Friday 22 January 2021

നജസു ശുദ്ധിയാക്കിയ വെള്ളം

 

നജസു ശുദ്ധിയാക്കുമ്പോൾ തെറിക്കുന്ന വെള്ളം നജസാണോ? നജസു ശുദ്ധിയാക്കിയ വെള്ളത്തിന്റെ സ്ഥിതിയെന്ത്? അതു നജസാണോ അല്ലയോ?


നജസു ശുദ്ധിയാക്കുമ്പോൾ നജസിന്റെ തടി നീങ്ങുന്നതിന്റെ മുമ്പ് അതുമായി സന്ധിക്കുന്ന വെള്ളം തെറിച്ചാൽ അതു നജസായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അതേസമയം, നജസായ വസ്ത്രമോ മറ്റോ ശുദ്ധിയാക്കുമ്പോൾ വസ്ത്രത്തിന്റെ ശുദ്ധീകരണം പൂർത്തിയാകുന്നതോടെ തെറിക്കുന്ന വെള്ളം മലിനമല്ല. അതു തെറിച്ചു വീണ സ്ഥലം ശുദ്ധിയാകുന്നതിന്റെ മുമ്പു തെറിക്കുന്ന വെള്ളത്തിനു കഴുകപ്പെടുന്ന വസ്തുവിന്റെ വിധി തന്നെയാണുള്ളത്. ഉദാഹരണമായി നായ പോലുള്ള'മുഗല്ലളാ'യ നജസു കൊണ്ടു മലിനമായ വസ്ത്രമെങ്കിൽ അതു ശുദ്ധിയാകുന്നതു മണ്ണുകലക്കിയ പ്രാവശ്യമടക്കം ഏഴുപ്രാവശ്യം കഴുകുമ്പോളാണല്ലോ. അതിലെ ഒന്നാം പ്രാവശ്യത്തിലെ വെള്ളം തെറിച്ചാൽ ഈ വസ്ത്രത്തെ ഇനി ആറു പ്രാവശ്യം കഴുകേണ്ടതുള്ളതു പോലെ ആ തെറിച്ച വെള്ളമായ സ്ഥലത്തെയും ആറു പ്രാവശ്യം കഴുകണം. അഞ്ചാം പ്രാവ ശ്യത്തെ കഴുകലിൽ തെറിച്ചാൽ വസ്ത്രത്തെ ഇനി രണ്ടുപ്രാവശ്യം കഴു കേണ്ടതുള്ളതു പോലെ തെറിച്ച വെള്ളം വീണ സ്ഥലത്തെയും രണ്ടു പ്രാവശ്യം കഴുകണം. തുഹ്ഫ ശർവാനി സഹിതം: 1-322.

നജസു ശുദ്ധിയാക്കിയ വെള്ളം ഒറ്റയടിക്കു ശുദ്ധിയുള്ളതെന്നും നജസെന്നും വിധി കല്പ്പിക്കാവതല്ല. നജസായ വസ്ത്രമോ മറ്റോ ശുദ്ധിയായിരിക്കെ അതിൽ നിന്നു പിരിഞ്ഞതും, നിറം, വാസന, രുചി എന്നിവകളൊന്നും വ്യത്യാസപ്പെടാത്തതും, നജസായ വസ്ത്രമോ മറ്റോ ശുദ്ധിയാക്കുമ്പോൾ ആ സ്ഥലം പിടിച്ചെടുക്കുന്നതും അവിടെ നിന്നു വെള്ളത്തിലേക്കു ചേരുന്നതുമായ അംശങ്ങളെ കണക്കിലെടുത്ത ശേഷം തൂക്ക വർദ്ധനവു വരാത്തതും ആണെങ്കിൽ, പ്രസ്തുത വെള്ളം ശുദ്ധിയുള്ളതാണ്. നേരെമറിച്ച്, ഈ വെള്ളത്തിൽ മേൽപ്രകാരം തൂക്കവർദ്ധനവോ പകർച്ചയോ ഉണ്ടാവുകയോ അല്ലെങ്കിൽ നജസായ സ്ഥലം ശുദ്ധിയാകാതിരിക്കെ അതിൽ നിന്നു പിരിഞ്ഞതോ ആണെങ്കിൽ അത് അശുദ്ധവുമാണ്. തുഹ്ഫ: 1-321,22.


നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 2/103

No comments:

Post a Comment