Saturday 9 January 2021

റൂഹുമടക്കുന്ന ഹദീസും നബിമാരുടെ ഖബ്റിലെ ജീവിതവും

 

വല്ലവനും എന്റെമേൽ സലാം ചൊല്ലിയാൽ അല്ലാഹു എന്റെ റൂഹിനെ എന്റെ മേൽ മടക്കുകയും ഞാൻ സലാം മടക്കുകയും ചെയ്യുമെ''ന്ന ഹദീസും “പ്രവാചകൻമാർ അവരുടെ ഖബ്റുകളിൽ ജീവിച്ചിരിക്കുന്നവരാണെ''ന്ന ഹദീസും തമ്മിൽ എതിരാവുന്നില്ലേ? ഒരു വിശദീകരണം?


ചോദ്യത്തിൽ പറഞ്ഞ ഒന്നാമത്തെ ഹദീസുകൊണ്ടുദ്ദേശ്യം “മാമിൻ അഹദിൻ യുസല്ലിമു അലയ്യ ഇല്ലാറദ്ദല്ലാഹു ഇലയ്യ റൂഹീ ഹത്താ അറുദ്ദു അലൈഹിസ്സലാമ” എന്ന ഹദീസായിരിക്കുമല്ലോ. പ്രസ്തുത ഹദീസിന് നിങ്ങൾ ഉദ്ധരിച്ചതുപോലെയല്ല അർത്ഥം. “അല്ലാഹു എന്നിലേക്ക് ആത്മാവ് തിരിച്ചു തരുന്ന വേളയിലല്ലാതെ ഒരാളും എന്റെ മേൽസലാം ചൊല്ലുകയും ഞാൻ അവന്റെ മേൽ സലാം മടക്കുകയും ചെയ്യുന്നില്ല” എന്നാണ്. 'റദ്ദല്ലാഹു' എന്ന വാക്യം 'ഹാലിയ്യായ ജുംല'യാണെന്നും 'ഹത്താ എന്ന പദം 'തഅ്ലീലിനല്ല' 'അത്ഫി'നാണെന്നും ചുരുക്കം. അങ്ങനെ വരുമ്പോൾ “ആരൊരാൾ എന്റെ വഫാത്തിനു ശേഷം എന്റെ മേൽ സലാം ചൊല്ലുന്നതും ഞാനയാൾക്ക് സലാം മടക്കുന്നതും അല്ലാഹു എനിക്കു ആത്മാവിനെ തിരിച്ചുനല്കിയ സമയത്തല്ലാതെ - എനിക്കു ഖബ്റിൽ ജീവനുള്ള വേളയിലല്ലാതെ സംഭവിക്കുന്നില്ല എന്നാണു ഹദീസിന്റെ ആശയമെന്നുവരും. അതായതു ഞാൻ സദാസമയവും ഖബ്റിൽ ജീവിച്ചിരിക്കുകയാണെന്ന്! നബി (സ) തങ്ങൾക്ക് ആരെങ്കിലും സലാം പറയാത്ത ഒരു സമയം ഉണ്ടാവുകയില്ലല്ലോ. സദാസമയവും നന്ന ചുരുങ്ങിയത് ലോകത്ത് ഒരാൾ നമസ്കരിച്ചുകൊണ്ടിരിക്കുകയെങ്കിലും ചെയ്യുമല്ലോ. അതിൽ നബിക്കു സലാമുമുണ്ടല്ലോ. അപ്പോൾ ഏതൊരാൾ സലാം പറയുമ്പോളും നബി അതു മടക്കുമ്പോളും 'അല്ലാഹു ജീവൻ തിരിച്ചു നല്കിയ വേളയിൽ മാത്രം അതു സംഭവിക്കണ'മെങ്കിൽ നബി തങ്ങൾ സദാസമയവും ജീവിച്ചിരിക്കണം.

ഇങ്ങനെ ഹദീസിനെ മനസ്സിലാക്കിയാൽ നബി തങ്ങൾ ഖബ്റിന്നകത്ത് സദാ ജീവിച്ചിരിക്കുന്നുവെന്നാണല്ലോ ഈ ഹദീസിന്റെയും താല്പര്യം. അപ്പോൾ ഹദീസുകൾ രണ്ടും ഒരേ ആശയത്തിലുള്ളതാകും. നബിമാർ ഖബ്റുകളിൽ ജീവിച്ചിരിക്കുന്നുവെന്നത് കേവലം ഒരു ഹദീസിന്റെ ആശയം മാത്രമല്ലെന്നും ഇക്കാര്യത്തിൽ നിരവധി ഹദീസുകൾ മുതവാതിറായി വന്നിട്ടുള്ളതും അക്കാര്യം ഇജ്മാഉള്ളതുമാണെന്നും പ്രത്യേകം ഓർക്കേണ്ടതാണ്. അപ്പോൾ ഖണ്ഡിതമായ ഈ വിഷയത്തോടു താങ്കളുദ്ധരിച്ച ഒന്നാമത്തെ ഹദീസ് 'എതിരായി വരുക' എന്ന പ്രശ്നമേ ഉദിക്കുന്നില്ല. ആ ഹദീസിന് ഇൗ ഖണ്ഡിത പരമാർത്ഥത്തോട് ഇണങ്ങുന്ന അർത്ഥം നല്കി മനസ്സിലാക്കുകയാണ് വേണ്ടത്. ഇതാണ് വ്യത്യസ്ത പ്രമാണങ്ങൾ ചേർത്തു വിലയിരുത്തുന്നതിന്റെ ശരിയായ രീതി. ഇതു പ്രകാരം പ്രസ്തുത ഹദീസിലെ 'റദ്ദല്ലാഹു റൂഹീ' എന്നതിനു ഹദീസ് പണ്ഡിതൻമാർ പലവിധ വാഖ്യാനങ്ങളും നല്കിയിട്ടുണ്ട്. 'റദ്ദല്ലാഹു' എന്നതിന് 'മടക്കുക' എന്നല്ല 'ആക്കുക' എന്നാണ് അർത്ഥമെന്നും അതല്ലെങ്കിൽ "റൂഹു മടക്കുക'യെന്നാൽ റൂഹിന്റെ ശ്രദ്ധയും തിരിച്ചറിവും ലഭ്യമാവുക എന്നാണുദ്ദേശ്യമെന്നും അതുമല്ലെങ്കിൽ ഹദീസിലെ 'റൂഹ്' എന്നതിന് 'സംസാരം' എന്നാണ് അർത്ഥമെന്നും മറ്റും വ്യാഖ്യാനങ്ങളുണ്ട്. ഫതാവൽകുബ്റ: 2- 135, 136.


മൗലാനാ നജീബ് ഉസ്താദ് മമ്പാട് -ചോദ്യോത്തരം: നുസ്രത്തുൽ അനാം -നവംബർ 2008

No comments:

Post a Comment