Friday 20 November 2020

അപവാദ പ്രാചാരകർ സൂക്ഷിക്കുക - പ്രെത്യേകിച്ച് മയ്യിത്തിന്റെ ന്യൂനതകൾ ചികയുന്നവർ


അത്യപൂർവ്വവും കൗതുകകരവുമായ സംഭവമാണ് മദീനയിൽ നടന്നിരിക്കുന്നത്... ഒരു സ്ത്രീയുടെ മയ്യിത്ത് കുളിപ്പിക്കുന്നതിനിടെ കുളിപ്പിക്കുന്ന സ്ത്രീയുടെ കൈ മയ്യിത്തിന്റെ ജനനേന്ദ്രിയത്തിൽ ഒട്ടിപ്പിടിച്ചത്രേ... കേട്ടവർ കേട്ടവർ 'ഇതെന്തൊരു അസാധാരണ സംഭവം' എന്ന് അത്ഭുതം കൂറി.

ഇനിയെന്ത് ചെയ്യും...?

കൈ മുറിക്കണോ... ഗുഹ്യഭാഗം ചെത്തിയെടുക്കണോ...?

വാർത്തയോടൊപ്പം ചർച്ചകളും പല വഴിക്ക് നീങ്ങി.

ഇമാം ദാറിൽഹിജ്റഃ മാലിക്(റ) മദീനയിൽ അധ്യാപനം നടത്തുന്ന കാലമാണ്... ഏത് സങ്കീർണമായ പ്രശ്നങ്ങളും ഞൊടിയിടയിൽ കുരുക്കഴിച്ച് പുഷ്പം പോലെ കയ്യിൽ തരുന്ന അതുല്യ പ്രതിഭയല്ലേ മഹാനോർ... മദീനയിൽ അന്നത്തെ അവസാന വാക്കും അവരാണല്ലോ.


ജനങ്ങൾ ഇമാമിന്റെ മുമ്പിലെത്തി... പ്രശ്നം അവതരിപ്പിച്ചു... ഇമാം ഈ സമസ്യ എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരുന്നു പണ്ഡിതന്മാരുടെ ആശങ്ക.

സംഭവം കേട്ടയുടൻ മാലിക്(റ) പറഞ്ഞു: "മയ്യിത്ത് കുളിപ്പിക്കുന്നതിനിടെ ഗുഹ്യഭാഗത്ത് കൈ എത്തിയ സമയത്ത് ആ സ്ത്രീ എന്താണ് പറഞ്ഞതെന്ന് അന്വേഷിച്ച് വരൂ...!"

ബന്ധപ്പെട്ടവർ ആ സ്ത്രീയോടു കാര്യം തിരക്കി... താനകപ്പെട്ട ഈ ചുഴിയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ സത്യം പറഞ്ഞേ മതിയാവൂ എന്നവൾക്ക് നല്ലോണം ബോധ്യമുണ്ടായിരുന്നു.

അവൾ പറഞ്ഞു:

''എത്രകാലം ഇതും വെച്ചിവൾ പടച്ചവനെ ധിക്കരിച്ചിട്ടുണ്ടാവും എന്ന് ഗുഹ്യഭാഗം കഴുകുന്നതിനിടെ ഞാൻ പറഞ്ഞുപോയി..."

മറുപടി കേട്ട മാലിക്(റ)വിന്റെ ഫത് വ ഇപ്രകാരമായിരുന്നു:

"തീർച്ചയായും ഇത് വ്യഭിചാരാരോപണം തന്നെ... അതിനാൽ അതിനുള്ള ശിക്ഷയെന്നോണം എൺപത് ചാട്ടവാറടി നടപ്പാക്കിയാൽ അവളുടെ കൈ തനിയെ മോചിതമാവും..."

അതു പ്രകാരം അവർ ആ സ്ത്രീയെ അടിച്ചു... അത്ഭുതമെന്നല്ലാതെന്തു പറയാന്‍... അടി പൂർണമായതോടെ ആ സ്ത്രീയുടെ കൈ ഒട്ടിയതു വേറിട്ടു പൂർവ സ്ഥിതിയിലായി.

'മാലിക് ഇമാം മദീനയിലുള്ളിടത്തോളം കാലം ഫത് വ ചോദിച്ച് വെറൊരു വാതിൽ മുട്ടേണ്ടതില്ല' എന്ന ചൊല്ലിന് നിദാനം ഈ സംഭവമായിരുന്നത്രേ.

_________________________________

ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പറയുന്നതും ചിന്തിക്കുന്നതുപോലും പാപമാണ്... മറ്റുള്ളവരെക്കുറിച്ചു മോശം പറയുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പൊള്ളുന്ന പാഠമാണ് ചരിത്രത്തില്‍നിന്നുള്ള ഈ അനുഭവം.


ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി

No comments:

Post a Comment