Sunday 21 June 2020

പിതാവിനോടുള്ള കടപ്പാട്


ഒരിക്കൽ ഒരു ചെറുപ്പക്കാരൻ പ്രവാചകന്റെ (ﷺ) അടുക്കൽ വന്നു പറഞ്ഞു: 'നബിയേ, എന്റെ പിതാവ് എന്റെ സമ്പാദ്യത്തിൽ നിന്ന് എന്നോട് ചോദിക്കാതെ എടുക്കാറുണ്ട്. അങ്ങ് ഒരു പരിഹാരം ഉണ്ടാക്കി തരണം.'  അവിടുന്ന് (ﷺ) പിതാവിനെ കൂട്ടി വരാൻ പറഞ്ഞു. ചെറുപ്പക്കാരൻ പോയി...

ഉടനെ മാലാഖയായ ജിബ്രീൽ (അ) വന്നുകൊണ്ട് തിരുമേനിﷺയോട് പറഞ്ഞു: 'പ്രവാചകരേ, പിതാവ് വന്നാൽ ആദ്യം അങ്ങ് അയാളുടെ മനസ്സിൽ തോന്നിയ വിചാര-വികാരങ്ങളാണ് ചോദിക്കേണ്ടത്.'

 കുറച്ച് കഴിഞ്ഞപ്പോൾ ചെറുപ്പക്കാരനും അയാളുടെ വൃദ്ധനായ പിതാവും വന്നു. പ്രവാചകൻ ജിബ്രീൽ (അ) പറഞ്ഞത് പോലെ ചോദിച്ചു.  ആഗതൻ ഒരു കവിത ചൊല്ലാൻ തുടങ്ങി:

"മകനേ, ചെറുപ്പത്തിൽ നിനക്ക് ഭക്ഷണം തന്നത് ഞാനാണ്. എന്റെ സമ്പാദ്യമാണ് നിന്നെ വളർത്തിയത്. ഞാൻ അധ്വാനിച്ചത് കൊണ്ടാണ് നീ ഉണ്ണുകയും കുടിക്കുകയും ചെയ്തത്. നിനക്ക് വല്ല രോഗവും വന്നാൽ  ഉറങ്ങാതെ ഞാൻ  അസ്വസ്ഥനാകുമായിരുന്നു...!"

കവിത കേട്ട് പ്രവാചകന്റെ (ﷺ) നയനങ്ങൾ നനയാൻ തുടങ്ങി. പിതാവ് തുടർന്നു:

"അങ്ങനെ നിന്റെ സംരക്ഷണം ആഗ്രഹിക്കേണ്ട പ്രായത്തിൽ ഞാൻ എത്തിയപ്പോൾ പരുഷമായ പെരുമാറ്റമാണല്ലോ നീ എനിക്ക് പകരം നൽകുന്നത്..?! ഇതൊക്കെ കാണുമ്പോൾ തോന്നുകയാണ്; ഞാൻ നിനക്കല്ല. നീ  എനിക്കാണ് വേണ്ടതെല്ലാം മുമ്പ് ചെയ്തു തന്നതെന്ന്."

വൃദ്ധനായ പിതാവ് തന്റെ മകനെ കുറിച്ച് പറഞ്ഞ അവസാന ഭാഗം കേട്ടപ്പോൾ പ്രവാചകന് (ﷺ) കരച്ചിൽ പിടിച്ചു നിറുത്താൻ കഴിഞ്ഞില്ല. അവിടുന്ന് (ﷺ) ചെറുപ്പക്കാരനെ പിടിച്ച്കൊണ്ട് പറഞ്ഞു: 'നിന്റെ സമ്പാദ്യം മാത്രമല്ല. നീ തന്നെ നിന്റെ പിതാവിന് അവകാശപ്പെട്ടതാണ്.'

രണ്ടുപേരും പിരിഞ്ഞു പോയപ്പോൾ തിരുമേനി ﷺ അനുയായികളോട് പറഞ്ഞു:

'വൃദ്ധൻ തന്റെ അനുഭവം വർണിച്ചപ്പോൾ ഞാൻ കരഞ്ഞത് നിങ്ങൾ കണ്ടില്ലേ..? ഞാൻ മാത്രമല്ല, നമ്മുടെ ചുറ്റുഭാഗത്തുമുള്ള മരങ്ങൾ, കല്ലുകൾ, മണൽ തരികൾ... എല്ലാം അതുകേട്ട് എന്റെ കൂടെ കരയുകയുണ്ടായി.'
 

No comments:

Post a Comment