Friday 20 November 2020

താടി നോക്കി വിലയിരുത്തരുത്

 

ചെറിയൊരു വെള്ളക്കെട്ടിനരികിലേക്ക് ദാഹം തീർക്കാമെന്ന ഉദ്ദേശ്യവുമായാണ് ആ പക്ഷി വന്നത്...

അപ്പോഴുണ്ട് കുറച്ച് കുസൃതിക്കുട്ടികൾ തടാകത്തിൽ കളിക്കുന്നു... അവരവിടെയുള്ളപ്പോൾ വെള്ളം കുടിക്കാൻ ചെന്നാൽ വെറുതേ ഒരു രസത്തിനെന്നവണ്ണം തന്നെ ദ്രോഹിച്ചാലോ എന്ന് വിചാരിച്ച്, കളിയും കുളിയുമെല്ലാം കഴിഞ്ഞ് കുട്ടികൾ പോകുന്നത് വരേ ആ പക്ഷി കാത്തിരുന്നു.

കുട്ടികളെല്ലാം പോയി... രംഗം ശാന്തമായി... വെള്ളം കൊക്കിലെടുക്കാൻ വേണ്ടി തടാകക്കരയിലേക്ക് ആ പറവ പാറിയടുത്തു.

അപ്പോഴുണ്ട്; നല്ലോണം താടിയൊക്കെ വളർത്തിയ, പ്രഥമദൃഷ്ട്യാ മാന്യനെന്ന് തോന്നിക്കുന്ന ഒരാൾ തടാകത്തിലേക്ക് വരുന്നു... 'ഇദ്ദേഹം ഒരു മാന്യൻ തന്നെ... അപ്പോ എന്നെ ഉപദ്രവിക്കുകയൊന്നും ചെയ്യില്ല...' എന്ന ഉൾവിളിയാലെ പക്ഷി വെള്ളം കുടിക്കാൻ തുടങ്ങി. 

പൊടുന്നനെ ആ മനുഷ്യൻ പക്ഷിയെ കല്ലെറിഞ്ഞു... കല്ലേറ് കൊണ്ട് കണ്ണിന് സാരമായി പരുക്കേറ്റ ആ പറവ ഉടൻ സുലയ്മാൻ നബി(അ)മിന്‍റെ സന്നിധിയിലെത്തി സങ്കടം ബോധിപ്പിച്ചു.

നബിയോർ ആ മനുഷ്യനെ വിളിച്ചു വരുത്തി:

"നിനക്കീ പക്ഷിയിൽ വല്ല ആവശ്യവുമുണ്ടായിരുന്നോ..?"

"ഇല്ല."

''പിന്നെന്തിനാണ് ഈ പാവത്തെ കല്ലെറിഞ്ഞ് മുറിപ്പെടുത്തിയത്...?"

"പ്രത്യേകിച്ചൊരു കാര്യവുമില്ലായിരുന്നു..."

നബി വിധിച്ചു: "അയാളുടെ കണ്ണും പക്ഷിയുടെ മുറിവിന് സമാനമായി മുറിപ്പെടുത്തുക...!"

വിധിയിൽ സംതൃപ്തയല്ലെന്ന് ദ്യോതിപ്പിക്കും വിധം പക്ഷിയുടെ മുഖം മ്ലാനമായി... കാരണമന്വേഷിച്ച നബി(അ)നോട് പക്ഷി പറഞ്ഞു:

"നബിയേ... അയാളുടെ കണ്ണല്ല എന്നെ അപകടപ്പെടുത്തിയത്; മറിച്ച് ആ വശ്യമായി വളർത്തിയൊതുക്കിയ താടിയാണെന്നെ ചതിച്ചത്... ഇനിയൊരാളും ആ താടി മൂലം ചതിയിലകപ്പെടരുത്... അതിനാൽ അത് വെട്ടിക്കളയണം... അതാണെന്റെയാവശ്യം...!!"


വാൽക്കഷ്ണം:

ആ പക്ഷിയെങ്ങാനും ഇക്കാലത്തു വന്നാൽ എത്രയാളുകളുടെ താടികൾ ഇല്ലാതാക്കുമെന്നാലോചിച്ച് നോക്കൂ.

ഒന്നൂടെ പറയട്ടെ... മതകീയ ചിഹ്നങ്ങൾ അലങ്കാരമല്ല; സ്വഭാവമായി മാറണം, മാറ്റണം.

അല്ലാഹു നമ്മെ നന്മയുള്ളവരാക്കട്ടെ- ആമീൻ..!


ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി

📿📿📿📿📿📿📿📿📿📿📿

No comments:

Post a Comment