Friday 22 January 2021

നിസ്കാരത്തിൽ കാൽ എങ്ങനെ വയ്ക്കണം?

 

നിന്നു നിസ്കരിക്കുന്നവന്റെ കാലിന്റെ പള്ള മുഴുവനായും നിലത്ത് തട്ടൽ നിർബ്ബന്ധമുണ്ടോ? ഒരു കാലിന്റെ പള്ള മുഴുവനായും നിലത്തു വച്ച് മറ്റേ കാൽവിരലിന്റെ പള്ളയിൽ മാത്രം നിന്നു കൊണ്ടു നിസ്കരിച്ചാൽ നിസ്കാരത്തിന് കുഴപ്പമുണ്ടോ? അതേപോലെ, നിലത്ത് ഇരുന്നു നിസ്കരിക്കുന്നവന്റെ കാൽവിരലിന്റെ പള്ള നിലത്തു തട്ടൽ നിർബ്ബന്ധമുണ്ടോ?


നിന്നു നമസ്കരിക്കുന്നവൻ തന്റെ കാൽപാദത്തിന്മേൽ ഊന്നി നില്ക്കണമെന്നേ വ്യവസ്ഥയുള്ളൂ. കാലിന്റെ പള്ളതന്നെ നിലത്തു തട്ടണമെന്നില്ല. കാൽപാദത്തിന്റെ പുറംഭാഗം നിലത്തു വച്ച് ഊന്നി നില്ക്കാൻ കഴിയുമെങ്കിൽ അതും മതിയാകുന്നതാണ്. അതുപോലെ രണ്ടു കാൽപാദത്തിന്മേലും ഊന്നി നില്ക്കണമെന്നുമില്ല. ഒരു പാദത്തിന്മേൽ ഊന്നി നിന്നാലും മതി. ആ ഒരു പാദത്തിന്റെ തന്നെ അടിഭാഗം മുഴുവനായി നിലത്തു വയ്ക്കണമെന്നില്ല. അല്പഭാഗം വച്ചു നിന്നാലും മതി. ചുരുക്കത്തിൽ നില്ക്കുന്നവൻ എന്നു പറയുംവിധം പാദത്തിലൂന്നി നിന്നാൽ നിറുത്തത്തിന്റെ ബാദ്ധ്യത നിറവേറുന്നതാണ്. തുഹ്ഫ: ശർവാനി സഹിതം 2-21.

ഇരുന്നു നമസ്കരിക്കുന്നവന് എങ്ങനെയും ഇരിക്കാം. കാൽവിരലിന്റെ പള്ള നിലത്തു വച്ചു തന്നെ ഇരിക്കണമെന്നില്ല. എന്നാൽ, വലതു കാൽ അതിന്റെ വിരലുകളുടെ പള്ള ഖിബ് ലക്കു മുന്നിടുംവിധം നാട്ടിവച്ച് ഇടതുകാൽ പരത്തി വച്ച് അതിന്മേൽ ഇരിക്കുന്ന ഇഫ്തിറാശിന്റെ ഇരുത്തമാണ് ഏറ്റവും ശ്രേഷ്ടം. കാലുകൾ രണ്ടും നീട്ടി വച്ചോ കാൽമുട്ടുകൾ രണ്ടും നാട്ടിക്കൊണ്ട് ചന്തിയെല്ലുകളുടെ മേലായോ ഇരിക്കുന്നത് കറാഹത്തുമാണ്. തുഹ്ഫ: 2-24.


നജീബ്   ഉസ്താദ്‌ മമ്പാട് - പ്രശ്നോത്തരം: 4/170

No comments:

Post a Comment