Monday 22 June 2020

ഖുർആൻ പാരായണം മഹത്വങ്ങളേറെ




അലി(റ) പറഞ്ഞു: ‘തിരുനബി(സ്വ) പറയുന്നത് ഞാന്‍ കേട്ടു; പിന്നീട് വന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു: അതില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗം? അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ തന്നെ എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. അതില്‍ നിങ്ങളുടെ മുന്‍ഗാമികളുടെ ചരിത്രമുണ്ട്. വരാന്‍പോകുന്നവരുടെ വൃത്താന്തങ്ങളുമുണ്ട്. നിങ്ങള്‍ക്ക് മുമ്പിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള വിധി തീര്‍പ്പുകളും അതിലുണ്ട്. അതു തമാശയല്ല. അതു സത്യാസത്യ വിവേചന ഗ്രന്ഥമാണ്. അഹങ്കാരത്തോടെ അതിനെ ആരെങ്കിലും നിരാകരിച്ചാല്‍ അവനെ അല്ലാഹു തകര്‍ത്തുകളയും. അതല്ലാത്തില്‍നിന്നും സന്മാര്‍ഗം തേടിയാല്‍ അവനെ പിഴപ്പിച്ചുകളയും. അതാണ് അല്ലാഹുവിന്റെ ശക്തമായ പാശം. യുക്തിഭദ്രമായ ഉല്‍ബോധനവും സന്മാര്‍ഗ സരണിയും അതാണ് (തിര്‍മുദി, ദാരിമി റഹ് ).

മാനവ ചരിത്രത്തില്‍ വിശുദ്ധഖുര്‍ആനിനെപോലെ ദൈവികവും അമൂല്യവുമായ മറ്റൊരു ഗ്രന്ഥം ലോകത്ത് നിലനില്‍ക്കുന്നില്ല. തത്ത്വജ്ഞാനികള്‍, കവികള്‍, ചരിത്രകാരന്മാര്‍ തുടങ്ങിയ പല ഉന്നത വ്യക്തിത്വങ്ങളും ഖുര്‍ആനിന്റെ സവിശേഷ ശ്രേഷ്ഠതകളെ സംബന്ധിച്ച് സംവദിച്ചിട്ടുണ്ട്. 14 നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും സര്‍വകാലികമായി വിശുദ്ധഗ്രന്ഥം പ്രശോഭിച്ചു നിലനില്‍ക്കുന്നു. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും അച്ചടിക്കപ്പെടുകയും ചെയ്യുന്ന ഗ്രന്ഥം വിശുദ്ധഖുര്‍ആന്‍ തന്നെ.

നിശ്ചയമായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നിസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നഷ്ടം സംഭവിക്കാത്ത പ്രതിഫലമാണ് കാംക്ഷിക്കുന്നത്. അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ണമായും നല്‍കുവാനും അവന്റെ അനുഗ്രഹങ്ങളില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിനും വേണ്ടി (35/29,30).

‘നിശ്ചയം ഈ ഖുര്‍ആന്‍ ഏറ്റവും നേരായ മാര്‍ഗം കാണിച്ചുതരുന്നു. സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസിക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് അത് ശുഭവാര്‍ത്ത നല്‍കുകയും ചെയ്യുന്നു (ഖുര്‍ആന്‍ 17/19).

ഖുര്‍ആന്‍ പാരായണം അല്ലാഹു കല്‍പിച്ച പുണ്യകര്‍മമാണ്. പാരായണക്കാരെ അവന്‍ ഏറെ പുകഴ്ത്തുന്നതു കാണാം. ഖുര്‍ആന്‍ പറയുന്നു: താങ്കള്‍ക്ക് ബോധനം നല്‍കപ്പെട്ട നാഥന്റെ ഗ്രന്ഥം പാരായണം ചെയ്യുക (18/27).

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്‌രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും, കേള്‍ക്കപ്പെടുന്നതും, മനഃപാഠമാക്കപ്പെടുകയും ചെയ്യുന്നത് അള്ളാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. അതിന്റെ പാരായണം ഇബാദത്ത് (ആരാധന) ആണ്. ഇത് അര്‍ഥം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ബാധകമാണ്...

ഖുർആനിന്റെ അവതരണം 

ലൗഹുല്‍ മഹ്ഫൂളിലേക്കാണ് വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിച്ചത്. അതിന്റെ രൂപമോ കാലമോ വിവരിക്കപ്പെട്ടിട്ടില്ല. പ്രസ്തുത അവതരണം ഖുര്‍ആന്‍ മുഴുവനായാണെന്നാണ് പ്രമാണങ്ങളുടെ സൂചന: അത് മഹത്തായ ഖുര്‍ആനാണ്. അത് ലൗഹുല്‍ മഹ്ഫൂളിലാണ് (ബുറൂജ് 21,22).

ഖുര്‍ആനിന്റെ ഈ അവതരണത്തിലെ പൊരുള്‍ മനുഷ്യയുക്തിക്കപ്പുറമാണ്. അഭൗതിക സങ്കേതമായ ‘ലൗഹുല്‍ മഹ്ഫൂളി’നെ ഒരു പ്രഭവ കേന്ദ്രമായി കരുതാം. ഖുര്‍ആന്‍ മറ്റൊരിടത്ത് ഈ സങ്കേതത്തെ കുറിച്ച് ‘ലൗഹ് മക്‌നൂന്‍’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. രണ്ടും ഒന്നു തന്നെയെന്നാണ് തഫ്‌സീര്‍ ബൈളാവിയുടെ വ്യാഖ്യാനമായ ശൈഖ് സാദ വിശദീകരിക്കുന്നത്. മാറ്റങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമാകാത്ത നിലയില്‍ സംരക്ഷിക്കപ്പെടുന്ന കേന്ദ്രമായത് കൊണ്ടാണ് ലൗഹുല്‍ മഹ്ഫൂള് (സുരക്ഷിത ഫലകം) എന്ന് നാമകരണം ചെയ്യപ്പെട്ടതെന്നു വിശദീകരണമുണ്ട്. മലക്കുകളൊഴികെയുള്ള സൃഷ്ടികള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത സങ്കേതമെന്നും ലൗഹുല്‍ മഹ്ഫൂളിനെ കുറിച്ച് പരാമര്‍ശമുണ്ട്.

അര്‍ശിന്റെ വലതുഭാഗത്താണ് ലൗഹുല്‍ മഹ്ഫൂളിന്റെ സ്ഥാനമെന്ന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് മുഖാത്തില്‍(റ) കുറിക്കുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നതിങ്ങനെ: നബി(സ്വ) പറഞ്ഞു: വെളുത്ത മുത്ത് കൊണ്ടാണ് ലൗഹുല്‍ മഹ്ഫൂളിനെ സൃഷ്ടിച്ചിട്ടുള്ളത്. അതിലെ താളുകള്‍ ചുവന്ന മാണിക്യമാണ് (മുഅ്ജമുല്‍ കബീര്‍, ത്വബ്‌റാനി 72/12). സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ക്കും ലൗഹുല്‍ മഹ്ഫൂള് എന്നു പറയുമെന്ന് ഖത്താദ(റ) പറഞ്ഞിട്ടുണ്ട്. 

ഖുര്‍ആന്‍ ഉമ്മുല്‍ കിതാബ് എന്ന് പരിചയപ്പെടുത്തുന്നത് അഭൗതിക ലോകത്തെ അത്ഭുത സങ്കേതമെന്ന് വിവക്ഷിക്കുന്ന ലൗഹുല്‍ മഹ്ഫൂളിനെ കുറിച്ചാണെന്നാണ് പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പക്ഷം. ഖുര്‍ആനിന്റെ മുമ്പ് അവതരിക്കപ്പെട്ട ഗ്രന്ഥങ്ങളുടെയും ഏടുകളുടെയും എല്ലാം പ്രഭവകേന്ദ്രവും ലൗഹുല്‍ മഹ്ഫൂള് തന്നെയാണ്.

പ്രപഞ്ചത്തിന്റെ മുഴുവന്‍ ചലനങ്ങളും ക്രമബദ്ധമായി കോര്‍ത്തിണക്കി സൂക്ഷിക്കപ്പെട്ട സുരക്ഷിത കേന്ദ്രമാണ് ലൗഹുല്‍ മഹ്ഫൂള്. ജനനം, മരണം തുടങ്ങി ചെറുകാര്യങ്ങള്‍ വരെ ആ സങ്കേതത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനനുസരിച്ചാണ് പ്രപഞ്ചത്തിലെ ഏതുകാര്യവും നടക്കുക.

ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തേക്കുള്ള അവതരണമാണ് ഖുര്‍ആന്‍ അവതരണത്തിന്റെ രണ്ടാം ഘട്ടം. ബൈത്തുല്‍ ഇസ്സ എന്നാണ് ആ സങ്കേതത്തിന്റെ നാമം. ഈ അവതരണവും ഒറ്റത്തവണയായിരുന്നെന്നാണ് പ്രമാണങ്ങളുടെ സൂചന. 

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ഖുര്‍ആനിനെ ഒന്നാം ആകാശത്തിലെ ബൈത്തുല്‍ ഇസ്സയിലേക്ക് അവതരിപ്പിക്കപ്പെട്ടു. അവിടെ നിന്ന് ഘട്ടം ഘട്ടമായി നബി(സ്വ)ക്ക് വിവിധ സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ അവതരിച്ചു (ഹാകിം 222/2). 

ഖുര്‍ആനിന്റെ രണ്ടാം അവതരണഘട്ടത്തെ കുറിച്ചാണ് സൂറത്തുദ്ദുഖാന്റെ മൂന്നാം വചനമെന്ന് ഇബ്‌നു അബ്ബാസ്(റ), ഇക്‌രിമ(റ) അടക്കമുള്ള മുഫസ്സിറുകള്‍ പറയുന്നു. മൂന്നാംഘട്ടം ഒന്നാം ആകാശത്ത് നിന്ന് തിരുനബിയുടെ ഹൃദയത്തിലേക്കുള്ള കൈമാറ്റമാണ്. മക്കയിലെ ജബലുന്നൂറിലെ (പ്രകാശ പര്‍വതം) ഹിറാ ഗുഹയില്‍ ധ്യാനത്തിലിരിക്കവെയാണെന്ന് ഈ അവതരണത്തിന്റെ ആരംഭം. വിശുദ്ധ റമളാനിലായിരുന്നു അത് (ക്രിസ്തു വര്‍ഷപ്രകാരം 610 ആഗസ്റ്റ് മാസത്തില്‍). ഖുര്‍ആന്‍ പറഞ്ഞു: റമളാന്‍ മാസം ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമാണ് (അല്‍ ബഖറ). ഈ അവതരണത്തെ കുറിച്ച് ഖുര്‍ആനില്‍ വിവിധയിടങ്ങളില്‍ പരാമര്‍ശമുണ്ട്. ആ ഖുര്‍ആനുമായി വിശ്വസ്തനായ ആത്മാവ് (ജിബ്‌രീല്‍) തങ്ങളുടെ ഹൃദയത്തിലേക്കിറങ്ങി. മുന്നറിയിപ്പുകാരില്‍ ഉള്‍പ്പെടാന്‍ (ശുഅറാഅ്: 193, 194). ആ ഖുര്‍ആന്‍ സന്ദേശം നല്‍കുന്നത് തന്നെയാണ്. അതിശക്തിമാനായ ജിബ്‌രീല്‍(അ) ആണ് അത് പഠിപ്പിക്കുന്നത് (നജ്മ് 4,5).

മലീമസമായ അേറബ്യന്‍ അന്തരീക്ഷത്തില്‍ നിന്ന് മാറി ഏകനായി ആരാധന നിര്‍വഹിക്കാനായിരുന്നു നബി തിരുമേനി(സ്വ) ഹിറാ ഗുഹയില്‍ എത്തിയത്. പ്രവാചകത്വവുമായി ബന്ധപ്പെട്ട് ശൈശവ കാലത്തു തന്നെ നബിക്ക് വിവിധ അനുഭവങ്ങളുണ്ടായിട്ടുണ്ട്. സ്വപ്‌ന ദര്‍ശനം, അശരീരി, ഇല്‍ഹാം(ബോധോദയം) തുടങ്ങി അസാധാരണ മാര്‍ഗങ്ങളിലൂടെ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു നബി(സ്വ)യുടെ അക്കാലത്തെ ജീവിതം. 

തിരുനബി(സ്വ) സഞ്ചരിക്കുന്ന വഴികളില്‍ മേഘം നിഴലിടുമായിരുന്നു. കല്ലുകളും മരങ്ങളും സലാം പറയുമായിരുന്നു. ഒരിക്കല്‍ അഭൗമ മണ്ഡലത്തില്‍ നിന്നെത്തിയ ശുഭ്രവസ്ത്രധാരികള്‍ നബിയെ സമീപിച്ചു. അവിടുത്തെ ഹൃദയ ഭാഗത്ത് ശാസ്ത്രക്രിയ പോലുള്ള ശുദ്ധീകരണ പ്രവൃത്തികള്‍ നടത്തി. നാലു പ്രാവശ്യം ഇങ്ങനെ സംഭവിച്ചതായി ഇബ്‌നു കസീര്‍ പറയുന്നു. വിശുദ്ധ ഖുര്‍ആന്‍ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള ഒരുക്കമായിരുന്നു ഇതെല്ലാം.


ആരംഭം

വഹ്‌യി(ഇലാഹീ സന്ദേശം)നെ കുറിച്ച് ആഇശാ(റ) പറയുന്നത് കാണുക: നിദ്രാ വേളയിലെ ചില സ്വപ്‌നങ്ങളാണ് ആദ്യമായി നബിക്ക് ലഭിച്ച വഹ്‌യുകള്‍. അവ കൃത്യമായി പുലരുമായിരുന്നു. പിന്നീട് നബിക്ക് ഏകാന്തത പ്രിയമായി. ഒരു ദിവസം മലക്ക് ജീബ്‌രീല്‍(അ) ഹിറാഗുഹയില്‍ നബി സവിധത്തിലെത്തി. നബിയോട് വായിക്കാന്‍ ആവശ്യപ്പെട്ടു. 

നബി(സ്വ) പറഞ്ഞു: എനിക്ക് വായന അറിയില്ല. ഇതേ കുറിച്ച് നബി(സ്വ) പറയുമായിരുന്നു: വായന അറിയില്ല എന്നു പറഞ്ഞപ്പോള്‍ എന്നെ ജിബ്‌രീല്‍ ആശ്ലേഷിച്ചു. എനിക്കത് പ്രയാസമുണ്ടാക്കി. പിന്നെ പിടി വിട്ടു. വീണ്ടും വായിക്കാനാവശ്യപ്പെട്ടു. ഞാന്‍ മേല്‍ മറുപടി ആവര്‍ത്തിച്ചു. അപ്പോള്‍ മലക്ക് എന്നെ പൂര്‍വോപരി ശക്തമായി ആശ്ലേഷിക്കുകയും ഞെക്കുകയും ചെയ്തു. എന്നിട്ട് മലക്ക് പറഞ്ഞു: ഇഖ്‌റഅ് ബിസ്മി….(ബുഖാരി റഹ്).

ഇതാണ് ഭൂമിലോകത്തേക്കുള്ള ഖുര്‍ആന്‍ അവതരണത്തിന്റെ ആരംഭം. ഈ അവതരണം ഇരുപത്തിമൂന്ന് വര്‍ഷം നീണ്ടു നിന്നു. തിരുനബി(സ്വ) വഫാത്താകുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഖുര്‍ആന്‍ അവതരണം നിലച്ചു. പ്രസ്തുത ഇരുപത്തി മൂന്ന് വര്‍ഷത്തില്‍ പന്ത്രണ്ടര വര്‍ഷം മക്കയിലും ബാക്കി പത്ത് വര്‍ഷം മദീനയിലുമായിരുന്നു.


അവതരണ രീതി

ഖുര്‍ആന്‍ ഒറ്റ തവണയായല്ല അവതരിച്ചത്. വിവിധ സന്ദര്‍ഭങ്ങളില്‍ ഘട്ടംഘട്ടമായാണ് ഇറങ്ങിയത്. എന്നാല്‍ മറ്റു ഗ്രന്ഥങ്ങളുടെയെല്ലാം അവതരണം ഒറ്റത്തവണയായിരുന്നു. ഖുര്‍ആനെതിരെ ശത്രുക്കള്‍ ഇതൊരു പ്രധാന ആക്ഷേപമായി ഉന്നയിക്കുകയുണ്ടായി. ഖുര്‍ആന്‍ പറഞ്ഞു: നിഷേധികള്‍ പറയുന്നു. അദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റ പ്രാവശ്യമായി അവതരിപ്പിക്കപ്പെടാത്തതെന്ത് കൊണ്ടാണ്? എന്നാല്‍ നാം അങ്ങനെ അവതരിപ്പിക്കാത്തത് നിങ്ങളുടെ ഹൃദയത്തെ ഉറപ്പിക്കാന്‍ വേണ്ടിയാണ്. സാവധാനം നാം അതിനെ കേള്‍പ്പിക്കുകയും ചെയ്തിരിക്കുന്നു (ഫുര്‍ഖാന്‍ 32).

23 വര്‍ഷം കൊണ്ടാണ് ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയായതെന്നതിനാല്‍ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലത്തെ കുറിച്ചുള്ള അറിവ് പ്രധാനമാണ്. ഒരു നിശ്ചിത വിഷയത്തെ കുറിച്ച് വിഷയ സൂചിക നല്‍കിയുള്ള വിവരണ രീതിയല്ല ഖുര്‍ആനിന്റേത്. ചിലപ്പോള്‍ ചില വചനങ്ങള്‍ മാത്രമായും മറ്റു ചിലപ്പോള്‍ അധ്യായങ്ങളായും ഇതുതന്നെ പലയാവര്‍ത്തിയായും അവതരിച്ചിട്ടുണ്ട്. ചില സന്ദേശങ്ങള്‍ക്കിടയില്‍ ദിവസങ്ങളുടെയും മാസങ്ങളുടെയും ഇടവേളകളുമുണ്ടാകാം. 

ഇത്തരത്തിലുള്ള  അവതരണ രീതി സ്വീകരിച്ചതില്‍ നിന്ന് ഖുര്‍ആന്‍ ഒരു പ്രായോഗിക തത്ത്വഗ്രന്ഥമാണെന്ന് കൂടി മനസ്സിലാക്കാം. സമൂഹത്തിന്റെ ഉദ്ധാരണത്തിന് ആവശ്യമായ നിയമസംഹിതകള്‍ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നു. പ്രബോധന ലക്ഷ്യത്തോടെ സത്യമാര്‍ഗത്തിന്റെ ചൂണ്ട് പലകയായി സമൂഹത്തിന് ആവശ്യമായ രൂപത്തിലായിരുന്നു ഖുര്‍ആന്റെ അവതരണം.

മക്കയില്‍ ആദ്യകാലത്ത് പരസ്യമായ പ്രബോധനം സാധ്യമല്ലായിരുന്നു. മുസ്‌ലിമാണെന്ന് പറയാന്‍ ഭയമുള്ള കാലം. അക്കാലത്ത് വിധി വിലക്കുകള്‍ സംബന്ധിച്ച് കൂടുതല്‍ അവതരണങ്ങളുണ്ടായില്ല. എതിര്‍പ്പുകളും പ്രതികൂലങ്ങളും കുറഞ്ഞുവന്ന മുറക്കു നിയമങ്ങളുടെയും വിധികളുടെയും ആവശ്യങ്ങളനുസരിച്ച് അവതരണങ്ങള്‍ നടന്നുകൊണ്ടിരുന്നു. 

പ്രബോധന ദൗത്യം പൂര്‍ണമായപ്പോള്‍ അവതരണവും പൂര്‍ണമായി. നബി തിരുമേനിയുടെ വിയോഗത്തിന്റെ തൊട്ടുമുമ്പുള്ള വര്‍ഷങ്ങൡ ഖുര്‍ആനിന്റെ കൂടുതല്‍ ഭാഗങ്ങള്‍ അവതരിച്ചു. തിരുനബി(സ്വ)യുടെ വഫാത്തിന്ന് മുമ്പ് അല്ലാഹു കൂടുതല്‍ വഹ്‌യുകള്‍ നല്‍കിക്കൊണ്ടിരുന്നു. ഏറ്റവും കൂടുതല്‍ വഹ്‌യ് ലഭിച്ചത് നബി(സ്വ)യുടെ വിയോഗം നടന്ന വര്‍ഷത്തിലാണ് (ബുഖാരി).

തിരുനബി(സ്വ)യുടെ നാല്‍പ്പതാം വയസ്സില്‍ ഖുര്‍ആന്‍ അവതരണം ആരംഭിക്കുമ്പോള്‍, അല്ലാഹുവിന്റെ ഏകത്വവും ഇസ്‌ലാമിന്റെ വിളംബരവും പരസ്യമായി പ്രകാശിപ്പിക്കാന്‍ പഴുതില്ലായിരുന്നു. ആ ഘട്ടത്തില്‍ വായിക്കാനും പഠിക്കാനും ഉല്‍ബോധിപ്പിച്ച് കൊണ്ടാണ് ഖുര്‍ആന്‍ അവതരിച്ച് തുടങ്ങിയത്. അല്ലാഹുവിനെ പരിചയപ്പെടുത്തിയും അവന്റെ ദൃഷ്ടാന്തങ്ങള്‍ ആലോചിക്കാന്‍ ആഹ്വാനം ചെയ്തും അവതരണം തുടര്‍ന്നു. പിന്നീട് മക്കക്കാരുടെ വിശ്വാസപരവും ധാര്‍മികവും സാമൂഹികവുമായ അപചയങ്ങളും വൈകല്യങ്ങളും ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള ഭാഗങ്ങള്‍ അവതരിച്ചു. മക്കയിലെ ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ അവതരിച്ച ഭാഗങ്ങള്‍ ഇത്തരത്തിലുള്ളതാണ്. ഭദ്രമായ ഖുര്‍ആനിന്റെ സമര്‍ത്ഥനം കുറേ മനസ്സുകളെ സ്വാധീനിച്ചു. അത് മക്കയുടെ അതിരുകള്‍ കടന്നും പ്രചരിക്കാന്‍ തുടങ്ങി. തിരുനബിയുടെ നാല്‍പ്പത്തിയഞ്ച് വയസ്സ് വരെ  അവതരിച്ച വചനങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും.

ഖുര്‍ആന്‍ അവതരണത്തിന്റെ മധ്യ ഘട്ടത്തില്‍ വിശ്വാസികള്‍ അധികരിച്ചു കൊണ്ടിരുന്നു. ഖുര്‍ആനിന്റെ ശബ്ദം പലരുടെയും ഉറക്കം കെടുത്തി. പല മാനസങ്ങളിലും അള്ളിപ്പിടിച്ചിരുന്ന വികല വിശ്വാസങ്ങള്‍ നീങ്ങിത്തുടങ്ങി. സമൂഹത്തിന്റെ സമൃദ്ധവും സമ്പന്നവുമായ നിലനില്‍പ്പിനാവശ്യമായ സന്ദേശങ്ങളാണ് ഈ ഘട്ടത്തില്‍ ഖുര്‍ആന്‍ നല്‍കിക്കൊണ്ടിരുന്നത്. ശത്രുക്കളുടെ ശക്തമായ എതിര്‍പ്പു കാരണം വിശ്വാസികള്‍ പലരും നാടുവിടാന്‍ നിര്‍ബന്ധിതരായി. അവരുടെ ഉപരോധം മൂലം ഭക്ഷണം പോലും ലഭിക്കാതെ മഹായാതന അനുഭവിച്ച ആ കാലത്ത് മറ്റു വിശ്വാസക്കാരോടുള്ള നയങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കി. ശത്രുക്കളോടുള്ള നിലപാട്, യുദ്ധഘട്ടത്തില്‍ ശത്രുജനതയോടുള്ള സമീപനങ്ങള്‍, വേട്ടക്കാരോടുള്ള പെരുമാറ്റരീതി, സ്വന്തമായ പരിശുദ്ധിയും സംസ്‌കൃതിയും എങ്ങനെ രൂപപ്പെടുത്തണം എന്നെല്ലാമായിരുന്നു ഈ ഘട്ടത്തില്‍ ഖുര്‍ആന്‍ സംസാരിച്ചത്.

സ്വരാജ്യത്ത് നിന്ന് തിരുനബി(സ്വ)യും അനുയായികളും മദീനയിലെത്തി. അവിടെ വെച്ച് ആരാധനകളെ കുറിച്ചും വിധിവിലക്കുകളെ കുറിച്ചും നിയമനിര്‍മാണങ്ങള്‍, പൊതുസമൂഹത്തോടുള്ള കടപ്പാടുകള്‍ എന്നിവയെ സംബന്ധിച്ചെല്ലാമുള്ള ത്യാഗവും അര്‍പ്പണ ബോധവും ഉണര്‍ത്തുന്ന വചനങ്ങള്‍ അവതരിച്ചു. മദീനാവേളയിലെ ഈ അവതരണങ്ങളില്‍ ആത്മധൈര്യം നല്‍കുന്ന വചനങ്ങള്‍ നിരവധിയാണ്. ബദ്ര്‍, ഉഹ്ദ്, തബൂക്ക് അടക്കമുള്ള സമരങ്ങൡ പങ്കാളികളാകാനും സമ്പത്തടക്കമുള്ള സര്‍വവും സമര്‍പ്പിക്കാനും ഉത്തേജനം നല്‍കുന്ന വചനങ്ങളുടെ അവതരണങ്ങളും ആ കൂട്ടത്തിലുണ്ട്. തമസ്സകറ്റി ജ്ഞാനത്തിന്റെയും ശാന്തിയുടെയും പ്രവാഹമായ വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണം തിരുനബി(സ്വ)യുടെ വേര്‍പ്പാടിന്റെ എട്ടു ദിവസം മുമ്പ് നിലച്ചുവെന്നാണ് ചരിത്രം. അതിജയിക്കാനാകാത്ത സാഹിത്യ ഗ്രന്ഥമായും സകലമാന വിജ്ഞാനങ്ങള്‍ക്കും മാനവികതയുടെ വിജയത്തിനും അടിസ്ഥാന രേഖയായും ഖുര്‍ആനിന്റെ അവതരണം പൂര്‍ണമായി. അല്‍ബഖറ സൂറത്തിലെ 281-ാം വചനമാണ് അവസാനമായി അവതരിപ്പിക്കപ്പെട്ടതെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. തൗബ സൂറത്തിലെ അവസാനത്തെ രണ്ട് വചനങ്ങളാണെന്നും അല്‍ ബഖറയിലെ പലിശ സംബന്ധിയായ വചനങ്ങളാണെന്നും അഭിപ്രായമുണ്ട്.

മക്കയില്‍ അവതരണം നടന്നതിന്റെ വലുപ്പം നോക്കിയാല്‍ അവ ഖുര്‍ആനിന്റെ മൂന്നില്‍ രണ്ട് ഭാഗം വരും. ബാക്കി ഒരു ഭാഗം (24 സൂറത്തുകള്‍) മദീനയിലാണ് അവതരിച്ചത്. ആകെ 114 സൂറത്തുകള്‍ 6236 വചനങ്ങള്‍ 77933 വാക്കുകള്‍, 332015 അക്ഷരങ്ങള്‍. (എണ്ണങ്ങളുടെ കൃത്യതയില്‍ ചില ഗവേഷകര്‍ക്ക് ചെറിയ പക്ഷാന്തരങ്ങളുണ്ട്). 


വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണ പശ്ചാത്തലം

ഇസ്‌ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാമത്തേതായ വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുന്നത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ്. ഖുര്‍ആനിന്‍റെ അവതരണകാലത്ത് ഇന്ന് നാം കാണുന്നതു പോലെ അവ ക്രമീകരിക്കപ്പെടുകയോ സമാഹരിക്കപ്പെടുകയോ ചെയ്തിരുന്നില്ല.  മനഃപാഠം മുഖേനയും എഴുത്ത് മുഖേനയുമാണ് വിശുദ്ധ ഖുര്‍ആനിന്‍റെ ക്രോഡീകരണം നടന്നത്.

ഖുര്‍ആന്‍ അവതീര്‍ണമായി തുടങ്ങിയപ്പോള്‍ തന്നെ അതു മനഃപാഠമാക്കാനാണ് നബി(സ്വ) ശ്രമിച്ചത്. ശേഷം സ്വഹാബികളും  മനഃപാഠമാക്കാന്‍ വേണ്ടി അവിടുന്ന് ഓതിക്കൊടുക്കുകയാണ് ചെയ്തത്. കാരണം നബി(സ്വ) അക്ഷരജ്ഞാനം ലഭിക്കാത്തവര്‍ (ഉമ്മിയ്യ്) ആണ്. അവിടുത്തെ നിയോഗവും അക്ഷര ജ്ഞാനം ലഭിക്കാത്തവരിലേക്കാണ്. ‘അവരുടെ  പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും എഴുതപ്പെട്ടു കാണുന്ന, അക്ഷര ജ്ഞാനം ലഭിക്കാത്ത പ്രവാചകനായ ദൂതനെ പിന്തുടരുന്നവരാണവര്‍. അദ്ദേഹം അവരോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു’ (വിശുദ്ധ ഖുര്‍ആന്‍ 7/157).

‘അക്ഷര ജ്ഞാനമില്ലാത്തവര്‍ക്ക് അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാണവന്‍. അവിടുന്ന് അല്ലാഹുവിന്‍റെ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുക്കുകയും അവരെ ശുദ്ധീകരിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനു മുമ്പ് അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരുന്നു’ (ഖുര്‍ആന്‍ 62/2).

ഖുര്‍ആനിലെ ഓരോ വചനവും അവതീര്‍ണമാകുമ്പോള്‍ അതു മന:പാഠമാക്കാന്‍ വേണ്ടി തിരു നബി(സ്വ) ധൃതി കാണിച്ചിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘നബിയേ, ധൃതിപ്പെട്ട് മനഃപാഠമാക്കാന്‍ വേണ്ടി താങ്കള്‍ ഖുര്‍ആന്‍ കൊണ്ട് താങ്കളുടെ നാവിനെ ചലിപ്പിക്കരുത്. അതിനെ ഒരുമിച്ച് കൂട്ടലും ഓതിത്തരലും നമ്മുടെ ബാധ്യത തന്നെയാണ്. അതിനാല്‍ നാമത് ഓതിത്തരുമ്പോള്‍ അതിന്‍റെ ഓത്തിനെ നിങ്ങള്‍ പിന്തുടരുക. പിന്നീടത് വിശദീകരിക്കുന്നതും നമ്മുടെ ബാധ്യത തന്നെയാണ്’ (സൂറത്തുല്‍ ഖിയാമ/16-19).

‘യഥാര്‍ത്ഥ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. (നബിയേ) ബോധനം പൂര്‍ണമായി നിര്‍വ്വഹിക്കപ്പെടുന്നതിനു മുമ്പ് ഖുര്‍ആനോതാന്‍ താങ്കള്‍ ധൃതിപ്പെടരുത്. ‘എന്‍റെ നാഥാ എനിക്ക് നീ അറിവ് വര്‍ധിപ്പിക്കേണമേ’ എന്ന് പറയുകയും ചെയ്യുക’ (സൂറത്തു ത്വാഹ/114).

ജിബ്രീല്‍(അ) ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുന്നിനു മുമ്പു തന്നെ അതു മനഃ:പാഠമാക്കാന്‍ വേണ്ടി ധൃതി കാണിക്കേണ്ടെന്നും അറിവ് വര്‍ധിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നുമാണ് നബി(സ്വ) യോട് അല്ലാഹു ഉണര്‍ത്തിയത്. അല്ലാഹുവിന്‍റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചതോടെ തിരുനബി(സ്വ)ക്ക് ഖുര്‍ആന്‍ മുഴുവന്‍ അനായാസം ഹൃദിസ്ഥമാക്കാനും അക്കാലത്തെ  ഹാഫിളുകളുടെ നേതാവായിത്തീരാനും സാധിച്ചു. ജിബ്രീല്‍(അ) എല്ലാ വര്‍ഷവും ഓരോ തവണയും തിരുനബി(സ്വ)യുടെ അവസാന വര്‍ഷത്തില്‍ രണ്ട് തവണയും വന്ന് ഖുര്‍ആന്‍ നോക്കിയിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്.

ആഇശ(റ), ഫാത്വിമ(റ) എന്നിവര്‍ പറയുന്നു: ‘നബി(സ്വ) പറയുന്നതായി ഞങ്ങള്‍ കേട്ടു. എല്ലാ വര്‍ഷവും ഓരോ തവണ ജിബ്രീല്‍(അ) വന്ന് എന്‍റെ ഖുര്‍ആന്‍ ഒത്തുനോക്കാറുണ്ട്. ഈ വര്‍ഷം രണ്ട് തവണ വന്നു നോക്കുകയുണ്ടായി. എന്‍റെ അവധിയെത്തിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു’ (സ്വഹീഹുല്‍ ബുഖാരി/3624).

നബി(സ്വ) ഓതിക്കൊടുക്കുമ്പോള്‍ അവ മനഃപാഠമാക്കുന്ന വിഷയത്തില്‍ സ്വഹാബികളും മത്സരം കാണിച്ചിരുന്നു. മറ്റുള്ളവര്‍ ഉറങ്ങുമ്പോഴും ഖുര്‍ആന്‍ പാരായണവുമായി അവര്‍ കഴിഞ്ഞുകൂടി. സ്വഹാബികളുടെ വീടുകള്‍ക്കരികിലൂടെ നടന്നുപോകുന്നവര്‍ക്ക് ഖുര്‍ആന്‍ പാരായണം മൂലം തേനീച്ചയുടെ മുഴക്ക ത്തോട് സമാനമായ ശബ്ദം കേള്‍ക്കാമായിരുന്നു. വിശുദ്ധ ഖുര്‍ആനിന്‍റെ പഠനത്തിനു വേണ്ടി നബി(സ്വ) അവര്‍ക്ക് നല്ല പ്രോത്സാഹനമാണ് നല്‍കിയിരുന്നത്. വീട് വിദൂരത്തുള്ളവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി അവിടുന്ന് തന്നെ സ്വഹാബികളെ നിയമിച്ചിട്ടുമുണ്ട്.

ഹിജ്റക്കു മുമ്പ് മദീനയിലെ ജനങ്ങള്‍ക്ക് ഇസ്‌ലാം പഠിപ്പിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും വേണ്ടി മിസ്അബ് ബ്നു ഉമൈര്‍(റ), ഇബ്നു ഉമ്മി മക്തൂം(റ) എന്നിവരെയാണ് നിയമിച്ചത്. ഹിജ്റക്കു ശേഷം മക്കയിലുള്ളവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും ഹൃദിസ്ഥമാക്കിക്കൊടുക്കാനും വേണ്ടി മുആദ്ബനു ജബല്‍(റ)നെയും അയക്കുകയുണ്ടായി. അങ്ങനെ നബി(സ്വ)യുടെ കാലത്ത് തന്നെ നിരവധി സ്വഹാബികള്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമുള്ളവരായിത്തീര്‍ന്നു.

ഖലീഫമാര്‍(റ), ത്വല്‍ഹ(റ), സഅദ്(റ), ഇബ്നു മസ്ഊദ്(റ), ഹുദൈഫ(റ), സാലിം(റ), അബൂ ഹുറൈറ(റ), ഇബ്നു ഉമര്‍(റ), ഇബ്നു അബ്ബാസ്(റ), അംറു ബ്നുല്‍ ആസ്വ്, പുത്രന്‍ അബ്ദുല്ല(റ), മുആവിയ(റ), ഇബ്നു സുബൈര്‍(റ), അബ്ദുല്ലാഹി ബ്നു സാഇബ്(റ), ആഇശ (റ), ഹഫ്സ(റ), ഉമ്മുസലമ(റ) തുടങ്ങിയവരെല്ലാം മുഹാജിറുകളില്‍ പെട്ട ഹാഫിളുകളാണ്. ഉബയ്യു ബ്നു കഅ്ബ്(റ), മുആദ് ബ്നു ജബല്‍(റ), സൈദുബ്നു സാബിത്ത്(റ), അബുദ്ദര്‍ദാഅ്(റ), മജ്മഉബ്നു ഹാരിസ(റ), അനസുബ്നു മാലിക്(റ), അബൂസൈദ്(റ) തുടങ്ങിയവരെല്ലാം അന്‍സ്വാറുകളില്‍ പെട്ട ഹാഫിളുകളും.

വിശുദ്ധ ഖര്‍ആനിന്‍റെ മനഃപാഠം മൂലമുള്ള ക്രോഡീകരണത്തിനു പുറമെ എഴുതിയിട്ടുള്ള ക്രോഡീകരണവും നബി(സ്വ)യുടെ ജീവിത കാലത്തു തന്നെയുണ്ടായിട്ടുണ്ട്. ‘നിങ്ങള്‍ എന്നില്‍ നിന്നും ഖുര്‍ആന്‍ അല്ലാത്ത മറ്റൊന്നും എഴുതി വെക്കരുത്’ എന്ന് നബി(സ്വ) നിര്‍ദേശിക്കുന്ന ഹദീസ് ഇമാം നസാഇ(റ) രേഖപ്പെടുത്തിയിട്ടുണ്ട് (സുനനുല്‍ കുബ്റാ).

വഹ്യ് എഴുതിവെക്കാന്‍ വേണ്ടി തിരുനബി(സ്വ) തന്നെ പ്രത്യേകം ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), അബാനുബ്നു സഈദ്(റ), ഖാലിദ്ബ്നു വലീദ്(റ), ഉബയ്യുബിനു കഅ്ബ്(റ), സൈദ്ബ്നു സാബിത്(റ), സാബിതുബ്നു ഖൈസ്(റ) തുടങ്ങിയ സ്വഹാബികളായിരുന്നു പ്രസ്തുത എഴുത്തുക്കാര്‍. ഞങ്ങള്‍ നബി(സ്വ)യുടെ സമീപത്തു വെച്ച് പലകകളില്‍ ഖുര്‍ആനിനെ ക്രോഡീകരിക്കാറുണ്ടായിരുന്നുവെന്ന് സൈദുബ്നു സാബിത്ത്(റ) നിവേദനം ചെയ്യുന്ന ഹദീസ് ഹാകിം(റ)വും ഉദ്ധരിച്ചിട്ടുണ്ട് (അല്‍ മുസ്തദ്റക്).

ഖുര്‍ആനിലെ സൂക്തങ്ങളെ ക്രമപ്പെടുത്തിയുള്ളതായിരുന്നു ഈ ക്രോഡീകരണം. അതാകട്ടെ ജിബ്രീല്‍(അ) നബി(സ്വ)യോട് നിര്‍ദ്ദേശിച്ചതനുസരിച്ചും. ഇത് അവിടെ വെക്കുക അത് ഇവിടെ വെക്കുക തുടങ്ങിയ  നിര്‍ദേശങ്ങള്‍ ജിബ്രീല്‍(അ) പലപ്പോഴും തിരുനബിക്ക് നല്‍കാറുണ്ടായിരുന്നു. ഇബ്നു അബ്ബാസ്(റ)വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു ഹദീസ് ഇങ്ങനെ: നബി(സ്വ) ഓരോ അധ്യായം അവതീര്‍ണമാകുമ്പോഴും എഴുതുന്നവരെ വിളിച്ചു വരുത്തി പറയും: ഈ അധ്യായത്തെ ഇന്നാലിന്ന സ്ഥലത്ത് വെക്കണം (അബൂദാവൂദ്). മട്ടലുകളിലും തോലുകളിലും എല്ലുകളിലുമായിരുന്നു സ്വഹാബികള്‍ ഖുര്‍ആന്‍ എഴുതി വെച്ചിരുന്നത്. ഇങ്ങനെ എഴുതിക്കഴിഞ്ഞവ നബി(സ്വ)യുടെ വീട്ടില്‍ തന്നെ സൂക്ഷിക്കുകയുമാണ് പതിവ്.

സ്വഹാബികളും അവര്‍ക്കു  സാധ്യമാവുന്ന രീതിയില്‍ ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. ഒട്ടകത്തിന്‍റെയോ ആടിന്‍റെയോ ഉണങ്ങിയ എല്ലുകളും മറ്റുമാണ് അതിനു വേണ്ടി അവര്‍ ഉപയോഗപ്പെടുത്തിയത്. എന്നാല്‍ അധ്യായങ്ങളുടെ ക്രമവും തുടര്‍ച്ചയും പാലിക്കാന്‍ പലപ്പോഴും അവര്‍ക്കു സാധിച്ചിരുന്നില്ല. കാരണം അവതീര്‍ണ്ണമായ സൂറത്ത് മനഃപാഠമാക്കുകയോ എഴുതിവെക്കുകയോ ചെയ്യുന്നതിനിടയില്‍ സൈന്യങ്ങളിലും മറ്റും വിവിധ പ്രദേശങ്ങളിലേക്ക് അവര്‍ക്ക് പോകേണ്ടി വരാറുണ്ട്. 

തിരിച്ചുവരുന്ന സ്വഹാബികള്‍ വന്നതിനു ശേഷം അവതീര്‍ണ്ണമായ സൂറത്തുകള്‍ മനഃപാഠമാക്കുകയും എഴുതിവെക്കുകയുമാണ് ചെയ്യുക. പിന്നീടാണ് അവരുടെ അഭാവത്തില്‍ അവതരിച്ച ഭാഗങ്ങള്‍ എഴുതിവെക്കാനും ഹൃദിസ്ഥമാക്കാനുമുള്ള ശ്രമം നടത്തുന്നത്. അങ്ങനെ അവര്‍ക്കു കഴിയുന്ന രീതിയില്‍ അവ ക്രോഡീകരിക്കുകയും ചെയ്യും.  അതുകൊണ്ടു തന്നെ അവരുടെ ക്രമീകരണത്തില്‍ ആദ്യം വരേണ്ടത് അവസാനത്തിലും അവസാനം വരേണ്ടത് ആദ്യത്തിലുമൊക്കെ വന്നിട്ടുണ്ട്. എന്നാല്‍ സ്വഹാബികളുടെ കൂട്ടത്തില്‍ തന്നെ മനഃപാഠത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത് ഖുര്‍ആന്‍  തീരെ എഴുതി വെക്കാത്തവരുമുണ്ടാ യിരുന്നു. അതാണ് അറബികളുടെ പതിവും. തങ്ങളുടെ വംശ പരമ്പരയും അഭിമാനത്തിനു നിദാനമായ കാര്യങ്ങളും കവിതകളുമെല്ലാം അവര്‍ മനഃപാഠമാക്കി വെക്കുകയാണ് ചെയ്യുക. എഴുതിവെക്കാറില്ല (മനാഹിലുല്‍ ഇര്‍ഫാന്‍ 1/203).

തിരുനബി(സ്വ)യുടെ ജീവിത കാലത്തു തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതപ്പെട്ടിരുന്നുവെന്നതാണ് ചുരുക്കം. അതേസമയം അവ ഒരിടത്ത് സമാഹരിക്കുകയോ അധ്യായങ്ങള്‍ ക്രമപ്പെടുത്തുകയോ ചെയ്തിരുന്നില്ല (അല്‍ ഇത്കാന്‍  1/76).

എന്നാല്‍ നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ ഏടുകളിലോ മുസ്വ്ഹഫുകളിലോ ക്രോഡീകരികൃതമാവാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. ഒന്നാമതായി, അബൂബ ക്കര്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഖുര്‍ആന്‍ ഏടുകളില്‍ എഴുതിവെക്കേണ്ടി വന്നത് പോലെയോ ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ മുസ്വ്ഹഫുകളുടെ പകര്‍പ്പ് കോപ്പികള്‍ തയ്യാറാക്കേണ്ടി വന്നത് പോലെയോ ഉള്ള ഒരാവശ്യവും നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ല. മുസ്ലിംകളുടെ ഏറ്റവും ശോഭന കാലമായിരുന്നു അത്. ഹാഫിളുകള്‍ ധാരാളമുണ്ടായിരുന്നു. 

ഫിത്നയും നിര്‍ഭയം. മാത്രമല്ല, എഴുത്തുപകരണങ്ങള്‍ അത്ര സാര്‍വത്രികവുമായിരുന്നില്ല. രണ്ടാമതായി, ഖുര്‍ആനിലെ വല്ല സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടോ എന്ന വഹ്യും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവിടുന്ന്. മൂന്നാമതായി, ഖുര്‍ആന്‍ അവതീര്‍ണ്ണമായത് ഒറ്റത്തവണയായിട്ടല്ല. പ്രത്യുത, ഇരുപതിലധികം വര്‍ഷങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായാണ്. നാലാമതായി, ഖുര്‍ആനിലെ അധ്യായങ്ങളുടേയും സൂക്തങ്ങളുടേയും ക്രമം അവയുടെ അവതരണത്തിന്‍റെ ക്രമത്തിലല്ല. അവതരണങ്ങള്‍ ഒരോ സാഹചര്യങ്ങള്‍ക്കനുസൃതമായിരുന്നു.

ഇത്തരമൊരു അവസ്ഥയില്‍ ഖുര്‍ആനിനെ ഏടുകളിലോ മുസ്ഹ ഫുകളിലോ ആയി ക്രോഡീകരിച്ചിരുന്നുവെങ്കില്‍ അവ ഇടക്കിടെ വെട്ടിയും മാറ്റിയും തിരുത്തിയെഴുതേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുകയും തിരു നബി(സ്വ)യുടെ വഫാത്തുണ്ടാവുകയും ദുര്‍ബലപ്പെടുത്തലില്‍ നിന്ന് നിര്‍ഭയമാവുകയും സൂക്തങ്ങളുടേയും അധ്യായങ്ങളുടേയും ക്രമം ഉറപ്പാവുകയും അവ ഏടുകളിലും മുസ്ഹഫുകളിലുമായി സൂക്ഷിച്ചു വെക്കേണ്ട സാഹചര്യം സംജാതമാവുകയും ചെയ്തപ്പോള്‍ ഖുലഫാഉ റാഷിദുകളിലൂടെ അല്ലാഹു ആ ദൗത്യം നിര്‍വഹിച്ചത്. വിശുദ്ധ ഖുര്‍ആനിന്‍റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തതുമാണല്ലോ. ‘നാം തന്നെയാണ് ഈ ഉദ്ബോധനം (ഖുര്‍ആന്‍) ഇറക്കിയത്. നാം തന്നെ അതിനെ കാത്ത് സംരക്ഷിക്കുകയും ചെയ്യും’ (സൂറത്തുല്‍ ഹിജ്ര്‍/9).

തിരുനബി(സ്വ)യുടെ വഫാത്തോടെ അബൂബക്കര്‍(റ)ന്‍റെ ഭരണകാലത്ത് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. അഭ്യന്തര കലഹങ്ങളും അനിഷ്ട സംഭവങ്ങളും തുടര്‍ക്കഥയയായി. ഹിജ്റ 12 -ാം വര്‍ഷം നടന്ന യമാമ യുദ്ധവും ബിഅ്റ് മഊന യുദ്ധവും അതില്‍ പ്രധാനമാണ്. സ്വഹാബികളില്‍ നിന്ന് ഹാഫിളുകളായ  140 പേരാണ് ഇവ രണ്ടിലുമായി രക്തസാക്ഷികളായത്. ഇമാം ഖുര്‍ത്വുബി(റ) പറയുന്നു: യമാമ ദിവസത്തില്‍ 70 ഹാഫിളുകള്‍ വധിക്കപ്പെട്ടു. നബി(സ്വ)യുടെ കാലഘട്ടത്തില്‍ നടന്ന ബിഅ്റ് മഊന യുദ്ധത്തിലും അത്രത്തോളം പേര്‍ വധിക്കപ്പെട്ടിട്ടുണ്ട് (മനാഹിലുല്‍ ഇര്‍ഫാന്‍ 1/199). യമാമയില്‍ വധിക്കപ്പെട്ടത് അഞ്ഞൂറ് പേരാണെന്നും ചില പണ്ഡിതന്മാര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്നു രക്തസാക്ഷികളായവരില്‍ പ്രധാനിയാണ് സാലിം(റ). ഖുര്‍ആന്‍ പഠിക്കാന്‍ വേണ്ടി  സമീപിക്കാന്‍ നബി(സ്വ) നിര്‍ദേശിച്ച നാലു പ്രമുഖരിലൊരാളാണ് സാലിം(റ). അവിടുന്ന് പറയുന്നു: ‘നിങ്ങള്‍ നാലു പേരില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുക, അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), സാലിം(റ), മുആദ്(റ), ഉബയ്യ്ബ്നു കഅ്ബ്(റ) എന്നിവരാണവര്‍’ (സ്വഹീഹുല്‍ ബുഖാരി/4999).

ഹാഫിളുകളുടേയും ഖാരിഉകളൂടേയും വഫാത്തിനെ തുടര്‍ന്ന് ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം മൂലം നബി(സ്വ)യുടെ കാലത്ത് കല്ലിലും എല്ലിലും തോലിലുമെല്ലാം എഴുതി സൂക്ഷിച്ചിരുന്ന  ഖുര്‍ആനിക വചനങ്ങള്‍ മുസ്വ്ഹഫ് രൂപത്തിലാക്കാനുള്ള ശ്രമം അബൂബക്കര്‍(റ)ന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. തിരുനബി(സ്വ)യുടെ കാലത്തില്ലാത്ത ഒരു കാര്യം ചെയ്യുന്നത് ബിദ്അത്താകുമോ എന്ന ഭയവും അബൂബക്കര്‍(റ)വിനുണ്ടായിരുന്നു. പിന്നീട് മുസ്വ്ഹഫ് രൂപത്തിലൂള്ള ക്രോഡീകരണം ബിദ്അത്തല്ലെന്നും ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുന്നതും അതില്‍ പരിവര്‍ത്തനങ്ങള്‍ വരുന്നതും കാത്തുസൂക്ഷിക്കാന്‍ വേണ്ടിയുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്നും അദ്ദേഹം മനസ്സിലാക്കുകയായിരുന്നു.

ഈ സംഭവം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ:  സൈദുബ്നു സാബിത്ത്(റ)യില്‍ നിന്ന് നിവേദനം; യമാമ യുദ്ധം നടക്കുന്ന സമയത്ത് സിദ്ദീഖ്(റ) എന്‍റെയടുത്തേക്ക് ഒരാളെ വിട്ടു. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്‍റെയടുത്ത് ഉമര്‍(റ)വുമുണ്ടായിരുന്നു. സിദ്ദീഖ്(റ) പറഞ്ഞു: ‘എന്‍റെയടുത്ത് വന്ന് ഉമര്‍(റ) ഇപ്രകാരം പറയുന്നു: ‘ഖുര്‍ആന്‍ മനഃപാഠമുള്ള പലരും യമാമ യുദ്ധത്തില്‍ രക്തസാക്ഷികളായിട്ടുണ്ട്. പല സ്ഥലങ്ങളിലും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍ രക്ത സാക്ഷികളായതു മൂലം ഖുര്‍ആനില്‍ നിന്ന് പലതും നഷ്ടപ്പെടുമെന്ന ഭയം എനിക്കുണ്ട്. അതുകൊണ്ട് ഖുര്‍ആന്‍ ക്രോഡീകരിക്കാനുള്ള കല്‍പന താങ്കള്‍ പുറപ്പെടുവിക്കണം’. അപ്പോള്‍ ഉമര്‍(റ) നോട് ഞാന്‍ ചോദിച്ചു: നബി(സ്വ) ചെയ്യാത്തൊരു കാര്യം താങ്കള്‍ക്ക് എങ്ങനെ ചെയ്യാനാവും? അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം. ഉറപ്പായും ഇതൊരു നല്ല കാര്യമാണ്.’ അങ്ങനെ ഉമര്‍(റ) ഈ വിഷയത്തില്‍ എന്നോട് കൂടിയാലോചന നടത്തിക്കൊണ്ടേയിരുന്നു. 

അവസാനം അത് സ്വീകരിക്കാന്‍ അല്ലാഹു എന്‍റെ മനസ്സിനെ പാകപ്പെടുത്തി. അങ്ങനെ ഉമറിന്‍റെ അഭിപ്രായം എന്‍റെയും അഭിപ്രായമായിത്തീര്‍ന്നു. സൈദ്(റ) പറയുന്നു: അബൂബക്കര്‍(റ) എന്നോട് പറഞ്ഞു: ‘നിശ്ചയം, നിങ്ങള്‍ ബുദ്ധിമാനായ ഒരു യുവാവാണ്. നിങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു വിധ തെറ്റായ ധാരണയുമില്ല. നിങ്ങള്‍ നബി(സ്വ)യുടെ വഹ്യ് എഴുതുന്ന ആളായിരുന്നുവല്ലോ. അതിനാല്‍ നിങ്ങള്‍ ഖുര്‍ആന്‍ ക്രോഡീ കരിക്കണം.’ സൈദ്(റ) പറയുന്നു: ‘അല്ലാഹുവാണ് സത്യം, ഒരു മല നീക്കാനാണ് എന്നോട് അവര്‍ കല്‍പിച്ചി രുന്നതെങ്കില്‍ എനിക്കത് ഖുര്‍ആന്‍ ക്രോഡീകരിക്കുന്നതിനേക്കാള്‍ ഭാരമാകുമായിരുന്നില്ല.’ ഞാന്‍ ചോദിച്ചു; നബി(സ്വ) ചെയ്യാത്തൊരു കാര്യം നിങ്ങളെങ്ങനെ ചെയ്യും? അപ്പോള്‍ സിദ്ധീഖ്(റ) പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, ഇതൊരു നല്ല കാര്യമാണ്.’ 

അങ്ങനെ സിദ്ദീഖ്(റ) ഇക്കാര്യത്തില്‍ എന്നോട് ആലോചന നടത്തിക്കൊണ്ടിരുന്നു. അങ്ങനെ സിദ്ധീഖ്(റ)ന്‍റേയും ഉമര്‍(റ)ന്‍റേയും മനസ്സിനെ പാകപ്പെടുത്തിയ അല്ലാഹു എന്നെയും അതിനു പാകപ്പെടുത്തി. തുടര്‍ന്നു ഞാന്‍ ഖുര്‍ആന്‍ ശേഖരണം ആരംഭിച്ചു. ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ ഹൃദയങ്ങളില്‍ നിന്നും കല്ല്, മട്ടല്‍ തുടങ്ങി ഖുര്‍ആന്‍ എഴുതിവെച്ചിരുന്ന വസ്തുക്കളില്‍ നിന്നും അവ മുഴുവന്‍ ഞാന്‍ ശേഖരിച്ചു. തൗബ സൂറത്തിന്‍റെ അവസാന ഭാഗം അബൂഖുസൈമത്തില്‍ അന്‍സ്വാരിയില്‍ നിന്ന് മാത്രമാണ് എനിക്കു കിട്ടിയത്. അദ്ദേഹമല്ലാത്ത മറ്റാരുടെയടുത്തും ഞാനതു കണ്ടില്ല. ‘നിങ്ങളില്‍ നിന്നു തന്നെ ഒരു ദൂതന്‍ നിങ്ങളുടെയടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് അവര്‍ക്ക് അസഹ്യമാണ്’ എന്ന് തുടങ്ങി ബറാഅത്ത് സൂറത്തിന്‍റെ അവസാനം വരെയുള്ള ഭാഗമാണത്. ഇങ്ങനെ ക്രോഡീകരിച്ച ഖുര്‍ആന്‍ സിദ്ദീഖ്(റ)ന്‍റെ കൈവശമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ വിയോഗശേഷം ഉമര്‍(റ)വാണ് അത് സൂക്ഷിച്ചത്. പിന്നീട് മകള്‍ ഹഫ്സ്വ ബീവി(റ)യും (4986).

അബുബക്കര്‍(റ)ന്‍റെ കാലത്തു നടന്ന ഖുര്‍ആന്‍ ക്രോഡീകരണം വളരെ സൂക്ഷ്മതയോടെയാ യിരുന്നു. ഇബ്നു അബീ ദാവൂദ്(റ) കിതാബുല്‍ മസ്വാഹിഫില്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇമാം ഇബ്നു ഹജര്‍(റ) ഉദ്ധരിക്കുന്നത് കാണുക:

യഹ്യബ്നു അബ്ദിറഹ്മാന്‍(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ‘ഉമര്‍ (റ) ഇപ്രകാരം പ്രസ്താവിച്ചു. ‘നബി(സ്വ)യില്‍ നിന്ന് ഖുര്‍ആനില്‍ നിന്ന് വല്ലതും കേട്ടവരെല്ലാം അതുമായി വരണം.’ സ്വഹാബികള്‍ ഏടുകളിലും പലകകളിലും മട്ടലുകളിലുമായി ഖുര്‍ആന്‍ എഴുതി വെക്കാറുണ്ടായിരുന്നു.’

യഹ്യാ(റ) പറയുന്നു: ‘രണ്ടു സാക്ഷികളില്ലാതെ ഒരാളില്‍ നിന്നും അദ്ദേഹം യാതൊന്നും സ്വീകരിക്കുമായിരുന്നില്ല’. എഴുതി വെച്ചതു മാത്രമല്ല സൈദ്(റ) പരിഗണിച്ചതെന്നും നബി(സ്വ)യില്‍ നിന്ന് നേരിട്ട് കേട്ടവരുടെ സാക്ഷ്യം കൂടി ഉള്‍പ്പെടുത്തിയാണ് ക്രോഡീകരണം നടത്തിയതെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കൂടാതെ സൈദ്(റ)നു തന്നെ ഖുര്‍ആന്‍ മനഃപാഠവുമുണ്ടായിരുന്നു. കൂടുതല്‍ സൂക്ഷ്മത കാണിച്ചതു കൊണ്ടാണ് സൈദ്(റ) ഇത്തരമൊരു സമീപനം സ്വീകരിച്ചത്.

ഹിശാമുബ്നു ഉര്‍വ(റ) പിതാവില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസും ഇബ്നു അബീ ദാവൂദ്(റ) രേഖപ്പെടുത്തുന്നുണ്ട്. ‘അബൂബക്കര്‍(റ) ഉമര്‍(റ)നോടും സൈദ്(റ)നോടും ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ രണ്ടുപേരും പള്ളിയുടെ കവാടത്തിലിരിക്കുക. അല്ലാഹുവിന്‍റെ കിതാബില്‍ പെട്ടതാണെനതിന് രണ്ട് സാക്ഷികളുമായി ആരെങ്കിലും വന്നാല്‍ അത് നിങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുക’ (ഫത്ഹുല്‍ ബാരി 14/193).

എന്നാല്‍ ബറാഅത്ത് സൂറയുടെ അവസാന ഭാഗം അബൂ ഖുസൈമത്തില്‍ അന്‍സ്വാരി(റ)യില്‍ നിന്ന് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന സൈദ്(റ)ന്‍റെ പരാമര്‍ശം ഖുര്‍ആന്‍ ക്രോഡീകരണത്തിനു വേണ്ടി അതീവ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ടെന്ന വാദത്തിനെതിരല്ല. ഇതു വ്യക്തമാക്കി കൊണ്ട് ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: തൗബ സൂറത്തിന്‍റെ അവസാന ഭാഗം അബൂഖുസൈമത്തില്‍ അന്‍സ്വാരി(റ)യുടെ പക്കല്‍ നിന്ന് മാത്രമാണ് എനിക്കു ലഭിച്ചതെന്ന സൈദ്(റ)ന്‍റെ പ്രസ്താവനയുടെ താല്‍പര്യം ആ ഭാഗം എഴുതപ്പെട്ടതായി ലഭിച്ചത് അദ്ദേഹത്തില്‍ നിന്ന് മാത്രമാണെന്നാണ് (സ്വഹാബികളില്‍ പെട്ട അസംഖ്യം ആളുകള്‍ക്ക് അവ മന:പാഠമുണ്ടായിരുന്നു. 

അക്കാലത്തെ പ്രധാന അവലംബം മന:പാഠം തന്നെയായിരുന്നു). കാരണം സൈദ്(റ) ഖുര്‍ആനിന്‍റെ  ക്രോഡീകരണം നടത്തിയത് വെറും മനഃപാഠം നോക്കിയല്ല, എഴുത്ത് കൂടി പരിശോധിച്ചാണ്. പ്രസ്തുത ഭാഗം ആ സമയത്ത് ലഭിച്ചില്ലെന്നത് കൊണ്ട് നബി(സ്വ)യില്‍ നിന്ന് സ്വീകരിക്കാത്തവരുടെ അടുക്കല്‍ ആ ഭാഗം അനിഷേധ്യമാം വിധം സ്ഥിരപ്പെട്ടിട്ടില്ലെന്ന് വരില്ല. നബി(സ്വ)യില്‍ നിന്ന് നേരിട്ട് സ്വീകരിച്ചവരില്‍ നിന്ന് ഖുര്‍ആന്‍ ക്രോഡീകരിക്കുക വഴി കൂടുതല്‍ ഉറപ്പ് ലഭിക്കണമെന്നതായിരുന്നു സൈദ്(റ)ന്‍റെ താല്‍പര്യം. അബൂ ഖുസൈമ(റ)യില്‍ നിന്ന് ആ ഭാഗം ലഭിച്ചപ്പോള്‍ സൈദ്(റ)വിന് ഓര്‍മവന്നത് പോലെ മറ്റു സ്വഹാ ബികള്‍ക്കും ഓര്‍മ്മ വന്നിട്ടുണ്ടാവും. നബി(സ്വ)യുടെ സാന്നിധ്യത്തില്‍ എഴുതപ്പെട്ടതു മാത്രം ക്രോഡീകരിക്കണമെന്ന നിര്‍ബന്ധമുള്ളതു കൊണ്ടാണ് സൈദ്(റ) ഇത്രയും പരിശോധന നടത്തിയത് (ഫത്ഹുല്‍ ബാരി:14/193).

അബൂബക്കര്‍(റ), ഉമര്‍(റ) തുടങ്ങിയ സ്വഹാബീ പ്രമുഖരെല്ലാം ഇവ്വിഷയത്തില്‍ സൈദ് (റ)വിനെ സഹായിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഉദ്ദേശിച്ച ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കി. ‘സത്യനിഷേധികള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും തന്‍റെ പ്രകാശം പൂര്‍ത്തിയാക്കാന്‍ തന്നെയാണ് അല്ലാഹു തീരുമാനിച്ചിരിക്കുന്നത്’ (ഖുര്‍ആന്‍ 9/32).

അബുബക്കര്‍(റ)ന്‍റെ കാലത്തു നടന്ന ഈ ക്രോഡീകരണത്തിനു പല പ്രത്യേകതകളുമു ണ്ടായിരുന്നു. ഇലാഹീ വചനങ്ങളെ ഏറ്റവും സൂക്ഷ്മമായ അന്വേഷണത്തിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നതും മുസ്ലിം സമുദായത്തിന്‍റെ മുഴുവന്‍ ഏകോപിതാഭിപ്രായം നേടാന്‍ സാധിച്ചുവെന്നതും  ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ള അറബി ഭാഷയില്‍ തന്നെയുള്ള ഏഴു തരം ശൈലികളും അവ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നതും പാരായണം ദുര്‍ബലപ്പെടുത്താത്തവ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നതും അവയില്‍ പ്രധാനപ്പെട്ടവയാണ്. 

ഇബ്നു അബീദാവൂദ്(റ) അബ്ദു ഖയ്ര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘അദ്ദേഹം പറയുന്നു: അലി(റ) പറയുന്നത് ഞാന്‍ കേട്ടു: ‘മുസ്വ്ഹഫുകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് അബൂബക്കര്‍(റ)നാണ്. അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ. അല്ലാഹുവിന്‍റ ഗ്രന്ഥത്തെ ആദ്യമായി ക്രോഡീകരിച്ചത് അദ്ദേഹമാണ്’ (കിതാബുല്‍ മസ്വാഹിഫ്).

ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്താണ് വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണത്തിന്‍റെ അടുത്ത ഘട്ട മുണ്ടാവുന്നത്. ഇസ്‌ലാമിക വിജയങ്ങള്‍ വര്‍ധിക്കുകയും മുസ്ലിംകള്‍ വിവിധ നാടുകളില്‍ വ്യാപിക്കുകയും ചെയ്ത കാലം. ഓരോ നാട്ടുകാരും സ്വഹാബികളില്‍ നിന്ന് പ്രശസ്തരായ ഖാരിഉകളുടെ പാരായണമാണ് സ്വീകരിച്ചിരുന്നത്. സിറിയക്കാര്‍ ഉബയ്യുബ്നു കഅ്ബ്(റ)ന്‍റെയും കൂഫക്കാര്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്‍റെയും ഖിറാഅത്തനുസരിച്ച് പാരായണം നടത്തിയപ്പോള്‍ മറ്റുള്ളവര്‍ അബൂ മൂസല്‍ അശ്അരി(റ)യുടെ ഖിറാഅത്താണ് സ്വീകരിച്ചത്. എന്നാല്‍ അവര്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണത്തിന്‍റെ ശൈലികളിലും രീതികളിലും പിന്നീട് അഭിപ്രായന്തരമുണ്ടായി. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ അറബിഭാഷയില്‍ തന്നെയുള്ള ഏഴു ശൈലികളിലാണല്ലോ അവതീര്‍ണമായതു തന്നെ.

ഇങ്ങനെ വിവിധ രാജ്യങ്ങളില്‍ ഖുര്‍ആന്‍ പാരായണത്തിന്‍റെ വ്യത്യസ്ത രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഖുര്‍ആനിനൊരു ഏകീകൃത സ്വഭാവമുണ്ടാകാന്‍ വേണ്ടി എഴുത്ത് ഒരു ഖിറാഅത്തില്‍ മാത്രം ചുരുക്കി അബൂബക്കര്‍(റ)ന്‍റെ ഭരണ കാലത്ത് ക്രോഡീകരിച്ച മുസ്ഹഫില്‍ നിന്ന് ഏതാനും പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കുകയാണ് ഉസ്മാന്‍(റ) ചെയ്തത്. ഈ വിഷയത്തില്‍ ഉസ്മാന്‍(റ) വിളിച്ചു ചേര്‍ത്ത പ്രമുഖ സ്വഹാബികളെല്ലാം ഐക്യകണ്ഠേന ഇതംഗീകരിക്കുകയായിരുന്നു. സൈദുബ്നു സാബിത്ത്(റ), അബ്ദുല്ലാഹി ബ്നു സുബൈര്‍(റ), സഈദുബ്നുല്‍ ആസ്വ്(റ), അബ്ദുറഹ്മാനുബ്നുല്‍ ഹാരിസ്(റ) എന്നിവരെയാണ് പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കാന്‍ വേണ്ടി ഉസ്മാന്‍(റ) നിയമിച്ചത്. ഹിജ്റ ഇരുപത്തിനാലാം  വര്‍ഷത്തിന്‍റെ ഒടുക്കത്തിലും ഇരുപത്തിയഞ്ചാം വര്‍ഷത്തിന്‍റെ തുടക്കത്തിലുമായിരുന്നു ഇത്.

ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് നടന്ന ഖുര്‍ആന്‍ ക്രോഡീകരണത്തിന്‍റെ പശ്ചാത്തലം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘അനസ്(റ)ല്‍ നിന്നു നിവേദനം: ഹുദൈഫതു ബ്നുല്‍ യമാന്‍(റ) ഉസ്മാന്‍(റ)ന്‍റെ സമീപത്ത്  വന്നു. അര്‍മീനിയ, അദര്‍ബീജാന്‍ എന്നീ നാടുകള്‍ കീഴടക്കുന്നതിനു വേണ്ടി സിറിയക്കാരോട് യുദ്ധം ചെയ്യാന്‍ വേണ്ടി അദ്ദേഹം ഇറാഖുകാരുടെ കൂടെ പോയതായിരുന്നു. ഖുര്‍ആന്‍ പാരായണ ശൈലിയിലുണ്ടായ അവരുടെ അഭിപ്രായ  വ്യത്യാസം അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി.  ഖലീഫ ഉസ്മാന്‍(റ) വിനോട് അദ്ദേഹം പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, ജൂത ക്രൈസ്തവര്‍ അഭിപ്രായ വ്യത്യാസത്തിലായതു പോലെ ഈ സമുദായം അഭിപ്രായാന്തരങ്ങളില്‍ പെടുന്നതിനു മുമ്പ് അവരെ നിങ്ങള്‍ പിടിച്ചു നിര്‍ത്തണം’. അങ്ങനെ ഉസ്മാന്‍(റ) മഹതിയായ ഹഫ്സ്വ(റ)യിലേക്ക് ആളെ വിട്ട് അവരുടെ കൈവശമുള്ള ഖുര്‍ആന്‍ പ്രതി കൊടുത്തയക്കണമെന്നും പകര്‍പ്പു കോപ്പികള്‍ എടുത്ത ശേഷം തിരിച്ചയക്കാമെന്നും അറിയിച്ചു. അതു പ്രകാരം മഹതി ഖുര്‍ആന്‍ പ്രതി ഉസ്മാന്‍ (റ)വിന് കൊടുത്തയക്കുകയും ചെയ്തു. 

തുടര്‍ന്ന് സൈദുബ്നു സാബിത്ത്, അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സഈദു ബ്നുല്‍ ആസ്വ്(റ) അബ്ദു റഹ്മാനുല്‍ ഹാരിസ്(റ) എന്നിവരോട് പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കാന്‍ ഉസ്മാന്‍(റ) ഉത്തരവിട്ടു. അവരില്‍ പെട്ട ഖുറൈശികളായ മൂന്നു പേരോട് (അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സഈദു ബ്നുല്‍ ആസ്വ്(റ) അബ്ദു റഹ്മാനുല്‍ ഹാരിസ്-റ) ഖലീഫ പറഞ്ഞു: ‘വല്ല ഖുര്‍ആന്‍ വചനങ്ങളിലും നിങ്ങളും സൈദുബ്നു സാബിത്തും അഭിപ്രായ വ്യത്യാസത്തിലായാല്‍ ഖുറൈശികളുടെ ഭാഷയില്‍ നിങ്ങളത് എഴുതുക. കാരണം ഖുര്‍ആന്‍ അവതരിച്ചത് അവരുടെ ഭാഷയിലാണ്’. അങ്ങനെ അവര്‍ ഏതാനും പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കി. ശേഷം ഉസ്മാന്‍(റ) ഖുര്‍ആന്‍ പ്രതി ഹഫ്സ ബീവി(റ)ക്ക് തിരികെ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പകര്‍ത്തിയ കോപ്പികളില്‍ നിന്ന് ഓരോ ഭാഗത്തേക്കും ഓരോ കോപ്പി വീതം കൊടുത്ത യക്കുകയുമുണ്ടായി. ഇവയല്ലാത്ത മറ്റു ഏടുകളും മുസ്ഹഫുകളും കരിച്ചു കളയാനും ഉസ്മാന്‍(റ) ഉത്തരവിട്ടു’ (ബുഖാരി/4987).

നബി(സ്വ)യുടെ കാലഘട്ടത്തിനു ശേഷം നടന്ന  ക്രോഡീകരണത്തിന്‍റെ രണ്ടു ഘട്ടങ്ങളെയും കുറിച്ച് ഇമാം സുയൂത്വി(റ) പറയുന്നു: ‘ഖാരിഉകളുടെയും ഹാഫിളുകളുടെയും മരണം മൂലം ഖുര്‍ആന്‍ തന്നെ നഷ്ടപ്പെടുമോ എന്ന ഭയം മൂലമാണ് അബൂബക്കര്‍(റ) ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ തയ്യാറായതെങ്കില്‍ ഓരോരു ത്തരും അവരവരുടെ ഭാഷാരീതിയനുസരിച്ച് വ്യത്യസ്ത രൂപങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും മറ്റുള്ളവരുടേത് തെറ്റാണെന്ന് പറയുകയും ചെയ്തപ്പോള്‍ ഖുറൈശികളുടെ ഭാഷയനുസരിച്ച് ഒരു മുസ്ഹഫ് തയ്യാറാക്കിക്കൊണ്ട് ഖുര്‍ആന്‍ സംബന്ധമായ അഭിപ്രായാന്തരങ്ങള്‍ തീര്‍ക്കാനായിരുന്നു ഉസ്മാന്‍ (റ)ന്‍റെ കാലത്തുണ്ടായ ക്രോഡീകരണം’ (അല്‍ ഇത്ഖാന്‍ 1/79).

ഖുര്‍ആനിനെ മുസ്ഹഫ് രൂപത്തിലാക്കുമ്പോള്‍ എഴുതാനുപയോഗിച്ച ലിപി പില്‍ക്കാലത്ത് റസ്മുല്‍ ഉസ്മാനി എന്ന പേരിലാണ് അറിയപ്പെട്ടത്. അബൂബക്കര്‍(റ)ന്‍റെ കാലത്തുള്ള ലിപി തന്നെയാണ് ഇതെങ്കിലും ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് അതിനു സര്‍വവ്യാപകമായ ഉപയോഗം വന്നത് കൊണ്ടാണ് പ്രസ്തുത ലിപി ആ പേരില്‍ അറിയപ്പെട്ടത്. അറബി ഭാഷയുടെ സാധാരണമായ ചില നിയമങ്ങളോട് യോജിക്കാത്ത ലിപിയാണത്. എന്നാല്‍ ഖുര്‍ആന്‍ എഴുതുമ്പോള്‍ ഈ ലിപി തന്നെ ഉപയോഗിക്കണമെന്നാണ് പണ്ഡിത മതം. ഇമാം ബൈഹഖി(റ) പറയുന്നു: ‘വല്ലവനും മുസ്ഹഫ് എഴുതുകയാണെങ്കില്‍ സ്വഹാബികള്‍ മുസ്വഹഫുകള്‍ എഴുതിയ ലിപിയില്‍ തന്നെയാവാന്‍ ശ്രദ്ധിക്കണം.അതില്‍ അവരോട് എതിരാവാനോ അവര്‍ എഴുതിയതില്‍ ഒരു മാറ്റവും വരുത്താനോ പാടില്ല’ (ശുഅ്ബുല്‍ ഈമാന്‍).

ഇമാം സുയൂഥ്വി(റ) പറയുന്നു: ‘അശ്ഹബ്(റ) പറഞ്ഞു: മാലിക് ഇമാമിനോട് ഒരു ചോദ്യമുണ്ടായി; ജനങ്ങള്‍ പുതുതായി ഉണ്ടാക്കുന്ന ലിപിയില്‍ മുസ്വ്ഹഫ് എഴുതാന്‍ പാടുണ്ടോ? അതു പറ്റില്ലെന്നും ആദ്യമായി എഴുതിയതു പോലെത്തന്നെ എഴുതണമെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഇമാം അഹ്മദ്(റ) ഇക്കാര്യം ഒന്നുകൂടി സ്പഷ്ടമാക്കിപ്പറയുന്നു: ‘ഉസ്മാന്‍(റ)ന്‍റെ മുസ്വഹഫിലെ ലിപിയോട് വാവിലും യാഇലും അലിഫിലും മറ്റുള്ളവയിലും എതിരു വരുന്നത് ഹറാമാണ്’ (അല്‍ ഇത്ഖാന്‍ 2/212,213).


ഖിറാഅത്ത് പരമ്പര

ഓരോ അക്ഷരത്തിനും നിശ്ചയിക്കപ്പെട്ട ഉച്ചാരണ നിയമങ്ങള്‍ നബി(സ്വ)യില്‍ നിന്നും സ്വഹാബികള്‍ നേരില്‍ കേട്ട് മനസ്സിലാക്കി. അവരില്‍ നിന്നും താബിഉകള്‍ കേട്ട് പിന്‍തലമുറയിലേക്ക് കൈമാറി. ഇങ്ങനെ യോഗ്യരായ ഗുരുക്കന്മാരില്‍ നിന്നും നേരില്‍ ഖിറാഅത്ത് കേട്ട് പിന്‍തലമുറക്ക് പഠിപ്പിക്കുന്ന പാരമ്പര്യം പാരായണ ശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പ്രശസ്തരായ ഖാരിഉകള്‍ ഏഴുപേരാണ്.

ഇമാം നാഫിഅ് അല്‍ മദനി (ഹി. 70-169)

അബ്ദുല്ലാഹിബ്നു കസീര്‍ അല്‍മക്കി (45-120).

അബൂഅംറ് അല്‍ ബസ്വരി (68-155).

ആസിം ബ്നു അബിന്നുജൂദ് കൂഫ (ഹി. 129).

അബ്ദുല്ലാഹിബ്നു ആമിര്‍ ദിമശ്ഖ് (ഹി. 118).

അലിയ്യുബ്നു ഹംസ അല്‍കസാഇ (119-189).

ഹംസബ്നു ഹബീബ് കൂഫി (80-158).

ഇവര്‍ക്ക് പുറമെ ധാരാളം ഖാരിഉകളും പാരായണ വിദഗ്ധരും മുസ്ലിം ലോകത്തുണ്ട്. എന്നാല്‍ മേല്‍ പറയപ്പെട്ട ഏഴു പണ്ഡിതന്മാരുടെ പാരായണ രീതി മാത്രമേ പിന്തുടരാവൂ. അവര്‍ പഠിപ്പിച്ചതിന് വിരുദ്ധമായത് നിഷിദ്ധവും അസ്വീകാര്യവുമാണ്. ഇവരില്‍ നമ്മുടെ പാരായണ പാരമ്പര്യം ആസിം(റ)ന്‍റേതാണ്. അദ്ദേഹത്തിന്‍റെ ശിഷ്യനായ ഹഫ്സ്(റ) വഴിയാണ് കേരളക്കരയില്‍ ഖുര്‍ആന്‍ പാരായണ ശൈലി എത്തിച്ചേര്‍ന്നത്.

തജ്‌വീദിന്റെ അടിസ്ഥാനങ്ങള്‍

ഖുര്‍ആന്‍ പാരായണം സാധുവാകുന്നതിന് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ഒന്ന്: നബി(സ്വ)യില്‍ നിന്ന് പാരായണ പരമ്പര സ്ഥിരപ്പെടുക.

രണ്ട്: പാരായണം അറബി വ്യാകരണ ശാസ്ത്രവുമായി യോജിക്കുക.

മൂന്ന്: റസ്മുല്‍ ഉസ്മാനി അറിഞ്ഞിരിക്കുക.

വിശുദ്ധ ഖുര്‍ആനിലെ മുഴുവന്‍ അക്ഷരങ്ങളും നബി(സ്വ)യുടെ നിര്‍ദേശാനുസരണം സൈദ് ബിന്‍ സാബിത്(റ) എഴുതിയതാണ്. പിന്നീട് ഹിജ്റ 12-ല്‍ അബൂബക്കര്‍ സിദ്ദീഖ്(റ)ന്‍റെ നിര്‍ദേശാനുസരണം ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചു. പിന്നീട് ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് സിദ്ദീഖ്(റ) എഴുതിവെച്ച ഖുര്‍ആനിന്‍റെ കുറേ കോപ്പികള്‍ പകര്‍ത്തിയെഴുതുവാന്‍ സൈദ്(റ)ന്‍റെ തന്നെ നേതൃത്വത്തില്‍ പ്രമുഖ സ്വഹാബിമാരെ ചുമതലപ്പെടുത്തി. അവര്‍ അഞ്ചു മുസ്വ്ഹഫുകള്‍ പകര്‍ത്തിയെഴുതി വിവിധ പട്ടണങ്ങളിലേക്ക് അയച്ചു. ഉസ്മാന്‍(റ) എഴുതിച്ച ഈ മുസ്വ്ഹഫിലെ എഴുത്തു രീതിക്കാണ് ‘റസ്മുല്‍ ഉസ്മാനി’ എന്ന് പറയുന്നത്. റസ്മുല്‍ ഉസ്മാനിയില്‍ നിന്ന് വ്യത്യസ്തമായ ഖുര്‍ആന്‍ ഒരിടത്തും എഴുതാന്‍ പാടില്ല. നാല് മദ്ഹബ് പ്രകാരവും അത് ഹറാമാണ്.


ഖുർആനിന്റെ മാധുര്യം ശത്രുക്കൾക്കും കുളിരേകുന്നു

ഒരു രാത്രി ഖുറൈശി പ്രമുഖനായ അബൂസുഫ്‌യാന്‍ താന്‍ നിരന്തരം വിമര്‍ശിക്കുന്ന പ്രവാചകര്‍(സ്വ)യുടെ ഖുര്‍ആന്‍ പാരായണം നേരില്‍ കേള്‍ക്കാന്‍ രഹസ്യമായി വീട് വിട്ടിറങ്ങി. തിരുനബി(സ്വ)യുടെ വസതിക്ക് സമീപം ഒളിച്ചിരുന്നു. അവിടെയിരുന്നാല്‍ മുത്തുനബിയുടെ മനോഹരമായ ഓത്തു കേള്‍ക്കാം. ആഗ്രഹം സാധിച്ച് ആരുമറിയാതെ മടങ്ങുകയും ചെയ്യാം.

എന്നാല്‍ അതേ രാത്രി തന്നെ അബൂജഹ്‌ലും അഖ്‌നസും ഇതേ ഉദ്ദേശ്യത്തില്‍ അവിടെയെത്തി പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു. അപരന്റെ സാന്നിധ്യം അറിയാതെയാണ് ഓരോരുത്തരും വന്നിരിക്കുന്നത്. ശ്വാസമടക്കിപ്പിടിച്ച് ഇരുളില്‍ മൂവരും ഏറെ നേരം കാത്തിരുന്നു. നിശയുടെ നിശ്ശബ്ദതയില്‍ തിരുനബി(സ്വ)യുടെ മധുരതരമായ ഖുര്‍ആന്‍ പാരായണം മുഴങ്ങി. അവരത് തെളിഞ്ഞുകേട്ടു. ഹൃദയ തന്ത്രികളില്‍ അനുരണമുണ്ടാക്കിക്കൊണ്ട് ദീര്‍ഘനേരം ഓത്ത് തുടര്‍ന്നു. മനക്ലേശങ്ങളും ആത്മസംഘര്‍ഷങ്ങളുമകറ്റി ആശ്വാസത്തിന്റെ കുളിര് പെയ്യാന്‍ പോന്ന വശ്യമായ ഒരലൗകിക ശക്തി ഖുര്‍ആനുള്ളതായി അവര്‍ക്ക് അനുഭവപ്പെട്ടു.

എത്രനേരം അവിടെയിരുന്നു എന്നൊന്നുമോര്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അത്രമേല്‍ ഖുര്‍ആന്‍ അവരെ സ്വാധീനിച്ചിരുന്നു. രാത്രിയുടെ യാമങ്ങള്‍ പ്രഭാതത്തെ തലോടിത്തുടങ്ങിയപ്പോള്‍ തിരുനബി(സ്വ) ഖുര്‍ആന്‍ പാരായണം അവസാനിപ്പിച്ചു. സ്ഥലകാല ബോധം വന്നതുപോലെ ഖുറൈശി പ്രമാണിമാര്‍ ഞെട്ടിയുണര്‍ന്നു. ഇടംവലം നോക്കി ഭദ്രത ബോധ്യപ്പെട്ടപ്പോള്‍ പതുക്കെ ഓരോരുത്തരും നടന്നുനീങ്ങി.

വഴിയില്‍ വെച്ച് മൂവരും പരസ്പരം കണ്ടുമുട്ടി. ജാള്യം മറച്ചുവെക്കാനാകാതെ അവര്‍ ഉള്ളു തുറന്നു. വസ്തുതകള്‍ പരസ്പരം പങ്കുവെച്ചു. അന്യോന്യം ഗുണദോഷിക്കുകയും പഴിക്കുകയും ചെയ്തു. നാട്ടുകാര്‍ ഇതറിഞ്ഞാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് അവര്‍ ഭയാശങ്കകളോടെ അനുസ്മരിച്ചു. ഇനി ഒരിക്കലും ഇതാവര്‍ത്തിച്ചുകൂടെന്ന ദൃഢനിശ്ചയത്തോടെ അവര്‍ പിരിയുകയും ചെയ്തു. അടുത്ത ദിവസം രാത്രി അതേ സമയമായപ്പോള്‍ പിടിച്ചുനിര്‍ത്താനാകാത്ത വിധം അസ്വസ്ഥ മനസ്സുമായി അബൂസുഫ്‌യാന്‍ ഖുര്‍ആന്‍ കേള്‍ക്കാനായി ഇറങ്ങിനടന്നു. അബൂജഹ്‌ലും അഖ്‌നസും ഇന്നലെ ചെയ്ത തെറ്റ് ആവര്‍ത്തിക്കില്ലെന്ന് കരുതിയായിരുന്നു പുറത്തിറങ്ങിയത്. ഇന്ന് അവരെ പേടിക്കേണ്ടതില്ല. മറ്റാരെങ്കിലും കണ്ടുപോകാതിരിക്കാന്‍ ജാഗ്രത പാലിച്ചുകൊണ്ട് അബൂ സുഫ്‌യാന്‍ വേഗത്തില്‍ നടന്നുനീങ്ങി. തലേദിവസത്തെ ഭദ്രമായ കേന്ദ്രത്തില്‍ തന്നെ ഇരുള്‍പറ്റിയിരുന്നു. ഉള്ളില്‍ അതിശക്തമായ ഭയവും ഖുര്‍ആന്‍ കേള്‍ക്കാനും ആസ്വദിക്കാനുമുള്ള അമിതാഗ്രഹവും അലയടിക്കുന്നുണ്ടായിരുന്നു.

തിരുനബി(സ്വ) പതിവുപോലെ പാരായണമാരംഭിച്ചു. ദൈവിക വചനത്തിന്റെ സ്വരസ്ഫുടതയും ആത്മീയ ചൈതന്യവും ആസ്വദിക്കാന്‍ സത്യവിശ്വാസികള്‍ കൂട്ടമായിരിക്കുന്നത് ജനല്‍ പാളിയിലൂടെ അബൂസുഫ്‌യാന്‍ കണ്ടു. സ്‌നേഹ വിശ്വാസങ്ങളാല്‍ അന്യോന്യം ബന്ധിക്കപ്പെട്ട കുറേ ഹൃദയങ്ങള്‍! അവരുടെ ജീവിതങ്ങള്‍ പുതിയ മാനങ്ങളും അര്‍ത്ഥതലങ്ങളും തേടിപ്പോകുന്നത് പോലെതോന്നി. ആത്മനിര്‍വൃതിയുടെയും സുഖസ്വാദനത്തിന്റെ അനവധി നിമിഷങ്ങള്‍. അക്ഷരങ്ങളിലും വാക്കുകളിലും വര്‍ണിക്കാനാകാത്ത അനുഭൂതി തന്നെയായിരുന്നു അപ്പോഴവര്‍ അനുഭവിച്ചിരുന്നത്. മുത്തുനബി(സ്വ) ഓത്ത് നിര്‍ത്തിയപ്പോഴാണവര്‍ പ്രഭാതം പൊട്ടിവിരിയാറായ കഥയറിഞ്ഞത്. ഉടന്‍ അബൂസുഫ്‌യാന്‍ ധൃതിയിലെഴുന്നേറ്റു നടന്നു. വിസ്മയകരമെന്ന് പറയട്ടെ, ഇരുവഴികളിലൂടെ പെരുവഴിയിലേക്ക് പാര്‍ത്തും പതുങ്ങിയും കള്ളപ്പുള്ളികളെപ്പോലെ അഖ്‌നസും അബൂജഹ്‌ലും നടന്നുവരുന്നു. പരസ്പരം കണ്ടമാത്രയില്‍ മൂന്ന് പേരും ശരിക്കും അന്ധാളിച്ചുപോയി. എങ്ങനെ ന്യായീകരിച്ചു രക്ഷപ്പെടണമെന്നറിയാതെ കുറ്റസമ്മതങ്ങളുടെ ബദ്ധപ്പാടായിരുന്നു.

അബൂസുഫ്‌യാന്‍ പറഞ്ഞുതുടങ്ങി: ‘ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ലെന്നുറപ്പിച്ചതായിരുന്നു ഞാന്‍. എന്നാല്‍ രാത്രി ഇരുട്ടിയപ്പോള്‍ എന്റെ കാലുകള്‍ എന്റെ നിയന്ത്രണത്തിലല്ലാതാവുന്നതുപോലെ തോന്നി, ഞാനറിയാതെ ഇറങ്ങിനടക്കുകയായിരുന്നു. ഒരാകര്‍ഷണ ശക്തിക്കടിമപ്പെട്ടതുപോലെ. ഞാനുറപ്പിച്ചുപറയുന്നു; നിങ്ങളെന്നെ വിശ്വാസത്തിലെടുത്താലും. ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ല. മൂന്നു പേര്‍ക്കും ഇത് തന്നെയാണ് പറയാനുണ്ടായിരുന്നത്. ഈ സംഭവം പരമരഹസ്യമായി അവശേഷിക്കട്ടെ എന്നുപറഞ്ഞ് മൂവരും മൂന്ന് വഴിക്ക് പിരിഞ്ഞു.

അടുത്ത രാത്രിയിലും അവര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അന്നും അതാവര്‍ത്തിച്ചു. തങ്ങളുടെ ദൗര്‍ബല്യം അവര്‍ക്ക് നന്നായി ബോധ്യപ്പെട്ടു. മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വവും ഖുര്‍ആന്റെ അസാധാരണത്വവും പരസ്യമായി അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കിലും അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ അതിശക്തമായി മുഴങ്ങുന്ന ശബ്ദം ഖുര്‍ആന്റേതായി മാറി. അവര്‍ അറിയാതെ പറഞ്ഞുപോയി: ‘ഇത് മനുഷ്യ വചനമല്ല.’

ഖുര്‍ആന്റെ ബദ്ധശത്രുവായി അറിയപ്പെട്ട വലീദുബ്‌നു മുഗീറയുടെ രോഷാഗ്‌നി ആളിക്കത്തുന്ന ഹൃദയത്തില്‍ പോലും വിസ്മയം വിളയിക്കാന്‍ വിശുദ്ധ വചനങ്ങള്‍ക്ക് സാധിച്ചുവെന്നത് നിത്യവിസ്മയം തന്നെയായിരുന്നു. ഒരിക്കലദ്ദേഹം അത്ഭുതത്തോടെ പറഞ്ഞു: ‘ദൈവമാണേ, മുഹമ്മദ് നബിയുടെ വചസ്സുകള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. സവിശേഷ സൗന്ദര്യവുമുണ്ട്. അതിന്റെ തരുക്കള്‍ തഴച്ചുവളരുന്നവയും ശാഖകള്‍ ഫലസമൃദ്ധങ്ങളുമാണ്. തീര്‍ച്ചയായും അത് സര്‍വ വചനങ്ങളേക്കാളും സമുന്നതമാണ്.’ അറബി സാഹിത്യത്തില്‍ അഗ്രേസരനായിരുന്ന വലീദിന്റെ വാക്കുകളാണിത്.

ആദ്യകാലത്ത് കഅ്ബയുടെ ഭിത്തികളില്‍ ഉല്‍കൃഷ്ട കാവ്യശകലങ്ങളെഴുതിത്തൂക്കിയിടാറുണ്ടായിരുന്നു. അറേബ്യയിലെ സാഹിത്യപ്രേമികളെ ഹരം കൊള്ളിച്ച സപ്ത കവികളുടെ മനോഹരമായ കാവ്യശകലങ്ങള്‍ അക്കൂട്ടത്തില്‍പ്പെട്ടതാണ്. അവ വായിച്ച് ആസ്വദിക്കാന്‍ അവിടെ നിത്യവും സന്ദര്‍ശകര്‍ ആവേശപൂര്‍വം എത്തുകയും ചെയ്യും.

എന്നാല്‍ പരിശുദ്ധ ദേവാലയത്തിന്റെ സമീപത്തിരുന്നുകൊണ്ട് നിരക്ഷരനായ മുഹമ്മദ് നബി(സ്വ) പാരായണം ചെയ്യാറുള്ള ഖുര്‍ആനിക സൂക്തങ്ങളുടെ മുന്നില്‍ അവയെല്ലാം നിഷ്പ്രഭമായിത്തീര്‍ന്നു. സകല കവികളുടെയും സാഹിത്യവചനങ്ങള്‍ അതോടെ അക്ഷരാര്‍ത്ഥത്തില്‍ അനാകര്‍ഷകങ്ങളായിമാറി. ബുദ്ധിജീവികളെയും ദാര്‍ശനികരെയുമെല്ലാം ഖുര്‍ആനിലേക്കും ഇസ്‌ലാമിലേക്കും ആകര്‍ഷിച്ചത് ഈ സൗന്ദര്യമായിരുന്നു.

ഉരുക്കുമനുഷ്യനായിരുന്ന ഉമറി(റ)നെ ഉദ്ധരിക്കട്ടെ. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ഖുര്‍ആനിന്റെ ബദ്ധ വൈരിയായിരുന്നു. ഒരു രാത്രിയില്‍ മദോന്മത്തനായി കൂട്ടുകാരെയന്വേഷിച്ച് പുറപ്പെട്ടു. കഅ്ബക്കരികിലെത്തിയപ്പോള്‍ മുഹമ്മദ് നബി(സ്വ) അവിടെ നിസ്‌കരിക്കുന്നുണ്ടായിരുന്നു. തിരുനബി ഉരുവിടുന്നതെന്താണെന്ന് രഹസ്യമായി കേള്‍ക്കാമെന്ന് കരുതി കഅ്ബയുടെ ഖില്ലയുടെ മറവില്‍ ഞാന്‍ ഒളിച്ചിരുന്നു. നബി(സ്വ) ഖുര്‍ആനോതി നിസ്‌കരിക്കുകയായിരുന്നു. മധുരമനോഹരമായ ഖുര്‍ആനോത്ത് ശ്രവിച്ചപ്പോള്‍ എന്റെ ഹൃദയം ഉരുകിയൊഴുകും പോലെ തോന്നി. ഞാന്‍ വിതുമ്പിക്കരഞ്ഞു തിരുനബിക്കു മുമ്പില്‍ ചെന്നു നിന്നു. അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.’ ഉമറിന്റെ കരാളഹൃദയത്തെപ്പോലും ദയാര്‍ദ്രമാക്കാന്‍ കഴിഞ്ഞ ഖുര്‍ആന്റെ വശ്യശക്തി അമേയമാണ്.

അറബി ഭാഷയില്‍ അഗ്രേസരനായിരുന്ന വലീദുബ്‌നു മുഗീറക്ക് തിരുനബി(സ്വ) ചില ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം വിസ്മയാധീ നനായി. അത് അദ്ദേഹത്തിന്റെ മനസ്സില്‍ കുളിരുപെയ്യുന്ന അനുഭൂതിയുണ്ടാക്കി. മനസ്സില്‍ മുഴക്കമായി പ്രതികരിച്ചു. മധുരമായി പ്രസരിച്ചു. സ്‌ഫോടനം തന്നെ സൃഷ്ടിച്ചു. വല്ലാത്തൊരു മയക്കം ബാധിച്ചു. യാത്ര പറയാന്‍ പോലുമാകാതെ അദ്ദേഹം അറിയാതെ ഇറങ്ങിനടന്നു. വീട്ടിലെത്തി വിശ്രമിക്കുമ്പോഴും മനസ്സില്‍ തിരുനബിയില്‍ നിന്ന് കേട്ട ഖുര്‍ആനിക വചനങ്ങള്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തിരുനബിയെ കാണാന്‍ പോയെന്നറിഞ്ഞ അബൂജഹ്ല്‍ ആശങ്കപ്പെട്ടു. ഉദ്വോഗത്തോടെ അദ്ദേഹം വലീദിനെ തേടി വീട്ടിലെത്തി. സങ്കടത്തോടെയും കോപത്തോടെയും പറഞ്ഞു: ‘ബഹുമാന്യരായ പിതൃസഹോദരാ! താങ്കള്‍ ഖുര്‍ആന്‍ കേള്‍ക്കാന്‍ മുഹമ്മദിന്റെ അടുത്ത് പോയെന്നറിഞ്ഞു. ഇനിയൊന്ന് സമൂഹ സമക്ഷം താങ്കളുടെ വിലപ്പെട്ട അഭിപ്രായം പരസ്യപ്പെടുത്തണം. മുഹമ്മദിന്റെ നാട്യങ്ങള്‍ തുറന്നുകാണിക്കണം. അവന്റെ വാക്കുകള്‍ പതിരാണെന്നും തീര്‍ത്തും കള്ളമാണെന്നും താങ്കള്‍ ജനസമക്ഷം വിളിച്ചുപറയണം. വഞ്ചിതരാകാതിരിക്കാന്‍ അത് അവരെ സഹായിക്കുക തന്നെ ചെയ്യും. ഒട്ടും സമയം വൈകണ്ട.’

വലീദ് പറഞ്ഞുതുടങ്ങി: ‘അറബി സാഹിത്യം ഏറെ സമ്പന്നമാണ്. അതിന്റെ സമസ്ത ഗിരിശിഖരങ്ങളെയും സാമാന്യം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അവയുടെ ശക്തിയും ദൗര്‍ബല്യവും എനിക്ക് നന്നായറിയാം. ദൈവനാമത്തില്‍ ഞാന്‍ സത്യം ചെയ്തുപറയുന്നു: ‘ഈ മനുഷ്യന്‍ ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് അവയേക്കാളൊക്കെ ശക്തിയും ഓജസ്സുമുണ്ട്. വല്ലാത്തൊരു വശീകരണ ശക്തി. അനവദ്യമായ സൗന്ദര്യം. ആ വാക്കുകള്‍ എന്റെ മനസ്സില്‍ മുഴക്കവും പൊട്ടിത്തെറിയുമുണ്ടാക്കുന്നു. ഞാന്‍ ഇന്നോളം കേട്ട വാക്കുകളേക്കാളെല്ലാം അവ ഉല്‍കൃഷ്ടങ്ങളാണ്. അസദൃശമാണ്. അത്ഭുതകരമാണ്.’

അറിയപ്പെട്ട മഹാകവി തുഫൈലുബ്‌നു അംറ് ഖുര്‍ആന്‍ കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ പഞ്ഞി തിരുകി തിരുനബിയെ സമീപിച്ചു. നിസ്‌കാരത്തില്‍ ഖുര്‍ആനോതുന്നത് കേട്ട് അറിയാതെ ചെവിയില്‍ നിന്ന് പഞ്ഞി മാറ്റി വീണ്ടുംവീണ്ടും ഖുര്‍ആന്‍ കേള്‍ക്കാന്‍ തിടുക്കം കാട്ടി. മുത്തു നബി ഓതിക്കേള്‍പ്പിച്ച ചില സൂക്തങ്ങള്‍ തുഫൈലിന്റെ ഹൃദയത്തില്‍ പ്രകാശം പൊഴിച്ചു. അദ്ദേഹം ഖുര്‍ആനിക വചനങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. അവസാനം ഇസ്‌ലാമിനു വേണ്ടി സ്വയം സമര്‍പ്പിതനാകാന്‍ അത് നിമിത്തമായി.

ഉത്ബത്തുബ്‌നു റബീഅ ആയിരം നാക്കുകളില്‍ സംസാരിക്കാന്‍ കഴിവുള്ള കുപ്രസിദ്ധ ദുര്‍മന്ത്രവാദിയായിരുന്നു. ആഭിചാരം പോലുള്ള ദുരാചാരങ്ങളാണദ്ദേഹത്തിന്റെ കുലവൃത്തി. അതുകൊണ്ട് തന്നെ സാത്വിക മനസ്സുകള്‍ ഉത്ബത്തിനെ കണ്ടാല്‍ വഴിമാറി സഞ്ചരിക്കും. പരിഹാസ സ്വരത്തില്‍ ഒരിക്കല്‍ അദ്ദേഹം തിരുനബിയെ ശല്യപ്പെടുത്തുംവിധം ചോദിച്ചു: നീയാണോ പ്രഗത്ഭന്‍, അതോ അബ്ദുല്ലയോ? പ്രതികരിക്കാതിരുന്നപ്പോള്‍ വീണ്ടും ഉറക്കെ ആവര്‍ത്തിച്ചു പരിഹസിച്ചുകൊണ്ടിരുന്നു. നിനക്കെന്തുവേണമെങ്കിലും തന്നേക്കാം. നീ ഈ  പരിപാടി ഒന്ന് നിര്‍ത്തിയാല്‍ മതി എന്നായി ഉത്ബ. തിരുനബി(സ്വ) അതിനും മറുപടിയൊന്നും പറഞ്ഞില്ല. പകരം, സൂറത്ത് ഫുസ്സിലത്തിന്റെ ആദ്യഭാഗം പതുക്കെ ഓതിക്കേള്‍പ്പിച്ചുകൊടുത്തു. ഒരാത്മഗതത്തിന്റെ ഭാവതീവ്രതയോടെ. ഉത്ബ വിസ്മയസ്തബ്ധനായി. കൂടുതല്‍ കേള്‍ക്കാന്‍ കരുത്തില്ലാതെ നിര്‍ത്താനാവശ്യപ്പട്ടു. തിരിഞ്ഞു നടന്ന് ഖുറൈശീ കൂട്ടത്തോട് അദ്ദേഹം വെളിപ്പെടുത്തി: മുമ്പൊരിക്കലും കേള്‍ക്കാത്തതാണ് ഞാനിപ്പോള്‍ കേട്ടത്. അത് മാരണവൃത്തിയല്ല, ആഭിചാര ക്രിയയല്ല, ദുര്‍മന്ത്രവാദവുമല്ല. മുഹമ്മദിനെ അവന്റെ വഴിക്ക് വിട്ടേക്കൂ. കാലം കനകം പോലെ സൂക്ഷിക്കാന്‍ പോന്ന ചില വചനങ്ങളാണെനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. നാളെ അത് നിങ്ങളുടെ മനസ്സുകളിലും പ്രസാദമായി പ്രസരിക്കും. അസത്യമോ മറിമായമോ കവടി നിരത്തലോ അല്ല അത്. ഹൃദയഹാരിയായ പവിത്രവചസ്സുകളാണ്. മറക്കാനാവാത്ത ആ വചനങ്ങള്‍ എന്റെ മനസ്സിനെ ഇപ്പോഴും പിടിച്ചിരുത്തുന്നു.’ അപ്പോള്‍ ഖുറൈശികള്‍ ചോദിച്ചു: ‘താങ്കളും മുഹമ്മദിന്റെ വാഗ്വിലാസത്തില്‍ കുടുങ്ങിപ്പോയി അല്ലേ?’

ഈയൊരു ശക്തിസ്വാധീനമാണ് നജ്ജാശി രാജാവിലും പരിവര്‍ത്തനമുണ്ടാക്കിയത്. കഅ്ബാലയത്തിന് മുമ്പില്‍ ഒത്തുകൂടിയ പരശ്ശതം അവിശ്വാസികളെ ഒരു യാന്ത്രികവൃത്തിപോലെ തിരുനബിക്കൊപ്പം സുജൂദ് ചെയ്യിപ്പിച്ചത് ഖുര്‍ആന്‍ സൂക്തങ്ങളുടെ ആന്തരിക വിപ്ലവത്തിന്റെ മാസ്മരികത തന്നെയായിരുന്നു. വിശ്വാസത്തിന്റെ വേര്‍തിരിവില്ലാതെ അവിടെ കൂടിയിരുന്നവരെല്ലാം തിരുനബിയോടൊപ്പം സുജൂദില്‍ പങ്കെടുത്തു. ഖുര്‍ആന്‍ വചനങ്ങളുടെ വല്ലാത്ത വശ്യതക്കടിപ്പെട്ടവരെപ്പോലെ.

അനുഗ്രഹ വര്‍ഷം, രോഗശമനം, മനശ്ശാന്തി, പ്രശ്‌ന പരിഹാരം, പിശാചടക്കമുള്ള ശത്രുക്കളില്‍ നിന്നുള്ള പ്രതിരോധം തുടങ്ങി ഖുര്‍ആനോത്തിലൂടെ സാധ്യമാകുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. ഖുര്‍ആനിന്റെ ആന്തരികമായ സ്വാധീനവും പരിവര്‍ത്തനവും വേറെയും ധാരാളമുണ്ട്. ഫാതിഹാ സൂറത്ത് സര്‍വ രോഗത്തിനും ശമനമാണെന്ന ഹദീസും സൂറത്ത് യാസീന്‍ എന്ത് ഉദ്ദേശിച്ച് ഓതിയാലും അത് സാധ്യമാകുമെന്നതും ശ്രദ്ധേയമാണ്.

 
ഖുര്‍ആന്‍ പാരായണം അതിരുകളില്ലാത്ത മഹത്വങ്ങള്‍ :


ഖുര്‍ആന്‍ പാരായണം ഏറ്റവും ശ്രേഷ്ഠമായ ദിക്‌റാണ്. ഖുര്‍ആന്‍ പാരായണത്തിന് ധാരാളം പവിത്രതകളും അളവറ്റ പ്രതിഫലങ്ങളുമുണ്ട്. അവയില്‍ ചിലതു പരാമര്‍ശിക്കാം. നബി(സ്വ) പറയുന്നു: എന്റെ സമുദായത്തിന്റെ ആരാധനാ കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഖുര്‍ആന്‍ പാരായണമാണ് (ഇഹ്‌യാഅ്).

വിശുദ്ധഖുര്‍ആനിനോടുള്ള നമ്മുടെ കടമ പഠിക്കലും പാരായണം ചെയ്യലുമാണ്. വിശുദ്ധഖുര്‍ആനിന്റെ അര്‍ഥങ്ങളുടെയും ആശയങ്ങളുടെയും ആഴങ്ങള്‍ പഠിക്കുന്നതില്‍ വ്യാപൃതരാവാന്‍ കഴിയുന്നില്ലെങ്കില്‍ പാരായണം ചെയ്യാനുള്ള സന്മനസെങ്കിലും വിശ്വാസിസമൂഹം കാണിക്കേണ്ടിയിരിക്കുന്നു. ഖുര്‍ആന്‍ പാരായണം ശ്രദ്ധാപൂര്‍വം കേള്‍ക്കുക, ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ മൗനം അവലംബിക്കുക തുടങ്ങിയ കാര്യങ്ങള്‍വരെ പുണ്യമുള്ളവയാണെന്ന വസ്തുത ഖുര്‍ആനിന്റെ മഹത്വമാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്.

പരിശുദ്ധ ഖുര്‍ആനിലെ ഓരോ ആയത്തുകളും അല്ലാഹുവില്‍ നിന്നുള്ള വചനങ്ങളാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അതി മഹത്തായ ഇബാദത്താണ്. ഖുര്‍ആന്‍ ഉള്‍ക്കൊണ്ടുജീവിക്കുവാന്‍ ബാധ്യസ്ഥനായതുപോലെ ഖുര്‍ആന്‍ പാരായണം ചെയ്ത് അള്ളാഹുവിന്റെ പ്രീതി കരസ്ഥമാക്കാനും അള്ളാഹുകല്‍പിക്കുന്നുണ്ട്...

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് സശ്രദ്ധം ശ്രദ്ധിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് കാരുണ്യവര്‍ഷമുണ്ടായേക്കാം (സൂറത്തുല്‍ അഅ്‌റാഫ് 204).

ഖുര്‍ആന്‍ ശ്രവിക്കുന്നവന് പെട്ടെന്ന് ദൈവാനുഗ്രഹങ്ങളുണ്ടാവുമെന്ന് ലൈശ് ബ്‌നു സഅ്ദ് (റ) പറഞ്ഞിരിക്കുന്നു (തഫ്‌സീറുല്‍ ഖുര്‍ത്വുബി 9/1 ). കാരണം ഖുര്‍ആനാണ് ഏറ്റവും വലിയ ദൈവസ്മരണ.

ഭൗതികവും പാരത്രികവുമായ നിരവധി പ്രയോജനങ്ങള്‍ പാരായണം ചെയ്യുന്ന വ്യക്തികള്‍ക്കും കേള്‍ക്കുന്നവനും പാരായണം ചെയ്യപ്പെടുന്ന സ്ഥലങ്ങളിലും ലഭിക്കുമെന്നത് വിശുദ്ധ ഖുര്‍ആനിന്റെ വളരെ വലിയ സവിശേഷതയാണ്.

ഇമാം നവവി (റ) പ്രസ്താവിക്കുന്നത് കാണുക :‘തസ്ബീഹ്, തഹ്‌ലീല്‍ തുടങ്ങിയ ഏത് ദിക്‌റുകളേക്കാളും ശ്രേഷ്ടമായത് ഖുര്‍ആന്‍ പാരായണമാണ് എന്നതാണ്. മഹാരഥന്മാരായ പണ്ഡിതന്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ധാരാളം തെളിവുകളുണ്ട്. (തിബ്‌യാന്‍ 11)

ഇമാം ഹുമൈദി (റ) സുഫ്‌യാനുസ്സൗരി (റ)നോട് ചോദിച്ചു. ഒരു മനുഷ്യന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതോ, അതോ യുദ്ധം ചെയ്യുന്നതോ ഏതാണ് താങ്കള്‍ക്ക് പ്രിയങ്കരം? അദ്ദേഹം പറഞ്ഞു.’ഖുര്‍ആന്‍ പാരായണം’. നബി(സ്വ) പറഞ്ഞു. നിങ്ങളില്‍ അത്യുത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (തിബ്‌യാന്‍ 11).

അംറുബ്‌നു ആസ് (റ) പറയുന്നു. ഖുര്‍ആനിലെ ഓരോ ആയത്തും സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള വിവിധ പദവികള്‍ക്ക് കാരണമാകുന്നതാണ്. ഖുര്‍ആനിലെ ആയത്തുകള്‍ നിങ്ങളുടെ ഭവനങ്ങളെ ജ്വലിപ്പിക്കുന്ന പ്രകാശവുമാണ്. (ഇഹ്‌യ 1-280).

നബി(സ്വ) പറഞ്ഞു. നിങ്ങളില്‍ അത്യുത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.

‘അന്ത്യദിനത്തില്‍ സുഗന്ധം വീശുന്ന ഒരു കറുത്ത കസ്തൂരിക്കൂനയില്‍ കയറിനില്‍ക്കുന്ന ചില വിഭാഗമുണ്ട്. വിചാരണയില്‍ നിന്നവര്‍ നിര്‍ഭയരായിരിക്കും. അല്ലാഹുവിന് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്തവരാണവര്‍’ (തുര്‍മുദി റഹ് ).

നബി(സ്വ) പറഞ്ഞു: ‘മനുഷ്യസൃഷ്ടിപ്പിന്‍റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഥന്‍ ത്വാഹ, യാസീന്‍ എന്നീ രണ്ട് വചനങ്ങള്‍ അവതരിപ്പിച്ചു. ഇതുകേട്ട മാലാഖമാര്‍ പറഞ്ഞു: പ്രസ്തുത വചനങ്ങളടങ്ങിയ ഗ്രന്ഥം അവതരിക്കപ്പെടുന്ന ജനതക്കും, അത് ചുമക്കുന്നവര്‍ക്കും ഖുര്‍ആനിക വചനങ്ങള്‍ ഉരുവിടുന്ന നാക്കുകള്‍ക്കും മംഗളം’ (ദാരിമി റഹ്).

സമുറതുബ്നു ജുന്‍ദുബ്(റ) പറഞ്ഞു: എല്ലാ ആതിഥേയരും സല്‍ക്കാരപ്രിയരും അതിഥികളെ ഇഷ്ടപ്പെടുന്നു. അല്ലാഹുവിന്‍റെ വിരുന്ന് ഖുര്‍ആനാണ്. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് നാഥന്‍റെ ആതിഥേയത്വം സ്വീകരിക്കുക.

നാം പാരായണം ചെയ്യുന്ന ഖുര്‍ആന്‍ അന്ത്യനാളില്‍ നമുക്ക് ശിപാര്‍ശ ചെയ്യും. ഒരു വ്യക്തി ഖുര്‍ആനില്‍ നിന്ന് ഒരക്ഷരം പാരായണം ചെയ്താല്‍ അവന്‍ ഒരു ‘ഹസനത്ത്’ പ്രതിഫലമര്‍ഹിക്കുന്നു. ഒരു ഹസനത്തിന് പത്ത് പ്രതിഫലം അല്ലാഹു നല്‍കും (തുര്‍മുദി റഹ്).

ഖുര്‍ആനിന്റെ ബന്ധുവിനോട് അന്ത്യദിനത്തില്‍ പറയപ്പെടും; നീ പാരായണം ചെയ്യുകയും പദവി നേടുകയും ചെയ്യുക. ഭൗതിക ലോകത്ത് നീ പാരായണം ചെയ്തത് പോലെ സാവകാശം പാരായണം ചെയ്യുക. നിന്റെ പദവി നീ ഓതുന്ന അവസാന ആയത്തിന്റെ സമീപത്താകുന്നു.

ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഒരു സംഭവം : ‘ഞാന്‍ പലപ്പോഴായി അല്ലാഹുവിനെ സ്വപ്നത്തില്‍ കാണാറുണ്ട്, ഇനി കാണുമ്പോള്‍ സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ അടുക്കാന്‍ ഏറ്റവും ഉപകരിക്കുന്ന ഒരു ‘അമലിനെ’ സംബന്ധിച്ച് ചോദിക്കണമെന്നു ഞാന്‍ കരുതി. പിന്നീട് അല്ലാഹുവിനെ സ്വപ്നത്തില്‍ കണ്ടപ്പോള്‍ മേല്‍ചോദ്യം ഞാന്‍ ചോദിക്കുകയുണ്ടായി. അല്ലാഹുവിന്റെ മറുപടി ഓ അഹ്മദ് എന്റെ കലാമുകൊണ്ടുതന്നെ. ഞാന്‍ ചോദിച്ചു, രക്ഷിതാവേ അര്‍ഥമറിഞ്ഞുകൊണ്ട് പാരായണം ചെയ്താലോ, അല്ലാഹുവിന്റെ മറുപടി, അര്‍ഥമറിയട്ടെ അറിയാതിരിക്കട്ടെ”.

റസൂല്‍(സ്വ) പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസി ഓറഞ്ച് പോലെയാണ്. അതിന് നല്ല സുഗന്ധവും ആസ്വാദ്യകരമായ രുചിയുമുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസി കാരക്കപോലെയാണ്. രുചി ആസ്വാദ്യകരമാണെങ്കിലും അതിന് പരിമളമില്ല (ബുഖാരി റഹ്).

അനസ്(റ) നിവേദനം ചെയ്യുന്നു, നബി(സ്വ) എന്നോട് ഇപ്രകാരം പറഞ്ഞു: ”എന്റെ പൊന്നുമോനെ, പ്രഭാതത്തിലും പ്രദോഷത്തിലും ഖുര്‍ആന്‍പാരായണത്തില്‍ നീ അശ്രദ്ധ കാണിക്കരുത്. നിശ്ചയം ഖുര്‍ആന്‍ നിര്‍ജീവമായ മനസ്സിനെ സജീവമാക്കുകയും തെറ്റുകളില്‍ നിന്നും അശ്ലീലങ്ങളില്‍ നിന്നും നിരോധിക്കുകയും ചെയ്യുന്നു”. 

അല്ലാഹു പറയുന്നു: എന്നോട് ഇരക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനേയും വിട്ട് വല്ലൊരുത്തനും ഖുര്‍ആന്‍ പാരായണത്തില്‍ വ്യാപൃതനായാല്‍ ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ ശ്രേഷ്ഠമായ പ്രതിഫലം അവനു ഞാന്‍ നല്‍കും (തുര്‍മുദി റഹ് ).

അലി(റ) പറയുന്നു, ”ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തി നരകത്തില്‍ കടക്കുന്നുവെങ്കില്‍ അദ്ദേഹം പരിഹാസ്യപൂര്‍വം അതു പാരായണം ചെയ്തതുകൊണ്ടാവാനെ തരമുള്ളൂ”. 

അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പാരായണം ചെയ്യുന്നവന് ഒരു നന്മയുണ്ട്. ഒരു നന്മ അതിനോട് തുല്യമായ പത്ത് നന്മകളായാണ് പ്രതിഫലം നല്‍കപ്പെടുക. അലിഫ്, ലാം, മീം ഇവ ഒരക്ഷരമാണെന്നു ഞാന്‍ പറയുന്നില്ല. അലിഫ് ഒരു അക്ഷരവും ലാം മറ്റൊരക്ഷരവും മീം വേറൊരക്ഷരവുമാണ് (തുര്‍മുദി റഹ് ).

നിന്നുകൊണ്ടുള്ള നിസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണത്തിന് ഒരു ‘ഹര്‍ഫി’ ന് നൂറു വീതം നന്മകളാണ് പ്രതിഫലം നല്‍കപ്പെടുന്നത്. ഇരുന്നുകൊണ്ടുള്ള നിസ്‌കാരത്തിലെ ഓത്താെണങ്കില്‍ ഓരോ ഹര്‍ഫിനും 50 വീതം നന്മകളും സാധാരണ വുളൂഅ് ചെയ്തുകൊണ്ടുള്ള ഓത്തിന് 25 നന്മകളും വുളൂഅ് ഇല്ലാതെ ഓതിയാല്‍ ഒരു ഹര്‍ഫിന് 10 നന്മവീതവും നല്‍കപ്പെടും.

വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്ന മുഅ്മിന്‍, പാരായണം ചെയ്യാത്ത മുഅ്മിന്‍ എന്നിവരുടെ ഉപമകള്‍ യഥാക്രമം നല്ല വാസനയുള്ള മധുരനാരങ്ങ പോലെയും ഈത്തപ്പഴം പോലെയുമാണ്. ഖുര്‍ആന്‍ ഓതുന്ന കപടവിശ്വാസിയുടെയും ഓതാത്ത കപടവിശ്വാസിയുടെയും ഉദാഹരണം റൈഹാന്‍ പുഷ്പം പോലെയും ആട്ടങ്ങപോലെയുമാണ്. ഒന്നിന് വാസനയുണ്ട് രുചി കൈപ്പുമാണ്, മറ്റേത് മണമില്ല, മാത്രമല്ല രുചി അതീവ കൈപ്പുമാണ്. ഇതെല്ലാം നബി(സ്വ) യുടെ ഉദ്‌ബോധനങ്ങള്‍ തന്നെ.

അബൂ സഈദ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം, നബി(സ്വ) പറഞ്ഞു: അല്ലാഹു പറയുകയാണ്, ഖുര്‍ആന്‍പാരായണത്തിലും എന്റെ ദിക്‌റിലുമായി ഒരാള്‍ സമയം കഴിക്കുകയും അതുകാരണം തന്റെ ജീവിതാവശ്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ആവശ്യങ്ങള്‍ ചോദിക്കുന്നവരെക്കാള്‍ ശ്രേഷ്ഠമായ കാര്യങ്ങള്‍ ഞാന്‍ അവര്‍ക്ക് നല്‍കുന്നതാണ്.

അബൂഹുറൈറ(റ) പറയുന്നു: ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന വീടുകള്‍ വീട്ടുകാര്‍ക്ക് വിശാലമാകുകയും നന്മ വര്‍ധിക്കുകയും അവിടെ മലക്കുകള്‍ സന്നിഹിതരാവുകയും പിശാചുക്കള്‍ പുറത്ത് പോവുകയും ചെയ്യും. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീടുകള്‍ സങ്കീര്‍ണമാക്കപ്പെടുകയും നന്മ കുറഞ്ഞുപോവുകയും ചെയ്യും. മലക്കുകള്‍ ആ വീട്ടില്‍ നിന്ന് പുറത്തുപോവുകയും പിശാചുക്കള്‍ അവിടെ ആഗതരാവുകയും ചെയ്യും.

നബി(സ്വ) പറയുന്നു, ആരെങ്കിലും അല്ലാഹുവിന്റെ ഭവനങ്ങളില്‍നിന്നും ഒരു ഭവനത്തില്‍വെച്ച് ഖുര്‍ആന്‍ പഠിക്കുന്നവരായും ഓതുന്നവരായും ഒരുമിച്ചുകൂടിയാല്‍ അവരുടെമേലില്‍ ശാന്തിയും സമാധാനവും കാരുണ്യവും ഇറക്കപ്പെടുകയും മാലാഖമാരുടെ സംരക്ഷണവലയവും അല്ലാഹുവിന്റെ സമീപസ്തരുടെ അടുത്തുവെച്ച് അല്ലാഹുവിന്റെ പ്രശംസയും നല്‍കപ്പെടുന്നതാണ്.

ഇമാം ദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു, ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്റെ പിതാവിന് അന്ത്യദിനത്തില്‍ കിരീടം അണിയിക്കപ്പെടുന്നതാണ്. ആ കിരീടത്തിന്റെ പ്രകാശം സൂര്യപ്രകാശത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും.

ആത്മ സംസ്കരണം

നോന്പുകാലം വിശ്വാസിക്ക് ആത്മ സംസ്കരണത്തിനുള്ളതാണ്. വിശുദ്ധ ഖുര്‍ആന്‍ എല്ലാ ആത്മരോഗങ്ങള്‍ക്കുമുള്ള സിദ്ധൗഷധവുമാണ്. “ഇരുമ്പ് തുരുമ്പ് പിടിക്കുന്നത് പോലെ ഹൃദയങ്ങള്‍ക്കും തുരുമ്പ് വരും.’ നബി(സ്വ) ഇങ്ങനെ പറഞ്ഞപ്പോള്‍ ഒരാള്‍ ചോദിച്ചു: തുരുമ്പിനെ വൃത്തിയാക്കാനുള്ള വസ്തു എന്താണ്? “ഖുര്‍ആന്‍ പാരായണവും മരണ സ്മരണയും’ എന്നായിരുന്നു മറുപടി (ഇഹ്യാഅ് 513).

രോഗശമനം

ഹൃദയ സംസ്കരണത്തിനു മാത്രമല്ല ശാരീരിക രോഗങ്ങള്‍ക്കുള്ള ശമനൗഷധം കൂടിയാണ് ഖുര്‍ആന്‍. ഈ വിഷയത്തില്‍ ധാരാളം തിരുവചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ ഏറ്റവും നല്ല ഔഷധമാണ്. ഒരു രോഗിയുടെ സമീപം ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അയാള്‍ക്ക് സമാധാനമുണ്ടാകും. തൊണ്ടവേദന ഉണ്ടായിരുന്ന ഒരാള്‍ അതിന്റെ പ്രതിവിധി തേടി പ്രവാചകനെ സമീപിച്ചപ്പോള്‍ നീ ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നാണ് അവിടുന്ന് നിര്‍ദേശിച്ചത്. നെഞ്ചുവേദനയുമായി സമീപിച്ച ആളോടും ഖുര്‍ആന്‍ പാരായണമാണ് നബി(സ്വ) നിര്‍ദേശിച്ചത് (അല്‍ ഇത്ഖാന്‍ 2/359).

സൂറതുല്‍ ഫാതിഹ മരണമൊഴികെ എല്ലാറ്റിനും പ്രതിവിധിയാണ് (ഇത്ഖാന്‍) സൂറതുല്‍ ഫാതിഹ ഓതി മന്ത്രിച്ച് വിഷബാധയേറ്റ ഒരു ഗോത്രത്തലവനെ സുഖപ്പെടുത്തിയത് സ്വഹീഹായ ഹദീസുകളിലുണ്ട്. ഉബയ്യുബ്നു കഅ്ബ്(റ) പറയുന്നു: “ഞാന്‍ നബി(സ്വ)യുടെ സവിധം ഇരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ സഹോദരന്റെ ഭ്രാന്തിനെക്കുറിച്ച് ആവലാതിയുമായി എത്തി. അവനെ നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുവരാന്‍ പറഞ്ഞു. സൂറതുല്‍ ഫാതിഹയും മറ്റു ചില ആയത്തുകളും ഓതി നബി(സ്വ) രോഗിയെ മന്ത്രിച്ചു. രോഗം ഭേദമായിട്ടാണ് അയാള്‍ മടങ്ങിയത്’ (അല്‍ ഇത്ഖാന്‍ 2/360).

പിശാചില്‍ നിന്ന് മോചനം

ഇബ്നു മസ്ഊദ്(റ) പറയുന്നു: സൂറതുല്‍ ബഖറയുടെ ആദ്യത്തെ നാല് സൂക്തങ്ങള്‍, ആയതുല്‍ കുര്‍സി, അതിന് ശേഷമുള്ള രണ്ടു സൂക്തങ്ങള്‍, സൂറതുല്‍ ബഖറയുടെ അവസാനത്തെ രണ്ടു സൂക്തങ്ങള്‍ ആരെങ്കിലും പാരായണം ചെയ്താല്‍ അന്നേ ദിവസം പിശാച് അടുക്കുകയില്ല (അല്‍ ഇത്ഖാന്‍).

സൂറതുല്‍ ബഖറ പാരായണം ചെയ്യുന്ന വീടുകളില്‍ നിന്ന് പിശാച് ഓടിപ്പോകും (രിയാളുസ്വാലിഹീന്‍). അബൂഹുറൈറ(റ) നിവേദനം: ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വീട്ടുകാര്‍ക്ക് നന്മ വര്‍ധിക്കും, മലാഇകത്തിന്റെ സാന്നിധ്യമുണ്ടാകും, ആ വീട്ടില്‍ നിന്ന് പിശാച് പുറത്തുപോകും (രിയാളുസ്വാലിഹീന്‍).

എ്വെര്യം ലഭിക്കും

ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വീട്ടില്‍ നന്മ വര്‍ധിക്കും. ചെയ്യാത്ത വീട്ടില്‍ നന്മ കുറയുകയും ചെയ്യും. അല്ലാഹുവിന്റെ ഭവനങ്ങളില്‍ ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും ഒരുമിച്ചുകൂടുന്നവരില്‍ സമാധാനവും കാരുണ്യവും വര്‍ഷിക്കുമെന്ന് തീര്‍ച്ചയാണ്. മലക്കുകള്‍ അവര്‍ക്ക് ചുറ്റുമുണ്ടാവും. അല്ലാഹു മലക്കുകളോട് അവരെക്കുറിച്ച് പുകഴ്ത്തി പറയുകയും ചെയ്യും.

പാരത്രിക മോക്ഷം

ഇബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം: മൂന്ന് വിഭാഗം ആളുകള്‍ക്ക് മഹ്ശറയിലെ ഭയാനകതയോ വിചാരണയോ ഉണ്ടാകില്ല. മറ്റുള്ളവരുടെ വിചാരണ കഴിയുന്നത് വരെ അവര്‍ കസ്തൂരി കുന്നിന്മേലായിരിക്കും. അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയും ജനങ്ങള്‍ തൃപ്തിപ്പെടുന്ന രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് അവര്‍ക്ക് ഇമാമായി നില്‍ക്കുകയും ചെയ്തവരാണ് ഒരു വിഭാഗം (ഇഹ്യാഅ്).

നബി(സ്വ) പറയുന്നു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക, അന്ത്യനാളില്‍ നിങ്ങള്‍ക്ക് ശിപാര്‍ശകനായി ഖുര്‍ആനുണ്ടാകും (രിയാളുസ്വാലിഹീന്‍). ഹൃദയത്തില്‍ ഖുര്‍ആനിന്റെ സാന്നിധ്യമുള്ള ഒരു വിശ്വാസിയെ നരകം സ്പര്‍ശിക്കില്ല (അല്‍ ഇത്ഖാന്‍).

ഖുര്‍ആനിനെ ആരെങ്കിലും മുമ്പില്‍ നിര്‍ത്തിയാല്‍ അവനെയത് സ്വര്‍ഗത്തിലേക്ക് നയിക്കും. ഖുര്‍ആനിനെ പുറകിലാക്കിയവനെ അത് നരകത്തിലേക്ക് തെളിക്കും. മുആദുബ്നു അനസ്(റ)ല്‍ നിന്ന് നിവേദനം. ഒരാള്‍ പരിപൂര്‍ണമായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്റെ പിതാവിന് ഒരു കിരീടം അണിയിക്കുന്നതാണ്. ആ പിതാവ് ഭൂമിയിലേക്ക് വന്നാല്‍ സൂര്യനെക്കാള്‍ പ്രഭയുണ്ടായിരിക്കും. ഖുര്‍ആന്‍ ഓതിയവന്റെ പിതാവിന് ഇത്രയും മഹത്ത്വമുണ്ടായാല്‍ അത് പാരായണം ചെയ്തവന്റെ മഹത്ത്വം എത്രയാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനഃപാഠമാക്കുകയും ചെയ്ത ആള്‍ അന്ത്യനാളില്‍ അദ്ദേഹത്തിന്റെ കുടുംബങ്ങളില്‍ നിന്നും ദോഷികളായ പത്ത് പേര്‍ക്കു ശിപാര്‍ശ ചെയ്യും. ഖുര്‍ആനിലെ ഒരു സൂക്തം പഠിക്കുന്നതിന് നൂറ് റക്അത്ത് നിസ്കരിക്കുന്നതിനെക്കാള്‍ പുണ്യമുണ്ട് (ഇത്ഖാന്‍ 2/334).

ഇത്തരം മാഹാത്മ്യങ്ങള്‍ ഉള്‍ക്കൊണ്ടത് കൊണ്ടാണ് പൂര്‍വസൂരികള്‍ ഖുര്‍ആന്‍ പാരായണത്തിന് വലിയ മഹത്ത്വം കല്‍പിച്ചത്. ഒരു ദിവസം കൊണ്ട് ഒരു ഖത്മ് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ധാരാളം ആളുകളുണ്ടായിരുന്നു. ഒരു ദിവസം തന്നെ രണ്ടും മൂന്നും ഖത്മ് ഓതിയിരുന്നവരുമുണ്ട്. അഹ്മദ് അദുറൂഖ്(റ) എന്ന മഹാന്‍ നിത്യവും എട്ട് ഖത്മ് ഓതിയിരുന്നുവത്രെ (അല്‍ അദ്കാര്‍/95).

ഇമാം നവവി(റ) പറയുന്നു: ദിവസങ്ങളില്‍ വെള്ളി, തിങ്കള്‍, വ്യാഴം, അറഫദിനം എന്നിവയും പത്തുകളില്‍ ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തും റമളാനിലെ അവസാനത്തെ പത്തും മാസങ്ങളില്‍ റമളാന്‍ മാസവും ഖുര്‍ആന്‍ പാരായണത്തിനുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കേണ്ടതാണ് (അല്‍ അദ്കാര്‍/97).


പാരായണ മര്യാദകൾ


ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. അതു പാരായണം ചെയ്യുന്നതിന് പ്രത്യേകമായ നിയമങ്ങളുണ്ട്. അതിന് വിധേയമായേ ഓതാവൂ. മറിച്ചായാല്‍ പ്രതിഫലത്തിനു പകരം വിപത്തുകളായിരിക്കും ഉണ്ടാവുക. നിയമാനുസൃതം ശൈലിയിലും രാഗത്തിലും ഓതാന്‍ ഭാഗ്യം ലഭിക്കുന്നത് വലിയ പുണ്യമാണ്. പലരും അതു ശ്രദ്ധിക്കാറില്ലെന്നത് ദൗര്‍ഭാഗ്യകരം തന്നെ. 

സ്വഹീഹായ രൂപത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് മൂന്ന് നിബന്ധനകളുണ്ട്. 

ഒന്ന്, നിപുണനായ ഗുരുനാഥനില്‍ നിന്നു പഠിച്ച് സനദ് മുത്തസിലാവുക. 

രണ്ട്, വ്യാകരണ നിയമങ്ങള്‍ക്കനുസൃതമായിരിക്കുക. 

മൂന്ന്, ഉസ്മാനിയ്യാ എഴുത്ത് രീതി അറിഞ്ഞിരിക്കുക. ഖുര്‍ആന്‍ പാരായണ ശാസ്ത്രമാണ് തജ്‌വീദ്. 

അതിന് ഭംഗം വരുമ്പോള്‍ കുറ്റക്കാരനായിത്തീരുകയും നിസ്‌കാരം സ്വഹീഹാകാതിരിക്കുകയും ചെയ്യും. അക്ഷരങ്ങള്‍ മഖ്‌റജുകള്‍ (ഉച്ചാരണ സ്ഥാനം) മാറി ഉച്ചരിക്കുമ്പോള്‍ അര്‍ത്ഥവ്യതിയാനം സംഭവിക്കുന്നതിനാല്‍ കുറ്റത്തിന് കാഠിന്യം വര്‍ധിക്കും. ഓതിക്കൊണ്ടിരിക്കുന്ന എത്രപേരെയാണ് ഖുര്‍ആന്‍ ശപിച്ചുകൊണ്ടിരിക്കുന്നതെന്ന മഹത് വചനം ഓര്‍ക്കുക.

ഖുര്‍ആനിനെ അനാദരിക്കല്‍ വലിയപാപമാണ്. വായയില്‍ നജസ്സുള്ള സമയത്ത് ഖുര്‍ആന്‍ ഓതല്‍, ഖുര്‍ആന്‍ എഴുതിയ വസ്തുക്കളില്‍ ചവിട്ടല്‍, ഖുര്‍ആനില്‍ പണംപോലുള്ള വസ്തുക്കള്‍ സൂക്ഷിക്കല്‍, ഖുര്‍ആന്‍ അമുസ്‌ലിമിന്റെ പക്കല്‍ കൊടുക്കല്‍, മുസ്ഹഫിന് നേരെ കാല്‍നീട്ടല്‍ തുടങ്ങിയവയെല്ലാം ഹറാമാണ്.

അനാവശ്യമായി ഖുര്‍ആന്‍ കരിച്ചുകളയല്‍ ഹറാമാണ്. നിന്ദ്യമാകുന്ന രീതിയിലാണെങ്കില്‍ അത് ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്ന സംഗതിയാണ്. ഖുര്‍ആന്‍ എഴുതിയ കടലാസ്സുകളും മറ്റും കരിച്ചുകളയല്‍ കറാഹത്താണ്. നജസുപോലുള്ള മലിന വസ്തുക്കള്‍ വീഴുന്നതില്‍ നിന്നും നിന്ദ്യസ്ഥലങ്ങളില്‍ അകപ്പെടുന്നതില്‍ നിന്നും സൂക്ഷിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലെങ്കില്‍ കരിച്ചുകളയല്‍ നിര്‍ബന്ധമായിവരും (തുഹ്ഫ 1/55,56).


ഖുര്‍ആന്‍ മടിവരാതെ സാവേശം ഓതണം. വിലപ്പെട്ട സമയങ്ങള്‍ അനാവശ്യ വര്‍ത്തമാനങ്ങളില്‍ ഉപയോഗിക്കാതെ നന്മയില്‍ മാത്രം തളച്ചിടാനുള്ള രക്ഷാമാര്‍ഗമാണ് ഖുര്‍ആന്‍ പാരായണം. 

ബാഹ്യവും ആന്തരികവുമായ മര്യാദകള്‍ പരിഗണിച്ചായിരിക്കണം അത് നിര്‍വഹിക്കുന്നത്. ബാഹ്യമായ അദബുകള്‍ പത്താണ്.

ഓതുന്നവന്‍ വുളൂഅ് ചെയ്ത് ഖിബ്‌ലക്കഭിമുഖമായി വിനയം പ്രകടമാക്കിക്കൊണ്ടു ഓതുക. വുളൂ ഇല്ലാതെ ഓതിയാലും പുണ്യമുണ്ടെങ്കിലും ശുദ്ധി വരുത്തുന്നതാണ് ഉത്തമം.

പാരായണത്തിന്റെ അളവുമായി ബന്ധപ്പെട്ടുള്ളതാണ് രണ്ടാമത്തേത്. പലര്‍ക്കും വ്യത്യസ്ത രീതികളും ചര്യകളുമാണ് ഈ കാര്യത്തിലുണ്ടാവുക. ജോലികളില്‍ നിന്നെല്ലാം ഒഴിവായി ആരാധനകളില്‍ മുഴുകിയവര്‍ ആഴ്ചയില്‍ രണ്ടു ഖത്മ് തീര്‍ക്കണം. ആവര്‍ത്തനവും വിചിന്തനവും കൂടുതലായി ആവശ്യമുള്ളതു കൊണ്ട് ആശയങ്ങളില്‍ ആഴത്തിലിറങ്ങി ചിന്തിക്കുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ ഓതിത്തീര്‍ത്താല്‍ മതി.

സൗകര്യാര്‍ത്ഥം നിശ്ചിത ഭാഗങ്ങളാക്കി തിരിച്ച് ഓരോ ദിവസത്തിനും അളവ് നിര്‍ണയിച്ച് പാരായണത്തെ വിഭജിക്കുക.

എഴുത്തുമായി ബന്ധപ്പെട്ടതാണ് നാലാമത്തേത്. ഭംഗിയില്‍ വ്യക്തമായും വൃത്തിയായും അന്യമായതൊന്നും കൂട്ടിച്ചേര്‍ക്കാതെയാണ് ഖുര്‍ആന്‍ എഴുതേണ്ടത്.

സാവകാശം പാരായണം ചെയ്യുക. ഖുര്‍ആനില്‍ അല്ലാഹു പറയുന്നതും സാവകാശം ഓതണമെന്നാണ്.

പാരായണ വേളയില്‍ ഖേദത്തോടെ കണ്ണീര്‍ വാര്‍ക്കുക. റസൂല്‍(സ്വ) അരുളി: നിങ്ങള്‍ ഖുര്‍ആന്‍ ഓതി കരയുക. കരയാന്‍ സാധിക്കുന്നില്ലെങ്കില്‍ കരയുന്നതായി കാണിക്കുകയെങ്കിലും ചെയ്യുക. 

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: കണ്ണിനു കരയാന്‍ സാധിക്കുന്നില്ലെങ്കില്‍ ഹൃദയം കൊണ്ട് കരയുക.

സജദയുടെ ആയത്ത് പാരായണം ചെയ്തു കഴിഞ്ഞാല്‍ സുജൂദ് ചെയ്യുക. നിസ്‌കാരത്തിലും പുറത്തും ഈ സുജൂദ് സുന്നത്തുണ്ട്. നിസ്‌കാരത്തിനു പുറത്തുള്ള ശ്രോതാവിനും സുന്നത്തുണ്ട്.

നിസ്‌കാരത്തിന് പുറത്താണ് സുജൂദ് ചെയ്യുന്നതെങ്കില്‍ നാല് നിബന്ധനകള്‍ പാലിക്കണം. ഒന്ന്, നിയ്യത്ത്. രണ്ട്, തക്ബീറത്തുല്‍ ഇഹ്‌റാം. മൂന്ന്, ഒരു സുജൂദ് ചെയ്യുക. നാല്, ഒരു സലാം വീട്ടുക. തക്ബീറത്തുല്‍ ഇഹ്‌റാമില്‍ ഇരുകൈകളും ചുമലിനു നേരെ ഉയര്‍ത്തുക, സുജൂദിലേക്കു കുനിയുമ്പോഴും അതില്‍ നിന്നുയരുമ്പോഴും കൈകള്‍ ഉയര്‍ത്താതെ തക്ബീര്‍ ചൊല്ലുക, സലാമിനു വേണ്ടി ഇരിക്കുക, നിസ്‌കാരത്തിലെ സുന്നത്തുകള്‍ പാലിക്കുക, സുജൂദിലെ തിലാവത്തിന്റെ ദിക്ര്‍ ചൊല്ലുക എന്നിവ സുന്നത്താണ്.

അവസരോചിതമായ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുക. തുടക്കത്തില്‍ അഊദു ഓതുക, അവസാനം സ്വദഖല്ലാഹു… ചൊല്ലി പ്രാര്‍ത്ഥിക്കുക, തസ്ബീഹിന്റെ ആയത്തുകള്‍ പാരായണം ചെയ്താല്‍ തസ്ബീഹും പ്രാര്‍ത്ഥനയുടേത് വന്നാല്‍ ദുആയും ശിക്ഷയുടേതു വന്നാല്‍ കാവല്‍ ചോദിക്കുകയും ചെയ്യുക.

ഉപദ്രവ സാധ്യതയില്ലാത്തിടത്ത് ഉറക്കെ ഓതുക. സ്വന്തത്തെ കേള്‍പ്പിച്ചായിരിക്കണം ഓത്ത്. മറ്റുള്ളവര്‍ക്ക് പ്രയാസം, ഉള്‍നാട്യം, പ്രശംസാ മോഹം തുടങ്ങിയ വിലക്കപ്പെട്ട കാര്യങ്ങള്‍ ഉച്ചത്തില്‍ പാരായണം ചെയ്താല്‍ ഉണ്ടായിത്തീരുമെങ്കില്‍ പതുക്കെ ഓതുക. നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ശബ്ദങ്ങളെ കൊണ്ട് ഖുര്‍ആനിനെ നിങ്ങള്‍ ഭംഗിയാക്കുക (അബൂദാവൂദ് റഹ്).


പള്ളിയുടെയും മറ്റു ഭിത്തികളിലും ഖുര്‍ആന്‍ വചനങ്ങള്‍ എഴുതല്‍ കറാഹത്താണ്. (റൗള അസ്‌നല്‍ മത്വാലിബ് 1/62)

ചെറിയ അശുദ്ധിയുള്ളവരോ വലിയ അശുദ്ധിയുള്ളവരോ വിശുദ്ധ ഖുര്‍ആന്‍ തൊടലും ചുമക്കലും ഹറാമാണ്. വിശുദ്ധ ഖുര്‍ആന്‍ എഴുതപ്പെട്ട പലക സൂക്ഷിക്കുന്നപെട്ടി, ഖുര്‍ആനിന്റെ എഴുത്തില്ലാത്ത ഭാഗങ്ങള്‍ എന്നിവയെല്ലാം സ്പര്‍ശിക്കല്‍ ഹറാമാണ്. 

എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും വേര്‍പിരിയാത്ത അവസ്ഥയില്‍ അതിലെ താളുകള്‍ വുളൂഇല്ലാതെ വടികൊണ്ട് മാറ്റുന്നതിനും മറ്റുചരക്കുകളുടെ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വുളൂഇല്ലാതെ ചുമക്കുന്നതിനും വിരോധമില്ല. (ഫത്ഹുല്‍ മുഈന്‍-19)... 

മിസ്റിലെ പണ്ഡിതന്മാര്‍ ഒരു അര്‍ധരാത്രി ശാഫിഈ ഇമാമിന്‍റെ സവിധത്തിലേക്ക് കടന്നുചെന്നു. അവിടുന്ന് ഖുര്‍ആന്‍ നിവര്‍ത്തി ഓതിക്കൊണ്ടിരിക്കുകയായിരുന്നു. ശാഫിഈ ഇമാം അവരോട് പറഞ്ഞു: ‘ഞാന്‍ ഇശാഅ് നിസ്കരിച്ച് ഖുര്‍ആന്‍ കയ്യിലെടുത്താല്‍ സുബ്ഹി വരെ അത് അടച്ച് വെക്കാറില്ല’ (ഇഹ്യ).

ഖുര്‍ആന്‍ സാവകാശം പാരായണം ചെയ്യലാണ് ഉത്തമം. നബി(സ്വ)യുടെ ഖുര്‍ആന്‍ പാരായണം ഓരോ അക്ഷരത്തെയും വിശദീകരിക്കും വിധം സാവകാശത്തിലായിരുന്നു. ഖത്മുകള്‍ ധാരാളം തീര്‍ക്കാന്‍ വേണ്ടി അക്ഷരങ്ങള്‍ അവ്യക്തമാകുന്ന തരത്തില്‍ വേഗതയോടെ ഓതുന്ന ചിലരുണ്ട്. പലരും ശദ്ദും(കനപ്പിക്കല്‍) മദ്ദു(നീട്ടല്‍)മൊന്നും മുഖവിലക്കെടുക്കാറേയില്ല. ഇമാം നവവി(റ) പറയുന്നു: ‘പാരായണത്തില്‍ ധൃതി കാണിക്കലും അതിവേഗത്തിലാക്കലും കറാഹത്താണ്’ (ശറഹുല്‍ മുഹദ്ദബ്).

വിശുദ്ധ ഖുര്‍ആന്‍ അറബിയല്ലാത്ത ഭാഷയില്‍ എഴുതലും അതുവായിക്കലും കടുത്ത തെറ്റാണ്. അങ്ങനെ വായിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതിയ പ്രതിഫലത്തിനുപകരം തെറ്റുചെയ്ത ശിക്ഷ ലഭിക്കാന്‍ കാരണമാകും. ഇതര ഭാഷകളില്‍ എഴുതുമ്പോള്‍ ഖുര്‍ആനിന്റെ അക്ഷരങ്ങളോ ഉദാഹരണങ്ങളോ തീര്‍ത്തും തെറ്റായ രീതിയിലാണ് ഉണ്ടാവുക... 

ഖുര്‍ആന്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ അറബി അക്ഷരങ്ങള്‍ പഠിക്കാനുള്ള വഴി കണ്ടെത്തുകയും പടിപടിയായി ഖുര്‍ആന്‍ വായിക്കുവാന്‍ പ്രപ്തി നേടുകയും ചെയ്യുക. ഖുര്‍ആന്‍ വരികളില്‍ പേന സ്പര്‍ശിച്ചാല്‍ പേന ഖുര്‍ആന്‍ ഓതുന്ന പുതിയ രീതിയിലുള്ള സംവിധാനങ്ങള്‍ ആധുനിക കാലത്ത് വ്യാപകമായും ലഭിക്കുന്നത്. അത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്...


ശ്രദ്ധിക്കേണ്ട മര്യാദകള്‍

അമാനുഷികമായ വിശുദ്ധ ഗ്രന്ഥം മനുഷ്യന്‍റെ അധരങ്ങള്‍ കൊണ്ട് ഉച്ചരിക്കണമെങ്കില്‍ ചില മര്യാദകള്‍ പാലിക്കല്‍ അനിവാര്യമാണ്. അവ പാലിക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ തീകൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാവുമത്. അത്തരക്കാര്‍ ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കലായിരിക്കും അഭികാമ്യം. പാരായണ സമയത്ത് പ്രപഞ്ചനാഥന്‍റെ മേന്മകളെക്കുറിച്ചും താനുച്ചരിക്കുന്ന വചനങ്ങള്‍ ദൈവീകമാണെന്നും ചിന്തിക്കല്‍ അനിവാര്യമാണ്.

നിരവധി ഖുര്‍ആന്‍ പാരായണ മര്യാദകള്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ രചിക്കാനൊരുക്കിവെച്ച പേജുകളുള്ള മുറിയിലേക്ക് കടക്കാന്‍പോലും അംഗശുദ്ധി വരുത്തിയ മഹാന്മാരുണ്ട്. തതനുസൃതം മറ്റു ഗ്രന്ഥങ്ങളെക്കാള്‍ ഖുര്‍ആനിനെ ആദരിക്കണമെന്നതില്‍ അഭിപ്രായാന്തരമില്ല. ബിസ്മി ഉല്ലേഖനം ചെയ്യപ്പെട്ട ഒരുതുണ്ട് പേജ് വഴിയരികില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കയ്യിലെടുത്ത് കഴുകി സുഗന്ധം പുരട്ടി ആദരിച്ച കാരണത്താല്‍ ഔന്നിത്യങ്ങള്‍ കരസ്ഥമാക്കിയ മഹാനായ ബിശ്റുല്‍ ഹാഫി(റ) പോലുള്ള മഹത്തുക്കളാണ് നമുക്ക് മാതൃകയാവേണ്ടത്.

ഇരിക്കുന്ന മുസ്വല്ലയില്‍ നിലത്ത് ഖുര്‍ആന്‍ വെച്ച് സുജൂദ് ചെയ്യുന്ന ചിലയാളുകളുണ്ട്. മര്യാദക്കേടാണത്. ഖുര്‍ആന്‍ എപ്പോഴും ഉയരത്തിലായിരിക്കണം. ഉദ്യോഗസ്ഥര്‍ ഫയലുകള്‍ പിടിക്കും വിധം അരയുടെ താഴെയായി ഖുര്‍ആന്‍ പിടിക്കുന്നതും പാടില്ല. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ അതിനര്‍ഹിക്കുന്ന പരിഗണന കല്‍പിച്ചിരിക്കണം. ഖുര്‍ആനിന്‍റെ സാന്നിധ്യത്തില്‍ കളിയും തമാശയും ഉല്ലാസങ്ങളിലേക്ക് ശ്രദ്ധ തിരിക്കലും മറ്റു സംസാരങ്ങളിലേര്‍പ്പെടലുമെല്ലാം നിഷിദ്ധമാണെന്നാണ് പണ്ഡിത പക്ഷം. ഇബ്നുഉമര്‍(റ) ഖുര്‍ആന്‍ പാരായണം ആരംഭിച്ചാല്‍ അതില്‍ നിന്ന് വിരമിക്കും വരെ മറ്റൊരു വാചകവും ഉച്ചരിക്കാറില്ലായിരുന്നുവത്രെ.

വൃത്തിയും ആദരവും പരിഗണിച്ച് പാരായണ പ്രാരംഭത്തില്‍ പല്ലുതേക്കലും പ്രത്യേകം സുന്നത്തുണ്ട്. അലി(റ) പറയുന്നു: “നിങ്ങളുടെ വായകള്‍ ഖുര്‍ആനിന്‍റെ വഴികളാണ്. പല്ലുതേച്ച് അതിന്‍റെ വഴികളെ നിങ്ങള്‍ മാലിന്യമുക്തമാക്കുക”(ഇത്ഖാന്‍). 

പാരായണം ഇടക്ക് നിര്‍ത്തി പുനരാരംഭിക്കുമ്പോള്‍ വീണ്ടും പല്ലുതേക്കല്‍ സുന്നത്താണെന്ന് ഇമാം സുയൂത്വി(റ) പറയുന്നുണ്ട്. അപ്രകാരം വിനയാന്വിതമായി, അഹങ്കാരത്തിന്‍റെ ലാഞ്ചനപോലുമില്ലാതെ ഭക്തിയാദരങ്ങള്‍ പ്രകടിപ്പിച്ച് പാരായണം ചെയ്യലും ഖുര്‍ആന്‍ പാരായണം കേട്ടാല്‍ മൗനം ദീക്ഷിക്കലും അനിവാര്യമാണ്. ഖുര്‍ആന്‍ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കല്‍ പുണ്യകരമാണെന്ന് വരെ വിശുദ്ധമതം പഠിപ്പിച്ചു. ഓരോ അക്ഷരത്തിനും പ്രതിഫലം ലഭിക്കാന്‍ കാരണമായ ഖുര്‍ആനിക വചനങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ ഉരുവിട്ട് ഈ പുണ്യങ്ങളുടെ റമളാന്‍ കാലം നമ്മുടേതാക്കി മാറ്റുക.


ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും നല്ല സമയം

ഏതു സമയവും ഖുര്‍ആന്‍ പാരായണം ഉചിതമാണ്. നിസ്‌കാരത്തില്‍ പാരായണം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ദിക്‌റുകള്‍ കൊണ്ട് സുജൂദ്, റുകൂഉകള്‍ ദീര്‍ഘിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് നിസ്‌കാരത്തിലെ ഖിയാം ദീര്‍ഘിപ്പിക്കുന്നതാണ്... 

നിസ്‌കാരത്തിലെ പാരായണം കഴിഞ്ഞാല്‍ ശ്രേഷ്ഠ സമയം രാത്രിയിലെ പാരായണമാണ്. ഇശാഇന്റെയും മഗ്‌രിബിന്റെയും ഇടയില്‍ ഓതുന്നത് ഉത്തമമാണ്. എന്നാല്‍ രാത്രിയുടെ രണ്ടാം പാതി അത്യുത്തമമാണ്. പകലില്‍ സുബ്ഹി നിസ്‌കാര ശേഷമാണ് നല്ലത്. മാസങ്ങളില്‍ റമളാന്‍ മാസത്തിനു കൂടുതല്‍ മഹത്വമുണ്ട്. ദുല്‍ഹിജ്ജയിലെ ആദ്യ പത്തു ദിനം, റമളാനിലെ ഒടുവിലത്തെ പത്തു ദിനങ്ങള്‍ എന്നിവ പ്രത്യേകം മഹത്വം നിറഞ്ഞതാണ്. വെള്ളി, തിങ്കള്‍, വ്യാഴം, അറഫാ ദിനം എന്നീ ദിനങ്ങളിലെ പാരായണത്തിനും പ്രത്യേകം പ്രാധാന്യമുണ്ട്. (അല്‍ അദ്കാര്‍/ ഇമാം നവവി).


ഹൃദയ സംസ്‌കരണൗഷധം

വിശ്വാസിയുടെ ഹൃദയം ഈമാന്‍ കാരണം പ്രകാശം പൊഴിച്ചുകൊണ്ടിരിക്കും. എന്നാലും ക്രമേണ ആ ഹൃദയത്തില്‍ തുരുമ്പ് കയറും. അത് തുടച്ചു നീക്കി സദാ പ്രകാശിതമായി നില്‍ക്കാനുള്ള ദിവ്യ ഒളിയാണ് വിശുദ്ധ ഖുര്‍ആന്‍. പ്രവാചകര്‍(സ്വ) പറയുകയുണ്ടായി: ഇരുമ്പ് നനയുമ്പോള്‍ തുരുമ്പെടുക്കുന്നതു പോലെ ഹൃദയങ്ങളെയും തുരുമ്പ് ബാധിക്കും. ഒരാള്‍ ചോദിച്ചു: തുരുമ്പ് നീക്കി ഹൃദയം തെളിയിക്കാനുള്ള മാര്‍ഗമെന്താണ് നബിയേ? അവിടുന്ന് മറുപടി നല്‍കി: മരണസ്മരണ വര്‍ധിപ്പിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക (ബൈഹഖി റഹ്). 

മറ്റൊരു ഹദീസ് കാണുക: ഖുര്‍ആനില്‍ നിന്ന് ഒന്നും മനസ്സിലില്ലാത്തവന്‍ ശൂന്യമായ വീടുപോലെയാണ് (തുര്‍മുദി റഹ്).

അപാരമാണ് ഖുര്‍ആനിന്റെ ഹൃദയ സ്വാധീനം. വിശുദ്ധ വേദം അവതരിച്ചത് പര്‍വത മുകളിലായിരുന്നെങ്കില്‍ ദൈവഭയം മൂലം പര്‍വതം പൊട്ടിച്ചിതറുമായിരുന്നെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇലാഹീ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ വിശ്വാസിയുടെ ഹൃദയം വിറകൊള്ളുമെന്നും ഖുര്‍ആന്‍. അതുകൊണ്ടുതന്നെയാണ് ഹൃദയസംസ്‌കരണൗഷധങ്ങളുടെ കൂട്ടത്തില്‍ ആശയം ചിന്തിച്ചുള്ള ഖുര്‍ആന്‍ പാരായണത്തെയും മഹത്തുക്കള്‍ എണ്ണിയത്. 

ആത്മീയ ഭിഷഗ്വരനായ ഇബ്‌റാഹീം ഖവ്വാസ്(റ)വിനെ പോലുള്ളവര്‍ പഠിപ്പിച്ച ഇക്കാര്യം സൈനുദ്ദീന്‍ മഖ്ദൂം കബീര്‍(റ) അദ്കിയയില്‍ ഉദ്ധരിക്കുന്നുണ്ട്.

ആശയം ചിന്തിച്ചു പാരായണം ചെയ്യുന്നതിന് ഖുര്‍ആന്‍ പഠിക്കാനുള്ള തീവ്രശ്രമം വേണം. സകല മനുഷ്യരുടേയും ഇഹപരമോക്ഷത്തിനു വേണ്ടി തന്റെ യജമാനന്‍ അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥത്തിന്റെ ആശയം പഠിക്കാന്‍ സാധിക്കുകയെന്നതിലുപരി എന്തു സൗഭാഗ്യമാണുള്ളത്. അര്‍ത്ഥവും ആശയവും ഗ്രഹിച്ചുകൊണ്ടുള്ള പാരായണമാണ് സമ്പൂര്‍ണ ഫലം ഉളവാക്കുക. സംഘടനയുടെ കീഴില്‍ വ്യാപകമായി നടക്കുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ക്ലാസുകള്‍ ഇതിന് ഏറെ സഹായകമാണ്. എന്നാല്‍ അര്‍ത്ഥം അറിയാതെയോ അത് ചിന്തിക്കാതെയോ ഓതിയാലും പ്രതിഫലം ലഭിക്കും.


എത്ര ഓതണം

വിഖ്യാത പണ്ഡിതനായ ഇമാം നവവി(റ) ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചെഴുതിയ കാര്യങ്ങള്‍ ഇവിടെ സംഗ്രഹിക്കാം: രാവും പകലും ഓതണം. നാട്ടിലാവുമ്പോഴും യാത്രാവേളയിലും ഓതണം. പൂര്‍വികരായ മുസ്‌ലിംകള്‍ ഖത്മില്‍ വ്യത്യസ്ത നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. അവരിലൊരു വിഭാഗം രണ്ടു മാസത്തിലൊരു തവണയും മറ്റു ചിലര്‍ പത്തു ദിവസത്തിലൊരിക്കലും ഖത്മ് ചെയ്യും. 

എട്ടു ദിവസത്തിലും ഏഴു ദിവസത്തിലും ഓതിത്തീര്‍ക്കുന്നവരുമുണ്ടായിരുന്നു. എന്നാല്‍ പൂര്‍വികരില്‍ ചിലര്‍ ആറു ദിവസത്തിലും മറ്റു ചിലര്‍ നാലു ദിവസത്തിലും വേറെ പലരും മൂന്നു ദിവസത്തിലും ഖത്മ് ചെയ്യുമായിരുന്നു. ഒരു ദിനരാത്രം കൊണ്ട് തന്നെ ഒരു ഖത്മ് പൂര്‍ത്തിയാക്കുന്ന നിരവധി മഹാന്മാരുമുണ്ടായിരുന്നു. ഒരു രാപ്പകല്‍ കൊണ്ട് രണ്ടും മൂന്നും ഖത്മ് നടത്തിയവരുമുണ്ട്. രാത്രി നാല് പകല്‍ നാല് എന്ന ക്രമത്തില്‍ ഒരു ദിവസം എട്ട് ഖത്മ് നടത്തിയ അപൂര്‍വം വ്യക്തികളുമുണ്ട്.

പാരായണ രീതി വ്യക്തികളുടെ സ്ഥിതിക്കനുസരിച്ച് വ്യത്യാസപ്പെടുമെന്നാണ് പ്രബലാഭിപ്രായം. സൂക്ഷ്മ ചിന്തയിലൂടെ അഗാധമായ ആശയങ്ങളും ഫലങ്ങളും ഗ്രഹിക്കാന്‍ കഴിയുന്നവര്‍ അതിനു സഹായകമായ വിധത്തില്‍ സാവകാശം പാരായണം ചെയ്യുകയാണ് വേണ്ടത്. അപ്രകാരം തന്നെ മതകീയവും മുസ്‌ലിമീങ്ങളുടെ പൊതുപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതുമായ വിജ്ഞാന പ്രചാരണം, വിധിന്യായം തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതരായിട്ടുള്ളവര്‍ പ്രസ്തുത സേവന പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതമാവാത്ത രീതിയില്‍ ഖുര്‍ആന്‍ പാരായണത്തിന് സമയം കാണുകയാണ് വേണ്ടത്. ഇത്തരം പൊതുസേവന ബാധ്യതകളില്ലാത്തവര്‍ ഖുര്‍ആന്‍ കൂടുതലായി ഓതുന്നതിന് പരമാവധി സമയം ഉപയോഗിക്കുകയും ചെയ്യുക. പക്ഷേ, അത് പാരായണത്തില്‍ അമിത വേഗതക്കോ മടുപ്പും വിമുഖതയും ഉളവാക്കുന്നതിനോ ഇടവരുത്താത്ത വിധത്തിലാകണം.

ശുദ്ധിയുള്ള ഏതൊരാള്‍ക്കും ഏത് സമയത്തും ഓതാവുന്നതാണ്. ഖുര്‍ആന്‍ ഓതാന്‍ പാടില്ലാത്ത ഒരു സമയവുമില്ല. നിസ്‌കാരത്തിലാണ് ഏറ്റവും ഉത്തമം. അലി(റ) പറഞ്ഞു: ‘നിസ്‌കാരത്തില്‍ നിന്നുകൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്തവന് ഓരോ അക്ഷരത്തിനും നൂറ് നന്മ ലഭിക്കും. ഇരുന്ന് നിസ്‌കരിക്കുന്നവന്റെ പാരായണത്തില്‍ ഓരോ അക്ഷരത്തിനും അമ്പത് നന്മയും.’

നിസ്‌കാരത്തിലല്ലാത്തപ്പോള്‍ രാത്രി സമയമാണ് ഖിറാഅത്തിനുത്തമം. രാത്രിയില്‍ അതിശ്രേഷ്ഠം പാതിരാത്രിയും. രാത്രിയില്‍ പിന്നെ ഉത്തമം ഇശാ മഗ്‌രിബിനിടക്കാണ്. പകല്‍ സമയങ്ങളില്‍ പാരായണത്തിന് ശ്രേഷ്ഠം സുബ്ഹി നിസ്‌കാരാനന്തരവും. പല്ലു തേച്ചു വായ ശുദ്ധിവരുത്തി വേണം പാരായണം. ഭക്തിയോടെ വിനയപൂര്‍വം ആശയം ചിന്തിച്ചോതണം. ഒരൊറ്റ സൂക്തത്തിന്റെ അനന്തമായ ആശയങ്ങളില്‍ ചിന്തിച്ച് ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയ മഹാന്മാര്‍ പൂര്‍വികരിലുണ്ട്. 

ഖുര്‍ആനിന്റെ ഗംഭീരമായ താക്കീതുകള്‍ ചിന്തിച്ച് അവരില്‍ പലരും ബോധംകെട്ടു വീഴുമായിരുന്നു. ഭയഭക്തിയോടെ മനസ്സറിഞ്ഞ് കരയണം. അതാണ് ആത്മീയ പണ്ഡിതന്മാരുടെയും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെയും ശൈലി. മനസ്സിളകി കരയാന്‍ കഴിയാത്തവര്‍ ബാഹ്യമായെങ്കിലും കരയണം. മുസ്വ്ഹഫില്‍ നോക്കി ഓതുന്നതിനേക്കാള്‍ അര്‍ത്ഥം ചിന്തിക്കാന്‍ കൂടുതല്‍ സഹായകം കാണാതെ ഓതുന്നതാണെങ്കില്‍ അങ്ങനെ ചെയ്യലാണ് ഉത്തമം. ഇല്ലെങ്കില്‍ മുസ്വ്ഹഫില്‍ നോക്കി ഓതുന്നതാണ് ശ്രേഷ്ഠം. ആത്മാര്‍ത്ഥതക്ക് ഹാനികരമായ വിധം ബാഹ്യപ്രകടനത്തിനു സാധ്യതയുണ്ടെങ്കില്‍ രഹസ്യപാരായണമാണ് വേണ്ടത്. അല്ലെങ്കില്‍ ഉറക്കെയും. 

പക്ഷേ, മറ്റുള്ളവരുടെ നിസ്‌കാരത്തിനോ ഉറക്കിനോ ദിക്‌റിനോ പഠനത്തിനോ ശല്യമാകുംവിധം ഉറക്കെ ഓതാന്‍ പാടില്ല. കൂടുതല്‍ ശ്രദ്ധകിട്ടാനും ആലസ്യം അകറ്റാനും മറ്റുള്ളവര്‍ക്ക് ആവേശം പകരാനും അവരുടെ ആസ്വാദനത്തിനും കാരണമാകുമെങ്കില്‍ ഉറക്കെ ഓതുന്നത് തന്നെയാണുത്തമം (അല്‍അദ്കാര്‍-ഇമാം നവവി). 


ദുരന്തങ്ങള്‍ തടയുന്ന പത്ത് സൂറത്തുകള്‍

നബി(സ്വ)പറഞ്ഞു: പത്തെണ്ണം പത്ത് ദുരന്തങ്ങളെ തടയുന്നതാണ്...

1. ഫാതിഹ – റബ്ബിന്റെ ദേഷ്യത്തെ തടയും.

2. യാസീന്‍ – അന്ത്യനാളിലെ ദാഹത്തെ തടയും.

3. ദു:ഖാന്‍ – അന്ത്യനാളിലെ ഭയവിഹ്വലതയെ തടയും.

4. വാഖിഅ – ദാരിദ്ര്യത്തെയും പ്രതിസന്ധികളെയും തടയും.

5. മുല്‍ക് – ഖബര്‍ ശിക്ഷയെ തടയും.

6. കൗസര്‍ – എതിരാളികളെ ഉത്തരം മുട്ടിക്കും.

7. കാഫിറൂന – മരണ ഘട്ടത്തില്‍ ഈമാന്‍ ഊര്‍ന്നു പോകുന്നതിനെ തടയും.

8. ഇഖ്‌ലാസ് – കാപട്യം തടയും.

9. ഫലഖ് – അസൂയക്കാരുടെ അസൂയയെ തടയും.

10. അന്നാസ് – വസ്‌വാസിനെ തടയും (മിശ്കാതുല്‍ മസാബീഹ്).


സൂറത്തുകളുടെ സവിശേഷതകള്‍

വിശുദ്ധ ഖുര്‍ആനില്‍ 114 സൂറത്തുകളുണ്ട്. എന്നാല്‍ എല്ലാ സൂറത്തുകളും ശ്രേഷ്ടതയില്‍ തുല്യവിതാനത്തിലല്ല. ചില സൂറത്തുകള്‍ക്ക് വലിയ ശ്രേഷ്ടതയും പാരായണം ചെയ്യുന്നതിന് വലിയ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഉദാഹരണം; യാസീന്‍ സൂറത്ത് ഒരു തവണ പാരായണം ചെയ്യുന്നതിന് പത്ത് തവണ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള പ്രതിഫലമുണ്ടെന്ന് തിരുനബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. (തഫ്‌സീര്‍ സ്വാവി).

ഇമാം ഗസ്സാലി (റ), അബ്ദുല്ലാഹിബ്‌നു യാഫിഈ(റ) തുടങ്ങിയ മഹാന്മാര്‍ വിശുദ്ധ ഖുര്‍ആനിലെ സിശേഷതയുള്ള സൂറത്തുകളെ അധികരിച്ചുമാത്രം ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഇമാം ഗസ്സാലി(റ) തന്റെ ജവാഹിറുല്‍ ഖുര്‍ആനില്‍ വിവരിക്കുന്നത് കാണുക: ”

പരിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ക്ക് മറ്റുള്ള ആയത്തുകളേക്കാള്‍ മഹത്വമുണ്ട്, പ്രാധാന്യമുണ്ട്. എല്ലാ ആയത്തുകളും അല്ലാഹുവിന്റെ കലാമാണല്ലോ. അപ്പോള്‍ ഏത് മാനദണ്ഡം വെച്ചാണ് താങ്കള്‍ ചില സൂറത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയത് എന്ന് ഒരുപക്ഷേ നിവാരണം തേടിയേക്കാം. ചില യാഥാര്‍ഥ്യങ്ങള്‍ നീ അറിയുക. കടമിടപാടിനെക്കുറിച്ച് വിവരിക്കുന്ന ആയത്തും അല്ലാഹുവിന്റെ ഉജ്ജ്വല ഗുണവിശേഷങ്ങള്‍ പ്രതിപാദിക്കുന്ന ആയത്തുല്‍ കുര്‍സിയ്യും തമ്മിലുള്ള വൈജാത്യവും അല്ലാഹുവിന്റെ ഏകത്വം മനസ്സിലാക്കിത്തരുന്ന സൂറത്തുല്‍ ഇഖ്‌ലാസും അബൂലഹബിനെ ശപിക്കുന്ന തബ്ബത്ത് സൂറത്തും തമ്മിലുള്ള വ്യത്യാസവും ഉള്‍കണ്ണിന്റെ പ്രഭയില്‍ നിനക്കു വായിച്ചെടുക്കാന്‍ പ്രാപ്തിയില്ലെങ്കില്‍ ഖുര്‍ആന്‍ ആരിലേക്കാണോ ഇറങ്ങിയത്, ആ പ്രവാചകര്‍ പറയുന്നത് സ്വീകരിക്കുക. 

നബി(സ്വ) പറയുന്നത് കാണുക: ”യാസീന്‍ ഖുര്‍ആനിന്റെ ഹൃദയ ഭാഗമാണ്. സൂറത്തുല്‍ ഫാതിഹ ഖുര്‍ആനിലെ സൂറത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമാണ്. ആയത്തുല്‍ കുര്‍സിയ്യ് ആയത്തുകളുടെ നേതാവാണ്. സൂറത്തുല്‍ ഇഖ്‌ലാസ് ഖുര്‍ആനിന്റെ മൂന്നിലൊന്നിന്റെ സ്ഥാനത്തു നില്‍ക്കുന്നതാണ്.” (മിര്‍ഖാത്ത് 4/332).

പ്രഗത്ഭ ഖുര്‍ആന്‍ പണ്ഡിതന്‍ ഇമാം അല്ലൂസി (റ) പറയുന്നത് കാണുക: ലളിതമായ ചില സല്‍കര്‍മ്മങ്ങള്‍ക്ക് അതേ പദവിയില്‍ പെട്ടതും അതിനേക്കാള്‍ പ്രയാസം നിറഞ്ഞതുമായ ഇബാദത്തുകള്‍ക്കു നല്‍കുന്ന പ്രതിഫലത്തേക്കാള്‍ അനേകമടങ്ങ് പ്രതിഫലം പ്രത്യേകമായി നല്‍കുന്നതിന് അല്ലാഹു തടസ്സം പറയുന്നില്ല. അതിരുകളില്ലാതെ ഔദാര്യം ചെയ്യുന്ന അല്ലാഹുവിന്റെ ദാനത്തിന് ഒരു തടസ്സവുമില്ല.

അപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തിക്ക് ഓരോ അക്ഷരത്തിനും പത്തു നന്മയും അതിനേക്കാള്‍ എത്രയോ മടങ്ങു പ്രതിഫലവുമായി ഇഖ്‌ലാസ് സൂറത്ത് ഓതുന്നവനു ലഭ്യമാകുന്നു. ഈ സൂറത്ത് ഖുര്‍ആനിന്റെ മൂന്നില്‍ ഒന്നിനു സമാനമാകും വിധം അനേകം ഇരട്ടി പ്രതിഫലം കൊടുക്കുന്നതില്‍ യാതൊരു വിലങ്ങുമില്ല. അതിന്റെ യുക്തി തേടിപ്പോകേണ്ടതില്ല. അത് അല്ലാഹുവിലേക്ക് വിടുക. തത്വുല്യമായ മറ്റു സല്‍കര്‍മ്മങ്ങള്‍ക്കും ഇതേ നയം തന്നെ സ്വീകരിക്കുകയാണ് വേണ്ടത്. (റൂഹുല്‍ മആനി 15/506).


വിശുദ്ധ ഖു൪ആന്‍ മനപാഠമാക്കുന്നതിന്റെ ശ്രേഷ്ടതകള്‍

അബു മസ്ഊദില്‍ അന്‍സ്വാരിയില്‍(റ)  നിന്ന് നിവേദനം : നബി (സ്വ) പറഞ്ഞു: ഖുര്‍ആന്‍ എറ്റവും അധികം മനപ്പാഠമുള്ളവരാണ് സമൂഹത്തിന് (നമസ്കാരത്തിനായി) ഇമാമായി നില്‍ക്കേണ്ടത്. അവര്‍ മനപാഠത്തില്‍ സമന്‍മാരാണെകില്‍ സുന്നത്ത് (പ്രവാചകചര്യ) കൂടുതല്‍ അറിയുന്നവര്‍ നേതൃത്വം നല്‍ക്കട്ട. അവര്‍ സുന്നത്തിന്റെ വിഷയത്തിലും സമന്‍മാരാണെകില്‍ ആദ്യം ഹിജ്‌റ ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കട്ടെ.......(മുസ്‌ലിം റഹ് :673)

ആമിര്‍ ബിന്‍ വാസിലില്‍ നിന്ന് (റ)  നിന്ന് നിവേദനം :  നാഫിഈ ബിന്‍ അബ്ദില്‍ ഹാരിസ് ഉസ്ഫാനില്‍ വെച്ച് ഉമറിനെ(റ) കണ്ടുമുട്ടി. ഉമര്‍(റ) അദ്ദേഹത്തെ മക്കയില്‍ ഉദ്യോഗം ഏല്‍പ്പിച്ചു. ശേഷം അഹ്‌ലുല്‍ വാദിയില്‍ ആരെയാണ് ഉദ്യോഗസ്ഥനായി നിയോഗിച്ചതെന്ന് നാഫിഇനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇബ്‌നു അബ്‌സ. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ആരാണ് ഇബ്‌നു അബ്‌സ. അദ്ദേഹം പറഞ്ഞു: ഇബ്‌നു അബ്‌സ ഞങളില്‍പെട്ട പ്രധാനിയാണ്. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: നിങ്ങള്‍ ഒരു പ്രധാനിയെ ആണോ അധികാരം ഏല്‍പ്പിച്ചത്? അദ്ദേഹം പറഞ്ഞു: അദ്ദേഹം ഖുര്‍ആന്‍ മനപാഠമുള്ളവനും ദീനി വിശയങ്ങളിലെ ജ്ഞാനിയുമാണ്. ഉമര്‍(റ) പറഞ്ഞു: നിശ്ചയം റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: അല്ലാഹു ഖുര്‍ആന്‍ മുഖേന ചില സമൂഹത്തെ ഉയര്‍ത്തുകയും മറ്റു ചിലതിനെ താഴ്ത്തുകയും ചെയ്യും.(മുസ്ലിം റഹ് :817)

ജാബിര്‍ ബിന്‍ അബ്ദില്ലയില്‍(റ)  നിന്ന് നിവേദനം :  ഉഹ്ദ് യുദ്ധത്തില്‍ മരിച്ചവരുടെ മയ്യിത്തുകള്‍ ഒരു തുണിയില്‍ ഒരുമിച്ച് കൂട്ടിയതിന് ശേഷം നബി(സ്വ)ചോദിച്ചു: ഇവരില്‍ ആരാണ് ഖുര്‍ആന്‍ കൂടുതല്‍ മനപ്പാഠം ആക്കിയത്? അങ്ങനെ അവരില്‍ നിന്ന് ഒരാളിലേക്ക് ചൂണ്ടിയാല്‍ ആ മയ്യിത്തിനെ ആദ്യം ഖബ്‌റില്‍ വെക്കും. ശേഷം റസൂല്‍(സ്വ) പറഞ്ഞു: അന്ത്യനാളില്‍ ഞാന്‍ ഇവരുടെ സാക്ഷിയാണ്. ശേഷം അവരെ രക്തതോടെ ഖബറടക്കാന്‍ കല്‍പ്പിച്ചു. അവരെ കുളിപ്പിക്കുകയോ അവര്‍ക്ക് വേണ്ടി നമസ്‌കരിക്കുകയോ ചെയ്തില്ല.(ബുഖാരി റഹ് :1343)

ആയിശയില്‍(റ)  നിന്ന് നിവേദനം :റസൂല്‍(സ്വ) പറഞ്ഞു:  ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനപ്പാഠമാക്കുകയും ചെയ്യുന്നവന്‍ ആദരണീയരും ഉത്തമരുമായ മാലാഖമാരുടെ കൂടെയുള്ളത് പോലെയാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനോട് ശക്തമായ ബന്ധമുണ്ടാക്കുകയും ചെയ്തവന് രണ്ട് പ്രതിഫലമുണ്ട്.(ബുഖാരി റഹ് :65/4937)

അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം :നബി(സ്വ) പറഞ്ഞു: ഖുര്‍ആന്‍ ഖിയാമത്ത് നാളില്‍ സന്നിഹിതനാവും. ശേഷം പറയും: അല്ലാഹുവേ അവനെ നീ ആഭരണങള്‍ ധരിപ്പിക്കണേ. അപ്പോള്‍ അവനെ ആഭരണങ്ങള്‍ അണിയിക്കും. ശേഷം അതില്‍ നിന്നും വര്‍ധിപ്പിക്കാന്‍ ആവശ്യപെടും. അപ്പോള്‍ അവനെ പ്രത്യേക വസ്ത്രങ്ങള്‍ അണിയിക്കും. ശേഷം അവനെ തൃപ്തിപെടാന്‍ പറയും. അപ്പോള്‍ അല്ലാഹു അവനെ തൊട്ട് തൃപ്തിപെടും. ശേഷം അവനോട് വായിക്കാനും, സ്വര്‍ഗത്തിലേക്ക് കയറി പോകാനും ആവശ്യപ്പെടും. ഓരോ ആയത്തിനും നന്മ വര്‍ധിപ്പിക്കുകയും ചെയ്യും.(തി൪മിദി റഹ്  :2915 )


ഖുർആൻ പഠിച്ചത് മറന്നു പോകരുത് 

അനസില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: തിരുമേനി(സ്വ)യുടെ കാലത്ത്‌ ഖുർആൻ പൂർണ്ണമായും മന:പാടമാക്കിയവർ നാല് പേരായിരുന്നു. അവർ നാലുപേരും അൻസാരികളായിരുന്നു.' ഉബയ്യ് ,മുആദ്ബിൻ ജബൽ, അബൂ സൈദ്‌, സൈദ്‌ബ്നു സാബിത് എന്നിവരായിരുന്നു അവർ.(ബുഖാരി റഹ് : 3810)

അബൂമൂസ(റ)ൽ നിന്ന്: പ്രവാചകൻ(സ) പറഞ്ഞു: ഈ ഖുർആനുമായി നിങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുവീൻ. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനാണ സത്യം. കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകം കുതറിപ്പോകുന്നതിനേക്കാൾ ഉപരിയായി ഖുർആൻ കുതറിപ്പോകുന്നതാണ്.(ബുഖാരി റഹ് : 5033 - മുസ്ലിം റഹ് : 791)

അബ്ദുല്ല(رضي الله عنه) നിവേദനം: നബി(ﷺ)അരുളി: ഇന്നിന്ന ആയത്തുകൾ ഞാൻ മറന്നുപോയി. ഇപ്രകാരം നിങ്ങളിൽ ആർക്കെങ്കിലും പറയുവാനിട വരുന്നത് വളരെ മോശമാണ്. ഞാൻ മറപ്പിക്കപ്പെട്ടുവെന്ന് അവൻ പറയട്ടെ. നിങ്ങൾ ഖുർആനിനെക്കുറിച്ചുളള ഓർമ്മ പുതുക്കി ക്കൊണ്ടിരിക്കുവിൻ. ഉടമസ്ഥനെ വിട്ടു ഓടിപ്പോകുന്ന നാൽക്കാലികളെക്കാളും മനുഷ്യഹൃദയങ്ങളിൽ നിന്ന് ഖുർആൻ കൂടുതൽ വേഗത്തിൽ ഓടിപ്പോയിക്കൊണ്ടിരിക്കും. (ബുഖാരി റഹ് :5032)

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഖുർആൻ മനപാഠമാക്കിയവന്റെ ഉപമ കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകത്തെ പോലെയാണ്. അതിനെ നല്ലപോലെ പരിശോധിക്കുന്നു വെങ്കിൽ പിടിച്ചു നിർത്താൻ കഴിയും. അല്ലാതെ അതിനെ പാട്ടിനുവിട്ടാൽ അത് നഷ്ടപ്പെടുകയും ചെയ്‌തേക്കാം. (മുസ്ലിം റഹ് :789)

ഇബ്‌നു ഹജര്‍(റ) ള്വഹാകില്‍(റ)  നിന്ന് ഉദ്ദരിക്കുന്നു: ഒരു തെറ്റ് ചെയ്തിട്ടല്ലാതെ ഖുര്‍ആന്‍ പഠിച്ച ഒരാള്‍ അതിനെ മറക്കുന്നില്ല. എന്തെന്നാല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു: നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. ഖുര്‍ആന്‍ മറക്കുക എന്നത് വലിയ വിപത്തില്‍പെട്ടതാണ്. (ഫത്ഹുല്‍ ബാരി :86/9)

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു:ഖു൪ആനിന്റെ ആള്‍ നമസ്കരിക്കുകയും അങ്ങനെ രാത്രിയിലും പകലിലുമായി ഖു൪ആന്‍ ഓതുകയും ചെയ്താല്‍ അയാള്‍ ഖു൪ആന്‍ (മറക്കാതെ) ഓ൪മ്മയാക്കും. ഖു൪ആന്‍ ഓതികൊണ്ട് നമസ്കരിച്ചിട്ടില്ലായെങ്കില്‍ അയാള്‍ അത് മറക്കും.(മുസ്ലിം റഹ് :789)

ഇമാം മാലികിനോട് (റ) ചോദിക്കപ്പെട്ടു :"എന്തെങ്കിലും കാര്യം ഹിഫ്ദ് വർധിപ്പിക്കുന്നതിന് സഹായകമാകുമോ ? " അദ്ദേഹം പറഞ്ഞു : "എന്തെങ്കിലും കാര്യം ഹിഫ്ദിനെ വർധിപ്പിക്കുന്നതായി ഉണ്ടെങ്കിൽ അതു 'തിന്മയെ വെടിയലാണ്' " [ജുസ്ഉൻ ഫിഹി അഖ്ബാറുൻ ലി ഹിഫ്‌ളിൽ ഖുർആൻ,226]

അലി ബിൻ ഖശ്രം رحمه الله വകീഉ ബിൻ ജർറാഹിനോട് رحمه الله പറഞ്ഞു :" ഞാൻ ബുദ്ധി കുറവുള്ള ആളാണ് , എനിക്ക് ഹിഫ്ദ് ഇല്ല , അതുകൊണ്ട് എനിക്കു ഹിഫ്ദ് വർദ്ധിക്കുവാനുള്ള മരുന്നു പറഞ്ഞു തരുക " അപ്പോൾ അദ്ദേഹം പറഞ്ഞു : " അല്ലയോ കുട്ടി , തിന്മയെ ഒഴിവാക്കുക എന്ന ഒരു കാര്യം പോലെ മറ്റൊന്നും ഞാൻ ഹിഫ്ദിന് പരിചയിച്ചറിഞ്ഞിട്ടില്ല " [ജുസ്ഉൻ ഫിഹി അഖ്ബാറുൻ ലി ഹിഫ്‌ളിൽ ഖുർആൻ,228]

ഇബ്നുൽ ഖയ്യിം  رحمه الله പറഞ്ഞു : "ഇമാം ഷാഫി (റ) ഇമാം മാലിക്കിന് (റ) മുന്നിൽ ഇരിക്കുകയും അദ്ദേഹത്തിന് ഓതി കൊടുക്കുകയും ചെയ്തപ്പോൾ ഇമാം ശാഫിയുടെ (റ) ബുദ്ധിശക്തിയുടെ തീക്ഷ്ണതയും  ഗ്രഹണശക്തിയുടെ  പരിപൂർണ്ണതയും  ഇമാം മാലിക്കിനെ (റ) അത്ഭുതപ്പെടുത്തി , ഇമാം മാലിക് (റ) പറഞ്ഞു : " നിന്റെ ഹൃദയത്തിൽ അല്ലാഹു പ്രകാശം ചൊരിഞ്ഞിരിക്കുന്നതായി ഞാൻ കാണുന്നു , അതിനാൽ തന്നെ തിന്മയുടെ ഇരുളുകൊണ്ട് നീ ആ പ്രകാശത്തെ കെടുത്തരുത് " [അൽ ജവാബ് അൽ കാഫി 103]


സൂറത്തുല്‍ ഫാത്തിഹ 

വിശുദ്ധ ഖുര്‍ആനിലെ പ്രഥമ സൂറത്തായ ഫാത്തിഹ സൂറത്തിന് ഒട്ടനവധി മഹത്വങ്ങളുണ്ട്. ദിനേനെ അഞ്ചുനേരങ്ങളിലെ നിസ്‌കാരങ്ങളില്‍ നിര്‍ബന്ധമായും ഇത് പാരായണം ചെയ്തിരിക്കണമെന്ന നിബന്ധന തന്നെ 7 ആയത്തുള്ള ഈ സൂറത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നു. ഉമ്മുല്‍ ഖുര്‍ആന്‍ എന്ന പേരിലാണ് റസൂല്‍(സ്വ) പലപ്പോഴും പറയാറുള്ളത്.

സൂറത്തു ശിഫാഅ്, അര്‍റുഖിയ്യ തുടങ്ങിയ പേരുകള്‍ പറയപ്പെടുന്നതുതന്നെ ചികിത്സരംഗത്ത് ഫാത്തിഹ സൂറത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നതാണ്. 

ഇമാം ബുഖാരി (റഹ്) റിപ്പോര്‍ട്ടുചെയ്യുന്ന ഒരു ഹദീസ് കാണുക. അബൂസഈദ്(റ) പറയുന്നു. നബി(സ്വ) എന്നോടുപറഞ്ഞു. നിങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഖുര്‍ആനിലെ ഏറ്റവും മഹത്വമേറിയ അധ്യായം ഞാന്‍ പഠിപ്പിച്ചുതരാം. ശേഷം അവിടുന്ന് എന്റെ കരങ്ങല്‍ പിടിച്ചു. പള്ളിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തിരുനബി(സ്വ) ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള സൂറത്ത് എനിക്ക് പഠിപ്പിച്ചുതരാം എന്ന് അങ്ങ് പറഞ്ഞിരുന്നല്ലോ. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അതെ, അത് അല്ലാഹു എനിക്ക് നല്‍കിയ ഹംദിന്റെ വചനം ഉള്‍ക്കൊള്ളുന്ന സബ്ഹുല്‍ മസാനീ എന്ന് പേരുള്ള ഫാത്തിഹ സൂറത്താകുന്നു. (ബുഖാരി (റഹ്)).

നബി(സ്വ) പറഞ്ഞു : സൂറത്തുല്‍ ഫാത്തിഹക്ക് തുല്യമായത് തൗറാത്തിലോ ഇഞ്ചീലിലോ സബൂറിലോ ഖുര്‍ആനില്‍ തന്നെയോ അല്ലാഹു ഇറക്കിയിട്ടില്ല. (തുര്‍മുദി (റഹ്).

അഞ്ചു നേരത്തെ ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷം സൂറത്തുല്‍ ഫാത്തിഹ 20 തവണ ഓതി അഞ്ചു വഖ്തിലുമായി 100 പൂര്‍ത്തിയാക്കിയാല്‍ മാനസിക വിഷമങ്ങള്‍ അകന്നുപോകും. ഭക്ഷണ വിശാലത ലഭിക്കം, കുടുംബസമേതം ഇഹപര സന്തോഷത്തിനുള്ള വഴി എളുപ്പമാകും. ഐശ്വര്യജീവിതം ഉണ്ടാവും.

313 തവണ ഒരാള്‍ ഓതിയാല്‍ അവന്റെ ആഗ്രഹം അല്ലാഹു പൂര്‍ത്തീകരിച്ചുകൊടുക്കും.

വിഷനിവാരണത്തിന്

സ്വഹാബികള്‍ യാത്രാമധ്യേ ഒരിടത്ത് തങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ചില അറബ് ഗോത്രക്കാരോട് ഞങ്ങളെ അതിഥിയായി സ്വീകരിക്കുമോ എന്ന് ചോദിച്ചു. പക്ഷെ അവര്‍ വിസമ്മതിച്ചു. അതിനിടെ അവരുടെ ഗോത്രതലവനെ വിഷത്തേള്‍ കുത്തി. പല ചികിത്സകള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. അവര്‍ ഞങ്ങളുടെ ഈ യാത്രാസംഗത്തെ സമീപിച്ച് ചോദിച്ചു. നിങ്ങളുടെ അടുക്കല്‍ തേള്‍ വിഷത്തിനുള്ള വല്ല മരുന്നുമുണ്ടോ?. അപ്പോള്‍ അബൂ സഈദിനില്‍ ഖുദ്‌രി (റ) പറഞ്ഞു. ഞാന്‍ മന്ത്രിക്കാം. പക്ഷെ നിങ്ങള്‍ ഞങ്ങളോട് ആതിഥ്യമര്യാദ കാണിക്കാനോ അതിഥിയായി സ്വീകരിക്കാനോ വിസമ്മതിച്ചവരാണ്. അതിനാല്‍ പ്രതിഫലമായി എന്തെങ്കിലും പാരിതോഷികം നല്‍കാതെ ഞാന്‍ മന്ത്രിക്കുകയില്ല. അങ്ങനെ 30 ആടുകളെ നല്‍കാമെന്ന് അവര്‍ സമ്മതിച്ചു. അബൂ സഈദിനില്‍ ഖുദ്‌രി (റ) ഫാത്വിഹ ഓതി മന്ത്രിച്ചപ്പോള്‍ ഗോത്രത്തലവന്റെ വിഷബാധ പൂര്‍ണ്ണമായും സുഖപ്പെട്ടു. അവര്‍ക്ക് അതിന് പാരിതോഷികം ലഭിച്ചപ്പോള്‍ സംഘത്തിലെ ചിലര്‍ അത് വീതിച്ച് നല്‍കണമെന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ മന്ത്രിച്ചയാള്‍ പറഞ്ഞു. നമുക്ക് റസൂലുളളാഹിയുടെ നിര്‍ദ്ദേശം പോലെ ചെയ്യാം. അവര്‍ തിരുനബി(സ്വ) യെ സമീപിച്ച് സംഭവങ്ങള്‍ വിവരിച്ചു. ഇതുകേട്ട നബി(സ്വ) തങ്ങള്‍ ചോദിച്ചു. ഫാത്വിഹ മന്ത്രമാണെന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കി? നിങ്ങള്‍ ചെയ്തത് ശരിയാണ്. നിങ്ങള്‍ക്ക് ലഭിച്ച പാരിതോഷികം നിങ്ങള്‍ വീതിച്ചെടുക്കുക. ഒരു വിഹിതം എനിക്കും തരിക. (ബുഖാരി-മുസ്‌ലിം (റഹ്))

വിഷബാധ ഏറ്റവരെ നബി(സ്വ) തങ്ങള്‍ സൂറത്തുല്‍ ഫാത്വിഹ 7 തവണ ഓതി മന്ത്രിക്കാറുണ്ടായിരുന്നു. (തുര്‍മുദി (റഹ്)

നബി(സ്വ)യുടെ സ്വഹാബികളില്‍ ചിലര്‍ ഒരു യുദ്ധ യാത്രക്കിടയില്‍ ബോധക്ഷയം ബാധിച്ച് കിടക്കുന്ന ഒരാളെ കാണുന്നുണ്ടായിരുന്നു. അവരില്‍ ഒരാള്‍ അദ്ദേഹത്തെ ചെവിയില്‍ സൂറത്തുല്‍ ഫാത്വിഹ ഓതിയപ്പോള്‍ ബോധം തിരിച്ചുകിട്ടി. സംഭവം അറിഞ്ഞ നബി(സ്വ) പറഞ്ഞു. അത് ഉമ്മുല്‍ ഖുര്‍ആനാണ്. ഏത് രോഗത്തിനും ശമനം നല്‍കുന്നതാണ്. (ദുര്‍റുല്‍ മന്‍സൂര്‍ 1/4)

ഇലാഖത്തുബ്‌നു സിഹാര്‍(റ) ഒരിക്കല്‍ നബി(സ്വ)യെ സമീപിച്ച് മടങ്ങിവരുമ്പോള്‍ ഒരുസംഘം ആളുകളെകണ്ടു. അവരില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ഒരു മാനസിക രോഗിയും ഉണ്ട്. അവര്‍ ഇലാഖതത്തുബ്‌നു സിഹാര്‍(റ)നോടു ചോദിച്ചു. ഇവനെ ചികിത്സിക്കാന്‍ പറ്റിയ വല്ല മരുന്നും നിങ്ങളുടെ കൈവശത്തിലുണ്ടോ? ഇലാഖത്ത്(റ) പറയുന്നു. മൂന്ന് നാള്‍ രാവിലെയും വൈകുന്നേരവുമായി ഞാന്‍ അയാളെ ഫാത്വിഹ ഓതി മന്ത്രിച്ചു. മന്ത്രിക്കുമ്പോള്‍ അല്‍പം ഉമിനീരോടുകൂടി അവനെ ഊതുകയും ചെയ്തു. അതിന്റെ ഫലമായി അവന്റെ മാനസിക രോഗം സുഖപ്പെട്ടപ്പോള്‍ അവരെനിക്ക് 100 ആടുകളെ നല്‍കി. ഇക്കാര്യം നബി(സ്വ)യെ അറിയിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു. ആ ആടുകളെ നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. നിഷിദ്ധമായ മന്ത്രത്തിനാണ് പ്രതിഫലം സ്വീകരിക്കാന്‍ പാടില്ലാത്തത്. നീ ചെയ്തത് സത്യസന്ധമായ മന്ത്രമാണ്. (അബൂദാവൂദ് (റഹ്), അല്‍ അദ്കാര്‍ 113, 114)

ഇബ്‌നുല്‍ ഖയ്യിം തന്റെ രോഗവും ഔഷധവും എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഫാത്വിഹ സൂറത്തുകൊണ്ട് ചികിത്സ നടത്തിയ എനിക്ക് വിസ്മയകരമായ ചില ഫലങ്ങള്‍ അനുഭവപ്പെട്ടിരിക്കുന്നു. ഞാന്‍ മക്കയില്‍ താമസിക്കുന്ന കാലത്ത് രോഗബാധിതനായി . അവിടെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരോ വൈദ്യന്‍മാരോ ഉണ്ടായിരുന്നില്ല. അപ്പോള്‍ സൂറത്തുല്‍ ഫാത്വിഹകൊണ്ട് ചികിത്സിക്കാമെന്ന് എനിക്ക് തോന്നി. ഞാന്‍ ഫാത്വിഹ ഓതി ചികിത്സ തുടങ്ങി. അത്ഭുതകരമാം വിധം എനിക്ക് രോഗശമനം ലഭിച്ചു. അതിനുശേഷം ശരീരവേദനയും മറ്റും അനുഭവിക്കുന്നവര്‍ക്ക് എന്റെ രോഗം ഫാത്വിഹയിലൂടെ മാറിയ കാര്യം ഞാന്‍ പറഞ്ഞുകൊടുക്കുമായിരുന്നു. അങ്ങനെ അവരില്‍ പലര്‍ക്കും ഫാത്വിഹയുടെ ബറകത്ത് കാരണം വളരെ വേഗത്തില്‍ രോഗശമനം ലഭിക്കാറുണ്ടായിരുന്നു (അബ്‌വാബുല്‍ ഫറജ്)

ജിബ്‌രീല്‍ (അ) നബി(സ്വ)യുടെ സന്നിധിയില്‍ ഇരിക്കവെ മേല്‍ ഭാഗത്തുനിന്നും ശക്തമായ മുഴക്കം കേട്ടപ്പോള്‍ ജിബ്‌രീല്‍ (അ) പറഞ്ഞു. ഇത് ആകാശലോകത്ത് ഒരു കവാടം തുടക്കപ്പെട്ടതിന്റെ ശബ്ദമാണ്. ഇന്നുവരെ ആ വാതില്‍ തുറക്കപ്പെട്ടിരുന്നില്ല. ആ വാതിലിലൂടെ ഒരു മലക്ക് ഇറങ്ങി വന്നു. അപ്പോള്‍ ജിബ്‌രീല്‍(അ) നബി(സ്വ)യോട് പറഞ്ഞു. ഭൂമിലോകത്ത് ആദ്യമായാണ് ഈ മലക്ക് ഇറങ്ങിവരുന്നത്. ആ മലക്ക് നബി(സ്വ) യോട് സലാം പറഞ്ഞു. ഇങ്ങനെ തുടര്‍ന്നു. അവിടുത്തേക്ക് നല്‍കപ്പെട്ട രണ്ട് പ്രകാശങ്ങള്‍കൊണ്ട് സന്തോഷിക്കുക. അവ മറ്റൊരു പ്രവാചകനും ലഭിച്ചിട്ടില്ല. ഫാത്തിഹയില്‍ സൂറത്തുല്‍ ബകറയുടെ അവസാനത്തെ സൂക്തങ്ങളുമാണവ. അവ പാരായണം ചെയ്ത് നിങ്ങള്‍ എന്തുചോദിച്ചാലും അല്ലാഹു ഉത്തരംചെയ്യും. (മുസ്‌ലിം റഹ്)

ഫാത്വിഹയും സൂറത്തുല്‍ ബഖറയുടെ അവസാന ഭാഗവും ഓതി അല്ലാഹുവിനോട് ചേദിക്കുന്ന ഭൗതികവും പാരത്രികവുമായ എല്ലാ ആവശ്യങ്ങളും അല്ലാഹു നിറവേറ്റിക്കൊടുക്കുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. (മിര്‍ഖാത് 2/584)

അബൂസഈദ് (റ)വില്‍ നിന്ന് നിവേദനം. നബി(സ) എന്നോട് പറഞ്ഞു: ”നിങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തേക്കു പോകുന്നതിനു മുമ്പ് ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള ഒരു സൂറത്ത് ഞാന്‍ പഠിപ്പിച്ചുതരാം ശേഷം അവിടുന്നു എന്റെകൈപിടിച്ച് പള്ളിയില്‍ നിന്നു പുറത്തിറങ്ങാന്‍ നബി (സ) ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ഖുര്‍ആനില്‍ നിന്ന് ഏറ്റവും മഹത്വമേറിയ സൂറത്തിനെ എനിക്കു പഠിപ്പിച്ചു തരാമെന്ന് അവിടുന്നു പറഞ്ഞിരുന്നുവല്ലോ”. അവിടുന്നു പറഞ്ഞു. ”അതെ അത് അല്ലാഹു എനിക്കു നല്‍കിയ ഹംദിന്റെ വചനം ഉള്‍ക്കൊള്ളുന്ന സബ്ഉല്‍മാസാനീ എന്നു പേരുള്ള (ഫാതിഹ) സൂറത്താകുന്നു.” (ബുഖാരി (റഹ്)

ഭൗതീകവും പാത്രികവുമായ നിരവധി ഫലങ്ങള്‍ ഫാത്തിഹയിലൂടെ കരകതമാക്കാനവുമെന്ന് ധാരാളം ഹദീസുകളില്‍ വിവരണമുണ്ട്. രോഗശമനത്തിനും ആവശ്യപൂര്‍ത്തീകരണത്തിനുമെല്ലാം ഫാതിഹ വലിയ ഫലം ചെയ്യുമെന്നു അബൂദാവൂദും (റഹ്) മറ്റും റിപ്പോര്‍ട്ട് ചെയത് ഹദീസുകളില്‍ നിന്നു മനസിലാക്കാം.


ബിസ്മിയുടെ മഹത്വം 

ബിസ്മി 41 തവണ ഓതി ചെവിയില്‍ ഊതിയാല്‍ പൈശാചിക ശല്യങ്ങളും ഭ്രാന്തും മാറിക്കിട്ടുന്നതാണ്.

786 തവണ തുടര്‍ച്ചയായി ചൊല്ലിക്കൊണ്ടിരുന്നാല്‍ ശത്രുത നീങ്ങുകയും ആവശ്യങ്ങള്‍ സഫലീകൃതമാവുകയും ചെയ്യും.

ആയിരം തവണ ദിനേന ഓതുന്ന പക്ഷം അറസ്റ്റില്‍ നിന്ന് മോചനം ലഭിക്കും.

അമ്പതു തവണ ധിക്കാരിയായ അക്രമിയുടെ മുമ്പില്‍ നിന്ന് ഓതിയാല്‍ അവനെ അല്ലാഹു കീഴ്‌പ്പെടുത്തി തന്റെ വരുതിയില്‍ ആക്കിത്തരും.

ഇരുപത്തി ഒന്നു തവണ ഉറങ്ങാന്‍ ആഗ്രഹിക്കുന്ന സമയത്ത് ഓതിയാല്‍ കവര്‍ച്ച, ദുര്‍മരണം, പിശാചിന്റെ ശല്യം തുടങ്ങിയ നാശങ്ങളില്‍ നിന്നും രക്ഷ ലഭിക്കും.

ഏഴോ അതില്‍ കൂടുതല്‍ ദിനങ്ങളിലോ ആയിരം പ്രാവശ്യം ബിസ്മി ചൊല്ലി മന്ത്രിച്ചാല്‍ എല്ലാ രോഗവും വേദനയും മാറിക്കിട്ടും.

ഒരിക്കൽ നബി ﷺ യുമായി തന്റെ കഴുത വീഴാൻ പോയപ്പോൾ ഒപ്പമുണ്ടായിരുന്ന സ്വഹാബി പറഞ്ഞു.പിശാച് നശിക്കട്ടെ എന്ന്.അപ്പോൾ നബി ﷺ പറഞ്ഞു.അങ്ങനെ പറയരുത്.കാരണം അങ്ങനെ പറയുമ്പോൾ പിശാച് സ്വന്തത്തെ വലുതായി കാണുകയും എന്റെ ശക്തി കൊണ്ട് ഞാൻ അവനെ വീഴ്ത്തി എന്ന് പറയുകയും ചെയ്യും (അവൻ അഹങ്കരിക്കും) അതെ സമയം നിങ്ങൾ ആ സമയത്ത്  بسم الله   എന്ന് പറഞ്ഞാൽ അവൻ ചെറുതാവും അങ്ങനെ അവൻ ഈച്ചയെ പോലെയാവും. ദിക്റുകൾ അത്രയും അലർജിയാണ് പിശാചിന്.അത് കൊണ്ട് തന്നെ നമ്മുടെ നാവ് ദിക്റു കൊണ്ട് എപ്പോഴും പച്ചയായിരിക്കണം എന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്

ദുർബോധനങ്ങൾ (വസ് വാസ് )കൂടുതൽ ഉശാറാവാൻ എന്ന രീതിയിൽ പിശാച് ഉണ്ടാക്കും. അങ്ങനെ വുളൂ ചെയ്യുന്ന സമയത്ത്/മറ്റ് ആരാധനകളുടെ സമയത്തും കൂടുതൽ നന്നാക്കാനെന്ന വ്യാജേന പിശാച് മനുഷ്യനെ ഉപയോഗപ്പെടുത്തും.അതിനാൽ ചെയ്യേണ്ട കാര്യങ്ങളും ചൊല്ലേണ്ട കാര്യങ്ങളുമൊക്കെ യഥാവിധി നാം ചെയ്യുകയും ശരിയായിട്ടുണ്ട് എന്ന് ഉറപ്പിക്കുകയുമാണ് ചെയ്യേണ്ടത്.അല്ലാതെ പിശാച് തോന്നിപ്പിക്കുന്നതിനനുസരിച്ച് നന്നാക്കാൻ എന്ന നിലക്ക് നമ്മെ നന്മയിൽ നിന്ന് തടയും.നാം അറിയാതെ അതിൽപെട്ട് പോകും .അതിനാൽ 'വസ് വാസ്' എന്നത് മാരകമാണെന്ന് നാം തിരിച്ചറിയണം


ബിസ്മിയുടെ കൂടുതൽ മഹത്വങ്ങൾ വായിക്കുവാൻ ബ്ലോഗിലെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 



സൂറത്തുല്‍ ബഖറ

വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ സൂറത്താണ് അല്‍ബഖറ. അല്‍ബഖറയില്‍ 286 ആയത്തുകളുണ്ട്. നബി(സ്വ) ഈ സൂറത്തിന്റെ മഹത്വങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതായി നിരവധി ഹദീസുകളില്‍ കാണാന്‍ സാധിക്കും. ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങള്‍ ഈ സൂറത്ത് പാരായണ ചെയ്യുന്നവര്‍ക്കു ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഈ സൂറത്തില്‍ വിവരിച്ചിട്ടുള്ള ആജ്ഞകളും വിധിവിലക്കുകളും സംഭവ വികാസങ്ങളും ആയിരം വീതം ഉള്‍കൊള്ളുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷതയാണ് എന്ന് ഇബ്‌നുല്‍ അറബി എടുത്തു ഉദ്ധരിച്ചിട്ടുണ്ട്. (തഫ്‌സീറുസ്വാവി: 1-5).

സവിശേഷതകളില്‍ മുഖ്യസ്ഥാനത്തുള്ള സൂറത്താണിത്. മറ്റു സൂറത്തുകള്‍ക്കുള്ള മഹത്വങ്ങള്‍ക്കു പുറമേ ഈ സൂറത്തിനു മാത്രമുള്ള ചില സവിശേഷതകള്‍ തുടര്‍ന്നുള്ള വിവരണത്തില്‍ നിന്നു മനസ്സിലാക്കാം. (ഈ സൂറത്തിലുള്ള ചില ആയത്തുകള്‍ക്കുള്ള പ്രത്യേകമായ മഹത്വം ആയത്തുകളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന സ്ഥലത്ത് പരാമര്‍ശിക്കുന്നുണ്ട്).

നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സൂറത്തുല്‍ ബഖറ: പാരായണം ചെയ്യുക. നിശ്ചയം അത് പതിവാക്കുന്നതില്‍ ബറകത്തുണ്ട്. ഒഴിവാക്കുന്നത് വന്‍ നഷ്ടവുമാണ്. കപടന്മാര്‍ക്കും അലസന്മാര്‍ക്കും ഇത് പതിവാക്കാന്‍ കഴിയുകയില്ല. (മുസ്‌ലിം, മിശ്കാത്ത്).

നബി (സ്വ) പറഞ്ഞു: നിങ്ങളുടെ വീടുകളെ നിങ്ങള്‍ ശ്മശാനം പോലെയാക്കരുത്. (സാധാരണ ഖബറുകളെ പോലെ ഖുര്‍ആന്‍ ഓത്തുകളോ ദിക്‌റുകളോ ഇല്ലാത്തവയാക്കരുത്). സൂറത്തുല്‍ ബഖറ ഓതപ്പെടുന്ന ഭവനങ്ങളില്‍ നിന്ന് പിശാച് ഇറങ്ങി ഓടുന്നതാണ്. (മിശ്കാത്ത്)  


ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത

ആല്‍ബഖറയിലെ255-ാം ആയത്താണ് ആയത്തുല്‍കുര്‍സിയ്യ് എന്നപേരില്‍ വിളിക്കപ്പെടുന്നത്. ഉബയ്യിബ്‌നു കഅബ് (റ) പറയുന്നു. നബി (സ) എന്നോട് ചോദിച്ചു അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ പഠിച്ചിട്ടുള്ള ഏറ്റവും മഹത്വമേറിയ സൂക്തം ഏതാണ്. അല്ലാഹുവിനും അവന്റെ ദൂതര്‍ക്കും അറിയാം. അതേ ചോദ്യം വീണ്ടും നബി തങ്ങള്‍ ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു. ഇതുകേട്ട നബി (സ) തങ്ങള്‍ എന്റെ മാറിടത്തില്‍ കൈ വെച്ചു. എനിക്കു വേണ്ടി ദുആ ചെയ്യുകയും എന്റെ അറിവിനെ അഭിനന്ദിക്കുകയും ചെയ്തു. (മുസ്‌ലിം റഹ്)

നബി(സ) പറയുന്നു. എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കും ശേഷം ഒരാള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതിയാല്‍ മരണമല്ലാത്ത മറ്റൊന്നും അവന്റെ സ്വര്‍ഗ പ്രവേശത്തിനു തടസ്സമില്ല( ഇബ്‌നു കസീര്‍1/270) 

അബൂമൂസാ(റ) നിവേദനം. നബി(സ) പറഞ്ഞു. അല്ലാഹു മൂസാനബിക്ക് ഇങ്ങനെ ഒരു സന്ദേശം നല്‍കി ഓരോ ഫര്‍ളു നിസ്‌ക്കാര ശേഷവും നിങ്ങള്‍ ആയത്തുല്‍കുര്‍സിയ്യ് ഓതുക. അങ്ങനെ പതിവാക്കുന്ന വ്യക്തിക്ക് ഞാന്‍ നന്ദിയുളള മനസ്സും ദിക്‌റ് ചൊല്ലുന്ന നാവും പ്രവാചകന്മാരുടെ പ്രതിഫലവും സത്യ സന്തരുടെ പ്രവര്‍ത്തികളും നല്‍കും. പ്രവാചകന്മാർക്കോ, പൂര്‍ണ്ണ സത്യസന്ധനോ ഈ മാനിക പരീക്ഷയില്‍ വിജയം വരിച്ചവര്‍ക്കോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയുടെ പ്രതിഫലം നല്‍കപ്പെടുന്നവനോ അല്ലാതെ ഇതു പതിവാക്കാന്‍ സാധ്യമല്ല. (ഇബ്‌നുകബിര്‍) 1/270)

ബുഖാരി (റ) ഉദ്ധരിച്ച ദീര്‍ഘമായ ഹദീസിന്റെ വിവരണത്തില്‍ ഇങ്ങനെ മനസിലാക്കാം. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ തന്റെ വിരിപ്പിലെത്തിയാല്‍ ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുക. അങ്ങനെ ചെയ്യുന്നവന് അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക സംരക്ഷണം ഉണ്ടാകുമെന്നു നബി (സ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി റഹ് )

അബൂഹുറയ്‌റ(റ)വില്‍ നിന്ന് ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നത് കാണുക: നബി(സ്വ) പറഞ്ഞു: സൂറത്തുല്‍ ബഖറയില്‍ ഒരു ആയത്തുണ്ട്. ഖുര്‍ആനിലെ മുഴുവന്‍ ആയത്തുകളുടെയും നേതാവാണത്. പിശാചിന്റെ സാന്നിധ്യമുള്ള വീട്ടില്‍ അതു പാരായണം ചെയ്താല്‍ തീര്‍ച്ചയായും അവന്‍ പുറത്തുപോകും. ആയത്തുല്‍ കുര്‍സിയ്യ് ആണത്. (ഇബ്‌നുകസീര്‍ 2/289).

ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ചോദിച്ചു: അബുല്‍ മുന്‍ദിറേ, അല്ലാഹുവിന്റെ ഖുര്‍ആനില്‍ നീ പഠിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രാധാന്യമുള്ള ആയത്ത് ഏതെന്നു നിനക്കറിയാമോ? ഞാന്‍ പറഞ്ഞു: ആയത്തുല്‍ കുര്‍സിയാണത്. അന്നേരം അവിടുന്ന് എന്റെ നെഞ്ചത്തടിച്ചിട്ട് പറഞ്ഞു: അബുല്‍ മുന്‍ദിറേ, വിജ്ഞാനം നിന്നെ പുളകമണിയിക്കട്ടെ. (സുസ്ഥിരവും സദൃഢവുമായി വിജ്ഞാനം അല്ലാഹു നിനക്ക് പ്രദാനം ചെയ്യട്ടെ) (മുസ്ലിം റഹ് :810).

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: മനുഷ്യവര്‍ഗത്തിലെ ഒരു പുരുഷന്‍ ജിന്നു വര്‍ഗത്തിലെ ഒരു പുരുഷനെ കണ്ടുമുട്ടി. അപ്പോള്‍ ജിന്ന് ചോദിച്ചു: നിങ്ങള്‍ എന്നോട് മല്‍പിടുത്തത്തിനുണ്ടോ? നിങ്ങള്‍ എന്നെ കീഴടക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ആയത്ത് പഠിപ്പിച്ചുതരാം. നിങ്ങളുടെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ആ സൂക്തം പാരായണം ചെയ്യുകയാണെങ്കില്‍ പിശാച് അവിടെ പ്രവേശിക്കുകയില്ല. അങ്ങനെ അവര്‍ ഗുസ്തിയിലേര്‍പ്പെട്ടു. മനുഷ്യന്‍ വിജയിച്ചു. അദ്ദേഹം ജിന്നിനോട് പറഞ്ഞു: നീ വളരെ മെലിഞ്ഞവനും ബലഹീനനുമാണല്ലോ. നിന്റെ മുഴങ്കൈകള്‍ നായയുടേത് പോലെയുണ്ട്. ജിന്നു വര്‍ഗമെല്ലാം ഇങ്ങനെത്തന്നെയാണോ? അതോ നീ മാത്രമോ? ജിന്ന് പറഞ്ഞു: ഞാന്‍ ജിന്നുകളില്‍ വലിയ ശക്തനാണ്. നിങ്ങള്‍ ഒരുതവണ കൂടി ഗുസ്തി പിടിക്കാനുണ്ടോ? രണ്ടാം പ്രാവശ്യവും മനുഷ്യന്‍ വിജയിച്ചപ്പോള്‍ ജിന്ന് പറഞ്ഞു. നിങ്ങള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതുക. ഒരാള്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അത് ഓതിയാല്‍ കഴുതയെ പോലെ ശബ്ദമുണ്ടാക്കി പിശാച് പുറത്തുപോകും. ഇബ്‌നു മസ്ഊദ് (റ) ഈ സംഭവം വിവരിച്ചപ്പോള്‍ ആരോ ചോദിച്ചു: ജിന്നിനെ പരായപ്പെടുത്തിയ വ്യക്തി ഉമര്‍(റ) ആണോ? അവര്‍ പറഞ്ഞു: ഉമര്‍(റ)അല്ലാതെ മറ്റാരാണ്? (ഇബ്‌നുകസീര്‍ 1/269)

ഉബയ്യ് ഇബ്നു കഅബ് (റ) ജിന്നിന്റ ശല്യങ്ങളില്‍ നിന്ന് രക്ഷപെടുവാനുള്ള മാ൪ഗ്ഗം ആരാഞ്ഞപ്പോള്‍ ജിന്ന് തന്നെ ആയത്തുല്‍ കു൪സിയ്യാണെന്ന് ഉണ൪ത്തുകയും, ജിന്ന് ആ പറഞ്ഞത് സത്യമാണെന്ന് നബി(സ) പറയുകയും ചെയ്ത ഇമാം ഹാകിം റിപ്പോ൪ട്ട് ചെയ്തത ഹദീസിന്റെ ഭാഗം ഇപ്രകാരമാണ്.
               
ഉബയ്യ് ചോദിച്ചു:'നിങ്ങളില്‍ നിന്ന് (ജിന്നുകളില്‍ നിന്ന്) ഞങ്ങളെ രക്ഷപെടുത്തുന്നത് എന്താണ്? സൂറത്തുല്‍ ബഖറയിലെ ഈ ആയത്ത് അഥവാ ആയത്തുല്‍ കു൪സിയ്യ് ആണ്.വല്ലവനം വൈകുന്നേരം ആകുമ്പോള്‍ ആയത്തുല്‍ കു൪സിയ്യ് പാരായണം ചെയ്താല്‍ നേരം പുലരുവോളവും, നേരം പുലരുമ്പോള്‍ പാരായണം ചെയ്താല്‍ വൈകുന്നേരമാകുവോളവും ഞങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടും. പ്രഭാതമായപ്പോള്‍ ഉബയ്യ്, നബി(സ)യുടെ അടുക്കല്‍ ചെല്ലുകയും അത് നബിയോട് ഉണ൪ത്തുകയും ചെയ്തു.നബി(സ) പറഞ്ഞു:'നീചന്‍ സത്യം പറഞ്ഞിരിക്കുന്നു'.

ആയത്തുല്‍ കുര്‍സിയ്യ് പാരായണം പതിവുള്ള ഗൃഹാന്തരീക്ഷത്തില്‍ നിന്ന് പിശാച് കൂടൊഴിഞ്ഞു പോകുന്നതാണ്. എല്ലാ അസമാധാനത്തിന്റെയും മുഖ്യകാരണം; മക്കളും മാതാപിതാക്കളും മരുമക്കളും നാത്തൂന്മാരും ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ലുന്നതും കോപം കലിതുള്ളുന്നതും പൈശാചിക സാന്നിധ്യമാണ്. കുടുംബ കലഹങ്ങളും സംശയ രോഗങ്ങളും എല്ലാവിധ തര്‍ക്കങ്ങളും ഉടലെടുക്കാന്‍ ഒരു പരിധി വരെ കാരണം പിശാചിന്റെ ശല്യമാണ്. മനുഷ്യന്റെ രക്തം സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാച് സഞ്ചരിക്കുമെന്ന നബിവചനം എത്ര മാത്രം അര്‍ത്ഥഗര്‍ഭമാണ് എന്നകാര്യം ഓരോ കുടുംബിനിയും മനസിലാക്കുന്നത് നന്നായിരിക്കും...


ആമന റസൂൽ


ഇമാം ദാരിമി (റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യോട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ, ഖുര്‍ ആനിലെ ഏത് ആയത്തിന്റെ പ്രതിഫലവും നേട്ടവുമാണ് അങ്ങേയ്ക്കും സമുദായത്തിനും ലഭിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്? നബി (സ) പറഞ്ഞു. സൂറത്തുല്‍ ബഖറയുടെ ഒടുവിലെ ഭാഗം. അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ നിധികളില്‍ നിന്നുള്ള ഈ സൂക്തങ്ങള്‍ എന്റെ സമുദായത്തിന് നല്‍കപ്പെട്ടിരിക്കുന്നു. ഭൗതികവും പാരത്രികവുമായ സര്‍വ്വ നന്മകളും അതില്‍ സമ്മേളിച്ചിട്ടുണ്ട്...(മിശ്കാത്-189)

അബ്ദുള്ളാഹിബ്‌നു ഉമര്‍ (റ) പറയുന്നു. നബി(സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. ”അല്ലാഹു എനിക്ക് സ്വര്‍ഗീയ നിധികളില്‍ നിന്ന് രണ്ട് സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇശാനിസ്‌ക്കാരത്തിനു ശേഷം അവ പാരായണം ചെയ്യുന്നവനു രാത്രി നിസ്‌ക്കാരത്തിന്റെ സ്ഥാനത്ത് നില്‍ക്കാന്‍ മതിയായതാണ്. ആമന:റസൂലു എന്ന് തുടങ്ങുന്ന സൂറത്തുല്‍ ബഖറയുടെ അവസാനം വരെയുള്ള രണ്ട് ആയത്തുകളാണ്”. (തഫ്‌സീറു സ്വാവി-1-127)

ഹാകിം(റ) നിവേദനം നബി(സ) പറഞ്ഞു. ”അല്ലാഹു സൂറത്തുല്‍ ബഖറ അവസാനിപ്പിച്ചത് അര്‍ശിന്റെ താഴ്ഭാഗത്തുള്ള നിധിയില്‍ നിന്ന് എനിക്കു നല്‍കിയ മഹത്തായ രണ്ടു സൂക്തങ്ങള്‍ കൊണ്ടാണ്. നിങ്ങള്‍ അതു പഠിക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതു പഠിപ്പിക്കുകയും ചെയ്യുക. ഉറപ്പായും അത് പാപമോചനം തേടാനും പ്രാര്‍ത്ഥനക്കും, ഉപകരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളാണ് ”... (മിര്‍കാത്-2-604) 


സൂറത്തു ആലുഇംറാന്‍

വിശുദ്ധ ഖുര്‍ആനിലെ മൂന്നാമത്തെ സൂറത്താണ് ആലു ഇംറാന്‍. 200 ആയത്തുകള്‍ ഉള്‍കൊള്ളുന്ന ഈ സൂറത്തിന് ധാരാളം സവിശേഷതകളും അതു പാരായണം ചെയ്താല്‍ ലഭിക്കുന്ന ഒട്ടനവധി ഫലങ്ങളും ഹദീസുകള്‍ വിവരിച്ചിട്ടുണ്ട്...

1. അന്ത്യനാളില്‍ സുരക്ഷാകവചമായി ഓതുന്ന വ്യക്തിക്കു വേണ്ടി നിലകൊള്ളുന്നു.

2. കപട വിശ്വാസത്തില്‍ നിന്ന് മോചനം ലഭിക്കുന്നു.

3. മലക്കുകള്‍ ഈ സൂറത്ത് പാരായണം ചെയ്യുന്നവന് വേണ്ടി ദുആ ചെയ്യുന്നു.

4. ദുആ സ്വീകരിക്കപ്പെടും.

5. രാത്രി നിസ്‌കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നു.

6. മന:ശാന്തി ലഭിക്കുന്നു.

7. വിഷമത്തിലകപ്പെട്ടാല്‍ ആലുഇംറാനിലെ അവസാന 10 ആയത്തുകള്‍ ഓതിയാല്‍ വിഷമങ്ങള്‍ നീങ്ങുന്നു.

8. അള്ളാഹുവിന്റെ അനുസരണയുള്ള അടിമകളില്‍ ഉള്‍പ്പെടുന്നു.

(മുസ്‌ലിം, മിശ്കാത്ത്, ഇബ്‌നുകസീര്‍, ദാരിമി, സ്വാവി)

നബി (സ്വ) പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യദിനത്തില്‍ നിങ്ങള്‍ക്കു ശുപാര്‍ശകനായി എത്തുന്നതാണ്. പ്രഭ വിതറുന്ന രണ്ട് സൂറത്തുകള്‍ നിങ്ങള്‍ പാരായണം ചെയ്യുക. അല്‍ബഖറയും, ആലു ഇംറാനും. തണല്‍ നല്‍കുന്ന മേഘങ്ങളെ പോലെ, അല്ലെങ്കില്‍ ചിറകു വിരിച്ച പക്ഷിക്കൂട്ടങ്ങളെ പോലെ ഈ സൂറത്തുകള്‍ പാരായണം ചെയ്ത വ്യക്തികള്‍ക്ക് അനുകൂലമായി വാദിച്ചുകൊണ്ട് ഖിയാമത്ത് നാളില്‍ വരുന്നതാണ്. (മുസ്‌ലിം, മിശ്കാത്ത് 184)...

അന്നവാസിബ്‌നു സംആന്‍(റ) പറയുന്നു: നബി (സ്വ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്ത്യനാളില്‍ വിശുദ്ധ ഖുര്‍ആനും ഖുര്‍ആന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിച്ചവരും ഹാജറാക്കപ്പെടും. ഈ രണ്ട് സൂറത്തുകള്‍ തണല്‍ നല്‍കുന്നതും പ്രഭ ചൊരിയുന്നതുമായ മേഘങ്ങളെ പോലെയോ ചിറക് വിരിച്ച് അണി നിരന്ന പക്ഷിക്കൂട്ടങ്ങളെ പോലെയോ അവര്‍ക്കു വേണ്ടി വാദിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നതാണ്. (മുസ്‌ലിം – മിശ്കാത്ത് 184)...

മലക്കുകള്‍ ദുആ ചെയ്യുന്നു

ആലു ഇംറാന്‍ പാരായണം ചെയ്യുന്നവര്‍ക്ക് വേണ്ടി മലക്കുകള്‍ ദുആ ചെയ്യുമെന്നു നബി (സ്വ) പഠിപ്പിക്കുന്നു. ഇമാം ദാരിമി (റ) ഉദ്ധരിക്കുന്നു: നബി (സ്വ) പറഞ്ഞു: വെള്ളിയാഴ്ച ദിവസം ആരെങ്കിലും സൂറത്തു ആലുഇംറാന്‍ പാരായണം ചെയ്താല്‍ അന്നു രാത്രിയാകും വരെ ആ മനുഷ്യനുവേണ്ടി മലക്കുകള്‍ പാപമോചനത്തിനു തേടുകയും ദുആ ചെയ്യുന്നതുമാണ്. (മിശ്കാത്ത് 189)...

പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നു

ഒരാള്‍ സൂറത്തുല്‍ ബഖറയും ആലും ഇംറാനും ഓതി നിസ്‌കരിച്ചു. നിസ്‌കാരം കഴിഞ്ഞ ഉടനെ കഅ്ബ് (റ) നിസ്‌കരിച്ച വ്യക്തിയോട് ചോദിച്ചു: ‘നിങ്ങള്‍ അല്‍ബഖറയും ആലു ഇംറാനും പാരായണം ചെയ്തുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ. ഞാന്‍ പാരായണം ചെയ്തിട്ടുണ്ട്. അപ്പോള്‍ കഅ്ബ്(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം, നിശ്ചയം ആ രണ്ട് സൂറത്തുകളില്‍ അല്ലാഹുവിന്റെ (തിരുനാമം) ഇസ്മുല്‍ അഅ്‌ളമുണ്ട്. അതു ചൊല്ലി ദുആ ചെയ്താല്‍ ഉത്തരം ലഭിക്കുന്നതാണ്. (ഇബ്‌നുകസീര്‍ 1/30).

ആലുഇംറാനിലെ ഒടുവിലെ ആയത്തുകള്‍

ആലുഇംറാന്‍ സൂറത്തിലെ അവസാനത്തെ പത്തു ആയത്തുകള്‍ (190-ാം ആയത്തു മുതല്‍ ഒടുവില്‍ വരെ) പ്രത്യേക മഹത്വങ്ങളുള്ളതാണെന്നു തിരുനബി(സ്വ)യുടെ വചനങ്ങളില്‍ നിന്നു മനസിലാക്കാം. നബി(സ്വ) രാത്രി നിസ്‌കാരത്തിന് (തഹജ്ജുദ്) എഴുന്നേല്‍ക്കുമ്പോള്‍ ഈ ആയത്തുകള്‍ ഓതാറുണ്ടായിരുന്നു...

തിരുനബി(സ്വ) രാത്രി എഴുന്നേറ്റിരുന്ന് ഈ പത്ത് ആയത്തുകള്‍ പാരായണം ചെയ്ത ശേഷം വുളൂഅ് ചെയ്തു നിസ്‌കരിക്കുമായിരുന്നുവെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. ഒരു രാത്രിയില്‍ മൂന്ന് തവണ എഴുന്നേറ്റപ്പോഴും നബി(സ്വ) തങ്ങള്‍ ഈ പത്ത് ആയത്തുകള്‍ പാരായണം ചെയ്തിരുന്നതായി ഇബ്‌നുഅബ്ബാസ് (റ)ല്‍ നിന്ന് ഇമാം മുസ്‌ലിം (റ)വും ഈ സംഭവം ഉദ്ധരിച്ചതായി കാണാം. (മിശ്കാത്ത് 106)...


സൂറത്തു യൂസുഫ്

യൂസുഫ് സൂറത്ത് വിശുദ്ധ ഖുര്‍ആനിലെ പന്ത്രണ്ടാമത്തെ സൂറത്താണ്. 111 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്ത് ധാരാളം ശ്രേഷ്ഠതകള്‍ നിറഞ്ഞതാണ്. യൂസുഫ് നബി (അ)ന്റെ സംഭവ ബഹുലമായ ചരിത്ര വിശകലനമാണ് പ്രതിപാദ്യ വിഷയം. യൂസുഫ് നബി (അ)ന്റെ മനക്കരുത്തും ത്യാഗ മനോഭാവവും ജീവിത വിശുദ്ധിയും വളരെ വ്യക്തമായി ഈ സൂറത്തില്‍ വിവരിക്കുന്നുണ്ട്...

യൂസുഫ് നബി (അ)ന്റെ തിരോധാനത്തെ തുടര്‍ന്ന് പിതാവ് യഅ്ഖൂബ് നബി (അ)ന് അനുഭവിക്കേണ്ടി വന്ന വിരഹദു:ഖവും സ്വന്തം സഹോദരങ്ങളുടെ ചതിപ്രയോഗങ്ങളും, പിന്നീട് അസീസ് രാജാവിന്റെ സുന്ദരിയായ പത്‌നി സ്വകാര്യ നിമിഷങ്ങളില്‍ തന്റെ കാമാസക്തി ശമിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ അള്ളാഹുവിന്റെ പൊരുത്തം മാത്രം ലക്ഷ്യം വെച്ച് അവളുടെ ഇംഗിതത്തിനു വഴിപ്പെടാതെ ചെറുത്ത് നിന്ന് തന്റെ പരിശുദ്ധി പൂര്‍ണ്ണമായി സംരക്ഷിച്ച യൂസുഫ് നബി (അ) പിന്നീട് അനുഭവിച്ച ജയില്‍ വാസവും, മറ്റുമെല്ലാം അല്ലാഹുവിന്റെ വിധിയാണെന്നുറക്കെ പ്രഖ്യാപിച്ച് സന്തോഷം കൈകൊള്ളുകയും, ഇരുമ്പഴിക്കുള്ളില്‍ നിന്ന് ഈജിപ്തിന്റെ രാജ പദവിയിലേക്കുയരുകയും, യൂസുഫ് നബിയെയും നഷ്ടപ്പെട്ട ബിന്‍യാമീന്‍ എന്ന പുത്രനെയും പിതാവിന്റെ അരികിലേക്ക് തിരിച്ചെത്തിയപ്പോള്‍ യഅ്ഖൂബിനുണ്ടായ സന്തോഷം കഥ പോലെ വിവരിക്കുന്ന സംഭവബഹുലമായ ചരിത്രമുള്‍കൊള്ളുന്ന മഹത്തായ സൂറത്താണിത്... ചില പ്രത്യേകതകള്‍ ചുവടെ വിവരിക്കാം

മരണ വേദന കുറയാന്‍ വഴിയൊരുക്കുന്നു

ഉബയ്യുബ്‌നു കഅ്ബ് (റ) പറയുന്നു: നബി(സ്വ) പറഞ്ഞു, നിങ്ങളുടെ അടിമകള്‍ക്ക് നിങ്ങള്‍ സൂറത്തുയൂസുഫ് പഠിപ്പിക്കുക. ഈ സൂറത്ത് പാരായണം ചെയ്യുകയോ തന്റെ കുടുംബത്തേയോ അടിമകളെയോ പഠിപ്പിക്കുകയോ ചെയ്ത ഏതൊരു മുസ്‌ലിമിനും അള്ളാഹു മരണ വേദനയില്‍ ലഘൂകരണം നല്‍കുന്നതാണ്. ഒരു മുസ്‌ലിമിനോടും അസൂയ തോന്നാതിരിക്കാനുള്ള വിശാല മനസ്‌കതയും അവനു നല്‍കുന്നതാണ്. (ഇബ്‌നുകസീര്‍ 2/423).

ദു:ഖിതനെ സന്തോഷിപ്പിക്കുന്നു.

ശൈഖ് അഹ്മദുസ്വാവി (റ) വിവരിക്കുന്നതു കാണുക. ‘അതിമഹത്തായ ഫലങ്ങളും സവിശേഷമായ വിധികളും ധാരാളം ഉള്‍കൊള്ളുന്ന സൂറത്താണിത്. അതുകൊണ്ടാണ്; ഖാലിദുബ്‌നു മഅ്ദ്ദാന്‍ (റ) സൂറത്തുയൂസുഫും സൂറത്തുമറിയമും സ്വര്‍ഗവാസികള്‍ സ്വര്‍ഗീയ ലോകത്ത് ആസ്വദിക്കുമെന്നു പറഞ്ഞത്. ദു:ഖിതന്‍ സൂറത്ത് യൂസുഫ് കേള്‍ക്കുന്നതു കാരണമായി അവനു മന:ശാന്തി ലഭിക്കുമെന്ന് അത്വാഅ് (റ) പറഞ്ഞിട്ടുണ്ട്... (തഫ്‌സീറുസ്വാവി 2/217).


സൂറത്തുൽ കഹ്ഫ് 

വിശുദ്ധ ഖുര്‍ആനിലെ പതിനെട്ടാമത്തെ സൂറത്താണ് സൂറത്തുല്‍ കഹ്ഫ്. 110 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്തിന്റെ മഹത്വവും പ്രാധാന്യവും വിവരിക്കുന്ന നിരവധി തിരുവചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഓരോ വെള്ളിയാഴ്ചയും ഈ സൂറത്ത് മൂന്നാവര്‍ത്തി ഓതല്‍ സുന്നത്തായതുതന്നെ ഇതിന്റെ മാഹാത്മ്യത്തെക്കുറിക്കുന്നു. വെള്ളിയാഴ്ച രാവും പകലും ഇത് പാരായണം ചെയ്യല്‍ സുന്നത്താണ്. അല്‍ കഅ്ഫ് പകല്‍ സമയം പാരായണം ചെയ്യുന്നതാണ് ശ്രേഷ്ടത...


ജുമുഅ:യും പള്ളിയിലെ ജമാഅത്തും സ്ത്രീകള്‍ക്കില്ലെങ്കിലും അല്‍ കഅ്ഫ് ഓതല്‍ അവര്‍ക്കും സുന്നത്താണ്. സംഭവ ബഹുലമായ മൂന്ന് ചരിത്ര സത്യങ്ങള്‍ ഈ സൂറത്ത് പരാമര്‍ശിക്കുന്നുണ്ട്. അചഞ്ചലമായ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്റെയും ത്യാഗപൂര്‍ണ്ണമായ വിജ്ഞാന സമ്പാദനത്തിന്റെയും ജനസേവനത്തിന്റെയും ഉദാത്ത പാഠങ്ങളാണ് ഈ പരിശുദ്ധ ചരിത്ര കഥകള്‍ പ്രതിപാദിക്കുന്നത്. ഈ സൂറത്തിന്റെ പ്രത്യേക മഹത്വങ്ങളും പാരായണം ചെയ്താലുള്ള പ്രയോജനങ്ങളും തുടര്‍ന്നും വായിക്കുക...


റഹ്മത്തിന്റെ മലക്കുകളുടെ സാന്നിധ്യം

അല്‍ബറാഅ് (റ) പറയുന്നു. ഒരാള്‍ സൂറത്തുല്‍ കഅ്ഫ് പാരാണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ മേഘത്തിനോട് സാമ്യമുള്ള ഒരു പ്രത്യേക നിഴല്‍ തന്റെ തലക്കുമുകളില്‍ പ്രത്യക്ഷപ്പെട്ട് അത് അടുത്തടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ തന്റെ സമീപത്ത് രണ്ട് കയറുകളില്‍ കെട്ടിയിടപ്പെട്ടിരുന്ന കുതിര ചാടാന്‍ തുടങ്ങി. അടുത്ത പ്രഭാതമായപ്പോള്‍ അദ്ദേഹം നബി (സ്വ)യെ സമീപിച്ച് വിഷയം പറഞ്ഞു. അപ്പോള്‍ തിരുനബി (സ്വ) ഇങ്ങനെ പറഞ്ഞു. ഖുര്‍ആന്‍ പാരായണം കാരണമായി വാനലോകത്തുനിന്ന് ഇറങ്ങിവന്ന കാരുണ്യത്തിന്റെ മലക്കുകളാണിത്... (ബുഖാരി-മിശ്ഖാത്ത് 184) ഈ സംഭവത്തോട് സമാനമായ മറ്റൊന്ന് സൂറത്തുല്‍ ബഖറയിലും വിവരിച്ചിട്ടുണ്ട്...


ദജ്ജാലിന്റെ ഭീകരതയില്‍ നിന്നുള്ള മോചനം


അവസാന നാളില്‍ വിശ്വാസികള്‍ നേരിടേണ്ടിവരുന്ന അതിഭയാനകമായ വിപത്തുകളില്‍ പെട്ടതാണ് ദജ്ജാലിന്റെ ആഗമനം. നല്ലമനുഷ്യരെ വഴിതെറ്റിക്കാനുള്ള കഠിന ശ്രമങ്ങള്‍ ദജ്ജാലില്‍ നിന്നുണ്ടാവും. ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ അഞ്ച് നേരത്തെ ഫര്‍ള് നിസ്‌കാരത്തിന് ശേഷവും ഒടുവിലത്തെ അത്തഹിയാത്തില്‍ ദുആ ചെയ്യണമെന്ന് പ്രത്യേകം പഠിപ്പിച്ചത് അവന്റെ ഭീകരതയുടെ ഭയാനകതയെ സൂചിപ്പിക്കുന്നു...

വെള്ളിയാഴ്ച ദിനങ്ങളില്‍ ഈ സൂറത്ത് ഓതുന്നത് പ്രത്യേകം സുന്നത്താണ്. ജുമുഅക്ക് പോകുന്ന പുരുഷന്മാര്‍ക്കു മാത്രമല്ല വീട്ടില്‍ ഇരിക്കുന്ന സ്ത്രീകള്‍ക്കും സുന്നത്താണ്. നബി (സ) പറഞ്ഞു. ”വെള്ളിയാഴ്ച ദിവസം ഒരാള്‍ സൂറത്തുല്‍കഹ്ഫ് ഓതിയാല്‍ രണ്ടു വെള്ളിയാഴ്ചക്കിടയിലെ സമയങ്ങളത്രയും അവന്റെ ഹൃദയവും ഖബറും പ്രകാശിക്കുന്നതാണ്.”(ബൈഹഖി- മിര്‍ഖാത് -2-605)

ഇബ്‌നു അബ്ബാസ്(റ), അബൂഹുറൈറ(റ) എന്നിവര്‍ ഉദ്ദരിക്കുന്നു. ”വെള്ളിയാഴ്ച രാത്രിയോ പകലോ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുന്നവന് അവന്‍ ഓതുന്ന സ്ഥലത്തുനിന്ന് തുടങ്ങി വിശുദ്ധ മക്കവരെ വ്യാപിക്കുന്ന പ്രകാശം നല്‍കപ്പെടും. ഒരു വെള്ളിയാഴ്ച മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ പാപമോചനം ലഭിക്കും. എഴുപതിനായിരം മലക്കുകള്‍ പ്രഭാതം വരെ അവനു വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും. രോഗവിപത്തുകളില്‍ നിന്ന് മുക്തി ലഭിക്കും. വെള്ളപ്പാണ്ട്, കുഷ്ഠം ശ്വാസകോശ രോഗം തുടങ്ങിയ രോഗങ്ങളില്‍ നിന്നും ദജ്ജാലിന്റെ ഭീകരതയില്‍ നിന്നും സുരക്ഷ ലഭിക്കും”. (ഇഹ്‌യാ 1-193 , ഖുതുൽഖുലൂബ്)


അസ്ഹാബുൽ കഹ്ഫിന്റെ പേരുകൾ എഴുതി സൂക്ഷിച്ചാൽ 

അസ്ഹാബുല്‍ ല്‍ കഹ്ഫ് എത്രയാണെന്ന വിഷയത്തില്‍ തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ പല അഭിപ്രായങ്ങള്‍ കാണുന്നുണ്ട്. അവര്‍ ഏഴു പേരായിരുന്നു എന്ന് തഫ്‌സീറു റൂഹുല്‍ ബയാന്‍ പറയുന്നു. ഈ അഭിപ്രായമാണ് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. എന്നാല്‍ തഫ്‌സീര്‍ ത്വബ്‌രിയില്‍ കാണുന്നത് അവര്‍ എട്ട് പേരായിരുന്നു എന്നാണ്. 

مُكَسلَمين، أَمْلِيخَا، مَرَطُونِس، يَنْيُونِس، سَازَمُونِس، دَوَانَوَانِس، وَكَشْفِيطِطْ


ഈ പേരുകള്‍ എഴുതി ഉപയോഗിച്ചാല്‍ അത് കാരണത്താല്‍ പല നേട്ടങ്ങളും ഉണ്ടാവുമെന്നും തഫ്‌സീര്‍ റൂഹുല്‍ ബയാനില്‍ പറയുന്നുണ്ട്. ചുരുക്ക രൂപം താഴെ നൈസാബൂരി പറഞ്ഞിരിക്കുന്നു. അസ്ഹാബുൽ കഹ്ഫിന്റെ പേരുകള്‍ ആവശ്യങ്ങള്‍ തേടുന്നതിനും, രക്ഷ നേടുന്നതിനും, തീ അണക്കുന്നതിനും, കുട്ടികളുടെ കരച്ചില്‍ ശമനത്തിനും, കൃഷി അഭിവൃദ്ധിക്കും, സുഖ പ്രസവത്തിനും, സമ്പത്ത് സംരക്ഷിക്കപ്പെടുന്നതിനും നല്ലതാണ്. (തഫ്‌സീറു റൂഹുല്‍ ബയാന്‍) തീ പിടുത്തമുണ്ടായാല്‍ അസ്വ്ഹാബുല്‍ കഹ്ഫിന്റെ ഈ പേരുകള്‍ ഒരു തുണിക്കഷ്ണത്തില്‍ എഴുതി തീയുടെ മധ്യത്തിലേക്ക് എറിയുക. കുട്ടികളുടെ കരച്ചിലിനാണെങ്കില്‍ ഈ പറയപ്പെട്ട പേരുകള്‍ എഴുതിയ കഷ്ണം തൊട്ടിലില്‍ കുട്ടിയുടെ തലക്ക് കീഴെയായി വെക്കുക. കൃഷി അഭിവൃദ്ധിക്ക് മേല്‍ പറയപ്പെട്ട പേരുകള്‍ എഴുതിയ കടലാസ് കൃഷിയിടത്തിന്‍റെ മധ്യത്തില്‍ ഒരു മരക്കൊള്ളിയില്‍ നാട്ടുക. 

مُكَسلَمين: هذا اسم أحد أصحاب الكهف، إن كُتب بخرقة ورُمي وسط الحريق أخمدت نيرانه حالا بمشيئة الله تعالى.

ഈ പേര് തീയുടെ നടുവിലേക്ക് എഴുതി ഇട്ടാൽ ആ തീയേ അല്ലാഹു കെടുത്തിക്കളയും 

سَازَمونس: هذا اسم أحد أصحاب الكهف، إن كُتب على ورقة أو خرقة وعُلق على المحموم يُذهب الحمى بمشيئة الله تعالى

ഈ പേര്  ഒരു കടലാസിലോ തുണിക്കഷണത്തിലോ എഴുതി തൂക്കിയിട്ടാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ പനി പോകും



സൂറത്തുൽ കഹഫ് ജുമുഅക്ക് മുൻപ് തന്നെ ഓതണമൊ? ജുമുഅ കഴിഞ്ഞ ശേഷം ഒതിയാൽ ആ പ്രത്യേക കൂലി കിട്ടുമോ?

വ്യാഴാഴ്ച പകല്‍ സൂര്യന്‍ അസ്തമിച്ചതു മുതല്‍ (ശറഉ പ്രകാരം വെള്ളിയാഴ്ച രാവ്) വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിനിടയില്‍ ഏതു സമയത്ത് അല്‍ കഹ്ഫ് സൂറത് ഓതിയാലും വെള്ളിയാഴ്ച ഓതിയതിന്‍റെ പ്രത്യേക പ്രതിഫലം ലഭിക്കും. അടുത്ത ജുമുഅവരെ പ്രത്യേക പ്രഭ നല്‍കപ്പെടുക, മക്കവരെ നീണ്ടു കിടക്കുന്ന പ്രകാശം നല്‍കപ്പെടുക, അടുത്ത ജുമുഅക്കിടയില്‍ സംഭവിച്ച ചെറു ദോശങ്ങള്‍ പൊറുക്കപ്പെടുക, ദജ്ജാല്‍, കുഷ്ഠം, വെള്ളപാണ്ട്, തളര്‍വാദം, മറ്റു രോഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള മോചനം, എഴുപതിനായിരം മലക്കുകളുടെ പ്രാര്‍ത്ഥന എന്നിവ വെള്ളിയാഴ്ച അല്‍ കഹ്ഫ് സൂറത് ഓതുന്നതിന്‍റെ നേട്ടങ്ങളാണ്.

എങ്കിലും രാത്രിയേക്കാള്‍ ഏറ്റവും ഉത്തമം പകലിലോതുന്നതാണ്. പകലില്‍ തന്നെ സുബ്ഹിക്കു ശേഷമാണുത്തമം. സൂര്യനുദിക്കുന്നതിനു മുമ്പാണെന്നും അസ്വറിനു മുമ്പാണെന്നും അഭിപ്രായങ്ങളുണ്ട്.


സൂറത്തു സജദ

സബ്ഉൽ മുഞ്ചിയാത്തിൽപ്പെട്ട ''അലിഫ് ലാം മീം സജദ '' എന്ന സൂറത്ത് വിശുദ്ധ ഖുർആനിലെ 32ാമത്തെ സൂറത്താണ് .''അലിഫ് ലാം മീം''എന്ന് പറഞ്ഞു കൊണ്ടാണ് സൂറത്ത് ആരംഭിക്കുനത്.15ാം ആയത്തിൽ സുജൂദിനെക്കുറിച്ച് പറയ്യുന്നുമുണ്ട് . അതുകൊണ്ടാണ് സൂറത്തിന് '';അലിഫ് ലാം മീം സജദ '';എന്ന പേര് ലഭിച്ചത് .ഈ സൂറത്ത് പാരായണം ചെയ്താൽ ഒട്ടേറെ പ്രയോജനങ്ങൾ കൈവരിക്കാനാകും . 

അനസ് (റ) പറയുന്നു ;- ''രാത്രി അലിഫ് ലാം മീം സജദയും തബാറക്കൽ മുൽക്കു എന്നു തുടങ്ങുന്ന സൂറത്തും പാരായണം ചെയ്യുന്നവർക്ക് ലൈലത്തുൽ ഖദ്റിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്'';.(മുജർറബാത്തു ദ്ദൈറബി)

ജാബിറുബ്നു അബ്ദില്ലാ (റ) പറയുന്നു ;- ''നബി (ﷺ) രാത്രി അലിഫ് ലാം മീം സജദയ്യും തബാറക്കയും പാരായണം ചെയ്തതിന് ശേഷം യാഖദീം,യാഹയ്യു,യാഖയ്യും,യാഫർദ്,യാവാഹിദ്,യാഅഹദ്,യാസ്വമദ് എന്ന് പറയാറുണ്ടായിരുന്നു.(ദുററുന്നളീം)


സൂറത്തു ദുഖാൻ

വിശുദ്ധ ഖുർആനിലെ 44 ാ മത്തെ സൂറത്താണ് സൂറത്തു ദുഖാൻ .സബ്ഉൽ മുഞ്ചിയാത്തിൽ എണ്ണപ്പെടുന്ന സൂറത്തു ദുഖാൻ പതിവായി പാരായണം ചെയ്യുകയാണെങ്കിൽ ഭൗതികവും പാരത്രികവുമായ ഒട്ടേറെ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് മഹാന്മാരായ പണ്ഡിതന്മാർ രേഖപ്പെടുത്തിയിരിക്കുന്നു .

എല്ലാ വെളളിയാഴ്ച രാത്രിയും പതിവായി ഈ സൂറത്ത് ഓതുന്നതായാൽ അവന്‍റെ പാപങ്ങൾ പൊറുക്കപ്പെടുകയും സ്വർഗ്ഗത്തിൽ അവന്ന് ഒരു മണിമാളിക ലഭിക്കുകയും ചെയ്യും (വളാഇഫുന്നബി ).

സൂറത്തു ദുഖാൻ ആരെങ്കിലും പാരായണം ചെയ്‌താൽ 70000 മലക്കുകൾ അവനു വേണ്ടി പൊറുക്കലിനെ തേടും  


സൂറത്തുല്‍ വാഖിഅ

വാഖിഅ: എന്ന വാക്കിനു സംഭവം എന്നർത്ഥം.ഖിയാമം നാൾ എന്ന അർത്ഥത്തിലാണ് ഒന്നാം സൂക്തത്തിൽ പരാമർശിച്ചിരിക്കുന്നത് വല്ലവനും എല്ലാ രാത്രിയിലും അൽ വാഖിഅ സൂറത്ത് ഓതിവന്നാൽ അവനെ ദാരിദ്ര്യം ബാധിക്കുകയില്ല എന്ന് നബി(സ)പറഞ്ഞിട്ടുണ്ട് (ബൈഹഖി റഹ്)

"സൂറത്തുൽ വാഖിഅ ഐശ്വര്യത്തിന്റെ സുറയാണ്, അത് നിങ്ങൾ ഒതുകയും മക്കൾക്ക് പഠിപ്പിക്കുകയും ചെയ്യുക എന്ന് നബി (സ) പറഞ്ഞതായി അനസ് ഇബ്നു മാലിക്ക് (റ) ഉദ്ധരിച്ചിട്ടുണ്ട്. ( ഇബ്നമർദവയ്ഹി )

ആദ്യകാലക്കാരുടെയും പിൽക്കാലക്കാരുടെയും വാർത്തകളും സ്വർഗ/നരകാവകാശികളുടെ വാർത്തകളും ഇഹലോക/ പരലോകത്തുള്ളവരുടെ വാർത്തകളും അറിയാൻ ആഗ്രഹിക്കുന്നവർ ഈ സൂറത്തുൽ വാഖിഅ:പാരായണം ചെയ്താൽ മതിയെന്ന് മസ് റൂഖ്(റ)പറഞ്ഞതായി ഇമാം ഖുർതുബി(റ)പറഞ്ഞിട്ടുണ്ട്

وقال الحافظ ابن عساكر في ترجمة عبد الله بن مسعود بسنده إلى عمرو بن الربيع بن طارق المصري : حدثنا السري بن يحيى الشيباني ، عن أبي شجاع ، عن أبي ظبية قال : مرض عبد الله مرضه الذي توفي فيه ، فعاده عثمان بن عفان فقال : ما تشتكي ؟ قال : ذنوبي . قال : فما تشتهي ؟ قال : رحمة ربي . قال ألا آمر لك بطبيب ؟ قال : الطبيب أمرضني . قال : ألا آمر لك بعطاء ؟ قال : لا حاجة لي فيه . قال : يكون لبناتك من بعدك ؟ قال : أتخشى على بناتي الفقر ؟ إني أمرت بناتي يقرأن كل ليلة سورة الواقعة ، إني سمعت رسول الله - صلى الله عليه وسلم - يقول : " من قرأ سورة الواقعة كل ليلة ، لم تصبه فاقة أبدا "


അബ്ദുല്ലാഹിബ്‌ന മസ്ഊദ് (റ) രോഗശയ്യയിലായിരിക്കെ ഖലീഫ ഉസ്മാന്‍ (റ) അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നു. അവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖലീഫ ചോദിച്ചു:

ഇബ്നു മസ്ഊദ്, ഇപ്പോഴെന്താണ് ബുദ്ധിമുട്ടുള്ളത്?" 

"തെറ്റുകുറ്റങ്ങൾ ഓർത്തുള്ള വിഷമം മാത്രം മറ്റൊന്നുമില്ല". 

"എന്താണാഗ്രഹം?" 

"അല്ലാഹുവിന്റെ കാരുണ്യം" 

"ഞാൻ വിദഗ്ധ വൈദ്യനെ വരുത്തട്ടെ?" 

"ആ വൈദ്യൻ തന്നെയല്ലേ എനിക്ക് രോഗം തന്നത്" - 

അല്ലാഹുവിനെ ഉദ്ദേശിച്ച് ഇബ്നുമസ്ഊദ്(റ) പറഞ്ഞു. "പൊതുഫണ്ടിൽ നിന്ന് നിങ്ങൾക്ക് കുറച്ച് പണം നല്കാൻ ഉത്തരവിരക്കട്ടെ" 

"എനിക്കതൊന്നും ആവിശ്യമില്ല." 

"അപ്പോൾ നിങ്ങൾ മരിച്ചാൽ ഈ പെണ്ണ്കുട്ടികൾക്ക് എന്താണ് ബാക്കി? "അതുശരി, അവർക്ക് ദാരിദ്ര്യം വന്നുപെടുമെന്നാണോ നിങ്ങൾ പേടിക്കുന്നത്? ഇല്ല, ഒരിക്കലുമില്ല. ഞാൻ എന്റെ മക്കളെ 'സൂറത്തുല് വാഖിഅ:' ഓതാൻ പഠിപ്പിച്ചിട്ടുണ്ട്. റസൂൽ (സ) പറയുന്നത് ഞാൻ കേട്ടു. എല്ലാ രാത്രിയും 'സൂറത്തുല് വാഖിഅ:' ഒതുന്നവൻ ദാരിദ്ര്യം വന്നു പെടുന്നതല്ല." (ഇബ്‌നുകസീര്‍ 2534)


സൂറത്തുല്‍ മുല്‍ക്

ഈ സൂറത്തിനു വാഖിയ واقية (കാവൽ നൽകുന്നത്) മുൻജിയ منجية (രക്ഷിക്കുന്നത്) മാനിഅ: مانعة (തടയുന്നത്) മുജാദല: مجادلة (തർക്കിക്കുന്നത്-അത് പാരായണം ചെയ്യുന്നവരെ രക്ഷിക്കാനായി ഖബ്റിൽ വെച്ച് തർക്കിക്കും) എന്നിങ്ങനെ ധാരാളം നാമങ്ങൾ ഈ സൂറത്തിനുണ്ട്.

സൂറതുല്‍ മുല്‍കില്‍ 30 ആയത്തും മുന്നൂറ്റിമുപ്പത്തിമൂന്ന് വാക്കുകളും ആയിരത്തി മുന്നൂറ്റി ഇരുപത്തി ഒന്ന് അക്ഷരങ്ങളുമുള്ള സൂറത്താണ്... (ഖസീന..)

വിശുദ്ധ ഖുര്‍ആനിലെ 67-ാം അധ്യായമായ തബാറക എന്ന പേരില്‍ അറിയപ്പെടുന്ന സൂറത്തിന് ചില പ്രത്യേകമായ സവിശേഷതകള്‍ ഉണ്ടെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. 30 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ അധ്യായത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഖബ്‌റിലെ ശിക്ഷയില്‍ നിന്നും രക്ഷയായിത്തീരും എന്നതാണ്. നരക മോചനവും സ്വിറാത്തിലെ രക്ഷയും ശുപാര്‍ശയും ഇതിന്റെ മറ്റു സവിശേഷതകളാണ്. വിശ്വാസികളുടെ ഏറ്റവുംവലിയ ദുരിതസമയങ്ങളില്‍ രക്ഷക്കെത്തുന്ന സൂറത്തായി നബി (സ്വ) തങ്ങള്‍ പരിചയപ്പെടുത്തുന്നതുകാണാം. നബി (സ്വ) പറഞ്ഞു: ഖുര്‍ആനില്‍ 30 ആയത്തുകളുള്ള ഒരു സൂറത്ത് ഉണ്ട്. അത് പാരായണം ചെയ്യുന്നവര്‍ക്ക് പാപമോചനം കിട്ടുന്നതുവരെ അത് ശുപാര്‍ശ ചെയ്യുന്നതായിരിക്കും. അത് തബാറക എന്ന് പറയുന്ന സൂറത്താണ്. (അഹ്മദ്, മിശ്കാത്ത്)


ഖബ്‌റിന്റെ ശിക്ഷയില്‍ നിന്ന് മോചനം.

പാപമോചനത്തിന് വഴിയൊരുക്കുന്നു.

സ്വര്‍ഗത്തിലെത്തും വരെ പാരായണക്കാരനുവേണ്ടി വാദിക്കുന്നു.

 റബ്ബിന്റെ മുമ്പില്‍ പാരായണക്കാരനുവേണ്ടി പക്ഷം ചേരുന്നു.

 ദിനേനെ ഓതുന്നവന് നാശങ്ങള്‍ വരുന്നതല്ല.

തബാറക സൂറത്തിലെ ആദ്യ ഭാഗത്തിലെ സവിശേഷതകള്‍ ആ വ്യക്തിയില്‍ സംഗമിക്കുന്നു. 

ജനസ്വാധീനവും അധികാരവും ഉണ്ടാവുന്നു.

സാമ്പത്തിക അഭിവൃദ്ധി കൈവരുന്നു... 
 

ഇബ്നു അബ്ബാസ്(رضي الله عنه) വിൽ നിന്ന് ഇമാം തുർമുദി(رضي الله عنه) റിപ്പോർട്ട് ചെയ്യുന്നു. നബി(صلى الله عليه وسلم)യുടെ ഒരു സ്വഹാബി യാത്രക്കിടയിൽ ഒരു സ്ഥലത്ത് (അവിടെ ഖബ്റുണ്ടെന്നറിയാതെ ) വിശ്രമത്തിനായി തമ്പുണ്ടാക്കി.യഥാർത്ഥത്തിൽ അത് ഒരു നല്ല മനുഷ്യന്റെ ഖബ് റായിരുന്നു.അതിൽ നിന്ന് സൂറത്തുൽ മുൽക്ക് മുഴുവനായി പാരായണം ചെയ്യുന്നത് കേട്ടു.

അങ്ങനെ ആ സ്വഹാബി നബി(صلى الله عليه وسلم)യുടെ അടുത്ത് വന്ന് ഈ സംഭവം വിശദീകരിച്ചു അപ്പോൾ നബി(صلى الله عليه وسلم) പറഞ്ഞു ഈ അദ്ധ്യായം തടയുന്നതാണ് -ഖബ്‌റിന്റെ ശിക്ഷയിൽ നിന്ന് അത് ഓതുന്നവരെ രക്ഷിക്കുന്നതാണ്. ഈ അദ്ധ്യായം എല്ലാ സത്യവിശ്വാസികളുടെയും ഹൃ‌ദയത്തിൽ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് നബി(صلى الله عليه وسلم) പറഞ്ഞിട്ടുണ്ട് അള്ളാഹുവിന്റെ ഖുർ ആനിലെ മുപ്പത് സൂക്തങ്ങളുള്ള ഒരു അദ്ധ്യായമുണ്ട് അത് ആളുകൾക്ക് വേണ്ടി ശുപാർശ ചെയ്യുകയും അന്ത്യനാളിൽ അവരെ നരകത്തിൽ നിന്ന് രക്ഷിച്ച് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും അത് തബാറക സൂറത്താവുന്നു.

ഇമാം ഖുര്‍ത്വുബി റിപ്പോര്‍ട്ട് ചെയ്യുന്നു... ദിവസവും ഇത് പാരായണം ചെയ്താല്‍ ഒരു ഫിത്‌നയും ആ വ്യക്തിയെ ബാധിക്കുകയില്ല... (ഖുര്‍ത്വുബി റഹ് ).

ഖുര്‍ആനില്‍ 30 ആയത്തുകള്‍ മാത്രമുള്ള ഒരു സൂറത്തുണ്ട്. അത് പാരായണം ചെയ്യുന്നവര്‍ക്ക് വേണ്ടി അത് വാദിച്ചുകൊണ്ടിരിക്കും. അയാള്‍ സ്വര്‍ഗത്തില്‍ എത്തുന്നതുവരെ. അത് തബാറകയാണ്... (ഖസീനത്തുല്‍ അസ്‌റാര്‍ 169).

തബാറക സൂറത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്നത് ആ സൂറത്തിന്റെ ആദ്യ ഭാഗത്താണ്. ആരെങ്കിലും സൂറത്തുല്‍ മുല്‍ക് ഓതുന്നത് പതിവാക്കിയാല്‍ അതില്‍ വിവരിച്ച സവിശേഷ ഗുണങ്ങളെല്ലാം ആ വ്യക്തിയില്‍ സംഗമിക്കുന്നതാണ്. ഉയര്‍ന്ന മഹത്വങ്ങളും പദവികളും അയാള്‍ക്ക് ലഭിക്കും. അധികാര സ്വാധീനവും സമ്പത്തും കൈവരിക്കാന്‍ ഈ പാരായണം വഴി കഴിയും. ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവനായിത്തീരും...(ഖസ്വീനത്തുല്‍ അസ്‌റാര്‍)

സൂറത്തു യാസീനിന്റെ പൊരുളുകള്‍ ഉള്ളത് അതിന്റെ ഒടുക്കത്തിലാണ്. എന്നാല്‍ സൂറത്തുല്‍ മുല്‍കിന്റെ പൊരുളുകള്‍ അതിന്റെ തുടക്കത്തിലും. ആരെങ്കിലും സൂറത്തുല്‍ മുല്‍ക് ഓതല്‍ പതിവാക്കിയാല്‍ അതില്‍ വിവരിച്ച സദ്ഗുണങ്ങളെല്ലാം ആ വ്യക്തിയിലും വന്നുചേരും. ഉയര്‍ന്ന പദവികളും സമ്പത്തും അധികാരവും കൈവരും. എല്ലാവരും ഈ പാരായണക്കാരനെ പ്രിയം വെക്കും. (ഖസീന..)

നബി (സ്വ) പറയുന്നു: തബാറക എല്ലാ വിശ്വാസികളുടെയും ഹൃദയത്തിലുണ്ടാവാന്‍ ഞാന്‍ കൊതിക്കുന്നു... (തദ്കിറത്തുല്‍ ഖുര്‍ത്വുബി ഹാകിം റഹ്)

പ്രമുഖ സ്വഹാബിയായ അബ്ദുള്ളാഹി ബിൻ മസ് ഊദ്(رضي الله عنه) പറഞ്ഞു ഒരു മയ്യിത്തിനെ ഖബ് റിൽ വെച്ചാൽ അയാൾ തബാറക സൂറത്ത് ഓതിയിരുന്നവനാണെങ്കിൽ ഈ സൂറത്തിനെ അവിടെ കൊണ്ട് വരപ്പെടുകയും ഇയാൾ എന്നെ പാരായണം ചെയ്തിരുന്നവനാണ് അവനെ ശിക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ല എന്ന് പറയുകയും ചെയ്യും .എന്നിട്ട് മഹാൻ പറഞ്ഞു ഇത് അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് ഇത് പാരായണം ചെയ്യുന്നവനെ തടയുന്നതാണ് എന്ന്! എല്ലാരാത്രിയിലും ഈ സൂറത്ത് ഓതിയാൽ അവനെ പിശാച് ബുദ്ധിമുട്ടിക്കുകയില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്(ഖുർത്വുബി റഹ് 18/155)

ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ”ഖബ്‌റിനുള്ളില്‍ കിടക്കുന്ന മനുഷ്യന്റെ കാല്‍പാദത്തിന്റെ പരിസരത്തുകൂടി അല്ലാഹുവിന്റെ ശിക്ഷകള്‍ വരുമ്പോള്‍ പാദങ്ങള്‍ പറയും എന്റെ അരികിലൂടെ വരാന്‍ വഴിയില്ല. കാരണം, അദ്ദേഹം സൂറത്തുല്‍ മുല്‍ക് ഓതിയിരുന്നവനാണ്. ശേഷം നെഞ്ചിന്റെയോ വയറിന്റെയോ ഭാഗത്തുകൂടെ ശിക്ഷകള്‍ വരുമ്പോള്‍ ഇതിലൂടെ വരുവാന്‍ നിനക്ക് സാധിക്കില്ല. കാരണം സൂറത്തുല്‍ മുല്‍ക് ഇദ്ദേഹം ഓതിയിരുന്നുവെന്ന് അവ പറയും. ശേഷം ശിരസ്സിന്റെ ഭാഗത്തുകൂടെ വരുമ്പോള്‍ എന്റെ ഭാഗത്തുകൂടിയും വരാന്‍ നിനക്ക് സാധിക്കില്ല. കാരണം ഇദ്ദേഹം സൂറത്തുല്‍ മുല്‍ക് പാരായണം ചെയ്യുന്നവനായിരുന്നുവെന്ന് ശിരസ്സും പ്രതികരിക്കും. ഈ സൂറത്ത് ഖബ്‌റിലെ ശിക്ഷയെ തടയുന്നതാണ്. തൗറാത്തില്‍ ഇതിന്റെ പേര് സൂറത്തുല്‍ മുല്‍ക് എന്നാണ്. ആരെങ്കിലും ഒരു രാത്രി ഇത് പാരായണം ചെയ്താല്‍ അവനു ധാരാളം പ്രതിഫലം നേടാവുന്നതാണ്... (ഹാകിം റഹ് )

അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ആരെങ്കിലും എല്ലാ രാത്രിയിലും تَبَارَكَ الَّذِي بِيَدِهِ الْمُلْكُ  - തബാറക്കല്ലദീ ബി യദിബില്‍ മുല്‍ക് - എന്നസൂറ: പാരായണം ചെയ്താല്‍ ഖബ്റിലെ ശിക്ഷയില്‍ നിന്ന് അല്ലാഹു അവ൪ക്ക് രക്ഷ നല്‍കുന്നതാണ്. നബിയുടെ(സ്വ) കാലത്ത് ഞങ്ങള്‍ ഈ സൂറത്തിന് അല്‍ മാനിഅ എന്ന പേര് നല്‍കിയിരുന്നു. ഇത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു സൂറ: ആണ്. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു.(സ്വഹീഹുത്ത൪ഗീബ് :  1589)

ജാബിറില്‍(റ) നിന്നും നിവേദനം.അദ്ദേഹം പറഞ്ഞു: സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും പാരായണം ചെയ്യാതെ നബി(സ്വ) ഉറങ്ങാറുണ്ടായിരുന്നില്ല.(സുനനുത്തി൪മുദി)


സൂറത്തുല്‍ ഫത്ഹ്


ഒരിക്കല്‍ നബി (ﷺ) പറയുകയുണ്ടായി: ഇന്ന് രാത്രി എനിക്ക് ഒരു ഖുര്‍ആനിക അധ്യായം അവതരിച്ചിട്ടുണ്ട്. നിശ്ചയമായും ആ സൂറത്ത് എനിക്കേറെ ഇഷ്ടപ്പെട്ടതാണ്. ശേഷം നബി (ﷺ) സൂറത്തുല്‍ ഫത്ഹിലെ ആദ്യ ഭാഗം ഓതുകയുണ്ടായി (ബുഖാരി റഹ് 4177). 

കാരണം ഈ സൂറത്തില്‍ സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗം, ദൈവകൃപ, സൗഭാഗ്യം, പ്രായശ്ചിത്തം മുതലായവയുണ്ടെന്ന് സുവിശേഷം അറിയിച്ചിട്ടുണ്ട്. 


സഅ്‌ലബ് (റ)ല്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ആരെങ്കിലും സൂറത്തുല്‍ ഫത്ഹ് ഓതിയാല്‍ അവന്‍ നബി (സ്വ)യോടൊപ്പം മക്കം ഫത്ഹ് യുദ്ധത്തില്‍ പങ്കെടുത്തവരെ പോലെയായി... 

ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: ഒരാള്‍ റമളാനിലെ ആദ്യരാത്രിയില്‍ സുന്നത്ത് നിസ്‌കാരത്തില്‍ സൂറത്തുല്‍ ഫത്ഹ് ഓതിയാല്‍ ആ വര്‍ഷം മുഴുക്കെ അയാള്‍ക്കല്ലാഹു സുരക്ഷിതത്വം നല്‍കുന്നതാണ്. അല്ലാഹുവില്‍ നിന്നുള്ള സഹായം അയാള്‍ക്കു ലഭിച്ചുകൊണ്ടിരിക്കും... (റൂഹുല്‍ ബയാന്‍).

ഇമാം ഫഖ്‌റുദ്ദീനുറാസി വിവരിക്കുന്നത് കാണുക: എന്തെങ്കിലും വിഷമങ്ങള്‍ തനിക്കു പിടിപ്പെട്ടാല്‍ ജുമുഅയുടെ സുന്നത്തുകളെല്ലാം പൂര്‍ത്തയാക്കിയ ശേഷം ജുമുഅ നിസ്‌കാരാനന്തരം ഏഴ് തവണ ഞാന്‍ സൂറത്തുല്‍ ഫത്ഹ് ഓതും. ശേഷം … എന്ന അല്ലാഹുവിന്റെ ഇസ്മ് അബ്ജദിന്റെ, എണ്ണമനുസരിച്ച് 489 പ്രാവശ്യം ചൊല്ലും. ഇത് അടുത്ത ജുമുഅ വരെ എല്ലാ ദിവസവും ളുഹ്ര്‍ നിസ്‌കാര ശേഷം ചെയ്തു. ഓതുന്നതിനിടയില്‍ സംസാരിക്കുന്നില്ല. ഇങ്ങനെ ഏഴ് നാള്‍ കഴിയുമ്പോഴേക്കും എന്റെ ആഗ്രഹം സഫലമായിക്കഴിഞ്ഞിരുന്നു. അല്ലാഹു ജനങ്ങള്‍ക്കിടയില്‍ സ്വാധീനശക്തി നല്‍കുകയും ചെയ്തു...(ഖവാസ്സുല്‍ ഖുര്‍ആന്‍).

ഈ സൂറത്ത് പതിവാക്കിയവര്‍ക്ക് നബി (സ്വ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുന്നതാണ്... (ഖസീനത്തുല്‍ അസ്‌റാര്‍).


സൂറ:അത്തക്‌വീർ

മാനവ സമൂഹത്തെ ഒന്നടങ്കം വിചാരണ ചെയ്യുന്ന വേളയില്‍ അല്ലാഹു ഈ സൂറത്ത് പതിവാക്കുന്നവരെ പരിഗണിക്കും. ഇത് പതിവാക്കുന്നവരെ നന്മ തിന്മകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം തുറക്കുന്ന സമയത്ത് അല്ലാഹു നിന്ദ്യതയില്‍ അകപ്പെടുത്താതെ സംരക്ഷിക്കുന്നതാണ്. (ബൈളാവി). 

കണ്ണു രോഗമുള്ളവര്‍ക്കു പനനീര്‍ വെള്ളത്തില്‍ മന്ത്രിച്ചു കണ്ണില്‍ ഒഴിച്ചാല്‍ രോഗം മാറുന്നതാണ്. കാഴ്ച ശക്തിക്കും ഫലപ്രദമാണ്...

ഇമാം തുർമുദി(رحمة الله عليه  ) റിപ്പൊർട്ട്‌ ചെയ്ത ഒരു നബി വചനത്തിൽ ഇങ്ങനെ കാണാം നബി(ﷺ) പറഞ്ഞതായി ഇബ്നു ഉമർ(رضي الله عنه  ) പറയുന്നു. ഖിയാമത്ത്‌ നാളിനെ നോക്കി കാണുന്നത്‌ ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവർ സൂറ:81(തക്‌വീർ), സൂറ: 82(ഇൻഫിത്വാർ), സൂറ: 84(ഇൻശിഖാഖ്‌) എന്നിവ പാരായണം ചെയ്യട്ടെ (അന്ത്യനാളിന്റെ നേർക്കാഴ്ച്ചയാണിവ)


സൂറത്തുല്‍ ഇന്‍ശിഖാഖ്

വിചാരണ വേളയില്‍ മുന്‍ ഭാഗത്തിലൂടെ കൈയ്യില്‍ കിതാബ് കിട്ടിയവര്‍ക്ക് രക്ഷ ലഭിക്കുമെന്നും, പിന്‍ഭാഗത്തുകൂടെ കിതാബു കിട്ടിയവര്‍ നഷ്ടക്കാരാകുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്‍ശിഖാഖ് സൂറത്ത് പിരായണം ചെയ്യുന്നവര്‍ക്ക് പിന്‍ഭാഗത്തുകൂടെ കിതാബ് നല്‍കുന്നതില്‍ നിന്ന് അല്ലാഹു സംരക്ഷിക്കുന്നതാണ്... (ബൈളാവി).


സൂറത്തുല്‍ ഇന്‍സാന്‍

ദഹ്റ് എന്നാൽ കാലം എന്നർത്ഥം. ഈ അദ്ധ്യായത്തിന്റെ ഒന്നാം സൂക്തത്തിൽ തന്നെ ആ പദം വരുന്നുണ്ട്. മനുഷ്യനെക്കുറിച്ചുള്ള ചില മൌലിക പരാമർശങ്ങളുൾക്കൊള്ളുന്നതിനാൽ ഇതിനു സൂറത്തുൽ ഇൻസാൻ എന്നും പേരുണ്ട്.മദീനയിലാണിതിന്റെ അവതരണം എന്നും അഭിപ്രായം ഉണ്ട്

ഇന്‍സാന്‍ സൂറത്ത് അല്ലാഹുവിനെ വഴിപ്പെടാനും, അവനില്‍ അഭയം തേടാനും, അവന്റെ പൊരുത്തം കാംക്ഷിക്കാനും, അനുഗ്രഹങ്ങള്‍ ഓര്‍ക്കാനും, ഔദാര്യങ്ങള്‍ അനുഭവിക്കാനും, അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് വരുന്ന ശിക്ഷയെയും, അനുഗ്രഹത്തെയും, പരീക്ഷണത്തെയും യുക്തമായ രീതിയില്‍ നടത്തുന്നതിനെ മനസ്സിലാക്കാനുള്ള വളരെ മനോഹരമായ ആഹ്വാനമാണ് ഈ സൂറത്തില്‍ ഉള്‍ക്കൊള്ളുന്നത്...

ചെവി വേദനകള്‍ക്ക് മന്ത്രിക്കുന്ന സൂറത്താണിത്. അതുപോലെ പ്രസവ വേദനയുള്ളവരുടെ മേല്‍ എഴുതികെട്ടിയാല്‍ ഉപകാരപ്പെടുന്നതാണ്.

സൂറത്തുല്‍ ഇന്‍സാന്‍ പാരായണം പതിവാക്കിയാല്‍ സ്വര്‍ഗവും അതിലെ പട്ടും അല്ലാഹു പ്രതിഫലമായി നല്‍കുന്നതാണ് ... (ബൈളാവി).


സൂറത്തു വള്ളുഹാ

ആരെങ്കിലും സൂര്യോദയ സമയത്തും അസ്തമയ സമയത്തും ഏഴ് തവണ ഈ സൂറത്ത് ഓതി വരുന്ന പക്ഷം അവന്റെ സമ്പത്ത് വൃഥാവിലാവില്ല. തന്റെ അധീനതയിലുള്ളത് നീങ്ങിപ്പോകില്ല. തന്റെ ഭവനത്തിലുള്ളത് മോഷ്ടിക്കപ്പെടുകയില്ല. അവിടെ ഒരു നാശവും സംഭവിക്കുകയില്ല. കവര്‍ച്ചക്കാരോ പിശാചുക്കളോ തന്റെ വീടിനെ സമീപിച്ചാലും അവിടെ ഒരു ഉരുക്കുമതില്‍ അവര്‍ കണ്ടിരിക്കും. വീട്ടിലേക്ക് പ്രവേശിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ അവര്‍ പിന്തിരിഞ്ഞുപോകും. (ഖവാസ്സുല്‍ ഖുര്‍ആന്‍).

ളുഹാ നിസ്‌കാരത്തിലെ രണ്ടാം റക്അത്തില്‍ വള്ളുഹാ സൂറത്ത് ഓതല്‍ സുന്നത്തുണ്ട്. ളുഹാ നിസ്‌കാര ശേഷം 7 തവണ ഓതി ബറക്കത്തിനുള്ള പ്രാര്‍ത്ഥന നടത്തുന്നവന്, പതിവാക്കിയാല്‍ അവന്റെ ജീവിതത്തില്‍ അത്ഭുതകരമായ പല സംഗതികളും കാണാന്‍ കഴിയുമെന്ന് ആരിഫീങ്ങളില്‍ പലരുടെയും അനുഭവസാക്ഷ്യങ്ങളുണ്ട്.


സൂറത്തു ശർഹ്

നബി(സ്വ) പറഞ്ഞു: ആരെങ്കിലും ഇന്‍ശിറാഹ് സൂറത്ത് ഓതിയാല്‍ ഞാന്‍ ദു:ഖിച്ചിരിക്കുമ്പോള്‍ അവന്‍ എന്നെ വന്നു സന്തോഷിപ്പിച്ചവനെ പോലെയായി... (റൂഹുല്‍ ബയാന്‍)

എല്ലാ നിസ്‌കാര ശേഷവും ഈ സൂറത്ത് ഒമ്പതു പ്രാവശ്യം ഓതിയാല്‍ പ്രയാസങ്ങള്‍ അല്ലാഹു നീക്കിക്കൊടുക്കും. ആഹാരം വിശാലമാക്കും. 

എല്ലാ നിസ്‌കാര ശേഷവും അലം നശ്‌റഹ് സൂറത്ത് 40 തവണ ഏഴ് ദിവസം തുടര്‍ച്ചയായി പാരായണം ചെയ്താല്‍ അല്ലാഹു അയാളെ സമ്പന്നനാക്കും. ഇത് വളരെ വ്യക്തതയുള്ള കാര്യമാണ്. ആരും സംശയം പ്രകടിപ്പിക്കേണ്ടതില്ല. (ഖസീനത്തുല്‍ അസ്‌റാര്‍)

മന:പാഠമാക്കേണ്ട കാര്യങ്ങള്‍ മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്നില്ലെങ്കില്‍ ഈ സൂറത്ത് എഴുതിയ വെള്ളം കൊണ്ട് മായ്ച്ച് വെറും വയറ്റില്‍ കുടിക്കുക. അല്ലെങ്കില്‍ നോമ്പു തുറക്കുമ്പോള്‍. ഇങ്ങനെ തുടര്‍ച്ചയായി ഏഴുനാള്‍ ചെയ്യുക. ആവശ്യമായ കാര്യങ്ങള്‍ മന:പാഠമാക്കാന്‍ പെട്ടെന്ന് സാധിക്കും... (ഖവാസ്സുല്‍ ഖുര്‍ആന്‍).

മറ്റുള്ളവരോട് അസൂയ വരാതിരിക്കാന്‍ ഇതു പതിവായി ഓതാനും നെഞ്ചുവേദനയുള്ളവര്‍ ഈ സൂറത്ത് നെഞ്ചില്‍ ഊതി മന്ത്രിക്കാനും മഹാരഥന്മാര്‍ ഉണര്‍ത്തിയിട്ടുണ്ട്. ആമാശയ രോഗങ്ങള്‍ക്കും ഈ സൂറത്ത് എഴുതിക്കുടിക്കാനും ആരിഫീങ്ങള്‍ രേഖപ്പെടുത്തിയത് കാണാം...


സൂറത്തുൽ ഖദ്‌ർ

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കപ്പെടുന്ന റമളാന്റെ രാത്രികളില്‍ ഈ സൂറത്ത് വര്‍ദ്ധിപ്പിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. ആരെങ്കിലും സൂറത്തു ഖദ്ര്‍ 100 തവണ ഓതിയാല്‍ അല്ലാഹു ആ വ്യക്തിയുടെ ഖല്‍ബില്‍ ഇസ്മുല്‍ അഅ്‌ളം ഇട്ടുകൊടുക്കുന്നതാണ്. അയാള്‍ അല്ലാഹുവിനോട് എന്ത് ആവശ്യപ്പെട്ടാലും നല്‍കുന്നതാണ്... (റൂഹുല്‍ ബയാന്‍).

യാത്രക്കാരന്‍ വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ ഓതിയാല്‍ യാത്രയിലുടനീളം കാവല്‍ ലഭിക്കുന്നതും സുരക്ഷിതമായി വീടണയുന്നുമാണ്... (ഖസീന).

വെള്ളിയാഴ്ച ദിവസം ഈ സൂറത്ത് ഒരാള്‍ ആയിരം പ്രാവശ്യം ഓതിയാല്‍ തിരുനബി (സ്വ) യെ കിനാവില്‍ ദര്‍ശിക്കാതെ അയാള്‍ക്കു വിയോഗമുണ്ടാവില്ല. ഈ സൂറത്ത് പാത്രത്തിലെഴുതിക്കുടിച്ചാല്‍ രോഗങ്ങള്‍ പിടിപ്പെടില്ല... (ഖസീന..)

സത്യസന്ധനായി ജീവിതം നയിക്കാന്‍ നിനക്കാഗ്രഹമുണ്ടെങ്കില്‍ സൂറത്തുല്‍ ഖദ്ര്‍ പതിവാക്കുക ... (ദുര്‍റുന്നളീം)

ഈ സൂറത്ത് 36 തവണ വെള്ളത്തില്‍ മന്ത്രിച്ച് ആ വെള്ളം പുതുവസ്ത്രത്തില്‍ കുടഞ്ഞാല്‍ ധരിക്കുന്ന കാലമത്രയും അയാള്‍ക്ക് ഭക്ഷണ വിശാലത ലഭിക്കും... (ഖവാസുല്‍ ഖുര്‍ആന്‍).

നബി (സ്വ) പറയുന്നു: ഖബറടക്കുന്ന നേരം ഖബറില്‍ നിന്നെടുത്ത മണ്ണില്‍ ഏഴ് തവണ സൂറത്തുല്‍ ഖദ്ര്‍ ഓതുകയും ആ മണ്ണ് ഖബറിലോ കഫന്‍ പുടവയിലോ വെക്കുകയും ചെയ്താല്‍ ആ മയ്യിത്ത് ഖബറില്‍ ശിക്ഷിക്കപ്പെടുകയില്ല... (തര്‍ശീഹ് 139)


സൂറത്തുല്‍ കൗസർ 

തിരുനബി (സ്വ)യുടെ വലിയ മദ്ഹ് ഉള്‍ക്കൊള്ളുന്ന ചെറിയ സൂറത്താണിത്. അതുകൊണ്ടുതന്നെ ഇത് പാരായണം ചെയ്യുന്നവര്‍ക്ക് മഹത്തായ പല പ്രയോജനങ്ങളും ലഭിക്കുന്നതാണ്. ആരെങ്കിലും സൂറത്തുല്‍ കൗസര്‍ ഓതിയാല്‍ ആ വ്യക്തിക്ക് അല്ലാഹു സ്വര്‍ഗത്തിലെ അരുവികളില്‍ നിന്ന് കുടിപ്പിക്കുന്നതാണ്... (ദുറുന്നളീം)

ഇമാം തമീമി (റ) പറയുന്നു: കൗസര്‍ സൂറത്ത് പതിവാക്കിയാല്‍ ഹൃദയം വിശാലമാകും. അല്ലാഹുവിനെ സൂക്ഷിക്കുന്നതിന് വഴിയൊരുക്കും. മഴ പെയ്യുമ്പോള്‍ ഈ സൂറത്ത് 100 പ്രാവശ്യം പാരായണം ചെയ്ത ശേഷം ദുആ ചെയ്താല്‍ ഉടനെ ഉത്തരം കിട്ടും. അനുഭവ സാക്ഷ്യമാണിത്. (ഖസീന…)

സൂറത്തുല്‍ കൗസര്‍ എഴുതികെട്ടിയാല്‍ സുരക്ഷിതത്വം ലഭിക്കും. ശത്രുക്കളുടെ ദ്രോഹം ഫലിക്കില്ല. ആ ശരീരത്തിലുള്ളപ്പോള്‍ ഒരാപത്തും ചതിപ്രയോഗവും ആര്‍ക്കും നടത്താന്‍ കഴിയുകയില്ല... (ഖവാസ്സുല്‍ ഖുര്‍ആന്‍)

സൂറത്തുല്‍ കൗസര്‍ പനിനീരില്‍ മന്ത്രിക്കുക, അതു ദിനേന കണ്ണില്‍ ഉറ്റിച്ചാല്‍ കാഴ്ചയും തിളക്കവും വര്‍ദ്ധിക്കും. (ഖസീന..)

വെള്ളിയാഴ്ച രാവില്‍ 1000 പ്രാവശ്യം കൗസറും 1000 സ്വലാത്തും ചൊല്ലി ശുദ്ധിയുള്ള സ്ഥലത്തു ഹൃദയ ശുദ്ധിയും ശരീര ശുദ്ധിയോടു കൂടിയും കിടന്നാല്‍ നബി (സ്വ) യെ സ്വപ്നത്തില്‍ കാണാന്‍ കഴിയുമെന്ന് നിരവധി മഹത്തുക്കള്‍ പഠിപ്പിക്കുന്നു...


സൂറത്തുല്‍ ഇഖ്‌ലാസ്

നിങ്ങൾ പറയുന്ന രക്ഷിതാവിന്റെ പരമ്പര ഒന്ന് വിശദീകരിച്ചു തരണമെന്ന് നബിﷺ യോട് ശത്രുക്കൾ ചോദിച്ചപ്പോഴാണ് ഈ അദ്ധ്യായം അവതരിച്ചത്. എന്നും എല്ലാവരെയും അള്ളാഹു പടച്ചു അള്ളാഹുവിനെ ആരാണ് പടച്ചത് എന്ന് ജൂതന്മാർ നബിﷺയോട് ചോദിക്കുകയും അപ്പോൾ മോശമായ ആ ചോദ്യം കേട്ട് നബിﷺക്ക് ദേഷ്യം വരികയും തങ്ങളെ ആശ്വസിപ്പിച്ച് ജിബ്‌രീൽ  عليه السلام  വന്ന് അതിന്റെ മറുപടിയായി ഈ സൂറത്ത് ഓതിക്കൊടുത്തു(ത്വബ്‌രി 15/388) 

ഈ അദ്ധ്യായത്തിനു ധാരാളം നാമങ്ങൾ മഹാന്മാർ പറഞ്ഞിട്ടുണ്ട്. യാതൊരു കലർപ്പും കൂടാതെ –പരിശുദ്ധമായ –ഏകദൈവ വിശ്വാസമൂല്യങ്ങൾ ഉൾക്കൊള്ളുന്ന അദ്ധ്യായമെന്ന നിലക്ക് സൂറ:അൽ ഇഖ്‌ലാസ്(നിഷ്ക്കളങ്കമാക്കൽ)എന്നും മതത്തിന്റെ അടിസ്ഥാനപരമായ മൌലിക തത്വങ്ങൾ ഉൾക്കൊള്ളുന്നതെന്ന നിലക്ക് സൂറ:അൽ അസാസ് (അടിത്തറ) എന്നും സൂറ അൽ മ അ്‌രിഫ:(വിജ്ഞാനം) എന്നും സൂറത്തുത്തൌഹീദ് (ഏക ദൈവ സിദ്ധാന്തം) ഇതുൾപ്പെടെ 20 നാമങ്ങൾ ഇമാം റാസി رحمة الله عليه പറഞ്ഞിട്ടുണ്ട്. ഓരോ നാമവും ഈ അദ്ധ്യായത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

ഈ സൂറത്തിന്റെ പ്രാധാന്യവും ശ്രേഷ്ഠതയും വിശദീകരിക്കുന്ന ധാരാളം നബി (സ) വചനങ്ങൾ വന്നിട്ടുണ്ട്. ഖുബാ പള്ളിയിലെ ഇമാം നിസ്ക്കാരത്തിൽ ഓരോ സൂറത്ത് ഓതുമ്പോഴും അതിനു മുമ്പായി ഈ സൂറത്ത് ഓതുമായിരുന്നു.ഇങ്ങനെ എല്ലാസമയത്തും അദ്ദേഹം ചെയ്തപ്പോൾ ജനങ്ങൾ അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിച്ചു, അതായത് ഒന്നുകിൽ ഈ സൂറത്ത് മാത്രം ഓതുക.അല്ലെങ്കിൽ വേറെ ഓതുന്ന സൂറത്തിൽ ചുരുക്കുക. അദ്ദേഹം പറഞ്ഞു ‘ഞാൻ ഇങ്ങനെയേ പ്രവർത്തിക്കുകയുള്ളൂ.‘ ഇത് നിങ്ങൾ ഇഷ്ടപ്പെടുമെങ്കിൽ ഞാൻ നിങ്ങൾക്ക് ഇമാമത്ത് നിന്ന് നേതൃത്വം നൽകാം .അല്ലെങ്കിൽ ഞാൻ ഈ സ്ഥാനം ഒഴിയാം(മറ്റൊരാളെ നിങ്ങൾക്ക് ഇമാമാക്കി നിശ്ചയിക്കാം)എന്നാൽ നാട്ടുകാർ ഈ ഇമാമിനെ കൈവിട്ടില്ല.നബിﷺയോട് അവർ ഈ കാര്യം സംസാരിച്ചു അപ്പോൾ നബിﷺആ ഇമാമിനെ വിളിച്ച് എന്താണിങ്ങനെ ചെയ്യാൻ കാരണം എന്ന് അന്വേഷിച്ചു. ഞാനതിനെ ഇഷ്ടപ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.അപ്പോൾ നബിﷺപറഞ്ഞു

حبك اياها أدخلك الجنة    (താങ്കൾക്ക് അതിനോടുള്ള ഇഷ്ടം താങ്കളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്(ബുഖാരി റഹ്) .ഈ അദ്ധ്യായത്തോടുള്ള ഇഷ്ടം സ്വർഗപ്രവേശനം ഉറപ്പാക്കുമെന്ന് പറയപ്പെടാൻ മാത്രം മഹത്വമുള്ള അദ്ധ്യായമാണിത്

ഒരിക്കല്‍ നബി (സ) സ്വഹാബികളോട് ചോദിച്ചു. ഓരോ രാത്രിയിലും ഖുര്‍ആന്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയാതിരിക്കുമോ? സ്വഹാബികള്‍ ചോദിച്ചു. ”എല്ലാ രാത്രിയിലും പതിവായി ഖുര്‍ആന്‍ മൂന്നിലൊരു ഭാഗം എങ്ങനെ പാരായണം ചെയ്യും?”. നബി (സ) പറഞ്ഞു. ”ഖുല്‍ ഹുവല്ലഹു എന്നു തുടങ്ങുന്ന സൂറത്ത് ഖുര്‍ആന്റെ മൂന്നിലൊരു ഭാഗത്തിന് സമമാണ്... (മുസ്‌ലിം, മിശ്കാത്ത്)


നബി (സ)പറഞ്ഞു. ”വിശ്വാസി ആയിരിക്കെ ഒരാള്‍ മൂന്നുകാര്യങ്ങള്‍ ചെയ്താല്‍ അവന് സ്വര്‍ഗത്തിലെ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതാണ്. ഹുറുല്‍ഈനില്‍ നിന്ന് ഇഷ്ടമുള്ള അപ്‌സര സുന്ദരികളെ ഇണയായി സ്വീകരിക്കാന്‍ അനുവാദം നല്‍കുന്നതാണ്.”

1) കൊലയാളിക്കു മാപ്പു നല്‍കുക

2) ആരും അറിയാത്ത കടം വീട്ടുക

3) എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും സൂറത്തുല്‍ ഇഖ്‌ലാസ് പത്തുതവണ പാരായണം ചെയ്യുക. ഇവയാണ് മൂന്ന് കാര്യങ്ങള്‍.

അപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) ചോദിച്ചു. ഇവയില്‍ ഏതെങ്കിലും ഒരു കാര്യം ചെയ്തവര്‍ക്കും അത് ലഭിക്കുമോ? അവിടുന്നു പറഞ്ഞു ഏതെങ്കിലും ഒന്നു ചെയ്തവര്‍ക്കും അതു ലഭിക്കുന്നതാണ്... (ഇബ്‌നു കസീര്‍ 4- 112 )

നബി (സ) പറഞ്ഞു:  ഒരാള്‍ ഖുല്‍ഹുവള്ളാഹു എന്ന സൂറത്ത് പത്തു പ്രാവശ്യം ഓതിയാല്‍ അവനു വേണ്ടി സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം നിര്‍മിക്കും. ഇരുപത് തവണ ഓതിയാല്‍ രണ്ടു മാളികകളും മുപ്പതു തവണ ഓതിയാല്‍ മൂന്ന് മാളികകളും നിര്‍മ്മിക്കപ്പെടും. ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു എങ്കില്‍ ഞങ്ങളുടെ സ്വര്‍ഗീയ മാളികകള്‍ ഞങ്ങള്‍ വര്‍ദ്ധിപ്പിക്കും. അപ്പോള്‍ നബി (സ) പറഞ്ഞു. നിങ്ങളെത്ര വര്‍ദ്ധിപ്പിച്ചാലും അത് അല്ലാഹു നല്‍കാന്‍ കഴിവുള്ളവനാണ്. (ദാരിമി മിശ്കാത്ത്-190).

അബൂഹുറൈറ(റ) പറയുന്നു. ഞാന്‍ നബി (സ)യോടൊപ്പം വരികയായിരുന്നു. അപ്പോള്‍ ഒരു വ്യക്തി സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുന്നതായി കേട്ടു. നബി (സ) പറഞ്ഞു. നിര്‍ബന്ധമായിക്കഴിഞ്ഞു. ഞാന്‍ ചോദിച്ചു എന്താണ് നബിയെ നിര്‍ബന്ധമായത്...? ( ആ സൂറത്ത് പാരായണം ചെയ്യുന്നവന്) സ്വര്‍ഗം നിര്‍ബന്ധമായി (ഇബനു കസീര്‍ 4-518)

ഉറങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ തന്റെ വിരിപ്പില്‍ വലതു വശം ചരിഞ്ഞു കിടന്നുകൊണ്ട് സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയാല്‍ അന്ത്യ നാളില്‍ അല്ലാഹു അവനോട് പറയും നീ വലതു ഭാഗത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക... (തുര്‍മുദി- മിശ്കാത്ത് 188)

അനസ്ബ്‌നു മാലിക് (റ) ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിന്റെ ആശയം കാണുക. അവിടുന്ന് സ്വഹാബികളെ ഉണര്‍ത്തി. സൂറത്തുല്‍ ഇഖ്‌ലാസ് ഒരു ലക്ഷം തവണ ആരെങ്കിലും പാരായണം ചെയ്താല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവന്റെ ശരീരത്തെ അവന്‍ രക്ഷപ്പെടുത്തി. അല്ലാഹുവിന്റെ സന്ദേശ ദൂതന്‍മാരില്‍ ഒരാള്‍ ആകാശലോകത്തും ഭൂമിയിലും ഇങ്ങനെ വിളംബരം ചെയ്യും. ”അറിഞ്ഞുകൊള്ളുക, ഈ മനുഷ്യന്‍ അല്ലാഹുവിന്റെ മോചിത ദാസനാണ്. അവന്റെ കയ്യില്‍ നിന്നും ആര്‍ക്കെങ്കിലും ഏതെങ്കിലും അവകാശങ്ങള്‍ ലഭിക്കാനുണ്ടെങ്കില്‍ അത് അല്ലാഹുവിനെ സമീപിച്ച് വാങ്ങിക്കൊള്ളുക”. (ഹാഷിയത്തുല്‍ ജൗഹറത്തു തൗഹീദ് – ബാജൂരി 109)

അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള അവകാശങ്ങളും ബാധ്യതകളും അല്ലാഹു കൊടുത്തുവീട്ടുന്നതാണ്, പരലോകത്ത് അവന്റെ സുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന വിധത്തില്‍ ഇടപെടീക്കാതെ...(ബസ്സാര്‍)


അനസ്ബ്‌നു മാലിക് (റ) ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിന്റെ ആശയം കാണുക. അവിടുന്ന് സ്വഹാബികളെ ഉണര്‍ത്തി. സൂറത്തുല്‍ ഇഖ്‌ലാസ് ഒരു ലക്ഷം തവണ ആരെങ്കിലും പാരായണം ചെയ്താല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവന്റെ ശരീരത്തെ അവന്‍ രക്ഷപ്പെടുത്തി. അല്ലാഹുവിന്റെ സന്ദേശ ദൂതന്‍മാരില്‍ ഒരാള്‍ ആകാശലോകത്തും ഭൂമിയിലും ഇങ്ങനെ വിളംബരം ചെയ്യും. ”അറിഞ്ഞുകൊള്ളുക, ഈ മനുഷ്യന്‍ അല്ലാഹുവിന്റെ മോചിത ദാസനാണ്. അവന്റെ കയ്യില്‍ നിന്നും ആര്‍ക്കെങ്കിലും ഏതെങ്കിലും അവകാശങ്ങള്‍ ലഭിക്കാനുണ്ടെങ്കില്‍ അത് അല്ലാഹുവിനെ സമീപിച്ച് വാങ്ങിക്കൊള്ളുക”. (ഹാഷിയത്തുല്‍ ജൗഹറത്തു തൗഹീദ് – ബാജൂരി 109)

അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള അവകാശങ്ങളും ബാധ്യതകളും അല്ലാഹു കൊടുത്തുവീട്ടുന്നതാണ്, പരലോകത്ത് അവന്റെ സുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന വിധത്തില്‍ ഇടപെടീക്കാതെ...(ബസ്സാര്‍)



1. ഇഖ്‌ലാസ് സൂറത്ത് പാരായണം ചെയ്താല്‍ ഖുര്‍ആന്റെ മൂന്നിലൊന്ന് പാരായണം ചെയ്തതു പോലെയാവുന്നു...

2. 50 വര്‍ഷത്തെ ചെറുപാപങ്ങള്‍ പൊറുക്കപ്പെടുന്നു...

3. സൂറത്തുല്‍ ഇഖ്‌ലാസിനോടുള്ള സ്‌നേഹം സ്വര്‍ഗീയ പ്രവേശത്തിന് ശക്തി വര്‍ദ്ധിപ്പിക്കുന്നു...

4. അല്ലാഹുവിന്റെ സ്‌നേഹത്തിനു കാരണമാവുന്നു...

5. ദുആ സ്വീകരിക്കപ്പെടുന്നു...

6. ദാരിദ്ര്യത്തില്‍ നിന്നു മോചനം ലഭിക്കുന്നു...

7. മയ്യിത്ത് നിസ്‌കരിക്കാന്‍ മലക്കുകള്‍ ഹാജരാവുന്നു...

8. ഖബറിന്റെ രൂക്ഷവും ഭീകരവുമായ പിടുത്തത്തില്‍ നിന്ന് രക്ഷ ലഭിക്കുന്നു...

9. സ്വര്‍ഗത്തില്‍ ധാരാളം കൊട്ടാരങ്ങള്‍ ലഭിക്കുന്നു...

10. നന്മ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നു...

11. അയല്‍വാസി പോലും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുന്നു...

12. ആശുറാ ദിനത്തില്‍ 1000 തവണ ഓതിയാല്‍ റബ്ബിന്റെ തിരുനോട്ടത്തിനു വഴിയൊരുക്കുന്നു...

13. ഫര്‍ള് നിസ്‌കാര ശേഷം 10 തവണ പതിവാക്കിയാല്‍ ഇഷ്ടമുള്ള സ്വര്‍ഗ കവാടത്തിലൂടെ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നു...

14. സ്വര്‍ഗ സുന്ദരികളായ ഇഷ്ടപ്പെട്ട ഹൂറികള്‍ക്കൊപ്പം സുഖിക്കാന്‍ കഴിയുന്നു...

15. സ്വിറാത്ത് പാലത്തിന്മേല്‍ രക്ഷ ലഭിക്കുന്നു...

16. മരണ സമയത്ത് റബ്ബിന്റെ റഹ്മത്തിനു കാരണമാകുന്നു...

17. ഒരാള്‍ രാവിലെ 3 തവണ ഓതിയാല്‍ കണ്ണേറ്, സിഹ്‌റ്, ശത്രുശല്യം തുടങ്ങിയ ഏതു വിഷമങ്ങളെ തൊട്ടും പകലില്‍ കാവല്‍ ആക്കപ്പെടുന്നു. വൈകുന്നേരം ഓതിയാല്‍ രാത്രിയും കാവല്‍ ലഭിക്കുന്നു....

18. സാമ്പത്തിക അഭിവൃദ്ധി ലഭിക്കുന്നു...

19. മഹ്ശറയില്‍ വന്‍ സഹായമാകുന്നു.

(തഫ്‌സീര്‍ സ്വാവി, ഇബ്‌നുകസീര്‍, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, തഫ്‌സീര്‍ സ്വാവി, ഖുര്‍ത്വുബി, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍, ഇബ്‌നുകബീര്‍, തഫ്‌സീറുന്നബഫി).

20. ജീവിത കാലത്ത് ഒരാള്‍ ഒരു ലക്ഷം ഇഖ്‌ലാസ് ഓതിയാല്‍ പരലോകത്ത് വിചാരണ നാളില്‍ മനുഷ്യരുമായുള്ള ബാധ്യതകള്‍ പോലും അല്ലാഹു ഏറ്റെടുത്ത് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നു... (ഹാഷിയ ജൗഹറത്തുതൗഹീദ്, ബാജൂരി)

അനസ് (റ)വില്‍ നിവേദനം റസൂല്‍ (സ) അനുചരരില്‍ ഒരാളോട് ചോദിച്ചു. ”നിങ്ങള്‍ കല്ല്യാണം കഴിച്ചിട്ടില്ലേ?” സ്വഹാബി: അല്ലാഹുവാണ് സത്യം ഇല്ല. നബിയെ എന്റെ കയ്യില്‍ ഒന്നുമില്ലാതെ ഞാന്‍ എങ്ങനെ കല്ല്യാണം കഴിക്കും.. ? നബി (സ) ചോദിച്ചു. ”നിനക്ക് ഖുല്‍ഹുവള്ളാഹ് അറിയില്ലേ” -അതെ അദ്ദേഹം മറുപടി പറഞ്ഞു. എങ്കില്‍ അത് ഖുര്‍ആന്റെ മൂന്നില്‍ ഒന്നാണ്. ”നിനക്ക് ഇദാജാഅനസ്‌റുള്ളാഹി അറിയില്ലേ?” നബി വീണ്ടും ചോദിച്ചപ്പോള്‍ അയാള്‍ ‘അതെ’യെന്നു പറഞ്ഞു. ”എന്നാല്‍ അത് ഖുര്‍ആനിന്റെ നാലില്‍ ഒന്നാണ്.” ”നിനക്ക് ഖുല്‍ യാ അയ്യൂഹല്‍ കാഫിറൂന്‍ അറിയില്ലെ?” ‘അതെ’ ”എന്നാല്‍ അത് ഖുര്‍ആന്റെ നാലില്‍ ഒന്നാണ്.” ”നിനക്ക് ഇദാ സുല്‍സില അറിയുമോ?” ”അങ്ങനെയെങ്കില്‍ അത് ഖുര്‍ആന്റെ നാലില്‍ ഒന്നാണ്.”എന്നാല്‍ വിവാഹിതനാവൂ” നബി(സ) പറഞ്ഞു... (തുര്‍മുദി 2895)


സൂറത്തുൽ ഫലഖ് , സൂറത്തു ന്നാസ്

മുഅവ്വിതത്തൈനി രക്ഷ നൽകുന്ന രണ്ട് സൂറത്തുകൾ എന്നാണ്

ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. നബി (സ്വ)പറഞ്ഞു. ”മനുഷ്യ മനസ്സില്‍ സദാ കയ്യേറ്റം നടത്തുന്നവനാണ് പിശാച്. മനുഷ്യന്‍ അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ പിശാച് അവന്റെ അരികില്‍ നിന്നും മാറിനില്‍ക്കും. മനുഷ്യന്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്നും വഴിതെറ്റിപ്പോകുമ്പോഴൊക്കെ അവന്‍ തിരിച്ചുവന്ന് ദുര്‍ബോധനം തുടരും.” (ബുഖാരി റഹ് )

ഉഖ്ബത്ത് ബിൻ ആമിർرضي الله عنه പറയുന്നു. ‘ഞാൻ നബി  ﷺ യോടൊപ്പം അബവാഇന്റെയും ജുഹ്ഫയുടെയും (മക്കയിൽ നിന്ന് ബദ്ർ വഴി മദീനയിലേക്കുള്ള വഴിയിലാണീ സ്ഥലങ്ങൾ) ഇടയിലൂടെ നടക്കുമ്പോൾ പെട്ടെന്ന് ശക്തമായ കാറ്റും ഇരുട്ടും ഞങ്ങളെ ബാധിച്ചു.അപ്പോൾ നബി ﷺ ഫലഖ്.നാസ് എന്നീ രണ്ട് സൂറത്തുകൾ കൊണ്ട് അള്ളാഹുവോട് കാവൽ തേടാൻ തുടങ്ങി,അവിടുന്ന് എന്നോട് പറഞ്ഞു,ഉഖ്ബത്തേ!ഈ രണ്ട് സൂറത്തുകൾ കൊണ്ട് അള്ളാഹുവോട് കാവൽ തേടൂ.ഇതു പോലെ അല്ലാഹുവോട് മറ്റൊന്നു കൊണ്ടും ആരും ശരണം തേടിയിട്ടില്ല(അബൂദാവൂദ് ഹദീസ് നമ്പർ.1463)

നബി (സ്വ) പറഞ്ഞു: സമാനതയില്ലാത്ത ചില ആയത്തുകള്‍ ഈ രാത്രിയില്‍ ഇറക്കപ്പെട്ടതിനെക്കുറിച്ച് നിങ്ങള്‍ക്കറിയുമോ? അത് സൂറത്തുല്‍ ഫലഖ്, അന്നാസ് എന്നിവയാകുന്നു.

നബി (സ്വ) ഉഖ്ബ (റ)വിനോട് പറഞ്ഞു: ആ രണ്ട് സൂറത്തുകളെ കൊണ്ട് നീ കാവല്‍ തേടുക. ഇതു രണ്ടുകൊണ്ടും കാവലിനെ തേടുന്നതുപോലെ മറ്റൊന്നുകൊണ്ടും ഒരാളും കാവല്‍ തേടുന്നേയില്ല...

ആഇശാ ബീവി (റ) നിവേദനം ചെയ്യുന്നു: എല്ലാ രാത്രിയിലും നബി (സ്വ) ഉറങ്ങാന്‍ വിരിപ്പിലേക്കു ചെന്നാല്‍ അവിടുന്ന് മുഅവ്വിദതൈനി ഓതി കൈകളില്‍ ഊതി ആ കൈകള്‍ കൊണ്ട് ശരീര ഭാഗങ്ങള്‍ തടവാറുണ്ടായിരുന്നു. തല മുതല്‍ തുടങ്ങി മുഖവും ശരീരവുമെല്ലാം മൂന്നു തവണ തടവിയിരുന്നു. (മുസ്‌ലിം). 

ഖുര്‍ആന്‍ ഓതി ഊതിയ കൈകളില്‍ ബറക്കത്തുള്ളതുകൊണ്ടാണ് ഈ കൈകള്‍ കൊണ്ട് ശരീരത്തില്‍ തടവുന്നത്...

സൂറത്തുല്‍ ഫലഖ് എന്ന അധ്യായം അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിന്നും ഉണ്ടാകുന്ന എല്ലാവിധ നാശങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും കണ്ണേറ്, സിഹ്‌റ് എന്നിവയില്‍ നിന്നും അഭയം തേടാനുള്ളതും സൂറത്തുന്നാസ് മനുഷ്യ, ജിന്ന് വര്‍ഗ്ഗങ്ങളിലുള്ള പിശാചുക്കള്‍ ഒരുക്കുന്ന കെണിവലകളില്‍ നിന്നുള്ള മോചനതേട്ടവുമാണ് ഉള്ളടക്കം...

നബി ﷺ യുടെ വഫാത്തിനോടനുബന്ധിച്ച് ഉണ്ടായ രോഗവേളയിൽ നബി ﷺ ഈ രണ്ട് സൂറത്തുകൾ ഓതി ശരീരത്തിൽ മന്ത്രിച്ചിരുന്നു.ശക്തമായ വേദനയുണ്ടായപ്പോൾ ഞാൻ ഇത് ഓതി നബി ﷺ യുടെ കൈകളിൽ ഊതി അവിടുത്തെ ശരീരത്തിൽ അവിടുത്തെ കൈകൊണ്ട് (അതിന്റെ പ്രത്യേക അനുഗ്രഹം പ്രതീക്ഷിച്ച്) നബി ﷺ യുടെ ശരീരത്തിൽ ഞാൻ തടവി കൊടുത്തു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിൽ ആഇശ ബീവി رضي الله عنها  പറയുന്നതായി കാണാം. (ഖുർത്വുബി റഹ് .20/186)

ഈ രണ്ട് സൂറത്തും സൂറതുൽ ഇഖ്‌ലാസും രാവിലെയും വൈകുന്നേരവും ഓതാനും അഞ്ച് നിസ്ക്കാരങ്ങൾക്ക് ശേഷം ഓതാനും ഉറങ്ങാൻ കിടക്കുമ്പോൾ ഓതി കൈകളിൽ ഊതി ശരീരത്തിൽ നിന്ന് കയ്യെത്തുന്നിടത്തൊക്കെ തടവാനും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.ഇതെല്ലാം ഈ അദ്ധ്യായത്തിന്റെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്

നബി (സ്വ) പറഞ്ഞു. അഭയം തേടുന്നവര്‍ അതിനായി ഉപയോഗിക്കുന്ന വചനങ്ങളില്‍ ഏറ്റവും ഉത്തമമായത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരാം. ഖുല്‍അഊദു ബി റബ്ബിൽ ഫലഖ്‌, ഖുല്‍ അഊദു ബി റബ്ബിന്നാസ് എന്ന് തുടങ്ങുന്ന രണ്ട് സൂറത്തുകളാണവ... (ഇബ്‌നു കസീര്‍ 4/523)

അബൂ സഈദ് (റ)പറയുന്നു: നബി(സ്വ) ജിന്നുകളുടെയും മനുഷ്യരുടെയും കണ്ണേറില്‍ നിന്ന് കാവല്‍ തേടാറുണ്ടായിരുന്നു. മുഅവ്വിദത്തൈനി അവതരിച്ചപ്പോള്‍ അവ രണ്ടും അവലംബമാക്കുകയും (കാവല്‍ തേട്ടമായി) മറ്റു വചനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. (തിര്‍മുദി, ഇബ്‌നുകസീര്‍ 4/523)...

ഉക്ബത്തുബ്‌നു മുആദ് (റ) പറയുന്നു: നബി (സ്വ) പറഞ്ഞു: ഈ രാത്രിയില്‍ അവതീര്‍ണ്ണമായ ആയത്തുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലെ? അവക്ക് സമാനമായ (കാവല്‍തേടുന്ന കാര്യത്തില്‍) മറ്റു വചനങ്ങള്‍ ഇല്ല. സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ് എന്നീ സൂറത്തുകളാണവ... (മുസ്‌ലിം, മിശ്കാത്ത് 186).

ഉഖ്ബത്ബ്‌നു ആമിര്‍ (റ) പറയുന്നു. ഞാന്‍ നബി (സ)യോടൊപ്പം നടക്കുകയായിരുന്നു. അപ്പോള്‍ നബി (സ) എന്നെ വിളിച്ചു. ഉഖ്ബ, നിങ്ങള്‍ ഓതുക. ഞാന്‍ ചോദിച്ചു എന്താണ് നബിയെ ഞാന്‍ ഓതേണ്ടത്. നബി (സ) മൗനം പൂണ്ടു അല്‍പം കഴിഞ്ഞപ്പോള്‍ നബി(സ) വീണ്ടും പറഞ്ഞു. നീ ഓതുക ഞാന്‍ ചോദിച്ചു എന്താണ് നബിയെ ഞാന്‍ ഓതേണ്ടത്...?അവിടുന്ന് ഓതി തന്നു. ഖുല്‍ അഊദുബിറബ്ബില്‍ ഫലഖ്. ഞാന്‍ അതിന്റെ ഒടുവിലോളം ഓതി. അല്പ സമയം കഴിഞ്ഞിപ്പോള്‍ നബി (സ) പറഞ്ഞു നിങ്ങള്‍ ഓതുക ഞാന്‍ ചോദിച്ചു - എന്താണു നബിയെ ഞാന്‍ ഓതേണ്ടത്. അവിടുന്ന് ഓതി... ഖുല്‍ അ ഊദുബിറബ്ബിന്നാസ് എന്ന്. ഞാന്‍ ആ സൂറത്ത് ഓതിത്തീര്‍ന്നപ്പോള്‍ നബി(സ) പറഞ്ഞു. ”ഇതിനു തുല്ല്യമായ വചനങ്ങള്‍ കൊണ്ട് ഒരു മനുഷ്യനും പ്രാര്‍ത്ഥിക്കുകയോ കാവല്‍ നില്‍ക്കുകയോ ചെയ്തിട്ടില്ല” (ഇബ്‌നു കസീര്‍ 4-522)


സബ്ഉല്‍ മുന്‍ജിയാത്ത്

1. യാസീന്‍ : ആഗ്രഹ സഫലീകരണത്തിനും സന്തോഷകരമായ ജീവിതത്തിനും.

2. സജദ : അനുഗ്രഹം ലഭിക്കാനും പൈശാചിക ഉപദ്രവങ്ങളില്‍നിന്ന് മോചനം ലഭിക്കാനും.

3. ദുഖാന്‍ : എഴുപതിനായിരം മലക്കുകള്‍ പാപമോചന പ്രാര്‍ത്ഥന നടത്തുന്നു. അവര്‍ക്ക് വേണ്ടി സ്വർഗ്ഗത്തില്‍ ഒരു വീട് പണിയുന്നതാണ്.

4. വാഖിഅ : ദാരിദ്രത്തില്‍ നിന്ന് മോചനം ലഭിക്കുവാനും ഐശ്വര്യം നിലനിര്‍ത്തുവാനും.

5. തബാറക : ഖബര്‍ ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കാനും വിനാശകാരികളില്‍ നിന്ന് രക്ഷ പ്രാപിക്കാനും.

6. ഫുസ്സിലത്ത് : പ്രത്യേകമായി പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട സൂറത്താണ്. ഈ സൂറത്തിലെ പത്ത് നിര്‍ബന്ധ കാര്യങ്ങളുടെ കണക്കനുസരിച്ച് പത്ത് തവണ പ്രത്യേകം പ്രതിഫലം രേഖപ്പെടുത്തും.

7. ഹശ്ര്‍ : സ്വര്‍ഗ്ഗവും അര്‍ശും കുര്‍സുമടക്കം സര്‍വ്വ ചരാചരങ്ങളും മലക്കുകളും റഹ്മത്തിനെ തേടി പ്രാര്‍ത്ഥിക്കാനും പൊറുക്കലിനെ തേടാനും വഴിയൊരുക്കുന്നു. ഇത് ഓതിയ രാത്രിയിലോ പകലിലോ മരിച്ചാല്‍ രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുന്നതാണ്...

എന്നീ ഏഴ് സൂറത്തുകള്‍ എല്ലാ ദിവസവും പാരയണം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്... (ഫത്ഹുല്‍ മുഈന്‍ 148)


നിത്യവും ആവര്‍ത്തിക്കേണ്ട സൂറത്തുകളും സൂക്തങ്ങളും

ചില സൂറത്തുകളും ആയത്തുകളും നിത്യവും പാരായണം ചെയ്യല്‍ പ്രത്യേകം സുന്നത്തുണ്ട്. സൂറത്തുല്‍ ഫാതിഹ, സൂറത്തുല്‍ ഇഖ്‌ലാസ്, സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ് എന്നീ സൂറത്തുകളും ആയത്തുല്‍ കുര്‍സിയ്യ്, ശഹിദല്ലാഹു എന്നീ ആയത്തുകളും അഞ്ചു നേരത്തെ ഫര്‍ള് നിസ്‌കാര ശേഷവും പാരായണം ചെയ്യല്‍ സുന്നത്താണ്...

ഉറങ്ങാന്‍ തയ്യാറെടുത്താല്‍ മേല്‍പറഞ്ഞ സൂറത്തുകളോടൊപ്പം ആമനറസൂൽ (അല്‍ബഖറ 285-286) കാഫിറൂന എന്നിവ കൂടി ചേര്‍ത്ത് ഓതല്‍ സുന്നത്തുണ്ട്. അതുപോലെ ലൗ അന്‍സല്‍നാ (ഹസ്ര്‍ 2-24) ഹാമീം (ഗാഫിര്‍ 1-2) അഫഹസിബ്ത്തും (മുഅ്മിനൂന്‍ 115-118) എന്നീ സൂറത്തുകള്‍ പ്രഭാതത്തിലും പ്രദോഷത്തിലും പതിവാക്കലും പ്രത്യേകം സുന്നത്തുണ്ട്...

സജദ, യാസീന്‍, ദുഖാന്‍, വാഖിഅ, തബാറക, സല്‍സല, തകാസുര്‍ എന്നീ ഏഴ് സൂറത്തുകള്‍ എല്ലാ ദിവസവും പതിവായി പാരായണം ചെയ്യല്‍ സുന്നത്താണ്... (ഫത്ഹുല്‍ മുഈന്‍ 148).


നിസ്‌കാരങ്ങളില്‍ ഓതേണ്ട പ്രത്യേക സൂറത്തുകള്‍

എല്ലാ നിസ്‌കാരങ്ങളിലും ആദ്യത്തെ രണ്ടു റക്അത്തുകളില്‍ സൂറത്ത് ഓതല്‍ പ്രത്യേകം സുന്നത്താണല്ലോ. എന്നാല്‍ ചില നിസ്‌കാരങ്ങളില്‍ ചിലസൂറത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്...

വെള്ളിയാഴ്ച മഗ്‌രിബില്‍ ഖുല്‍യാ അയ്യുഹല്‍ കാഫിറൂന്‍, ഖുല്‍ഹുവല്ലാഹു അഹദ് എന്നിവയും, എല്ലാ ദിവസവും സുബ്ഹിന്റെ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം, മഗ്‌രിബിനു ശേഷമുള്ള രണ്ട് റക്അത്ത്, ത്വവാഫിന്റെ സുന്നത്ത് നിസ്‌കാരം, തഹിയ്യത്ത്, ഇസ്തിഖാറത്ത്, ഇഹ്‌റാമിന്റെ സുന്നത്ത് എന്നീ നിസ്‌കാരങ്ങളിലും യാത്രക്കാരുടെ നിസ്‌കാരങ്ങളിലും ഈ രണ്ട് സൂറത്തുകള്‍ പ്രത്യേകം സുന്നത്താണ്...

സുബ്ഹിന്റെ മുമ്പുള്ള റവാതിബു സുന്നത്തില്‍ അലം നശ്‌റഹ്, അലംതറ കെയ്ഫ എന്നീ സൂറത്തുകള്‍ പാരായണം ചെയ്യുന്നതിന്റെ പ്രാധാന്യം ഹദീസുകളില്‍ കാണാന്‍ സാധിക്കും. പതിവായി സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ യഥാക്രമം ഈ രണ്ട് സൂറത്തുകള്‍ ഓതുന്ന വ്യക്തിക്ക് ബാസൂര്‍ (മൂലക്കുരു) രോഗത്തില്‍ നിന്ന് മോചനം ലഭിക്കുമെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്... (ഫത്ഹുല്‍ മുഈന്‍ 73).

ഈ സുന്നത്ത് നിസ്‌കാരത്തില്‍ ഈ രണ്ടു സൂറത്തുകള്‍ ഓതുന്നവന് ശത്രുവിന്റെ അക്രമം ഏല്‍ക്കുകയില്ലെന്നു ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിട്ടുണ്ട്... (ഇആനത്ത് 1/246)

അതിനാല്‍ സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ ആദ്യത്തെ റക്അത്തില്‍ അലം നശ്‌റഹ്, അല്‍ കാഫിറൂന്‍, അലംതറകൈഫ, ഇഖ്‌ലാസ് എന്നിങ്ങനെ രണ്ടു സൂറത്തുകള്‍ ചേര്‍ത്തി ഓതലാണ് ഉത്തമം... (ഫത്ഹുല്‍ മുഈന്‍)

വിത്‌റ് നിസ്‌കാരത്തില്‍ മൂന്ന് റക്അത്തുകളില്‍ ആദ്യത്തേതില്‍ സബ്ബിഹിസ്മയും രണ്ടാമത്തേതില്‍ കാഫിറൂനയും അവസാനത്തേതില്‍ ഇഖ്‌ലാസ്, മുഅവ്വിദതൈനി എന്നിവയും ഓതല്‍ പ്രത്യേകം സുന്നത്തുണ്ട്. വിത്‌റ് മൂന്നില്‍ ചുരുക്കുന്നവര്‍ ആ റക് അത്തിലും കൂടുതല്‍ നിസ്‌കരിക്കുന്നവര്‍ ഒടുവിലത്തെ മൂന്ന് റക്അത്തിലും ആ സൂറത്തുകള്‍ ഓതണം...

ളുഹ്റിലും സുബ്ഹിലും സൂറത്തുല്‍ ഹുജറാത്ത് മുതല്‍ നൂന്‍ വരെയുള്ള സൂറത്തുകളില്‍ ഏതെങ്കിലും ഒന്ന് ഓതല്‍ സുന്നത്താണ്.

അസറിലും ഇശാഇലും അമ്മ സൂറത്ത് മുതല്‍ ളുഹാ വരെയും

മഗ്-രിബില്‍ ളുഹാ മുതല്‍ നാസ് വരെയുള്ള സൂറത്തുമാണ് ഓതേണ്ടത്.

വെള്ളിയാഴ്ച സുബ്ഹിക്ക് ഓതല്‍ സുന്നത്തുള്ളതായി ശാഫീ മദ്ഹബില്‍ സ്ഥിരപ്പെട്ടത് അലിഫ് ലാം മീം സജദയും ഹല്‍ അതാകയുമാണ്. ആവ ഓതുന്നില്ലെങ്കില്‍ സബ്ബിഹിസ്മയും ഹല്‍ അതാകയും ഓതണം. അല്ലെങ്കില്‍ കാഫിറൂനയും ഇഖ്ലാസുമാണ് ഓതേണ്ടത്... 


വിശുദ്ധ ഖുർആന്‍ പ്രത്യേകം ഓര്‍മ്മിക്കാന്‍ ചിലകാര്യങ്ങള്‍

ആവര്‍ത്തിച്ചു പാരായണം ചെയ്യേണ്ട സൂറത്തുകളിലും ആയത്തുകളിലും മാത്രമൊതുങ്ങിപ്പോകരുത് നമ്മുടെ പാരായണം. ഖുര്‍ആന്‍ മുഴുവനും ഓതി പൂര്‍ത്തിയാക്കണം. നിരവധി തവണ ഖുര്‍ആന്‍ ആദ്യന്തം ഓതിത്തീര്‍ക്കണം. അതിനു വലിയ മഹത്വവും പ്രതിഫലവുമുണ്ട്...

നബി(സ്വ) പറഞ്ഞു: ഒരാള്‍ ഫര്‍ള് നിസ്‌കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അയാള്‍ക്ക് ദുആക്ക് ഉത്തരം കിട്ടുന്ന ഒരു ദുആക്ക് അവകാശമുണ്ട്. ഒരാള്‍ ഖുര്‍ആന്‍ ആദ്യാന്തം പൂര്‍ത്തിയാക്കിയാല്‍ ആ വ്യക്തിക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാര്‍ത്ഥനക്ക് അവകാശമുണ്ട്. (ത്വബ്‌റാനി, മജ്മഉസ്സവാഇദ് 7/172).

നമ്മുടെ നേതാവായ അശ്‌റഫുല്‍ ഖല്‍ഖ് നബി (സ്വ)യുടെ പേരിലും മറ്റു വിയോഗം പ്രാപിച്ച സ്വാലിഹീങ്ങളുടെ പേരിലും മാതാപിതാക്കളുടെ പേരിലും ഖുര്‍ആന്‍ ഖത്മ ചെയ്യുമ്പോഴും പ്രത്യേക സവിശേഷതയുള്ള സൂറത്തുകളും ആയത്തുകളും പാരായണം ചെയ്യുമ്പോഴും ഹദ്‌യ ചെയ്യുന്നത് വലിയ സൗഭാഗ്യമാണ്. ഹദ്‌യ ചെയ്യപ്പെട്ടവര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് ഒരണുമണിത്തൂക്കവും കുറയാതെ പാരായണം ചെയ്തവനും ലഭിക്കുന്നു...

അതിനുപുറമേ തിരുനബി (സ്വ)യും മറ്റു വിയോഗം പ്രാപിച്ച സ്വാലിഹീങ്ങളുടെ ആത്മാക്കളുമായി ഒരു പ്രത്യേക ബന്ധം വളരുന്നതും അത് മരണ സമയത്തും ഖബറിലും മഹ്ശറയിലും വലിയ തുണയായി വരുന്നതുമാണ്...

ഒരു ഫാതിഹ ഓതി ഖബറുസ്ഥാനിലെ മുഴുവന്‍ പേര്‍ക്കും പ്രതിഫലം ഹദ്‌യ ചെയ്താല്‍ അല്ലാഹുവിന്റെ അതിരില്ലാത്ത ഔദാര്യത്താല്‍ എല്ലാവര്‍ക്കും പരിപൂര്‍ണ്ണമായ ഓരോ ഫാതിഹ ഓതിയ പ്രതിഫലം ലഭിക്കുന്നതാണ്. അല്ലാതെ ഓതിയ വ്യക്തിയുടെ പ്രതിഫലം എല്ലാവര്‍ക്കും വിഹിതം വെക്കുകയില്ല...(ഫതാവല്‍ കുബ്‌റാ 2/42, ബിഗ്‌യ 97).


മുകളിൽ സൂചിപ്പിച്ചതു ചില സൂറത്തുകളുടെ പ്രെത്യേകതകൾ മാത്രമാണ്. 114 സൂറത്തുകൾക്കും പ്രെത്യേകം മഹത്വവും , പ്രതിഫലങ്ങളും ഉള്ളതാണ്. ഖുർആൻ അർഥം അറിഞ്ഞു തജ്‌വീദ് മനസ്സിലാക്കി പാരായണം ചെയ്യാൻ റബ്ബ് സുബ്ഹാനഹു തആലാ നമുക്കേവർക്കും തൗഫീക്ക് നൽകി അനുഗ്രഹിക്കട്ടെ 

No comments:

Post a Comment