Friday 1 January 2021

മഖ്ദൂം കുടുംബം കേരളത്തിൽ



ഖൈറുല്ലയാണ് കേരളം

കേരളത്തിന് പ്രസ്തുത പേര് ലഭിക്കാനുള്ള കാരണങ്ങൾ പലതാണ് അല്ലാഹു നന്മകൾ ചൊരിഞ്ഞ പ്രദേശം എന്നർത്ഥം വരുന്ന ഖൈറുല്ലാഹ് എന്നവപദം ലോഭിച്ച് കേരളമായി എന്നതാണവയിലൊന്ന് 

കേരളീയരില്ലാത്ത രാജ്യമില്ലെന്നു പറയാം എന്നാൽ ഏതൊരു മലയാളി മുസ്ലിമും ആരാധനകൾക്ക് ഏറെ ഫലം ലഭിക്കുന്ന റമളാനിലും മറ്റും തന്റെ നാട്ടിലെത്താൻ ആഗ്രഹിക്കുക സ്വഭാവികമത്രെ സത്യത്തിൽ ആരാധനകൾക്ക് അറബ് രാജ്യങ്ങളിൽ പോലുമില്ലാത്ത കൃത്യതയും സന്തോഷവും നമ്മുടെ നാട്ടിൽ തന്നെയാണ് ലഭിക്കുന്നതെന്ന തിരിച്ചറിവാണിതിനു കാരണം  

ഇതിന്റെ രഹസ്യം പരിശോധിച്ചാൽ മഖ്ദൂമുമാരെ പോലുള്ള മഹാപണ്ഡിതന്മാർ ശരീഅത്തും ത്വരീഖത്തും നേടിയതും നടപ്പാക്കിയതുമായ രീതികൾക്ക് ഏറെ പ്രസക്തിയുണ്ട് നിസ്കാരശേഷം വിവിധ ദിക്റ്- ദുആകൾ ചെയ്യണമെന്ന് നബി (സ) നമ്മെ പഠിപ്പിക്കുന്നു റമളാനിൽ ഓരോ പത്തുകൾക്കും പ്രത്യേക പ്രാർത്ഥനകളുണ്ട് എന്നാൽ പ്രാവർത്തികമാക്കുന്ന രീതിയിൽ കേരളം മറ്റു പ്രദേശങ്ങൾക്ക് മാതൃകയാണ് 

പരിശുദ്ധ ദീനുൽ ഇസ്ലാം മലയാളി ഹൃദയങ്ങളിലേക്ക് ആഴ്ന്നിറക്കിയവരാണ് മഖ്ദൂം പണ്ഡിതന്മാർ (റ) പ്രത്യേകിച്ചും ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ (റ), രണ്ടാമൻ (റ) തുടങ്ങിയവർ പണ്ഡിത ലോകത്തിന് എന്നും മാതൃകയും നേതൃത്വവുമാണ് ഇവർ 

മൻഖൂസ്വ് മൗലിദും ഫത്ഹുൽ മുഈനും അദ്കിയയുമെല്ലാം മലയാളികളുടെ ഭക്ഷണങ്ങളാണ് മഖ്ദൂമുകളാൽ വിരചിതമായ ഈ ഗ്രന്ഥങ്ങളാണ് കേരളീയ ജനതയുടെ ദിശ നിർണയിക്കുന്നത് മഖ്ദൂം ഗ്രന്ധങ്ങളും പാഠ്യപദ്ധതികളുമാണ് നമ്മുടെ ദർസുകളിൽ ഇന്നും നിലനിൽക്കുന്നത് 

തസ്വവ്വുഫിന് വെള്ളവും വെളിച്ചവും നൽകിയവരാണ് മഖ്ദൂമുമാർ ആത്മസംസ്കരണത്തിലൂടെയാണവർ ജനങ്ങളെ നിയന്ത്രിച്ചിരുന്നത് മദ്ഹബിനെയും ത്വരീഖത്തെനെയും അവർ ഒരേ പാതയിൽ തന്നെ നടത്തി വൈദേശികാധിപത്യങ്ങൾക്കെതിരെ ശക്തമായി പോരാടിയ മഖ്ദൂമുമാർ ശത്രുക്കളെ ഈ നാട്ടിൽനിന്ന് തുരത്തിയിട്ടുണ്ട് പോർച്ചുഗീസുകാരെ ഈ മണ്ണിൽനിന്ന് കെട്ടുകെട്ടിച്ചതിൽ മഖ്ദൂമുമാരുടെ പങ്ക് എക്കാലത്തും സ്തുത്യർഹമാണ് മഖ്ദൂം കുടുംബത്തെ അടുത്തറിയാൻ ഈ കൊച്ചു ചരിത്രം വായനക്കാരെ സഹായിക്കും.


പൊന്നാനി

അല്ലാഹുവിന്റെ ഔലിയാക്കൾ ജീവിച്ച് മൺമറഞ്ഞതും അറിവിന്റെ കേദാരമായി ഒരു കാലത്ത് മലയാളി മനസ്സിൽ ഇടംപിടിച്ചതുമായ ഒരു പ്രദേശമാണ് പൊന്നാനി കേരളത്തിനകത്തും പുറത്തും പേരുകേട്ട ഈ പ്രദേശം എക്കാലത്തും ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട് അറിവിന്റെ പട്ടണമായിട്ടാണ് പൊന്നാനി മുസ്ലിം ഹൃദയങ്ങളിൽ കുടിയേറിയത് പൊന്നാനി എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനോമുഖരങ്ങളിൽ ഓടിയെത്തുന്നത് മഖ്ദൂമുമാരുടെ സ്മരണകളാണ് പ്രത്യേകിച്ചും സൈനുദ്ദീൻ മഖ്ദൂം ഒന്നാമനും രണ്ടാമനും കാരണം, പൊന്നാനിയെ അറിവിന്റെ പട്ടണമായി ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത് അവരായിരുന്നല്ലോ 

ചരിത്രത്താളുകളിൽ നിന്ന് നാം കുറെക്കൂടി പിറകോട്ടു പോയാൽ പഴയ കാലത്തെ പ്രതാപ പ്രദേശമായി പൊന്നാനിയെ കാണാൻ സാധിക്കും ഹൈദറലി ഖാനും ടിപ്പുവും സാമൂതിരിയും നാടുവാഴികളായിരുന്ന പൊന്നാനി ഈ പ്രദേശത്തെ കൈയ്യിലൊതുക്കാൻ നാടുവാഴികൾ പരസ്പരം യുദ്ധം തന്നെ ചെയ്തിരുന്നു പൊന്നാനിയിൽ പറങ്കികൾ നടത്തിയ ആക്രമണങ്ങൾ പ്രസിദ്ധമാണല്ലോ ചരിത്രമുറങ്ങുന്ന ഈ മണ്ണിന് പൊന്നാനി എന്ന പേർ എങ്ങനെ ലഭിച്ചു? വില്യം ലോഗൻ എഴുതിയത് പൊൻനാണയം എന്നതിന്റെ പരിവർത്തന രൂപമാണ് പൊന്നാനിയെന്നാണ് 

പൊന്നാനിയിലെ ജനങ്ങൾ മറ്റിടങ്ങളിലുള്ളതുപോലെ ആദ്യ കാലത്ത് ഗോത്ര ജീവിതമാണ് നയിച്ചത് കൃഷി, കന്നുകാലി വളർത്തൽ, വേട്ട, മീൻ പിടുത്തം എന്നിവയായിരുന്നു അവരുടെ ജോലികൾ പൊന്നാനി പണ്ടു കാലത്ത് ഒരു വ്യാപാര കേന്ദ്രമായിരുന്നു ഗ്രീക്കുകാരുമായും റോമക്കാരുമായും ഫിനിഷ്യക്കാരുമായും അറബികളുമായും കച്ചവടബന്ധം സ്ഥാപിച്ചിരുന്നു ആനക്കൊമ്പ്, തേക്ക്, തേൻ, കുരുമുളക്, സുഗന്ധദ്രവ്യങ്ങൾ എന്നിവ പൊന്നാനിയിൽ വന്ന് പഴയകാലത്ത് കയറ്റുമതി ചെയ്തിരുന്നു 

സാമൂതിരിയുടെ കാലത്ത് പൊന്നാനിയെ രണ്ടാം തലസ്ഥാനമാക്കിയിരുന്നു പതിനഞ്ചാം നൂറ്റാണ്ടിൽ ഭേദപ്പെട്ട ഒരു തുറമുഖനഗരമായിരുന്നു പൊന്നാനി ഇക്കാലത്ത് ഒട്ടേറെ വിദേശി കച്ചവടക്കാർ ഇവിടെയെത്തിയിരുന്നു അവർക്ക് സർവ സൗകര്യങ്ങളും സാമൂതിരി നൽകിയിരുന്നു വിദേശികൾ വരുന്നതിലൂടെ സാമൂതിരി ലക്ഷ്യമിട്ടത് നാടിന്റെ പുരോഗതിയായിരുന്നു 

പൊന്നാനിയെ സ്മരിക്കുമ്പോൾ മഖ്ദൂമുമാരുടെ ആത്മീയ ശിഷ്യന്മാരായ കുഞ്ഞാലിമാരെ സ്മരിക്കാതിരിക്കാൻ വയ്യ കുഞ്ഞാലിമാർ കായൽപട്ടണം സ്വദേശികളാണ് കരയിലും കടലിലുമുള്ള വ്യാപാരം അവരുടെ കൈകളിലായിരുന്നു ഇവർ മഖ്ദൂമുമാരുടെ ആത്മീയ ശിഷ്യന്മാരായിരുന്നു കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും ഇവർക്ക് കച്ചവട കേന്ദ്രങ്ങളുണ്ടായിരുന്നു ഇവരുടെ കൂടി സ്വാധീന ഫലമാകാം പൊന്നാനിക്കാർ കായൽപട്ടണത്തുകാരായ മഖ്ദൂമിനെ പൊന്നാനിയിലേക്ക് ക്ഷണിച്ചത് പൊന്നാനിയിൽ നിന്നാണ് മരക്കാർമാർ ചാലിയത്തേക്കും കോട്ടക്കലേക്കും നീങ്ങുന്നത് മരക്കാർമാർ യുദ്ധ നിപുണന്മാരായി മാറുന്നതും മഖ്ദൂമിന്റെ സ്വാധീനത്തിലൂടെയാണ് 1510- ന് ശേഷം പൊന്നാനിയിൽ നിന്നും മരക്കാർമാർ വടകരക്കടുത്തുള്ള ഇരിങ്ങലിലേക്ക് താവളം മാറ്റി അവിടെ ശക്തമായ കോട്ടയുണ്ടാക്കി അങ്ങനെ അത് കോട്ടക്കലായി മാറി

നാവിക യുദ്ധത്തിൽ മരക്കാർ വിഭാഗം കാണിച്ച ധൈര്യവും ശൗര്യവും സാമൂതിയോട് കാണിച്ച കൂറും കാരണമാണ് അവരെ നാവികാധിപന്മാരാക്കാൻ സാമൂതിരി തീരുമാനിച്ചത് സാമൂതിരിയുടെ നായർ പടയാളികൾക്ക് കടയൽ യുദ്ധം മതപരമായി പാടില്ലാത്തതായിരുന്നു  

1507- ൽ പറങ്കി നേതാവ് അൽമേഡക്കെതിരെ പൊന്നാനിയിൽ വെച്ച് ധൈല്യപൂർവം പൊരുതിയ മുഹമ്മദ് മരക്കാറിനാണ് സാമൂതിരി ആദ്യമായി കുഞ്ഞാലി എന്ന പദവി നൽകിയത് കുഞ്ഞാലി എന്നത് ഇമാം മൗലാ അലി (റ) വിന്റെ പേരിനോടു കൂടെ പ്രിയപ്പെട്ടവൻ എന്നർത്ഥമുള്ള  കുഞ്ഞ് കേർത്താണ് കുഞ്ഞാലി എന്നു വിളിക്കുന്നത് ഇമാം മൗലാ അലി (റ) യുദ്ധവീരനും അഭ്യാസിയും വലിയ പോരാളിയുമായിരുന്നല്ലോ 

മരക്കാർ എന്ന് തമിഴ്നാട്ടിൽ കപ്പലുടമകൾക്കാണ് ആദ്യത്തിൽ പറയാറുണ്ടായിരുന്നത് പിന്നീടവർ ഒരു വിഭാഗമായിത്തീർന്നു മരക്കാളം എന്നാൽ ബോട്ട്, തോണി എന്നൊക്കെയാണർഥം മരക്കാളവുമായി ബന്ധപ്പെട്ടവൻ അങ്ങനെ മരക്കാറായി മാറി മരക്കാളം അഥവാ ബോട്ട്, തോണി എന്നിവ ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികളെയും മരക്കാർ എന്നു വിളിക്കാറുണ്ട് കുഞ്ഞാലി മരക്കാർക്കു ശേഷം കപ്പിത്താൻ കുട്ട്യാലിയാണ് കുഞ്ഞാലി പദവി നേടുന്നത് കുട്ട്യാലിയും പക്കി മരക്കാരും പറങ്കികളുടെ പേടിസ്വപ്നമായിരുന്നു യുദ്ധ തന്ത്രങ്ങളിൽ അവരെ കവച്ചുവെക്കാൻ പ്രയാസമായിരുന്നു പറങ്കിക്കപ്പലുകളെ തർക്കുക മാത്രമല്ല അറബിക്കപ്പലുകൾക്ക് അകമ്പടി സേവിക്കാനും ഇവരുടെ കപ്പൽ എപ്പോഴും തയ്യാറായിരുന്നു 

പട്ടു മരക്കാരാണ് കുഞ്ഞാലി മൂന്നാമൻ ചാലിയം യുദ്ധത്തിൽ പറങ്കിക്കോട്ട തകർത്തശേഷം പട്ടു മരക്കാർ സാമൂതിരിയുടെ അനുവാദത്തോടെ വടകര പുതുപട്ടണത്ത് കോട്ട കെട്ടാൻ അനുമതി വാങ്ങി ഇതാണ് ഇരിങ്ങലിലെ മരക്കാർ കോട്ട . കോട്ട കാരണമായിട്ടാണ് ഈ പ്രദേശം കോട്ടക്കൽ എന്ന പേരിലറിയപ്പെടുന്നത് 

നാലാം കുഞ്ഞാലിയായി അവരോധിക്കപ്പെട്ടത് മുഹമ്മദ് മരക്കാറെയാണ് എന്നാൽ ചില കാരണങ്ങളാൽ കുഞ്ഞാലി സാമൂതിരിയുമായി ഇടഞ്ഞു പറങ്കികളോടുള്ള സാമൂതിരിയുടെ അയവായിരുന്നു കുഞ്ഞാലിയെ ചൊടിപ്പിച്ചത് കുഞ്ഞാലി ഒറ്റക്കു തന്നെ പറങ്കികളുമായി പൊരുതി പൊരുതി മരിക്കാൻ തന്നെയായിരുന്നു കുഞ്ഞാലിയുടെ തീരുമാനം എന്നാൽ സാമൂതിരി ഇടപെട്ട് തന്റെ മുമ്പിൽ കീഴടങ്ങാൻ കുഞ്ഞാലിയോടാവശ്യപ്പെട്ടു കുഞ്ഞാലി സാമൂതിരിയുടെ വാക്ക് വിശ്വസിച്ച് കീഴടങ്ങിയെങ്കിലും പറങ്കികളുടെ നിർബന്ധം മൂലം അദ്ദേഹം കുഞ്ഞാലിയെ അവർക്കു നൽകി അവർ അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തു അതോടെ കുഞ്ഞാലിമാരുടെ യുഗം അവസാനിച്ചു  

പറങ്കികൾക്കെതിരെ യുദ്ധം ചെയ്ത് ശഹീദായവരിൽ നാം കേൾക്കുന്ന പേരാണ് വെളിയങ്കോട് മാനത്തുപറമ്പിൽ കുഞ്ഞിമരിക്കാർ ശഹീദിന്റേത് മഖ്ദൂമുമാരിൽ നിന്നും നുകർന്ന ആത്മീയ വെളിച്ചമാണ് മഹാനെ ധീരനാക്കി മാറ്റിയത് വെളിയങ്കോട്ടു നിന്നും ഒരു പെൺകുട്ടിയെ പറങ്കികൾ തട്ടിക്കൊണ്ടുപോയി കപ്പലിൽ കയറ്റിയെന്നു കേട്ടപ്പോൾ വിവാഹപ്പന്തലിൽ നിക്കാഹിനുവേണ്ടി തയ്യാറെടുത്ത കുഞ്ഞിമരക്കാർ മണവാളന്റെ വസ്ത്രം മാറ്റി യോദ്ധാവായി പറങ്കിക്കപ്പലിൽ കയറി പെൺകുട്ടിയെ മോചിപ്പിച്ചു കപ്പലിലുള്ള പറങ്കികളിൽ മിക്കപേരെയും മരക്കാർ വെട്ടിവീഴ്ത്തി അപ്പോഴേക്കും പറങ്കികൾ കുഞ്ഞാലിമരക്കാരെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കടലിലെറിഞ്ഞു ഇത് വെളിയങ്കൊട്ടുകാരെയും പൊന്നാനിക്കാരെയും വിഷമത്തിലാഴ്ത്തി പറങ്കികളുടെ ആധിപത്യം അധികകാലം നീണ്ടുനിന്നില്ല പിന്നീട് ഹോളണ്ടുകാർ വന്ന് പറങ്കികളെ തുരത്തി അതോടെ പറങ്കികൾ അപ്രത്യക്ഷരായി.


ഹൈദറലിയും ടിപ്പുവും പൊന്നാനിയിൽ

1766 മുതൽ 1792 വരെയുള്ള ഇരുപത്തിയാറു വർഷം മലബാർ മൈസൂർ ഭരണത്തിൻ കീഴിലായിരുന്നു 1757 - ൽ സാമൂതിരി പാലക്കാട് അക്രമിച്ചപ്പോൾ അവിടുത്തെ രാജാവ് ഹൈദറലിയോട് സഹായമഭ്യർത്ഥിച്ചു ഹൈദറലി തന്റെ അളിയനായ മഖ്ദൂം അലിയുടെ നേതൃത്വത്തിൽ നാലായിരം പട്ടാളക്കാരെ അങ്ങോട്ടയച്ചു യുദ്ധത്തിൽ പരാജിതനായ സാമൂതിരി ഉടമ്പടിക്ക് തയ്യാറായി 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നേറ്റെങ്കിലും കൊടുത്തില്ല പണത്തിനായി ഹൈദറലി പലപ്പോഴും ആളുകളെ അയച്ചെങ്കിലും സാമൂതിരി അവരോടെല്ലാം മോശമായി പെരുമാറി സാമൂതിരി കൊടുക്കാമെന്നേറ്റ പണം കിട്ടാതായപ്പോൾ മഖ്ദൂം അലി സാമൂതിരിക്കെതിരെ സൈന്യവുമായി 1766- ൽ ചിറക്കിലും കടത്തനാടും കടന്ന് കൊഴിക്കോട്ടെത്തി ഇതറിഞ്ഞ സാമൂതിരി ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു തന്റെ കൊട്ടാരത്തിലെ സ്ത്രീകളെയും കുട്ടികളെയും പൊന്നാനിയിലേക്കയച്ചു കോഴാക്കോട്ടെ കോട്ടക്ക് സ്വയം തീ കൊളുത്തി അതിൽ വെച്ചയാൾ വെന്തുമരിച്ചു 

കോഴിക്കോട്ട് നിന്ന് പൊന്നാനി വഴി ഹൈദറലി ഖാനും പാലക്കാട് രാജയും മങ്കരയിലെത്തി മലബാറാകെ ഹൈദറലി ഖാന്റെ കീഴിലായി പൊന്നാനിയിൽ പറങ്കികൾ പണി തീർക്കാതിരുന്ന കോട്ട അദ്ദേഹം പണി പൂർത്തീകരിച്ചു 1780 ആയപ്പോഴേക്കും ബ്രിട്ടീഷുകാർ പാലക്കാട്ട് നിന്ന് പൊന്നാനിയിലേക്ക് നീങ്ങിയിരുന്നു ടിപ്പു സുൽത്താൻ അവരെ പിന്തുടർന്ന് പൊന്നാനിയിലെത്തി രാത്രിയായിക്കഴിഞ്ഞിരുന്നു കനത്ത മഴയും രാവിലെ തന്നെ ബ്രിട്ടീഷുകാരുടെ താവളം തകർക്കാമെന്ന മോഹത്തോടെ സൈന്യത്തോട് വിശ്രമിക്കാൻ പറഞ്ഞു എന്നാൽ ഇരുട്ടിൽ പൊന്നാനിപ്പുഴ കടന്ന് ബ്രിട്ടീഷുകാർ രക്ഷപ്പെട്ടു 

ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു പിതാവിന്റെ മരണ വാർത്ത ടിപ്പുവിനെ തേടിയെത്തിയത് വിവരമറിഞ്ഞ ടിപ്പു ശ്രീരംഗപട്ടണത്തേക്ക് കുതിച്ചു ടിപ്പു പോയത് ബ്രിട്ടീഷുകാർക്കും സമാധാനമായി 

മെർതബ് ഖാൻ, ഹുസ്സൻ അലി ഖാൻ എന്നിവരുടെ നേതൃത്വത്തിൽ മൈസൂർ സൈന്യം പൊന്നാനിയിൽ ബ്രിട്ടീഷുകാരെ നേരിട്ടു ഹാർട്ട്ലി പൊന്നാനിയിലുള്ള തലശ്ശേരി ഇംഗ്ലീഷ് ഫാക്ടറി തലവൻ മേജർ ഡോയുമായി ചേർന്ന് മൈസൂർ സൈന്യത്തെ തോൽപ്പിച്ചു രണ്ടായിരത്തോളം മൈസൂർ പട്ടാളം പൊന്നാനി യുദ്ധത്തിൽ മരണപ്പെടുകയോ മുറിവേൽക്കുകയോ ചെയ്തു മെർതബ് ഖാനും അവശേഷിച്ച സൈന്യവും ആദ്യം ഫറൂക്കിലേക്കും അവിടെനിന്ന് താമരശ്ശേരി വഴി മൈസൂരിലേക്കും പോയി നാലായിരത്തോളം മാപ്പിളമാർ ടിപ്പുവിന്റെ സൈന്യത്തിലുണ്ടായിരുന്നു തിരൂരങ്ങാടിയിൽ വെച്ച് നടന്ന ഏറ്റുമുട്ടലിലും മൈസൂർ സൈന്യത്തിന് പരാജയമായിരുന്നു ഈ യുദ്ധങ്ങളിലൂടെ മലബാറിലെ സ്വാധീനം ടിപ്പു സുൽത്താന് പൂർണമായും നഷ്ടപ്പെട്ടു.


ബ്രിട്ടീഷുകാർ പൊന്നാനിയിൽ

ബ്രിട്ടീഷ് ഭരണം മലബാറിലാകെ പരന്നപ്പോൾ പൊന്നാനിയിലും അവരുടെ ആധിപത്യം ശക്തമാക്കാൻ അവർ ശ്രമിച്ചിരുന്നു ഭരണ സൗകര്യത്തിനായവർ മലബാറിനെ അവർ തരംതിരിച്ചിരുന്നു പൊന്നാനിയുൾക്കൊള്ളുന്ന കോഴിക്കോട് പ്രദേശം സാമൂതിരിയുടെ കീഴിലാക്കി ഓരോ ദേശത്തിന്റെയും ഉത്തരവാദിത്വം പർവത്യാർ, മേനോൻ, കോൽക്കാരൻ എന്നവർക്ക് നൽകി ഇവരെ നിയന്ത്രിച്ചിരുന്നത് ജില്ലാ കലക്ടർമാരായിരുന്നു ക്രമസമാധാനത്തിന് മൂപ്പന്മാരെയാണ് നിശ്ചയിച്ചിരുന്നത് വെട്ടത്തു നാടിനും പൊന്നാനിക്കും കൂടി ഒരു മൂപ്പനാണുണ്ടായിരുന്നത് മൂപ്പന്മാർക്ക് കീഴിലായി ആയുധധാരികളായ മാപ്പിളമാരെയാണ് ക്രമസമാധാനത്തിന് നിശ്ചയിച്ചിരുന്നു കലാപ പ്രദേശങ്ങളിൽ പ്രത്യേകം സേനയെ നിയോഗിച്ചിരുന്നു  

ടിപ്പു സുൽത്താൻ ആവിഷ്കരിച്ചിരുന്ന കാർഷിക പരിഷ്കരണങ്ങൾ ബ്രിട്ടീഷുകാർ മാറ്റുകയും ഭൂമിയുടെ അവകാശം ജന്മിമാർക്കു തന്നെ തിരിച്ചു നൽകുകയും ചെയ്തു അതോടെ കുടിയാന്മാർക്കു വീണ്ടും കാർഷിക സ്വാതന്ത്ര്യമില്ലാതെയായി നമ്പുതിരിമാർക്കും നായന്മാർക്കുമൊക്കെ ആനുകൂല്യങ്ങൾ നൽകിയപ്പോൾ മാപ്പിളമാരെയും അധഃസ്ഥിത വിഭാഗങ്ങളെയും ബ്രിട്ടീഷുകാർ പരിഗണിച്ചില്ല നാട്ടു മര്യാദകളും അവർ അവഗണിച്ചു കുടിയാന്മാരെ ദ്രോഹിക്കാൻ ജന്മിമാർക്ക് കൂടുതൽ സൗകര്യമായി അധഃസ്ഥിത വിഭാഗങ്ങൾ അവഗണന സഹിച്ചിരിക്കാൻ തയ്യാറായെങ്കിലും മാപ്പിളമാർ സമരത്തിന് തയ്യാറെടുത്തു അവർ ബ്രിട്ടീഷുകാർക്കും ജന്മിമാർക്കുമെതിരെ കലാപങ്ങളഴിച്ചുവിട്ടു നിരവധി അധഃസ്ഥിതർ മതം മാറി സമരക്കാരോടൊപ്പം ചേർന്നു 1857 വരെ 82 കലാപങ്ങൾ മലബാറിൽ അരങ്ങേറി  

ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (റ) വിന്റെ കാലത്തെ ചേറൂർ കലാപം ജന്മിത്വത്തിന്റെ ക്രൂരതക്കും അടിച്ചമർത്തലിനും നേരെ മാപ്പിളമാർ നയിച്ച കലാപമായിരുന്നു അദൃശ്യനായി വന്ന് മമ്പുറം തങ്ങൾ ആ കലാപത്തിൽ പങ്കെടുത്തിരുന്നു മാപ്പിളമാർക്കു നേരെയുള്ള അവഗണന കാരണമായിരുന്നു മഹാനായ വെളിയങ്കോട് ഉമർ ഖാളി (റ) ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് 

പൊന്നാനിയിൽ ആദ്യകാല സമരങ്ങളിൽ പ്രധാനപ്പെട്ടതാണ് പൊന്നാനി മഖ്ദൂമിന്റെ അനുഗ്രഹത്തോടെ 1847 -ൽ നടന്ന സമരം ബ്രിട്ടീഷ് ക്യാപ്റ്റൻ പാട്രിഡ്ജ് സിന്ധിൽ നിന്നോ മറ്റോ ജന്നത്ത് ബീവിയെന്ന ഒരു മുസ്ലിം പെൺകുട്ടിയെ കൊണ്ടുവന്ന് പൊന്നാനിയിലെ ബംഗ്ലാവിൽ പാർപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചപ്പോൾ പെൺകുട്ടിയെ മോചിപ്പിക്കാൻ പൊന്നാനിയിലെ മാപ്പിളമാർ വടക്കാൻ കോയയുടെ നേതൃത്വത്തിൽ സംഘടിച്ച് ബംഗ്ലാവിൽ ചെന്ന് പെൺകുട്ടിയെ മോചിപ്പിച്ചു ഇതേ തുടർന്നുണ്ടായ കലാപം ബ്രിട്ടീഷുകാർ അടിച്ചമർത്തി 300 ഓളം ആളുകൾ ഈ സമരത്തിൽ പങ്കെടുത്തു അഹ്മദ് മഖ്ദൂമിനെ മൂന്ന് വർഷത്തേക്ക് ചിങ്കൽ പേട്ടിലേക്ക് നാടുകടത്തി മറ്റു 18 പേർക്ക് 7 വർഷം വരെ തടവുശിക്ഷ നൽകി.


ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ)

അബൂബക്കർ സിദ്ദീഖ് (റ) വിന്റെ സന്താന പരമ്പരയിലാണ് മഖ്ദൂമുമാർ സിദ്ദീഖ് (റ) വിന്റെ മകൻ അബ്ദുല്ലാ (റ) വിലൂടെയാണ് അവരുടെ പരമ്പര കടന്നുപോകുന്നത് യമനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ച മഖ്ദൂമിന്റെ പിതാമഹന്മാരിലൊരാൾ മഅ്ബറിലും മറ്റൊരാൾ കായൽപട്ടണത്തും താമസമാക്കി ഹിജ്റ ആറാം നൂറ്റാണ്ടിലാണ് (എ.ഡി. 12 ആം നൂറ്റാണ്ട്) ഇവർ യമനിൽനിന്നും ഇന്ത്യയിലേക്ക് വന്നതെന്ന് കരുതപ്പെടുന്നു  

ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ പിതാമഹനായ ശൈഖ് അഹ്മദ് മഅ്ബരി (റ) കൊച്ചിയിൽ താമസമാക്കി കൊച്ചിയിൽ മഹാൻ വിപുലമായ പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകി മഹാന്റെ പുത്രൻ ശൈഖ് അലിയ്യുൽ മഅ്ബരി (റ) വാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പിതാവ്  

ഹിജ്റ 871 ശഅ്ബാൻ 12 വ്യാഴാഴ്ച അഥവാ 1467 മാർച്ച് 18 ന് സ്വുബ്ഹി വഖ്തിലാണ് മഹാനവർകളുടെ ജനനം കൊച്ചിയിലെ കൊച്ചാങ്ങാടിയിലുള്ള മഖ്ദൂമിയ്യാ ഭവനത്തിലാണ് ജനിച്ചത്  

ശൈഖ് അഹ്മദ് മഅ്ബരി (റ) വിന്റെ മക്കളിലൊരാളായ ശൈഖ് സൈനുദ്ദീൻ ഇബ്റാഹീം മഅ്ബരി (റ) കൊച്ചിയിലെ ഖാളി സ്ഥാനം ഏറ്റെടുത്തു തുടർന്ന് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ദീനീ ദഅ് വത്ത് ശക്തമാക്കി ഈ സന്ദർഭത്തിലായിരുന്നു പൊന്നാനിയിലെ മുസ്ലിം പൗരപ്രമുഖർ കൊച്ചിയിലെത്തി മഖ്ദൂമുമാരുമായി ബന്ധപ്പെടുന്നത് ശൈഖ് സൈനുദ്ദീൻ ഇബ്റാഹീം മഅ്ബരി (റ) വിന്റെ വ്യക്തിത്വത്തിലും ദീനീ പ്രവർത്തനങ്ങളിലും ആക്ടരായ പൊന്നാനിക്കാർ മഹാനെ പൊന്നാനിയിലെ ഖാളിയായി അവരോധിക്കാനും ദീനീ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും ക്ഷണിച്ചു 

പൊന്നാനിക്കാരുടെ നിർബന്ധത്തിനു വഴങ്ങി മഹാൻ പൊന്നാനിയിലെത്തി കോട്ടുങ്ങൾ പള്ളി കേന്ദ്രമാക്കിയിരുന്നു മഹാന്റെ പ്രവർത്തനങ്ങൾ സിയാറത്തു പള്ളി കേന്ദ്രമാക്കിയാണെന്നും പറയപ്പെടുന്നു 

മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) തന്റെ പ്രാഥമിക പഠനങ്ങൾ ആരംഭിച്ചത് തന്റെ പിതാവായ ശൈഖ് അലിയ്യുൽ മഅ്ബരിയിൽ നിന്നാകുന്നു തന്റെ പതിനാലാം വയസ്സിൽ പിതാവ് വഫാത്തായി ശേഷം പൊന്നാനിയിൽ ഖാളിയായ പിതാവിന്റെ സഹോദരൻ ശൈഖ് സൈനുദ്ദീൻ ഇബ്റാഹീം മഅ്ബരി (റ) മഖ്ദൂമിനെ ഉന്നത പഠനത്തിനു വേണ്ടി പൊന്നാനിയിലേക്ക് കൊണ്ടുവന്നു അങ്ങനെയാണ് മഖ്ദൂം (റ) പൊന്നാനിയിലെത്തുന്നത്  

പൊന്നാനിയിലെത്തിയ മഖ്ദൂം (റ) അവിടെവെച്ച് ഖുർആൻ മുഴുവനും ഹിഫ്ളാക്കുകയും നഹ് വ്, ഫിഖ്ഹ്, തസ്വവ്വുഫ് എന്നീ വിജ്ഞാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു പഠനത്തിൽ വലിയ ഉത്സാഹം കാണിച്ച മഹാൻ ആരാധനാ കർമങ്ങളിലും വലിയ തൽപരനായിരുന്നു പഠനവും ഇബാദത്തുമായി പൊന്നാനിയിൽ കഴിഞ്ഞു കൂടിയ മഹാൻ ഗുരുവും പിതൃവ്യനുമായ ശൈഖ് സൈനുദ്ദീൻ ഇബ്റാഹീം മഅ്ബരി (റ) വിന്റെ സമ്മതപ്രകാരം വീണ്ടും പഠനത്തിനായി കോഴിക്കോട് ഖാളിയായിരുന്ന ശൈഖ് അബൂബക്കർ ഫഖ്റുദ്ദീനുബ്നു റമളാൻ ശാലിയാത്തി (റ) വിന്റെ സവിധത്തിലെത്തി മഹാന്റെ അരികിൽ ഇൽമ് സമ്പാദനത്തിലായി മഹാൻ ഏഴു വർഷം കഴിച്ചുകൂട്ടി പ്രധാന പഠനം ഫിഖ്ഹിലും ഉസ്വൂലുൽ ഫിഖ്ഹിലുമായിരുന്നു  

അറിവു സമ്പാദിക്കാൻ അങ്ങേയറ്റത്തെ ആഗ്രഹം കാരണം മഹാനവർകൾ കേരളത്തിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടു അവിടെ മഹാന്റെ ഗുരുവര്യൻ ശൈഖ് അഹ്മദ് ശിഹാബുദ്ദീനുബ്ൻ ഉസ്മാനുബ്ൻ അബിൽ ഹില്ലിൽ യമനി (റ) ആയിരുന്നു ഗുരുവിൽ നിന്ന് ഹദീസിലും ഫിഖ്ഹിലും മഹാൻ പാണ്ഡിത്യം നേടി ഈ ഗുരുവിൽ നിന്നു തന്നെയായിരുന്നു ഇമാം സർദഫി (റ) എഴുതിയ അനന്തരാവകാശ നിയമം പ്രതിപാദിക്കുന്ന ഫറാഇളുൽ കാഫിയ എന്ന ഗ്രന്ഥം ഓതിയിരുന്നത്.


അൽ അസ്ഹറിലേക്ക്

ഇമാം നവവി (റ) തന്റെ ലോകപ്രശസ്തമായ മിൻഹാജുത്വാലിബീനിന്റെ ആമുഖത്തിൽ പറയുന്നു: 'നിശ്ചയം ഇൽമ് സമ്പാദിക്കൽ പുണ്യങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായതും അമൂല്യമായ സമയങ്ങൾ ചിലവഴിക്കാൻ ഏറ്റവും ഉത്തമവുമാകുന്നു ' വലിയ ആഴവും പരപ്പും ഉള്ള ഉദ്ധരണിയാണിത് ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട് 

ഇൽമ് സമ്പാദിക്കാനുള്ള അങ്ങേയറ്റത്തെ ആഗ്രഹം മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന് ദൂരങ്ങളും ത്യാഗങ്ങളും ഒരു പ്രശ്നമായി തോന്നിയില്ല അങ്ങനെ മിസ്വ് റിലെ (ഈജിപ്ത്) ഉന്നത ഇസ്ലാമിക കലാലയമായ അൽഅസ്ഹർ യൂനിവേഴ്സിറ്റിയിലേക്ക് ഇൽമു നുകരാൻ മഹാൻ യാത്രയായി ഫിഖ്ഹിലും ഹദീസിലും മഹാൻ കൂടുതൽ ഇൽമ് സമ്പാദിച്ചു ഹദീസ് ഉദ്ധരിക്കുവാനുള്ള ഇജാസത്ത് തന്റെ ഗുരുവായ ഖാളി അബ്ദുർറഹ്മാൻ അൽ അദമി (റ) വിൽ നിന്നും മഹാൻ കരസ്ഥമാക്കി  

മഹാൻ ഇൽമ് കരസ്ഥമാക്കിയ ചില പണ്ഡിതന്മാരാണ് ഇമാം സുയൂത്വി (റ), ഇമാം സയ്യിദ് സുംഹൂദി (റ), ഇമാം സയ്യിദ് അബൂബക്കർ ഹള്റമി (റ), ഇമാം സയ്യിദ് അബൂബക്കർ അൽ ഐദ്റൂസി (റ), ഇമാം അൽ ഹാഫിള് സഖാവി (റ) (ഹിജ്റ 902), ഇമാം ശംസുദ്ദീൻ മുഹമ്മദ് അൽ ജൗജരി (റ) ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) തുടങ്ങിയവർ.


ശൈഖും ത്വരീഖത്തും

മതവിദ്യകളെല്ലാം നുകരുന്നത് ആത്മീയ വിജയത്തിനു വേണ്ടിയാണ് ആത്മീയ വിജയമുണ്ടെങ്കിൽ മാത്രമേ പാരത്രിക വിജയം കൈവരിക്കാനാവൂ ആത്മീയ വിജയത്തിനാണ് ശൈഖിനെ സ്വീകരിക്കുന്നതും ശൈഖിൽ നിന്ന് ത്വരീഖത്ത് സ്വീകരിക്കുന്നത് ഇമാം അബൂഹനീഫ (റ) അടക്കമുള്ള പൂർവിക മഹത്തുക്കളെല്ലാം ശൈഖും ത്വരീഖത്തുമുള്ളവരായിരുന്നു ഈ പാതയിൽ തന്നെയായിരുന്നു മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വും മഹാനവർകളും ശൈഖിനെയും ത്വരീഖത്തിനെയും സ്വീകരിച്ചവരായിരുന്നു ശൈഖിന്റെ ആവശ്യകതയെ സംബന്ധിച്ച് ഇമാമുകൾ പറയുന്നത് കാണുക: 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ആത്മാവിന്റെ കേടുപാടുകൾ നീങ്ങുവാനും ശർഇയ്യായ കൽപനക്ക്  വിധേയമാകാനും ഒരു ശൈഖ് മുഖാന്തരം ആത്മാവിനെ കടഞ്ഞെടുക്കൽ നിർബന്ധമാണെന്ന് ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും പണ്ഡിതർ ഏകോപിച്ചതാണ് പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്കെല്ലാം പൈശാചിക വിശേഷണങ്ങളിൽ നിന്നെല്ലാം ആന്തരികത്തെ ശുദ്ധീകരിക്കൽ നിർബന്ധമാണ് (അൽ അഖ്ലാഖുൽ മത്ബൂലിയ്യ: 1/119) 

ഇമാം ഗസ്സാലി (റ) എഴുതുന്നു:  ആത്മീയ സരണിയിലേക്കെത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നവന് മുൻശിദും മുറബ്ബിയുമായ ഒരു ശൈഖ് അത്യാവശ്യമാണ് ചീത്ത സ്വഭാവങ്ങൾ നീക്കംചെയ്ത് തൽസ്ഥാനത്ത് നല്ല സ്വഭാവം ഉണ്ടാക്കാനാണിത് (അയ്യുഹൽ വലദ്: 129) 

ഖുത്വുബുൽ അഖ്ത്വാബ് ഗൗസുൽ അഅ്ളം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) എഴുതുന്നു: ലോകാവസാനം വരെ ഭൂമിയിൽ ശൈഖും മുരീദും ഉണ്ടാവും (അൽ ഗുൻയതു ലി ത്വാലിബീ ത്വരീഖിൽ ഹഖ്: 2/165) 

ഈ പാത പിൻതുടർന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന് ശൈഖും ത്വരീഖത്തും ഉണ്ടായിരുന്നു മഹാനായ ശൈഖ് ഖുത്വുബുദ്ദീൻ ചിശ്തി (റ) ആയിരുന്നു മഖ്ദൂം (റ) വിന്റെ ശൈഖ് ഖാദിരി, ചിശ്തി എന്നീ ത്വരീഖത്തുകൾ ശൈഖവർകൾ മഖ്ദൂമിന് നൽകുകയും തന്റെ ഖലീഫയായി നിശ്ചയിക്കുകയും ചെയ്തു അതുകൊണ്ടുതന്നെ മഹാനായ മഖ്ദൂം (റ) ഖാദിരി, ചിശ്തി ത്വരീഖത്തുകളുടെ ശൈഖായിരുന്നു ഇന്ത്യയിലെ പ്രമുഖ സ്വൂഫിയും ചിശ്തി ത്വരീഖത്തുകാരനുമായ ശൈഖ് ബാബ ഫരീദുദ്ദീൻ അജോധനി (റ) വിന്റെ മകൻ ശൈഖ് ഇസ്സുദ്ദീൻ (റ) വിന്റെ മകൻ ശൈഖ് ഫരീദുദ്ദീൻ (റ) വിന്റെ മകനാണ് മഖ്ദൂം തങ്ങളെ ശൈഖായ ശൈഖ് ഖുത്വുബുദ്ദീൻ ചിശ്തി (റ) 

ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) വിന്റെ മറ്റൊരു ശൈഖാണ് ശൈഖ് സാബിത് ബ്നു മഹ്മൂദുസ്സാഹിദി (റ) മഹാനിൽനിന്ന് മഖ്ദൂം കബീർ (റ) ശത്വാരിയ്യ ത്വരീഖത്ത് സ്വീകരിച്ചു സുഹ്റവർദിയ്യാ ത്വരീഖത്തും മഖ്ദൂം കബീർ (റ) സ്വീകരിച്ചിട്ടുണ്ട് മഖ്ദൂം തങ്ങളെ ത്വരീഖത്തിലെ സിൽസില താഴെ ചേർക്കുന്നു  

ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) 

⬇️

ശൈഖ് ഖുത്വുബുദ്ദീനുബ്ൻ ഫരീദുദ്ദീൻ (റ) 

⬇️

ശൈഖ് ദാവൂദ് (റ) 

⬇️

ശൈഖ് ഫരീദുദ്ദീൻ (റ) 

⬇️

ശൈഖ് അബ്ദുൽ ഫത്ഹ് നജീബുദ്ദീൻ (റ) 

⬇️

ശംസുൽ ഇസ്ലാം ശൈഖ് റുക്നുദ്ദീൻ അൽ ഖാദിരി (റ) 

⬇️

ശൈഖ് അലാഉദ്ദീൻ ഗഞ്ചി ബക്ശ് (റ) 

⬇️

ഖുത്വുബുൽ ഔലിയാ ശൈഖ് ബദറുദ്ദീൻ (റ) 

⬇️

ശൈഖ് ഫരീദുദ്ദീൻ അജോധാനി (റ) 

⬇️

ഖാജാ ഖുത്വുബുദ്ദീൻ ബക്തിയാർ കാക്കി (റ) 

⬇️

സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ ചിശ്തി അജ്മീരി (റ) 

⬇️

ശൈഖ് ഉസ്മാൻ ഹാറൂനി (റ)

⬇️

ശൈഖ് അൽ ഹാജ്ജ് ശരീഫുസ്സിന്ദി (റ) 

⬇️

സുൽത്താനുൽ മശാഇഖ് മൗദൂദുൽ ചിശ്തി (റ) 

⬇️

ശൈഖ് മുഈനുദ്ദീൻ മുഹമ്മദുൽ ചിശ്തി (റ) 

⬇️

ശൈഖ് ഹമദുൽ ചിശ്തി (റ) 

⬇️

ശൈഖ് അബൂഇസ്ഹാഖുശ്ശാഫി (റ) 

⬇️

ഖുത്വുബുൽ അസ്വ് ഫിയാഅ് അലവിയ്യുദ്ദൈനൂരി (റ)  

⬇️

ശൈഖ് ഹുബൈറത്തുൽ ബസ്വരി (റ) 

⬇️

ശൈഖ് ഹുദൈഫത്തുൽ മിർഅശി (റ) 

⬇️

ശൈഖ് ഇബ്റാഹീമുബ്നു അദ്ഹം (റ)

⬇️

ശൈഖ് ഫുളൈലുബ്ൻ ഇയാള് (റ) 

⬇️

ശൈഖ് ഹസനുൽ ബസ്വരി (റ) 

⬇️

ഇമാം മൗലാ അലി (റ)

⬇️

സയ്യാദുനാ മുഹമ്മദ് റസൂലുല്ലാഹി (സ )


പൊന്നാനി ജുമുഅത്തുപള്ളി

പൊന്നാനിയെന്നു കേൾക്കുമ്പോഴും സൈനുദ്ദീൻ മഖ്ദൂം എന്നു കേൾക്കുമ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്ന ചിത്രങ്ങളിലൊന്നാണ് പൊന്നാനിയിലെ വലിയ ജുമുഅത്തു പള്ളി എന്നാൽ പൊന്നാനിയിൽ എത്രയോ കാലം മുമ്പേ പള്ളിയുണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം ഹിജ്റ 50-60 കാലഘട്ടങ്ങളിൽ പൊന്നാനിയിൽ പള്ളിയുണ്ടായിരുന്നുവത്രെ അക്കാലത്തെ മിക്ക മസ്ജിദുകളെയും പോലെ കടൽതീരത്ത് സ്ഥാപിക്കപ്പെട്ടതു കൊണ്ട് കടൽ ക്ഷോഭത്തിൽ പള്ളി തകർന്നതാവാമെന്നാണ് ചരിത്ര നിഗമനം പുതുപൊന്നാനി മഹ്ളറ പള്ളി, തീപ്പെട്ടി പള്ളി, മൂന്നരപ്പതിറ്റാണ്ട് മുമ്പ് നിർമിച്ച അലിയാർ പള്ളി എന്നിവ കടലാക്രമണത്തിൽ തകർന്നതാണ് 

ഹിജ്റ 925 (എ.ഡി. 1518) ൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) നിർമിച്ചതാണ് ഈ പള്ളി കേരള വാസ്തുശിൽപ കലാ വിദ്യകൾ പ്രകാരം, തച്ചുശാസ്ത്രത്തിന്റെ മർമജ്ഞാനിയായ ആശാരി തങ്ങൾ എന്നു വിളിക്കുന്നു മഖ്ദൂം കബീർ (റ) വിന്റെ ഇഷ്ടക്കാരനായ ആശാരിയാണ് പള്ളി പണിതത്  

തിരൂരിനടുത്ത് വെട്ടത്തുള്ള നമ്പൂതിരിയുടെ മകൾക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോൾ പൊന്നാനിയിൽ വന്ന് ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിനോട് കാര്യം പറഞ്ഞു മഹാൻ മന്ത്രിച്ചു നൽകിയ വെള്ളം കുടിച്ചപ്പോൾ നമ്പൂതിരി യുടെ മകളുടെ ഉദരരോഗം സുഖമായി സന്തോഷത്തിലായ നമ്പൂതിരി എന്തു വേണമെങ്കിലും ആവശ്യപ്പെടാൻ നിർബന്ധിച്ചപ്പോൾ നാലുകെട്ടിനകത്തു നിൽക്കുന്ന തേക്കുമരം ആവശ്യപ്പെട്ടു നാലുകെട്ടിനകത്തായതുകൊണ്ട് കെട്ടിടങ്ങൾക്കു കേടുവരാതെ മുറിച്ചെടുക്കണമെന്ന് നമ്പൂതിരി ആവശ്യപ്പെട്ടു 

അങ്ങനെ ഒരു രാത്രി മരം അവിടെനിന്ന് നീക്കാമെന്ന് മഖ്ദൂം (റ) പറഞ്ഞു അന്നു രാത്രി ആരും പുറത്തിറങ്ങരുതെന്നും മഹാൻ നിർദേശിച്ചു പ്രസ്തുത രാത്രിയിൽ പെട്ടെന്നൊരു ചുഴലിക്കാറ്റു വന്ന് മരത്തെ പിഴുതെടുത്ത് ദൂരെയുള്ള കടലിൽ തള്ളി തിരമാലകൾ ആ വൻതേക്കു മരത്തെ കരക്കണിയിച്ചു ആ ഒരു തേക്കുകൊണ്ട് പള്ളിയുടെ പണി പൂർത്തിയാക്കിയതിനു ശേഷം ബാക്കി വന്ന സുമാർ പത്ത് ഇഞ്ച് വീതിയും അഞ്ച് ഇഞ്ച് കട്ടിയും നാലു മീറ്ററോളം നീളവുമുള്ള ഒരു കഷ്ണം പള്ളിയുടെ രണ്ടാം നിലയിലെ ഈ അടുത്ത കാലം വരെ സൂക്ഷിക്കപ്പെട്ടിരുന്നു ഒരു തേക്കുമരം കൊണ്ട് പള്ളി പൂർണ്ണമായും പണിയുക, ശേഷം ബാക്കി വരിക ഇത് മഖ്ദൂം (റ) വിന്റെ കറാമത്താണ് കറാമത്തിൽ നിർമിതമായ പള്ളിയാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി 

പള്ളി നിർമിക്കാൻ വന്ന ആശാരിയോട് പണി കഴിയുന്നതുവരെ പടിഞ്ഞാറോട്ട് നോക്കരുതെന്ന് മഖ്ദൂം (റ) നിർദേശിച്ചിരുന്നു പണി പൂർത്തിയായ ശേഷം മഖ്ദൂം (റ) വിന്റെ നിർദേശപ്രകാരം ആശാരി പടിഞ്ഞാറോട്ടു നോക്കിയപ്പോൾ നഗ്ന നേത്രംകൊണ്ട് മക്കയിലെ കഅ്ബാലയം ദർശിക്കാൻ കഴിഞ്ഞു അതോടെ പ്രസ്തുത ആശാരി ഇസ്ലാമാശ്ലേഷിച്ചു മഹാനായ മഖ്ദൂം (റ) തങ്ങളുടെ ഖബ്റിനടുത്തു പൊന്നാനിയിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ ഖബ്റും മഖ്ദൂമുകളുടെ മഖാമിന്റെ ചുമരിന് തൊട്ടടുത്തുള്ള മൂന്ന് ഖബ്റുകളിൽ കിഴക്കുള്ളതാണ് ആശാരി തങ്ങളുടേത് ആശാരിയുടെ കുടുംബം ജുമുഅത്ത് പള്ളിയിലേക്ക് ദാനങ്ങൾ നൽകിയിരുന്നു  

ടിപ്പു സുൽത്താൻ മലബാർ ഭരിച്ച കാലത്ത് പള്ളിയെ എല്ലാ നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നു പിന്നീടു ബ്രിട്ടീഷ് ഭരണം വന്നപ്പോൾ 350 പണം നികുതിയേർപ്പെടുത്തി  

90 അടി നീളവും 60 അടി വീതിയുമുണ്ട് പള്ളിക്ക് പള്ളി പണിയുന്ന കാലത്ത് ഈ അകത്തെ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ പുറത്തെ പള്ളിയും മുറികളും മാളികയും മറ്റും പിന്നീട് കൂട്ടിച്ചേർത്തതാണ് ഹിജ്റ 957 (എ.ഡി. 1550) ൽ ഉണ്ടായ പോർച്ചുഗീസ് ആക്രമണത്തിൽ പള്ളിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു പൊന്നാനിയിലെ മിക്ക പള്ളികൾക്കും നാടുവാഴിയായിരുന്ന തിരുമനശ്ശേരി തമ്പുരാൻ സ്വത്തും സാമ്പത്തിക സഹായവും നൽകിയിരുന്നു ആ സഹായം പിന്നീട് സാമൂതിരി നിലനിർത്തിപ്പോന്നു 

പതിനഞ്ചാം നൂറ്റാണ്ടു മുതൽ പൊന്നാനിയും വലിയ ജുമുഅത്തു പള്ളിയും വടക്കു മുൽക്കി തെക്കു തേങ്ങാ പട്ടണം വരെയുള്ള തീരപ്രദേശങ്ങളിൽ ഉടനീളം ഇസ്ലാമിക വിശ്വാസ കർമ്മശാസ്ത്ര മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു പുതിയകം വീട്ടിലാണ് മഖ്ദൂം കബീർ (റ) താമസിച്ചിരുന്നത് വലിയ ജുമാ മസ്ജിദിന്റെ തെക്കു കിഴക്കു ഭാഗത്തുള്ള മതിൽകെട്ടിനകത്താണ് പൊന്നാനിയിൽ മരണപ്പെട്ട എല്ലാ മഖ്ദൂമുമാരുടെയും ഖബ്റുകൾ സ്ഥിതിചെയ്യുന്നത് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെയും ഖബ്ർ ഇതിനകത്താകുന്നു.


വിളക്കത്തിരിക്കലും മുസ്ലിയാരും

പൊന്നാനി ജുമുഅത്തു പള്ളിയിലെ വിളക്കത്തിരിക്കലും മുസ്ലിയാരും നാം പണ്ടു മുതലെ കേട്ടുപോരുന്നതാണ് പൊന്നാനിയിലെ വിളക്കത്തിരിക്കൽ പ്രസിദ്ധമാണ് മഖ്ദൂം കബീർ (റ) സ്ഥാപിച്ച പൊന്നാനിയിലെ ദർസ് കേരളത്തിൽ എന്നല്ല മറ്റു രാജ്യങ്ങളിലും പ്രസിദ്ധമായിരുന്നു ജാവാ, സുമാത്ര എന്നിവിടങ്ങളിൽ നിന്നു വരെ പഠിതാക്കൾ വിജ്ഞാനം നുകരാൻ പൊന്നാനിയിൽ എത്തിയിരുന്നു  

പൊന്നാനിയിൽ വന്ന് വിളക്കത്തിരിക്കുന്നവരാണ് കേരളത്തിൽ അക്കാലത്ത് അറിയപ്പെട്ട പണ്ഡിതരും ഔലിയാക്കളും സ്വൂഫിവര്യരും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരും മറ്റുമൊക്കെ വലിയ പണ്ഡിതന്മാരായിരുന്നു പൊന്നാനിയിൽ വന്ന് വിളക്കത്തിരുന്നത് പഴയ കാലത്ത് ബിരുദം പൊന്നാനിയിൽ വന്ന് വിളക്കത്തിരിക്കലായിരുന്നു 

'മുസ്ലിയാർ' എന്ന് പണ്ട് മുതലെ മതപണ്ഡിതരെ വിളിച്ചു പോരാറുണ്ട് ഇന്നും ഇത് തുടരുന്നു മുസ്ലിയാർ എന്ന് പണ്ഡിതരെ വിളിക്കാൻ വ്യത്യസ്ത കാരണങ്ങൾ പറയുന്നുണ്ട് ചരിത്രത്തിൽ നിന്ന് ഇങ്ങനെ വായിക്കാം: 'മുസ്വ് ലിഹ് യാർ ' എന്നത് മുസ്ലിയാർ ആയതാണെന്ന് പറഞ്ഞവരുണ്ട് മുസ്വ് ലിഹ് എന്നാൽ സംസ്കാരം നടത്തുന്നവൻ എന്നർത്ഥം പണ്ഡിതർ പൊതുജനങ്ങളിലേക്കിക്കിറങ്ങി അവരെ സംസ്കരിച്ചെടുക്കുന്നു 'യാർ' എന്നത് പേർഷ്യൻ പദമാണ് ബഹുമാന്യൻ എന്നാണർത്ഥം അപ്പോൾ മുസ്വ് ലിഹ് യാർ എന്നാൽ ബഹുമാന്യനായ സംസ്കരണ പ്രവർത്തകൻ എന്നു പറയാം 

തമിഴ് നാട്ടിൽ ഇസ്ലാമിക പണ്ഡിതന്മാരെ പൊതുവെ മുഅദ്ദിയാർ, അഥവാ വാങ്കു വിളിക്കുന്നവൻ എന്നു വിളിച്ചിരുന്നു ഇതാണ് മുസ്ലിയാർ ആയതെന്നു അഭിപ്രായമുണ്ട്  

മുസ്വല്ലി എന്നാൽ നിസ്കരിക്കുന്നവൻ എന്നാണർഥം മുസ്വല്ലി എന്ന അറബി പദത്തോട് ഫാർസിയിലെ യാർ കൂടി മുസ്വല്ലിയാർ മുസ്ലിയാർ ആയതാണെന്നും പറയപ്പെടുന്നു  

മൗലാ എന്ന അറബി പദത്താനർഥം നേതാവ്, കാര്യദർശി എന്നൊക്കെയാണ് മൗലായോട് ഫാർസി വാക്കായ യാർ ചേർന്നപ്പോൾ മൊയ്ല്യാരായി മാറി അങ്ങനെ മുസ്ലിയാരും മൊയ്ല്യാരും എന്നൊക്കെ മതപണ്ഡിതരെ ജനം വിളിക്കാൻ തുടങ്ങി.


ഗ്രന്ഥങ്ങൾ

സാധാരണക്കാർ വരെ പാരായണം ചെയ്യാറുള്ള മൻഖൂസ്വ് മൗലിദടക്കം തസ്വവ്വുഫിലെ പ്രശസ്ത അദ്കിയ ഉൾപ്പെടെ നിരവധി ഗ്രഹങ്ങൾ ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) രചിച്ചിട്ടുണ്ട് 

1. 📗 മുർശിദുത്ത്വുല്ലാബ് ഇലാ കരീമിൽ വഹ്ഹാബ് 

2. 📗 സിറാജുൽ ഖുലൂബ് 

3. 📗 സിറാജുൽ മുനീർ 

4 📗 അൽ മസ്അദ് ഫീ ദിക്റിൽ മൗത്ത് 

5. 📗 ശംസുൽ ഹുദാ 

6. 📗 തുഹ്ഫതുൽ അഹിബ്ബാഅ് 

7. 📗 ഇർശാദുൽ ഖാസ്വിദീൻ 

8. 📗 ശുഅ്ബുൽ ഈമാൻ 

9. 📗 കിഫായതുൽ ഫറാഇള് 

10. 📗 കിതാബുസ്സ്വുഫ്ഫ 

11. 📗 തസ്ഹീലുൽ കാഫിയാ 

12. 📗 ഹാശിയതുൽ അലൽ കാഫിയാ 

13. 📗 ശർഹു അലാ അൽഫിയത്തിബ്നി മാലിക് 

14. 📗 ഹാശിയതുൽ അലൽ ഇർശാദ് 

15. 📗 ഖസ്വസ്വുൽ അമ്പിയാ

16. 📗 ശർഹു അലാ തുഹ്ഫതിൽ വർദിയ്യ 

17. 📗 സീറത്തുന്നബവിയ്യ 

18. 📗 ഹിദായത്തുൽ അദ്കിയാ ഇലാ ത്വരീഖിൽ ഔലിയാ 

19. 📗 ഖസ്വീദതുൽ ജിഹാദിയ്യ 

20. 📗 അൽ ഖസ്വീദത്തു ഫീഹാ യൂരിസുൽ ബറക 

21. 📗 മൻഖൂസ്വ് മൗലിദ്


സമര രംഗത്ത്

ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) പൊന്നാനിയിൽ ഇസ്ലാമിക പ്രബോധനം ശക്തമാക്കിയ കാലത്താണ് പോർച്ചുഗീസുകാർ കേരളത്തിലെത്തുന്നത് പറങ്കികളുടെ ആക്രമണം പലവട്ടം പൊന്നാനിക്ക് നേരിടേണ്ടിവന്നു പറങ്കികൾക്കെതിരെ ജിഹാദ് നടത്താൻ മഖ്ദൂം കബീർ (റ) ആഹ്വാനം ചെയ്തു ഈ വിഷയത്തിൽ ജിഹാദിന് ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ട് 'ഖസ്വീദതുൽ ജിഹാദിയ്യ' എന്ന പേരിൽ ഒരു സമര കാവ്യ സമാഹരം തന്നെ മഹാൻ രചിച്ചു അവ മുസ്ലിം മഹല്ലുകളിൽ വിതരണം ചെയ്യപ്പെട്ടു  

കേരളത്തിൽ മുസ്ലിംകൾ താമസിക്കുന്ന കേന്ദ്രങ്ങളിലെല്ലാം മഹാൻ യാത്ര ചെയ്ത് ആത്മീയതയിലൂടെ ജനങ്ങളെ ബോധവൽകരിച്ചു ഖൽബിന്റെ ശുദ്ധീകരണവും പിന്നീട് നാടിന്റെ ശുദ്ധീകരണവും മഹാൻ ജനങ്ങളെ ഓർമ്മപ്പെടുത്തി സമരത്തിലേക്ക് ജനങ്ങളെ സജ്ജരാക്കി സാമൂതിരി ഒഴികെയുള്ള അക്കാലത്തെ പ്രബലരായ നാട്ടുരാജാക്കന്മാരിൽ പലരും പോർച്ചുഗീസുകാരുടെ ഭീഷണികൾക്കും കുതന്ത്രങ്ങൾക്കും വിധേയരായിരുന്നു അവരുടെ വാണിജ്യ വിനിമയങ്ങൾക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുത്തു  

കേരളത്തിലെ അക്കാലത്തെ വാണിജ്യ വിനിമയങ്ങളുടെ മധ്യവർത്തികളായി കാര്യമായി രംഗത്തുണ്ടായിരുന്നത് തദ്ദേശിയരായ മുസ്ലിംകളായിരുന്നു പിൽക്കാലത്ത് പോർച്ചുഗീസ് വിരുദ്ധ മുന്നേറ്റങ്ങൾക്ക് ഐതിഹാസികമായ മാനങ്ങൾ നൽകിയ കുഞ്ഞാലി മരക്കാർ കുടുംബം പോലും ആദ്യകാലത്ത് പോർച്ചുഗീസുകാർക്ക് അനുകൂലമായ കൊച്ചിയിലെ വർത്തകരായിരുന്നു പോർച്ചുഗീസുകാരുമായുള്ള വാണിജ്യ വിനിമയങ്ങൾ യാതൊരർത്ഥത്തിലും നീതിപൂർവകമല്ലെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ കുഞ്ഞാലിമാർ കോഴിക്കോട്ട് സാമൂതിരിയുടെ പക്ഷത്തേക്ക് കൂറുമാറി 

നാവിക മുന്നേറ്റത്തിന് നേതൃത്വം നൽകിത്തുടങ്ങിയത് മഖ്ദൂം കബീർ (റ) വിന്റെ വഫാത്തിനു ശേഷമായിരുന്നെങ്കിലും കൊച്ചി രാജ്യത്തെ മുസ്ലിംകളുമായി സമ്പർക്കങ്ങളുണ്ടായിരുന്ന മഖ്ദൂം കബീർ (റ) വുമായി ബന്ധപ്പെടാൻ കുഞ്ഞാലിമാർക്ക് അവസരം ലഭിച്ചു കപ്പൽ എന്നർത്ഥം വരുന്ന മർക്കബ് എന്ന വാക്കിൽ നിന്ന് നിഷ്പന്നമായ മരക്കാർ എന്ന നാമത്തിലൂടെ പ്രസിദ്ധരായ മരക്കാർമാരും മഖ്ദൂമുമാരെ പോലെ കോറമണ്ഡലം എന്നറിയപ്പെട്ട കായൽപ്പട്ടണത്തു നിന്നുതന്നെയാണ് കൊച്ചിയിലെത്തിയത് അതുകൊണ്ടുതന്നെ മരക്കാർമാരും മഖ്ദൂമുമാരും തമ്മിൽ പരസ്പരം ബന്ധമുണ്ടായിരുന്നു  

മഖ്ദൂം കബീർ (റ) വിന്റെ പ്രചോദനത്താൽ പോർച്ചുഗീസുകാർക്കെതിരെ പടനയിച്ചവരായിരുന്നു സാമൂതിരിയുടെ നേതൃത്വത്തിൽ നാവിക മുന്നേറ്റങ്ങൾ നയിച്ച മാപ്പിളമാർ മഖ്ദൂമുമാർ ഉഴുതുമറിച്ച മാപ്പിള മനസ്സിലാണ് കുഞ്ഞാലിമാർ വിത്തിറക്കിയത് മഖ്ദൂമുമാരുടെ പ്രചോദനത്താൽ ശഹീദായ മഹാനായിരുന്നു വെളിയങ്കോട് കുഞ്ഞി മരക്കാർ ശഹീദ് (റ) ഖാദിരിയ്യാ, ചിശ്തിയ്യ ത്വരീഖത്തുകളുടെ ശൈഖായിരുന്നു മഖ്ദൂം കബീർ (റ) വിനെ ബൈഅത്തു ചെയ്ത ഒരു ചെറുപ്പക്കാരനായിരുന്നു കുഞ്ഞി മരക്കാർ ശഹീദ് (റ).


കുടുംബം

മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമാണ് മഹാന്റെ സന്താനങ്ങൾ മൂത്ത മകൻ യഹ്‌യ ചെറുപ്രായത്തിലെ വഫാത്തായിരുന്നു മഖ്ദൂമുമാരെ മറവു ചെയ്ത പൊന്നാനി വലിയ ജുമുഅത്തു പള്ളിയുടെ മുൻവശത്തുള്ള മതിൽകെട്ടിനകത്താണ് ഈ കുട്ടിയുടെ ഖബ്ർ സ്ഥിതിചെയ്യുന്നത്  

രണ്ടാമത്തെ മകൻ ശൈഖ് മുഹമ്മദ് ഗസ്സാലി (റ) വലിയ പണ്ഡിതനും ഭൗതിക വിരക്തനും അറബി സാഹിത്യകാരനുമായിരുന്നു കണ്ണൂർ അറക്കൽ കൊട്ടാരത്തിനു സമീപമുള്ള ഗ്രന്ഥശേഖരത്തിൽ ശൈഖ് മുഹമ്മദ് ഗസ്സാലി (റ) വിന്റെ ചില ഫത്വകളുടെ കോപ്പി കണ്ടെത്തിയിട്ടുണ്ട് മാഹിക്കടുത്ത ചോമ്പാലിൽ ഖാളിയായിരുന്ന മഹാൻ അവിടെനിന്ന് വിവാഹം ചെയ്ത് അവിടെത്തന്നെ താമസമാക്കി മഹാന്റെ മകനാണ് ഫത്ഹുൽ മുഈൻ രചയിതാവായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) അഥവാ രണ്ടാമൻ ഹിജ്റ 947- ലാണ് ശൈഖ് മുഹമ്മദുൽ ഗസാലി (റ) വഫാത്താകുന്നത്  

മഹാന്റെ മൂന്നാമത്തെ മകനാണ് ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) മഹാപണ്ഡിതനും സ്വൂഫിയും ഗ്രന്ഥകർത്താവും പിതാവിനെപ്പോലെ സമരനായകനുമായിരുന്നു.


വഫാത്ത്

ഹിജ്റ 928 ശഅ്ബാൻ 16- ന് വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം (A.D.  1522) മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വഫാത്തായി പൊന്നാനി വലിയ ജുമുഅത്തു പള്ളിയുടെ മുൻവശത്ത് പ്രത്യേകം ഉയർത്തിപ്പണിത മിനാരങ്ങളോടു കൂടിയ കെട്ടിടത്തിന് പിൻവശത്താണ് മഖ്ബറ 

ഒരു പരിഷ്കർത്താവിന്റെ ഗുണങ്ങൾ ഒത്തിണങ്ങിയ മഖ്ദൂം കബീർ (റ) ശാഫിഈ മദ്ഹബിന് ശക്തി പകർന്ന മഹാനാണ് തസ്വവ്വുഫ് ജനഹൃദയങ്ങളിൽ ഊട്ടിയുറപ്പിക്കുന്നതിൽ മഹാന്റെ പങ്ക് വലുതാണ് ത്വരീഖത്തുകളുടെ ശൈഖായും മുദർരിസായും ഗ്രന്ഥകാരനായും കവിയായും യോദ്ധാവായും പ്രബോധകനായും മഹാൻ ഇവിടെ ജീവിച്ചു കാണിച്ചു.


ദർസുകളും മഖ്ദൂമിയ്യാ സിലബസും

പള്ളിദർസുകൾക്ക് കേരളീയ മതചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ട് പ്രശസ്തരും പ്രഗത്ഭരുമായ പണ്ഡിതരും മുദർരിസുമാരും പ്രഭാഷകരും ആത്മീയ മണ്ഡലത്തിലെ സ്വൂഫിവര്യരും ഔലിയാക്കളുമെല്ലാം പള്ളിദർസുകളുടെ സംഭാവനകളാണ് അറിവെന്ന മഹാനഗരവും മഹാസാഗരവുമാണ് കേരളീയ പള്ളിദർസുകൾ അറിവിന്റെ പാരാവാരം കണ്ട് നാം അന്തിച്ചു നിൽക്കുന്ന പണ്ഡിത മഹത്തുക്കൾ ഈ ദർസുകളുടെ സംഭാവനയാണെന്ന് നാം ഓർക്കുമ്പോൾ ദർസെന്ന മഹാഗുരുകുലം ഓരോ കാലത്തിനും ദേശത്തിനും ചെയ്ത സംഭാവനയാണ് ദീനിന്റെ നിലനിൽപിന് തന്നെ കാരണം അതുകൊണ്ടുതന്നെ മലബാറിലെ ഇസ്ലാമിക സമൂഹത്തിന് വമ്പിച്ച വൈജ്ഞാനിക പുരോഗതി നേടിക്കൊടുത്തതിന്റെ പിന്നിലെ പ്രചോദനം പള്ളിദർസുകളാണ് 

ചരിത്രത്തിൽ ദർസ് അറിയപ്പെടുന്നത് മഖ്ദൂമുമാരുടെ കാലഘട്ടം മുതലാണെങ്കിലും അതിനു മുമ്പേ പ്രമുഖമായ പല പള്ളികളിലും ദർസുകൾ നിലനിന്നിരുന്നു ഹിജ്റ 850- ൽ വഫാത്തായ ഖാളി സൈനുദ്ദീൻ റമളാൻ ശാലിയാത്തി (റ) വിന്റെയും ഹിജ്റ 899- ൽ വഫാത്തായ മഹാന്റെ മകൻ ശൈഖ് ഫഖ്റുദ്ദീൻ അബൂബക്കർ കാലിക്കൂത്തി (റ) വിന്റെയും നേതൃത്വത്തിൽ കോഴിക്കോട് മുദാക്കാര, കുറ്റിച്ചിറ, മിസ്കാൽ പള്ളി എന്നിവിടങ്ങളിൽ ദർസ് നടന്നിരുന്നു  

ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ കാലം മുതൽ ക്കാണ് ദർസുകൾക്ക് വ്യാപകമായ പ്രചരണം ലഭിക്കുന്നതും മുതഅല്ലിമുകളുടെ പ്രവാഹം ആരംഭിക്കുന്നതും അതുവരെ മലബാറിലെ മുസ്ലിം പ്രദേശങ്ങളും പ്രധാന പള്ളികളും കേന്ദ്രീകരിച്ച് ആരാധനാ കർമങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത് പുറമെ നിന്നെത്തുന്ന പണ്ഡിതന്മാരായിരുന്നു പ്രത്യേകിച്ച് മലബാർ തീരത്തോട് വാണിജ്യപരമായും മറ്റും കൂടുതൽ ബന്ധം പുലർത്തിയിരുന്ന യമനികൾ 

ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) പൊന്നാനിയിൽ സ്ഥാപിച്ച ദർസ് ഇതിനെല്ലാം മാറ്റം വരുത്തി മതപ്രബോധന രംഗത്ത് ആത്മീയതയുടെ അന്തരീക്ഷത്തിൽ മഹാൻ ദർസ് ചിട്ടപ്പെടുത്തി ഗംഭീരമായ തുടക്കമായിരുന്നു അത് ചിട്ടയോടുള്ള തുടക്കം മുതഅല്ലിമുകളുടെ പ്രായവും യോഗ്യതയുമനുസരിച്ച് കിതാബുകൾ തിരഞ്ഞെടുത്തുകൊടുത്തത് മഖ്ദൂം (റ) തന്നെയായിരുന്നു നിരവധി ഉസ്താദുമാരുണ്ടായിരുന്നു ആർക്കും ശമ്പളമില്ല പലരും ഉസ്താദുമാരും മുതഅല്ലിമുകളുമാണ് മുതഅല്ലിമുകൾ ഇഷ്ടമുള്ളയാളെ കഴിവുകൾ മനസ്സിലാക്കി ഉസ്താദായി തിരഞ്ഞെടുക്കും എല്ലാ വിജ്ഞാനങ്ങളും അവിടെ ഉണ്ടായിരുന്നു  

അഞ്ച് നൂറ്റാണ്ട് കഴിഞ്ഞ് ഇന്നും ഗൗരവമാർന്ന പഠനം നടക്കുന്ന ദർസുകളിൽ മഖ്ദൂം (റ) രൂപം നൽകിയ പാഠ്യപദ്ധതിയും അവലംബിച്ച ഗ്രന്ഥങ്ങളും വലിയ മാറ്റമില്ലാതെ അംഗീകരിക്കപ്പെടുന്നു എന്നതുതന്നെ അതിന്റെ മഹത്വം മനസ്സിലാക്കിത്തരുന്നു  

കേരളത്തിന്റെ ഗ്രാമങ്ങളിൽനിന്ന് മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈജിപ്ത്, യമൻ, സിറിയ തുടങ്ങിയ അറേബ്യൻ നാടുകളിൽ നിന്നും ഇന്തോനേഷ്യ, സിലോൺ തുടങ്ങിയ പൗരസ്ത്യ നാടുകളിൽ നിന്നും വിജ്ഞാന ദാഹികൾ പൊന്നാനിയിലെത്തിത്തുടങ്ങി മഖ്ദൂം സിലബസിന്റെ പ്രത്യേകത തന്നെ കിതാബുകൾ വായിക്കുക, ആവർത്തിക്കുക എന്നതിനേക്കാൾ ഉപരി അത് പഠിതാവിന്റെ ആത്മസംസ്കരണം കൂടി ലക്ഷ്യമാക്കുന്നുവെന്നാണ് മഖ്ദൂം (റ) വിന്റെ വ്യക്തമായ ദിശബോധത്തിന്റെയും ആസൂത്രണ മികവിന്റെയും കഠിനമായ അധ്യാപനത്തിന്റെയും ഉദ്ദേശ്യശുദ്ധിയുടെയും ആഴം അഞ്ച് നൂറ്റാണ്ട് കഴിഞ്ഞും ആ സംവിധാനം നിലനിൽക്കുന്നുവെന്നതിൽ നിന്ന് നമുക്ക് ബോധ്യപ്പെടുന്നതാണ് 

പ്രാഥമിക പാഠഗ്രന്ഥങ്ങൾ മഹാൻ തന്നെ സ്വന്തമായി തയ്യാറാക്കി പുതുമുഖ വിദ്യാർത്ഥികളെ മുന്നിൽ കണ്ടാണ് മുർശിദുത്വുല്ലാബ് പദ്യസമാഹാരമായ 'അദ്കിയാ' എന്നീ ഗ്രന്ഥങ്ങൾ രചിച്ചത് പൊന്നാനി വലിയ ജുമുഅത്തു പള്ളിയിൽ ദർസ് ആരംഭിച്ചപ്പോൾ മഹാനായ മഖ്ദൂം (റ) ലക്ഷ്യമാക്കിയത് എന്തായിരുന്നുവെന്നതിന് ഈ രണ്ടു ഗ്രന്ഥങ്ങൾ സാക്ഷിയാണ് ആത്മീയ ചിന്തയുള്ള തസ്വവ്വുഫ് പണ്ഡിതരെ വളർത്തുകയായിരുന്നു മഖ്ദൂം (റ) വിന്റെ ലക്ഷ്യം തസ്വവ്വുഫിൽ അധിഷ്ഠിതമായ പണ്ഡിത സമൂഹത്തെയാണ് മഹാൻ വാർത്തെടുത്തത് അതിന് മഹാൻ കണ്ട മാർഗം നന്നേ ചെറുപ്പത്തിൽ തന്നെ ദർസുകളിലെത്തുന്ന ഇളം മനസ്സുകൾക്ക് ദുൻയാവിന്റെ വൃത്തികെട്ട വ്യാമോഹങ്ങൾക്ക് വശംവദരാകുംമുമ്പ് ആത്മീയ ശ്രേണിയിലേക്ക് വഴി തെളിയിക്കുക എന്നതായിരുന്നു അതിനുള്ള എളുപ്പവഴി തസ്വവ്വുഫിന്റെ ബാലപാഠങ്ങൾ അവരെ പഠിപ്പിക്കുകയും തസ്വവ്വുഫിൽ അധിഷ്ഠിതമായ മതവിജ്ഞാനങ്ങൾ നുകരുകയും കർമ്മങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യലാണ് മുർശിദുത്വുല്ലാബും അദ്കിയയും തസ്വവ്വുഫിന്റെ ബാലപാഠങ്ങളാണ് 

ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിനെ സ്വാധീനിച്ച സ്വൂഫിവര്യനായിരുന്നു ഔലിയാക്കളിലെ ഉന്നതനായ ഖുത്വുബുൽ ഉലൂം ഇമാം ഗസാലി (റ) തന്റെ രണ്ടാമത്തെ മകന്റെ പേരുതന്നെ മുഹമ്മദുൽ ഗസാലി (റ) എന്നാണല്ലോ തസ്വവ്വുഫിൽ ഗസാലി സരണിയായിരുന്നു മഹാന്റെ മാർഗം അതുകൊണ്ട് തന്നെ ഇമാം ഗസാലി (റ) വിന്റെ ഗ്രന്ഥങ്ങൾക്ക് മഹാൻ പ്രാമുഖ്യം നൽകിയിരുന്നു പാഠ്യപദ്ധതിയിൽ ഇമാം ഗസാലി (റ) വിന്റെ ഇഹ്‌യാ ഉലൂമുദ്ദീന് വളരെ പ്രാധാന്യമുണ്ടായിരന്നു തസ്വവ്വുഫിൽ ഇമാം ഗസാലി (റ) വിന്റെ ഗ്രന്ഥങ്ങൾക്ക് കേരളീയ മതപണ്ഡിതർ വലിയ സ്ഥാനം നൽകിയത് മഖ്ദൂമിയ്യ പാഠ്യപദ്ധതിയിൽ നിന്നുൾക്കൊണ്ട പ്രചോദനമാണ് എന്നാൽ ഇന്ന് ദർസി സിലബസുകളിൽ വലിയ മാറ്റം പ്രകടമാണ് തസ്വവ്വുഫ് ഗ്രന്ഥങ്ങൾക്ക് മിക്ക ദർസുകളിലും അത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്ന് മാത്രമല്ല, തസ്വവ്വുഫ് ചിട്ടയിലേക്ക് പല മുതഅല്ലിമുകളെയും തിരിച്ചുവിടുന്നതിനു പകരം അവരെ തസ്വവ്വുഫ്, ത്വരീഖത്ത് വിരോധികളാക്കിത്തീർക്കുകയാണ് ചിലർ ചെയ്യുന്നത് മഖ്ദൂമിയ്യാ സിലബസിനോടുള്ള കടുത്ത വെല്ലുവിളിയാണിതെന്നോർക്കണം 

ദർസി സിലബസുകളിൽ നിന്ന് തസ്വവ്വുഫ് ഗ്രന്ഥങ്ങൾ പഠനം നടത്തുന്നത് ഇന്ന് അപൂർവ്വം ദർസുകളിലാണുള്ളത് തസ്വവ്വുഫ് ഗ്രന്ഥങ്ങൾക്കിടം നൽകാതെ മറ്റു പല മേഖലയിലേക്കും വിദ്യാർത്ഥികൾ വഴിമാറുന്ന ഒരു കാഴ്ചയും ദൃശ്യമാണ് മഖ്ദൂമിന്റെ കാലഘട്ടം കേരളീയ ജനതക്ക് ഭൗതികമായ പല വെല്ലുവിളികളും നേരിടേണ്ട കാലഘട്ടമായിരുന്നുവെന്ന് പൊന്നാനി ചരിത്രത്തിൽ വായിക്കാവുന്നതാണ് ഏതു വെല്ലുവിളികളെയും ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കാനും നേരിടാനുമുള്ള ആത്മീയ ധൈര്യമാണ് മഹാൻ ശിഷ്യന്മാർക്ക് പകർന്നുകൊടുത്തത് ഇമാം നവവി (റ) വിന്റെ രിയാളുസ്വാലിഹീനടക്കം പല ഗ്രന്ഥങ്ങളും പട്ടികയിലുണ്ട് 

അനാവശ്യ തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുമൊക്കെ പരിശീലനമായേക്കാവുന്ന തരത്തിലുള്ള ശാസ്ത്ര ശാഖകൾക്കും ഇൽമുൽ കലാമിന്റെ മുടിനാരിഴ കീറുന്നു ചർച്ചകൾക്കും ഗ്രീക്ക് തത്വചിന്തകൾക്കുമൊന്നും ആ പാഠ്യസംവിധാനത്തിൽ വലിയ പ്രാധാന്യമില്ലായിരുന്നു എന്നാൽ ഖുർആനും ഹദീസും ഫിഖ്ഹും മനസ്സിലാക്കാൻ ആവശ്യമായിടത്തോളം ചില സാങ്കേതിക പദങ്ങളുടെ പരിചയത്തിനുവേണ്ടി അവയിൽ ചിലത് അംഗീകരിക്കപ്പെടുകയും ചെയ്തു ഗോളശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും പ്രാഥമിക തത്വങ്ങൾ അവിടെ പഠിപ്പിച്ചിരുന്നു 

നിരവധി രോഗങ്ങളുള്ള ഒരു രോഗിക്ക് രോഗങ്ങളുടെ തീവ്രതക്കനുസരിച്ച് വളരെ ശ്രദ്ധയോടെ വ്യത്യസ്ത അളവിൽ വിവിധ മരുന്നുകൾ ക്രമീകരിച്ചു നൽകുന്ന ഒരു വിദ്ഗ്ധ വൈദ്യന്റെ സാമർത്ഥ്യത്തോടെയാണ് മഹാനായ മഖ്ദൂം കബീർ (റ) പാഠാവലി തയ്യാറാക്കിയത് അതിന് മുമ്പൊരിക്കലും കേരളത്തിൽ അത്തരമൊരു പാഠ ക്രമീകരണം നടന്നിട്ടില്ല അങ്ങനെ കേരളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത ഇസ്ലാമിക സർവകലാശാല മഹാനവർകൾ പൊന്നാനിയിൽ സ്ഥാപിച്ചു അതിനോട് യോജിച്ചാണ് പിന്നീട് മലബാറിൽ ദർസുകൾ നിലവിൽ വന്നത് പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം മക്കയിലെയും മദീനയിലെയും പള്ളികളിലും പിന്നീടു വന്ന നൂറ്റാണ്ടുകളിൽ ഡമസ്മസിലെയും കൈറോവിലെയും ബസ്വറയിലെയും പള്ളികളിലും സ്ഥാപിക്കപ്പെട്ടതുപോലെ 

പൊന്നാനിയിൽ നിന്ന് ദർസ് പഠനം പൂർത്തീകരിക്കാൻ വർഷങ്ങളെ കണക്കൊന്നുമില്ലായിരുന്നു ഒരു മതപണ്ഡിതനുണ്ടാകേണ്ട യോഗ്യതകൾ സ്വയം കൈവരിക്കലായിരുന്നു ആ യോഗ്യത ശിഷ്യനുണ്ടെന്ന് ഗുരു തീർപ്പു കൽപ്പിക്കലായിരുന്നു യോഗ്യത പൊന്നാനിയെ വിളക്കത്തിരിക്കൽ ഇത്തരുണത്തിലാണ് പ്രസിദ്ധമായത് ആ ശിഷ്യഗണങ്ങൾ നാടിന്റെ നാനാഭാഗത്തേക്കും യാത്ര തിരിച്ചു അവിടങ്ങളിലെല്ലാം പള്ളി ദർസുകൾ സ്ഥാപിച്ചു യോഗ്യരായ അവരുടെ ശിഷ്യന്മാരെ പഠന പൂർത്തീകരണത്തിനും തബർറുകിനും വേണ്ടി പൊന്നാനിയിൽ വിളക്കത്തിരിക്കാൻ പറഞ്ഞയച്ചിരുന്നു  

ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) കൊണ്ടുവന്ന ദർസ് സമ്പ്രദായം വളരെ ചെലവ് കുറഞ്ഞതും ലളിതവുമായിരുന്നു മുതഅല്ലിമുകൾ താമസിച്ചു പഠിക്കുന്നു എന്നതായിരുന്നു പ്രത്യേകത താമസിച്ചിരുന്നത് പള്ളികളിലായിരുന്നു എന്നാൽ ഭക്ഷണം ഓരോ നേരവും വിവിധ വീടുകളിലാണ് ഏർപ്പെടുത്തിയിരുന്നത് മുതഅല്ലിമുകൾക്ക് ഭക്ഷണം കൊടുക്കുന്നത് ഒരു പുണ്യകർമമായതിനാൽ വീട്ടുകാരും വലിയ താൽപര്യത്തോടുകൂടിയാണ് ഭക്ഷണ കാര്യം ഏറ്റെടുത്തിരുന്നത്

മുതഅല്ലിമുകൾ വീട്ടിൽ വന്നതിനു ശേഷമേ വീട്ടുകാർ ഭക്ഷണം വിളമ്പിയിരുന്നുള്ളൂ ഭക്ഷണ ശേഷം വീട്ടുകാർക്കു വേണ്ടി മുതഅല്ലിമുകൾ ദുആ ചെയ്യുമായിരുന്നു ദർസിലെ ഉസ്താദുമാർക്കും ഭക്ഷണം വീട്ടിലായിരുന്നു മുതഅല്ലിമുകൾ ഉസ്താദുമാർക്ക് ഭക്ഷണം ദർസിൽ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുക ഇതുവഴി ദർസിന്റെ സന്ദേശം സമൂഹത്തിലെത്തിക്കാനും കുട്ടികളെ മഹല്ലുമായി ബന്ധപ്പെടുത്താനും ഈ സമ്പ്രദായം മൂലം സാധിച്ചു ദർസിന്റെ മറ്റു ചെലവുകൾ നാട്ടുകാർ തന്നെയാണ് നടത്തിയിരുന്നത് ചിലർ ദർസ് നടത്തിപ്പിനായി ഭൂമി ദാനം ചെയ്യാറുണ്ടായിരുന്നു അത്തരത്തിൽ ഒരുപാട് സ്ഥലങ്ങളിൽ ഇന്നും ദർസ് നടത്തിപ്പിനായി പഴയ കാലത്തു ലഭിച്ച ഇത്തരം ഭൂമികളുണ്ട്.


ദർസിൽ തസ്വവ്വുഫിന്റെ പ്രാധാന്യം

'തസ്വവ്വുഫ് ' അതിമഹത്തായ ഒരു വിജ്ഞാന ശാഖയാണ് ശരീഅത്തിന്റെ വിജ്ഞാനങ്ങളിൽ പെട്ടതാണ്  

ഇമാം അമീനുദ്ദീൻ കുർദി (റ) എഴുതുന്നു: വ്യക്തമായോ ഗവേഷണത്തിലൂടെയോ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഉലമാഅ് മനസ്സിലാക്കിയ നബി (സ) യുടെ മേൽ ഇറക്കപ്പെട്ട നിയമസംഹിതകളാണ് ശരീഅത്ത് അതായത് തൗഹീദൂ, ഫിഖ്ഹ്, തസ്വവ്വുഫ് എന്നിവയിൽ വ്യക്തമാക്കിയ വിധികൾ (തൻവീറുൽ ഖുലൂബ് ഫീ മുആമലത്തി അല്ലാമിൽ ഗുയൂബ്: 396)  

തസ്വവ്വുഫ് ശരീഅത്തിന്റെ വിജ്ഞാനത്തിൽ പെട്ടതായിട്ടും വേണ്ടത്ര ശ്രദ്ധ ഈ വിജ്ഞാനത്തിൽ ഈ അടുത്ത കാലം മുതൽ കുറഞ്ഞുവരുന്നുണ്ട് യഥാർത്ഥത്തിൽ മഖ്ദൂം പാഠ്യപദ്ധതി തസ്വവ്വുഫിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് പ്രാരംഭ പഠിതാക്കൾക്ക് ദർസിൽ ഓതിക്കൊടുക്കുന്ന മഖ്ദൂം കബീർ (റ) വിന്റെ അദ്കിയയിൽ തന്നെ ആത്മീയ മാർഗമവലംബിക്കുന്നവന് മഹാൻ നിർദേശിക്കുന്ന ഗ്രന്ഥങ്ങളാണ് കർമശാസ്ത്ര വിശാരദനും ഹദീസ് ലക്ഷപ്രഭുവും സ്വൂഫി സാമ്രാജ്യത്തിലെ ചക്രവർത്തിയുമായ ഇമാം നവവി (റ) വിന്റെ രിയാളുസ്വാലിഹീൻ, അൽ അദ്കാർ എന്നീ ഗ്രന്ഥങ്ങളും ഇമാം ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി (റ) വിന്റെ അവാരിഫുൽ മആരിഫും ഇമാം ഗസാലി (റ) വിന്റെ ഇഹ്‌യാ ഉലൂമുദ്ദീനും മഖ്ദൂം സിലബസിൽ പ്രഥമ സ്ഥാനം ഇമാം ഗസാലി (റ) വിന്റെ ഇഹ്‌യാ ഉലൂമുദ്ദീനിനുണ്ടായിരുന്നു തസ്വവ്വുഫിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് മഖ്ദൂമുമാർ സമുദായത്തിന് കാണിച്ചു കൊടുത്തിരുന്നു ഖാദിരിയ്യ, ചിശ്തിയ്യ ത്വരീഖത്തുകളുടെ ശൈഖായ ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ സിലബസ് ഫിഖ്ഹും തസ്വവ്വുഫും അധിഷ്ഠിതമായിരുന്നു 

രണ്ടാം ശാഫിഈ ഇമാം നവവി (റ) എഴുതുന്നു: തസ്വവ്വുഫിന്റെ അടിസ്ഥാന മാർഗം അഞ്ചെണ്ണമാകുന്നു 

1. രഹസ്യവും പരസ്യവുമായി അല്ലാഹുവിനെ സൂക്ഷിക്കുക 

2. വാക്കിലും പ്രവർത്തിയിലും സുന്നത്തിനെ പിൻപറ്റുക 

3. സൃഷ്ടികളെ തൊട്ടു തിരിഞ്ഞുകളയൽ 

4. കുറഞ്ഞതിലും കൂടിയതിലും അല്ലാഹുവിനെ തൃപ്തിപ്പെടുക 

5. സന്തോഷത്തിലും ദുഃഖത്തിലും അല്ലാഹുവിലേക്ക് മടങ്ങൽ 

(അൽ മഖാസ്വിദ്: 20) 

ഇമാം ഇബ്നു ഖൽദൂൻ (റ) എഴുതുന്നു: തസ്വവ്വുഫിന്റെ അടിസ്ഥാനം ഇബാദത്തിലായി കഴിയലും അല്ലാഹുവിലേക്ക് പൂർണമായി തിരിയലും ദുൻയാവിന്റെ ഭംഗിയിൽ നിന്ന് തിരിഞ്ഞുകളയലും ഭൗതിക വിരക്തതയും ഇബാദത്തിനു വേണ്ടി സ്വന്തത്തിൽ സൃഷ്ടികളുമായി വേർപിരിയലുമാണ് സ്വഹാബത്തും പൂർവസൂരികളും ഇങ്ങനെയായിരുന്നു (മുഖദ്ദിമത്തുബ്നി ഖൽദൂൻ: 328) 

ഇമാം താജുദീൻ സുബ്കി (റ) എഴുതുന്നു: സ്വൂഫികൾ ദുൻയാവിനെതൊട്ടു തിരിഞ്ഞുകളഞ്ഞവരാണ് അധിക സമയങ്ങളിലും ഇബാദത്തിലായി കഴിയുന്നവരുമാണ് അവർ അല്ലാഹുവിന്റെ പ്രത്യേകക്കാരാണ് അവരെ പറയൽകൊണ്ട് അനുഗ്രഹം പ്രതീക്ഷിക്കാം അവരുടെ ദുആ കൊണ്ട് സഹായം ലഭിക്കും (മുഈദുനിന്നിഅം: 119) 

ഇമാം സുയൂത്വി (റ) എഴുതുന്നു: തസ്വവ്വുഫ് ശ്രേഷ്ഠമായ ഇൽമാകുന്നു സുന്നത്തിനെ പിൻപറ്റലും ബിദ്അത്തുകളെ വെടിയലും ശരീരേഛകളിൽ നിന്ന് ആത്മാവിനെ സൗരക്ഷിക്കലുമാണ് തസ്വവ്വുഫിന്റെ കാതൽ സ്വൂഫികളിൽ പെടാത്ത പലരും തസ്വവ്വുഫിൽ പ്രവേശിച്ചതാണ് മൊത്തത്തിൽ അവരെ പറ്റി തെറ്റായ ധാരണ ഉണ്ടാകാനിടയായത് മതപരമായ നിയമങ്ങൾക്കെതിരിൽ സംസാരിക്കുന്ന ഒരൊറ്റ സ്വൂഫിയെയും ഞാൻ കണ്ടിട്ടില്ല സ്വൂഫികളെന്ന് വാദിക്കുന്ന ബിദഇകളാണങ്ങനെ വാദിക്കുന്നത് (തഅ് യീദുൽ ഹഖീഖത്തിൽ അലിയ്യ: 57) 

കേവലം തസ്വവ്വുഫ് മാത്രം പോരാ, വിശ്വാസവും കർമവും ശരിയായിരിക്കണം വിശ്വാസം ശരിയായെങ്കിൽ മാത്രമേ മനുഷ്യരിൽ രക്ഷയുള്ളൂ വിശ്വാസം പിഴച്ച ബിദ്അത്തുകാർ ഈ വൃത്തത്തിൽനിന്ന് പുറത്താണ് അതുകൊണ്ടുതന്നെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പന്ഥാവിലുള്ള സുന്നികൾ മാത്രമേ നമ്മുടെ ചർച്ചാവൃത്തത്തിലുള്ളൂ വിശ്വാസം ശരിയായാൽ മാത്രം പോരാ, കർമവും ശരിയായിരിക്കണം ശരിയായ രീതിയിൽ കർമ്മങ്ങൾ നിർവഹിക്കണമെങ്കിൽ ഫിഖ്ഹ് അഭ്യസിക്കണം അതുകൊണ്ടുതന്നെ നാലിൽ ഏതെങ്കിലും ഒരു മദ്ഹബ് കർമ രംഗത്ത് പിൻതുടരൽ നിർബന്ധമാണ് ശാഫിഈ മദ്ഹബുകാരാണ് കർമരംഗത്ത് ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വും കൂട്ടരും 

ഹിജ്റ 899- ൽ വഫാത്തായ ഇമാം അബുൽ അബ്ബാസ് അഹ്മദ് സറൂഖ് (റ) എഴുതുന്നു: ഇമാം മാലിക് (റ ) പറഞ്ഞു: ഒരാൾ ഫിഖ്ഹ് പഠിച്ചു, തസ്വവ്വുഫ് പഠിച്ചില്ല നിശ്ചയം അവൻ ഫാസിഖായി ഒരാൾ തസ്വവ്വുഫ് പഠിച്ചു, ഫിഖ്ഹ് പഠിച്ചില്ല അവൻ വ്യതിചലിച്ചു ഒരാൾ ഇതു രണ്ടും കരസ്ഥമാക്കിയാൽ നിശ്ചയം അവൻ ദൃഢജ്ഞാനിയായി (ഖവാഇദുത്തസ്വവ്വുഫ്: 22) 

യഥാർത്ഥത്തിൽ വിജ്ഞാന സമ്പാദനകൊണ്ട് ലക്ഷ്യമിടുന്നതുതന്നെ ആത്മസംസ്കരണമാണ് അഖീദയും ഫിഖ്ഹും നമുക്ക് ഉപകരിക്കുന്നത് ആത്മസംസ്കരണത്തിലൂടെയാണ് ആത്മസംസ്കരണത്തിന്റെ വിജ്ഞാനം തസ്വവ്വുഫാകുന്നു ഇമാം അബൂഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ശാഫിഈ (റ), ഇമാം ഗസാലി (റ), ഇമാം നവവി (റ), ഇമാം യാഫിഈ (റ), ഇമാം സകരിയ്യൽ അൻസ്വാരി (റ), ഇമാം ശഅ്റാനി (റ), ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) , ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) തുടങ്ങിയ മഹത്തുക്കളെല്ലാം തസ്വവ്വുഫ് ജ്ഞാനികളും സ്വൂഫികളുമായിരുന്നു 

മൻത്വിഖ് അഥവാ തർക്കശാസ്ത്ര ഗ്രന്ഥങ്ങൾക്ക് മഖ്ദൂമിയാ സിലബസിൽ  പ്രത്യേക പരിഗണനയുണ്ടായിരുന്നില്ല പൊന്നാനി ദർസുകളെ അവലംബിച്ചു ഗമിച്ചിരുന്ന മലബാറിലെ ദർസുകളിലും തർക്കശാസ്ത്ര ഗ്രന്ഥങ്ങൾ അത്ര സുലഭമല്ലായിരുന്നു നൂറ്റാണ്ടുകളോളം ഈയൊരു സിലബസിലായിരുന്നു മതവിദ്യാർത്ഥികൾ ദർസ് പഠനം നടത്തിയിരുന്നത് പല പ്രമുഖരായ ഉലമാക്കളും ഔലിയാക്കളും സ്വൂഫീവര്യരും ഗ്രന്ഥരചയിതാക്കളും പ്രഭാഷകരും അറബി കവികളുമെല്ലാം മഖ്ദൂമിയ്യാ സിലബസിന്റെ സന്താനങ്ങളായിരുന്നു പിൽക്കാലത്ത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു ദർസി സിലബസിൽ മൻത്വിഖിന്റെ ഗ്രന്ഥങ്ങൾ ചേർത്തത് അദ്ദേഹത്തിന്റെ കാലത്തു തന്നെയായിരുന്നു 'ഖിബ്ലത്തർക്കമെന്ന ' പേരിൽ പണ്ഡിതർക്കിടയിൽ ചില വിവാദങ്ങളുണ്ടായത് 

ചാലിലകത്ത് കുഞ്ഞഹ്മദാജിയുടെ ഈയൊരു പ്രവർത്തനത്തോട് മഹത്തുക്കൾ യോജിക്കുന്നില്ല മഖ്ദൂം സിലബസിൽ തസ്വവ്വുഫിനാണല്ലോ ഏറെ പ്രാധാന്യം ഈ പ്രാധാന്യത്തിന് കത്തിവെക്കുന്ന രൂപത്തിലാണ് ചാലിലകത്ത് ചില ഗ്രന്ഥങ്ങൾ മഖ്ദൂമുമാർ സംവിധാനിച്ച സിലബസിൽ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഈ പ്രവർത്തനത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കുകയില്ല മഖ്ദൂം സിലബസിൽ കൈകടുത്തുവാൻ അദ്ദേഹത്തിന് അവകാശമില്ല അത് അല്ലാഹുവിന്റെ ഔലിയാക്കൾ സ്ഥാപിച്ച സിലബസാണ്.


ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ)

ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ മകനാണ് പണ്ഡിതനും സ്വൂഫിയും ഗ്രന്ഥകർത്താവും പോർച്ചുഗീസ് സമര നായകനുമായ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) ഹിജ്റ 914 - ൽ പൊന്നാനിയിലാണ് മഹാന്റെ ജനനം പ്രാഥമിക വിദ്യാഭ്യാസം സ്വന്തം പിതാവിൽ നിന്നുതന്നെയാണ് ശേഷം കോഴിക്കോട് ഖാളിയായ അഹ്മദ് കാലിക്കുത്തിയുടെ സവിധത്തിലെത്തി അറിവ് നുകർന്നു പള്ളിദർസിലെ വ്യാഖ്യാത അറബി ഗ്രാമർ ഗ്രന്ഥമായ ഇമാം ഇബ്നു ഹിശാമിൽ അൻസ്വാരി (റ) വിന്റെ ഖത്വ് ർന്നദക്ക് വ്യാഖ്യാനമെഴുതിയ ശൈഖ് ഉസ്മാൻ പൊന്നാനി (റ) വും ഗുരുവര്യനാണ് 

പോർച്ചുഗീസുകാരുടെ മുനയൊടിച്ച യുദ്ധ തന്ത്രശാലിയാണ് മഹാനായ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) അധിനിവേശ ലക്ഷ്യങ്ങളോടെ കേരള തീരങ്ങളിലെത്തിയ പോർച്ചുഗീസുകാർ ആദ്യകാലം മുതൽ തന്നെ സാമൂതിരിയുടെ അധീനതയിലുണ്ടായിരുന്ന തുറമുഖ നഗരങ്ങൾ അപ്രതീക്ഷിതമായി ആക്രമിച്ച് നശിപ്പിക്കുന്ന കിരാത കൃത്യങ്ങൾ ചെയ്തവരായിരുന്നു സമാധാനപൂർണമായ വാണിജ്യ വിനിമയങ്ങളും സാമൂഹിക ബന്ധങ്ങളും നിലവിലുണ്ടായിരുന്ന അത്തരം തുറമുഖ നഗരങ്ങളിൽ അധികമായി വസിച്ചിരുന്നത് മുസ്ലിംകളായിരുന്നു അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായ ഇത്തരം ആക്രമങ്ങൾക്ക് ഇരകളായതും മുസ്ലിംകളായതിനാൽ ചെറുത്തുനിൽപ്പ് അവർക്ക് അനിവാര്യമായിരുന്നു എന്നാൽ ഈ ചെറുത്തുനിൽപുകൾ അതിജീവനത്തെ ലക്ഷ്യമാക്കുന്നതായിരുന്നുവെങ്കിലും ജനിച്ച നാടിന്റെ മാനം കാക്കാനും സമാധാനപൂർണമായ സാമൂഹിക ജീവിതം പുനഃസ്ഥാപിക്കാനും കൂടിയായിരുന്നെന്ന് നാം പ്രത്യേകം സ്മരിക്കണം 

ചെറുത്തുനിന്നത് മുസ്ലിംകളായതിനാൽ മറ്റുള്ള സമുദായക്കാരേക്കാൾ മുസ്ലിംകളോടായിരുന്നു പോർച്ചുഗീസുകാർക്ക് വിദ്വേഷവും പകയും അറബികളുടെ കച്ചവട മേൽക്കോയ്മയും മുസ്ലിംകളുടെ രാഷ്ട്രീയ സ്വാധീനവും തകർക്കാനാണ് പോർച്ചുഗീസുകാർ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത് ഈ ലക്ഷ്യം വെച്ചുകൊണ്ടാണ് അവർ തുറമുഖ നഗരങ്ങൾ ആക്രമിച്ചുകൊണ്ടിരുന്നത് പൊന്നാനി തുറമുഖത്തിനു നേരെയും പോർച്ചുഗീസുകാർ ആക്രമണം നടത്തി 1507 -ൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ കാലത്തും മഹാന്റെ വഫാത്തിനു ശേഷം മകൻ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വിന്റെ കാലത്തും പോർച്ചുഗീസ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട് മഹാന്റെ കാലത്തുതന്നെ 1550- ൽ പൊന്നാനി തുറമുഖത്തിനു നേരെ കനത്ത മറ്റൊരാക്രമണം ഉണ്ടായി ഈ ആക്രമണത്തിൽ നിരവധി വീടുകളും പള്ളികളും നശിപ്പിക്കപ്പെടുകയും ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു  

ഈ ആക്രമണത്തിൽ തന്നെ നിരവധി സാധാരണക്കാർ വധിക്കപ്പെടുകയും നിരവധി സ്ത്രീകൾ മാനഭംഗത്തിനിരയാവുകയും ചെയ്ത് അപമാനിക്കപ്പെടുകയും ചെയ്തു ഇത്തരം ആക്രമണ സന്ദർഭങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങളില്ലാത്തതിനാൽ മുസ്ലിംകൾക്ക് ചെറുത്തുനിൽക്കാനായില്ല ഇത്തരം അനുഭവങ്ങൾ പലപ്പോഴായി ആവർത്തിച്ചതോടെ പൊന്നാനി നിവാസികൾ കനത്ത ജാഗ്രതയിലാവുകയും ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വിനെ പോലുള്ളവരുടെ പ്രചോദനത്താൽ പിൽക്കാലത്ത് നാവിക രംഗത്തെ പൊന്നാനി മുസ്ലിംകളുടെ പ്രകടനങ്ങൾ മികവുറ്റതാവുകയും ചെയ്തു നാവിക മുന്നേറ്റങ്ങളിലെ സവിശേഷമായ ഈ നൈപുണ്യം നിമിത്തം പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചെടുത്ത കുറെ തോക്കുകളുമായി അത് പരിശിലിപ്പിക്കാനും അതുവഴി സാമൂതിരിയുടെ നാവിക മുന്നേറ്റങ്ങളെ സഹായിക്കാനായി യൂസുഫ് തുർക്കി എന്ന ഒരു പോരാളി ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വിന്റെ കാലത്ത് പൊന്നാനിയിൽ താമസിക്കുകയും ചെയ്തു  

സ്വതന്ത്ര വ്യാപാരവും അതിലൂടെ രൂപപ്പെട്ടു വന്ന വാണിജ്യ സമൃദ്ധിയും കോഴിക്കോടിന്റെ മുഖമുദ്രയായിരുന്നു വാണിജ്യ വിനിമയങ്ങൾക്കു വേണ്ടി കോഴിക്കോടിന്റെ തീരത്തെത്തുന്ന ആരെയും സ്വാഗതം ചെയ്യാനും അവർക്ക് അനുകൂലമായ പശ്ചാത്തലങ്ങളൊരുക്കാനും സാമൂതിരിമാർ സന്നദ്ധരായിരുന്നു എന്നാൽ ആഗമനത്തിന്റെ തുടക്കകാലം മുതൽ തന്നെ മാന്യമായ വാണിജ്യ വിനിമയങ്ങൾക്കു വേണ്ടിയല്ല പോർച്ചുഗീസുകാർ കേരളത്തിലെത്തിയത് എന്ന് സാക്ഷ്യപ്പെടുത്തുന്ന സംഭവ പരമ്പരകളാണ് അക്കാലത്തു നടന്നത് ഈ തിക്താനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് ആദ്യഘട്ടത്തിൽ പോർച്ചുഗീസുകാരോടുള്ള സമീപനത്തിൽ സാമൂതിരി കർക്കശ നിലപാടുകളെടുത്തെങ്കിലും പിൽക്കാലത്ത് അവരുമായി ചില നീക്കുപോക്കുകൾക്ക് അദ്ദേഹം നിർബന്ധിതനായി 

അങ്ങനെ ആദ്യഘട്ടത്തിൽ കോഴിക്കോട് കോട്ട കെട്ടാനും അത് കേന്ദ്രീകരിച്ച് തങ്ങളുടെ ആധിപത്യ ലക്ഷ്യങ്ങൾ സാക്ഷാൽകരിക്കാനും അവർ പ്രയത്നിച്ചുകൊണ്ടിരുന്നു ഈ കോട്ട കേന്ദ്രീകരിച്ചുള്ള അവരുടെ അതിക്രമങ്ങൾ അസഹനീയമായപ്പോൾ സാമൂതിരിയുടെ നാവിക സൈന്യം ശക്തമായ ആക്രമണങ്ങൾ നടത്തി കോഴിക്കോടുനിന്ന് പോർച്ചുഗീസുകാരെ തുരത്തുകയുണ്ടായി ശേഷം പലവിധ ഉപജാപങ്ങളുടെയും ഫലമായി നിർണായക പ്രാധാന്യമുള്ള ചാലിയത്തും ഒരു കോട്ട കെട്ടാൻ പോർച്ചുഗീസുകാർക്ക് സാധിച്ചിരുന്നു സാമൂതിരിയുടെ നേതൃത്വത്തിൽ മുസ്ലിംകൾ തുടർന്നുകൊണ്ടിരുന്ന നാവിക മുന്നേറ്റങ്ങളെ തടയിടാൻ പ്രയോഗിച്ചുകൊണ്ടിരുന്ന കുതന്ത്രങ്ങളുടെ ഭാഗമായിരുന്നു ചാലിയത്തെ ഈ കോട്ട നിർമാണം മുമ്പ് കോഴിക്കോട്ടെ കോട്ടയിൽ നിന്ന് പോർച്ചുഗീസുകാരെ തുരത്താൻ നേതൃത്വം നൽകിയ അതേ സാമൂതിരി തന്നെയാണ് ചാലിയത്ത് കോട്ട കെട്ടാൻ അവർക്ക് അനുമതി നൽകിയത് എന്നത് ചരിത്രത്തിലെ വിരോധാഭാസമായിരുന്നു 1531 - ലായിരുന്നു ചാലിയത്ത് കോട്ട കെട്ടാനുള്ള അനുമതി സാമൂതിരിയിൽ നിന്നും അവർ സമ്പാദിച്ചത് 

മഹാനായ മാലികുബ്നു ദീനാർ (റ) വിന്റെ പ്രബോധക സംഘം കേരള തീരങ്ങളിൽ സ്ഥാപിച്ച ആദ്യകാല മസ്ജിദുകളിലൊന്നാണ് ചാലിയത്തുണ്ടായിരുന്നത് പിൽക്കാലത്ത് പുതുക്കിപ്പണിയുകയും വിപുലീകരിക്കുകയുമെല്ലാം ചെയ്ത ചരിത്ര പ്രാധാന്യമുള്ള ഈ പള്ളി പൊളിച്ചും അവിടെ മുസ്ലിംകളുടെ പുരാതനമായ ഖബ്ർസ്ഥാനിലെ ഖബ്റുകൾ പൊളിച്ച് ഖബ്റുകൾ നിർമിക്കാനുപയോഗിച്ച കല്ലുകൾ മാന്തി ആ കല്ലുകൾ ഉപയോഗിച്ചാണ് ഈ കോട്ടയുടെ നിർമാണം അവർ പൂർത്തീകരിച്ചത് മുസ്ലിംകൾക്കെതിരെയുള്ള ഇത്തരം പ്രകോപനപരമായ നടപടികൾ ശക്തിപ്പെട്ടപ്പോൾ ചാലിയത്തുനിന്ന് ഈ കാപാലികന്മാരായ അക്രമികളെ തുരത്തുക എന്നത് മുസ്ലിംകൾക്കും സാമൂതിരിക്കും അനിവാര്യമായി അങ്ങനെ സാമൂതിരിയുടെ നാവിക മേധാവിയായിരുന്ന കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തിൽ പ്രതിരോധ നീക്കങ്ങൾ ശക്തിപ്പെട്ടു നിർണായകമായ നാവിക വിജയങ്ങൾ ആവർത്തിച്ചു കുഞ്ഞാലി നാലാമന്റെ നേതൃത്വത്തിൽ മുസ്ലിംകളുടെ പ്രതിരോധ നീക്കങ്ങൾ മുന്നേറിക്കൊണ്ടിരുന്ന സന്ദർഭത്തിലാണ് പൊന്നാനി കേന്ദ്രീകരിച്ചും ചില നിർണായക മുന്നേറ്റങ്ങൾ നടന്നത്  

1566- ൽ അരിയും പഞ്ചസാരയുമായി വരികയായിരുന്ന ഒരു പോർച്ചുഗീസ് കപ്പൽ പൊന്നാനിയിലെ മുസ്ലിം നാവിക പോരാളികൾ അക്രമിച്ച് കീഴടക്കുകയും അവർക്ക് കനത്ത ആൾനാശം വരുത്തുകയും ചെയ്തു ഈ മുന്നേറ്റത്തിനു ധാർമികമായ പ്രചോദനം നൽകിയത് ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) ആയിരുന്നു അങ്ങനെ ശക്തമായ മുന്നേറ്റങ്ങളിലൂടെ ചാലിയം കോട്ട തകർക്കാനുള്ള സാമൂതിരിയുടെയും മുസ്ലിംകളുടെയും പരിശ്രമങ്ങൾ വിജയം കണ്ടു മലബാർ മേഖലയിൽ പോർച്ചുഗീസ് വിരുദ്ധമായ പ്രതിരോധ മുന്നേറ്റങ്ങൾക്ക് ശക്തി പ്രാപിച്ച ഇതേ സന്ദർഭത്തിൽ തന്നെ ബീജാപൂർ സുൽത്താനും പോർച്ചുഗീസുകാർ കേന്ദ്രമായ ഗോവക്കും ചൗളിനുമെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു ചൗളിനെ പ്രതിരോധിക്കുന്ന പോരാളികളെ സഹായിക്കാൻ ഒരു നാവിക സൈന്യത്തെ അയക്കാൻ ബീജാപൂർ സുൽത്താൻ സാമൂതിരിയുടോടാവശ്യപ്പെട്ടിരുന്നു ഈ ആവശ്യം പരിഗണിച്ച് കുഞ്ഞാലി രണ്ടാമന്റെ നേതൃത്വത്തിൽ ഒരു നാവിക സൈന്യത്തെ സാമൂതിരി അങ്ങോട്ടയച്ചു ഇതേ കാലത്തു തന്നെയാണ് ചാലിയത്തെ പോർച്ചുഗീസ് കോട്ട ഉപരോധിക്കാനും മേഖലയിലുള്ള പോർച്ചുഗീസ് സ്വാധീനം തകർക്കാനും സാമൂതിരിയുടെയും മുസ്ലിംകളുടെയും ഉദ്യമങ്ങൾ ശക്തിപ്പെടുന്നത് മുസ്ലിം പോരാളികളുടെ സർവവിധ ആശിർവാദവും വാഗ്ദാനം ചെയ്ത് ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വും കോഴിക്കോട് ഖാളിയും സാമൂതിരിയെ സമീപിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തി  

അങ്ങനെ നാവിക നേതൃത്വത്തിലിരുന്ന പട്ടുമരക്കാരും ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വും മറ്റു സ്വൂഫി പണ്ഡിതരും സാമൂതിരിയോടൊപ്പം ചേർന്ന് ആക്രമണ പദ്ധതികൾ  ആസൂത്രണം ചെയ്തു നാവിക മുന്നേറ്റങ്ങൾക്ക് നേരിട്ടു പ്രചോദനം നൽകാൻ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വിനെ പോലുള്ള സ്വൂഫി പണ്ഡിതർ രംഗത്ത് വന്നത് പോരാളികൾക്ക് വലിയ ആവേശം പകർന്നു ചാലിയത്ത് സാമൂതിരിയും ഈ സ്വൂഫികളും ദിവസങ്ങളോളം തമ്പടിക്കുകയും ഒടുവിൽ ശക്തമായ മുന്നേറ്റങ്ങളിലൂടെ മുസ്ലിം നാവികരും പടയാളികളും ചേർന്ന് ചാലിയം കോട്ട തകർക്കുകയും ചെയ്തു  

പോർച്ചുഗീസുകാരുടെ അതിക്രമങ്ങൾ അസഹനീയമായ സന്ദർഭത്തിൽ ഒരു ആത്യന്തിക മുന്നേറ്റത്തിനു സജ്ജരാവാൻ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വിനെ പോലെ മഹത്തുക്കൾ രംഗത്തുവന്നതിന്റെ ഫലമാണ് ചാലിയം വിജയത്തിൽ കലാശിക്കുന്നത് നേരിട്ട് യുദ്ധ ഭൂമിയിൽ വന്ന് മഹാൻ തന്റെ പങ്ക് വഹിച്ചു എന്നാൽ പിൽക്കാലത്ത് പൊന്നാനിയിൽ കോട്ട കെട്ടാനുള്ള അനുമതിയും പോർച്ചുഗീസുകാർ സമ്പാദിച്ചു മഹാന്റെ വഫാത്തിനോടടുത്ത കാലത്തായിരുന്നു ഇത് എന്നാൽ പട്ടാളക്കാരുടെ നേതൃത്വത്തിൽ പൊന്നാനിക്കാരായ പോരാളികളുടെ കൂടി പങ്കാളിത്തത്തോടെ ഈ കോട്ട നിർമിക്കുന്നതിനെതിരെ ശക്തമായ മുന്നേറ്റങ്ങളുണ്ടായി 

ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) ആവിഷ്കരിച്ച ദർസിന്റെ ശക്തമായ ഫലങ്ങൾ കണ്ടു തുടങ്ങിയത് ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വിന്റെ കാലത്തായിരുന്നു പൊന്നാനിയിലെ ദർസും ആത്മസംസ്കരണത്തിന്റെ കീർത്തിയും നാടാകെ പരന്നപ്പോൾ പൊന്നാനിയിൽ വന്ന് വിജ്ഞാനം നുകരാൻ ജനങ്ങൾ താൽപര്യം കാണിച്ചു തസ്വവ്വുഫിലധിഷ്ഠിതമായ മഖ്ദൂമിയ്യാ സിലബസ് ജനങ്ങൾ നെഞ്ചിലേറ്റി ആ പാഠ്യപദ്ധതി ഈ മണ്ണിൽ പണ്ഡിത മഹത്തുക്കളെ സൃഷ്ടിച്ചു അങ്ങനെ ഗൗസുകളും ഖുത്വുബുകളും ഉന്നതരായ ഔലിയാക്കളും എത്രയോ സ്വൂഫിവര്യരും ആ പാഠ്യപദ്ധതിയുടെ ഗുണഭോക്താക്കളായി ഹിജ്റ 994- ൽ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വഫാത്തായി പൊന്നാനിയിലാണ് മഹാന്റെ ഖബ്ർ സ്ഥിതി ചെയ്യുന്നത് 

കർമശാസ്ത്ര പണ്ഡിതനും സ്വൂഫിവര്യനുമായ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് അവയിൽ ചിലത് 

1. മസ്ലകുൽ അദ്കിയാ 

(ഇത് പിതാവ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ അദ്കിയാ എന്ന തസ്വവ്വുഫ് ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ്) 

2. ഇർശാദുൽ അലിബ്ബാഅ്

(ഇതും അദ്കിയായുടെ മറ്റൊരു വ്യാഖ്യാനമാണ്) 

3. ഖസ്വീദതുൽ ഇഖ്സാം ഫീ ശീഫാഇൽ അസ്ഖാം 

4. ശർഹു അൽഫിയത്തിബ്നി മാലിക് 

(പള്ളി ദർസുകളിൽ ഓതുന്ന അറബി ഗ്രാമർ ഗ്രന്ഥമാണ് ഇമാം ഇബ്നു മാലിക് (റ) രചിച്ച ആയിരം വരികളുള്ള അൽഫിയ്യാ എന്ന ഗ്രന്ഥം അതിന് ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വ്യാഖ്യാനമെഴുതിയത് പൂർത്തീകരിച്ചത് മകനായ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) ആകുന്നു) 

5. ബാബു മഅ് രിഫത്തിൽ കുബ്റാ 

6. ശർഹുൻ അലാ ബാബി മഅ് ഫത്തിൻ കുബ്റാ 

7. ബാബു മഅ് ഫത്തിസ്സുഗ്റാ 

8. മുത്തഫർരിദ് 

9. അർകാനുസ്സ്വലാത്ത് 

10. അർകാനുൽ ഈമാൻ 

11. മിൻഖാത്തുൽ ഖുലൂബ് 

ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വിന്റെ ശിഷ്യനാണ് ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ)


ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ)

ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ മകൻ ശൈഖ് മുഹമ്മദുൽ ഗസാലി (റ) വിന്റെ മകനാണ് ഫത്ഹുൽ മുഈനിന്റെ രചയിതാവ് ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) രണ്ടാമൻ 

പൊന്നാനി കേരള മുസ്ലിംകളുടെ കേന്ദ്രമായി മാറിയതോടെ പല മഹല്ലുകാരും പൊന്നാനിയിൽ നിന്ന് അവരുടെ മഹല്ലുകളിലേക്ക് പണ്ഡിതരെ ക്ഷണിച്ചു വരുത്തി അവരെ ഖാളിയായി നിശ്ചയിച്ചിരുന്നു അങ്ങനെ വടക്കേ മലബാറിൽ ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ മകനായ ശൈഖ് മുഹമ്മദ് ഗസ്സാലി (റ) ഖാളിയും മുഫ്തിയുമായി നിയോഗിതനായി മാഹിക്കടുത്ത് ചോമ്പാലിൽ വലിയ ജുമാമസ്ജിദ് പണിത് അവിടെ കേന്ദ്രമാക്കി ദീനീ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ചോമ്പാലിലെ ധനിക കുടുംബമായ വലിയകത്ത് കരകെട്ടി തറവാട്ടിൽ നിന്നാണ് മഹാൻ വിവാഹം ചെയ്തത് നാട്ടിലെ കാരണവന്മാർ ഈ തറവാട്ടുകാരായിരുന്നു ചോമ്പാൽ കടൽ തീരത്തിനടുത്തുള്ള പഴയ ജുമുഅത്തു പള്ളി സ്ഥാപിച്ചത് ഇവരാണ് ഈ ദമ്പതികളിൽ വിരിഞ്ഞ കുസുമമാണ് മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) ഹിജ്റ 938- ലായിരുന്നു മഹാന്റെ ജനനം ചോമ്പാലിലാണെന്നും പൊന്നാനിയിലാണെന്നും അഭിപ്രായമുണ്ട്  

പ്രാഥമിക വിദ്യാഭ്യാസം സ്വപിതാവിൽനിന്നു തന്നെയായിരുന്നു പിന്നീട് തുടർപഠനത്തിന് പൊന്നാനി ജുമുഅത്ത് പള്ളിയിലെത്തി അവിടുത്തെ ഗുരു തന്റെ പിതൃസഹോദരനായ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) ആയിരുന്നു പൊന്നാനിയിലെ പഠന കാലത്ത് ഖുർആൻ മുഴുവനും മനഃപാഠമാക്കിയിരുന്നു  

വിജ്ഞാനം നുകരാനുള്ള അങ്ങേയറ്റത്തെ ആഗ്രഹം നിമിത്തം മഹാനായ മഖ്ദൂം സ്വഗീർ (റ) മക്കയിലേക്ക് യാത്രതിരിച്ചു ഹജ്ജും മദീനയിൽ റൗളാ ശരീഫ് സിയാറത്തും കഴിഞ്ഞ് ഇൽമു സമ്പാദിക്കുന്നതിലായി മഹാൻ പത്തു വർഷത്തോളം മക്കയിൽ തന്നെ കഴിച്ചുകുട്ടി മസ്ജിദിൽ ഹറമിലെ ഉന്നതരായ ഗുരുക്കളിൽ നിന്ന് ഫിഖ്ഹിലും ഹദീസിലും പ്രത്യേക വ്യുൽപത്തി കരസ്ഥമാക്കി ഹദീസിലെ അഗാധ പാണ്ഡിത്യം കാരണം ഹറമിലെ പണ്ഡിതർ മഹാനെ മുഹദ്ദിസ് (ഹദീസ് പണ്ഡിതൻ) എന്നു വിളിച്ചിരുന്നു മക്കയിലെ മഹാന്റെ ഗുരുവര്യനായിരുന്നു ശാഫിഈ മദ്ഹബിലെ 'തുഹ്ഫ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ഇമാം ഹജർ ഹൈത്തമി (റ)


ഗുരു പരമ്പര

ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) വിന് നിരവധി ഗുരുവര്യരുണ്ട് ശൈഖ് മുഹമ്മദ് ഗസ്സാലി (റ), ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ), ഇമാം ഇബ്നു ഹജർ ഹൈതമി (റ), ശൈഖ് ഇസ്സുദ്ദീൻ അബ്ദുൽ അസീസ് സംസമി (റ), ഇമാം വജീഹുദ്ദീൻ അബ്ദുർറഹ്മാനുബ്നി സിയാദ് (റ), ശൈഖ് അബ്ദുറഹ്മാൻ സ്വഫ് വിയ്യ് (റ) തുടങ്ങിയവർ അവരിൽ ചിലരാണ് 

ഇമാം മുഹമ്മദ് റംലി (റ), ഇമാം മുഹമ്മദ് ശിർബീനി (റ), ശൈഖ് അബ്ദുല്ലാഹിബ്നു ഉമർ ബാ മഖ്റമ (റ), ശൈഖ് അബ്ദുർറഊഫുൽ മക്കി (റ) തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ കർമശാസ്ത്ര പടുക്കളിൽ നിന്ന് വ്യത്യസ്ത വിഷയങ്ങളിൽ മഹാൻ പല വിഷയങ്ങളിലായി മതവിധി തേടിയിട്ടുണ്ട് 

ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) വിന്റെ പ്രധാന ഗുരുവായി പറയാറുള്ളത് ശാഫിഈ മദ്ഹബിലെ കർമശാസ്ത്ര വിഷാരദന്മാരിൽ പ്രഗത്ഭനും പ്രശസ്തനും ഇമാം നവവി (റ) വിന്റെ മിൻഹാജു ത്വാലിബീനിന്റെ വ്യാഖ്യാതാക്കളിൽ പ്രമുഖനും 'തുഹ്ഫതുൽ മുഹ്താജീൻ ബി ശർഹിൽ മിൻഹാജ് ' അടക്കം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ ഖാതിമത്തുൽ മുഹഖിഖീൻ ഇമാം ശിഹാബുദ്ദീൻ അഹ്മദ് ബ്ൻ ഹജർ ഹൈത്തമി (റ) വിനെയാണ് മഹാനിലൂടെ കടന്നുപോകുന്ന മഖ്ദൂം തങ്ങളുടെ പരമ്പര പ്രസിദ്ധമാണ് പരമ്പര താഴെ വായിക്കാം 

ഇമാം സൈനുദ്ദീൻ അഹ്മദ് മഖ്ദൂം സ്വഗീർ (റ)

⬇️

ഇമാം അഹ്മദ് ബ്ൻ ഹജർ ഹൈത്തമി (റ) 

⬇️

ഇമാം ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) 

⬇️

ഇമാം ജലാലുദ്ദീൻ മുഹമ്മദ് ബ്ൻ അഹ്മദുൽ മഹല്ലി (റ) 

⬇️

👉🏻 ഇമാം അബ്ദുർറഹീമുൽ ഇറാഖി (റ)

⬇️

ഇമാം അലാഉദ്ദീനുബ്നിൽ അത്വാർ (റ) 

⬇️

ഇമാം നവവി (റ) 

⬇️

ഇമാം ഇസ്ഹാഖുൽ മഗ്രിബി (റ) 

⬇️

ഇമാം ഉസ്മാനുബ്നുൽ സ്വലാഹ് (റ) 

⬇️

ഇമാം സ്വലാഹുദ്ദീൻ അബ്ദുർറഹ്മാൻ 

⬇️

ഇമാം അബുൽ ഖാസിമിൽ ബസ്വരി (റ) 

⬇️

ഇമാം അബുൽ ഹസൻ അലിയ്യുബ്ൻ മുഹമ്മദ് ഹർറാസി (റ)

⬇️

ഇമാമുൽ ഹറമൈനി (റ)

⬇️

ഇമാം അബൂ മുഹമ്മദുൽ ജുവൈനി (റ) 

⬇️

ഇമാം ഖഫ്ഫാലുൽ മർവസി (റ) 

⬇️

ഇമാം അബൂ സൈദ് മുഹമ്മദുൽ മർവസി (റ) 

⬇️

ഇമാം ഇസ്ഹാഖുൽ മർവസി (റ)

⬇️

ഇമാം ഇബ്നു സുറൈജ് (റ)

⬇️

ഇമാം ഉസ്മാനുബ്നുൽ ബശ്ശാറിൽ അൻമാത്വി (റ)

⬇️

ഇമാം മുസനി (റ)

⬇️

ഇമാം ശാഫിഈ (റ) 

⬇️

ഇമാം മുസ്ലിമിബ്ൻ ഖാലിദിസ്സിൻജി (റ) 

⬇️

ഇമാം ഇബ്നു സുറൈജ് (റ) 

⬇️

ഇമാം അത്വാഅ് ബ്നി അബീറബാഹ് (റ) 

⬇️

റഈസുൽ മുഫസ്സിരീൻ അബദുല്ലാഹിബ്ൻ അബ്ബാസിസ്വഹാബ (റ)  

⬇️

സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി (സ) 

കേരളക്കാരായ നമ്മുടെ ഉസ്താദുമാരുടെ പരമ്പരകൾ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) വഴിയാണ് കടന്നു പോകുന്നത് ഇമാം നവവി (റ) വിന്റെ പ്രധാന ഗുരുവര്യനായ ഇമാം ഇസ്ഹാഖുൽ മഗ്രിബി (റ) വഴി കടന്നുപോകുന്ന പരമ്പരയാണ് മുകളിലുള്ളത് ഇമാം നവവി (റ) വിന്റെ ഫിഖ്ഹിലെ മറ്റൊരു ഗുരുവായ ഇമാം സല്ലാർ (റ) വഴി ഇമാം ശാഫിഈ (റ) വിൽ ചെന്നെത്തുന്ന മറ്റൊരു പരമ്പരയുമുണ്ട് ഇമാം ശാഫിഈ (റ) വിന് തന്റെ ഗുരുവായ ഇമാം മാലിക് (റ) വഴി കടന്നുപോകുന്ന പരമ്പരയുമുണ്ട്  

നമ്മുടെ ഗുരുവര്യന്മാരുടെ പരമ്പരകൾ പ്രധാനമായും കടന്നുപോകുന്നത് കണ്ണൂർ ജില്ലയിലെ ചൊക്ലിയിൽ മറപെട്ടു ഗുരുക്കന്മാരുടെ ഗുരുവായ ശംസുൽ ഉലമാ ഖുത്വുബി മുഹമ്മദ് മുസ്ലിയാർ (റ) വിലൂടെയാണ് കേരളത്തിലെ ധാരാളം പണ്ഡിതരുടെ പരമ്പര മഹാനായ ശംസുൽ ഉലമാ ഖുത്വുബി ഉസ്താദിൽ ചെന്നെത്തുന്നുണ്ട്.


ഇമാം ഇബ്നു ഹജർ ഹൈതമി (റ)

ശാഫിഈ മദ്ഹബിലെ പിൽക്കാല കർമശാസ്ത്ര പണ്ഡിതരിൽ പ്രമുഖനാണ് ഇമാം ഇബ്നു ഹജർ ഹൈതമി (റ) ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) വിന്റെ പ്രധാന ഗുരുവര്യനാണ് മഹാനവർകളെന്നു നാം വായിച്ചു മാത്രമല്ല, നമ്മുടെ ഗുരുവര്യരുടെ പരമ്പരയിലെ പ്രധാന കണ്ണിയുമാണ് മഹാനവർകൾ മതഗ്രന്ഥങ്ങളിൽ ഇമാം ഇബ്നു ഹജർ ഹൈതമി (റ) വിന്റെ ഗ്രന്ഥങ്ങൾക്ക് നാം പ്രാമുഖ്യം നൽകാറുണ്ട് ഫത് വകളിൽ പ്രധാന അവലംബം തന്നെ മഹാന്റെ മാസ്റ്റർ പീസ് രചനയായ തുഹ്ഹയാകുന്നു 

ഹിജ്റ 909 -ൽ ഈജിപ്തിലെ അബുൽ ഹൈതം എന്ന സ്ഥലത്താണ് ഇമാം ഇബ്നു ഹജർ ഹൈതമി (റ) ജനിച്ചത് യഥാർത്ഥ നാമം അഹ്മദ് എന്നാകുന്നു ഹജർ എന്ന പേരിലറിയപ്പെട്ട വല്ല്യുപ്പയിലേക്കു ചേർത്താണ് ഇബ്നു ഹജർ എന്ന് മഹാനെ വിളിക്കുന്നത്,ഹജർ എന്ന വാക്കിന്റെ അർത്ഥം കല്ല് എന്നാണ് വളരെ അത്യാവശ്യമുണ്ടകിലേ മഹാൻ സംസാരിച്ചിരുന്നുള്ളൂ അതിനാലാണ് മഹാനെ ഹജർ എന്നു ജനങ്ങൾ വിളിച്ചത്  

ഇമാം ഇബ്നു ഹജർ (റ) വിന്റെ ചെറുപ്രായത്തിൽ തന്നെ തന്റെ പിതാവ് വഫാത്തായിരുന്നു പിന്നീട് മഹാനെ പോറ്റിവളർത്തിയത് ഇമാം ശംസുദ്ദീനുബ്ൻ അബിൽ ഹമാഇൽ (റ), ഇമാം ശംസുദ്ദീൻ തന്നാവി (റ) എന്നിവരാണ് പിന്നീട് മഹാൻ മിസ്വറിലെ പ്രസിദ്ധ ഇസ്ലാമിക കലാലയമായ അൽ ജാമിഉൽ അസ്ഹറിലേക്ക് പഠനാവശ്യാർത്ഥം പോയി താമസിച്ചു പ്രശസ്തരും പ്രഗത്ഭരുമായ മഹാപണ്ഡിതരിൽ നിന്ന് മഹാൻ വിജ്ഞാനം കരസ്ഥമാക്കി ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ), ശൈഖ് അബ്ദുൽ ഹഖ് സുംബാത്വി (റ), ശൈഖ് ശംസുദ്ദീൻ മശ്ഹദി (റ), ശൈഖ് ശംസുദ്ദീൻ സുംഹൂദി (റ), ഇമാം ശിഹാബുദ്ദീൻ റംലി (റ), ശൈഖ് അബുൽ ഹസൻ ബക്രി (റ), ശൈഖ് ശംസുദ്ദീൻ ദൽജി (റ) , ശൈഖ് ശിഹാബുദ്ദീനുബ്ൻ നജാർ ഹമ്പലി (റ) തുടങ്ങിയവർ അവരിൽ ചിലരാണ്  

മഹാന് ഇരുപത് വയസ് പൂർത്തിയാകുംമുമ്പേ ഫത് വക്കും ദർസിനും ധാരാളം പണ്ഡിതർ അനുവാദം നൽകിയിരുന്നു മഹാന്റെ പ്രധാന ഗുരു ഇമാം സകരിയ്യൽ അൻസ്വാരി (റ) ആകുന്നു പഠന കാലത്ത് ഗുരുവായ സകരിയ്യൽ അൻസ്വാരി (റ) ശിഷ്യനായ ഇബ്നു ഹജർ (റ) വിന് വേണ്ടി ധാരാളം ദുആ ചെയ്യുമായിരുന്നു ദുആക്ക് പെട്ടെന്നുതന്നെ ഉത്തരം ലഭിക്കുന്ന മഹത്തുക്കളിൽ പെട്ട മഹാനായിരുന്നു ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) 

ഗുരുവിന്റെ ദുആക്ക് ഉത്തരമെന്നപോലെ ഇമാം ഇബ്നു ഹജർ ഹൈതമി (റ) അറിവിന്റെ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചു ഹിജ്റ 933- ൽ മഹാൻ ഹജ്ജിനു പുറപ്പെട്ടു ആ യാത്ര മഹാന്റെ ശൈഖായ ശൈഖ് ബകരി (റ) വിന്റെ കൂടെയായിരുന്നു 

ആ യാത്രയിൽ ഒരു വർഷത്തോളം മഹാൻ മക്കയിൽ കഴിച്ചു കൂട്ടി ആ കാലയളവിലാണ് മഹാന് ഫിഖ്ഹിൽ ഗ്രന്ഥരചന നടത്തണമെന്ന തീരുമാനം വരുന്നത് പിന്നീട് വ്യക്തമായ നിർദേശം വന്നപ്പോൾ മഹാൻ ശർഹുൽ ഇർശാദ് രചിച്ചു സ്വൂഫി പ്രമുഖനായ ശൈഖ് ഹാരിസുൽ മുഹാസിബി (റ) വിൽ നിന്നായിരുന്നു നിർദേശം പിന്നീടു മഹാൻ ഈജിപ്തിലേക്കു തന്നെ യാത്രയായി  

പിന്നീടു മഹാൻ മക്കയിൽ തിരിച്ചെത്തി ദർസിലും ഫത് വയിലും ഗ്രന്ഥരചനയിലുമായി കഴിഞ്ഞുകൂടി മക്കയിൽ വെച്ചാണ് തന്റെ പ്രസിദ്ധമായ 'തുഹ്ഫതുൽ മുഹ്താജ് ബി ശർഹിൽ മിൻഹാജ് ' രചിക്കുന്നത് ശാഫിഈ മദ്ഹബിലെ പിൽക്കാല ഗ്രന്ഥങ്ങളിൽ കിടയറ്റതാണീ ഗ്രന്ഥം സമുദായത്തിന് മാർഗദർശനം നൽകുന്ന നിരവധി ഗ്രന്ഥങ്ങൾ ഇമാം ഇബ്നു ഹജർ ഹൈതമി (റ) രചിച്ചിട്ടുണ്ട് ശർഹുൽ മിശ്കാത്ത്, ഫത്ഹുൽ ജവാദ്, ഇംദാദ്, ശർഹുൽ അർബഈനിന്നവവി, അസ്വവാഇഖുൽ മുഹ്രിഖ, അസ്സവാജിൽ അനിഖ്തിറാഫിൽ കബാഇർ, കഫ്ഫുർറആഅ് അനിൽമുഹർറമാത്തി വസ്സമാഅ്, ഫതാവൽ കുബ്റാ, ഫതാവൽ ഹദീസിയ്യ, അൽ ഇസ്ലാം, ശർഹു ബാഫള്ൽ, അൽ ഈആബ്, ശർഹുൽ ഉബാബ് തുടങ്ങിയ അവയിൽ ചിലതാണ് ഹിജ്റ 973 -ൽ മഹാൻ വഫാത്തായി മക്കയിലെ ജന്നത്തുൽ മുഅല്ലയിലാണ് മഹാനെ മറവു ചെയ്തത് 

ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) തന്റെ ഫത്ഹുൽ മുഈൻ രചിക്കുന്നത് ഗുരുവായ ഇമാം ഇബ്നു ഹജർ ഹൈതമി (റ) വിന്റെ ഗ്രന്ഥങ്ങൾ അവലംബിച്ചാണ് പ്രത്യേകിച്ചും തുഹ്ഫ ഖാല ശൈഖുനാ നമ്മുടെ ശൈഖ് പറഞ്ഞുവെന്ന് ഫത്ഹുൽ മുഈനിൽ നിരവധി സ്ഥലത്തു കാണാം ഈ ശൈഖ് ഗുരുവായ ഇമാം ഇബ്നു ഹജർ ഹൈതമി (റ) ആകുന്നു.


പൊന്നാനിയിൽ തിരിച്ചെത്തുന്നു

പഠനാനന്തരം പൊന്നാനിയിൽ തിരിച്ചെത്തി വിജ്ഞാന പ്രചാരണത്തിലും മതപ്രബോധനത്തിലുമായി ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) മുഴുകി തന്റെ ഉസ്താദും പിതൃവ്യനുമായ ശൈഖ് അബ്ദുൽ  അസീസ് മഖ്ദൂം (റ) വിനൊപ്പം  പൊന്നാനി വലിയ ജുമുഅത്തു പള്ളിയിൽ ദർസ് തുടങ്ങി നീണ്ട മുപ്പത്തിയാറു വർഷം അവിടെ ദർസു നടത്തി മുദർരിസായിരുന്നതോടൊപ്പം ഒന്നാന്തരം പ്രഭാഷകനുമായിരുന്നു മഹാനവർകൾ  

പൊന്നാനിയിൽ മഹാൻ ദർസ് നടത്തുന്ന കാലത്തായിരുന്നു മക്കയിലെ തന്റെ ഗുരുവായിരുന്ന ഖാത്വിമത്തുൽ മുഹഖിഖീൻ ഇമാം ഇബ്നു ഹജർ ഹൈതമി (റ) പൊന്നാനിയിലെത്തുന്നത് കുറച്ചു കാലം മഹാൻ പൊന്നാനിയിൽ താമസിച്ചു പൊന്നാനി വലിയ ജുമുഅത്തു പള്ളിക്കകത്തു സൂക്ഷിച്ചുവരുന്ന കല്ല് ഇമാം ഇബ്നു ഹജർ (റ) കൊണ്ടുവന്നതാണെന്നു പറയപ്പെടുന്നു ഇമാം ഇബ്നു ഹജർ ഹൈതമി (റ) തന്റെ കൈപടയിലെഴുതി ഒപ്പിട്ട ഒരു ഫത് വയുടെ കോപ്പി മഹാനായ ശിഹാബുദ്ദീൻ ശാലിയാത്തി (റ) വിന്റെ ചാലിയത്തെ കുത്വുബു ഖാനയിൽ സൂക്ഷിച്ചിട്ടുണ്ട് അത് പൊന്നാനിയിലായിരിക്കുമ്പോൾ മഹാൻ എഴുതിയതായിരിക്കാമെന്നാണ് നിഗമനം  

മഹാൻ പൊന്നാനിയിൽ തിരിച്ചെത്തിയ കാലത്ത് പോർച്ചുഗീസുകാരുടെ അതിക്രമങ്ങൾകൊണ്ട് മുസ്ലിംകളും സാമൂതിരിയുമെല്ലാം പൊറുതിമുട്ടിയ കാലമായിരുന്നു അതുകൊണ്ടുതന്നെ തങ്ങളഭിമുഖീകരിക്കുന്ന പോർച്ചുഗീസ് അതിക്രമങ്ങളുടെ വിപത്തിനെ പിഴുതെറിയേണ്ടത് ചരിത്രത്തിന്റെ അനിവാര്യതയാണെന്ന യാഥാർഥ്യം മഖ്ദൂം സ്വഗീർ (റ) തിരിച്ചറിയുകയും അതിനാവശ്യമായ പ്രവർത്തനങ്ങളിലും മഹാൻ ശ്രദ്ധ ചെലുത്തുകയും ചെയ്തു  

പോർച്ചുഗീസുകാരുടെ അക്രമങ്ങൾക്കെതിരെ ആഗോള മുസ്ലിംകളുടെ പിന്തുണ സമാർജ്ജിച്ച് ശക്തമായ പ്രതിരോധ മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ മഹാൻ തന്റെ പ്രയത്നങ്ങളഖിലം വിനിയോഗിച്ചു ഈ ആവശ്യത്തിനുവേണ്ടി തുർക്കിയിലെ ഉസ്മാനിയ ഖലീഫമാരുടെയും ഈജിപ്തിലെ മംലൂക്ക്,ഭരണാധികാരികളുമായും മഹാൻ ബന്ധം സ്ഥാപിച്ചു അന്നത്തെ ലോകത്തിലെ തന്നെ നാവിക ശേഷിയിലും സൈനിക ശക്തിയിലും വൻശക്തികളായിരുന്ന പോർച്ചുഗീസുകാരോട് പൊരുതാൻ വിപുലമായ സന്നാഹങ്ങൾ അനിവാര്യമാണെന്ന തിരിച്ചറിവ് മഹാനുണ്ടായിരുന്നു എന്നാൽ സാമൂതിരിയുടെ നേതൃത്വത്തിൽ കുഞ്ഞാലി മരക്കാർമാർ നടത്തിക്കൊണ്ടിരുന്ന പ്രതിരോധ നീക്കങ്ങൾക്കുള്ള സഹായർത്ഥന എന്നോണമാണ് മഹാൻ മുസ്ലിം ഭരണാധികാരികളുടെ പങ്ക് ആവശ്യപ്പെട്ടത്.


ഗ്രന്ഥങ്ങൾ

ധാരാളം വിലപ്പെട്ട ഗ്രന്ഥങ്ങൾ ഈ ഉമ്മത്തിനു നൽകിയ മഹാ മനീഷിയാണ് ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) 

1. ഖുർറതുൽ ഐൻ 

2. ഫത്ഹുൽ മുഈൻ ബി ശർഹി ഖുർറത്തിൽ ഐൻ 

3. അൽ അജ വീബത്തുൽ അജീബഃ അൻ അസ്ഇലത്തിൽ ഗരീബഃ 

4. ഇർശാദുൽ ഇബാദ് സബീലിർറശാദ് 

5. അഹ്കാമു ഇഹ്കാമിന്നികാഹ് 

6. അൻ മൻഹജുൽ വാളിഹ് 

7. ശർഹുസ്സ്വുദൂർ ഫീ അഹ് വാലിൽ മൗത്താ വൽ ഖുബൂർ 

8. അൽ ഫതാവൽ ഹിന്ദിയ്യാ

9. അൽ ജവാഹിർ ഫീ ഉഖൂബത്തി അഹ്ലിൽ കബാഇർ 

തുഹ്ഫതുൽ മുജാഹിദീൻ എന്നൊരു ഗ്രന്ഥം മഖ്ദൂം സ്വഗീറിന്റെതായി ചിലർ പരിചയപ്പെടുത്താറുണ്ട് എന്നാൽ വസ്തുനിഷ്ഠമായി ചിന്തിച്ചാൽ ഈ ഗ്രന്ഥം മഖ്ദൂം സ്വഗീറിന്റതാവാൻ സാധ്യതയില്ല ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം അറിഞ്ഞ ആർക്കും മനസ്സിലാക്കാം ഇതുപോലോത്തൊരു ഗ്രന്ഥം മഖ്ദൂമിനെ പോലെ ഔലിയാക്കളിൽ ഉന്നതരാരും എഴുതുകയില്ലെന്ന് ചരിത്രാന്വേഷികളോട് അന്വേഷിച്ചപ്പോഴും ബോധ്യപ്പെട്ടത് ഈ ഗ്രന്ഥം മഹാനായ മഖ്ദൂമിന്റേതല്ലെന്നാണ്.


ശൈഖ് അബുൽ ഹസൻ ബക്രി (റ)

ശൈഖ്, ത്വരീഖത്ത് സ്വീകരിക്കൽ ഇമാമുകൾ പറഞ്ഞ ഉദ്ധരണികൾ നേരത്തെ നാം വായിച്ചു തസ്വവ്വുഫിലും ത്വരീഖത്തിലുമായിരുന്നു മഖ്ദൂമുമാരുടെ ജീവിതം മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) 'ഖാദിരിയ്യാ' ത്വരീഖത്തുകാരനായിരുന്നു മഹാന്റെ ശൈഖാണ് സയ്യിദീ അബുൽ ഹസൻ മുഹമ്മദുൽ ബക്രി (റ) സിദ്ധീഖ് (റ) വിന്റെ പരമ്പരയിൽ പെട്ട മഹാനവർകൾ ശാഫിഈ മദ്ഹബുകാരനാണ് 

ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) വിന്റെ ശിഷ്യനായ മഹാൻ വിവിധ വിജ്ഞാനങ്ങളിൽ നിപുണനായിരുന്നു ഖുർആൻ വ്യാഖ്യാതാക്കളിൽ പെട്ട മഹാൻ ഹിജ്റ 898- ലാണ് ജനിക്കുന്നത് വഫാത്ത് ഹിജ്റ 952- ൽ 54- മത്തെ വയസ്സിലാണ് തഫ്സീറിലും ഫിഖ്ഹിലും തസ്വവ്വുഫിലും മഹാൻ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.


വഫാത്ത്

ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) വഫാത്താവുന്നത് ഇന്നത്തെ കണ്ണൂർ ജില്ലക്കകത്തുള്ള മാഹിയിലെ ചോമ്പാലിൽ വെച്ചായിരുന്നു ഏതു വർഷമായിരുന്നു എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട് ഈജിപ്ഷ്യൻ ചരിത്രകാരനായ ശൈഖ് മുഹമ്മദ് അന്നുമൈരി അഭിപ്രായപ്പെടുന്നത് ഹിജ്റ 991- ലാണ് മഹാന്റെ വഫാത്തെന്നാണ് ചരിത്രകാരൻ ജോർജ് സൈദാൻ അഭിപ്രായപ്പെടുന്നത് ഹിജ്റ 978 ലാണെന്നാണ് എന്നാൽ മഖ്ദൂം കുടുംബത്തിൽപെട്ട പ്രമുഖ പണ്ഡിതനായ അഹ്മദ് ബാവാ മഖ്ദൂം അഭിപ്രായപ്പെടുന്നത് മഖ്ദൂം സ്വഗീർ (റ) വിന്റെ ജനനവും വഫാത്തും എന്നാണെന്നറിയില്ലെന്നാണ് ചോമ്പാൽ ജുമുഅത്തു പള്ളിയുടെ പരിസരത്തുള്ള മഹാന്റെ മഖ്ബറ ഇന്നും ഒരു സിയാറത്ത് കേന്ദ്രമാണ് ദിനേന ധാരാളമാളുകൾ അവിടെ സിയാറത്തിനും ബറകത്തെടുക്കുവാനുമെത്തുന്നുണ്ട്.


മഖ്ദൂമുമാരും ത്വരീഖത്തും

തസ്വവ്വുഫിന്റെ മേഖലയിൽ വളരെയധികം ശ്രധിച്ച പണ്ഡിത മഹത്തുക്കളാണ് മഖ്ദൂമുമാർ പ്രത്യേകിച്ചും ഇമാം സൈനുദ്ദീൻ മഖ്ദൂം ഒന്നാമനും രണ്ടാമനും തസ്വവ്വുഫിലധിഷ്ഠിതമായ ജീവിത സരണിയാണ് സ്വൂഫിസം സ്വൂഫിസത്തിലൂടെ മാത്രമേ സമൂഹത്തെ ഉത്തേജിപ്പിക്കുവാനും ഉന്നതിയിലെത്തിക്കുവാനും സാധിക്കുകയുള്ളൂ ഈ തത്വം തിരിച്ചറിയുകയും അത് നടപ്പിൽ വരുത്തുകയുമാണ് മഖ്ദൂമുമാർ ചെയ്തത് സ്വൂഫിസത്തിന്റെ പാത ത്വരീഖത്തിലധിഷ്ഠിതമാണ് സ്വൂഫി പർണശാലകളെല്ലാം ത്വരീഖത്തിന്റെ കേന്ദ്രങ്ങളാണ് സ്വൂഫികൾക്കെല്ലാം ഏതെങ്കിലും ത്വരീഖത്തുമായി അഭേദ്യ ബന്ധമുണ്ടായിരിക്കും തസ്വവ്വുഫിന്റെയും ത്വരീഖത്തിന്റെയും പ്രചാരകർ സ്വൂഫികൾ മാത്രമാണ്  

ഏതെങ്കിലും ഒരു ശൈഖിന്റെ ശിക്ഷണത്തിലായിരിക്കും സ്വൂഫികൾ ഓരോരുത്തരും ശൈഖിന്റെ നിയന്ത്രണത്തിലും നിർദേശത്തിലുമായിരിക്കും അവരുടെ വിചാരങ്ങളും പ്രവർത്തനങ്ങളും അതുകൊണ്ടുതന്നെ ഇസ്ലാമിക ലോകത്ത് ശൈഖിനും ത്വരീഖത്തിനും വലിയ പ്രാധാന്യമുണ്ട് ഈയൊരു കോർവ സ്വഹാബത്തുൽ കിറാമിന്റെ കാലം മുതൽക്കേയുണ്ടായിരുന്നു 

താബിഉകളിൽ പ്രമുഖനും പ്രശസ്തനുമായ സയ്യിദുനാ ഹസനുൽ ബസ്വരി (റ) സ്വഹാബിവര്യനും നാലാം ഖലീഫയുമായ ഇമാം അലിയ്യുബ്നു അബീത്വാലിബ് (റ) വിന്റെ മുരീദുമായിരുന്നു ത്വരീഖത്തിൽ ഇമാം ഹസനുൽ ബസ്വരി (റ) വിന്റെ ശൈഖ് ഇമാം മൗലാ അലി (റ) വായിരുന്നു അതുകൊണ്ടുതന്നെ സ്വൂഫിസത്തിന്റെ വഴി ഇമാം അലി (റ) വഴിയാണ് നബി (സ) യിലെത്തുന്നത് സ്വൂഫികളുടെ നേതാവായ സ്വയ്യിദുത്വാഇഫഃ അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) വിന്റെ സ്വൂഫി പരമ്പര കടന്നുപോകുന്നത് ഈ വഴിക്കാണ് ഇമാം അഹ്മദ് സൈനി ദഹ്ലാൻ (റ) എഴുതുന്നു: സ്വൂഫികളിൽ അധിക പേരുടെയും പരമ്പര ചെന്നെത്തുന്നത് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) വിലേക്കാകുന്നു (തഖ്രീബുൽ ഉസ്വൂൽ: 281) 

ഇമാം അഹ്മദ് ബ്നു അജീബഃ (റ) എഴുതുന്നു: ആദ്യമായി ഇൽമുൽ ഹഖീഖത്തിൽ സംസാരിക്കുകയും പ്രകടമാക്കിയതും ഇമാം അലി  (റ) ആയിരുന്നു ഇമാം അലി (റ) വിൽ നിന്ന് ഇമാം ഹസനുൽ ബസ്വരി (റ) വും, നബി (സ) യുടെ ഭാര്യ ഉമ്മുസലമഃ (റ) യുടെ മൗലയും മഹാന്റെ ഉമ്മയുമായ ഖൈറത്ത് (റ), സൈദുബ്നു സാബിത് (റ) വിന്റെ മൗലയും മഹാന്റെ പിതാവും ഇൽമുൽ ഹഖീഖത്ത് സ്വീകരിച്ചു ഹിജ്റ 110- ലാണ് ഹസനുൽ ബസ്വരി (റ) വിന്റെ വഫാത്ത് ഇമാം ഹസനുൽ ബസ്വരി (റ) വിൽ നിന്ന് ശൈഖ് ഹബീബുൽ അജമി (റ) വും മഹാനിൽ നിന്ന് ശൈഖ് അബൂ സുലൈമാൻ ദാവൂദുത്വാഈ (റ) വും മഹാനിൽ നിന്ന് ശൈഖ് അബൂ മഹ്ഫൂള് മഅ്റൂഫുൽ കർഖി (റ) വും മഹാനിൽനിന്ന് ശൈഖ് അബുൽ ഹസൻ സിർരിയ്യുസ്സഖ്ത്വി (റ) വും മഹാനിൽനിന്ന് ഈ ത്വരിഖത്തിന്റെ ഇമാമായ ശൈഖ് അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) വും ഹഖീഖത്തിനെ സ്വീകരിച്ചു (ഈഖാളുൽ ഹിമം: 25) 

ചുരുക്കത്തിൽ കേരളീയ മഹത്തുക്കളെല്ലാം ഈ പാത പിന്തുടർന്നവരായതു കൊണ്ടുതന്നെ വിശ്വാസ ശാസ്ത്രത്തിൽ ഇമാം അബുൽ ഹസൻ അശ്അരി (റ) വിനെയും കർമശാസ്ത്രത്തിൽ ഇമാം ശാഫിഈ (റ) വിനെയും തസ്വവ്വുഫിൽ ഇമാം ജുനൈദുൽ ബഗ്ദാദി (റ) വിനെയും പിൻതുടർന്നവരായിരുന്നു അവർ ഈ പാത കേരളീയ മണ്ണിൽ ഉറപ്പിച്ചവരായിരുന്നു മഖ്ദൂമുമാർ 

മഖ്ദൂമുമാർ ത്വരീഖത്ത് സ്വീകരിച്ചവരും തർബിയത്തിന്റെ മശാഇഖുമാരെ പിൻതുടർന്നവരുമായിരുന്നു ശൈഖ് ഖുത്വുബുദ്ധീൻ ചിശ്തി (റ) വിന്റെ മുരീദായ ഇമാം സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ മുരീദായിരുന്നുവല്ലോ വെളായങ്കോട് കുഞ്ഞിമരക്കാർ ശഹീദ് (റ) നാടിന്റെ നാനാഭാഗത്തും തസ്വവ്വുഫിലധിഷ്ഠിതമായ പ്രവർത്തനങ്ങളായിരുന്നു മഖ്ദൂം ഒന്നാമൻ കാഴ്ചവെച്ചത് മഹാൻ നടപ്പിൽ വരുത്തിയ പാഠ്യപദ്ധതിയിലും തസ്വവ്വുഫ് ഗ്രന്ഥങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു പ്രത്യേകിച്ചും ഇമാം ഗസാലി (റ) വിന്റെ ഗ്രന്ഥങ്ങളോട് മഹാന് പ്രത്യേക താൽപര്യമായിരുന്നു ഇമാം ഗസാലി (റ) വിനോടുള്ള പ്രത്യേക താൽപര്യമാകാം ഒരു മകന് ഇമാമിന്റെ പേര് നൽകിയത് മുഹമ്മദുൽ ഗസാലിയെന്ന ആ മകനും വലിയ പണ്ഡിതനും സ്വൂഫിയുമായിരുന്നു ആ മകനിൽ പിറന്ന കുഞ്ഞാണല്ലോ ലോക തലത്തിൽ ശ്രദ്ധ നേടിയ ഫത്ഹുൽ മുഈനിന്റെ കർത്താവ്  

ഖാദിരിയ്യ ത്വരീഖത്തിന് കേരളത്തിൽ വ്യാപനം ഉണ്ടിക്കിയ മഹാനാണ് ഇമാം സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ (റ) ശൈഖ് അബുൽ ഹസൻ ബക്രി (റ) വിൽ നിന്ന് ത്വരീഖത്തു സ്വീകരിച്ച മഹാനവർകൾ തർബിയത്തിന്റെ ശൈഖായിരുന്നു ഒരു മുറബ്ബിയായ ശൈഖായ ഇമാം സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ (റ) വിന് സയ്യിദുൽ ഖൗം ഖിള്ർ നബി (അ) യുമായി ആത്മീയ ബന്ധമുണ്ടായിരുന്നു തന്റെ ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥം ഖിള്ർ നബി (അ) പരിശോധിച്ച് അനുവാദം കൊടുത്ത ഗ്രന്ഥമാണ് അതുകൊണ്ടുതന്നെ ബറകത്തുള്ള ഒരു ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ  

ഔലിയാക്കളിലെ ഗൗസുകളും ഖുത്വുബുകളും വരെ ഓതുകയും ഓതിക്കൊടുക്കുകയും ചെയ്യുന്ന അത്ഭുത ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ ശാഫിഈ മദ്ഹബിലെ മസ്അലകൾ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം എക്കാലത്തും ശാഫിഈ മദ്ഹബുകാരെ സംബന്ധിച്ച് ഒരമൂല്യ ഗ്രന്ഥം തന്നെയാണ് ശാഫിഈ മദ്ഹബിനുസരിച്ച് കർമ്മങ്ങൾ നിർവഹിക്കാൻ ഒരാളെ സംബന്ധിച്ചിടത്തോളം ഫത്ഹുൽ മുഈൻ തന്നെ മതി 

ഉൾക്കാഴ്ചയും ശരീഅത്തിന്റെ ഉൾസാര രഹസ്യങ്ങളുമറിയുന്ന ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) രചിച്ച ഫത്ഹുൽ മുഈൻ എന്ന മഹത് ഗ്രന്ഥം വ്യക്തമായി മനസ്സിലാവണമെങ്കിൽ ഉൾക്കാഴ്ചയും ആത്മീയ ലോകത്തെത്തിയവരുമായിരിക്കണം കേവലം ഒരു പണ്ഡിതനായതു കൊണ്ടു മാത്രം ഫത്ഹുൽ മുഈൻ തിരിയണമെന്നില്ല വ്യക്തമായി പറഞ്ഞാൽ കശ്ഫും കറാമത്തുമുള്ള ഔലിയാക്കളിലെ ഉന്നതർക്കെ ഫത്ഹുൽ മുഈൻ എന്ന അത്ഭുത ഗ്രന്ഥത്തിലെ കർമശാസ്ത്ര ലോകം തിരിയുകയുള്ളൂ 

ഫിഖിഹിന് വെള്ളവും വെളിച്ചവും നൽകി വളർത്തിയെടുത്തവരെല്ലാം ഔലിയാക്കളിലെ ഉന്നതരായിരുന്നു ഔലിയാക്കൾക്കെ ഫിഖ്ഹിനെ നല്ലപോലെ കൈകാര്യം ചെയ്യാനാകുകയുള്ളൂ ശരീഅത്തിന്റെ ഇൽമുകളിൽ പെട്ട അഖീദയും ഫിഖ്ഹും തസ്വവ്വുഫും ലോകാവസാനം വരെ സംരക്ഷകരായി അല്ലാഹു നിയോഗിച്ചത് അവരെയാണല്ലോ ശരിയായ വിശ്വാസവും, ശരിയായ കർമവും ഇഖ്ലാസ്വോടെയുള്ള ആത്മീയ ജീവിതമാണ് മർത്യന്റെ പാരത്രിക ജീവിതം വിജയത്തിലാക്കുകയുള്ളൂ വിജയികൾക്കെ ജനങ്ങളെ വിജയത്തിലെത്തിക്കുവാൻ കഴിയുകയുള്ളൂ  

ഇമാം ശാഫിഈ (റ) ഔലിയാക്കളിലെ ഉന്നതരായ അഖ്ത്വാബുകളിൽപെട്ട മഹാനായിരുന്നു അക്കാലത്തെ മഹന്മാരെ ഇമാമവർകൾ സന്ദർശിക്കാറുണ്ടായിരുന്നു ശൈഖ് ശൈബാനുർറാഈ (റ), സയ്യിദത്തുനാ നഫീസത്തുൽ മിസ്രിയ്യ (റ) തുടങ്ങിയ മഹത്തുക്കളുമായി ഇമാം ശാഫിഈ (റ) വിന് അടുത്ത ബന്ധമുണ്ടായിരുന്നു   

ശാഫിഈ മദ്ഹബിലെ കർമശാസ്ത്ര പണ്ഡിതരിൽ പ്രമുഖനും പ്രശസ്തനുമാണ് ഹുജ്ജതുൽ ഇസ്ലാം ഇമാം ഗസാലി (റ) ഇമാമുൽ ഹറമൈനി (റ) വിന്റെ പ്രധാന ശിഷ്യനായ ഇമാം ഗസാലി (റ) വിന്റെ ഫിഖ്ഹ് ഗ്രന്ഥങ്ങളാണ് അൽ വജീസ്, അൽ വസ്വീത്, അൽ ബസ്വീത്ത് തുടങ്ങിയ ഫിഖ്ഹ് സംരക്ഷകരിൽ പ്രധാനിയായ ഇമാം ഗസാലി (റ) ഔലിയാക്കളിലെ ഉന്നതനും അഖ്ത്വാബുകളിൽപെട്ട മഹാനുമാണ് ശൈഖ് മുഹമ്മദുൽ ബാദിഗാനി (റ) വിൽ നിന്നാണ് ഇമാം ഗസാലി (റ) ത്വരീഖത്ത് സ്വികരിച്ചത്  

'രണ്ടാം ശാഫിഈ ' എന്ന സ്ഥാനപ്പേരിൽ ഖ്യാതി നേടിയ ശാഫിഈ കർമശാസ്ത്ര വിശാരദന്മാരിൽ പ്രമുഖനാണ് ഇമാം നവവി (റ) ശാഫിഈ മദ്ഹബിൽ മുജ്തഹിദുൽ ഫത് വാ വ തർജീഹ് എന്ന സ്ഥാനത്തെത്തിയ മഹാനാണ് ഇമാം നവവി (റ) കർമശാസ്ത്രത്തിൽ നിരവധി ഗ്രന്ഥങ്ങൾ ഇമാം നവവി (റ) രചിച്ചിട്ടുണ്ട് അത്തഹ്ഖീഖ്, ശർഹുൽ മുഹദ്ദബ്, റൗളഃ, തൻഹീഖ്, നുകതുത്തൻബീഹ്, ഫതാവന്നവവി തുടങ്ങിയ ഇമാം നവവി (റ) വിന്റെ ഫിഖ്ഹ് ഗ്രന്ഥങ്ങളാണ് പിൽക്കാലത്തു വന്ന ശാഫിഈ ഫുഖഹാക്കളെല്ലാം ഇമാം നവവി (റ) വിന്റെ ഗ്രന്ഥങ്ങളെ അവലംബിച്ചവരാണ് ഇമാം ഇബ്നു  ഹജർ ഹൈതമി (റ) തന്റെ കർമശാസ്ത്ര ഗ്രന്ഥ രചനക്ക് പ്രധാനമായും അവലംബിച്ചത് നവവി ഗ്രന്ഥങ്ങളെയാണ് ഇമാം ഇബ്നു ഹജർ ഹൈതമി (റ) വിന്റെ തുഹ്ഫയിലും മറ്റു ഗ്രന്ഥങ്ങളിലും ഇതു വ്യക്തമായി തെളിഞ്ഞു കാണാം  

ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) തന്റെ ഫത്ഹുൽ മുഈൻ രചനക്ക് പ്രധാനമായും അവലംബിക്കുന്നത് അഭിവന്ദ്യ ഗുരുവായ ഇമാം ഇബ്നു ഹജർ ഹൈതമി (റ) വിന്റെ ഗ്രന്ഥങ്ങളെയാണ് പ്രത്യേകിച്ചും തുഹ്ഫയെ ഇമാം നവവി (റ) വിന്റെ മിൻഹാജുത്വാലിബീനിന്റെ വ്യാഖ്യാനമാണ് ഇമാം ഇബ്നു ഹജർ ഹൈതമി (റ) വിന്റെ തുഹ്ഫതുൽ മുഹ്താജ് ബി ശർഹിൽ മിൻഹാജ് മാത്രമല്ല, ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) തന്റെ ഫത്ഹുൽ മുഈനിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നത് ഗ്രന്ഥത്തിലെ മസ്അലകളിൽ ഇമാം നവവി (റ) വിനെയാണ് പിൻപറ്റുന്നതെന്നാണ് ചുരുക്കത്തിൽ നവവി കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ സ്വാധീനമാണ് പിൽക്കാല ശാഫിഈ കർമശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാമുള്ളത് ഇമാം നവവി (റ) വിനോടു തീർത്താൽ തീരാത്ത കടപ്പാടുകളാണ് നമുക്കുള്ളത് കർമശാസ്ത്ര രംഗങ്ങൾ സജീവമാകുന്ന കാലത്തോളം നവവി ഗ്രന്ഥങ്ങളും സജീവമാകും 

ഔലിയാക്കളിലെ ഉന്നതരായ അഖ്ത്വാബുകളിൽപെട്ട മഹാനാണ് ഇമാം നവവി (റ) ശൈഖ് യാസീനുബ്ൻ യൂസുഫുൽ മറാക്കിശി (റ) വാണ് ഇമാം നവവി (റ) വിന്റെ ശൈഖ് സയ്യിദുൽ ഖൗം ഖിള്ർ നബി (അ) മുമായി ഇമാം നവവി (റ) വിന് വലിയ ബന്ധമുണ്ടായിരുന്നുവെന്ന് നവവി ചരിത്രങ്ങളിൽ കാണാം  

പിന്നീടുവന്ന കർമശാസ്ത്ര പണ്ഡിതരിൽ പ്രമുഖനും കൻസുർറാഗിബീനിന്റെ രചയിതാവുമായ ഇമാം മഹല്ലി (റ) വും  ഔലിയാക്കളിലെ ഉന്നതരായ അഖ്ത്വാബുകളിൽപെട്ട മഹാനുമായിരുന്നു ഇമാം മഹല്ലി (റ) വിന്റെ ശിഷ്യനായ ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) ഔലിയാക്കളിൽപെട്ട വലിയ മഹാനായിരുന്നു ഇമാം ഇബ്നുൽ ഹജർ ഹൈതമി (റ) വും ഈ ഗണത്തിൽപ്പെട്ട മഹാൻ തന്നെ  

ചുരുക്കത്തിൽ ഫിഖ്ഹിനെ പരിപോഷിപ്പിച്ചെടുത്ത ഫുഖഹാക്കളെല്ലാം ഔലിയാക്കളും സ്വൂഫികളുമായിരുന്നു അവരല്ലാത്തവർ ഈ മേഖലയിൽ സജീവമായപ്പോഴാണ് ഫിഖ്ഹിലെ അഭിപ്രായ വ്യത്യാസങ്ങൾക്ക് ചൂടേറിയത് അവർ വെറും തർക്കത്തിന്റെ ലോകത്തു മാത്രം ഒതുങ്ങിക്കൂടി ഹിഖ്ഹെന്നാൽ കേവലം തർക്കമാണെന്ന് തോന്നുംവിധമായിരുന്നു അത്തരക്കാരുടെ പ്രവർത്തനങ്ങൾ തർക്കങ്ങളിൽ മാത്രം അവർ ശ്രദ്ധ കേന്ദ്രീകരിച്ചു തസ്വവ്വുഫ് അവരുടെ ഹൃദയാന്തരങ്ങളിൽ പ്രവേശിച്ചതേയില്ല തസ്വവ്വുഫുമായി അവർ കാതങ്ങൾ അകലെയായി സത്യത്തിൽ മഖ്ദൂമുമാരുടെ പ്രബോധ മേഖല തന്നെ തസ്വവ്വുഫിലധിഷ്ഠിതമായിരുന്നു.


ഫത്ഹുൽ മുഈൻ

ഇമാം സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) വിന്റെ ഫത്ഹുൽ മുഈനിനെ സംബന്ധിച്ച് ചില കാര്യങ്ങൾ നാം മനസ്സിലാക്കി സയ്യിദുൽ ഖൗം ഖിള്ർ നബി (അ) ന്റെയും ഔലിയാക്കളുടെയും അംഗീകാരം ലഭിച്ച മഹത് ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ സാധാരണക്കാർക്കും പണ്ഡിതർക്കും ഒരുപോലെ ഉപകരിക്കുന്ന ശാഫിഈ മദ്ഹബിലെ ഒരു പ്രാമാണിക ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ ശാഫിഈ മദ്ഹബിനെ മനസ്സിലാക്കാൻ ഏവർക്കും ഈ ഗ്രന്ഥം ധാരാളമാണ് ശാഫിഈ കർമശാസ്ത്ര മേഖലയിൽ അത്ഭുതം സൃഷ്ടിച്ച ഈ ഗ്രന്ഥത്തിലെ ചില മസ്അലകളിലേക്കുള്ള എത്തിനോട്ടമാണ് താഴെ പറയുന്നത്  

മസ്അലകളുടെ കലവറയാണ് ഫത്ഹുൽ മുഈൻ കേരളീയ സമൂഹം അഥവാ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പന്ഥാവിലുള്ളവരിൽ അധികപേരും ശാഫിഈ മദ്ഹബുകാരാണ് കുറഞ്ഞപക്ഷം ഹനഫി മദ്ഹബുകാരും കേരളത്തിലുണ്ട് കേരളീയ സുന്നി സമൂഹം ഫിഖ്ഹിൽ പ്രധാനമായും അവലംബിക്കുന്നത് ഫത്ഹുൽ മുഈനിനെ തന്നെയാണ് കുട്ടികൾക്ക് ആദ്യം പഠിപ്പിക്കേണ്ടതെന്ത്? കുട്ടികളുടെ നിസ്കാരം, നോമ്പ് തുടങ്ങിയ മസ്അലകൾ നന്നായിത്തന്നെ ഫത്ഹുൽ മുഈനിൽ പ്രതിപാദിക്കുന്നുണ്ട് കുട്ടികൾക്ക് ആദ്യം പഠിപ്പിക്കേണ്ടതെന്താണെന്ന് ഇമാം മഖ്ദൂം (റ) വ്യക്തമാക്കുന്നത് കാണുക: 

നിസ്കാരംകൊണ്ട് കൽപിക്കുന്നതിനേക്കാൾ ആദ്യത്തിൽ മാതാപിതാക്കൾ വകതിരിവുള്ള കുട്ടിക്ക് പഠിപ്പിച്ച് കൊടുക്കൽ നിർബന്ധമായത് നമ്മുടെ നബി മുഹമ്മദ് നബി (സ) മക്കയിൽ ജനിച്ചു മദീനയിൽ വഫാത്തായി എന്നാണ് (ഫത്ഹുൽ മുഈൻ: 7) 

രണ്ട് ശഹാദത്തും പഠിപ്പിച്ച് കൊടുക്കുന്നതിനേക്കാൾ മുമ്പ് ഇതാണ് മക്കളെ പഠിപ്പിക്കേണ്ടത് ഇത് പഠിപ്പിക്കുന്നതിനാൽ അല്ലാഹുവിനെയും റസൂലിനെയും അറിയാനാവും (അൽ അജ് വിബത്തുൽ അജീബ: 11) 

അല്ലാഹുവിനെയും റസൂലിനെയും അറിയാമെന്നു പറഞ്ഞാൽ ഓരോ കുട്ടിയുടെയും ഗ്രാഹ്യമനുസരിച്ചായിരിക്കും അല്ലാഹുവിനെയും റസൂലിനെയും അറിഞ്ഞതിനു ശേഷം ശഹാദത്ത് പഠിപ്പിക്കുമ്പോഴേ അതിന്റേതായ നേട്ടം കൈവരിക്കാനാവുകയുള്ളൂ ഈ വിഷയം അർപംകൂടി വിശദീകരിച്ചു കൊണ്ട് ഇമാം മഖ്ദൂം (റ) വിന്റെ ഗുരുവര്യൻ ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നത് കാണുക: 

അറിയൽ അങ്ങേയറ്റം ആവശ്യമായവ നിഷേധിച്ചാൽ കാഫിറാകുന്ന കാര്യങ്ങൾ കുട്ടിക്ക് പഠിപ്പിച്ച് കൊടുക്കൽ നിർബന്ധമാകുന്നു നബി (സ) ജനിച്ചത് മക്കയിലാണെന്നും വഫാത്തായത് മദീനയിലാണെന്നുമുള്ളത് അതിൽ പെട്ടതാകുന്നു ഇതു രണ്ടും നിഷേധിക്കൽ കുഫ്റാകുന്നു എന്നാൽ കാര്യം ഇതു രണ്ടിലും ക്ലിപ്തമല്ല നിഷേധിക്കാൻ പറ്റാത്തവിധം പ്രത്യക്ഷമായ നബി (സ) യുടെ വിശേഷണങ്ങൾ കുട്ടിക്ക് പഠിപ്പിച്ചു കൊടുക്കണം പിന്നെ നിന്റെ ദീനും നുബുവ്വത്തും രിസാലത്തും വിശദീകരിച്ചു കൊടുക്കലും നിശ്ചയമായും മുഹമ്മദ് നബി (സ) ഖുറൈശികളിൽ പെട്ടവരാണെന്നും അവിടുത്തെ പിതാവ് - മാതാവിന്റെ പേരും സർവ സൃഷ്ടികളിലേക്കും നബിയും റസൂലുമാണെന്നും അവിടുത്തെ നിറം ഏതാണെന്നും പഠിപ്പിക്കൽ നിർബന്ധമാകുന്നു (തുഹ്ഫ: 1/479) 

സ്വയം തിന്നുക, ശുദ്ധീകരിണം നടത്തുക, കുടിക്കുക എന്ന നിലക്ക് വകതിരിവെത്തിയ ആൺ- പെൺ കുട്ടിയോട് ഏഴു വയസ്സായതിനു ശേഷം പിതാവോ വല്ല്യുപ്പയോ അല്ലെങ്കിൽ വസ്വയ്യത്ത് ഏൽപിക്കപ്പെട്ടവനോ രക്ഷിതാവോ നിസ്കരിക്കാൻ കൽപിക്കണം അത് ഖളാഅ് ആയതാണെങ്കിലും ഭയപ്പെടുത്തുന്ന വാചകത്തോടുകൂടി തന്നെ പറയൽ ആവശ്യമാണ് പത്തു വയസ് പൂർത്തിയായതിനു ശേഷം നിസ്കരിച്ചില്ലെങ്കിൽ മുറിയാവാത്ത നിലയിൽ അടിക്കൽ നിർബന്ധമാണ് (ഫത്ഹുൽ മുഈൻ: 7) 

വാങ്കിനു മുമ്പ് സ്വലാത്തു ചൊല്ലൽ ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായമനുസരിച്ച് സുന്നത്തില്ല എന്നാൽ സുന്നത്തുണ്ടെന്ന ഒരഭിപ്രായം ശൈഖുൽ കബീർ ബക്രി (റ) പറഞ്ഞതായി ഫത്ഹുൽ ഹുഈനിൽ കാണാം  

ഇമാം മഖ്ദൂം (റ) എഴുതുന്നു: ഇമാം നവവി (റ) ശർഹുൽ വസ്വീത്വിൽ പറഞ്ഞപ്രകാരം ഇഖാമത്തിനു മുമ്പ് നബി (സ) യുടെ മേൽ സ്വലാത്തു ചൊല്ലൽ സുന്നത്താകുന്നു ഇമാം നവവി (റ) പറഞ്ഞതിനെയാണ് നമ്മുടെ ഗുരു ഇമാം ഇബ്നു സിയാദ് (റ) പ്രബലമാക്കിയത് ഇമാം ഇബ്നു സിയാദ് (റ) പറഞ്ഞു; വാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലുന്നതിൽ ഞാൻ ഒന്നും കണ്ടിട്ടില്ല ശൈഖുൽ കബീറുൽ ബക്രി (റ) പറഞ്ഞത് വങ്കിന്റെയും ഇഖാമത്തിന്റെയും മുമ്പ് സ്വലാത്ത് ചൊല്ലൽ സുന്നത്താണെന്നാണ് (ഫത്ഹുൽ മുഈൻ: 102) 

ശാഫിഈ മദ്ഹബിലെ പ്രബലം വാങ്കിന്റെ മുമ്പ് സ്വലാത്ത് ചൊല്ലൽ സുന്നത്തില്ലെന്നാണ് എന്നാൽ ഇമാം ബക്രി (റ) പറഞ്ഞ ഒരഭിപ്രായം ഈ വിഷയത്തിലുണ്ട് ആ അഭിപ്രായമനുസരിച്ച് വങ്കിനു മുമ്പ് സ്വലാത്തു ചൊല്ലൽ സുന്നത്തുമാണ് 

അഞ്ച് വഖ്ത് നിസ്കാരം പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിംമിനും നിർബന്ധമാണ് നിസ്കാരത്തിന്റെ ഗൗരവത്തെ പറ്റി മഖ്ദൂം (റ) പറയുന്നത് കാണുക: 

പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള മുസ്ലിം മനഃപൂർവം ജംഇന്റെ സമയവും കഴിഞ്ഞ് നിസ്കാരം മടിയനായി പിന്തിച്ചാൽ മതപരമായ ശിക്ഷ എന്ന നിലക്ക് അവനെ പിരടി വെട്ടി വധിക്കേണ്ടതാണ് (ഫത്ഹുൽ മുഈൻ:5) 

എന്നാൽ നിസ്കാര നിർബന്ധതയെ നിഷേധിച്ചവനെ വധിച്ചതിനു ശേഷം കുളിപ്പിക്കുകയോ അവന്റെ മേൽ മയ്യിത്ത് നിസ്കാരം നിർവഹിക്കുകയോ ചെയ്യരുത് (ഫത്ഹുൽ മുഈൻ: 6) 

നിർബന്ധമായ നിസ്കാരം മടിയനായി ഒഴിവാക്കിയാലും നിസ്കാരത്തിന്റെ നിർബന്ധത നിഷേധിച്ചാലുള്ള ശിക്ഷയെ പറ്റിയും ഗൗരവപൂർവം തന്നെ ഗ്രന്ഥത്തിലുണ്ട് ഈ ശിക്ഷകൾ നടപ്പിലാക്കേണ്ടത് ഇസ്ലാമിക ഭരണകൂടമാണ് ഭരണകൂടം ഇസ്ലാമികമായാലും ഇല്ലെങ്കിലും ഖളാ ആയ നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധം തന്നെ  

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള മുസ്ലിം കാരണമില്ലാതെ നിസ്കാരം നഷ്ടപ്പെടുത്തിയാൽ പ്രസ്തുത നിസ്കാരം ഉടനെത്തന്നെ ഖളാഅ് വീട്ടൽ നിർബന്ധമാണ് എന്റെ ഗുരുവര്യൻ അഹ്മദ് ബ്നു ഹജർ (റ) പറഞ്ഞു: അത്തരക്കാർ ഒഴിച്ചുകൂടാൻ പറ്റാത്ത എല്ലാ സമയവും നഷ്ടപ്പെട്ട നിസ്കാരം നിസ്കരിക്കുവാൻ നീക്കിവെക്കേണ്ടതാണ് അവന് സുന്നത്ത് നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ: 6) 

ഇമാം മഖ്ദൂം (റ) തന്നെ എഴുതുന്നു: നിസ്കാരം ഖളാഅ് ഉള്ളവർ മരിച്ചാൽ ആ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല അതിന് ഫിദ് യ നൽകേണ്ടതുമില്ല നിസ്കാരം ഖളാഅ് വീട്ടണമെന്ന അഭിപ്രായം ഇമാം അബ്ബാദി (റ) ഇമാം ശാഫിഈ (റ) വിനെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട് തന്റെ ചില കുടുംബക്കാർ നിസ്കാരം ഖളാഅ് ആയി മരിച്ചപ്പോൾ അവരുടെ നിസ്കാരം ഇമാം സുബ്കി (റ) നിസ്കരിച്ചിട്ടുണ്ട് (ഫത്ഹുൽ മുഈൻ: 6) 

ഫത്ഹുൽ മുഈൻ വ്യാഖ്യാനിച്ചുകൊണ്ട് അല്ലാമാ ബക്രി (റ) എഴുതുന്നു: നമ്മുടെ അസ്വ് ഹാബിൽപെട്ട ധാരാളം പേരുടെ അഭിപ്രായം ഖളാആയ ഓരോ നിസ്കാരത്തിനും ഒരു മുദ്ദ് (750 ഗ്രാം) ഭക്ഷിപ്പിക്കണം എന്നാണ് ഇമാം മുഹിബ്ബുത്വി ബ് രി (റ) പറഞ്ഞു: നിർബന്ധവും സുന്നത്തുമായ എല്ലാ ഇബാദത്തിന്റെ പ്രതിഫലവും മയ്യിത്തിലേക്ക് ചേരും അഹ്ലുസ്സുന്നഃയുടെ മദ്ഹബനുസരിച്ച് മനുഷ്യന്റെ പ്രവർത്തനങ്ങളുടെയും നിസ്കാരത്തിന്റെയും പ്രതിഫലം മയ്യിത്തിലേക്ക് ചേർത്താൽ ചേരുമെന്നാണ് (ഇആനതുത്വാലിബീൻ: 1/45) 

ഉത്തരം കിട്ടുന്ന ദുആകളിൽ പെട്ടതാണ് ഫർള് നിസ്കാരങ്ങൾക്കു പിറകെയുള്ള ദുആ ഫത്ഹുൽ മുഈനിലും അൽ അജ് വിബതുൽ അജീബയിലും ശൈഖ് മഖ്ദൂം (റ) എഴുതിയത് കാണുക: 

ഇമാമിന്റെ ദുആ കേൾക്കുന്ന മഅ്മൂമിന് ദുആ മനഃപാഠമുണ്ടെങ്കിലും ഇമാമിന്റെ ദുആക്ക് ആമീൻ പറയലാണ് സുന്നത്ത് (ഫത്ഹുൽ മുഈൻ: 56) 

ഞാൻ എന്റെ ഗുരുവര്യനോട് (ഇമാം ഇബ്നു ഹജർ ഹൈതമി (റ) ) ചോദിച്ചു: നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ വാരിദായ ദുആ ഇരക്കണോ അതല്ല ദിക്റുകൾ ചൊല്ലിയതിനു ശേഷം ദുആ ചെയ്യലാണോ അഭികാമ്യം? ഗുരു പറഞ്ഞു: ദിക്റുകൾക്കു ശേഷം ദുആ ചെയ്യലാണ് അഭികാമ്യം ഞാൻ വീണ്ടും ചോദിച്ചു: മഅ്മൂമുകൾ ഇമാമിന്റെ ദുആക്ക് ആമീൻ പറയലാണോ അതല്ല വാരിദായ ദുആ (സ്വന്തം) നിർവഹിക്കലാണോ വേണ്ടത്? ഗുരു പറഞ്ഞു: ഇമാമിന്റെ വാരിദായ ദുആ മഅ്മൂം കേൾക്കുന്നുവെങ്കിൽ ആമീൻ പറയലാണ് സുന്നത്ത് (അൽ അജ് വിബത്തുൽ അജീബ: 21) 

സുന്നത്തു നിസ്കാരങ്ങൾ എല്ലായ്പ്പോഴും നിരുപാധികം നിസ്കരിക്കൽ അനുവദനീയമല്ല ചില സുന്നത്തു നിസ്കാരങ്ങൾ ചില സമയങ്ങളിൽ അനുവദനീയമല്ല മാത്രമല്ല, പ്രസ്തുത സമയങ്ങളിൽ തഹ്രീമിന്റെ കറാഹത്താണ് സുന്നത്ത് നിസ്കരിക്കൽ അഥവാ ഹറാമിന്റെ കുറ്റം ലഭിക്കുന്നതാണ് 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: ഒരു കാരണവുമില്ലാത്ത നിരുപാധികം സുന്നത്ത് നിസ്കാരങ്ങളും - തസ്ബീഹ് നിസ്കാരം അതിൽപെട്ടതാകുന്നു അല്ലെങ്കിൽ പിന്തിയ കാരണങ്ങളുള്ള സുന്നത്ത് നിസ്കാരങ്ങളും, ഇസ്തിഖാറത്ത്, ഇഹ്റാം പോലോത്തെ രണ്ട് റക്അത്ത് നിസ്കാരങ്ങൾ സ്വുബ്ഹിക്ക് ശേഷം സൂര്യൻ ഒരു കുന്തത്തോളം ഉയരുന്നതുവരെയും അസ്വറിനു ശേഷം അസ്തമാനം വരെയും ജുമുഅയല്ലാത്ത ദിനത്തിൽ നട്ടുച്ച സമയത്തും നിസ്കരിക്കൽ തഹ്രീമിന്റെ കറാഹത്താകുന്നു (ഫത്ഹുൽ മുഈൻ: 47) 

തഹ്രീമിന്റെ കറാഹത്ത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താണ് കറാഹത്തുകൾ തഹ്രീമിന്റെ കറാഹത്ത്, തൻസീഹിന്റെ കറാഹത്ത് എന്നിങ്ങനെ രണ്ടെണ്ണമുണ്ട് ചെയ്താൽ ശിക്ഷയില്ലാത്തതും ഉപേക്ഷിച്ചാൽ കൂലിയുള്ളതുമായ കറാഹത്താണ് തൻസീഹിന്റെ കറാഹത്ത് സാധാരണയിൽ നാം കറാഹത്തെന്നു പറയുന്നത് ഇതിനെയാണ് 

പിന്തിയ കാരണങ്ങളുള്ള സുന്നത്ത് നിസ്കാരങ്ങൾ ഹറാമാണ് പിന്തിയ കാരണമെന്നു പറഞ്ഞാൽ ഇഹ്റാമിന്റെ സുന്നത്ത് നിസ്കരിച്ചതിനു ശേഷമാണ് ഇഹ്റാമിൽ പ്രവേശിക്കുക അതു പോലെ തന്നെയാണ് യാത്രയുടെ സുന്നത്ത് നിസ്കാരവും സുന്നത്ത് നിസ്കരിച്ചതിനു ശേഷമാണ് യാത്ര ഇവിടങ്ങളിലെല്ലാം കാരണങ്ങൾ പിന്തിയും നിസ്കാരം മുന്തിയുമാണ് ഈ ഗണത്തിൽപെട്ട നിസ്കാരങ്ങളെല്ലാം മേൽ പറഞ്ഞ സമയങ്ങളിൽ ഹറാമാകുന്നു  

മയ്യിത്തിൽ നിന്ന് നജസ് പുറപ്പെട്ടാൽ അത് നീക്കം ചെയ്യൽ നിർബന്ധമാണ് മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്തതിനു ശേഷമാണെങ്കിലും നജസ് നീക്കം ചെയ്യൽ നിർബന്ധമാണെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലം കഫൻ ചെയ്തതിനു ശേഷം നജസ് പുറപ്പെട്ടാൽ നീക്കം ചെയ്യൽ നിർബന്ധമില്ലെന്ന അഭിപ്രായം ഫത്ഹുൽ മുഈനിൽ ഉദ്ധരിച്ചത് അതനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് സൗകര്യമാവും ഗുരുവും ശിഷ്യനും ഈ വിഷയത്തിൽ പറഞ്ഞ മസ്അല നമുക്ക് നോക്കാം 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു മയ്യെത്ത് കുളിപ്പിച്ചതിനു ശേഷം നജസ് പുറപ്പെട്ടാൽ അത് ഗുഹ്യസ്ഥാനത്ത് നിന്നാണെങ്കിലും നജസിനെ നീക്കം ചെയ്യൽ നിർബന്ധമാണ് കുളി മടക്കേണ്ടതില്ല ശുദ്ധമായ മനിയ്യ് പുറപ്പെട്ടാൽ ഒന്നും തന്നെ നിർബന്ധമില്ല കഫൻ ചെയ്തതിനു ശേഷമാണെങ്കിൽ മയ്യിത്തിന്റെ ശരീരത്തിൽ നിന്നും കഫൻ തുണിയിൽ നിന്നും നജസിനെ നീക്കം ചെയ്ത് ശുദ്ധിയാക്കൽ നിർബന്ധമാണ് (തുഹ്ഫ: 3/106) 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: മയ്യിത്ത് കുളിപ്പിച്ചതിനു ശേഷം നജസ് പുറപ്പെട്ടാൽ ശുദ്ധി മുറിയുകയില്ല മറിച്ച് നജസ് നീക്കം ചെയ്താൽ മാത്രം മതി കഫൻ ചെയ്യുന്നതിന് മുമ്പാണെങ്കിലാണിങ്ങനെ കഫൻ ചെയ്തതിന് ശേഷമാണ് നജസ് പുറപ്പെട്ടതെങ്കിൽ നജസ് നീക്കം ചെയ്യൽ നിർബന്ധമില്ല (ഫത്ഹുൽ മുഈൻ: 152) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) തന്റെ തുഹ്ഫയിൽ പ്രബലമാക്കിയത് കഫൻ ചെയ്തതിനു ശേഷം നജസ് വന്നാൽ നീക്കൽ നിർബന്ധമാണെന്നാണ് എന്നാൽ ഫത്ഹുൽ ജവാദിലും ഇംദാദിലും പ്രബലമാക്കിയത് കഫൻ ചെയ്തതിനു ശേഷം നജസ് വന്നാൽ നീക്കൽ നിർബന്ധമില്ലെന്നാണ് ഈ അഭിപ്രായത്തെയാണ് ശിഷ്യൻ മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ ഉദ്ധരിച്ചത് 

ചേലാകർമം ചെയ്യൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധമാണ് മാർക്കക്കല്യാണം, സുന്നത്തു കല്യാണം എന്നൊക്കെ അതിനെ പറയാറുണ്ടെങ്കിലും ചേലാകർമം നിർബന്ധം തന്നെയാണ്  

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: ചേലാകർമം ചെയ്യാത്തവരായി ജനിച്ച സ്ത്രീ- പുരുഷന്മാരെ ചേലാകർമം ചെയ്യൽ നിർബന്ധമാകുന്നു ഇബ്റാഹീം നബി (അ) ന്റെ മില്ലത്തിനെ താങ്കൾ പിൻപറ്റുക എന്ന അല്ലാഹുവിന്റെ വാക്കിനു വേണ്ടിയാണിത് ഇബ്റാഹീം നബി (അ) ന്റെ മില്ലത്തിൽ പെട്ടതാണ് ചേലാകർമം ഇബ്റാഹീം നബി (അ) എൺപതാം വയസിൽ ചേലാകർമം ചെയ്തിട്ടുണ്ട് ഒരഭിപ്രായ പ്രകാരം ചേലാകർമം പുരുഷന് നിർബന്ധവും സ്ത്രീക്ക് സുന്നത്തുമാകുന്നു പ്രായപൂർത്തി ആയതിനു ശേഷമാണിതു നിർബന്ധം അതിനു മുമ്പ് നിർബന്ധമില്ല ഇതു രണ്ടുമായാൽ ഉടനടി നിർബന്ധമാകും (ഫത്ഹുൽ മുഈൻ: 459) 

ഇമാം മഖ്ദൂം (റ) തുടരുന്നു: പ്രസവിച്ച ഏഴിനാവൽ സുന്നത്താകുന്നു നബിചര്യയാണിതിന്നാധാരം പിന്തിച്ചാൽ നാൽപതാം ദിവസവും പിന്നെയും പിന്തിച്ചാൽ ഏഴാം വയസ്സിലുമാണു വേണ്ടത് ആണിന്റെ ചേലാകർമം പരസ്യമാക്കലും പെണ്ണിന്റെത് രഹസ്യമാക്കലും സുന്നത്താണ് (ഫത്ഹുൽ മുഈൻ: 460) 

നികാഹും നികാഹുമായി ബന്ധപ്പെട്ട പലതും ഇസ്ലാമിൽ സുന്നത്താണ് മുനാക്കഹാത്തിനെ സംബന്ധിച്ച് ദീർഘമായ അധ്യായം തന്നെ ഫത്ഹുൽ മുഈനിലുണ്ട് നികാഹുമായി ബന്ധപ്പെട്ട ചില മസ്അലകൾ ഫത്ഹുൽ മുഈൻ പറഞ്ഞത് നമുക്കു നോക്കാം 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: നികാഹ് ചെയ്യണമെന്ന ധാരണയിൽ അവനും അവൾക്കും നിസ്കാരത്തിൽ ഔറത്തായി പരിഗണിക്കാത്ത ഭാഗങ്ങൾ കാണൽ സുന്നത്താണ് അതിനാൽ അവൻ അവളുടെ മുഖവും മുൻകൈയ്യും നോക്കാം മുഖ ദർശനത്തിൽ സൗന്ദര്യവും മുൻകൈ നോക്കുമ്പോൾ ശരീര പ്രകൃതിയും മനസ്സിലാക്കാം അവൾക്ക് അവന്റെ മുട്ടുപൊക്കിളിനിടയിൽ പെടാത്ത എല്ലാ ഭാഗങ്ങളും നോക്കാം (ഫത്ഹുൽ മുഈൻ: 340) 

ഇനി അവന് ലജ്ജയോ മറ്റെന്തോ കാരണംകൊണ്ട് അവളെ വേണ്ടവിധം കാണാനായില്ലെങ്കിൽ വേറെ ഏതെങ്കിലും സ്ത്രീയെ അയച്ച് അവളുടെ വിശേഷണങ്ങൾ മനസ്സിലാക്കൽ സുന്നത്താകുന്നു (ഫത്ഹുൽ മുഈൻ: 341) 

വധൂവരന്മാർക്കിടയിൽ വിവാഹശേഷം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ കുഫ്അ് നോക്കൽ അഥവാ രണ്ടുപേരും തമ്മിൽ പൊരുത്തപ്പെട്ടു പോവുന്ന നിലയിൽ തുല്യത ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കൽ വളരെ നല്ലതാണ്  

ഇമാം മഖ്ദൂം (റ) എഴുതുന്നു: വധൂവരന്മാർ തുല്യതയുണ്ടാവൽ നികാഹിൽ പരിഗണിക്കപ്പെടുന്നതാണ് നികാഹിന്റെ സാധുതക്ക് ഇത് ബാധകമല്ല ഇത് പെണ്ണിന്റെയും വലിയ്യിന്റെയും ഹഖാകുന്നു (ഫത്ഹുൽ മുഈൻ: 368) 

സുന്നിയായ സ്ത്രീക്ക് സുന്നിയല്ലാത്ത മുബ്തദിഅ് കുഫ്അ് ആവുകയില്ല (ഫത്ഹുൽ മുഈൻ: 369) 

വ്യഭിചാരം, കൊലപാതകം, വ്യഭിചാരാരോപണം, പലിശ ഭക്ഷിക്കൽ, യത്തീമിന്റെ ധനം ഭക്ഷിക്കൽ, കള്ളസാക്ഷി നിൽക്കൽ, കാരണമില്ലാതെ കുടുംബ ബന്ധം മുറിക്കൽ, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കൽ, ഫർള് നിസ്കാരം ഖളാഅ് ആക്കൽ, കൊടുക്കൽ നിർബന്ധമായ സകാത്ത് പിന്തിപ്പിക്കൽ, നമീമത്ത് തുടങ്ങിയവ വൻദോഷങ്ങളാണ് (ഫത്ഹുൽ മുഈൻ: 505) 

ഇത്തരം കാര്യങ്ങൾ ചെയ്യാത്തവളാണ് ദീനിയായ സ്ത്രീ നികാഹിൽ ദീനിയായ സ്ത്രീക്ക് മുൻഗണന നൽകൽ സുന്നത്താകുന്നു  

സകാത്ത് കൊടുക്കൽ ഇസ്ലാം കാര്യത്തിൽ നാലാമത്തേതാണ് സകാത്തിൽ പെട്ടതാണ് ഫിത്വർ സകാത്ത് ഫിത്വർ സകാത്തിനെ സംബന്ധിച്ച് കാണുക: 

ഇമാം മഖ്ദൂം (റ) എഴുതുന്നു: ശരീരവുമായി ബന്ധപ്പെട്ട സകാത്താണ് ഫിത്വർ സകാത്ത് മനുഷ്യരുടെ ശാരീരിക- ആത്മീയ ശുദ്ദീകരണമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത് ഇമാം ശാഫിഈ (റ) വിന്റെ ഗുരുവര്യനായ വകീഅ് (റ) പറയുന്നു: നിസ്കാരത്തിൽ വരുന്ന ന്യൂനതകൾക്ക് നഹ് വിന്റെ സുജൂദ് പരിഹാരമാകുംപോലെ റമളാൻ നോമ്പിൽ സംഭവിക്കുന്ന ന്യൂനതകൾക്ക് ഫിത്വർ സകാത്ത് പരിഹാരമാണ് ഫിത്വർ സകാത്ത് നോമ്പുകാരന് ശുദ്ധീകരണമാണെന്ന തിരുവചനം ഇതിന് ബലം നൽകുന്നു (ഫത്ഹുൽ മുഈൻ: 171) 

മസ്അലകളുടെ ബഹ്റാണ് ഫത്ഹുൽ മുഈൻ അല്ലാഹു നമുക്ക് കനിഞ്ഞു നൽകിയ സൂക്ഷിപ്പു മുതലാണത് ഉൾക്കാഴ്ചയുള്ള മഹാന്മാർക്കെ ഫത്ഹുൽ മുഈൻ വ്യക്തമായി മനസ്സിലാവുകയുള്ളൂ തസ്വവ്വുഫ്, ത്വരീഖത്തിന്റെ മേഖലയിലുള്ളവർ ശാഫിഈ ഫിഖ്ഹിൽ പ്രഥമ പരിഗണന നൽകുന്നത് ഫത്ഹുൽ മുഈനിനാണ് പ്രത്യേകിച്ചും കേരളക്കാരായ മഹത്തുക്കൾ.


മഖ്ദൂമിയ്യഃ ർശനങ്ങൾ

മഖ്ദൂമുമാരുടെ പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാ മേഖലയിലുമുണ്ടായിരുന്നു വിമോചന മുന്നേറ്റങ്ങൾക്ക് പ്രചോദനമേകുന്ന പ്രവർത്തനങ്ങളിലേക്ക് കൂടി ശ്രദ്ധ നൽകുക എന്നത് ചരിത്രപരമായ ഒരനിവാര്യതയായതിനാൽ സമര രംഗത്ത് കൂടി അവർ ശ്രദ്ധിച്ചിരുന്നു മനുഷ്യരുടെ അത്മസംസ്കരണത്തിനായിരുന്നു അവർ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് 

മനുഷ്യന്റെയും സൃഷ്ടികളുടെയും ഉൺമക്കും നിലനിൽപിനും ആധാരമായി വർത്തിക്കുന്ന അല്ലാഹോട് ഓരോ വിശ്വാസിക്കും അനുനിമിഷം ഉണ്ടാകേണ്ട ബന്ധമെന്താണെന്ന് അവർ ജനങ്ങളെ പഠിപ്പിച്ചത് ഇങ്ങനെ ഐന്റെ സ്രഷ്ടാവും ഉടമയും പരിപാലകനും വിധികർത്താവുമെല്ലാമായ അല്ലാഹുവോടുള്ള ഓരോ വിശ്വാസിയുടെയും യഥാർത്ഥ ബന്ധം മനസ്സിലാക്കിക്കൊടുത്ത് സ്വന്തം നഫ്സിന്റെ ഇച്ഛകളെ മറികടക്കാനും അല്ലാഹുവിന്റെ താൽപര്യങ്ങൾ പരിഗണിച്ച് ജീവിക്കാനും മാർഗദർശനം നൽകിയ അവർ ആത്യന്തികമായി ഭൂമിയിൽ ക്ഷേമ ലോകം പണിയുക എന്ന ലക്ഷ്യത്തിൽ പരിമിതരല്ലായിരുന്നുവെന്നും മരണാനന്തരം ശേഷിക്കുന്ന അറ്റമില്ലാത്ത ശാശ്വതമായ ജീവിതത്തെ ഭദ്രമാക്കാൻ സ്വയം യത്നിച്ചവരും മറ്റുള്ളവരെ അതിലേക്ക് മാർഗദർശനം ചെയ്തവരുമായിരുന്നുവെന്നും തിരിച്ചറിയാനാവും 

മുസ്ലിംകൾക്കിടയിൽ ആധുനിക സ്വഭാവത്തിലുള്ള പരിഷ്കരണ വ്യവഹാരങ്ങൾ ആരംഭിക്കുന്നതിനു മുമ്പുള്ള വിശ്വാസപരമായ ദൃഢതയുടെയും സാമൂഹിക, രാഷ്ട്രീയ പ്രബുദ്ധതയുടെയും മൂർത്തമായ ചില അടയാളങ്ങാണ് മഖ്ദൂമുമാരുടെ ചരിത്രം അവരോകനം ചെയ്യുന്നതിലൂടെ നാം അനാവരണം ചെയ്യുന്നത് 

സ്വന്തം ഭൂതകാലത്തോട് അപകർഷത വളർത്തി ജീർണോദ്ധാരണത്തിന് ഇറിങ്ങിത്തിരിച്ച ആധുനിക പരിഷ്കരണ വ്യവഹാരങ്ങൾ ആർജവമുള്ള ഈയൊരു പാരമ്പര്യത്തെ പാടെ വിസ്മരിക്കുകയാണ് ചെയ്തത് എന്നാൽ പുതിയ ഗവേഷണാന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ ഈ പാരമ്പര്യങ്ങളിൽ നിന്ന് സാമൂഹിക പ്രാധാന്യമുള്ള ഘടകങ്ങളെ മാത്രം ഏറ്റെടുക്കുന്നവരും യഥാർത്ഥത്തിൽ ചെയ്യുന്നത് ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊള്ളുകയല്ല പ്രത്യുത ചരിത്രത്തെ ഭൗതിക ലക്ഷ്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുകയാണ് അഥവാ ആധുനിക മൂല്യങ്ങൾക്കനുഗുണമാകുന്നവിധം സാമുദായിക സാംസ്കാരിക രാഷ്ട്രീയ വിധേയത്വമുള്ള ആൾക്കൂട്ടങ്ങളുമായി മാപ്പിള സമൂഹത്തെ പരിവർത്തിപ്പിക്കുന്ന ജീർണോദ്ധാരണ പ്രവർത്തനങ്ങൾ ഇസ്ലാമിക താൽപര്യങ്ങളേക്കാൾ ആധുനികതയുടെ സാംസ്കാരിക രാഷ്ട്രീയ താൽപര്യങ്ങളെയാണ് സാക്ഷാൽകരിച്ചത് എന്നത് ഞെട്ടലോടെ നമുക്ക് തിരിച്ചറിയേണ്ടിവരുന്നു 

പാരമ്പര്യത്തെ പ്രതിനിധീകരിച്ച് അതിന്റെ സംരക്ഷകരായി വേഷം കെട്ടിയാടുന്ന സംഘടനാ സംരംഭങ്ങളും സ്വാർത്ഥ ലക്ഷ്യങ്ങൾക്കു വേണ്ടിയല്ലാതെ ചരിത്രത്തെ ഉപയോഗിച്ചിട്ടില്ല എന്നതാണ് വസ്തുത കാൽപനികവൽകരിക്കപ്പെട്ട ഒരു ചരിത്രബോധമാണ് അവർക്ക് കൈമുതലായുള്ളത് ചരിത്രത്തെ കാൽപനികവൽകരിക്കുന്നതിന്റെ ഒരു ദുരന്തം അത് ഭൂതകാലത്തെ കാൽപനിക വിഭൂതികളുടെ അതിമാനുഷ ഇന്ദ്രജാലങ്ങൾ മാത്രമായി ചുരുക്കം എന്നതാണ് ഇങ്ങനെ ചരിത്ര പുരുഷന്മാർ കാൽപനിക വർണങ്ങളുള്ള മായാജാലക്കാരായി മാറുകയും അവരുടെ യഥാർത്ഥ പ്രതിനിധാനവും ആശയങ്ങളും തമസ്കരിക്കപ്പെടുകയും ചെയ്തപ്പോൾ ആധുനികതയും അതിന്റെ ആശയ സാംസ്കാരിക രാഷ്ട്രീയ മൂല്യങ്ങളും കേരള മുസ്ലിംകളെ ധാർമികവും ആത്മീയവുമായി ദുർബലപ്പെടുത്തുകയാണ് ചെയ്തത് 

എന്നാൽ യഥാർത്ഥ ചരിത്രം അനാവരണം ചെയ്യുമ്പോൾ മുസ്ലിം സമുദായത്തെ ആത്മീയവും സാംസ്കാരികവുമായി നിലനിർത്തിയ പാരമ്പര്യ ഘടകങ്ങളെ കണ്ടെത്താൻ നമുക്കു കഴിയും തീർച്ചയായും ഇസ്ലാമിന്റെ ആന്തരസാരമായ തസ്വവ്വുഫിനെ ഉൾക്കൊണ്ടവരും അതിന്റെ പ്രകാശശോഭയിൽ സ്വയം ജീവിച്ചവരും ജനങ്ങളെ ആ വഴിയിൽ നയിച്ചവരുമായിരുന്നു മഖ്ദൂം പണ്ഡിതന്മാർ എല്ലാ ദുഷടാവരണങ്ങളെയും നീക്കംചെയ്ത് അകം ശുദ്ധമാക്കി മനുഷ്യരോടും പ്രപഞ്ചത്തോടും സ്നേഹവും സഹവർത്തിത്വവും നിലനിർത്തി ജീവിതം നയിക്കാനാണ് ഓരോ വിശ്വാസിയെയും അവർ മാർഗദർശനം ചെയ്തത് ഉൺമയും ഗുണങ്ങളും അനക്കമടക്കങ്ങൾക്കുള്ള ശേഷിയും നൽകി തന്നെയും പ്രപഞ്ചത്തെയും പോറ്റി പരിപാലിക്കുന്ന അല്ലാഹുവിനോടുള്ള ആശ്രിതത്വപരമായ ബന്ധത്തിന്റെ യാഥാർത്ഥ്യത്തെയാണ് അവർ അനാവരണം ചെയ്തത്  

മഖ്ദൂം പണ്ഡിതന്മാരുടെ യഥാർത്ഥമായ ഈ ദൗത്യം വീണ്ടെടുക്കുക എന്നതിനർഥം മുസ്ലിം സമുദായത്തിന്റെ ധാർമികമായ വീര്യം വീണ്ടെടുക്കുക എന്നതാണ് മഖ്ദൂം പണ്ഡിതരുടെ ധർമങ്ങൾ കാത്തുസൂക്ഷിക്കുകയാണ് നാം ചെയ്യേണ്ടത് മഖ്ദൂം ചരിത്രങ്ങൾ എക്കാലത്തും സമുദായത്തിന് സൂക്ഷിപ്പുമുതലാണ് മഖ്ദൂമുമാർ നിലനിർത്തിയിരുന്ന ദീനിന്റെ യഥാർത്ഥ തനിമ വരുംതലമുക്ക് എത്തിച്ചു കൊടുക്കൽ നമ്മുടെ ഓരോരുത്തരുടെയും കടമയായി നാം ഏറ്റെടുക്കണം തസ്വവ്വുഫിനെ യഥാർത്ഥമായി അവതരിപ്പിച്ച മഖ്ദൂം പാരമ്പര്യം നമുക്കുണ്ടാവണം ത്വരീഖത്തുകളുടെ സംരക്ഷകരായി നാം നിലകൊള്ളണം വിശ്വാസ സരണി എക്കാലത്തും മഖ്ദൂമിയ പാതയിലായിരിക്കണം.


മഖ്ദൂം പണ്ഡിതന്മാർ

കേരളീയ ജനതക്ക് പ്രത്യേകിച്ചും മലബാറുകാർക്ക് ദീനീ രംഗത്ത് വലിയ സംഭാവനകളും സന്ദേശങ്ങളും നൽകിയ മഖ്ദൂം പണ്ഡിതന്മാർ എക്കാലത്തും അനുസ്മരിക്കപ്പെടേണ്ടവർ തന്നെയാണ് നമ്മുടെ പാരമ്പര്യം മഖ്ദൂമിയ്യാ പാരമ്പര്യമാണ് നമുക്ക് ദീൻ ലഭിച്ചത് മഖ്ദൂമുമാർ വഴിയാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സരണി തസ്വവ്വുഫിലൂടെയാണെന്ന് നമുക്കുണർത്തിത്തന്ന പണ്ഡിത വിശാരദന്മാരാണ് മഖ്ദൂമുമാർ 

മാലകളും മൗലിദുകളും നമുക്ക് ഹയാത്താക്കിത്തന്നതിൽ മഖ്ദൂമുമാരുടെ പങ്ക് വിലമതിക്കാനാവാത്തതാണ് പോർച്ചുഗീസുകാരോട് സന്ധിയില്ലാത്ത സമരൗ ചെയ്ത മഖ്ദൂമുമാർ സ്വരാജ്യ സ്നേഹത്തിന്റെ പങ്കും ദേശസ്നേഹത്തിന്റെ പങ്കും സ്വയം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് ബോധ്യപ്പെടുത്തി വാളെടുത്ത് പറങ്കികളോട് പോരാടി അവരെ തുരത്തിയ ജനസമൂഹത്തിന് എക്കാലത്തും മഖ്ദൂമുമാർ ആത്മീയ ഊർജം നൽകിയിരുന്നു  

മുസ്ലിംകളും അമുസ്ലിംകളും ഒറ്റക്കെട്ടായി ജീവിച്ച മണ്ണിൽ ശാന്തിയോടും സമാധാനത്തോടും ജീവിക്കാനുള്ള അവകാശം പാശ്ചാത്യ ശക്തികളിൽ നിന്ന് പിടിച്ചുവാങ്ങുന്നതിന് സാമൂതിരിയുടെ പിന്നിൽ അണിചേരാനുള്ള പ്രധാന കാരണം മഖ്ദൂമുമാർ തന്നെയാണ് 

കേരളീയ മണ്ണിൽ മുസ്ലിം വീടുകളിലും കേന്ദ്രങ്ങളിലും ദിവസേന പാരായണം ചെയ്യപ്പെടുന്ന മുത്ത് നബി (സ) യുടെ മദ്ഹ് കീർത്തനമാണ് ഗദ്യവും പദ്യവുമടങ്ങിയ മൻഖൂസ്വ് മൗലിദ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ കരങ്ങളാൽ വിരചിതമായ മൻഖൂസ്വ് മൗലിദിന്റെയാത്ര പാരായണം ചെയ്യപ്പെടുന്ന വേറെ മൗലിദ് ഉണ്ടായിട്ടില്ലെന്നാണ് നമ്മുടെയൊക്കെ അനുഭവങ്ങൾ അല്ലാഹു മഖ്ദൂമുമാർക്ക് നൽകിയ സ്വീകാര്യതയാണിതെല്ലാം  

ദർസീ രംഗത്ത് വലിയ വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ മഖ്ദൂം പണ്ഡിതർ ഉപകാരപ്രദമായ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് പണ്ഡിതർക്കും സാധാരണക്കാർക്കും വലിയ ഉപകാരങ്ങൾ നൽകിയ ഫത്ഹുൽ മുഈൻ അതിൽ പ്രധാനമാണ് ഫത്ഹുൽ മുഈൻ ദർസ് നടത്താതെ ഒരൊറ്റ ദർസുപോലും കേരളത്തിലില്ല ഫത് വകൾക്കു പണ്ഡിതരുടെ അവലംബമാണ് ഫത്ഹുൽ മുഈൻ വലിയ കർമശാസ്ത്ര പടുക്കളായ പണ്ഡിത സമൂഹം പോലും ഫത്ഹുൽ മുഈനിൽ പറഞ്ഞത് അവസാന വാക്കായി തന്നെ കാണുന്നു ഫത്ഹുൽ മുഈനിന്റെ മഹത്വം ആലിമീങ്ങൾക്കേ അറിയുകയുള്ളൂ 

അൽഫിയയും ഫത്ഹുൽ മുഈനും എക്കാലത്തും ദർസീ രംഗത്ത് മാസ്റ്റർപീസ് ഗ്രന്ഥങ്ങൾ തന്നെയാണ് അൽഫിയയുടെ വ്യാഖ്യാനമെഴുതിയത് മഖ്ദൂം ഒന്നാമനും മഹാന്റെ വഫാത്തിനു ശേഷം അത് പൂർത്തിയാക്കിയത് മകൻ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂമുമാണ് പണ്ഡിതരും സാധാരണക്കാരും ഇത്രയധികം കടപ്പെട്ട വേറെ പണ്ഡിതർ മഖ്ദൂമുമാരെ പോലെ വെറെ ആരാണുള്ളത് തീർച്ചയായും മഖ്ദൂം ചരിത്രങ്ങളും ദർശനങ്ങളും എന്നും നിലനിൽക്കുക തന്നെ ചെയ്യും.


ശൈഖ് ഉസ്മാൻ മഖ്ദൂം പൊന്നാനി (റ)

മഖ്ദൂം പണ്ഡിതരിൽ പ്രശസ്തനും പ്രഗത്ഭനുമാണ് ശൈഖ് ഉസ്മാൻ പൊന്നാനി (റ) ഹിജ്റ 910- ൽ മഖ്ദൂം തറവാട്ടിലാണ് മഹാന്റെ ജനനം ഇമാം ഇബ്നു ഹിശാമിൽ അൻസ്വാരി (റ) വിന്റെ അറബി വ്യാകരണ ഗ്രന്ഥത്തിന് മഹാൻ എഴുതിയ വ്യാഖ്യാനം വളരെ ഉപകാരപ്രദമാണ് കേരളക്കരയിൽ ഇന്നും ദർസി വിദ്യാർഥികൾ 'ഖത്വറുന്നിദാ' എന്ന ഇമാം ഇബ്നു ഹിശാമിൽ അൻസ്വാരി (റ) വിന്റെ കിതാബ് ഓതുമ്പോൾ അവലംബിക്കുന്നത് ശൈഖ് ഉസ്മാൻ (റ) വിന്റെ വ്യാഖ്യാനമാണ് 

ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ മകൾ ഫാത്വിമയെയാണ് മഹാൻ വിവാഹം ചെയ്തത് ഈ ദാമ്പത്യത്തിൽ  അവർക്കു പിറന്ന കുഞ്ഞാണ് അബ്ദുറഹ്മാൻ എന്ന മകൻ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) പോർച്ചുഗീസുകാർക്കെതിരിൽ പടനയിച്ചപ്പോൾ ശൈഖ് ഉസ്മാൻ പൊന്നാനിയും അതിൽ സജീവമായിരുന്നു  

ഹിജ്റ 991- ൽ ഏൺപത്തി ഒന്നാമത്തെ വയസ്സിൽ മഹാനവർകൾ വഫാത്തായി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ തെക്കു വശത്തായി മഹാന്റെ മഖ്ബറ സ്ഥിതിചെയ്യുന്നുണ്ട് സിയാറത്തിനു വരുന്നവർക്ക് ഈ ഖബ്ർ തിരിച്ചറിയാം  


ശൈഖ് ജമാലുദ്ദീൻ മഖ്ദൂം (റ)

മലബാറിലെ പല സ്ഥലങ്ങളിലും ഖാളിയായി അവരോധിക്കപ്പെട്ട മഹാനാണ് അഞ്ചാമത്തെ മഖ്ദൂമായിരുന്ന ഖാളി ജമാലുദ്ദീൻ മഖ്ദൂം (റ)  

പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തിനടുത്ത പുത്തനങ്ങാടി ജുമുഅത്തു പള്ളി ഹിജ്റ 1065- ലാണ് സ്ഥാപിച്ചത് ആ പള്ളിയിൽ ആദ്യമായി ഖാളിയായി അവരോധിക്കപ്പെട്ടത് മഹാനെയാണ് ശൈഖ് ഉസ്മാൻ പൊന്നാനിയുടെ മകനായ മഹാനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല വടക്കേ പള്ളിയുടെ തെക്കു വശത്ത് ശുഹദാക്കളുടെ മഖ്ബറയും തൊട്ടടുത്തു തന്നെ ശൈഖ് ജമാലുദ്ദീൻ മഖ്ദൂം (റ) വിന്റെ മഖ്ബറയും സ്ഥിതിച്ചെയ്യുന്നു  


ശൈഖ് അബ്ദുർറഹ്മാൻ മഖ്ദൂം (റ)

മഹാനായ ശൈഖ് ഉസ്മാൻ മഖ്ദൂം പൊന്നാനി (റ) വിന്റെ മകനാണ് ശൈഖ് അബ്ദുറഹ്മാൻ മഖ്ദൂം (റ) ഹിജ്റ 948- ലാണ് മഹാന്റെ ജനനമെന്ന് അനുമാനിക്കപ്പെടുന്നു ആദ്യകാലങ്ങളിൽ പിതാവിൽനിന്നു തന്നെ വിവിധ കിതാബുകൾ പഠിച്ചു തീർത്തു പിന്നീട് തന്റെ  അമ്മാവൻ കൂടിയായ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം (റ) വിന്റെ ശിഷ്യത്വം സ്വീകരിച്ചു ഇതിനു പുറമെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) ശിഷ്യത്വവും സ്വീകരിക്കാനായി 

സമകാലികരിൽ തിളങ്ങിയ പണ്ഡിത ശ്രേഷ്ഠരാണ് ശൈഖ് അബ്ദുറഹ്മാൻ മഖ്ദൂം (റ) വിവിധ പ്രശ്നങ്ങളിൽ മഹാൻ നൽകിയ വിധിതീർപ്പുകൾ അനേകമുണ്ട് ആത്മീയമായ ഓന്നത്യമായിരുന്നു തന്റെ പ്രത്യേകത പുറത്തിൽ ശൈഖായിരുന്ന ശൈഖ് അബ്ദുൽ ഖാദിർ സാനി (റ) വുമായി മഹാന് വലിയ ബന്ധമുണ്ടായിരുന്നു നിരവധി കറാമത്തുകൾ മഹാനിൽനിന്ന് ജീവിത കാലത്തുതന്നെ പ്രകടമായിട്ടുണ്ട് മഖ്ദൂമുമാരെക്കുറിച്ച് എഴുതിയ 'ഖസ്വീദത്തുൽ മഖ്ദൂമിയ്യ'യിൽ മഹാന്റെ വിശിഷ്ടതയും ആത്മീയ ഔന്നത്യവും എടുത്തു പറയുന്നുണ്ട് വലിയ പണ്ഡിതനും സ്വൂഫിയുമായ മഹാൻ ഹിജ്റ 1029- ൽ വഫാത്തായി 


ശൈഖ് ഉസ്മാൻ മഖ്ദൂം (റ)

ശൈഖ് അബ്ദുറഹ്മാൻ മഖ്ദൂം (റ) വിന്റെ മൂത്ത പുത്രനാണിത് പിതാവിൽനിന്നും മുഹ്‌യദ്ദീൻ മാലയുടെ രചയിതാവായ ഖാളി മുഹമ്മദ് (റ) വിൽ നിന്നും മഹാൻ ഇൽമ് സമ്പാദിച്ചു പിതാവിന്റെ വഫാത്തിനു ശേഷം മഖ്ദൂം സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു ഹിജ്റ 1207- ലാണ് മഹാൻ വഫാത്തായത് 


ശൈഖ് നൂറുദ്ദീൻ മഖ്ദൂം (റ)

പത്താമത്തെ മഖ്ദൂമാണ് ശൈഖ് നൂറുദ്ദീൻ മഖ്ദൂം (റ) ഹിജ്റ 1141- ൽ ശൈഖ് മുഹ്‌യദ്ദീൻ കുട്ടി മഖ്ദൂമിന്റെ വഫാത്തിനു ശേഷം മഖ്ദൂം പദവിയിൽ അവരോധിതനായി അബ്ദുസ്സലാം മഖ്ദൂം എന്ന ഉന്നതനായ പണ്ഡിത പ്രമുഖൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ് രസികശിരോമണി കുഞ്ഞായിൻ മുസ്ലിയാരുടെ ഉസ്താദുമാരാണ് ഇവർ രണ്ടുപേരും കുഞ്ഞായിൻ മുസ്ലിയാരുടെ ദാർശനികതയും പ്രബുദ്ധതയും ഒന്നിച്ചു മേളിച്ച കപ്പപ്പാട്ടിനു കാരണമായത് ശൈഖ് നൂറുദ്ദീൻ മഖ്ദൂമാണ് ഹിജ്റ 1153- ൽ മഹാൻ വഫാത്തായി.


പഴയകത്ത് സൈനുദ്ദീൻ മഖ്ദൂം (റ)

ഹിജ്റ 1216- ൽ  സഹോദരന്റെ വഫാത്തിനെ തുടർന്ന് മഖ്ദൂം പദവിയിൽ അവരോധിതനായി ഉന്നത പണ്ഡിതനായിരുന്ന ഇദ്ദേഹം താനൂരിലെ ഖാളി കുടുംബത്തിൽ നിന്നും വിവാഹം ചെയ്തു മൂന്നു മക്കളുണ്ടായിരുന്നു 

പുത്രൻ കുഞ്ഞഹമ്മദ് മുസ്ലിയാർ താനൂരിലെ ഖാളിയായിരുന്നു പൊന്നാനി ഗസാലിയകത്തു നിന്നും ഇദ്ദേഹം വിവാഹം ചെയ്തു തിരൂരങ്ങാടി ഖാളിയായിരുന്ന സൈനുദ്ദീൻ മുസ്ലിയാർ (1229- 1299) ഇദ്ദേഹത്തിന്റെ മകനാണ് 

ഒരിക്കൽ കുഞ്ഞഹ്മദ് മുസ്ലിയാർ പുത്രൻ സൈനുദ്ദീനെയും കൂട്ടി വെളിയങ്കോട് ഉമർ ഖാളി (റ) വിനെ സമീപിച്ചു കുഞ്ഞിനെ കണ്ടയുടൻ ഖാളിയാർ പറഞ്ഞു: ഹാദാ ഗുലാമുൻ മുഫ്ലിഹ് ഇവൻ നല്ല കുട്ടിയാണ് ഇതിലെ അക്ഷരങ്ങളുടെ മൂല്യമെടുത്തു കൂട്ടുമ്പോൾ 1229 എന്നും കിട്ടും ആ വർഷമാണ് സൈനുദ്ദീൻ മുസ്ലിയാർ ജനിച്ചത്  

നഖ്ശബന്ദിയ്യാ ത്വരീഖത്തിന്റെ ശൈഖും ഗ്രന്ഥകാരനുമായ ശൈഖ് അബ്ദുറഹ്മാൻ നഖ്ശബന്ദി താനൂർ (റ) വിന്റെ ഗുരുവും പാണക്കാട് പൂക്കായ തങ്ങളുടെ പിതാമഹാനുമായ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ (റ) ഖുത്വുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീലഃ മമ്പുറം  (റ)  വിന്റെ പുത്രനുമായ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ (റ) എന്നിവരുടെ ഗുരുവര്യനാണ് സൈനുദ്ദീൻ മുസ്ലിയാർ  

വിവിധ വിജ്ഞാന ശാഖകളിൽ അവഗാഹം നേടിയ പഴയകത്ത് സൈനുദ്ദീൻ മഖ്ദൂം മഹാനായ മമ്മിക്കുട്ടി ഖാളി (റ) വിന്റെ ശിഷ്യനാകാനാണ് സാധ്യത 22 വർഷത്തെ മഖ്ദൂം സേവനത്തിനു ശേഷം ഹിജ്റ 1243- ൽ വഫാത്തായി.


സയ്യിദ് അലിക്കോയ തങ്ങൾ മഖ്ദൂം (റ) 

യമനിയായിരുന്ന സയ്യിദ് മുഹമ്മദ് അൽ ഖാദിരി (റ) എന്നൊരു മഹാൻ പൊന്നാനിയിൽ വന്ന് താമസിച്ചു പഠിച്ചിരുന്നു ഗസാലിയകം തറവാട്ടിൽ നിന്നും തന്റെ ഗുരുവായ മമ്മിക്കുട്ടി ഖാളി (റ) വിന്റെ മകൾ ഹലീമയെ വിവാഹം ചെയ്തു ആ ബന്ധത്തിലായി ഇവർക്കുണ്ടായ മകനാണ് പഴയകം എന്ന ഗസാലി മുസ്ലിയാരകത്ത് സയ്യിദ് അലിക്കോയ തങ്ങൾ മഖ്ദൂം (റ) 

മഹാനായ മമ്മിക്കുട്ടി ഖാളി (റ) ഹിജ്റഃ 1217- ൽ വഫാത്തായി ശേഷം സയ്യിദ് അലിക്കോയ തങ്ങൾ മഖ്ദൂം (റ) തിരൂരങ്ങാടിയിലെ ഖാളിയായി അവരോധിക്കപ്പെട്ടു തങ്ങൾ വിവാഹം ചെയ്തത് സയ്യിദ് അലി രായിൻ മരക്കാരകത്ത് നിന്നാണ് അതിൽ അഞ്ചു മക്കളുണ്ട് സയ്യിദ് മുഹമ്മദ്, സയ്യിദ് അബ്ദുറഹ്മാൻ, സയ്യിദ് അബൂബക്കർ, സയ്യിദത്തു ഹലീമ, സയ്യിദത്തു ഫാത്വിമ എന്നിവരാണവർ 

ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (റ) വുമായി വളരെ ആത്മീയ ബന്ധമായിരുന്നു മഹാനവർകൾക്ക് മഹാനവർകളുടെ ത്വരീഖത്ത് ഖാദിരിയ്യാ ത്വരീഖത്തായിരുന്നു ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്നു നിരവധി കറാമത്തുകൾ സയ്യിദ് അലിക്കോയ തങ്ങളിൽ നിന്നും പ്രകടമായിട്ടുണ്ട് ഹിജ്റ 1270- തങ്ങൾ വഫാത്തായി തിരൂരങ്ങാടി വലിയ പള്ളിക്കു എതിർവശത്തുള്ള കോമ്പൗണ്ടിലാണ് മഖ്ബറ സ്ഥിതിച്ചെയ്യുന്നത്.


ശൈഖ് മമ്മിക്കുട്ടി ഖാളി (റ)

സമകാലികരിൽ ഏറെ പ്രശസ്തനാണ് മഹാനും സ്വൂഫിയുമായ മമ്മിക്കുട്ടി ഖാളി (റ) കേരളത്തിലെ അറിയപ്പെട്ട അറബി സാഹിത്യകാരനും കവിയുമായിരുന്നു  

കേരളത്തിലെ അക്കാലത്തെ പണ്ഡിതന്മാരിൽ പലരും മമ്മിക്കുട്ടി ഖാളിയുടെ ശിഷ്യഗണങ്ങളിൽ പെട്ടവരായിരുന്നു വെട്ടത്തു പുതിയങ്ങാടി സ്വദേശിയായ പിതാവ് ഗസാലിയകം തറവാട്ടിൽ നിന്നും വിവാഹം കഴിച്ചു മഖ്ദൂം കുടുംബവുമായുള്ള ബന്ധം അങ്ങനെയാണുണ്ടായത് 

ചെറുപ്പത്തിലെ ഗ്രന്ഥപാരായണവും പഠനവുമായി കഴിഞ്ഞു പത്തു വയസ്സിനകം വിശുദ്ധ ഖുർആൻ മനഃപാഠമാക്കി പ്രാഥമിക പാഠങ്ങൾ അറബിക്കവിയുമായ പിതാവിൽ നിന്നാണ് പഠിച്ചിരുന്നത് തിരൂരങ്ങാടി, കൊടണ്ടോട്ടി തുടങ്ങിയ മുസ്ലിം കേന്ദ്രങ്ങളിൽ ശരീഅത്ത് വിധിപ്രകാരം തീർപ്പു കൽപിച്ചിരുന്നു മഖ്ദൂം പരമ്പരയിലെ പതിനാറാമൻ അലി ഹസൻ മഖ്ദൂം ഒന്നാമൻ (റ) വിൽ നിന്നാണ് ഉന്നത പഠനം തുടങ്ങിയത് തന്റെ ഗുരുവര്യരിൽ പ്രധാനിയാണ് പ്രസിദ്ധനായ ഇമാം ബാജൂരി (റ) 

പ്രഗത്ഭരും പ്രതിഭാധനരുമായ നിരവധി ശിഷ്യന്മാരെ സമ്പാദിക്കാൻ കഴിഞ്ഞുവെന്നതാണ് മമ്മിക്കുട്ടി ഖാളിയുടെ സവിശേഷത സ്വൂഫിയാക്കളിൽ പ്രസിദ്ധനും ബ്രിട്ടീഷുകാരുടെ പേടിസ്വപ്നവുമായ വെളിയങ്കൊട് ഉമർ ഖാളി (റ) വിന്റെ പ്രധാന ഗുരുവാണ് മമ്മിക്കുട്ടി ഖാളി (റ) 

പതിനാലാമത്തെ വയസ്സിലാണ് ഉമർ ഖാളി (റ) പൊന്നാനിയിലെ മമ്മിക്കുട്ടി ഖാളി (റ) വിന്റെ ദർസിലെത്തുന്നത് ഇമാം ഇബ്നു ഹജർ ഹൈതമി (റ) വിന്റെ മാസ്റ്റർ പീസ് രചനയായ 'തുഹ്ഫ ' എന്ന ഗ്രന്ഥം ഉമർഖാളി (റ) ഓതിയത് മമ്മിക്കുട്ടി ഖാളിയുടെ അടുക്കൽ നിന്നാണ് ഗുരുവര്യൻ തന്നെ ശിഷ്യനായ ഉമർഖാളിക്ക് ത്വരീഖത്ത് നൽകിയിരുന്നു ഉമർഖാളി (റ) വിന്റെ പ്രധാന ശൈഖ് ഖുത്വുബും മുറബ്ബിയുമായ മമ്പുറം സയ്യിദ് അലവി തങ്ങൾ (റ) ആയിരുന്നു തങ്ങളിൽ നിന്ന് ഖാളിയാർ ഖാദിരിയ്യാ ത്വരീഖത്താണ് സ്വീകരിച്ചത് തന്റെ രണ്ടാമത്തെ മുദർരിസായി ശിഷ്യനായ ഉമർഖാളിയെ മമ്മിക്കുട്ടി ഖാളി (റ) നിയോഗിച്ചിരുന്നു മമ്മിക്കുട്ടി ഖാളിയുടെ ശിഷ്യപ്രമുഖരിൽ മറ്റു ചിലർ  

1. ഫരീദ് ബ്ൻ മുഹ്‌യദ്ദീൻ ബർബറി ഹിജ്റ 1303- ൽ വഫാത്തായ ഇദ്ദേഹം അറിയപ്പെട്ട പണ്ഡിതനും സാഹിത്യകാരനുമാണ് 

2. പയ്യനാട് ഉസ്മാൻ എന്ന ബൈത്താൻ മുസ്ലിയാർ വഫാത്ത് ഹിജ്റ: 1253 

3. അഹ്മദ് മഖ്ദൂം ഇദ്ദേഹം ഇരുപത്തി നാലാമത്തെ മഖ്ദൂമാണ് വഫാത്ത് ഹിജ്റ 1280 

4. കാസർഗോഡ് കുഞ്ചാർ സഈദ് മുസ്ലിയാരുടെ പിതാവ് അഹ്മദ് മുസ്ലിയാർ വെളിയങ്കോട് ഉമർ ഖാളി (റ) വിന്റെ ശിഷ്യനും കൂടിയാണ് അഹ്മദ് മുസ്ലിയാർ 

5. സൈദാലിക്കോയ തങ്ങൾ മഖ്ദൂം (റ) ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ കാലത്ത് തിരൂരങ്ങാടി ഖാളിയായിരുന്നു തിരൂരങ്ങാടി പഴയ ജുമുഅത്തു പള്ളിക്കു എതിർവശത്തുള്ള കോമ്പൗണ്ടിലാണ് മഖ്ബറ സ്ഥിതിച്ചെയ്യുന്നത് 

6. പാറക്കടവ് ഖാളി വലിയ അബ്ദുൽ ഖാദിർ മുസ്ലിയാർ  

കഴിവുറ്റ തൂലികാകൃത്ത് കൂടിയായ മമ്മിക്കുട്ടി ഖാളി (റ) വിന്റെ ഒരു കവിത കൊണ്ടോട്ടി പഴയങ്ങാടി പള്ളിയുടെ മുൻവശത്ത് എഴുതിവെച്ചിരുന്നു കൊണ്ടോട്ടി മുസ്ലിയാരകത്ത് കുടുംബത്തിലെ അബ്ദുൽ അസീസ് മുസ്ലിയാരുടെ മകളെയാണ് മമ്മിക്കുട്ടി ഖാളി (റ) വിവാഹം ചെയ്തത് എന്നാണഭിപ്രായം ഇദ്ദേഹത്തിന്റെ മകൻ അലി ഹസൻ മുസ്ലിയാർ മമ്മിക്കുട്ടി ഖാളിയുടെ അളിയൻ എന്ന നിലക്കാണ് അറിയപ്പെടാറുണ്ടായിരുന്നത്  

മമ്മിക്കുട്ടി ഖാളി (റ) വിന് ആൺമക്കളുള്ളതായി അറിയില്ല മൂത്ത മകളെ വിവാഹം ചെയ്തത് തന്റെ ശിഷ്യനും പിന്നീട് മഖ്ദൂമുമായ അലി ഹസൻ മഖ്ദൂം രണ്ടാമനത്രെ മറ്റൊരു മകളെ വിവാഹം ചെയ്തത് ഓടക്കൽ കുഴിപ്പുറത്ത് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മകൻ ചെറിയ അബ്ദുറഹ്മാൻ എന്ന ബാവ മുസ്ലിയാരാണ് 

ദുആക്ക് ഉത്തരം ലഭിക്കുന്ന മഹാനായിരുന്നു മമ്മിക്കുട്ടി ഖാളി (റ) മഹാനിൽനിന്ന് പല കറാമത്തുകളും പ്രകടമായിട്ടുണ്ട് മഹാന്റെ ഭക്തിയിലും ആത്മീയ ജീവിതത്തിലും ആകൃഷ്ടനായിരുന്ന സാമൂതിരി രാജാവ് 'തങ്ങൾ നമ്പുറം ' എന്ന സ്ഥലം മമ്മിക്കുട്ടി ഖാളിക്ക് ദാനായി നൽകി അപ്രകാരം തന്നെ കോട്ടയം തമ്പുരാക്കൾ കുട്ടാൻ നിലാവും മഹാന് പാരിതോഷികമായി നൽകി  

പൊന്നാനിയിലെ സമ്പന്നനായിരുന്ന നാലകത്ത് കുഞ്ഞാമതു സ്വാഹിബ് സൗജന്യമായി നൽകിയ 'കൗടിയമ്മാക്കാനകം ' എന്ന  ഭവനത്തിലായിരുന്നു മമ്മിക്കുട്ടി ഖാളിയും കൊണ്ടോട്ടിക്കാരിയായ ഭാര്യ ഫാത്വിമയും താമസിച്ചിരുന്നത്  

ഖാദിരിയ്യാ ത്വരീഖത്തിന്റെ ഖലീഫമാരിൽ ഒരാളായിരുന്നു ശൈഖ് മമ്മിക്കുട്ടി ഖാളി (റ) ഗുരുവിൽനിന്ന് ഖാദിരിയ്യാ ത്വരീഖത്തു വാങ്ങുവാൻ ശിഷ്യനായ ഉമർഖാളി (റ) ഏറെ സാഹസപ്പെട്ടിരുന്നു മമ്മിക്കുട്ടി ഖാളിയോട് പലപ്പോഴായി ഉമർഖാളി (റ) പറയാറുണ്ടായിരുന്നു: 'അവിടുന്ന് എന്നെ തസ്വവ്വുഫിന്റെ മാർഗത്തിലേക്ക് നയിച്ചാലും' ഗുരു അതിന് മറുപടി പറയാറില്ലായിരുന്നു നീണ്ട മൗനമായിരുന്നു മറുപടി  

ഒരിക്കൽ മമ്മിക്കുട്ടി ഖാളി (റ) സ്വവസതിയിലേക്ക് പോകുമ്പോൾ ഉമർഖാളി (റ) വും മഹാനെ പിന്തുടർന്നു പറഞ്ഞു: അവിടുന്ന് തസ്വവ്വുഫിന്റെ മാർഗം മുഖേന എന്നെ സന്മാർഗത്തിലേക്ക് നയിച്ചാലും സ്വന്തം വീടെത്തുന്നതുവരെ മമ്മിക്കുട്ടി ഖാളി (റ) പ്രത്യുത്തരമായി ഒന്നും പ്രതികരിച്ചില്ല 

വീടെത്തിയപ്പോൾ മഹാൻ പറഞ്ഞു; 'ഉമർ ഇവിടെ നിൽക്കണം, പോവരുത് ഞാൻ വരാം ' ഇതും പറഞ്ഞ് മഹാൻ വീടിനുള്ളിൽ കയറി വാതിലടച്ചു ഇബാദത്തിൽ മുഴുകി പുറത്ത് ഉമർഖാളി(റ) ഉസ്താദിനെയും കാത്തുനിന്നു സ്വുബ്ഹി നിസ്കാരത്തിനു വാങ്ക് വിളിക്കുന്നതുവരെ ആ നിൽപിൽ തന്നെയായിരുന്നു ആ കൊടും തണുപ്പും മഞ്ഞും ക്ഷമയോടെ വരവേറ്റ് ഗുരുവിന്റെ വീടിന്റെ പൂമുഖത്ത് ത്വരീഖത്തും പ്രതീക്ഷിച്ചു ആ മഹാമനീഷി ഒരൊറ്റ നിൽപ്പിൽ തന്നെ  

സ്വുബ്ഹി വാങ്ക് വിളിച്ചു നിസ്കാരത്തിനു മുമ്പുള്ള രണ്ട് റക്അത്ത് റവാത്തിബ് സുന്നത്ത് നിസ്കരിച്ച ശേഷം മമ്മിക്കുട്ടി ഖാളി (റ) വാതിൽ തുറന്നു പള്ളിയിലെ ജമാഅത്തിനു പോകാൻ വേണ്ടി പുറത്ത് ശിഷ്യൻ ഉമറിനെ കണ്ടമാത്രയിൽ മഹാൻ ഗൗരവത്തിൽ ചോദിച്ചു: ആരാണത്? ശിഷ്യൻ പ്രത്യുത്തരം നൽകി: ഗുരോ, ഇത് ഉമറുബ്ൻ അലിയാണ് അങ്ങയെയും കാത്തുനിൽക്കുകയാണ് ഞാൻ മമ്മിക്കുട്ടി ഖാളി (റ) ചോദിച്ചു: നീ ഇതുവരെ ഉറങ്ങിയില്ലേ? ഉമർഖാളി (റ) പറഞ്ഞു: അവിടുത്തെ കൽപന അനുസരിച്ച് ഞാൻ ഉറങ്ങാതെ കാത്തുനിൽക്കുകയാണ് ഈ വാക്ക് തന്റെ ശിഷ്യനിൽ നിന്ന് കേട്ടപ്പോൾ മമ്മിക്കുട്ടി ഖാളി (റ) പറഞ്ഞു: എന്റെ പരീക്ഷണങ്ങളിലെല്ലാം നീ പൂർണമായും വിജയിച്ചിരിക്കുന്നു 

അങ്ങനെ ഇരുവരും സ്ഥലത്തെ വലിയ ജുമുഅത്തു പള്ളിയിൽ പോയി ജമാഅത്തായി സ്വുബ്ഹി നിസ്കരിച്ചു ശേഷം തന്റെ അരുമ ശിഷ്യനായ ഉമറിന് ഖാദിരിയ്യാ ത്വരീഖത്തിന്റെ ഇജാസത്തുനൽകി 

അറബി ശാസ്ത്രത്തിലും, ആര്യവൈദ്യശാസ്ത്രത്തിലും, ഗണിത ശാസ്ത്രത്തിലും, സുകുമാര കലാ കൗശലങ്ങളിലും മഹാനായ ഉമർഖാളി (റ) പാടവം നേടിയിരുന്നു ഗുരുവിന്റെ ഫത് വകൾ എഴുതിയതും മഹാന്റെ കീഴിലുണ്ടായിരുന്ന പല പള്ളികളിലും പോയി ജുമുഅഃ ഖുത്വുബഃ ഓതിയിരുന്നതും വിവിധ മഹല്ലുകളിലെ വഴക്കുകൾ പറഞ്ഞുതീർക്കാൻ ഏൽപ്പിച്ചതും മമ്മിക്കുട്ടി ഖാളി (റ) ശിഷ്യനായ ഉമർഖാളി (റ) വിനെയായിരുന്നു മതപരമായ വിഷയങ്ങൾക്ക് ഫത് വ നൽകാനും മഹാനവർകൾ ശിഷ്യനെ ഏൽപിച്ചിരുന്നു ഇതിൽ നിന്നെല്ലാം തന്റെ അരുമ ശിഷ്യനിൽ ഗുരുവിന് എത്രത്തോളം പ്രതീക്ഷയുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം  

ഹിജ്റഃ 1196- ൽ മമ്മിക്കുട്ടി ഖാളി (റ) രോഗബാധിതനായി ഖിദ്മത്തിലായി ഉമർഖാളി (റ) ഗുരുവിന്റെ സവിധത്തിലായി കഴിഞ്ഞു രോഗശയ്യയിൽ പോലും മമ്മിക്കുട്ടി ഖാളി (റ) ശിഷ്യൻ ഉമർഖാളി (റ) വിന് ഇമാം ഗസാലി (റ) വിന്റെ തസ്വവ്വുഫിന്റെ മാസ്റ്റർപീസ് ഗ്രന്ഥമായ ഇഹ്‌യാ ഉലൂമുദ്ദീൻ ഓതിക്കൊടുത്തിരുന്നു അങ്ങനെ ഹിജ്റഃ 1196 റബീഉൽ അവ്വൽ മാസത്തിൽ മഹാനായ മമ്മിക്കുട്ടി ഖാളി (റ) വഫാത്തായി പൊന്നാനി മഖ്ദൂം പണ്ഡിതന്മാരുടെ മഖ്ബറയിൽ മഹാനെ മറവു ചെയ്തു.


ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ)

മഖ്ദൂം കുടുംബത്തിലെ പ്രമുഖ പണ്ഡിതനായ ശൈഖ് മാഹിൻ ഹസൻ (റ) വിന്റെ മകനായി ഹിജ്റഃ 1225- ൽ മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) പൊന്നാനിയിൽ ജനിച്ചു മഹാന്റെ പരമ്പര ഇങ്ങനെ വായിക്കാം: 

ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) 

⬇️

ശൈഖ് മാഹിൻ ഹസൻ (റ ) 

⬇️

ശൈഖ് അബ്ദുൽ അസീസ് (റ) 

⬇️

ശൈഖ് കമാലുദ്ദീൻ (റ) 

⬇️

ശൈഖ് അബ്ദുൽ അസീസ് (റ) 

⬇️ 

ശൈഖ് കമാലുദ്ദീൻ (റ) 

⬇️

ശൈഖ് അബ്ദുൽ അസീസ് (റ) 

⬇️

ശൈഖ് കമാലുദ്ദീൻ (റ) 

⬇️

ശൈഖ് അബ്ദുൽ അസീസ് (റ) 

⬇️

ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) 

⬇️

ശൈഖ് മുഹമ്മദ് ഗസാലി (റ)

⬇️

ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) 

ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) വിന്റെ ആദ്യ ഭാര്യ ശൈഖ് അഹ്മദ് മഖ്ദൂമിന്റെ പുത്രി കുഞ്ഞിഫാത്വിമയാണ് അതിൽ രണ്ട് പുത്രന്മാർ ജനിച്ചു ഒന്നാമത്തെ പുത്രൻ ഗ്രന്ഥങ്ങളുടെ കർത്താവും മഹാപണ്ഡിതനുമായിരുന്ന ശൈഖ് ഇബ്റാഹീം കുട്ടി മുസ്ലിയാർ രണ്ടാമത്തെ പുത്രൻ ഗ്രന്ഥ രചയിതാവും വാഗ്മിയുമായിരുന്ന ശൈഖ് അഹ്മദ് മുസ്ലിയാർ 

നാദാപുരം പള്ളിയിൽ ദർസ് നടത്തിയിരുന്ന കാലത്താണ് നാദാപുരം മുതുവമ്മൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൾ ഫാത്വിമയെ വിവാഹം ചെയ്യുന്നത് ഇത് മഹാന്റെ രണ്ടാമത്തെ ഭാര്യയാണ് ഇതിൽ അബ്ദുറഹ്മാൻ, ആഇശക്കുട്ടി എന്നീ മക്കളുണ്ട് അബ്ദുറഹ്മാൻ മുസ്ലിയാർ പ്രഗത്ഭ പണ്ഡിതനും സർവാദരണീയനുമായിരുന്നു ആഇശക്കുട്ടിയെ പ്രസിദ്ധ പണ്ഡിതനായ ശൈഖ് അഹ്മദ് ശീറാസി (റ) വാണ് വിവാഹം ചെയ്തത് 

ഇസ്ലാമിക വിജ്ഞാനത്തിന്റെ സർവ ശാഖകളിലും അവഗാഹം നേടിയ ശൈഖ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) ഭാഷാ പണ്ഡിതനും ചരിത്രകാരനുമായിരുന്നു മലബാറിന്റെ ചരിത്രകാരൻ എന്നാണദ്ദേഹത്തെ മാപ്പിള ലബ്ബ ആലിം സ്വാഹിബ്  വിളിച്ചത് ആ പേര് പിന്നീട് എല്ലാവരും വിളിച്ചുപോന്നു ഫിഖ്ഹ്, തസ്വവ്വുഫ് തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിനു തുല്യരായി സമകാലികരിൽ ആരുമുണ്ടായിരുന്നില്ല  

ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) വിന് അറബി വ്യാകരണത്തിൽ വലിയ കഴിവുണ്ടായിരുന്നു അങ്ങനെയിരിക്കെ തമിഴ്നാട്ടുകാരനായ ഒരു വ്യാകരണ പണ്ഡിതൻ മഖ്ദൂമിനെ പരീക്ഷിക്കാൻ പഠിതാവായിട്ട് പൊന്നാനിയിലെത്തി  അറബി ഗ്രാമർ ഗ്രന്ഥങ്ങളായ തഖ് വീമുല്ലിസാൻ, ഖത്വറുന്നിദാ എന്നീ ഗ്രന്ഥങ്ങൾ പഠിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു മഖ്ദൂം ക്ലാസിൽ ബിസ്മില്ലാഹി വിശദീകരിക്കാൻ തുടങ്ങിയപ്പോൾ പഠിതാവിന്റെ ചോദ്യം ബിസ്മിയിലെ ബാഅ് ഏതാണെന്നായിരുന്നു ചോദ്യം ശ്രവിച്ച മഖ്ദൂം ബാഇനെ വിശദീകരിക്കാൻ തുടങ്ങി ബാഇന്റെ വിശദീകരണം തന്നെ രണ്ടു മണിക്കൂർ നീണ്ടു പഠിതാവ് കേട്ടതും കേൾക്കാത്തതുമായ ബാഅ് അവിടെ ചർച്ച ചെയ്തു വിവരണം കേട്ട പഠിതാവ് അത്ഭുതസ്തബ്ദനായിപ്പോയി 

പ്രാഥമിക പഠനം മഖ്ദൂം ആരംഭിച്ചത് സ്വപിതാവിൽ നിന്നുതന്നെയാണ് പിന്നീട് സ്വന്തം ഭാര്യാ പിതാവ് ശൈഖ് അഹ്മദ് മഖ്ദൂമിൽ നിന്നം ഉപരിപഠനം നേടി വെളിയങ്കോട് ഉമർഖാളി (റ), നാദാപുരം പാറക്കടവിൽ മറപ്പെട്ടു കിടക്കുന്ന അല്ലാമാ അലിയ്യുബ്ൻ അഹ്മദൽ ഹമദാനി (റ) തുടങ്ങിയ മഹാപണ്ഡിതന്മാർ മഹാന്റെ ഉസ്താദുമാരാണ്  

ദീർഘകാലത്തെ പഠനവും മഹാപണ്ഡിതരുടെ ശിക്ഷണവും ലഭിച്ച മഹാൻ പിന്നീട് ഹജ്ജിനും സിയാറത്തിനും അറേബ്യയിലേക്ക് പോയി അവിടെ ഹറമിലെ പണ്ഡിതരുടെ ശിഷ്യത്വം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മഹാന്മാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു മിസ്വറിലെ പ്രസിദ്ധ പണ്ഡിതനും തുഹ്ഫയുടെ ഹാശിയയുടെ രചയിതാവുമായ അല്ലാമാ അബ്ദുൽ ഹമീദ് ശർവാനി (റ) മക്കയിലെ മഹാന്റെ പ്രധാന ഗുരുവര്യനാണ്  

ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) വിന്റെ അത്ഭുത വ്യക്തിത്വവും മഹാപാണ്ഡിത്യവും മനസ്സിലാക്കിയ അറേബ്യൻ പണ്ഡിതർ ആ കേരളീയനെ വളരെ അത്യധികം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു ഹറമിലെ മുദർരിസായി സേവനമനുഷ്ഠിക്കാൻ അവർ സമ്മർദ്ദം ചെലുത്തി അവരുടെ ആവശ്യപ്രകാരം അഞ്ചു വർഷം ഹറമിൽ മുദർരിസായി സേവനം ചെയ്തു അതുവഴി ലോകപണ്ഡിതരുടെ ഗുരുവര്യനാവാനും പ്രസിദ്ധി നേടാനും മഹാനു സാധിച്ചു അഞ്ചു വർഷത്തെ സേവനത്തിനു ശേഷം പൊന്നാനിയിലേക്കു തന്നെ തിരിച്ചു പൊന്നാനിയിൽ പിതാക്കന്മാർ കൊളുത്തിയ വിളക്ക് പൂർവ പ്രതാപത്തോടെ നിലനിർത്താൻ ശ്രമിച്ചു നാൽപതു വർഷക്കാലം പൊന്നാനി വലിയ ജുമുഅത്തു പള്ളിയിൽ പ്രധാന മുദർരിസായി സേവനം ചെയ്തു  

ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മുതഅല്ലിമുകൾ ഇൽമ് തേടി അക്കാലത്ത് പൊന്നാനിയിൽ എത്തിയിരുന്നു കുറച്ചു കാലം നാദാപുരത്ത് മുദർരിസായെങ്കിലും വീണ്ടും പൊന്നാനിയിലേക്കു തന്നെ പോന്നു തന്റെ ഭാര്യാപിതാവും മഖ്ദൂമുമായിരുന്ന അഹ്മദ് മഖ്ദൂമിന്റെ വഫാത്തിനു ശേഷം ആ പദവി അലങ്കരിക്കാനായിരുന്നു ഈ തിരിച്ചുവരവ് 

ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) ഖാദിരിയ്യാ, നഖ്ശ ബന്ദിയ്യാ, ചിശ്തിയ്യാ എന്നീ ത്വരീഖത്തുകളുടെ ശൈഖായിരുന്നു ത്വരീഖത്തിലൂടെ സാമൂഹ്യ സംസ്കരണത്തിനും പരിഷ്കരണത്തിനും നേതൃത്വം നൽകുകയും ചെയ്തിരുന്നു മഹാന്റെ പ്രമുഖ ശിഷ്യന്മാരാണ് വെളിയങ്കോട് അഹ്മദ് എന്ന കുട്ടിയമ്മു മുസ്ലിയാർ, മഖ്ദൂം പുതിയകത്ത് അബ്ദുറഹ്മാൻ എന്ന കുഞ്ഞിബാവ മുസ്ലിയാർ, പൊന്നാനി തുന്നംവീട്ടിൽ മുഹമ്മദ് മുസ്ലിയാർ, ശുജാഈ മൊയ്തു മുസ്ലിയാർ, അണ്ടത്തോട് അമ്മു മുസ്ലിയാർ, പെരുമ്പടപ്പ് പുത്തൻപള്ളിയിലെ ശൈഖ് കുഞ്ഞഹ്മദ് മുസ്ലിയാർ, ഞമനക്കേട് ശൈഖ് ഏനിക്കുട്ടി മുസ്ലിയാർ, നെല്ലിക്കുത്ത് ആലിമുസ്ലിയാർ, കോക്കൂർ കുഞ്ഞഹ്മദ് മുസ്ലിയാർ, കട്ടിലശ്ശേരി ആലിമുസ്ലിയാർ തുടങ്ങിയ മഹത്തുക്കൾ  

ജീവിതകാലം മുഴുവൻ വിജ്ഞാന സമ്പാദനവും പ്രചരണവുമായി കഴിഞ്ഞുകൂടിയ ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) തന്റെ 80 മത്തെ വയസ്സിൽ ഹിജ്റഃ 1305- ൽ സ്വഫർ 9-ന് വ്യാഴാഴ്ച അസ്വർ നിസ്കരിച്ചുകൊണ്ടിരിക്കെ വഫാത്തായി അനാരോഗ്യം കാരണം മലർന്നു കിടക്കുകയായിരുന്നു സ്വഫർ പത്ത് വെള്ളിയാഴ്ച ജുമുഅഃക്ക് വാങ്ക് വിളിക്കുന്ന സമയം മഹാനെ പൊന്നാനിയിലെ മഖ്ദൂം ഖബ്ർസ്ഥാനിൽ മറവു ചെയ്തു.


വലിയ ബാവ മുസ്ലിയാർ

പൊന്നാനിയിലെ വലിയ പഴയകത്ത് തറവാട്ടിൽ ഹിജ്റഃ 1224- ൽ ജനിച്ചു ശരിയായ നാമം ജമാലുദ്ദീൻ അഹ്മദ് കൊങ്ങണം വീട്ടിൽ അലി ഹസൻ മുസ്ലിയാരാണ് പിതാവ്  

പ്രാഥമിക പാഠങ്ങൾ പണ്ഡിതനായ പിതാവിൽനിന്നും പഠിച്ചു പിന്നീട് അലി ഹസൻ മഖ്ദൂമിൽ നിന്നും അഹ്മദ് മഖ്ദൂമിൽ നിന്നും പഠിച്ചു അഗാധ പണ്ഡിതനായിരുന്നു ബാവ മുസ്ലിയാർ ബാവ മുസ്ലിയാരിൽ നിന്നും വിദ്യ തേടിയവർ ഏറെയുണ്ട്  

1. പ്രസിദ്ധ സ്വൂഫിവര്യനും വലിയ്യും നഖ്ശബന്ദി ത്വരീഖത്തിന്റെ ശൈഖും ഗ്രന്ഥകാരനുമായ ശൈഖ് അബ്ദുറഹ്മാൻ നഖ്ശബന്ദി താനൂരി (റ) 

2. കരിഞ്ചാപ്പാടി മുഹമ്മദ് മുസ്ലിയാരുടെ പിതാവ് ആലി മുസ്ലിയാർ അലിയ്യുത്തൂരി എന്നാണദ്ദേഹം അറിയപ്പെട്ടത് പ്രസിദ്ധനായ മുഫ്തിയായിരുന്നു ഹിജ്റഃ-1334- ൽ വഫാത്തായി 

3. സ്വാതന്ത്ര്യ സമര സേനാനി നെല്ലിക്കുത്ത് ആലി മുസ്ലിയാർ ബ്രിട്ടീഷുകാർക്കെതിരെ ജിഹാദു ചെയ്തതിനു അറസ്റ്റു ചെയ്യപ്പെട്ടു കോയമ്പത്തൂർ ജയിലിലടച്ചു തൂക്കിലേറ്റാൻ വിധിക്കപ്പെട്ടു പക്ഷേ അതിനുമുമ്പേ മഹാൻ വഫാത്തായി കോയമ്പത്തൂരിലാണ് മഖ്ബറ 

4. പ്രസിദ്ധ പണ്ഡിതനും മുഫ്തിയുമായിരുന്ന കരിമ്പനക്കൽ കുഞ്ഞിപ്പൊക്കർ മുസ്ലിയാർ 

5. പൊന്നാനി അബ്ദുറഹ്മാൻ എന്ന കുഞ്ഞിബാവ മുസ്ലിയാർ ഗ്രന്ഥകാരനായിരുന്നു 

6. അറബി കവിയും പണ്ഡിതനുമായ അലി ഹസൻ എന്ന കോയക്കുട്ടി മുസ്ലിയാർ ഹിജ്റഃ 1297-ൽ  32 മത്തെ വയസ്സിൽ വഫാത്തായി  

7. ചെറിയ ബാവ മുസ്ലിയാർ മഖ്ദൂം  

8. വെളിയങ്കോട് തട്ടാങ്കര കുട്ട്യമു മുസ്ലിയാർ  


ചെറിയ ബാവ മുസ്ലിയാർ മഖ്ദൂം (റ)

ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) വിനു ശേഷം ഹിജ്റഃ 1305 മുതൽ 1326 വരെ മഖ്ദൂം സ്ഥാനം വഹിച്ച ചെറിയ പുതിയ കത്ത് മുഹമ്മദ് എന്ന ബാവ മുസ്ലിയാർ ഹിജ്റഃ 1240- ൽ പൊന്നാനിയിൽ ജനിച്ചു പിതാവ് കോയാലി മാപ്പിളകത്ത് അബ്ദുൽ ഖാദിർ മുസ്ലിയാരാണ് 

കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരിൽ പ്രമുഖനാണ് ചെറിയ ബാവ മുസ്ലിയാർ വളരെ ചെറുപ്പത്തിലേ സ്വർഫ്, നഹ് വ്, അഖീദഃ, തഫ്സീർ, തസ്വവ്വുഫ്, നക്ഷത്ര ശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയിലെല്ലാം വ്യുൽപത്തി നേടിയിരുന്നു ഏഴാം വയസ്സിൽ ഖുർആൻ പഠനം പൂർത്തിയാക്കി  

വലിയ ബാവ മുസ്ലിയാർ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ, അഹ്മദ് മഖ്ദൂം തുടങ്ങിയവർ പ്രധാന ഉസ്താദുമാരാണ് പത്തൊമ്പതാം വയസ്സിൽ ഖാളി സ്ഥാനം ഏറ്റെടുത്തു ചരിത്രത്തിൽ കേരളത്തിലെ 'സ്വബ്ബാൻ' എന്നാണ് ബാവ മുസ്ലിയാർ അറിയപ്പെടുന്നത് മഹാനവർകൾക്ക് നിരവധി ശിഷ്യന്മാരുണ്ട്  

നെല്ലിക്കുത്ത് ആലി മുസ്ലിയാർ, ശൈഖ് യൂസുഫുൽ ഫള്ഫരി, കരിമ്പനക്കൽ പോക്കർ മുസ്ലിയാർ, കുഞ്ഞിബാവ മുസ്ലിയാർ, കുട്ട്യാമു മുസ്ലിയാർ (റ) തുടങ്ങിയവർ ശിഷ്യന്മാരിൽ പ്രമുഖരാണ് 

അറിവിന്റെ ഭാണ്ഡക്കെട്ടുകൾ ചുമക്കുമ്പോഴും മഹാൻ ഖാദിരിയ്യാ, നഖ്ശബന്ദിയ്യാ ത്വരീഖത്തുകളുടെ ശൈഖായിരുന്നു നഖ്ശബന്ദിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്ന ശൈഖ് യഹ്‌യാ ഭാഗിസ്ഥാനി അൽ മക്കി (റ) വാണ് മഹാന്റെ ശൈഖ് 1305- ൽ ഹജ്ജിനു പോയപ്പോൾ അവിടെ വെച്ചാണ് ശൈഖുമായി കണ്ടുമുട്ടുന്നത്  

ഭാര്യ മുസ്ലിയാരകത്ത് മറിയക്കുട്ടി കൊങ്ങണം വീട്ടിൽ അബ്ദുല്ല കുട്ടി മുസ്ലിയാരുടെ മകളാണ് ഈ ദാമ്പത്യത്തിൽ അബ്ദുറഹ്മാൻ കുട്ടി മുസ്ലിയാർ, അബ്ദുൽ ഖാദിർ മുസ്ലിയാർ, ഖദീജകുട്ടി, ബീവികുട്ടി എന്നീ സന്താനങ്ങളുണ്ടായി  

ചെറിയ ബാവ മുസ്ലിയാർ മാഹിൻ തറിയകത്തു നിന്നും ആമിനക്കുട്ടി എന്നൊരു മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്തിട്ടുണ്ട് അബ്ദുൽ അസീസ് മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ എന്നീ മക്കൾ ആ ഭാര്യയിലായി പിറന്നവരാണ് 

ബാവ മുസ്ലിയാർ ഹിജ്റഃ 1326- ജമാദുൽ ഊലാ 20-ന് ശനിയാഴ്ച പ്രഭാത ശേഷം 83- ആം വയസ്സിൽ വഫാത്തായി വാഴക്കാട് മുഹമ്മദ് മുസ്ലിയാർ മഹാനെ കുറിച്ച് മൗലിദ് എഴുതിയിട്ടുണ്ട്.


മമ്മിക്കുട്ടി മുസ്ലിയാർ

പഴയകത്ത് അഹ്മദ് മഖ്ദൂം മുസ്ലിയാരുടെ ഇളയ സഹോദരനാണ് പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ മൂത്ത സഹോദരന്റെ വഫാത്തിനു ശേഷം 28-മത് മഖ്ദൂമായി അവരോധിക്കപ്പെട്ടു നാലു വർഷത്തോളമാണ് മഖ്ദൂം സ്ഥാനത്തിരുന്നത് ഹിജ്റഃ 1330-ൽ  വഫാത്തായി പണ്ഡിതനും അറബിക്കവിയുമായ പാലത്തുംവീട്ടിൽ മുഹമ്മദ് എന്ന ബാവ മുസ്ലിയാർ ഇദ്ദേഹത്തിന്റെ മകനാണ്  

പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാർ, വടുതല കണ്ണന്തേരി അഹ്മദ് അമ്മുക്കാരി മുസ്ലിയാർ, വടുതല മൂസ മുസ്ലിയാർ, വളപ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാർ, വളപ്പിൽ ബാവ മുസ്ലിയാർ തുടങ്ങിയവർ മഹാന്റെ ശിഷ്യരിൽ പ്രമുഖരാണ്  

ഗ്രന്ഥകാരനായ മഹാന്റെ രചനകളിൽ ചിലത് താഴെ വായിക്കാം: 

1. ഉംദത്തുഅ് രീഫ് നള്മി അലാ തസ്വരീഫിസ്സഞ്ചാനി 

2. മവാഹിബുൽ അത്വിയ്യാ 

3. നുസ്ഹത്തുൽ അസ്മാഅ് 

4. മൗലിദ് ഫീ മനാഖിബി അഹ്മദൽ ബദവി (റ) 

5. മൗലിദ് ഫീ മനാഖിബിശ്ശൈഖ് പുറത്തീൽ (റ)

6. മൗലിദ് ഫീ മനാഖിബിസ്സയ്യിദി ഹംസഃ (റ) 

7. മൗലിദ് ഫീ മനാഖിബി അസ്വ് ഹാബിൽ ബദ്രിയ്യീൻ (റ)

8. മൗലിദ് ഫീ മനാഖിബിശ്ശൈഖി കലാബിളി മദ്ഫൂൻ ഫിൽ മാഹി (റ) 

9. ബയാനിൽ മുഅല്ലിം 

ഹിജ്റഃ1322-ൽ  പൊന്നാനിയിൽ വെച്ച് മഹാൻ വഫാത്തായി കൊഴമ്പിയകത്ത് പള്ളി അങ്കണത്തിൽ മറവു ചെയ്യപ്പെട്ടു.


സയ്യിദ് ഫഖ്റുദ്ദീൻ അൽ ബുഖാരി (റ)

പഴയ സോവിയറ്റ് റഷ്യയിലെ ആധുനിക ഉസ്ബക്കിസ്ഥാനിലെ പ്രദേശമാണ് ബുഖാറ ഇസ്ലാമിക പാരമ്പര്യം നിറഞ്ഞു നിൽക്കുന്ന ബുഖാറ പ്രസിദ്ധരായ ഒട്ടേറെ മുസ്ലിം പ്രതിഭകൾക്ക് ജന്മം നൽകിയിട്ടുണ്ട് ബുഖാറയിൽ നിന്നും സയ്യിദ് അഹ്മദ് ജലാലുദ്ദീൻ അൽ ബുഖാരി (റ) ഹിജ്റഃ 921-ൽ  കണ്ണൂർ ജില്ലയിലെ വളപ്പട്ടണത്തു താമസമാക്കി അവിടത്തെ ഖാളിയായിരുന്ന സീതി ഇബ്റാഹീമിന്റെ മകളെ വിവാഹം ചെയ്തു ഇതിൽ ഇസ്മാഈൽ എന്ന കുഞ്ഞ് പിറന്നു ഹിജ്റഃ 977- ൽ മഹാനായ ശൈഖ് അഹ്മദ് ജലാലുദ്ദീൻ അൽ ബുഖാരി (റ) വഫാത്തായി മഹാനവർകൾ കേരളത്തിലെ ബുഖാരി സാദാത്തീങ്ങളുടെ നേതാവും ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖുമായിരുന്നു 

സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി (റ) നല്ലൊരു പ്രബോധകനായാണ് വളർന്നത് വളപ്പട്ടണം ഖാളി കുടുംബത്തിൽ നിന്നും വിവാഹ ചെയ്ത മഹാൻ കൊച്ചിയിലാണ് സ്ഥിരതാമസമാക്കിയത് ഹിജ്റഃ 1002-ൽ വഫാത്തായ മകന്റെ മഖ്ബറ കൊച്ചിയിലെ ചെമ്പിട്ടപള്ളി അങ്കണത്തിലാണ് സ്ഥിതിച്ചെയ്യുന്നത് സയ്യിദ് മുഹമ്മദ് അൽ ബുഖാരി, സയ്യിദ് ഫഖ്റുദ്ദീൻ അൽ ബുഖാരി, സയ്യിദ് അഹ്മദ് അൽ ബുഖാരി എന്നീ മൂന്നു മക്കളാണ് മഹാനുള്ളത് 

സയ്യിദ് ഫഖ്റുദ്ദീൻ ബുഖാരി (റ) പൊന്നാനിയിലേക്കു വന്നു മഖ്ദൂം കുടുംബത്തിൽ നിന്നും വിവാഹം കഴിച്ചു ഇതിൽ ഒരു പെൺകുട്ടി ജനിച്ചു ഫാത്വിമ എന്നാണ് പേര് ഫാത്വിമ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടു പിന്നീട് പൊന്നാനിയിൽ നിന്നും മറ്റൊരു വിവാഹം കഴിച്ചു ഇതിലാണ് സയ്യിദ് മുഹമ്മദ് അൽ ബുഖാരി ജനിക്കുന്നത്  

പൊന്നാനിയിൽ സ്ഥിരതാമസമാക്കിയ സയ്യിദ് ഫഖ്റുദ്ദീൻ ബുഖാരി തങ്ങൾ (റ) ഹിജ്റഃ 1143- ൽ പൊന്നാനിയിൽ വെച്ചു വഫാത്തായി പൊന്നാനി വലിയ ജുമുഅത്തു പള്ളിയുടെ വടക്കു വശത്ത് പഴയ പടിപ്പുരയുടെ ഉള്ളിലാണ് മഹാന്റെ ഖബ്ർ സ്ഥിതിച്ചെയ്യുന്നത് രണ്ടാം ഭാര്യയിലെ ഏക മകൻ സയ്യിദ് മുഹമ്മദ് ബുഖാരി (റ)  വളപ്പട്ടണത്താണ് വഫാത്തായത് മഹാന്റെ മകനാണ് കണ്ണൂർ സിറ്റിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ) മഹാൻ ഔലിയാക്കളിലെ ഖുത്വുബാണ് 


ഉദ്ധ്യാപുരം ഇസ്മാഈൽ മുസ്ലിയാർ

ഹിജ്റഃ 1273-ൽ  അലി മുസ്ലിയാരുടെ മകനായി കാസർഗോഡ് ഉദ്ദാരത്താണ് ഇസ്മാഈൽ മുസ്ലിയാർ ജനിക്കുന്നത് കുമ്പളക്കടുത്ത പാടൂർ മുദർരിസും ഖാളിയുമായിരുന്ന മഹമൂദ് മുസ്ലിയാരുടെ അടുക്കൽ കുറച്ചു കാലം ഓതിപ്പഠിച്ചതിനു ശേഷം ഉപരിപഠനത്തിന് പൊന്നാനിയിൽ വന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ (റ) , ചെറിയ ബാവ മുസ്ലിയാർ (റ) ഉസ്താദുമാരാണ്  

പണ്ഡിതനും അറബി സാഹിത്യകാരനും സ്വൂഫിയുമായ മഹാൻ പഠനാനന്തരം പൊന്നാനി ദർസ് സജീവമാക്കി ധാരാളം ശിഷ്യന്മാരെ മഹാൻ വാർത്തെടുത്തു നല്ലൊരു ഗ്രന്ഥകാരൻ കൂടിയായിരുന്നു മഹാനവർകൾ  

1. നള്മു കബാഇരിദ്ദുനൂബി 

2. തുഹ്ഫതുൽ മുരീദ് 

3. നള്മു മത്നിൽ ഹികം 

4. കിതാബു ഔറാദിത്വരീഖത്തിശ്ശാദുലിയ്യഃ 

5. മൗലിദു ഫീ മനാഖിബി സയ്യിദി അലി അൽ അഹ്ദൽ 

6. മൗലിദു ഫീ മനാഖിബിസ്സയ്യിദി അൽ ഖുത്വുബി അബിൽ ഹസനിശ്ശാദുലി 

ഹിജ്റഃ 1357- ൽ ജമാദുൽ ഊല 17 ബുധനാഴ്ച തന്റെ 85 ആം വയസ്സിൽ മഹാൻ ഉളിയിൽ വെച്ച് വഫാത്തായി ഉളിയിലെ പഴയ പള്ളിയിലാണ് മഖ്ബറ സ്ഥിതിച്ചെയ്യുന്നത് 


വളപ്പിൽ ബാവ മുസ്ലിയാർ

കാസർഗോഡ് ഉദ്ധ്യാപുരം മഹല്ലിൽ ആലി മുസ്ലിയാർ മകൻ ഇസ്മാഈൽ മുസ്ലിയാരുടെ മകനാണ് വളപ്പിൽ ബാവ മുസ്ലിയാർ (റ) 

പിതാവ് ഇസ്മാഈൽ മുസ്ലിയാർ അറിയപ്പെട്ട അറബി സാഹിത്യകാരനും സ്വൂഫിയുമായിരുന്നു ദീർഘകാലം പൊന്നാനി വലിയ ജുമുഅത്തു പള്ളിയിൽ മുദർരിസായിട്ടുണ്ട് ഗ്രന്ഥകാരൻ എന്ന നിലക്കാണ് ബാവ മുസ്ലിയാരുടെ കീർത്തി അറബി സാഹിത്യത്തിൽ അഗ്രഗണ്യനായിരുന്നു ഒട്ടേറെ കവിതകൾ രചിച്ചിട്ടുണ്ട് ഉന്നതനായ കർമശാസ്ത്ര വിശാരദൻ  

1. മൻളൂമത്തു അസ്മാഇൽ ഹുസ്നാ 

2. ശൻഹു അലാ മീസാനി ഫീ സ്വർഫ് 

3. ശർഹു അലാ മൻളൂമത്തി കബാഇരിദ്ദുനൂബ് 

4. മൗലിദ് ഫീ മനാഖിബി മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) 

5. മൗലിദ് ഫീ മനാഖിബി അബിൽ ഹസനിശ്ശാഔദുലി (റ)

6. മൗലിദ് ഫീ മനാഖിബി സയ്യിദിനാ സുലൈമാൻ (അ) 

7. മൗലിദ് ഫീ ഖിസ്വത്തിൽ മിഅ്റാജ് 

8. മൗലിദ് ഫീ മനാഖിബി സയ്യിദുനാ അയ്യൂബ് (അ) 

9.മൗലിദ് ഫീ മനാഖിബി സയ്യിദത്തിനാ ആഇശഃ (റ) 

10. മൗലിദ് ഫീ മനാഖിബി ഇൽയാസ് (അ) 

പൂർവകാലത്ത് മഹത്തുക്കളായ പണ്ഡിതർ മഹാന്മാരുടെ കീർത്തനങ്ങൾ ഗദ്യങ്ങളായും പദ്യങ്ങളായും ധാരാളം രചിച്ചിട്ടുണ്ടായിരുന്നു അവരുടെ ഭക്ഷണം അതൊക്കെ തന്നെയായിരുന്നു ഏതാണ്ട് ഹിജ്റ 1385 - ൽ വഫാത്തായി പൊന്നാനി വലിയ ജുമുഅത്ത് ഖബ്ർസ്ഥാനിയിലാണ് മഹാന്റെ ഖബ്ർ സ്ഥിതിച്ചെയ്യുന്നത്  


മുഹമ്മദ് മുസ്ലിയാർ

ഹിജ്റഃ 1324- ൽ മമ്മിക്കുട്ടി മുസ്ലിയാരുടെ മകനായി കൊടവിയകം മുഹമ്മദ് മുസ്ലിയാർ ജനിച്ചു പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ പ്രമുഖരായ പണ്ഡിതന്മാരുടെ ദർസിൽനിന്നും പഠിച്ചു വാഴക്കാട് മുഹമ്മദ് മുസ്ലിയാർ ഗുരുനാഥന്മാരിൽ ഒരാളാണ് 

മികച്ച കർമശാസ്ത്ര പണ്ഡിതനായിരുന്നു പൊന്നാനി വലിയ ജുമുഅത്ത് പള്ളിയടക്കം പലയിടങ്ങളിലും ദർസ് നടത്തി പിന്നീട് കരുവൻതിരുത്തി ജുമുഅത്ത് പള്ളിയിലേക്ക് നീങ്ങി അവിടെ പതിനഞ്ചോളം വർഷം ദർസ് നടത്തി ധാരാളം ശിഷ്യഗണങ്ങളുണ്ട്  

അറബി വ്യാകരണത്തിൽ നല്ല കഴിവുണ്ടായിരുന്നു തന്റെ പല രചനകളും ഇന്നു ലഭ്യമല്ല ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) രചിച്ച കാലത്ത് ഖുത്വുബിയ്യത്തിന് ദീർഘമായ അറബി മലയാള തർജുമ മാത്രമാണ് ഇന്നു ലഭ്യമാകുന്നത് ഹിജ്റഃ 1377- ൽ വഫാത്തായി 


കുഞ്ഞിബാവ മുസ്ലിയാർ

കുട്ടിത്തങ്ങൾ എന്നു വിളിക്കാറുള്ള അബ്ദുൽ ഖാദിർ മുസ്ലിയാരുടെ മകനാണ് മുഹമ്മദ് എന്ന കുഞ്ഞിബാവ മുസ്ലിയാർ ഹിജ്റഃ 1334- ലാണ് ജനനം 

പിതാവിൽ നിന്നും പ്രാഥമിക പഠനം തുടങ്ങി പൊന്നാനിയിൽ പോയി പഠിച്ചു അവിടെ പയ്യനാട് മമ്മദ് മുസ്ലിയാരും, കൊടമ്പിയകത്ത് മുഹമ്മദ് മുസ്ലിയാരും ഉസ്താദുമാരായിരുന്നു  

പഠനാനന്തരം കക്കിടിപ്പുറം കല്ലൂർമ്മ ജുമുഅത്ത് പള്ളിയിലും തൃത്താല ജുമുഅത്ത് പള്ളിയിലും പൊന്നാനി വലിയ ജുമുഅത്തു പള്ളിയിലും ദർസ് നടത്തി അങ്ങേയറ്റം പാണ്ഡിത്യമുള്ള മഹാൻ ഫിഖ്ഹിലും തസ്വവ്വുഫിലും പ്രത്യേകമായികഴിവു നേടിയിരുന്നു നല്ല വ്യാകരണ പണ്ഡിതൻ കൂടിയായിരുന്നു ഉപദേശ പ്രസംഗരംഗത്ത് ആവേശമായിരുന്നു ഹിജ്റഃ 1413- ൽ വഫാത്തായി 


വാഴക്കാട് മുഹമ്മദ് മുസ്ലിയാർ

വാഴക്കാട് മുഹമ്മദ് കുട്ടി എന്നയാളുടെ മകനായി ഹിജ്റഃ 1300- ൽ  മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത വാഴക്കാട് മഹല്ലിൽ ജനിച്ചു നാട്ടിൽനിന്നു തന്നെയായിരുന്നു പ്രാഥമിക പാഠങ്ങൾ പഠിച്ചിരുന്നത് പിന്നീട് ഉപരിപഠനത്തിനായി പൊന്നാനിയിലേക്ക് പോയി പൊന്നാനിയിൽ പഠനം കഴിഞ്ഞതോടെ മഹാൻ അറിയപ്പെട്ടു ഗ്രന്ഥകാരനും കൂടിയായ മഹാന്റെ ചില ഗ്രന്ഥങ്ങൾ: 

1. മൗലിദു ഉമ്മഹാത്തിൽ മുഅ്മിനീൻ 

2. മൗലിദു ഫീ മനാഖിബിൽ മുർസലീൻ 

3. മൗലിദു വസീലത്തുൽ മഖ്ദൂമിയ്യഃ 

4. മൗലിദു ഫീ മനാഖിബി അശ്റത്തിൽ മുബശ്ശിരീൻ 

5. മൗലിദു ഫീ മനാഖിബി ഖദീജത്തിൽ കുബ്റാ 

6. അൽ ഖസ്വീദത്തുൽ ബദ്രിയ്യഃ ബി വസ്വീലത്തിൽ ബദ്രിയ്യീന വൽ ഉഹ്ദിയ്യീൻ 

തസ്വവ്വുഫിൽ അതീവ തൽപരനായിരുന്നു മുഹമ്മദ് മുസ്ലിയാർ പൊന്നാനിയിൽ സ്ഥിരതാമസമാക്കിയ മഹാൻ ഹിജ്റഃ 1365-ൽ 65-മത്തെ വയസ്സിൽ പൊന്നാനിയിൽ വഫാത്തായി വലിയ ജുമുഅത്ത് പള്ളി അങ്കണത്തിലാണ് ഖബ്ർ സ്ഥിതിച്ചെയ്യുന്നത്.


നെല്ലിക്കുത്ത് ആലി മുസ്ലിയാർ

ആലി മുസ്ലിയാരെ കേൾക്കാത്തവരുണ്ടാവില്ല 1921 - ലെ ഖിലാഫത്ത് സമരത്തിന് ആത്മീയ നേതൃത്വം നൽകിയ മഹാമനീഷിയാണ് നെല്ലിക്കുത്ത് ആലി മുസ്ലിയാർ പൊന്നാനിയുമായി പലനിലക്കും ബന്ധമുണ്ടായിരുന്നു പത്തു വർഷത്തോളം പൊന്നാനിയിൽ ഓതിപ്പഠിച്ചിട്ടുണ്ട്  

ചെറിയ ബാവ മുസ്ലിയാർ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ, വലിയ ബാവ മുസ്ലിയാർ എന്നിവർ ഗുരുനാഥന്മാരാണ്  

ആലി മുസ്ലിയാരുടെ മാതാവ് പൊന്നാനിക്കാരിയായിരുന്നു മാതാവ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) സന്താന പരമ്പരയിൽ പെട്ടവരാണ് കോയമ്പത്തൂർ ജയിലിൽ വെച്ചായിരുന്നു ആലി മുസ്ലിയാരുടെ വഫാത്ത്  


പയ്യനാട് മമ്മദ് മുസ്ലിയാർ

നെല്ലിക്കുത്തിനടുത്ത പയ്യനാടാണ് മമ്മദ് മുസ്ലിയാർ ജനിച്ചത് തന്റെ പിതൃവ്യന്റെ കൂടെയാണ് അദ്ദേഹം പൊന്നാനിയിലെത്തുന്നത് പൊന്നാനിയിൽ പഠിച്ച അദ്ദേഹം ഹജ്ജിനു പോയി വന്നതിനു ശേഷം പൊന്നാനിയിൽ ദർസ് ആരംഭിച്ചു  

പയ്യനാട് മമ്മദ് മുസ്ലിയാർ എന്നായിരുന്നു പൊന്നാനിക്കാർ വിളിക്കാറുള്ളത് ഖുർആൻ പാരായണത്തിൽ പ്രത്യേകം കഴിവുനേടിയ ഒരു ഖാരിഅ് ആയിരുന്നു അദ്ദേഹത്തിന് നല്ല കൈയക്ഷരവുമായിരുന്നു സ്വന്തം കൈപ്പടയിൽ ധാരാളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്  

അക്കാലത്തെ കേരളത്തിലെ ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖും കൂടിയായിരുന്നു മഹാനവർകൾ നീണ്ട ജുബ്ബയും കനമുള്ള ഒരു തലപ്പാവും കയ്യിലൊരു വടിയുമുള്ള മഹാനെ കണ്ടാൽതന്നെ ഒരു ഗാംഭീര്യം തോന്നുമായിരുന്നു ജനങ്ങൾക്ക്  വലിയ ബഹുമാനവും മതിപ്പുമായിരുന്നു 

ദീർഘകാലം പൊന്നാനിയിൽ പഠിക്കുകയും പഠിപ്പിക്കുകയും  പൊന്നാനിയിൽ നിന്ന് വിവാഹം കഴിക്കുകയും ചെയ്ത മമ്മദ് മുസ്ലിയാർ ഹിജ്റഃ 1372- ൽ  പൊന്നാനിയിൽ വെച്ച് വഫാത്തായി പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബ്ർസ്ഥാനിലാണ് മഹാന്റെ ഖബ്ർ സ്ഥിതിച്ചെയ്യുന്നത്  


കുഞ്ഞായിൻ മുസ്ലിയാർ

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ജീവിച്ചിരുന്ന കവിയും ചിന്തകനും സർവോപരി ഫലിത സാമ്രാട്ടുമാണ് ചന്ദനംകണ്ടി മക്കറയിൽ കുഞ്ഞായിൻ മുസ്ലിയാർ തലശേരിയിലാണ് ജനിച്ചതെങ്കിലും തന്റെ തട്ടകം പൊന്നാനിയിലായിരുന്നു  

നൂറുദ്ദീൻ മഖ്ദൂം, അബ്ദുസ്സലാം മഖ്ദൂം എന്നിവരായിരുന്നു പൊന്നാനിയിലെ പ്രധാന ഉസ്താദുമാർ അറബി മലയാളത്തിലും തമിഴിലും പ്രാവീണ്യമുള്ള കുഞ്ഞായിൻ മുസ്ലിയാർ രചിച്ച കപ്പപ്പാട്ടിലൂടെയാണ് പ്രസിദ്ധനാവന്നത്  

മുഹ്‌യദ്ദീൻ മാലക്കു ശേഷം രചിക്കപ്പെട്ട ശൈഖ് ജീലാനി (റ) വിന്റെ മദ്ഹാണ് നൂൽ മദ്ഹ് കുഞ്ഞായീൻ മുസ്ലിയാരാണ് ഇതിന്റെ രചന നിർവഹിച്ചത് കപ്പപ്പാട്ടാവട്ടെ മനുഷ്യനെ കപ്പലിനോടുപമിച്ചു കൊണ്ടുള്ള 600 വരികളുള്ള തത്വചിന്താ കാവ്യ സമാഹാരാമാണ് മനുഷ്യ ജീവിതമാകുന്ന കപ്പൽ പ്രാപഞ്ചികാനുഭവമാകുന്ന ആഴക്കടലിൽ സഞ്ചരിച്ച് രക്ഷിതാവിന്റെ താവളം തേടുന്നതിനെയാണ് പ്രതിപാദിക്കുന്നത് കപ്പലിന് അറബിയിൽ സഫീനഃ എന്നായതിനാൽ സഫീനപ്പാട്ട് എന്നും ഇതിനു പറയും കപ്പപ്പാട്ട് അടങ്ങുന്ന മൗലിദു, മാല സമാഹാരങ്ങൾക്ക് അങ്ങനെ സഫീന(സബീന) എന്ന പേരു വിളിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടത്.


കപ്പപ്പാട്ടിലെ ചില വരികൾ:

കണ്ടിട്ടറിവാനോ കണ്ണില്ലേ പൊട്ടാ 

കാരുണോർ ചൊന്നേ ചൊൽ കേട്ടില്ലേ പൊട്ടാ 

പണ്ടുള്ളോർ ചൊല്ലിൽ പതിരുണ്ടോ പൊട്ടാ 

പൈതന്ന പാലിൽ കൈപ്പുണ്ടോ പൊട്ടാ 

തൊണ്ടം നിനക്കേതും തോന്നില്ലെ പൊട്ടാ 

തേനിൽ മദിർത്തോ കറഭാഷ പൊട്ടാ 

കൊണ്ടത് തിരുഭാഷം കേട്ടില്ലേ പൊട്ടാ 

കേട്ടാലും കേട്ടാലും കേട്ടില്ലേ പൊട്ടാ 

ഉണ്ടോ നീ ഏതാനും ഓർത്തിട്ട് പൊട്ടാ 

ഉൻ മിഴി കട്ടേ കുരുടായൊ പൊട്ടാ 

പട്ടം പൊളിഞ്ഞാൽ പറക്കുമോ പൊട്ടാ 

പാലം മുറിഞ്ഞാൽ കടക്കുമൊ പൊട്ടാ  

ഏതാണ്ട് അൻപത് വർഷങ്ങൾക്കു ശേഷം നൂൽമാല എന്ന പേരിൽ മറ്റൊരു കാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ട് ശൈഖ് ജീലാനി (റ) വിന്റെ പ്രകീർത്തനങ്ങളാണ് ഇതിലെ ഉള്ളടക്കം നൂൽ മദ്ഹിലെ ചില വരികൾ: 

കാടകത്ത് വിർപ്പവും കുഴിയകത്ത് സർപ്പവും 

നാടകത്ത് തർക്കവും അണഞ്ഞകത്ത് നിർക്കവും 

ഫാളിലാം റസൂലുല്ലാ പിരുന്തുതിത്ത നാളിലേ  

കീടം ഉറ്റെ ഖൽബിനോരെ കാമ്പതോതെരു നാളിലോ 

യേടകത്ത് തർക്കവും യദുക്കകത്ത് ദീർഘവും 

ബീടകത്ത് സർക്കവും ബിഹിസ്തകത്ത് വിർക്കവും 

ഊട് യെല്ലാം നിറഞ്ഞ വീരർക്കുൻമയാം ഉതെക്കെയും  

കോടില്ലാരെ നെഞ്ചിനൊരെ കാമ്പതേത് നാളിലോ  

സാമൂതിരിയുടെ സദസ്സിൽ കുഞ്ഞായിൻ മുസ്ലിയാർക്ക് നല്ല സ്വാധീനമുണ്ടായിരുന്നു സാമൂതിരിയുടെ മന്ത്രിയായിരുന്ന മങ്ങാട്ടച്ചനുമായുള്ള സൗഹൃദമായിരുന്നു ഇതിനു കാരണം കുഞ്ഞായിൻ മുസ്ലിയാരും മങ്ങാട്ടച്ചനും തമ്മിലുള്ള നർമ കഥകൾ പ്രസിദ്ധമാണല്ലോ തലശേരി പഴയ ജുമുഅത്തു പള്ളിക്കടുത്ത ഖബ്ർസ്ഥാനിലാണ് മഹാന്റെ ഖബ്ർ സ്ഥിതിച്ചെയ്യുന്നത്  


ശുജായി മൊയ്തു മുസ്ലിയാർ

ഹിജ്റഃ 1278- ൽ  കുളങ്ങര വീട്ടിൽ അബ്ദുൽ ഖാദിർ സ്വാഹിബിന്റെ മകനായി പൊന്നാനിക്കടുത്തുള്ള അണ്ടത്തോടിൽ ശുജായി മൊയ്തു മുസ്ലിയാർ ജനിച്ചു വെളിയങ്കോട് , പൊന്നാനി ദർസുകളിൽ പഠിച്ചു സിയാമു മുസ്ലിയാർ, ചെറിയ കുഞ്ഞിബാവ മുസ്ലിയാർ, തുന്നൽ വീട്ടിൽ മുഹമ്മദ് മുസ്ലിയാർ എന്നിവർ ഉസ്താദുമാരാണ്  

ബഹുഭാഷാ പണ്ഡിതനായിരുന്ന മൊയ്തു മുസ്ലിയാർ 1307 ൽ അറബി മലയാളത്തിൽ ഹിന്ദുസ്ഥാൻ ഭാഷാ പഠനം പ്രസിദ്ധീകരിച്ചു വാഗ്മിയും കവിയും ചരിത്രകാരനും കൂടിയായിരുന്നു 1887- ൽ  ഫൈളുൽ ഫയ്യാള് എന്ന ചരിത്ര കൃതി രചിച്ചിരുന്നു അതുപോലെ ഫത്ഹുൽ ഫത്താഹ് എന്ന പേരിൽ മൂന്ന് വാള്യങ്ങളിലായി മറ്റൊരു ചരിത്ര കൃതിയും എഴുതിയിട്ടുണ്ട് ലോകോൽപത്തി മുതൽ തന്റെ കാലത്ത് തുർക്കി ഭരിച്ചിരുന്ന ഖലീഫയുടെ ചരിത്രം വരെ ഇതിൽ ക്രോഡീകരിച്ചിട്ടുണ്ട്  

ശുജായി മൊയ്തു മുസ്ലിയാരുടെ ആദ്യത്തെ അറബി മലയാള കൃതിയാണ് മഅ്ദിനുൽ ജവാഹിർ മഹാരത്നമാല തുടർന്ന് ആത്മജ്ഞാന കൃതികളായ മനാഫിഉൽ മൗത്ത്, നഹ്ജൂദ് ദയാഇഖ് എന്നീ കൃതികൾ രചിച്ചു സാധാരണക്കാർക്കായി രചിച്ച സ്വൂഫീകാവ്യമായ സഫലമാലയാണ് മഹാനെ പ്രശസ്തനാക്കിയത് ഹിജ്റഃ 1317- ലാണ് ഈ കാവ്യം പ്രസിദ്ധീകരിച്ചത് 

അനന്തരവകാശ തർജുമയാണ് അവസാനമായി മഹാൻ എഴുതിയത് സഫലമാലയുടെ മുഖവുര കാണുക: 

ചൊല്ലിപ്പിരിന്തുതയ് സഫല മാല

സാരം ധരിക്കാത്തോർക്കഫല മാല 

മല്ലാൽ യെതിർക്കുകിൽ സകല മാല 

മോകം മികച്ചോരിൽ സഹല മാല 

കല്ലാർ കിബ്രീത്തുൽ അഖ്മർ മാല 

കനകം യവാഖീത്തും ജവാഹിർ മാല 

അല്ലാ ഫനാ ഫലം പണിന്തേ മാല 

അഭിരം ബഖാദാറിൽ അണിന്തേ മാല  

ഹിജ്റ 1338- ൽ ഹജ്ജ് കർമം നിർവഹിച്ച് മടങ്ങവേ ജിദ്ദയിൽ വെച്ച് മഹാൻ വഫാത്തായി.


വെളിയങ്കോട് കുഞ്ഞിമരക്കാർ ശഹീദ്(റ)

ഇന്ത്യയിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിൽ അറിയപ്പെടുന്ന ആദ്യത്തെ ശഹീദാണ് കുഞ്ഞിമരക്കാർ ശഹീദ് (റ) കുഞ്ഞിമരക്കാറുടെ പൂർവികർ കോഴിക്കോട്ടെ ചാലിയത്തുകാരാണ് അവിടെ താമിഴ്നാട്ടിൽ നിന്നുള്ള മരക്കാർ കുടുംബത്തിൽപ്പെട്ട ഒരാൾ ഒരു നമ്പൂതിരി സ്ത്രീയെ വിവാഹം ചെയ്തതിൽ പിന്നെ സന്താന പരമ്പരയിലാണ് ഈ കുടുംബം ഉൾപ്പെടുന്നത് മമ്മസ്രായിലെത്ത് എന്നാണ് തറവാട്ടിന്റെ പേര് ഈ കുടുംബത്തിലെ അബ്ദുല്ലയാണ് കുഞ്ഞിമരക്കാരുടെ പിതാവ്  

അബ്ദുല്ലാ കുടുംബസമേതം വെളിയങ്കോട് മാനത്ത് പറമ്പിൽ താമസമാക്കി ആദ്യം സാമ്പത്തികമായി കുറച്ചൊക്കെ ഭേദമായിരുന്നെങ്കിലും കുഞ്ഞിമരക്കാരുടെ പത്താമത്തെ വയസ്സിൽ പിതാവ് മരിച്ചതോടെ കുടുംബം പട്ടിണിയിലായി ചെറുപ്പത്തിലേ പരമ്പരാഗതമായി മതപഠനവും ആയോധന കലകളും പഠിച്ചിരുന്നു അതൊന്നും പട്ടിണിമൂലം പൂർത്തിയായില്ല  കുടുംബം പോറ്റുന്നതിനായി മരക്കാർ മീൻകച്ചവടം തുടങ്ങി  

പൊന്നാനിയിലാണ് മീൻകച്ചവടം ഈ കാലത്ത് ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ ആത്മീയ മജ്ലിസുകളിൽ പങ്കെടുക്കുമായിരുന്നു ഒരിക്കൽ മഖ്ദൂം കബീർ (റ) തന്റെ സുഹൃത്തായ പുറത്തയിൽ ശൈഖ് അബ്ദുൽ ഖാദിർ സാനി (റ) വിന്റെ കൂടെ പള്ളിയിൽ ഇരിക്കുമ്പോൾ മരക്കാരെ കാണാനിടയായി കുഞ്ഞിമരക്കാറിൽ നന്മ ദർശിച്ച മഖ്ദൂം (റ) അവരെ തന്റെ മുരീദായി സ്വീകരിച്ചു ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) ത്വരീഖത്തിന്റെ ശൈഖായിരുന്നു മീൻ കച്ചവടം കഴിഞ്ഞാൽ കുഞ്ഞിമരക്കാർ മഖ്ദൂം (റ) വിന്റെ ആത്മീയ മജ്ലിസുകളിലായിരുന്നു  

തന്റെ വിവാഹ ദിനത്തിലാണ് കുഞ്ഞിമരക്കാർ ശഹീദാകുന്നത് വിവാഹ വസ്ത്രങ്ങളണിഞ്ഞ് നികാഹിന് തയ്യാറാവുമ്പോഴാണ് കല്യാണ പന്തലിൽ ആ വാർത്തയെത്തിയത് പൊന്നാനി കടലോരത്ത് പറങ്കിക്കപ്പലടുത്തിരിക്കുന്നുവെന്നും അവർ താണ്ഡവമാടുകയാണെന്നും ഒരു പെൺകുട്ടിയെ കപ്പലിൽ കയറ്റി കൊണ്ടു പോകുന്നുണ്ടെന്നുമായിരുന്നു ആ വാർത്ത  

കേൾക്കേണ്ട താമസം കുഞ്ഞിമരക്കാർ തന്റെ വിവാഹ വസ്ത്രങ്ങൾ അഴിച്ചുവെച്ച് ഉമ്മയോട് താമസിയാതെ വരാം എന്നു പറഞ്ഞ് തന്റെ വാളുമെടുത്ത് കടപ്പുറത്തേക്ക് കുതിച്ചു കുറച്ചകലെ പറങ്കിക്കപ്പൽ നങ്കൂരമിട്ടത് കണ്ടു മഹാൻ കപ്പലിനടുത്തേക്ക് തോണി തുഴഞ്ഞു കപ്പലിൽ കയറ്റി അപ്പോൾ പറങ്കികൾ മദോന്മത്തരായി വിജയം ആഘോഷിക്കുകയായിരുന്നു എല്ലാവരെയും മരക്കാർ അടിച്ചു വീഴ്ത്തി കപ്പലിൽ പേടിച്ചു വിറച്ചു കിടക്കുകയായിരുന്ന പെൺകുട്ടിയെ മരക്കാർ തോണിയിൽ കയറ്റി കരക്കെത്തിച്ചു കുട്ടിയെ ബന്ധപ്പെട്ടവരെ ഏൽപ്പിച്ചു 

ധീരനായ കുഞ്ഞിമരക്കാർ ശത്രുക്കളെ ലക്ഷ്യമാക്കി വീണ്ടും കപ്പലിലേക്കു തന്നെ മടങ്ങി കപ്പലിലുള്ളവരെ വെട്ടിവീഴ്ത്തി ഏതാണ്ട് എല്ലാവരും വീണുകഴിഞ്ഞിരുന്നു എന്നാൽ കപ്പലിൽ ഒളിച്ചിരുന്ന  ഒരു പറങ്കി പിന്നിൽനിന്ന് മരക്കാരെ ആഞ്ഞുവെട്ടി നിലത്തുവീണ മരക്കാർ തൽക്ഷണം ശഹീദായി അരിശം തീരാത്ത പറങ്കികൾ ആ ശരീരത്തെ എട്ടു കഷ്ണങ്ങളാക്കി കടലിലെറിഞ്ഞു ആ കഷ്ണങ്ങൾ പിന്നീട് പല ഭാഗങ്ങളിലായി കരക്കണിഞ്ഞു അങ്ങനെയാണ് വെളിയങ്കോട് , താനൂർ, കോഴിക്കോട്, ബേപ്പൂർ, വടകര, വൈപ്പിൻകോട്ട എന്നിവിടങ്ങളിൽ കുഞ്ഞിമരക്കാരുടെ ഖബറുകളുണ്ടായത്.


വെളിയങ്കോട് ഉമർഖാളി (റ)

മഖ്ദൂമുമാരുമായും പൊന്നാനിയുമായും ഉറ്റബന്ധം പുലർത്തിയ വലിയ മഹാനായിരുന്നു വെളിയങ്കോട് ഉമർഖാളി (റ) മമ്മിക്കുട്ടി ഖാളി (റ) വിന്റെ പ്രധാന ശിഷ്യനായ ഉമർഖാളി (റ) അക്കാലത്തെ പണ്ഡിതരിൽ പ്രമുഖനും ഔലിയാക്കളിൽ പ്രമുഖനുമായിരുന്നു  

ഖത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ മമ്പുറം (റ) വിൽ നിന്ന് ഖാദിരിയ്യാ ത്വരീഖത്തിൽ ബൈഅത്തു ചെയ്ത തങ്ങളുടെ പ്രധാന മുരീദായിരുന്നു ഖാളിയാർ  

ബ്രിട്ടീഷുകാർക്കെതിരിൽ അതീവ ഗൗരവത്തിൽ പെരുമാറുകയും നികുതി നിഷേധിക്കുകയും ചെയ്ത കാരണത്താൽ ഖാളിയാർ ജയിൽവാസം വരെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് ബ്രിട്ടീഷ് ഭരണത്തിൽ ജോലി ചെയ്യൽ ഹറാമാണെന്നുവരെ ഖാളിയാർ പ്രഖ്യാപിച്ചു ടിപ്പുസുൽത്താനെ ചതിയിൽ കൊലപ്പെടുത്തിയ ബ്രിട്ടീഷുകാരോടുള്ള അരിശം ഖാളിയാർ പ്രഖ്യാപിച്ചിരുന്നു  

ഉമർഖാളി (റ) വിൽ നിന്ന് ജീവിത കാലത്തും നിരവധി കറാമത്തുകൾ പ്രകടമായിട്ടുണ്ട് 


പണ്ഡിത സംഭാവനകൾ

കേരളീയ സമൂഹത്തിൽ പ്രത്യേകിച്ചും മലബാറിൽ മഖ്ദൂം പണ്ഡിതരുടെയും അവർ മാർഗദർശികളായി പിന്തുടർന്ന പണ്ഡിത മഹത്തുക്കളും കാഴ്ചവെച്ച സേവനങ്ങൾ നാം വായിച്ചറിഞ്ഞു ജീവിത കാലത്തും വഫാത്തിനു ശേഷവും അത്തരം പണ്ഡിത മഹത്തുക്കളെ നാം സ്മരിക്കാനുള്ള കാരണവും അതാണ് മഖ്ദൂമുമാരുടെ പ്രധാന കേന്ദ്രം പൊന്നാനി തന്നെയായിരുന്നല്ലോ പൊന്നാനി പണ്ഡിതരുടെ സേവനങ്ങളും സംഭാവകളും ധാരാളമാണ് 

മലയാളി സമൂഹം എക്കാലത്തും മഖ്ദൂം പണ്ഡിതന്മാരോട് കടപ്പെട്ടവരാണ് പ്രത്യേകിച്ചും മഖ്ദൂം ഒന്നാമനോടും രണ്ടാമനോടും സാധാരണക്കാർക്കുപോലും ഉപകാരമാവുന്ന നിരവധി ആത്മീയ മാർഗങ്ങൾ ഇവിടെ ബാക്കിവെച്ചവരാണ് മഖ്ദൂം പണ്ഡിതവര്യർ ഇതിൽ പ്രധാനമാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ മൻഖൂസ്വ് മൗലിദ് നബി (സ) യുടെ മദ്ഹ് ഗദ്യത്തിലും പദ്യത്തിലും കോർത്തിണക്കിയ മഹത്തായ കീർത്തനമാണ് ഈ മൗലിദ്.


മൻഖൂസ്വ് മൗലിദ്

ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ മഹത്തായ ഒരു രചനയാണ് മൻഖൂസ്വ് മൗലിദ് നബി (സ) യുടെ ജനനവും ജനനസമയത്തുള്ള അത്ഭുതങ്ങളും പദ്യത്തിലും ഗദ്യത്തിലുമായി അതി മനോഹരമായി അവതരിപ്പിച്ച് ഈ മൗലിദിലൂടെ മഹാൻ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് 

മൗലിദ് രചനകൾ എക്കാലത്തും മുസ്ലിം സമുദായത്തിൽ ഉണ്ടായിട്ടുണ്ട്  അറിയപ്പെട്ട ഇമാമുകളും ഔലിയാക്കളും പണ്ഡിതരും എത്രയോ മൗലിദുകൾ രചിച്ചിട്ടുണ്ട് മഹത്തുക്കളെ സ്നേഹിക്കുന്നവരും ചരിത്രാന്വേഷികളും പ്രധാനമായും അവലംബിക്കുന്ന ഒന്നാണ് മൗലിദ് ഗ്രന്ഥങ്ങൾ ചരിത്രവും മുഅ്ജിസത്തുകളും കറാമത്തുകളും അടങ്ങിയതാണ് മൗലിദുകൾ പ്രധാനമായും മൗലിദുകൾ രണ്ടു വിധത്തിലാണ് രചനകൾ നടത്താറുള്ളത് ചില മൗലിദുകൾ മഹത്തുക്കളുടെ ജനന- വാഫാത്തു വരെയുള്ള ജീവിത രേഖ വരച്ചുകാട്ടുമ്പോൾ ചിലത് മഹത്തുക്കളുടെ കറാമത്തുകൾക്കായിരിക്കും പ്രാധാന്യം നൽകാറുള്ളത് കറാമത്തുകളിൽ നിബിഡമായ മൗലിദുകളാണ് കൂടുതലായും ശ്രദ്ധയിൽ പെടാറുള്ളത് 

തസ്വവ്വുഫ് ത്വരീഖത്ത് മേഖലകളിൽ മൗലിദുകൾക്ക് ഏറെ പ്രാധാന്യമുണ്ട് ഉറൂസുകളിലും മഹാന്മാരുടെ വഫാത്തു ദിവസങ്ങളിലും മാസങ്ങളിലും അവരുടെ മൗലിദുകൾ മുഹിബ്ബീങ്ങൾ ധാരാളം പാരായണം ചെയ്യാറുണ്ട്  

ബദ്ർ മൗലിദിന് ഏറെ പ്രാധാന്യമുണ്ട് റമളാനിൽ കാരണം ബദ്ർ യുദ്ധം നടക്കുന്നത് റമളാൻ പതിനേഴിനാണല്ലോ നമ്മുടെ നാടുകളിൽ ഓതിവരാറുള്ള ബദ്ർ മൗലിദ് വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ രചിച്ചതാണ് ഗൃഹപ്രവേശനത്തിനും മറ്റു പല സമയങ്ങളിലും ബദ്ർ മൗലിദിന് നാം പ്രാധാന്യം നൽകാറുണ്ട്  

ഔലിയാക്കളിൽ പ്രധാനിയായ ഗൗസുൽ അഅ്ളം മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വഫാത്തായ റബീഉൽ ആഖിറിൽ മുഹ്‌യദ്ദീൻ മൗലിദിനും മുഹ്‌യദ്ദീൻ മാലക്കും നാം ഏറെ പ്രാധാന്യം കാണാറുണ്ട് മാല, മൗലിദുകൾ സമൂഹത്തിൽ വരുത്തിയ ആത്മീയ മാറ്റങ്ങൾ ധാരാളമാകുന്നു  

ഇത്തരുണത്തിൽ ചിന്തിക്കുമ്പോൾ മൻഖൂസ്വ് മൗലിദിന്റെ പ്രാധാന്യം എടുത്തു പറയാതെ തന്നെ അനുഭവിച്ചവരാണ് നാമെല്ലാം റബീഉൽ അവ്വൽ മാസത്തിൽ എന്നല്ല എല്ലാ മാസത്തിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യുന്നവരാണ് നമ്മുടെ സുന്നി സമൂഹം മൗലിദ് പാരായണത്തിൽ എന്നും മുൻപന്തിയിലായ കേരളീയ സമൂഹം എല്ലാ സദസ്സിലും മൻഖൂസ്വ് മൗലിദിനാണ് പ്രമുഖ്യം നൽകുന്നത് പുതിയ വീട്ടിൽ താമസം തുടങ്ങുമ്പോഴും, ആണ്ടുകളിലും എന്നല്ല മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാത്ത ഒരു മൗലിദിന്റെ സദസേ നമുക്കില്ലെന്ന് പറയുന്നതാവും ശരി

അമ്പിയാമുർസലുകളുടെ നേതാവും രാജാവുമായ മുത്ത്നബി (സ) യുടെ മദ്ഹ് കീർത്തനങ്ങൾക്കുള്ള പ്രാധാന്യവും മൻഖൂസ്വ് മൗലിദിൽ നിന്നുതന്നെ വായിച്ചെടുക്കാം ഇമാം സൈനുദ്ദീൻ മഖ്ദൂം കബീർ (റ) വിന്റെ കാലശേഷം കേരളത്തിൽ ഔലിയാക്കളിൽ ഗൗസുകളും ഖുത്വുബുകളും ജീവിച്ചിട്ടുണ്ട് അവരെല്ലാം മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തവരും ചെയ്യിപ്പിച്ചവരുമാണ് എന്നതുതന്നെ ഈ മഹത്തായ മൗലിദിന് അല്ലാഹുവിന്റെയും മുത്തുനബി (സ) യുടെയും അടുക്കൽ വലിയ സ്വീകാര്യതയുണ്ടെന്നതിന് തെളിവാണ്  

എന്നാൽ ഇത്തരം സൗഭാഗ്യങ്ങൾ അനുഭവിക്കാനും അറിയാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വിഭാഗമാണ് പുത്തൻവാദികളും പിഴച്ചവരും പിഴപ്പിക്കുന്നവരുമായ വഹാബികളും മൗദൂദികളും പോലോത്ത എല്ലാ ബിദ്അത്തുകാരും ഇസ്ലാമിന്റെ പേരു പറഞ്ഞു ഇസ്ലാമിനെയും മഹത്തുക്കളെയും വിമർശിക്കുന്നവരാണ് ഇക്കൂട്ടർ മഖ്ദൂം പാരമ്പര്യത്തെയും മഖ്ദൂം പണ്ഡിതന്മാരെയും തള്ളിപ്പറയുന്ന പിഴച്ച വിഭാഗമായ വഹാബികളും ജമാഅത്തുകാരും ഇസ്ലാമിനെ മനസ്സിലാക്കിയത് അന്ധന്മാർ ആനയെ മനസ്സിലാക്കിയതിനേക്കാളും കഷ്ടത്തിലായിപ്പോയി മഹത്തുക്കളുടെ മാല, മൗലിദുകൾ ഈ പിഴച്ച പ്രസ്ഥാനക്കാർക്ക് എന്നും അലർജി തന്നെയാണ് മഹത്തുക്കളുടെ പാത കൈവെടിഞ്ഞ ഈ കൂട്ടരെ എന്നോ സുന്നികൾ കൈവിട്ടതാണ് സുന്നി എന്നു പറഞ്ഞാൽ തന്നെ മഹാന്മാരെയും സ്വൂഫിയാക്കളെയും ഔലിയാക്കളെയും പിൻപറ്റിയവരാണ്.


ബദ്ർ മൗലിദ്

റമളാൻ എന്നു കേൾക്കുമ്പോൾ നോമ്പും, ഖുർആൻ പാരായണവും ബദ്ർ യുദ്ധവും ബദ്രീങ്ങളുടെ ത്യാഗവുമൊക്കെയാണ് ഓർമയിൽ തെളിഞ്ഞുവരിക റമളാൻ 17 - നാണല്ലോ ഇസ്ലാമിക ചരിത്രത്തിൽ ശ്രദ്ധേയമായ ബദ്ർ യുദ്ധം നടന്നത് അതുകൊണ്ടുതന്നെ ബദ്ർ സ്മരണക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസം പ്രസ്തുത ദിനമാണല്ലോ  

റമളാൻ 17 മുതൽ നമ്മുടെ നാടുകളിൽ ബദ്ർ പ്രഭാഷണങ്ങളും മൗലിദുകളും നാം കൊണ്ടാടാറുണ്ട് പിന്നീട് റമളാൻ അവസാനിക്കുന്നതുവരെ വീടുകളിലും മഹല്ലുകളിലും ബദ്ർ മൗലിദുകൾ ധാരാളം അരങ്ങേറാറുണ്ട് ബദ്രീങ്ങളുടെ നാമങ്ങൾ ചൊല്ലിപ്പറയുന്നതിലും എഴുതിവെക്കുന്നതിലും ശ്രേഷ്ഠതകൾ ഏറെയുണ്ട് ബദ്ർ മൗലിദ് രചയിതാവായ വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ (റ) ഈ ശ്രേഷ്ഠതകൾ മൗലിദിൽ വിവരിക്കുന്നുണ്ട് ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത മുഴുവൻ സ്വഹാബികളുടെയും പേരുകൾ ഈ മൗലിദ് ഗ്രന്ഥത്തിൽ കാണാം  

വളപ്പിൽ അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ മകനാണ് ബദ്ർ മൗലിദ് രചയിതാവായ ശൈഖ് അബ്ദുൽ അസീസ് മുസ്ലിയാർ പണ്ഡിതനും, മുദർരിസും, അറബി കവിയും, സാഹിത്യകാരനുമായിരുന്നു വഴുതലയിലെ മുദർരിസായിരുന്നു പൊന്നാനിയിൽ വെച്ചാണ് മഹാൻ വഫാത്തായത്  

ഹിജ്റഃ 1320-ൽ മുഹർറം 29-ന് കണ്ണൂരിലെ തലശ്ശേരിയിൽ മത്ബഅത്തുൽ ഹമീദിയ്യഃയിൽ പ്രിന്റ് ചെയ്ത ബദ്ർ മൗലിദിന്റെ ഒരു കോപ്പിയിൽ കാണാം, 'ഈ മനാഖിബ് പൊന്നാനി വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ തങ്ങളാൽ ഉണ്ടാക്കപ്പെട്ടതും അവരാൽ ആഖിർ അമ്മദിന്റകത്ത് ബീരാൻ കുട്ടി മുസ്ലിയാർക്ക് പകർപ്പാവകാശം സിദ്ധിച്ചതും അന്യർക്ക് അടിച്ചുകൂടായെന്ന അധികാരപ്പെടുത്തിയതും തലശേരി ഡിസ്ട്രിക് മജിസ്ട്രേറ്റ് ആപ്പീസിൽ നിന്ന് രജിസ്റ്റർ ചെയ്തതും ആകുന്നു '  


നഫീസത്ത് മൗലിദ്

'ഈ മൗലിദ് ഫാത്വിമാ ബീവിയാരെ മൂന്നാം പേരക്കുട്ടിയായ ഖുത്വുബ് ഗൗസ് മഖാം കൊണ്ട് ശുഹ്റത്താക്കപ്പെട്ടതായ ശാഫിഈ ഇമാം തങ്ങളും ആരിഫീങ്ങളും ഇവരെ ബറകത്തുകൊണ്ട് തേടുന്നതായ നേർച്ച ഫലിക്കപ്പെടുന്നതുകൊണ്ട് ഔലിയാക്കൾ തീർച്ചപ്പെടുത്തിയതായ നമ്മെ ഖോജ ബറകത്തുനാ നഫീസത്തുൽ മിസ്രിയ്യഃ അവരെ പേരിൽ കോർവാക്കപ്പെട്ട മൗലിദ് ആകുന്നു '  

ഹിജ്റഃ 1320 റബീഉൽ ആഖിർ 29 തിങ്കളാഴ്ച പൊന്നാനി അറക്കൽ എന്ന പാണ്ടികശാലയിൽ പ്രിന്റ് ചെയ്ത നഫീസത്ത് ബീവിയുടെ മൗലിദിന്റെ മുഖപേജിലെ വരികളാണ് മുകളിൽ പൊന്നാനി പുത്തൻവീട്ടിൽ കല്ലറക്കൽ മുഹമ്മദെന്ന കുഞ്ഞാവ എന്നയാളുടെ ചെലവിൽ പ്രിന്റ് ചെയ്തതാണിത്  

ആമുഖത്തിൽ ഈ മൗലിദ് പാരായണം ചെയ്യുന്നവർ സ്വീകരിക്കേണ്ട മര്യാദകളെക്കുറിച്ചും അനുബന്ധമായി ചൊല്ലേണ്ട ഫാത്തിഹയും മറ്റു സൂക്തങ്ങളും ദുആയും പ്രതിപാദിക്കുന്നുണ്ട്  


നഫിസത്തു മാല

*'ബിസ്മിയും ഹംദും സ്വലാത്തും നൽ സലാമും മുന്നെ ബിള്ളി നഫീസത്ത് മാല ഞാൻ തുടങ്ങീടുന്നെ* 

പ്രസിദ്ധമായ നഫീസത്തു മാലയുടെ തുടക്കമാണ് മേൽ വരികൾ നഫീസത്തു മാലയും പൊന്നാനിയുടെ സംഭാവനയാണ് പൊന്നാനിയിലെ നാലകത്തു കുഞ്ഞിമൊയ്തീൻ കുട്ടി മുസ്ലിയാരാണ് ഈ മാല രചിച്ചത് ഹിജ്റഃ 1323- റജബ് 10-ന് പൊന്നാനിയിൽ ഗ്രന്ഥകാരന്റെ ചെലവിൽ പ്രിന്റ് ചെയ്തു  

പൊന്നാനി പണ്ഡിതന്മാർ തന്നെ മഹതിയായ സയ്യിദത്തുനാ നഫീസത്തുൽ മിസ്രിയ്യഃ (റ) വിന്റെ മദ്ഹുകൾ കോർണിണക്കി വേറെയും നഫീസത്തു മാലകൾ രചിച്ചിട്ടുണ്ട് ഹിജ്റഃ 1274-ൽ പൊന്നാനിയിൽ ജനിച്ച് ഹിജ്റഃ 1339- ൽ പൊന്നാനിയിൽ മറ്റൊരു നഫീസത്തു മാല രചിച്ചിട്ടുണ്ട്  

വേറെയും നഫീസത്ത് മാല പൊന്നാനിയിൽ പ്രസാധനം ചെയ്തിട്ടുണ്ട് പൊന്നാനി നഗരം പരിമുസ്ലിയാരകത്ത് ബാവ മുസ്ലിയാർ രചിച്ച മാലയാണത് ഇതിന്റെ തുടക്കം ഇങ്ങനെ 

'അർറഹ്മാനർറഹീം യെന്ന് ആദി താൻ നാമത്തെ 

അവ്വലിൽ അതിപുകൾണ്ട് ഓതുന്ന് ഇതിൽ ആശിത്തെബർറു നിന്റെ ബൻ ഗുണത്താൽ ഞാൻ ഇതയ് തൊടുന്നേ പാടുവാൻ ഉദവ് അരുളൾ യെൻ സാധു ഹൃദകന്നേ' 

ഏതാനും വരികൾ: 

'താരുളൈ ത്വാഹാമവേ അഞ്ചാമത്തെ മകളാമേ 

സയ്യ്ദ് അഹ്ലുൽ ബൈത്തിൽ അദിഹദിയോർ ആമെ 

ഫാരി ത്വൈബാവിൽ ഇബാദത്തും സുഹ്ദിലുമേ 

ഫാർത്തു വളരെ പെരിപ്പം ഇൽമിലും തമാമേ 

ബീരിദർ സയ്യിദത്തുന്നഫീസത്തിൽ റളിയല്ലാഹ് ബീവിയവർ ഫളാഇലാൽ എൻ ഹാജത്തും വീട്ടല്ലാഹ് ' 


രസംകൃത മാല

പൊന്നാനി കെ.സി മുഹമ്മദ് കുട്ടി മുല്ലയുടെ പ്രചാരം നേടിയ കാവ്യമാണിത് പല തവണ പൊന്നാനിയിൽ നിന്നും കൊല്ലത്തു നിന്നും പ്രിന്റ് ചെയ്തിട്ടുണ്ട് ബദ്ർ യുദ്ധത്തിൽ സയ്യിദുനാ ഹംസ (റ) അസ് വദിനെ നേരിടുന്നത് മാലയിൽ അവതരിപ്പിച്ചത് കാണുക: 

വമ്പുറ്റ ഹംസ റളിയള്ളാ 

ചാടിട്ടെമ്പി അസ്വദിൽ മാറെടാ

വള്ളൽ നബി മഹ്മൂദർ ഹൗളിന്നു  വെള്ളം കുടിക്കുന്നോനാരടാ 

അമ്പർ സഫിയുള്ളാ കാവൽ വെച്ചുള്ളെ സംഭരമിൽ ചെന്നു ചേരടാ 

ഖൈറുൽ വറാ നബിയാർ കുളത്തീന്നു ധൈരിയം ഉണ്ടെങ്കിൽ കോരടാ

വമ്പന്മാരുണ്ടെങ്കിൽ ഞാനൊന്നു കാണട്ടെ

വന്നു ബലത്തോടെ വെള്ളം കുടിച്ചാട്ടെ  

കുംഭിക്ക് മാമദം പൊട്ടിയുള്ളമ്മട്ടെ  

കുറിയ വിക്കിനെ കേട്ട് വെളിപ്പെട്ടെ 

സംസാരികാസരികാ പമകരി രിങ്കരിമാ കരിക തകും തകദിം ദിംദിം കിങ്കിൻ കിണ 

ചെങ്കൻകുള അങ്കൻകളും താളം തരികിട ചെണുതത്താ ദിമികളി കൊണ്ടാനേ (വമ്പുറ്റ) 


മഖ്ദൂമുമാർ അഹ്ലുസ്സുന്നഃയുടെ കാവൽഭടന്മാർ

പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ കാവൽ ഭടന്മാരാണ് പണ്ഡിത സമൂഹം ഈ ദീനിന്റെ സംരക്ഷകരായി അല്ലാഹു തിരഞ്ഞെടുത്തത് പണ്ഡിതരെയാണ് അമ്പിയാക്കളുടെ അനന്തരവകാശികളായ പണ്ഡിതന് നിബന്ധനകളേറെയുണ്ട് കേവലം പാണ്ഡിത്യം കൊണ്ടു മാത്രം ഒരു പണ്ഡിതനും അമ്പിയാക്കളുടെ അനന്തരവകാശിയാവുകയില്ല

നുബുവ്വത്തു ലഭിച്ചവരാണല്ലോ അമ്പിയാക്കൾ അമ്പിയാക്കളിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്കാണ് മുഅ്ജിസത്ത് എന്നു പറയുന്നത് അമ്പിയാക്കളുടെ അനന്തരവകാശിയായ പണ്ഡിതനിൽ വിലായത്തും കറാമത്തും ഒരുമിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ആ പണ്ഡിതൻ അമ്പിയാക്കളുടെ അനന്തരവകാശിയാവുകയുള്ളൂ ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ (റ), ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) എന്നിവരിൽ വിലായത്തും കറാമത്തും സമ്മേളിച്ചിരുന്നു അതുകൊണ്ടുതന്നെ അവർ അമ്പിയാക്കളുടെ യഥാർത്ഥ അനന്തരവകാശികളായിരുന്നു 

ഈ സമുദായം എഴുപതിലധികമാവുമെന്ന് മുത്തുനബി (സ) സ്വഹാബത്തിനെ അറിയിച്ചതാണ് അതിൽ യഥാർത്ഥ പാതയിലുള്ളവർ അഹ്ലുസ്സുന്നത്തി വൽ ജമാഅത്താണെന്നും നബി (സ) അറിയിച്ചുതന്നു 

ഇമാം തുർമുദി (റ) തന്റെ സുനനിൽ രേഖപ്പെടുത്തുന്നു: അബ്ദുല്ലാഹിബ്നു യസീദുബ്ൻ അബ്ദില്ലാഹിബ്നി ഉമർ (റ) വിൽ നിന്ന് നിവേദനം എന്റെ സമുദായം 73 വിഭാഗമായി വേർപിരിയും ഒരു വിഭാഗമൊഴികെ ബാക്കിയുള്ളതെല്ലാം നരകത്തിലാണ് സ്വഹാബത്ത് ചോദിച്ചു: ആ ഒരു വിഭാഗമേതാണ്? നബി (സ) പറഞ്ഞു: ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട മാർഗത്തിലുള്ളവർ  

ഇമാം ഗസാലി (റ), ഇമാം മുഹമ്മദുബ്ൻ അബ്ദുൽ കരീം ശഹർസ്ഥാനി (റ) എന്നിവർ രേഖപ്പെടുത്തുന്നു: നബി (സ) പറഞ്ഞു: 'എന്റെ സമുദായം 73 വിഭാഗമായി വേർപിരിയും രക്ഷപ്പെടുന്നത് ഒരു വിഭാഗം ബാക്കിയുള്ളതെല്ലാം നാശകാരികൾ ചോദിക്കപ്പെട്ടു: ഏതാണ് രക്ഷപ്പെട്ട വിഭാഗം? നബി (സ) പറഞ്ഞു: അഹ്ലുസ്സുന്നത്തി വൽ ജമാഅഃ ചോദിക്കപ്പെട്ടു: എന്താണ് സുന്നത്ത് ജമാഅത്ത്? നബി (സ) പറഞ്ഞു: എന്റെയും സ്വഹാബത്തിന്റെയും മാർഗം (ഇഹ്‌യാ ഉലൂമുദ്ദീൻ: 3/230, അൽ മിലലു വന്നഹ്ൽ: 1/20) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: നബി (സ), സ്വഹാബത്ത്, ശേഷക്കാരായ മഹത്തുക്കൾ തുടങ്ങിയവർ നിലകൊണ്ട വിശ്വാസ സരണിയാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് പിൽക്കാലത്ത് ഇമാം അബുൽ ഹസൻ അശ്അരി (റ), ഇമാം അബൂ മൻസ്വൂറിൽ മാതുരീദി (റ) അവരെ പിൻപറ്റിയവർക്കുമാണ് ഈ പേര് പറയാറുള്ളത് (തുഹ്ഫ: 10/235) 

മുഹ്‌യദ്ദീൻ ശൈഖ് (റ) എഴുതുന്നു: വിശ്വാസി അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെ പിൻപറ്റലും ബിദഇകളെ അകറ്റി നിർത്തലും നിർബന്ധമാണ് (അൽ ഗുൻയതു ലി ത്വാലിബി ത്വരീഖിൽ ഹഖ്: 1/80) 

മദ്ഹബുകളും ത്വരീഖത്തുകളുമെല്ലാം അഹ്ലുസ്സുന്നഃയുടെ വഴികളാണ് ഫിഖ്ഹ്, തസ്വവ്വുഫ് ഗ്രന്ഥങ്ങളെല്ലാം കർമങ്ങളുടെയും ആത്മാവിന്റെയും ശുദ്ധീകരണമാണ് പ്രതിപാദിക്കുന്നത് അദ്കിയാ, ഇർശാദുൽ ഇബാദ്, ഫത്ഹുൽ മുഈൻ, അൽ അജ് വിബത്തുൽ അജീബഃ തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം ഈ ഗണങ്ങളിൽ പെട്ടതാണ് അഹ്ലുസ്സുന്നഃയെ ശക്തിപ്പെടുത്തലായിരുന്നു മഖ്ദൂമുമാർ ലക്ഷ്യമിട്ടത് അതിനുള്ള എളുപ്പവഴിയാണ് തസ്വവ്വുഫും ത്വരീഖത്തും ആത്മാവിനെ ശുദ്ധീകരണത്തിലൂടെ മാത്രമേ ദീനീ വിജയം സാധ്യമാവുകയുള്ളൂ എന്ന തിരിച്ചറിവ് മഖ്ദൂമുമാർക്കുണ്ടായിരുന്നു അതുകൊണ്ടു തന്നെയായിരുന്നു അവർ സംവിധാനിച്ച പാഠ്യപദ്ധതിയിൽ തസ്വവ്വുഫ് ഗ്രന്ഥങ്ങൾക്ക് വളരെ വലിയ പ്രാധാന്യം നൽകിയിരുന്നത് ഗൗസുൽ അഅ്ളം ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ ഖാദിരിയ്യാ ത്വരീഖത്ത് മുറുകെ പിടിച്ചവരായിരുന്നു മഖ്ദൂം പണ്ഡിതന്മാർ 

ശംസുൽ ഉലമാ ഖുത്വുബി മുഹമ്മദ് മുസ്ലിയാർ (റ) പണ്ഡിതകാരണവന്മാരുടെ കാരണവനാണ് തലയെടുപ്പുള്ള ഈ പണ്ഡിതവര്യൻ ഖാദിരിയ്യാ ത്വരീഖത്ത് സ്വീകരിച്ചതായിട്ടാണ് അന്വേഷണങ്ങളിൽനിന്ന് ബോധ്യപ്പെട്ടത് മഖ്ദൂം പാരമ്പര്യം കാത്തുസൂക്ഷിച്ച സ്വൂഫിവര്യനായിരുന്നു ഖുത്വുബി മുഹമ്മദ് മുസ്ലിയാർ (റ) 

കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ, സ്വദഖത്തുല്ല മുസ്ലിയാർ, കൈപ്പറ്റ ബീരാൻ കുട്ടി മുസ്ലിയാർ തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ പണ്ഡിതർ ഖുത്വുബി (റ) വിന്റെ ശിഷ്യന്മാരായിരുന്നു  

ശംസുൽ ഉലമാ ഖുത്വുബി മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യനായ വണ്ടൂർ സ്വദഖത്തുല്ലാ മുസ്ലിയാർ ശാദുലിയ്യാ ത്വരീഖത്തുകാരനായിരുന്നു ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ ഖാദിരിയ്യാ ത്വരീഖത്തായിരുന്നു സ്വീകരിച്ചിരുന്നത് ഐലക്കാട്  ശൈഖ് സഈദ് സിറാജുദ്ദീൻ ഖാദിരി (റ) വിൽ നിന്നാണ് സ്വീകരിച്ചത് ഒതുക്കുങ്ങൽ ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ ഖാദിരിയ്യാ, ബാ അലവിയ്യ ത്വരീഖത്തുകളുണ്ടായിരുന്നു മഹാനവർകൾ ബാ അലവിയ്യാ ത്വരീഖത്ത് നൽകാറുണ്ടായിരുന്നു  

മഖ്ദൂം പാരമ്പര്യം കാത്തുസൂക്ഷിച്ച പണ്ഡിതന്മാരായിരുന്നു ഇവരെല്ലാവരും മഖ്ദൂം പാരമ്പര്യം കാത്തുസൂക്ഷിച്ചവരെല്ലാം തസ്വവ്വുഫിന് പ്രാധാന്യം നൽകിയവരും ത്വരീഖത്തുകളുള്ളവരുമായിരുന്നു എന്നതാണ് ചരിത്രാന്വേഷികൾക്ക് ബോധ്യപ്പെടുന്ന നഗ്ന സത്യം മലബാറിന്റെ മണ്ണിൽ എന്നുമെന്നും സ്മരിക്കപ്പെടുന്ന നാമങ്ങളാണ് മഖ്ദൂമുമാരുടേത് അവസാന നാളിൽ വരുന്ന മഹ്ദി ഇമാമിന്റെ കാലം വരെ ഈ മണ്ണിൽ ഫിഖ്ഹും തസ്വവ്വുഫും ത്വരീഖത്തും ശൈഖുമാരിലൂടെയുള്ള തർബിയ്യത്തും ഇർശാദുമായി മഖ്ദൂം പാരമ്പര്യം ഇവിടെ കാത്തുസൂക്ഷിക്കപ്പെടുക തന്നെ ചെയ്യും.



അലി അഷ്‌കർ : 95267 65555

No comments:

Post a Comment