Wednesday 11 November 2020

വൃക്ക, കരൾ ദാനം

 

ജീവിച്ചിരിക്കുന്നവർ തങ്ങളുടെ വൃക്ക, കരൾ എന്നിവ രോഗിയായ മക്കൾക്കോ ഭർത്താവിനോ മറ്റു സ്വന്തക്കാർക്കോ ദാനമായോ വില നിശ്ചയിച്ചോ നൽകുന്നു. അപകടങ്ങളിൽ മരിച്ചയാളുടെ കണ്ണും മേൽപ്പറയപ്പെട്ട അംഗങ്ങളും മറ്റു ചില രോഗികളുടെ ജീവൻ നില നിർത്താൻ വച്ചു പിടിപ്പിക്കുന്നു. മരണത്തിനു ശേഷം ബോഡി മെഡിക്കൽ കോളേജ്‌ വിദ്യാർത്ഥികൾക്ക്‌ പഠനത്തിനു വിട്ടു കൊടുക്കുന്നു. ഇതെല്ലാം സർവ്വസാധാരണമായി മാറിയിട്ടുണ്ട്‌ ഇക്കാലത്ത്‌.ജീവിച്ചിരിക്കെ തന്റെ അവയവങ്ങൾ മറ്റൊരുത്തനു വില നിശ്ചയിച്ചോ ദാനമയോ നൽകാൻ പറ്റുമോ? അടുത്ത ബന്ധുവാണെങ്കിലും അല്ലെങ്കിലും ആകാമോ? അപകടത്തിൽ മരിച്ചയാളുടെ അവയവം കൊണ്ട്‌ മറ്റൊരുത്തൻ ജീവിക്കുന്നതിലും ബോഡി പഠനത്തിനു വിട്ടു കൊടുക്കുന്നതിനും വിരോധമുണ്ടോ? 


ഒരു വ്യക്തിക്കും തന്റെ ശരീരത്തിന്റെ മേൽ ഇഷ്ടം പോലെ കൈകാര്യം ചെയ്യാനുള്ള ഉടമാവകാശമില്ല. തുഹ്ഫ: 6-239. എന്നിരിക്കെ തന്റെ ശരീരത്തിന്റെ അവയവങ്ങൾ വിൽക്കലോ ദാനമായി നൽകലോ സാധുവാകയില്ല. കാരണം, വിൽപന സാധുവാകണമെങ്കിൽ ഇടപാട്‌ നടത്തുന്നയാൾക്കോ അയാളെ അതിന്‌ ഏൽപ്പിക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തവർക്കോ വിൽക്കപ്പെടുന്ന വസ്തുവിന്റെ മേൽ പൂർണ്ണമായ ഉടമാവകാശം വേണം. ഇതില്ലെങ്കിൽ വിൽപന സാധുവല്ല. തുഹ്ഫ: 4-246. നിബന്ധനയൊക്കാത്തതിനാൽ അസാധുവായ ഇടപാട്‌ നടത്തൽ നിഷിദ്ധവുമാണ്‌. തുഹ്ഫ: 4-291. ഇടമാവകാശമില്ലാത്തതിനാൽ വിൽപന അസാധുവും നിഷിദ്ധവുമായ വസ്തുക്കൾ ദാനം ചെയ്യലും നിഷിദ്ധവും അസാധുവുമാണ്‌. രണ്ടും ഉടമാവകാശം ജീവിത കാലത്തു കൈമാറ്റം ചെയ്യലാണല്ലോ. തുഹ്ഫ: 6-304.

അപ്പോൾ ഒരാൾക്കും ജീവിത കാലത്ത്‌ തന്റെ വൃക്ക, കരൾ പോലുള്ള ശരീരാവയവങ്ങൾ മറ്റൊരാൾക്ക്‌ - അത്‌ ഭർത്താവോ മകളോ മറ്റു സ്വന്തക്കാരോ ആയിരുന്നാലും വിൽക്കാനും ദാനം ചെയ്യാനും പാടില്ലെന്നു വ്യക്തമായല്ലോ.

എന്നാൽ ജീവൻ രക്ഷിക്കേണ്ട ജീവിച്ചിരിക്കുന്നവരുടെ ശരീര രക്ഷക്ക്‌ അനിവാര്യമണെന്നു കണ്ടാൽ അപകടത്തിലോ അല്ലാതെയോ മരിച്ചവരുടെ ജഡത്തിൽ നിന്ന് അവയവങ്ങളെടുക്കുന്നതിനു വിരോധമില്ല. മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ അതു നിർബന്ധമായും വരും. തുഹ്ഫ: 9-329, 397 നോക്കുക.

കുളിപ്പിക്കലും നിസ്കരിക്കലും മറമാടലുമൊന്നും നിർബന്ധമില്ലാത്ത മൃതബോഡികൾ പഠനത്തിനു വിട്ടു കൊടുക്കുന്നതിനും വിരോധമില്ല. തുഹ്ഫ: 3-160.

(മുഫ്‌തി: മൗലാനാ നജീബ്‌ ഉസ്‌താദ്‌, നുസ്രത്തുൽ അനാം, 2018 ഡിസംബർ)


No comments:

Post a Comment