Thursday 14 January 2021

തനിച്ച യാത്രികന്‍ പിശാചോ?

 

ഒറ്റക്ക് യാത്ര ചെയ്യാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവന്‍ പിശാചാണെന്ന് ഹദീസില്‍ വന്നിട്ടുണ്ടെന്നും ഒരു വഅ്ളില്‍ കേട്ടു. ശരിയാണോ? രാത്രിയും പകലുമൊന്നും ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ പാടില്ലേ? എന്താണ് ആ ഹദീസിന്‍റെ ശരിയായ ഉദ്ദേശ്യം? വിശദീകരിച്ചാലും.


തനിച്ചു യാത്ര ചെയ്യല്‍ വിലക്കപ്പെട്ടതു തന്നെയാണ്. യാത്രയിലെ ഏകാന്തത നബി(സ്വ) ക്ക് അനിഷ്ടകരമായിരുന്നുവെന്നും മരുഭൂമിയിലൂടെ തനിച്ചു യാത്ര ചെയ്യുന്നവനെ നബി(സ്വ) ശപിച്ചിട്ടുണ്ടെന്നും ഹദീസില്‍ വന്നിട്ടുണ്ട്. 'ഏക യാത്രക്കാരന്‍ ശൈത്വാനാണെന്നും രണ്ടു യാതക്കാര്‍ രണ്ടു ശൈത്വാനാണെന്നും മൂന്നുപേരാണ് ഒരു യാത്രാസംഘ'മെന്നും നബി(സ്വ) പ്രസ്താവിച്ചതായും ഹദീസിലുണ്ട്. ഇതുപ്രകാരം തനിച്ചു യാത്ര ചെയ്യല്‍ കറാഹത്താണെന്ന് ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. രാത്രിയിലും പകലിലും കറാഹത്തു തന്നെ. രാത്രിയില്‍ കറാഹത്തു ശക്തമാണെന്നു മാത്രം. അതുപോലെ രണ്ടു പേരാകുമ്പോള്‍ ഒരാള്‍ തനിച്ചാകുന്നതിനേക്കാള്‍ കറാഹത്ത് ലഘുവാകും. എന്നാല്‍, ഏകാന്തത അല്ലാഹുവിന്‍റെ സ്മരണയിലും ചിന്തയിലുമായി കഴിഞ്ഞു കൂടാന്‍ സഹായകമാകുന്നവര്‍ക്കും തനിച്ചു തന്നെ യാത്ര ചെയ്യേണ്ട പ്രത്യേക ആവശ്യമുള്ളപ്പോളും ഈ കറാഹത്തു ബാധകമല്ല. തുഹ്ഫ: 2- 369. 

തന്‍റെ ദുഷ്ചെയ്തികള്‍ മറ്റാരും അറിയാതിരിക്കാനായി ജനങ്ങളെത്തൊട്ട് അകന്നു നില്‍ക്കുന്നുവെന്ന വിഷയത്തില്‍ പിശാചിനെ പോലെയാണ് ഏകാന്ത യാത്രികനെന്നത്രെ പ്രസ്തുത ഹദീസിന്‍റെ ഉദ്ദേശ്യം. ശര്‍വാനി: 2- 369.


നജീബുസ്താദ് മമ്പാട് ബുല്‍ബുല്‍ മാസിക 2014 ജൂൺ

No comments:

Post a Comment