Tuesday 30 June 2020

എന്താണ് തഖ്‌ലീദ്




ഇസ്ലാം സത്യത്തിന്റെയും അറിവിന്റെയും മതമാണ്. സത്യത്തെ വ്യക്തമായി മനസ്സിലാക്കുകയും അതില്‍ ദൃഢമായി വിശ്വസിക്കുകയും തദനുസാരം പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഇസ്ലാം ശക്തിയായി അനുശാസിക്കുന്നു. അതു കൊണ്ട് തന്നെ തഖ്ലീദിനെ വിശ്വാസ രംഗത്തും കര്‍മ രംഗത്തും ഇസ്ലാം എതിര്‍ക്കുന്നു... 

ഒരു മുജ്തഹിദിന്റെ വാക്ക് തെളിവ് അറിയാതെ വിശ്വസിച്ച് പ്രവർത്തിക്കലാണ് തഖ്ലീദ്. മുജ്തഹിദ് അല്ലാത്തവർക്ക് മുജ്തഹിദിനെ തഖ്ലീദ് ചെയ്യൽ നിർബന്ധമാണ്. സൂറത്തുൽ അമ്പിയാഇലെ ഏഴാം വചനം അതാണ് വ്യക്തമാക്കുന്നത്. (ജംഉൽ ജവാമിഅ്, തൈസീറുത്തഹ്രീർ, ശറഹുത്തൻഖീഹ്, അൽ അഹ്കാം, ശറഹുൽ കൌകബിൽ മുനീർ).  

മുജ്തഹിദുകൾക്ക് ശർഇന്റെ തെളിവുകൾ പോലെയാണ് സാധാരണക്കാർക്ക് മുജ്തഹിദിന്റെ ഫത് വകൾ (അൽ മുവാഫഖാത്ത്). 

തഖ്ലീദ് ചെയ്യുന്നവൻ മുജ്തഹിദ് ആകാതിരിക്കണം എന്നും തഖ്ലീദ് ചെയ്യപ്പെടുന്ന വ്യക്തി മുജ്തഹിദ് ആകണമെന്നുമാണ് നിബന്ധന. മുജ്തഹിദ് ആയ ആരെയും പിൻപറ്റാം. അവരെല്ലാം അല്ലാഹുവിങ്കൽ നിന്നുള്ള സൻമാർഗത്തിലാണ് (ജംഉൽ ജവാമിഅ്, ശറഹുൽ ജാമിഅിൽ ഉസ്യൂത്വീ). 

എന്നാൽ നാല് മദ്ഹബുകൾ ക്രോഡീകരിക്കപ്പെട്ടതു പോലെ മറ്റു മുജ്തഹിദുകളുടെ മദ്ഹബുകൾ ക്രോഡീകരിക്കപ്പെടാത്തത് കൊണ്ട് അവരല്ലാത്ത മുജ്തഹിദുകളെ പിന്തുടരുക പ്രയാസകരമാണ്. അതിനാൽ നാലാൽ ഒരു മദ്ഹബല്ലാതെ മറ്റൊന്ന് പിന്തിടരാവുന്ന സാഹചര്യം നിലവിലില്ല (അൽ ഫതാവൽ കുബ്റാ, അൽ ബുർഹാൻ, അദബുൽ മുഫ്തീ, സിയറു അഅ്ലാമിന്നബലാഅ്, ഹുജ്ജത്തുല്ലാഹിൽ ബാലിഗ.).

ഒരു വിഷയത്തിൽ മാത്രം മറ്റൊരു മദ്ഹബ് തഖ്ലീദ് ചെയ്യുകയാണെങ്കിൽ ആ വിഷയം പൂർണ്ണമായും ആ മദ്ഹബ് അനുസരിച്ച് തന്നെ ചെയ്യണം (ഫാതവൽ കുബ്റാ). 

തഖ്ലീദ് എന്നത് നാലാൽ ഒരു മദ്ബിലേ പറ്റൂവെന്നത് ഇജ്മാഅ് ആണ് (അൽ ഫുറൂഉ വ തസ്ഹീഹുൽ ഫുറൂഅ്, മവാഹിബുൽ ജലീൽ, അൽ ഫവാകിഹുദ്ദുവാനീ). 

നാലിൽ ഒരു മദ്ഹബും സ്വീകരിക്കാത്തവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്(സ്വാവീ,), അയാൾ പുത്തൻവാദിയും യുക്തിവാദിയുമാണ് (സഫ്ഫാറീനീ)

നമ്മുടെ നാല് മദ്ഹബിലെ ഇമാമീങ്ങളും അവർ കണ്ടെത്തിയ മസ്അലകൾക്ക് ഖുർആനിനെന്റയും , ഹദീസിന്റെയും തെളിവുകൾ ഉപോൽബലകമായി നൽകിയിട്ടുണ്ട് . അപ്പോൾ സാധാരണക്കാരായ ആളുകൾക്ക് അവരെ പിന്തുടരൽ കൊണ്ട് ദീനിൽ യാതൊരു കുഴപ്പവുമില്ലാത്ത കാര്യമാണ് . ധാരാളം പണ്ഡിതർ അതിനു നിരവധി കിത്താബുകളും , തെളിവുകളും ഉദ്ധരിച്ചിട്ടുണ്ട്.

ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തിയതു കാണുക : ‘തഖ്ലീദ് വിശ്വാസപരമായ കാര്യങ്ങളിലോ കര്‍മപരമായ കാര്യങ്ങളിലോ ദൃഢമായ അറിവിന്റെ മാര്‍ഗമല്ല’ (മുസ്തസ്ഫാ 2-123)

മതത്തില്‍ ഒരാള്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് അയാളെ സുഭഗനോ ദുര്‍ഭഗനോ ആക്കുന്നത്. സത്യ വിശ്വാസിയോ അസത്യ വിശ്വാസിയോ ആക്കുന്നത്. സദാചാരിയോ ദുര്‍മാര്‍ഗിയോ ആക്കുന്നതും അതു തന്നെ. അതു കൊണ്ട് വിശ്വാസത്തിലും അനുഷ്ഠാനത്തിലും വ്യക്തമായ കാഴ്ചപ്പാട് ഏതൊരു വ്യക്തിക്കും ഉണ്ടായിരിക്കണം. ഊഹാപോഹങ്ങളുടെ പിന്നാലെ ഗമിക്കുകയോ അന്ധമായി മറ്റൊരാളെ അനുകരിക്കുകയോ ചെയ്യാവതല്ല. അതു കേവലം അജ്ഞത മാത്രമാണ്...

ഇമാം ഗസ്സാലി (റ) തന്നെ പറയുന്നു : ‘തഖ്ലീദ് അജ്ഞതയാണ്”
(മുസ്തസ്ഫാ 2-124)

അറിവ് എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണ്. ഇതില്‍ സ്ത്രീ പുരുഷ ഭേദമില്ല. അജ്ഞതയെ വിശ്വാസത്തിലും അനുഷ്ഠാനത്തിലും അനുധാവനം ചെയ്യുന്നത് കുറ്റകരമാണ്. തഖ്ലീദാകട്ടെ കേവലം അജ്ഞതയും. എന്നാല്‍ എന്താണീ തഖ്ലീദ്..? തഖ്ലീദിനു വല്ല വകഭേദവുമുണ്ടോ..? എല്ലാ തഖ്ലീദിനും ഒരു വിധി തന്നെയാണോ..? അനുവദനീയമായ തഖ്ലീദ് വല്ലതുമുണ്ടോ..? ഇത്തരം പ്രശ്നങ്ങളുടെ ഉത്തരങ്ങള്‍ സസൂക്ഷ്മം ഗ്രഹിച്ചിരിക്കണം. ഇല്ലെങ്കില്‍ പലപ്പോഴും അബദ്ധം പിണയും. പലര്‍ക്കും അതു പിണഞ്ഞിട്ടുണ്ട്. അങ്ങനെ, ആ അബദ്ധം ശരിയാണെന്നു ധരിച്ചു ചിലര്‍ ഗ്രന്ഥങ്ങളില്‍ വിളമ്പുക പോലും ചെയ്തിട്ടുണ്ട്...

തഖ്ലീദിനെ ഇമാം ഗസ്സാലി (റ) ഇപ്രകാരം നിര്‍വചിക്കുന്നു : ‘ഒരഭിപ്രായം, തെളിവു കൂടാതെ, സ്വീകരിക്കുന്നതിനാണ് തഖ്ലീദ് എന്നു പറയുന്നത്’
(മുസ്തസ്വ്ഫാ 2-123)

തഖ്ലീദ് വിശ്വാസത്തിലും അനുഷ്ഠാനത്തിലും സംഭവിക്കും. വിശ്വാസത്തിലുണ്ടാകുന്ന തഖ്ലീദ് രണ്ടു വിധത്തില്‍ വരാം. ഒന്ന് ‘അസത്യവും അബദ്ധവുമായ കാര്യങ്ങളില്‍ കണ്ണടച്ചു മറ്റുള്ളവരെ പിന്തുടരുക. ഇതു ഈമാന്‍ കാര്യങ്ങള്‍ക്കു വിരുദ്ധമായ വിശ്വാസം ജനിപ്പിക്കുമ്പോള്‍ കുഫ്റ് – അവിശ്വാസം – ആയിത്തീരുന്നു. മറ്റൊരാളുടെ വാക്കു കേട്ടു മത ദൃഷ്ട്യാ സത്യവും അനിവാര്യവുമായ വിശ്വാസ കാര്യങ്ങളില്‍ ഒരാള്‍ വിശ്വസിച്ചു, തെളിവുകളൊന്നും ഗ്രഹിച്ചില്ല. ഇതാണ് രണ്ടാമത്തെ തഖ്ലീദ്. ഈ വ്യക്തി വിശ്വസിച്ച കാര്യങ്ങള്‍ സത്യമായത് കൊണ്ട്, വിശ്വാസം ശരിയാണ്. പക്ഷേ, വിശ്വാസ കാര്യങ്ങള്‍ തെളിവുകള്‍ സഹിതം, അചഞ്ചലമാക്കിയിരിക്കണമെന്ന ഇസ്ലാമിന്റെ നിര്‍ബന്ധ നിയമത്തിനു വിരുദ്ധം പ്രവര്‍ത്തിച്ചതു കൊണ്ട് ഇയാള്‍ കുറ്റക്കാരനാണ്...

അനുഷ്ഠാന കാര്യങ്ങളിലുള്ള തഖ്ലീദും രണ്ടു വിധമുണ്ട്. ഒന്ന്, ഒരാളെ സ്വീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാള്‍ വിശ്വസ്തനും ഭക്തനും സ്വീകാര്യനുമായ മുജ്തഹിദാണെന്നതിനു യാതൊരു രേഖയുമില്ലാതെ കര്‍മ ശാസ്ത്രത്തില്‍ അയാളുടെ അഭിപ്രായം സ്വീകരിക്കുക. ഇതു തെറ്റും കുറ്റകരവുമാണ്. ഈ അന്ധമായ അനുകരണമാണ് അനുഷ്ഠാന കാര്യങ്ങളില്‍, ഇസ്ലാം നിരോധിച്ചുവെന്ന്, മുകളില്‍ പറഞ്ഞ തഖ്ലീദ്...

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് മതവിധികള്‍ ഇജ്തിഹാദ് ചെയ്തു കൊടുക്കാന്‍ കഴിവുള്ള, സ്വീകാര്യനും അംഗീകൃതനുമായ ഒരു പണ്ഡിതന്‍ പറയുന്ന വിധി, അതിന്റെ തെളിവു ഗ്രഹിക്കാതെ സ്വീകരിക്കുക. ഇതാണ് രണ്ടാമത്തെ ഇനം. ഈ തഖ്ലീദ് ഇജ്തിഹാദിനു കഴിവുള്ള പണ്ഡിതനു നിഷിദ്ധവും കഴിവില്ലാത്തവര്‍ക്ക് നിര്‍ബന്ധവുമാണ്...

മദ്ഹബുകളെ തഖ്ലീദു ചെയ്യല്‍ അന്ധമായ അനുകരണല്ല. മനുഷ്യവര്‍ഗത്തില്‍ സിംഹഭാഗവും വഴിപിഴക്കാനുള്ള പ്രധാന കാരണം അന്ധമായ അനുകരണമാണ്. പൂര്‍വ്വാ പിതാക്കളെയും മുന്‍തലമുറകളെയും കണ്ണടച്ചനുഗമിച്ചതു കൊണ്ട് മാര്‍ഗച്യുതിയിലകപ്പെട്ടു പോയ ജനസമുദായങ്ങളെ പ്രവാചകന്മാര്‍ സമീപിച്ചപ്പോള്‍ അവര്‍ക്ക് എടുത്തു കാണിക്കാനുണ്ടായിരുന്ന ഏക തെളിവ് പാരമ്പര്യം മാത്രമായിരുന്നു. വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിരത്തിവച്ചു കൊണ്ട് അവരുടെ വിശ്വാസാചാരങ്ങള്‍ തെറ്റാണെന്നും അവ ഉള്‍കൊണ്ട പൂര്‍വ്വ പിതാക്കള്‍ വഴിപിഴച്ചവരാണെന്നും പ്രവാചകന്മാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. അപ്പോള്‍ അവര്‍ നല്‍കിയ മറുപടി വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.

തങ്ങളുടെ പിതാക്കന്മാരെ ഒരു മാര്‍ഗത്തില്‍ ഞങ്ങള്‍ കണ്ടു. അവരുടെ കാല്‍പാടുകളെ ഞങ്ങള്‍ പിന്തുടരുന്നവരാകുന്നു.’ (വി.ഖു 43 : 23)
മുന്‍തലമുറകള്‍ അനുവര്‍ത്തിച്ച നയം തന്നെയാണ് മുഹമ്മദ് നബിﷺയുടെ ജനതയും സ്വീകരിച്ചത്. അല്ലാഹുﷻവിന്റെ പ്രവാചകനാണ് താനെന്നു തിരുമേനി സലക്ഷ്യം തെളിയിച്ചു. അവര്‍ തെറ്റായ മാര്‍ഗത്തിലാണെന്നു വ്യക്തമായും സമര്‍ത്ഥിച്ചു. അബദ്ധമായ വിശ്വാസാചാരങ്ങള്‍ അവരിലേക്കു പകര്‍ന്ന പിതാക്കന്മാര്‍ വഴിപിഴച്ചവരാണെന്നു അവരെ ബോധ്യപ്പെടുത്തി. എന്നിട്ടും അന്ധമായി പിതാക്കന്മാരുടെ
മാര്‍ഗം അവലംബിക്കാന്‍ മുതിരുകയാണ് നബിﷺയുടെ ശത്രുക്കള്‍ ചെയ്തത്.

'അല്ലാഹു ﷻ അവതരിപ്പിച്ചവനെ അനുഗമിക്കുക' എന്നു അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും ‘എന്നാല്‍ ഞങ്ങളുടെ പിതാക്കന്മാരെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ അതിനെ ഞങ്ങള്‍ അനുഗമിക്കും.’ അവരുടെ പിതാക്കള്‍ ഒന്നും ഗ്രഹിക്കാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരുമായിരുന്നിട്ടും അവരെ തന്നെ പിന്‍പറ്റുകയാണോ..? (വി.ഖു)

തങ്ങളുടെ നിലപാട് ശരിയല്ലെന്നു തെളിവുകള്‍ വിളിച്ചോതുന്നു. എന്നിട്ടും പൂര്‍വ്വ പിതാക്കളുടെ മാര്‍ഗമാണെന്ന ഏകകാരണം കൊണ്ട് അതിലുറച്ചു നില്‍ക്കുന്നു. പിതാക്കളാകട്ടെ പൂര്‍ണമായും വഴിതെറ്റിയവരും. ഇതായിരുന്നു അവിശ്വാസികളുടെ അനുകരണത്തിന്റെ സ്വഭാവം. ഇത് അന്ധമായ അനുകരണത്തെ ഇസ്ലാം കഠിനമായി നിരോധിച്ചിരിക്കുന്നു...

ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് നമ്മുടെ മൂലപ്രമാണങ്ങള്‍. നബിﷺയുടെ അനിഷേധ്യമായ അമാനുഷിക സിദ്ധികള്‍ – മുഅ്ജിസത്തുകള്‍ – തിരുമേനിﷺയുടെ സത്യാവസ്ഥ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രമാണികത സ്ഥിരപ്പെട്ടു. ഇജ്മാഉം ഖിയാസും അംഗീകൃതങ്ങളാണെന്നു നബി ﷺ പഠിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഈ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മതവിധി ആവിഷ്കരിക്കല്‍ ഒരിക്കലും അന്ധമായ അനുകരണമാവില്ല...

ഈ മൂല പ്രമാണങ്ങളില്‍ നിന്ന് ഇജ്തിഹാദു ചെയ്തു, മതവിധി കണ്ടെത്താന്‍ സ്വയം കഴിവില്ലാത്തവര്‍ അതിനു കഴിവുള്ള മദ്ഹബിന്റെ ഇമാമുകളെ തഖ്ലീദ് ചെയ്യുകയാണ് വേണ്ടത്. ഈ തഖ്ലീദ് അന്ധമായ അനുകരണമല്ല; നിര്‍ബന്ധമായ അനുഗമനമാണ്. പണ്ഡിതനും വിശ്വസ്തനും ഭക്തനുമായി മറ്റു പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുള്ള മുജ്തഹിദിനെ മാത്രമേ തഖ്ലീദ് ചെയ്യാന്‍ പാടുള്ളൂ. ഇങ്ങനെ സാധാരണക്കാരന്‍ ഏതെങ്കിലും ഒരു ഇമാമിനെ അനുഗമിക്കല്‍ നിര്‍ബന്ധമാണെന്ന കാര്യം ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്...(മുസ്തസ്ഫാ 2 : 123)

പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമാണ് ഇജ്മാഅ്. ഇജ്മാഅ് മതത്തില്‍ അനിഷേധ്യമായ തെളിവും പ്രമാണവുമാണ്. അപ്പോള്‍ മദ്ഹബിന്റെ ഇമാമുകളെ അനുഗമിക്കല്‍ തെളിവിന്റെ അടിസ്ഥാനത്തിലുള്ള അനുകരണമാണ്...


മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം

‘ഇജ്തിഹാദിനു കഴിവുള്ളവര്‍ ഇജ്തിഹാദു ചെയ്യണം. കഴിവില്ലാത്തവര്‍ ’ഇസ്തിഫ്താഅ്’ ചെയ്യണം. തെളിവു സഹിതം ഫത് വ തേടുന്നതിനാണ് ഇസ്തിഫ്താഅ് എന്നു പറയുന്നത്. ഫത് വ സ്വീകരിക്കുന്നത് തഖ്ലീദല്ല. അപ്പോള്‍ മുജ്തഹിദാണെങ്കില്‍, മുഖല്ലിദ് ആകണമെന്നില്ല. അതു പാടില്ല താനും. ഇസ്തിഫ്താ ചെയ്യുക അഥവാ തെളിവു സഹിതം ഫത്വാ തേടുക മാത്രമാണ് ചെയ്യേണ്ടത്.

രണ്ടു വഹാബി പണ്ഡിതന്മാര്‍ ഒന്നിച്ചെഴുതിയ ‘തഖ്ലീദ് ഒരു പഠനം’ എന്ന പുസ്തകത്തില്‍ ഇവ്വിഷയകമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചയുടെ രത്നച്ചുരുക്കമാണ് മുകളില്‍ കൊടുത്തത്...

ഇജ്തിഹാദിനു കഴിവില്ലാത്തവര്‍ ഒരു മുജ്തഹിദിനെ അനുഗമിക്കല്‍ നിര്‍ബന്ധമാണെന്നതു ഇജ്മാഅ് കൊണ്ടു സ്ഥാപിതമായ കാര്യമാണ്. ഇതിനു ഇത്തിബാഅ് (പിന്‍പറ്റല്‍) ഇസ്തിഫ്താഅ് (ഫത്വാ തേടല്‍) തഖ്ലീദ് (അനുകരിക്കല്‍) എന്നീ മൂന്ന് പദങ്ങളും ഉപയോഗിക്കാറുണ്ട്. നിദാന ശാസ്ത്രത്തില്‍ ആധികാരിക പണ്ഡിതനായ ഇമാം ഗസ്സാലി (450-505)യുടെ വാക്യങ്ങള്‍ തെളിവായി ഉദ്ധരിക്കാം...
 
‘സാധാരണക്കാരനു ഫത് വ ചോദിക്കലും പണ്ഡിതന്മാരെ പിന്‍പറ്റലും നിര്‍ബന്ധമാകും.’ (മുസ്തസ്ഫാ 2-124)

"സാധാരണക്കാരന്‍, അറിവും സ്വീകാര്യതയുമുണ്ടെന്ന് ബോധ്യപ്പെട്ടവരോടല്ലാതെ ഫത് വ തേടരുത്” (മുസ്തസ്ഫാ 2-125)

“സാധാരണക്കാരനും മുഫ്തിയെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. കാരണം സാധാരണക്കാര്‍ക്കു അയാളെ പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്ന് പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) വ്യക്തമാക്കുന്നു.” (മുസ്തസ്ഫാ 2-123)

എന്നാല്‍, സാധാരണക്കാരനു ഇജ്തിഹാദിന്നാസ്പദമായ അറിവു നേടുവാനും മതവിധിയെക്കുറിച്ചു, സ്വയം ഒരു ധാരണയിലെത്തിച്ചേരുവാനും സാധിക്കാത്തത് കൊണ്ട്, മറ്റുള്ളവരെ തഖ്ലീദ് ചെയ്യല്‍ അനുവദിക്കപ്പെട്ടിരിക്കുന്നു...(മുസ്തസ്ഫാ 2-122)

"ഇജ്തിഹാദിനു കഴിവുള്ള പണ്ഡിതനും മറ്റൊരാളെ തഖ്ലീദ് ചെയ്യല്‍ അനുവദനീയമാണെന്നു പറഞ്ഞിട്ടുള്ളവരുടെ കൂട്ടത്തില്‍, അഹ്മദു ബിന്‍ ഹമ്പല്‍, ഇസ്ഹാഖു ബിന്‍ റാഹവൈഹി, സുഫ്യാനുസ്സൌരി (റ) എന്നിവരും പെടുന്നു..."(മുസ്തസ്ഫാ 2-121)

പണ്ഡിതന്മാരെ അനുഗമിക്കുന്നതിനു ഇത്തിബാഅ് പിന്‍പറ്റല്‍ ഇസ്തിഫ്താഅ് ഫത് വ തേടല്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ തഖ്ലീദ് അനുകരണം എന്നും ഉപയോഗിക്കാമെന്ന് ഇമാം ഗസ്സാലി(റ)യുടെ ഉദ്ധൃത വരികള്‍ തന്നെ സ്പഷ്ടമാക്കുന്നു. എന്നിരിക്കെ, സാധാരണക്കാരന്‍ ഫത് വ സ്വീകരിക്കല്‍ തഖ്ലീദ് അല്ലെന്ന്, എങ്ങനെ അദ്ദേഹം രേഖപ്പെടുത്തി..? ഇതാണ് അടുത്തായി ചിന്തിക്കാനുള്ളത്...


തഖ്ലീദിനു രണ്ടു പ്രയോഗമുണ്ട്

തെളിവില്ലാതെ അഭിപ്രായം സ്വീകരിക്കുക – ഇതാണല്ലോ തഖ്ലീദ്. എന്നാല്‍ ഇതിന്നു രണ്ടു വ്യാഖ്യാനമുണ്ട്. ഒന്ന്, സ്വീകാര്യനായ ഒരു പണ്ഡിതന്‍ പറഞ്ഞ വിധി, ആ വിധിയുടെ തെളിവെന്തെന്നു മനസ്സിലാക്കാതെ, സ്വീകരിക്കുക. ഈ തഖ്ലീദാണ് അനുവദനീയമെന്ന് ഇമാം ഗസ്സാലിയും മറ്റു പണ്ഡിതന്മാരും  പറഞ്ഞിട്ടുള്ളത്...

സാധാരണക്കാരന്റെ ‘ഇസ്തിഫ്താഅ്’ ഈ അര്‍ത്ഥത്തിലുള്ള തഖ്ലീദാണ്; തെളിവോടു കൂടി ഫത് വ സ്വീകരിക്കലല്ല. ഇതിന്റെ വിശദാംശം അന്യത്രവരുന്നുണ്ട്.

ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ അഭിപ്രായം സ്വീകരിക്കുക, ഇതാണ് രണ്ടാമത്തെ വ്യാഖ്യാനം. ഈ തഖ്ലീദ് അന്ധമായ അനുകരണമാണ്. അതു കൊണ്ടു തന്നെ അതു കുറ്റകരവും അധിക്ഷേപാര്‍ഹവുമാണ്. പണ്ഡിതന്മാരെ അനുകരിക്കല്‍ ഈ അര്‍ത്ഥത്തിലുള്ള തഖ്ലീദല്ല. കാരണം അവരെ അനുകരിക്കണമെന്നതിനു മതിയായ തെളിവുണ്ട്. ഇമാം ഗസ്സാലി (റ)തന്നെ പറയട്ടെ:

“സാധാരണക്കാരനു മുഫ്തിയെ അനുഗമിക്കല്‍ നിര്‍ബന്ധമാണ്. കാരണം അതിന് ‘ഇജ്മാഅ്’ തെളിവാണ്; മുസ്തഫ്തി പറഞ്ഞതു വ്യാജമാകട്ടെ, സത്യമാകട്ടെ, അബദ്ധമാകട്ടെ, സുബദ്ധമാകട്ടെ. മുഫ്തിയുടെയും സാക്ഷിയുടെയും വാക്കു സ്വീകരിക്കല്‍, അപ്പോള്‍, ഇജ്മാഅ് എന്ന തെളിവു കൊണ്ട് നിര്‍ബന്ധമായിക്കഴിഞ്ഞു. അതു കൊണ്ട് അത് തെളിവോടു കൂടി ഒരു വാക്ക് സ്വീകരിക്കലാണ്. ആകയാല്‍ അത് തഖ്ലീദല്ല. ഈ തഖ്ലീദു കൊണ്ട് നാം വിവക്ഷിക്കുന്നത് ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ ഒരഭിപ്രായം സ്വീകരിക്കുകയെന്നതാണ്.” (മുസ്തസ്ഫാ 2-123)


ഇസ്തിഫ്താഉം തഖ്ലീദും

ഇജ്തിഹാദിനു കഴിവുള്ളവനാണ് മുജ്തഹിദ്. തഖ്ലീദ് ചെയ്യുന്നവന്‍ മുഖല്ലിദും. ഫത് വ ചോദിക്കുന്നവനു മുസ്തഫ്തി എന്നും പറയുന്നു. ഇസ്തിഫ്താഅ് അഥവാ ഫത് വ തേടല്‍ രണ്ടു പേരില്‍ നിന്നുമുണ്ടാകും. മുജ്തഹിദില്‍ നിന്നുണ്ടാകുമ്പോള്‍ തെളിവു സഹിതം ഫത് വ ചോദിക്കലാണ്; മുഖല്ലിദില്‍  നിന്നുണ്ടാകുമ്പോള്‍ തെളിവുകൂടാതെയും. മുജ്തഹിദിനു തെളിവു മനസ്സിലായില്ലെങ്കില്‍ ഫത് വ സ്വീകരിക്കല്‍ ഹറാമും സാധാരണക്കാരനു തെളിവു മനസ്സിലായില്ലെങ്കിലും അതു സ്വീകരിക്കല്‍ നിര്‍ബന്ധവുമാണ്...

മുഖല്ലിദ് തെളിവു ചോദിക്കാന്‍ പാടില്ലെന്നോ മുജ്തഹിദ് അവനോടു തെളിവു പറയാന്‍ പാടില്ലെന്നോ ഇതിനര്‍ത്ഥമില്ല. തെളിവു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും തെളിവു വേണ്ട വിധം ഗ്രഹിക്കാതെ, വിധി സ്വീകരിച്ചാല്‍ അതു തഖ്ലീദു തന്നെ. നിദാന ശാസ്ത്ര പണ്ഡിതനായ സുബ്കി(റ)യുടെ നിര്‍വ്വചനം കാണുക : “മത പണ്ഡിതന്റെ വാക്ക് അതിന്റെ തെളിവു മനസ്സിലാവാതെ സ്വീകരിക്കുന്നതാണ് തഖ്ലീദ്.” 
(ജംഉല്‍ജവാമിഅ് 2-253)

തെളിവു മനസ്സിലാക്കുന്നുവെങ്കിലോ..? അതു തഖ്ലീദല്ല; ഇജ്തിഹാദു തന്നെയാണ്. ഇമാം മഹല്ലി പറയുന്നു :
“മറ്റൊരു പണ്ഡിതന്റെ വാക്ക്, അതിന്റെ തെളിവു വേണ്ടവിധം മനസ്സിലാക്കിക്കൊണ്ട്, സ്വീകരിക്കല്‍ അയാളുടെ ഇജ്തിഹാദോടൊത്തുവന്ന മറ്റൊരു ഇജ്തിഹാദാകുന്നു...(ശര്‍ഹുജം. ജവാമിഅ് 2- 251)

ചുരുക്കത്തില്‍, ഫത് വ സ്വീകരിക്കുമ്പോള്‍ തെളിവു വേണ്ടവിധം ഗ്രഹിച്ചാല്‍, ഇജ്തിഹാദും ഇല്ലെങ്കില്‍ തഖ്ലീദുമാണ്. മുജ്തഹിദും മുഖല്ലിദുമല്ലാത്ത ഒരു മുസ്തഫ്തി ഇല്ലതന്നെ. ഉണ്ടെന്ന് തഖ്ലീദു വിരോധികള്‍ എഴുതിവിട്ടതു മിതമായി പറഞ്ഞാല്‍ വ്യാജമാണ്...


മുജ്തഹിദിനേ തെളിവു ഗ്രഹിക്കാന്‍ കഴിയൂ...

ഒരു വൈദ്യശാസ്ത്ര പണ്ഡിതന്‍ രോഗികളെ പരിശോധിച്ചു രോഗ നിര്‍ണ്ണയം നടത്തി, ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇതു കണ്ടു, ഒരു സാധാരണക്കാരന്‍ അല്ലെങ്കില്‍ മറ്റു പല വിഷയങ്ങളിലും വൈദഗ്ധ്യമുണ്ടെങ്കിലും വൈദ്യശാസ്ത്രത്തില്‍ വേണ്ടത്ര വിവരമില്ലാത്ത ഒരു വ്യക്തി രോഗം നിര്‍ണയിക്കാനും ഔഷധ നിര്‍ദ്ദേശം നല്‍കാനും തുടങ്ങിയാല്‍ ഫലം എന്തായിരിക്കും..? മറുപടി ഊഹിക്കാവുന്നതേയുള്ളൂ. ഇതു തന്നെയാണ് ഇജ്തിഹാദിന്റെയും നില... 

ഗവേഷണ പടുവായ ഒരു മഹാപണ്ഡിതന്‍, ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി തന്റെ മുമ്പില്‍ വരുന്ന പ്രശ്നങ്ങള്‍ക്കു സ്വയം മതവിധികള്‍ ആവിഷ്കരിക്കുന്നു. ഇതു കണ്ടു മറ്റുള്ളവരും ഗവേഷണത്തിനൊരുങ്ങിയാല്‍  അപകടങ്ങള്‍ സംഭവിക്കും.
വൈദ്യശാസ്ത്രമറിയാത്തന്‍ അറിയുന്നവനെ സമീപിക്കുകയാണ് വേണ്ടത്. ബുദ്ധിയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികൂലമായി പ്രതികരിക്കാനിടയില്ല...

എന്നാല്‍ ഡോക്ടര്‍ രോഗം കണ്ടുപിടിച്ചു ഔഷധം നിര്‍ണയിച്ചു കൊടുക്കുമ്പോള്‍ തെളിവു പറയാറുണ്ടോ..? പറഞ്ഞാല്‍ പ്രയോജനമുണ്ടോ..? ഇല്ല; അതാണു ശരി. രോഗം നിങ്ങള്‍ പറഞ്ഞതു തന്നെയാണെന്നതിനു എന്താണ് തെളിവ്..? ഈ ഔഷധം അതിന്റെ ശമനത്തിനുതകുമെന്നതിനെന്തു ലക്ഷ്യം..? ഇതില്‍ എന്തൊക്കെ ചേരുവകള്‍ ചേര്‍ത്തിട്ടുണ്ട്..? അവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്..? ശാസ്ത്ര വിശാരദന്മാര്‍ക്ക് ഇക്കാര്യത്തില്‍ എന്തൊക്കെ അഭിപ്രായങ്ങളുണ്ട്..? എന്നിങ്ങനെ സാധാരണക്കാരന്‍ ചോദിച്ചാല്‍ ബുദ്ധിയുള്ള വല്ല ഡോക്ടറും അതിനു മറുപടി പറയാനൊരുങ്ങുമോ..? ഒരുങ്ങിയാല്‍ തന്നെ രോഗിക്കതു മനസ്സിലാകുമോ..? മനസ്സിലായില്ലെങ്കില്‍ ചികിത്സ നടത്തേണ്ടതില്ലെന്നു ലോകത്താര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ..? ഇല്ല എന്നല്ലാതെ മറുപടിയില്ല...

സാധാരണക്കാരന്‍ മതവിധി തേടുന്നതിന്റെ നില ഇതില്‍ നിന്നു ഭിന്നമല്ല. മുജ്തഹിദ് പ്രശ്നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുമ്പോള്‍ തെളിവു പറയണമെന്നില്ല. പറഞ്ഞാല്‍ പഠിക്കാത്തവര്‍ക്ക് മനസ്സിലാവുകയുമില്ല. തെളിവു മനസ്സിലായില്ലെങ്കില്‍ അതു സ്വീകരിക്കേണ്ടതില്ലെന്നു നൂതന വാദികള്‍ക്കല്ലാതെ മറ്റാര്‍ക്കും അഭിപ്രായമില്ല... 

ഇമാം മഹല്ലി (റ) പറയുന്നു; “തെളിവു ഗ്രഹിക്കാന്‍ മുജ്തഹിദിനു മാത്രമേ കഴിയൂ. കാരണം, അതു ലക്ഷ്യം എതിര്‍ ലക്ഷ്യത്തില്‍ നിന്നു സരക്ഷിതമാണെന്നറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതാകട്ടെ സകല ലക്ഷ്യങ്ങളെയും സൂക്ഷ്മ പരിശോധന നടത്തുന്നതിനെ ആസ്പദിച്ചുമിരിക്കുന്നു. അതു മുജ്തഹിദിനേ സാധിക്കൂ...(ശര്‍ഹു ജംളല്‍ ജവാമിഅ് 2-393)


പുത്തൻ പ്രസ്ഥാനക്കർ പഠിപ്പിക്കുന്നത് 

അവരുടെ ലേഖനങ്ങളിൽ എഴുതുന്നു : 

"ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- കൊണ്ടു വന്നതില്‍ മാത്രമാണ് ശരിയുള്ളത്. അതിനെ സഹായിക്കുന്നവര്‍ക്ക് മാത്രമാണ് നമ്മുടെ സഹായമുള്ളത്. അതിനെ പിന്‍പറ്റിയവര്‍ക്ക് (ഇഹ-പര) സൗഭാഗ്യമുണ്ട്. അതില്‍ വിശ്വസിക്കുകയും, അത് പഠിപ്പിച്ചു നല്‍കുകയും ചെയ്യുന്നവരുടെ മേല്‍ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ. സത്യം എപ്പോഴും അവിടുന്ന് പറഞ്ഞതിന് ഒപ്പമായിരിക്കും.” (മിന്‍ഹാജുസ്സുന്ന: 5/233)"

പക്ഷെ ഇത് അവരുടെ എഴുത്തിലും , പ്രസംഗത്തിലുമേ കാണു . നബി (സ) തങ്ങൾ തന്നെ പറഞ്ഞ കാര്യമാണ് :''എന്റെ സ്വഹാബികള്‍ നക്ഷത്ര തുല്യരാണ്. അവരില്‍ ആരെ പിന്പറ്റിയാലും സന്മാര്‍ഗം സിദ്ധിക്കുന്നതാണ്''

നബി (സ) സഹാബികളെക്കുറിച്ചു പറഞ്ഞ കാര്യമാണ് മുകളിൽ സൂചിപ്പിച്ചത് . പക്ഷെ പുത്തൻപ്രസ്ഥാനക്കാരുടെ കാര്യം വരുമ്പോൾ സ്വഹാബാക്കൾ ചെയ്ത കാര്യം വരെ നബി (സ) യിൽ നിന്ന് തെളിവില്ല എന്ന് പറഞ്ഞു പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു എത്ര കാര്യങ്ങൾ നമുക്ക് കാണാൻ സാധിക്കും. അപ്പോൾ അവർ എഴുതിയതും , പ്രവർത്തിക്കുന്നതും വൈരുധ്യങ്ങളല്ലേ .

ഉദാഹരണമായി  തറാവീഹ് 20 റക്കഅത്ത് , ജുമുഅയുടെ രണ്ടാം ബാങ്ക് തുടങ്ങിയവയൊക്കെ ഉദാഹരണം .

ഈ പെരുന്നാളിന് മുജാഹിദ് മതക്കാർ നിസ്‌ക്കരിച്ചതു വീടുകളിലാണ് . നബി (സ) വീട്ടിൽ പെരുന്നാളിന് നിസ്‌ക്കരിച്ച ഒരു ഹദീസ് കാണിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ , സ്വഹാബികൾ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് മറുപടി വന്നു .

അതായത് അവരുടെ കാര്യങ്ങൾ ന്യായീകരിക്കാൻ ആരെയും കൂട്ടുപിടിക്കും , അവർക്കു ആ സമയം സ്വഹാബികളുടെ വാക്കുകൾ തെളിവുമാണ്. നമ്മൾ ചെയ്‌താൽ പടിക്കു പുറത്തും .


അവരുടെ മറ്റു വാദങ്ങൾ കാണുക 

ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു: “തീര്‍ച്ചയായും തഖ്ലീദ് വിഢികളെ മാത്രമേ സമ്മാനിക്കുകയുള്ളൂ.” (മിന്‍ഹാജുസ്സുന്ന: 5/381)

അല്‍-വസീര്‍ ഇബ്‌നു ഹുബൈറ -رَحِمَهُ اللَّهُ- പറഞ്ഞു: “പിശാചിന്റെ കുതന്ത്രങ്ങളില്‍ പെട്ടതാണ് അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്ന ആശയപരമായ ചില വിഗ്രഹങ്ങളെ മനുഷ്യമനസ്സുകളില്‍ പ്രതിഷ്ഠിക്കുക എന്നത്. സത്യം വ്യക്തമായാലും ഇത്തരക്കാര്‍ പറയും; ഇത് നമ്മുടെ മദ്ഹബിന് യോജിച്ചതല്ലെന്ന്. താന്‍ ബഹുമാനിക്കുന്ന വ്യക്തിയോടുള്ള തഖ്ലീദാണ് അവനെ ഇതിന് പ്രേരിപ്പിക്കുന്നത്. സത്യത്തിന് മീതെ അവന്‍ ആ വ്യക്തിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.” (ലവാമിഉല്‍ അന്‍വാര്‍: 2/465)


ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “(തര്‍ക്കത്തിലുള്ള വിഷയത്തെ കുറിച്ച്) തങ്ങള്‍ ബഹുമാനിക്കുന്ന (ചില പണ്ഡിതന്മാരില്‍) നിന്ന് സ്വീകരിച്ച ചില വാക്കുകളും, അവരെ കുറിച്ച് നല്ലത് വിചാരിക്കുക എന്ന മനസ്സും മാത്രമാണ് മാത്രമാണ് ചിലരുടെ അടുക്കലുള്ളത്. തങ്ങളുടെ നേതാക്കളുടെ വാക്കുകള്‍ മാത്രമേ അവര്‍ കേട്ടിട്ടുള്ളൂ; അതിന് പുറമെയുള്ളതൊന്നും അവര്‍ക്കറിയില്ല. അതവര്‍ക്കും (സത്യത്തിനുമിടയില്‍) ഒരു മറയായി മാറിയിരിക്കുന്നു. ആ മറ എന്തു മാത്രം വലുതായിരിക്കുന്നു?!” (ത്വരീഖുല്‍ ഹിജ്റതയ്നി: 215)

അല്ലാമ അബ്ദുല്‍ ഖാദിര്‍ ബ്നു ബദ്റാന്‍ അദ്ദിമഷ്ഖി -رَحِمَهُ اللَّهُ- പറഞ്ഞു: “തഖ്ലീദ് സത്യത്തില്‍ നിന്ന് അകറ്റുകയും, അസത്യത്തെ മനോഹരമാക്കി തോന്നിപ്പിക്കുകയും ചെയ്യും.” (അല്‍-മദ്ഖല്‍ ഇലാ മദ്ഹബില്‍ ഇമാം അഹ്മദ്: 495)

ശൈഖ് അബ്ദു റഹ്മാന്‍ ബ്നു യഹ്യ അല്‍-മുഅല്ലിമി -رَحِمَهُ اللَّهُ- പറഞ്ഞു: “നീ അറിയുക! മറ്റുള്ളവരെ പരിശോധിക്കുന്നതിന് വേണ്ടി അല്ലാഹു ചിലപ്പോള്‍ തന്റെ ചില നിഷ്കളങ്കരായ ദാസന്മാരെ കൊണ്ട് അബദ്ധങ്ങള്‍ പറയിച്ചേക്കാം. തന്റെ അടിമകള്‍ സത്യം പിന്തുടരുകയും ഈ വ്യക്തിയുടെ വാക്കുകള്‍ ഒഴിവാക്കുകയുമാണോ ചെയ്യുക, അതല്ല ആ വ്യക്തിയുടെ ശ്രേഷ്ഠതയും മഹത്വവും കണ്ട് വഞ്ചിതനാവുകയാണോ ചെയ്യുക (എന്നറിയുന്നതിന് വേണ്ടിയാണത്).  

അബദ്ധം പറഞ്ഞ മുജ്തഹിദിന് അല്ലാഹു ഒഴിവ് കഴിവ് നല്‍കും; അല്ല! സത്യം കണ്ടെത്താന്‍ വേണ്ടി അദ്ദേഹം നടത്തിയ ആ പരിശ്രമത്തിനും, സത്യം ആഗ്രഹിച്ചതിനും, അത് (തേടിപ്പിടിക്കുന്നതില്‍) കുറവ് വരുത്താതിരുന്നതിലും അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നല്‍കും.

എന്നാല്‍ ആ പണ്ഡിതനോടുള്ള ആദരവില്‍ വഞ്ചിതനായി, ഖുര്‍ആനും സുന്നത്തുമാകുന്ന തെളിവുകള്‍ പരിശോധിക്കാത്തവന് ഒരിക്കലും ഒഴിവ് കഴിവ് നല്‍കപ്പെടുകയില്ല. അവന്‍ യഥാര്‍ഥത്തില്‍ വലിയ പിഴവിലാണ് വീണു പോയിരിക്കുന്നത്.


മുകളിൽ കൊടുത്തതൊക്കെ തക്‌ലീദിനെ എതിർക്കാൻ അവർ കണ്ടെത്തിയ അവരുടെ പണ്ഡിതന്മാരുടെ വാക്കുകളും , ന്യായങ്ങളുമാണ്.

അതെ സമയം ഏതെങ്കിലും കാര്യത്തിൽ നമ്മൾ പണ്ഡിതരുടെ തെളിവുകൾ നിരത്തിയാൽ അതൊന്നും അവർക്കു സ്വീകാര്യമല്ല താനും . ഉടനെ വരും ചോദ്യം , ഖുർആനിലുണ്ടോ , ഹദീസുലുണ്ടോ എന്നൊക്കെ .

അത് മാത്രമല്ല മദ്ഹബിന്റെ ഇമാമീങ്ങളെ ചെറുതാക്കി കാണിക്കലും , മദ്ഹബ് പിൻപറ്റിയവരെ അങ്ങേയറ്റം കളിയാക്കുകയും , ആക്ഷേപിക്കുകയുമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ഇമാമീങ്ങളുടെ കഴിവും , സൂക്ഷ്മതയും , തെളിവുകൾ കണ്ടെത്താൻ അവർ   നടത്തിയ പരിശ്രമങ്ങളുമൊക്കെ നമുക്കറിയാവുന്നതാണ് . അതിന്റെയപ്പുറം ഈ അടുത്ത് പൊട്ടി മുളച്ച തഖ്ലീദ് വിരോധികൾക്കു സാധ്യമല്ല എന്ന് ഏതൊരു കുഞ്ഞിനും അറിയാവുന്ന കാര്യവുമാണ് .

മദ്ഹബിന്റെ ഇമാമീങ്ങൾക്ക് ശേഷം കടന്നുപോയ എല്ലാ പണ്ഡിതരും മദ്ഹബിനെ തഖ്ലീദ് ചെയ്തു വന്നിട്ടുള്ള പണ്ഡിത വര്യന്മാരാണ്. എന്തിനു പറയുന്നു ഇബ്നു തൈമിയായുടെ മദ്ഹബും , ഇബ്നു അബ്ദുൽ വഹാബിന്റെ മദ്ഹബും ഏതെന്നു ചോദിച്ചാൽ മുജാഹിദ് പക്ഷത്ത് നിന്ന് തന്നെ ഉത്തരം കിട്ടും . പക്ഷെ 1921 ശേഷം പിറവികൊണ്ട ഞങ്ങൾക്ക് മദ്ഹബ് അലർജിയാണ് . അല്ല അങ്ങനെ ആക്കി എടുത്തതാണ് .

അതിലും രസകരമായ സംഗതി ഇവർ ചെയ്യുന്ന കാര്യങ്ങൾ നാലാലൊരു മദ്ഹബ് കാണിച്ചു തരുന്നത് മാത്രമാണ് . അതിനപ്പുറമൊരു തെളിവ് കൊണ്ട് അമൽ ചെയ്യാൻ അവരുടെ പക്കൽ തെളിവുകളില്ല . എന്നാലും മദ്ഹബ് അംഗീകരിക്കുന്നവർ പടിക്കു പുറത്തു തന്നെ .

അല്ലാഹു പറയുന്നു –  നിങ്ങള്‍ വിവരമില്ലാത്തവരാണെങ്കിൽ വിവരമുള്ളവരോട് ചോദിക്കൂ...(നഹ്ല്‍)

ഇമാം ഖുര്‍തുബി(റ) വ്യാഖ്യാനിക്കുന്നു – “പൊതുജനം പണ്ഡിതന്മാരെ പിന്തുടരണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. അതാണ്‌ ഈ ആയതിന്റെ ഉദ്ദേശം. ദിശയറിയാതെ നട്ടം തിരിയുന്ന അന്ധന്‍ തീര്‍ച്ചയായും കാഴ്ചയുള്ളവനെ ആശ്രയിച്ചേ തീരൂ. അതുപോലെ വിജ്ഞാനം ഇല്ലാത്തവനും ദീനിലെ പ്രയോഗങ്ങളുടെ അര്‍ഥം അറിയാത്തവനും തീര്‍ച്ചയായും പണ്ഡിതന്മാരെ അനുകരിച്ചേ തീരൂ. അപ്രകാരം തന്നെ, ഹലാലിന്റെയും ഹറാമിന്റെയും സാങ്കേതികതയെ കുറിച്ചുള്ള അജ്ഞത നിമിത്തം, പൊതുജനത്തിന് മതകാര്യത്തില്‍ വിധി പറയുവാന്‍ അനുവാദമില്ല"


ശാഫിഈ മദ്ഹബ് പണ്ഢിതനായ സ്വാവി  അദ്ദേഹത്തിന്റെ തഫ്‌സീര്‍ സ്വാവിയില്‍ എഴുതുന്നു:

നാല്‌ മദ്‌ഹബുകളല്ലാത്തതിനെ അന്ധമായി അനുകരിക്കൽ അനുവദനീയമല്ല. അതൊരു പക്ഷെ സ്വഹാബത്തിന്റെ വാക്കിനോടും സ്വഹീഹായ ആയത്തിനോടും ഹദീസിനോടും ഒത്തുകണ്ടാലും ശരി. നാല്‌ മദ്‌ഹബുകൾക്കപ്പുറം പുറത്തുപോകുന്നവർ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്‌ ചിലപ്പോള്‍ ആ വേല കുഫ്‌റിലെത്തിക്കും. കാരണം, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഉപരിതല സാരം കൈകൊള്ളല്‍ കുഫ്‌രിയ്യത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ പെട്ടതാണ്. (തഫ്‌സീര്‍ സ്വാവി: 3/9)

എനി മുജാഹിദ് നേതാവായ ഇബ്നു അബ്ദുള്‍ വഹാബ് തന്നെ പറയുന്നത് നോക്കൂ

ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ ആധികാരിക തഫ്സീറുകളായ ത്വബ് രിയും അതിന്റെ സംഗ്രഹം ഇബ്നു കസീറും, അത് പോലെ, ബഗ്വി, ബൈളാവി, ഖാസിന്‍, ഹദ്ദാദ്‌, ജലാലൈനി എന്നിവയോടും സഹായം തേടുന്നു. ഹദീസ് മനസ്സിലാക്കാന്‍ ലോകപ്രശസ്ത ഇമാമുമാരെ ആശ്രയിക്കുന്നു - ബുഖാരിക്ക് വേണ്ടി ഇമാം അസ്ഖലാനിയെയും ഇമാം ഖസ്തല്ലാനിയെയും മുസ് ലിമിന് വേണ്ടി ഇമാം നവവിയെയും ആശ്രയിക്കുന്നു.(ഇബ്നു അബ്ദിൽ വഹാബ്)"" 

No comments:

Post a Comment