Wednesday, 8 June 2016

സ്വലാത്ത് ശ്രേഷ്ഠതയും , മഹത്വങ്ങളും

 


അല്ലാഹുവിന്റെ ഹബീബ് മുഹമ്മദ് നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിന്റെ ശ്രേഷ്ടതകളും പദവികളും എഴുതിയാലും , പറഞ്ഞാലും തീരാത്തതാണ് . എത്രയെത്ര ആശിഖീങ്ങൾ സ്വലാത്തിലൂടെ ആഖിറം രക്ഷപ്പെടുത്തിയിരിക്കുന്നു. ദുനിയാവിൽ എണ്ണമറ്റ അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്നു. വർണ്ണനകൾക്കുമതീതമാണ് ആ സ്വലാത്തുകളുടെ വർണ്ണനകളും മാധുര്യവും. അത് അനുഭവിച്ചറിഞ്ഞവർക്കു മാത്രം അതിനെപ്പറ്റി വേണ്ടുവോളം അറിയാം.

ആ ഹബീബ് തങ്ങളുടെ (സ്വ) സ്വലാത്തിന്റെ മഹത്വങ്ങളും , പദവികളും , സ്ഥാനമാനങ്ങളും വിവരിച്ചു കൊണ്ട് മുൻഗാമികളായ നമ്മുടെ ഇമാമീങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ , ഹിജ്‌റയുടെ ആദ്യ ദശകങ്ങൾക്ക് മുതൽ തന്നെ എഴുതി വന്നിരിക്കുന്ന കിത്താബുകളും , സ്വലാത്തിന്റെ ഉത്‌കൃഷ്ടകളും , സ്ഥാനമാനങ്ങളും പറയുന്ന ഗ്രന്ഥങ്ങളും പാരായണം ചെയ്തു പോയാൽ ഒരിക്കലും പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്ത, വർഷങ്ങൾ കഴിഞ്ഞാലും അതിനെ പറ്റി വർണ്ണിച്ചാൽ തീരാത്ത വിവരണങ്ങളും ഹബീബ് (സ) തങ്ങളുടെ സ്വലാത്തിനെ പറ്റി നമുക്ക് കാണാൻ സാധിക്കും.

എത്രയെത്ര ഗ്രന്ഥങ്ങളാണ് ഈ വിഷയത്തിൽ രചിക്കപ്പെട്ടിട്ടുള്ളത്. ഒരു വ്യക്തിയെ പുകഴ്‌ത്താൻ വേണ്ടിയോ , ഒരു കർമ്മത്തിന്റെ പേരിലോ ഇത്രയധികം ഗ്രന്ഥം ലോകത്തെവിടെയും രചിക്കപ്പെട്ടു കാണുകയില്ല.

ശരീരം കൊണ്ട് ചെയ്യുന്ന ഇബാദത്തുകളിൽ ഏറ്റവും ശ്രേഷ്ഠമായതാണ് സ്വലാത്ത് അഥവാ നിസ്ക്കാരം. അതെ പദ പ്രയോഗം തന്നെയാണ് നബി (സ) യുടെ മേലുള്ള സ്വലാത്തിനും വന്നിട്ടുള്ളത് .  മുൻകാല മഹാരഥന്മാർ ഗ്രന്ഥമെന്താണ് അറിയാത്ത കാലത്തു പോലും അവർ രചിക്കുന്ന കിത്താബുകളിൽ ആദ്യം രചന നടത്തുന്നത് നബി (സ) യുടെ മഹത്വങ്ങളും , സ്ഥാനമാനങ്ങളുമായിരിക്കും. 

ഇത്രയധികം മഹത്വമുള്ള ഈ സ്വലാത്ത് ചൊല്ലാൻ നമുക്ക് ഒരു പ്രയാസവുമില്ല. നിസ്‌ക്കാരത്തിനെടുക്കുന്നതു പോലെയുള്ള വുളു ഈ കർമ്മത്തിനു ആവശ്യമില്ല. പൊതുവെ മറ്റു ദിക്കിറുകൾ ചൊല്ലാനും വുളു ആവശ്യമില്ലല്ലോ. വലിയ അശുദ്ധിക്കാരനും സ്വലാത്ത് ചൊല്ലുന്നതിൽ കുഴപ്പമില്ല.

സൂറത്തുൽ അഹ്സാബ് 56 ആം ആയത്തിലൂടെ അല്ലാഹു പറയുന്നത് കാണുക 

إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا

സാരം: "നിശ്ചയം അല്ലാഹുവും മലക്കുകളും നബി തങ്ങളുടെ (സ്വ) മേല്‍ സ്വലാത്ത്‌ നിര്‍വഹിക്കുന്നു. സത്യ വിശ്വാസികളേ, നിങ്ങളും നബിയുടെ (സ്വ) മേല്‍ സ്വലാത്തും സലാമും ചൊല്ലുക"  (വിശുദ്ധ ഖുര്‍ആന്‍). صلوة (‘സ്വലാത്ത്’) എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും. سلام (‘സലാം’) എന്ന വാക്കിനു ‘ശാന്തി, സമാധാനം, രക്ഷ’ എന്നിങ്ങനെയും അര്‍ത്ഥം വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സ്വലാത്തു’ കൊണ്ടുദ്ദേശ്യം അവന്റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നത്രെ. മലക്കുകളെ സംബന്ധിച്ചാകുമ്പോള്‍ പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചാകുമ്പോള്‍ അനുഗ്രഹത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, ഉദ്ദേശ്യമായിരിക്കും. 

ഇതുപോലെത്തന്നെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സലാമിന്‍റെ ഉദ്ദേശ്യം സമാധാനവും, ശാന്തിയും, രക്ഷയും നല്‍കുക എന്നും, നമ്മെ സംബന്ധിച്ചിടത്തോളം അതിനായി പ്രാര്‍ത്ഥിക്കുക എന്നും താല്‍പര്യമാകുന്നു. നബി (സ്വ)യുടെ പേരില്‍ ‘സ്വലാത്ത്’ ചൊല്ലുക, അഥവാ അനുഗ്രഹം നേരുക എന്നു പറയുന്നതിന്‍റെയും, ‘സലാം’ ചൊല്ലുക അഥവാ ശാന്തി – അല്ലെങ്കില്‍ സമാധാനം – നേരുക എന്നു പറയുന്നതിന്‍റെയും ഉദ്ദേശ്യം ഇതില്‍ നിന്നും വ്യക്തമാണല്ലോ. നബി (സ്വ)യുടെ പേരില്‍ ‘സ്വലാത്തും സലാമും’ നേരുന്നതിന്‍റെ പ്രാധാന്യം ഈ തിരുവചനത്തില്‍ നിന്നു ഗ്രഹിക്കാം. നബി (സ്വ)ക്കു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ സമുദായത്തിനു കൂടി ലഭിക്കുന്ന ഭാഗ്യമായിരിക്കുന്നതാണ്.

مَنْ صَلَّى عَلَيَّ وَاحِدَةً صَلَّى الله عَلًيْهِ عَشرًا " (حديث

സാരം: "ആരെങ്കിലും എന്റെ മേല്‍ ഒരു തവണ സ്വലാത്ത്‌ ചൊല്ലിയാല്‍ അല്ലാഹു അവനു പത്തു തവണ സ്വലാത്ത്‌ ചെയ്യുന്നതാണ്" (ഹദീസ്‌ ശരീഫ്‌). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടി ഉണ്ട്. "അവന്റെ പത്ത് പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതും അവന്‍റെ പത്തു പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നതുമാണ്". 

അല്ലാഹു നബി (സ്വ) തങ്ങളുടെ മേല്‍ സ്വലാത്ത്‌ ചെയ്യുക എന്നാല്‍, അല്ലാഹു തന്റെ മലക്കുകളുടെ സന്നിധിയില്‍ നബി (സ്വ) തങ്ങളെ പ്രകീര്‍ത്തിക്കലാണ്. മലക്കുകളുടെ സ്വലാത്ത്‌ മഗ്ഫിറത്തിനും റഹ്മത്തിനും വേണ്ടി ഉള്ള പ്രാര്‍ത്ഥന ആണ്. മനുഷ്യര്‍ സ്വലാത്ത്‌ ചൊല്ലുക എന്നാല്‍ നബി (സ്വ) തങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ സ്വലാത്തിനായി ദുആ ചെയ്യലാണ്. അല്ലാഹു നമുക്ക് സ്വലാത്ത്‌ ചെയ്യുക എന്നാല്‍ അവന്റെ അനുഗ്രഹം ചൊരിയുക എന്നുമാണ്.

അത്തഹിയ്യാത്തില്‍ ചൊല്ലുന്ന ഇബ്രാഹീമിയ്യ സ്വലാത്ത് സ്വലാതുകളില്‍ വളരെ ശ്രേഷ്ഠമായതാണ്. എന്നാല്‍, നബി (സ) തങ്ങള്‍ക്ക് സ്വലാത്തിനായി എങ്ങിനെ, ഏതു പദം കൊണ്ട് ദുആ ചെയ്താലും അത് ആയത്തിലും ഹദീസിലും നിര്‍ദേശിക്കപ്പെട്ട സ്വലാത്താകുമെന്ന് വ്യക്തമാകുന്നു. നബി (സ) തങ്ങള്‍ തന്നെ സ്വലാത്തിന് വിവിധ പദങ്ങള്‍ വിവരിച്ചു കൊടുത്തതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഹദീസില്‍ വന്നിട്ടുണ്ട്. ഇത് സ്വലാത്തിന്റെ പദങ്ങള്‍ നിര്‍ണ്ണിതമല്ല എന്നതിന് സൂചകമായി മുഹദ്ദിസുകള്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കര്‍മ്മ ശാസ്ത്ര വിധിയും ഇത് തന്നെയാണ്. 

സ്വലാത്ത് ചൊല്ലാനുള്ള ഖുര്‍ആന്റെ  കല്‍പന പൂര്‍ണമായി നിര്‍വഹിക്കാന്‍ ഒരാളുടെ ഒഴിവു വേള മുഴുവന്‍ സ്വലാത്ത്‌ ചൊല്ലണമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. എന്നാല്‍, ഒരു ദിവസം 300 (മുന്നൂറ്) സ്വലാത്ത്‌ എങ്കിലും ചൊല്ലിയാല്‍ സ്വലാത്തിനോടുള്ള ധര്‍മ്മ നിര്‍വഹണം ആവുമെന്നാണ് പ്രബല വീക്ഷണം.

ഉബയ്യു ബ്നു കഅബ് (റ) പറഞ്ഞു: നബിയേ, ഞാന്‍ ധാരാളം ദുആ ചെയ്യാറുണ്ട്. എന്റെ ദുആയില്‍ നിന്ന് അവിടുത്തേക്ക് ഞാന്‍ എത്ര നീക്കി വെക്കണം ? തങ്ങള്‍ നിന്റെ ഇഷ്ടം പോലെ എന്ന് പ്രതികരിച്ചു. "കാല്‍ ഭാഗമായാലോ?" "താങ്കളുടെ ഇഷ്ടം പോലെ. കൂടുതലെങ്കില്‍ നിങ്ങള്‍ക്ക് തന്നെ ഗുണം." "എങ്കില്‍ പകുതിയാകട്ടെ!" "ഇഷ്ടം പോലെ! കൂടിയാല്‍ നിങ്ങള്‍ക്ക് നേട്ടം" "എങ്കില്‍ എന്റെ പ്രാര്‍ത്ഥന മുഴുക്കെ തങ്ങള്‍ക്ക് വേണ്ടിയാക്കാം". നബി (സ) പ്രതികരിച്ചു: എങ്കില്‍ നിന്റെ എല്ലാ മന:പ്രയാസങ്ങളും നിനക്കു തീര്‍ക്കപ്പെടും. പാപങ്ങള്‍ മുഴുക്കെ പൊറുക്കുപ്പെടും. 

മറ്റൊരു റിപ്പോര്‍ട്ടില്‍ "നിങ്ങളുടെ ഇഹലോകത്തെയും പരലോകത്തെയും പ്രശ്നങ്ങള്‍ മുഴുക്കെ അല്ലാഹു തീര്‍ത്തു തരു"മെന്നാണ് നബിയുടെ (സ്വ) പ്രതികരണം. ഇമാം അഹമദ്, തുര്‍മുദി, നസാഈ, ഇബ്നു ഹിബ്ബാന്‍, ത്വബ്‌റാനി, ഹാകിം, എന്നിവരെല്ലാം നിവേദനം ചെയ്ത ഹദീസ്‌ ആണിത്. ഇതിന്റെ സനദുകള്‍ പ്രമാണയോഗ്യവും സ്വീകാര്യവുമാണെന്ന് മുഹദ്ദിസുകള്‍ വിവരിച്ചിട്ടുണ്ട്. 

“അബൂ ഹുറൈറ (رضي الله عنه)വില്‍ നിന്ന്: നബി സ്വല്ലല്ലാഹു അലൈഹി വസല്ലമം പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്.” (സ്വഹീഹ് മുസ്ലിം 1/306 നമ്പര്‍: 408)

“അബൂബര്‍ദതു ബ്നുനയ്യാര്‍ (رضي الله عنه)വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: എന്റെ ഉമ്മത്തില്‍ നിന്നും വല്ലവനും നിഷ്കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചൊല്ലുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് നന്മകൾ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടു കയും ചെയ്യുന്നതാണ്.” (നസാഇ, ത്വബ്റാനി)

“ഇബ്നുമസ്ഊദ് (رضي الله عنه) വില്‍ നിന്ന്; നബി (സ്വ) പറഞ്ഞു: അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെമേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും.” (തിര്‍മിദി. ഇബ്നുഹിബ്ബാന്‍, സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ഹദീസ് നമ്പര്‍: 1668)

“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാത്തുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുമ്പുള്ള സ്വലാത്തും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാത്തും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ﷻ ലജ്ജിക്കുക തന്നെ ചെയ്യും.” 

“(അബൂഉമാമ (رضي الله عنه)വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍.”

“ഹുസൈന്‍ (رضي الله عنه)വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: എന്റെ പേര് ഒരാളുടെ അടുക്കല്‍ പറയപ്പെട്ട്, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കന്‍.”

“ഇബ്നുഅബ്ബാസ് (رضي الله عنه)വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: എന്റെ മേല്‍ സ്വലാത്ത് മറന്നു പോകുന്നവന്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പിഴവ് സംഭവിച്ചവനാണ്.”

“അബൂ ഹുറൈറ(رضي الله عنه)വില്‍ നിന്ന്: നബി (സ്വ) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ നശിക്കട്ടെ”

“അബൂ ഹുറൈറ رضي الله عنه വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍, അവന്‍ മരണപ്പെട്ടാല്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹു അതിനെ (നമ്മില്‍ നിന്ന്) അകറ്റുമാറാകട്ടെ.”(സ്വഹീഹുത്തര്‍ ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 2491)

“കഅബു ബ്നുഉജ്റ رضي الله عنه വില്‍ നിന്ന് : ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നുവോ അവന്‍ എന്നില്‍ നിന്നും അകന്നു പോകട്ടെ.”(സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 1677)

“ജാബിര്‍ رضي الله عنه വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍ എന്നെക്കുറിച്ച് പറയുകയും ശേഷം അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തുവോ അവന്‍ ക്ലേശത്തിലായിക്കഴിഞ്ഞു.”(സ്വഹീഹു അദബുല്‍ മുഫ്റദ് 1/224 ഹദീസ് നമ്പര്‍: 644)

“ഖതാദ(رضي الله عنه) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഒരാളുടെ അരികില്‍ എന്നെ സംബന്ധിച്ച് പറയപ്പെടുകയും എന്നിട്ട് അവന്‍ എനിക്കായി സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കിൽ അവനുമായി പിണക്കത്തിലായിക്കഴിഞ്ഞു.”

“ഒരാള്‍ നബി (സ്വ) യോട് ചോദിച്ചു: ഞാന്‍ താങ്കളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു; എത്രയാണ് ഞാന്‍ സ്വലാത്ത് ചൊല്ലേണ്ടത്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. എങ്കില്‍ (രാത്രിയുടെ) മൂന്നിലൊന്ന്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. നീ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണം തന്നെയാണ്. അങ്ങിനെ അദ്ദേഹം, എങ്കില്‍ ഞാന്‍ (രാത്രി മുഴുവനായും) സ്വലാത്ത് ചൊല്ലുമെന്ന് അദ്ദേഹം പറയും വരെ (സംസാരം നീണ്ടുപോയി) എങ്കില്‍ നിന്റെ മന:ക്ലേശങ്ങൾ (നീങ്ങാന്‍) അത് മതിയാകുന്നതാണ്.”(അഹ്മദ്, സ്വഹീഹുജാമിഅു തിര്‍മിദി 4/636 ഹദീസ്: 2457)

അനസ്ബ്‌നു മാലിക് (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു. ഒരാള്‍ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു പത്തു സ്വലാത്തുകള്‍ ചൊരിയും. ഒരാള്‍ എന്റെ മേല്‍ പത്ത് സ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു നൂറ് സ്വലാത്ത് ചൊരിയും . ആരെങ്കിലും നൂറ് സ്വലാത്ത് എന്റെ മേല്‍ ചൊല്ലിയാല്‍ ആവ്യക്തിയുടെ ഇരു കണ്ണുകള്‍ക്കുമിടയില്‍ ഇങ്ങനെ രേഖപ്പെടുത്തുതാണ്. ഈ വ്യക്തി, കാപട്യത്തില്‍ നിന്ന് സുരക്ഷിതനാണ്. നരകത്തില്‍ നിന്ന് സുരക്ഷിതനാണ്. അന്ത്യനാളില്‍ ഈ വ്യക്തിയെ രക്തസാക്ഷികളായ ബഹുമാന്യരോടൊപ്പം അല്ലാഹു താമസിപ്പിക്കുന്നതാണ്.(ത്വബ്‌റാനി റഹ്)

അലി(റ) നിവേദനം നബി (സ) പറഞ്ഞു. ഏതൊരുവന്‍ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതിന് പ്രതിഫലമായി നിശ്ചയിക്കുത് അല്ലാഹു ഉഹ്ദ് മലപോലുള്ള രത്‌നമാണ്. (അബ്ദുറസാഖ്.)

അനസ്(റ) നിവേദനം. നബി(സ) പറയുന്നു . ഖിയാമത്ത് നാളില്‍ ഓരോ ഇടങ്ങളിലും എന്നോട് അടുത്ത് നില്‍ക്കുന്നത് ദുനിയാവില്‍ വെച്ച് എന്റെ പേരില്‍ ധാരാളം സ്വലാത്ത് ചൊല്ലിയവരാണ്. വെള്ളിയാഴ്ച പകലും രാത്രിയും എന്റെ മേല്‍ നൂറ് സ്വലാത്ത് ചെല്ലുന്നവര്‍ക്ക് നൂറ് ആവശ്യങ്ങള്‍ അല്ലാഹു നിറവേറ്റിക്കൊടുക്കുന്നതാണ്. അതില്‍ എഴുപത് ആവശ്യങ്ങള്‍ പരലോകത്തെതും മുപ്പതെണ്ണം ദുനിയാവിലേതുമാണ്. ശേഷം ആ സ്വലാത്ത് ഒരു മലക്കിനെ ഏല്‍പിക്കുന്നതാണ്. മലക്കു അതുമായി എന്റെ സന്നിധിയിലേക്ക് കടന്ന് വരും. നിങ്ങളുടെ അടുക്കല്‍ സമ്മാനങ്ങളുമായി വരുന്നതുപോലെ. ശേഷം എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയവന്റെ പേരും തറവാടും കുടുംബവും എനിക്ക് പറഞ്ഞു തരും. ഞാനതു എന്റെ കൈവശമുള്ള ഒരു വെളുത്ത റിക്കാര്‍ഡില്‍ കുറിച്ചു വെക്കുകയും ചെയ്യും .(ബൈഹഖി റഹ് )

സയ്യിദീ അബുൽ മവാഹിബ് ശാദിലി (റ) പറയുന്നു :ഞാനൊരിക്കൽ മുത്തു നബിയെ (സ്വ) കാണുകയുണ്ടായി,ഞാൻ തങ്ങളോട് ചോദിച്ചു. "തങ്ങളേ, അങ്ങയുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ, അല്ലാഹുവിൽ നിന്നുള്ള പത്ത് സ്വലാത്ത് അത് ഹൃദയ സാന്നിധ്യത്തോട് കൂടി സ്വലാത്ത് ചൊല്ലുന്നവർക്കാണോ?

അപ്പോൾ മുത്ത് നബി (സ്വ) പറഞ്ഞു :"അല്ല, അത് ,അശ്രദ്ധമായാണെങ്കിലും എന്റെ മേൽ സ്വലാത്ത് ചൊല്ലിയ എല്ലാവർക്കുമുള്ളതാണ്.വലിയ പർവ്വതങ്ങളോളമുള്ള മലക്കുകളെ അല്ലാഹു അവരിലേക്ക് അയക്കുകയും ആ മലക്കുകൾ അവർക്ക് വേണ്ടി ദുഅ ചെയ്യുകയും ഇസ്ത്ഗിഫാറിനെ തേടുകയും ചെയ്യും .എന്നാൽ ഹൃദയ സാന്നിധ്യത്തോടെ സ്വലാത്ത് ചൊല്ലുന്നതിനുള്ള പ്രതിഫലം അല്ലാഹുവിനല്ലാതെ ആർക്കുമറിയില്ല"


ജാബിര്‍ ബ്നു അബ്ദുല്ലാഹി(റ)ല്‍ നിന്ന് നിവേദനം. മദീനയില്‍ എപ്പോഴും സ്വലാത്ത് ചൊല്ലിക്കൊണ്ടിരുന്ന ഒരു സ്വഹാബിയുണ്ടായിരുന്നു.മലമുകളില്‍ ചെന്നു വിറക് വെട്ടി അങ്ങാടിയില്‍ കൊണ്ട് പോയി വിറ്റ്‌ കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്.തിരുനബിﷺയെ അതിരറ്റ് സ്നേഹിച്ചിരുന്നത് കൊണ്ട് തന്നെ മദീനയിലെ ജൂതന്മാര്‍ക്ക് അദ്ദേഹത്തോട് കഠിനമായ വെറുപ്പുണ്ടായിരുന്നു.ഒരിക്കല്‍ ഇരുപതോളം ജൂതന്മാര്‍ അദ്ദേഹം വിറക് വെട്ടുന്ന മലയിലേക്ക് ചെന്നു. സ്വഹാബിയെ അപായപ്പെടുത്തലായിരുന്നു ലക്ഷ്യം. മലമുകളില്‍ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടി. അവര്‍ ചോദിച്ചു:

"താങ്കള്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുന്ന ആളാണല്ലേ?" 

സ്വഹാബി പറഞ്ഞു: "അതെ!" 

"എങ്കില്‍ ഞങ്ങള്‍ നിനക്കൊരു പ്രതിഫലം തരുന്നുണ്ട്" എന്ന് പറഞ്ഞു അവര്‍ സ്വഹാബിയെ പിടിച്ചു കെട്ടി. തറയില്‍ കിടത്തി നാവരിഞ്ഞു കൈയ്യില്‍ വെച്ചു കൊടുത്തുകൊണ്ട് പരിഹാസപൂര്‍വ്വം പറഞ്ഞു: "ഇതാ സ്വലാത്ത് ചൊല്ലിയതിനുള്ള സമ്മാനം. നിന്റെ നബിയോട് ചെന്നു പരാതി പറ..!"

അത്യധികം സങ്കടത്തോടെ അതുവരെ വെട്ടിയെടുത്ത വിറക് തലയിലേറ്റി സ്വഹാബി നേരെ മസ്ജിദ്ന്നബവിയിലേക്ക് നടന്നു. അപ്പോഴേക്കും ജിബ്‌രീല്‍ (അ) മുഖേന തിരു നബിﷺയും വിവരമറിഞ്ഞിട്ടുണ്ടായിരുന്നു...

സ്വഹാബി എത്തേണ്ട താമസം തിരുനബിﷺ മുറിഞ്ഞ നാവെടുത്തു യഥാസ്ഥാനത്ത് വെച്ച് കൊടുത്തു. അത്ഭുതമെന്നല്ലാതെ എന്ത് പറയാന്‍..! നാവ് പൂര്‍വ്വ സ്ഥിതി പ്രാപിച്ചു. യാതൊന്നും സംഭവിക്കാത്തത് പോലെ സ്വഹാബി സംസാരിച്ചു തുടങ്ങി...

സംഭവിച്ചതെല്ലാം നബിﷺയോട് പറഞ്ഞു. പിന്നെ വൈകിയില്ല. തന്റെ പേരില്‍ സ്വലാത്ത് ചൊല്ലിയതിനുള്ള പ്രതിഫലം ഇഹലോകത്ത് വെച്ച് തന്നെ കാണിച്ചു കൊടുക്കണമെന്ന ദൃഡനിശ്ചയത്തോടെ നബിﷺ, സ്വഹാബി കൊണ്ടുവന്ന വിറക് കെട്ടിലേക്ക് കൈ ചൂണ്ടി.

ഒരു നിമിഷം..! വിറക് കെട്ടിന് പകരമതാ സ്വര്‍ണ്ണക്കട്ടികള്‍. അതങ്ങനെ വെട്ടിത്തിളങ്ങുകയാണ്...

പുഞ്ചിരി തൂകിക്കൊണ്ട് നബി ﷺ സ്വഹാബിയോട് പറഞ്ഞു: "എല്ലാം എടുത്തു താങ്കള്‍ വീട്ടിലേക്ക് പൊയ്ക്കൊള്ളൂ. അല്ലാഹു താങ്കള്‍ക്ക് ബറകത്ത് ചൊരിയട്ടെ!"

സ്വഹാബിക്ക് സന്തോഷം..! അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ പ്രവാചകരേ..! ഇത്ര വലിയ സമ്പത്ത് എനിക്കാവശ്യമില്ല. അത് എന്റെ ഇബാദത്തിനെ ദോഷകരമായി ബാധിക്കുവാന്‍ ഇടയുണ്ട്. തല്‍ക്കാലം എനിക്ക് രണ്ട് കട്ടികള്‍ മാത്രം മതി. ബാക്കിയുള്ളവ പൂര്‍വ്വ സ്ഥിതിയിലാക്കിയാലും..!"

തിരുനബിﷺ, അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. വിറക് കെട്ട് വീണ്ടും പഴയ പടിയായി. രണ്ട് സ്വര്‍ണ്ണക്കട്ടികളുമായി സ്വഹാബി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് സ്വഹാബിയുടെ അനുഭവങ്ങള്‍ നേരിട്ടറിഞ്ഞ ഇരുപത് ജൂതന്മാരും ഇസ്ലാംമതം സ്വീകരിച്ചു...

സ്വലാത്ത് കൊണ്ട് പരലോകത്ത് മാത്രമല്ല, ഇഹലോകത്തും ഐശ്വര്യമുണ്ടാകുമെന്ന് മേല്‍ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു...

(ഹിജ്റ ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇമാം ബറകാത്ത്ബ്നു അഹ്മദ്(റ) തന്‍റെ വസീലതുല്‍മുതവസിലീന്‍ എന്ന ഗ്രന്ഥത്തിലുദ്ധരിച്ചതാണീ സംഭവം)

അല്ലാമ സഖാവി(റ)തന്റെ ഖൗലുൽബദീഇൽ രേഖപ്പെടുത്തുന്നു:   അബൂബക്കർ ശിബ്‌ലി(റ) പറയുന്നു. എന്റെ ഒരു  അയൽവാസി മരണപ്പെട്ടു. അദ്ദേഹത്തെ ഞാൻ മരണാനന്തരം സ്വപ്നം കണ്ടു. ഞാൻ അദ്ദേഹത്തോട് അല്ലാഹു താങ്കളെ എന്ത് ചെയ്തുവെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അല്ലയോ ശിബ് ലി.... ഭീതിതമായ പല അവസ്ഥകളും കഴിഞ്ഞു ഖബ്റിലെ ചോദ്യവേളയിൽ ഞാനാകെ കുഴങ്ങിപ്പോയി.... ഉത്തരം പറയാൻ കഴിയാതെ ഞാനാകെ വിഷമിച്ചു. ഉത്തരം മുട്ടി. ഞാൻ ചിന്തിച്ചു എങ്ങിനെയാണീ നാശം എനിക്ക് വന്നുപെട്ടത്? മുസ് ലിമായിട്ടല്ലെ ഞാൻ മരിച്ചത് ?

അപ്പോൾ ഒരു വിളിയാളം കേട്ടു. ഇത് നീ നിന്റെ നാവിനെ സൂക്ഷിക്കാത്തതുകൊണ്ട് വന്ന വിപത്താണ്. അങ്ങിനെ രണ്ട് മലക്കുകൾ എന്നെ ശിക്ഷിക്കാനൊരുങ്ങിയപ്പോൾ സുന്ദരനായൊരു മനുഷ്യൻ എന്റെയും മലക്കുകളുടെയും ഇടയിൽ മറയായി നിന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും  പരിമളം അടിച്ചു വീശുന്നു. അദ്ദേഹം എനിക്ക് ഉത്തരം പറഞ്ഞു തന്നു. ഞാനത് പറഞ്ഞു. ശേഷം ഞാൻ പറഞ്ഞു താങ്കൾക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ താങ്കൾ ആരാണ്..? അദ്ദേഹം പറഞ്ഞു നീ തിരുനബി ﷺ യുടെ മേൽ ചൊല്ലിയ സ്വലാത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട ആളാണ് ഞാൻ. ഏതു വിഷമഘട്ടത്തിലും നിന്നെ സഹായിക്കാൻ എനിക്ക് നിർദ്ദേശമുണ്ട്. (ഖൗലുൽ ബദീഅ് )

ഹാഫിളുസ്സഖാഫി رضي الله عنه പറയുന്നു: ഒരിക്കൽ ഒരു സ്ത്രീ ഹസൻ ബസ്വരി رضي الله عنه യോട് പറഞ്ഞു: "ശൈഖ് അവർകളേ! എന്റെ മകൾ മരിച്ചുപോയി. എനിക്കവളെ സ്വപ്നത്തിൽ കാണണം." ഹസൻ ബസ്വരി رضي الله عنه പറഞ്ഞു: "ഇശാ നിസ്കാര ശേഷം നീ നാല് റക്അത്ത് നിസ്കരിക്കുക, ഓരോ റക്അത്തിലും ഫാത്തിഹക്കു ശേഷം الهكم التكاثر എന്ന സൂറത്തോതുക. പിന്നീട് നീ കിടക്കുകയും ഉറക്കം വരുന്നതുവരെ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുക" സ്ത്രീ ഇപ്രകാരം ചെയ്തു.

മകളെ സ്വപ്നത്തിൽ കണ്ടു. കണ്ട കാഴ്ച്ച ഭയങ്കരമായിരുന്നു. മകൾ വലിയ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. താറിനാലുള്ള വസ്ത്രം ശരീരത്തിലുണ്ട്. ഇരു കൈകളും ബന്ധിക്കപ്പെട്ടിട്ടുണ്ട്. അഗ്നിയുടെ ചങ്ങല കൊണ്ട് രണ്ട് കാലുകളും കൂട്ടിക്കെട്ടിയിട്ടുണ്ട്. ഈ ദയനീയ കാഴ്ച്ച കണ്ടു ഉമ്മ ഞെട്ടി എഴുന്നേറ്റു ഹസൻ ബസ്വരി رضي الله عنه യുടെ അടുക്കലേക്കു ഓടി.

സ്വപ്ന വിവരം അദ്ദേഹത്തോട് പറഞ്ഞു. "നീ എന്തെങ്കിലും ദാനം ചെയ്യുക. അല്ലാഹു ഒരു പക്ഷേ അതുകൊണ്ട് നിന്റെ മകളുടെ ശിക്ഷ ലഘൂകരിച്ചു കൊടുക്കാം" ഹസൻ رضي الله عنه ആ ഉമ്മയോട് പറഞ്ഞു. 

ആ ദിവസം ഹസൻ رضي الله عنه ഉറങ്ങിയപ്പോൾ ഒരു സ്വപ്നം കണ്ടു. അദ്ദേഹം ഒരു സ്വർഗ്ഗപൂന്തോപ്പിലാണ്. അവിടെ നല്ലൊരു കട്ടിലുണ്ട്. ആ കട്ടിലിൽ സുന്ദരിയായൊരു പെൺകുട്ടി ഇരിക്കുന്നു. അവളുടെ തലയിൽ പ്രകാശത്താലുള്ളൊരു കിരീടം ഉണ്ട്.

ആ പെൺകുട്ടി ഹസൻ رضي الله عنه യോട് "നിങ്ങൾ എന്നെ അറിയുമോ?" എന്നു ചോദിച്ചു. ഇല്ലെന്നു അദ്ദേഹം പറഞ്ഞു. 'നിങ്ങൾ നബിﷺ യുടെ മേൽ സ്വലാത്ത് ചൊല്ലാൻ കൽപ്പിച്ച ആ പെണ്ണിന്റെ മകളാണ് ഞാൻ." എന്നവൾ പറഞ്ഞു. "നിന്റെ ഈ അവസ്ഥയല്ലല്ലോ ഉമ്മ എന്നോട് പറഞ്ഞത്." എന്നു ഹസൻ رضي الله عنه പറഞ്ഞപ്പോൾ പെൺകുട്ടി വിവരിച്ചു. "ഉമ്മ പറഞ്ഞതു പോലെ ദയനീയാവസ്ഥയിലായിരുന്നു ഞാൻ." പിന്നെ എങ്ങനെ പെട്ടെന്നു ഈ സന്തോഷാവസ്ഥയിലെത്തിയന്നദ്ദേഹം ചോദിച്ചപ്പോൾ പെൺകുട്ടി പറഞ്ഞു: "ഞങ്ങൾ എഴുപതിനായിരം ആളുകൾ അപ്രകാരം ശിക്ഷയിലായിരുന്നു. 

അങ്ങനെ ഒരു നല്ല മനുഷ്യൻ ഖബറുസ്ഥാനിൽ വരികയും നബി ﷺയുടെ പേരിൽ ഒരു സ്വലാത്ത് ചൊല്ലി അതിന്റെ പ്രതിഫലം ഞങ്ങൾക്ക് ഹദിയ നൽകുകയും ചെയ്തു. അത് അല്ലാഹു സ്വീകരിച്ചതിനാൽ ഞങ്ങളെ എല്ലാവരെയും ശിക്ഷയിൽ നിന്നൊഴിവാക്കുകയും ഈ ഉന്നത പദവിയിലെത്തിക്കുകയും ചെയ്തു."

അബുൽ അബ്ബാസ് അഹ്മദ് ബിൻ മൻസൂർ رضي الله عنه വഫാത്തായ ശേഷം ശീറാസിലെ ഒരാൾ അദ്ദേഹത്തെ സ്വപ്നം കണ്ടു. അദ്ദേഹം ശീറാസ് ജുമാമസ്ജിദിലെ മിഅ്റാബിൽ നിൽക്കുന്നു. നല്ല പുതുവസ്ത്രം അണിഞ്ഞിരിക്കുന്നു. തലയിൽ കിരീടമുണ്ട്. അതിൽ മുത്തു രത്നവും പതിച്ചിരിക്കുന്നു.

അപ്പോൾ അയാൾ ചോദിച്ചു. താങ്കളോട് അല്ലാഹുവിന്റെ സമീപനം ഏങ്ങനെയായിരുന്നു? അദ്ദേഹം പറഞ്ഞു: അല്ലാഹു എനിക്ക് മാപ്പ് നൽകി. ബഹുമതികൾ നൽകി. കിരീടം നൽകി. സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അയാൾ ചോദിച്ചു: എന്താണതിന് കാരണം. അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹിﷺ യുടെ മേൽ ഞാൻ ധാരാളം സ്വലാത്ത് ചൊല്ലിയിരുന്നതുകൊണ്ട്. (ഇബ്നു ബശ്കുവാൽ).

അബൂ ഹഫ്സ് കാഗിദീയെ ചില സ്നേഹിതർ സ്വപ്നം കണ്ടു. അപ്പോഴദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ മുന്നിൽ എന്നെ ഹാജറാക്കപ്പെട്ടു. മലക്കുകൾ എന്റെ പാപങ്ങളുടെയും ഞാൻ ചൊല്ലിയ സ്വലാത്തിന്റെയും കണക്കെടുത്തു. അപ്പോൾ പാപങ്ങളെക്കാൾ സ്വലാത്ത് കൂടുതലുള്ളതായി അവർ കണ്ടു. അപ്പോഴവരോട് അല്ലാഹു പറഞ്ഞു. മലക്കുകളേ! മതിയാക്കുക. ഇദ്ദേഹത്തെ ഇനി വിചാരണ ചെയ്യേണ്ട. സ്വർഗത്തിലേക്ക് കൊണ്ടു പോവുക. (മസാലികുൽ ഹുനഫാ)

പ്രഗല്‍ഭ പണ്ഡിതന്‍ അലിയ്യ് ഹറാസിം (റ) ഉദ്ധരിച്ചതായി അബുല്‍ അബ്ബാസുത്തീജമനീ (റ) പറയുന്നു:"ദോഷങ്ങളില്‍ മുഴുകിയ ഒരാള്‍ക്ക്‌  ഖുര്‍ആനിനേക്കാള്‍ പുണ്യം സ്വലാത്തിനാണെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.

ശാരീരിക ശുദ്ധിയും ആത്മ സ്ഫുടതയും കൈവരിക്കുന്നതിന് പുറമേ ആന്തരിക മര്യാദയും വിശിഷ്ട സ്വഭാവവും പാലിക്കപ്പെടാതെ ഖുര്‍ആനുമായി ബന്ധപ്പെടാവുന്നതല്ല.ഇത് നിമിത്തം സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ പാരായണം അസാധ്യവും അപ്രാപ്യവുമായിരിക്കും.

സ്വലാത്ത്‌ പ്രവാചകാദരവോട് കൂടെ ശരീരം, വസ്ത്രം, സ്ഥലം തുടങ്ങിയവയില്‍ ശുദ്ധിയിലൂടെ സുപരിചിതമായ ഏത് പദങ്ങളുപയോഗിച്ചും ആര്‍ക്കും ചൊല്ലാവുന്ന ലളിതമായ ആരാധനയാണ്.ചുരുക്കത്തില്‍ പാപികള്‍ക്ക് പോലും വിശുദ്ധ ഖുര്‍ആനിനേക്കാള്‍ മഹത്വവും ഫലപ്രതവുമായത് സ്വലാത്താണ്. (സആദത്തുദ്ധാറൈന്‍) 

ഇമാം ജസ്റി (റ) വിനോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടു,അദ്ധേഹം പറഞ്ഞു:"സ്വലാത്ത്‌ ചൊല്ലല്‍ സ്ഥിരപ്പെട്ട സ്ഥലങ്ങളില്‍ അത് തന്നെയാണ് അനിവാര്യം. ആ സ്ഥാനത്ത് മറ്റേത്‌ വചനവും കൊണ്ട് വരാവുന്നതല്ല.അത്തരം പ്രത്യേകം സ്ഥലങ്ങളല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണത്തിനാണ് പുണ്യം. എങ്കിലും ഖുര്‍ആനും സ്വലാത്തും അധികരിപ്പിക്കുന്നതാണ് ഉത്തമം.

ഇമാം നവവി(റ) " ഇപ്രകാരം ഹാശിയത്തുല്‍ ഈളാഹില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.സിറാജുല്‍ ബുല്‍ഖൈനി (റ) പറയുന്നു :"ഖുര്‍ആന്‍ പാരായണവും സ്വലാത്ത് ചൊല്ലലും നിസ്കാരത്തില്‍ നിര്‍ബന്ധമാണ്.ഇവയേതെങ്കിലും നിര്‍ണ്ണയിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ പകരമായി മറ്റൊന്നും കൊണ്ടു വരാവുന്നതല്ല.സ്വലാത്തെന്നോ ഖുര്‍ആനെന്നോ പ്രത്യേകം നിര്‍ണ്ണയിക്കപ്പെടാത്ത സ്ഥലങ്ങളില്‍ സ്വലാത്തിനാണ് ശ്രേഷ്ടത "

ബനൂ ഇസ്‌റാഈല്യരിൽ 200 വയസ് വരെ ജീവിച്ച  ധിക്കാരിയായ ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ ജനങ്ങൾ ആ ജനാസയെടുത്ത് മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് കൊണ്ടു പോയിട്ടു. അല്ലാഹു മൂസ നബി (അ)യോട് വഹ്‌യ്‌ അറിയിച്ചു. "ആ ജനാസ എടുത്ത് നിസ്കാരം നിർവ്വഹിച്ച് മറവ് ചെയ്യുക." അല്ലാഹുവിനോട് മൂസ നബി (അ) ചോദിച്ചു. "രക്ഷിതാവേ, 200വർഷം ജീവിച്ചിട്ടും ഈ വ്യക്തി നിന്നെ ധിക്കരിച്ച് നടന്നവനാണെന്ന് ബനൂ ഇസ്‌റാഈല്യർ മുഴുവനും സാക്ഷ്യപ്പെടുത്തുണ്ടല്ലോ? ”അല്ലാഹു പറഞ്ഞു “കാര്യം അങ്ങനെയാണെങ്കിലും അദ്ദേഹം തൗറാത്ത് മറിക്കുന്ന സമയം ‘മുഹമ്മദ് ’ എന്ന നാമം  കാണുമ്പോഴൊക്കെ വിരൽ ചുംബിച്ച് രണ്ട് കണ്ണിലും വെക്കുകയും തിരുനബിﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യാറുണ്ടായിരുന്നു. അതിന്‌ നന്ദിയായി ഞാൻ എല്ലാം പൊറുത്ത് കൊടുക്കുകയും എഴുപത് സ്വർഗീയ ഹൂറികളെ ആ വ്യക്തിക്ക് ഇണയാക്കി കൊടുക്കുകയും ചെയ്തിരിക്കുന്നു." (تَفْسِيرُ الدُّرّ الْمَنْثُور-3/579)

സ്വലാത്ത്‌ എന്ന അറബി വാക്കില്‍ നാല് അക്ഷരങ്ങളാണ് ഉള്ളത്.

* സ്വാദ്‌- (ص)

* ലാം- (ل)

* വാവ്‌- (و)

* താ- (ة)

ഇവയില്‍ ഓരോ അക്ഷരവും നബി ﷺ യുടെ ബഹുമതിയെ സൂചിപ്പിക്കുന്നു. 

അവ താഴെ ചേര്‍ക്കുന്നു....

الصاد : صدقه وصفائه

1. നബി ﷺ യുടെ വിശ്വസ്തതയും പരിശുദ്ധിയും 

اللام : لقائه

2. അല്ലാഹുവുമായുള്ള ദര്‍ശനം

الواو : وفائه

3. നബി ﷺ യുടെ സമ്പൂര്‍ണത

التاء : تفرده4. 

നബി ﷺ യുടെ അതുല്യത     (അന്നൂറുല്‍ മംദൂദ്‌- 69)


സ്വലാത്തിനെ കുറിച്ചുള്ള ചില വ്യാഖ്യാനങ്ങള്‍

സഹ്ലിബ്നു മുഹമ്മദ്‌ ബിന്‍ സുലൈമാന്‍(റ) പറയുന്നു:"ആദം നബി(അ) ന് സുജൂദ്‌ ചെയ്യാന്‍ മലക്കുകളോട് കല്പിച്ചു കൊണ്ട് അല്ലാഹു ആദം നബി(അ) നെ ആദരിച്ചു.അതില്‍ അല്ലാഹു പങ്കുചേര്‍ന്നില്ല.മുത്ത്‌ നബി ﷺ യെ പ്രകീര്‍ത്തിക്കാന്‍ ആജ്ഞാപിച്ചുകൊണ്ട് ബഹുമാനിച്ചപ്പോള്‍ അല്ലാഹുവും പങ്കുചേര്‍ന്നു.ഇത് മുത്ത്‌ നബി ﷺ യുടെ ഉൽകൃഷ്ട്ട സ്ഥാനം അറിയിക്കുന്നു."

ഇമാം റാസി(റ) ഉദ്ധരിക്കുന്നു: "ഇവിടെ സുജൂദിനേക്കാള്‍ പ്രാധാന്യം സ്വലാത്തിന് തന്നെയാണ്.കാരണം സുജൂദ്‌ മലക്കുകള്‍ ആദം നബി (അ) ന്‍റെ മുന്നില്‍ നിന്നും ഒരു പ്രാവശ്യമാണ് നിര്‍വഹിച്ചത്.

സ്വലാത്ത് അപ്രകാരമല്ല....!!!!

അല്ലാഹു, മലക്കുകള്‍, ജനങ്ങള്‍ ഇവരില്‍ നിന്നെല്ലാം അന്ത്യദിനം വരെ ഉണ്ടായിക്കൊണ്ടിരിക്കും.ആദം നബി (അ) സുജൂദിന് അര്‍ഹനാകാനും മുത്ത്‌ നബി ﷺ യാണ് കാരണം.മുത്ത്‌ നബി ﷺ യുടെ നൂര്‍ (പ്രകാശം) ആദം നബി (അ) ന്‍റെ നെറ്റിയില്‍ സന്നിവേശിപ്പിച്ചു എന്ന കാരണമാണ് പ്രധാനം."

മസാലികുല്‍ ഹുനഫയില്‍ ഇമാം ഖസ്ത്വല്ലാനി(റ) രേഖപ്പെടുത്തുന്നു:

"ആദ്യം അല്ലാഹു സ്വലാത്ത്‌ ചൊല്ലിയത്‌ വിശ്വാസികള്‍ക്ക് സ്വലാത്ത്‌ ചൊല്ലാന്‍ പ്രചോദനമാകുവാനും സ്വലാത്ത്‌ ഉപേക്ഷിക്കുന്നവരെ ഭയപ്പെടുത്തി അറിയിക്കാനുമാണ്."


സ്വലാത്ത് ചൊല്ലുന്ന മലക്കുകൾ 

ഹാഫിള് അബ്ദുറഹ്മാനു സ്സഖാവി (റ) വിവരിക്കുന്നു :മുത്ത് നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്ന മലക്കുകളുടെ എണ്ണം ക്ലിപ്തമല്ല. അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകൾ, അർശ് വഹിക്കുന്നവർ, ഏഴാകാശത്തും വസിക്കുന്നവർ, സ്വർഗ്ഗ നരകത്തെ കാക്കുന്നവർ, മനുഷ്യരെ വീക്ഷിക്കുന്നവർ, സമുദ്രം, പർവ്വതം, മഴ, കാറ്റ്, ഗോളങ്ങൾ, നക്ഷത്രങ്ങൾ എന്നിവ കൊണ്ട് ഏൽപ്പിക്കപ്പെട്ടവർ, ഗർഭസ്ഥശിശുവിനെ രൂപപ്പെടുത്തുകയും "ആത്മാവിനെ" ഊതുകയും ചെയ്യുന്നവർ, സസ്യലതാതികൾ  മുളപ്പിക്കുകയും ഫലങ്ങൾ പുഷ്പിക്കുകയും ചെയ്യുന്നവർ, സുകൃതങ്ങൾ രേഖപ്പെടുത്താനും നിസ്കരിക്കുന്നവരുടെ പ്രാർത്ഥനക്ക് ആമീൻ പറയാനും നിയുക്തരായവർ തുടങ്ങിയ മലക്കുകൾ എല്ലാം സ്വലാത്തിൽ പങ്കുചേർന്നു ബൈത്തുൽ മഅ്മൂറിൽ ഒരു ദിവസം 70000 മലക്കുകൾ വന്ന് സ്വലാത്ത് ചൊല്ലുന്നു..

ഇമാം ത്വബ്രാനി(റ) ഉദ്ധരിക്കുന്നു: "ഏഴാകാശവും കാല്‍പഴുതില്ലാതെ മലക്കുകളാല്‍ നിബിഡമാണ്.അവരെല്ലാം മുത്ത്‌ നബി ﷺ യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുന്നു."

കഅബ് (റ) വില്‍ നിന്ന് നിവേദനം:"പ്രഭാതമായാല്‍ 70000 മലക്കുകള്‍ വന്ന്‍ തിരു നബി ﷺ യുടെ ഖബറുശ്ശരീഫ പൊതിയും. അവര്‍ തിരിച്ച് പോയാല്‍ 70000 മലക്കുകള്‍ വേറെയും വരും. അവര്‍ പ്രഭാതമാകുന്നത് വരെ സ്വലാത്ത്‌ തുടരുന്നു." (ബുഖാരി റഹ്).

ഇബ്നു ബഷ്കുവാല്‍(റ) പറയുന്നു:"ഉറക്കമില്ലാത്തവര്‍ സൂറത്തുല്‍ അഹ്സാബിലെ സ്വലാത്തിനെ സംബന്ധിച്ചുള്ള 56- മത്തെ സൂക്തം കിടക്കും മുമ്പ്‌ ഒതിയാല്‍ സുഖ നിദ്ര ഉണ്ടാകും."

ഇബ്നു അബീ ഫിദ്‌യാക്കില്‍ നിന്ന്‍ ഹാഫിളുസ്സഖാവി(റ) പറയുന്നു:"മുത്ത് നബി ﷺ യുടെ റൗളക്കരികില്‍ നിന്ന് മേല്‍ പറഞ്ഞ സൂക്തം ഓതി 70 പ്രാവശ്യം സ്വലാത്ത്‌ ചൊല്ലിയാല്‍ ഏതു കാര്യവും നേടാം."(സആദതുദ്ദാറൈന്‍)

സ്വലാത്ത് നിര്‍ബന്ധം

ഇമാം അഹ്‌മദുസ്സ്വാവി(റ) രേഖപ്പെടുത്തുന്നു :മുത്ത് നബി ﷺ യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലല്‍ നിര്‍ബ്ബന്ധമാണ്. ഇതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല.പക്ഷെ എപ്പോഴെല്ലാം, എത്ര എണ്ണം, തുടങ്ങിയ കാര്യങ്ങളില്‍ വീക്ഷണ വ്യത്യാസങ്ങളുണ്ട്. വിശ്വാസി ജീവിതത്തില്‍ ഒരു തവണയെങ്കിലും സ്വലാത്ത് ചൊല്ലല്‍ നിര്‍ബന്ധമാണെന്ന് ഇമാം മാലികി (റ) വ്യക്തമാക്കുന്നു.

  • എല്ലാ നിസ്ക്കാരത്തിന്‍റെ അവസാന അത്തഹിയ്യാത്തിലും നിര്‍ബന്ധമാണെന്ന് ഇമാം ശാഫി(റ) അഭിപ്രായപ്പെടുന്നു.
  • ഏതു സദസ്സിലും ഒരു പ്രാവശ്യമെങ്കിലും സ്വലാത്ത്‌ അനിവാര്യമാണെന്ന പക്ഷക്കാരനാണ് ഇമാം ഹംബലി (റ), അബൂ ഹനീഫ (റ) എന്നിവര്‍.   
  • സല്‍പ്രവര്‍ത്തികളില്‍ വെച്ചേറ്റം ശ്രേഷ്ഠമായ സ്വലാത്ത്‌ പരിധിയും പരിമിധിയും ഇല്ലാതെ വര്‍ദ്ധിപ്പിക്കുകയാണ്‌ നിര്‍ബന്ധമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
  • ഒരു ആത്മീയ ഗുരുവിന്‍റെയോ ഉപദേശകന്‍റെയോ ആവശ്യമില്ലാതെ അല്ലാഹുവിലേക്ക് ജനങ്ങളെ അടുപ്പിക്കാൻ  സ്വലാത്തിന് സാധിക്കുമെന്ന് നിരവധി ആരിഫീങ്ങള്‍ പറഞ്ഞിട്ടുണ്ട്.
സ്വലാത്തല്ലാതെ ഓരോ ദിക്റും ശൈഖിനെ മധ്യവര്‍ത്തി ആക്കാതെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ പര്യാപ്തമല്ല. അപ്രകാരം ദിക്ര്‍ ചൊല്ലുന്നത് ഫലശൂന്യമാണ്.പിശാച് കടന്നുകൂടാന്‍ എളുപ്പമാവുമത്രേ...(തഫ്സീറുസ്സ്വാവി :3/238 ) 

സ്വലാത്തിന്‍റെ അനിവാര്യത

സ്വലാത്തിന്‍റെ അനിവാര്യതയെ കുറിച്ച് പല അഭിപ്രായങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്..

  1. 1. നിസ്കാരത്തിന്‍റെ അവസാനത്തെ അത്തഹിയ്യാത്തില്‍ നിര്‍ബന്ധം: ഇമാം ഷാഫി (റ) വിന്റെ അഭിപ്രായം ഇങ്ങനെ..
  2. ഒന്നാം അത്തഹിയ്യാത്തില്‍ നിര്‍ബ്ബന്ധം: ഇമാം ശിബ്‌ലി (റ), ഇസ്ഹാഖ് (റ), ഇബ്നു റാഹവൈഹി (റ), എന്നിവരുടേതാണ് ഈ അഭിപ്രായം.
  3. സുന്നത്ത്‌ മാത്രം.ഇബ്നു ജരീറുത്വിബ്രി (റ) വിന്‍റെതാണ് ഈ അഭിപ്രായം. ഇത് ഏകാഭിപ്രായം ആയതുകൊണ്ട് നിര്‍ബന്ധമെന്ന ഇജ്മാഇനെ (പണ്ഡിതേകോപനം) കളങ്കപ്പെടുത്തുന്നില്ല.
  4. സ്ഥല നിര്‍ണയമില്ലാതെ നിര്‍ബന്ധം, അബു ജഹ്ഫറുല്‍ ബാകിര്‍ (റ) ആണ് ഇങ്ങനെ അഭിപ്രായം പറഞ്ഞത്‌.
  5. പരിധിയില്ലാതെ വര്‍ദ്ധിപ്പിക്കല്‍ നിര്‍ബന്ധം:വിശുദ്ധ ഖുര്‍ആനില്‍ സ്വലാത്ത്‌ നിര്‍ദേശിച്ചത് എണ്ണത്തിന് പരിധിയോ സമയ നിര്‍ണ്ണയമോ വ്യക്തമാക്കാതെയാണ്.   അതിനാല്‍ ഏതൊരാളും അതില്‍ അശ്രദ്ധനാവാതെ കഴിവിന്റെ പരമാവധി വര്‍ദ്ധിപ്പിക്കല്‍ നിര്‍ബന്ധമാണ്.
  6. എല്ലാ സദസ്സിലും ഒരു പ്രാവശ്യം നിര്‍ബന്ധം:ഇമാം സമഖ്ശരി (റ) യും ഔസറായി (റ) യും ഈ അഭിപ്രായക്കാരാണ്.. 
  7. തിരുനാമം കേള്‍ക്കുമ്പോഴെല്ലാം നിര്‍ബന്ധം:സ്വലാത്ത്‌ നിര്‍ദേശിച്ച ഖുര്‍ആന്‍ ആയത്തില്‍ സുവ്യക്തമായ ആജ്ഞയാണുള്ളത്‌. ആ ആജ്ഞ നിര്‍ബന്ധത്തെ സൂചിപ്പിക്കുന്നു.
അല്ലാഹുവും അവന്‍റെ മലക്കുകളും സ്വലാത്ത്‌ ചൊല്ലുന്നു, അതിനാല്‍ നിങ്ങളും സ്വലാത്ത്‌ ചൊല്ലുക"എന്ന് മറ്റേത് നിര്‍ബന്ധാനുഷ്ടാനത്തിനും ഇല്ലാത്ത ശൈലിയാണ്. 

തിരുനാമം കേട്ടിട്ട് സ്വലാത്ത്‌ ചൊല്ലാത്തവരെ കുറിച്ച് നിരവധി ഹദീസുകളുണ്ട്.ഇക്കാര്യങ്ങളെല്ലാം മേല്‍ അഭിപ്രായത്തെ സ്ഥിരീകരിക്കുന്നു. 

ശാഫീ, ഹനഫീ മദ്ഹബിലെ ഒരു വിഭാഗം, മാലിക്കീയത്തിലെ ഇബ്നു അറബി(റ), ഇമാം ത്വഹാവി(റ), അബൂ  ഹാമിദുല്‍ ഇസ്ഫരീ(റ), ഹലീമി(റ) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്.ഓരോ പേര് കേള്‍ക്കുമ്പോഴും സ്വലാത്ത് നിര്‍ബന്ധമാകുമെന്നാണ് പണ്ഡിത പക്ഷം, എന്നാല്‍ തുടര്‍ച്ചയായി വരുന്ന കൂടുതല്‍ പേരുകള്‍ക്ക് ഒരു പ്രാവശ്യം സ്വലാത്ത്‌ ചൊല്ലിയാല്‍ മതിയാകുമെന്നും തിരുനാമം കേട്ട സദസ്സില്‍ നിന്ന് ആരെങ്കിലും ഒരാള്‍ ചൊല്ലിയാല്‍ നിര്‍ബന്ധം വീടുമെന്നും അഭിപ്രായമുണ്ട്.ഇവ രണ്ടും അസ്വീകാര്യമാണെന്ന് സആദതുദ്ദാറൈനിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. (സആദതുദ്ദാറൈന്‍-59)

മുത്ത്‌ നബി ﷺ തങ്ങള്‍ പറഞ്ഞു: "നിങ്ങളുടെ വീടുകള്‍ ശ്മശാനമാക്കരുത്.
എന്‍റെ ഖബറിടം ഉത്സവ വേദിയാക്കരുത്.നിങ്ങള്‍ എവിടെയാണെങ്കിലും  നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് പ്രദര്‍ശിപ്പിക്കപ്പെടും." (അബൂദാവൂദ്)

ഒരു സ്വഹാബി നിസ്കാരത്തിന്‍റെ അവസാന പ്രാര്‍ത്ഥനയില്‍ സ്വലാത്ത്‌ ചൊല്ലാറില്ലെന്നും ഹംദ് ചെയ്യാറില്ലെന്നും തിരുനബി ﷺ തങ്ങള്‍ അറിയാനിടയായി..തിരുനബി ﷺ തങ്ങള്‍ അദ്ധേഹത്തെ വിളിച്ച് സ്വഹാബികളോടെല്ലാം ഇങ്ങനെ പറഞ്ഞു:"നിങ്ങള്‍ നിസ്ക്കാരത്തില്‍ പ്രവേശിച്ചാല്‍ അല്ലാഹുവില്‍ സ്തുതി അര്‍പ്പിച്ച് തുടങ്ങുക.. പിന്നെ നബിയുടെ മേല്‍ സ്വലാത്ത്‌ ചൊല്ലി ഇഷ്ടമുള്ള പ്രാര്‍ത്ഥന നടത്തുക." (അബൂദാവൂദ്)

മുത്ത്‌ നബി ﷺ തങ്ങള്‍ പറഞ്ഞു: "അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത അന്ത്യനാളില്‍ മൂന്ന് വിഭാഗത്തിന് തണല്‍ നല്‍കപ്പെടുന്നു.
  1. സത്യവിശ്വാസികളുടെ വിഷമങ്ങള്‍ക്ക് ആശ്വാസമേകിയവര്‍ 
  2. എന്റെ സുന്നത്തിനെ സജീവമാക്കിയവര്‍
  3. എന്റെ മേല്‍ സ്വലാത്ത്‌ വര്‍ദ്ധിപ്പിച്ചവര്‍
ഇബ്നു അബ്ബാസ്‌ (റ) ഉദ്ധരിക്കുന്നു: പുണ്യ റസൂല്‍ ﷺ തങ്ങള്‍ പറഞ്ഞു:"എന്‍റെ മേല്‍ ആരെങ്കിലും ഒരു സ്വലാത്ത്‌ ചൊല്ലിയാല്‍ അല്ലാഹു അവന്‍റെ മേല്‍ 10 ഗുണം ചെയ്യും, ആരെങ്കിലും 10 സ്വലാത്ത് ചൊല്ലിയാല്‍ 100 ഗുണവും, 100 സ്വലാത്ത്‌ ചൊല്ലിയാല്‍ 1000 ഗുണവും ചെയ്യുന്നു. ഒരാള്‍ 1000 സ്വലാത്ത് ചൊല്ലിയാല്‍ ഞാനും അദ്ധേഹവും സ്വര്‍ഗ്ഗകവാടത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നതാണ്."

അനസ്‌ (റ) ഉദ്ധരിക്കുന്നു: തിരു നബി ﷺ തങ്ങള്‍ പറഞ്ഞു:"പുനരുദ്ധാരണ നാളില്‍ സ്ഥാനത്താല്‍ എന്നോടേറ്റവും അടുത്തവര്‍ എന്റെ മേല്‍ സ്വലാത്ത്‌ ചൊല്ലുന്നവരാണ്.

ആരെങ്കിലും എന്റെ മേല്‍ വെള്ളിയാഴ്ച രാവിലും പകലിലും 100 സ്വലാത്ത്‌ ചൊല്ലിയാല്‍, അള്ളാഹു അവന് 100 ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച്‌ കൊടുക്കും.അതില്‍ 70 എണ്ണം പാരത്രികവും 30 എണ്ണം ആഖിറത്തിലേതുമായിരിക്കും.പിന്നീട് അല്ലാഹു അവന്‍റെ ഖബറില്‍ രക്ഷയായി ഒരു മലക്കിനെ നിശ്ചയിച്ചിരിക്കുന്നു. നിങ്ങളുടെ പാരിദോശികങ്ങള്‍ നിങ്ങള്‍ക്ക്‌ എത്തുന്നത് പോലെ." (ബൈഹഖി).

അലി (റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു: മുത്ത്‌ നബി ﷺ തങ്ങള്‍ പറഞ്ഞു: "എല്ലാ പ്രാര്‍ത്ഥനക്കും ആകാശത്തിനുമിടയില്‍ ഒരു മറയുണ്ട്. എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയതിനു ശേഷമാണ് ദുആ ചെയ്തതെങ്കില്‍ ആ മറ തകരുകയും ദുആ സ്വീകരിക്കപ്പെടുകയും ചെയ്യും. സ്വലാത്ത്‌ ചൊല്ലാതെയാണ് ദുആ ചെയ്തതെങ്കില്‍ അത് സ്വീകരിക്കപ്പെടുകയില്ല.

അലി (റ) വില്‍ നിന്ന് നിവേദനം:"പുനരുദ്ധാരണ നാളില്‍ ഖിയാമതിന്റെ ഭയാനകതയില്‍ നിന്നും ഭീകരതയില്‍ നിന്നും രക്ഷപ്പെടുന്നവര്‍ എന്റെ മേല്‍ സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കുന്നവരാണ്." (ഇസ്ഫഹാനി)

അബൂ ഹുറൈറ (റ) യില്‍ നിന്നും നിവേദനം: ഒരു ദിവസം തിരു നബി ﷺ തങ്ങള്‍ സന്തോഷഭരിതനും പ്രസന്നനുമായി ആഗതരായി, സ്വഹാബത്ത് ചോദിച്ചു: 
"അല്ലാഹുവിന്റെ റസൂലേ..  തങ്ങളില്‍ സന്തുഷ്ടിയും പ്രസന്നതയും പ്രകടമായിട്ടുണ്ടല്ലോ..???"

മുത്ത്‌ നബി ﷺ തങ്ങള്‍ പറഞ്ഞു: "അതെ... അല്ലാഹുവില്‍ നിന്നൊരു ദൂതന്‍- ജിബ്രീല്‍ (അ) വന്ന്‍ പറയുകയുണ്ടായി, "എന്റെ ഉമ്മത്തില്‍ നിന്നും ആരെങ്കിലും ഒരു സ്വലാത്ത്‌ ചൊല്ലിയാല്‍ അല്ലാഹു അവന് 10 ഗുണം രേഖപ്പെടുത്തുകയും 10 പാപങ്ങള്‍ പൊറുക്കുകയും 10 പദവി ഉയര്‍ത്തുകയും ചെയ്യും. ഇപ്രകാരം വീണ്ടും മടക്കപ്പെടുന്നതാണ്". (അഹ്മദ്‌)

അനസ്(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു:മുത്ത്‌ നബി ﷺ തങ്ങള്‍ പറഞ്ഞു: "നിങ്ങള്‍ പ്രവാചകന്മാരുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുകയാണെങ്കില്‍ എന്റെ മേലിലും ചൊല്ലുക, നിശ്ചയം ഞാനും അവരെ പോലെ ഒരു പ്രവാചകന്‍ തന്നെ." (ദൈലമി)

അഹ്മദ്‌ബ്നുല്‍ ഖാസിം (റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു: " എല്ലാ വസ്തുവിനും ശുദ്ധീകരണമുണ്ട്. വിശ്വാസിയുടെ ഹൃദയത്തില്‍ പിടിച്ച കറ കഴുകി ശുദ്ധീകരിക്കുന്നത് സ്വലാത്താണ്.

ഇബ്നു ഉമർ (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു:"കുഞ്ഞിന്റെ ആദ്യ വിലാപം അല്ലാഹുവിന്റെ ഏകത്വ സാക്ഷ്യവും, പിന്നെ രണ്ടു മാസത്തേത്  ഏകത്വ സ്ഥിരീകരണവും പിന്നീടുള്ള നാല് മാസത്തേത്‌ മുത്ത് നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലലും ശേഷമുള്ള രണ്ടു മാസം മാതാപിതാക്കൾക്ക് വേണ്ടിയുള്ള ഇസ്തിഗ്ഫാറുമാണ്". (ദൈലമി)

അനസ് (റ) വിൽ നിന്ന് നിവേദനം: "തിരു നബി ﷺ തങ്ങള്‍ അരുളി: "നിങ്ങൾ വല്ലതും മറന്നു പോയിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അത് സ്മരിക്കപ്പെടും. അല്ലാഹു ഉദ്ധേശിക്കുന്നുവെങ്കിൽ".

അബൂ ഹുറൈറ (റ) യിൽ നിന്ന് നിവേദനം: "വ്യാഴാഴ്ച ആയാൽ അല്ലാഹു ഒരു വിഭാഗം മലക്കുകളെ അയക്കും. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവും  തിരു നബി ﷺ യുടെ മേൽ സ്വലാത്ത് വര്‍ദ്ധിപ്പിക്കുന്നവരെയൊക്കെ അവർ കനകപ്പേന കൊണ്ട് വെള്ളിക്കടലാസിൽ എഴുതി വെക്കുന്നു". (ഇബ്നു ബഷ്കുവാൽ) 

ദൈലമി (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഇങ്ങിനെ കാണാം: "വെള്ളി മഷിയുള്ള കനകപ്പേന കൊണ്ട് പ്രകാശപ്പത്രികയിൽ സ്വലാത്ത് അല്ലാതെ മറ്റൊന്നും അവർ രേഖപ്പെടുത്തുകയില്ല"

മുത്ത്‌ നബി ﷺ തങ്ങള്‍ പറയുന്നു: "വാങ്ക് വിളിക്കപ്പെടുമ്പോള്‍ നിങ്ങള്‍ അപ്രകാരം ഉരുവിടുക,വാങ്കിന്റെ ശേഷം എന്റെ മേല്‍ സ്വലാത്ത്‌ ചൊല്ലുക,നിശ്ചയം എന്റെ മേല്‍ ഒരു സ്വലാത്ത്‌ ചൊല്ലിയാല്‍ അല്ലാഹു അവന് 10 ഗുണം ചെയ്യും.പിന്നീട് നിങ്ങള്‍ എനിക്ക് വേണ്ടി വസീലയെ ചോദിക്കുക,തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ഒരാള്‍ക്ക് മാത്രം നല്‍കപ്പെടുന്ന പദവിയത്രേ അത്.അതെനിക്ക് ആകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ആരെങ്കിലും എനിക്ക് "വസീല" ചോദിച്ചാല്‍ അവന്‍ എന്റെ ശുപാര്‍ശക്കര്‍ഹനായി". (മുസ്ലിം റഹ്)

അബുദ്ദര്‍ദ (റ) യില്‍ നിന്ന് നിവേദനം: "പ്രഭാതത്തില്‍ ഒരാള്‍ എന്‍റെ മേല്‍ 10 സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്‍ എന്റെ ശുപാര്‍ശക്കര്‍ഹനായി". (ത്വബ്രാനി റഹ്).

നിങ്ങള്‍ എന്റെ പേരില്‍ സ്വലാത്ത്‌ ചൊല്ലുന്നത് പോലെ മറ്റ് പ്രവാചകന്മാരുടെ മേലിലും സ്വലാത്ത്‌ ചൊല്ലുക,കാരണം, എന്നെ നിയോഗിക്കപ്പെട്ടതു  പോലെയാണ് അവരും നിയുക്തരായത്‌.

അബൂ മുഹമ്മദ് ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം:"ഒരാള്‍ വെള്ളിയാഴ്ച എന്റെ മേല്‍ 100 സ്വലാത്ത്‌ ചൊല്ലിയാല്‍. അവന്റെ 80 വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു."

ഹാഫിളുസ്സഖാവി (റ) ഉദ്ധരിക്കുന്നു: മുത്ത്‌ നബി ﷺ തങ്ങള്‍ പറഞ്ഞു:"ഒരാള്‍ എന്റെ മേല്‍ ഒരു സ്വലാത്ത്‌ ചൊല്ലിയാല്‍ അല്ലാഹു അവന്റെ ഇരുവശത്തെ രണ്ട് മലക്കുകളോട് 3 ദിവസത്തേക്ക്‌ പാപങ്ങള്‍ രേഖപ്പെടുത്തരുതെന്ന്‍ നിര്‍ദേശിക്കുന്നു"

അലി (റ) യില്‍ നിന്നും നിവേദനം: "നിങ്ങള്‍ എവിടെയാണെങ്കിലും എന്റെ മേല്‍ സ്വലാത്ത്‌ ചൊല്ലുക,നിങ്ങളുടെ സ്വലാത്ത്‌ എനിക്ക് വെളിവാക്കപ്പെടും,തീര്‍ച്ച..."

എന്റെ മേല്‍ നിങ്ങള്‍ സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കുക,കാരണം,,, ഖബറില്‍ ആദ്യമായി ചോദിക്കപ്പെടുന്നത് എന്നെക്കുറിച്ചാണ്.(കൗലുല്‍ ബദീഅ്).

അനസിബ്നു മാലിക്‌ (റ) ഉദ്ധരിക്കുന്നു:"ആരെങ്കിലും ഒരു ദിവസം 1000 സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ സ്വര്‍ഗീയ സ്ഥാനം ദര്‍ശിച്ചിട്ടല്ലാതെ അവന്‍ മരണപ്പെടുകയില്ല."

അബ്ദുല്ലാഹിബ്നു ജറാദ് (റ) വില്‍ നിന്ന് നിവേദനം:"നിങ്ങള്‍ നിര്‍ബന്ധാനുഷ്ട്ടാനങ്ങള്‍ നിര്‍വ്വഹിക്കുക, തീര്‍ച്ചയായും അത് കൂലിയാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ 20 യുദ്ധത്തേക്കാള്‍ പുണ്യമാണ്. എന്റെ മേല്‍ സ്വലാത്ത്‌ ചൊല്ലലാകട്ടെ ഇവയേക്കാൾ  പകരം നിൽക്കുകയും ചെയ്യും".

സഅദ് (റ) വില്‍ നിന്ന് നിവേദനം:"വുളൂ ഇല്ലാത്തവന് നിസ് ക്കാരമില്ല, അല്ലാഹുവിന്റെ പേര് പറയാത്തവന് വുളൂ ഇല്ല, മുത്ത്‌ നബി ﷺ തങ്ങളുടെ മേല്‍ സ്വലാത്ത്‌ ചൊല്ലാത്തവന് നിസ്ക്കാരമില്ല,അന്‍സാറുകളെ സ്നേഹിക്കാത്തവനും നിസ്ക്കാരമില്ല". (ഇബ്നുമാജ)

അബൂ ഹുറൈറ (റ) വില്‍ നിന്ന് നിവേദനം:"നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ മുത്ത്‌ നബി ﷺ തങ്ങളുടെ മേല്‍ സ്വലാത്തും "اَللَّهُمَّ اعْصِمْنَا مِن الشَّيْطَانْ" -എന്നും ചൊല്ലുക" (ഇബ്നു ആസിം)

അലി (റ) വില്‍ നിന്ന് നിവേദനം:"നിശ്ചയം അല്ലാഹുവിന് സഞ്ചാരികളായ ഒരു വിഭാഗം മലക്കുകളുണ്ട്. എന്റെ മേല്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ് അവരുടെ ദൗത്യം.

അബൂബക്ര്‍ സ്വിദ്ധീഖ് (റ) വിൽ നിന്ന് നിവേദനം: "തിരുനബി ﷺ തങ്ങള്‍ അരുളി: ആരെങ്കിലും എന്നെക്കുറിച്ച് ഒരറിവും കൂടാതെ എന്റെ മേല്‍ സ്വലാത്തും  എഴുതിവെച്ചാല്‍, ആഗ്രന്ഥത്തില്‍ അത് സൂക്ഷിക്കുന്ന കാലത്തോളം അവന് അതിന്റെ പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കും". (ത്വബ്രാനി)

അലി (റ) വിൽ നിന്ന് നിവേദനം: തിരുനബി ﷺ തങ്ങള്‍ പറഞ്ഞു: "ആരെങ്കിലും എന്റെ മേല്‍ സ്വലാത്ത്‌ ചൊല്ലിയാല്‍ ഉഹ്ദ്‌ പര്‍വ്വത സമാനമായ പ്രതിഫലം അവന് നല്‍കപ്പെടും". (അബ്ദുറസാഖ്)

ഇബ്നു ഉമർ (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു."നിങ്ങളുടെ സദസ്സുകള്‍ സ്വലാത്ത്‌ കൊണ്ട് ഭംഗിയാക്കുക, നിശ്ചയം എന്റെ മേലിലുള്ള സ്വലാത്ത്‌ അന്ത്യ ദിനത്തില്‍ നിങ്ങള്‍ക്ക്‌ വെളിച്ചമേകുന്നതാണ്". (ദൈലമി)

"എന്റെ പേരില്‍ ചൊല്ലുന്ന സ്വലാത്ത്‌ നിങ്ങളുടെ ദുആയ്ക്ക് സൂക്ഷ്മതയും റബ്ബിന്റെ തൃപ്തിയും ഇബാദത്തുകള്‍ക്ക് സംസ്കരണവുമാണ്". (ദൈലമി)

അമ്മാറുബ്നു യാസിർ (റ) വിൽ നിന്ന് നിവേദനം:"മനുഷ്യരുടെയെല്ലാം ശ്രവണം നൽകപ്പെട്ട ഒരു മലക്കിനെ അളളാഹു എന്റെ ഖബറിനുളളിൽ നിയോഗിച്ചിരിക്കുന്നു... ആ മലക്ക് അന്ത്യനാൾ വരെ എന്റെ ഖബറിടത്തിൽ ഉണ്ടാകും. എന്റെ ഉമ്മത്തിൽ ഒരാൾ സ്വലാത്ത് ചൊല്ലിയാൽ അവന്റെയും പിതാവിന്റെയും പേര് പറഞ്ഞ് മലക്ക് പറയും."നബിയെ ﷺ ഇന്ന വ്യക്തി അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലുന്നുണ്ട്."

"തിരുനബി ﷺ തങ്ങളുടെ  മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അളളാഹു عَزَّ وَجَلَّ അതിന് പകരം പത്ത് സ്വലാത്ത് ചൊല്ലാൻ ഉത്തരവാദപ്പെട്ടിരിക്കുന്നു. അവൻ വർദ്ധിപ്പിച്ചാൽ അളളാഹുവും عَزَّ وَجَلَّ വർദ്ധിപ്പിക്കുന്നു". (ഇബ്നു അസാക്കീർ) . 

അബൂ കാഹിൽ (റ) വിൽ നിന്ന് നിവേദനം: "തിരുനബി ﷺ തങ്ങള്‍ അരുളി:  "ഒരാൾ എന്നോടുളള സ്നേഹാനുഗ്രഹത്താൽ പകലിലും രാത്രിയിലും മൂന്ന് സ്വലാത്ത് ചൊല്ലിയാൽ അവൻ  അളളാഹുവിങ്കൽ عَزَّ وَجَلَّ സത്യത്തിനു  മേലിലാണെങ്കിൽ ആ രാത്രിയിലെയും പകലിലെയും പാപങ്ങൾ പൊറുക്കപ്പെടും". (ഇബ്നു ആസീം).

തിരുനബി ﷺ തങ്ങള്‍ അരുളി:  "സ്വലാത്ത് അളളാഹുവിന്റെ عَزَّ وَجَلَّ കോപത്തിൽ നിന്നും പിശാചിന്റെ വഞ്ചനയിൽ നിന്നും രക്ഷ നൽകുന്നു .(റൗളുൽ ഫാഇഖ്)

മുത്ത് നബി ﷺ തങ്ങൾ അരുളി:"ഒരാൾ എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു പത്ത് ഗുണം ചെയ്യട്ടേ എന്ന് ആകാശത്ത് നിന്ന് വിളിച്ച് പറയും.അപ്പോൾ ഒന്നാനാകാശത്തിലെ മലക്കുകൾ അവനു വേണ്ടി 100 നന്മകൾ ചോദിക്കും.തൽസമയം രണ്ടാനാകാശത്തിലുള്ളവർ 200 ഗുണങ്ങൾ വർഷിക്കാൻ തേടും.ഇത് കേൾക്കുന്ന മൂന്നാനാകാശത്തിലെ മലക്കുകൾ 1000 നന്മക്കുവേണ്ടി പ്രാർത്ഥിക്കും.നാലാനാകാശത്തുള്ളവർ തേടുകയും, ഇത് ശ്രവിക്കുമ്പോൾ 2000 ഗുണങ്ങൾക്ക് തേടുകയും,പിന്നീട് അഞ്ചാനാകാശത്തുള്ളവർ 6000 നന്മകൾ ചോദിക്കുകയും ചെയ്യും. അപ്പോൾ എഴാനാകാശത്തിലെ മലക്കുകൾ 7000 അനുഗ്രഹത്തിനും തേടുന്നു.

തൽക്ഷണം അല്ലാഹു عَزَّ وَجَلَّ പറയും: "എൻ്റെ ഹബീബ് ﷺ തങ്ങളുടെ മേൽ ബഹുമാനപൂർവ്വം ആത്മവിശുദ്ധിയോടെ സ്വലാത്ത് ചൊല്ലിയതിന്റെ പ്രതിഫലം മലക്കുകളിതാ ഏറ്റുപറഞ്ഞിരിക്കുന്നു.ഞാൻ അദ്ധേഹത്തിന്റെ പാപങ്ങൾ പൊറുത്ത് കൊടുക്കാൻ ബാദ്ധ്യസ്ഥനായിരിക്കുകയാണ്."(ഫുതൂഹാതു റബ്ബാനിയ്യ)

മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു:"നിങ്ങൾ എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുക. അത് ഖബറിലും സ്വിറാത്ത്വിലും പ്രകാശം പരത്തും. സ്വർഗത്തിൽ അത് വെളിച്ചവുമാകുന്നു."

അബ്ദുറഹ്മാനുബ്‌നു സുമറ (റ) ഉദ്ധരിക്കുന്നു."മുത്ത് നബി ﷺ തങ്ങൾ അരുളി:"ഇന്നലെ രാത്രിയിൽ ഞാൻ എന്റെ സമുദായത്തിൽ പെട്ട ഒരു മനുഷ്യൻ "സ്വിറാത്ത്" പാലത്തിന്മേൽ ഒരിക്കൽ വഴുതുകയും ചിലപ്പോൾ മുട്ടുകുത്തി പരുങ്ങുകയും ചെയ്യുന്നതായി കണ്ടു.
അപ്പോൾ, അവൻ എൻ്റെ മേൽ ചൊല്ലിയ സ്വലാത്ത് അവന്റെ കൈ പിടിച്ച് "സ്വിറാത്ത്" പാലത്തിന്മേൽ നേരെ നിർത്തുകയും അവൻ കടന്ന് പോകുകയും ചെയ്തു. (ത്വബ്രാനി)

അനസ്(റ) ഉദ്ധരിക്കുന്നു: "പരസ്‌പരം സ്നേഹിക്കുന്ന രണ്ട് വ്യക്തികൾ അന്യോന്യം അഭിമുഖീകരിക്കുകയും രണ്ട് പേരും മുത്ത് നബി ﷺ തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലുകയും ചെയ്താൽ കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ പൊറുക്കപ്പെട്ടിട്ടല്ലാതെ അവർ പിരിഞ്ഞ് പോവുകയില്ല. (അബൂ യഅ്ല)

അബ്ദുറഹ്മാനുബ്‌നു ഈസ(റ)വിൽ നിന്ന് നിവേദനം:മുത്ത് നബി ﷺ തങ്ങൾ അരുളി: "ആരെങ്കിലും എൻ്റെ മേൽ ഒരു ദിവസം 50 സ്വലാത്ത് ചൊല്ലിയാൽ അന്ത്യദിനത്തിൽ മലക്കുകൾ അവനെ ഹസ്തദാനം ചെയ്യുന്നതാണ്." (ഇബ്നു ബഷ്‌കുവാൽ)

അനസ്(റ) വിൽ നിന്ന് നിവേദനം:"എന്റെ സ്ഥാനത്തെ ആദരിച്ച് ഒരു ദാസൻ എൻ്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ ആ വചനം കാരണമായി അല്ലാഹു ഒരു മലക്കിനെ സൃഷ്ടിക്കും. ആ മലക്കിൻ്റെ ഒരു ചിറക് മശ്രിക്കിലും മറ്റേ ചിറക് മഗരിബിലുമാണ്.മലക്കിനോട് നിർദേശിക്കപ്പെടും,എന്റെ അടിമ എൻ്റെ മുത്ത് നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലിയത് പോലെ നീ അവൻ്റെ മേൽ സ്വലാത്ത് ചൊല്ലുക.ഇപ്രകാരം അന്ത്യദിനം വരെ മലക്ക് അദ്ധേഹത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നതാണ്." (ഇബ്‌നു ബഷ്‌കുവാൽ)

അബൂ ദറ് (റ) വിൽ നിന്ന് നിവേദനം:-"മുത്ത് റസൂൽ ﷺ തങ്ങൾ എന്നോട് യാത്രയിലും അല്ലാത്തപ്പോഴും "ളുഹാ" നിസ്ക‌രിക്കാൻ വസിയ്യത്ത് ചെയ്തു‌.വിത്ർ നിസ്ക‌രിക്കാതെയും മുത്ത് നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലാതെയും ഉറങ്ങരുതെന്ന് എന്നോട് ഉപദേശിച്ചു." (ഇബ്നു ബഷ്കുവാൽ)

ആയിശ(റ)വിൽ നിന്ന് നിവേദനം:-"തിരുനബി ﷺ തങ്ങൾ അരുൾ ചെയ്തു‌:"ഏതൊരാളും അല്ലാഹുവിനെ സന്തുഷ്ടനായി കാണാൻ ആഗ്രഹികുന്നുവെങ്കിൽ അവൻ എന്റെ മേലിലുള്ള സ്വലാത്ത് അധികരിപ്പിക്കട്ടെ."(ദൈലമി)

ഖാളിഇയാള്(റ) പറയുന്നു:"ചില പുണ്യ വചനങ്ങളിൽ ഞാൻ ഇപ്രകാരം കാണുകയുണ്ടായി."മുത്ത് റസൂൽ ﷺ തങ്ങൾ പറയുന്നു : ചില മനുഷ്യർ അന്ത്യദിനത്തിൽ എന്റെ സവിധത്തിൽ എത്തിചേരും.എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുന്നത് കൊണ്ടല്ലാതെ ഞാൻ അവരെ തിരിച്ചറിയുകയില്ല".

ഖാളിഇയാള് (റ) വിൻ്റെ മറ്റൊരു ഉദ്ധരിണിയിൽ ഇങ്ങനെ കാണാം. "സ്വലാത്ത് രേഖപ്പെടുത്തുന്ന മലക്കുകളുടെ അടുക്കൽ പ്രഭാമയമായ പേനകളുണ്ടാകും.അവർ എന്റെയും എന്റെ കുടുംബത്തിൻ്റെയും മേല്ലുള്ള സ്വലാത്തല്ലാതെ മറ്റൊന്നും രേഖപ്പെടുത്തുകയില്ല"

റസൂൽ ﷺ തങ്ങൾ അരുളി:ഒരു വ്യക്തി എൻ്റെ മേൽ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാൽ അള്ളാഹു عَزَّ وَجَلَّ അവന് പത്തു ഗുണങ്ങൾ വർഷിക്കും.ഒരാൾ നൂറ് സ്വലാത്ത് ചൊല്ലിയാൽ അവന്റെ രണ്ട് നേത്രങ്ങൾക്കിടയിൽ കാപട്യത്തിൽ നിന്നും നരകത്തിൽ നിന്നുമുള്ള വിമോചനം എഴുതപ്പെടും,അന്ത്യദിനത്തിൽ രക്തസാക്ഷികളുടെ കൂടെ അവനെ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്". (ത്വബ്രാനി) 

ഹാഫിള് അബ്ദുർറഹ്മാൻ സഖാവി(റ) ഉദ്ധരിക്കുന്നു:"മുത്ത് റസൂൽ ﷺ തങ്ങളുടെയും, അബൂബക്കർ സിദ്ധീഖ് (റ) വിന്റെയും ഇടയിൽ ഒരാളും ഇരിക്കാറില്ല. റസൂൽ ﷺ തങ്ങളും സ്വഹാബത്തുമുള്ള സദസ്സിൽ ഒരു സ്വഹാബി കടന്നുവന്നു. പുണ്യ റസൂൽ ﷺ തങ്ങൾ തന്റെയും അബൂബക്കർ സിദ്ധീഖ് (റ)വിന്റെയും ഇടയിൽ അദ്ധേഹത്തെ പിടിച്ചിരുത്തി.സ്വഹാബികളെല്ലാം അത്ഭുതപ്പെട്ടു.അദ്ധേഹം

اللهم صل على مُحَمَّدٌ كَمَا تُحِبُّ وَتَرْضَى لَهُ

എന്ന പ്രത്യേക തരത്തിലുള്ള സ്വലാത്ത് ചൊല്ലുന്ന ആളായിരുന്നു". (ഖൗലുൽ ബദിഅ്). 

അബൂഹുറൈറ(റ) പറയുന്നു:-"റസൂൽ ﷺ തങ്ങൾ അരുളി:"എന്റെ മേലിലുള്ള സ്വലാത്ത് നിങ്ങൾക്ക് സ്വിറാത്തിന്മേൽ പ്രകാശമാണ്.ഒരാൾ വെള്ളിയാഴ്ച 80 സ്വലാത്ത് ചൊല്ലിയാൽ അവൻ്റെ 80 വർഷത്തെ ദോഷം പൊറുക്കുപ്പെടും". (ഇബ്‌നു ഷാഹീൻ).

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ നാമത്താലും എന്റെ മേലിലുള്ള സ്വലാത്ത് കൊണ്ടും ആരംഭിക്കാത്ത ഏതു സംസാരവും ഒരു നന്മയുമില്ലാത്ത ഫലശൂന്യമായതാണ്". (ദൈലമി).

ആയിശ(റ)വിൽ നിന്ന് നിവേദനം :-തിരുനബി ﷺ പറയുകയുണ്ടായി "ഒരാൾ എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ തീർച്ചയായും ഒരു മലക്ക്  സ്വലാത്തുമായി അല്ലാഹുവിന്റെ സന്നിധിയിലേക്ക് പുറപ്പെടുകയും, അതുമായി അല്ലാഹുവിനെ അഭിവാദ്യം ചെയ്യുന്നതുമാണ്.
അല്ലാഹു പറയും: "മലക്കുകളെ, നിങ്ങൾ ഈ സ്വലാത്ത് എന്റെ ദാസന്റെ ഖബറിടത്തിലേക്ക് ആനയിക്കുക".അങ്ങനെ ആ സ്വലാത്ത് അദ്ധേഹത്തിന്റെ പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് തേടുകയും, അദ്ധേഹത്തിന്റെ കൺ‌കുളിർക്കുകയും ചെയ്യുന്നതാണ്." (ദൈലമി)

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: "ഒരാൾ അംഗശുദ്ധി വരുത്തിയ ശേഷം 
اشهد ان لا اله إلا الله وان محمدا عبده ورسوله
എന്നും എന്റെ മേൽ സ്വലാത്തും ചൊല്ലിയാൽ അവന് കാരുണ്യത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടു". (അബൂ ശൈഖ്).

ദർറിൽ മുഅള്ളമിൽ ഉദ്ധരിക്കുന്നു :"മുത്ത് നബി ﷺ പറഞ്ഞു :-"സ്വർഗത്തിൽ ഹൂറികൾ അധികരിച്ചവർ എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുന്നവരാണ്".

ഏത് പ്രാർത്ഥനക്കും ആകാശത്തിനും ഭൂമിക്കുമിടയിൽ ഒരു മറയുണ്ട്. എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ ആ മറ ദുർബലമാവുകയും പ്രാർത്ഥന അല്ലാഹുവിലേക്ക് ഉയരുകയും ചെയ്യും". (ഹാഫിളുസ്സഖാവി)

മഹത് വചനങ്ങളിൽ
  1. അബു മുഹമ്മദ് ജാബർ ഉദ്ധരിക്കുന്നു:- മൂസാ നബി (അ) ഫിർഔന്റെ മർദ്ധനത്തിൽ നിന്ന് രക്ഷതേടി പുറപ്പെട്ടു. നൈൽ നദിക്കു സമീപം എത്തി.പത്തു പ്രാവശ്യം നൈൽ നദിയിൽ അടിച്ചിട്ടും നദി രണ്ടായി പിളർന്നില്ല. അല്ലാഹു ﷻ പറഞ്ഞു: "മൂസാ (അ), എന്റെ ഹബീബ് മുത്ത് മുഹമ്മദ് നബി ﷺ തങ്ങളുടെ മേലിൽ സ്വലാത്ത് ചൊല്ലുക".മൂസാ നബി (അ) സ്വലാത്ത് ചൊല്ലേണ്ട താമസം, നദി രണ്ടായി പിളരുകയും മൂസാ നബി (അ) യും സംഘവും രക്ഷപ്രാപിക്കുകയും  ചെയ്തു".
  2. ഹാഫിള് അബൂ നഈം (റ) ഉദ്ധരിക്കുന്നു: ചില ഹദീസുകളിൽ ഇങ്ങനെ കാണാം. അല്ലാഹു മൂസാ നബി(അ)നെ അറിയിച്ചു:ഓ മൂസ....... നീ എന്നെ സ്‌തുതിക്കുന്നില്ലെങ്കിൽ ആകാശത്ത് നിന്ന് ഒരു ജലകണിക പോലും ലഭിക്കുകയോ, ഭൂമിയിൽ ഒരു ചെടി മുളക്കുകയോ ചെയ്യുകയില്ല"ഇങ്ങനെ പലതും പറഞ്ഞ ശേഷം അല്ലാഹു ﷻ ആരാഞ്ഞു. "നിൻ്റെ നാക്കിനോട് സംസാരത്തിനും ഹൃദയത്തിനോട് വിചാരങ്ങൾക്കും ശരീരത്തോട് ആത്മവിനോടും കണ്ണിനോട് കാഴ്ചയ്ക്കുമുള്ള ബന്ധത്തെക്കാൾ ഞാൻ നിന്നോട് അടുക്കാൻ നീ ആഗ്രഹിക്കുന്നുവോ...??? മൂസാ നബി (അ) "അതെ" എന്ന മറുപടി നൽകിയപ്പോൾ അല്ലാഹു ﷻ പറഞ്ഞു:എന്നാൽ എന്റെ ഹബീബ് മുത്ത് മുഹമ്മദ് നബി തങ്ങളുടെ മേലിൽ സ്വലാത്ത് വർദ്ധിപ്പിക്കുക".
  3. അബൂബക്കർ സിദ്ദീഖ് (റ) പറഞ്ഞു: നബി ﷺ മേലുളള സ്വലാത്ത് അഗ്നിക്കുമേൽ തളിച്ച ജലം പോലെ പാപങ്ങളെ നിർവീര്യമാക്കുന്നു. പുണ്ണ്യ റസൂൽ ﷺ തങ്ങളുടെ മേൽ സലാം ചൊല്ലലാകട്ടെ നരക മോചനത്തേക്കാൾ പുണ്യവുമാണ്. മുത്ത് നബി ﷺ തങ്ങളെ സ്നേഹിക്കൽ രോഗം പിടിപ്പെട്ട ശേഷം സുഖം പ്രാപിക്കുന്നതിനേക്കാളോ,  അല്ലാഹുവിന്റെ ﷻ മാർഗ്ഗത്തിൽ വാൾ പ്രയോഗിക്കുന്നതിനെക്കാളും ശ്രേഷ്ടമാണ്". (ഇബ്നു ബഷ്‌കുവാൽ).
  4. അലി(റ) പറയുന്നു: മുത്ത് നബി ﷺ തങ്ങളുടെ മേലിൽ വെള്ളിയാഴ്‌ച ദിവസം 100 സ്വലാത്ത് ചൊലിയവൻ അന്ത്യനാളിൽ പ്രത്യേക വെളിച്ചവുമായി പ്രത്യക്ഷപ്പെടും. മുഴുവൻ സൃഷ്ടിജാലങ്ങൾക്കും വിധിക്കപ്പെടാൻ മാത്രം അതിനു വെളിച്ചമുണ്ടാകുന്നതുമാണ്". (അബൂ നഈം)
  5. അബൂ മുഹമ്മദ് ജബ്ർ (റ)വിൽ നിന്ന് നിവേദനം :അലി(റ) പറഞ്ഞു: ഞാൻ അല്ലാഹുവിനെ ﷻ സ്‌മരിക്കുകയാണെങ്കിൽ മുത്ത് നബി ﷺ തങ്ങളുടെ മേലിലുള്ള സ്വലാത്ത് മുഖേനയല്ലാതെ അവനെ സമീപിക്കുകയില്ല.".
  6. അലി(റ) പറഞ്ഞു: മുത്ത് നബി ﷺ തങ്ങളുടെ മേലിൽ സ്വലാത്ത് വർദ്ധിപ്പിക്കൽ അഹ്ലുസ്സുന്നയുടെ അടയാളമായി പരിഗണിക്കപ്പെടുന്നു."
  7. ചില സ്വഹാബികളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതായി സുലൈമാൻ ജസൂരി(റ) പറയുന്നു:"സ്വലാത്ത് ചൊല്ലുന്ന ഏത് സദസ്സിൽ നിന്നും ഒരു പ്രത്യേക സുഗന്ധം അടിച്ചു വീശും, അതിൻ്റെ പരിമളം ആകാശത്തിൻ്റെ ചക്രവാളം വരെ പരക്കും.മലക്കുകൾ ഈ പരിമളം അനുഭവിച്ചാൽ പറയും: "ഇത് മുഹമ്മദ് നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുന്ന സദസ്സിൽ നിന്നും വരുന്നതാണല്ലോ.
  8. ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം:"അല്ലാഹു ﷻ മൂസാ നബി (അ) ന് സന്ദേശം നൽകി,"മുഹമ്മദ് നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുകയാണെങ്കിൽ എൻ്റെ വചനം കേൾക്കാൻ ഉതകുന്ന 1000 ചെവികളും എന്നോട് സംസാരിക്കാൻ കഴിയുന്ന 1000 നാക്കും നൽകി താങ്കളെ എന്നിലേക്ക് ഏറ്റവും അടുത്ത പ്രിയങ്കരനാക്കാം ". (അബ്ദുൽ ഖാസിം)
  9. ഇമാം കുർദി (റ) ഉദ്ധരിക്കുന്നു: "സ്വലാത്ത് വർദ്ധിപ്പിക്കുന്നത് ഹുസ്‌നുൽ ഖാത്തിമ (സൽമരണം) യുടെ ലക്ഷണമായി പണ്ഡിത സമൂഹം എകോപിക്കുന്നു."
  10. ജഅ്ഫറുസ്വാദിഖ് (റ) വിൽ നിന്ന് മജിദുല്ലുബ് വിയ്യ് (റ)ഉദ്ധരിക്കുന്നു "വ്യാഴാഴ്ച അസർ സമയമായാൽ അല്ലാഹു ഭൂമിയിലേക്ക് ഒരു വിഭാഗം മലക്കുകളെ അയക്കുന്നു.മുത്ത് നബി ﷺ തങ്ങളുടെ മേൽ ചൊല്ലിയ സ്വലാത്ത് വെള്ളക്കടലാസിൽ കനകപ്പേന കൊണ്ട് രേഖപ്പെടുത്തുകയാണ് അവരുടെ ജോലി.വെള്ളിയാഴ്ച്ച സൂര്യാസ്‌തമയം വരെ ഇത് തുടർന്ന് കൊണ്ടിരിക്കും"
  11. ഇമാം ഷാഫി (റ) ഉദ്ധരിക്കുന്നു: "എപ്പോഴും മുത്ത് നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലാൻ ഞാൻ ഇഷ്ടപ്പെടുന്നു. വെള്ളിയാഴ്ച രാവും പകലും അത് ശക്തിയായ സുന്നത്താണ്.തീർച്ചയായും ദിവസങ്ങളിൽ വെച്ച് ഏറ്റവും മഹത്തരവും ശ്രേഷ്ടമായതും വെള്ളിയാഴ്ച്‌ചയാണ്".
  12. ഇമാം ഖസ്തല്ലാനി (റ) പറയുന്നു: "കച്ചവടം നിക്കാഹ് തുടങ്ങി മനുഷ്യന്റെ എല്ലാ ആരാധനയിലും സ്വലാത്ത് ശറ-ആക്കപ്പെട്ടിരിക്കുന്നു."
  13. ഇമാം സഅ്ലബി(റ) കിതാബുൽ അറാഇസിൽ പറയുന്നു: "ഖാഫ് മലയുടെ പുറകിൽ അല്ലാഹുവിന്റെ വിശിഷ്ടരായ ഒരു വിഭാഗം ആളുകളുണ്ട്. അവരുടെ എണ്ണം അവനു മാത്രമേ അറിയൂ.തിരു നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുകയല്ലാതെ മറ്റ് ആരാധനകളൊന്നും തന്നെ അവർക്ക് നിർവ്വഹിക്കാനില്ല." (അന്നൂറുൽ മംദൂദ്)
  14. ഇമാം ശഅ്റാനി (റ) പറഞ്ഞു: "സ്വലാത്ത് ഒരു മധ്യവർത്തിയില്ലാതെ അതിന്റെ വക്താവിനെ അല്ലാഹുവിലേക്ക് ﷻ അടുപ്പിക്കാൻ പര്യാപ്തവും മറ്റേതു ദിക്റിനെക്കാളും ഫലപ്രദവുമാണ്."
  15. ചില മഹത്തുക്കളിൽ നിന്ന് ഹാഫിള്-സ്സഖാവി(റ) ഉദ്ധരിക്കുന്നു: "മുത്ത് നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലൽ വിശ്വാസത്തിന്റെ ശാഖകളിൽ ഏറ്റവും പ്രധാനമാണ്".
  16. ഇബ്നു‌ന്നുഅ്‌മാൻ (റ) പറയുന്നു: സ്വലാത്ത്, മുഴുവൻ ആരാധനയേക്കാൾ പുണ്യമാണെന്ന് പണ്ഡിതപക്ഷം ഏകോപിച്ചിട്ടുണ്ട്".
  17. അബൂ ഖ്വസ്സാൻ (റ) പറയുന്നു "ആരെങ്കിലും ഒരു പകലിൽ 100 സ്വലാത്ത് ചൊല്ലിയാൽ ഒരു ദിവസം മുഴുവൻ ഇബാദത്ത് ചെയ്ത പുണ്യമാണ്".
  18. ലവാഖിഉൽ അൻവാറിൽ ഖുദ്‌സിയ്യിൽ ഇമാം ശഅ്റാനി(റ) പറയുന്നു: "സ്വലാത്ത് മുത്ത് നബി ﷺ തങ്ങളിൽ നിന്നുള്ള ഉടമ്പടിയാണ്... അതിന്റെ പ്രതിഫലം വിവരണാതീതമാണ്.. എല്ലാ രാത്രിയും പകലും മുടങ്ങാതെ ചൊല്ലണം. 1000 മുതൽ 10000 വരെ വർദ്ധിപ്പിക്കുകയാണ് ഉത്തമം."
  19. അബ്ദുല്ലാഹിബ്‌നു മസൂദ് (റ) പറഞ്ഞു: "മുത്ത് നബി ﷺ തങ്ങളുടെ മേൽ സ്വലാത്തില്ലാത്ത നിസ്‌കാരം സ്വീകാര്യമല്ല. വെള്ളിയാഴ്‌ച ദിവസമായാൽ 1000 സ്വലാത്ത് പതിവാക്കുവീൻ."
  20. ഹുഫൈദ(റ) പറയുന്നു: "മുത്ത് നബി ﷺ തങ്ങളുടെ മേൽ ചൊല്ലിയ സ്വലാത്തിന്റെ പ്രതിഫലം അതിന്റെ വക്താവിനും അവന്റെ സന്താനങ്ങൾക്കും പൗത്രന്മാർക്കും ലഭിക്കുന്നതാണ്."
  21. ആയിശ(റ)വിൽ നിന്ന് നിവേദനം: " മുത്ത് നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് മുഖേന നിങ്ങളുടെ സദസ്സുകളെ അലങ്കരിക്കുവിൻ."
  22. അബു ഹുറൈറ(റ)പറഞ്ഞു: "സ്വലാത്ത് സ്വർഗ്ഗത്തിലേക്കുള്ള പാതയാണ്. 

സ്വലാത്തിനെ അവഗണിച്ചാൽ
  • അനസിബ്നു മാലിക്ക് (റ) ഉദ്ധരിക്കുന്നു: "മുത്ത് നബി ﷺ തങ്ങൾ ചോദിക്കുന്നു: "ജനങ്ങളിൽ വെച്ചേറ്റവും സുകർമ്മിയും അധർമ്മിയും ലുബ്ദനും അലസനും ആരാണെന്നും, അഭിശപ്ത‌നും മോഷ്ടാവും ഏതാണെന്ന് ഞാൻ നിങ്ങളെ അറിയിക്കട്ടെയോ..???" സ്വഹാബികൾ "അതെ" എന്ന മറുപടി നൽകി.തിരു നബി ﷺ തങ്ങൾ തുടർന്നു: " ജനങ്ങളിൽ വലിയ സുകർമ്മി-സമൂഹത്തിനു പ്രയോജനം ചെയ്യുന്നവനും, അധർമ്മി-തന്റെ വിശ്വാസിയായ സഹോദരനെ കൊണ്ട് അമിതാധ്വാനം ചെയ്യിക്കുന്നവനും, അലസൻ-രാത്രി ഉറക്കമൊഴിച്ചിട്ടും തന്റെ നാക്ക് കൊണ്ടോ അവയവം കൊണ്ടോ അല്ലാഹുവിനെ സ്‌മരിക്കാത്തവനുമാണ്.എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവൻ അഭിശപ്തനും, ജനങ്ങൾക്ക് സലാം പറയാൻ മടി കാണിക്കുന്നവൻ ലുബ്ദനും, നിസ്കാരത്തെ മോഷ്ടിച്ചവൻ കള്ളനുമാണ്."തിരു ദൂദരേ ﷺ... "എങ്ങനെയാണ് നിസ്ക്കാരം മോഷ്ടിക്കുക" എന്ന് സ്വഹബാക്കൾ ചോദിച്ചു,"സുജൂദും റുകൂഉം പൂർണ്ണമാക്കാതിരിക്കലാണ്" എന്ന് മുത്ത് ﷺ നബി തങ്ങൾ മറുപടി നൽകി.
  • ജാബിർ(റ) വിൽ നിന്ന് നിവേദനം:മുത്ത് നബി ﷺ പറയുന്നു: “കുറച്ചുപേർ ഒരുമിച്ച് കൂടുകയും അല്ലാഹുവിനെ ﷻ സ്മ‌രിക്കാതെയും എന്റെ മേൽ സ്വലാത്ത് ചൊല്ലാതെയും പിരിഞ്ഞു പോകുകയും ചെയ്ത‌ാൽ ദ്രവിച്ചു നാറുന്ന ശവഗന്ധത്തോടെയല്ലാതെ അവർ തിരിച്ച് പോകുന്നില്ല (ഹാഫിളുസ്സഖാവി).
  • അബൂ സഈദുൽ ഖുദ്-രിയ്യ് (റ) ഉദ്ധരിക്കുന്നു: "സ്വലാത്ത് ചൊല്ലാതെ ഏത് സദസ്സിലിരിക്കുന്ന വിഭാഗത്തിനും പരാജയം മാത്രമാണ്, അവർ സ്വർഗ്ഗാവകാശികളാണെങ്കിൽ പോലും." (ബൈഹഖി റഹ്).
  • മുത്ത് നബി ﷺ പറയുന്നു: "ഒരാൾ എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലിയില്ലെങ്കിൽ അദ്ധേഹത്തിൻറെ മൂക്ക് മണ്ണോട് ചേർന്നിരിക്കുന്നു". (തിർമിദി റഹ് ).
  • ജാബിർ(റ) വിൽ നിന്ന് നിവേദനം:-"മുത്ത് നബി ﷺ പറയുന്നു: "ഒരാൾ ലുബ്ദനാകാൻ എന്റെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാതിരുന്നാൽ മതി.
ഉമ്മു അനസ് (റ) വിൽ നിന്ന് നിവേദനം: "സ്വഹാബികൾ ആരാഞ്ഞു.തിരു ദൂദരേ...
ان الله وملاءكته يصلون على النبي"
എന്ന സൂക്തത്തിന്റെ പൊരുളെന്താണെന്ന് അവിടുന്ന് വിവരിച്ചാലും...

മുത്ത് നബി ﷺ തങ്ങൾ മറുപടി നൽകി: "ഇത് അദൃശ്യമായ വിഞ്ജാന ശാഖയിൽ പെട്ടതാണ്. നിങ്ങൾ അതിനെ കുറിച്ച് ചോദിച്ചില്ലായിരുന്നെങ്കിൽ ഞാനത് പറയുമായിരുന്നില്ല. തീർച്ചയായും അല്ലാഹു ﷻ എനിക്ക് വേണ്ടി രണ്ട് മലക്കുകളെ നിയോഗിച്ചിരിക്കുന്നു.
വിശ്വാസിയായ ഏതൊരാളും എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലിയാൽ ആ മലക്കുകൾ പറയും: "നിന്റെ പാപം അല്ലാഹു ﷻ പൊറുക്കട്ടെ.."

അപ്പോൾ അല്ലാഹുവും ﷻ ബാക്കി മലക്കുകളും ഈ പ്രാർത്ഥനക്ക് "ആമീൻ " പറയുന്നതാണ്. എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലാതിരുന്നാൽ ആ രണ്ട് മലക്കുകൾ പ്രാർത്ഥിക്കും:"അല്ലാഹു നിന്റെ പാപം പൊറുക്കാതിരിക്കട്ടെ.." അപ്പോഴും അല്ലാഹുവും മലക്കുകളും "ആമീൻ" പറയുന്നതാണ്. (ത്വബ്റാനി റഹ്)

അബ്ദുല്ലാഹിൽ മസ്ഈദ് (റ) ഉദ്ധരിക്കുന്നു:- മുത്ത് നബി ﷺ പറഞ്ഞു: "(എന്റെ മേൽ സ്വലാത്ത് ചൊല്ലാത്തവന് ദീനില്ല.." അല്ലാഹു നമ്മെ കാക്കട്ടെ....ആമീൻ)

അബൂഹുറൈറ (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു: "മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു:"അന്ത്യദിനം ഒരു സമൂഹത്തിന് അപച്ചയമല്ലാതെ  ഉണ്ടാവുകയില്ല.ഒരു സദസ്സിലിരുന്ന ശേഷം ദിക്ർ ചൊല്ലാതെയും എന്റെ മേൽ സ്വലാത്ത് ചൊല്ലാതെയും പിരിഞ്ഞു പോയവരാണവർ. അല്ലാഹു ﷻ ഉദ്ദേശിച്ചാൽ അവർ ശിക്ഷിക്കപ്പെടും. അല്ലെങ്കിൽ പാപമുക്തരാക്കും.(അഹ്മദ് റഹ് ).

  • ആയിശ (റ) ഉദ്ധരിക്കുന്നു: "മുത്ത് നബി ﷺ തങ്ങൾ അരുളി: "മൂന്നുപേർ എന്റെ മുഖം ദർശിക്കുകയില്ല.മാതാപിതാക്കളെ ഉപദ്രവിച്ചവൻ,എന്റെ മാർഗം ഉപേക്ഷിച്ചവൻ,എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവൻ.."
  • ജാബിർ (റ) വിൽ നിന്ന് നിവേദനം: തിരു നബി ﷺ തങ്ങൾ അരുളി: " എൻ്റെ പേരിൽ സ്വലാത്ത് ചൊല്ലാൻ വിസ്മരിച്ചവൻ സ്വർഗത്തിൽ നിന്ന് വ്യതിച്ചലിച്ചവനാണ്.
  • ഹുസൈൻ (റ) വിൽ നിന്ന് നിവേദനം: മുത്ത് നബി ﷺ തങ്ങൾ അരുളി: "എന്റെ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവനാണ് ലുബ്ദൻ". (ഹാക്കിം റഹ്)
  • അനസ് (റ) വിൽ നിന്ന് നിവേദനം: മുത്ത് നബി ﷺ തങ്ങൾ അരുളി: ഒരാൾ എന്റെ നാമം കേട്ടിട്ട് പൂർണ്ണമായ സ്വലാത്ത് ചൊല്ലിയില്ല. എന്നാൽ ഞാനും അവനുമായി ഒരു ബന്ധവും ഉണ്ടാകുന്നതല്ല.ശേഷം തിരു നബി ﷺ തങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചു...."അല്ലാഹുവേ... എനിക്ക് സ്വലാത്ത് ചൊല്ലിയവനെ നീ അനുഗ്രഹിക്കുകയും ചൊല്ലാത്തവനെ അവഗണിക്കുകയും ചെയ്യേണമേ..." (ഹാഫിള്-സ്സഖാവി). 
  • ഹുസ്സൈൻ (റ) വിൽ നിന്ന് നിവേദനം:-"മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു: "ലുബ്ദന്മാരിൽ വലിയ ലുബ്ദനേയും, ജനങ്ങളിൽ ഏറ്റവും അശക്തനെയും ഞാൻ നിങ്ങളെ അറിയിക്കട്ടെയോ...??? "എന്റെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവനും വിശുദ്ധ ഖുർആനിൽ “എന്നോട് ചോദിക്കൂ.." എന്ന ആഞ്ജ ഉണ്ടായിട്ടും അല്ലാഹുവിനോട് ﷻ ചോദിക്കാത്തവനുമാണവർ.".
  • കഅ്ബ് ബ്നു അജസ (റ) ഉദ്ധരിക്കുന്നു : " ഒരിക്കൽ പുണ്യ റസൂൽ ﷺ തങ്ങൾ ഞങ്ങളോട് പ്രസംഗ പീഠത്തിനു സമീപം വരാൻ നിർദേശിച്ചു.
ഞങ്ങളെല്ലാം പീഠത്തിനു ചുറ്റും ഒരുമിച്ചു കൂടിയപ്പോൾ മുത്ത് നബി ﷺ തങ്ങൾ പ്രസംഗ പീഠത്തിന്റെ ഒരു പടി കയറി "ആമീൻ" എന്ന് പറഞ്ഞു,രണ്ടും മൂന്നും പടി കയറിയപ്പോഴും ഇത് തന്നെ ആവർത്തിക്കുന്നത് ഞങ്ങൾ ശ്രവിച്ചു. പീഠത്തിൽ നിന്നും ഇറങ്ങിയ ശേഷം ഞങ്ങൾ ചോദിച്ചു: "അല്ലാഹുവിന്റെ ദൂദരേ ﷺ .... ഞങ്ങൾ ഇന്ന് ഇതുവരെ കേൾക്കാത്ത പുതിയതായൊന്ന് കേൾക്കാനിടയായല്ലോ...???

തിരു നബി തങ്ങൾ ﷺ പ്രതികരിക്കുകയുണ്ടായി, പ്രസംഗ പീഠത്തിൽ കയറിയപ്പോൾ ജിബ്രീൽ(അ) മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പ്രാർത്ഥിച്ചു..

വിശുദ്ധ റമദാൻ സമാഗതമാവുകയും പാപമോചിതനാവാതെ റമദാൻ അവസാനിക്കുകയും ചെയ്‌ത വ്യക്തിയെ (അല്ലാഹുവിൻ്റെ ﷻ ഔദാര്യത്തിൽ നിന്ന്) വിദൂരമാക്കട്ടെ..."
അപ്പോൾ ഞാൻ ആദ്യത്തെ "ആമീൻ" പറഞ്ഞു.. രണ്ടാം പടി കയറുമ്പോൾ ജിബ്രീൽ(അ) പ്രാർത്ഥിച്ചു...

"അങ്ങയുടെ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവന് അല്ലാഹുവിന്റെ ﷻ അനുഗ്രഹം ദൂരികരിക്കട്ടെ..." 

അപ്പോൾ ഞാൻ രണ്ടാമതായി "ആമീൻ" പറഞ്ഞു...

മൂന്നാം പടി കയറിയപ്പോൾ ജിബ്രിൽ (അ) ഇങ്ങനെ പ്രാർത്ഥിച്ചു....

"ഒരാൾക്ക് വാർദ്ധക്യം ചെന്ന മാതാപിതാക്കളുണ്ട്.. (അവരെ ശുശ്രൂഷിക്കുന്നതിലെ വീഴ്ച്ച കാരണം) അവർക്ക് അദ്ധേഹത്തെ സ്വർഗത്തിലേക്ക് നയിക്കാൻ കഴിയാതെ വന്നു,,, അവനും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെടട്ടെ.."

അപ്പോൾ മൂന്നമതായും "ആമീൻ ആവർത്തിക്കുകയായിരുന്നു..."" (ബുഖാരി, ഹാകിം റഹ്) 

മര്യാദകൾ

മനസ്സാന്നിധ്യത്തോടും ഭക്തിയോടും സ്വലാത്ത് ചൊല്ലണം..സ്വലാത്തിന്റെ സ്വീകാര്യതക്ക് ഇവ രണ്ടും അനുവാര്യമാണെന്ന് ചില പണ്ഡിതൻമാർ രേഖപ്പെടുത്തുന്നു.

സ്വലാത്തിൽ മുത്ത് നബി ﷺ തങ്ങളുടെ നാമത്തിന് മുമ്പ് "സയ്യിദ്" എന്ന പദം ചേർക്കലും അവിടുത്തെ കുടുംബത്തെയും ഉൾപ്പെടുത്തലും ആവശ്യമാണ്.. സ്വഹാബത്തിനെയും തിരു നബി ﷺ തങ്ങളുടെ വിശിഷ്ട നാമമായ "മുഹമ്മദ്" തന്നെ ഉപയോഗിക്കുക.. അല്ലാഹുവിൻ്റെ ﷻ ഏതെങ്കിലും ഒരു നാമം വിളിച്ച് കൊണ്ടാവുക എന്നതും മര്യാദയായി എണ്ണിയിട്ടുണ്ട്..."അല്ലാഹുവിന്റെ ﷻ നാമങ്ങളിൽ ഏതെങ്കിലും ഒന്ന് പറയാത്ത സ്വലാത്ത് പരിഗണനീയമല്ല... വിശുദ്ധ നാമങ്ങളിൽ "അല്ലാഹു ﷻ" എന്ന ഇസ്‌മുൽ അഅ്ളമാണ് ഉത്തമം..

"മുഹമ്മദ് എന്നതിന് പകരം നബിയ്യ്, റസൂൽ" തുടങ്ങിയവ ഉപയോഗിക്കുന്നതിന് വിരോദമില്ല.. "

എങ്കിലും "മുഹമ്മദ്" എന്ന പദം തഅബ്ബുദി (മാറ്റിമറിക്കാൻ അനുയോജ്യമല്ലാത്ത) ആയതിനാലും അതിലൂടെ നിരവധി ഗുണങ്ങൾ ലഭ്യമാവുന്നത് കൊണ്ടും അതുതന്നെ പ്രയോഗിക്കുകയാണ് അനിവാര്യം..

സ്വലാത്ത് ചൊല്ലിയ ശേഷം "അദദ ഖൽഖിഹി" (സൃഷ്ടികളുടെ എണ്ണത്തോളം) എന്നീ മൊത്തമായ കണക്കുകൾ പറയുന്നത് കൂലി വർദ്ധിക്കുന്നതിന് പ്രയോജനപ്പെടും." "ഇപ്രകാരം മുഹമ്മദ് ഹഖ്ഖിന്നാസിലി (റ) ഖസീനത്തുൽ അസ്റാറിൽ വിവരിച്ചിട്ടുണ്ട് (180,181)"

മുത്ത് നബി ﷺ തങ്ങളുടെ നാമം നിസ്‌കാരത്തിലാണെങ്കിൽ പോലും "സിയാദത്തോ" തശ്രീഫിൻ്റെ (ആദരവ്) മറ്റ് പദങ്ങളോ ഇല്ലാതെ പറയുന്നത് അപമര്യാദയാണ്.ഇത് ഹറാമാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതായി കാണാം. ബഹുമാനപ്പെട്ട ഇബ്‌നു ഹജർ (റ) വിൻ്റെ ജൗഹറുൽ മുനള്ളമിൽ ഇസ്മാഈലുന്നബ്ഹാനി (റ) ഉദ്ധരിക്കുന്നു: "നിങ്ങൾക്കിടയിൽ വെച്ച് റസൂലിനെ ﷺ വിളിക്കുന്നത് നിങ്ങളിൽ ചിലർ ചിലരെ വിളിക്കുന്ന പ്രകാരമാകരുത്."(വി.ഖു.24:63).

യാ നബിയല്ലാഹ്... യാ റസൂലല്ലാഹ്... എന്നിങ്ങനെയാണ് മുത്ത് നബി ﷺ തങ്ങളെ വിളിക്കേണ്ടത്. 

എന്നാൽ മുത്ത് നബി ﷺ തങ്ങളുടെ സമക്ഷം ഒരു സ്വഹാബി വന്ന് "യാ മുഹമ്മദ്" എന്ന് വിളിച്ചു "തവസ്സുൽ" ചെയ്‌ത് പ്രാർത്ഥിച്ചതായി ഹദീസിലുണ്ട്.ഇത് മുത്ത് നബി ﷺ തങ്ങളെ "മുഹമ്മദ്" എന്ന് വിളിക്കാമെന്നതിന് തെളിവല്ല.. കാരണം അപ്രകാരം പ്രാർത്ഥിക്കാൻ മുത്ത് നബി ﷺ  സ്വഹാബിയോട് നിർദേശിച്ചതാണ്.

മുത്ത് നബി ﷺ തങ്ങളുടെ മുന്നിൽ ആഗതനായ പ്രസ്തു‌ത സ്വഹാബിയുടെ മാത്രം പ്രത്യേകതയായ ഇത് മറ്റുള്ളവർക്ക് ബാധകമല്ല..

ഖാളി ഇയാള് (റ) വിനെ ഉദ്ധരിച്ച് ഇമാം നവവി (റ) ശറഹ് മുസ്ലിമിൽ രേഖപ്പെടുത്തുന്നു: "മുത്ത് നബി ﷺ റഹ്മത്ത് ചോദിച്ചതിന് പ്രബലമായ ഹദീസുകളൊന്നും തെളിവില്ല...ബാലിശമായ ചില ഹദീസുകളിൽ അങ്ങനെ കാണാം..

പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉള്ളതാണിത്..

"തറഹും" പാടില്ലെന്ന് നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.. ഇതാണ് പ്രബലമായത്".

"തറഹും" അനുവദിനീയമാണെന്ന് അബൂമുഹമ്മദിബ്‌ അബൂ സൈദ് (റ) അഭിപ്രായപ്പെടുന്നു..

അത്തഹിയ്യാത്തിലെ "അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വറഹ്മത്തുല്ലാഹി..." എന്ന ഭാഗം ഇതിന് തെളിവായി ഉദ്ധരിക്കുന്നു..

എന്നാൽ അത്തഹിയ്യാത്ത് "തറഹും" അനുവദിനീയമായ സ്ഥലമാണ്.

കാരണം... സ്വലാത്ത്, സലാം ഇവയിൽ നിന്നേതെങ്കിലും ഇല്ലാതെ സ്വന്തമായി റഹ്മത്ത് ചോദിക്കുന്നതിനാണ് വിലക്ക്.

അത്തഹിയ്യാത്ത് ഇപ്രകാരമല്ലലോ...?? "തറഹും" പാടില്ലാ എന്ന് പണ്ഡിതന്മാർ പറഞ്ഞത് കറാഹത്തോ, ഖിലാഫുൽ ഔലയോ ആകുമെന്ന അർത്ഥത്തിലാണ്..

ഇമാം ഗസ്സാലി(റ) പറയുന്നു: "മുത്ത് നബി ﷺ തങ്ങൾക്ക് വേണ്ടി സ്വന്തമായി തഹറും പാടില്ല."നിങ്ങളിൽ ചിലർ മറ്റുള്ളവരെ വിളിക്കുന്നത് പോലെ റസൂൽ തങ്ങളെ ﷺ വിളിക്കരുത്." എന്ന ഖുർആൻ സൂക്തം ഇതിനു തെളിവാണ്."സ്വലാത്ത്" കൊണ്ട് വിവക്ഷ റഹ്മത്ത് എന്നാണെങ്കിലും ഇത് കൊണ്ട് അനുഗ്രഹം തേടൽ മുത്ത് നബി ﷺ തങ്ങളുടെ മഹിത സ്ഥാനത്തോടും അതുല്യ വ്യക്തിത്വത്തോടും അനുയോജ്യമല്ല.." (സആദത്തു-ദ്ധാറൈൻ-43)

മുത്ത് നബി ﷺ തങ്ങളുടെ നാമം പറയുന്ന ഏതു വിശ്വാസിക്കും ഭക്തി, നിഷ്‌കളങ്കത, ബഹുമാനം എന്നിവക്ക് പുറമെ തിരുസന്നിധിയിൽ പാലിക്കേണ്ട അതേ ആദരവും ഒതുക്കവും ഉണ്ടാകൽ നിർബന്ധമാണ്.ഗതകാല പണ്ഡിതന്മാരും സൂഫികളും ഇപ്രകാരമായിരുന്നു ചെയ്തിരുന്നത്. 

മുത്ത് നബി ﷺ തങ്ങളുടെ നാമം പറയുമ്പോൾ ഇമാം മാലിക് (റ) വിന്റെ തല അഭൂതപൂർവ്വമായ ഭക്തിയാൽ കുനിഞ്ഞു പോകുമായിരുന്നെന്നും ചർമത്തിന് നിറപ്പകർച്ച സംഭവിച്ചിരുന്നതായും ചരിത്രത്തിൽ കാണാം.

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മാലിക്(റ) വിന്റെ മറുപടി ഇപ്രകാരമായിരുന്നു.: "ഞാൻ ദർശിച്ചതെല്ലാം നിങ്ങൾ അറിയുന്ന എൻ്റെ പ്രവർത്തനങ്ങളെല്ലാം നിങ്ങൾക്ക് അഭികാമ്യമായി തോന്നും. ഞാൻ പ്രഗൽഭനായ ഖാരിയായ മുഹമ്മദിബ്നുൽ മുൻകദിർ(റ) വിൻ്റെ സമക്ഷം ഹദീസ് ശേഖരിക്കാൻ ചെല്ലാറുണ്ട്. തിരുനാമത്തോടുള്ള ഭക്തിയാൽ അനിയന്ത്രിതമായ ദുഃഖവും വിലാപവും മാത്രമേ ഞാൻ അദ്ധേഹത്തിൽ കാണാറുള്ളൂ.."

എപ്പോഴും മുഖത്ത് പുഞ്ചിരി വിടർന്ന് നിൽക്കുന്ന വലിയ തമാശക്കാരനായ ജഅ്‌ഫറുബ്‌നുൽ മുഹമ്മദ് (റ) വിൻ്റെ സന്നിധിയിൽ തിരുനാമം പറയപ്പെട്ടാൽ മുഖം ചുവന്ന് വിവർണ്ണമാകുമായിരുന്നു.

അബ്ദുറഹ്മാനുബ്ൽ ഖാസിം (റ) വിന് തിരുനാമത്തോടുള്ള ആദരവിനാൽ രക്ത സഞ്ചാരം നിലച്ച് പോകുന്ന അവസ്ഥ വരെ സംജാതമായിരുന്നു. തിരിച്ചറിയാൻ കഴിയാത്ത വിധം മുഖത്തിൻ്റെ നിറം മാറുകയും ചെയ്തിരുന്നു. മുത്ത് നബി ﷺ തങ്ങളുടെ പേര് പറയുമ്പോൾ കണ്ണീർക്കണങ്ങൾ ഇറ്റ് തീരുംവരെ അദ്ധേഹം തേങ്ങിക്കരയുകയും ചെയ്തിരുന്നു.

പ്രസിദ്ധ സൂഫിയും മുജ്‌തഹിദുമായ സ്വഫ്വാനിബ്‌നു സലീമും ഇപ്രകാരം കരയാറുണ്ടായിരുന്നു.

ജനപ്രിയങ്കരനും ആദരണീയനുമായ സുഹ്‌റി (റ) വിൻ്റെ സന്നിധിയിൽ തിരുനാമം പറയപ്പെട്ടാൽ മഹാനായ അയ്യൂബുസ്സക്തിയാനി(റ) വിലപിക്കാറുണ്ടായിരുന്നു.

സ്വലാത്ത് ചൊല്ലുമ്പോൾ ശബ്ദം ഉയർത്തലും പ്രത്യേക സുന്നത്താണ്. മറ്റുള്ളവർക്ക് സ്വലാത്ത് ചൊല്ലാൻ ഇത് പ്രചോദനമാകും. മിതമായ ശബ്ദമേ ഉപയോഗിക്കാവൂ. ജനങ്ങൾ വെറുക്കും വിധം ഒച്ചവെക്കൽ കറാഹത്താണെന്ന് ഇബ്നു‌ ഹജർ(റ) വും ഇമാം നവവി (റ) യും വ്യക്തമാക്കുന്നു. (അദ്കാർ-107)

സ്വലാത്ത് ഉപേക്ഷിക്കുന്നതിൻ്റെ വിധി

സ്വലാത്തിന് പ്രാധാന്യം നൽകാത്തവരെക്കുറിച്ച് നിരവധി ഹദീസുകൾ ഉദ്ധരിച്ച് ഇബ്നു ഹജർ(റ) കിതാബുസ്സവാജിറിൽ വിവരിക്കുന്നു:-മുത്ത് നബി ﷺ തങ്ങളുടെ പേര് കേട്ടാൽ സ്വലാത്ത് ഉപേക്ഷിക്കുന്നത് വൻദോഷത്തിൽ പെടുന്നതാണ്.കാരണം.. അഭിശപ്‌തൻ, ലുബ്ദൻ, മൂക്ക് മണ്ണോട് ചേർന്നവൻ, ദീനില്ലാത്തവൻ, നരകത്തിനവകാശി, തുടങ്ങിയവയാണ് സ്വലാത്ത് ഉപേക്ഷിക്കുന്നവരെ കുറിച്ച് തിരുനബി ﷺ തങ്ങൾ വിശേഷിപ്പിച്ചത്. (കിതാബുസ്സവാജിർ-192).

നാല് മദ്ഹബിലും തിരുനാമം കേൾകുമ്പോൾ സ്വലാത്ത് നിർബന്ധമാണെന്ന് ഇമാം ഹലീമി(റ) വ്യക്തമാക്കുന്നു. 

സ്വലാത്ത് ഉപേക്ഷിക്കുന്നത് ദുർമരണത്തിന് വരെ നിമിത്തമാകുമെന്ന് അബൂ സഈദുൽ ഖുശി (റ) ശിഫാഉൽ അസ്ഖാമിൽ ഉദ്ധരിച്ചതിന് കാരണം-മുത്ത് നബി ﷺ തങ്ങളുടെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലുന്നതിൽ ലുബ്ദത കാണിച്ചിരുന്ന ഒരാൾക്ക് മരണം ആസന്നമായി,ആദ്യം കാഴ്‌ച നഷ്ടപ്പെടുകയും പിന്നീട് നാക്ക് നിശ്ചലമാവുകയും തൊണ്ട വരണ്ട് ദാഹം ശക്തമാകുകയും ചെയ്ത്. അങ്ങനെ ദുർമരണം സംഭവിക്കാൻ അത് കാരണമാവുകയായിരുന്നു. (സആദത്തുദ്ധാറൈൻ-172)

ദിക്‌റിനോ സ്വലാത്തിനോ ശ്രേഷ്ടത

വിശുദ്ധ ഖുർആനിൻ്റെ കല്‌പന അനുസരിക്കുക എന്ന നിലയിൽ സ്വലാത്ത് ആരാധനയാണ്. സ്വലാത്തിന്റെ ഏത് പദത്തിലും അല്ലാഹുവിന്റെ നാമം നിക്ഷ്‌പക്ഷമായിരിക്കും. ഇങ്ങനെ വ്യത്യസ്ത‌ രീതിയിൽ സ്വലാത്തിൽ ദിക്റുല്ലാഹിയും (ദൈവീക സ്മരണ) ഉൾകൊള്ളുന്നത് കാണാം.ഇമാം ഖസ്തല്ലാനി മസാലികുൽ വ്യക്തമാക്കിട്ടുണ്ട്. മാത്രമല്ല ഹുനഫായിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് മാത്രമല്ല... 

"ഓഹ് മുഹമ്മദ് നബിയേ ﷺ, അങ്ങയെ സ്മ‌രിച്ചവൻ എന്നെയും സ്മ‌രിച്ചു." എന്ന ഖുദ്‌സ്സിയ്യായ ഹദീസ് ഇതിനോട് ചേർത്തി വായിക്കുമ്പോൾ സ്വലാത്ത് മഹത്വമേറിയ ദിക്റാണെന്ന് മനസ്സിലാക്കാം.

എന്നാൽ മറ്റ് ദിക്റുകളെക്കാൾ സ്വലാത്ത് ശ്രേഷ്‌ഠമാണോ..???
ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 
സ്വലാത്ത് ഇസ്തിഗ്‌ഫാറിനെക്കാൾ നിരൂപാധികം പുണ്യമാണോ..???
അതല്ലാ, പാപികൾക്ക് ഇസ്‌തിഗ്‌ഫാറും സദ്‌വൃത്തർക്ക് സ്വലാത്തുമാണോ പുണ്യം..???
എന്ന് ഇമാം റംലി(റ) വിനോട് ഒരാൾ ചോദിച്ചു.
ഇതിന്റെ മറുപടി "ഫതാവ റംലിയിൽ" ഇങ്ങനെ കാണാം...
"സ്വലാത്ത് ചൊല്ലൽ ഇസ്‌തിഗ്‌ഫാറിനെക്കാൾ നിരുപാധികം പുണ്യം തന്നെ..

സ്വലാത്തും സ്വദഖയും

അബ്ദുല്ലാഹിറസ്സാഅ് (റ) പറയുന്നു: ഈ വിഷയത്തിൽ ശ്രേഷ്ടമെന്ന് തെളിയിക്കുന്ന ഒരു ഹദീസും എനിക്ക് ലഭിച്ചിട്ടില്ല. എങ്കിലും ഫർളായ സ്വദഖയെക്കാളും പുണ്യമുള്ളത് സ്വലാത്തിനാണെന്ന് ഗതകാല പണ്ഡിതന്മാർ പറഞ്ഞതായി ഞാൻ അറിഞ്ഞിട്ടുണ്ട്.

ഒരാൾ ദിമിഷ്ഖിലെ ഏതാനും പണ്ഡിതന്മാരോട് ഈ ചോദ്യം ഉന്നയിക്കുകയുണ്ടായി. മുഴുവൻ ദാനധർമ്മങ്ങളെക്കാളും സ്വലാത്ത് തന്നെയാണ് പുണ്യമെന്ന് അവർ മറുപടി നൽകിയപ്പോൾ, നിർബ്ബന്ധ ദാനത്തെക്കാൾ സ്വലാത്ത് എങ്ങനെ മഹത്വമാകുമെന്ന് അദ്ധേഹം സംശയം ഉന്നയിച്ചു.
ഇതിന് അവരുടെ ശൈഖിന്റെ മറുപടി ഇപ്രകാരമായിരുന്നു: "അല്ലാഹുവും അവൻ്റെ മലക്കുകളും സ്വയം സ്വലാത്ത് ചൊല്ലിയ ശേഷം മനുഷ്യരോട് കല്പ്‌പിച്ച നിർബന്ധമായ ആരാധന, ആഞ്ജയിലൂടെ മാത്രം അനുശാസിച്ച നിർബന്ധമായ കർമം പോലെയല്ല".ഹാഫിളുസ്സഖാവിയും ഇതേ വിശദീകരണം നൽകിയതായി കാണാം. (സആദത്തുദ്ധാറൈൻ-44).

എന്നാൽ ഫർളായ സ്വദഖയെക്കാളും ശ്രേഷ്ടമാണ് എന്നത് നിർബന്ധ ദാനത്തിന് പകരം സ്വലാത്ത് മതിയാകുന്നില്ല.."നിർബന്ധ ദാനത്തിന്റെ പ്രതിഫലത്തെക്കാൾ സ്വലാത്തിന്പ്ര തിഫലമുണ്ടെന്നാണ്."  നിർബന്ധ ദാനം വീടാൻ അതുതന്നെ നൽകണം എന്ന് പറയേണ്ടതില്ലലോ...????

സ്വലാത്തും വിശുദ്ധ ഖുർആനും

ഖുർആൻ പാരായണം വിശിഷ്ടമായി ഗണിക്കപ്പെടുന്ന ഏത് സ്ഥലത്തും സ്വലാത്തിനേക്കാൾ ഉത്തമം ഖുർആനാണെന്നതിൽ സംശയമില്ല. ബഹുമാനപ്പെട്ട ഇബ്‌നു ഹജർ (റ) "ശറഹുൽ ഉബാബിൽ" പറയുന്നു: "ഖുർആൻ പാരായണം മുഴുവൻ ദിക്റിനേക്കാൾ മഹത്വമേറിയതാണ്. ... പ്രത്യേക സ്ഥലങ്ങളിൽ ചൊല്ലാനായി വിശിഷ്ട ദിക്റുകൾ ശറഇൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരം സ്ഥലങ്ങളിൽ അതായിരിക്കും ഖുർആനിനേക്കാൾ പുണ്യം. അത്തരം ദിക്‌റുകൾ ബാലിശമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണെങ്കിലും ശരി"

ഇമാം ജസ്റി (റ) വിനോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടു. അദ്ധേഹം പറഞ്ഞു: "സ്വലാത്ത് ചൊല്ലൽ സ്ഥിരപ്പെട്ട സ്ഥലങ്ങളിൽ അത് തന്നെയാണ് അനിവാര്യം. ആ സ്ഥാനത്ത് മറ്റേത് വചനവും കൊണ്ട് വരാവുന്നതല്ല. അത്തരം പ്രത്യേകം സ്ഥലങ്ങളല്ലെങ്കിൽ ഖുർആൻ പാരായണത്തിനാണ് പുണ്യം. എങ്കിലും ഖുർആനും സ്വലാത്തും അധികരിപ്പിക്കുന്നതാണ് ഉത്തമം.

ഇമാം നവവി(റ) "ഹാശിയത്തുൽ ഈലാഹിൽ" ഇപ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ട്. "പ്രഗൽഭ പണ്ഡിതൻ അലിയ്യ് ഹരാസിം(റ) ഉദ്ധരിച്ചതായി അബുൽ അബ്ബാസുത്തിജമനി (റ) പറയുന്നു." ദോഷങ്ങളിൽ മുഴുകിയ ഒരാൾക്ക് ഖുർആനിനേക്കാൾ പുണ്യം സ്വലാത്തിനാണെന്ന് ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം.

അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ച് പാരത്രിക വിജയികളാവാനും പാപികൾക്ക് വേണ്ടി ശഫാഅത്ത് ചെയ്യാനും നിമിത്തമാകുന്നത് സ്വലാത്താണ്.

വിശുദ്ധ ഖുർആൻ ഇപ്രകാരമല്ല....

ഖുർആൻ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ പര്യപ്‌തവും മറ്റേതിനേക്കാൾ ശ്രേഷ്ഠമായ വചനങ്ങളാണെങ്കിലും അതിനെ അത്യാദര പൂർവം വന്ദിക്കുന്നതിലൂടെയും നിരന്തര പാരായണത്തിലൂടെയും പ്രത്യേക അനുഭൂതി കണ്ടെത്തിയവർക്ക് മാത്രമേ ഖുർആൻ വഴി ശുപാർശയും ശാന്തിയും ലഭിക്കുകയുള്ളൂ.ശാരീരിക ശുദ്ധിയും ആത്മ സ്ഫുടതയും കൈവരിക്കുന്നതിന് പുറമേ ആന്തരിക മര്യാദയും വിശിഷ്ട സ്വഭാവവും പാലിക്കപ്പെടാതെ ഖുർആനുമായി ബന്ധപ്പെടാവുന്നതല്ല.ഇത് നിമിത്തം സാധാരണക്കാർക്ക് ഖുർആൻ പാരായണം അപ്രാപ്യവുമായിരിക്കും. 

സ്വലാത്ത് പ്രവാചകാദരവോട് കൂടെ ശരീരം, വസ്ത്രം, സ്ഥലം തുടങ്ങിയവയിൽ ശുദ്ധിയിലൂടെ സുപരിചിതമായ ഏത് പദങ്ങളുപയോഗിച്ചും ആർക്കും ചൊല്ലാവുന്ന ലളിതമായ ആരാധനയാണ്.ചുരുക്കത്തിൽ പാപികൾക്ക് പോലും വിശുദ്ധ ഖുർആനിനേക്കാൾ മഹത്വവും ഫലപ്രതവുമായത് സ്വലാത്താണ്. (സആദത്തുദ്ധാറൈൻ)

ഭക്തി അനിവാര്യമാണോ..?

വിശ്വാസിയുടെ ഏത് സ്വലാത്തും പ്രതിഫലാർഹമാണെന്ന് പ്രബലാഭിപ്രായം. (സആദത്തുദ്ധാറൈൻ -36). 

മുത്ത് നബി ﷺ തങ്ങൾ പറഞ്ഞതായി ഹാഫിളു-സ്സുയൂത്വി(റ):-ഉദ്ധരിക്കുന്നു:-"എന്റെ സമുദായത്തിൻ്റെ കർമ്മങ്ങൾ എനിക്ക് പ്രദർശിപ്പിക്കുകയുണ്ടായി, സ്വീകാര്യവും അസ്വീകാര്യവുമായതും ഞാനതിൽ കണ്ടു. എന്റെ മേലിലുള്ള സ്വലാത്ത് അതിലുണ്ടായിരുന്നില്ല.."

സ്വലാത്ത് ചൊല്ലുമ്പോൾ മനസ്സാന്നിദ്ധ്യവും ഭക്തിയും എത്രയുണ്ടോ അത്രകണ്ട് കൂലിയും വർദ്ധിക്കും.. മനസ്സാന്നിദ്ധ്യവും പ്രവാചക സ്നേഹവും പ്രതിഫല പ്രതീക്ഷയും സമ്മേളിച്ചാൽ സ്വലാത്ത് പൂർണത കൈവരിച്ചു...

അബ്ദുൽ വഹ്ഹാബുശ്ശഅ്റാനി(റ) തന്റെ തർജമയിൽ ഇങ്ങനെ പറയുകയുണ്ടായി : "ഞാൻ മുത്ത് നബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടത്തോട് ചോദിച്ചു: നബിയെ ﷺ മനസ്സാന്നിദ്ധ്യത്തോടെ ചൊല്ലിയവന് മാത്രമാണോ ഒരു സ്വലാത്തിന് പത്ത് ഗുണം നൽകുമെന്ന് പറഞ്ഞത്.???മുത്ത് നബി ﷺ തങ്ങൾ പ്രതിവചിച്ചു : "അല്ല. മനസ്സാന്നിദ്ധ്യവും ഭക്തിയുമില്ലാതെ അശ്രദ്ധയോടെ ചൊല്ലിയാലും പ്രസ്തുത പ്രതിഫലം ലഭ്യമാകും. കൂടാതെ മലക്കുകളുടെ പ്രാർത്ഥന, ഇസ്‌തിഗ്‌ഫാർ തുടങ്ങിയ പർവ്വത സമാനമായ പ്രതിഫലങ്ങളും അവന് നൽകപ്പെടും. ഭക്തി പൂർവ്വം ചൊല്ലിയാൽ അതിൻ്റെ പ്രതിഫലം എത്രയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ.." (സആദത്തുദ്ധാന്റൈൻ-36)

ഇമാം മഹ്മൂദുൽ ഖുർദി (റ) പറയുന്നു: "ഒരാൾ ഗാഢനിദ്രയിലോ, ഉണർവിലോ അശ്രദ്ധയോടെയോ അറിയാതെയോ സ്വലാത്ത് ചൊല്ലിയാലും പ്രതിഫലം നൽകപ്പെടും.മുത്ത് നബി ﷺ യോടുള്ള ആദരവും മഹത്വവും പരിഗണിച്ചതാണിതിന് കാരണം." (സആദത്തുദ്ധാറൈൻ - 36)

സയ്യിദ് അഹ്മദ് ദഹ്ലാൻ (റ) പറയുന്നു: "സ്വലാത്തുകളിൽ സ്വീകരിക്കപ്പെട്ടത് മാത്രമേ ഉണ്ടാവുകയുള്ളൂ. ഉറക്കത്തിലാണെങ്കിൽ പോലും നബി ﷺ യുടെ ആദരവ് മാനിച്ച് സ്വലാത്ത് നിസ്സംശയം സ്വീകരിക്കപ്പെടുമെന്ന് പണ്ഠിതപക്ഷം ഏകോപിച്ചിട്ടുണ്ട്.

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് ബാജി (റ) ഉദ്ധരിക്കുന്നു: "നിന്റെ പ്രാർത്ഥനയിൽ നബി ﷺ യുടെ സ്വലാത്തും ഉൾപ്പെടുത്തുക. പ്രാർത്ഥനയിൽ ചിലത് സ്വീകരിച്ചില്ലെങ്കിലും തീർച്ചയായും സ്വലാത്ത് അല്ലാഹു സ്വീകരിക്കുമെന്നുറപ്പാണ്.

ഇമാം ശാത്വിബിയും സനൂസിയും (റ) പറയുന്നു: "സ്വലാത്തിലൂടെ പ്രശസ്തിയും പ്രദർശന മോഹവുമാണ് ലക്ഷ്യമെങ്കിലും അത് സ്വീകരിക്കപ്പെടാതിരിക്കില്ല. നോമ്പ് പോലെയൊണ് സ്വലാത്ത് നോമ്പിൽ രിയാഅ് (ലോകമാന്യത) കടന്നു കൂടുകയില്ല" ( സആദത്തുദ്ധാറൈൻ - 36)

സിയാദത്ത് ചേർക്കേണ്ടതുണ്ടോ....?

നിസ്കാരത്തിലും അല്ലാത്തപ്പോഴും മുത്ത് നബി ﷺ യുടെ പേരിനോട് കൂടെ സിയാദത്ത് (സയ്യിദുനാ എന്ന പദം) ചേർക്കൽ സുന്നത്താണ്.പ്രഗത്ഭ ഇമാമുകളായ ഇബ്‌നു ഹജർ (റ) വും റംലി (റ) വും ഇപ്രകാരം സൂചിപ്പിച്ചിട്ടുണ്ട്.

"തിരുനാമത്തിന് മുമ്പ് ﷺ സയ്യിദോ അതുപോലെ ഔന്നിത്യത്തിന്റെ മറ്റ് പദങ്ങളോ ചേർക്കേണ്ടതാണെന്ന്" . ശൈഖ് മുഹമ്മദുൽ ഫാസി(റ) വും മുഹമ്മദിനു മുമ്പ് സയ്യിദ് ചേർക്കൽ പണ്ഡിത ലോകത്തിന്റെ ചര്യയായാണ് ഗണിക്കുന്നതെന്ന് ഷെയ്ഖ് ഹത്വാബ്(റ) വും വ്യക്തമാക്കിയതായി കാണാം. (സആദത്തുദ്ധ റൈൻ - 36)

യൂസുഫ്ബ്നു‌ ഇസ്‌മാഈൽ നബ്ഹാനി (റ) പറയുന്നു : "പണ്ഡിത സമൂഹം ഉദ്ധരിച്ച തെളിവുകൾ ആധാരമാക്കുമ്പോൾ നബി ﷺ യെ മുഹമ്മദ്, അബുൽഖാസിം എന്നൊക്കെ പറയലും അഭിസംബോധന ചെയ്യലും ഹറാമാണെന്ന് വ്യക്തമാകും. ഇസ്തിഗാസ, തവസ്സുൽ, ഇസ്തിശ്ഫാഅ് (ശുപാർശ തേടൽ) തുടങ്ങിയ കാര്യങ്ങളിൽ തിരുനബി ﷺ യുടെ നാമം മാത്രം വിളിച്ച് അഭിസംബോധന ചെയ്യൽ ഹറാമാണെന്ന് ഫതാവയിൽ ഇമാം റംലി (റ) വും (3/147) ജൗഹറുൽ മുനള്ളമയിൽ ഇബ്നു ഹജർ (റ) വും വ്യക്തമാക്കിയിട്ടുണ്ട്.
(സആദത്തുദ്ധാറൈൻ - 56,57)

"സിയാദത്ത്" ഇല്ലാത്ത പരമ്പര ശരിയായി വന്ന ഹദീസുകളിൽ ഈ പദം ചേർക്കേണ്ടതുണ്ടോ...??

ഇതിൽ അഭിപ്രായാനന്തരങ്ങളുണ്ട്. ഹദീസിൻ്റെ പദങ്ങളോടുള്ള ആദരവും പദങ്ങളിൽ കൈകടത്തൽ അനുചിതവുമാണെന്ന് മനസ്സിലാക്കി ഇതുപേക്ഷിക്കാമെന്ന പക്ഷക്കാരാണ് ശൈഖ് ഫാസി (റ), ശൈഖുൽ ഹത്വാബ് (റ), സുലൈമാനുൽ ജസൂ ലി (റ) തുടങ്ങിയവർ.

ഇസ്സുദ്ധീനിബ്നു അബ്ദുസ്സലാം (റ) വിനെ ഉദ്ധരിച്ച് ഇമാം അസ്നവി (റ) പറയുന്നു : "ഇത്തരം ഹദീസുകളിൽ മുത്ത് നബി ﷺ തങ്ങളോടുള്ള ആദരവ് മാനിച്ച് "സിയാദത്ത്" ആവശ്യവും സുന്നത്തുമാണ്."

നിയമത്തെക്കാൾ മര്യാദ പാലിക്കണമെന്ന തത്വം അംഗീകൃതമാണല്ലോ....

ഇതേക്കുറിച്ച് ശൈഖ് ഇയാശി (റ) വിനോട് ചോദിക്കപ്പെട്ടപ്പോൾ അദ്ധേഹം പറഞ്ഞു : "സിയാദത്ത്" ഒരു ആരാധനയാണ്, മുത്ത് നബി ﷺ തങ്ങളുടെ മഹത്വം ഉദ്ഘോഷിക്കലാണ് സ്വലാത്തിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ സിയാദത്ത്" ഇല്ലാതെയുള്ള സ്വലാത്ത് നിരർത്ഥവും നിഷ്‌ഫലവുമാകുമെന്നാണ് എന്റെ അഭിപ്രായം. (സആദത്തുദ്ധാറൈൻ-13)

മുത്ത് നബി ﷺ ക്ക് പ്രയോജനമെന്ത്

സ്വലാത്ത് ചൊല്ലുന്നയാൾക്ക് മഹത്തായ പ്രതിഫലമുണ്ട്. ഒപ്പം മുത്ത് നബി ﷺ തങ്ങളും അതിൻ്റെ പ്രയോജനം കൈവരിക്കുമെന്നാണ് പ്രബലാഭിപ്രായം. അല്ലാഹു عَزَّ وَجَلَّ തിരു നബി ﷺ ക്ക് അനുഗ്രഹാദരവുകളെല്ലാം നൽകിയത് കൊണ്ടും തങ്ങൾക്ക് ﷺ സ്വർഗത്തിൽ ഉത്കൃഷ്ടമായ സ്ഥാനം ഉറപ്പുള്ളതിനാലും സ്വലാത്ത് മുത്ത് നബി ﷺ തങ്ങൾക്ക് ഒരു പ്രയോജനവും ചെയ്യുകയില്ലെന്നും വല്ല ഗുണവും ലഭിക്കുമെന്ന് വിശ്വസിക്കൽ അവിടുത്തെ മഹനീയ പദവിക്ക് നിരക്കാത്തതാകുമെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. (സആദത്തുദ്ധ റൈൻ-20)

തിരു നബി ﷺ തങ്ങൾക്ക് സർവ്വവിധ ഗുണവും വിശിഷ്ട പദവിയും നൽകി ആദരിച്ചതിന് ഖുർആനും ഹദീസും തെളിവാണ്. എന്നിരിക്കെ തിരു നബി ﷺ തങ്ങൾക്ക് വിശ്വാസിയുടെ സ്വലാത്ത് നൽകുന്ന പ്രയോജനം എന്ത്...??

ഈ സംശയം പ്രസക്തമാണ്.

ഇതിനുള്ള പണ്ഡിത മറുപടി ഇപ്രകാരമാണ്: "തിരു നബി ﷺ തങ്ങൾക്ക് നൽകിയ ആദരവുകൾ ഉന്നതവും ഉത്കൃഷ്ടവുമായതാണെങ്കിലും സമ്പൂർണ്ണമായിട്ടില്ല. കാരണം, അല്ലാഹുവിൻ്റെ ﷻ അനുഗ്രഹങ്ങൾ അനന്തവും അതിമഹത്വവുമാണ്.

അപ്പോൾ ഒരാൾ സ്വലാത്തിലൂടെ ഉദ്ധേശിക്കുന്നത് തിരു നബി ﷺ തങ്ങൾക്ക് കൈവന്ന ദൈവിക സാമീപ്യവും മഹനീയ പദവിയും ഇനിയും എറ്റിക്കൊടുക്കണേ എന്നാകും." (സആദത്തുദ്ധാറൈൻ-24)

ഇപ്രകാരം ഇമാം ഹലീമി (റ) ശുഅ്‌ബുൽ ഈമാനിൽ വിവരിച്ചിട്ടുണ്ട്. ഖുർആനും ദിക്റുകളും ചൊല്ലി അവിടുത്തേക്ക് സമർപ്പിക്കുമ്പോഴും (ഹദിയ ചെയ്യുക) ലക്ഷ്യം ഇതാണെന്ന് ഇബ്‌നു ഹജർ(റ) ഹാശിയത്തുൽ ഈളാഹിൽ പറഞ്ഞത് കാണാം (സആദത്തുദ്ധാറൈൻ- 25)

ഇനിയൊരു വർദ്ധനവിനെ ആവശ്യമില്ലാത്ത വിധം തിരു നബി ﷺ തങ്ങൾക്ക് ആദരവും മഹത്വവും സമ്പൂർണ്ണമായി നൽകി എന്ന അഭിപ്രായം അപ്രസക്തമാണ്.ഇത് സ്വീകാര്യമാണെങ്കിൽ തന്നെ "തിരു ﷺ സമക്ഷത്തേക്ക് ഹദിയ ചെയ്യുന്നത് സൽകർമ്മമായി മുൻകാല പണ്ഡിതന്മാർ സൂചിപ്പിച്ചതാണെന്ന് ഇബ്നു ഹജർ (റ) സ്‌പഷ്ടമാക്കുകയും ചെയ്‌തിട്ടുണ്ട്.

മുത്ത് നബി ﷺ തങ്ങൾക്ക് ഔന്നിത്യം ലഭിക്കാൻ അല്ലാഹുവിന്റെയും ﷻ മലക്കുകളയുടെയും സ്വലാത്ത് തന്നെ ധാരാളമാണ്. ഇതിനു പുറമെ വിശ്വാസികളുടെ സ്വലാത്തിന് വിശുദ്ധ ഖുർആൻ നിർദേശിച്ചതിന്റെ പ്രസക്തി എന്തെന്ന് ചോദിക്കാം.

സർവജ്ഞനും അദൃശ്യ ജ്ഞാനിയുമായ അല്ലാഹു ﷻ മഹത്തരമായ പല രഹസ്യങ്ങളും ഇതിന് പിന്നിൽ ഉദ്ധേശിച്ചിരിക്കാം.അല്പജ്ഞനും, അശക്തനുമായ മനുഷ്യന് അവയെല്ലാം കണ്ടെത്തുക അസാധ്യമാകും. എങ്കിലും പ്രധാനമെന്ന് തോന്നുന്ന ചില ഉദ്ധേശങ്ങൾ വിവരിക്കുന്നു.
  • അല്ലാഹുവും ﷻ മലക്കുകളും ചെയ്യുന്ന കർമ്മത്തിൽ ആരാധന എന്ന നിലക്ക് പങ്കാളികളാകാൻ വേണ്ടി
  • പാപമോചനം, കാര്യസിദ്ധി, വിഷമ ദൂരീകരണം, പാരത്രികമോക്ഷം തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ സ്വലാത്ത് ചൊല്ലുന്നതിലൂടെ അവനും സാധ്യമാകാൻ
  • മുത്ത് നബി ﷺ തങ്ങളുടെ നാമം ഉച്ചരിക്കപ്പെടാനും പ്രശസ്‌തി നിലനിർത്താനും.
  • "തിരുനബി തങ്ങളെ ﷺ പറയൽ (സ്മരിക്കൽ) നാം ഉയർത്തിയിരിക്കുന്നു".എന്ന അർത്ഥമുള്ള സൂറത്ത് ഇൻ‌ശിറാഹിലെ സൂക്തം ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്.അപ്പോൾ വിശ്വാസികളോട് സ്വലാത്ത് ചൊല്ലാനുള്ള നിർദേശം ഈ സൂക്തത്തിലെ അല്ലാഹുവിൻ്റെ ﷻ വാഗ്‌ദത്ത പൂർത്തീകരണമാകും.
  • വിശ്വാസികൾക്ക് മുത്ത് നബി ﷺ തങ്ങളുമായി അസാധ്യമായ സ്നേഹവും സുദൃഡമായ ബന്ധവും സ്ഥാപിച്ചെടുക്കാൻ."മാതാപിതാക്കൾക്കും, ഭാര്യസന്താനങ്ങൾകും പുറമേ സ്വന്തം ശരീരത്തേക്കാളുപരി തിരുനബി ﷺ തങ്ങളെ സ്നേഹിക്കാതെ ആരും വിശ്വാസി ആകുന്നില്ല". ഇത് മുത്ത് നബി ﷺ തങ്ങളുടെ നിർദേശം കൂടിയാണ്.
 
സ്വലാത്ത് അധികരിപ്പിക്കൽ പരിധി എത്ര...?

അബൂഉമാമ (റ) വിൽ നിന്ന് ബൈഹക്കി ഉദ്ധരിച്ച ഹദീസിൽ നബി ﷺ പറയുന്നു: "വെള്ളിയാഴ്ച്ച ദിവസം എന്റെ മേൽ നിങ്ങൾ  സ്വലാത്ത് വർദ്ധിപ്പിക്കുവിൻ"

ഇങ്ങനെ സ്വലാത്ത് അധികരിപ്പിക്കുന്നതിന്റെ കുറിച്ച് പരാമർശിക്കുന്ന ഹദീസുകൾ നിരവധിയാണ്.ഇത്തരം ഹദീസുകളിൽ മുത്ത് നബി ﷺ ഉദ്ധേശിച്ച എണ്ണം എത്രയാണെന്നതിന് അഭിപ്രായ സമന്യയമില്ല. 

അബൂത്വാലിബുൽ മക്കിയ്യ് (റ) പറയുന്നു: "അധികരിച്ച പരിധിയിൽ പെടാൻ ചുരുങ്ങിയത് 300 പ്രാവശ്യം ചൊല്ലേണ്ടിയിരിക്കുന്നു. സ്വലാത്ത് ചൊല്ലുന്നതിൽ അലസത കാണിക്കാതെ കഴിവിന്റെ പരമാവധി വർദ്ധിപ്പിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത് .

ഉബയ്യ്ബ്നു കഅ്ബ്(റ) നബി ﷺ യോട് ചോദിക്കുകയുണ്ടായി: "അങ്ങയുടെ മേലിൽ സ്വലാത്ത് വർദ്ധിപ്പിക്കുന്നവനാണ് ഞാൻ. എത്ര സ്വലാത്താണ് അവിടുത്തേക്ക് വേണ്ടി ചൊല്ലേണ്ടത് നബിയേ ﷺ?

റസൂൽ ﷺ പറഞ്ഞു: "നീ ഉദ്ധേശിച്ചത് ചൊല്ലുക"

കഅ്ബ് (റ) പറഞ്ഞു: "എങ്കിൽ നാലിലൊന്ന് അവിടുത്തേക്ക് നീക്കാമല്ലേ?

റസൂൽ ﷺ പറഞ്ഞു": ഉദ്ദേശിച്ചത് ചൊല്ലാം.. അതിനേക്കാൾ വർദ്ധിപ്പിക്കലാണ് ഉത്തമം" "

കഅ്ബ് (റ) വീണ്ടും ചോദിച്ചു: "എന്നാൽ പകുതി സമയം അങ്ങേക്ക് വേണ്ടി വിനിയോഗിക്കാമല്ലേ?" 

റസൂൽ പറഞ്ഞു: "നീ ഉദ്ദേശിച്ചതെന്തോ അത് ചൊല്ലാം,അതിനേക്കാൾ വർദ്ധിപ്പിക്കലാണ് പുണ്യം"

കഅ്ബ് (റ) വീണ്ടുംചോദിച്ചു: "എന്നാൽ മൂന്നിൽ രണ്ട് അവിടുത്തേക്ക് വിനിയോഗിക്കാമല്ലേ?"

റസൂൽ ﷺ പറഞ്ഞു: "നീ ഉദ്ദേശിച്ചതെന്തോ അത് ചൊല്ലാം,അതിനേക്കാൾ വർദ്ധിപ്പിക്കലാണ് പുണ്യം"

കഅ്ബ് (റ) തുടർന്നു: "എന്നാൽ ദിവസം മുഴുവൻ എന്റെ സ്വലാത്ത് അങ്ങേക്കാകാമല്ലേ?"

റസൂൽ ﷺ പറഞ്ഞു: "അതെ, എങ്കിൽ നിന്റെ മനോവ്യഥകൾ തീരുകയും പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും."

ചൊല്ലാത്ത സ്വലാത്തിനു പ്രതിഫലം

ഒരാൾ സ്വലാത്ത് ചൊല്ലിയ ശേഷം 1000 ആകാശഭൂമികൾ ശേഷിക്കുന്ന കാലത്തോളം അല്ലാഹുവിന്റെ ﷻ സത്ത നില നിൽക്കുന്ന കാലത്തോളം തുടങ്ങി മൊത്തമായോ,അവ്യക്തമായോ എണ്ണങ്ങൾ പറയുന്നതിലൂടെ അതിന്റെയെല്ലാം പ്രതിഫലംനൽകപ്പെടും.പണ്ഠിത ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണിത്.

ബിഗ് യത്തുൽ മുർതർശിദീനിൽ പറയുന്നു: "ഒരാൾ സ്വലാത്തോ തസ്ബീഹോ ചൊല്ലിയ ശേഷം ആയിരം തവണയെന്നോ (അൽഫമർറ) സൃഷ്ടികളുടെ എണ്ണത്തോളമെന്നോ (അദദ ഖൽക്കിഹി) പറയുന്നത് കൊണ്ട് അതേ പ്രതിഫലം നൽകപ്പെടുമെന്ന് ഹദീസുകൾ തര്യപ്പെടുത്തുന്നു.ബഹുമാനപ്പെട്ട ഇബ്‌നു ഹജർ (റ) വും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. (ബിഗ്യ -84)

സ്വലാത്തിൽ ഇപ്രകാരം എണ്ണം പറയുന്നത് അതിന്റെയെല്ലാം പ്രതിഫലം പ്രതീക്ഷിക്കാമെന്നും നല്ലതാണെന്നും"ഖസ്വീനത്തുൽ അസ്‌റാർ" ൽ സെയ്യിദ് മുഹമ്മദ് ഹക്കിന്നാസിലി (റ) വും വിവരിച്ചിട്ടുണ്ട്. (ഖസ്വീനത്തുൽ അസ്റാർ 180-181)

അവ്യക്തമായ എണ്ണങ്ങൾക്കും പ്രയോഗങ്ങൾക്കും അതിന്റെ പൂർണ്ണ ഫലം പ്രതീക്ഷിക്കാമെന്നതിന് തെളിവായി സുലൈമാനുൽ ജമാൽ (റ) തന്റെ ചില ശൈഖുമാരിൽ നിന്ന് ലഭിച്ച ഹദീസ് ഉദ്ധരിക്കുന്നു:-"ഒരിക്കൽ തസ്ബീഹ് ചൊല്ലി കല്ല് കൊണ്ട് എണ്ണം നിർണയിക്കുന്ന ചില സ്ത്രീകളെ മുത്ത് നബി ﷺ തങ്ങൾ കാണാൻ ഇടയായപ്പോൾ അവരോട് പറഞ്ഞു:- "നിങ്ങൾ ഇതുവരെ ചൊല്ലിയതിന് തത്തുല്യമായ ഒരു വചനമിതാ ഞാൻ പറയുന്നു:, "സുബുഹാനല്ലാഹി വബിഹംദിഹീ അദദ ഖൽഖിഹീ" എന്നാണത്."

മറ്റൊരു ഹദീസിൽ വ്യക്തമായി തന്നെ മുത്ത് നബി ﷺ തങ്ങൾ പറയുന്നു:- "ഒരാൾ اللهم صلى على سيدنا محمد എന്ന് ചൊല്ലിയ ശേഷം ആയിരം പ്രാവശ്യമെന്നോ സൃഷ്ടികളുടെ എണ്ണത്തോളമെന്നോ പറഞ്ഞാൽ അത് മുഖേന ആയിരത്തിനോ സൃഷ്ടികളുടെ എണ്ണത്തിനോ സമാനമായ പ്രതിഫലം എഴുതപ്പെടുന്നതാണ്." (സആദത്തുദ്ധാറൈൻ-31)

"ഒരാൾ എന്റെ മേൽ 50 പ്രാവശ്യം സ്വലാത്ത് ചൊല്ലിയാൽ അന്ത്യദിനത്തിൽ (മലക്കുകൾ) അവനെ ഹസ്തദാനം ചെയ്യുന്നതാണ്." എന്ന ഹദീസ് ഉദ്ധരിച്ച് ഇബ്നു‌ൽ മുളഫർ (റ) വിശദീകരിക്കുന്നു."ഒരാൾ اللهم صلى على سيدنا محمد എന്ന് ചൊല്ലി, കൂടെ 50 പ്രാവശ്യം എന്ന് പറഞ്ഞാൽ അല്ലാഹു ﷻ ഉദ്ദേശിക്കുന്നു എങ്കിൽ 50 ന്റെ പ്രതിഫലം നൽകപ്പെടും. എങ്കിലും ഇപ്രകാരം ആവർത്തിക്കലാണ് നല്ലത്." (ബിഗ്യ-84)

സ്വഹാബത്തിന്റെയും സാധാരണക്കാരുടെയും പേരിലുള്ള സ്വലാത്ത്

മുഹമ്മദ് നബി ﷺ തങ്ങൾ അല്ലാത്ത പ്രവാചകന്മാരുടെ മേൽ സ്വലാത്തും സലാമും ചൊല്ലൽ പ്രത്യേകം സുന്നത്താണ്.മുത്ത് നബി ﷺ തങ്ങൾ പറഞ്ഞതായി ഇമാം നവവി(റ) ഉദ്ധരിക്കുന്നു:- "നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുന്നത് പോലെ മറ്റു പ്രവാചകന്മാരുടെ പേരിലും സ്വലാത്ത് ചൊല്ലുവീൻ. എന്നെ നിയോഗിക്കപ്പെട്ടത് പോലെയാണ് അവരും നിയുക്തരാണ്."

പ്രവാചകന്മാരല്ലാത്ത മറ്റ് മഹത്തുക്കൾക്ക് സ്വലാത്ത് ചൊല്ലുന്നതിന്റെ വിധിയെന്ത്..?

ഹറാം ,ഖിലാഫുൽ ഔല, കറാഹത്ത് തുടങ്ങിയ അഭിപ്രായങ്ങളുണ്ടെങ്കിലും സ്വീകാര്യവും പ്രബലവുമായത് കറാഹത്ത് എന്നതാണ്." (അദ്കാർ-108)

സ്വഹാബത്തിന്റെ പേരിൽ ചൊല്ലുന്നതിനെ കുറിച്ച് ഒരു പരാമർശവും ഹദീസിലെവിടെയും കാണുകയില്ല. എങ്കിലും പ്രവാചകന്മാരോടനുബന്ധിച്ചാണെങ്കിൽ അതൊരു പുണ്യ കർമ്മമായി പണ്ഡിതന്മാർ എകോപിച്ചതാണെന്ന് സആദത്തുദ്ധാറൈനിയിൽ രേഖപ്പെടുത്തുന്നു. എന്നാൽ മുത്ത് നബി ﷺ തങ്ങൾ സ്വഹാബിവര്യനായ അബൂ ഔഫ (റ) യുടെ മേൽ സ്വലാത്ത് ചൊല്ലിയതായി ഹദീസിലുണ്ട്. ഇത് മുത്ത് നബി ﷺ തങ്ങളുടെ മാത്രം പ്രത്യേകതയാണെന്ന് ബുജൈരിമി (റ) വിനെ ഉദ്ധരിച്ച് ശർവാനിയിൽ പ്രസ്‌താവിച്ചിട്ടുണ്ട്." (ശർവാനി-1/27)

പ്രവാചകന്മാരും മലക്കുകളും അല്ലാത്തവർക്ക് തർളിയത്തും തറഹ്ഹുമുമാണ് ചൊല്ലേണ്ടത്. ഇമാം ഗസ്സാലി (റ) വിനെ ഉദ്ധരിച്ച് സയ്യിദ് മുർതളാ സബീദി (റ) പറയുന്നു: "സ്വഹാബികൾ, പണ്ഡിതന്മാർ തുടങ്ങിയവർക്ക് തർളിയത്തും സാധാരണക്കാർക്ക് മർഹമത്തും,മഗ്‌ഫിറത്തുമാണ് ചോദിക്കേണ്ടത്." (ഇത് ഹാഫ്-5/51). 

ഇമാം നവവി (റ) പറയുന്നു: "സ്വഹാബികൾ, താബിഉകൾ, പണ്ഡിതന്മാർ, സദ് വൃത്തർ എന്നിവർക്കെല്ലാം തർളിയത്തും തറഹ്ഹുമും സുന്നത്താണ്.തർളിയത്ത് സ്വഹാബത്തിന് മാത്രമേ ആകാവൂ എന്ന ചിലരുടെ വാദം അബദ്ധവും യോജിക്കാൻ കഴിയാത്തതുമാണ്. ബഹുഭൂരിപക്ഷം പണ്ഡിതരും പറഞ്ഞതാണ് പ്രബലം. അതിന് ധാരാളം തെളിവുകളുമുണ്ട്." (അദ്കാർ-109).

അലിയ്യുശിബ്രാ മുല്ലസി (റ) രേഖപ്പെടുത്തുന്നു: തർളിയത്ത് സ്വഹാബത്തിലും തറഹ്ഹും മറ്റുള്ളവരിലും ഉപയോഗിക്കുകയാണ് പതിവ്. എങ്കിലും സ്വഹാബത്ത് അല്ലാത്തവർക്കും തർളിയത്ത് പറയൽ ജാഇസാകും.

ഇമാം റംലി (റ) ഇങ്ങനെ പറഞ്ഞതായി ഞാൻ കണ്ടു:- "പ്രവാചകന്മാർ അല്ലാത്ത സദ്‌വൃത്തർക്ക് തർളിയത്തും തറഹ്ഹുമും പറയൽ സുന്നത്താണ്. ചില പണ്ഡിതന്മാർ തർളിയത്ത് സ്വഹാബത്തിന് മാത്രവും മറ്റുള്ളവർക്ക് തറഹ്ഹുമും മാത്രമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.(ഹാശിയത്തുന്നിഹായ 1/48)

നബി ﷺ കുടുംബത്തിന്റെ പേരിൽ സ്വലാത്ത് ചൊല്ലുന്ന അതേ പ്രാധാന്യവും പ്രതിഫലവും സ്വഹാത്തിന്റെ പേരിൽ ചൊല്ലുന്നതിനാലും നൽകപ്പെടും. ഹദീസ് പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സ്വലാത്തുകളിൽ അതിവിശിഷ്ടടമായത് നബി ﷺ കുടുംബവും സ്വഹാബത്തും ഉൾപ്പെട്ട സ്വലാത്തിന്റെ പദമാണെന്ന് ഹാശിയത്തുൽ ജലാലൈനിയിൽ പറഞ്ഞത് ശ്രദ്ധേയമാണ്.

ബാഗ്ദാദിലെ മുഫ്‌തിയായ ആഫന്തിൽ അലൂസി( റ) തന്റെ 'ത്വിറാസുൽ മദ്ഹബ്' എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: നബി ﷺ കുടുംബത്തിന്റെ പേരിൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണെന്നത് അസന്നിഗ്‌ധമായി സ്ഥിരപ്പെട്ടതാണ്. ഇവരോടു കൂടെ സ്വഹാബത്തിനെയും ചേർക്കൽ അനിവാര്യമായിത്തീരും. ഖിയാസ് പ്രകാരം കുടുംബത്തേക്കാൾ സ്വലാത്തിനർഹരായവർ സ്വഹാബത്താണെന്നതിൽ സന്ദേഹമില്ല. കാരണം മുത്ത്നബി ﷺ യുടെ വഫാത്തിനു ശേഷമുള്ള നബി ﷺ കുടുംബാംഗങ്ങൾ 'സ്വുഹ്ബത്ത്' (തിരുസഹവാസം) എന്ന വിശേഷണത്തിനർഹരല്ല. മറിച്ച് കുടുംബത്തിൽ പരിഗണനീയമാകുന്നതു ബിള്ഇയ്യത്തിന്റെ (കരൾ കഷണം) സ്ഥാനമാണ്. ഈ ബന്ധം ഒരിക്കലും വിഛേദിക്കപ്പെടുന്നതോ വിഫലമാകുന്നതോ അല്ല. എന്നാൽ സ്വഹാബത്തിനെ പരിശുദ്ധരാക്കുന്ന ഘടകം തിരുനബി ﷺ യോടുള്ള പരിചയവും സമ്പർക്കവും അറിവുമാണ്. ഇത് കുടുംബത്തിനു ലഭിക്കാത്ത അനർഘ ഭാഗ്യവുമത്രെ, (സആദത്തുദ്ദാറൈൻ - 34)

തഫ്സ‌ീറുൽ ജമലിൽ സ്വലാത്ത് കൊണ്ട് നിർദ്ദേശിച്ച സൂക്തത്തിനു വിശകലനമായി ഇങ്ങനെ കാണാം. പ്രവാചകന്മാരുമല്ലാത്തവരുടെ (സാധാരണക്കാര്) മലക്കുകളും പേരിൽ സ്വലാത്ത് ചൊല്ലൽ കറാഹത്താണ്. പ്രവാചകന്മാരോട് കൂടെയാണ് ഇവർക്ക് സ്വലാത്ത് ചൊല്ലുന്നതെങ്കിൽ കറാഹത്തിന്റെ പരിധിയിൽ പെടുന്നതല്ല. (തഫ്‌സീറുൽ ജമൽ - 3/454)

സലാം ഉപേക്ഷിക്കാമോ...?

ഇമാം നവവി (റ) അദ്കാറിൽ പറയുന്നു: "വിശുദ്ധ ഖുർആനിൽ സ്വലാത്തിനോട് കൂടെ സലാം ചൊല്ലാനും ആജ്ഞയുണ്ട്. ഇതിനാൽ സലാം ഉപേക്ഷിക്കൽ കറാഹത്താണെന്ന് ലക്ഷ്യം പറയാവുന്നതാണ്."എന്നാൽ സലാമില്ലാതെ ഉദ്ദരിക്കപ്പെട്ട സ്വലാത്തിന്റെ പദങ്ങളിൽ അത് ഒഴിവാക്കുന്നത് വിരോധമില്ല.

അൽഹാഫിളുസ്സഖാവി (റ) ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.വിശിഷ്ടമായ സ്വലാത്തുൽ ഫാത്തിഹിൽ സലാം ഉപേക്ഷിച്ചതിനെ കുറിച്ച് ഹിജ്റ 1231 ൽ വഫാത്തായ അൽ ആരിഫ് അബുൽ അബ്ബാസുത്തിജാനി (റ) വിനോട് ചോദിക്കപ്പെട്ടു.അദ്ധേഹം പറഞ്ഞു: "സ്വലാത്തുൽ ഫാത്തിഹിൽ സലാം ഉപേക്ഷിക്കൽ ആക്ഷേപാർഹമല്ല. കാരണം നബി ﷺ യിൽ നിന്ന് ഇപ്രകാരമാണ് ഉദ്ധരിക്കപ്പെട്ടത്.

ഈ വിഷയത്തിൽ സയ്യിദുൽ ബക്രി (റ) വിവരിക്കുന്നത് കാണുക:-"സ്വലാത്ത്,സലാം എന്നിവയിൽ നിന്ന് ഏതെങ്കിലുമൊന്ന് ഉപേക്ഷിക്കൽ കറാഹത്താകുന്നു.നിബന്ധനകൾക്ക് വിധേയമാണെങ്കിൽ കറാഹത്തില്ല.

രണ്ടു നിബന്ധനകൾ :-സ്വയം ഉപേക്ഷിക്കരുത്, സലാമില്ലാത്ത ആയത്തോ ഹദീസോ അപ്രകാരം ഉരുവിടുന്നത് കറാഹത്തല്ലെന്ന് സാരം.

മുത്ത് നബി ﷺ പറഞ്ഞു: വെളളിയാഴ്ച്ച ആരെങ്കിലും "അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്" എന്ന് 80 പ്രാവശ്യം ചൊല്ലിയാൽ അവൻ 80 വർഷത്തെ പാപമോചനം നേടി.ഇത്തരം ഹദീസുകളിൽ സലാം ഇല്ലാത്തതിനാൽ സ്വലാത്ത് മാത്രം ചൊല്ലാം.

റൗളാശരീഫിന് സമീപമാവുക, റൗളയുടെ അടുത്ത് നിന്ന് السلام عليكم يا رسول الله (സ്വലാത്ത് ഇല്ലാതെ) എന്ന് പറയൽ കറാഹത്തില്ല. (ഇആനത്ത്-1/12). സലാമില്ലാതെ ഉദ്ധരിക്കപ്പെട്ട പദങ്ങളിൽ, അത് ഉപേക്ഷിക്കൽ "ഖിലാഫുൽ ഔല" ആണെന്ന അഭിപ്രായമാണ് പ്രബലം.

ഹിജ്റ 1333-ൽ വാഫാത്തായ അബ്ദുൾ ഹഖുദഹ്ലവി (റ) യെ ഉദ്ധരിച്ച് ചില പണ്ഡിതർ പറയുന്നു:- "സലാമില്ലാത്ത ഏത് പദത്തിലും അത് ചേർക്കൽ ആവശ്യമാണ്. കാരണം സ്വലാത്ത് കൊണ്ട് ചുരുക്കൽ കറാഹത്താണെന്ന് പണ്ഡിതപക്ഷം ഖുർആൻ സൂക്തത്തിന്റെ ബാഹ്യാർത്ഥത്തിലൂടെ സമർപ്പിച്ചതാണ്. കറാഹത്തിൽ ചിലർ സംശയം ഉന്നയിച്ചിട്ടുണ്ട്. "ഖിലാഫുൽ ഔല ആണെന്നാണ് പണ്ഡിതന്മാർ ഏകീകരിച്ചത്". സലാമില്ലാത്ത ഹദീസുകളിലൂടെ സ്വലാത്ത് സ്വഹാബികൾക്ക് പഠിപ്പിക്കുക മാത്രമാണ് മുത്ത് നബി ﷺ തങ്ങൾ ഉദ്ധേശിച്ചിരുന്നത്.(സആദത്തുദ്ധാറൈൻ-31). 

അബ്ദുൽ മുളഫ്‌ഫർ ഹന്നാദ് (റ) പറയുന്നു: "മുത്ത് നബി ﷺ തങ്ങൾ എന്നോട് മുഖം തിരിച്ച് നിൽക്കുന്നതായി ഞാൻ സ്വപ്നത്തിൽ ദർശിച്ചു. ഞാൻ അവിടുത്തെ കൈപിടിച്ച് ചുംബിച്ച ശേഷം ചോദിച്ചു. തിരുദൂതരേ ﷺ, ഞാൻ അങ്ങയുടെ ഹദീസ് ശേഖരിക്കുന്ന എളിയ ദാസനും അഹ്ലുസ്സുന്നയിൽ ഒരംഗവുമാണല്ലോ, എന്നിട്ടും അവിടുന്ന് എന്നെ ശ്രദ്ധിക്കാത്തത് എന്താണ്" ?

മുത്ത് നബി ﷺ തങ്ങൾ സുസ്‌മരനായി ചോദിച്ചു:- "നീ എന്റെ മേൽ സ്വലാത്ത് എഴുതുമ്പോൾ എന്ത്കൊണ്ട് സലാം എഴുതുന്നില്ല." ഇത്രയുമായപ്പോൾ ഉറക്കമുണർന്നു പിന്നീടൊരിക്കലും ഞാൻ സ്വലാത്തിനോടു കൂടെ സലാം എഴുതാൻ വിട്ടുപോയിരുന്നില്ല." (സആദത്തുദ്ധ റൈൻ-152).

സ്വലാത്ത് നിശ്ചിത എണ്ണത്തേക്കാൾ വർദ്ധിപ്പിക്കാമോ...?

അബൂദർദ്ദാഅ്(റ) വിൽ നിന്ന് ത്വബ്റാനി ഉദ്ദരിക്കുന്ന ഹദീസ്: "ഒരാൾ എന്റെ മേൽ പ്രഭാതത്തിൽ 10 സ്വലാത്ത് ചൊല്ലിയാൽ അന്ത്യദിനത്തിൽ അവൻ എന്റെ ശുപാർശക്കർഹനായി"

സ്വലാത്തിന്റെ നിശ്ചിത എണ്ണം അറിയിക്കുന്ന ഇത്തരം ഹദീസുകൾ ധാരാളമാണ്. ഈ എണ്ണത്തെക്കാൾ വർദ്ധിപ്പിക്കുന്നത് മൂലം എണ്ണത്തിന് വാഗ്ദാനം ചെയ്ത പ്രതിഫലം ലഭ്യമാകും, നിശ്ചിത കൂലിയിൽ വർദ്ധനവുണ്ടാകും, പരിധി ലംഘിച്ചതിന് പ്രതിഫലം ശൂന്യമാകും എന്നിങ്ങനെ പ്രസക്തമായ അഭിപ്രായങ്ങൾ ഈ വിഷയത്തിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

പ്രഗത്ഭ കർമ്മശാസ്ത്ര പണ്ഡിതൻ ഇമാം കറാഫി (റ) പറയുന്നു: "33 പ്രാവശ്യം ചൊല്ലേണ്ട സ്ഥാനത്ത് ഒന്ന് അധികമാക്കൽ കറാഹത്താണ്. ഒരു കാര്യത്തിൽ വ്യക്തമായ പരിധി നിശ്ചയിച്ചിരിക്കെ അത് മറികടക്കുന്നത് അപമര്യാദയും, പരിധി ലംഘിക്കുന്നത് രോഗവുമാണ്. ഇത് പോലെ നിശ്ചിത എണ്ണങ്ങൾ ചാവി പോലെയാണ്.അത് തെറ്റിയാൽ പൂട്ട് തുറക്കാൻ സാധ്യമാകാതെ വരുന്നു." തുടങ്ങിയ ന്യായങ്ങളാണ് ഇതിന് തെളിവായി ഇമാം കറാഫി (റ) ഉദ്ധരിക്കുന്നത്.

പക്ഷെ, കർമ്മശാസ്ത്ര പണ്ഡിതനായ ഇമാം ഇബ്‌നുൽ ഇമാദ് (റ) ഇമാം കറാഫി (റ) വിന്റെ അഭിപ്രായത്തെ എതിർക്കുന്നു.വർദ്ധിപ്പിക്കുന്നത് മൂലം കറാഹത്തില്ല, എന്നതിനു പുറമെ കൂലിയിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് ഇമാം ഇബ്‌നുൽ ഇമാദ് (റ) വിന്റെ അഭിപ്രായം. ആരെങ്കിലും ഒരു നന്മ ചെയ്താൽ അവനും പത്ത് പ്രതിഫലമുണ്ട് എന്ന പ്രസിദ്ധമായ ഹദീസ് ഇമാം ഇബ്‌നുൽ ഇമാദ് (റ) ഇതിന് തെളിവായി ഉദ്ധരിക്കുന്നു.

നന്മ ചെയ്യുന്നത് മൂലവും പ്രതിഫലം വർദ്ധിക്കുകയല്ലാതെ നഷ്ടപ്പെടുകയോ ചുരുങ്ങുകയോ ചെയ്യുന്നില്ലെന്ന് ഈ ഹദീസ് വ്യക്തമാണ്.തസ്ബീഹ് വർദ്ധിപ്പിക്കുന്നത് മുഖേന നിശ്ചിത എണ്ണത്തിന്റെയും വർദ്ധിപ്പിച്ചതിന്റെയും കൂലി ലഭിക്കുമെന്നാണ് പ്രബലാഭിപ്രായം. ഇമാം കറാഫി (റ) അല്ലാത്ത മറ്റനേകം പണ്ഡിതന്മാർ ഇത് സൂചിപ്പിച്ചത് കാണാം.ഇബ്നു‌ൽ ഹജർ (റ) തുഹ്ഫയിൽ ഇത് സലക്ഷ്യം സമർത്ഥിച്ചിട്ടുണ്ട്.

ഇബ്നു ഇമാദ് (റ)വിന്റെ അഭിപ്രായത്തെ കർമ്മശാസ്ത്ര പണ്ഡിതൻ സൈനുൽ ഇറാഖി (റ) ശരിവെച്ചിട്ടുണ്ട്.മാത്രമല്ല, തസ്ബീഹ് അധികരിപ്പിക്കുന്നതിനാൽ ഫലശൂന്യമാകുമെന്ന് വിശ്വസിക്കാൻ പോലും പാടില്ലെന്നാണ് ഇബ്നു ഇമാദ് (റ) രേഖപ്പെടുത്തുന്നത്.

തക്ബീറിന്റെയും തഹ്മീദിന്റെയും എണ്ണങ്ങളിൽ 33 നേക്കാൾ ചുരുങ്ങിയും അധികമായും പ്രബലമായ ചില ഹദീസുകളിൽ വന്നിട്ടുണ്ട്. തസ്ബീഹിന്റെ പരിധിയിൽ 25  ഉം ,70 ഉം. തഹ്മീദിൽ തക്ബീറിൽ 10 ഉം.100 ഉം ഇപ്രകാരം തഹ്ലീലിലും അഭിപ്രായം വന്നതുകാണാം.

ഇതിനാൽ നിശ്ചിത എണ്ണം മാറ്റിമറിക്കാൻ പറ്റാത്തതായി വരുന്നില്ലെന്നും അതിനേക്കാൾ വർദ്ധിപ്പിക്കുന്നത് ആക്ഷേപാർഹമല്ലെന്നും വ്യക്തമാണ്. തസ്ബീഹിന്റെയും പ്രബലാഭിപ്രായവും എണ്ണത്തിൽ വരുന്ന തർക്കങ്ങളും സ്വലാത്തിലും ബാധകമാണെന്ന് ഇസ്മാഈലുബ്ഹാനി (റ) സആദത്തുദ്ധാറൈനിയിൽ സൂചിപ്പിച്ചിട്ടുണ്ട് (പേജ് :429).

എന്നാൽ തസ്ബീഹിലും മറ്റും വ്യത്യസ്ഥ പരിധി ഉള്ളതിനാൽ ഏതെങ്കിലും ഒരു ഹദീസ് അവലംബിച്ച് നിശ്ചിത പരിധി മാനിക്കുകയാണ് സൂക്ഷ്‌മതയെന്ന് ഇബ്നു ഹജർ (റ) പറഞ്ഞിട്ടുണ്ട്. "ഇതുപോലെ സ്വലാത്തിലും വ്യത്യസ്ഥ പരിധിയിൽ വന്ന ഏതെങ്കിലും ഒരു ഹദീസ് സ്വീകരിച്ച് പരിധി മാനിക്കുകയാണുത്തമം.

സ്വലാത്തിന്റെ ഫാഇദകൾ 

സ്വലാത്ത് ചൊല്ലിയാൽ ലഭ്യമാകുന്ന നേട്ടങ്ങളും പ്രതിഫലങ്ങളും നിരവധിയാണ്. ഗതകാല പണ്ഡിതന്മാർ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഒട്ടേറെ പ്രതിഫലങ്ങൾ ഉദ്ധരിച്ചതായി കാണാം. അനുഗ്രഹീത പണ്ഡിതനും പ്രവാചക പ്രേമിയുമായിരുന്ന ഹിജ്റ 737 ൽ വഫാത്തായ, അൽ-ആരിഫ് അസ്സയ്യിദ് അബ്ദുൾ വഹ്ഹാബുശ്ശ-അറാനി (റ) തന്റെ "ലിവാഉൽ അൻവാറിൽ ഖുദ്സ്സിയ്യ" എന്ന ഗ്രന്ഥത്തിൽ 40 പുണ്യങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.
  1. സ്വലാത്ത് ചൊല്ലുന്നവന്റെ പാപങ്ങൾ അല്ലാഹു ﷻ പൊറുത്ത് കൊടുക്കുന്നു.
  2. സൽകർമ്മങ്ങൾ (ഫലശൂന്യമാകുന്ന കാര്യങ്ങളിൽ നിന്ന്) സംരക്ഷിക്കപ്പെടാൻ സ്വലാത്ത് കാരണമാകുന്നു.
  3. ഭൗതിക സ്ഥാനങ്ങൾ ഉയരാൻ സ്വലാത്ത് ഹേതുവാകും.
  4. ഒരാൾ ചൊല്ലിയ സ്വലാത്ത് അവനുവേണ്ടി പാപമോചനം നടത്തിക്കൊണ്ടിരിക്കും.
  5. സ്വലാത്ത് ചൊല്ലിയവൻ ഉഹ്‌ദ് പർവ്വതത്തിന് സമാനമായ പ്രതിഫലത്തിന് അർഹനാണ്.
  6. പരലോകത്ത് നീതിനിഷ്‌ഠമായ പ്രതിഫല ലബ്ദിക്ക് സ്വലാത്ത് നിദാനമാണ്.
  7. മുഴുവൻ സ്വലാത്തും അവിടുത്തേക്ക് നീക്കി വെക്കുന്നത് ഭൗതികവും അഭൗതികവുമായ ആവശ്യ നിർവ്വഹണത്തിന് ഹേതുവാകും.
  8. നരകമോചനത്തേക്കാൾ ശ്രേഷ്‌ഠമായ പാപമുക്തി ഉണ്ടാകുന്നു.
  9. സ്വലാത്ത് ചൊല്ലുന്നത് മുഖേന പരലോകത്തെ ഭീകരതയിൽ നിന്ന് രക്ഷപ്പെടാനാകുന്നു.
  10. അന്ത്യദിനത്തിൽ തിരുദർശനം സാധ്യമാകും.
  11. സ്വലാത്ത് ചൊല്ലുന്നത് അവിടുത്തെ ശഫാഅത്ത് നിർബന്ധമാകാൻ ഹേതുവാകും.
  12. അല്ലാഹുവിന്റെ ﷻ കാരുണ്യം ലഭ്യമാകും.
  13. അല്ലാഹുവിന്റെ ﷻ സംതൃപ്‌തി സമ്പാദിക്കാം
  14. അല്ലാഹുവിന്റെ ﷻ കോപമകറ്റാൻ സ്വലാത്ത് കാരണമാകും.
  15. സ്വലാത്ത് അർശിന്റെ തണൽ ലഭിക്കാൻ ഹേതുവാകുന്നു.
  16. മീസാനിൽ സൽകർമ്മങ്ങൾക്ക് വർദ്ധനവുണ്ടാകും.
  17. "ഹൗളുൽ കൗസർ" കുടിച്ച് ദാഹശമനം വരുത്താൻ സ്വലാത്ത് കാരണമാകുന്നു.
  18. സ്വലാത്ത് ചൊല്ലിയവൻ നരകത്തിൽ നിന്ന് മോചിതനാകുന്നു.
  19. മിന്നലെറിയും പ്രകാരം " സ്വിറാത്ത് പാലം" കടക്കാൻ സാധിക്കും.
  20. സ്വർഗത്തിൽ ഹൂറികൾ അധികരിക്കാൻ സ്വലാത്ത് കാരണമായിത്തീരും. 
  21. സ്വർഗത്തിൽ ഉൽകൃഷ്ടവും അനുഗ്രഹീതവുമായ പദവി കൈവരിക്കാനാവും.
  22. മരണത്തിന് മുമ്പ് തന്നെ സ്വർഗീയ ഇരിപ്പിടം ദർശിക്കാനാകും.
  23. സ്വലാത്ത് ചൊല്ലുന്നത് അല്ലാഹുവിൻ്റെ ﷻ മാർഗത്തിലെ 20 യുദ്ധത്തേക്കാൾ പ്രതിഫലാർഹമാണ്.
  24. സ്വലാത്ത് ചൊല്ലുന്നവന്റെ സമ്പത്തിന് സുരക്ഷയും വർദ്ധനവും ഉണ്ടാകുന്നു.
  25. ഒരു സ്വലാത്തിന് നൂറോ അതിലധികമോ പ്രതിഫലം നൽകപ്പെടുന്നു. 
  26. സ്വലാത്ത് ചൊല്ലുന്നവന്റെ നന്മക്കായി മലക്കുകൾ പ്രാർത്ഥിക്കുന്നു.
  27. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടയാളമായി സ്വലാത്തിനെ ഗണിക്കപ്പെടുന്നു.
  28. സ്വലാത്ത് ചൊല്ലുന്നത് സദസ്സുകൾക്ക് അലങ്കാരമാണ്.
  29. ദാരിദ്ര്യ നിർമാർജനത്തിന് സ്വലാത്ത് കാരണമാകും.
  30. സ്വലാത്ത് ചൊല്ലുന്നതിനാൽ ദുരിതങ്ങളും അപകടങ്ങളും തടയപ്പെടും.
  31. നന്മയുടെ വഴികൾ സ്വലാത്ത് ചൊല്ലുന്നതുമൂലം തുറക്കപ്പെടും
  32. സ്വലാത്ത് ചൊല്ലിയവൻ അന്ത്യദിനത്തിൽ ജനങ്ങളിൽ ഏറ്റവും വിശിഷ്ടനാകുന്നു
  33. സ്വലാത്തിലൂടെ അത് ചൊല്ലിയവനും അവന്റെ സന്താനങ്ങൾക്കും സ്വലാത്ത് 'ഹദ് യ' ആയി ലഭിച്ചവനും ഗുണം സിദ്ധിക്കുന്നു.
  34. അല്ലാഹുവിന്റെയും ﷻ റസൂൽ തങ്ങളുടെയും ﷺ സമീപ്യം കരഗതമാകാൻ സ്വലാത്ത് ഹേതുവാകുന്നു.
  35. പുനരുദ്ധാന ദിനത്തിലും സ്വിറാത്തിന്മേലും സ്വലാത്ത് വെളിച്ചമായി മാറും.
  36. ഖബറിൽ സ്വലാത്ത് വെളിച്ചം പരത്തുന്നു.
  37. ശത്രുക്കൾക്കെതിരെ സഹായിക്കാൻ സ്വലാത്തിന് സാധ്യമാകുന്നു.
  38. ഹൃദയത്തെ കാപട്യത്തിൽ നിന്നും മറ്റു മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നു. 
  39. സ്വലാത്ത് ചൊല്ലുന്നവൻ അപരന്റെ പരദൂഷണത്തിൽ നിന്നും രക്ഷ പ്രാപിക്കുന്നു.
  40. സ്വ‌പ്നത്തിൽ തിരുദർശനമുണ്ടാകാൻ സ്വലാത്ത് കാരണമായിത്തിരും. സ്വലാത്ത് വർദ്ധിപ്പിക്കുകയാണെങ്കിൽ ഉണർവിലും തിരുദർശനമുണ്ടാകും.

സ്വലാത്ത് പ്രത്യേകം സുന്നത്തുള്ള സമയങ്ങൾ

വിശുദ്ധ ഖുർആനോ മറ്റു ദിക്റുകളോ ചൊല്ലാൻ പ്രത്യേക നിയമമില്ലാത്ത, വന്ദിക്കപ്പെടേണ്ട വചനങ്ങൾ മൊഴിയാൻ പാടുള്ള ഏത് സമയത്തും സ്വലാത്ത് സുന്നത്താണ്. എന്നാൽ സ്വലാത്ത് ചൊല്ലൽ സുന്നത്തും പ്രത്യേക നിയമവുമുള്ള ദിവസങ്ങളും സമയങ്ങളും ധാരാളമാണ്. ശൈഖ് യൂസുഫുബ്നു ഇസ്‌മാഈലുന്നബ്ഹാനി (റ) 'സആദതുദ്ദാറൈനി' യിൽ അമ്പതിലേറെ സമയങ്ങൾ വിവരിച്ചതു കാണാം.
  1. വെള്ളിയാഴ്ച്‌ച രാവും പകലും:- ഈ സമയങ്ങളിൽ സ്വലാത്ത് ചൊല്ലുന്നതിന്റെ പുണ്യം വിവരണാതീതമാണ്. വെള്ളിയാഴ്‌ച ചൊല്ലുന്ന ഏതു സ്വലാത്തും ഒരു മധ്യവർത്തിയുമില്ലാതെ തിരുസവിധത്തിൽ വെളിവാക്കപ്പെടുന്നു.റസൂൽ ﷺ പറഞ്ഞു: നിങ്ങൾ വെള്ളിയാഴ്‌ച എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുക. അന്ന് ചൊല്ലുന്ന ഏതു സ്വലാത്തും എനിക്ക് പ്രദർശിക്കപ്പെടും. തീർച്ച (ഹാകിം റഹ്). കൂടാതെ നിരവധി ഹദീസുകൾ ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
  2. തിങ്കളാഴ്‌ച രാവ്:- അബൂ മൂസൽ മദീനി(റ) വും ഇമാം ഗസ്സാലി(റ) വും തിങ്കളാഴ്ച രാവിൽ സ്വലാത്തിന് വളരെ പ്രാധാന്യമുള്ളതായി വ്യക്തമാക്കുന്നു. ഇമാം ശഅ്റാനി (റ) വിന്റെ ഗുരുവും പ്രസിദ്ധ പണ്ഡിതനുമായിരുന്ന ശൈഖ് നൂറുദ്ധിനുശ്ശൗനി (റ) ജാമിഉൽ അസ്ഹറിൽ തിങ്കൾ, വെള്ളി രാവുകളിൽ സ്ഥിരമായി സ്വലാത്ത് സംഘടിപ്പിച്ചിരുന്നു. തിങ്കളിന്റെ മഗ്രിബ് മുതൽ സുബഹ് വരെയും വെള്ളിയാഴ്‌ച ജുമുഅ വരെയുമായിരുന്നു സമയം. ശൈഖിന്റെ വിയോഗ ശേഷം വർഷങ്ങളോളം ഇത് തുടരുകയും മറ്റു നാടുകൾ മാതൃകയാക്കുകയും ചെയ്‌തു. തിരു നബി ﷺ പ്രസവിക്കപ്പെട്ടത് തിങ്കളാഴ്‌ചയാണല്ലോ?. ഇതു തന്നെയാണ് തിങ്കളാഴ്‌ചയുടെ പ്രത്യേകത.
  3. രാവിലെയും വൈകുന്നേരവും:- റസൂൽ ﷺ പറഞ്ഞു: ഒരാൾ പ്രദോഷത്തിൽ എനിക്ക് സ്വലാത്ത് ചൊല്ലിയാൽ പ്രഭാതത്തിനും, പ്രഭാതത്തിൽ ചൊല്ലിയാൽ പ്രദോഷത്തിനും മുമ്പായി അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടുന്നു.
  4. വുളൂഇന്റെ സമയത്തും ശേഷവും:- എന്റെ മേൽ സ്വലാത്ത് ചൊല്ലാത്തവന് വുളൂ ഇല്ല. തുടങ്ങിയ ഹദീസുകൾ ഇതിൽ ഉദ്ധരിക്കപ്പട്ടതു കാണാം.
  5. ബാങ്കിനു ശേഷം:- റസൂൽ ﷺ പറഞ്ഞു: നിങ്ങൾ, ബാങ്ക് കൊടുക്കുന്നതായി കേട്ടാൽ അപ്രകാരം പറയുക. ശേഷം എന്റെ മേൽ സ്വലാത്ത് ചൊല്ലുക.ഇത് ബാങ്ക് കൊടുത്തവനും കേട്ടവനും സുന്നത്തുള്ളതാണെന്ന് കർമ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
  6. ഇഖാമത്തിനു ശേഷം
  7. പള്ളിയിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും:- നിങ്ങൾ പള്ളിയിൽ പ്രവേശിക്കുന്ന സമയത്തും പുറത്തു വരുമ്പോഴും സ്വലാത്ത് ചൊല്ലുക എന്ന് മുത്ത് നബി ﷺ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതു കാണാം.
  8. പള്ളിയിലൂടെ നടക്കുമ്പോൾ:അലിയ്യ് (റ)പറഞ്ഞു: നിങ്ങൾ പള്ളിയിലൂടെ നടക്കുമ്പോൾ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുക. ഇതു കൂടാതെ മറ്റു ഹദീസുകളും ഇക്കാര്യത്തിൽ വന്നിട്ടുണ്ട്.
  9. ഖുനൂതിന്റെ അവസാനം:- ഇബ്നു‌ ഹജർ (റ) പറയുന്നു:വിത്റിന്റെ ഖുനൂതിൽ നബി ﷺ സ്വലാത്ത് ചൊല്ലിയതായി ഹദീസിൽ കാണാം. ഇതിനോട് ചേർത്ത് സുബഹിയുടെ ഖുനൂതിലും സ്വലാത്ത് സുന്നത്താണെന്ന് പറയാം.
  10. നിസ്ക്കാരത്തിൽ ആദ്യത്തെ അത്തഹിയ്യാത്തിൽ
  11. പെരുന്നാൾ നിസ്‌കാരത്തിലെ തക്‌ബീറുകൾക്കിടയിൽ
  12. രണ്ടാമത്തെ അത്തഹിയ്യാത്ത്: ശാഫിഈ മദ്ഹബിൽ ഒന്നാമത്തെ അത്തഹിയ്യാത്തിൽ സ്വലാത്ത് സുന്നത്തും രണ്ടാമത്തേതിൽ നിർബന്ധവുമാണെന്നാണ് പ്രബലാഭിപ്രായം.
  13. സുബഹ്, മഗ്രിബ് നിസ്ക്കാരങ്ങൾക്ക് ശേഷം:- മുത്ത് നബി ﷺ അരുളി: "ആരെങ്കിലും സുബഹ് നിസ്ക്കാരത്തിനു ശേഷം സംസാരിക്കുന്നതിനു മുമ്പ് എന്റെ മേൽ സ്വലാത്തു ചൊല്ലിയാൽ അല്ലാഹു അവന്റെ 100 ആവശ്യങ്ങൾ പൂർത്തീകരിക്കും. അതിൽ മുപ്പതെണ്ണം ഉടനെയും എഴുപതെണ്ണം സാവകാശവുമായിരിക്കും. ഇപ്രകാരം മഗ്രിബ് നിസ്ക്കാര ശേഷവും അവൻ ചെയ്യട്ടെ. അഞ്ചു നേരത്തെ ഫർള് നിസ്ക്‌കാരങ്ങൾക്കു ശേഷവും സ്വലാത്ത് സുന്നത്താണെന്ന് ശിബ് ലി( റ ) അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇങ്ങനെ പതിവായി സ്വലാത്ത് ചൊല്ലിയിരുന്ന ഒരു മഹാനെ തിരു നബി ﷺ സ്വപ്‌നത്തിലൂടെ ആശീർവദിച്ച സംഭവം ഇബ്നു‌ ബശ്‌കുവാൽ ഉദ്ധരിച്ചതു കാണാം.
  14. ദാനം ചെയ്യാൻ കഴിയാതെ വരുമ്പോൾ
  15. മരണപത്രം എഴുതുമ്പോൾ
  16. തഹജ്ജുദ് നിസ്‌കാരത്തിനു മുമ്പും ശേഷവും:അബൂ മസ്ഊദ് (റ)വിൽ നിന്ന് നിവേദനം:രണ്ട് വ്യക്തികളോട് അല്ലാഹു ചിരിക്കും. (i)രണാങ്കണത്തിൽ ശത്രുവിനെ നേരിട്ട കുതിരപ്പടയാളി. അദ്ധേഹത്തോടുകൂടെ സ്നേഹിതന്മാരുണ്ട്.ആ പോരാട്ടത്തിൽ ശത്രുപക്ഷം തോറ്റോടിയെങ്കിൽ അവൻ വിജയം വരിക്കും. അല്ലെങ്കിൽ, അവൻ അതിൽ കൊല്ലപ്പെടും. എന്നാലവൻ രക്തസാക്ഷിയുമാകും. അല്ലാഹു ﷻ ഇക്കാര്യത്തിൽ സന്തുഷ്ടനായി അവനോട് പുഞ്ചിരിക്കുന്നു.(ii) അർദ്ധരാത്രി എഴുന്നേറ്റ് അംഗസ്നാനം ചെയ്യുകയും അല്ലാഹുവിനു ﷻ സ്‌തുതി അർപ്പിച്ച് നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലി, ഖുർആൻ ഓതുകയും ചെയ്ത വ്യക്തി. അവനല്ലാതെ മറ്റാരും അറിഞ്ഞതുമില്ല. അവനോടും അല്ലാഹു ﷻ സുസ്മേരനാണ്.
  17. ഖുതുബ:-ജുമുഅ. രണ്ട് പെരുന്നാൾ, സൂര്യ ചന്ദ്ര ഗ്രഹണം, മഴയെ തേടൽ തുടങ്ങിയ നിസ്ക്കാരങ്ങളുടെ ഖുതുബയിലും നികാഹിന്റെ ഖുതുബയിൽ അതിന്റെ പദങ്ങൾ പറയുന്നതിന്റെ മുമ്പും സ്വലാത്ത് സുന്നത്താണ്.
  18. മയ്യിത്തിനെ ഖബറിൽ വെക്കുമ്പോൾ.
  19. വാഹനം കയറുമ്പോൾ:- വാഹനം കയറുമ്പോഴുള്ള പ്രത്യേക ദിക്‌ർ ദുആകൾക്ക് ശേഷം സ്വലാത്ത്  ചൊല്ലണമെന്ന് അബുദ്ദർദാഅ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇമാം ത്വബ്രാനി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.
  20. യാത്ര ഉദ്ദേശിച്ചാൽ:-ഇമാം നവവി(റ) അദ്കാറിൽ യാത്രക്കാരന്റെ ദിക്റുകളിൽ സ്വലാത്തും ഉൾപെടുത്തിയതായി കാണാം.
  21. ഹജ്ജ് കർമങ്ങളിൽ:-തൽബിയത്തിന്റെയും വിദാഇൻ്റെ ത്വവാഫിന്റെയും ശേഷം, സ്വഫാ മർവക്കിടയിൽ, ഹജറുൽ അസ്വദ് ചുമ്പിക്കുമ്പോൾ, അറഫയിൽ നിൽക്കുമ്പോൾ, ഖൈഫിൽ എത്തിയാൽ തുടങ്ങിയ സന്ദർഭങ്ങളിൽ മുത്ത് നബി ﷺ തങ്ങൾ സ്വലാത്ത് ചൊല്ലിയതായി സ്വഹാബത്തിൽ നിന്നും വ്യക്തമായ തെളിവുകളുണ്ട്.
  22. സ്നേഹിതന്മാരെ കാണുമ്പോൾ
  23. മനോ വ്യഥകളും പ്രയാസങ്ങളും ഉള്ളപ്പോൾ
  24. മദീനയിൽ പ്രവേശിക്കുമ്പോൾ:- മദീനാ ഹറം പരിസരങ്ങളിലുള്ള ഈത്തപ്പനകൾ, മറ്റു വൃക്ഷങ്ങൾ തുടങ്ങിയവയിൽ ദൃഷ്ടി പതിക്കുമ്പോൾ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്.
  25. തിരു ശേഷിപ്പുകൾ കാണുമ്പോൾ:-സ്വഫ, മർവ്വ, കഅ്ബ, ബദർ, ഉഹ്‌ദ് തുടങ്ങി മുത്ത് നബി ﷺ തങ്ങളുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളും വസ്‌തുക്കളുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
  26. ദാരിദ്ര്യം ഉണ്ടാകുമ്പോൾ
  27. രോഗ ചികിത്സക്ക് മുൻപ്
  28. പ്രാർത്ഥനയിൽ:- സ്വലാത്തില്ലാതെ ദുആ അല്ലാഹുവിലേക്ക് ﷻ ഉയരുകയില്ല. ദുആക്കും ആകാശത്തിനുമിടയിൽ ഒരു മറയുണ്ട്, സ്വലാത്ത് ആ മറ നീക്കുന്നു തുടങ്ങി നിരവധി ഹദീസുകൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്.സുലൈമാനുദ്ദാറാനി (റ) പറയുന്നു: ആരെങ്കിലും അല്ലാഹുവിനോട് ﷻ വല്ല ആവശ്യവും അപേക്ഷിക്കുന്നുവെങ്കിൽ സ്വലാത്ത് കൊണ്ട് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യട്ടെ. നിശ്ചയം ആ രണ്ട് സ്വലാത്തുകളും അല്ലാഹു ﷻ സ്വീകരിക്കുന്നതാണ്. അത് രണ്ടിനുമിടയിലുള്ള ആവശ്യങ്ങൾ അവഗണിക്കാതിരിക്കാൻ അവൻ മാന്യനുമാണല്ലോ...ദുആയുടെ ആരംഭത്തിലും അവസാനത്തിലും മുത്ത് നബി ﷺ തങ്ങളിൽ സ്വലാത്ത് സുന്നത്താണെന്ന് പണ്ഡിതന്മാർ ഏകോപിച്ചതായി ഇമാം നവവി(റ) വ്യക്തമാക്കുന്നു.പ്രാർത്ഥനയുടെ പ്രാരംഭവും സമാപനവും മധ്യവും സ്വലാത്ത് കൊണ്ടാവൽ നിർബന്ധമാണെന്ന് ചിലർ അഭിപ്രായപെട്ടതായി കത്താമി (റ) ഉദ്ധരിച്ചിട്ടുണ്ട്.
  29. വിൽക്കുമ്പോൾ
  30. ഖുർആൻ ഓതി തീർത്ത ശേഷം:അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു:നബി ﷺ തങ്ങൾ പറഞ്ഞിരിക്കുന്നു: ഒരാൾ ഖുർആൻ ഓതി അല്ലാഹുവിനെ സ്‌തുതിച്ചു റസൂൽ ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുകയും അല്ലാഹുവിനോട് ﷻ പാപമോചനം തേടുകയും ചെയ്താൽ അവൻ യഥാർത്ഥ വഴിയിൽ നന്മ തേടിയവനായി.ഈ സമയത്ത് സ്വലാത്ത് ശക്തമായ സുന്നത്താണെന്ന് പറയപ്പെട്ടിരിക്കുന്നു.
  31. ഹദീസ് പാരായണം ചെയ്യുമ്പോൾ:-അബൂ ഉറുബതുൽ ഹിറാനി(റ) ആർക്ക് ഹദീസ് ഓതി കൊടുക്കുമ്പോഴും സ്വലാത്ത് ചൊല്ലിയിരുന്നു. സ്വലാത്തില്ലാതെ ഒരു ഹദീസും ഞാൻ പറയാറില്ല എന്ന് വക്കീഉബ്‌നുൽ ജർറാഹ് (റ) പറയുന്നു.ഖളിർ (അ) ഒരാളെ അഭിമുഖീകരിച്ചപ്പോൾ അദ്ധേഹത്തോട് പറഞ്ഞു: സൽക്കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ടമായത് ഹദീസ് പ്രചരിപ്പിക്കുമ്പോൾ സന്തോഷാധിക്യത്താൽ ദൃഢപ്രതീക്ഷയോടുകൂടി ഗ്രന്ഥത്തിൽ എഴുതുകയും നാക്ക് കൊണ്ട് പറയുകയും ചെയ്യുന്ന സ്വലാത്താണ്.
  32. വീട്ടിൽ കയറുമ്പോൾ
  33. തിരുനാമത്തിനു ശേഷം :- റസൂൽ ﷺ പറഞ്ഞു: എന്റെ പേരിലുള്ള സ്വലാത്ത് ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയാൽ എന്റെ നാമം അതിൽ ശേഷിക്കുന്ന കാലത്തോളം മലക്കുകൾ അദ്ധേഹത്തിന് പാപമോചനം നടത്തും, (ഇബ്‌നു ഹിബ്ബാൻ). ഇബ്‌നുസ്വലാഹ് (റ) പറയുന്നു: നബി ﷺ യുടെ നാമം കുറിക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം സ്വലാത്തും സലാമും എഴുതൽ അനിവാര്യമാണ്. നാമം എത്ര ആവർത്തിക്കപ്പെട്ടാലും അതിൽ അലസത പാടില്ല. ചില അലസന്മാരും അജ്ഞരും പൊതുജനവും ചെയ്യുന്നതുപോലെ സ്വലാത്തിലേക്ക് സൂചിപ്പിക്കുന്ന ഒന്നോ രണ്ടോ അക്ഷരങ്ങൾ കൊണ്ട് ചുരുക്കി എഴുതാനും പാടില്ല. അനേകം ഗുണങ്ങൾ സിദ്ധിക്കുന്ന ഒരു പ്രാർത്ഥനയായാണ് സ്വലാത്തിനെ കാണുന്നത്.(സ്വലാത്തു പോലെ അല്ലാഹുവിന്റെ ﷻ നാമത്തോടു കൂടെ അവനെ പ്രകീർത്തിക്കുന്ന പദങ്ങളും ചേർക്കേണ്ടതുണ്ട്.)
  34. അങ്ങാടിയിൽ പ്രവേശിക്കുമ്പോൾ
  35. ഉറങ്ങാനുദ്ധേശിച്ചാൽ
  36. ദിക്റിന്റെ സദസ്സുകളിൽ:-അബു ഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന് ﷻ സഞ്ചാരികളായ ഒരു വിഭാഗം മലക്കുകളുണ്ട്. ദിക്റിന്റെ സദസ്സിലെത്തിയാൽ 'ഇരിക്കുവീൻ' എന്ന് അവരിൽ ചിലർ ചിലരോട് പറയും. സദസ്യർ പ്രാർത്ഥിച്ചാൽ അവർ 'ആമീൻ' പറയും. 'സ്വലാത്ത്' ചൊല്ലിയാൽ സ്വലാത്തിൽ പങ്കുകൊള്ളും. സദസ്സ് പിരിയുന്നത് വരെ അവർ അതിൽ പങ്കെടുക്കുന്നതാണ്. പിന്നീട് പോകാനൊരുങ്ങുമ്പോൾ അവർ പറയും "ഇവർക്കു മംഗളം. പാപമോചനത്തോടെയാണിവരെല്ലാം മടങ്ങുന്നത്."
  37. ഫത് വകൾ എഴുതുമ്പോൾ :-ഇമാം നവവി (റ) പറയുന്നു: ഫത് വ നൽകാൻ ഉദ്ധേശിക്കുന്നവന് അഊദു, ബിസ്മ‌ി, ഹംദ് തുടങ്ങിയവയ്ക്കു ശേഷം 'സ്വലാത്ത്' പ്രത്യേകം സുന്നത്താണ്.
  38. ല്ല ഏതു സംസാരത്തിനു മുമ്പും:- റസൂൽ ﷺ പറഞ്ഞു : നന്മയുള്ള ഏതു കാര്യവും അല്ലാഹുവിന്റെ ﷻ നാമം പറയാതെയും എന്റെ മേൽ 'സ്വലാത്ത്' ചൊല്ലാതെയും ആരംഭിക്കുകയാണെങ്കിൽ അതിൽ ബറകത് സിദ്ധിക്കുകയില്ല.
  39. തെറ്റിദ്ധരിക്കുമ്പോൾ:-ഒട്ടകം മോഷ്ട്ടിച്ചെന്നാരോപിച്ച് തിരുനബി ﷺ യുടെ മുന്നിൽ ഒരാളെ ഹാജറാക്കുകയുണ്ടായി. കരം ഛേദിക്കാനായി അവിടുന്ന് നിർദ്ധേശിച്ചപ്പോൾ ഒട്ടകം അദ്ധേഹത്തിന്റെ നിരപാധിത്തം തെളിയിച്ചു. ഇതിന് കാരണമായത് മുത്ത് നബി ﷺ യുടെ മേൽ ദിവസവും മുടങ്ങാതെ ചൊല്ലുന്ന നൂറ് സ്വലാത്താണെന്ന് അദ്ധേഹം വ്യക്തമാക്കിയതായി ഇബ്നുബശ്വാൽ ഉദ്ധരിച്ച ഹദീസിൽ കാണാം.
  40. പാപം ചെയ്‌താൽ:-"നിങ്ങൾ 'സ്വലാത്ത്' ചൊല്ലുക. നിശ്ചയം അത് നിങ്ങളുടെ ദോഷങ്ങളെ പൊറുപ്പിക്കും."ഇങ്ങനെ പല ഹദീസുകളും ഇതിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
  41. പ്ലേഗ് ബാധിച്ചാൽ:-'സ്വലാത്ത്' ചൊല്ലിയതു മുഖേന പ്ലേഗ് രോഗം സുഖപ്പെട്ട സംഭവം മുൻകാല സജ്ജനങ്ങളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
  42. അറവു സമയം:-മൃഗങ്ങളെ അറുക്കുമ്പോൾ സ്വലാത്ത് സുന്നത്തുണ്ടോ..?? മദ്ഹബുകളിൽ ഭിന്നാഭിപ്രായമുണ്ട്.ഇമാം ശാഫിഈ (റ) വിൽ ഇമാം ഖസ്‌ത്വല്ലാനി (റ) ഉദ്ധരിക്കുന്നു: അറവു സമയം ബിസ്‌മി ചൊല്ലൽ നിർബന്ധമാണ്. ഇതിനു പുറമെ മറ്റു ദിക്റുകൾ വളരെ നല്ലതാകും. സ്വലാത്താണ് കൂടുതലാകുന്നതെങ്കിൽ ഞാനതിനെ വെറുക്കുന്നില്ല എന്നു മാത്രമല്ല ഇഷ്ട്ടപ്പെടുകയും ചെയ്യുന്നു.
  43. കത്തുകളിൽ:- ഖാള്വി ഇയാള് (റ) പറയുന്നു: കത്തുകളിൽ പ്രാരംഭം സ്വലാത്തെഴുതേണ്ട സ്ഥലങ്ങളിൽ ഒന്നാണ്. മുസ്ലിം ഉമ്മത്ത് ഇങ്ങനെ ചെയ്തു പോന്നിരുന്നതാണ്. ഇതിനെ നിഷേധിച്ചതായി എവിടെ നിന്നും അറിയപ്പെട്ടിട്ടില്ല. അബൂബക്കർ സ്വിദ്ധീഖ് (റ) ഇബ്‌നു ഹാജിർ (റ) വിന്റെ ഖലീഫക്ക് കത്തയച്ചപ്പോൾ സ്വലാത്തും എഴുതിയതായി ഹദീസിൽ കാണാം.
  44. വിവാഹാലോചന നടത്തുമ്പോൾ
  45. തുമ്മിയാൽ:-തുമ്മിയാൽ ഹംദ് ചെയ്യണമെന്ന് പണ്ഡിതേകോപനമാണ്.പക്ഷെ സ്വലാത്ത് ചൊല്ലുന്നതിൽ അഭിപ്രായ ഭിന്നതയുണ്ട്. ദൈലമി (റ) ഉദ്ധരിച്ച അബൂസഈദിൽ ഖുദ്രിയ്യി (റ) വിൽ നിന്ന് നിവേദനം ചെയ്ത  ഹദീസിൽ തുമ്മിയാൽ ഹംദ് ചെയ്‌ത്‌ മുഹമ്മദ് നബിയിലും ﷺ കുടുംബത്തിലും സ്വലാത്ത് ചൊല്ലുക എന്നു കാണാം.അബൂ മൂസൽ മദീനി (റ) വും ഒരു സംഘവും ഇത് സുന്നത്താണെന്ന് വ്യക്തമാക്കുന്നു. ശാഫിഇയ്യത്തിലെ സുലൈമാനുൽ (റ) വും ഹനഫിയ്യത്തിലെ ഒരു വിഭാഗവും മറ്റുപലരും സുന്നത്തില്ലെന്ന പക്ഷക്കാരാണ്.
  46. കൃഷി ചെയ്യുമ്പോൾ:-കൃഷിക്കായി ധാന്യമോ മറ്റോ വിതക്കുമ്പോൾ സ്വലാത്ത് സുന്നത്തുള്ളതായി ഇമാം ഖുർത്ഥബി(റ) തന്റെ തഫ്‌സീറിൽ വ്യക്തമാക്കിയിട്ടുണ്ട്.
  47. നിസ്ക്കാരത്തിൽ നബിﷺ യെ കുറിച്ച് പരാമർശമുള്ള സൂക്തം ഓതിയാൽ
  48. കാൽ തരിക്കുമ്പോൾ:-മുജാഹിദ് (റ) പറയുന്നു: ഇബ്നു‌ അബ്ബാസ് (റ) വിന്റെ അടുത്ത് വെച്ച് ഒരു വ്യക്തിയുടെ കാൽ തരിക്കാനിടയായപ്പോൾ ഇബ്നു അബ്ബാസ് (റ) നിർദ്ദേശിച്ചു: "ജനങ്ങളിൽ നിന്ന് നിനക്കേറ്റവും പ്രിയങ്കരന്റെ പേര് പറയുക." അദ്ദേഹം "മുഹമ്മദ് എന്ന് ഉരുവിട്ടപ്പോൾ തരിപ്പിന് ആശ്വാസമായി.
  49. ചെവി മൂളുമ്പോൾ:- "നിങ്ങളിൽ ആരുടെയെങ്കിലും ചെവി മൂളി ശബ്ദമുണ്ടാക്കിയാൽ എന്റെ മേൽ സ്വലാത്ത് ചൊല്ലുകയും എന്നെ സ്‌മരിക്കുകയും ചെയ്യട്ടെ" (ത്വബ്റാനി റഹ്)
  50. മറവി സംഭവിച്ചാൽ:- അനസ് (റ) വിൽ നിന്ന് തിരുനബി ﷺ അരുളി: നിങ്ങൾ വല്ലതും മറന്നുപോയിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അത് സ്മ‌രിക്കപ്പെടും. അല്ലാഹു ഉദ്ധേശിക്കുന്നുവെങ്കിൽ"
  51. ദ്യ കഴിഞ്ഞാൽ:-അബൂ വാഇൽ (റ) പറയുന്നു: ഏതു സദ്യ കഴിഞ്ഞാലും അല്ലാഹുവിനെ ﷻ സ്തു‌തിച്ച് നബി ﷺ യിൽ സ്വലാത്തും അല്ലാഹുവോട്  ﷻ പ്രാർത്ഥനയും കഴിഞ്ഞല്ലാതെ എഴുന്നേൽക്കുന്നതായി അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) വിനെ ഞാൻ കണ്ടിട്ടില്ല. മഹാൻ അങ്ങാടിയിൽ പ്രവേശിച്ചാൽ ആരും ശ്രദ്ധിക്കാത്തയിടത്ത് പോയി സ്വലാത്തും പ്രാർത്ഥനയും നടത്തിയിരുന്നതായും ഹദീസിൽ കാണാം. 
  52. ഉറക്കം കുറഞ്ഞാൽ:-ഉറക്കം കുറഞ്ഞവന് ചികിത്സയായി, കിടക്കും മുമ്പ് സ്വലാത്ത് ചൊല്ലാൻ നിർദ്ധേശിച്ചതായി അബ്ദുൽ ഖുദ്ദൂസൂർറാസി (റ) വിൽ നിന്ന് നിന്ന് ഇബ്നു ഇബ്നു‌ ബശ്‌കുവാൽ ഉദ്ധരിച്ചിട്ടുണ്ട്.
  53. വെള്ളത്തിൽ മുങ്ങുന്നത് ഭയപ്പെട്ടാൽ
  54. അധ്യാപനം നടത്തുമ്പോൾ
  55. സ്വലാത്തുൽ ഹാജത്തിനുശേഷം:- ആവശ്യ പൂർത്തീകരണത്തിനു വേണ്ടി 'സ്വലാത്തുൽ ഹാജത്ത് എന്ന നിയ്യത്തോടുകൂടെ നിർവഹിക്കപ്പെടുന്ന സുന്നത്ത് നിസ്‌കാരത്തിനാണ് 'സ്വലാത്തുൽ ഹാജത്ത്" എന്ന് പറയുന്നത്.ലക്ഷ്യ സാഫല്യത്തിന് ഇത് വളരെ ഫലപ്രദമാകുമെന്നു പണ്ഡിതന്മാർ വ്യക്തമാക്കിയതു കാണാം. ഈ നിസ്‌കാരത്തിനു ശേഷവും സ്വലാത്ത് സുന്നത്താണ്
  56. ഒരു വസ്‌തുവിനോട് അനുകമ്പ തോന്നുമ്പോൾ
  57. അത്ഭുതം പ്രകടമാവുമ്പോൾ:-എല്ലാ സമയങ്ങളിലും സ്വലാത്ത് ചൊല്ലൽ ഞാൻ ഇഷ്ടപ്പെടുന്നു. വിശിഷ്യാ ദിക്ർ ചൊല്ലൽ പ്രത്യേകതയുള്ള സ്ഥലങ്ങളിൽ "ഇമാം ശാഫിഈ (റ) ന്റെ മേലുദ്ധരിച്ച വാക്കിന്റെ വിശദീകരണമായി ഖുതുബുദ്ധീൻ ഖൈളരി (റ)വും മറ്റും ആശ്ചര്യ ജനകമായ അനുഭവമുണ്ടാകുമ്പോൾ സ്വലാത്ത് സുന്നത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവിടെ സ്വലാത്ത് സുന്നത്തില്ല എന്ന് ശാഫിഇയ്യത്തിലെ സുലൈമാനുൽ ജമാൽ (റ)വും ഹനഫിയ്യത്തിലെയും മാലികിയ്യത്തിലെയും പണ്ഡിതന്മാരും സ്‌പഷ്ടമാക്കിയതായി കാണാം.

ചരിത്രങ്ങൾ

വിശപ്പിന്റെ കയ്പ്പ്; സ്വലാത്തിന്റെ മാധുര്യം...!!!

'തുഹ്ഫത്തുൽ അഖ് യാറിൽ" അബ്ദുല്ലാഹി റസ്സാഅ് (റ) രേഖപ്പെടുത്തുന്നു. ബാഗ്ദാദിൽ ആബിദും സൂഫിയുമായ ഒരു ദരിദ്രൻ ജീവിച്ചിരുന്നു. അധിക ദിവസവും അദ്ധേഹവും സന്താനങ്ങളും പട്ടിണിയിലായിരുന്നു.

ഒരു രാത്രി നിസ്‌കാരത്തിനു വേണ്ടി എഴുന്നേറ്റപ്പോൾ വിശപ്പ് സഹിക്കാനാകാതെ കുട്ടികൾ കരയുന്നതായി അദ്ധേഹം കേൾക്കാനിടയായി, നിസ്‌കാരാനന്തരം കുട്ടികളെ വിളിച്ചു പറഞ്ഞു: "നമുക്ക് ഹബീബായ മുഹമ്മദ് നബി ﷺ തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലാം അല്ലാഹുവിന്റെ ﷻ  അനുഗ്രഹവും സ്വലാത്തിന്റെ പുണ്യവും കൊണ്ട് അവൻ നമ്മെ സഹായിച്ചേക്കും".

അവരൊന്നിച്ച് വിശപ്പിൻ്റെ കാഠിന്യം മറന്നു സ്വലാത്തിൽ മുഴുകി. കുറെ നേരം ഇങ്ങനെ തുടർന്നപ്പോൾ ക്ഷീണിച്ചവശനായി എല്ലാവരും ഉറങ്ങുകയും ചെയ്‌തു. നിദ്രയിൽ അദ്ധേഹം മുത്ത് നബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു.

അവിടുന്ന് പറഞ്ഞു: "പ്രഭാതമായാൽ അടുത്ത വീട്ടിലെ മജൂസിയെ കണ്ടു എന്റെ സലാം ചൊല്ലിയ ശേഷം അവനുവേണ്ടി നടത്തിയ പ്രാർത്ഥന അല്ലാഹു ﷻ സ്വീകരിച്ചെന്നും, അല്ലാഹു ﷻ കൊടുത്ത ഔദാര്യത്തിൽ നിന്ന് ദാനം നൽകി നിന്നെ സമാശ്വസിപ്പിക്കാൻ അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ് നബി ആജ്ഞാപിക്കുന്നുവെന്നും പറയുക"

ഇത്രയുമായപ്പോഴേക്കും അദ്ദേഹം നിദ്രയുണർന്നു. മനസ്സിന് വല്ലാത്ത സന്തുഷ്ടി ലഭിച്ചു. പിശാച് നബി ﷺ തങ്ങളുടെ രൂപം പ്രാപിക്കുകയില്ലലോ..?? അതുകൊണ്ട് സ്വ‌പ്നദർശനം സത്യസന്ധമാണ്. പൈശാചികമാകാൻ ഒരു വഴിയുമില്ല. പക്ഷേ തിരുനബി ﷺ തങ്ങൾ ഒരു മജൂസിയോട് സലാം പറയാൻ നിർദേശിക്കുക, ഇത് പൈശാചികമാണോ എന്ന സംശയത്തിന് ഇടവരുത്തുന്നുണ്ട്. സംശയനിവാരണത്തിനായി അദ്ദേഹം വീണ്ടും ഉറങ്ങിനോക്കി. അപ്പോഴും തിരുദർശനത്തിലൂടെ അപ്രകാരം തന്നെ അറിയിക്കുകയായിരുന്നു. ഇതോടെ സ്വപ്നം യാഥാർത്ഥ്യമാണെന്ന് ബോധ്യപ്പെട്ടു....

പ്രഭാതം പുലർന്നയുടനെ മജൂസിയുടെ വീട്ടിൽ ചെന്നു. പക്ഷേ..,, മജൂസി അദ്ധേഹത്തിനു യാതൊരു പരിഗണനയും നൽകിയില്ല. സേവകരും പരിചാരകരുമായി അനേകം ആളുകൾ അപ്പോൾ വീട്ടിലുണ്ടായിരുന്നു.

എങ്കിലും അദ്ധേഹം വെളിയിൽ നിന്ന് മജൂസിയോട് പറഞ്ഞു: "നിങ്ങളെ എനിക്കൊന്ന് സ്വകാര്യമായി കാണണം, പ്രത്യേകമായ ചിലതൊക്കെ സംസാരിക്കാനുണ്ട്

മജൂസി തന്റെ സേവകരെ മാറ്റി നിർത്തി അദ്ധേഹത്തെ അകത്ത് കയറ്റി.

"എന്റെ പ്രവാചകൻﷺ നിങ്ങൾക്ക് സലാം പറഞ്ഞിരിക്കുന്നു" എന്ന് തുടങ്ങി സന്ദേശങ്ങളെല്ലാം അദ്ധേഹത്തെ അറിയിക്കുകയുണ്ടായി.

മജൂസി ചോദിച്ചു: "ആരാണ് താങ്കളുടെ പ്രവാചകൻ..??" 

"മുഹമ്മദ് നബിﷺ തങ്ങൾ"

"ഞാൻ അഗ്നിയാരാധകനും മുഹമ്മദ് നബിയെ അംഗീകരിക്കുകയില്ലെന്നും നിങ്ങൾക്കറിയില്ലേ..??" മജൂസി ചോദിച്ചു.

"അതെ എനിക്കറിയാം, പക്ഷേ ഞാൻ ഇന്നലെ രാത്രി രണ്ടുതവണ തങ്ങളെ സ്വ‌പ്നത്തിൽ ദർശിച്ചപ്പോഴും മുഹമ്മദ് നബിﷺ നിർദേശിച്ചതിങ്ങനെയാണ്." 

മജൂസി വീണ്ടും: "താങ്കളിവിടെ വരാൻ കാരണം മുഹമ്മദ് നബി തങ്ങളാണെന്ന് അല്ലാഹുവിനെ സാക്ഷിയാക്കി പറയാനാകുമോ..??"

"അതെ..., ഇത് സത്യമാണ്, അല്ലാഹുവിൻ്റെ ﷻ നാമത്തിൽ ശപഥം ചെയ്തു പറയുന്നു."

മജൂസി തുടർന്നു: "എനിക്കുവേണ്ടി നടത്തിയ പ്രാർത്ഥനയെക്കുറിച്ച് നിങ്ങൾ എങ്ങനെ അറിയുകയുണ്ടായി."

"സ്വ‌പ്നത്തിലൂടെ നബിﷺ തങ്ങൾ പറഞ്ഞതല്ലാതെ മറ്റൊന്നും അതിനെക്കുറിച്ച് അറിവില്ല.

മജൂസി അദ്ദേഹത്തെയും കൂട്ടി വീടിൻ്റെ മാളികയിൽ കയറി. പിന്നെയൊന്നും ചിന്തിച്ചില്ല...

മജൂസി പറഞ്ഞു: "നിൻ്റെ കൈ നീട്ടുക. ഞാനിതാ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും, മുഹമ്മദ് നബി തങ്ങൾ അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നു.......!!!"

പുതിയ മതം സ്വീകരിച്ച വാർത്തയറിഞ്ഞ് സേവകവൃന്ദം ആശ്ചര്യഭരിതരായി, പലരും ഇത് വിശ്വസിക്കാൻ കൂട്ടാക്കാതെ, അബദ്ധം പിണഞ്ഞതാണെന്ന് പ്രചരിപ്പിച്ചു.

മജൂസി പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു: "ജനങ്ങളേ... കാലങ്ങളായി ഞാൻ അസത്യത്തിൻ്റെ മാർഗത്തിലയിരുന്നു. ഇന്നുമുതൽ എനിക്ക് സർവ്വശക്തനായ അല്ലാഹുവിന്റെ ﷻ മാർഗ്ഗദർശനം ലഭിച്ചിരിക്കുന്നു. അല്ലാഹുവിലും ﷻ അവൻ്റെ ദൂതനിലും ﷺ ഞാൻ ദൃഡമായി വിശ്വസിക്കുന്നു."

മജൂസി തുടർന്നു: "നിങ്ങൾ ഇപ്രകാരം വിശ്വസിക്കുന്ന പക്ഷം കൈവശമുള്ളതെല്ലാം നിങ്ങൾക്കുള്ളതാണ്. അല്ലാത്തപക്ഷം അവയെല്ലാം തിരിച്ചുനൽകി എൻ്റെ വസതിയിൽ നിന്നും പോകേണ്ടിയിരിക്കുന്നു."

മജൂസിയുടെ പ്രഖ്യാപനം കേട്ട് ചിന്തിച്ച പലരും ഇസ്ലാമാശ്ലേഷത്തിന് സന്നദ്ധരായി, സത്യവാചകം ഏറ്റുചൊല്ലി. എങ്കിലും വിശ്വസിക്കാതെ ധിക്കാരം പ്രകടിപ്പിച്ചിരുന്ന ഒരു ന്യൂനപക്ഷം അവശേഷിച്ചു. അവർ ധനം ഉപേക്ഷിച്ചു പിരിഞ്ഞുപോകുകയും ചെയ്തു.

ശേഷം മജൂസി മകനെ വിളിച്ചു തൻ്റെ ഇസ്ലാമാശ്ലേഷത്തെക്കുറിച്ച് അറിയിക്കുകയുണ്ടായി, പഴയ മതം ഉപേക്ഷിച്ച് ഇസ്ലാം അംഗീകരിക്കാനും അല്ലെങ്കിൽ താനുമായി ബന്ധവിച്ഛേദം നടത്തുമെന്നും താക്കീത് ചെയ്തു. മകൻ പിതാവിനെ നിരസിക്കാനോ, സത്യവിശ്വാസത്തിൽ സംശയിക്കാനോ മുതിർന്നില്ല, ഇസ്ലാം അംഗീകരിച്ചു. ഇപ്രകാരം മകളെയും താക്കീത് ചെയ്തു. അവളുടെ സഹോദരനുമായി നടത്തിയ വിവാഹബന്ധം വേർപെടുത്താൻ മജൂസി നിർദ്ദേശിച്ചു. മജൂസി മതമനുസരിച്ച് സ്വന്തം സഹോദരന് വിവാഹം കഴിച്ചുകൊടുത്ത ഏക മകളായിരുന്നു അവൾ.

"അല്ലാഹുവാണെ സത്യം, വിവാഹം നടന്ന ആദ്യരാത്രി തന്നെ ഞാൻ അവനുമായി സംഗമിക്കാൻ അറച്ചിരുന്നു. ഇപ്പോളിതാ ഞാൻ ലജ്ജിക്കുന്നു." എന്ന് പറഞ്ഞ് അവളും സത്യവാചകം ചൊല്ലി.. 

നിമിഷനേരംകൊണ്ട് ഒരു കുടുംബവും ഏതാനും ദൂതന്മാരും ഇസ്ലാം ആശ്ലേഷിച്ച അത്ഭുതകരമായ രംഗം കണ്ട് സൂഫിയായ മനുഷ്യൻ മജൂസിയോട് ചോദിച്ചു:

"അല്ലാഹു ﷻ സ്വീകരിച്ചെന്ന് തിരുദർശനത്തിലൂടെ അറിയിച്ച ആ പ്രാർത്ഥന എന്തായിരുന്നു..??"

നിമിഷനേരംകൊണ്ട് ഒരു കുടുംബവും ഏതാനും ദൂതന്മാരും ഇസ്ലാം ആശ്ലേഷിച്ച അത്ഭുതകരമായ രംഗം കണ്ട് സൂഫിയായ മനുഷ്യൻ മജൂസിയോട് ചോദിച്ചു: "അല്ലാഹു സ്വീകരിച്ചെന്ന്ﷻ തിരുദർശനത്തിലൂടെ അറിയിച്ച ആ പ്രാർത്ഥന എന്തായിരുന്നു..??"

മജൂസി പറഞ്ഞു "എന്റെ മകളും,മകനുമായുള്ള വിവാഹസൽക്കാരത്തിൽ നാട്ടിലെയും മലപ്രദേശത്തെയും മുഴുവൻ ജനങ്ങളെയും ക്ഷണിച്ചിരുന്നു. സുലഭമായ സദ്യ കഴിച്ച് അതിഥികൾ പിരിഞ്ഞു പോയി, ഞാൻ ക്ഷീണിതനായി വിശ്രമിക്കാൻ വേണ്ടി മാളികമുകളിൽ കയറിക്കിടന്നു. അപ്പോൾ വീട്ടുമുറ്റത്ത് സാധുവായ ഒരു സ്ത്രീയും ഏതാനും കുട്ടികളും നിൽക്കുന്നുണ്ടായിരുന്നു. അലി (റ) ന്റെ മകൻ ഹസൻ (റ) ൻ്റെ മക്കളായിരുന്നു അവർ. മെത്തയിലിരുന്ന് അവരെ വീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു മകൾ ഉമ്മയോട് പറഞ്ഞു: "ഉമ്മാ... ഈ വീട്ടിലെ മജൂസിയല്ലേ ഭക്ഷണത്തിന് ക്ഷണിച്ച് വിശപ്പടക്കാൻ കഴിയാതെ നമ്മളെ നിരാശരാക്കിയത്. അല്ലാഹു ﷻ അവന് ഒരു നന്മയും
നൽകാതിരിക്കട്ടെ... അല്ലേ..??  

ഇതുകേട്ട് എന്റെ ഹൃദയം പൊട്ടി, അടക്കാനാകാത്ത ദുഃഖത്തോടെ ഞാൻ താഴേക്കിറങ്ങി, ഞാൻ അവരെ സമീപിച്ച് നിങ്ങൾ എത്ര പേരുണ്ടെന്ന് അന്വേഷിച്ചു.

"ഒരു ഉമ്മയും മൂന്ന് പെണ്മക്കളും.."

ഞാൻ അകത്തുപോയി വലിയൊരു പാത്രം നിറയെ ഭക്ഷണസാമിഗ്രികളും നാല് കൂട്ട് വസ്ത്രങ്ങളും തിരഞ്ഞെടുത്ത് അവർക്ക് നൽകി. അപ്പോൾ അവർ വളരെ സന്തുഷ്ടരും വിനയാന്വിതരുമായതായി ഞാൻ കണ്ടു. എങ്കിലും ഒരു മകൾക്ക് തൃപ്‌തിയായിരുന്നില്ല.

അവൾ ഉമ്മയോട് പറഞ്ഞു: "ഇദ്ധേഹം മജൂസിയല്ലേ... നാമെങ്ങനെ മജൂസിയുടെ ഭക്ഷണം കഴിക്കും..?"

ഉമ്മയുടെ മറുപടി ഇപ്രകാരമായിരുന്നു "നിങ്ങൾ അല്ലാഹുവിന്റെ ﷻ ഔദാര്യത്തിൽ നിന്ന് ഭക്ഷിക്കുക. നിങ്ങൾക്കവൻ കനിഞ്ഞേകിയ ഭക്ഷണമാണിത്."

ഉമ്മ സാന്ത്വനിപ്പിച്ചിട്ടും ആ ബാലികയ്ക്ക് മനശാന്തി കൈവരുന്നില്ല.

"മജൂസി ഇസ്ലാം സ്വീകരിച്ചെങ്കിൽ" എന്ന് അവരെല്ലാം ആശിച്ചുപോയി. ഇതുമാത്രമേ അതിന് പരിഹാരമുണ്ടായിരുന്നുള്ളൂ.., അതിന് വേണ്ടി അവർ തുറന്ന മനസ്സോടെ ദുആ ഇരന്നു.. 

റബ്ബേ, ഞങ്ങളുടെ പിതാമഹൻ മുഹമ്മദ് ﷺ തങ്ങളുടെ ശഫാഅത്തിനാൽ ഈ മജൂസിക്ക് നീ മാർഗ്ഗദർശനം നൽകേണമേ...!!!"

ഇതായിരുന്നു തിരുദർശനത്തിൽ താങ്കൾ അറിഞ്ഞ പ്രാർത്ഥന."

മജൂസി തന്റെ ധനത്തിൽ നിന്ന് ഭീമമായ ഒരു വിഹിതം സൂഫിയായ മനുഷ്യന് നൽകി. സർവ്വവിധ ആശീർവാദങ്ങളോടെ തിരിച്ചയക്കുകയും ചെയ്തു. (സആദത്തുദ്ധാറൈൻ- 174 )

ജാമ്യം നിന്നത് തിരുനബി ﷺ തങ്ങൾ....!!!!

അബ്ദുല്ലാഹി റസ്സാഅ് (റ) ഉദ്ധരിക്കുന്നു: സമ്പന്നനും പ്രതാപിയുമായ ഒരാൾ ബഗ്ദാദിലുണ്ടായിരുന്നു. സമുദ്രയാത്ര നടത്തുകയായിരുന്നു അദ്ധേഹത്തിന്റെ തൊഴിൽ. ഹോബിയായി സ്വീകരിച്ചിരുന്ന ഈ യാത്രകൊണ്ട് കാര്യമായ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല. വർഷങ്ങളോളം യാത്ര ചെയ്തതിൻ്റെ ഫലമായി അദ്ധേഹത്തിന്റെ ശരീരപ്രകൃതിയും സ്വഭാവഗുണങ്ങൾക്കും മാറ്റംവരികയും ധനം ചെലവഴിച്ച് തീരുകയും ചെയ്തു.

പണം കടം വാങ്ങി യാത്ര തുടരാനായിരുന്നു പിന്നെയുള്ള ശ്രമം. കിട്ടാവുന്നവരിൽ നിന്നൊക്കെ കടം വാങ്ങി സ്വരൂപിച്ച പണവുമായി യാത്ര തുടർന്നു. കടം വർദ്ധിച്ച് താങ്ങാനാകാതെ വലിയ ഭാരമായി മാറി. നിശ്ചിത അവധിയിൽ വീട്ടാനാകാതെ വന്നപ്പോൾ കടക്കാർ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരു ദിവസം 500 ദിനാർ കടം കൊടുത്ത ഒരാൾ ചോദിച്ചു വന്നപ്പോൾ അദ്ധേഹത്തിന്റെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. "കടം വീട്ടാൻ ആസ്‌തിയുണ്ടെന്ന് കരുതിയാണ് ഞാനത് നൽകിയത്. ഇപ്പോൾ നിന്റെയടുക്കൽ ഒന്നുമില്ലെന്നോ..??" അയാൾ ഗുണദോഷിച്ചു.

അദ്ധേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "സുഹൃത്തെ.... അല്ലാഹുവിനെ ﷻ വിളിച്ച് ഞാൻ പറയട്ടെ.., നീ എന്നെ വഷളാക്കരുത്. താങ്കളല്ലാതെ മറ്റു പലർക്കും ഞാൻ കടം കൊടുക്കാനുണ്ട്." ഇതുകേട്ട് പിന്നെയൊന്നും ഉരിയിടാതെ നിരാശയായി തിരിഞ്ഞുനടന്നു.

കടം വീട്ടാത്തതിന്റെ പേരിൽ ജനങ്ങളെല്ലാം അദ്ധേഹത്തിനെതിരിൽ തിരിയാൻ തുടങ്ങി. അപ്പോഴും തൻ്റെ പക്കൽ ഒന്നുമില്ലെന്ന വസ്തുത ശപഥം ചെയ്ത‌് പറയാനല്ലാതെ മറ്റൊരു ആശ്വാസവും നൽകാൻ കഴിഞ്ഞിരുന്നില്ല.

കോപാകുലനായി ഒരു കടക്കാരൻ അദ്ധേഹത്തെ ഖാളിയുടെ മുന്നിൽ ഹജറാക്കുകയുണ്ടായി. അവിടെയും തൻ്റെ നിസ്സഹായത ഖാളിയെ ബോധ്യപ്പെടുത്താനേ അദ്ധേഹത്തിനു കഴിഞ്ഞുള്ളൂ.

ഖാളി പറഞ്ഞു: നീ നിശ്ചിത അവധിക്കുള്ളിൽ കടം കൊടുത്തുവീട്ടുമെന്ന നിബന്ധയിൽ ഒരു ജാമ്യക്കാരനെ നിർത്തുക. അല്ലെങ്കിൽ ജയിൽ ശിക്ഷയേൽക്കാൻ വിധിക്കേണ്ടതായി വരും." ജാമ്യക്കാരനെ ലഭിക്കാൻ അദ്ധേഹം ഏറെ ശ്രമിച്ചുനോക്കി, ലഭിക്കാതെ വന്നപ്പോൾ ഖാളിയുടെ വിധിപ്രഖ്യാപനം വന്നു.

ഖാളിയുടെ വിധി അറിഞ്ഞ അദ്ധേഹം ആത്മധൈര്യം കൈവിടാതെ മുഹമ്മദ് നബി ﷺ തങ്ങളെ വിളിച്ചു. ഇങ്ങനെ സഹായാഭ്യർത്ഥന നടത്തി: "അല്ലാഹുവിന്റെ ﷻ തിരുദൂതരെ ﷺ ... എൻ്റെ കടമിടപാടിൽ അങ്ങയെ ഞാൻ ജാമ്യക്കാരനായി നിശ്ചയിക്കുന്നു, എൻ്റെ രക്ഷക്കായി അവിടുത്തെയല്ലാതെ മറ്റാരെയും ഞാൻ കാണുന്നില്ല.."

വീട്ടിലെത്തിയപ്പോൾ ഭാര്യ അദ്ധേഹത്തോട് ചോദിച്ചു: "എവിടെയായിരുന്നു നിങ്ങളിതുവരെ, കടം വീട്ടിയില്ലെങ്കിൽ നാളെ ജയിലിൽ പോകേണ്ടിവരില്ലേ..?? അദ്ധേഹം പറഞ്ഞു: "ഈ കടമിടപാടിൽ ഞാൻ മുഹമ്മദ് നബി ﷺ തങ്ങളെ ജാമ്യക്കാരനാക്കിയിരിക്കുന്നു. രക്ഷകനും അഭയകേന്ദ്രവുമായി നമുക്കിനിയുള്ളത് തിരുനബി ﷺ തങ്ങൾ മാത്രമാണ്.അവിടുന്ന് നമ്മെ രക്ഷിക്കുമെന്ന കാര്യത്തിൽ എനിക്ക് സന്ദേഹമില്ല, പിന്നെ നാമെന്തിന് ആശങ്കാകുലരാവണം..???"

അന്ന് രാത്രി ഏകദേശം പകുതിയോടടുത്തപ്പോൾ ഉറക്കത്തിൽ വിചിത്രമായൊരു ദർശനമുണ്ടായി. തിരുനബി ﷺ തങ്ങളെയാണ് സ്വപ്നത്തിൽ ദർശിച്ചത്.

അവിടുന്ന് ഇങ്ങനെ നിർദ്ദേശിച്ചു. "നേരം പുലർന്നാൽ മന്ത്രിയുടെ വീട്ടിൽ ചെന്ന് എന്റെ സലാം പറഞ്ഞശേഷം 500 ദീനാർ വരുന്ന നിൻ്റെ കടം വീട്ടിത്തരാൻ മുഹമ്മദ് നബി തങ്ങൾ അപേക്ഷിക്കുന്നുണ്ടെന്നു അറിയിക്കുക...!! എല്ലാ രാത്രിയും എന്റെ പേരിൽ ആയിരം തവണ പതിവായി ചൊല്ലിപ്പോന്നിരുന്ന സ്വലാത്ത്, കഴിഞ്ഞ രാത്രി ചൊല്ലിയപ്പോൾ അതിൻ്റെ എണ്ണത്തിൽ മന്ത്രി സംശയിച്ചിരുന്നു. സംശയം അപ്രസക്തമായിരുന്നു. എണ്ണത്തിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ഞാൻ അറിയിച്ചതായി മന്ത്രിയോട് പറയുക."

ഇത്രയുമായപ്പോഴേക്കും നിദ്രയുണർന്നു. ആത്മശാന്തി കൈവന്നപോലെ അദ്ധേഹത്തിനു തോന്നി. സുബ്ഹ് നിസ്‌കാരശേഷം മന്ത്രിയും മുന്നിലായി തന്റെ വാഹനവും നിൽക്കുന്നുണ്ടായിരുന്നു. അദ്ധേഹം സലാം ചൊല്ലിയ ശേഷം മന്ത്രിയോട് പറഞ്ഞു: "താങ്കൾക്ക് സുവിശേഷവുമായി വന്ന ദൂതനാണ്."

മന്ത്രി ആരാഞ്ഞു: "ആരുടെ ദൂതൻ..!!!

"പ്രവാചകൻ മുഹമ്മദ് നബി ﷺ തങ്ങളുടെ ദൂതൻ..!!"

മന്ത്രി അത്ഭുതപ്പെട്ടു. അദ്ധേഹം ചോദിച്ചു: "എന്താണ് സന്ദേശം...??"

അദ്ധേഹം വിശദീകരിച്ചു: "ഞാൻ ഇന്നലെ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിക്കുകയുണ്ടായി. താങ്കൾക്ക് നബി ﷺ തങ്ങൾ സലാം  പറഞ്ഞിരിക്കുന്നു. അഞ്ഞൂറ് ദീനാർ വരുന്ന എൻ്റെ കടം വീട്ടിത്തരാൻ താങ്കളോട് ആജ്ഞാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, താങ്കൾ പതിവായി ചൊല്ലിപ്പോന്നിരുന്ന സ്വലാത്തിന്റെ എണ്ണത്തിൽ കഴിഞ്ഞ ദിവസം പിഴവ് സംഭവിച്ചോ എന്ന് സംശയിച്ചിരുന്നില്ലേ..?? സംശയം അപ്രസക്തമായിരുന്നുവെന്നും എണ്ണം പൂർണ്ണമായിരുന്നുവെന്നും അവിടുന്ന് അറിയിച്ചിട്ടുണ്ട്..!!" ഇതുകേട്ട് സന്തോഷാധിക്യത്തിൽ മതിമറന്ന മന്ത്രി അവനെ ആദരപൂർവ്വം സ്വീകരിച്ചിരുത്തി. തിരുനബിയോടുള്ള ﷺ സ്നേഹം കാരണം അദ്ധേഹത്തിന്റെ കൺത്തടം ചുംബിച്ചു. കടം വീട്ടാനും കുടുംബത്തിനുള്ള ചെലവിനുമായി ആയിരം ദീനാർ നൽകുകയും ചെയ്തു. സുവിശേഷം അറിയിച്ചതിന് അഞ്ഞൂറ് ദീനാറും വിശ്വസ്തതക്കുവേണ്ടി അഞ്ഞൂറ് ദീനാറും സന്താനങ്ങൾക്ക് ദാനം ചെയ്യാൻ മറ്റൊരു അഞ്ഞൂറ് ദീനാറും നൽകി.

അഞ്ഞൂറ് ദിനാർ കടക്കാർക്ക് കൊടുത്തശേഷം നിശ്ചിത സമയത്തുതന്നെ ഖാളിയുടെ മുമ്പിൽ ഹാജരായി. തിരുദർശനത്തിലൂടെ കടം വീട്ടാനുള്ള മാർഗ്ഗനിർദ്ദേശം ലഭിച്ചതിനെയും തുക കൈപ്പറ്റിയതിനെയും കുറിച്ച് വിവരങ്ങൾ ഖാളിയെ അറിയിച്ചപ്പോൾ ഖാളി അത്ഭുതപ്പെട്ടു. (സആദത്തുദ്ധാറൈൻ, പേ: - 176)

ഒരു കള്ളക്കേസും വിചാരണയും

ഇബ്നുൽ മുലഖൻ (റ) ഉദ്ധരിക്കുന്നു: ഒട്ടകം മോഷണം പോയെന്ന ആരോപണവുമായി നബി ﷺ തങ്ങളുടെ സന്നിധിയിലേക്ക് ഒരാൾ കടന്നുവന്നു. മോഷണം നടത്തിയെന്ന് സംശയിക്കുന്ന പ്രതിയോടുകൂടെ രണ്ട് സാക്ഷികളെയും അദ്ധേഹം ഹാജരാക്കിയിരുന്നു. സാക്ഷിയുടെ മൊഴിയെടുത്ത ശേഷം മോഷണം നടന്നതായും പ്രതിയുടെ കരം ഛേദിക്കണമെന്നും വിധി കൽപ്പിക്കപ്പെട്ടു. വിധി കേട്ട് ഞെട്ടിയ പ്രതി വിനയാന്വിതനായി പറഞ്ഞു: "ഞാൻ നിരപരാധിയാണ് നബിയേ...!! ഒട്ടകത്തോട് ചോദിച്ചാൽ ഇത് തെളിയും, അങ്ങയുടെ അനുഗ്രഹവും അല്ലാഹുവിന്റെ  ﷻ കാരുണ്യവും കൊണ്ട് ഒട്ടകം നിരപരാദിത്യം തെളിയിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്." 

നബി തങ്ങൾ ﷺ ഒട്ടകത്തെ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഒട്ടകം വിനയത്തോടെ തിരുമുന്നിൽ ﷺ വന്നപ്പോൾ തിരുനബി ﷺ തങ്ങൾ ചോദിച്ചു: "ഞാൻ ആരാണ്..?" ഒട്ടകം വാചാലനായി...!! "സത്യം... സത്യം താങ്കൾ അല്ലാഹുവിന്റെ റസൂലാണ്. അത് തുടർന്നു, ഇദ്ധേഹത്തിന്റെ കരം മുറിക്കരുത്, കാരണം ഈ വാദിയും രണ്ട് സാക്ഷികളും മുനാഫിഖുകളാണ്. നിരപരാധിയുടെ കൈ മുറിക്കുന്നതുമൂലം അങ്ങയെ അപകീർത്തിപ്പെടുത്തി വിദ്വേഷം വർദ്ധിപ്പിക്കാൻ ഇവർ മൂന്നുപേരും ചേർന്ന് ചമച്ചുണ്ടാക്കിയതാണിത് നബിയേ..."

നബി ﷺ തങ്ങൾ പറഞ്ഞു: "നിന്റെ നിരപരാധിത്വം ഞാൻ അംഗീകരിച്ചിരുന്നു. ഏതു പ്രവൃത്തിയാണ് കൈ ഛേദിക്കപ്പെടുന്നതിൽ നിന്ന് നിന്നെ രക്ഷപ്പെടുത്താൻ കാരണമായത്...??"

സ്വഹാബി പ്രതികരിച്ചു: "നിൽക്കുമ്പോഴും ഇരിക്കുമ്പോഴും അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു എന്നല്ലാതെ ഒരു കർമ്മവും ഞാൻ ചെയ്തിരുന്നില്ല."

മുത്ത് നബി ﷺ തങ്ങൾ പ്രതിവചിച്ചു: "ഇപ്രകാരം നീ തുടർന്നും ജീവിക്കുകയാണെങ്കിൽ തീർച്ചയായും ഛേദിക്കപ്പെടുന്നതിൽ നിന്ന് കൈ രക്ഷപ്പെട്ട പോലെ നരകാഗ്നിയിൽ നിന്നും അല്ലാഹു ﷻ നിന്നെ രക്ഷപ്പെടുത്തുന്നതാണ്." (സആദത്തുദ്ധാറൈൻ - 164)


ഖിളിർ നബി (അ) യും ഇൽയാസ് നബി (അ) യും

മാജിദ് ഫൈറൂസ്ബാദി ഉദ്ധരിക്കുന്നു: മുളഫ്‌ഫർ സമർഖൻദീ പറഞ്ഞു: "ഞാൻ കഅ്ബിലെ ഒരു മരുഭൂമിയിലൂടെ വഴിപിഴച്ച് സഞ്ചരിക്കുന്നതിനിടയിൽ ഒരാളെ കാണാനിടയായി. അദ്ധേഹം പറഞ്ഞു: "നീ പരിശ്രമിക്കുക, നടത്തത്തിൽ നിന്റെ ശ്രമം പരാജയപ്പെടില്ല"

ഇതനുസരിച്ച് ഞാൻ അദ്ധേഹത്തോടു കൂടെ തന്നെ നടത്തം തുടർന്നു. ഇദ്ധേഹം ഖള്ർ നബി(അ) ആയിരിക്കുമോ എന്ന സംശയം എന്റെ മനസ്സിൽ കടന്നുവരികയുണ്ടായി. ന്യായമായ പല കാരണങ്ങളും അദ്ധേഹത്തിൽ കാണാൻ കഴിഞ്ഞിരുന്നു. അല്പം നടന്ന ശേഷം ഞാൻ ചോദിച്ചു.

"താങ്കളുടെ പേരെന്താണ്....??"

"ഖിളിറുബ്നു ഐശ് അബ്ദുൽ അബ്ബാസ്"

ഖിളിർ നബി (അ) യോടു കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. ഇൽയാസുബ്നു സാം എന്നായിരുന്നു ആ മഹാന്റെ പേര്.

നിങ്ങളിരുവരും അന്ത്യപ്രവാചകൻ മുഹമ്മദ് ﷺ കണ്ടിട്ടുണ്ടോ...?? എങ്കിൽ തിരു ﷺ ജീവിതത്തിൽ നിന്ന് എന്തെങ്കിലും എനിക്ക് പഠിപ്പിച്ചു തരുമോ..?? അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.." ഞാൻ ചോദിച്ചു.

അവർ പറഞ്ഞു: "ഞങ്ങൾ രണ്ടുപേരും മുഹമ്മദ് ﷺ തങ്ങളെ ദർശിച്ചവരാണ്. ഒരിക്കൽ അവിടുന്ന് പറയുന്നതായി ഞങ്ങൾ കേട്ടു: മുഹമ്മദ് ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലിയ ഏത് വിശ്വാസിയുടെ ഹൃദയത്തെയും അല്ലാഹു ﷻ പ്രകാശിതവും പ്രശോഭിതവുമാക്കാതിരുന്നിട്ടില്ല. ബനൂ ഇസ്റാഇലിൽ ശംവീൽ എന്ന് പേരുള്ള നിരവധി ശത്രുക്കളുള്ള ഒരു പ്രവാചകനുണ്ടായിരുന്നു.

പ്രവാചകൻ നന്മ ഉത്ബോധിപ്പിക്കാനായി സമുദായത്തെ സമീപിച്ചാൽ അവർ പറയും: "നമ്മുടെ കണ്ണുകളെ മയക്കാനും കൂട്ടുകാരെ വഴിതെറ്റിക്കാനുമിതാ മാരണക്കാരൻ വന്നിരിക്കുന്നു. നമുക്കിവരെ വധിച്ചുകളയാം."

ഒരു ദിവസം ശത്രുപക്ഷത്തെ നാൽപത് പേർ ചേർന്ന് ശംവിൽ നബിയെയും അനുചരൻമാരെയും വധിക്കാനായി കടൽത്തീരത്തേക്ക് പിടിച്ചുകൊണ്ടുപോയി, മരണം മുന്നിൽ കണ്ടു ഭയവിഹ്വലരായ വിശ്വാസിവൃന്ദം ചോദിച്ചു: "നബിയേ... ഇനി നാമെന്തു ചെയ്യും.....??"

പ്രവാചകൻ മറുപടി നൽകി: "അല്ലാഹുവിൻ്റെ മാർഗ്ഗത്തിലായി എല്ലാം ക്ഷമിക്കുക. അല്ലെങ്കിൽ "സ്വല്ലല്ലാഹു അലാ മുഹമ്മദ്" എന്ന സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുക."

അവർ സഹിഷ്ണു‌ത കൈവിടാതെ മുഹമ്മദ് ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുകയായിരുന്നു. അതോടെ ശത്രുക്കൾ സമുദ്രത്തിൽ മുങ്ങി. ഈ സംഭവം തൻ്റെ നാട്ടിൽ നടന്നതായിരുന്നു എന്ന് ഖിളിർ നബി (അ) കൂട്ടിച്ചേർക്കുകയും ചെയ്തു.

മറ്റൊരിക്കൽ മുഹമ്മദ് നബി ﷺ തങ്ങൾ പറയുന്നതായി ഞങ്ങൾ കേട്ടു: "മുഹമ്മദ് നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലിയവന്റെ ഹൃദയത്തെ കാപട്യത്തിൽ നിന്നും ശുദ്ധീകരിക്കുന്നതാണ്. വെള്ളം അഴുക്കായ വസ്ത്രത്തെ ശുദ്ധീകരിക്കുന്നത് പോലെ"

വീണ്ടും മുഹമ്മദ് നബി തങ്ങൾ ﷺ പറയുകയുണ്ടായി: "എന്റെ പേരിൽ സ്വലാത്ത് ചൊല്ലിയവൻ കാരുണ്യത്തിന്റെ 70 വാതിലുകൾ തുറന്നവനാണ്." 

ഒരാൾ ശാമിൽ നിന്ന് മുഹമ്മദ് നബി ﷺ തങ്ങളുടെ സമക്ഷം വന്നു ഇങ്ങനെ പറഞ്ഞു: "നബിയേ ﷺ.. എൻ്റെ പിതാവ് വയോവൃദ്ധനാണ്. അവിടുത്തെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്."

മുഹമ്മദ് നബി ﷺ തങ്ങൾ ചോദിച്ചു: "അദ്ധേഹത്തെ ഇവിടെ കൊണ്ടുവരാൻ സാധ്യമല്ലേ...??" 

സ്വഹാബി പറഞ്ഞു: "ഇല്ല... അദ്ധേഹം കാഴ്‌ച കുറഞ്ഞവനാണ്."

"എങ്കിൽ അവൻ ഏഴു രാത്രികളിലായി "സ്വല്ലല്ലാഹു അലാ മുഹമ്മദ് എന്ന് പതിവാക്കട്ടെ. എന്നാൽ എന്നെ സ്വപ്‌നത്തിൽ ദർശിക്കാനാവും."

അദ്ധേഹം ഏഴ് രാത്രി അപ്രകാരം ചൊല്ലി പൂർത്തികരിച്ചപ്പോൾ മുഹമ്മദ് നബി ﷺ തങ്ങളെ സ്വപ്‌നത്തിൽ ദർശിക്കാൻ സാധ്യമാവുകയും ചെയ്തു.

വീണ്ടും മുഹമ്മദ് നബി ﷺ തങ്ങൾ പറയുകയുണ്ടായി: "നിങ്ങളാരെങ്കിലും ഒരു സദസ്സിലിരുന്നാൽ ബിസ്‌മിയും എന്റെ മേൽ സ്വലാത്തും ഉരുവിടുക,, എങ്കിൽ പരദൂഷണം പറയുന്നതിൽ നിന്ന് നിങ്ങളെ തടയാൻ അല്ലാഹു ഒരു മലക്കിനെ നിശ്ചയിക്കും. പിന്നീട് നിങ്ങളാരെയും പരദൂഷണം പറയുകയില്ല. അവിടെ നിന്നെഴുന്നേൽക്കുമ്പോഴും ഇതേ പ്രകാരം ചൊല്ലിയാൽ അപരൻ നിങ്ങളെക്കുറിച്ച് പരദൂഷണം നടത്തുകയില്ല. അതിൽ നിന്ന് മലക്ക് അവനെ തടയുന്നതാണ്." (സആദത്തുദ്ധാറൈൻ - 166)

ജിന്നുകളുടെ കൂടെ

"അത്തഫുക്കുറു വൽ ഇഅ്‌തിബാർ" എന്ന ഗ്രന്ഥത്തിൽ അഹ്മദ് സാബിതുൽ മഹ്റബി (റ) രേഖപ്പെടുത്തുന്നു:-ഞാൻ ഒരിക്കൽ അത്യത്ഭുതകരമായ ഒരു സ്വപ്‌നം ദർശിച്ചു. ഏതാനും ജിന്നുകളുടെ കൂടെ നിൽക്കുന്നതായിരുന്നു രംഗം. ഞാൻ അവരെക്കുറിച്ച് അന്വേഷിച്ചു.

അവർ പറഞ്ഞു: "അടുത്ത ബന്ധുവായ ഒരു ജിന്നാണ് ഞങ്ങളുടെ നായകൻ, അദ്ധേഹത്തിന്റെ സമക്ഷത്തുനിന്ന് ഞങ്ങൾ വരുന്നു."

ഞാൻ ചോദിച്ചു: "നിങ്ങൾ എവടെ പോവുകയാണ്...??"

മക്കയും റൗളാ ശരീഫുമാണ് ഞങ്ങളുടെ യാത്രാ ലക്ഷ്യം."

എന്നെയും അവിടെ എത്തിക്കാൻ അപേക്ഷിച്ചപ്പോൾ, അല്ലാഹുവിന്റെ ﷻ തുണയുണ്ടെങ്കിൽ എത്തിക്കാമെന്ന് അവരേറ്റു. ഞാൻ ഇരിക്കുന്നിടത്തുനിന്നു ആവേശപൂർവ്വം എഴുന്നേറ്റ് അവർക്കൊപ്പം പുറപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും അവർ എന്നെയും വഹിച്ച് അതിവേഗം പറന്നുയരുകയായിരുന്നു...!!! ഞങ്ങൾ നേരെ എത്തിയത് പുണ്യ കഅ്ബയിലാണ്. അവർ കഅ്ബ കാണിച്ചുതന്നു. അതിനെ പ്രദക്ഷിണം ചെയ്യാൻ തുടങ്ങിയപ്പോൾ ഞാനും അതിൽ പങ്കുചേർന്നു. പിന്നീട് എന്നെയും വഹിച്ച് മസ്‌ജിദുന്നബവിയിലേക്ക് പുറപ്പെട്ടു. അല്പസമയത്തിനുള്ളിൽ അവിടെയെത്തിയ ഞങ്ങൾ പള്ളിക്കകത്ത് കയറിയിരുന്നു. അപ്പോൾ അതിസുമുഖനായ ഒരു അപരിചിതൻ പ്രത്യക്ഷപ്പെട്ടു. പത്തിരിയും തേനുമുള്ള ഒരു തളിക അദ്ധേഹത്തിന്റെ കൈവശമുണ്ട്. "അല്ലാഹുവിൻ്റെ ﷻ അനുഗ്രഹത്തോടെ ഇത് ഭക്ഷിക്കുക" എന്നദ്ദേഹം നിർദ്ദേശിച്ചു.

ഞാൻ പറഞ്ഞു: "എനിക്ക് ഹബീബായ മുഹമ്മദ് നബി ﷺ തങ്ങളെ കാണാൻ ആഗ്രഹമുണ്ട്."

അപരിചിതൻ: "ഏതുസമയവും തിരുനബി ﷺ തങ്ങളിവിടെ പ്രത്യക്ഷപ്പെടാം, അപ്പോൾ താങ്കൾക്ക് അവിടുത്തെ ദർശിക്കാനാകും"

ഞാൻ അപ്പോൾ വന്നുപെട്ട സ്ഥലത്തെയും, അവിടെ എത്തിയ മാർഗങ്ങളെക്കുറിച്ചും ഓർത്തുപോയി. എങ്കിലും എന്നെ വഹിച്ചു കൊണ്ടുവന്ന അപരിചിതരെ  സംബന്ധിച്ച് കൂടുതലൊന്നും മനസ്സിലാക്കിയിരുന്നില്ല. അവരുടെ പേര്, സ്വദേശം, വർഗ്ഗം, തുടങ്ങിയ കാര്യങ്ങളെല്ലാം എനിക്കറിയണമെന്നുണ്ടായിരുന്നു. അല്ലാഹുവിനെയും ﷻ മുഹമ്മദ് നബി ﷺ തങ്ങളെയും സുലൈമാൻ (അ) വിനെയും ഉദ്ദേശിച്ച് ഇവയെല്ലാം പറഞ്ഞു തരാനായി സഹയാത്രികരോട് ഞാൻ അപേക്ഷിച്ചു.

ഞാൻ അപ്പോൾ വന്നുപെട്ട സ്ഥലത്തെയും, അവിടെ എത്തിയ മാർഗങ്ങളെക്കുറിച്ചും ഓർത്തുപോയി. എങ്കിലും എന്നെ വഹിച്ചു കൊണ്ട് വന്ന അപരിചിതരെ സംബന്ധിച്ച് കൂടുതലൊന്നും മനസ്സിലാക്കിയിരുന്നില്ല. അവരുടെ പേര്, സ്വദേശം, വർഗ്ഗം, തുടങ്ങിയ കാര്യങ്ങളെല്ലാം എനിക്കറിയണമെന്നുണ്ടായിരുന്നു. അല്ലാഹുവിനെയും ﷻ മുഹമ്മദ് നബി ﷺ തങ്ങളെയും സുലൈമാൻ (അ) വിനെയും ഉദ്ദേശിച്ച് ഇവയെല്ലാം പറഞ്ഞു തരനായി സഹയാത്രികരോട് ഞാൻ അപേക്ഷിച്ചു.

അവർ മറുപടി നൽകി: "ഞങ്ങൾ ജിന്ന് സമൂഹമാണ്. അല്ലാഹുവിലും മുഹമ്മദ് നബി ﷺ തങ്ങളിലും വിശ്വസിക്കുന്നു. വിശുദ്ധ മദീനാ പട്ടണമാണ് ഞങ്ങളുടെ വാസകേന്ദ്രം." തിരുനബി ﷺ തങ്ങളെ കാണാനുള്ള ആഗ്രഹം ഞാൻ അവരെയും അറിയിച്ചു. 

അവർ പ്രതികരിച്ചു: "സുന്ദരനും സുശീലനുമായ ഒരാൾ കൊണ്ടുവന്ന ഭക്ഷണം നിങ്ങളുടെ മുമ്പിലല്ലേ..??  അത് ഭുജിക്കുകയാണെങ്കിൽ അല്ലാഹുവിൻ്റെ ﷻ അനുഗ്രഹത്തോടെ തിരുനബി ﷺ തങ്ങളെ കാണാനാവുന്നതാണ്."

ഞാൻ ഭക്ഷണം കഴിച്ചു. വീണ്ടും അവരെ അനുധാവനം ചെയ്തു‌, അപ്പോൾ മുത്ത് മുഹമ്മദ് നബി ﷺ തങ്ങൾ ഒരു സംഘത്തോടൊപ്പം വരുന്നുണ്ടായിരുന്നു. ഒത്ത ശരീരം..!! ചുമലിനും പിരടിക്കും സാമാന്യ നീളം..!! ഞാൻ തിരുമുന്നിൽ ﷺ ചെന്നുനിന്നു.

അവിടുന്ന് ഇങ്ങനെ പറഞ്ഞു: "ഓ അഹ്മദ്.... നിന്റെ സൽഗുണ സമ്പാദ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. നീ സൗമ്യശീലനായി മാത്രമേ ജീവിക്കാവൂ.."

ഞാൻ പറഞ്ഞു: "അതെ..., ഞാൻ അങ്ങനെ ജീവിക്കാം, അവിടുന്ന് എന്നെ രക്ഷപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയാലും.."

"നിന്നെ രക്ഷിക്കുകയും ആഗ്രഹിച്ചതെല്ലാം നൽകുകയും ചെയ്യാം. പക്ഷെ.... എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുന്നവനാകണം." ഇത്രയുമായപ്പോഴേക്കും ഉറക്കമുണർന്നുപോയി. (സആദത്തുദ്ധാറൈൻ - 136)

പെരുന്നാൾ കോടി

അബ്ദുല്ലാഹിറസ്സാഇൽ നിന്ന്: മുഹമ്മദ് നബി ﷺ തങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്നതിലും സ്വലാത്ത് ചൊല്ലുന്നതിലും അതീവശ്രദ്ധാലുവായിരുന്ന ശൈഖ് അബുൽ ഹസനുബ്‌നു ഹാരിസുല്ലൈസി പറയുകയുണ്ടായി:

"എന്റെ കുടുംബത്തിനാവശ്യമായ ഭക്ഷണം ലഭിക്കാതെ ദിവസങ്ങൾ തള്ളിനീക്കുന്നതിനിടയിൽ പെരുന്നാൾ രാവ് സമാഗതമായപ്പോഴും അല്പം ഭക്ഷണമോ പുതുവസ്ത്രമോ ലഭിക്കാതെ ഞാനും സന്തതികളും കിടന്നുറങ്ങി. അർദ്ധരാത്രിക്കുശേഷം കതകിന് ആരോ ശക്തമായി മുട്ടുന്ന ശബ്ദം കേട്ട് ഞങ്ങൾ എഴുന്നേറ്റ് വാതിൽ തുറന്നു. മെഴുകുതിരിയുടെ വെളിച്ചത്തിൽ വന്ന ഏതാനും പുരുഷന്മാരെയാണ് കാണാനായത്. അടുത്തു ചെന്നപ്പോൾ മറ്റാരുമായിരുന്നില്ല എന്റെ പിതാവിന്റെ ഒരു ബന്ധുവാണ്. കൂടെയുള്ളവർ ഞങ്ങൾക്ക് തികച്ചും അപരിചിതരായിരുന്നു.

ഈ അർദ്ധരാത്രിയിൽ എന്തിനാണിവർ വന്നത്..??

ഞങ്ങൾക്ക് ആശങ്കയും അത്ഭുതവും തോന്നി..

ബന്ധു ഞങ്ങളോട് സംഗതി തുറന്നുപറഞ്ഞു: "ഞാൻ ഇന്നലെ ഹബീബായ നബി ﷺ തങ്ങളെ സ്വ‌പ്നത്തിൽ ദർശിച്ചപ്പോൾ അവിടുന്ന് അറിയിക്കുകയുണ്ടായി.

"ശൈഖ് അബുൽ ഹസനും സന്താനങ്ങൾക്കും കൊടിയ ദാരിദ്ര്യവും ദുരിതവുമാണ്. പെരുന്നാൾ ദിനം സന്തോഷകരമാക്കാൻ ആവശ്യമായ ഭക്ഷണവും വസ്ത്രവും ഇന്ന് രാത്രി തന്നെ നിങ്ങൾ അവർക്ക് എത്തിച്ചുകൊടുക്കുക.".

ആഗതൻ തുടർന്ന് ചോദിച്ചു: "നിങ്ങളുടെ കുഞ്ഞുങ്ങളെവിടെ...?? ആദ്യം അവരുടെ ഉടുപ്പുകൾ തുന്നാം. പിന്നീടാവാം വലിയവർക്ക്. കാരണം പെരുന്നാളാഘോഷത്തിൻ്റെ ആവേശവും ആഹ്ലാദവും കൂടുതൽ പങ്കിടുന്നത് നമ്മളേക്കാൾ അവരാകുമല്ലോ...??"

തുന്നൽക്കാരൻ തുന്നാൻ തുടങ്ങി. പ്രഭാതമായപ്പോഴേക്കും എല്ലാം തുന്നിക്കഴിഞ്ഞിരുന്നു. അബുൽ ഹസൻ തനിക്ക് കൈവന്ന അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് അല്ലാഹുവിനെ വാഴ്ത്തി. ശൈഖ് അബുൽ ഹസൻ സ്വലാത്ത് ചൊല്ലുന്നതിലുള്ള ശ്രദ്ധയായിരുന്നു ഇതിനു നിമിത്തം. (സആദത്തുദ്ധാറൈൻ - 177)

അത്ഭുതം ഈ ശുപാർശ..!!!

അബ്ദുൽ വാഹിദ്‌ബ്‌നു സൈദ് (റ) പറയുന്നു: "സുൽത്താന്റെ ഭൃത്യനായ ഒരു അയൽവാസി എനിക്കുണ്ടായിരുന്നു. അല്ലാഹുവിനെ ﷻ ധിക്കരിക്കുന്നതിലും അനാശാസ്യപ്രവണതകളിലും അദ്ദേഹം കുപ്രസിദ്ധനാണ്. ഒരു രാത്രി നബി ﷺ തങ്ങളുടെ കൈയിൽ അദ്ധേഹം കൈവെച്ച് നിൽക്കുന്നതായി ഞാൻ സ്വപ്‌നം കണ്ടു. ഞാൻ അവിടുത്തോട് ചോദിച്ചു:

"നബിയേ ﷺ.... ഇദ്ധേഹം അല്ലാഹുവിനെ ﷻ ധിക്കരിക്കുന്നവനായിട്ടും തിരുകരങ്ങൾ ഇദ്ദേഹത്തിന്റെ കൈയിൽ വെച്ച് സ്നേഹം പ്രകടിപ്പിക്കുന്നുണ്ടല്ലോ..??

തിരുനബി തങ്ങൾ ﷺ പ്രതിവചിച്ചു: "അതെനിക്കറിയാം..." പക്ഷെ അല്ലാഹുവിങ്കൽ ﷺ ഇദ്ദേഹത്തിന് വേണ്ടി ശുപാർശ ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണ്." അതെന്തുകൊണ്ടാണ് നബിയേ ﷺ..?? ഞാൻ ചോദിച്ചു.

ഇദ്ധേഹം ഉറങ്ങാനൊരുങ്ങുമ്പോൾ മുടങ്ങാതെ എന്റെ മേൽ ആയിരം സ്വലാത്ത് പതിവാക്കുന്നവനാണ്. ഇവനുവേണ്ടിയുള്ള ശുപാർശ അല്ലാഹു ﷻ സ്വീകരിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു."

അബ്ദുൽ വാഹിദ് തുടരുന്നു: സബ്ഹി നിസ്ക‌ാരാനന്തരം ഞാൻ പള്ളിയിലേക്ക് പോയി. അയൽവാസിയെക്കുറിച്ച് കണ്ട സ്വപ്‌നവിവരം പള്ളിയിലെ ഏതാനും സ്നേഹിതരോട് പങ്കിടുന്നതിനിടയിൽ അയൽവാസി കടന്നുവന്ന് സലാം ചൊല്ലി എൻ്റെ മുമ്പിലിരുന്നു.

അദ്ധേഹം പറഞ്ഞു: "അബ്ദുൽ വാഹിദേ... കൈ നീട്ടുക, ഞാൻ താങ്കളുടെ മുന്നിൽ വെച്ച് പശ്ചാത്താപിച്ചു മടങ്ങുന്നു. കഴിഞ്ഞ രാത്രിയിൽ പുണ്യനബി ﷺ തങ്ങളെ ഞാൻ സ്വപ്‌നത്തിൽ ദർശിച്ചു.

എന്റെ കൈ പിടിച്ച് ഇങ്ങനെ പറഞ്ഞു: "നിനക്കുവേണ്ടി ഞാൻ രക്ഷിതാവിനോട് ശുപാർശ ചെയ്യും തീർച്ച. എന്റെ മേൽ ചൊല്ലിയ സ്വലാത്താണ് ഇതിനു കാരണമായത്.

പിന്നെ ഞാൻ തിരുനബി ﷺ തങ്ങളെ പിന്തുടർന്നപ്പോൾ എനിക്കുവേണ്ടി എൻ്റെ മുന്നിൽ വെച്ചുതന്നെ അല്ലാഹുവോട് ﷻ ശുപാർശ നടത്തുന്നതായി ഞാൻ കണ്ടു.

അവിടുന്ന് എന്നോട് അരുളി! "നേരം പുലർന്നാൽ അബ്ദുൽ വാഹിദിന്റെ മുന്നിൽ ചെന്ന് പശ്ചാത്തപിച്ച് മടങ്ങുകയും വിശുദ്ധ ജീവിതം നയിക്കുകയും ചെയ്യുക." (സആദത്തുദ്ധാറൈൻ 161)

ഉമ്മയുടെ രോദനം

സുപ്രസിദ്ധ സൂഫിയും ആരിഫുമായ സുഫ്‌യാനുസ്സൗരി (റ) ഉദ്ധരിക്കുന്നു: "ഞാൻ ഒരു തവണ ഹജ്ജ് ചെയ്‌തുകൊണ്ടിരിക്കുമ്പോൾ സ്വലാത്തല്ലാതെ മറ്റൊന്നും ഉരുവിടാത്ത ഒരു യുവാവിനെ കാണാനിടയായി. 

അദ്ധേഹം അന്വേഷിച്ചു: "നിങ്ങൾ ആരാണ് ?

ഞാൻ പറഞ്ഞു: "സുഫ്‌യാനുസ്സൗരിയാണ്."

അദ്ധേഹം: "ഇറാഖുകാരനായ സുഫ‌്യാനാണോ..??"

ഞാൻ "അതെ" , 

അദ്ധേഹം തുടർന്നു: "നിങ്ങൾ അല്ലാഹുവിനെ ﷻ മനസ്സിലാക്കിയിട്ടുണ്ടോ..??"

"അതെ.., മനസ്സിലാക്കിയിട്ടുണ്ട്" എന്ന് മറുപടി നൽകിയപ്പോൾ അദ്ധേഹം ചോദിച്ചു: "എങ്ങനെയാണ്..??"

ഞാൻ വിവരിച്ചു: "രാത്രിയെ പകലിലും പകലിനെ രാത്രിയിലും സംയോജിപ്പുക്കന്ന, ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞിന് രൂപം നൽകുന്ന സർവ്വശക്തനാണ് അല്ലാഹു ﷻ..."

അദ്ധേഹം പറഞ്ഞു: ".. സുഫ്‌യാൻ.... നിങ്ങൾ വേണ്ടപോലെ മനസ്സിലാക്കിയവനല്ല. തീർച്ചയായും തീരുമാനങ്ങളെയും ഉദ്ദേശ്യങ്ങളെയും ദുർബലപ്പെടുത്തുന്നവനും, പ്രയാസങ്ങൾ ദൂരീകരിക്കുന്ന അഖില രക്ഷകനും, പരിപാലകനുമാണവൻ."

ഞാൻ ചോദിച്ചു: "നിങ്ങളെന്താണ് ഇങ്ങനെ പറയാനും സ്വലാത്ത് മാത്രം ഉരുവിടാനും കാരണം..??"

അദ്ധേഹം വിവരിച്ചു: "വർഷങ്ങൾക്കുമുമ്പ് ഉമ്മയോടൊത്ത് ഞാൻ ഹജ്ജിന് വന്നു. ബൈത്തുൽ ഹറാമിൽ പ്രവേശിക്കാൻ ഉമ്മ ആഗ്രഹിച്ചു. ഞാൻ ഉമ്മയെ അവിടെ കൊണ്ടുപോയി. അൽപസമയം കഴിഞ്ഞ് നോക്കുമ്പോൾ ഉമ്മയുടെ വയർ വീങ്ങി വീർക്കുകയും കറുത്തിരുണ്ട് വിരൂപമാവുകയും ചെയ്തിരിക്കുന്നു...!!! ഞാൻ ദുഃഖത്തോടെ ഉമ്മയുടെ അരികെ ഇരുന്നു. ഇരുകരവുമുയർത്തി ഇങ്ങനെ പ്രാർത്ഥിച്ചു. "അല്ലാഹുവേ.... നിന്റെ വീട്ടിൽ അതിഥിയായി വന്ന ഒരു സ്ത്രീ ഇങ്ങനെ പരീക്ഷിക്കപ്പെട്ടുവല്ലോ.. നിന്റെ കരുണയാൽ എന്റെ ഉമ്മയെ രക്ഷിക്കുകയും സന്തുഷ്ടയാക്കുകയും ചെയ്യേണമേ.."

ഈ സമയം ആകാശത്ത് മേഘക്കീറിലൂടെ തൂവെള്ള വസ്ത്രധാരിയായ ഒരു പുരുഷൻ ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അദ്ധേഹം നേരെ ബൈത്തുൽ ഹറാമിൽ പ്രവേശിച്ച്, നിശ്ചലമായി കിടക്കുന്ന ഉമ്മയുടെ വയറ് തടവി നേരെയാക്കുകയും മുഖം തടവി പ്രസന്നമാക്കുകയും ചെയ്തു..!! ഒരു നിമിഷനേരം കൊണ്ടായിരുന്നു. രംഗം ആശ്ചര്യത്തോടെ മാത്രമേ എനിക്ക് വീക്ഷിക്കാൻ കഴിഞ്ഞുള്ളൂ. അദ്ധേഹം പോകാനൊരുങ്ങിയപ്പോൾ ഞാൻ അദ്ധേഹത്തിന്റെ വസ്ത്രത്തിൻ്റെ തലപ്പ് പിടിച്ചുവെച്ചു.

ഞാൻ ചോദിച്ചു: "നിങ്ങളാരാണ്..???"

"അന്ത്യപ്രവാചകൻ മുഹമ്മദുറസൂൽ തങ്ങൾ."

ഇതുകേട്ട് ഞാൻ അത്ഭുതസ്‌തബ്ധനയി. എനിക്ക് കൈവന്ന സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.

"വല്ല ഉപദേശവും നൽകി അനുഗ്രഹിച്ചാലും..." ഞാൻ അവിടുത്തോട് അപേക്ഷിച്ചു.

നിന്റെ കാല്പ്പാദങ്ങളോരോന്നും എടുത്തുവെക്കുന്നത് 'അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദ് എന്നുച്ചരിച്ചു കൊണ്ടാവാൻ മറന്നുപോകരുത്."

ഇതായിരുന്നു അവിടുത്തെ ഉപദേശം. (ഫജ്റുൽ മുനീർ)


മുത്തു നബി ﷺ തങ്ങളുടെ പേരിലുള്ള സ്വലാത്ത്.....!!!

ഒരു സാധുവായ മനുഷ്യന് 500 ദിർഹം കടം ഉണ്ടായിരുന്നു. പലരിൽ നിന്നും വാങ്ങിയ ഈ കടം അവർ തിരിച്ച് ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിയാതെ അദ്ദേഹം ബുദ്ധിമുട്ടി...!!!

അവസാനം ഒരു കച്ചവടക്കാരനോട് അവധി പറഞ്ഞ് 500 ദിർഹം വാങ്ങി പഴയ കടങ്ങൾ വീട്ടി.

അവധി ദിവസം ആയപ്പോൾ കച്ചവടക്കാരൻ ആവശ്യപ്പെട്ടു......നിസ്സഹയനായ ആ സാധു തന്റെ കയ്യിൽ ഒന്നുമില്ലെന്ന് പറഞ്ഞു....നിവൃത്തി ഇല്ലാതെ കച്ചവടക്കാരൻ കോടതിയെ സമീപിച്ചു....!!!.

ന്യായാധിപൻ അദ്ദേഹത്തെ വിളിച്ചു വരുത്തി വിസ്തരിച്ചു.....അവധിക്ക് കടം വീട്ടാൻ കഴിയാത്തതിനാൽ ജയിൽ ശിക്ഷയായിരുന്നു വിധി....!!!

വിധി അംഗീകരിക്കുന്നുവെന്നും, എന്നാൽ കുടുംബത്തെ കണ്ട് വിവരം പറയാൻ ഒരു ദിവസം സമയം വേണമെന്നും, അദ്ദേഹം അപേക്ഷിച്ചു. ആവശ്യപ്പെട്ടു. അതിനു ജാമ്യം വേണമെന്ന് ന്യായാധിപൻ ആവശ്യപ്പെട്ടു.

ജാമ്യം നിൽക്കാൻ ആരുമുണ്ടായില്ല.... ആ സാധു കരഞ്ഞുകൊണ്ട് ന്യായാധിപനോട് പറഞ്ഞു....."എനിക്ക് എന്റെ മുത്ത് നബി ﷺ ജാമ്യം നിൽക്കും! നാളെ ഞാൻ തിരിച്ചു വന്നില്ലെങ്കിൽ ഞാൻ മുത്ത് നബിയുടെ ﷺ  ഉമ്മത്തിലല്ല....!!! 

അദ്ദേഹത്തിന്റെ നിസ്സഹായതയും, വിശ്വാസദാർഢ്യവും കണ്ട ജഡ്ജി പിറ്റേന്ന് രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ട് ആ സാധുവിനെ പറഞ്ഞയച്ചു....!!!!

അയാൾ നേരെ വിട്ടിൽ ചെന്ന് ഭാര്യയോട് പറഞ്ഞു. "നമുക്കൊന്നിച്ചിരിക്കാനുള്ള ഈ അവസാന സമയം തിരുനബിയുടെ ﷺ കാരുണ്യത്തിലാണ് ലഭിച്ചത്....അതു കൊണ്ട് രാവിലെ വരെ നമുക്ക് മുത്തുനബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലാം"

സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കെ അദ്ദേഹം മയങ്ങിപ്പോയി..... അപ്പോൾ തിരുനബി ﷺ സ്വ‌പ്നത്തിൽ വന്നു പറഞ്ഞു.....വിഷമിക്കേണ്ട.  

നാളെ ഭരണാധികാരിയുടെ അടുത്ത് ചെന്ന് പണം വാങ്ങി കടം വീട്ടാം.... എന്റെ സലാം പറഞ്ഞ്, ഞാൻ അയച്ചതാണെന്ന് പറഞ്ഞാൽ മതി. തെളിവായിട്ട് ഇങ്ങനെ പറയുക.. 'നിങ്ങൾ രഹസ്യമായി ദിവസവും ചൊല്ലിയിരുന്ന ആയിരം സ്വലാത്ത് ഇന്നലെ കുറഞ്ഞു പോയിരുന്നു പക്ഷേ അത് പൂർണ്ണമായി തന്നെ എനിക്ക് ലഭിച്ചു..!!!

അതിരാവിലെ തന്നെ അദ്ദേഹം യാത്രയായി.....!!!

വിഷയം ധരിപ്പിച്ചപ്പോൾ ഭരണാധികാരി സന്തോഷം കൊണ്ട് കരഞ്ഞു.... കടം വീട്ടാനുള്ള 500 ദിർഹമിന് പുറമെ 2500 ദിർഹം അടങ്ങിയ ഒരു വലിയ പണസഞ്ചി സമ്മാനമായും നൽകി......!!!

നേരെ കോടതിയിലെത്തിയപ്പോൾ അവിടെ ജഡ്ജി കാത്തിരിക്കുന്നു...ജയിലിലടക്കാനല്ല അവിടെ കടം വീട്ടാനുള്ള 500 ദിർഹമുമായി....!!! 

അത്ഭുപ്പെട്ട് നിന്ന ഫഖീറിനോട് അദ്ദേഹം പറഞ്ഞു. താങ്കളുടെ കാരണത്താൽ ഞാൻ ഇന്നലെ തിരുനബിയെ ﷺ കണ്ടു......താങ്കളുടെ ബാധ്യത വീട്ടി കൊടുത്താൽ അന്ത്യനാളിൽ എന്റെ ബാധ്യതകളിൽ വീട്ടിത്തരാമെന്ന് തിരുദൂതർ ﷺ പറഞ്ഞു..... അത് കൊണ്ട് ഇത് സ്വീകരിച്ചാലും."

ആ സമയത്താണ് കച്ചവടക്കാരൻ തിരക്ക് പിടിച്ച് കടന്നു വന്നത്.....ബഹുമാനപ്പെട്ട ജഡ്‌ജി അവർകളെ ഇദ്ദേഹത്തിന്റെ കടം ഞാൻ ഒഴിവാക്കി കൊടുത്തിരിക്കുന്നു.... ഇന്നലെ എന്നോട് തിരുനബി ﷺ പറഞ്ഞു. ഇന്ന് ഞാൻ ഇദ്ദേഹത്തിന് വിട്ട് വീഴ്ച്ച ചെയ്‌താൽ നാളെ എനിക്ക് വിട്ട് വീഴ്‌ച ലഭിക്കുമെന്ന്....!!!

തുടർന്ന് 500 ദിർഹമിന്റെ പണക്കിഴി ഫഖീറിനെ ഏൽപ്പിച്ചിട്ട് ആ കച്ചവടക്കാരൻ പറഞ്ഞു....നിങ്ങളുടെ കാരണത്താലാണ് ഞാൻ തിരുനബിയെ ﷺ കണ്ടത്. അതു കൊണ്ട് ദയവായി എന്റെ സമ്മാനം സ്വീകരിക്കണം.... !!!

സുബ്ഹാനല്ലാഹ്....!!!

ഫഖീറിന്റെ കടം വീടി കിട്ടി എന്ന് മാത്രമല്ല ഐശ്വര്യവാനായി തിരിച്ചു പോന്നു.... ഇതാണ് സ്വലാത്തിന്റെ മഹത്വം....!!!

ധാരാളം സ്വലാത്ത് ചൊല്ലിയാൽ ആവശ്യങ്ങൾ എല്ലാം നിറവേറ്റപ്പെടും എന്നത് തിരുനബി ﷺ വ്യക്തമായിത്തന്നെ ഹദീസിലൂടെ നമ്മെ അറിയിച്ചിട്ടുണ്ട്....

മഹ്‌ശറിലെ രക്ഷ

അബ്ദുല്ലാഹിബ്നു ഉമർ (റ) വിൽ നിന്ന്: "പുനരുദ്ധാരണ ദിനം ആദം നബി (അ) ഇരിക്കുന്ന പ്രത്യേകമായ ഒരു സ്ഥാനം അർശിന്റെ വിശാലതയിലുണ്ട്. ഹരിതവർണ്ണത്തിൽ രണ്ട് വസ്ത്രം ധരിച്ച ആദം നബി (അ) തന്റെ സന്താനങ്ങളിൽ നിന്ന് ആരൊക്കെ സ്വർഗത്തിലേക്കും നരകത്തിലേക്കും പ്രവേശിക്കുന്നുവെന്ന് അവിടെ ഇരുന്ന് വീക്ഷിച്ചു കൊണ്ടിരിക്കും. മുഹമ്മദ് നബി ﷺ തങ്ങളുടെ ഉമ്മത്തിലൊരാൾ നരകത്തിലേക്ക് നയിക്കപ്പെടുന്നതായി കാണുമ്പോൾ ആദം നബി (അ) വിളിക്കും: "ഓ.. അഹ്മദ് നബി...

ഞാൻ: "ഓ .... മനുഷ്യ പിതാവേ.." എന്ന സംബോധനയോടെ ഉത്തരം നൽകും. അപ്പോൾ ആദം നബി (അ) പറയും: "താങ്കളുടെ ഉമ്മത്തിനെയതാ നരകത്തിലേക്ക് വലിച്ചുകൊണ്ട് പോകുന്നു. മലക്കുകളുടെ ശക്തമായ പിടിയിൽ അകപ്പെട്ട് നിസ്സഹായനും ദുർബലനുമായിരിക്കുന്നല്ലോ അയാൾ.

ഞാൻ അരക്കെട്ട് ഭദ്രമാക്കി മലക്കുകളുടെ പിന്നാലെ കുതിക്കും: "അല്ലാഹുവിന്റെ ﷻ ദൂതന്മാരെ നിൽക്കുക. നിങ്ങളവനെ വെറുതെ വിടൂ" എന്ന് പറയും.

മലക്കുകൾ പ്രതികരിക്കും: "ഞങ്ങൾ അല്ലാഹുവിന്റെ ﷻ ആജ്ഞക്ക് വിരുദ്ധമായൊന്നും ചെയ്യാത്ത അതി ശക്തരാണ്. കൽപ്പിച്ചതെന്തോ അതുമാത്രം പ്രവർത്തിക്കുന്നു."

ഞാൻ നൈരാശ്യത്തോടെ എൻ്റെ ഇടതുകൈകൊണ്ട് എന്റെ താടിരോമം പിടിച്ച് അല്ലാഹുവിനോട് ﷻ പറയും: "എന്റെ സമുദായത്തെ നിന്ദിക്കുകയില്ലെന്ന് നീ എന്നോട് വാഗ്ദ‌ത്തം ചെയ്ത‌ിരുന്നില്ലേ...??"

അപ്പോൾ അർശിന്റെ താഴ്‌ഭാഗത്തു നിന്ന് മലക്കുകൾക്ക് നിർദ്ദേശം വരുന്നു: "നിങ്ങൾ മുഹമ്മദ് നബി ﷺ തങ്ങളെ അനുസരിക്കുകയും ഈ മനുഷ്യനെ പൂർവ്വസ്ഥാനത്തേക്ക് അയക്കുകയും ചെയ്യുക."

നബി ﷺ തങ്ങൾ തുടരുന്നു: "ഞാൻ എൻ്റെ മടിത്തട്ടിൽ നിന്ന് വിരൽക്കൊടി പോലെയുള്ള ഒരു വെള്ളിത്തൂവൽ പുറത്തെടുത്ത് മീസാനിന്റെ വലതുവശം വെക്കും. "ബിസ്‌മില്ലാഹി" എന്ന് ചൊല്ലുമ്പോൾ അവന്റെ സൽകർമ്മങ്ങൾക്ക് വർദ്ധനവുണ്ടാവുകയും അദ്ധേഹം വിജയം വരിച്ചിരിക്കുന്നുവെന്നും സ്വർഗ്ഗത്തിലേക്ക് ആനയിക്കപ്പെടേണ്ടവനാണെന്നും വിളിനാദമുണ്ടാകും.

അപ്പോൾ അദ്ധേഹം മലക്കുകളോട് പറയുന്നു: "രക്ഷിതാവിന്റെ ദൂതന്മാരേ നിൽക്കൂ... സ്വഭാവമഹിമയുള്ള മുഖപ്രസന്നതയുള്ള ബഹുമാന്യനായ മനുഷ്യൻ ആരാണെന്ന് ചോദിക്കട്ടെ..??" അദ്ധേഹം പറയും: "എൻ്റെ മാതാപിതാക്കൾ അങ്ങേക്ക് സമർപ്പണം. താങ്കൾ എന്റെ ദോഷങ്ങൾ പൊറുപ്പിക്കുകയും ഈ ഏകാന്തതയിൽ എന്നോട് അനുഗ്രഹം കാണിക്കുകയും ചെയ്തിരിക്കുന്നു. താങ്കൾ ആരാണെന്ന് പറഞ്ഞാലും..??" 

ഞാൻ മറുപടി നൽകും: "നിൻ്റെ പ്രവാചകൻ മുഹമ്മദ് നബി ﷺ തങ്ങളാണ്. നീ എന്റെ മേൽ ചൊല്ലിയ സ്വലാത്താണ് ഏറ്റവും അനിവാര്യമായ ഘട്ടത്തിൽ നിന്നെ രക്ഷിക്കാനെത്തിയത്...!! (അന്നൂറുൽ മംദൂദ്-181)

വിശുദ്ധ കേശം

"റൗനഖുൽ മജാലിസ്" എന്ന ഗ്രന്ഥത്തിൽ നിന്ന് ഇസ്മ‌ാഈലുബ്ഹാനി "സആദത്തുദ്ധാറൈനിയിൽ" രേഖപ്പെടുത്തുന്നു.

മദീനയിൽ ജീവിച്ചിരുന്ന സമ്പന്നനായ ഒരു വ്യാപാരിക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ മരണശേഷം അനന്തര സ്വത്ത് രണ്ട് പേർക്കുമായി വീതിക്കപ്പെട്ടു. നബി ﷺ തങ്ങളുടെ മൂന്ന് വിശുദ്ധ കേശങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടുപേരും ഓരോന്ന് എടുത്തപ്പോൾ ശേഷിക്കുന്ന ഒന്ന് എന്തുചെയ്യണമെന്നറിയാതെ അവർ അസ്വസ്ഥരായി.

ജ്യേഷ്ഠ സഹോദരൻ പറഞ്ഞു: "നമുക്കിത് രണ്ടായി ഭാഗിക്കം". ഇളയ സഹോദരന് ഇത് ഇഷ്ടമായില്ല. അദ്ദേഹം പറഞ്ഞു: "പുണ്യനബി ﷺ തങ്ങളുടെ പരിശുദ്ധ കേശം മുറിക്കുന്നത് തിരുനബി ﷺ തങ്ങളുടെ മഹനീയ പദവിക്ക് നിരക്കാത്തതാണ്. ഞാൻ അതിനനുവദിക്കില്ല."

"എങ്കിൽ മൂന്ന് മുടിയും നീ സ്വന്തമാക്കൂ... പകരമായി മറ്റു ധനമെല്ലാം ഞാൻ എടുത്തുകൊള്ളാം." മൂത്ത സഹോദരൻ പറഞ്ഞു. "അങ്ങനെയാവാം" അനുജൻ സമ്മതിച്ചു. അദ്ധേഹം ആദരപൂർവ്വം തിരുകേശം തന്റെ വസ്ത്രത്തിൻ്റെ കീശയിൽ സൂക്ഷിച്ചു. തിരുനബി ﷺ തങ്ങളിലുള്ള സ്നേഹാധിക്യത്താൽ ഇടക്കിടെ അത് കീശയിൽ നിന്നും പുറത്തെടുത്ത് നോക്കുകയും അപ്പോഴൊക്കെ അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലുകയും പതിവായിരുന്നു.

ദിവങ്ങൾ കഴിയുന്തോറും മൂത്ത സഹോദരന്റെ ധനം നശിച്ചു തുടങ്ങി. ഇളയവൻ്റെ സമ്പാദ്യത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കൂടിവന്നു.

ഈ അവസ്ഥ തുടർന്നുകൊണ്ടിരിക്കെ അദ്ധേഹം മരണപ്പെടുകയുണ്ടായി. വിയോഗശേഷം ഏതാനും സജ്ജനങ്ങൾ അദ്ധേഹത്തെയും തിരുനബി തങ്ങളെയും ﷺ ഒരുമിച്ച് സ്വപ്‌നത്തിൽ കാണാനിടയായി.

അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു: "ഉദ്ദേശ്യസാഫല്യത്തിന് ഇദ്ദേഹത്തിന്റെ ഖബർ സന്ദർശിച്ച് അല്ലാഹുവിനോട് അപേക്ഷിക്കാനായി നിങ്ങൾ ജനങ്ങളെ അറിയിക്കുക".

പിന്നീട് ആ ഖബറിടം എപ്പോഴും ജനനിബിഡമായിരുന്നു. അതുവഴി പോകുന്ന യാത്രക്കാരിൽ അവിടെ സന്ദർശിക്കാത്തവരാരുമുണ്ടായിരുന്നില്ല. (സആദത്തുദ്ധാറൈൻ-144)

മുറിച്ചെടുത്ത നാക്കും സ്വർണമായി മാറിയ വിറകും

ജാബിറുബ്നു‌ അബ്ദുല്ലാഹ് (റ) ഉദ്ധരിക്കുന്നു: "സ്വലാത്ത് പതിവാക്കിയ ഒരു സ്വഹാബി മദീനയിൽ വസിച്ചിരുന്നു. വിറക് വെട്ടുന്ന ജോലിയായിരുന്നു അദ്ധേഹത്തിന്. നടത്തത്തിലും ഇരുത്തത്തിലും നിൽകുമ്പോഴും കിടക്കുമ്പോഴും ചൊല്ലുന്നത് സ്വലാത്ത് തന്നെ. ഈ വിവരം അവിടെയുള്ള യഹൂദികൾ അറിയാനിടയായപ്പോൾ അവനെ പിടികൂടി ആക്രമിക്കാൻ തീരുമാനിച്ചു. ഒരുദിവസം ഇരുപതോളം വരുന്ന കുതിരസവാരിക്കാരായ യഹൂദികൾ വിറകിന് പോകുന്ന വഴിയിൽ അവനെ ബന്ധിയാക്കി.

അവർ ചോദിച്ചു: "എല്ലാ സമയത്തും മുഹമ്മദ് നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്ന വ്യക്തിയല്ലേ നീ..??

അദ്ദേഹം പറഞ്ഞു: "അതെ... അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്"

ഇതുകേട്ട് ക്ഷുഭിതരായ അക്രമികൾ അദ്ധേഹത്തിന്റെ നാക്ക് വലിച്ചുനീട്ടി മുറിച്ചെടുക്കുകയും അതുമായി മുഹമ്മദ് നബി ﷺ തങ്ങളുടെ അടുത്തേക്ക് പോകാൻ കൽപ്പിക്കുകയും ചെയ്തു‌.

ഉടനെ ജിബ്രീൽ (അ) വന്ന് നബി ﷺ തങ്ങൾക്ക് ഈ വിവരം അറിയിച്ചു. ദുഃഖം അടക്കാനാവാതെ തിരുനബി ﷺ തങ്ങൾ സ്വഹാബിയെ പ്രതീക്ഷിച്ച് മദീനാപ്പള്ളിക്കരികെ ചെന്നുനിന്നു. രക്തം ഒലിച്ചിറങ്ങുന്ന മുഖവുമായി വരുന്ന സ്വഹാബിയെ കണ്ട് നബി ﷺ തങ്ങൾ തിരുകരം കൊണ്ട് സ്വഹാബിയുടെ കൈയിൽ പിടഞ്ഞു കളിക്കുന്ന ചോര പുരണ്ട നാക്കെടുത്ത് വായിൽ വെക്കാൻ ശ്രമിച്ചു. പക്ഷെ.., നാക്ക് വായിൽ കടക്കാതെ പുറത്തുചാടി. അത്ഭുതം..!!! മുറിച്ചിട്ട നാക്ക് നബി ﷺ തങ്ങളോട് ഇങ്ങനെ സംസാരിച്ചു: "ഇദ്ധേഹത്തിൻ്റെ വായിലെത്തുന്നതിനുമുമ്പ് അല്ലാഹുവിന്റെ റസൂലിനെ നേരിൽകണ്ട് വഴിപ്പെടാമല്ലോ." ശേഷം നാക്ക് സ്വന്തമായി വായിൽ കടന്നശേഷം ഛേദിക്കപ്പെട്ട സ്ഥലത്ത് ചേർന്നുനിന്നു. സ്വഹാബി സ്വലാത്ത് ചൊല്ലിത്തുടങ്ങി.

സ്വഹാബിയുടെ കൈയ്യിലുണ്ടായിരുന്ന വിറകുകെട്ട് സ്വർണ്ണവും വെള്ളിയുമായി മാറാൻ നബി ﷺ തങ്ങൾ ആജ്ഞാപിച്ചു. അത്ഭുതം..!!! വിറക് മുഴുവൻ സ്വർണ്ണവും വെള്ളിയുമായി..!!! അതുമായി വീട്ടിലേക്ക് തിരിക്കാൻ സ്വഹാബിയോട് ആവശ്യപ്പെട്ടപ്പോൾ സ്വഹാബി പറഞ്ഞു: "വേണ്ട നബിയേ ﷺ..... ഈ വലിയ സമ്പത്ത് അല്ലാഹുവേ ﷻ വണങ്ങുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. രണ്ട് വിറകുകൊള്ളിയുടെ സ്വർണമൂല്യം തന്നെ എനിക്കും സന്താനങ്ങൾക്കും ധാരാളമാണ്. സ്വസ്ഥമായി ജീവിക്കാൻ ഇത്രയേ ആവശ്യമുള്ളൂ. ശേഷിച്ചതെല്ലാം പൂർവ്വസ്ഥിതിയിലേക്ക് മടക്കണം നബിയേ ﷺ .." 

മുത്ത് നബി ﷺ തങ്ങൾ പ്രാർത്ഥിച്ചു. ശേഷിക്കുന്ന സ്വർണമെല്ലാം വിറകുകെട്ടായി മാറി. സ്വഹാബി അതുമായി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. സംഭവം അക്രമികളായ യഹൂദിസംഘം അറിഞ്ഞപ്പോൾ അത്ഭുതചിത്തരായി. അവരൊന്നിച്ച് നബി ﷺ തങ്ങളുടെ തിരു സന്നിധിയിൽ വന്ന് മാപ്പപേക്ഷിക്കുകയും ഇസ്ലാമാശ്ലേഷിക്കുകയും ചെയ്തു. (അന്നൂറുൽ മംദൂദ്-185)

അറവുസമയത്തെ സ്വലാത്ത്

അഹ്മദുബ്നു‌ സാബിതുൽ മഅ്റബി തിരുനബി ﷺ തങ്ങളെ സ്വ‌പ്നത്തിൽ ദർശിച്ച സംഭവം ഇങ്ങനെ വിവരിക്കുന്നു. എനിക്കൊരിക്കൽ  തിരുദർശനമുണ്ടായപ്പോൾ എന്റെ കാര്യങ്ങൾ ഏറ്റെടുക്കാനായി ഞാൻ തിരുനബി ﷺ തങ്ങളോട് അപേക്ഷിച്ചു. അവിടുത്തെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുകയാണെങ്കിൽ എന്നെയും എന്റെ മാതാപിതാക്കളെയും രക്ഷിക്കാമെന്ന് തിരുനബി ﷺ തങ്ങൾ വാഗ്ദത്തം നൽകി. അലിയ്യ് (റ) വരെയുള്ള ഓരോ പിതാമഹന്മാരുടെ പേരും സുരക്ഷ ഉറപ്പുതന്നവരുടെ കൂട്ടത്തിൽ അവിടുന്ന് എണ്ണുകയും ചെയ്തു‌.

പിന്നെ ഞാൻ റസൂൽ ﷺ തങ്ങളോട് അപേക്ഷിച്ചു: "എല്ലാ വെള്ളിയാഴ്ച രാവും അങ്ങയെ സ്വപ്‌പ്നത്തിൽ ദർശിക്കാൻ അതിയായ ആശയുണ്ട്. അത് സഫലമാകാൻ അവിടുന്ന് എന്നെ സഹായിക്കണം."

തിരുനബി ﷺ തങ്ങൾ പ്രതിവചിച്ചു: "എങ്കിൽ പകലിൽ വ്രതാനുഷ്‌ഠാനവും രാത്രി നിസ്‌കാരവും അധികരിപ്പിക്കുക. കൂടാതെ എന്റെ മേൽ സ്വലാത്ത് ചൊല്ലാനായി കൂടുതൽ സമയം ഉപയോഗപ്പെടുത്തുക."

ശേഷം ഒരു കുതിരപ്പുറത്ത് കയറി തിരുനബി ﷺ തങ്ങൾ പോകാനൊരുങ്ങിയപ്പോൾ അവിടുത്തോടൊപ്പം ഞാനും പുറപ്പെട്ടു. മരുഭൂമിയിലൂടെ കടന്നുപോകുമ്പോൾ അവിടുത്തെ കൈയ്യിലുണ്ടായിരുന്ന ഒരു പക്ഷിയെ വിട്ടയച്ചു. മറ്റു പക്ഷികളെ വേട്ടയാടി പിടിച്ചുകൊണ്ടുവരികയായിരുന്നു ലക്ഷ്യം. അൽപ്പസമയത്തിനുശേഷം ഏകദേശം കൊറ്റിയോട് സാമ്യമായ ഒരു പക്ഷിയെ പിടിച്ച് എന്റെ മുന്നിൽ പറന്നെത്തി. ഞാനങ്ങനെ തിരുനബി ﷺ തങ്ങളുടെ സമ്മതപ്രകാരം അറുത്തു. അപ്പോൾ അവിടുന്ന് ചോദിക്കുകയുണ്ടായി: അറുക്കുമ്പോൾ ഉരുവിട്ടത് ഏതു വചനങ്ങളായിരുന്നു...??" "

"ബിസ്മ‌ില്ലാഹി, അല്ലാഹു അക്‌ബർ" - ഞാൻ മറുപടി നൽകി.

അപ്പോൾ തിരുനബി ﷺ തങ്ങൾ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "ഇതോടുകൂടെ എന്റെ പേരിൽ സ്വലാത്തും ഉരുവിടുകയാണെങ്കിൽ ഏറ്റവും ഉചിതമായിരുന്നല്ലോ.

അറവുസമയം സ്വലാത്ത് സുന്നത്താണെന്ന് തെളിയിക്കാൻ ഈ ചരിത്രം പ്രമാണമാണെന്ന് ഇസ്മാഈലുന്നബ്ഹാനി സആദത്തുദ്ധാറൈനിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് സുന്നത്താണെന്ന് തെളിയിക്കുന്ന ഇമാം ശാഫിഈ (റ) ൻ്റെ തെളിവ് മുമ്പ് നാം ഉദ്ധരിച്ചിട്ടുണ്ട്. ഹനഫീ, ഹമ്പലീ, മദ്ഹബുകളിൽ ഇത് സുന്നത്തായി പരിഗണിക്കപ്പെടുന്നില്ല. എന്നാൽ മാലികി മദ്ഹബുകളിൽ അറവുസമയം സ്വലാത്ത് സുന്നത്താണെന്ന അഭിപ്രായമുണ്ട്. (സആദത്തുദ്ധാറൈൻ)

ഒരു പെൺകുട്ടി കാണിച്ച അത്ഭുതം..!!!

സയ്യിദ് അഹ്മദുസ്സ്വാവി (റ) പറയുന്നു: "ദലാഇലുൽ ഖൈറാത്ത്" രചിക്കാൻ കാരണം സയ്യിദ് മുഹമ്മദ് സുലൈമാനുൽ ജസൂലി തങ്ങൾക്കുണ്ടായ ഒരു അനുഭവമായിരുന്നു.

ഒരിക്കൽ ളുഹ്ർ നിസ്‌കാരത്തിനു അംഗസ്‌നാനം ചെയ്യാൻ സുലൈമാനുൽ ജസൂലി തങ്ങൾക്ക് വെള്ളം ലഭിക്കാതെ വന്നു. വെള്ളമുള്ള കിണർ അരികെയുണ്ടെങ്കിലും അത് കോരിയെടുക്കാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. ശൈഖ് നിരാശയോടെ കിണറിന്റെ അരികെ നിൽക്കുന്നതിനിടയിൽ എവിടെ നിന്നോ ഒരു പെൺകുട്ടി ഓടിവന്നു.

അവൾ ചോദിച്ചു: "നിങ്ങളാരാണ്..?? എന്താണിവിടെ..??

ശൈഖവർകൾ മറുപടി നൽകി: "നിസ്‌കാരത്തിന് സമയമായിരിക്കുന്നു. എനിക്ക് വുളൂഅ് ചെയ്‌ത്‌ നിസ്‌കരിക്കണം. ഈ കിണറ്റിൽ വെള്ളമുണ്ട്. പക്ഷേ... അതെടുക്കാൻ കഴിയാതെ ദുഃഖിതനായി നിൽക്കുകയാണ് ഞാൻ."

ഇത് പറയേണ്ട താമസം.., പെൺകുട്ടി എന്തോ ഉരുവിട്ട്കൊണ്ട് കിണറ്റിലേക്ക് ഊതി. അത്ഭുതം..!!! കൈകൊണ്ട് കോരാവുന്ന വിധം കിണറ്റിൽ വെള്ളം ഉയർന്നു വന്നു...!!!

ശൈഖവർകൾ സുഖമായി വുളൂ ചെയ്ത‌ ശേഷം അവളോട് ചോദിച്ചു: "ഇത്രയും മഹത്തരവും അനുഗ്രഹീതവുമായ പദവി നീ എങ്ങനെ കൈവരിച്ചു....???

അവൾ പറഞ്ഞു: "ഹബീബായ മുത്ത് നബി ﷺ തങ്ങളുടെ പേരിൽ വർദ്ധിപ്പിക്കുന്ന സ്വലാത്താണ് എന്നെ ഈ സ്ഥാനത്തേക്കുയർത്തിയത്..!!!" (ഇബിദ്‌ : 172)

ദാരിദ്ര്യം നീക്കിയ സ്വലാത്ത് 

"തുഹ്ഫത്തുൽ അഖ് യാറിൽ" അബൂ അബ്ദില്ലാഹി റസ്സാഅ് (റ) ഉദ്ധരിക്കുന്നു: "നബി തങ്ങളുടെ ﷺ മേൽ അഞ്ഞൂറു തവണ സ്വലാത്ത് ചൊല്ലിയവന് ഒരിക്കലും ദാരിദ്ര്യമെത്തുകയില്ല" എന്ന ഹദീസ് അനുസരിച്ച് ദരിദ്രനായ ഒരാൾ ദൃഢവിശ്വാസത്തോടെ മര്യാദകളെല്ലാം പാലിച്ച് 500 തവണ സ്വലാത്ത് ചൊല്ലുകയുണ്ടായി. സ്വലാത്തിന്റെ ബറക്കത്തിനാൽ അല്ലാഹു ﷻ അവനെ പ്രതാപിയും സമ്പന്നനുമാക്കി മാറ്റി.

അദ്ധേഹം തുടരുന്നു: "ആരെങ്കിലും ഇപ്രകാരം ചൊല്ലിയിട്ടും ദാരിദ്ര്യം നീങ്ങാതെ വരുന്നത് വിശ്വാസത്തിന് മങ്ങലേറ്റതും ചിന്തയിൽ പിഴവ് കടന്നുകൂടിയതും കൊണ്ടാണ്. അല്ലാഹുവിന്റെ ﷻ അപാരമായ കഴിവും കാരുണ്യവും മുന്നിൽ കണ്ട്, സ്വലാത്തിൻ്റെ "തബറുകി" ൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് ഇത് ചൊല്ലിയാൽ ചൊല്ലിയാൽ ഇഹത്തിൽ സാമ്പത്തിക ഐശ്വര്യമുണ്ടാകുമെന്നതിൽ സന്ദേഹമില്ല. (സആദത്തുദ്ധാറൈൻ)

ദാഹജലം നൽകി

അബ്ദുല്ലാഹിബ്നു സലാമിൽ (റ) നിന്ന്: ഞാൻ സഹോദരനായ ഉസ്‌മാനെ കാണുവാൻ പോയപ്പോൾ അദ്ധേഹം പറഞ്ഞു: "സഹോദരാ... സ്വാഗതം..!! നിനക്ക് മംഗളം നേരുന്നു..!! കഴിഞ്ഞ രാത്രിയിൽ തിരുനബി ﷺ തങ്ങൾ ഒരു ബക്കറ്റ് നിറയെ ശുദ്ധജലം എൻ്റെ നേരെ നീട്ടുന്നതായി ഞാൻ സ്വപ്‌നത്തിൽ ദർശിച്ചു. അതു വാങ്ങി ദാഹം തീരുന്നതുവരെ കുടിക്കുകയും മതിവരുവോളം അതിൻ്റെ തണുപ്പ് ആസ്വദിക്കുകയും ചെയ്തു‌. മനസ്സിന് വല്ലാത്ത സംതൃപ്‌തിയും ആത്മവെളിച്ചവും കൈവന്നപോലെ എനിക്കനുഭവപ്പെട്ടു."

ഇതുകേട്ട് ഞാൻ അത്ഭുതത്തോടെ ചോദിച്ചു: "സഹോദരാ... നബി ﷺ തങ്ങളെ ഇത്രയുമധികം സന്തോഷിപ്പിക്കാൻ നീ എന്താണ് ചെയ്തത്...??"

"അവിടുത്തെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുന്നത് പതിവാക്കിയിരുന്നു" അദ്ധേഹം മറുപടി നൽകി. (സആദത്തുദ്ധാറൈൻ)

സ്വലാത്ത് രക്ഷപ്പെടുത്തിയ ശ്മശാനവാസികൾ 

"റൗളുൽഫാഇഖ്" എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു: ഭക്തയും നിഷ്‌കളങ്കയുമായ ഒരു സ്ത്രീക്ക് ദുഷ്ടനായ ഒരു മകനുണ്ടായിരുന്നു. അവൾ അവനെ നന്മകൊണ്ട് നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കും. പക്ഷേ... അതനുസരിച്ച് ജീവിതം വിശുദ്ധമാക്കാനോ പാപങ്ങളിൽ നിന്നു വിരമിക്കാനോ അവൻ തയ്യാറായില്ല. അങ്ങനെയിരിക്കെ അവൻ മരണപ്പെട്ടു. പശ്ചാത്താപമില്ലാതെ മകൻ മരണപ്പെട്ടതു ഉമ്മയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഒരു തവണയെങ്കിലും മകനെ സ്വ‌പ്നത്തിൽ കാണാൻ അവൾ ആഗ്രഹിച്ചു.

ഖബറിൽ ശിക്ഷിക്കപ്പെടുന്നതായി പിന്നീടൊരിക്കൽ മകനെ സ്വപ്നം കാണാനിടയായത് ഉമ്മയെ കൂടുതൽ ദുഃഖിതയാക്കി. ദിവസങ്ങൾക്കുശേഷം അവനെ സന്തോഷകരമായ നിലയിൽ സ്വപ്‌നത്തിൽ ദർശിച്ചപ്പോൾ ഉമ്മ ചോദിച്ചു: "എന്തുണ്ട് മകനേ വിശേഷങ്ങൾ..?? നീ ശിക്ഷിക്കപ്പെടുന്നതായി ഞാൻ കണ്ടിരുന്നല്ലോ..?? ഈ അനുഗ്രഹീത അവസ്ഥ കൈവരാൻ എന്താണ് കാരണമായത്...???

അവൻ പ്രതിവതിച്ചു: "ദോഷിയായ ഒരാൾ ഈ ശ്മശാനത്തിലൂടെ നടന്നുപോകുമ്പോൾ ഇവിടെയുള്ള ഖബറുകൾ കണ്ടു. പുനരുത്ഥാനത്തിനും അതിന്റെ ഭീകരതയിലും ചിന്തിക്കുകയുണ്ടായി. ശ്‌മശാനവാസികളുടെ അവസ്ഥ ഓർത്ത് ഖേദിക്കുകയും അവൻ്റെ പാപങ്ങൾ ചിന്തിച്ചു വിലപിക്കുകയും ചെയ്‌തു. ഇതു അല്ലാഹുവിനെ ﷻ ഭയക്കാനും നിഷ്‌കളങ്ക മനസ്സോടെ പശ്ചാത്തപിച്ചു മടങ്ങാനും നിമിത്തമായി. കൂടാതെ അവൻ 20 സ്വലാത്ത് ചൊല്ലി, ഖുർആനിൽ നിന്നല്പം പാരായണം ചെയ്തു. അതിന്റെ പ്രതിഫലം ശ്മശാനവാസികൾക്ക് സമർപ്പിച്ചു. അതിൽനിന്നൊരംശം എനിക്ക് കിട്ടിയപ്പോഴാണ് ഈ കാണുന്ന അനുഗ്രഹം കൈവരിച്ചത്.

സ്വലാത്തിന്റെ പ്രതിരൂപം

ശൈഖ് ശിബ് ലി (റ) ൽ നിന്ന്: എൻ്റെ ഒരയൽവാസി മരണപ്പെട്ടു. ദിവസങ്ങൾക്കുശേഷം ഞാൻ അദ്ധേഹത്തെ സ്വപ്‌നത്തിൽ കണ്ടു.

ഞാൻ ചോദിച്ചു: "ഖബ്‌ർ വിശേഷങ്ങൾ എന്തൊക്കെയാണ്...???"

അദ്ധേഹം പറഞ്ഞു: "മലക്കുകൾ എന്നെ ചോദ്യം ചെയ്‌തപ്പോൾ മറുപടി നൽകാനാകാതെ ഞാൻ ഭയവിഹ്വലനായി.അവർ ശിക്ഷിക്കനായി എന്റെ നേരെ വലിയ ടണ്ഡുകൾ എടുത്തു. ഒരടികൊണ്ട് തന്നെ ഞാൻ ചതഞ്ഞു പോകും. അത്രയ്ക്കും കഠിനമായിരുന്നു അത്. അപ്പോഴേക്കും ഖബ്റിൽ സുസ്മേരവദനനായി ഒരു സുമുഖൻ പ്രത്യക്ഷപ്പെട്ടു. ആഗതൻ മലക്കുകളോട് പറയേണ്ട വിഷയങ്ങൾ എന്നെ ഓർമ്മിപ്പിക്കുകയായിരുന്നു. അതോടെ മുൻകർ-നകീറിൻ്റെ ചോദ്യങ്ങൾക്ക് സന്തോഷത്തോടെ മറുപടി നല്കാൻ കഴിഞ്ഞു. അതുവരെ എന്റെ നാക്ക് നിശ്ചലമായിരുന്നു. ഒരക്ഷരം ഉരുവിടാൻ കഴിഞ്ഞിരുന്നില്ല. അതിൻ്റെ കാരണം എന്താണെന്ന് മനസ്സിലായിരുന്നില്ല. പിന്നീട് ഒരശരീരി കേൾക്കുകയുണ്ടായി...!!

"നിന്റെ നാക്കിനെ ഇഹത്തിൽ വെച്ച് നിഷിദ്ധങ്ങൾക്ക് ഉപയോഗിച്ചതിൻ്റെ ഫലമായിരുന്നു അതെല്ലാം. നീ ചൊല്ലിയ സ്വലാത്ത് ഏറ്റവും അനിവാര്യമായ ഈ ഘട്ടത്തിൽ നിന്റെ തുണക്കെത്തിയിരിക്കുന്നു...!" 

ഞാൻ ചോദിച്ചു: "നിങ്ങളാരാണ്..??"

അദ്ധേഹം പ്രതികരിച്ചു: "നീ ചൊല്ലിയ സ്വലാത്തുകളുടെ പ്രതിരൂപമാണ് ഞാൻ. എന്റെ സൃഷ്ടിപ്പിന് ഹേതുവായ നീ ശിക്ഷിക്കപ്പെടുന്നതായി അറിഞ്ഞപ്പോൾ രക്ഷക്കെത്തുകയായിരുന്നു. (ഇർശാദുൽ ഇബാദ്)

മോഷണം തെളിയിച്ച ഒട്ടകം

ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: "നബി ﷺ തങ്ങളും സ്വഹാബികളും മദീനാ പള്ളിയിൽ ഇരിക്കുമ്പോൾ ഒരു അഅ്റാബി തന്റെ ഒട്ടകത്തെ പള്ളിയുടെ വാതിലിൽ ബന്ധിച്ചശേഷം സദസ്സിലേക്ക് കടന്നുവന്നു. അദ്ധേഹം പോകനൊരുങ്ങിയപ്പോൾ ഒട്ടകം മോഷ്ടിക്കപ്പെട്ടതാണെന്ന വാർത്ത നബി ﷺ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

അലിയ്യ് (റ) വിനോട് നബി ﷺ തങ്ങൾ കൽപ്പിച്ചു. അല്ലാഹുവിന്റെ ﷻ അവകാശം അഅ്റാബിയിൽ നിന്ന് പിടിച്ചു വാങ്ങുക . അല്ലെങ്കിൽ അഅ്റാബിയോട് തെളിവുസഹിതം ഹാജറാകാൻ നിർദ്ദേശിക്കുക." അഅ്റാബി നാണത്തോടെ ശിരസ്സ് താഴ്ത്തി, എന്തോ മന്ത്രിച്ചുകൊണ്ട് തിരുസന്നിധിയിൽ തന്നെ ഇരുന്നു.

"അത്ഭുതം ഒട്ടകം ഈ സമയം സംസാരിച്ചുതുടങ്ങി. പൂർണ്ണ ചന്ദ്രനും, മനുഷ്യകുലത്തിലുൽകൃഷ്ടരും അറബികൾക്കും അനറബികൾക്കും നേതാവുമായ നബിയേ ﷺ.... അങ്ങേയ്ക്ക് സലാം... തീർച്ചയായും ഞാൻ മോഷ്ടിക്കപ്പെട്ട ഒട്ടകമല്ല. ഈ മനുഷ്യൻ എന്നെ വിലക്കുവാങ്ങിയതാണ്. പക്ഷേ മോഷണത്തിലൂടെ കൈവശപ്പെടുത്തിയ ഒരാളിൽ നിന്നാണ് എന്നെ വാങ്ങിച്ചത്..!!"

നബി ﷺ തങ്ങൾ അഅ്റാബിയോട് ചോദിച്ചു: "ഒട്ടകം സത്യം പറഞ്ഞിരിക്കുന്നു. എങ്കിലും നാണത്തോടെ തലതാഴ്ത്തി ഇരുന്നപ്പോൾ നീ എന്തോ മന്ത്രിച്ചിരുന്നല്ലോ, അതെന്തായിരുന്നു...???"

"അല്ലാഹുവേ ﷻ നിന്നെ ആരും സൃഷ്ടിച്ചതല്ല. സൃഷ്ടികൾക്ക് സഹായം നൽകുന്നതിൽ നിനക്കൊരു പങ്കുകാരനുമില്ല. അതിനാൽ നിൻ്റെ ഹബീബായ തിരുനബി ﷺ തങ്ങളുടെ മുന്നിൽ എൻ്റെ നിരപരാധിത്തം തെളിയിച്ച് മാനം സംരക്ഷിക്കേണമേ.. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് വഅലാ ആലിഹി." ഇതാണ് ഞാൻ ഉരുവിട്ടത്.

തിരുനബി ﷺ തങ്ങൾ പറഞ്ഞു: "അതെ..., അല്ലാഹുവാണെ ﷻ സത്യം..!! നിശ്ചയം നന്മ രേഖപ്പെടുത്തുന്ന മലക്കുകളാൽ വഴിയോരങ്ങളെല്ലാം നിബിഡമായതായി ഞാൻ കാണുന്നു." (അന്നൂറുൽ മംദൂദ് -190).

തിരുനബി ﷺ തങ്ങൾ നൽകിയ ആഹാരം

അബുഹഫ്‌സുൽ ഹദ്ദാദ് (റ) ഉദ്ധരിക്കുന്നു: ഞാൻ മദീനയിൽ താമസിക്കുമ്പോൾ ഭക്ഷണമൊന്നും ലഭിക്കാതെ പതിനഞ്ച് ദിവസത്തോളം കഴിയേണ്ടി വന്നു. അപ്പോൾ വിശന്നവനായ ഞാൻ തിരുനബി ﷺ തങ്ങളുടെ റൗളയിൽ ചെന്ന് സങ്കടം നിരത്തി. റൗളയുടെ ചുമരിനോട് നേരെ എന്റെ വയറ് ചേർത്തുപിടിച്ചു സ്വലാത്ത് ചൊല്ലി. എന്നിട്ട് ഇങ്ങനെ പ്രാർത്ഥിച്ചു.

"അല്ലാഹുവിന്റെ ﷻ തിരുദൂതരേ ﷺ... അങ്ങയുടെ അതിഥി ഇതാ വിശപ്പ് സഹിച്ച് അവശനും അബലനുമായി വന്നിരിക്കുന്നു. വിശപ്പടക്കാൻ വല്ലതും നൽകി അനുഗ്രഹിച്ചാലും..."

ഇതിനുശേഷം എനിക്ക് നേരിയ മയക്കം അനുഭവപ്പെട്ടു. ഞാൻ റൗളക്കരികിൽ കിടന്നുറങ്ങി. ഈ സമയം ഹബീബായ മുത്ത് റസൂൽ ﷺ തങ്ങൾ വന്നു ഒരു അപ്പം എൻ്റെ നേരെ നീട്ടുന്നതും അതുവാങ്ങി ഭക്ഷിക്കുന്നതും ഞാൻ സ്വ‌പ്നത്തിൽ ദർശിച്ചു. പെട്ടന്ന് ഞാൻ ഉറക്കമുണർന്നപ്പോൾ എൻ്റെ വിശപ്പ് അടങ്ങിയിരുന്നു. നല്ല രുചിയുള്ള ഒരു അപ്പക്കഷ്ണം എൻ്റെ കയ്യിൽ ശേഷിക്കുന്നുണ്ടായിരുന്നു...!!! (സആദത്തുദ്ധാറൈൻ - 160)

തിരുസാന്നിധ്യം

സയ്യിദ് അബ്ദുൽ ജലീൽ മഗ്‌റബി (റ) : "മുഖദ്ധിമതുത്തൻബീഹിൽ" രേഖപ്പെടുത്തുന്നു. ഞാൻ സ്വലാത്തിനെക്കുറിച്ച് ഗ്രന്ഥരചന നടത്തുന്നതിനിടയിൽ നേരിയ മയക്കം അനുഭവപ്പെടാനിടയായി. 

അപ്പോൾ ഹബീബായ നബി ﷺ തങ്ങളെ സ്വപ്‌നത്തിൽ ദർശിച്ചു. ഒരു കഴുതപ്പുറത്തേറി ഞാൻ സഞ്ചരിക്കുന്നു.എന്റെ മുന്നിൽ കുതിച്ചുപോകുന്ന ഒരുപാട് യാത്രക്കാർ. അവരിൽ നിന്ന് എന്തോ കൈപ്പറ്റാം എന്ന ലക്ഷ്യത്തോടെ അവർക്കൊപ്പമെത്തനായി ഞാനും എന്റെ കഴുതയെ അതിവേഗം തെളിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ ഒരാൾ വന്നു എന്റെ കഴുതയെ തടഞ്ഞു...!! കൂടെയുള്ളവരെ പ്രാപിക്കാൻ കഴിയാത്തതിനാൽ ഞാൻ നിരാശനും ദുഃഖിതനുമായി. തത്സമയം സുമുഖനും പ്രഭാവനുമായ ഒരാൾ അവിടെ പ്രത്യക്ഷപ്പെട്ടു. വഴിതടഞ്ഞു നിന്നയാളെ ആഗതൻ പിന്തിരിപ്പിച്ചു.

അദ്ധേഹം പറഞ്ഞു: "ഇദ്ധേഹത്തെ വിട്ടയക്കുക..,. പാപമുക്തിയും തിരുനബി ﷺ തങ്ങളുടെ സ്നേഹവും സമ്പാദിച്ചവനാണിവൻ." അങ്ങനെ വഴിമുടക്കിയുടെ വലയിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു.

ഉറക്കമുണർന്നപ്പോൾ ഞാൻ ശാന്തനും സന്തുഷ്ടനുമായിരുന്നു സ്വപ്നവിവരങ്ങൾ ഓരോന്ന് എൻ്റെ മനസ്സിൽ തെളിഞ്ഞുവന്നു. സ്വപ്നം യാഥാർത്ഥ്യമാകാൻ എല്ലാ സാഹചര്യങ്ങളും സമ്മേളിച്ചിട്ടുണ്ടായിരുന്നു.

വഴിയിൽ വിഘാതമായിവന്ന മനുഷ്യനിൽ നിന്ന് എന്നെ രക്ഷപ്പെടുത്തിയത് തിരുനബി ﷺ തങ്ങളുടെ സാന്നിധ്യവും അനുഗ്രഹവുമാണെന്നു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. (ഇബിദ്:162)

ചുഴലിക്കൊടുങ്കാറ്റ്

തനിക്കും തന്റെ സ്നേഹിതന്മാർക്കുമുണ്ടായ ഒരനുഭവം ശൈഖ് സ്വാലിഹ് മുസള്ളരീർ (റ) വിവരിക്കുന്നു: "ഞങ്ങൾ സമുദ്രയാത്ര ചെയ്തു‌കൊണ്ടിരിക്കുമ്പോൾ കൊടുങ്കാറ്റ്....!!! ഒരുവിധേനയും യാനം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തിരമാലകൾ ദിശമാറി വരുന്നത് കാരണം യാനം ആടിയുലയാൻ തുടങ്ങി. അത് മറിഞ്ഞ് മുങ്ങിപ്പോവുന്ന വക്കോളമെത്തി. ഞങ്ങളെല്ലാം മരണമുറപ്പിച്ചു അതിന് തയ്യാറായി. ഞാൻ യാനത്തിന്റെ ഒരു മൂലയിൽ തലചായ്ച്ച് ഇരിക്കുകയായിരുന്നു. അതിനിടയിൽ ഒരു നേരിയ മയക്കം എന്നെ പിടികൂടി. ആ മയക്കത്തിൽ ഞാൻ നബിതിരുമേനി ﷺ തങ്ങളെ സ്വപ്‌നത്തിൽ ദർശിച്ചു.

പ്രസിദ്ധമായ "സ്വലാത്തുൽ മുൻജിയ" ചൊല്ലി നബിതിരുമേനി ﷺ തങ്ങൾ ഇങ്ങനെ നിർദ്ദേശിച്ചു: "യാത്രക്കാർ ഇത് ആയിരം പ്രാവശ്യം ചൊല്ലിക്കൊള്ളട്ടെ..."

മയക്കം വിട്ടത് പെട്ടന്നായിരുന്നു. ഉടനെ ഞാൻ എഴുന്നേറ്റ് സഹായത്രികരോട് എന്റെ സ്വപ്നദർശനത്തെക്കുറിച്ചറിയിക്കുകയും സ്വലാത്ത് ചൊല്ലാൻ കൽപ്പിക്കുകയും ചെയ്‌തു. ഞങ്ങൾ ഇടറുന്ന മനസ്സുമായി ഒന്നിച്ച് സ്വലാത്ത് ചൊല്ലാൻ തുടങ്ങി. ഏകദേശം മുന്നൂറു സ്വലാത്ത് തികഞ്ഞപ്പോൾ കാറ്റ് പൂർണ്ണമായി ശമിച്ചു. തിരമാലകളുടെ തീവ്രത കുറഞ്ഞു. യാനം നിയന്ത്രണവിധേയമായി.

സ്വലാത്തിന്റെ അത്ഭുതകരമായ ഫലം ഞങ്ങൾക്ക് ബോധ്യപ്പെടുകയായിരുന്നു. അല്ലാഹുവിൻ്റെ ﷻ അപാരമായ അനുഗ്രഹത്തിന് കൃതജ്ഞരായി നിർഭയം യാത്ര തുടർന്നു. അവിശ്വസനീയമായ ഒരു സംഭവം പോലെയാണ് പിന്നീട് ഞങ്ങൾ അത് ഓർത്തിരുന്നത്. (ഫജ്റുൽ മുനീർ)

ഇരുമ്പഴികൾ ഭേദിച്ച സ്വലാത്ത്

ഇബ്റാഹീമുബ്‌നു മർസൂഖുൽ ബന്നാനി (റ) ഉദ്ധരിക്കുന്നു: "ശക്ർ ദ്വീപിൽ നിന്ന് ഒരാളെ ഏതാനും അക്രമികൾ ചേർന്ന് പിടിച്ചു ബന്ധിയാക്കുകയും തടങ്കലിൽ താമസിപ്പിക്കുകയും ചെയ്തു‌. അദ്ധേഹം അക്രമികളുടെ മുന്നിൽ നിന്ന് നബി ﷺ തങ്ങളെ വിളിച്ചു സഹായാഭ്യർത്ഥന നടത്താനും സ്വലാത്ത് ചൊല്ലാനും തുടങ്ങി. ഇതുകേട്ട അക്രമികളുടെ മനസ്സിനെ കൂടുതൽ പൗരുഷമാക്കുകയും വിദ്വേഷം വർദ്ധിപ്പിക്കുകയും ചെയ്തു‌.

അക്രമിസംഘത്തിലെ തലവൻ ആർത്തനാദം കേട്ടു, അവൻ അദ്ധേഹത്തെ പരിഹസിച്ചു: "നിന്റെ പ്രവാചകൻ മുഹമ്മദിനെ വിളിച്ചോ..... എന്നാൽ അദ്ദേഹം വന്ന് നിന്നെ കൊണ്ടുപോകും...!!"

പിന്നീടവൻ ഗർജ്ജിച്ചു: "ഇരുമ്പഴികൾക്കുള്ളിൽ ഇവനെ പൂട്ടുക നടുനെഞ്ചിൽ ചാട്ടവാർ പ്രയോഗിക്കുക....!!??? " അദ്ധേഹം അപ്പോഴും ശുഭാപ്തിയോടെ നബി ﷺ തങ്ങളെ വിളിച്ച് രക്ഷതേടി.

നേരം സന്ധ്യയായി... നിശയുടെ നിശബ്ദതയും ഏകാന്തതയുടെ നൊമ്പരവും അദ്ധേഹത്തെ വ്യാകുലചിത്തനാക്കി. എങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ തന്നെ അന്ന് അന്തിയുറങ്ങി. അർദ്ധരാത്രിയായപ്പോൾ ഒരാൾ വന്നു അദ്ധേഹത്തെ വിളിച്ചുണർത്തി. ബാങ്ക് കൊടുക്കാൻ കൽപ്പിച്ചു...!!! അദ്ധേഹം ബാങ്ക് വിളിക്കാൻ തുടങ്ങി. "അശ്ഹദു അന്ന മുഹമ്മദുർറസൂലുല്ലാഹ്" വരെ എത്തിയപ്പോൾ ഇരുമ്പഴികൾ പൊട്ടിത്തെറിച്ചു...!!! ചാട്ടവാറിൻ്റെ പാടുകൾ നീങ്ങി..!!

പിന്നെ അദ്ധേഹം കണ്ടത് വിശാലമായ ഉദ്യാനമാണ്. അത്ഭുതം..!! പലവിധ വർണ്ണങ്ങളിൽ പൂക്കൾ നിറഞ്ഞുനിൽക്കുന്ന മനോഹരമായ പൂന്തോപ്പ്..!! അതിൻ്റെ മധ്യത്തിലൂടെ ഒരു നടപ്പാത..!! അദ്ധേഹം അതിലൂടെ നടന്നു. നേരെയെത്തിയത് അടഞ്ഞു കിടക്കുന്ന ഒരു കവാടത്തിനു സമീപത്താണ്. അത് തുറന്നു കാലെടുത്തുവെച്ചത് തന്റെ രാജ്യമായ ശക്ർ പട്ടണത്തിലായിരുന്നു.

അദ്ധേഹം ചോദിച്ചു: "എന്നെ വിളിച്ചുണർത്തി വഴികാണിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്‌ത താങ്കൾ ആരാണ്...??"

അജ്ഞാതൻ പ്രതികരിച്ചു: "ആപൽഘട്ടങ്ങളിൽ ഞങ്ങളെ വിളിച്ച് "സഹായാഭ്യർത്ഥിക്കുന്നവരെ ഞങ്ങൾ നിരാശരാക്കാറില്ല. അതിനുവേണ്ടിവന്ന രക്ഷാദൂതനാണ് ഞാൻ."

തടവുപുള്ളി ഒരു പോറലുമേൽക്കാതെ രക്ഷപ്പെട്ടുവന്ന വാർത്ത ദ്വീപ് നിവാസികൾ അറിഞ്ഞു. അറിഞ്ഞവരൊക്കെ അദ്ധേഹത്തെ തേടിയെത്തുകയും അനുഗ്രഹം വാങ്ങി തിരിച്ചുപോകുകയും ചെയ്‌തു. (അന്നൂറുൽ മംദൂദ്, പേജ്-188)

തിരുനബി ﷺ തങ്ങളെ കാണാത്തവർ

ബീവി ആയിശാ (റ) ഒരിക്കൽ തുണി തുന്നുമ്പോൾ സൂചി താഴെ വീണു. ഉടനെ വിളക്കും അണഞ്ഞുപോയി. ഈ സമയം നബിതിരുമേനി ﷺ തങ്ങൾ അവിടേക്ക് കടന്നുവന്നു. അവിടുത്തെ ശരീരത്തിന്റെ പ്രകാശം കാരണം മുറി നിറയെ വെളിച്ചം പരന്നു...!!! തിരുവെളിച്ചത്തിൽ ﷺ ബീവി സൂചിയെടുത്തു.

"അങ്ങയുടെ മുഖത്തിന് എന്തൊരു തേജസ്സാണ്..!!!" ആയിശാ ബീവി (റ) അത്ഭുതത്തോടെ ആരാഞ്ഞു.

നബി ﷺ തങ്ങൾ പ്രതികരിച്ചു: "ഹാ കഷ്ടം എന്നെ കാണാത്തവർക്ക് കഷ്ടം"

ആയിശാ ബീവി (റ) ചോദിച്ചു: "ആരാണ് അങ്ങയെ കാണാത്തവർ..???"

നബി ﷺ തങ്ങൾ പ്രതികരിച്ചു: "ലുബ്ദൻ..!!"

ബീവി: "ആരാണ് ലുബ്ദൻ...???"

എന്റെ നാമം കേട്ട് സ്വലാത്ത് ചൊല്ലാത്തവൻ." അവിടുന്ന് മറുപടി നൽകി. (ഇർശാദുൽ ഇബാദ്)

സ്വലാത്തിൽ ധൃതി പാടില്ല

"ത്വബഖാത്തുൽ ഔലിയ" എന്ന ഗ്രന്ഥത്തിൽ അബ്ദുൽ വഹ്ഹാബ് ശ്ശഅ്റാനി(റ) ഉദ്ധരിക്കുന്നു: "ശൈഖ് അബുൽ മവാഹിബുശ്ശാദുലി(റ) ഹബീബായ നബി ﷺ തങ്ങളെ സ്വപ്‌നത്തിൽ ദർശിക്കുകയുണ്ടായി. അദ്ധേഹം തിരുനബി ﷺ തങ്ങളോട് അപേക്ഷിച്ചു: "അല്ലാഹുവിന്റെ ﷻ ദൂതരേ.. അങ്ങ് എന്നെ കൈവിടരുതേ..."

തിരുനബി ﷺ തങ്ങൾ പ്രതിവചിച്ചു: "ഇല്ല.... ഹൗളുൽ കൗസറിന്റെ അരികെയെത്തി അത്, കുടിക്കുന്നതുവരെ നിന്നെ ഞാൻ കൈവിടുകയില്ല. കാരണം സൂറഃകൗസറും എൻ്റെ മേൽ സ്വലാത്ത് ധാരാളമായി പാരായണം ചെയ്യുന്നവനുമാണ് താങ്കൾ. സ്വലാത്തിന്റെ പ്രതിഫലം അത് ലഭിച്ചുകഴിഞ്ഞു. സൂറഃകൗസറിൻ്റെ പുണ്യം പാരത്രിക ലോകത്ത് പ്രതീക്ഷിച്ചുകൊള്ളുക."

അബുൽ മവാഹിബുശ്ശാദുലി(റ) പറയുന്നു: "ഞാൻ ഒരിക്കൽ തിരുദർശനം അനുഭവിച്ചപ്പോൾ നബിതിരുമേനി ﷺ തങ്ങൾ എന്റെ വായ് ചുംബിച്ചു കൊണ്ട് പറഞ്ഞു: "പകലിലും രാത്രിയിലും ആയിരം പ്രാവശ്യം സ്വലാത്ത് ചൊല്ലുന്ന പാവനമായ വായാണ് നിൻ്റെത്..!!!"

ശൈഖ് തുടർന്നു: "പതിവ് കർമ്മങ്ങൾ കൃത്യനിഷ്‌ഠയോടെ പാലിച്ചിരുന്നു ഞാൻ, ഒരു ദിവസം സ്വലാത്തിന്റെ നിശ്ചിത എണ്ണമായിരുന്ന ആയിരം പൂർത്തീകരിക്കാൻ സ്വലാത്ത് ചൊല്ലുന്നതിൽ അൽപ്പം ധൃതി കാണിച്ചു. രാത്രിയിൽ തിരുനബി ﷺ തങ്ങളെ
സ്വപ്നത്തിൽ ദർശിച്ചു. 

നബി ﷺ തങ്ങൾ ചോദിച്ചു: "താങ്കൾക്കറിയില്ലേ..?? ധൃതി പിശാചിൽ നിന്നാണെന്ന്."

പിന്നീട് ഇതിനു പ്രായശ്ചിത്തമായി നബി തിരുമേനി ﷺ തങ്ങൾ ഒരു പ്രത്യേക സ്വലാത്ത് ചൊല്ലാൻ നിർദ്ധേശിക്കുകയായിരുന്നു. (അന്നൂറുൽ 
മംദൂദ്, പേജ്-194)

മാൻപേട പറഞ്ഞത്

തിരുനബി ﷺ തങ്ങളുടെ സന്നിധിയിൽ ഒരു മാനിനെ വേട്ടയാടി കൊണ്ടുവന്നപ്പോൾ അത് തിരുനബി ﷺ തങ്ങളോട് ഇങ്ങനെ സംസാരിച്ചു തുടങ്ങി: "അല്ലാഹുവിൻ്റെ റസൂലേ ﷺ... രണ്ടുകുഞ്ഞുങ്ങളുടെ മാതാവാണ് ഞാൻ, ഇരതേടാൻ കഴിവില്ലാത്ത അവയ്ക്ക് ഭക്ഷണം തേടി പുറപ്പെട്ടപ്പോഴാണ് വേട്ടക്കാരൻ എന്നെ പിടികൂടിയത്. കുഞ്ഞുങ്ങളിപ്പോൾ എന്നെ കാത്തിരുന്നു കരയുന്നുണ്ടാകും. അല്പ നേരത്തേക്ക് അഴിച്ചുവിട്ടാൽ അവയ്ക്ക് മുലയൂട്ടി ഞാൻ വേഗം തിരുച്ചുവരാം നബിയേ....???"

തിരുനബി ﷺ തങ്ങൾ ചോദിച്ചു. നീ മുലയൂട്ടി തിരിച്ചുവരുമെന്നുറപ്പാണോ..???" 

മാൻപേട പറഞ്ഞു: "അതെ... തീർച്ചയായും ഞാൻ വരും." ഇല്ലെങ്കിൽ അങ്ങയുടെ പേരുകേട്ട് സ്വലാത്ത് ചൊല്ലാത്തവൻ അഭിശപ്തനായത് പോലെ ഞാനും ആയിക്കൊള്ളട്ടെ...!!"

തിരുനബി ﷺ തങ്ങൾ മാനിനെ വിട്ടയച്ചു. അത് മുലയൂട്ടി തിരുസന്നിധിയിൽ തിരിച്ചെത്തി. ഉടനെ ജിബ്രീൽ (അ) വന്നു പറഞ്ഞു: "നബിയേ ﷺ.... അങ്ങേയ്ക്ക് അല്ലാഹുവിൻ്റെ ﷻ രക്ഷയുണ്ടാവട്ടെ.. ഈ മാനിന് അതിന്റെ കുഞ്ഞുങ്ങളോട് എത്ര സ്നേഹമുണ്ടോ അത്രകണ്ട് താങ്കളുടെ സമുദായത്തിനോട് അല്ലാഹുവിന് ﷻ സ്നേഹമുണ്ട്. മാൻപേട തിരുസന്നിധിയിൽ തിരിച്ചെത്തിയതുപോലെ താങ്കളുടെ സമുദായവും അവിടുത്തേക്ക് തിരിച്ചുവരുമെന്ന് അല്ലാഹു ﷻ അറിയിച്ചിരിക്കുന്നു." (ഇർശാദ്)

"ശാദാന് എന്റെ സലാം"

ഖത്വീബ് അബ്ദുൽ യമൻ (റ) ഉദ്ധരിക്കുന്നു: "മുഹമ്മദ്‌ബ്നു യഹ്യൽ ഖർമാനി (റ) പറഞ്ഞു: "ഞാൻ അബൂഅലിയ്യുബ്നുശാദാന്റെ സദസ്സിലിരിക്കുമ്പോൾ ഒരു യുവാവ് കടന്നുവന്നു ഞങ്ങളോട് സലാം ചൊല്ലി, ഞങ്ങൾക്കാർക്കും അദ്ധേഹത്തെ പരിചയമുണ്ടായിരുന്നില്ല.

അദ്ധേഹം ചോദിച്ചു: "നിങ്ങളിൽ ആരാണ് അലിയ്യുബ്‌നു ശാദാൻ...??"

ഞങ്ങൾ അബൂഅലിയൂബ്നു ശാദാനെ ചൂണ്ടിക്കാണിച്ചു.

ആഗതൻ പറഞ്ഞു: "ശൈഖവർകളേ.., അല്ലാഹുവിൻ്റെ ﷻ റസൂൽ ﷺ തങ്ങൾ നിങ്ങൾക്ക് സലാം പറഞ്ഞിരിക്കുന്നു. ഞാൻ മുത്ത് റസൂൽ ﷺ തങ്ങളെ സ്വപ്നത്തിൽ കണ്ടപ്പോൾ നീ അബൂഅലിയ്യുബ്നു‌ ശാദാന്റെ പള്ളി അന്വേഷിച്ചു കണ്ടെത്തി എന്റെ സലാം പറയുക എന്ന് തിരുനബി ﷺ തങ്ങൾ ആജ്ഞാപിച്ചിരുന്നു."

ഇത് കേൾക്കേണ്ട താമസം അബൂഅലിയ്യ് (റ) പൊട്ടിക്കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: "പുണ്യ റസൂൽ ﷺ തങ്ങളുടെ അടുക്കൽ ഞാൻ ഇത്ര പ്രിയങ്കരനാവാൻ മാത്രം ഒരു കർമ്മവും അനുഷ്‌ഠിച്ചതായി എനിക്കോർമ്മയില്ല. ഹദീസ് വായിക്കുമ്പോഴുള്ള ക്ഷമാശീലവും നബി ﷺ തങ്ങളുടെ പേര് കേൾക്കുമ്പോൾ സ്വലാത്ത്പ തിവാക്കിയിരുന്നതുമല്ലാതെ....!!!" (സആദത്തുദ്ധാറൈൻ).

റസൂൽ ﷺ തങ്ങൾ ആദരിച്ച ശിബ് ലി (റ)

അബൂബക്കറുബ്നു മുജാഹിദ് (റ) ഉദ്ധരിക്കുന്നു: "ഒരിക്കൽ അബൂബക്കറുശ്ശിബ‌ി ലി (റ) എന്റെ സദസ്സിലേക്ക് കടന്നുവന്നു. ഞാൻ എഴുന്നേറ്റ് ബഹുമാനപുരസ്സരം അദ്ധേഹത്തെ സ്വീകരിച്ചു. ഞങ്ങൾ ഇരുവരും എന്റെ ഏതാനും ശിഷ്യന്മാരുടെ കൂടെ പള്ളിയിലേക്ക് പോയി. ശിഷ്യർ ചോദിച്ചു: "താങ്കൾ അബൂബക്കറുശ്ശിബ്ലി ലി(റ)ക്ക് വേണ്ടി എഴുന്നേൽക്കുകയും അദ്ധേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അതേസമയം മന്ത്രി അലിയ്യുബ്‌നു ഈസയെ കാണുമ്പോൾ അതു ചെയ്യുന്നില്ല. എന്താണിതിനു കാരണം....??"

അബൂബക്കറുബ്‌നു മുജാഹിദ് (റ) മറുപടി നൽകി: "തിരുനബി ﷺ തങ്ങളെ ആദരിക്കുന്നവനെ എങ്ങനെ ഞാൻ വന്ദിക്കാതിരിക്കും. ഇന്നലെ ഞാൻ റസൂൽ ﷺ തങ്ങളെ സ്വപ്‌നത്തിൽ ദർശിച്ചപ്പോൾ അവിടുന്ന് അറിയിക്കുകയുണ്ടായി; "നാളെ നിൻ്റെ അടുത്തേക്ക് സ്വർഗ്ഗാവകാശിയായ ഒരാൾ വരുന്നുണ്ട്. നീ അവരെ ബഹുമാനപുരസ്സരം സ്വീകരിക്കുക."

ഇതാണ് ശൈഖ് ശിബ‌ലി (റ) യെ ഇത്രയേറെ ആദരിക്കാൻ കാരണം.

ഈ സംഭവം കഴിഞ്ഞ് രണ്ടാമത്തെ രാത്രി അബൂബക്കറുബ്‌നു മുജാഹിദ് (റ) വീണ്ടും റസൂൽ തങ്ങളെ ﷺ സ്വപ്‌നത്തിൽ ദർശിച്ചു.

റസൂൽ ﷺ തങ്ങൾ പറഞ്ഞു: "ഓ അബൂബക്കർ.... സ്വർഗ്ഗാവകാശിയായ ഒരാളെ ആദരിച്ചതുപോലെ അല്ലാഹു ﷻ താങ്കളെയും ആദരിച്ചിരിക്കുന്നു."

ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ ﷺ ..., ശൈഖ് ശിബ്ലിക്ക് അങ്ങയുടെ അടുക്കൽ ഇത്രവലിയ പദവി ലഭിക്കാൻ കാരണമെന്താണ്...??"

റസൂൽ ﷺ തങ്ങൾ പ്രതിവചിച്ചു: "അദ്ധേഹം എല്ലാ നിസ്‌കാരശേഷവും എന്നെ സ്മ‌രിച്ച് സ്വലാത്ത് ചൊല്ലുകയും ലഖദ് ജാഅകും റസൂലുൻ മിൻ അൻഫുസികും..... എന്ന് തുടങ്ങി രണ്ടു സൂക്തം വർഷത്തോളം ചൊല്ലി വരുന്ന ആളുമാണ്. പിന്നെ ഞാൻ എങ്ങനെ ശിബ്ലിയെ മഹത്വപ്പെടുത്താതിരിക്കും...??" (ഫജ്റുൽ മുനീർ) 

അതിശ്രേഷ്‌ഠമായ സ്വലാത്ത്

സ്വലാത്തുൽ ഇബ്റാഹീമിയ്യ:യാണ് സ്വലാത്തുകളിൽ സമ്പൂർണ്ണവും ശ്രേഷ്‌ഠവുമായത്. ഇതിനെക്കുറിച്ച് തിരുനബി ﷺ സ്വപ്നത്തിലൂടെ അബുൽ മവാഹിബുശ്ശാദുലി (റ) വിന് വിവരിച്ചുകൊടുക്കുകയുണ്ടായി. ആ സംഭവം അദ്ധേഹം പറയുന്നത് ഇങ്ങനെയാണ്.

ഹിജ്റ 855 ശഅ്ബാനിലെ സുബ്‌ഹ് നിസ്‌കാരത്തിനു ശേഷം ഹബീബായ തങ്ങൾ ﷺ എൻ്റെ ശിരസ്സിന് അരികെ വന്നിരിക്കുന്നതായി ഞാൻ സ്വ‌പ്നത്തിൽ ദർശിച്ചു. അവിടുത്തോട് ഞാൻ സലാം പറഞ്ഞപ്പോൾ സലാം മടക്കിയ ശേഷം എന്നോട് തിരുനബി ﷺ തങ്ങൾ അരുളി: "ഞാൻ എൻ്റെ രക്ഷിതാവിൻ്റെയും നീ എൻ്റെയും ദാസനാണ്..."

ഞാൻ മറുപടി നൽകി: "അതെ..., ഞാനത് സമ്മതിക്കുന്നു..."

അപ്പോൾ അവിടുന്ന് ചോദിച്ചു: "എങ്കിൽ നിൻ്റെ സ്വലാത്തിൽ എൻ്റെ മേലുള്ള സമ്പൂർണ്ണ സ്വലാത്ത് ഉൾപ്പെടുത്താത്തതെന്തുകൊണ്ടാണ്....??"

"അത് അല്പം ദീർഘിച്ചതാണ് കാരണം" ഞാൻ പറഞ്ഞു.

അവിടുന്ന് പറഞ്ഞു: "അതു പറ്റില്ല.... നിൻ്റെ സ്വലാത്തിൻ്റെ പ്രാരംഭവും, സമാപനവും ഒരു തവണയെങ്കിലും സമ്പൂർണ്ണ സ്വലാത്തിനായി ഉപയോഗിക്കണം.

ഞാൻ ചോദിച്ചു: "പൂർണ്ണമായ സ്വലാത്തെങ്ങനെയാണ് നബിയേ...??"

അപ്പോൾ അവിടുന്ന് ഇബ്‌റാഹീമിയ്യഃ സ്വലാത്തിൻ്റെ പൂർണ്ണരൂപം ഓതി കേൾപ്പിച്ചു. (ഇബിദ്-53)

ഈ വെള്ളം എവിടെ നിന്ന്...???

"നൂറുൽ മംദൂദിൽ" ഇങ്ങനെ കാണാം. ഒരാൾ തന്റെ ഭൃത്യനെയും കൂട്ടി യാത്രപോയി. ഒരു പാത്രത്തിൽ അൽപം കുടിവെള്ളവും കരുതിയിരുന്നു. യാത്ര അവസാനിക്കും മുമ്പേ അത് കുടിച്ചുതീർന്നു. ശൂന്യമായ ഭൂപ്രദേശമാണ്. എവിടെയും ഒരു തുള്ളി വെള്ളമില്ല. രണ്ടുപേരും ക്ഷീണിച്ചവശരായി. ദാഹജലം ലഭിക്കാതെ അന്ത്യശ്വാസം വലിക്കുമോ എന്നുവരെ ഭയന്നു. അദ്ധേഹം നബി തങ്ങളെ ﷺ വിളിച്ചു സഹായമഭ്യർത്ഥിക്കുകയും സ്വലാത്ത് ചൊല്ലുകയും ചെയ്തു.

ഉടനെ ഒരശരീരി.....!!!!!!!!! "പാത്രം നീട്ടുക...!!!"

അദ്ധേഹം തന്റെ കയ്യിലുണ്ടായിരുന്ന തോൽപാത്രം ഉയർത്തിപ്പിടിച്ചു. അപ്പോൾ വെള്ളം ഒലിച്ചിറങ്ങിയതോ ആരാണ് വീഴ്ത്തിയതെന്നോ അവർക്കറിയാനായില്ല. അവർ വെള്ളം കുടിച്ചു ദാഹം ശമിപ്പിച്ചു. ക്ഷീണം അകന്നു. യാത്ര തുടരുകയും ചെയ്‌തു. 

നരകമോചന പത്രിക

"മിസ്ഹാബുള്ളലം" എന്ന ഗ്രന്ഥത്തിൽ അബ്ദുല്ലാഹിബ്നു നുഅ്‌മാൻ (റ) പറയുന്നു: "സ്വലാത്ത് ചൊല്ലുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന ഖല്ലാദ്‌ബ്നു‌ കസീറിന് (റ) മരണം ആസന്നമായപ്പോൾ ഏതാനും പേർ സന്ദർശനത്തിനെത്തി. അവർക്ക് അദ്ധേഹത്തിന്റെ ശിരസ്സിനു താഴെ നിന്ന് ഒരു കുറിപ്പ് ലഭിച്ചു.

"ഇത് ഖല്ലാദ്ബ്നു കസീറിനുള്ള നരകമോചന പത്രികയാണ്" എന്ന് അതിൽ ആലേഖനം ചെയ്‌തിരിക്കുന്നു....!!!

ഇത് വായിച്ച് അത്ഭുതസ്‌തംബ്ധരായ അവർ അദ്ധേഹത്തിന്റെ ജീവിതരീതിയെക്കുറിച്ച് അന്വേഷിച്ചു.

വീട്ടുകാർ മറുപടി നൽകി: "ഇദ്ധേഹം എല്ലാ വെള്ളിയാഴ്ചയും ആയിരം പ്രാവശ്യം നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത്  പതിവാക്കുന്നവനായിരുന്നു." (ഇബിദ്)....

സ്വലാത്ത് സ്വർഗ്ഗത്തിൽ

ആദം നബി(അ) സ്വർഗ്ഗത്തിൽ നിന്ന് ഹവ്വാഅ് (റ)യുമായി വിവാഹബന്ധത്തിന് ആശവെച്ചു. ഹവ്വാഇന് മഹ്റായി വല്ലതും നൽകാൻ ആദം നബി (അ) നോട് കൽപിക്കപ്പെട്ടു.

ആദം നബി (അ) പറഞ്ഞു: "മഹ്ർ നൽകുവാനായി എന്റെ പക്കൽ ഒന്നുമില്ല രക്ഷിതാവേ..."

അല്ലാഹു ﷻ അറിയിച്ചു: "നീ എന്റെ ഇഷ്ടദാസനായ അന്ത്യപ്രവാചകൻ മുഹമ്മദ് നബി ﷺ തങ്ങളുടെ മേൽ ഇരുപത് സ്വലാത്ത് ചൊല്ലുക...."

ആദം നബി (അ) ഇതനുസരിച്ച് ഇരുപത് സ്വലാത്ത് ചൊല്ലി മഹ്ർ വീട്ടുകയും ഹവ്വാഇനെ (റ) ഇണയായി സ്വീകരിക്കുകയും ചെയ്തു. (ഇർശാദുൽ ഇബാദ്)

ഇമാം ഖുർദിയുടെ (റ) സ്വപ്നം

"ബാഖിയാത്തുസ്വാലിഹാത്ത്" എന്ന ഗ്രന്ഥത്തിൽ സയ്യിദ് മഹ്മൂദുൽ ഖുർദി പറയുന്നു: "ഞാൻ ഒരിക്കൽ നബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചപ്പോൾ എൻ്റെ മാർവ്വിടം പിടിച്ച് എന്നെ എടുത്ത് പൊക്കുകയും, നബി ﷺ തങ്ങളുടെ നെഞ്ച് എന്റെ നെഞ്ചോടും നെറ്റി എൻ്റെ നെറ്റിയോടും വായ് എന്റെ വായയോടും ചേർത്തു ആലിംഗനം ചെയ്യുകയും ചെയ്തു."

തിരുനബി ﷺ തങ്ങൾ പറഞ്ഞു: "നീ എൻ്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കാൻ മറക്കരുത്. എൻ്റെയും അല്ലാഹുവിന്റെയും ﷻ പ്രീതി സമ്പാതിച്ചവനാണ് താങ്കൾ."

"ഇത് എന്നെ വളരെയധികം സന്തുഷ്ടനാക്കി. സന്തോഷാധിക്യത്താൽ ഞാൻ കരഞ്ഞുപോയി. എൻ്റെ കൂടെ തിരുനബി ﷺ തങ്ങളും കരയുന്നതായി ഞാൻ കണ്ടു. പെട്ടെന്ന് ഞാൻ ഉറക്കമുണർന്നു. അപ്പോൾ ബാഷ്‌പകണങ്ങൾ എന്റെ കവിൾത്തടത്തിലൂടെ ഒലിക്കുന്നുണ്ടായിരുന്നു....!!!" (സആദത്തുദ്ധാറൈൻ) 

ധൂർത്തനായ ഇസ്റാഈല്യൻ

കഅ്ബുൽ അഹ്ബാർ (റ) വിൽ നിന്ന്: അല്ലാഹു മൂസാ നബി (അ) യോട് പറഞ്ഞു: "അന്ത്യദിനത്തിൽ ദാഹശമനം ലഭിക്കണമെങ്കിൽ മുഹമ്മദ് നബി ﷺ തങ്ങളുടെ പേരിൽ സ്വലാത്ത് വർദ്ധിപ്പിച്ചുകൊള്ളുക..."

ഇസ്റാഈല്യരിൽ ധൂർത്തനും ദുഷ്ടനുമായ ഒരാൾ ജീവിച്ചിരുന്നു. അദ്ധേഹം മരണപ്പെട്ടപ്പോൾ ജനങ്ങൾ ആ മൃതദേഹത്തെ വലിച്ചെറിഞ്ഞു. ഉടനെ മൂസാ നബി (അ) ക്ക് അല്ലാഹു നിർദേശം നൽകി: പ്രസ്തുത മൃതദേഹം അങ്ങനെ ഉപേക്ഷിക്കപ്പെടാൻ മാത്രം മോശമല്ല. സമ്പൂർണ്ണ പരിപാലനം ചെയ്ത്‌ സംസ്ക്കരിക്കപ്പെടേണ്ടവനാണ്. കാരണം അദ്ധേഹം ഒരു സൽകർമ്മത്തിനുടമയാണ്."

ഒരു ദിവസം തൗറാത്ത് തുറന്നപ്പോൾ മുഹമ്മദ് നബി ﷺ തങ്ങളുടെ പേര് കാണാനിടയായി. ഉടനെ അദ്ധേഹം സ്വലാത്ത് ചൊല്ലി. അതോടെ അല്ലാഹു ﷻ അദ്ധേഹത്തെ രക്ഷിക്കുകയായിരുന്നു.

തിരു ചുംബനവും കസ്തൂരി ഗന്ധവും!!

മുടങ്ങാതെ സ്വലാത്ത് ചൊല്ലുന്ന മഹാനായിരുന്നു മുഹമ്മദ്ബ്നു‌ സഈദ് (റ). ഒരു ദിവസം അദ്ധേഹം മുഹമ്മദ് നബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:- സ്വലാത്ത് പതിവാക്കിയവനല്ലേ...?? പുണ്യ സ്വലാത്തിനാൽ പാവനമായ നിന്റെ വായ ഞാനൊന്ന് ചുംബിക്കാൻ ഞാനാഗ്രഹിക്കുന്നു."

ഹബീബായ നബി ﷺ തങ്ങൾക്ക് തൻ്റെ വായയിൽ നിന്നും ദുർഗന്ധം അനുഭവപ്പെടുമോ എന്ന് ഭയന്ന് മഹാൻ തന്റെ കവിൾത്തടം അവിടുത്തേക്ക് കാണിച്ചുകൊടുത്തു.

റസൂൽ തങ്ങൾ ﷺ പറഞ്ഞു: "സ്വലാത്ത് ചൊല്ലിയ അധരങ്ങളാണ് എനിക്ക് ചുംബിക്കേണ്ടത് മറ്റൊന്നും എനിക്കാവശ്യമില്ല."

സഈദ് (റ) തന്റെ അധരങ്ങൾ തിരുനബി ﷺ തങ്ങൾക്കു നേരെ നീട്ടിക്കൊടുത്തു.

റസൂൽ തങ്ങൾ ﷺ അത് രണ്ടും ചുംബിച്ചപ്പോഴേക്കും കസ്‌തൂരിയുടെ പരിമളം പരന്നൊഴുകാൻ തുടങ്ങി. യഥാർത്ഥ കസ്‌തൂരി തന്നെ....!!!

സഈദ് (റ) ഞെട്ടിയുണർന്നു നോക്കുമ്പോൾ വീട് മുഴുവൻ പരിമളപൂരിതമായിരിക്കുന്നു. എട്ടു ദിവസം ഈ സുഗന്ധം വീട് നിറയെ പരന്നൊഴുകി. (ഇർശാദുൽ ഇബാദ്)

തിരുനബി ﷺ തങ്ങളുടെ പിണക്കം

ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു: "നബി ﷺ തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നതിൽ അശ്രദ്ധനായിരുന്ന ഒരാൾ തിരുനബി ﷺ തങ്ങളെ സ്വ‌പ്നത്തിൽ ദർശിക്കാനിടയായി. റസൂൽ ﷺ തങ്ങൾ അദ്ധേഹത്തെ തിരുഞ്ഞുനോക്കുക പോലും ചെയ്യാതിരുന്നപ്പോൾ അദ്ധേഹം വിനയാന്വിതനായി ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ ﷺ.... അവിടുന്ന് എന്നെ വെറുക്കുന്നുവോ...??"

നബി തങ്ങൾ ﷺ പ്രതിവചിച്ചു: "ഇല്ല..."

അദ്ധേഹം വീണ്ടും ചോദിച്ചു: "നബിയേ ﷺ.... അവിടുന്ന് എന്നിൽനിന്നും തിരിഞ്ഞുകളയാൻ കാരണമെന്താണ്....??"

നബി ﷺ തങ്ങൾ പറഞ്ഞു: "നിന്നെക്കുറിച്ച് ഞാനറിയില്ല..., പിന്നെങ്ങനെ നിന്നെ കാണുമ്പോൾ തിരിഞ്ഞുനോക്കും."

അദ്ധേഹം പറഞ്ഞു: "ഞാൻ അവിടുത്തെ സമുദായത്തിലെ ഒരംഗമാണ്. എന്നിട്ടും എന്നെക്കുറിച്ച് അറിഞ്ഞില്ലെന്നോ..???

ഇത്രയുമായപ്പോഴേക്കും അദ്ധേഹം നിദ്രയിൽ നിന്ന് ഞെട്ടിയുണർന്നു. തിരുദർശനത്തിലെ പന്തികേടിനെക്കുറിച്ച് ആലോചിച്ചു. സ്വലാത്ത് ചൊല്ലുന്നതിലുള്ള വീഴ്ച‌യാണെന്ന് അദ്ധേഹം മനസ്സിലാക്കുകയുണ്ടായി. അങ്ങനെ ദിവസവും നൂറു സ്വലാത്ത് ചൊല്ലാൻ തീരുമാനിച്ചു. മുടങ്ങാതെ അത് ചൊല്ലിപ്പോന്നു.

ദിവസങ്ങൾക്കുശേഷം തിരുനബി ﷺ തങ്ങളെ വീണ്ടും സ്വപ്നത്തിൽ ദർശിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "ഞാനിപ്പോൾ നിന്നെക്കുറിച്ചറിയും. നിനക്കുവേണ്ടി ഞാൻ അല്ലാഹുവോട് ശുപാർശ ചെയ്തുകൊണ്ടിരിക്കുന്നു." (ഇർശാദ്) 

അഞ്ഞൂറ്റി അമ്പതുപേർക്ക് തുണയായി

പ്രസിദ്ധ സൂഫിവര്യൻ ഹസൻ ബസരി (റ)ൻ്റെ അടുക്കൽ ഒരു സ്ത്രീ വന്നുപറഞ്ഞു: "ഞാനേറ്റവും സ്നേഹിച്ചിരുന്ന എന്റെ മകൾ " മരിച്ചുപോയി. ഒരിക്കലെങ്കിലും അവളെ സ്വപ്നം കാണാൻ ആഗ്രഹിക്കുന്നു."

ഹസൻ ബസരി (റ) ഒരു സ്വലാത്ത് പടിപ്പിച്ചുകൊടുത്ത് ഇങ്ങനെ പറഞ്ഞു: "ഇതു ചൊല്ലുക എന്നാൽ അവളെ സ്വപ്‌നത്തിൽ ദർശിക്കാം."

ആ സ്ത്രീ അത് ചൊല്ലിത്തുടങ്ങിയപ്പോൾ ഒരു ദിവസം മകളെ സ്വ‌പ്നത്തിൽ കാണാൻ കഴിഞ്ഞു. നരകാഗ്നിയിൽ നിന്നുള്ള വസ്ത്രമാണ് അവൾ ധരിച്ചിരിക്കുന്നത്. പിരടി കുടുക്കു ചങ്ങലയാലും കാൽ ആമം കൊണ്ടും ബന്ധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീ ഹസൻ ബസരി (റ)ന്റെ അടുത്തുചെന്ന് മകളെക്കുറിച്ച് കണ്ട ഭീകരരംഗം പറഞ്ഞുകൊടുത്തു.

പിന്നീട് അവളെ ഹസൻ ബസരി (റ) തന്നെ നേരിട്ട് സ്വപ്നത്തിൽ ദർശിക്കുകയുണ്ടായി...

അവൾ ചോദിച്ചു: "ഹസൻ ബസരി (റ) നിങ്ങൾ എന്നെ അറിയില്ലേ..?? സ്വന്തം മകളെ ഭീകര രൂപത്തിൽ സ്വപ്‌നം ദർശിച്ചപ്പോൾ പൊട്ടുന്ന ഹൃദയവുമായി ഉമ്മ നിങ്ങളെ സമീപിച്ചിരുന്നു. ആ മകളാണ് ഞാൻ."

"അതെ ഞാൻ ഓർക്കുന്നു, പക്ഷേ ഇത്രയും അനുഗ്രഹീത അവസ്ഥ നീ എങ്ങനെ കൈവരിക്കുകയുണ്ടായി...???" ഹസൻ ബസരി (റ) ചോദിച്ചു.

"ഒരാൾ ശ്മശാനത്തിലൂടെ നടന്നുപോയത് സ്വലാത്ത് ചൊല്ലിയായിരുന്നു. അതിൻ്റെ പ്രതിഫലം 550-ഓളം വരുന്ന ശ്‌മശാന വാസികൾക്ക് എത്തുകയും അവരെല്ലാം ശിക്ഷയിൽ നിന്ന് മുക്തരാവുകയും ചെയ്‌തു എന്ന് അവൾ പ്രതികരിക്കുകയുണ്ടായി." (മുകാശഫത്തുൽ ഖുലൂബ്).

കൂലി നൽകി സ്വലാത്ത് ചൊല്ലിച്ചു

"കുനൂസുൽ അസ്റാറിൽ"' രേഖപ്പെടുത്തുന്നു: ഷെയ്ഖ് മസ്ഊദുദ്ധറാവി (റ) ഫാസ് രാജ്യത്തെ മഹത്തുക്കളിൽ ഒരാളും പ്രവാചക പ്രേമിയുമായിരുന്നു. ഒരു പൊതു സദസ്സിൽ സംബന്ധിക്കാനായി പോവുമ്പോൾ ജോലി വല്ലതും ചെയ്യാനുണ്ടാകുമെന്ന് കരുതി ഏതാനും ജോലിക്കാരും പിന്തുടർന്നു. അവർ ശൈഖിന്റെ വീടിനടുത്തുകൂടെ കടന്നുപോകുമ്പോൾ...ശൈഖവർകൾ പറഞ്ഞു: "നമുക്കിവിടെ കയറി അൽപം സ്വലാത്ത് ചൊല്ലാം."

ശൈഖും സംഘവും വീട്ടിൽ കയറി സ്വലാത്ത് ചൊല്ലിത്തുടങ്ങി. അസ്ർ വരെ അത് തുടർന്നു. പിന്നെയും കഴിയുന്നത്ര വർദ്ധിപ്പിക്കാൻ ശൈഖ് അവരോട് നിർദ്ദേശിച്ചു. അവർ സ്വലാത്ത് തുടർന്നു. ശേഷം ശൈഖ് കൂലി നൽകി അവരെയെല്ലാം തിരിച്ചയച്ചു.

ശൈഖവർകൾ ഉണർവ്വിൽ നഗ്നനേത്രങ്ങളെക്കൊണ്ട് തിരുനബി ﷺ തങ്ങളെ കാണാറുണ്ടായിരുന്നു. ആത്മവിശുദ്ധിയുടെയും പ്രവാചക സ്നേഹത്തിന്റെയും അളവനുസരിച്ചായിരുന്നു തിരുദർശനമെല്ലാം ഉണ്ടായത്. (സആദത്തുദ്ധാറൈൻ)

മലക്കുകളുടെ ഇസ്‌തിഗ്‌ഫാർ

അബൂഹുറൈറ (റ) വിൽ നിന്ന്: നബി ﷺ തങ്ങൾ പറഞ്ഞു: "അല്ലാഹുവിന്റെ ﷻ മാലാഖമാരുടെ കൂട്ടത്തിൽ മശ്രിഖ്-മഗ്രിബോളം നീളം വരുന്ന രണ്ട് ചിറകുള്ള പ്രത്യേകമായ ഒരു മലക്കുണ്ട്. മലക്കിന്റെ കാൽ ഏഴാം ഭൂമിയുടെ അടിയിലും തല ആകാശത്തിനുമീതെയുമാണ് സ്ഥിതിചെയ്യുന്നത്. അല്ലാഹുവിൻ്റെ ﷻ സൃഷ്ടിജാലങ്ങളുടെ എണ്ണത്തോളം വരുന്ന തൂവലുകളുണ്ട് ഇരുചിറകുകൾക്കും.

"എന്റെ സമുദായത്തിലെ ഒരു പുരുഷനോ സ്ത്രീയോ എൻ്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അർശിൻ്റെ താഴെയുള്ള "ബഹ്റുന്നൂറിൽ" ഒരു പ്രാവശ്യം മുങ്ങാൻ അല്ലാഹു ﷻ മലക്കിനോട് നിർദ്ദേശിക്കും, മലക്ക് മുങ്ങി ഉയർന്നശേഷം ഇരുചിറകുകളും കുടയുന്നതാണ്. അപ്പോൾ ചിറകിന്റെ ഓരോ തൂവലുകളിൽ നിന്നും ഒരുതുള്ളി വീതം വെള്ളം തെറിച്ചുവീഴും. ഈ ജലത്തുള്ളി കൊണ്ടെല്ലാം അല്ലാഹു ﷻ ഓരോ മലക്കിനെ സൃഷ്ടിക്കുന്നു. ആ മലക്കുകളൊക്കെയും എന്റെമേൽ സ്വലാത്ത് ചൊല്ലുന്നവന് പാപമോചനം നടത്തിക്കൊണ്ടിരിക്കുകയാണ്. (മുകാശഫത്തുൽ ഖുലൂബ്)

സ്വപ്ന ദർശനം

ആത്മീയോന്നതരും അത്യാദരണീയരുമായ അബൂ അബ്ദുല്ലാഹിബ്നു‌ നുഅ്‌മാൻ(റ) പറയുന്നു: "വലിയൊരു സംഘം പണ്ഡിതന്മാർ അവർ ചൊല്ലിയ സ്വലാത്തുകൾ കാരണത്താൽ മരണാനന്തരം അത്യാദരവുകളോടുകൂടെ ഉയർന്ന പദവി കൈവരിച്ചവരാണ്. അവരെ സ്വപ്‌നം ദർശിച്ചവരെല്ലാം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തിരുനബി ﷺ തങ്ങളുടെ മേലുള്ള സ്വലാത്താണ് ഇതിന് കാരണമെന്ന് വ്യക്തമാക്കുകയുണ്ടായി.

ഇങ്ങനെ റസൂൽ ﷺ തങ്ങളെ സ്വ‌പ്നം കണ്ട് അവിടുത്തെ പ്രശംസയും ആദരവും സമ്പാദിച്ച മഹാത്മാക്കൾ ധാരാളമാണ്. അവരിൽ ചിലരെക്കുറിച്ച് കണ്ട സ്വപ്‌നവിവരങ്ങൾ താഴെ കൊടുക്കുന്നു." (സആദത്തുദ്ധാറൈൻ:140)

ശാഫിഈ (റ) വിനെക്കുറിച്ചുള്ള സ്വ‌പ്നം

ഇമാം ശാഫിഈ (റ) വിനെ അവിടുത്തെ വിയോഗാനന്തരം സ്വ‌പ്നത്തിൽ ദർശിച്ചവർ വിശേഷണത്തെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. 

ശാഫിഈ(റ) പ്രതികരിച്ചു: "അല്ലാഹു ﷻ എന്നെ അനുഗ്രഹിക്കുകയും പാപങ്ങൾ പൊറുത്തുതരികയും ചെയ്‌തു. മണവാളന്റെ സമീപത്തേക്ക് വധുവിനെ വരവേൽക്കും പ്രകാരം എന്നെ സ്വർഗ്ഗത്തിലേക്കാനയിച്ചു."

ഇത്രയും മഹനീയ പദവിയിലേക്കുയരാൻ കാരണമെന്താണെന്ന് അവർ ചോദിക്കുകയുണ്ടായി. ഇതിനു ശാഫിഈ (റ) വിൻ്റെ മറുപടി പണ്ഡിതന്മാർ രേഖപ്പെടുത്തി-

صلى الله عَلَى مُحَمَّدٍ عَدَدَ مَا ذَكَرَهُ الذَّاكِرُونَ وَغَفَلَ عَنْهُ الْغَافِلُونَ

എന്ന സ്വലാത്ത് ശാഫിഈ(റ) പതിവാക്കിയിരിക്കുന്നു. (സആദത്തുദ്ധറൈൻ)

എഴുത്തിൽ പിശുക്കാതിരിക്കുക 

അബ്ദുല്ലാഹിൽ ഖവാരിർ ഉദ്ധരിക്കുന്നു: "കടലാസുമായി ബന്ധപ്പെട്ട ജോലിയുള്ള ഞങ്ങളുടെ ഒരയൽവാസി മരണപ്പെട്ടശേഷം ഞാൻ അദ്ധേഹത്തെ സ്വപ്‌നത്തിൽ കണ്ടപ്പോൾ ചോദിച്ചു: "അല്ലാഹു ﷻ നിങ്ങളെ എന്താണ് ചെയ്തത്...???"

അവൻ എനിക്ക് പൊറുത്തു തന്നുവെന്ന് അദ്ധേഹം മറുപടി നൽകി.

ഞാൻ വീണ്ടും ചോദിച്ചു:

"അതിന് താങ്കൾ പ്രവർത്തിച്ചിരുന്നതെന്താണ്?

അപ്പോൾ അദ്ധേഹം പറഞ്ഞു: "ഞാൻ എപ്പോൾ തിരുനബി ﷺ തങ്ങളുടെ പേരെഴുതുമ്പോഴും "സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്ന് പൂർണ്ണമായി ചേർക്കാറുണ്ടായിരുന്നു." (ഇബിദ്)

സ്വലാത്തെഴുത്ത് 

മുഹമ്മദ് ഇബ്നു അബൂ സുലൈമാൻ (റ) പറയുന്നു: സുഹൃത്ത് "എന്റെ പിതാവിന്റെ മരണശേഷം ഒരിക്കൽ ഞാൻ അദ്ധേഹത്തെ സ്വപ്‌നത്തിൽ ദർശിക്കുകയുണ്ടായി. 

ഞാൻ ചോദിച്ചു :  എന്തുണ്ട് വിശേഷങ്ങൾ ?

പിതാവിന്റെ മറുപടി : ഓരോ ഹദീസ് എഴുതുമ്പോഴും നബി ﷺ യുടെ മേൽ സ്വലാത്ത് ചേർക്കാൻ വിട്ടുപോവാത്തതുകാരണം അല്ലാഹു ﷻ എനിക്ക് മാപ്പ് നൽകി അനുഗ്രഹിച്ചു." (ഇബിദ്)

വിചാരണയില്ലാതെ സ്വർഗ്ഗത്തിൽ

പ്രമുഖ നേതാവായി അറിയപ്പെട്ടിരുന്ന അബൂജഅ്‌ഫറുൽ കാഫദിയെ അദ്ധേഹത്തിന്റെ മരണശേഷം ചിലർ സ്വപ്‌നത്തിൽ ദർശിച്ചു.

അദ്ധേഹം പറഞ്ഞു: "അല്ലാഹു ﷻ എന്നെ അനുഗ്രഹിച്ചു മാപ്പ് നൽകുകയും സ്വർഗ്ഗത്തിൽ കടത്തുകയും ചെയ്‌തു."

അവർ ചോദിച്ചു: "അതെങ്ങനെ അബൂജഅ്ഫർ...??"

അദ്ധേഹം വിശദീകരിച്ചു: "അല്ലാഹുവിന്റെ ﷻ മുന്നിൽ എന്നെ ഹാജറാക്കിയശേഷം മലക്കുകൾ എൻ്റെ ദോഷങ്ങളും തിരുനബി ﷺ തങ്ങളുടെ മേൽ ചൊല്ലിയ സ്വലാത്തും തുലനം ചെയ്തുനോക്കി. ദോഷങ്ങളേക്കാൾ സ്വലാത്ത് വർദ്ധിച്ചതായി കണ്ടപ്പോൾ.... അല്ലാഹു ﷻ പറഞ്ഞു: "ഇതുമതി..!! നിങ്ങളവനെ വിചാരണകൂടാതെ സ്വർഗ്ഗത്തിൽ കൊണ്ടുപോകുക.." അങ്ങനെ അവർ എന്നെ ആദരപൂർവ്വം സ്വർഗ്ഗത്തിലേക്കാനയിച്ചു." (ഇബിദ്) 

സ്വലാത്ത്: ശബ്ദമുയർത്തുക

മിസ്ത‌്വഹുസ്സുഫി (റ) ന്റെ മരണശേഷം സ്വപ്‌നത്തിൽ കാണാനിടയായപ്പോൾ അദ്ധേഹത്തോട് ചോദിക്കപ്പെട്ടു: "അല്ലാഹു ﷻ നിങ്ങളെ എന്ത് ചെയ്തു...??"

സുഫീ (റ) മറുപടി നൽകി: "ഞാൻ ഏതാനും ഹദീസ് പണ്ഡിതന്മാരോടൊന്നിച്ചിരിക്കുമ്പോൾ ഞങ്ങളുടെ ശൈഖ്, തിരുനബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുകയുണ്ടായി. അതുകേട്ട് ഞാൻ സദസ്സുമുഴുവൻ കേൾക്കും വിധം ഉച്ചത്തിൽ സ്വലാത്ത് ചൊല്ലിയപ്പോൾ സദസ്സ്യരെല്ലാം സ്വലാത്ത് ചൊല്ലാൻ എൻ്റെ ശബ്ദം കാരണമായി. ഇതുമൂലം അല്ലാഹു ആ ദിവസം തന്നെ എനിക്ക് മാപ്പുനൽകുകയായിരുന്നു." (സആദത്തുദ്ധാറൈൻ)

സ്വലാത്ത് എഴുതുന്ന മലക്കുകൾ

ഹാഫിളുസ്സഖാവി (റ) ഉദ്ധരിക്കുന്നു:- ഇബ്നു ഹുബൈറ പറഞ്ഞു: "ഞാനൊരിക്കൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ നേരിയ മയക്കം വന്നു. കണ്ണുകൾ അടഞ്ഞത് ഞാനറിഞ്ഞില്ല. അപ്പോൾ ഒരു കടലാസിൽ കറുത്ത മഷികൊണ്ട് തിരുനബി ﷺ തങ്ങളുടെ മേലിൽ ഞാൻ ചൊല്ലിയ സ്വലാത്തുകൾ ഒരാൾ എഴുതിവെക്കുന്നതായി കൺപോളകൾക്കുള്ളിലൂടെ കാണുകയുണ്ടായി. കടലാസിൽ കുറിച്ച അക്ഷരങ്ങളോരോന്നും ഞാൻ നോക്കികൊണ്ടിരുന്നു. അദ്ധേഹം പോവാനൊരുങ്ങിയപ്പോൾ ആരാണെന്നറിയാൻ കൺപോളകൾ തുറന്നുനോക്കി. അപ്പോഴേക്കും അദ്ധേഹം സ്ഥലം വിട്ടിരുന്നു. എങ്കിലും അദ്ധേഹം ധരിച്ച വസ്ത്രത്തിന്റെ വെളുപ്പ് വ്യക്തമായി എനിക്ക് കാണാമായിരുന്നു."

ഇമാം ശഅ്റാനി(റ) 'മിനനുൽ ഖുബ്റ" യിൽ ഉദ്ധരിക്കുന്നു:-ഷെയ്ഖ് അഹ്മദസൂറി പറഞ്ഞു: "മനുഷ്യൻ ചൊല്ലുന്ന സ്വലാത്തുകളുടെ ഓരോ അക്ഷരവും പ്രഭാമയമായ പേനകൊണ്ട് ഏടുകളിൽ കുറിച്ചുവയ്ക്കുന്ന മലക്കുകളെ ഞാൻ കണ്ടിട്ടുണ്ട്." (ഇബിദ്)

സ്വലാത്ത് ഹൽഖ

അബ്ദുൽ ഖാസിമുൽ സൻജാരി (റ) പറയുന്നു: "മിസ്‌റിൽ ഞങ്ങൾക്ക് പരിചയമുള്ള ഒരു വ്യക്തിയുണ്ടായിരുന്നു. അബുൽ അബ്ബാസുൽ ഖയ്യാത് എന്നാണ് അദ്ധേഹത്തിൻ്റെ പേര്. പൊതു സദസ്സിൽ പങ്കെടുക്കുന്ന പ്രകൃതക്കാരനായിരുന്നില്ല അദ്ധേഹം.

പിന്നീട് ഇബ്നു റശീഖിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന സ്വലാത്ത് ഹൽഖയിൽ സംബന്ധിക്കുന്നവരും അദ്ധേഹത്തെ വല്ലാതെ ആശീർവദിച്ചാദരിക്കുന്നവരുമായി മാറി. 

ഇതുകണ്ട് ജനങ്ങൾ അത്ഭുതത്തോടെ ചോദിച്ചു: താങ്കളിപ്പോൾ ഇബ്‌നുറശീഖിനെ ആദരിക്കുകയും അദ്ധേഹത്തിന്റെ സ്വലാത്തിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ടല്ലോ..???"

അദ്ധേഹം പറഞ്ഞു: "ഞാൻ മുഹമ്മദ് നബി ﷺ തങ്ങളെ സ്വപ്നം ദർശിക്കാനിടയായപ്പോൾ അവിടുന്ന് എന്നോട് പറഞ്ഞു: അബ്ദുൽഅബ്ബാസ്, നീ ഇബ്‌നുറശീഖിന്റെ സ്വലാത്തിൽ പങ്കെടുക്കുക. എന്റെ മേൽ സ്വലാത്ത് ചൊല്ലാൻ ജനങ്ങൾ സമ്മേളിക്കുന്ന മഹത്തായ സദസ്സാണത്. (ഇബിദ്) 

വന്യജീവികളിൽ നിന്ന് രക്ഷ

അബുൽഹസനുശ്ശാദുലി(റ) ഒരിക്കൽ മരുഭൂമിയിലൂടെ നടന്നു നീങ്ങുമ്പോൾ ഏതാനും വന്യമൃഗങ്ങളുടെ മുന്നിലകപ്പെട്ടു. ശൈഖവർകൾ ഭയപ്പെടാതെ ശരിയായ പരമ്പരയുള്ള സ്വലാത്തുകൾ മാത്രം ചൊല്ലികൊണ്ടിരുന്നു. സ്വലാത്തിന്റെ ബറകത്തിനാൽ മൃഗങ്ങളുടെ ആക്രമണമേൽക്കാതെ രക്ഷപ്പെടുകയുണ്ടായി. (ഇബിദ്) 

തേനൂറും പഴം

അലിയ്യ് (റ) പറയുന്നു: "സ്വർഗ്ഗത്തിൽ ഒരു മരമുണ്ട്. ആപ്പിളിനേക്കാൾ വലുതും ഉറുമാൻ പഴത്തേക്കാൾ മധുരവും കസ്തൂരിയേക്കാൾ സുഗന്ധവും നുരയേക്കാൾ മൃദുലവുമാണതിന്. അതിന്റെ ശിഖരങ്ങൾ രത്നത്താലും ചില്ലകൾ കനകത്താലും ഇലകൾ പച്ച ഗോമദകത്താലും നിർമ്മിതമാണ്. തിരുനബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് വർദ്ധിപ്പിച്ചവർക്ക് മാത്രമേ ആ പഴം ഭക്ഷിക്കാൻ കഴിയൂ (ഫുതൂഹാത്തു റബ്ബാനിയ്യഃ)


സ്വലാത്ത്; പുണ്യം വിടരുന്ന പൂമരം

ഖുർആൻ പറയുന്നു: അള്ളാഹുവും ﷻ മലക്കുകളും തിരുനബി ﷺ യുടെ മേൽ സ്വലാത്ത് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. സത്യ വിശ്വാസികളേ... നിങ്ങളും അവിടുത്തെ പേരിൽ സ്വലാത്തും സലാമും ചൊല്ലുക.

സ്വലാത്ത് പോലെ മറ്റൊരു സുകൃതവുമില്ല. നിസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനകൾ നമ്മോട് കൽപ്പിച്ചപ്പോൾ "അല്ലാഹുവും ﷻ മാലാഖമാരും ചെയ്യുന്നു അതുകൊണ്ട് നിങ്ങളും ചെയ്യുവിൻ” എന്ന കൽപ്പനാരീതി സ്വീകരിച്ചില്ല. എന്നാൽ സ്വലാത്ത് നമ്മോട് കൽപ്പിച്ചപ്പോൾ "അല്ലാഹുവും ﷻ അവൻ്റെ മാലാഖമാരും ചെയ്യുന്നു അതുകൊണ്ട് നിങ്ങളും ചെയ്യുവിൻ" എന്ന രീതിയാണ് സ്വീകരിച്ചത്. സ്വലാത്തിൻ്റെ മഹത്വം വിളിച്ചറിയിക്കാനാണ് ഇത്. 

സഹ്ല്ബിൻ അബ്‌ദുല്ലാഹിത്തസ്‌തരി (റ) പറയുന്നു. നബി ﷺ യുടെ മേലിലുള്ള സ്വലാത്ത് ആരാധനകളിൽ ശ്രേഷ്ഠമായതാണ്. കാരണം അല്ലാഹുവും ﷻ അവൻ്റെ മാലാഖമാരും ഏറ്റെടുത്ത് നടപ്പിലാക്കിയതിന് ശേഷമാണ് വിശ്വാസികളോട് കൽപ്പിക്കുന്നത്. എന്നാൽ മറ്റ് ആരാധനകളൊന്നും ഇപ്രകാരമല്ല. മറ്റ് ആരാധനകൾ ചെയ്യാൻ വിശ്വാസികളോട് അല്ലാഹു ﷻ കൽപ്പിക്കുന്നുവെങ്കിലും അല്ലാഹു ﷻ അത് ചെയ്യുന്നില്ല. (റൂഹുൽ ബയാൻ)

നബി ﷺപറയുന്നു: പാരത്രിക ലോകത്ത് എന്നോട് ഏറ്റവും അടുത്തവൻ എൻ്റെ മേൽ ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലുന്നവനാകുന്നു. (ബുഖാരി റഹ്)

നബി ﷺ പറയുന്നു: നിങ്ങൾ എൻ്റെ മേൽ സ്വലാത്ത് ചൊല്ലുക. അത് നിങ്ങളെ സംസ്‌കരിക്കുന്ന പ്രവർത്തനമാണ്.

നബി ﷺ പറയുന്നു: എൻ്റെ ഖബ്റിൻ്റെ സമീപത്ത് ഒരു മാലാഖ നിൽക്കുന്നുണ്ട്. ആരെങ്കിലും എൻ്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ ആ മാലാഖ എന്നോട് പറയും: നബിയേ ﷺ, ഇന്നയാൾ നിങ്ങളുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയിട്ടുണ്ട്. അത് കാരണമായി അള്ളാഹു ﷻ അവന് പത്ത് നന്മകൾ ചെയ്‌തു കൊടുത്തു.

നബി ﷺ പറയുന്നു: ആരെങ്കിലും എൻ്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അള്ളാഹു അവന് പത്ത് നന്മകൾ എഴുതുകയും പത്ത് ദോഷങ്ങൾ മായ്ക്കുകയും പത്ത് പദവികൾ ഉയർത്തുകയും ചെയ്യുന്നതാണ്.

നബി ﷺപറയുന്നു: നിങ്ങൾ എൻ്റെ മേൽ സ്വലാത്ത് ചൊല്ലുക. അത് നിങ്ങളുടെ പാപങ്ങളെ മായ്ച്ചുകളയുന്നതാണ്.

അബൂബക്കർ സിദ്ദീഖ് (റ) പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു. എൻ്റെ മേൽ സ്വലാത്ത് ചൊല്ലുന്നവർക്ക് അന്ത്യനാളിൽ ഞാൻ ശുപാർശകനാവുന്നതാണ്.

നബി ﷺ തങ്ങൾ അരുളി : അല്ലാഹുവിനെ ﷻ ആരെങ്കിലും തൃപ്തിയുള്ളവനായി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സ്വലാത്ത് വർദ്ധിപ്പിച്ചുകൊള്ളട്ടെ.

അല്ലാഹുവിൻ്റെ ﷻ സ്വലാത്ത്

അല്ലാഹു ﷻ പ്രവർത്തിക്കുന്ന ഏക ആരാധനയാണ് നബിﷺയുടെ മേലിലുള്ള സ്വലാത്ത്. എന്താണ് അല്ലാഹുവിൻ്റെ ﷻ സ്വലാത്ത് കൊണ്ട് അർത്ഥമാക്കുന്നത്.? അത്, അവൻ മുത്ത് നബിയുടെ ﷺ മദ്ഹുകൾ ആകാശലോകത്ത് വാഴ്ത്തിപ്പറയുക എന്നാണ്. അവിടുത്തെ മഹത്വവും അപദാനങ്ങളും ലോകമെങ്ങും മനസ്സിലാക്കണമെന്നത് സൃഷ്ടാവായ അല്ലാഹുവിൻ്റെ ﷻ തീരുമാനമാണ്. ആര് ശ്രമിച്ചാലും അതിനെ ഇല്ലാതെയാക്കാൻ കഴിയില്ല.

അല്ലാഹുവിൻ്റെ ﷻ സ്വലാത്തിനെ സംബന്ധിച്ച് വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.

ഇമാം ബുഖാരി (റ) യുടെ ഉസ്‌താദ് അബുൽ ആലിയ (റ) പറയുന്നു. അല്ലാഹുവിൻ്റെ ﷻ സ്വലാത്തിൻ്റെ വിവക്ഷ അവൻ മുത്ത്നബി ﷺ യുടെ സ്തുതി കീർത്തനങ്ങൾ മാലാഖമാരോട് എടുത്തു പറയുന്നു എന്നാണ്.

ഇബ്നു അബ്ബാസ് (റ) പറയുന്നു. അല്ലാഹുവിൻ്റെ ﷻ സ്വലാത്ത് കൊണ്ടുള്ള ഉദ്ദേശം അവൻ അനുഗ്രഹം ചൊരിയുന്നു എന്നാണ്. തഫ്സീറു അബു സ്സുഊദിൽ ഇപ്രകാരം കാണാം. അല്ലാഹുവിന്റെ ﷻ സ്വലാത്ത് തിരുനബി ﷺ യുടെ മദ്ഹുകൾ പറയുക എന്നാണ്. 

തഫ്സീറു സ്വാവിയിൽ ഇങ്ങനെ കാണാം. അല്ലാഹുവിൻ്റെ ﷻ സ്വലാത്തുകൊണ്ടുള്ള വിവക്ഷ തിരുനബി ﷺ യുടെ മേൽ ആദരപൂർവ്വം അല്ലാഹു ﷻ അനുഗ്രഹം ചൊരിയുന്നു എന്നാണ്.

ഇമാം ഗസ്സാലി (റ) പറയുന്നു. വ്യത്യസ്‌തങ്ങളായ ബഹുമതികളും ശ്രേഷ്ഠമായ അനുഗ്രഹങ്ങളും തിരുനബിയുടെ ﷺ മേൽ ചൊരിയുന്നു എന്നാണ് അല്ലാഹുവിൻ്റെ ﷻ സ്വലാത്തുകൊണ്ടുള്ള താൽപ്പര്യം.

മലക്കുകളുടെ സ്വലാത്ത്

ഈ മഹാപ്രപഞ്ചം മുഴുവനും പരന്നുകിടക്കുന്ന അല്ലാഹുവിന്റെ ﷻ മാലാഖ സമൂഹം മുഴുവനും തിരുനബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നു. മുത്ത് ﷺ നബിയുടെ മേലിലുള്ള പ്രാർത്ഥനയും മദ്ഹുകളുമാണ് അവരുടെ സ്വലാത്ത്.

ഒരിക്കൽ കഅ്ബ് (റ) ആയിശ ബീവി (റ) യുടെ അടുക്കൽ വന്ന് നബിയുടെ ﷺ മദ്ഹുകൾ പാടിക്കൊണ്ടേയിരുന്നു. കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു. ഓരോ പ്രഭാതത്തിലും എഴുപതിനായിരം മലക്കുകൾ ഇറങ്ങി തിരുനബിയുടെ ﷺ റൗളക്ക് ചുറ്റും കൂട്ടമായി നിന്ന് സ്വലാത്ത് ചൊല്ലുന്നു. വൈകുന്നേരം അവർ വാന ലോകത്തേക്ക് കയറുന്നു. ഉടനെ വേറെ എഴുപതിനായിരം മലക്കുകൾ ഇറങ്ങുന്നു. അവരും സ്വലാത്ത് ചൊല്ലുന്നു. ഇങ്ങനെ രാത്രിയിലും പകലിലും എഴുപതിനായിരം മലക്കുകൾ വീതം ഖിയാമത്ത് നാൾ വരെ ചെയ്‌തുകൊണ്ടേയിരിക്കും. (ദാരിമി, ബൈഹഖി)

വിശ്വാസികളുടെ സ്വലാത്ത്

വിശ്വാസികളുടെ സ്വലാത്ത് തിരുനബി ﷺ യുടെ സ്തു‌തിയും പ്രാർത്ഥനയുമാണ്. തിരുനബി ﷺ യുടെ മഹത്വവും പ്രശസ്തിയും ലോകം മുഴുവൻ പ്രചരിപ്പിക്കുകയും എന്നെന്നും നിലനിൽക്കുകയും ചെയ്യണമെന്നത് അല്ലാഹുവിൻ്റെ ﷻ തീരുമാനമാണ്. ഇതിനായുള്ള തേട്ടമാണ് മലക്കുകളും വിശ്വാസികളും ചെയ്യുന്ന സ്വലാത്ത്.

റൂഹുൽബയാൻ എന്ന തഫ്‌സീർ ഗ്രന്ഥത്തിൽ കാണാം: തിരു നബിയുടെ ﷺ ഗുണവിശേഷങ്ങൾ വർണിച്ച് അവിടുത്തെ അപദാനങ്ങൾ വാഴ്ത്തലും അവിടുത്തെ അനുധാവനം ചെയ്യലും സ്നേഹിക്കലുമാണ്, തിരുനബിയുടെ ﷺ മേൽ വിശ്വാസികൾ ചൊല്ലുന്ന സ്വലാത്ത്.

നാം എന്തിന് സ്വലാത്ത് ചൊല്ലുന്നു?

നാം എന്തിനാണ് മുത്ത്നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുന്നത്? എന്താണ് നാം ലക്ഷ്യമാക്കേണ്ടത്.?

സ്വലാത്ത് നമ്മുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. തിരുനബി ﷺ സ്നേഹത്തിന്റെയും അവിടുത്തോടുള്ള ആദരവിൻ്റെയും അമൂല്യമായ അടയാളമാണ് അത്. അവിടുന്ന് മുഖേന നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകാശനവുമാണ് അത്.

തിരുനബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലാൻ അള്ളാഹു ﷻ നമ്മോട് കൽപ്പിച്ചു. ആ കല്‌പനക്ക് വഴിപ്പെട്ടുകൊണ്ട് നാം അവിടുത്തേക്ക് സ്വലാത്ത് ചൊല്ലുന്നു. തിരുനബി ﷺ നമുക്ക് ചെയ്തു തന്ന ഇഹ്സാനുകൾക്ക് (നന്മകൾക്ക്) പകരം ചെയ്യാൻ നമുക്ക് കഴിയില്ലെങ്കിലും സ്വലാത്തിലൂടെ നമുക്ക് അതിനു ശ്രമിക്കാവുന്നതാണ്.

സ്വലാത്ത് ചൊല്ലുമ്പോൾ നബിക്ക് ﷺ എന്തെങ്കിലും നന്മകൾ ലഭിക്കുന്നുണ്ട് എന്നോ അവിടുത്തെ പദവികൾ വർദ്ധിക്കുന്നുണ്ട് എന്നോ അവിടുത്തേക്ക് ശുപാർശ ചെയ്യുകയാണ് എന്നോ ചിന്തിക്കരുത്. പാപികളായ നാം ചൊല്ലുന്ന സ്വലാത്തുകൾ സൃഷ്ട‌ികളിൽ വെച്ച് ഏറ്റവും ഉത്തമരായ മുത്ത്നബിക്ക് ﷺ ആവശ്യമില്ല.

ഇമാം ഹലീമി (റ) പറയുന്നു: തിരുനബി ﷺയുടെ മേലുള്ള സ്വലാത്ത് കൊണ്ടുള്ള ലക്ഷ്യം അള്ളാഹുവിൻ്റെ ﷻ കല്പന സ്വീകരിച്ച് അവനിലേക്ക് അടുക്കലും നബിയോടുള്ള ﷺ കടപ്പാട് നിർവ്വഹിക്കലുമാണ്.

ഇബ്നുൽ അറബി (റ) പറയുന്നു: സ്വലാത്തിൻ്റെ പുണ്യം അത് ചൊല്ലിയവനാണ് ലഭിക്കുന്നത്.

വെള്ളിയാഴ്‌ച; സ്വലാത്ത് ദിനം

വെള്ളിയാഴ്ച‌ സ്വലാത്ത് ദിനമാണ്. അന്ന് രാവും പകലും സ്വലാത്ത് വർദ്ധിപ്പിക്കണം. അന്ന് മറ്റു ദിവസങ്ങളിൽ ചൊല്ലുന്നതിനേക്കാൾ കൂടുതൽ സ്വലാത്ത് ചൊല്ലി പ്രത്യേകം ഗൗനിക്കണം. ഒട്ടനവധി സ്വഹാബികളും താബിഉകളും വെള്ളിയാഴ്ച ദിവസം സ്വലാത്തുകൾ വർദ്ധിപ്പിച്ചിരുന്നതായി മഹാന്മാർ രേഖപ്പെടുത്തുന്നു.

വെള്ളിയാഴ്ച ദിവസം പ്രത്യേകം ചൊല്ലേണ്ട സ്വലാത്ത് മഹാനായ സുലൈമാനുൽ ജസൂലി (റ) തൻ്റെ ദലാഇലുൽ ഖൈറാത്ത് എന്ന ഗ്രന്ഥത്തിൽ ക്രോഡീകരിച്ചിട്ടുണ്ട്. നമ്മുടെ പള്ളികളിൽ അൽകഹ്ഫിന്റെ ഏടുകളിൽ കാണുന്ന സ്വലാത്താണ് ഇത്. വളരെ പുണ്യങ്ങൾ നിറഞ്ഞ സ്വലാത്താണ് ഇത്.

നബി ﷺ പറയുന്നു: ഏറ്റവും പുണ്യമായ ദിവസം വെള്ളിയാഴ്ചയാകുന്നു. ആദം നബി (അ) യെ സൃഷ്‌ടിക്കപ്പെട്ടതും റൂഹ് പിടിക്കപ്പെട്ടതും അന്നാണ്. അതിനാൽ അന്ന് നിങ്ങൾ എന്റെ മേൽ സ്വലാത്തുകൾ വർദ്ധിപ്പിക്കുക. (അബുദാവൂദ് റഹ്)

നബി ﷺ പറയുന്നു: നിങ്ങൾ വെള്ളിയാഴ്‌ച ദിവസം എന്റെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലുക. കാരണം വെള്ളിയാഴ്ച മലക്കുകൾ സാക്ഷിനിൽക്കുന്ന ദിവസമാകുന്നു. (ഇബ്നു‌മാജ റഹ്)

നബി ﷺ പറയുന്നു: നിങ്ങൾ വെള്ളിയാഴ്‌ച ദിവസം സ്വലാത്ത് വർദ്ധിപ്പിക്കുക. തീർച്ചയായും നിങ്ങളുടെ സ്വലാത്തുകൾ എൻ്റെ മേൽ പ്രദർശിപ്പിക്കപ്പെടും. (ത്വബ്റാനി റഹ്)

നബി ﷺ പറയുന്നു: നിങ്ങൾ വെള്ളിയാഴ്‌ച സ്വലാത്ത് വർദ്ധിപ്പിക്കുക. നിങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലുന്നവനാണ് എന്നോട് ഏറ്റവും അടുത്തവൻ.

തിരുനബി ﷺ പറയുന്നു: വ്യാഴാഴ്‌ച ദിവസം അല്ലാഹു ﷻ തആല ഒരു കൂട്ടം മലക്കുകളെ നിയോഗിക്കും. അവരുടെ കയ്യിൽ വെള്ളിയാലുള്ള ഏടുകളും സ്വർണ്ണത്താലുള്ള പേനകളും ഉണ്ടാകും. വ്യാഴാഴ്‌ച ദിവസവും വെള്ളിയാഴ്‌ച രാവും ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലുന്നവരെ അവർ അവരുടെ ഏടുകളിൽ രേഖപ്പെടുത്തും.

സ്വലാത്ത് പൂർണ്ണമായും എഴുതുക; പിശുക്കരുത്

നബിയുടെ ﷺ പേര് എഴുതുമ്പോൾ പൂർണ്ണമായും സ്വലാത്ത് എഴുതണം. (സ്വ), (സ.അ) പോലെയുള്ള രൂപങ്ങളിൽ ചുരുക്കരുത്. അവിടുത്തെ പേര് ആവർത്തിക്കുമ്പോൾ സ്വലാത്ത് എഴുതാൻ മടിയോ മുഷിപ്പോ പാടില്ല. തിരുനബി ﷺ നമുക്ക് വേണ്ടി എത്ര പ്രയാസങ്ങൾ സഹിച്ചു.! നമുക്കുവേണ്ടി, നമ്മുടെ ദീനിൻ്റെ നില നില്പിന് വേണ്ടി എത്ര ത്യാഗങ്ങൾ അവിടുന്ന് സഹിച്ചു. !! എന്തിനേറെ പറയണം, ഉഹ്ദിൻ്റെ വേളയിൽ അവിടുത്തെ മുൻപല്ല് പൊട്ടിയത് നമുക്ക് വേണ്ടിയായിരുന്നില്ലേ? നിസ്‌കാര സമയത്ത് ശത്രുക്കൾ ചീഞ്ഞളിഞ്ഞ കുടൽമാല അവിടുത്തെ കഴുത്തിൽ കൊണ്ടിട്ടത് നമുക്കുവേണ്ടി പ്രവർത്തിക്കുന്നതിനിടയിലായിരുന്നില്ലേ? എത്ര കല്ലേറുകൾ... എത്ര ചീത്തവിളികൾ... ആക്ഷേപങ്ങൾ....

മരണസമയത്ത് പോലും നമ്മെ ഓർത്ത് കരഞ്ഞ ആ തിരുഹബീബിൻ്റെ ﷺ പേര് ഉരുവിടുന്ന സമയത്ത് നമുക്ക് എങ്ങനെ സ്വലാത്ത് വിസ്മരിക്കാനാവും.? അവിടുത്തെ പേര് എഴുതുമ്പോൾ പൂർണ്ണമായും സ്വലാത്ത് എഴുതാൻ നമുക്കെങ്ങനെ മടി തോന്നുന്നു..?

നബി ﷺ പറയുന്നു: എൻ്റെ പേര് എഴുതുമ്പോൾ ആരെങ്കിലും സ്വലാത്ത് എഴുതിയാൽ ആ എഴുത്ത് നിലനിൽക്കുന്ന കാല zത്തോളം അത് അവനുവേണ്ടി പൊറുക്കൽ ചോദിച്ചു കൊണ്ടിരിക്കുന്നതാണ്.

ഇമാം സുയൂത്വി (റ) പറയുന്നു: നബിയുടെ ﷺ പേരിന് പിറകെ صلم ، صلعم ، ص പോലെ ചുരുക്കത്തിൽ സ്വലാത്ത് എഴുതാൻ കറാഹത്താണ്.

അബ്ദുള്ളാഹിബ്‌ന് ഹകം (റ) പറയുന്നു: ഇമാം ശാഫിഈ (റ) നെ ഞാൻ സ്വപ്‌നത്തിൽ ദർശിച്ചു. ഞാൻ ചോദിച്ചു: അള്ളാഹു ﷻ നിങ്ങളെ എങ്ങനെയാണ് സ്വീകരിച്ചത്. ഇമാം ശാഫിഈ (റ) പറഞ്ഞു: പുതുമാരന് മണിയറ ഒരുക്കി സ്വീകരിക്കുന്നത് പോലെയാണ് അള്ളാഹു ﷻ എന്നെ സ്വീകരിച്ചത്. ഇത്രയും വലിയ സ്ഥാനം ലഭിക്കാനുള്ള കാരണമെന്തായിരുന്നു.? മഹാനവർകൾ പറഞ്ഞു: എൻ്റെ ഗ്രന്ഥമായ 'രിസാല'യിൽ നബിയുടെ ﷺ മേൽ സ്വലാത്ത്എ ഴുതിയത് കാരണമായിട്ടാണ് എനിക്കിത്രയും വലിയ സ്ഥാനം ലഭിച്ചത്.

സുഫ്‌യാൻ ബിന് ഉയൈന (റ) പറയുന്നു: എൻ്റെ കൂടെ ഹദീസ് പഠിച്ചിരുന്ന ഒരു കൂട്ടുകാരനെ മരണശേഷം ഞാൻ സ്വപ്നത്തിൽ കണ്ടു. സുന്ദരമായ പച്ചവസ്ത്രം ധരിച്ച അദ്ദേഹത്തോട് ഞാൻ ചോദിച്ചു: നിങ്ങൾ എൻ്റെ കുടെ ഹദീസ് പഠിച്ച ആളായിരുന്നില്ലേ... നിങ്ങൾക്ക് ഇങ്ങനെ ഒരു ആദരവ് ലഭിക്കാനുള്ള കാരണമെന്താണ്? അദ്ദേഹം പറഞ്ഞു: ഞാൻ ഹദീസ് പഠിക്കുമ്പോൾ നബി ﷺ യുടെ പേരിനു കൂടെ സ്വല്ലല്ലാഹു അലൈഹിവ സല്ലം എന്ന് എഴുതാറുണ്ടായിരുന്നു. അതിന് അള്ളാഹു ﷻ എന്നെ ആദരിച്ചതാണിത്.

സുബ്ഹാനള്ളാഹ്...

നബി ﷺ പറയുന്നു: അള്ളാഹുവിന് ﷻ ഒരു മലക്കുണ്ട്. അതിന് 2 ചിറകുകളുണ്ട്. ഒരു ചിറക് മശ്‌രിഖിലും മറ്റേത് മഗ്‌രിബിലും. ആരെങ്കിലും എന്നോടുള്ള സ്നേഹം കാരണമായി ഒരു സ്വലാത്ത് ചൊല്ലിയാൽ ആ മാലാഖ വെള്ളത്തിൽ മുങ്ങും. പിന്നെ അത് വെള്ളത്തിൽ നിന്ന് പൊങ്ങും. ആ സമയത്ത് അതിൻ്റെ ചിറകിൽ നിന്ന് എത്ര തുള്ളി വെള്ളം ഉറ്റുന്നുണ്ടോ അത്രയും മലക്കുകളെ അള്ളാഹു ﷻ സൃഷ്ട‌ിക്കും. ആ മലക്കുകൾ മുഴുവനും ഈ സ്വലാത്ത് ചൊല്ലിയ വ്യക്തിക്ക് വേണ്ടി അന്ത്യനാൾ വരെ പൊറുക്കൽ ചോദിച്ചു കൊണ്ടിരിക്കും.

സ്വർഗ്ഗം സ്വലാത്തിലൂടെ

അബുൽ അബ്ബാസ് അഹ്‌മദ് (റ) എന്നവർ മരണപ്പെട്ടപ്പോൾ ശീറാസിലുള്ള ഒരാൾ അദ്ദേഹത്തെ സ്വ‌പ്നം കണ്ടു. അദ്ദേഹം ശീറാസിലുള്ള പള്ളിയിലെ മിഹ്റാബിൽ നിൽക്കുന്നു. സുന്ദരമായ വസ്ത്രവും മുത്തുകൾ കൊണ്ട് അലങ്കരിക്കപ്പെട്ട കിരീടവും ധരിച്ചിരിക്കുന്നു. ഞാൻ ചോദിച്ചു: "നിങ്ങൾ മരണപ്പെട്ടപ്പോൾ അള്ളാഹു ﷻ നിങ്ങളെ എന്താണ് ചെയ്ത‌ത്.?" അദ്ദേഹം പറഞ്ഞു: എന്റെ പാപങ്ങൾ പൊറുത്തു തരികയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. അയാൾ ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇത്രയും വലിയ സ്ഥാനം ലഭിച്ചത്.? മഹാനവർകൾ പറഞ്ഞു: ഞാൻ നബിയുടെ ﷺ മേൽ സ്വലാത്ത് വർദ്ധിപ്പിച്ചത് കാരണമായിട്ടാണ് അള്ളാഹു ﷻ എന്നെ ആദരിച്ചത്.

സ്വലാത്ത് രക്ഷയുടെ കവാടം

ചില സജ്ജരായ ആളുകൾ സ്വപ്‌നത്തിൽ ഒരു ഭീകരമായ ദൃശ്യം കണ്ടു. അവർ അതിനോട് ചോദിച്ചു: നീ ആരാണ്? അപ്പോൾ അത് പറഞ്ഞു: നിങ്ങൾ ചെയ്‌ത തെറ്റ് കുറ്റങ്ങളാണ് ഞാൻ. അവർ ചോദിച്ചു: എങ്ങനെ രക്ഷപ്പെടാനാവും? അത് പറഞ്ഞു. നബി ﷺ യുടെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കൽ കൊണ്ട് നിങ്ങൾക്ക് രക്ഷപ്പെടാം.

തിരുകരങ്ങളിൽ ﷺ നിന്ന് ദാഹജലം

അബ്‌ദുള്ളാഹിബ്‌നു സലാം (റ) പറയുന്നു: അമീറുൽ മുഅ്മിനീൻ ഉസ്മ‌ാനുബ്‌നു അഫ്‌ഫാൻ (റ) ബന്ധസ്ഥനാക്കപ്പെട്ട സന്ദർഭം. ഒരു ദിവസം ഞാൻ അദ്ദേഹത്തെ സന്ദർശിക്കാൻ പോയി. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. സുഹൃത്തേ, താങ്കൾക്ക് സ്വാഗതം. ഞാനിന്നലെ രാത്രി ഹബീബായ റസൂൽ ﷺ യെ സ്വപ്നത്തിൽ ദർശിച്ചു. അവിടുന്ന് ഒരു പാത്രം വെള്ളം എനിക്കു തന്നു. ഞാനത് പാനം ചെയ്തു‌. ദാഹം തീരുവോളം.... അതിൻ്റെ കുളിര് ഞാനിപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

ഞാൻ ചോദിച്ചു. ഈ മഹത്വം താങ്കൾക്ക് എങ്ങിനെ ലഭിച്ചു. അദ്ദേഹം പറഞ്ഞു. തിരുനബിയുടെ ﷺ മേൽ ധാരാളം സ്വലാത്ത് ചൊല്ലിയതുകൊണ്ട്. (കിതാബുൽ ഹദാഇഖ്)

സ്വർഗത്തിലൊരു സുന്ദരി

വിശ്രുത പണ്ഡിതനും സുഫീവര്യനുമായ ഹസനുൽ ബസ്വരി (റ) യുടെ അടുക്കൽ വന്ന് ഒരു സ്ത്രീ പറഞ്ഞു. ഓ, ഹസൻ എന്നവരേ... എൻ്റെ മകൾ മരണപ്പെട്ടിരിക്കുന്നു. എനിക്കവളെ സ്വപ്നത്തിൽ കാണണം. അദ്ദേഹം പറഞ്ഞു: നീ നാല് റക്അത്ത് നിസ്ക്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാത്തിഹക്ക് ശേഷം തകാസുർ സൂറത്ത് ഓതുക. ശേഷം ഉറക്കം വരുവോളം തിരുനബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുക. ആ സ്ത്രീ അപ്രകാരം ചെയ്തപ്പോൾ മകളെ സ്വപ്‌നത്തിൽ ദർശിച്ചു. അവൾ ഭീതിതമായ സ്ഥിതിയിലാണ്. കൈകൾ ബന്ധിച്ചിരിക്കുന്നു. കാലുകൾ തീയാലുള്ള ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു. ടാർ കൊണ്ടുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു.ഈ രംഗം കണ്ട സ്ത്രീ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.

പടച്ചവനേ... എന്താണ് ഞാനീ കണ്ടത്? എന്റെ മകൾ ഈ രൂപത്തിൽ ശിക്ഷയനുഭവിക്കുകയാണോ? ഉടനെ ആ സ്ത്രീ ഹസനുൽ ബസ്വരി (റ) യുടെ അടുക്കൽ ചെന്ന് വിവരം പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. നീ മകളുടെ പേരിൽ ധർമ്മം ചെയ്യുക. അള്ളാഹു ﷻ അവൾക്ക് മാപ്പ് നൽകിയേക്കാം. ആ രാത്രി ഹസനുൽ ബസ്വരി (റ) ഒരു സ്വപ്‌നം കണ്ടു.

അതാ പ്രകാശിക്കുന്ന കിരീടമണിഞ്ഞ് സ്വർഗ്ഗീയ ആരാമത്തിൽ സുന്ദരിയായ ഒരു പെണ്ണ്. അവൾ ചോദിച്ചു. അല്ലയോ ഹസൻ അവർകളേ എന്നെ താങ്കൾ അറിയുമോ? താങ്കൾ സ്വലാത്ത് ചൊല്ലാൻ കൽപ്പിച്ച ആ സ്ത്രീയുടെ മകളാണ് ഞാൻ. ഹസനുൽ ബസ്വരി (റ) ചോദിച്ചു. നിൻ്റെ ഉമ്മ എന്നോട് പറഞ്ഞത് ഈ അവസ്ഥയായിരുന്നില്ലല്ലോ? അവൾ പറഞ്ഞു. ഉമ്മ പറഞ്ഞതുപോലെയായിരുന്നു എൻ്റെ അവസ്ഥ. ഞാൻ മാത്രമല്ല, ഈ ഖബർസ്ഥാ നിലുള്ള എഴുപതിനായിരം പേരും ഈ വിധത്തിൽ ശിക്ഷ അനുഭവിച്ചിരുന്നു. ആ സമയത്താണ് ഒരു നല്ല മനുഷ്യൻ ഞങ്ങളുടെ ഖബർസ്ഥാനിലൂടെ നടന്നുപോയത്. അദ്ദേഹം തിരുനബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലി ഞങ്ങളുടെ മേൽ ഹദ്‌യ ചെയ്തു. അല്ലാഹു ﷻ അത് സ്വീകരിച്ചു. അത് കാരണം ഞങ്ങൾ ശിക്ഷയിൽ നിന്നും മോചിക്കപ്പെട്ടു. (തദ്‌കിറത്ത്)

ആകാശത്തിലൊരു ഇമാം

ഇബ്നു അസാക്കിർ (റഹ്) റിപ്പോർട്ട് ചെയ്യുന്നു. ജഅ്‌ഫർ ബിൻ അബ്ദുല്ലാഹ് പറയുന്നു: അബൂസുർഅ എന്നവരെ ഞാൻ സ്വപ്നം കണ്ടു. അദ്ദേഹം വാനലോകത്ത് മലക്കുകൾക്ക് ഇമാമായി നിസ്കരിക്കുന്നു. ഞാൻ ചോദിച്ചു. താങ്കൾക്ക് ഈ മഹത്തായ പദവി ലഭിക്കാൻ എന്താണ് കാരണം...? അദ്ദേഹം പറഞ്ഞു. ഞാൻ ആയിരത്തിൽ പരം ഹദീസുകൾ (തിരു വചനങ്ങൾ) എൻ്റെ കൈകൊണ്ട് എഴുതിയിട്ടുണ്ട്. തിരുനബിയുടെ ﷺ നാമം എഴുതുമ്പോൾ ഞാൻ സ്വലാത്തും എഴുതുമായിരുന്നു. അതിനാലാണ് ഈ മഹത്തായ പദവി എനിക്ക് ലഭിച്ചത്. (നഫ്ഹതുൽ ഇലാഹിയ്യ 143)

സ്വലാത്ത് മുഖേന തിരുചുംബനം

മുഹമ്മദ്ബിൻ സഈദ് (റ) പറയുന്നു: എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഞാൻ മുത്ത് ﷺ നബി യുടെ മേൽ സ്വലാത്ത് ചൊല്ലാറുണ്ട്. ഒരു ദിവസം സ്വലാത്ത് ചൊല്ലി ഞാൻ ഉറങ്ങിയപ്പോൾ എനിക്ക് ആ ഭാഗ്യം ഉണ്ടായി. ലോകത്തിൻ്റെ നേതാവ് നബി ﷺ എന്റെ സ്വപ്ന നായകനായി കടന്നുവന്നിരിക്കുന്നു. തിരുശരീരത്തിന്റെ പ്രകാശത്താൽ ഞങ്ങളുടെ കിടപ്പുമുറി പ്രകാശപൂരിതമായി. മുത്ത്നബി ﷺ എന്നോട് പറഞ്ഞു: എൻ്റെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലുന്ന നിങ്ങളുടെ വായ ഞാനൊന്ന് ചുംബിച്ചോട്ടെ... തിരുനബി ﷺ എൻ്റെ കവിളിൽ ചുംബിച്ചു. ഞാൻ ഉറക്കിൽ നിന്നും ഞെട്ടിയുണർന്നു. എൻ്റെ ചാരത്ത് കിടന്നിരുന്ന ഭാര്യയും ഉണർന്നു. വീട് മുഴുവനും കസ്‌തൂരിയുടെ പരിമളം അടിച്ചുവീശുന്നു. മുത്ത്നബി ﷺ   ചുംബിച്ച എൻ്റെ കവിളിൽ എട്ട് ദിവസത്തോളം കസ്‌തൂരിയുടെ സുഗന്ധം അവശേഷിച്ചിരുന്നു.

സ്വലാത്ത് മുഖേന ഖബ്റിലും രക്ഷ

വിശ്രുത പണ്ഡിതൻ അബൂബക്കറ് ശിബ്‌ലി (റ) പറയുന്നു: മരണാനന്തരം എൻ്റെ അയൽവാസിയെ ഞാൻ സ്വപ്നത്തിൽ കണ്ടു. അദ്ദേഹത്തിൻ്റെ ഖബ്റ് ജീവിതത്തെ കുറിച്ച് ഞാൻ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: അല്ലയോ ശിബിലീ.. ഭീതിതമായ പല അവസ്ഥകളും കടന്നുപോയി. ഖബ്‌റിലെ ചോദ്യ സമയത്ത് വല്ലാതെ വിഷമിച്ചു. മലക്കുകൾ എന്നെ ശിക്ഷിക്കാനൊരുങ്ങിയപ്പോൾ കസ്തൂരിയുടെ പരിമളം വീശി സുന്ദരനായ ഒരു മനുഷ്യൻ എന്റെ സമീപത്ത് വന്നു നിന്നു. മലക്കുകളുടെ ചോദ്യങ്ങൾക്ക് എനിക്ക് മറുപടി പറഞ്ഞുതന്നു. ഞാൻ ചോദിച്ചു: നിങ്ങൾ ആരാണ്? അദ്ദേഹം പറഞ്ഞു: മുത്ത് നബിയുടെ ﷺ മേൽ നീ ചൊല്ലിയ സ്വലാത്തുകളാണ് ഞാൻ. എനിക്ക് അല്ലാഹു ﷻ ഈ രൂപം നൽകിയതാണ്. ഏത് വിഷമഘട്ടത്തിലും നിന്നെ സഹായിക്കുനുള്ള നിർദ്ദേശം എനിക്ക് ലഭിച്ചിട്ടുണ്ട്.

സ്വലാത്ത് നിർദ്ദേശിക്കപ്പെട്ട സന്ദർഭങ്ങൾ

തിരു നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലൽ എല്ലാ സമയത്തും പുണ്യമുള്ളതാണെങ്കിലും ചില പ്രത്യേക സ്ഥലങ്ങളിൽ പ്രത്യേകം പവിത്രതകളുണ്ട്.

1. അവസാനത്തെ അത്തഹിയ്യാത്തിൽ

അവസാനത്തെ അത്തഹിയ്യാത്തിൽ സ്വലാത്ത് ചൊല്ലണമെന്നത് മുസ്ല‌ിം ലോകം ഏകോപിച്ച കാര്യമാണ്. അത് നിർബന്ധമാണോ എന്ന കാര്യത്തിലാണ് ഭിന്നാഭിപ്രായമുള്ളത്. ശാഫിഈ മദ്ഹബനുസരിച്ച് അത് നിർബന്ധമാണ്.

ഇബ്നു അബ്ബാസ് (റ) പറയുന്നു: ഖുർആനിലെ സൂറത്തുകൾ പഠിപ്പിക്കുന്നതുപോലെ നബി ﷺ ഞങ്ങളെ അത്തഹിയ്യാത്ത് (തശഹുദ്) പഠിപ്പിക്കാറുണ്ടായിരുന്നു.

2. ആദ്യത്തെ അത്തഹിയ്യാത്തിൻ്റെ അവസാനത്തിൽ

ആദ്യത്തെ അത്തഹിയ്യാത്തിന്റെ അവസാനത്തിൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്.
നബി ﷺ പറയുന്നു: നീ നിൻ്റെ നിസ്‌കാരത്തിലിരുന്നാൽ സ്വലാത്ത് ചൊല്ലാതിരിക്കരുത്. സ്വലാത്ത് നിസ്‌കാരത്തിന്റെ സംസ്കരണമാണ്.

3. ഖുനൂതിന്റെ അവസാനത്തിൽ

ശാഫിഈ മദ്ഹബനുസരിച്ച് ഖുനൂതിൻ്റെ അവസാനത്തിൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്.

ഹസൻ ബിൻ അലി (റ) പറയുന്നു: എനിക്ക് വിത്റിൽ "അല്ലാഹുമ്മഹ്ദിനീ" മുതൽ "വതആലൈത" വരെ അവസാനത്തിൽ നബിയുടെ ﷺ മേലിലുള്ള സ്വലാത്ത് ചേർത്ത് നബി ﷺ പഠിപ്പിച്ചു തന്നു.

4. മയ്യിത്ത് നിസ്ക്കാരത്തിൽ രണ്ടാം തക്ബീറിനു ശേഷം

ശാഫിഈ മദ്ഹബനുസരിച്ച് മയ്യിത്ത് നിസ്‌കാരത്തിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണ്.
ഇമാം ശാഫിഈ (റ) ഉദ്ദരിക്കുന്നു: അബൂഉമാമ (റ) പറയുന്നു: നബി ﷺ സ്വഹാബികളെ മയ്യിത്ത് നിസ്‌കാരത്തിൻ്റെ രൂപം പഠിപ്പിക്കുമ്പോൾ രണ്ടാം തക്ബീറിനുശേഷം നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലാൻ പഠിപ്പിക്കുകയുണ്ടായി.

5. ഖുതുബകളിൽ : (ജുമുഅ-ഖുത്‌ബ, പെരുന്നാൾ ഖുത്ബ)

ശാഫിഈ ഇമാം (റ) പറയുന്നു: നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലാതെ ഒരു ഖുത്ബയും സ്വഹീഹാവുകയില്ല.

നബി ﷺ പറയുന്നു: തശഹുദ് ഇല്ലാത്ത എല്ലാ ഖുത്വ്‌ബകളും കുഷ്ഠരോഗിയുടെ കൈപോലെയാണ്.

നാല് ഖുലഫാഉറാശിദുകളടക്കമുള്ള മുൻഗാമികൾ മുഴുവനും അവരുടെ എല്ലാ ഖുത്വ്‌ബകളിലും സ്വലാത്ത് ചൊല്ലുന്നവരായിരുന്നു.

6. ഇഖാമത്തിൻ്റെ മുമ്പ്

പ്രസിദ്ധ ശാഫിഈ കർമ്മശാസ്ത്രഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ പറയുന്നു: ഇഖാമത്തിന് മുമ്പ് നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്.

7. വാങ്കിന്റെയും ഇഖാമത്തിൻ്റെയും ശേഷം

നബി ﷺ പറയുന്നു: നിങ്ങൾ വാങ്ക് കൊടുക്കുന്നതു കേട്ടാൽ വാങ്ക് കൊടുക്കുന്നവൻ പറയുന്നതുപോലെ പറയുക. ശേഷം എന്റെ മേൽ സ്വലാത്ത് ചൊല്ലുക. എൻ്റെ മേൽ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാൽ അവന് അള്ളാഹു ﷻ പത്ത് ഗുണങ്ങൾ ചെയ്യുന്നതാണ്. ശേഷം എനിക്ക് വേണ്ടി നിങ്ങൾ വസീലയെ ചോദിക്കുക. വസീല സ്വർഗ്ഗത്തിലെ ഒരു ഉന്നത സ്ഥാനമാണ്. അള്ളാഹുവിന്റെ ﷻ അടിമകളിൽ നിന്ന് ഒരാൾക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ. അത് ഞാനാകാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒരാൾ വസീലയെ ചോദിച്ചാൽ അവന് തീർച്ചയായും എൻ്റെ ശഫാഅത്ത് ലഭിക്കുന്നതാണ്. (മുസ്ലിം റഹ്)

8. ദുആ ചെയ്യുന്ന അവസരത്തിൽ

നാം അള്ളാഹുവോട് ﷻ പ്രാർത്ഥിക്കുമ്പോൾ അവന് ഏറ്റവും ഇഷ്ടപ്പെട്ട മുത്ത്നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലി ചോദിച്ചാൽ പെട്ടെന്ന് ഉത്തരം ലഭിക്കും.

മഹാന്മാർ പറയുന്നു: നിസ്‌കാരത്തിലുള്ള ഫാതിഹ പോലെയാണ് ദുആകളിലുള്ള സ്വലാത്ത്.
ദുആ ചെയ്യുന്ന സമയത്ത് 3 രീതിയിൽ സ്വലാത്ത് ചൊല്ലാവുന്നതാണ്. മൂന്നുരൂപങ്ങളും ഹദീസിൽ കാണാവുന്നതാണ്.

1. ഹംദ് ചൊല്ലിയതിന് ശേഷം സ്വലാത്ത് ചൊല്ലുക. നബി ﷺ പറയുന്നു: നിങ്ങൾ ദുആ ചെയ്യുമ്പോൾ ആദ്യം ഹംദ് ചെയ്യുകയും ശേഷം എൻ്റെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. ശേഷം നിങ്ങളുടെ ആവശ്യങ്ങൾ അള്ളാഹുവോട് ﷻ ചോദിക്കുക.
2. ദുആഇന്റെ ആദ്യത്തിലും മധ്യത്തിലും അവസാനത്തിലും സ്വലാത്ത് ചൊല്ലുക :- നബി ﷺ പറയുന്നു: നിങ്ങൾ എന്നെ നിങ്ങളുടെ ദുആഇന്റെ ആദ്യത്തിലും മധ്യത്തിലും അവസാനത്തിലും ഓർക്കുക.
3. ദുആഇന്റെ ആദ്യത്തിലും അവസാനത്തിലും സ്വലാത്ത് ചൊല്ലുക:- നബി ﷺ പറയുന്നു: നിങ്ങളുടെ ദുആ ആകാശഭൂമിക്കിടയിൽ തടഞ്ഞുവെക്കപ്പെടും. എൻ്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതിനെ ആകാശത്തിലേക്ക് ഉയർത്തപ്പെടും.

അലി (റ) പറയുന്നു: നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലാത്ത ഒരു പ്രാർത്ഥനയും അള്ളാഹു ﷻ സ്വീകരിക്കുകയില്ല. (ത്വബ്റാനി റഹ്)

ഉമർ ഇബ്നു ഖത്താബ് (റ) പറയുന്നു: എല്ലാ പ്രാർത്ഥനകളും ആകാശത്തിന്റെയും ഭൂമിയുടെയും ഇടയിൽ തടഞ്ഞുവെക്കപ്പെടും. നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലാതെ അവ സ്വീകരിക്കുകയില്ല  (തിർമിദി റഹ്) 

9. പള്ളിയിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും

നബി ﷺ പറയുന്നു: നിങ്ങൾ പള്ളിയിൽ പ്രവേശിച്ചാൽ എന്റെ മേൽ സലാം പറഞ്ഞ് 
الّلهُمّ افْتَحْ لِي أَبْوَابَ رَحْمَتِكَ എന്ന് പറയുക.പള്ളിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എൻ്റെ മേൽ സലാം പറഞ്ഞ ശേഷം االّلهُمّ إِنّي أَسْأَلُكَ مِنْ فَضْلِكَ  എന്ന് പറയുക (ത്വബ്റാനി റഹ്)

10. സ്വഫയുടെയും മർവയുടെയും മുകളിൽ വെച്ച്

ഇബ് ഉമർ (റ) പറയുന്നു: നബി ﷺ സ്വഫായുടെ മുകളിൽ വെച്ച് മൂന്നുതവണ തക്ബീർ ചൊല്ലുകയും ശേഷം لا إلهَ إلاَّ اللَّه وحْدهُ لاَ شَرِيكَ لهُ، لَهُ المُلْكُ، ولَهُ الحمْدُ، وَهُو عَلَى كُلِّ شَيءٍ قَدِيرٌ എന്ന് പറയുകയും നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യാറുണ്ടായിരുന്നു. ശേഷം നീണ്ട പ്രാർത്ഥന നടത്തും. മർവയുടെ മുകളിൽ വെച്ചും ഇതേ പ്രവർത്തനം ആവർത്തിക്കാറുണ്ടായിരുന്നു. (ബൈഹഖി റഹ്)

വഹബ് ബ്ന് അഹ്‌ദ് (റ) പറയുന്നു: ഉമർ ബ്‌ന് ഖത്താബ് (റ) മക്കയിലെ ജനങ്ങൾക്ക് ഹജ്ജിൻ്റെ രൂപങ്ങൾ വിശദീകരിക്കുന്നതിനിടയിൽ സ്വഫയുടെയും മർവയുടെയും മുകളിൽ വെച്ച് സ്വലാത്ത് ചൊല്ലണമെന്ന് പ്രത്യേകം നിർദ്ദേശിക്കാറുണ്ടായിരുന്നു.

11. സദസ്സിൽ നിന്ന് പിരിയുമ്പോൾ

നബി ﷺ പറയുന്നു: അള്ളാഹുവിനെ ﷻ സ്‌മരിക്കാതെയും എന്റെ മേൽ സ്വലാത്ത് ചൊല്ലാതെയും പിരിഞ്ഞ സദസ്സുകൾ, സദസ്യർക്ക് ദുഃഖം സമ്മാനിക്കുന്നതാണ്. (അഹ്മദ് റഹ്)

ആഇശ (റ) പറയുന്നു: നിങ്ങളുടെ സദസ്സുകൾ നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലി ഭംഗിയാക്കുക.

12. നബി ﷺ യുടെ നാമം കേൾക്കുമ്പോൾ

നമുക്ക് ഏറ്റവും ആവേശം വേണ്ടത് തിരുനബിയുടെ ﷺ നാമം കേൾക്കുമ്പോഴാണ്. ആവേശത്തോടുകൂടി നാം സ്വലാത്ത് ചൊല്ലണം. മുത്ത് നബിയുടെ ﷺ പേര് കേൾക്കുമ്പോൾ കണ്ണുനീരൊഴുക്കിയ മഹാന്മാർ... ഒരിക്കൽ അവിടുത്തെ നാമം കേട്ടാൽ നിരന്തരം സ്വലാത്ത് ഉരുവിടുന്ന പൂർവ്വസൂരികൾ അവരെയാണ് നാം മാതൃകയാക്കേണ്ടത്.

തിരുനബിയുടെ ﷺ നാമം പറയപ്പെടുമ്പോൾ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണ് എന്ന് ഒട്ടനവധി പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നബി ﷺ പറയുന്നു: എൻ്റെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവന് സ്വർഗ്ഗത്തിലേക്കുള്ള വഴി പിഴച്ചുപോകുന്നതാണ്.

13. തൽബിയത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ

ഖാസിം മുഹമ്മദ് (റ) പറയുന്നു: ഹജ്ജിനോ, ഉംറക്കോ ഇഹ്റാം ചെയ്തവൻ തൽബിയത്തിന്റെ വചനങ്ങളിൽ നിന്ന് വിരമിക്കുമ്പോൾ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്.(ദാറു ഖുത്നി)

14. ഹജറുൽ അസ്‌വദിനെ തൊട്ടുമുത്തുമ്പോൾ

ഇബ്ന് ഉമർ (റ) വിശുദ്ധ ഹജറുൽ അസ്‌വദ് മുത്താൻ ഉദ്ദേശിക്കുമ്പോൾ നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലാറുണ്ടായിരു ന്നു. (ത്വബ്റാനി റഹ്)

15. അങ്ങാടിയിലേക്ക് പോകുമ്പോഴും ക്ഷണിക്കപ്പെട്ടിടത്ത് പോകുമ്പോഴും

അബൂവാഇൽ (റ) പറയുന്നു: അബ്‌ദുള്ളാഹ് (റ) ജനാസ സംസ്കരണത്തിൽ പങ്കെടുക്കാനോ മറ്റ് സദ്യകളിലേക്കോ ക്ഷണിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുമ്പോഴോ അള്ളാഹുവിനെ ﷻ പുകഴ്ത്തുകയും സ്‌തുതിക്കുകയും തിരുനബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യാറുണ്ടായിരുന്നു.

16. രാത്രി നിസ്ക്കാരത്തിന് എഴുന്നേൽക്കുമ്പോൾ

ഇബ് മസ്ഊദ് (റ) പറയുന്നു: ആരും അറിയാതെ രാത്രി എണീറ്റ് പരിപൂർണ്ണ വുളൂ ചെയ്‌ത്‌ അള്ളാഹുവിനെ ﷻ സ്‌തുതിക്കുകയും ശേഷം നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്‌താൽ അള്ളാഹുവിന് ﷻ വല്ലാത്ത സന്തോഷമാണ്. അവൻ സന്തോഷത്താൽ പറയും: നിങ്ങൾ എന്റെ അടിമയെ നോക്കൂ. ആരും കാണാതെയുള്ള അവന്റെ പ്രവർത്തനം ശ്രദ്ധിക്കുക. (നസാഈ റഹ്)

17. മുത്ത്നബിയുടെ ﷺ റൗള സിയാറത്ത് ചെയ്യുമ്പോൾ

അബ്‌ദുള്ളാഹി ബ്‌നു ദീനാർ (റ) പറയുന്നു: ഇബ്‌നു ഉമർ (റ) നബിയുടെ ﷺ ഖബ്റ് സിയാറത്ത് ചെയ്യുമ്പോഴൊക്കെ സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു.

അബൂഹുറൈറ (റ) പറയുന്നു: നബി ﷺ പറയുന്നു: എന്റെ ഖബ്റിന്നരികിൽ വെച്ച് ഒരാൾ എൻ്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ ഞാൻ അത് കേൾക്കുന്നതാണ്.

സുലൈമാൻ ഇബ്ൻ ഹകീം (റ) പറയുന്നു: ഞാൻ തിരുനബി ﷺ യെ സ്വപ്നത്തിൽ ദർശിച്ചു. ഞാൻ ചോദിച്ചു: നബിയേ ﷺ, അങ്ങയെ സിയാറത്ത് ചെയ്യുന്നവർ ചൊല്ലുന്ന സ്വലാത്തും സലാമും അങ്ങ് അറിയുന്നുണ്ടോ? നബി ﷺ പറഞ്ഞു: തീർച്ചയായും ഞാൻ അറിയുന്നു. അതിന് ഞാൻ മറുപടി നൽകുകയും ചെയ്യാറുണ്ട്.

18. ഖുർആൻ ഖത്‌മ് ചെയ്യുമ്പോൾ

ഇമാം അഹ്‌മദ് (റ) പറയുന്നു: ഖുർആൻ ഖത്‌മ് ചെയ്ത ഉടനെ ദുആ ചെയ്യൽ സുന്നത്താണ്.

അബൂഹാരിസ് (റ) ഉദ്ധരിക്കുന്നു: അനസ് (റ) ഖുർആൻ ഖത്‌മ് ചെയ്താൽ കുടുംബക്കാരെ ഒരുമിച്ചുകൂട്ടി പ്രാർത്ഥിക്കാറുണ്ട്.
(ദുആ ചെയ്യുമ്പോൾ സ്വലാത്ത് ചൊല്ലൽ സുന്നത്താണ് എന്നത് ഇവിടെ ചേർത്തുവായിക്കുക.)

19. തറാവീഹിന്നിടയിൽ

തന്റെ സമുദായത്തിന് തറാവീഹ് നിർബന്ധമാക്കപ്പെടുമോ എന്ന് ഭയന്ന് പ്രയാസങ്ങൾ ലഘൂകരിച്ച തിരു നബിയെ ﷺ തറാവീഹിന്റെ സമയത്ത് ഓർത്ത് സ്വലാത്ത് ചൊല്ലാൻ യോജിച്ച സമയമാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. തറാവീഹിനിടയിൽ സ്വലാത്ത് ചൊല്ലൽ സ്വഹാബത്ത് മുതൽ നിലനിന്നുവന്ന കാര്യമാണ്.

20. വെള്ളിയാഴ്ച‌ ദിവസം

അബൂ ഉമാമ (റ) പറയുന്നു: നബി ﷺ പറയുന്നു. നിങ്ങൾ വെള്ളിയാഴ്ച ദിവസം എൻ്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുക. തീർച്ചയായും എല്ലാ വെള്ളിയാഴ്‌ചകളിലും എൻ്റെ ഉമ്മത്തിൻ്റെ സ്വലാത്ത് എനിക്ക് ഹാജരാക്കപ്പെടുന്നതാണ്. എന്നോട് ഏറ്റവും അടുത്തവൻ എന്റെ മേൽ ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലിയവനാണ്. (ബൈഹഖി റഹ്)

നബി ﷺ പറയുന്നു: ഏറ്റവും ശ്രേഷ്‌ഠമായ ദിവസം വെള്ളിയാഴ്ചയാകുന്നു. അന്ന് നിങ്ങൾ എൻ്റെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലുക. തീർച്ചയായും നിങ്ങളുടെ സ്വലാത്തുകൾ എന്നിൽ വെളിവാക്കപ്പെടും. സ്വഹാബത്ത് ചോദിച്ചു: അങ്ങ് ഭൂമിയോട് ലയിച്ച് പോകുകയില്ലേ? നബി ﷺ പറഞ്ഞു: ഇല്ല, പ്രവാചകന്മാരുടെ ശരീരം അള്ളാഹു ﷻ ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. (അഹ്മദ്, നസാഈ റഹ്)

ഉമർബ്ന് അബ്‌ദുൽ അസീസ് (റ) ഇങ്ങനെ എഴുതാറുണ്ടായിരുന്നു. നിങ്ങൾ വെള്ളിയാഴ്‌ച ദിവസം തിരുനബിയുടെ ﷺ മേൽ സ്വലാത്തുകൾ വർദ്ധിപ്പിക്കുക.

21. സദസ്സിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ

ഉസ്മാൻ ബ്ന് ഉമർ (റ) പറയുന്നു: സുഫ്‌യാനുബ്‌ന് സഈദ് (റ) ഒരു സദസ്സിൽ എഴുന്നേൽക്കുമ്പോൾ സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു.

22. പള്ളിക്കരികിലൂടെ നടക്കുമ്പോൾ / പള്ളിയെ കാണുമ്പോൾ

അലി (റ) പറയുന്നു: നിങ്ങൾ പള്ളിക്കരികിലൂടെ നടക്കുമ്പോൾ തിരുനബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലുക.

23. മനോവിഷമം ഉണ്ടാകുമ്പോൾ

ഉബയ്യുബ്നു‌ കഅ്ബ് (റ) പറയുന്നു: ഒരു മനുഷ്യൻ നബി ﷺ യോട് ചോദിച്ചു. എൻ്റെ സർവ്വ സമയവും അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലാൻ വിനിയോഗിക്കുന്നതിനെ കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്? നബി ﷺ പറഞ്ഞു. അങ്ങനെയെങ്കിൽ നിന്റെ ഐഹികവും പാരത്രികവും ആയ എല്ലാ മനോവിഷമങ്ങൾക്കും അത് പരിഹാരമാകുന്നതാണ്.

24. നബി ﷺ യുടെ നാമം എഴുതുമ്പോൾ

നബി ﷺ പറയുന്നു: ആരെങ്കിലും എൻ്റെ പേരെഴുതുന്ന സമയത്ത് സ്വലാത്തുകൊണ്ട് വന്നാൽ ആ എഴുത്ത് നിലനിൽക്കുന്ന കാലത്തോളം അള്ളാഹുവിൻ്റെ ﷻ മലക്കുകൾ അവനുവേണ്ടി പൊറുക്കൽ ചോദിച്ചുകൊണ്ടിരിക്കുന്നതാണ്.

നബി  ﷺ പറയുന്നു: ഒരാൾ എൻ്റെ പേര് എഴുതുമ്പോൾ സ്വലാത്ത് എഴുതിയാൽ ആ സ്വലാത്ത് നിലനിൽക്കുന്ന കാലമത്രയും അവന് സ്വലാത്ത് ചൊല്ലുന്ന പുണ്യം ലഭിക്കുന്നതാണ്.

ഹസൻ ഇബ്നു അലി (റ) എന്നവർ പറയുന്നു:  ഹസൻ ഇബ്നു ഉയൈന (റ) വിനെ മരണശേഷം ഞാൻ സ്വപ്‌നത്തിൽ കണ്ടു. അദ്ദേഹത്തിന്റെ കൈയ്യിൽ സ്വർണ്ണനിറത്തിൽ ചില എഴുത്തുകൾ ഞാൻ കണ്ടു. അല്ലയോ ഹസൻ എന്നവരേ, എന്താണ് നിങ്ങളുടെ കയ്യിൽ? അദ്ദേഹം പറഞ്ഞു. നബിയുടെ ﷺ പേരിനൊപ്പം  صلى الله عليه وسلم എന്നെഴുതാൻ ഞാൻ പ്രെത്യേകം നിർദ്ദേശിക്കാറുണ്ടായിരുന്നു. അതിനുള്ള അംഗീകാരവും ആദരവുമാണിത്.

25. പ്രസംഗിക്കുമ്പോഴും ദർസ് നടത്തുമ്പോഴും

തിരുനബി ﷺ നമ്മെ പഠിപ്പിച്ച കാര്യങ്ങൾ ദർസ് നടത്തുമ്പോഴും മറ്റുള്ളവർക്ക് പകർന്ന് നൽകുമ്പോഴും അവിടുത്തെ ഓർത്ത് സ്വലാത്ത് ചൊല്ലണം.

ഉമർബ്ന് അബ്ദു‌ൽ അസീസ് (റ) തൻ്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് ഇപ്രകാരം എഴുതാറുണ്ടായിരുന്നു. പ്രാരംഭമുറകൾക്ക് ശേഷം.... ചില ആളുകൾ പാരത്രിക പ്രവർത്തനം കൊണ്ട് ഐഹികം കൊതിക്കുന്നവരാണ്. കഥ പറയുന്നവർ, പ്രബോധനം നടത്തുന്നവർ തുടങ്ങിയവർ തിരുനബിയുടെ ﷺ മേലുള്ള സ്വലാത്തിന് പകരം അവരവരുടെ ഭരണാധികാരികളുടെയും നേതാക്കളുടെയും സ്തു‌തി കീർത്തനങ്ങൾ ചെയ്യുന്നു. എൻ്റെ ഈ എഴുത്ത് കിട്ടിയാൽ നബിയുടെ ﷺ മേൽസ്വലാത്ത് ചൊല്ലാനും മുസ്ലിം സമുദായത്തിന് വേണ്ടി പ്രാർത്ഥന നടത്താനും പറയുക.

നബി ﷺ പറയുന്നു: നിങ്ങൾ വിജ്ഞാനം പ്രചരിപ്പിക്കുമ്പോൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക.

26. രാവിലെയും വൈകുന്നേരവും

നബി ﷺ പറയുന്നു: ആരെങ്കിലും എൻ്റെ മേൽ രാവിലെയും വൈകുന്നേരവും 10 വീതം സ്വലാത്തുകൾ ചൊല്ലിയാൽ അന്ത്യനാളിൽ അവന് എൻ്റെ ശഫാഅത്ത് ലഭിക്കുന്നതാണ്. (ത്വബ്റാനി റഹ്)

ജാബിർ (റ) ഉദ്ധരിക്കുന്നു: തിരുനബി ﷺ പറയുന്നു: ആരെങ്കിലും സുബ്ഹിക്ക് ശേഷവും മഗ്‌രിബിന് ശേഷവും 100 സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു ﷻ അവൻ്റെ നൂറ് ആവശ്യങ്ങൾ തീർത്തു കൊടുക്കും. 30 എണ്ണം ദുന്യാവിൽ വെച്ചും 70 എണ്ണം ആഖിറത്തിൽ വെച്ചും.

27. ഇസ്തിഗ്‌ഫാർ (പാപമോചനം) ചെയ്യുമ്പോൾ

നബി ﷺ പറയുന്നു: നിങ്ങൾ എൻ്റെ മേൽ സ്വലാത്ത് ചൊല്ലുക. സ്വലാത്ത് നിങ്ങളുടെ പാപങ്ങളെ മായ്ച്ചുകളയുന്നതാണ്.

നബി ﷺ പറയുന്നു: നിങ്ങൾ എൻ്റെ മേൽ സ്വലാത്ത് ചൊല്ലു ക. അത് നിങ്ങളുടെ ജീവിതത്തെ ശുദ്ധീകരിക്കുന്നതാണ്.

നബി ﷺ പറയുന്നു: എന്നോടുള്ള മഹബ്ബത്ത് കാരണമായി ആരെങ്കിലും രാവിലെയും വൈകുന്നേരവും മൂന്ന് സ്വലാത്ത് വീതം ചൊല്ലിയാൽ അവൻ്റെ ആ ദിവസത്തെ ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ്.

28. ദാരിദ്ര്യം നീങ്ങിക്കിട്ടാൻ

ജാബിർ ഇബ്നു സംറ (റ) ഉദ്ധരിക്കുന്നു: ഞങ്ങൾ നബിയുടെ ﷺ അടുക്കൽ ഇരിക്കുമ്പോൾ ഒരാൾ വന്ന് ചോദിച്ചു. നബിയേ ﷺ, അള്ളാഹുവിന് ﷻ ഏറ്റവും ഇഷ്‌ടമുള്ള പ്രവർത്തനം ഏതാണ്? നബി ﷺ പറഞ്ഞു: സത്യം പറയലും കരാർ പൂർത്തിയാക്കലും. പിന്നെ ഏതാണ് നബിയേ ﷺ? നബി ﷺ പറഞ്ഞു: തഹജ്ജുദ് നിസ്‌കാരവും നോമ്പ് നോൽക്കലുമാകുന്നു. പിന്നെ ഏതാണ് നബിയേ ﷺ? നബി ﷺ പറഞ്ഞു: ധാരാളം ദിക്റുകൾ ചൊല്ലലും എൻ്റെ മേൽ സ്വലാത്ത് ചൊല്ലലുമാകുന്നു. നിശ്ചയം എൻ്റെ മേലിലുള്ള സ്വലാത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം ചെയ്യുന്നതാണ്.

29. തുമ്മിയാൽ

ഇബ്നു ഉമർ (റ) വിൻ്റെ കൂടെയുണ്ടായിരുന്ന ഒരാൾ തുമ്മി. അയാളോട് ഇബ്ന് ഉമർ (റ) പറഞ്ഞു. നീ പിശുക്കനാണ്. തുമ്മിയ നിനക്ക് അള്ളാഹുവിനെ ﷻ സ്‌തുതിക്കുകയും നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്‌തുകൂടായിരുന്നോ?

30. വുളൂഇൽ നിന്ന് വിരമിച്ച ശേഷം

നബി ﷺ പറയുന്നു: നിങ്ങൾ വുളൂഇൽ നിന്ന് വിരമിച്ചാൽ 
أشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدا عبده ورسو له എന്ന് തുടങ്ങുന്ന ദുആ ചെയ്യുകയും ശേഷം എന്റെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. എന്നാൽ നിങ്ങൾക്ക് കാരുണ്യത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്നതാണ്.

നബി ﷺ പറയുന്നു : എൻ്റെ മേൽ സ്വലാത്ത് ചൊല്ലാത്തവന്റെ വുളൂഅ് പരിപൂർണ്ണമല്ല. (ഇബ്നു‌മാജ റഹ്)

31. കുളിയിൽ നിന്നും വിരമിച്ച ശേഷം

തയമ്മുമിൽ നിന്നും കുളികളിൽ നിന്നും വിരമിച്ചശേഷം ഇത്തരം അവസരങ്ങളിൽ സ്വലാത്ത് സുന്നത്താണെന്ന് ഇമാം നവവി (റ) അദ്കാറിൽ സൂചിപ്പിച്ചിട്ടുണ്ട്.

32. വീട്ടിൽ പ്രവേശിക്കുമ്പോൾ

സഹ്ൽ ഇബ്നു സഅ്ദ് (റ) പറയുന്നു: ഒരാൾ നബി ﷺ യോട് ജീവിത പ്രയാസങ്ങളും ദാരിദ്ര്യവും പറഞ്ഞ് പരാതിപ്പെട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: നീ നിൻ്റെ വീട്ടിൽ പ്രവേശിച്ചാൽ (വീട്ടിൽ ആളുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും) സലാം പറയുക. ശേഷം എന്റെ മേൽ സലാം പറയുകയും ഒരുതവണ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്യുകയും ചെയ്യുക. അയാൾ അങ്ങനെ ചെയ്യുകയും ജീവിതം തൃപ്‌തികരമാവുകയും ചെയ്തു.

33. ദിക്റ് ചൊല്ലുന്ന സദസ്സുകളിൽ

നബി ﷺ പറയുന്നു: അള്ളാഹുവിന് ﷻ ചില പ്രത്യേക മലക്കുകൾ ഉണ്ട്. അവർ ദിക്റിന്റെ മജ്ല‌ിസിലൂടെ നടന്നുപോവും. അവരിൽ നിന്നുള്ള ചിലർ മറ്റു ചിലരോട് പറയും നിങ്ങൾ ഇരിക്കു... അങ്ങനെ ആ സദസ്സിലുള്ളവർ ദുആ ചെയ്യുമ്പോൾ അവർ ആമീൻ പറയും. അവർ സ്വലാത്ത് ചൊല്ലിയാൽ മലക്കുകളും അവരോട് കൂടെ സ്വലാത്ത് ചൊല്ലും. ഈ മജ്‌ലിസ് വിരമിക്കുമ്പോൾ അവർ പരസ്പ‌രം പറയും. ഇവർ എത്ര ഭാഗ്യവാന്മാർ!! എല്ലാ പാപങ്ങളും പൊറുപ്പിക്കപ്പെട്ടിട്ടാണല്ലോ അവർ പിരിഞ്ഞുപോവുന്നത്.!!!

34. മറന്ന കാര്യങ്ങൾ ഓർമ്മവരാൻ

വല്ല കാര്യങ്ങളും മറന്നുപോയാൽ അത് ഓർക്കാൻ ഉദ്ദേശിക്കുന്ന സമയത്ത് സ്വലാത്ത് ചൊല്ലിയാൽ ആ കാര്യം ഓർമയിൽ വരുന്നതാണ്.

നബി ﷺ പറയുന്നു: നിങ്ങൾ വല്ലതും മറന്നാൽ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. സ്വലാത്ത് നിങ്ങളെ മറന്നത് ഓർത്തെടുക്കാൻ സഹായിക്കും.

35. ആവശ്യ നിർവ്വഹണത്തിന്

നബി ﷺ പറയുന്നു: മറ്റേതെങ്കിലും സംസാരങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് പ്രഭാതത്തിലും മഗ്‌രിബ‌ന് ശേഷവും എൻ്റെ മേൽ ആരെങ്കിലും 100 സ്വലാത്ത് ചൊല്ലിയാൽ അവൻ്റെ 100 ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നതാണ്. അതിൽ മുപ്പതെണ്ണം ഉടനെയും എഴുപതെണ്ണം വൈകിയുമായിരിക്കും.

ഇബ്ന് മസ്ഊദ് (റ) പറയുന്നു: നീ വല്ല ആവശ്യവും അള്ളാഹുവിനോട് ﷻ ചോദിക്കാൻ ഉദ്ദേശിച്ചാൽ അള്ളാഹുവിന് ﷻ ഹംദ് ചെയ്യുകയും തിരുനബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. അതിനുശേഷം പ്രാർത്ഥിക്കുക നിൻ്റെ ആവശ്യ പൂർത്തീകരണത്തിന് ഏറ്റവും നല്ല മാർഗ്ഗം ഇതാണ്.

36. ചെവിക്കുത്തോ ചെവിവേദനയോ ഉണ്ടാകുമ്പോൾ

നബി ﷺ പറയുന്നു: നിങ്ങളിൽ നിന്ന് ആർക്കെങ്കിലും ചെവിവേദന അനുഭവപ്പെട്ടാൽ അവൻ എൻ്റെ മേൽ സ്വലാത്ത് ചൊല്ലട്ടെ 

37. നിസ്ക്കാരത്തിന് ശേഷം

( സ്വപ്നം) - അബൂബക്റ് ഇബ്നു മുഹമ്മദ് ബിൻ ഉമർ (റ) പറയുന്നു: ഞാൻ അബൂബക്ക്റ് ഇബ്നു മുജാഹിദ് (റ) വിൻ്റെ അരികിലായിരിക്കുമ്പോൾ ശിബ്ലി (റ) കടന്നുവന്നു. അബൂബക്റ്ബ്‌ന് മുജാഹിദ് (റ) എഴുന്നേറ്റ് ശിബ്ലി (റ) നെ സ്വീകരിക്കുകയും ആലിംഗനം ചെയ്യുകയും രണ്ട് കണ്ണുകൾക്കിടയിൽ ചുംബിക്കുകയും ചെയ്‌തു. ഞാൻ ചോദിച്ചു: നിങ്ങൾ ശിബിലി (റ) യെ ഇങ്ങനെ ആദരിക്കാൻ എന്താണ് കാരണം? തിരുനബി ﷺ പറഞ്ഞു: ശിബ്‌ലി (റ) എല്ലാ നിസ്‌കാര ശേഷവും لقد جائكم رسول من أنفسكم എന്ന് തുടങ്ങുന്ന സൂറത്ത് തൗബയിലെ അവസാനത്തെ ആയത്ത് ഓതുകയും ശേഷം എൻ്റെ മേൽ മൂന്ന് പ്രാവശ്യം സ്വലാത്ത് ചൊല്ലുകയും ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഞാൻ ശിബ്‌ലി (റ) വിനെ ആദരിച്ചത്.
ഞാൻ ഉറക്കിൽ നിന്ന് ഉണർന്നശേഷം ശിബ്‌ലി (റ) വിനോട് കാര്യമന്വേഷിച്ചപ്പോൾ നബി ﷺ പറഞ്ഞതുപോലെ തന്നെ പറഞ്ഞു.

38. അറുക്കുമ്പോൾ

ഇമാം ശാഫിഈ (റ) പറയുന്നു: അറുക്കുന്ന സമയത്ത് ബിസ്മിയോട് കൂടെ മറ്റുവല്ല ദിക്റുകളും അധികരിപ്പിക്കുന്നത് നല്ലതാണ്. ബിസ്മ‌ിയോടൊപ്പം തിരുനബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.

39. സുന്നത്ത് നിസ്‌കാരങ്ങളിൽ

മുത്ത്നബി ﷺ യുടെ പേര് പരാമർശിക്കുന്ന ആയത്തോ സ്വലാത്തിനെ പരാമർശിക്കുന്ന ആയത്തോ ഓതുമ്പോൾ സ്വലാത്ത് ചൊല്ലൽ പുണ്യകരമാണ്.

ഹസനുൽ ബസ്വരി (റ) പറയുന്നു: തിരുനബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലുന്നതിനെ പരാമർശിക്കുന്ന ആയത്ത്, സുന്നത്ത് നിസ്കാരങ്ങളിൽ കൊണ്ടുവരികയാണെങ്കിൽ അവിടെ വഖ്ഫ് ചെയ്യുകയും സ്വലാത്ത് ചൊല്ലുകയും വേണം.

ഇമാം അഹ്‌മദ് (റ) പറയുന്നു: സുന്നത്ത് നിസ്‌കരിക്കുന്നവൻ നബിയെ ﷺ പരാമർശിക്കുന്ന ആയത്ത് ഓതുമ്പോൾ സ്വലാത്ത് ചൊല്ലണം.

40. സമ്പത്തില്ലാത്തവന് സ്വദഖയുടെ പകരമായി

നബി ﷺ പറയുന്നു : നിങ്ങളുടെയടുക്കൽ സ്വദഖ ചെയ്യാൻ സമ്പത്തില്ലെങ്കിൽ എൻ്റെ മേൽ സ്വലാത്ത് ചൊല്ലുക. നിശ്ചയം അത് അവന് സ്വദഖയാകുന്നു.

41. ഉറങ്ങാൻ ഉദ്ദേശിക്കുമ്പോൾ

നബി ﷺ പറയുന്നു: ആരെങ്കിലും ഉറങ്ങാൻ ഉദ്ദേശിക്കുമ്പോൾ തബാറക സൂറത്ത് ഓതുകയും ശേഷം എൻ്റെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്ത‌ാൽ അവൻ്റെ മേൽ ഞാൻ തിരിച്ച് സലാം മടക്കുന്നതാണ്.

42. എല്ലാ നല്ല കാര്യങ്ങൾ തുടങ്ങുമ്പോഴും

നബി ﷺ പറയുന്നു: അള്ളാഹുവിനെ ﷻ സ്‌മരിക്കാതെയും എന്റെ മേൽ സ്വലാത്ത് ചൊല്ലാതെയും തുടങ്ങിയ സർവ്വകാര്യങ്ങളും ബറക്കത്ത് കുറഞ്ഞതാണ്.

43. ഒരു മുസ്‌ലിം തൻ്റെ സഹോദരനെ കാണുമ്പോൾ

നബി ﷺ പറയുന്നു: രണ്ട് മുസ്‌ലിം സഹോദരങ്ങൾ കണ്ടുമുട്ടുമ്പോൾ മുസാഫഹത്ത് ചെയ്യുകയും നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്‌താൽ അവർ വിട്ടുപിരിയുന്നതിന് മുമ്പ് അവരുടെ ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ്.

44. തിരുനബി ﷺ ദർശനത്തിന്

മുത്ത്നബിയെ ﷺ കാണണം എന്ന ഉദ്ദേശത്തോടുകൂടെ നിരന്തരം സ്വലാത്ത് ചൊല്ലിയാൽ അവന് അത് സാധിക്കും എന്ന് മഹാന്മാർ വിശദീകരിച്ചിട്ടുണ്ട്. നിരവധി പൂർവ്വസൂരികൾ പരീക്ഷിച്ച് വിജയിച്ച കാര്യമാണിത്.

45. അരി ഭക്ഷണം കഴിക്കുമ്പോൾ

അരിഭക്ഷണം സൃഷ്ടിക്കപ്പെട്ടത് നബിയുടെ ﷺ പ്രകാശത്തിൽ നിന്നാണ്. അരിഭക്ഷണം കഴിക്കുമ്പോൾ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്.

46. മയ്യിത്തിനെ ഖബ്‌റിൽ പ്രവേശിപ്പിക്കുമ്പോൾ

47. കച്ചവടം ചെയ്യുന്ന അവസരത്തിൽ

48. ശഅ്ബാൻ മാസത്തിൽ

സ്വലാത്തിനെ കൽപ്പിച്ചുകൊണ്ടുള്ള ആയത്ത് ശഅ്ബാനിലാണ് ഇറങ്ങിയത് എന്നതുകൊണ്ടുതന്നെ ശഅ്ബാൻ മാസത്തിൽ സ്വലാത്ത് വർദ്ധിപ്പിക്കൽ സുന്നത്താണ്.


സ്വലാത്ത് പുണ്യങ്ങളുടെ കലവറ

സ്വലാത്ത് മുഖേന നിരവധി മഹത്വങ്ങൾ നേടിയെടുക്കാനാവും.
മഹാന്മാരായ പണ്ഡിതർ ഹദീസുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ ചില നേട്ടങ്ങൾ.
  • അല്ലാഹുവിന്റെ ﷻ കല്‌പന സ്വീകരിക്കുന്നു.
  • അള്ളാഹുവോട്ﷻ  ഒരു സുകൃതത്തിൽ യോജിക്കുന്നു.
  • മലക്കുകളോട് ഒരു നന്മയിൽ യോജിക്കുന്നു.
  • 10 പുണ്യം ലഭിക്കുന്നു.
  • പത്ത് നന്മകൾ എഴുതപ്പെടുന്നു.
  • പത്ത് പദവികൾ ഉയരുന്നു.
  • പത്ത് ദോഷങ്ങൾ മായ്ക്കപ്പെടുന്നു.
  • പ്രാർത്ഥനകൾ സ്വീകരിക്കാൻ കാരണമാകുന്നു.
  • നബിയുടെ ﷺ ശഫാഅത്ത് ലഭിക്കുന്നു.
  • ദോഷങ്ങൾ പൊറുക്കപ്പെടുന്നു.
  • മാനസിക പ്രയാസങ്ങൾ ദൂരീകരിക്കപ്പെടുന്നു.
  • അന്ത്യനാളിൽ മുത്ത് ﷺ നബിയുടെ ചാരെനിൽക്കാൻ അവസരം ലഭിക്കുന്നു.
  • പാവപ്പെട്ടവന് സ്വദഖയുടെ സ്ഥാനത്ത് നിൽക്കുന്നു.
  • ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടുന്നു.
  • അള്ളാഹുവിൻ്റെ ﷻ അനുഗ്രഹം ലഭിക്കുന്നു.
  • അല്ലാഹുവിന്റെ ﷻ കോപത്തിൽ നിന്ന് രക്ഷ ലഭിക്കുന്നു.
  • മലക്കുകളുടെ പാപമോചനം ലഭിക്കുന്നു.
  • സ്വലാത്ത് മുഖേന വിശുദ്ധിയും പരിശുദ്ധിയും ലഭിക്കുന്നു.
  • മരണത്തിന് മുമ്പ് സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെടും. 
  •  മുത്ത് നബിയുടെ ﷺ സലാം ലഭിക്കുന്നു.
  • മറന്നത് ഓർമ്മ വരാൻ കാരണമാകുന്നു.
  • ദാരിദ്ര്യത്തിൽ നിന്ന് രക്ഷ ലഭിക്കുന്നു.
  • ലുബ്ധനാണെന്ന തിരുനബി ﷺ യുടെ ആക്ഷേപത്തിൽ നിന്ന് രക്ഷ ലഭിക്കുന്നു.
  • സ്വലാത്ത് ഉപേക്ഷിച്ചവൻ പരാജയപ്പെടട്ടെ എന്ന നബി ﷺ യുടെ പ്രാർത്ഥനയിൽ നിന്ന് രക്ഷ ലഭിക്കുന്നു.
  • ജനസ്വീകാര്യത വർദ്ധിക്കുന്നു.
  • സ്വിറാത്ത് പാലം കടക്കുമ്പോൾ പ്രകാശം ലഭിക്കുന്നു.
  • തിരുനബിയുടെ ﷺ വെറുപ്പിൽ നിന്ന് രക്ഷ ലഭിക്കുന്നു.
  • ജീവിതത്തിന്റെ നിഖില മേഖലകളിലും ബറകത്ത് ലഭിക്കുന്നു.
  • ശത്രുക്കളിൽ നിന്ന് രക്ഷ ലഭിക്കുന്നു.
  • ആയുസിൽ വർദ്ധനവ് ലഭിക്കുന്നു.
  • അള്ളാഹുവിൻ്റെ ﷻ 'ലിഖാഅ്' ലഭിക്കാൻ കാരണമാകുന്നു.
  • നബിയോടുള്ള ﷺ സ്നേഹം നിലനിർത്തപ്പെടുകയും വർദ്ധിക്കുകയും ചെയ്യുന്നു.
  • നമ്മുടെ വിശ്വാസത്തിൻ്റെ പൂർത്തീകരണം പ്രവാചക സ്നേഹം മുഖേനയാണ് സാധ്യമാകുന്നത്. തിരുനബിയുടെ ﷺ പേര് സദാ ഉരുവിടുമ്പോൾ (സ്വലാത്ത് ചൊല്ലുമ്പോൾ) അവിടുത്തോടുള്ള സ്നേഹം വർദ്ധിക്കുന്നു.
  • സ്വലാത്ത് ചൊല്ലുന്നവനെ മുത്ത്‌നബി ﷺസ്നേഹിക്കുന്നു. നാം നബിയെ ﷺ സ്നേഹിച്ച് സ്വലാത്ത് ചൊല്ലുമ്പോൾ അവിടുത്തെ പുണ്യസ്നേഹം നമ്മിൽ ചൊരിഞ്ഞുകൊണ്ടിരിക്കും.
  • ഹിദായത്ത് നിലനിറുത്തപ്പെടുന്നു.
  • ഹൃദയവിശാലത ലഭിക്കുന്നു,
  • ഹൃദയം ജീവസ്സുറ്റതാകുന്നു.
  • നബിക്ക് ﷺ സ്വലാത്ത് ചൊല്ലുന്നവൻ്റെ പേര് അറിയിക്കപ്പെടുന്നു.
  • അള്ളാഹുവോടുള്ള ﷻ നന്ദിപ്രകടനത്തിന് പ്രയാസം കുറഞ്ഞ കർമ്മമാണ് സ്വലാത്ത്. അത് വർദ്ധിപ്പിക്കൽ മുഖേന അവനോടുള്ള നന്ദിപ്രകാശനമാണ് നടക്കുന്നത്.
  • അള്ളാഹുവിൻ്റെ ﷻ അനുഗ്രഹത്തെ തിരിച്ചറിയുന്നു.
  • തിരുനബിയോടുള്ള ﷺ കടപ്പാട് അല്‌പമെങ്കിലും നിർവ്വഹിച്ചവനാകുന്നു.
  • സ്വലാത്ത് ഒരു പ്രാർത്ഥനയാണ്.
  • സ്വിറാത്ത് പാലം എളുപ്പത്തിൽ വിട്ടുകടക്കാൻ കഴിയുന്നു.
  • മുകളിൽ പറഞ്ഞതും അല്ലാത്തതുമായ ഒട്ടനവധി നേട്ടങ്ങൾ സ്വലാത്തിലൂടെ കൈവരിക്കാനാകുമെങ്കിലും നാം തിരുനബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലൽ മുഖേന കരുതേണ്ടത് അവിടുത്തോടുള്ള മഹബ്ബത്ത് കാരണമായി സ്വലാത്ത് ചൊല്ലുന്നു എന്നാണ്.
  • ഖിയാമത്ത് നാളിൽ തിരുനബിയെ ﷺ മുസാഫഹത്ത് ചെയ്യാൻ അവസരം ഉണ്ടാകും.
  • സാമ്പത്തിക വർദ്ധനവിന് കാരണമാകുന്നു.


No comments:

Post a Comment