജ്ജിക്കണം ഇപ്പോൾ തന്നെ മക്കയിൽ വന്നു താമസിച്ചാൽ അവർ കരത്തുള്ളവനായിത്തീരും സൽമാ.. നീയിത് സമ്മതിക്കണം '

ബുദ്ധിമതിയായ സൽമക്ക് മുത്തലിബ് പറഞ്ഞതിന്റെ ഗൗരവം ശരിക്കും ബോധ്യപ്പെട്ടു വിഷമത്തോടെയാണെങ്കിലും മകനെ അദ്ദേഹത്തോടൊപ്പം പോകാൻ അനുവദിച്ചു

മുത്തലിബ് സഹോദര പുത്രനെ ആലിംഗനം ചെയ്തു ഇനി യാത്രയാണ് യസ്രിബിൽനിന്ന് മക്കയിലേക്ക് ചരിത്രത്തിന്റെ മറ്റൊരു പ്രവാഹം ഇവിടെ ആരംഭിക്കുന്നു

ദിവസങ്ങൾ കടന്നു പോയി മക്കയുടെ അതിരുകടന്നു മുത്തലിബ് വരുന്നു ഒട്ടകപ്പുറത്തിരിക്കുന്ന മുത്തലിബിനെ കണ്ടു ആളുകൾ ഓടിക്കൂടി കൂടെ ഒരു ചെറുപ്പക്കാരനും സുമുഖനായ ചെറുപ്പക്കാരൻ ആർക്കും പരിചയമില്ല
മുത്തലിബ് അടിമച്ചന്തയിൽനിന്ന് ഒരടിമയെ വാങ്ങിക്കൊണ്ട് വരികയാണെന്നവർക്കുതോന്നി നല്ല അടിമ കാണാനെന്തൊരു ചന്തം അടിമയെ എല്ലാവർക്കും ഇഷ്ടമായി അവർ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു 

അബ്ദുൽ മുത്തലിബ്
മുത്തലിബിന്റെ അടിമ

അബ്ദുൽ മുത്തലിബ്
മുത്തലിബിന്റെ അടിമ

അത് കേട്ടപ്പോൾ മുത്തലിബിന് കോപം വന്നു അദ്ദേഹം ഒട്ടകപ്പുറത്തിരുന്നുകൊണ്ട് വിളിച്ചു പറയാൻ തുടങ്ങി 

'നിങ്ങൾക്കു നാശം ഇത് അടിമയല്ല ഇയ് അബ്ദുൽ മുത്തലിബല്ല ഇവൻ എന്റെ  സഹോദരൻ ഹാശിമിന്റെ മകൻ ശൈബയാണ് '

അത് ശ്രദ്ധിക്കാതെ ജനക്കൂട്ടം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു
അബ്ദുൽ മുത്തലിബ്... മുത്തലിബിന്റെ അടിമ

മക്കക്കാർ ആ പേര് തന്നെ വിളിക്കാൻ തുടങ്ങി അദ്ദേഹം   അബ്ദുൽ മുത്തലിബ് എന്ന പേരിൽ പ്രസിദ്ധനായിത്തീർന്നു ശൈബ എന്ന ശരിയായ പേർ പലരും മറന്നുപോയി

അബ്ദുൽ മുത്തലിബ് എന്ന ചെറുപ്പക്കാരനെ മക്കക്കാർ ഇഷ്ടപ്പെട്ടു ഹാശിമിനോടുള്ള ആദരവും സ്നേഹവും അവർ മകനോടും പ്രകടിപ്പിക്കാൻ തുടങ്ങി ജനങ്ങളെ സ്നേഹിക്കാനും അവരുടെ പ്രയാസങ്ങൾ ലഘൂകരിക്കാനും അബ്ദുൽ മുത്തലിബ് ശ്രമിച്ചു മക്കയുടെ സാമൂഹിക ജീവിതത്തിൽ ചെറുപ്പക്കാരൻ അലിഞ്ഞുചേർന്നു

അബ്ദുൽ മുത്തലിബ് ശക്തനായൊരു യുവാവായി വളർന്നു കഴിഞ്ഞു ഇനി അവനെക്കൊണ്ടൊരു വിവാഹം കഴിപ്പിക്കണം അവർ കുടുംബമായി ജീവിക്കണം പിതാവായ ഹാശിം സമ്പന്നമായ കച്ചവടക്കാരനായിരുന്നുവല്ലൊ ആ സ്വത്തെല്ലാം അബ്ദുൽ മുത്തലിബിന്റെ കൈവശം വന്നുചേർന്നു മനസ്സിനിണങ്ങിയ ഇണയെ കണ്ടെത്തി 

സംറാഅ് അതാണാ പെൺകുട്ടിയുടെ പേര് ഖുറൈശികളുടെ അന്തസ്സിനൊത്ത കുടുംബത്തിൽനിന്നും സംറാഇനെ കണ്ടെത്തി ആഡംബരപൂർവ്വം വിവാഹം നടന്നു 

സംറാഉം ശൈബയും നല്ല ചേർച്ച നല്ല ഇണക്കം 

അവർ ഇണക്കുരുവികളെപ്പോലെ ജീവിച്ചു തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ ജീവിതം ശൈബയെന്ന  ചെറുപ്പക്കാരന്റെ മുഖം വാടിയാൽ സംറാഇന്ന് വെപ്രാളമാണ് പിന്നെ കാരണമറിയണം ചോദ്യങ്ങൾക്കെല്ലാം മറുപടി പറയണം ഒടുവിൽ ആ മനസ്സിൽ സന്തോഷം അലയടിച്ചുയരണം അതുവരെയും സംറാഇന് സ്വസ്ഥതയില്ല

അതാണ് സംറാഇന്റെ പ്രകൃതം ശൈബയെന്ന അബ്ദുൽ മുത്തലിബിന്ന് അത് നന്നായറിയാം ഭാര്യയുടെ മുമ്പിൽ എപ്പോഴും സന്തോഷവാനായിരിക്കാൻ അദ്ദേഹം ശ്രമിച്ചു 

ഒരു രാത്രിയിൽ സംറാഇന്റെ മനോഹരമായ ചുണ്ടുകൾ മന്ത്രിച്ച വാക്കുകൾ കേട്ട് അബ്ദുൽ മുത്തലിബ് കോരിത്തരിച്ചുപോയി 

സംറാഅ് ഭർഭിണിയാണെന്ന് തൾക്കൊരു കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്നവൾ പറയുന്നു അബ്ദുൽ മുത്തലിബിന്റെ സ്നേഹ വാത്സല്യങ്ങൾ കൊണ്ടവർ വീർപ്പ് മുട്ടിപ്പോയി

വിവരം ഗോത്രക്കാരറിഞ്ഞു പെണ്ണുങ്ങൾക്കിടയിൽ ചൂടുള്ള വാർത്ത പെട്ടെന്നു പ്രചരിച്ചു അവർ കൂട്ടം കൂട്ടമായി സംറാഇനെ കാണാനെത്തി അവർ പല തമാശകൾ പറഞ്ഞു സംറാഇനെ രസിപ്പിച്ചുകൊണ്ടിരുന്നു

'എടീ... നീ ഭാഗ്യവതിയാണ് അബ്ദുൽ മുത്തലിബിന്റെ കുഞ്ഞിനെയല്ലേ നീ പ്രസവിക്കാൻ പോവുന്നത് ?'

'എടീ... ആൺകുഞ്ഞിനെ പ്രസവിക്കണം '

'ആൺകുഞ്ഞിനെ പ്രസവിച്ചാൽ കുടുംബത്തിൽ നിന്റെ സ്ഥാനം പതിന്മടങ്ങായി വർദ്ധിക്കും '

സംറാഅ് എല്ലാം കേട്ടു അവൾക്ക് ആശിക്കാനല്ലേ കഴിയൂ... അബ്ദുൽ മുത്തലിബിന് ഒരാൺകുഞ്ഞിന് സമ്മാനിക്കണമെന്ന് സംറാഅ് ആശവെച്ചിട്ടുണ്ട് അല്ലാഹു അതിനുള്ള ഭാഗ്യം തരുമെന്ന് പ്രതീക്ഷ

മാസങ്ങൾ എത്ര വേഗമാണ് പറന്നുപോയത് സംറാഇന്ന് പ്രസവവേദന സ്ത്രീകൾ പരിചരണത്തിനായി വന്നു കൂടിയിട്ടുണ്ട് വീട്ടിനുപുറത്ത് ഉൽക്കണ്ഠാകുലരായി പുരുഷന്മാർ കാത്ത് നിൽക്കുന്നു നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുന്നു കാത്തുനിൽക്കുന്നവരുടെ മനസ്സു വല്ലാതെ പിടയുന്നു 

ഒടുവിൽ നവജാത ശിശുവിന്റെ കരച്ചിൽ  കുഞ്ഞ് പിറന്നു ആശ്വാസം 
ആണോ പെണ്ണോ എന്നറിയാൻ തിടുക്കം അതറിയാൻ കാതോർത്തിരിക്കുകയാണ് പുരുഷന്മാർ 
ആൺകുഞ്ഞാണ് 

ആശ്വാസം..... ആഹ്ലാദം.... അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ ആഹ്ലാദം അലയടിച്ചുയർന്നു 

'നീ ഭാഗ്യവതിയാണെടീ.... നീ ആൺകുഞ്ഞിനെ പ്രസവിച്ചുവല്ലോ...' 

പെണ്ണുങ്ങൾ സംറാഇന്റെ ചെവിയിൽ മന്ത്രിച്ചു ധന്യമായ നിമിഷങ്ങൾ പെണ്ണുങ്ങളുടെ ആശ്വാസാ വചനങ്ങൾക്ക് തേനിനേക്കാൾ മധുരം 
സംറാഅ് മധുരം നിറഞ്ഞ  സ്മരണകളിൽ മുഴുകി കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ ഖൽബകം തുടിച്ചുപോയി തന്റെ ജന്മം സഫലമായിരിക്കുന്നു
കുഞ്ഞിനു പേരിട്ടു-ഹാരിസ്

അബ്ദുൽ മുത്തലിബ് തന്റെ പൊന്നോമന മകനെ കൈയിൽ കോരിയെടുത്തു ഇളംകവിളികൾ മുത്തം ചാർത്തി അത് നോക്കിനിന്ന സംറാഇന്റെ ഖൽബും കുളിരണിഞ്ഞു ആ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞൊഴുകി ഈയൊരു കാഴ്ച കാണാൻ കഴിഞ്ഞല്ലോ

നാളുകൾ പിന്നെയും ഒഴുകിക്കൊണ്ടിരുന്നു അബ്ദുൽ മുത്തലിബ് മക്കയുടെ നായകനായിത്തീർന്നു കഅ്ബാലയത്തിന്റെ പദവികളെല്ലാം അദ്ദേഹത്തിന്റെ കൈകളിൽ വന്നു ചേർന്നു 

സിയാഖയും രിഫാദയും നല്ല  നിലയിൽ നിർവ്വഹിക്കണം ഹാജിമാരുടെ എണ്ണം കൂടിക്കൂടി വരുന്നു അവർക്കു കുടിക്കാൻ ശുദ്ധജലം നൽകണം വലിയ തോൽപ്പാത്രങ്ങളിൽ ശേഖരിച്ച് വെക്കുന്ന വെള്ളമാണ് കുടിക്കുന്നത് വേണ്ടത്ര വെള്ളം ശേഖരിക്കുക എന്തൊരു പ്രയാസമുള്ള കാര്യമാണത്

തലമുറകൾ തലമുറകൾക്ക് പറഞ്ഞുകൊടുത്തൊരു കഥയുണ്ട് സംസം കിണറിന്റെ കഥ ഇസ്മാഈൽ നബി (അ)യുടെ കഥ ഉമ്മമാർ കുഞ്ഞുങ്ങൾക്ക് ആ കഥ പറഞ്ഞു കൊടുക്കും

ശിശുവായിരുന്ന ഇസ്മാഈൽ (അ) ആ ശിശുവിനെ പരിചരിക്കാൻ മാതാവ് ഹാജറ(റ) മാത്രം

കൈവശം കരുതിയിരുന്ന വെള്ളം തീർന്നുപോയി ദാഹം സഹിക്കവയ്യാതായപ്പോൾ കുഞ്ഞ് കൈകാലിട്ടടിച്ചു കരയാൻ തുടങ്ങി മാതാവ് വെപ്രാളത്തോടെ ഓട്ടവും തുടങ്ങി സഫാ മലയുടെ മുകളിലേക്ക് അവിടെനിന്നിറങ്ങി മർവായുടെ മുകളിലേക്ക് വീണ്ടും സഫായിലേക്ക് തിരിച്ചു മർവായിലേക്ക് പലതവണ ഇതാവർത്തിച്ചു

ക്ഷീണിച്ചവശയായി കുഞ്ഞിനു സമീപം വന്നുചേർന്ന ഹാജറ(റ) അതിശയകരമായ കാഴ്ച കണ്ടു വെള്ളം.....

കഞ്ഞ് കാലിട്ടടിച്ച ഭാഗത്ത് നിന്ന് വെള്ളം പൊട്ടിയൊഴുകുന്നു  സംസം സംസം..... ഖാഫിലക്കാർ ഇത് വഴി വന്നു അവർ വെള്ളം കുടിച്ചു പിന്നെ അനേകമാളുകൾ വന്നു അമാലിക്കുകൾ ജുർഹൂം ഗോത്രക്കാർ
ജുർഹൂം ഗോത്രത്തലവന്മാർ വളരെക്കാലം മക്ക ഭരിച്ചു മുളാള്ബ്നു അംറുബ്നുൽ ഹാരിസിന്റെ കാലം വന്നു സംസം നഷ്ടപ്പെട്ടു

ഖുറൈശികൾ വേദനയോടെ ആ കഥ ഓർത്തുപോയി  മുളാളിന്റെ ക്രൂരത സംസം കിണർ ഇന്നുണ്ടായിരുന്നെങ്കിൽ .... വെറുതെ ആശിച്ചുപോയി  സംസം ഇന്നുണ്ടായിരുന്നെങ്കിൽ ഹാജിമാർക്ക് ശുദ്ധജലം നൽകാൻ എന്തെളുപ്പമായേനെ....

ആശിച്ചിട്ടെന്തു ഫലം സംസം എവിടെയായിരുന്നുവെന്നു പോലും ആർക്കും അറിയില്ല 

സംസം കാണാത്ത തലമുറകൾ എത്ര കടന്നുപോയി ഇന്നും ആളുകൾ മുളാളിന്റെ കഥ പറയുന്നു സംസം കിണറിനേയോർത്തു നെടുവീർപ്പിടുന്നു 
ഹാരിസ് വളരുകയാണ് മാതാപിതാക്കളുടെ കൺമണി വളർന്നു വളർന്നു വലുതായി വരുന്നു എല്ലാവർക്കും ഹാരിസിനെ ഇഷ്ടമാണ് അബ്ദുൽ മുത്തലിബിന്റെ ഏക മകൻ അവനിൽ മക്കയുടെ നേതൃത്വം ദർശിക്കാനവർ ശ്രമിക്കുന്നു

ഹാരിസ് ബാല്യകാലത്തോട് വിടപറയുകയാണ് അവൻ യൗവനത്തിന്റെ ആദ്യപടിയിൽ ചെന്നു നിൽക്കുന്നു അവനെ കാണുമ്പോൾ അബ്ദുൽ മുത്തലിബിന് അഭിമാനബോധം വരും   എല്ലാറ്റിനും അവർ തനിക്കൊരു തുണയായിരിക്കും ഹാരിസ് അവനാണ് തന്റെ പ്രതീക്ഷ


മരുഭൂമിയിലെ വെള്ളം

അബ്ദുൽ മുത്തലിബ് നല്ല ഉറക്കത്തിലാണ് സുഖനിദ്ര ഒരു മനുഷ്യരൂപം തന്നെ സമീപിക്കുന്നതായി അദ്ദേഹം കാണുന്നു ആ രൂപം തന്നോട് സംസാരിക്കുന്നു ശാന്തസ്വരത്തിൽ

'ത്വൈബ കുഴിക്കുക'

അബ്ദുൽ മുത്തലിബ് ഒന്നു ഞെട്ടി പറഞ്ഞെതെന്താണെന്നു മനസ്സിലായില്ല അദ്ദേഹം മെല്ലെ ചോദിച്ചു

'എന്താണ് ത്വൈബ?'

'ആ ചോദ്യത്തിനുത്തരമുണ്ടായില്ല ആ രൂപം അപ്രത്യക്ഷമായി നിരാശ തോന്നി അബ്ദുൽ മുത്തലിബ് ഉണർന്നു

എന്താണ് കണ്ടത്? എന്താണ് കേട്ടത്? ഒരാൾ തന്റെയടുത്തു വന്നു എന്നത് ശരിയാണ് സംസാരിച്ചു എന്നതും ശരിയാണ് എത്ര സുന്ദരമായ ശബ്ദം 
അതൊരു വെറും സ്വപ്നമായിരുന്നോ? ആണെന്നു കരുതാൻ മനസ്സ് സമ്മതിക്കുന്നതേയില്ല 

ത്വൈബ കുഴിക്കുക

എന്താണ് ത്വൈബ?

ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല അദ്ദേഹം അസ്വസ്ഥനായി പകൽ മുഴുവൻ അത് തന്നെയായി ചിന്ത സംസാരം കുറഞ്ഞു ചിന്ത കൂടി തമാശയില്ല ചിരിയില്ല ചിന്തമാത്രം 

ആ പകൽ കടന്നുപോയി അദ്ദേഹം ആകാശത്തേക്കും ഭൂമിയിലേക്കും നോക്കി തന്റെ സ്വപ്നത്തിന്റെ വ്യാഖ്യാനം എവിടെനിന്നെങ്കിലും കിട്ടുമോ?
ആകാശത്തിന്നും ഭൂമിക്കും മാറ്റമില്ല ആളുകൾക്കും മാറ്റമില്ല ജീവിതം, സാധാരണപോലെ ഒഴുകുന്നു വിശേഷമായി ഒന്നും സംഭവിച്ചിട്ടില്ല തനിക്കുമാത്രം അങ്ങനെയല്ല

മരുഭൂമി തണുത്തു തുടങ്ങി ഒട്ടകങ്ങൾപോലും വിശ്രമത്തിലാണ് വീട്ടിലെല്ലാവരും ഉറങ്ങി അപ്പോഴും അബ്ദുൽ മുത്തലിബ് അസ്വസ്ഥനായിരുന്നു

ഒടുവിൽ അദ്ദേഹവും ഉറങ്ങി വീണ്ടും സ്വപ്നം തലേന്നാൾ കണ്ട അതേ രൂപം സുന്ദരമായ ശബ്ദത്തിൽ സംസാരിക്കുന്നു 

'ബർറ കുഴിക്കുക'

അബ്ദുൽ മുത്തലിബ് കോരിത്തരിച്ചു

'എന്താണ് ബർറ?'

അദ്ദേഹം ചോദിച്ചു മറുപടി പറയാതെ വന്ന ആൾ അപ്രത്യക്ഷനായി ഉറക്കം ഉണർന്നു ആകെയൊരു  വെപ്രാളം എന്തൊരു പരീക്ഷണമാണിത്
അബ്ദുൽ മുത്തലിബ് ആകെ അസ്വസ്ഥനായിത്തീർന്നു എന്താണ് തനിക്ക് സംഭവിച്ചിരിക്കുന്നത് ? പിശാച് ബാധിച്ചതാണോ? അതോ ജിന്നിന്റെ ഉപദ്രവമാണോ?

നേരം ഒന്നു പുലർന്നു കിട്ടിയാൽ മതിയായിരുന്നു എങ്കിൽ ജ്യോത്സ്യനെ കാണാം നടന്ന സംഭവങ്ങൾ വിവരിക്കാം എന്തെങ്കിലുമൊരു മോചന മാർഗ്ഗം കണ്ടെത്താം അല്ലെങ്കിൽ സുഹൃത്തുക്കളായ ഖുറൈശി യുവാക്കളോട് പറയാം ഒന്നു നേരം വെളുക്കട്ടെ 

നേരം വെളുത്തു കഅ്ബായുടെ സമീപത്തേക്ക് നടന്നു അവിടെ യുവാക്കൾ കൂടിയിരിപ്പുണ്ട് അവരോട് പറഞ്ഞാലോ? പെട്ടെന്ന് മനസ്സ് വിലക്കുന്നു
ഛെ.... തന്നെപ്പോലൊരു കരുത്തനായ യുവാവ് ഇതുപോലുള്ള ചാപല്യങ്ങൾ പറയാമോ?

അദ്ദേഹം യുവാക്കളെ സമീപിച്ചില്ല ജ്യോത്സ്യനെയും സമീപിച്ചില്ല അസ്വസ്ഥതകൾ മുഴുവൻ മനസ്സിലൊതുക്കി പകലിന്റെ പ്രകാശമോ, ഇളം തണലിന്റെ തഴുകലോ അദ്ദേഹത്തെ ആകർഷിച്ചില്ല

ഒരു പകൽകൂടി കടന്നുപോയി രാത്രിയായി അദ്ദേഹം കൂടുതൽ അസ്വസ്ഥനായി നിദ്രയെ ഭയന്നു  വളരെ വൈകിയാണ് ഉറക്കം വന്നത് ഉറങ്ങിയപ്പോൾ പഴയ രൂപം വീണ്ടും വരുന്നു എന്നിട്ട് ഇപ്രകാരം പറയുന്നു
'മളുനൂന കുഴിക്കുക'

വീണ്ടും ഞെട്ടൽ അസ്വസ്ഥത, നൈരാശ്യം, ചുണ്ടുകൾ പിളർന്നു എങ്ങനെയോ ശബ്ദം പുറത്തു വന്നു

'എന്താണ് മളുനൂന?'

പതിവുപോലെ ആ രൂപം അപ്രത്യക്ഷമായി കടുത് നിരാശ തോന്നി ഉറക്കം വിട്ടകന്നു രാത്രിയെ ഭയന്നു  ഇരുട്ടിനെ ഭയന്നു ഉറങ്ങാത്ത രാത്രി മനസ്സും ശരീരവും മരവിക്കുന്നു

പ്രഭാതമായി ഒരുന്മേഷവുമില്ല മനസ്സിൽ വേദനമാത്രം ഭാര്യ സുഖവും ദുഃഖവും പങ്കുവെക്കാൻ വന്ന തന്റെ ജീവിത പങ്കാളി താൻ മുമ്പിൽ വന്നുനിന്നിട്ടും അവൾ തിരിഞ്ഞു നോക്കുന്നില്ല ആ മുഖത്ത് ഒരു തെളിച്ചവുമില്ല
തന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഇവൾ എന്തെങ്കിലുമൊന്നു പറഞ്ഞിരുന്നെങ്കിൽ അവളുടെ ആശ്വാസ വചനങ്ങൾക്കു വേണ്ടി ദാഹിക്കുകയാണ്

'സംറാഅ്...'

അദ്ദേഹം അസ്വസ്ഥതയോടെ വിളിച്ചു

'ഉം.... എന്ത് വേണം?' സംറാഇന്റെ ചോദ്യം

'എന്തെങ്കിലുമൊന്ന് സംസാരിക്ക് '

'എന്തിനാണ് സംസാരിക്കുന്നത്? നിങ്ങൾക്കെന്താണ് സംഭവിച്ചത് രണ്ട് ദിവസങ്ങളായി നിങ്ങളെന്നെ തിരിഞ്ഞ് നോക്കുന്നില്ല ഖുറൈശി യുവാക്കൾ അവരുടെ ഇണകളോട് എത്ര സ്നേഹമായി പെരുമാറുന്നു തമാശകൾ പറയുന്നു പൊട്ടിച്ചിരിക്കുന്നു മൂന്നുദിവസത്തിനുള്ളിൽ നിങ്ങളൊന്നു ചിരിച്ചിട്ടുണ്ടോ ? സംസാരിച്ചിട്ടുണ്ടോ? എന്താണിത്ര വിരോധം?'

'സംറാഅ്... നീ പറഞ്ഞത് ശരിയാണ് മൂന്നു ദിവസമായി ഞാൻ അസ്വസ്ഥനാണ് എനിക്കെന്തോ ആപത്ത് സംഭവിച്ചതുപോലെ തോന്നുന്നു ഒരാളോടും ഇക്കാര്യം പറയാൻ എനിക്കു കഴിയുന്നില്ല '

'പറയൂ... എന്നോട് പറയൂ... എന്തുണ്ടായി?'

'ഉറങ്ങുമ്പോൾ ആരോ എന്നെ സമീപിക്കുന്നു ആദ്യ ദിവസം ത്വൈബ കുഴിക്കുക' എന്നു പറഞ്ഞു എന്താണ് ത്വൈബ എന്നു ഞാൻ ചോദിച്ചു വന്നയാൾ അപ്രത്യക്ഷനായി

അടുത്ത രാത്രിയിൽ അതേ രൂപം വന്നു 'ബർറ കുഴിക്കുക' എന്നു പറഞ്ഞു 'എന്താണ് ബർറ' എന്നു ഞാൻ ചോദിച്ചു ഉടനെ രൂപം അപ്രത്യക്ഷമായി മൂന്നാം രാത്രിയിലും വന്നു 'മളുനൂന കുഴിക്കുക' എന്നാവശ്യപ്പെട്ടു എന്താണ് മള്നൂന എന്നു ഞാൻ ചോദിച്ചു ആ രൂപം അപ്രത്യക്ഷനായി എന്റെ പ്രിയപ്പെട്ട സംറാഅ് .... എന്താണെനിക്ക് സംഭവിച്ചത്?'

ഭർത്താവിന്റെ അവസ്ഥയിൽ സംറാഇന് വലിയ ദുഃഖം തോന്നി അദ്ദേഹത്തിന്റെ ശിരസ്സ് തടവിക്കൊടുത്തുകൊണ്ട് അവർ സ്നേഹപൂർവ്വം പറഞ്ഞു
'പള്ളിയിലേക്ക് പോവൂ ബലയറുക്കൂ പാവങ്ങൾക്കും വിശന്നവർക്കും ആഹാരം നൽകൂ'

സംറാഇന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത ആശ്വാസം കഅ്ബയുടെ അടുത്തേക്ക് നടന്നു 

അബ്ദുൽ മുത്തലിബ് പാവങ്ങൾക്കും വിശന്നവർക്കും ആഹാരം നൽകുന്ന വാർത്ത പട്ടണത്തിൽ പരന്നു ധാരാളമാളുകൾ വന്നുകൂടി മൃഗങ്ങളെ അറുത്ത് ഭക്ഷണസാധനങ്ങളുണ്ടാക്കി എല്ലാവരും നന്നായി ആഹാരം കഴിച്ചു
പാവപ്പെട്ടവർക്ക് ആഹാരം വിളമ്പിക്കഴിഞ്ഞപ്പോൾ മനസ്സ് സ്വസ്ഥമായി സംറാഇനോടുള്ള സ്നേഹം വർദ്ധിക്കുകയും ചെയ്തു നേരെ വീട്ടിലേക്കു നടന്നു 
ഭർത്താവിന്റെ അവസ്ഥ പാടെ മാറിയിരിക്കുന്നുവെന്ന് സംറാഇന്നു മനസ്സിലായി അവർ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു മനസ്സിലെ വേവലാതികൾ മുഴുവൻ അപ്രത്യക്ഷമായി  

അന്ന് യാതൊരു അസ്വസ്ഥതയുമില്ലാതെയാണ് ഉറങ്ങാൻ കിടന്നത് വേഗത്തിൽ ഉറക്കം വന്നു ഉറങ്ങിയപ്പോഴോ? 

ആ രൂപം വീണ്ടും സമീപത്തു വന്നുനിന്നു

അബ്ദുൽ മുത്തലിബിന്റെ നെറ്റിയിൽ കൈവെച്ചു എന്തൊരു തണുപ്പുള്ള കൈ അതിനുശേഷം സൗമ്യസ്വരത്തിൽ പറഞ്ഞു

'സംസം കുഴിക്കുക '

വീണ്ടും ശരീരത്തിൽ അസ്വസ്ഥത പടർന്നു കയറുന്നു 
'എന്താണ് സംസം?' അദ്ദേഹം ചോദിച്ചു

പതിവുപോലെ ആ രൂപം അപ്രത്യക്ഷമായില്ല ചോദ്യത്തിനു വ്യക്തമായ മറുപടി നൽകി

'സംസം വറ്റിപ്പോവുകയില്ല അത് കുഴിച്ചെടുക്കുക ഹാജിമാരുടെ വൻ സംഘങ്ങൾക്ക് സംസം കുടിപ്പിക്കുക'

'എവിടെയാണ് സംസം? '

'നംല് പ്രദേശത്ത് വെള്ളക്കാക്ക കൊത്തുന്നേടത്ത് രക്തത്തിന്റെയും കാഷ്ടത്തിന്റെയും ഇടയിൽ '

അബ്ദുൽ മുത്തലിബ് ഉണർന്നു മനസ്സ് നിറയെ സന്തോഷം സംസം കുഴിക്കുക വൻ ഹജ്ജാജി സംഘങ്ങളെ കുടിപ്പിക്കുക എന്തൊരു സൗഭാഗ്യം
നേരം പുലർന്നു സംറാഇനോടും ഹാരിസിനോടും വിവരം പറഞ്ഞു  അവർക്കും സന്തോഷം

'മോനേ.... ഹാരിസ് മൺവെട്ടിയുമായി എന്റെ കൂടെ വരൂ'

ഹാരിസ് മൺവെട്ടിയുമായി പിതാവിന്റെ കൂടെ നടന്നു കഅ്ബയുടെ മുറ്റത്തെത്തി നംല് എന്ന സ്ഥലത്തെത്തി അവിടെയാണ് മൃഗബലി നടക്കുന്നത് ബലിയറുക്കപ്പെട്ട മൃഗങ്ങളുടെ രക്തവും കാഷ്ടവും അവിടെ കിടപ്പുണ്ട് അവിടെ ബിംബങ്ങൾ കാണാം 'ഇസാഫ് ' എന്നും നായിൽ' എന്നും പേരായ ബിംബങ്ങൾ ഈ ബിംബങ്ങളുടെ സമീപത്തായിരുന്നു ബലി നടത്തൽ ഈ ബിംബങ്ങൾക്കിടയിൽ ഒരു വെള്ളക്കാക്ക കൊത്തുന്നത് അവർ കണ്ടു അവിടെ കുഴിക്കാൻ തീരുമാനിച്ചു 

രണ്ട് ബിംബങ്ങൾക്കിടയിൽ മൺവെട്ടികൊണ്ട് അബ്ദുൽ മുത്തലിബ് കുഴിക്കാനാരംഭിച്ചു ശബ്ദം കേട്ട് ഖുറൈശികൾ ഓടിയെത്തി അവർ രോഷം കൊണ്ടു 

'നിങ്ങളെന്താണീ കാണിക്കുന്നത് ബലിയറുക്കുന്ന പുണ്യസ്ഥലമാണിത് ഇവിടെ കുഴിക്കാൻ ഞങ്ങളനുവദിക്കില്ല ' അവർ ഏകസ്വരത്തിൽ പ്രഖ്യാപിച്ചു 
'ഞാനെന്റെ ജോലി പൂർത്തിയാക്കും നിങ്ങളെന്നെ തടയരുത് ' അബ്ദുൽ മുത്തലിബ് പ്രഖ്യാപിച്ചു 

'നിങ്ങൾ ഇവിടെ കുഴി വെട്ടരുത് ഞങ്ങളത് ബലം പ്രയോഗിച്ചു തടയും നിങ്ങൾ മടങ്ങിപ്പോവണം '

'മോനേ.... ഹാരിസ്... ഞാനെന്റെ ജോലി പൂർത്തിയാക്കുന്നതു വരെ ഈ അക്രമികളെ നീ തടഞ്ഞു നിർത്തണം'

ഹാരിസ് അക്രമികളെ തടയാൻ നോക്കുന്നുണ്ട് പക്ഷേ, കഴിയുന്നില്ല ഒരാൾക്ക് ഒരു കൂട്ടത്തെ എങ്ങനെ തടഞ്ഞു നിർത്താനാവും ഖുറൈശികൾ അബ്ദുൽ മുത്തലിബിനെയും ഹാരിസിനെയും ഉപദ്രവിച്ചുകൊണ്ടിരുന്നു

അബ്ദുൽ മുത്തലിബ് വികാരാവേശത്തോടെ ഇങ്ങനെ വിളിച്ചു പറഞ്ഞു 
'എനിക്ക് ഒരൊറ്റ മകനെയുള്ളൂ എനിക്ക് പത്ത് പുത്രന്മാർ ജനിക്കുകയും അവർ എന്റെ സഹായികളാവുകയും ചെയ്താൽ അവരിൽ ഒരാളെ ഞാൻ ബലിയറുക്കുന്നതാണ് '

കേട്ടുനിന്നവർ ഞെട്ടിപ്പോയി

ഒരാൺകുട്ടിയെ ബലിയറുക്കുമെന്ന് നേർച്ചയാക്കിയിരിക്കുന്നു അബ്ദുൽ മുത്തലിബ് ഖുറൈശികളെ നോക്കിക്കൊണ്ട് വിളിച്ചു പറഞ്ഞു

'അല്ലാഹുവിൽ സത്യം എന്നോട് കൽപിക്കപ്പെട്ട കാര്യം തീർച്ചയായും ഞാൻ നിർവ്വഹിക്കും '

ഖുറൈശികൾ ആക്രമണം നിർത്തി അബ്ദുൽ മുത്തലിബ് കുഴിച്ചു കൊണ്ടേയിരുന്നു സഹായിക്കാൻ ഹാരിസ് മാത്രം 

അകലെ മാറിനിന്നിരുന്ന ഖുറൈശികൾ അബ്ദുൽ മുത്തലിബിന്റെ തക്ബീർ ധ്വനികേട്ട് ഓടിവന്നു 

ആ കുഴിയിൽ അവരെന്താണ് കണ്ടത്?

സ്വർണമാനുകൾ വാളുകൾ വിലപിടിപ്പുള്ള സാധനങ്ങൾ ഖുറൈശികൾക്ക് അടങ്ങിയിരിക്കാനായില്ല 

'അബ്ദുൽ മുത്തലിബ് ഇത് ഇസ്മാഈൽ നബിയുടെ കിണറാണ് ഇതിൽ ഞങ്ങൾക്ക് അവകാശമുണ്ട് ഈ സ്വത്തിൽ ഞങ്ങളെയും പങ്ക് ചേർക്കണം' 
ഖുറൈശികൾ ശബ്ദമുയർത്തി സംസാരിക്കാൻ തുടങ്ങി

'ഇത് അല്ലാഹുതആലാ എനിക്ക് പ്രത്യേകമായി നൽകിയതാണ് ഇതിൽ നിങ്ങൾക്ക് യാതൊരവകാശവുമില്ല 

അബ്ദുൽ മുത്തലിബിനും വാശിയായി പരസ്പരം വാക്കേറ്റമായി ഒടുവിൽ ഒരു മദ്ധ്യസ്ഥനെ സ്വീകരിക്കാൻ അവർ തീരുമാനിച്ചു 

ബനൂസഅ്ദ് ഗോത്രത്തിലെ ഒരു ഗണിതക്കാരിയെ സമീപിക്കാമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു

ദീർഘയാത്ര നടത്തിവേണം ഗണിതക്കാരിയുടെ സമീപത്തെത്താൻ ബനൂഉമയ്യാ ഗോത്രത്തിൽനിന്ന് ഒരു സംഘവും യാത്ര പുറപ്പെട്ടു ഹിജാസിന്റെയും സിറിയയുടെയും ഇടയിലുള്ള വിശാലമായ ഭൂമിയിൽ അവരെത്തിച്ചേർന്നു

അബ്ദുൽ മുത്തലിബിന്റെയും ബന്ധുക്കളുടെയും കൈവശമുണ്ടായിരുന്ന വെള്ളം തീർന്നു ഖുറൈശികളുടെ കൈവശം  വെള്ളം വേണ്ടത്ര ഉണ്ടായിരുന്നില്ല

അബ്ദുൽ മുത്തലിബും കൂട്ടരും ദാഹിച്ചു വിവശയായി ഈ മരുഭൂമിയിൽ കിടന്ന് ഒരിറ്റ് വെള്ളം കിട്ടാതെ മരണപ്പെടുമോ എന്നവർ ഭയന്നു അവർ ഖുറൈശികളെ സമീപിച്ചു വെള്ളം ആവശ്യപ്പെട്ടു അവർ വെള്ളം കൊടുത്തില്ല അതോടെ മരണം ഉറപ്പായി ആ ഘട്ടത്തിൽ പോലും ഖുറൈശികളുടെ മനസ്സ് ഇളകിയില്ല

അബ്ദുൽ മുത്തലിബും കൂട്ടരും ദാഹിച്ചു മരണപ്പെടുന്നതു കാണാൻ ഖുറൈശികൾ കാത്തിരുന്നു

അബ്ദുൽ മുത്തലിബ് കൂട്ടുകാരോടിങ്ങനെ പറഞ്ഞു 'നാം അല്ലാഹുവിന്റെ അനുഗ്രഹത്തിൽ ആശ മുറിയരുത് അവൻ എന്തെങ്കിലുമൊരു മാർഗം കാണിച്ചു തരും നമുക്ക് യാത്ര തുടരാം ' 

എല്ലാവരും അതംഗീകരിച്ചു

അബ്ദുൽ മുത്തലിബ് ഒട്ടകപ്പുറത്ത് കയറി ആ മൃഗം നടക്കാൻ തുടങ്ങുമ്പോൾ അതിന്റെ കാലിന്നടിയിൽനിന്നും വെള്ളം ഉറവയായി ഒഴുകുന്നു 

അബ്ദുൽ മുത്തലിബും കൂട്ടരും ഉറക്കെ തക്ബീർ ചൊല്ലി  തക്ബീറിന്റെ ശബ്ദം കേട്ട് ഖുറൈശികൾ ആ ഭാഗത്തേക്ക് വന്നു അവർ ഞെട്ടിപ്പോയി

മരുഭൂമിയിൽ ശുദ്ധജലം ഒഴുകുന്നു അബ്ദുൽ മുത്തലിബും അനുയായികളും വയറുനിറയെ വെള്ളം കുടിച്ചു തോൽപാത്രങ്ങളിൽ വെള്ളം നിറച്ചു
'ഖുറൈശി ഗോത്രക്കാരെ നിങ്ങളും ഈ വെള്ളം കുടിച്ചു കൊള്ളുക' അബ്ദുൽ മുത്തലിബ് പറഞ്ഞു 

അവരും വെള്ളം കുടിച്ചു എല്ലാവർക്കും സന്തോഷമായി


സംറാഇന്റെ ദുഃഖം

വിശാലമായ മരുഭൂമി വെയിൽ കത്തിപ്പടർന്ന മരുഭൂമി ഒരു തുള്ളി വെള്ളം കിട്ടാതെ അബ്ദുൽ മുത്തലിബും കൂട്ടരും ദാഹിച്ചു വലഞ്ഞു മരിച്ചു വീഴുന്നതു കാണാൻ കാത്തിരിക്കുകയായിരുന്നു ഖുറൈശികൾ അല്ലാഹു അവരെ സഹായിക്കുന്നതാണ് ഖുറൈശികൾ കണ്ടത് സംസം കിണറിന്റെ കാര്യത്തിലും അല്ലാഹു അദ്ദേഹത്തെ സഹായിച്ചുവെന്ന് അവർക്കറിയാം ഇനിയും അദ്ദേഹത്തോട് തർക്കിക്കാൻ നിൽക്കുന്നത് ഉചിതമല്ലെന്നവർക്ക് തോന്നി 

'അബ്ദുൽ മുത്തലിബ് അല്ലാഹു താങ്കളെ സഹായിച്ചിരിക്കുന്നു അല്ലാഹു നിങ്ങൾക്കനുകൂലമായും , ഞങ്ങൾക്ക് പ്രതികൂലമായും വിധിച്ചിരിക്കുന്നു ഈ മരുഭൂമിയിൽവെച്ചു നിങ്ങളെ വെള്ളം കുടിപ്പിച്ച സർവ്വശക്തനായ റബ്ബ് തന്നെയാണ് നിങ്ങൾക്ക് സംസം നൽകിയതും അതുകൊണ്ട് നമുക്കിടയിൽ ഇനി ഒരു തർക്കവുമില്ല താങ്കൾ പറയുന്നത് ഞങ്ങൾ അനുസരിക്കാം'
'ഇനി നമ്മൾ ഗണിതക്കാരിയെ കാണേണ്ടതുണ്ടോ? '

അബ്ദുൽ മുത്തലിബ് ചോദിച്ചു

'ഇനി ഗണിതക്കാരിയെ കാണേണ്ട ആവശ്യമില്ല നമുക്ക് മക്കയിലേക്ക് മടങ്ങാം' ഖുറൈശികൾ സമ്മതിച്ചു

എല്ലാവരും മക്കയിൽ മടങ്ങിയെത്തി സംസം കിണറ്റിൽനിന്ന് കിട്ടിയ സ്വർണമാനുകളും വാളും മറ്റ് സാധനങ്ങളുമെല്ലാം കഅ്ബയിലേക്ക് തന്നെ മടക്കി 

ഒരു ബന്ധു സംറാഇന്റെ സമീപം ഓടിയെത്തി അബ്ദുൽ മുത്തലിബിനെക്കുറിച്ചു സന്തോഷവാർത്ത അറിയിക്കാൻ വേണ്ടിയാണദ്ദേഹം ആവേശപൂർവ്വം ഓടിയെത്തിയത്

സംസം കിണറ്റിൽനിന്ന് വെള്ളം കിട്ടിയതും സ്വർണ്ണമാനുകളെ കിട്ടിയതുമെല്ലാം വിവരിച്ചു 

സംറാഅ് നിന്റെ ഭർത്താവിന്റെ കാര്യം എല്ലാവരും വളരെ അതിശയത്തോടെയാണ് സംസാരിക്കുന്നത് മരുഭൂമിയിൽ വെച്ച് വെള്ളം ലഭിച്ച സംഭവം എത്ര അതിശയകരം 

സംറാഇന്റെ മറുപടി നിരാശ നിറഞ്ഞതായിരുന്നു

'സംസം കുഴിക്കാൻ തുടങ്ങിയതുമുതൽ ഞാൻ വളരെ ദുഃഖിതയാണ് അദ്ദേഹം പത്തു പുത്രന്മാർക്കുവേണ്ടി കാത്തിരിക്കുകയല്ലേ?'

'ഇന്നാട്ടിലെ ഏത് പെൺകുട്ടിയും അദ്ദേഹത്തിന്റെ ഭാര്യയാവാൻ കൊതിക്കും പത്ത് പുത്രന്മാരുണ്ടാകാൻ വലിയ പ്രയാസമൊന്നുമില്ല' ആഗതൻ പറഞ്ഞു 
സംറാഇന്റെ മുഖത്ത് ദുഃഖം പടർന്നു ഇതുവരെയും തന്റേതുമാത്രമായിരുന്ന അദ്ദേഹം ഇനിയദ്ദേഹം മറ്റു സ്ത്രീകളെ വിവാഹം കഴിക്കും അദ്ദേഹത്തിന്ന് അവരിലായിരിക്കും താൽപര്യം പത്ത് പുത്രന്മാർ വേണല്ലോ

ആഗതൻ മടങ്ങിപ്പോയി ഒറ്റക്കായപ്പോൾ മനസ്സിനു വല്ലാത്ത വിഷമം അടുത്ത ദിവസം തന്നെ സംറാഇന്റെ ചെവിയിൽ ആ വാർത്തയെത്തി

അബ്ദുൽ മുത്തലിബ് മഖ്സൂമി ഗോത്രക്കാരനായ അംറുബ്നു മുആദിനെ സമീപിച്ചിരിക്കുന്നു ഫാത്തിമയെ വിവാഹാന്വേഷണം നടത്താൻ ചെന്നതാണ് 
അബ്ദുൽ മുത്തലിബ് വിവാഹം ചെയ്തു സംറാഅ് ദുഃഖം കടിച്ചമർത്തി ഭർത്താവ് മുമ്പത്തെപ്പോലെ തന്നെ ശ്രദ്ധിക്കില്ലെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ ഫാത്തിമയിലാണെന്നും സംറാഅ് ബന്ധുക്കളിൽ ചിലരോട് പറഞ്ഞു
അബ്ദുൽ മുത്തലിബ് ഇടക്കിടെ സംറാഇനെ കാണാൻ വരും

'സംറാഅ് നീയാണെന്റെ സർവ്വസ്വവും നിന്റെ സന്തോഷമാണെന്റെ സന്തോഷം നിന്റെ ദുഃഖം എന്റെ ദുഃഖമാണ് അതുകൊണ്ട് ദുഃഖിക്കരുത് '

ഭർത്താവിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ തണുപ്പുവീഴും അദ്ദേഹത്തോട് വല്ലാത്ത അടുപ്പം തോന്നും

സംറാഇന് ഫാത്തിമയോട് വെറുപ്പൊന്നുമില്ല അവർ ഇടക്ക് ഫാത്തിമയുടെ വീട്ടിൽ പോകും ഫാത്തിമയെക്കണാൻ തന്നെ ഫാത്തിമ നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിക്കും കുറേനേരം സംസാരിച്ചിരിക്കും തിരിച്ചു പോരും

ചിലപ്പോൾ ഫാത്തിമ സംറാഇനെ കാണാൻ വരും സംറാഉമായി സംസാരിച്ചിരിക്കുന്നത് ഒരാശ്വാസമാണ് ഫാത്തിമ പ്രസവിച്ചു സംറാഅ് കുഞ്ഞിനെക്കാണാൻ ഓടിയെത്തി ഉമ്മമാർ കുഞ്ഞിനെ മാറിമാറിയെടുത്തു താലോലിച്ചു

ഇതിന്നിടയിൽ സംറാഉം ഫാത്തിയും മറ്റൊരു വിശേഷം കേട്ടു അബ്ദുൽ മുത്തലിബ് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു

നുത്തൈല അതാണ് ആ  ചെറുപ്പക്കാരിയുടെ പേര്

ഒരു ദിവസം നുത്തെല മണവാട്ടിയായി കയറിവന്നു

പുതുമണവാട്ടിയോടാണ് അബ്ദുൽ മുത്തലിബിന്ന് ഏറെ താൽപര്യമെന്ന് ഫാത്തിമക്കും സംറാഇനും തോന്നി അവരത് ചിലരോടൊക്കെ പറയുകയും ചെയ്തു വിഷമങ്ങൾ ഉള്ളിലൊതുക്കി നുത്തൈലയെ സ്നേഹിക്കാൻ അവർ പരിശീലിക്കുകയായിരുന്നു

അബ്ദുൽ മുത്തലിബ് സംറാഇന്റെ വീട്ടിലും ഫാത്തിമയുടെ വീട്ടിലും നുത്തൈലിയുടെ വീട്ടിലും മാറിമാറിത്താമസിച്ചു ഫാത്തിമ വീണ്ടും ഗർഭിണിയായി നുത്തൈലയും ഗർഭിണിയായി സന്താനങ്ങളുടെ എണ്ണം കൂടിക്കൂടി വരികയായിരുന്നു

വുഹൈബിന്റെ മകൾ ഹാല അതിസുന്ദരിയായ ഒരു ചെറുപ്പക്കാരിയായിരുന്നു അബ്ദുൽ മുത്തലിബ് ഹാലയെ വിവാഹമന്വേഷണം നടത്തി ആ വിവാഹവും ഉറപ്പിക്കപ്പെട്ടു  സംറാഇന്റെയും ഫാത്തിമയുടെയും നുത്തൈലയുടെയും മദ്ധ്യത്തിലേക്ക് ഹാല പുതുമണവാട്ടിയായി കയറി വന്നു എല്ലാവരും ആ സൗന്ദര്യം കണ്ട് അതിശയിച്ചുപോയി

ഹാലയുടെ പിതാമഹന്മാരുടെ പരമ്പര അബ്ദുൽ മുത്തലിബിന്റെ പിതാമഹന്മാരുടെ പരമ്പരയിൽ തന്നെ ചെന്നുമുട്ടുന്നു ഉന്നത കുലത്തിൽ പിറന്ന ഹാല ബുദ്ധിമതിയും സൽഗുണ സമ്പന്നയുമായിരുന്നു

അബ്ദുൽ മുത്തലിബിന് ഹാലയോട് എന്തെന്നില്ലാത്ത സ്നേഹമായിരുന്നു ഏറ്റവും പുതിയ പെണ്ണ് ചെറുപ്പം അതീവ സുന്ദരി ബുദ്ധിമതി ഇവയെല്ലാം അബ്ദുൽ മുത്തലിബിന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു

എല്ലാ ദിവസവും ഹാലയുടെ സമീപമെത്തണം ആ മധുര ഭാഷണം കേൾക്കണം അവളുടെ സുഖവിവരങ്ങൾ അറിയണം വല്ലാത്തൊരു ദൗർബല്യമായിത്തീർന്നിരിക്കുന്ന ഹാല

ഒരു ദിവസം  സാറാഉം ഫാത്തിമയും , നുത്തൈലയും ആ വിവരമറിയുന്നു ഹാല ഗർഭിണിയായിരിക്കുന്നു കുട്ടികളുടെ എണ്ണം കൂടിക്കൂടി വരികയാണ് അബ്ദുൽ മുത്തലിബിന് തൃപ്തിയാവട്ടെ മാസങ്ങൾ കടന്നുപോയി ഹാല പ്രസവിച്ചു 

മക്കളെ പ്രസവിക്കുന്ന കാര്യത്തിൽ ഫാത്തിമയാണ് മുന്നിൽ ആൺകുട്ടികളും പെൺകുട്ടികളുമായി കുറേ കുട്ടികളെ പ്രസവിച്ചു സുബൈർ, അബൂത്താലിബ്, അബ്ദുല്ല എന്നിവരെയൊക്കെ ഫാത്തിമയാണ് പ്രസവിച്ചത്
നുത്തൈല അബ്ബാസിനെ പ്രസവിച്ചു ഹാല ഹംസയെ പ്രസവിച്ചു തനിക്ക് ഹാരിസിനെ പ്രസവിക്കാൻ കഴിഞ്ഞല്ലോ എന്നാശ്വാസമേയുള്ളൂ സംറാഇന് സംസം കുഴിക്കാൻ ഹാരിസാണല്ലോ സഹായിച്ചത് 
അന്നിവരാരുമുണ്ടായിരുന്നില്ല ഒറ്റ മകനേ ഉണ്ടായിരുന്നുള്ളൂ

രാത്രിയുടെ ഇരുൾ വീഴുമ്പോൾ സംറാഅ് അസ്വസ്ഥയാവുന്നു പണ്ടൊക്കെ ഇരുണ്ട രാത്രികളിൽ ഭർത്താവ് തന്നോടൊപ്പമുണ്ടാവുമായിരുന്നു അദ്ദേഹത്തിന്റെ മധുരം നിറഞ്ഞ സംസാരം കേട്ടുകൊണ്ടായിരുന്നു അന്നൊക്കെ ഉറക്കിലേക്ക് വീഴുന്നതും ഉറക്കിൽനിന്നുണരുന്നതും ഇന്നദ്ദേത്തിന്റെ സാമീപ്യം കൊതിച്ചിട്ടെന്താകാര്യം

ഈ രാത്രിയിൽ അദ്ദേഹമെവിടെയായിരിക്കും? ധാരാളം പ്രസവിക്കുന്ന ഫാത്തിമയോടൊപ്പമോ? സുന്ദരിയായ നുത്തൈലയോടൊപ്പമോ? ചെറുപ്പക്കാരിയായ ഹാലയോടൊപ്പമോ? സംറാഇന്റെ കണ്ണുകൾ നിറഞ്ഞൊഴുകി തനിക്ക് പ്രായമായിരിക്കുന്നു എന്ന ചിന്ത സംറാഇനെ അസ്വസ്ഥയാക്കി

സംറാഅ് ദുഃഖത്തിന്റെ ആഴത്തിൽ വീണുകിടക്കുമ്പോൾ തന്റെ പരിചാരികമാർ മൂന്നു പേരും കടന്നുവന്നു അവരുടെ സാമീപ്യം സംറാഇനെ സാധാരണ നന്നായി സന്തോഷിപ്പിക്കും അവർ നാട്ടിലെ വാർത്തകൾകൊണ്ടുവരും അവർ പല ഭാഷകളിലുള്ള പാട്ടുകൾ പാടും കഥകൾ പറയും അവ സംറാഇനെ രസിപ്പിക്കും 

സംറാഇന്റെ കടുത്ത ദുഃഖത്തിന്റെ കാരണമെന്താണെന്ന് പരിചാരികമാർക്കറിയാം എങ്കിലും ബുദ്ധിമതിയായ 'നാസിഅ'യെന്ന പരിചാരിക ചോദിച്ചു

'യജമാനത്തീ.... എന്തൊരു ദുഃഖമാണിത്? ഈ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നിട്ട് എത്ര നാളായി? ഈ മുഖം തെളിഞ്ഞു കണ്ടിട്ട് എത്ര ദിവസമായി ? ഈയിടെയായി എല്ലാ ദിവസവും ഈ കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണ് ഞങ്ങൾ കാണുന്നത് സന്തോഷത്തിന്റെ നേർത്ത അലകൾപോലും ഈ മുഖത്ത് കാണുന്നില്ല എന്താണിതിനു കാരണം? ഞങ്ങളോട് പറയൂ.... ഈ ദുഖത്തിൽ പങ്കുചേരാൻ ഞങ്ങളെ കൂടി അനുവദിക്കൂ അങ്ങ് യജമാനത്തിയും ഞങ്ങൾ പരിചാരകരുമാണ് ഈ നിലക്ക് ഈ ചോദ്യം മര്യാദകേടാണെങ്കിൽ ക്ഷമിക്കണം

സംറാഅ് ഇങ്ങനെ മറുപടി നൽകി

'നാസിആ.... നിയെന്താണ് പറഞ്ഞത്? ഞാൻ യജമാനത്തിയും നിങ്ങൾ പരിചാരകരുമാണെന്നോ? ആ പദപ്രയോഗത്തിൽ യാതൊരർത്ഥവുമില്ല നമ്മുടെയെല്ലാം സ്ഥിതി ഒന്നുതന്നെ നാം സ്ത്രീകളാണ് നമുക്ക് മിച്ചം വരുന്നത് വേദന മാത്രം അദ്ദേഹത്തിന്റെ മനസ്സിൽ ഇന്നെനിക്കെന്ത് സ്ഥാനം? ഫാത്തിമയെയും നുത്തൈലയെയും , ഹാലയെയും അദ്ദേഹം എത്ര തവണയാണ് സന്ദർശിക്കുന്നത് ? എന്നെയോ?'

സംറാഇന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അറിയാതെ നെടുവീർപ്പുകളുയർന്നു യജമാനത്തിയെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടതെന്നറിയാതെ പരിചാരികമാർ വിഷമിച്ചു


ബലി

മക്കക്കാർ മുഴുവൻ യമനിലേക്കുള്ള ഖാഫിലയെക്കുറിച്ചാണ് സംസാരിക്കുന്നത് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ യമനിൽനിന്നാണ് വരേണ്ടത് അതുകൊണ്ട് യമനിലേക്കുള്ള യാത്ര വളരെ പ്രധാനപ്പെട്ടതാണ് ചരക്കുകൾ തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും ഓരോ വീട്ടിലും അതിനെക്കുറിച്ചുള്ള സംസാരമേയുള്ളൂ പ്രത്യക്ഷമായോ പരോക്ഷമായോ ഖാഫിലയുമായി ബന്ധമില്ലാത്തവരാരും അവിടെ കാണുകയില്ല
അബ്ദുൽ മുത്തലിബ് തന്നെയാണ് ഖാഫില നയിക്കുന്നത് ഇത് യാത്രയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു യമനിലേക്കുള്ള അബ്ദുൽ മുത്തലിബിന്റെ യാത്രയെക്കുറിച്ച് കേട്ടപ്പോൾ സംറാഇന്റെ മനസ്സിൽ പഴയകാല സ്മരണകൾ തെളിഞ്ഞു വരാൻ തുടങ്ങി 

പണ്ടൊക്കെ തന്നെ  വിട്ടുപോവാൻ അദ്ദേഹത്തിനെന്തൊരു പ്രയാസമായിരുന്നു എന്തൊക്കെപ്പറഞ്ഞാലും തന്നെ ആശ്വസിപ്പിക്കുക

' സംറാഅ് നീ വിഷമിക്കരുത് ദുഃഖിക്കരുത് സന്തോഷമായിരിക്കണം യമനിൽനിന്നു വരുമ്പോൾ ഞാൻ നിനക്ക് പല സമ്മാനങ്ങളും കൊണ്ടുവരും '
'ഞാനെങ്ങനെയെങ്കിലും സഹിച്ചുകൊള്ളാം നിങ്ങൾ വിഷമിക്കാതിരുന്നാൽ മതി ദൂരയാത്രയാണ് ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ പ്രത്യേക ശ്രദ്ധ വേണം മറന്നുപോവരുത് '

സംറാഅ് സ്നേഹപൂർവ്വം ശാസിക്കും അദ്ദേഹം പോയിക്കഴിഞ്ഞാൽ പിന്നെ മനസ്സ് മടുപ്പിക്കുന്ന ഏകാന്തത തന്നെ ദിവസങ്ങൾ തള്ളിനീക്കാൻ എന്തൊരു പ്രയാസമായിരിക്കും  

അതൊക്കെ അദ്ദേഹത്തിനു നന്നായറിയാം അക്കാര്യമൊക്കെ മനസ്സിൽ വെച്ചുകൊണ്ടാണ് സംസാരിക്കുക

'സംറാഅ് നീ ഇവിടെ പട്ടിണി കിടക്കരുത് ആഹാരമൊക്കെ കഴിക്കണം ദുഃഖിച്ചിരുന്നു സമയം കളയരുത് മനസ്സിലായോ?'

'എനിക്കെല്ലാം മനസ്സിലായി'

എന്തൊക്കെയോ പറഞ്ഞു തന്നെ ചിരിപ്പിക്കും തന്റെ ചിരിക്കുന്ന മുഖം കണ്ടുകൊണ്ട് അദ്ദേഹത്തിനു യാത്ര പോവണം യാത്ര തീരുംവരെ ആ മുഖമായിരിക്കും അദ്ദേഹത്തിന്റെ മനസ്സിൽ അതൊക്കെ കേൾക്കുമ്പോൾ കോരിത്തരിച്ചുപോവും അദ്ദേഹം സന്തോഷത്തോടെ ഇറങ്ങിപ്പോവും മനസ്സിൽ ദുഃഖം കാണും ഭർത്താവിന്റെ രൂപം കണ്ണിൽനിന്നു മാഞ്ഞുപോയാൽ ആരും കാണാതെ തേങ്ങിക്കരയും കണ്ണുനീർത്തുള്ളികൾ കണക്കില്ലാതെ ഒഴുകിപ്പോകും

പിന്നീടുള്ള ദിവസങ്ങൾ എത്ര വിരസമായിരിക്കും ആ മുഖം കാണാൻ കഴിയാത്ത പ്രഭാതങ്ങൾക്കൊരു സുഖമില്ല അദ്ദേഹമില്ലാത്ത ദിവസങ്ങൾ എത്ര നിർജ്ജീവം ഉറക്കറയിൽ പിന്നെ നെടുവീർപ്പുകൾ മാത്രം 
മാസങ്ങൾക്കു ശേഷം അദ്ദേഹം തിരിച്ചു വരും വമ്പിച്ച ലാഭവും നേടിയാണ് വരിക ആ വരവൊന്നു കാണണം യുദ്ധം ജയിച്ച ജേതാവിന്റെ ഭാവമായിരിക്കും വിലപിടിച്ച സമ്മാനങ്ങൾ കൊണ്ടുവരും സ്നേഹം കൊണ്ട് തന്നെ വീർപ്പ് മുട്ടിക്കും

എത്ര വിലപിടിച്ച സമ്മാനങ്ങൾ കിട്ടിയാലും വർദ്ധിച്ച അളവിൽ സ്നേഹം ലഭിച്ചാലും ഞാൻ ചില പരാതികൾ നിവർത്തിയിടും കുറച്ചു കൂടി സ്നേഹം കിട്ടാൻ വേണ്ടിയുള്ള അടവ് അതൊക്കെ കുറിക്കുകൊള്ളും പിന്നീടുള്ള ദിവസങ്ങൾ എത്ര സജീവമായിരിക്കും

എന്റെ റബ്ബേ....

സംറാഅ് അറിയാതെ വിളിച്ചു പോയി ഇന്നദ്ദേഹം യമനിലേക്ക് പുറപ്പെടുന്നു യാത്ര പറയാൻ വികാരാവേശത്തോടെ അദ്ദേഹം നുത്തൈലയുടെയും ഹാലയുടെയും സമീപത്ത് ചെല്ലും വിരഹ വേദനയനുഭവിക്കാൻ അവരുണ്ടല്ലോ? യമനിൽനിന്നു കൊണ്ടുവരുന്ന സമ്മാനങ്ങൾക്കും അവർക്കാണല്ലോ അർഹത 

തനിക്കിനിയെന്തിന് സമ്മാനം    തന്റെ യൗവ്വനം കൈവിട്ടുപോയില്ലേ? സൗന്ദര്യമൊക്കെ നഷ്ടപ്പെട്ടില്ലേ? അദ്ദേഹത്തിന്റെ തലമുടിയിലും വെളുത്ത രേഖകൾ കാണാം

മാസങ്ങൾ പിന്നെയും കടന്നുപോയി അബ്ദുൽ മുത്തലിബ് യമനിൽനിന്നു മടങ്ങിയെത്തി അദ്ദേഹത്തിന്റെ ആഗമനം സംറാഇന്റെ ദുഃഖം വർദ്ധിപ്പിച്ചതേയുള്ളൂ പരിചാരികമാരോട് സംസാരിക്കുന്നതിനിടയിൽ സംറാഅ് പറഞ്ഞു

'......ദാ... അദ്ദേഹം വന്നിരിക്കുന്നു യമനിൽനിന്ന് വന്നിട്ട് മൂന്ന് ദിവസമായി വന്ന ഉടനെ വുഹൈബിന്റെ മകൾ ഹാലയുടെ അടുത്തേക്കാണ് ഓടിയത് ആദ്യരാത്രിയും പകലും അവളോടൊപ്പം ചിലവിട്ടു അവളാണല്ലോ ഏറ്റവും പുതിയ മണവാട്ടി വേർപാടിന്റെ വേദനയൊക്കെ അവിടെ പറഞ്ഞു തീർക്കട്ടെ
രണ്ടാമത്തെ ദിവസം അദ്ദേഹം നുത്തൈലയുടെ വീട്ടിൽ ഓടിയെത്തി പകലും രാത്രിയും അവളോടൊപ്പം ചിലവിട്ടു സൗന്ദര്യം വേണ്ടുവോളം ഉള്ളവളാണല്ലോ നുത്തൈല മൂന്നാം ദിവസം അദ്ദേഹം ഫാത്തിമയുടെ വീട്ടിലെത്തി ആ പകലും രാത്രിയും അവളോടൊപ്പം ചെലവിട്ടു 

ഏറ്റവും കൂടുതൽ പുത്രന്മാരേയും പുത്രിമാരെയും പ്രസവിച്ചത് ഫാത്തിമായാണല്ലോ അവളേയും ചെന്നു സന്തോഷിപ്പിക്കട്ടെ വാർദ്ധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന തന്നെക്കാണാൻ അദ്ദേഹത്തിനെവിടെ സമയം?'

സംറാഇന്റെ കണ്ണുകൾ നിറഞ്ഞൊഴുകി നെടുവീർപ്പുകളുയർന്നു പരിചാരികമാർക്കത് കണ്ട് സഹിക്കാനായില്ല

'യജമാനത്തീ.... ആശ്വസിച്ചാലും ....സമാധാനപ്പെട്ടാലും ..... യജമാനത്തിയുടെ ഭർത്താവ് വളരെ ബേജാറിലാണെന്നാണ് ഞങ്ങൾ കേട്ടത് '

'ബേജാറിലോ? എന്താ കാര്യം?'

സംറാഅ് വെപ്രാളത്തോടെ ചോദിച്ചു

'അന്നത്തെ നേർച്ചയുടെ കാര്യം തന്നെ'

'സംസം കിണർ കുഴിച്ച ദിവസത്തെ നേർച്ചയോ ?'

'അതെ... പുത്രന്മാർ പത്തായല്ലോ ഹംസ ജനിച്ചതോടെ പുത്രന്മാർ പത്തായി ഇനി നേർച്ച വീട്ടണം'

'ഈ നേർച്ചയുടെ വിവരം കേട്ട അന്നുമുതൽ ഞാൻ അസ്വസ്ഥയാണ് പിന്നെ എനിക്ക് മനഃസമാധാനം  കിട്ടിയിട്ടില്ല'

സംറാഅ് പറഞ്ഞു പരിചാരിക സംസാരം ഇങ്ങനെ തുടർന്നു

'ഞാൻ കേട്ട വിവരം ഇങ്ങനെയാണ് ഇന്നലെ അദ്ദേഹം ഫാത്തിമയെ കാണാൻ ചെന്നു എന്നിട്ടിങ്ങനെ പറഞ്ഞു '

'ഫാത്തിമാ എനിക്കൊരു നേർച്ചയുണ്ട് എനിക്ക് പത്ത് പുത്രന്മാരുണ്ടായാൽ ഒരാളെ ബലികൊടുക്കണമെന്നാണ് എന്റെ നേർച്ച നമുക്കൊരു പുത്രനെ ബലിയറുക്കണം '

ഫാത്തിമ ഞെട്ടിപ്പോയി അവളുടെ ഹൃദയം നീറിപ്പുകഞ്ഞു തന്റെ മക്കൾക്ക് ആപത്ത് സംഭവിക്കുമോ എന്ന ഭയം  ഫാത്തിമയെ തളർത്തി ഫാത്തിമ നിലവിളിച്ചു മക്കളും നിലവിളിച്ചു അബ്ദുൽ മുത്തലിബ് ഇറങ്ങിപ്പോയി
ഫാത്തിമ മഖ്സൂം ഗോത്രക്കാരുടെ അടുത്തേക്ക് ഓടിച്ചെന്നു ബന്ധുക്കളോട് കരഞ്ഞു പറഞ്ഞതിങ്ങനെയാണ്

'എന്റെ മക്കളിൽ ഒരാളെ  ബലിയർപ്പിക്കാൻ പോകുന്നു എനിക്ക് സഹിക്കാൻ വയ്യ സഹായിക്കണേ....'

ഗോത്രക്കാർ ഞെട്ടിയുണർന്നു അവർ രോഷാകുലരായി മാറി
'നിന്റെ മക്കള ബലികൊടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല ഞങ്ങളത് തടയും നീ സമാധാനമായിട്ട് പൊയ്ക്കൊള്ളുക'

ഫാത്തിമ മക്കളുടെ സമീപം മടങ്ങിയെത്തി എങ്കിലും അവർക്ക് മനസ്സമാധാനം കിട്ടിയില്ല കുടുംബത്തിലാകെ വെപ്രാളം
അബ്ദുൽ മുത്തലിബ് നുത്തൈലയെ കാണാൻ ചെന്നു എന്നിട്ടിപ്രകാരം പറഞ്ഞു

'പ്രിയപ്പെട്ട നുത്തൈല നീയെന്നെ സഹായിക്കണം എനിക്ക് പത്ത് മക്കളുണ്ടായാൽ ഒരാളെ ബലി അറക്കാൻ നേർച്ചയാക്കിയിരുന്നു '
നുത്തൈല പേടിച്ചരണ്ടുപോയി എന്താ ഈ പറഞ്ഞതിന്റെ അർത്ഥം? എന്റെ മകൻ അബ്ബാസിനെ ബലിയറുക്കണമെന്നാണോ? അവർ പൊട്ടിക്കരഞ്ഞുപോയി

എന്റെ പൊന്നുമോൻ ..... എന്റെ അബ്ബാസ്.... അവനെ ബലിയറുക്കുകയോ? 

നുത്തൈലക്ക് ഇരിപ്പുറക്കുന്നില്ല അവൾ തന്റെ ഖബീലക്കാരുടെ അടുത്തേക്കോടി അലമുറയിട്ട് വരുന്ന നുത്തൈലയെക്കണ്ട് അവർ അമ്പരന്നു
'എന്റെ പൊന്നുമോനെ ബലിയറുക്കാൻ പോവുന്നു എനിക്ക് സഹിക്കാനാവുന്നില്ലേ....സഹായിക്കണേ....'

'എന്ത് ബലിയോ...?'

'അതെ , മനുഷ്യ ബലി തന്നെ ' നുത്തൈല ബലിയുടെ കഥ കേൾപ്പിച്ചു ഗോത്രക്കാർ പകച്ചിരുന്നുപോയി ഗോത്രത്തലവന്മാർ പ്രഖ്യാപിച്ചു
'ഇത് നടപ്പില്ല ഈ ബലി നടക്കില്ല ഞങ്ങൾ തടയും' 

അവർ നുത്തൈലയെ സമാധാനിപ്പിച്ചു

അബ്ദുൽ മുത്തലിബ് ഹാലയുടെ വീട്ടിൽ ചെന്നു ചെറുപ്പക്കാരിയായ ഹാലയോട് ബലിയുടെ വിവരം പറഞ്ഞു അത് കേട്ടതോടെ ഹല അടിമുടി വിറച്ചുപോയി

'എന്റെ പൊന്നുമോൻ ഹംസ'

അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി വീട്ടിലിരിക്കാൻ മനസ്സ് വന്നില്ല ബന്ധുക്കളുടെ സമീപത്തേക്കോടി വുഹൈബിന്റെ ബന്ധുക്കൾ ഹാലയുടെ വരവുകണ്ട് പകച്ചുനിന്നുപോയി പേടിച്ചരണ്ട അവളുടെ മുഖം കണ്ട് അവർ ഞെട്ടിപ്പോയി

'ഹാല.... നിനക്കെന്തുപറ്റി?'

അവർ ഉത്കണ്ഠയോടെ ചോദിച്ചു
'ബലി.... ബലിതന്നെ '

'ബലിയോ? എന്ത് ബലി?' അവരുടെ ആകാംക്ഷ വർദ്ധിച്ചു 
'മനുഷ്യനെ ബലിയറുക്കാൻ പോകുന്നു എന്റെ മോനെ...?' അവൾ ഉറക്കെ കരഞ്ഞു

തേങ്ങിക്കരയുന്ന ഹാലയുടെ വായിൽനിന്നും ബലിയുടെ കഥ പുറത്തുവരാൻ കുറേ സമയമെടുത്തു 

ബലിയുടെ കഥയറിഞ്ഞപ്പോൾ ഗോത്രത്തലവന്മാർ രോഷാകുലരായി മാറി അവർ ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു

'ഈ ബലി നടത്താൻ ഞങ്ങളനുവദിക്കുകയില്ല ഇത് ഞങ്ങൾ തടയും ഇത് തീർച്ചയാണ് '

ഈ ഉറപ്പ് ഹാലക്ക് അൽപം ആശ്വാസം നൽകി

മൂന്നുപെണ്ണുങ്ങൾക്കും സ്വസ്ഥതയില്ല തങ്ങളുടെ പുത്രന്മാരുടെ കാര്യത്തിൽ അവർ വെപ്രാളപ്പെടുകയാണ് ഫാത്തിമക്കാണ് കൂടുതൽ വെപ്രാളം കാരണം അവൾക്കാണ് കൂടുതൽ പുത്രന്മാരുള്ളത്

പരിചാരിക ഇത്രയും കാര്യങ്ങൾ പറഞ്ഞു തീർന്നപ്പോൾ സംറാഇന്റെ മുഖം ചെമന്നു തുടുത്തു അവർ വർദ്ധിച്ച രോഷത്തോടെ സംസാരിക്കാൻ തുടങ്ങി 
പത്ത് മക്കൾ സംസം കിണർ കുഴിച്ച ദിവസത്തെ നേർച്ച  എന്താണിത്? 

അന്നാണ് എന്റെ സ്വസ്ഥത തകർന്നത് പത്ത് പുത്രന്മാർക്കു വേണ്ടി അദ്ദേഹം കൂടുതൽ പെണ്ണുകെട്ടുമെന്ന് അന്നെനിക്ക് മനസ്സിലായി അന്നുമുതൽ എനിക്ക് പെണ്ണുങ്ങളോട് വെറുപ്പായി പുത്രന്മാർ പത്തായി ഇനി ബലി നടത്തണം 
ആരെയാണ് ബലി നടത്തേണ്ടത്? എന്റെ മക്കളേ.... '

സംറാഅ് പൊട്ടിക്കരയാൻ തുടങ്ങി

'എല്ലാ മക്കളും എനിക്കൊരുപോലെയാണേ... ഹംസയും അബ്ബാസും അബ്ദുല്ലയും ഹാരിസും എനിക്കൊരുപോലെയാണേ..... ഇവരിൽ ഒരാളെയും ബലിയറുക്കുന്നത് എനിക്ക് സഹിക്കാനാവില്ല...'

സംറാഇനോടൊപ്പം പരിചാരികമാരും കണ്ണീർ പൊഴിച്ചു

ഫാത്തിമാക്കും നുത്തൈലക്കും ഹാലക്കും ഊണും ഉറക്കവും നഷ്ടപ്പെട്ടിരിക്കുന്നു തങ്ങളുടെ മക്കളുടെ കാര്യത്തിൽ അവർ ഉത്ക്കണ്ഠാകുലരായി

അബ്ദുൽ മുത്തലിബ് നേർച്ചയുടെ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഒരു വിട്ടുവീഴ്ചയുമില്ല ഗോത്രക്കാരും ഇളകിയിരിക്കുകയാണ് പുത്രബലിയെ അവർ തടയും

എന്തായിരിക്കും പിന്നെ നടക്കുക? സംഘർഷമോ? സംഘട്ടനമോ? രക്തച്ചൊരിച്ചിലോ?

പെണ്ണുങ്ങൾ ഭയന്നുവിറക്കുന്നു മനസ്സിന് തീപിടിച്ചതുപോലെ അത് കത്തിയെരിയുകയാണ്

എന്താണ് സംഭവിക്കാൻ പോവുന്നത് ? എല്ലാ നയനങ്ങളിലും ഭീതിയുടെ നിഴൽവീണു

ഹാലയും ആമിനയും

അബ്ദുൽ മുത്തലിബിന്റെ നേർച്ചയെപ്പറ്റി എല്ലാവരും അറിഞ്ഞു ബലി നടത്താൻ തയ്യാറാകുമെന്നും ഗോത്രനോതാക്കൾ അത് തടയുമെന്നും വാർത്ത പരന്നു അതോടെ മക്കയിൽ അതൊരു വലിയ ചർച്ചാവിഷയമായി മാറി
എല്ലാവരും ഭയന്നിരുന്ന ആ ദിവസം അബ്ദുൽ മുത്തലിബും മക്കളും കഅ്ബാലയത്തിനു  മുമ്പിലെത്തി ഹുബൂൽ എന്ന ബിംബത്തിന്റെ മുമ്പിൽ വന്നുനിന്നു

ആരെ ബലിയറുക്കണമെന്ന് തീരുമാനിക്കേണ്ടത് ഹുബൂൽ ആണ് പ്രധാന കാര്യങ്ങൾ തീരുമാനിക്കാൻ അറബികൾ  ഹുബൂലിനെ സമീപിക്കുക പതിവാണ് ഹുബൂലിനു സമീപം അമ്പുകളുണ്ട് അമ്പുകൾ വലിച്ചെടുക്കും അതിൽ 'അതെ' എന്നെഴുതിയിട്ടുണ്ടെങ്കിൽ അക്കാര്യം ഹുബൂൽ അനുവദിച്ചിരിക്കുന്നു

'ഇല്ല ' എന്നാണെങ്കിൽ അക്കാര്യം ചെയ്യാൻ പാടില്ല ഇങ്ങനെയൊക്കെയാണ് അന്നത്തെ രീതി

അബ്ദുൽ മുത്തലിബിന്റെ പുത്രന്മാരുടെ പേരുകൾ എഴുതി അമ്പിനോട് ബന്ധിച്ചു എല്ലാം ചേർത്തുവെച്ചു നറുക്കെടുപ്പുകാരൻ ഒരമ്പ് വലിച്ചെടുക്കും ആരുടെ  പേരാണോ കിട്ടുന്നത് അയാൾ വധിക്കപ്പെടും

അമ്പ് വലിച്ചെടുത്തു എല്ലാവരും ഉത്ക്കണ്ഠയോടെ നോക്കി നിൽക്കെ പേര് ഉറക്കെ വായിച്ചു
 
എല്ലാവരും ഞെട്ടിപ്പോയി അബ്ദുൽ മുത്തലിബിന്റെ ഇളയ മകൾ അദ്ദേഹത്തിന്ന് ഏറ്റവും ഇഷ്ടപ്പെട്ട മകൻ ആ മകനെ ബലിയർപ്പിക്കാൻ ഹുബൂൽ കൽപിച്ചിരിക്കുന്നു

ഇസാഫ് ബിംബത്തിന്റെയും നായിൽ ബിംബത്തിന്റെയും മദ്ധ്യത്തിലാണ് ബലിപീഠം അബ്ദുൽ മുത്തലിബ് മകന്റെ കൈപിടിച്ചു ഇരുവരും ബലിപീഠത്തിലേക്ക് നടന്നു 

അബ്ദുല്ല മരണം കൺമുമ്പിൽ കാണുന്നു ജീവിതം അവാസാനിച്ചിരിക്കുന്നു ഇനി ഏതാനും നിമിഷങ്ങൾ മാത്രം 

മതി പിതാവിന്റെ നേർച്ച വീടട്ടെ അതിൽ തനിക്ക് സംതൃപ്തിയുണ്ട് മരണം വരിക്കാൻ തയ്യാറായിക്കഴിഞ്ഞു  ബലിപീഠത്തിനടുത്തെത്തി മനസ്സിൽ മറ്റൊരു ചിന്തയുമില്ല ഒരു ചാഞ്ചല്യവുമില്ല തന്റെ സഹോദരങ്ങൾ രക്ഷപ്പെട്ടല്ലോ പിതാവിന്റെ ബാദ്ധ്യതയും നിറവേറി സമാധാനമായി
കഴുത്ത് നീട്ടാൻ തുടങ്ങുമ്പോൾ വലിയ ബഹളൾളം തുടങ്ങി മഖ്സൂമി ഗോത്രക്കാർ ഉച്ചത്തിൽ സംസാരിക്കുന്നു

'ഈ ബലി നടത്താൻ പാടില്ല ഈ യുവാവിനു പകരം ഞങ്ങൾ  സമ്പത്ത് സമ്മർപ്പിക്കാം ' മുഗീറത്തുൽ മഖ്സൂമിയുടെ ശബ്ദം ഉയർന്നു 
'എനിക്കെന്റെ നേർച്ച വീടണം എനിക്ക് പത്ത് പുത്രന്മാരെ നൽകിയാൽ ഒരാളെ ബലിയറുക്കാമെന്ന് ഞാൻ വാക്കുപറഞ്ഞതാണ് അത് നിറവേറ്റിയേ പറ്റൂ .... മാറിനിൽക്കു എന്നെ തടയരുത് '  അബ്ദുൽ മുത്തലിബ് ആവേശത്തോടെ വിളിച്ചു പറഞ്ഞു 

അപ്പോൾ ഖുറൈശികൾ ഒന്നാകെ ശബ്ദമുയർത്തുന്നതാണ് കേട്ടത് അന്തരീക്ഷം ശബ്ദമുഖരിതമായി

'സമ്മതിക്കില്ല എന്തുവന്നാലും സമ്മതിക്കില്ല ഈ യുവാവിനെ ബലിയറുക്കാൻ അനുവദിക്കില്ല'

ആളുകൾ ഓടിക്കൂടുകയാണ് കഅ്ബായുടെ പരിസരം ജനനിബിഢമായിക്കഴിഞ്ഞു യുവാക്കളും യുവതികളും ,  വൃദ്ധന്മാരും കുട്ടികളും തിങ്ങിനിറഞ്ഞിരിക്കുന്നു പുരുഷന്മാർ ഉച്ചത്തിൽ സംസാരിക്കുന്നു സ്ത്രീകൾ നിലവിളിക്കുന്നു കുട്ടികൾ പകച്ചുനിൽക്കുന്നു 

ഇതിനിടയിൽ ആരോ സംറാഇന്റെ വീട്ടിലേക്കോടിച്ചെന്നു അവർ ഒറ്റശ്വാസത്തിൽ വിവരം ധരിപ്പിച്ചു 

അബ്ദുല്ലായെ ബലിക്കല്ലിൽ കിടത്തിയിരിക്കുന്നു 

'എന്ത്...' സംറാഇന്റെ അട്ടഹാസം

അബ്ദുല്ലയെ ബലിയറുക്കുകയോ ? ഇതെങ്ങനെ സഹിക്കും എന്റെ മകൻ മരിക്കുന്നതിന് തുല്യമാണല്ലോ ഇത് 'ഫാത്തിമ ഇതെങ്ങനെ സഹിക്കും'

ആർത്തലച്ചുകൊണ്ട് സംറാഅ് പുറത്തേക്കൊടി പിന്നാലെ പരിചാരികമാരും മറ്റ് സ്ത്രീകളും ഓടി ആൾക്കൂട്ടത്തിൽ അവർ ഫാത്തിമയെ കണ്ടു സംറാഅ് ഫാത്തിമയെ കെട്ടിപ്പിടിച്ചു കരഞ്ഞു അപ്പോൾ ഫാത്തിമയുടെ പുത്രിമാർ എല്ലാവരും അവിടേക്കു വന്നു എല്ലാവരും കരയുകയായിരുന്നു

അപ്പോൾ രണ്ട് ചെറുപ്പക്കാരികൾ അങ്ങോട്ട് നടന്നുവരുന്നത് സംറാഅ് ശ്രദ്ധിച്ചു ഒരാൾ ഹാല , കൂടെയുള്ളത് ഹാലയുടെ പിതൃവ്യൻ വഹബിന്റെ മകൾ ആമിന

പെട്ടെന്ന് ജനക്കൂട്ടം ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു

'ബലികർമ്മം തൽക്കാലത്തേക്ക് മാറ്റിവെച്ചു '

റബ്ബേ... പെണ്ണുങ്ങൾ തലയിൽ കൈവെച്ചു നിലവിളിച്ചു സന്തോഷത്തിന്റെ കരച്ചിൽ 

'യസ്രിബുകാരിയായ പുണ്യവതിയെ കാണാൻ തീരുമാനിച്ചു അവരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കും '

കഅ്ബായുടെ മുമ്പിൽ വെച്ചുണ്ടായ തീരുമാനമാണിത്   മിക്കവാറും ബലി വേണ്ടിവരില്ല പകരം ഒട്ടകത്തെ അറുത്താൽ മതിയാവും യസ്രിബുകാരി പുണ്യവതി അബ്ദുല്ലയുടെ  ജീവൻ രക്ഷിക്കുമെന്ന പ്രതീക്ഷ തെളിഞ്ഞു 
അന്തരീക്ഷത്തിൽ സന്തോഷത്തിന്റെ അലകൾ ജനക്കൂട്ടത്തിനിടയിലൂടെ അബ്ദുല്ല നടന്നുവരുന്നു ആ മുഖത്ത് ഭാവമാറ്റങ്ങളൊന്നുമില്ല ഇത്രയും നേര കൺമുമ്പിൽ മരണമായിരുന്നു മരണവും കാത്തുകിടന്നു ഒടുവിൽ മരണം അകന്നുപോയി 

വീണ്ടും കൺമുമ്പിൽ ജീവൻ 

അബ്ദുല്ല സംറാഇന്റെ മുമ്പിലെത്തി ആ മുഖത്തേക്ക് നോക്കി 
'എന്റെ പൊന്നുമോനേ...' സംറാഅ് അബ്ദുല്ലയെ ആലിംഗനം ചെയ്തു 
'ഉമ്മയെയും സഹോദരിമാരെയും ആശ്വസിപ്പിച്ചു'

സംറാഅ് അബ്ദുല്ലയെ ഉപദേശിച്ചു കണ്ണീരിൽ കുതിർന്ന ആലിംഗനം മരണത്തിന്റെ വക്കിൽനിന്നും തിരിച്ചു വന്ന മകനെ ഫാത്തിമ കെട്ടിപ്പുണർന്നു
ഈ രംഗങ്ങളെല്ലാം ഇമവെട്ടാതെ നോക്കിനിൽക്കുകയാണ് ആമിന സംറാഅ് ആമിനെയും അബ്ദുല്ലയെയും മാറിമാറി നോക്കി എന്നിട്ട് ഫാത്തിമയോടിങ്ങനെ പറഞ്ഞു

'ഫാത്തിമാ.. നീ ആമിനയെ ശ്രദ്ധിച്ചില്ലേ അബ്ദുല്ലയുടെ ഭാര്യയാവാൻ ഏറ്റവും പറ്റിയ പെൺകുട്ടി ഇവളാണെന്ന് നിനക്ക് തോന്നുന്നില്ലേ?'

ഫാത്തിമയുടെ ചൂണ്ടുകളിൽ നേർത്ത പുഞ്ചിരി വിടർന്നു ഹാലക്ക് ഏറെ പ്രിയരമായ വാക്കുകളായിരുന്നു അവ ആമിനക്ക് അബ്ദുല്ലയെ വല്ലാതെ ഇഷ്ടപ്പെട്ടു പോരുകയും ചെയ്തിരുന്നു 

കൂടിനിന്നവർ പിരിയുകയായി വലിയൊരു അത്യാഹിതം ഒഴിഞ്ഞു കിട്ടിയ സന്തോഷത്തോടെയാണ് എല്ലാവരും പിരിഞ്ഞു പോവുന്നത്

അടുത്ത ദിവസം തന്നെ ഗോത്രത്തലവന്മാർ പുണ്യവതിയെ കാണാൻ യസ്രിബിലേക്ക് പുറപ്പെട്ടു ദീർഘയാത്രക്കുശേഷം അവർ യസ്രിബിലെത്തി പുണ്യവതിയെ കണ്ടു വിഷയം അവതരിപ്പിച്ചു

'ഒരു ദിവസം കാത്തിരിക്കൂ നാളെ വരൂ'

അവർ ഒരു ദിവസം യസ്രിബിൽ തങ്ങി പിറ്റന്നു ചെന്നു അൽപനേരത്തെ ആലോചനക്കുശേഷം അവർ ചോദിച്ചു

'നിങ്ങളുടെ ആചാരപ്രകാരം വധത്തിന്റെ പ്രായശ്ചിത്തം എന്താണ്?

'നൂറ് ഒട്ടകം ' അവർ മറുപടി നൽകി

'നാട്ടിലേക്ക് പൊയ്ക്കൊള്ളൂ പത്ത് ഒട്ടകങ്ങളെയും യുവാവിന്റെയും പേരിൽ നറുക്കെടുക്കൂ യുവാവിന്റെ പേര് കിട്ടിയാൽ പത്ത് ഒട്ടകം അറുക്കണം 
വീണ്ടും യുവാവിന്റെ പേരാണ് കിട്ടുന്നതെങ്കിൽ വീണ്ടും പത്ത് ഒട്ടകത്തെ അറുക്കണം നറുക്ക് കിട്ടുംവരെ ബലി തുടരണം ഒട്ടകത്തിന്റെ നറുക്ക് കിട്ടിയാൽ ദൈവം തൃപ്തനായി എന്നു കരുതാം പൊയ്ക്കൊള്ളൂ '

ഗോത്രത്തലവന്മാരെല്ലാം മക്കയിൽ മടങ്ങിയെത്തി   ആളുകൾ വീണ്ടും തടിച്ചുകൂടി ഉൽക്കണ്ഠാകുലമായ നിമിഷങ്ങൾ ഹുബൂലിന്റെ മുമ്പിൽനിന്ന് അമ്പ് വലിച്ചെടുത്തു  

അബ്ദുല്ലയുടെ അമ്പാണ് കിട്ടിയത് ഉടനെ പത്ത് ഒട്ടകങ്ങളുടെ ബലി നിയ്യത്താക്കി  വീണ്ടും അമ്പെടുത്തു ആബ്ദുല്ലായുടെ അമ്പുതന്നെ പത്ത് ഒട്ടകത്തെ ബലിയാക്കി 

ഓരോ തവണയും അബ്ദുല്ലയുടെ അമ്പ് തന്നെ വന്നു കൊണ്ടിരുന്നു ഉത്ക്കണ്ഠ വർദ്ധിക്കുന്നതേയുള്ളൂ സ്ത്രീകൾ കരയാൻ തുടങ്ങി 

പത്ത് തവണ അമ്പ് വലിച്ചെടുത്തു പത്താം തവണയും അബ്ദുല്ലയുടെ പേര് വന്നു ഒട്ടകങ്ങളുടെ എണ്ണം നൂറ് തികഞ്ഞു വീണ്ടും നറുക്കെടുത്തു ഒട്ടകത്തിന്റെ നറുക്ക് കിട്ടി അതോടെ ആഹ്ലാദം അലയടിച്ചുയർന്നു
'അബ്ദുൽ മുത്തലിബ് താങ്കളുടെ നാഥൻ തൃപ്തിപ്പെട്ടിരിക്കുന്നു  താങ്കളും സംതൃപ്തനാവുക' 

അബ്ദുൽ മുത്തലിബിന്റെ മറുപടി ഇങ്ങനെയായിരുന്നു
'മൂന്നു തവണ ഇതാവർത്തിക്കണം എങ്കിൽ മാത്രമേ ഞാൻ സമ്മതിക്കുകയുള്ളൂ'

മൂന്നു തവണ അമ്പു വലിച്ചെടുത്തു മൂന്നു തവണയും ഒട്ടകത്തിന്റേതു തന്നെ കിട്ടി അതോടെ അബ്ദുൽ മുത്തലിബിനു തൃപ്തിയായി ആ മനസ്സിനു സമാധാനമായി അദ്ദേഹം ഒട്ടകങ്ങളെ ബലിയറുത്തു

മക്കയെ പിടിച്ചു കുലുക്കിയ സംഭവം അബ്ദുൽ മുത്തലിബിന്റെയും ഭാര്യമാരുടെയും സന്താനങ്ങളുടെയും ബന്ധുക്കളുടെയും ഖൽബുകൾ ആടിയുലച്ച സംഭവം 

മക്കയിലും പരിസരത്തും അബ്ദുല്ലായെ അറിയാത്ത ആരുമില്ല സുമുഖനായ ചെറുപ്പക്കാരൻ സൽഗുണ സമ്പന്നൻ എല്ലാവരുടെയും സ്നേഹം നേടിയ യുവാവ് ബലിക്കല്ലിൽനിന്നും മടങ്ങിയെത്തിയ മകൻ

സംറാഇനും ഫാത്തിമാക്കും നുത്തൈലക്കും, ഹാലക്കും അവരുടെ മക്കൾക്കും ആശ്വാസമായി അവരുടെ മനസ്സുകൾ അസ്വസ്ഥമായിട്ട് ദിവസങ്ങളേറെയായിരുന്നു  അബ്ദുല്ലയോടുള്ള അവരുടെ സ്നേഹം എത്രയോ ഇരട്ടിയായി വർദ്ധിക്കുകയായിരുന്നു അബ്ദുല്ലയുടെ ജീവൻ തിരിച്ചു കിട്ടിയതിൽ അവർക്കൊക്കെയുള്ള ആശ്വാസവും സന്തോഷവും എത്രയാണെന്നു പറഞ്ഞറിയിക്കാനാവില്ല


ദമ്പതികൾ

ഒരു വലിയ കുടുംബം ഭാര്യമാരും മക്കളും വേലക്കാരും പേരക്കുട്ടികളും നിറഞ്ഞ വലിയ കുടുംബം അതിന്റെ നേതാവ് അബ്ദുൽ മുത്തലിബ്
ചരിത്രപ്രസിദ്ധമായ മക്കാ പട്ടണത്തിൽ വരുമ്പോൾ യൗവ്വനത്തിന്റെ ആദ്യപടിയിൽ എത്തിനിൽക്കുകയായിരുന്നു താൻ ബാല്യകാല ചാപല്യങ്ങൾ വിട്ടുമാറിയിരുന്നില്ല എല്ലാ കാര്യങ്ങൾക്കും പിതൃവ്യനായ മുത്തലിബിന്റെ സേവനം അത്യാവശ്യമായിരുന്നു

സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുണ്ടാക്കിത്തന്നത് അദ്ദേഹമാണ് കച്ചവടത്തെക്കുറിച്ചും ഖാഫിലയെക്കുറിച്ചും പറഞ്ഞുതന്നത് അദ്ദേഹമാണ് വിശാലമായ മരുഭൂമിയിലെ അപകടംപിടിച്ച പാതയിലൂടെ ദീർഘദൂരം യാത്ര ചെയ്യണം കടുത്ത ചൂടുകാലത്തായിരിക്കും ഖാഫില പോവേണ്ടിവരിക അല്ലെങ്കിൽ കൊടുംതണുപ്പുള്ള ശൈത്യകാലത്ത് കൊടും തണുപ്പും കൊടും ചൂടും അനുഭവിച്ചു മരുഭൂമിയിൽ യാത്ര ചെയ്യുക ഓർക്കാൻ തന്നെ പ്രയാസമായിരുന്നു ധൈര്യം തന്നത് മുത്തലിബാണ് എന്നും നന്ദിയോടെ കൂടി ഓർക്കാൻ പറ്റുന്ന മഹദ് വ്യക്തി

തന്റെ മക്കളെ ധീരന്മാരായി വളർത്തിയെടുക്കണം മരുഭൂമിയിലെ കാലാവസ്ഥയോട് പടവെട്ടി ജയിക്കാനുള്ള കരുത്ത് തന്റെ പുത്രന്മാർക്കുണ്ടായിത്തീരണം

കച്ചവടകാര്യത്തിൽ പല പുത്രന്മാരും വളരെ മിടുക്കന്മാരാണ് അബൂത്താലിബും മറ്റു ചില പുത്രന്മാരും ഖാഫിലയിൽ പോയിട്ടുണ്ട് മറ്റ് പുത്രന്മാരും നല്ല അനുസരണയിൽ തന്നെയാണ് വളർന്നു വരുന്നത് ആരും തന്നെ എതിർത്തിട്ടില്ല അല്ലാഹു തനിക്ക് വളരെയേറെ അനുഗ്രഹങ്ങൾ  തന്നു തന്റെ പുത്രന്മാർ തനിക്കു കിട്ടിയ മഹത്തായ അനുഗ്രഹം തന്നെ
അബ്ദുല്ല ഖാഫിലയിൽ പോയി മിടുക്കനായി വരണം അവൻ സമ്പാദിക്കണം സ്വന്തമായി സമ്പാദിച്ച സ്വത്തിന് കൂടുതൽ വിലമതിക്കും
വലിയ കുടുംബമായതുകൊണ്ട് കാര്യമായി അനന്തരാവകാശം കിട്ടാനുണ്ടാവില്ല മക്കളെല്ലാം സ്വന്തം നിലയിൽ സമ്പാദിക്കണം എല്ലാവർക്കും അതിനുള്ള കഴിവുണ്ട്

അടുത്തുതന്നെ അബ്ദുല്ലയെ ഖാഫിലയിലയക്കണം അവന്ന് എല്ലാ ഐശ്വര്യങ്ങളും വന്നുചേരണം

അബ്ദുൽ മുത്തലിബിന്റെ കുടുംബത്തിൽ അടുത്തടുത്തു തന്നെ പ്രസവങ്ങൾ നടക്കുന്നു അദ്ദേഹത്തിന്റെ പുത്രന്മാരിൽ ചിലരും പുത്രിമാരിൽ ചിലരും വിവാഹിതരായിരിക്കുന്നു അവർക്കു കുഞ്ഞുങ്ങൾ പിറക്കുന്നു ഓരോ കുഞ്ഞിന്റെ ജനനവും കുടുംബത്തിൽ ആഹ്ലാദത്തിന്റെ അലകൾ സൃഷ്ടിക്കുന്നു
എല്ലാ പ്രസവത്തിനും സംറാഅ് ഓടിയെത്തും ഉമ്മമാരിൽ പ്രായം കൂടുതലുള്ള ആളെന്ന നിലയിൽ എല്ലാ കാര്യങ്ങളിലും ഇടപെടുന്നു അബ്ദുൽ മുത്തലിബിന്റെ പ്രഥമ പത്നിയെന്നത് കാര്യമായൊരു പദവി തന്നെയാണല്ലോ 
ബലികർമ്മത്തിൽനിന്ന് രക്ഷപ്പെട്ട അബ്ദുല്ലയെക്കുറിച്ച് മക്കയിലെ പെൺകുട്ടികൾ ചർച്ച ചെയ്യാൻ തുടങ്ങി 

'അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയെ ഒന്നു കാണണം എന്തൊരഴകുള്ള ചെറുപ്പക്കാരൻ'  ഒരു പെൺകുട്ടി ആവേശത്തോടെ സംസാരിക്കുന്നു
'അബ്ദുല്ലയെക്കണ്ടാൽ ഏത് പെൺകുട്ടിയും കൊതിച്ചുപോകും ഒരു സംശയവുമില്ല' മറ്റൊരു വസ്തുത

'അയാളെ ഭർത്താവായിക്കിട്ടുന്നവർ എത്ര ഭാഗ്യവതിയായിരിക്കും' മൂന്നാമത്തവളുടെ വാചകം 

'എങ്കിൽ ആ ഭാഗ്യവതി വഹബിന്റെ മകൾ ആമിന തന്നെ '
'അബ്ദുല്ല ആമിനയെ വിവാഹം കഴിക്കുമോ അതോ ആളുകൾ വെറുതെ പറയുന്നതോ?'

'അബ്ദുല്ലക്ക് ആമിനയെ അത്രക്കിഷ്ടമാണെന്നാണ് കേൾക്കുന്നത് അവളുടെ ഭാഗ്യം '

'ആമിനയെക്കാൾ സമ്പത്തുള്ള എത്ര പെൺകുട്ടികൾ  ഇവിടുയുണ്ട് അവരെയൊന്നും അബ്ദുല്ല ശ്രദ്ധിക്കുന്നില്ല ?'

'ആമിനയെക്കാൾ അഴകുള്ളവരും സമ്പത്തുള്ളവരും പലരുമുണ്ടിവിടെ പക്ഷെ, ആമിനയുടെ സ്വഭാവശുദ്ധിയിലാണത്രെ അബ്ദുല്ലയുടെ നോട്ടം '

'അബ്ദുല്ലയുടെ മാതാവ് ഫാത്തിമ ഇത് സമ്മതിക്കുമോ? അവർ അണിഞ്ഞൊരുങ്ങി നടക്കുന്ന കൂട്ടത്തിലല്ലേ?'

'ഫാത്തിമ അണിഞ്ഞൊരുങ്ങി നടക്കും ഖുറൈശി യുവാക്കന്മാരോട് കുശലം പറയും മകന്റെ വിവാഹത്തെക്കുറിച്ച് പല ആശകളും പക്ഷെ അബ്ദുല്ല ആമിനയെയല്ലാതെ മറ്റൊരു പെണ്ണിനെയും വിവാഹം ചെയ്യില്ല '
പെണ്ണുങ്ങളുടെ സംഭാഷണം നീണ്ടുപോയി 

അബ്ദുൽ മുത്തലിബിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭാര്യ ഹാലയുടെ പിതാവ് വുഹൈബ് ആമിനയുടെ അമ്മാവനാണ് വുഹൈബിന്റെ മടിത്തട്ടിലാണ് ആമിന വളർന്നത് അത്രയ്ക്കു സ്നേഹത്തിൽ വളർത്തിയ കുട്ടിയാണ്
അതുകൊണ്ട് ഹാല ആമിനയെ ജീവനു  സ്നേഹിക്കുന്നു അബ്ദുല്ല ആമിനയെ വിവാഹം കഴിക്കുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഹാലയാണ്
ആമിന പണക്കാരിയല്ല ഉന്നത സ്വഭാവ ഗുണങ്ങളുള്ള പരിശുദ്ധയായ പെൺകുട്ടിയാണ്

അബ്ദുല്ല ഹാലയുടെ വീട്ടിൽ ചെല്ലും പല കാര്യങ്ങളും സംസാരിക്കും ചിലപ്പോൾ ആമിനയും സംസാരവിഷയമാകും അബ്ദുല്ലയുടെ മനസ്സിൽ ആമിനയുടെ മുഖം തെളിഞ്ഞു നിന്നു

ബലികർമ്മത്തിൽനിന്നും രക്ഷപ്പെട്ട അബ്ദുല്ലയോട് ഉമ്മാക്ക് അതിര് കവിഞ്ഞ വാത്സല്യമാണ് വല്ലാത്തൊരാവേശത്തോടെ മകനെ കെട്ടിപ്പിടിച്ചു ചുംബിക്കും വളർന്നു യുവാവായ കാര്യം പോലും മറന്നുപോവും

ഒരിക്കൽ ഉമ്മയും മകനും തമ്മിൽ ആമിനയെക്കുറിച്ചു സംസാരിക്കാനിടയായി പല പെൺകുട്ടികൾക്കുവേണ്ടിയും മാതാപിതാക്കൾ ഫാത്തിമയുമായി ബന്ധപ്പെട്ടിരുന്നു ഫാത്തിമയുടെ ബന്ധത്തിൽ തന്നെയുണ്ട് പെൺകുട്ടികൾ നല്ല അഴകും സമ്പത്തുമുള്ളവർ അവരെക്കുറിച്ച് സംസാരിക്കുമ്പോൾ അബ്ദുല്ല ഒഴിഞ്ഞുമാറിക്കളയും കൂടുതൽ സംസാരിച്ചാൽ മകൻ  അസ്വസ്ഥനാകുമെന്ന് ഉമ്മ ഭയന്നു മകൻ എപ്പോഴും തന്നോടൊപ്പമുണ്ടാവണമെന്ന് അവരാശിച്ചു

മകന്റെ മനസ്സിൽ ആമിനക്കല്ലാതെ മറ്റൊരു പെൺകുട്ടിക്കും പ്രവേശനമില്ലെന്നും ഫാത്തിമക്ക് നന്നായി ബോധ്യപ്പെട്ടു എന്തിനെക്കാളും വലുത് അവന്റെ സ്നേഹമാണ് 

ഒടുവിൽ ഫാത്തിമ മകനോടിങ്ങനെ പറഞ്ഞു.

'എന്റെ പൊന്നുമോനേ.... ഞാൻ ആമിനയെ സ്നേഹിക്കുന്നു ഹാല അവളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതലായി ഞാനവളെ സ്നേഹിക്കുന്നു നിങ്ങളിരുവരും സന്തോഷത്തിൽ കഴിയുന്നത് കാണാനാണ് ഈ ഉമ്മയുടെ ആഗ്രഹം  ' 

പറഞ്ഞു തീർന്നപ്പോൾ അവർ വിതുമ്പി കരഞ്ഞുപോയി

ആമിനയും അബ്ദുല്ലയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചു  

വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ചു ഹാലയുടെ പിതാവാണ് എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് എല്ലാവരും വളരെ സന്തോഷപൂർവ്വം വിവാഹ കർമങ്ങളിൽ പങ്കുകൊണ്ടു നല്ല സദ്യയും ഒരുക്കിയിരുന്നു 
മൂന്നു ദിവസം അബ്ദുല്ല ആമിനായുടെ വീട്ടിൽ താമസിച്ചു ആ ദിവസങ്ങളിൽ ആമിന തന്റെ ഭർത്താവിനെ കൺനിറയെ കണ്ടു  ആമിനയുടെ ഖൽബകം ഇളകി മറിഞ്ഞു 

'അന്ന് ബലിയറുക്കാൻ കൊണ്ടുപോയപ്പോൾ ഞാൻ ഖൽബ് പൊട്ടിക്കരഞ്ഞുപോയി '

അതും പറഞ്ഞ് ആമിന തേങ്ങിക്കരയാൻ തുടങ്ങി 

'ആമിനാ.... നീയെന്തിനാ വിഷമിക്കുന്നത് അല്ലാഹു എന്റെ ജീവൻ രക്ഷിച്ചു തന്നില്ലേ?' അബ്ദുല്ല ആമിനയെ ആശ്വസിപ്പിച്ചു

'അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണല്ലോ ഈ നിമിഷങ്ങൾ നമുക്ക് കൈവന്നത് '

ഇരുവരും അല്ലാഹുവിനെ വാഴ്ത്തി അബ്ദുല്ലയെ ഭർത്താവായിക്കിട്ടിയത് ഏറ്റവും വലിയ ഭാഗ്യമാണെന്നു ആമിന പറഞ്ഞു

ആമിനയെ ഭാര്യയായി ലഭിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്നായി അബ്ദുല്ല അവരുടെ സംഭാഷണം വളരെ നേരം തുടർന്നുപോയി 

മൂന്നു ദിവസങ്ങൾ കടന്നു പോയി സന്തോഷം നിറഞ്ഞ ദിവസങ്ങൾ സ്വീകരണങ്ങളുടെയും സൽക്കാരങ്ങളുടെയും നാളുകൾ 
നാലാം ദിവസം വധുവരന്മാർ മടങ്ങുകയാണ് അബ്ദുല്ലയുടെ മാതാപിതാക്കളുടെ സമീപത്തേക്ക് ഫാത്തിമയുടെ വീട്ടിൽ വലിയൊരു സദ്യ ഒരുക്കിയിട്ടുണ്ട് വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ചിട്ടുണ്ട് എല്ലാറ്റിനും നേതൃത്വം നൽകിക്കൊണ്ട് അബ്ദുൽ മുത്തലിബും സംറായും ഓടിനടക്കുന്നു ഫാത്തിമ അടുക്കളയിലും, പുറത്തും, വിരുന്നുകാരുടെ സമീപത്തും ഓടിനടക്കുന്നു ഒന്നിനും ഒരു കുറവും വരുത്തരുത് തന്റെ മകന്ന് ഒരു പോരായ്മയും തോന്നരുത്

നവദമ്പതികളെത്തി അബ്ദുല്ലയും ആമിനയും വീട്ടിനകത്തേക്ക് കയറി ബന്ധുക്കൾ ആഹ്ലാദപൂർവ്വം അവരെ എതിരേറ്റു അലങ്കരിച്ച ഇരിപ്പിടത്തിൽ അവരെ ഇരുത്തി ഫാത്തിമ പാനീയങ്ങൾ നിറച്ച പാത്രവുമായി ഓടിയെത്തി
വിരുന്നുകാർക്കൊക്കെ സദ്യ വിളമ്പി ആഹ്ലാദം അലയടിച്ചുയരുന്ന അന്തരീക്ഷത്തിൽ എല്ലാവരും ആഹാരം കഴിച്ചു ഫാത്തിമയുടെ മക്കളും അവരുടെ മക്കളും ആഹ്ലാദം പങ്കുവെക്കാനെത്തിയിരുന്നു നുത്തൈലയും സംറാഉം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിലുണ്ട് ഹാല എല്ലായിടത്തും ഓടിനടന്നു കാര്യങ്ങൾ അന്വേഷിക്കുന്നു

അബ്ദുൽ മുത്തലിബിന്ന് മനസ്സ് നിറയെ ആഹ്ലാദം ഫാത്തിമ അബ്ദുല്ലാക്കും ആമിനാക്കും ആഹാരം വിഴമ്പിക്കൊടുത്തു അവർ ആഹാരം കഴിക്കുന്നത് ആ മാതാവ് നോക്കിനിന്നു എത്ര ധന്യമായ നിമിഷങ്ങൾ

തന്റെ മറ്റു പുത്രന്മാർ ഇതുപോലെ വന്നു കയറിയിട്ടുണ്ട് മണവാട്ടിമാരോടൊപ്പം പക്ഷെ, അന്നൊന്നും അനുഭവിച്ചിട്ടില്ലാത്ത ആഹ്ലാദം ഇന്നനുഭവപ്പെടുന്നു
ആമിനയെ മോളെ എന്നു വിളിച്ചപ്പോൾ, അവളെ തന്നോട് ചേർത്തുപിടിച്ചപ്പോൾ ഫാത്തിമയുടെ ഖൽബകം കോരിത്തരിച്ചു


ഖാഫില

സംസം കിണറിന്റെ അൽപം അകലെയായി അബ്ദുൽ മുത്തലിബ് ഇരിക്കുന്നു അദ്ദേഹത്തിന്റെ സന്താനങ്ങൾ ഓരോരുത്തരായി അങ്ങോട്ട് വന്നു കൊണ്ടിരിക്കുന്നു വന്നവർ അദ്ദേഹത്തിന് സലാം ചൊല്ലി അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി സദസ്സിൽ കയറിയിരുന്നു

'ഖുറൈശി പ്രമുഖന്മാർ ഖാഫില തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് മക്ക മുഴുവൻ ഖാഫിലയെക്കുറിച്ചുള്ള സംസാരമേയുള്ളൂ ' 

മക്കളിലൊരാൾ സംഭാഷണം തുടങ്ങി 

'നമുക്കും ഈ കച്ചവടത്തിൽ മുതൽ മുടക്കണം നമ്മുടെ കൂട്ടത്തിൽ നിന്നൊരാൾ ഖാഫിലയിൽ പോവുകയും വേണം '

മറ്റൊരു മകന്റെ അഭിപ്രായം ഖാഫിലയിൽ പോവുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് മാസങ്ങൾ നീണ്ടുനിൽക്കുന്ന യാത്ര മരുഭൂമിയിലെ കാലാവസ്ഥ ദുർഘടമായ വഴിയിലൂടെ ദീർഘയാത്ര ആരോഗ്യപരമായ പ്രശ്നങ്ങൾ കുടുംബത്തിൽനിന്ന് അകന്ന് നിൽക്കേണ്ടിവരിക ഇതുകൊണ്ടൊക്കെ പലരും ഖാഫിലയിൽ പോവാൻ മടിക്കും
ഖാഫിലയെക്കുറിച്ചു സജീവമായ ചർച്ച നടന്നു കൊണ്ടിരിക്കുമ്പോഴാണ് അബ്ദുല്ല എത്തിയത്

അബ്ദുല്ല അവർക്കു സലാം ചൊല്ലി പിതാവിന്റെ അനുവാദം നേടി സദസ്സിലിരുന്നു ചർച്ച തുടരുകയാണ്

'ശാമിലേക്ക് ഖാഫില പോവുന്നതിനെക്കുറിച്ചാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത് നാം കച്ചവടത്തിൽ പങ്കു ചേരുന്നുണ്ട് നമ്മുടെ പ്രതിനിധിയായി നീ ഖാഫിലയിൽ പോവണമെന്നാണ് ബാപ്പയുടെ ആഗ്രഹം '

അബ്ദുൽ മുത്തലിബ് പ്രിയ പുത്രൻ അബ്ദുല്ലയെ അറിയിച്ചു അബ്ദുല്ലക്ക് പിതാവിനെ എതിർത്തൊന്നും പറയാനാവില്ല ആദരിക്കുന്നതിലും അനുസരിക്കുന്നതിലുമാണ് അബ്ദുല്ലാക്ക് സന്തോഷം

'അബ്ദുല്ലാ.... എന്റെ മോൻ ഖാഫില പോകുന്ന വഴികളൊക്കെ മനസ്സിലാക്കണം കഠിനാദ്ധ്വാനം വേണം സ്വന്തമായി സമ്പാദിക്കണം അതിനൊക്കെവേണ്ടി ഖാഫിലയിൽ പോവണം'

അബ്ദുല്ല എതിർപ്പൊന്നും പറഞ്ഞില്ല എങ്കിലും മനസ്സിന്റെ അടിത്തട്ടിൽ വല്ലാത്തൊരു നൊമ്പരം ആമിനയെ പിരിയാനുള്ള പ്രയാസം വിവാഹം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല 

കുറേ നേരം കഴിഞ്ഞ് സദസ്സ് പിരിഞ്ഞു പിതാവും മക്കളും അവരവരുടെ വഴിക്ക് പോയി 

ഖാഫില പുറപ്പെടുന്ന കാര്യം മക്ക മുഴുവൻ അറിഞ്ഞു ഓരോ വീട്ടിലും അത് ചർച്ച ചെയ്യപ്പെട്ടു 

അബ്ദുല്ല മാതാവിന്റെ സമീപത്തെത്തി

'ഉമ്മാ, അറിഞ്ഞോ, ഖാഫില പുറപ്പെടുന്നു'

'അങ്ങനെ പറയുന്നത് കേട്ടു '

'ഞാൻ ഖാഫിലയിൽ പോവണമെന്നാണ് ബാപ്പ പറയുന്നത് ' അബ്ദുല്ല ഉമ്മയെ ധരിപ്പിച്ചു

അത് കേട്ടപ്പോൾ ഫാത്തിമയുടെ മനസ്സിൽ രോഷം ആളിക്കത്തി അബ്ദുല്ലയെ ശാമിലേക്കയക്കാൻ പറ്റിയ സമയമാണോ ഇത്? ബലിപീഠത്തിൽനിന്നും രക്ഷപ്പെട്ട കുട്ടിയാണ് ആ കുട്ടിയോട് ഇത്തിരി കരുണ കാണിക്കണ്ടേ?
അവന്റെ വിവാഹം കഴിഞ്ഞ് എത്ര നാളായി? ആ പെൺകുട്ടിയോടെങ്കിലും കരുണ കാണിക്കണമായിരുന്നു എന്തൊരു ക്രൂരതയാണിത്

'ബാപ്പ പറഞ്ഞ കാര്യമല്ലേ? നമുക്ക് അനുസരിക്കാതെ പറ്റുമോ?' അബ്ദുല്ല ഉമ്മയെ ആശ്വസിപ്പിച്ചു

'എനിക്ക് ഈ ക്രൂരത സഹിക്കാൻ കഴിയുന്നില്ല '

'ഉമ്മ.... കടുപ്പിച്ചൊന്നും പറയണ്ട ബാപ്പ വിചാരിച്ചപോലെ നടക്കട്ടെ '

അബ്ദുല്ല സംറാഇനെ കാണാൻ പോയി അവരുമായി യാത്രയുടെ കാര്യം സംസാരിച്ചു ഖാഫിലയുടെ കാര്യം കേട്ടപ്പോൾ അവരുടെ മുഖം വാടി കുറേ നേരം ചിന്തിച്ചിരുന്നു പിന്നെ അവരിങ്ങനെ പറഞ്ഞു

'ആമിനക്കു വിഷമം കാണും എങ്കിലും അവൾ സഹിക്കും വേർപാടിന്റെ വേദന അവൾ ക്ഷമയോടെ സഹിക്കും അവളെ പറഞ്ഞു സമാധാനിപ്പിക്കാൻ ഞങ്ങളൊക്കെയുണ്ടല്ലോ മോൻ ധൈര്യമായിട്ട് പോയിവരണം ഫാത്തിമയോട് ഞാൻ സംസാരിക്കാം '

സംറാഉമായി സംസാരിച്ചപ്പോൾ അബ്ദുല്ലക്ക് അൽപം ആശ്വാസമായി പിന്നീട് ആമിനയെ കാണാൻ പോയി വിവരങ്ങളറിഞ്ഞപ്പോൾ ആമിനക്ക് കഠിനമായ ദുഃഖം തോന്നി പക്ഷെ, പുറത്തു കാണിച്ചില്ല

'ബാപ്പ പറഞ്ഞ കാര്യമല്ലേ അനുസരിക്കുന്നതാണ് നല്ലത് ഞാൻ ഈ വേദന സഹിച്ചുകൊള്ളാം എന്നെയോർത്ത് വിഷമിക്കരുത് 

ഭാര്യ ഭർത്താവിനെ ആശ്വസിപ്പിക്കുന്നു അബ്ദുല്ലയുടെ വേവലാതികൾ അവസാനിച്ചു മനസ്സിനൊരു ബലം കിട്ടിയതുപോലെ 

ആമിനയുടെ വാക്കുകൾ എപ്പോഴും ആശ്വാസം പകരുന്നതായിരിക്കും ഒരിക്കലും വെപ്രാളപ്പെടുത്താറില്ല പെട്ടെന്നുള്ള വേർപാടാണ് മനസ്സ് നിയന്ത്രിച്ചു നിർത്താൻ പാടുപെടുകയാണ്

യാത്രയെക്കുറിച്ചറിഞ്ഞപ്പോൾ ഹാല ഞെട്ടിപ്പോയി അവർ ആമിനയെ കാണാൻ വന്നു ഹാലക്ക് ആശ്വാസം ലഭിക്കുന്ന വിധത്തിലായിരുന്നു ആമിനയുടെ സംസാരം 

ചരക്കുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി അബ്ദുൽ മുത്തലിബും സന്താനങ്ങളും അതിൽ വ്യാപൃതരായി ഒരു ഖാഫില പുറപ്പെടുകയെന്നു പറഞ്ഞാൽ ഒരു നാടുണരുകയാണ് നാട് മുഴുവൻ അതിന്റെ ഒരുക്കത്തിലായിരിക്കും

എല്ലായിടത്തും തകൃതിയായ ഒരുക്കങ്ങൾ ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ ചരക്കുകൾ മുഴുവൻ ശേഖരിക്കപ്പെട്ടു ഒട്ടകങ്ങൾ വരിവരിയായി നിരന്നു ചരക്കുകൾ ഒട്ടകപ്പുറത്ത് കയറ്റി മക്കയിൽ ആളുകൾ വന്നു കൂടി യാത്ര അയക്കാനുള്ള ബദ്ധപ്പാട്  

അബ്ദുല്ല ഓരോരുത്തരോടായി യാത്ര പറഞ്ഞു

സംറാഇനോട് യാത്ര പറഞ്ഞു നുത്തൈലയോടും ഹാലയോടും യാത്ര പറഞ്ഞു ആമിനയോടും യാത്ര പറഞ്ഞു 

'ഉമ്മാ.... പോയിവരട്ടെ '

ഫാത്തിമയോട് യാത്ര പറഞ്ഞു അവർ പൊട്ടിക്കരഞ്ഞു ദുഃഖം നിയന്ത്രണം വിട്ടൊഴുകുന്നു

'എന്റെ മോനേ.... ഫാത്തിമ മകനെ കെട്ടിപ്പുണർന്നു മകൻ നടന്നകന്നപ്പോൾ കരൾ പറിച്ചെടുത്ത വേദന 

പുരുഷന്മാരുടെ വലിയ കൂട്ടം അബ്ദുൽ മുത്തലിബും പുത്രന്മാരും അക്കൂട്ടത്തിലുണ്ട് എല്ലാവരോടും യാത്ര പറഞ്ഞു സലാം ചൊല്ലി അബ്ദുല്ല ഒട്ടകപ്പുറത്ത് കയറി നൂറ് കണക്കായ ഒട്ടകങ്ങൾ മരുഭൂമിയിലൂടെ നീങ്ങി 
ഒരു ഖാഫില  കടന്നുപോവുകയാണ് 

അബ്ദുല്ലയുടെ മനസ്സിൽ ദുഃഖത്തിൽ മുങ്ങിയ മുഖങ്ങൾ ആമിന, ഫാത്തിമ,  ഹാല,നുത്തൈല , പിന്നെ എല്ലാ സഹോദരിമാരും
വന്ദ്യപിതാവും തന്റെ പ്രിയപ്പെട്ട സഹോരന്മാരും എല്ലാ മുഖങ്ങളും മനസ്സിൽ തെളിഞ്ഞു നിൽപ്പുണ്ട് പരന്ന മണൽഭൂമിയിലൂടെ ഒട്ടകങ്ങൾ ഉത്സാഹിച്ചു നടക്കുകയാണ്  

ദിനരാത്രങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു പാറക്കെട്ടുകൾ നിറഞ്ഞ പർവ്വതങ്ങളുടെ നീണ്ട നിരകൾ മുൾച്ചെടികൾ , മലമ്പാതകൾ അവക്കിടയിലൂടെ ഖാഫില നീങ്ങി 

അബ്ദുല്ല ഖാഫിലയിൽ പോയശേഷം ആമിന അമ്മാവന്റെ വീട്ടിലേക്കു പോയി ഹാലയുടെ പിതാവാണ് അമ്മാവൻ

അബ്ദുൽ മുത്തലിബ് ഇടക്കിടെ ആ വീട്ടിൽ ചെല്ലും വളരെ നേരം ആമിനയുമായി സംസാരിച്ചിരിക്കും 

'മോളേ.... ആമിനാ...മോള് വിഷമിക്കരുത് അബ്ദുല്ല വേഗം തിരിച്ചു വരും '
'എനിക്കൊരു പ്രയാസവുമില്ല ബാപ്പാക്ക് വെറുതെ തോന്നുന്നതാണ് '
കുറേ നേരം സംസാരിച്ചിരുന്നിട്ട് അദ്ദേഹം തിരിച്ചു പോരും അപ്പോഴേക്കും ബന്ധുക്കളാരെങ്കിലും വന്നിട്ടുണ്ടാവും ആമിനക്ക് ഒറ്റക്കിരിക്കേണ്ടി വരാറില്ല 
അബ്ദുൽ മുത്തലിബ് ഹാലയെ കാണാൻ ചെന്നു 

'ഹാലാ... നീ എപ്പോഴും ആമിനയുടെ കൂടെ വേണം ആമിനക്ക് ദുഃഖം വരാൻ ഇടകൊടുക്കരുത് വേർപാടിന്റെ വേദന അവളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് '
'ഞാൻ ഇടക്കിടെ ആമിനയെ കാണാൻ പോവാറുണ്ട് അവളുടെ ദുഃഖം അകറ്റാൻ ശ്രമിക്കുന്നുണ്ട് '

ഫാത്തിമ മിക്ക ദിവസവും ആമിനയെ കാണാൻ പോവും വളരെ നേരം സംസാരിച്ചിരിക്കും അബ്ദുല്ലയുടെ വേർപാട് ഫാത്തിമയെയാണ് നന്നായി ബാധിച്ചത് അവർക്കൊരു സന്തോഷവുമില്ല എപ്പോഴും ദുഃഖവും നിരാശയും തന്നെ ആമിന അവരെ സമാശ്വസിപ്പിക്കുകയാണ് ചെയ്യുന്നത് സാറാഉം കൂടെക്കൂടെ ആമിനയെ കാണാൻ വരും ആശ്വാസം നൽകുന്ന വാക്കുകൾ സംസാരിക്കും

ഇവരൊക്കെ തന്നെ എന്തുമാത്രം പരിഗണിക്കുന്നു താൻ ഭാഗ്യവതി തന്നെ അതാണ് ആമിനയുടെ ചിന്ത

ഒരു ദിവസം ഒറ്റക്കിരിക്കുകയായിരുന്നു ഉറക്കത്തിലാണോ ഉണർച്ചയിലാണോ എന്നറിയില്ല ഒരാൾ തന്നെ സമീപിച്ചു എന്നിട്ട് മെല്ലെ വിളിച്ചു 

'ആമിനാ...നീ അനുഗ്രഹീതനായ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ് '
ഹേയ്.... അല്ല അങ്ങനെയൊന്നുമില്ല

ആമിന അത് നിഷേധിച്ചു 

'ആമിനാ നീ ഗർഭിണിയാണ് നീ അനുഗ്രഹീതനായ ഒരു കുഞ്ഞിനെ പ്രസവിക്കും '

എന്തൊരു മധുരശബ്ദം മനസ്സിൽ ആനന്ദം പകരുന്ന ശബ്ദം പറഞ്ഞ കാര്യം ശരിയായിരിക്കുമോ? ആകപ്പാടെ ഒരാശങ്ക

അടുത്ത ദിവസം സംറാഉം ഹാലയും മറ്റും വന്നപ്പോൾ ആമിനക്ക് വല്ലാത്ത നാണം കനിവ് കണ്ട കാര്യം പറയണോ വേണ്ടയോ? ഒടുവിൽ പറയാമെന്നു വെച്ചു 

'ഞാനിന്നലെ ഒരു കിനാവ് കണ്ടു ' ആമിന നാണത്തോടെ മൊഴിഞ്ഞു
'അബ്ദുല്ലയെയായിരിക്കും '

'അല്ല, വേറെ'

'എന്നാൽ പറ, ആരെയാണ് കണ്ടത്?'

'ആരോ ഒരാൾ.... അയാൾ എന്നോട് പറഞ്ഞു ഞാൻ ഗർഭിണിയാണെന്ന് '
പെണ്ണുങ്ങൾക്ക് വല്ലാത്ത ആകാംക്ഷ

'അതെയോ ആമിനാ...നീ ഗർഭിണിയാണോ?'

'ഹോ...എനിക്കറിയില്ല ' സംറാഅ് ചില ചോദ്യങ്ങൾ ചോദിച്ചു  ആമിന അതിനൊക്കെ ഉത്തരം നൽകി എല്ലാം കേട്ട്  കഴിഞ്ഞപ്പോൾ സംറാഅ് പറഞ്ഞു
'നീ കിനാവ് കണ്ടത് ശരിയായിരിക്കും '

'അതെയോ? ഞാൻ ഗർഭിണിയാണോ?'

ഇപ്പോൾ ആമിനക്കാണ് വെപ്രാളം 

ഒറ്റക്കിരിക്കുമ്പോൾ ആമിന പിന്നെയും സ്വപ്നം കണ്ടു സന്തോഷകരമായ സ്വപ്നങ്ങൾ കാതുകളിൽ മധുരഗീതങ്ങൾ കേട്ടു കണ്ണുകൾ മനോഹരമായ കാഴ്ചകൾ കാണുന്നു മനസ്സിൽ സന്തോഷവും ആശ്വാസവും 
ആ നിലയിൽ മാസങ്ങൾ കടന്നുപോയി 

ഖാഫില മടങ്ങിയെത്താൻ സമയമായി ചില ദൂതന്മാർ മക്കയിൽ മടങ്ങിയെത്തി അവർ തെരുവുകളിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ച് മക്കക്കാരോട് വിളിച്ചു പറയാൻ തുടങ്ങി 

'പ്രിയപ്പെട്ട നാട്ടുകാരേ ശാമിൽനിന്നു വരുന്ന നമ്മുടെ ഖാഫില രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ മക്കയിൽ എത്തിച്ചേരുന്നതാണ് '

മക്കയിലെ തെരുവുകളിൽ ആവശം അലയടിച്ചുയർന്നു വീടുകളിൽ പലഹാരങ്ങളുണ്ടാക്കാൻ തുടങ്ങി പ്രിയപ്പെട്ടവർ മാസങ്ങൾക്കു ശേഷം മടങ്ങിയെത്തുമ്പോൾ വിഭവങ്ങൾ നൽകി സ്വീകരിക്കണം

ഭാര്യമാർ ഭർത്താക്കന്മാരെ സ്വീകരിക്കാൻ ഒരുങ്ങി സഹോദരിമാർ സഹോദരന്മാരെ സ്വീകരിക്കാനൊരുങ്ങി മക്കൾ പിതാക്കളെയും മാതാപിതാക്കൾ മക്കളെയും സ്വീകരിക്കാൻ തയ്യാറെടുത്തു
അബ്ദുൽ മുത്തലിബും കുടുംബവും അബ്ദുല്ലയെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു  ഫാത്തിമ പലതരം പലഹാരങ്ങളുണ്ടാക്കിവെച്ചു അബ്ദുല്ലയുടെ സഹോദരിമാർ ആവേശപൂർവ്വം കാത്തിരിക്കുകയാണ് തങ്ങളുടെ പ്രിയ സഹോദരനെ ഒരുനോക്കു കണ്ടിട്ട് എത്ര നാളായി ഇത്രയും നാൾ സഹോദരനെ കാണാതെ കഴിച്ചുകൂട്ടിയതെങ്ങനെയാണെന്നു അവർക്കു മാത്രമേ അറിയൂ

ഖാഫിലക്കാർ ആഹ്ലാദത്തിന്റെ ആരവങ്ങളോടെയാണ് മക്കയിൽ പ്രവേശിക്കുക മാസങ്ങൾക്കു ശേഷം തങ്ങളുടെ പ്രിയപ്പെട്ട പട്ടണത്തിൽ പ്രവേശിക്കുമ്പോൾ നിയന്ത്രിക്കാനാവാത്ത ആഹ്ലാദമായിരിക്കും മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും മക്കളെയും ഭാര്യമാരെയും വീണ്ടും കാണുകയാണ് അതിന്റെ ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല

ഖാഫിലക്കാർ കൊണ്ടുവരുന്ന സാധനങ്ങളെ ആശ്രയിച്ചാണ് മക്കക്കാരുടെ ജീവിതം തന്നെ നിലകൊള്ളുന്നത് ആ നിലക്കും ഖാഫിലയുടെ ആഗമനം ആർക്കും അവഗണിക്കാനാവില്ല

ഖാഫില മക്കയിൽ പ്രവേശിച്ചു കഴിഞ്ഞു അബ്ദുൽ മുത്തലിബ് അവനെ സ്വീകരിക്കാൻ വേണ്ടി മുമ്പോട്ട് ചെന്നു പക്ഷെ, സാധാരണ നിലക്കുള്ള ആഹ്ലാദവും ആവേശവും അവരിൽ കാണാനില്ല 

തന്റെ പ്രിയപുത്രനെ കാണാൻ വേണ്ടി അബ്ദുൽ മുത്തലിബിന്റെ നയനങ്ങൾ പരതി നടന്നു എവിടെ അവൻ? ഖാഫിലക്ക് നേതൃത്വം നൽകിയവർ അബ്ദുൽ മുത്തലിബിന്റെ സമീപത്തേക്ക് നടന്നു വന്നു അവരുടെ മുഖത്ത് ദുഃഖം തളംകെട്ടി നിൽക്കുന്നത് അദ്ദേഹം കണ്ടു 

'പ്രിയപ്പെട്ട അബ്ദുൽ മുത്തലിബ് അങ്ങയുടെ മകന് അസുഖം ബാധിച്ചു ശാമിൽനിന്നു വരുമ്പോഴാണ് രോഗം ബാധിച്ചത് യസ്രിബിൽ ബന്ധുക്കളുടെ വീട്ടിൽ വിശ്രമിക്കുകയാണ് '

അബ്ദുൽ മുത്തലിബ് ഞെട്ടിപ്പോയി തന്റെ പ്രിയപുത്രന് അസുഖമാണെന്ന് യാത്ര ചെയ്യാൻ കഴിയാത്തവിധം അവനെന്തു പറ്റിപോയി? മനസ്സ് വല്ലാതെ പതറുകയാണല്ലോ ഈ വിവരം മറ്റുള്ളവരെ എങ്ങനെ അറിയിക്കും
അബ്ദുൽ മുത്തലിബിന്റെ സമീപത്തേക്ക് പുത്രന്മാർ നടന്നു വന്നു എല്ലാവരും അതീവ ദുഃഖിതരായിരുന്നു

'നിങ്ങളാരെങ്കിലും ഉടനെ യസ്രിബിലേക്ക് പോവണം അബ്ദുല്ലയെ കൊണ്ടുവരണം ' പിതാവ് ആവശ്യപ്പെട്ടു 

'ഹാരിസ് യസ്രിബിൽ പോവട്ടെ'

അതാണ് എല്ലാവരുടെയും അഭിപ്രായം അദ്ദേഹം യസ്രിബിലേക്കുള്ള യാത്രക്ക് ഒരുക്കം തുടങ്ങി അബ്ദുൽ  മുത്തലിബ് നേരെ നടന്നത് സംറാഇന്റെ വീട്ടിലേക്കായിരുന്നു

'സംറാഅ്..... സംറാഅ്....'

ഭർത്താവിന്റെ വിളികേട്ട് സംറ്അ് പുറത്തേക്ക് ഓടി വന്നു ആ മുഖഭാവം കണ്ട് അവർ ഞെട്ടിപ്പോയി ഇത്ര ഉത്ക്കണ്ഠാകുലനായി അദ്ദേഹത്തെ കാണാറില്ല വെപ്രാളത്തോടെ അവർ ചോദിച്ചു 

'എന്താണിത്? എന്തുപറ്റി?'

'സംറാഅ് ശാമിൽനിന്ന് ഖാഫിലക്കാരെത്തിയിരിക്കുന്നു അവരുടെ കൂടെ അബ്ദുല്ല എത്തിയിട്ടില്ല '

'എന്റെ റബ്ബേ.... എന്താണീ കേൾക്കുന്നത്?'

'അവന് നല്ല സുഖമില്ല യസ്രിബിൽ വിശ്രമിക്കുകയാണ് '

'എന്താണ് അസുഖം?'

'യാത്രയുടെ ക്ഷീണം കാണും ഏതാനും ദിവസം കഴിഞ്ഞ് ഇങ്ങ് വരും കൂട്ടിക്കൊണ്ട് വരാൻ ഹാരിസ് പോവുന്നുണ്ട് '

'എനിക്ക് സഹിക്കാൻ കഴിയുന്നില്ലേ...'

'സംറാഅ്... ഈ വിവരം നീ തന്നെ ഫാത്തിമയോട് പറയണം നേരിട്ടു പറയാൻ എനിക്ക് ശക്തിയില്ല

ഭർത്താവിന്റെ മാനസികാവസ്ഥ അപ്പോഴാണ് സംറാഇന് ശരിക്ക് മനസ്സിലായത് ഫാത്തിമയുടെ ദുഃഖം കാണാൻ അദ്ദേഹത്തിന്നു കരുത്തില്ല സ്വന്തം പുത്രന്റെ കൈപിടിച്ചു ബലിക്കല്ലിലേക്ക് നടന്നുപോയ ധീരനായ അബ്ദുൽ മുത്തലിബാണോ ഇത്

മക്കക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തിയ ആ ധൈര്യം എവിടെപ്പോയി മരണത്തിൽനിന്നു മടങ്ങിയെത്തിയ പൊന്നുമകൻ മരണത്തിലേക്കു  നടക്കുകയാണോ?

സംറാഅ് വീട്ടിൽനിന്നിറങ്ങി ധൃതിയിൽ നടന്നു പാദങ്ങൾ നിലത്തുറക്കുന്നില്ല ഖൽബാകെ പതറിയിരിക്കുന്നു 

'ഫാത്തിമ....' വെപ്രാളം നിറഞ്ഞ വിളി 

ഫാത്തിമയും പുത്രിമാരും രുചികരമായ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുകയാണ് അൽപസമയത്തിനുള്ളിൽ അബ്ദുല്ല അവിടെ എത്തിച്ചേരുമെന്നവർ കരുതുന്നു ഖാഫില മക്കയിൽ പ്രവേശിച്ച വിവരം അവർ അറിഞ്ഞിരിക്കുന്നു പലതരം പലഹാരങ്ങൾ നേരത്തെ തയ്യാറാക്കി വെച്ചിട്ടുണ്ട് 

സംറാഇന്റെ അവസ്ഥ കണ്ട് ഫാത്തിമയും പുത്രിമാരും അസ്വസ്ഥരായി വല്ലാത്തൊരമ്പരപ്പോടെ ഫാത്തിമ ചോദിച്ചു 'എന്തായിത്? എന്തുണ്ടായി?'

'ഖാഫില വന്നു അബ്ദുല്ല വന്നിട്ടില്ല '

നിമിഷനേരത്തേക്ക് ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല ഇടി വെട്ടേറ്റപോലെ നിന്നുപോയി 

'ബേജാറാവാനൊന്നുമില്ല അവന്ന് നല്ല സുഖമില്ല '

'എന്റെ മോനേ...' ഫാത്തിമയുടെ നിലവിളി

'ഫാത്തിമാ... നീയൊന്നടങ്ങ് കാര്യം മുഴുവൻ പറയട്ടെ '

'ഇനിയെന്ത് കേൾക്കാൻ?'

'ശാമിൽനിന്ന് മടങ്ങുമ്പോൾ ഒരു കുഴപ്പവുമില്ല യസ്രിബിൽ എത്തിയപ്പോൾ അബ്ദുല്ലക്ക് ക്ഷീണം വന്നു അവിടെ അമ്മാവന്മാരുടെ വീട്ടിൽ വിശ്രമിക്കുകയാണ് കൂട്ടിക്കൊണ്ടുവരാൻ ഹാരിസ് പോവുന്നുണ്ട് ' 
സംറാഅ് ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു 

ഫാത്തിമയും പുത്രിമാരും കരച്ചിൽ തന്നെ അബ്ദുല്ലായുടെ കാര്യത്തിൽ അവർക്ക് അനിയന്ത്രിതമായ ഉൽക്കണ്ഠ 

'എന്റെ മോന് എന്ത് പറ്റിയോ ആവോ? ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ?' ഫാത്തിമ കരഞ്ഞു പറഞ്ഞു 

സംറാഇന്ന് അവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു അബ്ദുൽ മുത്തലിബ് വന്നുകയറി എല്ലാവരും അദ്ദേഹത്തിന്റെ ചുറ്റും കൂടി അദ്ദേഹവും ആകെ പതറി നിൽക്കുകയാണ് 

'ഈ വിവരം ആമിനയെ എങ്ങനെ അറിയിക്കും'

അതാണ് അബ്ദുൽ മുത്തലിബിനെ അലട്ടുന്ന വലിയ പ്രശ്നം ആമിന ഭർത്താവിനെ കാത്തിരിക്കുകയാണ്

ആമിന മിക്ക രാത്രികളിലും സുന്ദരമായ സ്വപ്നങ്ങൾ കാണുന്നു കാതുകളിൽ മധുരഗീതങ്ങൾ കേൾക്കുന്നു കണ്ണുകൾ ആരും കാണാത്ത കാഴ്ചകൾ കാണുന്നു ഇതൊന്നും തന്റെ പ്രിയ ഭർത്താവ് അറിഞ്ഞിട്ടില്ല

എല്ലാം പറഞ്ഞു കൊടുക്കണം ഇങ്ങ് വരട്ടെ 

ആ രഹസ്യം ഇതുവരെ അറിഞ്ഞിട്ടില്ല താൻ  ഗർഭിണിയാണെന്ന കാര്യം തന്റെ വയറ്റിൽ അദ്ദേഹത്തിന്റെ കുഞ്ഞ് വളർന്നുവരികയാണെന്ന കാര്യം 
പിന്നെയും എന്തെല്ലാം പറയാനുണ്ട് മാസങ്ങളായില്ലേ പോയിട്ട് യാത്രയിലെ വിശേഷങ്ങളൊക്കെ ചോദിക്കണം എല്ലാം  കേൾക്കണം യാത്രയിൽ ഒരുപാട് ബുദ്ധിമുട്ടിയോ എന്തോ? ക്ഷീണിച്ചു പോയോ എന്തോ? ഒന്നു കാണാൻ വല്ലാതെ പിടയുന്നുവല്ലോ? 

ആരാണ് ആ വരുന്നത്  ?

അബ്ദുൽ മുത്തലിബാണോ? സംറാഅ് ആണോ? ഹാലയാണോ? അബ്ദുല്ലയുടെ സഹോദരന്മാരോ? സഹോദരിമാരോ?  ആരൊക്കെയോ വരുന്നു?
അവരുടെ കൂട്ടത്തിൽ അബ്ദുല്ലയുണ്ടോ?

എന്താണവരുടെ മുഖം വാടിയിരിക്കുന്നത്? ആരും ഒന്നും ഉരിയാടുന്നില്ലല്ലോ? ആമിനയുടെ മനസ്സിൽ വെപ്രാളം പടർന്നുകയറി 

ബന്ധുക്കളിൽ നിന്നും അബ്ദുല്ലയുടെ രോഗവിവരം ആമിന അറിയുന്നു ആമിനയുടെ മനസ്സ് പിടഞ്ഞു അബ്ദുല്ലയുടെ വാക്കുകൾ ഓരോന്നും കാതുകളിൽ മുഴുങ്ങുന്നു  കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ താങ്ങാനാവാത്ത ഭാരം ചുമന്നതുപോലെ ആമിന കിടക്കയിൽ തളർന്നു വീണു ദുഃഖത്തിന്റെ ബഹറിൽ വീണുപോയിരിക്കയാണ് അബ്ദുൽ മുത്തലിബിന്റെ വലിയ കുടുംബം അതിൽനിന്നു മോചനം ലഭിക്കണമെങ്കിൽ യസ്രിബിൽനിന്നു സന്തോഷവാർത്ത വരണം

അബ്ദുൽ മുത്തലിബ് ഏകാന്തതയിലേക്ക് മടങ്ങി ഒറ്റക്കിരുന്നപ്പോൾ ചിന്തകൾ ചുരുൾ  നിവർന്നു വരാൻ തുടങ്ങി ഫാത്തിമയുമായുള്ള വിവാഹം അവൾ ധാരാളം കുഞ്ഞുങ്ങളെ പ്രസവിച്ചത് അബ്ദുല്ലയുടെ ജനനം അവന്റെ വളർച്ച ബലിയറുക്കാനുള്ള നേർച്ച ഹുബൂലിന്റെ മുമ്പിലെ നറുക്കെടുപ്പ് അബ്ദുല്ലയുടെ നറുക്ക് വീണത് നൂറ് ഒട്ടകങ്ങളെ ബലികൊടുത്ത് അവന്റെ ജീവൻ രക്ഷിച്ചത് ഒടുവിൽ ശാമിലേക്കുള്ള യാത്ര 

താൻ പറഞ്ഞതുകൊണ്ടാണവൻ യാത്രക്കൊരുങ്ങിയത് അവൻ പോയിക്കഴിഞ്ഞപ്പോഴാണ് അതിന്റെ വേദന അറിഞ്ഞത് അബ്ദുല്ല കൺമുമ്പിൽ നിന്നു മറഞ്ഞപ്പോൾ താനനുഭവിച്ച വേദന അത് വിവരിക്കാൻ വാക്കുകളില്ല അതാർക്കും പറഞ്ഞുകൊടുക്കാനാവില്ല ഹൃദയത്തിന്റെ ഭാഷയിൽ മാത്രമേ അത് വിവരിക്കാൻ പറ്റൂ നാവിന്റെ ഭാഷ അതിനു പറ്റില്ല

ഫാത്തിമയുടെ ദുഃഖം കണ്ടു ആമിനയുടെ ദുഃഖം കണ്ടു  അപ്പോഴൊക്കെ മനസ്സിൽ പ്രതീക്ഷയുണ്ടായിരുന്നു അബ്ദുല്ല ഇങ്ങ് വരട്ടെ അവൻ വന്നു കഴിയുമ്പോൾ എല്ലാ  ദുഃഖങ്ങളും തീരും ആമിനയുടെ മുഖം തെളിയും പിന്നെ ദുഃഖത്തിന്റെ കഥ മറക്കും ആഹ്ലാദത്തിന്റെ നാളുകൾ പിറക്കും
 
കണക്കുകൂട്ടലുകൾ തെറ്റിപ്പോയി അബ്ദുല്ലയുടെ മുഖം കാണാനായില്ല ആരുടെ മുഖവും തെളിഞ്ഞു കണ്ടില്ല ദുഃഖം ഇരട്ടിക്കുകയാണ് ചെയ്തത്
മനസ്സിനൊരു സമാധാനവുമില്ല പിന്നെങ്ങനെയാണ് മറ്റുള്ളവരെ സമാധാനിപ്പിക്കാൻ കഴിയുക? 

എല്ലാവരും വിശപ്പ് മറന്നു ദാഹം മറന്നു ക്ഷീണവും ഉറക്കവും മറന്നു അബ്ദുല്ലക്കുവേണ്ടി തയ്യാറാക്കിയ ആഹാരപദാർത്ഥങ്ങൾ ആറിത്തണുത്തുപോയി  

ആമിനാക്ക് പിന്നെയും സ്വപ്നദർശനമുണ്ടായി സുന്ദരമായ സ്വപ്നങ്ങൾ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന സ്വപ്നങ്ങൾ വലിയ വെപ്രാളം അങ്ങനെ അടങ്ങിക്കിട്ടി

ഹാലയുടെ നെടുവീർപ്പുകൾക്ക് കണക്കില്ല ദുഃഖത്തിന്റെ നെരിപ്പോടായി മാറിയിരിക്കുന്നു ഖൽബകം

ഒടുവിൽ കാത്തുകാത്തിരുന്ന ദിവസം വന്നു ഹാരിസ് മടങ്ങിയെത്തി വാടിത്തളർന്ന മുഖവുമായിട്ടാണ് വന്നു കയറിയത്

ഖുറൈശി യുവാക്കൾ കൂട്ടത്തോടെ വന്നു കൊണ്ടിരുന്നു അവരൊക്കെ അബ്ദുല്ലയുടെ കൂട്ടുകാരാണ് ഖാഫിലയിൽ കൂട്ടിനുണ്ടായിരുന്നവരും എത്തി ബന്ധുക്കളും സ്നേഹിതന്മാരും അയൽക്കാരുമെത്തി

മകൻ പിതാവിനെ സങ്കടകരമായ വാർത്ത അറിയിച്ചു 

'ബാപ്പാ.... എനിക്ക് അബ്ദുല്ലയെ കാണാൻ കഴിഞ്ഞില്ല അവന്റെ ഖബ്ർ കാണാനേ കഴിഞ്ഞുള്ളൂ '

വൃദ്ധനായ അബ്ദുൽ മുത്തലിബ് നിശ്ചലനായി ഇരുന്നുപോയി ഇനിയൊരിക്കലും ആ മുഖം കാണില്ലെന്ന സത്യം ഉറപ്പായതോടെ ആ വൃദ്ധൻ പൊട്ടിക്കരഞ്ഞുപോയി 

അകത്ത് ഫാത്തിമയുടെയും പുത്രിമാരുടെയും നിലവിളി ഒരിക്കലും മടങ്ങിവരാത്ത ഖാഫിലക്കാരനു വേണ്ടിയുള്ള നിലവിളി 
ദുഃഖത്തിന്റെ പ്രതീകമായി സംറാഅ് ഒരുമൂലയിൽ ചാരിയിരിക്കുന്നു ആർക്കും ആരെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല 

ഏറ്റവും ദുഃഖരമായ വാർത്ത ആമിനയുടെ ചെവികളിൽ ഒഴുകിയെത്തി തന്റെ പ്രിയ ഭർത്താവ് ഇനിയൊരിക്കലും തിരിച്ചു വരില്ല  യസ്രിബ് പട്ടണത്തിൽ ബനുന്നജ്ജാർ ഗോത്രക്കാരുടെ മഖ്ബറയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു

തന്റെ വയറ്റിൽ അദ്ദേഹത്തിന്റെ കുഞ്ഞ് വളരുന്നു അബ്ദുല്ലയുമായുള്ള ബന്ധം അങ്ങനെ നിലനിൽക്കുന്നു ഈ കുഞ്ഞിനെ അമാനത്തായി നൽകിക്കൊണ്ടാണ് അബ്ദുല്ല അങ്ങേ ലോകത്തേക്ക് പോയത് മടക്കമില്ലാത്ത യാത്ര 

പ്രസവത്തിന് അധികനാൾ വേണ്ടി വരില്ല എന്റെ കുഞ്ഞിന് പിതാവിന്റെ സാന്നിധ്യം അനുഭവിക്കാനാവില്ല കുഞ്ഞിന്റെ മുഖം കണ്ട് ആനന്ദാശ്രു പൊഴിക്കാൻ തന്റെ പ്രിയ ഭർത്താവുണ്ടാവില്ല 

തന്റെ കുഞ്ഞിനെ കോരിയെടുത്തുമ്മ വെക്കാൻ അദ്ദേഹമുണ്ടാവില്ല ആമിനയുടെ നയനങ്ങൾ നിറഞ്ഞൊഴുകി 

പിന്നെയും ആമിന നല്ല സ്വപ്നങ്ങൾ കണ്ടു മനസ്സിന് വലിയ ആശ്വാസം പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ മഹത്വത്തെക്കുറിച്ചു ആരോ തന്നോട് സംസാരിക്കുന്നതുപോലെ തോന്നി 

സാധാരണ ഗർഭിണികൾ അനുഭവിക്കുന്ന പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ല പൊതുവെ വല്ലാത്ത ആശ്വാസം 


അബ്റഹത്ത്

പൗരാണിക നാഗരികതയുടെ കളിത്തൊട്ടിലായിരുന്നു യമൻ പടിഞ്ഞാറൻ ലോകത്തിന്റെയും പൗരസ്ത്യ ലോകത്തിന്റെയും ശ്രദ്ധയാകർഷിക്കാൻ മാത്രം പോന്നതായിരുന്നു യമൻ നാഗരികത പലനിലക്കും യമൻ ലോകപ്രസിദ്ധമായിത്തീർന്നു 

യമനിലെ കമ്പോളങ്ങളിൽ പൗരസ്ത്യ ലോകത്തെയും പാശ്ചത്യലോകത്തെയും വ്യാപാരികൾ ചരക്കുമായി എത്തിയിരുന്നു ചരക്കുകൾകൊണ്ട് സമ്പന്നമായിരുന്നു അവിടുത്തെ കമ്പോളങ്ങൾ അതുകൊണ്ട് അറേബ്യയുടെ നാനാഭാഗങ്ങളിൽ നിന്നും ഖാഫിലക്കാർ അങ്ങോട്ട് വന്നു കൊണ്ടിരുന്നു 

യമനിൽ മഴ ലഭിച്ചിരുന്നു മഴവെള്ളം പർവ്വതങ്ങളുടെ താഴ് വരകളിലൂടെ കത്തിയൊലിച്ച് കടലിൽ ചെന്നുചേരുന്നത് അവർ വേദനയോടെ നോക്കിനിന്നു ഈ വെള്ളം പാഴായിപ്പോവരുത് തടയണമെന്നും അത് കെട്ടിനിർത്തി കൃഷിക്ക് ഉപയോഗിക്കണമെന്നും അവർ തീരുമാനിച്ചു 

രണ്ട് മലകൾക്കിടയിൽ അവർ അണക്കെട്ട് നിർമ്മിച്ചു മആരിബ് അണക്കെട്ട് അണക്കെട്ടിന്റെ ഇരുഭാഗങ്ങളിലുമായി  നൂറുക്കണക്കിൽ ഏക്കർ മരുഭൂമി കൃഷിഭൂമിയാക്കി മാറ്റാൻ യമൻകാർക്കു കഴിഞ്ഞു അവിടെ നാനാജാതി പഴങ്ങളും ധാന്യങ്ങളും വളർന്നു വരാൻ തുടങ്ങി

യമനിന്റെ സമ്പൽ സമൃദ്ധി വിദേശ ശക്തികളെ ആകർഷിച്ചു യമൻ ഭരണം വിദേശികളുടെ കരങ്ങളിൽ എത്തിച്ചേർന്നു ഒരു ഘട്ടത്തിൽ അബ്സീനായിലെ നജ്ജാശി രാജാവ് യമൻ ഭരണം ഏറ്റെടുത്തു അവരുടെ ഭരണം നടത്താനായി ഒരു ഗവർണറെ നിയോഗിച്ചു 'അർയാത്ത് ' എന്നായിരുന്നു ഗവർണറുടെ പേര് അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായിരുന്നു അബ്റഹത്ത് ഗവർണറുടെ ഭരണം വന്നതോടെ വമ്പിച്ച അബ്സീനിയൻ സൈന്യവും യമനിൽ നിലയുറപ്പിച്ചു

സ്വാർത്ഥത നിറഞ്ഞ അബ്റഹത്തിന് യമൻ ഭരണം കൈക്കലക്കാൻ മോഹം വന്നു അർയാത്തിനെ വധിച്ചു അവിടത്തെ ഗവർണറായി സുഖലോലുപനായി ജീവിച്ചു

അപ്പോഴാണ് മക്കയുടെയുടെയും കഅ്ബായുടെയും പ്രാധാന്യം അബ്റഹത്ത് വേണ്ടതുപോലെ മനസ്സിലാക്കുന്നത് 

'സൻഅ് ' പട്ടണത്തിൽ അതിമനോഹരമായ ഒരു ചർച്ച് നിർമിക്കാൻ അദ്ദേഹം തീരുമാനിച്ചു ജനങ്ങൾ മക്കയിലെ ദേവാലയം സന്ദർശിക്കുന്നതിന്നു പകരം സൻആയിലെ ദേവാലയം സന്ദർശിക്കണമെന്ന് അബ്റഹത്ത് ആഗ്രഹിച്ചു തന്റെയും തന്റെ ദേവാലയത്തിന്റെയും പേര് ലോകമെങ്ങും പ്രചരിക്കണം
'സൻആ'യിൽ അതിമനോഹരമായ ചർച്ച് ഉയർന്നു ഇത്രയും മനോഹരമായ ഒരു ചർച്ച് അന്ന് മറ്റെവിടെയുമില്ല അബ്റഹത്തിന്റെ ദൂതന്മാർ രാജ്യങ്ങളിലെല്ലാം ചെന്നു പറഞ്ഞു

'ഇനി തീർത്ഥാടനത്തിനു വേണ്ടി ആരും മക്കയിലേക്ക് പോവേണ്ടതില്ല അവിടത്തെ ദേവാലയത്തേക്കാൾ ഗംഭീരമായ ദേവാലയം സൻആയിൽ ഉയർന്നിരിക്കുന്നു എല്ലാവർക്കും സൻആയിലേക്ക് സ്വാഗതം '
തീർത്ഥാടനം മക്കയിലേക്ക് മാത്രമേ പറ്റുകയുള്ളൂവെന്ന് എല്ലാവർക്കുമറിയാം കഅ്ബാലയത്തിന്റെ പ്രാധാന്യം മറ്റൊരു ദേവാലയത്തിന്നുമില്ല അവയുടെ ഭംഗിയും ഗാംഭീര്യവും എത്ര ഉന്നതമായാലും ശരി

ഹജ്ജ് കാലം വന്നു പതിവുപോലെ എല്ലാവരും മക്കയിലേക്ക് തന്നെ തീർത്ഥാടനം നടത്തി യമൻകാർപോലും മക്കയിലേക്ക് പോയി അബ്റഹത്തിന്റെ ആഹ്വാനം എല്ലാവരും തള്ളിക്കളഞ്ഞു
കഠിനഹൃദയനായ അബ്റഹത്ത് കോപകുലനായി മാറി അവർ അലറി വിളിച്ചു
'മക്കയിലെ ദേവാലയം ഞാൻ തകർക്കും അപ്പോൾ തീർത്ഥാടകർ ഇവിടേക്കു വരും'

അബ്റഹത്ത് അബ്സീനിയായിൽനിന്ന് വലിയൊരു സൈന്യത്തെ വരുത്തി ആനകളെയും വരുത്തി യുദ്ധ സാമഗ്രികളെല്ലാം ഒരുക്കി വമ്പിച്ച സൈന്യം മക്കയിലേക്കു പുറപ്പെട്ടു എന്ത് വിലകൊടുത്തും അബ്റഹത്തിനെ തടയണമെന്ന് കുറേ യമൻകാർ തീരുമാനിച്ചു കഅ്ബാലയത്തെ അത്രയേറെ ആദരിക്കുന്നവരായിരുന്നു അവർ യമനികൾ ആയുധമണിഞ്ഞു അവരുടെ നേതാവ് 'ദുനഫർ' ആയിരുന്നു 

'താങ്കൾ മക്കയിലേക്ക് പോവരുത് അല്ലാഹുവിനെ ആരാധിക്കാൻ ലോകത്ത് നിർമ്മിക്കപ്പെട്ട പരിശുദ്ധ ഭവനമാണത് ദയവായി ഈ ശ്രമം ഉപേക്ഷിക്കണം '
ദുനഫർ അബ്റഹത്തിനോട് കെണപേക്ഷിച്ചു 

ധിക്കാരിയായ അബ്റഹത്ത് അത് ശ്രദ്ധിച്ചില്ല 

'ഞാൻ മക്കയിലേക്ക് പോവും കഅ്ബയെ അക്രമിക്കും തകർത്തു തരിപ്പണമാക്കും എന്നെത്തടയാനാർക്കും കഴിയില്ല '

ധിക്കാരം നിറഞ്ഞ മറുപടി ദുനഫർ അതേ വാശിയിൽ വിളിച്ചു പറഞ്ഞു: 

അഹങ്കാരിയായ അബ്റഹത്ത് നിന്നെ ഞാൻ തടയും'

ഘോരയുദ്ധം തുടങ്ങി അബ്റഹത്തിന്റെ സുശക്തമായ സൈന്യത്തിന്ന് ദുനഫറിന്റെ ചെറിയ സൈന്യത്തെ തോൽപിക്കാൻ ഒരു ബുദ്ധിമുട്ടുണ്ടായില്ല ദുനഫർ തടവിലാക്കപ്പെട്ടു

അബ്റഹത്തിന്റെ മക്കായാത്രയെക്കുറിച്ച് രോഷാകുലനായിത്തീർന്ന ഒരു ഗോത്ര നേതാവിന്റെ പേര് പറയാം 

നുഫൈല് ബ്നു അൽ ഹബീബ് അൽ ഖസ്അമി അദ്ദേഹത്തിന്ന് ക്ഷമിച്ചിരിക്കാൻ കഴിഞ്ഞില്ല കഅ്ബാലയം തകർക്കപ്പെടുകയാണെങ്കിൽ പിന്നെന്തിനു ജീവിച്ചിരിക്കണം?

അദ്ദേഹം ശഹ്റാൻ ഗോത്രക്കാരോടും നിഹ്സ് ഗോത്രക്കാരോടും ചോദിച്ചു അവർ യുദ്ധത്തിനൊരുങ്ങി ആയുധം കൈകളിലേന്തി അബ്റഹത്തുമായി ഏറ്റുമുട്ടി നുഫൈൽ തടവുകാരനാക്കപ്പെട്ടു

നുഫൈലിനെ അബ്റഹത്ത് യാത്രാ സംഘത്തിൽ ചേർക്കുകയും ചെയ്തു മക്കയിലേക്കു വഴികാട്ടിയായി ദുഃഖം കടിച്ചമർത്തിക്കൊണ്ട് അദ്ദേഹം യാത്ര തുടർന്നു

അബ്റഹത്തും സൈന്യവും ത്വാഇഫിലെത്തി അബ്റഹത്തിന്റെ ഗാംഭീര്യവും സൈന്യത്തിന്റെ വലുപ്പവും കണ്ടപ്പോൾ ത്വാഇഫുകാർ അമ്പരന്നു
'ഞങ്ങൾക്ക് മക്കയിലേക്ക് വഴികാട്ടാൻ ചിലരെ അയച്ചുതരണമെന്ന് ഇക്കൂട്ടരോട് പറയൂ'

അബ്റഹത്ത് ദ്വിഭാഷിയോട് പറഞ്ഞു: ദ്വിഭാഷി അക്കാര്യം  ത്വാഇഫുകാരെ അറിയിച്ചു അവർ കുറേ ആളുകളെ അയച്ചുകൊടുത്തു മക്കയിലേക്ക് വഴികാണിക്കാൻ

അബ്റഹത്തും സൈന്യവും മക്കയുടെ സമീപത്തെത്തി വിശാലമായ തമ്പുകൾ കെട്ടി താമസമാക്കി ഭക്ഷണം പാകം ചെയ്തു കഴിച്ചു മക്കക്കാരെ പ്രകോപിതരാക്കണമെന്ന് അബ്റഹത്തിന്നു തോന്നി അവൻ കുറേ കുതിരപ്പട്ടാളക്കാരെ അയച്ചു കുതിരപ്പട്ടാളക്കാർ മക്കയിലും പരിസരങ്ങളിലും സഞ്ചരിച്ചു ധാരാളം ഒട്ടകങ്ങളെ പിടിച്ചു കൊണ്ട് പോയി കൂട്ടത്തിൽ അബ്ദുൽ മുത്തലിബിന്റെ ഒട്ടകങ്ങളുമുണ്ടായിരുന്നു 

അബ്റഹത്ത് യമനിൽ നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന വിവരം കിട്ടിയതോടെ മക്കക്കാർ ദുഃഖിതരായി ഖുറൈശി നേതാക്കൾ അബ്ദുൽ മുത്തലിബിനെ കാണാൻ വന്നു കൊണ്ടിരുന്നു അവർ കാര്യം ഗൗരവമായി ചർച്ച ചെയ്തു
അബ്ദുൽ മുത്തലിബിന്റെ പുത്രന്മാരും ചർച്ചയിൽ പങ്കെടുത്തു
 
ബാപ്പയിൽ നിന്നും മക്കളിൽ നിന്നും വാർത്ത വീട്ടിലെ  സ്ത്രീകളിലേക്കും ഒഴുകിയെത്തി എല്ലാവരും പരിഭ്രാന്തരായി

അബ്സീനിയക്കാരനായ ഒരാക്രമി സൈന്യവുമായി വരിക കഅ്ബാലയം അക്രമിച്ചു നശിപ്പിക്കുക ധിക്കാരിയെ എതിർത്തു തോൽപിക്കാനാവാത്ത അവസ്ഥയിൽ നോക്കി നിൽക്കേണ്ടിവരിക എന്തൊരവസ്ഥയാണിത്?

അബ്ദുൽ മുത്തലിബിന്റെ  മാനസിക കരുത്ത് മറ്റുള്ളവർക്ക് ആത്മവിശ്വാസം പകർന്നു ഒരു ധിക്കാരിയെയും അല്ലാഹു വെറുതെ വിടുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ദൃഢമായ വിശ്വാസം

അബ്റഹത്ത് മക്കയുടെ അതിർത്തിയിലെത്തിയിട്ടുണ്ടെന്നും തമ്പ് കെട്ടി താമസം തുടങ്ങിയെന്നും അറിഞ്ഞതോടെ മക്കക്കാർ പരിഭ്രാന്തരായി അതിന്നിടയിലാണ് കുതിരപ്പട്ടാളക്കാർ മക്കയിൽ കടന്നതും ഒട്ടകങ്ങളെ കൂട്ടത്തോടെ പിടിച്ചു കൊണ്ട് പോയതും...... 

ഇനിയെന്തു ചെയ്യണമെന്നറിയാതെ എല്ലാവരും വിഷമിക്കുകയാണ്
ഒരു നാടാകെ അമ്പരന്നു നിൽക്കുകയാണ് ഒരു യുദ്ധത്തിന്നവർ സന്നദ്ധരാണ് പക്ഷെ, വിജയം പ്രതീക്ഷയില്ല രക്തപ്പുഴ ഒഴുക്കാമെന്നല്ലാതെ മറ്റൊരു ഗുണവുമില്ല യുവാക്കളും വൃദ്ധന്മാരും കഅ്ബാലയത്തിന്നു ചുറ്റും നിൽക്കുന്നു അപ്പോൾ ഒരു പടക്കുതിരയുടെ കുളമ്പടി ശബ്ദം കേട്ടു നോക്കിനിൽക്കെ യോദ്ധാവും അടുത്തെത്തി അയാളുടെ വേഷത്തിൽ നിന്നും അബ്റഹത്തിന്റെ സൈനികനാണെന്നെ വ്യക്തമായി

'എന്റെ പേര് ഹുനാനത്തുൽ ഹുമൈരി മഹാനായ അബ്റഹത്തിന്റെ ദൂതനാണ് നിങ്ങളുടെ നേതാവിനെ എനിക്കൊന്നു കാണണം ആരാണ് നിങ്ങളുടെ നേതാവ്?'

'അബ്ദുൽ മുത്തലിബ് '

'എവിടെ അയാൾ?'

ആളുകൾ ദൂതനെ അബ്ദുൽ മുത്തലിബിന്റെ സമീപത്തെത്തിച്ചു

'താങ്കളാണോ അബ്ദുൽ മുത്തലിബ് ?'

'അതെ'

'താങ്കളാണോ ഇവരുടെ നേതാവ്?'

'ങാ..... എങ്കിൽ ശ്രദ്ധിച്ചു  കേട്ടോളൂ  ... അബ്റഹത്തിന്ന് നിങ്ങളെ ഉപദ്രവിക്കണമെന്ന ആഗ്രഹമേയില്ല കഅ്ബ തകർക്കുക മാത്രമാണ് ലക്ഷ്യം അദ്ദേഹത്തെ തടയാൻ ശ്രമിച്ചാൽ ഇവിടെ രക്തപ്പുഴയൊഴുകും എന്താണ് നിങ്ങളുടെ തീരുമാനം? വേഗം പറഞ്ഞോളൂ'

'ഞങ്ങൾ ഒരു യുദ്ധത്തിന്ന് തയ്യാറല്ല'

നിങ്ങൾ ബുദ്ധിമാൻ തന്നെ അബ്റഹത്തിനോട് യുദ്ധം ചെയ്യാൻ ബുദ്ധിയുള്ളവർ തയ്യാറാവില്ല യുദ്ധത്തിനു തയ്യാറാവാത്ത അവസ്ഥയിൽ നിങ്ങൾക്ക് എന്റെ കൂടെ വന്ന്  അബ്റഹത്തിനെ സന്ദർശിക്കാം അതിന് ഒരു കുഴപ്പവുമില്ല ഒരു സൗഹൃദ സന്ദർശനം '

അബ്ദുൽ മുത്തലിബും ഏതാനും പുത്രന്മാരും ഖുറൈശി പ്രമുഖന്മാരും കൂടി ദൂതന്റെ കൂടെ യാത്രയായി മക്കയുടെ അതിർത്തിയിലുള്ള അബ്റഹത്തിന്റെ തമ്പിനു മുമ്പിൽ അവർ വന്നു നിന്നു ദൂതൻ അകത്തേക്കു പോയി 
അൽപം കഴിഞ്ഞ് അബ്ദുൽ മുത്തലിബിനും കൂട്ടർക്കും അകത്തേക്ക് വരാൻ അനുമതി കിട്ടി തന്റെ രാജകീയമായ കട്ടിലിൽ ഇരിക്കുകയായിരുന്നു അബ്റഹത്ത്

താഴെ വിരിച്ച വിരപ്പിൽ അബ്ദുൽ മുത്തലിബ് ചെന്നിരിക്കുന്നു അപ്പോൾ അബ്റഹത്ത് കട്ടിലിൽ നിന്നെഴുന്നേറ്റു അബ്ദുൽ മുത്തലിബിനോടൊപ്പം  വന്നിരുന്നു 

അബ്റഹത്ത് തന്റെ തർജ്ജമക്കാരോട് പറഞ്ഞു 
'മക്കയുടെ നേതാവിനോട് ചോദിക്കൂ അദ്ദേഹത്തിനെന്താണ് പറയാനുള്ളതെന്ന് ?'

തർജ്ജമക്കാരൻ അതേപോലെ ചോദിച്ചു അതിന്നു മറുപടിയായി അബ്ദുൽ മുത്തലിബ് ഇങ്ങനെ പറഞ്ഞു

'എന്റെ ഒട്ടകങ്ങളെ മടക്കിത്തരണം അത് പറയാനാണ് ഞാൻ വന്നത് '

തർജ്ജമക്കാരൻ അത് പരിഭാഷപ്പെടുത്തിക്കൊടുത്തു

'ഇരുന്നൂറ് ഒട്ടകങ്ങളുടെ കാര്യമാണോ ഇദ്ദേഹത്തിന്നു പറയാനുള്ളത് പള്ളിയെപ്പറ്റി ഒന്നും പറയാനില്ലേ?' 

അബ്റഹത്ത് അതിശയത്തോടെ ചോദിച്ചു 

'ഒട്ടകങ്ങളുടെ ഉടമസ്ഥൻ ഞാനാണ് അതിന്റെ കാര്യത്തിൽ എനിക്ക് വേവലാതിയുണ്ട് പള്ളിയുടെ ഉടമസ്ഥൻ ഞാനല്ല അതിന്നു ഒരു ഉടമസ്ഥനുണ്ട് അല്ലാഹുവിന്റെ പള്ളി സംരക്ഷിക്കാൻ ഏറ്റവും അർഹൻ അതിന്റെ ഉടമസ്ഥൻ തന്നെയാണ് അവനത് ഭംഗിയായി നിർവ്വഹിച്ചു കൊള്ളും'

'അദ്ദേഹത്തിന്റെ ഒട്ടകങ്ങളെ മടക്കിക്കൊടുക്കൂ'

അബ്റഹത്തിന്റെ കൽപന വന്നു ഒട്ടകങ്ങൾ മടക്കിക്കൊടുത്തു അബ്ദുൽ മുത്തലിബും കൂട്ടരും അബ്റഹത്തിന് സമീപത്തുനിന്നും മടങ്ങി 
കഅ്ബാലയത്തിന്റെ പരിസരത്തും വീടുകളിലും ഉൽക്കണ്ഠാ കുലരായി ആളുകൾ കാത്തുനിൽക്കുകയായിരുന്നു അബ്ദുൽ മുത്തലിബും കൂട്ടരും മടങ്ങി വരുന്നത് കണ്ടപ്പോൾ ആളുകൾ സമീപത്തേക്കോടി


കുഞ്ഞ് പിറന്നു

അബ്ദുൽ മുത്തലിബും, പുത്രന്മാരും ഖുറൈശി പ്രമുഖരുമെല്ലാം ആ രാത്രിയിൽ കഅ്ബാലയത്തിന്നു മുമ്പിൽ വന്നു നിന്നു വാതിലിന്റെ വട്ടക്കണ്ണി പിടിച്ചു കൊണ്ട് അല്ലാഹുവിനോട് കരഞ്ഞ് പ്രാർത്ഥിക്കാൻ തുടങ്ങി

'സർവ്വശക്തനായ അല്ലാഹുവേ നിന്റെ പരിശുദ്ധമായ ഭവനമാണിത് ഇത് തകർക്കാൻ വേണ്ടി അബ്റഹത്തും സൈന്യവും വന്നിരിക്കുന്നു ഞങ്ങൾക്കവരെ തടഞ്ഞു നിർത്താൻ ശക്തിയില്ല നീ ശക്തനാണ് നിന്റെ ശക്തിക്കു മുമ്പിൽ അബ്റഹത്ത് ഒന്നുമല്ലെന്ന് ഞങ്ങൾക്കറിയാം ഞങ്ങളുടെ കഴിവുകേടിന്ന് ഞങ്ങളോട് പൊറുക്കേണമേ നിന്റെ ഭവനത്തെ നീ തന്നെ കാത്തുരക്ഷിക്കേണമേ '

നിശയുടെ നിശ്ശബ്ദതയിൽ അവർ ഖൽബ് തുറന്നു തേടി 
പ്രാർത്ഥനക്കു ശേഷം നേതാവ് അനുയായികളോട് പറഞ്ഞു
'നാളെ രാവിലെ അബ്റഹത്തും സൈന്യവും മക്കാപട്ടണത്തിൽ പ്രവേശിച്ചേക്കും അതിന്നുമുമ്പായി എല്ലാവരും സ്ഥലം വിടണം വീടുകളിൽനിന്നൊക്കെ ആളുകൾ ഒഴിഞ്ഞുപോവണം ആരും ഇവിടെ തങ്ങരുത് '

ആർക്കും അന്ന് രാത്രി ഉറക്കമില്ല ആളുകൾ മുഴുവൻ ദുഃഖാകുലരാണ് എല്ലാവരും മക്കവിട്ടുകൊണ്ടിരിക്കുന്നു

പാതിരാത്രിയിൽ അബ്ദുൽ മുത്തലിബിന്റെ വീട്ടുകാർ വീടുവിട്ടിറങ്ങി ആർക്കും ഒന്നും പറയാനില്ല എല്ലാവരും നിശ്ശബ്ദരാണ് കൈയിൽ പിടിക്കാവുന്ന സാധാനങ്ങളുമായി എല്ലാവരും മലഞ്ചെരുവിലേക്ക് നടക്കുന്നു
ഉറക്കമില്ലാത്ത രാത്രി കടന്നുപോയി വെപ്രാളം പിടിച്ച മനസ്സുമായി പ്രഭാതം വിടരുന്നത് നോക്കിനിന്നു ഏതോ വിപത്ത് ആവരണം ചെയ്യപ്പെട്ടതുപോലെ ഓരോരുത്തർക്കും തോന്നി ഖൽബുകൾ ഭക്തിനിർഭരമാണ് പലരും പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു 

അബ്റഹത്ത് സൈന്യത്തിന് കൽപന നൽകി 

'മക്കയിൽ പ്രവേശിക്കുക കഅ്ബ തകർക്കുക '

അവർ കഅ്ബാലയം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി പെട്ടെന്ന് ആകാശത്ത് ഒരു കൂട്ടം പക്ഷികൾ പ്രത്യക്ഷപ്പെട്ടു കടലിന്റെ ഭാഗത്തുനിന്നാണവ പറന്നു വന്നത് ചുട്ടുപഴുത്ത കളിമൺ കല്ലുകൾ കൊത്തിയെടുത്തുകൊണ്ടാണവയുടെ വരവ് കല്ലുകൾ താഴേക്കിട്ടു ഒരു കല്ല് രണ്ട് കാലുകളിൽ ഓരോ കല്ല് കല്ലുകൾ താഴെക്കിട്ടു സൈന്യം തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി കല്ലുകളുടെ വീഴ്ചയിൽ പരക്കം പായുകയാണവർ നിരവധി പേർ മരിച്ചു വീണു ബാക്കിയുള്ളവർ പിന്തിരിഞ്ഞോടി ധിക്കാരിയായ അബ്റഹത്ത് നശിച്ചു അല്ലാഹു കഅ്ബാലയത്തെ രക്ഷിച്ചു 

ഈ സംഭവത്തെ ആനക്കലഹം എന്നു വിളിക്കുന്നു മക്കയെ നടുക്കിയ സംഭവം ഈ സംഭവം മുതൽ അവർ കണക്കുകൂട്ടാൻ തുടങ്ങി  'ആമുൽ ഫീൽ' എന്ന പേര് പ്രസിദ്ധമായി

ദിവസങ്ങൾ കടന്നുപോയപ്പോൾ മക്കക്കാർക്ക് ആനക്കലഹം ഒരു കഥമാത്രമായിത്തീർന്നു സന്ധ്യാനേരങ്ങളിൽ ഒത്തുകൂടുമ്പോൾ ഖുറൈശി യുവാക്കൾ ആനക്കലഹത്തിന്റെ കഥപറയും വീട്ടുമുറ്റത്ത് വട്ടത്തിലിരുന്ന് പെണ്ണുങ്ങൾ ആനക്കലഹ സ്മരണകൾ അയവിറക്കും 

മക്കയുടെയും കഅ്ബാലയത്തിന്റെയും പ്രശസ്തി നാടെങ്ങും പരന്നു അല്ലാഹു വിശുദ്ധ ഭവനത്തെ രക്ഷിച്ചു മക്കയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചു
'അബ്ദുൽ മുത്തലിബിന് അല്ലാഹു എന്തെല്ലാം അനുഗ്രഹങ്ങൾ ചെയ്തുകൊടുത്തിരിക്കുന്നു അതിശയകരമായ അനുഗ്രഹങ്ങൾ തന്നെ....' എല്ലാ കഥപറച്ചിലുകാരും എന്നും പറയുന്ന വാചകം

എത്ര കാലമായി സംസം മറഞ്ഞു കിടക്കുകയായിരുന്നു  അല്ലാഹു അബ്ദുൽ മുത്തലിബ് മുഖേന സംസം വെളിപ്പെടുത്തി തന്നില്ലേ?

ഉമ്മമാർ മക്കൾക്ക് അക്കഥ പറഞ്ഞു കൊടുത്തു കുട്ടികൾ കാതും കൂർപ്പിച്ചിരുന്ന് ആവേശപൂർവ്വം ആ കഥ കേട്ടു 

വിശാലമായ മരുഭൂമിയിൽ ദാഹിച്ചു മരിക്കാറായപ്പോൾ അല്ലാഹു ശുദ്ധജലത്തിന്റെ ഉറവ ഒഴുക്കികൊടുത്തില്ലേ?

കുട്ടികൾ ഉമ്മമാരിൽനിന്നും സഹോദരിമാരിൽനിന്നും ആ കഥയും കേട്ടു പഠിച്ചു കുഞ്ഞുങ്ങൾ അബ്ദുൽ മുത്തലിബിന്റെ പേര് ആദരവോടെ ഉരുവിടാൻ തുടങ്ങി ഇളം മനസ്സിൽ ആ പേര് പതിഞ്ഞു കഴിഞ്ഞു ഒരിക്കലും മാഞ്ഞുപോവാത്ത പേര് അബ്ദുൽ മുത്തലിബ് ബ്നു ഹാശിം

ബലിയറുക്കാൻ കൊണ്ടുപോയ അബ്ദുല്ലയെന്ന മകനെ അല്ലാഹു രക്ഷപ്പെടുത്തിയില്ലേ?  

മുതിർന്നവരിൽനിന്നും ഇളംതലമുറ ആ കഥയും കേട്ടു  

അബ്റഹത്തും കൂട്ടരും കഅ്ബ പൊളിക്കാൻ വന്നപ്പോൾ അതു തടയേണ്ട ചുമതല അബ്ദുൽ മുത്തലിബിനായിരുന്നു അദ്ദേഹം അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ചു ആ പ്രാർത്ഥന അല്ലാഹു കേട്ടു കഅ്ബാലയത്തെ അല്ലാഹു രക്ഷിച്ചു ശത്രുക്കളെ നശിപ്പിച്ചു  

അബ്ദുൽ മുത്തലിബിന്റെ മഹത്വം ഒന്നുകൂടി വർദ്ധിച്ചു 

വളരെ ആദരവോടുകൂടിയല്ലാതെ ആർക്കും ആ പേര് ഓർമ്മിക്കാനിവില്ല ആ പേര് മക്കയുടെ ചരിത്രത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു ഭാര്യമാർക്കും സന്താനങ്ങൾക്കും അദ്ദേഹത്തോടുള്ള ആദരവ് വർദ്ധിച്ചു കൊണ്ടിരുന്നു 
ആമിന കട്ടിലിൽ കിടന്നു കൊണ്ട് ചുറ്റും നോക്കി ഖുറൈശി ഗോത്രത്തിലെ കുലീന വനിതകൾ പലരും തന്റെ കട്ടിലിന്നു ചുറ്റും നിൽക്കുന്നു ബനൂ ഹാശിം വംശത്തിലെ അനേകം സ്ത്രീകളുമുണ്ട്  കണ്ണടച്ചു കിടക്കുമ്പോൾ അബ്ദുല്ലയുടെ മുഖം തെളിഞ്ഞു വരുന്നു 

ബലി കൊടുക്കാൻ കൊണ്ടുപോയ അബ്ദുല്ല ബലിയിൽനിന്ന് രക്ഷപ്പെട്ടു വരുന്ന അബ്ദുല്ലയുടെ മുഖം പിന്നീടുള്ള ദിവസങ്ങളിൽ കണ്ടിട്ടുള്ള വ്യത്യസ്തമായ മുഖഭാവങ്ങൾ ഒടുവിൽ യാത്ര ചോദിക്കാൻ വന്ന രംഗം അതോർക്കുമ്പോൾ കണ്ണുകൾ നിറയുന്നു മനോഹരമായ കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകുന്നു 

അതു കാണുമ്പോൾ കൂടിനിൽക്കുന്നവർക്ക് വെപ്രാളം

'മോളേ...' ഫാത്തിമയുടെ വിളി

'മോളേ...' സംറാഇന്റെ വെപ്രാളത്തോടുള്ള വിളി 

ഹാലയുടെ കരസ്പർശം വല്ലാത്ത അനുഭൂതി 

ശാന്തമായ രാത്രി എന്തെല്ലാം സ്വപ്നങ്ങൾ മധുരസ്വരത്തിലുള്ള സംസാരം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം 

തന്നിൽനിന്നും വല്ലാത്തൊരു പ്രകാശം പരക്കുന്നതായി ആമിനക്കു തോന്നി അത് ഭൂമിയിലെങ്ങും വ്യാപിക്കുകയാണല്ലോ

കണ്ണിന്റെ മറ നീങ്ങിയതുപോലെ തോന്നുന്നു വളരെ വിദൂരതയിലേക്കു നോക്കാനും കാണാനും കഴിയുന്നു ബസ്റായിലെ കോട്ടകൾ വരെ കണ്ടു വിശാലമായ മരുഭൂമിയിൽ തലനീട്ടിനിൽക്കുന്ന ഒട്ടകങ്ങളെ കണ്ടു 
ആകാശത്തുനിന്നും നക്ഷത്രങ്ങൾ താഴ്ന്നുവരുന്നു ഭൂമിയിൽ ശക്തമായ പ്രകാശം പരക്കുന്നു കൂടിനിൽക്കുന്ന പെണ്ണുങ്ങൾക്കും എന്തൊക്കെയോ അത്ഭുതങ്ങൾ സംഭവിക്കുന്നതുപോലെ അനുഭവപ്പെട്ടു 
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം 

കുഞ്ഞ് പിറന്നു അഴകേറിയ കുഞ്ഞ് 

പെണ്ണുങ്ങൾ ആവേശപൂർവ്വം കുഞ്ഞിന്റെ സമീപത്തേക്ക് തിക്കിത്തിരക്കി വന്നു കുഞ്ഞിനെകണ്ട് അവരൊക്കെ അത്ഭുതപ്പെട്ടു
 
നേരം പുലർന്നിരിക്കുന്നു സന്തോഷവാർത്തയുമായി ഒരാൾ കഅ്ബയുടെ സമീപത്തേക്കോടി അവിടെ അബ്ദുൽ മുത്തലിബും പുത്രന്മാരും ഖുറൈശി പ്രമുഖരുമൊക്കെ കുടിയിരിക്കുന്നു അബ്ദുൽ മുത്തലിബിന്റെ മനസ്സിൽ അബ്ദുല്ലയുടെ മുഖം തെളിഞ്ഞു മനസ്സിൽ ദുഃഖം അലയിളകി
 
സന്തോഷവാർത്തയുമായി വന്ന ആൾ അബ്ദുൽ മുത്തലിബിന്ന് സലാം ചൊല്ലി 
'ഞാനൊരു സന്തോഷ വാർത്തയുമായി വരികയാണ് '

'എന്താണ് പറയൂ'

'നിങ്ങൾക്കൊരു കുഞ്ഞ് പിറന്നിരിക്കുന്നു വരൂ അവനെ വന്നു കാണൂ '

'അബ്ദുല്ലയുടെ മകൻ പിറന്നു എന്നാണോ നീ പറയുന്നത്?'

'അതെ ആമിന പ്രസവിച്ചു '

അബ്ദുൽ മുത്തലിബിന്റെ മുഖത്ത് സന്തോഷം ഇരച്ചുകയറി ചാടിയെണീറ്റ് വളരെ വേഗതയിൽ നടന്നു പുത്രന്മാരും അദ്ദേഹത്തോടൊപ്പം ധൃതിയിൽ നടന്നു ആമിനയുടെ വീട്ടിലെത്തുന്നതുവരെ അവർക്ക് മറ്റൊരു കാര്യത്തിലും ശ്രദ്ധയുണ്ടായിരുന്നില്ല മനസ്സിൽ ആമിനയും കുഞ്ഞും മാത്രം 

അബ്ദുൽ മുത്തലിബ് വീട്ടിനകത്തേക്ക് കടന്നു തിങ്ങിക്കൂടി നിന്ന പെണ്ണുങ്ങൾ വഴിമാറിക്കൊടുത്തു കുഞ്ഞിനെ കണ്ടതും മനസ്സ് നിറയെ സന്തോഷം വല്ലാത്തൊരു ശാന്തതയും സമാധനവും അനുഭവപ്പെട്ടു 

പെണ്ണുങ്ങൾ കുഞ്ഞിനെ അബ്ദുൽ മുത്തലിബിന്റെ കൈയിൽ കൊടുത്തു അദ്ദേഹം ഉറക്കെപ്പറഞ്ഞു

'ഞാൻ ഇവന്ന് മുഹമ്മദ് എന്ന് പേരിടുന്നു'

അത് കേട്ടപ്പോൾ ആമിന പറഞ്ഞു

'അവന്ന് അഹ്മദ് എന്ന് പേരിടാൻ സ്വപ്നത്തിൽ എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നു'

അപ്പോൾ അബ്ദുൽ മുത്തലിബ് പറഞ്ഞു

'ഇവൻ മുഹമ്മദും അഹ്മദുമാകുന്നു '

തന്റെ പ്രിയപ്പെട്ട പൗത്രനുവേണ്ടി എന്തൊക്കെയോ സൽക്കർമ്മങ്ങൾ ചെയ്യണമെന്ന് അദ്ദേഹത്തിനു തോന്നി 

മക്കാ പട്ടണത്തിലെ നിവാസികൾക്കു വേണ്ടി അദ്ദേഹം ഒരു ഒട്ടകത്തെ അറുത്തു മലഞ്ചെരുവിൽ താമസിക്കുന്നവർക്കുവേണ്ടി മറ്റൊരു ഒട്ടകത്തെ അറുത്തു മലയുടെ മുകളിൽ വെച്ചു മറ്റൊരു ഒട്ടകത്തെയും അറുത്തു അനവധി പേർക്കു ഭക്ഷണം ലഭിച്ചു

എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അബ്ദുൽ മുത്തലിബിന്റെ സന്തോഷം സംറാഉം ഫാത്തിമയും ഹാലയുമെല്ലാം ആ സന്തോഷത്തിൽ പങ്കുചേർന്നു 

ആമിന തന്റെ കുഞ്ഞിനു മുലകൊടുത്തു കുഞ്ഞ് സന്തോഷം പ്രകടിപ്പിച്ചു ആമിനയുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു

'സുവൈബ' എന്ന അടിമസ്ത്രീയും കുഞ്ഞിനു മുലകൊടുത്തു ഹാലയുടെ മകൻ ഹംസാക്കും ഈ സ്ത്രീ മുലകൊടുത്തിട്ടുണ്ട്

ബനൂ സഅ്ദ് ഗോത്രക്കാരായ സ്ത്രീകൾ നവജാത ശിശുക്കളെ അന്വേഷിച്ചു മക്കയിൽ വരുമായിരുന്നു ബനൂഹാശിം കുടുംബത്തിലെ കുഞ്ഞുങ്ങളെ അവർ വളർത്താറുണ്ട്

ഗ്രാമത്തിലെ ശുദ്ധമായ അന്തരീക്ഷത്തിൽ വളരുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ് ഗ്രാമത്തിലാണെങ്കിൽ ശുദ്ധ അറബിയാണ് സംസാരിക്കുന്നത്

ഒരു ദിവസം സ്ത്രീകൾ മക്കയിൽ വന്നു അവർ ആമിനയുടെ വീട്ടിലും വന്നു കുഞ്ഞിനെ അവർക്കിഷ്ടപ്പെട്ടു പിതാവ് ജീവിച്ചിരിപ്പില്ലെന്നറിഞ്ഞപ്പോൾ അവരൊക്കെ ഇറങ്ങിപ്പോയി അക്കൂട്ടത്തിൽ ഹലീമയെന്ന മെലിഞ്ഞൊട്ടിയ ഒരു സ്ത്രീയും ഉണ്ടായിരുന്നു 

മക്കയിലെല്ലാം ചുറ്റി നടന്നു അവർ കുഞ്ഞുങ്ങളെ സ്വീകരിച്ചു എല്ലാവർക്കും കുഞ്ഞുങ്ങളെ കിട്ടി ഹലീമക്കു മാത്രം കിട്ടിയില്ല വൈകുന്നേരമായപ്പോൾ അവർ തന്റെ ഭർത്താവായ ഹാലിസ് ബ്നു അബ്ദുൽ ഉസ്സയോട് സങ്കടം പറഞ്ഞു:

'എല്ലാവർക്കും കുഞ്ഞുങ്ങളെ കിട്ടി എല്ലാവരും സന്തോഷത്തോടെ മടങ്ങിപ്പോവാൻ ഒരുങ്ങുകയാണ് നമുക്കുമാത്രം കുഞ്ഞുങ്ങളെ കിട്ടിയില്ല '
'എന്തുചെയ്യാം' ഭർത്താവ് കൈമലർത്തി

'ഒരു കുഞ്ഞ് ബാക്കിയുണ്ട് അവന്റെ പിതാവ് ജീവിച്ചിരിപ്പില്ല നല്ല പ്രതിഫലം കിട്ടാനുള്ള സാധ്യത കാണുന്നില്ല ആ കുട്ടിയെ നമ്മൾ സ്വീകരിച്ചാലോ?'

'എനിക്ക് വിരോധമൊന്നുമില്ല'

അവർ വീണ്ടും ആമിനയുടെ വീട്ടിലെത്തി കുഞ്ഞിനെ ആവശ്യപ്പെട്ടു ആമിന പൊന്നുമോനെ കൈയിലെടുത്തു  ഇളം കവിളിൽ ചുംബിച്ചു അതിനുശേഷം ഹലീമയുടെ കൈകളിൽ വെച്ചുകൊടുത്തു

ഹലീമയുടെ മനസ്സിൽ തണുപ്പുവീണു കൈഞ്ഞിനെയുംകൊണ്ട് ഒട്ടകപ്പുറത്ത് കയറിയപ്പോൾ അത് വളരെ വേഗം നടക്കാൻ തുടങ്ങി

അവർ സ്വന്തം ഗ്രാമത്തിലെത്തി ഹലീമയുടെ മകൾ ശൈമ കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു അവൾക്ക് കുഞ്ഞിനെ ജീവനായിരുന്നു  വിട്ടുപിരിയാനാവാത്ത സ്നേഹബന്ധം ശൈമയുടെ ലാളനയിൽ കുഞ്ഞ് വളർന്നു 

ഹലീമക്കും കുടുംബത്തിനും അല്ലാഹു വളരെയേറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊടുത്തു ആടുകൾ തടിച്ചുകൊഴുത്തു ധാരാളം പാൽ കിട്ടി ഒട്ടകങ്ങളും തടിവെച്ചു ഈന്തപ്പനകളിൽ ധാരാളം കുലകൾ നിറയെ പഴം
ആ കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും അവസ്ഥ വളരെ മെച്ചപ്പെട്ടു അവരുടെ സാമ്പത്തികവും ആരോഗ്യപരമായ നില വളരെ ഉയർന്നു എല്ലാവരും കുഞ്ഞിനെ അതിരറ്റ് സ്നേഹിച്ചിരുന്നു


അബവാഇലെ ദുഃഖം

ഹാല ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു ആ വലിയ കുടുംബത്തിൽ അതും ഒരു വലിയ വാർത്തയായിരുന്നു
 
ഹാല പ്രസവിച്ചു എന്നതാണ് പ്രധാന കാര്യം വാർദ്ധക്യത്തിലേക്ക് കടന്ന അബ്ദുൽ മുത്തലിബിന്ന് ഏറ്റവും പ്രായം കുറഞ്ഞ ഭാര്യയിൽ ജനിച്ച കുഞ്ഞ് ആ പെൺകുഞ്ഞിന്റെ ജനനവും അദ്ദേഹത്തെ വളരെയേറെ സന്തോഷിപ്പിച്ചു 
സംറാഉം, ഫാത്തിമയും, നുത്തൈലയും അവരുടെ മക്കളുമെല്ലാം ഹാലയുടെ വീട്ടിൽ ഓടിയെത്തി നവജാതശിശുവിനെ താലോലിച്ചു കുഞ്ഞിന്റെ രൂപലാവണ്യം അവരെ സന്തോഷിപ്പിച്ചു 

കുഞ്ഞിന്ന് പേരിട്ടു സഫിയ

സഫിയയെ ഓമനിക്കാൻ ഇത്താത്തമാരെത്ര ഇക്കാക്കമാരെത്രേ ഖബീലക്കാരിപ്പെണ്ണുങ്ങൾ കൂട്ടത്തോടെ വരും സഫിയയെ എടുത്തോമനിക്കും അവർ ഹാലക്ക് സമ്മാനങ്ങൾ കൊണ്ടുവരും

സഫിയായുടെ ജനനത്തോടെ അബ്ദുൽ മുത്തലിബിന്ന് യൗവ്വനം തിരിച്ചുവന്ന ആവേശമാണ്

'ഇവൾ എന്റെ പുന്നാരമോൾ ഇവൾ മിടുമിടുക്കിയായി വളർന്നു വരും' അബ്ദുൽ മുത്തലിബ് ഇളം കവിളുകളിൽ മുത്തം ചാർത്തി അത് നോക്കിനിന്നപ്പോൾ ഹാലയുടെ ഖൽബകം കുളിരണിഞ്ഞു

എല്ലാവരുടെയും കൺമണിയായിക്കൊണ്ട് സഫിയ വളർന്നു വരികയാണ് സംറാഇന്ന് കൂടെക്കൂടെ അവളെ കാണണമെന്നു തോന്നും ഹാലയുടെ വീട്ടിലേക്ക് വരും

'സഫിയ മോളേ... മോളിങ്ങ് വാ...'

സഫിയായെ കൈകളിൽ കോരിയെടുക്കും പിന്നെ കിന്നാര വർത്തമാനങ്ങൾ പറയും മോൾ മോണ കാട്ടിച്ചിരിക്കും ആ ചിരി കാണുമ്പോൾ സംറാഅ് എല്ലാ ദുഃഖങ്ങളും മറക്കും അവളോടൊപ്പമിരിക്കുമ്പോൾ നേരം  പോവുന്നതറിയുകയേയില്ല വാർദ്ധക്യകാലത്തിലേക്ക് നീങ്ങിയ സംറാഇന്റെ കളിക്കൂട്ടുകാരിയായി മാറിയിരിക്കുകയാണ് സഫിയ 

സഫിയ മോളേ ഹാലയുടെ കൈകളിൽ തിരിച്ചേൽപിച്ചു  മടങ്ങിപ്പോവുമ്പോൾ സംറാഇന്റെ കണ്ണുകൾ നനഞ്ഞിട്ടുണ്ടാവും അറിയാതെ നെടുവീർപ്പുയരും

മാതൃത്വത്തിന്റെ നൊമ്പരങ്ങൾ ഏറ്റുവാങ്ങിയ സ്ത്രീയാണല്ലോ അവർ മക്കളുടെ ജനനവും മരണവും കണ്ട മാതാവ് അതിന്റെ ആനന്ദവും ദുഃഖവും വേണ്ടുവോളം അനുഭവിച്ചുവല്ലൊ

സഫിയ മോൾ പിറന്നതോടെ അബ്ദുൽ മുത്തലിബിന്റെ യൗവ്വനം തിരിച്ചു കിട്ടിയിരിക്കുന്നുവെന്നാണ് ആളുകൾ പറയുന്നത് അദ്ദേഹത്തിന് ആകപ്പാടെ ഒരുന്മേഷം വന്നിരിക്കുന്നു എല്ലാ കാര്യത്തിലും നല്ല പ്രസരിപ്പ്
 
ഇടക്കിടെ ആമിനയെ കാണാൻ പോവും കുറെനേരം സംസാരിച്ചിരിക്കും
'മോന്റെ വല്ല വിവരവുമുണ്ടോ ? ഹലീമ ഈയിടെയെങ്ങാനും വന്നിരുന്നോ?'
'വന്നിരുന്നു പ്രതിഫലം കൊടുത്തയച്ചു '

മുലകൊടുക്കാൻ കുഞ്ഞുങ്ങളെ കൊണ്ടുപോയ സ്ത്രീകൾ ഇടക്കിടെ വരും പ്രതിഫലം വാങ്ങാൻ 

സംഭാഷണത്തിനിടയിൽ ആമിന ഒരാഗ്രഹം പ്രകടിപ്പിച്ചു

'യസ്രിബ് വരെ ഒന്നുപോയാൽ കൊള്ളാമയിരുന്നു '

ആ വാക്കുകൾ അബ്ദുൽ മുത്തലിബിന്റെ മനസ്സിൽ തട്ടി യസ്രിബിൽ പോകുന്നതെന്തിനാണെന്ന് അദ്ദേഹത്തിന് നന്നായറിയാം  

വേദന കലർന്ന സ്വരത്തിൽ അദ്ദേഹം മറുപടി നൽകി 

'യസ്രിബിൽ പോകണമെന്ന് എനിക്കും ആഗ്രഹമുണ്ട് മോളേ...'
'ബാപ്പയുടെ സൗകര്യം പോലെ മതി'

'ആട്ടെ... കുറച്ചു ദിവസം കൂടി കഴിയട്ടെ നമുക്കൊരുമിച്ചു പോവാം'

ആമിനയുടെ മനസ്സിൽ ആശയുദിച്ചിട്ട് ദിവസങ്ങൾ കുറെയായി തുറന്നു പറയാനാരു മടി പറഞ്ഞപ്പോൾ അനുകൂലമായ മറുപടി സമാധാനമായി

ഭർത്താവിന്റെ ഖബ്റിടം സൻന്ദിശിക്കുക അതാണിനി ആകെയുള്ള അഭിലാഷം യാത്ര പറയുമ്പോൾ ഉരുവിട്ട വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു അതൊന്നും ഒരിക്കലും മറക്കാനാവില്ല

കാത്തുകാത്തിരുന്ന ദിവസം വന്നു യസ്രിബിൽ പോവാനുള്ള ദിവസം ഇതിനിടയിൽ പലരും യസ്രിബിൽ പോയി വന്നു ഇനിയും പലരും പോവാനിരിക്കുന്നു ബന്ധുക്കൾക്കെല്ലാം യസ്രിബിൽ പോയി അബ്ദുല്ലായുടെ ഖബ്ർ സന്ദർശിക്കണം

ഒട്ടകപ്പുറത്ത് കയറി ഒട്ടകം നീങ്ങി ദീർഘയാത്ര ദിവസങ്ങൾക്കു ശേഷം അവർ യസ്രിബിലെത്തി ബനൂനജ്ജാർ ഗോത്രക്കാരുടെ താമസസ്ഥലത്തെത്തി 
അബ്ദുൽ മുത്തലിബിനെയും ആമിനെയും ബനൂനജ്ജാർ ഗോത്രക്കാർ ഹൃദ്യമായി സ്വീകരിച്ചു 

അബ്ദുൽ മുത്തലിബ് അവർക്ക് ശൈബയാണ് 

സൽമയുടെ മകൻ ശൈബ എട്ട് വയസുവരെ ശൈബ വളർന്നത് യസ്രിബിലാണ് അന്നത്തെ ശൈബ ഇന്നത്തെ വൃദ്ധനായ അബ്ദുൽ മുത്തലിബായി വന്നിരിക്കുന്നു 

പ്രിയ പുത്രന്റെ ഖബ്റിടം സന്ദർശിക്കാൻ ബനൂനജ്ജാർ ഗോത്രത്തിലെ ചെറുപ്പക്കാരെ കാണുമ്പോൾ അബ്ദുൾ മുത്തലിബിന് വിസ്മയം ബന്ധുക്കളുടെ മക്കൾ

അബ്ദുൽ മുത്തലിബിന്റെ മനസ്സിൽ ബാല്യകാല സ്മരണകൾ തെളിഞ്ഞു വരികയാണ് മകന്റെ ഖബ്റിന്നു മുമ്പിൽ വന്നു നിന്നപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയി 

ആമിനയുടെ കാര്യം പറയാനില്ല കണ്ണീരും നെടുവീർപ്പും തന്നെ ദുഃഖം മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ നന്നെ പാടുപെടുന്നുണ്ട്

ബനൂനജ്ജാറിലെ സ്ത്രീകൾ ആമിനയോട് വളരെയേറെ സംസാരിച്ചു 'ഖാഫിലക്കാർ യസ്രിബിലെത്തുമ്പോൾ അബ്ദുല്ല വളരെ ക്ഷീണിതനായിരുന്നു രോഗം കൂടിക്കൂടി വന്നു പല മരുന്നുകളും കൊടുത്തു പേരെടുത്ത  വൈദ്യന്മാർ വന്നു ചികിത്സിച്ചു നല്ല പരിചരണം നൽകി  എന്തുചെയ്യാം വിധി മറിച്ചായിരുന്നു ' 

ആമിന കണ്ണീരിൽ കുതിർന്ന കഥകേട്ടു

കുറേ ദിവസങ്ങൾ അവിടെ തങ്ങിയ ശേഷം ആമിനയും  അബ്ദുൽ മുത്തലിബും മക്കയിലേക്ക് മടങ്ങാൻ ഒരുങ്ങി 

'ആമിനാ.... ഇനിയെന്നാണ് കാണുക'

'അല്ലാഹുവിന്റെ വിധിയുണ്ടെങ്കിൽ അടുത്ത വർഷം വരാം നമുക്ക് നേരിൽ കാണാം '

അവർ മടങ്ങി ബന്ധുക്കൾ ദുഃഖത്തോടെ യാത്ര അയച്ചു  ഇടക്കിടെ ബന്ധുക്കൾ യസ്രിബിൽ വരും ഖബ്ർ സിയാറത്ത് നടത്തും  ബന്ധുക്കളോടൊപ്പം കുറേ നാൾ താമസിച്ചിട്ട് തിരിച്ചു പോവും കാലം വളരെ വേഗം കടന്നുപോയി ആറ് വർഷങ്ങൾ  

പൊന്നോമനയേയുംകൊണ്ട് ഹലീമബീവി(റ) വന്നു 

'ഞങ്ങൾക്കൊക്കെ പൊന്നുമോനെ പിരിഞ്ഞിരിക്കാൻ വളരെ പ്രയാസമാണ് എന്നാലും കൊണ്ടുവരാതെ പറ്റില്ലല്ലോ'

ഹലീമബീവി(റ) യുടെ മക്കൾക്കൊക്കെ വലിയ പ്രയാസമായിരുന്നു വേർപാടിന്റെ വല്ലാത്ത വേദന അവരൊക്കെ അനുഭവിച്ചു മോനെ കെട്ടിപ്പിടിച്ചു കവിളുകളിൽ ചുംബിച്ചു കണ്ണുനീരോടെ ഹലീമ(റ) മടങ്ങിപ്പോയി 

ആമിന(റ) പൊന്നുമോനെ കെട്ടിപ്പിടിച്ചു സ്നേഹവും വാത്സല്യവും കരകവിഞ്ഞൊഴുകുകയാണ്

'പൊന്നുമോനേ.... മോന് ബാപ്പയുടെ ഖബ്റിടം കാണണ്ടേ? നമുക്ക് യസ്രിബിൽ പോവണ്ടേ?'

ഒരിക്കൽ അബ്ദുൽ മുത്തലിബ് കയറി വന്നു മകനെക്കണ്ടതും അദ്ദേഹത്തിന്റെ നയനങ്ങൾ നിറഞ്ഞൊഴുകി വർദ്ധിച്ച സന്തോഷത്തോടെ മകനെ കെട്ടിപ്പുണർന്നു ഒരുപാട്  കാര്യങ്ങൾ ചോദിച്ചു എല്ലാ ചോദ്യങ്ങൾക്കും സുന്ദരമായ ഭാഷയിൽ മറുപടി നൽകി  അബ്ദുൽ മുത്തലിബിന്റെ അതിശയം വർദ്ധിച്ചു 

സംഭാഷണ മദ്ധ്യെ ആമിന(റ) ഒരാഗ്രഹം പ്രകടിപ്പിച്ചു

'മോനെയും കൊണ്ട് യസ്രിബിൽ പോയാൽ കൊള്ളാമായിരുന്നു ' അതു കേട്ടപ്പോൾ അബ്ദുൽ മുത്തലിബിനും സന്തോഷം 

'അത് നല്ലതാണ് അവിടത്തെ നമ്മുടെ ബന്ധുക്കൾക്കും മോനെ കാണാമല്ലോ മോന് ബാപ്പയുടെ ഖബ്ർ കാണുകയും ചെയ്യാം ' 

'ഉമ്മു ഐമനും വന്നോട്ടെ'

'അങ്ങനെയാവട്ടെ'

ഒരു സ്വപ്നം കൂടി സാക്ഷാൽക്കരിക്കപ്പെടുന്നു ആമിന ബീവി(റ)യും കൊച്ചുമകനും അബ്ദുല്ലയുട ഖബ്റിന്നരികിൽ വന്നുനിന്നു

ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആറു വയസ്സുകാരൻ നോക്കിനിന്നു ഉമ്മയുടെ കരച്ചിൽ സഹിക്കാനായില്ല മകനും കരഞ്ഞുപോയി ഉമ്മുഐമനും കരഞ്ഞു

മടങ്ങാൻ നേരമായി മോനേ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു പിരിയാൻ വലിയ വിഷമം ഇവിടത്തെ കുട്ടികളോടൊപ്പം കളിച്ചു രസിച്ചു ദുഃഖവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ 

ആമിനബീവി(റ)യും പൊന്നുമോനും ഉമ്മുഐമനും യസ്രിബിനോട് യാത്ര പറഞ്ഞു കുറേ ദൂരം യാത്ര ചെയ്തു

അബവാഅ് എന്ന സ്ഥലത്തെത്തി പെട്ടെന്ന് ഉമ്മാക്കു ക്ഷീണം തോന്നി വല്ലാത്ത തളർച്ച അവിടെ ഇറങ്ങി വിശ്രമിച്ചു എല്ലാം അവസാനിക്കുകയാണോ?

'ഞാനെങ്ങാൻ മരിച്ചുപോയാൽ ഈ പൊന്നുമോനെ അവന്റെ ഉപ്പൂപ്പായുടെ കൈയിൽ കൊണ്ടുപോയി ഏൽപിക്കണേ....'

കൊച്ചുമോനെ ഉമ്മുഐമന്റെ കൈയിൽ വെച്ചുകൊടുത്തു കൊണ്ട് മാതാവ് പറയുന്നു

സഹിക്കാൻ കഴിയുന്ന വാക്കുകളാണോ? ബൽബകം തകർന്നു പോവില്ലേ? എന്തൊരു വാക്ക്?

ഉമ്മ  കിടന്ന കിടപ്പിൽനിന്ന്   എഴുന്നേറ്റില്ല കണ്ണുകൾ അടഞ്ഞുപോയി എന്നെന്നേക്കുമായി

ഇനിയുള്ള യാത്രയിൽ ഉമ്മയുടെ കൂട്ടില്ല ഓർക്കുംതോറും സങ്കടം കൂടിക്കൂടിവരുന്നു ഉമ്മയുടെ ഖബറടക്കൽ നടന്നു അബവാഇൽ 
അബ്ദുൽ മുത്തലിബിന് സഹിക്കാനാവാത്ത ദുഃഖം മകനെ കെട്ടിപ്പിടിച്ചു കരഞ്ഞു ഈ പൊന്നുമോന്റെ വിധി ജനിക്കും മുമ്പെ പിതാവ് മരണപ്പെട്ടു ആറാം വയസ്സിൽ ഉമ്മയും മരണപ്പെട്ടു

ഇനി ഈ കുട്ടിയെ രക്ഷിക്കാൻ താൻ മാത്രം ബാപ്പയും ഉമ്മയുമില്ലാത്ത കുഞ്ഞ് തന്റെ മക്കളെക്കളേറെ ആ മകനെ സ്നേഹിച്ചുപോയി 

ഒരുപാത്രത്തിൽ നിന്നാണവർ ഭക്ഷണം കഴിക്കുന്നത് ഒരേ വിരിപ്പിലാണുറങ്ങുന്നത് എങ്ങോട്ട് നടക്കുമ്പോഴും മകൻ കൂടെക്കാണും കഅ്ബാലയത്താന്റെ മുമ്പിൽ അബ്ദുൽ മുത്തലിബിന്നു വേണ്ടി ഒരു പ്രത്യേക വിരിപ്പ് വിരിക്കാറുണ്ട് മക്കയുടെ  നായകന്ന് ഇരിക്കാനുള്ള വിരിപ്പ് അതിൽ മറ്റാരും ഇരിക്കാറില്ല മക്കളോ പേരക്കുട്ടികളോ ഒന്നും തന്നെ  ഈ മകൻ ഉപ്പൂപ്പയോടൊപ്പം അതേ വിരിപ്പിലാണിരിക്കുന്നത് അവർ തമ്മിലുള്ള അടുപ്പം എല്ലാവരേയും അതിശയിപ്പിക്കും വിധത്തിലായിരുന്നു

'ഇത് വല്ലാത്തൊരു സ്നേഹബന്ധം തന്നെ '

എല്ലാവരും അഭിപ്രായം പറയാൻ തുടങ്ങി മക്കളും മരുമക്കളും പേരക്കിടാങ്ങളുമെല്ലാം അഭിപ്രായ പ്രകടനങ്ങൾ കേൾക്കുന്നു അവരും അതേക്കുറിച്ചു ചിന്തിക്കുന്നു

പക്ഷേ, ഒന്നും പറയാൻ വയ്യ അബ്ദുൽ മുത്തലിബിനെ എതിർക്കാനോ കുറ്റപ്പെടുത്താനോ ആർക്കും ധൈര്യമില്ല അബ്ദുല്ലയോടും ആമിനയോടും എല്ലാവർക്കും വലിയ സ്നേഹവുമായിരുന്നു അവരുടെ ഏക മകൻ ആ മകനെ വൃദ്ധനായ ഉപ്പൂപ്പ കണക്കിലേറെ ഇഷ്ടപ്പെട്ടുപോയെങ്കിൽ അതിലെന്തുപറയാൻ

അബ്ദുൽ മുത്തലിബിന്ന് ഊണിലും ഉറക്കിലും മോനെപ്പറ്റിയുള്ള ചിന്തമാത്രം ആ രീതിയിൽ രണ്ട് വർഷങ്ങൾ കടന്നുപോയി


ഹാരിസ്

സംറാഅ് ദുഃഖത്തിന്റെ പ്രതീകംപോലെ കട്ടിലിൽ കിടക്കുന്നു അസഹ്യമായ ദുഃഖം അവരെ തീർത്തും തളർത്തിയിരിക്കുന്നു അവരെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ല സ്ത്രീകളും പുരുഷന്മാരും വീട്ടിൽ നിറയെ വന്നുകൂടിയിട്ടുണ്ട് ആർക്കാണ് സംറാഇനെ ആശ്വസിപ്പിക്കാൻ കഴിയുക
തന്റെ ഓമന മകനാണ് നഷ്ടപ്പെട്ടിരിക്കുന്നത്  ഇതെങ്ങനെ സഹിക്കും ? 

ഹാരിസ് മരണപ്പെട്ടു അവൻ മണ്ണിലേക്ക് മടങ്ങി  

അബ്ദുൽ മുത്തലിബിന്ന് ഒരു സ്വസ്ഥതയുമില്ല ഇടക്കിടെ കണ്ണുനീർ തുടക്കുന്നു നെടുവീർപ്പിടുന്നു  

തന്റെ മൂത്തമകൻ ഹാരിസ് അവനെ കണക്കില്ലാതെ സ്നേഹിച്ചുപോയി  സംസം കിണർ കുഴിക്കുന്ന കാലത്ത് അവൻ മാത്രമേ തനിക്കു കൂട്ടിനുണ്ടായിരുന്നുള്ളൂ ഖുറൈശികൾ ഇളകി വന്ന ദിവസം അവർ തന്നെയും മകനെയും ഉപദ്രവിക്കാൻ തുടങ്ങി 

അവരുമായി നല്ല വാക്കേറ്റം തന്നെ നടന്നു 

തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നുറപ്പായപ്പോൾ അവർ പിൻവാങ്ങി മൂന്നുദിവസത്തെ കഠിനാദ്ധ്വാനം കൊണ്ടാണ് കിണർ ശരിക്കും കണ്ടെത്തിയത്

ആ കിണറ്റിലെ വെള്ളമാണ് ഇന്ന് എല്ലാവരും പാനം ചെയ്യുന്നത് അത് കുടിക്കുന്നവർ എന്റെ ഹാരിസിനെ ഓർക്കുമോ?

പൊന്നുമോനേ..... നീ ഉമ്മ ബാപ്പമാരെ വിട്ടിട്ട് പോയല്ലോ അബ്ദുൽ  മുത്തലിബിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു ഹാരിസിന്റെ മരണം 

ഹാരിസിന്റെ മക്കൾ ആറ്  പേരാണ് അഞ്ച് ആണും ഒരു പെണ്ണും ആൺമക്കൾ അബൂസുഫ് യാൻ, നൗഫൽ, റബീഅത്ത്, മുഗീറത്ത്, അബ്ദുശ്ശംസ് എന്നിവർ
എല്ലാവരും ബാപ്പയുടെ മരണത്തിൽ ദുഃഖിച്ചിരിക്കുകയാണ് ഒരു മകളേയുള്ള അർവ

പേരക്കിടാങ്ങളുടെ വാടിയമുഖങ്ങൾ അബ്ദുൽ മുത്തലിബിനെ വല്ലാതെ വേദനിപ്പിച്ചു

അബ്ദുൽ മുത്തലിബ് അവിടെ നിന്നിറങ്ങി കഅ്ബാലയത്തിനടുത്തേക്ക് നടന്നു പുണ്യഭവനത്തിന്റെ മുറ്റത്തിരുന്നപ്പോൾ തന്റെ പത്തൊമ്പത് മക്കളെയും ഓർത്തുപോയി

സംസം കിണർ കുഴിക്കുന്ന കാലത്ത് ആണായിട്ട് ഹാരിസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ പത്ത് മക്കളുണ്ടാവാൻ കൊതിച്ചത് അന്നാണ് കൂടുതൽ മക്കളുണ്ടാവാൻ വേണ്ടിയാണ് അംറബിന്റെ മകൾ ഫാത്തിമയെ വിവാഹം കഴിച്ചത്

ഫാത്തിമ ഒമ്പത് മക്കളെയാണ് പ്രസവിച്ചത് നാല് പുത്രന്മാരും അഞ്ച് പുത്രിമാരും

അബ്ദുൽ കഅബയെയും അബൂത്താലിബിനെയും സുബൈറിനെയും അബ്ദുല്ലയെയും ഫാത്തിമയാണല്ലോ പ്രസവിച്ചത്  തന്റെ പ്രിയപുത്രിമാരായ  ഉമ്മു ഹകീം, ആത്തീക്ക, ബർറത്ത്, ഉമൈമ, അർവ എന്നിവരെയും ഫാത്തിമയാണല്ലോ പ്രസവിച്ചത് അല്ലാഹു തനിക്കേറ്റവും കൂടുതൽ അനുഗ്രഹം നൽകിയത് ഫാത്തിമയിലൂടെയാണെന്ന് അബ്ദുൽ മുത്തലിബിന്നു തോന്നി 

പുത്രിമാരിൽ പലരെയും വിവാഹം ചെയ്തയച്ചു ബൈളാഅ് എന്ന ഓമനപ്പേരു വിളിക്കുന്ന ഉമ്മഹകീമിന് ആമിർ എന്ന മകൻ ജനിച്ചു തനിക്കവനെ എന്തൊരു സ്നേഹമാണ്

ആത്തിക്കക്ക് രണ്ട് ആൺമക്കളാണുള്ളത് അബ്ദുല്ലയും സുഹൈറും രണ്ടും മിടുക്കന്മാരാണ് തന്നെക്കണ്ടാൽ ഓടിവരും പിന്നെ ചിരിയും കളിയും തമാശകളും തന്നെ

ഉമൈമക്കാണ് മക്കൾ കൂടുതലുള്ളത് ആറ് മക്കൾ മൂന്നാണും മൂന്നു പെണ്ണും ആൺകുട്ടികൾ അബ്ദുല്ല, അബൂഅഹ്മദ്, ഉബൈദുല്ല എന്നിവർ അവരുടെ കളിയും ചിരിയും എത്ര അനുഭവിച്ചാലും മതിവരില്ല തന്നെക്കണ്ടാൽ എല്ലാവരും കൂടി ഓടിവരും മടിയിലും ചുമലിലും കയറിയിരിക്കും കുസൃതിക്കുട്ടന്മാർ

പെൺമക്കളും അങ്ങനെത്തന്നെ സൈനബ്, ഉമ്മുഹുബൈബ, ഹമീന, സഫിയ, നല്ല അഴകുള്ള കുഞ്ഞുങ്ങൾ അവർക്കെല്ലാം യോഗ്യരായ ഭർത്താക്കന്മാരെ കിട്ടണേ എന്നാണെന്റെ ആശ

തന്റെ പ്രിയപ്പെട്ട മകൻ അബൂത്താലിബിനെക്കുറിച്ചു ചിന്തിച്ചു പോയി മറ്റുള്ളവരെ സഹായിക്കുകയെന്നതാണ് അവന്റെ ജീവിത ലക്ഷ്യം തന്നെ അവന്റെ ശരിയായ പേര് അബ്ദുമനാഫ് എന്നാണ് ത്വാലിബ് എന്ന മകൻ ജനിച്ചപ്പോൾ അബൂത്വാലിബ്  എന്നായി ത്വാലിബിനെക്കൂടാതെ അവന്ന് വേറെയും പുത്രന്മാരുണ്ട്

പുത്രന്മാർക്കു പുറമെ അവന്ന് രണ്ട് പുത്രിമാർ കൂടിയുണ്ട് ഉമ്മുഹാനി, ജുമാനത്ത്, രണ്ടും നല്ല ഐശ്വര്യമുള്ള കുട്ടികൾ 

അബൂത്താലിബിന്റെ മക്കളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ പ്രിയപുത്രൻ സുബൈറിന്റെ മുഖം മനസ്സിൽ തെളിയുന്നു അവർ മക്കക്കാർക്കിടയിലെ ഇഷ്ടഭാജനമാണ് കാരണം അവൻ പ്രതിഭാ സമ്പന്നനായ കവിയാണ് കവിയെ സ്നേഹിക്കാത്തവരുണ്ടോ?

സുബൈറിന്റെ കവിതകൾ തന്റെ മനസ്സിന് എന്തുമാത്രം ആഹ്ലാദം നൽകിയിട്ടുണ്ട് എത്ര ആശയസമ്പന്നമായ കവിതകൾ ഭാവനയുടെ അതിരുകളില്ലാത്ത ലോകത്തേക്ക് അവൻ ശ്രോതാക്കളെ കൊണ്ടുപോകും
സുബൈറിന് ഒറ്റമകനേയുള്ളൂ അബ്ദുല്ല പെൺമക്കൾ രണ്ടുപേരുണ്ട് ളിയാഅത്ത്, ഉമ്മുഹകീം, 

പിതാവിന്റെ കവിതകളെ മക്കളും സ്നേഹിക്കുന്നു
അല്ലാഹു തനിക്ക് നൽകിയ  അനുഗ്രഹങ്ങൾ എത്രയാണ്? എട്ടു വയസ്സുള്ളപ്പോൾ മക്കയിൽ വന്നപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ആരെങ്കിലും ഓർത്തിരുന്നോ?

ഓർത്തോർത്തിരുന്നപ്പോൾ മനസ്സിലേക്ക് ചില ദുഃഖസ്മരണകൾ കൂടി കടന്നുവന്നു 

നുത്തൈല പ്രസവിച്ച തന്റെ മകൻ ളിറാർ അവൻ നേരത്തെ മരിച്ചുപോയി അവന്റെ സ്മരണ നിലനിർത്താൻ പിൻഗാമികളില്ല അതിനുമുമ്പെ അവൻ പോയി

നുത്തൈല തന്നെ പ്രസവിച്ച ഖുസം എന്ന മകനെക്കുറിച്ച് വേദനയോടെ ഓർത്തുപോയി അവനും അങ്ങേ ലോകത്തേക്ക് പോയി നുത്തൈലയുടെ മകനായ അബ്ബാസിന്ന് ധാരാളം മക്കൾ ജനിക്കുകയും ചെയ്തു 

പ്രിയപത്നി ലുബ്നായെക്കുറിച്ചു ഓർത്തുപോയി അബ്ദുമനാഫിന്റെ പരമ്പരയിൽ പിറന്ന ലുബ്നാ മിടുമിടുക്കിയാണ് അവൾ പ്രസവിച്ച മകനാണ് അബ്ദുൽ ഉസ്സ അവന്റെ മുഖത്തെ ശോഭ എല്ലാവരേയും ആകർഷിക്കുന്നു മുഖപ്രസന്നത കാരണം അവന്ന് അബൂലഹബ് എന്ന പേർ കിട്ടി ലുബ്നായുടെ ഏകമകനാണ് അബൂലഹബ് തന്റെ പ്രിയപ്പെട്ട ഭാര്യ മുമന്നഅത്തിനെയും കൂട്ടത്തിൽ ഓർത്തുപോയി അവളുടെ ഏകമകനാണ് ഗൈദാഖ് ശരിയായ പേര് മുസ്അബ്
'മുമന്നഅത്ത് '

അംറുബ്നു മാലിക്കിന്റെ പുന്നാരമോൾ അവളെ തനിക്ക് ഭാര്യയായി കിട്ടിയത് വലിയൊരു സൗഭാഗ്യം തന്നെ ഗോത്രത്തിന്റെ അഭിമാനഭാജനമാണവൾ അവളുടെ പിതാവിന്റെ ബുദ്ധിശക്തിയും ധീരതയും ഗോത്രത്തിൽ പ്രസിദ്ധമാണ്

മുമന്നഅത്തിന്റെ മകൻ ഗൈദാഖ് പിറന്നത് ഇന്നലെപ്പോലെ ഓർമ്മയുണ്ട് 
ചിന്തകൾ തിരിഞ്ഞുമാറി ഹാലയിൽ വന്നുനിന്നു വുഹൈബിന്റെ മകൾ സുന്ദരിയായ ഹാല 

ഗോത്രത്തിലെങ്ങും പ്രസിദ്ധനായ സഹ്റത്തിന്റെ മകൻ അബ്ദുമനാഫിന്റെ മകൻ വുഹൈബിന്റെ മകളാണ് ഹാല ഇതേ അബ്ദു മനാഫിന്റെ മറ്റൊരു മകനായ വഹബിന്റെ മകളാണല്ലോ ആമിന 

ഹാലക്ക് മൂന്നാൺ മക്കളുണ്ട് ഒരു പെൺകുട്ടിയും തനിക്കവരോടൊക്കെ എന്തൊരു വാത്സല്യമാണ് പറഞ്ഞറിയിക്കാനാവാത്ത സ്നേഹം

ഹംസ, മുഖവ്വം, ഹജൽ എന്നിവരാണ് ഹാലയുടെ പുത്രന്മാർ ഹജൽ എന്ന പുത്രന്റെ ശരിയായ പേര് അൽമുഗീറ എന്നാണ് 

ഹാലയുടെ പൊന്നുമോളാണ് സഫിയ അവൾ ഒരു ധീരവനിതയായി വളർന്നു വരുന്ന ലക്ഷണമുണ്ട് ഹംസയുടെ സഹോദരി തന്നെ ഹംസയിൽ ഒരു ധീരയോദ്ധാവിന്റെ ലക്ഷണങ്ങൾ കാണാനുണ്ട് അവന്റെ അംഗചലനങ്ങളും മുഖഭാവങ്ങളുമെല്ലാം അതാണ് സൂചിപ്പിക്കുന്നത് 

വാക്കുകൾക്കെന്തൊരു ഗൗരവം അവന്റെ മറ്റൊരു പതിപ്പാണ് സഫിയ ധീരക്കഥകൾ അവളെ ആവേശം കൊള്ളിക്കുന്നു ആയുധപരിശീലനം നേടുന്ന കാര്യം പറയുമ്പോൾ അവളുടെ മുഖഭാവമൊന്നു കാണണം പടക്കുതിരയുടെ പുറത്തുകയറി അതിവേഗത്തിൽ ഓടിച്ചുപോവുമെന്നാണ് കൊച്ചുമിടുക്കി പറയുന്നത് 

ഹംസയും സഫിയ്യയും ഉമ്മയുടെ കണ്ണികളായിത്തന്നെ വളർന്നു വരികയാണ് അവരുടെ വളർച്ച കാണാൻ തനിക്കു ഭാഗ്യമുണ്ടായിരിക്കുമോ?

താടിയും തലയുമെല്ലാം വെളുത്തു പോയില്ലേ തന്റെ മക്കൾ പലരും പരലോകത്തേക്ക് യാത്രയായില്ലേ?

ഇനിയെത്ര നാൾ? തനിക്കു പോവാറായി അബ്ദുല്ലയുടെ വഴിയിൽ? ഹാരിസിന്റെ പാതയിൽ....


നായകന്റെ അന്ത്യം

മക്കയിൽ അതിശൈത്യം അസഹ്യമായ കാലാവസ്ഥ വൃദ്ധനായ അബ്ദുൽ മുത്തലിബ് വല്ലാതെ വിഷമിച്ചുപോയി തണുപ്പുകാരണം രോഗിയായി മാറി വീട്ടിൽ മൂടിപ്പുതച്ചു കിടക്കുകയാണ് അപ്പോൾ മുഹമ്മദിന് എട്ട് വയസ്സ് പ്രായം 
വൈദ്യന്മാർ വന്നു അബ്ദുൽ മുത്തലിബിനെ പരിശോധിച്ചു മരുന്നുകൾ നൽകി ഫലം കാണുന്നില്ല അസുഖം വർദ്ധിച്ചതോടെ മക്കയിൽ ഉൽക്കണ്ഠ പരന്നു മക്കയുടെ  നായകൻ രോഗബാധിതനായിരിക്കുന്നു ഭാര്യമാർക്കും, മക്കൾക്കും പേരിക്കാടങ്ങൾക്കും ഉത്ക്കണ്ഠ എല്ലാവരും ഉറക്കമൊഴിച്ചു ചുറ്റും കൂടി നിൽക്കുകയാണ്

പല പ്രായക്കാരായ ഭാര്യമാർ വെപ്രാളം പിടിച്ച മനസ്സുമായി കാത്തിരിക്കുന്നു ഒരു പുരുഷായുസ്സിന്റെ അവസാനത്തെ സ്നപന്ദനങ്ങളാണോ തങ്ങൾ കണ്ട് കൊണ്ടിരിക്കുന്നത്

ഹാശിമിന്റെ ഓമനമകൻ അബ്ദുൽ മുത്തലിബിന്റെ അവസാന നിമിഷങ്ങൾ സമാഗതമായിരിക്കുന്നു ഹാശിം വംശത്തിന്റെ ആശയും  ആവേശവുമായിരുന്ന  അബ്ദുൽ മുത്തലിബ് യാത്രയാവുകയാണ്

യസ്രിബിൽ സൽമ പ്രസവിച്ച ശൈബ എട്ടു വയസ്സായശേഷം മക്കയിൽ വന്നു താമസമാക്കിയ ശൈബ മക്കക്കാരുടെ അഭിമാനമായി മാറിയ അബ്ദുൽ മുത്തലിബ് പ്രതിസന്ധി ഘട്ടങ്ങളിൽ മക്കയുടെ താങ്ങും തണലുമായി നിന്ന മഹാനായ നേതാവ്

ഹാല ദുഃഖം നിറഞ്ഞ മുഖവുമായി രോഗിയുടെ സമീപം വന്നു നിൽക്കുന്നു തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന വൃദ്ധനായ പുതുമാരൻ ചെറുപ്പക്കാരിയായ തനിക്കു വൃദ്ധനായ അബ്ദുൽ മുത്തലിബിന്റെ വിവാഹാലോചന  വന്നു താൻ വളരെ ചെറുപ്പമായിരുന്നതുകൊണ്ട് ആ വിവാഹാലോചന തള്ളിക്കളയുമെന്നാണ് എല്ലാവരും കരുതിയത് സംറാഅ് പോലും അങ്ങനെയാണ് പ്രതീക്ഷിച്ചിരുന്നത്

അബ്ദുൽ മുത്തലിബിന്റെ വിവാഹാന്വേഷണം തള്ളിക്കളയാനാവുമോ? 

അനുകൂലമോ പ്രതികൂലമോ ആയ ഒരു മറുപടി നൽകാൻ കഴിയാതെ വിഷമിച്ചുപോയി

എങ്ങനെയോ വിവാഹം നടന്നു അബ്ദുൽ മുത്തലിബിന്റെ മനസ്സിന്റെ വിശാലത മനസ്സിലായത് പിന്നീടാണ് എന്തൊരു വലിയ മനുഷ്യൻ എത്ര ഉന്നതനായ നേതാവ്  അദ്ദേഹത്തോടൊപ്പം ജീവിതം പങ്കിടാൻ സാധിച്ചത് വലിയ സൗഭാഗ്യം തന്നെ 

ഇപ്പോഴിതാ മരണവുമായി മല്ലിടുന്നു തനിക്ക് ഹംസയെയും സഫിയെയും മുഖവ്വിമിനെയും ഹജലിനെയും നൽകിയിട്ട് അദ്ദേഹം പോവുകയാണോ?

വീട്ടിനകത്തും പുറത്തും ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു അപ്പോഴാണ് ഹാല ആമിനയുടെ മകനെ ശ്രദ്ധിച്ചത് രോഗി കിടക്കുന്ന കട്ടിലിന്റെ കാലും പിടിച്ചു നിൽക്കുന്ന എട്ടു വയസ്സുകാരൻ

അബ്ദുൽ മുത്തലിബ് കുട്ടിയെ അടുത്തേക്ക് വിളിച്ചു തലയിലും മുതുകിലും തടവി ആ കൈകളിൽ മുറുകെപ്പിടിച്ചു അപ്പോൾ വൃദ്ധ നയനങ്ങൾ നിറഞ്ഞൊഴുകി അടക്കാനാവാത്ത ദുഃഖം കുട്ടിയുടെ കാര്യത്തിലാണ് ദുഃഖം
തന്റെ മകൻ അബൂത്താലിബിനെ അടുത്തേക്ക് വിളിച്ചു കൊച്ചു മകന്റെ കൈ അബൂത്താലിബിന്റെ കൈയിൽ വെച്ചുകൊടുത്തു 

'എന്റെ കാലം കഴിഞ്ഞു ഇനി മോനെ നീ നോക്കിക്കൊള്ളണം ഒരാപത്തും വരാതെ നോക്കണം '

'എനിക്ക് ജീവനുള്ള വരെ ഞാൻ ഈ പൊന്നുമോനെ സംരക്ഷിക്കും'

അബൂത്താലിബിന്റെ മറുപടി ബാപ്പയെ സന്തോഷിപ്പിച്ചു മനസ്സിനു സമാധാനമായി സന്തോഷമായി ചുടുള്ള ചിന്തകൾ തണുത്തു 
ഒരു കാലഘട്ടത്തിന്റെ അന്ത്യം കുറിക്കുകയായി ഹാശിം കുടുംബത്തിന്റെ സുവർണകാലഘട്ടം അവസാനിക്കുകയായി 

ബനൂ ഉമയ്യക്കാരുടെ വെല്ലുവിളികൾ ചെറുത്തുതോൽപിക്കാൻ അബ്ദുൽ മുത്തലിബിനോളം കെൽപ്പുള്ള ആരും തന്നെ ഹാശിം കുടുംബത്തിലില്ല
ഹാശിം കുടുംബത്തിൽനിന്നും അധികാരം ബനൂ ഉമയ്യക്കാർ പിടിച്ചെടുക്കുമോ?

ശ്വാസഗതി വർദ്ധിക്കുകയാണ് നെഞ്ച് അതിവേഗം ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു കൂടി നിന്നവരെയെല്ലാം സൂക്ഷിച്ചുനോക്കി പുത്രന്മാരെയും പുത്രിമാരെയും നോക്കി 

കണ്ണുകൾ തുറക്കുകയും അടക്കുകയും ചെയ്തു കൊണ്ടിരുന്നു വായിൽ വെള്ളം തുള്ളിയായി ഒഴിച്ചുകൊണ്ടിരുന്നു ഒരു കാറ്റ് കടന്നുപോയപോലെ എല്ലാം അവസാനിച്ചു സംഭവബഹുലമായ ഒരു ജീവിതത്തിന് അന്ത്യം കുറിക്കപ്പെട്ടു
അബ്ദുൽ മുത്തലിബ് വഫാത്തായി

ഭാര്യമാരുടെ നിലവിളി പുത്രന്മാരും പുത്രിമാരും അനാഥരായി 

ചെറുപ്പക്കാരിയായ ഹാല വിധവയായി എല്ലാ ഭാര്യമാരും വിധവകളായി മരണവാർത്ത കാട്ടുതീപോലെ പടർന്നു 

ജനങ്ങളുടെ നിലക്കാത്ത പ്രവാഹം നേതാക്കളെല്ലാം വന്നെത്തി അനന്തര കർമങ്ങളെക്കുറിച്ചു ചർച്ച നടത്തി എപ്പോഴാണ് മയ്യിത്ത് എടുക്കുന്നത്? എവിടെയാണ് ഖബ്റടക്കുന്നത് ? എന്തൊക്കെ ഒരുക്കങ്ങൾ വേണം?
ബന്ധപ്പെട്ടവർ കൂടിയാലോചന നടത്തി ഖുസയ്യിന്റെ ഖബ്റിനു സമീപം ഖബ്റടക്കാം ഒടുവിൽ അങ്ങനെ തീരുമാനമായി കഅ്ബാലയത്തിന്നു സമീപമുള്ള മലയുടെ മുകളിലാണ് ഖുസയ്യിന്റെ ഖബ്ർ അതിനുസമീപം ഖബറുണ്ടാക്കണം

ഉയർന്ന പാറക്കെട്ടിൽ ഖബർ തുരന്നുണ്ടാക്കണം വളരെ സമയം കഠിനാദ്ധ്വാനം ചെയ്യണം ജോലിക്കാർ പണിയായുധങ്ങളുമായി മലമുകളിലേക്ക് പോയി വളരെ നേരത്തെ കഠിനാദ്ധ്വാനം നടന്നപ്പോൾ പണിതീർന്നു

മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്തു മയ്യിത്ത് കട്ടിലിലേക്ക് എടുത്തു കിടത്തി മയ്യിത്തുകട്ടിൽ ചുമന്നുകൊണ്ട് മക്കളും ബന്ധുക്കളും നിങ്ങി അതിനു പിന്നാലെ വമ്പിച്ച ജനാവലിയും മയ്യിത്തു കട്ടലിന്റെ തൊട്ടുപിന്നിലായി എട്ടുവയസ്സുകാരനായ മകനും നടക്കുന്നു 

കണ്ണീരും തുടച്ച് നെടുവീർപ്പിട്ടും കൊണ്ടുള്ള ആ നടത്തം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു

വമ്പിച്ച ജനാവലി മലമുകളിലേക്ക് കയറി പണ്ട് ഖുസയ്യിന്റെ ജനാസ ഖബ്റടക്കാനും ജനങ്ങൾ ഈ  മലമുകളിൽ കയറിവന്നിരുന്നു അന്ന് മലകയറി വന്നവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല ഖുസയ്യിന്റെ മരണത്തിനുശേഷം മൂന്നു തലമുറ കടന്നുപോയിരിക്കുന്നു 

ഖബ്റടക്കൽ കർമം അവസാനിച്ചു ഖുസയ്യിന്റെ ഖബ്റിന്നു സമീപം പുതിയ ഖബ്ർ ഉയർന്നു നിന്നു ഇനി മടങ്ങുകയാണ് ഖബറാളിയോട് അന്ത്യയാത്ര പറഞ്ഞു പിരിയുകയാണ്

'ബാപ്പാ....' മക്കൾ കണ്ണീരോടെ വിളിക്കുന്നു

'ഞങ്ങളുടെ പ്രകാശം മാഞ്ഞുപോയി ഞങ്ങളുടെ പ്രതാപം പോയി'

ഒഴിഞ്ഞ മയ്യിത്തുകട്ടിലും ചുമന്ന് കൊണ്ട് അവർ മലയിറങ്ങാൻ തുടങ്ങി അബൂത്താലിബ് എട്ടുവയസ്സുകാരന്റെ കൈയിൽ പിടിച്ചു ബാപ്പ തനിക്കു നൽകിയ നിധിയാണിത്

മലയിറങ്ങി വരുമ്പോൾ കുട്ടി വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുന്നു കണ്ണീരൊഴുക്കുന്നു

ഉപ്പൂപ്പാ.....

എല്ലാ ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും ഉറവിടമായിരുന്നു ബാപ്പ മക്കൾക്കും മരുമക്കൾക്കും പൗത്രന്മാർക്കുമെല്ലാം കരുത്തുറ്റ കോട്ടപോലെ സംരക്ഷണം നൽകിയിരുന്ന ബാപ്പ ശക്തിയുടെ ഉറവിടം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടം ആ ഉറവിടം നഷ്ടപ്പെട്ടിരിക്കുന്നു

ഹാല മക്കളെ ചേർത്തു പിടിച്ചു കരഞ്ഞു ജീവിക്കാൻ തുടങ്ങിയതേയുള്ളൂ രണ്ട് കുഞ്ഞുങ്ങളെ കിട്ടി ഹംസയും സഫിയയും ഹംസക്ക് കാര്യം നോക്കാനുള്ള കഴിവ് ഉണ്ടാവണമെങ്കിൽ ഇനിയും വർഷങ്ങൾ കഴിയണം സഫിയ ശൈശവം പിന്നിട്ടതേയുള്ളൂ  

ഭാവി ജീവിതം എങ്ങനെയെന്നറിയില്ല

ഒരുകാലത്ത് അബ്ദുൽ മുത്തലിബ് ധനികനായിരുന്നു പിതാവായ ഹാശിമിന്റെ സ്വത്ത് അദ്ദേഹത്തിന്റെ കൊവശം വന്നു ചേർന്നിരുന്നു കച്ചവടത്തിലൂടെ നല്ലൊരു സമ്പാദ്യമുണ്ടാവുകയും ചെയ്തിരുന്നു

കാലത്തിന്റെ പ്രവാഹത്തിൽ സ്വത്തെല്ലാം ഒഴുകിപ്പോയി ഭാര്യമാരും പരിചാരികമാരും വേലക്കാരും, അടിമകളും മക്കളും മരുമക്കളും പൗത്രന്മാരും ബന്ധുക്കളും ചേർന്ന് ഒരു വലിയ കുടുംബത്തെയാണല്ലോ അദ്ദേഹം സംരക്ഷിച്ചിരുന്നത്

അഗതികളെയും രോഗികളെയും യാത്രക്കാരെയും അദ്ദേഹം സഹായിക്കുന്നതു കണ്ടാൽ ആരും അതിശയിച്ചുപോവും ഇത്രയും ഉദാരമതിയായ ഒരു നേതാവിനെ കാണാൻ കഴിയുമോ?

മക്കളുടെ കൂട്ടത്തിൽ അബൂത്താലിബ് വളരെ ദയാലുവും ഉദാരമതിയുമാണ് പക്ഷെ ധനികനല്ല

അബ്ബാസ് ധനികനാണ് പക്ഷെ, അബൂത്താലിബിന്റെ അത്രത്തോളം ഉദാരമതിയല്ല

അബൂലഹബ് ഹൃദയകാഠിന്യമുള്ള ആളാണ് ഉദാരമനസ്കത കുറവാണ് ഹംസ ചെറുപ്പമാണെങ്കിലും ധീരനാണ്

മക്കളെല്ലാം പ്രസിദ്ധരാണ് സ്വന്തം കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ കഴിയണമെന്നാഗ്രഹിക്കുന്നവരാണ് അഭയസ്ഥാനം നഷ്ടപ്പെട്ട ദുഃഖം എല്ലാവരേയും അലട്ടിക്കൊണ്ടിരുന്നു 

കാലം പിന്നെയും ഒഴുകിപ്പോയി അബ്ദുൽ മുത്തലിബ് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു


സഫിയ

സഫിയക്ക് വിവാഹപ്രായമായിരിക്കുന്നു ഉന്നത കുടുംബത്തിൽപെട്ട ഒരു യുവാവിനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കണം ബന്ധുക്കൾ ഇതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി
സഫിയ ബുദ്ധിമതിയായ സുന്ദരിയാണ് അബ്ദുൽ മുത്തലിബിന്റെ സ്നേഹഭാജനമായ മകൾ അവളെ ഭാര്യയായിക്കിട്ടാൻ പലരും മോഹിച്ചു മക്കയുടെ നായകന്റെ മകളെ മോഹിക്കാൻ തങ്ങൾക്ക് അവകാശമുണ്ടോയെന്നാണ് മക്കയിലെ യുവാക്കളുടെ ചിന്ത

മക്കയിലെ പ്രതാപശാലിയായ നേതാവാണ് ഹർബ് അദ്ദേഹത്തിന്റെ മകനാണ്  പ്രസിദ്ധനായ അബൂസുഫ് യാൻ  മറ്റൊരു മകനാണ് ഹാരിസ് അദ്ദേഹവും പ്രസിദ്ധനാണ് ഹാരിസിന്ന് വേണ്ടി ഒരന്വേഷണം വന്നു 

ഹാല ആലോചന പരിഗണിച്ചു വേണ്ടപ്പെട്ടവരുമായി കൂടിയാലോചന നടത്തി ഹാരിസ് ഹർബിന്റെ മകനാണ് അബൂസുഫ് യാന്റെ  സഹോദരനും കുടുംബമഹിമക്ക് കുറവൊന്നുമില്ല എടുത്തുപറയാവുന്ന ന്യൂനതകളുമില്ല ആ നിലക്ക് വിവാഹം ഉറപ്പിക്കാവുന്നതാണ് ഗോത്രത്തലവന്മാർ ഒരുമിച്ചുകൂടി അവരുടെ സാന്നിദ്ധ്യത്തിൽ വിവാഹം ഉറപ്പിച്ചു തിയ്യതി നിശ്ചയിച്ചു തറവാട്ടുകാരുടെ പ്രതാപത്തിനൊത്തവിധം തന്നെ വിവാഹകർമങ്ങൾ നടന്നു
സഫിയ ഹാരിസിന്റെ ഭാര്യയായി ആഹ്ലാദം നിറഞ്ഞ ദാമ്പത്യ  ജീവിതം ആങ്ങളമാരൊക്കെ ഇടക്കിടെ സഫിയയെ കാണാൻവരും അവരുടെ സ്നേഹനിധിയായ സഹോദരിയുടെ സന്തോഷം കാണാനാണവർ വരുന്നത് ആങ്ങളമാരെ സ്വീകരിക്കാനും സൽക്കരിക്കാനും അവൾക്കെന്തൊരുത്സാഹമാണ്

സന്തോഷകരമായ ആ ദാമ്പത്യജീവിതം ഏറെകാലം നീണ്ടുനിന്നില്ല എല്ലാവരെയും ദുഃഖത്തിലാഴ്ത്തികൊണ്ട് ഹാരിസ് ഒരുനാൾ മരണപ്പെട്ടു ചെറുപ്പക്കാരിയായ സഫിയ ദുഃഖത്തിന്റെയും നിരാശയുടെയും മദ്ധ്യത്തിൽ പെട്ടുപോയി ബന്ധുക്കൾക്കെല്ലാം കടുത്ത ദുഃഖമായി

സഫിയ കുറേക്കാലം വിധവയായി ജീവിച്ചു അങ്ങനെയിരിക്കെ നല്ലൊരു വിവാഹാലോചന വന്നു ഖുവൈരിദിന്റെ മകൻ അവ്വാം ആയിരുന്നു വരൻ അവ്വാമിന്റെ സഹോദരിയാണ് ഖദീജ(റ) ഉന്നതമായ തറവാട് സമ്പന്ന കുടുംബം ആ വിവാഹം ഉറപ്പിച്ചു 

ഖദീജ ബീവി മക്കയിലെ മികച്ച കച്ചവടക്കാരി ഉന്നതമായ തറവാട് പേരെടുത്ത കുടുംബം അവിടെനിന്നാണ് വിവാഹാലോചന വന്നത്

'ഇത് ഒന്നാം തരം ആലോചനയാണ് ഇത് തള്ളിക്കളയരുത് വലിയ അനുഗ്രഹം തേടിവന്നതാണെന്ന് കരുതിക്കോളൂ '

ബന്ധുക്കൾ പലരും സഫിയയോട് പറഞ്ഞു

ഒടുവിൽ വിവാഹം ഉറപ്പിച്ചു തിയ്യതിയും നിശ്ചയിച്ചു ഖബീലക്കാരൊക്കെ വന്നുകൂടി തറവാട്ടിന്റെ അന്തസിനൊത്ത വിധം വിവാഹം നടന്നു 

സഫിയാക്ക് പുതിയ ജീവിതം ഖദീജ സഹോദരന്റെ ഭാര്യയെ സ്നേഹപൂർവ്വം സ്വീകരിച്ചു

'സഫിയാ....' ഖദീജയുടെ മധുരമായ വിളി

'നീ....എന്റെ സഹോദരന് ശാന്തിയും സമാധാനവും സന്തോഷവുമായിരിക്കണം '
ഏതു വിപൽഘട്ടത്തിലും ഭാര്യ ഭർത്താവിന് ശാന്തിയും സമാധാനവും നൽകണം ഭർത്താവിന്റെ മനസ്സിലെ വെപ്രാളങ്ങൾ തടുപ്പിക്കണം അവിടെ സമാധാനത്തിന്റെ തണുപ്പ് വീഴണം ഭാര്യയുടെ സംസാരവും ചലനങ്ങളും അതിന്നു പര്യാപ്തമായിരിക്കണം

അങ്ങനെ ആയിരിക്കാനാണ് സഫിയായുടെ മോഹം

ഖദീജ സഹോദരൻ അവ്വാമിനോട് അഭിമാനപൂർവ്വം പറഞ്ഞു: 'നീ ഭാഗ്യവാനാണ് നിനക്ക് ലഭിച്ചിരിക്കുന്നത് ആരെയാണ് അബ്ദുൽ മുത്തലിബിന്റെ ഓമനമകൾ സഫിയയെ നിന്റെ ജീവിതത്തിന്റെ പ്രകാശമാണവൾ കുടുംബത്തിൽ വന്നെത്തിയ പ്രകാശമുള്ള വിളക്കാണിവൾ'

സഫിയക്ക് വലിയ അഭിമാനം തോന്നി   തന്റെ സാന്നിധ്യം ഈ  കുടുംബത്തിനനുഗ്രഹമായി അനുഭവപ്പെടണം മണവാട്ടിയായി വന്നു കയറിയ സഫിയയുടെ ചിന്തകൾ ആ വിധത്തിലായിരുന്നു അവ്വാം സ്നേഹസമ്പന്നനായിരുന്നു ആ സ്നേഹം തിരിച്ചു നൽകാൻ തനിക്കു കഴിയണേ എന്നായിരുന്നു സഫിയയുടെ പ്രാർത്ഥന ആ ദാമ്പത്യം സന്തോഷം നിറഞ്ഞതായിരുന്നു അവർക്കൊരു മകൻ പിറന്നു കുഞ്ഞിന് സുബൈർ എന്നു പേരിട്ടു 

സഫിയക്ക് ഓർമ്മിക്കാൻ എന്തുമാത്രം കാര്യങ്ങൾ തനിക്കു മുമ്പെ പിറവിയെടുത്ത സഹോദരന്മാരിൽനിന്നും സഹോദരിമാരിൽനിന്നും  ഒട്ടനവധി കുടുംബകഥകൾ സഫിയ കേട്ടിട്ടുണ്ട് പലതും കോരിത്തരിപ്പിക്കുന്നത്

പിതാമഹന്മാരുടെ കഥകൾ വികാരഭരിതമാണ് തന്റെ പിതാവായ അബ്ദുൽ മുത്തലിബ് അദ്ദേഹത്തിന്റെ പിതാവായ ഹാശിം അദ്ദേഹത്തിന്റെ പിതാവായ അബ്ദുമനാഫ് അവരുടെയൊക്കെ ജീവ ചരിത്രം എത്ര കേട്ടാലും മതിവരില്ല
സഫിയയുടെ കുട്ടിക്കാലം ഒരു പൂമ്പാറ്റയെപ്പോലെ വീട്ടിനകത്തും പുറത്തും പാറിപ്പറന്നു നടക്കുന്ന പ്രായം എല്ലാവരുടെയും സ്നേഹഭാജനമാണവൾ ഉപ്പയുടെ വിരൽതുമ്പിൽ തൂങ്ങിക്കൊണ്ടവൾ എല്ലായിടത്തും നടക്കും അബ്ദുൽ മുത്തലിബ് കൊച്ചുമകളെ മടിയിലിരുത്തി പൂർവ്വികന്മാരുടെ കഥകൾ പറഞ്ഞു കൊടുക്കും

തന്റെ സഹോദരനായ അബൂത്താലിബ് എത്ര സ്നേഹസമ്പന്നനാണ് വിനീതമായ പെരുമാറ്റം കാര്യമാത്രമായ സംസാരം പുറം ലോകത്തൊക്കെ സഞ്ചരിച്ചിട്ടുള്ളയാൾ മരുഭൂമിയൈടെ അനുഭവകഥകൾ പറയുമ്പോൾ കൊച്ചു സഫിയ കാതും കൂർപ്പിച്ചിരുന്നു കേൾക്കും എത്ര നല്ല സഹോദരൻ മറ്റുള്ളവർക്ക് സ്നേഹം മാത്രം നൽകാനേ അറിയുകയുള്ളൂ

അബ്ബാസും സ്നേഹസമ്പന്നൻ തന്നെ അനുഭവങ്ങളുള്ള സഹോദരൻ നിലാവുള്ള രാവുകളിൽ ഒരുപാട് അനുഭവകഥകൾ പറഞ്ഞു തന്നിട്ടുള്ള പ്രിയസഹോദരൻ
ധീരന്മാരുടെ കുടുംബത്തിലാണ് സഫിയ ജനിച്ചത് ധീരകഥകൾ കേട്ടുകൊണ്ടാണവൾ വളർന്നത് കാലക്രമത്തിൽ സഫിയയും ധീരവനിതയായി മാറുകയായിരുന്നു

പടവാളുകളുടെയും പടക്കുതിരകളുടെയും കഥകൾ സഫിയയെ ആവേശം കൊള്ളിക്കാൻ തുടങ്ങി യുദ്ധരംഗത്തെ പോരാട്ടകഥകൾ ആ പെൺകുട്ടിയെ രോമാഞ്ചമണിയിച്ചു

യസ്രിബിൽവെച്ചു മരണപ്പെട്ടുപോയ അബ്ദുല്ലയെന്ന സഹോദരന്റെ കഥ സഫിയയെ വല്ലാതെ ദുഃഖിപ്പിച്ചു അതവളുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു ഒരിക്കലും മറക്കാനാവാത്ത ആ കഥ സഫിയ തന്റെ ഓമനമകൻ സുബൈറിനു വിവരിച്ചു കൊടുത്തു 

അബ്ദുല്ല കാണാൻ സുമുഖനായിരുന്നു നല്ല സ്വഭാവമുള്ള ചെറുപ്പക്കാരൻ 
കഥ കേട്ടു സുബൈർ കരഞ്ഞുപോയി

സഫിയ കണ്ണീരോടെയാണ് കഥ പറഞ്ഞവസാനിപ്പിച്ചത് മകന്റെ മനസ്സിൽ ആ സംഭവങ്ങൾ ഒരിക്കലും മാറാത്ത വിധത്തിൽ പതിഞ്ഞു

സഫിയക്ക് സുബൈറിനെക്കൂടാതെ രണ്ട് പുത്രന്മാർ കൂടി ഉണ്ടായിരുന്നു സ്വാഇബ്, അബ്ദുല്ല എന്നിവർ

തന്റെ മക്കൾക്ക് കുടുംബചരിത്രം പറഞ്ഞുകൊടുക്കുകയെന്നത് സഫിയക്ക് സന്തോഷമുള്ള കാര്യമായിരുന്നു മക്കൾ മൂന്നുപേരും കുടുംബചരിത്രം നന്നായി പഠിക്കണം

മക്കളേ ശ്രദ്ധിച്ചു കേട്ടോളൂ ആരായിരുന്നു അബ്ദുൽ മുത്തലിബ് എന്നറിയുമോ?
മക്കയുടെ ധീരനായകൻ അതി ബുദ്ധിമാൻ മക്കയുടെ സുവർണ കാലഘട്ടത്തിന്റെ നായകൻ എണ്ണിയാൽ തീരാത്ത മഹത്വമുള്ള ജേതാവ് ആറ് ഭാര്യമാരിൽനിന്നായി പത്തൊമ്പത് മക്കളുണ്ടായിരുന്നു അദ്ദേഹത്തിന് പതിമൂന്ന് പുത്രന്മാരും ആറ് പുത്രിമാരും

മക്കൾ ഉമ്മയുടെ മുഖത്തുനിന്ന് കണ്ണെടുക്കുന്നില്ല അവർ പത്തൊമ്പത് മക്കളുടെ കഥ കേൾക്കാൻ കാത്തിരിക്കുകയാണ് ഉമ്മ തുടർന്നു
ഞാൻ അബ്ദുൽ മുത്തലിബിന്റെ ഭാര്യയുടെ പേര് പറായാം ഒന്നാമത്തേത് സഫിയ എന്ന സംറാഅ് 

'ഉമ്മായുടെ പേര് തന്നെ ' മക്കളുടെ തമാശ ആ തമാശ ആസ്വദിച്ചുകൊണ്ട് സഫിയ വിവരണം തുടർന്നു 

അടുത്തത് അംറിന്റെ മകൾ ഫാത്തിമ, മൂന്നാമത്തേത് ജനാബിന്റെ മകൾ നുത്തൈല പിന്നെ എന്റെ ഉമ്മ ഹാല അടുത്തത് ഹാജിറിന്റെ മകൾ ലുബ്ന ഇനിയൊരാൾ കൂടിയുണ്ട് അംറുബ്നു മാലികിന്റെ മകൾ മുമന്നഅത്ത് ശാഖോപശാഖകളായി പടർന്നു  പന്തലിച്ചകുടുംബത്തിന്റെ  കഥ  ഇനിയാണ് കഥ


അബൂത്താലിബ്

അബ്ദുൽ മുത്തലിബിന്റെയും ഹാലയുടെയും ഓമനമകൾ സഫിയ തന്റെ മക്കൾക്ക് കുടുംബക്കഥകൾ വിവരിച്ചു കൊടുക്കുന്നു മക്കയുടെ ചരിത്രത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച അബ്ദുൽ മുത്തലിബിന്റെ കഥ അദ്ദേഹത്തിന്റെ പ്രഗത്ഭരായ പുത്രന്മാരുടെ കഥ മക്കൾ ഉമ്മയുടെ വിവരണം ആവേശപൂർവ്വം കേൾക്കുന്നു ഇടക്കിടെ സംശയങ്ങൾ ചോദിക്കുന്നു കൂടുതലറിയാൻ വേണ്ടി അവർ ആകാംക്ഷ പ്രകടിപ്പിക്കുന്നു

അബ്ദുൽ മുത്തലിബിന്റെ മൂത്ത മകൻ ഹാരിസ് മാതാപിതാക്കളുടെ ഇഷ്ടഭാജനമായിരുന്നു ഹാരിസിന്റെ വിവാഹം എത്ര ഗംഭീരമായിട്ടാണ് നടത്തിയത് ഹാരിസിന്ന് ആറ് മക്കൾ ജനിച്ചു അഞ്ച് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഹാരിസ് മരണപ്പെടുമ്പോൾ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു

കുട്ടികൾക്ക് അബൂത്താലിബിന്റെ കഥ കേൾക്കണം ദയാലുവായ അബൂത്താലിബ് ദരിദ്രരെയും അഗതികളെയും സഹായിക്കുന്ന സഹൃദയൻ വിരുന്നുകാരെ നന്നായി സൽക്കരിക്കുന്ന സൽക്കാര പ്രിയൻ
അബൂത്താലിബിന്റെ വിവാഹവും ഗംഭീരമായിത്തന്നെ നടത്തി അദ്ദേഹത്തിന് ആറ് മക്കളുണ്ടായി നാല് പുത്രന്മാരും രണ്ട് പുത്രിമാരും

ത്വാലിബ്, ഉഖൈൽ, ജഅ്ഫർ, അലി എന്നിവരാണ് പുത്രന്മാർ എല്ലാവരും ധീരന്മാരും ബുദ്ധിശാലികളുമായിരുന്നു അലി കുട്ടിയാണെങ്കിലും അപാര ബുദ്ധിശക്തി പ്രകടിപ്പിക്കുന്നു

അലിയെയും ജഅ്ഫറിനെയും സഫിയയുടെ കുട്ടികൾക്ക് വളരെ ഇഷ്ടമാണ് അവർ അബൂത്താലിബിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഈ കുട്ടികളെക്കാണും അബൂത്താലിബിനെയും അവർ ഇഷ്ടപ്പെട്ടിരുന്നു എത്ര സ്നേഹമായിട്ടാണ് അദ്ദേഹം കുട്ടികളോട് പെയുമാറുന്നത്

അബൂത്താലിബിന്റെ രണ്ട് പെൺകുട്ടികളെയും സഫിയക്ക് വലിയ ഇഷ്ടമാണ് ഉമ്മുഹാനി എന്നാണ് ഒരു മകളുടെ പേര് മറ്റേത് ജുമാനത്ത് രണ്ടാളും വളർന്നു നല്ല സ്നേഹമുള്ള കുട്ടികൾ 

പൊന്നുമോൻ സുബൈറിന് അവന്റെ അമ്മാവനായ അബ്ബാസിന്റെ മക്കളെപ്പറ്റി അറിയണം പലരെയും അവന് നേരിട്ടറിയാം എന്നാൽ ഉമ്മ പറയുന്നത് കേൾക്കാൻ നല്ല രസമാണ്

അബ്ബാസ് ആരുടെ മകനാണെന്നറിയാമോ? നുത്തൈല ബിൻത്ത് ജനാബിന്റെ മകൾ അബ്ദുൽ മുത്തലിബ് അവരെ കെട്ടിക്കൊണ്ട് വരുന്ന കാലത്ത് അവർക്കെന്തൊരു സൗന്ദര്യമായിരുന്നുവെന്നറിയാമോ? അവർക്ക് മൂന്നു മക്കൾ ജനിച്ചു

അബ്ബാസ്, ളിറാർ, ഖുസം എന്നീ കുട്ടികൾ ളിറാർ, ഖുസം എന്നിവർക്ക് പിൻഗാമികളില്ല അബ്ബാസിനാണെങ്കിൽ മക്കൾ പതിമൂന്ന് പത്ത് പുത്രന്മാരും മൂന്ന് പുത്രിമാരും ബാപ്പയുടെ പിൻഗാമി തന്നെ ബാപ്പക്ക് പത്തൊമ്പതെങ്കിൽ മകന്ന് പതിമൂന്ന് 

പത്ത് പുത്രന്മാരുടെ പേരുകൾ പറയാം;

1- ഫള്ൽ 
2- അബ്ദുല്ല  
3- ഉബൈദുല്ല  
4- ഖസ്മ് 
5- അബ്ദുറഹ്മാൻ 
6- മഅ്ബദ് 
7- ഖുസൈർ 
8- ഹാരിസ്  
9-  തമാം 
10- സഈദ്

ഇവർ പലരെയും കുട്ടികൾക്ക് നല്ല പരിചയമാണ് അവരും കുട്ടികളാണെന്നത് തന്നെ കാരണം വലിയവരൊക്കെ വിരുന്നുവരുമ്പോൾ കാണാറുണ്ട്
അബ്ബാസിന്റെ മൂന്നു പുത്രിമാരുടെ പേരും സഫിയ മക്കളെ കേൾപ്പിച്ചു ഉമ്മുജുബൈബ, സഫിയ, ഉമൈന

'അമ്മാവന്റെ മോൾക്കും നമ്മുടെ ഉമ്മയുടെ പേര് '

കുട്ടികൾ അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി സഫിയയും ആ ചിരിയിൽ പങ്കുകൊണ്ടു തങ്ങളുടെ കുടുംബത്തിൽ സഫിയ എന്നു പേരുള്ള എത്ര പേരുണ്ട് ഓർത്തപ്പോൾ അഭിമാനം തോന്നി 

സുബൈർ എന്ന അമ്മാവനെ അറിയില്ലേ? 

ഞങ്ങൾക്കറിഞ്ഞുകൂടേ.... പിന്നെ കവിത പാടുന്ന ആൾ

അതെ നല്ല നല്ല കവിതകൾ രചിക്കുന്ന ഒന്നാംതരം കവിയാണ് സുബൈർ കുടുംബത്തിന്റെ അഭിമാനം എല്ലാവർക്കും സുബൈറിനോടെന്തൊരു സ്നേഹമാണ് 

സുബൈറിന്ന് ഒരു മകനേയുള്ളൂ അബ്ദുല്ല 

'മരിച്ചുപോയ അബ്ദുല്ലയുടെ പേര് അല്ലേ ഉമ്മാ?' 

'അതെ..... യസ്രിബിൽവെച്ച് മരണപ്പെട്ടുപോയ അബ്ദുല്ലയുടെ പേര് കുടുംബത്തിൽ പല കുട്ടികൾക്കും നൽകിയിട്ടുണ്ട് '

സുബൈറിന് പെൺകുട്ടികൾ രണ്ട് ളിയാഅത്ത്, ഉമ്മു ഹകീം നല്ല സ്നേഹമുള്ള കുട്ടികൾ എല്ലാവർക്കും അവരെ വളരെ ഇഷ്ടമാണ്

സുബൈറിന്റെ സഹോദരനായിരുന്നു അബ്ദുൽ കഅബ് ഫാത്തിമ പ്രസവിച്ച കുട്ടി പിൻഗാമികളില്ലാതെ മരിച്ചുപോയി

ഇനി ഞാൻ അബൂലഹബിനെക്കുറിച്ചു പറഞ്ഞുതരാം അബൂലഹബിന്റെ ശരിയായ പേര് അബ്ദുൽ ഉസ്സ എന്നാകുന്നു കത്തിജ്ജ്വലിക്കുന്ന മുഖമുള്ളവൻ എന്ന അർത്ഥത്തിലാണ് അബൂലഹബ് എന്നു വിളിക്കുന്നത് 'ലുബ്ന' യാണ് മാതാവ്

കാണാൻ നല്ല സുന്ദരാണെങ്കിലും മനസ്സ് ശരിയല്ല കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിക്കുന്ന ആളാണ് ഇതുവഴി ഒരുപാട് ധനം സമ്പാദിച്ചിട്ടുണ്ട് എത്ര കിട്ടിയാലും മതിവരില്ല പിന്നെയും പിന്നെയും കിട്ടണമെന്ന ആഗ്രഹമാണ്

അബൂലഹബിന്റെ ഭാര്യയാണെങ്കിൽ കേമി തന്നെ എല്ലാ ദുഃസ്വഭാവങ്ങളുമുണ്ട് നല്ല വസ്ത്രങ്ങൾ ധരിച്ചു ആളുകൾക്കിടയിലിങ്ങനെ വിലസി നടക്കും കാതിലും കഴുത്തിലും കൈയിലുമെല്ലാം നിറയെ ആഭരണങ്ങളുമിട്ട് ചമഞ്ഞ് നടക്കുന്നതു കാണണം വലിയ അഹങ്കാരമാണ്

ഉത്ബയും ഉത്തൈബയും അവരുടെ പുത്രന്മാരാണ് ഒരുമകളുണ്ട് ദുർറത്ത്
അബ്ദുൽ മുത്തലിബിന്റെ ഭാര്യ 'മുമന്നഅത്തി' നെക്കുറിച്ചു പറഞ്ഞു തരാം അംറുബ്നു മാലികിന്റെ മകളായിരുന്നു അവർ അവർക്കൊരു മകൻ ജനിച്ചു മുസ്അബ് എന്നു പേരിട്ടു പക്ഷെ, അറിയപ്പെടുന്നത് 'ഗൈദാഖ് ' എന്നാ പേരിലാണ് ഈ കുട്ടിക്കും പിൻഗാമികളില്ല

'ഇനി ഉമ്മയുടെ സഹോദരങ്ങളെപ്പറ്റി പറയണം '

കുട്ടികളുടെ അടുത്ത ആവശ്യം

'ഇപ്പറഞ്ഞവരൊക്കെ എന്റെ സഹോദരന്മാരാണ് '

'സഹോദരന്മാർ തന്നെ അത് ഞങ്ങൾക്കറിയാം എല്ലാവരും അബ്ദുൽ മുത്തലിബിന്റെ മക്കളാണല്ലോ പക്ഷെ, നിങ്ങളുടെ നിങ്ങളുടെ ഉമ്മാക്ക് ജനിച്ച കുട്ടികളെപ്പറ്റിയാണ് ഞങ്ങൾക്കറിയേണ്ടത് '

'അവരെയെല്ലാം നിങ്ങൾക്ക് നന്നായറിയാം അവരൊക്കെ എപ്പോഴും ഇവിടെ വരുന്നവരല്ലേ'

'എന്നാലും ഉമ്മ പറയുന്നത് കേൾക്കാൻ നല്ല രസമാണ് പറയൂ ഉമ്മാ.....'

'എന്നാൽ പറയാം അതിന്നു മുമ്പൊന്നു ചോദിക്കട്ടെ എന്റെ ഉമ്മയുടെ പേരെന്താണ്?'

'ഹാല' -കുട്ടികൾ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു
 
'ഹാല ആരുടെ മകളാണ്?'

'വുഹൈബ് എന്ന ഉപ്പൂപ്പയുടെ പുന്നാരമോൾ '

'ഇനി വേറൊരു ചോദ്യം യസ്രിബിൽവെച്ച് മരണപ്പെട്ട അബ്ദുല്ലയുടെ ഭാര്യയുടെ പേര് എന്താണെന്ന് പറയൂ '

'ആമിന' -കുട്ടികൾ ആവേശത്തോടെ പറഞ്ഞു 

'ആമിന എവിടെവെച്ച് മരണപ്പെട്ടു?'

'അബവാഅ് ' എന്ന സ്ഥലത്തുവെച്ച് മരണപ്പെട്ടു '

'ഇനി ചോദിക്കട്ടെ, ആമിനയുടെ പിതാവ് ആര്?'

'വഹബ് ' കുട്ടികൾ പെട്ടെന്ന് മറുപടി നൽകി 

'ഇനി ഒരു ചോദ്യംകൂടി വഹബും വുഹൈബും തമ്മിൽ എന്ത് ബന്ധം?'

'സഹോദരന്മാർ'

'അപ്പോൾ നിങ്ങൾക്കെല്ലാ കാര്യങ്ങളും അറിയാം ഇനി ഞാൻ എന്റെ സഹോദരന്മാരെപ്പറ്റി പറയാം കൂടുതലും പറയാനും ഹംസയെപ്പറ്റിയാണ് ധീരനായ ചെറുപ്പക്കാരൻ വേട്ടക്ക് പോവും ഉന്നം പിഴക്കാതെ അമ്പെയ്യും അമ്പും വില്ലുമാണ് എപ്പോഴും കൂട്ട് ഖുറൈശി യുവാക്കളൊക്കെ അടുത്ത കൂട്ടുകാരാണ് ധീരനായതുകൊണ്ട് എല്ലാവർക്കും ഭയവുമാണ് അബൂജഹൽ വരെ ഹംസയോട് വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളൂ യുവാക്കളുടെ ആവേശമാണ് ഹംസ  

ഹംസക്ക് രണ്ട് പുത്രന്മാരുണ്ട് ഇറാമത്തും യഅ്ലയും ഒരു മകളുണ്ട് ഉമാമത്ത് അവരെയെല്ലാം നിങ്ങൾക്കറിയാമല്ലോ

എന്റെ മറ്റൊരു സഹോദരനാണ് അൽമുഖവ്വം മറ്റൊരാൾ അൽ മുഗീറ അദ്ദേഹം ഹജൽ എന്ന പേരിലാണ് പ്രസിദ്ധമായത് ഇവർക്ക് പിൻഗാമികളില്ല 
എന്റെ ഉമ്മയുടെ ഏകപുത്രിയാണ് ഞാൻ എനിക്ക് മക്കൾ നിങ്ങൾ മൂന്നുപേർ തന്നെ സുബൈർ, സാഇബ്, അബ്ദുല്ല 

അതുകേട്ടപ്പോൾ കുട്ടികൾ പൊട്ടിച്ചിരിച്ചു

'ഉമ്മാ... ഉമ്മയുടെ സഹോദരിമാരെപ്പറ്റിയും പറയൂ...'

'ശരി പറഞ്ഞുതരാം അബ്ദുൽ മുത്തലിബിന് ഭാര്യ ഫാത്തിമയിലാണ് ഏറ്റവും കൂടുതൽ പെൺകുട്ടികൾ ജനിച്ചത് അഞ്ച് പുത്രിമാർ 'ബൈളാഅ്, എന്നു വിളിക്കുന്ന ഉമ്മുഹകീം പിന്നെ ആത്തിക്ക, ബർറ, ഉമൈമത്ത് , അർവ എന്നിവർ '

'ഇനി അവരുടെ മക്കളെപ്പറ്റി പറഞ്ഞുതരൂ'

'ശരി ഉമ്മു ഹകീമക്ക് ഒരൊറ്റ മകൻ ആമിർ'

'ഹാ... ആമിർ..... ഞങ്ങൾക്കറിയാം '

'ആത്തിക്കയുടെ മക്കളെയും നിങ്ങൾക്കറിയാം രണ്ട് ആൺകുട്ടികൾ , അബ്ദുല്ലയും സുബൈറും'

'ഉമൈമക്കാണ് കൂടുതൽ കുട്ടികൾ അല്ലേ....ഉമ്മാ?'

'അതേയതേ.... ഉമൈമാക്ക് കുട്ടികൾ ആറാകുന്നു മൂന്ന് ആണും മൂന്നു പെണ്ണും ആൺകുട്ടികൾ അബ്ദുല്ല, അബൂഅഹ്മദ്, ഉബൈദുല്ല എന്നിവർ പെൺകുട്ടികൾ സൈനബ്, ഉമ്മുഹബൈബ, ഹമിനത്ത് എന്നിവരും നിങ്ങൾക്കറിയാമല്ലോ ഇവരെയൊക്കെ '

'ങാ.... അറിയാം'

'അർവ്വാക്ക് ഒരു പുത്രനുണ്ട് പേരറിയാമോ?'

'അറിയാം ത്വലീബ് '

'അബ്ദുൽ മുത്തലിബിന്റെ അഞ്ച് പെൺമക്കളെക്കുറിച്ചാണ് ഞാൻ പറഞ്ഞു തന്നത് ഇനി ഒരുപുത്രി കൂടിയുണ്ട് അതാരാണെന്ന് പറയാമോ?'

'പറയാം.... ഉമ്മ തന്നെ '

മറുപടി കേട്ടപ്പോൾ സഫിയ ചിരിച്ചുപോയി ചിരിച്ചുകൊണ്ട് തന്നെ അവർ പറഞ്ഞു

'അതേ... ഫാത്തിമ പ്രസവിച്ച അഞ്ച് പുത്രിമാർ.... പിന്നെ ഹാല പ്രസവിച്ച ഞാനും അങ്ങനെ അബ്ദുൽ മുത്തലിബിന് പുത്രിമാർ ആറ് '

'പുത്രന്മാരെത്ര?'

'പതിമൂന്ന് '

'അപ്പോൾ ആകെ മക്കളെത്ര?'

'പതിമൂന്നും ആറും പത്തൊമ്പത് '

'അബ്ദുൽ മുത്തലിബിന്റെ പുത്രന്മാർക്കെല്ലാം കൂടി എത്ര പുത്രന്മാരുണ്ടെന്നു പറയാമോ?'

'ഹാവൂ.... ഉമ്മ തന്നെ പറഞ്ഞാട്ടെ'

'ഇരുപത്തഞ്ച് '

മക്കൾ ഉമ്മയുടെ മുഖത്തേക്കുറ്റുനോക്കി ഇരുപത്തഞ്ച് പുത്രന്മാർ എന്തൊരു വലിയ കുടുംബം

'ആളുകളുടെ പേര് മാത്രമല്ലേ ഞാൻ പറഞ്ഞു തന്നുള്ളൂ അവരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കേട്ടാൽ നിങ്ങൾ അമ്പരന്നുപോവും'

മക്കാ പട്ടണവുമായി ഇഴകിച്ചേർന്നു കിടക്കുകയാണ് നമ്മുടെ കുടുംബത്തിന്റെ ചരിത്രം അബ്ദുൽ മുത്തലിബും, അദ്ദേഹത്തിന്റെ പിതാമഹന്മാരും ഈ പട്ടണം വളർത്തികൊണ്ട് വരുന്നതിൽ വഹിച്ച പങ്ക് എല്ലാവരിലും പ്രശംസിക്കപ്പെട്ടിട്ടുണ്ട് സ്വന്തം നാട്ടുകാരും വിദേശികളും അബ്ദുൽ മുത്തലിബിനെയും പൂർവ്വികന്മാരെയും വളരെയേറെ സ്തുതിച്ചിട്ടുണ്ട് അവരുടെ സേവനങ്ങൾ അത്ര വലുതാണ്


അൽഅമീൻ

ഒരു ദിവസം സഫിയ കൗതുകമുള്ളൊരു വാർത്ത കേട്ടു കോരിത്തരിപ്പിക്കുന്ന വാർത്ത തന്റെ സഹോദര പുത്രൻ തന്റെ ഭർത്താവിന്റെ സഹോദരിയെ വിവാഹം കഴിക്കുന്നു

സഹോദര പുത്രൻ മക്കക്കാർക്കിടയിൽ അറിയപ്പെടുന്നത് 'അൽഅമീൻ' എന്ന പേരിൽ ആ പേര് എല്ലാവർക്കും അഭിമാനകരമാണ് അബ്ദുൽ മുത്തലിബിന്റെ മക്കൾക്കെല്ലാം അൽഅമീനെ എന്തൊരു സ്നേഹമാണെന്നോ?

സത്യമേ പറയുകയുള്ളൂ  താമശക്കുപോലും ഒരു കള്ളം പറയില്ല 

ജീവിതത്തിലിന്നുവരെ ഒരു കള്ളം പറഞ്ഞതായിട്ട് ഒരാൾക്കും പറയാനാവില്ല എന്ത് സാധനവും സൂക്ഷിക്കാൻ  ഏൽപിക്കും ഒരു കുഴപ്പവും കൂടാതെ തിരിച്ചു കിട്ടും അത്ര വിശ്വസ്തനാണ്

പാവപ്പെട്ടവരെയും അഗതികളെയും അനാഥരെയും സഹായിക്കാൻ ഇത്രയേറെ താൽപര്യമെടുക്കുന്ന ഒരാളെയും മക്കയിൽ കാണില്ല പ്രായം ചെന്ന ഒരാൾ ഭാരം ചുമന്നുകൊണ്ട് പോവുന്നതു കണ്ടാൽ ഓടിച്ചെല്ലും അയാളിൽനിന്നു ഭാരം ഏറ്റുവാങ്ങും അങ്ങനെ അയാളെ സഹായിക്കും
വിശന്നവർക്കാഹാരം നൽകും ദാഹിക്കുന്നവർക്കു വെള്ളം നൽകും വസ്ത്രമില്ലാത്തവർക്ക് അത് നൽകും

ഇങ്ങനെയുള്ള ഒരാളെ ആളുകൾ സൂക്ഷിക്കാതിരിക്കുമോ? എല്ലാവർക്കും അൽഅമീനെ സ്നേഹമാണ് പറഞ്ഞറിയിക്കാനാവാത്ത സ്നേഹം 
ബന്ധുക്കളുടെ വീടുകളിലെല്ലാം  ചെല്ലും സുഖവിവരങ്ങളൊക്കെ അന്വേഷിക്കും രോഗികളെ സന്ദർശിക്കും അവരെ ആശ്വസിപ്പിക്കും ബന്ധുക്കളെ ഇടക്കൊക്കെ വിളിച്ചു സൽക്കരിക്കും വലിയ സൽക്കാര പ്രിയനാണ് ആര് ക്ഷണിച്ചാലും ക്ഷണം സ്വീകരിക്കും കുടുംബബന്ധം നിലനിർത്തുന്നതിൽ വലിയ താൽപര്യമാണ് അതിനുവേണ്ടി എന്ത് ത്യാഗവും സഹിക്കും അതാണ് അൽഅമീൻ

അങ്ങനെയുള്ള അൽഅമീൻ വിവാഹം ചെയ്യാൻ പോവുന്നു ഇത് കുടുംബക്കാരെ മുഴുവൻ ആഹ്ലാദം കൊള്ളിക്കുന്ന കാര്യമാണ് വധു ഖദീജയാണ് മക്കയിലുള്ളവർക്കെല്ലാം ഖദീജയെ നന്നായിട്ടറിയാം ആരെയും പറഞ്ഞു പരിചയപ്പെടുത്തേണ്ട  കാര്യമില്ല മക്കയിലെ ഒന്നാം തരം കച്ചവടക്കാരിയാണ് ഖാഫിലയെ അയക്കുന്ന വൻകിട വ്യാപാരിയാണ്

ഒരിക്കൽ ഖാഫില അയക്കാൻ തീരുമാനിച്ചു വിശ്വസ്തനായ മാനേജരെ വേണമെന്ന് പരസ്യം ചെയ്തു അത് അബൂത്താലിബിന്റെ ശ്രദ്ധയിൽപെട്ടു അബൂത്താലിബ് ഒരു വലിയ കുടുംബത്തെ പോറ്റേണ്ട ബാധ്യതയുള്ള ആളാണ് പഴയതുപോലെ വരുമാനമില്ല അൽഅമീൻ ആടിനെ മേയ്ക്കാനും മറ്റും പോവുന്നുണ്ട് അതിൽനിന്നൊക്കെ ചെറിയ വരുമാനമല്ലേ കിട്ടുകയുള്ളൂ
അങ്ങനെയിരിക്കുമ്പോഴാണ് ഖദീജ മാനേജരെ അന്വേഷിക്കുന്ന വിവരം കിട്ടിയത് അബൂത്താലിബ് അൽഅമീനുമായി വിവരം ചർച്ച ചെയ്തു 
'മോനേ..... എനിക്കു പ്രായമായി മോൻ ജോലി ചെയ്തു സമ്പാദിക്കണം ഖദീജ ഖാഫില നയിക്കാൻ വിശ്വസ്തരായ മാനേജർമാരെ അന്വേഷിക്കുന്നു ഞാൻ മോന്റെ കാര്യം ഖദീജയോട് പറയട്ടെയോ?

'അങ്ങയുടെ ഇഷ്ടം'

അബൂത്താലീബ് ഖദീജയെ കാണാൻ ചെന്നു ഖദീജ സന്തോഷപൂർവ്വം അദ്ദേഹത്തെ സ്വീകരിച്ചു കാര്യങ്ങൾ അൽഅമീനെ മാനേജരായി നിയമിക്കുന്ന കാര്യത്തിൽ ഖദീജക്ക് വലിയ ഉത്സാഹം നല്ല പ്രതിഫലം വാഗ്ദാനം ചെയ്തു

ഖാഫില പുറപ്പെട്ടു അൽഅമീൻ മാനേജരാണ് സഹായത്തിന് മൈസറെയും അയച്ചിട്ടുണ്ട് 

ആ യാത്ര മൈസറെ അത്ഭുതപ്പെടുത്തി അതിശയിപ്പിക്കുന്ന അനുഭവങ്ങൾ അൽഅമീന് തണലിട്ടി കൊടുത്തുകൊണ്ട് മേഘം സഞ്ചരിക്കുന്നു ആളുകളോടുള്ള പെരുമാറ്റത്തിലും ജീവിതരീതിയിലുമൊക്കെ മറ്റാരിലും കാണാത്ത പ്രത്യേകതകൾ

വ്യാപാരത്തിലാണെങ്കിൽ നല്ല ലാഭം ഖദീജ ഏൽപിച്ച സാധനങ്ങളൊക്കെ വാങ്ങി മടക്കയാത്ര തുടങ്ങി 

മൈസറക്ക് യജമാനത്തിയുടെ അടുത്തെത്താൻ വലിയ ഉത്സാഹം എല്ലാ കാര്യങ്ങളും അവരെ അറിയിക്കണം

ഖാഫില തിരിച്ചെത്തുമ്പോൾ ഖദീജ വീടിന്റെ മുകൾത്തട്ടിലായിരുന്നു ഖാഫിലയുടെ വരവ് അവർ നോക്കിക്കണ്ട് ആസ്വദിക്കുകയാണ് ഉടനെ വീട്ടിന്റെ താഴെ നിലയിൽ ഓടിയെത്തി കച്ചവട സംഘത്തെ സന്തോഷപൂർവ്വം സ്വീകരിച്ചു മൈസറ യജമാനത്തിയോട് അൽഅമീനെക്കുറിച്ചും മറ്റുള്ള അതിശയകരമായ വാർത്തകൾ അറിയിച്ചു മൈസറയുടെ വിവരണം അവരുടെ മനസ്സിനെ സ്പർശിച്ചു 

ദീർഘയാത്ര കഴിഞ്ഞു വന്ന അൽഅമീൻ അബൂത്താലിബിനെ കാണാൻ വേണ്ടി യാത്രയായി

നുഫൈസ ഒരു ദിവസം ഖദീജബീവിയെ കാണാനെത്തി

'പ്രിയസഖീ എന്താണിത്ര വലിയ ചിന്ത'

ഖദീജബീവി(റ) ചിന്തയിൽനിന്നുണർന്നു മനസ്സിലെ ചിന്തകൾ തുറന്നു പുറയാനൊരു മടി നുഫൈസ പലതവണ നിർബന്ധിച്ചപ്പോൾ  മനസ്സിലെ ആശകൾ കുറേശ്ലെ പുറത്തേക്ക് വരാൻ തുടങ്ങി 

'എന്താണിത്ര മനഃപ്രയാസം പറയൂ കേൾക്കട്ടെ'

'ഞാനൊരാളെക്കുറിച്ചു ചിന്തിക്കുകയായിരുന്നു '

'ആരെക്കുറിച്ച്?'

'അൽഅമീനെക്കുറിച്ച് '

'അൽഅമീനെക്കുറിച്ച് എന്താണ് ചിന്തിച്ചത്?'

അതിനുത്തരം പറഞ്ഞില്ല നുഫൈസയുടെ മനസ്സിൽ ചില സംശയങ്ങൾ നാമ്പെടുത്തു

'ഖദീജ എന്നോടു തുറന്നുപറയൂ നിനക്ക് അൽഅമീനെ വിവാഹം കഴിക്കണമെന്നു തോന്നുന്നുണ്ടോ?'

'എനിക്കു തോന്നിയിട്ടെന്താ കാര്യം?'

'പിന്നാർക്കാ തോന്നേണ്ടത്?'

'അൽഅമീൻ'

'അത് ശരി അപ്പോൾ അതാണ് പ്രശ്നം സാരമില്ല അക്കാര്യം ഞാനേറ്റു'
'ഏത് കാര്യം?'

'അൽഅമീന് സമ്മതമാണോ എന്ന കാര്യം?'

'ഏത് കാര്യം?'

'നീ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുത് '

'ഒരു പ്രശ്നവുമില്ല ഈ നുഫൈസ നിന്നെ സന്തോഷിപ്പിക്കും '

നുഫൈസ ഇറങ്ങിപ്പോയി ഖദീജയുടെ മനസ്സ് പിടക്കാൻ തുടങ്ങി നുഫൈസ എന്തായിരിക്കും ചോദിക്കുക? അത് കേൾക്കുമ്പോൾ അൽഅമീന് എന്ത് തോന്നും? മനസ്സ് വല്ലാതെ അസ്വസ്ഥമാവുന്നു
 
നുഫൈസ അൽഅമീനെ കണ്ടുമുട്ടി

'അൽഅമീൻ, ഞാൻ താങ്കളെ അന്വേഷിച്ചു നടക്കുകയായിരുന്നു ' നുഫൈസ സംഭാഷണത്തിനു തുടക്കമിട്ടു

'എന്താ വിശേഷം?'

'ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു ഒന്നു ചോദിച്ചോട്ടെ, താങ്കളെന്താണ് വിവാഹം കഴിക്കാത്തത് ?'

'വിവാഹക്കാര്യമോ, ഞാനതൊന്നും ചിന്തിച്ചിട്ടില്ല'

'എന്താണ് ചിന്തിക്കാത്തത്?'

'അതിനുള്ള സാമ്പത്തിക സ്ഥിതിയൊന്നും എനിക്കില്ലല്ലോ?'

'താങ്കൾക്ക് സാമ്പത്തിക ബാധ്യതകളൊന്നും വരാത്ത ഒരു വിവാഹത്തെക്കുറിച്ചു ഞാൻ സംസാരിക്കാം വധു സുന്ദരിയാണ് സൽഗുണ സമ്പന്നയാണ് ഉന്നത തറവാട്ടുകാരിയാണ് ധനികയാണ് '

'ആരാണവർ'

'ഖദീജ '

അൽഅമീന് വിസ്മയം ഉയർന്ന തരം വ്യാപാരവും നല്ല സാമ്പത്തിക ശേഷിയുമുള്ള ഖദീജ തന്നെ വിവാഹം കഴിക്കുവാനാഗ്രഹിക്കുന്നുവെന്നോ? 

അതിശയം തന്നെ

'താങ്കൾക്ക് സമ്മതമാണെന്ന് ഞാൻ ഖദീജയെ അറിയിക്കുകയാണ് നുഫൈസയുടെ മുഖം നിറയെ സന്തോഷം മക്കയിലെ ഏറ്റവും നല്ല ചെറുപ്പക്കാരനെ തന്റെ പ്രിയസഖിക്ക് ഭർത്താവായി ലഭിക്കുകയാണ് ഇക്കാര്യത്തിൽ ഇടപ്പെട്ടു സംസാരിക്കാനവസരം കിട്ടിയത് തന്നെ വലിയ സൗഭാഗ്യം

നുഫൈസ വന്നു കയറുമ്പോൾ ഖദീജ വെപ്രാളത്തോടെ ഇരിക്കുകയാണ് കൂട്ടുകാരിയുടെ പ്രശോഭിക്കുന്ന മുഖം കണ്ടപ്പോൾ ആശ്വാസമായി എങ്കിലും കണ്ടപാടെ തിടുക്കത്തിൽ ചോദിച്ചു

'എന്തായി പോയ കാര്യമെന്തായി?'

'ക്ഷമിക്കൂ പറയാം'

നുഫൈസയുടെ വാക്കുകൾക്ക് വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു

'വിഷമിക്കണ്ടേ.... ഞാൻ കണ്ടു'

'എന്നിട്ട്?'

'സംസാരിച്ചു '

'സമ്മതം'

'ങേ....?'

അതെ അൽഅമീൻ വിവാഹത്തിനു സമ്മതിച്ചിരിക്കുന്നു ഖൽബിൽ കൊള്ളാത്ത സന്തോഷം നുഫൈസയുടെ ഖൽബിലും ആഹ്ലാദത്തിന്റെ തിരതല്ലൽ പിന്നെ ആഹ്ലാദം വീട്ടിൽ മുഴുവൻ പരന്നു എല്ലാവർക്കും സന്തോഷം അങ്ങനെ സഫിയയും സന്തോഷത്തിന്റെ വേലിയേറ്റത്തിൽപെട്ടു

'ഖദീജയുടെ മഹാഭാഗ്യം ഇതുപോലൊരു ചെറുപ്പക്കാരനെ ഭർത്താവായിക്കിട്ടണമെങ്കിൽ അപൂർവ്വ സൗഭാഗ്യം വേണം'
സഫിയ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു

'അൽഅമീന്റെ പിതാവ് അബ്ദുല്ലയെ ഭർത്താവ് ലഭിച്ചപ്പോൾ പണ്ട് ആമിനാബീവിയോടും ആളുകൾ ഇത് തന്നെയാണ് പറഞ്ഞിരുന്നത് '
പിന്നെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്നാണ് പുരോഗമിച്ചത് അബൂത്താലിബ് നേരിട്ട് വന്നു കല്യാണക്കാര്യങ്ങൾ സംസാരിച്ചു തിയ്യതി നിശ്ചയിച്ചു 
ഖബീലക്കാരെയൊക്കെ ക്ഷണിച്ചു മക്കക്കാർക്കൊക്കെ അതൊരു കൗതുകമുള്ള വാർത്തയായിരുന്നു 

'അൽഅമീനു പറ്റിയ ഇണ തന്നെ ' ആളുകൾ അഭിപ്രായപ്പെട്ടു 
ഖദീജ വിശ്വസ്തയാണ് ഉദാരമതിയാണ് ദരിദ്രരേയും അഗതികളെയും  സഹായിക്കുന്ന വനിതയാണ് ഇത്തരം സൽഗുണങ്ങൾ ഒത്തിണങ്ങിയ വരനെത്തന്നെയാണ് അവർക്ക് ലഭിച്ചിരിക്കുന്നത്

അൽഅമീൻ ഖദീജ(റ)യെ വിവാഹം ചെയ്തു 

സഫിയക്കാണ് ഏറെ സന്തോഷം അവർ ആഹ്ലാദപൂർവ്വം വീട്ടിലെല്ലായിടത്തും ഓടിനടക്കുന്നു കാര്യങ്ങൾ നോക്കുന്നു 

വിവാഹത്തിനുശേഷം അൽഅമീൻ ഖദീജ (റ)യുടെ വീട്ടിൽ തന്നെയായിരുന്നു താമസം അതുകൊണ്ട് സഫിയാക്ക് അൽഅമീനെ കാണാനും സംസാരാക്കാനുമൊക്കെ കൂടുതൽ സൗകര്യമായി
തന്റെ പിതാവിന്റെ സഹോദരിയെന്ന നിലയിൽ വളരെ സ്നേഹത്തോടെയാണ് അൽഅമീൻ സഫിയയോട് പെരുമാറിയത് സഫിയ മിടുമിടുക്കിയായ ചെറുപ്പക്കാരിയായിരുന്നു അൽഅമീനെയും ഖദീജബീവിയെയും ശരിക്കും മനസ്സിലാക്കിയ വനിത 

അൽഅമീനും ഖദീജ (റ)യും സഫിയയെക്കുറിച്ചു സംസാരിക്കാനിടയായി
'അവൾ ഒരു ധീരവനിതയായി വളർന്നു വരും അബ്ദുൽ മുത്തലിബിന്റെ ധീരതക്കു അവർക്കു അനന്തരാവകാശമായി കിട്ടിയതുപോലെയുണ്ട്
സഫിയയുടെ ചിട്ടകളും രീതികളും അവരിൽ വളരെയധികം കൗതുകമുണർത്തിയിരുന്നു


ഖദീജ (റ)

സഫിയയും കുടുംബവും  ദുഃഖത്തിന്റെ കയത്തിൽ വീണുപോയി ധീരയായ സഫിയ പതറിപ്പോയി ഒരു പുരുഷായുസ്സിന്റെ സ്നേഹം മുഴുവൻ ചുരുങ്ങിയ കാലംകൊണ്ട് തനിക്ക് സമ്മാനിച്ച പ്രിയ ഭർത്താവ് അവ്വാം അന്ത്യശ്വാസം വലിച്ചിരിക്കുന്നു

താനിതാ വീണ്ടും വിധവയായിരിക്കുന്നു ഇനിയുള്ള ജീവിത യാത്രയിൽ അവ്വാമിന്റെ കൂട്ടില്ല താനും തന്റെ മക്കളും...

 ഓർമകളിൽ കണ്ണുനീരിന്റെ നനവ്

'സഫിയാ... വിധിയെ തടുക്കൻ നമുക്ക് കഴിയുമോ? സഹിക്കുകയല്ലാതെ നമ്മളെന്ത് ചെയ്യും?'

ഖദീജ ബീവി (റ)യുടെ ആശ്വാസ വചനങ്ങൾ....

'എന്റെ പ്രിയപ്പെട്ട അവ്വാം അവന്റെ മനസ്സ് നിറയെ സ്നേഹമായിരുന്നു അവന്റെ വേർപാട് എന്നെ പിടിച്ചുലച്ചു കളഞ്ഞു ' 

ഖദീജബീവി(റ)യുടെ ദുഃഖം വാക്കുകളിൽ പരന്നൊഴുകി 
ഒരു കുടുംബം മുഴുവൻ ദുഃഖത്തിലമർന്നു കണ്ണീരും നെടുവീർപ്പുകളും സാക്ഷിനിന്ന ദിനരാത്രങ്ങൾ

കാലം പിന്നെയും ഒഴുകിപ്പോയി ജനങ്ങൾ അവ്വാമിനെ മറന്നു തുടങ്ങി സഫിയക്ക് മറക്കാനാവില്ലല്ലോ അവർ ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം ആ ഓർമ്മയിലാണ് അവരുടെ ഓരോ നിശ്വാസത്തിലും അവ്വാം നിറഞ്ഞു നിൽക്കുന്നു 

ആമിനബീവി(റ) ഗർഭിണിയായ സംഭവമാണ് സഫിയയുടെ ഓർമ്മയിൽ വന്നത് പറഞ്ഞു കേട്ട കഥയാണ് ഗർഭിണിയാണെന്ന വിവരം  തന്നെ ആമിന(റ) അറിഞ്ഞില്ല സാധാരണ സ്ത്രീകൾക്കുണ്ടാവുന്ന   അസ്വസ്ഥകളൊന്നുമില്ല ഒരു ബുദ്ധിമുട്ടുമില്ല ചെവിയിൽ ആരോ മന്ത്രിക്കുന്നതുപോലെ തോന്നി 

ആ ശബ്ദമാണ് താൻ ഗർഭിണിയാണെന്നോർമ്മപ്പെടുത്തിയത് പിന്നെ സുന്ദരമായ സ്വപ്നങ്ങളായിരുന്നു അങ്ങനെ അനുഭൂതിയിൽ ലയിച്ചിരിക്കുമ്പോഴാണല്ലോ ആ  മരണ വാർത്ത വന്നത് അബ്ദുല്ലയുടെ മരണം
ആമിന(റ) പ്രസവിച്ചു ആ കുഞ്ഞു വളർന്നു മക്കയിലെ ഏറ്റവും നല്ല ചെറുപ്പക്കാരൻ  ആ ചെറുപ്പക്കാരന്റെ കുഞ്ഞ് ഖദീജയിൽ വളരുന്നു സഫിയക്ക് ആഹ്ലാദം നൽകിയ വാർത്ത 

ഖദീജ പ്രസവിച്ചു അതറിഞ്ഞപ്പോൾ അൽഅമീന്റെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു

വർഷങ്ങളുടെ പ്രവാഹം അൽഅമീൻ ഖദീജ (റ)യെ വിവാഹം കഴിച്ചതിനുശേഷം പതിനഞ്ച് വർഷങ്ങൾ കടന്നുപോയിരിക്കുന്നു 

ഇക്കാലയളവിൽ ഖദീജ പല തവണ ഗർഭിണിയായി കുഞ്ഞുങ്ങളെ പ്രസവിച്ചു ആ സന്ദർഭങ്ങളിലൊക്കെ മാതാപിതാക്കൾ അനുഭവിച്ച സന്തോഷമെത്ര
ആ സന്തോഷമൊന്നും നീണ്ടുനിന്നില്ല ആൺകുട്ടികൾ ഓരോരുത്തരായി മരണപ്പെട്ടു പെൺകുട്ടികൾ ബാക്കിയായി 

ഒരുദിവസം അൽഅമീൻ സഫിയയുടെ വീട്ടിലേക്ക് കയറി വന്നു സഫിയ സന്തോഷപൂർവം സ്വീകരിച്ചിരുത്തി

'അബ്ദുൽ മുത്തലിബിന്റെ കുടുംബങ്ങൾക്കുവേണ്ടി ഞാനൊരു വിരുന്ന് ഒരുക്കുന്നുണ്ട് അതിൽ നിങ്ങളും കുട്ടികളും പങ്കെടുക്കണം ഞാൻ ക്ഷണിക്കാൻ വന്നതാണ് '

'വലിയ സന്തോഷം ഞാനും മക്കളും വരാം'

സഫിയക്കു പിന്നെ സദ്യയെക്കുറിച്ചുള്ള ചിന്ത തന്നെ അബ്ദുൽ മുത്തലിബിന്റെ മക്കളും അവരുടെ മക്കളും സദ്യക്കുവേണ്ടി ഒരുമിച്ചുകൂടുകയാണ് ഒരു കുടുംബമേള തന്നെ എല്ലാവരെയും ഒന്നിച്ചു കാണാം കുടുംബക്കാരെയെല്ലാം ഒന്നിച്ചു കാണാൻ എപ്പോഴും തരപ്പെടില്ലല്ലോ ബാപ്പ ജീവിച്ചിരുന്ന കാലത്ത് എല്ലാവരും ഒരുമിച്ചു കൂടുമായിരുന്നു അക്കാലമെല്ലാം കടന്നുപോയില്ലേ?
സദ്യ നടത്താൻ നിശ്ചയിച്ച ദിവസമായി സഫിയയും കുട്ടികളും നേരത്തെതന്നെ എത്തിച്ചേർന്നു ഖദീജ (റ) യുടെ നേതൃത്വത്തിൽ വിഭവങ്ങൾ തയ്യാറായി വരുന്നു സഫിയയും വേണ്ട സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു
സമയമായപ്പോൾ ബന്ധുക്കളൊക്കെ വന്നു ചേർന്നു എല്ലാവരും ആഹ്ലാദപൂർവ്വം കടന്നുവന്നു

അബൂത്താലിബും വന്നു അബൂലഹബും വന്നു അബ്ബാസും, മറ്റു ബന്ധുക്കളും വന്നു അവരുടെ ഭാര്യമാരും കുട്ടികളും വന്നു ചേർന്നു അബ്ദുൽ മുത്തലിബിന്റെ പെൺമക്കളൊക്കെ വന്നു അവരുടെ ഭർത്താക്കന്മാരും , കുട്ടികളുമെല്ലാം വന്നുചേർന്നു അടുത്ത ബന്ധുക്കളുമെല്ലാം എത്തിയിട്ടുണ്ട് അതോടെ സ്വീകരണമുറിയിലും അകത്തളങ്ങളിലും ആളുകൾ നിറഞ്ഞു ഗംഭീരമായിരുന്നു സദ്യ എല്ലാവരും വർദ്ധിച്ച ആഹ്ലാദത്തോടെ പാത്രങ്ങൾ കാലിയാക്കി അബ്ദുൽ മുത്തലിബിന്റെ മരണശേഷം പിന്നെ കുട്ടികൾ തന്നെ വലിയൊരു കൂട്ടമുണ്ട് അദ്ദേഹം മരണമടഞ്ഞ വർഷം ജനിച്ച കുട്ടിക്ക് മുപ്പത്തരണ്ട് വയസ്സുകാണും 

മൂന്നു പതിറ്റാണ്ടുകൾ എത്ര പെട്ടെന്നാണ് കടന്നുപോയത്

സദ്യ കഴിഞ്ഞശേഷം അൽഅമീൻ എല്ലാവരോടുമായി പറഞ്ഞു
'എല്ലാവരും അൽപനേരം ഇരിക്കണം ഒരു കാര്യം നിങ്ങളെ അറിയിക്കാനുണ്ട് അതിന്നുവേണ്ടിയാണ് ഞാൻ നിങ്ങളെയെല്ലാം ഇവിടെ ക്ഷണിച്ചുവരുത്തിയത് '
അത് കേട്ടപ്പോൾ എല്ലാവർക്കും ആകാംക്ഷയായി എന്താണ് അൽഅമീൻ പറയാൻ പോവുന്നത്?

പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം ഇരുന്നു എല്ലാവരും അൽഅമീന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്

'എന്റെ പ്രിയപ്പെട്ട ബന്ധുക്കളെ വളരെ സുപ്രധാനമായ ഒരു കാര്യം നിങ്ങളോട് പറയുവാനാണ് ഞാനാഗ്രഹിക്കുന്നത് നാം വളരെ വലിയ വിപത്തിന്റെ വക്കിലാണ് നിൽക്കുന്നത് ഇതിൽനിന്ന് നാം രക്ഷപ്പെടണം ഏകനായ അല്ലാഹുവിന്റെ മാർഗത്തിലേക്ക് നിങ്ങളെ ക്ഷണിക്കുവാൻ അവൻ എന്നോട് കൽപിച്ചിരിക്കുന്നു അല്ലാഹു എന്നെ അന്ത്യപ്രവാചകനായി നിയോഗിച്ചിരിക്കുന്നു

എന്റെ ബന്ധുക്കളെ അല്ലാഹു ഏകനാണെന്നും അവന്ന് യാതൊരു പങ്കുകാരുമില്ലെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുക'

പ്രവാചകൻ തന്റെ അടുത്ത ബന്ധുക്കളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു ഇത് കേട്ടപ്പോൾ ബന്ധുക്കൾ തലതാഴ്ത്തി ചിലർ നിശ്ശബ്ദരായി എഴുന്നേറ്റ് നടന്നു 
'ഇത് പറയാനാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയത്?' 

അബൂലഹബിന്റെ ശബ്ദത്തിൽ ശക്തിയായ അമർഷം 

സഫിയയുടെ മനസ്സിൽ ആ വാക്കുകൾ ചലനങ്ങൾ സൃഷ്ടിച്ചു ഏകനായ അല്ലാഹു അവന്ന് പങ്കുകാരില്ല അവന്റെ പ്രവാചകനാണ് അൽഅമീൻ
അൽഅമീൻ അസത്യം പറയാറില്ല എന്തുപറഞ്ഞാലും  അത് സത്യമായിരിക്കും ഇപ്പറഞ്ഞതും സത്യമായിരിക്കും

ഇബ്റാഹീം നബി (അ)യെക്കുറിച്ച് കേട്ടിട്ടുണ്ട് മക്കയിൽ ജീവിക്കുന്നവർക്ക് ഇബ്റാഹീം നബി (അ)യെ മറക്കാനാവുമോ? സംസം വെള്ളം കുടിക്കുന്നവർക്ക് ഇസ്മാഈൽ നബി (അ)യെ മറക്കാനാവുമോ? അനേകം പ്രവാചകന്മാർ കഴിഞ്ഞുപോയിട്ടുണ്ട് അവരുടെ പരമ്പരയിലെ അവസാനത്തെ പ്രവാചകനാണോ അൽഅമീൻ? 

എങ്കിൽ ഈ സമൂഹം എത്ര ആദരണീയം

'അല്ലാഹു അല്ലാതെ മറ്റൊരിലാഹില്ല മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു ' എത്ര മനോഹരമായ വചനം

സഫിയ അതേക്കുറിച്ചു തന്നെ ചിന്തിച്ചുകൊണ്ടിരുന്നു വിരുന്നിനു വന്നവരൊക്കെ പിരിഞ്ഞുപോയി

പ്രവാചകപുത്രി ഫാത്വിമയും  സഫിയയും തമ്മിൽ സംസാരിച്ചു 

ഇസ്ലാംമതത്തെക്കുറിച്ചറിയാൻ ഇരുവർക്കും മോഹമായി ഖദീജ (റ) ആദ്യമേ തന്നെ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞിരുന്നു അബൂത്താലിബിന്റെ മകൻ അലി എന്ന കുട്ടി ഖദീജ (റ)യുടെ വീട്ടിലാണ് വളരുന്നത് അരിയുടെ മനസ്സിലും ഇസ്ലാമിന്റെ പ്രകാശം വന്നു കഴിഞ്ഞിരുന്നു

ഖദീജബീവി(റ)യും സഫിയയും സംസാരിച്ചു ഇസ്ലാമികാദർശങ്ങൾ ഖദീജ (റ)യിൽനിന്ന് സഫിയ മനസ്സിലാക്കി

അന്നു രാത്രി സഫിയയും പന്ത്രണ്ട് വയസ്സ് പ്രായമുള്ള മകനും വളരെ നേരം സംസാരിച്ചു

'ഉമ്മാ.... എല്ലാവരും സംസാരിക്കുന്നത് ഇസ്ലാമിനെക്കുറിച്ചാണ് പുറത്തെല്ലാവരും വിവരം അറിഞ്ഞിട്ടുണ്ട് '

'എന്തൊക്കെയാണ് ആളുകൾ പറയുന്നത് '

അൽഅമീൻ പറയുന്നത് സത്യമാണെന്ന് ചിലർ പറയുന്നു 
അനാചാരങ്ങളിൽനിന്നും  തെറ്റായ വിശ്വാസങ്ങളിൽനിന്നും മനുഷ്യനെ രക്ഷിക്കാൻ ഒരു പ്രവാചകൻ വരുമെന്ന് പുരോഹിതന്മാർ പറയുന്നു ആ പ്രവാചകൻ അൽഅമീൻ തന്നെയാണെന്ന് ചിലർ പറയുന്നു'

'അത് തന്നെയാണ് ശരി എനിക്കങ്ങനെ തോന്നുന്നു '

ദിവസങ്ങൾ പിന്നെയും കടന്നുപോയി  പ്രവാചകൻ ഓരോ വ്യക്തിയോടും സംസാരിക്കുന്നു 

ഇടക്ക് സഫിയയെ കണ്ടപ്പോൾ പ്രവാചകൻ പറഞ്ഞു

'ഈ ലോകത്തിന്റെ സൃഷ്ടാവാണ് അല്ലാഹു നമ്മെയെല്ലാം പടച്ചത് അവനാണ് നമ്മെ ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും അവനാണ് നമുക്ക് ശ്വസിക്കാൻ വായു തന്നതും കുടിക്കാൻ വെള്ളം തന്നതും അവൻ തന്നെ അവന്റെ അനുഗ്രഹങ്ങൾ അപാരമാണ്  അവനെ അനുസരിക്കേണ്ടത് അടിമകളായ നമ്മുടെ ചുമതലയാണ്

അവന്റെ പരിശുദ്ധിയെ വാഴ്ത്തുക അവനോട് ഒന്നിനെയും പങ്ക് ചേർക്കാതിരിക്കുക അല്ലാഹുവിന്റെ മാർഗത്തിലേക്ക് ഞാനിതാ നിങ്ങളെയെല്ലാം ക്ഷണിച്ചുകൊള്ളുന്നു'

എന്തൊരു വാക്കുകൾ മനസ്സിന്റെ അടിത്തട്ടിലേക്ക് താഴ്ന്നിറങ്ങിപ്പോവുന്ന വാക്കുകൾ 

'അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുക മനുഷ്യൻ ഈ ലോകത്തുവെച്ചു ചെയ്യുന്ന സകല കർമങ്ങൾക്കും പ്രതിഫലം നൽകപ്പെടുന്ന ഒരു ലോകമുണ്ട് പരലോകം അവിടെ വിചാരണയുണ്ട് കണക്കു ചോദ്യമുണ്ട് അനീതി പ്രവർത്തിക്കുന്നവർ അതിന്റെ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും '
പ്രവാചകന്റെ വചനങ്ങൾ പരിശുദ്ധ ഖുർആൻ വചനങ്ങൾ ഓതിക്കേൾപ്പിച്ചു സിരകളെ ത്രസിപ്പിക്കുന്ന വചനങ്ങൾ മനസ്സിൽ ഈമാനിന്റെ തിളക്കം ചിന്താമണ്ഡലം ആടിയുലയുന്നു പ്രവാചകൻ നടന്നുപോയി 

മകൻ ഉമ്മയുടെ മുഖത്തേക്ക് നോക്കി: 'ഉമ്മാ.....സത്യത്തിന്റെ ശബ്ദമാണ് നാം കേട്ടത് ഇനിയും നാമെന്തിന് ശങ്കിച്ചു നിൽക്കണം '

പന്ത്രണ്ടു വയസ്സുകാരന്റെ ചോദ്യം ഉമ്മയെ തട്ടിയുണർത്തി
'മോനേ.... ഞാനും അതുതന്നെയാണ് ചിന്തിക്കുന്നത് '

ധീരയായ ഉമ്മയും മകനും വളരെ ചെറുപ്പത്തിൽ തന്നെ സഫിയ ആയുധപരിശീലനം നേടിയിരുന്നു വാളും കുന്തവും പ്രയാഗിക്കും അമ്പും വില്ലും ഉപയോഗിക്കും കുതിരപ്പുറത്ത് ചാടിക്കയറി അതിവേഗം സഞ്ചരിക്കും ഒരു പുരുഷന്റെ ചങ്കൂറ്റം

ബാലനായ സുബൈറിനെയും അവർ തന്നെയാണ് ആയുധപരിശീലനം നടത്തിയത് സുബൈറിന് അമ്പെയ്യാൻ അറിയാം വാൾപ്പയറ്ററിയാം കുതിരസവാരി അറിയാം വയസ്സ് പന്ത്രണ്ടേയുള്ളൂ ധീരനായ സുബൈർ ധീരമാതാവിന്റെ ധീരപുത്രൻ ഇരുവരും കുടുംബത്തിന്റെ അഭിമാന ഭാജനങ്ങൾ
പ്രവാചകൻ ബിംബാരാധനയെ എതിർത്തു അത് ശിർക്കാണെന്നു പ്രഖ്യാപിച്ചു ഏകനായ അല്ലാഹുവിനെ ആരാധിക്കുക അവന്ന് പങ്കുകാരില്ല 
ഖുറൈശികളെ പ്രകോപിതരാക്കിയ വചനം ബിംബങ്ങൾക്കെതിരെ സംസാരിക്കരുത്, ബിംബാരാധനയെ വിമർശിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാവും

വെല്ലുവിളികൾ ഉയരുകയാണ് അൽഅമീനെ വിമർശിച്ചു കൊണ്ട് സംസാരിക്കാൻ അബൂലഹബ് തന്നെ രംഗത്ത് വന്നു മുസ്ലിംകൾക്ക് നേരെയും ഭീഷണിയുണ്ട് 

പതിനൊന്നാളുകൾ വിശ്വസിച്ചു കഴിഞ്ഞു അത്രയുമെത്തിയപ്പോൾ മകൻ ഉമ്മയോട് പറഞ്ഞു

'ഇനിയും കാത്തിരിക്കാൻ വയ്യ നമുക്ക് ഇസ്ലാം മതം സ്വീകരിക്കാം ആരെയും ശ്രദ്ധിക്കേണ്ട വരുന്നതു വഴിയിൽ വെച്ചു കാണാം ഭീഷണികൾ അവഗണിക്കാം '

'ഇക്കാര്യങ്ങൾ ഞാനങ്ങോട്ട് പറയാനിരിക്കുകയായിരുന്നു നാം അല്ലാഹുവിൽ നിന്നുള്ളവരാണ് അവനിലേക്കാണ് നമ്മുടെ മടക്കം നമുക്ക് മറ്റൊരു അഭയകേന്ദ്രമില്ല'

'ഉമ്മാ.... ഏറ്റവും നല്ല അഭയം അല്ലാഹു തന്നെ'

'മോനേ.... പോകാം പ്രവാചക സന്നിധിയിലേക്ക് '

ഉമ്മയും മകനും ഇറങ്ങിനടന്നു അവർ കഅ്ബാലയത്തിലെ ബിംബങ്ങളെ മറന്നു ഖുറൈശി പ്രമുഖരെ മറന്നു 

അവരുടെ മനസ്സിൽ സർവ്വശക്തനായ അല്ലാഹും അവന്റെ പ്രവാചകനും മാത്രം 
അന്ത്യപ്രവാചകരുടെ തിരുസന്നിധിയിലേക്ക് അവർ കടന്നു വരുന്നു പന്ത്രണ്ടു വയസ്സുകാരൻ പ്രവാചകന്റെ മുന്നിലേക്ക് നീങ്ങിനിന്നു പറഞ്ഞു: 'ഞങ്ങൾ സത്യമാർഗ്ഗം സ്വീകരിക്കാൻ വന്നതാണ് ' 

പ്രവാചകന്റെ മുഖത്ത് സന്തോഷം

'അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കുക' -പ്രവാചകന്റെ നിർദ്ദേശം 
ഇസ്ലാം സ്വീകരിക്കുന്ന പതിമൂന്നാമത്തെ വ്യക്തിയാണ് സുബൈർ 
മകൻ ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞപ്പോൾ ഉമ്മ മുമ്പോട്ട് നീങ്ങി നിന്നു പറഞ്ഞു: ഞാനും സത്യമാർഗ്ഗം സ്വീകരിക്കുന്നു മാതാവും ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം മതം സ്വീകരിക്കുന്ന പതിനാലാമത്തെ വ്യക്തിയാണ് സഫിയ(റ)
ഉമ്മയും മകനും ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞു അതോടെ ത്യാഗത്തിന്റെ പാതയിലേക്ക് പ്രവേശിക്കുകയായി

ബന്ധുക്കൾ വിവരമറിയാൻ അധികസമയമൊന്നും വേണ്ടിവന്നില്ല സുബൈറിനു മർദ്ദനമേറ്റു 

'മുഹമ്മദിന്റെ മാർഗ്ഗത്തിൽ നിന്നു നീ പിന്തിരിയണം അല്ലെങ്കിൽ നിന്റെ ജീവൻ തന്നെ അപകടത്തിലാണ് '

'ഇനിയൊരു മടക്കമില്ല'

ഉറച്ച മറുപടി ക്രൂരമർദ്ദനമാണ് പിന്നീട് നടന്നത്

ലാ ഇലാഹ ഇല്ലല്ലാഹ് -അല്ലാഹു അല്ലാതെ ഒരിലാഹില്ല 
സുബൈർ (റ)വിന്റെ നാവിൽനിന്നും പുറത്തു വന്നുകൊണ്ടിരുന്ന മഹത്തായ വചനം

സഫിയക്കും പ്രയാസങ്ങൾ നിറഞ്ഞ നാളുകൾ വരവായി സ്വന്തം സഹോദരങ്ങൾ തന്നെ ശത്രുക്കളായി മാറുന്നു അവരുടെ മുൻപന്തിയിൽ അബൂലഹബ്


അസ്മാ(റ)

നുബുവ്വത്തിന്റെ ശേഷമുള്ള  പതിമൂന്ന് വർഷങ്ങൾ ത്യാഗത്തിന്റെ വർഷങ്ങൾ പരീക്ഷണങ്ങളുടെ വർഷങ്ങൾ

ഒടുവിൽ മദീനയിലേക്ക് പലായനം ചെയ്യാൻ അനുമതിയായി ചെറുസംഘങ്ങളായി മുസ്ലിംകൾ നാടുവിട്ടുകൊണ്ടിരുന്നു 

സുബൈറുബ്നുൽ അവ്വാം(റ) ഹിജ്റക്കു തയ്യാറായി നിൽക്കുകയാണ് കൂടെ പ്രിയമാതാവ് സഫിയ (റ) പിന്നൊരാൾ കൂടിയുണ്ട് തന്റെ പ്രിയപ്പെട്ട ഭാര്യ അവർ ഗർഭിണിയുമാണ് 

ബാല്യം വിട്ട് യൗവ്വനത്തിലെത്തിയ സുബൈറിന്റെ വിവാഹം സഫിയ (റ)യുടെവലിയ മോഹമായിരുന്നു  

പഴയ പ്രതാപത്തിന്റെ പ്രസക്തി പോയിരിക്കുന്നു  

അബ്ദുൽ മുത്തലിബിന്റെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമുണ്ടോ? 
 
സത്യദീനിന്റെ ധീരപോരാളിയാണ് സുബൈർ (റ) അതിനൊത്ത വധുവിനെ വേണം 

ഒരിക്കൽ മക്കയിലെങ്ങും ഊഹാപോഹങ്ങൾ പ്രചരിച്ചു 
'മുഹമ്മദ് വധിക്കപ്പെട്ടു'

സുബൈർ (റ)വിന്റെ ചെവിയിലും വാർത്തയെത്തി രോഷം കത്തിപ്പടർന്നു 'വാർത്ത ശരിയാണെങ്കിൽ ഖുറൈശികളെ ഞാൻ വധിക്കും ' ഊരിപ്പിടിച്ച വാളുമായി സുബൈർ (റ) മക്കയിലെത്തി തെരുവുകളിലൂടെ ഓടി പലരും അതുകണ്ട് പകച്ചുനിന്നു

'അല്ലാഹുവിന്റെ റസൂലിനെ ആരെങ്കിലും വധിച്ചിട്ടുണ്ടെങ്കിൽ അവരെ ഞാൻ വധിക്കും'

ഇസ്ലാമിന്റെ ശത്രുവിനെയും തേടിയുള്ള യാത്ര  വഴിയിൽ വെച്ചു നബി (സ) തങ്ങളെ കണ്ടുമുട്ടി

'അല്ലാഹുവിന്റെ റസൂലേ....' അതൊരു വല്ലാത്ത വിളിയായിരുന്നു പ്രവാചകൻ ആ സ്വഹാബിവര്യനെ നോക്കിക്കൊണ്ട് ചോദിച്ചു

'സുബൈർ....എന്താണിത്?'

'അല്ലാഹുവിന്റെ റസൂലിനെ വധിച്ചുവെന്ന് മക്കയിൽ അഭ്യൂഹം പരന്നിരിക്കുന്നു റസൂലിനെ ആരെങ്കിലും ഉപദ്രവിച്ചാൽ ഈ സുബൈറിന്റെ വാൾ വെറുതെയിരിക്കില്ല'

'സുബൈർ, നിന്റെ ധീരതയെ ഞാൻ വാഴ്ത്തുന്നു നിന്റെ വാളിന്ന് അല്ലാഹു ബർകത്ത് ചെയ്യട്ടെ' 

അല്ലാഹു ബർകത്ത് ചെയ്ത വാളിന്റെ ഉടമയായ സുബൈർ (റ) വിന്ന് പറ്റിയ വധു ആരാണ്?'

പ്രവാചകന്റെ ഏറ്റവുമടുത്ത സഹാബിവര്യനാണല്ലോ അബൂബക്കർ സിദ്ദീഖ് (റ) പുരുഷന്മാരുടെ കൂട്ടത്തിൽ നിന്നും ആദ്യമായി ഇസ്ലാം മതം സ്വീകരിച്ച മഹാൻ 

പ്രശസ്തനായ വ്യാപാരി ധനികൻ ഏറ്റവും നല്ല സ്വഭാവഗുണങ്ങളുടെ ഉടമ ഉദാരമനസ്കൻ മക്കക്കാരുടെ വിശ്വസ്തനായ സുഹൃത്ത് മക്കയിലെ പ്രമുഖൻ
അബൂബക്കർ (റ)വിന്റെ സുന്ദരിയായ മകൾ അസ്മ(റ)

എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പെൺകുട്ടി ആഇശാബീവി(റ)യുടെ സഹോദരി

സുബൈറുബ്നു അവ്വാം(റ) അസ്മ(റ)യെ വിവാഹം കഴിക്കുന്നുവെന്ന വാർത്ത വന്നു തിയ്യതി നിശ്ചയിക്കപ്പെട്ടു ആ വിവാഹം നടന്നു സഫിയ (റ) അസ്മയെ സ്വപുത്രിയെപ്പോലെ സ്നേഹിച്ചു  സ്നേഹവും സന്തോഷവും നിറഞ്ഞ ദാമ്പത്യം
അല്ലാഹുവിന്റെയും അവന്റെ ദൂതരുടെയും പൊരുത്തത്തിൽ ജീവിക്കുന്ന ദമ്പതികൾ ചുറ്റും ശത്രുക്കളാണ് എന്തും ഏത്  നേരത്തും സംഭവിക്കാം പുണ്യസഹാബികൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചുള്ള നിരവധി കഥകൾ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു

പതക്കുന്ന മണൽക്കാട്ടിൽ വലിച്ചിടപ്പെട്ട ശരീരങ്ങൾ മാറത്ത് പാറക്കല്ലുകൾ കയറ്റിവെച്ചിരിക്കുന്നു ശാസം വിടാൻ വയ്യ ഇത്തരം മർദ്ദനങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നു
അതിന്നിടയിലാണ് സുബൈർ (റ)വും അസ്മ(റ)യും കഴിഞ്ഞു കൂടുന്നത് അസ്മ(റ) ഗർഭിണിയാണ് സഫിയ (റ)യെ ഏറ്റവുമധികം വിഷമിപ്പിക്കുന്നതും അതാണ് 

സഫിയ(റ) തന്റെ മരുമകൾക്കുവേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു 'പടച്ചതമ്പുരാനേ... എന്റെ മകനും മരുമകൾക്കും ഒരാപത്തും വരുത്തരുതേ അസ്മ(റ)യെ നീ കാത്തുരക്ഷിക്കേണമേ' ഇരുട്ടിന്റെ മറവിൽ മുസ്ലിംകൾ നാടുവിട്ടുകൊണ്ടിരുന്നു ഖുറൈശികൾ അറിയാതെയാണ് നാടുവിട്ടുകൊണ്ടിരുന്നത് അവരറിഞ്ഞാൽ ആക്രമിക്കും 
സഫിയ (റ) തന്റെ ധീരനായ സഹോദരെക്കുറിച്ചു അഭിമാനത്തോടേ ഓർത്തു ഹംസ (റ) എന്തൊരു ധീരൻ 

നായാട്ടിൽ വലിയ താൽപര്യമാണ് ഒരു ദിവസം നായാട്ടിനു പോയി സന്ധ്യാനേരത്താണ് തിരിച്ചു  വരുന്നത് അമ്പും വില്ലുമെല്ലാം കൈയിൽ തന്നെയുണ്ട് പട്ടണത്തിലെത്തിയപ്പോഴാണ് ഒരു വിവരമറിഞ്ഞത്
'അബൂജഹൽ നബി (സ) തങ്ങളെ ഉപദ്രവിച്ചു '
 
'ദേഹോപദ്രവും ഏൽപിച്ചുവെന്നോ?' ഹംസ(റ) ചോദിച്ചു 

'അതെ ദേഹോപദ്രവും ഏൽപിച്ചു വല്ലാതെ വിഷമിച്ചുപോയി' ഹംസക്ക് സഹിക്കാൻ കഴിഞ്ഞില്ല നേരെ കഅ്ബയുടെ സമീപത്തേക്കോടി കോപംകൊണ്ട് ചെമന്നുതുടുത്ത മുഖം തന്റെ സഹോദരപുത്രനെ ദേഹോപദ്രവം ചെയ്യാൻ മാത്രം ഇവിടെ ഒരുത്തനും വളർന്നിട്ടില്ല
നേതാക്കളുടെ മധ്യത്തിലായിരുന്നു അബൂജഹൽ

'ദുഷ്ടാ....നീ എന്റെ സഹോദരപുത്രനെ ഉപദ്രവിച്ചോ?' 

അതും ചോദിച്ചു കൊണ്ട് വില്ലുകൊണ്ട് അബൂജഹലിനെ അടിച്ചു തലക്കുതന്നെ അടികൊണ്ടു

അബൂജഹലിന്റെ ബന്ധുക്കൾ ഓടിക്കൂടി ഹംസയെ ആക്രമിക്കാനൊരുങ്ങി ഉടനെ അബൂജഹലിന്റെ ബുദ്ധി പ്രവർത്തിച്ചു പരസ്പരം അക്രമിക്കാൻ പറ്റിയ സന്ദർഭമല്ല അങ്ങനെ സംഭവിച്ചാൽ അത് മുഹമ്മദിന് ഗുണം ചെയ്യും
'ഹംസയെ വിടൂ... ഉപദ്രവിക്കരുത് ഞാൻ അവന്റെ സഹോദരപുത്രനെ ഉപദ്രവിച്ചു അതിനു പ്രതികാരമായിട്ടാണ് ആക്രമിച്ചത് സാരമില്ല വിട്ടേക്കൂ'
ഹംസയെ വിട്ടു എല്ലാവരും കേൾക്കെ ഹംസ വിളിച്ചു പറഞ്ഞു: അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ പ്രഖ്യാപിക്കുന്നു 'നേരെ ദാറുൽ അർഖമിൽ വന്നു പ്രവാചകന്റെ മുമ്പിൽ വെച്ച് സത്യദീൻ സ്വീകരിച്ചതായി പ്രഖ്യാപിച്ചു

അതാണ് തന്റെ സഹോദരൻ സഫിയ (റ) അഭിമാനത്തോടേ ഓർത്തു ആ ഹംസ(റ) യും മക്ക വിടുകയാണ്

മക്ക ഭരിച്ച അബ്ദുൽ മുത്തലിബിന്റെ മക്കൾ പിറന്ന മണ്ണിനോട് യാത്ര പറയുകയാണ് വിശ്വാസത്തിന്റെ പേരിൽ ഹിജ്റ പോവുകയാണ്

ഗർഭിണിയായ അസ്മ (റ) വീട്ടിൽ നിന്നിറങ്ങി ഭർത്താവിനോടൊപ്പം നടന്നു ഖൽബിൽ ദുഃഖമുണ്ട് പ്രിയപ്പെട്ട ജന്മനാട് വിട്ടു പോവുകയാണ്
പ്രവാചകനും സിദ്ദീഖ് (റ)വും  മദീനയിൽ വന്നുചേർന്നു 
അതോടെ മുസ്ലിംകളുടെ ജീവിതത്തിന് മറ്റൊരു രൂപം കൈവരുന്നു മർദ്ദനങ്ങളുടെ നാളുകൾ അവസാനിച്ചു 

ഇബാദത്തുകൾ ശത്രുഭയമില്ലാതെ നിർവഹിക്കാമെന്നായി 
ദീർഘദൂരം യാത്ര ചെയ്തുവന്നതു കാരണം പലരും വളരെയധികം ക്ഷീണിതരാണ് പലരും രോഗം ബാധിച്ചു കിടപ്പിലാണ് അസ്മ(റ)യും വളരെ ക്ഷീണിതയാണ് ഹഫ്സ(റ) യും ക്ഷീണിച്ചിരിക്കുന്നു 

അൻസാരികളുടെ വീടുകളിൽ വിരുന്നുകാരായി കഴിഞ്ഞു കൂടുകയാണ് മുഹാജിറുകൾ വലിയ സൗകര്യങ്ങളൊന്നുമില്ല അസ്മ(റ) വളരെ വിഷമിക്കുന്നു
അസ്മ(റ)യുടെ കാര്യത്തിൽ എല്ലാവർക്കും വലിയ ഉത്കണ്ഠയാണ് പ്രവാചകൻ കൂടെക്കൂടെ അന്വേഷിക്കും അബൂബക്കർ സിദ്ദീഖ് (റ) ഇടക്കിടെ മകളെ കാണാൻവേണ്ടി വരും 

ഇതിന്നിടയിൽ മക്കയിലെ മുശ്രിക്കുകൾ പല കള്ളകഥകളും പ്രചരിപ്പിച്ചു കൊണ്ടിരുന്നു ഹിജ്റക്കുശേഷം മുസ്ലിംകൾക്ക് സന്താന സൗഭാഗ്യം നഷ്ടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു ഒരു കഥ മുസ്ലിംകളെ ഈ കഥ അസ്വസ്ഥരാക്കിയിരുന്നു

അസ്മ(റ) ക്ക് പ്രസവവേദന തുടങ്ങി എല്ലാവരും ഉൽക്കണ്ഠകുലരായി ഹഫ്സ (റ) പിടയുന്ന  മനസ്സുമായി കൂടെത്തന്നെയുണ്ട് അസ്മ(റ) പ്രസവിച്ചു ഒരാൺകുഞ്ഞ് ഹിജ്റക്കുശേഷം മുസ്ലിംക്ക് പിറന്ന ആദ്യത്തെ ശിശു
ഈ കുഞ്ഞാണ് പ്രസിദ്ധനായ അബ്ദുല്ലാഹിബ്നു സുബൈർ 
സഫിയക്ക് പേരക്കിടാവിനെ കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആശ്വാസം 


റുഖിയ്യ (റ)

മക്കക്കാർ യുദ്ധത്തിനൊരുങ്ങുകയാണെന്നു കേട്ടപ്പോൾ സഫിയ (റ) ക്ക് വല്ലാത്ത വിഷമം തോന്നി ഒരുകാലത്ത് മക്കയിൽനിന്ന് ഖാഫില പോകുമ്പോൾ തന്റെ പിതാവോ സഹോദരന്മാരോ ആയിരുന്നു അതിന്ന് നേതൃത്വം നൽകിയിരുന്നത് ഇന്നിതാ ഖാഫിലക്ക് നേതൃത്വം നൽകുന്നത് അബൂസുഫ് യാനാണെന്ന് കേൾക്കുന്നു അയാളുടെ സഹോദരനായിരുന്നുവല്ലോ പണ്ട് തന്നെ വിവാഹം ചെയ്തിരുന്നത് 

അക്കാലത്ത് അബൂസുഫ് യാന്റെ കുടുംബത്തെ നല്ല പരിചയമായിരുന്നു ആവരോടൊക്കെ വലിയ ബഹുമാനവുമായിരുന്നു എല്ലാവരും തന്നോട് സ്നേഹമായിട്ടു പെരുമാറി ഇന്ന് അവർ തന്റെ ബദ്ധശത്രുക്കളായിരിക്കുന്നു
അബൂസുഫ് യാൻ ഖാഫില നയിക്കുന്നു വമ്പിച്ച മുതൽ മുടക്കുള്ള കച്ചവടം മക്കക്കാരൊക്കെ അതിൽ പങ്കെടുക്കുന്നു കച്ചവടത്തിന്റെ ലാഭം മുഴുവൻ യുദ്ധഫണ്ടിലേക്കാണ് ഇസ്ലാമിനെ തകർക്കാനുള്ള വമ്പിച്ച ശ്രമം
മദീനയിലും ഗൗരവത്തോടെ ചർച്ചകൾ നടക്കുന്നു ശത്രുക്കളെ നേരിടാനുള്ള തന്ത്രങ്ങൾ മെനയുന്നു 

ദിവസങ്ങൾ അതിവേഗം കടന്നുപൊയ്ക്കൊണ്ടിരുന്നു 

ബദ്റിന്റെ ശബ്ദം മുഴങ്ങുകയാണ്

'ഉമ്മാ.... ഞങ്ങൾ പുറപ്പെടുകയാണ് ' സുബൈർ (റ)ന്റെ ശബ്ദം മകൻ ഉമ്മയോട് യാത്ര പറയുകയാണ് അസ്മ(റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഭർത്താവ് യുദ്ധമുഖത്തേക്ക് പോവുകയാണ് എന്തും സംഭവിക്കാം വിജയാരവത്തോടെ തിരിച്ചുവന്നേക്കാം അല്ലെങ്കിൽ രക്തസാക്ഷിയായി എന്ന വിവരമായിരിക്കും ലഭിക്കുക

എന്തും സഹിക്കാൻ തയ്യാറാവണം അല്ലാഹുവിന്നുവേണ്ടി ജീവിക്കുക അല്ലാഹുവിന്നുവേണ്ടി മരിക്കുക അതാണ് സത്യവിശ്വാസിയുടെ ജീവിതം അസ്മ(റ) കണ്ണീർ തുടച്ചു അവരുടെ കൈയിൽ നിന്നും തന്റെ കുഞ്ഞിനെ വാങ്ങി ഇളം കവിളിൽ ചുംബിച്ചു കുഞ്ഞിനെ തിരിച്ചു കൊടുത്തു 
'അസ്മാ..... പോയിവരട്ടെ'

'ങാ....' വാക്കുകൾ തൊണ്ടയിൽ കുരുങ്ങി,

'ഉമ്മാ....'

'പൊയ്ക്കൊള്ളൂ...ഞങ്ങൾ അല്ലാഹുവിന്റെ വിധിയിൽ സംതൃപ്തരായിരിക്കും ദീനിന്റെ ശത്രുക്കളെക്കാണുമ്പോൾ നിന്റെ മനസ്സിൽ ഞങ്ങളെക്കുറിച്ചുള്ള ചിന്തകൾ വരരുത് നീ പതറിപ്പോവരുത് ധീരമായി പോരാടണം....'
'ഇൻശാ അല്ലാഹ്.....'

ധീരമാതാവിന്റെ ധീരനായ പുത്രൻ പടവാൾ കയ്യിലെടുത്തു ബർകത്തുള്ള പടവാൾ അതുമായി പ്രവാചക സന്നിധിയിലേക്ക് പുറപ്പെടുകയാണ് 
'അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറക്കാത്തുഹു' 
അസ്മ(റ) കുഞ്ഞിനെ മാരോട് ചേർത്തു പിടിച്ചു സലാം മടക്കി സലാമിന്റെ അവസാനഭാഗം തേങ്ങലിൽ മുങ്ങിപ്പോയി

മകനെയും കൊണ്ട് കട്ടിലിൽ പോയിക്കിടന്നു കരച്ചിലടങ്ങുന്നില്ല നിശ്ശബ്ദമായ തേങ്ങൽ  ധീയയോദ്ധാവിന്റെ ഭാര്യയാണ് സിദ്ദീഖ് (റ)ന്റെ പുത്രിയാണ് താൻ അശക്തയാവരുത്

പ്രവാചകനും സൈന്യവും മദീന വിട്ടുപോയിരിക്കുന്നു ഉസ്മാൻ (റ) പോയിട്ടില്ല ഭാര്യ റുഖിയ്യ (റ)ക്ക് സുഖമില്ല  റുഖിയ്യ (റ)യുടെ രോഗവിവരം അസ്മയെയും സഫിയ (റ)യെയും ദുഃഖിപ്പിച്ചു

'അസ്മാ നമുക്കവിടം വരെയൊന്ന് പോയിവരാം പ്രവാചകപുത്രിയെ കണ്ടിട്ടുവരാം'

അസ്മ (റ) സമ്മതിച്ചു പ്രവാചകന്റെ ഓമനപുത്രി അവശനിലയിൽ കിടക്കുന്നു പിതാവ് സ്ഥലത്തില്ല ബദ്റിലേക്ക്  പടനയിക്കുകയാണ് ഉസ്മാൻ (റ)വിന്ന് യുദ്ധത്തിലേക്ക് പോകാൻ കഴിഞ്ഞില്ല ഉത്കണ്ഠാകുലമായ നിമിഷങ്ങൾ
ബദ്റിൽ എന്ത് സംഭവിച്ചുവെന്നറിയാതെ മദീനയിലെ മുസ്ലിം സ്ത്രീകൾ വെപ്രാളപ്പെടുകയാണ് അവർക്ക് വിശപ്പില്ല ദാഹമില്ല ഉറക്കമില്ല പ്രാർത്ഥന മാത്രമേയുള്ളൂ  ബദ്റിൽ വിജയം ലഭിക്കണേയെന്ന ദുആമാത്രം 
മരണത്തിന്റെ ചിറകടി ശബ്ദം അടുത്തടുത്തു വരികയാണ്  റുഖിയ്യ (റ)യുടെ രോഗം പെട്ടെന്നു വർദ്ധിച്ചു മരുന്നുകൾ ഫലം ചെയ്തില്ല അല്ലാഹുവിന്റെ വിധി മറിച്ചായിരുന്നു  

റുഖിയ്യ (റ)മരണപ്പെട്ടു സഫിയ (റ)യുടെ കണ്ണുകൾ നിറഞ്ഞു അസ്മ(റ) അറിയാതെ തേങ്ങിപ്പോയി  പ്രവാചകൻ മദീനയിലില്ല അബൂബക്കർ സിദ്ദീഖ് (റ) മദീനയിലില്ല വേണ്ടപ്പെട്ടവരെല്ലാം ബദ്റിലാണ്
 
റുഖിയ്യ (റ) മരണപ്പെട്ടിരിക്കുന്നു

താങ്ങാനാവാത്ത ദുഃഖഭാരം യുദ്ധത്തിനു പോവാതെ മദീനയിൽ തന്നെ നിൽക്കാൻ പ്രവാചകൻ അനുമതി നൽകിയ കുറച്ചു പുരുഷന്മാർ മാത്രമേയുള്ളൂ അവരെല്ലാം ഉസ്മാൻ (റ)വിന്റെ വീട്ടിലെത്തി മയ്യിത്ത് സംസ്കാര കർമങ്ങൾ നടത്തി

റുഖിയ്യയുടെ ജനാസ മയ്യിത്തു കട്ടിലിൽ എടുത്തുവെച്ചു ആ ചെറു സംഘം മയ്യിത്തു കട്ടിലുമായി നീങ്ങി റുഖിയ്യ (റ) പോവുകയാണ് അങ്ങേ ലോകത്തേക്ക്

'പൊന്നുമോളേ നിന്റെ പരലോകം നന്മകൾ നിറഞ്ഞതാവട്ടെ ' -സഫിയ (റ)യുടെ ചുണ്ടുകൾ മന്ത്രിച്ചു

ജനാസ ഖബറടക്കി അപ്പോൾ അകലെ നിന്നും  പടക്കുതിരകളുടെ കുളമ്പടി ശബ്ദം ബദ്റിൽനിന്നും വരുന്ന ചില യോദ്ധാക്കൾ അവർ എന്തോ വിളിച്ചു പറയുന്നു ഖബറടക്കൽ കർമ്മം കഴിഞ്ഞു തിരിച്ചു വരുന്ന പുരുഷന്മാരും വീട്ടിലിരിക്കുന്ന സ്ത്രീകളുമെല്ലാം അവരുടെ വാക്കുകൾ കേട്ടു
'സഹോദരങ്ങളേ മഹത്തായ സന്തോഷവാർത്ത 

ബദ്റിൽ അല്ലാഹുവിന്റെ റസൂലും അനുയായികളും വിജയിച്ചു അൽഹംദുലില്ലാഹ്..... അബൂജഹൽ വധിക്കപ്പെട്ടു ഉത്ബത്ത് വധിക്കപ്പെട്ടു ശൈബത്ത് വധിക്കപ്പെട്ടു വലീദ് വധിക്കപ്പെട്ടു പ്രവാചകനും അനുയായികളും ഏതാനും ദിവസങ്ങൾക്കകം ഇവിടെ എത്തിച്ചേരുന്നതാണ് '
പൊള്ളുന്ന മരുഭൂമിയിൽ മഴ വീണതുപോലെ റുഖിയ്യ (റ)യുടെ മരണത്തെത്തുടർന്ന് ഖൽബ് തകർന്ന പെണ്ണുങ്ങൾക്ക് പെട്ടെന്ന് ആശ്വാസത്തിന്റെ തണുപ്പ് കിട്ടി പൊള്ളുന്ന ഖൽബുകൾ ശാന്തമായിത്തീർന്നു യുദ്ധം ജയിച്ചുവരുന്ന പ്രവാചകനെ മകളുടെ മരണവാർത്ത കാത്തിരിക്കുന്നു ദുഃഖവും  സന്തോഷവും കൈകോർക്കുകയാണോ?

ബദ്ർ യുദ്ധം കണ്ടവർ മദീനയിലുടനീളം സഞ്ചരിച്ച് വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്നു അതിനുശേഷം അവർ താഴെയിറങ്ങി ആളുകൾ ചുറ്റുംകൂടി ബദർ കണ്ടവർ രംഗവിവരണം തുടങ്ങി വമ്പിച്ച ജനക്കൂട്ടം അത് ശ്രദ്ധിക്കുന്നു
ആരൊക്കെ? മുസ്ലിംകൾ, മുശ്രിക്കുകൾ, മുനാഫിഖുകൾ, യഹൂദികൾ, ക്രൈസ്തവർ, മജൂസികൾ, സ്വദേശികളും വിദേശികളുമായ എല്ലാവർക്കും ബദ്ർ വിശേഷങ്ങളറിയണം

ഹംസ(റ)യുടെ വീരേതിഹാസങ്ങൾ വിവരിക്കുന്നു 
അലി(റ) യുടെ ധീരകൃത്യങ്ങൾ
അബൂജഹ്ലിനെ വധിച്ച കുട്ടികളുടെ ധീരക്കഥകൾ 
ശ്രോതാക്കളുടെ മനസ്സിൽ പലതരം പ്രതികരണങ്ങൾ 
സഫിയ (റ) ഏറെനേരം ചിന്തിച്ചിരുന്നു 

തന്റെ പൊന്നു സഹോദരൻ ധീരകേസരിയായ ഹംസ (റ) അല്ലാഹുവിന്റെ സിംഹം അസദുൽ ഇലാഹ്  ആ സഹോരന്റെ ധീരകഥകൾ മദീനക്കാരെ അതിശയിപ്പിച്ചിരിക്കുന്നു

അബൂസുഫ് യാൻ തന്റെ ആദ്യ ഭർത്താവിന്റെ സഹോദരനാണ് അബൂസുഫ് യാന്റെ ഭാര്യ ഹിന്ദ് വലിയ വാശിക്കാരിയാണ് പ്രതികാരം ചെയ്യും കാരണം ഹംസ (റ) വധിച്ചത് അവളുടെ പിതാവിനെയാണ് സഹോദരനെയാണ് 
പ്രതിക്ഷയോടെ ദിവസങ്ങൾ കടന്നുപോയി പ്രവാചകനും കൂട്ടരും വന്നു കാണാനുള്ള ധൃതിയായി 

ആ പ്രഭാതവും വിടർന്നു എല്ലാവരും മടങ്ങിയെത്തി വിജയകഥകൾ നിരവധി യുദ്ധത്തടവുകാരെയും കൊണ്ടുവന്നിട്ടുണ്ട് 

മദീനയിലെ പുതിയ പ്രഭാതം പ്രഥമ യുദ്ധത്തിൽ വൻ വിജയം ഇസ്ലാമിന്റെ കൊടിയ ശത്രുക്കൾ പലരും വധിക്കപ്പെട്ടിരിക്കുന്നു

അസ്മാക്ക് നിൽപ്പുറക്കുന്നില്ല തന്റെ പ്രിയ ഭർത്താവ് ഒന്നിങ്ങുവന്നെങ്കിൽ എല്ലാ വിവരങ്ങളും നേരിട്ടു കേൾക്കാമായിരുന്നു  

നോക്കി നോക്കിനിൽക്കെ നിൽക്കെ സുബൈർ (റ) ഓടിയെത്തി
'ഉമ്മാ..... അസ്മാ.... പൊന്നുമോനേ...'

സുബൈർ (റ)വിന്റെ ശബ്ദത്തിൽ നിറയെ ആഹ്ലാദം 
'ഉമ്മാ.... അമ്മാവന്റെ ധീരമായ പോരാട്ടം ഒന്നു കാണേണ്ടതുതന്നെ അസദുൽ ഇലാഹ് തന്നെ...'

തന്റെ സഹോദരനെക്കുറിച്ചു മകന്റെ വിവരണം 

സഫിയ (റ) കോരിത്തരിച്ചു ഈ ധീരക്കഥ കേൾക്കാനാണ് താൻ കാത്തിരുന്നത്
യുദ്ധം കഴിഞ്ഞ് വരുന്ന ഭർത്താവ് ദീർഘദൂരം യാത്ര ചെയ്തു വരികയാണ് അവർക്ക് വിശ്രമിക്കണം ക്ഷീണം തീർക്കണം നല്ല ഭക്ഷണം നൽകണം അസ്മ (റ) ആ വഴിക്ക് തിരിഞ്ഞു 

കൊച്ചുമകനെ ഭർത്താവിന്റെ കൈയിലേൽപിച്ചു എന്നിട്ട് അടുക്കളയിലേക്കോടി അടുക്കളയിൽ കാര്യമായിട്ടൊന്നുമില്ല ഉള്ളത് പാകപ്പെടുത്തിയെടുക്കണം 

പെട്ടെന്നു മക്കയിലെ നാളുകൾ ഓർത്തുപോയി സമൃദ്ധിയുടെ കളിത്തൊട്ടിൽ അതായിരുന്നു മക്കാ ജീവിതം ധനികനായ കച്ചവടക്കാരന്റെ ഓമനമകളായി ജനിച്ച അസ്മയാണിത് ഇന്നിതാ കഷ്ടപ്പാടുകളോട് മല്ലിട്ടു ജീവിക്കുന്നു 
ഐഹിക ലോകത്തെ സുഖങ്ങൾ പരലോക വിജയത്തിന്നു വേണ്ടി മാറ്റിവെക്കാം പെട്ടെന്ന് ഭക്ഷണമുണ്ടാക്കി പാത്രങ്ങൾ കഴികി ഭക്ഷണം വിളമ്പി ഭർത്താവിന്റെ മുമ്പിൽ കൊണ്ടുവന്നു വെച്ചു 

കുഞ്ഞിനെയുമെടുത്തുകൊണ്ട് അസ്മ( റ)  അടുത്തുതന്നെ നിന്നു ഭർത്താവ് ആഹാരം കഴിക്കുന്നത് നോക്കിനിന്നപ്പോൾ മനസ്സിനകത്ത് വല്ലാത്ത സന്തോഷം 

'മോനേ.... ഉള്ളത് കഴിച്ചോളൂ... നല്ല വിശപ്പ് കാണും...'
മാതാവും അടുത്തുതന്നെ വന്നിരുന്നു ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ അവരുടെ മുമ്പിൽ തെളിഞ്ഞുവരികയാണ് വലിയ പരീക്ഷണങ്ങളുടെ നാളുകൾ വരവായി


അസദുൽ ഇലാഹ്

മക്കാപട്ടണം ക്രൂരമായ പ്രതികാരത്തിന് തയ്യാറെടുക്കുകയാണ് വാർത്തകൾ മദീനയിൽ വന്നുകൊണ്ടിരുന്നു തന്റെ സഹോദരനോട് മക്കക്കാർക്ക് തീർത്താൽ തീരാത്ത പകയാണെന്ന് സഫിയ (റ) ക്കു മനസ്സിലായി എന്തും സംഭവിക്കാം

ഉഹ്ദ് യുദ്ധത്തിന്റെ ശബ്ദം ഉയരാറായി പ്രവാചകനും അനുയായികളും ഉഹ്ദിലേക്ക് നീങ്ങിത്തുടങ്ങി സഫിയ (റ)യും ഏതാനും സ്ത്രീകളും പ്രവാചകനെ സമീപിച്ചു: 'ഞങ്ങളും ഉഹ്ദിലേക്ക് വരുന്നു ഞങ്ങൾക്കും എന്തെങ്കിലും സേവനം ചെയ്യാൻ പറ്റും'

യോദ്ധാക്കൾക്ക് വെള്ളം നൽകാം മുറിവേറ്റവരെ ശുശ്രൂഷിക്കാം ഭക്ഷണം പാകം ചെയ്യാം അങ്ങനെയുള്ള സേവനങ്ങൾ സ്ത്രീകൾക്കും പറ്റും പ്രവാചകന്റെ അനുമതി ലഭിച്ചു

സഫിയ (റ)യും ഏതാനും സ്ത്രീകളും ഒട്ടകപ്പുറത്ത് കയറി മുസ്ലിം സൈന്യത്തോടൊപ്പം അവരും സഞ്ചരിച്ചു അവർ ഉഹദ് മലയുടെ താഴ് വരയിലെത്തി 

അകലെനിന്നും ശത്രുക്കളുടെ നീണ്ടനിര നീങ്ങി വരുന്നത് കാണാമായിരുന്നു എന്തുമാത്രം ഒട്ടകങ്ങൾ പടക്കുതിരകൾ നീണ്ട പടയണി തയ്യാറെടുപ്പുകൾ പൂർത്തിയായി യുദ്ധം തുടങ്ങി ഘോരമായ യുദ്ധം പ്രതികാരത്തിന്റെ തീജ്ജ്വാലകൾ

അട്ടഹാസങ്ങൾ ആക്രോഷങ്ങൾ

ഉഹ്ദ് രണാങ്കണം കിടിലം കൊള്ളുകയാണ് ആരൊക്കെയോ വെട്ടേറ്റ് മുറിവേറ്റവരെ തമ്പുകളിലേക്ക് എടുത്തു കൊണ്ടു വന്നു സഫിയ (റ)യും സഹോദരമാരും കർമനിരതരായി അവർ യോദ്ധാക്കളുടെ മുറിവുകൾ മരുന്നുവെച്ചു കെട്ടി കൊടുക്കുന്നു വേദനകൊണ്ടു പുളയുകയാണ് യോദ്ധാക്കൾ അവർക്ക് വെള്ളം കൊടുക്കുന്നു ആഹാരം കൊടുക്കുന്നു  ആശ്വസിപ്പിക്കുന്നു

അതിനിടയിൽ മുറിവേറ്റവരെ വീണ്ടും കൊണ്ടുവരുന്നു സ്ത്രീകൾക്ക് തിരക്കുകൂടി പലരും വേദനകൊണ്ട് പിടയുന്നു വെള്ളത്തിനുവേണ്ടി കേഴുന്നു വെള്ളപാത്രവുമായി ചിലർ ഓടുന്നു അതിനിടയിൽ തോൽപാത്രത്തിലെ വെള്ളം തീർന്നപ്പോൾ സഫിയ(റ) തോൽപ്പാത്രവുമായി പുറത്തേക്കോടുന്നു കൂടെ മറ്റു സ്ത്രീകളും ഓടുന്നു യുദ്ധം കത്തിപ്പടരുന്നു   ആർത്തനാദങ്ങളും അട്ടഹാസങ്ങളും  അന്തരീക്ഷത്തിൽ മുഖരിതമായി എന്തൊരു രംഗം 
മുസ്ലിംകൾ അതിശക്തമായി പോരാടി ശത്രുക്കളുടെ നിര ഭേദിക്കപ്പെട്ടു അവരുടെ പാദങ്ങൾ ഇടറി അവർ പിന്തിരിഞ്ഞു പിന്നെ നിർത്താതെ ഓട്ടം തുടങ്ങി 

മുസ്ലിം സൈനികരിൽ ആഹ്ലാദം അവർ യുദ്ധമുതലുകൾ വാരിക്കൂട്ടാൻ തുടങ്ങി ഉഹദ് മലയിൽ കാവൽ നിർത്തിയിരുന്ന യോദ്ധാക്കൾ താഴേക്കിറങ്ങി വന്നു പ്രവാചകന്റെ അനുവാദം കിട്ടുവരെ അവർ അവിടെത്തന്നെ നിൽക്കണമെന്നായിരുന്നു അനുവാദം വരും മുമ്പെ അവർ താഴെയിറങ്ങി ഇത് ശത്രുക്കൾ കണ്ടു അവർ മലയുടെ മുകളിലേക്ക് ആർത്തിരമ്പിക്കയറി വന്നു 
വീണ്ടും യുദ്ധം ഒട്ടകപ്പുറത്ത് യുദ്ധം മുസ്ലിംകൾ നാലുപാടും ചിതറിപ്പോയി
'മുഹമ്മദിനെ വധിക്കണം എന്നിട്ടേ ഇനി വിശ്രമമുള്ളൂ' മുശ്രിക്കുകളുടെ അട്ടഹാസം

ആകപ്പാടെ ബഹളം മുസ്ലിം സൈനികർ പകച്ചുനിന്നുപോയി സഫിയ (റ) വെള്ളപ്പാത്രവുമായി ഓടുകയായിരുന്നു നിരവധി പേർ വെള്ളത്തിനു ദാഹിച്ചു മുറവിളി കൂട്ടുന്നു പെട്ടെന്നു അവരുടെ സമീപത്തുകൂടി മുസ്ലിം യോദ്ധാക്കൾ ഓടുന്നതു കണ്ടു  സഫിയ(റ)ക്ക് കലി കയറി അവർ പരക്കെ വിളിച്ചു പറയാൻ തുടങ്ങി

'ഭീരുക്കൾ .... നിങ്ങൾ എങ്ങോട്ടാണ് ഓടുന്നത്? അല്ലാഹുവിന്റെ റസൂലിനെയും വിട്ട് നിങ്ങൾ എങ്ങോട്ടാണ് ഓടിപ്പോവുന്നത് ? നിങ്ങൾ പുരുഷന്മാരാണോ? നാണമില്ലേ ഇങ്ങനെ ഓടാൻ...'

സഫിയ (റ)യുടെ ശബ്ദം കേട്ട് ചിലർ തരിച്ചോടി അതിനിടയിൽ ചിലർ വീണ്ടും ഓടിയകലുന്നു

സഫിയ (റ)ക്ക് കണ്ടു നിൽക്കാൻ  കഴിഞ്ഞില്ല ഒരു പട്ടാളക്കാരനെ തട്ടിമറിച്ചു അദ്ദേഹത്തിന്റെ കുന്തം കൈവശപ്പെടുത്തി അതുമായി യുദ്ധരംഗത്തേക്കോടി ചില ശത്രുക്കളെ കുത്തിപരുക്കേൽപിച്ചു തനിക്കിത്രയെങ്കിലും കഴിഞ്ഞല്ലോ എന്ന ആശ്വാസം

പ്രവാചകന്നു ചുറ്റും സ്വഹാബികൾ വളഞ്ഞുനിന്നു ശക്തമായ ശരവർഷം അത് തടഞ്ഞുനിർത്താനാവുന്നില്ല ചിലർ അമ്പുകൾ കൈകൊണ്ട് പിടിക്കുന്നു ചിലർ തിരിഞ്ഞു നിൽക്കുന്നു അവരുടെ മുതുകിൽ ശരങ്ങൾ തുരുതുരാ തുളച്ചു കയറുന്നു

പരന്നൊഴുകുന്ന രക്തം അവയിൽ കിടന്നു പിടയുന്ന മനുഷ്യർ യുദ്ധമുഖത്തുനിന്നും ഓടിയകന്ന മുസ്ലിംകൾ തിരിച്ചു വരുന്നു വീണ്ടും യുദ്ധം കത്തിപ്പടരുന്നു അനേകം പേർ മരിച്ചുവീഴുന്നു പരിക്കുപറ്റിയവർ നിരവധി
ഒടുവിൽ യുദ്ധം അവസാനിച്ചു ശത്രുക്കൾ യുദ്ധക്കളത്തിൽ നിന്നും ഓടിപ്പോയി 

എന്തൊരു രംഗം? ചിലർ അത്യാസന്നനിലയിൽ കിടക്കുന്നു ചിലർ വെള്ളം ചോദിച്ചു കരയുന്നു വെള്ളം കിട്ടാതെ പലരും മരിച്ചു കഴിഞ്ഞു
അതിന്നിടയിൽ സഫിയ (റ) യുടെ ചെവിയിൽ ആരോ എന്തോ പറഞ്ഞു ഒരു നിമിഷം അവർ പകച്ചുനിന്നു പിന്നെ ഒരു കൊടുങ്കാറ്റുപോലെ മുമ്പോട്ടു കുതിച്ചു

നബി (സ) തങ്ങൾ അതുകണ്ടു പ്രവാചകൻ തിടുക്കത്തിൽ സുബൈർ (റ)വിനെ വിളിച്ചു

'സുബൈർ....അവരെ തടയൂ അവരെ അങ്ങോട്ട് വിടരുത് '

സുബൈർ (റ) ഓടി സഫിയ (റ)യുടെ സമീപത്തെത്തി വഴി തടഞ്ഞുകൊണ്ട് പറഞ്ഞു

'ഉമ്മാ..... ഉമ്മ ആ ഭാഗത്തേക്ക് പോവരുത് '

'വഴിമാറൂ എനിക്കങ്ങോട്ട് പോവണം'

'അല്ലാഹുവിന്റെ റസൂൽ നിങ്ങളോട് ആ ഭാഗത്തേക്ക് പോവരുതെന്ന് പറയുന്നു '
'എനിക്കെന്റെ സഹോദരനെ കാണണം എനിക്ഈവനെ കാണണം മാറിനിൽക്കൂ'

'സുബൈർ ' പ്രവാചകന്റെ ശബ്ദം

'അവരെ തടയേണ്ട വിട്ടേക്കൂ'

സുബൈർ (റ) മാറിനിന്നു ഉമ്മ മുമ്പോട്ട് കുതിച്ചു തീ പറക്കുന്ന കണ്ണുകളുമായി മുമ്പോട്ട് പായുമ്പോൾ സുബൈർ (റ) പിന്നാലെ ഓടുന്നു

'എന്റെ സഹോദരൻ... ഹംസ....'

വികൃതമാക്കപ്പെട്ട മയ്യിത്ത് വയർ  കുത്തിപ്പിളർന്നിരിക്കുന്നു കുടൽമാലകൾ പുറത്ത് ചാടിയിരിക്കുന്നു നെഞ്ച് കുത്തിപ്പിളർന്നിട്ടുണ്ട് കരൾ വികൃതമാക്കപ്പെട്ട രീതിയിൽ ദൂരെക്കിടക്കുന്നു ചെവിയും മൂക്കും ചുണ്ടുകളുമെല്ലാം മുറിക്കപ്പെട്ടിരിക്കുന്നു എന്തൊരു കാഴ്ചയാണിത്
ഹി....ന്ദ്....നിന്റെ പ്രതികാരം

അല്ലാഹുവേ എന്റെ സഹോദരിക്ക് നീ പൊറുത്തുകൊടുക്കേണമേ ഈ രംഗം കണ്ട് സഹിക്കാനുള്ള മനക്കരത്ത് അബലമായ സഫിയക്ക് നീ നൽകേണമേ
വികൃതമാക്കപ്പെട്ട ശരീരം കോരിയെടുത്തു അഴുക്കുകൾ തുടച്ചുനീക്കി സഫിയയുടെ കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകി വയ്യാ... തളരുന്നു ശക്തിയെല്ലാം ചോർന്നു പോവുന്നു 

'അല്ലാഹുവേ ഈ പാവപ്പെട്ട സഫിയാക്ക് നീ സബൂറ് നൽകേണമേ ക്ഷമിക്കാൻ കഴിവ് തരേണമേ സബൂറ് തരേണമേ സഹിക്കാം...ഞാൻ  സഹിക്കാം ...ഇസ്ലാം ദിനിന്നുവേണ്ടിയുള്ള ത്യാഗംവരെ രക്തസാക്ഷിത്വം....'

സഫിയ (റ) വെറും നിലത്തിരുന്നുപോയി സുബൈർ (റ) അവരെ താങ്ങിപ്പിടിച്ചു 

ഹംസയുടെ മക്കൾ അവരൊക്കെ ചെറുപ്പമാണ് രണ്ടാൺമക്കൾ ഒരു പെൺകുട്ടി ആൺമക്കൾ ഇറാമത്തും യഅ്ലയും പെൺകുട്ടി ഉമാമത്ത് പ്രിയപ്പെട്ട മക്കളേ നിങ്ങളുടെ പിതാവും ഉഹ്ദ് രണാങ്കണത്തിൽ ശഹീദായിരിക്കുന്നു ലോകാവസാനംവരെയുള്ള മുസ്ലിംകളുടെ മനസ്സിൽ നിങ്ങളുടെ പിതാവ് ജീവിക്കും ഹംസയുടെ പേര് എക്കാലവും സ്മരിക്കപ്പെടും അസദുൽ ഇലാഹിനെ ആർക്കാണ് മറക്കാനാവുക?

ഹിന്ദ്... നീ അബൂസുഫ് യാന്റെ ഭാര്യയാണ് ഞാനാരാണെന്ന് നിനക്കറിയാമോ? 

നീ സത്യത്തിനെതിരെയാണ് പൊതിയത് എന്നെങ്കിലുമൊരിക്കൽ നീ സത്യം കണ്ടെത്തും കൊടുംക്രൂരതക്ക് അന്ന് നീ പശ്ചാത്തപിക്കും നീ പശ്ചാത്തപിക്കും .....

ഹംസ(റ)യുടെ മരണം എല്ലാവരെയും ഉലച്ചു കളഞ്ഞു 

ഓരോ മരണവും ദുഃഖമാണ് മുസ്ലിം യോദ്ധാക്കൾ മരിച്ചു വീണു കിടക്കുന്നു പ്രവാചകൻ ഓരോരുത്തരെയും സന്ദർശിച്ചു 

നടന്നു നടന്നു ഹംസ (റ)വിന്റെ സമീപത്തെത്തി ആ മയ്യിത്തിനെ വൃകൃതമാക്കപ്പെട്ടതു കണ്ടപ്പോൾ ഖൽബ് വല്ലാതെ ഇളകിപ്പോയി 

തന്റെ പിതാവിന്റെ സഹോദരൻ പ്രിയപ്പെട്ട പിതൃവ്യൻ എന്തൊരുകിടപ്പാണിത് സഹിക്കാനാവുന്നില്ല പതറിപ്പോവാതിരിക്കാൻ പാടുപെട്ടു പ്രവാചകന്റെ വിഷമങ്ങളൊക്കെ സഫിയ (റ) അറിഞ്ഞു സഫിയ (റ) ആ ഭാഗത്തേക്ക് വിടാതിരിക്കാൻ പ്രവാചകൻ ശ്രമിച്ചതും അതുകൊണ്ടായിരുന്നു

സഫിയ വീട്ടിൽ വന്നുകയറി ചിന്താമൂകയായി ഒറ്റ ഇരിപ്പ് സുബൈർ (റ)വും ഭാര്യ അസ്മ(റ)യും അവരെ പരിചരിച്ചുകൊണ്ടിരുന്നു ഹംസ (റ)യുടെ വേർപാട് അവരെ വല്ലാതെ തളർത്തിക്കളഞ്ഞിട്ടുണ്ട്

ദിവസങ്ങൾ കടന്നുപോയപ്പോൾ അവർ പഴയ പ്രസരിപ്പിലേക്ക് മടങ്ങിവരാൻ തുടങ്ങി  ധീരവനിതയുടെ ചലനങ്ങൾ വീണ്ടും കാണാൻ തുടങ്ങി  അസ്മക്ക് സന്തോഷമായി  ഒറ്റക്കിരിക്കുമ്പോൾ പലതും ഓർത്തുപോവും
ഈ രംഗങ്ങളൊന്നും കാണാൻ വിധിയില്ലാതെ ഖദീജ(റ) നേരത്തെ വഫാത്തായി നുബുവ്വത്തിനു ശേഷമുള്ള കാലത്ത് അവർ സഹിച്ച ത്യാഗത്തിന്നുണ്ടോ വല്ല കണക്കും

ബഹിഷ്കരണത്തിന്റെ കാലത്ത് അവർ ഹാശിം കുടുംബത്തോടൊപ്പം മലഞ്ചെരുവിലാണ് താമസിച്ചത് എന്തൊരു കഷ്ടപ്പാടായിരുന്നു ? മണിമാളികയിലെ സൗകര്യങ്ങൾ വലിച്ചെറിഞ്ഞു മലഞ്ചെരുവിലെ ദുരിതങ്ങളിലേക്കവർ ഇറങ്ങി വന്നു വൈകാതെ മരണപ്പെടുകയും ചെയ്തു 
പ്രവാചകന്റെ അഭയമായിരുന്നു ഖദീജ അവരാണ് മരണപ്പെട്ടത് അബൂത്താലിബും മരണപ്പെട്ടു വേദന നിറഞ്ഞ ഓർമ്മകൾ സഫിയ കണ്ണീർ തുടച്ചു


ധീരവനിത

മക്കയിലെ എല്ലാ ഖബീലക്കാരും ഒരുമിച്ചു വിശാലമായ ഐക്യമുന്നണിയുണ്ടാക്കി ഖുറൈശികളുടെ നേതൃത്വം അതിവിപുലമായ സൈന്യം സ്വരൂപിച്ചു

മദീനയിലേക്ക് ആർത്തിരമ്പിക്കയറി വരിക നിഷ്പ്രയാസം മുസ്ലിംകളെ ഉന്മൂലനം ചെയ്യുക ഇതാണ് ലക്ഷ്യം മുസ്ലിംകൾക്ക് ഒരിക്കലും പ്രതിരോധിക്കാനാവാത്ത അത്രയും വലിയ സൈന്യം നീങ്ങിത്തുടങ്ങി
മദീനയിലേക്ക് ശത്രുക്കൾ കടന്നുവരരുത് അവരെത്തടയാൻ ഒരൊറ്റ മാർഗമേയുള്ളൂ കിടങ്ങ് കുഴിക്കുക പടക്കുതിരകൾക്ക് ചാടിക്കടന്നുവരാൻ കഴിയാത്തവിധം വീതിയുള്ള കിടങ്ങ് വേണം ഇറങ്ങിക്കയറാൻ കഴിയാത്തവിധം ആഴവും വേണം

മദീന വിടുന്നതിന് മുമ്പ് നബി (സ) തങ്ങൾ സ്ത്രീകളെയും കുട്ടികളെയും ഒരു കോട്ടക്കകത്താക്കി മുഴുവൻ മുസ്ലിം യോദ്ധാക്കളും ഹന്ദഖിലേക്ക് പോയിക്കഴിഞ്ഞു

സഫിയ(റ) കോട്ടക്കകത്തുണ്ട് അവർ എല്ലാ ഭാഗത്തും ശ്രദ്ധിക്കുന്നുണ്ട് ശത്രുക്കൾ കോട്ടക്കടുത്ത് വരുമെന്നു തന്നെ അവർ സംശയിച്ചു പുരുഷന്മാരില്ലാത്ത സന്ദർഭമാണ് മദീനയിൽ ധാരാളം ജൂതന്മാരുണ്ട് അവർ പ്രവാചകനുമായി സന്ധിയിൽ ഏർപ്പെട്ടവരാണെങ്കിലും, അവരെ വിശ്വസിക്കാൻ പറ്റില്ല  അവർ ശത്രുക്കളെ സഹായിക്കും ചാരന്മാരെ അയക്കും ഈ കോട്ടയെലെ വിവരങ്ങൾ അറിയാൻ ചാരന്മാരെ അയച്ചേക്കും സഫിയ (റ)യുടെ ചിന്ത ആ വഴിക്ക് നീങ്ങി

ദിവസങ്ങൾ കടന്നുപോയി യുദ്ധമുഖത്ത് നിന്നും വിവരവും വന്നില്ല പെണ്ണുങ്ങൾ ഉൽക്കണ്ഠാകുലരാണ് സഫിയ  (റ)യും മറ്റു ചില ധീരവനിതകളും അവരെ സമാശ്വസിപ്പിക്കുന്നു

ഒരു രാത്രി കുട്ടികൾ  ഉറങ്ങിക്കഴിഞ്ഞു ചില സ്ത്രീകളും കിടക്കുന്നു സഫിയ (റ)ക്ക് ഉറക്കമില്ല അവർ കോട്ടമതിലിന്റെ മുകളിൽ കയറി ചുറ്റുഭാഗത്തേക്കും കണ്ണയച്ചു 

അവർ ഒന്നു ഞെട്ടി  എന്താണത്? എന്താണ് കണ്ടത്?

ഒരു മനുഷ്യരൂപം അത് കോട്ടക്കുനേരെ നീങ്ങിവരുന്നു ഇരുന്നും, കിടന്നും , നിരങ്ങിയും വരികയാണ് ചാരനാണെന്ന് ആ വരവ് കണ്ടാലറിയാം
സഫിയ (റ) ഉത്കണ്ഠയോടെ നോക്കിനിന്നു അരണ്ട വെളിച്ചത്തിൽ  മനുഷ്യരൂപത്തിന്റെ നീക്കം ശ്രദ്ധിച്ചു അത് കോട്ടമതിലിനു സമീപത്തെത്തി ചുമരിൽ പിടിച്ചു കൊണ്ട് മുമ്പോട്ട് നടക്കുന്നു  

എന്തായിരിക്കും ചാരന്റെ ലക്ഷ്യം കോട്ടക്കകത്ത് പുരുഷന്മാർ കാവൽക്കാരുണ്ടോ എന്നായിരിക്കും അന്വേഷിക്കുന്നത് പുരുഷന്മാർ കാവൽ നിൽക്കുന്നില്ലെന്നു ചാരൻ മനസ്സിലാക്കിയാൽ ? 

ഹോ.... ഓർക്കാൻ വയ്യ

കോട്ട ആക്രമിക്കപ്പെടും അവർ സ്ത്രീകളെ പിടികൂടും പിന്നത്തെ അവസ്ഥയെന്ത്? 

ചാരനെ നേരിടണം അവൻ ജീവനോടെ മടങ്ങിപ്പോവാൻ പാടില്ല അവൻ മടങ്ങിപ്പോയാൽ ആപത്താണ്

സഫിയ (റ) മുണ്ട് മുറിക്കിയുടുത്തു ഒരു മുണ്ട് തലയിൽ കെട്ടി കണ്ടാൽ പുരുഷൻ തന്നെ ഒരു വലിയ ഇരുമ്പ് ദണ്ഡ് കൈയിലെടുത്തു കോട്ടമതിലിലെ രഹസ്യവാതിലിലൂടെ പുറത്തേക്കിറങ്ങി ഇരുട്ടിൽ ഒളിച്ചിരുന്നു 

മനുഷ്യരൂപം നിങ്ങിവരികയാണ് സഫിയയുടെ സമീപമെത്തി ഇരുട്ടിൽ ആളനക്കം ചാരൻ ഉറയിൽനിന്നും വാൾ വലിച്ചെടുത്തു 
അത് പുറത്തെടുക്കും മുമ്പെ ഇരുമ്പ് ദണ്ഡിന്റെ അടിവീണു ചരാൻ മറിഞ്ഞു വീണു വീണ്ടും അടി  

ചാരന്റെ ശരീരം അരണ്ട വെളിച്ചം വീണ് സ്ഥലത്തേക്ക് വലിച്ചിട്ടു എന്നിട്ട് ശിരസ്സ് മുറിച്ചെടുത്തു  ചാരന്റെ ശിരസ്സുമായി കോട്ടയിൽ പ്രവേശിച്ചു രഹസ്യകവാടം അടച്ചുപൂട്ടി 

സഫിയ (റ) നടന്നുവരുന്നത് പലരും കണ്ടു എന്താണ് കൈയിൽ തുക്കിപ്പിടിച്ചിരിക്കുന്നത് ഒരു മനുഷ്യ ശിരസ്സ് പുരുഷന്റെ ശിരസാണ് രക്തം ഇറ്റിറ്റുവീഴുന്നു

സഫിയ (റ) കോട്ടമതിലിന്നു മുകളിൽ കയറി ദൂരേക്ക് കണ്ണയച്ചു ആരെങ്കിലും വരുന്നുണ്ടോ? നേരം പുലരാറായി ചാരനെ കാത്തിരിക്കുന്നവർ വരാതിരിക്കുമോ? 

വളരെ നേരം കാത്തിരുന്നു ഈ കാത്തിരിപ്പ് വെറുതയാവുമോ? നിരാശയാവാതെ കോട്ടമതിലിൽ ഒളിച്ചിരുന്നു 
പെട്ടെന്നു കണ്ണുകൾ വികസിച്ചു  നാലഞ്ചുരൂപങ്ങൾ അവർ ഇരുട്ടിൽ തപ്പിത്തടഞ്ഞു വരികയാണ് ചാരൻ മടങ്ങിയെത്താത്തത് കൊണ്ട് തിരഞ്ഞുവരികയായിരിക്കും

സഫിയ (റ) യുടെ ശ്വാസഗതി വർദ്ധിച്ചു അവർ അടുത്തടുത്തു വരികയാണ് അവർ കോട്ടമതിലിനു സമീപം വന്നു നിന്നു സഫിയ (റ) നിൽക്കുന്നതിന്റെ നേരെ താഴെയാണവർ നിൽക്കുന്നത്

അവർ ഒരു നിമിഷവും പാഴാക്കിയില്ല ചാരന്റെ ശിരസ്സ് പൊക്കി പിടിച്ചു താഴെ നിൽക്കുന്നവരെ ലക്ഷ്യമാക്കി താഴേക്കിട്ടു എല്ലാവരും ഞെട്ടി എന്താണിത് ? മനുഷ്യ ശിരസ്സോ? ആരുടെ? അവർ ശിരസ്സ് കൈയിലെടുത്തു ഇരുട്ടിലൂടെ ഓടി

ശത്രുക്കൾ അവരുടെ കേന്ദ്രത്തിലെത്തി ശിരസ്സ് പരിശോധിച്ചു ഞെട്ടിപ്പോയി തങ്ങൾ അയച്ച ചാരന്റെ ശിയസ്സാണിത് മുഹമ്മദിന്റെ പടയാളികളല്ലാതെ മറ്റാരും ഇത് ചെയ്യില്ല

കോട്ടക്കകത്ത് ധാരാളം പടയാളികൾ കാണും അവരാരെങ്കിലും ചാരന്റെ ചലനങ്ങൾ ശ്രദ്ധിച്ചു കാണും ചാരന്റെ മേൽ അവർ ചാടി വീണു ആക്രമണം നടത്തിയിട്ടുണ്ടാവും ഭയങ്കരം തന്നെ   ഇനി കോട്ടയുടെ കാര്യം ശ്രദ്ധിക്കേണ്ട ആപത്താണ്   ശത്രുക്കൾ കോട്ടയുടെ കാര്യംവിട്ടു ഒരു ജീവൻ നഷ്ടപ്പെട്ടു
ഹന്ദഖിൽ പോയവർ വിജയാഹ്ലാദത്തോടെയാണ് തിരിച്ചു വന്നത് യുദ്ധം നടത്താതെ  തന്നെ വിജയം വരിച്ചു 

കിടങ്ങുകൾ കാരണം ശത്രുക്കൾക്കു മുന്നേറാൻ കഴിഞ്ഞില്ല പരുങ്ങലിലായി ശകതിയായ കാറ്റ് അവരെ വിഷമിപ്പിച്ചു ഒട്ടകങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി ചില ഗോത്രക്കാർ രാത്രിയിൽ സ്ഥലം വിട്ടു പിറ്റേന്നു കുറെ പേർകൂടി സ്ഥലം വിട്ടു ഒടുവിൽ ശത്രുക്കൾ ഒന്നാകെ ഓടിപ്പോയി 

സഫിയ (റ)യുടെ ധീരകൃത്യം എല്ലാവരെയും അതിശയിപ്പിച്ചു 
സുബൈർ (റ) ഉമ്മയുടെ ധീരതയെ വാഴ്ത്തി

മസ്ജിദുന്നബവിയോട് ചേർന്നുള്ള മുറിയിലാണ് ആഇശ(റ) താമസിക്കുന്നത് അസ്മയുടെ പ്രിയസഹോദരി 

അസ്മയും മകനും കൂടി ആഇശ(റ)യെ കാണാൻ വന്നു കൂടെ സഫിയ (റ)യും ആഇശ (റ)യും അവരെ ഹൃദ്യമായി സ്വീകരിച്ചു 

ആഇശ (റ)ക്ക് അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങൾ അവർ വാഴ്ത്തിപ്പറഞ്ഞു  ആഇശ (റ) താമസിക്കുന്ന മുറിയിൽ ജിബ്രീൽ (അ) വഹ്‌യുമായി  വന്നിട്ടുണ്ട് വഹ്‌യ് ഇറങ്ങുന്ന സന്ദർഭത്തിൽ പ്രവാചകനെ അവർ കണ്ടിട്ടുണ്ട് പ്രവാചകന്റെ ജീവിതം ഏറ്റവും അടുത്തറിയാൻ അവസരം കിട്ടിയ മഹതിയാണവർ 

സ്വഹാബിവനിതകൾ അവരെക്കാണാൻ വരും ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയും എല്ലാം പറഞ്ഞു കൊടുക്കും  വിജ്ഞാനത്തിന്റെ സാഗരമാണവർ  സഹോദരിമാർ വളരെ നേരം സംസാരിച്ചിരുന്നു  സംസാരത്തിനിടയിൽ മക്കാജീവിതവും കടന്നുവന്നു മക്കാപട്ടണത്തിന്റെ ഓർമ്മ അവരെ വികാരഭരിതരാക്കി 

തങ്ങൾ പിറന്ന് നാട് പ്രിയപ്പെട്ട നാട് എന്നെങ്കിലുമൊരിക്കൽ ആ നാട് കാണാൻ ഇടവരുമോ? കുട്ടിക്കാലത്തെ കൂട്ടുകാരികളെക്കുറിച്ചൊക്കെ അവർ സംസാരിച്ചു  അവരിൽ പലരും ഇസ്ലാം മതം സ്വീകരിച്ചു അവരെക്കുറിച്ചു സന്തോഷത്തോടെ അനുസ്മരിച്ചു ഇസ്ലാം മതം സ്വീകരിക്കാത്ത കൂട്ടുകാരികളെക്കുറിച്ച് വേദനയോടെ ഓർത്തു

അസ്മ(റ)യും സഫിയ (റ)യും പ്രവാചകനെയും കണ്ടു സംസാരിച്ചു ആഇശ (റ)യോട് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി 

ആഇശ (റ)യെ കാണുന്നത് വലിയ സന്തോഷമാണ് മറ്റ് ഭാര്യമാരെയും സന്ദർശിക്കും പ്രവാചകന്റെ പത്നികൾ സത്യവിശ്വാസികളുടെ മാതാക്കളാവുന്നു അവരുടെ ഉന്നത പദവിയാണ് ഇതിൽനിന്നു മനസ്സിലാവുന്നത്

പുണ്യഭൂമിയിലൂടെ അവർ സ്വന്തം വീട്ടിലേക്ക് നടന്നു അബ്ദുല്ല വളരുകയാണ് പണ്ഡിതനായി വളർന്നു വരണം പടയാളിയായി വളർന്നു വരണം അതാണ് മാതാപിതാക്കളുടെ ആഗ്രഹം


വഹ്ശി

ഓർമകൾ കുലംകുത്തിയൊഴുകുന്നു ഓർക്കുംതോറും അതിശയം കൂടിക്കൂടി വരികയാണ് മനുഷ്യരിൽ വന്ന മാറ്റങ്ങൾ അവരുടെ ചിന്തകളിലും ജീവിത ക്രമങ്ങളിലും വന്ന മാറ്റങ്ങൾ 

ഉഹ്ദ് രണാങ്കണത്തിൽ മരിച്ചുവീണ തന്റെ സഹോദരന്റെ രൂപം മനസ്സിൽനിന്നും മാഞ്ഞുപോവുന്നതേയില്ല എന്തൊരു രൂപം

കുത്തിക്കീറപ്പെട്ട മൃതദേഹം  നെഞ്ചുപിളർക്കപ്പെട്ടിരിക്കുന്നു ഹൃദയവും കുടൽമാലകളും പുറത്തായിരുന്നു മൂക്കും കാതുകളും മുറിക്കപ്പെട്ടിരുന്നു എന്തൊരു കിടപ്പ് ?

ഖൽബ് പൊട്ടിത്തകരുകയായിരുന്നു ഈമാനിന്റെ കരുത്തുകൊണ്ടാണ് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് എല്ലാ വികാരങ്ങളും പണിപ്പെട്ടു നിയന്ത്രിച്ചു 
വഹ്ശി

വഹ്ശിയെന്ന അടിമ ആ അടിമയാണിത് ചെയ്തത് അത് ചെയ്യിപ്പിച്ചത് ഹിന്ദ് എന്ന സ്ത്രീയാണ് 

അബൂസുഫ് യാന്റെ ഭാര്യ ഹിന്ദ് മക്കക്കാരുടെ നേതാവായ അബൂസുഫ് യാൻ 
അവരുടെ ഖാഫിലയെ നയിച്ചതു അബൂസുഫ് യാനായിരുന്നു വമ്പിച്ച ഖാഫില ലാഭം മുഴുവൻ യുദ്ധഫണ്ടിലേക്ക് ബദ്ർ യുദ്ധത്തിന്റെ സാമ്പത്തികാടിത്തറ
അബൂസുഫ് യാന്റെ ഖാഫില  ആക്രമിക്കപ്പെട്ടുവെന്നായിരുന്നു പ്രചരണം ഖാഫില ആക്രമിക്കപ്പെട്ടിരുന്നില്ല അത് സുരക്ഷിതമായി മക്കയിൽ തിരിച്ചെത്തിയിരുന്നു  

അതിനുമുമ്പെ ബദ്റിൽ യോദ്ധാക്കൾ അണിനിരന്നു കഴിഞ്ഞിരുന്നു ഘോരമായ യുദ്ധം  നടന്നു 

ഹിന്ദിന്റെ പിതാവും സഹോദരനും കൊല്ലപ്പെട്ടു ആ വാർത്ത ഹിന്ദിനെ വല്ലാതെ ചൊടിപ്പിച്ചു  അന്ന് ഹിന്ദ് ഒരു ശപഥമെടുത്തു 
പ്രതികാരം പ്രതികാരം 

ഊണിലും ഉറക്കിലും പ്രതികാരത്തിന്റെ ചിന്തമാത്രം ഹംസയെ തകർക്കണം വധിക്കണം മയ്യിത്ത് വികൃതമാക്കണം വെട്ടിനുറുക്കിയ മയ്യിത്തിനു മുകളിൽ കയറി പൈശാചിക നൃത്തമാടണം അതിന്നു വഹ്ശിയെ വിലക്കെടുത്തു  വഹ്ശി എന്ന അടിമയെ കൊട്ടാരത്തിൽ വരുത്തി

'വഹ്ശി ....പ്രിയപ്പെട്ട വഹ്ശി....'

'ഓ...' വഹ്ശീ വിനയപൂർവ്വം വിളിക്കപ്പെട്ടു

'നിനക്ക് അടിമത്വത്തിൽനിന്നു മോചനം വേണ്ടേ? നിനക്ക് സ്വതന്ത്രനായി ജീവിക്കേണ്ടേ?'

'എനിക്കെങ്ങനെ സ്വതന്ത്രനാവാൻ കഴിയും ? ഞാൻ അടിമയല്ലേ?'
'വഹ്ശീ....നീ സ്വതന്ത്രനാവും  ഞാൻ നിനക്ക് അടിമത്വത്തിൽ നിന്ന് മോചനം നൽകും'

'എങ്ങനെ? എന്തിന്ന്?'

'വഹ്ശീ ....ചാട്ടുളി പ്രയോഗത്തിൽ നീ വിദഗ്ധനാണെന്ന് ഞാൻ കേട്ടിട്ടുണ്ട് ശരിയല്ലേ?'

'ങാ....' ചുണ്ടുകളിൽ മന്ദഹാസം 

'ഞാൻ നിനക്ക് അടിമത്വത്തിൽ നിന്ന് മോചനം നൽകും വില പിടിച്ച സമ്മാനങ്ങൾ നൽകും നിനക്ക് സങ്കൽപിക്കാനാവാത്തത്രയും വലിയ സമ്മാനങ്ങൾ.... നീ ഒരൊറ്റ കാര്യം ചെയ്താൽ മതിൽ യുദ്ധക്കളത്തിൽവെച്ച് ചാട്ടുളി എയ്ത് ഹംസയെ വധിക്കണം അത്രയേ വേണ്ടൂ.... എന്തേ പറ്റില്ലേ'
'നോക്കാം ....'

'വഹ്ശീ...നീ ഞങ്ങളുടെ കണ്ണ് കുളിർപ്പിക്കില്ലേ '

'ങാ...' ഹിന്ദ് വഹ്ശിയെ ആവേശത്തോടെ നോക്കിനിന്നു ആ കണ്ണുകൾ വല്ലാതെ തിളങ്ങി  ഖൽബിൽ പ്രതികാരത്തിന്റെ തീജ്ജ്വാലകൾ പടർന്നു കയറുകയായിരുന്നു

ഉഹ്ദിന്റെ ആരവം മണൽത്തരികൾ ചെഞ്ചായമണിഞ്ഞു ആർത്തനാദങ്ങൾ ....അട്ടഹാസങ്ങൾ ..... ധർമ്മവും അധർമ്മവും തമ്മിൽ പൊരിഞ്ഞ പോരാട്ടം 
വഹ്ശി പതുങ്ങിയിരുന്നു യുദ്ധരംഗം വീക്ഷിച്ചുകൊണ്ടിരുന്നു എവിടെ ഹംസ? ആ വ്യക്തിയെ മാത്രം കണ്ടാൽ മതി

പടവാൾകൊണ്ട് മിന്നൽപ്പിണർ സൃഷ്ടിക്കുന്ന ഹംസ (റ)യെ പെട്ടെന്നു തിരിച്ചറിഞ്ഞു ഒന്നടുത്തു വന്നിരുന്നെങ്കിൽ  വളരെ ദൂരേക്ക് ഉളിയെറിയാൻ പറ്റില്ല ഒരു നിശ്ചിത ദൂരത്തേക്ക് മാത്രമേ പറ്റുകയുള്ളൂ ഹംസ (റ)വിനെ അത്രയും ദൂരത്തിൽ കിട്ടണം എങ്കിൽ വളരെ സൗകര്യത്തിൽ ചാട്ടുളി പ്രയോഗിക്കാം 

ഏറെനേരം കാത്തിരുന്നു വഹ്ശിക്ക് വലിയ അതിശയം തോന്നി എന്തൊരു ധീരകേസരി ആ കരങ്ങൾക്കെന്തൊരു വേഗത ശത്രുക്കളെ അരിഞ്ഞുവീഴ്ത്തി  മുന്നേറുന്നു വല്ലാതെ കഴിവ് തന്നെ   
എല്ലാ കഴിവുകളും ഇവിടെ അവസാനിക്കുകയാണ് തന്റെ ചാട്ടുളി ശരീരത്തിൽ തുളച്ചുകയറുന്നതോടെ ധീരകേസരിയുടെ വീരകൃത്യങ്ങൾക്കെല്ലാം അന്ത്യം കുറിക്കപ്പെടും വഹ്ശിയുടെ മനസ്സിൽ നൊമ്പരം ഇത്രയും ധീരനായൊരു വ്യക്തിയെ  നശിപ്പിക്കുക വല്ലാത്തൊരു ക്രൂരകൃത്യം തന്നെ

ഉടനെ മനസ്സ് മന്ത്രിച്ചു അടിമത്വത്തിൽനിന്നു മോചനം വിലപിടിച്ച പാരിതോഷികങ്ങൾ അവയൊന്നും നിസ്സാരമല്ല  പതറിപ്പോവരുത് മനസ്സ് ദുർബലമാവരുത് അവസരങ്ങൾ എപ്പോഴും ലഭ്യമാവില്ല കിട്ടിയ അവസരം ഉപയോഗപ്പെടുത്തുക  അതെ, ഈ അവസരം പ്രയോജനപ്പെടുത്തണം
വഹ്ശി തയ്യാറെടുത്തു കഴിഞ്ഞു ഒളിപ്പിച്ചുവെച്ച ചാട്ടുളി പുറത്തെടുത്തു ഹംസ (റ) വഹ്ശിയുടെ മുമ്പിലെത്തിക്കഴിഞ്ഞിരുന്നു

ഇതുതന്നെ പറ്റിയ സന്ദർഭം ഈ സന്ദർഭം പഴാക്കാൻ പറ്റില്ല അടിമത്വത്തിൽനിന്നുമോചനം വിലപ്പെട്ട പാരിതോഷികങ്ങൾ , ജീവിത സൗകര്യങ്ങൾ  

സൂര്യപ്രകാശമേറ്റ് ചാട്ടുളി വെട്ടിത്തിളങ്ങി
'അസദുൽ ഇലാഹ് ' ഇതാ ചലനമറ്റ് പോവുന്നു ഈ ചാട്ടുളിയുടെ മുനയിൽ ആ ജീവൻ പിടഞ്ഞുവീഴാൺ സമയമായി 

ഉന്നം പിടിച്ചു പിഴക്കാത്ത ഉന്നം  ചാട്ടുളി വലിച്ചുവിട്ടു അത് മുന്നോട്ട് പറന്നു ഉന്നം പിഴച്ചില്ല അടിവയറ്റിൽ തന്നെ ചെന്നു  തറച്ചു വയറ്റിനകത്തേക്ക് കടന്നുപോയി

രക്തം ചീറ്റി ശക്തി ചോർന്നു അസഹ്യമായ വേദനയോടെ പിടഞ്ഞുവീണു പിന്നെ വല്ലാത്ത പിടച്ചിൽ .....വഹ്ശി കാത്തിരുന്നു

പിടഞ്ഞു മരിക്കട്ടെ എല്ലാം അവസാനിക്കട്ടെ അതുവരെ കാത്തിരിക്കാം ശരീരം  നിശ്ചലമായിക്കഴിഞ്ഞാൽ ചാട്ടുളി ഊരിയെടുക്കണം രക്തം തുടച്ചു നീക്കണം

തീർന്നു തന്റെ ജോലി തീർന്നു ഇനി തനിക്കു സ്ഥലം വിടാം അടിമത്വത്തിൽനിന്നുള്ള മോചനം വിലപിടിച്ച പാരിതോഷികങ്ങൾ എല്ലാം പിന്നാലെ വന്നുകൊള്ളും 

തന്റെ പ്രിയ സഹോദരൻ ഹംസ (റ) കണ്ണടച്ചു 

വഹ്ശി ചാട്ടുളി ഊരിയെടുത്തു  പിന്നെ എന്തൊക്കെയാണിവിടെ നടന്നത്?  ഹിന്ദിന്റെ ക്രൂരതകൾ ചലനമറ്റ ശരീരത്തിനോട് കാണിച്ച കൊടും ക്രൂരതകൾ 
എല്ലാം അവസാനിച്ചപ്പോഴാണ് ഈ സഹോദരി വിവരമറിഞ്ഞത് പിന്നെ ഓരോട്ടമായിരുന്നു ജനാസ കാണാനുള്ള ഓട്ടം 

ഒരു സഹോദരന്റെ ജനാസ ഇതേ അവസ്ഥയിൽ കാണാൻ ഒരു സഹോദരിക്കും കഴിയില്ല അതുകൊണ്ടാണല്ലോ തന്നെത്തടയാൻ പലരും ശ്രമിച്ചതും
ആർക്കും തന്നെ തടഞ്ഞു നിർത്താനായില്ല വികൃതമാക്കപ്പെട്ട ശരീരത്തിനു മുമ്പിൽ വന്നുനിന്നു മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകി കൈവിരലുകൾ കൂട്ടിത്തിരുമ്മി കണ്ണിൽ ഇരുട്ടു കയറുകയായിരുന്നു 
തന്നെയും ഹംസയെയും പ്രസവിച്ച മാതാവിനെ ഓർത്തുപോയി പ്രസിദ്ധനായ വുഹൈബിന്റെ മകൾ ഹാല  തന്റെയും ഹംസയുടെയും പിതാവിനെയും കുറിച്ചോർത്തുപോയി 

മക്കയുടെ നായകനായിരുന്നു അബ്ദുൽ മുത്തലിബ് പ്രിയപ്പെട്ട മാതാപിതാക്കളേ.... നിങ്ങളുടെ പൊന്നുമോന്റെ അവസ്ഥ കണ്ടോ? നിയന്ത്രിച്ചു സ്വയം നിയന്ത്രിച്ചു അതിശയകരമായ നിയന്ത്രണത്തിനുള്ള മനക്കരുത്ത് ലഭച്ചു

വഹ്ശീ....  

എന്റെ സഹോദരനെ വധിച്ച വഹ്ശീ.... നിനക്കെന്ത് പറ്റീ? ഒരു നിമിഷം സ്വസ്ഥത കിട്ടിയിട്ടുണ്ടോ?

അടിമത്വത്തിൽനിന്നും മോചനം കിട്ടിയില്ലേ? നിനക്ക് ഊരിവെക്കാൻ കഴിയാത്തത്ര പാരിതോഷികങ്ങൾ കിട്ടിയില്ലേ ഹിന്ദു നിന്നെ കെട്ടിപ്പിടിച്ച് ആനന്ദനൃത്തമാടിയില്ലേ

പ്രവാചകന്റെ ദുഃഖം 

ഹംസായുടെ വികൃതമാക്കപ്പെട്ട ശരീരം നേരിൽ കണ്ടപ്പോൾ പ്രവാചകൻ അനുഭവിച്ച ദുഃഖം ഒരാൾക്കും അത് വിവരിക്കാനാവില്ല അത് വിവരിക്കാൻ പറ്റിയ വാക്കുകളില്ല 

പിന്നീട് അറേബ്യ ഒന്നാകെ പ്രവാചകന്റെ കരങ്ങളിലമർന്നു ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരി വഹ്ശീ നീ ശരിക്കും പരിഭ്രമിച്ചു    പല നാടുകളിലും അഭയം തേടി ഒരിടത്തും നിനക്ക് മനസ്സമാധാനം കിട്ടിയില്ല എന്നതല്ലേ സത്യം

ഒറ്റപ്പെട്ടവന്റെ അവസ്ഥ ഏകാന്തതയുടെ അസഹ്യമായ ദുഃഖം അസ്വസ്ഥത ജീവിതം വെപ്രാളം പിടിച്ച പലായനമായി മാറിയില്ലേ ?  പിന്നെ ആരാണ് നിനക്ക് അഭയസ്ഥാനം ചൂണ്ടിക്കാണിച്ചു തന്നത്? ഏറ്റവും സുരക്ഷിതമായ കേന്ദ്രം 

പുണ്യപ്രവാചകന്റെ തിരുസന്നിധിയിലേക്ക് 

അനുഗ്രഹീതമായ സദസ്സ് പുണ്യസ്വഹാബികൾ തിങ്ങിനിറഞ്ഞ സദസ്സ് അല്ലാഹുവിന്റെ കൽപനകൾക്കൊത്ത് ജീവിതം ചിട്ടപ്പെടുത്തിയ പുണ്യാത്മാക്കളുടെ സദസ്സ് 

ഒടുവിൽ നീയും ആ സദസ്സിലെത്തി പതറിയ പാദങ്ങളിൽ  മാപ്പ് ..... മാപ്പ്.... മഹാഹാപാതകത്തിന്ന് മാപ്പ് വിതുമ്പുന്ന ചുണ്ടുകളിൽനിന്നും പദങ്ങൾ ഉതിർന്നുവീണു പശ്ചാത്ത വിവശനായ മനുഷ്യന്റെ ശബ്ദം 
ആ ശബ്ദം തീരിച്ചറിഞ്ഞിട്ടെന്നോളം പുണ്യപ്രവാചകൻ ചോദിച്ചു  നീ വഹ്ശിയാണോ?

'എന്റെ മുമ്പിൽനിന്നു മാറൂ ..... ഈ മുഖം എന്നെക്കാണിക്കരുത് ' 
നീ പെട്ടെന്നു മാറിക്കളഞ്ഞു

നിന്റെ മുഖം പ്രവാചകനെ കാണിക്കാതെ സൂക്ഷിച്ചു   
ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം മതം സ്വീകരിച്ച വഹ്ശി പ്രമുഖ സ്വഹാബിവര്യനായി മാറി

ഇസ്ലാം മതത്തിനുവേണ്ടി സേവനം ചെയ്യാനുള്ള ഒരവസരവും പിന്നീട് വഹ്ശി(റ) പാഴാക്കിക്കളഞ്ഞില്ല അല്ലാഹുവിന്റെ റസൂൽ രോഗബാധിതനായപ്പോൾ വഹ്ശി(റ) അമ്പരന്നു വെപ്രാളം പിടിച്ച മനസ്സുമായി മദീനയിൽ ഓടിനടക്കുന്ന വഹ്ശി(റ) യെയാണ് അക്കാലത്ത് മദീനക്കാർ കണ്ടത് 

മദീനാപട്ടണം ദുഃഖത്തിലമർന്നു ലോകാനുഗ്രഹിയായ പ്രവാചകൻ ഇഹലോകവാസം വെടിഞ്ഞു മനുഷ്യമനസ്സുകൾ അത്രയേറെ ദുഃഖമനുഭവിച്ച മറ്റൊരു ദിവസമില്ല

അബൂബക്കർ സിദ്ദീഖ് (റ) ഒന്നാം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു ഖലീഫക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് കള്ളപ്രവാചകന്മാരുടെ അരങ്ങേറ്റമായിരുന്നു  

മുസൈലിമത്തുൽ കദ്ദാബ്

കള്ളൻ മുസൈലിമത്ത്

പ്രവാചകൻ രോഗശയ്യയിൽ ആയിരുന്നപ്പോൾ തന്നെ മുസൈലിമത്ത് രംഗത്തു വന്നു കഴിഞ്ഞിരുന്നു

തന്റെ ഗോത്രത്തെ വഴിതെറ്റിക്കാൻ അവന്ന് എളുപ്പത്തിൽ കഴിഞ്ഞു അവന്റെ ശക്തി നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരുന്നു  അവന്ന് വമ്പിച്ച സൈന്യം സജ്ജമാക്കാൻ കഴിഞ്ഞു വമ്പിച്ച സ്വത്തിന്റെ ഉടമയായിത്തീർന്നു 
ധിക്കാരം വർദ്ധിച്ചു ഖിലാഫത്തിനെ വെല്ലുവിളിക്കാൻ മാത്രം കരുത്താർജ്ജിച്ചു മുസൈലിമത്തിന്റെ ശക്തി തകർക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ടു 

ശക്തമായ യുദ്ധം അനിവാര്യമായിത്തീർന്നു മദീനയിൽ യുദ്ധത്തിന്റെ തയ്യാറെടുപ്പ് യോദ്ധാക്കളെ തെരഞ്ഞെടുത്തു പടക്കോപ്പുകൾ തയ്യാറാക്കി യുദ്ധത്തിനാവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ചു മുസൈലിമത്തിനെ നേരിടാൻ വൻ സൈന്യം നീങ്ങുകയായി പ്രായം ചെന്ന സ്വഹാബികൾ പോലും സൈന്യത്തിൽ ചേരാൻ മുമ്പോട്ടു വന്നു മദീനയിൽ ആവേശം അലയടിച്ചുയർന്നു

വഹ്ശി(റ) താമസസ്ഥലത്തുനിന്നിറങ്ങി  കൈയിൽ പഴയ ചാട്ടുളി മുഖം വികാരഭരിതമായിരിക്കുന്നു  തന്റെ കടമ നിർവ്വഹിക്കണം ചാട്ടുളിയുടെ കടമ 
മനസ്സിൽ അപ്പോഴും പഴയ സംഭവം സൃഷ്ടിച്ച മുറിപ്പാട് ഉണങ്ങാതെ കിടക്കുന്നു  ഉഹ്ദിലെ സംഭവം   അന്ന് ഇതേ ചാട്ടുളിയാണ് ആ ക്രൂരകൃത്യം നിർവഹിച്ചത് അന്നത്തെ പാതകത്തിന് പ്രായശ്ചിത്തം ചെയ്യണം  നീചനായ മുസൈലിമത്തിനെതിരെ ചാട്ടുളി പ്രയോഗിക്കണം അതാണ് മോഹം  അങ്ങനെ പ്രായ്ശ്ചിത്തം ചെയ്യണം

അന്ന് ഹംസ (റ) യെ വധിച്ചു അത് സത്യവിശ്വാസികളെ ദുഃഖിപ്പിച്ചു ഇനി സത്യവിശ്വാസികളെ  സന്തോഷിപ്പിക്കണം മുസൈലിമത്തിനെ വധിക്കണം 
വൻസൈന്യം നീങ്ങിത്തുടങ്ങി കൂട്ടത്തിൽ വഹ്ശി(റ)യും നീങ്ങി  ദീർഘയാത്ര പാറക്കെട്ടുകളും കുന്നിൻനിരകളും സമതലങ്ങളും കടന്നുള്ള യാത്ര വഹ്ശി (റ) യാത്രാക്ലേശമറിഞ്ഞില്ല മനസ്സ് വളരെ സജീവമായിരുന്നു 

രണാങ്കണം സൈന്യം തിങ്ങിനിറഞ്ഞ യുദ്ധഭൂമി പടവാളുകൾ മിന്നൽപ്പിണരുകൾ സൃഷ്ടിച്ചു  ഘോരയുദ്ധം ആർത്തനാദങ്ങളുയർന്നു മനുഷ്യശരീരങ്ങൾ വെട്ടിവീഴ്ത്തപ്പെട്ടു  യുദ്ധം നീണ്ടുപോയി മുസൈലിമത്തിന്റെ നില പരുങ്ങലിലായി ഒരു തോട്ടത്തിലേക്ക് വലിഞ്ഞു
വഹ്ശി (റ) മുസൈലിമയെ അന്വേഷിച്ചു നടക്കുകയായിരുന്നു നേരത്തെ കണ്ടു പരിചയമില്ലല്ലോ അടുത്ത കണ്ട ഒരാളോട് അന്വേഷിച്ചു 'എവിടെ മുസൈലിമ?'
'നോക്കൂ ആ ഈന്തപ്പന ചാരിനിൽക്കുന്ന ഒരാളെ കണ്ടില്ലേ? വാളും പിടിച്ചുനിൽക്കുന്ന ആൾ '

ആളിനെ മനസ്സിലായി അടുത്തേക്ക് നടന്നു  നിശ്ചിത അകലത്തിൽവന്നു നിന്നു പൊതിയിൽനിന്ന് ചാട്ടുളിയെടുത്തു അത് വെയ്ലിൽ വെട്ടിത്തിളങ്ങി  ഉന്നം പിടിച്ചു ഒരിക്കലും പിഴക്കാത്ത ഉന്നം

ഒരു നിമിഷം ചാട്ടുളി പറന്നു ഇസ്ലാമിന്റെ ശത്രുവിന്നു നേരെ....മുസൈലിമ പിടഞ്ഞുവീണു

വഹ്ശി (റ)ക്ക് സമാധാനമായി

'ഹംസ(റ)യെ വധിച്ചതിനുള്ള പ്രായശ്ചിത്തമായി ഈ വധം സ്വീകരിച്ചാലും ' 
വഹ്ശി (റ) ആകാശത്തേക്കു കരമുയർത്തി


ഹിന്ദ്

മക്കാ വിജയത്തിന്റെ ദിവസം 

ഹത്ഹു മക്ക മറക്കാനാവുമോ ആ ദിവസം?

മലവെള്ളംപോലെ ഒഴുകിയെത്തുന്ന മുസ്ലിംകൾ ഉയർന്നു നിൽക്കുന്ന മലകൾക്കിടയിലൂടെ, നിലക്കാത്ത പ്രവാഹവുമായി സത്യവിശ്വാസികൾ പുണ്യഭൂമിയിലേക്കൊഴുകുകയായിരുന്നു 

മക്കാ നിവാസികൾ ഉൾക്കിടിലത്തോടെ ആ രംഗം നോക്കിനിന്നു എന്തൊരു വൻശക്തിയാണിത് ? 

അബൂസുഫ് യാന്റെ വീട്ടിൽ അഭയം തേടിയവർ സുരക്ഷിതരാണ് സ്വന്തം വീട്ടിൽ അടച്ചിരിക്കുന്നവരും സുരക്ഷിതർ  പ്രവാചകൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു 

അബൂസുഫ് യാന്റെ വീട്ടിൽ നിരവധിയാളുകൾ അഭയം തേടി അവർ സത്യവിശ്വാസികളുടെ വൻ പ്രവാഹം ദർശിക്കുന്നു അവരുടെ ഹൃദയം ചഞ്ചലമായിരുന്നു 

എവിടെ നമ്മുടെ ദൈവങ്ങൾ?

എവിടെ നമ്മുടെ ബിംബങ്ങൾ?

എവിടെപ്പോയി അവരുടെ ശക്തി?

ബിംബങ്ങൾക്കൊരു ശക്തിയുമില്ലേ? അവ വെറും കല്ലുകൾ മാത്രമാണോ? ഇത്രയും കാലം നാം അവയെ ആരാധിച്ചത് വിഡ്ഢിത്തമായോ?

ആബാലവൃദ്ധം ജനങ്ങൾ ബിംബങ്ങളെ വണങ്ങി അവർക്ക് നിവേദ്യങ്ങൾ നൽകി ബലിയറുത്തു എന്നിട്ടുമെന്തേ അവയുടെ സഹായം വരാത്തത് ?

അവയുടെ സഹായം ഏറ്റവും അനിവാര്യമായ ഘട്ടത്തിൽ 
'ബിംബങ്ങളെ വണങ്ങരുത് നിങ്ങൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവക്ക് കഴിയില്ല അവ കല്ലുകളാണ് വെറും കല്ലുകൾ '  അങ്ങനെയാണ് പ്രവാചകൻ പ്രഖ്യാപിച്ചത്

അതാണ് പ്രവാചകനെ ശത്രുവായിക്കാണാൻ കാരണം ബിംബങ്ങളെ എതിർക്കുന്നവർ ശത്രുക്കൾ തന്നെ ഖുറൈശികളുടെ ശത്രുക്കൾ ഗോത്രങ്ങളുടെ ശത്രുക്കൾ  

ബിംബങ്ങളെ തള്ളിപ്പറഞ്ഞവരെ ക്രൂരമായി മർദ്ദിച്ചു തുല്യതയില്ലാത്ത മർദ്ദനം 

ഈ മണൽക്കാട്ടിൽ എത്രയെത്ര മനുഷ്യശരീരങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു ഈ മണിൽത്തരികളിൽ ഒഴുകിയ മനുഷ്യരക്തത്തിനുണ്ടോ വല്ല കണക്കും 

പ്രവാചകനും അനുയായികൾക്കും ജീവിതം ദുസ്സഹമായിത്തീർന്നു പിറന്ന നാടിനോട് യാത്ര പറയേണ്ട അവസ്ഥയുണ്ടായി പിറന്ന നാട്, പ്രിയപ്പെട്ട നാട്, കളിച്ചുവളർന്ന നാട്, ആ നാട് വിട്ട് പോവേണ്ടി വന്നു മർദ്ദനങ്ങൾ അത്ര കടുപ്പമായിരുന്നു 

അതായിരുന്നു ഹിജ്റ വീടുകൾ ഉപേക്ഷിച്ചു ആട്ടിൻപറ്റങ്ങളെയും ഒട്ടകങ്ങളെയും ഉപേക്ഷിച്ചു ഈത്തപ്പനത്തോട്ടങ്ങൾ ഉപേക്ഷിച്ചു 
ഇരുളിന്റെ മറവിൽ ഓടിപ്പോവുകയായിരുന്നു കുറഞ്ഞ വർഷങ്ങളേ ആയുള്ളൂ അതിന്നിടയിൽ അവർ നേടിയ ശക്തി അപാരം തന്നെ അന്ന് പോയവർ ഇന്നിതാ വീണ്ടും വരുന്നു പിറന്ന നാട് കാണാനുള്ള മോഹത്തോടെ ജനിച്ചുവളർന്ന വീട് കാണാനുള്ള മോഹത്തോടെ 
അല്ലാഹു അക്ബർ....അല്ലാഹു അക്ബർ.....മുസ്ലിംകളുടെ നീണ്ടനിരയിൽനിന്നുയരുന്ന മുദ്രാവാക്യം കോരിത്തരിപ്പിക്കുന്ന ശബ്ദം മണൽപ്പരപ്പും പാറക്കൂട്ടങ്ങളും മലഞ്ചെരുവുകളും ആ മുദ്രാവാക്യം ഏറ്റുവിളിക്കുകയാണോ?

അല്ലാഹു അക്ബർ....അല്ലാഹു അക്ബർ.....

അബൂസുഫ് യാന്റെ മനസ്സ് നേരത്തെ തന്നെ ചഞ്ചലപ്പെട്ടിരുന്നു മുസ്ലിംകൾ മക്കയിൽ എത്തുന്നതിനുമുമ്പെ അവർ മുസ്ലിംമായി അതിനുമുമ്പെ അവരുടെ മനസ്സിൽ ആലോചനകളുടെ ബഹ്റായിരുന്നു എന്തൊക്കെയാണ് ആ മനസ്സിലൂടെ കടന്നുപോയത് സത്യം എവിടെയാണ്? അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതാർക്കാണ്?

മറുപടി പറയാൻ രണ്ട് തവണ ചിന്തിക്കേണ്ടതില്ല അല്ലാഹുവിന്റെ സഹായം മുസ്ലിംകൾക്ക് കിട്ടുന്നു

നിസ്സാരമായ പരിതസ്ഥിതിയിൽനിന്ന് അവരുയർന്നു വന്നു ഇന്നവർ അറേബ്യയുടെ ശക്തിയാണ് അതിനെ വെല്ലാൻ ഒരു ശക്തിയുമില്ല മക്കാ പട്ടണം അവരുടെ കൈകളിൽ അമർന്നു 

അല്ലാഹുവാണ് സർവ്വശക്തൻ അവനല്ലാതെ ഒരിലാഹുമില്ല ബിംബങ്ങൾക്കൊരു കഴിവുമില്ല ഏതാനും വർഷങ്ങൾകൊണ്ട് താനത് മനസ്സിലാക്കിയിരിക്കുന്നു 

മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു 
എന്ത് ? മനസ്സ് അത്രക്ക് പതറിപ്പോയോ?

അൽഅമീൻ വളരെക്കാലം തങ്ങൾക്കിടയിൽ 'അൽഅമീൻ' എന്ന സ്ഥാനപ്പേരോടെ ജീവിച്ച മഹദ് വ്യക്തി ആ വ്യക്തിത്വം വളരെ അടുത്തുനിന്നു മനസ്സിലാക്കിയിട്ടുണ്ട്  ആ ജീവിത വിശുദ്ധി തനിക്കറിയാം പ്രവാചകനായി നിയോഗിക്കപ്പെടാൻ എല്ലാ യോഗ്യതയും 'അൽഅമീൻ' എന്ന വ്യക്തിയിലുണ്ട്

ക്രിസ്ത്യാനികളും ജൂതന്മാരും പ്രതീക്ഷിച്ച പ്രവാചകൻ ഇത് തന്നെയാണ് അന്ത്യപ്രവാചകന്റെ ലക്ഷ്യങ്ങൾ തൗറാത്തിലും ഇഞ്ചീലിലും വിവരിച്ചിട്ടുണ്ട് അന്ത്യപ്രവാചകരുടെ  മാതാപിതാക്കളെക്കുറിച്ചു പോലും പരാമർശമുണ്ട് ആ വിവരണങ്ങൾ വെച്ചുനോക്കുമ്പോൾ  'അൽഅമീൻ' എന്ന വ്യക്തിയിൽ അവയെല്ലാം ഒത്തു ചേരുന്നു

അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും അബൂസുഫ് യാന്റെ മനസ്സ് വിശ്വസിക്കുന്നു 
പിന്നെന്തേ അത് തുറന്നു പ്രഖ്യാപിക്കാനിത്ര വൈമനസ്യം? 

ഹിന്ദ് തന്റെ ഭാര്യ ഹിന്ദ്

ഉഹ്ദിന്റെ നായിക മുശ്രിക്കുകളുടെ റാണി ഹിന്ദിന്റെ മുമ്പിൽ പതറിപ്പോവുന്നു 
അല്ലാഹു അക്ബർ...അല്ലാഹു അക്ബർ .... 

അടുത്തടുത്ത് വരുന്ന ശബ്ദം മക്കാപട്ടണം മുഴുവൻ തക്ബീർ ധ്വനിയുടെ മാറ്റൊലി   കൂടെ വിളിക്കാൻ തോന്നിപ്പോവുന്നു 

സൂക്ഷിച്ചു നോക്കി പരിചയമുള്ള മുഖങ്ങൾ പണ്ട് ഒന്നിച്ചു നടന്നവർ കളിക്കൂട്ടുകാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, രക്തബന്ധമുള്ളവർ അവരെല്ലാം സത്യവിശ്വാസം കൈകൊണ്ടു അതിന്നുവേണ്ടി ത്യാഗങ്ങൾ സഹിച്ചു ഇന്നവർക്ക് സന്തോഷം  

അവർക്കിത് സന്തോഷത്തിന്റെ ദിവസമാണ് വിജയത്തിന്റെ ദിവസം മക്കാ വിജയത്തിന്റെ മറക്കാനാവാത്ത സുദിനം ആരും അവരെ തടയാനില്ല എല്ലാ വഴികളും അവർക്കു മുമ്പിൽ തുറക്കപ്പെട്ടിരിക്കുന്നു 
പണ്ടത്തെ മർദ്ദകന്മാർ എവിടെപ്പോയി ?

സത്യത്തിന്റെ വെളിച്ചം ഊതിക്കെടുത്താൻ നടന്നവർ എവിടെപ്പോയി ? ഇരുട്ടിന്റെ ശക്തികളെവിടെ? ബിംബങ്ങളുടെ സംരക്ഷരെവിടെ?
അബൂജഹലെവിടെ? അബൂലഹബ് എവിടെ? ഉത്ബത്തും ശൈബത്തും എവിടെ? ഉമയ്യത്തുബ്നു ഖലഫ് എവിടെ? അവരായിരുന്നുവല്ലോ ഇരുട്ടിന്റെ ശക്തികൾ ശിർക്കിന്റെ കാവൽക്കാർ തൗഹീദിന്റെ പ്രകാശം  ഊതിക്കെടുത്താൻ പാഴ് വേല നടത്തിയവർ  അവരൊന്നും ഇന്ന് ഭൂമുഖത്തില്ല ഏറ്റവും നീചമായ അന്ത്യം അവരെത്തേടിയെത്തി  

സത്യത്തിനെതിരെ പടപൊരുതി നീചമായ രീതിയിൽ മരണപ്പെട്ടു ശപിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അവർ അകപ്പെട്ടുപോയി
വീണ്ടും തക്ബീറിന്റെ ശബ്ദം അത് അത്യുച്ചത്തിലായിരിക്കുന്നു  കഅ്ബാലയം മനുഷ്യവർഗത്തിന്റെ ഒന്നാമത്തെ ആരാധനാലയം തൗഹീദ് സ്ഥാപിക്കാൻ പടുത്തുയർത്തിയ കഅ്ബാ ശരീഫ് ഇന്നത് ശിർക്കിന്റെ ശക്തികൾ അധീനമാക്കി വെച്ചിരിക്കുകയാണ് ഈ നില തുടങ്ങിയിട്ട് വർഷങ്ങളെറെയായി  കഅ്ബാലയത്തിനകത്തും പുറത്തും ബിംബങ്ങൾ ചുമരിൽ ചിത്രങ്ങൾ എല്ലാം ശിർക്കിന്റെ ശക്തികൾ ചെയ്തു കൂട്ടിയതാണ് 
ഇത് ശുദ്ധീകരണത്തിന്റെ ദിവസമാണ് ബിംബങ്ങളിൽനിന്നും കഅ്ബയെ മോചിപ്പിക്കുന്ന ദിവസം മക്കക്കാരുടെ ഖൽബുകൾ പ്രകമ്പനംകൊണ്ടു അവർ വികാരഭരിതരായി

എന്താണ് ആ കേൾക്കുന്ന ശബ്ദം കല്ലുകൾ പൊട്ടിത്തകരുന്ന ശബ്ദം കലാവിരുതുള്ള കരങ്ങൾ കൊത്തിയുണ്ടാക്കിയ ശിലാരൂപങ്ങൾ പൊട്ടിത്തകരുന്ന ശബ്ദം 

കഅ്ബാലയത്തിനകത്തെ  ശിലാരൂപങ്ങൾ അകലേക്ക് വലിച്ചെറിയപ്പെടുന്നു തലമുറകൾ ആരാധിച്ചുവന്ന രൂപങ്ങൾ തകർന്നു തരിപ്പണമായി തലകീഴായി മറിഞ്ഞുവീണ രൂപങ്ങൾ 

പിശാചുക്കൾ പേടിച്ചരണ്ടുപോയി അവ കൂട്ടത്തോടെ ഓടുകയാണ് കഅ്ബാലയത്തിനകത്തും പുറത്തുമുള്ള സകല ബിംബങ്ങളും മാറ്റപ്പെട്ടു 
ഹിന്ദ് ഞെട്ടി ഈ ബിംബങ്ങൾക്കെന്ത് പറ്റി അവയോട് ഇത്രയും കടുത്ത നടപടികൾ സ്വീകരിച്ചിട്ട് ഒന്ന് പ്രതികരിക്കുകപോലും ചെയ്തില്ലല്ലോ? 
ഇതിന്നാണോ ഇത്രയും കാലം നിങ്ങളെ ആരാധിച്ചത്? 

ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കായിരുന്നുവല്ലോ ഏറ്റവും വലിയ സ്ഥാനം? 
എടുത്തെറിയുമ്പോൾ വീണുടയുന്നതാണോ നിങ്ങളുടെ ശക്തി? 
തകർച്ചയിൽനിന്നും സ്വയം രക്ഷപ്പെടാൻ കഴിവില്ലാത്ത നിങ്ങൾക്കെങ്ങനെ ഞങ്ങളെ രക്ഷിക്കാനാവും

നാശം നാശം പിടിച്ച കല്ലുകളേ..... ഹിന്ദിന്റെ അലർച്ച ആശയറ്റവളുടെ നിലവിളി  എല്ലാ പിടിവള്ളിയും കൈവിട്ടുപോയി ഇനിയെങ്ങനെയാണ് മക്കയിൽ  ജീവിക്കുക? മാനക്കേട് തന്നെ മാറ്റാനാവാത്ത നാണക്കേട് 
ഊണും ഉറക്കവും നഷ്ടപ്പെട്ടിരിക്കുന്നു ചെയ്തുകൂട്ടിയതെല്ലാം അബദ്ധമായെന്ന തോന്നൽ ആ തോന്നൽ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു
ഖുറൈശീ കുടുംബങ്ങളിലെ കുലീനവനിതകൾ ഒത്തുകൂടി ഇക്രിമത്തിന്റെ ഭാര്യ മറ്റു നേതാക്കളുടെ ഭാര്യമാർ എല്ലാവരും അസ്വസ്ഥരാണ് ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇരുട്ടുമാത്രം

'നാശം പിടിച്ച ശിലകൾ അവക്കുവേണ്ടി നാം ജീവിതം തുലച്ചു ആകെ നാണക്കേടായി ' ഹിന്ദ് വിലപിച്ചു

'ഇത്രയും നിന്ദ്യമായ അവസ്ഥ വന്നുചേരുമെന്ന് ഒരിക്കലും കരുതിയില്ല എന്തൊരു ശക്തിയാണ് മുസ്ലിംകൾക്ക്? -ഇക്രിമത്തിന്റെ ഭാര്യ 
'എന്റെ പിതാവും സഹോദരനും ബദ്റിൽ കൊല്ലപ്പെട്ടു അവരുടെ വധത്തിന് പ്രതികാരം ചെയ്യാതെ എനിക്കു ജീവിക്കാൻ വയ്യ എന്ന അവസ്ഥ വന്നു ഉഹ്ദിൽ ഞാനെത്ര കടുത്ത സാഹസമാണ് കാണിച്ചത് ' 

ഹിന്ദിന്റെ ശബ്ദം പതറി കണ്ണുകൾ നനഞ്ഞു 

'നിന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരനും ബദ്റിൽ വധിക്കപ്പെട്ടു ഉത്ബത്തും ശൈബത്തും ദയനീയമായി വധിക്കപ്പെട്ടു ഉത്ബത്തും ശൈബത്തും ബുദ്ധിമാന്മാരായിരുന്നു വലിയ നേതാക്കളായിരുന്നു എന്നിട്ടും അവർക്ക് സത്യം കണ്ടെത്താനായില്ല അവർ ഇരുട്ടിൽ ജീവിച്ചു ഇരുട്ടിൽ തന്നെ മരിച്ചു വീഴുകയും ചെയ്തു കഷ്ടം 

ഒരു കുലീന വനിത വിലപിച്ചു

'എനിക്കു സഹിക്കാനാവുന്നില്ല എന്റെ പിതാവും സഹോദരനുമെല്ലാം സത്യത്താനെതിരിൽ  പടവെട്ടുകയായിരുന്നുവെന്ന് ഇപ്പോഴല്ലേ അറിയുന്നത് ? ഇനിയവർക്ക് ഒരു മടക്കമുണ്ടോ?' ആശയറ്റ ഹിന്ദിന്റെ ശബ്ദം

'മരിച്ചവർക്ക് മടക്കമില്ല എന്റെ ഭർത്താവായ ഇക്രിമത്ത് പ്രവാചകനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് എവിടെച്ചെന്ന് രക്ഷപ്പെടാൻ ഇക്രിമത്തിന്റെ പിതാവ് അബൂജഹൽ.... എത്ര നീചമായ മരണമാണ് അബൂജഹലിന്ന് ലഭിച്ചത് '
'ആളുകൾ കൂട്ടത്തോടെ ഇസ്ലാം മതത്തിലേക്ക് പ്രവേശിക്കുകയാണ് നമ്മുടെ കൂട്ടുകാരും ബന്ധുക്കളുമെല്ലാം മുസ്ലിംകളായി മാറുകയാണ് ഇനിയെന്താണ് നമ്മുടെ ഗതി?' ഒരു വനിതയുടെ ചോദ്യം

'ഇനിയും പിടിച്ചുനിൽക്കാനാവുമെന്ന് തോന്നുന്നില്ല അഹന്തയും, പൊങ്ങച്ചവും കുടിപ്പകയുമൊന്നും ഇനിയും നമ്മെ രക്ഷപ്പെടുത്തുമെന്ന് തോന്നുന്നില്ല ഞങ്ങളുടെ പ്രിയപ്പെട്ട ഹിന്ദ്... നീ തന്നെ ഒരു മാർഗം നിർദ്ദേശിക്കൂ'

'എനിക്കൊരു മാർഗ്ഗമേ നിർദ്ദേശിക്കാനുള്ളൂ അത് പറയുമ്പോൾ നിങ്ങളെന്നെ അബലയെന്നു വിളിച്ചേക്കാം ..... ഭീരുവെന്നു വിളിച്ചേക്കാം..... ഹിന്ദ് നിരാശയോടെ പറയുന്നു 

'പ്രിയപ്പെട്ട ഹിന്ദ്...... പറയൂ എന്താണ് നീ കാണുന്ന മാർഗം?' ഒരു വനിത പ്രോത്സാഹിപ്പിച്ചു

'ഒരൊറ്റ അഭയകേന്ദ്രമേയുള്ളൂ മക്കക്കാരെല്ലാം അവിടെയാണ് അഭയം തേടുന്നത് നാമും അവിടെത്തന്നെ ചെല്ലണം എങ്കിൽ രക്ഷ കിട്ടുമായിരിക്കും'
'ഹിന്ദ് ..... നീയെന്താണുദ്ദേശിക്കുന്നത് ?'

'അതെ... നിങ്ങൾ ഊഹിക്കുന്നത് തന്നെ'
'എന്ത്? പ്രവാചകനിൽ അഭയം തേടണമെന്നോ?'
'എന്താണ് സംശയം?'

കുലീന വനിതകൾ ഞെട്ടിപ്പോയി ഹിന്ദ് തന്നെയാണോ ഈ സംസാരിക്കുന്നത്?
മനുഷ്യമനസ്സുകൾ  വികാരത്തിന്റെ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു അവരുടെ പാദങ്ങൾ യാന്ത്രികമായി മുമ്പോട്ട് ചലിച്ചു അനുഗ്രഹീതമായ സദസ്സിലേക്ക് ലോകാനുഗ്രഹിയായ പ്രവാചകന്റെ സദസ്സിലേക്ക്
വീതികൂടിയ വസ്ത്രങ്ങളിൽ തലമറച്ച സ്ത്രീകൾ അവരുടെ മുഖങ്ങൾ കാണാൻ വയ്യ

വിതുമ്പുന്ന ചുണ്ടുകൾ പതറുന്ന പാദങ്ങൾ നനഞ്ഞ നയനങ്ങൾ ഇടക്കിടെ നെടുവീർപ്പുകൾ ഇതൊക്കെയായിരുന്നു അവരുടെ അവസ്ഥ 
ഖൽബിന്റെ അടിത്തട്ടിൽനിന്നും വാക്കുകൾ ഒഴുകിവന്നു അനുഗ്രഹീതമായ സദസ്സിൽ വന്നുചേർന്നപ്പോൾ വല്ലാതെ കോരിത്തരിച്ചുപോയി മനസ്സിൽ തണുപ്പ് വീണു ഇവിടെയെത്താൻ വളരെ വൈകിപ്പോയിരിക്കുന്നു ഇത് നേരത്തെ വേണ്ടതായിരുന്നു സത്യം കാണാൻ കണ്ണുകൾക്ക് കഴിയാതെപോയി 
കുലീന വനിതകൾ പ്രവാചകനോട് സംസാരിക്കുന്നു ആഗമനോദ്ദേശ്യം വെളിപ്പെടുത്തുന്നു 

സത്യത്തിന്റെ പ്രകാശം പരന്ന പാതയിലേക്ക് കാലെടുത്തുവെക്കാൻ അനുവദിച്ചാലും

'സത്യം തിരിച്ചറിയാൻ വൈകിപ്പോയി വലിയ തെറ്റുകൾ ചെയ്തുപോയി ഞങ്ങൾക്കു മാപ്പുണ്ടോ?'

സംഭാഷണം തുടർന്നു സംസാരിക്കുന്ന സ്ത്രീയെക്കുറിച്ചു പ്രവാചകന്ന് സംശയം 
'നീ ഹിന്ദ് ആണോ?' നബി (സ) തങ്ങൾ ചോദിച്ചു

'അതെ....' 

ചരിത്രം മറക്കാത്ത നിമിഷം ആ നിമിഷത്തിന്റെ മരവിപ്പിൽ ഹിന്ദിന്റെ ചുണ്ടുകൾ മൊഴിഞ്ഞു

'അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു '

ഇനിയുള്ള കാലം ദീനുൽ ഇസ്ലാമിന്റെ സേവനത്തിന്നുവേണ്ടിയാണ് ധിക്കാരങ്ങളുടെയും പകയുടെയും കാലം കടന്നുപോയിരിക്കുന്നു ഇനി വിനയത്തിന്റെയും അനുസരണത്തിന്റെയും കാലമാണ്


ബന്ധനത്തിൽപെട്ട സഹോദരൻ

അബ്ദുൽ മുത്തലിബിന്റെ ഓമന മകൾക്ക് ഓർമ്മിക്കാൻ എന്ത് മാത്രം കാര്യങ്ങൾ അടുത്തിടപഴകിയ എത്രയെത്ര ബന്ധുക്കളും അയൽക്കാരും  കാലയവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു 
 
ജീവാതാന്ത്യം വരെ പ്രവാചകനെ എതിർത്തുപോന്ന അബൂലഹബ് തന്റെ സഹോദരനായ അബൂലഹബ് ഒരേ പിതാവിന്റെ മക്കൾ ഉമ്മമാർ വ്യത്യാസം 
സത്യത്തിന്റെ പ്രകാശം ഉൾക്കൊള്ളാൻ ആ സഹോദരന്നു കഴിഞ്ഞില്ല ക്രൂരത നിറഞ്ഞ ഹൃദയത്തിന്റെ ഉടമയായിരുന്നു  പ്രവാചകനെ നിരന്തരം പിന്തുടർന്നു ശല്യം ചെയ്തു കൊണ്ടിരുന്നു അത് കാണുമ്പോൾ മനസ്സ് വല്ലാതെ വിഷമിച്ചു 
ഹജ്ജ് കാലത്ത് പുറം നാടുകളിൽ നിന്ന് ധാരാളമാളുകൾ മക്കയിൽ വരും നബി (സ) തങ്ങൾ അവരുമായി പരിചയപ്പെടും ഇസ്ലാം ദീനിനെക്കുറിച്ചു സംസാരിക്കും 

'അല്ലാഹു ഏകനാണ് അവന് പങ്കുകാരില്ല അവൻ സർവ്വശക്തനാണ് അവന്നു മാത്രമേ നിങ്ങൾ ആരാധിക്കാവൂ അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുക'
പുറംനാട്ടുകാർ ആ സംസാരം ശ്രദ്ധിക്കുന്നു പ്രവാചകന്റെ സംസാര രീതി അവരെ ആകർഷിക്കുന്നു നബി (സ) തങ്ങൾ വിശുദ്ധ ഖുർആനിൽ നിന്നും ചില ആയത്തുകൾ അവരെ ഓതിക്കേൾപ്പിക്കുന്നു ഇതിന്നിടയിൽ അബൂലഹബ് അവിടെ ഓടിയെത്തുന്നു

'ഇവൻ കള്ളനാണ് പറയുന്നതൊന്നും വിശ്വസിക്കരുത് ഈ സംസാരം നിങ്ങൾ ശ്രദ്ധിക്കരുത് കള്ളമാണ് പറയുന്നത് ഇവനിൽനിന്ന് അകന്നു നിൽക്കൂ'
അബൂലഹബ് ആളുകളെ പിന്തിരിപ്പിക്കുന്നു ആളുകൾ നബി (സ) തങ്ങളിൽനിന്നകന്നുപോവുന്നു ആളുകളെ സത്യത്തിൽ നിന്നകറ്റിക്കളയുകയാണ് അബൂലഹബ് ചെയ്തത് എന്തൊരു ക്രൂരകൃത്യം
അബൂലഹബിന്റെ ഉപദ്രവം അസഹ്യമായിത്തീർന്നു അവന്റെ ഭാര്യയും കഴിയുംവിധം ഉപദ്രവിക്കാൻ തുടങ്ങി ഉപദ്രവകാരികളായ ഭാര്യയും ഭർത്താവും കണ്ടിടത്തുവെച്ചെല്ലാം ചീത്തവിളിക്കും പരിഹസിക്കും സംസ്കാരശൂന്യമായി പെരുമാറും

അബൂലഹബിന്റെ ഭാര്യ പ്രവാചകന്റെ വീട്ടിലേക്കുള്ള വഴിയിൽ മാലിന്യങ്ങൾ കൊണ്ടിടും മുള്ളു വിതറും ഏതെല്ലാം രീതിയിൽ ഉപദ്രവിക്കാമോ അതെല്ലാം ചെയ്യും 

അബൂലഹബിന്റെ കാര്യത്തിൽ ഖുർആൻ വചനങ്ങളിറങ്ങി
തബ്ബത്ത് യദാ അബീലഹബ് ഈ വിധത്തിൽ തുടങ്ങുന്ന സൂറത്ത് (അബൂലഹബിന്റെ ഇരുകരങ്ങളും നശിച്ചു)

അത് സ്വഹാബത്ത് പഠിച്ചു അവർ മറ്റുള്ളവർക്ക് ഓതിക്കൊടുത്തു അബൂലഹബ് കലിതുള്ളി കൂടുതൽ ശക്തിയായി ശകാരിക്കാൻ തുടങ്ങി 
'തന്റെ സഹോദരൻ ഇത്ര നിർഭാഗ്യവാനായിപ്പോയല്ലോ'

അബ്ദുൽ മുത്തലിബിന്റെ ഒമനമകൾ വേദനയോടെ ഓർത്തു പോയി 
തന്റെ സഹോദരനോ?

സഹോദരനെന്ന് എങ്ങനെ പറയും? അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുവിനെ എങ്ങനെ സഹോദരനെന്നു വിളിക്കും?

ശാപവാക്കുകൾ ഏറ്റുവാങ്ങിയ നിർഭാഗ്യവാൻ....

ദീനുൽ ഇസ്ലാം ശക്തി പ്രാപിക്കുന്നത് കാണാൻ അബൂലഹബിന് കഴിഞ്ഞില്ല ഇസ്ലാം മതം സ്വീകരിച്ച എത്രയോ ആളുകളെ മർദ്ദിച്ചിട്ടുണ്ട് പല പീഡനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട് അബൂജഹലിന്റെ വലം കൈയ്യായി പ്രവർത്തിച്ചുവന്നു

അബൂലഹബിന്റെ നിന്ദ്യമായ അന്ത്യത്തിനും സാക്ഷി വഹിക്കേണ്ടി വന്നു ജീവിതത്തിലൊരിക്കലും സത്യം സ്വീകരിക്കാത്തഹതഭാഗ്യൻ അവസാനംവരെ അന്ധകാരത്തിന്റെ കാവൽക്കാരനായി നിലകൊണ്ടു സത്യത്തിനുനേരെ പുറംതിരിഞ്ഞുനിന്നു ആ അവസ്ഥയിൽ തന്നെ അന്ത്യശ്വാസം വലിച്ചു 

മനസ്സിലെവിടെയോ നേർത്ത വേദന അബൂലഹബിന്റെ നിന്ദ്യമായ അന്ത്യം സമ്മാനിച്ച വേദന സത്യം കണ്ടെത്താൻ കഴിയാതെ പോയവനെക്കുറിച്ചുള്ള ദുഃഖചിന്തകൾ   നനഞ്ഞ  നയനങ്ങൾ തുടച്ചു വീണ്ടും ഓർമകൾ തെളിയുന്നു 
മറ്റൊരു സഹോദരന്റെ മുഖം ഓർമയിൽ തെളിയുന്നു ആശ്ചര്യത്തിന്റെ നെടുവീർപ്പ്

സത്യം വ്യക്തമായിട്ടും അത് സ്വീകരിക്കാൻ എന്തേ ഇത്ര വൈകിപ്പോയി സത്യത്തിനെതിരെ ശത്രുക്കൾ പട നയിച്ചപ്പോൾ എന്തേ അവരുടെ കൂടെപ്പോയി 

തന്റെ പ്രിയ സഹോദരൻ അബ്ബാസ് പ്രവാചകനുമായി എന്തുനല്ലബന്ധം എത്ര എടുപ്പം എന്തെല്ലാം കാര്യങ്ങൾ അവർ തമ്മിൽ സംസാരിക്കും 
അബ്ബാസ് സമ്പന്നനായിരുന്നു പിതാവിന്റെ ഔദാര്യശീലം മകന് കിട്ടിയില്ല എന്നുവെച്ച് തീരെ പിശുക്കനല്ല പണം വളരെ കരുതിയേ ചെലവഴിക്കൂ ഈ ശീലം മക്കക്കാർക്ക് നന്നായറിയാം ഔദാര്യം കുറഞ്ഞ പണക്കാരൻ 
ബദ്ർ യുദ്ധസ്മരണകൾ അബ്ബാസിന്റെ ഓർമകൾ ഇവിടെ ദുഃഖം വിതറുന്നു
അബൂജഹലിന്റെ സൈന്യം നീങ്ങിയപ്പോൾ അബ്ബാസെന്തിന് കൂടെപ്പോയി? ചിന്തകൾ ഇവിടെവരെ എത്തിയപ്പോൾ വേറെയും മുഖങ്ങൾ തെളിഞ്ഞു വരുന്നു ബന്ധുക്കളുടെ മുഖങ്ങൾ അബൂത്താലിബിന്റെ മകനും അക്കൂട്ടത്തിലുണ്ടായിരുന്നുവല്ലോ

വേറെയും പല ബന്ധുക്കളും കൂട്ടത്തിലുണ്ടായിരുന്നു ഇസ്ലാമിനെതിരെയുള്ള യുദ്ധം പ്രവാചകനെയും സ്വഹാബത്തിനെയും തുടച്ചുനീക്കാനുള്ള യുദ്ധം 
സത്യവിശ്വാസികൾ എല്ലാം അല്ലാഹുവിൽ അർപ്പിച്ചുകൊണ്ട് മുന്നേറി അല്ലാഹുവിന്റെ സഹായം അവർക്കു കിട്ടി മക്കക്കാർ യുദ്ധഗതി കണ്ടു നടുങ്ങി അവരുടെ പാദങ്ങൾ പതറിപ്പോയി ഉറച്ചുനിൽക്കാനാവാതെ അവർ പിന്തിരിഞ്ഞോടുകയായിരുന്നു യുദ്ധക്കളം വിട്ടോടുന്നവർ പലരും പിടിയിലായി  കൂട്ടത്തിൽ തന്റെ സഹോദരനുംപെട്ടു അബ്ബാസ് പിടിക്കപ്പെട്ടു ബന്ദിയായി

യുദ്ധത്തടവുകാരനായ അബ്ബാസ് കൈകൾ കഴുത്തിലേക്ക് ബന്ധിക്കപ്പെട്ട തടവുകാരൻ എന്തൊരു കാഴ്ച 

മറക്കാനാവാത്ത ദിനരാത്രങ്ങൾ ആ ദിവസങ്ങളിലൂടെ ഓർമ്മകൾക്ക് മരണമില്ല ഊണും ഉറക്കവും മറന്ന ദിവസങ്ങൾ ദുഃഖവും സന്തോഷവും ഇഴകിച്ചേർന്ന രാവുകളും പകലുകളും

മദീനയിലെ പെണ്ണുങ്ങൾക്കെങ്ങനെ ഉറക്കം വരും പുരുഷന്മാർ യുദ്ധമുഖത്തല്ലേ? മുന്നൂറ്റിപതിമൂന്ന് യോദ്ധാക്കൾ വേണ്ടത്ര ആയുധങ്ങളില്ല യുദ്ധോപകരണങ്ങളില്ല പടക്കുതിരകളില്ല  ഭക്ഷണവും , വസ്ത്രവും വളരെ പരിമിതം

എല്ലാ സൗകര്യങ്ങളുമുള്ള ശത്രുക്കൾ അവരെയാണ് നേരിടേണ്ടത് പെണ്ണുങ്ങൾ കരഞ്ഞു പ്രാർത്ഥിച്ചു അബ്ദുൽ മുത്തലിബിന്റെ മകൾ ഇബാദത്തിൽ മുഴകി പാതിരാത്രിയിലും പ്രാർത്ഥന തന്നെ 

'സർവ്വശക്തനായ റബ്ബേ സത്യവിശ്വാസികളെ സഹായിക്കേണമേ നിന്റെ സഹായമല്ലാതെ മറ്റൊരു സഹായമില്ല നിന്റെ സഹായത്തിലാണ് സകല പ്രതീക്ഷകളും നീ ഞങ്ങളെ കൈവെടിയരുതേ ശത്രുക്കളെ പരാജയപ്പെടുത്തേണമേ'

സ്വഹാബീ വനിതകളുടെ അകം തുറന്ന പ്രാർത്ഥന പ്രാർത്ഥനകൾ സ്വീകരിക്കുന്നതിൽനിന്ന് അല്ലാഹുവിനെത്തടയാൻ ഒരു ശക്തിയുമില്ല 
അടുത്ത ദിവസം തന്നെ അവർക്ക് സന്തോഷവാർത്ത കിട്ടി ബദ്റിലെ വിജയം വിജയവാർത്ത വിളംബരം ചെയ്യാൻ സന്ദേശവാഹകരെത്തി
'പ്രവാചകൻ ബദ്റിൽ വിജയിച്ചു സത്യവിശ്വാസികൾ വിജയിച്ചു ശത്രുക്കൾക്ക് വൻ പരാജയം അബൂജഹൽ വധിക്കപ്പെട്ടു ഉത്ബത്ത് വധിക്കപ്പെട്ടു ശൈബത്തും വലീദും ഉമയ്യത്തും കൊല്ലപ്പെട്ടു '

സ്വഹാബി വനിതകൾ കോരിത്തരിച്ചു ശത്രുക്കളെ അല്ലാഹു പരാജയപ്പെടുത്തി സത്യവിശ്വാസിക്ക് വൻ വിജയം 
പ്രവാചകന്റെ ആഗമനം കാത്തിരിക്കുകയാണ് മദീന
അടുത്ത ദിവസം തന്നെ പ്രവാചകനും സ്വഹാബത്തും മടങ്ങിയെത്തി വമ്പിച്ച യുദ്ധ മുതലുകളും എത്തി 

യുദ്ധത്തടവുകാരാണ് എല്ലാവരെയും ആകർഷിച്ചത് 

അബ്ദുൽ മുത്തലിബിന്റെ ഓമന മകൾ ആ രംഗം കണ്ടു കൈകൾ പിരടിയോട് ബന്ധിക്കപ്പെട്ട സഹോദരൻ 

അബ്ബാസ് പ്രിയ സഹോദരാ നിങ്ങൾക്കെന്ത് പറ്റിപ്പോയി? നിങ്ങൾക്കിനിയും സത്യം ബോധ്യമായില്ലെന്നുണ്ടോ?  പകലിന്റെ പ്രകാശം നിങ്ങളെ അസ്വസ്ഥരാക്കിയോ? പകൽ എരിഞ്ഞടിങ്ങിയപ്പോൾ നിങ്ങൾക്കാശ്വാസം തോന്നിയോ? 

മദീന പട്ടണം ഇരുളിൽ മൂടി യുദ്ധത്തടവുകാർക്ക് കാവൽ ഏർപ്പെടുത്തി 
പ്രിയപ്പെട്ട അബ്ബാസ് തണുത്ത രാത്രിയിൽ നിങ്ങൾ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിച്ചില്ലേ നിങ്ങളുടെ മൂളലും നരങ്ങലും എന്തിനായിരുന്നു കൈകൾ കൂട്ടിക്കെട്ടിയത് അൽപം മുറികിപ്പോയോ കൂട്ടിക്കെട്ടിയത് മുറുകിയതിനാൽ വേദന അസഹ്യമായിപ്പോയോ?  

നിങ്ങളുടെ ഇടക്കിടെയുള്ള മൂളൽ ലോകാനുഗ്രഹിയായ പ്രവാചകനെ അസ്വസ്ഥനാക്കി

'അബ്ബാസിന്റെ കെട്ട് ഒന്നയച്ചുകൊടുക്കൂ'

നബി (സ) തങ്ങൾ നിർദ്ദേശിച്ചു സ്വഹാബാക്കൾ കെട്ട് അഴിച്ചുകെട്ടി അപ്പോൾ നിങ്ങൾക്കാശ്വാസം കിട്ടി  

ഈ സൗജന്യം മറ്റ് ബന്ദികൾക്കും അനുവദിക്കപ്പെട്ടു

പ്രിയ സഹോദരാ.... ആ രാത്രിയിൽ നിങ്ങൾക്കുറക്കം വന്നില്ല

ബന്ദികൾക്കിടയിൽ നമ്മുടെ ബന്ധുക്കൾ വേറെയും പലരുമുണ്ടായിരുന്നുവല്ലോ അവർക്കും ആ രാത്രിയിൽ ഉറക്കം നഷ്ടമായി 
ഞങ്ങൾക്കും അന്നുറങ്ങാൻ കഴിഞ്ഞില്ല സത്യത്തിന്റെ പ്രകാശം എത്ര ശക്തമായിരുന്നു അത് മൂടിവെക്കാൻ നിങ്ങളെക്കൊണ്ടാവുമോ? അത് ഊതിക്കെടുത്താൻ നിങ്ങൾക്ക് കഴിയുമോ?

അത് മനസ്സിലാക്കാൻ  നിങ്ങൾക്കെന്തുകൊണ്ട്  കഴിഞ്ഞില്ല നിങ്ങളെന്തിന് സത്യത്തിനെതിരെ യുദ്ധം ചെയ്തു?

മോചനദ്രവ്യം നൽകിയ ബന്ദികളെ മോചിപ്പിക്കാൻ തീരുമാനിച്ചു പ്രിയപ്പെട്ട 'അബ്ബാസ് ' എപ്പോഴും പതറിപ്പോയോ? 

ചില ബന്ധുക്കളും പണം കൂട്ടി നൽകണമെന്ന് വിധിച്ചപ്പോഴും താങ്കൾ ഞെട്ടി ഒടുവിൽ നിങ്ങൾ മോചിതനാവാൻ തന്നെ തീരുമാനിച്ചു 

പ്രിയ സഹോദരാ.... നിങ്ങളുടെ കാര്യത്തിൽ എനിക്ക് പിന്നീട് സന്തോഷത്തിനു വകയുണ്ടായി സത്യത്തിന്റെ മാർഗത്തിലേക്ക് കടന്നുവരാൻ നിങ്ങൾക്ക് സൗഭാഗ്യമുണ്ടായി  ആ തീരുമാനം എന്നെ എന്തുമാത്രം സന്തോഷിപ്പിച്ചുവെന്നറിയാമോ?

സ്വന്തം മകന്റെ മുഖം മനസ്സിൽ തെളിയുന്നു തിളങ്ങുന്ന മുഖം  നബി (സ) തങ്ങളുടെ സ്നേഹഭാജനമാണ് തന്റെ മകൻ ബദ്റിലും ഉഹ്ദിലും തന്റെ മകൻ ധീരമായി പോരാടി ഉഹ്ദിലെ പരീക്ഷണഘട്ടത്തിൽ മകന്റെ പാദങ്ങൾ പതറിയില്ല 

മകന്റെ പാദങ്ങൾ പതറിപ്പോവരുത് ആ രീതിയിലാണവനെ  വളർത്തിയെടുത്തത് ഈ ഉമ്മയാണവനെ ആയുധം പ്രയോഗിക്കാൻ പഠിപ്പിച്ചത് കഥകൾ കേട്ടാൽ മനസ്സിലാവുന്ന പ്രായത്തിൽ ധീരകഥകളാണ് താൻ മകന്ന് പറഞ്ഞു കൊടുത്തിരുന്നത്

കുട്ടിക്കാലത്ത് ആയുധപരിശീലനം നൽകുമ്പോൾ അവന് തെറ്റ് പറ്റിയാൽ കഠിനശിക്ഷയാണ് നൽകിയിരുന്നത് അതുകൊണ്ട് ബന്ധുക്കൾ പലപ്പോഴും തന്നോടും തട്ടിക്കയറിയിട്ടുണ്ട്  അതൊന്നും വകവെച്ചില്ല മകൻ  ധീരയോദ്ധാവായി വളർന്നു വരണം അപകടങ്ങളുടെ മുഖത്തേക്ക് ധീരതയോടെ കുതിച്ചു ചാടണം അപകടം കണ്ട് ഭയന്ന് പിന്തിരിഞ്ഞോടരുത് ആ രീതിയിൽ കണിശമായ പരിശീലനം നൽകി 

അവൻ ധീരയോദ്ധാവായി വളർന്നു ഇന്നവൻ ഉന്നം പിഴക്കാതെ അമ്പെയ്തുവിടും പടവാൾ ചുഴറ്റിക്കൊണ്ട് ശത്രുനിരയിലേക്ക് പാഞ്ഞുകയറും അവന്റെ മുന്നേറ്റം തടയാൻ അത്രയെളുപ്പത്തിൽ ആർക്കും കഴിയില്ല പടക്കുതിരയുടെ പുറത്ത് കയറി മിന്നൽ വേഗത്തിൽ പാഞ്ഞുപോകും  ധീരവനിതയുടെ ധീരപുത്രൻ ധീരനായി ജീവീക്കണം ഭീരുത്വം പാടില്ല 
ഉഹ്ദിന്റെ ഗൗരവം ഉൾക്കൊള്ളാൻ കഴിഞ്ഞ മാതാവും പുത്രനും ഇരുവരുടെയും  സാഹസികകൃത്യങ്ങൾ ഏത് സത്യവിശ്വാസിയെയും രോമാഞ്ചമണിയിക്കും 
വെട്ടേറ്റുവീണ അന്ത്യശ്വാസം വലിക്കാൻ തുടങ്ങുന്ന സ്വഹാബികൾക്ക് വെള്ളം നൽകാൻ കഴിഞ്ഞു ജീവിതം സഫലമായ നിമിഷങ്ങൾ ഓർമിക്കാൻ അങ്ങനെ എത്രയെത്ര കാര്യങ്ങൾ  ഒരിക്കലും തിളക്കം മങ്ങാത്ത ഓർമ്മകൾ


കാലഘട്ടത്തിന്റെ സാക്ഷി

'അശ്റത്തുൽ മുബശ്ശിരീൻ'

സ്വർഗാവകാശികളാണെന്ന് സന്തോഷവാർത്ത,അറിയിക്കപ്പെട്ട പത്ത് സ്വഹാബികൾ അവർ സമുന്നതന്മാർ തന്നെയാണ് അവരിൽ ഒരാൾ തന്റെ മകൻ സുബൈർ (റ) തന്നെ ഇതിൽപ്പരം ഒരു സന്തോഷം ഒരു മാതാവിനു ലഭിക്കാനുണ്ടോ? തന്റെ മകന്റെ ഭാഗ്യം

ഹിജ്റ ഇരുപത്തിനാല്

പ്രവാചകൻ മക്കവിട്ടു പോന്നിട്ട് ഇരുപത്തിനാല് വർഷം കഴിഞ്ഞിരിക്കുന്നു തനിക്കിപ്പോൾ വയസ്സ് എഴുപത് കടന്നിരിക്കുന്നു ഇതിന്നിടയിൽ ഈ ഈകണ്ണുകൾ എന്തെല്ലാം കണ്ടിരിക്കുന്നു 

മക്കം ഫത്ഹ്
ഹജ്ജത്തുൽ വിദാഅ്

പ്രവാചകന്റെ വഫാത്ത് മറക്കാനാവുമോ ഈ സംഭവങ്ങൾ 

മക്കാപട്ടണം വീണ്ടും കാണാൻ കഴിഞ്ഞു ജനിച്ചു വളർന്ന പ്രദേശങ്ങൾ കൺമുമ്പിൽ തെളിഞ്ഞു വികാരഭരിതരായിപ്പോയി  കരിമ്പാറക്കെട്ടുകൾ നിറഞ്ഞ മലയുടെ മുകളിലേക്ക് നോക്കിയപ്പോൾ സഫിയ (റ)യുടെ ഖൽബ് വിങ്ങി കണ്ണുകൾ ഈറണിഞ്ഞു  ആ പാറയുടെ മുകളിലാണ്  അബ്ദുൽ മുത്തലിബിന്റെ ഖബ്ർ തന്റെ പിതാവിന്റെ ഖബ്ർ അതിന്നു സമീപത്താണ് ഖുസ്സയ്യിന്റെ ഖബ്ർ 

ഈ പാറക്കെട്ടുകളൊക്കെ എത്ര തവണ കടന്നു കയറിയതാണ് തന്റെ പാദങ്ങൾ പതിഞ്ഞ വഴികൾ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ ഓർമ്മകൾക്കെന്നും യൗവ്വനം തന്നെ 
മദീനാ പട്ടണത്തെ ദുഃഖത്തിന്റെ കടലിൽ മുക്കിയ ദിവസത്തെക്കുറിച്ചും ഓർത്തുപോയി 

മരിച്ചവരെക്കുറിച്ചോർത്ത് എന്തുമാത്രം കണ്ണീരാണ് ഒഴുകിപ്പോയിട്ടുള്ളത് കുട്ടിക്കാലത്ത് തന്നെ പിടിച്ചുലച്ച സംഭവം പിതാവിന്റെ മരണമായിരുന്നു  പിന്നെ മരണങ്ങളെത്ര നടന്നു? ഭർത്താവിന്റെ മരണം സഹോദരങ്ങളുടെ മരണം 

പ്രവാചകന്റെ വഫാത്തുമായി തട്ടിച്ചുനോക്കുമ്പോൾ അതൊന്നും ഒരു സംഗതിയായിത്തോന്നുന്നില്ല  ഹജ്ജത്തുൽ വിദാഇന്നുശേഷം പ്രവാചകന് രോഗം വന്നു അതുകേട്ട് മദീനാ പട്ടണം മരവിച്ചുനിന്നു ഊണും  ഉറക്കവുമില്ലാത്ത ദിവസങ്ങൾ

അസ്മ(റ) പതറിപ്പോയി സഫിയ (റ)ഞെട്ടിവിറച്ചു അവർ കൂടെക്കൂടെ ആഇശ(റ)യെ കാണാൻ വരും അവിടെ ജനങ്ങൾ നിറഞ്ഞു നിൽക്കുന്നു അങ്ങോട്ട് കടന്നുചെല്ലാനാവുന്നില്ല ജനക്കൂട്ടത്തിൽ അലഞ്ഞു ചേർന്നു കണ്ണീരും നെടുവീർപ്പും നിറഞ്ഞ രാവുകളും പകലുകളും
പ്രവാചകന്റെ അസുഖം വർദ്ധിച്ചു ഒടുവിൽ കേൾക്കാൻ ഏറ്റവും പ്രയാസമുള്ള വാർത്ത പുറത്തു വന്നു നബി(സ) തങ്ങൾ വഫാത്തായിരിക്കുന്നു
ധീരനായ ഉമറുൽഫാറൂഖ് (റ) പോലും പതറിപ്പോയ ദിവസം ദുഃഖം അലകടലായി ഒഴുകുകയായിരുന്നു 

ആഇശ (റ)യുടെ മുറിയിൽ പ്രവാചകൻ ഖബ്റടക്കപ്പെട്ടു  സഫിയയുടെ മനസ്സിൽ ഓർമ്മകൾ തികട്ടിവരികയാണ് തന്റെ വീട്ടിലേക്ക് കയറിവന്ന അൽഅമീൻ
'അബ്ദുൽ മുത്തലിബിന്റെ സന്താനങ്ങൾക്കുവേണ്ടി ഞാനൊരു വിരുന്നുസൽക്കാരം നൽകുന്നു നിങ്ങളും മക്കളും അതിൽ പങ്കെടുക്കണം ക്ഷണിക്കാൻ വന്നതാണ് '

ആ സൽക്കാരം അന്നുകേട്ട വാക്കുകൾ സത്യമാർഗത്തിലേക്കുള്ള ക്ഷണം മനസ്സിൽ പ്രകാശം തെളിഞ്ഞ ദിവസം  ഹിദായത്തിന്റെ തിളക്കം സത്യം വാരിപ്പുണരാൻ മനസ്സ് വെമ്പുകയായിരുന്നു ഹിദായത്തിലേക്കുള്ള വഴി  കാണിച്ചുതന്ന പ്രവാചകൻ ഇതാ ഇവിടെ, ഈ ഖബ്റിൽ, അന്ത്യവിശ്രമം കൊള്ളുന്നു പുണ്യം നിറഞ്ഞ റൗളാ ശരീഫ് അവിടെ ആളൊഴിഞ്ഞ നേരമില്ല നിലക്കാത്ത ജനപ്രവാഹം 

അസ്മ (റ)യുടെ വീട്ടിലേക്ക് ആ വാർത്ത ഒഴുകിയെത്തി ഒന്നാം ഖലീഫയായി തന്റെ പിതാവ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു അസ്മ (റ) പരിഭ്രമിച്ചു ലോലഹൃദയനായ പിതാവിന്ന് ഇത്രയും മഹത്തായ പദവി അലങ്കരിക്കാനാവുമോ?

പ്രയാസങ്ങൾ നിറഞ്ഞ കാലഘട്ടം 

കള്ളപ്രവാചകന്മാർ രംഗത്തുവന്നു അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ചു ഖലീഫയുടെ ശക്തി ജനം മധസ്സിലാക്കി സകാത്ത് കൊടുക്കാൻ വിസമ്മതിച്ചാൽ അവർക്കെതിരെ യുദ്ധം പ്രഖ്യപിക്കുമെന്ന ഖലീഫയുടെ വാക്കുകൾ ജനങ്ങളെ കോരിത്തരിപ്പിച്ചു 

ഒന്നാം ഖലീഫയുടെ മരണവാർത്തയും സഫിയ (റ)ക്ക് കേൾക്കേണ്ടി വന്നു പ്രവാചകന്റെ ഏറ്റവമടുത്ത സുഹൃത്ത് മരണപ്പെട്ടു ആഇശ(റ)യുടെ മുറിയിൽ തന്നെ ഖബറടക്കപ്പെട്ടു 

സഫിയ (റ) ഇരുവർക്കും സലാം ചൊല്ലാൻ വേണ്ടി റൗളാശരീഫിൽ വന്നു കണ്ണീരോടെ ദുആ ഇരന്നു സലാം ചൊല്ലിപ്പിരിഞ്ഞു 
രണ്ടാം ഖലീഫയുടെ കാലഘട്ടം

വമ്പിച്ച ഭരണ പരിഷ്കാരങ്ങളുടെ കാലഘട്ടം റോമാചക്രവർത്തിയെപ്പോലും അമ്പരപ്പിച്ച ഭരണപരിഷ്കാരങ്ങൾ ഉമർ (റ)വിന്റെ ഭരണത്തെക്കുറിച്ചുള്ള ആവേശകരമായ റിപ്പോർട്ടുകൾ ഓരോ ദിവസവും സഫിയ (റ) കേട്ടുകൊണ്ടിരുന്നു

ഇസ്ലാമിക സർക്കാരും വിദൂര രാഷ്ട്രങ്ങളിലേക്ക് പടർന്നു കൊണ്ടിരുന്നു അതിർത്തി പ്രദേശങ്ങളിൽ നിന്ന് ധീരയോദ്ധാക്കളുടെ കഥകൾ വളരെയേറെ വന്നുകൊണ്ടിരുന്നു

മനസ്സിൽ ആഹ്ലാദം നിറയുന്നു ഉമർ ഫാറൂഖ് (റ)വിന്റെ ഭരണത്തിൻകീഴിൽ രാജ്യം ഐശ്വര്യപൂർണമായിത്തീർന്നു

സഫിയ (റ ) രാഷ്ട്രത്തിന്റെ സാമ്പത്തിക പുരോഗതി കണ്ട് അസ്വസ്ഥയായി ദാരിദ്ര്യത്തിന്റെ മടിത്തട്ടിലാണ് ഇസ്ലാം വളർന്നത് പ്രവാചകനും പുണ്യസ്വഹാബത്തും പട്ടിണി കിടന്ന രാവുകൾക്കും പകലുകൾക്കും കണക്കുണ്ടോ?

പുതിയ തലമുറക്കാർ വന്നുകൊണ്ടിരിക്കുന്നു പുതിയ പ്രദേശങ്ങൾ മുസ്ലിം ഭരണത്തിൽ കീഴിൽ വരുന്നു  ആയിരക്കണക്കിനാളുകൾ ഇസ്ലാമിലേക്കു ഒഴുകുന്നു അവർക്കൊന്നും പ്രവാചകനെ കാണാൻ കഴിഞ്ഞിട്ടില്ല 
സ്വഹാബികളുടെ സന്താന പരമ്പര വളർന്നു പ്രവാചകനെ കാണാത്ത കുട്ടികൾ അവരെക്കാണാനും സംസാരിക്കാനും സഫിയ(റ) ക്ക് ഭാഗ്യം സിദ്ധിച്ചു 

കാലം നീങ്ങുകയാണ് സഫിയ (റ)  വാർദ്ധക്യത്തിലെത്തിക്കഴിഞ്ഞു പഴയകാല ചിന്തകൾ എന്നും അവരോടൊപ്പമുണ്ട് 

അബ്ദുല്ല വളർന്ന് യുവാവായിരിക്കുന്നു അബ്ദുല്ലയെ വിളിച്ചു വരുത്തിക്കൊണ്ട് അസ്മ (റ) പറഞ്ഞു

'നീയെന്റെ പേരക്കുട്ടിയാണ് ഹിജ്റ വന്നതിനുശേഷം മുഹാജിറുകൾക്ക് പിറന്ന ആദ്യത്തെ കുട്ടിയാണ് നീ നിന്നെക്കുറിച്ച് പ്രവാചകൻ അഭിമാനം കൊണ്ടിട്ടുണ്ട് '

സുബൈർ (റ) കയറി വന്നു

'ഉമ്മാ... ഉമ്മാക്ക് അസുഖം വല്ലതും തോന്നുന്നുണ്ടോ?'

'എനിക്കൊരസുഖവുമില്ല മോനേ....' 

വാർദ്ധക്യകാല രോഗങ്ങൾ.... ക്ഷീണം സഫിയ (റ) കട്ടിലിൽ കിടന്നു പലരും അവരെക്കാണാൻ വന്നു കൊണ്ടിരുന്നു 

തന്റെ പ്രിയപ്പെട്ട സഹോദരന്മാരെക്കുറിച്ചെല്ലാം ഓർത്തുപോയി മാതാപിതാക്കളുടെ ജീവിതകാലത്തു തന്നെ മരണപ്പെട്ടുപോയ ഹാരിസ് പിൽക്കാല ചരിത്രങ്ങൾക്കൊന്നും സാക്ഷിയാവാൻ ആ സഹോദരനു കഴിഞ്ഞില്ല ആ സഹോദരനെക്കുറിച്ചു പറഞ്ഞു കേട്ട ഓർമ്മയേയുള്ളൂ സംസം കിണർ കുഴിക്കുന്ന കാലത്ത് അബ്ദുൽ മുത്തലിബിനെ സഹായിക്കാൻ ആ ഒരൊറ്റ മകനേ ഉണ്ടായിരുന്നുള്ളൂ മറ്റുള്ളവരൊക്കെ പിന്നീട് പിറന്നവരാണ്
യസ്രിബിൽ വെച്ചു മരണപ്പെട്ടുപോയ തന്റെ സഹോദരൻ അബ്ദുല്ലയെക്കുറിച്ചോർത്തു ആ സഹോദരനെക്കുറിച്ച് പറഞ്ഞു കേട്ട ഓർമ്മയേയുള്ളൂ നബി (സ) വഫാത്തായിട്ടു വർഷങ്ങത്രയായി  ഇത്രയും കാലം ജീവിക്കാൻ അല്ലാഹു ആയുസ്സു നീട്ടിത്തന്നല്ലോ എഴുപത് വർഷങ്ങൾ പ്രവാചകനോടൊപ്പം ദീർഘകാലം ജീവിച്ചു

പെട്ടെന്ന് ഹംസയെക്കുറിച്ചോർത്തുപോയി ഉഹ്ദിൽ ശഹീദായ ഹംസ (റ) അസദുൽ ഇലാഹ് എന്ന പേരിൽ പ്രസിദ്ധൻ എല്ലാവരും ആ സഹോദരനെ അഭിമാനത്തോടേ സ്മരിക്കുന്നു

ഓർമ്മകൾ അബ്ബിസിൽ ചെന്നെത്തി നിൽക്കുന്നു ഇസ്ലാം മതം സ്വീകരിക്കാനും സേവനങ്ങൾ ചെയ്യാനും സൗഭാഗ്യം സിദ്ധിച്ച സഹോദരൻ അബ്ബാസിന്ന് പത്ത് പുത്രന്മാരും മൂന്നു പുത്രിമാരുമാണുണ്ടായിരുന്നത് അവരിൽ മിക്കവർക്കും ഇസ്ലാം മതം സ്വീകരിക്കാനുള്ള സൗകര്യമുണ്ടായി
എന്തോ പെട്ടെന്ന് സഫിയ (റ) തന്റെ കവിതകളെക്കുറിച്ചോർത്തു പോയി കവിത കേൾക്കാനും രചിക്കാനും പാടാനും ചെറുപ്പം മുതൽക്കുതന്നെ വലിയ താൽപര്യമായിരുന്നു കുടുംബത്തിൽ പലർക്കും ആ വാസനയുണ്ടായിരുന്നു 
തന്റെ പ്രിയപ്പെട്ട മാതാവ് ഹാല....

'ഉമ്മാ..  ' സഫിയ (റ) നീട്ടിവിളിച്ചു തന്റെയും ഹംസയുടെയും പ്രിയ മാതാവ് 
ഉമ്മാ.... ഉമ്മയുടെ മകൻപോയി ഉമ്മയുടെ പുന്നാരമോൻ അങ്ങെത്തിയില്ലേ.... ഞാനും വരികയായി '

അബ്ദുൽ മുത്തലിബിന്റെ വലിയ വീട്ടിൽ വിലക്കൂടിയ വസ്ത്രങ്ങൾ ധരിച്ച രാജ്ഞിയെപ്പോലെ നടന്ന ഹാല..... 

സേവന നിരതരായ  പരിചാരികമാർ എന്തിനും തയ്യാറായി നിൽക്കുന്ന അടിമകൾ  

സമൃദ്ധിയുടെ മദ്ധ്യത്തിൽ കഴിഞ്ഞ ഹാല

ഫാത്തിമ അബ്ദുൽ മുത്തലിബിന്ന് ഏറ്റവും കൂടുതൽ മക്കളെ നൽകിയ പ്രിയപത്നി പ്രവാചകരുടെ പിതാവായ അബ്ദുല്ലയെ പ്രസവിച്ചതു ഫാത്തിമയാണ് ഒമ്പത് മക്കളെ പ്രസവിച്ച ഫാത്തിമ 

സുന്ദരിയായ നുത്തൈല അബ്ബാസിനെ പ്രസവിച്ച നുത്തൈല ആരെയും അമ്പരപ്പിക്കുന്ന സൗന്ദര്യമായിരുന്നുവത്രെ നുത്തൈലക്ക് അവരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു  

അസ്വസ്ഥതരായ ചിന്തകൾ ഇളക്കിവിട്ടുകൊണ്ട് അബൂലഹബിന്റെ മുഖം തെളിഞ്ഞു വന്നു പ്രവാചകനെ ഏറ്റവുമധികം ഉപദ്രവിച്ച വ്യക്തി 
അബൂലഹബിനെ പ്രസവിച്ച ലുബ്ന വലിയ തറവാട്ടുകാരിയായിരുന്നു അവർ മുസ്അബ് എന്ന ഗൈദാബിനെ പ്രസവിച്ച മുമന്നഅത്ത് വീണ്ടും ചിന്തകൾ ഹാരിസിൽ വന്നുനിന്നു

'സംറാഅ് ' അബ്ദുൽ മുത്തലിബിന്റെ വിളി രാജാത്തിയായ സംറാഅ് പുറത്തേക്കു വന്നു

'ഞാനും മകനും സംസം കിണർ കുഴിക്കാൻ പോവുന്നു '
ഹാരിസ് ആയുധങ്ങളെടുത്തു ബാപ്പ മുന്നിൽ പുത്രൻ പിന്നിൽ അവർ കിണറിന്നുവേണ്ടി ബിംബങ്ങൾക്കിടയിൽ കുഴിയുണ്ടാക്കുന്നു ഖുറൈശികൾ ഇളകി വരുന്നു 

ഇവിടെ കുഴിക്കാൻ സമ്മതിക്കില്ല

'ഞാൻ കുഴിക്കും സംസം കാണും വരെ കുഴിക്കും'
സംസം.... കുട്ടിക്കാലം മുതൽ ഞാനതു കുടിക്കുന്നു തന്റെ പിതാവിന്റെ ത്യാഗം
'ബാപ്പാ....' 

അബ്ദുൽ മുത്തലിബിന്റെ മുഖം മനസ്സിൽ  മനസ്സാകെ ഇളകി മറയുന്നു കഅ്ബാലയം റൗളാശരീഫ്.... പുണ്യപ്രവാചകൻ 

മദീനാ പട്ടണം ആ ദുഃഖവാർത്ത കേട്ട് ഞെട്ടി സഫിയ (റ)യുടെ അസുഖം വർദ്ധിച്ചിരിക്കുന്നു

കുലീന വനിതകൾ കൂട്ടത്തോടെ വന്നു ചേർന്നു സത്യവിശ്വാസികളുടെ ഉമ്മമാർ വൃദ്ധകൾ, യുവതികൾ, കുട്ടികൾ എല്ലാവരും ആ മുഖത്തേക്ക് ഉറ്റുനോക്കി  ആ മുഖത്ത് സന്തോഷത്തിന്റെ അലകൾ തന്റെ സഹോദരൻ ഹംസ(റ)യെ ഓർക്കുകയാണോ? ആ സഹോദരന്റെ സമീപത്തെത്താൻ ധൃതിയായോ?

ശ്വാസഗതി വർദ്ധിക്കുന്നു കണ്ണുകൾ തുറന്നു ചുറ്റും നോക്കി പിന്നെയും ചിന്തകൾ 

അബ്ദുൽ മുത്തലിബിന്റെ ഖബറിടമുള്ള മല മനസ്സിൽ കാണുകയാണോ? സംറാഇന്റെ വിളി കേൾക്കുകയാണൊ? ഹാലയുടെ മുഖം ദർശിക്കുകയാണോ? 
കലിമ ചൊല്ലുന്ന ശബ്ദം അന്ത്യയാത്ര അതിന്റെ തുടക്കം ശ്വാസഗതി വർദ്ധിച്ചു കണ്ണുകൾ തുറന്നടച്ചു അവസാന നിമിഷങ്ങൾ....മനസ്സിൽ അല്ലാഹുവും റസൂലും മാത്രം.... ഒരു പിടച്ചിൽ ... ആത്മാവ് പിരിഞ്ഞു ഇന്നാലില്ലാഹി ....
തലമുറകൾ ആ വീട്ടീലേക്കൊഴുകി ജനസാഗരം രൂപംകൊണ്ടു അവർ അന്ത്യയാത്രക്ക് സാക്ഷിയായി മയ്യിത്ത് കട്ടിൽ നീങ്ങിപ്പോയി സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ ദൃക്സാക്ഷി കടന്നുപോയി



അലി അഷ്‌കർ : 95267 65555

No comments:

Post a Comment