Tuesday 5 January 2021

ജീവികളുടെ ശിൽപവും പ്രതിമയും

 

ജീവികളുടെ ശിൽപവും പ്രതിമയുണ്ടാക്കലും  ഇന്നും വ്യാപകമായിരിക്കുകയാണല്ലോ. പ്രസ്തുത വിഷയത്തിലെ കർമശാസ്ത്രം വിവരിക്കുകയാണിവിടെ. 

ജീവികളുടെ ശിൽപവും പ്രതിമയും ഉണ്ടാക്കൽ നിഷിദ്ധമാണ്. ഇമാമുകൾക്കിതിൽ പക്ഷാന്തരമില്ല. അത് വൻദോഷങ്ങളിൽപ്പെട്ടതുമാണ്. നിഷിദ്ധമായതുകൊണ്ടുതന്നെ പ്രതിമക്കച്ചവടം തെറ്റും ബാത്വിലുമാണ്. അതിലൂടെ സമ്പാദിക്കുന്ന പണം മുഴുവനും ഹറാമാണ്. ജീവികളുടെ ‘സ്വൂറത്തുള്ള’ വീടുകളിൽ റഹ്മത്തുമായി മലക്കുകൾ പ്രവേശിക്കില്ലെന്നു നബി(സ്വ) തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്.

തങ്ങൾ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ പ്രതിമകളും ശിൽപങ്ങളും ചിത്രങ്ങളുമുണ്ടാക്കി അവയിൽ നേതാക്കളെ കാണുന്ന വഴക്കം ബഹുദൈവ വിശ്വാസികളുടേതാണ്.നൂഹ് നബി(അ)യുടെ കാലത്താണ് ഇതിനും തുടക്കം കുറിച്ചത്. അതായത്, മനുഷ്യൻ പല കുടുംബങ്ങൾ ചേർന്ന് ഒരു സമൂഹമായി രൂപപ്പെട്ട ആദ്യകാലത്തു തന്നെ ‘പ്രതിമ സംസ്കാരം’ ഉണ്ടായി എന്നർത്ഥം.

ഉണ്ടാക്കലും ഉപയോഗിക്കലും നിഷിദ്ധമായ പ്രതിമകളിൽനിന്നും രൂപങ്ങളിൽനിന്നും കുട്ടികളുടെ കളിക്കോപ്പുകൾ ഒഴിവാണ്. കുട്ടികൾക്കുവേണ്ടി പ്രതിമയും കളിക്കോപ്പും ശിൽപവുമെല്ലാം ഉണ്ടാക്കുന്നതും വാങ്ങാവുന്നതുമാണ്. അത് അനുവദനീയമാണ്. ചെറിയ പെൺകുട്ടികൾക്ക് അവർ പ്രായപൂർത്തിയായ ശേഷം ജനിക്കുന്ന കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിച്ചു വളർത്തണമെന്ന് ശീലിപ്പിക്കുക എന്നതാണ് കളിക്കോപ്പു ശിൽപങ്ങൾ അനുവദനീയമായതിലുള്ള ‘ഹികത്ത്’. എങ്കിലും ഇതിൽ പെൺകുട്ടികൾ മാത്രം ഉദ്ദേശ്യമില്ല.

അത്തരം കളിക്കോപ്പുകൊണ്ടു കളിക്കുന്ന ആൺകുട്ടികളുടെ കാര്യത്തിലും ഇത് അനുവദനീയമാണ് (ബുജൈരിമി: 3/390 ).

‘ലുഅബുൽ ബനാത്ത്’ എന്നാൽ പെൺകുട്ടികളുടെ കളിക്കോപ്പുകൾ എന്നർത്ഥം മാത്രമല്ല, പുതുപ്പെണ്ണ്, പുതിയാപ്ല തുടങ്ങിയവരുടെ കളിക്കോപ്പുകളുടെ ഒരു നാമമാണ്.

ചില വീടുകളിൽ കാഴ്ചക്കായി ജീവികളുടെ പ്രതിമകൾ പ്രതിഷ്ഠിക്കാറുണ്ട്. ഇത് വൻദോഷമാണ്. റഹ്മത്ത് ചെയ്തു കൊടുക്കുന്ന മലക്കുകൾ അത്തരം വീടുകളിലേക്ക് പ്രവേശിക്കില്ല. സാമ്പത്തികമായും മറ്റും റഹ്മത്ത് കാണുന്നുണ്ടെങ്കിലും പ്രതിമകൾ വെക്കാത്ത വീടുകളെ അപേക്ഷിച്ച് ആ വീട്ടുകാർക്ക് മാനസിക അസ്വസ്ഥത കൂടുതൽ അനുഭവപ്പെടുന്നുണ്ടാകും. മാനസിക സ്വസ്ഥത പ്രധാനപ്പെട്ട റഹ്മത്താണല്ലോ. ഇത് ഇക്കൂട്ടർക്കുണ്ടാവില്ല.

ഇനി, നിഴലില്ലാത്തവിധം തൊട്ടാൽ തടയാത്തവിധം കടലാസിൽ വരച്ചോ മറ്റോ രൂപമുണ്ടാക്കുന്നതിനെക്കുറിച്ച് പറയാം. പ്രസ്തുത വിഷയത്തിൽ ഇമാമുകൾക്കിടയിൽ നാലഭിപ്രായമുണ്ട്. ഒന്ന്: നിരുപാധികം അനുവദനീയം. രണ്ട്: തീർത്തും നിഷിദ്ധം. മൂന്ന്: നിസ്സാരമായി അവഗണിക്കപ്പെടും വിധം തലയിണ, ചവിട്ടുന്നനിലം പോലുള്ളിടത്താണെങ്കിൽ അനുവദനീയവും തൂക്കിയിട്ടുമാനിച്ചു കൊണ്ടാണെങ്കിൽ ഹറാമും. നാല്: ജീവൻ നിലനിൽക്കാൻ പറ്റുന്ന രൂപത്തിലും ആകൃതിയിലുമാണെങ്കിൽ ഹറാമും തല മുറിക്കപ്പെട്ടോ അവയവങ്ങൾ ഛിന്നഭിന്നമായോ ആണെങ്കിൽ അനുവദനീയം. ഈ നാലാമത്തെ അഭിപ്രായമാണ് ഏറ്റം പ്രബലമെന്ന് ഇബ്നുൽ അറബി(റ) പ്രസ്താവിച്ചതായി ഇമാം ഖസ്ത്വല്ലാനി(റ) ഉദ്ധരിച്ചിട്ടുണ്ട് (തുഹ്ഫ: 7/434 നോക്കുക).

ഹറാമിൽ പെടുമെന്നും ഇല്ലെന്നും അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങൾ പ്രവർത്തിക്കുന്നവരെ വിമർശിക്കാനോ ആക്ഷേപിക്കാനോ പാടില്ല (തുഹ്ഫ: 9/218).

ഹറാമാണെന്നു വിശ്വസിച്ചു കൊണ്ടാവർത്തിക്കുന്നവരെ എതിർക്കാം. കഴിയുമെങ്കിൽ തടയാം. അതേസമയം ഹലാലാണെന്ന അഭിപ്രായത്തെ അനുകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരെ വിമർശിക്കാൻ പാടില്ല.

 കടലാസിലോ ഭൂമിയിലോ മറ്റോ ജീവൻ നിലനിൽക്കാൻ പറ്റുന്ന രൂപത്തിൽ ജീവികളുടെ ഫോട്ടോ വരക്കൽ നിഷിദ്ധമാണെന്നാണ് മദ്ഹബിലെ പ്രബലം. ഇബ്നു ഹജറും (തുഹ്ഫ: 7/434) ഇമാം റംലിയും (നിഹായ: 6/376) ഇത് ഒത്തു സമ്മതിക്കുന്നുണ്ട്. അതേസമയം വരക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നത് തലയില്ലാതെയാണെങ്കിലും ഹറാമാണെന്ന് ഇമാം മുതവല്ലിയുടെ ഒരു അഭിപ്രായമുണ്ട്. അത് ഒറ്റപ്പെട്ട അഭിപ്രായമായിട്ടാണ് ഇബ്നു ഹജർ(റ) തുഹ്ഫയിൽ ഉദ്ധരിക്കുന്നത്. ഇമാം റംലി(റ) ഇമാം മുതവല്ലിയുടെ അഭിപ്രായത്തെ ശരിവെച്ചിട്ടുണ്ട് (നിഹായ: 6/376)

ﻭﻳﺴﺘﺜﻨﻰ ﻟﻌﺐ اﻟﺒﻨﺎﺕ ﻭﻛﺬا اﻟﺼﺒﻴﺎﻥ، ﺃﻱ اﻟﺬﻳﻦ ﻳﻟﻌﺐﻭﻥ ﺑﻪ ﻣﻦ ﺗﺼﻮﻳﺮ ﺷﻜﻞ ﻳﺴﻤﻮﻧﻪ ﻋﺮﻭﺳﺔ؛ ( البجيرمي |


എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment