Friday 20 November 2020

സ്വത്ത് കൊടുത്ത് സ്വർഗ്ഗം വാങ്ങിയ സുഹയ്ബുർറൂമി(റ)

 

മദീനയിലേക്ക് ഹിജ്റഃ പോവാന്‍ കല്പന വന്നു... വിശ്വാസികളില്‍ പലരും ഒറ്റയും തെറ്റയുമായി മദീനയണഞ്ഞു... അവസാനം മുത്തുനബി(സ്വ)യും സ്വിദ്ദീഖ്(റ)വും പോയി... ഇനി മക്കയില്‍ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്ന വിശ്വാസികള്‍ മാത്രം. 

ഹിജ്റഃ പോകുന്നവരെയൊക്കെ നിരീക്ഷിക്കാന്‍ ശത്രുക്കള്‍ കാവല്‍പടയെ ഏർപ്പെടുത്തിയിട്ടുണ്ട്. 'കൈയിലുള്ള സ്വര്‍ണ്ണവും വെള്ളിയും എടുത്തു നാടു വിടാന്‍ ഒരാളെയും സമ്മതിക്കരുത്.' -ഇതാണവര്‍ക്ക് അബൂജഹല്‍ നല്‍കിയ ഓര്‍ഡര്‍. അങ്ങനെ പോകുന്നവരുടെ കൈയിലുള്ള സ്വത്തുക്കളെല്ലാം അവര്‍ പിടിച്ചുപറിക്കുന്നുമുണ്ട്. 

സുഹയ്ബുർറൂമി(റ)...

അറബി വംശജൻ... മുമ്പെപ്പെഴോ ഒരു ജ്യോത്സ്യനില്‍നിന്ന് തിരുനബി(സ്വ) യുടെ ആഗമനം കേട്ടറിഞ്ഞ വ്യക്തിത്വത്തിന്നുടമ.. ദാറുല്‍ അർഖമില്‍ വച്ചുതന്നെ തിരുനബി(സ്വ)ക്ക് മുമ്പിൽ ശഹാദത് ഉച്ചരിച്ച് ഇസ് ലാം പുല്‍കാന്‍ ഭാഗ്യം കിട്ടിയ സ്വഹാബിവര്യൻ..

ബിസിനസ്‌ നടത്തി കോടീശ്വരനായ ആളാണ്... പക്ഷെ, അദ്ദേഹത്തിന് ഇത് വരെ മദീനയിലേക്ക് പോവാന്‍ സാധിച്ചിട്ടില്ല... തന്റെ സ്വത്തുമായി പോകാന്‍ മക്കക്കാര്‍ സമ്മതിക്കുന്നില്ല എന്നത് തന്നെ കാരണം.

വീടിനു ചുറ്റും സദാസമയം നിരീക്ഷകരാണ്... മദീനയിലേക്ക് പോവുന്നതുപോയിട്ട്  ഒന്നു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ... മുത്ത്നബി(സ്വ) പോലും പോയി... ഇനി ആരുണ്ട് ഈ മക്കയില്‍... മദീനയിലെത്താന്‍ കൊതിയാവുന്നുണ്ട്... എന്തു ചെയ്യും, ഒരു നിര്‍വാഹവുമില്ലല്ലോ.

അന്നൊരു തണുത്ത രാത്രിയായിരുന്നു... അബൂജഹലിന്റെ കാവല്‍ സൈന്യം ഉറങ്ങിയിട്ടില്ല... അന്നേരം അദ്ദേഹത്തിന്  ഒരു ബുദ്ധിയുദിച്ചു... ആ തണുത്തുറഞ്ഞ രാത്രിയില്‍ അദ്ദേഹം വീടിനു പുറത്തിറങ്ങി ടോയ്‌ലറ്റിലേക്ക് പോയി... ഒന്നും രണ്ടും തവണയല്ല; ഒരുപാട് തവണ... ഈ കാഴ്ച കണ്ട നിരീക്ഷകര്‍ക്ക് സന്തോഷമായി... അവര്‍ പരസ്പരം പറഞ്ഞു: 

"ഇന്നു നമുക്കുറങ്ങാം... വയറിളക്കം പിടിച്ച അവന്‍ ഇന്നെവിടേക്കും പോവില്ലല്ലോ..." 

സുഹയ്ബ്(റ)വിന്‍റെ തന്ത്രം പാളിയില്ല... ശത്രുക്കള്‍ ഉറങ്ങിയെന്നുറപ്പായപ്പോള്‍ തന്‍റെ സ്വത്തെല്ലാം ഒരു സ്ഥലത്ത് കുഴിച്ചിട്ട് അദ്ദേഹം അതിശീഘ്രം മദീനയിലേക്കു യാത്രയായി.

നേരം വെളുത്തപ്പോഴാണ് കാവല്‍ക്കാര്‍ക്കും 'നേരം വെളുത്തത്.' തങ്ങള്‍ക്കു പിണഞ്ഞ അമളി മനസ്സിലാക്കിയ അവര്‍ ഉടനെ ആ സ്വഹാബിയുടെ പിന്നാലെ വച്ചുപിടിച്ചു... അവസാനം അവരദ്ദേഹത്തെ കണ്ടെത്തി... പിടിവീഴുമെന്നുറപ്പായപ്പോള്‍ അദ്ദേഹം അടുത്ത് കണ്ട ഒരു ചെറു കുന്നിലേക്ക് കയറി... തന്റെ അമ്പും വില്ലും കുലുക്കിയിട്ട് വിളിച്ചു പറഞ്ഞു:

"ഖുറയ്ശികളേ..., എനിക്ക് ഉന്നം പിഴക്കില്ലന്നു നിങ്ങള്‍ക്കറിയാലോ... എന്നെ സമീപിക്കുന്ന ഓരോരുത്തരെയും ഓരോ അമ്പു കൊണ്ട് ഞാന്‍ എയ്തു വീഴ്ത്തും... എന്റെ ആവനാഴി ശൂന്യമായാല്‍ പിന്നെ ഞാനെന്റെ വാളെടുക്കും... എന്റെ ജീവന്‍ നിലയ്ക്കുവോളം ഞാന്‍ പൊരുതും..."

അവര്‍ പറഞ്ഞു: "നീയും നിന്റെ സ്വത്തും, രണ്ടും കൂടെ ഞങ്ങളില്‍നിന്ന് രക്ഷപ്പെടില്ല..."

അവര്‍ക്കു സ്വത്തിലാണു കണ്ണെന്നറിഞ്ഞ അദ്ദേഹം ചോദിച്ചു: "സ്വത്തെവിടെയാണെന്ന് പറഞ്ഞു തന്നാല്‍ എന്നെ വെറുതെ വിടുമോ..?"

"അതെ... വെറുതെ വിടാം..."

സ്വത്തിനേക്കാള്‍ വലുതാണല്ലോ തിരുനബി(സ്വ)യോടോപ്പമുള്ള ജീവിതം... ആ ജീവിതത്തിനു തന്‍റെ സ്വത്തൊരു തടസ്സമാണെങ്കില്‍ ആര്‍ക്കു വേണം ആ സ്വത്ത്‌.

സ്വത്തുക്കള്‍ കുഴിച്ചിട്ട സ്ഥലം അവര്‍ക്കു പറഞ്ഞു കൊടുത്ത് സുഹയ്ബ്(റ) മദീനയിലെത്തി... റസൂല്‍(സ്വ)യുടെ തിരുസന്നിധിയില്‍ പ്രവേശിച്ചു.

സുഹയ്ബുര്‍റൂമീ(റ)വിനെ കണ്ടമാത്രയില്‍ തിരുദൂതര്‍(സ്വ) പറഞ്ഞു: "ഹാ..! എന്തൊരത്ഭുതകരമായ ലാഭക്കച്ചവടമാണ് നീ ചെയ്തത്...!!" _(സ്വത്ത്‌ കൊടുത്ത് സ്വര്‍ഗം വാങ്ങി എന്നര്‍ത്ഥം.)_

തിരുനബി(സ്വ) ഇതെങ്ങനെ അറിഞ്ഞു എന്ന ആശ്ചര്യഭാവത്തോടെ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ ദൂതരേ...! ആ നടന്ന സംഭവം എനിക്കല്ലാതെ ഇവിടെ വേറൊരാള്‍ക്കും അറിയില്ലല്ലോ..."


അവലംബം: صور من حياة الصحابة


മഹാനോരുടെ കൂടെ സ്വര്‍ഗം പുല്‍കാന്‍ കൊതിയുണ്ടല്ലാഹ്... കനിയണേ റഹ് മാനേ...

صل الله على محمد صل الله عليه وسلم


ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി

No comments:

Post a Comment